(Picture Courtesy: Google)
വല്ലാതെ പൊക്കീട്ടൊ'രമ്മ'യായ് വീഴ്‌ത്തൊലാ!
അമൃതാനന്ദമയിയും മെക്കയും പോപ്പും മറ്റ് ദൈവിക / വൈദിക ശുശ്രൂഷകരും അത്യാപത്ത് സമയത്ത്, നിത്യേന ജനങ്ങൾക്ക് ആശ്വാസം കർമ്മങ്ങൾ നിർത്തിയെങ്കിലും സുഖവാസത്തിന് പോയത് പോലെ ഇങ്ങനെ വെറുതെയിരുന്ന് കളയുമെന്ന് കരുതിയില്ല. പ്രാർത്ഥന കൊണ്ട് മാറാരോഗങ്ങൾ മാറ്റുന്ന ദൈവത്തിന്റെ പല മദ്ധ്യവർത്തികൾക്കും ആശുപത്രികളും ചാനലുകളും ഉണ്ടെങ്കിലും (എന്തിനാണെന്ന് ചോദിക്കരുത്) Social Distancing എന്ന് കേട്ടയുടനെ നിത്യ ശുശ്രൂഷകൾ നിർത്തി relax ചെയ്യുന്നതിന് പകരം, സ്ഥിരം ചെയ്യുന്ന കണ്ണിൽ പൊടിയിടൽ പരിപാടി നടത്താനെങ്കിലും, തങ്ങളുടെ കോടിക്കണക്കിന് ഫണ്ടുകളോ അവരുടെ ആശുപത്രികളോ ഉപയോഗിച്ച് സർക്കാർ പ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കുമെന്ന് ആരൊക്കെയോ സ്വപ്നം കണ്ടു. പക്ഷേ സ്വന്തം നിലനിൽപ്പാണ് എല്ലാത്തിലും വലുതെന്ന മഹദ്‌വാക്യം അന്വർത്ഥമാക്കിക്കൊണ്ട് മാളങ്ങളിലേക്ക് വലിയുകയാണ് സാന്ത്വനക്കാർ ചെയ്തത്.
അവിടെയാണ് ചെന്നിത്തല സാർജി മീഡിയാ മാനിക് എന്ന് വിളിച്ചാക്ഷേപിച്ച് കൊണ്ടിരിക്കുന്ന എന്റെ സ്വന്തം നാട്ടുകാരിയായ ശൈലജ ടീച്ചർ വ്യത്യസ്തയാവുന്നത്. എല്ലാ രാഷ്ട്രീയക്കാരും കിട്ടിയ സാധ്യതകളെ നന്നായി ഉപയോഗിക്കുന്നവരാണ്. സ്വയം മറന്ന് ആക്ഷേപിക്കുമ്പോൾ, പരിസരം മറക്കുന്നത് കൊണ്ടാണ് ചെന്നിത്തല സാറ് പഴി കേട്ടത്. പിന്നെ ടീച്ചറെ പൊക്കിപ്പിടിച്ച് നടക്കുന്ന അതേ ആളുകൾ നാളെ വേറെ ആരെങ്കിലും നല്ലത് ചെയ്യുമ്പോൾ രാഷ്ട്രീയം മറന്ന് കൊണ്ട് കട്ട സപ്പോർട്ട് കൊടുക്കുമോ എന്ന്, വെറുതേ മൂത്രമൊഴിക്കിന്ന സമയത്തെങ്കിലും ഒന്നാലോചിച്ചാൽ നന്നായിരിക്കും.
എന്തായാലും, നല്ലത് കാണുമ്പോൾ നല്ലതെന്ന് പറയാൻ, ഈ പറഞ്ഞ പല കളികൾക്കിടയിലും, രാഷ്ട്രീയവും മതബോധങ്ങളും മറന്ന്, കാണിക്കുന്ന ആർജ്ജവമാണ് നമുക്ക് വേണ്ടത്. ശൈലജ ടീച്ചർ തീർച്ചയായും അവരുടെ കസേരയിലിരുന്ന് കൊണ്ട് അമൃതാനന്ദമയിയെക്കാളും പോപ്പിനേക്കാളും മറ്റ് സാന്ത്വനക്കാരെക്കാളും, ആപത്ത് കാലത്ത് ആളുകൾക്ക് സാന്ത്വനം നൽകുന്നുണ്ട്. അവരെ ഏല്പിച്ച കർമ്മം നന്നായി അവർ ചെയ്യുന്നുണ്ട്. അവരെ പൊക്കിപ്പൊക്കി നാളെ വേറൊരു 'അമ്മ'യായി മാറ്റാതിരുന്നാൽ മാത്രം മതി. കൊറോണക്കെതിരെയുള്ള കാമ്പെയിൻ, ടീച്ചറെ പൊക്കിപ്രതിഷ്ഠിക്കാനുള്ള കാമ്പെയിനാക്കരുത്. പോസ്റ്ററുകളും മുദ്രാവാക്യങ്ങളും കാണുമ്പോൾ അങ്ങനെയും തോന്നുന്നുണ്ട്. ടീച്ചറുടെ കർമ്മം സഫലമായാലേ ഇനി പോട്ടയിലും അമൃതപുരിയിലും വിളക്ക് തെളിയുകയുള്ളൂ... അതുവരേക്കും ദൈവവും ഇടനിലക്കാരും തീർത്തും വിശ്രമിക്കട്ടെ. അവർക്കും വിശ്രമം വേണ്ടേ? അല്ലെങ്കിൽ പൊങ്കാലക്കും ശബരിമലക്കും കുരിശ് മലക്കും വേണ്ടി പ്രവർത്തിക്കാൻ ആശ്വാസകാലത്ത് ഊർജ്ജമുണ്ടാകുമോ? നിലനിൽപ്പിനും സാന്ത്വനത്തിനും ശരിക്കുമെന്താണ് വേണ്ടതെന്ന് കുറച്ചധികം പേർക്ക് കൂടി മനസ്സിലാക്കിക്കൊടുക്കാൻ ടീച്ചർക്കും കൊറോണക്കും സാധിച്ചു. ദൈവജ്ഞർക്ക് സാധിക്കാഞ്ഞതും അതായിരുന്നു !
***
