(കോവിഡ് എന്ന മഹാമാരിലോകത്താകമാനം താണ്ഡവമാടുന്ന സമയത്ത്, ആ മഹാമാരിയുണ്ടാക്കുന്ന മാനസിക ശാരീരിക സമ്മർദ്ദങ്ങളിൽ നിന്ന് രക്ഷ നേടുന്നതിനെക്കുറിച്ച് പ്രമുഖ ഭിഷഗ്വരന്മാരിലൂടെ മാലോകരോട് സംവദിക്കാൻ വേൾഡ് മലയാളി കൗൺസിൽ വാഷിംഗ്ടൺ ഡിസി ചാപ്റ്റർ ഒരുക്കിയ Educate & Empower, Stay Physically Fit and Mentally Healthy During The Pandemic ചടങ്ങാണ് പശ്ചാത്തലം)
ഈ ചടങ്ങിൽ നന്ദി പ്രകാശനം എന്ന കടമ നിർവ്വഹിക്കാൻ കിട്ടിയ ഭാഗ്യത്തിന് വളരെ നന്ദി ! സാമൂഹ്യജീവനത്തിന്റെ ഇന്നത്തെ ഭീതിദമായ അവസ്ഥക്ക് ഔഷധമാകുന്ന രീതിയിൽ വളരെ വിജ്ഞാനപ്രദമായ അറിവുകൾ പകരുന്നതായിരുന്നു ഇന്നത്തെ Educate & Empower, Stay Physically Fit and Mentally Healthy During The Pandemic എന്ന ചടങ്ങിലൂടെ വേൾഡ് മലയാളി കൗൺസിൽ മലയാളികൾക്കായി സമർപ്പിച്ചത്. കോവിഡ് എന്ന സാംക്രമികരോഗത്തിന്റെ പടർച്ചയിൽ, തകർച്ചയില്ലാതെ, ഒട്ടും പകച്ച് പോകാതെ പിടിച്ച് നിൽക്കാൻ, ഓരോരുത്തരുടെയും മനസ്സിനെ പ്രാപ്തമാക്കാൻ ഇന്നത്തെ ഈ പരിപാടി നമ്മളെല്ലാവരെയും സഹായിക്കുമെന്ന കാര്യത്തിൽ ആർക്കും തർക്കമുണ്ടാവില്ല.
ഇന്നത്തെ ഈ ചടങ്ങിന് മുഖ്യാതിഥിയായി വന്ന് മുഖ്യഭാഷണം നടത്തിയ ഡോക്ടർ എസ് എസ് ലാലിന് ഈയവസരത്തിൽ WMC DC Chapter ന്റെ പേരിൽ നമ്മുടെ എല്ലാവരുടെയും നന്ദി അറിയിക്കുന്നു. ഡോക്ടർ ലാൽ, എനിക്ക് വളരെ വ്യക്തിപരമായി അറിയുന്നയാളാണ്. സമൂഹമാധ്യമങ്ങളിലൂടെയും ചാനൽ ചർച്ചകളിലൂടെയും ആരോഗ്യമേഖലയിലെ അറിവുകൾ, അനുഭവ കഥകളിലൂടെ പറഞ്ഞ് നമ്മെ നിരന്തരം ചിന്തിപ്പിക്കുന്ന വ്യക്തിയാണ് എഴുത്തുകാരൻ കൂടിയായ പ്രിയപ്പെട്ട ഡോക്ടർ ലാൽ.
കോവിഡിന്റെ കരാള ഹസ്തങ്ങളിൽ നിന്ന് വഴുതി നടക്കാനും, അഥവാ കോവിഡിന്റെ പിടുത്തത്തിൽ അകപ്പെട്ടുപോയാൽ, അതിനെ കബളിപ്പിച്ച് രക്ഷപ്പെട്ട് വരാൻ, നമ്മുടെ മാനസിക-ശാരീരിക മുന്നൊരുക്കത്തിന് ഉതകുന്ന മൂലമന്ത്രങ്ങൾ നമുക്ക് നൽകിയ ഡോക്ടർ ഹനീഷ് ബാബുവിനും, ഡോക്ടർ നിഷാ നിജിലിനും, ഡോക്ടർ വിഷ്ണു നമ്പൂതിരിക്കും WMC DC Chapter ന്റെ അകൈതവമായ നന്ദി. നിങ്ങളുടെ പ്രഭാഷണങ്ങൾ തീർച്ചയായും ഇന്നത്തെ ചടങ്ങിനെ വളരെ സമ്പുഷ്ടമാക്കിയിട്ടുണ്ട്. പ്രത്യേകിച്ച് നമ്മുടെ മനസ്സിനെ കൂടുതൽ കരുത്തുറ്റതാക്കാൻ നിങ്ങളുടെ ഭാഷണങ്ങൾ തീർച്ചയായും ഉപകരിക്കും.
കോവിഡ് 19 എന്ന മഹാമാരിയെക്കുറിച്ച് 'രണ്ട് മുഖങ്ങൾ' എന്ന ഹ്രസ്വചിത്രം ഒരുക്കി, ആ മഹാമാരി സമൂഹത്തിനേൽപ്പിച്ച ആഘാതത്തെക്കുറിച്ചും അതിനെ സമൂഹം എങ്ങനെ നേരിടണമെന്ന സന്ദേശവും, വളരെ വസ്തുതാപരമായ ദൃശ്യവിസ്മയത്തിലൂടെ നമുക്ക് നൽകിയ ശ്രീമാൻ ജേക്കബ് പൗലോസിനും ശ്രീമാൻ ലെൻജി ജേക്കബ്ബിനും ശ്രീമതി ലീല ജേക്കബ്ബിനും ഞങ്ങളുടെ പ്രത്യേകം നന്ദി. ചിന്തിപ്പിക്കുന്ന ഈ ദൃശ്യവിസ്മയം ഒരുക്കാനെടുത്ത മനസ്സിനും പ്രയത്നത്തിനും അഭിനന്ദനങ്ങൾ.
നിർഭാഗ്യവശാൽ, കോവിഡിന്റെ നീരാളിപ്പിടുത്തത്തിൽ വീണുപോയെങ്കിലും, അതിനോട് മാനസികമായും ശാരീരികമായും പടപൊരുതി, രോഗത്തിൽ നിന്നും മുക്തി നേടിയ ശേഷം, അവരുടെ അനുഭവങ്ങൾ നമ്മോട് പങ്ക് വച്ച ബാൾട്ടിമോർകാരിയായ ഷൈനി അഗസ്റ്റിനും ഡിസി സ്വദേശികളായ ശ്രീ ശ്യാം മേനോനും ശ്രീ ടൈസൺ തോമസിനും ന്യൂയോർക്ക് സ്വദേശിയായ ശ്രീമാൻ സജിക്കും വളരെ നന്ദി. അവരുടെ മനോധൈര്യത്തിനും ആ അനുഭവങ്ങൾ നമ്മോട് പങ്ക് വച്ച് നമ്മെ കൂടുതൽ ബോധവാന്മാരാക്കിയതിനും പ്രത്യേകം നന്ദി.
ഇന്ന്, ഈ ചടങ്ങിൽ, ഉപസംഹാരഭാഷണം നടത്തിയത് ശ്രീമാൻ വിൻസൻ പാലത്തിങ്കലാണ്. ഡിസി ഏരിയായിൽ, മലയാളികളുടെ സമൂഹത്തിൽ നിന്ന് അമേരിക്കയിലെ സാമൂഹ്യ-രാഷ്ട്രീയ അന്തരീക്ഷത്തിലേക്കിറങ്ങിച്ചെന്ന്, നമ്മെ, ഇവിടത്തെ സാഹചര്യത്തിൽ പ്രതിനിധാനം ചെയ്യാൻ വിൻസൻ നടത്തുന്ന ശ്രമങ്ങൾ നമുക്കെല്ലാം അറിവുള്ളതാണ്. അദ്ദേഹത്തിനും പ്രത്യേകം നന്ദി.
പിന്നെ, ഈ ചടങ്ങിന് ആശംസയേകിയ WMC Global Chairman, Dr. A.V. Anoop നും നല്ല ഭാവുകങ്ങൾ നേർന്ന WMC America Region Chair, ഡോക്ടർ ഹരി നമ്പൂതിരിക്കും, പ്രസിഡന്റ് ശ്രീമതി തങ്കം അരവിന്ദിനും പ്രത്യേകം നന്ദി.
ഒടുവിലായി, ഈ ചടങ്ങ് ഭംഗിയായി നടത്താൻ നേതൃത്വം വഹിക്കുകയും ഇന്ന് നമുക്ക് കിട്ടിയത് പോലെയുള്ള അനിവാര്യമായ അറിവുകൾ സ്വായത്തമാക്കാൻ നമുക്ക് അവസരം ഒരുക്കിയതിനും WMC DC Chapter ന്റെ മോഹന്കുമാറും മധു നമ്പ്യാരും അടങ്ങിയ നേതൃത്വത്തിനും ഇന്നത്തെ ചടങ്ങ്, നല്ല രീതിയിൽ കോർത്തിണക്കി അവതരിപ്പിച്ച ശ്രീമതി കലാഷാഹിക്കും, പ്രാർത്ഥനാഗാനം പാടിയവർക്കും, കലാപരിപാടികൾ അവതരിപ്പിച്ച് എല്ലാവരെയും രസിപ്പിച്ചവർക്കും, പിന്നെ സർവ്വോപരി, തുടക്കം മുതൽ ഒടുക്കം വരെ, ഈ ചടങ്ങിൽ പങ്ക് കൊണ്ട് സദസ്സിനെ പ്രൗഡ്ഢമാക്കിയ എല്ലാ കാണികളായ പങ്കാളികൾക്കും ചോദ്യങ്ങൾ ചോദിച്ചവർക്കും നമ്മുടെ എല്ലാവരുടെയും പ്രത്യേകം നന്ദി.
നന്ദി പറയാൻ വേണ്ടി ഇനി ആരെയെങ്കിലും വിട്ടുപോയെങ്കിൽ ക്ഷമ ചോദിച്ച് കൊണ്ട്, അവരോടും നന്ദി പറയുന്നു!
***
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ