2020, ഏപ്രിൽ 25, ശനിയാഴ്‌ച

കൊറോണയും കഴുകലുകളും

(Picture Courtesy: Google)

കൊറോണക്കാലത്ത്, പലതും കഴുകുന്നതിനെക്കുറിച്ചാണല്ലോ നാം അധികമായി കേട്ടിട്ടുള്ളത്, പ്രത്യേകിച്ചും കൈ കഴുകലുകൾ!

ശരീരത്തിനെ സംബന്ധിച്ചടുത്തോളം, പലതരം കഴുകലുകളുണ്ടല്ലോ... കാൽ കഴുകൽ, കൈ കഴുകൽ, വാ കഴുകൽ, മുഖം കഴുകൽ, ചന്തി കഴുകൽ, മൂത്രമൊഴിച്ച് കഴുകൽ, പിന്നെ എല്ലാ കഴുകലുകളും കൂടിച്ചേർന്ന തേവാരക്കുളിയും! (ചില കഴുകലുകളെ പച്ചയായി പരാമർശിച്ചത്, തെറ്റായ രീതിയിൽ എടുക്കാതിരിക്കുക!)

സത്യം പറഞ്ഞാൽ, എന്നെ സംബന്ധിച്ചടുത്തോളം, എല്ലാമല്ലെങ്കിലും, പല കഴുകലുകളും ഒരു തരം ഒപ്പീര് പരിപാടികളായിരുന്നു; കൊറോണയുടെ വരവ് വരെ. ചുരുങ്ങിയത്, കൈ എങ്ങനെ കഴുകണമെന്ന് കൃത്യമായും ശരിയായും പഠിച്ചത്, ഈ കൊറോണക്കാലത്താണ്. അല്ലെന്ന് പറഞ്ഞാൽ, അത് സ്വന്തം മനസ്സാക്ഷിക്ക് എതിരാണ്.

ചെറുപ്പത്തിൽ, ശരീരത്തിന്റെ പല ഭാഗങ്ങളും  എങ്ങനെയൊക്കെ  കഴുകണമെന്ന് പഠിപ്പിച്ച് തന്നിട്ടുണ്ടാകാമെങ്കിലും, പഠിപ്പിച്ചത് പോലെ എല്ലാം ചെയ്യുന്ന ശീലങ്ങളൊന്നും നമുക്കാർക്കുമില്ലല്ലോ. എല്ലാത്തരം കഴുകലുകളും, മറ്റാർക്കോ വേണ്ടി ചെയ്യുന്ന കഴുകലുകളായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്.

ചെറുപ്പത്തിലൊക്കെ, രാവിലെയെഴുന്നേറ്റ് പല്ല് തേച്ച് വാ കഴുകുന്നത് തന്നെ ഒരു തരം മടുപ്പുള്ള ഏർപ്പാടായിരുന്നു. ഉമിക്കരിയെടുക്കണം, അത് ഉരച്ച് പൊടിക്കണം, പിന്നെ ഈർക്കിൽ കീറി നാക്ക് വാടിക്കണം... എന്തൊക്കെ പാടാണ് ഒന്ന് പല്ലും വായും രാവിലെ വൃത്തിയായിക്കിട്ടാൻ? വെറുത്ത് പോയിരുന്നു. പല ദിവസങ്ങളിലും, ആരും കാണാതെ ഉമിക്കരി വാഴയുടെ ചുവട്ടിൽ കളഞ്ഞ്, ആരും കാണാതെ, വെറുതെ വെള്ളം കൊണ്ട് മുഖം കഴുകി രക്ഷപ്പെടാറുണ്ടായിരുന്നു. ഉമിക്കരി ഉപയോഗിച്ചാലും പല്ലിടകൾ  വൃത്തിയാവാൻ ബുദ്ധിമുട്ടായിരുന്നു. ഇടവേളകളിൽ, മാവിലയും വേപ്പിൻ തണ്ടും, തേങ്ങയുടെ കൊളുന്തും മറ്റും ഉപയോഗിക്കാറുണ്ടെങ്കിലും, ടൂത്ത് ബ്രഷ് ഉപയോഗം ഞങ്ങളുടെ ജീവിതത്തിൽ വന്നത് വളരെ വൈകിയാണ്. നാക്ക് വൃത്തിയാക്കാൻ, ടങ് ക്ളീനർ വേണ്ടാ, ബ്രഷ് തന്നെ മതി എന്നത് മനസ്സിലാക്കാൻ പിന്നെയും സമയമെടുത്തു. ടൂത്ത് പേസ്റ്റിന് പകരം പൊടിച്ച ഉമിക്കരിയും, അതിന്റെ കൂടെ ബ്രഷുമാണ് നല്ല കോമ്പിനേഷൻ എന്ന്, ഇന്നെനിക്ക് തോന്നാറുണ്ട്.

എന്റെയൊന്നും ചെറുപ്പത്തിൽ, നമുക്ക് ആധുനിക കക്കൂസോ കുളിമുറിയോ, വാഷ് ബേസിനുകളോ ഒന്നും ഉണ്ടായിരുന്നില്ല. അച്ഛാച്ഛന്റെ വീട്ടിലും അമ്മമ്മയുടെ വീട്ടിലും മാത്രം അടുക്കളയോട് ചേർന്ന് കുളിമുറിയുണ്ടായിരുന്നു. സോപ്പ് എന്നത് കുളിമുറിയിൽ മാത്രമാണ് വച്ചിരുന്നത്. പ്രത്യേകിച്ച് ഒരു ചുമരിലെ ചെങ്കല്ലിന്റെ വലുപ്പമുണ്ടായിരുന്ന ലൈഫ്ബോയ് സോപ്പ്.

വീടിന് ദൂരത്തുള്ള കുഴിക്കക്കൂസിലോ, അല്ലെങ്കിൽ വെളിമ്പറമ്പിൽ കുഴികുത്തിയോ കാര്യം സാധിച്ച് വന്നതിന് ശേഷം, കിണറ്റിൽ നിന്ന് വെള്ളം കോരി ഒരു പാട്ടയിലാക്കി, വല്ല വാഴയുടെ മറവിലോ മറ്റോ പോയാണ് ഞങ്ങൾ ചന്തി കഴുകിയിരുന്നത്. ചന്തി, തീർച്ചയായും വൃത്തിയിൽ കഴുകുമെങ്കിലും, അതിന് ശേഷം കൈ സോപ്പിട്ട് കഴുകുന്ന ഏർപ്പാടൊന്നും എന്റെ കുട്ടിക്കാലത്ത് മാത്രമല്ല, മുതിരുന്നത് വരെ, ഒരു വീട്ടിലും ഞാൻ കണ്ടിരുന്നില്ല. അത് ബാത് അറ്റാച്ച്ഡ് വീടുകളിൽ ആയാലും അങ്ങനെത്തന്നെ ആയിരുന്നു. സോപ്പ് എടുത്തിരുന്നത് കുളിക്കുമ്പോൾ മാത്രം; അതും പയർപ്പൊടി ഇല്ലെങ്കിൽ മാത്രം!

അങ്ങനെയുള്ള ശീലങ്ങളുമായി മുംബൈയിലെത്തിയതിന് ശേഷമാണ്, ആദ്യമായി, അപ്പിയിട്ടാലും കൈ സോപ്പ് ഉപയോഗിച്ച് കഴുകുന്ന  ആരോഗ്യകരമായ ശീലം ആദ്യമായി ഞാൻ കാണുന്നത്. വൃത്തിയിൽ എല്ലാവരേക്കാളും മുമ്പന്മാരാണ് മലയാളികൾ എന്ന അഹങ്കാരവും പൊളിഞ്ഞത്, അവിടെ വച്ചാണ്. അതും പ്രത്യേകിച്ച്, 'ഒരു ബോധവുമില്ലാത്തവർ' എന്നൊക്കെ നമ്മൾ ആരും കാണാതെ അപമാനിക്കുന്ന ബീഹാറിയുടെ അടുത്ത് നിന്നാവുമ്പോൾ, നമ്മുടെ ചില കണക്ക് കൂട്ടലുകളൊക്കെ തെറ്റും.  ഇന്ന്, പല വീടുകളിലും ശൗചകർമ്മത്തിന് ശേഷം, സോപ്പ് ഉപയോഗിക്കുന്നത് ശീലമായിട്ടുണ്ടെങ്കിലും, എല്ലായിടത്തും എല്ലാവരും അങ്ങനെ ചെയ്യുന്നുണ്ടെന്ന് ഇന്നും ഞാൻ കരുതുന്നില്ല.

വന്ന് വന്ന് ഇങ്ങ്, അമേരിക്കയിലെത്തിയപ്പോൾ, ശൗചകർമ്മം നടത്തുമ്പോൾ കൈയ്യുടെ നേരിട്ടുള്ള ഇടപെടൽ ഇല്ലാത്തത് കൊണ്ട്, എന്തിന് സോപ്പിട്ട് കഴുകണം എന്ന ആശയമുള്ളവരെയും എനിക്കറിയാം. കടലാസ് ഉപയോഗിച്ചാലും ജലം കൊണ്ട് ചെയ്യുന്ന ശൗചകർമ്മത്തിന്റെ വൃത്തി ഉണ്ടാവില്ലെന്ന്, ഈ കടലാസ് കിട്ടാത്ത, കൊറോണക്കാലത്തെങ്കിലും സായിപ്പന്മാരും സായിപ്പന്മാരെപ്പോലെ അഭിനയിക്കുന്നവരും മനസ്സിലാക്കിക്കാണുമോ, ആവോ...

മൂത്രമൊഴിച്ചാൽ കഴുകണമെന്നത് പെണ്ണുങ്ങൾ മാത്രം ചെയ്യേണ്ട കാര്യമാണെന്നാണ് ഞാൻ ചെറുപ്പത്തിൽ ധരിച്ച് വച്ചിരുന്നത്. അതിന് കാരണവുമുണ്ട്. മൂത്രമൊഴിക്കാൻ പോവുമ്പോൾ, വീട്ടിലെ മുതിർന്ന സ്ത്രീകൾ, ഒരു കപ്പിൽ വെള്ളവുമെടുത്തിട്ടാണ് പോവുക. എന്റെ അമ്മമ്മയുടെ അച്ഛൻ, വല്യപ്പൂപ്പൻ ഒഴിച്ച്, വേറെ ഒരാണുങ്ങളും മൂത്രമൊഴിക്കാൻ പോവുമ്പോൾ വെള്ളമെടുക്കുന്നത് ഞാൻ കണ്ടിട്ടില്ല. നമ്മുടെ തലമുറയിൽ, ആൺ കുട്ടികൾക്ക്, മൂത്രമൊഴിച്ചാൽ കഴുകുന്ന ഒരേർപ്പാടും അന്നും ഇന്നും ഇല്ല, ഉണ്ടായിട്ടില്ല.  നിന്ന നിപ്പിൽ നിന്ന് ഒഴിച്ച്, കണ്ണും പൂട്ടി തിരിച്ച് നടക്കുക, അതാണ് നമ്മൾ ആണുങ്ങൾ!

എങ്ങനെ കഴുകാനാണ്? ഞങ്ങളൊക്കെ പഠിക്കുന്ന സമയത്ത്, ആൺ കുട്ടികൾക്ക് മൂത്രപ്പുര പോലും ഉണ്ടായിട്ടില്ല, എന്നിട്ടല്ലേ കഴുകൽ? ആൺ കുട്ടികൾ മാത്രമല്ല, പെൺകുട്ടികളും കഴുകാറുണ്ടായിരുന്നില്ല. ഒളിച്ച് നോക്കി കണ്ട് പിടിച്ചതൊന്നുമല്ല കേട്ടോ. ഇതൊന്നും കണ്ടുപിടിക്കാൻ ആർക്കമിഡീസിനെപ്പോലെ ചിന്തിക്കേണ്ട കാര്യമൊന്നുമില്ലല്ലോ. കാരണം, പെൺകുട്ടികളുടെ ശൗചാലയത്തിൽ, വെള്ളമെത്തിക്കാനുള്ള ഏർപ്പാടുകളൊന്നും ഉണ്ടായിരുന്നില്ല എന്നത് തന്നെ. ചില വ്യത്യാസങ്ങൾ ഉണ്ടാകാമെങ്കിലും, ചുരുക്കത്തിൽ, ഞങ്ങളുടെ തലമുറ മുതൽ, മൂത്രമൊഴിച്ചാൽ വൃത്തിയാക്കുന്ന ഏർപ്പാടുകൾ, ആൺ പെൺ വ്യത്യാസമില്ലാതെ ആർക്കും ഉണ്ടായിരുന്നില്ല എന്ന് തന്നെ പറയാം. കുളിക്കുമ്പോൾ മാത്രം ഗ്ലോബലായി വൃത്തിയാക്കുന്ന ഏർപ്പാടുകൾ മാത്രമേ ഉണ്ടാവുള്ളൂ. കടലാസ് ഉപയോഗിക്കുന്ന നാടുകളിൽ, കടലാസ് കൊണ്ട് ആഗിരണം ചെയ്യുന്ന ഏർപ്പാടുകൾ ഉണ്ടെങ്കിലും, ആണുങ്ങളിൽ ഭൂരിഭാഗവും ഇന്നും നിന്ന നിൽപ്പിലെ കാര്യസാദ്ധ്യത്തിൽ മാത്രം ആനന്ദം കണ്ടെത്തി കഴുകലുകളിൽ നിന്ന് മാറി നിൽപ്പാണ്. ഇക്കാര്യത്തിൽ, പെണ്ണുങ്ങളുടെ കാര്യം പറയാൻ ഞാൻ ആളല്ലേയല്ല!

ഒരു വീട്ടിലേക്ക് വിരുന്ന് പോയാൽ, ഷൂസും ചെരിപ്പുമിടുന്നത് കൊണ്ട്, ആ വീട്ടിലേക്ക് കയറുന്നതിന് മുന്നേ കാൽ കഴുകുന്ന സ്വഭാവവും ഇല്ലാതായി. അഥവാ ഷൂസ് ഇട്ടില്ലെങ്കിലും കാൽ കഴുകേണ്ട എന്ന നിലയിലാണ് കാര്യങ്ങൾ. പണ്ട് ചെറുപ്പത്തിൽ, വീടിന് മുന്നിൽ ഒരു വലിയ കിണ്ടിയിൽ വെള്ളം വയ്ക്കുന്നത് ഒരു ആചാരം പോലെയായിരുന്നു. ഇന്ന് പലകാരണങ്ങളാലും വീട്ടിൽ കയറുന്നതിന് മുന്നേ കാൽ കഴുകൽ ആവശ്യമില്ലെങ്കിലും ആവശ്യമുള്ള സ്ഥലത്ത് പോലും അത് ചെയ്യാത്തത്, ചെരിപ്പുമിട്ട് കൊണ്ട് കിടക്കയിൽ പോലും കിടക്കുന്നത്, ഉത്തരാധുനികതയുടെ ഭാഗമായിരിക്കാം!

ഭക്ഷണം കഴിക്കാൻ തുനിയുന്നതിന് മുന്നേ കൈ കഴുകുന്ന ശീലം, ഇന്നത്തെ സ്പൂൺ/ഫോർക് സംസ്കാരത്തിൽ ആവശ്യമില്ല. റെസ്റ്റാറന്റുകളിൽ പോലും ഭക്ഷണത്തിന് മുൻപോ പിൻപോ, കയ്യോ, വായോ വെള്ളം ഉപയോഗിച്ച് കഴുകുന്ന ആളുകൾ തുലോം കുറവാണ്. കടലാസ് കൊണ്ട് തുടച്ച്, വൃത്തിയായി എന്ന് കരുതുന്ന ഒരു വൃത്തി സംസ്കാരത്തിലൂടെയാണ് ഇന്ന് നമ്മൾ പോയിക്കൊണ്ടിരിക്കുന്നത്. നമ്മുടെ നാട്ടിലാണെങ്കിൽ, പല ഹോട്ടലുകളും റെസ്റ്റാറന്റുകളും, വെള്ളത്തിൽ നിന്ന് കടലാസ് സംസ്കാരത്തിലേക്കുള്ള പ്രയാണത്തിലുമാണ്.

അഥവാ, ഭക്ഷണത്തിനോടനുബന്ധിച്ചോ അല്ലാതെയോ നമ്മൾ കൈ കഴുകുന്നുണ്ടെങ്കിൽത്തന്നെ, ഇന്ന് കൊറോണക്കാലത്ത് കൈ കഴുകുന്നത് പോലെ ആരെങ്കിലും കൈ കഴുകാറുണ്ടായിരുന്നോ? പ്രത്യേകിച്ച്  ഭക്ഷണത്തിന് മുൻപായി കൈ കഴുകുകയാണെങ്കിൽ, വെറുതെ ഒന്ന് കൈ നനച്ചു എന്ന് വരുത്തുക മാത്രമേ ഭൂരിപക്ഷം ആളുകളും ചെയ്യുന്നുണ്ടായിരുന്നുള്ളൂ.

കുളി എന്ന മുഴുവൻ ശരീരം കഴുകുന്ന ഏർപ്പാടുകളും പലവിധത്തിലാണ്. കേരളീയർ, ഒരു ദിവസം തന്നെ, രണ്ട് വട്ടം ചുരുങ്ങിയത് കുളിക്കുമെന്നൊക്കെയാണ് കേൾവി. അത്തരം കുളികളൊക്കെ ഇന്ന് എല്ലായിടത്തും എല്ലാവരും ചെയ്യുന്നുണ്ടോ എന്ന് സംശയമാണ്. ജലത്തിന്റെ ലഭ്യതക്കനുസരിച്ചും, ആളുകളുടെ മാനസികാവസ്ഥക്കനുസരിച്ചും, തലയൊഴിച്ചുള്ള ശരീരം മാത്രം കുളിക്കുന്ന എത്രയോ ആളുകളെ എനിക്കറിയാം. തലകൂടി കുളിക്കുന്ന ദിവസം, അവർക്ക് തേവാരോത്സവമാണ്. അന്തരീക്ഷമലിനീകരണമില്ലാത്ത പാശ്ചാത്യ നാടുകളിൽ, വിയർത്തില്ലെങ്കിൽ, കുളികൾ തന്നെ ആഴ്‌ച്ചക്കൊരിക്കലോ രണ്ടാഴ്ചക്കൊരിക്കലോ മറ്റോ ആയി ചുരുക്കി ജലം സംരക്ഷിക്കാൻ എത്രയോ ആളുകൾ ഇന്ന് ശ്രമിക്കുന്നുണ്ട്. ഞാനും കുറച്ച് കാലമായി, വീട്ടീന്ന് ജോലിയായതിനാൽ, ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രമായി കുളി ചുരുക്കിയിട്ടുണ്ട്. എന്തിനാ വെറുതെ കുളിച്ച് സമയവും ജലവും  പാഴാക്കുന്നത്!

കാലം എത്രയോ കഴിഞ്ഞു. കൊറോണ നമ്മുടെ നാട്ടിൽ വിരുന്ന് വന്നു. കഴുകുക എന്ന ഏർപ്പാട് തന്നെ മറന്നുപോയ നമ്മളിന്ന് പലതും ആവർത്തിച്ചാവർത്തിച്ച് കഴുകിക്കൊണ്ടേയിരിക്കുന്നു. കഴുകിയിട്ടും തൃപ്തിയാവാതെ വീണ്ടും വീണ്ടും കഴുകിക്കൊണ്ടിരിക്കുന്നു. പുറത്ത് നിന്ന് വാങ്ങിയതോ ആരെങ്കിലും കൊണ്ടു വന്നതോ സാധനങ്ങൾ, കൈ കൊണ്ട് പോലും തൊടാതെ, രണ്ട് മൂന്ന് ദിവസം ഒരു മൂലക്ക് വെക്കുന്നു. സാനിറ്റൈസ് ചെയ്ത് മാത്രം ഉപയോഗിക്കുന്നു. കുതിർന്ന് പോകാത്ത എന്തും കഴുകി മാത്രം ഉപയോഗിക്കുന്നു. കൈ, ഒരു ദിവസത്തിൽ, വെറും സംശയം കൊണ്ട് മാത്രം പല തവണ, ശാസ്ത്രീയ രൂപത്തിൽ കഴുകുന്നു. ദിവസവും കുളിക്കുന്നു. പലതവണ പുറത്ത് പോയാൽ, പലതവണ കുളിക്കുന്നു. കുളിക്കുന്ന സമയത്ത്, സോപ്പിന് പകരം ഡെറ്റോളോ, മറ്റ് കീടനാശിനികളോ ഉപയോഗിച്ചാലോ എന്ന് പോലും ചിന്തിക്കുന്നു. അടുക്കളയും നിലവും കുളിമുറിയും കക്കൂസുംമെല്ലാം കീടനാശിനിയുപയോഗിച്ച് പലതവണ തുടക്കുകയും വൃത്തിയാക്കുകായും ചെയ്യുന്നു. കടലാസില്ലാത്തതിനാൽ,  ശൗചകർമ്മത്തിന് ജലം കൂടുതലായുപയോഗിക്കുന്നു. നാം വൃത്തിയിലേക്ക് കാലെടുത്ത് വെക്കാൻ പഠിച്ചിരിക്കുന്നു. മലിനീകരങ്ങൾ കുറഞ്ഞ് പ്രകൃതിയും ചിരിക്കാൻ തുടങ്ങിയിരിക്കുന്നു, പക്ഷേ, എത്ര കാലത്തേക്ക്?

അറബിക്കടലിൽ മാത്രമല്ല, എല്ലാ കടലിലും, കാലം വെള്ളത്തിന്റെ അളവ് ഇത്തിരി കൂട്ടി. ഒഴുകുന്ന പുഴകളിൽ മാത്രം വെള്ളത്തിന്റെ അളവ് കുറഞ്ഞു. എവിടുന്നോ വന്ന, താടക പോലൊരു രാക്ഷസ വൈറസ്, ഇന്ന് നമ്മുടെ കഴുകൽ ശീലങ്ങളെ മാറ്റി മറിച്ചിരിക്കുന്നു. വെറും കഴുകലല്ല  കഴുകലോട് കഴുകൽ തന്നെയായി പരിണമിച്ചിരിക്കുന്നു. നമ്മളിൽ ഒരുതരം 'കഴുകൽ മാനിയ' പടർന്ന് പിടിച്ചിരിക്കുന്നു !!

***

5 അഭിപ്രായങ്ങൾ:

  1. Whatsapp Comments:
    Aji Dinraj: ഉള്ളത് ഉള്ളത്പോലെ പറഞ്ഞു😃👍🏻 ഇനിയങ്ങോട്ടും ഈ പറഞ്ഞപോലൊക്കെ അങ്ങ് പോവും..😁 ഓരോരുത്തരും പ്രായോഗികമായി ശെരിയെന്നു തോന്നുന്ന കാര്യങ്ങൾ ശീലമാക്കട്ടെ.. ടിഷ്യൂ കൾച്ചർ വൈറസ് പടരുന്നപോലെ പടർന്നുപിടിക്കുന്നു..
    Naaraayam: ചില പോയ ശീലങ്ങളെയും ചില പുതിയ ശീലങ്ങളെയും ചില പൊങ്ങച്ചങ്ങളെയും കുറിച്ച് ഇപ്പഴത്തെ കഴുകൽ ആക്രാന്തം കണ്ട്‌ പറഞ്ഞ് പോയതാണ് 😊

    മറുപടിഇല്ലാതാക്കൂ
  2. Facebook Comments:
    Dilip Nambiar കഴുകി കഴുകി കൈ ഒക്കെ ഡ്രൈ ആയി🙆🏼‍♂️🙆🏼‍♂️
    Naaraayam: Dilip Nambiar, കഴുകിക്കഴുകി കുതിർന്ന് കാണുമെന്നാ കരുതിയത് 😄

    Rameshan Eekalasery: Cheruppillathe nadannu kal kashuki kayaruka karanavammare kanathayi. Vandi vannathode communityde immunity kindiylai.
    Naaraayam: അതെയതെ.. ഒരു മാതിരിയുള്ള വല്ലാത്തൊരു കാലം തന്നെ.... പക്ഷേ വണ്ടിയുടെ ചക്രം മുന്നോട്ട് തന്നെ പോകും :)

    മറുപടിഇല്ലാതാക്കൂ
  3. Whatsaapp Comments:

    Preman BS: Good!
    Naaraayam: Thank you!

    Devan: 😄👍
    Naaraayam: Thank you Devan!

    മറുപടിഇല്ലാതാക്കൂ
  4. Facebook Comment:
    Maya Jacob Well explained.. Simple Narration.. Enjoyed reading it....

    Venugopalan Kokkodan Thank you Maya for reading and commenting... Just a thought on different washing habits at different times. :)

    മറുപടിഇല്ലാതാക്കൂ
  5. Fcebook Comment:
    Saju Kumar അപ്പൊ ഏത്‌ ശീലം ആണു ശെരിയായ്‌ ശീലം , ആവൊ 🤔
    Venugopalan Kokkodan Saju Kumar, ഈ പറഞ്ഞ കഴുകൽ ശീലങ്ങളിൽ ഒന്നും നല്ലതായി തോന്നുന്നില്ലെങ്കിൽ, ഒട്ടും കഴുകാതെയിരിക്കുന്നതാണ് നല്ലത് 😄

    Rejeesh Nair Malayath Bombayil poyathu nannayi 😂
    Venugopalan Kokkodan Rejeesh Nair Malayath, അതെ, സത്യം.. അല്ലെങ്കിൽ ഇന്നും ഞാൻ സോപ്പിട്ട് കൈ കഴുകില്ലായിരുന്നു 😊

    മറുപടിഇല്ലാതാക്കൂ