(Picture Source: Google)
എനിക്ക്, മധുരം എന്നും ഒരു വീക്നെസ്സ് ആണ്. ചെറുപ്പത്തിലേ പഞ്ചസാര, ശർക്കര, എന്നിവ ദിനേന, പലതവണ കട്ട് തിന്നുന്നത് ഒരു ശീലം തന്നെയായിരുന്നു.ഏറ്റവും കൂടിയാൽ, പഞ്ചസാരയാണെങ്കിൽ അരക്കിലോയും ശർക്കരയാണെങ്കിൽ കൂടിയത് ഒരു കിലോയുമാണ് ഒരേ സമയം വീട്ടിൽ വാങ്ങിക്കാറുള്ളതെങ്കിലും, സാധാരണയായി കാൽക്കിലോ പഞ്ചസാരയും അരക്കിലോ ശർക്കരയുമാണ് വാങ്ങിക്കാറുള്ളത്. അതിൽ കൂടുതൽ വാങ്ങിയാൽ, വേഗം തീർന്നുപോകുമെന്നാണ്, അച്ഛന്റെ ഇന്റലിജൻസ് നിരീക്ഷണം. വീട്ടിലെ ഏത് മാളത്തിൽ ഒളിപ്പിച്ചാലും, ശർക്കരയും പഞ്ചസാരയും മണത്ത് പിടിച്ച് കട്ട് തിന്നാനുള്ള കഴിവ്, ചുരുങ്ങിയ കാലം കൊണ്ട് ഞാൻ ആർജ്ജിച്ചിരുന്നു. പശുക്കൾക്ക് കറവയുള്ള കാലമാണെങ്കിൽ, ഉറിയിൽ തൂക്കിയിട്ടുള്ള കലത്തിലെ വെണ്ണയും, ചുമർപ്പടികളിൽ വലിഞ്ഞ് കയറി, കൈകൊണ്ട് കോരി, എത്രയും പെട്ടന്ന് അകത്താക്കുക എന്ന കർമ്മവും ഭഗവാന്റെ നാമത്തിൽ നിർവ്വഹിച്ചിരുന്നു. അനുജന്മാരും മോശമല്ലാത്ത രീതിയിൽ മധുരം കട്ട് തിന്നുന്നത് കൊണ്ട് പല തവണ, മധുരമില്ലാത്ത ചായയും കാപ്പിയും കുടിക്കേണ്ടി വന്നിട്ടുണ്ട്. പഞ്ചസാരയും ശർക്കരയും അനിയന്ത്രിതമായി തീരുന്നതിന്, അമ്മ അകാരണമായി അച്ഛന്റെ വഴക്കും കേൾക്കുന്നത് പതിവായിരുന്നു. പുകപിടിച്ച് ആകപ്പാടെ കരിപിടിച്ച അടുക്കളയാണ് നമ്മുടേത്. അടുക്കളയിൽ നിന്നുള്ള പുക കൊണ്ടാണ് അടുക്കളയുടെ മുകളിൽ സൂക്ഷിച്ചിട്ടുള്ള വിറകുകളും, തെങ്ങോലയുടെ ഭാഗങ്ങളും മറ്റും ഉണങ്ങുന്നത്. അതിന് താഴെ, ചുമരിന് മുകളിലായി ഒരു പലകമേലാണ്, പുകപിടിച്ച കുപ്പികളിലും ഡബ്ബകളിലുമായി അനാദി സാധനങ്ങൾ വരിവരിയായി സൂക്ഷിച്ച് വച്ചിരുന്നത്. ഒരു തവണ, ശർക്കര കട്ടുതിന്നാൻ, ദ്രവിച്ച് പൂതലിച്ച അടുക്കളവാതിലിന് മേൽ വലിഞ്ഞ് കയറിയ ബാലേന്ദ്രൻ, ആരോ വരുന്നുണ്ടെന്ന സംശയത്തിൽ രക്ഷപ്പെടാനായി താഴോട്ട് ചാടിയപ്പോൾ, അവന്റെ തുടയിലെ മാംസത്തിലൂടെ കൂർത്ത മുനയുണ്ടായിരുന്ന വാതിലിന്റെ ഒരു ഭാഗം തുളച്ച് കയറിയത് ഇന്നും വല്ലാത്തൊരോർമ്മയാണ്. ഒരു തേളിന്റെ രൂപത്തിൽ പന്ത്രണ്ടോളം തുന്നലുകളായിരുന്നു, അന്നാ മുറിവ് അവന് സമ്മാനിച്ചത്.
ചെറുപ്പകാലത്ത്, മധുരമുള്ള ഒരൊറ്റ ബേക്കറി സാധനങ്ങളും അച്ഛൻ വീട്ടിലേക്ക് കൊണ്ടുവരാറില്ല. ആകപ്പാടെ വീട്ടിലെത്തുന്ന ബേക്കറി സാധനം, പലബിസ്‌കറ്റും* റസ്കുമാണ്. അപൂർവ്വമായി അച്ഛാച്ഛൻ മാത്രമാണ്, ചെറുപ്പത്തിൽ ഞങ്ങൾ ലഡുമിക്സ്ചർ എന്ന ഓമനപ്പേരിൽ വിളിച്ചിരുന്ന പൊടിഞ്ഞ ലഡുമണികൾ നമുക്ക് കൊണ്ടുവന്ന് തന്നിരുന്നത്; കൂട്ടത്തിൽ, വീട്ടിൽ വരുന്ന അപൂർവ്വം അതിഥികളും, അങ്ങനെ എന്തെങ്കിലും മധുരപലഹാരങ്ങൾ കൊണ്ട് വന്ന് തരും. കാഞ്ഞിലേരിയുള്ള അമ്മമ്മയുടെ വീട്ടിൽ അപൂർവ്വമായി പോയാൽ, അവിടെ ലഡ്ഡുവും മിക്സ്ചറും സ്റ്റോക്ക് ഉണ്ടായിരിക്കുമെങ്കിലും, അത് വച്ചിരിക്കുന്ന അലമാര താക്കോലിട്ട് പൂട്ടി വെക്കുന്നത് കൊണ്ട്, കട്ട് തിന്നാൻ കിട്ടാറില്ല; എന്നിരുന്നാലും വൈകുന്നേരത്തെ ചായക്ക് തിന്നാൻ കിട്ടാറുണ്ടായിരുന്നു. കവലകളിലും പട്ടണത്തിലുമൊക്കെയുള്ള ബേക്കറിക്ക് മുന്നിലൂടെ കടന്ന് പോകുമ്പോൾ വായിൽ വെള്ളമൂറുക എന്ന പ്രതിപ്രവർത്തനം, പത്താം തരത്തിൽ പഠിക്കുന്നത് വരെയെങ്കിലുംഎന്റെ ശരീരത്തിൽ നടന്നിരുന്നു.
ഇങ്ങനെയൊക്കെയായിരുന്നെങ്കിലും, വിശേഷാൽ ദിവസങ്ങളിലും ഞങ്ങളുടെ പിറന്നാളുകളിലും, ആരെങ്കിലും വിരുന്ന് വന്നാലുമൊക്കെ, പായസം വെക്കുന്നതും, കൂവ കാച്ചി ഹൽവ പോലെയുള്ള പലഹാരമുണ്ടാക്കുന്നതും, അരിയുണ്ട, ഉണ്ണിയപ്പം, ഓട്ടട, മൂടക്കടമ്പൻ എന്നിവയുണ്ടാക്കുന്നതും, വാഴപ്പഴം നെയ്യും പഞ്ചസാരയുമിട്ട് പുഴുങ്ങുന്നതും മറ്റുമായിരുന്നു വീട്ടിലെ പതിവ്. ഇങ്ങനെയൊക്കെയുള്ള പലഹാരങ്ങൾ തിന്നാൻ കൊതിയാവുമ്പോൾ, ആരെങ്കിലും വിരുന്ന് വരണേ എന്ന പ്രാർത്ഥന മനസ്സിൽ മുഖരിതമാവും. എരുവട്ടിക്കാവിൽ ചെന്നാൽ, പഞ്ചഗവ്യ സാധനങ്ങൾ കൊണ്ട് വരുന്ന വീട്ടുകാർ എന്ന നിലയിൽ, എല്ലാ ദിവസവും നിവേദ്യപ്പായസം കിട്ടിയിരുന്നത്, ദേവനേക്കാൾ നിവേദ്യപ്പായസത്തെ ഇഷ്ടപ്പെടാൻ കാരണമായി.
കല്യാണങ്ങൾക്കും മറ്റും ചോറ് കുറച്ചുണ്ട്, മത്സരിച്ച് പായസം കുടിക്കുക എന്നതായിരുന്നു എന്റെ പതിവ്. പായസം കുടിച്ച് കുടിച്ച്, ഒന്നും ചെയ്യാൻ കഴിയാതെ, മത്ത് പിടിച്ചത് പോലെ വയറും തടവി ഇരിക്കുന്നത് എന്നെ സംബന്ധിച്ചടുത്തോളം, ശിവമൂലിയെക്കാൾ ആനന്ദകരമായിരുന്നു.
പത്താം ക്ലാസ്സ് വരെ അച്ഛൻ പഠിപ്പിച്ചിരുന്ന സ്‌കൂളിലാണ് പഠിച്ചിരുന്നത്. അതുകൊണ്ട്, തോന്നിയത് പോലെ പുറത്തുള്ള കടകളിൽ പോകാനോ, ചുരുങ്ങിയത്, ഒരു മുട്ടായി വാങ്ങി പൂതി തീർക്കാനോ കഴിയുമായിരുന്നില്ല. എന്നാലും പാത്തും പതുങ്ങിയും, അമ്മ, പാലുല്പന്നങ്ങൾ വിറ്റ് കിട്ടുന്ന പണം സൂക്ഷിക്കുന്ന പലകപ്പെട്ടിയിൽ നിന്ന്, ചില്ലറകൾ മോഷ്ടിച്ച്, പാരീസ് മുട്ടായിയും, അഭ്യാർത്ഥിക്കട്ടയും, എക്ലയർ മുട്ടായിയും മറ്റും അപൂർവ്വം സന്ദർഭങ്ങളിൽ ഒപ്പിച്ചെടുക്കാറുണ്ട്.
എന്റെ അച്ഛനും മധുരം പെരുത്തിഷ്ടമാണ്. പായസം കിട്ടുന്ന സന്ദർഭങ്ങളിൽ, അത് വീട്ടിലായാലും, കല്യാണങ്ങൾക്കായാലും, മറ്റ് ഏത് പരിപാടികൾക്കായാലും, അച്ഛൻ ഒരു പെരും കുടി കുടിക്കും. ഇന്നത്തെ പ്രായം ചെന്ന അവസ്ഥയിലും അച്ഛൻ പായസം കുടി മത്സരത്തിന് ആളെക്കിട്ടിയാൽ ഒരിരുപ്പ് ഇരിക്കും. 'മിൽക്ക് മെയ്ഡ്' പോലുള്ള അതിമധുര മിശ്രിതങ്ങൾ, കുഞ്ഞ് ഡബ്ബയാണെങ്കിൽ ടിന്ന് പൊട്ടിച്ച്, ഒറ്റ വലിക്കകത്താക്കും. മധുരം ഇഷ്ടമാണെങ്കിലും, പായസം വെച്ചു തരുമോ, അടയുണ്ടാക്കാമോ എന്നൊന്നും അമ്മയോട് ചോദിക്കുന്നത്, അച്ഛന് തീരെ പതിവുണ്ടായിരുന്നില്ല. അത്രക്ക് അഭിമാനിയായിരുന്നു അച്ഛൻ!
വീട്ടിൽ എന്ത് പലഹാരങ്ങളോ ഭക്ഷ്യ വിഭവങ്ങളോ ഉണ്ടാക്കിയാലും, ആ വിഭവങ്ങൾ എത്ര നല്ലതായാലും, അച്ഛൻ അമ്മയെ ഒന്ന് അനുമോദിക്കുകയോ പ്രശംസിക്കുകയോ ഒന്നും ചെയ്യുമായിരുന്നില്ല. കഴിക്കും, എഴുന്നേറ്റ് പോകും അത്ര തന്നെ. അഥവാ ഒരിത്തിരി പുളിയോ, ഉപ്പോ, എണ്ണയോ, എരിവോ കൂടിപ്പോയായാൽ, കൂടിപ്പോയതിന്റെ കനത്തിൽ പിറുപിറുക്കുകയും വഴക്ക് പറയുകയുമൊക്കെ ചെയ്യും. എന്ന് വച്ചാൽ, ഒന്നും പറയാതെ ഭക്ഷണം കഴിച്ച് പോയെങ്കിൽ, അതിന് കുഴപ്പമൊന്നും ഇല്ല, നന്നായിരുന്നു എന്ന് നമുക്കനുമാനിക്കാം.
ഞങ്ങളോടും, മറ്റുള്ളവരോടുമൊക്കെയുള്ള അച്ഛന്റെ ചില വർത്തമാനങ്ങളിൽ നിന്ന് നമുക്ക് മനസ്സിലാക്കാൻ പറ്റിയ ചില ഫിലോസഫികളുണ്ട്.ഒന്ന്, അനാവശ്യമായി ആരെയും പുകഴ്ത്താതിരിക്കുക. രണ്ട്, അനാവശ്യമായി ആർക്കും സമ്മാനങ്ങളോ മറ്റ് ദ്രവ്യങ്ങളോ കൊടുക്കാതിരിക്കുക. പക്ഷേ, ആവശ്യത്തിന് പോലും ഞങ്ങളെ പുകഴ്ത്തുകയോ, ഞങ്ങൾക്ക് എന്തെങ്കിലും സമാനങ്ങൾ തരികയോ ചെയ്തതായി ഞങ്ങൾ നാല് മക്കൾക്കും ഓർമ്മയില്ല. ഞാനൊക്കെ പരീക്ഷകളിൽ നന്നായി മാർക്ക് വാങ്ങിയാൽ (പിന്നീട് പല പരീക്ഷകളിലും തല കുത്തി വീണെങ്കിലും), ഒരു മൂളലിൽ പ്രശംസകൾ ഒതുങ്ങും. പക്ഷേ ഇതേ അച്ഛൻ മറ്റുള്ളവരെ പ്രശംസിക്കുന്നതും അപൂർവ്വമായി ചിലവർക്ക്, ചെറിയ ദ്രവ്യങ്ങൾ സമ്മാനിക്കുന്നതും ഞങ്ങളുടെ ശ്രദ്ധയിൽ പെട്ടിട്ടുമുണ്ട്. അച്ഛന്റെ ഇത്തരം ബൂർഷ്വാ പിന്തിരിപ്പൻ നടപടികളോട് മനസ്സിൽ എതിർപ്പ് ഉണ്ടായിരുന്നെങ്കിലും, അവകാശമില്ലാത്ത രാജ്യത്ത് ജീവിക്കുന്നതിനാൽ, ഞങ്ങൾ ശബ്ദമുയർത്താറുണ്ടായിരുന്നില്ല.
കോളജിലൊക്കെ പഠിക്കുമ്പോൾ, ബസ്സിനും അപൂർവ്വമായി ഭക്ഷണത്തിനും കിട്ടുന്ന പൈസയേക്കാൾ, കൂടുതൽ അച്ഛന്റെ പോക്കറ്റിൽ കൈയ്യിട്ടും, അമ്മയുടെ ഭണ്ടാരത്തിൽ ഈർക്കിൽ കുത്തിക്കയറ്റിയും, ചില ബന്ധുക്കൾ വന്നാൽ കൈമടക്ക് തരുന്ന പൈസയൊക്കെയായി എങ്ങനെയൊക്കെയോ, ചില്ലറത്തുട്ടുകൾ കൈകളിലെത്തിയിരുന്നു. ആ പണം കൊണ്ടായിരുന്നു, നിർമ്മലഗിരി കോളജിലും, കണ്ണൂർ ഐ ടി ഐ യിലും, പോളിടെക്നിക്കിലും തലശ്ശേരി മഹാത്മാ കോളജിലും കണ്ണൂർ യൂണിവേഴ്‌സലിലും മറ്റും പഠിക്കുമ്പോൾ, സിനിമക്കും, മറ്റ് കുരുത്തക്കേടുകൾക്കും പണം കണ്ടെത്തിയിരുന്നത്. കണ്ണൂർ ഷീനിൽ നിന്നും തലശ്ശേരി ജയഭാരതിയിൽ നിന്നും കൂത്തുപറമ്പ് ബേബിയിൽ നിന്നും പേഡയും ജിലേബിയും ലഡുവും ഒക്കെ തിന്ന് പൂതി തീർത്തതും ആ കാലത്തായിരുന്നു. പണം കൈയ്യിലില്ലെങ്കിലോ അല്ലെങ്കിൽ കൈയ്യിലുള്ള പണം കുറവാണെങ്കിലോ, ചില സമയത്ത് പണം കൊടുക്കാതെ മുങ്ങുകയോ, രണ്ടെണ്ണം വാങ്ങിയാൽ ഒന്നിന്റെ കാശ് മാത്രം കൊടുത്ത് രക്ഷപെടുകയോ ചെയ്യാറാണ്, ഞങ്ങൾ കൂട്ടുകാർ, കളങ്കമില്ലാതെ ചെയ്തുകൊണ്ടിരുന്നത്.
അങ്ങനെയിരിക്കേ, ചില പ്രതികൂല സാഹചര്യങ്ങളിൽ, വീട്ടിൽ നിന്ന് ലഭിച്ചുകൊണ്ടിരുന്ന അവകാശങ്ങൾ പോലും പിന്നീട് ലഭിച്ചില്ലെങ്കിലോ എന്ന പേടിയിൽ, ചിട്ടവട്ടങ്ങൾക്കിടയിൽ പെട്ട് ശ്വാസം മുട്ടിയ അവസ്ഥയിൽ നിന്നുള്ള മോചനത്തിനായി, സ്വന്തം കാലിൽ നിൽക്കണമെന്ന ആഗ്രഹവുമായി, നാട് വിട്ട് മുംബൈയിലെത്തി. എന്റെ അച്ഛന്റെ കസിനായ ഉമേച്ചിയുടെയും അവരുടെ ഭർത്താവ് സുരേന്ദ്രേട്ടന്റെയും വീട്ടിൽ അഭയം പ്രാപിച്ചു. പതുക്കെ ഒരു ജോലി തരമാക്കി. ജോലി കിട്ടിയതോടെ, ആപ്പീസിലെ ഒരു കൂട്ടുകാരന്റെ കൂടെ ഞാൻ മാറിത്താമസിക്കാൻ തുടങ്ങി. സുരേന്ദ്രേട്ടന്റെ വീട്ടിൽ എപ്പോൾ ചെന്നാലും, കൂടുതൽ അവസരങ്ങളിലും പായസം മതിയാവോളം വെച്ചു തന്നത് ഇന്നും മധുരിക്കുന്ന ഓർമ്മയാണ്.
മുംബൈയിൽ നിന്ന് ടെഹ്‌റാനിലേക്കും ലണ്ടനിലേക്കും മറ്റും ജോലിയാവശ്യങ്ങൾക്ക് വേണ്ടി പോയി, കുറച്ച് കാലയളവുകൾ താമസിച്ച് വീണ്ടും മുംബൈയിൽ തിരിച്ച് വന്നപ്പോൾ, സുരേന്ദ്രേട്ടന്റെ നിർദ്ദേശപ്രകാരം ഒരു വീട് വാങ്ങി. നിർദ്ദേശങ്ങൾ പല ഭാഗത്ത് നിന്നും കൂടിയപ്പോൾ ഒരു കല്യാണം കഴിച്ചു. അങ്ങനെ ഉളിക്കലിലെ ജിഷ, എരുവട്ടിയിലെ വേണൂന്റെ കൂടെ മുംബൈയിലേക്ക് യാത്ര തിരിച്ചു.
നാടൻ രീതിയിൽ വളർന്ന്, മുംബൈയും ടെഹ്‌റാനും ലണ്ടനും മറ്റും കണ്ട ഞാൻ, ഒരു പുരോഗമനവാദിയും ആധുനികതയോട് ഒരുതരം ഉത്തരാധുനികത വച്ചു പുലർത്തുന്നയാളുമായിരിക്കുമെന്ന ജിഷയുടെ ചില മുൻവിധികൾ, അസ്ഥാനത്താണെന്ന്, എന്റെ പല നിലപാടുകളിൽ നിന്നും അവൾക്ക് പതുക്കെപ്പതുക്കെ മനസ്സിലാവാൻ തുടങ്ങിയത്, കല്യാണത്തിന് ശേഷമായിരുന്നു. കല്യാണത്തിന് മുന്നേയുള്ള ഫോൺ സംഭാഷണങ്ങളിലും എഴുത്തുകുത്തുകളിലും ഞാൻ കാണിച്ചിരുന്ന സ്നേഹവായ്പ്, കല്യാണത്തിന് ശേഷമുള്ള എന്റെ പ്രവർത്തികളിൽ കാണുന്നില്ലെന്ന് അവൾക്ക് ബലമായ സംശയം ഉണ്ടായിത്തുടങ്ങാൻ അധികം കാലം എടുത്തിരുന്നില്ല! വീട് സ്വന്തമായി വാങ്ങിയതിന്റെ, ആരംഭ ഘട്ടത്തിലുള്ള ചില കുഞ്ഞ് സാമ്പത്തിക ഞെരുക്കങ്ങളാണ്, അവളുടെ ചില നെയിൽ പോളിഷ് ആഗ്രഹങ്ങൾ നിറവേറ്റുന്നതിന് തടസ്സങ്ങൾ സൃഷ്ടിച്ചതെന്ന് പറയാൻ എനിക്കും, മനസ്സിലാക്കാൻ ജിഷക്കും, വാശി കുത്തിവച്ച കുഞ്ഞ് കുഞ്ഞ് സൗന്ദര്യപ്പിണക്കങ്ങൾ മൂലം പറ്റിയില്ല. ഞങ്ങൾ നവി മുംബൈയിലെ വാശി എന്ന സ്ഥലത്തായിരുന്നു താമസമെന്നത്, ഞങ്ങളുടെ വാശിക്ക് ബലമേകിയിരിക്കാം. എന്ന് വച്ച് കലഹങ്ങളൊന്നും ഉണ്ടായിട്ടില്ല; പരസ്പരം നോക്കുമ്പോൾ, മുഖം തിരിക്കാനുള്ള കാരണങ്ങൾ മാത്രം!
മറ്റുള്ളവരോട് ഞാൻ ഇടപെടുമ്പോൾ ഉണ്ടാക്കപ്പെടുന്ന സ്നേഹോഷ്മളത, ജിഷയുമായി ഇടപെടുമ്പോൾ ഉണ്ടാകുന്നില്ലെന്ന സംശയം തലയണമുരൾച്ചകളുടെ രൂപത്തിൽ ഞാൻ കേൾക്കാൻ തുടങ്ങി. ആൺ പെൺ കൂട്ടായ്മകളിൽ ഞാനിടപെടുമ്പോൾ ഉണ്ടാക്കപ്പെടുന്ന രസികത്വം, ഞാൻ ജിഷയോടിടപെടുമ്പോൾ ഉണ്ടാകുന്നില്ലെന്ന്, അവൾക്ക് ന്യായമായും പരാതികൾ ഉണ്ടായി. സ്വകാര്യ നിമിഷങ്ങൾ, പരിഭവം പറച്ചിലിന്റെ രംഗവേദികളായി മാറി.
ആയിടെ, എനിക്ക് അമേരിക്കൻ ഐക്യനാടുകളിലേക്ക് പോകാനുള്ള സാഹചര്യമൊരുങ്ങി. ജിഷ മൂത്ത മകൾ പാറുവിന് ജന്മം കൊടുത്ത് നാട്ടിലായിരുന്നപ്പോൾ, ഞാൻ അമേരിക്കയിലേക്ക് യാത്രയായി. ഏകദേശം ആറ് മാസത്തിന് ശേഷം, അവളും എന്റെ കൂടെ ഫ്ളോറിഡയിലെത്തി. സാഹചര്യങ്ങൾ മാറിയപ്പോൾ, എന്റെ അഭിരുചിക്കനുസരിച്ച്, ഒരു വീട്ടമ്മയുടെ കൗതുകത്തോടെ, വീട്ടിലെ അടുക്കളയിൽ, പല പല പരീക്ഷണങ്ങളും ജിഷ നടത്താൻ തുടങ്ങി.
വൈകുന്നേരങ്ങളിൽ, ജോലിയും കഴിഞ്ഞ്, ഞാൻ വീട്ടിലെത്തിയാൽ, ഓരോ ദിവസവും പലതതരത്തിലുള്ള പലഹാരങ്ങൾ പതിവായി. എന്റെ സുഹൃത്തുക്കളുടെ ഭാര്യമാർ, പരസ്പരം, സ്വന്തം ഭർത്താക്കന്മാരെ ഇങ്ങനെ പലഹാരങ്ങൾ കൊടുത്ത് സന്തോഷിപ്പിക്കുന്നതിൽ ഒരുതരം മത്സരത്തിലാണോയെന്ന സംശയം, സുഹൃത്തുക്കളുമായി സംസാരിക്കുമ്പോൾ എനിക്കുണ്ടായി. അത്രമേൽ പരീക്ഷണങ്ങളായിരുന്നു വൈകുന്നേരങ്ങളിൽ ഓരോ വീടുകളിലും നടന്നിരുന്നത്. എന്നിരുന്നാലും, മധുരം ഇഷ്ടമായിരുന്നതിനാൽ, വൈകുന്നേരങ്ങൾ, മധുരലഹരിയിലുള്ള ആറാട്ടുകൾക്ക് വേദിയൊരുക്കി.
അധിക വാരാന്ത്യങ്ങളിലും ഞങ്ങൾ സുഹൃത്തുക്കൾ ഏതെങ്കിലും വീട്ടിൽ ഒത്തുകൂടും. സുഹൃത്തുക്കളിൽ നാനാജാതി ഇന്ത്യാക്കാരും ഉണ്ട്. ഒത്തുകൂടിയാൽ ചില സുഹൃത്തുക്കൾ വൻ പാരയാണ്. അധികം പേരും അവനവന്റെ ഭാര്യമാരുണ്ടാക്കിയ ചില പലഹാരങ്ങളെക്കുറിച്ച് വർണ്ണിക്കും. പോട്ട്ലക്ക് പാർട്ടികളിൽ, 'ദേ എന്റെ ഭാര്യ ഉണ്ടാക്കിയ ഉണ്ണിയപ്പം തിന്നു നോക്ക്', 'എന്റെ പെമ്പ്രന്നോത്തിയാ ഈ ബിരിയാണി ഉണ്ടാക്കിയത്', 'എന്റെ ഭാര്യ ചിക്കന്റെ സ്പെഷലിസ്റ്റാ' എന്നൊക്കെ പറഞ്ഞ് ഓരോരുത്തന്റെ വായിലും ഉണ്ണിയപ്പം തിരുകുന്ന ചില മാന്യന്മാരെക്കൊണ്ട് സ്വസ്ഥത പോകുന്നത് എനിക്കായിരുന്നു. ഞാൻ ഇത്തരം പരിപാടികൾ ചെയ്യാറുണ്ടായിരുന്നില്ലെന്ന് മാത്രമല്ല, ജിഷയെ സ്വകാര്യമായിപ്പോലും പുകഴ്ത്താറുമുണ്ടായിരുന്നില്ല. എന്തോ വലിയ സംഭവമാണെന്ന മട്ടിൽ, വെറുതേ ജാഡ കാണിച്ച്, ചില ഫിലോസഫികൾ പറഞ്ഞ് നടക്കുകയാണ് എന്റെ പതിവ്. ഇത്തരം ഒത്തുചേരലുകളിൽ, കുറേ മധുരം വാരിവിഴുങ്ങുക എന്ന ചടങ്ങിലായിരിക്കും എന്റെ മുഖ്യ ശ്രദ്ധ!
"നിങ്ങള് നോക്ക്.. മറ്റവനെ കണ്ട് പഠിക്ക് ... ആണുങ്ങളായാൽ ഭാര്യമാരെ ഇത്തിരിയെങ്കിലും പുകഴ്ത്തിപ്പറഞ്ഞൂടെ" ഓരോ ഗെറ്റ്ടുഗതർ കഴിഞ്ഞാലും ഇത് പോലുള്ള ഡയലോഗുകൾ പതിവായി.
"കൂട്ടുകാരുടെ ഇടയിൽ നിന്ന് വെറുതെ സ്വന്തം ഭാര്യയെ പുകഴ്ത്തുന്നത് എനിക്ക് നല്ലതായി തോന്നുന്നില്ല" ഈ തത്വം പറഞ്ഞ്, കഴിവതും ഞാൻ രക്ഷപ്പെടാൻ ശ്രമിക്കും.
"കൂട്ടുകാരുടെ ഇടയിൽ നിന്ന് വേണ്ട... സ്വകാര്യായിട്ടെങ്കിലും പറഞ്ഞൂടെ.." ജിഷക്ക് ചിലപ്പോൾ സങ്കടം കൂടി വരും. ഇത് പറയുമ്പോൾ വെറും നിശ്വാസമായിരിക്കും എന്റെ സ്വതവേയുള്ള ഉത്തരം.
ചോറ് വെച്ചാലും കറികൾ വെച്ചാലും പായസം വെച്ചാലും, അപ്പം ചുട്ടാലും ഓരോന്നിനും അതിന്റേതായ സ്വാഭാവിക ഗുണം ഉണ്ടാവുമെന്നിരിക്കേ, പിന്നെയെന്തിനാണ് പുകഴ്ത്തുന്നതെന്ന് എനിക്ക് ഒട്ടും മനസ്സിലാവുന്നുണ്ടായിരുന്നില്ല. തീർച്ചയായും, ജിഷയുണ്ടാക്കുന്ന വിഭവങ്ങൾ അധികം മോശമല്ലാതിരുന്നത് കൊണ്ട് (ആദ്യകാലത്തുണ്ടാക്കിയിരുന്ന പപ്പടച്ചപ്പാത്തികൾ ഒഴിച്ച്), മോശമാണെന്ന് ഒരിക്കലും പറയേണ്ടി വന്നിട്ടില്ല. എന്നാലും ഉപ്പും മുളകും കൂടുമ്പോൾ, ആ സംഗതികൾ ഇത്തിരി കൂടിയിട്ടുണ്ടെന്നുള്ള സന്ദേശം, ഏതെങ്കിലും രൂപത്തിൽ, ഞാനവളെ അറിയിക്കും. ഇത് കേൾക്കുമ്പോൾ, ഇതിനകം എന്റെ അച്ഛന്റെ ചില സ്വഭാവങ്ങളറിയുന്ന ജിഷ, എന്നെയും എന്റെ അച്ഛനെയും താരതമ്യപ്പെടുത്തി കമന്റുകൾ പാസ്സാക്കിത്തുടങ്ങും. ഈ കമന്റുകൾ കേൾക്കുമ്പോൾ എനിക്ക് എന്റെ പുരുഷത്തം തുളുമ്പി വരുമെങ്കിലും, എനിക്കും എന്നെക്കുറിച്ച്, സ്വയം ചില സംശയങ്ങൾ ജനിപ്പിക്കാൻ ഇടയാക്കി. അച്ഛന്റെ വിത്തിന്റെ ഗുണം തീർച്ചയായും ഞാനെന്ന മരം പ്രകടിപ്പിച്ച് തുടങ്ങിയിരിക്കുന്നോ ? എനിക്കൊരു കാലത്ത്, മനസ്സിലെങ്കിലും ഇങ്കുലാബ് വിളിക്കാൻ തോന്നിയ അച്ഛന്റെ ചില നിലപാടുകൾ, എന്റെ മേൽ ഭൂതം കണക്കെ പിടികൂടുകയാണോ? കാലം, ചില നിലപാടുകൾ ഇഷ്ടമല്ലെങ്കിലും അടിച്ചേൽപ്പിക്കുകയാണോ? അതോ ഞാനിങ്ങനെത്തന്നെയാണോ? എനിക്ക് എന്നെത്തന്നെ ചില കാര്യങ്ങളിൽ സംശയം തോന്നിത്തുടങ്ങിയെങ്കിലും പുരുഷന്റെ മനസ്സ്, പ്രത്യേകിച്ചും സ്ത്രീയുടെ മുന്നിൽ, കുനിയാനുള്ളതല്ലെന്ന് ഞാനെവിടെ നിന്നും പഠിച്ച് വച്ചിട്ടില്ലാത്തത് കൊണ്ട് അധികം ചിന്തിക്കാൻ നിൽക്കാറില്ല.
ആടിക്കുഴയുന്നില്ലെങ്കിലും, ജിഷയോട് എനിക്ക് വെറുപ്പോ കാലാതീതമായ സൗന്ദര്യപ്പിണക്കങ്ങളോ ഉണ്ടായിരുന്നില്ല. എന്റെ അഭിപ്രായത്തിൽ, അത്യാവശ്യത്തിനുള്ളതും, ആവശ്യത്തിനുള്ളതും ഞാൻ ഞങ്ങൾക്കും അവൾക്കും സാധിച്ച് കൊടുക്കുന്നുണ്ട്. ആഡംബരങ്ങൾ, അല്ലെങ്കിൽ ചില 'ഷോ' പരിപാടികൾ എന്നിവ ഇല്ലെന്നുള്ളതേ എന്നെ സംബന്ധിച്ചടുത്തോളം, ഞാൻ ചെയ്യാത്തതായി ഉണ്ടായിരുന്നുള്ളൂ. ആരെയെങ്കിലും ബോധിപ്പിക്കാൻ മാത്രം വെറുതേ ഞാനൊന്നും ചെയ്യാറുണ്ടായിരുന്നില്ല. എന്റെ ചില നിർദ്ദേശങ്ങൾക്കോ അഭിപ്രായങ്ങൾക്കോ തീരെ വിലകല്പിക്കുന്നില്ല എന്ന തോന്നലിൽ നിന്ന്, ഞാൻ സ്വയം മൗനിയാകാറുണ്ടെന്നത് സത്യവുമാണ്. ആ മൗനം, എന്റെ പ്രത്യേക ജനിതകസ്വഭാവത്താൽ അകാരണമായി നീണ്ടുപോകാറുണ്ടെന്ന ബോദ്ധ്യം എനിക്കെപ്പോഴുമുണ്ടായിരുന്നു. മൗനം ഒരുതവണ തുടങ്ങിപ്പോയാൽ, അത് ഭഞ്ജിക്കണമെങ്കിൽ, ആരെങ്കിലും വീട്ടിൽ വിരുന്നിന് വരണം, അല്ലെങ്കിൽ നമ്മൾ വിരുന്നിന് പോകണം; അതാണ് ഞാൻ തന്നെ അറിയാതെ നടന്നുവരുന്ന പ്രോട്ടോക്കോൾ. അത്തരം കൂട്ടായ്മകളിലാണ്, എന്റെ അനാവശ്യകടുംപിടുത്തം ഉരുകിയൊലിക്കുന്നത്. അതുകൊണ്ട് തന്നെ, ചെറിയ തോതിലൊരു പിന്തിരിപ്പനാണ് ഞാനെന്ന അഭിപ്രായമാണ് ജിഷക്ക് ഉണ്ടായിരുന്നത്. കുടുംബ സദസ്സുകളിൽ ആർത്തുല്ലസിച്ച് രസിപ്പിക്കുകയും രസിക്കുകയും ചെയ്യുന്ന ഞാൻ, വീട്ടിൽ ഒരു മുരടനാണത്രേ ! എന്റെ അച്ഛൻ കേട്ട അതേ പേര് ദോഷം!!
ഇങ്ങനെയൊക്കെ ജീവിതം കുറച്ച് പിണങ്ങിയും കൂടുതലിണങ്ങിയും പോയിക്കെണ്ടിരിക്കേ, ഞങ്ങൾ മെരിലാൻഡിലേക്ക് താമസം മാറി. അവിടെ വച്ച്, രണ്ടാമത്തെ പുത്രി ദേവുവും ഞങ്ങളുടെ കുടുംബത്തിലംഗമായി. മെരിലാൻഡിലും, ഞങ്ങൾക്കൊരു സുഹൃദ്‌വലയം പെട്ടന്ന് തന്നെയുണ്ടായി. അതിൽ കുറച്ച് പേർ ഞങ്ങളുടെ കൂടെ മുംബൈയിൽ നിന്നേ അറിയുന്നവരായിരുന്നു. അതുകൊണ്ട് തന്നെ, ബന്ധങ്ങൾക്ക് ഊഷ്മളതയും കൂടുതലായിരുന്നു.
അങ്ങനെ, വീണ്ടും, കൂട്ടുകാരനായ പ്രജിത്തിന്റെ വീട്ടിൽ, ഒരു കുടുംബസദസ്സ് നടക്കുകയാണ്. എല്ലാ കുടുംബങ്ങളും പലതരത്തിലുള്ള വിഭവങ്ങൾ കൊണ്ട് വന്നിട്ടുണ്ട്. കുറുക്കന്റെ നോട്ടം എപ്പോഴും കോഴിക്കൂട്ടിലേക്കായിരിക്കും എന്ന് പറഞ്ഞത് പോലെ, ഞാൻ പാർട്ടിക്കിടയിൽ, ജാഡ കളിച്ചും, സ്വയം ചിരിച്ചും, എല്ലാവരെയും ചിരിപ്പിക്കാൻ ശ്രമിച്ചും, മുഖ്യ ഭക്ഷണത്തിന് മുന്നേ തന്നെ, ഇടയ്ക്കിടെ ഓരോരോ മധുരവിഭവങ്ങളും എടുത്ത് കഴിക്കാൻ തുടങ്ങി. ഏറ്റവും അവസാനമേ മധുരങ്ങൾ എടുക്കാവൂ എന്ന നിബന്ധനകളൊന്നും ഞാൻ പാലിക്കുന്നുണ്ടായിരുന്നില്ല. അങ്ങനെ ഓരോന്നും നുണയുന്നതിനിടയ്ക്കാണ്, ഒരു നീളൻ അലൂമിനിയം ട്രേയിൽ, മഞ്ഞ നിറത്തിലുള്ള, നല്ല തണുപ്പുള്ള, വളരെ മൃദുവായ, അത്യധികം മധുരമുള്ള, പഴുത്തമാങ്ങയുടെ രുചിയുള്ള, രുചികരമായ ഒരു വിഭവം കണ്ണിൽ പെടുന്നത്. ഒരു പേപ്പർ പ്ളേറ്റിൽ കുറച്ചെടുത്ത് കഴിച്ചപ്പോൾ രുചി തോന്നി വീണ്ടും കഴിച്ചു. കഴിപ്പ് നിർത്താൻ പറ്റാഞ്ഞതിനാൽ പിന്നെയും എടുത്തു കഴിക്കാൻ തുടങ്ങി.
"ഇതിന്റെ പേരെന്താ... ജിഷാ..." കഴിക്കുന്ന ഭക്ഷണത്തിന്റെ പേരറിയണം എന്നെനിക്ക് നിർബന്ധമായിരുന്നു.. ഓർമ്മ ഒരിക്കലും നിലനിൽക്കില്ലെങ്കിലും!
"മാംഗോ മൂസ്**..." ജിഷ മറ്റാരോടോ ചിരിച്ച് പറയുന്നതിനിടയിൽ മൊഴിഞ്ഞു.
"ഇത് നിങ്ങൾക്ക് മാത്രം പോര കേട്ടാ... ഇവിടെ നിങ്ങളെക്കൂടാതെ വേറെയും ആൾക്കാരുണ്ട്. അവരും മധുരം കഴിക്കും" എന്റെ കഴിപ്പിന്റെ ഇരിപ്പ് വശം മനസ്സിലാക്കിയ ജിഷ അടുത്ത് വന്ന് കാതിൽ കുശുകുശുത്തു.
"എഡോ ഇതിന് ഭയങ്കര രുചി.. ഇതാരാ ഉണ്ടാക്കിയേ.." ഈ വിഭവത്തിന്റെ ഉത്പാദനം ഏത് സുഹൃത്തിന്റെ അടുക്കളയിലാണ് ഉണ്ടാക്കിയതെന്ന് അറിയാൻ എനിക്കൊരു തിടുക്കം.
"ഇത് മായയാണ് ഉണ്ടാക്കിയത്" സുകേഷിന്റെ ഭാര്യയായ മായയാണ് ഈ വിഭവത്തിന്റെ ആർക്കിടെക്ട് എന്ന് ജിഷ പതുക്കെപ്പറഞ്ഞു.
"മായാ... ഉഗ്രനായിട്ടുണ്ട് കേട്ടോ... എനിക്ക് കഴിപ്പ് നിർത്താൻ പറ്റുന്നില്ല... പറയാതിരിക്കാൻ പറ്റില്ല..." ഞാൻ എന്റെ കളങ്കമില്ലാത്ത അഭിപ്രായം ഉച്ചത്തിൽ തുറന്ന് പറഞ്ഞു.
"താങ്ക്യൂ ചേട്ടാ..." മായ അവളുടെ സന്തോഷം ചിരിച്ച് കൊണ്ട് അറിയിച്ചു.
"ജിഷാ... നീ ഇതിന്റെ റെസീപ്പി മായേടടുത്ത് നിന്ന് വാങ്ങീട്ട്, നമുക്ക് ഇത് വീട്ടിൽ ഉണ്ടാക്കണം" എനിക്ക് ആ വിഭവം വീട്ടിലുണ്ടാക്കി കൂടുതൽ കഴിക്കാനുള്ള ആക്രാന്തമായിരുന്നു.
"മായാ... നീ ജിഷക്ക് ഇതിന്റെ റെസീപ്പി കൊടുക്കണേ..." ഞാൻ ജിഷക്ക് റെസീപ്പി കിട്ടാനുള്ള ജോലി എളുപ്പമാക്കാൻ ഒരു ശ്രമം നടത്തി.
ജിഷ എന്റെ നേരെ ഒരു നോട്ടം നോക്കി. അടുപ്പിന് മുകളിൽ മുഖം വച്ചത് പോലെ ആ നോട്ടത്തിൽ എന്റെ മുഖത്ത് വല്ലാത്ത ചൂടനുഭവപ്പെട്ടു.
"ചേട്ടാ... എനിക്കിതിന്റെ റെസീപ്പി തന്നത് ജിഷ തന്നെയാ...." മായ അവളുടെ സത്യസന്ധത സങ്കോചം കൂടാതെ വെളിപ്പെടുത്തി.
എന്റെ മുഖത്തേക്ക് ഒരു ചൈനീസ് ഡ്രാഗൺ തീ തുപ്പിയത് പോലെയാണ് എനിക്ക് തോന്നിയത്. നിന്ന നിൽപ്പിൽ നിന്ന് ആ ഡ്രാഗൺ ചൂടിൽ, അതുവരേക്കും കഴിച്ച നല്ല തണുപ്പുള്ള മാംഗോ മൂസ്, വയറ്റിലൂടെ ഉരുകി എന്റെ അടിവയറ്റിലേക്കും, ഉടനെത്തന്നെ അവിടുന്ന് താഴേക്കും ഒഴുകുന്നതായി എനിക്ക് തോന്നി.
"കഴിഞ്ഞ ഗെറ്റ്ടുഗെദറിന് ജിഷയാ മാംഗോ മൂസ് ആദ്യായി ഉണ്ടാക്കിയത്. എല്ലാർക്കും ഇഷ്ടായതോണ്ടാ ഇന്ന് എന്റെ വക മാംഗോ മൂസ് വീണ്ടും പരീക്ഷിച്ചത്." മായ പിന്നെയും തുടരുകയാണ്.
"നിങ്ങള് തന്നെയല്ലേ മൂന്നാഴ്ച മുന്നേ മാംഗോ പൾപ്പും വിപ്പിംഗ് ക്രീമും ജെല്ലോയും മറ്റും വാങ്ങിക്കൊണ്ട് വന്നത് മനുഷ്യാ... നിങ്ങള് തന്നെയല്ലേ ഇതിന്റെ കൂട്ട് ട്രേയിലാക്കി ഫ്രിഡ്ജിൽ എടുത്ത് വച്ചത്.. എന്നിട്ട് പിറ്റേന്ന് സുകേഷിന്റെ വീട്ടീന്ന് വെട്ടി വെട്ടി വിഴുങ്ങിയത് ഓർമ്മയില്ലേ... ഇത്ര പെട്ടന്ന് മറന്നു പോയോ?" രാജധാനി എക്സ്പ്രസ്സിന്റെ വേഗത്തിൽ, ജിഷ കിട്ടിയ ചാൻസിൽ കുതിച്ച് കയറുകയാണ്.
ശരിയാണ്. ഈ പറഞ്ഞ സാധനങ്ങൾ ഞാൻ വാങ്ങിച്ചിട്ടുണ്ട്. എന്താണ് പേര് എന്ന് ജിഷയോട് ചോദിച്ചിട്ടുണ്ട്. എല്ലാം കലക്കി വച്ചതിന് ശേഷം മൂന്നാഴ്ച മുന്നേ നടന്ന സുകേഷിന്റെ വീട്ടിലെ പാർട്ടിയുടെ തലേന്ന്, ഞാൻ തന്നെയാണ് മാംഗോ മുസിരിക്കുന്ന ട്രേ വീട്ടിലെ ഫ്രിഡ്ജിൽ വച്ചത്. എന്നിട്ട് അതേ സാധനം, വീട്ടിൽ വച്ചും, സുകേഷിന്റെ വീട്ടിൽ വച്ചും, വയർ നിറച്ച് ഞാൻ കഴിച്ചിട്ടുമുണ്ട്. ഇതേ സാധനം, എന്റെ ഓഫീസിലെ പാർട്ടിക്ക് വേണ്ടി, ജിഷ ഉണ്ടാക്കിത്തന്നിട്ടുണ്ട്. ഈ സാധനം അത്യധികം ഇഷ്ടപ്പെട്ട, ഓഫീസിലെ ചില സുഹൃത്തുക്കൾക്ക്, ഇതിന്റെ റെസീപ്പി ജിഷയോട് ചോദിച്ച് കൊടുത്തിട്ടുമുണ്ട്. ഇത്രയൊക്കെയായിട്ടും, 'ഉഗ്രനാ'യിട്ടുണ്ടെന്നോ, ചുരുങ്ങിയത് 'കൊള്ളാ'മെന്നോ എന്നൊന്നും ഞാൻ ജിഷയോട് പറഞ്ഞില്ലെന്ന് തന്നെയാണെന്റെയോർമ്മ! ഇത്രയൊക്കെ സംഭവങ്ങൾ നടന്നിട്ടും, എനിക്കെന്തേ ഒന്നും ഓർമ്മ വന്നില്ല.. എന്തേ ആദ്യായിട്ട് ഈ സാധനം കഴിക്കുന്നത് പോലെ തോന്നി? എന്റെയൊരു ഗതികേട് നോക്കണേ... മായക്കെന്തെങ്കിലും തോന്നിക്കാണുമോ? ജിഷയുടെ ജ്വലിക്കുന്ന മുഖത്ത് നോക്കാനുള്ള കരുത്തിനായി ഞാൻ ചുറ്റിലും തപ്പി നോക്കി. അമ്മയെ പ്രശംസിക്കാത്തതിന്റെ പേരിൽ, അച്ഛനോട് ഇങ്കുലാബ് വിളിക്കാൻ തോന്നിയ നിമിഷങ്ങളെ, ഞാൻ ശപിച്ചു. സ്വന്തം അച്ഛന്റെ വിത്ത് ഗുണത്തിൽ, മകനാണെന്നതിൽ അറിയാതെ അഹങ്കരിച്ച് പോയെന്ന് എനിക്കൊരു തോന്നലുണ്ടായി! 'വിത്ത് ഗുണം, പത്ത് ഗുണം' എന്ന പഴഞ്ചൊല്ല്, ആരോ എന്നെക്കൊണ്ട്, പത്ത് തവണ ഇമ്പോസിഷൻ എഴുതിച്ചത് പോലെ എനിക്ക് തോന്നി!! അനിവാര്യമായിരുന്ന ഒരിരുട്ടടി കാലചക്രം എനിക്ക് സമ്മാനിച്ചിരിക്കുന്നു!!! എന്റെ അച്ഛനോട് സ്വകാര്യമായി ചോദിച്ചിരുന്നെങ്കിൽ, അച്ഛനും ചില കാരണങ്ങൾ പറയാനുണ്ടാകുമായിരുന്നെന്ന്, അതിലൂടെ പോയ തണുത്ത കാറ്റ്, എന്റെ ചെവിയിലോതി!!!!
"ഓ ഇത് തന്നെയായിരുന്നോ അതും... മറന്നു പോയി..." പിന്നെ അധികം അവിടെ വിളയാടാൻ നിന്നില്ല. പല്ലും കടിച്ച്, തലയും കുനിച്ച്, ജാള്യതയോടെ, ഒരു ബിയർ ബോട്ടിലുമെടുത്ത്, എന്റെ സ്വന്തം വർഗ്ഗമായ ആണുങ്ങളുടെ കൂട്ടത്തിൽ പോയിരുന്ന്, സംഘബലത്തിന്റെ ശക്തിയിലും സ്പിരിറ്റിന്റെ ബലത്തിലും നാറാണത്ത് ഭ്രാന്തന്റെ കവിത ഉച്ചത്തിൽ ആലപിച്ചു ! ഇത്തരം മറവിയെക്കാൾ നല്ലത്, സ്വന്തം തലയിലൂടെ കല്ലുരുട്ടുന്നതാണെന്ന് ചിന്തിച്ച് പോയ നിമിഷങ്ങൾ!! ചില തലയണമുരൾച്ചകളെങ്കിലും, എന്റെ പുറംകരി മാറ്റി, അകം കണ്ടതിന് ശേഷം നടത്തിയ മുരൾച്ചകൾ തന്നെയാവാം!!!
ഇപ്പോഴും എവിടെക്കണ്ടാലും വെട്ടി വിഴുങ്ങുമെങ്കിലും, ഈ സംഭവത്തിന് ശേഷം, മധുരമൂറുന്ന മാംഗോ മൂസ് കഴിക്കുമ്പോൾ എനിക്ക് കയ്പ് രുചി അനുഭവപ്പെടാറുണ്ട്! മാത്രവുമല്ല, ആരെയെങ്കിലും കുറ്റപ്പെടുത്താൻ തുനിയുമ്പോൾ, ഒരു നൂറ് മറുചോദ്യങ്ങൾ, എന്റെ മനസ്സിൽ പെരുമ്പറ കൊട്ടാറുമുണ്ട്!! എന്റെ വിത്തിലെ ചില കീടസ്വഭാവങ്ങൾ, മക്കളിൽ നിന്നെങ്കിലും മായ്ക്കാനുള്ള, ജീൻ തെറാപ്പി നടത്തിക്കൊണ്ടിരിക്കുകയാണ് ഞാനിപ്പോൾ!!!
***
*പലബിസ്കറ്റ്: പല കഷണങ്ങളായി പൊട്ടിച്ചെടുക്കാൻ പറ്റുന്നതും, വലിയ പലകയുടെ രൂപത്തിലുള്ളതുമായ, തലശ്ശേരി ഭാഗത്ത് മാത്രം കാണപ്പെടുന്ന ഒരു പലഹാരം. Rusk / Toast ഒക്കെയുണ്ടാക്കുന്ന അതേ കൂട്ട് തന്നെയാണ് മുഖ്യ ഘടകം.**മാംഗോ മൂസ് (Mango Mousse): പഴുത്ത മാങ്ങ സത്ത്, ജെല്ലോ, പാൽ എന്നിവ മുഖ്യ ചേരുവകളായ, നല്ല പതമുള്ള ക്രീം കേക്ക് പോലുള്ള, തണുപ്പിച്ച് കട്ടിയായ ശേഷം കഴിക്കുന്ന ഒരു ഉഗ്രൻ മധുരപലഹാരം.
ഇതെല്ലാം ചേർത്ത് ഒരു പുസ്തകമാക്കി കൂടെ
മറുപടിഇല്ലാതാക്കൂഅഭിപ്രായം പറഞ്ഞതിൽ സന്തോഷം. ശ്രമിക്കണം.. പുസ്തകമാക്കുക എന്നൊക്കെ പറയുമ്പോൾ.. അറിയില്ല.. എന്താണ് അതിന്റെ മാനദണ്ഡം.... പ്രസാധകർക്ക് ഇഷ്ടപ്പെടുകയും ചെയ്യണമല്ലോ
ഇല്ലാതാക്കൂവളരെ നല്ല അനുഭവങ്ങൾ ഒരു സിനിമക്ക് പറ്റിയ കഥയുണ്ട് വേണൂ നിന്റെ കൈയിൽ പഴയകാല അനുഭവങ്ങൾ വളരെ മനോഹരമായി .ഇനിയും ഒരുപാട് അനുഭവങ്ങൾ എഴുതൂ
മറുപടിഇല്ലാതാക്കൂനല്ല വാക്കുകൾക്ക് നന്ദി. സിനിമ എന്നൊക്കെയുള്ളത് മാസ്മരികമായ മേഖലയാണ്.. നമുക്കൊക്കെ അവിടെ കേറിപ്പറ്റാൻ ബുദ്ധിമുട്ടായിരിക്കും
ഇല്ലാതാക്കൂSuper presentation.....
മറുപടിഇല്ലാതാക്കൂThank you very much :)
ഇല്ലാതാക്കൂNice
മറുപടിഇല്ലാതാക്കൂThank you Aji.. for reading and commenting !
ഇല്ലാതാക്കൂBeautifully penned
മറുപടിഇല്ലാതാക്കൂThank you from my h :)eart!
ഇല്ലാതാക്കൂWhatsapp Comments:
മറുപടിഇല്ലാതാക്കൂSheeba OK: katha vayichu nalla avatharanam nannayitundu
Naarayam: Thank you Sheeba
Shajila AK: വേണു കഥ സൂപ്പർ
Naaraayam: Thank you
Raajeev P: Venu, Like the writing very much. Can u write a movie script for me? Seriously..
Naaraayam: Thank you Rajeev... Wrote 2-3 US based scripts.... we can talk for fun about it😊
Madhu Uchambally: 👍🏻👍🏻👌
Naaraayam: Thank you
Ranjith VP: Super venu ithu ninte thanne kathayanennu randamathum vayichappolanu manasilayathu, very good presentation.
Naaraayam: 😊 Thank you Ranjith 🙏
Vaisakh Krishnan: Venu. Ettan ezhuthunna ano
Naaraayam: Time pass
Sreeja RN: നഗ്‌നമായ സത്യങ്ങൾ 👍👌🏻👌🏻
Naaraayam: Thank you Sreeja
Reethabhai: Honest narrations. 👏👏Hope ur safe.😷
Reethechi... thought to acknowledge at least once publicly 😄
Devan BS: Super presentation😄😄
Naaraayam: Thank you Devan 🙏😊
Pradeep: Vayichu...👌👍👍👍
Naaraayam: Thank you Pradeep
Sheeja Dinesh: എനിക്കിഷ്ടപ്പെട്ടു 👍🏻👌 എനിക്കും ഉണ്ട് ഇത് പോലെ കൊറേ കഥകൾ ചിരിപ്പിക്കുന്നതും ... കരയിപ്പിക്കുന്നതും ആയതു പുറത്തു പറയാൻ പറ്റാത്തതും എന്നാൽ ഉള്ളിൽ നിന്ന് വിങ്ങി പൊട്ടുന്ന കൊറേ അനുഭവങ്ങൾ 😀
Naaraayam: അതൊക്കെ ഡയറിയിലെങ്കിലും തമാശയായി കുറിച്ച് വെക്കൂ ... അനുഭവങ്ങൾ എല്ലാവർക്കുമുണ്ട്... പ്രത്യേകിച്ചും നിനക്കൊക്കെ... നിന്റെയൊക്കെ ബാല്യം അടുത്ത് നിന്ന് കണ്ടില്ലെങ്കിലും കുറച്ചൊക്കെ എനിക്ക് ഊഹിക്കാം... പണ്ട് സുഖമുണ്ടാവില്ലെങ്കിലും, ഓർമ്മകൾ, എല്ലാ ഓർമ്മകളുമല്ലെങ്കിലും, ഇന്നത്തെ കാലത്ത് അയവിറക്കാൻ സുഖാണ്; ചിലത് ഓർക്കാൻ തന്നെ ഭയമായിരിക്കുമെങ്കിലും ...
Seena Gopinath: വേണു super. നമ്മുടെയൊക്കെ ചെറുപ്പകാലത്തിലെത്തിയത് പോലെ തോന്നും നിന്റെ ഓരോ കഥ വായിക്കുമ്പോഴും. തീർച്ചയായും ഈ കഥകളൊക്കെ ഒരു ഉൾപ്പെടുത്തി ഒരു ബുക്ക് പ്രസിദ്ധികരിക്കണം. അച്ഛൻ കഥകളൊക്കെ വായിക്കാറുണ്ടോ.
Naaraayam: സന്തോഷം സീനാ... നോക്കണം ഇതുവരെ ശ്രമിച്ചിട്ടില്ല... സമയം കിട്ടുമ്പോൾ എന്തെങ്കിലും എഴുത്തും... ബ്ലോഗ് ആയതുകൊണ്ട് എന്റെ സമയം മാത്രമാണ് ചിലവ്... സന്തോഷം എന്ന് പറയുന്നത് വായിക്കുന്നവർ ഇതുപോലെയൊക്കെ പറയുമ്പോൾ ഉണ്ടാകുന്ന സന്തോഷവും ... പുസ്തകമാക്കാൻ ആഗ്രഹമുണ്ട്... Let’s see 😊
Sandeep Nair: Eee katha njan ippozhum orkkunnu
Naaraayam: :)
Sruthi Nidil: 😃😃😃Adipoli 🤣🤣
Naaraayam: Thank you
Usha: 👌👌👌❤❤😃😃
Naaraayam: :)
Aji Dinraj: ❤❤👏🏻
ഇത് വായിച്ചോണ്ടിരിക്കുമ്പോൾ തന്നെ രണ്ടാളെയും മുന്നിൽ കിട്ടിയിരുന്നെങ്കിൽ എന്ന് തോന്നിപ്പോയി..🤪🤪
Naarayam: 😄 സത്യം സത്യമാണെങ്കിലും, നാട്ടുകാരോട് വിളിച്ച് കൂകി പറഞ്ഞെങ്കിലും, സ്വത്വം മാറാൻ ഇത്തിരി പ്രയാസമാണ്... ശീലിച്ചതും പഠിച്ചതും ആഗ്രഹിക്കുന്നതും മാത്രമേ പാടാൻ പറ്റൂ 😄
Mohanan MK: 👌👍
Naaraayam: Thank you
Manoj CK: 👌😀
Naaraayam: Thank you
Sithara: Mango mouss 💕💕Ellam pwoli aanu.. All write ups❤✌🏻✌🏻✌🏻
Naaraayam: Thank you :) 🙏
Mohanan Chadayan: കൊള്ളാം..... മധുരം ഉള്ള മധുരിക്കും കഥ........ അല്ലല്ല..... കാര്യം.... very good.
Naaraayam: ആസ്വദിച്ചു എന്നറിഞ്ഞതിൽ സന്തോഷം മോഹനാ 😊
Sindhu VK: വേണുവേട്ടാ ഈ കഥയൊക്കെ ഞാൻ കേട്ടിട്ടുണ്ട് 😁😁😁😁
Naarayam: 😁
Ranjith Thottatthy: കഥ ഗംഭീരമായിട്ടുണ്ട് ഇതെല്ലാം ചേർന്ന് ഒരു പുസ്തകമാക്കി കൂടെ
Naarayam: ആഗ്രഹമുണ്ട്..പക്ഷേ Thank Thank you Ranjith... അതൊക്കെ വലിയ ചടങ്ങാണ്, പുതിയ ആൾക്കാരെ സംബന്ധിച്ച്... എന്നാലൂം സമയം ഒത്തുവരുമ്പോൾ ശ്രമിക്കണം
Byju Achari: Very good Venu 👍keep writing ✍ It is amazing
Naarayam: Thank you Byju
Facebook Comments:
മറുപടിഇല്ലാതാക്കൂSukhinesh Gopalan Venu loving it. Keep going
Venugopalan Kokkodan Sukhinesh Gopalan, Thank you Suhinesh🙏😊
Krishnan Ak Silvees മാംഗോ മുസ് വായിച്ചപ്പോൾ നീ ആറാം മൈൽ പേരിൽ അശ്ലീല ചുവയുള്ള ബസ് ഷെൽട്ടറിൽ നിന്നെക്കാൾ നീളമുള കാലൻ കുടയും നിലത്ത് കത്തി ഷെൽട്ടറിൻ്റെ തൂണിൽ ഒരു കാൽ ചവിട്ടി നിന്നുകൊണ്ട് എൻ്റെ കടയിലേക്ക് നോക്കുന്ന നിൻ്റെ രൂപം ഇപ്പോഴുഎൻ്റെ മനക്കണ്ണിലുണ്ട് ജീഷയെക്കുറിച്ച് നീ എഴുതിയത് കണ്ടപ്പോൾ ഞാൻ ഇപ്പോൾ ആലോചിക്കുന്നത് എൻ്റെ നാട്ടിലെ പ്രമുഖ മായ തറവാട്ടിലെ അറിയപ്പെടുന്ന മനുഷ്യൻ്റെ മകളായ ബിരുദധാരിയും സുന്ദരിയും സദ്ഗണ സമ്പന്നയുമായ ജിഷ നീയെന്ന മൂരാച്ചിയെ സഹിക്കുന്നു എന്ന കാര്യത്തിലാണ്
Venugopalan Kokkodan Krishnan Ak Silvees, നമ്മൾ ഭൂരിപക്ഷം ആണുങ്ങളുടെയും സത്യങ്ങൾ വിളിച്ച് പറഞ്ഞാൽ ഭൂരിപക്ഷം പേർക്കും കുടുംബങ്ങൾ കാണൂല്ല 😄 പിന്നെ, അവൾക്ക് വിധിച്ചത്, ഈ കുടകുത്തി അഭ്യാസം കാണിക്കുന്ന മൂരാച്ചിയെ ആണ് 😂😂
Pathmakumar Thekkeveetil Good one
Venugopalan Kokkodan Pathmakumar Thekkeveetil 🙏🙏😊 Thank you
Ajith NK 👌👌😍
Venugopalan Kokkodan Ajith NK 🙏😄
Sithara Kodoth: Good one
Venugopalan Kokkodan Sithara Kodoth 🙏🙏
Usha Srinivas മംഗോ മുസ് സൂപ്പർ,,,
Venugopalan Kokkodan Usha Srinivas, 🙏😊
Sahadevan Devan Super
Venugopalan Kokkodan Sahadevan Devan, Thank you Sahadevan 🙏
Sanjay Koroth വേണു ൻറെ കഥകൾ എല്ലാം വായിക്കാറുണ്ട്.. നമ്മൾ ചുണ്ടങ്ങാ പൊയിൽ സ്കൂളിൽ നടന്നു പോയ കാലം ഓർക്കാറുണ്ട്...
Venugopalan Kokkodan Sanjay Koroth, ചില ഓർമ്മകൾ ഫാന്റസികളേക്കാൾ മനോഹരമായിരിക്കും അല്ലേ 😊
Jobin Kuruvilla പിന്തിരിപ്പനാണെങ്കിലും തലയിണ മുരണ്ട്‍ മുരണ്ട്‍ അഭിനന്ദനങ്ങൾ ബ്ലോഗ് വരെ വഴിയായി. കൊള്ളാം വേണു, അല്ല ജിഷ, ഞാൻ നിങ്ങളെ നിരുത്സാഹപ്പെടുത്തുന്നില്ല 😆
Venugopalan Kokkodan Jobin Kuruvilla ഞാനൊരു പിന്തിരിപ്പനാണെന്ന് എനിക്ക് തന്നെ തോന്നാറുണ്ട് 😊 കലക്ക് വെള്ളത്തിൽ മീൻ പിടിക്കുന്നത് പോലെ, കുടുംബം കലങ്ങിയാലും എനിക്ക് ബ്ലോഗ് നന്നാക്കണം !
Smitha Rajesh Super
Venugopalan Kokkodan Smitha Rajesh Thank you Smitha 😊
Mohan Chadayan വേണു... .. നിന്റെ സുഹൃത്ത് കൃഷ്ണന്റെ (എന്റെയും ) കമന്റ് അടിപൊളി.....
Venugopalan Kokkodan Mohan Chadayan.. കൃഷ്ണനാണ് പണ്ട്, കല്യാണ സമയത്ത് എന്നെക്കുറിച്ച്, ഇല്ലാത്ത നല്ല അഭിപ്രായങ്ങൾ പറഞ്ഞ് എന്റെ കല്യാണം സെറ്റാക്കാൻ ഭാര്യാവീട്ടുകാരെ പ്രേരിപ്പിച്ചത് 😄😄
Shaji K Shaji Super
Venugopalan Kokkodan Shaji K Shaji Thank you Shaji 🙏
Shaji Ck great
Venugopalan Kokkodan Shaji Ck, Thank you 🙏😊
Pradeep Elancheri Vayichu ...adipoli
Venugopalan Kokkodan Pradeep Elancheri, Thank you Pradeep 😄🙏
Pavithran M K വേണു നിന്റെ മാഗോ മുസ് കഥ വായിച്ചു വായിച്ചു ഞാനും സാവിയും കുടു കൂടാ ചിരിച്ചു പോയി മോനെ. ഇനിയും ഉണ്ടോ നിന്റെ വശം ഇങ്ങനത്തെ കഥകൾ. GOOD NIGHT നേരുന്നു
Venugopalan Kokkodan Pavithran M K, സന്തോഷം പവിത്രമ്മാമാ 😄 വെറുതെ ഇരിക്കുമ്പോൾ തോന്നിയ ചെറിയ കാര്യങ്ങൾ എഴുതി വെച്ചൂന്നെ ഉള്ളൂ... കഥകൾ ഒത്തിരി ഇനീം കിടക്കുന്നു.... 😊🙏
Vineeth Raveendran Flowers
Venugopalan Kokkodan Vineeth Raveendran, Thank you 🙏
Sreeja Muralidharan Rose
Venugopalan Kokkodan Sreeja Muralidharan Thank you Sreeja 😊
Arun Kumar Venu chettan, nannayindittaa. Ee swabhaavam ennikkum undoo ennoru samshayam thonaathillaa
Venugopalan Kokkodan Arun Kumar, നമ്മൾ ആണുങ്ങൾ വീട്ടിൽ hypocrite അല്ലേ😜 ഈ സ്വഭാവോം വെച്ച് വണ്ടിയോടുന്നത് തന്നെ ഭാഗ്യം... പിന്നെ ഈ സ്വഭാവത്തിന് പിരി കൂട്ടാൻ വാമഭാഗങ്ങളും സഹകരിക്കുന്നുണ്ടെന്ന് അവർ പോലും അറിയുന്നില്ല 😄😄
Arun Kumar Njan padichu varunnunde 😜
Saju Kumar ഇപ്പോഴും വീട്ടിൽ ഈ ഐറ്റം ഉണ്ടാക്കാറുണ്ടോ , ഒരു മധുര പ്രതികാരം പോലെ ? 😁. Good one bro , keep going 👏
Venugopalan Kokkodan Saju Kumar, 😄 ഇനി മരിക്കുവോളം മാംഗോ മൂസിന് എന്നെ സംബന്ധിച്ചടുത്തോളം മധുരിക്കുന്ന കയ്പാണ് 😜
Krishnakumar S Menon Now I will have to taste the Moos!! Well written !
Venugopalan Kokkodan Krishnakumar S Menon, Thank you 😊 If made at home by better half, don’t forget to praise immediately 😜
Krishnakumar S Menon yes of course
Mini Jayan Super
Venugopalan Kokkodan Mini Jayan, Thank you 🙏
Facebook Messenger Comments:
മറുപടിഇല്ലാതാക്കൂSheeja Vijayan: vayichutto.. Chirikkan kazhinju corona tension ellathe.. Lot of thanks venu
Venugopalan: 😄 Thank you Sheeja...
Reeja Rejith: മാംഗോ മൂസ് എനിക്കറിയില്ല പക്ഷെ സ്വാദിഷ്ടമായ നാടൻ മാങ്ങയുടെ രുചി എന്റെ രസമുകുളങ്ങലിലിപ്പോഴുമുണ്ട് ... അതിന്റെ നാടൻരുചി നിന്റെ ഈ എഴുത്തിനുണ്ടെടാ.. പഴയ കാലത്തെ ഓർത്തെടുക്കാൻ നിന്റെ എഴുത്തിന് കഴിയുന്നുണ്ട്
Venugopalan: 🙂 Thank you എന്ന് പറയേണ്ട എന്നുണ്ടെങ്കിലും എനിക്ക് പറഞ്ഞേ പറ്റൂ.. Thank you 🙂