ഭാര്യാഭർതൃ ബന്ധങ്ങളിൽ, പ്രത്യേകിച്ച് മലയാളികളുടെ ഇടയിൽ, ഇന്ന് ട്രോളുകളുടെ രൂപത്തിലും, അതേസമയം, ഭീതിയുടെ രൂപത്തിലും, ഒരു വർഷത്തിനുള്ളിലായി കടന്ന് കയറിയിട്ടുള്ള രണ്ട് പ്രതീകങ്ങളാണ് സയനൈഡും പാമ്പും. വന്നുവന്ന്, സയനൈഡ് സ്ത്രീകളുടെ ആയുധമായും, പാമ്പ് ആണുങ്ങളുടെ ആയുധമായും മാറി പരിണമിച്ചതും, സയനൈഡിന്റെ വീര്യത്തെ പാമ്പിന്റെ പത്തി കാണിച്ച് പേടിപ്പിക്കുന്നതും നാം കണ്ടു.
ഫേസ്‌ബുക്കിലും, വാട്സാപ്പ് ഗ്രൂപ്പുകളിലും, കുടുംബ-സൗഹൃദ ചർച്ചകളിലും വില്ലനായ സൂരജിനെക്കാളും, വില്ലത്തിയായ ജോളിയേക്കാളും, അവരുടെ പടക്കോപ്പുകളായ സയനൈഡും പാമ്പും ചർച്ച ചെയ്യപ്പെട്ടു. ഇരകളായ റോയ് തോമസ് ആൺപക്ഷത്തിന്റെയും, ഉത്തര പെൺപക്ഷത്തിന്റെയും രക്തസാക്ഷിത്വ പ്രതീകങ്ങളായി മാറി.
എല്ലാ കിടപ്പറകളിലും, കുടിക്കാൻ കൊണ്ടു വച്ച പച്ചവെള്ളം പോലും ഭാര്യമാരെക്കൊണ്ട് കുടിപ്പിച്ച്, ഭർത്താക്കന്മാർ സംശയം തീർത്തപ്പോൾ, കിടക്കയും തലയിണകളും പൊക്കി മകുടിയൂതിക്കൊണ്ട് ഭാര്യമാരും സംശയം തീർക്കാൻ തുടങ്ങി. മകുടിയൂത്തലും വെള്ളം കുടിപ്പിക്കലും, പല പല കിടപ്പറകളിലും ആചാരമായിപ്പോലും കൊണ്ടാടാൻ തുടങ്ങിയെന്നത്, മലയാളിയെ സംബന്ധിച്ചടുത്തോളം, പുരോഗമനപരമായ പരിവർത്തനങ്ങളായത്, വളരെ ആത്മാർത്ഥമായി പുച്ഛിച്ച് തള്ളിക്കൊണ്ടായിരുന്നു ഞാനും എന്റെ സഹധർമ്മിണിയും ഞങ്ങളുടെ കിടപ്പറയിൽ, ഞങ്ങളുടെ പരസ്പര വിശ്വാസം ഇത്ര നാളായും പുലർത്തിക്കൊണ്ടിരുന്നത്.
പക്ഷേ, ഈയ്യിടെയായി, എന്റെ വകയായുള്ള ചില രാത്രികാല കലാപരിപാടികൾ മൂലം, മേൽപ്പറഞ്ഞ കിടപ്പറയിലെ വിശ്വാസത്തിന്, എന്റെ വാമഭാഗത്തിന്റെ ഭാഗത്ത് നിന്നും ഊനം തട്ടാൻ തുടങ്ങിയിരിക്കുന്നു. രണ്ട് മൂന്ന് തവണയായി, ഞാൻ പോലുമറിയാതെ നടന്ന എന്റെ രാത്രികാല കലാപരിപാടികൾ ഇനിയും ഒരു തവണ കൂടി ആവർത്തിച്ചാൽ, ഒരുപക്ഷേ, ഇനിയൊരിക്കലും ഞാനും എന്റെ പ്രിയതമയും ഒരേ കിടക്കയിൽ ഒരുമിച്ച് ഉറങ്ങിയെന്ന് വരില്ല. ആ ഭീതിയിലാണ്, കുറച്ച് ദിവസങ്ങളായുള്ള എന്റെ രാത്രിയുറക്കം. സത്യത്തിൽ ഉറക്കം പോലും കിട്ടാത്ത അവസ്ഥ! അനുജന്റെ സമ്മതമില്ലാതെ, അവന്റെ ചെറുപ്പകാല സോമ്നാമ്പുലിസത്തെക്കുറിച്ച് കഥയെഴുതി നാട്ടുകാരോട് വിളിച്ച് പറഞ്ഞത് കൊണ്ട്, അറിയാതെയെങ്കിലും അവനെന്നെ ശപിച്ചിരിക്കുമോ?
എന്റെ ഉറക്കം ഇനിയും നഷ്ടപ്പെടാതിരിക്കാൻ, അഥവാ, ഇനിയും ഒരു തവണ കൂടി ഞങ്ങളുടെ കിടപ്പറയിൽ, എന്റെ രാത്രികാല കലാപരിപാടികൾ ആവർത്തിക്കപ്പെട്ടാൽ, നിങ്ങളെല്ലാവരും കണ്ണും പൂട്ടി എന്നെ കുറ്റം പറയാൻ തുടങ്ങുന്നതിന് മുന്നേ, എന്തൊക്കെ കലാപരിപാടികളാണ് ഞാൻ മനസാ അറിയാതെ ഞങ്ങളുടെ കിടപ്പറയിൽ ചെയ്തുകൂട്ടിയതെന്ന് നിങ്ങളോട് തുറന്ന് പറയേണ്ടതുണ്ട്. അല്ലെങ്കിൽ ചിലപ്പോൾ, സഹതാപത്തിന് പോലും ഞാൻ അർഹ്ഹനല്ലാതായിപ്പോകും.
ഏകദേശം ഒരു മാസം മുൻപാണ്, മേല്പറഞ്ഞ ഗണത്തിൽ പെടുന്ന കലാപരിപാടികളിൽ ആദ്യത്തേത് അരങ്ങേറിയത്. കിടപ്പറയിലെ കലാപരിപാടി എന്നൊക്കെ പറഞ്ഞത് കൊണ്ട്, വാ പൊളിച്ച്, ദാ ഇപ്പം കാണും എന്ന രീതിയിൽ വിജിലമ്പിച്ച് നിൽക്കുകയൊന്നും വേണ്ട. സംഭവം നിങ്ങൾ വിചാരിച്ചത് പോലെ AAA ഒന്നുമല്ല. വെറും സ്വപ്നങ്ങളാണ്. അതെ സ്വപ്നം കാണലാണ് പ്രശ്നം. ആക്ഷനുകളായി രൂപാന്തരം പ്രാപിച്ച്, ജീവന് അപായമുണ്ടാക്കുന്ന രീതിയിൽ, പ്രത്യേക തരത്തിൽ പ്രവർത്തിക്കുന്ന സ്വപ്‌നങ്ങൾ; അതാണ് പ്രശ്നം!
ആദ്യത്തേത്, അത്ര വലിയ പ്രശ്നമൊന്നുമായില്ലെങ്കിലും മൂന്നാമത്തേതിലെത്തുമ്പഴേക്കും, മണിച്ചിത്രത്താഴെന്ന സിനിമയിൽ, ശോഭന കട്ടിൽ പൊക്കി ആകാശത്തേക്കെറിഞ്ഞത് പോലുള്ള ഭീകരാവസ്ഥയിൽ കിടപ്പറ എത്തിച്ചേർന്നിരുന്നു.
സാധാരണയായി ഉറങ്ങാൻ കിടന്നാൽ, മറ്റ് കിടപ്പറകളിൽ സംഭവിക്കുന്നത് പോലെ നീണ്ടുനിൽക്കുന്ന നർമ്മഭാഷണങ്ങളൊന്നും ഞങ്ങൾ നടത്താറില്ല. കിടന്നാൽ നേരെ കാര്യത്തിലേക്ക് കടക്കും. എന്നുവച്ചാൽ വേഗം തന്നെ ഉറങ്ങാൻ ശ്രമിക്കും എന്നർത്ഥം. കിടക്കയിൽ കിടക്കുകയേ വേണ്ടൂ... വാമഭാഗത്തിന്റെ മൂർദ്ധാവിലുള്ള ഒരു പ്രത്യേക സ്വിച്ച് ഓഫാകും. കിടന്നമാത്രയിൽ തന്നെ അവൾ ഉറങ്ങിപ്പോകും.
എനിക്കാണെങ്കിൽ, ട്രംപും മോദിയും രാഷ്ട്രീയവും മതവും ദൈവങ്ങളുമെല്ലാം ഇടകലർന്നുള്ള അവിയൽ പരുവത്തിലുള്ള കാര്യങ്ങൾ ചിന്തകളുടെ രൂപത്തിൽ, കിടന്നയുടനേ തന്നെ മാറാല കെട്ടാൻ തുടങ്ങും. ഈ മാറാല കെട്ടിത്തീർന്ന്, ആ മാറാലകളിൽ ഞാൻ തന്നെ സ്വയം കുടുങ്ങി, രക്ഷപ്പെടാനുള്ള യത്നങ്ങളിൽ തളർന്നാണ്, സ്വയമറിയാതെ ഞാൻ പതിവായി ഉറങ്ങാറുള്ളത്.
ആദ്യത്തെ സംഭവം ഇങ്ങനെയാണ്: ആദ്യമേ തന്നെ പറയാം; സ്വപ്നങ്ങളുടെ ക്വാളിറ്റി കണ്ട്, കാര്യങ്ങളെ വിമർശിക്കാൻ നിൽക്കരുത്; നേരത്തെ പറഞ്ഞത് പോലെ, അത് എങ്ങനെ ആക്ഷനിൽ വരുന്നു എന്നുള്ളിടത്താണ് കാര്യങ്ങളുടെ മർമ്മം കിടക്കുന്നത്.
പതിവ് പോലെ, രാത്രി ഞങ്ങൾ ഉറങ്ങാൻ കിടന്നു. സ്വിച്ചിട്ടത് പോലെ ഉറക്കം തുടങ്ങിയ വാമഭാഗത്തിനെ, ഇടത്തോട്ടേക്ക് ചരിഞ്ഞ്, ഞാൻ സാകൂതം അസൂയയോടെ നോക്കി. വീണ്ടും മലർന്ന് കിടന്ന് എന്റെ മാറാല തയ്യൽ പ്രവർത്തിയിലേക്ക് ഞാൻ വീണ്ടും കടന്നു. രാത്രിയുടെ അന്തർയാമങ്ങളിലെപ്പോഴോ, ഭാര്യ അടുത്തുണ്ടായിട്ടും, നിദ്രയുടെ മടിത്തട്ടിലേക്ക് മുഖമമർത്തി ഞാനുറങ്ങിപ്പോയി.
നിദ്രയുടെ മടിത്തട്ടിന്റെ മാർദ്ദവവും മാദക ഗന്ധവും കൊണ്ടായിരിക്കണം, നീലച്ചടയനടിച്ച വേഗത്തിൽ, സ്വപ്നത്തിന്റെ തേരിലേറി ഞാൻ യാത്ര തുടങ്ങി.
എന്റെ പഴയ വീട്ടിലെ പതിനാല് കാരനായി ഞാൻ മാറി. പശുക്കളും കോഴികളും ആടുകളുമൊക്കെയുള്ള ഓലമേഞ്ഞ വീട്ടിലെ ചാണകത്തറയിൽ കിടക്കുന്ന പത്താം ക്ലാസ്സുകാരൻ.
വൈകുന്നേരങ്ങളിൽ, പശുവിനെ തൊഴുത്തിലെത്തിച്ച് അതിന് വേണ്ട തീറ്റയൊക്കെ ഇട്ടു കൊടുക്കണം, കോഴികളെ, വീടിന് പിന്നിലുള്ള ഒരു കുഞ്ഞ് വിറക് പുരയുടെ ഒരറ്റത്തായി ഒരുക്കിയിട്ടുള്ള കോഴിക്കൂട്ടിൽ കയറ്റണം, എന്നൊക്കെയുള്ളത് എന്റെയും അനുജന്മാരുടെയും സന്ധ്യാസമയ ജോലികളാണ്.
കാട് പിടിച്ച പറമ്പായത് കൊണ്ട്, വീട്ടുപറമ്പിൽ ഇഷ്ടം പോലെ കുറുക്കന്മാരുണ്ട്. സന്ധ്യ മയങ്ങുമ്പോൾ, കുറുക്കന്മാർ കോഴിയെ അന്വേഷിച്ച് പുറത്തിറങ്ങും. അതിൽ തന്നെ പല കുറുക്കന്മാരും കൗശലക്കാരാണ്. ഞങ്ങളെ വലിയ പേടിയൊന്നും ഇല്ല. ചിലപ്പോൾ ഞങ്ങളെ കുറുക്കന്മാർ വട്ടം ചുറ്റിച്ച് കളയും.
ആ ദിവസം, പതിവ് പോലെ പശുക്കളെ തൊഴുത്തിൽ കെട്ടിയതിന് ശേഷം, കൂടിൽ കയറാൻ മടി കാണിച്ച് കൊണ്ട്, ഒരു പിടയും ഒരു പൂവനും വിറക് പുരയുടെ പിന്നിലായി ആ ദിവസത്തെ അവസാനവട്ട ലീലകളിൽ ഏർപ്പെട്ട് കൊണ്ടിരിക്കുകയാണ്. ലീല തലക്ക് പിടിച്ചാൽ കണ്ണ് കാണില്ലെന്നല്ലേ പറയുക! അത് പോലെ, ലീല തലക്ക് പിടിച്ച ഈ കോഴികൾക്കും, പിന്നിൽ പതുങ്ങിയിരുന്ന് അവരെ പിടിക്കാൻ തക്കം പാർത്ത കുറുക്കനെ കാണാനോ, അതിന്റെ മണം പോലും പിടിക്കാനോ പറ്റിയില്ല. ലീല മൂർച്ഛിച്ച് നിന്ന അവസ്ഥയിലായിരിക്കണം, കുറുക്കൻ അവരുടെ മേലെ ചാടി വീണത്. കോഴികൾ പരക്കം പാഞ്ഞു. പക്ഷേ, കോഴികളെ ആദ്യത്തെ ചാട്ടത്തിന് കിട്ടാഞ്ഞ കുറുക്കൻ, വിറക് പുരയുടെ ഓരം പറ്റിത്തന്നെ ഒളിഞ്ഞ് നിന്നു.
കോഴികളുടെ കരച്ചിൽ കേട്ടാണ് ഞാൻ വിറക് പുരയുടെ സമീപം എത്തിയത്. കരഞ്ഞ് കൂവി ബഹളം വെക്കുന്ന കോഴികൾ നോക്കുന്ന ദിശയിൽ നോക്കിയപ്പോൾ, അതാ, വിറക് പുരയുടെ പടിഞ്ഞാറ് ഭാഗത്തായി പതുങ്ങി നിൽക്കുന്നു, നമ്മുടെ പൂവാലൻ കുറുക്കൻ.
അതിനെ പിടിക്കാൻ തന്നെ ഞാൻ തീരുമാനിച്ചു. ആക്ഷൻ സ്പോട്ടിലേക്ക് എന്റെ അനുജനെയും ഞാൻ വിളിച്ചു. അവൻ, ഒരു വടിയെടുത്ത് വിറക് പുരയുടെ തെക്ക് ഭാഗത്ത് കൂടെ പടിഞ്ഞാറ് ഭാഗത്തേക്ക് പമ്മിപ്പമ്മി മാർച്ച് ചെയ്യുമ്പോൾ, ഞാൻ, വിറക് പുരയുടെ വടക്ക് ഭാഗത്തൂടെ പതുക്കെ ഒരു വടിയുമെടുത്ത് പടിഞ്ഞാറ് ഭാഗത്തേക്ക് മാർച്ച് ചെയ്ത്, ഒരേസമയം മൾട്ടിപ്പിൾ ഡയറക്ഷനിൽ നിന്ന് കുറുക്കനെ ആക്രമിക്കും; അതായിരുന്നു പ്ലാൻ.
നിർഭാഗ്യത്തിന്, പതുങ്ങിപ്പതുങ്ങി പടിഞ്ഞാറേ വശത്തെത്തിയ എന്നെക്കണ്ട കുറുക്കൻ, വിറക് പുരയുടെ തെക്ക് ഭാഗത്തേക്ക് ഓടി. തെക്ക് ഭാഗത്തേക്കോടിയ കുറുക്കൻ, അവിടെ വടിയുമായി നിൽക്കുന്ന എന്റെ അനുജനെക്കണ്ടപ്പോൾ, തിരിച്ച്, പടിഞ്ഞാറ് ഭാഗത്തേക്ക് തന്നെ തിരിഞ്ഞോടി. വിറക് പുരയുടെ പടിഞ്ഞാറും തെക്കും ഉയരമുള്ള മൺതിട്ടയുണ്ടായിരുന്നതിനാൽ കുറുക്കന് വഴി മാറിപ്പോകാനും ആവതില്ലായിരുന്നു. ആ ഇടനാഴിയിൽ തന്നെ അവനെ കുടുക്കണം.
തിരിച്ച് എന്റെ മുൻപിൽ വീണ്ടുമെത്തിയ കുറുക്കനെ ഞാൻ ആഞ്ഞടിച്ചു. പക്ഷേ, അവൻ കൗശലക്കാരനായിരുന്നല്ലോ. അവൻ ആ അടിയിൽ നിന്ന് ഒഴിഞ്ഞ് മാറി, എന്റെ കാലിന്റെ ഇടയിലൂടെ ഓടാൻ ശ്രമം നടത്തി. നോക്കണേ അവന്റെ കൗശലം! ശത്രുവിന്റെ കാലിന്റെ ഇടയിലൂടെ രക്ഷപ്പെടാൻ പോലും അവൻ ധൈര്യം കാട്ടിയിരിക്കുന്നു.
പക്ഷേ, ഞാൻ വിടുമോ, കുറുക്കനെ കുടുക്കാനുള്ള കുടുക്കുകളൊക്കെ എനിക്കും അറിയാം. അടിക്കാൻ കുനിഞ്ഞ സമയത്താണ് എന്റെ കാലിന്റെ ഇടയിലുള്ള ഗ്യാപ്പിലൂടെ കടന്ന് പോകാൻ അവൻ ശ്രമിച്ചത്. ഞാനുടനെത്തന്നെ, അത്യപൂർവ്വമായ കൃത്യതയോടെ, കാൽ മുട്ടുകൾക്കിടയിൽ കുറുക്കനെ ഇറുക്കിപ്പിടിച്ച് തറയിൽ മലർന്ന് വീണു. ഭാഗ്യത്തിന്, കുറുക്കന്റെ തല തന്നെ മുട്ടുകൾക്കിടയിൽ കുടുങ്ങിയതിനാൽ, കുറുക്കന് എന്നെ കടിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ എനിക്ക് പിടിവിടാനും പറ്റില്ല, കാരണം, പിടി വിട്ടാൽ അവൻ കടിക്കും. കുറുക്കന്റെ പിൻഭാഗം കൈ കൊണ്ട് പിടിച്ച്, അതിന്റെ തല മുട്ടുകൾക്കിടയിൽ ഇറുക്കിപ്പിടിച്ച്, അനുജൻ അവിടെ എത്താനുള്ള നിമിഷാർദ്ധത്തിന് കാത്ത് നിൽക്കുകയാണ് ഞാൻ. അത്രക്കും ശക്തമായിത്തന്നെ ഞാൻ കുറുക്കനെ കുടുക്കിയിട്ടുണ്ട്.
അനുജൻ എത്തുന്നതിന് മുൻപായിത്തന്നെ ഞാൻ വലിയ വായിലായിട്ടൊരു നിലവിളികേട്ടു. 'അയ്യോ... എന്നെ വിടൂ... എന്റെ കാല് വിടൂ... നിങ്ങളെന്ത് പ്രാന്തായീ കാണിക്കുന്നേ... അയ്യോ... എന്റെ കാലേ...'. ആദ്യം എനിക്ക് കാര്യം പിടികിട്ടിയില്ല. കുറുക്കനെ പിടിച്ച ഞാൻ പോലും കരയുന്നില്ല. അനുജൻ ഇപ്പൊ ഇങ്ങെത്തും... പക്ഷേ സീനിലേ ഇല്ലാത്ത അമ്മ എന്തിനാണ് കരയുന്നത്? അതായിരുന്നു എന്റെ ചിന്ത.
എന്റെ തുടക്ക് കനത്തിലൊരു അടികിട്ടിയപ്പഴാണ്, ആ അടി കുറുക്കന്റെ കടിയല്ലെന്നും, നിലവിളിച്ചത് എന്റെ അമ്മയല്ലെന്നും എനിക്ക് മനസ്സിലായത്. അപ്പോഴും ഞാൻ ഭാര്യയുടെ ഒരു കാല് എന്റെ മുട്ടുകൾക്കിടയിൽ വെച്ച് ഞെരിക്കുന്നുണ്ടായിരുന്നു. ഓർക്കാപ്പുറത്തുണ്ടായ ഇറുക്കലിൽ അവൾ വേദനകൊണ്ട് കാല് വലിച്ചെടുക്കാൻ ശ്രമിക്കുന്നുണ്ട്.
സ്ഥലകാലബോധം വന്ന ഞാൻ, പതുക്കെ അവളുടെ കാലിനെ എന്റെ മുട്ടുകൾക്കിടയിൽ നിന്ന് റിലീസ് ചെയ്തു. അവൾ കിടക്കയിൽ എഴുന്നേറ്റിരുന്ന് തടവുന്ന സമയത്ത്, ഞാൻ തല വലത്തോട്ട് ചെരിച്ച് കമഴ്ന്ന് കിടന്നു. വേറെന്ത് ചെയ്യാനാണ്!
---
സ്വപ്നങ്ങൾ കാണുന്നത് പതിവാണെങ്കിലും, മേല്പറഞ്ഞ രീതിയിൽ പണ്ട് നടന്ന സംഭവങ്ങളുടെ, അല്ലെങ്കിൽ ഭാവനകളുടെ പുനരവതരണരീതികളിലേക്ക് സാധാരണ കടക്കാറുണ്ടായിരുന്നില്ല. മേല്പറഞ്ഞ സംഭവം നടന്ന് ഒന്നൊന്നര ആഴ്ച ആയിക്കാണണം, പതിവ് പോലെ ഞങ്ങൾ ഉറങ്ങാൻ കിടന്നതാണ്.
ഉറക്ക് കൊണ്ട് ബോധം പോയ ഭാര്യയുടെ വലത് ഭാഗത്ത് കിടന്ന്, എന്റെ ചിന്താസാമ്രാജ്യത്തിലൂടെ വിരാജിച്ച് കൊണ്ടിരുന്ന എന്നെ, രാത്രിയുടെ ഏതോ യാമത്തിൽ, മാന്ത്രിക വടി വീശി, മയക്കമെന്നെ മൃദുലമായി തലോടി. എന്തോ, ചില തലോടലുകൾ എന്നെ സ്വപ്നങ്ങളിലേക്ക് നയിക്കും. ആ തലോടലും അതുപോലൊന്നായിരുന്നു.
ഇത്തവണ, ഞാനും എന്റെ രണ്ട് വയസ്സുള്ള വെള്ളച്ചിപ്പശുവും കൂടി അനുജന്റെയും അനുജന്റെ ചോക്കച്ചിപ്പശുവിന്റെയുമൊപ്പം പറമ്പിൽ കളിച്ചും മേച്ചും ഇത്തിൾക്കണ്ണികൾ പറിച്ചും മറ്റും നടപ്പാണ്. വെള്ളച്ചിയുടെ അനുജത്തിയാണ് ചോക്കച്ചി, ചെറുപ്പമാണ്. അതിന്, മരത്തിന്റെ മേലെ പറ്റിപ്പിടിച്ചിട്ടുള്ള ഇത്തിൾക്കണ്ണികൾ വലിയ ഇഷ്ടാണ്.
ഒരു കുളിര് മാവിന്റെ മേലെയുണ്ടായിരുന്ന കുറെ ഇത്തിൾക്കണ്ണികൾ, പറിച്ചെടുത്തതിന് ശേഷം ഞാൻ മരത്തിൽ നിന്ന് തിരിച്ചിറങ്ങി. തൊഴുത്തിൽ, രാത്രി പുല്ലിന്റെ കൂടെ ഇട്ടുകൊടുക്കാം എന്ന് കരുതിയാണ് ഇത്തിൾക്കണ്ണി പറിച്ചത്. മരത്തിൽ നിന്ന് ഇറങ്ങിയ ഉടനെത്തന്നെ, എന്റെ കൈയ്യിൽ ഒരു കെട്ട് ഇത്തിൾക്കണ്ണികൾ കണ്ട ചോക്കച്ചി, അവിടെ ഇഷ്ടം പോലെ മേയാനുണ്ടായിരുന്ന പുല്ലും മറ്റ് വള്ളികളും വിട്ട്, എന്റെ കൈയ്യിലുള്ള ഇത്തിക്കണികൾ തിന്നാനുള്ള ആക്രാന്തത്തിൽ എന്റെ അടുത്തേക്ക് കുതിച്ച് വന്നു.
കൊടുക്കില്ലെന്ന് ഞാനും. ഇത്തിക്കണികൾ കിട്ടാതെ പറമ്പിലുള്ള പുല്ല് തിന്നില്ലെന്ന് ചോക്കച്ചിയും വാശിയിൽ നിൽപ്പാണ്. എന്റെ തലക്ക് മീതെ ഇത്തിക്കണ്ണികളുടെ കെട്ട് പിടിച്ച് ഞാൻ നിന്നു. ചോക്കച്ചി അതിന്റെ നീണ്ട കഴുത്തും നാക്കും നീട്ടി, ഇത്തിൾക്കണ്ണി പിടിച്ചെടുക്കാനുള്ള ശ്രമത്തിലാണ്. ഞാൻ വിട്ട് കൊടുക്കുമോ?
ഇത്തിൾക്കണ്ണിയും തലക്ക് മേലെ പിടിച്ച് ഞാൻ ഒരു മൺതിട്ടയുടെ മേലേക്കൂടി മുന്നോട്ട് നടന്നു. എന്നെ വിടാതെ ചോക്കച്ചിയും. വെള്ളച്ചിയുടെ കൂടെ പോയി മേയാനൊക്കെ ഞാൻ പറഞ്ഞു നോക്കി. എവടെ...? ചോക്കച്ചിയുണ്ടോ കേൾക്കുന്നു. പക്ഷേ, അതിന് ഇത്തിൾക്കണ്ണികൾ തന്നെ വേണമത്രേ. അനുജനോട് അവന്റെ പശുവിനെ നിയന്ത്രിക്കാൻ പറഞ്ഞിട്ടൊന്നും ഒരു കാര്യവുമുണ്ടായില്ലെന്നത് എന്നെ ചൊടിപ്പിച്ചു.
മൺതിട്ടയുടെ മേലേക്കൂടി നടക്കുമ്പോൾ, എന്റെ വലത് ഭാഗത്തൂടെയെത്തി ഇത്തിൾക്കണ്ണി കടിച്ച് വലിക്കാൻ തുടങ്ങിയ ചോക്കച്ചിയെ, ഞാൻ വാശി മൂത്ത്, അധികം താഴെയല്ലാത്ത, താഴത്തെ പറമ്പിലേക്ക് തള്ളി. ആദ്യത്തെ തള്ളലിൽ വീഴാതെ പിടിച്ചു നിന്ന ചോക്കച്ചിയെ ഞാൻ വീണ്ടും വീണ്ടും തള്ളിക്കൊണ്ടേയിരുന്നു. ചോക്കച്ചി ഇടക്കെന്തോ ശബ്ദമൊക്കെ ഉണ്ടാക്കി അതിന്റെ എതിർപ്പ് അറിയിക്കുന്നുണ്ട്. ഒടുവിൽ, എന്റെ ഏതോ ഒരു ഊക്കുള്ള തള്ളലിൽ, ചോക്കച്ചി താഴത്തെ പറമ്പിലേക്ക് ഊർന്ന് വീണു.
അപ്പോഴും, എന്റെ ഇടത് കയ്യിൽ, നേരത്തെ പറിച്ച ഇത്തിൾക്കണ്ണിക്കെട്ട്, ഞാൻ എന്റെ തലക്ക് മീതെ പൊക്കിപ്പിടിച്ചിട്ടുണ്ടായിരുന്നു.
താഴത്തെ പറമ്പിലെത്തിപ്പോയ ചോക്കച്ചി, അതിന്റെ ചെവിയും കൂർപ്പിച്ച് ദയനീയമായി എന്നെത്തന്നെ നോക്കുന്നത് ആസ്വദിച്ച് നോക്കി നിന്ന ഞാൻ പിന്നെക്കണ്ടത്, കട്ടിലിന്റെ ഇടത് വശത്ത് താഴെ വീണ ഭാര്യ എന്നെ നോക്കുന്നതാണ്. എന്തോ വീഴുന്ന ശബ്ദം കേട്ട്, എന്റെ കണ്ണ് തുറന്ന് പോയിക്കാണണം. ഞാൻ തള്ളിക്കൊണ്ടിരിക്കുമ്പോൾ ചോക്കച്ചിയുണ്ടാക്കിയതെന്ന് ഞാൻ കരുതിയ ശബ്ദം, കെട്ടിയോളുടേതായിരുന്നെന്നും ഞാൻ തള്ളിയത് ചോക്കച്ചിയെയല്ല, കെട്ട്യോളെത്തന്നെയായിരുന്നെന്നും അപ്പോഴാണ് എനിക്ക് മനസ്സിലായത്.
അപ്പോഴും, എന്റെ ഇടത് കയ്യിൽ, നേരത്തെ പറിച്ച ഇത്തിൾക്കണ്ണിക്കെട്ട്, ഞാൻ എന്റെ തലക്ക് മീതെ പൊക്കിപ്പിടിച്ചിട്ടുണ്ടായിരുന്നു.
താഴത്തെ പറമ്പിലെത്തിപ്പോയ ചോക്കച്ചി, അതിന്റെ ചെവിയും കൂർപ്പിച്ച് ദയനീയമായി എന്നെത്തന്നെ നോക്കുന്നത് ആസ്വദിച്ച് നോക്കി നിന്ന ഞാൻ പിന്നെക്കണ്ടത്, കട്ടിലിന്റെ ഇടത് വശത്ത് താഴെ വീണ ഭാര്യ എന്നെ നോക്കുന്നതാണ്. എന്തോ വീഴുന്ന ശബ്ദം കേട്ട്, എന്റെ കണ്ണ് തുറന്ന് പോയിക്കാണണം. ഞാൻ തള്ളിക്കൊണ്ടിരിക്കുമ്പോൾ ചോക്കച്ചിയുണ്ടാക്കിയതെന്ന് ഞാൻ കരുതിയ ശബ്ദം, കെട്ടിയോളുടേതായിരുന്നെന്നും ഞാൻ തള്ളിയത് ചോക്കച്ചിയെയല്ല, കെട്ട്യോളെത്തന്നെയായിരുന്നെന്നും അപ്പോഴാണ് എനിക്ക് മനസ്സിലായത്.
ഭാര്യയുടെ നോട്ടവും അട്ടഹാസവും കണ്ട് പേടിച്ച് പോയ ഞാൻ, മൂത്രശങ്ക മൂലം കുറച്ച് നേരം ബാത്റൂമിൽ പോയിരുന്ന് വിശ്രമിച്ചതിന് ശേഷമാണ് തിരിച്ച് വന്നത്. അപ്പഴേക്കും ഭാര്യയുടെ പിറുപിറുക്കലും പ്രാക്കും അവസാനിച്ചിരുന്നു.
---
ചില സ്വപ്‌നങ്ങൾ ഭീകരങ്ങളാണ്. അത് അനുഭവിച്ചവർക്കേ അറിയൂ. സ്വപ്നം ഭീകരമാകാൻ, ഭൂതത്തെയോ പ്രേതത്തെയോ പിശാചിനെയോ മറ്റോ സ്വപ്നം കാണണമെന്ന് ഒരു നിർബന്ധവുമില്ല. ഒരു സാധാരണ സ്വപ്നം പോലും ചിലപ്പോൾ അതിഭീകരമാവാം.അതുപോലൊന്നായിരുന്നു അവസാനമായി രണ്ടാഴ്ച മുൻപ് നടന്നത്.
ഉറങ്ങുന്നതിന് മുൻപേ, ചിന്തകൾക്കിടയിൽ, നിദ്രാദേവിക്ക് ചില രൂപങ്ങൾ ഞാൻ ചാർത്തിക്കൊടുക്കാറുണ്ട്. എന്റെ മനോമണ്ഡലത്തിൽ നടക്കുന്ന അഭിരാമ സങ്കൽപ്പങ്ങൾക്ക്, ഞാനെന്തിന് കുറവുകൾ വരുത്തണം? അങ്ങനെ ചാർത്തിക്കൊടുക്കുന്ന ചില രൂപങ്ങളിൽ ഞാൻ തന്നെ മയങ്ങി അഭിരമിക്കുന്നത് കൊണ്ടാവണം, സ്വപ്നലോകത്താണെങ്കിലും പലപ്പോഴായി, ആക്ഷനുകളിലേക്ക് ഞാൻ കടക്കുന്നത്.
ആ രാത്രി, ചുണ്ടങ്ങാപ്പൊയിൽ സ്‌കൂളിൽ വച്ച് നടന്ന സംസ്ഥാന സംസ്‌കൃത കലോത്സവത്തിന് പോയതായിരുന്നു ഞാൻ. രാത്രിയിലും സ്റ്റേജ് നിറയെ പരിപാടികൾ നടക്കുന്നുണ്ട്. എന്റെ മച്ചുനൻ വിന്വേട്ടനും ചില സുഹൃത്തുക്കളും എന്റെ കൂടെയുണ്ട്. ഉക്കാസ്‌മൊട്ടക്കടുത്തുള്ള വിന്വേട്ടന്റെ വീടാണ് സ്‌കൂളിന് കുറച്ചെങ്കിലും അടുത്തായി ഉണ്ടായിരുന്നത്. എരുവട്ടിയിലുള്ള എന്റെ വീട്ടിലേക്ക്, ഉക്കാസ് മൊട്ടയിൽ നിന്നും പിന്നെയും രണ്ട് കിലോമീറ്റർ നടക്കണം.
ചങ്ങാതിമാരൊക്കെ ഉക്കാസ് മൊട്ട ഭാഗത്തുള്ളവരായതിനാൽ, എന്റെ വീടിന്റെ ഭാഗത്തേക്ക് ഞാൻ ഒറ്റക്ക് മാത്രമേ ഉണ്ടാവുള്ളൂ. ആയതിനാൽ എനിക്ക് നേരത്തെ പോകണമെന്ന് ഞാൻ ചങ്ങാതിമാരോട് പറഞ്ഞു. അത് ശരിയാവില്ലെന്നായി ചങ്ങാതിമാർ. വൈകുന്നത് വരെ ഇരിക്കുകയാണെങ്കിൽ, എന്റെ കൂടെ, എന്റെ എരുവട്ടിയിലുള്ള വീട്ടിലേക്ക് വരാമെന്ന് വിന്വേട്ടൻ ഏറ്റു. അങ്ങനെ, തിരിച്ചുള്ള പോക്കിൽ ഒറ്റക്കാവില്ലല്ലോ എന്ന ധൈര്യം വന്നതിനാൽ, ഒന്നും മനസ്സിലാവാഞ്ഞിട്ടും ഏകദേശം രാത്രി രണ്ട് മണി വരെ, മറ്റുള്ളവരുടെ കൂടെ, സ്‌കൂളിലെ സംസ്കൃത പരിപാടികൾ ഞാൻ കണ്ടിരുന്നു.
ഒടുവിൽ എല്ലാവരും, ആ പാതിരാ സമയത്ത്, അവനവന്റെ വീട്ടിലേക്കുള്ള തിരിച്ച് നടത്തം തുടങ്ങി. ഉക്കാസ് മൊട്ടയിലെത്തിയപ്പോൾ, ഒട്ടും നിനക്കാതെ, വിന്വേട്ടൻ വാക്ക് മാറി. അവൻ എരുവട്ടിയിലേക്ക് വരില്ലത്രേ. പകരം ഞാൻ അവന്റെ വീട്ടിലേക്ക് പോകണമത്രേ. വാശിക്ക് ഒട്ടും കുറവില്ലാത്ത ഞാൻ, 'നീ പോടാ' എന്നും പറഞ്ഞ് ഒട്ടും കൂസലില്ലാതെ, തീർത്തും ഒറ്റക്കായിട്ടും ആ നാട്ടാപ്പാതിരാക്ക്, എന്റെ വീട്ടിലേക്ക് നടത്തം തുടങ്ങി.
പേടിയുണ്ടായിരുന്നെങ്കിലും വാശിയായിരുന്നു മുന്നിൽ നിന്നത്. ഏകദേശം രണ്ട് കിലോമീറ്റർ ഒറ്റക്ക് നടക്കണം. റോഡിലാണെങ്കിൽ ഭൂരിഭാഗത്തും ഒരു വെളിച്ചം പോലുമില്ല. ഒടുവിൽ, മേലെ അഞ്ചാം മൈലും വേറ്റുമ്മലും കഴിഞ്ഞ്, എന്റെ ബസ് സ്റ്റോപ്പായ ആറാം മൈലിൽ ഞാനെത്തിച്ചേർന്നു . അവിടെ നിന്ന്, മിന്നാമിനുകൾ മാത്രം വെളിച്ചം തൂവുന്ന ഇടവഴികളും വയലും കടന്ന് വേണം എനിക്ക് വീട്ടിലെത്താൻ.
ആറാം മൈലിൽ നിന്ന് പാനുണ്ട റോഡിലേക്ക് തെറ്റിയ ഉടനെത്തന്നെ, യാതൊരു മുന്നറിയിപ്പുമില്ലാതെ, ഒരു കൂട്ടം പട്ടികൾ എന്റെ നേരെ കുരച്ച് കുതിച്ചു. എന്ത് ചെയ്യണമെന്ന് ഒരു പിടിയുമില്ല. ഓടിയാൽ പട്ടികൾ എന്നെ പട്ടീസ് പരുവത്തിലാക്കുമെന്ന് ഉറപ്പ്. പേടിച്ച് വിറച്ച് ഒരു പ്രതിമ കണക്കെ, ഞാനവിടെത്തന്നെ നിന്നു. ഞാൻ ഓടുന്നില്ലെന്ന് കണ്ടപ്പോൾ നായ്ക്കളും നിന്നു. അപ്പഴാണ് പട്ടികൾ വെറും പട്ടികളാണെന്ന ബോധം എനിക്കുണ്ടായത്.
ധൈര്യം ഒരു കൈയ്യിൽ പിടിച്ച്, മറ്റേ കൈ കൊണ്ട് കല്ലെടുക്കാനെന്ന ഭാവേന കുനിഞ്ഞപ്പോൾ, അഞ്ചാറ് പട്ടികൾ ഓടിപ്പോയി. പക്ഷേ ഒരു കറുത്ത പട്ടി, എന്നെത്തന്നെ മുരണ്ടുകൊണ്ട് രൂക്ഷമായി നോക്കുന്നത്, ആറാം മൈൽ ജങ്ക്ഷനിലുള്ള തെരുവുവിളക്കിന്റെ മങ്ങിയ വെളിച്ചത്തിൽ എനിക്ക് കാണാമായിരുന്നു. അതിന് പോകാനൊരു ഭാവവുമില്ല. അത് മുരണ്ട്‍ കൊണ്ട് എന്റെ നേരെ പതുക്കെ അടുക്കുകയാണ്.
ഞാൻ ഉച്ചത്തിൽ, എന്നാലാവും പോലെ നിലവിളിച്ചു. തൊട്ടപ്പുറത്തെ വീട്ടിലെ ലൈറ്റ് ഉള്ളിൽ തെളിഞ്ഞെങ്കിലും ആരും പുറത്തേക്ക് വന്നില്ല. പട്ടികൾ തമ്മിലുള്ള കണക്ക്, പട്ടികൾ തമ്മിൽത്തന്നെ തീർക്കട്ടെ എന്ന് ആ വീട്ടുകാരൻ ചിന്തിച്ച് കാണണം.
നിലവിളിയോ എന്റെ ഇല്ലാത്ത കല്ലുകൾ കൊണ്ടുള്ള ഏറോ ഒന്നും ആ കറുമ്പൻ പട്ടിയെ പേടിപ്പിക്കാൻ പോന്നതായിരുന്നില്ല. ക്രൗര്യമായ ഭാവം ഒട്ടും കുറക്കാതെ, അവൻ എന്റെ അടുത്തെത്തിക്കഴിഞ്ഞിരിക്കുന്നു. ഇനി അമാന്തിച്ച് കൂടാ.
കടിക്കാൻ വരുന്ന പട്ടിയെ മൂക്കും വായും അടക്കം കൂട്ടിപ്പിടിക്കണം എന്ന് കേട്ടിട്ടുള്ളത് ഞാനോർത്തു. പിന്നെ ഒന്നും ഓർത്തില്ല; ഏകലവ്യന്റെ ഏകാഗ്രതയോടെ, കൊക്ക് മീനിനെ പിടിക്കുന്ന വേഗതയോടെ ഞാനാ പട്ടിയുടെ മൂക്കും വായും രണ്ട് കൈ കൊണ്ടും ഒരു കുതിപ്പിന് കൂട്ടിപ്പിച്ചു. പിടി വിട്ടുപോകാതിരിക്കാൻ അമർത്തിപ്പിടിച്ചിട്ടുണ്ട്. എന്നിട്ട് അതിനെ ഉയർത്തി വട്ടം കറക്കി ദൂരെ എറിയാനാണ് പരിപാടി. എന്നിട്ട്, എത്രയും വേഗം അവിടെ നിന്ന് ഓടി രക്ഷപ്പെടണം.
മുഖമടക്കിപ്പിടിച്ച് പട്ടിയെ വട്ടം കറക്കിക്കൊണ്ടിരിക്കുമ്പോഴാണ് എന്റെ മുഖമടച്ച് ഒരു പ്രഹരം വന്നത് പോലെ തോന്നിയത്. കറുമ്പന്റെ കൂട്ടുകാരൻ പട്ടിയോ മറ്റോ കടിച്ചോ എന്നായിരുന്നു എന്റെ ആദ്യ സംശയം. എന്തായാലും, ആ അടിയിൽ, പട്ടി എന്റെ കൈയ്യിൽ നിന്ന് വഴുതിപ്പോയതും ഞാൻ തെറിച്ച് വീണതും ഒരുമിച്ചായിരുന്നു. അപ്പോഴാണ് വേറൊരു പ്രഹരം കൂടി ഓർക്കാപ്പുറത്ത് വീണത്. കണ്ണ് തുറന്ന് പോയത് കൊണ്ട്, കിട്ടിയത് കടിയല്ല അടിയാണെന്ന് എനിക്ക് ശരിക്കും മനസ്സിലായി. ഇത്രയും ഭീഭത്സമായ എന്റെ ഭാര്യയുടെ രൂപം ഇതിന് മുൻപ് കണ്ടിട്ടില്ലെന്ന കാര്യം ആ അർദ്ധബോധത്തിലും എനിക്ക് മനസ്സിലാക്കാമായിരുന്നു.
"കൊറച്ച് ദിവസം മുമ്പ്, എന്റെ കാല് പിരിച്ചു.... അത് കഴിഞ്ഞ് എന്നെ കട്ടിലിൽ നിന്ന് താഴ തള്ളിയിട്ടു... ഇപ്പൊ എന്റെ കഴുത്തിന് തന്നെയാണല്ലോ പിടിച്ചത്.. നിങ്ങളുടെ ഉദ്ദേശം എന്താ.. പറ.. നിങ്ങളുടെ ഉദ്ദേശം എന്താ... "
രാത്രിയുടെ ആ നിശ്ശബ്ദതയിലും, എന്റെ ശ്വാസോഛ്വാസത്തിന് ശബ്ദമേ ഉണ്ടായിരുന്നില്ല. പക്ഷേ സഹധർമ്മിണിയുടെ കിതപ്പ്, എന്റെ കാതുകളിൽ പെരുമ്പറ പോലെ മുഴങ്ങി. എന്നെക്കൊണ്ട് ഒരു ധർമ്മത്തിനും കൊള്ളില്ലെന്ന് അവൾ ഉറപ്പിച്ചിരിക്കുന്നു.
"ഞാനൊരു കാര്യം പറഞ്ഞേക്കാം... ഞാനീ ഒരുമിച്ചുള്ള കിടപ്പ് തന്നെ അങ്ങ് നിർത്തും... പറഞ്ഞേക്കാം... രണ്ട് കുട്ട്യോളൊക്കെ ആയില്ലേ... എനിക്ക് മതിയായി..."
തൊണ്ടയും തടവിക്കൊണ്ട് അവൾ മലർന്ന് കിടന്നപ്പോൾ, അടി കിട്ടിയ കവിൾ തടവിക്കൊണ്ട്, എന്താണ് ശരിക്കും സംഭവിച്ചതെന്നോർക്കാൻ ഞാൻ കിണഞ്ഞ് ശ്രമിച്ച് കൊണ്ടിരുന്നു.
---
കേട്ടല്ലോ. ഇത് മാത്രമേ, ഇത്ര മാത്രമേ സംഭവിച്ചുള്ളൂ... എന്നിട്ടാണ് അവൾ... വെറും സ്വപ്നത്തിന്റെ പേരിൽ എന്നെ ഭീഷണിപ്പെടുത്തുന്നത്. എനിക്കൊട്ടും ദുരുദ്ദേശമില്ലെന്ന് എനിക്ക് നന്നായി അറിയാം. പക്ഷേ, അവളത് മനസ്സിലാക്കുന്നില്ല. സ്വപ്നത്തെ സ്വപ്നമായിക്കാണാൻ ഇനിമുതൽ അവൾക്കാവില്ലത്രേ! ഇപ്പോൾ, കിടന്നയുടനെ ഉറങ്ങുന്ന ശീലം അവൾ മാറ്റിക്കഴിഞ്ഞിരിക്കുന്നു. എന്തുകൊണ്ടാണെന്നറിയില്ല, കിടക്കുന്നതിന്റെ പരിസരത്തൊന്നും കനമുള്ള സാധനങ്ങളില്ലെന്ന് അവൾ ഉറപ്പ് വരുത്തുന്നു. പക്ഷേ ഒരു കാര്യം ആദ്യമേ പറഞ്ഞേക്കാം. പാമ്പിന്റെയും സയനൈഡിന്റെയും കൂടെ എന്റെ മധുരസ്വപ്നങ്ങളെ കൂട്ടിക്കുഴക്കുന്നത് എനിക്കൊട്ടും ഇഷ്ടമല്ല !
വാൽക്കഷണം: ഈ സ്വപ്നങ്ങൾക്ക്, ഇപ്പോൾ മാധ്യമങ്ങളിൽ നടക്കുന്ന സ്വർണ്ണ സ്വപ്നങ്ങളുമായോ, സ്വർണ്ണസ്വപ്നാടനങ്ങളുമായോ യാതൊരു ബന്ധവും ഇല്ല.
വാൽക്കഷണം: ഈ സ്വപ്നങ്ങൾക്ക്, ഇപ്പോൾ മാധ്യമങ്ങളിൽ നടക്കുന്ന സ്വർണ്ണ സ്വപ്നങ്ങളുമായോ, സ്വർണ്ണസ്വപ്നാടനങ്ങളുമായോ യാതൊരു ബന്ധവും ഇല്ല.
***
നമിച്ചു മാഷെ ... ചിരിച്ചു ചിരിച്ചു ഞാൻ ....
മറുപടിഇല്ലാതാക്കൂപകൽ സമയത്തു ജിഷയെ പറഞ്ഞു മനസിലാക്കുവാൻ ശ്രമികുക. അല്ലെങ്കിൽ ഇനി ഇതിലും വലുതായി വല്ലതും സംഭവിച്ചാലോ?
മറുപടിഇല്ലാതാക്കൂ😂😂🤣🤣paavam Jisha😍
മറുപടിഇല്ലാതാക്കൂIniyum orupaad swapnaghal kaanan kazhiyatte🙏😍😜
🙏🙏🙏
മറുപടിഇല്ലാതാക്കൂ🙏🙏🥰🥰
മറുപടിഇല്ലാതാക്കൂHa ha ha ha...... kura divasangalk sesham pottti potti chirichu venuuuu...
മറുപടിഇല്ലാതാക്കൂValare rasakarmaya swapnangal! Our violent streak kaanunnundu!
മറുപടിഇല്ലാതാക്കൂ