ഓണവുമായി ബന്ധപ്പെട്ട് ഒത്തിരി നാടോടിക്കഥകളും നാടോടിവേഷങ്ങളും ആചാരങ്ങളും കേരളത്തിലങ്ങോളമിങ്ങോളം നിലനിൽക്കുന്നുണ്ട്. അതിൽ പലതും കാലത്തിന്റെ കോലപ്പകർച്ചയിൽ മാറ്റങ്ങൾ വരികയോ തീർത്തും ഇല്ലാതാവുകയോ ചെയ്തിട്ടുണ്ട്. അത്തരത്തിലുള്ള ചില ഓണക്കാല ആചാരങ്ങളെക്കുറിച്ചും അതിന്റെ പിന്നാമ്പുറ കഥകളെക്കുറിച്ചും അറിയാൻ നിങ്ങൾക്ക് താല്പര്യമുണ്ടാവില്ലേ... അവയിൽ ചില രസകരമായ കഥകളെക്കുറിച്ച്:
ഓണപ്പൊട്ടൻ
------------------------
ഓണക്കാലത്ത്, കോഴിക്കോട് മുതൽ വടക്കോട്ടുള്ള മലബാർ പ്രദേശങ്ങളിൽ മാത്രം കണ്ടുവരുന്ന ഒരു കാഴ്ചയാണ് ഓണപ്പൊട്ടൻ. ഒറ്റ നോട്ടത്തിൽ കണ്ടാൽ ഒരു തെയ്യക്കോലം പോലെ തോന്നുന്ന ഒരു വേഷവിധാനമാണ് ഓണപ്പൊട്ടന്റേത്. പക്ഷേ ഒരു സാധാരണ തെയ്യക്കോലത്തിന്റെ സങ്കീർണ്ണതകളൊന്നും ഓണപ്പൊട്ടന്റെ വേഷത്തിനില്ല. ചുവന്ന തുണി കെട്ടിയ വാഴനാര് കൊണ്ട് മെടഞ്ഞുണ്ടാക്കിയ ഒരു കിരീടവും മരത്തിന്റെ ഉരുപ്പടികൾ കൊണ്ടുണ്ടാക്കിയ കൈത്തളകളും വളകളും ഓലക്കുടയും പിന്നെ കൈതനാരോ വാഴനാരോ കൊണ്ടുള്ള നീളൻ മുടിയും താടിയും കൂടെയൊരു മണിയുമാണ് ഓണപ്പൊട്ടന്റെ വേഷം.
ഓണപ്പൊട്ടൻ എന്ന വാക്ക് കേൾക്കുമ്പോൾ നിങ്ങൾക്ക് ഒരു കൗതുകം തോന്നുന്നുണ്ടോ? ഓണവും പൊട്ടനും തമ്മിൽ എന്താ ബന്ധം എന്ന് നിങ്ങളിൽ ചിലരെങ്കിലും തെറ്റിദ്ധരിച്ച് കാണും അല്ലേ... പറയാം...
ഓണപ്പൊട്ടൻ എന്നത് മഹാബലി തന്നെയാണെന്നാണ് സങ്കൽപം. പക്ഷേ ഈ മഹാബലി സംസാരിക്കില്ല. അതിനൊരു കാരണമുണ്ട്. വാമനനായി മാറിയ വിഷ്ണുവിന്റെ പൂഴിക്കടകൻ പ്രയോഗത്തിലൂടെയാണല്ലോ മഹാബലിക്ക് സാമ്രാജ്യം നഷ്ടപ്പെട്ടതും, പാതാളത്തിലേക്ക് പോകേണ്ടി വന്നതും... പാതാളത്തിലേക്ക് പോകുന്നതിന് മുന്നേ, സ്വന്തം രാജ്യത്തെയും പ്രജകളെയും വർഷത്തിലൊരിക്കൽ കാണാനുള്ള അനുവാദം കൊടുക്കാനുള്ള മര്യാദ വാമനൻ കാണിച്ചു എന്ന കാര്യവും നിങ്ങൾക്കറിയാലോ അല്ലേ... കാരണം ആ ദിവസമാണല്ലോ നമ്മുടെ തിരുവോണം ആഘോഷിക്കുന്നത്.... പക്ഷേ ബുദ്ധിമാനായ വാമനൻ, ആ അനുവാദത്തിന് ഒരു നിബന്ധന വച്ചിരുന്നത്രേ... എന്താണെന്നല്ലേ... കേട്ടാൽ നിങ്ങൾക്കും കഷ്ടം തോന്നും... പ്രജകളെ കാണാൻ വരുമ്പോൾ വാ തുറക്കാൻ പാടില്ല... അഥവാ മിണ്ടിപ്പോകരുത് എന്നതായിരുന്നു ആ നിബന്ധന !
ആ കാരണത്താൽ, ഉത്രാടത്തിനും തിരുവോണത്തിനും പ്രജകളെയും പഴയ സാമ്രാജ്യവും കാണാൻ വരുമ്പോൾ, നിബന്ധന പാലിക്കുന്നതിനായി മഹാബലി ആരോടും സംസാരിക്കാറില്ല. ആ സംസാരിക്കാത്ത മഹാബലിയാണ് ഓണപ്പൊട്ടൻ. തമാശ പറയുമ്പോഴും നമ്മൾ ക്രൂരന്മാരാണ് അല്ലേ... നമ്മുടെയൊക്കെ നാട്ടിൽ, മിണ്ടാൻ വയ്യാത്തവനെ ആരും കാണാതെ 'പൊട്ടൻ' എന്നാണ് നമ്മൾ പലരും അഭിസംബോധന ചെയ്യുന്നത്. അതിന്റെ ചുവട് പിടിച്ചാണ്, മിണ്ടാത്ത മഹാബലിയെ ഓണപ്പൊട്ടൻ എന്ന് വിളിക്കുന്നത്.
ഓണപ്പൊട്ടന്റെ നടത്തത്തിന് ഒരു പ്രത്യേകതയുണ്ട്. സാധാരണ ആളുകൾ നടക്കുന്നത് പോലെ ഓണപ്പൊട്ടൻ നടക്കാറില്ല. കാലിന്റെ ഉപ്പൂറ്റി നിലത്ത് കുത്താതെ ഒരു പ്രത്യേക താളത്തിൽ, ചാടിക്കൊണ്ടാണ് ഓണപ്പൊട്ടൻ സഞ്ചരിക്കുന്നത്. ഉത്രാടത്തിനും തിരുവോണത്തിനും വീടു വീടാന്തരം പോകുന്ന ഓണപ്പൊട്ടൻ, പക്ഷേ, വീടുകളിൽ കയറില്ല. പകരം വീട്ടുപടിക്കൽ വന്ന് മണി കിലുക്കും. ആ മണിയൊച്ച കേട്ടാൽ, മഹാബലി വീട്ടിൽ വന്നെന്നാണ് വെപ്പ്. വീട്ടുകാർ, ഓണപ്പൊട്ടന് അരിയും ധാന്യങ്ങളും ചിലപ്പോൾ പണവും കൊടുത്ത് സ്വീകരിക്കുകയും അനുഗ്രഹം വാങ്ങിക്കുകയും ചെയ്യും. അതിന് ശേഷം, ഒന്നും മിണ്ടാതെ ഉരിയാടാതെ, ഓണപ്പൊട്ടൻ അടുത്ത വീട്ടിലേക്ക് യാത്രയാവും... അഥവാ മിണ്ടിയാൽ ഓണപ്പൊട്ടൻ വേഷം ആരാണോ കെട്ടിയത്, അദ്ദേഹത്തിന്റെ സംസാരശേഷി എന്നെന്നേക്കുമായി നഷ്ടപ്പെടുമെന്നാണ് നാട്ടിലെ വിശ്വാസം.
കാലത്തിന്റെ തേരോട്ടത്തിൽ, നമ്മൾ ആധുനികന്മാരായപ്പോൾ, ഇത്തരം ഓണപ്പൊട്ടൻ വേഷം ചെയ്യുന്നവർ, നമ്മുടെ നാട്ടിൽ ഇന്ന് വളരെക്കുറവാണ്. മാത്രവുമല്ല, പുലികളി പോലെയൊന്നും ഓണപ്പൊട്ടൻ ഇതുവരെ വാണിജ്യവൽക്കരിക്കപ്പെട്ടിട്ടുമില്ല. കാലം എത്ര മാറിയാലും, നമ്മൾ എത്ര ആധുനികവൽക്കരിക്കപ്പെട്ടാലും, ഇതുപോലുള്ള തീർത്തും നിർദ്ദോഷകരമായ ചില ആചാരങ്ങൾ, പഴയ നാട്ടറിവിന്റെ വെളിച്ചത്തിലേക്ക് നമ്മെ നയിച്ചെന്നിരിക്കും... എന്തായാലും ഓണപ്പൊട്ടൻ എന്നൊരു സംഭവമുണ്ടെന്നും അതെന്താണെന്നും നിങ്ങൾക്ക് മനസ്സിലായിക്കാണുമല്ലോ... സന്തോഷം !
കുമ്മാട്ടിക്കളി
------------------------
ഓണവുമായി ബന്ധപ്പെട്ട വേറൊരു നാടൻ കലാരൂപമാണ് കുമ്മാട്ടിക്കളി. ഏകദേശം നൂറ്റമ്പതോളം വർഷങ്ങൾക്ക് മുൻപാണത്രേ ഈ കലാരൂപം ഉടലെടുത്തത്. അതും പാലക്കാട്ടുള്ള ഏതോ ഒരു ദേവീ ക്ഷേത്രത്തിൽ വച്ച്. തൃശ്ശൂരും പാലക്കാടുമുള്ള ചില ക്ഷേത്രങ്ങളിൽ, അവിടത്തെ ഉത്സവത്തിന്റെ ഭാഗമായി കുമ്മാട്ടിക്കളികൾ കൊണ്ടാടാറുണ്ട്. പാലക്കാട്, തൃശ്ശൂർ, കോഴിക്കോടിന്റെ തെക്ക് ഭാഗം എന്നിവിടങ്ങളിലാണ് ഓണത്തിന്റെ ഭാഗമായി കുമ്മാട്ടിക്കളി സാധാരണയായി ആചരിച്ച് വരുന്നത്.
ശിവന്റെ ഭൂതഗണങ്ങളാണത്രേ കുമ്മാട്ടികൾ. കുമ്മാട്ടികളെപ്പറ്റി കുറേയേറെ ഐതിഹ്യങ്ങളുണ്ടെങ്കിലും, അതിൽ പ്രധാനപ്പെട്ട ഒരു ഐതിഹ്യത്തെക്കുറിച്ച് പറയാം. അസുരവീരനായ മഹാബലി സൽഭരണം കൊണ്ട്, കേരളത്തിന്റെ പ്രിയപ്പെട്ട ചക്രവർത്തി ആയിരുന്നല്ലോ. അങ്ങനെ പ്രജാതാല്പര്യാർത്ഥം രാജ്യം ഭരിച്ചിരുന്ന മഹാബലിയെ ഒരു ചതിപ്രയോഗത്തിലൂടെ പാതാളത്തിലേക്ക് പറഞ്ഞയച്ചത് പരമശിവന് ഇഷ്ടപ്പെട്ടിട്ടുണ്ടായിരുന്നില്ല. മഹാബലി ഒരു കടുത്ത ശിവഭക്തനായിരുന്നു എന്നതാണ് അതിന് കാരണം. തന്റെ ഭക്തനോടുള്ള തന്റെ പ്രതിപത്തി അറിയിക്കാൻ ശിവൻ തീരുമാനിച്ചു.
വർഷത്തിലൊരിക്കൽ ചിങ്ങമാസത്തിലെ തിരുവോണദിവസം, തന്റെ പഴയ സാമ്രാജ്യം സന്ദർശിക്കാൻ വാമനൻ അനുമതി നല്കിയിരുന്നല്ലോ. അപ്രകാരം തിരുവോണദിവസം കേരളത്തിലേക്ക് വരുന്ന മഹാബലിക്ക് അകമ്പടി സേവിക്കാൻ ശിവൻ തന്റെ ഭൂതഗണങ്ങളെ അയക്കാറുണ്ടത്രേ. ആ ഭൂതഗണങ്ങളാണ് കുമ്മാട്ടികളായി അറിയപ്പെടുന്നത്. മഹാബലി ഓരോ വീടും സന്ദർശിക്കുന്നതിന് മുൻപേയാണ് ഭൂതഗണങ്ങളായ കുമ്മാട്ടികൾ വീടുകൾ സന്ദർശിക്കുന്നത്. ഓരോ വീടുകളിലും മഹാബലിയുടെ വരവറിയിച്ച് നൃത്തം ചെയ്തതിന് ശേഷം, സമ്മാനങ്ങളും വാങ്ങിയാണ് കുമ്മാട്ടികൾ മടങ്ങുക.
എങ്ങനെയാണ് ഈ ഭൂതഗണങ്ങൾ കുമ്മാട്ടികളായതെന്ന് നിങ്ങളിൽ ചിലർക്കെങ്കിലും അറിയാമായിരിക്കും. എന്നാലും അറിയാത്തവർക്കായി ഒന്ന് ചുരുക്കിപ്പറയാം. ഭൂതഗണങ്ങളായത് കൊണ്ട്, മുഖാവരണം അണിഞ്ഞാണ് കുമ്മാട്ടികൾ പുറത്ത് വരുന്നത്. ഗരുഡൻ, നാരദൻ, ശ്രീകൃഷ്ണൻ, പരമശിവൻ, നരസിംഹം, ഗണപതി എന്നീ പുരാണ കഥാപാത്രങ്ങളുടെ മുഖങ്ങളായിരിക്കും സാധാരണയായി, മുഖാവരണങ്ങൾക്ക് ഉപയോഗിക്കാറുള്ളത്. പണ്ടൊക്കെ, കമുകിൻ പാള കൊണ്ടും വാഴപ്പോളകൾ കൊണ്ടുമൊക്കെയായിരുന്നു മുഖാവരണങ്ങൾ ഉണ്ടാക്കാറുള്ളതെങ്കിൽ, ഇന്നത്, മരത്തടിയിൽ തീർത്ത ആവരണങ്ങളായി മാറിയിട്ടുണ്ട്. ഈ മുഖാവരണത്തിൽ, പല്ല് ഒരിക്കലും അടയാളപ്പെടുത്താറില്ല.
മുഖാവരണത്തിന് പുറമേ, കുമ്മാട്ടികളുടെ ശരീരവും കൈകളും മറ്റും പർപ്പിടകപ്പുല്ല് അല്ലെങ്കിൽ കുമ്മാട്ടിപ്പുല്ല് എന്ന ഒരുതരം പുല്ലു കൊണ്ട് മൂടിയിരിക്കും. ഇത്തരത്തിൽ കുമ്മാട്ടിപ്പുല്ല് കൊണ്ട് ശരീരം മൂടി വരുന്നത് കൊണ്ടാണ് ഈ കോലങ്ങൾ കുമ്മാട്ടികൾ എന്നറിയപ്പെടുന്നത്.
ഈ കുമ്മാട്ടികൾക്ക് ഒരു വടികുത്തിനടക്കുന്ന, വഴുതിനിങ്ങയുടെ കമ്മലുകളണിഞ്ഞ വൃദ്ധയുടെ രൂപത്തിലുള്ള ഒരു നായിക ഉണ്ടാവും. വൃദ്ധയായ സ്ത്രീയാണ് നായികയെങ്കിലും, സ്ത്രീകൾ കുമ്മാട്ടി വേഷങ്ങൾ കെട്ടാറില്ലത്രേ. കമുകിന്റെ അലകും മുളനാരുകളും കൊണ്ടുണ്ടാക്കുന്ന ഓണവില്ലെന്ന വാദ്യോപകരണത്തിന്റെ സംഗീതത്തിന്റെ താളത്തിൽ നൃത്തം വച്ചാണ് കുമ്മാട്ടികൾ വീടുകളിലും തെരുവുകളിലും നൃത്തം വെക്കുന്നത്. പലപ്പോഴും രാമായണത്തിലെയും മറ്റുമുള്ള ചില പുരാണ കഥകളെ അടിസ്ഥാനപ്പെടുത്തിയുള്ള അഭിനയാവിഷ്കാരങ്ങളും ഉണ്ടായിരിക്കും. കുട്ടികൾക്കും മുതിർന്നവർക്കും ചിരിയിൽ പൊതിഞ്ഞ ഒരു വിരുന്നായിരിക്കും ഓണത്തിന്റെ ഭാഗമായി കുമ്മാട്ടികൾ ഒരുക്കുന്നത്.
ഓണക്കാലത്ത്, തിന്മയുടെ മേലെ നന്മ വിജയിക്കുന്ന കഥകൾ പറയുന്ന കുമ്മാട്ടികളെ അറിയില്ലെന്ന് ഇനിയൊരിക്കലും പറയില്ലല്ലോ അല്ലേ.... :)
ഓണത്തല്ല്
-------------------
ഓണത്തിന്റെ ഭാഗമായി പാലക്കാട്, തൃശ്ശൂർ ഭാഗങ്ങളിൽ നടന്ന് വരുന്ന ഒരു സൗഹൃദ തല്ല് മത്സരമാണ് ഓണത്തല്ല്. സംഘകാലകൃതികളിൽ ഇതിനെക്കുറിച്ച് ചെറിയ പരാമർശമുണ്ടെന്ന് പറയപ്പെടുന്നുണ്ടെങ്കിലും, നമുക്കറിയാവുന്ന ഓണത്തല്ലിന്റെ തുടക്കം നടക്കുന്നത് പാലക്കാടാണ്.
പാലക്കാട് പല്ലശ്ശന ഗ്രാമമുഖ്യനായിരുന്ന കാരൂർ നമ്പിടിയെ, കുതിരവട്ടത്ത് നായർ ചതിപ്രയോഗത്തിലൂടെ വകവരുത്തിയതിന് പകരം ചോദിക്കാൻ, പല്ലശ്ശനക്കാർ വർഷാവർഷം നടത്തുന്ന വെല്ലുവിളിയാണ് ഓണത്തല്ലിന്റെ ഉത്ഭവത്തിന് കാരണം. സാമൂതിരി ഇടപെട്ട് ഈ തല്ല് പിൽക്കാലത്ത് നിർത്തിയെങ്കിലും, പല്ലശ്ശനക്കാരുടെ പഴയ തല്ലിന്റെ ഓർമ്മ നിലനിർത്താനും, ചതിപ്രയോഗത്തിലൂടെയുള്ള അധികാരം കൈയ്യാളുന്നതിന് എതിരായും തുടക്കമിട്ടതാണ്, ഇന്ന് നമ്മൾ കാണുന്നതരത്തിലുള്ള ഓണത്തല്ലിന് തുടക്കമായത്. മുഖ്യമായും അവിട്ടം നാളിലാണ് ഓണത്തല്ല് നടക്കുന്നത് എന്നതിനാൽ, ഓണത്തല്ല്, 'അവിട്ടത്തല്ല്' എന്നും അറിയപ്പെടുന്നുണ്ട്.
പണ്ടത്തെ നാടുവാഴികളുടെയും തറവാടുകളിലെയും തൊടികളിൽ വിനോദമായും, പ്രാദേശിക പട്ടാളങ്ങളിലേക്കുള്ള കായിക പരിശീലനമായും ഓണത്തല്ലിനെ ഉപയോഗിച്ചിരുന്നു. നല്ല കായികക്ഷമത വേണ്ട ഓണത്തല്ലിന് അതുകൊണ്ട് തന്നെ 'കായംകളി' എന്ന പേരും നിലവിലുണ്ട്. കളരി അഭ്യാസികളായിരുന്നു പണ്ട് ഓണത്തല്ലിൽ പങ്കെടുത്ത് കൊണ്ടിരുന്നത്.
ഒരു മത്സരത്തിൽ രണ്ട് വിഭാഗങ്ങളാണ് പങ്കെടുക്കുക. പതിനാല് മീറ്റർ വ്യാസമുള്ള ഒരു വട്ടത്തിന്റെയുള്ളിലാണ് മത്സരം നടക്കുക.ഒരു പോരാളി ആ വട്ടത്തിലേക്ക് കടന്ന് കൈ മുഷ്ടി കൊണ്ടാണ് എതിരാളിയെ നേരിടുക. ഒരാൾ എതിരാളിയെ പൂട്ടുകയോ അടിച്ച് വീഴ്ത്തുകയോ ചെയ്‌താൽ വിജയിയായി പ്രഖ്യാപിക്കപ്പെടും. കൃത്യമായ നിയമങ്ങളൊന്നുമില്ലാത്ത ഈ കളിയിൽ പലപ്പോഴും കാണികളാണ് വിജയിയെ പ്രഖ്യാപിക്കുന്നത്. എതിരാളികളിൽ ഏതെങ്കിലും ഒരാൾ ജയിച്ചാൽ മാത്രമേ ഓണത്തല്ല് തീരുകയുള്ളൂ.
ചായിക്കാരൻ എന്നാണ് റഫറിയായ ആളിനെ അറിയപ്പെടുക. കാലക്രമത്തിൽ, ഇന്ന് ഓണക്കാലത്ത് മാത്രമാണ് ഈ കായംകളി അഥവാ ഓണത്തല്ല് നടന്ന് വരുന്നത്. ഇന്ന് ഓണത്തല്ലിന് 'ഓണപ്പെട', 'കയ്യാങ്കളി' (കൈ കൊണ്ടുള്ളത് എന്ന അർത്ഥത്തിൽ) എന്നൊക്കെ പേരുകളുണ്ട്. അധികം നിയമങ്ങളൊന്നുമില്ലാത്ത ഓണത്തല്ലിൽ ചതി പ്രയോഗങ്ങൾ നടക്കാറില്ല. അതുകൊണ്ട് ഓണത്തല്ലിലേത് പോലെ നമുക്ക് നമ്മുടെ ജീവിതത്തിലും നേരായ വഴിക്ക് വിജയങ്ങൾ നേടാം.
തൃക്കാക്കരപ്പൻ
---------------------------
ഓണക്കാലത്ത് പ്രചുരപ്രചാരത്തിലുള്ള വേറൊരു ആചാരമാണ് തൃക്കാക്കരപ്പനെ വെക്കുക എന്നുള്ളത്. ഈ ആചാരത്തിന് പിന്നിലും ഒരു ഐതിഹ്യം അല്ലെങ്കിൽ കഥയുണ്ട്. ഓണം എന്ന ആഘോഷം തന്നെ ഒരു ഐതിഹ്യത്തിന്റെ പുറത്താവുമ്പോൾ അതിന്റെ അനുബന്ധ ആചാരങ്ങൾക്കും ആനുപാതികമായ അനുബന്ധ കഥകൾ ഉണ്ടാവണമല്ലോ. അപ്പോൾ തൃക്കാക്കരപ്പന്റെ കഥ പറയാം.
അസുര ചക്രവർത്തിയായ മഹാബലിയുടെ സത്ഭരണം, ദേവലോകത്ത് വലിയ ചർച്ചയായതും, മഹാബലിയെ പുറത്താക്കാൻ മഹാവിഷ്ണു വാമനനായി അവതാരമെടുത്ത് വന്നതും അങ്ങനെ മൂന്നടി മണ്ണ് ചോദിച്ച്, ഒടുവിൽ മഹാബലിയെ സുതലം അഥവാ പാതാളത്തിലേക്ക് പറഞ്ഞയച്ചതും നിങ്ങൾക്കെല്ലാവർക്കും അറിയാവുന്ന കഥകളാണ്.
ആദ്യത്തെ ചുവട്ടിൽ ഭൂമിയും രണ്ടാമത്തെ ചുവട്ടിൽ സ്വർഗ്ഗവും അളന്നെടുത്ത വാമനന്, മൂന്നാമത്തെ ചുവട് വെക്കാൻ സ്വന്തം ശിരസ്സ് തന്നെയായിരുന്നു മഹാബലി വാമനന്റെ കാലിനടിയിൽ വച്ച് കൊടുത്തത്. അങ്ങനെ മഹാബലിയെ വിഷ്ണുപാദം കൊണ്ട് പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയ സ്ഥലമാണത്രേ എറണാകുളത്തിനടുത്തുള്ള തൃക്കാക്കര. ആ സ്ഥലത്താണത്രേ തൃക്കാക്കരയിലെ പ്രസിദ്ധമായ തൃക്കാക്കര വാമനൻ ക്ഷേത്രം. വിഷ്ണുവിന്റെ ത്രിപ്പാദം പതിഞ്ഞ സ്ഥലം എന്ന് അർത്ഥം വരുന്ന 'തൃക്കാൽക്കര' എന്നായിരുന്നത്രെ ആ സ്ഥലത്തിന്റെ ആദ്യ നാമം. പിന്നീട് കാലക്രമത്തിൽ ലോപിച്ച് ലോപിച്ചാണ് തൃക്കാക്കര ആയത്.
ഈ കഥയാണ് തൃക്കാക്കരപ്പന്റെ രൂപം വച്ച് ഓണം ആഘോഷിക്കാനുള്ള അടിസ്ഥാനമായത്. തോറ്റുപോയ മഹാബലിയെയും വിജയിച്ച വിഷ്ണുവിനെയും ഒരുപോലെ ഓർക്കുന്നതിനാണ് തൃക്കാക്കരപ്പനെ വച്ച് ഓണപ്പൂക്കളം ഒരുക്കുന്നത്. തിരുവോണദിവസം മഹാബലി തന്റെ പഴയ സാമ്രാജ്യം സന്ദർശിക്കുന്ന സമയത്ത്, വിഷ്ണുവിനെയും മഹാബലിയേയും പ്രതീകാത്മകമായി അനുസ്മരിക്കുന്ന ഒരു ചടങ്ങായതിനാൽ രണ്ട് രൂപങ്ങളാണ് സാധാരണയായി ഓണപ്പൂക്കളത്തിൽ വെക്കാറുള്ളത്. അരിപ്പൊടിയും മഞ്ഞൾപ്പൊടിയൊക്കെ കൊണ്ട് തൃക്കാക്കരപ്പൻ രൂപത്തിനെ മോടിപിടിപ്പിക്കുന്നത് കുട്ടികളെ സംബന്ധിച്ചടുത്തോളം രസകരമായ കാര്യമാണ്.
കളിമണ്ണ് കൊണ്ടുണ്ടാക്കുന്ന പിരമിഡ് രൂപത്തിലോ കോൺ രൂപത്തിലോ ഒക്കെയാണ് തൃക്കാക്കരപ്പന്റെ രൂപം ഉണ്ടാക്കുന്നത്. ചില പിരമിഡ് രൂപങ്ങൾക്ക് നാല് വശങ്ങളും ചിലതിന് മൂന്ന് വശങ്ങളുമൊക്കെയുണ്ടാകും. നാല് വശങ്ങളുള്ള രൂപങ്ങൾ ഒരു മനുഷ്യജീവിതത്തിലെ നാല് ഘട്ടങ്ങളെ പ്രതിനിധാനം ചെയ്യുമ്പോൾ മൂന്ന് വശങ്ങളുള്ള രൂപങ്ങൾ വാമനന്റെ മൂന്ന് കാലടികളെ പ്രതിനിധാനം ചെയ്യുന്നുവെന്നാണ് വെപ്പ്.
എന്തായാലും നന്മയുടെ പ്രതീകമായ ദേവനായ വിഷ്‌ണുവിനേയും, അസുരനാണെങ്കിലും നന്മ മാത്രം പ്രവർത്തിക്കുന്ന മഹാബലിയെയും ഒരുപോലെ അനുസ്മരിക്കുന്നതിൽ നിന്ന് നമുക്ക് ഒരു കാര്യം മനസ്സിലാക്കാം. നന്മ മാത്രമേ കേരളീയർ ആഗ്രഹിക്കുന്നുള്ളൂ... നന്മക്ക് മാത്രമേ കാലാതീതമായി നിലനിൽക്കാൻ കഴിയുകയുള്ളൂ... അതുകൊണ്ട് നമുക്കും നന്മകൾ മാത്രം ചെയ്യാം !
അത്തച്ചമയം
-----------------------
ഓണത്തിനെക്കുറിച്ച് കേട്ടിരിക്കുന്നവർ, അത്തച്ചമയത്തെക്കുറിച്ചും കേൾക്കാതിരിക്കാൻ വഴിയില്ല. എന്നാലും ഇന്നത്തെ ആധുനിക കാലത്ത്, അത്തച്ചമയത്തിന്റെ പ്രാധാന്യം എന്താണെന്ന് നിങ്ങൾക്കെല്ലാവർക്കും അറിവുണ്ടാകുമോയെന്ന് എനിക്ക് സംശയമില്ലെങ്കിലും ആർക്കൊക്കെയോ സംശയങ്ങളുണ്ട്. അതുകൊണ്ട് എന്താണ് അത്തച്ചമയമെന്ന് ചുരുക്കിപ്പറയാം.
അത്തച്ചമയം ആസ്ഥാനം തൃപ്പൂണിത്തുറയാണ്. പണ്ട് കൊച്ചി മഹാരാജാവിന്റെ നേതൃത്വത്തിൽ നടന്നിരുന്ന അത്തച്ചമയം, ഇന്ന് കേരളത്തിന്റെ ഔദ്യോഗിക ഓണാഘോഷമാണെന്നത് നിങ്ങൾക്കറിയാമോ? 1961 ലാണ് അത്തച്ചമയം ഓണത്തിന്റെ ഭാഗമായുള്ള സർക്കാർ നേരിട്ട് നടത്തുന്ന ആഘോഷമാക്കി മാറ്റിയത്. അങ്ങനെയാണ്, അത്തച്ചമയം ഇന്ന് കാണുന്ന രീതിയിലുള്ള ജനകീയോത്സവമായി മാറിയത്.
അത്തച്ചമയത്തിന്റെ ഉത്ഭവത്തെക്കുറിച്ച് പലർക്കും പല പല അഭിപ്രായങ്ങളാണ്. ഏതോ ഒരു യുദ്ധത്തിൽ സാമൂതിരിയോട് ഏറ്റുമുട്ടി വിജയിച്ചതിന്റെ ഓർമ്മക്കാണ് അത്തച്ചമയം തുടങ്ങിയതെന്നാണ് ഒരു കഥ. വേറൊന്ന്, പകയുടെയും വാശിയുടെയും ഉത്സവപ്രതീതിയാർന്ന മാമാങ്കം എന്ന യുദ്ധോത്സവത്തിന് മുൻപേ നടത്തപ്പെടുന്ന ശക്തിപ്രകടനമായാണ് അത്തച്ചമയം നടത്തപ്പെടുന്നതെന്നാണ്. മഹാബലിയെപ്പോലെ നീതിമാനായ കൊച്ചിരാജാവ്, മഹാബലിയെപ്പോലെ തന്റെ പ്രജകളെ എല്ലാവരെയും കാണുന്നതിന് വേണ്ടി ഒരുക്കപ്പെട്ട മേളയാണ് അത്തച്ചമയമെന്നും പറയപ്പെടുന്നു.
1949 വരെ, കൊച്ചി മഹാരാജാവ് ചിങ്ങമാസത്തിലെ അത്തം ദിനത്തിന് കൊടി ഉയർത്തുന്നതോടെയാണ് ചടങ്ങുകൾ തുടങ്ങുന്നത്. അത്തത്തിന് മൂന്ന് ദിവസം മുന്നേ 'ദേശം അറിയിക്കൽ' എന്ന ആഘോഷ വിളംബരം നടത്തപ്പെടും. അതിന് ശേഷമാണ് അത്തം ദിനത്തിൽ അത്തച്ചമയ ഘോഷയാത്ര നടക്കുന്നത്. തൃപ്പൂണിത്തുറയിലെ പൂർണ്ണത്രയീശ ക്ഷേത്രത്തിൽ തൊഴുതതിന് ശേഷമാണ്, ഉടവാളും ആടയാഭരണങ്ങളും അണിഞ്ഞ്, പല്ലക്കിലേറി മൂന്ന് കോട്ടവാതിലുകളും സന്ദർശിച്ചുള്ള പട്ടണ പ്രദക്ഷിണത്തിന് ശേഷം, തൃപ്പൂണിത്തുറയിൽ നിന്ന് പന്ത്രണ്ട് കിലോമീറ്റർ അകലെയുള്ള തൃക്കാക്കര വാമനക്ഷേത്രത്തിൽ പോയി മഹാരാജാവ് പ്രത്യേക പ്രാർത്ഥനകൾ നടത്തുന്നത്. ഇതാണ് പഴയ അത്തച്ചമയ ഘോഷയാത്ര. നാനാജാതിമതസ്ഥരും, പലവിധ കലാരൂപങ്ങളും പങ്കെടുക്കുന്ന ഈ ഘോഷയാത്ര, കരിങ്ങാച്ചിറ കത്തനാരും ചെമ്പിൽ അരയനും നെട്ടൂർ തങ്ങളും എത്തിച്ചേരാതെ ആരംഭിക്കാറുണ്ടായിരുന്നില്ല.
ദിവാന്മാരും, ഊരിപ്പിടിച്ച വാളുമായി അംഗരക്ഷകരും പ്രജകൾ മുഴുവനുമെന്നത് പോലെ മഹാരാജാവിന്റെ കൂടെ പങ്കെടുക്കുന്ന ആഘോഷയാത്രയാണ് അത്തച്ചമയം. വന്നേരി എന്ന പ്രദേശം സാമൂതിരിയുമായുള്ള യുദ്ധത്തിൽ നഷ്ടപ്പെട്ടതിന് ശേഷം, മഹാരാജാക്കന്മാർ, തങ്ങളുടെ രത്നക്കിരീടം, തലയിൽ വെക്കാതെ മടിയിലായിരുന്നത്രേ അത്തച്ചമയത്തിന് വെക്കാറുണ്ടായിരുന്നത്.
അത്തച്ചമയം സർക്കാരിന്റെ വകയായുള്ള ജനകീയ ആഘോഷമായതിന് ശേഷം, തൃക്കാക്കര ക്ഷേത്രത്തിൽ നിന്ന് കൊണ്ടുവരുന്ന ഓണപ്പതാക ഉയർത്തുന്നതോടെയാണ് ആഘോഷങ്ങൾ ആരംഭിക്കുന്നത്. ചെണ്ടവാദ്യം, പഞ്ചവാദ്യം, താലപ്പൊലി, ശക്തൻ തമ്പുരാന്റെ നിർദ്ദേശപ്രകാരം അവതരിപ്പിക്കപ്പെട്ട പുലിക്കളി, മറ്റ് കലാദൃശ്യങ്ങൾ എന്നിവ പൊലിമ നൽകുന്ന അത്തച്ചമയം, കേരളത്തിലെ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട ആഘോഷമാണെന്ന് നിസ്സംശയം പറയാം.
ആറന്മുള വള്ളസദ്യ
-----------------------------------
ഓണക്കാലത്തെ പേരും പെരുമയുമുള്ള ഒരു ആചാരമാണ് ആറന്മുളയിലെ വള്ളസദ്യ. ഈ വള്ളസദ്യയെക്കുറിച്ച് കേൾക്കാത്ത കേരളീയർ ഉണ്ടാകുമെന്ന് എനിക്ക് തോന്നുന്നില്ല.
തിരുവോണദിവസം, ആറന്മുള പാർത്ഥസാരഥീ ക്ഷേത്രത്തിൽ പ്രത്യേക കരുതലോടെയും ചടങ്ങുകളോടെയും നടക്കുന്ന, അറുപത്തിനാലോളം വിഭവങ്ങൾ ഒരു വാഴയിലയിൽ സമ്മേളിക്കുന്ന രുചികരമായ സദ്യയാണ് ആറന്മുള വള്ളസദ്യ. ഒന്നരലക്ഷത്തോളം ആളുകളാണത്രേ ഇന്ന് വള്ളസദ്യ ഉണ്ണുന്നത്.
ഇന്ന്, അഷ്ടമിരോഹിണിക്കും ചില പ്രത്യേക വഴിപാടുകളായും വള്ളസദ്യ നടക്കുന്നുണ്ട്. പക്ഷേ തിരുവോണത്തിന് നടക്കുന്ന വള്ളസദ്യക്കാണത്രെ ചരിത്രപരമായുള്ള പ്രാധാന്യമുള്ളത്. കുറേയെറെ കഥകൾ പ്രചാരത്തിലുണ്ടെങ്കിലും, വള്ളസദ്യയുടെ പ്രാധാന്യത്തിന്റെ പിന്നിലെ കഥ നിങ്ങൾക്കറിയണ്ടേ. പ്രചുരപ്രചാരത്തിലുള്ള ഒരു കഥ ഞാൻ പറയാം...
പമ്പാ നദീ തീരത്തുള്ള കാട്ടൂർ എന്ന ഗ്രാമത്തിൽ ജീവിച്ചിരുന്ന, മങ്ങാട്ട് ഭട്ടതിരിയുടെ ഇല്ലത്താണ് കഥ ആരംഭിക്കുന്നത്. ഏത് വർഷമാണ് സംഭവം നടന്നത് എന്നതിനൊന്നും തെളിവുകളൊന്നുമില്ല.
ചിങ്ങമാസത്തിലെ എല്ലാ തിരുവോണത്തിനും, ഭട്ടതിരി, സ്വയം ഊണ് കഴിക്കുന്നതിന് മുൻപേ, പുറമേ നിന്നുള്ള ഏതെങ്കിലും ഒരു ബ്രാഹ്മണയുവാവിന് ഭക്ഷണം കൊടുക്കാറുണ്ടായിരുന്നു. ഭക്ഷണം കൊടുക്കുന്നതിന് മുന്നേ, ആ യുവാവിന്റെ കാല് കഴുകി ദൈവത്തിന്റെ പ്രതിപുരുഷനായി ആദരിക്കുകയും ചെയ്യുമായിരുന്നു നമ്മുടെ ഭട്ടതിരി.
അങ്ങനെയിരിക്കേ, ഒരു വർഷം, തിരുവോണനാളിൽ, ഊണിന് മുന്നോടിയായിട്ട്, ഒരു യുവാവും ഭട്ടതിരിയുടെ ഇല്ലത്ത് വന്നില്ല. ദുഃഖിതനായ ഭട്ടതിരി മനമുരുകി ദൈവത്തോട് പ്രാർത്ഥിച്ചപ്പോൾ, അവിചാരിതമായി ഒരു യുവാവ് അവിടെ പ്രത്യക്ഷപ്പെട്ടു. ഭട്ടതിരി, ആ യുവാവിനെ അത്യാഹ്ളാദപൂർവ്വം പരിചരിച്ച്, സദ്യയും കൊടുത്ത് പറഞ്ഞയക്കുകയും ചെയ്തു.
അന്നത്തെ ദിവസം രാത്രി ഉറങ്ങാൻ കിടന്നപ്പോൾ ഭട്ടതിരി ഒരു സ്വപ്നം കണ്ടു. ഇനി മുതൽ ഇല്ലത്തേക്ക് ബ്രാഹ്മണയുവാവ് വരുന്നതും കാത്തിരിക്കേണ്ടതില്ലെന്നും, അതിന് പകരമായിട്ട്, തിരുവോണദിവസം, ആറന്മുള ക്ഷേത്രത്തിൽ വരുന്നവർക്ക് അവിടെത്തന്നെ സദ്യ കൊടുത്താൽ മതിയെന്നും ദൈവം അരുളിചെയ്യുന്നതായിരുന്നു ഭട്ടതിരിയുടെ സ്വപ്നം.
അങ്ങനെ, തൊട്ടടുത്ത വർഷം മുതൽ ഉത്രാടദിവസം, സദ്യക്കുള്ള സാമഗ്രികളുമായി ആറന്മുള ക്ഷേത്രത്തിലേക്ക് പമ്പാ നദിയിലൂടെ ഒരു തോണിയിലേറിഭട്ടതിരി യാത്ര തിരിക്കും. തിരുവോണ ദിവസം അവിടെ എത്തിച്ചേരുന്ന ഭട്ടതിരി, അമ്പലത്തിൽ വച്ച് ഗംഭീരമായ സദ്യ അവിടെയുള്ള എല്ലാവർക്കും കൊടുക്കും.
മരാമണിനടുത്തുള്ള പാറപ്പുഴയിലെ ഒരു ക്രിസ്തീയകുടുംബത്തിലെ തോണിയായിരുന്നു ഭട്ടതിരി തന്റെ യാത്രക്കായി ഉപയോഗിച്ചിരുന്നത്. ഭട്ടതിരി തന്റെ തിരുവോണസദ്യക്കായി ഈ തോണി ഉപയോഗിച്ചത് മുതൽ അതിന്റെ പേര് തിരുവോണത്തോണിയെന്നായി മാറി. ഭട്ടതിരിയുടെ കുടുംബം ക്ഷേത്രത്തിലെത്തുമ്പോഴും സദ്യ കഴിഞ്ഞ് തിരിച്ച് പോകുമ്പോഴും പ്രത്യേക ചടങ്ങുകളും പൂജകളും നടക്കുന്നതും ഇന്നൊരാചാരമാണ്.
അങ്ങനെയുള്ള ഏതോ ഒരു വർഷത്തെ യാത്രയിൽ, 'കോവിലകം കള്ളന്മാർ' എന്ന ഒരു കള്ളക്കൂട്ടം, ഭട്ടതിരിയെ ആക്രമിച്ചത്രേ. അന്ന് ഭട്ടതിരിയെ രക്ഷിച്ചത്, അയിരൂർ എന്ന കരക്കാരായിരുന്നു. അയിരൂർ കരക്കാർ, ഭട്ടതിരിയെ ആറന്മുളക്ഷേത്രം വരെ രക്ഷാകവചമായി അനുഗമിച്ചു. വന്നു വന്ന്, സമീപ പ്രദേശത്തുള്ള അമ്പത്തിരണ്ടോളം കരക്കാരും ഇന്ന് തിരുവോണത്തോണിയെ അനുഗമിക്കാൻ തുടങ്ങി.
അനന്തശയനം മാതൃകയിലാണ് ഇന്ന് പല തിരുവോണത്തോണിയുടെയും അമരം നിർമ്മിക്കുന്നത്. പമ്പാനദിയിലൂടെയുള്ള യാത്രയിൽ, അങ്ങോളമിങ്ങോളം വഞ്ചിപ്പാട്ടുകൾ അലയടിക്കും. വള്ളസദ്യ നടക്കുന്നതിനിടയിൽ ഏതെങ്കിലും ഒരു വിഭവം ആവശ്യപ്പെടുന്നതിനും ഒരു രീതിയുണ്ട്. വഞ്ചിപ്പാട്ടിന്റെ രീതിയിൽ പാട്ട് പാടി വേണം ഏതെങ്കിലും ഒരു വിഭവത്തിന് ആവശ്യപ്പെടാൻ.
കാട്ടൂരിൽ നിന്ന് കുമാരനെല്ലൂരിലേക്ക് താമസം മാറിയ ഭട്ടതിരിയുടെ കുടുംബം, ദൂരക്കൂടുതൽ കാരണം, ഉത്രാടത്തിന് പകരം, മൂലം നാളിലാണ് സദ്യാസാമഗ്രികളുമായുള്ള അദ്ദേഹത്തിന്റെ തിരുവോണത്തോണി യാത്ര ആരംഭിക്കുന്നത്. എന്തായാലും ആറന്മുള പാർത്ഥസാരഥീ ക്ഷേത്രത്തിലെ തിരുവോണ വള്ളസദ്യ ഉണ്ണുകയെന്നത്, ഐതിഹ്യപ്പെരുമയിൽ വിശ്വസിക്കുന്ന ഏതൊരു മലയാളിയുടെയും ഓണസ്വപ്നമാണ്.

***
(കേരള അസോസിയേഷൻ ഓഫ് ഗ്രേറ്റർ വാഷിങ്ങ്ടന്റെ (KAGW) 2020 ലെ ഓണാഘോഷത്തിന്റെ ഭാഗമായി, അതിന്റെ വിനോദസമിതി അംഗം, സുനന്ദ ഗോപകുമാർ മുന്നോട്ട് വച്ച ഒരു ആവശ്യമാണ് ഈ എഴുത്തിന്ന് ആധാരം)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ