2020, ഏപ്രിൽ 3, വെള്ളിയാഴ്‌ച

കോക്കോടന്റെ ഘടികാരങ്ങൾ


മുൻപേ എഴുതിയ 'ഓന്റ്യൊര് കൊള്ളസംഘോം സിനിമേം... ഖള്ളൻ' ന്റെ തുടക്കത്തിന് സമാനമാണ് ഈ കഥയുടെ തുടക്കം. ഈയ്യൊരു തുടക്കമില്ലാതെ ഈ കഥ തുടങ്ങാനും പറ്റില്ല. എന്നാലും ഒരു കഥയൊക്കെയാവുമ്പോ, തുടക്കം കാണാൻ, എന്റെ പഴയ കഥയിൽ പോയി നോക്കൂ എന്ന് പറയാൻ പറ്റില്ലല്ലോ. അതുകൊണ്ട്, ആ തുടക്കം ഒന്ന് കൂടെ, വേറൊരു രീതിയിൽ  പറഞ്ഞ്, കഥയിലേക്ക് കടക്കാം...

1980 ലെ ഒരു മെയ്മാസപ്പുലരി. ഞങ്ങൾ അച്ചാച്ഛന്റെ വീട്ടിൽ നിന്നും വേറൊരു വീട്ടിലേക്ക് താമസം മാറുകയാണ്. എന്തിനാണ് താമസം മാറുന്നത് എന്നൊന്നും എനിക്കറിയില്ല. രാവിലെ പോകണമെന്ന്, തലേ ദിവസം തന്നെ പറഞ്ഞിരുന്നു, അതുകൊണ്ട് പോകുന്നു അത്ര തന്നെ. ഇന്നത്തെക്കാലത്ത് കാണുന്ന പോലെയുള്ള ഗൃഹപ്രവേശപ്പകിട്ടിന്റെ ഒരു ലക്ഷത്തിലൊരംശം പകിട്ട്  പോലും ആ ഗൃഹപ്രവേശനത്തിന് ഉണ്ടായിരുന്നില്ല. രാവിലെത്തന്നെ എല്ലാവരും കുളിച്ച് ഓരോരോ സാധനങ്ങളുമായി പുറപ്പെട്ടു. മൂന്ന് കിലോമീറ്റർ മാത്രമേ ദൂരമുള്ളൂ എന്നത് കൊണ്ട് അച്ഛൻ, ഇളയച്ഛൻ, അച്ഛാച്ഛൻ, ഞാനും രണ്ട് അനുജന്മാരും, എന്റെ മൂത്ത മച്ചുനൻ,  പിന്നെ അമ്മയും (അമ്മയുടെ ഒക്കത്ത് ഒരു വയസ്സായ ഇളയ അനുജനും) എന്നിവർ കാൽനടയായിട്ടായിരുന്നു പുറപ്പെട്ടത്. ഓരോരുത്തരും, പെട്ടികളും സഞ്ചികളും ഒക്കെ ആയിട്ട് തലയിലും കൈയ്യിലും ചുമലിലും, ആവുന്ന പോലെ സാധനങ്ങൾ എടുത്തിട്ടുണ്ട്.  എന്റെ തലയിലൊരു സാമാന്യം വലുപ്പമുള്ള ഒരു പെട്ടിയും, ഇളയച്ഛന്റെ കൈകളിൽ പ്ലാസ്റ്റിക് വയർ കൊണ്ട് മെടഞ്ഞ രണ്ട് കസേരകളുമായിരുന്നു ഉണ്ടായിരുന്നത്. മൂത്ത മച്ചുനൻ, എന്റമ്മയുടെ ഇരുമ്പ് വസ്ത്രപ്പെട്ടിയാണ് എടുത്തിരുന്നത്. പോകുന്ന വഴിക്ക് തറവാട്ടമ്പലത്തിൽ കേറി തൊഴുത്‌ നെയ്യമൃത് സംഘത്തിന്റെ പ്രാതലും കഴിച്ചാണ് പുതുതായി താമസിക്കാൻ പോകുന്ന വീട്ടിൽ കേറിയത്.  അത് നമ്മുടെ മാതൃ തലമുറയുടെ ആരൂഡ്ഢ വീടായിരുന്നു. ഏകദേശം മുന്നൂറ്റമ്പതോളം വർഷങ്ങൾ പഴക്കമുണ്ടാകുമെന്നാണ്, അവിടെ ഭരിച്ച ആറോളം തറവാട്ട് കാരണവന്മാരുടെ പേരുകൾ പറഞ്ഞുകൊണ്ട് അമ്മ പിന്നീട് വിവരിച്ചത്.

ഞങ്ങൾ അവിടെ എത്തും മുന്നേ പതിനഞ്ച് കിലോമീറ്ററോളം ദൂരത്തുള്ള  അമ്മമ്മയുടെ വീട്ടിൽ നിന്ന് കറുമ്പിപ്പശുവും കിടാവും കാൽനടയായി അവിടെ, അതിരാവിലെത്തനെ എത്തിയിരുന്നു. അന്ന് വരെ മറ്റ് ഗൃഹപ്രവേശങ്ങളിലൊക്കെ കണ്ടത് പോലെ ഗണപതിഹോമമൊന്നും അവിടെ നടന്നതായി കണ്ടില്ല. കുറച്ച് അയൽക്കാരും വിരലിലെണ്ണാവുന്ന ചില്ലറക്കുടുംബക്കാരും മാത്രം എത്തിച്ചേർന്നിരുന്നു. ചില്ലറ വെടിവട്ടങ്ങൾക്കും, ഉച്ചക്ക് ചെറിയൊരൂണിനും ശേഷം മറ്റുള്ളവരൊക്കെ അവരവരുടെ വീടുകളിലേക്ക് പോയപ്പോൾ, ആ വീട്ടിൽ ഞങ്ങൾ മാത്രമായി. അതായിരുന്നു ആ ഗൃഹപ്രവേശം!

ഈ തറവാട്ട് വീട്ടിൽ ഒന്ന് രണ്ട് തവണ ഞാൻ അമ്മയുടെ കൂടെപ്പോയിട്ടുണ്ട്...
കാട് പിടിച്ച വലിയൊരു പറമ്പ്. ആ പറമ്പിൽ വെറും മാളങ്ങൾ പോലെ ചെറിയ ജനാലകൾ മാത്രമുള്ള, കൽചുമരിൽ മൺകുഴമ്പിന്റെ തേപ്പ് കുറേ സ്ഥലങ്ങളിൽ ഇളകിപ്പോയ, വടക്ക് ഭാഗം മുഴുവൻ പുകകൊണ്ട് കാർമേഘം മൂടിയ ഒരു വീട്. തറയിൽ ചാണകം തേച്ച്, ചുറ്റുമുള്ള ഞാലി ഓലമേഞ്ഞ്, മേൽക്കൂര അവിടവിടങ്ങളിൽ പൊട്ടിയ ഓടുകളുള്ള, ഉൾഭാഗം മൊത്തത്തിൽ ഇരുട്ട് പിടിച്ച്, മച്ചൊക്കെ ചിതല് പിടിച്ച് 'ദേ.. വീണു' എന്ന നിലയിലുള്ള, തെക്ക് ഭാഗത്ത് പിടിച്ചാൽ പിടിയടങ്ങാത്ത വലുപ്പത്തിലുള്ള ഒരു കൂറ്റൻ പുളിമരമുള്ള, ഒരു പൗരാണികത്വം തുളുമ്പുന്ന, ഒരു പടിഞ്ഞിറ്റ വീട്. പകൽ സമയത്ത് പോലും വീട്ടിനുള്ളിൽ എന്തെങ്കിലും കാണണമെങ്കിൽ മണ്ണെണ്ണ വിളക്കോ ടോർച്ചോ കത്തിക്കണം. പാമ്പും കീരിയും പഴുതാരയും തേളും കുറുക്കനും ഉടുമ്പും മറ്റും പകൽ സമയത്തും വിരാജിക്കുന്ന ചുറ്റുവളപ്പ്. ഇവിടെയാണല്ലോ ഇനി ജീവിക്കേണ്ടത് എന്നോർത്ത് പേടി തോന്നി. അതുവരെ ഒരുമിച്ചുണ്ടായിരുന്ന അച്ഛാച്ഛനും അച്ഛമ്മയും മച്ചുനനും ഒന്നും ഇനി ഈ വീട്ടിൽ ഉണ്ടാവില്ലല്ലോ.

രാത്രി ആ വീട്ടിനുള്ളിൽ കിടക്കാൻ പേടി തോന്നി. എന്തിനാണ് നല്ല സൗകര്യങ്ങളുള്ള, അതും ആയിടെ പുതുക്കിപ്പണിഞ്ഞ അച്ഛാച്ഛന്റെ വീടും വിട്ട്, പകൽ വെളിച്ചം ഉള്ളിൽ കടക്കാത്ത ഗുഹ പോലുള്ള, ഉള്ളിൽ മുഴുവൻ ചിതൽപ്പുറ്റുകളുള്ള ഈ വീട്ടിൽ വന്നതെന്നൊന്നും ചോദിക്കാൻ നമുക്കൊന്നും അനുവാദമില്ല എന്ന് നന്നായി ബോദ്ധ്യമുണ്ടായിരുന്നത്  കൊണ്ട്, അത്തരം ചോദ്യങ്ങളൊന്നും ചോദിച്ചില്ല. മണ്ണെണ്ണ വിളക്ക് കത്തിച്ചാലും വീട്ടിനുള്ളിൽ വെളിച്ചം പോരാ എന്ന് തോന്നി. കിട്ടിയ പായയിൽ രാത്രി അനുജന്റെ കൂടെ കിടന്നുറങ്ങി.

രാവിലെ അമ്മ വിളിച്ചപ്പോഴാണ് എഴുന്നേറ്റത്. എഴുന്നേറ്റ് പായ മടക്കുമ്പോഴാണ് മനസ്സിലായത്, പായയുടെ കാൽഭാഗത്തെ ഒരു മൂല മുഴുവനായും ചിതലരിച്ചിരിക്കുന്നു എന്നത്. പായ, പുറത്ത് കൊണ്ട് പോയി ശക്തിയിൽ കുടഞ്ഞ് ചിതലിനെയൊക്കെ കളഞ്ഞ്, വീണ്ടും ചുരുട്ടി വെച്ചു.

വീട്ടിനുള്ളിൽ ഇരുട്ടായതിനാൽ സമയം എത്രയായെന്നൊന്നും ഒരു പിടിയുമില്ല. സമയം നോക്കാൻ ആകെയുണ്ടായിരുന്നത്‌ അച്ഛന്റെ പഴയ ഒരു hmt വാച്ചാണ്. രണ്ട് മൂന്ന് ദിവസം കൂടുമ്പോൾ വൈൻഡ് ചെയ്ത് കൊടുക്കേണ്ടുന്ന കറുത്ത പട്ടയുള്ള വാച്ച്. ആ വാച്ച് നോക്കി സമയം മനസ്സിലാക്കി. അച്ഛൻ ആ വാച്ച് കെട്ടാറുണ്ടായിരുന്നില്ല. വാച്ചൊക്കെ കെട്ടുന്നത് ആഡംബരമാണെന്നാണ്, ദൂരയാത്രക്ക് മാത്രം ചെരിപ്പിടുന്ന സ്വഭാവമുള്ള, തീർത്തും എളിമയോടെ ജീവിക്കണമെന്ന് വാശി പിടിക്കുന്ന അച്ഛന്റെ നിലപാട്. വാച്ച് കെട്ടുന്ന ശീലമില്ലാത്തത് കൊണ്ട്, ചുമരിൽ തറച്ചിട്ടുള്ള ഒരു മുള്ളാണിയിൽ തൂങ്ങിയാണ് ആ വാച്ച് കിടന്നിരുന്നത്.  അച്ഛാച്ഛന്റെ വീട്ടിലായിരുന്നപ്പോൾ, ബിഗ് ബെൻ എന്ന കമ്പനിയുടെ ഒരു അലാറം ടൈംപീസ് ആണ് ഉണ്ടായിരുന്നത്. എല്ലാ ദിവസവും രാവിലെ എഴുന്നേറ്റ് അത് വൈൻഡ് ചെയ്ത് വെക്കുന്ന ജോലി അച്ഛാച്ഛന്റെതായിരുന്നു. അച്ഛാച്ഛന്റെ വീട്ടിൽ രാത്രി ഉറങ്ങാൻ കിടന്നാൽ ആ  ടൈംപീസ് ഉണ്ടാക്കുന്ന 'ടിക് ടിക്' ശബ്ദം വളരെ വ്യക്തമായി കേൾക്കാമായിരുന്നു. വീട്ടിനുള്ളിലെ ചുമരിൽ തൂക്കിയ ചില്ല് വാതിലുള്ള ഒരു പെട്ടിയിലാണ് ആ  ടൈംപീസിന്റെ വാസം. അതേസമയം അമ്മയുടെ അച്ഛന്റെ വീട്ടിൽ, Master എന്ന കമ്പനിയുടെ (എന്നാണ് എന്റെ ഓർമ്മ) ഒരു പെൻഡുലം ക്ലോക്കായിരുന്നു ഉണ്ടായിരുന്നത്. വിശ്രമമില്ലാതെ ആടിക്കൊണ്ടിരിക്കുന്ന ആ ക്ലോക്കിന്റെ പെൻഡുലം ആ വീട്ടിൽ പോകുമ്പോഴെല്ലാം എനിക്കൊരത്ഭുതമായിരുന്നു. ഒരിക്കലും നിർത്താതെയുള്ള ആ പെൻഡുലത്തിന്റെ ആട്ടം, എത്രയോ തവണ ഞാൻ  നോക്കിയിരുന്നിട്ടുണ്ട്.  ആഴ്ചക്കൊരിക്കൽ മാത്രമേ അത് വൈൻഡ് ചെയ്യേണ്ടിയിരുന്നുള്ളൂ. അത് എന്റെ അമ്മയുടെ അച്ഛന്റെ ജോലിയായിരുന്നു.

എന്തായാലും ഈ 'പുതിയ' പഴയ വീട്ടിലകപ്പെട്ട സ്ഥിതിക്ക്, നമുക്കും ഒരു ക്ലോക്ക്, ചുരുങ്ങിയത് ഒരു ടൈംപീസെങ്കിലും വേണമെന്ന് മോഹം തോന്നി, പക്ഷേ പേടി കാരണം ആരോടും പറഞ്ഞില്ല. തൽക്കാലം അച്ഛന്റെ വാച്ചുണ്ടല്ലോ. സമാധാനിക്കാം.

ജൂൺ 2, തിങ്കളാഴ്ച ,പുതിയ സ്‌കൂളിലെ ആദ്യദിനമായിരുന്നു. അമ്മക്ക്, അമ്മയുടേതായ ബയോളോജിക്കൽ ഒരു ക്ലോക്ക് വളരെ പ്രവർത്തനക്ഷമമായത് കൊണ്ട്, ഒരു കുഴപ്പവുമില്ലാതെ എല്ലാ ദിവസവും രാവിലെ 6 മണിക്ക് മുൻപായി എഴുന്നേൽക്കും. അമ്മയുടെ വിളിയാണ്, അച്ഛനടക്കം, നമുക്കൊക്കെ എഴുന്നേൽക്കാനുള്ള അലാറം. അന്നും പതിവ് പോലെ അമ്മ വിളിച്ചിട്ടാണ് എഴുന്നേറ്റത്. പുതിയ സ്കൂളിലെ നാലാം ക്ലാസ്സിലാണ് എന്റെ സ്ഥാനം. അടുത്ത് തന്നെയാണ് സ്‌കൂൾ. പ്രഭാത കർമ്മങ്ങൾക്കും വീടിന്റെ വടക്കേ മുറ്റത്ത് നിന്നുമുള്ള (നമുക്ക് കുളിമുറി ഉണ്ടായിരുന്നില്ല) സ്നാനത്തിനും  ശേഷം, സ്‌കൂളിൽ പോകാറായോ എന്ന് നോക്കാൻ വാച്ചിൽ സമയം നോക്കി. സമയം 4:20... ഹേ ഇതെന്ത് പറ്റി...? ഈ രാവിലത്തെ സമയത്ത് വാച്ചിൽ 4:20 ഓ..? വാച്ച് ഒന്ന് കൂടി നോക്കിയപ്പോ മനസ്സിലായി, സെക്കൻഡ് സൂചി നടക്കുന്നില്ല.. ഇന്നലെ വൈൻഡ് ചെയ്ത വച്ചതാണല്ലോ... വാച്ച് ചെവിക്ക് അടുപ്പിച്ച് വച്ച് കൂർമ്മമായൊന്ന് ശ്രവിച്ചു... ഇല്ല.. ഒച്ചയില്ല.. വാച്ച് ഒന്ന് കുലുക്കി വീണ്ടും നോക്കി.. ഇല്ല അനങ്ങുന്നില്ല... വലത്തെ കൈയിൽ വാച്ച് പിടിച്ച്, ഇടത്തെ കൈപ്രതലത്തിൽ ഇടിച്ച് നോക്കി... നോ രക്ഷ...

"അമ്മേ അച്ഛന്റെ വാച്ച് നിന്ന് പോയി ...."
"ആ.... അത് നിന്നില്ലെങ്കിലേ എന്തെങ്കിലും അത്ഭുതമുള്ളൂ..." അമ്മ അടുക്കളയിൽ നിന്ന് നീരസത്തോടെ പറഞ്ഞു. അമ്മക്ക് അച്ഛന്റെ പല രീതികളോടുമുള്ള അമർഷം ആ ശബ്ദത്തിൽ വ്യക്തമായിരുന്നു. ആ അമർഷം കത്തിക്കാൻ, ഞാൻ നിന്നില്ല. ഇനിയെങ്ങനെ സമയത്തിന് സ്‌കൂളിൽ പോകും ? ഒരു വ്യക്തതയുമില്ല... എന്ത് ചെയ്യും? അച്ഛൻ ഒരു സ്‌കൂളിലെ മാഷാണ്. അച്ഛന്റെ സ്കൂളിലേക്ക് അഞ്ച് കിലോമീറ്ററോളം നടക്കണം. ആ സമയത്താണ് അച്ഛനും ആദ്യമായി സമയത്തിന്റെ പേരിൽ ഒന്ന് പകച്ച് നിന്നത്. ഏത് സമയത്ത് വീട്ടിൽ നിന്നിറങ്ങണം എന്നതിനെക്കുറിച്ച് ഒരു പിടിയും ആർക്കുമില്ല.... കോരിച്ചൊരിയുന്ന മഴയും ആയതിനാൽ സമയത്തിനെക്കുറിച്ച് തീരെ വ്യക്തതയില്ല.

അച്ഛൻ പൊതുവെ മിതഭാഷിയായത് കൊണ്ടും അഭിമാനി ആയതു കൊണ്ടും അമ്മ, അച്ഛനൊരു ക്ലോക്ക് വാങ്ങിക്കാത്തതിനെക്കുറിച്ച് അടുക്കളയിൽ നിന്ന് പിറുപിറുക്കുമ്പോൾ, മറുപടിയൊന്നും പറഞ്ഞു കണ്ടില്ല.

"നിങ്ങൾക്ക് ആ വാച്ചെടുത്ത് ഒന്ന് ഓയിലിടിച്ചൂടേ...." അമ്മയുടെ ഈ ചോദ്യത്തിനും സ്വതവേയുള്ള ശീലമായ, തുപ്പുന്ന ഒച്ച മാത്രം ഉണ്ടാക്കി അച്ഛൻ പ്രതികരിച്ചു.

"നിങ്ങളുടനെ ഇറങ്ങിയില്ലെങ്കിൽ സ്‌കൂളിൽ സമയത്തിനെത്തൂല്ല കേട്ടാ..." പിറുപിറുക്കുന്നതിനിടയിലും അമ്മ അച്ഛന് സ്‌കൂളിലേക്ക് ഇറങ്ങാൻ സമയമായി എന്ന് ഹിന്റ് കൊടുത്തു. അമ്മയുടെ കണക്കിൽ, ഒൻപത് മണിയായിക്കാണണം. അത് ശരിയായിരുന്നു,  നിമിഷങ്ങൾക്കകം കൂത്തുപറമ്പിൽ നിന്നുള്ള ഒൻപത് മണിക്കുള്ള സൈറൺ മുഴങ്ങാൻ തുടങ്ങി. അപ്പോഴാണ് നമുക്കും ആ സൈറണെപ്പറ്റി ഓർമ്മ വന്നത്. എന്തായാലും ഒൻപത് മണി എന്നത് മനസ്സിലാക്കാൻ നമുക്ക് സൈറൺ ഉണ്ട്, പ്രത്യേകിച്ച് ഈ മഴക്കാലത്ത്. അച്ഛനുടനെത്തന്നെ ഉച്ചഭക്ഷണവും പ്ലാസ്റ്റിക് വയറിന്റെ കൊട്ടയിലാക്കി ഇറങ്ങി. വാച്ച് നിന്ന് പോയത് പോലെ ഇനി  സൈറനെങ്ങാനും നിന്ന് പോയാൽ എന്താവും എന്നതിനെക്കുറിച്ച് വടക്കേ ഇറയത്തുള്ള ഉരലിന്റെ മുകളിലിരുന്ന് ഞാൻ വെറുതെ ചിന്തിച്ചു. അപ്പുറത്തെ വയൽ വരമ്പത്ത് കൂടി ഏതെങ്കിലും കുട്ടികൾ സ്‌കൂളിൽ പോകുന്നത് കണ്ടാൽ അവരുടെ കൂടെ ഇറങ്ങാലോ എന്ന് ചിന്തിച്ചാണ് അവിടെ ഇരുന്നത്. ഒരു കുട്ടി കുടയുമെടുത്ത് പുസ്തകസഞ്ചിയും തൂക്കി പോകുന്നത് കണ്ടപ്പോൾ ഞാനും നേരെ താഴെയുള്ള അനുജനും സ്‌കൂളിൽ പോകാനായി ഇറങ്ങി.

"നിങ്ങളിറങ്ങാനായിട്ടില്ല... ആ കുട്ടി നിങ്ങളുടെ സ്‌കൂളിലേക്കാണെന്ന് എന്താ ഒറപ്പ് ?" ശരിയാണ്, ഞങ്ങൾ ആ സ്‌കൂളിൽ പുതിയതാണ്. ആ സ്‌കൂളിൽ പഠിക്കുന്ന ഒരാളെയും നമുക്കറിയില്ല, മാത്രവുമല്ല, രണ്ട് കിലോമീറ്ററപ്പുറത്തുള്ള തരുവണത്തെരു സ്‌കൂളിലേക്കോ, കതിരൂർ സ്‌കൂളിലേക്കോ മറ്റും കുട്ടികൾ പോകുന്നുണ്ടാകാം, നമുക്കാണെങ്കിൽ അഞ്ച് മിനിറ്റേ നടക്കാൻ ഉള്ളൂ, സ്‌കൂളിലേക്ക്.

"ആ ഇനി നിങ്ങളിറങ്ങിക്കോ..." അമ്മ അനുമതി തന്നു. ഞാനും അനുജനും സ്‌കൂളിലേക്ക് പുറപ്പെട്ടു. ഉച്ചക്ക് ഊണിന് വീണ്ടും വീട്ടിൽ വരും. പോകാനുള്ള സമയം അമ്മ പറയും. പോകപ്പോകെ, സ്‌കൂൾ ദിവസങ്ങളിൽ  നമുക്കിത് ശീലമായി. അമ്മ പറയാതെയും സമയം മനസ്സിലാക്കാനുള്ള കഴിവ് നമ്മൾ ആർജ്ജിച്ചെടുത്തു. പക്ഷേ വാരാന്ത്യങ്ങളിലാണ് സമയമറിയാനുള്ള സംവിധാനങ്ങളില്ലാത്തതിന്റെ  പ്രശ്നങ്ങൾ കൂടുതൽ മനസ്സിലായത്. രാവിലെ ഒൻപത് മണിക്കുള്ള സൈറൺ കഴിഞ്ഞാൽ ഉച്ചക്ക് ഒരു മണിക്ക് വേറൊരു സൈറൺ ഉണ്ട്. എന്തെങ്കിലും കാരണവശാൽ സൈറൺ കേൾക്കാതെ പോയാൽ സമയം തീരെ കണക്ക് കൂട്ടാൻ പറ്റാത്ത അവസ്ഥ. പശുവിനെ മേക്കാൻ പോയാൽ, ഉച്ചക്ക് പശുവിനെ കറക്കാൻ അമ്മ കൂവിവിളിക്കുന്നത് വരെ, നമുക്ക് പശുവിനെ കറക്കേണ്ട സമയമായി എന്ന് മനസ്സിലാവില്ല. ആരോടോ ഉള്ള വാശിയെന്ന പോലെ, പുതിയ വാച്ചോ ക്ലോക്കോ വാങ്ങാൻ അച്ഛൻ ഒട്ടും താല്പര്യം കാണിക്കുന്നുമില്ല.

ഇതിനിടയിൽ ചിലയാളുകളുടെ വയലിലൂടെയുള്ള ദിനേനയുള്ള യാത്രകൾ ചില പ്രത്യേക സമയങ്ങളിലാണെന്ന് ഞങ്ങൾ മനസ്സിലാക്കി.  ചില്ലറ പലചരക്ക് കച്ചവടം നടത്തുന്ന അത്തിക്കബാലേട്ടൻ രാവിലെ പോകുന്നത് വിലെ 6 മണിക്കടുപ്പിച്ചാണെന്നും, രാവിലെ ആറേകാലിനടുപ്പിച്ചാണ് തലശ്ശേരി കൊപ്രാക്കച്ചവടം ചെയ്യുന്ന നാണുനായർ അദ്ദേഹത്തിൻറെ നീളമുള്ള എവെറെഡി  ടോർച്ച് ഞങ്ങളുടെ വീട്ടിൽ കൊണ്ടുവെക്കുന്നതെന്നും (ഈ ടോർച്ച് എടുത്താണ് രാത്രി 8 മണിക്കടുപ്പിച്ച് തലശ്ശേരിയിൽ നിന്ന് തിരിച്ച് വരുന്ന നാണുനായർ, നമ്മുടെ വീടിനടുത്തുള്ള വിശാലമായ പാടവും തോടും കടന്ന് അക്കരെയുള്ള അദ്ദേഹത്തിൻറെ വീട്ടിലേക്ക് പോകുന്നത്), രാവിലെ 8:30 നടുപ്പിച്ചാണ് രവീന്ദ്രേട്ടൻ മനോരമ പത്രം വീട്ടിൽ എത്തിക്കുന്നതെന്നും എനിക്ക് മനസ്സിലായി. ആര് വീട്ടിൽ വന്നാലും 'സമയെത്രായി' എന്നത് അറിയാതെ വന്നുപോകുന്ന ഒരു ചോദ്യമായി മാറി. പല ദിവസങ്ങളിലും, വയലിലൂടെ പോകുന്നവരോട് സമയം ചോദിക്കുന്നതും ഒരു പതിവായി തുടങ്ങിയിരുന്നു. ആരെങ്കിലും അത് വഴി പോകുന്നത് കാണാൻ ഞങ്ങൾ വീടിന്റെ വടക്ക് ഭാഗത്ത് നിന്ന് വയലിലേക്കിറങ്ങുന്ന കുത്തനെയുള്ള കല്പടവുകളിൽ ഇരിപ്പുറപ്പിക്കും. ആരെങ്കിലും വഴിയിലൂടെ പോകുമ്പോൾ നീട്ടിച്ചോദിക്കും: "സമയെത്രായി...?" വാച്ച് കെട്ടി വരുന്നവർ, കൈയ്യൊന്ന് ഉയർത്തി, മണിബന്ധമൊന്ന് തിരിച്ച്, വാച്ച് നോക്കി സമയം പറഞ്ഞു തരും. ഇങ്ങനെ ഇടവിട്ടുള്ള ദിവസങ്ങളിൽ ഇടക്കിടക്ക് സമയം ചോദിച്ച് ചോദിച്ച്,  വാച്ചുണ്ടായിട്ടും സമയം പറയാതെ, 'സമയൊന്നും ആയിട്ടില്ല..' എന്നും പറഞ്ഞ് നിർത്താതെ ഈർഷ്യയോടെ നടന്ന് കളഞ്ഞവരും ഉണ്ടായിരുന്നു.

രാത്രി സമയത്ത് വലിയ അനുഗ്രഹമായിരുന്നത്, ഇത്തിരി ദൂരത്താണെങ്കിലും, അയൽപക്കത്തുള്ള ചെറിയലത്തെ നാരായണൻ  വെല്ലിച്ഛൻ (അദ്ദേഹത്തിൻറെ പറമ്പിലെ മാവിൻ ചുവട്ടിൽ വീണ പഴുത്ത മാങ്ങകൾ പെറുക്കാൻ പോയാൽ, ഞങ്ങളെ കല്ലെടുത്തെറിഞ്ഞിരുന്നത് കൊണ്ട്, ഞങ്ങളദ്ദേഹത്തെ 'മോണ്ടൻ' എന്നാണ് ആരും കേൾക്കാതെ വിളിച്ചിരുന്നത്) വൈകുന്നേരം മുതൽ ഫുൾ വോള്യത്തിൽ വെക്കുന്ന റേഡിയോ ആണ്. കോഴിക്കോട് നിലയത്തിൽ നിന്നും വൈകുന്നേരം 6 മണിമുതൽ 9 മണി വരെ സംപ്രേക്ഷണം ചെയ്യുന്ന എല്ലാ പരിപാടികളും ഞങ്ങൾക്ക് അങ്ങനെ ഹൃദിസ്ഥമായി, കൂടെ സമയവും. 'വയലും വീടും' പരിപാടിയും, മറ്റ് പരിപാടികളുടെ സമയങ്ങളും, ഫാക്റ്റം ഫോസിന്റെയും നോവീനോ ബാറ്ററിയുടെയും പരസ്യവും, വാർത്തകൾ വായിക്കുന്ന രാമചന്ദ്രനും ഗോപനുമൊക്കെ എനിക്കും പരിചയമായി. പക്ഷേ സമയമറിയാനുള്ള ഈ ആശ്രിതത്വമൊന്നും, അച്ഛനെ ഒരു  ക്ലോക്ക് വാങ്ങിപ്പിക്കാൻ പര്യാപ്തമായിരുന്നില്ല.

സമയമറിയാൻ പിന്നെയുണ്ടായിരുന്ന ഒരു നിർവ്വാഹം അടുത്തുള്ള മുസ്‌ലീം പള്ളികളിലെ സുബഹ് മുതൽ ഈശാ വരെയുള്ള ബാങ്ക് വിളികളാണ്. പക്ഷേ കലണ്ടറിൽ നോക്കുമ്പോഴാണ് മനസ്സിലായത്, പലപല മാസങ്ങളിലും, ബാങ്ക് വിളിക്കുന്നതിന്റെ സമയങ്ങളിൽ ചില്ലറ വ്യത്യാസങ്ങളുണ്ട്. കാലത്തുള്ള ബാങ്ക് വിളി, അതിരാവിലെ തന്നെ എഴുന്നേറ്റില്ലെകിൽ കേൾക്കുകയുമില്ല.  പിന്നെയുണ്ടായിരുന്നത്, അമ്പലത്തിലെ രാവിലെ വെക്കുന്ന ഭക്തിഗാനങ്ങളാണ്. പക്ഷേ, നമ്പൂതിരി എഴുന്നേൽക്കുന്ന സമയത്തിലെ വ്യത്യാസമനുസരിച്ച്, പാട്ട് വെക്കുന്ന സമയങ്ങളിലും വ്യത്യാസങ്ങൾ വരുന്നത് കൊണ്ട്, സമയം കുത്യമായി ഗണിക്കാൻ കഴിഞ്ഞിരുന്നില്ല. അതുപോലെ തന്നെ മണ്ഡലമാസങ്ങളിൽ നടക്കുന്ന പൂജക്കുള്ള ചെണ്ടകൊട്ടലും. ഇതൊക്കെ കേൾക്കുമ്പോൾ ഒരു മാതിരി, ഏകദേശ സമയം പറയാൻ പറ്റുമെന്നത് അനുഗ്രഹം തന്നെയായിരുന്നു, പക്ഷേ, എന്തെങ്കിലും കാരണവശാൽ കേൾക്കാതെ പോയാൽ കാര്യമില്ല താനും.

അങ്ങനെയിരിക്കേ, ആഗസ്ത് മാസമായതോടെ മഴയൊക്കെ കുറഞ്ഞു. മാനം തെളിഞ്ഞ് വന്നു. ആ സമയത്താണ് പണ്ടൊരു ദിവസം, കാഞ്ഞിലേരിയുള്ള അമ്മയുടെ അച്ഛന്റെ വീട്ടിലേക്ക്, വയലിലൂടെ, നിലാവത്തുള്ള രാത്രിയാത്രയിൽ കൊളംബസ്സിനെക്കുറിച്ചും മറ്റ് സഞ്ചാരികളെക്കുറിച്ചൊക്കെ അച്ഛൻ വിവരിച്ചത് ഓർക്കുന്നത്. രാത്രി, നക്ഷത്രങ്ങളെ നോക്കിയും, പകൽ, സൂര്യന്റെ പ്രയാണത്തിനനുസരിച്ചും ദിക്കുകളും ദിശകളും സമയങ്ങളും ഘടികാരങ്ങളില്ലാത്ത കാലത്ത് എങ്ങനെയായിരിക്കാം പണ്ടത്തെ ആളുകൾ  കണക്കാക്കിയിരുന്നത് എന്നതിനെക്കുറിച്ചൊക്കെ ആ യാത്രയിൽ അച്ഛൻ ഹ്രസ്വമായി വിവരിച്ചിരുന്നു. ഈ കാര്യം ഓർത്തതോടെ എന്റെ മനസ്സിലും ചില ശാസ്ത്രചിന്തകൾ കടന്നുവന്നു. കുറച്ച് നേരത്തേക്കെങ്കിലും ആപ്പിൾ മരത്തിന്റെ കീഴിൽക്കിടന്ന ഐസക് ന്യൂട്ടനായി, കുടുക്ക് പൊട്ടിയ ട്രൗസറിട്ട ഞാൻ, സ്വയം മാറി. ചിന്തകളിൽ ചില കണക്ക് കൂട്ടലുകൾ തെളിഞ്ഞ് വന്നു. രാവിലെ എഴുന്നേറ്റാൽ, ഉമ്മറത്തിന്റെ മുകളിലുള്ള ഞാലിയുടെ നിഴൽ, ചുമരിന്റെ പകുതി തൊട്ട് താഴേക്കിറങ്ങിവന്ന് ഇറയത്ത് കൂടെ നിരങ്ങി മുറ്റത്തേക്ക് പോകുന്നത് എനിക്കോർമ്മ വന്നു. യുറേക്കാ...

പിറ്റേ ദിവസം തന്നെ, ഞാൻ ഞാലിയെയും ഞാലിയുടെ നിഴലിനെയും നിരീക്ഷിക്കാൻ തുടങ്ങി. ഓല മേഞ്ഞ ഞാലിയായിരുന്നതിനാൽ, ഞാലിയുടെ അറ്റം നേർ രേഖയിൽ ആയിരുന്നില്ല. മാത്രവുമല്ല ചില ദ്വാരങ്ങൾ ഉണ്ട് താനും. ഞാലിയുടെ നിഴലും ഞാലിയിലുള്ള ദ്വാരത്തിലൂടെ സൂര്യകിരണം കടന്ന് വന്ന് തീർത്ത കനൽപ്പൊട്ടും, ചുമരിലൂടെയും ഉമ്മറത്തൂടെയും സഞ്ചരിക്കുന്നത് നോക്കി നിന്നു. രവീന്ദ്രേട്ടൻ പത്രം കൊണ്ട് വരുമ്പോൾ എവിടെയാണോ നിഴൽ കിടന്നത്, അവിടെ ഒരു അടയാളം വച്ചു. ഒൻപത് മണിക്ക് സൈറൺ മുഴങ്ങുമ്പോൾ എവിടെയാണോ നിഴൽ ഉള്ളത്, അവിടെയും അടയാളം വച്ചു. ഇനി സൈറൺ മുഴങ്ങുന്നത് കേട്ടില്ലെങ്കിലും വെയിലുണ്ടെങ്കിൽ എനിക്ക് ഒൻപത് മണിയായാൽ അറിയാൻ പറ്റുമെന്നായി! അത്തിക്ക ബാലേട്ടനും നാണുനായരും പോകുമ്പോൾ സൂര്യവെളിച്ചം വീടിന് മുകളിൽ വീഴാത്തത് കാരണം ആ സമയങ്ങളിൽ അടയാളങ്ങൾ വെക്കാൻ നിർവ്വാഹമുണ്ടായിരുന്നില്ല.

ഇങ്ങനെ ദിവസങ്ങൾ പോകവേ, വീട്ടിൽ വാച്ചും കെട്ടി ആരെങ്കിലും വന്നാൽ, അവരോട് സമയം ചോദിച്ച് ചോദിച്ച്, ഞാലിയുടെയും, മേൽക്കൂരയുടെയും  മരങ്ങളുടെയും മറ്റും നിഴലുകളുടെ സ്ഥാനങ്ങൾ, വീട്ടിന് ചുറ്റും  അടയാളപ്പെടുത്തി, വെയിലുള്ള ദിവസങ്ങളിലെ സമയം നിഴൽ നോക്കി മനസ്സിലാക്കാൻ എനിക്ക് സാധിച്ചു. എന്നിരുന്നാലും ഏകദേശസമയം എവിടെയും നോക്കാതെ, മഴയും വെയിലുമെന്ന വ്യത്യാസമില്ലാതെ  അമ്മയ്ക്കെപ്പോഴും പറയാൻ പറ്റുന്നത്, എന്നെ എപ്പോഴും അത്ഭുതപ്പെടുത്തിക്കൊണ്ടിരുന്നു. എന്നാലും അമ്മയെ ആശ്രയിക്കാതെ സമയം പറയാൻ എനിക്ക് ഒരു വഴി വേണമായിരുന്നു.

സമയം മനസ്സിലാക്കാൻ ഐഡിയ കണ്ടുപിടിച്ച് വിജയിച്ചിരിക്കേ, ആഗസ്തിൽ അടയാളപ്പെടുത്തിയ അടയാളങ്ങൾ, അടുത്ത ജനുവരി-ഫെബ്രുവരി ആയപ്പോഴേക്കും കുറച്ച് മാറ്റങ്ങൾ എനിക്ക് തോന്നിത്തുടങ്ങി. രവീന്ദ്രേട്ടൻ പേപ്പർ കൊണ്ട് വരുമ്പോഴും, ഒൻപത് മണിക്ക് സൈറൺ മുഴങ്ങുമ്പോഴും നിഴലുകൾ, അവ നിൽക്കേണ്ട അടയാളങ്ങളിൽ നിന്ന് ഇത്തിരി വടക്ക് ഭാഗത്തേക്ക്  മാറിക്കിടക്കുന്നത്, എന്റെ തിയറി പൊട്ടിപ്പോയോ എന്നെനിക്ക് സംശയം തോന്നാൻ ഇടയാക്കി. എന്നിരുന്നാലും ആ മാറിയ നിഴലുകളുടെ സ്ഥാനങ്ങളും, കിട്ടിയ സമയത്തിനിടക്ക് അടയാളപ്പെടുത്തി വച്ചു. എന്തെങ്കിലും സംശയം ചോദിച്ച്, അച്ഛന്റെ മുന്നിൽ സ്മാർട്ടാവാൻ ഞാൻ ശ്രമിക്കാറുണ്ട്. ആ കൂട്ടത്തിൽ ഈ നിഴൽ വ്യതിയാന സംശയവും അച്ഛനോട് ചോദിച്ചു. അച്ഛൻ സൂര്യനായും, ഞാൻ ഭൂമിയായും, അനുജൻ ചന്ദ്രനായും (അവന്റെ പേരും ബാലചന്ദ്രൻ എന്നാണ്) ഉള്ള ഒരു പ്രാക്ടിക്കൽ ക്ലാസ്സിൽ, സൗരയൂഥത്തെക്കുറിച്ചും, അതെങ്ങനെ ദിനരാത്രങ്ങളെയും, കാലാവസ്ഥകളെയും ഋതുക്കളെയും സ്വാധീനിക്കുന്നു എന്നതിനെക്കുറിച്ച് അച്ഛൻ വിശദമായി പറഞ്ഞ് തന്നപ്പോൾ ആ സംശയം മാറി. എന്ന് വച്ചാൽ, ആഗസ്ത് മാസത്തിലെ അതേ സ്ഥാനത്തായിരിക്കില്ല ഫിബ്രവരി മാസത്തെ നിഴൽ !  എന്താല്ലേ...?  അങ്ങനെയിരിക്കേ, സ്കൂൾ അടച്ചു. പറമ്പിൽ നിറയെ മാങ്ങയും ചക്കയും കശുമാങ്ങയും, കൈതച്ചക്കയുമൊക്കെ നിറച്ചുള്ളപ്പോൾ, പഠിത്തമൊന്നുമില്ലാതെ, ആ പറമ്പിൽക്കൂടി പശുവിനെയും മേച്ച് നടക്കുന്നതിനിടയിലും മരം കേറി നടക്കുന്നതിനിടയിലും, കുറച്ച് കാലത്തേക്കെങ്കിലും സമയത്തിന്റെ നിഴലുകളെ ഞാൻ മറന്നുപോയി. ഇത്രയും ആ വീട്ടിൽ താമസിച്ചപ്പഴേക്കും, വീട്ടിനുള്ളിലെ ഇരുട്ടത്തും കണ്ണ് കാണാനുള്ള കഴിവ്, ഞങ്ങളെല്ലാവരും ആർജ്ജിച്ചെടുത്തിരുന്നു!

കളിച്ച് കൊതിതീരും മുന്നേ സ്‌കൂൾ തുറക്കാറായി. ഇനി അഞ്ചാം ക്ളാസ്സിലേക്കാണ്. നേരെ താഴെയുള്ള അനുജൻ മൂന്നിലേക്കും, അതിന് താഴെയുള്ളവൻ  ആദ്യമായി സ്‌കൂളിലേക്കും; ഒന്നാം ക്ലാസ്സിലേക്ക്. സമയം വീണ്ടും പ്രശ്നമാവാൻ തുടങ്ങുന്നു. അപ്പഴാണ്, അമ്മയെക്കാളും 12 വയസ്സിന് ഇളയതും എന്നെക്കാൾ ആറ് വയസ്സിന് മൂത്തതുമായ എന്റെ എളേമ്മ പത്താം ക്ലാസ്സ് പാസ്സായി, എന്റെ വീട്ടിനടുത്തുള്ള മിനർവ്വ കോളജിൽ പ്രീഡിഗ്രിക്ക് പഠിക്കാനായി വീട്ടിലേക്ക് സ്ഥിരതാമസത്തിന് എത്തുന്നത്.

ഉഷളേമ്മ എന്റെ അമ്മയെപ്പോലെയൊന്നും ആയിരുന്നില്ല. അമ്മ, ഈ കാലത്തിനിടയിൽ, നാല് മക്കൾക്കും ഭർത്താവിനും വെച്ച് വിളമ്പിയും, പശുവിനെക്കറന്നും, വീട് മേയാൻ ഓല മെടഞ്ഞും, വിറക് കീറിയും,  പറമ്പിൽ കിളച്ചും ഒരു മുഴുവൻ സമയ വീട്ടമ്മയായി മാറിക്കഴിഞ്ഞിരുന്നു. എപ്പഴെങ്കിലും ദൂരേക്ക് പോകുമ്പോൾ മാത്രം മുഖത്ത് പൂശുന്ന ഒരു 'കുട്ടിക്കൂറ' പൗഡർ മാത്രമാണ് അമ്മക്ക് ഒരു ആഡംബരമായിട്ട് കണ്ടിരുന്നത്. പക്ഷേ ഉഷളേമ്മക്ക് കാലിൽ വെള്ളിപ്പാദസരം ഉണ്ട്, പലതരം നിറങ്ങളിലുള്ള ചാന്ത് ഡബ്ബകളുണ്ട്, കൈയ്യിൽ ലേഡീസ് വാച്ചുണ്ട്, കുഞ്ഞ് കുഞ്ഞ് സാധനങ്ങൾ വെക്കാൻ ഒരു മടക്ക് പഴ്‌സും, മുഖത്ത് തേക്കാൻ 'നിവിയ' ക്രീം മറ്റും ഉണ്ട്... അമ്മക്ക് സഹായത്തിന് ആളെക്കിട്ടിയില്ലെങ്കിലും നമുക്ക് കളിക്കാൻ ഒരാളെക്കിട്ടി. കൂടുതലും എനിക്കിഷ്ടപ്പെട്ടത് എളേമ്മയുടെ വച്ചായിരുന്നു. ഇനി സമയം നോക്കാൻ, ചുരുങ്ങിയത് രണ്ട് വർഷത്തേക്കെങ്കിലും എളേമ്മയുടെ വാച്ചുണ്ടല്ലോ.

ഉഷളേമ്മ വന്നതിന് ശേഷം, ഞങ്ങൾ വീട്ടിലുള്ള സമയത്തൊക്കെ സമയം നോക്കാൻ, ഇളയമ്മയുടെ വാച്ച് ഉണ്ടായിരുന്നതിനാൽ, വഴിപോക്കരുടെയോ, എന്റെ നിഴലടയാളങ്ങളെയോ പിന്നെ ആശ്രയിക്കേണ്ടി വന്നില്ല. മാത്രവുമല്ല, പിന്നീട് വന്ന മഴക്കാലത്ത്, എല്ലാ അടയാളങ്ങളും അതേപടി നിലനിർത്താനും ആയില്ല. ഇളയമ്മയുടെ ലേഡീസ് വാച്ചിന്റെ ബലത്തിൽ, എന്റെ നിഴൽ ഘടികാരംനിലച്ച് പോയത് എന്നെ ദുഖിതനാക്കിയില്ല.

ഇളയമ്മയുടെ പഠിത്തം കാണാൻ നല്ല ചേലായിരുന്നു. മണ്ണെണ്ണ വിളക്കിന് മുന്നിലിരുന്ന് മൈനാകത്തെയും ഗന്ധമദനപര്വതത്തെയും കുറിച്ചുള്ള പാഠഭാഗങ്ങൾ ആവർത്തിച്ചാവർത്തിച്ച് പുസ്തകം നോക്കാതെ ഉരുവിട്ട് കൊണ്ടിരിക്കുന്നതിനിടയിൽ, തലയിൽ നിന്ന് പേനെടുത്ത് കൈനഖങ്ങൾക്കിടയിലിട്ട് പൊട്ടിച്ചോ, അല്ലെങ്കിൽ പേനിനെ ചൂടുള്ള വിളക്ക് കുപ്പിയുടെ മുകളിൽ വച്ച് കരിച്ചോ '..യീശ്..' എന്ന ശബ്ദം ഉണ്ടാക്കും. ചുരുക്കത്തിൽ എളേമ്മ എന്ത് വായിക്കുന്നതിനിടയിലും '..യീശ്..' ശബ്ദം കേറി വരും! ഇടക്കിടക്ക് 'ആപ് ജൈസേ കോയി മേരി സിന്ദഗീ മേ ആയെ തോ...' എന്ന പാട്ടും ഈണത്തിൽ പാടുന്നത്, ഞങ്ങളും ആ പാട്ട് പഠിക്കാൻ കാരണമായി, പാട്ടിന്റെ അർത്ഥം വളരെപ്പിന്നീടാണ് മനസ്സിലായതെങ്കിലും! ആരെയെങ്കിലും മനസ്സിൽക്കണ്ടാണോ എളേമ്മ ആ ആ പാട്ട് പാടിയതെന്ന് ആർക്കറിയാം!

പക്ഷേ ഇളയമ്മയുടെ വാച്ചുണ്ടായിരുന്നതിന്റെ സന്തോഷം, അധികം നീണ്ടുനിന്നില്ല. ചില ദിവസങ്ങളിൽ കോളജ് വിട്ടിട്ട്, എളേമ്മ നേരെ എളേമ്മയുടെ വീട്ടിൽ പോയിക്കളയും, എന്നിട്ട്, നമ്മുടെ വീടിനടുത്തുള്ള കൂട്ടുകാരിയും സഹപാഠിയുമായ റീനയുടെ അടുത്ത് വിവരം പറഞ്ഞയക്കും. ഇതിനെയൊക്കെ ചോദ്യം ചെയ്ത അമ്മയുടെ നടപടിയിൽ പ്രതിഷേധിച്ചോ, അതോ എളേമ്മയുടെ വീട്ടിലുണ്ടായിയുന്നത് പോലുള്ള സൗകര്യങ്ങൾ നമ്മുടെ വീട്ടിലില്ലാഞ്ഞിട്ടോ, അതോ അച്ഛൻ വെറുതേ ചോദിച്ച സിമ്പിൾ അനാദിപ്പീടിക കണക്ക് ചോദ്യത്തിന് മുന്നിൽ പകച്ച് പോയിട്ടോ, അതുമല്ല പഠിച്ച് മടുത്തിട്ടോ...  എന്താണെന്നറിയില്ല, പഠിത്തത്തിൽ 'വളരെ' മിടുക്കിയായിരുന്ന എളേമ്മക്ക്, പഠിത്തത്തിൽ താല്പര്യം നഷ്ടപ്പെട്ടു. ഒടുവിൽ എളേമ്മ ആ കടുത്ത തീരുമാനം എടുത്തു; ഇനി പഠിക്കുന്നില്ല. പ്രീഡിഗ്രി ഒന്നാം വർഷ പരീക്ഷകൾ കഴിഞ്ഞ്, എളേമ്മയുടെ വീട്ടിലേക്ക് പോയ ഉഷളേമ്മ, പിന്നെ പഠിക്കാനായി തിരിച്ച് വന്നില്ല. കൂടെ എളേമ്മയുടെ വാച്ചും.

അഞ്ചാം ക്ലാസ്സും കഴിഞ്ഞ് സ്‌കൂൾ അടച്ചപ്പോൾ, എളേമ്മ ഇനി വരുന്നില്ല എന്നറിഞ്ഞതോടെ, അവധിക്കാല കളികൾക്കിടയിലും, സമയം നോക്കാനുള്ള ഉപാധികളില്ലാത്തത് എന്നെ ആകുലപ്പെടുത്തി. ആ ചിന്തകൾ എന്നെ ഒരു വാച്ച് മെക്കാനിക്കാക്കി മാറ്റി എന്നതാണ് വാസ്തവം. കിട്ടിയ സമയങ്ങളിൽ, ഞാൻ, അച്ഛന്റെ നടക്കാത്ത (കേടായ) പഴയ വാച്ച് അഴിക്കാൻ ശ്രമം നടത്തി. പറ്റുമെങ്കിൽ എങ്ങനെയെങ്കിലും അതിനെ ശരിയാക്കിയെടുക്കണം. വീട്ടിലെ ചില സംസാരങ്ങളിൽ ഓയിൽ ഇല്ലാത്തതാണ് പ്രശ്നം എന്ന് ഞാൻ ഇതിനകം മനസ്സിലാക്കിയിട്ടുണ്ട്. പീച്ചാങ്കത്തിയും, കത്രികയും ബ്ലേഡും മുള്ളാണിയും മറ്റുമായിരുന്നു എന്റെ റിപ്പയർ സാമഗ്രികൾ. വാച്ച് ഒന്ന് തുറക്കാൻ ഒരുവിധം വിദ്യകളൊന്നും ഫലിക്കുന്നില്ല എന്ന് വന്നപ്പോൾ പീച്ചാങ്കത്തി തന്നെ പ്രയോഗിക്കേണ്ടി വന്നു. പീച്ചാങ്കത്തിയെടുത്ത് വാച്ചിന്റെ പിന്നാമ്പുറത്തുള്ള അടപ്പിന്റെ വിടവിലൂടെ കുത്തിക്കയറ്റി വിടർത്താൻ ശ്രമിച്ചപ്പോഴാണ് ഒരുവിധം തുറന്ന് കിട്ടിയത്. ഇനി ഓയിൽ ചെയ്യണം. അടുക്കളയിൽ പോയി, ചെറിയ മഷിക്കുപ്പിയിൽ വെളിച്ചെണ്ണ നിറച്ച് കൊണ്ടുവന്നു. വാച്ചിനുള്ളിലെ, സ്പ്രിങ്ങിനിടയിലും, കണ്ട എല്ലാ ഗ്യാപ്പിനിടയിലും, വെളിച്ചെണ്ണ ചെറിയ തുള്ളികളായി ഒഴിച്ചു. വൈൻഡ് അല്ലെങ്കിലും ഫുള്ളാണ്. ഇത്രയൊക്കെ ചെയ്തിട്ടും വാച്ച് അനങ്ങുന്നില്ല. ഇനിയെന്ത് ചെയ്യും?

അപ്പോഴാണ്, ചൂടാക്കിയാൽ ചിലപ്പോൾ നടക്കാത്ത വാച്ചുകൾ നടക്കുമെന്ന് ക്ലാസ്സിലെ പ്രമോദ് പറഞ്ഞത് ഓർമ്മിച്ചത്. ഒട്ടും വൈകിയില്ല. വയറ് കീറി, കുടലിൽ എണ്ണയൊഴിച്ച് നിറച്ച വാച്ചിനെ നട്ടുച്ച വെയിലത്ത്  മനോരമ പത്രത്തിൽ മുറ്റത്ത് കിടത്തി. ഒരു മണിക്കൂറോളം അങ്ങനെ കിടത്തിക്കാണണം. എന്തായെന്നറിയാൻ ചെന്ന് നോക്കിയപ്പോൾ, അതാ.. വാച്ചിന്റെ കുടലിൽ ഒരനക്കം. സ്‌പ്രിംഗിനടുത്തുള്ള ഒരു ചെറിയ വട്ടം അങ്ങോട്ടുമിങ്ങോട്ടും ആടുന്നു. വാച്ച് തിരിച്ച് നോക്കിയപ്പോൾ സന്തോഷം കൊണ്ട് നിൽക്കാനായില്ല... ഹുറേയ്... സെക്കൻഡ് സൂചി, വൈകിപ്പോയത് പോലെ ഓടുകയാണ്!

അങ്ങനെ നടക്കാത്ത വാച്ചിനെ നടത്തിയ ഗർവ്വിൽ, രണ്ട് കിലോമീറ്റർ ദൂരത്തുള്ള തരുവണത്തെരു സ്‌കൂളിലെ ആറാം ക്ലാസ്സിലേക്ക്  പ്രൊമോഷനായി. അച്ഛൻ എന്റെയീ വാച്ച് റിപ്പയറൊന്നും അറിഞ്ഞിരുന്നില്ല. അച്ഛനാണെങ്കിൽ വാച്ചിനെ തിരിഞ്ഞൊന്ന് നോക്കാറുമില്ല. എന്നാലും നന്നാക്കിയ വാച്ച്, കൈയ്യിൽ കെട്ടി നടക്കാൻ എനിക്ക് മടി. അച്ഛൻ കണ്ടാലുള്ള പ്രശ്നം ആലോചിക്കാൻ വയ്യ. അതുകൊണ്ട്,വാച്ചെടുത്ത് ട്രൗസറിന്റെ കീശയിലിട്ടാണ് സ്‌കൂളിലേക്ക് പോയിരുന്നത്. സമയം നോക്കണമെങ്കിൽ കീശയിൽ നിന്നെടുത്ത് നോക്കണം, അത്ര മാത്രം.

അങ്ങനെ കീശയിൽ നിന്ന് വാച്ചെടുത്ത് സമയം നോക്കി സമയം കടന്ന് പോകവേ, ആറാം ക്ലാസ്സിലെ ഓണക്കാലത്ത്, തുമ്പപ്പൂ പറിക്കാൻ, കഴുത്തിൽ കെട്ടിത്തൂക്കിയ ഓലകൊണ്ട് മെടഞ്ഞ കൊമ്മയുമെടുത്ത് ഞാനും അനുജനും ഇറങ്ങി. സ്‌കൂളൊന്നുമില്ലെങ്കിൽ, ഞങ്ങൾക്ക് ഷർട്ട് ഇടുന്ന ശീലമുണ്ടായിരുന്നില്ല. വെറും ട്രൗസറിട്ട് കൊണ്ടാണ് പശുവിനെ മേയ്ക്കാനും കടകളിലും മറ്റും പോകുന്നത്. അങ്ങനെ ട്രൗസർ മാത്രമിട്ട് തുമ്പപ്പൂ പറിക്കുന്നതിനിടയിൽ സമയം നോക്കാൻ വാച്ചെടുത്തപ്പോഴാണ് മനസ്സിലായത്, വാച്ച് വീണ്ടും പണി മുടക്കിയിരിക്കുന്നു. സങ്കടം സഹിക്കാൻ പറ്റാതെ, പൂപ്പറിക്കൽ നിർത്തി വീട്ടിൽ മടങ്ങിയെത്തി.

പിറ്റേന്ന് തന്നെ ഞാൻ വീണ്ടും വാച്ച് റിപ്പയറിങ്ങ് മെക്കാനിക്കിന്റെ വേഷം കെട്ടി. വാച്ചിന് വീണ്ടും സർജറി നടത്തി. വയറ് തുറന്നു. വാച്ചിന്റെ ഉള്ള് കണ്ടപ്പോൾ ഞാനന്തം വിട്ട് നിന്ന് പോയി. വാച്ചിന്റെ ഉള്ള് മുഴുവൻ ക്ലാവ് പിടിച്ചിരിക്കുന്നു. ആകപ്പാടെ പച്ചനിറം! ഈ പൂപ്പലൊക്കെ ഇനി എങ്ങനെ പോക്കും? മുള്ളാണി കൊണ്ടും ബ്ലേഡ് കൊണ്ടും കുറച്ചൊക്കെ ചുരണ്ടി നോക്കി. ഒരു കാര്യവും ഉണ്ടായില്ല. എനിക്ക് നോക്കാൻ പറ്റാത്തത്രയും ഉള്ളിലേക്ക് ക്ലാവ് കടന്ന് കയറിയിരിക്കുന്നു. വെള്ളം കൊണ്ട് കഴുകാൻ പാടില്ല എന്ന സാമാന്യ ബുദ്ധിയൊക്കെ എനിക്കന്ന് ഉണ്ടായിരുന്നു.  അതുകൊണ്ട് വീണ്ടും വെയിലത്ത് വെച്ച് പൂപ്പൽ പോകുമോ എന്ന് നോക്കി. രണ്ട് ദിവസം തുടർച്ചയായി വെയിലത്ത് വച്ചിട്ടും ഒരു വ്യത്യാസവുമില്ല. അവസാനത്തെ അടവെന്ന നിലയിൽ, ഒരു മൊട്ടുസൂചിയെടുത്ത് വാച്ചിന്റെ വയറിന്റെ അന്തരാളങ്ങളിലേക്ക് ഊളിയിട്ട് ക്ലാവ് ചുരണ്ടുന്നതിനിടയിൽ, വാച്ചിന്റെയുള്ളിൽ നിന്ന് എന്തോ ഒന്ന് തെറിച്ച് പോയി, നോക്കിയപ്പോൾ ഒരു ചെറിയ പൽച്ചക്രം. എന്ത് ചെയ്തിട്ടും ആ ചക്രത്തെ വാച്ചിന്റെ വയറിന്റെയുള്ളിൽ വീണ്ടും തുന്നിച്ചേർക്കാൻ എനിക്കായില്ല. സർജറി ഫെയിൽഡ്, പേഷ്യന്റ് ഡൈഡ് ! ആ വാച്ച്, വെറുമൊരു കാഴ്ചവസ്തുവായി മാറിയിരിക്കുന്നു. ഞാനാകെ തകർന്നുപോയി. ആരോടും ഒന്നും പറയാതെ, ഒന്നുമറിയാത്തത് പോലെ വാച്ചെടുത്ത് മുള്ളാണിയിൽ തൂക്കിയിട്ടു.

വീണ്ടും നിഴൽഘടികാരങ്ങളിലേക്ക് പോകാൻ മനസ്സനുവദിക്കുന്നില്ല. ഒരു വാച്ചിന്റെ ഉപയോഗവുമായി ശരിക്കും ഞാനിണങ്ങിപ്പോയിരിക്കുന്നു. ഒരു ക്ലോക്ക് വാങ്ങിക്കുന്നതിനെക്കുറിച്ച് രണ്ടും കല്പിച്ച് അച്ഛനോട്  ചോദിച്ചാലോ... എന്തെങ്കിലും വരട്ടെ, ചോദിക്കാൻ തന്നെ തീരുമാനിച്ചു.

"അച്ഛാ... ഞമ്മക്കൊരു ടൈംപീസോ ക്ലോക്കോ  വാങ്ങിക്കൂടേ... ഈട സമയം നോക്കാനൊന്നുമില്ല" അച്ഛൻ ചാരുകസേരയിലിരുന്ന് പത്രം വായിക്കുന്ന സമയത്ത്, പിന്നിലൂടെ പോയി, മുഖം നോക്കാതെ കാര്യമുണർത്തിച്ചു.

"ഇത് വരെ എങ്ങനെയാ നോക്കിയേ.. അതേപോലെ ഇനീം നോക്കിയാ മതി" പത്രത്തിൽ നിന്ന് മുഖമെടുക്കാതെ അച്ഛൻ മറുപടി പറഞ്ഞു. ഇനിയെന്ത് ചെയ്യാൻ? വീണ്ടും നിഴൽ ഘടികാരം സെറ്റ് ചെയ്യാനുള്ള ശ്രമം ആരംഭിച്ചു.

ഓണമൊക്കെ കഴിഞ്ഞ് ഒരു ശനിയാഴ്ച, ഞാനും അച്ഛനും റേഷൻ കടയിൽ പോയി തിരികെ വരുന്ന സമയത്ത്, അച്ഛന്റെ കൂടെ പഠിച്ചതും നമ്മുടെ അകന്ന ബന്ധുവുമായ വിജയേട്ടനെ വഴിക്ക് കണ്ടു. അദ്ദേഹത്തിന് അവിടെയൊരു ചിട്ടിക്കടയുണ്ട്. എന്തൊക്കെയോ ചിട്ടിപ്പരിപാടികളായിരുന്നു അദ്ദേഹത്തിന് ഉണ്ടായിരുന്നത്. വിജയേട്ടൻ വിളിച്ചിട്ട് ആ കടയിൽ ഞങ്ങൾ കയറി. ഞാൻ തലയിൽ നിന്ന് അരിസഞ്ചി താഴ്ത്തിവച്ച്, അച്ഛനിരുന്ന കസേരക്ക് പിന്നിലായി നിന്നു. ആ കടയിലാണെങ്കിൽ, കുറേ ടൈംപീസുകളും ബാറ്ററിയിൽ പ്രവർത്തിക്കുന്ന ക്ലോക്കുകളും അലമാരകളിൽ നിരത്തി വച്ചിട്ടുണ്ട്. അച്ഛനും വിജയേട്ടനും കുശലം പറച്ചിൽ തുടരുകയാണ്. അവരുടെ സംസാരത്തിനിടയിൽ ഞാൻ വെറുതേ ഉള്ളിൽ കയറി, ഓരോ ക്ലോക്കും തൊട്ടും തടവിയും നടന്നു.

"എന്താടാ... നിനക്കൊരു ക്ലോക്ക് വേണോ?.." വിജയേട്ടൻ ചോദിച്ചു. ഞാൻ അച്ഛനെ നോക്കി.

"ആടോ (ആ എടോ)... ഞാനും കുറേക്കാലായി വിചാരിക്കുന്നു ഒരു ടൈംപീസ് വേണോന്ന്.... ചെറിയ പൈശക്ക് വല്ലതൂണ്ടോ ?" അച്ഛൻ വിജയേട്ടനോട് പറഞ്ഞു. സത്യം തന്നെയാണോ അച്ഛനീ പറയുന്നത് എന്ന് എനിക്ക് സംശയം തോന്നിപ്പോയി.

"ഉള്ളേല് ഏറ്റവും ചെറിയ പൈസക്കുള്ളത് ഇതാണ്.... 110 ഉറുപ്പിക..." ഒരു Jayco Jayant എന്ന ദീർഘചതുരത്തിലുള്ള ഒരു ബ്രാൻഡ് ടൈംപീസെടുത്ത് വിജയേട്ടൻ പറഞ്ഞു.

"ഈല് കൊറഞ്ഞ പൈശക്കൊന്നൂല്ലേ..." വില കുറക്കാൻ അച്ഛനൊരു ശ്രമം നടത്തി. അപ്പഴേക്കും ഞാൻ ആ ടൈംപീസ് കൈയ്യിലെടുത്ത് പിടിച്ചിരുന്നു.

"ഇല്ല ബാലാ.... ബാക്കിയുള്ളെന് 150 ഉം 200 ഉം ഒക്കെയാവും.."  വിജയേട്ടൻ ഒട്ടും കാത്ത് നിൽക്കാതെ, ആ ടൈംപീസ് എന്റടുത്ത് നിന്ന് വാങ്ങി പൊതിഞ്ഞ് തന്നു. അച്ഛന് ഇനി വേറെ നിർവ്വാഹമൊന്നുമില്ല...

"എന്നാ ഞാനാ പൈശ നാളെയോ മറ്റോ എത്തിക്കാം... ഇപ്പോ കൈയിലില്ല..." അച്ഛൻ കീശയിലുള്ള ചില്ലറകൾ നോക്കിക്കൊണ്ട് പറഞ്ഞു.

"ഓ.. അതൊന്നും സാരല്യ... " ഒരു കച്ചവടം നടന്ന സന്തോഷത്തിൽ വിജയേട്ടൻ മൊഴിഞ്ഞു.

അങ്ങനെയാണ് എന്റെ വീട്ടിൽ ആദ്യമായി ഒരു ടൈംപീസെത്തുന്നത്. നിഴൽ ഘടികാരങ്ങൾക്ക് വീണ്ടും വിശ്രമം കൊടുത്തു. ലോകം ജയിച്ച സന്തോഷമായിരുന്നു എനിക്ക്. അതിന് വൈൻഡ് കൊടുക്കുന്ന ചുമതലയെക്കുറിച്ച് ഞാനും അനുജനും തമ്മിൽ ചില്ലറ കശപിശകൾ വീട്ടിൽ നടന്നു. എന്തായാലും ആ ടൈംപീസ് ഞങ്ങളുടെ വീട്ടിലെ ഒരു ആഡംബര വസ്തു തന്നെയായിരുന്നു. കെട്ടി നടക്കാൻ വാച്ചില്ലെങ്കിലും വീട്ടിൽ  ടൈംപീസുണ്ടല്ലോ!

ഞാൻ ഏഴാം ക്ലാസ്സിലെത്തിയപ്പോൾ, എന്റെ ഉഷളേമ്മയുടെ കല്യാണം കഴിഞ്ഞു. ബോംബെയിൽ ജോലിയുള്ള, ബെൽബോട്ടം പാന്റ്സിടുന്ന,  കൂളിംഗ് ഗ്ളാസ്സൊക്കെ ഇട്ട് നടക്കുന്ന ഒരു പരിഷ്‌കാരിയെയാണ് എളേമ്മ കല്യാണം കഴിച്ചത്. അന്നത്തെ രീതിയിൽ പരിഷ്കാരിയാണെങ്കിലും സ്നേഹമുള്ളയാളായിരുന്നു അദ്ദേഹം. കല്യാണം കഴിഞ്ഞതോടെ, എളേമ്മ ബോംബെയിലേക്ക് പോയി.

ഞാൻ പത്താം ക്ലാസ്സ് ജയിച്ച് കോളജിൽ പോകുന്ന സമയം. എളേമ്മയും എളേച്ഛനും നാട്ടിൽ അവധിക്ക് വന്നു. അവര് വീട്ടിൽ വിരുന്നിന് വന്നപ്പോൾ, എനിക്കൊരു കറുത്ത പട്ടയുള്ള quartz വാച്ച് സമ്മാനമായിത്തന്നു. പത്താം ക്‌ളാസ് ജയിക്കതിനേക്കാൾ സന്തോഷം, വാച്ച് കിട്ടിയതിലായിരുന്നു പിന്നെയെനിക്ക്! കൂട്ടത്തിൽ അച്ഛന്റെ അനുജത്തിയായ കമലാക്ഷി എളേമ്മ തന്ന 300 രൂപക്ക് ഒരു ചെറിയ റേഡിയോയും വാങ്ങി. അങ്ങനെ നോവീനോ ബാറ്ററിയുടെയും അപ്ട്രോൺ ടിവിയുടെയും പരസ്യങ്ങൾ എന്റെ വീട്ടിലും ഉയരാൻ തുടങ്ങി, സമയാസമയത്തിന് വാർത്തകളും. റേഡിയോ പ്രോഗ്രാം ചാർട്ടിനനുസ്സരിച്ച് സമയം പറയുന്നതിൽ അമ്മ കൂടുതൽ സാമർത്ഥ്യം കാണിച്ചു. റേഡിയോ വാങ്ങിച്ചതിന്റെ പേരിൽ അച്ഛനുണ്ടാക്കിയ പുകിൽ ചില്ലറയൊന്നുമായിരുന്നില്ല. ഇതൊന്നുമില്ലാതെ ജീവിക്കാൻ പറ്റില്ലേ എന്നും, ഇത്രയധികം ആഡംബരങ്ങൾ എന്തിനാണെന്നും പറഞ്ഞ് അച്ഛൻ കൂടുതൽക്കൂടുതൽ തുപ്പുന്ന ഒച്ചയുണ്ടാക്കി നടന്നു. എന്നിരുന്നാലും ഏതോ ഒരു തിരഞ്ഞെടുപ്പിന്റെ വേളയിൽ, ഓരോരുത്തരുടെയും ലൈവ് സ്കോർ എത്രയായെന്ന് അച്ഛൻ അറിയാതെ ചോദിച്ച് പോയപ്പോൾ, 'ഈ റേഡിയോയിൽ ഇലക്ഷൻ റിസൾട്ടില്ല' എന്ന് പറഞ്ഞ്, കുറച്ചെങ്കിലും തിരിച്ചടിച്ച് ഞാനും സമാധാനിച്ചു.

ഇളയമ്മ തന്ന വാച്ചും കെട്ടി പ്രീഡിഗ്രി ഒന്നാം വർഷം ഞെളിഞ്ഞ് നടക്കുന്ന സമയത്താണ്, ആ അബദ്ധം പിണഞ്ഞത്. ഒരു മഴയത്ത്, കോളജും വിട്ട് വരുന്ന വഴി, വീട്ടിലേക്കുള്ള കുത്തനെയുള്ള പൗരാണികമായ കൽപ്പടവുകൾ ഓടിക്കയറുമ്പോൾ, ഞാൻ വഴുതി വീണു. എന്റെ കൈമുട്ടുകളിലും കാലുകളിലും ചില്ലറ പരിക്കുകൾ പറ്റിയെങ്കിലും, ഹൃദയവേദനയുണ്ടായത്, എന്റെ കൈയ്യിൽ കെട്ടിയിരുന്ന വാച്ച് കല്പടവുകളിൽക്കൊണ്ട് പൊട്ടിപ്പോയതാണ്. റിപ്പയർ ചെയ്യുക എന്നതൊന്നും ചിന്തിക്കാൻ പറ്റാത്ത കാലം. നാട്ടിലെല്ലാവർക്കും വാച്ചുള്ളപ്പോൾ, വാച്ച് കെട്ടി നടക്കുക എന്ന എന്റെ സ്വപ്നം വീണ്ടും നടവഴികളിൽ വീണുടഞ്ഞു!

അതിനിടയിൽ നമ്മുടെ Jayco jayant ടൈംപീസ് പണിമുടക്കം ആരംഭിച്ചിരുന്നു. ഞങ്ങളൊക്കെ ഒട്ടും ശ്രദ്ധിക്കാത്തത് കൊണ്ടും വളരെ നിരുത്തരവാദപരമായി പെരുമാറിയത് കൊണ്ടുമാണ് Jayco jayant പണിമുടക്കിയതെന്ന് അച്ഛൻ വിലപിച്ചു. ഞങ്ങൾക്ക് ഒരു സാധനവും സൂക്ഷിക്കാൻ അറിയില്ലെന്ന്, അച്ഛൻ അത്യുച്ചത്തിൽ പ്രഖ്യാപിച്ച് കഴിഞ്ഞു. മറക്കാതെ എല്ലാ ദിവസവും വൈൻഡ് ചെയ്തു വെക്കാറുണ്ടെന്നല്ലാതെ മറ്റൊന്നും ഞങ്ങൾ അതിനെ ചെയ്യാറുണ്ടായിരുന്നില്ല; രണ്ടാമത്തെ അനുജൻ സുമേഷ്, അതിനെയെടുത്ത് നോക്കുന്നതിനിടയിൽ താഴെ വീഴ്ത്തും വരെ. അച്ഛനങ്ങനെ കലിതുള്ളിക്കൊണ്ടിരിക്കുമ്പോഴായിരുന്നു ദിനമ്മാവൻ എന്റെ അനുജന് കൊടുത്ത സൈക്കിളും ഉരുട്ടിക്കൊണ്ട് അനുജനും കൂടെയൊരാളും വന്നത്. അനുജന്റെ സൈക്കിൾ വന്നയാളുടെ ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ചതത്രെ. അനുജന് തോളെല്ലിന് പരിക്കുമുണ്ട്. കാര്യമറിഞ്ഞയുടനെ, അച്ഛൻ അനുജന്റെ കരണക്കുറ്റിക്ക് രണ്ട് പൊട്ടിച്ചു. അത് കണ്ടയുടനെ, പരാതികളൊന്നുമില്ലാതെ ഓട്ടോറിക്ഷക്കാരൻ പോയിക്കളഞ്ഞു. കലി അടങ്ങാത്ത അച്ഛൻ, 'ഇമ്മാതിരി സാധനങ്ങളൊന്നും ഈടെ വേണ്ടാന്ന് ഞാനന്നേ പറഞ്ഞതാ' എന്നും പറഞ്ഞ് സൈക്കിളെടുത്ത് വെള്ളം നിറഞ്ഞിരിക്കുന്ന ആഴമുള്ള വെട്ടുകല്ലിന്റെ കപ്പണക്കുഴിയിലേക്ക് എറിഞ്ഞു. അച്ഛന്റെ ദേഷ്യം കണ്ട്, ടൈംപീസിന്റെ കൂടെ ഞങ്ങളും എന്റെ നിഴൽ ഘടികാരങ്ങൾ പോലും സ്തംഭിച്ചത് പോലെ നിന്നുപോയി.

ഇതിനിടയിൽ പഴയ വീട് മാറ്റി പുതുക്കിപ്പണിയാൻ അച്ഛൻ തീരുമാനിച്ചു. വീടിന് പിന്നിലായിട്ടുള്ള ഓലമേഞ്ഞ വിറക് പുരയിലേക്ക് ഞങ്ങൾ താമസം മാറ്റി. മൂന്ന് കൊല്ലത്തോളം അതിനുള്ളിലായിരുന്നു ഞങ്ങൾ വസിച്ചത്.  സ്വന്തമായി കാശുണ്ടാക്കാത്തത് കാരണം, പുതിയ വീടിനെക്കുറിച്ച് അഭിപ്രായങ്ങളൊന്നും പറയാൻ ഞങ്ങൾക്ക് അവകാശങ്ങളുണ്ടായിരുന്നില്ല. ഇതിനിടയിൽ ഉഷളേമ്മ വീണ്ടും അത്ഭുതം കാട്ടി. ആ വർഷത്തെ അവധിക്ക് വരവിൽ, 'NIDO' കമ്പനിയുടെ പരസ്യം വച്ച ഒരു ക്വാർട്സ് ക്ലോക്ക് നമ്മുടെ വീട്ടിലേക്ക് കൊണ്ട് വന്നു. ഇടവേളകളിൽ നിഴൽ ഘടികാരങ്ങളിൽ  നോക്കാറുണ്ടായിരുന്നെങ്കിലും, NIDO വന്നപ്പോൾ, വീട്ടിലെ സമയം വീണ്ടും മുടങ്ങാതെ നടന്നുതുടങ്ങി! എന്നിരുന്നാലും ഒരു വാച്ച് കൈയ്യിൽ വേണം എന്ന ആഗ്രഹം ഉള്ളിൽ തുള്ളിക്കൊണ്ടിരുന്നു. അങ്ങനെയിരിക്കേ, 'പോയാലൊരു വാക്ക്, കിട്ടിയാലൊരാന' എന്ന പ്രശസ്ത വചനം ഉൾക്കൊണ്ട്, 'ഒരു വാച്ച് വാങ്ങിത്തരുമോ' എന്ന് അച്ഛനോട് ചോദിച്ചാലെന്താ എന്ന് മനസ്സ് വെറുതെ പറഞ്ഞു. അങ്ങനെ ചോദിക്കാൻ വേണ്ടി ഒരു മുഹൂർത്തം നോക്കി നടക്കുമ്പോഴാണ്, പറമ്പത്തുള്ള കാട്ട്കൂവക്കിഴങ്ങ് പൊരിക്കാൻ ഞങ്ങൾ ഒരു വൈകുന്നേരം ഇറങ്ങിയത്.

"നീയൊന്ന് പോയി സമയം നോക്കി വന്നാട്ടെ" കൂവ പൊരിക്കുന്നതിനിടയിൽ അച്ഛനെന്നോട്  പറഞ്ഞു.

"അച്ഛനെനിക്കൊരു വാച്ച് വാങ്ങിച്ചേര്വോ.." കിട്ടിയ ഗ്യാപ്പിൽ നല്ല മൂഡാണെന്ന് കരുതി ചോദിച്ചു.

"ഹഹ സ്വന്തം വാച്ചൊക്കെ..., സ്വന്തമായി പൈസയുണ്ടാക്കുമ്പോ വാങ്ങിയാ മതി... നീയിപ്പം പോയി സമയം നോക്കീട്ട് വാ..." പിന്നെയൊന്നും ചോദിക്കാൻ എനിക്ക് തോന്നിയില്ല.. തലയും താഴ്ത്തി, പോയി സമയം നോക്കി വരുക തന്നെ.

അങ്ങനയൊരു ദിവസം അച്ഛാച്ഛന്റെ വീട്ടിൽ പോയപ്പോഴാണ് അവിടത്തെ 'ബിഗ് ബെൻ' ടൈംപീസ് പണി മുടക്കിയതായി അച്ഛമ്മ പറഞ്ഞത്.  പഴയ വാച്ച് റിപ്പയർ പരിശീലനത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ട്, ബിഗ് ബെന്നിനെ ഞാൻ കണ്ണാടിക്കൂട്ടിൽ നിന്ന് താഴെയിറക്കി. നല്ല ഖനമുണ്ട്. ഇളയച്ഛന്റെ പട്ടാളപ്പെട്ടിയിൽ സാമാന്യം ചില്ലറ ഉപകരണങ്ങളൊക്കെയുണ്ട്. അതൊക്കെയെടുത്ത് ടൈംപീസ് തുറന്നു. വെളിച്ചെണ്ണ ഉപയോഗിക്കാൻ പാടില്ല എന്ന ആദ്യത്തെ പാഠം ഉൾക്കൊണ്ടത് കൊണ്ട് മെഷീൻ ഓയിൽ ഉപയോഗിക്കാമെന്ന് വച്ചു. വേറ്റുമ്മലിൽ പോയി മെഷീൻ ഓയിൽ വാങ്ങിക്കൊണ്ട് വന്ന്, കണ്ട ചക്രങ്ങളുടെ മേലൊക്കെ ഓയിലൊഴിച്ചു. വീണ്ടും വൈൻഡ് ചെയ്തപ്പോൾ ബിഗ് ബെന്നിന് ജീവൻ വച്ചു. വീണ്ടും അഭിമാനം തോന്നിയ നിമിഷങ്ങൾ. പക്ഷെ കുടുങ്ങിപ്പോയത്, തുറന്ന ബിഗ്‌ബെന്നിനെ വീണ്ടും അടക്കാൻ ശ്രമിക്കുമ്പോഴാണ്. എങ്ങനെ സ്ക്രൂ ചെയ്തിട്ടും രണ്ട് സ്‌ക്രൂകൾ ബാക്കി. ഗത്യന്തരമില്ലാതെ അവസാനം ബിഗ് ബെന്നിനെയും ബാക്കി വന്ന സ്‌ക്രൂകളും ചില്ലലമാരയിൽ വച്ച് ഞാൻ സ്ഥലം വിട്ടു.

ജീവിതം വീണ്ടും കയ്യിൽ ഘടികാരമില്ലാതെ മുന്നോട്ട് പോയി. മുന്നോട്ടുള്ള യാത്രയിൽ സമയം വീണ്ടും മോശമാകുന്നതിന്റെ ലക്ഷണങ്ങൾ കാണാൻ തുടങ്ങി. '22 വയസ്സ് കഴിഞ്ഞാൽ വീട്ടീന്ന് കഞ്ഞി കിട്ടില്ല' എന്ന അച്ഛന്റെ പ്രഖ്യാപിത മുദ്രാവാക്യം മനസ്സിൽ അലയടിക്കാൻ തുടങ്ങിയ സമയം. എനിക്ക് 22 വയസ്സായി എന്ന ബോധം തുടങ്ങിയത് മുതൽ മനസ്സിൽ ആധി  തുടങ്ങി. ഒടുവിൽ ഞാൻ നിശ്ചയിച്ചു, നാട് വിടുക തന്നെ, എന്റെ സമയം ഞാൻ തന്നെ തള്ളേണ്ടിയിരിക്കുന്നു.

1994 ജൂലൈ ആറിലെ സുപ്രഭാതത്തിൽ അച്ഛനോട് പറയാതെ, ബസ്സ് കയറി, ഞാൻ ബോംബെയിലേക്ക് നാട് കടന്നു. അച്ഛന്റെ ഒരു കസിന്റെ ഒറ്റമുറി വീട്ടിൽ അഭയം തേടി. എന്റെ പിന്നീടുള്ള ജീവിതവിജയങ്ങൾക്ക്  അടിത്തറ പാകാൻ കൂട്ട് നിന്നത് അച്ഛന്റെ കസിനായ ഉമേച്ചിയും അവരുടെ ഭർത്താവായ സുരേന്ദ്രേട്ടനുമായിരുന്നു. അവരുടെ നിർദ്ദേശപ്രകാരം,  ഞാനവിടെ എത്തിയിട്ടുണ്ടെന്നും പറഞ്ഞ് അച്ഛന് കത്തയച്ചു. അവിടെയുണ്ടായിരുന്ന കട്ടിലിനടിയിലായിരുന്നു എന്റെയുറക്കം. ബോംബെയിലെത്തിയ ശേഷമാണ്, എനിക്ക് തീരെ വിദ്യാഭ്യാസമില്ലെന്നും അന്യനാട്ടിൽ ജീവിക്കാനാവശ്യമായ ഒരു ഭാഷയും കൈവശമില്ലെന്നും മനസ്സിലാക്കിയത്. അതിജീവനത്തിന്റെ നാളുകളായിരുന്നു പിന്നെ. വെറും കയ്യോടെ വീട്ടിലേക്ക് തിരിച്ച് പോക്ക് അസാധ്യമാണെന്നതിനാൽ ജീവിക്കാൻ പല വേഷങ്ങളും കെട്ടി. ഒടുവിൽ 1000 രൂപാ ശമ്പളത്തിൽ, ഒരു കള്ളം പറച്ചിലിന്റെ ബലത്തിൽ എനിക്ക് ജോലികിട്ടി. അതോടെ ജീവിതം പഠിക്കാൻ വേണ്ടി, വാടകയ്ക്ക് താമസം മാറി. യഥാർത്ഥത്തിൽ എന്റെ ശരിയായ വിദ്യാഭ്യാസം തുടങ്ങുന്നത് ബോംബെയിൽ വച്ചാണ്!

ബോംബെ അതിനിടയിൽ മുംബൈ ആയി മാറി. അവിടെ സമയമറിഞ്ഞ് ജീവിക്കേണ്ടത് കൊണ്ട്, സ്വന്തമായി ഒരു വാച്ച് വാങ്ങിക്കാൻ തീരുമാനിച്ചു. ശമ്പളം കിട്ടി ആറ് മാസമായപ്പോൾ 1995 മാർച്ചിൽ ഞാൻ എന്റെ സ്വന്തം വാച്ച് മാട്ടുംഗ സ്റ്റേഷന് പിന്നിലെ TITAN കടയിൽ നിന്നും വാങ്ങിച്ചു. ഒരു TAITAN Classic. അച്ഛൻ പണ്ട് പറഞ്ഞിരുന്ന കാര്യം ഓർമ്മിച്ച് കൊണ്ടാണ് ആ വാച്ച് ഞാൻ ആദ്യമായി കൈയ്യിൽ അണിഞ്ഞത്. 1000 രൂപ ശമ്പളമുള്ള ഞാൻ 1500 രൂപയുടെ വച്ചായിരുന്നു വാങ്ങിയത്. പക്ഷേ ആരോടോ ഉള്ള വാശിക്കെന്നപോലെ അന്ന് മുതൽ, വാച്ച് തല തിരിച്ചാണ് ഞാൻ കെട്ടിയിരുന്നത്, അതും ആണുങ്ങൾ വാച്ച് കെട്ടാൻ പാടില്ല എന്ന് പറയപ്പെടുന്ന വലത് കൈയ്യിൽ! ബസ്സിലും തീവണ്ടിയിലും ഒക്കെ ഒരുമിച്ചിരിക്കുന്ന ആരെങ്കിലും, വാച്ച് തല തിരിച്ചാണ് ഞാൻ കെട്ടിയിരിക്കുന്നത് എന്ന് ചൂണ്ടിക്കാണിക്കുമ്പോൾ, ഞാൻ 'അതെ' എന്ന അർത്ഥത്തിൽ തലയാട്ടുന്നത്, അവരെന്നെ അത്ഭുതജീവിയെ നോക്കുന്നത് പോലെ നോക്കാൻ ഇടയാക്കി. പക്ഷേ, വാച്ച് തലതിരിച്ച് നോക്കുമ്പോൾ ഞാൻ നേരെയാണെന്ന തോന്നലാണ് എനിക്കുണ്ടായിരുന്നത് !

സ്വന്തമായി വാങ്ങിയ വാച്ച് കെട്ടി, വാച്ച് അതിന്റേതായ താളത്തിൽ  നടക്കാൻ തുടങ്ങിയപ്പോൾ, ജീവിതത്തിലെ താളക്രമങ്ങൾ താളത്തിലാക്കാനുള്ള ശ്രമം ഞാനും അനുസ്യൂതം തുടരുകയായിരുന്നു. ഇതിനിടയിൽ രണ്ടനുജന്മാർ പട്ടാളത്തിൽ കയറി. അവരുടെ ശ്രമഫലമായി 1999 അവസാനത്തിൽ വീട്ടിൽ ഇലക്ട്രിസിറ്റി വന്നു ചേർന്നു. അതിനോടനുബന്ധിച്ച് വീടിന്റെ കോലവും കുറച്ച് മാറി. വാഷിങ് മെഷീനും ടിവിയും ഫ്രിഡ്ജും വീട്ടിലെത്തി. വീട്ടിലെല്ലാവർക്കും ഒന്നോ അതിലധികമോ വാച്ചുകളുണ്ടായി. ആഡംബരങ്ങളെക്കുറിച്ച് അച്ഛൻ വീണ്ടും സംസാരിച്ച് കൊണ്ടിരുന്നു. പക്ഷേ, വിശ്രമ ജീവിതത്തിനിടയിൽ, ടീവിയിലെ ക്രിക്കറ്റ് കളിക്ക്, അച്ഛൻ അടിമപ്പെടുന്നതും ഞങ്ങൾ പിന്നീട് കണ്ടു. അച്ഛൻ പെൻഷനാകുമ്പോൾ കിട്ടിയ പണം കൊണ്ട് ഉണ്ടാക്കിയെടുത്ത റബ്ബർ തോട്ടത്തിലേക്ക് പോകുമ്പോൾ, അച്ഛനും വാച്ച് കെട്ടുന്ന അവസ്ഥ വരെയായി കാര്യങ്ങൾ!

ജീവിതം കരുപ്പിടിപ്പിക്കാനുള്ള ശ്രമങ്ങൾക്കിടയിൽ, എന്റെ സ്വന്തം താളമുൾക്കൊള്ളുന്ന വാച്ചും കെട്ടി, ഇറാൻ വഴി ഇംഗ്ലണ്ടും കടന്ന് 2004 ൽ ഞാൻ അമേരിക്കയിൽ എത്തി. വളർച്ചയുടെ പടവുകളിൽ, ഞാൻ നേരിട്ടിട്ടുള്ള എത്രയോ പരിഹാസങ്ങൾക്കും വിജയപരാജയങ്ങൾക്കും ആ വാച്ച് ദൃക്‌സാക്ഷിയായി. എന്നിട്ടും, പ്രായമേറെ ആയിട്ടോ, അഥവാ എന്റെ നോട്ടക്കുറവ് മൂലമോ, അല്ലെങ്കിൽ ഇത്രയും കാലം ആ വാച്ചിനെ തലതിരിച്ച് കെട്ടിയത് കൊണ്ടോ എന്നറിയില്ല, 2013 ൽ എന്റെ വാച്ച് ആദ്യമായി പണി മുടക്കി. ആവുന്നത്ര റിപ്പയർ ചെയ്യാൻ ശ്രമിച്ചിട്ടും, റിപ്പയർ ചെയ്യുന്നതിനേക്കാൾ നല്ലത്, വേറൊരു വാച്ച് വാങ്ങുന്നതാണെന്ന ഉപദേശങ്ങളാണ് എനിക്ക് കൂടുതലും കിട്ടിയത്.

ആ ഉപദേശങ്ങൾ ഞാൻ ശിരസാ സ്വീകരിച്ചു. ഇനി എത്ര ലക്ഷങ്ങളുടെ വാച്ച് തന്നെ ഭാവിയിൽ എനിക്ക് കൈവന്നാലും, ഈ വാച്ചിന് പകരം വെക്കാനാവില്ല എന്ന് ഞാൻ തിരിച്ചറിഞ്ഞ നിമിഷങ്ങൾ. അങ്ങനെ, എന്റെ ആദ്യത്തെ സ്വന്തം വാച്ചിന്, എന്റെ പെട്ടിയിൽ എക്കാലത്തേക്കുമായി ഞാൻ അന്ത്യവിശ്രമം ഒരുക്കി. ഇടക്കെങ്കിലും എടുത്ത് ഓർമ്മ പുതുക്കാലോ. അങ്ങനെയുള്ള ഒരോർമ്മ  പുതുക്കലിന്റെ ഭാഗമായി എടുത്ത് നോക്കിയപ്പോഴാണല്ലോ എനിക്കീ  ഘടികാരകഥ എഴുതാൻ തോന്നിയതും!

വാൽക്കഷണം: TITAN ന്റെ മരണസമയമാവുമ്പഴേക്കും സ്മാർട്ട് ഫോൺ കയ്യിൽ വന്നതിനാൽ  സമയക്രമപ്രശ്നങ്ങൾ എന്നെ അലട്ടിയിരുന്നില്ല. എന്നിരുന്നാലും പിന്നെയൊരു വാച്ച് വാങ്ങില്ല എന്ന എന്റെ ശപഥം ഞാൻ തന്നെ തിരുത്തി. കൈയ്യിൽ സ്ഥിരമായി കെട്ടി നടക്കാനല്ലെങ്കിലും, അധിക ദിവസവും പുറത്ത് ഓടുന്ന ശീലമുള്ളതിനാൽ,  ദീർഘയോട്ടങ്ങളിൽ സമയവും, ഓടിയ ദൂരവും, ഓടിയ പാതയും, ഓട്ടത്തിന്റെ വേഗതയും ഒക്കെ അടയാളപ്പെടുത്തുന്ന ഒരു സ്മാർട്ട് വാച്ച്, Garmin Vivoactive HR, ഞാൻ വാങ്ങിച്ചു. ആ വാച്ച്, പട്ടപൊട്ടി നഷ്ടപ്പെട്ടതോട് കൂടി, ഞാൻ വീണ്ടും വാച്ചില്ലാത്തവനായി. എന്തായിരുന്നാലും TITAN നോട് ഉണ്ടായിരുന്നത് പോലുള്ള ബന്ധം വേറൊരു വാച്ചിനോടും എനിക്കുണ്ടായിരുന്നില്ല, ഉണ്ടാവുകയുമില്ല. ഇപ്പോൾ  സമയങ്ങളറിയാൻ, സ്മാർട്ട് ഫോൺ തന്നെ ശരണം!

***

6 അഭിപ്രായങ്ങൾ:

  1. Very nice presentation and heart touch feelings.. waiting for the next one.. happy to hear from you..

    മറുപടിഇല്ലാതാക്കൂ
  2. Facebook Comments:

    Jobin Kuruvilla Loved it Venu 👌
    Venugopalan Kokkodan Jobin Kuruvilla Thank you Jobin 🙏

    Anumol Jose ഗംഭീരം , വേണു 👌👌
    Venugopalan Kokkodan Anumol Jose, Thank you Anu 😊

    Deepu Jose Venu. Adipoli.. ee Watch kadha..valare ishtamayi..super writing..
    Venugopalan Kokkodan Deepu Jose Thank you Deepu🙏

    Sukhinesh Gopalan Venu good one. I remember this now as Manoj highlighted your watch wearing style during our Mumbay-Pune times. Also your onion cutting speed!!! 😃
    Keep going all the best.
    Hope things r fine at your end. Stay safe and take care.

    Venugopalan Kokkodan Sukhinesh Gopalan, Thank you Sukhinesh, olden golden memories... My onion cutting skills are highly misused by my beevi now a days!
    We are safe as of now. Being hopeful. Hope you and family are doing good and being safe during this Corona time.

    Jayapalan C കൊക്കോടന്റെ ഘടികാരങ്ങൾ വളരെ നന്നായി.
    Dilip Nambiar Jayapalan C ജയപാലേട്ടാ, പണ്ടു നമ്മുടെ വാനരസൈന്യം സ്‌കൂളിലേക്ക് പോകുമ്പോൾ സ്ഥിരം വഴിയിൽ കാണുന്ന ഒരാൾ ആണ് നിങ്ങൾ... പിന്നെ നമ്മുടെ പ്രസൂനെട്ടൻ, രമേച്ചി, അങ്ങിനെ കുറെ പേർ 😄
    Venugopalan Kokkodan Thank you Jayapalan etta 😊 Sorry to disclose some nick name for the write up... Just for the story!
    Jayapalan C That is essential to give life to the story. Congrats
    Jayapalan C Dilip Nambiar ആ സുന്ദര കാലം ഇനി തിരിച്ചു വരില്ല. നമുക്ക് ഓർമ്മിക്കാം എന്ന് മാത്രം
    Venugopalan Kokkodan Jayapalan C, അതെ, ആ ഓർമ്മകളെ, ഭാവിയിലാർക്കെങ്കിലും ഉപകാരപ്പെടുമെങ്കിൽ, എവിടെയെങ്കിലും അടയാളപ്പെടുത്താനുള്ള എന്നാലാവുംവിധമുള്ള എളിയ ശ്രമങ്ങളാണ് ഇതൊക്കെ...😊

    Dilip Nambiar വേണു വളരെ ഇഷ്ടായി... പല കഥാപാത്രങ്ങളും വളരെ അടുത്തറിയുന്നവർ. നല്ല ഒഴുക്കുള്ള എഴുത്തു 🙏
    Venugopalan Kokkodan Thank you Dilip etta. Just thought this way, I can disclose a life which is unknown to new generations!

    Devraj Balakrishnan Sarojini Super.... presentation... congratulations venu
    Venugopalan Kokkodan Devraj Thank you Deva!😊

    മറുപടിഇല്ലാതാക്കൂ
  3. Facebook Comments:

    Rameshan Eekalasery Wonderful imagination... Moandan enna name pande undayirunnu.."Perunthachan" le Thilakan chettane poale eppol kadukayariya padavarambiloode morning pathivayirunnu.
    Venugopalan Kokkodan Rameshan Eekalasery, അതിരാവിലെ എഴുന്നേറ്റ്, പൈക്കൾക്ക് വേണ്ടി കൂമ്പാളയും വീണു കിടക്കുന്ന ഓലകളും പഴുത്ത മാങ്ങകളും പെറുക്കാൻ പോകുന്ന പതിവിലിടക്കാണ് ഏറ് നമ്മുടെ നേരെ വരാറുണ്ടായിരുന്നത്😄

    Gemini Premkumar നന്നായിട്ടുണ്ട്. Our generation is the connection between old and new thing. When ever you describe your childhood, we too travelled to our childhood too. Myself and myfriend when we go to school, we used to measure the shadow to get the time, accordingly we walk slowly or speed up. There is almost 2 to 3 km walking to school.
    Venugopalan Kokkodan Gemini Premkumar Yes Gemini, we know few things, which the new generations can’t even imagine! The life we lived long back. So just writing few incidents categorized by a subject 😊 May be, if Malayalam won’t die, at least few can understand and learn about a life later! Thank you 🙏

    മറുപടിഇല്ലാതാക്കൂ
  4. Whatsapp Comments:
    Babu Nambiar: നന്നായിരുന്നു 👏👏.. പക്ഷെ ഉഷേച്ചി PG ആദ്യ വർഷമാ പഠിപ്പ് നിർത്തിയതെന്നാ ഇത് വരെ പറഞ്ഞെ.... ഇനി ഇപ്പൊ... 🤔 ഈയിടെ ആയി കാഞ്ഞിലേരി നിന്ന് കുറെ അധികം കാളുകൾ വേണുവിന് പോകുന്നുണ്ട് പോലും 🙆‍♂
    Venugopalan: ഉഷളേമ്മ, ബോംബെക്ക് പോയതിന്‌ ശേഷം സെന്റ് സേവിയേഴ്സിൽ നിന്നാണ് പിജി എടുത്തത് 😂

    Balagopalan: Nhan evide aayirunnu ee samayathokke ennu ippam alochikukayairunnu.
    Venugopalan: ഒരു മണക്കുന്ന കഥ ഭാവിയിൽ വന്നേക്കാം 😜

    Sithara: Nthu rasanu🥰🥰🥰👌🏻👌🏻

    Umadevi: Venu....... Ormakalilekku oru thirinju nottam. Assalayirikkunnu
    Venugopalanഎഴുതിയെഴുതി ബോംബെ കഥകളിലെത്താൻ ഞാനും കാത്തിരിക്കയാണ് 😊

    Ajith: മഞ്ഞങ്കര ക്ലോക്ക് "Master" ബ്രാൻഡ് ആണ്😊
    Venugopalan: ആണോ? ആ പേര് കൃത്യമായി ഓർമയുണ്ടായിരുന്നില്ല.. പെന്ഡുലത്തിന്റെ ആട്ടം കണ്ട് മയങ്ങിപ്പോയതാവാം 😊

    മറുപടിഇല്ലാതാക്കൂ