2020, ഏപ്രിൽ 10, വെള്ളിയാഴ്‌ച

സോംനാമ്പുലിസം


സോംനാംബുലിസം എന്ന ആംഗലേയ പദത്തെക്കുറിച്ചും സ്വപ്നാടനം എന്ന ആഡ്ഢ്യത്തമുള്ള മലയാള പദത്തെക്കുറിച്ചും ഞാൻ കേൾക്കുന്നത് വളരെ വൈകിയാണ്. പക്ഷേ ഉറക്കപ്പ്രാക്കിനെക്കുറിച്ച് ചെറുപ്പത്തിലേ അറിയാമായിരുന്നു.

എന്നേക്കാൾ ഏകദേശം 2 വയസ്സിന് ഇളയതാണ് നേരെ താഴെയുള്ള, ഞങ്ങൾ ബാലേന്ദ്രനെന്നും അച്ഛൻ ചന്ദ്രനെന്നും വിളിക്കുന്ന ബാലചന്ദ്രൻ. ചെറുപ്പത്തിലേ വയലിൽ നിന്ന് വാല്മാക്രികളെയും തവളകളെയും പിടിക്കുന്നതിൽ അവൻ ഉത്സാഹം കാണിച്ചിരുന്നു. ഈയ്യൊരു കാരണം  കൊണ്ട്, എല്ലാവർക്കും ഇരട്ടപ്പേര് ഇട്ട് രസിക്കുന്ന, അവന് താഴെയുള്ള അനുജൻ സുമേഷ്, ബാലേന്ദ്രന് നല്ലൊരു ഇരട്ടപ്പേര് ഇട്ടിരുന്നു. ആ ഇരട്ടപ്പേര്, പക്ഷേ ഞാനിവിടെ പറയുന്നില്ല!

സുമേഷിന്റെ വീട്ടിലെ വിക്രിയകൾ കാരണം, ഞാനും സുമേഷും സ്ഥിരം തല്ലായിരിക്കും. എന്തോ സുമേഷിന്, എന്നെ കണ്ടുകൂടായിരുന്നു. ഞാനില്ലാത്തപ്പോൾ, എന്റെ പുസ്തകങ്ങൾ താഴെ വലിച്ചിടുക, എന്റെ ഹോബിയായ സ്റ്റാമ്പ് കലക്ഷൻ ബുക്കും, കോയിൻ കലക്ഷൻ ബോക്സും കട്ടെടുക്കുക, ഞാൻ നട്ട ചെടികൾ പിഴുതെറിയുക, എന്റെ ചീരക്കൃഷിക്ക് മേലേക്കൂടെ പശുക്കുട്ടികളെ നടത്തുക എന്നതൊക്കെ അവന്റെ വിനോദമായിരുന്നു. സുമേഷിന്റെ ആറാം വയസ്സിൽത്തന്നെ ഇത്തരം വിക്രിയകൾ തുടങ്ങിയിരുന്നു. അവന്റെ വിക്രിയകൾ കാരണം പൊറുതിമുട്ടിയിരുന്ന ഞാൻ, അവനെ കാണുന്ന മാത്രയിൽ അടി കൊടുക്കും, അവൻ ഓടും, തിരിഞ്ഞ് നിന്ന് ചീത്ത വിളിക്കും.. ഞാൻ  പിന്നാലെ ഓടും, അവൻ ഒടുവിൽ നമ്മുടെ പറമ്പും കടന്ന് ഇടവഴി ഇറങ്ങിക്കയറി അപ്പുറത്തെ പറമ്പിൽ നിന്ന് വീണ്ടും എന്നെ വെല്ലുവിളിക്കും; 'വാടാ.. ഇനിക്ക് ധൈര്യമുണ്ടെങ്കിൽ വാടാ....', ഞാൻ കൈയ്യിൽ കിട്ടിയതെടുത്ത് അവനെ ഏറിയും... ഇത്തരത്തിൽ, ദേഷ്യവും വെറുപ്പും കൂടിക്കൂടി, ബന്ധങ്ങൾ പ്രതീകാത്മകമായി മുറിക്കുന്ന, വെറ്റില പകുത്ത് കീറൽ ചടങ്ങ് പോലും ഞാൻ നടത്തിയിരുന്നു! ഇങ്ങനെയുള്ള സ്ഥിരം  അടിപിടികളിൽ, എനിക്കെന്നും കൂട്ട് ബാലേന്ദ്രനായിരുന്നു. സൂത്രത്തിൽ സുമേഷിനെ പിടിച്ച് വച്ച് എനിക്ക് തല്ലാൻ തരുമായിരുന്നത് കൊണ്ട്, ബാലേന്ദ്രനോട് എനിക്കന്ന് പ്രത്യേക സ്നേഹമായിരുന്നു.

ഞാനും ബാലേന്ദ്രനുമാണ് ഒരുമിച്ച് പശുക്കളെ മേയ്ക്കാനും മറ്റും പോവുക. പൈക്കളെ മേക്കുന്നതിനിടയിൽ, പറമ്പിലിരുന്ന് ചെസ്സ് കളിക്കും. കളിയിൽ മുഴുകിയിരുന്ന് കളി തീരുമ്പഴേക്കും പശുക്കൾ വാഴയും തെങ്ങിൻ തൈകളും തിന്ന്, വൈകുന്നേരം അച്ഛന്റെ വക അടി കിട്ടിക്കുന്ന പരുവത്തിലാക്കും. അങ്ങനെ, ഞാനും ബാലേന്ദ്രനും കൂട്ടായും, സുമേഷ് ഒറ്റയാനായും വാഴുന്ന കാലം. ഏറ്റവും ഇളയവനായ മുരളിയെ ഞങ്ങളധികം ഗൗനിച്ചിട്ടുമില്ല.

ഞാനും ബാലേന്ദ്രനും അധികവും ഒരുമിച്ചായിരിക്കും. രാത്രി ഒരേ പായയിലാണ് ഞങ്ങൾ ഉറങ്ങുന്നത്. ഞാൻ ഏഴാം ക്ലാസ്സിൽ പഠിക്കുമ്പഴാണെന്ന് തോന്നുന്നു, രാത്രി ഞങ്ങളെല്ലാവരും ഉറങ്ങാൻ കിടന്നു. സമയം പാതിരാത്രി എപ്പഴോ ആയിക്കാണും. പെട്ടന്ന് എന്തൊക്കെയോ അപശബ്ദങ്ങൾ കേട്ട് ഞാൻ ഞെട്ടിയുണർന്നു. ശ്രദ്ധിച്ചപ്പോൾ ശബ്ദം വരുന്നത് എന്റെ പായയിൽ നിന്ന് തന്നെയാണ്. ബാലേന്ദ്രൻ എന്തൊക്കെയോ വിളിച്ച് പറയുന്നു... ഭാഷ എന്താണെന്നൊന്നും മനസ്സിലാകുന്നില്ല. പക്ഷേ ആരോടോ എന്തോ സംഭാഷണം നടക്കുന്നത് പോലെയാണ് ശബ്ദങ്ങൾ. താളമുണ്ടെങ്കിലും ഒന്നും വ്യക്തമല്ല, ഒരു മാതിരി, വെളിച്ചപ്പാടുകൾക്ക് വെളിപാട് കിട്ടിയാൽ പറയുന്നത് പോലെയൊക്കെയാണ് എനിക്ക് തോന്നിയത്. ഞാൻ അവനെ,  അവന്റെ പേര് വിളിച്ച്, തട്ടി നോക്കിയിട്ടും ഉരുട്ടി നോക്കിയിട്ടും അവൻ വെളിപാട് തുടർന്നു. എനിക്കാണെങ്കിൽ പേടിയായി. ഒടുവിൽ, നല്ല ശക്തിയിൽത്തന്നെ അവന്റെ ചന്തിക്ക് ഒരടി കൊടുത്തപ്പോഴാണ് സംഭവം നിന്നത്. നിന്നില്ലെങ്കിൽ പിന്നെ അച്ഛനെയോ അമ്മയെയോ വിളിക്കേണ്ടി വന്നേനെ. അച്ഛൻ ഉണർന്നാൽ, കൂടുതൽ തല്ലും ചിലപ്പോൾ കിട്ടിയേക്കാം !

രാവിലെ ഉണർന്നയുടനെത്തന്നെ അമ്മയോട് വിവരം പറഞ്ഞു. അപ്പഴാണ് മനസ്സിലായത്, അവനീ പ്രശ്നം തുടങ്ങിയിട്ട് കുറച്ചായി എന്ന്. അമ്മ അധിക രാത്രികളിലും കേൾക്കാറുണ്ടത്രേ.. ഞാൻ കേട്ടത് ആദ്യമായിട്ടാണെന്ന് മാത്രം. പതുക്കെപ്പതുക്കെ എല്ലാ രാത്രികളിലും ബാലേന്ദ്രന്റെ മേലുള്ള ബാധകയറ്റം തുടർക്കഥയായി. ഉറങ്ങിക്കഴിഞ്ഞ് ഏകദേശം രണ്ട് മൂന്ന് മണിക്കൂറെങ്കിലുമാകും ബാധയുടെ ഉറയൽ ആരംഭിക്കാൻ. സ്ഥിരം ശീലമായത് കൊണ്ട്, ഏകദേശം അതേ സമയത്ത്, ഞാനും കുറച്ച് നേരത്തേക്ക് ഉണരും. ബാധ പോയാൽ ഞാനും അവനും വീണ്ടും ഒരുമിച്ചുറങ്ങും. ഇതിങ്ങനെ തുടർന്ന് കൊണ്ടിരുന്നു.

ബാധകയറ്റം എല്ലാ രാത്രികളിലും തുടർച്ചയായപ്പോൾ, സ്ഥിരം കാണുന്നതും കേൾക്കുന്നതുമൊക്കെയായത് കൊണ്ട്, എനിക്കും അതിലുള്ള താല്പര്യം കുറഞ്ഞു വന്നു. അത് ബാലേന്ദ്രൻ മനസ്സിലാക്കിയത് കൊണ്ടോ എന്നറിയില്ല, ദിവസങ്ങളും ആഴ്ചകളും മാസങ്ങളും കഴിഞ്ഞ് ഞാൻ എട്ടാം ക്ലാസിൽ എത്തിയപ്പഴേക്കും, ബാധകയറുന്ന സമയത്ത്, അവൻ എഴുന്നേറ്റ് ഇരിക്കാനും പിന്നീട് പിറുപിറുത്ത് കൊണ്ട് നടക്കാനും തുടങ്ങി. അതിശയമാണല്ലോ എന്ന് കരുതി ഞാനും എഴുന്നേറ്റിരുന്നു. അമ്മയെ ആവശ്യമുണ്ടെങ്കിൽ മാത്രം വിളിച്ചാൽ മതിയല്ലോ. അവൻ നമ്മുടെ നീളമുള്ള 'ഐക്കക'ത്ത്' (പടിഞ്ഞിറ്റ വീടുകളിൽ, പടിഞ്ഞിറ്റക്ക് മുന്നിലുള്ള അകം) അങ്ങോട്ടുമിങ്ങോട്ടുമുള്ള  ഒരുതരം ഉറഞ്ഞ് നടത്തം.

എന്റെ വീട്ടിൽ, രാത്രി കിടക്കുന്നതിന് മുന്നേ ഒരു വിളക്ക് തിരി താഴ്ത്തി, കത്തിച്ച് വച്ചിരിക്കും. രാവിലെ തൂക്ക് വിളക്കിൽ ദീപം തെളിച്ചാലേ തിരി താഴ്ത്തിവെച്ച മണ്ണെണ്ണ വിളക്ക് അണക്കുകയുള്ളൂ. ഈ മണ്ണെണ്ണ വിളക്കിന്റെ അരണ്ട വെളിച്ചത്തിൽ എനിക്ക് ബാലേന്ദ്രന്റെ നടത്തം കാണാം. ആ അകത്തുള്ള വീതിയുള്ള ബെഞ്ചിലോ (ഞങ്ങളെ സംബന്ധിച്ചടുത്തോളം കട്ടിൽ തന്നെ) കട്ടിളപ്പടികളിലോ, മുകളിലേക്ക് കയറുന്ന ഗോവണിപ്പടികളിലോ ഒന്നും അവൻ തട്ടി വീണിരുന്നില്ല. പരിസരങ്ങളറിഞ്ഞുള്ള നടത്തം പോലെയാണെന്നേ തോന്നൂ. ആദ്യം കരുതി, അവൻ ഉറക്കമുണർന്ന് നടക്കുകയാണ് എന്ന്, പക്ഷേ സൂക്ഷിച്ച് നോക്കിയപ്പോഴാണ് ഈ ബാധ പറച്ചിലും നടത്തവും ഒക്കെ നടക്കുന്നത് അവന്റെ കണ്ണടച്ച് കൊണ്ടാണ്! ഞാൻ പേടിച്ച് പോയി... ഞാൻ പേടിച്ചലറി... "ബാലേന്ദ്രാ..."

ബാലേന്ദ്രൻ ഉടനെ കണ്ണ് തുറന്ന്... പേടിച്ചത് പോലെ എന്നെ നോക്കി.. പിന്നീട് ചുറ്റും നോക്കി.

"എന്താ.. എന്താ" ശബ്ദം കേട്ട്, അച്ഛനും അമ്മയും എന്ന് തെക്കേ അകത്തുള്ള  പത്തായത്തിന്റെ മുകളിൽ നിന്ന് ചോദിച്ചു.

"ബാലേന്ദ്രൻ എണീറ്റ് നടക്ക്വാ.." ഞാൻ പേടിച്ച പോലെ പറഞ്ഞു.
"ഓ.. " ഇതിലപ്പുറം അച്ഛൻ ഒന്നും പറഞ്ഞില്ല...
"ഓനോട്‌ കിടക്കാൻ പറ..." 'അമ്മ പറഞ്ഞു.

അപ്പഴേക്കും  ഒന്നും സംഭവിക്കാത്തത് പോലെ ബാലേന്ദ്രൻ വന്ന് കിടന്നിരുന്നു. എനിക്ക് പിന്നെ ഉറക്കം വന്നില്ല. പിറ്റേന്ന് അമ്മയോട് കാര്യങ്ങൾ പറഞ്ഞു.

"ഓ അതൊന്നും സാരോല്യ... ഇതൊക്കെ സാവധാനം മാറിക്കോളും..." അമ്മ പറഞ്ഞു.

ദിവസങ്ങൾ വീണ്ടും കഴിഞ്ഞു. അപ്പഴേക്കും രാത്രീലത്തെ ബാലേന്ദ്രന്റെ വെളിപാട് പിടിച്ചുള്ള നടത്തം, എനിക്കൊരു രസമുള്ള ഏർപ്പാടായി മാറിക്കഴിഞ്ഞിരുന്നു. പക്ഷേ, ദിവസങ്ങൾ പോകവേ, അവൻ മുൻ വാതിലിന്റെ മുകളിലത്തെ തഴുത് തള്ളി തുറക്കാൻ ശ്രമം നടത്തി. ഞാനുടനെത്തന്നെ പോയി അവനെ കുലുക്കി വിളിച്ചു കൊണ്ടുവന്ന് കിടത്തി. സംഭവം കാണാൻ രസം തന്നെ, പക്ഷേ ഇറങ്ങി, പുറത്തേക്ക് പോയാൽ പ്രശ്നമാകുമെന്ന് ഞാൻ പേടിച്ചു.

ഈ പ്രശ്നവും പിറ്റേന്ന് അമ്മയെ ബോധിപ്പിച്ചു. അമ്മക്ക് അതൊരു പ്രശ്‌നമായൊന്നും തോന്നിയില്ല. "നീയൊന്ന് ശ്രദ്ധിച്ചാ മാത്രം മതി" അത്രമാത്രം പറഞ്ഞു.

ഒൻപതാം ക്ളാസ്സിലൊക്കെയായ സമയത്ത്, എനിക്കാ ഗുഹ പോലെ ഇരുട്ട് പിടിച്ച, പഴയ വീട്ടിൽ ഉണ്ടായിരുന്ന പേടിയൊക്കെ കുറഞ്ഞിരുന്നു. ഒരു ദിവസം രാത്രി, ബാലേന്ദ്രൻ അവന്റെ പതിവ് നാടകം തുടങ്ങിയപ്പോൾ ഞാൻ തീരുമാനിച്ചു, ഇതെവിടുത്തോളം പോകുമെന്ന് നോക്കാം. പതിവ് പോലെ അവന് ബാധ കേറി. അവന് മാത്രം അറിയുന്ന ഭാഷയിൽ  പ്രവചനങ്ങൾ  തുടങ്ങി. എഴുന്നേറ്റ് നടത്തം തുടങ്ങി, കതക് തുറക്കാനുള്ള ശ്രമം നടത്തി, ഞാൻ തടഞ്ഞില്ല, ഒടുവിൽ അവൻ തഴുത് തള്ളിമാറ്റി കതക് തുറന്നു. ഞാനും അവന്റെ പിന്നാലെ കൂടി. നോക്കാലോ.. എവിടം വരെ പോകുമെന്ന്...

അവൻ വാതിൽ തുറന്ന് പുറത്തിറങ്ങി. പുറത്തേക്ക് സാകൂതം വീക്ഷിക്കുന്നത് പോലെ എനിക്ക് തോന്നി. നിലാവുണ്ടായിരുന്നത് ഭാഗ്യം, ഞാൻ ഒരു ഭാഗത്തൂടെ അവൻ കണ്ണ് തുറന്നിട്ടുണ്ടോ എന്ന് നോക്കി. ഇല്ല, കണ്ണ് തുറന്നിട്ടില്ല. കുറച്ച് നേരത്തെ നോട്ടത്തിന് ശേഷം, ഉമ്മറത്തുള്ള ബെഞ്ചിൽ കയറിക്കിടന്നു. കുറച്ച് നേരം നോക്കിയിട്ടും പിന്നെ അനക്കമൊന്നും കണ്ടില്ല. നോക്കിയപ്പോൾ ആൾ വീണ്ടും ഉറങ്ങിയിരിക്കുന്നു. അവനെ വിളിച്ചുണർത്തി വീണ്ടും ഉള്ളിൽ കൊണ്ടുപോയിക്കിടത്തി. എന്നിരുന്നാലും മനസ്സിൽ ചില സംശയങ്ങൾ നിലനിന്നു; ഇവനീ ചെയ്യുന്നതൊക്കെ അറിഞ്ഞു കൊണ്ടാണോ? നമ്മളെ പറ്റിക്കുകയാണോ?

വീണ്ടും ഈ പുതിയ വിവരം, ഞാൻ അമ്മയെ അറിയിച്ചു. അവിടെയാണ് അമ്മ ആദ്യമായി ഒന്ന് ചിന്താനിമഗ്നയായത്. ഞങ്ങൾ ചർച്ച നടത്തിക്കൊണ്ടിരിക്കേ അവന്റെ ഉരുട്ട് ചക്രവും ഉരുട്ടി ബാലേന്ദ്രൻ അവിടെ എത്തി. നടന്നുകൊണ്ടിരുന്ന സംഭാഷണം അമ്മ അവിടെ നിർത്തി. അവൻ വീണ്ടും ചക്രം ഉരുട്ടിപ്പോയപ്പോൾ, അമ്മ ഒരുപായം പറഞ്ഞു. ഞങ്ങൾ രാത്രി ഉറങ്ങാൻ കിടന്നാൽ, ബാലേന്ദ്രൻ കാണാതെ, ഞങ്ങൾ കിടക്കുന്ന പായയുടെ ദൂരത്തായി, മുഖ്യവാതിലിന്റെ താഴെയായി രണ്ടോ മൂന്നോ അലൂമിനിയം പാത്രങ്ങൾ നിരത്തി വെക്കാം. അവൻ അറിഞ്ഞാണ് ഇത് ചെയ്യുന്നതെങ്കിൽ, ഈ പാത്രങ്ങൾ കണ്ട് അതിലൊന്നും തട്ടാതെ വാതിൽ തുറക്കും... അല്ലെങ്കിൽ അവൻ ഈ പാത്രങ്ങളിൽ തട്ടി ഒച്ചയുണ്ടാകും. അപ്പോൾ ഉണരും. അമ്മയുടെ ഒരു ബുദ്ധി ! ഞാൻ അതിശയിച്ചു.

പിറ്റേ ദിവസം തന്നെ, ഞങ്ങൾ കിടന്ന ശേഷം, അമ്മ വാതിലിനടുത്തായി പാത്രങ്ങൾ വെച്ചു. ബാലേന്ദ്രൻ ഈ സംഭവം അറിഞ്ഞില്ല. പതിവ് പോലെ രാത്രി നാടകം തുടങ്ങി, ബാധ കേറി പിറുപിറുപ്പും ഉറയലും തുടങ്ങി, എഴുന്നേറ്റു നടക്കാൻ തുടങ്ങി... പതുക്കെ വാതിലിനടുത്തെത്തി... പിന്നീട് ആകെ ശബ്ദ കോലാഹലങ്ങളായിരുന്നു... പാത്രങ്ങളുടെ ഇടയിലൂടെ പശുക്കുട്ടി പാഞ്ഞത് പോലെ തോന്നി. ബാലേന്ദ്രൻ പാത്രങ്ങളിൽത്തട്ടി വീണു... പാത്രങ്ങൾ തെറിച്ചു.. അവൻ ഞെട്ടി എഴുന്നേറ്റു... ചുറ്റും നോക്കി.. അച്ഛനും അമ്മയും ഉണർന്നു...

"ആന്താഡോ ആ ഒച്ച..." അച്ഛൻ ചോദിച്ചു...
"അത് ബാലേന്ദ്രൻ വാതില് തൊറക്കുന്നേന് വെച്ച പാത്രത്തിന്റെ ഒച്ചയാ..."
"ഓ... " അച്ഛൻ പിന്നെ ഒന്നും പറഞ്ഞില്ല... അമ്മയും എഴുന്നേറ്റ് വന്നില്ല....ബാലേന്ദ്രൻ തിരിച്ച് വന്ന് കിടന്നു. അമ്മയുടെ ബുദ്ധിയെ ഞാൻ സമ്മതിച്ചു.  അതിന്റെ കൂടെ ഒരു കാര്യം കൂടെ മനസ്സിലായി.. ബാലേന്ദ്രൻ ശരിക്കും ഉറങ്ങിത്തന്നെയാണ് രാത്രി നടക്കുന്നത്. ഈ വിവരങ്ങൾ എങ്ങനെയോ സുമേഷിന്റെ ചെവിയിലുമെത്തി.

ഞാൻ പത്താം ക്ലാസിലൊക്കെ എത്തിയ സമയത്ത്, നാലാമനൊഴിച്ചുള്ള ഞാനടക്കമുള്ള മൂത്ത മൂന്ന് മക്കളെയും, പുലർച്ചെ ഏകദേശം അഞ്ച് മണിക്ക് ദിവസവും പഠിക്കാൻ എഴുന്നേല്പിക്കുമായിരുന്നു. ഞങ്ങൾ പഠിക്കുന്ന  സമയത്ത്, അമ്മ അടുക്കളപ്പണികളിലേക്കോ പശുവിനെ കറക്കാനുള്ള പരിപാടികളിലേക്കോ കടക്കും. സുമേഷും ബാലേന്ദ്രനും പുതപ്പൊക്കെ പുതച്ചാണ് പഠിക്കാനിരിക്കുക. അവർ ഉമ്മറത്തും, ഞാൻ ഉമ്മറത്തിന്റെ ഒരറ്റത്തുള്ള ഗുരുകാരണവ സങ്കല്പത്തിന്റെ മുന്നിലുള്ള മുറിയിലും. അങ്ങനെ, ഒരു ദിവസം പഠിക്കാനിരിക്കുമ്പോൾ, ഉറക്കത്തിൽ നടക്കുന്ന കാര്യം പറഞ്ഞ് സുമേഷ് ബാലേന്ദ്രനെ കളിയാക്കി. പഠിക്കുന്നതിനിടയിൽ കളിയാക്കൽ തുടർന്നപ്പോൾ, ബാലേന്ദ്രൻ സുമേഷിന് നല്ലോണം കൊടുത്തു. സുമേഷ് തിരിച്ചും. തമ്മിലടികൊണ്ടടികൊണ്ട് ഒടുവിൽ അവർ തന്നെ വേദി നിർത്തൽ പ്രഖ്യാപിച്ചു. പിന്നെ സുമേഷിന്റെ കണ്ണ് ബാലേന്ദ്രൻ ഉറങ്ങുന്നുണ്ടോ എന്നായിരുന്നു.. ബാലേന്ദ്രൻ ഉറങ്ങുമ്പോൾ സുമേഷ് അവന്റെ തലക്കിട്ട് കിഴുക്കും.. അതും മനസ്സിൽ വച്ച് ബാലേന്ദ്രനും ഇരിക്കും... സുമേഷും അറിയാതെ ഉറങ്ങിപ്പോകുമ്പോൾ ബാലേന്ദ്രൻ സുമേഷിനിട്ട് കിഴുക്കും... ചിലപ്പോൾ രണ്ട് പേരും ഒരുമിച്ച് ഉറക്കം തൂങ്ങുമ്പോൾ, ഇതൊക്കെ ദൂരെ നിന്ന് നോക്കി രസിക്കുന്ന ഞാൻ പോയി സുമേഷിനിട്ടൊന്ന് കൊടുക്കും, കാരണം അവനാണല്ലോ എന്റെ എതിരാളി!

ഞാൻ പ്രീഡിഗ്രിക്കൊക്കെ പഠിക്കുമ്പോഴേക്കും, എന്റെയും ബാലേന്ദ്രന്റെയും രാത്രി ഉറക്കം വീടിന്റെ ഉമ്മറത്തേക്ക് മാറ്റിയിരുന്നു. പുറത്ത് കിടന്നാലും രാവിലെ അമ്മ പഠിക്കാൻ വേണ്ടി വിളിച്ചെഴുന്നേല്പിക്കും. പുറത്ത് കിടക്കുന്നതിന് ഒന്നുരണ്ട് കാര്യങ്ങളുണ്ടായിരുന്നു. ഒന്നാമതായി,  പശുക്കൾക്കും കിടാവിനും ഒക്കെ ഒരു കാവലാകും. മറ്റൊന്ന്, പുലർച്ചെ തന്നെ തന്നെ എഴുന്നേറ്റ് ആളുകൾ താമസിക്കാത്ത ചുറ്റുമുള്ള മറ്റ് പറമ്പുകളിൽ വീണു കിടക്കുന്ന തെങ്ങോലകളും കമുകിൻ പട്ടകളും, കൂമ്പാളകളും മറ്റും പെറുക്കി, വെളിച്ചം വീഴുന്നതിന് മുന്നേതന്നെ വീട്ടിലെത്തിക്കുക എന്നതായിരുന്നു കാര്യം. ഈ പാള പെറുക്കാൻ പോകുന്നതിനിടയിൽ, അടക്കകളും മാങ്ങകളും, ചിലപ്പോൾ തേങ്ങയുമൊക്കെ കിട്ടിയെന്നിരിക്കും. ഇങ്ങനെ പുറത്ത് ഉറങ്ങാൻ കിടക്കുമ്പോൾ ഒരു നിബന്ധനയേ ഉണ്ടായിരുന്നുള്ളൂ... ബാലേന്ദ്രനെ ശ്രദ്ധിക്കണം. അവൻ എഴുന്നേറ്റ് പോകാനോ മറ്റോ ശ്രമിക്കുന്നുണ്ടെങ്കിൽ ഉടനെത്തന്നെ തടഞ്ഞ്, അവനെ വീണ്ടും കിടത്തണം. ബാധകയറൽ, ഒരു രാത്രിയിൽ, ഒരൊറ്റത്തവണ മാത്രമേ ഉണ്ടാകാറുള്ളൂ. ചുരുക്കം ചില ദിവസങ്ങളൊഴിച്ച്, മറ്റെല്ലാ ദിവസങ്ങളിലും ബാധകയറ്റം ഉണ്ടാകുമെങ്കിലും, ശ്വാനശ്രവണശക്തിയുള്ള ഞാൻ, അതൊക്കെ മുളയിലേ നുള്ളിക്കളയുന്നത് കൊണ്ട്, എല്ലാം ശുഭമായി നടന്നുകൊണ്ടിരുന്നു!

ഈയ്യൊരു സമയം, നമ്മുടെ പഴയ വീട് പുതുക്കിപ്പണിയാൻ തീരുമാനിച്ച സമയമാണ്. അതുകൊണ്ട് തന്നെ കുറേ മരപ്പലകകളും തുലാം പോലുള്ള ഉരുപ്പടികളും ആശാരിപ്പണിക്കായി ഉമ്മറത്ത് അട്ടിക്കട്ടിയായി വച്ചിട്ടുണ്ട്. ഒരു പ്രത്യേക രീതിയിൽ, കാൽമുട്ടുയരത്തിൽ, മരപ്പലകകളൊക്കെ അടുക്കി വച്ചത് കൊണ്ട്, ആ പാലകക്കൂട്ടത്തിന്മേൽ ഒരു കട്ടിലിലെന്നപോലെ ഒരാൾക്ക് സുഖമായി കിടക്കാം. ഈ പലകക്കൂട്ടത്തിന്റെ മേലെയാണ് ബാലേന്ദ്രന്റെ കിടപ്പ്. ഞാൻ വേറൊരു മൂലക്ക് തറയിൽ പായ വിരിച്ചും കിടക്കും. നല്ല നിലാവൊക്കെയുള്ള സമയമാണെങ്കിൽ പുറത്ത് കിടന്ന് ശാന്തമായ പ്രകൃതിയെ വീക്ഷിക്കുന്നത് ഒരു പ്രത്യേക സുഖമാണ്. കുറുക്കന്മാരും മുള്ളൻപന്നികളും മറ്റും യഥേഷ്ടം, ഒരു പേടിയുമില്ലാതെ ഇരതേടുന്നത് കാണാം. കുറുക്കന്മാരും കൂമനും കാലൻകോഴിയുമൊക്കെ ഈണത്തിൽ പാടുന്നത് കേൾക്കാം. വവ്വാലുകൾ താഴ്ന്ന് പറക്കുന്നത് കാണാം!

അങ്ങനെയുള്ളൊരു ദിവസം, ഞാനും ബാലേന്ദ്രനും പതിവ് പോലെ രാത്രി പഠിത്തത്തിനും അത്താഴത്തിനും ശേഷം ഉമ്മറത്ത് ഉറങ്ങാൻ കിടന്നു. സുമേഷിനും ഒരു ഇരട്ടപ്പേരൊക്കെ ഇടാൻ വേണ്ടി പരസ്പരം ചർച്ചയൊക്കെ ചെയ്ത് പതുക്കെപ്പതുക്കെ രണ്ട് പേരും ഉറക്കത്തിലേക്ക് വഴുതി വീണു. ബാലേന്ദ്രന്റെ ഉറക്കവെളിച്ചപ്പാടൊച്ചകൾ കേട്ടാണ് ഞാൻ വീണ്ടും ഉണർന്നത്. ഉറക്കത്തിലെ ആ ഉറഞ്ഞ് പറച്ചിൽ കേൾക്കുമ്പോൾ എനിക്ക് ചിരി വരും. അവന്റെ പ്രവചനങ്ങൾ കേട്ട് കൊണ്ട്, പുതപ്പിന്റെയുള്ളിൽ നിന്ന് ഊറിച്ചിരിച്ച് കൊണ്ട്, ഞാനങ്ങനെ കിടന്നു. അവനെ വിളിക്കാനൊന്നും പോയില്ല. അവൻ കിടന്ന് നിരങ്ങുന്നതിനനുസരിച്ച്,  കിടന്ന മരപ്പലകകൾ തമ്മിലുരഞ്ഞ്, അവന്റെ വെളിപാടിനൊത്ത സംഗീതവും ഉണ്ടാക്കുന്നുണ്ടായിരുന്നു. എന്തോ എന്നറിയില്ല, അന്നവന് കൂടുതൽ ശബ്ദമുള്ളത് പോലെ തോന്നി. ബാധക്ക് ശക്തി കൂടിയോ എന്ന് ഞാൻ സംശയിച്ചു. എന്നിട്ടും ഞാൻ എഴുന്നേറ്റില്ല. അവൻ എഴുന്നേൽക്കുകയാണെങ്കിൽ മാത്രം, വീണ്ടും പിടിച്ച് കിടത്താമെന്ന് കരുതി. അവൻ പറയുന്നതെന്തെങ്കിലും മനസ്സിലാകുമോ എന്ന ജിജ്ഞാസയുമായി അങ്ങനെ കിടന്നു.

പെട്ടന്നാണ് ആകപ്പാടെയൊരു ബഹളം ഉണ്ടായത്. ഞാൻ ഞെട്ടിയെഴുന്നേറ്റു. നോക്കുമ്പോൾ അട്ടിക്കട്ടിക്ക് വെച്ചിരുന്ന മരപ്പലകക്കട്ടിലിന്റെ ഒരു വശം മൊത്തത്തിൽ ഇളകി താഴെ വീണിരിക്കുന്നു. നോക്കിയപ്പോൾ ബാലേന്ദ്രനെ പലകക്കൂട്ടങ്ങളുടെ മേലെ കണ്ടില്ല. അവനെവിടെയെന്ന് നോക്കുമ്പോഴുണ്ട്, മുറ്റത്തിന്റെ നടുക്കായി ഒരു തുണിക്കെട്ട്, ബാലേന്ദ്രന്റെ പുതപ്പായിരുന്നു അത്, ആ പുതപ്പിനിള്ളിൽ ബാലേന്ദ്രൻ കിടന്ന് മോങ്ങുകയാണ്. പലകകളുടെ മേലെനിന്ന് ഉരുണ്ട് വീണ് ഉമ്മറത്തൂടെയുരുണ്ട് ഏകദേശം മുറ്റത്തിന്റെ പകുതിവരെ അവനെങ്ങനെയെത്തി എന്നതിനെക്കുറിച്ചാലോചിച്ച് എനിക്കൊരു പിടിയും കിട്ടിയില്ല.

അവന്റെ പലകകൾ വീഴുന്ന ശബ്ദങ്ങളും കരച്ചിലും ഒക്കെ കേട്ടയുടനെ തന്നെ, അമ്മയും അച്ഛനും എഴുന്നേറ്റ്, തിരി താഴ്ത്തി വച്ച മണ്ണെണ്ണ വിളക്ക്, കൂടുതൽ പ്രകാശിപ്പിച്ച് കൊണ്ട്, ധൃതിയിൽ, വാതിലും തുറന്ന്  പുറത്തേക്ക്  വന്നു. ഞാനും അമ്മയും കൂടി, ബാലേന്ദ്രനെ ഒരു വിധം പുതപ്പിനുള്ളിൽ നിന്ന് പുറത്തെടുത്തു. പുതപ്പിനുള്ളിൽ കെട്ടിയിട്ടത് പോലുള്ള അവസ്ഥയിലായിരുന്നു ബാലേന്ദ്രൻ. അവൻ, അവന്റെ ഇടത്തേ കൈ വലത് കൈ കൊണ്ട് താങ്ങിപ്പിടിച്ച് കൊണ്ട് കരയുകയാണ്. "കൈക്ക് വേദനയുണ്ടോ" എന്ന് അമ്മ ചോദിച്ചപ്പോൾ "ഹാ.." എന്ന് കരഞ്ഞു കൊണ്ട്, അവൻ മറുപടി പറഞ്ഞു. അവന്റെ കരച്ചിലും മറ്റും കണ്ടപ്പോൾ അച്ഛന് ദേഷ്യം വന്നു.

"പാതിരാക്ക് കരയല്ലടാ... വായ് പൂട്ട്... ഇവനെയൊന്നും പൊറത്ത് കെടത്തറ്ന്ന് ഞാൻ പണ്ടേ പറഞ്ഞതാ... ഒന്ന് വെച്ച് തന്നാല്ണ്ടല്ലോ.." അഴിഞ്ഞ് പോകാൻ പോയ മുണ്ട് മുറുക്കിക്കുത്തിക്കൊണ്ട്, അച്ഛൻ അവനെ അടിക്കാനോങ്ങി.
"വീണിറ്റ് കരേമ്പാണോ അടിക്ക്ന്ന്..." എന്നും ചോദിച്ചു കൊണ്ട് അമ്മ അച്ഛനെ തടഞ്ഞു. അമ്മ അവന്റെ കൈ തടവിക്കൊണ്ടിരുന്നു.

"രണ്ടും എനി അകത്ത് കെടന്നാ മതി..." അച്ഛൻ വീട്ടിനുള്ളിലേക്ക് നടന്നു.
"ഓന്റെ പുരികം പൊരി പോലെന്നെ.. എപ്പം നോക്കിയാലും.. അശ്രീകരം.." വീണ്ടും ഉറങ്ങാൻ കിടക്കുന്നതിനിടയിൽ അച്ഛൻ പറയുന്നത് കേട്ടു.

ബാലേന്ദ്രന്, സ്വന്തം കൺപുരികങ്ങളുടെ രോമങ്ങൾ പറിച്ചെടുക്കുന്ന ഒരു സ്വഭാവം ഉണ്ടായിരുന്നു. ഇടതൂർന്ന് കിടന്നിരുന്ന രോമങ്ങൾ, പൊരിച്ച് പൊരിച്ച്, വനനശീകരണം നടന്നത് പോലെയാണ് അവന്റെ പുരികങ്ങൾ  ഉണ്ടായിരുന്നത്. അവന്റെ പുരികം കാണുന്ന മാത്രയിൽത്തന്നെ അച്ഛന് അവനോട് ദേഷ്യം വരികയും പിടിച്ചടിക്കുകയും ചെയ്യുന്നത്, വീട്ടിലെ നിത്യസംഭവമായിരുന്നു. അസഹ്യമായ ചൊറിച്ചലായിരുന്നു, പുരികം പൊരിയുടെ കാരണമെന്ന് ഞങ്ങൾ പിന്നീട് മനസ്സിലാക്കിയെങ്കിലും, ഈ പുരികം പൊരി നടക്കുന്ന കാലത്ത്, അത് മനസ്സിലാക്കാനോ, അത് മനസ്സിലാക്കി ചികിൽസിക്കാനോ ആർക്കും സാധിച്ചില്ല. ചൊറിഞ്ഞിട്ടാണെന്ന് പറഞ്ഞിട്ടും, അത് വകവെക്കാതെ, അവൻ എന്തോ മനഃപൂർവ്വം ചെയ്യുകയാണെന്ന മുൻവിധിയിൽ, കാലം മുന്നോട്ട് പോയപ്പഴേക്കും, ബാലേന്ദ്രന്റെ കൺപുരികങ്ങളുടെ സമതലം, ഥാർ മരുഭൂമി പോലെയായി മാറിയിരുന്നു. ആ പുരികത്തിന്റെ കെറുവിലാണ് അച്ഛൻ കിടക്കുന്നതിനിടയിലും പിറുപിറുത്ത് കൊണ്ടിരുന്നത്.

"നാളെ പൊലന്നിട്ട് (പുലർന്നിട്ട്) നോക്കാം.." അമ്മ ബാലേന്ദ്രനേയും കൂട്ടി അകത്തേക്ക് കയറി. ഞാൻ എന്റെ പായയും പുതപ്പും ബാലേന്ദ്രന്റെ പുതപ്പും വിളക്കുമെടുത്ത് പിന്നാലെ അകത്തേക്ക് കയറി വാതിലടച്ച് കിടന്നു. കിടന്നപ്പോഴും ബാലേന്ദ്രൻ വേദനിച്ചിട്ടെന്നപോലെ ശബ്ദമുണ്ടാക്കാതെ കരയുന്നുണ്ടായിരുന്നു.

പിറ്റേന്ന് രാവിലെ എഴുന്നേറ്റപ്പോഴാണ് കാര്യത്തിന്റെ ഗൗരവം പിടികിട്ടിയത്. ബാലേന്ദ്രന്റെ ഇടത്  കൈമുട്ട് മുതൽ മുഷ്ടി വരെയുള്ള ഭാഗം, ഒരു മാതിരി നല്ല രീതിയിൽ വളഞ്ഞിരിക്കുന്നു. കൈക്കാണെങ്കിൽ നല്ല വീക്കവുമുണ്ട്. അമ്മക്ക് പേടിയായി, ബാലേന്ദ്രന് ഇടത്തെ കൈ അനക്കാൻ  പറ്റുന്നില്ല.

"ഓന്റെ എല്ല് പൊട്ടീന്നാ തോന്നുന്നേ..." അമ്മ അച്ഛനോട് പറഞ്ഞു.
"ഓരോരോ മാലാഹാരങ്ങള്... അല്ലെങ്കിൽ തന്നെ ഈ വീട്ടിലൊരു സ്വൈര്യം ന്ന് പറഞ്ഞത് ഇല്ല... എപ്പം നോക്കുമ്പോം ആസ്പത്രി തന്നെ ആസ്പത്രി... എന്താന്ന് വേണ്ടേന്ന് വെച്ചാ ചെയ്യ്..." എന്നെ ഉദ്ദേശിച്ചാണോ പറഞ്ഞതെന്ന് എനിക്ക് തോന്നി. കാരണം, എന്റെ അഞ്ചാം വയസ്സ് മുതൽ പതിനാറാം വയസ്സ് വരെ, ഞാനറിയാത്ത രോഗത്തിന്, അച്ഛനെ, മണിപ്പാൽ മുതൽ വെല്ലൂർ വരെയുള്ള  ആസ്പത്രികൾ ചുറ്റിച്ച്, വട്ടം കറക്കിയ ആളാണ് ഞാൻ. അച്ഛനാകെ കലിപ്പിലാണ്. അച്ഛനിങ്ങനെ വഴക്കിട്ട് നിൽക്കുമ്പോൾ അവിചാരിതമായി പെട്ടന്നൊരു ആരവം കേട്ടു.

"പെരാന്തൻ നായേ... പെരാന്തൻ നായേ..." നോക്കിയപ്പോൾ നമ്മുടെ വീടിന്റെ മുൻഭാഗത്തുള്ള ഇടവഴിയിലൂടെ, തെക്ക് ഭാഗത്ത് നിന്ന്, വയൽഭാഗത്തേക്ക്  വടികളും കുന്തങ്ങളുമായി ആളുകൾ ഓടുകയാണ്.. മുന്നിലായി ഒരു പട്ടിയും കിതച്ചു കൊണ്ടോടുന്നുണ്ട്.

"പെരാന്തൻ നായ് വെരുന്നുണ്ടേ.. ഓടിക്കോ ... മാറിക്കോ...." പട്ടിക്കാണോ പ്രാന്ത് അതോ ആളുകൾക്കാണോ എന്ന് ഞാൻ സംശയിച്ചു. ഒടുവിൽ ഓടിയോടി തളർന്ന പട്ടി, ഞങ്ങളുടെ വീട്ടുപറമ്പിന്റെ വടക്കുകിഴക്കേ മൂലയിലെ ഒരു ചെളിക്കുണ്ടിൽ മറിഞ്ഞു വീണു.. പട്ടി വീണതും അതിന്റെ മേലെ ആളുകളുടെ കുന്തങ്ങളും വടികളും വീണതും ഒരുമിച്ചായിരുന്നു. ഞങ്ങൾ ഓടിച്ചെന്ന്, വീട്ടുപറമ്പിന്റെ തിട്ട മേലെ നിന്ന് താഴേക്ക് നോക്കുമ്പഴേക്കും, പട്ടിയുടെ വായുടെ ചലനം ഒഴികെ ബാക്കിയെല്ലാം നിലച്ചിരുന്നു. 'ഞാനാണ് ആദ്യം പട്ടിയെ കണ്ടത്... ഞാനാണ് പട്ടിയെ ആദ്യം അടിച്ചത് തുടങ്ങിയ വീരവാദങ്ങൾ മുഴക്കിക്കൊണ്ട് പട്ടിയുടെ പിന്നാലെ ഓടിവന്ന ഒരോരുത്തരും വിജയശ്രീലാളിതരായി, ഓരോരോ തെങ്ങിൻ ചുവട്ടിൽ ചെന്ന് ബീഡികൾ കത്തിച്ച് കൊണ്ട് വിശ്രമിച്ചു. അക്കൂട്ടത്തിലൊരാൾ വീട്ടിൽ വന്ന്, കൈക്കോട്ടെടുത്ത് കൊണ്ടുപോയി പട്ടിയെ മറവ് ചെയ്യാനുള്ള ഏർപ്പാടുകൾ തുടങ്ങി.

ഭ്രാന്തൻ നായ കാരണമായുണ്ടായ ബഹളങ്ങൾ, നമ്മുടെ വീട്ടിലെ ബഹളങ്ങൾ കുറച്ചൊക്കെ ശമിപ്പിച്ചു. അധികം വൈകാതെ തന്നെ ബാലേന്ദ്രനെയും കൂട്ടി  തലശ്ശേരിയുള്ള ജോർജ്ജ് എന്ന അസ്ഥിരോഗവിദഗ്ദ്ധന്റെ വീട്ടിലേക്ക് അച്ഛൻ പോയി. തലശ്ശേരി ജനറൽ ആശുപത്രിയിലെ ഡോക്ടറാണ് ജോർജ്ജ്. ജോർജ്ജ് ഡോക്ടറുടെ അസിസ്റ്റന്റ് മാണിക്കോത്ത് രാഘവേട്ടൻ നമ്മുടെ ബന്ധുവാണ്. രാഘവേട്ടന്റെ ബലത്തിൽ, ഡോക്ടർ ബാലേന്ദ്രന്റെ കൈ പെട്ടന്ന് തന്നെ പരിശോധിച്ചു.

"കൈക്ക് പൊട്ടലുണ്ട്. ഒരു xray എടുക്കണം. ഒരു സർജറി എന്തായാലും വേണ്ടി വരും.. ബാക്കി xray കണ്ടിട്ട് പറയാം.. അഡ്മിറ്റ് ചെയ്തോളൂ.." ഡോക്ടർ പറഞ്ഞു.

ഡോക്ടറുടെ വീട്ടീന്ന് ബാലേന്ദ്രനെയും കൂട്ടി നേരെ xray എടുക്കാൻ പോയി. xray യുമെടുത്ത്, നേരെ അവനെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉച്ചക്കടുപ്പിച്ച് ഡോക്ടർ ആശുപത്രിയിൽ വന്നു. xray പരിശോധിച്ച് സർജറി ഉടനെത്തന്നെ ചെയ്തേ പറ്റൂ എന്നറിയിച്ചു. നാളെ ചെയ്യാം എന്ന് ഡോക്ടർ  പറഞ്ഞപ്പോൾ, രാഘവേട്ടന്റെ ശുപാർശയിൽ, ഓപ്പറേഷൻ അന്ന് വൈകുന്നേരത്തേക്ക് തന്നെ പുതുക്കി നിശ്ചയിച്ചു. അപ്പഴേക്കും വിവരം എങ്ങനെയോ അറിഞ്ഞ്, രാത്രിയിലേക്ക് ഭക്ഷണവും ഫ്‌ളാസ്‌കിൽ ചായയും ഒക്കെയായി മച്ചുനൻ വിന്വേട്ടൻ ആശുപത്രിയിൽ എത്തി.

അന്ന് വൈകുന്നേരം നാല് മണിക്ക് തന്നെ ഓപ്പറേഷൻ കഴിഞ്ഞു. ഓപ്പറേഷന് ശേഷം ബാലേന്ദ്രനെ സർജിക്കൽ വാർഡിലേക്ക് കൊണ്ടുവന്നു. വിന്വേട്ടനെ ആശുപത്രിയിൽ നിർത്തി അച്ഛൻ വീട്ടിലേക്ക് മടങ്ങി. എന്നോട്, ആശുപത്രിയിൽ പോയി ബാലേന്ദ്രന് രാത്രി കൂട്ടിരിക്കാൻ പറഞ്ഞു. എനിക്കാണെങ്കിൽ ബല്യ സന്തോഷം. ഒരു രാത്രി പട്ടണത്തിൽ എന്റെ സ്വാതന്ത്ര്യത്തിൽ ചിലവഴിക്കാലോ. രാത്രി വിന്വേട്ടനും കൂടെയുണ്ടെങ്കിൽ ഉഷാറാക്കാം. അവനും കൂടെയുണ്ടെങ്കിൽ ബാലേന്ദ്രനെ ആശുപത്രിയിൽ വിട്ട്, തലശ്ശേരി പട്ടണത്തിൽ ഒന്ന് കറങ്ങാമെന്നായിരുന്നു എന്റെ പരിപാടി. ഞാൻ കുറച്ച് ഭക്ഷണവുമായി തലശ്ശേരിക്ക് പുറപ്പെട്ടു. കൂട്ടത്തിൽ പ്രീഡിഗ്രിയുടെ AO Thomas ന്റെ വലിയ കെമിസ്ട്രി പുസ്തകവും. സമയം കിട്ടിയാൽ അടുത്തെത്തിയിരിക്കുന്ന പരീക്ഷക്ക് പഠിക്കുകേം ചെയ്യാം.  പക്ഷേ, ആശുപത്രിയിലെത്തിയപ്പോൾ മനസ്സിലായി, വിന്വേട്ടന് തിരിച്ച് വീട്ടിൽ പോകണം. അവൻ താമസിക്കുന്ന അച്ഛാച്ഛന്റെ വീട്ടിൽ, രാത്രിയൊരു ആൺതുണ അത്യാവശ്യമായതിനാൽ, അധികം വൈകുന്നതിന് മുന്നേ തന്നെ വിന്വേട്ടൻ തിരിച്ച് പോയി.

സർജിക്കൽ വാർഡിൽ ആകെ ബഹളമാണ്. രോഗികളുടെ ബാഹുല്യം മൂലം, കട്ടിലിൻ മേലും കട്ടിലിന്റെ താഴെയുമൊക്കെ ഓപ്പറേഷൻ കഴിഞ്ഞവർ കിടക്കുന്നുണ്ട്. ബാലേന്ദ്രന്റെ ഓപ്പറേഷൻ കൈയ്യിലായതിനാലും ഗുരുതരമല്ലാത്തതിനാലും താഴെയൊരു പായയിലാണ് അവന് സ്ഥലം നിശ്ചയിച്ചിരുന്നത്.

അത്താഴത്തിന് ശേഷം, ഒരൊമ്പതു മണിക്കടുപ്പിച്ച്, ബാലേന്ദ്രൻ അവന്റെ പായയിൽ കിടന്നു. വളരെ അപൂർവ്വമായി കിട്ടിയ ഒരു ഓറഞ്ച് അവനെ സന്തോഷിപ്പിച്ചെന്ന് തോന്നി. തലേ ദിവസം വീണ് കൈയ്യൊടിഞ്ഞ ശേഷം കാര്യമായി ഉറങ്ങിയിട്ടില്ലാത്തതിനാലോ, ബോധം കെടുത്താതെ, പച്ചക്ക് ഓപ്പറേഷൻ ചെയ്തതിനാലോ, അവൻ വളരെ ക്ഷീണിതനായിരുന്നു. പെട്ടന്ന് തന്നെ അവൻ ഉറങ്ങിപ്പോയി. എനിക്കാണെങ്കിൽ ഇഷ്ടം മാതിരി സമയം ബാക്കി കിടക്കുന്നു. എന്ത് ചെയ്യണം. പട്ടണത്തിലേക്കിറങ്ങിയാലോ... വേണ്ട... നേരം വൈകി കഴിഞ്ഞിരിക്കുന്നു. പിന്നെയെന്ത് ചെയ്യും? അപ്പഴാണ് എന്റെ കെമിസ്ട്രി പുസ്തകത്തെക്കുറിച്ചും അടുത്ത് തന്നെ വരാനിരിക്കുന്ന പരീക്ഷയെക്കുറിച്ചും ഓർത്തത്.

ഞാൻ പുസ്തകവുമെടുത്ത്, വാർഡിന്റെ ഒരു മൂലയിലുള്ള ബെഞ്ചിൽ പോയി ഇരുന്നു. ആളുകളൊക്കെ എന്നെയും എന്റെ ഊക്കൻ പുസ്തകത്തെയും നോക്കി. ഞാനെന്തോ IAS പരീക്ഷക്ക് പഠിക്കാനെന്ന ഭാവേന, വളരെ ഗൗരവം നടിച്ച്, ആരെയും ഗൗനിക്കാതെ ഇരുന്നു, എന്നിരുന്നാലും, മറ്റാരും അറിയാതെ ആളുകളെ ഞാൻ നിരീക്ഷിക്കുന്നുണ്ടായിരുന്നു. പ്രത്യേകിച്ച് കുറച്ചപ്പുറത്തുള്ള, കൗണ്ടറിലിരിക്കുന്ന നേഴ്‌സുമാരെ. എന്നെക്കാളും പ്രായമൊക്കെയുണ്ടെങ്കിലും യൂണിഫോമിൽ അവർ കൂടുതൽ  സുന്ദരികളായത് പോലെ തോന്നി. അതിനിടയിൽ ഒരു സുന്ദരിയായ നേഴ്സ് എന്റെയടുത്ത് വന്ന്, എന്ത് പഠിക്കുന്നു, എന്ത് ചെയ്യുന്നു, എന്നൊക്കെ ചോദിച്ച് കുശലം പറഞ്ഞപ്പോൾ, ഞാൻ കുറച്ച് കൂടി ഉന്മേഷവാനായി.

അങ്ങനെ നേഴ്സിനോട് കുശലം പറഞ്ഞിരിക്കവേ, ബാലേന്ദ്രൻ കിടന്നിരുന്നിടത്തേക്ക് വെറുതെയൊന്ന് നോക്കി. പക്ഷേ അവനെ, അവൻ കിടന്നിരുന്ന പായയിൽ കണ്ടില്ല. ബെഞ്ചിലിരുന്ന് കൊണ്ട് തന്നെ, വാർഡ് മൊത്തമൊന്ന് നിരീക്ഷിച്ചു. അപ്പോഴാണ് മനസ്സിലായത്, എന്നെപ്പോലെ ഉറങ്ങാതെയിരിക്കുന്ന രോഗികളും സഹായങ്ങൾക്ക് വന്നവരും, എന്തോ നിരീക്ഷിക്കുകയാണ്. സൂക്ഷിച്ച്, മറ്റുള്ളവർ നോക്കുന്ന ദിശയിലേക്ക് നോക്കിയപ്പോഴാണ് കാര്യങ്ങളുടെ കിടപ്പ് പിടികിട്ടിയത്.

മറ്റുള്ളവരെല്ലാം നോക്കുന്നത് എന്റെ അനിയനെയാണ്. അവൻ, കഴുത്തിൽ തൂങ്ങിക്കിടക്കുന്ന ഇടത്തേ കൈയ്യിലുള്ള വലിയ കെട്ടും തൂക്കി വെളിപാടുകൾ വിളമ്പി നടക്കുകയാണ്. അവന്റെ സംസ്‌കൃതം ആർക്കും മനസ്സിലാകുന്നില്ല. അവൻ വരിവരിയായുള്ള കട്ടിലുകളുടെ ഇടയിലുള്ള ഇടനാഴിയിലൂടെ, അങ്ങോട്ടുമിങ്ങോട്ടും 'ക്ജശ്ഖ്ഫിഡവിൽഫ ഹസ്ബക്ജകഫ്കഫ്' എന്നൊക്കെ പുലമ്പി കണ്ണുമടച്ച് ഉലാത്തുകയാണ്. ഞാൻ കൂട്ട് കിടക്കാൻ വന്ന രോഗി അവനാണെന്നും, അവൻ എന്റെ അനിയനാണെന്നും, എന്നോട് കുശലം പറഞ്ഞിരുന്ന നേഴ്സിനെയോ മറ്റുള്ളവരെയോ അറിയിക്കാൻ, കുറച്ച് നേരത്തേക്കെങ്കിലും, നാണം കൊണ്ട്, ഞാൻ മടിച്ച് കാണണം. എല്ലാവരും നോക്കുന്നത് പോലെ ഞാനും അവനെ നോക്കിയിരുന്നു. വേറെ ഏതോ രോഗി വിളിച്ചിട്ട്, എന്റെ കൂടെയുണ്ടായിരുന്ന നേഴ്സ് ബെഞ്ചിൽ നിന്നും എഴുന്നേറ്റ് പോയി.

അങ്ങനെയിരുന്ന് കൊണ്ട് അധിക നേരമായിക്കാണില്ല, ബാലേന്ദ്രൻ അവന്റെ ഉലാത്തലിന്റെ ദിശയൊന്ന് മാറ്റി. അവൻ കട്ടിലുകളുടെ ഇടയിലൂടെ നടക്കാൻ തുടങ്ങി. നടന്ന് നടന്ന്, അവൻ കിടന്നിരുന്ന അതേ നിരയിലുള്ള ഒരു കട്ടിലിന്റെ അടുത്തെത്തി നിന്നു. ആ കട്ടിലിൽ ഒരു വൃദ്ധൻ ഉറങ്ങുകയാണ്. ആ വൃദ്ധൻ, അദ്ദേഹത്തിൻറെ കണ്ണുകൾക്ക് ഓപ്പറേഷൻ കഴിഞ്ഞുള്ള കിടപ്പാണ്. കണ്ണുകൾ രണ്ടും വലിയ വണ്ണത്തിൽ കെട്ടി വച്ചിരിക്കുന്നതിനാൽ,വൃദ്ധൻ ഉറങ്ങുകയാണോ എന്നൊന്നും ശരിക്ക് മനസ്സിലാവില്ല. ബാലേന്ദ്രൻ, വൃദ്ധന്റെ അടുത്ത് ചെന്ന് എന്തൊക്കെയോ പുലമ്പുന്നുണ്ട്. മറ്റുള്ളവരൊക്കെ എന്തോ രാത്രി നാടകം കാണുമ്പോലെ താടിക്ക് കൈയ്യൊക്കെ കൊടുത്ത്, ഈ വെളിപാട് പര്യടനം, സാകൂതം നോക്കിക്കാണുകയാണ്.

"അത് നിന്റെ അനിയനല്ലേ...." എന്നോട് കുശലം പറഞ്ഞ നേഴ്സ്, അവരുടെ കൗണ്ടറിൽ നിന്ന് എന്നോട് നീട്ടി ചോദിച്ചു. ഞാനാകെ ചൂളിപ്പോയി. ആ നേഴ്‌സിന് ഞാനാരുടെ കൂടെയാണെന്നൊക്കെ നന്നായറിയാം! അപ്പഴേക്കും എത്രയോ കള്ളങ്ങൾ, ഞാനാ നേഴ്സിനോട് പൊങ്ങച്ചം പറഞ്ഞ് തള്ളിയിരുന്നു!

"ആ.. അതെ.." ഞാൻ തലയാട്ടിക്കൊണ്ട് പറഞ്ഞു.
"എന്നാ... ഓനെ പോയി പിടിച്ച് കെടത്തറോ.."
"ഇല്ല കൊഴപ്പോന്നും ഉണ്ടാവൂല്ല... ഓൻ പോയി കെടന്നോളും..." ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു.

കുറച്ച് നേരം പുലമ്പിയിട്ടും, ആ വൃദ്ധൻ ഒന്നും പ്രതികരിച്ചില്ല. അപ്പഴേക്കും അവൻ ആ വൃദ്ധനെ പുലമ്പിക്കൊണ്ട് തള്ളാൻ തുടങ്ങി. ഒരുവിധം നല്ല രീതിയിൽ തന്നെ തള്ളുന്നുണ്ട്. ആ തള്ളലിൽ വൃദ്ധൻ ഉണർന്നു. കണ്ണിന് ഓപ്പറേഷൻ ചെയ്തതിനാൽ '48 മണിക്കൂർ സമയം തല ഇളക്കരുത്' എന്ന് ഡോക്ടർ നിർദ്ദേശിച്ച് പോയ രോഗിയെ ആണ് എന്റെ അനുജൻ പിടിച്ച് കുലുക്കുന്നത്. ആ കാര്യം ആലോചിച്ചപ്പോൾ, മറ്റൊന്നും ആലോചിക്കാതെ കെമിസ്ട്രി പുസ്തകവും ബെഞ്ചിലിട്ട് ഞാൻ അനിയന്റെ അടുത്തേക്ക് ഓടി. ഇങ്ങനെ അധികം തുടർന്നാൽ മറ്റുള്ളവർ അവന്റെ മേലെ കൈ വെക്കുകയോ ഒച്ചവെക്കുകയോ മറ്റോ ചെയ്താലോ?

"എടാ ബാലേന്ദ്രാ... ഇതാസ്പത്രിയാണ്... നീയിങ്ങ് വാ... നിന്റെ പായീല് പോയി കിടക്ക്..." ഞാനോടിപ്പോയി അവനെ പേരെടുത്ത് വിളിച്ചുകൊണ്ട്, അവന്റെ വലത്തെ കൈയ്യിൽ പിടിച്ച് വലിച്ച്  പിന്തിരിപ്പിക്കാൻ ശ്രമിച്ചു. കൈക്ക് ഓപ്പറേഷൻ കഴിഞ്ഞത് കൊണ്ട്,  പിന്തിരിപ്പിക്കാൻ ശ്രമിക്കുമ്പോഴും അധികം ശക്തി പ്രയോഗിച്ചില്ല. ചില രോഗികളും കൂട്ടിരിപ്പുകാരും  ഉറങ്ങുന്നത് കൊണ്ട് അധികം ഒച്ചത്തിലും ശകാരിക്കാൻ ശ്രമിച്ചില്ല.

അതിനിടയിൽ തലയനക്കരുത് എന്ന് നിർദ്ദേശമുള്ള വൃദ്ധൻ അദ്ദേഹം കിടന്നിരുന്ന കട്ടിലിൽ നിന്ന്  കാലും പുറവും കുത്തി കട്ടിലിന്റെ ഒരു വശത്തേക്ക് നിരങ്ങാൻ തുടങ്ങി.

"ഓ മോനാണോ... ഞീ ഈടെ കെടന്നോ... " ആ വൃദ്ധൻ നിരങ്ങിക്കൊണ്ട് പറഞ്ഞു. അനുജനാണെങ്കിൽ, ആ കട്ടിലിൽ ആ വൃദ്ധന്റെ ഇടത് ഭാഗത്തായി, ഇടത് കയ്യും കുത്തി, കയറി കിടക്കുകയും ചെയ്തു.

എന്താണ് പ്രശ്നം എന്നൊക്കെ ഇതിനിടയിൽ മറ്റുള്ളവർ ചോദിക്കുന്നുണ്ട്. "ഇവന് ഒറക്കത്തിൽ നടക്കുന്ന ശീലോണ്ട്.." എന്ന് പറഞ്ഞപ്പോൾ ചിലയാളുകൾ മുഖം വിടർത്തിച്ചിരിച്ചും, മറ്റു ചിലയാളുകൾ കൈകൊണ്ട് വാ പൊത്തി പൊട്ടിച്ചിരിച്ചും ഞങ്ങളെ പരിഹസിക്കുന്ന രീതിയിൽ പ്രതികരിച്ചു. ഞാൻ ബാലേന്ദ്രനെ വീണ്ടും വിളിച്ചു. എനിക്ക് ദേഷ്യവും സങ്കടവുമൊക്കെ വരാൻ തുടങ്ങി. അവനാണെങ്കിൽ ഒരു കൂസലുമില്ലാതെ കിടക്കുകയാണ്. ഒടുവിൽ സഹികെട്ട്, ഞാനവന്റെ തുടയിലൊന്ന് പൊട്ടിച്ചു. ഉടനെ കണ്ണും മിഴിച്ച് അവൻ എഴുന്നേറ്റു. കണ്ണ് തുറന്ന്, പൊട്ടൻ നോക്കുന്നത് പോലെ ചുറ്റും നോക്കി...

"ഞീയിങ് വന്നാട്ടെ.... " അവന്റെ വലത് കയ്യും പിടിച്ച്, അവനെ കട്ടിലിൽ നിന്നും ഇറക്കി.

"ഇത് പിന്നെയാരാ... " അതുവരെയില്ലാതിരുന്ന ഒരു സംശയം, വൃദ്ധൻ കിടന്ന കിടപ്പിൽ ചോദിച്ചു. അദ്ദേഹത്തിന് കണ്ണ് കാണില്ലല്ലോ... കണ്ണും കെട്ടി കിടക്ക്വല്ലേ...

"ഇവൻ മൂന്ന് കട്ടിലിനപ്പുറത്തുള്ള ഒരാളാണ്.. അറിയാതെ കട്ടില് മാറി കിടന്ന് പോയതാണ്." ഞാൻ പറഞ്ഞു.

"ഞാൻ വിചാരിച്ച്... ഇതെന്റെ കൂടെ വന്ന ഷിനോജാന്ന്..." വൃദ്ധൻ കരുതിയത്, ആദ്ദേഹത്തിന്റെ സഹായത്തിന് വേണ്ടി വന്ന പയ്യനാണ് വിളിക്കുന്നത് എന്നും, അവന് താഴെ കിടക്കാൻ വയ്യാത്തത് കൊണ്ട്,  കട്ടിലിൻമേലെ കിടക്കാൻ വേണ്ടിയാണ് തള്ളിയതെന്നുമാണ്. ആ പയ്യനാണെങ്കിൽ താഴെ കൂർക്കം വലിച്ച് ഉറങ്ങുന്നുണ്ട്.

ഞാൻ ബാലേന്ദ്രനെയും വിളിച്ച് അവൻ കിടക്കേണ്ട സ്ഥലത്തേക്ക് നടന്നു. ഞാൻ അവന്റെ കൂടെ പായയിൽ ഇരുന്നു. അപ്പുറത്തും ഇപ്പുറത്തുമൊക്കെയുള്ള, നടക്കാൻ കഴിയുന്ന ഉറങ്ങാത്ത രോഗികളും, കൂട്ടിരിപ്പുകാരും നമ്മുടെ ചുറ്റും കൂടി നിന്നു. എന്താണ് സംഭവിച്ചതെന്നൊന്നും ഓർക്കാൻ നിൽക്കാതെ, അറിയാൻ നിൽക്കാതെ ബാലേന്ദ്രൻ വീണ്ടും വലത്തേ കൈ കുത്തി, പായയിൽ കിടന്നു.  അറിവില്ലാപ്പൈതൽ പോലെ, വളരെ നിസ്സംഗനായി കണ്ണുമടച്ച് ഉറക്കവും തുടങ്ങി. കൂടിനിൽക്കുന്ന ആളുകൾ എന്തൊക്കെയോ ചോദിച്ചെങ്കിലും ഞാൻ ഉത്തരമൊന്നും പറഞ്ഞില്ല. നാണക്കേടുണ്ടായത് പോലെ തോന്നി എനിക്ക് കരച്ചിൽ വന്നു. ഞാൻ തലയും താഴ്ത്തി ഇരുന്നപ്പോൾ, അരികത്ത് കൂടി നിന്നവർ, ഓരോരുത്തരായി പിരിഞ്ഞുപോയി. ഞാനും, അനിയന്റെ പായയിൽ ഒരു ഓരം പറ്റി കിടന്നു.

പിറ്റേന്ന്നേരം പുലർന്നപ്പോൾ, ഞാൻ പതുക്കെ കണ്ണ് തുറന്നു. നോക്കിയപ്പോൾ ബാലേന്ദ്രൻ എഴുന്നേറ്റ് പായയിൽ തന്നെ ചമ്രംപടിഞ്ഞ് ഇരിക്കുന്നുണ്ട്. എല്ലാവരുടെയും ഇടക്കിടക്കുള്ള നോട്ടം കണ്ട് അനിയന് സംശയം.

"ഇവരൊക്കെ  നമ്മളെയെന്തിനാ ഇങ്ങനെ നോക്കുന്ന്..?" ബാലേന്ദ്രനൊരു സംശയം. ആദ്യം ദേഷ്യം വർന്നെങ്കിലും, അവനോട് ചുരുങ്ങിയ വാക്കുകളിൽ ഞാൻ നടന്നതൊക്കെ ഇത്തിരി തമാശ കലർത്തി വിവരിച്ചു. അവനും എനിക്കും ചിരിയടക്കാനായില്ല. അവൻ, തല പൊക്കാതെ കണ്ണ് കൊണ്ട് ഇടവും വലവും നോക്കി കുലുങ്ങിക്കുലുങ്ങി ചിരിച്ചു. ഞാനും ചിരിക്കാൻ തുടങ്ങി.. പിന്നെയതൊരു പിടിവിട്ട ചിരിയായി മാറി. ആ ചിരി കേട്ട് ചുറ്റുമുള്ള രോഗികളും കിടപ്പുകാരും ചിരി തുടങ്ങി. ചിരിയോ ചിരി... സത്യം പറഞ്ഞാൽ കണ്ണുകളൊക്കെ നിറഞ്ഞ് കണ്ണ് കാണാത്ത അവസ്ഥ. സോംനാംബുലിസം കാരണം കൈ പൊട്ടി ചികിൽസ തേടി  വന്നയാൾ, ഓപ്പറേഷൻ ചെയ്ത് കൈ കെട്ടിത്തൂക്കിയിരിക്കുന്ന അവസ്ഥയിലും,  സോംനാംബുലിസത്തിന്റെ ശരിയായ അവസ്ഥ നാട്ടുകാർക്ക് കാണിച്ചു കൊടുത്തു എന്നത് ബാലേന്ദ്രന്റെ നേട്ടം തന്നെയായിരുന്നു!

വാലറ്റം: ബാലേന്ദ്രൻ കുലുക്കി വിളിച്ച, കണ്ണോപ്പറേഷൻ ചെയ്ത വൃദ്ധന്, തല ഇളകിയതിനാൽ, കണ്ണിനിട്ടിരുന്ന ബാൻഡേജ് മാറ്റി, വീണ്ടും eye muscle realignment വേണ്ടിവന്നെന്നാണ് അറിഞ്ഞത്. രണ്ട് ദിവസം ആശുപത്രിയിൽ കിടക്കേണ്ടതിന് പകരം നാല് ദിവസം കിടക്കേണ്ടി വന്നു എന്നും അറിഞ്ഞു.  ശുദ്ധരായ നമ്മുടെ നാടും നാട്ടുകാരൊക്കെയായതിനാൽ കേസും കുണ്ടാമണ്ടികളൊന്നും ഉണ്ടായില്ലെന്നത് നമ്മുടെ ഭാഗ്യം. പക്ഷേ, എന്തോ, ഈ സംഭവത്തിന് ശേഷം, അപൂർവ്വം സന്ദർഭങ്ങളിൽ വെളിച്ചപ്പാട് ശബ്ദങ്ങൾ കേൾക്കാറുണ്ടെങ്കിലും, എഴുന്നേറ്റ് നടക്കുന്ന സ്വഭാവം ബാലേന്ദ്രനിൽ  പിന്നീട് കണ്ടിട്ടില്ല. ബാലേന്ദ്രന്റെ കൈയ്യൊടിഞ്ഞ അതേ ദിവസം, പരലോകം പൂകിയ പിരന്താൻ നായ, ബാലേന്ദ്രന്റെ ഉറക്കപ്പിരാന്തും കൂടെ കൊണ്ടുപോയിക്കാണണം !

ആശുപത്രിയിൽ രണ്ടാമത്തെ ദിവസം, ബാലേന്ദ്രന് പായയിൽ നിന്ന് കട്ടിലിലോട്ട് പ്രമോഷൻ കിട്ടി. അന്നത്തെ ദിവസം, അവൻ വാഷ് റൂമിൽ പോയപ്പോൾ, അവന്റെ കട്ടിലിൽ കിടന്ന് പത്രം വായിച്ചിരുന്ന എന്നോട്, സിറിഞ്ചും സൂചിയും എടുത്ത് വന്ന ഒരു പുതിയ നേഴ്സ്, എന്റെ ചന്തിക്ക് ഇഞ്ചക്ഷൻ എടുക്കാൻ വേണ്ടി, തിരിഞ്ഞ് കിടക്കാൻ ആവശ്യപ്പെട്ടത്‌, ഇന്നും പേടിയോടെ മാത്രമേ ഓർക്കാനാവൂ. ഞാനല്ല പേഷ്യന്റ് എന്ന് അവരെ പറഞ്ഞ് മനസ്സിലാക്കാൻ, അടുത്തുള്ള കട്ടിലിലെ രോഗിയുടെ ശുപാർശ വേണ്ടിവന്നു എന്നുള്ളത്, അന്ന് ചിരിക്കാൻ കഴിഞ്ഞിരുന്നില്ലെങ്കിലും, ഇന്ന് രസകരമായ ഓർമ്മ തന്നെയാണ്.

വെറ്റില പകുത്ത് മുറിച്ചിട്ടും, ഞാനും സുമേഷും ഇന്ന് വളരെ നല്ല ബന്ധത്തിലുമാണ്! പക്ഷേ, കഴിഞ്ഞു പോയ കുട്ടിക്കാലം, ഓർമ്മകളുടെ പൂക്കാലമായിത്തന്നെ ഇന്നും തെളിഞ്ഞ് കിടക്കുന്നു.

***

3 അഭിപ്രായങ്ങൾ:

  1. Facebook Comments:

    Rameshan Eekalasery Excellent.., Pazsham Pori Poloru Purikam Pori.
    Venugopalan Kokkodan Rameshan Eekalasery, Thank you. By now, even, I lost almost all my eyebrows ! 😄

    Prasanth Karayi നന്നായിട്ടുണ്ട്..ഈ കഥാപാത്രങ്ങളെ എല്ലാം നന്നായിട്ട് അറിയുന്നത് കൊണ്ട് വായന നല്ലൊരു അനുഭവം ആയി.ബാലചന്ദ്രൻ ഉച്ചക്കുനി സ്കൂളിൽ ഒപ്പം പഠിച്ചതാണല്ലോ. എനിക്ക് ആ സമയത്തു അത്യാവശ്യം കളരി അറിയാമായിരുന്നു.സ്കൂളിൽ ചില ദിവസങ്ങളിൽ പായസം കൊടുക്കുന്ന ഏർപ്പാട് ഉണ്ട്.അന്ന് കുറെ സമയം കിട്ടും ഉച്ചക്ക് കളിക്കാൻ.ഞാനും ബാലചന്ദ്രനും ആയിരുന്നു മെയിൻ എതിരാളികൾ.അവിടെ ഉള്ള പുളിമരത്തിന്റെ ചുവട്ടിൽ ആയിരിക്കും അടിപിടി.പ്രോത്സാഹിപ്പിക്കാനും കൈ അടിക്കാനും സഹപാഠികളും കാണും.മണ്ണിൽ കിടന്നു ഉരുണ്ടു അടികൂടും.ഷർട്ടിനു ബട്ടൺ ഒന്നും കാണില്ല അപ്പോഴേക്കും..രാജൻ മാഷ് വരുമ്പോഴേക്കും എല്ലാവരും ഓടി മറയും..അടി ഞങ്ങൾക്ക് മാത്രം കിട്ടുകയും ചെയ്യും..
    Venugopalan Kokkodan Prasanth Karayi, 😃 നിങ്ങളുടെ രണ്ടുപേരുടെയും കടിപിടി എനിക്കറിയില്ലായിരുന്നു. പക്ഷേ, ഒരു ദിവസം സ്കൂളിന്റെ മുൻപീന്ന്, സനൂപ് പടിക്കലാട്ടിയും ബാലേന്ദ്രനും തമ്മിൽ കല്ലേറ് നടത്തിയപ്പോൾ സനൂപിന്റെ നെറ്റി മുറിഞ്ഞതും, സനൂപിനെ, ആശുപത്രീൽ കൊണ്ടുപോയി നെറ്റിക്ക് മരുന്ന് വച്ച ശേഷം, ഉല്ലാസൻ അദ്ദേഹം, സനൂപിനെയും കൂട്ടി പരാതി പറയാൻ വീട്ടിൽ വന്നതും, ഉല്ലാസൻ ചേട്ടന്റെ മുന്നീന്ന് തന്നെ അച്ഛൻ ബാലേന്ദ്രനെ വലിച്ചിട്ടടിച്ചതും, ആ അടി കണ്ട്, ഉല്ലാസൻ ചേട്ടൻ പരാതിയൊന്നുമില്ലാതെ തിരിച്ച് പോയതും ഞാൻ നന്നായി ഓർക്കുന്നു!


    Jobin Kuruvilla അടിപൊളി 👍 അന്നേ അടിപിടിയും കടിപിടിയും ആണല്ലേ? 😂
    Venugopalan Kokkodan Jobin Kuruvilla, കാർമേഘങ്ങൾ ചെറുപ്പത്തിൽത്തന്നെ ഉരുണ്ട് കൂടിയതിനാലാകാം, ഇന്ന് മഞ്ഞുരുകലിന്റെയും, മഴപെയ്യലിന്റെയും സുഖം അനുഭവപ്പെടുന്നത്... നേരെ മറിച്ചായിരുന്നെങ്കിൽ പെട്ടുപോയേനെ 😊
    Jobin Kuruvilla Amen to that 🙏

    Shaji Ck Super
    Venugopalan Kokkodan Shaji Ck,Thank you😊

    മറുപടിഇല്ലാതാക്കൂ
  2. Whatsapp Comments:

    Balagopalan: It will be interesting,if you prepare your autobiography. 👌😍
    Venugopalan: പെൻഷൻ ആയിട്ട് വേണം എഴുതാൻ 😄

    Sindhu: ബാധ കേറിയ ആളാണെന്ന് ആദ്യമേ പറഞ്ഞുണ്ടായിരുന്നോ?നടത്തം നിന്നിട്ടൊന്നുമില്ല ഞാൻ പിടിച്ചു വെക്കുന്നത് കൊണ്ടാണ്.
    Venugopalan: നീ കൂടെയില്ലാത്ത ഈ സമയത്ത്, ആരും പിടിച്ച് വെക്കാനില്ലാത്തത്‌ കൊണ്ട്, ബാലേന്ദ്രനിപ്പോ, ഗോവാ കടാപ്പുറത്തൂടെയായിരിക്കും നടക്കുന്നത് 😄
    പിന്നെ, 2003 ൽ ഇതിനെക്കുറിച്ച് പറയാതിരുന്നത്, നീ രാത്രി അവനെ പിടിച്ച് വെക്കും എന്ന ഉറപ്പുള്ളത് കൊണ്ട് തന്നെയായിരുന്നു.😜
    Sindhu: രാത്രി ഉറങ്ങിയാലല്ലേ എഴുന്നേറ്റ് നടക്കേണ്ട ആവശ്യം വരുന്നുള്ളു നൈറ്റ്‌ ഡ്യൂട്ടി അല്ലെ?

    മറുപടിഇല്ലാതാക്കൂ
  3. Facebook Comments:
    Reeja Rejith: ആശുപത്രിയിലെ ബാലചന്ദ്രന്റെ ലീലാവിലാസം വായിച്ചപ്പോൾ ശരിക്കും ചിരിച്ച് പോയി ...

    വായനക്കാരനെ ചിരിപ്പിക്കാനോ കരയിപ്പിക്കാനോ പറ്റിയാൽ അത് എഴുത്തുകാരന്റെ വിജയമാണെന്നതിൽ സംശയമില്ല

    Naaraayam: ആ ആശുപത്രി നാടകം... ഒരിക്കലും മറക്കാൻ പറ്റില്ല... ചില കയ്പുള്ള അനുഭവങ്ങൾ, കാലം കുറെ കഴിയുമ്പോഴാണ്, നെല്ലിക്ക പോലെ മധുരിക്കുന്നത് !

    മറുപടിഇല്ലാതാക്കൂ