2021, ജൂലൈ 14, ബുധനാഴ്‌ച

സ്‌കാം അലർട്ട്


മറ്റുള്ളവരുടെയും സ്വന്തം അനുഭവങ്ങളിൽ നിന്നും കുറേ പാഠങ്ങൾ പഠിച്ചിട്ടുണ്ടെന്നായിരുന്നു ഇതുവരെയുള്ള വിചാരം, അല്ല അഹംഭാവം തന്നെ ! പക്ഷേ, ഇന്നെനിക്ക്, എന്റെ ഓർമ്മയിലെ മൂന്നാമത്തെ അക്കിടി പറ്റിയിരിക്കുന്നു. ഇനിയും പറ്റിക്കപ്പെടാതെ, എന്റെ സ്വന്തം അഹംഭാവത്തിന് എന്തെങ്കിലും കുറവുണ്ടാകുമോ എന്ന് കാലം തന്നെ തെളിയിക്കേണ്ടിയിരിക്കുന്നു! 

പണ്ട് 1983 ൽ ആറാം ക്ലാസ്സിൽ പഠിക്കുമ്പോഴായിരുന്നു ആദ്യത്തെ സംഭവം. അച്ഛന്റെ കൂടെ, കാലങ്ങളായി നടക്കുന്ന ഒരു ഭിഷഗ്വരസന്ദർശനത്തിന് തലശ്ശേരി പട്ടണത്തിൽ പോയതായിരുന്നു. തിരിച്ച് വരുന്ന വഴിക്ക്, നാട്ടിലേക്ക് പോകാനുള്ള ബസ്സിൽ കയറിയിരുന്ന്, ബസ്സ് പുറപ്പെടാനായി കാത്തിരിക്കുമ്പോഴാണ്, ഏതോ ഒരുത്തൻ, എല്ലാവരുടെയും മടിയിൽ എന്തോ ലഘുലേഖ ഇട്ടോണ്ട് പോയത്. അക്കൂട്ടത്തിൽ എന്റെ അച്ഛന്റെ മടിയിലിരിക്കുന്ന എന്റെ മടിയിലും വീണു രണ്ടുമൂന്നെണ്ണം. 

സംഭാവനക്കോ അല്ലെങ്കിൽ പരസ്യങ്ങളോ മറ്റോ ആയിരിക്കാമെന്നാണ് ഞാൻ കരുതിയത്. തുറന്ന് നോക്കിയപ്പോൾ, അതൊരു കണക്കിലെ പ്രശ്നമായിരുന്നു. കൂട്ടണം (+) എന്ന രീതിയിൽ അടുക്കിവച്ചിരിക്കുന്ന കള്ളികളിൽ ചില അക്കങ്ങളിട്ട്, വലത്ത് നിന്ന് ഇടത്തോട്ടേക്കും, മുകളിൽ നിന്ന് താഴോട്ടേക്കും കൂട്ടിയാൽ പതിനഞ്ച് എന്ന ഒരു ഉത്തരം കിട്ടണം. ഉത്തരം കിട്ടിയാൽ അതിൽ പറയുന്ന മേൽവിലാസത്തിൽ, ഞങ്ങളുടെ മേൽവിലാസവും വച്ച് അയച്ചാൽ, അതിൽ നിന്ന് നറുക്കെടുക്കുന്ന ആദ്യത്തെ മൂന്നാളുകൾക്ക്, ഒരു റേഡിയോ ട്രാൻസിസ്റ്റർ സമ്മാനമായി കിട്ടും.  

സിംപിളാണ്. ബസ്സിൽ ഇരുന്നു കൊണ്ട് തന്നെ എനിക്ക് ഉത്തരം കിട്ടി. അച്ഛനോട് സംസാരിച്ച് ഉത്തരത്തിന്റെ ക്ലിപ്തത ഉറപ്പ് വരുത്തി. ഇത് അയച്ചോട്ടേ എന്ന് അച്ഛനോട് ചോദിച്ചപ്പോൾ, 'ശരി' എന്ന് അച്ഛൻ തലയാട്ടി. അച്ഛൻ തലയാട്ടിയാൽ മാത്രം പോരാ, അതയക്കാൻ പോസ്റ്റൽ കവർ വാങ്ങാനുള്ള പണം കൂടി വേണം.

അന്ന്, പതിനഞ്ച് പൈസയോ ഇരുപത്തഞ്ച് പൈസയോ മറ്റോ ആണ് ഒരു സ്റ്റാംപ്‌ഡ്‌ കവറിന്റെ വില. ആ പണം അച്ഛൻ എനിക്ക് തന്നു. അന്ന് വൈകുന്നേരം തന്നെ ഗുരുകാരണവന്മാരെയും മനസ്സിൽ ധ്യാനിച്ച്, ഒരു പോസ്റ്റൽ കവറിൽ, ന്യൂഡൽഹിയിലുള്ള മേൽവിലാസത്തിലേക്ക് എന്റെ ഉത്തരം അയച്ചു. 

എന്റെ വീട്ടിൽ ഒരു റേഡിയോ പോയിട്ട്, സമയം നോക്കാൻ ഒരുവാച്ച് പോലുമില്ലാത്ത കാലമാണ്. വൈദ്യുതി വിളക്ക് കാണണമെങ്കിൽ, ഒരു കിലോമീറ്റർ അകലെയുള്ള ആറാം മൈൽ ബസ്സ്റ്റോപ്പിനടുത്ത് പോകണം! അങ്ങനെയിരിക്കേ, ഒരു സംഖ്യാപ്രശ്നം പൂരിപ്പിച്ച്, ഓസിനൊരു റേഡിയോ കിട്ടിയാൽ മോശമാണോ?

അങ്ങനെ, എന്റെ കുഞ്ഞമ്മാമനായ ജയമ്മാമന്റെ കൈയ്യിലുള്ളത് പോലെ, ഒരു ഫിലിപ്സിന്റെ റേഡിയോവും സ്വപ്നം കണ്ടിരിക്കുമ്പോഴാണ് എനിക്കൊരു തപാൽ വരുന്നത്. സത്യം പറഞ്ഞാൽ, എനിക്ക് എന്റെ ജീവിതത്തിൽ ആദ്യമായി വന്ന തപാലായിരുന്നു അത്!

പോസ്റ്റുമാൻ ബാലേട്ടന്റെ കൈയ്യിൽ നിന്ന് ആ കവർ തട്ടിപ്പറിച്ചു. ന്യൂഡൽഹിയിൽ നിന്നാണ്. ആകാംക്ഷയായി. ഇംഗ്ലീഷിലാണ്. തുറന്ന് നോക്കി, തപ്പിപ്പിടിച്ച് വായിച്ചപ്പോൾ, അതിൽ പ്രഖ്യാപനമുണ്ട്. മുന്നേ അയച്ച സംഖ്യാപ്രശ്നത്തിൽ സമ്മാനമായി ഞാൻ റേഡിയോ നേടിയിരിക്കുന്നു! 

പിറ്റേന്ന് തരുവണത്തെരു സ്‌കൂളിൽ പോയ ഉടനെത്തന്നെ കൂട്ടുകാരോട് കാര്യങ്ങൾ വിശദീകരിച്ചു. എല്ലാവർക്കും അത്ഭുതം. എങ്ങനെയോ ഹെഡ്മാഷായ കുമാരൻ മാഷ് വിവരം അറിഞ്ഞു. സമ്മാനം കൈയ്യിൽ കിട്ടിയാൽ അറിയിക്കണമെന്നും, ആ കാര്യം സ്‌കൂൾ അസംബ്ലിയിൽ വച്ച് പറയാമെന്നും അദ്ദേഹം പറഞ്ഞപ്പോൾ, എനിക്ക് അന്നുണ്ടായിരുന്ന എല്ലാ രോമങ്ങളും എന്നോടുള്ള ബഹുമാനാർത്ഥം എഴുന്നേറ്റു നിന്നു.

അങ്ങനെ റേഡിയോ കാത്തിരിക്കുമ്പോഴാണ്, ഒരാഴ്ചക്കുള്ളിലായിത്തന്നെ വേറൊരു പോസ്റ്റൽ കവർ, എന്റെ പേരിൽ വന്നത്. അത് തുറന്നു നോക്കിയപ്പോഴാണ് എന്റെ നെറ്റിയിലെ ഞരമ്പുകൾ വലിഞ്ഞ് മുറുകിയതും, ചുണ്ടുകൾ വരണ്ട് പോയതും. എന്റെ സമ്മാനം, ടേപ് റെക്കോർഡറോട് കൂടിയ ഫിലിപ്സ് റേഡിയോ ആക്കി ഉയർത്തിയെന്നും, അതിന്റെ വില ആയിരത്തഞ്ഞൂറ് രൂപാ ആയത് കൊണ്ട്, വളരെ ചെറിയ തുകയായ നൂറ്റമ്പത് രൂപ മണി ഓർഡറായി ഞാനവർക്ക് അയച്ച് കൊടുത്താലേ, എനിക്കെന്റെ സമ്മാനം കിട്ടുകയുള്ളൂ എന്നായിരുന്നു അതിന്റെ ഉള്ളടക്കം.

നൂറ്റമ്പത് രൂപ, അന്ന് വലിയ സംഖ്യ ആണ്. എന്നാലും ഞാൻ അച്ഛനോട് ഒരു നൂറ്റമ്പത് രൂപക്ക് ചോദിച്ചു. 'അതൊക്കെ തട്ടിപ്പായിരിക്കും... ഇങ്ങനെ എല്ലാവരോടും ചോദിച്ചിരിക്കും... ഇങ്ങനെ പതിനായിരം പേർ നൂറ്റമ്പത് വച്ച് അയച്ചാൽ അവർക്ക് എത്രരൂപ കിട്ടും?... എന്താലായാലും പണം കൊടുത്തിട്ട് സമ്മാനം വാങ്ങിക്കണ്ട ' എന്ന ലളിതമായ ഉത്തരമായിരുന്നു എനിക്ക് കിട്ടിയത്. 'മൂന്ന് പേർക്കല്ലേ സമ്മാനം കിട്ടിയുള്ളൂ' എന്ന എന്റെ ചോദ്യത്തിന് 'അങ്ങനെയായിരിക്കും അവരെല്ലാവരോടും പറഞ്ഞിട്ടുണ്ടാവുക'  എന്ന് പറഞ്ഞപ്പോഴും എനിക്ക് അവിശ്വസിക്കാൻ കഴിഞ്ഞില്ല. അമ്മയോടും, പിറ്റേന്ന് വീട്ടിൽ വന്ന ദിനമ്മാമനോടും ചോദിച്ചെങ്കിലും പണം കിട്ടിയില്ല. ഇത്രയും ഭംഗിയിൽ ഇംഗ്ലീഷിലും മറ്റും ഭംഗിയായി കുറെ കാര്യങ്ങൾ എഴുതിക്കൊണ്ട് തട്ടിപ്പ് നടത്തില്ലെന്ന് തന്നെയായിരുന്നു എന്റെ വിശ്വാസം. എന്തായാലും സ്‌കൂളിൽ നിന്ന്, കുമാരന്മാഷടക്കം പിന്നീടാരും സമ്മാനത്തെക്കുറിച്ച് ചോദിക്കാഞ്ഞത് കൊണ്ട്, സ്‌കൂളിൽ എന്റെ പേര് നാറിയില്ല!

കാലങ്ങൾ കുറേ കഴിഞ്ഞു. വിദ്യാഭ്യാസം വളരെ കൂടിപ്പോയി എന്ന ഒരു ഘട്ടത്തിൽ, വിവരം കൊണ്ട്, തല കുനിഞ്ഞ് പോകുമെന്ന ഒരു സന്ദർഭത്തിൽ മുംബൈയിലേക്ക് വണ്ടി കയറി. പല പല ജോലികളും ചെയ്ത് ഒടുവിൽ കമ്പ്യൂട്ടർ മേഖലയിലെത്തി. കൊല്ലം 1999. ജോലിയുടെ ഭാഗമായി ഇറാനിലെ ടെഹ്‌റാനിലായിരുന്നു. ഇന്റർനെറ്റൊക്കെ പതുക്കെ പൊങ്ങിവരുന്ന കാലം. എനിക്ക് ഇമെയിൽ ഐഡി ഉണ്ടായിട്ട് തന്നെ രണ്ട് വർഷം ആവുന്നതേയുള്ളൂ. ഇന്റർനെറ്റ് തട്ടിപ്പുകളൊക്കെ പിച്ചവെക്കുന്ന കാലം!

ഒരു ദിവസം ഇറാനിലെ ഓഫീസിലിരിക്കേ ഒരു രസകരമായ ഇമെയിൽ വന്നു. ഒമാനിലുള്ള ശ്രീനി എളേച്ഛനാണ്‌ അയച്ചിരിക്കുന്നത്. അതിൽ പണവുമായി ബന്ധപ്പെട്ടൊന്നും പറയുന്നില്ല. അതുകൊണ്ട് തന്നെ പേടിക്കാനൊന്നും ഇല്ലെന്നായി. കമ്പ്യൂട്ടറിലെ പ്രത്യേക സാങ്കേതികവിദ്യ ഉപയോഗിച്ച്, സ്വന്തം പടം എടുക്കാൻ വേണ്ട ചില നിർദ്ദേശങ്ങളായിരുന്നു അതിലുണ്ടായിരുന്നത്. പേര്, സ്ഥലം ഇമെയിൽ എന്നിവ കൊടുക്കണം. അത്രയേ ഉള്ളൂ. പിന്നെ കമ്പ്യൂട്ടർ മോണിറ്ററിന്റെ മുന്നിൽ പോസ് ചെയ്‌താൽ, അവസാനത്തെ സ്റ്റെപ്പിൽ സ്വന്തം ഫോട്ടോ കിട്ടും. 

എന്തായാലും സ്വന്തം ഫോട്ടോ എടുക്കാം എന്ന് നിശ്ചയിച്ചു. ഞാൻ കാര്യമായി എന്തോ ചെയ്യുന്നത് കണ്ട്, ജിജ്ഞാസ കൂടിയ എന്റെ സുഹൃത്ത് വസീമും എന്റെ കൂടെ കൂടിയപ്പോൾ, ഞങ്ങളുടെ ഒരുമിച്ചുള്ള പടം എടുക്കാമെന്നായി. ഒടുവിൽ അവസാനത്തെ സ്റ്റെപ്പിൽ ഞങ്ങൾ ഷർട്ടും കോളറും മുടിയും ഒക്കെ ശരിയാക്കി, നന്നായി കെട്ടിപ്പിടിച്ച് പോസ് ചെയ്ത്, സ്ക്രീനിലെ ഒരു ബട്ടൺ ക്ലിക്ക് ചെയ്തു. ഫോട്ടോ പതുക്കെ ലോഡായി വരുന്നേയുള്ളൂ. ആകാംക്ഷയോടെ കാത്തിരുന്ന ഞങ്ങൾക്ക് മുന്നിൽ പൊടുന്നനെ ഒരു ഫോട്ടോ പ്രത്യക്ഷപ്പെട്ടു. പക്ഷേ അത് ഞങ്ങളുടെ ഫോട്ടോയായിരുന്നില്ല, പകരം ഒരു ചിമ്പാൻസിയുടേതായിരുന്നു!

വസീം എന്നെ പൊട്ടനെന്ന് വിളിച്ചപ്പോൾ, പൊട്ടന്റെ കൂടെ കൂടിയ മരപ്പൊട്ടൻ എന്ന് ഞാനവനെ തിരിച്ച് വിളിച്ചെങ്കിലും ശ്രീനി എളേച്ഛനോട് എനിക്ക്  ദേഷ്യം തോന്നി. തമാശക്കാണെങ്കിലും എന്ത് ചെയ്യാൻ, പിണയേണ്ടത് പിണഞ്ഞു, മിണ്ടാതിരിക്കുക തന്നെ. സ്പാമിന്റെ ഗണത്തിൽ പെടുത്താൻ കഴിയില്ലെങ്കിലും പറ്റിക്കപ്പെട്ടു.

കാലം പിന്നെയും കഴിഞ്ഞു. കമ്പ്യൂട്ടർ മേഖലയിൽ വിപ്ലവങ്ങൾ ഉണ്ടായി. കൂടെ വൈറസുകളും സ്പാമുകളും മറ്റ് ഇന്റർനെറ്റ് തട്ടിപ്പുകളും കൂടിക്കൂടി വന്നു. എല്ലാ ഓഫീസുകളിലും ഫിഷിങിനെ (phishing) പ്പറ്റിയും സ്പാമിനെക്കുറിച്ചും(spam), മറ്റ് സെക്യൂരിറ്റി ഭീഷണികളെക്കുറിച്ചും വർഷാവർഷം ട്രെയിനിങ് കൊടുക്കാൻ തുടങ്ങി. ഞങ്ങളൊക്കെ കൂടുതൽ ബോധവാന്മാരായി. ഫിഷിങ്ങും സ്പാമുകളും എങ്ങനെ തിരിച്ചറിയാമെന്നും അവയെ എങ്ങനെ നേരിടണമെന്നും മറ്റും പഠിച്ച ഞങ്ങൾ, മറ്റുള്ളവരെയും ഉൽബോധിപ്പിക്കാൻ തുടങ്ങി.

കൊല്ലം, 2021 ആയി. എത്ര പഠിച്ചിട്ടും, ആർത്തിപൂണ്ട പലയാളുകളും പല പല തട്ടിപ്പുകളിലും അകപ്പെട്ട് അവരുടെ സമ്പത്ത് നഷ്ടപ്പെടുത്തി. പുളകം കൊള്ളേണ്ട വിദ്യാസമ്പന്നർ പോലും കെനിയക്കാരുടെ വക്രബുദ്ധിക്കകപ്പെട്ട് പുളഞ്ഞ് കളിച്ചു. വാട്സാപ്പിലും ഈമെയിലിലും ആരെങ്കിലും എന്തെങ്കിലും തരത്തിലുള്ള സ്പാമുകൾ ഫോർവാർഡ് ചെയ്‌താൽ, എന്നെപ്പോലെ അഭിമാനിച്ച് അഹങ്കരിച്ച ചിലർ, കുഴപ്പം ഉടനടി തിരിച്ചറിഞ്ഞ്, വാട്സാപ്പ് ഗ്രൂപ്പുകളിൽ വാണിങ് സന്ദേശങ്ങൾ അയച്ച്, മറ്റുള്ളവരെ ജാഗരൂകരാക്കി പുളകം കൊണ്ടു. അക്കിടി പറ്റിയവരെ കളിയാക്കിയും, അവർ കാണാതെ മറ്റുള്ളവരോട് അവരെക്കുറിച്ച് പറഞ്ഞ് ചിരിച്ചും സ്വയം അഹങ്കരിച്ചു.

ഞാനും ആ അഹംഭാവഗണത്തിലായിരുന്നു. എനിക്കൊന്നും ഇനി മേലിൽ അക്കിടി പറ്റില്ലെന്ന ധാരണ, മനസ്സിലും ബുദ്ധിയിലും ഉറച്ച് പോയിരുന്നു! ഇരുപത്തൊന്നോളം വർഷങ്ങൾ ഒന്നും സംഭവിച്ചില്ലല്ലോ. അങ്ങനെയിരിക്കെയാണ്, ഇന്നൊരു വാട്സ്ആപ് സന്ദേശം വന്നത്. കാണുമ്പോൾ തന്നെ മനസ്സിലായി തട്ടിപ്പായിരിക്കും. നമ്മുടെ യൂസഫലി സാഹിബിന്റെ ലുലു ഗ്രൂപ്പിന്റെ പ്രൊമോഷന്റെ രൂപത്തിലാണ് സംഭവം അവതരിച്ചിട്ടുള്ളത്. മറ്റുള്ളവർക്ക് ഫോർവാഡ് ചെയ്യുക, ഒൻപത് പെട്ടികളിൽ, മൂന്ന് പെട്ടികൾ തുറക്കുന്നതിൽ നിന്ന് ഏതിലെങ്കിലും സമ്മാനങ്ങൾ കിട്ടിയാൽ സ്വന്തം ഇമെയിലും മേൽവിലാസവും അറിയിച്ചാൽ, ആ സമ്മാനം വീട്ടിലെത്തും; അങ്ങനെയൊക്കെ ചെയ്യാനാനായിരുന്നു അതിലെ നിർദ്ദേശങ്ങൾ. 

സ്പാം, ഫിഷിങ് നിയമങ്ങൾക്കെതിരാണ് ഈ പറഞ്ഞതൊക്കെയും. അപ്പോൾ ഈ സംഭവം സ്പാം തന്നെ. പക്ഷേ ഇതെനിക്കയച്ചത് ഒരു PhD ക്കാരനാണ്. ബുദ്ധിമാനാണ്. സ്പാം, ഫിഷിങ് നിയമങ്ങൾ അറിയുന്നവനാണ്. അത്യാഗ്രഹം ഇല്ലാത്തവനാണ്. സിംപ്ലനാണ്. അങ്ങനെയാവുമ്പോൾ, അങ്ങനെയുള്ള ഒരാൾ ഇത്തരത്തിലൊന്ന് അയക്കുമ്പോൾ, അതിൽ സത്യമില്ലാതിരിക്കുമോ? ബേസിക്കലി, ഞാനും ചിലപ്പോൾ നമ്മളെല്ലാവരും, വെറുതെ കിട്ടുമ്പോൾ, 'വേണ്ട' എന്ന് പറയാത്തവരാണല്ലോ! എത്ര തന്നെ സന്യാസി ആയാലും, സ്പാം/ഫിഷിങ് സംഭവങ്ങൾ ബോധമണ്ഡലത്തിലുണ്ടെങ്കിലും, അത്യാഗ്രഹത്തിന്റെ കണിക, പണം നഷ്ടപ്പെടാതെ എന്തെങ്കിലും കിട്ടുമ്പോഴുണ്ടാകുന്ന ഒരു സന്തോഷം, നമ്മുടെ ഉള്ളിലുണ്ടാവാതിരിക്കുമോ? എന്തായാലും നിങ്ങളുടെ കാര്യം എനിക്കറിയില്ല, ഞാൻ അങ്ങനെയാണ്. അല്ലെങ്കിൽ കുറച്ച് നേരത്തേക്കെങ്കിലും അങ്ങനെ ആയിപ്പോയി. എനിക്ക് ഇത്തരം സന്ദർഭങ്ങളെ മറികടക്കാനുള്ള പവർ ഉണ്ടെന്നായിരുന്നു ധാരണയെങ്കിലും,  അത്യാഗ്രം ഒട്ടുമേ തീണ്ടിയിട്ടില്ലെന്നാണ് മനസ്സിലിരിപ്പെങ്കിലും, ആ PhD ക്കാരന്റെ തുറുപ്പിൽ ഞാൻ വീണുപോയി! അവന്റെ യുവത്വബുദ്ധിയിൽ വിശ്വസിക്കാതിരിക്കാൻ എനിക്കായില്ല.

ഞാനാ ലിങ്ക് തുറന്നു. അതിൽ സമ്മാനം കിട്ടിയ ആളുകളുടെ സന്ദേശങ്ങളൊക്കെയുണ്ട്. ആ സന്ദേശങ്ങളുടെയും PhD ക്കാരന്റെ മേന്മയുടെയും ബലത്തിൽ അടുത്ത ഘട്ടത്തിലേക്ക് കടന്നു. ഒമ്പത് പെട്ടികളിൽ മൂന്നെണ്ണം തുറക്കുക.ആദ്യത്തേത് തുറന്നപ്പോൾ കാലിയാണ്. രണ്ടാമത്തേത് തിരഞ്ഞെടുത്തത് തുറന്നപ്പോൾ, അതാ കിടക്കുന്നു, സമ്മാനം. ഒരു ബല്യ മൊബൈൽ ഫോൺ. മനസ്സിൽ ലഡ്ഡു പൊട്ടി. ഇനി, ഒന്നുകിൽ അഞ്ച് ഗ്രൂപ്പുകളിലേക്ക് , അല്ലെങ്കിൽ ഇരുപത് പേർക്ക് ഫോർവേഡ് ചെയ്യുക. അഞ്ച് ഗ്രൂപ്പ് സെലക്ട് ചെയ്തിട്ട് നോക്കിയപ്പോൾ അതിൽ പറയുന്നു, പോരാ എന്ന്. 

അവരുടെ കണക്കിൽ മുപ്പത് ശതമാനം മാത്രമേ ഫോർവാഡ് ആയിട്ടുള്ളുവത്രേ! മനസ്സിൽ ആദ്യത്തെ സംശയം പൊട്ടിവിടർന്നു. വീണ്ടും ഇരുപത് പേർക്ക് ഫോർവാഡ് ചെയ്യണം. അതിൽ രണ്ടുപേർക്ക് ഫോർവേഡ് ചെയ്യുമ്പഴേക്ക് തന്നെ സംശയം ബലപ്പെട്ടു. സംഭവം അവിടെക്കൊണ്ട് നിർത്തി. നേരെ പോയി അതുവരെ അയച്ച അഞ്ച് ഗ്രൂപ്പിലും രണ്ട് വ്യക്തികൾക്കും ഞാനയച്ചത് സ്പാം ആണെന്ന സന്ദേശം ഉടനെത്തന്നെ കൊടുത്തു. അപ്പഴേക്കും അതാ വരുന്നു എന്റെ ഇൻബോക്സിലേക്ക് സന്ദേശങ്ങൾ, അതേ സന്ദേശങ്ങൾ തന്നെ പല സുഹൃത്തുക്കളും അയച്ച് കളിക്കാൻ തുടങ്ങിയിരിക്കുന്നു (ഞാൻ എച്ച് കൊടുത്ത ആളുകളുടെ കൂട്ടത്തിൽ നിന്നല്ല). വേറെ എത്രയോ പേർ കുടുങ്ങിയിരിക്കുന്നു. (ഞാൻ കാരണം കുടുങ്ങിയ ഒരാളെ എനിക്കറിയാം. ഞാൻ വാണിങ് കൊടുക്കും മുന്നേ തന്നെ അദ്ദേഹം പണി തുടങ്ങിക്കഴിഞ്ഞിരുന്നു!) സൂപ്പർ സ്‌പ്രെഡ്‌ !!

എന്തായാലും ഇനി എന്തെങ്കിലും കഷ്ടനഷ്ടങ്ങൾ ഉണ്ടാകുമോന്ന് ഒരു ഉറപ്പും ഇല്ല. മൊബൈലിലെ കാഷ് (cache) ഒക്കെ ഡിലീറ്റ് ചെയ്ത റീസ്റ്റാർട്ട് ചെയ്തു. മൊബൈലിൽ നിന്ന് money transaction ഒന്നും ചെയ്യാത്തത് കൊണ്ട് സേഫ് ആയിരിക്കുമെന്ന ആശ്വാസ ചിന്ത മാത്രമേ ഇപ്പോൾ കൂട്ടിനുള്ളൂ. 

അപ്പോൾ സൂർത്തുക്കളെ, അഹംഭാവം എന്നൊക്കെ വെറുതെ പറഞ്ഞതാണ്. എത്ര ശ്രദ്ധിച്ചാലും ചില അബദ്ധങ്ങൾ നമുക്ക് പിണഞ്ഞേക്കാം. എല്ലാവർക്കും ബുദ്ധി ഉണ്ടെന്ന് തന്നെയാണ് എന്റെ വിശ്വാസം. എന്നാലും ബോധവാന്മാരായിരിക്കുക. മാനവും പോകാതിരിക്കാൻ, ഇത്തരം കാര്യങ്ങളിൽ സ്വയം ബോധമുണ്ടെന്ന്, ഒരുമ്പെടുന്നതിന് മുന്നേ എപ്പോഴും ഉറപ്പിക്കുക. പണവും രണ്ടോ മൂന്നോ ക്ലിക്കുകളിൽ വെറുതെ സമ്മാനം കിട്ടുമെന്ന് കേട്ടാൽ, അത് യാഥാർത്ഥ്യമാണെങ്കിൽ പോലും അതിൽ കയറിപ്പിടിക്കാതിരിക്കുക. അത്തരം സന്ദേശങ്ങൾ അയക്കുന്നത്, നിങ്ങൾ വിവരമുണ്ടെന്ന് ധരിക്കുന്ന ആളാണെങ്കിൽക്കൂടി, തഴഞ്ഞ് കളയുക. PhD ക്കാരനാണെങ്കിൽ പ്രത്യേകിച്ചും 😆!! Beware of scam, spam and phishing !!!

ഇനിയും ഇതുപോലൊക്കെ കുടുങ്ങുമോ ആവോ... ആ PhD ക്കാരനെ കൈയ്യിൽ കിട്ടിയാൽ ചമ്മന്തിയാക്കണം !

***

1 അഭിപ്രായം: