[വാഷിംഗ്ടൺ ഡിസിയിൽ വച്ച് 2024 നവംബർ 9 ന്, KAGW എന്ന സംഘടനയുടെ നേതൃത്വത്തിൽ നടത്തപ്പെട്ട ഒരു നാടകമത്സരത്തിൽ ഞങ്ങൾ അവതരിപ്പിച്ച 'ഭൂമിക്കൊരു സാന്ത്വനം' എന്ന നാടകത്തിന്റെ ഉപസംഹാരരംഗത്തിലേക്കായി എഴുതിയ കവിതയാണിത്. 2024 ൽ വയനാട്ടിലെ മേപ്പാടിയിലും ചൂരൽമലയിലും സംഭവിച്ച ഉരുൾപൊട്ടൽ പോലുള്ള പ്രകൃതി ദുരന്തങ്ങളായിരുന്നു പ്രതിപാദ്യവിഷയം. നീതീകരണമില്ലാത്ത മനുഷ്യന്റെ ഇടപെടലുകൾ കൊണ്ട് ഈ ഭൂമിക്കും പ്രകൃതിക്കും ഉണ്ടാകുന്ന നാശങ്ങളും ദുരന്തങ്ങളും ഒഴിവാക്കാൻ വേണ്ടി പ്രവർത്തിക്കുന്ന 'നന്മ', തോറ്റുകൊണ്ടേ ഇരിക്കുകയും, ഒടുവിൽ യുവജനങ്ങളെ കൂട്ടുപിടിച്ച് 'തിന്മ'യുടെ മേൽ 'നന്മ' വിജയിക്കുന്നതുമാണ് നാടകത്തിന്റെ ഇതിവൃത്തം. ഇതിൽ നാടകത്തിന്റെ അവസാന ഭാഗത്ത് പ്രതീകാത്മക കഥാപാത്രങ്ങളായ നന്മയും തിന്മയും തമ്മിൽ കശപിശ നടക്കുമ്പോഴാണ്, ഈ കവിത അവതരിക്കപ്പെടുന്നത്. പ്രസ്തുത നാടകത്തിനതീതമായി തന്മയത്വത്തോടെ നിലനിൽക്കാനുദ്ദേശിക്കുന്ന ഈ കവിതയിൽ, ഇന്നത്തെ ഭൂമിയുടെ അവസ്ഥ ചുരുക്കം വാക്കുകൾ കൊണ്ട് ഉദ്‌ഘോഷിക്കുകയും അത്തരം ദുരവസ്ഥകളെ മാറ്റിയെടുത്ത് പൂർവ്വസ്ഥിതിയിലാക്കാൻ സമൂഹത്തെ പാകപ്പെടുത്തുകയും അതിന് വേണ്ടി യുവജനങ്ങളോട് ഒരുമിച്ച് നിന്ന് പോരാടാൻ പ്രേരിപ്പിക്കുകയുമാണ് ഉദ്ദേശിച്ചിട്ടുള്ളത്.
ഈ നാടകത്തിന്, മികച്ച സ്ക്രിപ്റ്റിനും, മികച്ച സാമൂഹിക പ്രതിബദ്ധതയ്ക്കും മികച്ച കുട്ടി അഭിനേതാവിനുമുള്ള അവാർഡുകൾ ലഭിച്ചു എന്നത് വളരെ സന്തോഷം ഉളവാക്കുന്ന കാര്യമായിരുന്നു. 30 മിനുട്ടോളമുള്ള നാടകത്തിന്റെ, പാട്ടുൾപ്പെടുന്ന, ഏഴുമിനുട്ടുകൾ മാത്രമുള്ള അവസാന രംഗത്തിന്റെ വീഡിയോ ചുവടെ കൊടുക്കുന്നു. നാടകത്തിന്റെ മുഴുവൻ സത്തയും ഈ രംഗത്തിൽ നിന്ന് മനസ്സിലാക്കാവുന്നതാണ്.]
പാട്ടുൾപ്പെടുന്ന രംഗം കാണാൻ മുകളിലത്തെ വീഡിയോ പ്ളേ ചെയ്യുക. അഥവാ ഈ വീഡിയോ പ്ളേ ചെയ്യുന്നില്ലെങ്കിൽ, നേരിട്ട് യൂട്യൂബിൽ കാണാൻ ഇവിടെ അമർത്തുക.
നാളികേരച്ചുവട്ടിലെ പൊന്തയിൽനിന്നുയരത്തിൽ
പൊങ്ങിയോരെൻ കൈകൾ കണ്ടിട്ടതിശയിച്ചു, നമ്രമുഖിയെന്നപോൽ
ദൈവത്തിൻ കടാക്ഷം പോൽ ജനകനെയകത്തോട്ട്
വിളിച്ചമ്മയറിയാതെ താങ്ങു തന്നു, ശ്വാസം നേരെ വീണു
ഓടിവന്നിട്ടടുത്തെത്തി കുഞ്ഞുകാട്ടിൽ കയറിവന്ന്
കാര്യമെന്തെന്നവശ്യത്തിൽ പതുക്കെ മൂളി, വാക്കുകൾ മുറിഞ്ഞു പോയി
വാരിയങ്ങ് പുണർന്നിട്ട് അധര ദാഹം തീർക്കും നേരം
തെങ്ങിന്റെ മുകളിൽ നിന്നും കരിക്ക് വീണു, നിദ്ര വിട്ട് ഞാൻ ഞെട്ടി!
[വീടിന്ന് തെക്കുഭാഗത്തുള്ള പടർന്ന് പന്തലിച്ച പുളിമരത്തിന്റെ കീഴിൽ, ഒരു ഓലപ്പന്തലിൽ, സന്ധ്യാസമയവിശ്രമത്തിന് കിടന്നതാണ് ആ പയ്യൻ. മയങ്ങിപ്പോയ പയ്യനെ, കിനാവെടുത്ത് കൊണ്ടുപോയതോ... അവന്റെ കാമുകിയുടെ വീട്ടിലേക്ക്... വെറും ആറ് മിനുട്ടുകൾ ചിലവിട്ടാൽ അവിടെ എന്ത് സംഭവിച്ചു എന്നറിയാം. ഏകദേശം 1980-90 കാലഘട്ടത്തിൽ, ഒരു കാമുകൻ അവന്റെ കാമുകിയെ ഒളിച്ച് കാണാൻ ചെല്ലുന്നതും പിന്നീട് അവിടെയുണ്ടാകുന്നതുമായ രംഗങ്ങൾ, ഒരു ചലച്ചിത്രത്തിന്റെ ക്യാമറാക്കണ്ണിലൂടെ കണ്ടാൽ എങ്ങനെ ആയിരിക്കുമെന്നത്, എങ്ങനെ ഒരു പാട്ടിലൂടെ ആവിഷ്കരിക്കാം എന്ന ചിന്തയാണ് മേൽപ്പറഞ്ഞ വരികളായി പരിണമിച്ചത്. ഒരു പഴയ നാടൻ അഞ്ചാംപുര വീടും അതിന്റെ മുന്ഭാഗത്തുള്ള കിണറും തൊടിയുമാണ് പശ്ചാത്തലം. ആറേഴ് വർഷങ്ങൾ മുന്നേ എഴുതിയതാണ്. ഇപ്പഴാണ് അതിനൊരു ശബ്‌ദരൂപം ലഭിച്ചത്. പാടിയ മാതൃസഹോദരീപുത്രൻ ശ്രീജേഷിന് ]
[ബാങ്കുകളോടൊരു പ്രതികരണം... എന്റേതായ രീതിയിൽ ചെറിയൊരു പ്രതികരണം! ഇന്ത്യയിലെ ബാങ്കുകളുടെ നിർദ്ദാക്ഷിണ്യമായ സമീപനം മൂലം, തിരുവനന്തപുരത്തിനടുത്ത് ഇന്നലെ (14 മെയ് 2019) ഒരമ്മയും മകളും ആത്മാഹുതി ചെയ്തതറിഞ്ഞ് മനസ്സിന് ഇത്തിരി മുറിവേറ്റപ്പോൾ, അറിയാതെ എഴുതിപ്പോയതാണ് (ഭർതൃപീഡനവും ഈ ആത്മഹത്യകൾക്ക് പിന്നിലുണ്ടെന്ന് പിന്നീട് മനസ്സായിലായെങ്കിലും... എന്നിരുന്നാലും ബാങ്ക് പീഡനങ്ങൾ ഇന്ന് സാധാരണക്കാരുടെയിടയിൽ നിത്യസംഭവങ്ങളാണ്)... മൂർച്ച കുറവാണെന്നറിയാം... എന്നാലും എന്നെക്കൊണ്ടാവുന്നത്രയും മൂർച്ച കൂട്ടാൻ ശ്രമിച്ചിട്ടുണ്ട്... ഇനി നിങ്ങൾ പാടിപ്പാടി മൂർച്ച കൂട്ടാൻ പറ്റുമെങ്കിൽ അത്തരത്തിൽ മൂർച്ച കൂട്ടി, അധികാരികളുടെ കണ്ണ് തുറപ്പിക്കാൻ ശ്രമിക്കുക! ബാങ്കുകളുടെ പ്രവർത്തനരീതികൾ മാറിയേ പറ്റൂ...]
പാവം മാനവൻ കൂരയൊരുക്കാൻ, പശുവിനെ വാങ്ങിക്കാൻ
കൃഷികളിറക്കി വെയിലും കൊണ്ട് നാടിനെ തീറ്റിക്കാൻ
സ്വന്തം വയറിനു പകരം കുഞ്ഞിൻ വയറു നിറച്ചീടാൻ
ഇരന്ന് വാങ്ങും ലോണിന് കൊള്ളപ്പലിശകൾ വാങ്ങാമോ ?
(ബാങ്കുകളിങ്ങനെ...)
നാണം കെട്ടൊരു വർഗ്ഗം നിങ്ങൾ സുഖിയന്മാരല്ലേ ?
ബ്ലേഡിൻ പലിശകൾ നിയമക്കണ്ണിൽ സാന്ത്വനമാക്കീലേ ?
പലിശകളിങ്ങനെ ശമ്പളമാക്കി അലവൻസുകളാക്കീ
അധികാരികളുടെ ചാരും പറ്റി യാത്രകൾ പോയീലേ ?
(ബാങ്കുകളിങ്ങനെ...)
പാവപ്പെട്ടോന്റൊരുനേരത്തെ പലിശ മുടങ്ങീടാൻ
പാത്തിരിക്കും നിങ്ങൾ പിന്നെ ജപ്തിയുമായെത്തും
രാഷ്ട്രീയക്കാർ കച്ചവടക്കാർ മുതുകിൽ കൊമ്പുള്ളോർ
മൊത്തമടിച്ച് വിഴുങ്ങീടിൽ നീയിളവുകൾ ഛർദ്ദിക്കും !
(ബാങ്കുകളിങ്ങനെ...)
നിയമം മാറ്റാൻ കരുണകൾ കാട്ടാൻ സമയം കൂട്ടുമ്പോൾ
ഇനിയും നിയമം മാറ്റാൻ കരുണകൾ കാട്ടാൻ സമയം കൂട്ടുമ്പോൾ
തൂങ്ങി മരിച്ചും തീകൊരുത്തും പ്രതികാരം ചെയ്യും
ആം ആദ്മികളുടെ പ്രതികാരങ്ങൾ ആത്മാഹുതിയാവും !
(തൂങ്ങി മരിച്ചും...)
ഇതുകണ്ടൊരുനാൾ ഊർജ്ജം കൂടി ചാവേറുകളെത്തു-
മ്മുന്നേ നിലക്ക് നിന്നാൽ നിനക്ക് നിൽക്കാം ഭാവിയിലാവോളം !
നിലക്ക് നിന്നാൽ ബാങ്കിന് നിൽക്കാം ഭാവിയിലാവോളം !
(ഇതുകണ്ടൊരുനാൾ...)
(ബാങ്കുകളിങ്ങനെ...)
ഇന്നലെ, എന്ന് വച്ചാൽ 2016 ഡിസംബർ മാസം 29 ന് സാജൻ ഒരു ഈണം തന്നിട്ട് പെട്ടെന്ന് മൂന്ന്..നാല് വരികൾ അതിനൊപ്പിച്ച് എഴുതാൻ വേണ്ടി പറ്റുമോ എന്ന് ചോദിച്ചു. അതിനുത്തരമായി ഒരു പത്ത് മിനുട്ടിനകം അവന് അയച്ചു കൊടുക്കാൻ എന്റെ മനസ്സിൽ തോന്നിയ വരികളാണ് മുകളിൽ കാണുന്നവ. സാജൻ ഉടനെത്തന്നെ അത് പാടി 'ഫേസ്ബുക്കി'ലിടുകയും ചെയ്തു.
കടലും കടൽത്തീരവും നിലാവും നീലിമയും കാറ്റും മഴയും കാടും മലയും, ഒക്കെ നമ്മുടെ മനസ്സിന്റെ വിചാരസർഗ്ഗതന്ത്രികളെ അറിയാതെയെങ്കിലും ഒരുതരം മായാപ്രപഞ്ചത്തിലേക്ക് കൂട്ടിക്കൊണ്ടുപോകാൻ മാത്രം ശക്തിയുള്ള പ്രകൃതിയുടെ മനോഹരങ്ങളായ നിർമ്മിതികളാണ്. ഈ മനോഹരങ്ങളായ നിർമ്മിതികൾക്കരികിൽ കുറച്ചു നേരമെങ്കിലും ഒറ്റയ്ക്ക് ചിലവിടുമ്പോൾ കിട്ടുന്ന ഒരു അനുഭൂതി അനിർവ്വചനീയമാണ്. നമുക്ക് ഒരുമിച്ചു ഒരു കടൽത്തീരത്തേക്ക് പോകാം. നിങ്ങൾ തീരത്തിരിക്കൂ, പക്ഷേ, കടലിൽ ഞാൻ മാത്രമേ ഇറങ്ങൂ. എന്നാലേ, ആ ഏകാന്തതയിൽ എന്റെ സിരകളിലേക്ക് ഇരച്ച് കയറിയ വികാരങ്ങളെക്കുറിച്ച് എനിക്ക് വിസ്തരിക്കാൻ പറ്റൂ...
ഒരു കാമുകി. രണ്ട് കാമുകന്മാർ. പ്രലോഭാനങ്ങളുണ്ടായിട്ടും കാമുകി ഒരാളെ തീർത്തും തള്ളിക്കളയുന്നു...
(എന്റെ വളരെ പരിമിതങ്ങളായ ആലാപനാവതരണരീതികളോട് സദയം ക്ഷമിക്കുക. അഭിപ്രായങ്ങൾ അറിയിക്കുക.)
ശ്രീ
ചുംബനമേ ചുംബനമേ
അനുഭൂതി പകരുന്ന ചുംബനമേ
നുകരുന്നു തീരം അലമാലകളാൽ
നുറുങ്ങുമീ സാഗര ചുംബനങ്ങൾ
വലിയ പട്ടണങ്ങളിലെ ചില വൃത്തികെട്ട മൂലകളിൽ നമ്മളൊക്കെ പലപ്പോഴും കണ്ടിട്ടുള്ള ഒരു കാഴ്ച. അവരൊക്കെ അവിടെ എങ്ങനെ വന്നു എങ്ങനെ എത്തിപ്പെട്ടു ഒന്നും നമുക്കാർക്കും അറിയില്ല. അവർ വിധിയുടെ ബലിമൃഗങ്ങളാണ്. വിധിയുടെ ബലത്തിൽ വന്നു ചേർന്ന സൗകര്യങ്ങളിൽ മതിമറന്ന്, മറ്റുള്ളവരുടെ വണ്ണത്തെ താരതമ്യം ചെയ്ത്, നമ്മൾ പലരും ആ ഒരു ലോകത്തെ കാണുന്നില്ല; അഥവാ കണ്ടില്ലെന്നു നടിക്കുന്നു.
എന്നിരുന്നാലും അത്തരം ആളുകളിൽ ഒരുതരം അനിർവ്വചനീയമായ ഒരു ശാന്തി അവരുപോലും കാണാതെ ഒളിഞ്ഞു കിടക്കുന്നതായി ഞാൻ കാണുന്നു. നമുക്കാർക്കും ഒരിക്കലും അനുഭവിക്കാൻ കഴിയാത്ത ശാന്തി. ഈ ലോകത്ത് മറ്റുള്ളവരെ നോക്കി ജീവിച്ചു ജയിക്കാനുള്ള തത്രപ്പാടിൽ നമുക്ക് നഷ്ടമാവുന്ന അനിവാര്യമായ ശാന്തി. ഈ കാഴ്ചപ്പാട് എന്റേത് മാത്രമാണ്, എന്റേത് മാത്രം.
പിന്നെ സ്വയമേവ അറിയാതെ
ഒരേ ഒരു മന്ത്രമായ്
മാനവജാതിതൻ ജീവിത മന്ത്രമായ്
ദീനം വിനാ മാലോക ജീവിതം
അനായാസേന മമ ദേഹ മോചനം
*********************
കുറിപ്പ്: ആസ്വാദകരും അല്ലാത്തവരും അവരവരുടെ മനസ്സിൽ തോന്നുന്ന അഭിപ്രായങ്ങൾ വളച്ചുകെട്ടില്ലാതെ ഇവിടെ കുറിക്കുവാൻ മറക്കരുതേ ! നിങ്ങളുടെ അഭിപ്രായങ്ങൾ എനിക്ക് ഒരു പുതിയ അറിവും ചിലപ്പോൾ ഒരു പ്രചോദനവും ആയിരിക്കും.
എലിയെയും പാറ്റയെയും ഒക്കെ കണ്ടാലുള്ള മാനസികാവസ്ഥ ഒരു സ്ത്രീയിലും പുരുഷനിലും എങ്ങനെയിരിക്കും? ഒരു കുഞ്ഞു ചുണ്ടെലിയുടെ ഒരു കുഞ്ഞു പരാക്രമം, അത് ഒരുവന്റെ മധുവിധു രാത്രിയിൽ ആയാൽ എങ്ങനെയിരിക്കും? അത് ഈ പാട്ട് തന്നെ വിശദീകരിക്കട്ടെ. ഈ പാട്ട് ഒരു തുള്ളൽ പാട്ടിന്റെ രീതിയിൽ ഒന്ന് പാടി നോക്കൂ.
മുകളിലത്തെ ശബ്ദരേഖ പ്രവർത്തിക്കുന്നില്ലെങ്കിൽ യുട്യൂബിൽ കേൾക്കുക
ശബ്ദരേഖയിലെ ശ്വാസശബ്ദദൃശ്യതാളപ്പിഴകൾക്ക് എന്നോട് ദയവായി ക്ഷമിക്കുക.
അവശത പൂണ്ടൊരു മധുവിധു രാവി-
ലവസ്ഥയിലങ്ങനെ സ്വപ്നം കാണ്‍കെ
തട്ടിൻ മോളിൽ പരപര മാന്തൽ
താഴെ തറയിൽ ചറപറ കീറൽ
ചക്കര ഭരണീൽ താളം കൊട്ടൽ
ചാക്കിലെ നെല്ലിൽ കശപിശ കൂടൽ
മൂഷികനൊരുവൻ വന്നതു മൂലം
രാത്രിയിലെന്നുടെ നിദ്രകൾ പോയി
എങ്ങനെ ഇവിടെ കേറിപ്പറ്റി
അതുമീ നമ്മുടെ മധുവിധു രാത്രി
എന്തിനിതെന്നുടെ വീട്ടിൽ കേറി
ചിന്തിതനായ് ഞാൻ കണ്ണ് തിരുമ്മി
നമ്മുടെ മധുവിധു ക്രീഡകൾ നോക്കി
രമിക്കാനെത്തിയ ലമ്പടനാണോ
സമ്മാനങ്ങൾ കട്ട് കരണ്ട്
ഗമിക്കാനെത്തിയ ഭീകരനാണോ
പണ്ടിവനെന്നുടെ പണവും തുണിയും
തുണ്ടം തുണ്ടം കീറി മുറിച്ചു
നെല്ലും പയറും ചക്കക്കുരുവും
തൂളികളായ് നീ മാറ്റിയെടുത്തു
കൊല്ലാനുള്ളൊരു ശങ്കകൾ മൂലം
തല്ലാതിതുവരെ വെറുതെ കളഞ്ഞു
ഇന്നിനിയിവനെ വിട്ടുകളിക്കാൻ
ഞാനിനിയൊട്ടും തയ്യാറല്ലാ
കാലിൽ കമ്പി തുളച്ചു കയറ്റി
വാലിൽ തൂക്കി കെട്ടിത്തൂക്കും
പോറ്റി വളർത്തും മൂശകനെവിടെ
എവിടെ നമ്മുടെ മൂഷിക സൂത്രം
ആവശ്യത്തിനു ഉതകില്ലാത്തൊരു
പെട്ടീം പൂച്ചേം ഇവിടിനി വേണ്ടാ
വിരലുകൾ ചുമരിൽ അമരുന്നേരം
മുറിയിൽ രാവിൽ വെട്ടം വീണു
ഓടും എലിയുടെ നോട്ടം കണ്ടിട്ടെ-
ന്നുടെ സിരകളിൽ മർദ്ദം കൂടി
ബഹളവെളിച്ചം തട്ടിയ നേരം
ഞെട്ടിയുണർന്നു പുതുമണവാട്ടി
എന്തിതു കഥയെന്നുരചെയ്യുന്നു
പന്തം കണ്ടു പകച്ചതു പോലെ
എലിയാണെന്നത് കേൾക്കും മുന്നേ
ഉടുവസ്ത്രങ്ങളുമില്ലാതോടി
കാലുകൾ വെക്കുന്നില്ലാ മണ്ണിൽ
കാലിക ബോധം തീരെ ഇല്ലാ
കിടക്ക കുടുക്ക ഉടുപ്പുകളെല്ലാം
കോരി വലിച്ചു പുറത്തു കളഞ്ഞു
വെറുമൊരു എലിയുടെ ചാട്ടം കണ്ടിട്ടെ-
ന്നുടെ ധർമിണി അലറി വിളിച്ചു
കുറുവടി കത്തികളങ്ങനെ പലതും
ഝടുതിയിലങ്ങനെ പരതി നടന്നു
ഓടി നടക്കും എലിയെ കൊല്ലാൻ
മോടിയിലതുമിതുമായുധമായി
ചുമരിൽ കേറിയ മൂഷികവീരൻ
ഘടികാരത്തിന്നുള്ളിൽ കേറി
അവിടെ നിന്നും ചാടിയിറങ്ങി
ചുവടെയുള്ളൊരു മാളം പൂകി
കമ്പിയെടുത്തു തുരക്കും നേരം
തുമ്പില്ലാത്തൊരു ഓട്ടം ഓടി
അലറി വിളിക്കും മണവാട്ടിയുടെ
കാലിൽ ചാടി കേറാൻ നോക്കി
എലിയുടെ പാദം തൊട്ടൊരു നേരം
പെണ്ണിൻ ബോധം താഴെ പോയീ
വീണു കിടക്കും പെണ്ണിനെ നോക്കി
എലിയദ്ദേഹം പതറിപ്പോയീ
വീണൊരു പെണ്ണിനെ നോക്കീടാതെ
വീണ്ടും പോയീ എലിയുടെ പിന്നിൽ
പല കളി ശേഷം അങ്ങനെ ഒടുവിൽ
എലിയെ മുറിയുടെ മൂലേൽ കിട്ടി
കിട്ടിയതെന്നുടെ പാദുകമായി
കിട്ടിയ തഞ്ചം നോക്കിയടിച്ചു
പാദുക ഭാരം തലയിൽ വീണു
മൂഷിക ജീവൻ മുകളിൽ പൊങ്ങി
എലിയെ വാലിൽ തൂക്കിയെടുത്തിട്ട-
യൽവക്കത്തെ വീട്ടിലെറിഞ്ഞു
ഹാവൂ! അങ്ങനെ അങ്കത്തട്ടിൽ
ഞാനിന്നങ്ങനെ ജേതാവായി!
ഈ ഒരു എലിയുടെ വരവും കളിയും
എന്നുടെ ഭീതി പരാക്രമമെല്ലാം
വീടിൻ കോലം ഇങ്ങനെ ആക്കി
വാനര വർഗ്ഗം കേറിയ പോലെ
വെള്ളം കോരിക്കൊണ്ടു തളിച്ചിട്ടെ-
ന്നുടെ പെണ്ണിന് ബോധം കിട്ടി
കിട്ടിയ തുണികൾ വാരിച്ചുറ്റി
ഭദ്രതയോടെൻ നെഞ്ചിൽ ചാഞ്ഞു
വീടിൻ കോലം നോക്കിക്കൊണ്ടവൾ
ആർദ്രതയോടെ ഇങ്ങനെ ചൊല്ലി
ഈത്തരമഥിതികൾ വീട്ടിൽ വന്നാൽ
ഇങ്ങനെ പലതും വന്നു ഭവിക്കും
ഭവനം ചുട്ടു കരിച്ചു പുകക്കാൻ
തോന്നീടാഞ്ഞത് എന്നുടെ ഭാഗ്യം
പ്രണയത്തെക്കുറിച്ചു പറഞ്ഞപ്പോൾ, നമ്മുടെ നാട്ടിലെ ഒരു അമ്പലത്തിലെ ഉത്സവത്തെപ്പറ്റിയും പറഞ്ഞിരുന്നല്ലോ. ഉത്സവത്തിന്റെ മേളത്തിൽ പ്രണയം മുങ്ങിപ്പോകാതിരിക്കാൻ ഉത്സവത്തിനെ ഒന്നു വേറിട്ടു നിർത്തുകയായിരുന്നു. ഇനി നമുക്ക് ആ ഉത്സവത്തിന് ഒരു കൊടിയേറ്റം നടത്തിയാലോ? :)
ഈ കവിത കുട്ടികളെക്കൊണ്ട് പാടിക്കണമെന്ന എന്റെ ആഗ്രഹപ്രകാരം എന്റെ സഹധർമിണി എന്റെ മൂത്തമകളായ പാർവ്വതിയെ ഈ കവിത പഠിപ്പിക്കാൻ ഒരു ശ്രമം നടത്തി. അമേരിക്കയിൽ വളരുന്ന എന്റെ മക്കൾക്ക് എങ്ങനെയെങ്കിലും മലയാളത്തിൽ ഇത്തിരി അറിവും ഉച്ഛാരണ ശുദ്ധിയും ഉണ്ടാവട്ടെ എന്ന് കരുതിയാണ് അങ്ങനെ ഒരു കടുംകൈ ചെയ്തത്. അതുപ്രകാരം പാർവ്വതി, ഈ കവിത പഠിക്കുകയും ഞങ്ങൾ എല്ലാ മൂന്നു മാസക്കാലം കൂടുമ്പോൾ ചേരുന്നതുമായ ഒരു സാഹിത്യ സംഗീത വേദിയിൽ അവൾ(അവളാൽ ആവുന്ന രീതിയിൽ) ഈ കവിത അവതരിപ്പിക്കുകയും ചെയ്തു(12 ഒക്ടോബർ 2013). അതിന്റെ ഒരു ചലച്ചിത്രരേഖ താഴെ കൊടുക്കുന്നു.
സ്വയം മറന്നു നടക്കുന്നൂ
ആസ്വാദകരാം ലക്ഷങ്ങൾ
കെട്ടുന്നൂ പല വേദികളായി
കഥകളി നാടകനൃത്തങ്ങൾ
ഉയരുന്നൂ ശരകിരണം പോലെ
വിടരുന്നൂ പല പുഷ്പം പോൽ
മാനത്തങ്ങനെ വിതറുന്നൂ പ്രഭ
ചൊരിയുന്നൂ വെടി വഴിപാടാൽ
എല്ലാം കൊണ്ടും ഉത്സവമായി
നാടും വഴിയും ഒരുപോലെ
മടങ്ങിവരുമ്പോൾ തോന്നീടുന്നൂ
ചടങ്ങുകളൊന്നും തീരാഞ്ഞാൽ
തളർന്നുറങ്ങീ കുട്ടികളിപ്പോൾ
വളർന്നു വന്നൂ സമയങ്ങൾ
അമിട്ടു പൊട്ടീ ഉച്ചത്തിൽ ഉടൻ
അന്തം കണ്ടൂ മേളങ്ങൾ
********************* കുറിപ്പ്: ആസ്വാദകരും അല്ലാത്തവരും അവരവരുടെ മനസ്സിൽ തോന്നുന്ന അഭിപ്രായങ്ങൾ വളച്ചുകെട്ടില്ലാതെ ഇവിടെ കുറിക്കുവാൻ മറക്കരുതേ ! നിങ്ങളുടെ അഭിപ്രായങ്ങൾ എനിക്ക് ഒരു പുതിയ അറിവും ചിലപ്പോൾ ഒരു പ്രചോദനവും ആയിരിക്കും.
******************
ഈയൊരു കവിത അവിചാരിതമായി പിറവിയെടുത്തതാണ്.
ഞങ്ങൾ ചില കൂട്ടുകാർ ഒരു നാടകോത്സവത്തിന് (മനീഷി നാടകോത്സവം - വാഷിങ്ങ്ടൻ ഡി സി)വേണ്ടി
ഒരു നാടകത്തിന്റെ പണിപ്പുരയിലായിരുന്നപ്പോൾ നാടകത്തിന്റെ സത്തിനിണങ്ങുന്ന ഒരു കവിത
എഴുതാൻ എന്റെ ഒരു സുഹൃത്ത്(പ്രബീഷ് പിള്ള)
ആവശ്യപ്പെട്ടപ്പോഴാണ് ഇത് പിറവി എടുത്തത്. നാടകത്തെപ്പറ്റി കുറച്ചു വാക്ക്: നാടകത്തിന്റെ
പേര് 'അമ്മ മനസ്സ്'. ദരിദ്ര ചുറ്റുപാടിൽ ഒരമ്മ കഷ്ടപ്പെട്ട് മകനെ വളർത്തുന്നു. മകൻ
പഠിച്ചു വലുതായി നല്ല ഉദ്യോഗസ്ഥനാകുന്നു. പണക്കാരിയെ കല്യാണം കഴിച്ചു പട്ടണത്തിൽ താമസിക്കുന്നു.
അമ്മയെ മറക്കുന്നു. അമ്മ മരിച്ചതിനു ശേഷം വീട്ടിൽ വരുന്നു. അമ്മയുടെ മൃതദേഹത്തിനരികിൽ
ഒരു ഭിഷഗ്വരന്റെ ഒരു കുറിപ്പ് കാണുന്നു. അതിൽ ഇങ്ങനെ എഴുതി: "പ്രിയപ്പെട്ട ശ്രീമതി,
നിങ്ങൾ ആവശ്യപ്പെട്ട പ്രകാരം ഞാൻ നിങ്ങളുടെ മുഖത്തിന്റെ ഒരു വശത്തെ തൊലികളും കണ്ണും
നിങ്ങളുടെ ഒരുവശംഅന്ധനായ വികൃത രൂപിയായ മകന്
വേണ്ടി അടർത്തി എടുത്തു നല്കുകയാണ്. ഈ കാരണം കൊണ്ട് നിങ്ങളുടെ ജീവിതത്തിൽ വന്നു പെടുന്ന
വികൃത രൂപത്തിന്റെ ഉത്തരവാദിത്തം പൂർണമായും നിങ്ങളുടെ സമ്മതപ്രകാരവും ആവശ്യപ്രകാരവും
ആണെന്ന് ബോദ്ധ്യപ്പെടുത്തുന്നു...... " ഇതിനു ശേഷം മകനുണ്ടാകുന്ന വികാര വേലിയേറ്റമാണ്
ഈ കവിത. എന്റെ പ്രിയ സുഹൃത്ത് ദിനേശ് മേനോൻ
ആണ് ഇത് ആലപിച്ചിരിക്കുന്നത്. ഈ കവിത അദ്ദേഹത്തിന്റെ മധുര ശബ്ദത്തിന് സമർപ്പിക്കുന്നു.
പ്രണയം. പ്രണയം മനസ്സിന്റെ ഒരു വർണാഭമായ വികാരം ആണ്. അതിനു കാലമോ കോലമോ ഒന്നും ഒരു തടസ്സമല്ല. മനസ്സുകൊണ്ടെങ്കിലും പ്രണയിക്കാത്ത ആളുകൾ ചുരുക്കമാവും. അങ്ങനെ അല്ലെങ്കില്‍ അത് കള്ളം ആയിരിക്കുമെന്നു ഞാന്‍ വിശ്വസിക്കുന്നു. ഞാൻ നിങ്ങളെ എന്റെ പഠനകാലത്തേക്ക് ഒന്ന് കൂട്ടിക്കൊണ്ടു പോകാം.
പണ്ട് എന്റെ പഠനകാലത്ത് ഞാൻ കുറച്ചൊക്കെ എഴുതുമായിരുന്നു. പക്ഷെ ഒന്നും ഇതുവരെ എവിടെയും പരസ്യപ്പെടുത്തിയിട്ടില്ല. അവയിൽ നിന്ന് ഒരു ഏട് ഞാൻ ഇവിടെ പ്രസിദ്ധപ്പെടുത്തട്ടെ. ഞാന്‍ പലപ്പോഴായി എഴുതിയ ഒരേ ഗണത്തിലുള്ള എങ്കിലും പല സ്വഭാവങ്ങളിൽപെട്ട മൂന്നു കവിതകള്‍ ഇത്തിരി മാറ്റത്തോടും ഒത്തിരി കൂട്ടിച്ചേർക്കലോടും കൂടി ഒരു ശൃംഖലയില്‍ കോര്‍ത്തിണക്കിയാണ് ഇവിടെ അവതരിപ്പിക്കുന്നത്.
ഒരു ക്ഷേത്രത്തിലെ ഉത്സവത്തിന്റെ (ഉത്സവക്കാഴ്ചകളെപ്പറ്റി നമുക്ക് വേറെ ഒരു കവിതയില്‍ പ്രതിപാദിക്കാം) ഒരു ദിവസത്തെ സായാഹ്നത്തില്‍ അമ്പലനടയിലെ ആല്‍ത്തറക്കു മേലെ താന്‍ മനസ്സില്‍ സ്നേഹിക്കുന്ന പെണ്ണിനോട് തന്റെ മനസ്സ് തുറക്കുവാന്‍ ഒരു ആണ്‍തരി കാത്തിരിക്കുന്നതാണ് രംഗം. അവന്റെ പ്രണയവിചാരം (അത് എന്റേതാവണം എന്നില്ല! ഒരു കവിക്ക് ആരുടെ ചിന്തയിലും വിചാരത്തിലും കയറിപ്പറ്റാം! :) ) എന്റെ പഠനകാലത്തെ ചിന്തകളിലൂടെ .... നിങ്ങളുടെ കണ്ണുകളെ ക്ഷണിക്കുന്നു. ഈ കവിത എന്റെ ഇന്നത്തെ ചിന്തകളിലൂടെ എന്റെ പ്രിയതമയ്ക്ക് സമർപിക്കുന്നു.
വാഷിംഗ്ടണ്‍ ഡി സി യിൽ എല്ലാ മൂന്നു മാസക്കാലം കൂടുമ്പോൾ ചേരുന്ന ഒരു സാഹിത്യ സംഗീത വേദിയിൽ ഞാൻ ഈ കവിത അവതരിപ്പിച്ചതിന്റെ (12 ഒക്ടോബർ 2013) ഒരു ചലച്ചിത്രരേഖ താഴെ കൊടുക്കുന്നു.
************************* കുറിപ്പ്: ആസ്വാദകരും അല്ലാത്തവരും അവരവരുടെ മനസ്സിൽ തോന്നുന്ന അഭിപ്രായങ്ങൾ വളച്ചുകെട്ടില്ലാതെ ഇവിടെ കുറിക്കുവാൻ മറക്കരുതേ ! നിങ്ങളുടെ അഭിപ്രായങ്ങൾ എനിക്ക് ഒരു പുതിയ അറിവും ചിലപ്പോൾ ഒരു പ്രചോദനവും ആയിരിക്കും.
ഈ ഒരു കവിതയിൽ എന്റെ ഭൂതകാലത്തിന്റെ ഒരു ഏട്ടിലെ ചില അംശങ്ങളുണ്ട്. ഇപ്പറഞ്ഞ ചിന്തകൾക്ക് ഇന്നത്തെ എന്റെ വർത്തമാന ചിന്തകളുമായി ഒരു തരത്തിലും സാമ്യമില്ല. സാഹചര്യങ്ങളാണ് ചിന്തകളെ നയിക്കുന്നത്. ചിന്തകൾ അത്യാവശ്യവുമാണ്. ആരുടെ സാഹചര്യങ്ങളും ചിന്തകളെ കാട് കേറാതിരിക്കാൻ സഹായിക്കട്ടെ.
ഈകവിതയിൽ ഒരുആത്മസംഘർഷമാണ്പ്രതിപാദിച്ചിരിക്കുന്നത്. എല്ലാസംഘർഷത്തിൽനിന്നുംരക്ഷപ്പെടുവാൻആത്മഹത്യയാണ്മാർഗമെന്ന്ആത്മാവ്ദേഹത്തോട്പറയുന്നതുംതദ്വാരാദേഹത്തിൽനിന്ന്ആത്മാവ് വിടപറയുന്നതുമായഒരുമുഹൂർത്തംസ്വന്തംകണ്മുന്നിൽകാണുന്നതാണ്ഇവിടെകാടൻചിന്തയായിഅവതരിപ്പിച്ചിരിക്കുന്നത്. ഇത് ഒരു കവിത മാത്രമാണ്. ഇവിടെ ആരോടും പരിഭവിക്കുകയോ ആരെയും പരിഹസിക്കുകയോ ചെയ്യുന്നില്ല.
ഈ കവിത ഞാൻ എന്റെ മാതാപിതാക്കൾക്ക് സമർപ്പിക്കുന്നു.
കവിതകൾ വായിച്ചു മനസ്സിലാകുന്നതിനേക്കാൾ കേട്ടു മനസ്സിലാക്കാനാണ് എളുപ്പം എന്ന് തോന്നിയപ്പോൾ ശബ്ദവും ശ്വാസവും ഒന്നും നന്നല്ലെങ്കിലും എന്നാലാവുന്ന രീതിയിൽ ഒരു ശ്രമം നടത്തിയതാണ് താഴെ കാണുന്ന ശബ്ദരേഖ. എഴുതുമ്പോൾ എന്റെ മനസ്സിലുണ്ടായിരുന്ന താളവും രീതിയും അറിയിക്കുവാനുള്ള ഒരു എളിയ ശ്രമം. തെറ്റുകൾ പൊറുത്ത് നിങ്ങൾക്ക് നിങ്ങൾക്കാവുന്ന രീതിയിൽ നന്നാക്കാൻ ശ്രമിക്കാം. എല്ലാവരും ആസ്വദിക്കുമെന്ന് കരുതിക്കൊളളട്ടെ.
ആഗ്രഹസാഫല്യമെന്തെന്നറിയാതെ
മാളത്തിലായുള്ള ബാല്യം
കൂട്ട് ചേരുന്നിടം കൂട്ടുവാൻ പറ്റാതെ
മൂലക്കിരുത്തിയ ബാല്യം
ശോഷിച്ചു പോയൊരു ബാല്യം
ജനകന്റെ ഭാണ്‍ഡത്തിൻ കെട്ടു മുറുകുമ്പോൾ
പഴിക്കാനായൊരു ജീവൻ
മാനസം ലാളന തേടുന്ന നേരം
തലോടാൻ വന്നില്ലൊരാളും
ഗദ്ഗദം മാത്രമായ് ബാക്കി
വീട്ടിലെ താളങ്ങൾ താളത്തിലാക്കുവാൻ
പാടുപെടുന്നൊരു കാലം
നാട്ടിലെ കാര്യങ്ങൾ കൂടിക്കുമിഞ്ഞോരു
ഗോളമായ് താതന്റെ താളം
കോലമായ് താതന്റെ കായം
സമകാലീന സൗകാര്യാന്തരങ്ങളാൽ
ആൾക്കൂട്ടത്തിൽ തനിച്ചിരുന്നു
വിദ്യകൾ പലതും കൈവശമില്ലാതെ
കൂട്ടരാൽ ഞാനും വലിഞ്ഞിരുന്നു
നീറ്റലാലെന്മനം വീണിരുന്നു
മുട്ടുകൾക്കുള്ളിലും വീട്ടിലെ കർമങ്ങൾ
ചിട്ടയാം മട്ടിൽ കടന്നു പോയീ
എന്നിരുന്നാലും ഇടക്കൊക്കെ അച്ഛന്റെ
സ്നേഹത്തിൻ തീവ്രത ഞാനറിഞ്ഞു
കടമകൾ തൻ കട്ടി ഞാനറിഞ്ഞു
വീട്ടിലെത്തുമ്പോൾ ഭീതി വിളമ്പുന്ന
മൌന വിഷാദിയായ് താതൻ
ചിന്തിച്ചു ചിന്തിച്ചു വളരുന്ന നേരം
കൌമാരമെത്തിയെൻ മുന്നിൽ
വല്ലാത്ത ചിന്തകളായി എന്നിൽ
അമാന്തം കൂടാതെ കൂസലുമില്ലാതെ
ധിക്കാരിയായി നടന്നു
കൂട്ടരെപ്പോലെ വിക്രിയ കാട്ടുവാൻ
ധൃതികാട്ടി ധൂളിയിൽ ഞാൻ നടന്നു
ദോളനം കേൾക്കാതെ ഞാനകന്നു
അന്നത്തിനൊട്ടുമേ ബുദ്ധിമുട്ടില്ല
പിന്നെയും ചിന്തകൾ കാട്ടിലായി
ഇത്തരം ചിന്തകൾക്കുള്ളിലും നൂണിട്ടു
ദീനം കണ്ണ് മിഴിച്ചു നോക്കി
കാലന്റെ കണ്ണ് തുറിച്ചു നോക്കി
അതെന്റെ താളം, കുടിലിന്റെ താളം
എല്ലാം അവതാളമാക്കി മാറ്റി
ഞാനൊരു വേതാളമായി മാറി
തെക്കേ ചുടലയിൽ താളമായി
മാവിൻ ചുവട്ടിൽ ബഹളമായി
ഭസ്മക്കുളത്തിൽ കുളി കഴിഞ്ഞു
വെള്ളപ്പുതപ്പു പുതച്ചു
ചൂട്ടു കളത്തിൽ കളം വരഞ്ഞു
ഞാൻ ആ കളത്തിൽ കിടന്നു.
ജീവന്റെ ആത്മാവ് തുടുതുടുത്തു
പരമാത്മാവ് ചിരിച്ചു
ദേഹം ദേഹിയെ നോക്കി നിന്നു
ചുടലയിൽ നാളം പടർന്നു
ദേഹി ദേഹത്തെ വലം പിരിഞ്ഞു
പരിരംഭണത്തിൽ അമർന്നു
ദേഹി തൻ കണ്ണു നിറഞ്ഞു
ദേഹത്തിനോടായ് പറഞ്ഞു
ആളുന്ന തീയിൽ എരിഞ്ഞൊന്നടങ്ങുവാൻ
തയ്യാറാവട്ടെ ദേഹം
പാളുന്ന ജീവിതതാളത്തിനിത്തിരി
ആശ്വാസമാവട്ടെ നാളം
**************** കുറിപ്പ്: ആസ്വാദകരും അല്ലാത്തവരും അവരവരുടെ മനസ്സിൽ തോന്നുന്ന അഭിപ്രായങ്ങൾ വളച്ചുകെട്ടില്ലാതെ ഇവിടെ കുറിക്കുവാൻ മറക്കരുതേ ! നിങ്ങളുടെ അഭിപ്രായങ്ങൾ എനിക്ക് ഒരു പുതിയ അറിവും ചിലപ്പോൾ ഒരു പ്രചോദനവും ആയിരിക്കും.
***************
എന്റെ നാട്ടിലെ നല്ല കള്ളുകുടിയന്മാരാൽ പേരു കേട്ട ഒരു കള്ള് ഷാപ്പ് ആണ് "കാളിയിലെ കള്ള് ഷാപ്പ്". പല നാടുകളിൽ നിന്നും ഇവിടെ കള്ള് കുടിക്കാനും അതോടൊപ്പം നല്ല നാടൻ വിഭവങ്ങൾ ആസ്വദിക്കാനും ഇവിടെ ആളുകൾ എത്താറുണ്ട്. നല്ല പച്ചപ്പും വിശാലമായ കായലോരവും ഇവിടം മനോഹരമാക്കുന്നു. ഒരു നല്ല കള്ളു കുടിയനും അല്ലെങ്കിൽ ഒരു കലാസ്വാദകനും ഈ കവിത ആസ്വദിക്കാൻ പറ്റുമെന്ന് കരുതുന്നു.
എന്റെ ഒരു അനുഭവം അവിചാരിതമായി ഒരു കവിതാശകലത്തിന്റെ രൂപത്തിൽ എനിക്ക് എന്നാലാവുംവിധം നല്ലതെന്നു തോന്നിയ ഈണത്തോടെയും താളബോധത്തോടെയും പദസഞ്ചലനത്തോടെയും ഇവിടെ കുറിച്ചു കൊള്ളട്ടെ. നിങ്ങൾ നിങ്ങളാലാവും വിധം നന്നായി പാടുക. ഈ കവിതയിലൂടെ കാളിയിലെ കള്ള് ഷാപ്പിനു കൂടുതൽ പ്രസിദ്ധി ഉണ്ടാവട്ടെ. ഈ കവിത എല്ലാ നല്ല കള്ള് കുടിയന്മാർക്കും സമർപ്പിക്കുന്നു.
[കവിതകൾ വായിച്ചു മനസ്സിലാകുന്നതിനേക്കാൾ കേട്ടു മനസ്സിലാക്കാനാണ് എളുപ്പം എന്ന് തോന്നിയപ്പോൾ ശബ്ദവും ശ്വാസവും ഒന്നും നന്നല്ലെങ്കിലും എന്നാലാവുന്ന രീതിയിൽ ഒരു ശ്രമം നടത്തിയതാണ് താഴെ കാണുന്ന ശബ്ദരേഖ. എഴുതുമ്പോൾ എന്റെ മനസ്സിലുണ്ടായിരുന്ന താളവും രീതിയും അറിയിക്കുവാനുള്ള ഒരു എളിയ ശ്രമം. തെറ്റുകൾ പൊറുത്ത് നിങ്ങൾക്ക് നിങ്ങൾക്കാവുന്ന രീതിയിൽ നന്നാക്കാൻ ശ്രമിക്കാം. എല്ലാവരും ആസ്വദിക്കുമെന്ന് കരുതിക്കൊളളട്ടെ.]
തോർത്തു മുണ്ടുകൾ തലയിൽ ചുറ്റി
കള്ളിൻ കുടത്തിന്‍മേൽ താളം കൊട്ടി
കൊട്ടിക്കലാശത്തിൻ ചാരുതയിൽ
പാട്ടിന്റെ താള സമാപ്തിയായി
മഴ നൃത്തം ചടുലം, ആനന്ദം പ്രകടം
തിന്തതെയ് തിന്തകതൃമുതെയ്
തിന്തതെയ്....
കാളീലെ...
**********************
ഈ കവിതയുടെ പ്രതിപാദ്യവിഷയത്തെ സംബന്ധിച്ചും വിഷയവിശകലന രീതിയെക്കുറിച്ചും പദവിതരണ രീതിയെക്കുറിച്ചും താളത്തെ കുറിച്ചും ഒക്കെ ഉള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ വളച്ചുകെട്ടലുകളില്ലാതെ തീർച്ചയായും ഇവിടെ രേഖപ്പെടുത്തുക.