2024, നവംബർ 15, വെള്ളിയാഴ്‌ച

സമയമായ് സഘോഷരേ

[വാഷിംഗ്ടൺ ഡിസിയിൽ വച്ച് 2024 നവംബർ 9 ന്, KAGW എന്ന സംഘടനയുടെ നേതൃത്വത്തിൽ നടത്തപ്പെട്ട ഒരു നാടകമത്സരത്തിൽ ഞങ്ങൾ അവതരിപ്പിച്ച 'ഭൂമിക്കൊരു സാന്ത്വനം' എന്ന നാടകത്തിന്റെ ഉപസംഹാരരംഗത്തിലേക്കായി എഴുതിയ കവിതയാണിത്. 2024 ൽ വയനാട്ടിലെ മേപ്പാടിയിലും ചൂരൽമലയിലും സംഭവിച്ച ഉരുൾപൊട്ടൽ പോലുള്ള പ്രകൃതി ദുരന്തങ്ങളായിരുന്നു പ്രതിപാദ്യവിഷയം. നീതീകരണമില്ലാത്ത മനുഷ്യന്റെ ഇടപെടലുകൾ കൊണ്ട് ഈ ഭൂമിക്കും പ്രകൃതിക്കും ഉണ്ടാകുന്ന നാശങ്ങളും ദുരന്തങ്ങളും ഒഴിവാക്കാൻ വേണ്ടി പ്രവർത്തിക്കുന്ന 'നന്മ', തോറ്റുകൊണ്ടേ ഇരിക്കുകയും, ഒടുവിൽ യുവജനങ്ങളെ കൂട്ടുപിടിച്ച് 'തിന്മ'യുടെ മേൽ 'നന്മ' വിജയിക്കുന്നതുമാണ് നാടകത്തിന്റെ ഇതിവൃത്തം. ഇതിൽ നാടകത്തിന്റെ അവസാന ഭാഗത്ത് പ്രതീകാത്മക കഥാപാത്രങ്ങളായ നന്മയും തിന്മയും തമ്മിൽ കശപിശ നടക്കുമ്പോഴാണ്, ഈ കവിത അവതരിക്കപ്പെടുന്നത്. പ്രസ്തുത നാടകത്തിനതീതമായി തന്മയത്വത്തോടെ നിലനിൽക്കാനുദ്ദേശിക്കുന്ന ഈ കവിതയിൽ, ഇന്നത്തെ ഭൂമിയുടെ അവസ്ഥ ചുരുക്കം വാക്കുകൾ കൊണ്ട് ഉദ്‌ഘോഷിക്കുകയും അത്തരം ദുരവസ്ഥകളെ മാറ്റിയെടുത്ത് പൂർവ്വസ്ഥിതിയിലാക്കാൻ സമൂഹത്തെ പാകപ്പെടുത്തുകയും അതിന് വേണ്ടി യുവജനങ്ങളോട് ഒരുമിച്ച് നിന്ന് പോരാടാൻ പ്രേരിപ്പിക്കുകയുമാണ് ഉദ്ദേശിച്ചിട്ടുള്ളത്.

ഈ നാടകത്തിന്, മികച്ച സ്ക്രിപ്റ്റിനും, മികച്ച സാമൂഹിക പ്രതിബദ്ധതയ്ക്കും മികച്ച കുട്ടി അഭിനേതാവിനുമുള്ള അവാർഡുകൾ ലഭിച്ചു എന്നത് വളരെ സന്തോഷം ഉളവാക്കുന്ന കാര്യമായിരുന്നു. 30 മിനുട്ടോളമുള്ള നാടകത്തിന്റെ, പാട്ടുൾപ്പെടുന്ന, ഏഴുമിനുട്ടുകൾ മാത്രമുള്ള അവസാന രംഗത്തിന്റെ വീഡിയോ ചുവടെ കൊടുക്കുന്നു.  നാടകത്തിന്റെ മുഴുവൻ സത്തയും ഈ രംഗത്തിൽ നിന്ന് മനസ്സിലാക്കാവുന്നതാണ്.]

പാട്ടുൾപ്പെടുന്ന രംഗം കാണാൻ മുകളിലത്തെ വീഡിയോ പ്ളേ ചെയ്യുക. അഥവാ ഈ വീഡിയോ പ്ളേ ചെയ്യുന്നില്ലെങ്കിൽ, നേരിട്ട് യൂട്യൂബിൽ കാണാൻ ഇവിടെ അമർത്തുക

സമയമായ്... സമയമായ്... സമയമായ്... സമയമായ്... 

സമയമായ് സഹജരേ ഉണരുവാൻ സമയമായ് 
സമയമായ് സമീപനം സമൂലമായി മാറുവാൻ  

പെറ്റുപെരുകി തിന്മകൾ നാട്ടിലാകെ ഭീതികൾ 
പതഞ്ഞുയർന്ന ദുരകളാൽ ദുരന്തമായി നാടുകൾ

മലയിടിച്ച് വയൽ നികത്തി ഗോപുരങ്ങൾ കെട്ടിയോർ  
ലോലഭൂവിൽ കാട് വെട്ടി പാറമടകൾ തീർത്തവർ 

കാളകൂടമൊഴുക്കി വിട്ട് പുഴകളാകെയിരവിലായ്  
നുരഞ്ഞ ലഹരിയുള്ളിലേറ്റി നൻപരാകെ മൂഢരായ് 

സമയമായ് സതീർത്ഥരേ തിന്മയെ തകർക്കുവാൻ 
സമയമായ് ചിട്ടകൾ തച്ചുടച്ച് വാർക്കുവാൻ 

മറഞ്ഞിരുന്ന് കെണിയൊരുക്കും നീചരെ തുരത്തുവാൻ 
ആർത്തി പൂണ്ട മർത്ത്യരെ മെരുക്കി ഭൂമി കാക്കുവാൻ 

വരണ്ട് വിണ്ട് വീണ മണ്ണിലുറവ കൊണ്ട് വന്നിടാൻ 
വിണ്ണിലേക്കുയർന്ന വിഷച്ചുരുളുകൾ ചുരുക്കുവാൻ 

മലിനമായ നദികളെ വീണ്ടെടുത്തൊഴുക്കുവാൻ  
മെലിഞ്ഞുണങ്ങി മൊട്ടയായ കാനനം തളിർക്കുവാൻ 

സമയമായ് സഖാക്കളേ നന്മയോട് ചേർന്നിടാൻ 
സമയമായ് സുചിന്തകൾ സുദീപ്തമായ് പരത്തുവാൻ 

സമയമായ് സഘോഷരേ ഘർഷണം കുറയ്ക്കുവാൻ
സമയമായ് സ്വഭൂതലം സ്വർഗ്ഗലോകമാക്കുവാൻ

ജനയുവങ്ങളായ നമ്മളൊത്തു ചേർന്ന് നിന്നിടാം 
ഇനി വരും പരമ്പരക്ക് നല്ല ഭാവി നേർന്നിടാം.

***

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ