childhood life എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
childhood life എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2013 മാർച്ച് 3, ഞായറാഴ്‌ച

കാടൻ ചിന്തയുടെ ചുടലതാളം

ഈ ഒരു കവിതയിൽ‍  എന്റെ ഭൂതകാലത്തിന്റെ ഒരു ഏട്ടിലെ ചില അംശങ്ങളുണ്ട്. ഇപ്പറഞ്ഞ ചിന്തകൾക്ക്  ഇന്നത്തെ എന്റെ വർത്തമാന ചിന്തകളുമായി ഒരു തരത്തിലും സാമ്യമില്ല. സാഹചര്യങ്ങളാണ് ചിന്തകളെ നയിക്കുന്നത്. ചിന്തകൾ അത്യാവശ്യവുമാണ്. ആരുടെ സാഹചര്യങ്ങളും ചിന്തകളെ  കാട് കേറാതിരിക്കാൻ സഹായിക്കട്ടെ.

കവിതയിൽഒരു ആത്മസംഘർഷമാണ്  പ്രതിപാദിച്ചിരിക്കുന്നത്. എല്ലാ സംഘർഷത്തിൽ നിന്നും രക്ഷപ്പെടുവാൻ ആത്മഹത്യയാണ് മാർഗമെന്ന് ആത്മാവ് ദേഹത്തോട് പറയുന്നതും തദ്വാരാ ദേഹത്തിൽ നിന്ന് ആത്മാവ്വിട പറയുന്നതുമായ ഒരു മുഹൂർത്തം സ്വന്തം കണ്മുന്നിൽ കാണുന്നതാണ് ഇവിടെ  കാടൻ ചിന്തയായി അവതരിപ്പിച്ചിരിക്കുന്നത്. ഇത് ഒരു കവിത മാത്രമാണ്. ഇവിടെ ആരോടും പരിഭവിക്കുകയോ ആരെയും പരിഹസിക്കുകയോ ചെയ്യുന്നില്ല.

ഈ കവിത ഞാൻ‍ എന്റെ മാതാപിതാക്കൾ‍ക്ക്‌ സമർപ്പിക്കുന്നു.

കവിതകൾ വായിച്ചു മനസ്സിലാകുന്നതിനേക്കാൾ കേട്ടു മനസ്സിലാക്കാനാണ് എളുപ്പം എന്ന് തോന്നിയപ്പോൾ ശബ്ദവും ശ്വാസവും ഒന്നും  നന്നല്ലെങ്കിലും എന്നാലാവുന്ന രീതിയിൽ ഒരു ശ്രമം നടത്തിയതാണ് താഴെ കാണുന്ന ശബ്ദരേഖ. എഴുതുമ്പോൾ എന്റെ മനസ്സിലുണ്ടായിരുന്ന താളവും രീതിയും അറിയിക്കുവാനുള്ള ഒരു എളിയ ശ്രമം.  തെറ്റുകൾ പൊറുത്ത് നിങ്ങൾക്ക് നിങ്ങൾക്കാവുന്ന രീതിയിൽ നന്നാക്കാൻ ശ്രമിക്കാം.  എല്ലാവരും  ആസ്വദിക്കുമെന്ന് കരുതിക്കൊളളട്ടെ.




മുകളിലത്തെ ശബ്ദരേഖ പ്രവർത്തിക്കുന്നില്ലെങ്കിൽ യുട്യൂബിൽ നേരിട്ടു കേൾക്കുക

ശ്രീ

ആളുന്ന തീയിൽ‍ എരിഞ്ഞൊന്നടങ്ങുവാൻ
തയ്യാറാവട്ടെ ദേഹം
പാളുന്ന ജീവിതതാളത്തിനിത്തിരി
ആശ്വാസമാവട്ടെ നാളം
അന്ത്യം കുറിക്കട്ടെ പാളം

ചിന്തകൾ‍ കൊണ്ടുമെൻ‍  കർമങ്ങളെക്കൊണ്ടും
എന്തു ഞാൻ നേടിയെന്നോർ‍ക്കാം
പന്താടുന്ന തരത്തിലീ ജീവിതം
അന്തരാളത്തിൽ‍ ചുഴിഞ്ഞൂ
ആത്മാവിനെന്തു പിഴച്ചൂ

ഈ ലോകത്തിന്റെ കോണിൽ‍ ഒരിക്കൽ‍ ഞാൻ‍
ഞാൻ‍ തന്നെ അറിയാതെ വന്നൂ
വളരുന്ന നാളിൽ ഞാൻ‍ തന്നെ അറിയാതെ
ദീനത്തിലായിട്ടമർ‌ന്നൂ
ഗാത്രം കീറി മുറിച്ചൂ

അസ്ഥിതൻ ‍മജ്ജയും കരളിന്റെ നീരും
മലമൂത്രരക്തവും ചികഞ്ഞിട്ടു നോക്കിയും
മരുന്നുകൾ‍ കുത്തിയും തൊലിപ്പുറം കീറിയും
ആർക്കുമേ ഒന്നുമേ തിരിയാതെയായി
എല്ലാം ഒരുതരം മരീചികയായി

ജീവിതാന്തങ്ങളെ കൂട്ടിമുട്ടിക്കുവാൻ
പാടുപെടുന്നോരു താതന്റെ
ജീവിതഭാണ്‍ഡത്തിൻ‍ ഭാരത്തിനപ്പുറം
കൂനിന്മേൽ‍ കുരുവായി ഞാനും
വേവാത്ത ചോറായി ഞാനും

ആഗ്രഹസാഫല്യമെന്തെന്നറിയാതെ
മാളത്തിലായുള്ള ബാല്യം
കൂട്ട് ചേരുന്നിടം കൂട്ടുവാൻ‍ പറ്റാതെ
മൂലക്കിരുത്തിയ ബാല്യം
ശോഷിച്ചു പോയൊരു ബാല്യം

ജനകന്റെ ഭാണ്‍ഡത്തിൻ‍ കെട്ടു മുറുകുമ്പോൾ‍
പഴിക്കാനായൊരു ജീവൻ
മാനസം ലാളന തേടുന്ന നേരം
തലോടാൻ‍ വന്നില്ലൊരാളും
ഗദ്ഗദം മാത്രമായ് ബാക്കി ‍

വീട്ടിലെ താളങ്ങൾ‍ താളത്തിലാക്കുവാൻ
പാടുപെടുന്നൊരു കാലം
നാട്ടിലെ കാര്യങ്ങൾ‍ കൂടിക്കുമിഞ്ഞോരു
ഗോളമായ് താതന്റെ താളം
കോലമായ് താതന്റെ കായം

സമകാലീന സൗകാര്യാന്തരങ്ങളാൽ
ആൾക്കൂട്ടത്തിൽ‍ തനിച്ചിരുന്നു
വിദ്യകൾ‍ പലതും കൈവശമില്ലാതെ
കൂട്ടരാൽ‍ ഞാനും വലിഞ്ഞിരുന്നു
നീറ്റലാലെന്മനം വീണിരുന്നു

മുട്ടുകൾക്കുള്ളിലും വീട്ടിലെ കർമങ്ങൾ
ചിട്ടയാം മട്ടിൽ‍ കടന്നു പോയീ
എന്നിരുന്നാലും ഇടക്കൊക്കെ അച്ഛന്റെ
സ്നേഹത്തിൻ‍ തീവ്രത ഞാനറിഞ്ഞു
കടമകൾ‍ ത‍ൻ കട്ടി ഞാനറിഞ്ഞു

നിലവറക്കുള്ളിലെ റാന്തൽ വിളക്കു  പോൽ‍
കണ്ടില്ല ഞാനാ മാനസത്തെ
എനിക്കില്ലാത്തതുമതുമാത്രമായി
ആരാലും കാണാത്തകക്കണ്ണ്‍
ഉണ്ടായിരിക്കേണ്ട ദീർഘദൃഷ്ടി

വീട്ടിലെത്തുമ്പോൾ ഭീതി വിളമ്പുന്ന
മൌന വിഷാദിയായ് താതൻ‍
ചിന്തിച്ചു ചിന്തിച്ചു വളരുന്ന നേരം
കൌമാരമെത്തിയെൻ മുന്നിൽ
വല്ലാത്ത ചിന്തകളായി എന്നിൽ‍

അമാന്തം കൂടാതെ കൂസലുമില്ലാതെ
ധിക്കാരിയായി നടന്നു
കൂട്ടരെപ്പോലെ വിക്രിയ കാട്ടുവാൻ‍
ധൃതികാട്ടി ധൂളിയിൽ ഞാൻ‍ നടന്നു
ദോളനം കേൾക്കാതെ ഞാനകന്നു

അന്നത്തിനൊട്ടുമേ ബുദ്ധിമുട്ടില്ല
പിന്നെയും ചിന്തകൾ കാട്ടിലായി
ഇത്തരം ചിന്തകൾ‍ക്കുള്ളിലും നൂണിട്ടു
ദീനം കണ്ണ് മിഴിച്ചു നോക്കി
കാലന്റെ കണ്ണ് തുറിച്ചു നോക്കി

അതെന്റെ താളം, കുടിലിന്റെ താളം
എല്ലാം അവതാളമാക്കി മാറ്റി
ഞാനൊരു വേതാളമായി മാറി
തെക്കേ ചുടലയിൽ‍ താളമായി
മാവിൻ‍ ചുവട്ടിൽ‍ ബഹളമായി

മറുതരക്ഷസ്സുകൾ‍ പിറുപിറുത്തു
കാലൻ‍ കോഴി കരഞ്ഞു
പ്രേതപിശാചുക്കൾ ഓടിയെത്തി
യക്ഷികൾ  ചുടലയിൽ ചടുലമാടി.

ഭസ്മക്കുളത്തിൽ കുളി കഴിഞ്ഞു
വെള്ളപ്പുതപ്പു പുതച്ചു
ചൂട്ടു കളത്തിൽ‍ കളം വരഞ്ഞു
ഞാൻ‍‍ ആ കളത്തിൽ‍ കിടന്നു.

ജീവന്റെ ആത്മാവ് തുടുതുടുത്തു
പരമാത്മാവ് ചിരിച്ചു
ദേഹം ദേഹിയെ നോക്കി നിന്നു
ചുടലയിൽ‍ നാളം പടർ‍ന്നു

ദേഹി ദേഹത്തെ വലം പിരിഞ്ഞു
പരിരംഭണത്തിൽ‍ അമർന്നു
ദേഹി തൻ‍ കണ്ണു നിറഞ്ഞു
ദേഹത്തിനോടായ് പറഞ്ഞു

ആളുന്ന തീയിൽ‍ എരിഞ്ഞൊന്നടങ്ങുവാൻ
തയ്യാറാവട്ടെ ദേഹം
പാളുന്ന ജീവിതതാളത്തിനിത്തിരി
ആശ്വാസമാവട്ടെ നാളം

                                                               ****************
കുറിപ്പ്: ആസ്വാദകരും അല്ലാത്തവരും അവരവരുടെ മനസ്സിൽ തോന്നുന്ന അഭിപ്രായങ്ങൾ വളച്ചുകെട്ടില്ലാതെ ഇവിടെ കുറിക്കുവാൻ മറക്കരുതേ ! നിങ്ങളുടെ അഭിപ്രായങ്ങൾ എനിക്ക് ഒരു പുതിയ അറിവും ചിലപ്പോൾ ഒരു പ്രചോദനവും ആയിരിക്കും.
                                                                ***************