toddy എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
toddy എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2013 മാർച്ച് 2, ശനിയാഴ്‌ച

ഒരു കള്ളുകുടിയു​ടെ ഓര്‍മയ്ക്ക്

എന്റെ നാട്ടിലെ നല്ല കള്ളുകുടിയന്മാരാൽ‍  പേരു കേട്ട ഒരു കള്ള് ഷാപ്പ്‌ ആണ് "കാളിയിലെ കള്ള് ഷാപ്പ്". പല നാടുകളിൽ‍ നിന്നും ഇവിടെ കള്ള് ‌ കുടിക്കാനും അതോടൊപ്പം നല്ല നാടൻ‍ വിഭവങ്ങൾ‍ ആസ്വദിക്കാനും ഇവിടെ ആളുകൾ എത്താറുണ്ട്. നല്ല പച്ചപ്പും വിശാലമായ കായലോരവും ഇവിടം മനോഹരമാക്കുന്നു. ഒരു നല്ല കള്ളു കുടിയനും അല്ലെങ്കിൽ‍ ഒരു കലാസ്വാദകനും ഈ കവിത ആസ്വദിക്കാൻ‍ പറ്റുമെന്ന് കരുതുന്നു.

എന്റെ ഒരു അനുഭവം അവിചാരിതമായി  ഒരു  കവിതാശകലത്തിന്റെ രൂപത്തിൽ‍  എനിക്ക് എന്നാലാവുംവിധം നല്ലതെന്നു തോന്നിയ ഈണത്തോടെയും താളബോധത്തോടെയും പദസഞ്ചലനത്തോടെയും ഇവിടെ കുറിച്ചു കൊള്ളട്ടെ. നിങ്ങൾ‍ നിങ്ങളാലാവും വിധം നന്നായി പാടുക. ഈ കവിതയിലൂടെ കാളിയിലെ കള്ള് ഷാപ്പിനു കൂടുതൽ‍ പ്രസിദ്ധി ഉണ്ടാവട്ടെ. ഈ കവിത എല്ലാ നല്ല കള്ള് കുടിയന്മാർ‍ക്കും സമർ‌പ്പിക്കുന്നു.

[കവിതകൾ വായിച്ചു മനസ്സിലാകുന്നതിനേക്കാൾ കേട്ടു മനസ്സിലാക്കാനാണ് എളുപ്പം എന്ന് തോന്നിയപ്പോൾ ശബ്ദവും ശ്വാസവും ഒന്നും  നന്നല്ലെങ്കിലും എന്നാലാവുന്ന രീതിയിൽ ഒരു ശ്രമം നടത്തിയതാണ് താഴെ കാണുന്ന ശബ്ദരേഖ. എഴുതുമ്പോൾ എന്റെ മനസ്സിലുണ്ടായിരുന്ന താളവും രീതിയും അറിയിക്കുവാനുള്ള ഒരു എളിയ ശ്രമം.  തെറ്റുകൾ പൊറുത്ത് നിങ്ങൾക്ക് നിങ്ങൾക്കാവുന്ന രീതിയിൽ നന്നാക്കാൻ ശ്രമിക്കാം.  എല്ലാവരും  ആസ്വദിക്കുമെന്ന് കരുതിക്കൊളളട്ടെ.]


മുകളിലത്തെ ശബ്ദരേഖ പ്രവർത്തിക്കുന്നില്ലെങ്കിൽ യുട്യൂബിൽ കേൾക്കുക

കാളീലെ കള്ളു ഷാപ്പിനു ഉണ്ടൊരു മണം
അത് തെങ്ങിന്റെ മണം അല്ല കള്ളിന്റെ മണം.
ഹ ഹ ഹായ്‌

മണം പൂകി അകം പൂകി കേറിയിരുന്നു
മനം തൂകിയിരുന്നൂ.
ഹൊ ഹൊ ഹൊയ്
മണം പൂകി....

മൂലക്കിരുന്നു പാടും മീശക്കാരൻ‍,
മേശമേൽ‍ കൊട്ടിയാടും വയറന്‍ ചേട്ടൻ‍
താളത്തിൽ‍ ആടിപ്പാടി ഷാപ്പുകാരൻ‍,
നീളന്‍ കുപ്പിയിൽ‍ കള്ളുമായി മുന്നിലെത്തി

ഓലക്കൂരക്കീഴേ പടിഞ്ഞിരുന്നൂ,
ഓലമറയ്ക്കുളേള  ഞെളിഞ്ഞിരുന്നൂ.
കള്ളിൻ‍ കുടം ഞങ്ങൾ‍ മോന്താനായി,
തൊള്ള തുറന്നു പിടിച്ചുവല്ലോ.

കള്ളിന് കൂട്ടായി ഞണ്ട് കറി പിന്നെ-
ചെമ്മീൻ‍ കറി , പോരാ കോഴിക്കറി
ഹ ഹ ഹായ്‌...

കപ്പ കടലപ്പുഴുക്കുകളും, തൊട്ടു -
കൂട്ടി രസിക്കുവാൻ‍ അച്ചാര്‍ കൂട്ടം.
ഹൊ ഹൊ ഹൊയ്
കപ്പ...

ചർച്ചകൾ രാഷ്ട്രീയം, സാങ്കേതികം
പെണ്ണ് പിടക്കോഴി ഭാവികളും.
ഇത്തിരി നേരം മോന്തിയപ്പോൾ‍
ഉള്ളിലെ താളങ്ങൾ‍ മേളമായി

മേളക്കൊഴുപ്പേകാൻ‍ വാദ്യമായി
വാദ്യത്തിൽ‍ താളത്തിൽ‍ ആട്ടമായി
ഓലപ്പുരയ്ക്കുള്ളിൽ‍ വീതി പോരാ,
ഞങ്ങൾ‍  കായൽത്തീരം വന്നണഞ്ഞുവല്ലോ

വെക്കും ചുവടുകൾ‍ തകതിമിതൃമിതയ്
പാടുന്ന പാട്ടുകൾ‍ ഹൊയ്‌യാരെ ഹൊയ്‌യാ
തിന്തതെയ് തിന്തകതൃമുതെയ്
തിന്തതെയ്...

കാളീലെ...

കായലോരത്തെ തെങ്ങിൻ‍ കീഴിൽ‍
വഞ്ചിപ്പാട്ടിന്റെ താളങ്ങൾ‍ ഘോഷമായി
മേലെ പറക്കും  കുരുവി  പോലെ
ഞങ്ങൾ‍ താഴെ പറക്കുന്ന പക്ഷികളായ്

മത്തിന്റെ മോഹ വലയത്തിന്മേൽ‍
മാരിവില്ലുകൾ‍ ചാമരം തീര്‍ത്തുവച്ചു
മത്തിന്റെ കെട്ടുകൾ‍ പൊട്ടിക്കുവാൻ‍
മഴക്കാറുകൾ‍ വൃഷ്ടികൾ‍ തീർ‍ത്തുവച്ചു

തോർ‍ത്തു മുണ്ടുകൾ‍ തലയിൽ‍ ചുറ്റി
കള്ളിൻ‍ കുടത്തിന്‍മേൽ‍ താളം കൊട്ടി
കൊട്ടിക്കലാശത്തിൻ‍ ചാരുതയിൽ‍
പാട്ടിന്റെ താള സമാപ്തിയായി

മഴ നൃത്തം ചടുലം, ആനന്ദം പ്രകടം
തിന്തതെയ് തിന്തകതൃമുതെയ്
തിന്തതെയ്....

കാളീലെ...

                                                             **********************

ഈ കവിതയുടെ പ്രതിപാദ്യവിഷയത്തെ സംബന്ധിച്ചും വിഷയവിശകലന രീതിയെക്കുറിച്ചും പദവിതരണ രീതിയെക്കുറിച്ചും താളത്തെ കുറിച്ചും ഒക്കെ ഉള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ വളച്ചുകെട്ടലുകളില്ലാതെ തീർ‍ച്ചയായും ഇവിടെ രേഖപ്പെടുത്തുക.

                                                                    **************