അധികമാരാലും വായിക്കപ്പെടാത്തൊരു എഴുത്തുകാരനാണെങ്കിലും, വളരെക്കുറച്ച് മാത്രം എഴുതിയ, കാര്യമായൊന്നും എഴുതാത്ത, നേരമ്പോക്കിന് മാത്രം വല്ലതും എഴുതുന്ന, ചില്ലറയെഴുത്തും ചില്ലറ വായനകളും ഇഷ്ടപ്പെടുന്നു എന്ന് സ്വയം വിശ്വസിക്കുന്ന ആളെന്ന നിലക്ക്, കഴിഞ്ഞ ചുരുങ്ങിയ കാലത്തെ എഴുത്തിന്റെ വഴിയിൽ, എനിക്ക് ബഹുമുഖ വേഷങ്ങൾ കെട്ടേണ്ടി വന്നിട്ടുണ്ട്. ഞാൻ താമസിക്കുന്ന വാഷിംഗ്ടൺ ഡിസി പ്രദേശത്തുള്ള വിവിധ മലയാളി സംഘടനകളുടെ, വിവിധകാലങ്ങളിലെ എഡിറ്ററായും, മലയാളിസംഘടനകളുടെ വിവിധ വർഷങ്ങളിലെ കലാപരിപാടികൾക്കുള്ള 'തീം' ഒരുക്കിയും, ഒരു സംഘടനക്ക് വേണ്ടി ആശയഗാനം എഴുതിയും, ചില പരിപാടികൾക്ക് script എഴുതിയും, ചില പരിപാടികളുടെ അവതാരകനായും, എത്രയോ പരിപാടികൾക്ക് ആമുഖങ്ങളും ഹ്രസ്വഖണ്ഡങ്ങളെഴുതിയുമൊക്കെയുള്ള വേഷങ്ങൾ. ഈ വേഷങ്ങളൊക്കെ അതാത് കാലങ്ങളിൽ എന്റെ മേലെ യഥാസമയം വന്നു ചേരുകയായിരുന്നു.
അത്തരം വേഷങ്ങൾ എടുത്തണിയാൻ, ഒരുപാട് പേർ അണിയറയിലും അരങ്ങിലും സഹായിച്ചിരുന്നെങ്കിലും, ആ വേഷങ്ങൾ ആടുന്നതിനിടയിൽ, വ്യക്തിപരമായി ചീത്തപ്പേര് കേൾക്കേണ്ടിവന്ന മൂന്ന് നാല് അനുഭവങ്ങളാണ് ഈ എഴുത്തിലെ പ്രതിപാദ്യം. ഏറ്റവും കടുപ്പം കുറഞ്ഞ അനുഭവത്തിൽ നിന്ന് കടുപ്പമേറിയ അനുഭവങ്ങളിലേക്ക് നമുക്കൊരു യാത്ര ചെയ്യാം. മൂന്ന് ഭാഗങ്ങളായുള്ള 'തെറി കേൾക്കും വഴികളി'ലെ ആദ്യാനുഭവം ചുവടെ.
2014 ൽ ഒരു മലയാളി സംഘടനയുടെ സുവനീർ (souvenir) എഡിറ്ററായിരിക്കുമ്പോഴായിരുന്നു ആദ്യത്തെ ദുരനുഭവം. സുവനീറിലേക്ക് വന്ന രണ്ട് articles ആയിരുന്നു അതിന്റെ മൂല കാരണങ്ങൾ. ഒന്ന് ഒരു കൗമാരക്കാരിയുടെ കവിതയും മറ്റൊന്ന് എന്നേക്കാൾ ഓണം കൂടുതലുണ്ടിട്ടുള്ള ഒരാളുടെ ലേഖനവും. ഇവ രണ്ടും പ്രസിദ്ധീകരിക്കാൻ വിസമ്മതിച്ചതാണ് പേര് ദോഷം വരാൻ ഇടയായത്.
കൗമാരക്കാരിയുടെ കവിതയുടെ പ്രമേയം കൃഷ്ണഭക്തിയായിരുന്നെന്നാണ് എന്റെയോർമ്മ. കൃഷ്ണനാണ് ലോകത്തിന്റെ ദൈവമെന്നും, കൃഷ്ണനല്ലാതെ മറ്റാർക്കും നമ്മെ സഹായിക്കാനാകില്ലെന്നൊക്കെ പറയുന്നത് പോലുള്ള വരികൾ. ഒരു കുട്ടിയാണ് എഴുതിയതെന്നുള്ള ഉത്തമബോദ്ധ്യം എനിക്കുണ്ടെങ്കിലും, ആ കുട്ടിയുടെ നിഷ്കളങ്കതയെ ചോദ്യം ചെയ്യരുതെന്നുണ്ടെങ്കിലും, സർവ്വമതമാനവരുള്ള ഒരു സംഘടനയുടെ സുവനീറിൽ ഇത്തരത്തിൽ ഒരു പ്രത്യേക വിഭാഗത്തിന്റെ ദൈവത്തിനെക്കുറിച്ചുള്ള കവിത പ്രസിദ്ധീകരിക്കുന്നതിന് എന്റെ മനസ്സ് എതിരായിരുന്നു. എനിക്ക് ആധുനിക മതതാളങ്ങളിലൊന്നും വിശ്വാസമില്ലെങ്കിലും, ആരുടേയും മതവിശ്വാസസ്വാതന്ത്ര്യത്തിനെ ഹനിക്കാനൊന്നും ഉദ്ദേശമുണ്ടായിരുന്നില്ല. അതുകൊണ്ട്, എന്റെ സ്വന്തം അഭിപ്രായത്തിനെ മാനിച്ചും സംഘടനയുടെ പ്രസിദ്ധീകരണത്തിൽ, മതവിമർശനങ്ങളോ മതപ്രഘോഷണങ്ങളോ പാടില്ലെന്നുള്ളതിനാലും, ആ കവിത പ്രസിദ്ധീകരിക്കേണ്ടെന്ന് ഞാൻ നിലപാടെടുത്തു.
കവിത നിരസിച്ചത് കൗമാരക്കാരിയുടെ മാതാപിതാക്കളെ, പ്രത്യേകിച്ച് മാതാവിനെ ചൊടിപ്പിച്ചെങ്കിലും എന്നോട് നേരിട്ടൊന്നും പറയുകയോ പ്രകടിപ്പിക്കുകയോ ചെയ്തില്ല. പക്ഷേ അതിന്റെ പേരിൽ, കുട്ടിയുടെ മാതാവ് എന്നെച്ചൊല്ലി, സംഘടനയുടെ അന്നത്തെ പ്രസിഡന്റിനോട് കയർക്കുകയുണ്ടായി. പ്രസിഡന്റ്, അദ്ദേഹത്തിന്റെ സംഘാടനമികവിൽ എങ്ങനെയോ ആ സംഭവം ഒതുക്കിത്തീർത്തത് കൊണ്ട്, നേരിട്ട് പഴി കേൾക്കാതെ ഞാൻ രക്ഷപ്പെട്ടു.
ലേഖനം നിരസിച്ചത്, സങ്കടത്തെക്കാളേറെ ഉള്ളിലൊരു ചിരിയായിരുന്നു എനിക്ക് സമ്മാനിച്ചത്. ഒരു സുഹൃത്ത് അകാലത്തിൽ അന്തരിച്ചപ്പോൾ മരിച്ചയാളെക്കുറിച്ചുള്ള ഓർമ്മകളും സങ്കടങ്ങളുമൊക്കെ പങ്കുവച്ചുള്ളതായിരുന്നു ആ മഹത്തായ ലേഖനം. എഡിറ്റർ എന്ന നിലയിൽ ഓരോ പ്രസിദ്ധീകരണക്കുറിപ്പിന്റെയും എല്ലാ വരികളും, വരികൾക്കിടയിലൂടെയും വായിക്കേണ്ട ബാദ്ധ്യത എനിക്കുണ്ട്. അങ്ങനെ വായിച്ചപ്പോഴാണ് ഒരു ഖണ്ഡിക ശ്രദ്ധയിൽ പെട്ടത്.
ലേഖനകർത്താവിന്റെ അടുത്ത സുഹൃത്തിനെക്കുറിച്ചാണ് പരാമർശമെങ്കിലും, സ്നേഹം കൂടുതലായിട്ടാണോ എന്നറിയില്ല, മരിച്ചയാളുടെ വ്യക്തിജീവിതത്തിലെ ചില ഏടുകൾ എഴുത്തുകാരൻ എഴുതിയത് എന്റെ കണ്ണിലുടക്കി. മരിച്ചയാൾ, അദ്ദേഹത്തിന്റെ കുടുംബത്തിനും, സുഹൃത്തുക്കൾക്കും സമൂഹത്തിനും സമൂഹത്തെ പ്രതിനിധാനം ചെയ്യുന്ന സംഘടനക്കും മറ്റും വേണ്ടി ചെയ്ത സംഭാവനകളെ ഘോരഘോരം പ്രശംസിച്ചുകൊണ്ടാണ് തുടങ്ങിയതെങ്കിലും, പിന്നീടങ്ങോട്ട് മരിച്ചയാളിന്റെ ചില കുത്തഴിഞ്ഞ ജീവിതത്തെക്കുറിച്ചായി പരാമർശം. മരിച്ചയാൾ അമിത മദ്യപാനിയായിരുന്നെന്നും, രാവിലെമുതൽ മദ്യം കിട്ടിയില്ലെങ്കിൽ നേരെ നിൽക്കാൻ പറ്റാത്ത ആളായിരുന്നെന്നും, പല ഘട്ടങ്ങളിലും മയക്കുമരുന്നിന്റെ വശ്യത തേടിയിട്ടുണ്ടെന്നും മറ്റുമായിരുന്നു പിന്നീടങ്ങോട്ടുള്ള എഴുത്ത്.
ആ വ്യക്തിഗത പരാമർശങ്ങൾ ഒഴിവാക്കണമെന്ന് ഞാൻ എഴുത്താളിനോട് ആവശ്യപ്പെട്ടെങ്കിലും, അദ്ദേഹം ആ ആവശ്യം നിരസിച്ചതിനാൽ, അദ്ദേഹത്തിന്റെ ലേഖനം തന്നെ ഞാൻ പ്രസിദ്ധീകരിക്കുന്നതിന് വിസമ്മതിച്ചു. കാരണം, ലേഖനത്തിലെഴുതിയത് മുഴുവൻ സത്യമാണെങ്കിലും അല്ലെങ്കിലും, ആ ലേഖനം പ്രസിദ്ധീകരിച്ചതിന് ശേഷം, മരിച്ചയാളുടെ ഭാര്യയോ മറ്റ് കുടുംബാംങ്ങങ്ങളോ മറ്റോ അപഖ്യാതിക്ക് കേസ് കൊടുത്താൽ, എഴുതിയ ആളിന്റെ കൂടെ എഡിറ്ററായ ഞാനും കോടതി കയറേണ്ടി വരും. 'എന്റെ ഭർത്താവിനെക്കുറിച്ച്, അല്ലെങ്കിൽ എന്റെ അച്ഛനെക്കുറിച്ച് അല്ലെങ്കിൽ എന്റെ സുഹൃത്തിനെക്കുറിച്ച് നിങ്ങളെന്തിന് അപകീർത്തികരമായി ഇല്ലാക്കഥകൾ പ്രസിദ്ധീകരിച്ചു' എന്ന് ആരെങ്കിലും എന്നോടോ സംഘടനയോടോ ചോദിച്ചാൽ, എനിക്കോ സംഘടനക്കോ ഉത്തരമുണ്ടായിരുന്നില്ല. എന്തായിരുന്നാലും, എന്റെ നിരാസം, ലേഖനമെഴുതിയ ആളെ വല്ലാതങ്ങ് പ്രകോപിപ്പിച്ചു.
ദേഷ്യം വന്ന ലേഖനകർത്താവ്, അദ്ദേഹം സംഘടനക്ക് വേണ്ടി തന്ന സംഭാവന തിരിച്ചു വാങ്ങി പ്രതിഷേധത്തിന് തുടക്കം കുറിച്ചു. പ്രസിഡന്റിനോടും മറ്റും പരാതികൾ പറഞ്ഞു. പിന്നെ കാച്ചിക്കുറുക്കി ഒരു ഇമെയിലും അയച്ചു. ആ ഇമെയിലിലെ ഒരു വാക്യം ഇപ്രകാരമായിരുന്നു: "This is what happens when monkeys sit on a wrong position...". ഈ ഇമെയിലും വായിച്ച്, സ്വയം കുരങ്ങനായി മനസ്സിൽക്കണ്ട്, കുറേ നേരംഊറിച്ചിരിച്ചാണ് ഞാനെന്റെ സങ്കടം തീർത്തത്!
മേൽപ്പറഞ്ഞ രണ്ട് കാര്യങ്ങളിലും സംഘടനാഭാരവാഹികൾ എനിക്ക് താങ്ങായി നിന്നത് എന്റെ ചിരിക്ക് വർണ്ണങ്ങളേകിയെന്നത് പരമാർത്ഥമായിരുന്നു.
അപ്പോ മനസ്സിലായല്ലോ... കുരങ്ങന്മാർ എഡിറ്റർമാരായാൽ ഇങ്ങനെയിരിക്കും... കണ്ണും പൂട്ടി കൃതികൾ നിരസിച്ച് കളയും !!
***
അടുത്ത ഭാഗങ്ങൾ:
Part 3: കാമസ്യ പുലഭ്യം 'കുമൈപൂ'
Nicely written!
മറുപടിഇല്ലാതാക്കൂThank you !
ഇല്ലാതാക്കൂWhatsapp Comment:
മറുപടിഇല്ലാതാക്കൂPrasad Nair: 'Kurangan pathradhipar', enne kure varsham pinnilekku kontupoyi 😀 nalla ormma kurippu... keep writing 👍
Facebook Comments:
മറുപടിഇല്ലാതാക്കൂJobin Kuruvilla
ഇതൊരു അപഖ്യാതിയാണോ? ഖ്യാതിയല്ലേ? ഈ പൂമാലയൊക്കെ ഒരു ഹരല്ലേ? 😂
Venugopalan Kokkodan
Jobin Kuruvilla, പക്ഷേ അതൊരു വാനരകരഗതമായൊരു കുസുമഹാരമായിരുന്നു !
Jobin Kuruvilla
Venugopalan Kokkodan കുരങ്ങന്റെ കയ്യിൽ പൂമാല. അത് മതി.