2020, നവംബർ 10, ചൊവ്വാഴ്ച

വൻകുടലിൽ നീന്തിക്കളിച്ച സാൽമൺ (അപ്പലാച്ചിമലമ്പുരാണം - 3)

കെയ്‌സിയേൽപ്പിച്ച നഖക്ഷതങ്ങൾ (അപ്പലാച്ചിമലമ്പുരാണം - 1)
വാളുകൾ തഴുകിയ റോളർ കോസ്റ്റർ (അപ്പലാച്ചിമലമ്പുരാണം - 4)

മുൻപ്, അപ്പലാച്ചി മലയിലൂടെയുള്ള അപ്പലാച്ചിയൻ ട്രെയിലിലൂടെ മൂന്ന് ദിവസം നടന്ന് ക്യാമ്പ് ചെയ്തതോടെ തുടങ്ങിയ ആഗ്രഹമാണ്, രണ്ടായിരത്തി ഇരുനൂറോളം മൈലുകൾ നീണ്ട് വളഞ്ഞ് കിടക്കുന്ന അപ്പലാച്ചിയൻ ട്രെയിലിലെ ഏറ്റവും ദുഷ്കരമായ ഭാഗമായ, റോളർ കോസ്റ്റർ എന്നറിയപ്പെടുന്ന ഭാഗം നടന്ന് തീർക്കുക എന്നുള്ളത്. ആദ്യത്തെ യാത്രയുടെ ക്ഷീണം മാറിയിട്ട്  തണുപ്പ് കാലമൊക്കെ കഴിഞ്ഞ് അടുത്ത കൊല്ലം (2021 ൽ) സാധിച്ച് കളയാം എന്ന ചിന്തയിൽ ഇരിക്കവേയാണ്, ആദ്യത്തെ യാത്ര കഴിഞ്ഞ് രണ്ടാഴ്ച തികയുന്നതിന്ന് മുന്നേ, 'ബി'ക്ക് ഒരു വെളിപാട് ഉണ്ടാവുന്നത്, തണുപ്പ് കാലം തുടങ്ങുന്നതിന് മുന്നേ തന്നെ അവന് വീണ്ടും മല കയറണമത്രേ, അതും റോളർ കോസ്റ്റർ! അതും പഴയ യാത്ര പോലെത്തന്നെ മൂന്ന് ദിവസത്തെ യാത്ര !

'ബി'യുടെ ആഗ്രഹം അറിഞ്ഞയുടൻ ഞാനും 'സി'യും മുൻപിൻ നോക്കാതെ പച്ചക്കൊടി വീശി. പക്ഷേ 'ഡി'ക്ക് മോഹാലസ്യം അനുഭവപ്പെട്ടു. വീണ്ടും മല കയറാനോ? കഷ്ടകാലത്തിന് ഒരിക്കൽ കയറിയതിന്റെ ക്ഷീണം മാറിയിട്ടില്ല! മാത്രവുമല്ല, കാൽവിരലുകളിലെ രക്തക്കുമിളകൾ ഇപ്പോഴും അരുണവർണ്ണമണിഞ്ഞ് തന്നെ കിടക്കുന്നു. വീണ്ടും മൂന്ന് ദിവസത്തോളം വീട്ടിൽ നിന്ന് വിട്ട് നിൽക്കുന്നത്, അതിനേക്കാൾ ആത്മഹത്യാപരമായിരിക്കുമെന്ന ചിന്തയും 'ഡി'യെ അലട്ടി. പക്ഷേ മല കയറാനുള്ള ആന്തരികലാവയുടെ തിളച്ച് മറിയൽ, അവന്റെയുള്ളിൽ ഒട്ടും ശമിച്ചിട്ടുണ്ടായിരുന്നില്ല. ഒടുവിൽ, യാത്രയുടെ ദൈർഘ്യം രണ്ട് ദിവസമായി വെട്ടിക്കുറച്ചും, വീട്ടിലെ പ്രധാനമന്ത്രിക്ക് തങ്കഭസ്മം ചേർത്ത അവലോസുണ്ട വാഗ്ദാനം ചെയ്തും, എങ്ങനെയൊക്കെയോ യാത്രാപ്പെറ്റീഷനിൽ ഒപ്പ് നേടിയെടുത്തു. 

അങ്ങനെ 2020 സെപ്‌തെമ്പർ 26 ശനിയാഴ്‌ച രണ്ട് ദിവസത്തെ റോളർ കോസ്റ്റർ അലച്ചിൽ പ്ലാൻ ചെയ്തു. റോളർ കോസ്റ്റർ തുടങ്ങുന്നതിനും രണ്ടോളം  മൈലുകൾ മുന്നേയായിരുന്നു, ഞങ്ങൾ കഴിഞ്ഞ തവണ യാത്ര നിർത്തിയ ആഷ്‌ബി ഗ്യാപ്പ്. അതുകൊണ്ട്, ആഷ്‌ബി ഗ്യാപ്പിൽ നിന്ന് യാത്ര തുടങ്ങി റോളർ കോസ്റ്ററും കവർ ചെയ്ത്, രണ്ട് ദിവസങ്ങൾ കൊണ്ട് ഏകദേശം 28 മൈലുകൾ താണ്ടി 'കീസ് ഗ്യാപ്പി'ൽ (Key's Gap) യാത്ര അവസാനിപ്പിക്കാനായിരുന്നു പരിപാടി. ആദ്യത്തെ യാത്രയിൽ നിന്ന്, ചില പാഠങ്ങൾ പഠിച്ചതിനാലും, പുറത്ത് തൂക്കേണ്ട സാധനങ്ങളെക്കുറിച്ചും, എന്തൊക്കെ എടുക്കരുത് എന്നതിനെക്കുറിച്ചുമൊക്കെ ഒരു ധാരണ ഇതിനകം വന്നിരുന്നതിനാലും, ഞങ്ങളുടെ രണ്ടാമത്തെ യാത്രയിൽ കൂടുതൽ ദൂരം സഞ്ചരിക്കാൻ പറ്റുമെന്ന കണക്ക് കൂട്ടലിലാണ് രണ്ട് ദിവസം കൊണ്ട് തന്നെ 28 മൈലുകൾ താണ്ടിത്തീർക്കാമെന്ന കണക്ക് കൂട്ടലിൽ ഞങ്ങളെത്തിയത്. പോരാഞ്ഞതിന്, ആദ്യത്തെ മൂന്നു ദിവസത്തെ യാത്രയിൽ, 46 മൈലുകൾ പ്ലാൻ ചെയ്ത്, ഒടുവിൽ 25 മൈലുകൾ മാത്രം തീർക്കാൻ പറ്റിയതിന്റെ പോരായ്മ, രണ്ടാമത്തെ ഉദ്യമത്തിൽ ഇല്ലാതാക്കാമെന്നും ഞങ്ങൾ കണക്ക് കൂട്ടി.

ഞങ്ങളുടെ ഈ യാത്രയിലേക്ക് പുതിയൊരാൾ കൂടി ഉണ്ടായിരുന്നു. റിച്ച്മണ്ടിൽ നിന്നുള്ള എന്റെയൊരു കസിൻ. ഞങ്ങളുടെ ആദ്യയാത്രയുടെ വിവരണം കേട്ട മുതൽ തന്നെ, അടുത്ത യാത്രയിൽ എന്തായാലും അവനെയും കൂടെ ഉൾപ്പെടുത്തണമെന്ന് അവൻ ആവശ്യപ്പെട്ടിരുന്നു. ആനയെ വാങ്ങുന്നതിന് മുന്നേ തോട്ടി വാങ്ങുന്നത് പോലെ, എപ്പഴോ നടക്കാൻ പോകുന്ന യാത്രക്ക് വേണ്ടി, ടെന്റ് മുതലായവ വാങ്ങി, അവനും ഇതിനകം തന്നെ തയ്യാറായിരുന്നു. ഞങ്ങളുടെ മലമ്പുരാണത്തിലേക്ക് ഒടുവിൽ വന്ന അതിഥി ആയതിനാൽ, അവന് 'ഇ' എന്ന നാമമാണ് ഇവിടെ നൽകിയിട്ടുള്ളത്.

ഇത്തവണത്തെ യാത്രക്ക്, യാത്രയുടെ തുടക്കത്തിൽ കൊണ്ടുപോയി വിടാനും യാത്രാവസാനം കൂട്ടിക്കൊണ്ടുവരാനുമുള്ള ഏർപ്പാടുകൾ ആദ്യമേ തന്നെ ചെയ്തതിനാൽ, ആദ്യത്തെ യാത്രയിൽ സംഭവിച്ചത് പോലുള്ള ആകാംക്ഷാഭരിതമായ സംഭവങ്ങൾ ഉണ്ടായില്ല. റോളർ കോസ്റ്റർ ആണ് ഞങ്ങൾ കയറാൻ പോകുന്നതെന്നറിഞ്ഞ് ആദ്യത്തെ യാത്രയിൽ നിന്ന് പിന്മാറിയ രണ്ടുപേർ, ഇത്തവണ, ഞങ്ങളെ മല കയറ്റാനും ഇറക്കാനും സഹായിക്കാമെന്നേറ്റത് ശരിക്കുമൊരു അനുഗ്രഹമായി.

സെപ്‌തെമ്പർ 25 ന് രാത്രിഎട്ട് മണിയോടെ, റിച്ച്മണ്ട് കാരനായ 'ഇ'യും, പത്ത് മണിയോടെ മെരിലാന്റ്കാരായ 'ബി'യും 'സി'യും എന്റെ ഭവനത്തിലെത്തിച്ചേർന്നു. ആദ്യത്തെ യാത്രയുടെ പാഠങ്ങൾ ശരിക്കും പഠിച്ചതിനാൽ, 'ബി'യും 'സി'യും ഏകദേശം 25 ഓളം പൗണ്ട് ഭാരമേ അവരുടെ ബാഗിൽ തിരുകിയിരുന്നുള്ളൂ. പക്ഷേ ആദ്യത്തെ ഉദ്യമത്തിൽ തന്നെ റിച്ച്മണ്ട്കാരൻ എന്നെ അതിശയിപ്പിച്ച് കളഞ്ഞു.

എന്റെ നിർദ്ദേശങ്ങൾ കേട്ടതിന് ശേഷം, റിച്ച്മണ്ട്കാരനായ 'ഇ', ആദ്യത്തെ യാത്രക്ക് ഒരുങ്ങിവന്നത്, പെറുക്കികൾ, കമുകിന്റെ തോട്ടത്തിൽ അടയ്ക്കാ പെറുക്കാൻ പോകുമ്പോളെടുക്കുന്നത് പോലുള്ള ചെറിയൊരു വള്ളിക്കെട്ട് ഭാണ്ഡമാണ്. രണ്ടടയ്ക്കകളേക്കാളും ഒരു വിരൽ നീളം കൂടുതലുള്ള ആ ബാഗിന്റെ കൂടെ, അതിനേക്കാൾ പന്ത്രണ്ടിരട്ടി വലുപ്പമുള്ള, ഒരു വലിയ റബ്ബറിന്റെ ചുരുട്ടിയ, മടക്കാൻ പറ്റാത്ത സ്ലീപ്പിങ് പാഡും, അവന്റെ ശരീരത്തെക്കാൾ വണ്ണമുള്ള ഒരു സ്ലീപ്പിങ് ബാഗും, കുഞ്ഞൻ ബാഗിന്റെ രണ്ടിരട്ടി ഉയരമുള്ള ഒരു ടെന്റ് കിറ്റും ഉണ്ടായിരുന്നു. രണ്ട് ഗ്രനോലാ ബാറുകൾ വെക്കുമ്പഴേക്കും നിറയുന്ന ആ ബാഗിൽ, മേല്പറഞ്ഞത് പോലുള്ള വസ്തുക്കൾ എങ്ങനെ തിരുകിക്കയറ്റുമെന്നാലോചിച്ച് എനിക്കൊരെത്തും പിടിയും കിട്ടിയില്ല. ഈ സാമാനങ്ങളെല്ലാം അവന്റെ കാറിൽ നിന്ന് വാരിവലിച്ച് കൊണ്ട് വന്ന് എന്റെ മുന്നിലിട്ട് എന്ത് ചെയ്യുമെന്ന് കൂലങ്കഷമായി താടിക്ക് കയ്യും കൊടുത്തിരിക്കയാണ് 'ഇ'.

ഒരു ഹൈക്കിങ് ബാഗ് വാങ്ങുവാനിനിയൊട്ട് സമയവുമില്ല. മെരിലാന്റുകാർ അവിടെ നിന്ന് പുറപ്പെട്ടും കഴിഞ്ഞു. ഇനി 'ഇ'യുടെ സാധനങ്ങളൊക്കെ എങ്ങനെ അവന്റെ നട്ടപ്പുറത്ത് വാരിവലിച്ച് കെട്ടും എന്നാലോചിച്ച്, എന്റെ മനസ്സിലെ എഞ്ചിനീയർ ഒരു നിമിഷം പൊന്നാനിക്കാരനായ ശ്രീധരേട്ടനെ മനസ്സിൽ ധ്യാനിച്ചു.

ശ്രീധരധ്യാനം വെറുതെയായില്ല. ഗരാജിൽ നിന്ന്, എന്റെ പക്കലുണ്ടായിരുന്ന പലവിധത്തിലുള്ള ബങ്കീ കോർഡുകളെടുത്ത് (bungee cords) ഞാൻ മുകളിലേക്ക് കൊണ്ടുവന്നു. ഏകദേശം ഒന്നര മണിക്കൂറിന്റെ ശ്രമഫലമായി, അടക്കയുടെ മേലെ തേങ്ങകൾ വച്ച് കെട്ടുംപോലെ, ആവുംപോലെ സാധനങ്ങൾ കുത്തിനിറച്ച കുഞ്ഞൻ അവന്റെ ബാഗിന്റെ മേലെ, ടെന്റും സ്ലീപ്പിങ് പാഡും, സ്ലീപ്പിങ് ബാഗും ഒരുവിധം വച്ചുകെട്ടാൻ സാധിച്ചു. അഥവാ അവന്റെ കുഞ്ഞൻ ബാഗ് പൊട്ടിപ്പോവുകയാണെങ്കിൽ, സാധനങ്ങൾ കുത്തിനിറക്കാൻ വേറൊരു ഫോൾഡഡ് ബാഗും കൂടെക്കരുതി. 

എന്തായാലും, യാത്രയിലുടനീളം ഈ ഭാണ്ഡക്കെട്ട് തലവേദന സൃഷ്ടിക്കുമെന്ന് ഏതായാലും ഉറപ്പായി. കാരണം, യാത്രയുടെ ഓരോ അടിവെപ്പിലും ഈ ഭാണ്ഡക്കെട്ടിന് സ്ഥാനഭ്രംശം സംഭവിക്കുമെന്ന് ഏതാണ്ട് ഉറപ്പാണ്. അതുകൊണ്ട്, ആരെങ്കിലും ഇടക്കിടെ ഭാണ്ഡത്തിന്റെ സ്ഥാനം, 'ഇ'യുടെ പുറത്ത് കൃത്യസ്ഥാനത്തേക്ക് തള്ളിക്കൊടുത്തുകൊണ്ടേയിരിക്കേണ്ടി വരും. കൂടാതെ, എന്തെങ്കിലും സാധനങ്ങൾ എടുക്കാൻ അവന്റെ കുഞ്ഞൻ ബാഗ് തുറന്നാൽ, വീണ്ടും, എല്ലാ കെട്ടുകളും ആദ്യംപൂദ്യേ കെട്ടിത്തുടങ്ങേണ്ടി വരികയും ചെയ്യും.

എന്തായാലും, മെരിലാന്റുകാർ എത്തുന്നതിന് മുന്നേ തന്നെ 'ഇ'യുടെ ഭാണ്ഡവും എന്റെ ഭാണ്ഡവും ചുമരിനോട് ചാരി, കുത്തിനിർത്തിയിരുന്നു. 'ബി'യും 'സി'യും എത്തിയാൽ, അധികം വൈകാതെ തന്നെ ഉറങ്ങുക എന്നതിനായിരുന്നു ഞങ്ങളുടെ മുൻഗണന.

പത്ത് മണിയാവുമ്പഴേക്കും പ്രതീക്ഷിച്ചത് പോലെ തന്നെ 'ബി'യും 'സി'യും എത്തിച്ചേർന്നു. വീട്ടിലേക്ക് കയറുന്ന വഴിക്ക് തന്നെ, 'ബി'യുടെ ശ്രദ്ധ പോയത്, എന്റെ ബാക്ക്പാക്കിന്റെ സൈഡ്പോക്കറ്റിൽ വച്ച എന്റെ വലിയ വാളിലായിരുന്നു. കഴിഞ്ഞ തവണ കരടിയെ പേടിച്ച്, സ്വരക്ഷക്കായി എടുത്തിരുന്ന എന്റെ വലിയ നീണ്ട വാൾ തന്നെ. 

"നിങ്ങൾ നാളേം ഈ വാളെടുക്കുന്നുണ്ടോ?" കേറിവന്ന്, സ്വന്തം ബാഗ്, മുതുകത്ത് നിന്നും ഇറക്കുന്നതിന് മുന്നേ, പരാതിയുടെ സ്വരത്തിലായിരുന്നു 'ബി'യുടെ ചോദ്യം.

"തീർച്ചയായും... പക്ഷേ കഴിഞ്ഞ തവണ, പിൻഭാഗത്തെ പോക്കറ്റിലായിരുന്നെങ്കിൽ, ഇത്തവണ, പെട്ടെന്നെടുക്കാനുള്ള കൂടുതൽ സൗകര്യത്തിന്, അതിനെ സൈഡ് പോക്കറ്റിലോട്ട് മാറ്റുന്നുണ്ടെന്ന് മാത്രം." എന്റെ മറുപടിയും പെട്ടെന്നായിരുന്നു. 

"പുറമേ നിന്നുള്ളവർ, ഇത്രയും വലിയ വാൾ, ഇത്രയും പബ്ലിക്കായി കൊണ്ട് നടക്കുന്നത് കണ്ടാൽ നല്ലതായിരിക്കൂന്ന് എനിക്ക് തോന്നണില്ല..." 'ബി'ക്ക് ഞാനാ വാളെടുക്കുന്നതിൽ ഒട്ടും താല്പര്യമില്ലെന്ന് എനിക്ക് മനസ്സിലായി.

"തോക്ക് പബ്ലിക്കായി വിൽക്കുന്ന നാടല്ലേ ഇത്... പിന്നെ ഈ വാളെടുത്ത് നടക്കുന്നതാണോ പ്രശ്നം... ഞാൻ വാൾമാർട്ടിന്റെ മുന്നിലൂടെയൊന്നുമല്ലല്ലോ വാളെടുത്ത് നടക്കാൻ പോകുന്നത്... ഒറ്റക്കും തെറ്റക്കുമായി എപ്പഴെങ്കിലും ആരെയെങ്കിലും കണ്ടുമുട്ടുന്ന ട്രെയിലിലാണല്ലോ ഞാൻ ഞാൻ വാളെടുത്ത് നടക്കാൻ പോകുന്നത്... മാത്രോഅല്ല... അതിലൂടെ നടക്കുന്ന അധികമാളുകളും കഴുത്തിൽ ചെറിയ കത്തി തൂക്കിയിട്ടല്ലേ നടക്കുന്നത്..." എനിക്ക് 'ബി'യുടെ ലോജിക്ക് മനസ്സിലാവുന്നുണ്ടായിരുന്നില്ല....

"മറ്റുള്ളവരൊക്കെ ചെറിയ കത്തിയല്ലേ എടുക്കുന്നത്... ഇതിപ്പോ എത്ര വലിയ വാളാണ്..." 

അപ്പോ, വാളെടുക്കുന്നതല്ല, വാളിന്റെ  നീളമാണ് പ്രശ്നമെന്ന് മനസ്സിലായി. തൃശ്ശൂര് കാരനായ 'ബി', ഈ വലിയ വാൾ കണ്ടിട്ട്, നാട്ടിലെ ഏതെങ്കിലും ഗുണ്ടകൾ വടിവാളെടുത്ത് നടക്കുന്നത് മനസ്സിലോർത്ത് പോയിക്കാണണം.

"അവർക്ക് അവരുടെ വാൾ, എനിക്കെന്റെ വാൾ... മറ്റുള്ളവർ ഈ വാള് കണ്ട് പേടിച്ച് അവരുടെ വാളെടുക്കാതിരുന്നാൽ എന്റെ പണി തീർത്തും കുറയുമല്ലോ... അത് നല്ലതല്ലേ... പിന്നെ ഈ വാളാവുമ്പോൾ, മരം അറുത്ത് മുറിക്കാം, കാട് വെട്ടിത്തെളിക്കാം... കുറ്റിച്ചെടികൾ വെട്ടിമുറിക്കാം.. കരടിയോടേറ്റുമുട്ടാം... പിന്നെ വേറെ ആരെങ്കിലും മറുവാളുമായി നേർക്ക് നേർ വന്നാൽ, ഒരു വാൾപ്പയറ്റ് പോലും നടത്താൻ പാകത്തിലുള്ള ഒന്നല്ലേ..." 

"എന്നാലും..." 'ബി'ക്ക് എന്നിട്ടും എന്നോട് യോജിക്കാൻ പറ്റുന്നില്ല.

"അതൊന്നും ഒരു പ്രശ്നമേയല്ല... നീ പേടിക്കാതിരി.. ഇതിനെക്കൊണ്ട് നമുക്ക് ഉപയോഗം വരും... നീ നോക്കിക്കോ..." 'ബി'യെ സമാധാനിപ്പിക്കാൻ ഞാൻ വെറുതെ മൊഴിഞ്ഞു.

'ബി', പിന്നെയൊന്നും പറഞ്ഞില്ല. റിച്ച്മണ്ട് കാരന്റെ, വാഷിംഗ്ടൺ ഡിസിയിലെ ഹോംലെസ്സായ ആളുകളുടേത് പോലുള്ള ബാഗിന്റെ അവസ്ഥ കണ്ട്, എല്ലാവരുടെയും ശ്രദ്ധ അതിന്റെ അതിന്റെ തിരിഞ്ഞത് കൊണ്ട്, വാളിന്റെ മേലെയുള്ള ചർച്ച, അറിയാതെയെങ്കിലും അവിടെയവസാനിച്ചു.

ബാഗിൽ സാധനങ്ങളൊക്കെ വച്ച് എല്ലാം സെറ്റാക്കി തൂക്കി നോക്കിയപ്പോൾ, ഏകദേശം 30 പൗണ്ടോളം ഭാരമുണ്ടായിരുന്നു. കഴിഞ്ഞ തവണത്തേക്കാൾ ഏകദേശം 12 പൗണ്ടോളം കുറക്കാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനം കൊണ്ടു. ഇത്തവണ, യാത്ര സെപ്റ്റംബർ അവസാനമായതിനാൽ, മലമുകളിൽ തണുപ്പുണ്ടാകുമെന്ന ആശങ്കയിൽ, കമ്പിളി സോക്‌സും, കൈയ്യുറയും നേരിയ തെർമൽ മെറ്റിരിയലിന്റെ പജാമയും കൂടെ കരുതിയിരുന്നു. പിന്നെ, തണുപ്പിന് ബ്രാണ്ടി നല്ലതാണെന്ന, പഴയ പട്ടാളക്കാരുടെ വചനം മനസ്സിൽ മായാതെ കിടപ്പുള്ളത് കൊണ്ട്, ഞാനും 'സി'യും 1300ml ബ്രാണ്ടി, സുരക്ഷിതമായ രണ്ട് vapur കുപ്പികളിൽ രണ്ടു പേരുടെ ബാഗുകളിലായി തിരുകി.

കഴിഞ്ഞതവണത്തേത്‌ പോലെ, മഞ്ഞൾ പൊടിയും ഉപ്പും കടലയും ഇളനീർ വെള്ളവുമൊന്നും ഇത്തവണ എടുത്തില്ല. ആപ്പിൾ ഒരു ദിവസത്തേക്ക് ഒന്ന് എന്ന രീതിയിൽ മാത്രമേ എടുത്തുള്ളൂ. യാത്രയുടെ തുടക്കത്തിൽ തന്നെ മാക്സിമം വെള്ളം കുടിച്ച്, കുറച്ച് മാത്രം വെള്ളം ബാഗിലെടുത്താൽ മതി എന്ന് നേരത്തെ തീരുമാനിച്ചത് കൊണ്ട്, ഓരോരുത്തരും ഏകദേശം 1 ലിറ്റർ വെള്ളം മാത്രമേ ബാഗിൽ കരുതിയിരുന്നുള്ളൂ.

അടുത്ത ദിവസം, ശനിയാഴ്ച രാവിലെ, ആറരക്കെങ്കിലും പുറപ്പെടേണ്ടതിനാൽ, പതിനൊന്നരയാവുമ്പഴേക്കും എല്ലാവരും ഉറങ്ങാൻ കിടന്നു. കൃത്യം ആറരക്ക് വണ്ടിയും കൊണ്ട് ആളെത്തുമെന്ന് പറഞ്ഞിട്ടുമുണ്ട്.

പിറ്റേന്ന് കാലത്ത് ആറരയാവുമ്പഴേക്കും ഞങ്ങളെല്ലാവരും തയ്യാറായികൊണ്ടിരിക്കേ, വണ്ടി വീടിന് മുന്നിൽ കൃത്യസമയത്ത് തന്നെ വന്നു നിന്നു. എന്റെ വീട്ടിലെ പ്രധാനമന്ത്രി, കാലത്ത് അഞ്ച് മണിക്ക് തന്നെ എഴുന്നേറ്റ്, സ്വന്തം രാജ്യത്തിന്റെ അധികാരമില്ലാത്ത പ്രസിഡന്റിനും അതിഥികൾക്കും ഇഡ്ഡലിയും ചമ്മന്തിയുമുണ്ടാക്കി രാജ്യത്തിന്റെ അഭിമാനവും യശസ്സും ഉയർത്തിപ്പിടിക്കുന്നതിൽ വ്യാപൃതയായിരുന്നു. കൂട്ടത്തിൽ എല്ലാവർക്കും വഴിയിൽ കഴിക്കാൻ ഓംലറ്റും ! ഇത്തരം പ്രധാനമന്ത്രിമാർക്ക് കീഴിൽ, ഇടയ്ക്കിടെ കടലാസുകളിൽ സ്റ്റാമ്പെടുത്ത് കുത്തുന്നതിൽ ഞാനും അഭിമാനം കൊണ്ടു.

ആറേമുക്കാലായിട്ടും, എന്റെ വീടിന്റെ അടുത്ത് തന്നെ താമസിക്കുന്ന 'ഡി'യുടെ ഒരു വിവരം പോലുമില്ലാഞ്ഞത്, ഞങ്ങളെ ആകുലപ്പെടുത്തി. കൊച്ചുകുട്ടികളെ, പ്രധാനമന്ത്രിയുടെ മാത്രം ഉത്തരവാദിത്തത്തിൽ വിട്ട് നൽകി, സ്വന്തം ഉത്തരവാദിത്തം കാട്ടിലെ കരടിയോട് കാട്ടാൻ പുറപ്പെടുന്നത് കൊണ്ട്, അവന്റെ രാജ്യത്തിൽ വല്ല കലാപവും പൊട്ടിപ്പുറപ്പെട്ടിട്ടുണ്ടാകുമോ എന്ന് ഞങ്ങൾ ഭയന്നു. അവനെ വിളിച്ച് കാര്യം അന്വേഷിച്ചപ്പോഴാണ്, വീട്ടിലെ പുകമറയെക്കുറിച്ച് അവനിങ്ങോട്ട് പരാതി പറഞ്ഞത്. 

ഓംലറ്റ് ഉണ്ടാക്കാൻ തവ ചൂടാക്കി മുട്ടയും ഉള്ളിയുമൊക്കെ തവയിലിട്ട്, ചൂടായി വരുന്നതിനിടയിൽ, അവന് വയറിൽ നിന്ന് ഉൾവിളി വന്നുവത്രേ. ഉൾവിളി അത്രമാത്രം ശക്തമായതിനാൽ, അടുപ്പ് കത്തിക്കൊണ്ടിരിക്കേത്തന്നെ, വാതിൽ പോലും അടക്കാതെ, അടുത്തുള്ള പൗഡർ മുറിയിൽ കയറി കാര്യം സാധിച്ച് ആസ്വദിച്ചിരിക്കുമ്പോഴായിരുന്നു വീട് മുഴുവൻ പുക നിറഞ്ഞ് അലാറം അടിച്ചത്. പിന്നീടങ്ങോട്ട്, അവിടെയൊരു ഫയർ ഫൈറ്റായിരുന്നത്രേ നടന്നത്. പ്രധാനമന്ത്രിയുടെ ഉറക്കം ഗംഭീരമായതിനാലും, മൂന്നാമത്തെ അലാറമടിക്കുന്നതിലും മുന്നേ ക്രിയാത്മകമായി ഇടപെടാൻ പറ്റിയതിനാൽ, വലിയൊരു ആഭ്യന്തരകലാപത്തിൽ നിന്ന് അവന്റെ രാജ്യം രക്ഷപ്പെട്ടെന്ന് ആശ്വസിച്ച് ഇരിക്കുമ്പോഴായിരുന്നു ഞങ്ങൾ വിളിച്ചത്. 

കരിഞ്ഞ ഓംലറ്റ് പൊതിയുമ്പഴേക്കും അവിടം വരെ ചെന്ന്, അവിടെ നിന്ന് കൂട്ടാമോ എന്ന അവന്റെ അഭ്യർത്ഥന, ഞങ്ങളുടെ സാരഥിയായ കൂട്ടുകാരൻ സമ്മതിച്ചതിനാൽ, ഒട്ടും വൈകാതെ തന്നെ, ഞങ്ങളെല്ലാവരും അവന്റെ വീട്ടിലോട്ട് പുറപ്പെട്ടു. 

'ഡി'യുടെ വീട്ടിലെത്തുമ്പഴേക്കും ഏഴ് മണി കഴിഞ്ഞിരുന്നു. കൂടുതൽ 'താമസിക്കാതെ 'ഡി'യെയും കൂട്ടി ഞങ്ങൾ സ്റ്റാർട്ടിങ് പോയിന്റ് ആയ 'ആഷ്‌ബി ഗ്യാപ്പി'ലേക്ക് യാത്രയായി. 

എട്ട് മണിക്ക് മുൻപായിത്തന്നെ ആഷ്ബറി ഗ്യാപ്പിൽ ഞങ്ങളെത്തി. കൊറോണയായതിനാൽ, സാരഥിയെ കെട്ടിപ്പിടിക്കാതെ, സലാം പറഞ്ഞ് യാത്രയാക്കി. റൂട്ട് 50 യുടെ ഓരത്ത് കൂടെ കുറച്ച് നേരം പടിഞ്ഞാറോട്ട് നടന്ന്, ആഷ്‌ബി ഗ്യാപ്പിൽ നിന്ന്, അപ്പലാച്ചിയൻ ട്രെയിലിന്റെ വടക്ക് ഭാഗത്തേക്കുള്ള തുടക്കഭാഗത്ത് ഞങ്ങളെല്ലാവരും ഒരുമിച്ച് കൂടി. ഒരു കരടിയെയെങ്കിലും കാണാനും, യാത്രയിൽ വിഘ്നങ്ങൾ ഇല്ലാതിരിക്കാനും, എല്ലാവരും ഓരോ കല്ലെടുത്ത്, തലക്ക് മീതെ മൂന്ന് വട്ടം ഉഴിഞ്ഞ് പിന്നോട്ടെറിഞ്ഞ്, പിന്നോട്ട് നോക്കാതെ വടക്കോട്ടുള്ള ഞങ്ങളുടെ രണ്ടാമത്തെ യാത്രക്ക് തുടക്കം കുറിച്ചു.

യാത്രയുടെ തുടക്കത്തിൽ എല്ലാവർക്കും നല്ല എനർജിയായിരുന്നു. ഒരുവിധം കോടമഞ്ഞ് വീണതരത്തിലുള്ള ആ അന്തരീക്ഷത്തിലെ നടത്തം തികച്ചും ആസ്വാദ്യകരമായിരുന്നു. പരിശീലനം സിദ്ധിച്ച യോദ്ധാക്കളെപ്പോലെ, ആദ്യത്തെ രണ്ട് മൈലോളം ദൂരം എല്ലാവർക്കും ഒരുമിച്ച് തന്നെ യാത്ര ചെയ്യാൻ സാധിച്ചത്, ഞങ്ങളുടെ ആത്മവിശ്വാസം വല്ലാതങ്ങ്  ഉയർത്തി. പ്രത്യേകിച്ചും 'ഡി'യുടെ പെർഫോമൻസ് ഞങ്ങളെ എല്ലാവരെയും അത്ഭുതപ്പെടുത്തി. പന്ത്രണ്ട് പൗണ്ടോളം എല്ലാവരും ഭാണ്ഡത്തിന്റെ ഭാരം  കുറച്ചത്, ശരിക്കും ഒരനുഗ്രഹമായിരുന്നു. നമ്മുടെ കൂടെ ആദ്യമായി വരുന്ന 'ഇ'യും വളരെ നല്ല പെർഫോമൻസായിരുന്നു കാഴ്ച വച്ചത്. ഇടക്കിടക്ക് ബാലൻസ് തെറ്റി ചരിഞ്ഞുപോകുന്ന അവന്റെ കെട്ട്, ഇടക്കിടക്ക് ബങ്കീ കോഡ് വലിച്ച് അഡ്ജസ്റ്റ് ചെയ്ത് കൊടുക്കണമെന്നതൊഴിച്ചാൽ, മറ്റ് പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ല.

ഇനിയും ഏകദേശം ഒരു മൈലോളം കഴിഞ്ഞാണ് നമ്മുടെ റോളർ കോസ്റ്റർ സെക്‌ഷൻ തുടങ്ങുന്നത്. ഏങ്ങനെയുണ്ടാകും റോളർ കോസ്റ്റർ എന്നത്, ഞങ്ങളെ ആകാംക്ഷാഭരിതരാക്കി.

പക്ഷേ രണ്ട് മൈൽ കഴിയുമ്പഴേക്കും യാത്രയിൽ ചില താളപ്പിഴകൾ കണ്ടുതുടങ്ങി. ഞാനും 'ബി'യും മുന്നിലും 'ഇ' നടുക്കും 'സി'യും 'ഡി'യും പിന്നിലുമായി പല ഗ്രൂപ്പുകളായി പിരിഞ്ഞായി ഞങ്ങളുടെ നടത്തം. 'സി', 'ഡി'യുടെ കൂടെയുള്ളത് കൊണ്ട്, കഴിഞ്ഞ യാത്രയിലേത് പോലെ, എനിക്ക് 'ഡി'ക്ക് കമ്പനി കൊടുക്കേണ്ടിവന്നില്ല.

ഏകദേശം പതിനൊന്ന് മണിക്കടുപ്പിച്ച്, ഞാനും 'ബി'യും 'ഇതാ റോളർ കോസ്റ്റർ തുടങ്ങുന്നു' എന്നൊരു ബോർഡ് വച്ച സ്ഥലത്തെത്തി. ആ ബോർഡ് കണ്ട ത്രില്ലിൽ, ഭാണ്ഡം ഇറക്കി വച്ച്, ബാക്കിയുള്ളവരെ കാത്തിരിക്കാൻ തുടങ്ങി. 

മറ്റുള്ളവരൊക്കെ എത്തിയതിന് ശേഷം, നേരത്തെ കണ്ട ബോർഡിന്റെ അടിയിലും വശങ്ങളിലും മറ്റുമിരുന്ന് പല പോസിൽ ഞങ്ങൾ ഫോട്ടോകളെടുത്തു... അഥവാ റോളർ കോസ്റ്റർ തീർക്കാൻ പറ്റിയില്ലെങ്കിലും അതിലൂടെ പോയതായിട്ട്, ഞങ്ങളുടെ പക്കൽ ഒരു രേഖയെങ്കിലും ഉണ്ടാകുമല്ലോ !

അവിടെയിരുന്ന് കൊണ്ട്, വീട്ടീന്ന് കൊണ്ടുവന്ന ഓംലറ്റ് എല്ലാവരും കഴിച്ചു. ബ്ലാഡറിലുള്ള വെള്ളം കളഞ്ഞ്, വെള്ളവും മറ്റും ഒന്നുകൂടി കുടിച്ച്, റോളർ കോസ്റ്റർ കയറാനുള്ള  മനോനിലയും ശാരീരികനിലയും കൈവരിക്കാൻ ഞങ്ങൾ ശ്രമിച്ചു. 'ഇ'യുടെ ഭാണ്ഡത്തിൽ നിന്ന് ചില സാധനങ്ങൾ എടുത്തതിനാൽ, അവന്റെ ഭാണ്ഡം വീണ്ടും കെട്ടി ശരിയാക്കേണ്ടി വന്നു. 

റോളർ കോസ്റ്ററിന്റെ തുടക്കത്തിൽ, 'ഇതെന്ത് റോളർ കോസ്റ്റർ' എന്നായിരുന്നു ഞങ്ങളുടെ ചിന്ത. കാരണം, വലിയ വ്യത്യാസമൊന്നും ഞങ്ങൾക്ക് തോന്നിയിരുന്നില്ല. പക്ഷേ, അധികം കഴിയുന്നതിന് മുന്നേ തന്നെ, പാത അത്യന്തം ദുർഘടമാകാൻ തുടങ്ങി. ഒരുമിച്ച് തുടങ്ങിയ നടത്തം, അധികം വൈകാതെ തന്നെ വീണ്ടും പല തരത്തിലായി. ഇടക്ക്, 'ബി' എന്നിൽ നിന്നും വേർപെട്ട്, മുന്നിലേക്ക് കയറി. 'ഇ' എന്റെ പിന്നിലായും, 'സി'യും 'ഡി'യും ഒരുമിച്ച് 'ഇ'യുടെ പിന്നിലായും, ഞങ്ങൾ, റോളർ കോസ്റ്റർ യാത്ര തുടർന്നു. 

സത്യത്തിൽ റോളർ കോസ്റ്റർ നടത്തം, അതീവ ദുഷ്കരമായി തീർന്നിരുന്നു. കൂർത്തതും ചരിഞ്ഞുമൊക്കെ കിടക്കുന്ന ചെറുതും വലുതുമായ പാറക്കല്ലുകൾ നിറഞ്ഞ, ചെങ്കുത്തായതും വളഞ്ഞും പുളഞ്ഞുമുള്ള കയറ്റിറക്കങ്ങളുമുള്ള ഘട്ടങ്ങളായിരുന്നു കൂടുതലും. നമ്മുടെ കാല് ശരിക്കും നിലത്ത് ഉറപ്പിക്കാൻ ഒരു മാർഗ്ഗവുമില്ല. മുതുകിൽ കയറ്റിയ ഭാരത്തിന്റെ കൂടെ, ഏകദേശം എല്ലാ ഘട്ടങ്ങളിലും ബാലൻസ് ചെയ്ത് നടക്കേണ്ടുന്ന അവസ്ഥ. കയറ്റങ്ങളിൽ മലദൈവങ്ങളെ വിളിച്ച് കരയേണ്ടി വരുമോ എന്നൊക്കെ തോന്നിപ്പോകും ! ആരെയും കാത്ത് നിൽക്കാതെ എങ്ങനെയെങ്കിലും, സ്വയം മല കയറ്റാൻ പറ്റിയാൽ ഭാഗ്യം എന്ന്, ചിലപ്പോഴെങ്കിലും കരുതിപ്പോകും.

കുറേ നടന്ന് 'ബി'യും ഞാനും ഒരു നല്ല വ്യൂ പോയിന്റ് എത്തിയപ്പോൾ അവിടെ ഇരുന്നു. അവിടെ മൊബൈലിന് റേഞ്ച് കിട്ടിയതിനാൽ മറ്റുള്ളവരെ വിളിച്ച് നോക്കി. 'ഇ'യെ മാത്രമാണ് കണക്ട് ചെയ്യാൻ പറ്റിയത്. ഇനി ലഞ്ചെന്ന പേരിൽ എന്തെങ്കിലും കഴിച്ചിട്ടാകാം യാത്ര എന്ന് തീരുമാനിച്ചു. എല്ലാവരെയും കാത്ത് അവിടെത്തന്നെയിരിക്കാനായിരുന്നു എന്റെയും 'ബി'യുടെയും പ്ലാൻ. 

'ഇ'യുമായി ഫോണിൽ സംസാരിച്ചപ്പോൾ, അവൻ ഏകദേശം ഇരുപതോളം മിനുട്ടുകൾ പുറകിലാണെന്ന് മനസ്സിലായി. ഞങ്ങൾ ഇരിക്കുന്ന ഭാഗത്തിന്റെ അടയാളങ്ങൾ പറഞ്ഞ് കൊടുത്ത്, വഴിയിൽ നിന്ന് കുറച്ച് മാറി, ഞാനും 'ബി'യും ഒരു പാറപ്പുറത്ത് മലർന്ന് കണ്ണടച്ച് കിടന്നു. 

അര മണിക്കൂർ കഴിഞ്ഞിട്ടും 'ഇ'യെ കാണാഞ്ഞപ്പോൾ ഞങ്ങൾ ഒന്നുകൂടി അവനെ വിളിച്ച് നോക്കി. അവൻ ഞങ്ങളിരിക്കുന്ന ഭാഗം കടന്നു പോയോ അതോ ഇനിയും ഞങ്ങളിരിക്കുന്നിടത്തേക്ക് എത്താനിരിക്കുന്നതേയുള്ളോ എന്നൊന്നും ഞങ്ങൾക്ക് ശരിക്ക് മനസ്സിലാക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. പക്ഷെ അവൻ നടത്തം തുടർന്നു.

പിന്നെയും ഒരു പതിനഞ്ചോളം മിനുട്ടുകൾ കഴിഞ്ഞപ്പോൾ, ദൂരെനിന്ന് എവിടന്നോ, 'സി'യുടെയും 'ഡി'യുടെയും ഉച്ചത്തിലുള്ള സംസാരം, നമ്മുടെ കാതുകളിൽ കേൾക്കാൻ പാകത്തിലെത്തി. വിസിൽ ഊതിയും ഉച്ചത്തിൽ പ്രത്യേക രീതിയിൽ കൂക്കിയുമൊക്കെ, ഞങ്ങൾ, ഞങ്ങളുടെ സാന്നിദ്ധ്യം അറിയിച്ചു. പിന്നെയും പതിനഞ്ചോളം മിനുട്ടുകൾ കാത്തിരുന്നിട്ടും 'സി'യും 'ഡി'യും ഞങ്ങളുടെ അടുത്ത് എത്തിയില്ല... സംസാരം കേൾക്കുന്നെങ്കിലും വളഞ്ഞുപുളഞ്ഞുള്ള വഴിയാതിനാൽ ഇനിയും എത്ര നേരമെടുക്കുമെന്ന് ഒരു പിടിയുമില്ല. അപ്പോഴേക്കും, ഞങ്ങൾക്ക് ഒരു കാര്യം മനസ്സിലായി, 'ഇ', ഞങ്ങളെയും കടന്ന് പോയിരിക്കുന്നു. ചെവിയിൽ, ഹെഡ് ഫോണും വെച്ച് പാട്ട് കേട്ട് കൊണ്ട് നടക്കുന്നതിനാൽ, 'ഇ'ക്ക് അധിക സമയവും സ്ഥലകാലബോധം ഉണ്ടെന്ന് ഞങ്ങൾക്ക് തോന്നിയിരുന്നില്ല.

ഒരുമിച്ച് ലഞ്ച് കഴിക്കാമെന്ന് തീരുമാനിച്ചത് കൊണ്ട്, ഇനി 'ഇ'യെ ഒരിടത്ത് ഇരുത്തിയേ പറ്റൂ. അവനെ മൊബൈലിൽ വിളിച്ചപ്പോൾ ഭാഗ്യത്തിന് അവനെ കിട്ടി. എവിടെയാണോ, അവിടെത്തന്നെ ഇരിക്കാൻ പറഞ്ഞ്, 'ഞാൻ അവനെയും തേടി മുന്നോട്ട് നടന്നു. 'ബി', സി'യേയും 'ഡി'യേയും കാത്ത് അവിടെത്തന്നെ ഇരുന്നു.

അര മണിക്കൂറോളം നടന്നപ്പോൾ, എനിക്ക് 'ഇ'യെ കാണാൻ പറ്റി. ഞങ്ങൾ രണ്ട് പേരും, വീണ്ടും കുറച്ച് കൂടെ മുന്നോട്ട് നടന്ന്, ഞങ്ങളെല്ലാവർക്കും ഒരുമിച്ചിരിക്കാൻ പറ്റിയ ഒരു സ്ഥലമെത്തിയപ്പോൾ, ഭാണ്ഡവും ഇറക്കി, മറ്റുള്ളവർക്ക് വേണ്ടിയുള്ള കാത്തിരിപ്പാരംഭിച്ചു. 

പത്ത് മിനുട്ടോളം കഴിഞ്ഞപ്പോൾ, 'ബി' ഒറ്റക്ക് അവിടെയെത്തി. അപ്പഴേക്കും, വിശപ്പ് തലയിൽ കയറിയതിനാൽ, ഉടനെത്തന്നെ, സി'യേയും 'ഡി'യേയും കാത്ത് നിൽക്കാതെ, ലഞ്ച് കഴിക്കാനുള്ള ഏർപ്പാട് തുടങ്ങി.

ലഞ്ചിന്റെ ചുമതല, മുഖ്യമായും 'ബി'ക്കായിരുന്നു. അവൻ കൊണ്ടുവന്നത്, ഒന്ന് രണ്ട് പുതിയ സാധനങ്ങളായിരുന്നു. പച്ച മീനിന്റെ അവസ്ഥ മാറാത്ത തരത്തിലുള്ള സ്മോക്ക്ഡ് സാൽമന്റെ ഒരു വലിയ പാക്കറ്റും പകുതി മാത്രം വേവിച്ച ഹെറിങ് എന്ന മീനിന്റെ ടിന്നുകളുമായിരുന്നു അവൻ കൊണ്ടുവന്നത്. ഒരു സുഷി ടൈപ് ! ഇതുവരെ ആ രീതിയിൽ കഴിച്ചിട്ടില്ലാത്തതിനാൽ, ഈ സാധനങ്ങൾ കഴിക്കാൻ തുടക്കത്തിലെനിക്ക് ബുദ്ധിമുട്ട് തോന്നി. എങ്കിലും വിശപ്പിന്റെ വിളി അത്രക്കും മൂർദ്ധന്യത്തിലായതിനാൽ എന്ത് കിട്ടിയാലും കഴിക്കാമെന്ന അവസ്ഥയിലുമായിരുന്നു. എന്തായാലും സ്മോക്ക്ഡ് സാൽമൺ, ബ്രഡിന്റെ ഉള്ളിൽ ചുരുട്ടി, കണ്ണും പൂട്ടി ചവച്ചിറക്കി.

ഞങ്ങൾ ഭക്ഷണം കഴിച്ച്, തീരാറായപ്പോഴേക്കും, സി'യും 'ഡി'യും അവിടെയെത്തി. ഉടനെത്തന്നെ, ഭാണ്ഡങ്ങളിറക്കി അവരും ശാപ്പാടാരംഭിച്ചു. വിശപ്പിന്റെ ശക്തി കൊണ്ടാണോ എന്നറിയില്ല, മറ്റുള്ളവരൊക്കെ ആവേശത്തോടെ മത്സരിച്ച്, ആ സ്മോക്ക്ഡ് സാൽമൺ പാക്കറ്റ്, വെട്ടുകിളികൾ വയലിലിറങ്ങിയത് പോലെ തിന്നു തീർത്തു.

അധികം വൈകാതെ തന്നെ ഞങ്ങൾ വീണ്ടും നടത്തം ആരംഭിച്ചു. അതുവരെയുള്ള യാത്രയായപ്പഴേക്കും 'ഡി'യുടെ കഥ പിന്നെയും കഴിഞ്ഞ യാത്രയിലേത് പോലെത്തന്നെ ആയി മാറിയിരുന്നു. റോളർ കോസ്റ്റർ അവനെ ചുറ്റി വരിയുന്നുണ്ട് എന്നുള്ളത് അവന്റെ ഓരോ വാക്കിലും ചലനത്തിലും പ്രതിഫലിക്കുന്നുണ്ടായിരുന്നു. കിതപ്പും, ഇടക്കിടക്കുള്ള നിപ്പും പ്രാക്കും, വേണ്ടെന്ന് വിചാരിച്ചിട്ടും റോളർ കോസ്റ്റർ അവനെക്കൊണ്ട് ചെയ്യിക്കുന്നുണ്ട്. 

പഴയത് പോലെ തന്നെ ഞങ്ങൾ വീണ്ടും സ്പ്ലിറ്റായി. 'ബി' മുന്നിൽ, പിന്നെ ഞാൻ, പിന്നെ 'ഇ', ഏറ്റവും ഒടുവിൽ 'സി'യും 'ഡി'യും. കഴിഞ്ഞ തവണ, രണ്ട് രാത്രികളിലും ഷെൽട്ടറുകളിലായിരുന്നു കിടത്തമെന്നതിനാൽ, ടെന്റ് ഞങ്ങൾ ഉപയോഗിച്ചിരുന്നില്ല. അതുകൊണ്ട്, ഇത്തവണ എന്തായാലും ടെന്റ് കെട്ടിത്തന്നെ രാത്രി കിടക്കാനായിരുന്നു ഞങ്ങളുടെ പ്ലാൻ. ഏകദേശം പതിമൂന്ന് മലയോളം നടന്ന്, ബേർസ് ഡെൻ (bears den) എത്തുന്നതിന് മുന്നേയുള്ള സ്പൗട് റൺ (spout run) എന്ന അരുവിക്കരികിൽ ടെന്റ് കെട്ടാമെന്ന ധാരണയിൽ ഞങ്ങൾ മുന്നോട്ട് നടന്നു. 

ദുർഘടമായ നടത്തം, ഞങ്ങളുടെ വേഗതയെ ശരിക്കും ബാധിച്ചിരുന്നു. സ്മോക്ക്ഡ് സാൽമൺ വയറിൽ നിന്ന് നീന്തുന്നുണ്ടോ എന്നൊരു സംശയം എനിക്കുണ്ടായി. വയറിൽ അതുവരെയില്ലാത്ത വിധം വായുസഞ്ചാരം എന്റെ കാതുകളിൽ കേൾക്കത്തക്കവിധം ശബ്ദമുണ്ടാക്കാൻ തുടങ്ങിയത്, എന്നെ മാനസികമായി അലോസരപ്പെടുത്താൻ തുടങ്ങി. നടപ്പാതയുടെ ഏതെങ്കിലും മടക്കുകളിൽ വിസർജ്ജനം നടത്തേണ്ടിവരുമോ എന്ന ശങ്ക എന്നെ അലട്ടി. എന്തുതന്നെയായാലും വരുന്നത് വരട്ടെ എന്ന രീതിയിൽ മുന്നോട്ട് ആഞ്ഞു നടന്നു. അല്ലാതെ വഴിയിൽ ആരും കാണാതെ കിടന്നിട്ട് കാര്യമില്ലല്ലോ. 

പക്ഷേ, സാൽമൺ മീനിന്റെ പുളച്ചിൽ എന്നിൽ വല്ലാത്ത അലോസരമുണ്ടാക്കിക്കൊണ്ടിരുന്നു. സ്വന്തം തട്ടകമായ നദിയിൽ മൂന്നോളം വർഷങ്ങൾ ചിലവിട്ടതിന് ശേഷം, പൂർണ്ണവളർച്ചയെത്തുന്നതിന് വടക്കൻ അറ്റലാന്റിക് വൻകടലിൽ പോയി, പിന്നെയും രണ്ടോ മൂന്നോ വർഷങ്ങൾ ചിലവഴിച്ച് മുട്ടയിടാൻ വീണ്ടും പഴയ നദിയിലേക്ക് തിരിച്ച് വരുന്ന അറ്റ്ലാന്റിക് സാൽമൺ മൽസ്യം, വടക്കൻ അറ്റ്ലാന്റിക് വൻകടലിൽ മാത്രം അപ്പഴേക്കും ആറായിരത്തോളം മൈലുകൾ സാധാരണ രീതിയിൽ സഞ്ചരിച്ചിട്ടുണ്ടാകുമത്രേ. സാൽമൺ തിന്നതിന് ശേഷം, എന്റെ കുടലിലുണ്ടായ മലക്കം മറിച്ചിൽ ആരംഭിച്ചപ്പോൾ, സാൽമൺ മീനിന്റെ യാത്രയെക്കുറിച്ച് അറിയാതെ ഓർത്തു പോയി. ചത്ത മീനാണെങ്കിലും, എന്റെ വയറ്റിൽ നിന്ന് എട്ടോളം മീറ്ററുകൾ താണ്ടി വൻകുടൽ വഴി താഴോട്ട് പോകുമോ, അതോ ഏകദേശം അര മീറ്ററോളം താണ്ടി, അന്നനാളം വഴി മുകളിലേക്ക് തന്നെ വരുമോ എന്നായിരുന്നു എന്റെ സംശയം. 

ഇടക്ക്, എവിടെയെങ്കിലും മറഞ്ഞിരിക്കാനുള്ള സൗകര്യമൊക്കെയുണ്ടെങ്കിലും, വ്യക്തമായി എന്ത് ചെയ്യണമെന്ന് നിശ്ചയമില്ലാത്തതിനാൽ മുന്നോട്ട് തന്നെ നടന്നു. അപ്പഴേക്കും, വയറ്റിൽ നിന്ന് മുകളിലോട്ട് വായുസഞ്ചാരം ആരംഭിച്ചിരുന്നു. സാധാരണഗതിയിൽ തന്നെ അധോവായു സഞ്ചാരം ഉള്ളതിനാൽ അതിനെക്കുറിച്ച് ഞാൻ കൂടുതൽ ചിന്താകുലനായിരുന്നില്ല. 

വായുസഞ്ചാരവും വയറ്റിലെ വൈക്ലബ്യവും ഏത് രൂപത്തിൽ പരിവർത്തനം ചെയ്യപ്പെടുമെന്ന് നിശ്ചയമില്ലാത്ത അവസ്ഥയിൽ, മുകളിൽ നിന്നും കീഴിൽ നിന്നും പലവിധ ശബ്ദവിന്യാസങ്ങളുണ്ടാക്കിക്കൊണ്ടും ചില വാസനകൾ പരിസരത്ത് തൂവിക്കൊണ്ടുമായിരുന്നു പിന്നീടുള്ള യാത്ര. എന്തായാലും, നടത്തത്തിന്റെ കാഠിന്യം കൊണ്ടുണ്ടായ ശാരീരികാദ്ധ്വാനം കൊണ്ടോ, അതോ മനക്കരുത്ത് കൊണ്ടോ എന്നറിയില്ല, കുറെ ദൂരം നടന്ന് കഴിഞ്ഞപ്പോൾ, വയറിലെ മൂളലും പുളച്ചിലും കുറച്ച് ശമിച്ചു. ഇനി ടെന്റടിക്കാനുള്ള സ്പൗട് റണ്ണിലെത്തിയാൽ, മരുന്നിന്റെ രൂപത്തിൽ ബ്രാണ്ടി കഴിക്കാലോ എന്ന ചിന്തയായിരുന്നു കൂടുതൽ ആശ്വാസം പകർന്നത്.


***

4 അഭിപ്രായങ്ങൾ:

  1. കണ്ടപ്പോൾ വായിച്ചു തുടങ്ങി. തുടങ്ങിയപ്പോൾ നിറുത്താൻ പറ്റിയില്ല. അങ്ങിനെ പുലർച്ചെ 5 മണിക്ക് തന്നെ വായിച്ചു തീർത്തു. യാത്രവിവരണം ആയതിനാൽ വളരെയും ഇഷ്ടപ്പെട്ടു.
    അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. പ്രചോദനം തരുന്ന ഈ നല്ല അഭിപ്രായത്തിനു വളരെ നന്ദി. സാൽമൺ ഉണ്ടാക്കിയ ശരിയായ പൊല്ലാപ്പുകളാണ് അടുത്തതിൽ !

      ഇല്ലാതാക്കൂ
  2. വായിക്കാൻ തുടങ്ങിയപ്പോൾ നിർത്താൻ പറ്റുന്നില്ല. Interesting, keep it up

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വളരെ സന്തോഷം തോന്നുന്നു... ഇങ്ങനെയൊക്കെയുള്ള അഭിപ്രായങ്ങൾ എഴുത്തുകൾ കൂടുതൽ നന്നാക്കാൻ പ്രേരിപ്പിക്കും :)

      ഇല്ലാതാക്കൂ