camping എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
camping എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2022 ഒക്‌ടോബർ 21, വെള്ളിയാഴ്‌ച

ഏകാന്തം

ഒറ്റക്കിരിക്കുക എന്നത് വലിയ കാര്യമൊന്നും അല്ലെന്ന് എല്ലാരും പറയും. പല സാഹചര്യങ്ങളിൽ പലരും വീട്ടിലോ ഹോട്ടലിലോ അല്ലെങ്കിൽ കുളത്തിന്റെ കരയിലോ മറ്റോ ആയി ഒറ്റക്കൊക്കെ ഇരുന്നു കാണും. ബഹളമയമായ ഈ ലോകത്ത് നിന്ന് ഇത്തിരി ശാന്തി കിട്ടാൻ, ജോലിയുടെ സമ്മർദ്ദത്തിൽ നിന്ന് ഇത്തിരി അകന്ന് നിൽക്കാൻ, ചിലപ്പോഴെങ്കിലും ആരോടും പറയാൻ പറ്റാത്ത വീട്ടിലെ പ്രശ്നങ്ങളിൽ നിന്ന് ഓടിയൊളിക്കാൻ എന്നിങ്ങനെയായി പലകാരണങ്ങളാൽ ഒറ്റക്കിരിക്കാൻ പലരും തീർച്ചയായും പലപ്പോഴായി കൊതിച്ച് കാണും. ഞാനും അങ്ങനെയാണ്. മിക്കവാറും സമയങ്ങളിൽ ഒറ്റക്കിരിക്കാനാണ് എനിക്കിഷ്ടം. കാരണമൊന്നും ചോദിക്കരുത്; ഞാൻ പറയൂല്ല.

ഒന്നോ രണ്ടോ മണിക്കൂറൊക്കെ ഒറ്റക്കിരിക്കാൻ സാഹചര്യങ്ങളുണ്ടായിട്ടുണ്ടെങ്കിലും, യാത്രാ സംബന്ധിയായി ചില ഹോട്ടലുകളിൽ ഒറ്റക്ക് താമസിക്കേണ്ടി വന്നിട്ടുണ്ടെങ്കിലും, സമീപത്തെങ്ങും ഒരു മനുഷ്യജീവിയുടെ പോലും സാന്നിദ്ധ്യമില്ലാതെ ഒറ്റക്കിരിക്കാൻ,  രാത്രി കഴിയാൻ സാഹചര്യം കിട്ടിയത്, രണ്ടാഴ്ച മുൻപാണ്. 

ട്രെക്കിങ്ങും ഹൈക്കിങ്ങുമൊക്കെ കുറച്ച് കാലങ്ങളായി ചെയ്യാറുണ്ടെങ്കിലും ക്യാംപിങ്  തുടങ്ങിയത് ഈയ്യടുത്ത കാലത്താണ്; ശരിക്കും പറഞ്ഞാൽ കോവിഡ് തുടങ്ങിയതിന് ശേഷം. അങ്ങനെ, നാല് തവണകളായി പത്ത് ദിവസങ്ങളോളമെടുത്ത് അമേരിക്കൻ ഐക്യനാടുകളുടെ കിഴക്ക് ഭാഗത്തായി തെക്കുവടക്കായി നീണ്ട് കിടക്കുന്ന അപ്പലാച്ചിയൻ മലനിരകൾക്ക് മുകളിലൂടെയുള്ള,  2200 ഓളം മൈലുകൾ നീണ്ട് കിടക്കുന്ന അപ്പലാച്ചിയൻ ട്രെയിലിലൂടെ (AT), ഞങ്ങൾ നാലഞ്ച് സുഹൃത്തുക്കൾ, ഇതുവരെയായി അറുപതോളം മൈലുകൾ താണ്ടിയിട്ടുണ്ട്.കാട്ടിലൂടെയുള്ള നടത്തവും രാത്രിയിലെ കിടത്തവും, ഭക്ഷണം  വളരെ രസകരമാണ്. ശബ്ദകോലാഹലങ്ങളൊന്നുമില്ലാതെ, ദൈനംദിന ജീവിതത്തിലെ ജോലിപരമായും കുടുംബപരമായും സാമൂഹ്യപരവുമായുള്ള സംഘർഷങ്ങളില്ലാതെ, മൊബൈൽ കണക്ഷനുകളില്ലാതെ, ആവശ്യത്തിന് മാത്രം ഭക്ഷണം കഴിച്ച്, സ്വച്ഛന്ദമായ വായുവും ശ്വസിച്ചുകൊണ്ടുള്ള നടത്തവും കിടത്തവും. കയറ്റങ്ങളും ഇറക്കങ്ങളും, വിടവുകളും നിറഞ്ഞ ദുര്ഘടപാതകളിലൂടെ നടന്നുളള വ്യായാമം കഴിഞ്ഞ്, കാട്ടരുവിയിലെ ഒരു കുളിയും കഴിഞ്ഞ ശേഷം, സ്വല്പം ഭക്ഷിച്ച്, വൃക്ഷങ്ങൾക്കിടയിലെ നിരപ്പല്ലാത്ത തറയിൽ കെട്ടിയുയർത്തിയ താൽക്കാലിക കൂടാരത്തിൽ കിടന്നുറങ്ങുന്നത് ഒരു വല്ലാത്ത അനുഭൂതിയാണ്.

ഈ അപ്പലാച്ചിയൻ ട്രെയിലിന്റെ ഏറ്റവും ദുർഘടമായ, 'റോളർ കോസ്റ്റർ' എന്ന് വിളിക്കപ്പെടുന്ന ഭാഗം കടന്ന് പോകുന്നത് ഞാൻ താമസിക്കുന്ന വീടിനടുത്ത് കൂടെയാണ്. വീട്ടിൽ നിന്ന് ഏകദേശം ഇരുപത് മൈലുകൾ ദൂരം മാത്രം. കഴിഞ്ഞ ഒരു യാത്രയിൽ ഈ റോളർ കോസ്റ്റർ ഞങ്ങൾ താണ്ടിയതാണ്. ആ ഒരു യാത്രയിലാണ് 'സാം മൂർ ഷെൽട്ടറി'നും (Sam Moore Shelter) 'ബേർസ് ഡെൻ ഓവർ ലുക്കി' നും (Bears Den Overlook) ഇടയിലൂടെ ഒഴുകുന്ന കൊച്ചരുവിയായ 'സ്പൗട്ട് റണ്ണി'ന്റെ (Spout Run) കരയിൽ ഞങ്ങൾ ഒരു രാത്രി ടെന്റ് കെട്ടി കഴിഞ്ഞുകൂടിയത്. 

'സ്പൗട്ട് റണ്ണി'ന്റെ കരയിൽ കഴിഞ്ഞ ആ ആദ്യരാത്രി, എന്നെ സംബന്ധിച്ചടുത്തോളം കാളരാത്രി ആയിരുന്നു. അന്ന് ഉച്ചക്ക് തീർത്തും ഇഷ്ടപ്പെടാതെ കഴിച്ച, പാതി മാത്രം വെന്ത സാൽമൺ ആയിരുന്നോ പ്രശ്നം, അതല്ല, രാത്രി നല്ലൊരുറക്ക് കിട്ടാൻ വേണ്ടി, കൈയ്യിൽ കരുതിയിരുന്ന റമ്മിൽ നിന്ന് ഒരു പെഗ്ഗടിച്ചതാണോ പ്രശ്നം, എന്നത് നിശ്ചയമില്ലെങ്കിലും, തീയൊക്കെ കൂട്ടി, ഭക്ഷണം പാകം ചെയ്തതിന് ശേഷം, അരുവിയിലെ നഗ്നനീരാട്ടും കഴിഞ്ഞ് തിരിച്ചെത്തിയ ഞാൻ നീട്ടി നീട്ടി വാളുവച്ചു. ഉച്ചക്ക് കഴിച്ച സാൽമനും, പെഗ്ഗിന്റെ കൂടെ കഴിച്ച ഏതോ ഒരു ടിൻഡ് മീനും, കുഴഞ്ഞ് മറിഞ്ഞ് അരുവിക്കരയിലെ മരച്ചുവട്ടിൽ പതിച്ചു. ഇതിനെക്കുറിച്ച് വിശദമായി 'വാളുകൾ തഴുകിയ റോളർ കോസ്റ്റർ' എന്ന ഒരു കുറിപ്പിൽ പ്രതിപാദിച്ചിട്ടുണ്ട്.

എന്തായാലും, ഞങ്ങൾ കിടന്നുറങ്ങിയ ആ സ്പൗട്ട് റൺ പ്രദേശം വളരെ മനോഹരമായിരുന്നു. മൂന്നു ഭാഗവും മലകളാൽ ചുറ്റപ്പെട്ട്, നടുവിലൂടെ സ്വച്ഛന്ദമായി ഒഴുകുന്ന അരുവിക്കരയിൽ, അരുവിയുടെ കളകളാരവം ശ്രവിച്ച് ആരുടേയും ശല്യമില്ലാതെ വിശ്രമിക്കാൻ പറ്റിയ ഒരു കാനനമദ്ധ്യം! അന്ന് അവിടെ നിന്ന് മടങ്ങും വഴിയാണ്, അതേ സ്ഥലത്ത് വീണ്ടും ഒരു തവണ കൂടി പോകാൻ എനിക്ക് ആശയുണ്ടായത്. 

കുറച്ച് ആഴ്ചകൾ കഴിഞ്ഞപ്പോൾ, ഞങ്ങൾ കുറച്ച് സുഹൃത്തുക്കൾ, കുടുംബ സമേതം, അതേ അരുവിക്കരയിലൂടെ, അപ്പലാച്ചിയൻ ട്രെയിലിലൂടെ സാം മൂർ ഷെൽട്ടർ വരെ ഹൈക്ക് ചെയ്ത്, അതേ ദിവസം തന്നെ തിരിച്ച് പോന്നു. അവർക്ക് ഇഷ്ടപ്പെട്ടാൽ ഒരു ദിവസം, എല്ലാവരും വീണ്ടും അവിടെ പോയി കുടുംബ സമേതം ക്യാമ്പ് ചെയ്യാനായിരുന്നു പ്ലാൻ. ദുർഘടമായ പാത ആയിരുന്നതിനാൽ ചില കുടുംബങ്ങൾ അത്തരമൊരു പ്ലാനിൽ നിന്ന് തീർത്തും പിന്മാറി. ഒടുവിൽ എന്റെ കുടുംബവും വേറെ രണ്ട് കുടുംബങ്ങളും കൂടി ഒരു ദിവസം ക്യാമ്പ് ചെയ്യാൻ തീരുമാനിച്ചു. പക്ഷേ സ്ത്രീജനങ്ങൾക്ക് അരുവിക്കരയിൽ രാത്രി കിടക്കാൻ ഒട്ടും താല്പര്യമില്ലായിരുന്നു. പകരം, തുറന്ന് കിടക്കുന്നതാണെങ്കിലും, കിടന്നുറങ്ങാൻ ഒരു തറയും മേൽക്കൂരയുമുള്ള സാം മൂർ ഷെൽട്ടറിൽ ക്യാമ്പ് ചെയ്യാനാണ് അവർ താല്പര്യപ്പെട്ടത്. പേടിക്ക് പുറമേ, അവരെക്കൊണ്ട് അങ്ങനെ ചിന്തിപ്പിക്കാനുള്ള പ്രധാന കാര്യം, അവിടെയൊരു കക്കൂസ് ഉണ്ടെന്നുള്ളതും (നാറുന്നതാണെങ്കിലും) കൂടിയാണ്. 

അങ്ങനെ ഒരു രാത്രി, ഞങ്ങൾ സാം മൂർ ഷെൽട്ടറിൽ കഴിഞ്ഞ് പിറ്റേദിവസം ആവുമ്പഴേക്കും സ്ത്രീകൾക്ക് അത്തരം ഒരു ക്യാംപിങ് പരിപാടിയോട് താല്പര്യം കുറഞ്ഞു. ഒന്നാമത്, രാത്രിയിൽ പേടികൊണ്ടും തണുപ്പ് കൊണ്ടും  അവർക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. രണ്ടാമത്, മൂത്രമൊഴിക്കുന്നതും വെളിക്കിരിക്കുന്നതും, വളരെയധികം നാഗരികരായി മാറിയിരിക്കുന്ന അവരെ സംബന്ധിച്ചടുത്തോളം വളരെയധികം ദുഷ്കരമായിരുന്നു. അതുകൊണ്ട് തന്നെ, കുടുംബവുമൊത്തുള്ള ക്യാംപിങ് എന്ന പരിപാടി, കുട്ടികൾക്ക് താല്പര്യമുണ്ടായിരുന്നെങ്കിലും, അവരെയും കൊണ്ടുള്ള ഒരു ക്യാംപിങ് പിന്നീട് നടന്നില്ല. പക്ഷേ എന്റെ മനസ്സിൽ വീണ്ടും വീണ്ടും അവിടേക്ക് പോകാനുള്ള ആഗ്രഹം കൂടിക്കൂടി വരികയായിരുന്നു. ഒരു തവണ ശബരിമല കയറിയ ഭക്തന്മാർ, അവിടേക്ക് വീണ്ടും വീണ്ടും പോകണമെന്ന് പറയുന്നത് പോലെ!

സാധാരണ രീതിയിൽ, ഇവിടെ അമേരിക്കയിൽ ക്യാംപിങ് ചെയ്യുന്നതിന് പ്രത്യേകം നിയോഗിക്കപ്പെട്ടിട്ടുള്ള സ്ഥലങ്ങൾ ഉണ്ട്. ക്യാംപിങ് ഗ്രൗണ്ട് എന്ന് പറയും. ആ സ്ഥലങ്ങൾ കുറച്ച് കൂടി സുരക്ഷിതവും വെള്ളവും മറ്റ് ശൗച്യകർമ്മങ്ങൾക്കുള്ള ക്രമീകരങ്ങളും അവിടെ ഉണ്ടാവും. പക്ഷേ ഒരു നിശ്ചിത തുക ഫീസ് കൊടുക്കണം. എന്നെ സംബന്ധിച്ച്, അത്തരം ബഹളങ്ങൾക്കിടയിൽ ക്യാമ്പ് ചെയ്യാൻ ഒട്ടും താല്പര്യമില്ലാത്തയാളാണ്. അതുകൊണ്ട്, വീട്ടിൽ നിന്ന് എളുപ്പത്തിൽ എത്തിപ്പെടാവുന്നതും, ഫീസ് കൊടുക്കേണ്ടാത്തതുമായ സ്പൗട്ട് റൺ പ്രദേശത്ത്, തീർത്തും വന്യമായ സാഹചര്യം ആസ്വദിക്കാനായിരുന്നു ഞാൻ താല്പര്യപ്പെട്ടത്. വീട്ടിൽ നിന്ന് 40 മിനുട്ടുകൾ മാത്രം കാറിൽ യാത്ര ചെയ്ത്, റൂട്ട് 7 ൽ 'സ്നിക്കേഴ്സ് ഗ്യാപ്' എന്ന സ്ഥലത്ത് വണ്ടി പാർക്ക് ചെയ്തതിന് ശേഷം, ബേർസ് ഡെൻ വഴി മൂന്ന് മൈലുകളോളം വനത്തിനുള്ളിലേക്ക് അപ്പലാച്ചിയൻ ട്രെയിലിലൂടെ തെക്കോട്ടേക്ക് ഹൈക്ക് ചെയ്‌താൽ സ്പൗട്ട് റൺ എന്ന ഈ സ്പോട്ടിലെത്താം എന്നത് വളരെ അനുകൂലമായ ഘടകവുമാണ്. 

കഴിഞ്ഞ രണ്ട് വർഷങ്ങളായി ഞങ്ങൾ ആൺ സുഹൃത്തുക്കൾ മാത്രമായി നടത്തുന്ന, രണ്ടോ മൂന്നോ ദിവസങ്ങൾ നീളുന്ന അപ്പലാച്ചിയൻ ഹൈക്കിങ് യാത്രകൾ, ഈ വർഷം നടത്തിയിരുന്നില്ല. അതുകൊണ്ട് തന്നെ, ഒരു ദിവസത്തേക്കെങ്കിലും ഹൈക്ക് ചെയ്ത്, ക്യാമ്പ് ചെയ്ത് തിരിച്ച് വരാൻ ഞാൻ പദ്ധതിയിട്ടു. ആ വിവരം സുഹൃത്തുക്കളോട് പറഞ്ഞപ്പോൾ, അതിലൊരുവൻ എന്റെ കൂടെ വരാൻ സന്നദ്ധതയറിയിച്ചു. അങ്ങനെ ഞങ്ങൾ രണ്ടുപേരും കൂടെ കഴിഞ്ഞ സെപ്തംബർ മദ്ധ്യത്തിലെ ഒരു ശനിയാഴ്ച രാത്രി, സ്പൗട്ട് റൺ സ്പോട്ടിൽ ക്യാമ്പ് ചെയ്ത് തിരിച്ചു വന്നു. രണ്ടാഴ്ച കഴിഞ്ഞപ്പോൾ വീണ്ടും ക്യാമ്പ് ചെയ്യാൻ എനിക്ക് പൂതി വന്നു തുടങ്ങി. പക്ഷേ ഈ തവണ വ്യക്തിപരമായ പലതരം കാരണങ്ങളാൽ, ആരും എന്റെ കൂടെ വന്നില്ല. 'രോഗി ഇച്ഛിച്ചതും വൈദ്യൻ കല്പിച്ചതും ഒന്ന്' എന്ന തരത്തിലുള്ള ഒരു മുഹൂർത്തം അവിടെ സംജാതമാവുകയായിരുന്നു. 

ഞാൻ ഒരുക്കങ്ങളൊക്കെ ആരംഭിച്ചു. ഒക്ടോബർ ഒന്ന് ശനിയാഴ്ച പോകാനാണ് പ്ലാൻ. മലമുകളിലെ കാലാവസ്ഥ നോക്കിയപ്പോൾ, ആ ദിവസത്തെ രാത്രിയിലെ ചൂട് വെറും 36F (2C) ആണെന്ന കുറിപ്പ് കണ്ട്, മനസ്സ് തന്നെ മരവിച്ചത് പോലെ തോന്നി. പോരാഞ്ഞതിന്, വീട്ടുകാരി, 'നിങ്ങളിങ്ങനെ ഒറ്റക്ക് പോകണോ'... 'വല്ലാത്ത തണുപ്പല്ലേ'... എന്നിങ്ങനെയൊക്കെ പറഞ്ഞ് എന്നെ നിരുത്സാഹപ്പെടുത്താനുള്ള ശ്രമങ്ങളും ആരംഭിച്ചു. പക്ഷേ എന്റെ മനസ്സിന്റെ ഏകാഗ്രത ഒന്നുകൊണ്ട് മാത്രം, അത്തരം കെണികളിൽ ഞാൻ വീണില്ല. 

ഒടുവിൽ ഒക്ടോബർ ഒന്നിന് ഉച്ചക്ക് രണ്ട് മണിയോട് കൂടി ഞാൻ പുറപ്പെട്ടു. രണ്ടേമുക്കാലിന് സ്നിക്കേഴ്സ് ഗ്യാപ്പിലെത്തിയതിന് ശേഷം, മൂന്ന് മണിയോട് കൂടി, മുപ്പതോളം പൗണ്ട് ഭാരമുള്ള ഹൈക്കിങ് ബാക്ക് പാക്കും പുറത്ത് കെട്ടി നടത്തം ആരംഭിച്ചു. ആരും കൂടെയില്ലാത്തത് കൊണ്ടും ആർക്കും വേണ്ടി കാത്ത് നിൽക്കാനില്ലാത്ത കൊണ്ടും, ഏകദേശം ഒന്നേകാൽ മണിക്കൂറുകൾ കൊണ്ട് തന്നെ, ഞാൻ സ്പൗട്ട് റണ്ണിലെത്തി. സാധാരണ രീതിയിൽ ആരെങ്കിലും കൂടെയുണ്ടാകുന്ന സമയത്ത്, ഒന്നേമുക്കാൽ മണിക്കൂറോളം എടുക്കുന്നതാണ്. തണുപ്പ് കാലം തുടങ്ങുന്ന സമയം ആയത് കൊണ്ടാവാം, മറ്റുള്ള ഹൈക്കേഴ്സും വളരെ വളരെ കുറവായിരുന്നു.

ഇരുട്ടും മുന്നേ പിടിപ്പത് പണികളുണ്ട്. ടെന്റ് കെട്ടണം, രാത്രി മുഴുവൻ കത്തിക്കാനായി ഉണക്ക മരക്കഷണങ്ങൾ സംഘടിപ്പിക്കണം. ടെന്റിടുന്ന സ്ഥലത്തിന് വളരെയടുത്തുള്ള ഉണക്ക മരക്കഷണങ്ങളൊക്കെ, ഇതിന് മുന്നേയുള്ള അവസരങ്ങളിൽ ഞങ്ങൾ കത്തിച്ച് തീർന്നത് കൊണ്ട്, കുറച്ച് ദൂരെ അലഞ്ഞ് വേണം അവ സംഘടിപ്പിക്കാൻ. 

ബാക്ക് പാക്ക് ഒരു പാറപ്പുറത്ത് ഇറക്കി വച്ച്, ചുറ്റുപാടുകളും ഒന്ന് വീക്ഷിച്ച ശേഷം, ചുരുട്ടിവെക്കാവുന്ന (ഉള്ളിലൊന്നും ഇല്ലെങ്കിൽ) ഒരു കുപ്പിയിൽ, വീട്ടിൽ നിന്ന് തന്നെ ഓറഞ്ച് നീരിനോടൊപ്പം ചേർത്ത് കൊണ്ടുവന്ന രണ്ടര പെഗ്ഗ് വോഡ്കയിൽ നിന്ന് രണ്ട് സിപ്പെടുത്തു. എന്റെ വരവറിയിച്ച് കൊണ്ട്, മൂന്ന് തവണ ഉച്ചത്തിൽ കുരവയിട്ടു. ഉന്മേഷം പതുക്കെ കൂടാൻ തൂങ്ങുന്ന നേരം, ടെന്റിന്റെ പണി ആരംഭിച്ചു. ടെന്റ് സെറ്റപ്പ് ചെയ്യാൻ തന്നെ ഏകദേശം മുക്കാൽ മണിക്കൂറോളം എടുത്തു. പിന്നെ കൈയിൽ കരുതിയിരുന്ന സാമാന്യം നീണ്ട ഒരു വലിയ വാളുമെടുത്ത് ഉണക്ക മരങ്ങൾ തേടിപ്പിടിച്ച് കൊണ്ടുവന്നു. ഏകദേശം ആറ് മണിക്ക് മുൻപായിത്തന്നെ വലിയ മരക്കഷണങ്ങളടക്കം ഒരു കെട്ട് ഉണക്ക മരങ്ങൾ എന്റെ ടെന്റിനടുത്ത് കൂമ്പാരമാക്കി കൊണ്ടു വച്ചു. വലിയ മരക്കഷണങ്ങൾ, മരങ്ങൾക്കും പാറകൾക്കുമിടയിലൂടെ വലിച്ച് കൊണ്ടുവരുന്നത് തീർത്തും പണിപ്പെട്ട പണിയായിരുന്നെങ്കിലും, വോഡ്ക വീണ്ടും ഞാൻ കുടിച്ചില്ല. കാരണം, രാത്രി, നന്നായി തണുക്കാൻ പോവുകയാണ്. എത്ര തീ കൂട്ടി കത്തിച്ചാലും ടെന്റിനുള്ളിൽ ഒരു തരി ചൂട് പോലും കയറില്ല. അപ്പോൾ, ഉറങ്ങുന്ന നേരത്ത് ചൂട് തരാനായി വോഡ്ക കാത്ത് വെക്കുകയാണ് ബുദ്ധി എന്നെനിക്ക് നന്നായറിയാം.

ഉണക്കയിലകൾ ആദ്യം കത്തിച്ച്, പതുക്കെ ചെറിയ ചുള്ളിക്കമ്പുകളിലേക്ക് തീ പടർത്തി, വലിയ മരക്കഷണങ്ങളിലേക്ക് തീയാളിക്കാൻ വീണ്ടും അര മണിക്കൂറെടുത്തു. കിടന്നാൽ ശരീരം മൊത്തം മുക്കിയെടുക്കാൻ പറ്റുന്ന അരുവിയിലെ ഒരു ഭാഗത്ത് കിടന്ന് ദിഗംബരധാരിയായി ഒരു തണുത്ത സ്നാനം നടത്തി. ഘോരമായ തണുത്ത വെള്ളത്തിൽ മുങ്ങി വിറച്ചുപോയ ശരീരവുമെടുത്ത് അഗ്നികുണ്ഡത്തിന്റെ അടുത്തേക്ക് തിരിച്ചോടിയതിന് ശേഷം മാത്രമേ തലയെങ്കിലും തുവർത്തണമെന്നുള്ള കാര്യം ഓർമ്മ വന്നുള്ളൂ. ഉടനെത്തന്നെ, ഇനി വരാൻ പോകുന്ന തണുപ്പിനെ പ്രതിരോധിക്കാൻ തൊപ്പിയടക്കമുള്ള സംവിധാനങ്ങൾ എടുത്തണിഞ്ഞു.

പോർട്ടബിൾ സ്റ്റവ് കത്തിച്ച്, കൊണ്ടുവന്നിരുന്ന പാക്കറ്റ് റൈസും ടിൻഡ് മത്തിയും ഒരുമിച്ചിട്ട്, ഉള്ളിയും തക്കാളിയും മസാലകളുമില്ലാത്ത ഒരുതരം മത്തിബിരിയാണി ഉണ്ടാക്കി. തണുത്ത് പോകാതിരിക്കാൻ അതെടുത്ത് തീക്കുണ്ഡത്തിനടുത്ത് കൊണ്ട് വച്ചു. അപ്പഴേക്കും ഏകദേശം ഇരുട്ടിത്തുടങ്ങിയിരുന്നു. തണുപ്പ് വീഴാനും തുടങ്ങി. വോഡ്ക കുടിക്കാതിരിക്കാൻ നിവൃത്തിയില്ലാതെ വന്നപ്പോൾ വീണ്ടും ഇടവേളകൾക്കിടയിൽ സിപ്പ് ചെയ്ത് കൊണ്ടിരുന്നു. തീ ആളിക്കത്താൻ തുടങ്ങിയതോടൊപ്പം വയറ്റിനുള്ളിൽ കിടന്ന് വോഡ്കയും കത്താൻ തുടങ്ങി. സ്പൂണിൽ മത്തിബിരിയാണിയെടുത്ത്, വയറ്റിനുള്ളിൽ കത്തിക്കൊണ്ടിരുന്ന വോഡ്കയിലേക്ക് ഇടക്കിടെ ആഹുതി ചെയ്തുകൊണ്ടിരുന്നു. 

നാലോളം കിലോമീറ്റർ റേഡിയസിൽ, കത്തുന്ന തീയും ഞാനും മാത്രം. ഉറങ്ങാനായി ഇനിയും എത്രയോ സമയം ബാക്കി കിടക്കുന്നു. ഉച്ചത്തിൽ അലറിയാലും പാട്ടു പാടിയാലും പുലഭ്യം പറഞ്ഞാലും നഗ്നനൃത്തം ചെയ്താലും ഒരു പൂച്ചയും അറിയാൻ പോകുന്നില്ല. ചെറുപ്പത്തിൽ പഠിച്ച പാട്ടുകൾ മുതൽ, മനസ്സിൽ തങ്ങി നിൽക്കുന്ന സിനിമാഗാനങ്ങൾ വരെ വളരെ ഉച്ചത്തിൽ കുറച്ച് നേരം പാടി. വോഡ്ക കുറച്ചധികം പണി എടുക്കാൻ തുടങ്ങിയപ്പോൾ, മതം കൊണ്ടും ജാതി കൊണ്ടും ഇസങ്ങൾ കൊണ്ടും നാട്ടുകാരെ കുരങ്ങ് കളിപ്പിക്കുന്ന രാഷ്ട്രീയക്കാരെയും സമുദായ നേതാക്കളെയും അറിയാവുന്ന അങ്ങേയറ്റത്തെ തെറികൾ ഉപയോഗിച്ച് അത്യുച്ചത്തിൽ അഭിഷേകം ചെയ്തു. നാലഞ്ച് വർഷങ്ങൾ മുന്നേ എന്നോട് വളരെ വൃത്തികെട്ട രീതിയിൽ പെരുമാറിയ ഒരു ലെബനീസ് പ്രോജക്ട് മാനേജരെ മനസ്സിൽ ആവാഹിച്ച്, എരിയുന്ന തീയിലേക്ക് പത്തോളം തവണ കാറിത്തുപ്പിക്കൊണ്ട് സ്വയമായുണ്ടാക്കിയ ഭരണിപ്പാട്ടുകൾ പാടി. ചില പദപ്രയോഗങ്ങൾ ദേഷ്യത്തിന്റെ തീവ്രതയിൽ, തരംഗദൈർഘ്യം കൂടിപ്പോയതിനാൽ,  ചുറ്റുമുള്ള മലകളിൽ തട്ടി പ്രതിധ്വനിച്ച്, എന്റെ കാതിൽത്തന്നെ വന്നു പതിച്ചപ്പോൾ, പാലത്തിന്റെ മുകളിൽ എല്ലിൻ കഷ്ണം കടിച്ച് പിടിച്ചുകൊണ്ട് പ്രതിബിംബത്തോട് കുരക്കാൻ പോയ പട്ടിയെക്കുറിച്ച് ഞാനോർത്തു. 

തീക്കുണ്ഡത്തിനടുത്ത് ഉയർന്ന് നിന്നിരുന്ന ഏതോ ഒരു ചെടിയുടെ മേലെ, കരിഞ്ഞുണങ്ങി കിടന്നിരുന്ന ഒരു പൂച്ചെണ്ട് ഉരച്ച് പൊടിച്ച്, ഒരു പഴുത്തുണങ്ങിയ ഇലയിലിട്ട് ചുരുട്ടി, ശിവമൂലിയാണെന്ന് മനസ്സിൽ കരുതി പുകച്ചാലോ എന്ന് കുറച്ച് നേരം ആലോചിച്ചു. കുറച്ച് നേരം ആ മൃതമായ പൂവിനെ നോക്കി, അതിന്റെ ബാല്യകാലത്തെക്കുറിച്ച് ചിന്തിച്ചതല്ലാതെ  വേറെയൊന്നും ചെയ്തില്ല. കാഴ്ച വീണ്ടും ആളുന്ന തീയിലേക്ക് തിരിച്ചു.

വിശ്വസിക്കുന്ന ആളുകളുടെ പരിദേവനങ്ങൾക്ക് പോലും പരിഹാരം ഉണ്ടാക്കാൻ കഴിയാത്ത ദൈവങ്ങളെ, കുറച്ചധികമായിത്തന്നെ 'സംസ്‌കൃത' ഭാഷയിൽ വഴക്ക് പറഞ്ഞു. അരിശം തീരാഞ്ഞ് കത്തിക്കൊണ്ടിരുന്ന സാമാന്യം വണ്ണമുള്ള ഒരു മരക്കഷ്ണം എടുത്ത് കത്തുന്ന തീക്കുണ്ഡത്തിൽ പലതവണ ആഞ്ഞടിച്ചു. അതുണ്ടാക്കിയ ലക്ഷോപലക്ഷം തീപ്പൊരികൾ ആഗ്നേയാസ്ത്രം കണക്കെ വ്യോമസിംഹാസനമിരിക്കുന്ന ഇന്ദ്രപ്രസ്ഥത്തിലേക്ക് കുതിച്ചുയർന്നു. കത്തുന്ന വിറക് കൊള്ളി കൈയ്യിലേന്തി, അട്ടഹസിച്ചുകൊണ്ട് അഗ്നികുണ്ഡത്തിനെ വലം വെച്ച്, വീണ്ടും തീക്കൊള്ളി കൊണ്ട് ആഞ്ഞടിച്ചതിന് ശേഷമാണ് മനസ്സിൽ കയറിക്കൂടിയ തീച്ചാമുണ്ഡിയെ പുറത്തിറക്കി വെക്കാനായത്. 

അങ്ങനെ സ്വയം സമാധാനിക്കാൻ നടത്തിയ പൂജാകർമ്മങ്ങൾ ഒരു ചെറിയ സമാധാനം തന്നിരിക്കുന്നു എന്നത് ബോധ്യപ്പെടുത്താനായിരിക്കണം; ശരീരത്തിനുള്ളിൽ നിന്ന് അധോവായുവും ഉപരിവായുവും അനർഗ്ഗളമായി ഇടയ്ക്കിടെ പ്രവഹിക്കാൻ തുടങ്ങിയത്. ആ സമാശ്വാസങ്ങൾ ഓരോന്നും  ആസ്വദിച്ച് കൊണ്ട് തന്നെ, ഓരോന്നിനും അനുയോജ്യമായ ശബ്ദവിന്യാസങ്ങൾ ക്രമീകരിച്ച് അവയെ അനന്തവിഹായസ്സിലേക്ക് പറഞ്ഞ് വിട്ടു. സാധാരണയായുള്ള ദൈനംദിനജീവിതത്തിൽ, സദാചാരബോധത്തിന്റെയും പരിഷ്‌കൃതബോധത്തിന്റെയും പേരിൽ, ആൾക്കൂട്ടങ്ങൾക്കിടയിൽ പേടിച്ചും പതുങ്ങിയും ചെയ്യുന്ന ഈ കാര്യങ്ങൾ, ഇത്രയും ആസ്വദിക്കാൻ പറ്റുമെന്നത് എന്നെ സംബന്ധിച്ചടുത്തോളം ഒരു പുതിയ അറിവായിരുന്നു. 

അറിയാതെയെങ്കിലും ആരെങ്കിലും കാണുന്നുണ്ടോ എന്ന് നോക്കിയപ്പോൾ, വൃക്ഷങ്ങൾക്കിടയിലൂടെ എത്തിനോക്കിയ ചന്ദ്രനെ മാത്രമേ കാണാൻ കഴിഞ്ഞുള്ളൂ. പിന്നെ കുറച്ച് നേരം ചന്ദ്രനോടായി വർത്തമാനങ്ങൾ പറഞ്ഞു. നീൽ ആംസ്ട്രോങ് ശരിക്കും അവിടേക്ക് വന്നിട്ട് കാൽപാദങ്ങൾ പതിപ്പിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് ചന്ദ്രന്റെ മറുപടിയൊന്നും കിട്ടിയില്ല. ആംസ്ട്രോങ് ഷൂസ് ഇട്ട് അവിടെ ഇറങ്ങിയത് കൊണ്ടായിരിക്കാം, ചന്ദ്രൻ ഒന്നും മിണ്ടാതിരുന്നത്. 

ആ സമയത്താണ്, എന്തോ ഒരു ജീവി കരിയിലകൾക്കിടയിലൂടെ ഓടുന്നത് പോലെ എനിക്ക് തോന്നിയത്. കരടിയോ കാട്ടുപൂച്ചയോ അല്ലെങ്കിൽ കുറുക്കനോ ആവാം. ഫ്‌ളാഷ് ലൈറ്റ് തെളിച്ച് നോക്കിയെങ്കിലും ഒന്നിനെയും കണ്ടില്ല. എന്റെ പുലഭ്യങ്ങൾ കേട്ട്, അവയുടെ സ്വസ്ഥത ചിലപ്പോൾ നശിച്ച് കാണും. സ്വസ്ഥത കിട്ടാനാണ് ഞാനവിടെ എത്തിയതെന്ന് അവറ്റകൾക്ക് അറിയില്ലല്ലോ. കുറച്ചാളുകയേയും സംവിധാനങ്ങളെയും ഇത്രയും ഉച്ചത്തിൽ പരിഹസിച്ചും തെറി വിളിച്ചും മറ്റും മനസ്സ് സമാധാനപ്പെടുത്താൻ നാട്ടിലിരുന്ന് പറ്റാത്തത് കൊണ്ടാണ് ഞാൻ കാട്ടിലേക്ക് വന്നതെന്ന കാര്യവും അവറ്റകൾക്ക് അറിയില്ല. എന്തായാലും അവയുടെ സമാധാനം കുറച്ച് നേരത്തേക്ക് നശിപ്പിച്ചതിന് ഞാൻ അവയോട് മാപ്പ് പറഞ്ഞു.

വോഡ്ക തീർന്നതിനാൽ എന്റെ മനോവ്യാപാരങ്ങൾ കുറഞ്ഞു വന്നു. സമയം പതിനൊന്നായിരിക്കുന്നു. ഇനിയും അലറിയാൽ എന്റെ തൊണ്ട ചിലപ്പോൾ കീറിപ്പോകും. ആളിക്കത്തിക്കൊണ്ടിരുന്ന തീയുടെ തീവ്രത മൂത്രമൊഴിച്ച് കുറച്ചാലോ എന്ന് തോന്നിയെങ്കിലും, നല്ല തണുപ്പ് ഉണ്ടായിരുന്നതിനാൽ അങ്ങനെ ചെയ്തില്ല. ആളുന്ന തീയിൽ നിന്ന് വല്ല തീപ്പൊരിയും വന്ന് ടെന്റിന് മേലെ വീണാലുള്ള കാര്യം ചിന്തയിൽ വന്നെങ്കിലും, കത്തുമ്പോൾ നോക്കിയാൽ പോരേ എന്ന് മനസ്സ്മന്ത്രിച്ചു. 

പതുക്കെ അരുവിയിലറങ്ങി, ഭക്ഷണപ്പാത്രങ്ങളൊക്കെ കഴുകി വൃത്തിയാക്കി, പാറപ്പുറത്ത് കമഴ്ത്തി വച്ചു. മീനിന്റെ മണം മണത്ത് കരടി വരാതിരിക്കാൻ, മീനിരുന്ന ടിന്നും മറ്റ് വേസ്റ്റുകളും ഒരു പ്ലാസ്റ്റിക് ബാഗിൽ കെട്ടി, ഒരു മരത്തിന്റെ ഒരു ശാഖയിൽ കെട്ടിത്തൂക്കി. മരം കയറാനറിയാത്ത കരടികളെയെങ്കിലും ഒഴിവാക്കാമല്ലോ.

തീക്കുണ്ഡത്തിലെ മരക്കഷണങ്ങളൊക്കെ വീണ്ടും ഒതുക്കിവച്ചു. കുറച്ചകലെപ്പോയി മൂത്രമൊഴിച്ച്, ടെന്റിന്റെ മുന്നിൽ വന്നു. എനിക്ക് എത്രത്തോളം ശബ്ദം ഉണ്ടാക്കാൻ പറ്റുമോ, അത്രയും ശബ്ദത്തിൽ ഒന്ന് കൂക്കിയതിന് ശേഷം ടെന്റിനകത്തേക്ക് പ്രവേശിച്ചു. ഊതിവീർപ്പിച്ച മെത്തയും തലയിണയും എന്നെ കാത്തുകിടപ്പുണ്ട്. എന്റെ വാളെടുത്ത് ഒരു വശത്ത് വച്ചു. കരടി ആക്രമിക്കാൻ വന്നാൽ, ആദ്യം കാണുന്നത് വാളായിരിക്കണം. 

പതുക്കെ സ്ലീപ്പിങ് ബാഗിനകത്തേക്ക് നൂണ് കയറി മലർന്ന് കിടന്നു. ടെന്റിന് മുകളിലുള്ള അരിപ്പ അടയ്ക്കാഞ്ഞതിനാൽ, എനിക്കപ്പോഴും ആകാശം കാണാം. ആകാശത്തെ നക്ഷത്രങ്ങൾ ഇലകൾക്കിടയിലൂടെ പറരതുന്നതിനിടയിൽ, മൂന്നാം ക്ലാസ്സ് മുതലുള്ള വൺവേ പ്രണയങ്ങൾ തിരമാലകൾ പോലെ പല പല ചിത്രങ്ങളേന്തി മനസ്സിലേക്ക് അലയടിച്ചെത്തി. കല്യാണരാവിന്റെ തിരമാല മലപോലെയുയർന്ന് കുതിച്ചെത്തുമ്പഴേക്കും എന്നെ നിദ്രാദേവി ആലിംഗനം ചെയ്തുകഴിഞ്ഞിരുന്നു. പുലർച്ചെ മൂത്രമൊഴിക്കാൻ എഴുന്നേറ്റപ്പോൾ, അഗ്നികുണ്ഡം വീണ്ടും ഒന്ന് ചിട്ടപ്പെടുത്തി. അധികം വൈകാതെ തന്നെ വീണ്ടും ടെന്റിനകത്തേക്ക് കയറിയപ്പോൾ അനുഭവപ്പെട്ട കൂടിയ തണുപ്പിനെ പ്രതിരോധിക്കാൻ, ബാക്ക് പാക്കിനെ കെട്ടിപ്പിച്ച് വീണ്ടുംകണ്ണടച്ച് കിടന്നു. 

ഏഴരക്ക് എഴുന്നേറ്റ്, ഒരു കാപ്പിയുണ്ടാക്കിക്കുടിച്ച്, ഭൂമി കൂടുതൽ വളക്കൂറുള്ളതാക്കാനുള്ള യജ്ഞത്തിന് തുടക്കമിട്ടു. ഒഴിഞ്ഞ വയറുമായി തിരിച്ച് വന്നതിന് ശേഷം, ഓട്സിന്റെ ഒരു ഇൻസ്റ്റന്റ് പാക്കറ്റെടുത്ത് പ്രാതൽ തയ്യാറാക്കി വീണ്ടും ആമാശയത്തിലേക്കൊഴിച്ചു. തെയ്യം കഴിഞ്ഞ് പന്തലഴിക്കുന്നത് പോലെ, ടെന്റൊക്കെ അഴിച്ച്, വീണ്ടും ബാക്ക്പാക്ക് തയ്യാറാക്കി. അപ്പോഴും എരിഞ്ഞു കൊണ്ടിരുന്ന അഗ്നികുണ്ഡത്തിലേക്ക് അരുവിയിലെ വരുണനെക്കൊണ്ടു വന്ന് കുടിയിരുത്തി. അപ്പഴേക്കും സമയം രാവിലെ ഒൻപതര. അഗ്നിയും വരുണനും ഒരുമിച്ച് ലയിച്ച വട്ടത്തിന് മുന്നിൽ നിന്ന് മൂന്ന് തവണ ഉച്ചത്തിൽ അലറിക്കൂക്കി. ഒടുവിൽ, സ്പൗട്ട് റണ്ണിനോട് സലാം പറഞ്ഞ്, മണ്ണിലേക്ക് മാർപ്പാപ്പയുടെ മുത്തം നൽകി, തിരിഞ്ഞു നോക്കാതെ, ബഹളമയമായ യാഥാർത്ഥ്യലോകത്തിന്റെ കാപട്യങ്ങളിലേക്ക്, സമർദ്ദങ്ങളിലേക്ക് തിരിഞ്ഞു നടന്നു. അപ്പഴേക്കും, നടത്തം വഴി ശരീരത്തിന്റെയും, തലേന്ന് രാത്രി നടത്തിയ സമാധാനപൂജകൾ കൊണ്ട് മനസ്സിന്റെയും കനങ്ങൾ ശരിക്കും കുറഞ്ഞിരുന്നു. അതെ, ചില ഏകാന്തതകൾ ഒരു അനുഭവം തന്നെയാണ്!

***

2020 നവംബർ 14, ശനിയാഴ്‌ച

വാളുകൾ തഴുകിയ റോളർ കോസ്റ്റർ (അപ്പലാച്ചിമലമ്പുരാണം - 4)

കെയ്‌സിയേൽപ്പിച്ച നഖക്ഷതങ്ങൾ (അപ്പലാച്ചിമലമ്പുരാണം - 1)
കോണകാന്തരം കുതിച്ച തേനീച്ചകളും പന്നഗവിസർജ്ജ്യവും (അപ്പലാച്ചിമലമ്പുരാണം - 2)
വൻകുടലിൽ നീന്തിക്കളിച്ച സാൽമൺ (അപ്പലാച്ചിമലമ്പുരാണം - 3)

അഞ്ച് മണിക്ക് മുൻപായിത്തന്നെ സ്പൗട്  റണ്ണിന് കുറുകെയുള്ള പാലത്തിനടുത്തെത്തുമ്പഴേക്കും, അതിന്റെ മറുകരയിൽ, ഒരൊഴിഞ്ഞ സ്ഥലത്ത് ഭാണ്ഡമിറക്കി വിശ്രമിക്കുന്ന 'ബി'യെ കാണാൻ കഴിഞ്ഞു. അവൻ അവിടെയെത്തിയിട്ട്, ഏകദേശം അഞ്ച് മിനുട്ടായിരിക്കുന്നു. അവിടെ എത്തിയ ഉടനെത്തന്നെ, ഭാണ്ഡം ഇറക്കി വച്ച്, തറയിൽ അൽപനേരം മലർന്ന് കിടന്നു. മറ്റുള്ളവർ വരാൻ ഇനിയും തീർച്ചയായും സമയം എടുക്കും എന്ന ഉറപ്പുണ്ട്, പ്രത്യേകിച്ച്, 'സി'യും 'ഡി'യും.

കുറച്ച് നേരത്തെ വിശ്രമത്തിന് ശേഷം, പക്ഷികൾ കൂടി കെട്ടാൻ നല്ല മരക്കൊമ്പ് കണ്ടുപിടിക്കുന്നത് പോലെ, ടെന്റ് കെട്ടാനുള്ള നല്ല സ്ഥലം കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചു. അരുവിയിലെ ഒഴുക്കിന്റെ കളകളാരവവും, പതുക്കെ തഴുകി കടന്നുപോകുന്ന കാറ്റിലിളകുന്ന ഇലകളുടെ ശബ്ദവും വല്ലാത്തൊരു അനുഭൂതിയായിരുന്നു. അര മണിക്കൂർ നേരത്തെ ശ്രമത്തിൽ, ഞാനും 'ബി'യും അവരവരുടെ ടെന്റ് കെട്ടിപ്പൊക്കി. പിന്നെ, അവിടെ പാണ്ടാരോ ഉണ്ടാക്കി വച്ചിരുന്ന 'ഫയർ പിറ്റി'ൽ തീ കത്തിക്കാനുള്ള ശ്രമം ആരംഭിച്ചു. 

വിറകിന് വേണ്ടി നോക്കിയപ്പോൾ, ഉണക്കമരങ്ങളോ ഉണക്കക്കമ്പുകളോ ഒന്നും തൊട്ടടുത്തെങ്ങുമുണ്ടായിരുന്നില്ല. കുറച്ച് ദൂരെ മലഞ്ചെരുവിലായി കുറച്ച് വലിയ ഉണക്കമരങ്ങൾ കിടപ്പുണ്ട്. ആ മരങ്ങൾ പൊക്കിയെടുത്ത് കൊണ്ടുവരിക എന്നത് ദുഷ്കരമാണ്. തീയുടെ ആരംഭം കുറിക്കാൻ ഫയർ സ്റ്റാർട്ടർ ഉണ്ടെങ്കിലും, കുറച്ച് ഉണക്കക്കരിയിലകൾ ഉണ്ടെങ്കിലേ കാര്യം സാധിക്കൂ. പക്ഷേ എല്ലാ ഇലകളും തലേ ദിവസത്തെ മഴയിൽ നനഞ്ഞ് നനുത്ത് കിടന്നത്, തീ കത്തിക്കുന്നതിനെക്കുറിച്ചുള്ള ചിന്ത, എന്റെയുള്ളിൽ ആളിക്കത്താൻ തുടങ്ങി.

വിറക് എങ്ങനെ ശേഖരിക്കും എന്നാലോചിച്ച് ഇരുന്നപ്പഴാണ്, 'വാളെടുത്ത് വിറക് ചെറുതാക്കിക്കൂടേ' എന്ന ചിന്ത, 'ബി' എന്നോട് പങ്ക് വച്ചത്. അത് കേട്ട് എനിക്കാദ്യം ചിരിയാണ് വന്നത്. കാരണം, നമ്മുടെ യാത്രയിൽ, നീണ്ട വാളെടുക്കുന്നതിൽ അതൃപ്തി പ്രകടിപ്പിച്ച മഹാനാണ് ഇപ്പോ അതേ വാളെടുത്ത് വിറക് വെട്ടാൻ പറയുന്നത്.

"ഇപ്പ കണ്ടാ... വാളെടുത്തതിന്റെ ഗുണം..." എന്നും പറഞ്ഞ്, ഞാൻ എന്റെ വാൾ ഉറയിൽ നിന്നും ഊരി. പിന്നെ കുറച്ച് വിറകുകൾ മുറിച്ച് കൊണ്ട് വന്ന്, അധികം നനയാത്ത കരിയിലകൾ കൂട്ടി തീ കൊടുക്കാനുള്ള ശ്രമം ആരംഭിച്ചു.

ഇലകൾ നനഞ്ഞത് കാരണം, തീ കത്തിക്കാൻ ഏറെ പാടുപെട്ടു. ഊതിയൂതി മനുഷ്യന്റെ വയറും നെഞ്ചും പുറത്തോട്ട് തള്ളാൻ തുടങ്ങി. അങ്ങനെയുള്ള ഏതോ ഒരു ഊത്തലിലും തള്ളലിലും, എനിക്ക് രണ്ടിന് പോകാൻ, കലശലായ  ശങ്ക തോന്നി. ഉള്ളിൽ അതുവരെ ഉറങ്ങിക്കിടന്നിരുന്ന സാൽമൺ വീണ്ടും നീന്താൻ തുടങ്ങിയോ എന്നൊരു സംശയം എനിക്കുണ്ടായി. ഉടനെത്തന്നെ കാര്യം സാധിച്ചില്ലെങ്കിൽ കാര്യം വഷളാകും എന്ന ചിന്തയിൽ, കാര്യം സാധിക്കാനുള്ള വ്യഗ്രതയിൽ, പറ്റിയ സ്ഥലം  അന്വേഷിച്ച്, അരുവി മുറിച്ച് കടക്കുമ്പോഴാണ്‌, അവിചാരിതമായി ഇലകളാൽ മറഞ്ഞിരുന്ന ഒരു കൂർത്ത മരക്കമ്പ്, എന്റെ വലത് തുടയുടെ മേലെ ആഞ്ഞ് തറച്ചത്. ഇത്തിരി മാറിയിരുന്നെകിൽ എന്റെ മൂത്രനാളിക്ക് വേറൊരു ദ്വാരം കൂടി ഉണ്ടായേനെ. 

ആ മുറിവിന്റെ വേദനയിൽ, എന്നോട് കുറച്ച് സഹതാപം പ്രകടിപ്പിക്കാനെന്നോണം, സാൽമണുകളുടെ വയറ്റിലൂടെയുള്ള നീന്തൽ കുറച്ച് നേരത്തക്ക് അവർ നിർത്തിവച്ചു. ഉടനെത്തന്നെ Neosporin പുരട്ടി, ഒരു കെട്ടും കെട്ടി രക്തയോട്ടം നിർത്തിയപ്പഴേക്കും എന്റെയുള്ളിലെ ചാണക്യനീതി ഉണർന്നു പൊങ്ങി. എന്റെ വൃഷണം നോക്കി കുത്തിക്കയറാൻ ശ്രമിച്ച മരക്കമ്പും, ആ മരം അപ്പാടെയും, എന്റെ പ്രതികാരാഗ്നിയിൽ എന്റെ വാളിന്റെ സഹായത്തോടെ, ഞാൻ തറിച്ച് മുറിച്ചു കളഞ്ഞു. അപ്പോൾ മാത്രമേ എനിക്ക് മനസ്സമാധാനമുണ്ടായുള്ളൂ. ആ മനസ്സമാധാനത്തിന്റെ നിർവൃതിയിൽ. കുറച്ച് ദൂരെ ഒരു വലിയ മരത്തിന്റെ മറവിൽ, ഒരു കുഴി കുത്തി കാര്യസാധ്യം നടത്തുമ്പോഴും, കുനിഞ്ഞിരിക്കുന്നതിനാൽ അടിവയറിന്റെയും തുടയുടെയും ഇടയിലുള്ള മുറിവിലെ നീറ്റൽ എന്നെ അലോസരപ്പെടുത്തി. എന്നിരുന്നാലും, അതുവരെ എന്റെ വൻകുടലിലൂടെ നീന്തിക്കളിച്ച സ്മോക്ക്ഡ് സാൽമണുകളിൽ, കുറേയെങ്കിലും, മണ്ണിലെ വളക്കൂറ് കൂട്ടാൻ പുറത്ത് കടന്നതിലുള്ള ആശ്വാസം ചില്ലറയായിരുന്നില്ല ! കുടലിൽ ബാക്കി കിടക്കുന്ന സാൽമണുകളെ ദഹിപ്പിക്കാൻ, എത്രയും പെട്ടന്ന് ബ്രാണ്ടി കഴിച്ചേ തീരൂ എന്ന ചിന്തയിൽ, ഇലകളെ ടിഷ്യൂ ആക്കി ഉപയോഗിച്ച് തിരിച്ച് വന്നു.

തിരിച്ച് വന്ന്, വീണ്ടും ക്യാമ്പ് ഫയർ ഒരുക്കാനുള്ള ശ്രമം പുനരാരംഭിച്ചു. ഒരുവിധം തീ പിടിച്ച് വരുമ്പഴേക്കും നമ്മുടെ 'ഇ', അവിടെ എത്തിച്ചേർന്നു. 'സി'യും 'ഡി'യും എത്താൻ പിന്നെയും അരമണിക്കൂറോളം സമയമെടുത്തു. എത്തിയ ഉടനെത്തന്നെ, എല്ലാവരും അവനവന്റെ കൂടാരം കെട്ടിപ്പൊക്കുന്നതിൽ വ്യാപൃതരായി. ഇരുട്ടായിക്കഴിഞ്ഞാൽ റെന്റ് കെട്ടുന്നത് ബുദ്ധിമുട്ടായിരിക്കും. വന്ന വരവിൽത്തന്നെ, ഭാണ്ഡമിറങ്ങിയ ആശ്വാസത്തിൽ, വസ്ത്രങ്ങൾ മുക്കാലേയരക്കാലുമുരിഞ്ഞ്, ദിഗംബരവേഷം കെട്ടി, ക്ഷീണത്തിനിടയിലും, നടത്തത്തിനിടയിൽ പെരുത്തെന്ന് തോന്നിച്ച തുടയിലെ മസിലുകൾ, വീണ്ടും പെരുപ്പിച്ച് കാണിച്ച്, 'ഡി' സ്വയം ആശ്വസിക്കാൻ തുടങ്ങി. അത് കണ്ടപ്പോൾ, കല്യാണരാമൻ സിനിമയിൽ, 'തൈസി'നെക്കുറിച്ച് ഇന്നസെന്റ് നടത്തുന്ന ഡയലോഗാണ് ഓർമവന്നത്!

അധികം താമസിയാതെ തന്നെ, എല്ലാവരും എത്തിയല്ലോ എന്ന ആശ്വാസത്തിൽ, മീൻ ബിരിയാണി പാചകം ചെയ്യാനുള്ള ശ്രമങ്ങൾ ശ്രമദാനമായി ആരംഭിച്ചു. സമാന്തരമായി, രാത്രിയിലെ തണുപ്പ് അകറ്റാനെന്ന പേരിൽ കയ്യിൽ കരുതിയ ബ്രാണ്ടി, നാലഞ്ച് ഗ്ലാസ്സുകളിലായി പടർന്നു. തണുപ്പകറ്റുന്നതിനേക്കാൾ കൂടുതൽ സാൽമണിനെ ദഹിപ്പിക്കാനാണല്ലോ ഞാൻ ബ്രാണ്ടി കഴിക്കുന്നത് !

ബ്രാണ്ടി അകത്ത്  പോകുന്നതിനിടയിൽ, 'ബി', അവന്റെ ഭാണ്ഡത്തിൽ നിന്ന്, ഉച്ചക്ക് എടുക്കാതിരുന്ന ഹെറിങ് (herring fish) ന്റെ ഡബ്ബ തുറന്ന് വിതരണം തുടങ്ങി. ഉച്ചക്ക് കഴിച്ച സ്മോക്ക്ഡ് സാൽമൺ ഇതിനകം കുറച്ച് പുറത്ത് പോയിട്ടുള്ളതിനാലും, ഭക്ഷണം ദഹിപ്പിക്കാനുതകുന്ന ദ്രാവകം ഉള്ളിലേക്ക് സിപ്പ് സിപ്പായി കയറുന്നതിനാലും, സർവ്വോപരി, എല്ലാം ദഹിപ്പിക്കുന്ന അഗ്നി മുന്നിൽ ആളിക്കത്തുന്ന ധൈര്യത്തിലും, ഹെറിങ് എന്ന ആ പകുതി വേവിച്ച പച്ചമീൻ, മുറിച്ച് മുറിച്ച് ഞങ്ങളെല്ലാവരും കഴിക്കാൻ തുടങ്ങി. 

മത്തി ബിരിയാണി, രണ്ട് സ്ടവ്കളുടെ മുകളിലായി തയ്യാറായിക്കൊണ്ടിരിക്കുന്നു... ഇടയ്ക്കിടയ്ക്ക്, എന്റെ വാളുമെടുത്ത്, ഓരോരുത്തർ, വിറകുകൾ മുറിച്ച്, കെട്ടി വലിച്ച് കൊണ്ടുവരുന്നു... 'ഡി' കൊണ്ടുവന്ന പാട്ടുപെട്ടിയിൽ നിന്ന് ഹിന്ദി-മലയാളം പാട്ടുകൾ, അവിടത്തെ അപ്പലാച്ചിയൻ മലനിരകളിലും കാനനവിഹായസ്സിലും അലയടിച്ചു കൊണ്ടിരിക്കുന്നു... അഗ്നികുണ്ഡത്തിൽ നിന്ന് അഗ്നിദേവൻ, ആവും പോലെ ഉയരത്തിൽ ആനന്ദനൃത്തമാടിക്കൊണ്ടിരിക്കുന്നു... അകത്ത് കയറിയ ബ്രാണ്ടിയുടെ ബലത്തിൽ, അഗ്നികുണ്ഡത്തിന് ചുറ്റുമായി ഞങ്ങളാലാവും വിധം, പാട്ടുപാടിചുവടുകൾ വച്ചുകൊണ്ടിരിക്കുന്നു... കാഴ്ചക്കാരായി ഞങ്ങൾ മാത്രം... അഗ്നികുണ്ഡത്തിനപ്പുറം കൂനാക്കൂരിരുട്ടും, ചീവീടുകളുടെ ശബ്ദവും,  കളകളാരവവും മാത്രം... 

മത്ത് തലക്ക് കയറുന്നതിനിടെ രണ്ടാം തവണയും, ഗ്ലാസ്സ് നിറഞ്ഞു. രണ്ടാമതും നിറഞ്ഞ ഗ്ളാസ്സിൽ നിന്ന് രണ്ടാം സിപ്പ്  എടുക്കുന്നതിനിടയിൽ, അരുവിയിലെ ഒഴുകുന്ന ജലം കൊണ്ട് സ്നാനാനുഭൂതി ഉണ്ടാവണമെന്ന് എനിക്ക് കലശലായ ആഗ്രഹമുണ്ടായി... കാലുകൾ നിലത്തുറക്കുന്നില്ലെങ്കിലും, അഗ്നികുണ്ഡത്തിൽ നിന്ന് ഉയരുന്ന വെളിച്ചത്തിന്റെ ചുവട് പിടിച്ച്, പ്രകൃതിയുടെ ആ പ്രശാന്തതയിൽ, നൂൽബന്ധങ്ങളോട് വിടപറഞ്ഞ്,  കൂരിരുട്ടിന്റെ മാത്രം ശാരീരികാവരണത്തിൽ, അരുവിയിലേക്കിറങ്ങി തീർത്ഥജലത്തിലെന്നപോലെ ആറാടി. ആ മതിമറന്ന ആറാട്ടിൽ, അഗ്നികുണ്ഡത്തിൽ നിന്നുയർന്ന് മൂക്കിലേക്ക് പടർന്ന പുകക്ക് ശിവമൂലിയുടെ വാസനയുണ്ടായിരുന്നോ എന്നെനിക്ക് സംശയം ജനിച്ചു.

ആറാട്ട് കഴിഞ്ഞ്, അഗ്നികുണ്ഡത്തിനരികിൽ, ഒരു വലിയ മരത്തടി വലിച്ച് കൊണ്ടുവന്ന്, മൂന്നു കല്ലുകളുടെ സഹായത്തോടെ, 'ബി'യുണ്ടാക്കിയ ബെഞ്ചിൽ വന്നിരുന്നത് വരെ എനിക്ക്  ഓർമ്മയുണ്ട്. പിന്നീടാകപ്പാടെ എനിക്കൊരു മൂകതയായിരുന്നു. അപ്പോഴും ആ മരത്തടിയിൽ ചാരി വച്ചിരിക്കുന്ന എന്റെ നെടുങ്കൻ വാളിന്റെ തിളക്കം എനിക്ക് അഗ്നിയുടെ വെളിച്ചത്തിൽ കാണാമായിരുന്നു. 

"ഇവനിപ്പോ വാള് വെക്കുമെന്ന് തോന്നുന്നല്ലോ" എന്ന്, എന്റെ നീണ്ട മൗനം കണ്ട്, 'ഡി' തമാശാരൂപത്തിൽ പറഞ്ഞതും, ഒറിജിനൽ വാള് വച്ചതിന്റെ മറുവശത്തേക്ക് എന്റെ കഴുത്ത് വെട്ടിച്ച്, നീളൻ വാളുകൾ ഞാൻ നീട്ടി നീട്ടി പുറത്തേക്കെടുത്തതും ഒരുമിച്ചായിരുന്നു. വാളുകൾ അടർന്നടർന്ന് ഊർന്ന് വീഴുന്നതിനിടയിൽ നാലഞ്ച് കൈകൾ, എന്റെ പുറത്തുകൂടെ അതിയായ സ്നേഹത്തോടെ തഴുകിക്കൊണ്ടിരുന്നു. എന്റെ വാളുകൾ തീർത്ത കുത്തൊഴുക്കിൽ, ഉച്ചക്ക് കഴിച്ച്, വയറിൽ ബാക്കിയുണ്ടായിരുന്ന  സാൽമണുകളും തൊട്ട് മുന്നേ കഴിച്ച ഹെറിങ്ങുകളും നീന്തിക്കളിക്കുന്നതായി എനിക്കനുഭവപ്പെട്ടു. അഗ്നിനാളങ്ങളുടെ വെളിച്ചത്തിൽ, ഒറിജിനൽ വാളും, എന്റെ അന്തരാളങ്ങളിൽ നിന്ന് മണ്ണിലേക്ക് ഊർന്നിറങ്ങിയ വാൾച്ചാലുകളും വെട്ടിത്തിളങ്ങി !!

ഉള്ളിലെ വാളുകൾ ഒറിജിനൽ വാളിന്റെ മറുവശത്തൂടെ മണ്ണിലേക്ക് ആഴ്ന്നിറങ്ങിയപ്പോൾ, എനിക്ക് കുറച്ചൊരു ആശ്വാസം തോന്നി. എങ്ങനെയെങ്കിലും പോയി കിടന്നാൽ മതിയെന്നായി എനിക്ക്. ആകപ്പാടെ നാണക്കേട്... മറ്റുള്ളവർക്ക് പറഞ്ഞ് ചിരിക്കാൻ ഒരു വൃത്തികെട്ട വകുപ്പാണ് ഉണ്ടായിരിക്കുന്നത്. ഞാൻ പതുക്കെ എഴുന്നേറ്റ് എന്റെ കൂടാരത്തിലേക്ക് നടക്കാൻ തുടങ്ങിയപ്പോൾ, എനിക്ക് വഴികാട്ടാൻ മുന്നിലൊരാളും, എന്നെ താങ്ങിപ്പിടിക്കാൻ ഇരുവശത്തും രണ്ടു പേരും അണിനിരന്നു. എനിക്ക് ഒറ്റയ്ക്ക് നടക്കാൻ പറ്റുമെന്ന് ഞാൻ താണ് വണങ്ങിപ്പറഞ്ഞെങ്കിലും അവരെന്നെ താങ്ങിപ്പിടിച്ച് കൊണ്ട് തന്നെ നടത്തിച്ചു. പോകുന്ന പോക്കിൽ, ആരുടെയോ കാല് തട്ടി (എന്റെ കാലാണെന്ന് എല്ലാവരും പറഞ്ഞത് എന്റെ ബോധത്തിനൊട്ടും ബോധിച്ചിട്ടുണ്ടായിരുന്നില്ല), ഒരു സ്റ്റവിൻറെ മേലെയുണ്ടായിരുന്ന പാത്രത്തിലെ മത്തിബിരിയാണി, മണ്ണിൽ നിന്ന് മുകളിലോട്ട് നോക്കി നിന്നിരുന്ന ഉറുമ്പുകളുടെ വായിലേക്ക് വീണു.

എന്റെ കൂടാരത്തിലോട്ട് മറ്റുള്ളവർക്ക് കടക്കാൻ പാകമില്ലാത്തത് കൊണ്ട്, എനിക്ക് ഒറ്റക്ക് തന്നെ ഉള്ളിലേക്ക് കടക്കേണ്ടി വന്നു. അല്ലെങ്കിൽ, സുഹൃത്തുക്കൾക്ക് സ്നേഹം കൂടി, എന്റെ കൂടാരത്തിൽ എന്നെ കെട്ടിപ്പിടിച്ച്, പുറം തടവിത്തന്ന് കൊണ്ട് കിടന്നേനെ.

അകത്ത് കയറിയ ഉടനെത്തന്നെ, കൂടാരത്തിന്റെയുള്ളിൽ, അടുക്കാതെ വച്ചിരുന്ന സാധനങ്ങളുടെ ഇടയിൽ, സ്ലീപ്പിങ് പാ ഡിന്റെ മേലെയാണെന്ന ധാരണയോടെ ഞാൻ മലർന്നു വീണു. ഉള്ള ബോധത്തിന്റെ പുറത്ത്, ഒരു വശത്തുണ്ടായിരുന്ന സ്ലീപ്പിങ് ബാഗെടുത്ത് എന്റെ മുകളിലേക്കിട്ടു. എനിക്ക് കുടിക്കാൻ വെള്ളവും മറ്റും കൊണ്ട് വച്ചിട്ടുണ്ടെന്ന് കൂട്ടുകാർ പറയുന്നത് ഞാൻ കേൾക്കുന്നുണ്ട്. പക്ഷേ, ഒരു മൂളലിനപ്പുറം, വേറൊരുത്തരം കൊടുക്കാനുള്ള ശേഷി എനിക്കുണ്ടായിരുന്നില്ല.

കൂടാരത്തിനുള്ളിൽ കിടക്കുന്നതിനിടയിൽ, രണ്ടോ മൂന്നോ തവണ, കുഞ്ഞു കുഞ്ഞു വാളുകൾ പുറത്തെടുക്കാൻ ഗർജ്ജിച്ച് കൊണ്ട് വീണ്ടും ശ്രമിച്ചെങ്കിലും, ഉരുകിയ ഈയ്യം പോലെ മാത്രമാണ് വാളുകൾ പുറത്തേക്ക് വന്നത്. അതും പിന്നീട് വെറും ഗർജ്ജനം മാത്രമായി മാറി.

കിടക്കുന്നതിനിടയിൽ, എന്റെ വാളിനെപ്പറ്റിയും, അതിന്റെ കാരണങ്ങളെക്കുറിച്ചുമൊക്കെയുള്ള ചർച്ചകൾ ഫയർ പിറ്റിന് ചുറ്റുമിരുന്ന് ചർച്ച ചെയ്യുകയായിരുന്നു മറ്റുള്ളവർ. ചില കാരണങ്ങൾ കേട്ടപ്പോൾ, എഴുന്നേറ്റ് പോയി, പറഞ്ഞവന്റെ ഊരക്കിട്ട് രണ്ട് ചവിട്ട് ചവിട്ടാൻ തോന്നിയെങ്കിലും, ഒന്നും ചെയ്യാൻ പറ്റാത്തവിധം, നിസ്സഹായനായിരുന്നു ഞാൻ. ആ നിസ്സഹായാവസ്ഥയിൽ ഉറങ്ങാൻ ശ്രമിക്കുകയല്ലാതെ വേറെ വഴിയൊന്നും ഉണ്ടായിരുന്നില്ല.

അങ്ങനെ ഉറങ്ങുന്നതിനിടയിൽ, ഒന്നുരണ്ടു തവണ, 'സി' വന്ന് എന്നെ കുലുക്കിവിളിച്ച്, ഞാൻ ജീവിച്ചിരിക്കുന്നുണ്ട് എന്ന് ഉറപ്പു വരുത്തിയത് ഉറക്കത്തിന്റെയും ക്ഷീണത്തിന്റെയും ഇടയിൽ എനിക്ക് ദേഷ്യം വരുത്തിയെങ്കിലും, ആ വിളിയുടെ പിന്നിലെ സ്നേഹത്തെക്കുറിച്ച് ആലോചിച്ചപ്പോൾ സന്തോഷം തോന്നി.

പുലർച്ചെ ഏതോ യാമത്തിൽ കലശലായ മൂത്രശങ്ക മൂലം ഉണർന്നപ്പോഴാണ്, അതുവരെ സംഭവിച്ച കാര്യങ്ങളെക്കുറിച്ച് എന്നിലൊരു പുനർവിചിന്തനം ഉണ്ടായത്. അപ്പഴേക്കും ചെറിയ തോതിൽ തലവേദനയും തുടങ്ങിയിരുന്നു. അപ്പോഴാണ്, അത്രയും നേരം, സ്ലീപ്പിങ് ബാഗിന്റെ ഒരു വശം തുറന്നാണ് കിടന്നതെന്ന്, ശരീരത്തിന്റെ ഒരു വശത്തെ മരവിപ്പ് കാരണം മനസ്സിലായത്. തണുപ്പകറ്റാൻ വേണ്ടി കൊണ്ടുവന്ന കമ്പിളി പജാമയും കമ്പിളി സോക്സും എല്ലാം ബാഗിൽത്തന്നെ വിശ്രമിച്ചു. മൂത്രശങ്ക തീർക്കാൻ വേണ്ടി, എഴുന്നേൽക്കാൻ ഒരു ശ്രമം നടത്തിയെങ്കിലും, വല്ലാത്ത ക്ഷീണവും ശരീരവേദനയും മൂലം കുറച്ച് നേരത്തേക്ക് ആ ശ്രമം ഉപേക്ഷിച്ചു.

ചുറ്റും പ്രശാന്തമായ ശാന്തത. അരുവിയുടെ ഒഴുക്കിന്റെ ശബ്ദവും കാട്ടിലെ ചീവീടുകളുടെ ശബ്ദവും ഗംഭീര നാദസ്വരം തീർക്കുന്നുണ്ട്. മൂത്രശങ്ക പിടിച്ചാൽ കിട്ടാത്ത അവസ്ഥയിലായപ്പോൾ, പതുക്കെ എഴുന്നേറ്റിരുന്നു. ശരീരത്തിന്റെ പല ഭാഗങ്ങളും ചൊറിയുന്നുണ്ട്. കുറച്ച് നേരമിരുന്ന്, ഒന്ന് ബ്രെയിൻ ബാലൻസ് ചെയ്തതിന് ശേഷം, കുനിഞ്ഞ് പുറത്തേക്ക് കടന്നു. അപ്പഴാണ് എനിക്ക് സ്ഥലകാലബോധം നഷ്ടപ്പെട്ടത് പോലെ തോന്നിയത്. എങ്ങോട്ടു പോകണം, ഇവിടെ കാര്യം സാധിക്കണം എന്നതിനെക്കുറിച്ച് ഒരു പിടിയും കിട്ടിയില്ല. പതുക്കെ വീണ്ടും കൂടാരത്തിലേക്ക് കയറി, തലയിൽ കെട്ടുന്ന ഫ്ലാഷ് ലൈറ്റ് തപ്പിയെടുത്ത് വളരെ പതുക്കെ നടന്ന്, അതിനടുത്തുള്ള ഒരു വലിയ മരത്തിന്റെ സോഡിയത്തിലുള കുറവ് പരിഹരിച്ചുകൊടുത്തതിന് ശേഷം, വീണ്ടും ഉള്ളിലേക്ക് കയറിക്കിടന്നു.

വീണ്ടും കിടന്ന എനിക്ക് ഒട്ടും ഉറക്ക് വന്നില്ല. ഇനി എങ്ങനെ മലയാത്ര നടത്തും എന്ന ചിന്ത എന്നെ തീർത്തും ഭയചകിതനാക്കി. എന്നെക്കൊണ്ട് മറ്റുള്ളവരുടെയും യാത്ര മുടങ്ങിപ്പോകുമോ എന്ന് ഞാൻപേടിച്ചു. ഇതിന് മുൻപ് രണ്ട് മൂന്ന് തവണ, ചില സന്ദർഭങ്ങളിൽ വാള് വെക്കേണ്ടി വന്നപ്പോഴൊക്കെ, വാളിന്റെ പിറ്റേ ദിവസം ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയായിരുന്നു ഉണ്ടായിട്ടുള്ളത് എന്നത്, എനിക്ക് ഓർക്കാനേ വയ്യായിരുന്നു. ഇന്നും അത് പോലെ ആയാൽ എന്തായിരിക്കും അവസ്ഥ ! ദിവസം മുഴുവൻ ആ കൂടാരത്തിൽ കിടക്കാൻ പറ്റുമോ?

ഒരു വശത്തുണ്ടായിരുന്ന ഒരു കുപ്പി വെള്ളം മുഴുവൻ ഞാൻ ഒറ്റവലിക്ക് കുടിച്ച് തീർത്തു. നിർജ്ജലീകരണം കാരണമാണ് തലവേദനയെങ്കിൽ, തലവേദനക്ക് കുറച്ചെങ്കിലും ശമനമുണ്ടാകുമല്ലോ. വെള്ളം കുടിച്ച് കഴിഞ്ഞപ്പോൾ വീണ്ടും വാള് വെക്കുമോ എന്ന ഭയംവീണ്ടും ഉണ്ടായി. ഓക്കാനം വന്നെങ്കിലും ഭാഗ്യത്തിന് വെള്ളിവാൾ പുറത്തേക്ക് വീണില്ല. 

അങ്ങനെ ചിന്തിച്ചിരിക്കേ, നേരം വെളുത്തു. അപ്പഴേക്കും രവിശങ്കര-ശ്വസനക്രിയ ചെയ്യാൻ 'സി' എഴുന്നേറ്റിരുന്നു. എഴുന്നേറ്റയുടനെത്തന്നെ അവൻ കാപ്പിയുണ്ടാക്കാനുള്ള ശ്രമം തുടങ്ങിയതായി അവന്റെ ഒറ്റക്കുള്ള ബഹളത്തിൽ നിന്ന് എനിക്ക് മനസ്സിലായി. അര മണിക്കൂറിനകം, 'എടാ നല്ല ചൂട് കാപ്പി വേണ്ടേ'' എന്നും പറഞ്ഞു കൊണ്ട്, ഒരു ഗ്ലാസിൽ ചൂട് കാപ്പിയുമായി, 'സി', എന്റെ കൂടാരവാതിലിന് മുന്നിലെത്തി. സത്യത്തിൽ ഞാനും ഒരു ചൂട് കാപ്പിക്ക് ആഗ്രഹിച്ചിരിക്കുകയായിരുന്നു. ക്ഷീണവും തലവേദനയും പോയാലല്ലേ അടുത്ത പതിനാറ് മൈൽ നടക്കാൻ പറ്റുള്ളൂ... അതും റോളർ കോസ്റ്റർ !

കഴിവതും എട്ടുമണിക്ക് മുന്നേതന്നെ യാത്ര തിരിക്കണമെന്നായിരുന്നു ഞങ്ങളുടെ പ്ലാൻ. പതിനാറ് മൈലുകൾ ദൂരത്തിലുള്ള Keys Gap വരെ എത്തേണ്ടതാണ്. ഏഴര ആയിട്ടും, 'സി' ഒഴിച്ച് വേറാരും എഴുന്നേറ്റിട്ടില്ല. ഞാൻ പതുക്കെ എഴുന്നേറ്റ്, ടൂത്ത്ബ്രഷിൽ ടൂത്ത്പേസ്റ്റും പുരട്ടി, പ്രഭാതകർമ്മസവാരിക്ക് പുറപ്പെട്ടു. നടക്കാൻ ആവതില്ലെങ്കിലും വീഴാതിരിക്കാനും എനിക്ക് കുഴപ്പമില്ലെന്ന് ഭാവിക്കാനും ഞാൻ ശ്രമിച്ചുകൊണ്ടിരുന്നു.

കുഴികുത്തിയിരിക്കുമ്പോൾ, ശരീരത്തിലെ ചൊറിയുന്ന ഭാഗങ്ങൾ നോക്കിയപ്പോഴാണ് ഉറക്കത്തിൽ എന്തൊക്കെയോ കുഞ്ഞൻ ജീവികൾ എന്നെ നക്കിയിരിക്കുന്നു എന്ന് മനസ്സിലായത്. പലയിടത്തും രഹസ്യഭാഗങ്ങളിലും ചുവന്ന പാടുകൾ! തിരിച്ച് വരുന്ന വരവിൽ, അരുവിയിൽ നിന്ന് ഇത്തിരി വെള്ളമെടുത്ത് ബ്രഷ് നനച്ചതിന് ശേഷം, ബ്രഷ് ചെയ്യാൻ തുടങ്ങിയതും, അതാ പോകുന്നു അടുത്ത വാൾ... രാവിലെ കുടിച്ചതിൽ, വയറ്റിൽ ബാക്കിയുണ്ടായിരുന്ന വെള്ളവും കാപ്പിയും, ഒരു പരാബോള (parabola) രൂപത്തിൽ മണ്ണിലേക്ക് കൂപ്പുകുത്തി. ആരെങ്കിലും കാണുന്നുണ്ടോ എന്നതിലായിരുന്നു, വാള് വെക്കുന്നതിനേക്കാൾ എന്റെ ശ്രദ്ധ! മറ്റുള്ളവർ എഴുന്നേൽക്കാത്തതിനാലും, 'സി' അവന്റെ കണ്ണുമടച്ചുള്ള ശ്വസനക്രിയയുടെ ഇടയിലായതിനാലും, ഭാഗ്യത്തിന്, എന്റെ പുതിയ ചൂടൻ വാൾ ആരും കണ്ടില്ല!

തിരിച്ച് വന്ന്, ബാക്കിയുണ്ടായിരുന്ന ഒരു കപ്പ് കാപ്പി ചൂടാക്കി പകുതിയോളം കുടിച്ചു. ആ സമയത്തും സ്വന്തം തലക്ക് പൂർണ്ണമായും ഒരു ബാലൻസ് കിട്ടിയിട്ടുണ്ടായിരുന്നില്ല. ഇനി എന്ത് കഴിച്ചാലും, പുതിയ പുതിയ വാളുകൾ പുറത്തേക്ക് വരുമെന്ന് ഞാൻ ഭയപ്പെട്ടു. മാത്രവുമല്ല പുതിയ വാളുകൾ, ആരെങ്കിലും കണ്ടാൽ, അത് അവരെയും സമ്മർദ്ദത്തിലാക്കും. 

എട്ടരയാവുമ്പഴേക്കും എല്ലാവരും എഴുന്നേറ്റു. എന്റെ തലേന്നത്തെ പ്രകടനങ്ങളെക്കുറിച്ചുള്ള ചർച്ചകളായിരുന്നു പിന്നീടങ്ങോട്ട് കുറച്ച് നേരം നടന്നത്. വാളിനെക്കുറിച്ചുള്ള ചർച്ചകളിൽ എനിക്ക് ഒട്ടും താല്പര്യം ഉണ്ടായിരുന്നില്ല. എന്ത് പറ്റിയെന്ന് കൃത്യമായി അറിയില്ലെങ്കിലും, സ്മോക്ക്ഡ് സാൽമണിനെയും പകുതിമാത്രം വെന്ത ഹെറിങ്ങിനെയും ഞാൻ കുറ്റം പറഞ്ഞു. രണ്ട് പെഗ്ഗ് പോലും കഴിച്ചില്ലെങ്കിലും, കുടിച്ച കള്ളിനെ കുറ്റം പറയാൻ പറ്റില്ലല്ലോ !

മറ്റുള്ളവർ പ്രഭാതകർമ്മങ്ങളിൽ  മുഴുകിയപ്പോൾ, ഞാൻ, എന്റെ കൂടാരമൊക്കെ അഴിച്ച് മടക്കിക്കെട്ടുന്ന പ്രവൃത്തിയിൽ മുഴുകി. കൂടാരം അഴിച്ച് മാറ്റുന്ന ജോലി പോലും ചെയ്യാൻ  കഴിയുന്നില്ലെങ്കിൽ, പിന്നെ തീർച്ചയായും നടക്കാൻ കൂടി പറ്റില്ലല്ലോ. ഞാൻ എന്റെ മനസ്സിനേയും ശരീരത്തെയും പാകപ്പെടുത്തിക്കൊണ്ടിരുന്നു. 'നിനക്ക് ശരിയായേ പറ്റൂ...  ഇനിയും കുറെ നടക്കാനുള്ളതാണ്... മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കരുത്...' എന്നൊക്കെ സ്വയം മനസ്സിൽ പറഞ്ഞുകൊണ്ടിരുന്നു.

എന്തായാലും, എല്ലാവരേക്കാളും മുന്നേ തന്നെ, കൂടാരമൊക്കെ അഴിച്ച്, ഞാനെന്റെ ഭാണ്ഡം വീണ്ടും റെഡിയാക്കി. ഒറിജിനൽ വാളെടുത്ത്, ബാക്ക്പാക്കിന്റെ സൈഡ് പോക്കറ്റിൽ തിരുകിയതിന് ശേഷം,വീണ്ടും വെള്ളിവാളുകൾ പുറത്ത് വരാതിരിക്കാനായി, തലേ ദിവസം വീണ് മണ്ണിട്ട് മൂടിയ വാളുകളുടെ വശത്തായി, ഞാൻ കണ്ണുമടച്ച് ധ്യാനിച്ചിരുന്നു. 

എന്തെങ്കിലും കഴിക്കാതെ യാത്ര തുടങ്ങാൻ പറ്റില്ലല്ലോ. അവസാനം കുടിച്ച കാപ്പിയും, പുറത്തേക്ക് ചാടാനായി ഉള്ളിൽ ഒരുങ്ങി നിൽക്കുന്നതായി ഞാൻ  മനസ്സിലാക്കി. അതുകൊണ്ട് തന്നെ വീണ്ടും വല്ലതും കഴിക്കാൻ പേടി തോന്നി. മറ്റുള്ളവരും അവരവരുടെ കൂടാരങ്ങൾ അഴിച്ച് പാക്ക് ചെയ്‌തതിന്‌ ശേഷം, പ്രാതലായി ബ്രഡും ഹമുസ്സും എടുത്ത് കഴിപ്പ് ആരംഭിച്ചു. ഞാനും കഴിക്കാൻ തുടങ്ങിയെങ്കിലും പകുതി ബ്രഡ് കഴിക്കുമ്പഴേക്കും 'വേണ്ട' എന്ന അറിയിപ്പ് വയറ്റിൽ നിന്നും കിട്ടിയതിനാൽ ഉടനെ നിർത്തി. 

"നിനക്ക് നടക്കാൻ പറ്റുമോ..." എന്ന ചോദ്യത്തിന് "പറ്റും" എന്ന് ഞാൻ മറുപടി പറഞ്ഞെങ്കിലും എനിക്ക് ഒട്ടും വിശ്വാസം ഉണ്ടായിരുന്നില്ല. എന്തായാലും അവരെ ഞാനായിട്ട് നിരുത്സാഹപ്പെടുത്തരുതല്ലോ. വരുന്നത് വഴിയിൽ കാണാം എന്നായിരുന്നു എന്റെ ലൈൻ. എന്തായാലും ഞാനൊരു തീരുമാനം എടുത്തിരുന്നു. ഇനി നടക്കുമ്പോൾ ആക്രാന്തത്തോടെ നടക്കില്ല.... ചുരുങ്ങിയത്, 'ഡി'യുടെ കൂടെയും 'സി'യുടെ കൂടെയുമായിട്ടെങ്കിലും ഞാനുണ്ടാകും... അങ്ങനെയാവുമ്പോൾ പതുക്കെ നടന്നാൽ മതിയല്ലോ !

എന്തായാലും, വിചാരിച്ചതിനെക്കാളും രണ്ട് മണിക്കൂറോളം വൈകിയെങ്കിലും, സ്പൗട് റണ്ണിനോട് വിടപറഞ്ഞ്, ഞങ്ങൾ രണ്ടാമത്തെ ദിവസത്തെ യാത്ര ആരംഭിച്ചു. വയറ്റിലൊന്നുമില്ലാത്ത അവസ്ഥയിൽ, തല വേദനിക്കുന്ന അവസ്ഥയിൽ, തല ചുറ്റുന്ന അവസ്ഥയിൽ, വലിയ ഭാരവുമെടുത്ത്, കാൽപാദമൊന്ന് ഊന്നി വെക്കാൻ പോലും പറ്റാത്ത ദുർഘടമായ മലമ്പാതയിലൂടെ എങ്ങനെ പതിനാറ് മൈലോളം നടക്കുമെന്നാലോചിച്ച് എനിക്കൊരെത്തും പിടിയും കിട്ടിയില്ല.  എന്തായാലും, ക്ഷീണവും തളർച്ചയും തലവേദനയും പുറത്ത് കാണിക്കാതെ, പതുക്കെ നടക്കുക തന്നെ ! പള്ളിയിലെ കാര്യം അള്ളാക്കല്ലേ അറിയൂ !!

പതിവ് പോലെ തുടക്കത്തിൽ എല്ലാവരും ഒരുമിച്ചായിരുന്നെങ്കിലും, 'ബി' തുടക്കം മുതൽ തന്നെ അവന്റെ വേഗതയുള്ള താളത്തിലെത്തിച്ചേർന്നു. ബാക്കി നാല് പേരും കുറേ നേരം ഒരുമിച്ച് നടന്നെങ്കിലും പതുക്കെപ്പതുക്കെ ഞാനും 'ഇ'യും ഒരു ബ്ലോക്കായി മുന്നിലാവുകയും, 'സി'യും 'ഡി'യും പിന്നിലാവുകയും ചെയ്തു. അപ്പോഴാണ് എന്റെ അനാരോഗ്യം അത്ര മോശമല്ല എന്ന് ഞാൻ ചിന്തിച്ച് തുടങ്ങിയത് !

ഏകദേശം രണ്ട് മൈലുകൾ നടന്നപ്പഴേക്കും എന്തോ ഭാഗ്യത്തിന്, ആ കടുപ്പപ്പെട്ട നടത്തത്തിനിടയിൽ പോലും എന്റെ ക്ഷീണം ഇല്ലാതാവുകയും, ചെറിയ തോതിൽ വിശപ്പ് തോന്നുകയും ചെയ്തപ്പോൾ, വയറിന് അധികം ക്ഷീണം തോന്നാത്ത രീതിയിൽ, ഒരു ആപ്പിളെടുത്ത് കഴിച്ചു. പിന്നീട് കുറച്ച് വെള്ളവും കൂടി കുടിച്ചപ്പോൾ ഞാൻ വീണ്ടും പഴയ ആളായത് പോലെ തോന്നിയത്, രാവിലെ മുതൽ അതുവരെയുണ്ടായിരുന്ന ആശങ്ക ഒഴിവാക്കാൻ സഹായിച്ചു. ആപ്പിൾ തിന്ന് നടക്കുന്നതിനിടയിൽ 'Roller Coaster Ends' എന്നെഴുതിയ ഫലകം കണ്ടത് വീണ്ടും ഒരു മാനസികാനന്ദം നൽകിയെങ്കിലും വഴിയുടെ ദുർഘടാവസ്ഥ, അതുവരെയൊക്കെയുണ്ടായിരുന്നത് പോലെത്തന്നെ തുടരുന്നതാണ് പിന്നീട് കണ്ടത്. 

സ്പൗട് റണ്ണിൽ നിന്ന് കദേശം മൂന്ന് മൈലോളം നടന്ന് bears den ൽ എത്തുമ്പഴേക്കും സമയം ഉച്ചക്ക് പന്ത്രണ്ട് മണിയായിരുന്നു. 'സി'യും 'ഡി'യും അവിടെയെത്താൻ പിന്നേയും സമയമെടുത്തു. മലഞ്ചെരുവിൽ, പാറക്കൂട്ടങ്ങൾ തലങ്ങും വിലങ്ങും തീർത്ത ചെറിയ ഗുഹകളും, ഗർത്തങ്ങളുമടങ്ങിയ മനോഹരമായ ദൂരദൃശ്യം തരുന്ന ഒരു സ്ഥലമാണ് bears den. അവിടെ അര മണിക്കൂറോളം ചിലവിട്ട് കുറച്ച് വെള്ളവും ഒന്നുരണ്ട് ഗ്രനോല ബാറുകളും കഴിച്ചതിന് ശേഷം വീണ്ടും നമ്മൾ യാത്ര പുറപ്പെട്ടു. 

നടക്കുന്നതിനിടയിൽ, നമുക്ക് ഒരു കാര്യം മനസ്സിലായി. ഇങ്ങനെ പോയാൽ, Keys Gap ൽ രാത്രി ഒൻപത് മണിയായാലും എത്തില്ല. നേരം ഇരുട്ടിയാൽ, വനപാതയിലൂടെ നടക്കുക എന്നത് തീർച്ചയായും ബുദ്ധിമുട്ടുള്ള കാര്യമാണ്. "ഫ്‌ളാഷ് ലൈറ്റുമിട്ട് പോകാം" എന്നൊക്കെ ചിലർ പറഞ്ഞെങ്കിലും അതൊന്നും നടക്കാത്ത കാര്യമാണെന്ന് ഉറപ്പായിരുന്നു.

പ്രത്യേകിച്ച്, 'ഡി'യുടെ അവസ്ഥ എന്തോ വളരെ പരിതാപകരമായിരുന്നു. Roller Coaster, അവനെ ശരിക്കും തളർത്തിക്കഴിഞ്ഞിരുന്നു. വാള് വച്ച് ക്ഷീണിതനായതിനാൽ, ഞാനായിരിക്കും യാത്രയിലെ കുരിശായിത്തീരുക എന്നതായിരുന്നു രാവിലെ എനിക്കുണ്ടായിരുന്ന ചിന്തയെങ്കിലും, ഇപ്പോൾ ആ പ്രശ്‌നം മാറിയിരിക്കുന്നു. പക്ഷേ 'ഡി' ക്ക് രണ്ടാമത്തെ ദിവസത്തെ നടത്തം ഒട്ടും ആവതുണ്ടായിരുന്നില്ല. 

Bears den ൽ നിന്ന് അര മൈലോളം നടന്നപ്പോൾ Route 7 എന്ന പാതയിലെ Snicker's  Gap എന്ന സ്ഥലത്തെത്തി. ഇനി, ഏഴ് മൈൽ കഴിഞ്ഞാലേ അടുത്ത Gap ആയ Blackburn Trail Center Access എന്ന സ്ഥലത്ത് എത്തുകയുള്ളൂ. ഇതിനകം തന്നെ ഉച്ചക്ക് ഒരു മണിയായിക്കഴിഞ്ഞിരിക്കുന്നു. അപ്പഴേക്കും, അടുത്ത view point ആയ Raven's Rock ൽ കാണാമെന്ന ധാരണയിൽ, 'ബി' നമ്മുടെ കൂട്ടം വിട്ട്, മുന്നിലെത്തിക്കഴിഞ്ഞിരുന്നു. 

Snicker's  Gap ൽ നിന്ന് പിന്നെയും നാല് മൈലോളം നടന്നാലേ  Raven's Rock ൽ എത്തുകയുള്ളൂ. Roller Coaster ന്റെ ഭാഗമല്ലെങ്കിലും,  Raven's Rock വരെയുള്ള ഭാഗവും വളരെ ദുർഘടമാണ്.  Raven's Rock വരെ എത്തുമ്പഴേക്കും 'ഡി'യുടെ കാര്യം എന്താവുമെന്ന് 'ഡി'ക്ക് പോലും ഒരു നിശ്ചയവുമില്ലാത്ത അവസ്ഥ ! ഒരു കൂനുള്ള പാമ്പ് ഇഴഞ്ഞ് കയറുന്നത് പോലെയായിരുന്നു അവന്റെ മലകയറ്റം.

ഇതിനിടയിൽ, 'ഇ'യുടെ കൂടെ നടക്കുമ്പോൾ രസകരമായ ചില നോട്ടങ്ങൾ 'ഇ'യുടെ മേലെ പതിക്കുന്നതായി ഞാൻ ശ്രദ്ധിച്ചു. 'ഇ'യുടെ ഭാണ്ഡക്കെട്ടിന്റെ അവസ്‌ഥ നേരത്തെ പറഞ്ഞിരുന്നല്ലോ. അശ്രദ്ധമായി, ഒരു ബാലൻസുമില്ലാതെ തൂങ്ങിക്കിടക്കുന്ന ബാഗും സ്ലീപ്പിങ് പാഡും സ്ലീപ്പിങ് ബാഗുമൊക്കെ എടുത്തുള്ള, ചെവിയിൽ ഹെഡ് ഫോണും(പാട്ട് കേൾക്കാൻ) വച്ചുള്ള, 'ഇ'യുടെ കുത്തോട്ട് നോക്കിയുള്ള നടപ്പ് കണ്ടാൽ, എതിരേ വരുന്ന ആളുകൾ, അവനെ cross ചെയ്തതിന് മുന്നേയും ശേഷവും ഒരു പ്രത്യേക തരത്തിൽ വളരെ കൗതുകത്തോടെ നോക്കുന്നുണ്ടായിരുന്നു. ഏത് കയറ്റത്തിലും ഇറക്കത്തിലും  'ഇ'യുടെ നടത്തത്തിന് ഒരു വ്യത്യാസവും ഉണ്ടായിരുന്നില്ല. എല്ലായിടത്തും ഒരേ വേഗത. തിരിഞ്ഞും മറിഞ്ഞും നോക്കില്ല. മുന്നിലായി നടക്കുന്ന ഉറുമ്പിനെ നോക്കി നടക്കുന്നത് പോലെ തോന്നും 'ഇ'യുടെ നടപ്പ് കണ്ടാൽ. ഒരുതരം addict ന്റെ യാത്ര!

Raven's Rock എത്തുന്നതിന് തൊട്ട് മുൻപാണ്, വിർജീനിയയെയും വെസ്റ്റ് വിർജീനിയയെയും വേർതിരിക്കുന്ന State Line കടന്ന് പോകുന്നത്. ഞാനും 'ഇ'യും Raven's Rock ൽ എത്തുമ്പഴേക്കും 'ബി'അവിടെ എത്തിയിട്ട് പത്തിരുപത് മിനുട്ടുകൾ കഴിഞ്ഞരുന്നു. 'സി'യും 'ഡി'യും അവിടെയെത്താൻ പിന്നെയും മുക്കാൽ മണിക്കൂറോളം എടുത്തു. അപ്പഴേക്കും സമയം മൂന്നര കഴിഞ്ഞിരുന്നു. ഇനിയും മൂന്ന് മൈലിലും കൂടുതൽ നടന്നാലേ Blackburn Trail Center Acces ൽ എത്തുകയുള്ളൂ. അവിടെ നിന്നും പിന്നെയും ആറര മൈലോളമുണ്ട് Keys Gap ൽ എത്താൻ. 

യാത്രയുടെ തുടക്കത്തിൽ, Keys Gap നടുത്ത് എവിടെയെങ്കിലും ടെന്റടിച്ച് കിടന്ന്, പോട്ടോമാക് നദിയും ഷാനാൻഡോവ നദിയും കൂടിച്ചേരുന്ന, മെരിലാൻഡും വിർജീനിയയും വെസ്റ്റ് വിർജീനിയയും അതിർത്തി പങ്കിടുന്ന, Harpers Ferry എന്ന മനോഹരമായ സ്ഥലത്തോളം ഹൈക്ക് ചെയ്തുകൂടേ എന്നൊക്കെയുള്ള അത്യാഗ്രഹം നമുക്ക് ഉണ്ടായിരുന്നു. പക്ഷേ, നമ്മുടെ ഗ്രൂപ്പിന്റെ മൊത്തത്തിലുള്ള നടത്തത്തിന്റെ pace വച്ച് നോക്കുമ്പോൾ Harpers Ferry പോയിട്ട്, Keys ഗാപ് പോയിട്ട്, Blackburn Trail Center Acces ൽ പോലും എത്തുമോ എന്ന സംശയമായിരുന്നു ഞങ്ങൾക്ക് പിന്നീടുണ്ടായത്.

Raven's Rock ൽ വച്ച് ഉച്ചഭക്ഷണം കഴിച്ച് ഞങ്ങൾ വീണ്ടും നടത്തം തുടർന്നു. Blackburn Trail Center Access ന്റെ പരിസരത്ത് കാണാം എന്നാ ധാരണയിൽ 'ബി' വേഗത്തിൽ മുന്നോട്ട് നടന്നു. 

Raven's Rock കഴിഞ്ഞ് കുറച്ച് കഴിഞ്ഞപ്പോഴേക്കും പാതയിലെ കല്ലും പാറകളും കുറഞ്ഞു വന്നു. Roller Coaster ന്റേത് പോലുള്ള ദുർഘടാവസ്ഥകളും ഇല്ലാതായെങ്കിലും, വനപാത, വനപാത തന്നെ! 

പാതയുടെ ദുർഘടാവസ്ഥകുറേയൊക്കെ മാറിയെങ്കിലും, 'ഡി'ക്ക് എന്തുകൊണ്ടോ ഒട്ടും നടക്കാൻ വയ്യ എന്ന അവസ്ഥ സംജാതമായി. ഞാനും 'സി'യും 'ഡി'യും കുറച്ച് ദൂരം ഒരുമിച്ച് നടന്നു. 'ഇ' ഞങ്ങളെയും കടന്ന് മുന്നോട്ട് പോയി. ഇനി ഞാനും 'സി'യും കൂടെയുള്ളത് കൊണ്ടാണോ 'ഡി' നടക്കാത്തത് എന്ന് ചിന്തിച്ച്, കുറച്ച് നേരത്തേക്ക്, 'ഡി'യെ ഒറ്റക്കാക്കി, ഞങ്ങൾ മുന്നിലേക്ക് കേറി. ഇടക്കിടക്ക് നിന്ന് 'ഡി'ക്ക് വേണ്ടി കാത്തുനിൽക്കുമെങ്കിലും, അവൻ നടന്നു വരുന്നത് കാണുമ്പഴേക്കും ഞങ്ങൾ വീണ്ടും അവനെക്കാണാതെ നടന്ന് തുടങ്ങും.

കുറച്ച് നേരം ഒറ്റക്ക് നടന്നപ്പഴേക്കും, ഒറ്റക്ക് നടന്ന് 'ഡി'ക്ക് പ്രാന്തായിക്കാണണം, അവൻ അവന്റെ വിസിൽ പരപരാ ഊതി. അത്തരത്തിൽ panic whistle കേട്ടതോടെ ഞാനും 'സി'യും പരിഭ്രാന്തരായി. തിരിച്ച് നടക്കാൻ തുടങ്ങിയ എന്നെ, തടഞ്ഞ്, 'സി', 'ഡി'യെ കാറിവിളിച്ചു. ഭാഗ്യത്തിന് 'ഡി' വിളി കേട്ടത് ആശ്വാസമായി.

സത്യത്തിൽ, ഒറ്റക്ക് നടന്ന് 'ഡി' മടുത്തിരിക്കുന്നു. ചുരുങ്ങിയത്, അവന്റെ കണ്ണിൻപുറത്തെങ്കിലും നമ്മൾ ഉണ്ടാവണമെന്നതാണ് അവന്റെ ആഗ്രഹം. അത് കേട്ടതിന് ശേഷം, ഞാനും 'സി'യും പിന്നെ 'ഡി'യുടെ കൂടെയായി നടത്തം.

ആ നടത്തത്തിനിടയിൽ 'ഡി' വല്ലാതെ പരവേശം കാണിക്കാൻ തുടങ്ങി. ഇനി ഒരടി മുന്നോട്ട് വെക്കാൻ എനിക്ക് പറ്റില്ല എന്നൊക്കെ പറയാൻ തുടങ്ങി. പ്രസവം അടുത്തെത്തിയ പെണ്ണിനെപ്പോലെയോ, പരലോകം കാണാൻ പോകുന്ന ആത്മാവിനെപ്പോലെയോ ഒക്കെ തോന്നും അവന്റെ പ്രകടനം കണ്ടാൽ ! "നിങ്ങൾക്ക് വേണമെങ്കിൽ മുന്നോട്ട് പൊയ്ക്കോളൂ... ഞാൻ എന്റെ പ്രധാനമന്ത്രിയെ വിളിച്ച് അവളുടെ കൂടെ, Blackburn Trail Center Acces ൽ നിന്നും തിരിച്ച് പോകുകയാണ്" എന്നൊക്കെ അവൻ കിതച്ച് കൊണ്ട് പറയാൻ തുടങ്ങി.

ഞങ്ങൾക്കും ഏകദേശം ഉറപ്പാണ്, ഇനി Blackburn Trail Center Acces ൽ നിന്ന് ആറര മെയിൽ നടക്കാനുള്ള സമയം ഞങ്ങളുടെയടുത്ത് ഇല്ല. Blackburn Trail Center Acces ഏതാണ് ഇനിയും ഒന്നര മൈലോളം ബാക്കി കിടപ്പുണ്ട്. അപ്പഴേക്കും സമയം അഞ്ചര കഴിയും. പിന്നെയും അവിടുന്ന്‌ ആറര മെയിൽ താണ്ടണമെങ്കിൽ നാല് മണിക്കൂറോളം ഇനിയും എടുത്തേക്കാം. ആ അവസ്ഥയിൽ, 'ഡി' കൂടെയുണ്ടെങ്കിൽ പിന്നെ പറയുകയേ വേണ്ട !

എന്തായാലും Blackburn Trail Center Access ൽ എത്തി, അവിടെ നിന്ന് കൂട്ടായി തീരുമാനിക്കാം എന്നും പറഞ്ഞ് ഞങ്ങൾ മുന്നോട്ട് നടന്നു. കുറച്ച് നേരം നടന്നപ്പഴേക്കും ഒരു പാറപ്പുറത്ത് ആരോ കിടക്കുന്നത് കണ്ടു. അടുത്തെത്തിയപ്പോൾ അത് 'ഇ' ആയിരുന്നു. മസിൽ കയറിയതിനാൽ കയറിക്കിടന്നതാണ് പുള്ളി !

അവിടെ കുറച്ച് നേരം ഇരുന്നതിന് ശേഷം, ഞങ്ങൾ നാലുപേരും ഒരുമിച്ച് യാത്ര തുടർന്നു. ഏകദേശം ആറ് മണിയോടടുപ്പിച്ച് Blackburn Trail Center Access ൽ എത്തുമ്പോൾ 'ബി' അവിടെക്കിടന്ന് ഉറക്കം തുടങ്ങിയിരുന്നു. ഏതോ ഒരു വേട്ടക്കാരൻ തോക്കുമെടുത്ത് മാനിനെ പിടിക്കാൻ വന്നതിനെക്കുറിച്ച് ആലോചിച്ച് ഇരുന്ന് പോയതാണത്രേ!

എന്തായാലും, ഒരു മേശയുമില്ലാതെ ഞങ്ങളവിടെ ഒരു വട്ടമേശ സമ്മേളനം ചേർന്നു. കാര്യങ്ങൾ ഗൗരവമായി ചർച്ച ചെയ്തു. ഇനി എന്തായാലും Keys Gap എന്നത് ഈ യാത്രയെ സംബന്ധിച്ചടുത്തോളം വെറും സ്വപ്നം ആണെന്നുള്ള യാഥാർത്ഥ്യം എല്ലാവരും അംഗീകരിച്ചു. 'ഡി'യെ വിട്ട് ഞങ്ങൾ ഒരു യാത്രക്കും തയ്യാറല്ലെന്ന് ഉച്ചത്തിൽ പ്രഖ്യാപിച്ച് 'ഡി'യോട് ഐക്യദാർഡ്ഡ്യം പ്രകടിപ്പിച്ചു. ഉടനെത്തന്നെ നമ്മുടെ കൂട്ടുകാരനെ വിളിച്ച് കഴിവതും വേഗത്തിൽ Blackburn Trail Center Access ൽ എത്തിച്ചേരുവാൻ അഭ്യർത്ഥിച്ചതിന് ശേഷം യോഗം പിരിച്ചുവിട്ട്, Blackburn Trail Center Access ന്റെ visitor's area ലക്ഷ്യമാക്കി, ഞങ്ങൾ മലയിറക്കം തുടങ്ങി.

ചെങ്കുത്തായ പാതയിലൂടെ ഇറങ്ങി Blackburn Trail Center Access ന്റെ visitor's area യിലെത്തി കുറച്ച് നേരം വിശ്രമിക്കവേ, പെണ്ണുങ്ങളായ ഒന്ന് രണ്ട് Thru Hikers അവിടെയെത്തിയപ്പോൾ, എല്ലാവർക്കും പുതിയൊരു ഉന്മേഷം കൈവന്നു. എല്ലാവരും അവരോട് സംസാരിക്കാൻ മത്സരിച്ചു. തളർന്നുപോയ 'ഡി'യും അവന്റെ നാക്ക് വൃത്തിയിൽ ചലിപ്പിക്കാൻ തുടങ്ങി. പെൺ hikers നോട് നടത്തിയ കുശലഭാഷണങ്ങൾ, സ്വന്തം  കുടുംബത്തിനകത്തേക്ക് കേറി, കുടുംബപ്രശ്നമാകുന്നതിന് മുന്നേ, നമ്മുടെ കൂട്ടുകാരൻ, വണ്ടിയെടുത്ത് അവിടെയെത്തിതിനാൽ ഭാവിയിലേക്കുള്ള വലിയ പ്രശ്നങ്ങൾക്ക് തടയിടാനായി. എങ്കിലും, 28 മൈൽ പ്ലാൻ ചെയ്ത് 21 മെയിൽ മാത്രം താണ്ടി, രണ്ടാമത്തെ യാത്രയിലും, ഞങ്ങൾ ഞങ്ങളോട് തന്നെ പരാജയപ്പെട്ടതിൽ അതിയായ ദുഃഖം ഞങ്ങൾക്കുണ്ടായിരുന്നു !! പക്ഷേ, പച്ച സാൽമണും പച്ച ഹെറിങ്ങും കഴിക്കരുതെന്ന് പാഠം പഠിച്ചതിൽ, ഞാൻ ആശ്വാസം കൊണ്ടു !!!

വാൽക്കഷ്ണം: റോളർ കോസ്റ്റർ കയറുന്നതിന് മുന്നേ ചെറുകല്ലെടുത്ത് തലക്ക് മീതെ മൂന്ന് വട്ടം ഉഴിഞ്ഞിട്ട് പുറകോട്ടെറിഞ്ഞിട്ടും ഒരു കരടിയെപ്പോലും വഴിയിലെവിടെയും കണ്ടിരുന്നില്ല. സാൽമൺ ഉണ്ടാക്കിയ പൊല്ലാപ്പ് മൂലം, വയറിൽ നിന്ന് കുതിച്ചുയർന്ന ലാവാ വാതകങ്ങൾ, ശരീരത്തിന്റെ ഭക്ഷണക്കുഴലിന്റെ രണ്ടറ്റത്തുമുള്ള ദ്വാരങ്ങളിലൂടെ, ശബ്ദവിന്യാസങ്ങളുടെ അകമ്പടിയോട് കൂടി ബഹിർഗമിച്ച്, കാനനത്തിൽ പരന്നതാവാം, കരടികൾ പുറത്ത് വരാഞ്ഞതിന് കാരണം. അല്ലാതെ, വേറെന്ത് കാരണമായിരിക്കണം?

***

2020 നവംബർ 10, ചൊവ്വാഴ്ച

വൻകുടലിൽ നീന്തിക്കളിച്ച സാൽമൺ (അപ്പലാച്ചിമലമ്പുരാണം - 3)

കെയ്‌സിയേൽപ്പിച്ച നഖക്ഷതങ്ങൾ (അപ്പലാച്ചിമലമ്പുരാണം - 1)
വാളുകൾ തഴുകിയ റോളർ കോസ്റ്റർ (അപ്പലാച്ചിമലമ്പുരാണം - 4)

മുൻപ്, അപ്പലാച്ചി മലയിലൂടെയുള്ള അപ്പലാച്ചിയൻ ട്രെയിലിലൂടെ മൂന്ന് ദിവസം നടന്ന് ക്യാമ്പ് ചെയ്തതോടെ തുടങ്ങിയ ആഗ്രഹമാണ്, രണ്ടായിരത്തി ഇരുനൂറോളം മൈലുകൾ നീണ്ട് വളഞ്ഞ് കിടക്കുന്ന അപ്പലാച്ചിയൻ ട്രെയിലിലെ ഏറ്റവും ദുഷ്കരമായ ഭാഗമായ, റോളർ കോസ്റ്റർ എന്നറിയപ്പെടുന്ന ഭാഗം നടന്ന് തീർക്കുക എന്നുള്ളത്. ആദ്യത്തെ യാത്രയുടെ ക്ഷീണം മാറിയിട്ട്  തണുപ്പ് കാലമൊക്കെ കഴിഞ്ഞ് അടുത്ത കൊല്ലം (2021 ൽ) സാധിച്ച് കളയാം എന്ന ചിന്തയിൽ ഇരിക്കവേയാണ്, ആദ്യത്തെ യാത്ര കഴിഞ്ഞ് രണ്ടാഴ്ച തികയുന്നതിന്ന് മുന്നേ, 'ബി'ക്ക് ഒരു വെളിപാട് ഉണ്ടാവുന്നത്, തണുപ്പ് കാലം തുടങ്ങുന്നതിന് മുന്നേ തന്നെ അവന് വീണ്ടും മല കയറണമത്രേ, അതും റോളർ കോസ്റ്റർ! അതും പഴയ യാത്ര പോലെത്തന്നെ മൂന്ന് ദിവസത്തെ യാത്ര !

'ബി'യുടെ ആഗ്രഹം അറിഞ്ഞയുടൻ ഞാനും 'സി'യും മുൻപിൻ നോക്കാതെ പച്ചക്കൊടി വീശി. പക്ഷേ 'ഡി'ക്ക് മോഹാലസ്യം അനുഭവപ്പെട്ടു. വീണ്ടും മല കയറാനോ? കഷ്ടകാലത്തിന് ഒരിക്കൽ കയറിയതിന്റെ ക്ഷീണം മാറിയിട്ടില്ല! മാത്രവുമല്ല, കാൽവിരലുകളിലെ രക്തക്കുമിളകൾ ഇപ്പോഴും അരുണവർണ്ണമണിഞ്ഞ് തന്നെ കിടക്കുന്നു. വീണ്ടും മൂന്ന് ദിവസത്തോളം വീട്ടിൽ നിന്ന് വിട്ട് നിൽക്കുന്നത്, അതിനേക്കാൾ ആത്മഹത്യാപരമായിരിക്കുമെന്ന ചിന്തയും 'ഡി'യെ അലട്ടി. പക്ഷേ മല കയറാനുള്ള ആന്തരികലാവയുടെ തിളച്ച് മറിയൽ, അവന്റെയുള്ളിൽ ഒട്ടും ശമിച്ചിട്ടുണ്ടായിരുന്നില്ല. ഒടുവിൽ, യാത്രയുടെ ദൈർഘ്യം രണ്ട് ദിവസമായി വെട്ടിക്കുറച്ചും, വീട്ടിലെ പ്രധാനമന്ത്രിക്ക് തങ്കഭസ്മം ചേർത്ത അവലോസുണ്ട വാഗ്ദാനം ചെയ്തും, എങ്ങനെയൊക്കെയോ യാത്രാപ്പെറ്റീഷനിൽ ഒപ്പ് നേടിയെടുത്തു. 

അങ്ങനെ 2020 സെപ്‌തെമ്പർ 26 ശനിയാഴ്‌ച രണ്ട് ദിവസത്തെ റോളർ കോസ്റ്റർ അലച്ചിൽ പ്ലാൻ ചെയ്തു. റോളർ കോസ്റ്റർ തുടങ്ങുന്നതിനും രണ്ടോളം  മൈലുകൾ മുന്നേയായിരുന്നു, ഞങ്ങൾ കഴിഞ്ഞ തവണ യാത്ര നിർത്തിയ ആഷ്‌ബി ഗ്യാപ്പ്. അതുകൊണ്ട്, ആഷ്‌ബി ഗ്യാപ്പിൽ നിന്ന് യാത്ര തുടങ്ങി റോളർ കോസ്റ്ററും കവർ ചെയ്ത്, രണ്ട് ദിവസങ്ങൾ കൊണ്ട് ഏകദേശം 28 മൈലുകൾ താണ്ടി 'കീസ് ഗ്യാപ്പി'ൽ (Key's Gap) യാത്ര അവസാനിപ്പിക്കാനായിരുന്നു പരിപാടി. ആദ്യത്തെ യാത്രയിൽ നിന്ന്, ചില പാഠങ്ങൾ പഠിച്ചതിനാലും, പുറത്ത് തൂക്കേണ്ട സാധനങ്ങളെക്കുറിച്ചും, എന്തൊക്കെ എടുക്കരുത് എന്നതിനെക്കുറിച്ചുമൊക്കെ ഒരു ധാരണ ഇതിനകം വന്നിരുന്നതിനാലും, ഞങ്ങളുടെ രണ്ടാമത്തെ യാത്രയിൽ കൂടുതൽ ദൂരം സഞ്ചരിക്കാൻ പറ്റുമെന്ന കണക്ക് കൂട്ടലിലാണ് രണ്ട് ദിവസം കൊണ്ട് തന്നെ 28 മൈലുകൾ താണ്ടിത്തീർക്കാമെന്ന കണക്ക് കൂട്ടലിൽ ഞങ്ങളെത്തിയത്. പോരാഞ്ഞതിന്, ആദ്യത്തെ മൂന്നു ദിവസത്തെ യാത്രയിൽ, 46 മൈലുകൾ പ്ലാൻ ചെയ്ത്, ഒടുവിൽ 25 മൈലുകൾ മാത്രം തീർക്കാൻ പറ്റിയതിന്റെ പോരായ്മ, രണ്ടാമത്തെ ഉദ്യമത്തിൽ ഇല്ലാതാക്കാമെന്നും ഞങ്ങൾ കണക്ക് കൂട്ടി.

ഞങ്ങളുടെ ഈ യാത്രയിലേക്ക് പുതിയൊരാൾ കൂടി ഉണ്ടായിരുന്നു. റിച്ച്മണ്ടിൽ നിന്നുള്ള എന്റെയൊരു കസിൻ. ഞങ്ങളുടെ ആദ്യയാത്രയുടെ വിവരണം കേട്ട മുതൽ തന്നെ, അടുത്ത യാത്രയിൽ എന്തായാലും അവനെയും കൂടെ ഉൾപ്പെടുത്തണമെന്ന് അവൻ ആവശ്യപ്പെട്ടിരുന്നു. ആനയെ വാങ്ങുന്നതിന് മുന്നേ തോട്ടി വാങ്ങുന്നത് പോലെ, എപ്പഴോ നടക്കാൻ പോകുന്ന യാത്രക്ക് വേണ്ടി, ടെന്റ് മുതലായവ വാങ്ങി, അവനും ഇതിനകം തന്നെ തയ്യാറായിരുന്നു. ഞങ്ങളുടെ മലമ്പുരാണത്തിലേക്ക് ഒടുവിൽ വന്ന അതിഥി ആയതിനാൽ, അവന് 'ഇ' എന്ന നാമമാണ് ഇവിടെ നൽകിയിട്ടുള്ളത്.

ഇത്തവണത്തെ യാത്രക്ക്, യാത്രയുടെ തുടക്കത്തിൽ കൊണ്ടുപോയി വിടാനും യാത്രാവസാനം കൂട്ടിക്കൊണ്ടുവരാനുമുള്ള ഏർപ്പാടുകൾ ആദ്യമേ തന്നെ ചെയ്തതിനാൽ, ആദ്യത്തെ യാത്രയിൽ സംഭവിച്ചത് പോലുള്ള ആകാംക്ഷാഭരിതമായ സംഭവങ്ങൾ ഉണ്ടായില്ല. റോളർ കോസ്റ്റർ ആണ് ഞങ്ങൾ കയറാൻ പോകുന്നതെന്നറിഞ്ഞ് ആദ്യത്തെ യാത്രയിൽ നിന്ന് പിന്മാറിയ രണ്ടുപേർ, ഇത്തവണ, ഞങ്ങളെ മല കയറ്റാനും ഇറക്കാനും സഹായിക്കാമെന്നേറ്റത് ശരിക്കുമൊരു അനുഗ്രഹമായി.

സെപ്‌തെമ്പർ 25 ന് രാത്രിഎട്ട് മണിയോടെ, റിച്ച്മണ്ട് കാരനായ 'ഇ'യും, പത്ത് മണിയോടെ മെരിലാന്റ്കാരായ 'ബി'യും 'സി'യും എന്റെ ഭവനത്തിലെത്തിച്ചേർന്നു. ആദ്യത്തെ യാത്രയുടെ പാഠങ്ങൾ ശരിക്കും പഠിച്ചതിനാൽ, 'ബി'യും 'സി'യും ഏകദേശം 25 ഓളം പൗണ്ട് ഭാരമേ അവരുടെ ബാഗിൽ തിരുകിയിരുന്നുള്ളൂ. പക്ഷേ ആദ്യത്തെ ഉദ്യമത്തിൽ തന്നെ റിച്ച്മണ്ട്കാരൻ എന്നെ അതിശയിപ്പിച്ച് കളഞ്ഞു.

എന്റെ നിർദ്ദേശങ്ങൾ കേട്ടതിന് ശേഷം, റിച്ച്മണ്ട്കാരനായ 'ഇ', ആദ്യത്തെ യാത്രക്ക് ഒരുങ്ങിവന്നത്, പെറുക്കികൾ, കമുകിന്റെ തോട്ടത്തിൽ അടയ്ക്കാ പെറുക്കാൻ പോകുമ്പോളെടുക്കുന്നത് പോലുള്ള ചെറിയൊരു വള്ളിക്കെട്ട് ഭാണ്ഡമാണ്. രണ്ടടയ്ക്കകളേക്കാളും ഒരു വിരൽ നീളം കൂടുതലുള്ള ആ ബാഗിന്റെ കൂടെ, അതിനേക്കാൾ പന്ത്രണ്ടിരട്ടി വലുപ്പമുള്ള, ഒരു വലിയ റബ്ബറിന്റെ ചുരുട്ടിയ, മടക്കാൻ പറ്റാത്ത സ്ലീപ്പിങ് പാഡും, അവന്റെ ശരീരത്തെക്കാൾ വണ്ണമുള്ള ഒരു സ്ലീപ്പിങ് ബാഗും, കുഞ്ഞൻ ബാഗിന്റെ രണ്ടിരട്ടി ഉയരമുള്ള ഒരു ടെന്റ് കിറ്റും ഉണ്ടായിരുന്നു. രണ്ട് ഗ്രനോലാ ബാറുകൾ വെക്കുമ്പഴേക്കും നിറയുന്ന ആ ബാഗിൽ, മേല്പറഞ്ഞത് പോലുള്ള വസ്തുക്കൾ എങ്ങനെ തിരുകിക്കയറ്റുമെന്നാലോചിച്ച് എനിക്കൊരെത്തും പിടിയും കിട്ടിയില്ല. ഈ സാമാനങ്ങളെല്ലാം അവന്റെ കാറിൽ നിന്ന് വാരിവലിച്ച് കൊണ്ട് വന്ന് എന്റെ മുന്നിലിട്ട് എന്ത് ചെയ്യുമെന്ന് കൂലങ്കഷമായി താടിക്ക് കയ്യും കൊടുത്തിരിക്കയാണ് 'ഇ'.

ഒരു ഹൈക്കിങ് ബാഗ് വാങ്ങുവാനിനിയൊട്ട് സമയവുമില്ല. മെരിലാന്റുകാർ അവിടെ നിന്ന് പുറപ്പെട്ടും കഴിഞ്ഞു. ഇനി 'ഇ'യുടെ സാധനങ്ങളൊക്കെ എങ്ങനെ അവന്റെ നട്ടപ്പുറത്ത് വാരിവലിച്ച് കെട്ടും എന്നാലോചിച്ച്, എന്റെ മനസ്സിലെ എഞ്ചിനീയർ ഒരു നിമിഷം പൊന്നാനിക്കാരനായ ശ്രീധരേട്ടനെ മനസ്സിൽ ധ്യാനിച്ചു.

ശ്രീധരധ്യാനം വെറുതെയായില്ല. ഗരാജിൽ നിന്ന്, എന്റെ പക്കലുണ്ടായിരുന്ന പലവിധത്തിലുള്ള ബങ്കീ കോർഡുകളെടുത്ത് (bungee cords) ഞാൻ മുകളിലേക്ക് കൊണ്ടുവന്നു. ഏകദേശം ഒന്നര മണിക്കൂറിന്റെ ശ്രമഫലമായി, അടക്കയുടെ മേലെ തേങ്ങകൾ വച്ച് കെട്ടുംപോലെ, ആവുംപോലെ സാധനങ്ങൾ കുത്തിനിറച്ച കുഞ്ഞൻ അവന്റെ ബാഗിന്റെ മേലെ, ടെന്റും സ്ലീപ്പിങ് പാഡും, സ്ലീപ്പിങ് ബാഗും ഒരുവിധം വച്ചുകെട്ടാൻ സാധിച്ചു. അഥവാ അവന്റെ കുഞ്ഞൻ ബാഗ് പൊട്ടിപ്പോവുകയാണെങ്കിൽ, സാധനങ്ങൾ കുത്തിനിറക്കാൻ വേറൊരു ഫോൾഡഡ് ബാഗും കൂടെക്കരുതി. 

എന്തായാലും, യാത്രയിലുടനീളം ഈ ഭാണ്ഡക്കെട്ട് തലവേദന സൃഷ്ടിക്കുമെന്ന് ഏതായാലും ഉറപ്പായി. കാരണം, യാത്രയുടെ ഓരോ അടിവെപ്പിലും ഈ ഭാണ്ഡക്കെട്ടിന് സ്ഥാനഭ്രംശം സംഭവിക്കുമെന്ന് ഏതാണ്ട് ഉറപ്പാണ്. അതുകൊണ്ട്, ആരെങ്കിലും ഇടക്കിടെ ഭാണ്ഡത്തിന്റെ സ്ഥാനം, 'ഇ'യുടെ പുറത്ത് കൃത്യസ്ഥാനത്തേക്ക് തള്ളിക്കൊടുത്തുകൊണ്ടേയിരിക്കേണ്ടി വരും. കൂടാതെ, എന്തെങ്കിലും സാധനങ്ങൾ എടുക്കാൻ അവന്റെ കുഞ്ഞൻ ബാഗ് തുറന്നാൽ, വീണ്ടും, എല്ലാ കെട്ടുകളും ആദ്യംപൂദ്യേ കെട്ടിത്തുടങ്ങേണ്ടി വരികയും ചെയ്യും.

എന്തായാലും, മെരിലാന്റുകാർ എത്തുന്നതിന് മുന്നേ തന്നെ 'ഇ'യുടെ ഭാണ്ഡവും എന്റെ ഭാണ്ഡവും ചുമരിനോട് ചാരി, കുത്തിനിർത്തിയിരുന്നു. 'ബി'യും 'സി'യും എത്തിയാൽ, അധികം വൈകാതെ തന്നെ ഉറങ്ങുക എന്നതിനായിരുന്നു ഞങ്ങളുടെ മുൻഗണന.

പത്ത് മണിയാവുമ്പഴേക്കും പ്രതീക്ഷിച്ചത് പോലെ തന്നെ 'ബി'യും 'സി'യും എത്തിച്ചേർന്നു. വീട്ടിലേക്ക് കയറുന്ന വഴിക്ക് തന്നെ, 'ബി'യുടെ ശ്രദ്ധ പോയത്, എന്റെ ബാക്ക്പാക്കിന്റെ സൈഡ്പോക്കറ്റിൽ വച്ച എന്റെ വലിയ വാളിലായിരുന്നു. കഴിഞ്ഞ തവണ കരടിയെ പേടിച്ച്, സ്വരക്ഷക്കായി എടുത്തിരുന്ന എന്റെ വലിയ നീണ്ട വാൾ തന്നെ. 

"നിങ്ങൾ നാളേം ഈ വാളെടുക്കുന്നുണ്ടോ?" കേറിവന്ന്, സ്വന്തം ബാഗ്, മുതുകത്ത് നിന്നും ഇറക്കുന്നതിന് മുന്നേ, പരാതിയുടെ സ്വരത്തിലായിരുന്നു 'ബി'യുടെ ചോദ്യം.

"തീർച്ചയായും... പക്ഷേ കഴിഞ്ഞ തവണ, പിൻഭാഗത്തെ പോക്കറ്റിലായിരുന്നെങ്കിൽ, ഇത്തവണ, പെട്ടെന്നെടുക്കാനുള്ള കൂടുതൽ സൗകര്യത്തിന്, അതിനെ സൈഡ് പോക്കറ്റിലോട്ട് മാറ്റുന്നുണ്ടെന്ന് മാത്രം." എന്റെ മറുപടിയും പെട്ടെന്നായിരുന്നു. 

"പുറമേ നിന്നുള്ളവർ, ഇത്രയും വലിയ വാൾ, ഇത്രയും പബ്ലിക്കായി കൊണ്ട് നടക്കുന്നത് കണ്ടാൽ നല്ലതായിരിക്കൂന്ന് എനിക്ക് തോന്നണില്ല..." 'ബി'ക്ക് ഞാനാ വാളെടുക്കുന്നതിൽ ഒട്ടും താല്പര്യമില്ലെന്ന് എനിക്ക് മനസ്സിലായി.

"തോക്ക് പബ്ലിക്കായി വിൽക്കുന്ന നാടല്ലേ ഇത്... പിന്നെ ഈ വാളെടുത്ത് നടക്കുന്നതാണോ പ്രശ്നം... ഞാൻ വാൾമാർട്ടിന്റെ മുന്നിലൂടെയൊന്നുമല്ലല്ലോ വാളെടുത്ത് നടക്കാൻ പോകുന്നത്... ഒറ്റക്കും തെറ്റക്കുമായി എപ്പഴെങ്കിലും ആരെയെങ്കിലും കണ്ടുമുട്ടുന്ന ട്രെയിലിലാണല്ലോ ഞാൻ ഞാൻ വാളെടുത്ത് നടക്കാൻ പോകുന്നത്... മാത്രോഅല്ല... അതിലൂടെ നടക്കുന്ന അധികമാളുകളും കഴുത്തിൽ ചെറിയ കത്തി തൂക്കിയിട്ടല്ലേ നടക്കുന്നത്..." എനിക്ക് 'ബി'യുടെ ലോജിക്ക് മനസ്സിലാവുന്നുണ്ടായിരുന്നില്ല....

"മറ്റുള്ളവരൊക്കെ ചെറിയ കത്തിയല്ലേ എടുക്കുന്നത്... ഇതിപ്പോ എത്ര വലിയ വാളാണ്..." 

അപ്പോ, വാളെടുക്കുന്നതല്ല, വാളിന്റെ  നീളമാണ് പ്രശ്നമെന്ന് മനസ്സിലായി. തൃശ്ശൂര് കാരനായ 'ബി', ഈ വലിയ വാൾ കണ്ടിട്ട്, നാട്ടിലെ ഏതെങ്കിലും ഗുണ്ടകൾ വടിവാളെടുത്ത് നടക്കുന്നത് മനസ്സിലോർത്ത് പോയിക്കാണണം.

"അവർക്ക് അവരുടെ വാൾ, എനിക്കെന്റെ വാൾ... മറ്റുള്ളവർ ഈ വാള് കണ്ട് പേടിച്ച് അവരുടെ വാളെടുക്കാതിരുന്നാൽ എന്റെ പണി തീർത്തും കുറയുമല്ലോ... അത് നല്ലതല്ലേ... പിന്നെ ഈ വാളാവുമ്പോൾ, മരം അറുത്ത് മുറിക്കാം, കാട് വെട്ടിത്തെളിക്കാം... കുറ്റിച്ചെടികൾ വെട്ടിമുറിക്കാം.. കരടിയോടേറ്റുമുട്ടാം... പിന്നെ വേറെ ആരെങ്കിലും മറുവാളുമായി നേർക്ക് നേർ വന്നാൽ, ഒരു വാൾപ്പയറ്റ് പോലും നടത്താൻ പാകത്തിലുള്ള ഒന്നല്ലേ..." 

"എന്നാലും..." 'ബി'ക്ക് എന്നിട്ടും എന്നോട് യോജിക്കാൻ പറ്റുന്നില്ല.

"അതൊന്നും ഒരു പ്രശ്നമേയല്ല... നീ പേടിക്കാതിരി.. ഇതിനെക്കൊണ്ട് നമുക്ക് ഉപയോഗം വരും... നീ നോക്കിക്കോ..." 'ബി'യെ സമാധാനിപ്പിക്കാൻ ഞാൻ വെറുതെ മൊഴിഞ്ഞു.

'ബി', പിന്നെയൊന്നും പറഞ്ഞില്ല. റിച്ച്മണ്ട് കാരന്റെ, വാഷിംഗ്ടൺ ഡിസിയിലെ ഹോംലെസ്സായ ആളുകളുടേത് പോലുള്ള ബാഗിന്റെ അവസ്ഥ കണ്ട്, എല്ലാവരുടെയും ശ്രദ്ധ അതിന്റെ അതിന്റെ തിരിഞ്ഞത് കൊണ്ട്, വാളിന്റെ മേലെയുള്ള ചർച്ച, അറിയാതെയെങ്കിലും അവിടെയവസാനിച്ചു.

ബാഗിൽ സാധനങ്ങളൊക്കെ വച്ച് എല്ലാം സെറ്റാക്കി തൂക്കി നോക്കിയപ്പോൾ, ഏകദേശം 30 പൗണ്ടോളം ഭാരമുണ്ടായിരുന്നു. കഴിഞ്ഞ തവണത്തേക്കാൾ ഏകദേശം 12 പൗണ്ടോളം കുറക്കാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനം കൊണ്ടു. ഇത്തവണ, യാത്ര സെപ്റ്റംബർ അവസാനമായതിനാൽ, മലമുകളിൽ തണുപ്പുണ്ടാകുമെന്ന ആശങ്കയിൽ, കമ്പിളി സോക്‌സും, കൈയ്യുറയും നേരിയ തെർമൽ മെറ്റിരിയലിന്റെ പജാമയും കൂടെ കരുതിയിരുന്നു. പിന്നെ, തണുപ്പിന് ബ്രാണ്ടി നല്ലതാണെന്ന, പഴയ പട്ടാളക്കാരുടെ വചനം മനസ്സിൽ മായാതെ കിടപ്പുള്ളത് കൊണ്ട്, ഞാനും 'സി'യും 1300ml ബ്രാണ്ടി, സുരക്ഷിതമായ രണ്ട് vapur കുപ്പികളിൽ രണ്ടു പേരുടെ ബാഗുകളിലായി തിരുകി.

കഴിഞ്ഞതവണത്തേത്‌ പോലെ, മഞ്ഞൾ പൊടിയും ഉപ്പും കടലയും ഇളനീർ വെള്ളവുമൊന്നും ഇത്തവണ എടുത്തില്ല. ആപ്പിൾ ഒരു ദിവസത്തേക്ക് ഒന്ന് എന്ന രീതിയിൽ മാത്രമേ എടുത്തുള്ളൂ. യാത്രയുടെ തുടക്കത്തിൽ തന്നെ മാക്സിമം വെള്ളം കുടിച്ച്, കുറച്ച് മാത്രം വെള്ളം ബാഗിലെടുത്താൽ മതി എന്ന് നേരത്തെ തീരുമാനിച്ചത് കൊണ്ട്, ഓരോരുത്തരും ഏകദേശം 1 ലിറ്റർ വെള്ളം മാത്രമേ ബാഗിൽ കരുതിയിരുന്നുള്ളൂ.

അടുത്ത ദിവസം, ശനിയാഴ്ച രാവിലെ, ആറരക്കെങ്കിലും പുറപ്പെടേണ്ടതിനാൽ, പതിനൊന്നരയാവുമ്പഴേക്കും എല്ലാവരും ഉറങ്ങാൻ കിടന്നു. കൃത്യം ആറരക്ക് വണ്ടിയും കൊണ്ട് ആളെത്തുമെന്ന് പറഞ്ഞിട്ടുമുണ്ട്.

പിറ്റേന്ന് കാലത്ത് ആറരയാവുമ്പഴേക്കും ഞങ്ങളെല്ലാവരും തയ്യാറായികൊണ്ടിരിക്കേ, വണ്ടി വീടിന് മുന്നിൽ കൃത്യസമയത്ത് തന്നെ വന്നു നിന്നു. എന്റെ വീട്ടിലെ പ്രധാനമന്ത്രി, കാലത്ത് അഞ്ച് മണിക്ക് തന്നെ എഴുന്നേറ്റ്, സ്വന്തം രാജ്യത്തിന്റെ അധികാരമില്ലാത്ത പ്രസിഡന്റിനും അതിഥികൾക്കും ഇഡ്ഡലിയും ചമ്മന്തിയുമുണ്ടാക്കി രാജ്യത്തിന്റെ അഭിമാനവും യശസ്സും ഉയർത്തിപ്പിടിക്കുന്നതിൽ വ്യാപൃതയായിരുന്നു. കൂട്ടത്തിൽ എല്ലാവർക്കും വഴിയിൽ കഴിക്കാൻ ഓംലറ്റും ! ഇത്തരം പ്രധാനമന്ത്രിമാർക്ക് കീഴിൽ, ഇടയ്ക്കിടെ കടലാസുകളിൽ സ്റ്റാമ്പെടുത്ത് കുത്തുന്നതിൽ ഞാനും അഭിമാനം കൊണ്ടു.

ആറേമുക്കാലായിട്ടും, എന്റെ വീടിന്റെ അടുത്ത് തന്നെ താമസിക്കുന്ന 'ഡി'യുടെ ഒരു വിവരം പോലുമില്ലാഞ്ഞത്, ഞങ്ങളെ ആകുലപ്പെടുത്തി. കൊച്ചുകുട്ടികളെ, പ്രധാനമന്ത്രിയുടെ മാത്രം ഉത്തരവാദിത്തത്തിൽ വിട്ട് നൽകി, സ്വന്തം ഉത്തരവാദിത്തം കാട്ടിലെ കരടിയോട് കാട്ടാൻ പുറപ്പെടുന്നത് കൊണ്ട്, അവന്റെ രാജ്യത്തിൽ വല്ല കലാപവും പൊട്ടിപ്പുറപ്പെട്ടിട്ടുണ്ടാകുമോ എന്ന് ഞങ്ങൾ ഭയന്നു. അവനെ വിളിച്ച് കാര്യം അന്വേഷിച്ചപ്പോഴാണ്, വീട്ടിലെ പുകമറയെക്കുറിച്ച് അവനിങ്ങോട്ട് പരാതി പറഞ്ഞത്. 

ഓംലറ്റ് ഉണ്ടാക്കാൻ തവ ചൂടാക്കി മുട്ടയും ഉള്ളിയുമൊക്കെ തവയിലിട്ട്, ചൂടായി വരുന്നതിനിടയിൽ, അവന് വയറിൽ നിന്ന് ഉൾവിളി വന്നുവത്രേ. ഉൾവിളി അത്രമാത്രം ശക്തമായതിനാൽ, അടുപ്പ് കത്തിക്കൊണ്ടിരിക്കേത്തന്നെ, വാതിൽ പോലും അടക്കാതെ, അടുത്തുള്ള പൗഡർ മുറിയിൽ കയറി കാര്യം സാധിച്ച് ആസ്വദിച്ചിരിക്കുമ്പോഴായിരുന്നു വീട് മുഴുവൻ പുക നിറഞ്ഞ് അലാറം അടിച്ചത്. പിന്നീടങ്ങോട്ട്, അവിടെയൊരു ഫയർ ഫൈറ്റായിരുന്നത്രേ നടന്നത്. പ്രധാനമന്ത്രിയുടെ ഉറക്കം ഗംഭീരമായതിനാലും, മൂന്നാമത്തെ അലാറമടിക്കുന്നതിലും മുന്നേ ക്രിയാത്മകമായി ഇടപെടാൻ പറ്റിയതിനാൽ, വലിയൊരു ആഭ്യന്തരകലാപത്തിൽ നിന്ന് അവന്റെ രാജ്യം രക്ഷപ്പെട്ടെന്ന് ആശ്വസിച്ച് ഇരിക്കുമ്പോഴായിരുന്നു ഞങ്ങൾ വിളിച്ചത്. 

കരിഞ്ഞ ഓംലറ്റ് പൊതിയുമ്പഴേക്കും അവിടം വരെ ചെന്ന്, അവിടെ നിന്ന് കൂട്ടാമോ എന്ന അവന്റെ അഭ്യർത്ഥന, ഞങ്ങളുടെ സാരഥിയായ കൂട്ടുകാരൻ സമ്മതിച്ചതിനാൽ, ഒട്ടും വൈകാതെ തന്നെ, ഞങ്ങളെല്ലാവരും അവന്റെ വീട്ടിലോട്ട് പുറപ്പെട്ടു. 

'ഡി'യുടെ വീട്ടിലെത്തുമ്പഴേക്കും ഏഴ് മണി കഴിഞ്ഞിരുന്നു. കൂടുതൽ 'താമസിക്കാതെ 'ഡി'യെയും കൂട്ടി ഞങ്ങൾ സ്റ്റാർട്ടിങ് പോയിന്റ് ആയ 'ആഷ്‌ബി ഗ്യാപ്പി'ലേക്ക് യാത്രയായി. 

എട്ട് മണിക്ക് മുൻപായിത്തന്നെ ആഷ്ബറി ഗ്യാപ്പിൽ ഞങ്ങളെത്തി. കൊറോണയായതിനാൽ, സാരഥിയെ കെട്ടിപ്പിടിക്കാതെ, സലാം പറഞ്ഞ് യാത്രയാക്കി. റൂട്ട് 50 യുടെ ഓരത്ത് കൂടെ കുറച്ച് നേരം പടിഞ്ഞാറോട്ട് നടന്ന്, ആഷ്‌ബി ഗ്യാപ്പിൽ നിന്ന്, അപ്പലാച്ചിയൻ ട്രെയിലിന്റെ വടക്ക് ഭാഗത്തേക്കുള്ള തുടക്കഭാഗത്ത് ഞങ്ങളെല്ലാവരും ഒരുമിച്ച് കൂടി. ഒരു കരടിയെയെങ്കിലും കാണാനും, യാത്രയിൽ വിഘ്നങ്ങൾ ഇല്ലാതിരിക്കാനും, എല്ലാവരും ഓരോ കല്ലെടുത്ത്, തലക്ക് മീതെ മൂന്ന് വട്ടം ഉഴിഞ്ഞ് പിന്നോട്ടെറിഞ്ഞ്, പിന്നോട്ട് നോക്കാതെ വടക്കോട്ടുള്ള ഞങ്ങളുടെ രണ്ടാമത്തെ യാത്രക്ക് തുടക്കം കുറിച്ചു.

യാത്രയുടെ തുടക്കത്തിൽ എല്ലാവർക്കും നല്ല എനർജിയായിരുന്നു. ഒരുവിധം കോടമഞ്ഞ് വീണതരത്തിലുള്ള ആ അന്തരീക്ഷത്തിലെ നടത്തം തികച്ചും ആസ്വാദ്യകരമായിരുന്നു. പരിശീലനം സിദ്ധിച്ച യോദ്ധാക്കളെപ്പോലെ, ആദ്യത്തെ രണ്ട് മൈലോളം ദൂരം എല്ലാവർക്കും ഒരുമിച്ച് തന്നെ യാത്ര ചെയ്യാൻ സാധിച്ചത്, ഞങ്ങളുടെ ആത്മവിശ്വാസം വല്ലാതങ്ങ്  ഉയർത്തി. പ്രത്യേകിച്ചും 'ഡി'യുടെ പെർഫോമൻസ് ഞങ്ങളെ എല്ലാവരെയും അത്ഭുതപ്പെടുത്തി. പന്ത്രണ്ട് പൗണ്ടോളം എല്ലാവരും ഭാണ്ഡത്തിന്റെ ഭാരം  കുറച്ചത്, ശരിക്കും ഒരനുഗ്രഹമായിരുന്നു. നമ്മുടെ കൂടെ ആദ്യമായി വരുന്ന 'ഇ'യും വളരെ നല്ല പെർഫോമൻസായിരുന്നു കാഴ്ച വച്ചത്. ഇടക്കിടക്ക് ബാലൻസ് തെറ്റി ചരിഞ്ഞുപോകുന്ന അവന്റെ കെട്ട്, ഇടക്കിടക്ക് ബങ്കീ കോഡ് വലിച്ച് അഡ്ജസ്റ്റ് ചെയ്ത് കൊടുക്കണമെന്നതൊഴിച്ചാൽ, മറ്റ് പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ല.

ഇനിയും ഏകദേശം ഒരു മൈലോളം കഴിഞ്ഞാണ് നമ്മുടെ റോളർ കോസ്റ്റർ സെക്‌ഷൻ തുടങ്ങുന്നത്. ഏങ്ങനെയുണ്ടാകും റോളർ കോസ്റ്റർ എന്നത്, ഞങ്ങളെ ആകാംക്ഷാഭരിതരാക്കി.

പക്ഷേ രണ്ട് മൈൽ കഴിയുമ്പഴേക്കും യാത്രയിൽ ചില താളപ്പിഴകൾ കണ്ടുതുടങ്ങി. ഞാനും 'ബി'യും മുന്നിലും 'ഇ' നടുക്കും 'സി'യും 'ഡി'യും പിന്നിലുമായി പല ഗ്രൂപ്പുകളായി പിരിഞ്ഞായി ഞങ്ങളുടെ നടത്തം. 'സി', 'ഡി'യുടെ കൂടെയുള്ളത് കൊണ്ട്, കഴിഞ്ഞ യാത്രയിലേത് പോലെ, എനിക്ക് 'ഡി'ക്ക് കമ്പനി കൊടുക്കേണ്ടിവന്നില്ല.

ഏകദേശം പതിനൊന്ന് മണിക്കടുപ്പിച്ച്, ഞാനും 'ബി'യും 'ഇതാ റോളർ കോസ്റ്റർ തുടങ്ങുന്നു' എന്നൊരു ബോർഡ് വച്ച സ്ഥലത്തെത്തി. ആ ബോർഡ് കണ്ട ത്രില്ലിൽ, ഭാണ്ഡം ഇറക്കി വച്ച്, ബാക്കിയുള്ളവരെ കാത്തിരിക്കാൻ തുടങ്ങി. 

മറ്റുള്ളവരൊക്കെ എത്തിയതിന് ശേഷം, നേരത്തെ കണ്ട ബോർഡിന്റെ അടിയിലും വശങ്ങളിലും മറ്റുമിരുന്ന് പല പോസിൽ ഞങ്ങൾ ഫോട്ടോകളെടുത്തു... അഥവാ റോളർ കോസ്റ്റർ തീർക്കാൻ പറ്റിയില്ലെങ്കിലും അതിലൂടെ പോയതായിട്ട്, ഞങ്ങളുടെ പക്കൽ ഒരു രേഖയെങ്കിലും ഉണ്ടാകുമല്ലോ !

അവിടെയിരുന്ന് കൊണ്ട്, വീട്ടീന്ന് കൊണ്ടുവന്ന ഓംലറ്റ് എല്ലാവരും കഴിച്ചു. ബ്ലാഡറിലുള്ള വെള്ളം കളഞ്ഞ്, വെള്ളവും മറ്റും ഒന്നുകൂടി കുടിച്ച്, റോളർ കോസ്റ്റർ കയറാനുള്ള  മനോനിലയും ശാരീരികനിലയും കൈവരിക്കാൻ ഞങ്ങൾ ശ്രമിച്ചു. 'ഇ'യുടെ ഭാണ്ഡത്തിൽ നിന്ന് ചില സാധനങ്ങൾ എടുത്തതിനാൽ, അവന്റെ ഭാണ്ഡം വീണ്ടും കെട്ടി ശരിയാക്കേണ്ടി വന്നു. 

റോളർ കോസ്റ്ററിന്റെ തുടക്കത്തിൽ, 'ഇതെന്ത് റോളർ കോസ്റ്റർ' എന്നായിരുന്നു ഞങ്ങളുടെ ചിന്ത. കാരണം, വലിയ വ്യത്യാസമൊന്നും ഞങ്ങൾക്ക് തോന്നിയിരുന്നില്ല. പക്ഷേ, അധികം കഴിയുന്നതിന് മുന്നേ തന്നെ, പാത അത്യന്തം ദുർഘടമാകാൻ തുടങ്ങി. ഒരുമിച്ച് തുടങ്ങിയ നടത്തം, അധികം വൈകാതെ തന്നെ വീണ്ടും പല തരത്തിലായി. ഇടക്ക്, 'ബി' എന്നിൽ നിന്നും വേർപെട്ട്, മുന്നിലേക്ക് കയറി. 'ഇ' എന്റെ പിന്നിലായും, 'സി'യും 'ഡി'യും ഒരുമിച്ച് 'ഇ'യുടെ പിന്നിലായും, ഞങ്ങൾ, റോളർ കോസ്റ്റർ യാത്ര തുടർന്നു. 

സത്യത്തിൽ റോളർ കോസ്റ്റർ നടത്തം, അതീവ ദുഷ്കരമായി തീർന്നിരുന്നു. കൂർത്തതും ചരിഞ്ഞുമൊക്കെ കിടക്കുന്ന ചെറുതും വലുതുമായ പാറക്കല്ലുകൾ നിറഞ്ഞ, ചെങ്കുത്തായതും വളഞ്ഞും പുളഞ്ഞുമുള്ള കയറ്റിറക്കങ്ങളുമുള്ള ഘട്ടങ്ങളായിരുന്നു കൂടുതലും. നമ്മുടെ കാല് ശരിക്കും നിലത്ത് ഉറപ്പിക്കാൻ ഒരു മാർഗ്ഗവുമില്ല. മുതുകിൽ കയറ്റിയ ഭാരത്തിന്റെ കൂടെ, ഏകദേശം എല്ലാ ഘട്ടങ്ങളിലും ബാലൻസ് ചെയ്ത് നടക്കേണ്ടുന്ന അവസ്ഥ. കയറ്റങ്ങളിൽ മലദൈവങ്ങളെ വിളിച്ച് കരയേണ്ടി വരുമോ എന്നൊക്കെ തോന്നിപ്പോകും ! ആരെയും കാത്ത് നിൽക്കാതെ എങ്ങനെയെങ്കിലും, സ്വയം മല കയറ്റാൻ പറ്റിയാൽ ഭാഗ്യം എന്ന്, ചിലപ്പോഴെങ്കിലും കരുതിപ്പോകും.

കുറേ നടന്ന് 'ബി'യും ഞാനും ഒരു നല്ല വ്യൂ പോയിന്റ് എത്തിയപ്പോൾ അവിടെ ഇരുന്നു. അവിടെ മൊബൈലിന് റേഞ്ച് കിട്ടിയതിനാൽ മറ്റുള്ളവരെ വിളിച്ച് നോക്കി. 'ഇ'യെ മാത്രമാണ് കണക്ട് ചെയ്യാൻ പറ്റിയത്. ഇനി ലഞ്ചെന്ന പേരിൽ എന്തെങ്കിലും കഴിച്ചിട്ടാകാം യാത്ര എന്ന് തീരുമാനിച്ചു. എല്ലാവരെയും കാത്ത് അവിടെത്തന്നെയിരിക്കാനായിരുന്നു എന്റെയും 'ബി'യുടെയും പ്ലാൻ. 

'ഇ'യുമായി ഫോണിൽ സംസാരിച്ചപ്പോൾ, അവൻ ഏകദേശം ഇരുപതോളം മിനുട്ടുകൾ പുറകിലാണെന്ന് മനസ്സിലായി. ഞങ്ങൾ ഇരിക്കുന്ന ഭാഗത്തിന്റെ അടയാളങ്ങൾ പറഞ്ഞ് കൊടുത്ത്, വഴിയിൽ നിന്ന് കുറച്ച് മാറി, ഞാനും 'ബി'യും ഒരു പാറപ്പുറത്ത് മലർന്ന് കണ്ണടച്ച് കിടന്നു. 

അര മണിക്കൂർ കഴിഞ്ഞിട്ടും 'ഇ'യെ കാണാഞ്ഞപ്പോൾ ഞങ്ങൾ ഒന്നുകൂടി അവനെ വിളിച്ച് നോക്കി. അവൻ ഞങ്ങളിരിക്കുന്ന ഭാഗം കടന്നു പോയോ അതോ ഇനിയും ഞങ്ങളിരിക്കുന്നിടത്തേക്ക് എത്താനിരിക്കുന്നതേയുള്ളോ എന്നൊന്നും ഞങ്ങൾക്ക് ശരിക്ക് മനസ്സിലാക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. പക്ഷെ അവൻ നടത്തം തുടർന്നു.

പിന്നെയും ഒരു പതിനഞ്ചോളം മിനുട്ടുകൾ കഴിഞ്ഞപ്പോൾ, ദൂരെനിന്ന് എവിടന്നോ, 'സി'യുടെയും 'ഡി'യുടെയും ഉച്ചത്തിലുള്ള സംസാരം, നമ്മുടെ കാതുകളിൽ കേൾക്കാൻ പാകത്തിലെത്തി. വിസിൽ ഊതിയും ഉച്ചത്തിൽ പ്രത്യേക രീതിയിൽ കൂക്കിയുമൊക്കെ, ഞങ്ങൾ, ഞങ്ങളുടെ സാന്നിദ്ധ്യം അറിയിച്ചു. പിന്നെയും പതിനഞ്ചോളം മിനുട്ടുകൾ കാത്തിരുന്നിട്ടും 'സി'യും 'ഡി'യും ഞങ്ങളുടെ അടുത്ത് എത്തിയില്ല... സംസാരം കേൾക്കുന്നെങ്കിലും വളഞ്ഞുപുളഞ്ഞുള്ള വഴിയാതിനാൽ ഇനിയും എത്ര നേരമെടുക്കുമെന്ന് ഒരു പിടിയുമില്ല. അപ്പോഴേക്കും, ഞങ്ങൾക്ക് ഒരു കാര്യം മനസ്സിലായി, 'ഇ', ഞങ്ങളെയും കടന്ന് പോയിരിക്കുന്നു. ചെവിയിൽ, ഹെഡ് ഫോണും വെച്ച് പാട്ട് കേട്ട് കൊണ്ട് നടക്കുന്നതിനാൽ, 'ഇ'ക്ക് അധിക സമയവും സ്ഥലകാലബോധം ഉണ്ടെന്ന് ഞങ്ങൾക്ക് തോന്നിയിരുന്നില്ല.

ഒരുമിച്ച് ലഞ്ച് കഴിക്കാമെന്ന് തീരുമാനിച്ചത് കൊണ്ട്, ഇനി 'ഇ'യെ ഒരിടത്ത് ഇരുത്തിയേ പറ്റൂ. അവനെ മൊബൈലിൽ വിളിച്ചപ്പോൾ ഭാഗ്യത്തിന് അവനെ കിട്ടി. എവിടെയാണോ, അവിടെത്തന്നെ ഇരിക്കാൻ പറഞ്ഞ്, 'ഞാൻ അവനെയും തേടി മുന്നോട്ട് നടന്നു. 'ബി', സി'യേയും 'ഡി'യേയും കാത്ത് അവിടെത്തന്നെ ഇരുന്നു.

അര മണിക്കൂറോളം നടന്നപ്പോൾ, എനിക്ക് 'ഇ'യെ കാണാൻ പറ്റി. ഞങ്ങൾ രണ്ട് പേരും, വീണ്ടും കുറച്ച് കൂടെ മുന്നോട്ട് നടന്ന്, ഞങ്ങളെല്ലാവർക്കും ഒരുമിച്ചിരിക്കാൻ പറ്റിയ ഒരു സ്ഥലമെത്തിയപ്പോൾ, ഭാണ്ഡവും ഇറക്കി, മറ്റുള്ളവർക്ക് വേണ്ടിയുള്ള കാത്തിരിപ്പാരംഭിച്ചു. 

പത്ത് മിനുട്ടോളം കഴിഞ്ഞപ്പോൾ, 'ബി' ഒറ്റക്ക് അവിടെയെത്തി. അപ്പഴേക്കും, വിശപ്പ് തലയിൽ കയറിയതിനാൽ, ഉടനെത്തന്നെ, സി'യേയും 'ഡി'യേയും കാത്ത് നിൽക്കാതെ, ലഞ്ച് കഴിക്കാനുള്ള ഏർപ്പാട് തുടങ്ങി.

ലഞ്ചിന്റെ ചുമതല, മുഖ്യമായും 'ബി'ക്കായിരുന്നു. അവൻ കൊണ്ടുവന്നത്, ഒന്ന് രണ്ട് പുതിയ സാധനങ്ങളായിരുന്നു. പച്ച മീനിന്റെ അവസ്ഥ മാറാത്ത തരത്തിലുള്ള സ്മോക്ക്ഡ് സാൽമന്റെ ഒരു വലിയ പാക്കറ്റും പകുതി മാത്രം വേവിച്ച ഹെറിങ് എന്ന മീനിന്റെ ടിന്നുകളുമായിരുന്നു അവൻ കൊണ്ടുവന്നത്. ഒരു സുഷി ടൈപ് ! ഇതുവരെ ആ രീതിയിൽ കഴിച്ചിട്ടില്ലാത്തതിനാൽ, ഈ സാധനങ്ങൾ കഴിക്കാൻ തുടക്കത്തിലെനിക്ക് ബുദ്ധിമുട്ട് തോന്നി. എങ്കിലും വിശപ്പിന്റെ വിളി അത്രക്കും മൂർദ്ധന്യത്തിലായതിനാൽ എന്ത് കിട്ടിയാലും കഴിക്കാമെന്ന അവസ്ഥയിലുമായിരുന്നു. എന്തായാലും സ്മോക്ക്ഡ് സാൽമൺ, ബ്രഡിന്റെ ഉള്ളിൽ ചുരുട്ടി, കണ്ണും പൂട്ടി ചവച്ചിറക്കി.

ഞങ്ങൾ ഭക്ഷണം കഴിച്ച്, തീരാറായപ്പോഴേക്കും, സി'യും 'ഡി'യും അവിടെയെത്തി. ഉടനെത്തന്നെ, ഭാണ്ഡങ്ങളിറക്കി അവരും ശാപ്പാടാരംഭിച്ചു. വിശപ്പിന്റെ ശക്തി കൊണ്ടാണോ എന്നറിയില്ല, മറ്റുള്ളവരൊക്കെ ആവേശത്തോടെ മത്സരിച്ച്, ആ സ്മോക്ക്ഡ് സാൽമൺ പാക്കറ്റ്, വെട്ടുകിളികൾ വയലിലിറങ്ങിയത് പോലെ തിന്നു തീർത്തു.

അധികം വൈകാതെ തന്നെ ഞങ്ങൾ വീണ്ടും നടത്തം ആരംഭിച്ചു. അതുവരെയുള്ള യാത്രയായപ്പഴേക്കും 'ഡി'യുടെ കഥ പിന്നെയും കഴിഞ്ഞ യാത്രയിലേത് പോലെത്തന്നെ ആയി മാറിയിരുന്നു. റോളർ കോസ്റ്റർ അവനെ ചുറ്റി വരിയുന്നുണ്ട് എന്നുള്ളത് അവന്റെ ഓരോ വാക്കിലും ചലനത്തിലും പ്രതിഫലിക്കുന്നുണ്ടായിരുന്നു. കിതപ്പും, ഇടക്കിടക്കുള്ള നിപ്പും പ്രാക്കും, വേണ്ടെന്ന് വിചാരിച്ചിട്ടും റോളർ കോസ്റ്റർ അവനെക്കൊണ്ട് ചെയ്യിക്കുന്നുണ്ട്. 

പഴയത് പോലെ തന്നെ ഞങ്ങൾ വീണ്ടും സ്പ്ലിറ്റായി. 'ബി' മുന്നിൽ, പിന്നെ ഞാൻ, പിന്നെ 'ഇ', ഏറ്റവും ഒടുവിൽ 'സി'യും 'ഡി'യും. കഴിഞ്ഞ തവണ, രണ്ട് രാത്രികളിലും ഷെൽട്ടറുകളിലായിരുന്നു കിടത്തമെന്നതിനാൽ, ടെന്റ് ഞങ്ങൾ ഉപയോഗിച്ചിരുന്നില്ല. അതുകൊണ്ട്, ഇത്തവണ എന്തായാലും ടെന്റ് കെട്ടിത്തന്നെ രാത്രി കിടക്കാനായിരുന്നു ഞങ്ങളുടെ പ്ലാൻ. ഏകദേശം പതിമൂന്ന് മലയോളം നടന്ന്, ബേർസ് ഡെൻ (bears den) എത്തുന്നതിന് മുന്നേയുള്ള സ്പൗട് റൺ (spout run) എന്ന അരുവിക്കരികിൽ ടെന്റ് കെട്ടാമെന്ന ധാരണയിൽ ഞങ്ങൾ മുന്നോട്ട് നടന്നു. 

ദുർഘടമായ നടത്തം, ഞങ്ങളുടെ വേഗതയെ ശരിക്കും ബാധിച്ചിരുന്നു. സ്മോക്ക്ഡ് സാൽമൺ വയറിൽ നിന്ന് നീന്തുന്നുണ്ടോ എന്നൊരു സംശയം എനിക്കുണ്ടായി. വയറിൽ അതുവരെയില്ലാത്ത വിധം വായുസഞ്ചാരം എന്റെ കാതുകളിൽ കേൾക്കത്തക്കവിധം ശബ്ദമുണ്ടാക്കാൻ തുടങ്ങിയത്, എന്നെ മാനസികമായി അലോസരപ്പെടുത്താൻ തുടങ്ങി. നടപ്പാതയുടെ ഏതെങ്കിലും മടക്കുകളിൽ വിസർജ്ജനം നടത്തേണ്ടിവരുമോ എന്ന ശങ്ക എന്നെ അലട്ടി. എന്തുതന്നെയായാലും വരുന്നത് വരട്ടെ എന്ന രീതിയിൽ മുന്നോട്ട് ആഞ്ഞു നടന്നു. അല്ലാതെ വഴിയിൽ ആരും കാണാതെ കിടന്നിട്ട് കാര്യമില്ലല്ലോ. 

പക്ഷേ, സാൽമൺ മീനിന്റെ പുളച്ചിൽ എന്നിൽ വല്ലാത്ത അലോസരമുണ്ടാക്കിക്കൊണ്ടിരുന്നു. സ്വന്തം തട്ടകമായ നദിയിൽ മൂന്നോളം വർഷങ്ങൾ ചിലവിട്ടതിന് ശേഷം, പൂർണ്ണവളർച്ചയെത്തുന്നതിന് വടക്കൻ അറ്റലാന്റിക് വൻകടലിൽ പോയി, പിന്നെയും രണ്ടോ മൂന്നോ വർഷങ്ങൾ ചിലവഴിച്ച് മുട്ടയിടാൻ വീണ്ടും പഴയ നദിയിലേക്ക് തിരിച്ച് വരുന്ന അറ്റ്ലാന്റിക് സാൽമൺ മൽസ്യം, വടക്കൻ അറ്റ്ലാന്റിക് വൻകടലിൽ മാത്രം അപ്പഴേക്കും ആറായിരത്തോളം മൈലുകൾ സാധാരണ രീതിയിൽ സഞ്ചരിച്ചിട്ടുണ്ടാകുമത്രേ. സാൽമൺ തിന്നതിന് ശേഷം, എന്റെ കുടലിലുണ്ടായ മലക്കം മറിച്ചിൽ ആരംഭിച്ചപ്പോൾ, സാൽമൺ മീനിന്റെ യാത്രയെക്കുറിച്ച് അറിയാതെ ഓർത്തു പോയി. ചത്ത മീനാണെങ്കിലും, എന്റെ വയറ്റിൽ നിന്ന് എട്ടോളം മീറ്ററുകൾ താണ്ടി വൻകുടൽ വഴി താഴോട്ട് പോകുമോ, അതോ ഏകദേശം അര മീറ്ററോളം താണ്ടി, അന്നനാളം വഴി മുകളിലേക്ക് തന്നെ വരുമോ എന്നായിരുന്നു എന്റെ സംശയം. 

ഇടക്ക്, എവിടെയെങ്കിലും മറഞ്ഞിരിക്കാനുള്ള സൗകര്യമൊക്കെയുണ്ടെങ്കിലും, വ്യക്തമായി എന്ത് ചെയ്യണമെന്ന് നിശ്ചയമില്ലാത്തതിനാൽ മുന്നോട്ട് തന്നെ നടന്നു. അപ്പഴേക്കും, വയറ്റിൽ നിന്ന് മുകളിലോട്ട് വായുസഞ്ചാരം ആരംഭിച്ചിരുന്നു. സാധാരണഗതിയിൽ തന്നെ അധോവായു സഞ്ചാരം ഉള്ളതിനാൽ അതിനെക്കുറിച്ച് ഞാൻ കൂടുതൽ ചിന്താകുലനായിരുന്നില്ല. 

വായുസഞ്ചാരവും വയറ്റിലെ വൈക്ലബ്യവും ഏത് രൂപത്തിൽ പരിവർത്തനം ചെയ്യപ്പെടുമെന്ന് നിശ്ചയമില്ലാത്ത അവസ്ഥയിൽ, മുകളിൽ നിന്നും കീഴിൽ നിന്നും പലവിധ ശബ്ദവിന്യാസങ്ങളുണ്ടാക്കിക്കൊണ്ടും ചില വാസനകൾ പരിസരത്ത് തൂവിക്കൊണ്ടുമായിരുന്നു പിന്നീടുള്ള യാത്ര. എന്തായാലും, നടത്തത്തിന്റെ കാഠിന്യം കൊണ്ടുണ്ടായ ശാരീരികാദ്ധ്വാനം കൊണ്ടോ, അതോ മനക്കരുത്ത് കൊണ്ടോ എന്നറിയില്ല, കുറെ ദൂരം നടന്ന് കഴിഞ്ഞപ്പോൾ, വയറിലെ മൂളലും പുളച്ചിലും കുറച്ച് ശമിച്ചു. ഇനി ടെന്റടിക്കാനുള്ള സ്പൗട് റണ്ണിലെത്തിയാൽ, മരുന്നിന്റെ രൂപത്തിൽ ബ്രാണ്ടി കഴിക്കാലോ എന്ന ചിന്തയായിരുന്നു കൂടുതൽ ആശ്വാസം പകർന്നത്.


***

2020 സെപ്റ്റംബർ 8, ചൊവ്വാഴ്ച

കെയ്‌സിയേൽപ്പിച്ച നഖക്ഷതങ്ങൾ (അപ്പലാച്ചിമലമ്പുരാണം - 1)

പല പല ആഗ്രഹങ്ങളും മനസ്സിലുണ്ടെങ്കിലും ചില ആഗ്രഹങ്ങൾ നടക്കുന്നത് ഒട്ടും നിനച്ചിരിക്കാതെ, വളരെ അവിചാരിതമായിട്ടായിരിക്കും. അങ്ങനെയൊരു ആഗ്രഹം നിറവേറിയത് രണ്ട് ദിവസം മുന്നേയാണ്. 

വളരെക്കാലമായുള്ളൊരു ആഗ്രഹമായിരുന്നു, ഏതെങ്കിലും കാട്ടിൽ ടെന്റ് കെട്ടി ക്യാമ്പ് ചെയ്ത് കൊണ്ട് കുറച്ച് ദിവസം ഹൈക്ക് ചെയ്യുക എന്നുള്ളത്. ഇതിലേക്കുള്ള ഏറ്റവും വലിയ ചവിട്ടുപടിയായിരുന്നു വീട്ടിലെ പ്രധാനമന്ത്രിയുടെ അനുവാദം കിട്ടുക എന്നുള്ളത്. ഇത്രയും കാലം അനുവാദം കിട്ടില്ലെന്ന മുൻവിധി അധികമായുള്ളത് കൊണ്ട്, അത്തരം ആഗ്രഹങ്ങളൊന്നും ഞാനായിട്ട്, ഇതുവരെ പ്രധാനമന്ത്രി മുൻപാകെ അവതരിപ്പിച്ചിരുന്നില്ല. 

അങ്ങനെയിരിക്കേയാണ്, ഞങ്ങൾ സാധാരണ കൂടുന്ന കൂട്ടത്തിൽ നിന്ന് പുറത്ത് നിന്നുള്ളൊരു പുംഗവൻ, ഇങ്ങോട്ട് ഒരു ഓഫർ വെക്കുന്നത്. അവനും ഒന്ന് രണ്ട് സുഹൃത്തുക്കൾക്കും രണ്ട് മൂന്ന് ദിവസം, അപ്പലാച്ചിയൻ ട്രെയിൽ ഹൈക്ക് ചെയ്ത് ക്യാമ്പ് ചെയ്യാൻ പരിപാടിയുണ്ടത്രേ... 'പോരുന്നോ' എന്ന് ചോദിച്ചപ്പോൾ, ഓഫർ നിരസിക്കാൻ തോന്നിയില്ല. അങ്ങനെയാണ് മെമ്മോറാണ്ടം വീട്ടിൽ അവതരിപ്പിക്കപ്പെട്ടത്. 'എന്ത് കൊണ്ട് ഞങ്ങൾക്ക് വന്നുകൂടാ...', 'നിങ്ങൾ മാത്രം ഇങ്ങനെ കാടും മേടും നടന്ന് ആസ്വദിച്ചാൽ മതിയോ...', 'ഞാനിവിടെ തേങ്ങാ തിരുമ്മിത്തിരുമ്മി മടുത്തു...' എന്നൊക്കെയുള്ള തിരിഞ്ഞു കൊത്തുന്ന ചോദ്യങ്ങളായിരുന്നു എന്റെ പ്രതീക്ഷയെങ്കിലും, എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട്‌, മുൻപിൻ നോക്കാതെ മെമ്മോറാണ്ടം അംഗീകരിക്കുകയായിരുന്നു പ്രധാനമന്ത്രി ചെയ്തത്. സന്തോഷത്താലും തല കറങ്ങുമെന്ന് സ്വയം മനസ്സിലാക്കിയ നിമിഷങ്ങൾ!

അങ്ങനെ, മറ്റേ പുംഗവനുമായി ചർച്ച ചെയ്തും ഗൂഗിൾ ചെയ്തുമൊക്കെ എങ്ങനെ പോകണം... എവിടന്ന് തുടങ്ങണം... എന്തൊക്കെ കൊണ്ട് പോകണം  എന്നൊക്കെയുള്ളതിനെക്കുറിച്ച് ചെറിയ ധാരണയുണ്ടാക്കാൻ ശ്രമമാരംഭിച്ചു. ഭാരതത്തിന്റെ സ്വാതന്ത്ര്യ ദിനത്തിന് വീട്ടിൽ നിന്ന് കുറച്ച് ദിവസത്തേക്ക് കാട്ടിൽ സ്വതന്ത്രമാകാമെന്ന് ധാരണയായി. ഓഫീസിൽ വിവരമറിയിച്ചു. ശനിയും ഞായറും കഴിച്ച് തിങ്കളും ചൊവ്വയും അവധി തരപ്പെടുത്തി. 

ഹൈക്കേർസിന്റെ ഏറ്റവും പ്രധാനപ്പെട്ട ആയുധമായ ഹൈക്കേർസ് ബാക്ക്പാക്ക് ആദ്യം തന്നെ ആമസോണിൽ ഓർഡർ ചെയ്തു. കൈയ്യിൽ ഇതിനകം തന്നെ ഉണ്ടായിരുന്ന സ്ലീപ്പിങ് ബാഗും ഊതി വീർപ്പിക്കുന്ന തലയിണയും വലുതായതിനാൽ, ചെറിയ വലുപ്പത്തിലുള്ളത് വേറെത്തന്നെ വാങ്ങേണ്ടി വന്നു. ഉണ്ടായിരുന്ന ടെന്റ് നാലുപേർക്ക് കിടക്കാൻ പറ്റുന്ന തരത്തിൽ വലുതായതിനാൽ അതും ഒരാൾക്ക് മാത്രം കിടക്കാൻ തരത്തിലൊന്ന് ഓർഡർ ചെയ്തു.

കാര്യങ്ങൾ പുരോഗമിക്കവേയാണ്, ഇടിത്തീ പോലൊരു വാർത്ത വന്നത്. നേരത്തെ പറഞ്ഞ പുംഗവന്റെ സുഹൃത്തിന് കോവിഡ് സമ്പർക്കം വന്നതിനാൽ, ചിലപ്പോൾ യാത്ര തന്നെ നടന്നേക്കില്ല എന്നതായിരുന്നു സന്ദേശം. പ്രധാനമന്ത്രി മനസാ തന്ന അനുമതി വ്യർത്ഥമാകുന്നതിൽ എനിക്ക് അതിയായ അനുതാപം ഉണ്ടായി. കിട്ടിയ അനുമതി പാഴായിപ്പോകാതിരിക്കാൻ, ഉടനെത്തന്നെ, ഞങ്ങൾ സാധാരണ ഒന്നിച്ച് കൂടാറുള്ള നാലഞ്ച് കൂട്ടുകാരുമായി അവസ്ഥ പങ്കിട്ടു. ആരും വന്നില്ലെങ്കിൽ ഞാനൊറ്റക്ക് കാട് കയറും എന്ന ഭീഷണി സന്ദേശവും കൂട്ടത്തിൽ തിരുകി.

അപ്പോഴാണ് മനസ്സിലായത്, അതിലൊരുത്തന് കാട് കേറാൻ മുട്ടി നിക്കുകയായിരുന്നത്രേ. ആ കാര്യം അറിയിക്കാൻ നിൽക്കുന്നതിനിടയിലാണ് എന്റെ സന്ദേശം പോകുന്നത്. എന്തായാലും പെൻസിൽവാനിയയിൽ മച്ചൂനന്റെ വീട്ടിൽ ഉല്ലസിക്കാൻ പോയ ഒരുത്തനും വേറൊരാളും ഒഴിച്ച് ബാക്കി മൂന്ന് പേരും മുൻപിൻ നോക്കാതെ, സ്വന്തം രാജ്യത്തിലെ പ്രധാനമന്ത്രിമാരുടെ അനുമതി പോലും കിട്ടാൻ കാത്ത് നിൽക്കാതെ, 'യെസ്' മൂളി കൈ പൊക്കി. പക്ഷേ വീണ്ടും വേറൊരു കോവിഡ് പ്രശ്നം തല പൊക്കി. കൂടെ വരാമെന്നേറ്റ ഒരു സുഹൃത്തിന്റെ. മകൻ കളിക്കുന്ന സോക്കർ ടീമിലെ ഒരുത്തൻ കോവിഡ് പോസിറ്റിവ് ആയിരിക്കുന്നു. അതുകൊണ്ട്, അവനും കുടുംബവും റാപിഡ് ടെസ്റ്റ് എടുത്തതിന്റെ ഫലം പോകുന്നതിന് തലേന്ന് വൈകിട്ടേ കിട്ടുള്ളൂ... പോരാത്തതിന്, മെയിൻ ടെസ്റ്റ് റിസൾട്ട് കിട്ടാൻ പിന്നെയും രണ്ട് ദിവസമെടുക്കുമത്രേ... 

എന്തായാലും, പേടി പൂർണ്ണമായും പോയില്ലെങ്കിലും, റാപിഡ് ടെസ്റ്റ് റിസൾട്ട് നെഗറ്റിവ് ആണെങ്കിൽ പോകാമെന്ന ധാരണയിൽ, എല്ലാവരും എത്തി. പോയാലും പോയില്ലെങ്കിലും തയ്യാറെടുപ്പുകൾ മുന്നോട്ട് തന്നെ എന്ന് തീരുമാനിച്ച്, എല്ലാവരും റിസൾട്ടും കാത്ത് അക്ഷമന്മാരായി.

എന്റെ അവധിക്കനുസരിച്ച് അവർക്ക് ഒരുങ്ങാൻ ആകെ സമയം കിട്ടിയത് വെറും രണ്ട് ദിവസങ്ങൾ മാത്രം. അതിനിടയിൽ അനുമതിയും മറ്റ് സാധനങ്ങളും ഒപ്പിക്കണം. പലവരും പ്രധാനമന്ത്രിമാർക്ക് ചില ഓഫറുകളൊക്കെ വച്ച് നീട്ടിയിട്ടാണ് അനുമതി ഒപ്പിച്ചതെന്ന് പിന്നീടറിഞ്ഞെങ്കിലും, കടം വാങ്ങിയും ആമസോൺ ഓവർനൈറ്റ് ഡെലിവറിയും മുഖേന യുദ്ധകാലാടിസ്ഥാനത്തിൽത്തന്നെ വേണ്ടുന്ന സാധനങ്ങൾ ഒപ്പിച്ചെടുക്കുന്നതിൽ തായ്യാറായവരൊക്കെ വിജയിച്ചു. 

ഒടുവിൽ ഭാഗ്യത്തിന്, സുഹൃത്തിന്റെയും കുടുംബത്തിന്റെയും കൊറോണ  റാപിഡ് ടെസ്റ്റ് നെഗറ്റിവ് ആയി റിസൾട്ട് വന്നു. പിറ്റേന്ന് ശനിയാഴ്ച് കാലത്ത് തന്നെ പുറപ്പെടണം. എന്റെ വീട്ടീന്ന് 60 മൈൽസ് അകലെയുള്ള 'കോംപ്ടൺ ഗാപ്' എന്ന സ്ഥലത്ത് നിന്ന് കാട് കയറാനാണ് ഞങ്ങൾ തീരുമാനിച്ചത്. മെരിലാന്റിൽ നിന്ന് വരുന്ന രണ്ടുപേർ വെള്ളിയാഴ്ച രാത്രി തന്നെ എത്തി. ബാക്ക്പാക്കിന്റെ അവസാനവട്ട ചേരുവകൾ ഒന്നും വിട്ടുപോകരുതല്ലോ എന്ന ചിന്തയിൽ പല സാധനങ്ങളും ബാക്ക്പാക്കിൽ കയറിക്കൂടി. ഉപ്പ്, മുളക് പൊടി, മഞ്ഞൾ പൊടി, ചെറുനാരങ്ങ, ആപ്പിൾ, പാക്കറ്റ് ഇളനീർ വെള്ളം എന്നിവ കൂടി മറ്റ് ഇൻസ്റ്റന്റ് ഭക്ഷണ സാധനങ്ങളുടെ ഇടയിൽ സ്ഥാനം പിടിച്ചു. ടെന്റ്, സ്റ്റവ്, ഉറക്കയുറ, തലയിണ, ടാർപോളിൻ, സ്ലീപ്പിങ് പാഡ് എന്നിവയുടെ കൂടെ കരടിയുണ്ടാകുമെന്ന പേടിയിൽ ഒരു കയ്യുടെ നീളമുള്ള ഒരു കത്തിയും, രണ്ടിന് മുട്ടുമ്പോൾ കുഴിക്കാൻ വേണ്ടി ഒരു ഷവലും കൂടെ കരുതിയിട്ടുണ്ട്. പിന്നെ ഫസ്റ്റ് എയിഡ്, തീപ്പെട്ടി, മെഴുക് തിരി, കയർ, ടിഷ്യൂസ്, മൂന്ന് ദിവസം ഇടാൻ വേണ്ടിയുള്ള വസ്ത്രങ്ങൾ, വെള്ളം, വെള്ളത്തിന്റെ കൂടെ രാത്രി കഴിക്കാനുള്ള ഒരു കുപ്പി കള്ള് (കനം കുറക്കാൻ ഗ്ലാസ്സ് കുപ്പിയിൽ നിന്ന് പ്ലാസ്റ്റിക്ക് കുപ്പിയിലേക്ക് മാറ്റിയിരുന്നു)  എന്നിവയെല്ലാം കൂടി കുത്തിക്കയറ്റിയതിന് ശേഷം ബാക്ക്പാക്ക് തൂക്കിനോക്കിയപ്പോൾ തൂക്കം 41.9 lbs (ഏകദേശം 20 കിലോ) !! എന്ത് കുറയ്ക്കും എന്നാലോചിച്ച് ഒരെത്തും പിടിയും കിട്ടാത്തപ്പോഴാണ് കുറച്ച് സാൽമൺ ടിന്നുകൾക്കും സാർഡൈൻ ടിന്നുകൾക്കും സൂപ്പ് പാക്കിനും പുറമേ വറുത്ത കടലയുടെ പാക്കറ്റ് ഉള്ളിൽ വെക്കാൻ പറ്റാത്തതിലുള്ള സങ്കടം നുരഞ്ഞ് പൊന്തിയത്. കള്ളിന്റെ കൂടെ കഴിക്കാൻ കടല പോലുമില്ലാതെങ്ങനെയാണ്? ഉടനെ വറുത്ത കടലയുടെ പാക്കറ്റ് വേറൊരുത്തന്റെ ബാക്ക്പാക്കിൽ തിരുകിക്കയറ്റി. മറ്റുള്ളവരുടെ പാക്ക് തൂക്കി നോക്കിയപ്പോൾ ഒരാളിന്റേത് 31 lbs മാത്രമേയുള്ളൂ എന്നത് സങ്കടത്തോടൊപ്പം അസൂയയും ഉണ്ടാക്കി. അപ്പോഴും എന്റെ വലിയ സങ്കടം അതായിരുന്നില്ല... രാത്രി ഭക്ഷണം പാകം ചെയ്യുമ്പോൾ അതിന്റെകൂടെ ഇടുവാൻ ഉള്ളി എടുത്തില്ലല്ലോ എന്നതായിരുന്നു !

ഞങ്ങളുടെ ആദ്യത്തെ പ്ലാൻ, ഷാനൻഡോവ വാലിയിലെ സ്കൈലൈൻ ഡ്രൈവിലുള്ള 'കോംപ്ടൺ ഗ്യാപ്' എന്ന സ്ഥലത്ത് നിന്ന് പുറപ്പെട്ട് മൂന്ന് ദിവസങ്ങൾ കൊണ്ട് ഏകദേശം 40 മൈലോളം മലമടക്കുകളിലൂടെ വടക്കോട്ട് നടന്ന്, 'സ്നിക്കേഴ്സ് ഗ്യാപ്' എന്ന സ്ഥലത്ത് യാത്ര അവസാനിപ്പിക്കാനായിരുന്നു. കൂടുതൽ നടക്കാൻ പറ്റുമെങ്കിൽ, ഏഴോളം മൈൽ കൂടി വടക്കോട്ട് നടന്ന് 'ബ്ലാക്ക്ബേൺ ട്രെയിൽ സെന്റർ ആക്സസ്' എന്ന സ്ഥലത്ത് യാത്ര അവസാനിപ്പിക്കാമെന്ന പ്ലാൻ ബിയും നമുക്കുണ്ടായിരുന്നു.

കോംപ്ടൺ ഗ്യാപിലേക്കുള്ള യാത്രയായിരുന്നു നമ്മുടെ അടുത്ത കുടുക്ക് മസാല. യാത്ര തുടങ്ങുന്നിടത്ത് നമ്മെ കൊണ്ടുപോയി വിടാനും യാത്ര നിർത്തുന്ന സ്ഥലത്ത് നിന്ന് തിരിച്ച് കൊണ്ടുവരാനും ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ വളരെ ഉപകാരമാകുമായിരുന്നെങ്കിലും, നമ്മുടെ  കഷ്ടകാലത്തിന് ആരെയും കിട്ടിയിരുന്നില്ല. 

ഞങ്ങളുടെ കൂട്ടത്തിൽ മല കയറാൻ ഇല്ലെന്ന് പറഞ്ഞ പെൻസിൽവാനിയയിൽ പോകാത്ത വേറൊരാളുണ്ടായിരുന്നെന്ന് നേരത്തെ പറഞ്ഞിരുന്നല്ലോ. അവൻ ചിലപ്പോൾ കൊണ്ട് വിടാമെന്ന ഒരു മോഹം തന്നിരുന്നെങ്കിലും, കൊറോണ റാപിഡ് ടെസ്റ്റ് കഴിഞ്ഞ ഒരാൾ ഉണ്ടെന്ന കാരണത്താലും, അവന്റെ വണ്ടിയുടെ മെയിന്റനൻസ് കാരണം പറഞ്ഞുമൊക്കെ ഒഴിവായി. മെയിൻ റിസൾട്ടിന്റെ ഫലം നെഗറ്റിവ് ആയി വന്നാൽ, മടക്ക സമയത്ത് തിരിച്ച് കൊണ്ടുവരാമെന്ന വാഗ്ദാനം നൽകിയത് കുറച്ചെങ്കിലും നമുക്ക് ആശ്വാസമായി.

എന്തായാലും നമ്മുടെ ആരുടെയെങ്കിലും വണ്ടിയിൽ പോയി, തുടക്ക സ്ഥലത്തുള്ള പാർക്കിങ് ഏരിയയിൽ വണ്ടി വച്ച് (ഭീതിയോടെയാണെങ്കിലും... കാരണം രണ്ട് മൂന്ന് ദിവസം വണ്ടി ആരും നോക്കാനില്ലാതെ അവിടെ കിടക്കുമല്ലോ... തിരിച്ച് വരുമ്പോ, വണ്ടിയുടെ ചക്രങ്ങളോ അതോ വണ്ടി തന്നെയോ അവിടെ കാണുമോ എന്ന ഭീതി...) തിരിച്ച് വരുന്ന ദിവസം അവിടെ പോയി വണ്ടി എടുക്കാമെന്ന് വച്ചു. പക്ഷേ പലവിധ ചർച്ചകൾക്ക് ശേഷം, ആ പരിപാടി 'സേഫ്' അല്ല എന്ന കാരണത്താൽ, ഊബർ വിളിക്കാമെന്ന ധാരണയായിരുന്നു, പുറപ്പെടുന്ന സമയം വരെ ഞങ്ങൾക്ക് ഉണ്ടായിരുന്നത്.

രാവിലെ ആറര മുതൽ ഞങ്ങൾ ഊബർ ബുക്ക് ചെയ്യാനുള്ള ശ്രമം ആരംഭിച്ചെങ്കിലും ഏകദേശം അരമുക്കാൽ മണിക്കൂർ നേരത്തെ പ്രയത്നത്തിനൊടുവിൽ, ഊബർ പരിപാടി നടക്കില്ലെന്ന് നമുക്ക് മനസിലായി. ഒരു മണിക്കൂറിലധികം ഡ്രൈവുള്ളതിനാലോ തിരിച്ച് കാലിയടിക്കേണ്ടിവരുമെന്ന് ആലോചിച്ചോ മറ്റോ, ഒരു ഊബർ ഡ്രൈവർമാരും ഞങ്ങളുടെ അപേക്ഷകൾ ചെവിക്കൊണ്ടില്ല. ഞങ്ങളെ ഒന്ന് കൊണ്ടുവിടുമോ എന്ന അപേക്ഷ വീട്ടിലെ പ്രധാനമന്ത്രിയും നിഷ്കരുണം നിരസിച്ചു. നാല് പേരുടേയും കനമുള്ള ബാക്ക്പാക്കുകൾ എന്റെ ഗരാജിന്റെ ഓരോ മൂലക്ക് അനാഥ ശവങ്ങളെപ്പോലെ അനക്കമില്ലാതെ കിടന്നു.  

ഗതി കെട്ടാൽ എന്തും ചെയ്യുമെന്നാണല്ലോ... നമ്മുടെ കൂട്ടത്തിലൊരുവൻ, നമ്മുടെ പരിചയത്തിൽത്തന്നെയുള്ള വേറൊരാളെ വിളിച്ചപേക്ഷിക്കാൻ തീരുമാനിച്ചു. ഏഴരപ്പുലർച്ചക്ക് തന്നെ ഒരുത്തനെ വിളിച്ചുണർത്തി, അങ്ങോട്ടുമിങ്ങോട്ടും ഏകദേശം മൂന്ന് മണിക്കൂറോളം ചിലവാക്കി, ഞങ്ങളെക്കൊണ്ടു വിട്ട് തിരിച്ച് വരാൻ പറ്റുമോ എന്ന അപേക്ഷ നടത്തുന്നതിലെ നാണക്കേട് ഓർത്തപ്പോൾ എനിക്ക് കക്കൂസിൽ പോകാൻ മുട്ടി. ഭാഗ്യത്തിന്, ഞാൻ കക്കൂസിൽ നിന്ന് തിരിച്ച് വരുമ്പോഴേക്കും സന്തോഷവാർത്ത മുന്നിലുണ്ടായിരുന്നു. അങ്ങനെ, പിന്നീടൊട്ടും സമയം പാഴാക്കാതെ, എന്റെ വണ്ടിയിൽ ഞങ്ങളെല്ലാവരും യാത്ര തിരിച്ചു. 

ഞങ്ങളെ അവിടെ എത്തിച്ച് ഞങ്ങളുടെ ഒരു കൂട്ടഫോട്ടോ എടുത്തതിന് ശേഷം, നമ്മുടെ പുലർകാല സുഹൃത്ത്, എന്റെ വണ്ടിയുമായി വീട്ടിലേക്ക് മടങ്ങി. എട്ട് മണിക്കെങ്കിലും മല കയറിത്തുടങ്ങണം എന്ന് പ്ലാനിട്ടിരുന്ന ഞങ്ങൾ, മല കയറുമ്പഴേക്കും ഒൻപത് മണി കഴിഞ്ഞിരുന്നു. 

ആദ്യത്തെ ദിവസം, പതിനാറ് മൈൽ താണ്ടി, 'മനസാസ് ഗ്യാപ് ഷെൽട്ടർ' എന്ന സ്ഥലത്ത് എത്തിച്ചേരാനായിരുന്നു പ്ലാനിട്ടത്. തുനിഞ്ഞിറങ്ങിയുള്ള മല കയറ്റത്തിന്റെ തുടക്കത്തിൽ ഭാരങ്ങളൊക്കെ തൂവലുകളായി അനുഭവപ്പെട്ടു. പക്ഷേ കുറച്ച് കഴിയുമ്പഴേക്കും മലമടക്കുകളുടെ പുളച്ചലും കയറ്റിറക്കങ്ങളും നമ്മെ പല പല ഭാഗങ്ങളിലാക്കി. കഴിയുന്നതും വേഗത്തിൽ ലക്ഷ്യസ്ഥാനത്തെത്തിയാൽ അത്രയും കുറച്ച് നേരമല്ലേ ഭാണ്ഡം ചുമക്കേണ്ടതുള്ളൂ എന്ന വികാരം ഓരോരുത്തരെയും നയിച്ചെങ്കിലും പലരും പല വേഗത്തിലായിരുന്നു. ഇരുപത് കിലോ ഭാരം നാല്പതും എൺപതുമൊക്കെയായി തോന്നാൻ തുടങ്ങി. ഓരോ കയറ്റങ്ങളും എവറസ്റ്റിനേക്കാൾ ഉയരമുള്ളത് പോലെ തോന്നിച്ചു. അര മണിക്കൂറിനുള്ളിൽത്തന്നെ ചോര മുഴുവൻ നീരായി പുറത്ത് വരാൻ തുടങ്ങി. ഓരോ പത്തടി കയറുമ്പഴേക്കും എവിടെയെങ്കിലും പിടിച്ച് നിന്നാൽ മതിയെന്നായി.

ആളുടെ പേര് ഞാൻ പറയുന്നില്ലെങ്കിലും നമ്മുടെ കൂട്ടത്തിലൊരാൾ കുറച്ച് ആമമാർക്ക് ആയിരുന്നു. ഞങ്ങളുടെ നടത്തത്തിന്റെ വേഗതയുടെ അടിസ്ഥാനത്തിൽ, അദ്ദേഹത്തെ 'ഡി' എന്ന് വിളിക്കാം. ഈ സംഭവം എഴുതുന്നയാൾ എന്ന നിലയിൽ ഞാൻ സ്വയം 'എ' ആയിക്കൊണ്ട്, എന്റെ കൂടെത്തന്നെ വേഗത്തിൽ നടന്ന 31 lbs മാത്രം പുറത്ത് കയറ്റി വച്ചിരുന്നവനെ 'ബി' യുമാക്കാം. ബാക്കിവന്നയാൾ 'സി' യും. 

ഞാനും 'ബി'യും ആദ്യത്തെ ദിവസം ആവുന്ന വേഗത്തിൽ വച്ചുപിടിച്ചു. പതിനാറോളം മൈൽ നടക്കേണ്ടതുണ്ടല്ലോ. ഉച്ചയാവുമ്പഴേക്കും പകുതി ദൂരം താണ്ടി 'മോസ്‌ബി ക്യാമ്പ് സൈറ്റി'ൽ എത്താനാണ് പ്ലാൻ. 'സി'യും 'ഡി'യും തുടക്കത്തിൽ ഒരുമിച്ച് ഉണ്ടായിരുന്നു. പിന്നെ രണ്ട് ഗ്രൂപ്പായപ്പോൾ, ഇടക്ക് ഒച്ചയെടുത്തും, പ്രത്യേക താളത്തിൽ കൂക്കിയും, എന്റെയടുത്ത് ഉണ്ടായിരുന്ന വിസിൽ ഊതിയും, ഞങ്ങൾ, ഞങ്ങളുടെ സാന്നിദ്ധ്യം പരസ്പരം അറിയിച്ചു. അങ്ങനെ കുറച്ച് ദൂരം പോയപ്പഴേക്കും ഞങ്ങളുടെ ശബ്ദം പരസ്പരം കേൾക്കാതായി, തിരിച്ചുള്ള പ്രതികരണങ്ങൾ ഇല്ലാതായി.പക്ഷേ മുതുകിൽ കനമുള്ളത് കൊണ്ട്, ആരെയും കാത്ത് നിൽക്കാതെ ഞാനും 'ബി'യും മുന്നോട്ട് തന്നെ കുതിച്ചു.  

ഏകദേശം രണ്ട് മണിക്ക് മുന്നേ തന്നെ, ഞാനും 'ബി'യും 'മോസ്‌ബി ക്യാമ്പ് സൈറ്റി'ൽ എത്തിച്ചേർന്നു. മുക്കാൽ മണിക്കൂർ കഴിഞ്ഞിട്ടും 'സി'യെയും 'ഡി'യെയും കാണാഞ്ഞപ്പോൾ ഞങ്ങൾക്ക് ആദ്യമായി ആധി തോന്നാൻ തുടങ്ങി. തിരിച്ച് പോയി പരാതിയാലോ എന്നാലോചിച്ച് നിൽക്കുമ്പോഴാണ്, 'സി' പതുക്കെ നടന്ന് വരുന്നത് കണ്ടത്. 

'ഡി'യെക്കുറിച്ച് ചോദിച്ചപ്പോൾ, 'സി' കൈ മലർത്തി. അതോടെ ഞങ്ങളുടെ ആധി ഇരട്ടിയായി. പെട്ടന്ന് തന്നെ 'സി'യെ ഞങ്ങളുടെ ഭാണ്ഡം നോക്കാൻ ഏല്പിച്ചിട്ട് ഞാനും 'ബി'യും 'ഡി'യെ തപ്പിയിറങ്ങി. 

ഞങ്ങളുടെ കൂട്ടത്തിൽ 'ഡി' മാത്രമായിരുന്നു കൊതുകിനെ പേടിച്ച്, ഫുൾ കാർഗോ പാന്റ്സ് ഇട്ട് മല കയറിയത്. ബാക്കിയുള്ളവർ ഭാരം കുറഞ്ഞ ഷോട്സ് ആയിരുന്നു ഇട്ടിരുന്നത്. ഏകദേശം പത്ത് മിനുട്ട് പിന്നോട്ട് നടന്നപ്പഴേക്കും നമുക്ക് പതുക്കെ നടന്നു വരുന്ന 'ഡി'യെ കാണാൻ പറ്റിയത് വല്ലാത്തൊരാശ്വാസമായി. പരസ്പരം ഞങ്ങൾ കാണുമ്പഴേക്കും, കണ്ടതിലുള്ള സന്തോഷം കൊണ്ടോ അതോ ഇതുവരെ ഒറ്റക്ക് ആരോരുമില്ലാതെ കല്ലിനോടും മരങ്ങളോടും മാത്രം മിണ്ടിയും പറഞ്ഞും വീതി കുറഞ്ഞ വഴിയിലൂടെ, കാർമേഘത്താലലംകൃതമായ ഇരുട്ടിലൂടെ, നടക്കുന്ന വഴി പോലും ശരിയായ വഴിയാണോ എന്ന് നിശ്ചയമില്ലാതെ, കരടി ഭീതിയിൽ  നടക്കേണ്ടിവന്നതിലുള്ള കുണ്ഠിതം കൊണ്ടോ എന്നറിയില്ല, 'ഡി'യുടെ കണ്ണിൽ നിന്ന് ഇത്തിരി നീരുറവ പൊടിഞ്ഞോ എന്ന് ഞങ്ങൾക്ക് സംശയമായി, കാരണം അവന്റെ വാക്കുകളും കണ്ഠവും ഇടറുന്നുണ്ടായിരുന്നു. 

ആ വിറയ്ക്കുന്ന വാക്കുകൾ പെട്ടന്ന് തന്നെ പരാതിയായി മാറി. 'ഞാൻ കയറ്റം കയറുമ്പോഴെങ്കിലും നിങ്ങൾക്ക് ഒന്നെന്റെ കൂടെ നിന്നൂടെ....'എന്ന് തുടങ്ങി എന്തൊക്കെയോ പറഞ്ഞു. ഞങ്ങൾ മറിച്ചൊന്നും പറഞ്ഞില്ല. വികാരത്തള്ളലിന് എങ്ങനെ മറുപടി പറയും? 

എന്തായാലും 'ഇനി മുതൽ ഞാൻ നിന്റെ പിന്നിലേ നടക്കുകയുള്ളൂ' എന്ന് ഞാൻ 'ഡി'ക്ക് വാക്ക് കൊടുത്തു. പതുക്കെ 'ഡി'യെ അനുനയിപ്പിച്ച്, 'സി' നിൽക്കുന്നിടത്തേക്ക് ഞങ്ങൾ തിരിച്ചു. 

ഞങ്ങൾ തിരിച്ച് അവിടെയെത്തുമ്പോൾ, മോസ്‌ബി ക്യാമ്പ്സൈറ്റി'ന്റെ അടുത്ത് താമസിക്കുന്ന, ഏകദേശം എൺപത് വയസ്സിന് മുകളിൽ പ്രായം തോന്നിക്കുന്ന സ്റ്റുവർട്ട് എന്ന് പേരുള്ള ഒരു വൃദ്ധൻ, വളണ്ടിയറായി ട്രെയിൽ വൃത്തിയാക്കുന്നുണ്ടായിരുന്നു. അദ്ദേഹത്തിന് കൂട്ടായി 'കെയ്‌സി' എന്നൊരു പട്ടിയും. യജമാനനെപ്പോലെ തന്നെ കെയ്സിയും വളരെ സൗഹൃദപരമായാണ് പെരുമാറിയത്. സ്റ്റുവർട്ട്, മോസ്‌ബി എന്നയാളുടെ നേതൃത്വത്തിൽ ചെമ്പ് തേടി വന്ന് ആ പ്രദേശത്ത് സെറ്റിൽ ചെയ്യുകയും, ചെമ്പ് തീർന്നപ്പോൾ അവിടം ഉപേക്ഷിച്ച് പോയ ആൾക്കാരുടെയും കഥകൾ ചുരുക്കിപ്പറഞ്ഞപ്പോൾ കെയ്‌സിക്കും ഞങ്ങളോട് എന്തൊക്കെയോ പറയാനുണ്ടെന്ന് തോന്നി.

വളരെ സൗഹൃദം കാട്ടി, ഞങ്ങളുടെ മുകളിൽ പാഞ്ഞുകയറിയ കെയ്സിയുടെ നഖക്ഷതങ്ങളേറ്റ് എന്റെ മാറിടത്തിൽ നീറ്റലുണ്ടായി. എന്റെ കൈകൊണ്ട് ഞാനെന്റെ മാറിടം തടവിക്കൊണ്ടിരിക്കുമ്പോഴാണ് ഞങ്ങളുടെ വാട്ടർ ഡിപ്പാർട്ട്മെന്റ് കൈകാര്യം ചെയ്യാമെന്നേറ്റിരുന്ന 'സി', അവന്റെ കൈയ്യിലുള്ള, പുതുതായി വാങ്ങിച്ച വാട്ടർ ഫിൽട്ടറുകളും വാട്ടർ ട്രീറ്റ്‌മെന്റ് ടാബ്‌ലറ്റുകളും ഒന്ന് പരീക്ഷിച്ച് നോക്കാൻ തീരുമാനിച്ചത്. കൈയ്യിലുള്ള വെള്ളം തീരുന്ന മുറക്ക്, സ്ഥലത്തെ ജലലഭ്യതക്കനുസരിച്ച് പുനർനിറയ്‌ക്കേണ്ടതുണ്ടല്ലോ. പക്ഷേ 'ഡി'യുടെ ചിന്ത, കെയ്സിയുടെ നഖക്ഷതമേറ്റ സ്ഥിതിക്ക്, എനിക്ക് വയറിന് ചുറ്റും കുത്തിവെപ്പ് വേണ്ടിവരുമോ എന്നതായിരുന്നു. കുത്തിവയ്‌പിനെക്കാൾ സുഖം നഖക്ഷതങ്ങളാണെന്ന് മനസ്സിലാക്കിയ ഞാൻ, ഇതിന് മുൻപ് പലതവണയുണ്ടായിട്ടുള്ള നഖക്ഷതങ്ങൾക്ക് ഞാൻ കുത്തിവെപ്പ് എടുത്തിട്ടില്ലെന്നുള്ള കാര്യം പറഞ്ഞ് സ്വയം അരോഗഗാത്രനായി നിലകൊണ്ടു.

മോസ്‌ബി ക്യാമ്പ് സൈറ്റിനടുത്ത് 'സ്പ്രിങ്' (നീരുറവ) എന്നൊരു ബോർഡ് ഞങ്ങൾ കണ്ടിരുന്നു. സ്പ്രിങ്ങിലെ വെള്ളം എങ്ങനെയുണ്ട് എന്ന്  സ്റ്റുവർട്ടിനോട് ചോദിച്ചപ്പോൾ, ''വണ്ടർഫുൾ' എന്നായിരുന്നു ഉത്തരം. ഞങ്ങൾ കൈയ്യിലുള്ള വാട്ടർ കളക്റ്റിംഗ് ബാഗെടുത്ത് സ്പ്രിങ്ങിലേക്ക് പോയി. 

സ്പ്രിങ് കണ്ടപ്പോൾ 'വണ്ടർഫുൾ' എന്ന് സ്റ്റുവർട്ട് പറഞ്ഞത് 'കുണ്ടർഫുൾ' എന്നായിരിക്കുമെന്ന് ഞങ്ങൾക്ക് തോന്നി. അത്രയ്ക്ക് പായൽ നിറഞ്ഞതായിരുന്നു അവിടെ ഉണ്ടായിരുന്ന വെറും ഇത്തിരി വെള്ളം. അതിന്റെ വശങ്ങളിലുള്ള പാറയിൽ നിന്ന് വളരെ ഫ്രഷ് ആയി തൂറിപ്പോയ ഏതോ ജീവിയുടെ അപ്പിയുടെ മേലെ, മഴവെള്ളം മരത്തിൽ നിന്ന് ഇറ്റിറ്റ് വീണ് ചെറുതായി സ്പ്രിങ്ങിലേക്ക് ഒലിച്ചിറങ്ങുന്നുണ്ട്. എന്ത് ചെയ്യണം എന്നൊക്കെ ആലോചിച്ച്, പായൽ പതുക്കെ മാറ്റി കിട്ടുന്ന വെളളം സംഭരിക്കാമെന്ന് വിചാരിച്ചിരിക്കുമ്പോഴായിരുന്നു കെയ്സിയുടെ അടുത്ത വരവ്. 


കെയ്‌സി നേരെ വന്ന് സ്പ്രിങ്ങിൽ ചാടി, ഉള്ള പരിമിതമായ വെള്ളത്തിൽ മലർന്ന് കിടന്ന് മാന്തിത്തിമർക്കാൻ തുടങ്ങി. പായലോട് കൂടി നക്കിക്കുടിക്കുകയും മറ്റും ചെയ്‌തപ്പോൾ വെള്ളം ആകെ കലങ്ങി. കെയ്സിയോട് അത്യധികം പക തോന്നിയ ഞങ്ങൾ, പരസ്പരം നോക്കി, നഖക്ഷതത്തിന്റെ സുഖം പോലും മറന്ന്, വെള്ളമെടുക്കാതെ തിരിഞ്ഞു നടന്നു. 

തിരിച്ച് വീണ്ടും ക്യാമ്പ് സൈറ്റിലെത്തിയപ്പോഴാണ് കെയ്ൽ സ്റ്റാംപ് എന്നൊരു ഹൈക്കറുടെ വരവ്. ഞങ്ങളുടെ യാത്രയിൽ ആദ്യമായി കണ്ട ഹൈക്കർ. അവൻ വേഗം വന്ന് ബാക്ക്പാക്ക് ഇറക്കി വച്ച്, വാട്ടർ കളക്റ്റിംഗ് ബാഗുമായി നേരെ സ്പ്രിങ്ങിലേക്കൊരു നടത്തം. വെള്ളമെടുക്കാതെ വരുന്ന കെയ്‌ലിന്റെ ചിത്രം മുൻകൂട്ടി കണ്ട ഞങ്ങൾ, പരസ്പരം നോക്കി ചിരിച്ചു. . 

പക്ഷേ, നിമിഷ നേരം കൊണ്ട് സാമാന്യം വലിയ ട്രാൻസ്പരന്റ് ബാഗിൽ, നിറയെ പായലും ചെളിയും കലർന്ന വെള്ളവുമായി കെയ്ൽ എത്തി. ആ വെള്ളം കണ്ടപ്പോൾ, അതേ വെള്ളത്തിൽ കുളിച്ച കെയ്സിക്ക് പോലും ഓക്കാനം അനുഭവപ്പെട്ടത് പോലെ ഞങ്ങൾക്ക് തോന്നി.

ഒട്ടും വൈകാതെ, ഫിൽട്ടറെടുത്ത് ബാഗിൽ ഫിറ്റ് ചെയ്ത്, കൈയ്യിലുള്ള പ്ലാസ്റ്റിക് കുപ്പിയിൽ പളുങ്ക് പോലെയുള്ള വെള്ളം വീഴുന്നത് കണ്ടപ്പോൾ ഞങ്ങൾക്ക് വീണ്ടും അത്ഭുതമായി. ഏത് തീട്ടവെള്ളവും ഇങ്ങനെ ശുദ്ധമാക്കാമെന്ന് നമുക്ക് മനസ്സിലായി. പക്ഷേ ബാക്ടീരിയ, ഫംഗസ് പോലുള്ള സഹൃദയ ജീവികളെ വെള്ളത്തിൽ നിന്ന് ഇല്ലാതാക്കുന്ന ടാബ്ലറ്റ് ട്രീറ്റ്മെൻറ് കെയ്ൽ ചെയ്യാത്തത്, ഞങ്ങൾക്ക് അരോചകമായി തോന്നി. 

വാഷിംഗ്ടണിൽ ഒരു ഷെഫ് ആയി ജോലിനോക്കുകയാണ് കെന്റകികാരനായ കെയ്ൽ. ഒരു കവിയും കൂടിയാണത്രേ. കൊറോണ ആയതുകൊണ്ട് ജോലി പോയതിനാൽ, മല കയറാനിറങ്ങിയിരിക്കുകയാണ്. ന്യൂയോർക്ക് വരെ നടക്കാനാണ് ലുറെയിൽ നിന്ന് യാത്രയാരംഭിച്ച കെയ്‌ലിന്റെ പ്ലാൻ. കെയ്‌ലിനോട് കുറച്ച് സൗഹൃദം സ്ഥാപിച്ച ഞങ്ങൾ ട്രക്കിങ്ങിനെയും ഹൈക്കിങ്ങിനെയും കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ ശ്രമിച്ച് കുറച്ച് വിവരങ്ങൾ ശേഖരിച്ചു. കെയ്‌ലും ഞങ്ങളെപ്പോലെ തെക്ക് നിന്ന് വടക്കോട്ടേക്കാണ് നടക്കുന്നത്.

വൈകുന്നേരം മൂന്നര ആയപ്പോൾ കുറച്ച് സ്നാക്കൊക്കെ കഴിച്ചതിന് ശേഷം, വീണ്ടും യാത്ര തുടരാൻ ഞങ്ങൾ തീരുമാനിച്ചു. ആദ്യത്തെ പ്ലാൻ 16 മൈൽ താണ്ടാനായിരുന്നെങ്കിലും, ഇനി അത് തീർച്ചയായും നടക്കില്ലെന്ന് നമുക്ക് അത്രയും നേരം കൊണ്ട് മനസ്സിലായിരുന്നു. ഏകദേശം എട്ട് മൈലുകൾ മാത്രമാണ് അത് വരേക്കും ഞങ്ങൾ നടന്ന് തീർത്തത്. ഇനിയും  ഏകദേശം രണ്ട് മൈലോളം പോയാൽ, 'ജിം & മോളി ഡെന്റൺ ഷെൽട്ടർ' എന്നൊരു ഷെൽട്ടറുണ്ട്. അവിടെ നമ്മുടെ ആദ്യദിന യാത്ര അവസാനിപ്പിക്കാമെന്ന് ഞങ്ങൾ ധാരണയിലെത്തി. കെയ്ൽ അപ്പഴേക്കും അവിടെ നിന്ന് തിരിച്ച് കഴിഞ്ഞിരുന്നു. മാത്രവുമല്ല, അവന്റെ കൂടെ നടക്കാൻ നമുക്ക് താല്പര്യവും ഉണ്ടായിരുന്നില്ല.

മോസ്‌ബി ക്യാംപിൽ നിന്ന് ഞങ്ങളെല്ലാവരും ഒരുമിച്ചായിരുന്നു തുടർയാത്ര. ഇനിയും രണ്ട് മൈലുകളല്ലേ പോകേണ്ടതുള്ളൂ എന്നത് എല്ലാവർക്കും ഒരാശ്വാസമായിരുന്നെങ്കിലും നമ്മുടെ 16 മൈൽ പ്ലാൻ നടക്കാത്തതിൽ ദുഃഖവും ഉണ്ടായിരുന്നു, കാരണം, എൺപത് വയസ്സാവുമ്പഴേക്കെങ്കിലും അപ്പലാച്ചിയൻ ട്രെയിൽ ഹൈക്ക് ചെയ്ത് തീർക്കുക എന്ന ആഗ്രഹം വീണ്ടും നീളുമല്ലോ. 

ഒരുവിധം, ഒന്നര മണിക്കൂറിലധികം നീണ്ടുനിന്ന സാഹസത്തിന് ശേഷം, അഞ്ച് മണി കഴിയുമ്പഴേക്കും ഞങ്ങൾ, 'ജിം & മോളി ഡെന്റൺ  ഷെൽട്ടറി'ലെത്തി. ഷെൽട്ടറെത്തിയതും, കാന്തം കൊണ്ട് ആകർഷിച്ചത് പോലെ നമ്മുടെ 'ഡി', ഷെൽട്ടറിന്റ പ്ലാറ്റ്ഫോമിൽ വീണതും ഒരുമിച്ചായിരുന്നു.  

അവിടെ എത്തുമ്പഴേക്കും നമ്മുടെ കെയ്ൽ അവിടെ എത്തി തന്റെ അണ്ടർവേറിൽ നിന്ന് കൊണ്ട് അവന്റെ ക്യാംപിങ് പ്രൊപ്പേൻ സ്റ്റവ് കത്തിച്ച് എന്തോ പാചകം ചെയ്യുന്നുണ്ടായിരുന്നു. താഴെയും മുകളിലുമായി ഏകദേശം എട്ടോളം പേർക്ക് വലിയ ബുദ്ധിമുട്ടില്ലാതെ കിടക്കാൻ പറ്റിയ ഒരിടമായിരുന്നു  'ജിം & മോളി ഡെന്റൺ ഷെൽട്ടർ'. കാട്ടിന് നടുവിൽ വിശാലമായ പുൽത്തകിടിയും കുളിക്കാനൊരു ഷവറും ഒക്കെയുള്ള ഒരു നല്ല ഷെൽട്ടറായിരുന്നു 'ജിം & മോളി'. 

എത്തിയ ഉടനെ, കെയ്‌ലിനെ അനുകരിച്ച്, ഞങ്ങളും ഞങ്ങളുടെ അപ്പർ കുപ്പായം അഴിച്ച്, ഓരോരുത്തരുടെയും സ്വന്തം വൺ പാക്കും സിക്സ് പാക്കുമൊക്കെ കാണിച്ച് കുറച്ച് നേരം വിശ്രമിച്ചു.

കിടന്നിടത്ത് നിന്ന് അഞ്ച് പത്ത് മിനുട്ട് കണ്ണടച്ച് മയങ്ങിയ ശേഷം കണ്ണ് തുറന്നപ്പോൾ കോടമഞ്ഞ് ഇറങ്ങിയത് പോലെ വളരെ താണ്, വെളുത്ത മേഘങ്ങൾ പോകുന്നത് കണ്ടപ്പോൾ മനസ്സിന് വല്ലാത്ത കുളിര് തോന്നി. കിടന്നിടത്ത് നിന്ന് ഒന്ന് ചരിഞ്ഞ്, മറുവശം നോക്കിയപ്പോഴാണ് സംഭവത്തിന്റെ ഉറവിടം മനസ്സിലായത്. നമ്മുടെ കെയ്‌ലിന്റെ വായിൽ നിന്നായിരുന്നു കോടമഞ്ഞ് പുറപ്പെട്ട് കൊണ്ടിരുന്നത്. അവനൊരു പുതപ്പും പുതച്ച്, ഷെൽട്ടറിന്റെ കൈവരിയിൽ ഇരുന്ന് അവന്റെ ഇ-സിഗരറ്റ് ആഞ്ഞാഞ്ഞ് പുകയ്ക്കുകയായിരുന്നു. 

ഒരു ദിവസം മുഴുവൻ നടന്നു നടന്ന് വിയർത്തത് കൊണ്ട്, ഒന്ന് കുളിച്ചാൽ കൊള്ളാമെന്ന് ആഗ്രഹിച്ചപ്പോഴാണ്, മോസ്‌ബി ക്യാംപിലെ പരാജയപ്പെട്ട ഉദ്യമത്തിന് ശേഷം, നമ്മുടെ വാട്ടർ ഡിപ്പാർട്ടമെന്റ് ഹെഡായ 'സി', ഒന്ന് കൂടി അതിന് ശ്രമിച്ചാലോ എന്നാലോചിച്ചത്. 'സി', അവന്റെ, വാട്ടർ കളക്ഷൻ ബാഗുമായി, ഷവർ ഏരിയയിലേക്ക് പോയി. വെള്ളം ബാഗിലാക്കുന്നതിന് മുന്നേ, കുളിക്കാമെന്ന് കരുതിയ 'സി', ടാങ്കിലെ വെള്ളത്തിന്റെ സ്ഥിതിയറിയാൻ, ഏണിപ്പടികൾ കയറി ടാങ്കിലേക്ക് ഒന്ന് എത്തിനോക്കി. 

'സി', ടാങ്കിലേക്ക് എത്തിനോക്കിതും താഴെ എത്തിയതും ഒരുമിച്ചായിരുന്നു, കാരണം, ടാങ്കിനുള്ളിലെ വെള്ളം മുഴുവൻ പായലായിരുന്നു. കുളിക്കുന്ന കാര്യം 'സി' മറന്നു കളഞ്ഞു. പിന്നെ ഷവറിനടുത്തുള്ള ടാപ്പിൽ നിന്ന് പായൽ വെള്ളം ബാഗിൽ ശേഖരിച്ച് കൊണ്ടുവന്നു. അതിനേക്കാൾ കലങ്ങിയ വെള്ളമായിരുന്നല്ലോ മോസ്‌ബി ക്യാംപിൽ നിന്ന് കെയ്ൽ ശേഖരിച്ച് അരിച്ചത് എന്ന ഒരൊറ്റ ആശ്വാസമായിരുന്നു അവനെ ആ വെള്ളം ശേഖരിക്കാൻ പ്രേരിപ്പിച്ചത്. മാത്രവുമല്ല, ഞങ്ങളുടെ പക്കലുണ്ടായിരുന്ന ജലശേഖരം മിക്കവാറും തീരാറാവുകയും ചെയ്തിരുന്നു. 

വെള്ളത്തിൽ ട്രീറ്റ്‌മെന്റ് ടാബ്‌ലറ്റ് ഇട്ട് കാത്തിരിക്കുന്നതിനിടയിൽ, പായല് പിടിച്ച വെള്ളമായാലും പ്രശ്നമില്ല എന്ന എന്നും പറഞ്ഞ് 'ബി' ഷവറിനടിയിൽ പോയി കുളിച്ചു. തുവർത്തി വന്നതിന് ശേഷം, മുടിയിഴകളിൽ നിന്ന് പേനെടുക്കുന്നത് പോലെ പായലെടുക്കുന്നത് കണ്ടപ്പോൾ ബാക്കിയാരും കുളി എന്നതിനെക്കുറിച്ച് ചിന്തിച്ചേയില്ല. പ്രത്യേകിച്ച്, വീട്ടിൽ നിന്ന് പുറപ്പെടുന്ന തിരക്കിനിടയിൽ ഞാനും 'ഡി'യും തോർത്തെന്ന സാധനം  എടുത്തിട്ടുമുണ്ടായിരുന്നില്ല. ഒരുമിച്ച് ഇടപഴകുന്നുണ്ടെങ്കിലും, കൊറോണയുടെ സമയം ആയതിനാൽ വേറൊരാളിന്റെ തോർത്ത് എടുക്കാനും മടി തോന്നിയത്, 'കുളി' എന്നതിനെ, നല്ലൊരു പുഴ കാണുന്നത് വരെയോ, അല്ലെങ്കിൽ വീണ്ടും തിരിച്ച് വീട്ടിലെത്തുന്നത് വരെയോ മറക്കാൻ പ്രേരിപ്പിച്ചു.

അധികം വൈകാതെ തന്നെ, കൊണ്ട് വന്ന ഒരു റം കുപ്പി ഞാൻ തുറന്നു. ഒരു 'കോർട്ടസി'ക്ക് കെയ്‌ലിനോട് കൂടുന്നോ എന്ന് ചോദിച്ചെങ്കിലും അദ്ദേഹം വളരെ മാന്യമായി ഞങ്ങളുടെ കൂട്ടത്തിൽ മധുപാനം ചെയ്യില്ലെന്ന് പ്രഖ്യാപിച്ചു. ഒന്ന് മൂഡായി വരുന്നതിനിടയിൽ, ഞാനെന്റെ ഹൈക്കിങ് സ്റ്റവ് എടുത്ത് ഫിറ്റ് ചെയ്ത് കത്തിച്ചു. കൊണ്ട് വന്ന സൂപ്പ് പൊടിയുടെ പാക്കറ്റ് എടുത്ത്, വെള്ളം തിളപ്പിച്ച് സൂപ്പുണ്ടാക്കാൻ തുടങ്ങിയപ്പോഴാണ്, വിരൂപയൊന്നുമല്ലെങ്കിലും പണ്ടത്തെ നമ്മുടെ ഡാകിനി അമ്മൂമ്മയെ അനുസ്മരിപ്പിക്കും വിധം രണ്ട് കൈയ്യിലും ഓരോ വടികൾ കുത്തിപ്പിടിച്ച്, ഒരു വശം ചരിഞ്ഞ് ഒരു പ്രായമായ സ്ത്രീ നടന്ന് വന്ന് ഷെൽട്ടറിലേക്ക് കയറിയത്.

ഞങ്ങളുടെ ഉച്ചത്തിലുള്ള മലയാളവും മധുപാനത്തിന്റെ മത്തും ഉച്ചസ്ഥായിലെത്തി നിൽക്കുന്ന സമയമായതിനാൽ നമ്മുടെ അമ്മൂമ്മ ഒന്ന് ശങ്കിച്ചതായി തോന്നി. 'ബി' അവന്റെ ഉണക്കാനിട്ടിരിക്കുന്ന കോണകം, ഷെൽട്ടറിന്റെ കൈവരിയിൽ നിന്ന് പതുക്കെ ആരും കാണാത്ത പോലെ മാറ്റി.

ഷെൽട്ടറിൽ, 'ഫസ്റ്റ് കം ഫസ്റ്റ് സെർവ്' എന്ന പോളിസി ആയതിനാൽ, ഞങ്ങൾ നാല് പേരും താഴെയുള്ള സ്പോട്ടുകൾ മുഴുവൻ ഇതിനകം കൈയ്യടക്കിയിരുന്നു. മുകളിലുള്ള രണ്ട് സ്പോട്ടുകളിൽ ഒന്ന് കെയ്ൽ അവന്റേതാക്കി കയ്യടക്കിയിട്ടുണ്ട്. താഴെ ഞങ്ങളുടെ ബാക്ക്പാക്കുകളിൽ നിന്നുള്ള സാധനങ്ങൾ അവിടെയും ഇവിടെയുമായി വാരിവലിച്ച് ഇട്ടിരിക്കുകയാണ്. ആരെയും പേടിക്കാനില്ലല്ലോ.

ആദ്യമുണ്ടായ പങ്കപ്പാട് വകവെക്കാതെ, നമ്മുടെ അമ്മൂമ്മ, നേരെ നമ്മുടെ ഇടയിൽ വന്ന് നിന്ന് ഒരു ചോദ്യം, 'Can I adjust somewhere in between'? ഞാനൊരു മൂലയ്ക്കാണ് സ്ഥലം പിടിച്ചിരിക്കുന്നത്. കെയ്‌ലിന്റെ നേരെ താഴെ അപ്പുറത്തെ മൂലയിൽ 'സി' യും. അമ്മൂമ്മ വന്ന തിരക്കിൽ, 'ബി' ഇതിനകം തന്നെ അവന്റെ കുറച്ച് സാധനങ്ങളുമെടുത്ത് ഞാൻ പിടിച്ച സ്ഥലത്തിന്റെ നേരെ മുകളിലുള്ള സ്പോട്ടിലേക്ക് മാറി. ഇത് കണ്ടയുടനെ 'സി'യും 'ഡി'യും  .പരസ്പരം നോക്കി. തല്ക്കാലം അവരുടെ ഇടയിലാണ് ഗ്യാപ്പ് ഉണ്ടായിട്ടുള്ളത്. എന്ന് വച്ചാൽ, അമ്മൂമ്മ അവരുടെ ഇടയിലാണ് കിടക്കാൻ പോകുന്നത് !


രണ്ടു പേരും അവരവരുടെ സാധനങ്ങൾ ഒതുക്കിവച്ച്, അമ്മൂമ്മക്ക്‌ അവരുടെ ഇടയിൽ കയറി, അവരുടെ സ്ലീപ്പിങ് പാഡും ബാക്ക്പാക്കും വെക്കാൻ സൗകര്യം ഉണ്ടാക്കിക്കൊടുത്തു. 

അമ്മൂമ്മ വന്നതിന് ശേഷം, ഞങ്ങൾക്ക് കുറച്ച് അച്ചടക്കമൊക്കെ ഉണ്ടായി. റമ്മിന്റെ മത്തിന് ഞങ്ങൾ കടിഞ്ഞാണിട്ടു. കൊണ്ടുപോയ തോടോട് കൂടിയുള്ള വറുത്ത നിലക്കടല അമ്മൂമ്മക്കും കെയ്‌ലിനും കൊടുത്തു. ആദ്യം നിരസിച്ചെങ്കിലും രണ്ടു പേരും പിന്നീട് കഴിക്കാൻ തുടങ്ങി. കടലയുടെ തോട് പൊട്ടിക്കാൻ അമ്മൂമ്മ വിഷമിക്കുന്നത് കണ്ടപ്പോൾ തോട് പൊട്ടിക്കാനുള്ള ഒരു എളുപ്പ വഴി, ഞാൻ അമ്മൂമ്മക്ക്‌ പറഞ്ഞു കൊടുത്തത് നോക്കി മറ്റുള്ളവർ ചിരിച്ചത്, ഞാൻ കണ്ടതായി ഭാവിച്ചില്ല.

സൂപ്പ് തായാറായി വന്നപ്പഴേക്കും എന്റെയുള്ളിലെ ആതിഥ്യമര്യാദ, സൂപ്പ് പതഞ്ഞ് പൊങ്ങിയത് പോലെ പൊങ്ങി വന്നു. ഗ്ളാസ്സെടുത്ത് വന്ന 'ബി'ക്കും 'സി'ക്കും' കൊടുക്കാതെ നേരെ പോയി നമ്മുടെ അമ്മൂമ്മയോട് ചോദിച്ചു: 'some soup'? നടന്ന് തളർന്ന് വന്നത് കൊണ്ടാവണം, ഒട്ടും മടികാണിക്കാതെ അവരുടെ കൈയ്യിലുണ്ടായിരുന്ന ഒരു സ്റ്റീൽ ഗ്ലാസ്സ് എന്റെ നേരെ നീട്ടി. കെയ്‌ലും മടി കൂടാതെ സൂപ്പ് അവന്റെ ഗ്ലാസിൽ വാങ്ങിച്ചു. സൂപ്പിന്റെ കൂടെ കടലയും മടി കൂടാതെ എടുക്കാനുള്ള തരത്തിൽ ഞങ്ങളുടെ ചങ്ങാത്തം അപ്പഴേക്കും വർദ്ധിച്ചിരുന്നു.

പിന്നീട് വീണ്ടും രണ്ട് തവണ കൂടി സൂപ്പ് ഉണ്ടാക്കിയിട്ടാണ് ഞങ്ങൾക്ക് എല്ലാവർക്കും സൂപ്പ് കഴിക്കാൻ കിട്ടിയത്. സൂപ്പ് കുടിച്ചു കൊണ്ടിരിക്കുമ്പോൾ പിന്നെയും സ്ത്രീകളടങ്ങുന്ന ഒന്ന് രണ്ട് സംഘങ്ങൾ അവിടെ എത്തിച്ചേർന്നു. ഷെൽട്ടർ ഇതിനകം തന്നെ ഞങ്ങൾ കൈയ്യടക്കിയിരുന്നതിനാൽ, അവർക്ക്, അവരുടെ ടെന്റ് കിറ്റ് തുറന്ന് ടെന്റ് പുറത്തെടുക്കേണ്ടി വന്നു. നിമിഷനേരം കൊണ്ട് ഒന്ന് രണ്ട് ടെന്റുകൾ ഷെൽട്ടറിന്റെ മുറ്റത്തൊരുങ്ങി.

ഞങ്ങൾ പിന്നെയും ഒരാഘോഷം പോലെ പാചകം ചെയ്ത് കൊണ്ടിരിക്കുകയായിരുന്നു. കൊണ്ടുവന്ന ടിൻ ഫിഷും, ഈസി കുക്ക് ഭക്ഷണങ്ങളും ഓരോന്നായി പുറത്തെടുത്ത് പാചകം ചെയ്യാൻ തുടങ്ങി. തിന്നുക മാത്രമല്ല, നമ്മുടെ ഭാണ്ഡത്തിന്റെ ഭാരം കുറച്ചെങ്കിലും കുറക്കാനും പറ്റുമല്ലോ എന്നതായിരുന്നു ചിന്ത. ഓരോ ദിവസവും രണ്ട് ആപ്പിൾ വീതമായിരുന്നു കണക്കെന്നത് കൊണ്ട് പാചകം ചെയ്യുന്നതിനിടയിൽ കള്ളിന് കൂട്ടായി ആപ്പിളും കടിച്ച് പറിക്കുന്നുണ്ട്. ഇതിനിടയിൽ ഓരോരുത്തരായി ചില ഭക്ഷണ സാധനങ്ങളും പൊട്ടിച്ച ടിന്നുകളും മറ്റുമടങ്ങിയ വേസ്റ്റ് ബാഗുകളും 'ബേർ പോളി'ന്റെ (bear pole) മേലെ കൊളുത്തി വച്ചു. കാരണം, ചില ഭക്ഷണ സാധനങ്ങളുടെ മണം പിടിച്ച് കരടി വരുന്നത് തടയാൻ ഈ സങ്കേതം ഉപകരിക്കുമത്രേ.

അത്രയുമായപ്പോഴേക്കും നേരം ഏകദേശം ഇരുട്ടിത്തുടങ്ങിയിരുന്നു. അവിടെ വന്നു കൂടിയ എല്ലാവരെയും ശ്രദ്ധിച്ചപ്പോഴാണ് ഒരു കാര്യം മനസ്സിലായത്. അവരൊക്കെ വെറും ലഘുവായ ഭക്ഷണങ്ങളേ കഴിക്കുന്നുള്ളൂ. മധുപാനങ്ങൾ അവർ നടത്തുന്നില്ല. അവരെ സംബന്ധിച്ചടുത്തോളം ഞങ്ങളുടേത് ഒരു വലിയ പാർട്ടി നൈറ്റ് തന്നെയായിരുന്നു എന്ന് പറയാം. മാത്രവുമല്ല, കുറച്ച് നേരം ഇരുന്ന് പാട്ട് പാടുകയോ ബഹളം വെക്കുകയോ എന്നൊക്കെ വിചാരിച്ചിരുന്ന ഞങ്ങളുടെ മുന്നിൽ, മറ്റുള്ളവർ ഇരുട്ടും മുന്നേ കിടക്കാനുള്ള പ്ലാൻ ആരംഭിച്ചിരുന്നു. അവർ കിടക്കുമ്പോൾ ഞങ്ങൾക്ക് പിന്നെ ബഹളം വെച്ച് ആഘോഷിക്കാൻ പറ്റില്ലല്ലോ. 

അതിനിടയിൽ, കുറച്ച് ഫിൽട്ടർ ചെയ്ത വെള്ളവുമെടുത്ത്, ഞാൻ ഷവറിന്റെ അടുത്ത് പോയി. രാത്രിയുടെ ഇരുട്ടിന്റെ മറവിൽ, വിശാലനഗ്നനായി, ശരീരത്തിന്റെ ഇടുക്കുകൾ വൃത്തിയാക്കി, നാളെ ഇടേണ്ടുന്ന വസ്ത്രം തലേന്ന് തന്നെ ഇട്ട് തിരിച്ചു വന്നു.

പിന്നെ, 'സി'യുടെ നേതൃത്വത്തിൽ, ഞങ്ങൾ നമ്മുടെ അമ്മൂമ്മക്ക്‌ ചുറ്റുമിരുന്നു. കാരണം അവന്റെ അടുത്താണല്ലോ അവർ കിടക്കുന്നത്. അവർക്ക് കിടക്കുമ്പോൾ ചങ്കിടിപ്പ് ഉണ്ടാവാതിരിക്കാൻ, 'ഞാൻ അങ്ങനെയല്ല' എന്ന് സ്ഥാപിച്ചെടുക്കേണ്ടതുണ്ടല്ലോ :) 

നെറ്റിയിൽ ഹെഡ് ലൈറ്റ് ഒക്കെ പിടിപ്പിച്ചാണ് അവരുടെ ഇരിപ്പ്. ആനി ഹെൽമൻ എന്നാണ് അവരുടെ പേര്. കാലിഫോർണിയ ആണ് സ്വദേശം. അവിടെയുള്ള മലകളായ മലകളൊക്കെ നടന്ന് കീഴ്പ്പെടുത്തിയതിന് ശേഷമാണ് അപ്പലാച്ചിമല നടന്ന് കീഴ്പ്പെടുത്താൻ ഇറങ്ങിയിരിക്കുന്നത്. പ്രായം 73 ആണെന്ന് കേട്ടപ്പോൾ 'ഡി'യുടെ ചങ്കിൽ നിന്ന് ഇടിവെട്ടിയത് ആനി മാത്രം കേട്ടില്ല. കാരണം, 10 മൈൽ താണ്ടാൻ കഷ്ടപ്പെട്ട കാര്യം അവനും നമുക്കുമല്ലേ അറിയൂ. അവിടെയാണ് ഈ എഴുപത്തിമൂന്നുകാരി ദിവസേന ഇരുപത് മൈലോളം താണ്ടുന്നത്. അവരും വടക്കോട്ടേക്കാണ്.

ഞങ്ങൾ കൊടുത്ത സൂപ്പ് മാത്രമാണ് അവർ ഭക്ഷിക്കുന്നതായി ഞങ്ങൾ കണ്ടത്. വേറെന്തെങ്കിലും ഞങ്ങൾ കാണാതെ കഴിച്ചോ എന്നറിയില്ല, പക്ഷേ ആ മെലിഞ്ഞ ശരീരത്തിന് സൂപ്പ് കൊള്ളാനുള്ള വയറ് പോലുമുണ്ടോ എന്നത് സംശയമായിരുന്നു.

ഞാനും 'ഡി'യും ഭക്ഷണം തയാറാക്കി കഴിക്കുമ്പഴേക്കും ആനിയും കെയ്‌ലും കിടന്നിരുന്നു. ഇനി വേറെ പരിപാടികളൊന്നും നടക്കില്ല എന്നത് മനസ്സിലാക്കി, ഞങ്ങളും ഓരോരുത്തരുടെ ഊതിവീർപ്പിച്ച സ്ലീപ്പിങ് പാഡിൽ മലർന്ന് വീണ് സ്ലീപ്പിങ് ബാഗിലേക്ക് വലിഞ്ഞ് കയറി. കിടക്കുന്നതിന്റെ വളരെയടുത്ത് തന്നെ, എന്തെങ്കിലും അത്യാവശ്യം വന്നാൽ പെട്ടെന്നെടുക്കാൻ പാകത്തിൽ,  കൂടെക്കൊണ്ടുപോയിരുന്ന, താരകാസുരന്റെ കൈയ്യിലുള്ള വാളുപോലെയൊന്ന്, ഞാനെടുത്ത് വച്ചിരുന്നു. അത്തരം സാഹചര്യങ്ങളിൽ സുരക്ഷ എന്നത് ചിന്തിക്കേണ്ടുന്ന കാര്യം തന്നെയാണല്ലോ. കിടന്ന് അഞ്ച് മിനുട്ടുകൾ കഴിയും മുന്നേ തന്നെ, 'സി'യുടെ കൂർക്കം വലി, ചീവീടുകളുടെ ശബ്ദവിന്യാസങ്ങളോട് മത്സരിക്കാൻ ആരംഭിച്ചു. 

സ്ലീപ്പിങ് പാഡിന്റെ ഒരേയൊരു പ്രശ്‌നം എന്നത്, അത് നമ്മൾ കിടന്നിടത്ത് നിന്ന് അനങ്ങുന്ന ഓരോ അനക്കത്തിനും, വല്ലാത്ത, ഞെരിപിരി കൊള്ളുന്ന ശബ്ദം ഉണ്ടാക്കും എന്നതാണ്. പൊതുവേ ഉറക്കം പിടിക്കാൻ എനിക്ക് സമയമെടുക്കുമെങ്കിലും, ഓരോ അഞ്ച് മിനുട്ടിലും ഏതെങ്കിലും ആളുടെ വകയായി ഈ ഒച്ച വരുന്നത് കൊണ്ട്,  ഉറക്കം വരാൻ കുറേ വൈകി. മാത്രവുമല്ല എല്ലാവരും കിടന്ന് മയങ്ങുന്ന സമയത്ത് കരടി വന്നാൽ, കാണാതെ മിസ്സ് ആകരുതല്ലോ. റം കഴിച്ചതിനാലാണോ, അതോ സ്ലീപ്പിങ് ബാഗിനുള്ളിൽ കയറിയതിനാലാണോ എന്നറിയില്ല, വല്ലാത്ത ചൂടും അനുഭവപ്പെട്ടു. അതിനാൽ തന്നെ സ്ലീപിങ് ബാഗിന്റെ ഒരു വശം മുഴുവനായും അങ്ങ് തുറന്ന് വച്ചു.

ഏകദേശം മൂന്ന് മണിക്കൂറോളം കഴിഞ്ഞ്, രാത്രി പന്ത്രണ്ട് മണിയായിക്കാണണം, പതുക്കെ ചെറിയ കുളിരും കൂടെ ഉറക്കവും വരാൻ തുടങ്ങി. 'സി'യുടെ കൂർക്കം വലി തുടക്കത്തിലുള്ളത് പോലെ തന്നെയായാതിൽ എനിക്കത്ഭുതമായി. കാരണം, സാധാരണഗതിയിൽ, നാഷണൽ പെർമിറ്റ് ലോറികൾ മലകയറ്റം നടത്തുമ്പോഴുണ്ടാകുന്ന തരത്തിലുള്ള പലപല ശബ്ദങ്ങൾ 'സി' ഉറക്കത്തിൽ പുറപ്പെടുവിക്കാറുള്ളതാണ്. ചിലപ്പോൾ ശ്വാസം പോലും നിന്നെന്ന്, കേൾക്കുന്നവന് തോന്നിപ്പോകും. പക്ഷേ ഇത്തവണ, 'സി'യുടെ കൂർക്കത്തിന്റെ കാഠിന്യം, താരതമ്യേന വളരെ കുറവായി തോന്നി.

പൊടുന്നനെയാണ് ആരോ വല്ലാതെ ചുമക്കുന്നത് കേട്ടത്. ചുമയെന്ന് പറഞ്ഞാൽ ഒരൊന്നൊന്നര ചുമ. ആദ്യം കരുതിയത്, 'സി'യുടെ കൂർക്കം വലിയിൽ സ്വാവസതടസ്സം നേരിട്ടപ്പോൾ ഉണ്ടായ ചുമയാണെന്നാണ്. ശ്രദ്ധിച്ച് നോക്കിയപ്പോൾ, അപ്പോഴും 'സി' കൂർക്കം വലിക്കുന്നുണ്ട്. യഥാർത്ഥത്തിൽ, നമ്മുടെ കെയ്‌ലാണ് കൊക്കക്കൊര വന്നത് പോലെ ചുമക്കുന്നത്. ഇവന് കൊറോണ പിടിപെട്ടോ എന്നെനിക്ക് സംശയമായി. കാരണം, തലേ ദിവസം, സ്വന്തം കൈയിലുള്ള സ്റ്റോക്ക് തീർന്നപ്പോൾ, മലയിൽ നിന്ന് പുറത്തിറങ്ങിയതും, അടുത്തുള്ള പട്ടണത്തിലെ ഒരു ബാറിൽ കയറി കള്ള് കുടിച്ച കഥയൊക്കെ കെയ്ൽ ആവേശപൂർവ്വം പറഞ്ഞത് ഞാനോർത്തു. മാത്രമല്ല, ബാറിൽ വച്ച് പരിചയപ്പെട്ട ഒരു യുവതിയുടെ കൂടെ അവളുടെ അപ്പാർട്മെന്റിൽ പോയി അന്തിയുറങ്ങുക കൂടി ചെയ്തിട്ടുണ്ട് കക്ഷി. ഇപ്പഴത്തെ സാഹചര്യത്തിൽ, സ്വന്തം മൂത്രത്തിൽ കൂടി പോലും കൊറോണ കയറിക്കൂടാൻ സാദ്ധ്യതയുള്ള കാലമാണ്. എന്തായാലും അങ്ങനെയൊന്നുമുണ്ടാവില്ല എന്ന് സമാധാനിക്കുകയേ എന്റെ നല്ല സമാധാനത്തിന് വഴിയായിട്ട് ഉണ്ടായിരുന്നുള്ളൂ.

അങ്ങനെയൊക്കെ ചിന്തിച്ച്, ഉറക്കം പിടിച്ച് വരുമ്പോഴാണ്, ഞാൻ ആനിയെക്കുറിച്ച് ചിന്തിച്ചത്. ചിന്തിച്ചത് മറ്റൊന്നുമല്ല, ഇത്രയും സമയത്തിനിടയിൽ, അവരുടെ സ്ലീപ്പിങ് പാഡിന്റെ മാത്രം ശബ്ദം ഇതുവരെ കേട്ടിട്ടേയുണ്ടായിരുന്നില്ല. അത്ഭുതമാണല്ലോ എന്ന് കരുതി ഞാൻ പതുക്കെ എന്റെ തല ഉയർത്തി നോക്കി. കിടന്നത് എങ്ങനെയാണോ, അതേപടി, ഒരു മാറ്റവുമില്ലാതെ കിടക്കുകയാണ് ആനി. എനിക്ക് പേടിയായി, ആനിയുടെ ശ്വാസോഛ്വാസം നടക്കുന്നുണ്ടോ എന്നെനിക്ക് സംശയമായി. ഇത്രയും പ്രായമുള്ള ഈയ്യൊരു സ്ത്രീ, മലയായ മലയൊക്കെ താണ്ടി വന്നതല്ലേ, പോരാത്തതിന് വളരെ കുറച്ചേ ഭക്ഷണം പോലും കഴിച്ചുള്ളൂ. 


***