2022, ഒക്‌ടോബർ 21, വെള്ളിയാഴ്‌ച

ഏകാന്തം

ഒറ്റക്കിരിക്കുക എന്നത് വലിയ കാര്യമൊന്നും അല്ലെന്ന് എല്ലാരും പറയും. പല സാഹചര്യങ്ങളിൽ പലരും വീട്ടിലോ ഹോട്ടലിലോ അല്ലെങ്കിൽ കുളത്തിന്റെ കരയിലോ മറ്റോ ആയി ഒറ്റക്കൊക്കെ ഇരുന്നു കാണും. ബഹളമയമായ ഈ ലോകത്ത് നിന്ന് ഇത്തിരി ശാന്തി കിട്ടാൻ, ജോലിയുടെ സമ്മർദ്ദത്തിൽ നിന്ന് ഇത്തിരി അകന്ന് നിൽക്കാൻ, ചിലപ്പോഴെങ്കിലും ആരോടും പറയാൻ പറ്റാത്ത വീട്ടിലെ പ്രശ്നങ്ങളിൽ നിന്ന് ഓടിയൊളിക്കാൻ എന്നിങ്ങനെയായി പലകാരണങ്ങളാൽ ഒറ്റക്കിരിക്കാൻ പലരും തീർച്ചയായും പലപ്പോഴായി കൊതിച്ച് കാണും. ഞാനും അങ്ങനെയാണ്. മിക്കവാറും സമയങ്ങളിൽ ഒറ്റക്കിരിക്കാനാണ് എനിക്കിഷ്ടം. കാരണമൊന്നും ചോദിക്കരുത്; ഞാൻ പറയൂല്ല.

ഒന്നോ രണ്ടോ മണിക്കൂറൊക്കെ ഒറ്റക്കിരിക്കാൻ സാഹചര്യങ്ങളുണ്ടായിട്ടുണ്ടെങ്കിലും, യാത്രാ സംബന്ധിയായി ചില ഹോട്ടലുകളിൽ ഒറ്റക്ക് താമസിക്കേണ്ടി വന്നിട്ടുണ്ടെങ്കിലും, സമീപത്തെങ്ങും ഒരു മനുഷ്യജീവിയുടെ പോലും സാന്നിദ്ധ്യമില്ലാതെ ഒറ്റക്കിരിക്കാൻ,  രാത്രി കഴിയാൻ സാഹചര്യം കിട്ടിയത്, രണ്ടാഴ്ച മുൻപാണ്. 

ട്രെക്കിങ്ങും ഹൈക്കിങ്ങുമൊക്കെ കുറച്ച് കാലങ്ങളായി ചെയ്യാറുണ്ടെങ്കിലും ക്യാംപിങ്  തുടങ്ങിയത് ഈയ്യടുത്ത കാലത്താണ്; ശരിക്കും പറഞ്ഞാൽ കോവിഡ് തുടങ്ങിയതിന് ശേഷം. അങ്ങനെ, നാല് തവണകളായി പത്ത് ദിവസങ്ങളോളമെടുത്ത് അമേരിക്കൻ ഐക്യനാടുകളുടെ കിഴക്ക് ഭാഗത്തായി തെക്കുവടക്കായി നീണ്ട് കിടക്കുന്ന അപ്പലാച്ചിയൻ മലനിരകൾക്ക് മുകളിലൂടെയുള്ള,  2200 ഓളം മൈലുകൾ നീണ്ട് കിടക്കുന്ന അപ്പലാച്ചിയൻ ട്രെയിലിലൂടെ (AT), ഞങ്ങൾ നാലഞ്ച് സുഹൃത്തുക്കൾ, ഇതുവരെയായി അറുപതോളം മൈലുകൾ താണ്ടിയിട്ടുണ്ട്.കാട്ടിലൂടെയുള്ള നടത്തവും രാത്രിയിലെ കിടത്തവും, ഭക്ഷണം  വളരെ രസകരമാണ്. ശബ്ദകോലാഹലങ്ങളൊന്നുമില്ലാതെ, ദൈനംദിന ജീവിതത്തിലെ ജോലിപരമായും കുടുംബപരമായും സാമൂഹ്യപരവുമായുള്ള സംഘർഷങ്ങളില്ലാതെ, മൊബൈൽ കണക്ഷനുകളില്ലാതെ, ആവശ്യത്തിന് മാത്രം ഭക്ഷണം കഴിച്ച്, സ്വച്ഛന്ദമായ വായുവും ശ്വസിച്ചുകൊണ്ടുള്ള നടത്തവും കിടത്തവും. കയറ്റങ്ങളും ഇറക്കങ്ങളും, വിടവുകളും നിറഞ്ഞ ദുര്ഘടപാതകളിലൂടെ നടന്നുളള വ്യായാമം കഴിഞ്ഞ്, കാട്ടരുവിയിലെ ഒരു കുളിയും കഴിഞ്ഞ ശേഷം, സ്വല്പം ഭക്ഷിച്ച്, വൃക്ഷങ്ങൾക്കിടയിലെ നിരപ്പല്ലാത്ത തറയിൽ കെട്ടിയുയർത്തിയ താൽക്കാലിക കൂടാരത്തിൽ കിടന്നുറങ്ങുന്നത് ഒരു വല്ലാത്ത അനുഭൂതിയാണ്.

ഈ അപ്പലാച്ചിയൻ ട്രെയിലിന്റെ ഏറ്റവും ദുർഘടമായ, 'റോളർ കോസ്റ്റർ' എന്ന് വിളിക്കപ്പെടുന്ന ഭാഗം കടന്ന് പോകുന്നത് ഞാൻ താമസിക്കുന്ന വീടിനടുത്ത് കൂടെയാണ്. വീട്ടിൽ നിന്ന് ഏകദേശം ഇരുപത് മൈലുകൾ ദൂരം മാത്രം. കഴിഞ്ഞ ഒരു യാത്രയിൽ ഈ റോളർ കോസ്റ്റർ ഞങ്ങൾ താണ്ടിയതാണ്. ആ ഒരു യാത്രയിലാണ് 'സാം മൂർ ഷെൽട്ടറി'നും (Sam Moore Shelter) 'ബേർസ് ഡെൻ ഓവർ ലുക്കി' നും (Bears Den Overlook) ഇടയിലൂടെ ഒഴുകുന്ന കൊച്ചരുവിയായ 'സ്പൗട്ട് റണ്ണി'ന്റെ (Spout Run) കരയിൽ ഞങ്ങൾ ഒരു രാത്രി ടെന്റ് കെട്ടി കഴിഞ്ഞുകൂടിയത്. 

'സ്പൗട്ട് റണ്ണി'ന്റെ കരയിൽ കഴിഞ്ഞ ആ ആദ്യരാത്രി, എന്നെ സംബന്ധിച്ചടുത്തോളം കാളരാത്രി ആയിരുന്നു. അന്ന് ഉച്ചക്ക് തീർത്തും ഇഷ്ടപ്പെടാതെ കഴിച്ച, പാതി മാത്രം വെന്ത സാൽമൺ ആയിരുന്നോ പ്രശ്നം, അതല്ല, രാത്രി നല്ലൊരുറക്ക് കിട്ടാൻ വേണ്ടി, കൈയ്യിൽ കരുതിയിരുന്ന റമ്മിൽ നിന്ന് ഒരു പെഗ്ഗടിച്ചതാണോ പ്രശ്നം, എന്നത് നിശ്ചയമില്ലെങ്കിലും, തീയൊക്കെ കൂട്ടി, ഭക്ഷണം പാകം ചെയ്തതിന് ശേഷം, അരുവിയിലെ നഗ്നനീരാട്ടും കഴിഞ്ഞ് തിരിച്ചെത്തിയ ഞാൻ നീട്ടി നീട്ടി വാളുവച്ചു. ഉച്ചക്ക് കഴിച്ച സാൽമനും, പെഗ്ഗിന്റെ കൂടെ കഴിച്ച ഏതോ ഒരു ടിൻഡ് മീനും, കുഴഞ്ഞ് മറിഞ്ഞ് അരുവിക്കരയിലെ മരച്ചുവട്ടിൽ പതിച്ചു. ഇതിനെക്കുറിച്ച് വിശദമായി 'വാളുകൾ തഴുകിയ റോളർ കോസ്റ്റർ' എന്ന ഒരു കുറിപ്പിൽ പ്രതിപാദിച്ചിട്ടുണ്ട്.

എന്തായാലും, ഞങ്ങൾ കിടന്നുറങ്ങിയ ആ സ്പൗട്ട് റൺ പ്രദേശം വളരെ മനോഹരമായിരുന്നു. മൂന്നു ഭാഗവും മലകളാൽ ചുറ്റപ്പെട്ട്, നടുവിലൂടെ സ്വച്ഛന്ദമായി ഒഴുകുന്ന അരുവിക്കരയിൽ, അരുവിയുടെ കളകളാരവം ശ്രവിച്ച് ആരുടേയും ശല്യമില്ലാതെ വിശ്രമിക്കാൻ പറ്റിയ ഒരു കാനനമദ്ധ്യം! അന്ന് അവിടെ നിന്ന് മടങ്ങും വഴിയാണ്, അതേ സ്ഥലത്ത് വീണ്ടും ഒരു തവണ കൂടി പോകാൻ എനിക്ക് ആശയുണ്ടായത്. 

കുറച്ച് ആഴ്ചകൾ കഴിഞ്ഞപ്പോൾ, ഞങ്ങൾ കുറച്ച് സുഹൃത്തുക്കൾ, കുടുംബ സമേതം, അതേ അരുവിക്കരയിലൂടെ, അപ്പലാച്ചിയൻ ട്രെയിലിലൂടെ സാം മൂർ ഷെൽട്ടർ വരെ ഹൈക്ക് ചെയ്ത്, അതേ ദിവസം തന്നെ തിരിച്ച് പോന്നു. അവർക്ക് ഇഷ്ടപ്പെട്ടാൽ ഒരു ദിവസം, എല്ലാവരും വീണ്ടും അവിടെ പോയി കുടുംബ സമേതം ക്യാമ്പ് ചെയ്യാനായിരുന്നു പ്ലാൻ. ദുർഘടമായ പാത ആയിരുന്നതിനാൽ ചില കുടുംബങ്ങൾ അത്തരമൊരു പ്ലാനിൽ നിന്ന് തീർത്തും പിന്മാറി. ഒടുവിൽ എന്റെ കുടുംബവും വേറെ രണ്ട് കുടുംബങ്ങളും കൂടി ഒരു ദിവസം ക്യാമ്പ് ചെയ്യാൻ തീരുമാനിച്ചു. പക്ഷേ സ്ത്രീജനങ്ങൾക്ക് അരുവിക്കരയിൽ രാത്രി കിടക്കാൻ ഒട്ടും താല്പര്യമില്ലായിരുന്നു. പകരം, തുറന്ന് കിടക്കുന്നതാണെങ്കിലും, കിടന്നുറങ്ങാൻ ഒരു തറയും മേൽക്കൂരയുമുള്ള സാം മൂർ ഷെൽട്ടറിൽ ക്യാമ്പ് ചെയ്യാനാണ് അവർ താല്പര്യപ്പെട്ടത്. പേടിക്ക് പുറമേ, അവരെക്കൊണ്ട് അങ്ങനെ ചിന്തിപ്പിക്കാനുള്ള പ്രധാന കാര്യം, അവിടെയൊരു കക്കൂസ് ഉണ്ടെന്നുള്ളതും (നാറുന്നതാണെങ്കിലും) കൂടിയാണ്. 

അങ്ങനെ ഒരു രാത്രി, ഞങ്ങൾ സാം മൂർ ഷെൽട്ടറിൽ കഴിഞ്ഞ് പിറ്റേദിവസം ആവുമ്പഴേക്കും സ്ത്രീകൾക്ക് അത്തരം ഒരു ക്യാംപിങ് പരിപാടിയോട് താല്പര്യം കുറഞ്ഞു. ഒന്നാമത്, രാത്രിയിൽ പേടികൊണ്ടും തണുപ്പ് കൊണ്ടും  അവർക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. രണ്ടാമത്, മൂത്രമൊഴിക്കുന്നതും വെളിക്കിരിക്കുന്നതും, വളരെയധികം നാഗരികരായി മാറിയിരിക്കുന്ന അവരെ സംബന്ധിച്ചടുത്തോളം വളരെയധികം ദുഷ്കരമായിരുന്നു. അതുകൊണ്ട് തന്നെ, കുടുംബവുമൊത്തുള്ള ക്യാംപിങ് എന്ന പരിപാടി, കുട്ടികൾക്ക് താല്പര്യമുണ്ടായിരുന്നെങ്കിലും, അവരെയും കൊണ്ടുള്ള ഒരു ക്യാംപിങ് പിന്നീട് നടന്നില്ല. പക്ഷേ എന്റെ മനസ്സിൽ വീണ്ടും വീണ്ടും അവിടേക്ക് പോകാനുള്ള ആഗ്രഹം കൂടിക്കൂടി വരികയായിരുന്നു. ഒരു തവണ ശബരിമല കയറിയ ഭക്തന്മാർ, അവിടേക്ക് വീണ്ടും വീണ്ടും പോകണമെന്ന് പറയുന്നത് പോലെ!

സാധാരണ രീതിയിൽ, ഇവിടെ അമേരിക്കയിൽ ക്യാംപിങ് ചെയ്യുന്നതിന് പ്രത്യേകം നിയോഗിക്കപ്പെട്ടിട്ടുള്ള സ്ഥലങ്ങൾ ഉണ്ട്. ക്യാംപിങ് ഗ്രൗണ്ട് എന്ന് പറയും. ആ സ്ഥലങ്ങൾ കുറച്ച് കൂടി സുരക്ഷിതവും വെള്ളവും മറ്റ് ശൗച്യകർമ്മങ്ങൾക്കുള്ള ക്രമീകരങ്ങളും അവിടെ ഉണ്ടാവും. പക്ഷേ ഒരു നിശ്ചിത തുക ഫീസ് കൊടുക്കണം. എന്നെ സംബന്ധിച്ച്, അത്തരം ബഹളങ്ങൾക്കിടയിൽ ക്യാമ്പ് ചെയ്യാൻ ഒട്ടും താല്പര്യമില്ലാത്തയാളാണ്. അതുകൊണ്ട്, വീട്ടിൽ നിന്ന് എളുപ്പത്തിൽ എത്തിപ്പെടാവുന്നതും, ഫീസ് കൊടുക്കേണ്ടാത്തതുമായ സ്പൗട്ട് റൺ പ്രദേശത്ത്, തീർത്തും വന്യമായ സാഹചര്യം ആസ്വദിക്കാനായിരുന്നു ഞാൻ താല്പര്യപ്പെട്ടത്. വീട്ടിൽ നിന്ന് 40 മിനുട്ടുകൾ മാത്രം കാറിൽ യാത്ര ചെയ്ത്, റൂട്ട് 7 ൽ 'സ്നിക്കേഴ്സ് ഗ്യാപ്' എന്ന സ്ഥലത്ത് വണ്ടി പാർക്ക് ചെയ്തതിന് ശേഷം, ബേർസ് ഡെൻ വഴി മൂന്ന് മൈലുകളോളം വനത്തിനുള്ളിലേക്ക് അപ്പലാച്ചിയൻ ട്രെയിലിലൂടെ തെക്കോട്ടേക്ക് ഹൈക്ക് ചെയ്‌താൽ സ്പൗട്ട് റൺ എന്ന ഈ സ്പോട്ടിലെത്താം എന്നത് വളരെ അനുകൂലമായ ഘടകവുമാണ്. 

കഴിഞ്ഞ രണ്ട് വർഷങ്ങളായി ഞങ്ങൾ ആൺ സുഹൃത്തുക്കൾ മാത്രമായി നടത്തുന്ന, രണ്ടോ മൂന്നോ ദിവസങ്ങൾ നീളുന്ന അപ്പലാച്ചിയൻ ഹൈക്കിങ് യാത്രകൾ, ഈ വർഷം നടത്തിയിരുന്നില്ല. അതുകൊണ്ട് തന്നെ, ഒരു ദിവസത്തേക്കെങ്കിലും ഹൈക്ക് ചെയ്ത്, ക്യാമ്പ് ചെയ്ത് തിരിച്ച് വരാൻ ഞാൻ പദ്ധതിയിട്ടു. ആ വിവരം സുഹൃത്തുക്കളോട് പറഞ്ഞപ്പോൾ, അതിലൊരുവൻ എന്റെ കൂടെ വരാൻ സന്നദ്ധതയറിയിച്ചു. അങ്ങനെ ഞങ്ങൾ രണ്ടുപേരും കൂടെ കഴിഞ്ഞ സെപ്തംബർ മദ്ധ്യത്തിലെ ഒരു ശനിയാഴ്ച രാത്രി, സ്പൗട്ട് റൺ സ്പോട്ടിൽ ക്യാമ്പ് ചെയ്ത് തിരിച്ചു വന്നു. രണ്ടാഴ്ച കഴിഞ്ഞപ്പോൾ വീണ്ടും ക്യാമ്പ് ചെയ്യാൻ എനിക്ക് പൂതി വന്നു തുടങ്ങി. പക്ഷേ ഈ തവണ വ്യക്തിപരമായ പലതരം കാരണങ്ങളാൽ, ആരും എന്റെ കൂടെ വന്നില്ല. 'രോഗി ഇച്ഛിച്ചതും വൈദ്യൻ കല്പിച്ചതും ഒന്ന്' എന്ന തരത്തിലുള്ള ഒരു മുഹൂർത്തം അവിടെ സംജാതമാവുകയായിരുന്നു. 

ഞാൻ ഒരുക്കങ്ങളൊക്കെ ആരംഭിച്ചു. ഒക്ടോബർ ഒന്ന് ശനിയാഴ്ച പോകാനാണ് പ്ലാൻ. മലമുകളിലെ കാലാവസ്ഥ നോക്കിയപ്പോൾ, ആ ദിവസത്തെ രാത്രിയിലെ ചൂട് വെറും 36F (2C) ആണെന്ന കുറിപ്പ് കണ്ട്, മനസ്സ് തന്നെ മരവിച്ചത് പോലെ തോന്നി. പോരാഞ്ഞതിന്, വീട്ടുകാരി, 'നിങ്ങളിങ്ങനെ ഒറ്റക്ക് പോകണോ'... 'വല്ലാത്ത തണുപ്പല്ലേ'... എന്നിങ്ങനെയൊക്കെ പറഞ്ഞ് എന്നെ നിരുത്സാഹപ്പെടുത്താനുള്ള ശ്രമങ്ങളും ആരംഭിച്ചു. പക്ഷേ എന്റെ മനസ്സിന്റെ ഏകാഗ്രത ഒന്നുകൊണ്ട് മാത്രം, അത്തരം കെണികളിൽ ഞാൻ വീണില്ല. 

ഒടുവിൽ ഒക്ടോബർ ഒന്നിന് ഉച്ചക്ക് രണ്ട് മണിയോട് കൂടി ഞാൻ പുറപ്പെട്ടു. രണ്ടേമുക്കാലിന് സ്നിക്കേഴ്സ് ഗ്യാപ്പിലെത്തിയതിന് ശേഷം, മൂന്ന് മണിയോട് കൂടി, മുപ്പതോളം പൗണ്ട് ഭാരമുള്ള ഹൈക്കിങ് ബാക്ക് പാക്കും പുറത്ത് കെട്ടി നടത്തം ആരംഭിച്ചു. ആരും കൂടെയില്ലാത്തത് കൊണ്ടും ആർക്കും വേണ്ടി കാത്ത് നിൽക്കാനില്ലാത്ത കൊണ്ടും, ഏകദേശം ഒന്നേകാൽ മണിക്കൂറുകൾ കൊണ്ട് തന്നെ, ഞാൻ സ്പൗട്ട് റണ്ണിലെത്തി. സാധാരണ രീതിയിൽ ആരെങ്കിലും കൂടെയുണ്ടാകുന്ന സമയത്ത്, ഒന്നേമുക്കാൽ മണിക്കൂറോളം എടുക്കുന്നതാണ്. തണുപ്പ് കാലം തുടങ്ങുന്ന സമയം ആയത് കൊണ്ടാവാം, മറ്റുള്ള ഹൈക്കേഴ്സും വളരെ വളരെ കുറവായിരുന്നു.

ഇരുട്ടും മുന്നേ പിടിപ്പത് പണികളുണ്ട്. ടെന്റ് കെട്ടണം, രാത്രി മുഴുവൻ കത്തിക്കാനായി ഉണക്ക മരക്കഷണങ്ങൾ സംഘടിപ്പിക്കണം. ടെന്റിടുന്ന സ്ഥലത്തിന് വളരെയടുത്തുള്ള ഉണക്ക മരക്കഷണങ്ങളൊക്കെ, ഇതിന് മുന്നേയുള്ള അവസരങ്ങളിൽ ഞങ്ങൾ കത്തിച്ച് തീർന്നത് കൊണ്ട്, കുറച്ച് ദൂരെ അലഞ്ഞ് വേണം അവ സംഘടിപ്പിക്കാൻ. 

ബാക്ക് പാക്ക് ഒരു പാറപ്പുറത്ത് ഇറക്കി വച്ച്, ചുറ്റുപാടുകളും ഒന്ന് വീക്ഷിച്ച ശേഷം, ചുരുട്ടിവെക്കാവുന്ന (ഉള്ളിലൊന്നും ഇല്ലെങ്കിൽ) ഒരു കുപ്പിയിൽ, വീട്ടിൽ നിന്ന് തന്നെ ഓറഞ്ച് നീരിനോടൊപ്പം ചേർത്ത് കൊണ്ടുവന്ന രണ്ടര പെഗ്ഗ് വോഡ്കയിൽ നിന്ന് രണ്ട് സിപ്പെടുത്തു. എന്റെ വരവറിയിച്ച് കൊണ്ട്, മൂന്ന് തവണ ഉച്ചത്തിൽ കുരവയിട്ടു. ഉന്മേഷം പതുക്കെ കൂടാൻ തൂങ്ങുന്ന നേരം, ടെന്റിന്റെ പണി ആരംഭിച്ചു. ടെന്റ് സെറ്റപ്പ് ചെയ്യാൻ തന്നെ ഏകദേശം മുക്കാൽ മണിക്കൂറോളം എടുത്തു. പിന്നെ കൈയിൽ കരുതിയിരുന്ന സാമാന്യം നീണ്ട ഒരു വലിയ വാളുമെടുത്ത് ഉണക്ക മരങ്ങൾ തേടിപ്പിടിച്ച് കൊണ്ടുവന്നു. ഏകദേശം ആറ് മണിക്ക് മുൻപായിത്തന്നെ വലിയ മരക്കഷണങ്ങളടക്കം ഒരു കെട്ട് ഉണക്ക മരങ്ങൾ എന്റെ ടെന്റിനടുത്ത് കൂമ്പാരമാക്കി കൊണ്ടു വച്ചു. വലിയ മരക്കഷണങ്ങൾ, മരങ്ങൾക്കും പാറകൾക്കുമിടയിലൂടെ വലിച്ച് കൊണ്ടുവരുന്നത് തീർത്തും പണിപ്പെട്ട പണിയായിരുന്നെങ്കിലും, വോഡ്ക വീണ്ടും ഞാൻ കുടിച്ചില്ല. കാരണം, രാത്രി, നന്നായി തണുക്കാൻ പോവുകയാണ്. എത്ര തീ കൂട്ടി കത്തിച്ചാലും ടെന്റിനുള്ളിൽ ഒരു തരി ചൂട് പോലും കയറില്ല. അപ്പോൾ, ഉറങ്ങുന്ന നേരത്ത് ചൂട് തരാനായി വോഡ്ക കാത്ത് വെക്കുകയാണ് ബുദ്ധി എന്നെനിക്ക് നന്നായറിയാം.

ഉണക്കയിലകൾ ആദ്യം കത്തിച്ച്, പതുക്കെ ചെറിയ ചുള്ളിക്കമ്പുകളിലേക്ക് തീ പടർത്തി, വലിയ മരക്കഷണങ്ങളിലേക്ക് തീയാളിക്കാൻ വീണ്ടും അര മണിക്കൂറെടുത്തു. കിടന്നാൽ ശരീരം മൊത്തം മുക്കിയെടുക്കാൻ പറ്റുന്ന അരുവിയിലെ ഒരു ഭാഗത്ത് കിടന്ന് ദിഗംബരധാരിയായി ഒരു തണുത്ത സ്നാനം നടത്തി. ഘോരമായ തണുത്ത വെള്ളത്തിൽ മുങ്ങി വിറച്ചുപോയ ശരീരവുമെടുത്ത് അഗ്നികുണ്ഡത്തിന്റെ അടുത്തേക്ക് തിരിച്ചോടിയതിന് ശേഷം മാത്രമേ തലയെങ്കിലും തുവർത്തണമെന്നുള്ള കാര്യം ഓർമ്മ വന്നുള്ളൂ. ഉടനെത്തന്നെ, ഇനി വരാൻ പോകുന്ന തണുപ്പിനെ പ്രതിരോധിക്കാൻ തൊപ്പിയടക്കമുള്ള സംവിധാനങ്ങൾ എടുത്തണിഞ്ഞു.

പോർട്ടബിൾ സ്റ്റവ് കത്തിച്ച്, കൊണ്ടുവന്നിരുന്ന പാക്കറ്റ് റൈസും ടിൻഡ് മത്തിയും ഒരുമിച്ചിട്ട്, ഉള്ളിയും തക്കാളിയും മസാലകളുമില്ലാത്ത ഒരുതരം മത്തിബിരിയാണി ഉണ്ടാക്കി. തണുത്ത് പോകാതിരിക്കാൻ അതെടുത്ത് തീക്കുണ്ഡത്തിനടുത്ത് കൊണ്ട് വച്ചു. അപ്പഴേക്കും ഏകദേശം ഇരുട്ടിത്തുടങ്ങിയിരുന്നു. തണുപ്പ് വീഴാനും തുടങ്ങി. വോഡ്ക കുടിക്കാതിരിക്കാൻ നിവൃത്തിയില്ലാതെ വന്നപ്പോൾ വീണ്ടും ഇടവേളകൾക്കിടയിൽ സിപ്പ് ചെയ്ത് കൊണ്ടിരുന്നു. തീ ആളിക്കത്താൻ തുടങ്ങിയതോടൊപ്പം വയറ്റിനുള്ളിൽ കിടന്ന് വോഡ്കയും കത്താൻ തുടങ്ങി. സ്പൂണിൽ മത്തിബിരിയാണിയെടുത്ത്, വയറ്റിനുള്ളിൽ കത്തിക്കൊണ്ടിരുന്ന വോഡ്കയിലേക്ക് ഇടക്കിടെ ആഹുതി ചെയ്തുകൊണ്ടിരുന്നു. 

നാലോളം കിലോമീറ്റർ റേഡിയസിൽ, കത്തുന്ന തീയും ഞാനും മാത്രം. ഉറങ്ങാനായി ഇനിയും എത്രയോ സമയം ബാക്കി കിടക്കുന്നു. ഉച്ചത്തിൽ അലറിയാലും പാട്ടു പാടിയാലും പുലഭ്യം പറഞ്ഞാലും നഗ്നനൃത്തം ചെയ്താലും ഒരു പൂച്ചയും അറിയാൻ പോകുന്നില്ല. ചെറുപ്പത്തിൽ പഠിച്ച പാട്ടുകൾ മുതൽ, മനസ്സിൽ തങ്ങി നിൽക്കുന്ന സിനിമാഗാനങ്ങൾ വരെ വളരെ ഉച്ചത്തിൽ കുറച്ച് നേരം പാടി. വോഡ്ക കുറച്ചധികം പണി എടുക്കാൻ തുടങ്ങിയപ്പോൾ, മതം കൊണ്ടും ജാതി കൊണ്ടും ഇസങ്ങൾ കൊണ്ടും നാട്ടുകാരെ കുരങ്ങ് കളിപ്പിക്കുന്ന രാഷ്ട്രീയക്കാരെയും സമുദായ നേതാക്കളെയും അറിയാവുന്ന അങ്ങേയറ്റത്തെ തെറികൾ ഉപയോഗിച്ച് അത്യുച്ചത്തിൽ അഭിഷേകം ചെയ്തു. നാലഞ്ച് വർഷങ്ങൾ മുന്നേ എന്നോട് വളരെ വൃത്തികെട്ട രീതിയിൽ പെരുമാറിയ ഒരു ലെബനീസ് പ്രോജക്ട് മാനേജരെ മനസ്സിൽ ആവാഹിച്ച്, എരിയുന്ന തീയിലേക്ക് പത്തോളം തവണ കാറിത്തുപ്പിക്കൊണ്ട് സ്വയമായുണ്ടാക്കിയ ഭരണിപ്പാട്ടുകൾ പാടി. ചില പദപ്രയോഗങ്ങൾ ദേഷ്യത്തിന്റെ തീവ്രതയിൽ, തരംഗദൈർഘ്യം കൂടിപ്പോയതിനാൽ,  ചുറ്റുമുള്ള മലകളിൽ തട്ടി പ്രതിധ്വനിച്ച്, എന്റെ കാതിൽത്തന്നെ വന്നു പതിച്ചപ്പോൾ, പാലത്തിന്റെ മുകളിൽ എല്ലിൻ കഷ്ണം കടിച്ച് പിടിച്ചുകൊണ്ട് പ്രതിബിംബത്തോട് കുരക്കാൻ പോയ പട്ടിയെക്കുറിച്ച് ഞാനോർത്തു. 

തീക്കുണ്ഡത്തിനടുത്ത് ഉയർന്ന് നിന്നിരുന്ന ഏതോ ഒരു ചെടിയുടെ മേലെ, കരിഞ്ഞുണങ്ങി കിടന്നിരുന്ന ഒരു പൂച്ചെണ്ട് ഉരച്ച് പൊടിച്ച്, ഒരു പഴുത്തുണങ്ങിയ ഇലയിലിട്ട് ചുരുട്ടി, ശിവമൂലിയാണെന്ന് മനസ്സിൽ കരുതി പുകച്ചാലോ എന്ന് കുറച്ച് നേരം ആലോചിച്ചു. കുറച്ച് നേരം ആ മൃതമായ പൂവിനെ നോക്കി, അതിന്റെ ബാല്യകാലത്തെക്കുറിച്ച് ചിന്തിച്ചതല്ലാതെ  വേറെയൊന്നും ചെയ്തില്ല. കാഴ്ച വീണ്ടും ആളുന്ന തീയിലേക്ക് തിരിച്ചു.

വിശ്വസിക്കുന്ന ആളുകളുടെ പരിദേവനങ്ങൾക്ക് പോലും പരിഹാരം ഉണ്ടാക്കാൻ കഴിയാത്ത ദൈവങ്ങളെ, കുറച്ചധികമായിത്തന്നെ 'സംസ്‌കൃത' ഭാഷയിൽ വഴക്ക് പറഞ്ഞു. അരിശം തീരാഞ്ഞ് കത്തിക്കൊണ്ടിരുന്ന സാമാന്യം വണ്ണമുള്ള ഒരു മരക്കഷ്ണം എടുത്ത് കത്തുന്ന തീക്കുണ്ഡത്തിൽ പലതവണ ആഞ്ഞടിച്ചു. അതുണ്ടാക്കിയ ലക്ഷോപലക്ഷം തീപ്പൊരികൾ ആഗ്നേയാസ്ത്രം കണക്കെ വ്യോമസിംഹാസനമിരിക്കുന്ന ഇന്ദ്രപ്രസ്ഥത്തിലേക്ക് കുതിച്ചുയർന്നു. കത്തുന്ന വിറക് കൊള്ളി കൈയ്യിലേന്തി, അട്ടഹസിച്ചുകൊണ്ട് അഗ്നികുണ്ഡത്തിനെ വലം വെച്ച്, വീണ്ടും തീക്കൊള്ളി കൊണ്ട് ആഞ്ഞടിച്ചതിന് ശേഷമാണ് മനസ്സിൽ കയറിക്കൂടിയ തീച്ചാമുണ്ഡിയെ പുറത്തിറക്കി വെക്കാനായത്. 

അങ്ങനെ സ്വയം സമാധാനിക്കാൻ നടത്തിയ പൂജാകർമ്മങ്ങൾ ഒരു ചെറിയ സമാധാനം തന്നിരിക്കുന്നു എന്നത് ബോധ്യപ്പെടുത്താനായിരിക്കണം; ശരീരത്തിനുള്ളിൽ നിന്ന് അധോവായുവും ഉപരിവായുവും അനർഗ്ഗളമായി ഇടയ്ക്കിടെ പ്രവഹിക്കാൻ തുടങ്ങിയത്. ആ സമാശ്വാസങ്ങൾ ഓരോന്നും  ആസ്വദിച്ച് കൊണ്ട് തന്നെ, ഓരോന്നിനും അനുയോജ്യമായ ശബ്ദവിന്യാസങ്ങൾ ക്രമീകരിച്ച് അവയെ അനന്തവിഹായസ്സിലേക്ക് പറഞ്ഞ് വിട്ടു. സാധാരണയായുള്ള ദൈനംദിനജീവിതത്തിൽ, സദാചാരബോധത്തിന്റെയും പരിഷ്‌കൃതബോധത്തിന്റെയും പേരിൽ, ആൾക്കൂട്ടങ്ങൾക്കിടയിൽ പേടിച്ചും പതുങ്ങിയും ചെയ്യുന്ന ഈ കാര്യങ്ങൾ, ഇത്രയും ആസ്വദിക്കാൻ പറ്റുമെന്നത് എന്നെ സംബന്ധിച്ചടുത്തോളം ഒരു പുതിയ അറിവായിരുന്നു. 

അറിയാതെയെങ്കിലും ആരെങ്കിലും കാണുന്നുണ്ടോ എന്ന് നോക്കിയപ്പോൾ, വൃക്ഷങ്ങൾക്കിടയിലൂടെ എത്തിനോക്കിയ ചന്ദ്രനെ മാത്രമേ കാണാൻ കഴിഞ്ഞുള്ളൂ. പിന്നെ കുറച്ച് നേരം ചന്ദ്രനോടായി വർത്തമാനങ്ങൾ പറഞ്ഞു. നീൽ ആംസ്ട്രോങ് ശരിക്കും അവിടേക്ക് വന്നിട്ട് കാൽപാദങ്ങൾ പതിപ്പിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് ചന്ദ്രന്റെ മറുപടിയൊന്നും കിട്ടിയില്ല. ആംസ്ട്രോങ് ഷൂസ് ഇട്ട് അവിടെ ഇറങ്ങിയത് കൊണ്ടായിരിക്കാം, ചന്ദ്രൻ ഒന്നും മിണ്ടാതിരുന്നത്. 

ആ സമയത്താണ്, എന്തോ ഒരു ജീവി കരിയിലകൾക്കിടയിലൂടെ ഓടുന്നത് പോലെ എനിക്ക് തോന്നിയത്. കരടിയോ കാട്ടുപൂച്ചയോ അല്ലെങ്കിൽ കുറുക്കനോ ആവാം. ഫ്‌ളാഷ് ലൈറ്റ് തെളിച്ച് നോക്കിയെങ്കിലും ഒന്നിനെയും കണ്ടില്ല. എന്റെ പുലഭ്യങ്ങൾ കേട്ട്, അവയുടെ സ്വസ്ഥത ചിലപ്പോൾ നശിച്ച് കാണും. സ്വസ്ഥത കിട്ടാനാണ് ഞാനവിടെ എത്തിയതെന്ന് അവറ്റകൾക്ക് അറിയില്ലല്ലോ. കുറച്ചാളുകയേയും സംവിധാനങ്ങളെയും ഇത്രയും ഉച്ചത്തിൽ പരിഹസിച്ചും തെറി വിളിച്ചും മറ്റും മനസ്സ് സമാധാനപ്പെടുത്താൻ നാട്ടിലിരുന്ന് പറ്റാത്തത് കൊണ്ടാണ് ഞാൻ കാട്ടിലേക്ക് വന്നതെന്ന കാര്യവും അവറ്റകൾക്ക് അറിയില്ല. എന്തായാലും അവയുടെ സമാധാനം കുറച്ച് നേരത്തേക്ക് നശിപ്പിച്ചതിന് ഞാൻ അവയോട് മാപ്പ് പറഞ്ഞു.

വോഡ്ക തീർന്നതിനാൽ എന്റെ മനോവ്യാപാരങ്ങൾ കുറഞ്ഞു വന്നു. സമയം പതിനൊന്നായിരിക്കുന്നു. ഇനിയും അലറിയാൽ എന്റെ തൊണ്ട ചിലപ്പോൾ കീറിപ്പോകും. ആളിക്കത്തിക്കൊണ്ടിരുന്ന തീയുടെ തീവ്രത മൂത്രമൊഴിച്ച് കുറച്ചാലോ എന്ന് തോന്നിയെങ്കിലും, നല്ല തണുപ്പ് ഉണ്ടായിരുന്നതിനാൽ അങ്ങനെ ചെയ്തില്ല. ആളുന്ന തീയിൽ നിന്ന് വല്ല തീപ്പൊരിയും വന്ന് ടെന്റിന് മേലെ വീണാലുള്ള കാര്യം ചിന്തയിൽ വന്നെങ്കിലും, കത്തുമ്പോൾ നോക്കിയാൽ പോരേ എന്ന് മനസ്സ്മന്ത്രിച്ചു. 

പതുക്കെ അരുവിയിലറങ്ങി, ഭക്ഷണപ്പാത്രങ്ങളൊക്കെ കഴുകി വൃത്തിയാക്കി, പാറപ്പുറത്ത് കമഴ്ത്തി വച്ചു. മീനിന്റെ മണം മണത്ത് കരടി വരാതിരിക്കാൻ, മീനിരുന്ന ടിന്നും മറ്റ് വേസ്റ്റുകളും ഒരു പ്ലാസ്റ്റിക് ബാഗിൽ കെട്ടി, ഒരു മരത്തിന്റെ ഒരു ശാഖയിൽ കെട്ടിത്തൂക്കി. മരം കയറാനറിയാത്ത കരടികളെയെങ്കിലും ഒഴിവാക്കാമല്ലോ.

തീക്കുണ്ഡത്തിലെ മരക്കഷണങ്ങളൊക്കെ വീണ്ടും ഒതുക്കിവച്ചു. കുറച്ചകലെപ്പോയി മൂത്രമൊഴിച്ച്, ടെന്റിന്റെ മുന്നിൽ വന്നു. എനിക്ക് എത്രത്തോളം ശബ്ദം ഉണ്ടാക്കാൻ പറ്റുമോ, അത്രയും ശബ്ദത്തിൽ ഒന്ന് കൂക്കിയതിന് ശേഷം ടെന്റിനകത്തേക്ക് പ്രവേശിച്ചു. ഊതിവീർപ്പിച്ച മെത്തയും തലയിണയും എന്നെ കാത്തുകിടപ്പുണ്ട്. എന്റെ വാളെടുത്ത് ഒരു വശത്ത് വച്ചു. കരടി ആക്രമിക്കാൻ വന്നാൽ, ആദ്യം കാണുന്നത് വാളായിരിക്കണം. 

പതുക്കെ സ്ലീപ്പിങ് ബാഗിനകത്തേക്ക് നൂണ് കയറി മലർന്ന് കിടന്നു. ടെന്റിന് മുകളിലുള്ള അരിപ്പ അടയ്ക്കാഞ്ഞതിനാൽ, എനിക്കപ്പോഴും ആകാശം കാണാം. ആകാശത്തെ നക്ഷത്രങ്ങൾ ഇലകൾക്കിടയിലൂടെ പറരതുന്നതിനിടയിൽ, മൂന്നാം ക്ലാസ്സ് മുതലുള്ള വൺവേ പ്രണയങ്ങൾ തിരമാലകൾ പോലെ പല പല ചിത്രങ്ങളേന്തി മനസ്സിലേക്ക് അലയടിച്ചെത്തി. കല്യാണരാവിന്റെ തിരമാല മലപോലെയുയർന്ന് കുതിച്ചെത്തുമ്പഴേക്കും എന്നെ നിദ്രാദേവി ആലിംഗനം ചെയ്തുകഴിഞ്ഞിരുന്നു. പുലർച്ചെ മൂത്രമൊഴിക്കാൻ എഴുന്നേറ്റപ്പോൾ, അഗ്നികുണ്ഡം വീണ്ടും ഒന്ന് ചിട്ടപ്പെടുത്തി. അധികം വൈകാതെ തന്നെ വീണ്ടും ടെന്റിനകത്തേക്ക് കയറിയപ്പോൾ അനുഭവപ്പെട്ട കൂടിയ തണുപ്പിനെ പ്രതിരോധിക്കാൻ, ബാക്ക് പാക്കിനെ കെട്ടിപ്പിച്ച് വീണ്ടുംകണ്ണടച്ച് കിടന്നു. 

ഏഴരക്ക് എഴുന്നേറ്റ്, ഒരു കാപ്പിയുണ്ടാക്കിക്കുടിച്ച്, ഭൂമി കൂടുതൽ വളക്കൂറുള്ളതാക്കാനുള്ള യജ്ഞത്തിന് തുടക്കമിട്ടു. ഒഴിഞ്ഞ വയറുമായി തിരിച്ച് വന്നതിന് ശേഷം, ഓട്സിന്റെ ഒരു ഇൻസ്റ്റന്റ് പാക്കറ്റെടുത്ത് പ്രാതൽ തയ്യാറാക്കി വീണ്ടും ആമാശയത്തിലേക്കൊഴിച്ചു. തെയ്യം കഴിഞ്ഞ് പന്തലഴിക്കുന്നത് പോലെ, ടെന്റൊക്കെ അഴിച്ച്, വീണ്ടും ബാക്ക്പാക്ക് തയ്യാറാക്കി. അപ്പോഴും എരിഞ്ഞു കൊണ്ടിരുന്ന അഗ്നികുണ്ഡത്തിലേക്ക് അരുവിയിലെ വരുണനെക്കൊണ്ടു വന്ന് കുടിയിരുത്തി. അപ്പഴേക്കും സമയം രാവിലെ ഒൻപതര. അഗ്നിയും വരുണനും ഒരുമിച്ച് ലയിച്ച വട്ടത്തിന് മുന്നിൽ നിന്ന് മൂന്ന് തവണ ഉച്ചത്തിൽ അലറിക്കൂക്കി. ഒടുവിൽ, സ്പൗട്ട് റണ്ണിനോട് സലാം പറഞ്ഞ്, മണ്ണിലേക്ക് മാർപ്പാപ്പയുടെ മുത്തം നൽകി, തിരിഞ്ഞു നോക്കാതെ, ബഹളമയമായ യാഥാർത്ഥ്യലോകത്തിന്റെ കാപട്യങ്ങളിലേക്ക്, സമർദ്ദങ്ങളിലേക്ക് തിരിഞ്ഞു നടന്നു. അപ്പഴേക്കും, നടത്തം വഴി ശരീരത്തിന്റെയും, തലേന്ന് രാത്രി നടത്തിയ സമാധാനപൂജകൾ കൊണ്ട് മനസ്സിന്റെയും കനങ്ങൾ ശരിക്കും കുറഞ്ഞിരുന്നു. അതെ, ചില ഏകാന്തതകൾ ഒരു അനുഭവം തന്നെയാണ്!

***

4 അഭിപ്രായങ്ങൾ:

  1. വേണു അടിപൊളി ആയിട്ടുണ്ട് അപ്പോൾ റമ്മും വോഡക്കയും തമ്മിൽ താരതമ്യം ചെയ്യുമ്പോൾ റമ്മിൽ നിന്ന് മോചനം ആവശ്യമാണ് വോഡ്ക്കയാണ് നല്ലത്. എന്തായാലും ഒറ്റക്ക് യാത്ര ഗംഭീരമായിരിക്കുന്നു നിനക്ക് മാത്രമേ അതിന് സാതിക്കും സമ്മതിച്ചിനു മകനെ വേണൂ

    മറുപടിഇല്ലാതാക്കൂ
  2. കുറച്ചു നാൽ മുൻബു ഗ്യാൻ പറഞ്ഞപ്പോൾ കളിയാക്കി..ഇപ്പോൾ മനസ്സിലയോ സഹോ 🤣

    മറുപടിഇല്ലാതാക്കൂ