2022, നവംബർ 1, ചൊവ്വാഴ്ച

എൻ കേരളം


മുകളിലുള്ള വീഡിയോ നേരിട്ട് പ്രവർത്തിക്കുന്നില്ലെങ്കിൽ, നേരിട്ട് യൂട്യൂബിൽ നിന്ന് പ്ളേ ചെയ്യാൻ അമർത്തുക: എൻ കേരളം

കേരളം കോമളം 
തരളമനോഹരിയെൻ കേരളം!
താരിളം പൂക്കളാൽ പൂക്കളമെഴുതുന്ന 
പാരിലെ ഗരിമയാണെൻ കേരളം!

നരല തൻ തീരങ്ങൾ നിറമാല ചാർത്തുന്ന 
സുരവരഭരിതമാണെൻ കേരളം!
ആരണ്യനിബിഡസരോവരനീലിത 
ഗിരിമുടി രമണീയമെൻ കേരളം!

സരളപദങ്ങളാൽ സരിഗമ തീർക്കുന്ന 
കൈരളിമൊഴിധാരിയെൻ കേരളം!
പരിമളശ്യാമളശീതളദേശങ്ങൾ 
ധാരാളമേളിതമെൻ കേരളം!

വരമ്പുകൾ വരഞ്ഞുള്ള കോലങ്ങൾ വിരിയുന്ന 
മരതകപാടങ്ങളെൻ കേരളം!
പൂരങ്ങൾ തെയ്യങ്ങൾ ഉത്സവമേളങ്ങൾ 
ഭേരികളാറാടുമെൻ കേരളം!

ധരണിതൻ തന്ത്രിയാം തടിനിതന്നൊഴുക്കുകൾ 
ചിരിവീണ മീട്ടുമെൻ കേരളം!
വാർമഴവില്ലുകൾ കാൺകയാൽ മയിലുകൾ 
വരിനൃത്തമാടുമെൻ കേരളം!

അരചനാം മാവേലിമന്നന്റെ നിസ്തുല 
ഭരണകാവ്യം പാടുമെൻ കേരളം!
പരശുവിന്നേറിനാൽ വാരിധി നീങ്ങയാൽ 
കരയായ കഥചൊല്ലുമെൻ കേരളം!
നരജാതിയെല്ലാമൊന്നെന്ന് കല്പിച്ച 
പറയിതൻ കുലം വാണതെൻ കേരളം! 

2020 മുതൽ തുടർച്ചയായി നാലാം വർഷവും (2023 ൽ) ഒരു പുതിയ കേരളപ്പിറവി പാട്ട് എല്ലാവരുടെയും മുന്നിലായി സമർപ്പിക്കുകയാണ്. ഈ പതിവ് ഇനിയും എത്ര കാലത്തോളം നിലനിൽക്കുമെന്നറിയില്ല. എന്നാലും, ഇപ്പോൾ ഒൻപതാം തരത്തിലുള്ള മകൾ പന്ത്രണ്ടാം തരത്തിലെത്തുന്നത് വരെയെങ്കിലും രണ്ടോ മൂന്നോ പാട്ടുകൾ കൂടി ഇറക്കണമെന്നാണ് ആഗ്രഹം. എന്റെ ഈ സംരംഭത്തിൽ, ഒരു പാട്ടിലെ ആശയം എന്റെ മറ്റ് പാട്ടുകളിലും കണ്ടേക്കാം. പക്ഷേ ഒരേ ആശയങ്ങൾ മറ്റുള്ള പാട്ടുകളിൽ വരുന്നുണ്ടെങ്കിലും അവ അവതരിപ്പിക്കുന്ന രീതിയും താളവും എല്ലാം വിഭിന്നങ്ങളാണ്. ഓരോ പാട്ടും ഒറ്റയ്ക്ക് നിൽക്കാൻ പ്രാപ്തിയുള്ളതിനാൽ, വേറൊരു പാട്ടുമായി താരതമ്യം ചെയ്യേണ്ടതില്ല. എല്ലാവർഷങ്ങളിലെയും പോലെ, മകൾ ദേവകിയാണ് ഇത്തവണയും പാടിയിരിക്കുന്നത്. അവളെ എങ്ങനെ പാടണം എന്നത് പഠിപ്പിച്ചിരിക്കുന്നത് അവളുടെ അമ്മയും. ഈ 'എൻ കേരളം' എന്ന പുതിയ പാട്ട് എല്ലാവർക്കും ഇഷ്ടപ്പെടുമെന്ന് കരുതുന്നു. അഭിപ്രായങ്ങൾ അറിയിക്കുക. 

ഇതിന്ട്ടു മുന്നേ എഴുതിയിട്ടുള്ള  മലയാളം / കേരളം വാഴ്ത്ത്പാട്ടുകളുടെ നേരിട്ടുള്ള യൂട്യൂബ് വീഡിയോ കാണാൻ, തെഴെയുള്ള ലിങ്കുകളിൽ അമർത്തുക:
***

4 അഭിപ്രായങ്ങൾ:

  1. അജ്ഞാതന്‍2023, നവംബർ 22 1:07 AM

    നയാനന്ദകരം കാണാൻ നമ്മുടെ കേരളം.
    കർണാനന്ദകരം കേൾക്കാൻ
    ഈ ശ്രുതിമധുര ഗീതാഞ്ജലി .

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. പാട്ട് കേട്ടതിനും അഭിപ്രായം അറിയിച്ചതിനും സന്തോഷം, നന്ദി...

      ഇല്ലാതാക്കൂ
  2. അജ്ഞാതന്‍2023, നവംബർ 28 5:59 AM

    നരല എന്നതിന് അർത്ഥം എന്താണ്.?

    മറുപടിഇല്ലാതാക്കൂ