2020, നവംബർ 14, ശനിയാഴ്‌ച

വാളുകൾ തഴുകിയ റോളർ കോസ്റ്റർ (അപ്പലാച്ചിമലമ്പുരാണം - 4)

കെയ്‌സിയേൽപ്പിച്ച നഖക്ഷതങ്ങൾ (അപ്പലാച്ചിമലമ്പുരാണം - 1)
കോണകാന്തരം കുതിച്ച തേനീച്ചകളും പന്നഗവിസർജ്ജ്യവും (അപ്പലാച്ചിമലമ്പുരാണം - 2)
വൻകുടലിൽ നീന്തിക്കളിച്ച സാൽമൺ (അപ്പലാച്ചിമലമ്പുരാണം - 3)

അഞ്ച് മണിക്ക് മുൻപായിത്തന്നെ സ്പൗട്  റണ്ണിന് കുറുകെയുള്ള പാലത്തിനടുത്തെത്തുമ്പഴേക്കും, അതിന്റെ മറുകരയിൽ, ഒരൊഴിഞ്ഞ സ്ഥലത്ത് ഭാണ്ഡമിറക്കി വിശ്രമിക്കുന്ന 'ബി'യെ കാണാൻ കഴിഞ്ഞു. അവൻ അവിടെയെത്തിയിട്ട്, ഏകദേശം അഞ്ച് മിനുട്ടായിരിക്കുന്നു. അവിടെ എത്തിയ ഉടനെത്തന്നെ, ഭാണ്ഡം ഇറക്കി വച്ച്, തറയിൽ അൽപനേരം മലർന്ന് കിടന്നു. മറ്റുള്ളവർ വരാൻ ഇനിയും തീർച്ചയായും സമയം എടുക്കും എന്ന ഉറപ്പുണ്ട്, പ്രത്യേകിച്ച്, 'സി'യും 'ഡി'യും.

കുറച്ച് നേരത്തെ വിശ്രമത്തിന് ശേഷം, പക്ഷികൾ കൂടി കെട്ടാൻ നല്ല മരക്കൊമ്പ് കണ്ടുപിടിക്കുന്നത് പോലെ, ടെന്റ് കെട്ടാനുള്ള നല്ല സ്ഥലം കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചു. അരുവിയിലെ ഒഴുക്കിന്റെ കളകളാരവവും, പതുക്കെ തഴുകി കടന്നുപോകുന്ന കാറ്റിലിളകുന്ന ഇലകളുടെ ശബ്ദവും വല്ലാത്തൊരു അനുഭൂതിയായിരുന്നു. അര മണിക്കൂർ നേരത്തെ ശ്രമത്തിൽ, ഞാനും 'ബി'യും അവരവരുടെ ടെന്റ് കെട്ടിപ്പൊക്കി. പിന്നെ, അവിടെ പാണ്ടാരോ ഉണ്ടാക്കി വച്ചിരുന്ന 'ഫയർ പിറ്റി'ൽ തീ കത്തിക്കാനുള്ള ശ്രമം ആരംഭിച്ചു. 

വിറകിന് വേണ്ടി നോക്കിയപ്പോൾ, ഉണക്കമരങ്ങളോ ഉണക്കക്കമ്പുകളോ ഒന്നും തൊട്ടടുത്തെങ്ങുമുണ്ടായിരുന്നില്ല. കുറച്ച് ദൂരെ മലഞ്ചെരുവിലായി കുറച്ച് വലിയ ഉണക്കമരങ്ങൾ കിടപ്പുണ്ട്. ആ മരങ്ങൾ പൊക്കിയെടുത്ത് കൊണ്ടുവരിക എന്നത് ദുഷ്കരമാണ്. തീയുടെ ആരംഭം കുറിക്കാൻ ഫയർ സ്റ്റാർട്ടർ ഉണ്ടെങ്കിലും, കുറച്ച് ഉണക്കക്കരിയിലകൾ ഉണ്ടെങ്കിലേ കാര്യം സാധിക്കൂ. പക്ഷേ എല്ലാ ഇലകളും തലേ ദിവസത്തെ മഴയിൽ നനഞ്ഞ് നനുത്ത് കിടന്നത്, തീ കത്തിക്കുന്നതിനെക്കുറിച്ചുള്ള ചിന്ത, എന്റെയുള്ളിൽ ആളിക്കത്താൻ തുടങ്ങി.

വിറക് എങ്ങനെ ശേഖരിക്കും എന്നാലോചിച്ച് ഇരുന്നപ്പഴാണ്, 'വാളെടുത്ത് വിറക് ചെറുതാക്കിക്കൂടേ' എന്ന ചിന്ത, 'ബി' എന്നോട് പങ്ക് വച്ചത്. അത് കേട്ട് എനിക്കാദ്യം ചിരിയാണ് വന്നത്. കാരണം, നമ്മുടെ യാത്രയിൽ, നീണ്ട വാളെടുക്കുന്നതിൽ അതൃപ്തി പ്രകടിപ്പിച്ച മഹാനാണ് ഇപ്പോ അതേ വാളെടുത്ത് വിറക് വെട്ടാൻ പറയുന്നത്.

"ഇപ്പ കണ്ടാ... വാളെടുത്തതിന്റെ ഗുണം..." എന്നും പറഞ്ഞ്, ഞാൻ എന്റെ വാൾ ഉറയിൽ നിന്നും ഊരി. പിന്നെ കുറച്ച് വിറകുകൾ മുറിച്ച് കൊണ്ട് വന്ന്, അധികം നനയാത്ത കരിയിലകൾ കൂട്ടി തീ കൊടുക്കാനുള്ള ശ്രമം ആരംഭിച്ചു.

ഇലകൾ നനഞ്ഞത് കാരണം, തീ കത്തിക്കാൻ ഏറെ പാടുപെട്ടു. ഊതിയൂതി മനുഷ്യന്റെ വയറും നെഞ്ചും പുറത്തോട്ട് തള്ളാൻ തുടങ്ങി. അങ്ങനെയുള്ള ഏതോ ഒരു ഊത്തലിലും തള്ളലിലും, എനിക്ക് രണ്ടിന് പോകാൻ, കലശലായ  ശങ്ക തോന്നി. ഉള്ളിൽ അതുവരെ ഉറങ്ങിക്കിടന്നിരുന്ന സാൽമൺ വീണ്ടും നീന്താൻ തുടങ്ങിയോ എന്നൊരു സംശയം എനിക്കുണ്ടായി. ഉടനെത്തന്നെ കാര്യം സാധിച്ചില്ലെങ്കിൽ കാര്യം വഷളാകും എന്ന ചിന്തയിൽ, കാര്യം സാധിക്കാനുള്ള വ്യഗ്രതയിൽ, പറ്റിയ സ്ഥലം  അന്വേഷിച്ച്, അരുവി മുറിച്ച് കടക്കുമ്പോഴാണ്‌, അവിചാരിതമായി ഇലകളാൽ മറഞ്ഞിരുന്ന ഒരു കൂർത്ത മരക്കമ്പ്, എന്റെ വലത് തുടയുടെ മേലെ ആഞ്ഞ് തറച്ചത്. ഇത്തിരി മാറിയിരുന്നെകിൽ എന്റെ മൂത്രനാളിക്ക് വേറൊരു ദ്വാരം കൂടി ഉണ്ടായേനെ. 

ആ മുറിവിന്റെ വേദനയിൽ, എന്നോട് കുറച്ച് സഹതാപം പ്രകടിപ്പിക്കാനെന്നോണം, സാൽമണുകളുടെ വയറ്റിലൂടെയുള്ള നീന്തൽ കുറച്ച് നേരത്തക്ക് അവർ നിർത്തിവച്ചു. ഉടനെത്തന്നെ Neosporin പുരട്ടി, ഒരു കെട്ടും കെട്ടി രക്തയോട്ടം നിർത്തിയപ്പഴേക്കും എന്റെയുള്ളിലെ ചാണക്യനീതി ഉണർന്നു പൊങ്ങി. എന്റെ വൃഷണം നോക്കി കുത്തിക്കയറാൻ ശ്രമിച്ച മരക്കമ്പും, ആ മരം അപ്പാടെയും, എന്റെ പ്രതികാരാഗ്നിയിൽ എന്റെ വാളിന്റെ സഹായത്തോടെ, ഞാൻ തറിച്ച് മുറിച്ചു കളഞ്ഞു. അപ്പോൾ മാത്രമേ എനിക്ക് മനസ്സമാധാനമുണ്ടായുള്ളൂ. ആ മനസ്സമാധാനത്തിന്റെ നിർവൃതിയിൽ. കുറച്ച് ദൂരെ ഒരു വലിയ മരത്തിന്റെ മറവിൽ, ഒരു കുഴി കുത്തി കാര്യസാധ്യം നടത്തുമ്പോഴും, കുനിഞ്ഞിരിക്കുന്നതിനാൽ അടിവയറിന്റെയും തുടയുടെയും ഇടയിലുള്ള മുറിവിലെ നീറ്റൽ എന്നെ അലോസരപ്പെടുത്തി. എന്നിരുന്നാലും, അതുവരെ എന്റെ വൻകുടലിലൂടെ നീന്തിക്കളിച്ച സ്മോക്ക്ഡ് സാൽമണുകളിൽ, കുറേയെങ്കിലും, മണ്ണിലെ വളക്കൂറ് കൂട്ടാൻ പുറത്ത് കടന്നതിലുള്ള ആശ്വാസം ചില്ലറയായിരുന്നില്ല ! കുടലിൽ ബാക്കി കിടക്കുന്ന സാൽമണുകളെ ദഹിപ്പിക്കാൻ, എത്രയും പെട്ടന്ന് ബ്രാണ്ടി കഴിച്ചേ തീരൂ എന്ന ചിന്തയിൽ, ഇലകളെ ടിഷ്യൂ ആക്കി ഉപയോഗിച്ച് തിരിച്ച് വന്നു.

തിരിച്ച് വന്ന്, വീണ്ടും ക്യാമ്പ് ഫയർ ഒരുക്കാനുള്ള ശ്രമം പുനരാരംഭിച്ചു. ഒരുവിധം തീ പിടിച്ച് വരുമ്പഴേക്കും നമ്മുടെ 'ഇ', അവിടെ എത്തിച്ചേർന്നു. 'സി'യും 'ഡി'യും എത്താൻ പിന്നെയും അരമണിക്കൂറോളം സമയമെടുത്തു. എത്തിയ ഉടനെത്തന്നെ, എല്ലാവരും അവനവന്റെ കൂടാരം കെട്ടിപ്പൊക്കുന്നതിൽ വ്യാപൃതരായി. ഇരുട്ടായിക്കഴിഞ്ഞാൽ റെന്റ് കെട്ടുന്നത് ബുദ്ധിമുട്ടായിരിക്കും. വന്ന വരവിൽത്തന്നെ, ഭാണ്ഡമിറങ്ങിയ ആശ്വാസത്തിൽ, വസ്ത്രങ്ങൾ മുക്കാലേയരക്കാലുമുരിഞ്ഞ്, ദിഗംബരവേഷം കെട്ടി, ക്ഷീണത്തിനിടയിലും, നടത്തത്തിനിടയിൽ പെരുത്തെന്ന് തോന്നിച്ച തുടയിലെ മസിലുകൾ, വീണ്ടും പെരുപ്പിച്ച് കാണിച്ച്, 'ഡി' സ്വയം ആശ്വസിക്കാൻ തുടങ്ങി. അത് കണ്ടപ്പോൾ, കല്യാണരാമൻ സിനിമയിൽ, 'തൈസി'നെക്കുറിച്ച് ഇന്നസെന്റ് നടത്തുന്ന ഡയലോഗാണ് ഓർമവന്നത്!

അധികം താമസിയാതെ തന്നെ, എല്ലാവരും എത്തിയല്ലോ എന്ന ആശ്വാസത്തിൽ, മീൻ ബിരിയാണി പാചകം ചെയ്യാനുള്ള ശ്രമങ്ങൾ ശ്രമദാനമായി ആരംഭിച്ചു. സമാന്തരമായി, രാത്രിയിലെ തണുപ്പ് അകറ്റാനെന്ന പേരിൽ കയ്യിൽ കരുതിയ ബ്രാണ്ടി, നാലഞ്ച് ഗ്ലാസ്സുകളിലായി പടർന്നു. തണുപ്പകറ്റുന്നതിനേക്കാൾ കൂടുതൽ സാൽമണിനെ ദഹിപ്പിക്കാനാണല്ലോ ഞാൻ ബ്രാണ്ടി കഴിക്കുന്നത് !

ബ്രാണ്ടി അകത്ത്  പോകുന്നതിനിടയിൽ, 'ബി', അവന്റെ ഭാണ്ഡത്തിൽ നിന്ന്, ഉച്ചക്ക് എടുക്കാതിരുന്ന ഹെറിങ് (herring fish) ന്റെ ഡബ്ബ തുറന്ന് വിതരണം തുടങ്ങി. ഉച്ചക്ക് കഴിച്ച സ്മോക്ക്ഡ് സാൽമൺ ഇതിനകം കുറച്ച് പുറത്ത് പോയിട്ടുള്ളതിനാലും, ഭക്ഷണം ദഹിപ്പിക്കാനുതകുന്ന ദ്രാവകം ഉള്ളിലേക്ക് സിപ്പ് സിപ്പായി കയറുന്നതിനാലും, സർവ്വോപരി, എല്ലാം ദഹിപ്പിക്കുന്ന അഗ്നി മുന്നിൽ ആളിക്കത്തുന്ന ധൈര്യത്തിലും, ഹെറിങ് എന്ന ആ പകുതി വേവിച്ച പച്ചമീൻ, മുറിച്ച് മുറിച്ച് ഞങ്ങളെല്ലാവരും കഴിക്കാൻ തുടങ്ങി. 

മത്തി ബിരിയാണി, രണ്ട് സ്ടവ്കളുടെ മുകളിലായി തയ്യാറായിക്കൊണ്ടിരിക്കുന്നു... ഇടയ്ക്കിടയ്ക്ക്, എന്റെ വാളുമെടുത്ത്, ഓരോരുത്തർ, വിറകുകൾ മുറിച്ച്, കെട്ടി വലിച്ച് കൊണ്ടുവരുന്നു... 'ഡി' കൊണ്ടുവന്ന പാട്ടുപെട്ടിയിൽ നിന്ന് ഹിന്ദി-മലയാളം പാട്ടുകൾ, അവിടത്തെ അപ്പലാച്ചിയൻ മലനിരകളിലും കാനനവിഹായസ്സിലും അലയടിച്ചു കൊണ്ടിരിക്കുന്നു... അഗ്നികുണ്ഡത്തിൽ നിന്ന് അഗ്നിദേവൻ, ആവും പോലെ ഉയരത്തിൽ ആനന്ദനൃത്തമാടിക്കൊണ്ടിരിക്കുന്നു... അകത്ത് കയറിയ ബ്രാണ്ടിയുടെ ബലത്തിൽ, അഗ്നികുണ്ഡത്തിന് ചുറ്റുമായി ഞങ്ങളാലാവും വിധം, പാട്ടുപാടിചുവടുകൾ വച്ചുകൊണ്ടിരിക്കുന്നു... കാഴ്ചക്കാരായി ഞങ്ങൾ മാത്രം... അഗ്നികുണ്ഡത്തിനപ്പുറം കൂനാക്കൂരിരുട്ടും, ചീവീടുകളുടെ ശബ്ദവും,  കളകളാരവവും മാത്രം... 

മത്ത് തലക്ക് കയറുന്നതിനിടെ രണ്ടാം തവണയും, ഗ്ലാസ്സ് നിറഞ്ഞു. രണ്ടാമതും നിറഞ്ഞ ഗ്ളാസ്സിൽ നിന്ന് രണ്ടാം സിപ്പ്  എടുക്കുന്നതിനിടയിൽ, അരുവിയിലെ ഒഴുകുന്ന ജലം കൊണ്ട് സ്നാനാനുഭൂതി ഉണ്ടാവണമെന്ന് എനിക്ക് കലശലായ ആഗ്രഹമുണ്ടായി... കാലുകൾ നിലത്തുറക്കുന്നില്ലെങ്കിലും, അഗ്നികുണ്ഡത്തിൽ നിന്ന് ഉയരുന്ന വെളിച്ചത്തിന്റെ ചുവട് പിടിച്ച്, പ്രകൃതിയുടെ ആ പ്രശാന്തതയിൽ, നൂൽബന്ധങ്ങളോട് വിടപറഞ്ഞ്,  കൂരിരുട്ടിന്റെ മാത്രം ശാരീരികാവരണത്തിൽ, അരുവിയിലേക്കിറങ്ങി തീർത്ഥജലത്തിലെന്നപോലെ ആറാടി. ആ മതിമറന്ന ആറാട്ടിൽ, അഗ്നികുണ്ഡത്തിൽ നിന്നുയർന്ന് മൂക്കിലേക്ക് പടർന്ന പുകക്ക് ശിവമൂലിയുടെ വാസനയുണ്ടായിരുന്നോ എന്നെനിക്ക് സംശയം ജനിച്ചു.

ആറാട്ട് കഴിഞ്ഞ്, അഗ്നികുണ്ഡത്തിനരികിൽ, ഒരു വലിയ മരത്തടി വലിച്ച് കൊണ്ടുവന്ന്, മൂന്നു കല്ലുകളുടെ സഹായത്തോടെ, 'ബി'യുണ്ടാക്കിയ ബെഞ്ചിൽ വന്നിരുന്നത് വരെ എനിക്ക്  ഓർമ്മയുണ്ട്. പിന്നീടാകപ്പാടെ എനിക്കൊരു മൂകതയായിരുന്നു. അപ്പോഴും ആ മരത്തടിയിൽ ചാരി വച്ചിരിക്കുന്ന എന്റെ നെടുങ്കൻ വാളിന്റെ തിളക്കം എനിക്ക് അഗ്നിയുടെ വെളിച്ചത്തിൽ കാണാമായിരുന്നു. 

"ഇവനിപ്പോ വാള് വെക്കുമെന്ന് തോന്നുന്നല്ലോ" എന്ന്, എന്റെ നീണ്ട മൗനം കണ്ട്, 'ഡി' തമാശാരൂപത്തിൽ പറഞ്ഞതും, ഒറിജിനൽ വാള് വച്ചതിന്റെ മറുവശത്തേക്ക് എന്റെ കഴുത്ത് വെട്ടിച്ച്, നീളൻ വാളുകൾ ഞാൻ നീട്ടി നീട്ടി പുറത്തേക്കെടുത്തതും ഒരുമിച്ചായിരുന്നു. വാളുകൾ അടർന്നടർന്ന് ഊർന്ന് വീഴുന്നതിനിടയിൽ നാലഞ്ച് കൈകൾ, എന്റെ പുറത്തുകൂടെ അതിയായ സ്നേഹത്തോടെ തഴുകിക്കൊണ്ടിരുന്നു. എന്റെ വാളുകൾ തീർത്ത കുത്തൊഴുക്കിൽ, ഉച്ചക്ക് കഴിച്ച്, വയറിൽ ബാക്കിയുണ്ടായിരുന്ന  സാൽമണുകളും തൊട്ട് മുന്നേ കഴിച്ച ഹെറിങ്ങുകളും നീന്തിക്കളിക്കുന്നതായി എനിക്കനുഭവപ്പെട്ടു. അഗ്നിനാളങ്ങളുടെ വെളിച്ചത്തിൽ, ഒറിജിനൽ വാളും, എന്റെ അന്തരാളങ്ങളിൽ നിന്ന് മണ്ണിലേക്ക് ഊർന്നിറങ്ങിയ വാൾച്ചാലുകളും വെട്ടിത്തിളങ്ങി !!

ഉള്ളിലെ വാളുകൾ ഒറിജിനൽ വാളിന്റെ മറുവശത്തൂടെ മണ്ണിലേക്ക് ആഴ്ന്നിറങ്ങിയപ്പോൾ, എനിക്ക് കുറച്ചൊരു ആശ്വാസം തോന്നി. എങ്ങനെയെങ്കിലും പോയി കിടന്നാൽ മതിയെന്നായി എനിക്ക്. ആകപ്പാടെ നാണക്കേട്... മറ്റുള്ളവർക്ക് പറഞ്ഞ് ചിരിക്കാൻ ഒരു വൃത്തികെട്ട വകുപ്പാണ് ഉണ്ടായിരിക്കുന്നത്. ഞാൻ പതുക്കെ എഴുന്നേറ്റ് എന്റെ കൂടാരത്തിലേക്ക് നടക്കാൻ തുടങ്ങിയപ്പോൾ, എനിക്ക് വഴികാട്ടാൻ മുന്നിലൊരാളും, എന്നെ താങ്ങിപ്പിടിക്കാൻ ഇരുവശത്തും രണ്ടു പേരും അണിനിരന്നു. എനിക്ക് ഒറ്റയ്ക്ക് നടക്കാൻ പറ്റുമെന്ന് ഞാൻ താണ് വണങ്ങിപ്പറഞ്ഞെങ്കിലും അവരെന്നെ താങ്ങിപ്പിടിച്ച് കൊണ്ട് തന്നെ നടത്തിച്ചു. പോകുന്ന പോക്കിൽ, ആരുടെയോ കാല് തട്ടി (എന്റെ കാലാണെന്ന് എല്ലാവരും പറഞ്ഞത് എന്റെ ബോധത്തിനൊട്ടും ബോധിച്ചിട്ടുണ്ടായിരുന്നില്ല), ഒരു സ്റ്റവിൻറെ മേലെയുണ്ടായിരുന്ന പാത്രത്തിലെ മത്തിബിരിയാണി, മണ്ണിൽ നിന്ന് മുകളിലോട്ട് നോക്കി നിന്നിരുന്ന ഉറുമ്പുകളുടെ വായിലേക്ക് വീണു.

എന്റെ കൂടാരത്തിലോട്ട് മറ്റുള്ളവർക്ക് കടക്കാൻ പാകമില്ലാത്തത് കൊണ്ട്, എനിക്ക് ഒറ്റക്ക് തന്നെ ഉള്ളിലേക്ക് കടക്കേണ്ടി വന്നു. അല്ലെങ്കിൽ, സുഹൃത്തുക്കൾക്ക് സ്നേഹം കൂടി, എന്റെ കൂടാരത്തിൽ എന്നെ കെട്ടിപ്പിടിച്ച്, പുറം തടവിത്തന്ന് കൊണ്ട് കിടന്നേനെ.

അകത്ത് കയറിയ ഉടനെത്തന്നെ, കൂടാരത്തിന്റെയുള്ളിൽ, അടുക്കാതെ വച്ചിരുന്ന സാധനങ്ങളുടെ ഇടയിൽ, സ്ലീപ്പിങ് പാ ഡിന്റെ മേലെയാണെന്ന ധാരണയോടെ ഞാൻ മലർന്നു വീണു. ഉള്ള ബോധത്തിന്റെ പുറത്ത്, ഒരു വശത്തുണ്ടായിരുന്ന സ്ലീപ്പിങ് ബാഗെടുത്ത് എന്റെ മുകളിലേക്കിട്ടു. എനിക്ക് കുടിക്കാൻ വെള്ളവും മറ്റും കൊണ്ട് വച്ചിട്ടുണ്ടെന്ന് കൂട്ടുകാർ പറയുന്നത് ഞാൻ കേൾക്കുന്നുണ്ട്. പക്ഷേ, ഒരു മൂളലിനപ്പുറം, വേറൊരുത്തരം കൊടുക്കാനുള്ള ശേഷി എനിക്കുണ്ടായിരുന്നില്ല.

കൂടാരത്തിനുള്ളിൽ കിടക്കുന്നതിനിടയിൽ, രണ്ടോ മൂന്നോ തവണ, കുഞ്ഞു കുഞ്ഞു വാളുകൾ പുറത്തെടുക്കാൻ ഗർജ്ജിച്ച് കൊണ്ട് വീണ്ടും ശ്രമിച്ചെങ്കിലും, ഉരുകിയ ഈയ്യം പോലെ മാത്രമാണ് വാളുകൾ പുറത്തേക്ക് വന്നത്. അതും പിന്നീട് വെറും ഗർജ്ജനം മാത്രമായി മാറി.

കിടക്കുന്നതിനിടയിൽ, എന്റെ വാളിനെപ്പറ്റിയും, അതിന്റെ കാരണങ്ങളെക്കുറിച്ചുമൊക്കെയുള്ള ചർച്ചകൾ ഫയർ പിറ്റിന് ചുറ്റുമിരുന്ന് ചർച്ച ചെയ്യുകയായിരുന്നു മറ്റുള്ളവർ. ചില കാരണങ്ങൾ കേട്ടപ്പോൾ, എഴുന്നേറ്റ് പോയി, പറഞ്ഞവന്റെ ഊരക്കിട്ട് രണ്ട് ചവിട്ട് ചവിട്ടാൻ തോന്നിയെങ്കിലും, ഒന്നും ചെയ്യാൻ പറ്റാത്തവിധം, നിസ്സഹായനായിരുന്നു ഞാൻ. ആ നിസ്സഹായാവസ്ഥയിൽ ഉറങ്ങാൻ ശ്രമിക്കുകയല്ലാതെ വേറെ വഴിയൊന്നും ഉണ്ടായിരുന്നില്ല.

അങ്ങനെ ഉറങ്ങുന്നതിനിടയിൽ, ഒന്നുരണ്ടു തവണ, 'സി' വന്ന് എന്നെ കുലുക്കിവിളിച്ച്, ഞാൻ ജീവിച്ചിരിക്കുന്നുണ്ട് എന്ന് ഉറപ്പു വരുത്തിയത് ഉറക്കത്തിന്റെയും ക്ഷീണത്തിന്റെയും ഇടയിൽ എനിക്ക് ദേഷ്യം വരുത്തിയെങ്കിലും, ആ വിളിയുടെ പിന്നിലെ സ്നേഹത്തെക്കുറിച്ച് ആലോചിച്ചപ്പോൾ സന്തോഷം തോന്നി.

പുലർച്ചെ ഏതോ യാമത്തിൽ കലശലായ മൂത്രശങ്ക മൂലം ഉണർന്നപ്പോഴാണ്, അതുവരെ സംഭവിച്ച കാര്യങ്ങളെക്കുറിച്ച് എന്നിലൊരു പുനർവിചിന്തനം ഉണ്ടായത്. അപ്പഴേക്കും ചെറിയ തോതിൽ തലവേദനയും തുടങ്ങിയിരുന്നു. അപ്പോഴാണ്, അത്രയും നേരം, സ്ലീപ്പിങ് ബാഗിന്റെ ഒരു വശം തുറന്നാണ് കിടന്നതെന്ന്, ശരീരത്തിന്റെ ഒരു വശത്തെ മരവിപ്പ് കാരണം മനസ്സിലായത്. തണുപ്പകറ്റാൻ വേണ്ടി കൊണ്ടുവന്ന കമ്പിളി പജാമയും കമ്പിളി സോക്സും എല്ലാം ബാഗിൽത്തന്നെ വിശ്രമിച്ചു. മൂത്രശങ്ക തീർക്കാൻ വേണ്ടി, എഴുന്നേൽക്കാൻ ഒരു ശ്രമം നടത്തിയെങ്കിലും, വല്ലാത്ത ക്ഷീണവും ശരീരവേദനയും മൂലം കുറച്ച് നേരത്തേക്ക് ആ ശ്രമം ഉപേക്ഷിച്ചു.

ചുറ്റും പ്രശാന്തമായ ശാന്തത. അരുവിയുടെ ഒഴുക്കിന്റെ ശബ്ദവും കാട്ടിലെ ചീവീടുകളുടെ ശബ്ദവും ഗംഭീര നാദസ്വരം തീർക്കുന്നുണ്ട്. മൂത്രശങ്ക പിടിച്ചാൽ കിട്ടാത്ത അവസ്ഥയിലായപ്പോൾ, പതുക്കെ എഴുന്നേറ്റിരുന്നു. ശരീരത്തിന്റെ പല ഭാഗങ്ങളും ചൊറിയുന്നുണ്ട്. കുറച്ച് നേരമിരുന്ന്, ഒന്ന് ബ്രെയിൻ ബാലൻസ് ചെയ്തതിന് ശേഷം, കുനിഞ്ഞ് പുറത്തേക്ക് കടന്നു. അപ്പഴാണ് എനിക്ക് സ്ഥലകാലബോധം നഷ്ടപ്പെട്ടത് പോലെ തോന്നിയത്. എങ്ങോട്ടു പോകണം, ഇവിടെ കാര്യം സാധിക്കണം എന്നതിനെക്കുറിച്ച് ഒരു പിടിയും കിട്ടിയില്ല. പതുക്കെ വീണ്ടും കൂടാരത്തിലേക്ക് കയറി, തലയിൽ കെട്ടുന്ന ഫ്ലാഷ് ലൈറ്റ് തപ്പിയെടുത്ത് വളരെ പതുക്കെ നടന്ന്, അതിനടുത്തുള്ള ഒരു വലിയ മരത്തിന്റെ സോഡിയത്തിലുള കുറവ് പരിഹരിച്ചുകൊടുത്തതിന് ശേഷം, വീണ്ടും ഉള്ളിലേക്ക് കയറിക്കിടന്നു.

വീണ്ടും കിടന്ന എനിക്ക് ഒട്ടും ഉറക്ക് വന്നില്ല. ഇനി എങ്ങനെ മലയാത്ര നടത്തും എന്ന ചിന്ത എന്നെ തീർത്തും ഭയചകിതനാക്കി. എന്നെക്കൊണ്ട് മറ്റുള്ളവരുടെയും യാത്ര മുടങ്ങിപ്പോകുമോ എന്ന് ഞാൻപേടിച്ചു. ഇതിന് മുൻപ് രണ്ട് മൂന്ന് തവണ, ചില സന്ദർഭങ്ങളിൽ വാള് വെക്കേണ്ടി വന്നപ്പോഴൊക്കെ, വാളിന്റെ പിറ്റേ ദിവസം ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയായിരുന്നു ഉണ്ടായിട്ടുള്ളത് എന്നത്, എനിക്ക് ഓർക്കാനേ വയ്യായിരുന്നു. ഇന്നും അത് പോലെ ആയാൽ എന്തായിരിക്കും അവസ്ഥ ! ദിവസം മുഴുവൻ ആ കൂടാരത്തിൽ കിടക്കാൻ പറ്റുമോ?

ഒരു വശത്തുണ്ടായിരുന്ന ഒരു കുപ്പി വെള്ളം മുഴുവൻ ഞാൻ ഒറ്റവലിക്ക് കുടിച്ച് തീർത്തു. നിർജ്ജലീകരണം കാരണമാണ് തലവേദനയെങ്കിൽ, തലവേദനക്ക് കുറച്ചെങ്കിലും ശമനമുണ്ടാകുമല്ലോ. വെള്ളം കുടിച്ച് കഴിഞ്ഞപ്പോൾ വീണ്ടും വാള് വെക്കുമോ എന്ന ഭയംവീണ്ടും ഉണ്ടായി. ഓക്കാനം വന്നെങ്കിലും ഭാഗ്യത്തിന് വെള്ളിവാൾ പുറത്തേക്ക് വീണില്ല. 

അങ്ങനെ ചിന്തിച്ചിരിക്കേ, നേരം വെളുത്തു. അപ്പഴേക്കും രവിശങ്കര-ശ്വസനക്രിയ ചെയ്യാൻ 'സി' എഴുന്നേറ്റിരുന്നു. എഴുന്നേറ്റയുടനെത്തന്നെ അവൻ കാപ്പിയുണ്ടാക്കാനുള്ള ശ്രമം തുടങ്ങിയതായി അവന്റെ ഒറ്റക്കുള്ള ബഹളത്തിൽ നിന്ന് എനിക്ക് മനസ്സിലായി. അര മണിക്കൂറിനകം, 'എടാ നല്ല ചൂട് കാപ്പി വേണ്ടേ'' എന്നും പറഞ്ഞു കൊണ്ട്, ഒരു ഗ്ലാസിൽ ചൂട് കാപ്പിയുമായി, 'സി', എന്റെ കൂടാരവാതിലിന് മുന്നിലെത്തി. സത്യത്തിൽ ഞാനും ഒരു ചൂട് കാപ്പിക്ക് ആഗ്രഹിച്ചിരിക്കുകയായിരുന്നു. ക്ഷീണവും തലവേദനയും പോയാലല്ലേ അടുത്ത പതിനാറ് മൈൽ നടക്കാൻ പറ്റുള്ളൂ... അതും റോളർ കോസ്റ്റർ !

കഴിവതും എട്ടുമണിക്ക് മുന്നേതന്നെ യാത്ര തിരിക്കണമെന്നായിരുന്നു ഞങ്ങളുടെ പ്ലാൻ. പതിനാറ് മൈലുകൾ ദൂരത്തിലുള്ള Keys Gap വരെ എത്തേണ്ടതാണ്. ഏഴര ആയിട്ടും, 'സി' ഒഴിച്ച് വേറാരും എഴുന്നേറ്റിട്ടില്ല. ഞാൻ പതുക്കെ എഴുന്നേറ്റ്, ടൂത്ത്ബ്രഷിൽ ടൂത്ത്പേസ്റ്റും പുരട്ടി, പ്രഭാതകർമ്മസവാരിക്ക് പുറപ്പെട്ടു. നടക്കാൻ ആവതില്ലെങ്കിലും വീഴാതിരിക്കാനും എനിക്ക് കുഴപ്പമില്ലെന്ന് ഭാവിക്കാനും ഞാൻ ശ്രമിച്ചുകൊണ്ടിരുന്നു.

കുഴികുത്തിയിരിക്കുമ്പോൾ, ശരീരത്തിലെ ചൊറിയുന്ന ഭാഗങ്ങൾ നോക്കിയപ്പോഴാണ് ഉറക്കത്തിൽ എന്തൊക്കെയോ കുഞ്ഞൻ ജീവികൾ എന്നെ നക്കിയിരിക്കുന്നു എന്ന് മനസ്സിലായത്. പലയിടത്തും രഹസ്യഭാഗങ്ങളിലും ചുവന്ന പാടുകൾ! തിരിച്ച് വരുന്ന വരവിൽ, അരുവിയിൽ നിന്ന് ഇത്തിരി വെള്ളമെടുത്ത് ബ്രഷ് നനച്ചതിന് ശേഷം, ബ്രഷ് ചെയ്യാൻ തുടങ്ങിയതും, അതാ പോകുന്നു അടുത്ത വാൾ... രാവിലെ കുടിച്ചതിൽ, വയറ്റിൽ ബാക്കിയുണ്ടായിരുന്ന വെള്ളവും കാപ്പിയും, ഒരു പരാബോള (parabola) രൂപത്തിൽ മണ്ണിലേക്ക് കൂപ്പുകുത്തി. ആരെങ്കിലും കാണുന്നുണ്ടോ എന്നതിലായിരുന്നു, വാള് വെക്കുന്നതിനേക്കാൾ എന്റെ ശ്രദ്ധ! മറ്റുള്ളവർ എഴുന്നേൽക്കാത്തതിനാലും, 'സി' അവന്റെ കണ്ണുമടച്ചുള്ള ശ്വസനക്രിയയുടെ ഇടയിലായതിനാലും, ഭാഗ്യത്തിന്, എന്റെ പുതിയ ചൂടൻ വാൾ ആരും കണ്ടില്ല!

തിരിച്ച് വന്ന്, ബാക്കിയുണ്ടായിരുന്ന ഒരു കപ്പ് കാപ്പി ചൂടാക്കി പകുതിയോളം കുടിച്ചു. ആ സമയത്തും സ്വന്തം തലക്ക് പൂർണ്ണമായും ഒരു ബാലൻസ് കിട്ടിയിട്ടുണ്ടായിരുന്നില്ല. ഇനി എന്ത് കഴിച്ചാലും, പുതിയ പുതിയ വാളുകൾ പുറത്തേക്ക് വരുമെന്ന് ഞാൻ ഭയപ്പെട്ടു. മാത്രവുമല്ല പുതിയ വാളുകൾ, ആരെങ്കിലും കണ്ടാൽ, അത് അവരെയും സമ്മർദ്ദത്തിലാക്കും. 

എട്ടരയാവുമ്പഴേക്കും എല്ലാവരും എഴുന്നേറ്റു. എന്റെ തലേന്നത്തെ പ്രകടനങ്ങളെക്കുറിച്ചുള്ള ചർച്ചകളായിരുന്നു പിന്നീടങ്ങോട്ട് കുറച്ച് നേരം നടന്നത്. വാളിനെക്കുറിച്ചുള്ള ചർച്ചകളിൽ എനിക്ക് ഒട്ടും താല്പര്യം ഉണ്ടായിരുന്നില്ല. എന്ത് പറ്റിയെന്ന് കൃത്യമായി അറിയില്ലെങ്കിലും, സ്മോക്ക്ഡ് സാൽമണിനെയും പകുതിമാത്രം വെന്ത ഹെറിങ്ങിനെയും ഞാൻ കുറ്റം പറഞ്ഞു. രണ്ട് പെഗ്ഗ് പോലും കഴിച്ചില്ലെങ്കിലും, കുടിച്ച കള്ളിനെ കുറ്റം പറയാൻ പറ്റില്ലല്ലോ !

മറ്റുള്ളവർ പ്രഭാതകർമ്മങ്ങളിൽ  മുഴുകിയപ്പോൾ, ഞാൻ, എന്റെ കൂടാരമൊക്കെ അഴിച്ച് മടക്കിക്കെട്ടുന്ന പ്രവൃത്തിയിൽ മുഴുകി. കൂടാരം അഴിച്ച് മാറ്റുന്ന ജോലി പോലും ചെയ്യാൻ  കഴിയുന്നില്ലെങ്കിൽ, പിന്നെ തീർച്ചയായും നടക്കാൻ കൂടി പറ്റില്ലല്ലോ. ഞാൻ എന്റെ മനസ്സിനേയും ശരീരത്തെയും പാകപ്പെടുത്തിക്കൊണ്ടിരുന്നു. 'നിനക്ക് ശരിയായേ പറ്റൂ...  ഇനിയും കുറെ നടക്കാനുള്ളതാണ്... മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കരുത്...' എന്നൊക്കെ സ്വയം മനസ്സിൽ പറഞ്ഞുകൊണ്ടിരുന്നു.

എന്തായാലും, എല്ലാവരേക്കാളും മുന്നേ തന്നെ, കൂടാരമൊക്കെ അഴിച്ച്, ഞാനെന്റെ ഭാണ്ഡം വീണ്ടും റെഡിയാക്കി. ഒറിജിനൽ വാളെടുത്ത്, ബാക്ക്പാക്കിന്റെ സൈഡ് പോക്കറ്റിൽ തിരുകിയതിന് ശേഷം,വീണ്ടും വെള്ളിവാളുകൾ പുറത്ത് വരാതിരിക്കാനായി, തലേ ദിവസം വീണ് മണ്ണിട്ട് മൂടിയ വാളുകളുടെ വശത്തായി, ഞാൻ കണ്ണുമടച്ച് ധ്യാനിച്ചിരുന്നു. 

എന്തെങ്കിലും കഴിക്കാതെ യാത്ര തുടങ്ങാൻ പറ്റില്ലല്ലോ. അവസാനം കുടിച്ച കാപ്പിയും, പുറത്തേക്ക് ചാടാനായി ഉള്ളിൽ ഒരുങ്ങി നിൽക്കുന്നതായി ഞാൻ  മനസ്സിലാക്കി. അതുകൊണ്ട് തന്നെ വീണ്ടും വല്ലതും കഴിക്കാൻ പേടി തോന്നി. മറ്റുള്ളവരും അവരവരുടെ കൂടാരങ്ങൾ അഴിച്ച് പാക്ക് ചെയ്‌തതിന്‌ ശേഷം, പ്രാതലായി ബ്രഡും ഹമുസ്സും എടുത്ത് കഴിപ്പ് ആരംഭിച്ചു. ഞാനും കഴിക്കാൻ തുടങ്ങിയെങ്കിലും പകുതി ബ്രഡ് കഴിക്കുമ്പഴേക്കും 'വേണ്ട' എന്ന അറിയിപ്പ് വയറ്റിൽ നിന്നും കിട്ടിയതിനാൽ ഉടനെ നിർത്തി. 

"നിനക്ക് നടക്കാൻ പറ്റുമോ..." എന്ന ചോദ്യത്തിന് "പറ്റും" എന്ന് ഞാൻ മറുപടി പറഞ്ഞെങ്കിലും എനിക്ക് ഒട്ടും വിശ്വാസം ഉണ്ടായിരുന്നില്ല. എന്തായാലും അവരെ ഞാനായിട്ട് നിരുത്സാഹപ്പെടുത്തരുതല്ലോ. വരുന്നത് വഴിയിൽ കാണാം എന്നായിരുന്നു എന്റെ ലൈൻ. എന്തായാലും ഞാനൊരു തീരുമാനം എടുത്തിരുന്നു. ഇനി നടക്കുമ്പോൾ ആക്രാന്തത്തോടെ നടക്കില്ല.... ചുരുങ്ങിയത്, 'ഡി'യുടെ കൂടെയും 'സി'യുടെ കൂടെയുമായിട്ടെങ്കിലും ഞാനുണ്ടാകും... അങ്ങനെയാവുമ്പോൾ പതുക്കെ നടന്നാൽ മതിയല്ലോ !

എന്തായാലും, വിചാരിച്ചതിനെക്കാളും രണ്ട് മണിക്കൂറോളം വൈകിയെങ്കിലും, സ്പൗട് റണ്ണിനോട് വിടപറഞ്ഞ്, ഞങ്ങൾ രണ്ടാമത്തെ ദിവസത്തെ യാത്ര ആരംഭിച്ചു. വയറ്റിലൊന്നുമില്ലാത്ത അവസ്ഥയിൽ, തല വേദനിക്കുന്ന അവസ്ഥയിൽ, തല ചുറ്റുന്ന അവസ്ഥയിൽ, വലിയ ഭാരവുമെടുത്ത്, കാൽപാദമൊന്ന് ഊന്നി വെക്കാൻ പോലും പറ്റാത്ത ദുർഘടമായ മലമ്പാതയിലൂടെ എങ്ങനെ പതിനാറ് മൈലോളം നടക്കുമെന്നാലോചിച്ച് എനിക്കൊരെത്തും പിടിയും കിട്ടിയില്ല.  എന്തായാലും, ക്ഷീണവും തളർച്ചയും തലവേദനയും പുറത്ത് കാണിക്കാതെ, പതുക്കെ നടക്കുക തന്നെ ! പള്ളിയിലെ കാര്യം അള്ളാക്കല്ലേ അറിയൂ !!

പതിവ് പോലെ തുടക്കത്തിൽ എല്ലാവരും ഒരുമിച്ചായിരുന്നെങ്കിലും, 'ബി' തുടക്കം മുതൽ തന്നെ അവന്റെ വേഗതയുള്ള താളത്തിലെത്തിച്ചേർന്നു. ബാക്കി നാല് പേരും കുറേ നേരം ഒരുമിച്ച് നടന്നെങ്കിലും പതുക്കെപ്പതുക്കെ ഞാനും 'ഇ'യും ഒരു ബ്ലോക്കായി മുന്നിലാവുകയും, 'സി'യും 'ഡി'യും പിന്നിലാവുകയും ചെയ്തു. അപ്പോഴാണ് എന്റെ അനാരോഗ്യം അത്ര മോശമല്ല എന്ന് ഞാൻ ചിന്തിച്ച് തുടങ്ങിയത് !

ഏകദേശം രണ്ട് മൈലുകൾ നടന്നപ്പഴേക്കും എന്തോ ഭാഗ്യത്തിന്, ആ കടുപ്പപ്പെട്ട നടത്തത്തിനിടയിൽ പോലും എന്റെ ക്ഷീണം ഇല്ലാതാവുകയും, ചെറിയ തോതിൽ വിശപ്പ് തോന്നുകയും ചെയ്തപ്പോൾ, വയറിന് അധികം ക്ഷീണം തോന്നാത്ത രീതിയിൽ, ഒരു ആപ്പിളെടുത്ത് കഴിച്ചു. പിന്നീട് കുറച്ച് വെള്ളവും കൂടി കുടിച്ചപ്പോൾ ഞാൻ വീണ്ടും പഴയ ആളായത് പോലെ തോന്നിയത്, രാവിലെ മുതൽ അതുവരെയുണ്ടായിരുന്ന ആശങ്ക ഒഴിവാക്കാൻ സഹായിച്ചു. ആപ്പിൾ തിന്ന് നടക്കുന്നതിനിടയിൽ 'Roller Coaster Ends' എന്നെഴുതിയ ഫലകം കണ്ടത് വീണ്ടും ഒരു മാനസികാനന്ദം നൽകിയെങ്കിലും വഴിയുടെ ദുർഘടാവസ്ഥ, അതുവരെയൊക്കെയുണ്ടായിരുന്നത് പോലെത്തന്നെ തുടരുന്നതാണ് പിന്നീട് കണ്ടത്. 

സ്പൗട് റണ്ണിൽ നിന്ന് കദേശം മൂന്ന് മൈലോളം നടന്ന് bears den ൽ എത്തുമ്പഴേക്കും സമയം ഉച്ചക്ക് പന്ത്രണ്ട് മണിയായിരുന്നു. 'സി'യും 'ഡി'യും അവിടെയെത്താൻ പിന്നേയും സമയമെടുത്തു. മലഞ്ചെരുവിൽ, പാറക്കൂട്ടങ്ങൾ തലങ്ങും വിലങ്ങും തീർത്ത ചെറിയ ഗുഹകളും, ഗർത്തങ്ങളുമടങ്ങിയ മനോഹരമായ ദൂരദൃശ്യം തരുന്ന ഒരു സ്ഥലമാണ് bears den. അവിടെ അര മണിക്കൂറോളം ചിലവിട്ട് കുറച്ച് വെള്ളവും ഒന്നുരണ്ട് ഗ്രനോല ബാറുകളും കഴിച്ചതിന് ശേഷം വീണ്ടും നമ്മൾ യാത്ര പുറപ്പെട്ടു. 

നടക്കുന്നതിനിടയിൽ, നമുക്ക് ഒരു കാര്യം മനസ്സിലായി. ഇങ്ങനെ പോയാൽ, Keys Gap ൽ രാത്രി ഒൻപത് മണിയായാലും എത്തില്ല. നേരം ഇരുട്ടിയാൽ, വനപാതയിലൂടെ നടക്കുക എന്നത് തീർച്ചയായും ബുദ്ധിമുട്ടുള്ള കാര്യമാണ്. "ഫ്‌ളാഷ് ലൈറ്റുമിട്ട് പോകാം" എന്നൊക്കെ ചിലർ പറഞ്ഞെങ്കിലും അതൊന്നും നടക്കാത്ത കാര്യമാണെന്ന് ഉറപ്പായിരുന്നു.

പ്രത്യേകിച്ച്, 'ഡി'യുടെ അവസ്ഥ എന്തോ വളരെ പരിതാപകരമായിരുന്നു. Roller Coaster, അവനെ ശരിക്കും തളർത്തിക്കഴിഞ്ഞിരുന്നു. വാള് വച്ച് ക്ഷീണിതനായതിനാൽ, ഞാനായിരിക്കും യാത്രയിലെ കുരിശായിത്തീരുക എന്നതായിരുന്നു രാവിലെ എനിക്കുണ്ടായിരുന്ന ചിന്തയെങ്കിലും, ഇപ്പോൾ ആ പ്രശ്‌നം മാറിയിരിക്കുന്നു. പക്ഷേ 'ഡി' ക്ക് രണ്ടാമത്തെ ദിവസത്തെ നടത്തം ഒട്ടും ആവതുണ്ടായിരുന്നില്ല. 

Bears den ൽ നിന്ന് അര മൈലോളം നടന്നപ്പോൾ Route 7 എന്ന പാതയിലെ Snicker's  Gap എന്ന സ്ഥലത്തെത്തി. ഇനി, ഏഴ് മൈൽ കഴിഞ്ഞാലേ അടുത്ത Gap ആയ Blackburn Trail Center Access എന്ന സ്ഥലത്ത് എത്തുകയുള്ളൂ. ഇതിനകം തന്നെ ഉച്ചക്ക് ഒരു മണിയായിക്കഴിഞ്ഞിരിക്കുന്നു. അപ്പഴേക്കും, അടുത്ത view point ആയ Raven's Rock ൽ കാണാമെന്ന ധാരണയിൽ, 'ബി' നമ്മുടെ കൂട്ടം വിട്ട്, മുന്നിലെത്തിക്കഴിഞ്ഞിരുന്നു. 

Snicker's  Gap ൽ നിന്ന് പിന്നെയും നാല് മൈലോളം നടന്നാലേ  Raven's Rock ൽ എത്തുകയുള്ളൂ. Roller Coaster ന്റെ ഭാഗമല്ലെങ്കിലും,  Raven's Rock വരെയുള്ള ഭാഗവും വളരെ ദുർഘടമാണ്.  Raven's Rock വരെ എത്തുമ്പഴേക്കും 'ഡി'യുടെ കാര്യം എന്താവുമെന്ന് 'ഡി'ക്ക് പോലും ഒരു നിശ്ചയവുമില്ലാത്ത അവസ്ഥ ! ഒരു കൂനുള്ള പാമ്പ് ഇഴഞ്ഞ് കയറുന്നത് പോലെയായിരുന്നു അവന്റെ മലകയറ്റം.

ഇതിനിടയിൽ, 'ഇ'യുടെ കൂടെ നടക്കുമ്പോൾ രസകരമായ ചില നോട്ടങ്ങൾ 'ഇ'യുടെ മേലെ പതിക്കുന്നതായി ഞാൻ ശ്രദ്ധിച്ചു. 'ഇ'യുടെ ഭാണ്ഡക്കെട്ടിന്റെ അവസ്‌ഥ നേരത്തെ പറഞ്ഞിരുന്നല്ലോ. അശ്രദ്ധമായി, ഒരു ബാലൻസുമില്ലാതെ തൂങ്ങിക്കിടക്കുന്ന ബാഗും സ്ലീപ്പിങ് പാഡും സ്ലീപ്പിങ് ബാഗുമൊക്കെ എടുത്തുള്ള, ചെവിയിൽ ഹെഡ് ഫോണും(പാട്ട് കേൾക്കാൻ) വച്ചുള്ള, 'ഇ'യുടെ കുത്തോട്ട് നോക്കിയുള്ള നടപ്പ് കണ്ടാൽ, എതിരേ വരുന്ന ആളുകൾ, അവനെ cross ചെയ്തതിന് മുന്നേയും ശേഷവും ഒരു പ്രത്യേക തരത്തിൽ വളരെ കൗതുകത്തോടെ നോക്കുന്നുണ്ടായിരുന്നു. ഏത് കയറ്റത്തിലും ഇറക്കത്തിലും  'ഇ'യുടെ നടത്തത്തിന് ഒരു വ്യത്യാസവും ഉണ്ടായിരുന്നില്ല. എല്ലായിടത്തും ഒരേ വേഗത. തിരിഞ്ഞും മറിഞ്ഞും നോക്കില്ല. മുന്നിലായി നടക്കുന്ന ഉറുമ്പിനെ നോക്കി നടക്കുന്നത് പോലെ തോന്നും 'ഇ'യുടെ നടപ്പ് കണ്ടാൽ. ഒരുതരം addict ന്റെ യാത്ര!

Raven's Rock എത്തുന്നതിന് തൊട്ട് മുൻപാണ്, വിർജീനിയയെയും വെസ്റ്റ് വിർജീനിയയെയും വേർതിരിക്കുന്ന State Line കടന്ന് പോകുന്നത്. ഞാനും 'ഇ'യും Raven's Rock ൽ എത്തുമ്പഴേക്കും 'ബി'അവിടെ എത്തിയിട്ട് പത്തിരുപത് മിനുട്ടുകൾ കഴിഞ്ഞരുന്നു. 'സി'യും 'ഡി'യും അവിടെയെത്താൻ പിന്നെയും മുക്കാൽ മണിക്കൂറോളം എടുത്തു. അപ്പഴേക്കും സമയം മൂന്നര കഴിഞ്ഞിരുന്നു. ഇനിയും മൂന്ന് മൈലിലും കൂടുതൽ നടന്നാലേ Blackburn Trail Center Acces ൽ എത്തുകയുള്ളൂ. അവിടെ നിന്നും പിന്നെയും ആറര മൈലോളമുണ്ട് Keys Gap ൽ എത്താൻ. 

യാത്രയുടെ തുടക്കത്തിൽ, Keys Gap നടുത്ത് എവിടെയെങ്കിലും ടെന്റടിച്ച് കിടന്ന്, പോട്ടോമാക് നദിയും ഷാനാൻഡോവ നദിയും കൂടിച്ചേരുന്ന, മെരിലാൻഡും വിർജീനിയയും വെസ്റ്റ് വിർജീനിയയും അതിർത്തി പങ്കിടുന്ന, Harpers Ferry എന്ന മനോഹരമായ സ്ഥലത്തോളം ഹൈക്ക് ചെയ്തുകൂടേ എന്നൊക്കെയുള്ള അത്യാഗ്രഹം നമുക്ക് ഉണ്ടായിരുന്നു. പക്ഷേ, നമ്മുടെ ഗ്രൂപ്പിന്റെ മൊത്തത്തിലുള്ള നടത്തത്തിന്റെ pace വച്ച് നോക്കുമ്പോൾ Harpers Ferry പോയിട്ട്, Keys ഗാപ് പോയിട്ട്, Blackburn Trail Center Acces ൽ പോലും എത്തുമോ എന്ന സംശയമായിരുന്നു ഞങ്ങൾക്ക് പിന്നീടുണ്ടായത്.

Raven's Rock ൽ വച്ച് ഉച്ചഭക്ഷണം കഴിച്ച് ഞങ്ങൾ വീണ്ടും നടത്തം തുടർന്നു. Blackburn Trail Center Access ന്റെ പരിസരത്ത് കാണാം എന്നാ ധാരണയിൽ 'ബി' വേഗത്തിൽ മുന്നോട്ട് നടന്നു. 

Raven's Rock കഴിഞ്ഞ് കുറച്ച് കഴിഞ്ഞപ്പോഴേക്കും പാതയിലെ കല്ലും പാറകളും കുറഞ്ഞു വന്നു. Roller Coaster ന്റേത് പോലുള്ള ദുർഘടാവസ്ഥകളും ഇല്ലാതായെങ്കിലും, വനപാത, വനപാത തന്നെ! 

പാതയുടെ ദുർഘടാവസ്ഥകുറേയൊക്കെ മാറിയെങ്കിലും, 'ഡി'ക്ക് എന്തുകൊണ്ടോ ഒട്ടും നടക്കാൻ വയ്യ എന്ന അവസ്ഥ സംജാതമായി. ഞാനും 'സി'യും 'ഡി'യും കുറച്ച് ദൂരം ഒരുമിച്ച് നടന്നു. 'ഇ' ഞങ്ങളെയും കടന്ന് മുന്നോട്ട് പോയി. ഇനി ഞാനും 'സി'യും കൂടെയുള്ളത് കൊണ്ടാണോ 'ഡി' നടക്കാത്തത് എന്ന് ചിന്തിച്ച്, കുറച്ച് നേരത്തേക്ക്, 'ഡി'യെ ഒറ്റക്കാക്കി, ഞങ്ങൾ മുന്നിലേക്ക് കേറി. ഇടക്കിടക്ക് നിന്ന് 'ഡി'ക്ക് വേണ്ടി കാത്തുനിൽക്കുമെങ്കിലും, അവൻ നടന്നു വരുന്നത് കാണുമ്പഴേക്കും ഞങ്ങൾ വീണ്ടും അവനെക്കാണാതെ നടന്ന് തുടങ്ങും.

കുറച്ച് നേരം ഒറ്റക്ക് നടന്നപ്പഴേക്കും, ഒറ്റക്ക് നടന്ന് 'ഡി'ക്ക് പ്രാന്തായിക്കാണണം, അവൻ അവന്റെ വിസിൽ പരപരാ ഊതി. അത്തരത്തിൽ panic whistle കേട്ടതോടെ ഞാനും 'സി'യും പരിഭ്രാന്തരായി. തിരിച്ച് നടക്കാൻ തുടങ്ങിയ എന്നെ, തടഞ്ഞ്, 'സി', 'ഡി'യെ കാറിവിളിച്ചു. ഭാഗ്യത്തിന് 'ഡി' വിളി കേട്ടത് ആശ്വാസമായി.

സത്യത്തിൽ, ഒറ്റക്ക് നടന്ന് 'ഡി' മടുത്തിരിക്കുന്നു. ചുരുങ്ങിയത്, അവന്റെ കണ്ണിൻപുറത്തെങ്കിലും നമ്മൾ ഉണ്ടാവണമെന്നതാണ് അവന്റെ ആഗ്രഹം. അത് കേട്ടതിന് ശേഷം, ഞാനും 'സി'യും പിന്നെ 'ഡി'യുടെ കൂടെയായി നടത്തം.

ആ നടത്തത്തിനിടയിൽ 'ഡി' വല്ലാതെ പരവേശം കാണിക്കാൻ തുടങ്ങി. ഇനി ഒരടി മുന്നോട്ട് വെക്കാൻ എനിക്ക് പറ്റില്ല എന്നൊക്കെ പറയാൻ തുടങ്ങി. പ്രസവം അടുത്തെത്തിയ പെണ്ണിനെപ്പോലെയോ, പരലോകം കാണാൻ പോകുന്ന ആത്മാവിനെപ്പോലെയോ ഒക്കെ തോന്നും അവന്റെ പ്രകടനം കണ്ടാൽ ! "നിങ്ങൾക്ക് വേണമെങ്കിൽ മുന്നോട്ട് പൊയ്ക്കോളൂ... ഞാൻ എന്റെ പ്രധാനമന്ത്രിയെ വിളിച്ച് അവളുടെ കൂടെ, Blackburn Trail Center Acces ൽ നിന്നും തിരിച്ച് പോകുകയാണ്" എന്നൊക്കെ അവൻ കിതച്ച് കൊണ്ട് പറയാൻ തുടങ്ങി.

ഞങ്ങൾക്കും ഏകദേശം ഉറപ്പാണ്, ഇനി Blackburn Trail Center Acces ൽ നിന്ന് ആറര മെയിൽ നടക്കാനുള്ള സമയം ഞങ്ങളുടെയടുത്ത് ഇല്ല. Blackburn Trail Center Acces ഏതാണ് ഇനിയും ഒന്നര മൈലോളം ബാക്കി കിടപ്പുണ്ട്. അപ്പഴേക്കും സമയം അഞ്ചര കഴിയും. പിന്നെയും അവിടുന്ന്‌ ആറര മെയിൽ താണ്ടണമെങ്കിൽ നാല് മണിക്കൂറോളം ഇനിയും എടുത്തേക്കാം. ആ അവസ്ഥയിൽ, 'ഡി' കൂടെയുണ്ടെങ്കിൽ പിന്നെ പറയുകയേ വേണ്ട !

എന്തായാലും Blackburn Trail Center Access ൽ എത്തി, അവിടെ നിന്ന് കൂട്ടായി തീരുമാനിക്കാം എന്നും പറഞ്ഞ് ഞങ്ങൾ മുന്നോട്ട് നടന്നു. കുറച്ച് നേരം നടന്നപ്പഴേക്കും ഒരു പാറപ്പുറത്ത് ആരോ കിടക്കുന്നത് കണ്ടു. അടുത്തെത്തിയപ്പോൾ അത് 'ഇ' ആയിരുന്നു. മസിൽ കയറിയതിനാൽ കയറിക്കിടന്നതാണ് പുള്ളി !

അവിടെ കുറച്ച് നേരം ഇരുന്നതിന് ശേഷം, ഞങ്ങൾ നാലുപേരും ഒരുമിച്ച് യാത്ര തുടർന്നു. ഏകദേശം ആറ് മണിയോടടുപ്പിച്ച് Blackburn Trail Center Access ൽ എത്തുമ്പോൾ 'ബി' അവിടെക്കിടന്ന് ഉറക്കം തുടങ്ങിയിരുന്നു. ഏതോ ഒരു വേട്ടക്കാരൻ തോക്കുമെടുത്ത് മാനിനെ പിടിക്കാൻ വന്നതിനെക്കുറിച്ച് ആലോചിച്ച് ഇരുന്ന് പോയതാണത്രേ!

എന്തായാലും, ഒരു മേശയുമില്ലാതെ ഞങ്ങളവിടെ ഒരു വട്ടമേശ സമ്മേളനം ചേർന്നു. കാര്യങ്ങൾ ഗൗരവമായി ചർച്ച ചെയ്തു. ഇനി എന്തായാലും Keys Gap എന്നത് ഈ യാത്രയെ സംബന്ധിച്ചടുത്തോളം വെറും സ്വപ്നം ആണെന്നുള്ള യാഥാർത്ഥ്യം എല്ലാവരും അംഗീകരിച്ചു. 'ഡി'യെ വിട്ട് ഞങ്ങൾ ഒരു യാത്രക്കും തയ്യാറല്ലെന്ന് ഉച്ചത്തിൽ പ്രഖ്യാപിച്ച് 'ഡി'യോട് ഐക്യദാർഡ്ഡ്യം പ്രകടിപ്പിച്ചു. ഉടനെത്തന്നെ നമ്മുടെ കൂട്ടുകാരനെ വിളിച്ച് കഴിവതും വേഗത്തിൽ Blackburn Trail Center Access ൽ എത്തിച്ചേരുവാൻ അഭ്യർത്ഥിച്ചതിന് ശേഷം യോഗം പിരിച്ചുവിട്ട്, Blackburn Trail Center Access ന്റെ visitor's area ലക്ഷ്യമാക്കി, ഞങ്ങൾ മലയിറക്കം തുടങ്ങി.

ചെങ്കുത്തായ പാതയിലൂടെ ഇറങ്ങി Blackburn Trail Center Access ന്റെ visitor's area യിലെത്തി കുറച്ച് നേരം വിശ്രമിക്കവേ, പെണ്ണുങ്ങളായ ഒന്ന് രണ്ട് Thru Hikers അവിടെയെത്തിയപ്പോൾ, എല്ലാവർക്കും പുതിയൊരു ഉന്മേഷം കൈവന്നു. എല്ലാവരും അവരോട് സംസാരിക്കാൻ മത്സരിച്ചു. തളർന്നുപോയ 'ഡി'യും അവന്റെ നാക്ക് വൃത്തിയിൽ ചലിപ്പിക്കാൻ തുടങ്ങി. പെൺ hikers നോട് നടത്തിയ കുശലഭാഷണങ്ങൾ, സ്വന്തം  കുടുംബത്തിനകത്തേക്ക് കേറി, കുടുംബപ്രശ്നമാകുന്നതിന് മുന്നേ, നമ്മുടെ കൂട്ടുകാരൻ, വണ്ടിയെടുത്ത് അവിടെയെത്തിതിനാൽ ഭാവിയിലേക്കുള്ള വലിയ പ്രശ്നങ്ങൾക്ക് തടയിടാനായി. എങ്കിലും, 28 മൈൽ പ്ലാൻ ചെയ്ത് 21 മെയിൽ മാത്രം താണ്ടി, രണ്ടാമത്തെ യാത്രയിലും, ഞങ്ങൾ ഞങ്ങളോട് തന്നെ പരാജയപ്പെട്ടതിൽ അതിയായ ദുഃഖം ഞങ്ങൾക്കുണ്ടായിരുന്നു !! പക്ഷേ, പച്ച സാൽമണും പച്ച ഹെറിങ്ങും കഴിക്കരുതെന്ന് പാഠം പഠിച്ചതിൽ, ഞാൻ ആശ്വാസം കൊണ്ടു !!!

വാൽക്കഷ്ണം: റോളർ കോസ്റ്റർ കയറുന്നതിന് മുന്നേ ചെറുകല്ലെടുത്ത് തലക്ക് മീതെ മൂന്ന് വട്ടം ഉഴിഞ്ഞിട്ട് പുറകോട്ടെറിഞ്ഞിട്ടും ഒരു കരടിയെപ്പോലും വഴിയിലെവിടെയും കണ്ടിരുന്നില്ല. സാൽമൺ ഉണ്ടാക്കിയ പൊല്ലാപ്പ് മൂലം, വയറിൽ നിന്ന് കുതിച്ചുയർന്ന ലാവാ വാതകങ്ങൾ, ശരീരത്തിന്റെ ഭക്ഷണക്കുഴലിന്റെ രണ്ടറ്റത്തുമുള്ള ദ്വാരങ്ങളിലൂടെ, ശബ്ദവിന്യാസങ്ങളുടെ അകമ്പടിയോട് കൂടി ബഹിർഗമിച്ച്, കാനനത്തിൽ പരന്നതാവാം, കരടികൾ പുറത്ത് വരാഞ്ഞതിന് കാരണം. അല്ലാതെ, വേറെന്ത് കാരണമായിരിക്കണം?

***

2 അഭിപ്രായങ്ങൾ:

  1. വേണൂ നിങ്ങളുടെ യാത്ര അതിസാഹസികമായിരിന്നു ഇങ്ങനെ യാത്ര ചെയ്യുന്നവർ കുറവാരിക്കും ഇതിനെല്ലാം ഒരു ഭാഗ്യം വേണം അതിനാണ് നമ്മുടെ നാട്ടിൽ പറയുന്നത് ചങ്കൂറ്റം

    മറുപടിഇല്ലാതാക്കൂ
  2. MrV you are really funny. Why did you choose Appalachian trucking.you should have selected kundoor mala Tly or waynad hills.Once I had a very tough time experiencing waynad trucking along with you.every now and then you take a stick and missing from our batch. .villagers informed me Elephants can come anytime .so be careful. Anyway thanks to god we completed our waynad trip and safely came back

    മറുപടിഇല്ലാതാക്കൂ