2020, നവംബർ 23, തിങ്കളാഴ്‌ച

പാവനാത്മ കോളജ് വെബിനാർ ഭാഷണം


(2020 ഒക്ടോബർ 12 തിങ്കളാഴ്ച്, പാവനാത്മാ കോളേജിലെ വിദ്യാർത്ഥികളോട് "Taking educational goals down - to- earth : an individual perspective" എന്ന വിഷയത്തിൽ Webinar ൽ നടത്തിയ ഭാഷണം

എല്ലാർക്കും നമസ്കാരം.... നിങ്ങൾക്ക് എന്നെ കേൾക്കാൻ പറ്റുന്നുണ്ടല്ലോ അല്ലെ... 

എന്നെ ഈ ഒരു വെബ്ബിനാറിന് ക്ഷണിച്ച മുരിക്കാശ്ശേരിയിലെ പാവനാത്മാ കോളജിലെ കോമേഴ്‌സ് ഡിപ്പാർട്ട്മെന്റിനും ഡിപ്പാർട്ടമെന്റ് ഹെഡ് ഡോക്ടർ സിന്ധുവിനും കോളജ് പ്രിൻസിപ്പൽ ഡോക്ടർ ജോൺസണും ഷാജി തോമാസ് തുടങ്ങിയ കോർഡിനേറ്റർമാർക്കും പിന്നെ പ്രിയപ്പെട്ട വിദ്യാർത്ഥികൾക്കും  എന്റെ ഹൃദയം നിറഞ്ഞ നന്ദി ഇവിടെ രേഖപ്പെടുത്തട്ടെ...  

നീങ്ങൾക്കിപ്പോ തിങ്കളാഴ്ച നേരം പുലർന്ന് രാവിലെ പത്ത് മണിയായിട്ടുണ്ടാവുമല്ലോ, പക്ഷേ എനിക്കിവിടെ ജസ്റ്റ് തിങ്കളാഴ്‌ച ആയിട്ടേ ഉള്ളൂ..  എന്ന് വച്ചാൽ ശനിയാഴ്ച രാത്രി പന്ത്രണ്ടര മണിയാണ് എനിക്കിപ്പോ ഇവിടെ.... :) 

ഞാനൊരു നല്ല പ്രാസംഗികനോ ഒറേറ്ററോ ഒന്നുമല്ല.. എന്നാലും എന്റേതായ രീതിയിൽ ചെറിയൊരു പരിശ്രമം ഇവിടെ നടത്താം...

Taking Educational Goals down to earth - Individual perspective അഥവാ മലയാളത്തിൽ വിവർത്തനം ചെയ്‌താൽ... സ്വന്തം അനുഭവത്തിലൂടെ വിദ്യാഭ്യാസത്തെ എങ്ങനെ പ്രായോഗികമാക്കാം.... അല്ലെങ്കിൽ... അവനവന്റെ സ്വന്തം കഴിവുകൾ തിരിച്ചറിഞ്ഞ് കൊണ്ട് ഭാവിയിലേക്ക് എങ്ങനെ മുന്നേറാം.... എന്നതാണല്ലോ ഇന്നത്തെ സംസാര വിഷയം... അതിലേക്ക് എന്റെ ചില ജീവിതാനുഭവങ്ങളിലൂടെ ചില അനുഭവങ്ങളും കഥകളും പറഞ്ഞ്... നിങ്ങളറിയാതെ തന്നെ വിഷയത്തിന്റെ അന്തഃസത്ത നിങ്ങളിലെത്തിക്കാൻ പറ്റുമോ എന്നാണ് ഞാൻ പരീക്ഷിക്കാൻ ശ്രമിക്കുന്നത്... വിദ്യാഭ്യാസം എന്ന് പറയുന്നത്, നമ്മുടെ ജീവിതം എന്ന അഭ്യാസത്തിന് വളം നൽകുന്ന രീതിയിലായില്ലെങ്കിൽ ആ വിദ്യാഭ്യാസത്തിന് അർത്ഥം ഉണ്ടാവില്ലല്ലോ ..

നെറ്റ്വർക്ക് പ്രശ്നങ്ങളൊന്നുമില്ലാതെ, നിങ്ങൾക്ക് ശ്രദ്ധിച്ച് കേൾക്കാൻ പറ്റുമെന്ന് തന്നെയാണ് ഞാൻ കരുതുന്നത്... ഇന്ന് നിങ്ങളോട് share ചെയ്യാൻ ഏതെങ്കിലും ഗ്രാഫോ.. ചിത്രമോ കാർട്ടൂണോ ഒന്നും എന്റെയടുത്തില്ല...  ഇന്ന് share ചെയ്യാൻ എനിക്കെന്റെ പച്ചയായ ജീവിതകഥ മാത്രമേ ഉള്ളൂ... അതുകൊണ്ട് എന്റെ മുഖം കണ്ട് കണ്ട് ബോറടിക്കാതിരിക്കാൻ, ശ്രദ്ധിച്ച് കേട്ടാൽ മാത്രം മതി... എന്റേത് ഒരു കണ്ണൂർ സ്റ്റൈൽ ഭാഷണമായത് കൊണ്ട് ശരിക്കും ശ്രദ്ധിച്ചോളൂ ട്ടോ  :)

ജീവിതത്തിൽ വളരെ വലുതായി recognized ആയിട്ടൊന്നുമില്ലെങ്കിലും എന്റെ ചെറിയ ജീവിതകഥ പറയാൻ കാരണം... എന്റെ ചെറുപ്പത്തിൽ ഞാനൊഴിച്ച്, എന്റെ വീട്ടുകാരോ നാട്ടുകാരോ, നാട്ടിലെ സുഹൃത്തുക്കൾ പോലുമോ ഒരിക്കലും ഞാനിങ്ങനെ ഇന്നത്തെ രീതിയിൽ ആയിത്തീരുമെന്ന് കരുതിയിരുന്നില്ല... അതുകൊണ്ട്... ഇന്നത്തെ രീതിയിൽ എത്തിപ്പെടാനുള്ള എന്റെ ഒരു ശ്രമം കുറച്ച് പേരെയെങ്കിലും motivate ചെയ്തേക്കാം എന്നൊരു ധാരണയിലാണ് ഇങ്ങനെയൊരു ശ്രമത്തിന് മുതിരുന്നത്...

നിങ്ങളുടെ അദ്ധ്യാപിക ഡോക്ടർ സിന്ധുവും ഞാനും മുപ്പത്തിമൂന്ന് വർഷങ്ങൾക്ക് മുന്നേ സഹപാഠികളായിരുന്നു.... വളരെ സാധാരണ നിലയിൽ നിന്ന്, ആരുടേയും പ്രത്യേക ഉപദേശങ്ങളൊന്നുമില്ലാതെ... എല്ലാവരും സയൻസിന്റെയും കണക്കിന്റെയും എഞ്ചിനീയറിങ്ങിന്റെയും മറ്റും പിന്നാലെ മത്സരിച്ചോടി നടക്കുന്ന സമയത്ത്, ഇഷ്ടവിഷയത്തിൽ ഊന്നി നിന്ന് പഠിച്ച്, സ്വന്തം കഴിവ് ഏത് മേഖലയിലാണെന്ന് സ്വയം മനസ്സിലാക്കി, ആ വിഷയത്തിൽ ഡോക്ടറേറ്റും നേടി അതേ വിഷയത്തിൽ നിങ്ങളുടെ കോളജിലെ ഡിപ്പാർട്ട്മെന്റ് ഹെഡ് ആയിരിക്കുന്ന സിന്ധു തന്നെ ഇന്നത്തെ  വിഷയത്തിന്റെ വളരെ വലിയ ഒരു ഉദാഹരണമാണ്... 

സിന്ധുവിനെ പോലെതന്നെ വളരെ സാധാരണ നിലയിൽ നിന്നാണ് ഞാനും വരുന്നത്...

ഞാനൊരു അദ്ധ്യാപകന്റെ മകനാണ്, എങ്കിലും പഠിക്കുന്ന കാലത്ത്, ഭക്ഷണത്തിന്റെ കാര്യത്തിലൊഴിച്ച്, ബാക്കിയെല്ലാ കാര്യത്തിലും ചുറ്റുവട്ടത്തുള്ള എല്ലാ വീടുകളെക്കാളും പരിതാപകരമായിരുന്നു എന്റെ കുട്ടിക്കാലം. അച്ഛന്റെ വീട്ടിലെ ചില പ്രാരാബ്ധങ്ങളും, അതിന്റെ കൂട്ടത്തിൽ എനിക്കുണ്ടായ വളരെ നീണ്ട രോഗാവസ്ഥയും, കൂട്ടത്തിൽ അച്ഛന്റെ വളരെ കർശനമായ ചിട്ടവട്ടങ്ങളും, ഞങ്ങളുടെ ചെറുപ്പത്തിലെ അവസ്ഥ ശരിക്കും കഷ്ടപ്പാടിലാക്കിയിരുന്നു...

അത്തരമൊരു അവസ്ഥയെപ്പറ്റി നിങ്ങൾക്കൊക്കെ ഈ മൊബൈൽ കാലത്ത് ആലോചിക്കാൻ പോലും പറ്റുമോന്ന് എനിക്ക് സംശയമുണ്ട്. 

ഓലമേഞ്ഞ്, ചിതലരിച്ച് പൊട്ടിപ്പൊളിഞ്ഞ മച്ചൊക്കെയുള്ള, ചാണകം തേച്ച തറയുള്ള, ചുറ്റും കുറ്റിക്കാടുകൾ നിറഞ്ഞ, ഏകദേശം മുന്നൂറോളം വർഷങ്ങൾ പഴക്കമുള്ള ഒരു പഴയ വീട്ടിലായിരുന്നു ഞങ്ങളുടെ താമസം. മൂന്ന് നാല് മാളങ്ങൾ പോലുള്ള ജനാലകൾ മാത്രമായിരുന്നു വീട്ടിനുണ്ടായിരുന്നത്.  അതുകൊണ്ട് തന്നെ, വീടിന്റെ ഉള്ളിൽ നട്ടുച്ചക്കും കൂരിരുട്ടായിരിക്കും... രാത്രിയിൽ കിടന്നുറങ്ങിയ പായ, പകുതിയും, രാവിലെ എഴുന്നേൽക്കുമ്പോഴേക്കും ചിതല് തിന്നിരിക്കും... ചിതലരിച്ച പത്തായത്തിന്റെ അടിയിലുള്ള തവളകളെ പിടിക്കാൻ സ്ഥിരം വരുന്ന പാമ്പുകൾ... മാസത്തിലൊരിക്കലെങ്കിലും തേളിന്റെയോ പഴുതാരയുടെയോ കുകൊടികളും കുത്തുകളും നമുക്ക് കിട്ടുമായിരുന്നു ... 

കൂടാതെ ദിവസോം പശുക്കളെ മേക്കണം. പുല്ല് പറിക്കണം, ചാണകം വാരണം... പച്ചക്കറികൾക്ക് വെള്ളമൊഴിക്കണം... കരിപിടിച്ച മണ്ണെണ്ണവിളക്കിന്റെ കുപ്പികൾ എല്ലാദിവസവും തുടക്കണം... ഇങ്ങനെ പല പല ജോലികളായിരുന്നു എനിക്കൊക്കെ ദിവസോം ചെയ്യാനുണ്ടായിരുന്നത്...

മാത്രോ അല്ല.. അച്ഛനെ നമുക്ക് ഭയങ്കര പേടിയായിരുന്നു, അച്ഛൻ വീട്ടിന്റെ കിഴക്ക് ഭാഗത്ത് ഇരിക്കുമ്പോ, ഞാനും എന്റെ അനിയന്മാരും വീടിന്റെ വടക്ക് ഭാഗത്തിരിക്കും ഇരിക്കുക... അച്ഛന്റെ മുമ്പിലിരിക്കാൻ ശരിക്കും പേടിയായിരുന്നു.. കൂട്ടത്തിൽ അച്ഛനെന്തെങ്കിലും ചോദ്യങ്ങൾ ചോദിച്ച് അതിന് ശരിയുത്തരം പറഞ്ഞില്ലെങ്കിൽ പിന്നെ നമ്മുടെയൊക്കെ കാര്യം പറയാത്തതാണ് നല്ലത്....

വീട്ടിൽ ബേക്കറി സാധനങ്ങൾ കൊണ്ടുവരാറേ ഉണ്ടായിരുന്നില്ല... പത്താം ക്ലാസ്സ് വരെ ആകെ പത്തോളം സിനിമകൾ മാത്രമേ ഞാനൊക്കെ കണ്ടിട്ടുണ്ടായിരുന്നുള്ളൂ... ഞങ്ങൾക്കൊക്കെ രണ്ട് ജോഡി കുപ്പായങ്ങളാണ്  ഉണ്ടാവാറുള്ളത്... സ്‌കൂളിലേക്ക് നാലും അഞ്ചും കിലോമീറ്ററുകൾ നടന്ന് പോകണം അതും ചെരുപ്പില്ലാതെ...

അതേ സമയം, എന്റെ കസിൻസിനൊന്നും ഇങ്ങനെയുള്ള പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. അമ്മവീട്ടിലെ കസിൻസൊക്കെ തുടക്കം മുതലേ ഇംഗ്ലീഷ് മീഡിയത്തിലായിരുന്നു... എന്റെ അച്ഛൻവീട്ടിലെ കസിൻസിനൊക്കെ 1980 കളിൽതന്നെ ഇലക്ട്രിസിറ്റിയും ചിലർക്ക് ടെലിഫോണും ഉണ്ടായിരുന്നു. 

ഇതിനിടയിൽ എന്റെ ഇടക്കിടക്കുള്ള ആശുപത്രിവാസം.... കുറേക്കാലം ക്ഷയത്തിനാണെന്ന് പറഞ്ഞ് മരുന്ന് കുടിച്ചു.. പിന്നെ പറഞ്ഞു എനിക്ക് കാൻസർ ആണെന്ന്... അതിനെപ്പേടിച്ച് മണിപ്പാലിൽ പോയപ്പോ പിന്നെ അത് വേറൊരു തരത്തിലുള്ള ടി ബിയായി... പിന്നെ ആയുർവേദം .. ഹോമിയോ... 

ഇങ്ങനെയൊക്കെയായിരുന്നു കാര്യങ്ങളെങ്കിലും ബേക്കറി സാധനങ്ങളും ബസ്സിന് പോകാൻ പത്ത് പൈസയും കിട്ടുന്നില്ലെന്നൊഴിച്ചാൽ ഞങ്ങൾക്ക് വലിയ സങ്കടങ്ങളൊന്നും ഉണ്ടായിരുന്നില്ല... ഞാൻ ഒരുവിധം മോശമില്ലാത്ത രീതിയിൽ പഠിച്ച്...  പഠിച്ച സ്‌കൂളിലുകളിലൊക്കെ ക്ലാസ്സിൽ ഒന്നാമനായിരുന്നു...

എല്ലാ രാത്രികളിലും അച്ഛൻ പറയുന്ന കഥകളും കേട്ട്, എല്ലാ ദിവസവും നേരത്തെ പറഞ്ഞത് പോലെയൊക്കെ ജീവിച്ച്, ഒരുവിധം പത്താം ക്ലാസ്സ് വരെയെത്തി... പക്ഷെ പത്താം ക്ലാസ്സിലെത്തിയപ്പോ എന്റെ രോഗം മൂർച്ഛിച്ചു.. അതിനാൽതന്നെ, എനിക്ക് പത്താം തരം ആദ്യത്തെ തവണ എഴുതാനും പറ്റിയില്ല... 1987 ലെ കാര്യമാണ്....

പിന്നെയാണ് ജീവിതത്തിലെ മറ്റൊരദ്ധ്യായം തുടങ്ങുന്നത്... വെല്ലൂരിലായിരുന്നു എന്റെ ചികിത്സ.. ആ ചികിത്സയിൽ എന്റെ രോഗം ഭേദമായി.... അടുത്ത വർഷം, പത്താം തരം പാസ്സായി പ്രീഡിഗ്രിക്ക് ചേർന്നു.. കോളജിൽ പോയത് മുതൽ കിട്ടിയ സ്വാതന്ത്ര്യം ശരിക്കും ഉപയോഗിക്കാൻ തുടങ്ങി... ക്ലാസ്സുകളിൽ ഇരിക്കാതെ സിനിമ കാണാനും കറങ്ങിയടിക്കാനും മറ്റും തുടങ്ങി. കോളജ് കുറച്ച് ദൂരെയായത് കൊണ്ട് ബസ്സിന്റെ കാശ് വീട്ടിൽ നിന്ന് കിട്ടുമായിരുന്നു. പിന്നെ ചില കള്ളത്തരങ്ങളൊക്കെ പറഞ്ഞ് എക്ട്രാ പൈസ എങ്ങനെയെങ്കിലും ഒപ്പിച്ചാണ് കോളജിന് പുറത്തെ കലാപരിപാടികൾക്ക് പണം കണ്ടെത്തിയിരുന്നത്... എന്തിനധികം പറയുന്നു... ക്ലാസ്സിൽ കയറാത്തത് മൂലം പ്രീഡിഗ്രി തോറ്റെന്ന് തന്നെയാണ് ഞാൻ  കരുതിയത്... പക്ഷേ പ്രീഡിഗ്രി വെറും കഷ്ടിയായി പാസ്സായി... വേറൊരു കോഴ്‌സിനും പോകാൻ പറ്റാത്ത അവസ്ഥ.... പ്രൈവറ്റ് ആയി പഠിക്കേണ്ടി വരുമല്ലോ എന്ന് ഞാൻ ഭയപ്പെട്ടു.. അച്ഛന്റെ മുഖത്ത് നോക്കാൻ പറ്റാത്ത ഒരു കാലാവസ്ഥ... തീവണ്ടിയുടെ എഞ്ചിൻ ഡ്രൈവർ മുതൽ വിമാനത്തിന്റെ പൈലറ്റ് ഒക്കെ ആകണമെന്നായിരുന്നു ആഗ്രഹം... പക്ഷേ എന്താ ചെയ്യാ... വിദ്യ നേടാതെ ഒരു അഭ്യാസോം കാണിക്കാൻ പറ്റൂല്ലല്ലോ...

തെണ്ടിത്തരങ്ങളൊന്നും ചെയ്തിട്ടില്ലെങ്കിലും, പഠിക്കാഞ്ഞത് കൊണ്ട് തോൽവിയുടെ വക്കിലെത്തിയത് എനിക്കും സഹിക്കാൻ പറ്റിയില്ല.. ഒടുവിൽ ഐടിഐ യിൽ ഇലൿട്രോണിക്സിന് ചേർന്നു... ഇനിയെങ്കിലും തീർച്ചയായും നന്നായി പഠിക്കുമെന്ന് തീരുമാനിച്ചുറപ്പിച്ചു. 

പക്ഷേ വീണത് വേറൊരു കുഴിയിലായിരുന്നു. പണ്ട് ചെറിയ ക്ലാസിൽ പഠിച്ച ഒരു കൂട്ടുകാരൻ, അവിടത്തെ വിദ്യാർത്ഥി നേതാവാണ്... അവന്റെ നിർബന്ധപ്രകാരം അവന്റെ കൂടെ രാഷ്ട്രീയത്തിൽ പ്രവർത്തിക്കാൻ തുടങ്ങി ... 

കണ്ണൂരിലെ രാഷ്ട്രീയം നിങ്ങൾക്കെല്ലാവർക്കും അറിയാല്ലോ അല്ലേ.. അത് എന്റെ പഠിപ്പിനെ ബാധിക്കുമെന്ന് ഞാനൊരിക്കലും കരുതിയിരുന്നില്ല... പക്ഷേ സംഭവിച്ചത് മറിച്ചായിരുന്നു... അവിടെ, എന്റെ സുഹൃത്തിന്റെ കൂടെ രാഷ്ട്രീയത്തിലിറങ്ങി എന്ന ഒറ്റക്കാരണം കൊണ്ട്  നിലനിൽപ്പ് തന്നെ അപകടത്തിലാകുന്ന അവസ്ഥ വന്നു... എതിരാളിപ്പാർട്ടി ചെയ്യുന്നത് പോലെയൊക്കെ തിരിച്ചും ചെയ്‌താൽ മാത്രമേ അവിടേക്ക് കയറാനാകൂ എന്ന സ്ഥിതിയായി. സ്ഥിരം  അടിപിടികൾ...അങ്ങനെ അവിടെയും പഠിപ്പ് ഏകദേശം അവതാളത്തിലായി... ഒടുവിൽ ഫൈനൽ പരീക്ഷക്ക് ഉറക്കൊഴിഞ്ഞ് പഠിച്ച് എങ്ങനെയോ 60 ശതമാനത്തിൽ കൂടുതൽ മാർക്ക് വാങ്ങി.

അപ്പഴേക്കും എനിക്ക് വയസ്സ് ഇരുപതായി... എന്റെ വീട്ടിൽ, എന്റെ വിദ്യാലയ കലാപരിപാടികളെക്കുറിച്ച് ചെറിയതോതിലൊക്കെ ആരൊക്കെയോ വിവരങ്ങൾ  എത്തിച്ച് കൊടുത്തു. അച്ഛനുമായി ചെറിയ ചെറിയ അഭിപ്രായ വ്യത്യാസങ്ങൾ തുടങ്ങി. നമ്മളീ ജനറേഷൻ ഗ്യാപ്പ് എന്നൊക്കെ പറയുമല്ലോ... സത്യത്തിൽ, എനിക്ക് ഒരു credibility യും ഉണ്ടായിരുന്നില്ലെങ്കിലും, എന്റെ അഭിപ്രായവ്യത്യാസങ്ങളും നീരസങ്ങളും ഞാൻ പല രീതികളിലും പ്രകടിപ്പിക്കാൻ തുടങ്ങി. പക്ഷേ അച്ഛൻറെ ഒന്നുരണ്ട് ഡയലോഗുകൾ എന്നെ ശരിക്കും ഇരുത്തി ചിന്തിപ്പിച്ചു...

അച്ഛൻ പറഞ്ഞത് ഇത്രയേ ഉണ്ടായിരുന്നുള്ളൂ... പോത്ത് പോലെ ഇത്രയും വളർന്നിട്ടും ഒന്നും പഠിക്കാതെ, ഇത്രയും കാലം ഉഴപ്പിയിട്ടും നേർക്ക് നേരെ ഇരുന്ന് സംസാരിക്കണമെങ്കിൽ സ്വന്തം അദ്ധ്വാനിച്ച് കഴിവ് തെളിയിച്ച് വരണം... വേറൊരു ഡയലോഗ് ഇതായിരുന്നു... ഇരുപത്തിരണ്ട് വയസ്സിന് ശേഷം നീ ഇവിടുന്ന് ഇതേ രീതിയിൽ ഭക്ഷണം കഴിക്കുന്നെങ്കിൽ നിന്നെപ്പോലെ ഉളുപ്പില്ലാത്ത വ്യക്തി ഈ ലോകത്ത് ഉണ്ടാവില്ല... നിന്നിൽ ഒരു പ്രതീക്ഷയെങ്കിലും ഉണ്ടായിരുന്നു.. ഇപ്പോ അതും പോയിക്കിട്ടി...

സത്യത്തിൽ ആ വാക്കുകൾ എന്റെ ചങ്കിലാണ് കൊണ്ടത്... അന്ന് മുതലാണ് എന്തെങ്കിലും ഒക്കെ ആകണമെന്നുള്ള ആഗ്രഹംഉണ്ടായത്... എന്തെങ്കിലും നല്ല ഒരു ജോലി തരപ്പെടുത്തിയേ പറ്റൂ... അച്ഛന്റെ മുന്നിൽ കഴിവ് തെളിയിച്ചേ പറ്റൂ... പക്ഷേ ജോലി കിട്ടാൻ മാത്രം എന്ത് പഠിക്കണം... ഒരു വ്യക്തതയുമില്ല... മാത്രവുമല്ല വൃത്തികെട്ട വിദ്യാർത്ഥിരാഷ്ട്രീയത്തിൽ നിന്ന് രക്ഷപ്പെടുകയും വേണം... 

ഐടിഐ ക്ക്  തൊട്ടടുത്ത് തന്നെയുള്ള പോളി ടെക്നിക്കിൽ അപ്പഴാണ് കേന്ദ്ര സർക്കാരിന്റെ കീഴിൽ ഒരു കമ്പ്യൂട്ടർ കോഴ്സ് തുടങ്ങിയത്. അച്ഛന്റെ സമ്മതം എങ്ങനെയൊക്കെയോ വാങ്ങി  ആ കോഴ്‌സിന് ചേർന്നു... ആദ്യമായാണ് കമ്പ്യൂട്ടർ കൈ കൊണ്ട് തൊടുന്നത്... എന്തോ എനിക്ക് ആ മേഖല ശരിക്കും വഴങ്ങുന്നതാണെന്ന ഒരു തോന്നലുണ്ടായി... കൂട്ടത്തിൽ സമയം കിട്ടുമ്പോഴൊക്കെ ചില കവിതകൾ കുറിച്ചിടാനും തുടങ്ങി.. കുറിച്ചിട്ട കവിതകളൊക്കെ എന്റെ നോട്ട് പുസ്തകത്തിൽ തന്നെ വിശ്രമിച്ചു എന്നത് വേറെ കാര്യം....

കമ്പ്യൂട്ടർ കോഴ്സ് കഴിഞ്ഞപ്പോഴും എനിക്ക് ഭാവിയെക്കുറിച്ച് ഒരു വ്യക്തതയും ഉണ്ടായിരുന്നില്ല... എന്ത് ചെയ്യണം.. ഇനിയും എന്തെങ്കിലും പഠിക്കണോ... ഒരു നിശ്ചയവുമില്ല... അച്ഛൻ പറഞ്ഞ ഇരുപത്തിരണ്ട് വയസ്സ് ഏകദേശം ആവാറായി... ഇനിയും ഉളുപ്പില്ലാതെ വീട്ടീന്ന് ഭക്ഷണം കഴിക്കുക എന്നതിനെക്കുറിച്ച് എനിക്കെന്തോ ചിന്തിക്കാൻ പോലും പറ്റാതായി... 

അങ്ങനെ ഒടുവിൽ ഇരുപത്തിരണ്ടാമത്തെ വയസ്സിൽ ഞാൻ ജീവിത്തിലെ വലിയൊരു തീരുമാനമെടുത്തു.. എന്റെ രണ്ട് സുഹൃത്തുക്കളുടെ കൈയ്യിൽ നിന്ന് യ 1500 രൂപ കടം വാങ്ങി, 1994 ൽ  മുംബൈയിലേക്ക് നാട് വിട്ടു. അവിടെ എത്തിയതിന് ശേഷം, അകന്ന ഒരു ബന്ധുവിന്റെ അഡ്രസ്സ് തപ്പിപ്പിടിച്ച് അദ്ദേഹത്തിന്റെ വീട്ടിൽ അഭയം പ്രാപിച്ചു. 

അവരുടെ ഒറ്റമുറി വീട്ടിൽ, അവിടെയുണ്ടായിരുന്ന കട്ടിലിനടിയിലായിരുന്നു എന്റെ കിടത്തം... മുംബൈയിലെത്തിയതിന് മൂന്നാം ദിവസം, മുംബൈയിലെ എന്റെ ആദ്യത്തെ ഇന്റർവ്യൂവിന്, എന്റെ ബന്ധു എന്നെ കൂട്ടിക്കൊണ്ട് പോയി. കംപ്യുട്ടർ പഠിച്ചിട്ടുണ്ട്.. ഇലൿട്രോണിക്സ്  പഠിച്ചിട്ടുണ്ട് എന്നൊക്കെ പൊങ്ങച്ചടിച്ചത് കൊണ്ട്, അതൊക്കെയായി ബന്ധപ്പെട്ട ഒരു ജോലിക്കായിരുന്നു എന്നെ ടെസ്റ്റ് ചെയ്യാനായി കൊണ്ട് പോയത്...

എന്റെ ജീവിതത്തിലെ രണ്ടാമത്തെ വലിയ തിരിച്ചറിവ് തന്ന ദിവസായിരുന്നു അത്. ജീവിതത്തിലെ ആദ്യത്തെ ഇന്റർവ്യൂ... 

ഇന്റർവ്യൂവിന് ഉള്ളിൽ പോയ എനിക്ക് ആദ്യത്തെ ചോദ്യം മുതൽ തന്നെ എന്റെ അറിവിനെക്കുറിച്ചും ഭാഷാപരിജ്ഞാനത്തെക്കുറിച്ചും ആത്മവിശ്വാസത്തിനെക്കുറിച്ചുമൊക്കെ കൃത്യമായ ബോധ്യമുണ്ടായി. അവർ ഇംഗ്ളീഷിൽ ചോദിക്കുന്നത് എനിക്കൊന്നും മനസ്സിലാകുന്നില്ല... ഞാൻ പറയുന്ന ഇംഗ്ലീഷ് അവർക്കും മനസ്സിലാകുന്നില്ല... അവർ കമ്പ്യൂട്ടറിൽ ചെയ്യാൻ പറഞ്ഞ ചെറിയ കാര്യങ്ങൾ പോലും എനിക്ക് ചെയ്യാൻ പറ്റിയില്ല... 

എനിക്ക് ഇംഗ്ലീഷ് ഭാഷ തീരെ വശമില്ലെന്ന് ശരിക്കും മനസ്സിലായി. സുഗമഹിന്ദി പരീക്ഷ മൂന്ന് കൊല്ലം പ്രഥമശ്രേണിയിൽ പാസ്സായ എനിക്ക് ഹിന്ദിയും സംസാരിക്കാൻ പയില്ല.  ഞാൻ പഠിച്ചതും, പഠിച്ച കാര്യങ്ങളുടെ പ്രവർത്തനത്തിലുള്ള വ്യത്യാസവും എന്താണെന്ന്  അന്നാണ് ആദ്യമായി എനിക്ക് മനസ്സിലായത്. സത്യത്തിൽ ഞാൻ പൂർണ്ണമായും വട്ടപ്പൂജ്യമാണെന്ന് മനസ്സിലാക്കിയ ഒരു ദിവസായിരുന്നു അത്. എന്റെബന്ധുവിന്റെ മലയാളിയായ ഒരു സുഹൃത്തായിരുന്നു ആ ഇന്റർവ്യൂ സംഘടിപ്പിച്ച് തന്നത്... 

ഇന്റർവ്യൂവിന് ശേഷം തലയും താഴ്ത്തി, എ സി മുറിയിൽ നിന്ന് വിയർത്ത് കുളിച്ച് ഞാൻ പുറത്തിറങ്ങി, ബന്ധുവിന്റെ സുഹൃത്ത് ഒരു മൂലക്ക് വിളിച്ച് ഒരു കാര്യം എന്റെ മുഖത്ത് നോക്കിപ്പറഞ്ഞു... 'ഈ മുംബൈയിൽ നിനക്ക് നിന്റെ ജീവിതം മുളപ്പിക്കാൻ പറ്റിയില്ലെങ്കിൽ, ലോകത്തൊരിടത്തും നിനക്ക് ഒരു ജീവിതം കെട്ടിപ്പടുക്കാനാവില്ല'... എനിക്ക് നാണം കൊണ്ട് തല ഉയർത്താൻ പറ്റുന്നുണ്ടായിരുന്നില്ല...

സത്യത്തിൽ, നാട് വിട്ടപ്പോൾ പോലും ഇല്ലാതിരുന്ന, ജീവിതത്തിൽ വിജയിക്കണമെന്ന ഒടുങ്ങാത്ത ഒരു വാശിയുണ്ടാവുന്നത് അപ്പോൾ മാത്രമായിരുന്നു.... 

അന്ന് മുതൽ എങ്ങനെയെങ്കിലും ഇംഗ്ലീഷും ഹിന്ദിയും പഠിക്കാനായിരുന്നു കഠിന ശ്രമം. കണ്ണാടി നോക്കിയും ടിവി വാർത്തകൾ കണ്ടും, പത്രങ്ങൾ വായിച്ച് അറിയാത്ത വാക്കുകളുടെ അർത്ഥങ്ങൾ  നിഘണ്ടുവിൽ  പരതിക്കണ്ടുപിടിച്ചും, ഒറ്റപ്പെട്ട വഴികളിൽ സ്വയം സംസാരിച്ചുമൊക്കെയായിരുന്നു എന്റെ ഭാഷാ പഠനം. യഥാർത്ഥത്തിൽ, എന്റെ ശരിയായ ദിശയിലുള്ള വിദ്യാഭ്യാസം തുടങ്ങിയത് അപ്പോൾ മാത്രമായിരുന്നു എന്ന് തീർച്ചയായും പറയാം...

ഇതിനിടയിൽ ഒരു ഇന്റർവ്യൂ, വളരെ പ്രയാസപ്പെട്ട് ഞാൻ എങ്ങനെയൊക്കെയോ ശരിയാക്കിയെടുത്തു... മാസം ആയിരം രൂപ ശമ്പളം... അങ്ങനെ ജീവിതവിജയത്തിന്റെ ആദ്യപടി ഞാൻ ചവിട്ടി ...

റോഡിന്റെയൊക്കെ വശങ്ങളിൽ, വളരെ ഉയരത്തിലുള്ള കമ്പ്യൂട്ടർ കോൺട്രോൾഡായിട്ടുള്ള പരസ്യ ഡിസ്‌പ്ലെകൾ തൂങ്ങിക്കിടന്ന് കൊണ്ട് വൃത്തിയാക്കുകയും റിപ്പയർ ചെയ്യുകയും ചെയ്യുക, ബാങ്കുകളിൽ ടോക്കൺ ഡിസ്‌പ്ലെകൾ സ്ഥാപിക്കുകയും റിപ്പയർ ചെയ്യുകയും ചെയ്യുക... എന്നിവയൊക്കെയായിരുന്നു എന്റെ ജോലികൾ...

പിന്നെയങ്ങോട്ട് വിശ്രമമില്ലാത്ത പരിപാടികളായിരുന്നു... കൂട്ടുകാരുടെ കൂടെ  ഒരു വാടക വീട്ടിലേക്ക് താമസം മാറി... സ്വന്തമായി പാചകം, അലക്കൽ എന്നിവ ആരംഭിച്ചു. നാട്ടിൽ നിന്ന് തന്നെ പാചകവും മറ്റും പഠിച്ചിരുന്നത് കൊണ്ട് അതൊന്നും ഒരു ബുദ്ധിമുട്ടായി തോന്നിയില്ല... ജോലിക്കിടയിൽ ഞാൻ വീണ്ടും പഠിക്കാൻ തുടങ്ങി... കംപ്യൂട്ടറിന്റ ഹാർഡ്വേറിലും സോഫ്റ്റ്വേറിലും ഡിപ്ലോമയെടുത്തു... ആളുകളോട് ഇടപെടാൻ പഠിച്ചു.. ഇംഗ്ലീഷ് ഭാഷയും ഹിന്ദിയും നന്നായി കൈകാര്യം ചെയ്യാൻ പഠിച്ചു... ഇംഗ്ലീഷ് ഭാഷയുടെ എഴുത്തിന്റെ ചട്ടവട്ടങ്ങൾ പഠിച്ചു... 

അങ്ങനെയിരിക്കേയാണ് ഞാൻ ജോലി മാറിയത്... അപ്പഴേക്കും എന്ത് ജോലിയും ചെയ്യാനുള്ള ഒരു ആത്മവിശ്വാസം കൈവന്നിരുന്നു... പക്ഷേ നിർഭാഗ്യത്തിന്, പുതിയ കമ്പനിയിൽ ചേർന്നയുടൻ തന്നെ ആ കമ്പനി തകരാൻ തുടങ്ങി... വേറെ ജോലിയൊന്നും കിട്ടാത്തത് കൊണ്ട് ആ കമ്പനിയിൽ, ഞങ്ങൾ കുറച്ച് പേർ ശമ്പളമില്ലാതെ കുറച്ച് കാലം ജോലിയെടുത്തു... അന്ന് വരെ പഠിച്ച എല്ലാ വിദ്യകളും പുറത്തെടുത്ത് പ്രവർത്തിക്കാൻ കഴിഞ്ഞ ഒരു ജോലിയായിരുന്നു അത്. 

അതൊരു Y2K കാലമായിരുന്നു... ആ സമയത്ത്, personal computer കളിലെ Y2K ബഗ് കണ്ടുപിടിക്കാനും അത് പരിഹരിക്കാനുമുള്ള hardware ഉം software ഉം ഉണ്ടാക്കിയ ഒരു ടീമിന്റെ ഭാഗമാകാൻ കഴിഞ്ഞത് എന്റെ ജീവിതത്തിലെ വലിയൊരു വഴിത്തിരിവായി. ശമ്പളമില്ലാതെ പണിയെടുത്തുണ്ടാക്കിയ  Y2K പ്രൊഡക്ടുകൾ നമ്മുടെ കമ്പനി ഏറ്റെടുത്തു അങ്ങനെ കമ്പനി  പ്രോഫിറ്റിലായത്, സത്യത്തിൽ വലിയൊരനുഗ്രഹമായി. എന്റെ പ്രവർത്തന മേഖല എന്താണെന്ന് അതോടെ എനിക്ക് ഉറപ്പിക്കാൻ പറ്റി... ഞങ്ങളുണ്ടാക്കിയ Y2K പ്രൊഡക്ടുകൾ മാർക്കറ്റ് ചെയ്യുന്നതിന്റെ ഭാഗമായി, 1999 ൽ ടെഹ്റാനിൽ കുറച്ച് കാലം marketing executive ആയിട്ടും ജോലി ചെയ്തു. ഈ സമയത്താണ് എന്റെ നാട്ടിലെ പഴയ വീട് പുതുക്കിപ്പണിയുന്നതും വീട്ടിൽ ഇലക്ട്രിസിറ്റി മുതൽ മറ്റ് ആധുനിക സൗകര്യങ്ങളും വരുന്നത്...

ഇറാനിൽ നിന്ന് തിരിച്ച് വന്നതിന് ശേഷം, ലണ്ടനിലെ ഒരു software സ്ഥാപനത്തിൽ ഒരു കൊല്ലത്തോളം ജോലിചെയ്തു. അതിന് ശേഷം അമേരിക്കയിലെ വേറൊരു software സ്ഥാപനത്തിലേക്ക് മാറി. ഇപ്പോൾ അമേരിക്കൻ സർക്കാരിന്റെ കീഴിലെ ഏജൻസിയായ 'Federal Aviation Administration' ന്റെ ചില software പ്രോജക്ടുകളാണ് ചെയ്ത് കൊണ്ടിരിക്കുന്നത്. ഇവിടെ സ്ഥിരതാമസം തുടങ്ങിയിട്ട് ഏകദേശം പതിനേഴ് കൊല്ലങ്ങളായി. ഇന്ന്, ഞാനെന്ന ഈ ഡിപ്ലോമക്കാരന്റെ കൂടെയും താഴെയുമൊക്കെയുള്ളത് ബിടെക്കും എംടെക്കും എംഎസ്സുമൊക്കെ പഠിച്ച ആൾക്കാരാണെന്നത്  എനിക്ക് തീർച്ചയായും അഭിമാനം തരുന്ന ഒരു കാര്യമാണ്...

അമേരിക്കയിൽ വന്നതിന് ശേഷമാണ്, അതുവരെ നഷ്ടപ്പെട്ട വായനയും എഴുത്തുമൊക്കെ വീണ്ടും ആരംഭിച്ചത്... കഴിഞ്ഞ എട്ട് പത്ത് വര്ഷങ്ങളായി 'നാരായം' (https://e-naaraayam.blogspot.com) എന്ന ബ്ലോഗിലൂടെ, മലയാളത്തിൽ കഥകളും കവിതകളും ലേഖനങ്ങളും എഴുതിത്തുടങ്ങിയത് അങ്ങനെയാണ്... ഇപ്പോൾ, ആദ്യത്തെ ഒരു നോവൽ പുറത്തിറക്കാനുള്ള ഒരു യത്നത്തിലാണുള്ളത്...

ഇതാണ് എന്റെ കഥ... അന്നന്നത്തെ ജീവിതത്തിൽ എന്തൊക്കെ കർമ്മങ്ങൾ ചെയ്യണമെന്നറിയാതെ പല പല അവസ്ഥകളിലൂടെയും ഉരുണ്ടുരുണ്ട് ഒടുവിൽ കരകയറിയ കാര്യം അവതരിപ്പിക്കാൻ പറ്റുമെന്ന് കരുതിയാണ് ഞാനീ കഥ പറഞ്ഞത്... ആത്മവിശ്വാസം എന്നൊരു കാര്യം കൈമുതലായുണ്ടെങ്കിൽ ജീവിതവിജയം തീർച്ചയായും കൂടെയുണ്ടാകും...

പക്ഷേ പഠിക്കേണ്ട സമയത്ത് കൃത്യമായി പഠിക്കാതെ ഉഴപ്പിയതിന് ഞാൻ കുറേ വിലയും സമയവും  കൊടുക്കേണ്ടി വന്നു എന്നത് സത്യമാണ്... കുറച്ചൂടെ ശ്രദ്ധിച്ചിരുന്നെങ്കിൽ കൂടുതൽ നന്നായേനെ എന്നൊക്കെ ചിന്തിക്കാറുണ്ടെങ്കിലും, ഇന്ന് എന്നെ സംബന്ധിച്ചടുത്തോളം നഷ്ടബോധങ്ങളൊന്നും തീരെ അലട്ടാറില്ല...

ചെറുപ്പത്തിലൊക്കെ എന്റെ ധാരണ, വലിയ ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ പഠിച്ചാലേ... അല്ലെങ്കിൽ കണക്കിനും സയന്സിനും മറ്റും പ്രത്യേക ട്യൂഷനൊക്കെ എടുത്ത് പഠിച്ചാലേ വലിയ ജോലികൾ കിട്ടൂ  എന്നൊക്കെയായിരുന്നു... 

പക്ഷേ  എന്റെ ജീവിതം എന്നെ പഠിപ്പിച്ചത്, ഓരോരുത്തർക്കും അവനവന്റെ കഴിവ് എന്താണെന്ന് സ്വയം മനസ്സിലാകുകയും, ആ കഴിവ്, പ്രവർത്തനത്തിൽ കൊണ്ടുവരാൻ കണിശമായ ഫോക്കസും, കൂടെ ആത്മവിശ്വാസവുമുണ്ടെങ്കിൽ ആർക്കും അവന്റെ അല്ലെങ്കിൽ അവളുടെ ജീവിതത്തിൽ വിജയിക്കാമെന്നതാണ്...  അല്ലാതെ, പണം ഉണ്ടാവാത്തതോ, വലിയ കുടുംബങ്ങളിൽ ജനിക്കാത്തതോ, സൗകര്യങ്ങൾ ആരും ഒരുക്കിത്തരാത്തതോ, വലിയ സ്ഥാപനങ്ങളിൽ പഠിക്കാത്തതോ മാതാപിതാക്കൾ കൂട്ടിരിക്കാത്തതോ അല്ലെങ്കിൽ അദ്ധ്യാപകർ ശരിയായ രീതിയിൽ പഠിപ്പിക്കാത്തതോ ഒന്നുമല്ല യഥാർത്ഥ പ്രശ്നം. ജീവിതത്തിൽ എന്താവണമെന്ന് ഹൃദയം കൊണ്ട് ഒരു ബോധം ഉണ്ടായാൽ ബാക്കി സാഹചര്യങ്ങളൊക്കെ തനിയെ ഉണ്ടായി വരും.

എന്റെയൊക്കെ കുട്ടിക്കാലത്ത് അച്ഛനമ്മമാർ കുട്ടികളെ അമിതമായി സ്ട്രിക്ട് ആയാണ് വളർത്തിയതെങ്കിൽ ഇന്ന് കുട്ടികളെ അമിതമായി ലാളിച്ചാണ് വളർത്തുന്നതെന്ന സംശയം എനിക്കുണ്ട്... സത്യത്തിൽ മാതാപിതാക്കൾ ഈ പറഞ്ഞ കാര്യങ്ങളിൽ ബാലൻസ് പാലിച്ചെങ്കിൽ കൂടുതൽ നാന്നാകുമെന്നാണ് എനിക്ക് തോന്നുന്നത്... മാതാപിതാക്കളും കുട്ടികളും അദ്ധ്യാപകരും തമ്മിൽ പുരോഗമനപരമായി നല്ല കമ്മ്യൂണിക്കേഷൻ ഉണ്ടെങ്കിൽ തീർച്ചയായും നല്ലൊരു തലമുറ തന്നെ നമുക്ക് വാർത്തെടുക്കാൻ പറ്റും...

ഇപ്പോ ഈ അമേരിക്കയിൽ ഇരുന്നു കൊണ്ട് തന്നെ എന്റെ ജോലിക്കൊപ്പം വേനൽക്കാലത്ത് ഞാൻ നല്ല രീതിയിൽ കൃഷിയൊക്കെ ചെയ്യാറുണ്ട്.. ഈ ഇംഗ്ളീഷ് നാട്ടിലിരുന്ന് കൊണ്ട്, നമ്മുടെ മലയാളത്തിലാണ് എന്റെ ബ്ലോഗിങ് നടക്കുന്നത്... എന്തിനും മറ്റുള്ളവരെ ആശ്രയിക്കാതെ സ്വയം പര്യാപ്തത ഉണ്ടാക്കിയെടുക്കാൻ പറ്റിയാൽ അതിന്റെയൊരു സുഖം സത്യത്തിൽ വേറെത്തന്നെയാണ്.....

അതുകൊണ്ട്, എന്റെ കഥ കൃത്യമായും നിങ്ങൾ കേട്ടെങ്കിൽ, ആരും ഒന്നുകൊണ്ടും അവനവന്റെ ഭാവിയെക്കുറിച്ച് ആവലാതിപ്പെടേണ്ട കാര്യമൊന്നുമില്ല.. നിങ്ങളിൽ ആർക്കെങ്കിലും ഇതുവരെയുള്ള സമയം നഷ്ടപ്പെട്ടുപോയെന്ന് കരുതുന്നുണ്ടെങ്കിൽ.. അതിന്റെ ആവശ്യം തീരെയില്ല... തീർച്ചയായും എല്ലാവർക്കും ഇനിയും സമയമുണ്ട്.. വൈകിപ്പോയെന്ന് ഒരിക്കലും കരുതരുത്... പക്ഷേ ഒട്ടും വൈകാതെ, ഇനിയെന്താണ് ചെയ്യേണ്ടത് എന്നതിനെക്കുറിച്ച് വ്യക്തത വരുത്തിയാൽ മാത്രം മതി... കൂടെ പോസിറ്റിവായിട്ടുള്ള റിസ്‌കും ഹാർഡ് വർക്ക് ചെയ്യാനുള്ള മനസ്സും ഉണ്ടെങ്കിൽ നിങ്ങൾക്കെല്ലാവർക്കും ജീവിതത്തിൽ വിജയിക്കാം... ഒരു സംശയവും ..വേണ്ട...

നിങ്ങൾ പഠിക്കുന്നത് സയൻസായാലും കൊമേഴ്‌സ് ആയാലും ആർട്സായാലും വുഡ് ടെക്‌നോളജി ആയാലും ഏത് മേഖല ആയാലും... നിങ്ങൾ ആണായാലും പെണ്ണായാലും... നിങ്ങൾ passionate ആണെങ്കിൽ നിങ്ങൾക്ക് ആ മേഖലയിൽ ഒരു സ്പേസ് ഉണ്ടാവും... നിങ്ങൾ ആ സ്‌പേസിൽ എത്തിപ്പെടുക തന്നെ ചെയ്യും... ഒരു കാര്യം കൂടി.... സാങ്കേതികപരമായ അറിവിനോടൊപ്പം, നമുക്ക് ജീവിത യാഥാർത്ഥ്യങ്ങളെക്കുറിച്ചുള്ള പരിജ്ഞാനം കുറച്ചെങ്കിലും ഉണ്ടാവണം... നമ്മൾ എപ്പോഴും സ്ട്രീറ്റ് സ്മാർട്ട് ആയിരിക്കണം... നെല്ല് ഏതാണ് കടുക് ഏതാണ് എന്നൊക്കെ തിരിച്ചറിയാനുള്ള പ്രായോഗിക ബോധം  നമുക്കുണ്ടാകണം... അല്ലെങ്കിൽ നിങ്ങൾ ചെയ്ത കർമ്മങ്ങളുടെ  ക്രെഡിറ്റ് വേറെ ആരെങ്കിലും കൊണ്ടുപോയെന്നിരിക്കും...

പിന്നെ.. ഒരു കാര്യം കൂടി... നിമിഷ നേരത്തെ സുഖത്തിന് വേണ്ടി തുടങ്ങി ഒരിക്കലും ഒരു ലഹരിക്കും അടിമപ്പെരുത്. കാരണം, ആ ലഹരികൾക്ക് ഒരിക്കൽ അടിമപ്പെട്ട് പോയാൽ പിന്നെ നിങ്ങൾക്ക് എന്ത് ഫോക്കസ് ഉണ്ടായിട്ടും ഒരു കാര്യവുമുണ്ടാകില്ല...  ഫോക്കസും ലഹരിയും ഒരിക്കലും ഒരേ ദിശയിൽ പോവില്ല.... ലഹരികൾക്ക് അടിമപ്പെട്ടാൽ നിങ്ങൾക്ക് നിങ്ങളെത്തന്നെയും മാതാപിതാക്കൾക്ക് നിങ്ങളെയും നഷ്ടപ്പെട്ടു എന്ന ട്രാജഡി മാത്രേ ഉണ്ടാവുള്ളൂ... 

പറഞ്ഞതൊക്കെ കൂടുതലായിപ്പോയോ .. എന്നെനിക്കറിയില്ല... എന്നാലും നിങ്ങൾ ഉദ്ദേശിച്ച കാര്യങ്ങൾ എന്റെ കഥയിലൂടെ വ്യംഗ്യമായെങ്കിലും പറഞ്ഞെന്നാണ് എന്റെ വിശ്വാസം... ഇത്രയൊക്കെയാണ് എനിക്കിന്ന് നിങ്ങളോട് പറയാനുള്ളത്.... ഇതുവരെ എന്നെ ക്ഷമയോടെ ശ്രവിച്ച എല്ലാവർക്കും വളരെ നന്ദി... Thank you... 

***

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ