2020, സെപ്റ്റംബർ 8, ചൊവ്വാഴ്ച

കെയ്‌സിയേൽപ്പിച്ച നഖക്ഷതങ്ങൾ (അപ്പലാച്ചിമലമ്പുരാണം - 1)

പല പല ആഗ്രഹങ്ങളും മനസ്സിലുണ്ടെങ്കിലും ചില ആഗ്രഹങ്ങൾ നടക്കുന്നത് ഒട്ടും നിനച്ചിരിക്കാതെ, വളരെ അവിചാരിതമായിട്ടായിരിക്കും. അങ്ങനെയൊരു ആഗ്രഹം നിറവേറിയത് രണ്ട് ദിവസം മുന്നേയാണ്. 

വളരെക്കാലമായുള്ളൊരു ആഗ്രഹമായിരുന്നു, ഏതെങ്കിലും കാട്ടിൽ ടെന്റ് കെട്ടി ക്യാമ്പ് ചെയ്ത് കൊണ്ട് കുറച്ച് ദിവസം ഹൈക്ക് ചെയ്യുക എന്നുള്ളത്. ഇതിലേക്കുള്ള ഏറ്റവും വലിയ ചവിട്ടുപടിയായിരുന്നു വീട്ടിലെ പ്രധാനമന്ത്രിയുടെ അനുവാദം കിട്ടുക എന്നുള്ളത്. ഇത്രയും കാലം അനുവാദം കിട്ടില്ലെന്ന മുൻവിധി അധികമായുള്ളത് കൊണ്ട്, അത്തരം ആഗ്രഹങ്ങളൊന്നും ഞാനായിട്ട്, ഇതുവരെ പ്രധാനമന്ത്രി മുൻപാകെ അവതരിപ്പിച്ചിരുന്നില്ല. 

അങ്ങനെയിരിക്കേയാണ്, ഞങ്ങൾ സാധാരണ കൂടുന്ന കൂട്ടത്തിൽ നിന്ന് പുറത്ത് നിന്നുള്ളൊരു പുംഗവൻ, ഇങ്ങോട്ട് ഒരു ഓഫർ വെക്കുന്നത്. അവനും ഒന്ന് രണ്ട് സുഹൃത്തുക്കൾക്കും രണ്ട് മൂന്ന് ദിവസം, അപ്പലാച്ചിയൻ ട്രെയിൽ ഹൈക്ക് ചെയ്ത് ക്യാമ്പ് ചെയ്യാൻ പരിപാടിയുണ്ടത്രേ... 'പോരുന്നോ' എന്ന് ചോദിച്ചപ്പോൾ, ഓഫർ നിരസിക്കാൻ തോന്നിയില്ല. അങ്ങനെയാണ് മെമ്മോറാണ്ടം വീട്ടിൽ അവതരിപ്പിക്കപ്പെട്ടത്. 'എന്ത് കൊണ്ട് ഞങ്ങൾക്ക് വന്നുകൂടാ...', 'നിങ്ങൾ മാത്രം ഇങ്ങനെ കാടും മേടും നടന്ന് ആസ്വദിച്ചാൽ മതിയോ...', 'ഞാനിവിടെ തേങ്ങാ തിരുമ്മിത്തിരുമ്മി മടുത്തു...' എന്നൊക്കെയുള്ള തിരിഞ്ഞു കൊത്തുന്ന ചോദ്യങ്ങളായിരുന്നു എന്റെ പ്രതീക്ഷയെങ്കിലും, എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട്‌, മുൻപിൻ നോക്കാതെ മെമ്മോറാണ്ടം അംഗീകരിക്കുകയായിരുന്നു പ്രധാനമന്ത്രി ചെയ്തത്. സന്തോഷത്താലും തല കറങ്ങുമെന്ന് സ്വയം മനസ്സിലാക്കിയ നിമിഷങ്ങൾ!

അങ്ങനെ, മറ്റേ പുംഗവനുമായി ചർച്ച ചെയ്തും ഗൂഗിൾ ചെയ്തുമൊക്കെ എങ്ങനെ പോകണം... എവിടന്ന് തുടങ്ങണം... എന്തൊക്കെ കൊണ്ട് പോകണം  എന്നൊക്കെയുള്ളതിനെക്കുറിച്ച് ചെറിയ ധാരണയുണ്ടാക്കാൻ ശ്രമമാരംഭിച്ചു. ഭാരതത്തിന്റെ സ്വാതന്ത്ര്യ ദിനത്തിന് വീട്ടിൽ നിന്ന് കുറച്ച് ദിവസത്തേക്ക് കാട്ടിൽ സ്വതന്ത്രമാകാമെന്ന് ധാരണയായി. ഓഫീസിൽ വിവരമറിയിച്ചു. ശനിയും ഞായറും കഴിച്ച് തിങ്കളും ചൊവ്വയും അവധി തരപ്പെടുത്തി. 

ഹൈക്കേർസിന്റെ ഏറ്റവും പ്രധാനപ്പെട്ട ആയുധമായ ഹൈക്കേർസ് ബാക്ക്പാക്ക് ആദ്യം തന്നെ ആമസോണിൽ ഓർഡർ ചെയ്തു. കൈയ്യിൽ ഇതിനകം തന്നെ ഉണ്ടായിരുന്ന സ്ലീപ്പിങ് ബാഗും ഊതി വീർപ്പിക്കുന്ന തലയിണയും വലുതായതിനാൽ, ചെറിയ വലുപ്പത്തിലുള്ളത് വേറെത്തന്നെ വാങ്ങേണ്ടി വന്നു. ഉണ്ടായിരുന്ന ടെന്റ് നാലുപേർക്ക് കിടക്കാൻ പറ്റുന്ന തരത്തിൽ വലുതായതിനാൽ അതും ഒരാൾക്ക് മാത്രം കിടക്കാൻ തരത്തിലൊന്ന് ഓർഡർ ചെയ്തു.

കാര്യങ്ങൾ പുരോഗമിക്കവേയാണ്, ഇടിത്തീ പോലൊരു വാർത്ത വന്നത്. നേരത്തെ പറഞ്ഞ പുംഗവന്റെ സുഹൃത്തിന് കോവിഡ് സമ്പർക്കം വന്നതിനാൽ, ചിലപ്പോൾ യാത്ര തന്നെ നടന്നേക്കില്ല എന്നതായിരുന്നു സന്ദേശം. പ്രധാനമന്ത്രി മനസാ തന്ന അനുമതി വ്യർത്ഥമാകുന്നതിൽ എനിക്ക് അതിയായ അനുതാപം ഉണ്ടായി. കിട്ടിയ അനുമതി പാഴായിപ്പോകാതിരിക്കാൻ, ഉടനെത്തന്നെ, ഞങ്ങൾ സാധാരണ ഒന്നിച്ച് കൂടാറുള്ള നാലഞ്ച് കൂട്ടുകാരുമായി അവസ്ഥ പങ്കിട്ടു. ആരും വന്നില്ലെങ്കിൽ ഞാനൊറ്റക്ക് കാട് കയറും എന്ന ഭീഷണി സന്ദേശവും കൂട്ടത്തിൽ തിരുകി.

അപ്പോഴാണ് മനസ്സിലായത്, അതിലൊരുത്തന് കാട് കേറാൻ മുട്ടി നിക്കുകയായിരുന്നത്രേ. ആ കാര്യം അറിയിക്കാൻ നിൽക്കുന്നതിനിടയിലാണ് എന്റെ സന്ദേശം പോകുന്നത്. എന്തായാലും പെൻസിൽവാനിയയിൽ മച്ചൂനന്റെ വീട്ടിൽ ഉല്ലസിക്കാൻ പോയ ഒരുത്തനും വേറൊരാളും ഒഴിച്ച് ബാക്കി മൂന്ന് പേരും മുൻപിൻ നോക്കാതെ, സ്വന്തം രാജ്യത്തിലെ പ്രധാനമന്ത്രിമാരുടെ അനുമതി പോലും കിട്ടാൻ കാത്ത് നിൽക്കാതെ, 'യെസ്' മൂളി കൈ പൊക്കി. പക്ഷേ വീണ്ടും വേറൊരു കോവിഡ് പ്രശ്നം തല പൊക്കി. കൂടെ വരാമെന്നേറ്റ ഒരു സുഹൃത്തിന്റെ. മകൻ കളിക്കുന്ന സോക്കർ ടീമിലെ ഒരുത്തൻ കോവിഡ് പോസിറ്റിവ് ആയിരിക്കുന്നു. അതുകൊണ്ട്, അവനും കുടുംബവും റാപിഡ് ടെസ്റ്റ് എടുത്തതിന്റെ ഫലം പോകുന്നതിന് തലേന്ന് വൈകിട്ടേ കിട്ടുള്ളൂ... പോരാത്തതിന്, മെയിൻ ടെസ്റ്റ് റിസൾട്ട് കിട്ടാൻ പിന്നെയും രണ്ട് ദിവസമെടുക്കുമത്രേ... 

എന്തായാലും, പേടി പൂർണ്ണമായും പോയില്ലെങ്കിലും, റാപിഡ് ടെസ്റ്റ് റിസൾട്ട് നെഗറ്റിവ് ആണെങ്കിൽ പോകാമെന്ന ധാരണയിൽ, എല്ലാവരും എത്തി. പോയാലും പോയില്ലെങ്കിലും തയ്യാറെടുപ്പുകൾ മുന്നോട്ട് തന്നെ എന്ന് തീരുമാനിച്ച്, എല്ലാവരും റിസൾട്ടും കാത്ത് അക്ഷമന്മാരായി.

എന്റെ അവധിക്കനുസരിച്ച് അവർക്ക് ഒരുങ്ങാൻ ആകെ സമയം കിട്ടിയത് വെറും രണ്ട് ദിവസങ്ങൾ മാത്രം. അതിനിടയിൽ അനുമതിയും മറ്റ് സാധനങ്ങളും ഒപ്പിക്കണം. പലവരും പ്രധാനമന്ത്രിമാർക്ക് ചില ഓഫറുകളൊക്കെ വച്ച് നീട്ടിയിട്ടാണ് അനുമതി ഒപ്പിച്ചതെന്ന് പിന്നീടറിഞ്ഞെങ്കിലും, കടം വാങ്ങിയും ആമസോൺ ഓവർനൈറ്റ് ഡെലിവറിയും മുഖേന യുദ്ധകാലാടിസ്ഥാനത്തിൽത്തന്നെ വേണ്ടുന്ന സാധനങ്ങൾ ഒപ്പിച്ചെടുക്കുന്നതിൽ തായ്യാറായവരൊക്കെ വിജയിച്ചു. 

ഒടുവിൽ ഭാഗ്യത്തിന്, സുഹൃത്തിന്റെയും കുടുംബത്തിന്റെയും കൊറോണ  റാപിഡ് ടെസ്റ്റ് നെഗറ്റിവ് ആയി റിസൾട്ട് വന്നു. പിറ്റേന്ന് ശനിയാഴ്ച് കാലത്ത് തന്നെ പുറപ്പെടണം. എന്റെ വീട്ടീന്ന് 60 മൈൽസ് അകലെയുള്ള 'കോംപ്ടൺ ഗാപ്' എന്ന സ്ഥലത്ത് നിന്ന് കാട് കയറാനാണ് ഞങ്ങൾ തീരുമാനിച്ചത്. മെരിലാന്റിൽ നിന്ന് വരുന്ന രണ്ടുപേർ വെള്ളിയാഴ്ച രാത്രി തന്നെ എത്തി. ബാക്ക്പാക്കിന്റെ അവസാനവട്ട ചേരുവകൾ ഒന്നും വിട്ടുപോകരുതല്ലോ എന്ന ചിന്തയിൽ പല സാധനങ്ങളും ബാക്ക്പാക്കിൽ കയറിക്കൂടി. ഉപ്പ്, മുളക് പൊടി, മഞ്ഞൾ പൊടി, ചെറുനാരങ്ങ, ആപ്പിൾ, പാക്കറ്റ് ഇളനീർ വെള്ളം എന്നിവ കൂടി മറ്റ് ഇൻസ്റ്റന്റ് ഭക്ഷണ സാധനങ്ങളുടെ ഇടയിൽ സ്ഥാനം പിടിച്ചു. ടെന്റ്, സ്റ്റവ്, ഉറക്കയുറ, തലയിണ, ടാർപോളിൻ, സ്ലീപ്പിങ് പാഡ് എന്നിവയുടെ കൂടെ കരടിയുണ്ടാകുമെന്ന പേടിയിൽ ഒരു കയ്യുടെ നീളമുള്ള ഒരു കത്തിയും, രണ്ടിന് മുട്ടുമ്പോൾ കുഴിക്കാൻ വേണ്ടി ഒരു ഷവലും കൂടെ കരുതിയിട്ടുണ്ട്. പിന്നെ ഫസ്റ്റ് എയിഡ്, തീപ്പെട്ടി, മെഴുക് തിരി, കയർ, ടിഷ്യൂസ്, മൂന്ന് ദിവസം ഇടാൻ വേണ്ടിയുള്ള വസ്ത്രങ്ങൾ, വെള്ളം, വെള്ളത്തിന്റെ കൂടെ രാത്രി കഴിക്കാനുള്ള ഒരു കുപ്പി കള്ള് (കനം കുറക്കാൻ ഗ്ലാസ്സ് കുപ്പിയിൽ നിന്ന് പ്ലാസ്റ്റിക്ക് കുപ്പിയിലേക്ക് മാറ്റിയിരുന്നു)  എന്നിവയെല്ലാം കൂടി കുത്തിക്കയറ്റിയതിന് ശേഷം ബാക്ക്പാക്ക് തൂക്കിനോക്കിയപ്പോൾ തൂക്കം 41.9 lbs (ഏകദേശം 20 കിലോ) !! എന്ത് കുറയ്ക്കും എന്നാലോചിച്ച് ഒരെത്തും പിടിയും കിട്ടാത്തപ്പോഴാണ് കുറച്ച് സാൽമൺ ടിന്നുകൾക്കും സാർഡൈൻ ടിന്നുകൾക്കും സൂപ്പ് പാക്കിനും പുറമേ വറുത്ത കടലയുടെ പാക്കറ്റ് ഉള്ളിൽ വെക്കാൻ പറ്റാത്തതിലുള്ള സങ്കടം നുരഞ്ഞ് പൊന്തിയത്. കള്ളിന്റെ കൂടെ കഴിക്കാൻ കടല പോലുമില്ലാതെങ്ങനെയാണ്? ഉടനെ വറുത്ത കടലയുടെ പാക്കറ്റ് വേറൊരുത്തന്റെ ബാക്ക്പാക്കിൽ തിരുകിക്കയറ്റി. മറ്റുള്ളവരുടെ പാക്ക് തൂക്കി നോക്കിയപ്പോൾ ഒരാളിന്റേത് 31 lbs മാത്രമേയുള്ളൂ എന്നത് സങ്കടത്തോടൊപ്പം അസൂയയും ഉണ്ടാക്കി. അപ്പോഴും എന്റെ വലിയ സങ്കടം അതായിരുന്നില്ല... രാത്രി ഭക്ഷണം പാകം ചെയ്യുമ്പോൾ അതിന്റെകൂടെ ഇടുവാൻ ഉള്ളി എടുത്തില്ലല്ലോ എന്നതായിരുന്നു !

ഞങ്ങളുടെ ആദ്യത്തെ പ്ലാൻ, ഷാനൻഡോവ വാലിയിലെ സ്കൈലൈൻ ഡ്രൈവിലുള്ള 'കോംപ്ടൺ ഗ്യാപ്' എന്ന സ്ഥലത്ത് നിന്ന് പുറപ്പെട്ട് മൂന്ന് ദിവസങ്ങൾ കൊണ്ട് ഏകദേശം 40 മൈലോളം മലമടക്കുകളിലൂടെ വടക്കോട്ട് നടന്ന്, 'സ്നിക്കേഴ്സ് ഗ്യാപ്' എന്ന സ്ഥലത്ത് യാത്ര അവസാനിപ്പിക്കാനായിരുന്നു. കൂടുതൽ നടക്കാൻ പറ്റുമെങ്കിൽ, ഏഴോളം മൈൽ കൂടി വടക്കോട്ട് നടന്ന് 'ബ്ലാക്ക്ബേൺ ട്രെയിൽ സെന്റർ ആക്സസ്' എന്ന സ്ഥലത്ത് യാത്ര അവസാനിപ്പിക്കാമെന്ന പ്ലാൻ ബിയും നമുക്കുണ്ടായിരുന്നു.

കോംപ്ടൺ ഗ്യാപിലേക്കുള്ള യാത്രയായിരുന്നു നമ്മുടെ അടുത്ത കുടുക്ക് മസാല. യാത്ര തുടങ്ങുന്നിടത്ത് നമ്മെ കൊണ്ടുപോയി വിടാനും യാത്ര നിർത്തുന്ന സ്ഥലത്ത് നിന്ന് തിരിച്ച് കൊണ്ടുവരാനും ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ വളരെ ഉപകാരമാകുമായിരുന്നെങ്കിലും, നമ്മുടെ  കഷ്ടകാലത്തിന് ആരെയും കിട്ടിയിരുന്നില്ല. 

ഞങ്ങളുടെ കൂട്ടത്തിൽ മല കയറാൻ ഇല്ലെന്ന് പറഞ്ഞ പെൻസിൽവാനിയയിൽ പോകാത്ത വേറൊരാളുണ്ടായിരുന്നെന്ന് നേരത്തെ പറഞ്ഞിരുന്നല്ലോ. അവൻ ചിലപ്പോൾ കൊണ്ട് വിടാമെന്ന ഒരു മോഹം തന്നിരുന്നെങ്കിലും, കൊറോണ റാപിഡ് ടെസ്റ്റ് കഴിഞ്ഞ ഒരാൾ ഉണ്ടെന്ന കാരണത്താലും, അവന്റെ വണ്ടിയുടെ മെയിന്റനൻസ് കാരണം പറഞ്ഞുമൊക്കെ ഒഴിവായി. മെയിൻ റിസൾട്ടിന്റെ ഫലം നെഗറ്റിവ് ആയി വന്നാൽ, മടക്ക സമയത്ത് തിരിച്ച് കൊണ്ടുവരാമെന്ന വാഗ്ദാനം നൽകിയത് കുറച്ചെങ്കിലും നമുക്ക് ആശ്വാസമായി.

എന്തായാലും നമ്മുടെ ആരുടെയെങ്കിലും വണ്ടിയിൽ പോയി, തുടക്ക സ്ഥലത്തുള്ള പാർക്കിങ് ഏരിയയിൽ വണ്ടി വച്ച് (ഭീതിയോടെയാണെങ്കിലും... കാരണം രണ്ട് മൂന്ന് ദിവസം വണ്ടി ആരും നോക്കാനില്ലാതെ അവിടെ കിടക്കുമല്ലോ... തിരിച്ച് വരുമ്പോ, വണ്ടിയുടെ ചക്രങ്ങളോ അതോ വണ്ടി തന്നെയോ അവിടെ കാണുമോ എന്ന ഭീതി...) തിരിച്ച് വരുന്ന ദിവസം അവിടെ പോയി വണ്ടി എടുക്കാമെന്ന് വച്ചു. പക്ഷേ പലവിധ ചർച്ചകൾക്ക് ശേഷം, ആ പരിപാടി 'സേഫ്' അല്ല എന്ന കാരണത്താൽ, ഊബർ വിളിക്കാമെന്ന ധാരണയായിരുന്നു, പുറപ്പെടുന്ന സമയം വരെ ഞങ്ങൾക്ക് ഉണ്ടായിരുന്നത്.

രാവിലെ ആറര മുതൽ ഞങ്ങൾ ഊബർ ബുക്ക് ചെയ്യാനുള്ള ശ്രമം ആരംഭിച്ചെങ്കിലും ഏകദേശം അരമുക്കാൽ മണിക്കൂർ നേരത്തെ പ്രയത്നത്തിനൊടുവിൽ, ഊബർ പരിപാടി നടക്കില്ലെന്ന് നമുക്ക് മനസിലായി. ഒരു മണിക്കൂറിലധികം ഡ്രൈവുള്ളതിനാലോ തിരിച്ച് കാലിയടിക്കേണ്ടിവരുമെന്ന് ആലോചിച്ചോ മറ്റോ, ഒരു ഊബർ ഡ്രൈവർമാരും ഞങ്ങളുടെ അപേക്ഷകൾ ചെവിക്കൊണ്ടില്ല. ഞങ്ങളെ ഒന്ന് കൊണ്ടുവിടുമോ എന്ന അപേക്ഷ വീട്ടിലെ പ്രധാനമന്ത്രിയും നിഷ്കരുണം നിരസിച്ചു. നാല് പേരുടേയും കനമുള്ള ബാക്ക്പാക്കുകൾ എന്റെ ഗരാജിന്റെ ഓരോ മൂലക്ക് അനാഥ ശവങ്ങളെപ്പോലെ അനക്കമില്ലാതെ കിടന്നു.  

ഗതി കെട്ടാൽ എന്തും ചെയ്യുമെന്നാണല്ലോ... നമ്മുടെ കൂട്ടത്തിലൊരുവൻ, നമ്മുടെ പരിചയത്തിൽത്തന്നെയുള്ള വേറൊരാളെ വിളിച്ചപേക്ഷിക്കാൻ തീരുമാനിച്ചു. ഏഴരപ്പുലർച്ചക്ക് തന്നെ ഒരുത്തനെ വിളിച്ചുണർത്തി, അങ്ങോട്ടുമിങ്ങോട്ടും ഏകദേശം മൂന്ന് മണിക്കൂറോളം ചിലവാക്കി, ഞങ്ങളെക്കൊണ്ടു വിട്ട് തിരിച്ച് വരാൻ പറ്റുമോ എന്ന അപേക്ഷ നടത്തുന്നതിലെ നാണക്കേട് ഓർത്തപ്പോൾ എനിക്ക് കക്കൂസിൽ പോകാൻ മുട്ടി. ഭാഗ്യത്തിന്, ഞാൻ കക്കൂസിൽ നിന്ന് തിരിച്ച് വരുമ്പോഴേക്കും സന്തോഷവാർത്ത മുന്നിലുണ്ടായിരുന്നു. അങ്ങനെ, പിന്നീടൊട്ടും സമയം പാഴാക്കാതെ, എന്റെ വണ്ടിയിൽ ഞങ്ങളെല്ലാവരും യാത്ര തിരിച്ചു. 

ഞങ്ങളെ അവിടെ എത്തിച്ച് ഞങ്ങളുടെ ഒരു കൂട്ടഫോട്ടോ എടുത്തതിന് ശേഷം, നമ്മുടെ പുലർകാല സുഹൃത്ത്, എന്റെ വണ്ടിയുമായി വീട്ടിലേക്ക് മടങ്ങി. എട്ട് മണിക്കെങ്കിലും മല കയറിത്തുടങ്ങണം എന്ന് പ്ലാനിട്ടിരുന്ന ഞങ്ങൾ, മല കയറുമ്പഴേക്കും ഒൻപത് മണി കഴിഞ്ഞിരുന്നു. 

ആദ്യത്തെ ദിവസം, പതിനാറ് മൈൽ താണ്ടി, 'മനസാസ് ഗ്യാപ് ഷെൽട്ടർ' എന്ന സ്ഥലത്ത് എത്തിച്ചേരാനായിരുന്നു പ്ലാനിട്ടത്. തുനിഞ്ഞിറങ്ങിയുള്ള മല കയറ്റത്തിന്റെ തുടക്കത്തിൽ ഭാരങ്ങളൊക്കെ തൂവലുകളായി അനുഭവപ്പെട്ടു. പക്ഷേ കുറച്ച് കഴിയുമ്പഴേക്കും മലമടക്കുകളുടെ പുളച്ചലും കയറ്റിറക്കങ്ങളും നമ്മെ പല പല ഭാഗങ്ങളിലാക്കി. കഴിയുന്നതും വേഗത്തിൽ ലക്ഷ്യസ്ഥാനത്തെത്തിയാൽ അത്രയും കുറച്ച് നേരമല്ലേ ഭാണ്ഡം ചുമക്കേണ്ടതുള്ളൂ എന്ന വികാരം ഓരോരുത്തരെയും നയിച്ചെങ്കിലും പലരും പല വേഗത്തിലായിരുന്നു. ഇരുപത് കിലോ ഭാരം നാല്പതും എൺപതുമൊക്കെയായി തോന്നാൻ തുടങ്ങി. ഓരോ കയറ്റങ്ങളും എവറസ്റ്റിനേക്കാൾ ഉയരമുള്ളത് പോലെ തോന്നിച്ചു. അര മണിക്കൂറിനുള്ളിൽത്തന്നെ ചോര മുഴുവൻ നീരായി പുറത്ത് വരാൻ തുടങ്ങി. ഓരോ പത്തടി കയറുമ്പഴേക്കും എവിടെയെങ്കിലും പിടിച്ച് നിന്നാൽ മതിയെന്നായി.

ആളുടെ പേര് ഞാൻ പറയുന്നില്ലെങ്കിലും നമ്മുടെ കൂട്ടത്തിലൊരാൾ കുറച്ച് ആമമാർക്ക് ആയിരുന്നു. ഞങ്ങളുടെ നടത്തത്തിന്റെ വേഗതയുടെ അടിസ്ഥാനത്തിൽ, അദ്ദേഹത്തെ 'ഡി' എന്ന് വിളിക്കാം. ഈ സംഭവം എഴുതുന്നയാൾ എന്ന നിലയിൽ ഞാൻ സ്വയം 'എ' ആയിക്കൊണ്ട്, എന്റെ കൂടെത്തന്നെ വേഗത്തിൽ നടന്ന 31 lbs മാത്രം പുറത്ത് കയറ്റി വച്ചിരുന്നവനെ 'ബി' യുമാക്കാം. ബാക്കിവന്നയാൾ 'സി' യും. 

ഞാനും 'ബി'യും ആദ്യത്തെ ദിവസം ആവുന്ന വേഗത്തിൽ വച്ചുപിടിച്ചു. പതിനാറോളം മൈൽ നടക്കേണ്ടതുണ്ടല്ലോ. ഉച്ചയാവുമ്പഴേക്കും പകുതി ദൂരം താണ്ടി 'മോസ്‌ബി ക്യാമ്പ് സൈറ്റി'ൽ എത്താനാണ് പ്ലാൻ. 'സി'യും 'ഡി'യും തുടക്കത്തിൽ ഒരുമിച്ച് ഉണ്ടായിരുന്നു. പിന്നെ രണ്ട് ഗ്രൂപ്പായപ്പോൾ, ഇടക്ക് ഒച്ചയെടുത്തും, പ്രത്യേക താളത്തിൽ കൂക്കിയും, എന്റെയടുത്ത് ഉണ്ടായിരുന്ന വിസിൽ ഊതിയും, ഞങ്ങൾ, ഞങ്ങളുടെ സാന്നിദ്ധ്യം പരസ്പരം അറിയിച്ചു. അങ്ങനെ കുറച്ച് ദൂരം പോയപ്പഴേക്കും ഞങ്ങളുടെ ശബ്ദം പരസ്പരം കേൾക്കാതായി, തിരിച്ചുള്ള പ്രതികരണങ്ങൾ ഇല്ലാതായി.പക്ഷേ മുതുകിൽ കനമുള്ളത് കൊണ്ട്, ആരെയും കാത്ത് നിൽക്കാതെ ഞാനും 'ബി'യും മുന്നോട്ട് തന്നെ കുതിച്ചു.  

ഏകദേശം രണ്ട് മണിക്ക് മുന്നേ തന്നെ, ഞാനും 'ബി'യും 'മോസ്‌ബി ക്യാമ്പ് സൈറ്റി'ൽ എത്തിച്ചേർന്നു. മുക്കാൽ മണിക്കൂർ കഴിഞ്ഞിട്ടും 'സി'യെയും 'ഡി'യെയും കാണാഞ്ഞപ്പോൾ ഞങ്ങൾക്ക് ആദ്യമായി ആധി തോന്നാൻ തുടങ്ങി. തിരിച്ച് പോയി പരാതിയാലോ എന്നാലോചിച്ച് നിൽക്കുമ്പോഴാണ്, 'സി' പതുക്കെ നടന്ന് വരുന്നത് കണ്ടത്. 

'ഡി'യെക്കുറിച്ച് ചോദിച്ചപ്പോൾ, 'സി' കൈ മലർത്തി. അതോടെ ഞങ്ങളുടെ ആധി ഇരട്ടിയായി. പെട്ടന്ന് തന്നെ 'സി'യെ ഞങ്ങളുടെ ഭാണ്ഡം നോക്കാൻ ഏല്പിച്ചിട്ട് ഞാനും 'ബി'യും 'ഡി'യെ തപ്പിയിറങ്ങി. 

ഞങ്ങളുടെ കൂട്ടത്തിൽ 'ഡി' മാത്രമായിരുന്നു കൊതുകിനെ പേടിച്ച്, ഫുൾ കാർഗോ പാന്റ്സ് ഇട്ട് മല കയറിയത്. ബാക്കിയുള്ളവർ ഭാരം കുറഞ്ഞ ഷോട്സ് ആയിരുന്നു ഇട്ടിരുന്നത്. ഏകദേശം പത്ത് മിനുട്ട് പിന്നോട്ട് നടന്നപ്പഴേക്കും നമുക്ക് പതുക്കെ നടന്നു വരുന്ന 'ഡി'യെ കാണാൻ പറ്റിയത് വല്ലാത്തൊരാശ്വാസമായി. പരസ്പരം ഞങ്ങൾ കാണുമ്പഴേക്കും, കണ്ടതിലുള്ള സന്തോഷം കൊണ്ടോ അതോ ഇതുവരെ ഒറ്റക്ക് ആരോരുമില്ലാതെ കല്ലിനോടും മരങ്ങളോടും മാത്രം മിണ്ടിയും പറഞ്ഞും വീതി കുറഞ്ഞ വഴിയിലൂടെ, കാർമേഘത്താലലംകൃതമായ ഇരുട്ടിലൂടെ, നടക്കുന്ന വഴി പോലും ശരിയായ വഴിയാണോ എന്ന് നിശ്ചയമില്ലാതെ, കരടി ഭീതിയിൽ  നടക്കേണ്ടിവന്നതിലുള്ള കുണ്ഠിതം കൊണ്ടോ എന്നറിയില്ല, 'ഡി'യുടെ കണ്ണിൽ നിന്ന് ഇത്തിരി നീരുറവ പൊടിഞ്ഞോ എന്ന് ഞങ്ങൾക്ക് സംശയമായി, കാരണം അവന്റെ വാക്കുകളും കണ്ഠവും ഇടറുന്നുണ്ടായിരുന്നു. 

ആ വിറയ്ക്കുന്ന വാക്കുകൾ പെട്ടന്ന് തന്നെ പരാതിയായി മാറി. 'ഞാൻ കയറ്റം കയറുമ്പോഴെങ്കിലും നിങ്ങൾക്ക് ഒന്നെന്റെ കൂടെ നിന്നൂടെ....'എന്ന് തുടങ്ങി എന്തൊക്കെയോ പറഞ്ഞു. ഞങ്ങൾ മറിച്ചൊന്നും പറഞ്ഞില്ല. വികാരത്തള്ളലിന് എങ്ങനെ മറുപടി പറയും? 

എന്തായാലും 'ഇനി മുതൽ ഞാൻ നിന്റെ പിന്നിലേ നടക്കുകയുള്ളൂ' എന്ന് ഞാൻ 'ഡി'ക്ക് വാക്ക് കൊടുത്തു. പതുക്കെ 'ഡി'യെ അനുനയിപ്പിച്ച്, 'സി' നിൽക്കുന്നിടത്തേക്ക് ഞങ്ങൾ തിരിച്ചു. 

ഞങ്ങൾ തിരിച്ച് അവിടെയെത്തുമ്പോൾ, മോസ്‌ബി ക്യാമ്പ്സൈറ്റി'ന്റെ അടുത്ത് താമസിക്കുന്ന, ഏകദേശം എൺപത് വയസ്സിന് മുകളിൽ പ്രായം തോന്നിക്കുന്ന സ്റ്റുവർട്ട് എന്ന് പേരുള്ള ഒരു വൃദ്ധൻ, വളണ്ടിയറായി ട്രെയിൽ വൃത്തിയാക്കുന്നുണ്ടായിരുന്നു. അദ്ദേഹത്തിന് കൂട്ടായി 'കെയ്‌സി' എന്നൊരു പട്ടിയും. യജമാനനെപ്പോലെ തന്നെ കെയ്സിയും വളരെ സൗഹൃദപരമായാണ് പെരുമാറിയത്. സ്റ്റുവർട്ട്, മോസ്‌ബി എന്നയാളുടെ നേതൃത്വത്തിൽ ചെമ്പ് തേടി വന്ന് ആ പ്രദേശത്ത് സെറ്റിൽ ചെയ്യുകയും, ചെമ്പ് തീർന്നപ്പോൾ അവിടം ഉപേക്ഷിച്ച് പോയ ആൾക്കാരുടെയും കഥകൾ ചുരുക്കിപ്പറഞ്ഞപ്പോൾ കെയ്‌സിക്കും ഞങ്ങളോട് എന്തൊക്കെയോ പറയാനുണ്ടെന്ന് തോന്നി.

വളരെ സൗഹൃദം കാട്ടി, ഞങ്ങളുടെ മുകളിൽ പാഞ്ഞുകയറിയ കെയ്സിയുടെ നഖക്ഷതങ്ങളേറ്റ് എന്റെ മാറിടത്തിൽ നീറ്റലുണ്ടായി. എന്റെ കൈകൊണ്ട് ഞാനെന്റെ മാറിടം തടവിക്കൊണ്ടിരിക്കുമ്പോഴാണ് ഞങ്ങളുടെ വാട്ടർ ഡിപ്പാർട്ട്മെന്റ് കൈകാര്യം ചെയ്യാമെന്നേറ്റിരുന്ന 'സി', അവന്റെ കൈയ്യിലുള്ള, പുതുതായി വാങ്ങിച്ച വാട്ടർ ഫിൽട്ടറുകളും വാട്ടർ ട്രീറ്റ്‌മെന്റ് ടാബ്‌ലറ്റുകളും ഒന്ന് പരീക്ഷിച്ച് നോക്കാൻ തീരുമാനിച്ചത്. കൈയ്യിലുള്ള വെള്ളം തീരുന്ന മുറക്ക്, സ്ഥലത്തെ ജലലഭ്യതക്കനുസരിച്ച് പുനർനിറയ്‌ക്കേണ്ടതുണ്ടല്ലോ. പക്ഷേ 'ഡി'യുടെ ചിന്ത, കെയ്സിയുടെ നഖക്ഷതമേറ്റ സ്ഥിതിക്ക്, എനിക്ക് വയറിന് ചുറ്റും കുത്തിവെപ്പ് വേണ്ടിവരുമോ എന്നതായിരുന്നു. കുത്തിവയ്‌പിനെക്കാൾ സുഖം നഖക്ഷതങ്ങളാണെന്ന് മനസ്സിലാക്കിയ ഞാൻ, ഇതിന് മുൻപ് പലതവണയുണ്ടായിട്ടുള്ള നഖക്ഷതങ്ങൾക്ക് ഞാൻ കുത്തിവെപ്പ് എടുത്തിട്ടില്ലെന്നുള്ള കാര്യം പറഞ്ഞ് സ്വയം അരോഗഗാത്രനായി നിലകൊണ്ടു.

മോസ്‌ബി ക്യാമ്പ് സൈറ്റിനടുത്ത് 'സ്പ്രിങ്' (നീരുറവ) എന്നൊരു ബോർഡ് ഞങ്ങൾ കണ്ടിരുന്നു. സ്പ്രിങ്ങിലെ വെള്ളം എങ്ങനെയുണ്ട് എന്ന്  സ്റ്റുവർട്ടിനോട് ചോദിച്ചപ്പോൾ, ''വണ്ടർഫുൾ' എന്നായിരുന്നു ഉത്തരം. ഞങ്ങൾ കൈയ്യിലുള്ള വാട്ടർ കളക്റ്റിംഗ് ബാഗെടുത്ത് സ്പ്രിങ്ങിലേക്ക് പോയി. 

സ്പ്രിങ് കണ്ടപ്പോൾ 'വണ്ടർഫുൾ' എന്ന് സ്റ്റുവർട്ട് പറഞ്ഞത് 'കുണ്ടർഫുൾ' എന്നായിരിക്കുമെന്ന് ഞങ്ങൾക്ക് തോന്നി. അത്രയ്ക്ക് പായൽ നിറഞ്ഞതായിരുന്നു അവിടെ ഉണ്ടായിരുന്ന വെറും ഇത്തിരി വെള്ളം. അതിന്റെ വശങ്ങളിലുള്ള പാറയിൽ നിന്ന് വളരെ ഫ്രഷ് ആയി തൂറിപ്പോയ ഏതോ ജീവിയുടെ അപ്പിയുടെ മേലെ, മഴവെള്ളം മരത്തിൽ നിന്ന് ഇറ്റിറ്റ് വീണ് ചെറുതായി സ്പ്രിങ്ങിലേക്ക് ഒലിച്ചിറങ്ങുന്നുണ്ട്. എന്ത് ചെയ്യണം എന്നൊക്കെ ആലോചിച്ച്, പായൽ പതുക്കെ മാറ്റി കിട്ടുന്ന വെളളം സംഭരിക്കാമെന്ന് വിചാരിച്ചിരിക്കുമ്പോഴായിരുന്നു കെയ്സിയുടെ അടുത്ത വരവ്. 


കെയ്‌സി നേരെ വന്ന് സ്പ്രിങ്ങിൽ ചാടി, ഉള്ള പരിമിതമായ വെള്ളത്തിൽ മലർന്ന് കിടന്ന് മാന്തിത്തിമർക്കാൻ തുടങ്ങി. പായലോട് കൂടി നക്കിക്കുടിക്കുകയും മറ്റും ചെയ്‌തപ്പോൾ വെള്ളം ആകെ കലങ്ങി. കെയ്സിയോട് അത്യധികം പക തോന്നിയ ഞങ്ങൾ, പരസ്പരം നോക്കി, നഖക്ഷതത്തിന്റെ സുഖം പോലും മറന്ന്, വെള്ളമെടുക്കാതെ തിരിഞ്ഞു നടന്നു. 

തിരിച്ച് വീണ്ടും ക്യാമ്പ് സൈറ്റിലെത്തിയപ്പോഴാണ് കെയ്ൽ സ്റ്റാംപ് എന്നൊരു ഹൈക്കറുടെ വരവ്. ഞങ്ങളുടെ യാത്രയിൽ ആദ്യമായി കണ്ട ഹൈക്കർ. അവൻ വേഗം വന്ന് ബാക്ക്പാക്ക് ഇറക്കി വച്ച്, വാട്ടർ കളക്റ്റിംഗ് ബാഗുമായി നേരെ സ്പ്രിങ്ങിലേക്കൊരു നടത്തം. വെള്ളമെടുക്കാതെ വരുന്ന കെയ്‌ലിന്റെ ചിത്രം മുൻകൂട്ടി കണ്ട ഞങ്ങൾ, പരസ്പരം നോക്കി ചിരിച്ചു. . 

പക്ഷേ, നിമിഷ നേരം കൊണ്ട് സാമാന്യം വലിയ ട്രാൻസ്പരന്റ് ബാഗിൽ, നിറയെ പായലും ചെളിയും കലർന്ന വെള്ളവുമായി കെയ്ൽ എത്തി. ആ വെള്ളം കണ്ടപ്പോൾ, അതേ വെള്ളത്തിൽ കുളിച്ച കെയ്സിക്ക് പോലും ഓക്കാനം അനുഭവപ്പെട്ടത് പോലെ ഞങ്ങൾക്ക് തോന്നി.

ഒട്ടും വൈകാതെ, ഫിൽട്ടറെടുത്ത് ബാഗിൽ ഫിറ്റ് ചെയ്ത്, കൈയ്യിലുള്ള പ്ലാസ്റ്റിക് കുപ്പിയിൽ പളുങ്ക് പോലെയുള്ള വെള്ളം വീഴുന്നത് കണ്ടപ്പോൾ ഞങ്ങൾക്ക് വീണ്ടും അത്ഭുതമായി. ഏത് തീട്ടവെള്ളവും ഇങ്ങനെ ശുദ്ധമാക്കാമെന്ന് നമുക്ക് മനസ്സിലായി. പക്ഷേ ബാക്ടീരിയ, ഫംഗസ് പോലുള്ള സഹൃദയ ജീവികളെ വെള്ളത്തിൽ നിന്ന് ഇല്ലാതാക്കുന്ന ടാബ്ലറ്റ് ട്രീറ്റ്മെൻറ് കെയ്ൽ ചെയ്യാത്തത്, ഞങ്ങൾക്ക് അരോചകമായി തോന്നി. 

വാഷിംഗ്ടണിൽ ഒരു ഷെഫ് ആയി ജോലിനോക്കുകയാണ് കെന്റകികാരനായ കെയ്ൽ. ഒരു കവിയും കൂടിയാണത്രേ. കൊറോണ ആയതുകൊണ്ട് ജോലി പോയതിനാൽ, മല കയറാനിറങ്ങിയിരിക്കുകയാണ്. ന്യൂയോർക്ക് വരെ നടക്കാനാണ് ലുറെയിൽ നിന്ന് യാത്രയാരംഭിച്ച കെയ്‌ലിന്റെ പ്ലാൻ. കെയ്‌ലിനോട് കുറച്ച് സൗഹൃദം സ്ഥാപിച്ച ഞങ്ങൾ ട്രക്കിങ്ങിനെയും ഹൈക്കിങ്ങിനെയും കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ ശ്രമിച്ച് കുറച്ച് വിവരങ്ങൾ ശേഖരിച്ചു. കെയ്‌ലും ഞങ്ങളെപ്പോലെ തെക്ക് നിന്ന് വടക്കോട്ടേക്കാണ് നടക്കുന്നത്.

വൈകുന്നേരം മൂന്നര ആയപ്പോൾ കുറച്ച് സ്നാക്കൊക്കെ കഴിച്ചതിന് ശേഷം, വീണ്ടും യാത്ര തുടരാൻ ഞങ്ങൾ തീരുമാനിച്ചു. ആദ്യത്തെ പ്ലാൻ 16 മൈൽ താണ്ടാനായിരുന്നെങ്കിലും, ഇനി അത് തീർച്ചയായും നടക്കില്ലെന്ന് നമുക്ക് അത്രയും നേരം കൊണ്ട് മനസ്സിലായിരുന്നു. ഏകദേശം എട്ട് മൈലുകൾ മാത്രമാണ് അത് വരേക്കും ഞങ്ങൾ നടന്ന് തീർത്തത്. ഇനിയും  ഏകദേശം രണ്ട് മൈലോളം പോയാൽ, 'ജിം & മോളി ഡെന്റൺ ഷെൽട്ടർ' എന്നൊരു ഷെൽട്ടറുണ്ട്. അവിടെ നമ്മുടെ ആദ്യദിന യാത്ര അവസാനിപ്പിക്കാമെന്ന് ഞങ്ങൾ ധാരണയിലെത്തി. കെയ്ൽ അപ്പഴേക്കും അവിടെ നിന്ന് തിരിച്ച് കഴിഞ്ഞിരുന്നു. മാത്രവുമല്ല, അവന്റെ കൂടെ നടക്കാൻ നമുക്ക് താല്പര്യവും ഉണ്ടായിരുന്നില്ല.

മോസ്‌ബി ക്യാംപിൽ നിന്ന് ഞങ്ങളെല്ലാവരും ഒരുമിച്ചായിരുന്നു തുടർയാത്ര. ഇനിയും രണ്ട് മൈലുകളല്ലേ പോകേണ്ടതുള്ളൂ എന്നത് എല്ലാവർക്കും ഒരാശ്വാസമായിരുന്നെങ്കിലും നമ്മുടെ 16 മൈൽ പ്ലാൻ നടക്കാത്തതിൽ ദുഃഖവും ഉണ്ടായിരുന്നു, കാരണം, എൺപത് വയസ്സാവുമ്പഴേക്കെങ്കിലും അപ്പലാച്ചിയൻ ട്രെയിൽ ഹൈക്ക് ചെയ്ത് തീർക്കുക എന്ന ആഗ്രഹം വീണ്ടും നീളുമല്ലോ. 

ഒരുവിധം, ഒന്നര മണിക്കൂറിലധികം നീണ്ടുനിന്ന സാഹസത്തിന് ശേഷം, അഞ്ച് മണി കഴിയുമ്പഴേക്കും ഞങ്ങൾ, 'ജിം & മോളി ഡെന്റൺ  ഷെൽട്ടറി'ലെത്തി. ഷെൽട്ടറെത്തിയതും, കാന്തം കൊണ്ട് ആകർഷിച്ചത് പോലെ നമ്മുടെ 'ഡി', ഷെൽട്ടറിന്റ പ്ലാറ്റ്ഫോമിൽ വീണതും ഒരുമിച്ചായിരുന്നു.  

അവിടെ എത്തുമ്പഴേക്കും നമ്മുടെ കെയ്ൽ അവിടെ എത്തി തന്റെ അണ്ടർവേറിൽ നിന്ന് കൊണ്ട് അവന്റെ ക്യാംപിങ് പ്രൊപ്പേൻ സ്റ്റവ് കത്തിച്ച് എന്തോ പാചകം ചെയ്യുന്നുണ്ടായിരുന്നു. താഴെയും മുകളിലുമായി ഏകദേശം എട്ടോളം പേർക്ക് വലിയ ബുദ്ധിമുട്ടില്ലാതെ കിടക്കാൻ പറ്റിയ ഒരിടമായിരുന്നു  'ജിം & മോളി ഡെന്റൺ ഷെൽട്ടർ'. കാട്ടിന് നടുവിൽ വിശാലമായ പുൽത്തകിടിയും കുളിക്കാനൊരു ഷവറും ഒക്കെയുള്ള ഒരു നല്ല ഷെൽട്ടറായിരുന്നു 'ജിം & മോളി'. 

എത്തിയ ഉടനെ, കെയ്‌ലിനെ അനുകരിച്ച്, ഞങ്ങളും ഞങ്ങളുടെ അപ്പർ കുപ്പായം അഴിച്ച്, ഓരോരുത്തരുടെയും സ്വന്തം വൺ പാക്കും സിക്സ് പാക്കുമൊക്കെ കാണിച്ച് കുറച്ച് നേരം വിശ്രമിച്ചു.

കിടന്നിടത്ത് നിന്ന് അഞ്ച് പത്ത് മിനുട്ട് കണ്ണടച്ച് മയങ്ങിയ ശേഷം കണ്ണ് തുറന്നപ്പോൾ കോടമഞ്ഞ് ഇറങ്ങിയത് പോലെ വളരെ താണ്, വെളുത്ത മേഘങ്ങൾ പോകുന്നത് കണ്ടപ്പോൾ മനസ്സിന് വല്ലാത്ത കുളിര് തോന്നി. കിടന്നിടത്ത് നിന്ന് ഒന്ന് ചരിഞ്ഞ്, മറുവശം നോക്കിയപ്പോഴാണ് സംഭവത്തിന്റെ ഉറവിടം മനസ്സിലായത്. നമ്മുടെ കെയ്‌ലിന്റെ വായിൽ നിന്നായിരുന്നു കോടമഞ്ഞ് പുറപ്പെട്ട് കൊണ്ടിരുന്നത്. അവനൊരു പുതപ്പും പുതച്ച്, ഷെൽട്ടറിന്റെ കൈവരിയിൽ ഇരുന്ന് അവന്റെ ഇ-സിഗരറ്റ് ആഞ്ഞാഞ്ഞ് പുകയ്ക്കുകയായിരുന്നു. 

ഒരു ദിവസം മുഴുവൻ നടന്നു നടന്ന് വിയർത്തത് കൊണ്ട്, ഒന്ന് കുളിച്ചാൽ കൊള്ളാമെന്ന് ആഗ്രഹിച്ചപ്പോഴാണ്, മോസ്‌ബി ക്യാംപിലെ പരാജയപ്പെട്ട ഉദ്യമത്തിന് ശേഷം, നമ്മുടെ വാട്ടർ ഡിപ്പാർട്ടമെന്റ് ഹെഡായ 'സി', ഒന്ന് കൂടി അതിന് ശ്രമിച്ചാലോ എന്നാലോചിച്ചത്. 'സി', അവന്റെ, വാട്ടർ കളക്ഷൻ ബാഗുമായി, ഷവർ ഏരിയയിലേക്ക് പോയി. വെള്ളം ബാഗിലാക്കുന്നതിന് മുന്നേ, കുളിക്കാമെന്ന് കരുതിയ 'സി', ടാങ്കിലെ വെള്ളത്തിന്റെ സ്ഥിതിയറിയാൻ, ഏണിപ്പടികൾ കയറി ടാങ്കിലേക്ക് ഒന്ന് എത്തിനോക്കി. 

'സി', ടാങ്കിലേക്ക് എത്തിനോക്കിതും താഴെ എത്തിയതും ഒരുമിച്ചായിരുന്നു, കാരണം, ടാങ്കിനുള്ളിലെ വെള്ളം മുഴുവൻ പായലായിരുന്നു. കുളിക്കുന്ന കാര്യം 'സി' മറന്നു കളഞ്ഞു. പിന്നെ ഷവറിനടുത്തുള്ള ടാപ്പിൽ നിന്ന് പായൽ വെള്ളം ബാഗിൽ ശേഖരിച്ച് കൊണ്ടുവന്നു. അതിനേക്കാൾ കലങ്ങിയ വെള്ളമായിരുന്നല്ലോ മോസ്‌ബി ക്യാംപിൽ നിന്ന് കെയ്ൽ ശേഖരിച്ച് അരിച്ചത് എന്ന ഒരൊറ്റ ആശ്വാസമായിരുന്നു അവനെ ആ വെള്ളം ശേഖരിക്കാൻ പ്രേരിപ്പിച്ചത്. മാത്രവുമല്ല, ഞങ്ങളുടെ പക്കലുണ്ടായിരുന്ന ജലശേഖരം മിക്കവാറും തീരാറാവുകയും ചെയ്തിരുന്നു. 

വെള്ളത്തിൽ ട്രീറ്റ്‌മെന്റ് ടാബ്‌ലറ്റ് ഇട്ട് കാത്തിരിക്കുന്നതിനിടയിൽ, പായല് പിടിച്ച വെള്ളമായാലും പ്രശ്നമില്ല എന്ന എന്നും പറഞ്ഞ് 'ബി' ഷവറിനടിയിൽ പോയി കുളിച്ചു. തുവർത്തി വന്നതിന് ശേഷം, മുടിയിഴകളിൽ നിന്ന് പേനെടുക്കുന്നത് പോലെ പായലെടുക്കുന്നത് കണ്ടപ്പോൾ ബാക്കിയാരും കുളി എന്നതിനെക്കുറിച്ച് ചിന്തിച്ചേയില്ല. പ്രത്യേകിച്ച്, വീട്ടിൽ നിന്ന് പുറപ്പെടുന്ന തിരക്കിനിടയിൽ ഞാനും 'ഡി'യും തോർത്തെന്ന സാധനം  എടുത്തിട്ടുമുണ്ടായിരുന്നില്ല. ഒരുമിച്ച് ഇടപഴകുന്നുണ്ടെങ്കിലും, കൊറോണയുടെ സമയം ആയതിനാൽ വേറൊരാളിന്റെ തോർത്ത് എടുക്കാനും മടി തോന്നിയത്, 'കുളി' എന്നതിനെ, നല്ലൊരു പുഴ കാണുന്നത് വരെയോ, അല്ലെങ്കിൽ വീണ്ടും തിരിച്ച് വീട്ടിലെത്തുന്നത് വരെയോ മറക്കാൻ പ്രേരിപ്പിച്ചു.

അധികം വൈകാതെ തന്നെ, കൊണ്ട് വന്ന ഒരു റം കുപ്പി ഞാൻ തുറന്നു. ഒരു 'കോർട്ടസി'ക്ക് കെയ്‌ലിനോട് കൂടുന്നോ എന്ന് ചോദിച്ചെങ്കിലും അദ്ദേഹം വളരെ മാന്യമായി ഞങ്ങളുടെ കൂട്ടത്തിൽ മധുപാനം ചെയ്യില്ലെന്ന് പ്രഖ്യാപിച്ചു. ഒന്ന് മൂഡായി വരുന്നതിനിടയിൽ, ഞാനെന്റെ ഹൈക്കിങ് സ്റ്റവ് എടുത്ത് ഫിറ്റ് ചെയ്ത് കത്തിച്ചു. കൊണ്ട് വന്ന സൂപ്പ് പൊടിയുടെ പാക്കറ്റ് എടുത്ത്, വെള്ളം തിളപ്പിച്ച് സൂപ്പുണ്ടാക്കാൻ തുടങ്ങിയപ്പോഴാണ്, വിരൂപയൊന്നുമല്ലെങ്കിലും പണ്ടത്തെ നമ്മുടെ ഡാകിനി അമ്മൂമ്മയെ അനുസ്മരിപ്പിക്കും വിധം രണ്ട് കൈയ്യിലും ഓരോ വടികൾ കുത്തിപ്പിടിച്ച്, ഒരു വശം ചരിഞ്ഞ് ഒരു പ്രായമായ സ്ത്രീ നടന്ന് വന്ന് ഷെൽട്ടറിലേക്ക് കയറിയത്.

ഞങ്ങളുടെ ഉച്ചത്തിലുള്ള മലയാളവും മധുപാനത്തിന്റെ മത്തും ഉച്ചസ്ഥായിലെത്തി നിൽക്കുന്ന സമയമായതിനാൽ നമ്മുടെ അമ്മൂമ്മ ഒന്ന് ശങ്കിച്ചതായി തോന്നി. 'ബി' അവന്റെ ഉണക്കാനിട്ടിരിക്കുന്ന കോണകം, ഷെൽട്ടറിന്റെ കൈവരിയിൽ നിന്ന് പതുക്കെ ആരും കാണാത്ത പോലെ മാറ്റി.

ഷെൽട്ടറിൽ, 'ഫസ്റ്റ് കം ഫസ്റ്റ് സെർവ്' എന്ന പോളിസി ആയതിനാൽ, ഞങ്ങൾ നാല് പേരും താഴെയുള്ള സ്പോട്ടുകൾ മുഴുവൻ ഇതിനകം കൈയ്യടക്കിയിരുന്നു. മുകളിലുള്ള രണ്ട് സ്പോട്ടുകളിൽ ഒന്ന് കെയ്ൽ അവന്റേതാക്കി കയ്യടക്കിയിട്ടുണ്ട്. താഴെ ഞങ്ങളുടെ ബാക്ക്പാക്കുകളിൽ നിന്നുള്ള സാധനങ്ങൾ അവിടെയും ഇവിടെയുമായി വാരിവലിച്ച് ഇട്ടിരിക്കുകയാണ്. ആരെയും പേടിക്കാനില്ലല്ലോ.

ആദ്യമുണ്ടായ പങ്കപ്പാട് വകവെക്കാതെ, നമ്മുടെ അമ്മൂമ്മ, നേരെ നമ്മുടെ ഇടയിൽ വന്ന് നിന്ന് ഒരു ചോദ്യം, 'Can I adjust somewhere in between'? ഞാനൊരു മൂലയ്ക്കാണ് സ്ഥലം പിടിച്ചിരിക്കുന്നത്. കെയ്‌ലിന്റെ നേരെ താഴെ അപ്പുറത്തെ മൂലയിൽ 'സി' യും. അമ്മൂമ്മ വന്ന തിരക്കിൽ, 'ബി' ഇതിനകം തന്നെ അവന്റെ കുറച്ച് സാധനങ്ങളുമെടുത്ത് ഞാൻ പിടിച്ച സ്ഥലത്തിന്റെ നേരെ മുകളിലുള്ള സ്പോട്ടിലേക്ക് മാറി. ഇത് കണ്ടയുടനെ 'സി'യും 'ഡി'യും  .പരസ്പരം നോക്കി. തല്ക്കാലം അവരുടെ ഇടയിലാണ് ഗ്യാപ്പ് ഉണ്ടായിട്ടുള്ളത്. എന്ന് വച്ചാൽ, അമ്മൂമ്മ അവരുടെ ഇടയിലാണ് കിടക്കാൻ പോകുന്നത് !


രണ്ടു പേരും അവരവരുടെ സാധനങ്ങൾ ഒതുക്കിവച്ച്, അമ്മൂമ്മക്ക്‌ അവരുടെ ഇടയിൽ കയറി, അവരുടെ സ്ലീപ്പിങ് പാഡും ബാക്ക്പാക്കും വെക്കാൻ സൗകര്യം ഉണ്ടാക്കിക്കൊടുത്തു. 

അമ്മൂമ്മ വന്നതിന് ശേഷം, ഞങ്ങൾക്ക് കുറച്ച് അച്ചടക്കമൊക്കെ ഉണ്ടായി. റമ്മിന്റെ മത്തിന് ഞങ്ങൾ കടിഞ്ഞാണിട്ടു. കൊണ്ടുപോയ തോടോട് കൂടിയുള്ള വറുത്ത നിലക്കടല അമ്മൂമ്മക്കും കെയ്‌ലിനും കൊടുത്തു. ആദ്യം നിരസിച്ചെങ്കിലും രണ്ടു പേരും പിന്നീട് കഴിക്കാൻ തുടങ്ങി. കടലയുടെ തോട് പൊട്ടിക്കാൻ അമ്മൂമ്മ വിഷമിക്കുന്നത് കണ്ടപ്പോൾ തോട് പൊട്ടിക്കാനുള്ള ഒരു എളുപ്പ വഴി, ഞാൻ അമ്മൂമ്മക്ക്‌ പറഞ്ഞു കൊടുത്തത് നോക്കി മറ്റുള്ളവർ ചിരിച്ചത്, ഞാൻ കണ്ടതായി ഭാവിച്ചില്ല.

സൂപ്പ് തായാറായി വന്നപ്പഴേക്കും എന്റെയുള്ളിലെ ആതിഥ്യമര്യാദ, സൂപ്പ് പതഞ്ഞ് പൊങ്ങിയത് പോലെ പൊങ്ങി വന്നു. ഗ്ളാസ്സെടുത്ത് വന്ന 'ബി'ക്കും 'സി'ക്കും' കൊടുക്കാതെ നേരെ പോയി നമ്മുടെ അമ്മൂമ്മയോട് ചോദിച്ചു: 'some soup'? നടന്ന് തളർന്ന് വന്നത് കൊണ്ടാവണം, ഒട്ടും മടികാണിക്കാതെ അവരുടെ കൈയ്യിലുണ്ടായിരുന്ന ഒരു സ്റ്റീൽ ഗ്ലാസ്സ് എന്റെ നേരെ നീട്ടി. കെയ്‌ലും മടി കൂടാതെ സൂപ്പ് അവന്റെ ഗ്ലാസിൽ വാങ്ങിച്ചു. സൂപ്പിന്റെ കൂടെ കടലയും മടി കൂടാതെ എടുക്കാനുള്ള തരത്തിൽ ഞങ്ങളുടെ ചങ്ങാത്തം അപ്പഴേക്കും വർദ്ധിച്ചിരുന്നു.

പിന്നീട് വീണ്ടും രണ്ട് തവണ കൂടി സൂപ്പ് ഉണ്ടാക്കിയിട്ടാണ് ഞങ്ങൾക്ക് എല്ലാവർക്കും സൂപ്പ് കഴിക്കാൻ കിട്ടിയത്. സൂപ്പ് കുടിച്ചു കൊണ്ടിരിക്കുമ്പോൾ പിന്നെയും സ്ത്രീകളടങ്ങുന്ന ഒന്ന് രണ്ട് സംഘങ്ങൾ അവിടെ എത്തിച്ചേർന്നു. ഷെൽട്ടർ ഇതിനകം തന്നെ ഞങ്ങൾ കൈയ്യടക്കിയിരുന്നതിനാൽ, അവർക്ക്, അവരുടെ ടെന്റ് കിറ്റ് തുറന്ന് ടെന്റ് പുറത്തെടുക്കേണ്ടി വന്നു. നിമിഷനേരം കൊണ്ട് ഒന്ന് രണ്ട് ടെന്റുകൾ ഷെൽട്ടറിന്റെ മുറ്റത്തൊരുങ്ങി.

ഞങ്ങൾ പിന്നെയും ഒരാഘോഷം പോലെ പാചകം ചെയ്ത് കൊണ്ടിരിക്കുകയായിരുന്നു. കൊണ്ടുവന്ന ടിൻ ഫിഷും, ഈസി കുക്ക് ഭക്ഷണങ്ങളും ഓരോന്നായി പുറത്തെടുത്ത് പാചകം ചെയ്യാൻ തുടങ്ങി. തിന്നുക മാത്രമല്ല, നമ്മുടെ ഭാണ്ഡത്തിന്റെ ഭാരം കുറച്ചെങ്കിലും കുറക്കാനും പറ്റുമല്ലോ എന്നതായിരുന്നു ചിന്ത. ഓരോ ദിവസവും രണ്ട് ആപ്പിൾ വീതമായിരുന്നു കണക്കെന്നത് കൊണ്ട് പാചകം ചെയ്യുന്നതിനിടയിൽ കള്ളിന് കൂട്ടായി ആപ്പിളും കടിച്ച് പറിക്കുന്നുണ്ട്. ഇതിനിടയിൽ ഓരോരുത്തരായി ചില ഭക്ഷണ സാധനങ്ങളും പൊട്ടിച്ച ടിന്നുകളും മറ്റുമടങ്ങിയ വേസ്റ്റ് ബാഗുകളും 'ബേർ പോളി'ന്റെ (bear pole) മേലെ കൊളുത്തി വച്ചു. കാരണം, ചില ഭക്ഷണ സാധനങ്ങളുടെ മണം പിടിച്ച് കരടി വരുന്നത് തടയാൻ ഈ സങ്കേതം ഉപകരിക്കുമത്രേ.

അത്രയുമായപ്പോഴേക്കും നേരം ഏകദേശം ഇരുട്ടിത്തുടങ്ങിയിരുന്നു. അവിടെ വന്നു കൂടിയ എല്ലാവരെയും ശ്രദ്ധിച്ചപ്പോഴാണ് ഒരു കാര്യം മനസ്സിലായത്. അവരൊക്കെ വെറും ലഘുവായ ഭക്ഷണങ്ങളേ കഴിക്കുന്നുള്ളൂ. മധുപാനങ്ങൾ അവർ നടത്തുന്നില്ല. അവരെ സംബന്ധിച്ചടുത്തോളം ഞങ്ങളുടേത് ഒരു വലിയ പാർട്ടി നൈറ്റ് തന്നെയായിരുന്നു എന്ന് പറയാം. മാത്രവുമല്ല, കുറച്ച് നേരം ഇരുന്ന് പാട്ട് പാടുകയോ ബഹളം വെക്കുകയോ എന്നൊക്കെ വിചാരിച്ചിരുന്ന ഞങ്ങളുടെ മുന്നിൽ, മറ്റുള്ളവർ ഇരുട്ടും മുന്നേ കിടക്കാനുള്ള പ്ലാൻ ആരംഭിച്ചിരുന്നു. അവർ കിടക്കുമ്പോൾ ഞങ്ങൾക്ക് പിന്നെ ബഹളം വെച്ച് ആഘോഷിക്കാൻ പറ്റില്ലല്ലോ. 

അതിനിടയിൽ, കുറച്ച് ഫിൽട്ടർ ചെയ്ത വെള്ളവുമെടുത്ത്, ഞാൻ ഷവറിന്റെ അടുത്ത് പോയി. രാത്രിയുടെ ഇരുട്ടിന്റെ മറവിൽ, വിശാലനഗ്നനായി, ശരീരത്തിന്റെ ഇടുക്കുകൾ വൃത്തിയാക്കി, നാളെ ഇടേണ്ടുന്ന വസ്ത്രം തലേന്ന് തന്നെ ഇട്ട് തിരിച്ചു വന്നു.

പിന്നെ, 'സി'യുടെ നേതൃത്വത്തിൽ, ഞങ്ങൾ നമ്മുടെ അമ്മൂമ്മക്ക്‌ ചുറ്റുമിരുന്നു. കാരണം അവന്റെ അടുത്താണല്ലോ അവർ കിടക്കുന്നത്. അവർക്ക് കിടക്കുമ്പോൾ ചങ്കിടിപ്പ് ഉണ്ടാവാതിരിക്കാൻ, 'ഞാൻ അങ്ങനെയല്ല' എന്ന് സ്ഥാപിച്ചെടുക്കേണ്ടതുണ്ടല്ലോ :) 

നെറ്റിയിൽ ഹെഡ് ലൈറ്റ് ഒക്കെ പിടിപ്പിച്ചാണ് അവരുടെ ഇരിപ്പ്. ആനി ഹെൽമൻ എന്നാണ് അവരുടെ പേര്. കാലിഫോർണിയ ആണ് സ്വദേശം. അവിടെയുള്ള മലകളായ മലകളൊക്കെ നടന്ന് കീഴ്പ്പെടുത്തിയതിന് ശേഷമാണ് അപ്പലാച്ചിമല നടന്ന് കീഴ്പ്പെടുത്താൻ ഇറങ്ങിയിരിക്കുന്നത്. പ്രായം 73 ആണെന്ന് കേട്ടപ്പോൾ 'ഡി'യുടെ ചങ്കിൽ നിന്ന് ഇടിവെട്ടിയത് ആനി മാത്രം കേട്ടില്ല. കാരണം, 10 മൈൽ താണ്ടാൻ കഷ്ടപ്പെട്ട കാര്യം അവനും നമുക്കുമല്ലേ അറിയൂ. അവിടെയാണ് ഈ എഴുപത്തിമൂന്നുകാരി ദിവസേന ഇരുപത് മൈലോളം താണ്ടുന്നത്. അവരും വടക്കോട്ടേക്കാണ്.

ഞങ്ങൾ കൊടുത്ത സൂപ്പ് മാത്രമാണ് അവർ ഭക്ഷിക്കുന്നതായി ഞങ്ങൾ കണ്ടത്. വേറെന്തെങ്കിലും ഞങ്ങൾ കാണാതെ കഴിച്ചോ എന്നറിയില്ല, പക്ഷേ ആ മെലിഞ്ഞ ശരീരത്തിന് സൂപ്പ് കൊള്ളാനുള്ള വയറ് പോലുമുണ്ടോ എന്നത് സംശയമായിരുന്നു.

ഞാനും 'ഡി'യും ഭക്ഷണം തയാറാക്കി കഴിക്കുമ്പഴേക്കും ആനിയും കെയ്‌ലും കിടന്നിരുന്നു. ഇനി വേറെ പരിപാടികളൊന്നും നടക്കില്ല എന്നത് മനസ്സിലാക്കി, ഞങ്ങളും ഓരോരുത്തരുടെ ഊതിവീർപ്പിച്ച സ്ലീപ്പിങ് പാഡിൽ മലർന്ന് വീണ് സ്ലീപ്പിങ് ബാഗിലേക്ക് വലിഞ്ഞ് കയറി. കിടക്കുന്നതിന്റെ വളരെയടുത്ത് തന്നെ, എന്തെങ്കിലും അത്യാവശ്യം വന്നാൽ പെട്ടെന്നെടുക്കാൻ പാകത്തിൽ,  കൂടെക്കൊണ്ടുപോയിരുന്ന, താരകാസുരന്റെ കൈയ്യിലുള്ള വാളുപോലെയൊന്ന്, ഞാനെടുത്ത് വച്ചിരുന്നു. അത്തരം സാഹചര്യങ്ങളിൽ സുരക്ഷ എന്നത് ചിന്തിക്കേണ്ടുന്ന കാര്യം തന്നെയാണല്ലോ. കിടന്ന് അഞ്ച് മിനുട്ടുകൾ കഴിയും മുന്നേ തന്നെ, 'സി'യുടെ കൂർക്കം വലി, ചീവീടുകളുടെ ശബ്ദവിന്യാസങ്ങളോട് മത്സരിക്കാൻ ആരംഭിച്ചു. 

സ്ലീപ്പിങ് പാഡിന്റെ ഒരേയൊരു പ്രശ്‌നം എന്നത്, അത് നമ്മൾ കിടന്നിടത്ത് നിന്ന് അനങ്ങുന്ന ഓരോ അനക്കത്തിനും, വല്ലാത്ത, ഞെരിപിരി കൊള്ളുന്ന ശബ്ദം ഉണ്ടാക്കും എന്നതാണ്. പൊതുവേ ഉറക്കം പിടിക്കാൻ എനിക്ക് സമയമെടുക്കുമെങ്കിലും, ഓരോ അഞ്ച് മിനുട്ടിലും ഏതെങ്കിലും ആളുടെ വകയായി ഈ ഒച്ച വരുന്നത് കൊണ്ട്,  ഉറക്കം വരാൻ കുറേ വൈകി. മാത്രവുമല്ല എല്ലാവരും കിടന്ന് മയങ്ങുന്ന സമയത്ത് കരടി വന്നാൽ, കാണാതെ മിസ്സ് ആകരുതല്ലോ. റം കഴിച്ചതിനാലാണോ, അതോ സ്ലീപ്പിങ് ബാഗിനുള്ളിൽ കയറിയതിനാലാണോ എന്നറിയില്ല, വല്ലാത്ത ചൂടും അനുഭവപ്പെട്ടു. അതിനാൽ തന്നെ സ്ലീപിങ് ബാഗിന്റെ ഒരു വശം മുഴുവനായും അങ്ങ് തുറന്ന് വച്ചു.

ഏകദേശം മൂന്ന് മണിക്കൂറോളം കഴിഞ്ഞ്, രാത്രി പന്ത്രണ്ട് മണിയായിക്കാണണം, പതുക്കെ ചെറിയ കുളിരും കൂടെ ഉറക്കവും വരാൻ തുടങ്ങി. 'സി'യുടെ കൂർക്കം വലി തുടക്കത്തിലുള്ളത് പോലെ തന്നെയായാതിൽ എനിക്കത്ഭുതമായി. കാരണം, സാധാരണഗതിയിൽ, നാഷണൽ പെർമിറ്റ് ലോറികൾ മലകയറ്റം നടത്തുമ്പോഴുണ്ടാകുന്ന തരത്തിലുള്ള പലപല ശബ്ദങ്ങൾ 'സി' ഉറക്കത്തിൽ പുറപ്പെടുവിക്കാറുള്ളതാണ്. ചിലപ്പോൾ ശ്വാസം പോലും നിന്നെന്ന്, കേൾക്കുന്നവന് തോന്നിപ്പോകും. പക്ഷേ ഇത്തവണ, 'സി'യുടെ കൂർക്കത്തിന്റെ കാഠിന്യം, താരതമ്യേന വളരെ കുറവായി തോന്നി.

പൊടുന്നനെയാണ് ആരോ വല്ലാതെ ചുമക്കുന്നത് കേട്ടത്. ചുമയെന്ന് പറഞ്ഞാൽ ഒരൊന്നൊന്നര ചുമ. ആദ്യം കരുതിയത്, 'സി'യുടെ കൂർക്കം വലിയിൽ സ്വാവസതടസ്സം നേരിട്ടപ്പോൾ ഉണ്ടായ ചുമയാണെന്നാണ്. ശ്രദ്ധിച്ച് നോക്കിയപ്പോൾ, അപ്പോഴും 'സി' കൂർക്കം വലിക്കുന്നുണ്ട്. യഥാർത്ഥത്തിൽ, നമ്മുടെ കെയ്‌ലാണ് കൊക്കക്കൊര വന്നത് പോലെ ചുമക്കുന്നത്. ഇവന് കൊറോണ പിടിപെട്ടോ എന്നെനിക്ക് സംശയമായി. കാരണം, തലേ ദിവസം, സ്വന്തം കൈയിലുള്ള സ്റ്റോക്ക് തീർന്നപ്പോൾ, മലയിൽ നിന്ന് പുറത്തിറങ്ങിയതും, അടുത്തുള്ള പട്ടണത്തിലെ ഒരു ബാറിൽ കയറി കള്ള് കുടിച്ച കഥയൊക്കെ കെയ്ൽ ആവേശപൂർവ്വം പറഞ്ഞത് ഞാനോർത്തു. മാത്രമല്ല, ബാറിൽ വച്ച് പരിചയപ്പെട്ട ഒരു യുവതിയുടെ കൂടെ അവളുടെ അപ്പാർട്മെന്റിൽ പോയി അന്തിയുറങ്ങുക കൂടി ചെയ്തിട്ടുണ്ട് കക്ഷി. ഇപ്പഴത്തെ സാഹചര്യത്തിൽ, സ്വന്തം മൂത്രത്തിൽ കൂടി പോലും കൊറോണ കയറിക്കൂടാൻ സാദ്ധ്യതയുള്ള കാലമാണ്. എന്തായാലും അങ്ങനെയൊന്നുമുണ്ടാവില്ല എന്ന് സമാധാനിക്കുകയേ എന്റെ നല്ല സമാധാനത്തിന് വഴിയായിട്ട് ഉണ്ടായിരുന്നുള്ളൂ.

അങ്ങനെയൊക്കെ ചിന്തിച്ച്, ഉറക്കം പിടിച്ച് വരുമ്പോഴാണ്, ഞാൻ ആനിയെക്കുറിച്ച് ചിന്തിച്ചത്. ചിന്തിച്ചത് മറ്റൊന്നുമല്ല, ഇത്രയും സമയത്തിനിടയിൽ, അവരുടെ സ്ലീപ്പിങ് പാഡിന്റെ മാത്രം ശബ്ദം ഇതുവരെ കേട്ടിട്ടേയുണ്ടായിരുന്നില്ല. അത്ഭുതമാണല്ലോ എന്ന് കരുതി ഞാൻ പതുക്കെ എന്റെ തല ഉയർത്തി നോക്കി. കിടന്നത് എങ്ങനെയാണോ, അതേപടി, ഒരു മാറ്റവുമില്ലാതെ കിടക്കുകയാണ് ആനി. എനിക്ക് പേടിയായി, ആനിയുടെ ശ്വാസോഛ്വാസം നടക്കുന്നുണ്ടോ എന്നെനിക്ക് സംശയമായി. ഇത്രയും പ്രായമുള്ള ഈയ്യൊരു സ്ത്രീ, മലയായ മലയൊക്കെ താണ്ടി വന്നതല്ലേ, പോരാത്തതിന് വളരെ കുറച്ചേ ഭക്ഷണം പോലും കഴിച്ചുള്ളൂ. 


***

5 അഭിപ്രായങ്ങൾ:

  1. Whatsapp Comments:





    Prasad Nair: ഈയിടെയായി വലുതും ചെറുതുമായ രൂപത്തിൽ ശ്രീ എസ് കെ പൊറ്റെക്കാടിൻ്റെ പിൻഗാമികളെ കാണാൻ സാധിക്കുന്നുണ്ട്.😬
    'മലമ്പുരാണം' മനോഹരം. വായനക്കാരുടെ മനസ്സിൽ താങ്കൾ നടന്ന വഴികളുടെ ചിത്രം രചിക്കാൻ സാധിച്ചിരിക്കുന്നു എന്ന് പറയാതിരിക്കാൻ കഴിയില്ല. 👌ഒന്നാം ഭാഗം രണ്ട് ഭാഗങ്ങളായി പ്രസിദ്ധികരിച്ചിരുന്നു എങ്കിൽ വായനക്കാരിൽ കൂടുതൽ ജിജ്ഞാസ വളർത്താൻ കഴിഞ്ഞിരുന്നേനെ എന്ന് തോന്നി.
    എഴുത്തുകൾ പുരോഗമിക്കട്ടെ .. ശുഭാശംസകൾ 👏👏👏🙏

    Naaraayam: പറഞ്ഞത് വളരെ ശരിയാണെന്ന് എനിക്കും തോന്നുന്നു... പക്ഷേ പേടിച്ചിട്ടാണ്... അല്ലെങ്കിൽ തന്നെ വായനക്കാർ കുറവാണ് :) അതിന്റെ കൂടെ അഞ്ചോ ആറോ താളുകളുള്ള മൂന്നും നാലും കഷണങ്ങളാക്കി വായനക്കാരന് മുന്നിലെത്തിക്കുമ്പോൾ അവർക്ക് മടുക്കുമോ എന്നൊരു ശങ്ക.... കുറച്ച് കൂടിപ്പോയത് കൊണ്ടാണ് രണ്ട് ഭാഗങ്ങളാക്കിയത്. തീർച്ചയായും ഓരോ കഥ പറയുന്ന രീതിയിലാണെങ്കിൽ, ഒരു നേരം ഒരു ഗുളിക എന്ന രീതിയിലാണെങ്കിൽ നല്ലത് തന്നെയായിരുന്നു... അഭിപ്രായങ്ങൾക്ക് വളരെ നന്ദി 🙂

    Reji Mohan: Venu: Super!!! Thank you for filling the sleep quota for the month 😂😂😂 Feels like been there with you guys in the trip! Can’t wait for the next one! Hope ‘D’ will make it till the end 🤔🙂

    Naaraayam: Thank you Reji... Happy that, the writing was able to give you the original feel.... ‘D’s drive and enthusiasm was amazing and sure, he will become the lead soon ! 😊

    Rekha Menon: A very good detailed description of the trip. It made you feel the trip and the fun. 👍

    Naaraayam: Thank you Rekha 🙂

    Rejeesh Malayath: 👍🏻👍🏻good one... muzhuvan vayichilla... vayikkam

    Naaraayam: 🙏😊

    Sreeja RN: വിവരണം 👍👍

    Reethabai: Adventurous! Hazardous! Trekking.Narration superb. 👍

    Rekha Prem: രസകരമായ വിവരണം.

    Devan Puthiyettil: Interesting💪

    Naaraayam: Thank you all for taking time and reading... 😊 Just tried to give our real feel when you read.. hope you all enjoyed 🙏

    Bijisha: Venuettaaa....Super..👏🏻👏🏻

    Jinesh: 👍..adipoli..feeling the experience 😌
    Naaraayam: 😊Thank you 🙏

    Dr. Sindhu: വേണുവിന്റെ ഗ്രൂപ്പിൽ കാട്ടിലൂടെ മലകയറി ഞാൻ രാവിലെ , അടുക്കളയിൽ നിന്നപ്പോൾ , അടുപ്പിനിന്നും പൊങ്ങിയ മണം സഹിക്കാതയപ്പോൾ ,എന്റെ ചേട്ടൻ മെല്ലെ അടുക്കളയിൽ എത്തിനോക്കി, എന്താണ് ഒരു രൂക്ഷ ഗന്ധ മുള്ള പാചകം എന്ന്. കാട്ടിലൂടെ ഉള്ള യാത്ര ആയതിനാൽ മറ്റൊന്നും ശ്രദ്ധിക്കാൻ കഴിയാത്ത ഞാൻ , അടുപ്പിൽ വച്ച് കറിക്ക് നിറഭേദ്ങൾ വന്നതരിഞ്ഞില്ല.ചേട്ടന്റെ ചുണ്ട്നക്കം കേട്ടപ്പോൾ ആണ് കാട്ടിൽ നിന്നും ഇറങ്ങിയത്, പിന്നെ കറി മാറ്റി ഉണ്ടാക്കി, പ്രാതൽ കാലം ആക്കി, അപ്പോഴു m കാട്ടിൽ എവിടെയോ ഞാൻ വിശ്രമിക്കുകയായിരുന്നു😂
    Naaraayam: എന്റെ സിന്ധൂ... തീർത്തും പ്രതീക്ഷിക്കാത്തൊരു പ്രതികരണമായിപ്പോയി.... ചിരിച്ചു ചിരിച്ച് ഒരു വകയായി.. എന്തായാലും, ഞങ്ങളുടെ കൂടെത്തന്നെ നിനക്കും ഞങ്ങളുടെ അതേ ഫീൽ കിട്ടിയെന്നറിഞ്ഞതിൽ പെരുത്ത് സന്തോഷം 😄😂

    Sheeja: Venuvum friendsum ini Everest keezhadakkattennu aassamsikkaam👍👍

    Rajesh Balan: Vaayichu theerthu venu😄👍👍👍 chila Words thalel keriyila pakshe oohichu eduthu kore aayi eghanne okk vaayichittu 👏👏👏🥂
    Naaraayam: Vaayikkunnayaalkk, nammude koode kaattil vanna feel kurachenkilum undaakkaan vendi ezhuthiyathaanu... 2nd part might be more interesting 😄

    Mohanan Chadayan: അടിപൊളി.... ബാക്കി എപ്പോഴാ....
    Naaraayam: Thank you Mohana! Within 2-3 days 😊

    മറുപടിഇല്ലാതാക്കൂ
  2. Facebook Comments:
    Ajith NK: അടിപൊളി👍 ഇവിടെ Van Life vlog കണ്ടിരിക്കുന്ന എന്റെ അഭിപ്രായം ഇനിയും കാട് കയറാൻ പ്ലാൻ ഉണ്ടെങ്കിൽ ഒരു vlog ആവും നല്ലത്..😊
    Naaraayam: ഇതിന് ചുരുക്കത്തിൽ ഒരു മറുപടി സാദ്ധ്യമല്ലാത്തത് കൊണ്ട് ഒന്ന് നീട്ടിപ്പറയട്ടെ 🙂
    ശരിയാണ്... vlog ആണ് ഇന്നത്തെ രുചി... വായന എന്നതിന് സാർവ്വദേശീയമായി പ്രചാരം കുറയുകയാണ്.
    പക്ഷേ എന്നെസംബന്ധിച്ചടുത്തോളം വളരെയേറെ പരിമിതികളുള്ള ഒരാളാണ് ഞാൻ. എഴുത്ത് മാത്രമാണ് എനിക്ക് കുറച്ചെങ്കിലും വഴങ്ങുന്നത്. video ഉണ്ടാക്കലും edit ചെയ്യലും camera കൈകാര്യം ചെയ്യലും ഒക്കെ ഞാൻ അധികം enjoy ചെയ്യാത്ത കാര്യങ്ങളാണ്. മാത്രമല്ല, ഒരു സംഭവം നടക്കുമ്പോൾ അല്ലെങ്കിൽ കാണുമ്പോൾ അത് മുഴുവനായും ആസ്വദിക്കാതെ, അതിനെ വെറും ക്യാമറ കണ്ണിലൂടെ കാണാൻ എനിക്ക് ഇഷ്ടവുമല്ല.
    അതുകൊണ്ട്, കാര്യങ്ങൾ ആദ്യം സ്വയം ആസ്വദിക്കുക, ഓർമ്മിച്ച് വെക്കുക, പിന്നെ കുറച്ച് ഭാവന കൂട്ടിയെഴുതുക.. അതാണ് എന്റെ നയം 🙂
    പിന്നെ, monetization എന്നത് എന്റെ ചിന്തയിലേ ഇല്ലാത്തത് കൊണ്ട്, ചുരുങ്ങിയ സൗകര്യങ്ങൾ കൊണ്ട് ചെയ്യാൻ പറ്റുന്നത് ചെയ്യുകയാണ് നല്ലതെന്ന് എന്റെ ബുദ്ധി പറയുന്നു.
    കൂടാതെ, കാല്പനികതയും ഭാവനയും visualization ഉം തീർക്കുന്ന variety, വായനയിൽ കിട്ടുന്നത് പോലെ തയ്യാറാക്കിക്കൊടുക്കുന്ന visuals ന് കൊടുക്കാൻ സാധിക്കുമോ എന്നും സംശയമുണ്ട്.
    ചുരുക്കത്തിൽ അധികം കഷ്ടപ്പെടാതെ, അധികമാരെയും ആശ്രയിക്കാതെ, എനിക്കാവുന്ന രീതിയിൽ, അല്ലെങ്കിൽ എനിക്കറിയുന്ന രീതിയിലുള്ള creativity ആണ് ഞാനുണ്ടാക്കാൻ ശ്രമിക്കുന്നത്. 😜

    Sreenivaasan Thekkeveettil: വളരെ വിശദമായിതന്നെ എഴുതിയത് വായിച്ചു. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    Jobin Kuruvilla: ഞാനുമൊന്ന് കയറണം എന്ന് വിചാരിച്ചിരിക്കുവായിരുന്നു. ഇത്രയും വായിച്ച സ്ഥിതിക്ക് ഞാനില്ല എന്റെ പൊന്നോ! എന്തായാലും എ മുതൽ ഡി വരെ എല്ലാവരും പൊളിച്ചു 👏
    Naaraayam: ജോബിനോക്കെ പുഷ്പം പോലെ മല കയറുമെന്ന് എനിക്കുറപ്പുണ്ട്... നമ്മൾ രണ്ടും പകുതി മാരത്തൺ രണ്ട് മണിക്കൂറിനുള്ളിൽ ഓടിയതല്ലേ... പേടിപ്പിക്കാൻ എഴുതിയതല്ല.... പ്രേരിപ്പിക്കാനാണ് എഴുതിയത്... ജോബിനിങ്ങനെ കുറിച്ചപ്പോ, മറിച്ചായിപ്പോയോന്നൊരു സംശയം 😜

    Manjula Das Nedungadi
    Beautiful

    Saju Kumar
    ഒന്നും പറയാൻ ഇല്ലാ 👏👌👍🙌🙏

    Raji Raj
    Beautiful ..

    Madhu Uchmbally
    സൂപ്പർ

    Santhosh John Pulimootil
    നൈസ് 👌

    മറുപടിഇല്ലാതാക്കൂ
  3. വേണുവേട്ടാ... ഞാനും വായനയിലൂടെ അപ്പലേച്ചിയൻ മല കേറി ഇറങ്ങി കേട്ടോ. Can imagine the amazing experience and pain points you guys went through during the travel. Waiting for the 2nd part of the narration..

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. Thank you Prathibha.... If the writing could give a right feel of our journey, I'm pretty happy.

      Hopefully, after the first part, second part should be more interesting with unexpected incidents :) Will be publishing tomorrow, Friday!

      ഇല്ലാതാക്കൂ
  4. Very nice writing..koode malla Keri irangiya polle thonni...����

    മറുപടിഇല്ലാതാക്കൂ