ഒരാഴ്ച മുന്നേയാണ്, മമ്മൂട്ടിയുടെ 'ഉണ്ട' കണ്ടത്. മമ്മൂട്ടിയുടെ 'ഉണ്ട' എന്നത് എല്ലാവർക്കും മനസ്സിലായിക്കാണും എന്ന വിശ്വാസത്തിൽ അധികം വിശദീകരണത്തിന് മുതിരുന്നില്ല. വളരെ യാദൃശ്ചികമായി, അതേ സമയത്താണ്, പത്രങ്ങളിലും ദൂരദർശിനിയിലും (Telescope അല്ല) ഉണ്ടകളെക്കുറിച്ച് ബഹളങ്ങൾ കേൾക്കാൻ തുടങ്ങിയത്. കേരളാപാറാവ്‌കാരുടെ 25 ഓളം തോക്കുകളും പന്തീരായിരത്തിലധികം വെടിയുണ്ടകളും കാണാതായെന്ന് CAG ചൂണ്ടിക്കാണിച്ചത് സംബന്ധിച്ചുള്ള ബഹളം. ഉണ്ടകൾ കട്ടുപോയെന്ന് ഒരു കൂട്ടം. ഉണ്ടകൾ മാവോയിസ്റ്റുകൾക്കെത്തിച്ചു എന്ന് വേറെരു കൂട്ടം. ഉണ്ടകൾ ഉള്ളിടത്ത് തന്നെയുണ്ടെന്ന് സർക്കാരും DGP യും. ഉണ്ടകളുടെ കണക്കുകൾ ഒത്തുവരുന്നില്ലെന്ന് CAG പത്രസമ്മേളനം വിളിച്ചതിൽ സർക്കാർ ഖിന്നരായി. അങ്ങനെ ചെയ്യാൻ പാടില്ലത്രേ. സർക്കാർ പറയുന്നത് മാത്രമേ കേൾക്കാവൂ, വിശ്വസിക്കാവൂ. ഒടുവിൽ ഒരു മാതിരി, സത്യാവസ്ഥ പുറത്ത് വന്നപ്പോൾ, തോക്കുകൾ സ്ഥലത്തുണ്ടെന്നും ഇല്ലെന്നും കേൾക്കുമ്പോഴും, ഉണ്ടകളെപ്പറ്റി യാതൊരു വിവരവുമില്ല. പ്രളയങ്ങളുണ്ടായിരുന്നെന്നത് സത്യമാണെങ്കിലും ധൂർത്തിന്റെ പ്രളയങ്ങളില്ലെന്നും, പ്രളയത്തിലിടയ്ക്ക് ആരുമറിയാതെ ഉണ്ടകൾ വിൽക്കില്ലെന്നും സർക്കാർ ആണയിട്ടു!! സ്വന്തം പോലീസുണ്ട സംരക്ഷിക്കാൻ CAG യെ പിരിച്ച് വിട്ട് DGP തന്നെ CAG ആയാലെന്താ എന്നും സർക്കാർ തലത്തിൽ സംശയങ്ങൾ ബാക്കി! അല്ലെങ്കിൽ മറ്റുള്ളവരുടെ കുറ്റം അന്വേഷിക്കുന്നതിന് പകരം സ്വയം ചെയ്ത കുറ്റങ്ങളന്വേഷിച്ച് കണ്ടുപിടിച്ച് സമയം പൊയ്പോവ്വൂല്ലേ?
ഇന്നത്തെ മുഖ്യന്, ഉണ്ടയുമായി പണ്ടേ ഒരു ബന്ധമുണ്ട്. മദ്രാസിലേക്കോ മറ്റോ പോകുന്നതിനായി വിമാനത്തിൽ കയറുന്നതിന് മുൻപായുള്ള സഞ്ചിപരിശോധനയിൽ, ഉണ്ടകൾ കണ്ടെത്തിയതാണ് ആ ബന്ധം. ഉണ്ടകൾ സഞ്ചിയിലാക്കി എന്തിന് വിമാനത്തിൽ കയറാൻ പോയി എന്ന ചോദ്യത്തിനൊക്കെ പുഴമീൻ കൈയ്യിൽ നിന്ന് വഴുതുന്ന മെയ്‌വഴക്കത്തോടെ അദ്ദേഹം ഊരിപ്പോയതാണ്. പിന്നീട് നോവലെഴുതി നാട്ടുകാരെ അറിയിക്കാമെന്ന ഉറപ്പിൽ ആർക്കും പരാതിയില്ലാതെ പരിഹരിക്കപ്പെട്ടതുമാണ്. അന്ന് മുങ്ങിയ ഉണ്ട പിന്നീട് മുങ്ങിപ്പൊങ്ങിയതിപ്പോഴാണ്! അതും, അന്ന് ഉണ്ട സഞ്ചിയിൽ കൊണ്ട് നടന്നയാൾ മുഖ്യനായപ്പോൾ !! സ്വതവേ, ഉണ്ടസംബന്ധമായ ചോദ്യങ്ങൾക്ക് അദ്ദേഹം വലിയ വില കല്പിക്കാറുമില്ല, മനസ്സിലാകുന്ന മറുപടി പറയാറുമില്ല. അങ്ങനെയുള്ള മുഖ്യന്റെ മന്ത്രിസഭയിലും ഉണ്ട കഴുത്തിൽ കൊണ്ട് നടക്കുന്നു എന്നവകാശപ്പെടുന്ന ഒരു മന്ത്രിയുണ്ട്. ഉണ്ട പുറത്തെടുത്ത് കാണിക്കാൻ പറ്റാത്തത് കൊണ്ടും, ആ ഉണ്ടയുടെ xray കിട്ടാത്തത് കൊണ്ടും നാട്ടുകാരാരും ആ ഉണ്ടയോ, ഉണ്ടയുടെ അസ്ഥികൂടത്തിന്റെ ചിത്രമോ കണ്ടിട്ടില്ല. കൈയ്യിൽ തോക്ക് കൊണ്ട് നടക്കുന്ന, അദ്ദേഹത്തിൻറെ രാഷ്ട്രീയ എതിരാളിയുടെ സഹായികളുടെ വെടി, തീവണ്ടിയിൽ വച്ച് കൊണ്ടെന്നാണ് കേസ് ! പക്ഷേ ഈ മന്ത്രിക്ക് വെടിവെപ്പിൽ പരിക്കേറ്റു എന്നതും അതിന്റെ പ്രത്യാഘാതങ്ങൾ അദ്ദേഹത്തെ ഇന്നും അലട്ടിക്കൊണ്ടിരിക്കുന്നു എന്നതും സത്യമാണ്. ആ കഴുത്തിലെ ഉണ്ടയുടെയും സഞ്ചിയിലെ ഉണ്ടയുടെയും പരമാർത്ഥങ്ങളറിയാൻ, നാളെ മമ്മൂട്ടിയുടെ തന്നെ സേതുരാമയ്യർ അന്വേഷിക്കുന്നതായിരിക്കും ബുദ്ധി. അങ്ങനെ മൊത്തത്തിൽ ഉണ്ടമയമാണ് നമ്മുടെ ഇന്നത്തെ സർക്കാർ. സംഭവങ്ങൾ വന്നു വന്ന്, ഉണ്ടയും കടന്ന്, KSRTC യുടെ ഡീസലും റേഷൻ സാധനങ്ങളും തുടങ്ങി പല പല സാധനങ്ങളും കാണാനില്ലെന്നാണ് തൽപരകക്ഷികൾ കണക്കും രേഖയും പൊക്കിപ്പിടിച്ച് പറയുന്നത്. ഹാ.. എന്തോ ആവട്ടെ... പൊതുജനം വിഡ്ഢികളായിരിക്കുന്നിടത്തോളം രാഷ്ട്രീയക്കാരുടെ കളികളും കളം വിട്ടുള്ള കളിയായിരിക്കും !
എന്തായാലും എന്റെ വ്യക്തി ജീവിതത്തിലും വെടിയുണ്ടയെന്ന വെറും ഉണ്ടയുടെ, പെരുമയുള്ള ഒരോർമ്മ തങ്ങിനിൽപ്പുണ്ട്. വെടിയുണ്ട കാണാതായിട്ടും CAG പറഞ്ഞിട്ടും പിണറായി വിജയനോ DGP ക്കോ വല്യ പ്രശ്നങ്ങൾ ഉണ്ടായില്ലെങ്കിലും, ഒരു വെടിയുണ്ടയെച്ചൊല്ലി കുറച്ച് നേരത്തേക്കെങ്കിലും ഒരു പട്ടാളക്കാരന്റെ പട്ടാളഭീകരത, പണ്ടൊരു ദിവസം വെറും സാധാരണക്കാരായ ഞങ്ങൾ അനുഭവിച്ചത്, ഈ സന്ദർഭത്തിൽ ഓർമ്മ വരുന്നു.
1988 ഓ 89 ഓ ആണ് കാലം. ഞാനന്ന് പ്രീഡിഗ്രിക്ക് പഠിക്കുകയാണ്. ഞാനടങ്ങുന്ന എന്റച്ഛനും കുടുംബവും അച്ഛാച്ഛന്റെ വീട്ടീന്ന് മാറി രണ്ട് കിലോമീറ്റർ ദൂരത്തുള്ള വേറെ വീട്ടിലാണ് താമസം. സമയം കിട്ടുമ്പോഴൊക്കെ, എന്ന് വെച്ചാൽ അധിക ദിവസവും ഞാൻ അച്ഛാച്ഛന്റെ വീട്ടിലേക്ക് പോകും. മച്ചുനൻ വിന്വേട്ടൻ, എന്റെ കൂടപ്പിറപ്പ് പോലായിരുന്നു. അവനായിരുന്നു എന്റെ കമ്പനി.
എന്റെ എളേച്ഛൻ, നാരായണൻ, പട്ടാളത്തിലായിരുന്നു. ഈ പറയുന്ന കാലത്ത് അദ്ദേഹം സർവ്വീസിലുണ്ട്. സുബേദാറായിട്ടോ മറ്റോ ആണ് അദ്ദേഹം വിരമിച്ചത്. എന്റെ അച്ഛന്റെ ഒരു മച്ചുനനെയും എന്റെ അച്ഛാച്ഛന്റെ അടുത്ത ബന്ധുവും അച്ഛാച്ഛന്റെ അയൽക്കാരനുമായ ജയപാലൻ വെല്ലിച്ഛന്റെ മകനായ പ്രകാശേട്ടനെയും, എളേച്ഛൻ, അദ്ദേഹത്തിന്റെ ശുപാർശ പ്രകാരമോ മറ്റോ പട്ടാളത്തിലെടുപ്പിച്ചിരുന്നു. അന്നൊക്കെ അങ്ങനെയായിരുന്നു! രണ്ട് പേരും പട്ടാളത്തിൽ കയറിയത് കൊണ്ട് അവരുടെ കുടുംബാംഗങ്ങൾ ഭാവിയിൽ നല്ല രീതിയിലെത്തിപ്പെടുകയും ചെയ്തു. പട്ടാളത്തിൽ കയറി രണ്ട് വർഷങ്ങൾക്കുള്ളിൽത്തന്നെ അവർക്ക് IPKF (Indian Peace Keeping Force) ന്റെ ഭാഗമായി, ശ്രീലങ്കയിലേക്ക് പോകേണ്ടി വന്നു.
IPKF ലേക്ക് പോകേണ്ടി വരുന്നു എന്ന സന്ദേശം വീട്ടുകാർക്ക് കിട്ടിയ ഉടനെത്തന്നെ, എല്ലാവരും സങ്കടത്തിലായി. പ്രകാശേട്ടന്റെ അമ്മ ശ്യാമളവെല്ലിമ്മയും പ്രകാശേട്ടന്റെ സഹോദരങ്ങളും കരച്ചിലിന്റെ വിവിധ തീരങ്ങളിലായി വീടിന്റെ പല മൂലകളിലായി ഇരുന്നു (
പ്രകാശേട്ടന്റെ അച്ഛൻ നേരത്തെ മരിച്ചുപോയിരുന്നു). IPKF ന്റെ ഭാഗമായി. ദിവസങ്ങൾ കഴിഞ്ഞ് ശ്രീലങ്കയിലെത്തി എന്നറിയിച്ചുകൊണ്ട് C/O 56 APO (Army Post Office) വഴി പ്രകാശേട്ടന്റെ കത്ത് വീട്ടിലെത്തി. കുഴപ്പമില്ലെന്നും സ്ഥിതിഗതികൾ ശാന്തമാണെന്നും പേടിക്കാനൊന്നുമില്ലെന്നും എഴുതിയത് കൊണ്ട് വീട്ടുകാർ കുറച്ചൊക്കെ സമാധാനിച്ചു. കൃത്യം ഇടവേളകളിൽ കത്തും മണിയോർഡറും എത്തുന്നത് കൊണ്ട് ദിവസങ്ങൾ പോകപ്പോകെ വീട്ടിലെ സ്ഥിതിഗതികളെല്ലാം സാധാരണ പോലെയായി. ശ്രീലങ്കയിലെ ബോംബ് സ്പോടനങ്ങളെക്കുറിച്ചും IPKF ന് എതിരേ തമിഴ്പുലികൾ നടത്തുന്ന വെടിവെപ്പുകളെക്കുറിച്ചും പത്രവാർത്തകൾ കാണുമ്പോഴും റേഡിയോയിലൂടെ ദിവസം മൂന്ന് നേരമുള്ള ബുള്ളറ്റിനുകൾ കേൾക്കുമ്പോഴും എല്ലാവരുടെയും അകമൊന്ന് പിന്നെയും കാളും, അടുത്ത കത്ത് കിട്ടുന്നത് വരെ.
അങ്ങനെ ദിവസങ്ങൾ കൊഴിഞ്ഞ് മാസങ്ങൾ കഴിഞ്ഞു. എല്ലാം വളരെ ശാന്തമായിപ്പോവുകയായിരുന്നു. അങ്ങനെയിരിക്കെ പെട്ടന്നൊരു ദിവസം, Army Office ൽ നിന്നൊരു കമ്പി വന്നു. കമ്പി പ്രകാശേട്ടന്റെ വീട്ടിലേക്കാണെന്നറിഞ്ഞപ്പോൾത്തന്നെ കമ്പി കൊണ്ടുവരുന്ന ആളിന്റെ കൂടെ, വേറെ കുറച്ച് നാട്ടുകാരും കൂടി, ജാഥയായിട്ടാണ് വരവ്. പ്രകാശേട്ടന്റെ അമ്മക്കാണ് കമ്പി. വായിച്ചത് പ്രകാശേട്ടന്റെ അനിയൻ ഭാസിയേട്ടനാണ്. "Prakasan is injured. coming home soon". അതായിരുന്നു കമ്പി സന്ദേശം. സന്ദേശം കേട്ടയുടനെ വീട്ടിൽ കൂട്ടക്കരച്ചിലായി. സന്ദേശം, നാട് മുഴുവൻ പരന്നു. അയൽക്കാർ വീട്ടിലേക്കൊഴുകി. എന്താണ് സംഭവിച്ചതെന്ന് ആർക്കും ഒരു പിടിയും ഇല്ല. ഏത് രൂപത്തിലാണ് പ്രകാശേട്ടൻ വീട്ടിലേക്ക് വരാൻ പോകുന്നതെന്ന് ആർക്കും ഒരു നിശ്ചയവുമില്ല. എല്ലാവരും അവരവരുടെ ഭാവനയിൽ കാര്യങ്ങൾ മെനഞ്ഞു. പത്രവാർത്തകളോട് താരതമ്യപ്പെടുത്തി Injury യുടെ കാഠിന്യത്തെക്കുറിച്ച് ചർച്ചകൾ നടന്നു. ഒന്ന് രണ്ട് ദിവസത്തേക്ക് പ്രകാശേട്ടന്റെ വീട്ടിലെ അടുപ്പിന്റെ ഉത്തരവാദിത്തം അയൽവീടായ എന്റെ വീട്ടിലേക്കും വന്നു ചേർന്നു. പ്രകാശേട്ടൻ എപ്പഴാണ് എത്തുക എന്നതിനെക്കുറിച്ച് ചുറ്റും ചർച്ചകൾ നടന്നു. കപ്പലിൽ മദ്രാസിൽ വന്ന്, അവിടെ നിന്ന് തീവണ്ടിയിലാണോ വരിക, അതോ വിമാനത്തിൽ മദ്രാസിൽ വരുമോ, അതെന്താ തിരുവനന്തപുരത്ത് വിമാനത്താവളമില്ലേ, എന്നൊക്കെയുള്ള ഗംഭീര ചർച്ചകൾ.
കമ്പി വന്ന് മൂന്നാമത്തെ ആഴ്ച പ്രകാശേട്ടൻ ഒരു ടാക്സിയിൽ വീട്ടിലെത്തി. കൂടെ വേറെ രണ്ട് ആർമിക്കാരും ഉണ്ടായിരുന്നെന്നാണ് എന്റെയോർമ്മ. രണ്ട് വലിയ ഇരുമ്പിന്റെ ട്രങ്ക് പെട്ടികളും ഉണ്ട്. പ്രകാശേട്ടൻ നടന്ന് തന്നെയാണ് വന്നത്. പ്രകാശേട്ടൻ എല്ലാവരെയും നോക്കി പുഞ്ചിരിക്കാൻ ശ്രമിച്ചു. കാണുന്ന മാത്രയിൽ കാര്യമായ പരിക്കുകളൊന്നും കാണുന്നില്ല. വന്നയുടനെ ശ്യാമളവെല്ലിമ്മ പ്രകാശേട്ടനെ കെട്ടിപ്പിടിച്ച് അടിമുടി നോക്കി... "ഒന്നും ഇല്ലമ്മേ... ചെറിയൊരു ആക്സിഡന്റ്... അത്രേയുള്ളൂ.. പേടിക്കാനൊന്നുല്ല" എന്നാലും ശ്യാമളവെല്ലിമ്മ കരഞ്ഞുകൊണ്ട് പ്രകാശേട്ടനെയും കൂട്ടി അകത്തേക്ക് പോയി. അയൽക്കാരും മറ്റും അകത്ത് ഒന്ന് പോയി കട്ടിലിലിരിക്കുന്ന പ്രകാശേട്ടനെ നോക്കി നെടുവീർപ്പിട്ടു. ശ്യാമള വെല്ലിമ്മ അടുത്ത് കട്ടിലിൽത്തന്നെയിരുന്നു. ശ്രീവല്ലിയേച്ചി പ്രകാശേട്ടന് ഹോർലിക്സ് കൊണ്ടുകൊടുത്തു. മൂത്ത മന്ദിരേച്ചി എല്ലാവർക്കും ചായ കൊടുക്കുന്ന തിരക്കിലായിരുന്നു. കൂടെ വന്ന ആർമിക്കാർ അവിടെക്കൂടിയവരോട് അധികമൊന്നും സംസാരിക്കാതെ തമിഴിൽ എന്തൊക്കെയോ പരസ്പരം പറഞ്ഞ് കുറച്ച് നേരം ഇരുന്നു. ഒടുവിൽ അവർ പ്രകാശേട്ടനോട് യാത്ര പറഞ്ഞിറങ്ങി. അധികം കഴിയാതെ അയൽക്കാരും നാട്ടുകാരും. ആരും പ്രകാശേട്ടനെ അധികം ശല്യം ചെയ്തില്ല.
ഒന്ന് രണ്ട് ദിവസം പ്രകാശേട്ടൻ അധികം പുറത്തിറങ്ങിയില്ല. ഞാനും എന്റെ മൂത്ത മച്ചുനനായ വിന്വേട്ടനും എല്ലാ ദിവസവും അവിടെ കയറിയിറങ്ങും. പ്രകാശേട്ടൻ കിടക്കുന്ന തെക്കേ മുറിയിൽ എത്തി നോക്കും. നമ്മളെ കണ്ടാൽ "എന്താടാ" എന്നൊരു ചോദ്യം ഏറിയും. "ഒന്നൂല്ല" എന്ന് നമ്മളുടെ മറുപടിയും. സുഖമില്ലാത്തതല്ലേ എന്ന് കരുതി അധികം ശല്യം ചെയ്യാൻ പോയില്ല, മാത്രവുമല്ല ശ്യാമള വെല്ലിമ്മ "ഓനൊന്ന് മര്യാദക്ക് കിടന്നോട്ടെഡോ" എന്നും പറഞ്ഞ് നമ്മളെ അവിടുന്ന് ഒഴിവാക്കാനും ശ്രമിക്കും.
നമുക്ക് ശ്രീലങ്കയിലെ വിശേഷങ്ങളറിയണം. പ്രകാശേട്ടന് ശരിക്കും എന്താണ് സംഭവിച്ചതെന്നറിയണം. പുലികളെ ഇന്ത്യൻ പട്ടാളം ശരിപ്പെടുത്തുമോ എന്നറിയണം. സത്യത്തിൽ പുലികളോട് എനിക്ക് അനുഭാവമായിരുന്നു, അവരുടെ പ്രതിരോധങ്ങളോട് മതിപ്പായിരുന്നു. എന്നാലും, അവർ നടത്തുന്ന ബോംബ് സ്പോടനങ്ങളോടും വെടിവെപ്പുകളോടും വെറുപ്പായിരുന്നു. ഒരു ദിവസം ഞാനും വിന്വേട്ടനും അവിടെ ചെല്ലുമ്പോൾ പ്രകാശേട്ടൻ പുറത്തെ ഉമ്മറത്തുള്ള, പ്ലാസ്റ്റിക് വയറ് കൊണ്ട് മെടഞ്ഞ, വട്ടക്കസേരയിൽ ഇരിപ്പുണ്ട്. പുള്ളി തുരു തുരാ സിഗരറ്റ് വലിച്ച് തള്ളുന്നുമുണ്ട്. കാര്യങ്ങൾ ഏറെക്കുറെ സാധാരണഗതിയിലായിരിക്കുന്നു എന്ന് ഗൃഹാന്തരീക്ഷത്തിൽ നിന്ന് മനസ്സിലാക്കാം. എല്ലാവരും വളരെ സന്തോഷത്തിലാണ്. ഞാനും വിന്വേട്ടനും പ്രകാശേട്ടന്റെ വശങ്ങളിൽ ഇരിപ്പുറപ്പിച്ചു. ഒരു കൈലി മാത്രമുടുത്തുള്ള ആ ഇരുപ്പിൽ പരിക്ക് എവിടെയായിരുന്നെന്നായിരുന്നു നമ്മുടെ നോട്ടം.
"ഇനിക്കൊരു ഷർട്ടെടുത്തിടറോ പ്രകാശാ" - നമ്മളിങ്ങനെ പ്രകാശേട്ടന്റെ ശരീരം കണ്ണുകൊണ്ട് ഉഴിയുമ്പോൾ, പുറത്തേക്കുള്ള അടുക്കളവാതിലിൽ നിന്നും ശ്യാമളവെല്ലിമ്മ ശകാരിച്ചു.
"ഇങ്ങള് മിണ്ടാണ്ടിരിക്കമ്മേ" എന്ന് പ്രകാശേട്ടനും.
ഈ പ്രകാശേട്ടൻ എന്നെക്കാൾ അഞ്ചോ ആറോ വയസ്സിന് മൂത്തതാണ്. അയൽക്കാരും ബന്ധുക്കളുമൊക്കെയാണെങ്കിലും ഞങ്ങൾ തമ്മിൽ കൊച്ചു പ്രായത്തിലൊന്നും ഒരുമിച്ച് കളിച്ചിട്ടൊന്നുമില്ല. പ്രകാശേട്ടന് താഴെയുള്ള ഭാസിയേട്ടനും ജയശ്രീയേച്ചിയുമാണ് എന്റെയൊക്കെ കൂടെ കളിച്ചിരുന്നവർ. പ്രകാശേട്ടൻ വേനലവധി സമയങ്ങളിൽ പൊട്ടാസ് (
പടക്കം) കച്ചവടം നടത്തും. വീടിന്റെ മുന്നിൽ വയലിലേക്കിറങ്ങുന്ന വഴിയിലായിരിക്കും തെങ്ങോല കൊണ്ട് മറച്ചുള്ള കട. കൂട്ടത്തിൽ മുട്ടായികളും കാണും. കതിരൂരിൽ നിന്ന് കുറച്ചധികം ഒരുമിച്ച് വാങ്ങിക്കൊണ്ട് വന്ന് വിൽക്കാറാണ് പതിവ്. ഞങ്ങളെപ്പോലെയുള്ള കുട്ടികളാണ് customers. ഞങ്ങളുടെ അടുത്ത് പൈസയൊന്നും ഉണ്ടാവില്ലെന്ന് മൂപ്പർക്കറിയാം. പക്ഷേ എങ്ങനെ പണമുണ്ടാക്കാം എന്ന് ഞങ്ങൾക്ക് അദ്ദേഹം ഉപായങ്ങൾ പറഞ്ഞ് തരും. അച്ഛാച്ഛന്റെ കീശയിൽ നിന്ന് ചില്ലറകളെടുക്കുക, ഇളയമ്മ പശുവിൻ പാൽ വിറ്റുകിട്ടുന്ന പണമിടുന്ന പെട്ടിയിൽ നിന്ന് ചില്ലറത്തുട്ടുകൾ തട്ടുക എന്നതൊക്കെയാണ് ആ ഉപായങ്ങൾ. ചില്ലറ കിട്ടുന്നില്ലെങ്കിൽ, വിൽക്കാൻ വേണ്ടി എടുത്ത് വച്ച അടക്ക, കശുവണ്ടി മുതലായവ ആരും കാണാതെയെടുത്ത് പ്രകാശേട്ടന് കൊടുത്താൽ, വലിയ മലഞ്ചരക്ക് കച്ചവടക്കാരന്റെ ഭാവാദികളോടെ തിരിച്ചും മറിച്ചും നോക്കി ഒരു വില പറയും. വേറെ നിവൃത്തിയില്ലാത്തതിനാൽ, നമ്മൾ OK എന്ന് തലകുലുക്കും. പറഞ്ഞ പൈസക്ക് കണക്കായ പൊട്ടാസുകൾ നമുക്ക് തരും. സ്നേഹം മൂക്കുമ്പോൾ ഒരു ശർക്കര മുട്ടായി അധികം തരികയും ചെയ്യും. ആ പൊട്ടാസുകൾ, നമ്മൾ വീട്ടുകാരാരും കാണാതെ, മതില് പോലെയുള്ള കനാലിനപ്പുറം കൊണ്ടുപോയി പൊട്ടിച്ച് സായൂജ്യമടയും. അങ്ങനെയൊക്കെയുള്ള പ്രകാശേട്ടൻ ഇന്ന് പട്ടാള ഉദ്യോഗസ്ഥനായി, നമ്മൾ പ്രീഡിഗ്രിക്കാരനുമായി. കാലം വളരെ മാറി, നമ്മുടെ സമീപനവും. പ്രകാശേട്ടൻ വന്നത് മുതൽ, എന്റെ അച്ഛാച്ഛന്റെ വീട്ടിലേക്കുള്ള സന്ദർശനവും കൂടി.
പ്രകാശേട്ടന്, പരിക്കിന്റെ പേരിൽ ഒരു മാസത്തെ അധിക അവധി അനുവദിച്ചിട്ടുണ്ട്. മൊത്തം രണ്ട് മാസത്തിലധികം അവധിയുണ്ട്. ഞാനും വിന്വേട്ടനും താഴെ നിലത്തിരുന്ന് പലതും ചോദിക്കാൻ തുടങ്ങി. എങ്ങനെയാണ് പട്ടാളം ഓപ്പറേഷനുകൾ നടത്തുന്നത്... ഒറ്റക്കായിപ്പോകാറുണ്ടോ... പുലികളെ നേരിട്ട് കണ്ടിട്ടുണ്ടോ... പുലികളെ പിടിച്ചിട്ടുണ്ടോ... എങ്ങനെയാണ് നിങ്ങൾക്ക് അപകടം പറ്റിയത്... എവിടെയാണ് പറ്റിയത്...
പ്രകാശേട്ടൻ ഉത്തരങ്ങൾ പറഞ്ഞ് തുടങ്ങിയപ്പോൾ നമുക്ക് ഹരം കയറിയിട്ട് ആവേശം കൊടുമുടിയിലെത്തി. ദേശസ്നേഹം തുളുമ്പി രാജ്യത്തിന് വേണ്ടി ഒരു പട്ടാളക്കാരൻ എന്തൊക്കെച്ചെയ്യുന്നു എന്നുള്ള കാര്യങ്ങൾ കേട്ട് ഞങ്ങൾ അന്തിച്ച് പോയി. വാവുനിയയിലോ മറ്റോ ആയിരുന്നു അദ്ദേഹത്തിൻറെ ബറ്റാലിയൻ തമ്പടിച്ചിരുന്നത്. ഒറ്റക്ക് പുറത്തിറങ്ങാൻ ഒരിക്കലും പറ്റില്ല... എപ്പോഴും മെഷീൻ ഗൺ കൈയ്യിലുണ്ടാവും. മേജർ രവിയുടെ സിനിമകളും കാശ്മീർ സിനിമകളും കാണുമ്പോൾ നമ്മൾ കാണുന്ന പലരംഗങ്ങളും അത് പോലെയോ, ചിലപ്പോൾ അതുക്കും മേലെയോ ആയി, പ്രകാശേട്ടൻ വിവരിക്കുന്നത് കേട്ട് ഞങ്ങൾ മനസ്സിൽ കണ്ടിട്ടുണ്ട്. പ്രകാശേട്ടൻ നായകനായി വാവുനിയയിലെ പട്ടണങ്ങളിലും കാടുകളിലും കൈകളിൽ മെഷീൻ ഗണ്ണും ഏന്തി നടത്തുന്ന ഓപ്പറേഷൻ കഥകൾ കേട്ട് ഞങ്ങളുടെ സിരകൾ ഉന്മത്തമായി. കാതുകളിൽ വെടിയൊച്ചകൾ നമുക്കും കേൾക്കാമായിരുന്നു. ഞങ്ങളുടെ കണ്മുന്നിൽ വാവുനിയ മുഴുവൻ നമുക്ക് കാണാമായിരുന്നു.
പല പല ദിവസങ്ങളിലായാണ് കഥാവിവരണങ്ങൾ നടന്നത്. പ്രഭാകരന്റെ വീരസ്യങ്ങൾ പലതും അപസർപ്പക കഥകൾ പോലെ പ്രകാശേട്ടൻ നമുക്ക് പറഞ്ഞു തന്നു... പ്രഭാകരനോട് ആരാധനയും അതേ സമയം വെറുപ്പും പേടിയും തോന്നി. പ്രഭാകരനെ പിടിക്കാതെ ഇന്ത്യയിലേക്കൊരു മടക്കമില്ലെന്ന് കേട്ടപ്പോൾ, പ്രഭാകരൻ യുദ്ധക്കളത്തിൽ മരിച്ചുകിടക്കുന്ന രംഗവും ഞങ്ങൾ മനസ്സിൽക്കണ്ടു. അങ്ങനെയൊരു ഓപ്പറേഷനിടയ്ക്കാണത്രെ പ്രകാശേട്ടന് അപകടം പറ്റിയത്. കുഴിബോംബ് സ്പോടനമായിരുന്നു. കൂടെ വെടിവെപ്പും. കുറേപേർ മരിച്ച് വീണു, കുറേപ്പേർക്ക് പരുക്കേറ്റു, ആകപ്പാടെ രക്തത്തിൽ കുളിച്ച യുദ്ധക്കളം. ഭാഗ്യത്തിന് പ്രകാശേട്ടനടക്കം കുറച്ച് പേർ കാര്യമായ പരുക്കുകളൊന്നുമില്ലാതെ രക്ഷപ്പെട്ടു. എന്നാലും ബോംബ് സ്ഫോടനം തീർക്കാവുന്ന ആന്തരികക്ഷതങ്ങൾ ഉണ്ടാവാമെന്നത് കൊണ്ട്, രക്ഷപ്പെട്ടവരെ trauma care center ലോട്ട് കുറച്ച് ദിവസത്തേക്ക് മാറ്റി. പിന്നീട് മാനസികമായി ശാന്തമാകാനും പൂർണ്ണമായി ആരോഗ്യവാനാകുവാനും വീടുകളിലേക്ക് പറഞ്ഞയച്ചു. അങ്ങനെയാണ് പ്രകാശേട്ടൻ വീട്ടിലെത്തിയത്.
അപ്പോഴാണ് വിന്വേട്ടൻ അത് ശ്രദ്ധിച്ചത്, പ്രകാശേട്ടന്റെ കഴുത്തിന്റെ വലത് ഭാഗത്തായി ഒരു കല. ആ കല പണ്ട് ഉണ്ടായിരുന്നതായി ഞങ്ങൾക്കറിവില്ല. എന്താണെന്ന് ചോദിച്ചപ്പോഴാണ് അദ്ദേഹം ഒരു ഭീകര ദിവസത്തെക്കുറിച്ച് പറഞ്ഞത്. വാവുനിയയിലെ ഒരോപ്പറേഷൻ ദിവസം. ഏതോ ഒരു പുലിമടയിൽ വേട്ടക്കിറങ്ങിയതാണ് IPKF. ഒരു വീട് റെയ്ഡ് ചെയ്യുകയാണ്. പ്രകാശേട്ടൻ തോക്കുമെടുത്ത് ഒരു മുറിയുടെ വാതിൽക്കൽ നിന്നു. കമാൻഡർ സിഗ്നൽ കാണിച്ചതും പ്രകാശേട്ടൻ മുറി വെടിവെച്ച് തകർത്ത് ഉള്ളിൽ കയറി. ഉടൻ തന്നെ ഉള്ളിൽ നിന്നും വെടിവെപ്പുണ്ടായി. വെടിയുണ്ടകൾ തലങ്ങും വിലങ്ങും പായുന്നു. പ്രകാശേട്ടനും തുരുതുരാ വെടിവെക്കുന്നുണ്ട്. ഒന്ന് രണ്ട് പുലികൾ മരിച്ച് വീണു. അതിനിടയിൽ ഒരു വെടിയുണ്ട പ്രകാശേട്ടന്റെ കഴുത്തിലെ തൊലിയുരുമ്മി കടന്നു പോയി. എന്നാലും കാര്യമായ പരുക്കില്ല. തൊലി കത്തികൊണ്ട് കീറിയത് മാതിരി കീറിപ്പോയി അത്രമാത്രം. അതിന്റെ കലയാണ് നമ്മൾ കണ്ടത്!! ആ ഓപ്പറേഷനിൽ വച്ച് കുറെ ആയുധങ്ങൾ പിടിച്ചെടുത്തു. കെട്ട് കണക്കിന് വെടിയുണ്ടകളും. ഒരു വലിയ ട്രക്കിലായിരുന്നത്രേ വെടിയുണ്ടകളും മറ്റ് ആയുധങ്ങളും കൊണ്ട് പോയത്.
വിന്വേട്ടന് പിന്നെയും ചോദ്യം: "അയീന്ന് കുറച്ച് വെടിയുണ്ട നിങ്ങക്കെടുത്തൂടേരുന്നോ..?"
"ഞാനാരാ മോൻ... ഒരു പാക്കറ്റ് ഉണ്ട ഞാനന്നേ എഡ്‌ത് വെച്ചിന്"
"ഞമ്മളൊന്നും ഈ വെടിയുണ്ടാന്ന് പറയുന്ന സാധനം ഇതുവരെ കണ്ടിറ്റില്ല" ഞാൻ പറഞ്ഞു.
"പ്രകാശേട്ടാ... നിങ്ങൾടെയടുത്ത് ഇപ്പൊ വെടിയുണ്ട ഉണ്ടാ?" വിന്വേട്ടന് ഉണ്ട കാണാൻ തിടുക്കം.
"അതിപ്പോ.... മൂന്നാലെണ്ണം മാത്രേ ഞാനിങ്ങെടുത്തിറ്റ്ള്ളൂ... ബാക്കിയൊക്കെ വാവുനിയായിത്തന്നെയാന്ന് "
"പ്ലീസ് പ്രകാശേട്ടാ... ഒരുണ്ട കാണിച്ച് തര്വോ.." എനിക്കും വല്ലാത്ത തിടുക്കം.
"എടാ.. അതൊക്കെ വല്യ പുലിവാല് പിടിച്ച കാര്യാണ്... ആരെങ്കിലും കണ്ടാൽ സുയിപ്പാകും"
"കാണിച്ചേരാനല്ലേ ഇപ്പം പറേന്നുള്ളൂ.... ങ്ങള് വെല്യ പട്ടാളക്കാരനാണ് ആനമുട്ടയാണ് വല്യ ധൈര്യക്കാരനാണ് ന്നൊക്കെ പറഞ്ഞിറ്റ്... " വിന്വേട്ടൻ പ്രകാശേട്ടനെ പിരി കയറ്റി.
"ഒന്ന് കാണിക്ക് പ്രകാശേട്ടാ.... ഇവിടെ വേറാര് കാണാനാ..." ഞാനും വിട്ടില്ല.
പ്രകാശേട്ടൻ കൈ തലക്ക് പിന്നിൽ ചുറ്റി ഒന്ന് ഇരുന്നാലോചിച്ചു... "അതിപ്പോ..."
"പോയെഡ്ക്ക് പ്രകാശേട്ടാ..." ഞാനൊന്നുകൂടി മുറുക്കി.
പ്രകാശേട്ടൻ പതുക്കെ എഴുന്നേറ്റു. കൈലി ഒന്നുകൂടി വയറിന് മേലെ മുറുക്കിക്കെട്ടി. വേറെയാരും ഇല്ലല്ലോയെന്ന കാര്യം ചുറ്റും നോക്കി ഒന്നുകൂടിയുറപ്പിച്ചു; വെല്ലിമ്മയും ശ്രീവല്യേച്ചിയും അടുക്കളയിൽ തിരക്കിലാണ്. മന്ദിരേച്ചി പശുവിന് പുല്ലരിയാൻ പോയിരിക്കുന്നു. ജയശ്രീയേച്ചി എന്റെ അച്ഛാച്ഛന്റെ വീടായ അയൽവീട്ടിലാണ്. ഭാസിയേട്ടൻ വീട്ടിലില്ല; പ്രകാശേട്ടൻ ഉള്ളിലേക്ക് കയറി. ഞങ്ങളോടും ഉള്ളിലേക്ക് വരാൻ ആംഗ്യം കാണിച്ചു. ഞങ്ങൾ അണ്ണാൻ ചാടിയത് പോലെ ഒരൊറ്റ ചാട്ടത്തിന് വീടിനെ തെക്കേ അകത്തെത്തി. പ്രകാശേട്ടൻ വാതിലടച്ചു.
"എടാ ആരോടും പറയല്ലേ... എന്റെ പണി പോകും"
"ഇല്ല പ്രകാശേട്ടാ.. അമ്മ സത്യം" ഞാനും വിന്വേട്ടനും ഒരുമിച്ച് മൊഴിഞ്ഞു.
"ഈ അമ്മ സത്യം.. കൊറേക്കയ്ഞ്ഞ് അമ്മായി സത്യമാകറ് കേട്ടാ...."
"സത്യായിട്ടും..."
പ്രകാശേട്ടൻ, രണ്ട് ട്രങ്ക് പെട്ടികളുള്ളതിൽ ഒന്ന് തുറന്നു. അതിനിടയിൽ വിന്വേട്ടൻ മറ്റേ ട്രങ്ക് പെട്ടി നോക്കാനെന്ന പോലെ അതിന്റെ പൂട്ടൊക്കെ ഒന്ന് പൊക്കി നോക്കാൻ തുനിഞ്ഞു. "ഇതൊന്നും തൊട്ട് പോറ്..." എന്നും പറഞ്ഞ് വിന്വേട്ടന്റെ കൈ തട്ടിമാറ്റി. ഞാൻ തുറന്ന പെട്ടിയിലേക്കെത്തി നോക്കി. ഉണ്ടയുടെ കിടപ്പ് എങ്ങനെയാണെന്നറിയണമല്ലോ.
"നീ അടങ്ങി ആ കട്ടിലിലിരുന്നാട്ടെ... ഈന്റെയുള്ളിലൊന്നും തലയിടണ്ട..." പ്രകാശേട്ടൻ എന്നെ വിലക്കി.
ഞങ്ങൾ അടങ്ങിയിരുന്നു. പ്രകാശേട്ടൻ എന്തൊക്കെയോ പൊക്കി മാറ്റിവെക്കുകയും തിരിച്ച് വെക്കുകയും ചെയ്തു. അവസാനം പെട്ടീടെ അടിയിൽ നിന്ന് ഒരു ചുരുട്ടിയ കവർ പോലുള്ള സാധനം പുറത്തെടുത്തു. പെട്ടി അടച്ചു. എന്നിട്ട് ഞങ്ങളുടെ കൂടെ കട്ടിലിൽ വന്നിരുന്നു. ഞങ്ങൾ എഴുന്നേറ്റ് പ്രകാശേട്ടന് മുന്നിലായി നിന്നു. പ്രകാശേട്ടൻ കവർ തുറന്നു. അതീന്ന് രണ്ട് ചെറിയ പിച്ചളക്കുറ്റികൾ പോലുള്ള സാധനം പുറത്ത് വന്നു. അതാണ് ഉണ്ട... നല്ല ഒന്നാം തരം വെടിയുണ്ട...!
"ഇതാണ് വെടിയുണ്ട.. ഹഹഹാ..." പ്രകാശേട്ടൻ ഓരോ കൈയ്യിലും ഓരോന്ന് പിടിച്ച് പൊക്കിക്കാണിച്ചു.
ഞങ്ങൾ രണ്ട് പേരും ഉണ്ട തൊടാൻ തിടുക്കം കാട്ടി.
"താ പ്രകാശേട്ടാ..."
പ്രകാശേട്ടൻ ഉണ്ടകൾ രണ്ടും ഞങ്ങൾക്ക് തന്നു. ഞങ്ങൾ തിരിച്ചും മറിച്ചും നോക്കി, കൈ കൊണ്ട് അതിന്റെ ഭാരം തൂക്കി നോക്കി, മുകളിലേക്കെറിഞ്ഞ് പിടിച്ച് നോക്കി. ഞങ്ങളുടെ ഒരു ചൂണ്ട് വിരലിന്റെ നീളവും വണ്ണവുമുണ്ട് സാധനത്തിന്. മഞ്ഞ നിറത്തിൽ നല്ല തിളക്കവുമുണ്ട്.
"ഈ ഉണ്ട പോട്ട്വോ..." ഞാൻ ചോദിച്ചു.
"പൊട്ടും... പക്ഷേ തോക്കിലിടണം... "
"അല്ലേങ്കിൽ പോട്ടൂല്ലാ..?" വിന്വേട്ടന് പൊട്ടിക്കണമെന്നുള്ളത് പോലെ.
"ഇതിനെ ഇങ്ങനെ (
ഒരു പ്രത്യേക തരത്തിൽ പിടിച്ചുകൊണ്ട്) steady ആയി വച്ചിട്ട് ഇതിന്റെ പിന്നിലെ ഈ ഭാഗത്ത് അതിശക്തിയായി ആഞ്ഞടിക്കാൻ പറ്റിയാൽ ചിലപ്പോ പൊട്ടും.. പക്ഷേ ഉറപ്പില്ല. എന്താ ഞീ പൊട്ടിച്ചേ അടങ്ങൂ ?"
"ഏയ്....." വിന്വേട്ടൻ തലയാട്ടി.
"ഇത് പൊട്ടാൻ മാത്രം ശക്തി കൊടുക്കാൻ ഇവിടെ ആർക്കും പറ്റൂല്ല.. അയിന് തോക്ക് തന്നെ വേണം."
"പ്രകാശേട്ടാ ഈല് ഒരുണ്ട ഞമ്മക്ക് തര്വോ...?" ഞാൻ ചോദിച്ചു.
"നീ പോടാ...."
"പ്രകാശേട്ടാ... ഇത് പൊട്ടൂല്ലേങ്കിൽ പിന്നെ എന്തിനാ പേടിക്ക്ന്നേ..? ഞമ്മളാരേം കാണിക്കൂല്ല.... ഒറപ്പ്" വിന്വേട്ടൻ എനിക്ക് കട്ട സപ്പോർട്ട്.
"ഇത് കുട്ട്യാളെ കളിയല്ല മക്കളേ...."
"ഞമ്മള് ഇപ്പൊ ബല്യാളായില്ലേ..... പ്രകാശേട്ടൻ ഒന്ന് കൊണ്ടും പേടിക്കേണ്ട... നല്ല പ്രകാശേട്ടനല്ലേ.... പണ്ട് ഞമ്മക്ക് ചക്കരമുട്ടായി തരുന്ന പ്രകാശേട്ടനല്ലേ.. പ്ലീസ്..."
ഞാൻ കുറച്ച് ഒരു മാത്രക്ക് പഴയ കുട്ടിയായി... പ്രകാശേട്ടൻ പൊട്ടാസ് വിൽക്കുന്ന കാലത്തേക്കും പോയി. പ്രകാശേട്ടന്റെ മനസ്സും ആർദ്രമായി.
"ഹും... ഒറപ്പല്ലേ... ആരേം കാണിക്കറ് കേട്ടാ... ഭയങ്കര സുയിപ്പാകും.... ഇതു നിങ്ങളെടുത്തോ" ഒരുണ്ട ഞങ്ങൾക്ക് നേരെ നീട്ടി. വിന്വേട്ടൻ അതെടുത്ത് വിന്വേട്ടന്റെ കൈലിയുടെ കോന്തലയിൽ കെട്ടി. ഒന്നും സംഭവിക്കാത്തത് പോലെ പുറത്തേക്ക് കടന്നു.
"നിങ്ങക്ക് ചോറുണ്ടിറ്റ് പോയിക്കൂടെടാ..." അടുക്കളയിൽ നിന്ന് വെല്ലിമ്മ ചോദിച്ചു.
"വേണ്ട വെല്ലിമ്മേ... വീട്ടീ പോയീറ്റ് കയിച്ചോളാ...." ഞങ്ങൾ അവിടെ നിന്നും ഞങ്ങളുടെ വീട്ടിലേക്ക് പോന്നു.
ഞാനും വിന്വേട്ടനും ഞങ്ങളുടെ വീട്ടിലെ തെക്കേ അകത്തെത്തി വാതിൽ കുറ്റിയിട്ടു. വിന്വേട്ടൻ കോന്തലക്കൽ നിന്ന് ഉണ്ട പുറത്തെടുത്തു. തിരിച്ചും മറിച്ചും നോക്കി. താഴത്തിട്ട് നോക്കി. ആദ്യായിട്ട് കിട്ടിയ ഉണ്ടയല്ലേ.. ചുമരിലേക്കെറിഞ്ഞു നോക്കി... ഇല്ല, പൊട്ടുന്നില്ല... വിന്വേട്ടന് അത് പൊട്ടിക്കാനെന്തോ ധൃതി പോലെ... മരത്തിന്റെ scale അഥവാ ruler എടുത്ത് ഉണ്ടയുടെ പിൻഭാഗത്ത് അടിച്ചുനോക്കി... നോ രക്ഷ... വിന്വേട്ടന് പ്രാന്തായത് പോലെ തോന്നി. അവസാനം ഉണ്ടയുടെ പിൻഭാഗം വിന്വേട്ടൻ അമർത്തിക്കടിച്ചു ... ആ... പല്ല് വേദനിച്ചത് മാത്രം ബാക്കി.
"ഡാ നിങ്ങക്ക് രണ്ടാക്കും ചോറ് വേണ്ടേ... എത്ര നേരായി നിങ്ങളെ കാത്ത് നിക്കുന്ന്... രണ്ടും കൂടി ആത്തെന്താ പരിപാടി..." വിന്വേട്ടന്റെ അമ്മ, എന്റെ എളേമ്മ അടുക്കളയിൽ നിന്ന് ഒച്ച വച്ചു.
അച്ഛമ്മ പറമ്പിൽ പശുവിനെക്കെട്ടാൻ പോയിരിക്കുകയാണ്.വിന്വേട്ടൻ ഉണ്ടയെടുത്ത്, നെല്ല് ഇട്ട് വച്ച വലിയ ചാക്കിന്റെ അടിഭാഗത്ത് ഒളിച്ചു വച്ചു. ഞങ്ങൾ ഊണ് കഴിക്കാൻ അടുക്കളയിലേക്ക് പോയി.
വീണ്ടും ഒരാഴച്ചയോ മറ്റോ കഴിഞ്ഞു കാണും. ഞാൻ പതിവ് പോലെ അച്ഛാച്ഛന്റെ വീട്ടിലെത്തി. എന്തൊക്കെയോ വർത്തമാനങ്ങൾക്ക് ശേഷം, ഞങ്ങൾ ഊണ് കഴിച്ചു. താഴെ പ്രകാശേട്ടന്റെ വീട്ടിൽ പോയപ്പോൾ പ്രകാശേട്ടൻ പുറത്ത് പോയിരിക്കുന്നു. ഞങ്ങൾ തിരിച്ച് വീട്ടിൽ വന്നു. അച്ഛാച്ഛൻ ഊണിന് ശേഷം ഒന്ന് മയങ്ങാൻ കിടന്നു. എളേമ്മയും വിന്വേട്ടന്റെ പെങ്ങന്മാരും തലയിലെ പേന് പരസ്പരമെടുക്കാൻ, പേൻ ചീർപ്പുമായി കിണറ്റിന്റെ ചുറ്റുമുള്ള തിണ്ണയിലിരുന്നു. അച്ഛമ്മ വൈകുന്നേരത്തേക്കുള്ള ചക്കപ്പുഴുക്കിന് ചക്ക വെട്ടി തയ്യാറാക്കുകയാണ്.
"ഇന്ന് വൈകുന്നേരം ചെലപ്പോ നാരാണൻ വെരും..." അച്ഛമ്മ ചക്ക മുറിക്കുന്നതിനിടയിൽ ആരോടെന്നില്ലാതെ പറഞ്ഞു.
വിന്വേട്ടൻ എന്നെ അകത്തേക്ക് വിളിച്ചു. ഞാൻ പണ്ടേ വിന്വേട്ടന്റെ നല്ലൊരു പറഞ്ഞാൽ കേൾക്കുന്ന തോഴനാണ്. വിന്വേട്ടൻ നെൽച്ചാക്കിനടിയിൽ നിന്നും ഉണ്ട പുറത്തെടുത്തു.
"എടാ.. ഞമ്മക്കീ ഉണ്ടയൊന്ന് പൊട്ടിക്കണ്ടേ... "
"അത് വേണോ?.." ഞാൻ ഒന്ന് സംശയിച്ചു "അഥവാ പൊട്ടിയാൽ പ്രശ്‌നാഊല്ലേ.."
"ഏയ് ഇത് ചെറിയ ഉണ്ടയല്ലേ.... ഞമ്മക്ക് ദൂരെ നിക്കാം..."
എനിക്കും ശരിയാണെന്ന് തോന്നി, വെടിയുണ്ട പൊട്ടുന്നതെങ്ങനെയാണെന്നൊന്ന് കാണണം.
"ഒരൈഡിയ ണ്ട്... ഈ ഉണ്ട, ഞമ്മളെ തെക്ക് ബാത്ത്ള്ള പെലാവിന്റെ ചോട്ടിൽ ഒരു കരിങ്കല്ലിന്റെ മേലെ കുത്തനെ വെക്കാം. എന്നിട്ട് പ്ലാവിന്റെ മോളീന്ന് വേറൊരു കരിങ്കല്ല് ഞമ്മക്ക് ഈ ഉണ്ടയുടെ മേലേക്ക് ഇടാം..."
ഒരു പരീക്ഷണം നടത്താൻ എനിക്കും താല്പര്യമായി, പേടിയോടെയാണെങ്കിലും..
"ഒന്ന് നോക്കിക്കളയാ... എന്നാലും പൊട്ടുമോ...?" എനിക്ക് പിന്നേം സംശയം ബാക്കി.
"പൊട്ടീറ്റില്ലെങ്കിൽ പൊട്ടണ്ട.. ന്നാലും ഒന്ന് നോക്കാലോ..."
"ആരെങ്കിലും കണ്ടാലോ.." എനിക്ക് പേടി.
"ആര് കാണാനാ... പ്രകാശേട്ടൻ അപ്പ്രത്തില്ല... പ്രകാശേട്ടന്റെ വീട്ടീന്ന് ഇപ്പൊ ആരും ബെരൂല്ല... വെല്ലിച്ഛൻ(
എന്റെ അച്ഛാച്ചൻ) ഒറങ്ങാമ്പോയി... ബെല്ലിമ്മ (
എന്റെ അച്ഛമ്മ) പശൂന്റടുത്താ.." വിന്വേട്ടൻ വളരെ confident ആണ്.
"എളേമ്മേം വീണേം സിന്ധൂം... കെണറ്റിന്റെ കരേമ്മന്ന് ഓറ് ഞമ്മളെ കാണൂല്ലേ..." ഞാൻ വിന്വേട്ടനോട് ചോദിച്ചു.
"ഓർക്കൊന്നും ഒരൊലക്കേം മനസ്സിലാഊല്ല.... ഞീ മിണ്ടാണ്ടിരി..." വിന്വേട്ടന് കുറച്ച് ദേഷ്യം വന്നു.
"ഈ ഉണ്ട കരിങ്കല്ലിന്റെ മേലെ എങ്ങനെ കുത്തനെ വെക്കും..?" എന്റെ സംശയം തീരുന്നില്ല.
"അയിന് ബേറെ പണീണ്ട്... ഞീ ബാ..."
ഞങ്ങൾ ഉണ്ട അരയിലൊതുക്കി തെക്ക് ഭാഗത്തുള്ള പ്ലാവിന്റെ ചുവട്ടിലേക്ക് നടന്നു. വളപ്പിൽ ഉണ്ടായിരുന്ന രണ്ട് സാമാന്യം പരന്ന രണ്ട് കരിങ്കല്ലുകൾ എടുത്ത് പ്ലാവിന്റെ ചുവട്ടിൽ വെച്ചു. മച്ചുനിച്ചികളായ വീണയും സിന്ധുവും തല നുള്ളി പേനെടുത്ത് 'ഈശ്' എന്ന ശബ്ദമുണ്ടാകുന്നത് നമുക്ക് കുറച്ചകലെ നിന്ന് കേൾക്കാം.
"ഞാൻ മുട്ടീം ആണീം എടുത്ത് ബെരാ... " വിന്വേട്ടൻ തെക്കിനിയിലുള്ള മുറിയിലേക്ക് പോയി. പെട്ടന്ന് തന്നെ ഒരു ഇരുമ്പാണിയും ഒരു hammer ഉം ആയി തിരിച്ച് വന്നു. വന്നയുടനെ ഒരു കരിങ്കല്ലെടുത്ത് അതിന്റെ മേലെ ആണിയെടുത്ത് അടിച്ചടിച്ച്, ചെറിയ ദ്വാരമുണ്ടാക്കാൻ ശ്രമം തുടങ്ങി. ഉണ്ടയുടെ അറ്റത്തുള്ള മുന അതിൽ കയറാൻ മാത്രം പാകമാകാൻ കുറച്ച് സമയമെടുത്തു. പക്ഷേ വിന്വേട്ടൻ ശരിക്കും അതിൽ വിജയിച്ചു. പിന്നെ ആ കരിങ്കല്ലെടുത്ത് പ്ലാവിന്റെ നല്ലൊരു ഉറപ്പുള്ള കൊമ്പിന്റെ അടിയിൽ വച്ചു. എന്നിട്ട് അരയിൽ നിന്ന് ഉണ്ടയെടുത്ത് പുതുതായുണ്ടാക്കിയ ദ്വാരത്തിൽ മുന കീഴെയാക്കി വച്ചു; പിൻഭാഗം മുകളിലും.
മരത്തിൽ കയറാൻ വിന്വേട്ടൻ ഭയങ്കര മിടുക്കനാണ്. ഷർട്ടിന്റെ കീശയിൽ ഒന്ന് രണ്ട് കല്ലുകളുമെടുത്തിട്ട്, വിന്വേട്ടൻ പ്ലാവിന്റെ മേലേക്ക് വലിഞ്ഞ് കയറി, കരിങ്കല്ലും ഉണ്ടയും വച്ച ഭാഗത്തിന് ഒത്ത മുകളിലായുള്ള കൊമ്പിലിരുപ്പായി. എന്നിട്ട് കീശയിലുള്ള ഒരു കല്ലെടുത്ത് കൊമ്പിന്റെ അടിഭാഗം പിടിച്ച് താഴേക്കിട്ടു. കല്ല് വീണ ഭാഗത്തായി ഉണ്ടയും കല്ലും നീക്കി വെക്കാൻ പറഞ്ഞു. എന്തൊരു പ്ലാനിങ്... എന്നിട്ട് ഒരു കല്ലും കൂടി ഇട്ട് നോക്കി. കൃത്യം, അത് ഉണ്ടയുടെ മേലെ വീണു. ഇതാണ് യഥാർത്ഥ എഞ്ചിനീയർ.. ഞാൻ മനസ്സിൽ കരുതി..
അപ്പഴാണ് ഒരു പ്രശ്നം ഉദിച്ചത്, മറ്റേ കരിങ്കല്ല് എങ്ങനെ മുകളിൽ കയറ്റും... ഒരു വിധം നല്ല ഭാരമുണ്ട്. കല്ലെടുത്ത് കൊണ്ട് കയറാൻ പറ്റില്ല. എറിഞ്ഞ് കൊടുക്കാനും പറ്റില്ല. വിന്വേട്ടന്റെ പ്ലാനിങ്ങിൽ വിട്ടുപോയ ഒരേയൊരു ഭാഗം.
"എടാ... ഈ കല്ലിപ്പെങ്ങനെയാ മോളിലേക്കെത്തിക്കുവ..."
എന്റെയുള്ളിലെ എഞ്ചിനീയറും ചിന്തിക്കാൻ തുടങ്ങി. പെട്ടന്ന് എനിക്കൊരു ഐഡിയ തോന്നി.
"ഒരു കാര്യം ചെയ്യാ... ഞാനൊര് കാര് (
കയറ്) കൊണ്ടേന്ന് ഈ കല്ലീക്കെട്ടി അതിന്റെ മറ്റേയറ്റം നിങ്ങക്കെറിഞ്ഞേരാം... എന്നിട്ട് വലിച്ച് പൊക്കിയാ മതി..."
വിന്വേട്ടൻ എന്നെ ശരിക്കും അത്ഭുതത്തോടെ നോക്കി. എനിക്ക് അഭിമാനം തോന്നി.
"ആ.. എന്നാ ബേം നോക്ക്..."
ഞാൻ പശുവിനെക്കെട്ടുന്ന ആലയിൽ (
തൊഴുത്ത്) ചെന്ന് പഴയ കയറെടുത്ത് കൊണ്ട് വന്നു. എന്നിട്ട് കരിങ്കല്ലിൽ കെട്ടി മറ്റേയറ്റം വിന്വേട്ടന് എറിഞ്ഞു കൊടുത്തു. പിന്നെ കല്ല് വലിച്ച് കൊമ്പിലെത്തിച്ചു.
അടുത്തത് പരീക്ഷണമാണ്. തുമ്പയിലെ റോക്കറ്റ് പരീക്ഷണം പോലെ.. പൊഖ്‌റാനിലെ അണുപരീക്ഷണം പോലെ...
"എന്നാ ഞീ ദൂരെ മാറി നിന്നോ...ഞാൻ കല്ല് താഴെയിടാൻ പോവാന്ന്..."
ഞാൻ കുറച്ച് ദൂരെ അപ്പുറത്തുള്ള ഒരു മാവിന്റെ പിന്നിലായി നിന്നു. വൺ.. റ്റു... ത്രീ.. ധും....
കല്ല്, കൃത്യം ഉണ്ടക്ക് മേലേയായി താഴെ വീണു. ഉണ്ട തെറിച്ചു പോയെന്ന് മാത്രം. വേറൊന്നും പറ്റിയില്ല.
"പണ്ടാരം.." വിന്വേട്ടൻ മേലെ നിന്ന് പിറുപിറുത്തു.
എനിക്ക് ചിരി വന്നു. കല്ല് വീഴുന്ന ഒച്ച കേട്ട് എളേമ്മയും മച്ചുനിച്ചിമാരും കിണറ്റിൻ കരയിൽ നിന്ന് ആൾമറയ്ക്ക് മുകളിലൂടെ എത്തിനോക്കി.
"ഈ കുരിപ്പുകള് രണ്ടും കൂടി എന്ത്ന്നാപ്പായീ ചെയ്യ്ന്നേ.... എടാ വിനൂ.. വേണൂ... ങ്ങളെന്താ രണ്ടും കൂടി പരിപാടി.." എളേമ്മ ആൾമറക്ക് മുകളിൽ കൈ കുത്തിച്ചോദിച്ചു.
"ഒന്നൂല്ല എളേമ്മേ... കരിങ്കല്ല് പൊട്ടിക്കാൻ നോക്ക്വാ.... കെളേമ്മല് വെക്കാൻ..."
"ആ ശെരി ശെരി...."
ഞാൻ പിന്നെയും ഉണ്ടയെടുത്ത് കുത്തനെ താഴെയുള്ള കരിങ്കല്ലിൽ വച്ചു. മറ്റേ കരിങ്കല്ല് കയറിൽ കെട്ടി, മറ്റേ അറ്റം വിന്വേട്ടന് മുകളിലേക്ക് എറിഞ്ഞ് കൊടുക്കാൻ എഴുന്നേറ്റതും ദാ.. മുന്നിലൊരാള് നിൽക്കുന്നു.. നാരാണളേച്ഛൻ !
നാരാണളേച്ഛൻ ആളൊരു ജോളി ടൈപ്പാണ്. എന്റെ അച്ഛനെപ്പോലെയൊന്നുമല്ല. എളേച്ഛൻ സാധാരണ, നാട്ടിലേക്ക് അവധിക്ക് വന്നാൽ ഞങ്ങൾക്ക് ഉത്സവമാണ്. പോക്കറ്റ് മണി തരും... അച്ഛന്റെ നേരെ വിപരീതം. പിന്നെ കെട്ടിപ്പിടിക്കാം ഉമ്മവെക്കാം.. ആവശ്യങ്ങൾ പറയാം.... അങ്ങനെയങ്ങനെ... അങ്ങനെയുള്ള നാരാണളേച്ഛൻ വന്നാൽ സാധാരണഗതിയിൽ പേടിക്കാനൊന്നുമില്ല. പക്ഷേ ഇവിടെ ഞങ്ങൾ ഇത്തിരി ഭയന്നു. ഞാൻ മേലോട്ട് നോക്കിയപ്പോൾ വിന്വേട്ടൻ കണ്ണുകൊണ്ടും വാ കൊണ്ടുമൊക്കെ, കൊമ്പും പിടിച്ച്, ഉണ്ട മറയ്ക്കാൻ ഗോഷ്ടികൾ കാണിക്കുന്നുണ്ട്. പക്ഷേ എങ്ങനെ മറയ്ക്കും.. എളേച്ഛൻ മുന്നിൽത്തന്നെ നിൽക്കുകയല്ലേ... കനാലിന്റെ ഓരത്തുള്ള ശീമക്കൊന്നയുടെ മറവിലൂടെ എളേച്ഛൻ വരുന്നത് മുകളിൽ നിന്ന് വിന്വേട്ടൻ പോലും കണ്ടില്ല. അല്ലെങ്കിൽ നമ്മുടെ പരീക്ഷണത്തിലെ ശ്രദ്ധ കാരണം വേറൊന്നും ശ്രദ്ധിക്കാൻ പറ്റിയില്ല.
"നിങ്ങളെന്താടാ.. ഇവിടെ കയറും കല്ലുമായി പരിപാടി..."
"ഒന്നൂല്ലളേച്ഛാ... ഊഞ്ഞാല് കെട്ടാനാ..." അങ്ങനെ പറയാനാണ് തോന്നിയത്.
"അതിനെന്തിനാ കല്ല്..?"
ഞാൻ മുകളിലോട്ട് വിന്വേട്ടനെ നോക്കി. വിന്വേട്ടൻ അപ്പോൾ അതിന്നും മുകളിലേക്ക് ആകാശത്തോട്ട് നോക്കി.
ആ സമയത്താണ് ആകാശത്ത് ഇടിവെട്ടിയതും (
ഞങ്ങൾ മാത്രമേ കേട്ടുള്ളൂ) എളേച്ഛൻ, താഴേക്കിടക്കുന്ന കരിങ്കല്ലിൽ കുത്തനെ കിടക്കുന്ന സാധനവും ശ്രദ്ധിച്ചത്. ഉണ്ട എങ്ങനെ കിടന്നാലും പട്ടാളക്കാരന് മനസ്സിലാകാതിരിക്കുമോ? ഞങ്ങൾക്ക് കണ്ണിൽ ഇരുട്ട് കയറുന്നത് പോലെ തോന്നി.
"ഉയ്യെന്റെ പെരുമാളേ... വെടിയുണ്ടയല്ലേയിത്..?"
എളേച്ഛൻ പൊടുന്നനെ കുനിഞ്ഞ് ഉണ്ട കൈയ്യിലെടുത്തു.
"എവിടുന്നാടാ നിങ്ങക്കീ ഉണ്ട കിട്ടിയത്? സത്യം പറ... എന്തായിരുന്നു നിങ്ങളുടെ പരിപാടി... ആരാ ഈ ഉണ്ട നിങ്ങക്ക് തന്നത് ...?" ആരും ഒന്നും മിണ്ടിയില്ല.
"താഴെ എറങ്ങെടാ...."
വിന്വേട്ടൻ താഴെയെത്തിയത് ചക്ക വീഴുമ്പോലെ വേഗത്തിയായിരുന്നു. എളേച്ഛനെ ഈ ഭാവത്തിൽ നമ്മളാരും അതുവരെ കണ്ടിട്ടില്ല. ഞങ്ങളെയൊന്ന് ശകാരിച്ചിട്ട് കൂടിയില്ല... അങ്ങനെയുള്ള എളേച്ഛന്റെ കൈ ഇപ്പോൾ ഞങ്ങളുടെ ചെവിയിലാണ്. ബഹളം കേട്ട് എളേമ്മയും മച്ചുനിച്ചിമാരും പാഞ്ഞെത്തി. ഞങ്ങളെപ്പിടിച്ച് വീടിന്റെ ഉമ്മറത്തേക്ക് കൊണ്ടുവന്നു. മച്ചൂനിച്ചിമാർ പേൻ ചീർപ്പും കളഞ്ഞ്, ഓരോ തൂണും മറഞ്ഞ് നിൽപ്പാണ്.
"നീയെന്നാ നാരാണാ ഈ കാണിക്കുന്നത്... കുട്ട്യളെന്താ അയിന് മാത്രം ചെയ്തത്..?" അച്ഛമ്മ പറമ്പിൽ നിന്ന് ഓടി വന്നു.
"ഒരൊറ്റയൊന്ന് മിണ്ടിപ്പോകരുത്.... ഇവര് കാണിച്ച ഈ ഏടാകൂടം എന്താണെന്ന് ആർക്കും അറിയില്ല... ഇല്ല.. നിങ്ങക്കൊന്നും മനസ്സിലാവൂല്ല..."
"പറയെടാ.. എവിടുന്നാ ഈ ഉണ്ട കിട്ടിയത്.. പറ..."
"എന്തുണ്ടയാ ഏട്ടാ...." എളേമ്മ വിറച്ചോണ്ട് ചോദിച്ചു.
"മണ്ണാങ്കട്ട.. വെടിയുണ്ട.... അല്ലാണ്ടെന്നാ..."
"എന്റമ്മേ.. വെടിയുണ്ടയോ... അതേഡ്ന്നാപ്പാ ഇവർക്ക് കിട്ട്യേ...." എളേമ്മക്ക് സംശയം.
"ആരാടാ ഈ ഉണ്ട തന്നത്... എടാ.. ഇതിന്റെ seriousness ചിലപ്പോ നിങ്ങക്കറിയില്ല... ആരെങ്കിലും പുറമേന്നറിഞ്ഞാ... നിങ്ങള് മാത്രല്ല.. എല്ലാരും തൂങ്ങും... എന്റെ പണിയും പോകും.... പറ.. എവിടുന്നാണ് ഉണ്ട കിട്ടിയത്..?"
"എടാ.. അങ്ങ് പറഞ്ഞേക്ക്..." എളേമ്മ പതുക്കെ പറഞ്ഞു.
"നിങ്ങള് പറയൂല്ലെങ്കിൽ എനക്ക് പോലീസിനെ വിളിക്കേണ്ടി വരും..." അത് കേട്ടപ്പോൾ ഞങ്ങളൊന്ന് കിടുങ്ങി. ഞാനും വിന്വേട്ടനും കരച്ചിലിന്റെ വക്കത്താണ്.
"നിങ്ങള് പറയൂല്ലേ..." എളേച്ഛന്റെ സ്വരം ദേഷ്യത്തിലുയർന്നു.
ഞാൻ കഴുത്ത് കൊണ്ട് മുന്നിലാണ് എന്ന ആംഗ്യം കാണിച്ചു. ഞങ്ങളുടെ വീടിന്റെ മുന്നിലാണ് പ്രകാശേട്ടന്റെ വീട്.
"നീയെന്താ കഴ്ത്ത് കൊണ്ട് കളിക്കുന്നേ... മുന്നിലെന്താഡാ...?"
"പ്രകാശേട്ടൻ.."
"ഓ പ്രകാശൻ എത്തിയോ? ഓനെങ്ങനെയാ ഉണ്ട കിട്ടിയത്... ഓനെന്തിനാ ഇവർക്ക് ഉണ്ട കൊടുത്തത്... ?" എളേച്ഛൻ ആ വീട്ടിലേക്ക് തിരിഞ്ഞുകൊണ്ട് പറഞ്ഞു.
"നാരണാ ഞീയിപ്പോ ഓനോട് ചോയിക്കാനൊന്നും പോണ്ട... ഓനിപ്പം പരിക്കും കൊണ്ട് വന്നിറ്റേയ്ള്ളൂ... ഇപ്പം പോയീറ്റ് കൊയപ്പാക്കണ്ട.." അച്ഛമ്മ എളേച്ഛനെ വിലക്കി.
"നിങ്ങളൊന്ന് മിണ്ടാണ്ട് നിക്കമ്മേ... പ്രകാശൻ എപ്പഴാ ഉണ്ട നിങ്ങക്ക് തന്നത്..?"
"കഴിഞ്ഞാഴ്ച.."
"എത്ര ഉണ്ട തന്നു...?"
"ഒന്ന്"
"ഒറപ്പാണോ.. ഒന്നേയുള്ളൂ....?"
"ഹാ.." വിന്വേട്ടൻ തലയാട്ടി.
"ഓൻ വേറെന്തെങ്കിലും പറഞ്ഞോ...?"
"പുലികളുടെ ഉണ്ടയാണെന്നാ പറഞ്ഞത്... പുലികളെ റെയ്ഡ് ചെയ്തപ്പോ കിട്ടിയതാ പോലും"
"ഓന്റമ്മേന്റെയുണ്ട... ഹ.. പുലികളുടെ ഉണ്ട പോലും.. ഇത് നമ്മടെ ആർമീടെ ഉണ്ടയാ... കണക്കും കാര്യോള്ള ഉണ്ടയാ... ഇതെന്താ പിള്ളേര് കളിയാ.. ഇവനിതൊന്നും അറിഞ്ഞൂടെ... പട്ടാളക്കാരനാ പോലും... ഇവനെയൊക്കെ പട്ടാളത്തിലെടുപ്പിച്ച എന്നെത്തന്നെ പറഞ്ഞാ മതി.." എന്നും പറഞ്ഞ് എളേച്ഛൻ പ്രകാശേട്ടന്റെ വീട്ടിലേക്ക് പോകാനിറങ്ങി.
പോകുന്ന പോക്കിൽ വീണ്ടും തിരിച്ച് വന്നു. എളേച്ഛൻ നിന്ന് വിറയ്ക്കുകയാണ്. മുണ്ടും ഷർട്ടുമാണ് ഉടുത്തിരിക്കുന്നതെങ്കിലും ഒരു പട്ടാളക്കാരന്റെ commanding action ആണ് ഞങ്ങൾ കാണുന്നത്. നടത്തത്തിന് marching ന്റെ സ്റ്റൈൽ... വാക്കുകൾ command പോലെ. ഒരു പട്ടാള ഓഫീസർ തോക്കുമെടുത്ത്, വീട്ടിൽ വന്ന് റെയ്ഡ് ചെയ്യുമ്പോലെയൊക്കെ ഞങ്ങൾക്ക് തോന്നി. കുറച്ച് നേരത്തേക്കെങ്കിലും കാശ്മീരിലാണോ ഞങ്ങളുടെ വീടെന്ന് പോലും തോന്നിപ്പോയി.
"ഒരൊറ്റയൊന്ന് ഇവിടുന്ന് അനങ്ങരുത്. അമ്മയടക്കം എല്ലാരും ഇവ്ടെ ഈ ഇറയത്ത് ഇരിക്കണം... ഞാൻ തിരിച്ച് വരുന്ന വരെ..."
അതും പറഞ്ഞ് എളേച്ഛൻ പറമ്പിറങ്ങി പ്രകാശേട്ടന്റെ വീട്ടിലേക്ക് മാർച്ച് ചെയ്ത് പോയി.
"പ്രകാശാ... പ്രകാശാ..." പോകുന്ന പോക്കിൽ എളേച്ഛൻ വിളിക്ക്യാണ്.
"ആ നാരാണനാ.. നീയെപ്പാ വന്നേ... പ്രകാശൻ ഈടെയില്ല... എന്താ കാര്യം..?" ശ്യാമള വെല്ലിമ്മ ഒറ്റ ശ്വാസത്തിൽ ചോദിച്ചു...
"എല്ലം ഇപ്പം ങ്ങക്ക് മനസ്സിലാഉം...ആരൊക്കെയാ ഇപ്പം ഈടെയുള്ളെ?"
"ഞാനും ശ്രീവല്ലീം മന്ദിരേം മാത്രേ ഇപ്പം ഈടെയുള്ളൂ..."
"എല്ലാരോടും കെഴക്ക് ഭാഗത്ത് വരാൻ പറ...."
മൂന്ന് പേരും കിഴക്ക് ഭാഗത്ത് വന്നു. എളേച്ഛന്റെ പരിചിതമല്ലാത്ത ഒരു മുഖം എല്ലാവരും കാണുകയാണ്. പ്രകാശേട്ടന്റെ വീട്ടിലെ നാടകം ഞങ്ങളുടെ വീട്ടിന്റെ ഉമ്മറത്ത് നിന്ന് നമുക്ക് കാണാം.
"നിങ്ങളെ മോൻ ഒരു തോന്ന്യാസം കാണിച്ചു... അതുകൊണ്ട് എനിക്ക് ഈ വീടൊന്ന് പരതണം..."
"നീയെന്നാ നാരണാ ഈ പറേന്നെ...?"
മന്ദിരേച്ചീം ശ്രീവല്ലിയേച്ചീം കുന്തം വിഴുങ്ങിയപോലെ നിൽപ്പാണ്.
"നിങ്ങളിവിടെത്തന്നെ നിക്കണം.. എവിടെയും പോകരുത്..."
മന്ദിരേച്ചി ഞങ്ങളുടെ വീടിനെ ഒന്നെത്തി നോക്കി.
"അനങ്ങിപ്പോറ് ന്ന് പറഞ്ഞില്ലേ..." എളേച്ഛൻ ഒന്ന് കനത്തു.
മന്ദിരേച്ചി പെട്ടന്ന് attention ആയി.
"ഏതാ പ്രകാശന്റെ മുറി?.. തെക്കേ മുറി തന്നെയല്ലേ?..." എളേച്ഛൻ അകത്തേക്ക് കയറുമ്പോൾ തിരിഞ്ഞുകൊണ്ട് ചോദിച്ചു. ശ്യാമള വെല്ലിമ്മ അതേയെന്ന് ചുമരും ചാരിക്കൊണ്ട് തലയാട്ടി.
എളേച്ഛൻ പ്രകാശേട്ടന്റെ മുറി മുഴുവൻ തപ്പിക്കാണണം... ട്രങ്ക് പെട്ടികൾ രണ്ടും തുറന്ന് കാണണം. അര മണിക്കൂർ കഴിഞ്ഞ് എളേച്ഛൻ പുറത്ത് വന്നു. കൈയ്യിൽ മൂന്നുണ്ടകൾ ഉണ്ടായിരുന്നു. ഓപ്പറേഷൻ സക്സസ് !
"ഇത് കണ്ടോ... നിങ്ങൾടെ പുന്നാരമോൻ പട്ടാളത്തീന്ന് കൊണ്ടുവന്നത്?"
"ഇതെന്താ സാധനം നാരായണാ.."
"ഇതാണ് വെടിയുണ്ട.... ഇതൊന്നും ഇങ്ങനെ കൊണ്ട് പോവ്വാൻ പാടില്ല... ഇതിനൊക്കെ കണക്കും കാര്യോം ഉള്ളതാ.... ഇതൊക്കെ പിടിച്ചാ ജയിലീ കിടക്കും.. പിന്നെ ഊരാൻ കൊറച്ച് പാട് പെടും.... പ്രകാശൻ വന്നാ പറഞ്ഞേക്ക്... എന്നെ വന്ന് കാണാൻ..."
"ഉയ്യന്റമ്മേ... ഇവനെന്തിനാ ഇങ്ങനത്തെ മാലാഹാരം തെണ്ടി വെക്കുന്നത്... ഓൻ വന്നാ പറയാ.. നാരണാ..." ശ്യാമള വെല്ലിമ്മ വിതുമ്പലടക്കി.
"ഹും.. ഇനി എല്ലാരും എന്താ വേണ്ടന്ന് വെച്ചാ ചെയ്യ്.. എനക്ക് കിട്ടേണ്ട സാധനം കിട്ടി..."
അവിടത്തെ കർഫ്യൂ ഇളവ് ചെയ്തു. എളേച്ഛൻ തിരിച്ച് വീട്ടിലേക്ക്മാർച്ച് ചെയ്തു.
"ഇത് കണ്ടാ.. മൂന്നെണ്ണം കൂടി കിട്ടി... പട്ടാളത്തിൽ ഉണ്ട കളവ് പോയാ അയിനെതിരെ അന്വേഷണം ണ്ടാവും... ഇതൊക്കെ പിടിച്ചാ ഇവന്റെയൊക്കെ പണി പോവൂന്ന് മാത്രല്ല അഴിയെണ്ണേണ്ടീം വരും... പെൻഷൻ പോലും പിന്നെ കിട്ടീന്ന് വേരൂല്ല..." ബാക്കി ഉണ്ട ഞങ്ങളെ കാണിച്ച് കൊണ്ട് പറഞ്ഞു...
"ഇതും പോരാഞ്ഞ് ഈ പൊട്ടന്മാർ ഉണ്ട പൊട്ടിക്കാൻ പെട്ട പണി നിങ്ങൾ കണ്ടതല്ലേ?.. എന്ത് പണിയാ ഈ പിള്ളര് കാണിച്ചേ.... ഇതെങ്ങാനും ആ കല്ലിന്റെ കൂട്ടത്തിൽ പൊട്ടിയിരുന്നെങ്കി രണ്ടും ബാക്കി കാണില്ലാരുന്നു..."
"അപ്പോ അതേനു ഇവര്ടെ പെലാഇന്റെ മേലെന്ന്ള്ള പരിപാടി.. ല്ലേ... ന്റെ കൊട്ടിയൂർ പെരുമാളേ... ങ്ങള് കാത്തു..." അച്ഛമ്മ മേലോട്ട് നോക്കിപ്പറഞ്ഞു. ഈ ഉണ്ടകൾ പുറത്ത് പൊട്ടാതെ പൊട്ടിയതും രണ്ട് വീടുകളിൽ കർഫ്യൂ പ്രഖ്യാപിച്ചതും പുറത്ത് പട്ടാളം മാർച്ച് ചെയ്തതുമൊന്നുമറിയാതെ അച്ഛാച്ഛൻ അപ്പോഴും മയക്കത്തിലായിരുന്നു.
"അസ്സത്തുങ്ങള്...പോയീനെടാ... നായ്ക്കളെ.... " എളേച്ഛൻ നമ്മളെ രണ്ട് പേരെയും അടിക്കാനോങ്ങി... ഞങ്ങൾ ഇറങ്ങിയോടി.....
എളേച്ഛന്റെ റെയ്ഡ് അവിടെ അവസാനിച്ചു. ഇനി പ്രകാശേട്ടൻ വന്നാ എന്താണാവോ നടക്കുക... എന്തായാലും കിട്ടിയ ഉണ്ട കയ്യിൽ നിന്ന് പോയി. ഉണ്ടകൾ കയ്യിൽ നിൽക്കില്ലെന്ന് അതുകൊണ്ടാണ് പറയുന്നത് ! ഉണ്ടയെടുത്തെങ്കിൽ ആരും അറിയരുത്! അല്ലെങ്കിൽ ഉണ്ടയെടുക്കരുത്! ലങ്കനുണ്ടക്കഥയുടെ സാരവും അത്രയേ ഉള്ളൂ !
......
ഇതാണ് പിണറായിയുടെ ഉണ്ടക്കഥയിൽ നിന്ന് ശ്രീലങ്കൻ ഉണ്ടയിലേക്കുള്ള പ്രയാണം. അന്ന് CAG ഈ ഉണ്ട മോഷണം ചൂണ്ടിക്കാണിക്കാഞ്ഞത് കൊണ്ട് കുറച്ച് പേര് രക്ഷപ്പെട്ടു. CAG ആയാൽ അങ്ങനെ വേണം... അല്ലാതെ പത്ര സമ്മേളനം നടത്തി ഉണ്ടയുടെ കണക്ക് പറയുകയല്ല വേണ്ടത് !
ജ്ഞാനികൾ പണ്ടേ പറയുന്നു കൂട്ടരേ
തിന്നുന്നനേരം, കല്ലുകൾ മാറ്റീട്ടരി തന്നെ തിന്നണം !
കല്ലുകൾ തിന്നുകിൽ നേതാക്കളീവിധം
പ്രജകളെ മണ്ടരായ് തീർക്കും ബൃഹത്തരം !!
പിന്നീടറിഞ്ഞത്:
എളേച്ഛൻ കിട്ടിയ നാലുണ്ടകളുമെടുത്ത് തലശ്ശേരിക്ക് വണ്ടി കയറിയെന്നും അവിടെയുള്ള കടൽപ്പാലത്തിൽ നിന്ന് കടലിലേക്ക് ഉണ്ടകൾ വലിച്ചെറിഞ്ഞെന്നും വീട്ടിൽ നിന്ന് ആരൊക്കെയോ പറയുന്നത് കേട്ടു. അതിന് ശേഷം കേട്ട കാര്യം കേട്ട് ഞങ്ങളും ഞെട്ടി. ആ ഉണ്ടകൾ വെറും fake ആയിരുന്നത്രേ. പട്ടാളക്കാരന്റെ duty യുടെയും responsibility യുടെയും seriousness, താരതമ്യേന junior ആയ പട്ടാളക്കാരനെയും, നാളെ പട്ടാളക്കാരനായേക്കാവുന്ന നമ്മളെയും അറിയിക്കാൻ നടത്തിയ നാടകമായിരുന്നത്രേ. (പാവം പ്രകാശേട്ടൻ, വെറുതേ പഴി കേട്ടു)! ഇനി മുക്കുവന്മാരുടെ വലയിൽ ഉണ്ടകൾ കുടുങ്ങാതിരുന്നാ മതിയായിരുന്നു; അല്ലെങ്കിൽ കുറേപ്പേർ വീണ്ടും ഉണ്ടകളുടെ കണക്ക് പറയേണ്ടി വരും, fake ഉണ്ടകളുടെ പേരിൽ !!
[കുറിപ്പ്: ഈ കഥയും ഈ കഥയിലെ പ്രധാന കഥാപാത്രമായ പ്രകാശേട്ടനും എന്റെ വീട്ടുകാരൊഴിച്ചുള്ള കഥാപാത്രങ്ങളും വെറും ഭാവനയാണെന്നും ആർക്കെങ്കിലും കഥാപാത്രങ്ങളുമായിട്ട് സാമ്യം തോന്നുന്നെങ്കിൽ, അത് വെറും യാദൃശ്ചികമാണെന്നും, ഈ കഥയെഴുത്ത് കൊണ്ട് ആരെയും മനസാ മുറിപ്പെടുത്താൻ ഉദ്ദേശിച്ചിട്ടില്ലെന്നും മേല്പറഞ്ഞ കഥക്ക് സാമ്യമുള്ള ഒരു സംഭവം എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ലെന്നും, ഉണ്ടയുമായി ബന്ധപ്പെട്ട് ഒരു കഥ മെനഞ്ഞ് വായനക്കാർക്കെത്തിക്കാൻ വേണ്ടി, കഥ ഒരു യാഥാർത്ഥ്യമായി തോന്നാൻ മാത്രം, ഇങ്ങനെയൊരു ഉപായം സ്വീകരിച്ചതാണെന്നും, അതൊരെഴുത്ത്കാരന്റെ സ്വാതന്ത്ര്യമാണെന്നും, എഴുതിയ കാര്യങ്ങൾ സത്യമാണെന്ന് കരുതി സത്യാവസ്ഥ തേടി ഇറങ്ങിപ്പുറപ്പെടരുതെന്നും, ഇല്ലാത്ത സത്യങ്ങൾ എത്ര ചികഞ്ഞാലും കിട്ടുന്നതല്ലെന്നും എല്ലാവരെയും പ്രത്യേകം അറിയിക്കുന്നു.]
***