2014, ഡിസംബർ 28, ഞായറാഴ്‌ച

ശബരിമലവികസനവും ഭക്തിയും യുക്തിയും

എന്റെയൊരു പ്രിയ സുഹൃത്തിന്റെ ഫേസ്ബുക്കിലെ  'ശബരിമലവികസന' പരാമർശത്തിന് എഴുതിയ മറുപടി ഇത്തിരി വിപുലീകരിച്ചാണ് ഈയൊരു കുറിപ്പെഴുതുന്നത്. ശബരിമലയിൽ വികസനം നടക്കാത്തതിനാലും അവിടെ പ്രാഥമിക സൌകര്യങ്ങൾ അപര്യാപ്തമായതിനാലും അദ്ദേഹം ഖിന്നനും കോപിഷ്ഠനുമാണ്. അദ്ദേഹത്തിന്റെ ഉൽകണ്ഠ, ഒരു തരത്തിൽ വിശ്വാസികളുടെ നിഷ്കളങ്കമായ രോഷപ്രകടനമാവാം.

[ആദ്യമേതന്നെ പറഞ്ഞുകൊള്ളട്ടെ, ഞാനൊരു നാസ്തികനല്ല, എന്നാലും ഇന്ന് ലോകത്ത് കാണുന്ന തരത്തിലുള്ള കേന്ദ്രീകൃത രീതിയിലുള്ള മതങ്ങളും ദൈവാരാധനാക്രമങ്ങളും മറ്റും ശരിയായ രീതിയിലല്ലെന്നും എല്ലാം ഉടച്ചുവാർക്കേണ്ടതാണെന്നും അഭിപ്രായമുണ്ട്. ഈ കുറിപ്പ് ആരുടെയും വിശ്വാസത്തിനെതിരായോ, ആരുടെയെങ്കിലും വിശ്വാസത്തെ തകർക്കാനോ അല്ല. 'ഹിന്ദു'ക്കളെയും 'ഹിന്ദു' ആചാരങ്ങളെയും പറ്റി എന്തും പറയാം എന്ന വിശ്വാസം ഉള്ളതുകൊണ്ടുമല്ല. 'ഹിന്ദു' എന്നറിയപ്പെടുന്ന ജീവിതരീതി പിന്തുടരുന്ന സമൂഹത്തിൽ, അതിലെ ചില കാര്യങ്ങളെപ്പറ്റി സംവാദങ്ങൾ നടത്താനും, സംശയങ്ങൾ / ചോദ്യങ്ങൾ എന്നിവ ഉന്നയിക്കാനും  സ്വാതന്ത്ര്യമുള്ളതു കൊണ്ട് മാത്രം മുതിരുന്നു.  എന്റെ ഉള്ളിൽ നടക്കുന്ന ചെറിയ സംഘർഷത്താൽ ഉളവായ ചെറിയ ചില ചിന്തകൾ സ്വതന്ത്രമായി നിങ്ങളുടെ സ്വതന്ത്രചിന്തകളിലേക്ക് പങ്കുവെക്കാൻ ശ്രമിക്കുന്നു എന്ന് മാത്രം. ഈ ചിന്തകളുടെ പങ്കുവെക്കലുകൾ കൊണ്ട് ഇനിയെല്ലാം ശുഭം എന്ന ധാരണയുമില്ല.മുഴുവൻ വായിച്ച് മാത്രം അഭിപ്രായം പറയുക.]

ചിത്രത്തിന് ഗൂഗിളിനോട് കടപ്പെട്ടിരിക്കുന്നു

എന്താണ് ശബരിമലയിൽ നടക്കുന്നത്? ഭക്തിയുടെ പേരിൽ സമൂഹം എന്ത് ചെയ്യുന്നു? സർക്കാർ എന്ത് ചെയ്യുന്നു? ഭക്തന്മാർ എന്ത് ചെയ്യുന്നു? താന്ത്രികസമൂഹം എന്ത് ചെയ്യുന്നു? 

ഭക്തി (ഏതൊരു മതത്തിലും - മനുഷ്യമതത്തിൽ ആർക്കും വിശ്വാസമില്ലല്ലോ) ഒരു നല്ല കാര്യം തന്നെയാണെന്നാണ്. നല്ല രീതിയിൽ ഭക്തി ജീവിതത്തിൽ പ്രാവർത്തികമാക്കിയാൽ ഏകാഗ്രത കിട്ടുന്നതിന് പുറമേ നല്ല മനുഷ്യനുമായിത്തീരാം എന്ന് തന്നെയാണ് എന്റെ വിശ്വാസം. പക്ഷേ ഭക്തികൊണ്ട് ഇന്ന് നടക്കുന്നതെന്താണ്? കച്ചവടവൽക്കരണത്തിന്റെ കാലത്ത് ഭക്തിയും വാണിജ്യവൽക്കരിക്കപ്പെട്ടിരിക്കുന്നു. അറിഞ്ഞോ അറിയാതെയോ ഭക്തന്മാർ ഈ വാണിജ്യവൽക്കരണത്തിന്റെ ഭാഗമായി പറ്റിക്കപ്പെടാൻ നിന്നുകൊടുക്കുകയും ചെയ്യുന്നു. 'ഭക്തി എന്നത് വെറും 'ഷോ' ആയി മാറിയിരിക്കുന്നു.

ഇന്ന് ഒട്ടു മിക്ക പേരും  വ്രതം എടുക്കുന്നത് തന്നെ എങ്ങനെയെങ്കിലും വ്രതം ഒന്ന് 'മുറിച്ച്' കിട്ടിയാൽ മതി എന്ന ചിന്തയിലാണ്. വ്രതം മുറിക്കുന്നത് തന്നെ കള്ള് കുടിച്ചോ, അല്ലെങ്കിൽ വിഭവ സമൃദ്ധമായ സസ്യേതര ഭക്ഷണങ്ങൾ തിന്നോ ആണ്. ഇതിലെ യുക്തി എനിക്കിന്നും മനസ്സിലായിട്ടില്ല. വ്രതം നോൽക്കുന്നത് ആത്മാവിന്റെയും ശരീരത്തിന്റെയും ശുദ്ധിക്കാണെന്നും അങ്ങനെ വ്രതം നോറ്റ് ലബ്ദ്ധിച്ച ശുദ്ധി, ജീവിതത്തിൽ മൊത്തം നില നിർത്താൻ ശ്രമിക്കണം എന്നൊക്കെയാണ് വ്രതത്തിനെപ്പറ്റി ഞാൻ ഹ്രസ്വമായി അറിഞ്ഞിട്ടുള്ളത്. വ്രതത്തിന്റെ സമയത്ത് മാത്രം ശുദ്ധനായിരിക്കാനും വ്രതം എന്ന ചെറിയ കാലയളവ് കഴിഞ്ഞാൽ പിന്നെ എന്ത് തോന്ന്യാസവുമാകാം എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. വ്രതം നോൽക്കാൻ തുടങ്ങുമ്പോഴുണ്ടാകുമെന്ന് പറയുന്ന സന്തോഷത്തേക്കാൾ സന്തോഷം കൂടുതൽ കാണുന്നത് വ്രതം മുറിക്കുമ്പോഴാണ് (എല്ലാവരും അങ്ങനെയ്യാവണമെന്നില്ല - എന്നാലും ബഹുഭൂരിപക്ഷം). അപ്പോൾ വ്രതം നോൽക്കുന്നത് ആരെക്കാണിക്കാനാണ്? പടച്ചോനെ പറ്റിക്കലല്ലേ ഇതിലൂടെ ചെയ്യുന്നത്? 365 ദിവസങ്ങളുള്ള ഒരു വർഷത്തിൽ വെറും ഒന്നോ പത്തോ നാൽപതോ ദിവസങ്ങളിൽ മാത്രം വ്രതശുദ്ധി മതിയോ? വ്രതം മുറിക്കുവാനുള്ള വ്യഗ്രതയും അതിനുവേണ്ടിയുള്ള ഒരുക്കങ്ങളും കാണുമ്പോഴാണ് ഇങ്ങനെ ചിന്തിച്ചു പോകുന്നത്. സത്യത്തിൽ,  അവനവന്റെ സ്വഭാവത്തിനനുസരിച്ചുള്ള നല്ലൊരു ജീവിതചര്യ പറ്റുമെങ്കിൽ കാലം കഴിയുന്തോറും കൂടുതൽ നല്ലതാക്കി എല്ലാ ദിവസവും ഒരേപോലെ ആചരിക്കുന്നതല്ലേ വെറും ഒരു മാസത്തെ കണ്ണിൽ പൊടിയിടാനുള്ള നല്ല നടപ്പിനേക്കാൾ നല്ലത്? അല്ല, വ്രതം ആചരിച്ചേ അടങ്ങൂ എന്നുള്ളവർ ഒരു വർഷത്തിലെ പകുതിയിൽ കൂടുതലെങ്കിലും ദിവസങ്ങൾ വ്രതം നോറ്റാൽ ജീവിതത്തിന്റെ സിംഹഭാഗമെങ്കിലും നന്നായി ജീവിച്ചു എന്ന ചാരിതാർത്ഥ്യം കിട്ടില്ലേ? കുറച്ച് നല്ല കാര്യം ചെയ്യുന്നതിനേക്കാൾ കൂടുതൽ ചെയ്യുന്നതല്ലേ കൂടുതൽ നല്ലത്? മറ്റുള്ളവർക്കല്ലല്ലോ, അവനവന് വേണ്ടിയല്ലേ? ആത്മനിയന്ത്രണം കിട്ടാത്തവർ കടിച്ചു പിടിച്ച് പത്ത് ദിവസം വ്രതം നോൽക്കുന്നതിനേക്കാൾ നല്ലത്, ഉള്ളത് ഉള്ളപോലെ കാണിച്ച് വ്രതമെടുക്കാതെ എല്ലാ ദിവസവും ഒരുപോലെ ജീവിക്കുന്നതാണ്. അല്ലെങ്കിൽ വ്രതത്തിന് വ്രതത്തിന്റെ ഗുണമല്ല, മറിച്ച് സ്വഭാവം മറച്ചുപിടിക്കുന്നത് പോലെയുള്ള വികൃത ഗുണമാണ് പ്രകടമാകുക.

എന്റെ അറിവ് പ്രകാരം 41 ദിവസമാണ് മണ്ഡലകാലവ്രതം. മകരവിളക്കിന് പോകുന്നവർ പിന്നെയും ഒരു 20 ദിവസം കൂടി വ്രതം നീട്ടും. നഖം മുറിക്കരുത്, ക്ഷുരകം ചെയ്യരുത്, സ്ത്രീ സാമീപ്യം പാടില്ല (പ്രത്യേകിച്ച് അവരുടെ ആർത്തവ കാലത്ത്. പക്ഷേ ഈ അണുകുടുംബകാലത്ത് ഈ ചട്ടങ്ങളൊക്കെ പ്രാവർത്തികമാണോ?) എന്നിങ്ങനെയുള്ള കർശന ചട്ടങ്ങളാണ്. പക്ഷേ ഇന്ന് എല്ലാം 'ഇൻസ്റ്റന്റ്'  ആണ്. നേരെ പമ്പയിൽ എത്തി അവിടെ നിന്ന് കെട്ടും നിറച്ച് മലകയറി അയ്യപ്പനെ തൊഴുത് മലയിറങ്ങി മാലയഴിച്ച് വീണ്ടും പഴയ പോലെയാകാം. കൂടി വന്നാൽ രണ്ടു ദിവസത്തെ കഷ്ടപാട് മാത്രം. നല്ല 'ബുൾഗാൻ' താടി വച്ച് സുന്ദരക്കുട്ടപ്പനായിത്തന്നെ മല കയറാം. ഞാൻ പറഞ്ഞു വന്നത്, ഈവക ഭക്തിയനുബന്ധനിബന്ധനകളെല്ലാം ഓരോരുത്തരുടെയും താല്പര്യത്തിനും സാഹചര്യത്തിനും അവസരത്തിനും അനുസരിച്ച് മാറ്റിമറിക്കുന്നു. 41 ദിവസം വ്രതമെടുത്ത് പോയാലും 2 ദിവസം വ്രതമെടുത്ത് പോയാലും താടി വടിച്ചോ വടിക്കാതെയോ പോയാലും വ്യത്യാസങ്ങൾ സംഭവിക്കുന്നൊന്നുമില്ല. സ്വാധീനം ഉപയോഗിച്ച് സ്പെഷൽ പാസെടുത്ത് പോയാലും തിരുപ്പതിയിലെപ്പോലെ പണക്കാർക്കുള്ള 'ക്യൂ'വിൽ നിന്നാലും ഭഗവാൻ ആർക്കും 'സ്പെഷലാ'വില്ല. പിന്നെ 'ഭഗവാനേ ഞാൻ വളരെ കഷ്ടപ്പെട്ടിട്ടാണ് വരുന്നത്, അതുകൊണ്ട് ഞാൻ പറഞ്ഞ കാര്യങ്ങൾ ചെയ്തു തരണേ' എന്ന ഒരു സ്വയംകൃതചാരിതാർത്ഥ്യം ഉണ്ടാക്കിയെടുക്കാം. എന്നിരുന്നാലും ഇതിലൊക്കെ എന്തെങ്കിലും തെറ്റുണ്ടെന്ന് പറയാനും പറ്റില്ല, ഓരോരുത്തരുടെയും ഇഷ്ടമാണല്ലോ.പക്ഷേ ദൈവത്തിന് ഇതൊന്നും ഒരു പ്രശ്നമല്ലെന്നാണ് എന്റെ പക്ഷം. ഇതിൽനിന്നൊക്കെ എനിക്ക് മനസ്സിലാകുന്നത്‌ ദൈവത്തെ സേവിക്കാൻ ഇങ്ങനെ കഷ്ടപ്പെട്ട് മലമറിച്ച് പോകേണ്ട ആവശ്യമൊന്നും ഇല്ലെന്നുള്ളതാണ്.

ഭക്തിയുടെ പേരിൽ സ്വന്തം വീട്ടിലെ പൂജാമുറി വൃത്തികേടാകുന്നത് പോലും ഭക്തർ അറിയില്ല. പോകുന്ന തീർത്ഥാടനസ്ഥലങ്ങളിൽ നിന്നൊക്കെ ചിത്രങ്ങളും ഭസ്മവും കുങ്കുമവും വാങ്ങുകയും പൂജാമുറി മുഴുവൻ തലങ്ങുംവിലങ്ങും നിൽക്കാൻ പോലും സ്ഥലമില്ലാത്ത വിധത്തിൽ  'ചിത്രസമ്പുഷ്ടമാക്കി' അലങ്കരിക്കുകയും സ്ഥലം കിട്ടിയില്ലെങ്കിൽ ചിത്രങ്ങൾ മറ്റ് ഫോട്ടോചട്ടങ്ങൾക്കുള്ളിൽ തിരുകി വെക്കുകയും തിരുകിയതിന്റെ മേലെ പിന്നെയും തിരുകുകയും (ദൈവത്തിന്റെ പടമായതുകൊണ്ട് കളയാൻ പറ്റില്ലല്ലോ) എല്ലാ ചിത്രങ്ങളെയും ഭസ്മവും കുങ്കുകുമവും തൊടീച്ച് 'സുന്ദരമാക്കി' വെക്കുകയും കാലങ്ങൾ കഴിഞ്ഞ് ഭസ്മവും കുങ്കുമവും പൂപ്പൽ പിടിച്ചാലും കളയാതിരിക്കുകയും ഒക്കെ ചെയ്യുന്നത് ഭക്തി കൂടിയിട്ടോ യുക്തി ഇല്ലാഞ്ഞിട്ടോ? പ്രാർത്ഥിക്കാൻ ചിത്രങ്ങൾ നിർബന്ധമാണെങ്കിൽ ഒരു ചിത്രം പോരേ? മുപ്പത്ത്മുക്കോടി ദൈവഭാവങ്ങളെയും ഒരു മുറിയിൽ വരച്ച് കൊള്ളിക്കാൻ പറ്റുമോ? പ്രാർത്ഥനാമുറി തന്നെ ആവശ്യമാണോ? അദ്വൈതസിദ്ധാന്തം അങ്ങനെയൊക്കെ ചെയ്യാൻ പറയുന്നുണ്ടോ?

നാല്പത്തൊന്ന് ദിവസം വ്രതം നോക്കി സ്വാമിമാരാകുന്ന സ്വാമിമാർക്ക് ശബരിമലയിൽ പ്രാഥമിക സൌകര്യങ്ങളൊന്നും പര്യാപ്തമല്ലെന്ന് അവിടെ പോയിട്ടുള്ള ആർക്കും മനസ്സിലാകും.  എന്നാൽ എന്റെ വീക്ഷണത്തിൽ കുറേ (കുറേ എന്നാൽ ലക്ഷക്കണക്കിന്‌) സ്വാമിമാരും അവർക്ക് വേണ്ട സാധനങ്ങൾ വിൽക്കാൻ പോകുന്ന എല്ലാവിധത്തിലുള്ള കച്ചവടക്കാരും നല്ല നടപ്പ് സമയത്ത് സ്വാമിമാരിൽ നിന്ന് വല്ലതും കിട്ടുമെന്ന് കരുതി വരുന്ന യാചകന്മാരും ശബരിമലയിൽ എല്ലാകൊല്ലവും പോകുന്നതാണ് (ഇങ്ങനെയൊക്കെ പോകുന്നത് ഓരോരുത്തരുടേയും വ്യക്തിപരമായ വിശ്വാസവും സ്വാതന്ത്ര്യമാണെങ്കിലും) ശബരിമലയിലുള്ള എല്ലാ കുഴപ്പത്തിനും കാരണം എന്നാണ് ഞാൻ പറയുക.  ഈപറഞ്ഞതരത്തിലുള്ള എല്ലാവരും ശാസ്താവിന്റെ പേരിൽ പോയി പോയി ശബരിമല ആകെ വൃത്തികേടായി. സത്യത്തിൽ ഇപ്പോൾ ആ മാലിന്യക്കൂമ്പാരത്തിൽ ശാസ്താവ് വസിക്കുന്നുണ്ടാകുമോ ആവോ? പണ്ട് മൃഗങ്ങളെപേടിച്ച് അയ്യപ്പന്മാർക്ക് പോകാൻ പറ്റാത്ത അവസ്ഥയായിരുന്നു. ഇന്ന് മൃഗങ്ങൾ അയ്യപ്പന്മാർക്ക് മുന്നിൽ തോറ്റു. ആ പ്രശാന്ത സുന്ദര വനം ഭക്തിയുടെ പേരിൽ കൊള്ളയടിക്കപ്പെട്ടു. ഈ അയ്യപ്പന്മാർ അവരവരുടെ ഗ്രാമത്തിലിരുന്ന് അയ്യപ്പനെ ഭജിച്ചാൽ ശബരിമല രക്ഷപ്പെടുകയും ചെയ്യും, ശബരിമലയിൽ നടക്കുന്ന തോന്ന്യാസങ്ങളും കുറയും.

ഇതിനോടോരനുബന്ധം പറഞ്ഞാൽ നിങ്ങളൊന്നുകിൽ ചിരിക്കും അല്ലെങ്കിൽ എനിക്ക് ചിത്തഭ്രമമാണെന്ന് മനസ്സിന്റെ ഒരു മൂലയിലെങ്കിലും പറഞ്ഞു വെക്കും. എന്നാലും ഞാൻ പറയാം. ഇന്ന് അമേരിക്കൻ ഐക്യനാടിന്റെ കിഴക്കൻ ഭൂവിഭാഗത്തിലുള്ള എല്ലാ അയ്യപ്പഭക്തന്മാർക്കും ശബരിമലയിൽ പോകാതെ സ്വാമിസായൂജ്യം അനുഭവിക്കാനുള്ള വകുപ്പ് വാഷിംഗ്ടണ്‍ ഡി സി ക്കടുത്ത് മേരിലാന്റിലെ ലാനാം (Lanham) പട്ടണത്തിലുള്ള ശിവ-വിഷ്ണു അമ്പലനടത്തിപ്പുകാർ ഒരുക്കുന്നുണ്ട്. ഈ വിവരം അമേരിക്കൻ ഐക്യനാട്ടിലെ ആളുകൾക്കറിയാമെങ്കിലും മറ്റുള്ള നാട്ടുകാർ ആദ്യമായിട്ടായിരിക്കും ചിലപ്പോൾ അറിയുന്നത്. ഈ ശിവ-വിഷ്ണു അമ്പലത്തിൽ മണ്ഡലകാലത്ത് ഭക്തരുടെ സൌകര്യാർത്ഥം വാരാന്ത്യങ്ങളിൽ കെട്ടുനിറയും അയ്യപ്പപൂജയും മറ്റ് അഭിഷേകങ്ങളും നടക്കുന്നു (ഇവിടെ അയ്യപ്പന്റെ ഒരു സ്ഥിരം പ്രതിഷ്ഠയുമുണ്ട്). കെട്ട് നിറച്ച് ഇരുമുടിയെടുത്ത് പടി കയറാൻ പതിനെട്ട് പടികളും കാനന യാത്ര ഇഷ്ടപ്പെടുന്നവർക്ക് അടുത്തുള്ള മരങ്ങൾക്കിടയിലൂടെ ഒരു 'സിംബോളിക്കൽ കാനനയാത്ര' നടത്താനുള്ള സൌകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ കുറച്ച് കാലമായിട്ട്, എല്ലാ കൊല്ലവും ഇവിടെ വളരെ ദൂരത്തു നിന്ന് വരെ അയ്യപ്പന്മാർ വരികയും 'മലകയറ്റം' നടത്തി അയ്യപ്പദർശനം നടത്തുകയും ചെയ്യുന്നുണ്ട്.

ഇതിന്റെയൊക്കെ അർത്ഥം എന്താണ്? എല്ലാ ഭക്തരും ഒരു തരത്തിലല്ലെങ്കിൽ മറ്റൊരുതരത്തിൽ പല പല ചൂഷണങ്ങൾക്ക് വിധേയരാകുന്നുണ്ടെങ്കിലും, ശിവ-വിഷ്ണു അമ്പലം നടത്തുന്നത് ശുദ്ധ കച്ചവടമാണെന്ന് പറഞ്ഞാൽ തെറ്റാവുമോ? ശബരിമലയൊഴിച്ച് മറ്റൊരു അയ്യപ്പക്ഷേത്രത്തിലും കെട്ടാത്ത, ശബരിമലയുടെ മാത്രം പ്രത്യേകതതായായ പതിനെട്ട് പടി പണിഞ്ഞ്, ഭക്തരുടെ നിഷ്കളങ്കഭക്തിയെ മുതലെടുത്ത്‌ ഒരു കൊച്ചു ശബരിമല പണിഞ്ഞ് (ഒരു 'ബ്രാഞ്ച്' പോലെ) അമേരിക്കയിലെ ഭക്തരെ അങ്ങോട്ടേക്കാകർഷിക്കുന്നു. നാട്ടിൽപോയി മല ചവിട്ടുന്നതിന്റെ സാമ്പത്തികചിലവുകളുടെ താരതമ്യപഠനം നടത്തി ചിലവ് കുറഞ്ഞ മാർഗ്ഗം സ്വീകരിച്ച് ഭക്തിയുടെ പേരിൽ അമ്പലം നടത്തുന്ന കച്ചവടത്തിന് കൂട്ട് നിന്ന്, ശബരിമല ചവിട്ടിയെന്ന് സ്വയം വിശ്വസിപ്പിച്ച് ഭക്തർ  തൃപ്തിയടയുന്നു. ഇതിലും എന്തെങ്കിലും തെറ്റുണ്ടോ? ഞാനെന്ത് പറയനാനാണ്? പക്ഷേ ഇതിന്റെയൊക്കെ വല്ല ആവശ്യവുമുണ്ടോ എന്ന ചോദ്യം മാത്രം മനസ്സിൽ നിന്ന് പോകുന്നില്ല. യുക്തിയില്ലെങ്കിലും വിശ്വാസമല്ലേ എല്ലാം? പക്ഷേ ഈ ഒരു 'സെറ്റപ്പി'ൽ, വനനശീകരണവും പരിസര മലിനീകരണവും നടക്കുന്നില്ല. രണ്ടാമതായി, ഈ അമ്പലത്തിൽ എത്ര അയ്യപ്പന്മാർ വരുന്നോ അത്രയും അയ്യപ്പന്മാർ ഉണ്ടാക്കുന്ന മാലിന്യങ്ങളുടെ കുറവ് ശബരിമലയിലുണ്ടാകും എന്നത് തീർച്ചയായും വളരെ നല്ലൊരു കാര്യം തന്നെയാണ്.

സർക്കാരാണെങ്കിൽ ഹിന്ദു ദൈവങ്ങളെ വച്ച് ഖജനാവിൽ നിറയ്ക്കാനുള്ള പരിപാടികൾ ആസൂത്രണം ചെയ്യുകയാണ്. കുത്തഴിഞ്ഞ ദേവസ്വം ബോർഡും അതിന്റെ സാരഥികളും എത്രത്തോളം കയ്യിട്ട് വാരാൻ പറ്റുമോ അത്രത്തോളം വാരുന്നുണ്ട്. ഭക്തർ അതൊക്കെയറിഞ്ഞുകൊണ്ട് തന്നെ ശാസ്താവിന്റെ പേരിൽ ശബരിമലയിൽ പണം ചൊരിഞ്ഞ് നൽകുന്നുണ്ട്. ഈ പണം കൊണ്ട് ഒരു പേരിന് അവിടെ റോഡും ഒരിക്കലും ഉപയോഗ യോഗ്യമല്ലാത്ത കക്കൂസുകളും അവിടെ ഉണ്ടാക്കുന്നുണ്ട്. വികസനത്തിന്റെ പേരിൽ കാട് വേണ്ടുവോളം വെട്ടിത്തെളിക്കുന്നുണ്ട്. ഇതുകൂടാതെ കള്ള് കച്ചവടക്കാരും മറ്റ് ബിസിനസ്സ്കാരും അവിടെയാകമാനം സ്വർണ്ണം പൂശിക്കൊടുക്കുന്നുണ്ട്. ഭഗവാന് എന്തിനാണ് ഇത്രയധികം പണം? ഈ പണം കൊണ്ട് ഏതെങ്കിലും പാവങ്ങൾക്ക് അരക്കിലോ അരിയെങ്കിലും കിട്ടുന്നുണ്ടോ?

അതേസമയം തന്ത്രിമുഖ്യരോ? നമ്മുടെ തന്ത്രി കണ്ഠര് മോഹനർക്ക് ഒരു ഗണേശസ്തുതി പോലും അറിയില്ലെന്ന് പല പത്രങ്ങളിലും (അദ്ദേഹത്തെ പോലീസ് പിടിച്ച സമയത്ത്) വായിച്ചു. ഇന്ന് ഏത് ബ്രാഹ്മണനാണ് പണം മുന്നിൽ കാണാതെ പൂജ ചെയ്യുന്നത്? എല്ലാവരുടെയും നോട്ടം പണത്തിലാവുന്നു. പൂജ ബ്രാഹ്മണന് മാത്രം ചെയ്യാവുന്നതാണെന്ന് വരുത്തിത്തീർത്താൽ ബ്രാഹ്മണർ ചെയ്യുന്ന ഗോഷ്ടികളെന്തും പൂജാമുദ്രകളായിത്തീരുന്നു. ശബ്ദമില്ലാതെ ഉച്ഛരിക്കുന്നതെന്തും മന്ത്രങ്ങളായിത്തീരുന്നു. മടിക്കുത്തിലെ പണത്തിന്റെ കനം നോക്കി അനുഗ്രഹം കൊടുക്കുന്നു.പുരോഹിതർ പറയുന്നതെന്തും ഭക്തർ കണ്ണും പൂട്ടി വിശ്വസിക്കുന്നു.

2000 ഡിസമ്പറിൽ ഞാനും ശബരിമലയിൽ പോയിരുന്നു. പോകുന്ന യാത്രയിൽ പൊന്നമ്പലമേട്ടിലെ ദിവ്യജ്യോതിയെക്കുറിച്ച് ചർച്ചകൾ ഉണ്ടായി. ആ ജ്യോതി ആളുകൾ കത്തിക്കുന്നതാണെന്നും അതിലൊരു ദിവ്യത്ത്വവും ഇല്ലെന്നും ഞാൻ പറഞ്ഞപ്പോൾ ആരും അംഗീകരിച്ചില്ല, മാത്രമല്ല മാലയിട്ടിട്ട് ഇങ്ങനെയൊന്നും പറയരുതെന്നും പറഞ്ഞു. അങ്ങനെ പേട്ട തുള്ളൽ സമയത്ത് നമ്മുടെ കൂട്ടത്തിലുണ്ടായിരുന്ന ഒരു 110 കിലോക്കാരൻ എന്റെ കാലിൽ ചവിട്ടുകയും എന്റെ കാലുളുക്കുകയും ചെയ്തു. നടക്കാൻ പറ്റാത്ത അവസ്ഥ. വിശ്വാസമില്ലെങ്കിൽ ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് താക്കീതും കിട്ടി. പക്ഷേ ഒരുതരം വാശിയോടെയായിരുന്നു ഞാൻ ഉളുക്കിയ കാലും കൊണ്ട് മല കയറിയത്. കൂട്ടത്തിൽ ആദ്യം മല  കയറിയെത്തിയെങ്കിലും ഭസ്മക്കുളത്തിൽ കുളിക്കുമ്പോൾ കഴുത്തിലെ മാലയും കളഞ്ഞുപോയി. ഈ സംഭവങ്ങളൊക്കെ എന്റെ മകരജ്യോതിഭാഷണവുമായി മറ്റുള്ളവർ ബന്ധപ്പെടുത്തിക്കളഞ്ഞു. അന്ന് സർക്കാരും താഴമണ്‍ തന്ത്രിയും മറ്റും വിശ്വാസികളുടെ വിശ്വാസം തകർക്കുമെന്ന പേര് പറഞ്ഞ് സത്യം പ്രഖ്യാപിക്കാതിരുന്നതിനാൽ ഭക്തസമൂഹം 'ദിവ്യജ്യോതി'യെ വിശ്വസിച്ചു പോന്നു (മകര സംക്രമത്തിന് നടക്കുന്നത് സൂര്യന്റെ മകരരാശിയിലേക്കുള്ള കടക്കലാണെന്നും അതുവഴി ഉത്തരായനത്തിന്റെ തുടക്കമാണെന്നുമുള്ള സംഭവത്തേക്കാളൂപരി പൊന്നമ്പലമേട്ടിലെ തട്ടിപ്പ് ജ്യോതിക്കായിരുന്നു പ്രാധാന്യം കൊടുത്തിരുന്നത്). ഞാനീക്കാര്യം ഇവിടെ പറഞ്ഞത്, എന്തിനാണ് ഈ കള്ളം പറഞ്ഞ് വിശ്വാസികളെ പറ്റിക്കുന്നത് എന്ന് ചോദിക്കാൻ വേണ്ടി മാത്രമാണ്.

പിന്നെ, നമ്മുടെ നാട്ടുകാർക്ക് സ്വന്തം കാര്യം സിന്ദാബാദ് അല്ലേ? ഒരു കക്കൂസ് മാന്യമായി ആരെങ്കിലും ഉപയോഗിക്കുമോ? അതും പ്രത്യേകിച്ച് ഒരു പൊതു കക്കൂസ് ആകുമ്പോൾ? ആർക്കെങ്കിലും അച്ചടക്കം ഉണ്ടോ? അവനവൻ ചെയ്യുന്ന ഓരോ വൃത്തികേടുകൾക്കും ഇരയാകുന്നത് മറ്റുള്ളവരാണെന്ന വിചാരമുണ്ടോ? പമ്പയിൽ ഇന്ന് മീനുകൾക്ക് പോലും രക്ഷയില്ലാത്ത അവസ്ഥയാണ്. അതിലില്ലാത്ത ബാക്റ്റീരിയകളില്ല. എന്തും ഏതും പമ്പയിൽ വലിച്ചെറിയാം. ക്യൂവിൽ പിന്നിലായിപ്പോകുമെന്ന ഭയം കൊണ്ട് നില്ക്കുന്ന സ്ഥലത്തിനരികിൽത്തന്നെ അപ്പിയിടാം, മൂത്രമൊഴിക്കാം. ഒന്നും രണ്ടും പേരല്ല ഇതൊക്കെ ചെയ്യുന്നതെന്നോർക്കണം. കാട് നിറയെ പ്ലാസ്റ്റിക് കുപ്പികൾ വലിച്ചെറിയാം. അവിടത്തെ മാലിന്യങ്ങളിൽ ചവിട്ടാതെ നടക്കാൻ പറ്റില്ലെന്നായിരിരിക്കുന്നു. ആ മാലിന്യക്കൂമ്പാരം കണ്ടാൽത്തന്നെ പാപം തീരുമെന്ന അവസ്ഥ. പക്ഷേ വിശ്വാസത്തിന്റെയും ഭക്തിയുടെയും പേരിലാകുമ്പോൾ ഒന്നും സാരമില്ല.

ഭക്തി, വീട്ടിലിരുന്നും അല്ലെങ്കിൽ വീട്ടിനടുത്തുള്ള ഏതെങ്കിലും ചെറിയ അമ്പലത്തിൽ പോയും ആല്ലെങ്കിൽ ഏതെങ്കിലും വിജനമായ പ്രശാന്ത സുന്ദര പ്രദേശത്ത് പോയും ഒക്കെ സ്വസ്ഥമായി ചെയ്യാവുന്ന ഒരു കാര്യമല്ലേ? ഗുരുവായൂരും ശബരിമലയും മാത്രം പോയാലേ ഭക്തിക്ക് ഒരു ഉന്നതഭാവം കൈവരുള്ളോ? എങ്ങനെയെങ്കിലും ആരെത്തട്ടിയും, തഴഞ്ഞും, പ്രമുഖ വ്യക്തികളുടെ 'പാസ്‌' നേടിയും, നടതുറക്കുമ്പോൾ വിഗ്രഹത്തിന്റെ തൊട്ട് മുന്നിൽ നിൽക്കാൻ വയസ്സന്മാരെപ്പോലും തള്ളിയും അയ്യപ്പനെ കണ്ട് സ്വന്തം കാര്യം ഉണർത്തിക്കാനുള്ള വ്യഗ്രതയല്ലേ എല്ലാവർക്കും? അല്ലാതെ ഇത്ര കഷ്ടപ്പെട്ട് പോകുന്നത് നാടിന്റെ നന്മക്ക് വേണ്ടി പ്രാർത്ഥിക്കാനൊന്നുമല്ലല്ലോ. ശാസ്താവിന്റെ പേരിൽ കുറേ കച്ചവടക്കാരും തന്ത്രിമാരും രാഷ്ട്രീയക്കാരും പണക്കാരാകുന്നു എന്നല്ലാതെ വേറെ ഭക്തിപരമായോ യുക്തിപരമായോ എന്തെങ്കിലും ഉന്നതി ഉണ്ടാകുന്നുണ്ടോ എന്ന് സംശയമാണ്. ഭക്തിയുടെ പേരിൽ ഒരു വലിയ കാടും അതിന്റെ ചുറ്റുപാടും നശിച്ചു എന്നതും പമ്പയും പരിസരവും വൃത്തിഹീനമായി എന്നതും അതിന്റെ ബാക്കിപത്രം.

കുറച്ച് പേർ മാത്രാണ് പോകുന്നതെങ്കിൽ അവിടെ കുഴപ്പമൊന്നും ഉണ്ടാകില്ല. പക്ഷേ അവിടെ പോയാൽ മാത്രമേ അനുഗ്രഹം കിട്ടൂ, പരിസരം വൃത്തികേടായാലും തരക്കേടില്ല അഭീഷ്ടഫലസിദ്ധി ഉണ്ടാകണം എന്ന ആശയോടെ നിയന്ത്രണാതീതമായി കൂട്ടമായി പോകുന്നതാണ് പ്രശ്നം. അതുകൊണ്ട് അയ്യപ്പനെ കാണാൻ ശബരിമലയിൽ വരെ കഷ്ടപ്പെട്ട് പോയി അവിടെ വൃത്തികേടാക്കുന്നതിലും നല്ലത്, അവിടെയുള്ള സർവ്വ കൊള്ളകൾക്കും, തോന്ന്യാസങ്ങൾക്കും നേരിട്ടോ അല്ലാതെയോ കാരണക്കാരനാകുന്നതിലും നല്ലത് അയ്യപ്പനെ മനസ്സിൽ കൊണ്ടുനടക്കുന്നതാണ്. അങ്ങനെ ചിലവാക്കുന്ന പണം, പ്രകൃതിയുടെ വികൃതി കൊണ്ട് , വിധിയുടെ ബലിമൃഗങ്ങളായ ആളുകൾക്ക് വേണ്ടി ഉപയോഗിക്കുന്നത് എന്തായാലും ഉചിതമായിരിക്കും. വിശ്വാസത്തെ എതിർക്കുകയായിരുന്നില്ല. ഒരു നിയന്ത്രണവുമില്ലാതെ വരുന്ന ഒരു പറ്റം ആളുകളുടെ കൂട്ടത്തിലിരുന്ന് ഭജിക്കുന്നതിലും നല്ലത് അവനവന്റെ വീട്ടിലിരുന്ന് ഭജിക്കുന്നതാണ്, എന്നോട് ക്ഷമിക്കുക.

സേവനത്തിന് മുൻഗണനയുള്ള മേഖലകളിൽ പണം ഇച്ഛിച്ച് ചെയ്യുന്ന ഒരു  പ്രവൃത്തിക്കും നല്ല ഫലം ഉണ്ടാകില്ല (പണം ജീവിക്കാൻ ആവശ്യമാണെങ്കിലും). അങ്ങനെയുള്ള കർമ്മങ്ങൾ ചെയ്തത് കൊണ്ട്, ഒരു പേരിന് ചെയ്തു എന്ന സ്വയമാശ്വാസമാല്ലതെ വേറൊന്നും കിട്ടുകയില്ല എന്ന് ഭക്തിയുടെ കാഠിന്യത്തിൽ ഭക്തർ മറന്നുപോകുന്നു.

വികസനം ആവശ്യം തന്നെയാണ്. വിമാനത്താവളവും അതിവേഗപാതകളും എല്ലാം വേണം. പക്ഷേ ഭഗവാന്റെ പേരിൽ സത്യത്തിൽ ഒരു വികസനം ആവശ്യമില്ല. എവിടെ നിന്നും പ്രാർത്ഥിക്കാം. സ്വന്തം ഉള്ളിലുള്ള ഭഗവാനെ കാണാതെ, അജ്ഞാനതിമിരബാധയാൽ ഭഗവാനെ തേടി അലയേണ്ട കാര്യമൊന്നുമില്ല. ഭക്തിയോടൊപ്പം യുക്തിയും വിഭക്തിയും ഉയർന്നു നിൽക്കട്ടെ. ഭക്തർക്കും കുറച്ച് യുക്തി ഉണ്ടാകട്ടെ. ശബരിമലയേക്കാൾ ഭക്തരുടെ ഉള്ളം വികസിക്കട്ടെ.

വാൽക്കഷണം: ഇന്നലെ ഫേസ്ബുക്കിൽ ഒരു 'പോസ്റ്റ്' കണ്ടു. നമ്മുടെ കേരളത്തിലെ ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല സർവ്വസന്നാഹപരിവാരങ്ങളുമൊത്ത് കറുപ്പ് മുണ്ട് മടക്കിക്കുത്തി  ഷൂസൊക്കെയിട്ട് നടത്തുന്ന ശബരിമലയാത്ര. അതിന്റെ അടിക്കുറിപ്പായിരുന്നു രസകരം: "ഇങ്ങനെ കല്ലും മുള്ളും നിറഞ്ഞ പാതയിലൂടെ ശാസ്താവിനെ കാണാൻ നടക്കുന്നതിന് പകരം ദേവസ്വം സർക്കാരിന്റെ സ്വന്തം ബോർഡ് മേധാവിയെ അറിയിച്ചിരുന്നെങ്കിൽ ശാസ്താവിന്റെ വിഗ്രഹം ചെന്നിത്തലയുടെ ഓഫീസിലേക്ക് അയച്ച് തൊഴാനുള്ള സൗകര്യം ഒരുക്കുമായിരുന്നല്ലോ" - ജനത്തിന് ശാസ്താവിനെ കാണുന്നതിനേക്കാൾ കടുപ്പമായിരിക്കുമല്ലോ ഇന്നത്തെക്കാലത്ത് ജനത്താൽ നിയമിതനായ ജനങ്ങളുടെ പൈസയാൽ ജീവിക്കുന്ന മന്ത്രിമാരെക്കാണാൻ !!

*****

2014, ഡിസംബർ 23, ചൊവ്വാഴ്ച

ഹിന്ദുമതത്തിലേക്കുള്ള പരിവർത്തനച്ചടങ്ങ്‌ !

[താഴെ രേഖപ്പെടുത്തിയിരിക്കുന്നത് എന്റെ മാത്രം വീക്ഷണങ്ങളും ചിന്തകളുമാണ്. ഇതൊന്നും ആരെയും വിശ്വസിപ്പിക്കാനോ അവമതിക്കാനോ എഴുതിയതല്ല. വായിക്കുന്നവരെ വിശകലനം ചെയ്യാൻ പ്രേരിപ്പിക്കാൻ വേണ്ടി മാത്രമാണ്. എതിരഭിപ്രായക്കാർ ഇനി എന്റെ കൈ വെട്ടിക്കളയരുത്. അഭിപ്രായം പറയുന്നവർ, പൂർണ്ണമായും ഈർഷ്യ തോന്നാതെ വായിച്ചിട്ട് മാത്രം അപ്രകാരം ചെയ്യുക. ]

ഇപ്പോൾ വലിയ ഒച്ചപ്പാട് ഉണ്ടാക്കുന്ന ഒരു വലിയ പ്രശ്നമാണ് മത പരിവർത്തനം. അത് കേട്ടാൽ തോന്നും ഈ 'മത പരിവർത്തനം' എന്നത് ഈയ്യടുത്തെങ്ങാനും പൊട്ടിമുളച്ച എന്തോ ഒരു പുതിയ സംഭവമാണെന്ന്! പക്ഷേ ഈയ്യൊരു കുറിപ്പെഴുതാൻ പ്രേരകമായത്, ഹിന്ദുക്കളായി പരിവർത്തനമോ പരാവർത്തനമോ 'ഘർ വാപസി'യോ ചെയ്യാൻ എന്തൊക്കെയോ ചടങ്ങുകൾ ഉണ്ടെന്നറിഞ്ഞപ്പോഴാണ്.



നൂറ്റാണ്ടുകളായി ഭാരതത്തിൽ നടക്കുന്ന ഒരു സംഭവമാണ് മതപരിവർത്തനം. പ്രത്യേകിച്ച് ഒരു മതമില്ലാതിരുന്ന ഭാരതീയരെ, മതത്തിന് ഒരു പേരില്ലാതിരുന്ന ഭാരതീയരെ, ഒരു മതത്തിന്റെ പേരിലും സംഘടിതരല്ലാതിരുന്ന ഭാരതീയരെ അന്യദേശങ്ങളിൽ നിന്ന് കടന്നുവന്ന സംഘടിത മതപൗരോഹിത്യം, പ്രീണിപ്പിച്ചും, പ്രലോഭിപ്പിച്ചും, ഭീഷണിപ്പെടുത്തിയും, ഇവിടെ നിലനിന്നു പോന്ന അനാചാരങ്ങളെ മുതലെടുത്തും കാലങ്ങളായി, ഇന്നും ചെയ്ത് പോരുന്ന ആർക്കും ഒരു പ്രശ്നമല്ലാതിരുന്ന ഒരു അംഗസംഖ്യാബലവർദ്ധനയജ്ഞമാണ് ഇതുവരെയുണ്ടായിരുന്ന മത പരിവർത്തനം. അങ്ങനെ മതം മാറ്റപ്പെട്ടവരും അവരുടെ സന്തതി പരമ്പരകളുമാണ്  ഇന്ന് ഭാരതത്തിലുള്ള ക്രൈസ്തവരും മുസ്ലീമുകളും മറ്റു മതസ്ഥരും. അല്ലാതെ ഭാരതത്തിലുള്ളവരെ ഒന്നടങ്കം വകവരുത്തി (റെഡ് ഇന്ത്യൻസി'നെ യൂറോപ്യന്മാർ കൂട്ടക്കൊല ചെയ്ത് അമേരിക്കയിൽ വംശവർദ്ധന നടത്തിയത് പോലെ) സ്വയം പെറ്റുപെരുകിയതല്ല. ഈ കാരണങ്ങൾ കൊണ്ടു മാത്രം ഇന്ന് ഭാരതത്തിൽ വസിക്കുന്ന തൊണ്ണൂറ്റൊൻപത്  ശതമാനം പേരുടെയും പൂർവ്വികർ മതമില്ലാത്തവരോ അല്ലെങ്കിൽ ഹിന്ദുക്കളോ ആയിരുന്നു എന്ന് അസന്നിഗ്ദ്ധം പറയാം.

പക്ഷേ അന്ന് മതമില്ലാതിരുന്ന / മതം മാറാതിരുന്ന പാശ്ചാത്യരിൽ നിന്നും വളരെ വ്യത്യസ്തമായ ജീവിത ശൈലി പിന്തുടർന്നിരുന്ന ആ ഭാരതീയർ ഇന്ന് 'ഹിന്ദുക്കൾ' ആയി. കാരണം അവരെ പുറത്ത് നിന്ന് വന്നവർ അങ്ങനെയാണ് വിളിച്ചിരുന്നത് (അമേരിക്കയിലെ 'റെഡ് ഇന്ത്യൻസി'നെ ആ പേരിൽ അറിയപ്പെടുന്ന പോലെ - കൊളംബസ് ആയിരുന്നല്ലോ, അവരുപോലും അറിയാതെ അവർക്കാ പേര് ചാർത്തിക്കൊടുത്തത്). ആ ഹിന്ദുക്കൾ പെറ്റ് പെരുകി ഇന്നത്തെ ഹിന്ദു സമൂഹം ഉണ്ടായി. ശങ്കരാചാര്യരുടെ കാലത്ത് ഇതര ഭാരതീയ മതങ്ങളിലേക്കും (ബുദ്ധ - ജൈന - സിക്ക്) മതപരിവർത്തനം ചെയ്യപ്പെട്ടു കൊണ്ടിരുന്ന ഹിന്ദുക്കൾക്ക്, അദ്ദേഹത്തിന്റെ 'അദ്വൈതസിദ്ധാന്ത'ഫലമായി (ദൈവം ഒന്നേയുള്ളൂ - മറ്റ് ദൈവങ്ങളും ദേവതകളും ഒക്കെ ദൈവത്തിന്റെ വെറും ഭാവങ്ങളാണ് എന്ന സിദ്ധാന്തം. ഹിന്ദു എന്ന് പറയുന്നവരിൽ ത്തന്നെ കുറേപേർക്ക് ഇതറിയില്ലെന്നതും ഒരു സത്യം)  ഒരു പുതിയ നവോത്ഥാനം ഉണ്ടായി. ശങ്കരാചാര്യരാണ് നാലു ദിക്കിലും നാല് മഠങ്ങൾ സ്ഥാപിച്ച്, ഹിന്ദുക്കളെ ഒരു കേന്ദ്രീകൃത ശൃംഖലയുടെ കീഴെക്കൊണ്ടുവരാൻ ഒരു ശ്രമം ആദ്യമായി നടത്തിയതെന്ന് തോന്നുന്നു. എന്നിരുന്നാലും 'ഹിന്ദുക്കൾ' ആത്യന്തികമായി ഒരു കേന്ദ്രീകൃത സംവിധാനത്തിലും അണിചേർന്നില്ല. ആ സ്വാതന്ത്ര്യം മൂലമുണ്ടായ ഏകോപനമില്ലയ്മയെയും  'അതിഥി ദേവോ ഭവഃ', 'വസുധൈവ കുടുംബകം' എന്നിവയിൽ വിശ്വസിച്ച് കൊണ്ട് പുറത്തുനിന്നു വന്നവരെ സ്വീകരിച്ചാനയിച്ചതിനെയും മുതലെടുത്താണ് മറ്റുള്ള നാട്ടുകാർ ഇവിടെ കാലുകുത്തി  അധീശത്വം സ്ഥാപിച്ചെടുത്തത്.

ഭാരതത്തിലാകമാനം, പലതരത്തിലുള്ള ആചാരാനുഷ്ഠാനങ്ങൾ അനുഷ്ഠിച്ചുകൊണ്ട് 'ഹിന്ദു'ക്കൾ ജീവിച്ചുപോന്നു.  വേദങ്ങളും ഉപനിഷത്തുക്കളും സ്മൃതികളും മഹാഭാരതവും (അതിലൂടെ ഭഗവദ്ഗീതയും), രാമായണവും മഹാഭാഗവതവും  മറ്റ് പുരാണങ്ങളുമൊക്കെ ആധാരമാക്കിക്കൊണ്ട് തികച്ചും സ്വതന്ത്രമായ ഒരു ജീവിത രീതിയായിരുന്നു ഓരോ 'ഹിന്ദു'വും പുലർത്തിവന്നിരുന്നത്. കാലങ്ങൾ കൊണ്ട് തൊഴിലിനേയും മറ്റും ആധാരമാക്കി ജാതികളും ഉപജാതികളും വർണ്ണങ്ങളും ആഭിജാത്യമുള്ളവരും ആഭിജാത്യമില്ലാത്തവരും ഒക്കെയായി അധികാര-സ്വാർത്ഥലാഭേച്ഛികളായ   ബ്രാഹ്മണപൌരോഹിത്യവും രാജാധികാരികളും ജനങ്ങളെ തരം തിരിച്ച് അടക്കിഭരിക്കാൻ തുടങ്ങി. മേല്ക്കോയ്മ നിലനിർത്തുവാൻ പല പല ചട്ടങ്ങൾ ആവിഷ്കരിക്കുകയും അവ നടപ്പിലാക്കിയതിന്റെയും ഫലമായി കുറേ ആചാരങ്ങളും അനാചാരങ്ങളും ഉണ്ടാക്കപ്പെടുകയുണ്ടായി. ദൈവങ്ങളുടെയും ദൈവങ്ങളുണ്ടാക്കുന്ന അനന്തരഫലങ്ങളുടെയും പേരിൽ ഭീതിയുളവാക്കി ചോദ്യം ചെയ്യപ്പെടലുകൾ നിഷ്ക്രിയമാക്കാൻ ശ്രമങ്ങളുണ്ടായി, ബലപ്രയോഗങ്ങളുണ്ടായി. ഈ അവസ്ഥയെ മുതലെടുത്ത്‌ കച്ചവടത്തിന് വന്നവരും കൊള്ളയടിക്കാൻ വന്നവരും, അല്ലാതെ വന്നവരും അവരവരുടെ മതപ്രചരണങ്ങളിൽ കൂടുതൽ സജീവമായി.

ഈയ്യടുത്തകാലം വരെയുള്ള കാര്യങ്ങൾ വിശകലനം ചെയ്‌താൽ മതങ്ങളെക്കൊണ്ട് ഗുണത്തെക്കാളേറെ ദോഷങ്ങളാണ് കൂടുതൽ ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് കാണാം.  മതങ്ങൾ മുഴുവൻ കച്ചവടവൽക്കരിക്കപ്പെട്ടിരിക്കുന്നു. പണമുണ്ടാക്കാനുള്ള മാർഗ്ഗമായി മതവും അതിനോടനുബന്ധിച്ച ഭക്തിയും മാറിയിരിക്കുന്നു. മതങ്ങളിലൂടെ അധീശത്വം സ്ഥാപിക്കാനുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. ഇല്ലാത്ത മതനിയമങ്ങൾ പറഞ്ഞ് കൊലപാതകങ്ങൾ നടത്തുന്നു. യേശുക്രിസ്തു ബൈബിൾ നിയമങ്ങൾ എഴുതിയിട്ടില്ല. യേശുക്രിസ്തുവിന്റെ പേരിൽ അദ്ദേഹത്തെ ഉപയോഗിച്ച് ജീവിക്കാനാഗ്രഹിക്കുന്നവരാണ് ബൈബിൾ ഉണ്ടാക്കിയത്. മുഹമ്മദ്‌ നബി ഖുറാൻ എഴുതിയിട്ടില്ല. അദ്ദേഹം ശരീ-അ നിയമാവലിയും എഴുതിയിട്ടില്ല.  എന്നാൽ ഇന്ന് അദ്ദേഹം പറഞ്ഞു എന്നപേരിൽ എന്തെല്ലാം കൊള്ളരുതായ്മകളാണ് ലോകത്താകമാനം നടക്കുന്നത്? രണ്ടു പേരും നല്ല നല്ല കാര്യങ്ങൾ അരുളിച്ചെയ്തവരാണ്, മനുഷ്യരെ നന്നാക്കാൻ ശ്രമിച്ചവരാണ്. പക്ഷേ അവരുടെ പേരിൽ മതങ്ങൾ ഉണ്ടാക്കണമെന്ന് പറഞ്ഞിട്ടില്ല. ഹിന്ദുക്കൾക്ക് ഒരു സ്ഥാപകനില്ല, അതുകൊണ്ട് തന്നെ ബൈബിൾ പോലെയോ, ഖുറാൻ പോലെയോ ഉള്ള ഒരു മതഗ്രന്ഥവുമില്ല. പക്ഷേ മറ്റുള്ള മതങ്ങളെ അനുകരിച്ച് ഹിന്ദുക്കളും (അവരുടെ അഭിനവ സംരക്ഷകർ) മഹാഭാരതത്തിന്റെ ഒരു ഭാഗമായ ഭഗവദ്ഗീത അവരുടെ   മതഗ്രന്ഥമായി അംഗീകരിച്ചു. കൃഷ്ണഭഗവാന്റെ അരുളപ്പാടുകളാണ് ഗീതയിലെന്ന് പറയുന്നെങ്കിലും അതിനൊന്നും ഒരു സ്ഥിരീകരണവുമില്ല. ഈ വക ഗ്രന്ഥങ്ങളിലെ കാര്യങ്ങളെ ചോദ്യം ചെയ്യുക എന്ന് മരണതുല്യമാണ്. ഈ ഗ്രന്ഥങ്ങളിൽ കുറേയേറെ നല്ല കാര്യങ്ങളുണ്ടെന്നതിൽ തർക്കമില്ല.

ഹിന്ദുക്കളിൽ വിഗ്രഹാരാധനയാണോ നടക്കുന്നത്? അദ്വൈതസിദ്ധാന്തപ്രകാരം അവരും ഒറ്റ ദൈവത്തെത്തന്നെയാണ് ആരാധിക്കുന്നത്. വിഗ്രഹം അവർക്ക് ഒരു എകാഗ്രതാസൂത്രം മാത്രമാണ്. എന്നാൽ വിഗ്രഹാരാധനയെ നഖശിഖാന്തം എതിർക്കുന്നവരും കാലക്രമേണ മറ്റൊരു രൂപത്തിൽ വിഗ്രഹങ്ങളും രൂപങ്ങളും ഉണ്ടാക്കുന്നു. വേളാങ്കണ്ണി മാതാവും അൽഫോൻസാ മാതാവും, ചാവറയച്ചനും വിഗ്രഹങ്ങൾ ഉണ്ടാകുന്നു, പള്ളികളുണ്ടാകുന്നു, അവർക്ക് ഭണ്ഡാരങ്ങളുണ്ടാകുന്നു. പലസ്ഥലങ്ങളിലും മെക്കാ പള്ളിയുടെ ചിത്രങ്ങൾ സ്ഥാപിതമാകുന്നു. ഹിന്ദുക്കളിൽ വിഗ്രഹാരാധനയും കഴിഞ്ഞ് വ്യക്തിപൂജയിലേക്കും കാര്യങ്ങൾ കടന്നിരിക്കുന്നു. അരമനകളിലെ ശീതീകരണമുറികളിൽ കഴിഞ്ഞ് അരുളപ്പാടുകൾ നടത്തുന്ന ആൾദൈവങ്ങളുടെ കുത്തൊഴുക്ക് തന്നെ ഇന്ന് കാണാവുന്നതാണ്.

വർണ്ണങ്ങളും ഉപജാതികളുമൊക്കെ എല്ലാ മതങ്ങളിലുമുണ്ട്. കേരളത്തിൽ മാത്രമെടുത്താൽ പതിനഞ്ചോളം ക്രിസ്ത്യൻ വിഭാഗങ്ങളുണ്ട്. മുസ്ലീമുകൾക്കിടയിലും അവാന്തരവിഭാഗങ്ങളുണ്ട്. രണ്ട് സഹസ്രാബ്ദങ്ങൾ മാത്രം പ്രായമുള്ളത് കൊണ്ട് 'ഹിന്ദു'ക്കളെ അപേക്ഷിച്ച് തുലോം കുറവാണെന്ന് മാത്രം. 'ഹിന്ദു'ക്കളിലേത് പോലെ ക്രിസ്ത്യൻ വിഭാഗങ്ങൾ തമ്മിൽ തമ്മിൽ കല്യാണം കഴിക്കുകയോ പള്ളികളിൽ പോകുകയോ പോലും ചെയ്യില്ല, എന്നാലും അവരെല്ലാവരും അവർ ക്രിസ്ത്യാനികളാണ്. അവരിൽത്തന്നെ ഒരു വിഭാഗത്തിലെ ഒരു ഭിഷഗ്വരന്റെ ഭിഷഗ്വരനായ മകൻ അതേ വിഭാഗത്തിൽപ്പെട്ട ഒരു ക്ഷുരകന്റെ 'ഭിഷഗ്വര'യായ മകളെ കല്യാണം കഴിക്കില്ല. അതാണ്‌ ആത്യന്തികമായിട്ടുള്ള ജാതി  വ്യവസ്ഥ. അത് എല്ലാ മനുഷ്യ വിഭാഗങ്ങളിലുമുണ്ട്. എല്ലാ മതങ്ങളിലും ഒളിഞ്ഞും തെളിഞ്ഞും ഉണ്ട്.  എന്നാലും ഓരോ വിഭാഗവും അവരവരുടെ രീതികളെപ്പറ്റി മതിപ്പുള്ളവരും മറ്റുള്ളവരുടെ രീതികളോട് നിന്ദയും കാട്ടും. ഈത്തരം വിഭാഗങ്ങളുണ്ടാകുന്നത് ഒരുകൂട്ടം ആളുകളുടെ പ്രമാണിയുടെ വികാരവിചാരങ്ങളെ മറ്റൊരു പ്രമാണി അംഗീകരിക്കാതിരിക്കുമ്പോഴാണ് എന്ന സത്യം,  പ്രമാണിമാരായ നേതാക്കളുടെ ഉദ്ഘോഷണങ്ങൾ യാതൊരു ചിന്തയും ലവലേശം കൂടാതെ, തൊണ്ട തൊടാതെ വിഴുങ്ങുന്ന അനുയായിവർഗ്ഗം മനസ്സിലാക്കുന്നില്ല എന്നതാണ്. ഈ അവസ്ഥ പ്രമാണിമാരുടെ പ്രസക്തി വർദ്ധിപ്പിക്കുന്നു, അത് സ്പർദ്ധകൾക്ക് ആക്കം കൂട്ടുന്നു, അനുയായിവൃന്ദം ബലിയാടുകളാകുന്നു. ഓരോ പ്രമാണിമാരും അവരവരുടെ കൂടെയുള്ള അംഗസംഖ്യ വർദ്ധിപ്പിക്കാൻ പല മാർഗ്ഗങ്ങളിലൂടെയും 'മതപരിവർത്തനം' നടത്തുന്നു, പെറ്റുപെരുകാൻ ആഹ്വാനം ചെയ്യുന്നു. ഇതൊക്കെക്കൊണ്ടായിരിക്കാം വ്യത്യസ്ത മതങ്ങളിൽപ്പെട്ടവർ കഷ്ടകാലത്തിന് കല്യാണം കഴിച്ചാൽ അതിൽ ഏതെങ്കിലും ഒരാൾ മതം മാറി രക്തം ശുദ്ധീകരിച്ച് ഒരു 'ഗ്രൂപ്പാ'ക്കിത്തീർക്കുന്നത്. അല്ലെങ്കിൽ അതിൽ പിറക്കുന്ന കുട്ടികൾ മനുഷ്യക്കുട്ടികളാകില്ലല്ലോ?

അതുപോലെ അനാചാരങ്ങളും അന്ധവിശ്വാസങ്ങളും എല്ലാ മതവിഭാഗങ്ങളിലുമുണ്ട്. സ്വന്തം കാര്യം മറച്ചുപിടിച്ചാണ് ഓരോരുത്തരും മറ്റുള്ളവിഭാഗങ്ങളെ പഴിക്കുക്കയും കളിയാക്കുകയും ചെയ്യുക എന്നത് വേറെ കാര്യം. ഹിന്ദുമതത്തിൽ അനാചാരങ്ങൾക്കെതിരെ പോരാടിയിട്ടുള്ള ഒട്ടേറെ പേരുണ്ട്. ശ്രീ നാരായണഗുരുവും, ചട്ടമ്പി സ്വാമികളും, സ്വാമി വിവേകാനന്ദനും, രാജാറാം മോഹൻറായിയുമൊക്കെ ഹിന്ദുമതത്തിലെ അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും എതിർത്തില്ലാതാക്കി ജനങ്ങളെ ഉദ്ബോധിക്കാൻ ശ്രമിച്ചവരാണ്. അനാചാരങ്ങൾക്കെതിരെ ശബ്ദമുയർത്തിയത് കൊണ്ട് അവരുടെ തല ആരും വെട്ടിക്കളഞ്ഞിട്ടില്ല. പക്ഷേ അവരാരും മതം ഒരു കേന്ദ്രീകൃത സംവിധാനമാക്കി പ്രവർത്തിക്കണം എന്ന് പറഞ്ഞിട്ടില്ല. അവരൊന്നും ഹിന്ദുമതത്തിന്റെ അധിപന്മാരായി സ്വയം ഉയർത്തിക്കാട്ടിയിരുന്നില്ല, മണിമാളികകളിൽ വസിച്ചിരുന്നില്ല, ആശ്രമസാമ്രാജ്യങ്ങൾ സ്ഥാപിച്ചിരുന്നില്ല. മറ്റു മതങ്ങളിലെ അനാചാരങ്ങളെ ചോദ്യം ചെയ്യുന്നവർ പുറംലോകവും കാണുന്നില്ല.

എന്നാൽ ഇന്ന് നടക്കുന്നതെന്താണ്? ഹിന്ദു മതത്തിനും ഒരു തരം 'കോർപ്പറേറ്റ്' സ്വഭാവം വരുത്താൻ കൊണ്ട് പിടിച്ച ശ്രമം നടക്കുന്നു. കാഞ്ചി മഠമോ പുരി ആശ്രമമോ ഒന്നും ഇടപെടാത്തിടത്ത് രാഷ്ട്രീയ സ്വയംസേവക്  സംഘും വിശ്വഹിന്ദു പരിഷത്തും അശ്രാന്തപരിശ്രമം നടത്തുന്നു. ഇനി അവരാണ് ഒരു 'ഹിന്ദു' എങ്ങനെ ജീവിക്കണം എന്ന് തീരുമാനിക്കുക.

ഇതിന് ഒരു മറുവശവുമുണ്ട്. ഭാരതത്തിലങ്ങോളമിങ്ങോളം എല്ലാ രാഷ്ട്രീയപ്പാർട്ടികളും ഹിന്ദു ഇതര വിഭാഗങ്ങളെ പലതരം 'റിസർവേഷനുകളും' നൽകി  'വോട്ട് ബാങ്കു'കളാക്കി വേറിട്ട്‌ നിർത്തിയിട്ടുണ്ട്. ന്യൂനപക്ഷമാണെങ്കിലും മേൽപറഞ്ഞ  'റിസർവേഷന്' വേണ്ടിയും മറ്റ് പ്രഖ്യാപിത അവകാശങ്ങൾക്ക് വേണ്ടിയും ആ മതവിഭാഗങ്ങൾ ഒറ്റക്കെട്ടായി നിന്ന് കാര്യങ്ങൾ നേടിയെടുക്കുന്നത് ഹിന്ദു സമൂഹം ആശങ്കയോടെയാണ് കാണുന്നത് (റിസർവേഷൻ ചില മേഖലകളിൽ ആവശ്യം തന്നെയാണ്. പക്ഷേ രോഗത്തിന് മരുന്നെന്നപോലെ കാലക്രമേണ അതിന്റെ അളവ് കുറയ്ക്കുകയാണ് വേണ്ടത്, അല്ലാതെ കൂട്ടിക്കൊണ്ടിരിക്കുകയല്ല. റിസർവേഷൻ കൂട്ടിക്കൊണ്ടിരിക്കുന്നു എന്നതിന്നർത്ഥം രോഗത്തിനല്ല ചികിത്സ എന്നതാണ്). അവർക്ക് അവകാശങ്ങൾ ഒന്നും ഇല്ലാതിരിക്കുകയും മറ്റുള്ളവർക്ക് മാത്രം അവകാശങ്ങൾ ഉണ്ടാകുകയും ചെയ്യുന്നത് വൈകിയാണെങ്കിലും അവർ മനസ്സിലാക്കിയിരിക്കുന്നു. ആ ഉണർവ്വിനെയാണ് ഇന്ന് ഹിന്ദു സംഘടനകൾ ഉപയോഗിക്കുന്നത്. ഈ കാര്യം മറ്റുള്ള മതങ്ങൾ മനസ്സിലാക്കാത്തിടത്തോളം ഇത് തുടർന്നുകൊണ്ടുമിരിക്കും. കാരണം ഹിന്ദുവിന്റെ ഐക്യത്തിന് വളം വച്ച് കൊടുത്തത് മറ്റുള്ള മതങ്ങളുടെ കൊള്ളരുതായ്മകളും രാഷ്ട്രീയക്കാരുടെ കളികളും തന്നെയാണ്. ഹിന്ദുവിന്റെ അമ്പലങ്ങളിലെ പണം സർക്കാരെടുക്കുകയും, മറ്റു മതസ്ഥാപനങ്ങളിലെ പണം അതാത് മതങ്ങളെടുക്കുകയും, മറ്റുമതങ്ങളിലെ തീർത്ഥാടനത്തിന് 'സബ്സിഡി' കൊടുക്കുകയും ചെയ്യുമ്പോൾ ഏതൊരു 'ഹിന്ദു'വും ഒന്ന് ചിന്തിച്ചു പോകും. 'ടിറ്റ് ഫോർ ടാറ്റ്' എന്ന സങ്കേതം ഉപയോഗിച്ച് ഹിന്ദുക്കളും 'ഘർ വാപസി' നടത്തുമ്പോൾ തീർച്ചയായും പ്രകോപിതരാകുന്നത്‌ ന്യൂനപക്ഷങ്ങളെ ഉപയോഗിച്ച് ജീവിക്കുന്നവരാണ്. ഈയ്യൊരു പ്രകോപനം കൊണ്ടാണ് 'മതപരിവർത്തനം' ഇന്നൊരു വാർത്തയാകുന്നത്. ഇനി ഹിന്ദു ഐക്യം ഏതറ്റം വരെ പോകും എന്നതേ ഇനി നോക്കാനുള്ളൂ. ഈ തുറന്നുവിട്ട ഹിന്ദു ഐക്യ ഭൂതത്തെ വീണ്ടും കുപ്പിയിലാക്കാൻ, പണ്ട് മുക്കുവൻ ഉപയോഗിച്ച വിദ്യ തന്നെ ഉപയോഗിക്കേണ്ടിവരും.

ഒരു ഹിന്ദു എങ്ങനെ ആകണം എന്ന് എവിടെയെങ്കിലും ആധികാരികമായി പറഞ്ഞിട്ടുണ്ട് എന്ന് തോന്നുന്നില്ല. ഒരു മനുഷ്യൻ എങ്ങനെ ജീവിക്കണം എന്ന് വേദങ്ങളിലും ഉപനിഷത്തുകളിലും കാണാം. ആര്യസമാജം നടത്തുന്ന ചില ചടങ്ങുകൾക്ക് ശേഷം കൊടുക്കപ്പെടുന്ന സാക്ഷ്യപത്രം ഉപയോഗിച്ച് അഹിന്ദുക്കളെ ഹിന്ദുക്കളാക്കാമെന്നും അവർക്ക് ക്ഷേത്രപ്രവേശനം ചെയ്യാമെന്നും കേട്ടിട്ടുണ്ട്. എന്താണ് ആ ചടങ്ങിൽ നടക്കുന്നത് എന്ന് ഒരു നിശ്ചയവുമില്ല. ക്രിസ്തുമതത്തിൽ പെട്ട അച്ഛനമ്മമാർക്ക് ജനിച്ചാലും 'ജ്ഞാനസ്നാനം' ചെയ്യിച്ച് confirmation നടന്നാൽ മാത്രമേ ഒരാൾ ക്രിസ്ത്യാനി ആവുകയുള്ളൂ. ആ സ്നാനം കൊണ്ട് എന്താണാവോ ആ ശരീരത്തിലും മനസ്സിലും നടക്കുന്നത്. അതുപോലെ മുസ്ലീംമുകൾക്ക് ചേലാകർമ്മവും മറ്റു ചടങ്ങുകളും ഉണ്ട്; അവയൊക്കെ ചെയ്‌താൽ ആ സമയത്തുള്ള ആത്മാവ് മാറി അത് മുസ്ലീം ആത്മാവായി മാറും! ഗ്രന്ഥസാഹിബിനെ അംഗീകരിച്ച് തലപ്പാവും ക്രിപാണും ധരിച്ചാൽ സിക്കുകാരനാവാം. ശ്രീബുദ്ധന്റെ അരുളപ്പാടുകൾ അംഗീകരിച്ചാൽ ബുദ്ധമതക്കാരനും ജൈനവചനങ്ങൾ അംഗീകരിച്ച് ജീവിച്ചാൽ ജൈനമതക്കാരനുമാവാം.

മനസ്സുറക്കാത്ത, കളങ്കമില്ലാത്ത കുഞ്ഞു പ്രായത്തിൽ, കുഞ്ഞുങ്ങൾ പോലും അറിയാതെയാണ് ഓരോ കുഞ്ഞുങ്ങളും നിർബന്ധിത മതപഠനത്തിന്റെ പേരിൽ ഓരോ മതക്കാരാകുന്നത്. അവരിൽ പുനർവിചിന്തനം പോലും നടക്കാൻ കഴിയാത്തതരത്തിൽ മതത്തിന്റെ വേരുകളെ മസ്തിഷ്കപ്രക്ഷാളനം നടത്തി അടിച്ചാഴ്ത്തുന്നു. ഒരോ മതക്കാരന്റെ സൌഹൃദങ്ങളും ബന്ധങ്ങളും കൂട്ടായ്മകളും അതാത് മതത്തിൽ  പെട്ടവരായി മാത്രമാക്കുന്നു. പൌരോഹിത്യം ഈ വക കാര്യങ്ങളൊക്കെ നടക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നു. ഇതുപോലെയുള്ള ചടങ്ങുകളാണ് ഇപ്പോൾ ഹിന്ദുമതക്കാരും സൃഷ്ടിച്ചെടുക്കുന്നത്. വേദവും മറ്റു ചില സൂക്തങ്ങളും ഉരുവിട്ട് ഗംഗാ ജലം തളിച്ചാൽ ഇനി ഏതൊരാൾക്കും ഹിന്ദു രക്തം ഉണ്ടാക്കാൻ പറ്റുമായിരിക്കും. ഇനി മാർപാപ്പയെ പോലുള്ള എന്തെങ്കിലും 'സെറ്റപ്പ്' ഹിന്ദുക്കൾ ഉണ്ടാക്കുമോ ആവോ?

ഹിന്ദുവായി മതം മാറാതെ യേശുദാസ് ഗുരുവായൂരിൽ കയറിയാൽ ഗുരുവായൂരപ്പൻ അവിടെ നിന്ന് ഓടിക്കളയുമോ? സത്യത്തിൽ ഗുരുവായൂരപ്പൻ പണ്ടേ യേശുദാസിന്റെ കൂടെ പോയിക്കാണും. അത് മനസ്സിലാക്കാതെയാണോ യേശുദാസ് വീണ്ടും വീണ്ടും ഗുരുവായൂരമ്പലത്തിൽ കയറിത്തന്നെ കൃഷ്ണനെ കാണണമെന്ന് ആഗ്രഹിക്കുന്നത് എന്ന് തോന്നിപ്പോകുന്നു. വിശ്വസിക്കുന്ന ദൈവത്തിനെ പ്രാർത്ഥിക്കാൻ അമ്പലത്തിലോ പള്ളിയിലോ പോകണോ?  കക്കൂസിലിരുന്ന് ദൈവത്തിനെ ഓർത്തുപോയാൽ ദൈവം കോപിക്കുമോ? വിഗ്രഹമില്ലാതെയും ആരാധിച്ചു കൂടെ? മതങ്ങളിൽ വിശ്വസിച്ചില്ലെങ്കിൽ സ്വർഗ്ഗത്തിൽ പോകില്ലേ (സ്വർഗ്ഗത്തിൽ പോയി തിരിച്ചു വന്നിട്ടുള്ളവർ മാത്രം ഉത്തരം പറയട്ടെ)? സത്യത്തിൽ മത ചട്ടക്കൂടുകൾ കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമാക്കുകയാണ്.

ഹിന്ദുവെന്ന് പറയപ്പെടുന്ന കൂട്ടത്തിലുള്ള / മതത്തിലുള്ള, അതിൽ മാത്രം സന്നിഹിതമായിട്ടുള്ള ഓരോരുത്തർക്കും അവരവർക്ക് ഇഷ്ടമുള്ള തരത്തിൽ പ്രവർത്തിക്കാൻ അനുവദിക്കുന്ന, തെറ്റാണെന്ന് തോന്നുന്ന കാര്യങ്ങളെ ചോദ്യം ചെയ്യാൻ അനുമതി നൽകുന്ന, മത പൗരോഹിത്യം ഇടപെടാത്ത, ചിന്താ സ്വാതന്ത്ര്യമുള്ള ഒരു രീതിയെ നശിപ്പിച്ച്, എന്തിനാണ് അതിനൊരു കാഠിന്യമുള്ള ചട്ടക്കൂട് ഉണ്ടാക്കുന്നത്‌? ഈ ലോകത്ത് ജനിക്കുന്നവരൊക്കെയും ഒരു മതവുമില്ലാതെയാണെന്നാണ് എന്റെ സങ്കൽപം. നമ്മൾ ജീവിച്ചുപോന്ന ആ ജീവിതശൈലി, പൂർണ്ണമായും സ്വതന്ത്രവും, ചിന്താ സ്വാതന്ത്ര്യവും, കർമ്മ സ്വാതന്ത്ര്യവും തരുന്നതുമായിരുന്നു. അതിന്റെ സുഖം ഒന്ന് വേറെത്തന്നെയാണ്‌. അതുകൊണ്ട് തന്നെ ആ ജീവിതശൈലി സ്വീകരിക്കുവാൻ ഒരു ആരോഹണച്ചടങ്ങിന്റേയോ (ഇതുവരെ ഉണ്ടായിരുന്നില്ല) പരിവർത്തനച്ചടങ്ങിന്റേയോ ആവശ്യമില്ല.  ഇനി 'ഹിന്ദു'ക്കൾക്കും എല്ലാ തിങ്കളാഴ്ചയും അമ്പലത്തിൽ പോകണമെന്നും, മാസാമാസം 'ഡൊണേഷന്‍' കൃത്യമായി കിട്ടിക്കൊള്ളണമെന്നുമൊക്കെയുള്ള നിയന്ത്രണങ്ങൾ വന്നാൽ നമ്മളൊക്കെ ജനിച്ചിട്ടില്ലെന്ന് പറയേണ്ടിവരും. പൗരോഹിത്യം പറയുന്നതെന്തും തൊണ്ട തൊടാതെ വിഴുങ്ങാൻ മൂഡ്ഡന്മാർക്ക് മാത്രമേ പറ്റൂ.

പിന്നെ വയലാർ രാമവർമ്മ പാടിയത് പോലെ സംഭവിക്കുകയാണ്:
"മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു... മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു... മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി ഈ മണ്ണ് പങ്കു വച്ചു..."
ഇന്നത്തെ എല്ലാ മതങ്ങളിലും കൊള്ളരുതായ്മകളുണ്ട്. എല്ലാ പ്രഖ്യാപിത മതങ്ങളും സ്ത്രീകൾക്ക് പലവിധത്തിലുള്ള വിലക്കുകൾ എർപ്പെടുത്തുന്നു. മതങ്ങൾ മനുഷ്യമനസ്സിൽ മതിലുകൾ സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. ആ മതങ്ങൾക്കുള്ളിൽ മാത്രം നല്ലത് കണ്ട്, അതിന്റെയുള്ളിൽ മാത്രം ഒതുങ്ങിക്കൊണ്ട് ഓരോ മത വിശ്വാസിയും ഒരോ കൂപമണ്ടൂകമായി മാറുന്നു. മതങ്ങളുടെ ചട്ടക്കൂടുകളില്ലാതെ സ്വതന്ത്രമായി ചിന്തിക്കുന്ന സമൂഹമാണ് ഇന്നത്തെ ആവശ്യം. ആഗോളവൽക്കരണത്തിന്റേതായ ഇക്കാലത്ത്, എല്ലമതങ്ങളിലെയും നല്ല കാര്യങ്ങളെ സമന്വയിപ്പിച്ച് എല്ലാ മനുഷ്യന്മാർക്കും ഒരൊറ്റ 'പ്രോട്ടോക്കോൾ' ഉണ്ടാക്കി, 'മനുഷ്യമതം' മാത്രം ഉണ്ടാവേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. മതങ്ങളുണ്ടാക്കുന്ന പാരതന്ത്ര്യത്തെക്കാൾ നല്ലത് മതമില്ലാതെ വെറും പച്ചമനുഷ്യനായി ജീവിക്കുന്നതാണ്. മനുഷ്യനെ വെള്ളം തളിച്ചും, തൊലി മുറിച്ചും, തലപ്പാവ് കെട്ടിയും, കാവിയുടുപ്പിച്ചും മറ്റെന്തോ ആക്കി മാറ്റിയെന്ന ചിന്താഗതിയുണ്ടാക്കി,  ചില്ല് കൊട്ടാരത്തിലിരുന്ന് നേട്ടം കൊയ്യുന്ന പ്രമാണിമാരെ തിരിച്ചറിയുക. മനുഷ്യന് വേണ്ടത്, മനുഷ്യരുടെ ഇടയിൽ ഇറങ്ങിച്ചെന്ന് മനുഷ്യനെന്ന രീതിയിലുള്ള ഉന്നമനത്തിന് വേണ്ടി പ്രവർത്തിക്കുന്ന ഗുരുത്വമുള്ള ചിന്തകരെയാണ്. അവരൊരിക്കലും പ്രമാണിമാരാകില്ല, സ്വാർത്ഥലാഭേച്ഛയുള്ള പുരോഹിതരാകില്ല. .

മധുസൂദനൻ നായരുടെ വരികൾ കടമെടുത്താൽ "ഒക്കെ വെറുമൊരു ഭ്രാന്തന്റെ സ്വപ്നം... നേര് നേരുന്ന താന്തന്റെ സ്വപ്നം.."

മതങ്ങളെ ആവശ്യമുള്ളവരും വിവരാന്വേഷകരും മാത്രം മതങ്ങളെപ്പറ്റി പഠിക്കട്ടെ. മതങ്ങളെ നിർബന്ധിച്ച് അടിച്ചേല്പിക്കാതിരിക്കുക. കുട്ടികൾക്ക്  വളരെ ചെറുപ്പത്തിൽത്തന്നെ മതങ്ങളുടെ മസ്തിഷ്കപ്രക്ഷാളനം എൽപ്പിക്കുന്നതിന് പകരം, ആവശ്യമുണ്ടെങ്കിൽ പ്രായപൂർത്തിയായാൽ മാത്രം സ്വയം മതം തിരഞ്ഞെടുക്കാനുള്ള സ്വാതത്ര്യം കൊടുക്കുക. മതങ്ങളുടെ പേരിൽ കൊടുക്കപ്പെടുന്ന ഡിഗ്രികൾ നിർത്തലാക്കുക. ഒരു മതത്തിലെ ജന്മത്തിന്റെ പേരിൽ വിവരം ഉണ്ടാകില്ല. വിവരദോഷത്തിന് മതവുമില്ല !

"വെറുതെയീ മോഹങ്ങളെന്നറിയുമ്പൊഴും വെറുതേ മോഹിക്കുവാൻ മോഹം"

ഈ ലേഖനം, ഇ-മലയാളിയിൽ വായിക്കാം.
*****

2014, ഡിസംബർ 15, തിങ്കളാഴ്‌ച

സന്തോഷ് പണ്ഡിറ്റിനുള്ളത് കഴിവോ കഴിവ്കേടോ ?

ഇക്കഴിഞ്ഞ ദിവസം ഉച്ചഭക്ഷണത്തിന് ഞങ്ങൾ, കുറച്ച് മലയാളി സുഹൃത്തുക്കൾ ഒരു ഭാരതീയ ഭക്ഷണശാലയിൽ പോയി. അവിടെ വച്ച് എന്തൊക്കെയോ ചർച്ച ചെയ്യുന്നതിനിടയിൽ, ചർച്ച, പൊടുന്നനെ സന്തോഷ് 'പണ്ഡിറ്റ്‌' എന്ന കേരളത്തിലെ ഇന്നത്തെ ഒരു 'പ്രതിഭാസത്തിന്റെ' മേലെ ആയി. അതിൽ ഞാനൊഴികെ എല്ലാവരും, ആ ഭോജനശാലയിലെ തിരക്കിനെ മാനിച്ചത് കൊണ്ടോ, അവരുടെ സഭ്യത അനുവദിക്കാത്തത് കൊണ്ടോ എന്നറിയില്ല, പണ്ഡിറ്റിനെ 'തെറി' പറഞ്ഞില്ല എന്നേയുള്ളൂ. പക്ഷേ, അവരുടെ ഓരോ വാക്കിലും ഓരോ വാചകത്തിലും പണ്ഡിറ്റിനോടുള്ള അവരുടെ ഉള്ളിൽത്തട്ടിയുള്ള ആത്മരോഷം പ്രകടമായിരുന്നു. ചർച്ചയിൽ ഞാൻ തീർത്തും ഒറ്റപ്പെട്ടുപോയി എന്ന് തെളിച്ച് പറയേണ്ടതില്ലല്ലോ. അതെ, ഞാൻ 'ഏകദേശം' സന്തോഷ് പണ്ഡിറ്റിന്റെ ഭാഗത്തായിരുന്നു.

സന്തോഷ് പണ്ഡിറ്റിന്റെ ആദ്യ സിനിമയായ 'രാധയും കൃഷ്ണനും' ആദ്യത്തെ ഒരു പത്ത് മിനുട്ട് ഞാൻ കണ്ടിട്ടുണ്ട് (അതിനപ്പുറം കാണാൻ മനസ്സനുവദിച്ചില്ല). കൂടാതെ അദ്ദേഹത്തെപ്പറ്റി പത്രങ്ങളിൽ വരുന്ന വാർത്തകളും അദ്ദേഹത്തിന്റെ നാലഞ്ച്  അഭിമുഖങ്ങളും ഒന്ന് രണ്ട് പാട്ടുകളും എന്റെ ശ്രദ്ധയിലൂടെ പോയിട്ടുണ്ട്.  മിക്കതും അവിചാരിതമായി ശ്രദ്ധയിൽ പെടുന്നതാണ്. ഇത്രയൊക്കെയേ പണ്ഡിറ്റിനെക്കുറിച്ച് എനിക്കറിയൂ. 

സന്തോഷ്‌ പണ്ഡിറ്റിന് ആകെ മൊത്തം പ്രാന്താണെന്നും അദ്ദേഹത്തെ ഭ്രാന്താശുപത്രിയിലാക്കണമെന്നും ഒരാൾ രോഷം കൊണ്ടു. ഇങ്ങനെയും സിനിമകൾ ഉണ്ടാക്കാമോ? അദ്ദേഹം എടുക്കുന്നത് സിനിമയാണോ? അതിലെന്തെങ്കിലും കഥയുണ്ടോ? ഇങ്ങനെ പോകുന്നു അദ്ദേഹത്തിന്റെ വാദഗതികൾ.

നമ്മളെല്ലാവരും, അവനവന്റെ ബുദ്ധിക്കും, പിന്നെ കുറച്ച് സാമാന്യബുദ്ധിക്കും താരതമ്യം ചെയ്താണല്ലോ മറ്റുള്ളവന്റെ ബുദ്ധിയെക്കുറിച്ച് അഭിപ്രായം പറയുക. അങ്ങനെ ചിന്തിച്ചാൽ അവനവൻ ഒഴികെ ഒരുമാതിരി മറ്റുള്ള എല്ലാവർക്കും പ്രാന്തായിരിക്കും. കുറച്ച് ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുമെന്നേയുള്ളൂ. അവനവന്റെ ചിന്താഗതിക്ക് അടുത്ത് നില്ക്കുന്നവരുമായി ചങ്ങാത്തവും ബന്ധവും ഉണ്ടാകും എന്ന് മാത്രം.

എന്റെ അഭിപ്രായത്തിൽ പണ്ഡിറ്റിന്റെ സിനിമയിൽ കുറച്ചൊക്കെ കഥയും, പാട്ടിൽ കുറച്ചൊക്കെ പാട്ടും ഒക്കെയുണ്ട്. പക്ഷേ പാട്ട് ഈണമൊത്തതാണോ, പണ്ഡിറ്റ് തന്നെ എന്തിന് പാടുന്നു, കഥയിൽ ഒഴുക്കുണ്ടോ, അർത്ഥസമ്പുഷ്ടമാണോ എന്നതൊക്കെ വേറെകാര്യം. എന്തായാലും അദ്ദേഹം പുറത്തിറക്കുന്ന ഓരോ ഉൽപ്പന്നവും സുസൂക്ഷ്മം കാണുന്ന / വിലയിരുത്തുന്ന ഒരു കൂട്ടം ആളുകൾ നമ്മുടെ ഇടയിലുണ്ട് എന്നത് ഒരു യാഥാർത്ഥ്യമാണ്. കാരണം അത്തരം ആളുകൾക്ക് വേണ്ടിത്തന്നെയാണ് പണ്ഡിറ്റ് ചില സംഭവങ്ങൾ പടച്ചു വിടുന്നത്. അങ്ങനെ പടച്ച് ഉണ്ടാക്കി വിടുന്നത് കാണുവാൻ ആളുകൾ ഉള്ളിടത്തോളം അദ്ദേഹം ഈപ്പണി തുടർന്ന് കൊണ്ടേയിരിക്കും.

അങ്ങനെ പറഞ്ഞപ്പോഴാണ്  രണ്ടാമത്തെ സുഹൃത്ത് പറഞ്ഞത്, ഈ ആളുകളൊക്കെ പോകുന്നത് സന്തോഷ് പണ്ഡിറ്റിനെ കൂകി വിളിച്ച് തെറിയഭിഷേകം ചെയ്യാനാണ് എന്ന്. മോഹൻലാലിന്റെ സിനിമ കണ്ട് തെറിയഭിഷേകം ചെയ്യാൻ പറ്റില്ലത്രേ.

അപ്പോൾ എനിക്ക് വീണ്ടും സംശയം. ഈ പോകുന്ന ആളുകൾക്കാണോ പ്രാന്ത് അതോ സന്തോഷ് പണ്ഡിറ്റിനോ? തെറിയഭിഷേകം ചെയ്യാൻ ആളുകൾക്കെന്താ മുട്ടി നില്ക്കുകയാണോ? എനിക്ക് തോന്നുന്നു, ഈ തരത്തിലുള്ള കാണികളുടെ ചിന്താവൈകൃതം മുതലെടുക്കുകയാണ് സന്തോഷ് പണ്ഡിറ്റ് ചെയ്യുന്നത്. ഭൂരിപക്ഷം ആളുകളും അതു ആസ്വദിക്കുന്നുണ്ടോ എന്നുകൂടി എനിക്ക് സംശയം ഉണ്ട്. അത് കൊണ്ടാണല്ലോ എല്ലാ ദൃശ്യ / അച്ചടി മാധ്യമങ്ങളിലും സന്തോഷ് പണ്ഡിറ്റിനെ കുറിച്ചുള്ള അഭിമുഖങ്ങളും ഫീച്ചറുകളും വാർത്തകളും ഒക്കെ വെണ്ടക്കാ വലുപ്പത്തിൽ വരുന്നത്. ആളുകൾ കാണാനും വായിക്കാനും താൽപര്യപ്പെടാത്ത കാര്യങ്ങൾ മാധ്യമങ്ങൾ വിളമ്പിക്കൊണ്ടേയിരിക്കുമോ? സുപ്രസിദ്ധ നടി ഉർവ്വശിപോലും പണ്ഡിറ്റുമായി അഭിമുഖം നടത്തുന്നതുവരെയെത്തിരിക്കുന്നു കാര്യങ്ങൾ. 

അപ്പോൾ മൂന്നാമത്തെ സുഹൃത്ത് ഉദാഹരണ സഹിതം വേറൊരു കാര്യം പറഞ്ഞു:

"സാധാരണ രണ്ടു കാലുകളും രണ്ടു കൈകളും ഉള്ള ഒരു കുഞ്ഞ് പിറന്നാൽ അതൊരു സാധാരണ സംഭവമായതുകൊണ്ട് ആളുകൾ ആ കുഞ്ഞിനെ കാണാൻ തിക്കിത്തിരക്കില്ല. മറിച്ച് നാല് കയ്യും രണ്ട് തലകളുമായി ഒരു ചാപിള്ള പിറന്നാൽ അതിനെ കാണാൻ ആളുകൾ തിരക്ക് കൂട്ടില്ലേ? അതുപോലെയാണ് പണ്ഡിറ്റ് പടച്ചു വിടുന്ന ഉൽപന്നങ്ങൾ കാണാൻ ആളുകൾ തടിച്ചു കൂടുന്നത്"

തീർച്ചയായും ഒറ്റനോട്ടത്തിൽ വളരെ ന്യായമുള്ള ഒരു കാര്യം. പക്ഷേ ഈ പറഞ്ഞതുപോലുള്ള ചാപിള്ളകൾ ആരും അറിയാതെ അല്ലെങ്കിൽ കരുതിക്കൂട്ടിയല്ലാതെ ജന്മമെടുക്കുന്നതാണ്. പക്ഷേ പണ്ഡിറ്റ്, അദ്ദേഹമിറക്കുന്ന സിനിമകളും മറ്റു ചാനൽ ഉൽപന്നങ്ങളും ഒക്കെയുണ്ടാക്കുന്നത് കരുതിക്കൂട്ടിയാണ്. അവിടെയാണ് വ്യത്യാസം. അദ്ദേഹം ഒരു വിഭാഗം ജനത്തിന്റെ 'സൈക്കോളജി' അറിഞ്ഞിട്ട് തന്നെ ചെയ്യുന്നതാണെന്ന് അദ്ദേഹം തന്നെ ഒരു അഭിമുഖത്തിൽ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. അദ്ദേഹം ഇപ്പോൾ ഒരു യുട്യൂബ് ചാനൽ തുടങ്ങി അതിലൂടെ 'ടോക്ക് ഷോ' യും നടത്തുന്നുണ്ടെന്ന് കേട്ടു. മാത്രവുമല്ല, അതിന് ആയിരക്കണക്കിന് 'ഹിറ്റും' കിട്ടുന്നുണ്ടെന്ന് പത്രത്തിൽ വായിച്ചു. ഇതിന്റെയൊക്കെ അർത്ഥം എന്താണ്? ഈ പൊട്ടൻ കളി കൊണ്ട് അദ്ദേഹം പണം സമ്പാദിക്കുന്നു. ആളുകളെ കൂടുതൽ കൂടുതൽ പൊട്ടൻമാരാക്കിക്കൊണ്ടിരിക്കുന്നു.

അപ്പോൾ ദേ നാലാമൻ:

"സന്തോഷ് 'പണ്ഡിറ്റ്' ചെയ്യുന്നതൊക്കെ ഒരു തരം negative സംഭവങ്ങളാണ്. അദ്ദേഹത്തിന്റെ പ്രചാരം ഒരുതരം കുപ്രസിദ്ധിയാണ്"

ആ അഭിപ്രായത്തോട് കുറച്ചെങ്കിലും യോജിക്കാമെന്ന് എനിക്കും തോന്നി. 'നെഗറ്റീവ്' സംഖ്യയും 'പോസിറ്റീവ്' സംഖ്യയും സംഖ്യ തന്നെയാണല്ലോ? സംഖ്യ താഴോട്ടോ മേല്പോട്ടോ എന്ന വ്യത്യാസമല്ലേ ഉള്ളൂ. അത് പോലെ കരയിലേക്ക് വലിച്ച് കയറ്റാനും വെള്ളത്തിലേക്ക് തള്ളിയിടാനും ഉപയോഗിക്കുന്നത് 'ശക്തി' തന്നെയാണല്ലോ? ഈത്തരുണത്തിൽ ഇവിടെ പ്രസിദ്ധിയും കുപ്രസിദ്ധിയും ഉണ്ടാകാം. രണ്ടായാലും ഒരുതരത്തിലല്ലെങ്കിൽ വേറൊരുതരത്തിൽ പ്രസിദ്ധമാണെന്നതിന് തർക്കമില്ല.

നമ്മുടെ ഇടയിലുള്ള ചില 'പണ്ഡിറ്റ്' വിമർശകരായ മഹാനടന്മാരുടെയൊക്കെ ആദ്യകാല സിനിമകൾ എടുത്താൽ സന്തോഷ്‌ പണ്ഡിറ്റിന്റെ സിനിമയുടെ നിലവാരം ഒക്കെയേ കാണൂ. അവിടെ ആ അഭിനേതാക്കൾ, വെറും അഭിനയം എന്ന ഭാഗത്ത് മാത്രമേ ശ്രദ്ധിക്കേണ്ടതുള്ളൂ. എന്നാൽ നമ്മുടെ 'പണ്ഡിറ്റ്' ഒരു സിനിമയുടെ എല്ലാ ഭാഗങ്ങളിലും കൈവെക്കുന്നു. നിലവാരം എന്തോ ആയിക്കൊള്ളട്ടെ. പക്ഷേ അത് കാണാൻ ആളുകളുണ്ടാവുന്നു, കണ്ടവർ തന്നെ വീണ്ടും വീണ്ടും കാണുന്നു (മോശമാണെങ്കിൽ ഒരു തവണ കണ്ടാൽ പോരേ?), വീണ്ടും വീണ്ടും വിമർശിക്കുന്നു. സങ്കോചം ഒട്ടുമേ കൂടാതെ പണ്ഡിറ്റ് വീണ്ടും വീണ്ടും പഴയ കാര്യങ്ങൾ പുതിയ പേരിൽ ഇറക്കിക്കൊണ്ടിരിക്കുന്നു. 

ഉടനെ ഒന്നാമൻ രോഷം കൊണ്ട് ഒന്ന് കൂടി കനത്ത് പറഞ്ഞു: 

"നീ ഇങ്ങനെയൊക്കെ സംസാരിക്കുന്നത് കഷ്ടമാണ്. കഥകളും പാട്ടുകളും എഴുതുന്ന, കെ എ ജി ഡബ്ല്യൂ വിന്റെ ആശയഗാനം എഴുതിയ നീ തന്നെയാണോ ഇങ്ങനെയൊക്കെ പറയുന്നത്? നിന്റെ കഴിവിലും നിന്റെ ചിന്താരീതികളിലും ഞങ്ങൾക്ക് ഇപ്പോൾ സംശയം തോന്നുന്നു..."

"പടച്ചോനെ".... ഇനിയെന്താ പറയുക? ഇനി പറഞ്ഞാൽ സംഗതി വഷളാകുമോ?

അതിലിടയ്ക്ക് താരതമ്യേന വാക്ശരങ്ങൾ കുറച്ച് ഉപയോഗിച്ചിരുന്ന നാലാമൻ, ability - കഴിവ്/പ്രാപ്തി, talent - പ്രതിഭ/പ്രാഗൽഭ്യം/നിപുണത എന്ന ആംഗലേയ പദങ്ങളുടെ അർത്ഥവ്യത്യാസങ്ങൾ നിരത്തി. 

ശരിയാണ്. ability ഉള്ളവനേ talent ഉണ്ടാവുകയുള്ളൂ. പക്ഷേ ability ഉള്ള എല്ലാവർക്കും talent ഉണ്ടാവണമെന്നുമില്ല. അങ്ങനെയാണെങ്കിൽ 'മിസ്റ്റർ സന്തോഷ് പണ്ഡിറ്റി'ന് എന്തോ ഒരു ability ഉണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു. ഒന്നുകിൽ പൊട്ടനായി അഭിനയിച്ച് ആളുകളെ പൊട്ടന്മാരാക്കാനുള്ള ability, അല്ലെങ്കിൽ അതിബുദ്ധി കാട്ടി പൊട്ടന്മാരെ ആകർഷിക്കാനുള്ള ability. ഇതൊന്നുമല്ലെങ്കിൽ സ്വയം പൊട്ടനായതിന്റെ പരമാവധി വ്യാപ്തി ഉപയോഗിക്കാൻ കഴിയുന്നതിനുള്ള ability. 

എന്തായാലും പണ്ഡിറ്റ്‌ ഇന്നത്തെ നിയമാനുസൃതമായ വ്യവസ്ഥാപിത മാർഗ്ഗങ്ങളിൽ നിന്നുകൊണ്ട് തന്നെയാണ് പണം സമ്പാദിക്കുന്നത്. അദ്ദേഹം ഒന്നും കട്ടെടുക്കുന്നില്ല. അദ്ദേഹം ഒരിക്കലും ആരുടേയും വാതിൽ തുറന്ന് വന്ന്, 'ദാ... എന്നെ കണ്ടോളൂ, എന്റെ സിനിമ നോക്കിക്കോളൂ' എന്നൊന്നും പറഞ്ഞിട്ടില്ല. ഇങ്ങനെയൊക്കെയായിട്ടും അദ്ദേഹത്തിൻറെ സിനിമയിൽ സഹായിക്കാനും അഭിനയിക്കാനും ആളുകൾ പോകുന്നുണ്ട്, അവർക്ക് പരാതികളില്ലാത്തവണ്ണം, പണ്ഡിറ്റ് അവർക്ക് കൂലിയും കൊടുക്കുന്നുണ്ടാവണം. എല്ലാവരും ഒഴിവാക്കിയാൽ, അദ്ദേഹം തനിയേ പണി നിർത്തിക്കൊള്ളും അല്ലെങ്കിൽ മാറി ചിന്തിച്ചുകൊള്ളും. അപ്പോൾ പണ്ഡിറ്റ്‌  ചെയ്യുന്നത് മോശമാണെന്ന് അഭിപ്രായമുള്ളവർ അദ്ദേഹത്തെ ഒഴിവാക്കി മുന്നേറുക! അല്ലാതെ കണ്ടുകൊണ്ടിരിക്കുകയും ചീത്ത പറഞ്ഞുകൊണ്ടിരിക്കുകയുമല്ല വേണ്ടത്. 

എന്തായാലും ഈയൊരു ചർച്ച കൊണ്ട് സുഹൃത്തുക്കളുടെ ഇടയിൽ ഞാൻ പൊട്ടനായത് മിച്ചം! 


*****

2014, ഡിസംബർ 14, ഞായറാഴ്‌ച

ചുംബനം കൊണ്ട് അമ്മാനമാടണോ?

(ചുവടെയുള്ള അഭിപ്രായങ്ങൾ എന്റേത് മാത്രമാണ്. ഒരു പൊതുവിഷയത്തിലെ എന്റെ ചിന്തകളുടെ പ്രകടനം മാത്രം. തീർച്ചയായും ഒരു സംവാദമല്ല.)

ഇപ്പോൾ നമ്മുടെ 'സംസ്കാരസമ്പന്നമായ' കേരളത്തിൽ അവസാനമായി അല്ലെങ്കിൽ ഏറ്റവും ഒടുവിലത്തെ വിവാദവിഷയനാടകം ആണല്ലോ 'ചുംബനം'. എങ്ങനെ ചുംബിക്കാം, ആർക്കൊക്കെ ചുംബിക്കാം, എവിടെ വച്ചൊക്കെ ചുംബിക്കാം, എവിടെയൊക്കെ ചുംബിക്കാം.. അങ്ങനെ പോകുന്നു ആചാരക്കാരും സദാചാരക്കാരും തമ്മിലുള്ള വാഗ്വാദങ്ങളുടെ പട്ടിക. 

സത്യത്തിൽ ചുംബനത്തിന് ഇത്രയും ശക്തിയുണ്ടെന്നും ഇതൊരു വളരെ വലിയ സംഭവമാണെന്നും മനസ്സിലാവുന്നത് ഇപ്പോഴാണ്. അതിന്റെ വലുപ്പം മനസ്സിലാക്കാതെയാണോ ഇതുവരെ, വേണ്ടപ്പെട്ടവരെയൊക്കെ ചുംബിച്ചതെന്ന് തോന്നിപ്പോകുന്നു. ഇതുവരെ ചുംബനം എന്നത് ഇത്ര ആലോചിച്ച് ചെയ്യേണ്ട ഒരു പ്രവൃത്തിയാണെന്ന് തോന്നിയിരുന്നില്ല. 

പരസ്യമായ ചുംബനം ഒരു തെറ്റാണെന്ന് തോന്നുന്നില്ല. അതിലെ തെറ്റും ശരിയും ആര്, എവിടെ, എങ്ങിനെ എപ്പോൾ ചെയ്യുന്നു എന്നതിന് അനുസരിച്ചിരിക്കും എന്ന് ഞാൻ കരുതുന്നു. തെരുവിലെ ചുംബനം എന്നൊക്കെ വിളിച്ച് ചുംബനത്തിന്റെ മാധുര്യം കളയരുത്.
ഒരു അച്ഛൻ മക്കളെയോ, ഒരു ഭർത്താവ് ഭാര്യയെയോ, മക്കൾ അച്ചനമ്മമാരെയോ, ഭാര്യ ഭർത്താവിനേയോ ഒന്ന് കവിളിലോ മൂർദ്ധാവിലോ ഒന്ന് പൊതു സ്ഥലത്ത് വച്ച് ചുംബിച്ചാൽ അത് എങ്ങനെ തെറ്റാകും? അതും പോകട്ടെ കാമുകീകാമുകന്മാർ തന്നെ പരസ്പരം ഒന്ന് കവിളിൽ ചുംബിച്ചാൽ എന്താണ് തെറ്റ്? കൌമാരക്കാർ തമ്മിൽ ചുംബിക്കുന്നത് ആർക്കും കണ്ടുകൂടാ എന്ന് തോന്നുന്നു. ഇതാണ് സദാചാരക്കാരുടെ ഹാലിളക്കുന്നത്. കൌമാരക്കാർക്കെന്താ ചുംബിച്ചു കൂടെ? ഇങ്ങനെ മാന്യമായി ചുംബിച്ചാൽ നമ്മുടെ സദാചാരപ്പോലീസും ഒന്നും ചെയ്യില്ലെന്നാണ് എനിക്ക് തോന്നുന്നത്. കാരണം അവര്ക്കും അമ്മ പെങ്ങന്മാരും കാമുകിമാരും ഒക്കെ ഉണ്ട് എന്നുള്ളത് തന്നെ. ചുംബനം എന്നത് ഒരു സാമാന്യ വികാരം തന്നെയാണ്. പക്ഷേ ഒരു അലിഖിത പരസ്പര സമ്മതം ആവശ്യവുമാണ്. 

ഇതൊക്കെ വായിക്കുന്നവരും എന്നെ അറിയുന്നവരും ചോദിക്കും 'അപ്പൊ പിന്നെ നിന്റെ ഭാര്യയോ, അമ്മയോ, നിന്റെ മക്കളോ ഒക്കെ ആരെയെങ്കിലും കേറിയങ്ങ് ചുംബിച്ചാൽ നിനക്ക് ഒന്നും തോന്നില്ലേ, എന്ന്'. സത്യത്തിൽ ദുഃഖം തോന്നുമെങ്കിലും ഞാൻ സങ്കടപ്പെട്ടിട്ട് എന്താണ് കാര്യം? ഓരോരുത്തരും അവരവരുടെ ഔചിത്യത്തിന് കാര്യങ്ങൾ ചെയ്യട്ടെ. എല്ലാവർക്കും നല്ല ഔചിത്യബോധം ഉണ്ടാകുവാൻ ആഗ്രഹിക്കാനേ നമുക്ക് പറ്റൂ. മക്കൾക്ക് നല്ല കാര്യങ്ങൾ ചെയ്യാനുള്ള നിർദ്ദേശങ്ങൾ കൊടുക്കാനും അതിന് അവരെ പ്രാപ്തരാക്കാനും വേണ്ടി എനിക്ക് ശ്രമിക്കാം. അവർക്ക് ഇഷ്ടപ്പെട്ടവരെ, ഒന്ന് അവരുടെ കവിളിൽ ചുംബിച്ചു എന്ന് വച്ച് എന്റെ മനഃസ്സമാധാനം നഷ്ടപ്പെടില്ല. നാളെ ആരെയെങ്കിലും കേറിയങ്ങ് ചുംബിച്ച് കളയുമോ എന്നാലോചിച്ച് ഇപ്പഴേ സങ്കടപ്പെടാനും വയ്യ.

പ്രശ്നം ഇതൊന്നും അല്ല. ഒരു തരം ഉന്മാദാവസ്ഥയിൽ കെട്ടിപ്പിടിച്ച് വരിഞ്ഞുകെട്ടി പുളഞ്ഞ് മലക്കം മറിഞ്ഞ് കാണിക്കുന്ന, നാട്ടുകാർക്ക് 'അയ്യേ' എന്ന് പറയാൻ തോന്നുന്ന ചുംബനാഭാസങ്ങളാണ് അനുവദിച്ചുകൂടാത്തത്. സഖാവ് പറഞ്ഞ മാതിരി, കിടപ്പറയിലെ 'സീൻ' തെരുവിലാക്കരുത്. ചുംബനം എന്നത് 'ഫ്രഞ്ച് സ്റ്റൈലി' ൽ ത്തന്നെ വേണമെന്നും പരിസരബോധം നഷ്ടപ്പെടണമെന്നും അതൊരു അഞ്ച് പത്ത് മിനുട്ട് നീണ്ട് കിടക്കുന്നതാവണമെന്നും വാശിയുണ്ടെങ്കിൽ ആരും കാണാതെ ചെയ്യുക.  ഇന്നത്തെ യുവതലമുറ ഇതൊക്കെ മനസ്സിലാക്കേണ്ടിയിരിക്കുന്നു. ഈത്തരം ആഭാസങ്ങളെ അടിച്ചൊതുക്കുകതന്നെ വേണം. യുവതലമുറ രാജ്യത്തിന്റെ ഭാവിക്കും സമൂഹ നന്മക്കും വേണ്ടി പ്രവർത്തിക്കട്ടെ. ഈ വിഷയത്തേക്കാൾ പ്രാധാന്യമുള്ള, ജനനന്മയ്ക്ക് വേണ്ടിയുള്ള എത്രയോ വിഷയങ്ങൾ നമ്മുടെ നാട്ടിൽ വേറെയുണ്ട്. 

നാം എല്ലാവരും മാറേണ്ടിയിരിക്കുന്നു. ചുംബനം തീരെ തെറ്റാണെന്ന് പറയുന്നതും, മാന്യമായി ഒരു സാമാന്യ വികാരത്തോടെ ചുംബിക്കുന്നത് (അത് ഒരു പൊതു സ്ഥലത്ത് വച്ചാണെങ്കിലും) അനുവദിക്കില്ലെന്ന് പറയുന്നതും തെറ്റാണ്. അതുപോലെ, വികാരം കൂടി എന്തോ കീഴടക്കണം എന്ന വികാരത്തോടെ, മറ്റുള്ളവന് വൈകൃതമായിത്തോന്നുന്ന തരത്തിൽ ചുംബിക്കുന്നതും, സമരാഭാസത്തിനിറങ്ങുന്നതും തെറ്റാണ്. സമരം മോശമാണെന്നല്ല. ആവശ്യത്തിന് സമരം നല്ല രീതിയിൽ ചെയ്യണം.


എന്തായാലും ഈ നടന്ന നാടകങ്ങൾ മനുഷ്യരുടെ കണ്ണ് തുറപ്പിക്കാനും കാര്യങ്ങൾ ഒന്ന് പുനർവിചിന്തനം ചെയ്യാനും ഉപകരിച്ചു എന്നുള്ളത് നാടകത്തിന്റെ ഒരു നല്ല വശം. പക്ഷേ ഇതൊക്കെ നല്ല രീതിയിൽ മനസ്സിലാക്കുമോ? നാടകം എപ്പഴെങ്കിലും അവസാനിക്കുമോ? 

എന്തിരൻ (മൈം)

 2014 ഡിസംബർ 13 ന് വാഷിംഗ്റ്റണ്‍ ഡി സി യിൽ വച്ച് നടന്ന കെ എ ജി ഡബ്ല്യു - കെ സി എസ് സംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ നടന്ന ക്രിസ്തുമസ് പരിപാടികളുടെ ഭാഗമായി ഞങ്ങൾ സുഹൃത്തുക്കൾ ഒരുക്കിയ ഒരു മൈം കലാരൂപം.

ആശയം, തിരക്കഥ, സംവിധാനം: സാജു കുമാർ

അരങ്ങത്ത്: ശ്രീജിത്ത്‌ നമ്പ്യാർ(തൊഴിൽ ദായകൻ), പ്രബീഷ് പിള്ള (മുഖ്യ തൊഴിലാളി), സാജു കുമാർ(തൊഴിലാളി) എന്നിവരെ കൂടാതെ ഞാനും(യന്ത്ര മനുഷ്യൻ).



'ടൈപ്പ്' ചെയ്യപ്പെട്ട സ്ഥിരം പരിപാടികളിൽ നിന്ന് ഒരു വ്യത്യസ്തതയ്ക്ക് വേണ്ടി ഒരുക്കിയ ഈ പരിപാടി നിങ്ങൾ ആസ്വദിക്കുമെന്ന് കരുതട്ടെ. ഞങ്ങളുടെയൊക്കെ അഭിപ്രായങ്ങൾ കണക്കിലെടുക്കുമെങ്കിലും, സാജു കുമാറിന്റെ സംവിധാന വീക്ഷണകോണിന്റെ ആഴം വിളിച്ചറിയിക്കുന്നതായിരുന്നു ഈയ്യൊരു സംരംഭം.

ഉമ്മാ... ഓറെ മൂക്ക്നെത്ര്യാ ഓട്ട..


(കുറിപ്പ്: ഈ കഥയിലെ കഥാപാത്രങ്ങൾക്ക് ഇപ്പോൾ ജീവിച്ചിരിക്കുന്നതോ അല്ലാത്തതോ ആയ ആരുമായും സാമ്യമില്ല. അഥവാ സാമ്യം തോന്നുകയാണെങ്കിൽ അത് തികച്ചും യാദൃശ്ചികമാണ്.)

ഒരു ബാല്യകാലസഖി. അതെ, അവളെ ചുറ്റിപ്പറ്റിയാണ് കഥനം പുരോഗമിക്കുന്നത്.

എട്ടാം തരത്തിൽ പഠിക്കുന്ന കാലം. എന്റെ പഠിത്തം, നമ്മുടെ നാട്ടിലെ യു പി പള്ളിക്കൂടത്തിൽ നിന്ന് ദൂരത്തുള്ളൊരു ഹൈസ്കൂളിലേക്ക് മാറിയിട്ട് മൂന്നു നാലു മാസമായിക്കാണും.

ആ സ്കൂൾ മാറ്റത്തിന് എനിക്ക് താല്പര്യം തീരെ ഉണ്ടായിരുന്നില്ല. കാരണങ്ങൾ പലതുണ്ട്. ഒന്നാമത്, എന്റെ അച്ഛൻ ആ ഹൈസ്കൂളിലായിരുന്നു പഠിപ്പിച്ചുകൊണ്ടിരുന്നത്. വീട്ടിൽ സ്വാതന്ത്ര്യം തീരെ ഇല്ലാതിരുന്നത് കൊണ്ട് ആകപ്പാടെ നമ്മുടെ കളികൾ നടന്നിരുന്നത് സ്കൂളിലായിരുന്നു. പിന്നെ, യു പി പള്ളിക്കൂടത്തിലേക്ക് രണ്ടു കിലോമീറ്റർ നടക്കാനുണ്ടായിരുന്നെങ്കിൽ ഈ പറയുന്ന ഹൈസ്കൂളിലേക്ക് നാല് കിലോമീറ്റർ നടക്കണം. നടക്കുന്നത് മാത്രമോ, പാദരക്ഷയില്ലാതെ പോണം. ശീലമായിരുന്നതിനാൽ പാദരക്ഷയില്ലായ്മയൊന്നും ഒരു പ്രശ്നമായിരുന്നില്ല.

പക്ഷേ മേല്പറഞ്ഞ കാരണങ്ങളൊക്കെ വെറും കാരണങ്ങളായിരുന്നു. ശരിയായ കാരണത്തിന്റെ കാരണം, ഒരു പെണ്‍കുട്ടിയായിരുന്നു. എന്റെ കൂടെ ഏഴാം തരത്തിലും ആറാം തരത്തിലും പഠിച്ചവൾ, ഒരു കൊച്ചു സുന്ദരി - ഫസീല. ഏഴാം തരം കഴിഞ്ഞിട്ട് ഞാൻ പോകാൻ പോകുന്ന ഹൈസ്കൂളിൽ അവൾ വരാൻ പോകുന്നില്ല. അവൾ, അവളുടെ വീടിനടുത്തുള്ള വേറൊരു ഹൈസ്കൂളിലാണ് ചേരാൻ പോകുന്നത്. ഇതെനിക്കെങ്ങനെ സഹിക്കും?

ചോദിക്കാൻ അവകാശമുണ്ടായിരുന്നില്ലെങ്കിലും സ്കൂൾ പൂട്ടിയ സമയത്ത് ഞാൻ അച്ഛനോട് ചോദിച്ചു നോക്കി. രൂക്ഷമായ ഒരു നോട്ടം മാത്രമായിരുന്നു ഉത്തരം. 'നോ' രക്ഷ. ഇതെനിക്ക് നേരത്തേ അറിയുമായിരുന്നത് കൊണ്ടും, എന്റെ സാഹചര്യങ്ങൾ വളരെ പരിമിതമായിരുന്നതു കൊണ്ടും ഞാനും ഫസീലയും ആകപ്പാടെ ചിന്താക്കുഴപ്പത്തിലായിരുന്നു.

ഏഴാം തരത്തിലെ പരീക്ഷ കഴിഞ്ഞ അന്ന്, എങ്ങനെയൊക്കെയോ പരീക്ഷ പൂർത്തിയാക്കി നമ്മൾ രണ്ടു പേരും സ്കൂളിന്റെ പടിഞ്ഞാറുഭാഗത്തെ നെല്ലിമരച്ചോട്ടിൽ കൂടിയിരുന്ന് കുറച്ച് സങ്കടങ്ങൾ പങ്കുവച്ചു. എന്നെക്കാൾ കൂടുതൽ പരിഷ്കാരി ആയിരുന്ന അവൾ, ഒരു പുസ്തകം എടുത്തിട്ട് എന്നോട് ആട്ടോഗ്രാഫ് എഴുതാൻ പറഞ്ഞതും അന്നാണ്. ആട്ടോഗ്രാഫ് എന്ന പേരുതന്നെ ആദ്യമായി കേൾക്കുന്നത് കൊണ്ട് എന്താണ് അതിൽ എഴുതേണ്ടത് എന്ന ഒരു നിശ്ചയവും എനിക്കുണ്ടായിരുന്നില്ല. ഒടുവിൽ ഫസീലയുടെ നിർബന്ധം കാരണം അന്നെനിക്കറിയുന്ന സാഹിത്യഭാഷയിൽ ഏകദേശം ഇങ്ങനെയെഴുതി - 'വെളുത്ത് തുടുത്ത്, വട്ടമുഖമുള്ള, ഇളം നീല പൂച്ചക്കണ്ണും ഭംഗിയുള്ള ചുണ്ടുകളുമുള്ള, തട്ടമിട്ട നിന്നെ ഞാനൊരിക്കലും മറക്കൂല.' അവസാനം എന്റെ രണ്ട് കൈകളും കൂട്ടിപ്പിടിച്ച്, കുറേ മിഠായികൾ എന്റെ കൈകളിൽ വച്ച് തന്നിട്ട് കരഞ്ഞുകൊണ്ടാണ് അവൾ ഓടിപ്പോയത്.

ഒരു വലിയ പിണക്കത്തിലൂടെയായിരുന്നു ഞങ്ങൾ ചങ്ങാതിമാരായത് . ആറാം തരത്തിൽ ഞങ്ങളുടെ ക്ലാസ്സ് ലീഡറായിരുന്നു ഫസീല. വേറൊരു സ്കൂളിൽ നിന്ന് വന്നത് കൊണ്ടും ക്ലാസ്സിന്റെ തുടക്കത്തിൽ തമ്മിൽ തമ്മിൽ ആരെയും പരിചയമില്ലാതിരുന്നതുകൊണ്ടും, ആർക്കൊക്കെ മത്സരിക്കണം എന്ന് രാമൻ മാഷ്‌ ചോദിച്ചപ്പോൾ ആരും എഴുന്നേറ്റില്ല. ഫസീല അതേ സ്കൂളിൽ നിന്ന് തന്നെ വന്നത് കൊണ്ടും മോശമില്ലാതെ പഠിച്ചിരുന്നത് കൊണ്ടും അവസാനം രാഘവൻ മാഷ്‌ അവളെ ക്ലാസ്സ് ലീഡറാക്കി.

കാൽക്കൊല്ലപ്പരീക്ഷ തുടങ്ങുന്ന സമയത്ത് തന്നെ രാമൻ മാഷ്‌ ഫസീലയോട് 'ഉഷാറാക്കണം' എന്ന് പറഞ്ഞിരുന്നു. പിന്നെയാണ് അറിഞ്ഞത്, അഞ്ചാം തരത്തിൽ അവൾക്കായിരുന്നു അവിടെ കൂടുതൽ മാർക്ക്. പക്ഷേ ആറാം തരത്തിലെത്തിയപ്പോൾ അവളുടെ സ്ഥാനം എന്റെ താഴെയായി. ഇത് കാരണം അവൾക്കെന്നോട് നീരസം ഉണ്ടായിരുന്നതായി എന്റെ സഹപാഠിയായ, അവളുടെ അയൽവാസിയായ സധു എന്നോട് പറഞ്ഞിരുന്നു.

അരക്കൊല്ല പരീക്ഷ കഴിഞ്ഞ സമയം. ഒരു ദിവസം ക്ലാസ്സിൽ മാഷില്ലാതിരുന്ന സമയത്ത് നമ്മൾ പിള്ളേരെല്ലാം കലപില കൂടി ആകപ്പാടെ ഒരു ബഹളം. പെട്ടെന്ന് ഹെഡ്മാഷായ സുകുമാരൻ മാഷ്‌ ക്ലാസ്സിൽ കേറി വന്നു. എല്ലാവരോടും എന്തെങ്കിലും എടുത്തു വായിക്കാനും ഒച്ചവെക്കുന്നവരുടെ പേരെഴുതാൻ ലീഡറോട് നിർദ്ദേശിക്കുകയും ചെയ്തു. ഫസീല ഉടനെ ഒരു പേപ്പറും പെൻസിലുമായി മാഷിരിക്കുന്ന മേശക്കരികിലേക്ക് നീങ്ങി. നമ്മളൊക്കെ എന്തൊക്കെയോ വായിക്കുന്നത് പോലെ കാണിച്ച് അടങ്ങിയിരിക്കാൻ ശ്രമിച്ചു. ഇതിനിടയിൽ  സധു എന്നോട് എന്തോ ചോദിച്ചു. ഞാൻ അതിന് പതുക്കെ ഉത്തരവും പറഞ്ഞു. കണക്കിലെ എന്തോ സംശയം ആയിരുന്നു. കുറച്ച് കഴിഞ്ഞ് സുകുമാരൻ മാഷ്‌ പിന്നെയും കേറിവന്നു. ഫസീലയോട് എഴുതിയ പേരുകൾ കാണിക്കാൻ പറഞ്ഞു. സുകുമാരൻ മാഷ്‌ പേരുകൾ വിളിക്കാൻ തുടങ്ങി. പേരു വിളിച്ചപ്പോ ഞാനൊന്ന് ഞെട്ടി. അതെന്റെ പേരായിരുന്നു. ആകെ വിളിച്ചതും ഒരേയൊരു പേര്. എന്റെ പേര് മാത്രം. അവളുടെ നീരസം ഈത്തരത്തിൽ പ്രകടിപ്പിക്കും എന്ന് ഞാൻ ഒരിക്കലും കരുതിയതല്ല. എനിക്കാകെ തല കറങ്ങുന്നത്‌ പോലെ തോന്നി. കാരണം സുകുമാരൻ മാഷുടെ അടി ഒരു ഒന്നൊന്നര അടിയാണ്. അത് മറ്റുള്ള കുട്ടികൾക്ക് കിട്ടുന്നത് ഞാൻ കുറേ കണ്ടതാണ്. രണ്ടു കയ്യും നീട്ടണം. പിന്നെ രണ്ടു കൈക്കും കുറുകെ പ്രത്യേകം മിനുക്കിയ ഒരു പേരവടി നിമിഷത്തിൽ നാലഞ്ചു തവണ ഉയർന്നു താഴും. അപ്പഴേക്കും പിള്ളേർ മൂത്രമൊഴിച്ചു പോകും.

മൂത്രമില്ലാഞ്ഞിട്ടാണോ എന്നറിയില്ല, എന്തായാലും ഞാൻ മൂത്രമൊഴിച്ചില്ല, പക്ഷേ എന്റെ രണ്ടു കൈയ്യുടെയും ഉള്ളംകൈ പൊട്ടിയ പോലെ ചുവന്നിരുന്നു. എന്റെ മനസ്സ് ആകപ്പാടെ ഒരുതരം വിദ്വേഷത്തിന്റെതായി. എങ്ങനെ എന്റെ പേരു വന്നു എന്ന് ഒരു നിശ്ചയവും ഇല്ല. സുകുമാരൻ മാഷ് വിശദീകരിക്കാനും അനുവദിച്ചില്ല. സധുവിന് കണക്കിലെ സംശയം പറഞ്ഞ് കൊടുത്തതേ എനിക്കറിയൂ. ഓരോ അടി കിട്ടുമ്പോഴും ഞാൻ ഫസീലയെ രൂക്ഷമായി നോക്കും. എനിക്കപ്പോൾ അവളെ ജ്യോതി ടാക്കീസിന്റെ പിന്നിലുള്ള കുളത്തിൽ മുക്കാനായിരുന്നു തോന്നിയത്.

വൈകീട്ട് വീട്ടിലെത്തിയ ശേഷം കൈകൾ വീട്ടിൽ  കാണിക്കാതിരിക്കാൻ പെട്ട പാട് എനിക്കേ അറിയൂ. കണ്ടിരുന്നെങ്കിൽ അച്ഛന്റെ വക വേറെയും കിട്ടിയേനെ. പിറ്റേന്ന് ക്ലാസ്സിൽ വന്നപ്പോ ഞാനാരോടും മിണ്ടിയില്ല. മധുവിനാണെങ്കിൽ എന്നോട് മിണ്ടാൻ ഒരു വിഷമം. എന്റെ കൈ അപ്പോഴും ചുവന്നു തുടുത്തിട്ടുണ്ടായിരുന്നു. എഴുതാനും വരയ്ക്കാനും ഒക്കെ വല്ലാത്ത വിഷമം. സയൻസിന്റെയും കണക്കിന്റെയും പിരിയെഡുകളുടെ ഇടയുക്കുള്ള സമയത്താണ് സധു സ്വകാര്യമായി പറഞ്ഞത്:

"ഡാ.. ഡാ.. നോക്കടാ... ഓളിന്നെത്തന്ന്യാടാ.... നോക്കുന്ന്"

കാര്യം ശരിയാണ്. ഫസീല അവളുടെ ഡസ്കിൽ തല ചരിച്ചു വച്ച് ഇടത്ത് ഭാഗത്തിരിക്കുന്ന എന്നെത്തന്നെ നോക്കുകയാണ്. അവളുടെ ആ നോട്ടം എന്നിൽ അവളോടുള്ള വെറുപ്പ്‌ കൂട്ടിക്കൊണ്ടേയിരുന്നു. ഞാനവളെ നോക്കി പല്ലിറുക്കി. എന്നിട്ടും അവളൊരേഭാവത്തിൽത്തന്നെ നോക്കിക്കൊണ്ടിരുന്നു. മോശമില്ലാതെ പഠിക്കുന്നവരും കുള്ളന്മാരും ക്ലാസ്സിൽ മുൻനിരയിലാണ് ഇരുന്നിരുന്നത്. ഈ പറഞ്ഞ രണ്ടു ഗണത്തിലും പെട്ട ഞാൻ, സ്വാഭാവികമായും ആണ്‍കുട്ടികളുടെ മുൻ നിരയിലായി. ഫസീലയാണെങ്കിൽ പെണ്‍കുട്ടിളുടെ നിരയിലെ മുൻ ബഞ്ചിലാണ് ഇരുന്നിരുന്നത്.

ഉച്ചഭക്ഷണത്തിന്റെ സമയം. സാധാരണ ഞാനും ഫസീലയും രശ്മിയും ആണ് ക്ലാസ്സിൽ ഇരുന്ന് ഭക്ഷിക്കുന്നത്. ബാക്കിയുള്ളവർ ഒന്നുകിൽ വീട്ടിൽ പോകും അല്ലാത്തവർ കടയിൽ നിന്ന് കഴിക്കും. ഞാൻ എന്റെ ഭക്ഷണപ്പെട്ടി തുറക്കാനുള്ള ഒരു ശ്രമം നടത്തുകയായിരുന്നു. കൈ വേദന കാരണം തുറക്കാൻ ഞാൻ പാട് പെട്ടു. ഈ പാട് കണ്ടപ്പോൾ ഫസീല എന്റെ അടുത്തു ഡബ്ബ തുറക്കാൻ സഹായവുമായി വന്നു. ഞാൻ അറിയാതെ "ദൂരെ പോ..." എന്ന് ഒച്ചയിട്ടു. എന്നിട്ടും അവൾ പോയില്ല. നോക്കിയപ്പോ അവൾ കരയുകയായിരുന്നു. കണ്ണ് മുഴുവൻ നിറഞ്ഞ് തുളുമ്പി ഒറ്റ നിൽപ്പ്. ഇത് കണ്ട് എനിക്ക് പേടിയായി. ദൈവമേ, ഇവളുടെ കരച്ചിൽ ഇനി കുമാരൻ മാഷെങ്ങാനും കണ്ടാൽ എന്റെ കാര്യം പോക്കു തന്നെ.

"ലഞ്ച് ബോക്സ്‌ എനക്ക് താ.. ഞാൻ തൊറന്നേരാം."

പേടി കാരണം ഞാൻ 'വേണ്ട' എന്ന് പറഞ്ഞില്ല. അവൾ ഭക്ഷണപ്പെട്ടി പിടിച്ചു വാങ്ങി തുറന്നു തന്നു. എന്നിട്ട് അവളുടെ ഡബ്ബയെടുത്ത് എന്റെയരികത്ത് വന്നിരുന്നു. രശ്മി ഒരു ഒരു പാവം ആയതുകൊണ്ടെന്നപോലെ എല്ലാം കണ്ടിട്ടും ഒന്നും മിണ്ടാതെ ഭക്ഷണം കഴിച്ചു കൊണ്ടേയിരുന്നു. എനിക്കാണെങ്കിൽ,  ഫസീലയുടെ കരച്ചിൽ ആരെങ്കിലും കാണുമോ എന്ന പേടിയും ഒരു പെണ്ണ് അടുത്തു വന്ന് കുണുങ്ങുന്നതിന്റെ നാണവും എന്നെ അടി കൊള്ളിപ്പിച്ചതിലുള്ള ദേഷ്യവും ഒക്കെ കൂടിക്കലർന്ന ഒരു സമയമായിരുന്നു അത്.

"ഇന്നലെ വീട്ടിലേക്ക് പോകുമ്പോ സധു എല്ലം എന്നോട്  പറഞ്ഞു."
ഞാൻ മിണ്ടിയില്ല.
"കൈക്ക് വേദന ഉണ്ടോ?"
"സോറി"
എന്നിട്ടും ഞാൻ ഒന്നും പറഞ്ഞില്ല.
"എന്നോടൊന്ന് ചിരിക്ക്യോ"

ആ ചോദ്യത്തിൽ, ആ സംഘർഷത്തിലും ഞാനറിയാതെ ചിരിച്ചു പോയി. അവിടെയായിരുന്നു, ആ സമയത്തായിരുന്നു ഞങ്ങൾ അറിയാതെ നല്ല ചങ്ങാതിമാരും ചങ്ങാതിമാർക്ക് മുകളിലുള്ള മറ്റെന്തൊക്കെയോ പോലെ ആയതും. അതുവരെ ഒറ്റയ്ക്കൊറ്റക്ക് ഉച്ചഭക്ഷണം കഴിച്ചിരുന്ന നമ്മൾ, പിന്നെ എല്ലാ ദിവസവും ഒരുമിച്ചായിരുന്നു കഴിച്ചത്. അവൾ വീട്ടിൽ നിന്ന് ഉണ്ടാക്കിക്കൊണ്ട് വരുന്ന, മുട്ടമാല പോലുള്ള  പലതരത്തിലുള്ള രുചികരമായ പലഹാരങ്ങൾ എനിക്ക് കിട്ടാൻ തുടങ്ങി. അവളുടെ ഉപ്പ ദുബായിൽ ആയിരുന്നത് കൊണ്ട് 'ഹീറോ' പേനയും മറ്റു ചില ദുബായ് സാധനങ്ങളും എന്റെ ഓലക്കൂരയിൽ ആരും കാണാതെ എത്താൻ തുടങ്ങി.

എന്റെ വീട്ടിലെ പുര പുതയ്ക്കലിന്റെയും, പശുവിന്റെയും ആടിന്റെയും കൂടെയൊക്കെയുള്ള ജീവിതത്തിന്റെയും, നീന്തൽ അറിയില്ലെങ്കിലും തോട്ടിൽ മുങ്ങാംകുളിയിടുന്നതിന്റെയും, വലിയ മരങ്ങളിൽ കയറി മരം ചാടിക്കളിക്കുന്നതിന്റെയും, പറമ്പിലെ വീരശൂരപരാക്രമികളായ കാട്ടുമൃഗങ്ങളുമായുള്ള സംഘട്ടനങ്ങളെക്കുറിച്ചും മറ്റുമുള്ള സാഹസിക കഥകൾ കാല്പനികതകൾ വേണ്ടുവോളം നിറച്ച് ഞാനവളെ കിട്ടുന്ന സമയങ്ങളിലൊക്കെ ഹരം കൊള്ളിച്ചു. ഉമിനീര് കൊണ്ട് ഞാൻ പറത്തിവിടുന്ന കുമിളകൾ റൂളർ സ്കെയിൽ കൊണ്ട് ഓടിനടന്ന് പൊട്ടിക്കാൻ അവൾക്ക് ഇഷ്ടമായിരുന്നു. ഇതേ സമയത്ത്, സധു, ഇന്ദു എന്ന ഒരു പെണ്‍കുട്ടിയുമായി ചങ്ങാത്തത്തിലായി. സ്കൂളിലെ നെല്ലിമരച്ചുവട് ഞങ്ങളുടെ കളിതമാശകളാൽ മുഖരിതമായി. അങ്ങനെ, പഠിപ്പിന്റെ കൂടെ സ്കൂളിൽ പോകുന്നതിന് മറ്റൊരു മാനവും കൂടിയുണ്ടായി.

ഒരിക്കൽ പോലും ഒരു പ്രേമലേഖനം കൈമാറിയില്ലെങ്കിലും, ഒരിക്കൽ പോലും പരസ്പരം 'ഇഷ്ടമാണ്' എന്ന് പറഞ്ഞില്ലെങ്കിലും മറ്റുള്ളവർ കണ്ടും കാണാതെയും ഒക്കെ ഞങ്ങൾ ആ പ്രായത്തിലെ രാധാകൃഷ്ണൻമാരായി. ആറാം തരം കഴിഞ്ഞപ്പോൾ, ഏഴാം തരത്തിലും ഒരേ ക്ലാസ്സിലായിരിക്കണേ എന്നായിരുന്നു ഞങ്ങളുടെ പ്രാർത്ഥന. ദൈവം നമ്മുടെ പ്രാർത്ഥന കേട്ടെങ്കിലും എത്തിപ്പെട്ടത് കേശവൻ മാഷുടെ ക്ലാസ്സിലായിരുന്നു. കേശവൻ മാഷെ പേടിക്കാൻ കാരണം അദ്ദേഹത്തിന്റെ കുപ്രസിദ്ധമായ 'നുള്ള്' (പിഞ്ച്) ആയിരുന്നു. ആണ്‍കുട്ടികളുടെ തുടയ്ക്കും പെണ്‍കുട്ടികളുടെ ചന്തിക്കും ആയിരുന്നു അദ്ദേഹത്തിന്റെ നുള്ള് വഹിക്കേണ്ടിവന്നിരുന്നത്.

ആ സമയത്തൊക്കെ നന്നായി പഠിച്ചിരുന്നത് കൊണ്ട് ഏഴാം തരത്തിൽ 'ക്ലാസ്സ് ലീഡറാ'വാൻ കേശവൻ മാഷ്‌ എന്നോട് താല്പര്യപ്പെട്ടു. ഞാൻ "ഞാനില്ല മാഷേ" എന്ന് തലയാട്ടി അറിയിച്ചപ്പോൾ വേറെ ആരുടെയെങ്കിലും പേര് പറയാൻ എല്ലാവരോടും കേശവൻ മാഷ്‌ ആവശ്യപ്പെട്ടു. ഞാൻ ഇത്തിരി ചമ്മലോടെ ഫസീലയെ നിർദ്ദേശിച്ചു. നിർദ്ദേശിച്ചതും, 'ബാക്ക് ബഞ്ചി'ലെ കൂട്ടുകാർ ശബ്ദമില്ലാതെ കൂവി.  ആറാം തരത്തിലെ 'ക്ലാസ്സ് ലീഡറാ'യിരുന്നതിനാലും ഞാൻ നാമനിർദ്ദേശം ചെയ്തതിനാലും കൂടിയായിരിക്കാം, ഫസീല വീണ്ടും 'ക്ലാസ്സ് ലീഡറാ'യി. അത് അവളെ വീണ്ടും പുളകം കൊള്ളിച്ച് കാണണം.

എന്തുകൊണ്ടോ, നമ്മൾ ചങ്ങാതിമാരായതിൽ പിന്നെ ഫസീലയുടെ പഠിപ്പ് താഴോട്ട് പോയി. ഏഴാം തരത്തിൽ പ്രത്യേകിച്ചും. ഈ കാരണം കൊണ്ട് തന്നെ കേശവൻ മാഷ്‌ പലതവണ അവളുടെ ചന്തിക്ക് പച്ചപ്പാവാട കൂട്ടിപ്പിടിച്ച് നുള്ളിയിട്ടുണ്ട്. ഓരോ തവണ നുള്ള് കിട്ടുമ്പോഴും, ഏത് ഭാഗത്തുള്ള ചന്തിക്കാണോ നുള്ള് കിട്ടുന്നത്, ആ  ഭാഗത്തുള്ള അവളുടെ കൊലുസിട്ട കാൽ, നുള്ളിന് അനുസൃതമായി മേലോട്ട് പൊങ്ങി പിന്നെ ശക്തിയോടെ താഴെ ചവിട്ടും. അപ്പോൾ കൊലുസിന്റെ ശബ്ദവും അവളുടെ കരച്ചിലും കൂടിക്കലരും. അവൾ വേദനിച്ച് കരയുമ്പോ, കേശവൻ മാഷുടെ മൊട്ടത്തലയിൽ കല്ലെറിയാൻ എനിക്ക് തോന്നിയിരുന്നു. മറ്റുള്ള ആരുടെ ചന്തിക്ക് പിഞ്ചിയാലും എനിക്ക് പ്രശ്നമായിരുന്നില്ല, പക്ഷേ അത് ഫസീലയുടെ ചന്തിക്കാകുമ്പോ എന്തോ അതെനിക്കും വേദനിച്ചു. അതെനിക്ക് സഹിച്ചിരുന്നില്ല. ചന്തിയായത് കാരണം 'തടവിത്തരട്ടെ' എന്ന് ചോദിക്കാനും ഒരു മടി. ഫസീലയുടെ ചന്തിക്ക് നുള്ളിയ ഒറ്റക്കാരണം കൊണ്ട്, കതിരൂരമ്പലത്തിൽ വച്ച്  ഒരു നടനും കൂടിയായ കേശവൻ മാഷ്‌ അഭിനയിച്ച 'സന്താനഗോപാലം' എന്ന നാടകത്തിന് ആരും കാണാതെ ഞാൻ കൂവിയിട്ടുണ്ട്. അങ്ങനെ കൂവിയപ്പോളെനിക്കുണ്ടായ ഒരു സുഖം ഒന്ന് വേറെത്തന്നെയായിരുന്നു.

കേശവൻ മാഷെ പൂർണ്ണമായും കുറ്റം പറയാനും പറ്റില്ല, കാരണം അവൾ പണ്ടത്തെ പോലെ ചോദിച്ച എല്ലാ ചോദ്യങ്ങൾക്കും ഉത്തരം പറയാറില്ല. നന്നായി പഠിച്ചിരുന്നവൾ പഠിക്കാതാവുമ്പോ ഏതൊരു ഗുരുവിനും ദേഷ്യം വരില്ലേ? ഏഴാം തരത്തിലും ആറാം തരത്തിൽ ഇരുന്നപോലുള്ള സ്ഥാനങ്ങളിലായിരുന്നു ഞങ്ങൾ ഇരുന്നിരുന്നത്. ഡസ്കിൽ തല വച്ച് അവളെപ്പോഴും ഞാൻ ഇരിക്കുന്ന ഭാഗത്തേക്ക് നോക്കിക്കൊണ്ടേയിരിക്കും. നോക്കുന്നത് മാത്രമല്ല, ആ സമയത്ത് ആവൾ അവളുടെ കീഴ്ച്ചുണ്ടിന്റെ വലത് ഭാഗം വയ്ക്കുള്ളിലാക്കി വലിച്ചുകൊണ്ടേയിരിക്കും. ഇത് കാരണം, ചുണ്ട് കടിക്കാതിരിക്കുന്ന സാധാരണ അവസ്ഥയിലും അവളുടെ കീഴ്ച്ചുണ്ടിന്റെ വലതു ഭാഗം എപ്പോഴും പൊങ്ങി നിന്നിരുന്നു. സത്യത്തിൽ എന്നെ സംബന്ധിച്ചടുത്തോളം, ആ ചുണ്ടിന്റെ തടിപ്പ്, അവളുടെ ഭംഗി ഇത്തിരി കൂട്ടിയിരുന്നു, പ്രത്യേകിച്ച്, എന്നെത്തന്നെ നോക്കി കടിച്ച ചുണ്ടാവുമ്പോ അങ്ങനെ തോന്നില്ലേ?

ഇങ്ങനെയുള്ള ഫസീലയെ ഇനി എങ്ങനെ കാണാനാണ് എന്ന ആശങ്ക എന്നെ പല ചിന്തകളിലും കൊണ്ടെത്തിച്ചു. ഫസീല പോകുന്ന സ്കൂളിൽ പോകാൻ വേണ്ടി വീട്ടിൽ കുത്തിയിരിപ്പ് സമരം നടത്തിയാലോ എന്ന് ഒരിക്കൽ ആലോചിച്ചു. 'ഇനി ഞാൻ പഠിക്കൂല്ല' എന്ന് പറയട്ടെ എന്ന് ഒരിക്കൽ തോന്നി. ഇതൊന്നും എന്റെ അച്ഛന്റെ മുന്നിൽ ചിലവാകില്ല എന്ന തിരിച്ചറിവും, ഇങ്ങനെയൊക്കെ ചെയ്‌താൽ ചിലപ്പോൾ എന്റെ മുഴുവൻ സമയ ജോലി പശുവിനെ മേയ്ക്കലും അടുക്കളപ്പറമ്പിലെ പണിയും ആയിപ്പോകുമോ എന്ന ഭയത്താലും സമരമുറകളൊക്കെ വെറും ആലോചനകളാക്കി മാറ്റി മൂലയ്ക്ക് വെച്ചു.

അങ്ങനെ ഞാൻ എന്റെ അച്ഛന്റെ സ്കൂളിലും ഫസീല അവളുടെ അടുത്തുള്ള ഹൈസ്കൂളിലും എട്ടാം തരത്തിൽ ചേർന്നു. അച്ഛൻ സ്കൂളിൽ ഉണ്ടായിരുന്നതിനാലും അവിടേക്ക് ഏകദേശം രാവിലെയും വൈകുന്നേരവും കൂടെ രണ്ട് മണിക്കൂർ നടക്കാൻ ഉണ്ടായിരുന്നതിനാലും വാരാന്ത്യങ്ങളിൽ വീട്ടിൽ പിടിപ്പത് പണികൾ ഉണ്ടായിരുന്നതിനാലും ഫസീലയെ കാണാൻ ഒരു വഴിയും തെളിഞ്ഞില്ല.

അങ്ങനെയിരിക്കേ, പുല്യോട്ടും കാവിലെ തിറ മഹോത്സവം വന്നു. ഞാനും എന്റെ നാട്ടുകാരനായ സുഹൃത്ത് രഞ്ജീവനും കൂടി കാവിൽ ഉത്സവം കൂടാൻ പരിപാടിയിട്ടു. ഈ കാവിലെ തിറ സമയത്താണ് നമുക്ക് കൂട്ടുകാരോടൊത്ത് കുറച്ചെങ്കിലും കറങ്ങാൻ സ്വാതന്ത്ര്യം കിട്ടുക. ആ സ്വാതത്ര്യം, ഫസീലയെ കാണാൻ കൂടി ഉപയോഗപ്പെടുത്താലോ എന്നതായിരുന്നു ഈ തവണത്തെ 'ഹൈലൈറ്റ്'.

ഒരു 'കൂളിംഗ് ഗ്ലാസ്സ്' വാങ്ങണമെന്നത് ആ കാലത്തെ എന്റെ ഒരു വലിയ സ്വപ്നമായിരുന്നു. കാവിലെ തിറക്ക്‌ ഒരുങ്ങുന്ന ചന്തയിൽ നിന്ന് 'കൂളിംഗ് ഗ്ലാസ്സ്' വാങ്ങണമെന്ന ആഗ്രഹത്തോടെ, അമ്മ പശുവിൻ പാൽ വിറ്റ് ഉണ്ടാക്കിയ ചില്ലറത്തുട്ടുകൾ മോഷ്ടിച്ച് ഞാൻ പണസമാഹരണം നടത്തിയിരുന്നു. കാവിൽ പോയി 'കൂളിംഗ് ഗ്ലാസ്സും' വാങ്ങിച്ച് അത് മുഖത്തണിഞ്ഞ് ഫസീലയുടെ വീട്ടിന്റെ മുന്നിലൂടെ നാല് ചാൽ ഗമയിൽ നടക്കാനും പറ്റുമെങ്കിൽ അവളെ എങ്ങനെയെങ്കിലും കണ്ട് സംസാരിക്കാനും ആയിരുന്നു എന്റെ കണക്ക് കൂട്ടൽ.

രഞ്ജീവനുമായിട്ട് ചെയ്യേണ്ട കാര്യങ്ങൾ ഗഹനമായി ചർച്ച ചെയ്തു. അവളുടെ വീട്ടിൽ എങ്ങനെ പോകും എന്ന ചിന്ത ഞങ്ങളെ വല്ലാതെ കുഴക്കി. അവസാനം സ്കൂളിലെ വാർഷിക കായിക കലോത്സവത്തിന്, 'ചാക്കിൽ കേറി ചാട്ടം' എന്ന കായികയിനത്തിലേക്കായി ചാക്ക് അന്വേഷിച്ച് ചെന്ന് നോക്കാം എന്ന് നമ്മൾ തീരുമാനിച്ചു. കാവിൽ പോകണം, 'കൂളിംഗ് ഗ്ലാസ്സ്' വാങ്ങണം, ഫസീലയുടെ വീട്ടിൽ പോകണം, ഇവയൊക്കെ നടന്നും ഓടിയും മാത്രം ചെയ്യാൻ സാധിക്കില്ല എന്ന് തോന്നിയതിനാൽ, ഒരു സൈക്കിൾ വാടകയ്ക്കെടുക്കാൻ തീരുമാനിച്ചു. എനിക്ക് സൈക്കിൾ ഓടിക്കാൻ അറിയാത്തതിനാൽ രഞ്ജീവൻ എന്റെ സാരഥിയാവാൻ സമ്മതിച്ചു.

അന്നൊരു വെള്ളിയാഴ്ചയായിരുന്നു. പുല്ല്യോട്ടും കാവിലെ താലപ്പൊലിക്ക് എന്റെ ഗ്രാമത്തിലെ മിക്കവാറും സ്കൂളുകൾക്കെല്ലാം അവധിയായിരിക്കും അല്ലെങ്കിൽ അധിക കുട്ടികളും പോകാറില്ല. ഉച്ച കഴിഞ്ഞ് ഒരു മൂന്ന് മണിക്ക്, രഞ്ജീവനും ഞാനും 'സീപീ സൈക്കിൾസി' ൽ ചെന്ന് ഒരു സൈക്കിൾ നാല് മണിക്കൂർ നേരത്തേക്ക് വാടകയ്ക്കെടുത്തു. അവൻ മുന്നിലും ഞാൻ പിന്നിലുമായി ഇരുന്നു. പാടവരമ്പത്തൂടെയും, നാടൻ ഇടവഴികളിലൂടെയും ഒരിരുപത് മിനുട്ട് കൊണ്ട് ഞങ്ങൾ കാവിലെത്തി. ഈ തവണ കാവിൽ നടക്കുന്ന ഉൽസവത്തിലൊന്നും എനിക്ക് ശ്രദ്ധയുണ്ടായിരുന്നില്ല. നേരെ ചന്തയിലേക്ക് ചെന്ന് 'കൂളിംഗ് ഗ്ലാസ്സ്' വാങ്ങാനുള്ള ശ്രമം തുടങ്ങി. ആകെ എന്റെയടുത്ത് ഉണ്ടായിരുന്നത് ഇരുപത്തഞ്ച് രൂപ എഴുപത്തഞ്ച് പൈസ. സൈക്കിൾ ഷാപ്പിൽ പൈസ കൊടുക്കണം, 'ബബിൾഗം' മുട്ടായി വാങ്ങണം, പിന്നെ തരപ്പെട്ടാൽ 'ചട്ടി' (നാടൻ ചൂത്) കളിക്കണം. 'കൂളിംഗ് ഗ്ലാസ്സി'ന് നോക്കുമ്പോൾ ഞാൻ ഉദ്ദേശിച്ചതിനേക്കാൾ പെരുത്ത വില. ഒരു വിധം ഇഷ്ടപ്പെട്ട ഗ്ലാസ്സിനൊക്കെ അൻപതും നാൽപതും മുപ്പതും ഉറുപ്പികയൊക്കെയാണ് വില. 'കൂളിംഗ് ഗ്ലാസ്സി'ല്ലാതെ ഫസീലയുടെ അടുത്ത് പോകാൻ മനസ്സും സമ്മതിക്കുന്നില്ല. ഒരു തരത്തിലും വിലയടുക്കുന്നുമില്ല. വില പേശി പേശി ഞങ്ങൾ മടുത്തു. അവസാനം ഞാൻ ഒരു കാര്യം മനസ്സിലാക്കി, ഇന്ന് ഏതായാലും പുതിയ ഗ്ലാസ്‌ ഇട്ടുകൊണ്ട്‌ പോകാൻ പറ്റില്ല. എന്നാൽ 'കൂളിംഗ് ഗ്ലാസ്സ്' ഇന്ന് തന്നെ വേണം താനും.

ആ സമയത്ത് ഞാൻ ഒരു കാര്യം ശ്രദ്ധിച്ചു. കടക്കാരന്റെ മുഖത്തെ 'കൂളിംഗ് ഗ്ലാസ്സ്'. സമാന്യം നല്ല ചന്തമുള്ള ഗ്ലാസ്സ്. എന്റെ  പൊട്ട / കുരുട്ട് ബുദ്ധി പെട്ടന്ന് ഉണർന്നു. ഞാൻ കടക്കാരനോട് അദ്ദേഹത്തിന്റെ മുഖത്തുള്ള കണ്ണട വിൽക്കുന്നോ എന്ന് ചോദിച്ചു. ഇരുപത്തഞ്ച് രൂപ തന്നാൽ തരാം എന്ന് കടക്കാരാൻ. കുറച്ച് കണക്ക് കൂട്ടിയിട്ട് ഞാൻ ഇരുപത് രൂപാ വിലയിട്ടു. ഇത്തിരി നേരത്തെ പിടിവലിക്ക് ശേഷം അദ്ദേഹം സമ്മതിച്ചു. ഒരു തരം വിജയീ ഭാവത്തിൽ ഞാനാ 'കൂളിംഗ് ഗ്ലാസ്സ്' രണ്ടു കൈ കൊണ്ടും സ്വീകരിച്ച് എന്റെ സുന്ദരമായ ആനനത്തിൽ അണിയിച്ച് കണ്ണാടിയിലേക്ക് നോക്കി. മുഖത്തിലും ശരീരത്തിലും  രോമങ്ങൾ ഒന്നും തന്നെയുണ്ടായിരുന്നില്ലെങ്കിലും അന്നെനിക്ക് ആദ്യമായി രോമാഞ്ചമുണ്ടായി.

'കൂളിംഗ് ഗ്ലാസ്സ്' വാങ്ങിക്കുവാൻ ഒന്നൊന്നര മണിക്കൂർ സമയം എടുത്തു. ഇനി നേരെ വച്ചുപിടിക്കുക തന്നെ. ഞങ്ങൾ വേഗം ഫസീലയുടെ വീട് ലക്ഷ്യമാക്കി സൈക്കിളെടുത്തു. ഞാൻ വലിയ ഗമയിൽ 'പുതിയ കണ്ണട' മുഖത്ത് 'ഫിറ്റ്' ചെയ്ത് പിന്നിലത്തെ 'കാരിയറി'ലിരുന്ന് കാഴ്ച്ചകൾ ആസ്വദിക്കുകയും നാട്ടുകാരെ എന്റെ 'കണ്ണട' കാണിക്കുകയുമായിരുന്നു. ഇടയ്ക്ക് രഞ്ജീവന് ഫസീലയുടെ വീട്ടിലേക്കുള്ള വഴിയും എനിക്ക് പറഞ്ഞുകൊടുക്കണം. രഞ്ജീവൻ സൈക്കിൾ ആഞ്ഞ് ചവിട്ടുകയാണ്.

എന്റെ മനസ്സ് ആകപ്പാടെ ഒരു 'ത്രില്ലി'ൽ ആണ്. കൂടെ, എങ്ങനെ ഫസീലയുടെ വീട്ടിൽ കേറും, ഫസീലയെ കാണുമോ, കണ്ടാൽത്തന്നെ അവളോട് സംസാരിക്കാൻ പറ്റുമോ? അവളുടെ ഉമ്മക്ക്‌ വല്ല സംശയവും ഉണ്ടാവുമോ... എന്നൊക്കെ ചിന്തിച്ച് ആകപ്പാടെ ഒരു തരം ആശങ്കയാൽ എന്റെ ഹൃദയം പട പടാന്ന് കൂടുതൽ കൂടുതൽ മിടിക്കാൻ തുടങ്ങി. ഇനി, ഇപ്പോൾ പോയ്ക്കൊണ്ടിരിക്കുന്ന തോട്ടിന്റെ വക്കത്തൂടെയുള്ള വഴിയിൽ നിന്ന് കാറൊക്കെ പോകുന്ന ഇടത്തരം നാടൻ വഴിയിൽ കേറി ഇടത്തോട്ട് തിരിഞ്ഞാൽ അവളുടെ വീടായി. രഞ്ജീവന് നിർദ്ദേശം കിട്ടിക്കഴിഞ്ഞു. അവന്റെ പോക്ക് കണ്ടാൽ എന്നേക്കാൾ കൂടുതൽ താല്പര്യം അവനാണെന്ന് തോന്നും.

ഞങ്ങൾ ഇപ്പോൾ തോട്ടുവഴി പിന്നിട്ട് ഇടവഴിയിൽ കേറിക്കഴിഞ്ഞു. ഞാൻ ചിന്തകളിലാണ്. ഓർക്കാപ്പുറത്താണ് അത് സംഭവിച്ചത്. ഞാൻ വായുവിൽ ഉയർന്ന് പൊങ്ങി ഒരു കറക്കം കറങ്ങി ചക്ക വീണപോലെ  താഴെ വീണു. ഒരു നിമിഷത്തേക്ക് എന്താണ് സംഭവിച്ചത് എന്ന് എനിക്ക് ഒരു പിടിയും കിട്ടിയില്ല. രഞ്ജീവനും സൈക്കിളും ആ 'സീനി'ലേ ഇല്ല. ഞാൻ വീണിടത്ത് എഴുന്നേറ്റിരുന്ന് പരിസരം ഒന്ന് വീക്ഷിച്ചു. അപ്പഴാണ് മനസ്സിലായത്‌,  വീണത്, വളരെ കൃത്യമായി ഫസീലയുടെ വീട്ടിന് മുന്നിൽത്തന്നെയാണെന്ന്. ഇതിനേക്കാൾ നല്ലത് ഒരു ആകാശച്ചാട്ടമായിരുന്നോ എന്ന് ശങ്കിച്ചുപോയ നിമിഷം. പക്ഷേ ഹൃദയം നടുങ്ങിയത്‌ വേറൊരു കാഴ്ച്ച കണ്ടപ്പോഴായിരുന്നു - എന്റെ ചിരകാല അഭിലാഷമായ 'കൂളിംഗ് ഗ്ലാസ്സ്' പൊട്ടിക്കിടക്കുന്നത് കണ്ടപ്പോൾ. കഷ്ടിച്ച് ഒരു മണിക്കൂർ പോലും ആ കണ്ണടയ്ക്ക് എന്റെ മുഖത്തിരിക്കാൻ യോഗമുണ്ടായില്ല. 'കണ്ണട'യ്ക്ക് പകരം കണ്ണുനീരിനായിരുന്നു യോഗം. കട്ടത് ചുട്ടുപോകും എന്ന പഴമൊഴി ആ സമയത്ത് ഞാനോർത്തുപോയി.

രഞ്ജീവൻ, അവന്റെ ആവേശത്തിൽ, ഫസീലയുടെ വീടെത്താറായ ഉത്സാഹത്തിൽ സൈക്കിൾ ആഞ്ഞു ചവിട്ടിയപ്പോൾ, ഫസീലയുടെ വീടിന് മുൻവശത്തുള്ള വളവിലെ ഒരു 'ഹമ്പ്' കണ്ടില്ല. ആവേശചിന്തകളിലായിരുന്ന ഞാനും കണ്ടില്ല. ആദ്യമായി ആ വഴിക്ക് പോകുന്നത് കൊണ്ട് അവിടെയുള്ള വളവും ഇറക്കവും 'ഹമ്പും' നമ്മുടെ സാരഥിക്ക് പരിചയമില്ലായിരുന്നു. വളരെ വേഗത്തിൽ 'ഹമ്പ്' കടന്നു പോയപ്പോഴുണ്ടായ സാഹസികതയായിരുന്നു എന്റെ വീഴ്ച. മഴക്കാലത്ത് മണ്ണൊലിപ്പ് തടയാനും വെള്ളത്തിന്റെ ഗതി തിരിച്ചുവിടാനും ഉണ്ടാക്കിയതായിരുന്നു ആ 'ഹമ്പ്'. ഇറക്കത്തിൽ കുറച്ചു കൂടി ദൂരം പോയതിന് ശേഷമേ രഞ്ജീവനും സംഭവം മനസ്സിലായുള്ളൂ. അതും സൈക്കിളിന്റെ ഭാരം കുറഞ്ഞെന്നു അവന് തോന്നിയപ്പോൾ.

ഭാഗ്യത്തിന് ഇത്തിരി പോറലുകളൊക്കെയേ ഉണ്ടായിരുന്നുള്ളൂ. എന്നാലും ശരീരമാസകലം നല്ല വേദന തോന്നി.  തലകുത്തി വീണില്ലല്ലോ എന്നോർത്ത് ദീർഘമായൊന്ന് നിശ്വസിച്ചു. കണ്ണട പൊട്ടിയ മനോവേദനയും ശരീരവേദനയുമായി എഴുന്നേൽക്കാൻ ശ്രമിക്കുമ്പോഴാണ് ഫസീലയുടെ വീട്ടുവഴിയുടെ തൊട്ട എതിർവശത്തെ വീട്ടിലെ (പിന്നെയാണ് മനസ്സിലായതെങ്കിലും) പട്ടിയെ അവിടെ കണ്ടത്. അവന്റെ തൊട്ടടുത്ത് തന്നെയാണ് ഞാൻ വീണതും. അവൻ, അവന്റെ വീട്ടിന് മുന്നിലെ വഴിയരികിലെ മാവിൻ തണലിൽ ഒരു സായാഹ്ന മയക്കത്തിലായിരുന്നു. അവനാകെ ഞെട്ടിപ്പകച്ച് നിൽക്കുകയാണ്. നിദ്രാഭംഗം വന്ന നിരാശയിലും പെട്ടെന്ന് ഒരു അപരിചിതനെ കണ്ട ചിന്തയിലും സംഭവിച്ചതെന്താണെന്ന് അവന് മനസ്സിലാവാത്തത് കൊണ്ടും അവന്റെ വീട്ടിന് മുന്നിൽ വന്നു വീണത്‌ കൊണ്ടും അവന്റെ നോട്ടം അത്ര പന്തിയല്ലെന്ന് എനിക്ക് ഒരു സംശയം തോന്നി. ആ പന്തിയില്ലായ്മ കാരണം ഒരു മൃഗസ്നേഹിയായിട്ടും ഒരുമാതിരിപ്പെട്ട എല്ലാ വീട്ടുമൃഗങ്ങളെ വളർത്തി പരിചയമുണ്ടായിട്ടും എനിക്കും ഒരു ശങ്ക തോന്നാതിരുന്നില്ല. നിമിഷങ്ങൾക്കുള്ളിൽ വീണ വേദനയും 'കൂളിംഗ് ഗ്ലാസ്സ്' പൊട്ടിയതും മറന്ന് ഞാൻ പട്ടിപ്പേടിയിലായി.

അവനെ പ്രകോപിപ്പിക്കാതിരിക്കാൻ അവനോട് സ്നേഹം നടിക്കാൻ ആ സമയത്ത് എന്റെ മനസ്സ് ആജ്ഞാപിച്ചു. കാരണം അവിടെ നിന്ന് ഓടിയാൽ അവൻ തീർച്ചയായും എന്നെ ഓടിച്ചിട്ട് കടിക്കുമെന്ന് എന്റെ ഉള്ളം എന്നോട് പറഞ്ഞു. സാധാരണ നമ്മുടെ നാട്ടിൽ പരിചയമുള്ള / വളർത്തുന്ന പട്ടികളെക്കണ്ടാൽ മനുഷ്യന്മാർ ഉണ്ടാക്കുന്ന ചില ശബ്ദങ്ങൾ ഞാൻ പുറപ്പെടുവിക്കാൻ തുടങ്ങി. അവൻ അതേ നിൽപ്പിൽ നില്ക്കുകയാണ്. നിന്ന നിൽപ്പിൽ അവന്റെ മുഖവും ഇരുന്ന ഇരുപ്പിൽ എന്റെ മുഖവും ഒരേ 'ലെവലിൽ' ആണുള്ളത്. അവന്റെ ഭാവം മാറാത്തത് കൊണ്ട് എന്റെ മനസ്സ് ഒന്ന് കൂടിപ്പറഞ്ഞു, - 'ഇവൻ ഒരു പാവം പട്ടിയാണ്'. മനസ്സ് അങ്ങനെ പറഞ്ഞപ്പോൾ സ്വല്പം ആശ്വാസം തോന്നി.

ആ ആശ്വാസം എന്നെക്കൊണ്ടെത്തിച്ചത് ഞാൻ ജീവിതത്തിൽ ഒരിക്കലും മറക്കാത്ത ഒരു സംഭവത്തിലേക്കായിരുന്നു. കൈ നീട്ടിയാൽ എനിക്ക് അതിന്റെ തല തൊടാം. എന്തിന് വെറുതെ തൊടുന്നു, ഒരു തലോടൽ തന്നെയാക്കിക്കളയാം എന്ന് ഞാൻ നിരീച്ചു. കൈ നീട്ടി അതിനെ തലോടാൻ തുനിഞ്ഞത് എനിക്കോർമ്മയുണ്ട്. അഞ്ചുപത്ത് നിമിഷത്തെ ഒരുതരം ഓർമ്മക്കുറവിന് ശേഷം കുറച്ച് നേരത്തേക്ക് അവിടെ ഒരു ബഹളമായിരുന്നു. പട്ടി അവന്റെ മുഖം നേരെ അടുപ്പിച്ചത് എന്റെ മുഖത്തേക്കായിരുന്നു. ആ അടുപ്പിക്കലിൽ അവൻ എന്റെ മൂക്കിനിട്ട് ഒരു കടിയും തന്നു.

ഞാൻ അവിടെ കരഞ്ഞ് വിളിച്ച് ബഹളം ഉണ്ടാക്കുകയാണ്. ബഹളം കേട്ട് രണ്ടു വീട്ടിലെയും ആളുകൾ ഓടിയെത്തി. പട്ടി ഒന്നും അറിയാത്തതുപോലെ ദൂരെ മാറിയിരിപ്പുണ്ട്. അപ്പഴേക്കും രഞ്ജീവനും സൈക്കിളും അവിടെയെത്തിയിരുന്നു. രഞ്ജീവൻ സൈക്കിളും താഴെയിട്ട്, ഒരു കല്ലെടുത്ത് പട്ടിക്കിട്ട് വലിച്ചൊരേറ് കൊടത്തു. പട്ടി കരഞ്ഞു കൊണ്ട് ഓടിപ്പോയതിന് പുറമേ, ആ കൂട്ടബഹളത്തിനിടയിൽ വേറൊരു കരച്ചിലും ഞാൻ വ്യക്തമായി കേട്ടു.

"ഉമ്മാ... ന്റുമ്മാ..  നോക്കുമ്മാ... ഓറെ മൂക്ക് നോക്കുമ്മാ... ഓറെ മൂക്ക്നെത്ര്യാ ഓട്ട ഉമ്മാ... "

അത് ഒരു പാവാടയിട്ട് തട്ടം കൊണ്ട് തലമറച്ച ഒരു പെണ്‍കുട്ടിയുടെ 'വിങ്ങൽ' ആയിരുന്നു. ഫസീലയുടേത്. അവളുടെ ഉമ്മയായിരിക്കണം, ഫസീല ഒരു തട്ടമിട്ട സ്ത്രീയുടെ കയ്യും പിടിച്ച് നിന്ന് കരയുകയാണ്. ആ കരച്ചിൽ കേട്ടപ്പഴാണ് എനിക്ക് കാര്യം പിടികിട്ടിയത്. എന്റെ മൂക്കിൽ നിന്ന് സാമാന്യം നല്ല രീതിയിൽ ചോര ഒലിക്കുന്നുണ്ട്. ഷർട്ടും ട്രൌസറും മുഴുവൻ മണ്ണും ചോരയുമാണ്. ആരൊക്കെയോ എന്റെ മൂക്ക് പഞ്ഞി കൊണ്ട് തുടയ്ക്കുന്നുണ്ട്. ഇനി മൂക്കിൽ പഞ്ഞി വെക്കേണ്ടിവരുമോ എന്ന് പോലും ഒരു നിമിഷം എനിക്ക് ഭീതിയുണ്ടായി. അതിൽ ഒന്നുരണ്ടു പേർ പരസ്പരം പറയുന്നത് കേട്ടു:

"ഇവന്റെയെല്ലം മരണക്കളിയല്ലേ സൈക്കളോണ്ട് കളിക്ക്വ"

"ഈറ്റ്യക്ക് നോക്കീറ്റെല്ലം ഓടിച്ചൂടെ? അഓണ്ടല്ലേ ഈ നായീന്റെ മുമ്പില് ബീണിറ്റ് കടി കിട്ട്യ്"

"ഹും.. ഇനി പറഞ്ഞിറ്റെന്നാക്കാനാ?... "

"കള്ള ഹിമാറ് ഒറ്റക്കടിയേ കടിച്ച്റ്റുള്ളൂ...  പക്ഷേ രണ്ട് ബാത്തും ഓട്ടയ്ണ്ട്."

"ബേം കംബൗണ്ട്റിന്റെ അടുത്ത് പോആം. എന്നിറ്റയാള് പറേന്ന പോലെ ചെയ്യാം. ന്തായാലും സ്റ്റിച്ചും പെരാന്തിന്റെ കുത്തും ബേണ്ട്യേരും."

'കൂളിംഗ് ഗ്ലാസ്സിട്ട്' ഫസീലയെ കാണാനും ഒത്തിരി സമയത്തിന് ശേഷം രണ്ടു വാക്ക് മിണ്ടാനും പോയ ഞാൻ, ഈ അവസ്ഥയിൽ അവളുടെ മുന്നിൽ ഇരിക്കേണ്ടിവരുമെന്ന് സ്വപ്നേപി ആലോചിച്ചിരുന്നില്ല. വീണതിന്റെ വേദനയും, 'കൂളിംഗ് ഗ്ലാസ്സ്' പൊട്ടിയതിന്റെ സങ്കടവും പട്ടികടിച്ച് മൂക്കിന് രണ്ടു ദ്വാരങ്ങൾ കൂടുതലുണ്ടായതും, പേപ്പട്ടി സൂചിയെക്കുറിച്ചുള്ള പതിനാല് പൊക്കിൾ കുത്തിനെയും മറ്റും ഒരുമിച്ച് ചിന്തിച്ച് ചിന്തിച്ച്  ഇനി എന്നെയങ്ങ്‌ നേരെ മേലോട്ട് എടുത്താൽ മതിയെന്ന ചിന്തയിൽ ഞാൻ അലറിക്കരയാൻ തുടങ്ങി. ഇനി വീട്ടിൽ പോയാൽ അച്ഛൻ എങ്ങനെ പ്രതികരിക്കും എന്ന ചിന്ത എന്നിൽ തലകറക്കം ഉണ്ടാക്കി.

എല്ലാവരും കൂടെ എന്നെ ഒരു പ്ലാസ്റ്റിക് വയറുകൊണ്ട് മെടഞ്ഞ ഒരു കസേരയിലിരുത്തി തോളത്തേറ്റി കംബൗണ്ടറുടെ അടുത്തേക്ക്‌ കൊണ്ടുപോകുമ്പോൾ എതിർദിശയിലേക്ക് താലപ്പൊലിക്ക് വേണ്ടി മഞ്ചത്തിലേറി തമ്പുരാട്ടിയുടെ വരവ് (കാവിലെ ഉത്സവത്തിന്റെ ഒരു ചടങ്ങ്) നടക്കുകയായിരുന്നു. എന്റെ കുപ്പായവും ചുവപ്പ്. തമ്പുരാട്ടിയുടെ ആടകളും ചുവപ്പ്. രഞ്ജീവൻ പിന്നെ സൈക്കിളിൽ കയറിയില്ല. എന്റെ പിന്നാലെയായി സൈക്കിളും തള്ളിക്കൊണ്ട് വരുകയായിരുന്നു. ആ പോകുന്ന വഴിയിലും ആരുടെയൊക്കെയോ ചുമലിലുള്ള കസേരയിലിരുന്ന്, ഞാൻ ഫസീലയുടെ വീട്ടിന് നേരെ ദയനീയമായി നോക്കി. അവളുടെ കരച്ചിൽ അപ്പോഴും എന്റെ മനസ്സിൽ മുഴങ്ങിക്കൊണ്ടിരുന്നു. മൂക്കിന് നാല് ഓട്ടയായെങ്കിലും അവളുടെ കരച്ചിൽ, മനസ്സിലോർത്തോർത്ത്  ആത്മാർത്ഥമായി ആസ്വദിക്കുകയായിരുന്നു ഞാൻ.

"ഉമ്മാ... ന്റുമ്മാ..  നോക്കുമ്മാ... ഓറെ മൂക്ക് നോക്കുമ്മാ... ഓറെ മൂക്ക്നെത്ര്യാ ഓട്ട ഉമ്മാ... "

പാണന്മാരേ, 'കൂളിംഗ് ഗ്ലാസ്സു'മിട്ട് 'ചാക്കിൽ കേറി ചാട്ട' ത്തിന് ചാക്ക് വാങ്ങാനെന്ന വ്യാജേന, പ്രിയ സഖിയുടെ വീട്ടിലേക്ക്, അവളോട്‌ മിണ്ടാൻ പോയ ഞാൻ, അവളുടെ അയൽപ്പക്കത്തെ പട്ടിയുടെ മുന്നിൽ വീണ് മൂക്കിൽ പട്ടികടിയുടെ പാടുമായി ഇന്നും ജീവിക്കുന്ന കഥ, ഇനി പാടി നടക്കല്ലേ.




*****

2014, ഡിസംബർ 8, തിങ്കളാഴ്‌ച

തിരയും തീരവും പിന്നെ ഞാനും

കടലും കടൽത്തീരവും നിലാവും നീലിമയും കാറ്റും മഴയും കാടും മലയും, ഒക്കെ നമ്മുടെ മനസ്സിന്റെ വിചാരസർഗ്ഗതന്ത്രികളെ അറിയാതെയെങ്കിലും ഒരുതരം മായാപ്രപഞ്ചത്തിലേക്ക് കൂട്ടിക്കൊണ്ടുപോകാൻ മാത്രം ശക്തിയുള്ള പ്രകൃതിയുടെ മനോഹരങ്ങളായ നിർമ്മിതികളാണ്. ഈ മനോഹരങ്ങളായ നിർമ്മിതികൾക്കരികിൽ കുറച്ചു നേരമെങ്കിലും ഒറ്റയ്ക്ക് ചിലവിടുമ്പോൾ കിട്ടുന്ന ഒരു അനുഭൂതി അനിർവ്വചനീയമാണ്.  നമുക്ക് ഒരുമിച്ചു ഒരു കടൽത്തീരത്തേക്ക് പോകാം. നിങ്ങൾ തീരത്തിരിക്കൂ, പക്ഷേ, കടലിൽ ഞാൻ മാത്രമേ ഇറങ്ങൂ. എന്നാലേ, ആ ഏകാന്തതയിൽ എന്റെ സിരകളിലേക്ക് ഇരച്ച് കയറിയ വികാരങ്ങളെക്കുറിച്ച് എനിക്ക് വിസ്തരിക്കാൻ പറ്റൂ...

ഒരു കാമുകി. രണ്ട് കാമുകന്മാർ. പ്രലോഭാനങ്ങളുണ്ടായിട്ടും കാമുകി ഒരാളെ തീർത്തും തള്ളിക്കളയുന്നു...

(എന്റെ വളരെ പരിമിതങ്ങളായ ആലാപനാവതരണരീതികളോട് സദയം ക്ഷമിക്കുക. അഭിപ്രായങ്ങൾ അറിയിക്കുക.)

ശ്രീ

ചുംബനമേ ചുംബനമേ
അനുഭൂതി പകരുന്ന ചുംബനമേ
നുകരുന്നു തീരം അലമാലകളാൽ
നുറുങ്ങുമീ സാഗര ചുംബനങ്ങൾ


നിത്യകാമുകരായ് നിങ്ങളെന്തേ
തത്വത്തിലെങ്കിലും ചേർന്നു കൂടേ
സല്ലാപസുന്ദര ചേഷ്ടകൾ മാത്രമായ്
ഫുല്ലമാം ജീവിതമാടുകയോ

അംബരധാരിയാം നിൻ പ്രിയൻ മുന്നിൽ
ആടകളില്ലാതെ ആടുന്നുവോ
മദിപ്പിക്കുവാനോ സ്വയമാസ്വദിപ്പാനോ
മധു നുകരുംതരമഭിനയങ്ങൾ

നാലു പേർ കാണ്‍കെ, അയ്യോ കഷ്ടം
ചെയ്യുന്നു നീ നിശാപ്രകടനങ്ങൾ
കാണുന്ന നമ്മെ ത്രസിപ്പിക്കുന്നു നീ
വികാരമാം കൊടുമുടികൾ മേലെ

ആഴീലൊളിപ്പിച്ച ചിപ്പികളെ നീ
പൂഴിയാം ഊഴിയിൽ കോർത്തിടുമോ
പൊട്ടിച്ചിതറുന്ന മുത്തുകൾ കൊണ്ടു നീ
ചട്ടത്തിലൊരു ഹാരം തീർത്തിടുമോ

മടിയനാം തീരത്തെ നീറ്റിലിറക്കുവാൻ
ഞൊടിയിടകൊണ്ടു നീ മടങ്ങിടുന്നൂ
നീ പകരുന്നൊരു പാനീയപാനത്താൽ
തീരം മത്തിൽ പതയുന്നുവോ

പൊട്ടിച്ചിരിച്ചിട്ടും അലറിവിളിച്ചിട്ടും
വിളി കേൾക്കാത്തവൻ കാമുകനോ
ജനതതി മേഞ്ഞു ചമഞ്ഞു പുതച്ചിട്ടും
മെയ്യനക്കാത്തവൻ മൈക്കണ്ണനോ

അചഞ്ചലനാകും തീരം പുണരുവാൻ
ചഞ്ചല നർത്തകീ നാണമില്ലേ
നിനക്കെന്നുടെ ഗാത്രം പുണർന്നുകൂടേ
എനിക്കെന്തിന്റെയെങ്കിലും ന്യൂനമുണ്ടോ

നിന്റെ മൃദുലമന്ദാരമടിത്തട്ടിലെ-
ന്നുടെയാനനം കുമ്പിടുമ്പോൾ
നിന്നുടെ ലോലമനോഹരഹസ്തങ്ങളെ-
ൻമനോരാജ്യത്തിൽ പ്രഭ ചൊരിയൂ 

തന്ത്രികൾ മീട്ടിത്തഴമ്പിച്ചയങ്കുല-
മന്ത്രങ്ങളീ കപോലത്തിൽ താളമിടൂ 
മുത്തൊളി മുറ്റിയ മൂക്കിൻ  തുമ്പിനാലെൻ
കവിൾത്തടത്തിൽ നീ കളം വരയ്ക്കൂ 

നിന്നുടെ സീൽക്കാരശബ്ദതരംഗങ്ങളെ-
ന്നന്തരംഗം മയക്കിടുന്നൂ
നിന്റെ കരങ്ങളിൽ കോരിയെടുത്തിട്ട്
നീ എന്നെ ദൂരത്തിൽ കൊണ്ടുപോകൂ

എന്നുടെ ഉള്ളിലെ വിളി കേൾക്കാതെ നീ
വീണ്ടും തീരം പുണർന്നിടുന്നു
എന്നുടെ വദനസചേതന നോക്കാതെ
നീ നിന്റെ പ്രണയം തുടർന്നിടുന്നു

ഇഞ്ചിഞ്ചായ് നീ നുകരുകയാണോ
അചഞ്ചലനാം നിൻ കാമുകനെ
ചുംബിക്കൂ നീ വീണ്ടും വീണ്ടും
ആസ്വദിക്കൂ നീ കാമുകത്വം


*****