santosh pandit എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
santosh pandit എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2014 ഡിസംബർ 15, തിങ്കളാഴ്‌ച

സന്തോഷ് പണ്ഡിറ്റിനുള്ളത് കഴിവോ കഴിവ്കേടോ ?

ഇക്കഴിഞ്ഞ ദിവസം ഉച്ചഭക്ഷണത്തിന് ഞങ്ങൾ, കുറച്ച് മലയാളി സുഹൃത്തുക്കൾ ഒരു ഭാരതീയ ഭക്ഷണശാലയിൽ പോയി. അവിടെ വച്ച് എന്തൊക്കെയോ ചർച്ച ചെയ്യുന്നതിനിടയിൽ, ചർച്ച, പൊടുന്നനെ സന്തോഷ് 'പണ്ഡിറ്റ്‌' എന്ന കേരളത്തിലെ ഇന്നത്തെ ഒരു 'പ്രതിഭാസത്തിന്റെ' മേലെ ആയി. അതിൽ ഞാനൊഴികെ എല്ലാവരും, ആ ഭോജനശാലയിലെ തിരക്കിനെ മാനിച്ചത് കൊണ്ടോ, അവരുടെ സഭ്യത അനുവദിക്കാത്തത് കൊണ്ടോ എന്നറിയില്ല, പണ്ഡിറ്റിനെ 'തെറി' പറഞ്ഞില്ല എന്നേയുള്ളൂ. പക്ഷേ, അവരുടെ ഓരോ വാക്കിലും ഓരോ വാചകത്തിലും പണ്ഡിറ്റിനോടുള്ള അവരുടെ ഉള്ളിൽത്തട്ടിയുള്ള ആത്മരോഷം പ്രകടമായിരുന്നു. ചർച്ചയിൽ ഞാൻ തീർത്തും ഒറ്റപ്പെട്ടുപോയി എന്ന് തെളിച്ച് പറയേണ്ടതില്ലല്ലോ. അതെ, ഞാൻ 'ഏകദേശം' സന്തോഷ് പണ്ഡിറ്റിന്റെ ഭാഗത്തായിരുന്നു.

സന്തോഷ് പണ്ഡിറ്റിന്റെ ആദ്യ സിനിമയായ 'രാധയും കൃഷ്ണനും' ആദ്യത്തെ ഒരു പത്ത് മിനുട്ട് ഞാൻ കണ്ടിട്ടുണ്ട് (അതിനപ്പുറം കാണാൻ മനസ്സനുവദിച്ചില്ല). കൂടാതെ അദ്ദേഹത്തെപ്പറ്റി പത്രങ്ങളിൽ വരുന്ന വാർത്തകളും അദ്ദേഹത്തിന്റെ നാലഞ്ച്  അഭിമുഖങ്ങളും ഒന്ന് രണ്ട് പാട്ടുകളും എന്റെ ശ്രദ്ധയിലൂടെ പോയിട്ടുണ്ട്.  മിക്കതും അവിചാരിതമായി ശ്രദ്ധയിൽ പെടുന്നതാണ്. ഇത്രയൊക്കെയേ പണ്ഡിറ്റിനെക്കുറിച്ച് എനിക്കറിയൂ. 

സന്തോഷ്‌ പണ്ഡിറ്റിന് ആകെ മൊത്തം പ്രാന്താണെന്നും അദ്ദേഹത്തെ ഭ്രാന്താശുപത്രിയിലാക്കണമെന്നും ഒരാൾ രോഷം കൊണ്ടു. ഇങ്ങനെയും സിനിമകൾ ഉണ്ടാക്കാമോ? അദ്ദേഹം എടുക്കുന്നത് സിനിമയാണോ? അതിലെന്തെങ്കിലും കഥയുണ്ടോ? ഇങ്ങനെ പോകുന്നു അദ്ദേഹത്തിന്റെ വാദഗതികൾ.

നമ്മളെല്ലാവരും, അവനവന്റെ ബുദ്ധിക്കും, പിന്നെ കുറച്ച് സാമാന്യബുദ്ധിക്കും താരതമ്യം ചെയ്താണല്ലോ മറ്റുള്ളവന്റെ ബുദ്ധിയെക്കുറിച്ച് അഭിപ്രായം പറയുക. അങ്ങനെ ചിന്തിച്ചാൽ അവനവൻ ഒഴികെ ഒരുമാതിരി മറ്റുള്ള എല്ലാവർക്കും പ്രാന്തായിരിക്കും. കുറച്ച് ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുമെന്നേയുള്ളൂ. അവനവന്റെ ചിന്താഗതിക്ക് അടുത്ത് നില്ക്കുന്നവരുമായി ചങ്ങാത്തവും ബന്ധവും ഉണ്ടാകും എന്ന് മാത്രം.

എന്റെ അഭിപ്രായത്തിൽ പണ്ഡിറ്റിന്റെ സിനിമയിൽ കുറച്ചൊക്കെ കഥയും, പാട്ടിൽ കുറച്ചൊക്കെ പാട്ടും ഒക്കെയുണ്ട്. പക്ഷേ പാട്ട് ഈണമൊത്തതാണോ, പണ്ഡിറ്റ് തന്നെ എന്തിന് പാടുന്നു, കഥയിൽ ഒഴുക്കുണ്ടോ, അർത്ഥസമ്പുഷ്ടമാണോ എന്നതൊക്കെ വേറെകാര്യം. എന്തായാലും അദ്ദേഹം പുറത്തിറക്കുന്ന ഓരോ ഉൽപ്പന്നവും സുസൂക്ഷ്മം കാണുന്ന / വിലയിരുത്തുന്ന ഒരു കൂട്ടം ആളുകൾ നമ്മുടെ ഇടയിലുണ്ട് എന്നത് ഒരു യാഥാർത്ഥ്യമാണ്. കാരണം അത്തരം ആളുകൾക്ക് വേണ്ടിത്തന്നെയാണ് പണ്ഡിറ്റ് ചില സംഭവങ്ങൾ പടച്ചു വിടുന്നത്. അങ്ങനെ പടച്ച് ഉണ്ടാക്കി വിടുന്നത് കാണുവാൻ ആളുകൾ ഉള്ളിടത്തോളം അദ്ദേഹം ഈപ്പണി തുടർന്ന് കൊണ്ടേയിരിക്കും.

അങ്ങനെ പറഞ്ഞപ്പോഴാണ്  രണ്ടാമത്തെ സുഹൃത്ത് പറഞ്ഞത്, ഈ ആളുകളൊക്കെ പോകുന്നത് സന്തോഷ് പണ്ഡിറ്റിനെ കൂകി വിളിച്ച് തെറിയഭിഷേകം ചെയ്യാനാണ് എന്ന്. മോഹൻലാലിന്റെ സിനിമ കണ്ട് തെറിയഭിഷേകം ചെയ്യാൻ പറ്റില്ലത്രേ.

അപ്പോൾ എനിക്ക് വീണ്ടും സംശയം. ഈ പോകുന്ന ആളുകൾക്കാണോ പ്രാന്ത് അതോ സന്തോഷ് പണ്ഡിറ്റിനോ? തെറിയഭിഷേകം ചെയ്യാൻ ആളുകൾക്കെന്താ മുട്ടി നില്ക്കുകയാണോ? എനിക്ക് തോന്നുന്നു, ഈ തരത്തിലുള്ള കാണികളുടെ ചിന്താവൈകൃതം മുതലെടുക്കുകയാണ് സന്തോഷ് പണ്ഡിറ്റ് ചെയ്യുന്നത്. ഭൂരിപക്ഷം ആളുകളും അതു ആസ്വദിക്കുന്നുണ്ടോ എന്നുകൂടി എനിക്ക് സംശയം ഉണ്ട്. അത് കൊണ്ടാണല്ലോ എല്ലാ ദൃശ്യ / അച്ചടി മാധ്യമങ്ങളിലും സന്തോഷ് പണ്ഡിറ്റിനെ കുറിച്ചുള്ള അഭിമുഖങ്ങളും ഫീച്ചറുകളും വാർത്തകളും ഒക്കെ വെണ്ടക്കാ വലുപ്പത്തിൽ വരുന്നത്. ആളുകൾ കാണാനും വായിക്കാനും താൽപര്യപ്പെടാത്ത കാര്യങ്ങൾ മാധ്യമങ്ങൾ വിളമ്പിക്കൊണ്ടേയിരിക്കുമോ? സുപ്രസിദ്ധ നടി ഉർവ്വശിപോലും പണ്ഡിറ്റുമായി അഭിമുഖം നടത്തുന്നതുവരെയെത്തിരിക്കുന്നു കാര്യങ്ങൾ. 

അപ്പോൾ മൂന്നാമത്തെ സുഹൃത്ത് ഉദാഹരണ സഹിതം വേറൊരു കാര്യം പറഞ്ഞു:

"സാധാരണ രണ്ടു കാലുകളും രണ്ടു കൈകളും ഉള്ള ഒരു കുഞ്ഞ് പിറന്നാൽ അതൊരു സാധാരണ സംഭവമായതുകൊണ്ട് ആളുകൾ ആ കുഞ്ഞിനെ കാണാൻ തിക്കിത്തിരക്കില്ല. മറിച്ച് നാല് കയ്യും രണ്ട് തലകളുമായി ഒരു ചാപിള്ള പിറന്നാൽ അതിനെ കാണാൻ ആളുകൾ തിരക്ക് കൂട്ടില്ലേ? അതുപോലെയാണ് പണ്ഡിറ്റ് പടച്ചു വിടുന്ന ഉൽപന്നങ്ങൾ കാണാൻ ആളുകൾ തടിച്ചു കൂടുന്നത്"

തീർച്ചയായും ഒറ്റനോട്ടത്തിൽ വളരെ ന്യായമുള്ള ഒരു കാര്യം. പക്ഷേ ഈ പറഞ്ഞതുപോലുള്ള ചാപിള്ളകൾ ആരും അറിയാതെ അല്ലെങ്കിൽ കരുതിക്കൂട്ടിയല്ലാതെ ജന്മമെടുക്കുന്നതാണ്. പക്ഷേ പണ്ഡിറ്റ്, അദ്ദേഹമിറക്കുന്ന സിനിമകളും മറ്റു ചാനൽ ഉൽപന്നങ്ങളും ഒക്കെയുണ്ടാക്കുന്നത് കരുതിക്കൂട്ടിയാണ്. അവിടെയാണ് വ്യത്യാസം. അദ്ദേഹം ഒരു വിഭാഗം ജനത്തിന്റെ 'സൈക്കോളജി' അറിഞ്ഞിട്ട് തന്നെ ചെയ്യുന്നതാണെന്ന് അദ്ദേഹം തന്നെ ഒരു അഭിമുഖത്തിൽ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. അദ്ദേഹം ഇപ്പോൾ ഒരു യുട്യൂബ് ചാനൽ തുടങ്ങി അതിലൂടെ 'ടോക്ക് ഷോ' യും നടത്തുന്നുണ്ടെന്ന് കേട്ടു. മാത്രവുമല്ല, അതിന് ആയിരക്കണക്കിന് 'ഹിറ്റും' കിട്ടുന്നുണ്ടെന്ന് പത്രത്തിൽ വായിച്ചു. ഇതിന്റെയൊക്കെ അർത്ഥം എന്താണ്? ഈ പൊട്ടൻ കളി കൊണ്ട് അദ്ദേഹം പണം സമ്പാദിക്കുന്നു. ആളുകളെ കൂടുതൽ കൂടുതൽ പൊട്ടൻമാരാക്കിക്കൊണ്ടിരിക്കുന്നു.

അപ്പോൾ ദേ നാലാമൻ:

"സന്തോഷ് 'പണ്ഡിറ്റ്' ചെയ്യുന്നതൊക്കെ ഒരു തരം negative സംഭവങ്ങളാണ്. അദ്ദേഹത്തിന്റെ പ്രചാരം ഒരുതരം കുപ്രസിദ്ധിയാണ്"

ആ അഭിപ്രായത്തോട് കുറച്ചെങ്കിലും യോജിക്കാമെന്ന് എനിക്കും തോന്നി. 'നെഗറ്റീവ്' സംഖ്യയും 'പോസിറ്റീവ്' സംഖ്യയും സംഖ്യ തന്നെയാണല്ലോ? സംഖ്യ താഴോട്ടോ മേല്പോട്ടോ എന്ന വ്യത്യാസമല്ലേ ഉള്ളൂ. അത് പോലെ കരയിലേക്ക് വലിച്ച് കയറ്റാനും വെള്ളത്തിലേക്ക് തള്ളിയിടാനും ഉപയോഗിക്കുന്നത് 'ശക്തി' തന്നെയാണല്ലോ? ഈത്തരുണത്തിൽ ഇവിടെ പ്രസിദ്ധിയും കുപ്രസിദ്ധിയും ഉണ്ടാകാം. രണ്ടായാലും ഒരുതരത്തിലല്ലെങ്കിൽ വേറൊരുതരത്തിൽ പ്രസിദ്ധമാണെന്നതിന് തർക്കമില്ല.

നമ്മുടെ ഇടയിലുള്ള ചില 'പണ്ഡിറ്റ്' വിമർശകരായ മഹാനടന്മാരുടെയൊക്കെ ആദ്യകാല സിനിമകൾ എടുത്താൽ സന്തോഷ്‌ പണ്ഡിറ്റിന്റെ സിനിമയുടെ നിലവാരം ഒക്കെയേ കാണൂ. അവിടെ ആ അഭിനേതാക്കൾ, വെറും അഭിനയം എന്ന ഭാഗത്ത് മാത്രമേ ശ്രദ്ധിക്കേണ്ടതുള്ളൂ. എന്നാൽ നമ്മുടെ 'പണ്ഡിറ്റ്' ഒരു സിനിമയുടെ എല്ലാ ഭാഗങ്ങളിലും കൈവെക്കുന്നു. നിലവാരം എന്തോ ആയിക്കൊള്ളട്ടെ. പക്ഷേ അത് കാണാൻ ആളുകളുണ്ടാവുന്നു, കണ്ടവർ തന്നെ വീണ്ടും വീണ്ടും കാണുന്നു (മോശമാണെങ്കിൽ ഒരു തവണ കണ്ടാൽ പോരേ?), വീണ്ടും വീണ്ടും വിമർശിക്കുന്നു. സങ്കോചം ഒട്ടുമേ കൂടാതെ പണ്ഡിറ്റ് വീണ്ടും വീണ്ടും പഴയ കാര്യങ്ങൾ പുതിയ പേരിൽ ഇറക്കിക്കൊണ്ടിരിക്കുന്നു. 

ഉടനെ ഒന്നാമൻ രോഷം കൊണ്ട് ഒന്ന് കൂടി കനത്ത് പറഞ്ഞു: 

"നീ ഇങ്ങനെയൊക്കെ സംസാരിക്കുന്നത് കഷ്ടമാണ്. കഥകളും പാട്ടുകളും എഴുതുന്ന, കെ എ ജി ഡബ്ല്യൂ വിന്റെ ആശയഗാനം എഴുതിയ നീ തന്നെയാണോ ഇങ്ങനെയൊക്കെ പറയുന്നത്? നിന്റെ കഴിവിലും നിന്റെ ചിന്താരീതികളിലും ഞങ്ങൾക്ക് ഇപ്പോൾ സംശയം തോന്നുന്നു..."

"പടച്ചോനെ".... ഇനിയെന്താ പറയുക? ഇനി പറഞ്ഞാൽ സംഗതി വഷളാകുമോ?

അതിലിടയ്ക്ക് താരതമ്യേന വാക്ശരങ്ങൾ കുറച്ച് ഉപയോഗിച്ചിരുന്ന നാലാമൻ, ability - കഴിവ്/പ്രാപ്തി, talent - പ്രതിഭ/പ്രാഗൽഭ്യം/നിപുണത എന്ന ആംഗലേയ പദങ്ങളുടെ അർത്ഥവ്യത്യാസങ്ങൾ നിരത്തി. 

ശരിയാണ്. ability ഉള്ളവനേ talent ഉണ്ടാവുകയുള്ളൂ. പക്ഷേ ability ഉള്ള എല്ലാവർക്കും talent ഉണ്ടാവണമെന്നുമില്ല. അങ്ങനെയാണെങ്കിൽ 'മിസ്റ്റർ സന്തോഷ് പണ്ഡിറ്റി'ന് എന്തോ ഒരു ability ഉണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു. ഒന്നുകിൽ പൊട്ടനായി അഭിനയിച്ച് ആളുകളെ പൊട്ടന്മാരാക്കാനുള്ള ability, അല്ലെങ്കിൽ അതിബുദ്ധി കാട്ടി പൊട്ടന്മാരെ ആകർഷിക്കാനുള്ള ability. ഇതൊന്നുമല്ലെങ്കിൽ സ്വയം പൊട്ടനായതിന്റെ പരമാവധി വ്യാപ്തി ഉപയോഗിക്കാൻ കഴിയുന്നതിനുള്ള ability. 

എന്തായാലും പണ്ഡിറ്റ്‌ ഇന്നത്തെ നിയമാനുസൃതമായ വ്യവസ്ഥാപിത മാർഗ്ഗങ്ങളിൽ നിന്നുകൊണ്ട് തന്നെയാണ് പണം സമ്പാദിക്കുന്നത്. അദ്ദേഹം ഒന്നും കട്ടെടുക്കുന്നില്ല. അദ്ദേഹം ഒരിക്കലും ആരുടേയും വാതിൽ തുറന്ന് വന്ന്, 'ദാ... എന്നെ കണ്ടോളൂ, എന്റെ സിനിമ നോക്കിക്കോളൂ' എന്നൊന്നും പറഞ്ഞിട്ടില്ല. ഇങ്ങനെയൊക്കെയായിട്ടും അദ്ദേഹത്തിൻറെ സിനിമയിൽ സഹായിക്കാനും അഭിനയിക്കാനും ആളുകൾ പോകുന്നുണ്ട്, അവർക്ക് പരാതികളില്ലാത്തവണ്ണം, പണ്ഡിറ്റ് അവർക്ക് കൂലിയും കൊടുക്കുന്നുണ്ടാവണം. എല്ലാവരും ഒഴിവാക്കിയാൽ, അദ്ദേഹം തനിയേ പണി നിർത്തിക്കൊള്ളും അല്ലെങ്കിൽ മാറി ചിന്തിച്ചുകൊള്ളും. അപ്പോൾ പണ്ഡിറ്റ്‌  ചെയ്യുന്നത് മോശമാണെന്ന് അഭിപ്രായമുള്ളവർ അദ്ദേഹത്തെ ഒഴിവാക്കി മുന്നേറുക! അല്ലാതെ കണ്ടുകൊണ്ടിരിക്കുകയും ചീത്ത പറഞ്ഞുകൊണ്ടിരിക്കുകയുമല്ല വേണ്ടത്. 

എന്തായാലും ഈയൊരു ചർച്ച കൊണ്ട് സുഹൃത്തുക്കളുടെ ഇടയിൽ ഞാൻ പൊട്ടനായത് മിച്ചം! 


*****