malayalam story എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
malayalam story എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2019 ഫെബ്രുവരി 9, ശനിയാഴ്‌ച

ബ്ലൗസ് ട്രബ്ൾ


"നമസ്കാരം സുഹൃത്തുക്കളേ... എല്ലാവർക്കും നാരായത്തിന്റെ നമോവാകം... പതിവിന് വിപരീതമായി, എന്റെ സുഹൃത്ത് ഗോപുവാണ് ഇന്ന് നിങ്ങളോട് ഒരു കഥ പറയാൻ വരുന്നത്... ഞാൻ അദ്ദേഹത്തിന് മൈക്ക് കൈമാറാം... അദ്ദേഹത്തിന്, ആദ്ദേഹത്തിന്റെ ഭാഷയിൽ പറയാനുള്ളത് ദയവായി കേൾക്കുക..."

"നമസ്കാരം... എന്റെ പേര് ഗോപു... ഒരു ബ്ലൗസ്, എന്റെ ജീവിതത്തിൽ ഉണ്ടാക്കിയ പൊല്ലാപ്പിനെക്കുറിച്ചാണ് പറയാൻ വരുന്നത്.. ആദ്യമേ തന്നെ ഒരു കാര്യം പറഞ്ഞേക്കാം. തലവാചകം കണ്ട് ആരും വേണ്ടാത്തതൊന്നും ചിന്തിച്ച് തല പുണ്ണാക്കരുത്... കേട്ടോ.. ചിലപ്പോൾ 'ഗ്യാസ് ട്രബ്ൾ' എന്നത് 'ബ്ലൗസ് ട്രബ്ൾ'  ആയി തെറ്റി എഴുതിപ്പോയതാണോ എന്ന സംശയം നിങ്ങൾക്ക് ഉണ്ടായേക്കാം. സത്യത്തിൽ അങ്ങനെയല്ല... പിന്നെ, ആരുടെയെങ്കിലും ഉണങ്ങാനിട്ട ബ്ലൗസ് കാക്ക കൊത്തിക്കൊണ്ട് പോയതായിരിക്കുമോ, ഭാര്യയുടെ തയ്ച്ച് കിട്ടിയ ബ്ലൗസിന് ഇറക്കം കുറഞ്ഞതായിരിക്കുമോ, , ആരുടെയെങ്കിലും മുന്നാലെയുള്ള പെണ്ണ്, തിരക്ക് പിടിച്ച് ബസ്സിൽ കയറുമ്പോൾ, അവളുടെ ബ്ലൗസ് സൈഡിൽ കൊളുത്തിക്കീറിയത്,  സംശയിച്ച്  പ്രശ്നമായതായിരിക്കുമോ  എന്നൊക്കെയുള്ള അന്തഃർധരാമുൻവിധികളോടെ കഥയെ നിങ്ങൾ സമീപിക്കുന്നതിൽ ഞാൻ കുറ്റം പറയില്ല. ഉദ്വേഗഭരിതമായ ആകാംഷാപ്രതീക്ഷകൾ കഥ കേൾക്കുമ്പോൾ തീർച്ചയായും ഉണ്ടാകണം. പക്ഷേ, ബ്ലൗസെന്ന് കേട്ടയുടനെ ചില ആക്രാന്തമുഗ്ദ്ധലാവണ്യചിന്തകളുമായി ചെന്തമിഴിൽ ചിന്തിക്കുന്നവരുടെ ചന്തിക്ക്, നല്ല ചന്തത്തിൽ, ചാന്ത് വടി കൊണ്ട്, ചോര ചിന്തിയ പോലെ, ചെന്താമര വിരിയിക്കാൻ, ചന്തയിൽ നിന്നൊരാളെ ഞാൻ ഏർപ്പാട് ചെയ്യും. പറഞ്ഞില്ലെന്ന് വേണ്ട. ചിന്താസ്വാതന്ത്ര്യമുണ്ടെന്ന് കരുതി, എന്തെങ്കിലും ചിന്തിച്ച് കൂട്ടരുത്. അത് ശരിയല്ലല്ലോ.. അല്ലേ.. നല്ലപോലെ സഭ്യമായി, അശ്ലീലമൊന്നുമില്ലാത്ത, എന്നാൽ അനുഭവിച്ചവന്, മറക്കാത്ത അനുഭവം സമ്മാനിച്ച  ഒരു കഥയാണ് പറയാൻ പോകുന്നത്.  ജാഗ്രതൈ !! അപ്പോൾ കഥയിലേക്ക് കടക്കാം.

സംഭവം നടന്നിട്ട് അഞ്ചാറ് കൊല്ലങ്ങളായി. ഞാനും കുടുംബവും അന്ന് മേരിലാന്റിലെ ക്രോഫ്റ്റൺ എന്ന സ്ഥലത്തെ ഒരു അപ്പാർട്മെന്റിലാണ് താമസം. ഒരു ദിവസം രാത്രി, ഞങ്ങളൊക്കെ ഉറങ്ങാൻ കിടന്നതിന് ശേഷം, മയക്കത്തിലേക്ക് വഴുതി വീഴാൻ പോകുന്ന സമയം. എന്റെ മൊബൈൽ ഫോൺ ചിലക്കാൻ തുടങ്ങി. രാത്രി ഉറങ്ങാൻ കിടന്നതിന് ശേഷം ചിലക്കുന്ന ഫോണിനെക്കണ്ടാൽ എനിക്ക് പ്രാന്താകും... ഞാൻ മൈൻഡ് ചെയ്യാറില്ല... 'കുറച്ച് നേരം ചിലച്ചിട്ട് തനിയെ അടങ്ങിക്കോളും' എന്ന ഫിലോസഫിയാണ് എന്റേത്.

"നിങ്ങൾക്ക് അങ്ങനെ, എങ്ങനെ ചിന്തിക്കാൻ കഴിയുന്നു, ഇവിടെ നിന്ന് തന്നെയോ, അല്ലെങ്കിൽ നാട്ടിൽ നിന്നോ മറ്റോ അത്യാവശ്യത്തിന് ആരെങ്കിലും വിളിക്കുന്നതാണെങ്കിലോ" എന്നൊക്കെയുള്ള ഭാര്യയുടെ ഭയാശങ്കകൾക്ക് ഞാൻ ചെവി കൊടുക്കാറില്ല. 'രാത്രി ഉറങ്ങാൻ കിടന്നാൽ ആർക്കും അത്യാവശ്യങ്ങൾ പാടില്ല'' എന്ന ഫിലോസഫി, ഞാനപ്പോൾ  ചിന്തയിലൂടെ പ്രയോഗിക്കും. പൊതുവേ, കിടന്നാലൊന്ന് ഉറങ്ങിക്കിട്ടാൻ നല്ല സമയമെടുക്കുന്ന ഒരാളാണ് ഞാൻ. അങ്ങനെ കിടന്ന് ഉറക്കം പിടിച്ച് വരുമ്പോഴാണ് മൊബൈലിന്റെ ചിലപ്പ്. പ്രാന്ത് വരാതിരിക്കുമോ?  ഞാൻകേട്ട ഭാവം നടിച്ചില്ല.

'തലയിണയിൽ തലതട്ടിയാലുടനെ മയക്കം' എന്ന പോളിസിയിൽ, മുഖത്തിന്റെ വാതിൽ തുറന്ന് അന്തരീക്ഷശുദ്ധീകരണം നടത്തിക്കൊണ്ട്, മോട്ടോറിന്റെ ക്രമീകരിച്ച രീതിയിലുള്ള ശബ്ദം പുറപ്പെടുവിച്ച് കൊണ്ട്, മോഹനനിദ്രയിലാണ്ട് കിടന്ന ഭാര്യ, മൊബൈലിന്റ ചിലപ്പ് കേട്ട്, സ്ഥലകാലവിഭ്രാന്തിയോടെ സടകുടെഞ്ഞെഴുന്നേറ്റു.  "നിങ്ങളിത് കേൾക്കുന്നില്ലേ മനുഷ്യാ, മനുഷ്യനെ മര്യാദക്കൊന്നുറങ്ങാനും സമ്മതിക്കില്ല....പണ്ടാരം..." എന്നൊക്കെ പിറുപിറുക്കുന്നുണ്ട്. ഞാനിതൊന്നും അറിഞ്ഞ ഭാവം നടിക്കുന്നില്ല... 'ഹിഹിഹി...' എന്ന് ഉള്ളിൽ ചിരിച്ച് കൊണ്ട് ഞാൻ ചരിഞ്ഞ് കിടപ്പാണ്...

സാധാരണയായി രാത്രിയിൽ, ഉറങ്ങാൻ കിടന്നതിന് ശേഷം  ഫോൺ ശബ്ദിച്ചാൽ, എന്റെ സഹധർമ്മിണിക്ക് ഭയാശങ്കകൾ കൂടും... ഒറ്റച്ചിന്തയിൽത്തന്നെ മരണസങ്കടവേലിയേറ്റസുനാമിത്തിരകളടങ്ങിയ  ഒരു ട്രാജഡി സിനിമയുടെ സ്ക്രിപ്റ്റ് മുഴുവൻ എഴുതിക്കളയും. വേറൊരുതരത്തിൽ പറഞ്ഞാൽ, നമ്മുടെ നാട്ടിൽ പണ്ട് 'കമ്പി വന്നു' എന്ന് പോസ്റ്റുമാൻ വന്ന് പറഞ്ഞാൽ ഉണ്ടാകുന്ന ചില ചിന്തകൾ പോലെ.

ഭാര്യ പിറുപിറുത്തുകൊണ്ട് ഒന്നെഴുന്നേറ്റിരുന്നു... മുടിയും കെട്ടി, ലൈറ്റും ഇട്ട് "നാട്ടിൽ നിന്നായിരിക്കും" എന്നും പറഞ്ഞു കൊണ്ട്, ഫോണിന്റെ അടുത്തേക്കൊരു ചാട്ടമോ ഓട്ടമോ എന്തോ ആയിരുന്നു. അപ്പഴേക്കും ഫോൺ മൂന്നാമതും ചിലച്ച് അടങ്ങിയിരുന്നിരുന്നു. ഫോണെടുത്ത് നോക്കി പറഞ്ഞു... "ഓ... ഏതോ സിന്ധുവാണ്.. ഇവർക്കൊന്നും ഉറങ്ങണ്ടേ.. വിളിക്കാനൊന്നും വേറൊരു സമയോം കിട്ടിയില്ലേ.. ? തിരിച്ച് വിളിക്കണോ?"

സിന്ധുവോ? ഞാൻ മനസ്സിലോർത്തു ഇതെന്തിനാണ് ഇവളിപ്പം വിളിക്കുന്നത് ?

"ഏത് സിന്ധുവാ...? "

എന്റെ മനസ്സിൽ ആകെ ഒരു സിന്ധുവേ ഉള്ളൂ.. അത് ന്യൂയോർക്കിലുള്ള  എന്റെ ഒരു  കസിൻ (കസിൻ എന്നൊക്കെപ്പറഞ്ഞാൽ... നേരിട്ടുള്ള മാതൃ-പിതൃ കസിനല്ല.. കുറച്ച് വളവുകളും തിരിവുകളുമുള്ള കസിൻ ബന്ധമാണ്.. എന്നാലും ഇടപെടലുകൾ കൊണ്ട് അടുത്ത ബന്ധമാണ്) സിന്ധുവാണ്. അവളെന്തിനാണ് ഈ പാതിരാത്രി വിളിക്കുന്നത്?

"മോഹനേട്ടന്റെ* സിന്ധു ആയിരിക്കും... അല്ലാതെ വേറെയാരാ...."
"അവിടെയെന്തെങ്കിലും.... നാട്ടിലാർക്കെങ്കിലും..... എന്തെങ്കിലും..." ഭാര്യ പകുതിക്ക് നിർത്തി.

"എന്തെങ്കിലും സീരിയസ്സാണെങ്കിൽ വീണ്ടും മൊബൈൽ റിങ് ചെയ്യും.. നീ സമാധാനത്തിൽ അടങ്ങിക്കിടക്ക്"  ഞാൻ കുഴഞ്ഞുമറിഞ്ഞമട്ടിൽ മൊഴിഞ്ഞു. ഭാര്യയുടെ ശ്വാസമിടിപ്പിന്റെ പെരുമ്പറ ശബ്ദം  ഒഴിവാക്കിയാൽ, പൂർണ്ണ നിശ്ശബ്ദത...

"ക്രീം... ക്രീം..." മൊബൈൽ നാലാമതും ചിലച്ചു. ഞാൻ തന്നെ എഴുന്നേറ്റു. ഭാര്യയും എഴുന്നേറ്റു. ഞാൻ പിന്നെ ഒട്ടും അമാന്തിച്ചില്ല.. നേരെ കാൾ ആക്സെപ്റ്റ് ചെയ്തു.

"ഹലോ... ഹാ.. സിന്ധൂ... എന്താ.... ഈ സമയത്ത്?"
"ഹലോ.... ആ..  ഇതാരാ..."

ഹേ.. ഇതെന്ത് കഥ.... സിന്ധു എന്നെ വിളിച്ചിട്ട് എന്നോട് ചോദിക്കുന്നു.. ഞാനാരാണെന്ന്... അതും പാതിരാത്രിക്ക്... 'തേന്മാവിൻ കൊമ്പത്ത് ' എന്ന സിനിമ ഞാൻ കണ്ടിട്ടില്ലായിരുന്നെങ്കിൽ, അതിൽ കുതിരവട്ടം പപ്പുച്ചേട്ടൻ  മോഹൻലാലിനോട് പറഞ്ഞത് പോലുള്ള ഒരു ഡയലോഗ് ഞാൻ സിന്ധുവോട്  കാച്ചിയേനെ...

 "സിന്ധൂ.. ഇത് ഗോപു ആണ്... മെരിലാന്റിലെ... പഴയേടത്തെ അനന്തൻമാഷിന്റെ മോൻ... പ്രേമേച്ചിയുടെ വല്യമ്മയുടെ മോന്റെ മോൻ..."

വന്നു വന്ന് പാതിരാത്രിയിൽ സിന്ധു പിച്ചും പേയും മറ്റോ പറയുകയാണോ എന്ന സംശയത്താലാണ് അത്ര നീട്ടി വിസ്തരിച്ച് ബന്ധം പറഞ്ഞ് അവളുടെ സംശയനിവാരണം നടത്താൻ ശ്രമിച്ചത്. പക്ഷെ അവൾക്ക് എന്നെ ഉടനെത്തന്നെ പിടികിട്ടി.

"ഓ.. ഗോപേട്ടനായിരുന്നോ?... ഉം.... ഉം.... അത്.... പിന്നെ...."

എനിക്കും സംശയമായി.. ഇത് ഞാൻ തന്നെയല്ലേ.... അല്ല ഞാൻ തന്നെയാണ്.... അവൾ എന്തോ പരുങ്ങുന്നത് പോലെ...

"എന്താ... ഈ നേരത്ത്... വിളിക്കാൻ മാത്രം എന്തുണ്ടായി?"
"ഉം... അത്...."

പാതിരാത്രി വിളിച്ചിട്ടും സിന്ധു കാര്യം പറയാൻ പരുങ്ങുന്നത് കണ്ട് എന്റെ നല്ലപാതിയുടെ ചങ്ക് മിടിക്കുന്നത് ഉച്ചസ്ഥായിയിലായി... സത്യത്തിൽ എന്റെ ചങ്കും പതുക്കെപ്പതുക്കെ കെട്ട്യോളുടെ ചങ്കിന്റെ താളത്തിലേക്ക് നീങ്ങുന്നുണ്ടോ എന്ന് ഞാനും ഭയന്നു.

"കാര്യം പറയ് സിന്ധൂ...."
"അത് പിന്നെ ഗോപേട്ടാ.... അത്... ഞാനെപ്പഴാ നിങ്ങൾക്ക് ബ്ലൗസ് തന്നത്?"

'എന്റമ്മേ...' ഞാൻ ഇന്നസെന്റിനെ ഓർത്ത് പോയി...  ഇവളെന്താ ഈ പറയുന്നത്? ബ്ലൗസോ? എന്ത് ബ്ലൗസ്...? ആരുടെ ബ്ലൗസ്.. ?

അത് വരെ എന്റെ ചെവിക്കരികിൽ ചെവി പിടിച്ച് നിന്ന്, അപ്പുറത്ത് നിന്ന് പറയുന്നത് കാതോർത്തിരുന്ന ഭാര്യയുടെ ഭാവം ഒന്ന് മാറി... അവൾ എന്നോട് ആംഗ്യഭാവത്തിൽ ശബ്ദം താഴ്ത്തിഉത്തരവിട്ടു:

"സ്പീക്കറിലിട്... സ്പീക്കറിലിട്...."

ഞാൻ തികച്ചും ത്രിശങ്കുവിലാണ്.... സിന്ധു പറയുന്നത് കേൾക്കാനോ... സ്പീക്കറിലിടണോ... ഈ ബ്ലൗസ്, ആരുടെ ബ്ലൗസാണ്... അറിയാതെ ഞാൻ.... എന്തെങ്കിലും.... ആകപ്പാടെ  കൺഫ്യൂഷൻ.... എന്തായാലും എന്റെ മനസ്സിൽ ആ സമയത്ത് ഒളിക്കാനായിട്ട് കാരണങ്ങളൊന്നും തോന്നാഞ്ഞത് കൊണ്ടും ഭാര്യയുടെ ഭാവമാറ്റത്തെ പേടിച്ചും അറിയാതെ വിരൽ സ്പീക്കർ ഫോൺ ബട്ടണിൽ അമർന്നു...

"ഏത് ബ്ലൗസിന്റെ കാര്യമാണ് സിന്ധൂ നീയീ പറയുന്നത്? "
"ഗോപേട്ടനല്ലേ ഇങ്ങോട്ട് വിളിച്ച് പറഞ്ഞത്.. രണ്ട് ബ്ലൗസുകൾ ജനീഷിന്റെയടുത്ത് കൊടുത്ത് വിട്ടിട്ടുണ്ട്... റീനക്ക് കൊടുക്കണം ന്നോ മറ്റോ ഒക്കെപ്പറഞ്ഞ്...."

'അപ്പൊ സിന്ധുവിന് മാത്രമല്ല.... റീനക്കും..... ബ്ലൗസ് കൊടുത്തിട്ടുണ്ട്...' ഭാര്യയുടെ മുഖം കണ്ടപ്പോ, അവൾ അങ്ങനെയായിരിക്കും  ചിന്തിക്കുന്നുണ്ടാവുക എന്നാണ് എനിക്ക് തോന്നിയത്.

പാതിരാത്രി ആയത് കൊണ്ടോ, ഉറക്കച്ചടവിലായത് കൊണ്ടോ.. ഭാര്യയുടെ നോട്ടം കണ്ടിട്ടാണോ എന്നറിയില്ല... എനിക്ക് ഒരു നിമിഷത്തേക്ക് ഒന്നും ഓർമ്മ വന്നില്ല... ഒരുതരം അർദ്ധബോധാവസ്ഥയിലുള്ള മരവിപ്പ്....

"ഞാനെപ്പഴാ അങ്ങനെ നിന്നോട് വിളിച്ച് പറഞ്ഞത് സിന്ധൂ...?
"അല്ല ഞങ്ങൾ നേരിട്ട് സംസാരിച്ചില്ല... പക്ഷെ ഗോപേട്ടൻ എന്നെ വിളിച്ച് ഒരു മെസ്സേജ് ഇട്ടില്ലേ.. അതാ പറഞ്ഞത്....."

ഹാവൂ... എനിക്കിപ്പോ പിടികിട്ടി.... എന്റെ തലയിലൂടെ ഗംഗാധരന്റെ ജട ലീക്കായി ഗംഗ ഊർന്ന് ഒഴുകിയത് പോലെ ഒരു കുളിർമ്മ പടർന്നു....  പക്ഷേ ഭാര്യക്ക് ഇപ്പഴും ഒന്നും പിടികിട്ടിയിട്ടില്ലല്ലോ... ഒന്നും മിണ്ടുന്നില്ലെങ്കിലും അവൾ പലതും ഉച്ചത്തിൽ പറയുന്നുണ്ടെന്ന് എനിക്ക് തോന്നി... ഈ ബ്ലൗസ് ഞാൻ സ്ഥിരം ഉപയോഗിക്കാത്ത സാധനമായത് കൊണ്ടും... ഉറക്കച്ചടവ് കയറിയ പാതിരാത്രിയിൽ പെട്ടെന്നുണ്ടായ ചില സാഹചര്യസമ്മർദ്ദങ്ങൾ കൊണ്ടും മറ്റും... ഈ ബ്ലൗസ് സംഭവം ഞാൻ മറന്നേ പോയിരുന്നു...

"ഹ ഹ ഹാ... അതാണോ... അയ്യോ.... നിന്നെയായിരുന്നോ ഞാൻ വിളിച്ചത്.... അയ്യോ.. സത്യത്തിൽ ആള് മാറിപ്പോയതാണ് കേട്ടോ...  വേറൊരു സിന്ധു ഉണ്ട്... മാറിപ്പോയതാണ്..."

കെട്ട്യോളിപ്പഴും അന്തിച്ച് നിൽക്കുകയാണ്... ഒരു സിന്ധുവിന്റെ  കൺഫ്യൂഷൻ തീർന്നെങ്കിലും ഈ രണ്ടാമത്തെ സിന്ധു ഏതാണ്? ഈ ബ്ലൗസിന്റെ ചക്രക്കുടുക്ക് അവളെ സംബന്ധിച്ചടുത്തോളം ഇനിയും അഴിഞ്ഞിട്ടില്ല...

"ഓ.. അങ്ങനെയാണോ.... ഗോപേട്ടാ.. സത്യത്തിൽ ഞാനും പേടിച്ച് പോയി... എന്ത് ബ്ലൗസിന്റെ കാര്യമാണ് നിങ്ങള് എന്നോട് പറഞ്ഞ് വരുന്നത് എന്നാലോചിച്ചിട്ട്...."
"സോറി.. സിന്ധൂ... സത്യത്തിൽ ഞാനീക്കാര്യം തന്നെ മറന്ന് പോയിരുന്നു.. അതാ കുറച്ച് നേരത്തേക്ക് കൺഫ്യൂഷനായിപ്പോയത്  "
"സത്യത്തിൽ ഗോപേട്ടന്റെ നമ്പർ.. ഞാൻ.. എന്റെ മൊബൈലിൽ  സ്റ്റോറ് ചെയ്ത് വച്ചിട്ടുണ്ടായിരുന്നില്ല... സജീവേട്ടനല്ലേ സാധാരണ വിളിക്കാറ്... അതുകൊണ്ട് ആരാ വിളിച്ചത് എന്ന് മനസ്സിലായില്ല... ജലദോഷം പിടിച്ചത്പോലെ ശബ്ദമായത് കൊണ്ട് എനിക്കും ആളെ മനസ്സിലായില്ല.. "
"ഓ... അത് ശരി..."
"ഒരാഴ്ചയായി ഞാൻ ഫോൺ നോക്കാറേ ഉണ്ടായിരുന്നില്ല... ഇന്ന് വൈകുന്നേരം സജീവേട്ടനാണ് ഈ മെസ്സേജ് കണ്ടത്.... സത്യത്തിൽ ഇവിടെയും കുറേ നേരത്തേക്ക് പ്രശ്നങ്ങളായിരുന്നു...."
"അയ്യോ.. എന്ത് പറ്റി... "
"സജീവേട്ടൻ ചൂടായത് പോലെയൊക്കെയായി... ആരാണ് ഞാനറിയാതെ ഈ ബ്ലൗസ് നിനക്ക് കൊടുത്ത് വിട്ടത് എന്ന മട്ടിലായിരുന്നു ചോദ്യങ്ങൾ..... ഹ ഹ.."
"എനിക്കൊന്നും അറിഞ്ഞു കൂടാന്ന് ഞാനും പറഞ്ഞു... അപ്പൊ ഈ മെസ്സേജ് വിട്ടതാരാ.. എന്നൊക്കെയായി... കുറേ ചോദ്യങ്ങളായിരുന്നു... കുറച്ചെന്തൊക്കെയോ പറഞ്ഞ് പുള്ളി ശാപ്പാടും കഴിച്ച് മേലെപ്പോയി കിടന്നു.."
"നിനക്ക് സജീവേട്ടന്റെ മുന്നിൽ നിന്ന് തന്നെ എന്റെയീ നമ്പറിൽ നേരത്തെ വിളിച്ചൂടായിരുന്നോ?"
"ആ സമയം കുട്ടികളൊക്കെ ഭക്ഷണത്തിനും മറ്റും ബഹളം വച്ചതിനാൽ പറ്റിയില്ല.... എന്തായാലും എന്റെ കൺഫ്യൂഷൻ തീർന്നു"

ഭാര്യയുടെ കൺഫ്യൂഷനാണ് ഇനി ബാക്കി.... അത് തീർത്തില്ലെങ്കിൽ....

"സോറി സിന്ധൂ.... "
"അയ്യോ എന്തിനാ സോറിയൊക്കെ... ഇവിടെയിപ്പോ ഒന്നും നടന്നില്ലല്ലോ.. ഒന്നും സംഭവിച്ചില്ലല്ലോ...."
"അത് ശരിയാ... ന്നാലും സജീവേട്ടന്... പെട്ടന്ന് ഒന്നും മനസ്സിലായിട്ടുണ്ടാവില്ലല്ലോ.... വെറുതെ ഓരോരോ പ്രശ്നങ്ങള്...."
"ആ അത് ശരിയാ.... അത് ഞാൻ പറഞ്ഞോളാം.. എന്നാലും.... ഈ ബ്ലൗസിന്റെ കഥ എന്താണ് ഗോപേട്ടാ.... ഹിഹിഹി...."

എനിക്കും അതാണ് വേണ്ടത്... ആ ചോദ്യത്തിന് ഉത്തരം പറഞ്ഞാലേ ഇവിടെയുള്ള ഗദ്ഗദപെരുംപറയുടെ മുഴങ്ങുന്ന കൊട്ട് നിലക്കുകയുള്ളൂ... മനുഷ്യർക്ക് ചെവി അനക്കാൻ പറ്റുകയില്ലെന്ന് എനിക്ക് നന്നായറിയാമെങ്കിലും, ക്യൂരിയോസിറ്റി മൂലം ഭാര്യയുടെ ചെവി പൂച്ചയുടെയോ പശുവിന്റെയോ ചെവി പോലെ അനങ്ങി വട്ടം പിടിക്കുന്നത് എനിക്ക് കാണാമായിരുന്നു.

"അതൊരു നീണ്ട കഥയാണ് സിന്ധൂ... എന്തായാലും സംഭവം ഇത്രത്തോളമായ സ്ഥിതിക്ക് എനിക്ക് പറഞ്ഞല്ലേ പറ്റൂ..."

ഞാനത് അവിടെ വച്ച് തന്നെ പറഞ്ഞില്ലെങ്കിൽ സജീവേട്ടന്റെ മനോധർമ്മവിചാരത്തിൽ ഇവിടെ വേറൊരാളും വീണേക്കും.

"പറയ്... കേക്കട്ടെ.."
"ഹഹാ,.... നിനക്ക് നമുക്കിവിടെ മലയാളി അസോസിയേഷൻ ഒക്കെയുള്ള കാര്യം അറിയാലോ.. നമ്മളൊക്കെ അതിന്റെ പരിപാടികളിൽ നമ്മുടേതായ കലാപരിപാടികൾ നടത്താറുണ്ട്..."
"രണ്ടാഴ്ച മുന്നിലത്തെ 'സമ്മർ ഡ്രീംസ്' പരിപാടിയിൽ ഞാനും എന്റെ ചങ്ങാതിമാരും ഒരു സ്കിറ്റ് ആയിരുന്നു അവതരിപ്പിച്ചത്..."

ഇത്രയും കേട്ടപ്പഴേക്കും സുഖസുഷുപ്തി പൂണ്ട് സ്വപ്നരാജ്യങ്ങളിൽ വിരാജിച്ച് നടന്നിരുന്ന എന്റെ മക്കൾ പോലും ഞെട്ടിയെഴുന്നേൽക്കത്തക്കതരത്തിൽ സർവ്വ മൗനവും ഭഞ്ജിച്ചുകൊണ്ട് ഒരു ചിരിയുടെ മാലപ്പടക്കം മുഴങ്ങി... കുട്ടികൾ ഒന്നനങ്ങി വീണ്ടും ഉറങ്ങി... ഇത്രയും നേരം വീർപ്പ്മുട്ടി  ഉദ്വേഗസംഭ്രമസംഘർഷാവസ്ഥയിൽ മൗനിയായി നിന്നിരുന്ന ഭാര്യാമണിയുടെ സന്തോഷവിസ്ഫോടനമായിരുന്നു ആ കേട്ടത്. ഞാനും ആ ചിരിയിൽ അറിയാതെ പങ്ക് ചേർന്നു... സിന്ധുവും ചരിച്ചു... ഒരുതരം കൂട്ടച്ചിരി.... സിന്ധുവിന് ബ്ലൗസിന്റെ കഥ മനസ്സിലായില്ലെങ്കിലും ഇവിടെയൊരു ഐസ്ബർഗ് അടർന്ന് വീണ്, അതിന്റെ മേലെ ഒലീവില കൊണ്ട് വീശിയ കാറ്റിന്റെ തണുപ്പ് അവൾക്ക് അവിടെ അനുഭവപ്പെട്ടു കാണും. സത്യത്തിൽ എന്റെ ഭാര്യക്ക് ഈ വഹ എല്ലാകാര്യങ്ങളും എന്നേക്കാൾ ഓർമ്മയുണ്ടായിരിക്കാറുള്ളതാണ്. ഈ സിന്ധു അല്ല ആ സിന്ധു എന്ന് മനസ്സിലായപ്പോൾ തന്നെ ഭാര്യാമണിക്ക് സ്പാർക്ക് കിട്ടേണ്ടതായിരുന്നു... പക്ഷേ... എന്തോ... തികച്ചും അപ്രതീക്ഷിതമായി അവളുടേതല്ലാത്ത ബ്ലൗസിനെക്കുറിച്ച് പാതിരാത്രിയിൽ കേട്ടത് കൊണ്ടാണോ...  എന്റെ മാനസിക ചുറ്റിക്കളികളെപ്പറ്റി നല്ലധാരണയുള്ളത് കാരണമാണോ എന്നറിയില്ല.... അവൾ സിന്ധുക്കളെ  ചുറ്റിപ്പറ്റിയുള്ള ചിന്തകളിൽ കുരുങ്ങിപ്പോയി....  രണ്ടാമത്തെ സിന്ധുവിനെ പുതുതായി പരിചയപ്പെട്ട് വരുന്ന സമയമായതിനാൽ, ചിലപ്പോൾ ആ സിന്ധു എന്റെ ഭാര്യയുടെ ഹാർഡ് ഡിസ്‌കിൽ സ്റ്റോറായിക്കാണാതിരിക്കാനും സാധ്യതയുണ്ട്...

"ഓ.. ആ ബ്ലൗസ് ആണോ?...." ഭാര്യ തേനൂറും ഭാവത്തിൽ മൊഴിഞ്ഞു.
"അതെ.. അല്ലാതെ ഞാൻ ഏത് ബ്ലൗസെടുത്തിടാനാണ്?.." ഞാനെന്റെ മുഖഭാവം ഒന്ന് മാറ്റി.. എന്നെക്കൊണ്ട് അത്രയൊക്കെയല്ലേ പറ്റൂ....
"നിങ്ങള് ബ്ലൗസിന്റെ കഥ പറയ് ഗോപേട്ടാ....എനിക്കൊന്നും മനസ്സിലായില്ല..."
"ആ... സിന്ധൂ... ഹഹ..ഹാ.. നമ്മൾ കഴിഞ്ഞ പരിപാടിക്കൊരു സ്കിറ്റ് ചെയ്തു എന്ന് പറഞ്ഞില്ലേ?... ഒരു തമാശ നാടകം... അതിൽ ഞാനും എന്റെ വേറൊരു സുഹൃത്തും രണ്ട് പഴയകാല ക്രിസ്ത്യാനി പെണ്ണുങ്ങളുടെ വേഷമായിരുന്നു കെട്ടിയത്.. ചട്ടയും മുണ്ടും.  അതിന് വേണ്ടിയുള്ള ഇറക്കമുള്ള ബ്ലൗസ് ആണ് താരം.... "
"ഓ.. നിങ്ങൾ പെൺ വേഷം കെട്ടിയോ?.... ഹഹ ഹാ... എന്നിട്ട്..?"
"അതെ.. പെൺ വേഷം കെട്ടിയാൽ എങ്ങനെ ഉണ്ടാകുമെന്ന് നോക്കാലോ.. ഹഹ... ഹും... ആ രണ്ട് ബ്ലൗസുകൾ റീന എന്ന ഒരു സുഹൃത്തിന്റെ കൈയ്യിൽ നിന്നായിരുന്നു  ഞങ്ങൾ തരപ്പെടുത്തിയത്... സ്കിറ്റ് കഴിഞ്ഞപ്പോൾ എന്റെ സുഹൃത്ത്, അവൻ സ്കിറ്റിന് വേണ്ടിയിട്ട ബ്ലൗസ് എന്റെയടുത്ത് തന്നു..."
"ഉം...ഉം"
"അങ്ങനെ ആ രണ്ട് ബ്ലൗസുകളും റീനയുടെ അടുത്ത് തിരിച്ചെത്തിക്കാനുള്ള വഴി നോക്കിയിരിക്കയായിരുന്നു ഞാൻ.. റീനയുടെ വീട് കുറച്ച് ദൂരെയാണ്"
"പരിപാടിയുടെ അന്ന് തന്നെ തിരിച്ച് കൊടുത്താൽ മതിയായിരുന്നു.. പക്ഷേ പല തിരക്കിനിടയിലും സാധിച്ചില്ല..."
"ഉം.. ഉം... എന്നിട്ട്...?"
"റീനക്ക് പെട്ടെന്നെന്തോ.. വേറൊരു പരിപാടിക്ക്, മാർഗ്ഗം കളിക്കോ മറ്റോ ഈ ബ്ലൗസിന്റെ ആവശ്യം വന്നു. റീനയുടെ ഓഫീസിൽ ഒരു 'സിന്ധു സജീവ്' ജോലി ചെയ്യുന്നുണ്ട്. ആ സിന്ധുവിന്റെ കൈയ്യിൽ സാധനം എത്തിച്ചാൽ മതിയെന്ന് പറഞ്ഞു..."
"ഉം.. ഉം.... ഹ ഹ ഹാ... മനസ്സിലായി മനസ്സിലായി... ഹ ഹാ..."
"ആ... അങ്ങനെയിരിക്കെയാണ് ഇവിടത്തെ സിന്ധുവിന്റെ അയൽവാസിയെ ഞാൻ വേറൊരു പരിപാടിക്ക് കണ്ടുമുട്ടുന്നത്...  കാറിൽ ത്തന്നെ ബ്ലൗസ് കിടപ്പുള്ളതിനാൽ, ബ്ലൗസെടുത്ത് സിന്ധുവിന്റെ സുഹൃത്തായ ജനീഷിന് കൊടുത്തു... സിന്ധുവിനെ ഏൽപ്പിക്കാൻ ഏർപ്പാടാക്കി..."
"ഉം.. ഉം... ഹഹ ഹാ... അപ്പൊ ആ സിന്ധുവാണെന്ന് വിചാരിച്ചാണ് എന്നെ വിളിച്ചത് അല്ലെ?"
"അതെ... യതേ... പറ്റിപ്പോയതെന്താണെന്ന് വച്ചാൽ... നിന്റെ കണവനും സജീവാണ്.. ഈ പറഞ്ഞ പുതിയ സിന്ധുവിന്റെ കണവന്റെ പേരും സജീവാണ്.... നിങ്ങളുടെ രണ്ടാളുടെ പേരും എന്റെ മൊബൈലിൽ 'സിന്ധു സജീവ്' എന്നാണ് സ്റ്റോർ ചെയ്തിട്ടുള്ളത്....
"ഓ... ഓ... ഹഹ ഹാ....."
"ഒന്ന് Sindhu Sajeev മറ്റേത് Sindhu Sajiv... ഇതിൽ ഏത് സിന്ധുവാണ് നീയെന്ന് എനിക്കറിഞ്ഞൂടായിരുന്നു.... 'sin..' എന്ന് സെർച്ച് ചെയ്തപ്പോ കിട്ടിയ ആദ്യത്തെ പേരിൽ മറ്റൊന്നും ആലോചിക്കാതെ, ഒരു സംശയവുമില്ലാതെ വിളിച്ചതാണ്... മാത്രോമല്ല... വോയിസ് മെയിലിൽ പോകുന്നതിന് മുന്നേ നിന്റെ റെക്കോർഡഡ് ശബ്ദവും കേട്ടില്ല.. അതുകൊണ്ട്, ഞാൻ എനിക്ക് പറയേണ്ടത് VM  ആയി  വിട്ടു...... അതിത്ര പൊല്ലാപ്പാകുമെന്ന് വിചാരിച്ചില്ല..."

സിന്ധു അട്ടഹസിച്ച് ചിരിക്കുകയായിരുന്നു... സമയം രാത്രി പന്ത്രണ്ടര...  അവളുടെ ചിരി കേട്ട് ഉറക്കത്തിൽ നിന്ന് സജീവേട്ടനും എഴുന്നേറ്റ് വന്നു....

"സജീവേട്ടൻ എഴുന്നേറ്റു വരുന്നുണ്ട്..."
"സജീവേട്ടന് ഫോൺ കൊടുക്ക്... "
"സ്പീക്കർ ഫോണിലാണ്...."
"ഹലോ ഗോപാ.. ആ.. എന്താ നടന്ന് കൊണ്ടിരിക്കുന്നേ..."
"സജീവേട്ടാ.. അതെന്റെ ബ്ലൗസായിരുന്നു കേട്ടോ...ബ്ലൗസിന്റെ ശരിയായ കഥ സിന്ധു പറയും.. എല്ലാം പറഞ്ഞ് സെറ്റാക്കിയിട്ടുണ്ട്... ഇപ്പോ പാതിരയായില്ലേ... ബാക്കി നമുക്ക് പിന്നെപറയാം... ശരി ഗുഡ് നൈറ്റ്.. ഗുഡ് നൈറ്റ് സിന്ധൂ..."
"ആ ആ.. എന്നാ അങ്ങനെയാവട്ടെ... ഗുഡ് നൈറ്റ്.."
"ഗുഡ് നൈറ്റ് ഗോപേട്ടാ.. ഗുഡ്നൈറ്റ് നിഷാ...."

ലൈറ്റുമണച്ച് വീണ്ടും ഉറങ്ങാൻ കിടന്നതേയുണ്ടായിരുന്നുള്ളൂ... അന്തരീക്ഷത്തിന് ആ സമയം, ബാരോമീറ്ററിൽ, മർദ്ദം വളരെ കുറവായതായി തോന്നി...  അപ്പോഴേക്കും എന്റെ ഇടത് ഭാഗത്ത് സംസാരദ്വാരമുപയോഗിച്ചുള്ള അന്തരീക്ഷശുദ്ധീകരണം വീണ്ടും തുടങ്ങിക്കഴിഞ്ഞിരുന്നു... അഭൗമസുഗന്ധസൗഭകസ്വപ്നങ്ങളിലേക്ക് പറന്നുയർന്നിരിക്കുന്നു... വളരെ ശാന്തമായി... ഇവിടെ ഒന്നും സംഭവിച്ചിട്ടില്ലാത്തത് പോലെ  !! പിന്നെ മറ്റൊന്നുമാലോചിക്കാതെ  ഞാനെന്റെ കാടൻ ചിന്തകളിലേക്കും കയറിപ്പോയി !!!

ഞാൻ പറയാൻ വന്ന കഥ ഇവിടെ തീർന്നു. അതുകൊണ്ട് മൂന്ന് കാര്യങ്ങൾ ശ്രദ്ധിക്കുക.. ഒന്ന്, ഒരേ പോലെ പേരുള്ളവരെ (പ്രത്യേകിച്ച് ഭാര്യയുടെയും ഭർത്താവിന്റെയും പേര് ഒരേപോലുള്ളവരെ), ഒന്നുകിൽ അങ്ങനെയുള്ളവരെ കൂടെക്കൂട്ടരുത്... അല്ലെങ്കിൽ ഉറക്കത്ത് പോലും അവരെ തിരിച്ചറിയാൻ നിങ്ങളുടെ മൊബൈലിൽ എന്തെങ്കിലും സൂത്രം പ്രയോഗിക്കുക... രണ്ട്, ആണുങ്ങൾ ബ്ലൗസ് എടുത്ത് കളിക്കരുത്... മൂന്ന്, ജലദോഷം പിടിച്ച് ശബ്ദം മാറിയിട്ടുണ്ടെങ്കിൽ, ആർക്കും വോയിസ് മെസ്സേജ് അയക്കരുത് !! എന്റെയീ കഥ നിങ്ങളോട് പറയാൻ അരങ്ങൊരുക്കിത്തന്ന നാരായത്തിന് നന്ദി. മൈക്ക് തിരിച്ച് നാരായത്തിനെ ഏല്പിക്കാം... "

അനുവാചകരേ... ഈ കഥ കേട്ടവർ ഇനി പറയൂ... ഇത്തരം അനുഭവം നിങ്ങൾക്കാണ്  ഉണ്ടായതെങ്കിൽ, കഴിഞ്ഞ ആഴ്ച ഞാനെഴുതിയ  'നാമജോഡിസന്ദേഹം' (ഇവിടെ ക്ലിക്ക് ചെയ്‌താൽ വായിക്കാം) നിങ്ങളാണെങ്കിലും എഴുതിപ്പോകില്ലേ?

***

കുറിപ്പ്: ഈ കഥയ്ക്ക്, ഒരു സംഭവകഥയുടെ പ്രചോദനം ഉണ്ടെങ്കിലും, ഇതിൽ വിവരിച്ചിരിക്കുന്ന എല്ലാ സംഭവങ്ങളും അതേപടി യാഥാർത്ഥ്യമാണെന്ന് വിശ്വസിക്കുകയോ വിശ്വസിക്കാൻ പ്രേരിപ്പിക്കുകയോ  ചെയ്യുന്നുണ്ടെങ്കിൽ, അത്, ചില സംഭവങ്ങൾ, കഥാകൃത്ത് , കഥാഗതിക്കനുസരിച്ച്  തികച്ചും  യാദൃശ്ചികമായി, അദ്ദേഹത്തിൻറെ മനോധർമ്മത്തിനനുസരിച്ച്  കൂട്ടിച്ചേർത്തത് കൊണ്ട് മാത്രമാണ് !! അഞ്ച് മിനിറ്റിനുള്ളിൽ നടന്ന, മേല്പറഞ്ഞത് പോലുള്ള സംഘർഷങ്ങളൊന്നുമില്ലാതെ നടന്ന ഒരു ഫോൺ സംഭാഷണത്തെ, കഥാകൃത്ത്, അദ്ദേഹത്തിൻറെ ചിന്താപ്രക്രിയയിലൂടെ പൊലിപ്പിച്ചെടുത്തതാണ് ഈ കഥ.

* സിന്ധുവിന്റെ അച്ഛൻ കഥാപാത്രത്തിന്റെ പേരാണ് മോഹൻ.


2017 മേയ് 26, വെള്ളിയാഴ്‌ച

കുടുംബത്തിലെ വാട്സാപ്പ് പുകിൽ


ഇത് ഒരു വാട്സാപ്പ് കാലമാണല്ലോ.. വെറും കാലമല്ല... വാട്സാപ്പ് പ്രളയകാലം തന്നെയാണ്. എന്തിനും ഏതിനും വാട്സാപ്പിന്റെ ഒരു 'influence' ഉള്ള കാലം. വാട്സാപ്പ് ഗ്രൂപ്പുകൾ, നാട് അടക്കി വാഴുന്ന കാലം.വാട്സാപ്പിലാതെ ജീവിക്കാമെന്ന് വച്ചാ.. വീട്ടിൽ ഒരു കാളവണ്ടി തന്നെ വാങ്ങിവെക്കേണ്ടി വരും !

കാലത്തിന്റെ കിടപ്പ് ഇങ്ങനെയാണെന്നിരിക്കേ, ഞാൻ അംഗമായ കുടുംബത്തിനും ഒരു വാട്സാപ്പ് ഗ്രൂപ്പുണ്ടായി. അത് നമ്മളുടെ കുടുംബത്താവഴിയിലെ വലിയ കുടുംബസ്നേഹിയായ ഒരു കുഞ്ഞു പഹയന്റെ (എന്നേക്കാൾ, ഇരുപത് വയസ്സിന് നാല് വയസ്സ് കുറവുള്ള അനിയനാണ്) പരിപാടിയായിരുന്നു. അവന് ദുബായിൽ പണിയൊന്നുമില്ലാതിരുന്ന കാലത്ത് തുടങ്ങി വച്ച ഒരു സംരഭം. അത്, ഇന്ന് പടർന്ന് പന്തലിച്ച് ഒരു വലിയ കൂട്ടുകുടുംബം തന്നെയായി മാറി. ആ പഹയൻ ഇപ്പൊ, കുട്ടിത്തമൊക്കെ മാറ്റി പെണ്ണ് കെട്ടി സുഖിക്കാനുള്ള പ്രയത്നത്തിലാണ്.

ഈ പഹയൻ, വലിയ കുടുംബസ്നേഹിയാണെന്ന് പറയാൻ ഒരു കാരണം ഉണ്ട്. അവന്റെയടുത്ത് എന്തോ ഒരു ഉപകരണം ഉണ്ട്. അതിൽ ഒരു വിധം എല്ലാ കുടുംബക്കാരുടെയും, അപ്പൂപ്പന്മാർ തൊട്ട് കൊച്ചു കുട്ടികൾ വരെയുള്ളവരുടെ ജന്മത്തീയതികളും മരണത്തീയതികളും വിവാഹവാർഷികത്തീയതികളും ഉണ്ട്. ഈ കുടുംബഗ്രൂപ്പിൽത്തന്നെ നൂറുപേരോളം ഉണ്ട്. അപ്പോ കൂട്ടിക്കോളൂ.. ഓരോദിവസവും എന്തെങ്കിലുമൊക്കെയായി ഒരു തീയ്യതി പൊങ്ങിവരും. ഈ പഹയൻ ആ കാര്യത്തിലൊക്കെ കിറുകൃത്യമാണ്. അവൻ പല്ല് തേച്ചില്ലെങ്കിലും ഈ വഹ തീയ്യതികളുടെ 'alert' ഗ്രൂപ്പിൽ ഇട്ടിരിക്കും. പിന്നെ ഒരു പ്രവാഹമാണ്. ആശംസകളുടെ ഒരു കുത്തൊഴുക്ക്. അപ്പൊ, ഞാൻ ചിലപ്പോഴൊക്കെ ഇങ്ങനെയാലോചിക്കും, എങ്ങനെ?...അതിങ്ങനെയാണ്:

ഞാനിങ്ങനെ, എന്റെ വീടിന്റെയുമ്മറത്ത് ഒരു ചാരുകസേരയിൽ രാവിലത്തെ പത്രമൊക്കെ വായിച്ച് കൂടെ ഒരു ചായയും 'സിപ്പ്' ചെയ്തുകൊണ്ട് ഇരിപ്പാണ്. ആ സമയത്താണ് ഒരു ജാഥ വരുന്നത് കണ്ടത്. വല്ല രാഷ്ട്രീയ ജാഥയുമായിരിക്കും എന്ന് വിചാരിച്ചിരിക്കുമ്പോഴാണ് ജാഥ കറങ്ങി എന്റെ വീടിന്റെ നടയിലേക്ക് കയറിയത്.
"എന്റമ്മോ പിരിവുകാരായിരിക്കും.." ഉള്ളിൽ നിന്ന് വാമഭാഗം വിളിച്ച് പറഞ്ഞു.
ഞാൻ പതുക്കെ എന്റെ കണ്ണടയൊന്ന് ഉയർത്തി നോക്കി. അപ്പഴല്ലേ സംഗതി പിടികിട്ടിയത്. മുന്നിൽ നിൽക്കുന്നത് നേരത്തെ പറഞ്ഞ പഹയനായിരുന്നു. മുഷ്ടിയൊക്കെ ചുരുട്ടി മുദ്രാവാക്യ സ്റ്റെയിലിലാണ് വരുന്നത്. അവൻ വിളിച്ച് പറയുന്നത് കൂടെയുള്ളവരൊക്കെ, എന്ന് വച്ചാ, അവന്റെ പിന്നിലുള്ളവരൊക്കെ  ഏറ്റുവിളിക്കുന്നുണ്ടായിരുന്നു. ചിലയാളുകൾ 'പ്ലക്കാർഡു'കളൊക്കെ പിടിച്ചിട്ടുണ്ട്. ചിലയാളുകളുടെ കയ്യിൽ പൂക്കളുടെ കെട്ടുണ്ട്. ചിലയാളുകൾ എന്നെപ്പോലെ അലസമായി ഒരു പുകയൊക്കെവിട്ടുകൊണ്ട്  വെറുതെ കൂട്ടത്തിൽ കൂടിയിട്ടുമുണ്ട്. ഒന്നു കൂടി ശ്രദ്ധിച്ചപ്പോ അവൻ വിളിക്കുന്നത് ആശംസകളുടെ മുദ്രാവാക്യമായിരുന്നു. അപ്പൊ എനിക്കോർമ്മ വന്നു 'ഓ... ശരിയാ... ഇന്നെന്റെ പിറന്നാളാണ്'. അവന്റെ പിന്നിലുള്ളവർ മൊത്തം എന്റെ കുടുംബക്കാരും ചില സുഹൃത്തുക്കളുമാണ്. എല്ലാ കുടുംബക്കാരെയും കണ്ടപ്പോ വാമഭാഗം ഓടി പടിക്കൽ വന്നു നിന്നു. വേഷ്ടിത്തുമ്പ് കൊണ്ട് വാ പൊത്തിപ്പിടിച്ച് അന്തം വിട്ടു നിന്നു.

"എന്റെ മുത്തപ്പാ... ഇതാരൊക്കെയാ... വാ വാ കേറിയിരിക്ക്" അവൾ തിരിഞ്ഞ് അടുക്കളയിലേക്കോടി..
"അയ്യോ ചായപ്പൊടീം പഞ്ചാരേം ഉണ്ടോന്നാർക്കറിയാം.. ഇത്രപ്പാട് ആൾക്കാര്  വരൂന്ന് ഒട്ടും വിചാരിച്ചില്ല...." ഓടുന്ന ഓട്ടത്തിൽ വിളിച്ചു പറയുന്നുണ്ടായിരുന്നു... പക്ഷേ അതെനിക്ക് മാത്രമേ കേൾക്കാൻ പറ്റുന്നുണ്ടായിരുന്നുള്ളൂ...

ഞാൻ ഒന്നെഴുന്നനിൽക്കാൻ ശ്രമിച്ചു... അപ്പൊ അവരെല്ലാവരും ഒരേ സ്വരത്തിൽ പറഞ്ഞു "വേണ്ടവേണ്ട.. നിങ്ങളവിടെ ഇരിക്ക്... ഞങ്ങളിവിടെവിടെയൊക്കെ ഇരുന്നോളാം "
എനിക്ക് എന്റെ കുടുംബക്കാരാരുടെ സ്നേഹവും ബഹുമാനവും കണ്ട് കോരിത്തരിപ്പുണ്ടായി.

വന്നവർ വന്നവർ എനിക്ക് ജന്മദിനാശംസകൾ നേർന്നു. പൂക്കൾ തന്നു. എന്നെ ഉമ്മവച്ചു.എന്റെ താടി പിടിച്ചു കുലുക്കി. കൂടെ നിന്ന് 'ഫോട്ടോ'യെടുത്തു. പഴയ കാര്യങ്ങൾ ഓർത്തോർത്ത്  പറഞ്ഞു ചിരിച്ചു.. എന്നെ ചിരിപ്പിക്കാൻ ശ്രമിച്ചു. പണ്ട് ഞാൻ വഴക്ക് പറഞ്ഞത് കൊണ്ടാണ് ഞാൻ ഇന്നീ നിലയിലെത്തിയത് എന്നൊക്കെ ഒരുത്തൻ പറഞ്ഞപ്പോൾ എന്റെ ജീവിതത്തിന് ഒരർത്ഥം ഉണ്ടായി എന്നൊക്കെ എനിക്ക് തോന്നി.

അതിനിടയിൽ വാമഭാഗം എവിടുന്നോ ഒരു കെട്ട് ലഡ്ഡു, ഒരു വലിയ താലത്തിൽ കൊണ്ടുവന്നു.ഞാൻ അഭുതപ്പെട്ടു. ഇത്ര പെട്ടന്ന് എങ്ങനെ ഇത്രയും ലഡ്ഡു കിട്ടി.. അതൊക്കെ ഇനി ഈ വന്നവരുടെ വായിൽ കിടന്ന് പൊട്ടുമല്ലോ എന്നൊക്കെ പെട്ടന്ന് ഞാൻ ആലോചിച്ചു പോയി. അല്ലെങ്കിലും അതങ്ങനെയാണ്... അവൾ എന്നെ പലപ്പോഴും അത്ഭുതപ്പെടുത്തിയിട്ടുണ്ട്.

അങ്ങനെ എല്ലാവരും ലഡ്ഡുവൊക്കെ പൊട്ടിച്ച് നുണഞ്ഞ്, പോകാനായി എഴുന്നേറ്റു. ഇനിം പലതും വരുന്നുണ്ടല്ലോ.. അപ്പൊ വീണ്ടും കാണാമെന്ന് പറഞ്ഞിറങ്ങി... ഞാൻ പെട്ടന്ന് ഒരു കൊല്ലത്തേക്ക് ഇങ്ങനെ വരുന്ന പല സന്ദർഭങ്ങളിലും വേണ്ടി വരുന്ന ലഡ്ഡുവിന്റെ കണക്ക് ഓർത്തുപോയി. എന്നാലും അവരൊക്കെ സ്നേഹവചനകൾ ഉരുവിട്ട് കൊണ്ട് ഒന്നുകൂടെ കെട്ടിപ്പിടിച്ച്, കുട്ടികൾ കാലൊക്കെ തൊട്ട് ഇറങ്ങിയപ്പോൾ.. വല്ലാത്തൊരു നിർവൃതി... കണ്ണട ഊരി, കണ്ണുകൾ തുടച്ചു. തിരിച്ചു പോകുമ്പോൾ ആരും മുദ്രാവാക്യം മുഴക്കിയില്ല. നിശ്ശബ്ദമായിരുന്നു.

ഓ... പറഞ്ഞുപറഞ്ഞ് കഥയിൽ നിന്ന് മാറിപ്പോയി... വീണ്ടും വാട്സാപ്പിലേക്ക് പോകാം...

അങ്ങനെയുള്ള എന്റെ  കുടുംബത്തിന്റെ വാട്സാപ്പിലെ ആശംസാ പ്രവാഹത്തിന്റെ ദിവസമായിരുന്നു ഇന്ന്. എന്റെ കല്യാണവാർഷികം. നമ്മുടെ പഹയൻ തുടങ്ങി വെച്ചു... മറ്റുള്ളവർ ഒട്ടും സമയം പാഴാക്കാതെ ഏറ്റുവിളി തുടങ്ങി... ഞാൻ പല പല വാട്സാപ്പ് ഗ്രൂപ്പുകളിൽ അംഗമാണെങ്കിലും സന്ദേശങ്ങൾ അയക്കുന്നതിൽ വളരെ പിന്നോക്കമാണ്. സമയവും കിട്ടാറില്ല...പ്രത്യേകിച്ച് എന്റെ പൊന്നുകുടുംബക്കാർ മിക്കവാറും അങ്ങ് ദൂരെ ഇന്ത്യയിലായതിനാൽ സമയപ്പൊരുത്തവും കുറവാണ്.  മാത്രമല്ല അരസികനായതിനാൽ, മറ്റുള്ളവരെ സന്ദേശങ്ങളുടെ പെരുമഴ സൃഷ്ടിച്ചുകൊണ്ട് പിടിച്ചിരുത്താനും പറ്റാറില്ല. ഹാപ്പി ബർത്ത് ഡേയും ആനിവേഴ്സറിയും ആവർത്തിച്ചാവർത്തിച്ച് പറയാൻ  അഹംഭാവം സമ്മതിക്കാറുമില്ല. അതുകൊണ്ട് ഉൾവലിഞ്ഞിരിപ്പായിരിക്കും. എപ്പഴെങ്കിലും ഒന്ന് തല നീട്ടി എന്തിനെങ്കിലും ഒരു പൊട്ടൻ മറുപടിയും ഇട്ട് ഞാൻ ഇവിടൊക്കെത്തന്നെയുണ്ട് എന്നറിയിക്കാൻ മാത്രം ഒരു ശ്രമം നടത്തും. അത് മിക്കവാറും ചില അപകടങ്ങളിൽ കൊണ്ടെത്തിക്കുകയും ചെയ്യും. അത്ര മാത്രം. എന്നാലും, കഴിയുന്നതും എല്ലാം വീക്ഷിക്കാനും മറ്റുള്ളവരെ കുറ്റപ്പെടുത്താനുമുള്ള വഴികൾ അതിലെന്തിലെങ്കിലുമുണ്ടോ എന്ന് കണ്ടെത്താനും ശ്രമിക്കും. സ്വാഭാവമായിപ്പോയി എന്ത് ചെയ്യാനാ....

അപ്പൊ.. പറഞ്ഞു വന്നത്... ഇങ്ങനെ, കല്യാണവാർഷികസന്ദേശങ്ങൾ വാട്സാപ്പിൽ കുമിഞ്ഞുകൂടുന്നതിനിടയിൽ, ഞാൻ കരുതി, ഇന്ന് എന്തായാലും ഒരു നന്ദിപ്രകടനം നടത്തിക്കളയാം. അങ്ങനെയൊന്നും പറഞ്ഞില്ലെങ്കിൽ, നാളെ ഇവർ, ഈ ഏർപ്പാട് നിർത്തിക്കളഞ്ഞാലോ? ഞാൻ ചെയ്യാറില്ലെങ്കിലും അവർ ഇങ്ങനെ എന്നോട് ചെയ്യുമ്പോൾ ഞാൻ ആസ്വദിക്കുന്നുണ്ട് എന്നത് എനിക്ക് പുറത്ത് പറയാൻ പറ്റുമോ? അത്, എന്റെ ആത്മാഭിമാനത്തിന് ക്ഷതം തട്ടുന്ന കാര്യമാണ്. അങ്ങെനെ ഞാൻ എന്റെ കപടബുദ്ധിക്ക്, എന്തെങ്കിലും എപ്പഴെങ്കിലും എഴുതുന്ന ആളെന്നനിലയിൽ ചില സാഹിത്യങ്ങളൊക്കെ കൈയ്യിലുണ്ടെന്ന അഹങ്കാരത്തിൽ ഒരു കാച്ച് കാച്ചി... അതിങ്ങനെയായിരുന്നു:

"പതിനഞ്ച് കൊല്ലം മുൻപ് കല്യാണം കഴിച്ചതിന്റെ മധുരതരമായ ഓർമ്മകൾ തട്ടിയുണർത്തി, എന്നെ വീണ്ടും ഒന്നുകൂടി ഹർഷപുളകിതനാക്കാൻ സഹായിച്ച / പ്രേരിപ്പിച്ച, നിങ്ങളുടെയല്ലാവരുടെയും ആശംസകൾക്കും, ഇനി വരാൻ പോകുന്ന ആശംസകൾക്കും ഒരുപാടൊരുപാട് നന്ദി"

ഭംഗിയിൽ, സാഹിത്യത്തിൽ ഒരു നന്ദി പ്രകടനം നടത്തിയത്തിൽ സ്വയം അഭിമാനിച്ച് ഞാൻ സ്വയം മന്ദഹസിച്ചു. ശരിക്കും പറഞ്ഞാൽ.. 'എല്ലാ ആശംസകൾക്കും നന്ദി' എന്നുമാത്രം പറഞ്ഞാൽ മതി.. പക്ഷേ, എനിക്കങ്ങനെ പറയാൻ പറ്റുവോ..? എന്റെ ഒരു കടന്ന കൈ....

മഹാഭാരതത്തിലെ അഥവാ നമ്മുടെ ഇന്ത്യയിലെ 'ഇന്ന്', അമേരിക്കയിൽ കിടക്കുന്ന എനിക്ക് 'ഇന്നലെ'യായതിനാൽ, ഈ നന്ദിപ്രകടനം നടന്നത് എന്റെ ഇന്നലെ രാത്രിയായിരുന്നു. നന്ദി പ്രകടിപ്പിച്ച ഉടനെ ഞാൻ പള്ളിയറയിലേക്ക് കടന്നു. കണ്ണടയൊക്കെ ഊരിവച്ച് നെഞ്ചത്തു കയ്യും കൂടി വച്ച് എന്തൊക്കെയോ ആലോചിച്ചു കിടക്കുമ്പോൾ നമ്മുടെ വാമഭാഗം നീരാട്ടും കഴിഞ്ഞ് കിടപ്പറയിലെത്തി. കിടക്കുന്നതിന് മുന്നേയുള്ള ചടങ്ങായ വാട്സാപ്പ്പൂജ നടത്തി ഫേസ്ബുക്ക് മുത്തപ്പനെ മനസ്സിൽ ധ്യാനിച്ച് എന്റെ ഇടതു ഭാഗത്തായി കിടന്നു. പക്ഷേ ഒരുതരം.. ഒരു പതിവില്ലായ്മ എന്റെ ശ്രദ്ധയിൽ പെട്ടു. അവൾ കൂടെക്കൂടെ ദീർഘനിശ്വാസം വിടുന്നു. ഈ ദീർഘനിശ്വാസം എനിക്കെപ്പോഴും അശുഭലക്ഷണമാണ്. പണ്ട് എന്റെ നാട്ടിലെ വീട്ടിലുണ്ടായിരുന്ന ഒരു കറുത്ത പശു, നമ്മൾ കുട്ടികളെ കുത്താൻ ആയുന്നതിനിടയിൽ അത്തരം ശ്വാസശബ്ദം പുറപ്പെടുവിക്കുന്നത് എനിക്കോർമ്മവരും. എപ്പോഴൊക്കെ അവൾ ദീർഘനിശ്വാസം ഇത്തരം അവസരത്തിൽ പുറപ്പെടുവിച്ചിട്ടുണ്ടോ.. ആ ദിവസങ്ങളിലൊക്കെ എന്റെ മുഖം തെക്കോട്ടും അവളുടെ മുഖം വടക്കോട്ടും ആയി, കിടക്കയുടെ രണ്ടറ്റത്തായിട്ടാണ് കിടക്കാറ്.

അപ്പൊ എനിക്ക് ഉറപ്പായി... പതിനഞ്ചാമത്തെ വിവാഹവാര്ഷികവും പൊളിയാൻ പോകുന്നു. എന്തോ എവിടെയോ ഉടക്കിയിട്ടുണ്ട്... ഞാൻ എന്റെ ചെവി കൂർപ്പിച്ച് പിടിച്ചു.. കണ്ണ് ഇറുക്കിയടച്ചു. ഭാര്യയുടെ മൊഴിമുത്തുകൾ പെറുക്കിയെടുക്കാൻ എന്റെ ഹൃദയം തുടിച്ചു.

ഭാര്യ ചുണ്ടനക്കി.
"ഞാൻ ഒന്ന് ചോദിച്ചോട്ടെ?"

ഇതെന്ത് ചോദ്യം? ഞാൻ വേണ്ടാന്ന് പറഞ്ഞാലും നീ മൊഴിയാതിരിക്കുമോ? ഞാൻ എന്റെ മനസ്സിൽ പറഞ്ഞു.

"പറയ്"
"നിങ്ങളെന്തിനാ അങ്ങനെയൊക്കെ മെസ്സേജ് ഇട്ടത്?"
"ഏത് മെസ്സേജ്?
"ഓ നിങ്ങൾക്ക് ഒന്നും അറിയില്ലല്ലോ.. ഇപ്പൊ നിങ്ങൾ കുടുംബത്തിലിട്ട ആ മെസ്സേജ്"
കിടക്കുന്നതിന് മുന്നേ വരെയുള്ള എല്ലാ മെസ്സേജുകളും അവൾ കണ്ടിരിക്കുന്നു ഹൃദിസ്ഥമാക്കിയിരിക്കുന്നു. ഇനി എന്ത് പറയും?
"ആ മെസ്സേജിലെന്താ കുഴപ്പം?"
"നിങ്ങൾക്ക് കിട്ടിയതൊന്നും പോരേ? മിനിയാന്ന് നിങ്ങളിട്ട മെസ്സേജിന്റെ പുകിലൊക്കെ ഒന്ന് അടങ്ങി വന്നിട്ടല്ലേ ഉള്ളൂ..."

ശരിയാണ് നമ്മുടെ കുടുംബത്തിന്റെ വാട്സാപ്പിൽ പ്രശ്നമില്ലാത്ത ഒരു പ്രശ്നം ഒന്ന് കെട്ടടങ്ങിയതേ ഉള്ളൂ.. അതിലും ഞാൻ ഭാഗഭാക്കാണ്. അതിവിടെ പറയണോ? വീണ്ടും ഞാൻ പറയാൻ വന്ന കഥയിൽ നിന്ന് പിന്നേം മാറിപ്പോകില്ലേ? ഒരു കാര്യം ചെയ്യാം ചുരുക്കിപറയാൻ ശ്രമിക്കാം...

ഞാൻ പറഞ്ഞല്ലോ.. ഞാൻ വാട്സാപ്പിൽ അപൂർവമായേ സന്ദേശിക്കാറുള്ളൂ എന്ന്. മിനിയാന്ന്.. ആപ്പീസിൽ ജോലിഭാരം കുറഞ്ഞുവന്ന സമയത്ത് വാട്സാപ്പ് നോക്കിയപ്പോ ഒരു കുടുംബക്കാരന്റെ ചോദ്യത്തിന് വേറൊരു കുടുംബക്കാരൻ  നൽകിയ മറുപടിയിൽ കൗതുകം തോന്നി, ഞാനും ആ കൗതുകത്തിൽ ഏറ്റുപിടിച്ച് ഒരു തമാശ പോലെ ഒരു ചോദ്യം ചോദിച്ചു. എല്ലാവരും എന്നേക്കാൾ ഭയങ്കര തമാശക്കാരും 'സ്പോർട്സ്മാൻ സ്പിരിറ്റ്' ആൾക്കാരുമാണെന്നായിരുന്നു എന്റെ ധാരണ. ധാരണയല്ല, അങ്ങനെത്തന്നെയാണ്. എന്റെ ചോദ്യത്തിന് പിന്നെ വന്ന ഉത്തരം ഇങ്ങനെയായിരുന്നു:

"നിങ്ങള് പോയി കിടന്നുറങ്ങപ്പാ... കൊല്ലത്തിലൊരിക്കൽ വരും എന്നിട്ട് നൂറ്റെട്ട് ചോദ്യം ചോദിച്ച് മുങ്ങും"

"സംശയം ചോദിച്ചതാണ് സഹോദരാ.... ക്ഷമീര് " എന്ന് ഞാനും മറുപടി നൽകി, ആലോചിച്ച് ചിരിച്ച് കിടന്നുറങ്ങി..

പിറ്റേന്ന് കാലത്ത് എഴുന്നേറ്റപ്പോ വെള്ളം ചൂടാക്കി കുടിക്കുന്നതിനിടയിൽ വാട്സാപ്പ് പെട്ടി തുറന്നു. അപ്പോ ദാ കിടക്കുന്നു ഒരു മറുപടി സന്ദേശം

വേറൊരു കുടുംബക്കാരൻ, 'പോയിക്കിടന്നുറങ്ങപ്പാ...' എന്ന സന്ദേശത്തിന് മറുപടിയായി:
"മറ്റേ ഭായിയോടുള്ള എല്ലാ ബഹുമാനവും സൂക്ഷിച്ചു കൊണ്ട് തന്നെ പറയട്ടെ... ഇത് കിടിലം ആയി... " പിന്നെ കയ്യും കാലും മുട്ടുന്ന ചിഹ്നങ്ങളും..

ഞാൻ ആലോചിച്ചു.. കുടുംബക്കാരുടെ ഇടയിൽ മേല്പറഞ്ഞ മാതിരി ഉത്തരം കിട്ടേണ്ടതരത്തിലാണോ ഈ കൂട്ടത്തിൽ എന്റെ സ്ഥാനം... ഇങ്ങനെ തന്നെയാകുമോ മറ്റുള്ളവരും ചിന്തിക്കുന്നത്... വാട്സാപ്പിൽ ഇടക്കിടക്ക് കയറി തമാശകളും ഫോർവാർഡുകളും അയച്ചില്ലെങ്കിൽ അതൊരു അക്ഷന്തവ്യമായ കുറ്റമാണോ...  ഛായ്.. വെറുതെ ഓരോന്ന് ചിന്തിക്കുന്നു.. മനസ്സ് ശരിയല്ലാത്തത്‌ കൊണ്ടാണ് ഇങ്ങനെ വേണ്ടാത്തത് ചിന്തിക്കുന്നത്. അവൻ തമാശ പറഞ്ഞത് തന്നെയാണ്.. അപ്പൊ ഞാൻ എന്ന പുനരാലോചനയില്ലാത്ത 'സാഹിത്യകാരൻ' വീണ്ടും ഉണർന്നു.  തമാശ എന്ന തരത്തിൽ എന്റെ ഭാഗം വിവരിക്കാൻ ഒരു മെസ്സേജിട്ടു:

"വാട്സാപ്പിൽ മറ്റുള്ളവരെപ്പോലെ മുന്തിയ ജോലി ഇല്ലെങ്കിലും സമയവും സാഹചര്യവും ജോലിയും ഇല്ലാതായിപ്പോയ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരായ എന്നെപ്പോലുള്ളവരെ എന്തിനാ ഇങ്ങനെ വേദനിപ്പിച്ച് സന്തോഷിക്കണേ? ഹാജർ കുറവായത് കൊണ്ട് കമ്പനീന്ന് പുറത്താക്കി എന്റെ കഞ്ഞികുടി മുട്ടിക്കരുത്.. ജീവിച്ച് പൊക്കോട്ടെ.... "

എന്തൊരു തമാശ അല്ലെ? എനിക്ക് ഇത്രയേ പറയേണ്ടതുണ്ടായിരുന്നുള്ളൂ: 'എനിക്ക് നിങ്ങളെപ്പോലെ പലകാരണങ്ങൾ കൊണ്ടും വാട്സാപ്പിൽ കയറാൻ സമയം കിട്ടാറില്ല.. അതുകൊണ്ട് ദയവായി ക്ഷമിക്കുക. കുറ്റമായിക്കാണരുത് '. അതാണ് ഞാൻ വളച്ച് പിടിച്ചത്. ഓരോരോ സ്വഭാവം...

അത് കണ്ടു വേറൊരു കുടുംബക്കാരൻ ചോദിച്ചു:

"എന്താ നിങ്ങൾ തമ്മിലുള്ള പ്രശ്നം"
"എന്ത് പ്രശ്നം? ഇവിടെ ഇപ്പൊ എന്താ പ്രശ്നം? എനിക്ക്‌ ജഗദീഷും കൊച്ചിൻ ഹനീഫയും ചേർന്നുള്ള ഒരു തമാശരംഗം ഓർമ്മ വന്നു.
വേറൊരു കുടുംബക്കാരി: "ഇന്ന് വല്യേട്ടന്റെ ദിവസമാണല്ലോ...."

പടച്ചോനെ.. പൊല്ലാപ്പായോ? തമാശക്ക് മേലെ തമാശ എന്ന തരത്തിൽ ഞാൻ വീണ്ടും തുടക്കം മുതൽ അതുവരെയുള്ള സംഭവങ്ങൾ കോർത്തിണക്കി ഒരു 'ഡയലോഗ്' രൂപത്തിൽ സംഭവങ്ങൾ ഒന്നുകൂടി അവതരിപ്പിച്ചു"

"ഞാൻ ഒരു സംശയത്തിന്റെ പേരിൽ വന്ന ഒരു സംശയത്തിന് സംശയം ചോദിച്ചു"
അപ്പൊ അയാള് പറഞ്ഞു : "എന്താ.. പോടാ, .. നിന്നെ ഇവിടെ കാണാറേയില്ലല്ലോ "
അപ്പൊ ഞാൻ പറഞ്ഞു: "സമയമില്ലാഞ്ഞിട്ടല്ലേ..."
അപ്പൊ അയാള് പറഞ്ഞു:"പോയിക്കിടന്നുറങ്ങടാ...."
അപ്പൊ ഞാൻ പറഞ്ഞു: "പറ്റൂല്ല"
അപ്പൊ അയാള് പറഞ്ഞു:"എന്ന ഇപ്പൊ ശരിയാക്കിത്തരാം"
"ഹെന്റമ്മോ"
"അപ്പൊ വേറൊരാള് എന്നെ കളിയാക്കി കൈ കൊട്ടിച്ചിരിച്ചു ..."
"ഞാൻ കൂക്കിവിളിച്ചു"
"അപ്പൊ ങ്ങള് പറ ന്താ ങ്ങളെ പ്രശ്നോന്ന്...."

കിലുക്കത്തിലെ രേവതി - മോഹൻലാൽ ഡയലോഗ് സ്റ്റയിലിൽ.... മാത്രോമല്ല, ഞാൻ എന്റെ സുഹൃത്തുമായി ചേർന്നൊരുക്കുന്ന ഒരു കഥയിലെ ഡയലോഗ് ഭാഗം എഴുതിക്കഴിഞ്ഞ അവസ്ഥയിലെ ഭൂതം എന്നെ പ്രലോഭിപ്പിച്ച അവസ്ഥയിലായിരുന്നു കൊണ്ട്, അപ്പോഴങ്ങനെ എഴുതാനാണ് തോന്നിയത്.

കൂനിന്മേൽക്കുരു എന്ന് പറഞ്ഞപോലായി എന്ന് പറഞ്ഞാൽ മതിയല്ലോ...  ഈ അവസാനത്തെ ഡയലോഗിലെ 'പോടാ..', 'പോയിക്കിടന്നുറങ്ങടാ..' എന്ന് ഞാൻ ഡയലോഗിലെ ഭംഗിക്ക് മാറ്റി പ്രതിഷ്ഠിച്ചത് അത്ര ശരിയായി ആർക്കൊക്കെയോ തോന്നിയില്ല.. ഞാൻ മറ്റുള്ളവർ പറഞ്ഞത് വളച്ചൊടിച്ചു... എന്നൊക്കെയായി വാദം.. അത് വാമഭാഗം പറഞ്ഞതാണ്. കുടുംബത്തിന്റെ വാട്സാപ്പിൽ ശ്മാശാനമൂകത. കാറ്റു പോലും അനങ്ങുന്നില്ല. സാധാരണയായി ഏറ്റവും കൂടുതലായി ആളുകളെ കൈയ്യിലെടുക്കുന്ന ആളെ, എന്റെ പുന്നാര അളിയനെ, കുറച്ചു നേരത്തേക്ക് കാണാനേ ഇല്ല... എനിക്ക് പേടിയായി.. ന്റെ മയിലുള്ളിമൊട്ട ഭഗവതീ... എനിക്ക് ഒരു 'കുടുംബം കലക്കി' എന്ന പേര് വീഴുമോ? ഞാൻ തമാശ എന്ന് പറഞ്ഞ് പറയുന്ന തമാശ, ഒരു തമാശയേ അല്ലേ ? എന്നൊക്കെ ഞാൻ ചിന്തിച്ച് കൂട്ടി... എങ്ങനെയെങ്കിലും ഓടിപ്പോയി എന്ന് ഞാൻ പേടിച്ചയാൾ വാട്സാപ്പിൽ വന്നാ മതിയായിരുന്നു. മാത്രോമല്ല ഈ കഥയിൽ മെസ്സേജിട്ടതും അതിന് സപ്പോർട്ട് ചെയ്ത് മെസ്സേജിട്ടതും എന്റെ അളിയന്മാരാണ്... അതിലൊരാളിയനെയാണ് കുറച്ചുനേരമായി വാട്സാപ്പിൽ കാണാത്തത്.. ദൈവമേ.. എന്റെ കുടുംബം... മുത്തപ്പന് ഒരു കുപ്പിക്കള്ളുകൊണ്ട് വെള്ളാട്ടവും കഴിപ്പിക്കാം... ഞാൻ ഇനി തമാശ എന്ന് പറഞ്ഞു 'തമാശ' പറയുകയേയില്ല...

അങ്ങനെയിരിക്കെയാണ് എന്റെ വിവാഹവാർഷികത്തിന്റെ സന്ദേശം നമ്മുടെ പഹയൻ  കൃത്യ സമയത്തിന് പുറത്തിറക്കുന്നത്. അവൻ അങ്ങനെയാണ്.. എപ്പോഴും തീയിൽ വെള്ളം കോരി ഒഴിച്ചുകൊണ്ടിരിക്കും. സ്വാഭാവികമായും ആളുകൾ ഇളകി... ജാഥ ഗംഭീരമായി പുറപ്പെട്ടു. എല്ലാവരും മെസ്സേജിട്ടു... ഞാൻ അതിന് മറുപടിയും ഇട്ടു... ഇനി നമുക്ക് ശരിക്കുമുള്ള കഥയിലേക്ക് വരാം.... അല്ലെങ്കിൽ കഥക്ക് ഉപകഥ പറഞ്ഞ് പറഞ്ഞ്, കഥ കഥയല്ലാതായിപ്പോകും.

എവിടെയാ പറഞ്ഞു നിർത്തിയത്... ഹാ... ഭാര്യ കിടന്നശേഷം വിവാഹവാർഷികസന്ദേശത്തെപ്പറ്റിപ്പറഞ്ഞത്...

"അത് കഴിഞ്ഞില്ലേ... അളിയൻ വാട്സാപ്പിൽ തിരിച്ചു വന്നല്ലോ... അവൻ നേരത്തെ ഉറങ്ങി, വൈകി എഴുന്നേറ്റത് കൊണ്ടാണ്, വാട്സാപ്പിൽ കുറച്ച് നേരത്തേക്ക് ഇല്ലാതിരുന്നത് എന്ന് എല്ലാവർക്കും മനസ്സിലായില്ലേ... എല്ലാം തമാശയായി എല്ലാവരും എടുത്തത് കൊണ്ട് രക്ഷപ്പെട്ടു."
"തമാശ.. നിങ്ങൾക്ക് തമാശ പറയാൻ അറിയോ മനുഷ്യാ... നിങ്ങളെന്തിനാ കല്യാണം കഴിഞ്ഞതിനെപ്പറ്റി മധുരതരം.. ഹർഷപുളകിതം.. ന്നൊക്കെ പറഞ്ഞത്... മറ്റുള്ളവർ എന്ത് കരുതും?... "
"ദൈവമേ..." ഞാൻ മാഹി മാതാവിന് ആയിരം മെഴുകുതിരി നേർന്നു.
"അത് ഞാൻ രസകരമായി സാഹിത്യം കലർത്തി എഴുതിയതല്ലേ.."
"സാഹിത്യം.. നിങ്ങളെ സാഹിത്യം മറ്റുള്ളവർക്ക് മനസ്സിലാകുമോ? പറയേണ്ടത് നേരെ അങ്ങ് വൃത്തിയിൽ പറഞ്ഞാപ്പോരേ"
"ഇതിൽ അത്ര വലിയ വളച്ചുകെട്ടൊന്നും ഇല്ലായിരുന്നല്ലോ"
"എന്നാലും പുളകം ന്നൊക്കെ പറയുന്നത് ഇത്തിരി കൂടുതലാ... പതിനഞ്ച് കൊല്ലം ആയില്ലേ"
"അതിന് നമ്മളിപ്പഴും ചെറുപ്പമല്ലേ?"
"അയ്യട... രണ്ടു കുട്ട്യോൾടെ അച്ഛനാണ്.... ചെറുപ്പമല്ലേന്ന്.. മധുരം പോലും കഴിക്കാൻ പറ്റാത്ത അവസ്ഥയാ... എന്നിട്ടും മധുരതരം പോലും."

എനിക്കപ്പഴും പൂക്കളിഷ്ടമാണെന്നും പൂക്കളെ മണക്കുന്നത് ഇഷ്ടമാണെന്നും പൂന്തേൻ കുടിക്കുന്നത് ആസ്വദിക്കുന്നുവെന്നും പറയാൻ തോന്നി. പക്ഷെ പറഞ്ഞില്ല... ഇനി ഈ പൂക്കൾക്ക് വിശേഷണങ്ങൾ വന്നാൽ പ്രശ്നമാകും. സത്യത്തിൽ ഞാൻ ഉദ്ദേശിച്ചത് നല്ല വാസനയുള്ള മുല്ലപ്പൂവ് തന്നെയായിരുന്നു. പക്ഷേ ഇവിടെ ഇപ്പോൾ പുളകമാണ് പ്രശ്നം.

"എന്നാ ഇനി എഴുതുമ്പോ 'പുളകം'  എന്ന് എഴുതുന്നില്ല... ശ്രദ്ധിച്ചോളാം."

വിവാഹവാർഷികത്തലേന്നല്ലേ... എന്തിനാ വെറുതെ.... ഞാൻ ഇടത്തോട്ട് ഒന്ന് ചെരിഞ്ഞു കിടന്നു... ഒന്നു കൂടി അടുക്കുന്നതിനിടയിൽ പ്രതീക്ഷിക്കാതെ ദാ കിടക്കുന്നു അടുത്തത്..

"എന്നാപ്പിന്നെ അങ്ങനെ പറയുമ്പോ എന്നെക്കൂടി ചേർത്ത് പറഞ്ഞൂടെ?"
"എന്ന് വച്ചാ..?"
"നിങ്ങൾക്കെപ്പോഴും നിങ്ങൾ മാത്രം എന്ന വിചാരം മാത്രേ ഉള്ളൂ. കല്യാണം ഒറ്റയ്ക്ക് കഴക്കാൻ പറ്റൂല്ലല്ലോ... ഇപ്പൊ നിങ്ങളുടെ കൂടെ ഞാനും ഇല്ലേ ? അങ്ങനെ വരുമ്പോ, 'എന്നെ ഹർഷപുളകിതനാക്കിയ' എന്ന് പറയുന്നതിന് പകരം 'ഞങ്ങളെ ഹർഷപുളകിതനാക്കിയ' എന്ന് പറയാരുന്നില്ലേ...."

എന്റെ പുതുപ്പള്ളി ദേവാ... എന്നെ നീ ഇപ്പൊ, ഈ നിമിഷം അങ്ങോട്ടേക്ക് വിളിക്കണം. പക്ഷേ, ഒരു കാര്യത്തിൽ ഞാൻ ആശ്വാസം കൊണ്ടു. പുളകത്തിന്റെ മേലെയുള്ള വിയോജിപ്പ് അവൾക്ക് മാറിയിരിക്കുന്നു. അല്ലെങ്കിൽ ഇന്ന് പുളകം കൊണ്ടത് മുളക്  കടിച്ചത് പോലെയായേനെ!

"ഞാൻ.. അത്.. അപ്പോൾ അങ്ങനെയൊന്നും ആലോചിക്കാതെ എഴുതിയതല്ലേ?"
"അതെ അത് തന്നെയാണ് പ്രശ്നം... നിങ്ങളൊരിക്കലും എന്നെ ഓർക്കാറില്ല.."
"സത്യത്തിൽ ഞാൻ 'എന്നെ...' എന്ന് എഴുതിയപ്പോൾ മനസ്സിൽ ഞങ്ങൾ രണ്ടു പേരും തന്നെയായിരുന്നു."
"അത് മറ്റുള്ളവർക്ക് മനസ്സിലാവുമോ?"

ശരിയാ... ഞാൻ ശ്രദ്ധിക്കണമായിരുന്നു. ഞാനെപ്പഴും എന്നെപ്പറ്റി മാത്രമേ ചിന്തിക്കാറുള്ളൂ... ഇനി കൂടുതൽ ശ്രദ്ധിക്കണം.

"ഇനി ഞാൻ അങ്ങെനെ എഴുതാൻ .ശ്രമിക്കാം. അഥവാ അറിയാതെ 'എന്നെ..' എന്ന് എപ്പഴെങ്കിലും എഴുതിപ്പോയെങ്കിൽ അത് അത്ര കാര്യമാക്കണ്ട.. നീ എപ്പോഴും മനസ്സിലുണ്ടാവും..."

ഞാൻ ഒരു മുന്കാലജാമ്യം എടുക്കാൻ ഒരു ശ്രമം നടത്തി. പുളകത്തിന്റെ പ്രശ്നം ഇല്ലാതായത് കൊണ്ട് ഞാൻ ഒന്ന്  കൂടി അവളുടെ അടുത്തേക്ക് അടുത്തു.

"അപ്പൊ, അതാണ് നിങ്ങൾക്ക് മനസ്സിലായത്.." അതും പറഞ്ഞ് അവൾ വെള്ളത്തിൽ മറിയുന്നത് പോലെ ഒരു തിരിയലും പുതപ്പെടുത്ത് മൂടിയതും ഒരുമിച്ചായിരുന്നു .

ആകാശത്ത് പൊടുന്നനെ ഒരു മിന്നൽ പരന്നു. ഘോരമായ ഇടി മുഴങ്ങി. കനത്ത മഴയും. ഇടിയെ പേടിയുള്ള വാമഭാഗം വീണ്ടും മലർന്നു കിടക്കുമെന്ന് ഞാനാശിച്ചു. ഭാര്യയുടെ ഗർജ്ജനം ഇടിയേക്കാൾ ഉച്ചത്തിലുള്ളതായിരുന്നെന്ന് ഞാൻ ഉടനെത്തന്നെ മനസ്സിലാക്കി. ഞാനും കിടക്കയുടെ മറ്റേ അറ്റത്തേക്ക് നീങ്ങി. വാർഷികത്തലേന്ന്, ഭാര്യ അടുത്തുണ്ടായിട്ടും, തലയിലൊരു വലിയ ഭാരവുമായി  ഞാൻ നിദ്രയെ മാത്രം പൂകാൻ ശ്രമിച്ചു.

ഇനി ഇതും പറഞ്ഞുകൊണ്ട്, ഈ എഴുതിയ പുകിലിന്റെ പേരിൽ, ഞങ്ങളെ ആരും വിളിക്കാനോ എന്താ പ്രശ്നമെന്ന് തിര ക്കാനോ വരണ്ട കേട്ടോ... സത്യത്തിൽ ഇവിടെ ഇപ്പൊ എന്താ പ്രശ്നം? എല്ലാം ഒരു കഥയല്ലേ.. വെറും കെട്ടുകഥ... എന്നാലൊരു കാര്യം പറയട്ടെ? പുകിൽ, ഇനി വരാൻ പോകുന്നേ ഉള്ളൂ. ഈ കള്ളക്കഥകളൊക്കെ വായിച്ചിട്ട് എന്റെ ഭാര്യയും അനിയനും അളിയന്മാരും എല്ലാവരും കൂടി എന്നെയിട്ട് ഒന്ന് മലർത്തിപ്പുഴുങ്ങും. എന്നിട്ട് നട്ടെല്ലിന്റെ ഇരുപത്തെട്ടാം കശേരുവിലൂടെ ഒരു വാഴനാര് കോർത്ത്, തെക്കുഭാഗത്തുള്ള പുളിമരത്തിന്റെ വടക്കോട്ട് പോയ ശിഖരത്തിൽ കെട്ടിത്തൂക്കും... അതുവരേക്കും ഞങ്ങളൊന്ന് ഉല്ലസിച്ച് വരട്ടെ. We are driving to Philadelphia today. നിങ്ങളും അടുത്ത പുകിലിന് മുന്നേ ആഘോഷിച്ചോളൂ.... :) :)

അടിക്കുറിപ്പ്: വാട്സാപ്പിൽ മെസ്സേജിടുമ്പോൾ സാഹിത്യം കലർത്തിയാൽ ഒന്ന് ഒതുങ്ങിയിരിക്കാൻ ശ്രമിക്കുക... ബിംബങ്ങൾക്കും പ്രതിബിംബം ഉണ്ടാകുമെന്നറിയുക... എല്ലാതെറ്റും എന്റേതാണ് എന്ന് (അങ്ങനെയല്ലെങ്കിൽക്കൂടി) പറയാൻ തയ്യാറായിരിക്കുക... അല്ലെങ്കിൽ ചിലപ്പോൾ കുടുംബം കലങ്ങിപ്പോവും :)

***

2015 ഫെബ്രുവരി 6, വെള്ളിയാഴ്‌ച

ഓന്റ്യൊര് കൊള്ളസംഘോം സിനിമേം... ഖള്ളൻ

ശ്രീ 

(കുറിപ്പ്:  ഇതൊരു ചെറുകഥയല്ല, ഇത്തിരി നീളക്കൂടുതലുണ്ട്. ഈ കഥയിലും ഞാനൊരു കഥാപാത്രമായി അവതരിക്കുന്നുണ്ടെങ്കിലും (അതെന്റെ ശൈലിയാകാം, അല്ലെങ്കിൽ കാല്പനികതയും സ്വാനുഭവങ്ങളും കൂടിക്കലരുമ്പോഴുണ്ടാകുന്ന അനിവാര്യതയുമാകാം), വിരസമാകില്ല എന്നെനിക്കുറപ്പുണ്ട്. ഈ കഥയിലെ കഥാപാത്രങ്ങൾക്ക്, ഇപ്പോൾ ജീവിച്ചിരിക്കുന്നതോ അല്ലാത്തതോ ആയ ആരുമായും സാമ്യമില്ല. അഥവാ സാമ്യം തോന്നുകയാണെങ്കിൽ, അത് തികച്ചും യാദൃശ്ചികമാണ്.)




1980 മെയ്‌ 5 തിങ്കളാഴ്ച ആണെന്നാണ് എന്റെയോർമ്മ. എനിക്കന്ന് കൃത്യം എട്ട് വയസ്സും ഇരുപത്തിനാല് ദിവസവും പ്രായം. ഞങ്ങൾ അച്ചാച്ഛന്റെ വീട്ടിൽ നിന്നും വേറൊരു വീട്ടിലേക്ക് താമസം മാറുകയാണ്. രാവിലെത്തന്നെ എല്ലാവരും കുളിച്ച് ഓരോരോ സാധനങ്ങളുമായി പുറപ്പെട്ടു. മൂന്ന് കിലോമീറ്റർ മാത്രമേ  ദൂരമുള്ളൂ എന്നത് കൊണ്ട് അച്ഛൻ, ഇളയച്ഛൻ, അച്ഛാച്ഛൻ, ഞാൻ,  എന്റെ മൂത്ത മച്ചുനൻ, രണ്ട് അനുജന്മാർ, അമ്മ, അമ്മയുടെ ഒക്കത്ത് ഒരു വയസ്സായ ഇളയ അനുജൻ എന്ന ക്രമത്തിലായിരുന്നു യാത്ര. ഓരോരുത്തരും പെട്ടികളും സഞ്ചികളും ഒക്കെ ആയിട്ട് തലയിലും കൈയ്യിലും ചുമലിലും, ആവുന്ന പോലെ സാധനങ്ങൾ എടുത്തിട്ടുണ്ട്. എന്റെ തലയിലൊരു സാമാന്യം വലുപ്പമുള്ള ഒരു പെട്ടിയും ഇളയച്ഛൻ രണ്ടു കസേരകളുമായിരുന്നു എടുത്തിരുന്നത്. മച്ചുനനാകട്ടെ, അമ്മയുടെ വസ്ത്രങ്ങൾ സൂക്ഷിക്കുന്ന ഇരുമ്പ് പെട്ടിയും. പോകുന്ന വഴിക്ക് തറവാട്ടമ്പലത്തിൽ കേറി തൊഴുത്‌ നെയ്യമൃത് സംഘത്തിന്റെ പ്രാതലും കഴിച്ചാണ് വീട്ടിൽ കേറിയത്.

തറവാട്ട് വീട്ടിൽ ഞാൻ മുന്നേ ഒന്ന് രണ്ട് തവണ അമ്മയുടെ കൂടെ വന്നിട്ടുണ്ട്, തറവാട്ടമ്പലത്തിൽ കറുകഹോമവും മൃത്യുഞ്ജയഹോമവും മറ്റും കഴിപ്പിക്കാൻ വരുമ്പോഴായിരുന്നു ആ വരവുകൾ... അന്നൊക്കെ, ഒരു കാട്ടുപ്രദേശത്തുള്ള, അടുത്തെങ്ങും വീടുകളില്ലാത്ത, ഒരു വീട്ടിൽ കയറുന്നത് പോലെയൊക്കെയേ തോന്നിയിട്ടുള്ളൂ. അമ്മ മുറികളൊക്കെ ഒന്ന് തൂത്ത് വാരി വൃത്തിയാക്കിയാൽ പിന്നെയും അച്ഛാച്ഛന്റെ വീട്ടിലേക്ക് പോകും. അതായിരുന്നു പതിവ്. പക്ഷേ ഇന്ന് മുതൽ ഞാൻ അവിടെ താമസിക്കുകയാണെന്ന് ഓർത്തപ്പോൾ പകച്ചുപോയി. എന്തിനാണ് എല്ല്ലാവരെയും വിട്ട് ഈ വീട്ടിലേക്ക് താമസം മാറ്റുന്നതെന്ന് ചോദിക്കാനൊന്നും എനിക്ക് ധൈര്യമുണ്ടായിരുന്നില്ല.

ഒരു വലിയ പറമ്പ് മുഴുവൻ കാട്. വീടാണെങ്കിൽ ചാണകം തേച്ച്, ഓലമേഞ്ഞ്, ഇരുട്ട് പിടിച്ച്, മച്ചൊക്കെ ചിതല് പിടിച്ച് 'ഇപ്പൊ താഴെ വീഴും' എന്ന നിലയിലും. പാമ്പും കീരിയും പഴുതാരയും തേളും കുറുക്കനും മറ്റും പകൽ സമയത്തും പറമ്പിൽ വിരാജിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ, ഈ കാട് പിടിച്ച പഴയ തറവാട്ട് വീട്ടിലേക്കുള്ള മാറ്റം എനിക്ക് തീരെ ഇഷ്ടപ്പെട്ടിട്ടില്ലായിരുന്നു. മാത്രവുമല്ല, എന്റെ മച്ചുനന്മാരെയും മച്ചുനിച്ചിമാരെയും,  അച്ഛമ്മ, അച്ചാച്ഛൻ എന്നിവരെയൊക്കെ വിട്ട് വരാൻ വല്ലാത്തെ മടിയായിരുന്നു. എങ്ങനെയെങ്കിലും തിരിച്ചു പോകണം എന്ന ആശ മനസ്സിൽ വല്ലാതെ കെട്ടിക്കിടന്നു.

ജൂണ്‍ രണ്ടിന് പുതിയ സ്കൂളിൽ മനസ്സില്ലാമനസ്സോടെ നാലാം തരത്തിൽ ചേർന്നു. എല്ലാവരും പുതിയവർ. എന്നെപ്പോലെ തന്നെ നാലാം തരത്തിൽ ആദ്യമായി ആ പള്ളിക്കൂടത്തിൽ ചേർന്ന പ്രമോദുമായി ഞാൻ പെട്ടെന്ന് ചങ്ങാത്തത്തിലായി. നന്നായി സംസാരിച്ച് ആരെയും പെട്ടെന്ന് കൈയ്യിലെടുക്കുന്ന സ്വഭാവക്കാരനായിരുന്നു പ്രമോദ് . വെളുത്ത്, സമാന്യം തടിച്ചുരുണ്ട് ഇത്തിരി നീളൻ മുടിയുമായി കുണുങ്ങി കുണുങ്ങി നടക്കുന്ന ഒരു സുന്ദര പ്രകൃതം. അത് കൊണ്ട് തന്നെ അവനെ കഥാ പ്രസംഗത്തിനും, നാടകാഭിനയത്തിനും മറ്റും സ്കൂളിൽ നിന്ന് തിരഞ്ഞെടുത്തു. പ്രമോദിന് പ്രായത്തിനെക്കാളും ബുദ്ധിയുണ്ടോ എന്നെനിക്ക്   തുടക്കത്തിലേ സംശയം ഉണ്ടായിരുന്നു. നന്നായി പഠിക്കുന്നത് കൊണ്ടും കലാപരിപാടികളൊക്കെ ഉള്ളതിനാലും അവനെ എല്ലാവർക്കും വല്യ കാര്യമായിരുന്നു. എനിക്ക് പ്രമോദും ദീപനും മാത്രമായിരുന്നു അടുത്ത കൂട്ടുകാർ, പക്ഷേ പ്രമോദിന് സ്കൂളിൽ എല്ലാവരുമായും നല്ല ബന്ധം ഉണ്ടാക്കാൻ പറ്റി. അപ്പുറത്തെ പെണ്‍പള്ളിക്കൂടത്തിലും അവന് ആരാധകരുണ്ടായി. എന്നാലും ഞങ്ങൾ മൂന്ന്‌ പേരായിരുന്നു കൂടുതൽ കൂട്ട്.

നാലാം ക്ലാസ്സ് പകുതിക്ക് വച്ച് നമ്മുടെ ക്ലാസ്സിൽ ഒരു പുതിയ കുട്ടി കൂടി വന്നു. ഷൈജു. അവൻ അതുവരെ സേലത്തായിരുന്നു പഠിച്ചിരുന്നത്. അവന്റെ കുടുംബം നാട്ടിലേക്ക് താമസം മാറ്റിയത് കൊണ്ട് അവനും ഞങ്ങളുടെ സ്കൂളിൽ എത്തി. സേലത്ത് പഠിച്ചത് കൊണ്ട് തമിഴ് അറിയുമെങ്കിലും മലയാളവും  അവന് നന്നായി വഴങ്ങുമായിരുന്നു. പ്രമോദ് അവനെ വലവീശിപ്പിടിച്ച് ഞങ്ങളുടെ കൂട്ടത്തിൽ ചേർത്തു.

ഇതിനിടെ എന്റെ കുഞ്ഞ് മനസ്സ് വേദനിക്കുന്ന കുറച്ച് സംഭവങ്ങൾ ഉണ്ടായി.

ഒരു ദിവസം ഉച്ചക്ക്, ആരോ കുടുംബത്തിൽ മരിച്ചെന്നും പറഞ്ഞ്, അമ്മ സ്കൂളിൽ വന്നു.

"ഞാനും അച്ഛനും ആട്ത്തേക്ക് പോവ്വ്വാണ്. വൈന്നേരം വെരുമ്പം നേരം ബഉം (വൈകും), അഓണ്ട് ക്ലാസ്സ് കയിഞ്ഞാ നേരെ അപ്പൂട്ട്യേട്ടന്റെ വീട്ടില് പോയിക്കോളണം, മടങ്ങി വെരുമ്പം കൂട്ടിക്കോളാം."

നാണം കുണുങ്ങിയായ എനിക്ക് പുതിയ ആൾക്കാരെ സമീപിക്കാനും പരിചയപ്പെടാനും മറ്റും വല്ലാത്ത സങ്കോചമായിരുന്നു. അത് കൊണ്ട് തന്നെ ഞാനാകപ്പാടെ ഒരു പരവേശത്തിലായി. ബന്ധുവീട്ടിൽ പോകാതിരിക്കാൻ വഴി ആലോചിച്ചപ്പോഴാണ് അച്ഛാച്ഛന്റെ അടുത്ത് പോയാലോ എന്ന് മനസ്സ് പറഞ്ഞത്. ഗുരുവായ പ്രമോദും അത് ശരി വച്ചു. അവസാനം ക്ലാസ്സ് കഴിഞ്ഞപ്പോൾ ഞാനാരോടും പറയാതെ നേരെ അച്ഛാച്ഛന്റെ അടുത്തേക്ക്   വച്ചുപിടിച്ചു,  ആരോടും പറയാതെയാണ് ഞാനവിടെ എത്തിയതെന്ന് അറിഞ്ഞപ്പോൾ അച്ചാച്ഛൻ പരിഭ്രാന്തനായി. അച്ഛാച്ഛൻ എന്റെ മൂത്ത മച്ചുനനെ വീട്ടിലേക്ക് പറഞ്ഞയച്ചു. എന്നോട് അവന്റെ കൂടെ പോകാൻ പറഞ്ഞെങ്കിലും ഞാൻ പോയില്ല. കുറേ ദിവസം കഴിഞ്ഞ് ആ വീട്ടിലെത്തിയതിന്റെ സന്തോഷത്തിലായിരുന്നു ഞാൻ. മച്ചുനൻ എന്റെ വീട്ടിലെത്തുമ്പഴേക്കും അവിടെ സംഗതി പൊടിപൂരം ആയിരുന്നു. മടങ്ങിയെത്തിയ അച്ഛനും അമ്മയും അയൽക്കാരും എനിക്ക് വേണ്ടി പരതലോട് പരതലാണ്‌. അവർ തോട്ടിലും കുളത്തിലും കിണറിലും ഒക്കെ പരതി, എല്ലാവരോടും ചോദിച്ചു. പക്ഷെ ആർക്കും ഒരു വിവരോം ഇല്ല. അങ്ങനെ അന്ധാളിച്ച് ഇരിക്കുമ്പഴാണ് മച്ചുനൻ അവിടെ എത്തിയത്. എന്തായാലും പിറ്റേന്ന് എനിക്ക് കിട്ടിയ അടിക്ക് കണക്കുണ്ടായിരുന്നില്ല. സ്കൂളിൽ നിന്നും കിട്ടി വേണ്ടുവോളം. ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് ഞാനും കരുതിയിരുന്നില്ല. പക്ഷേ പരക്കെ അടി കിട്ടിയതിന്റെ ദേഷ്യം ഞാൻ മനസ്സിൽ കുറിച്ചു വച്ചു.

അങ്ങനെയിരിക്കേ 'സ്കൂൾ എക്സ്കർഷൻ' വന്നു. മൂന്ന് രൂപാ മാത്രമേ കൊടുക്കേണ്ടതുള്ളൂ എങ്കിലും അച്ഛൻ എന്നെ വിട്ടില്ല. എന്നെ കൂടാതെ ബാക്കി എല്ലാവരും പഠന യാത്രക്ക് പഴശ്ശി പ്രൊജക്ടിൽ പോയി, ഞാൻ  മാത്രം ക്ലാസ്സിൽ ബാക്കിയായി. എനിക്ക് സഹിക്കാൻ പറ്റുന്ന ഒന്നായിരുന്നില്ല ആ സംഭവം. പ്രമോദ് എന്റെ പൈസ എടുക്കാമെന്ന് പറഞ്ഞെങ്കിലും ഞാൻ സമ്മതിച്ചില്ല. ഈ സംഭവവും എന്റെ മനസ്സിലെ നെരിപ്പോടിൽ ഒരു കനലായി ഞാൻ കരുതി വച്ചു.

വേറൊരു സംഭവം എന്റെ എന്റെ തലമുടി വെട്ടലായിരുന്നു. അച്ഛാച്ഛന്റെ കൂടെയായിരുന്നപ്പോൾ, 'വാടാ.. കുടുമ മുറിക്കാം' എന്നും പറഞ്ഞ് അച്ഛാച്ഛൻ നമ്മുടെയൊക്കെ തലമുടി വെട്ടിക്കാൻ അച്ഛാച്ഛന്റെ കൂട്ടുകാരനായ ഒരു വയസ്സൻ ബാർബറിന്റെയടുത്ത് കൊണ്ടുപോകുമായിരുന്നു. പക്ഷേ പുതിയ വീട്ടിലെത്തിയപ്പോൾ അച്ഛൻ തന്നെ കത്രികയെടുത്ത് എന്റെയും അനിയന്മാരുടെയുമൊക്കെ മുടി വെട്ടാൻ തുടങ്ങി. അച്ഛൻ മുടി മുറിച്ചാൽ, തലയിൽ ഒരു ചട്ടി കമഴ്ത്തി വച്ചാൽ എങ്ങനെയിരിക്കുമോ അതുപോലിരിക്കുന്നതിനാൽ, എനിക്ക് ആ മുടി വെട്ടൽ തീരെ ഇഷ്ടപ്പെട്ടിരുന്നില്ല. ബാക്കിയെല്ലാ ചങ്ങാതിമാരും 'ബച്ചൻ കട്ടും' 'സ്റ്റെപ്പ് കട്ടും' ഒക്കെ ചെയ്ത് സുന്ദരന്മാരായിരിക്കുമ്പോൾ ഞാൻ മാത്രം, എലി കരണ്ടപോലുള്ള തലയുമായി സ്കൂളിൽ പോകണം.  'തൈക്കുണ്ടി'ൽ (തെങ്ങിന് വേണ്ടി വെട്ടിയ ആഴമുള്ള തടം) ഇരുന്നുകൊണ്ട് മുടി വെട്ടിയിട്ട് അച്ഛൻ പോയാൽ ഞാൻ അവിടെയിരുന്ന്, അന്നെനിക്കറിയാമായിരുന്ന എല്ലാ വൃത്തികെട്ട പദപ്രയോഗങ്ങളും അച്ഛനെതിരേ ഉപയോഗിക്കുമായിരുന്നു. ഇത് കാണുമ്പോൾ, എന്റെ അനുജൻ 'ഇപ്പൊ അച്ഛനോട് പറയും' എന്ന് പറഞ്ഞ് എന്നെ ഭീഷണിപ്പെടുത്താറുണ്ടെങ്കിലും ഇങ്ങനെ വൃത്തികെട്ട് മുടി മുറിച്ച എന്റെ തല, എങ്ങനെ നാട്ടുകാരെ കാണിക്കും എന്ന നൊമ്പരചിന്തയിലായിരുന്നു ഞാൻ.

ഇങ്ങനെയുള്ള കൊച്ചു കൊച്ചു നീരസങ്ങൾ എന്റെ മനസ്സിൽ കൂടിക്കൂടി വന്നു. കൂടാതെ ചെരുപ്പില്ല, വീട്ടിൽ കറണ്ടില്ല, ക്ലോക്കില്ല, റേഡിയോ ഇല്ല, ആകെയുള്ളത് രണ്ട് ഷർട്ടുകൾ, മിട്ടായി വാങ്ങാൻ പൈസ തരില്ല എന്നൊക്കെയുള്ള കുറേ ആവലാതികളും എന്റെ കൂടെ എല്ലായ്പ്പോഴുമുണ്ടായി. പച്ചക്കറിക്ക് വെള്ളം നനക്കണം, വീട്ടിലെ മറ്റ് ജോലികൾ ചെയ്യണം, ചാണകം വാരണം അങ്ങനെ പല പല വിഷമങ്ങൾ !എങ്ങനെയെങ്കിലും ആ ദുരിതത്തിൽ നിന്ന് രക്ഷപ്പെട്ടാൽ മതിയെന്നായി. സ്കൂളിലെത്തിയാൽ, ഈ വിഷയങ്ങളൊക്കെ ഗൌരവമായി വീക്ഷിക്കുന്ന പ്രമോദ് അടുത്ത് വന്നിരുന്ന് സമാധാനിപ്പിക്കും. ഷൈജുവിന് അവന്റെ അച്ഛനുമായി എന്തോ ദേഷ്യമുണ്ട്. "നമുക്ക് എന്തെങ്കിലും വഴിയുണ്ടാക്കാം, ഞാൻ ചിലതൊക്കെ പ്ലാൻ ചെയ്യുന്നുണ്ട്"  എന്നൊക്കെ പറയും. ദീപന് വീട്ടിൽ വലിയ പ്രശ്നങ്ങളൊന്നും ഇല്ല. പ്രമോദിന് എന്തെങ്കിലും പ്രശ്നങ്ങളുണ്ടോയെന്ന് ഞങ്ങളാരും ചോദിച്ചതുമില്ല. അവൻ ഞങ്ങളുടെ 'ലീഡറ'ല്ലേ? ലീഡർക്ക് എന്ത് വിഷമം !

അവനെ എങ്ങനെ ഞങ്ങളുടെ ലീഡറാക്കാതിരിക്കും? പ്രമോദ്, ഒരു ദിവസം ക്ലാസ്സിൽ വച്ച് റബർ ബാൻഡ് കയ്യിൽ കുടുക്കി നാണുമാഷിന്റെ തലയിലേക്ക് കടലാസ് അമ്പ് തൊടുത്തു. മാഷ്‌ കണ്ടത് എന്റെ കൈയ്യിലെ റബർ ബാൻഡായിരുന്നു. ഞാൻ ഇരുന്ന ഇരുപ്പിൽ മൂത്രം ഒഴിച്ചുപോകുന്ന അവസ്ഥ. "ആരാടാ അമ്പെയ്തത്" എന്ന് നാണു മാഷ്‌. എന്നോട് എഴുന്നേക്കാൻ പറഞ്ഞു. പക്ഷേ ഉടനെ തന്നെ പ്രമോദ് "മാഷേ ഞാനാണ്" എന്ന് പറഞ്ഞ് എഴുന്നേറ്റത് കൊണ്ട്, ഞാൻ മൂത്രമൊഴിക്കാതെയും അടികിട്ടാതെയും രക്ഷപ്പെട്ടു. അവന് അടി കിട്ടിയെങ്കിലും അവനോട് എന്റെ മനസ്സിൽ ഒരു ആരാധന ഉടലെടുത്തിരുന്നു. എന്റെ പ്രശ്നങ്ങൾക്കെല്ലാം പ്രമോദിന്റെ വക പരിഹാരം ഉണ്ടാകുമെന്ന ചിന്ത എന്നിലുടലെടുത്തു.

പ്രമോദ് അങ്ങനെ നമ്മളുടെയൊക്കെ ഹീറോ ആയി വിളങ്ങി നിൽക്കുകയാണ്. അവൻ പല പല സംഭവങ്ങളും വീര കഥകളും വിവരിക്കും. നമ്മൾ അതൊക്കെ കേട്ടു നിൽക്കും. അവൻ, ഫൂലൻ ദേവിയും മാൻസിംഗുമൊക്കെയുൾപ്പെടുന്ന ചമ്പൽ കൊള്ളക്കാരെപ്പറ്റിയും കായംകുളം കൊച്ചുണ്ണിയെപ്പറ്റിയുമൊക്കെ ഘോരഘോരം പ്രസംഗിച്ച് അവരെ ഞങ്ങളുടെ ആരാധനാ പാത്രങ്ങളാക്കി മാറ്റി. ഇവന് ഇത്രയൊക്കെ വിവരമോ എന്നൊക്കെ ആലോചിച്ച് ഞാനും ദീപനും താടിക്ക് കൈ കൊടുത്ത് അത്ഭുതപ്പെട്ടിരിക്കും. സിനിമാക്കഥകളിലും അവന് നല്ല അറിവായിരുന്നു. ജയൻ, ജയഭാരതി, ഷീല, നസീർ, എം. ജി. ആർ, അമിതാബ് ബച്ചൻ എന്നിവരെ ക്കുറിച്ചും സിനിമാഭിനയത്തെ ക്കുറിച്ചും അവൻ ഉച്ചയ്ക്കുള്ള ഇടവേളകളിൽ നമുക്ക് ക്ലാസ്സെടുക്കും. നമുക്ക് എല്ലാവരാലും അറിയപ്പെടുന്ന ആളുകളാവണം എന്നതായിരുന്നു അവന്റെ ഫിലോസഫി. തമഴ് സിനിമകളൊക്കെ കണ്ട് പല പല സ്റ്റൈലുകളും വശമായിരുന്നതിനാൽ ഷൈജുവും സിനിമാ ക്ലാസ്സിൽ പ്രമോദിനെ സഹായിക്കാറുണ്ടായിരുന്നു. ഈ സമയത്തൊക്കെ മറ്റു കുട്ടികൾ, അതിലേ ഇതിലേ ഓടിയും അടുത്തുള്ള വെള്ളച്ചാലിൽ നിന്ന് 'ബാലൻ പേക്കനെ' (വാൽമാക്രിയെ) പിടിച്ചും കളിക്കുകയായിരിക്കും.

ജില്ലാ കലോത്സവത്തിന് മലയാളം കൈയ്യെഴുത്തിന് എന്നെയും രാജൻ മാഷെഴുതിയ ഒരു പാട്ട്, ആംഗ്യപ്പാട്ട് രൂപത്തിൽ അവതരിപ്പിക്കാൻ പ്രമോദിനേയും രാജൻ മാഷ്‌ കൂട്ടിക്കൊണ്ടുപോയി. നല്ലൊരു പാട്ടായിരുന്നു രാജൻ മാഷ് എഴുതിയത്. എന്റെ ഓർമ്മയിലെ ആ പാട്ട് ഇവിടെ കുറിക്കാം.

"പണ്ടൊരു ദിവസം ചങ്ങാതീ
മണ്ടേങ്കാവിൽ പോയപ്പോൾ
ചെണ്ടക്കാരൻ വച്ചു തകർത്തു
അടിതട ഇടിതട അമ്പട വമ്പട
അമ്പലനടയിൽ പട പട തകൃതോം
തകൃതോം തകൃതോം തരികിട തകൃതോം

ആന വരുന്നേ ചങ്ങാതീ
വമ്പൻ കൊമ്പൻ ചങ്ങാതീ
പന്തലിലുയർന്നൊരു വെട്ടത്തിൽ
കൊമ്പുകുലുക്കി നിൽപ്പുണ്ടേ
-----------
-----------
പോട്ടീയമിട്ടുകൾ ഡിം ഡിം ഡിഡിംഡിം
പൊള്ളലേറ്റോരാന വിരണ്ടു മണ്ടി
എല്ലാരുമെല്ലാരുമോടി മറയവേ
വല്ലാതെ പേടിച്ച് ഞാനുമങ്ങോടിനാൻ"

ഞങ്ങൾക്ക് രണ്ടുപേർക്കും മൂന്നാം സ്ഥാനം കിട്ടിയെങ്കിലും അതിലും വലിയൊരു സംഭവം പ്രമോദവിടെ ഒപ്പിച്ചിരുന്നു. രാജൻ മാഷുടെ സുഹൃത്തായ ഒരു മാഷുടെ അഞ്ചാം ക്ലാസ്സുകാരിയായ സുന്ദരിയായ മകൾ അവിടെ പാട്ടുമാൽസരത്തിന് വന്നിരുന്നു. എങ്ങനെയാണെന്നറിയില്ല, പക്ഷേ എന്തൊക്കെയോ അഭിനയിച്ച് കാണിച്ചും, വാക് ചാതുരി കൊണ്ടും, അവൾ പ്രമോദിന്റെ കൂടെത്തന്നെയായി. അവരുടെ കളികൾ ഒരു പൊട്ടനെപ്പോലെ ഞാൻ നോക്കിനിന്നു. വൈകുന്നേരം, തിരിച്ചു വരാറായപ്പോൾ ഒരു കടലാസിൽ എന്തോ എഴുതി അവൾക്ക് കൊടുത്തിട്ടാണ് അവൻ രംഗം വിട്ടത്. തിരിച്ചു വരുമ്പോൾ ചോദിച്ചപ്പഴാണ് പറഞ്ഞത്, അവനെഴുതിയത് 'I Love You' എന്നായിരുന്നത്രേ. എനിക്കൊരു പുതിയ അറിവായിരുന്നു ആ സംഭവം.

അങ്ങനെ സംഭവബഹുലമായ ഞങ്ങളുടെ നാലാം ക്ലാസ് ജീവിതം കടന്നു പോയി. അവധി ദിനങ്ങൾ കഴിഞ്ഞ് വീണ്ടും സ്കൂൾ തുറന്നു. ഞങ്ങളൊക്കെ അഞ്ചാം ക്ലാസ്സിലെത്തി. നാലാം ക്ലാസ്സിൽ നാണുമാഷോട് 'ഹാജർ' പറയണമായിരുന്നെങ്കിൽ ഇനി അഞ്ചാം ക്ലാസ്സിൽ രാജൻ മാഷോട് 'പ്രസന്റ് സാർ' എന്ന് പറയണം. ഇനി മുതൽ കടലാസ് പെൻസിലിന് പകരം പേന ഉപയോഗിക്കാം. നാലാം ക്ലാസ്സ് സമയത്ത് സ്ഥിരം മൂത്രമൊഴിച്ചിരുന്ന തെങ്ങ് ഉണങ്ങിപ്പോയിരിക്കുന്നു. രണ്ട് മാസം മൂത്രം കിട്ടാത്തതിനാലാണ് ഉണങ്ങിപ്പോയതെന്ന് ഷൈജു അഭിപ്രായപ്പെട്ടു. പക്ഷേ അതിലും വലിയ മാറ്റം കണ്ടത് പ്രമോദിലായിരുന്നു.

നാലാം ക്ലാസ്സിലേത് പോലെ ഇടവേളകളിലെ ഞങ്ങളുടെ ഇരിപ്പ്, ഒന്നുകിൽ ചെങ്കല്ല് കൊത്തിക്കൊത്തിയുണ്ടായ കപ്പണക്കുളത്തിലോ അല്ലെങ്കിൽ, സ്കൂളിന് കിഴക്ക് വശത്തുള്ള തറയോട് ചേർന്ന് ചരിഞ്ഞ് വളർന്നു പൊങ്ങിയ വരിക്കപ്ലാവിന്റെ ചുവട്ടിലോ ആയിരിക്കും. ഈ സ്ഥലങ്ങളിൽ ഇരിക്കുമ്പോൾ ആരും കാണില്ല എന്നത് ഞങ്ങളുടെ സ്വകാര്യത സൂക്ഷിച്ചു.  ഈ തവണ, പ്രമോദ് കൂടുതൽ കൂടുതൽ കാര്യങ്ങൾ പറയാൻ തുടങ്ങി. അവൻ മൂന്നാം ക്ലാസ്സിലായിരുന്നപ്പോ തൊട്ടപ്പുറത്തെ നാലാം ക്ലാസ്സിലെ പെണ്‍കുട്ടിയുടെ പാവാട, ക്ലാസ്സുകൾ വേർതിരിക്കുന്ന 'ഹാർഡ് ബോർഡ്' ചുവരിന്റെ അടിയിൽക്കൂടെ അവളറിയാതെ പൊക്കിയതും, പെണ്‍കുട്ടികളുടെ മൂത്രപ്പുരയുടെ മതിലിൽ കയറി ഒളിഞ്ഞു നോക്കിയതും, അവന്റെ വീട്ടിൽ വിരുന്നിന് വന്ന് രാത്രി താമസിച്ച നവദമ്പതികളുടെ ചേഷ്ടകൾ വർണ്ണിച്ചും മറ്റും അവൻ വിവരിച്ചത് കേട്ട് ഞങ്ങളൊക്കെ അന്തം വിട്ടു നിന്നു. ഇതുപോലെ എത്രയെത്ര പുതിയ വിവരങ്ങൾ പ്രമോദ് ഞങ്ങൾക്ക് തന്നിരിക്കുന്നു!  മാത്രവുമല്ല, ഞങ്ങളൊക്കെ ഈ ലോകത്തെ സംഭവങ്ങളൊന്നും അറിയാത്ത വെറും പമ്പര വിഡ്ഢികളാണെന്നും തോന്നിപ്പോയി. പുതിയ അറിവുകൾ ഓരോന്നായി കേട്ടു കേട്ട് ഞങ്ങളൊക്കെ സ്വപ്നലോകത്തെന്ന പോലെയുള്ള ചിന്തകളിൽ പെട്ട് കോരിത്തരിക്കാറുണ്ടായിരുന്നു.

ഞങ്ങളുടെ സ്കൂളിന്റെ തൊട്ടപ്പുറത്തെ പെണ്‍പിള്ളേരുടെ സ്കൂളിൽ എപ്പോഴും ഒരു കണ്ണ്  നട്ടിട്ടാണ് പ്രമോദിന്റെ ഇരുപ്പും നടപ്പുമെല്ലാം. ഞങ്ങളോടെല്ലാവരോടും ആ സ്കൂളിലെ ഏതെങ്കിലും ഒരു പെണ്‍കുട്ടിയെ പ്രേമിക്കുന്നതായിട്ട് സങ്കല്പ്പിക്കാൻ അവൻ ആവശ്യപ്പെട്ടു. ഭാവിയിൽ ഉപകാരപ്പെടാൻ ആണത്രേ. അവരെ സ്വാധീനിക്കാൻ / 'ഇംപ്രസ്സ്' ചെയ്യാൻ, അവൻ പല അടവുകളും പ്രയോഗിക്കും. ഒരു ദിവസം, പ്രമോദ് ഷൈജുവിനോട് അവരുടെ മുന്നിൽ ഒരു നൃത്തം ചെയ്യാൻ പറഞ്ഞു. അതിലിടയ്ക്ക്, അവന്റെ രണ്ട് പെങ്ങന്മാരടക്കം കുറച്ച് പെണ്‍പിള്ളാരെ പ്രമോദ് നമ്മുടെ പ്ലാവിൻ ചുവട്ടിൽ എത്തിച്ചിരുന്നു. അവനങ്ങനെയാണ്. വല്ലാത്തൊരു 'കമാന്റിംഗ് പവർ'  അവനുണ്ടായിരുന്നു. ആദ്യം മടിച്ചെങ്കിലും, പ്രമോദ് ഒരു തവണ കൂടി ആവശ്യപ്പെട്ടപ്പോൾ ഷൈജു ഒരു തമിഴ് പാട്ട് പാടി ചുവട് വച്ചു. വരികൾ ഏകദേശം ഇങ്ങനെ ആയിരുന്നു:

"ണാണ്ടാ ഗപ്പുണ്ടാ നല്ല മുത്ത് വാളാ
വെള്ളിപ്പറമ്പെടുത്താ വാടാ പോടാ
ഡിഷ്‌ക പോടാ പോടാ... ഡിഷ്‌ക പോടാ..."

പ്രമോദ് ചില കാര്യങ്ങൾ മുൻകൂട്ടി കാണുമായിരുന്നു. ഒരിക്കൽ കണക്കിന്റെ ക്ലാസ്സ് പരീക്ഷക്ക് അവൻ ക്ലാസ്സിൽ വന്നില്ല. അടുത്ത ദിവസം അവനു വേണ്ടി പ്രത്യേകം പരീക്ഷ ഉണ്ടായിരുന്നു. ചോദിച്ച ചോദ്യങ്ങൾ രാവിലെത്തന്നെ എന്നോട് ചോദിച്ചു. ഞാൻ എനിക്കോർമ്മയുള്ള എല്ലാ ചോദ്യങ്ങളും അവനു പറഞ്ഞു കൊടുത്തു. ഫലം വന്നപ്പോ, അവന് ഇരുപത്തഞ്ചിൽ ഇരുപത്തഞ്ച്, എനിക്ക് ഇരുപത്തിരണ്ട്. മനപ്പൂർവ്വമാണ് അവൻ പരീക്ഷക്ക് വരാതിരുന്നത് എന്ന് പറഞ്ഞപ്പോഴാണ് അവന്റെ ബുദ്ധിയുടെ ഗുട്ടൻസ് എനിക്ക് പിടികിട്ടിയത്.

അങ്ങനെയിരിക്കേ ഒരു ദിവസം, അവൻ സ്കൂളിൽ ഒരു സിഗരറ്റ് പെട്ടി കൊണ്ട് വന്നു. അതിൽ രണ്ടു സിഗരറ്റുകൾ ഉണ്ടായിരുന്നു. വീട് അടുത്തായിരുന്നത് കൊണ്ട് ഉച്ച ഭക്ഷണം കഴിഞ്ഞ് ഞങ്ങൾ വേഗം തിരിച്ചു വന്നു. നമ്മൾ നാല് പേരും കപ്പണക്കുളത്തിൽ ഒത്തുകൂടി. സിഗരറ്റ് വലിക്കാൻ അവൻ ഞങ്ങളെ നിർബന്ധിച്ചു. സിനിമയിലൊക്കെ അഭിനയിക്കണമെങ്കിൽ സിഗരറ്റ് വലിക്കാൻ പഠിക്കണം, കള്ള് കുടിക്കാൻ പറ്റണം, ഹിപ്പി മുടി ഉണ്ടാവണം, പെണ്‍പിള്ളാരെ നോക്കാനും അവരെ കമന്റടിക്കാനും പഠിക്കണം, നാണം ഉണ്ടാവരുത് എന്നൊക്കെ അവൻ പറഞ്ഞു. ലോക പരിചയം ഉള്ള ഷൈജുവും അത് ശരി വച്ചു.

എന്നാലും സിഗരറ്റ് വലിക്കാൻ എനിക്കും ദീപനും മടി. പ്രമോദ് ഒന്നെടുത്തു കത്തിച്ചു. എന്നിട്ട് 'കൂളാ'യി ഒരു പുകയെടുത്ത് ഉള്ളിലേക്കിറക്കി, പിന്നെ കാള മൂക്ക് ചീറ്റുന്ന പോലെ മൂക്കിലെ രണ്ട് ദ്വാരങ്ങളിലൂടെയും പുക വരുത്തി ഞങ്ങളെ വിസ്മയിപ്പിച്ചു. പിന്നെ ഷൈജു ഒരു പുകയെടുത്ത് വായിൽക്കൂടിത്തന്നെ പുക ഒരു വര പോലെ പുറത്ത് വിട്ടു. ദീപനും ഞാനും വലിച്ചില്ല. ധൈര്യം കിട്ടിയില്ല എന്നതാണ് ശരി. എന്നാലും എപ്പഴെങ്കിലും ഒന്ന് വലിച്ചു നോക്കാൻ അത് മനസ്സിനെ ഒന്ന് പാകപ്പെടുത്തിയെന്നതാണ് ഒരു ഗുണമുണ്ടായത്!

വീട്ടിൽ അച്ഛൻ ദിനേശ് ബീഡി വലിച്ചിരുന്നു. വീട്ടിൽ വരുന്ന അധിക പുകവലിക്കാരും ദിനേശ് ബീഡിയാണ് വലിച്ചിരുന്നത്‌. ഒരു ദിവസം കൈക്കോട്ട് പണിക്കു വന്ന കുമാരേട്ടനും എന്റെ കള്ളുകുടിയനായ അമ്മാവനും കൂടി സംസാരിക്കുന്നത് എന്റെ ശ്രദ്ധയിൽ പെട്ടു.

കുമാരേട്ടൻ: "ഞാൻ 'സാധൂ' ന്റെ ആളാ. ദിനേശന് പൈശേം ആധികാ, മാത്രോല്ലാ അയിന് ഒരു രസോം ഇല്ല"

അമ്മാവൻ: "ഒന്ന് പോടോ, അഅ് ഞീ ഒരിക്കേം ബലിക്കാത്തോണ്ടാ, ഒന്ന് ബലിച്ച് നോക്ക്"

ഈ സംസാരം എന്നെ ബീഡിയുടെ രുചി എന്താണെന്നറിയാനുള്ള ഒരു താല്പര്യം ജനിപ്പിച്ചു. പ്രമോദ് സ്കൂളിൽ കൊണ്ടുവന്ന സിഗരറ്റും മനസ്സില് കിടപ്പുണ്ട്. സ്കൂളില്ലാത്ത ഒരു ദിവസം ഉച്ച കഴിഞ്ഞ സമയം. വീട്ടിൽ ആരുമില്ല. അമ്മ തുണികൾ അലക്കുകയാണ്. അമ്മാവൻ ജനാലയുടെ മുകളിൽ വച്ച ദിനേശ് ബീഡിയുടെ കെട്ട് ഞാൻ കണ്ടു. ആരും ഇല്ലെന്ന് ഉറപ്പു വരുത്തിയ ശേഷം ഒരു ബീഡിയെടുത്ത് പതുക്കെ വീട്ടിലെ ഗുരുകാരണവ-പരദേവതാ സങ്കൽപമുറി (വീട്ടിലെ കോവിലാണ് ഈ മുറി. സ്ത്രീകൾ ഈ മുറി തുറക്കാൻ പാടില്ല. വർഷത്തിൽ ഒരിക്കൽ 'ഇളനീർ കൊത്തിവെപ്പ്' എന്ന ചടങ്ങിന് മാത്രമേ ഈ മുറി തുറക്കുകയുള്ളൂ.) യുടെ മുന്നിലുള്ള, ഞാൻ പഠിക്കുന്ന മുറിയിലെത്തി വാതിലടച്ചു. പിന്നെ ബീഡി കത്തിച്ച് ഒന്ന് പുകച്ചു. പുക അകത്തെടുത്തതും ചുമച്ചു പോയി. ആ സമയത്ത് തന്നെയായിരുന്നു അമ്മ ഉണങ്ങിയ തുണികൾ അകത്ത് കൊണ്ട് വെക്കാൻ വേണ്ടി വന്നത്. ആരുമില്ലാതിരുന്ന സമയത്ത് ബീഡിയുടെ മണം കിട്ടിയപ്പോൾ അമ്മ ഉച്ചത്തിൽ പറയാൻ തുടങ്ങി:

"ആരാ ഇവിടെ, ആരാ ഇവ്ടെ വന്നേ"

ഞാനൊന്നും മിണ്ടിയില്ല. അമ്മ മണം പിടിച്ച് പിടിച്ച് എന്റെ വാതിലിന് മുട്ടാൻ തുടങ്ങി. ഞാൻ വാതിൽ തുറന്നു.

"ആരാ ഇവ്ടെ വന്നേ, ആരാ ബീഡി വലിച്ചേ? "
"ഇപ്പം  കുമാരേട്ടൻ വന്നിനേനു. അവര് വലിച്ചതാ"
"ഇവ്ടെ വാ, നിന്റെ വായി കാണിക്ക്"

മുഖത്തിരു വശത്തും, തലക്കും പുറത്തും ഒക്കെയായിട്ട് അമ്മയുടെ കൈ വീഴാൻ താമസമുണ്ടായിരുന്നില്ല.

"അച്ഛൻ വരട്ടെ, അപ്പോ കാണാം"

അതപകടം ആണെന്നറിഞ്ഞത് കൊണ്ട് ഞാൻ കെഞ്ചി:

"അയ്യോ.. ബേണ്ടമ്മേ... ഇനി ഞാനൊരിക്കേം ബീഡി വലിക്കൂല, സത്യം"
"എന്നാ, ഈ കാരണോന്മാരുടെയും പരദേവതയുടെയും മുമ്പിൽ സത്യം ചെയ്യ്‌"

പറയേണ്ട താമസം, ഞാൻ പരദേവതയുടെ പടിക്കൽ സ്രാഷ്ടാംഗം വീണു. എന്നിട്ട് ഉച്ചത്തിൽ അമ്മ കേൾക്കാൻ ഞാനൊരിക്കലും പുകവലിക്കില്ലെന്ന് സത്യം ചെയ്തു.

"ഇനി ഞാനൊരിക്കേം വീട്ടീന്ന് പുക വലിക്കൂല്ല. അഥവാ വലിക്കേണ്ടി വന്നാൽ എന്നെ രക്ഷിക്കണം" എന്നായിരുന്നു അപ്പോഴും മനസ്സിലുണ്ടായിരുന്നതെന്നത് വേറെ കാര്യം.

അതോടെ അമ്മ പോയി, എന്റെ ശ്വാസം നേരെയാവുകയും ചെയ്തു. വിശാലമായ പറമ്പിൽ പോയി ആരും കാണാതെ പുകവലിക്കാൻ ഓർമ്മ വരുത്താത്ത എന്റെ ബുദ്ധിയോട് എനിക്ക് തന്നെ പുച്ഛം തോന്നി. ഈ വിവരം അടുത്ത സ്കൂൾ ദിവസം തന്നെ പ്രമോദുമായി പങ്കിട്ടു. അവനെന്നെ കെട്ടിപ്പിടിച്ച് പറഞ്ഞു.

"യു ആർ സെലക്റ്റഡ്"

എന്റമ്മേ, ഞാൻ ഞെട്ടിപ്പോയി. ഞാൻ ഒന്ന് പകച്ച്, അവനെത്തന്നെ നോക്കുകയാണ്. അവനെപ്പോഴും അങ്ങനെയാണ്. നമ്മൾ വിചാരിക്കാത്ത കാര്യങ്ങളാവും അവൻ പറയുക.

"അതേടാ, നിന്നെയും എന്റെ സംഘത്തിൽ ചേർത്തിരിക്കുന്നു."
"എന്ത് സംഘം?"
"കൊള്ളസംഘം. ചമ്പൽ കൊള്ളക്കാരില്ലേ അത് പോലെ. ബാക്കി ഇന്നുച്ചക്ക് പറയാം."

അന്നുച്ചക്ക്, വരിക്കപ്ലാവിന്റെ കീഴിൽ ഞങ്ങളെല്ലാവരും ഒത്തുകൂടി.

"സ്കൂള് പൂട്ടിയേരം, ഞാൻ കൊറേ ആലോചിച്ച് തീരുമാനിച്ചതാ...ഞമ്മക്ക്  നാടുവിടണം.  ഒര്  കൊള്ളസംഘം ണ്ടാക്കണം. ഞാനൊരു പ്ലാന്ണ്ടാക്കീറ്റ്ണ്ട്" പ്രമോദ് പറഞ്ഞു തുടങ്ങി.

"ഇനിക്ക്, ഇന്റെ വീട്ടിൽ പ്രശ്നല്ലേ, പണം ണ്ടാക്കണ്ടേ? ജീവിതം ആഘോഷിക്കണ്ടേ? ഇനിക്ക് എക്സ്കർഷന് പോലും പൈശ തന്നിറ്റില്ലല്ലോ "  എന്നോടായി പറഞ്ഞു

"ഷൈജു, ഇനിക്ക് ഇന്റെ അച്ഛനോട് പ്രതികാരം ചെയ്യണ്ടേ?" (ഷൈജുവിന്റെ അമ്മയും അച്ഛനും തമ്മിൽ എന്തൊക്കെയോ പ്രശ്നങ്ങളുണ്ടായിരുന്നു)

"എനക്ക് പൈശയ്ണ്ടാക്കണം. ഞമ്മളെല്ലാരും ഒന്നിച്ചാ ഞമ്മക്ക് കൊറേ പൈശയ്ണ്ടാക്കാം. "

"കൊള്ള സംഘം ണ്ടാക്കാൻ പറ്റീറ്റില്ലേങ്കില്, ഞമ്മക്ക് പോയി സിനിമേല് അഭിനയിക്കാം. എന്തായാലും ഞമ്മക്ക് നാട് വിടണം. മദ്രാസിലെത്തീറ്റ് ആട്ന്ന് തീരുമാനിക്കാം. ഞമ്മളെ യാത്രക്ക് വേണ്ടി ഇപ്പളേ പൈശയ്ണ്ടാക്കി തുടങ്ങാം. കിട്ടുന്ന സ്ഥലത്ത്ന്നൊക്കെ പൈശയെടുത്ത് വെക്കണം. സ്വർണ്ണോ വെള്ളിയോ മറ്റോ ഉണ്ടെങ്കിലത്. കൊറച്ചു പൈശ ഞമ്മളെയടുത്ത് ഉണ്ടായേ പറ്റൂ. ഒരോരുത്തരും അഞ്ഞൂറുറുപ്പിയയെങ്കിലും ണ്ടാക്കണം. സ്വർണ്ണം കിട്ടിയാൽ പെട്ടന്ന് പൈശയ്ണ്ടാക്കാം."

"അത് മാത്രം പോര, ഞമ്മൾ നാലാളും തമിഴും ഹിന്ദിയും പറ്റ്വെങ്കിൽ ഇംഗ്ലീഷും പഠിക്കണം. കൊറെ സിനിമകൾ കാണണം. ആൾക്കാര് കൂടി നിക്കുന്നിടത്ത്‌, മൊഖത്ത് നോക്കി 'ഡയലോഗ്' പറയാൻ പറ്റണം."

ഇതൊക്കെ ഇവൻ തന്നെയാണോ പറയുന്നത് എന്നായിരുന്നു എന്റെ ചിന്ത. അതോ ഇവനെക്കൊണ്ടു വല്ലവരും പറയിപ്പിക്കുന്നതോ? അഞ്ഞൂറ് രൂപ എന്നൊക്കെ പറഞ്ഞാൽ ചില്ലറ പൈസയാണോ ? ഞാനാണെങ്കിൽ അന്ന് വരെ ഒരേയൊരു സിനിമയെ കണ്ടിട്ടുള്ളൂ... The Wild Elephant... അച്ഛൻ കാണിച്ച് തന്ന ഒരേയൊരു സിനിമ... സംഭാഷണം ഒന്നും മനസ്സിലാവാതെ കുറെ മൃഗങ്ങളെ കണ്ട സിനിമ... ജയനെയും നസീറിനെയും സീമയെയും സിനിമാ പോസ്റ്ററുകളിലല്ലാതെ ഞാൻ കണ്ടിട്ടില്ല. അങ്ങനെയുള്ള എന്നോടാണ് സിനിമാഭിനയം... മദ്രാസ് എന്നൊക്കെ പറയുന്നത്.

"നിങ്ങളെല്ലം കൂടെയ്ണ്ടാഊല്ലേ?"

എന്നും പറഞ്ഞ് പ്രമോദ് കൈ മലർത്തി നീട്ടി. എന്തിനാണ് കൈ നീട്ടിയതെന്ന് എനിക്ക് മനസ്സിലായില്ല. ഒത്തിരി സിനിമകൾ കണ്ട് പരിചയമുള്ള ഷൈജുവിന് കാര്യം പിടി കിട്ടുകയും പ്രമോദ് പറഞ്ഞതൊക്കെ അംഗീകരിക്കുന്നു എന്ന മട്ടിൽ പ്രമോദിന്റെ കൈയ്യിൽ ഒരടി വച്ചു കൊടുക്കുകയും ചെയ്തു. വീട്ടുകാരോടുള്ള മനസ്സിലുള്ള കലിപ്പ് തീർക്കാൻ പറ്റിയ മാർഗ്ഗം എന്ന നിലയിൽ, ഞാനും മടിക്കാതെ പ്രമോദിന്റെ കൈയ്യിൽ അടിച്ചു. ഇത്തിരി ശങ്കയോടെ ദീപനും.

"ഞാൻ നാളെ ഒരു സാധനവുമായി വരും... അപ്പോ കണമുണാന്ന് പറേറ്..." പ്രമോദ് ഗൗരവത്തോടെ മൊഴിഞ്ഞു.

"അതെന്ത് സാധനാ..." എല്ലാവരും ഒരുമിച്ചായിരുന്നു ചോദിച്ചത്.

"അതൊക്കെയ്ണ്ട്...."

പിറ്റേന്ന് ഞങ്ങൾ കപ്പണക്കുളത്തിന്റെ താഴ്ചയിൽ ഒത്തുകൂടി. അപ്പോഴാണ് നാലായി മടക്കിയൊരു വെളുത്ത കടലാസ് പ്രമോദ്, അവന്റെ ട്രൗസറിന്റെ  കീശയിൽ നിന്നും പുറത്തെടുത്തത്. അവനത് നിവർത്തു. എന്നിട്ട് ഞങ്ങളുടെ നേരെ നീട്ടി. 

"നിങ്ങളെല്ലാരും ഇതിലൊപ്പിടണം... സാധാരണ ഒപ്പല്ല... ധൈര്യള്ളോരുടെ ഒപ്പ്..."

ഞാനാ കടലാസ് വാങ്ങി. ദീപനും ഷൈജുവും അതിലേക്ക് ഉറ്റ് നോക്കി. അതിലിങ്ങനെ എഴുതിയിരിക്കുന്നു:

'ഈ കടലാസിൽ താഴെപറയുന്ന ഞാനടക്കമുള്ള നാലുപേരും ഞങ്ങളുടെ സ്വന്തം ഇഷ്ടപ്രകാരം നാട് വിടാൻ തീരുമാനിച്ചിരിക്കുന്നു. ഫൂലൻ ദേവിയാണ് ഞങ്ങളുടെ നേതാവ്. ഞങ്ങൾക്ക് പാവങ്ങളെ സഹായിക്കണം. പാവങ്ങളെ കഷ്ടപ്പെടുത്തുന്ന ആൾക്കാരെ ഞങ്ങൾ തോക്ക് കൊണ്ട് നേരിടും. ഞങ്ങൾ പണമുണ്ടാക്കി പാവങ്ങൾക്ക് വിതരണം ചെയ്യും. ഞങ്ങളുടെ അച്ഛനമ്മമാർക്ക് ഞങ്ങൾ പണം അയച്ച് കൊടുക്കും. വലിയ ആളുകളായി ഞങ്ങൾ തിരിച്ച് വരും. ഈ കാറിനകളിൽ ഞങ്ങൾ നാലുപേരും ഒറ്റക്കെട്ടാണെന്ന് ഞങ്ങളിവിടെ ഞങ്ങളുടെ സ്വന്തം ചോര കൊണ്ട് ശപഥം ചെയ്യുന്നു.' - അതിന് താഴെ ഞങ്ങൾ നാലുപേരുടെ പേരുകളും ക്രമത്തിലെഴുതിയിട്ടുണ്ട്. അതിൽ പ്രമോദിന്റെ പേരിന് വലത് വശത്തായി ചുവപ്പ് നിറത്തിൽ വിരല് കൊണ്ട് വരഞ്ഞത് പോലെ ഒരു മാർക്കുണ്ട്.

ഞങ്ങൾ മൂന്നു പേരും അന്തിച്ച് പരസ്പരം നോക്കി. പിന്നെ പ്രമോദിനെ നോക്കി. അപ്പോഴാണ് പ്രമോദ് തലേ ദിവസം പറഞ്ഞ സാധനം എന്താണെന്ന് ഞങ്ങൾക്ക് മനസ്സിലായത്.

"വായിച്ചില്ലേ... ഇനി നിങ്ങെല്ലാരും ഞാൻ ചെയ്തത് പോലെ ഒപ്പിട്... ചോര കൊണ്ട്..."

"ഇനിക്കെന്താടാ പെരാന്താ... ചോരേനക്കൊണ്ടെന്തിനാ ഒപ്പിടുന്നത്... പെന്നോണ്ട് ഇട്ടാപ്പോരേ..." ഷൈജുവിന്റെ സംസാരത്തിന് ഒരു വിറയൽ ഉണ്ടായിരുന്നു...

ഞങ്ങളും ഷൈജു പറഞ്ഞത് ശരിയാണെന്ന അർത്ഥത്തിൽ തല കുലുക്കി.

"ഏയ് അതൊന്നും പറ്റൂല്ല... ഞങ്ങൾ ധൈര്യം ഉള്ള ആൾക്കാരല്ലേ... സാധാരണക്കാരല്ലല്ലോ... മറ്റുള്ളവർക്ക് ചെയ്യാൻ പറ്റാത്ത വലിയ കാര്യങ്ങളാണ് ഞങ്ങൾ ചെയ്യാൻ പോകുന്നത്. അതുകൊണ്ട് അയിനൊര് പവറ് വേണം..."

"എനക്ക് ചോരയെടുക്കാൻ പേടിയാ... എനക്ക് പറ്റൂല്ലേ..." ദീപൻ അവന്റെ കൈകൾ പോക്കറ്റിൽ തിരുകിക്കൊണ്ട് പറഞ്ഞു.

"എനക്കും പേടിയാ..." ഞാനും വിയോജിപ്പ് രേഖപ്പെടുത്തി.

"എന്നാപ്പിന്നെ ഞമ്മക്കീ പരിപാടി വേണ്ടാന്ന് വെക്കാം എന്താ... ധൈര്യം ഇല്ലാത്തോർക്കൊന്നും പറഞ്ഞപണിയല്ല ഇത്..." പ്രമോദ് എന്റെ കയ്യിൽ നിന്ന് കടലാസ് പിടിച്ച് വാങ്ങി. 

ഞങ്ങൾ മൂന്ന് പേരും വീണ്ടും പരസ്പരം നോക്കി. 

"അത് പറ്റൂല്ല... ഞമ്മക്ക് ആ കാര്യങ്ങളൊക്കെ ചെയ്യാൻ പറ്റും... പക്ഷേ ഈ ചോര കൊണ്ടുള്ള ഒപ്പാണ് പ്രശ്നം...." ഞങ്ങൾ മൂന്നു പേരും ഒരുമിച്ച് പറഞ്ഞു.

"ഞാൻ ഒപ്പിട്ടല്ലോ... പിന്നെ നിങ്ങൾക്കെന്താ... ഇട്ടാല്..."

"അത് ചോന്ന മഷിയാണോന്ന് എനക്ക് സംശയോണ്ട്..." ദീപൻ കുളത്തിലേക്ക് ഒരു കല്ലെടുത്തിട്ട് കൊണ്ട് പറഞ്ഞു.

"അപ്പോ നിങ്ങക്ക് എന്നെ വിശ്വാസോം ഇല്ലാല്ലേ... അപ്പൊ ഈ പരിപാടി ഞമ്മക്കിവിടെ നിർത്താം... ഇനി ശരിയാവൂല്ല... ആദ്യം നേതാവിനെ വിശ്വാസം വേണം... അല്ലെങ്കിൽ എല്ലാം പൊട്ടിപ്പൊളിഞ്ഞ് പോവും... ഫൂലൻ ദേവി എങ്ങനെയാണ് നേതാവായതെന്ന് നിങ്ങക്കറിഞ്ഞൂടെ...?" പ്രമോദ് അവിടെ നിന്ന് എഴുന്നേറ്റു. പോവാനായി തുനിഞ്ഞു.

"നീ പോവല്ലപ്പാ... ഞമ്മളൊപ്പിടാം... പക്ഷേ എങ്ങനെയാ ചോര കൊണ്ട് ഒപ്പിടുകാന്ന് അറിഞ്ഞൂട..." ഷൈജു പോവാൻ തുനിഞ്ഞ പ്രമോദിന്റെ കൈ പിടിച്ചു.

അപ്പോൾ ഞാനും ദീപനും പരസ്പരം നോക്കി. ഞങ്ങൾക്ക് വേറൊന്നും പറയാൻ ഉണ്ടായിരുന്നില്ല.

"എന്നെ വിശ്വാസമാണോ..." പ്രമോദ് ഞങ്ങൾ എല്ലാവരോടാണ് ചോദിച്ചു.

ഞങ്ങൾ അതെയെന്ന് തലയാട്ടി. 

"എന്നാൽ ചോര കൊണ്ട് ഒപ്പിടാൻ ഞാൻ സഹായിക്കാം... ചെറിയ വേദന ഉണ്ടാവൂന്ന് മാത്രേ ള്ളൂ ..."

പ്രമോദ് ഉടനെത്തന്നെ അടുത്തുണ്ടായിരുന്ന ഒരു കൈതമുള്ളിന്റെ അറ്റം പൊട്ടിച്ചെടുത്തു. 

"കൈ നീട്ട്..." അവൻ ഷൈജുവിന്റെ കൈ തന്നെ ആദ്യം പിടിച്ചു. എന്നിട്ട് അവന്റെ ഇടത്തേകൈയ്യുടെ പെരുവിരലിൽ മുള്ളുകൊണ്ട് ഒരു കുത്ത് കുത്തി.

"ആഹ്... " ഷൈജു അറിയാതെ നിന്ന നിൽപ്പിൽ നിന്ന് പൊങ്ങിപ്പോയി. 

പ്രമോദ്, കടലാസ് നിലത്ത് വച്ച്, ഷൈജുവിന്റെ പേരിന് വലത് വശത്തായി, ഷൈജുവിന്റെ ചോര പൊടിഞ്ഞ വിരൽ അമർത്തി വലിച്ചു.

പിന്നെ അതേപോലെ ഞങ്ങളുടെയും ഒപ്പിടുവിച്ചു. 

"ഇപ്പഴാണ് ഞങ്ങൾ ശരിക്കുമൊരു ടീമായത്..." പ്രമോദ് ഞങ്ങളെ കെട്ടിപ്പിടിച്ചു. 

ഞങ്ങളെല്ലാവരും തിരിച്ച് ക്ലാസ്സിലേക്ക് നടന്നു. ചോര പൊടിഞ്ഞ പെരുവിരൽ വായിലിട്ട് നക്കിക്കൊണ്ടായിരുന്നു ഞങ്ങൾ മൂന്ന് പേരും പ്രമോദിന്റെ പിന്നിലായി നടന്നത്.

അങ്ങനെ സ്കൂളിലെ ഒരു നാടകത്തിൽ അഭിനയിക്കാനാണെന്നും പറഞ്ഞ് ഞാൻ മുടി വളർത്താൻ തുടങ്ങി. അച്ഛന്റെ കീശയിൽ നിന്നും അമ്മയുടെ പെട്ടിയിൽ നിന്നും ഒക്കെ ചില്ലറകൾ മോഷ്ടിക്കാൻ തുടങ്ങി. വിലപ്പിടിപ്പുള്ള എല്ലാത്തിന്റെ മേലും ഒരു കണ്ണ് വെക്കും. എല്ലാ ദിവസവും ഫൂലൻ ദേവിയുടേയോ മാൻസിംഗിന്റേയോ കഥകൾ വായിക്കും. വായിച്ച കഥകൾ തന്നെ  വീണ്ടും വീണ്ടും വായിക്കും. അമ്പിളിമാമൻ ഇംഗ്ലീഷ് പതിപ്പുകൾ സംഘടിപ്പിച്ച് ചിത്രകഥകളിലെ ഡയലോഗുകൾ പറഞ്ഞ് പഠിക്കാൻ തുടങ്ങി. പശുവിനെയൊക്കെ മേച്ച് ഒറ്റയ്ക്ക് ഇരിക്കുമ്പോൾ, കൂളിംഗ് ഗ്ലാസ്സൊക്കെ വച്ച് മുടിയൊക്കെ നീട്ടി വലിയ ബംഗ്ലാവിൽ പരിപാലകരുടെ ഇടയിൽ ഇരിക്കുന്നതായിട്ടൊക്കെയുള്ള സ്വപ്‌നങ്ങൾ കാണാൻ തുടങ്ങി. ഇടയ്ക്കൊക്കെ അമ്മയെ സഹായിച്ചുകൊണ്ട് കുസൃതിക്കെന്നപോലെ ചോദിക്കും:

"അമ്മേ ഞമ്മക്കൊക്കെ സിനിമാ നടന്മാരാകാൻ പറ്റ്വോ?"
"ആന്താടാ ഇപ്പൊ ഇങ്ങനൊരു ചോദ്യം?"
"പറ്റ്വോ?"
"പറ്റും.. പക്ഷേ, നന്നായി പഠിക്കണം, ഭാഷകള് പഠിക്കണം, നല്ല ഉയരോം ശരീരോം ഒക്കെ വേണം."
"ഞാനൊന്ന് നോക്കട്ടെ"
"പോടാ പോയി പഠിക്കെടാ" എന്നും പറഞ്ഞ് അമ്മ എന്നെ ഓടിച്ചു വിടും.

അഞ്ചാം ക്ലാസ്സിലെ കൊല്ലപ്പരീക്ഷ അടുക്കാറായി. പരീക്ഷ കഴിഞ്ഞ് സ്കൂളടച്ചാൽ, പണം ശരിയാകുന്ന മുറക്ക് മദിരാശിയിലേക്ക് നാടുവിടാനായിരുന്നു പ്ലാൻ.  പ്രമോദ്‌ ഏകദേശം എല്ലാ ദിവസവും ഞങ്ങളുടെ പണസമാഹരണത്തിന്റെ കണക്കെടുക്കും.

പരീക്ഷക്ക്‌ മുന്നിലുള്ള അവസാനത്തെ കണക്ക് ഇങ്ങനെയായിരുന്നു:

പ്രമോദ്: അവന്റെ പെങ്ങളുടെ ഒരു ജോഡി കമ്മൽ, 287 രൂപ, പോകുന്ന പോക്കിൽ വേണമെങ്കിൽ അവന്റെ ഏട്ടന്റെ വാച്ചും കട്ടെടുക്കും.
ദീപൻ: 412 രൂപ, പിന്നെ അവന്റെ സ്വർണ്ണ മാല (അവന്റെ അച്ഛന് ഒരു ലോറിയുണ്ട്)
ഷൈജു: 180 രൂപ
ഞാൻ: 208 രൂപ (അമ്മ പശുവിൻ പാൽ വിറ്റുണ്ടാക്കുന്ന പണപ്പെട്ടിയിൽ നിന്നും മോഷ്ടിച്ചത് )

എന്റെയും ഷൈജുവിന്റെയും പണസമാഹരണം നിലവാരത്തിനൊത്ത് ഉയരാത്തതിൽ പ്രമോദ് ഉൽകണ്ഠ രേഖപ്പെടുത്തി. സത്യത്തിൽ ഞങ്ങൾക്കെല്ലാവർക്കും ആ കാര്യത്തിൽ ദുഃഖമുണ്ടായിരുന്നു. പരീക്ഷ കഴിഞ്ഞ് രണ്ടാഴ്ച ആവുമ്പഴേക്കും എങ്ങനെയെങ്കിലും കുറേ പണം സംഘടിപ്പിക്കുമെന്ന് ഞാനും ഷൈജുവും വാക്ക് കൊടുത്തു.

പരീക്ഷയൊക്കെ എങ്ങനെയൊക്കെയോ കഴിഞ്ഞു. അല്ലെങ്കിൽത്തന്നെ ഇനി സ്കൂൾ പഠിപ്പും പരീക്ഷയുമൊക്കെ എന്തിനാണെന്ന ചിന്ത മനസ്സിൽ വരാൻ തുടങ്ങി. ഇനി ജീവിതത്തിലെ പരീക്ഷകളാണല്ലോ വരാൻ പോകുന്നത്. മനസ്സിൽ ആശകളും ആശങ്കകളും ഉന്മേഷവും ഒക്കെ കൂടെ ഒരു വല്ലാത്ത അവസ്ഥ.

അവസാനത്തെ പരീക്ഷ കഴിഞ്ഞ അന്ന്, ഞങ്ങൾ നാല് പേരും കപ്പണക്കുണ്ടിൽ ഒത്തുകൂടി. പ്രസാദ് അവസാനത്തെ പ്ലാൻ അവതരിപ്പിച്ചു.

"ഇനി രണ്ടായ്ച്ച കയിഞ്ഞാ വിഷ്വല്ലേ? വിഷൂന്റന്ന് ഞമ്മക്ക് ഇവിടുന്ന് നാട് വിടാം. അന്ന് എല്ലാരും കണി കാണാൻ നേരം പൊലരുമ്പന്തന്നെ എണീക്കൂലേ... ആ സമയത്താകുമ്പം പടക്കം പൊട്ടിക്കുന്നേന്റെം മറ്റും തെരക്കിൽ  ഞമ്മളെ ആരും ശ്രദ്ധിക്കൂല. കൈ നീട്ടം കിട്ടിയൊടനെ ആരും കാണാണ്ട് വീട്ടീന്ന് മുങ്ങണം. കുപ്പായോം ചീർപ്പും കണ്ണാടീം മറ്റ് അത്യാവശ്യം വേണ്ടുന്ന സാധനങ്ങളും എടുക്കണം. ഒരു ജോഡി കീറിയ കുപ്പായോം ട്രൌസറും വേണം. ആറാം മൈലിലെ കെണറ്റിന്റെയട്ത്ത് രാവിലെ അഞ്ചരക്ക് കാണാം. ആദ്യത്തെ തലശ്ശേരിക്കുള്ള ബസ്സീത്തന്നെ കേറണം. ആരെങ്കിലും ചോയിച്ചാല് തിരുവങ്ങാട്ടമ്പലത്തിലേക്കാണെന്ന് പറഞ്ഞാ മതി. "

നമ്മൾ മൂന്നു പേരും മൂന്ന് യന്ത്രങ്ങൾ പോലെ തല കുലുക്കി. പ്രമോദിന്റെ അപാരമായ പ്ലാനിംഗിനെ പുകഴ്ത്തി.

"കീറിയ കുപ്പായോം ട്രൌസറും എന്തിനാ?"  - ദീപന് സംശയം... അതേ സംശയം ഞങ്ങൾക്കുമുണ്ടായിരുന്നു. നമ്മളും ദീപനെ പിന്താങ്ങി.

"അതില്ലേ ഞാമ്പറയാം... തലശ്ശേരി റെയിൽവേ സ്റ്റേഷൻ മുക്കിൽ ബസ്സിറങ്ങീട്ട് ഞമ്മളാദ്യം റെയിൽവേ സ്റ്റേഷനിൽ കേരും. എന്നിറ്റ് ആരും കാണാണ്ട് ഞമ്മക്ക് ഈപ്പറഞ്ഞ കീറിയ ട്രൌസറും കുപ്പായോം ഇടണം. എന്നിറ്റ് ഞമ്മളെ കുപ്പായത്തിൽ കൊറച്ച് മണ്ണും മറ്റും ഇട്ടിറ്റ് വൃത്ത്യേടാക്കണം. എന്നാപ്പിന്നെ ഞമ്മളെ ആരിക്കും പിന്നെ മനസ്സിലാഊല. എല്ലാരും വിചാരിക്കും എരന്ന് നടക്ക്ന്ന കുട്ട്യളാണെന്ന്."

" ഹാ അത് ശരിയാ... അല്ലെങ്കില് ആരെങ്കിലും എട്‌ന്നാന്നൊക്കെ ചോയിച്ചാ ഞമ്മള് കുടുങ്ങും. മാത്രോല്ല, ഈ കരി പെരങ്ങിയ കുപ്പായോം മൊഖോം മറ്റും കണ്ടാ ഞമ്മളോട് ആരും ടിക്കറ്റിനും ചോയിക്കൂല.   ഞാമ്പണ്ട് സേലത്ത്ന്നെല്ലം വേരുമ്പം കണ്ടിറ്റ്ണ്ട്"  - ഷൈജു അവന്റെ അനുഭവം പറഞ്ഞു.

"വെരി കറക്റ്റ്" ലീഡർ ഷൈജുവിനെ പുകഴ്ത്തി.

"അപ്പോ രാവിലെന്നെ മദ്രാസിന് തീവണ്ടിയ്ണ്ടോ?" ഞാൻ ചോദിച്ചു

"സേലം ബരെ പോആൻ എനക്കറിയാം. സെലോം കയിഞ്ഞിറ്റല്ലേ മദ്രാസ്" ഷൈജു, അവന്റെ ജ്ഞാനം അറിയിച്ചു.

"രാവിലെന്നെ മദ്രാസ്സിന് തീവണ്ടിയില്ലെങ്കില്, വടക്കോട്ടെക്കുള്ള  ഏതെങ്കിലും തീവണ്ടി പിടിച്ച് ഞമ്മക്ക് ഷോർണ്ണൂര് എറങ്ങാം." - ദീപൻ അവന്റെ ഭൂമിശാസ്ത്രവിവരം അറിയിച്ചു.

"വടക്കൊട്ടെക്കല്ലട... തെക്കോട്ടേക്കല്ലേ ഞമ്മക്ക് പോഅണ്ട്യെ ?" - ഷൈജു തിരുത്തി.

"അതെ ഞമ്മക്ക് തെക്കോട്ടേക്കാന്ന് പോഅണ്ടത്. പക്ഷേ ദീപൻ പറഞ്ഞേല് കാര്യോണ്ട്. അങ്ങ് കൊച്ചിക്കോ, തിരുഓനന്തരത്തേക്കോ മറ്റോ പോഉന്ന ഏതെങ്കിലും വണ്ടീക്കേരീറ്റ് ഞമ്മക്ക് ഷോർണ്ണൂര് എറങ്ങാം. ആട്ന്നാഉമ്പോ വേറെ കൊറേ തീവണ്ടികള് മദ്രാസിലേക്ക് ണ്ടാഉം." - പ്രമോദ് ദീപനെ പകുതി പിന്താങ്ങി.

"എടാ, പാലക്കാട്ടൂന്നാന്ന് മദ്രാസ്സിലേക്ക് കൊറേ ട്രെയിനുകളുള്ള." - ഷൈജു വീണ്ടും അവന്റെ വിവരം വെളിപ്പെടുത്തി.

"അപ്പോ ഷോർണ്ണൂര്ന്ന്  പാലക്കാട്ടേക്ക് പോണ്ടിവെരും അല്ലേ?" ഞാൻ സംശയം പ്രകടിപ്പിച്ചു. അച്ഛൻ, ഒരിക്കൽ കേരളത്തിന്റെ മാപ്പ് വിവരിച്ച് തന്നിരുന്നത് തുണയായി.

"ചെലപ്പോ അങ്ങനെ വേണ്ട്യേരും. അതൊക്കെ ഞമ്മക്ക് ഷോർണ്ണൂരെത്തീറ്റ് തീരുമാനിക്കാം. എന്നിറ്റ് മദിരാശീലെത്തിയാല് ആടെ ഏതെങ്കിലും ചായപ്പീട്യേലോ മറ്റോ ഞമ്മക്ക് പണിക്ക് കേരാം. കൊറച്ചാടെ നിന്നിറ്റ് സിനിമേക്കേരണോ ചമ്പലിലേക്ക് പോണോന്നൊക്കെ ആട്‌ന്ന് ഞമ്മക്ക് തീരുമാനിക്കാം. എന്താ പറേന്ന്?"

"പിന്നെ അമ്മേനെ കാണണംന്നൊക്കെ പറഞ്ഞ് ഒരിക്കേം കരയാനൊന്നും പാടൂല്ല. നല്ല ധൈര്യം വേണം. കൊറച്ച് കഷ്ടപ്പാടെല്ലം ണ്ടാഉം. പക്ഷേ കൊറച്ച് കയ്യുമ്പം ഞമ്മള്ടട്‌ത്ത്ള്ളപോലെ ആര്ടട്ത്തും പൈശയ്ണ്ടാഊല്ല."

ഇതും പറഞ്ഞ് പ്രമോദ് കൈ നീട്ടി. ഞങ്ങളെല്ലാവരും പ്രമോദിന്റെ കയ്യുടെ മേലെ കൈ വച്ച് സന്നദ്ധത അറിയിച്ച് ഐക്യദാർഡ്ഡ്യം പ്രകടിപ്പിച്ചു. ഭാവിയിലെ സംഘത്തലവന്റെ ആസൂത്രണമികവിൽ ഞങ്ങൾ വളരെയധികം സംതൃപ്തരായിരുന്നു.

"എന്നാ വിഷു ആഉമ്പത്തേക്കും പൈസയ്ണ്ടാക്കാൻ മറക്കണ്ട"

പിരിയാൻ നേരം ദീപനൊരു ചോദ്യം കൂടി ചോദിച്ചു.

ഞമ്മളെ സംഘത്തിനൊര് പേര് വേണ്ടേ ?

"ഓ അത് ശരിയാ...എന്ത് പേരാപ്പാ ഇപ്പൊ ഇടുആ... " സംഘത്തലവൻ ചിന്തയിലാണ്ടു.

" 'ഉച്ചക്കുനി സംഘം' എന്നായാലോ" ദീപൻ തന്നെ ഒരു നിർദ്ദേശം വച്ചു.

ഞങ്ങളുടെ സ്കൂളിന്റെ പേര് തന്നെയായിരുന്നു സംഘത്തിന്റെ പേര്. ഞങ്ങൾ ആ പേര് ഏറ്റു പിടിച്ചു. പ്രമോദും പിന്താങ്ങിയതോടെ സംഘത്തിന്റെ നാമകരണം കഴിഞ്ഞു. അതോടെ നമ്മൾ അന്നത്തേക്ക് പിരിഞ്ഞു. ഇനി വിഷുവിന്റെയന്ന് രാവിലെയേ കാണൂ. നമ്മളെല്ലാരും ഒരു വല്ലാത്ത മാനസിക നിലയിലായിരുന്നു. ഏകദേശം രണ്ടാഴ്ച കഴിഞ്ഞാൽ നമ്മൾ നാല് പേരും ഈ നാട്ടിൽ കാണില്ല. യാത്രയുടെ കാര്യം ഓർത്തപ്പോത്തന്നെ പേടിയായി. എന്തായാലും ഒറ്റക്കല്ലല്ലോ, ലീഡറായി പ്രമോദും, യാത്ര ചെയ്ത് പരിചയമുള്ള ഷൈജുവും മറ്റും ഉണ്ടല്ലോ. ഷൈജുവിനാണെങ്കിൽ തമിഴും അറിയാം.

ഇനി പണമുണ്ടാക്കണം. പണമായിട്ട് കിട്ടാൻ എനിക്കും ഷൈജുവിനും ബുദ്ധിമുട്ടാണ്. പക്ഷേ എങ്ങനെയെങ്കിലും ഉണ്ടാക്കിയെ പറ്റൂ. പിന്നീട് പണമുണ്ടാക്കാനുള്ള കൊണ്ട് പിടിച്ച ശ്രമമായിരുന്നു.

വീട്ടിൽ, എന്റെ ചെറിയമ്മ താമസിച്ച് പ്രീഡിഗ്രിക്ക് പഠിക്കുന്നുണ്ടായിരുന്നു. സ്കൂൾ കഴിഞ്ഞിട്ടും എന്റെ തലമുടി വെട്ടാത്തതിനെക്കുറിച്ച് സംസാരം ഉണ്ടായി. വിഷുവിനടുപ്പിച്ച് വെട്ടാം എന്നച്ഛൻ പറഞ്ഞപ്പോൾ ഞാൻ അറിയാതെ സന്തോഷം കൊണ്ട് തുള്ളിച്ചാടി.

വിഷുവിനടുപ്പിച്ച് ഒരു ദിവസം, ഉച്ച കഴിഞ്ഞ്, ഇളയമ്മ അവരുടെ വീട്ടിൽ പോകാൻ തയ്യാറെടുക്കുകയായിരുന്നു.  പെട്ടെന്ന് ഇളയമ്മ ഇരുട്ട് പിടിച്ച പടിഞ്ഞിറ്റകത്ത് നിന്ന് ഓടി വന്ന് കരയാൻ തുടങ്ങി.

"ഏച്ചീ ..... പടിഞ്ഞിറ്റാത്തെ മൂലപ്പലേമ്മല് ബെച്ചിര്ന്ന 100 ഉറുപ്പിയ കാണ്ന്നില്ല. അയിന്റെ കൂടെ ബെച്ച എന്റെ ഒരു ജോഡി കമ്മലും ആടെയില്ല........ഹീ..ഹീ"

അമ്മ ഉടനെ ഓടി വന്നു.

"ഇവ്ട്ന്നാരാപ്പാ ഇപ്പം പൈശേം സ്വർണ്ണോം എടുക്കണ്ടേ? നീ ശെരിക്കും നോക്ക്"

"അല്ലേച്ചി... ഞാൻ എല്ലാട്ത്തും പരതി. മരുന്നിന്റെ ആ മഞ്ഞ അളൂലാ ഞാൻ രണ്ടും ഇട്ട് വെച്ചേ"

"അതിപ്പം ആരെടുക്കാനാപ്പാ? ... ഡാ നിങ്ങളാരെങ്കിലും എളേമ്മേന്റെ കാതിലും പൈശേം കണ്ടിനോ"

ഞാൻ കൈ മലർത്തി. അനിയന്മാർ രണ്ടാളും തലയാട്ടി കൈ മലർത്തി. ഇളയ അനിയന് വെറും മൂന്ന് വയസ്സ് മാത്രം ഉണ്ടായിരുന്നതിനാൽ അവന് കുഴപ്പമില്ല.

"പിന്നെ ഇതേട്യാ പോണ്ടേ പടച്ചോനേ... ? നീ ആ ടോർച്ചിങ്ങെടുക്ക്... ഞാനൊന്ന് നോക്കട്ടെ." - അമ്മ ആകപ്പാടെ വല്ലാതായിരിക്കുന്നു.

അമ്മ പടിഞ്ഞിറ്റകത്തെ മുക്കിലും മൂലയിലും എല്ലാം ടോർച്ച് വെട്ടത്തിൽ പരതാൻ തുടങ്ങി. എവിടെയും പൈസയുമില്ല, സ്വർണ്ണവുമില്ല. പിന്നെ എല്ലാം വാരി വലിച്ചിട്ട് പരതാൻ തുടങ്ങി.

"എടാ... നിങ്ങളാരെങ്കിലും എടുത്തിട്ടുണ്ടെങ്കിൽ സത്യം പറഞ്ഞോ... ഇവ്ട്ന്ന് ബേറ്യാരും എടുക്കൂല്ല. പൊറത്ത്ന്നാരും ഈ ഇര്ട്ടത്ത് വെരൂല്ല."

"ഇല്ലമ്മേ... ഞാനാ ഭാത്ത് പോഅലേ ഇല്ല. അല്ലേങ്കിലും എനക്ക് ഇര്ട്ടിനെ പേട്യാ..." - ഞാൻ തറപ്പിച്ച് പറഞ്ഞു.

അനിയന്മാരും എടുത്തിട്ടേ ഇല്ലെന്ന് ആണയിട്ടു.

അമ്മ പിന്നെ പടിഞ്ഞിറ്റകം വിട്ട് തെക്കേ അകത്തും വടക്കേ അകത്തും എല്ലായിടത്തും പരതാൻ തുടങ്ങി. ഞാനും അമ്മയെ സഹായിക്കാൻ കൂടി. ഇളയമ്മയും പരതുന്നുണ്ട്. പക്ഷേ പൈസയും സ്വർണ്ണവും മാത്രം കണ്ടില്ല. ഇളയമ്മ കരച്ചിൽ നിർത്താതായി. ബസ്സിന്റെ സമയം കഴിഞ്ഞതിനാൽ, ഇനി ഇന്നത്തെ പോക്ക് നടക്കില്ല എന്നും പറഞ്ഞ് പിന്നെയും കരച്ചിലായി.

അമ്മയും ഞാനും പരതിക്കൊണ്ടിരിക്കുകയാണ്. ഇടക്ക് ഇളയമ്മയും വരും. അനിയന്മാരാണെങ്കിൽ കളിച്ചുകൊണ്ടിരിക്കുകയാണ്. വീട്ടിന്നകത്ത്‌ എല്ലായിടത്തും പരതിയിട്ടും സാധനം കിട്ടാഞ്ഞത് കൊണ്ട്, അമ്മ ഞാൻ സാധാരണ പഠിക്കാനിരിക്കുന്ന പുറത്തുള്ള മുറിയിലേക്കും അന്വേഷണം വ്യാപിപ്പിച്ചു.

"ആട്യൊന്നും ണ്ടാഊല്ലമ്മേ... എന്റെ പുസ്തകൊന്നും ബലിച്ചിടറേ.."

"എട്യാ ഉള്ള്ന്ന് നോക്കണല്ലോ... അങ്ങനെ കളയാൻ പറ്റ്വോ ? ചെറിയ പൈസേന്റെ മൊതലാന്നോ കാണാണ്ടായെ ?"

"അല്ലമ്മേ, എന്റെ മുറീല് ഞാൻ മാത്രല്ലേ കേരലുള്ളൂ..."

"ഇനി ഈട്യല്ലേ നോക്കാൻ ബാക്കിയ്ള്ളൂ... ഈട്യേം കണ്ടിറ്റില്ലേങ്കില് വേറെ വല്ല വയ്യും (വഴിയും) നോക്കണ്ട്യേരും,... അച്ഛനോടും ചോയിച്ച് നോക്കാം"

അമ്മ എന്റെ മുറിയിലും കേറി പരതാൻ തുടങ്ങി. എന്റെ എഴുത്തുപെട്ടിയും പുസ്തകം തൂക്കി വെച്ചിരിക്കുന്ന തൂക്കും എല്ലാം നോക്കി. പക്ഷേ ഒന്നും കണ്ടില്ല. അപ്പഴേക്കും അച്ഛൻ വന്നു.

"നിങ്ങള്... ഇവള് പടിഞ്ഞിറ്റാത്തെ മൂലപ്പലേമ്മല് ബെച്ചിരുന്ന പൈശേം കമ്മലും കണ്ടിര്ന്നോ?"

"ഏയ്... ഞാൻ കണ്ടിറ്റില്ല....എന്താ.. എന്തു പറ്റി ?..." അച്ഛൻ കാര്യം തിരക്കി.

"അത്... ഇവളുടെ പൈശേം കമ്മലും പടിഞ്ഞിറ്റാത്ത് വെച്ചട്ത്ത്ന്ന് കാണ്‌ന്നില്ല.....  ഒരൊന്നന്നര മാസായീറ്റ് അതാട്ത്തന്നെയ്ണ്ടേനും പോലും...   എന്നാലും എന്റീശ്വരാ അതേട്യാ പോയേ ..."

"ഓഹോ ... അതൊന്നു നോക്കണല്ലോ... " അച്ഛൻ, അച്ഛന്റെ ഗാംഭീര്യത്തിൽ മൊഴിഞ്ഞ് പരിസരം നിരീക്ഷിക്കാൻ തുടങ്ങി.

അമ്മ പതുക്കെ എന്റെ മുറിയിൽ നിന്നും പുറത്ത് വരാനായി തുനിഞ്ഞു. പിന്നെയെന്തോ ആലോചിച്ച പോലെ തിരിഞ്ഞൊന്നു നോക്കി ഒന്നാലോചിച്ചു. പിന്നെ നേരെ ചെന്ന് എന്റെ മുറിക്കുള്ളിലൂടെ മാത്രം കയറിച്ചെല്ലാവുന്ന വീട്ടിലെ ഗുരുകാരണവ-പരദേവതാ സങ്കല്പമുറിയുടെ വാതിൽ തള്ളിത്തുറന്നു.

എന്റെ ഉള്ളൊന്ന് കാളി. അമ്മ അതും ഒരു സ്ത്രീ, പരദേവതയുടെ മുറി തുറക്കുകയോ? അതും വർഷത്തിൽ ഒരു തവണ - 'ഇളനീർ കൊത്തിവെപ്പി'ന് മാത്രം തുറക്കുന്ന മുറി അകാലത്തിൽ തുറക്കുകയോ? ഇത് ഞാനൊരിക്കലും പ്രതീക്ഷിച്ചിരുന്നതല്ല. എന്റെ കണക്ക് കൂട്ടലുകൾ മുഴുവൻ പിഴച്ചിരിക്കുന്നു. സംഭവങ്ങൾ കൈവിട്ടുപോയിരിക്കുന്നു. അപ്പോൾത്തന്നെ അവിടുന്ന് ഓടിപ്പോയാലോ എന്ന് തോന്നിയ നിമിഷം. പക്ഷേ എങ്ങനെ ഓടാൻ.... തല കറങ്ങുന്നത് പോലെയൊക്കെ ഒരു തോന്നൽ..

അമ്മ പരദേവതാ മുറിയുടെ വാതിൽ മലർക്കെ തുറന്ന് ടോർച്ചെടുത്ത് ഉൾഭാഗം പരിശോധിക്കാൻ തുടങ്ങി. പിന്നെ കേട്ടത് അമ്മയുടെ ഒരു രോദനമായിരുന്നു.

"എന്റെ പരദേവതേ... ഇവനെന്തിനാ ഈ പണിയൊപ്പിച്ചത്? അതും ഇവ്ടെത്തന്നെ വേണേന്വോ.... "

അതും പറഞ്ഞ് അമ്മ ഓരോ സാധനങ്ങളായി പുറത്തെടുത്തിടാൻ തുടങ്ങി. ഒരു കുഞ്ഞു സഞ്ചിയിൽ കുറച്ച് കുപ്പായങ്ങൾ, അടപ്പുള്ള ഒരു 'ഡബ്ബ'യിൽ കുറേ ചില്ലറത്തുട്ടുകൾ, ഒരു പഴയ പേഴ്സിൽ കുറച്ച് രൂപാ, വേറൊരു ഡബ്ബയിൽ ഇളയമ്മയുടെ പഴയ വെള്ളി പാദസരം, അമ്മയുടെ ഒരു സ്വർണ്ണ മോതിരം, പിന്നെ ഇത്ര നേരവും പരാതിയ ഇളയമ്മയുടെ കമ്മലും കൂടാതെ ചമ്പൽ കൊള്ളക്കാരെക്കുറിച്ചുള്ള നാലഞ്ച് പുസ്തകങ്ങൾ, ഒരു ഭൂപടം, രണ്ട് സിനിമാ പുസ്തകങ്ങൾ, ഒരു ഇംഗ്ലീഷ് കീശാനിഘണ്ടു, തമിഴ്-മലയാളം പഠനസഹായി.....

പിന്നെ അമ്മക്ക് ഭ്രാന്ത് പിടിച്ചത് പോലെയായിരുന്നു. സാധനങ്ങൾ വലിച്ചിച്ചിട്ട്‌ കഴിഞ്ഞതും എന്റെ തലയിൽ ടോർച്ചുകൊണ്ട് അടി വീണതും ഒരുമിച്ചായിരുന്നു. ഞാൻ മൂക്കടിച്ച് താഴെ വീണു. പിന്നെ തലങ്ങും വിലങ്ങും അടികളുടെ പൂരമായിരുന്നു. അനിയന്മാർ വാവിട്ട് കരയാൻ തുടങ്ങി. വേദനിച്ചെങ്കിലും ഞാനൊരു വല്ലാത്ത നഷ്ടബോധത്തിലായിരുന്നു. കണ്ണുനീര് വന്നെങ്കിലും കരച്ചിലിന് അധികം ശബ്ദം പുറത്ത് വന്നിരുന്നില്ല. അപ്പഴേക്കും അച്ഛനും ക്രൈം സീനിലെത്തി. അമ്മ അലറിത്തല്ലുകയാണ്.

"എന്താടായിത്?  ഇതൊക്കെ നീയല്ലേ കൊണ്ടാച്ചേ...."

"എനക്കറീല്ലമ്മേ.... എനക്കറിഞ്ഞൂടമ്മേ...."

"നീയെന്താ നായേ കര്തിയേ? നിന്റെ കള്ളക്കളി ആരും കാണൂല്ലാന്നാ? പരദേവതയാടാ ഇതിപ്പം കാണിച്ച് തന്നേ.. അല്ലെങ്കില് ഞാനെന്തിനാ ഈ മുറിയിപ്പം തൊറന്നത്?.. നീ ആളൊരു വമ്പനാണല്ലോ... അച്ചിക്കള്ളൻ... മിണ്ടാണ്ടിരിക്ക്ന്ന കണ്ടില്ലേ.... ഇങ്ങനെയൊന്ന് ഈ തറവാട്ടിൽത്തന്നെ ജനിച്ചല്ലോ....."

"നിങ്ങള് കണ്ടോ... നിങ്ങളെ മോന്റെ കൊണം കണ്ടോ.... എന്തൊക്കെയാ കട്ട് കൊണ്ടാച്ചേന്ന് നോക്ക്... തെണ്ടി, കള്ളൻ... പറയിപ്പിക്കാൻ ജനിച്ച സാധനം..."

അച്ഛൻ പുറത്തെടുത്തിട്ട സാധനങ്ങളോരോന്നും പരിശോധിക്കുകയാണ്.

"നീ മാറി നിക്ക്..." അച്ഛൻ അമ്മയോടായി പറഞ്ഞു... അച്ഛൻ ആകെ ദേഷ്യം കൊണ്ട് വിറക്കുകയാണ്. സ്വതവേ അച്ഛന്റെ മുന്നിൽ പോലും പേടിച്ചിട്ട് ഞാൻ പോകാറുണ്ടായിരുന്നില്ല. പക്ഷേ ഇപ്പോ മനസ്സു കൊണ്ടും ശരീരം കൊണ്ടും വീണുകിടക്കുകയാണല്ലോ.

"ഇതെല്ലം എന്ത്ന്നാടാ? ഈ കാണ്ന്നയെല്ലം എന്താ? നീയെന്തിനാ ഈ പൈശയെല്ലം എടുത്തത്? ഈ സ്വർണ്ണോം വെള്ളീയെല്ലം നിനക്കെന്തിനാ ?

ഞാൻ തല കുമ്പിട്ട് കിടക്കുകയാണ്

"പറയെടാ.. നിന്റെ നാവേട്യാ പോയെ" അപ്പഴേക്കും എനിക്ക് അച്ഛന്റെ വകയും രണ്ട് മൂന്ന് കൈ പ്രയോഗങ്ങളേറ്റിരുന്നു.

"അത്.. അത്..."
"എന്ത് കത്.. കത്‌.... ഈ കൊള്ളക്കാര്ടെയല്ലം പുസ്തകം നിനക്കെന്തിനാ? അതൂം.. വായിക്കുന്ന പൊസ്തകം എന്തിനാ ഒളിപ്പിച്ച് വെച്ചേ ? ഈ സിനിമാ പുസ്തകം എന്തിനാ? നീയെന്താ ജയന്റെ മരുമോനാന്നോ ?" അതും പറഞ്ഞ് അച്ഛൻ മേൽക്കൂരക്കിടയിൽ തിരുകി വച്ചിരുന്ന ഞങ്ങളെ സ്ഥിരം അടിക്കാൻ ഉപയോഗിച്ചിരുന്ന പുളിവടിയെടുത്തു. സാധാരണ പുളിവടിയെടുക്കുമ്പോ അമ്മ തടസ്സം പിടിക്കാൻ വരുന്നതാണ്, പക്ഷേ ഇപ്പൊ അമ്മ അനങ്ങുന്നില്ല, ഇടക്ക് അമ്മയും ദേഷ്യം കൊണ്ട് എന്തൊക്കെയോ വിളിച്ച് പറയുന്നുണ്ട്. ഇതൊക്കെ കണ്ട് എന്റെ എളേമ്മ വാതിലിന് പുറകിൽ ഒളിച്ചു. അനിയന്മാരും എളേമ്മയും  ഇടക്കിടക്ക് എത്തിനോക്കുന്നത് എനിക്ക് കാണാം. വടിയും എടുത്ത് അച്ഛൻ വീണ്ടും ചോദ്യങ്ങൾ തുടങ്ങി.

"എടാ എല്ലം ശെരിക്കും തൊറന്ന് പറഞ്ഞോ... അല്ലെങ്കില് നിന്റെ കാര്യം പോക്കാ.. നിന്നെ ഞാനിന്ന് ശെരിപ്പെടുത്തും..."

എന്നിട്ടും ഞാൻ ഒന്നും പറഞ്ഞില്ല... എന്ത് പറയും? കൊള്ളക്കാരനാകാൻ   തുനിഞ്ഞ കഥയോ....

"കണ്ടില്ലേ അവന്റെ ധിക്കാരം കണ്ടില്ലേ? എന്തെങ്കിലും ഓൻ മിണ്ടുന്നുണ്ടോ? അഹങ്കാരി.. കള്ളൻ..." അമ്മക്ക് കലി അടങ്ങുന്നില്ല. അപ്പഴേക്കും പുളിവടി ഒന്ന് രണ്ട് തവണ എന്റെ കാലിലും ചന്തിക്കും വീണിരുന്നു.

"പറയെടാ.. ഈ പൈശ നിനക്കെന്തിനായിരുന്നു? ഈ പുസ്തകെല്ലം ഒളിപ്പച്ചയെന്തിനാ?... ഈ സഞ്ചീം കുപ്പായോം കൊണ്ടെന്താ നീ നാട് വിടാൻ പോആ?.... പറയെടാ കഴ്തേ...." അടി പിന്നേം വീണു. ഞാൻ കിടന്ന് പുളഞ്ഞു പോയി. ഇനി അടി താങ്ങാൻ എനിക്കാവില്ല. ഇനി കാര്യങ്ങൾ നേരെ ചൊവ്വേ പറയുന്നത് തന്നെയാണ് നല്ലത് എന്നെനിക്ക് തോന്നി. അല്ലെങ്കിലെന്റെ കാലും കൈയ്യും തലയും എല്ലാം പൊട്ടിച്ചിതറുമെന്ന ചിന്ത എന്റെ മൌനത്തിന് അന്ത്യം വരുത്തി.

"ഇല്ലച്ഛാ ഞാമ്പറയാച്ഛാ.... എല്ലം പറയാച്ഛാ..."  ഞാൻ കരഞ്ഞോണ്ട് കാര്യങ്ങളോരോന്ന് പറയാൻ തുടങ്ങി. നമ്മളുടെ പണസമാഹരണത്തെപ്പത്തിയും കൊള്ളസംഘത്തിനെപ്പറ്റിയും സിനിമാഭിനയ പ്ലാനിനെപ്പറ്റിയും എല്ലാം തത്ത പറയുമ്പോലെ ഞാൻ പറഞ്ഞു. അച്ഛനും അമ്മയും ഇതൊക്കെ കേട്ട് തലയിൽ കൈ വച്ചിരിക്കുകയാണ്.

"എന്റെ ഗുരുകാർണ്ണോമ്മാരേ ഇവനാള് മോശോല്ലല്ലോ.... ഇവന്തെന്ന്യാന്നോ ഇതെല്ലം പറേന്നത്?... കൊള്ളസംഘോ... ഇവനോ.... കൊള്ളക്കാരനാകാൻ പോആനോ?..... അതൂ ഈ ട്രൌസറൂട്ട്, ഇവ്ട്ന്ന് തലശ്ശേരി വരെപോലും ഒറ്റക്ക് പോആനറിയാത്തോൻ.....  ജ്യേഷ്ഠ....   " അമ്മ സങ്കടപ്പെട്ട് വീണ്ടും തല്ലാൻ വന്നു.

"വേണ്ട..." അച്ഛൻ അമ്മയെ തടഞ്ഞു.
"ഇവന്റെ കാര്യം ഞാൻ നോക്കിക്കോളാം... അപ്പോ നീയെന്താ പറഞ്ഞേ...? കൊള്ളസംഘാ സിനിമയാ....  ഞീയും നിന്റെ ചങ്ങായിമാരും കൊള്ളാലോ..." ഓരോ വാക്ക് പറയുമ്പോഴും എനിക്ക് അടി കിട്ടുന്നുണ്ടായിരുന്നു.

"എന്തെല്ലാടാ കട്ടത്?.. പൈശ, സ്വർണ്ണം , വെള്ളി..... കാട്ട്കള്ളന്മാര് വെരെ ഇങ്ങനെ കക്ക്വോ?..... പെറുക്കി... ഫാ...." അതും പറഞ്ഞ് ആഞ്ഞൊരു ചവിട്ടായിരുന്നു.... ഞാൻ തെറിച്ച് മുറ്റത്ത് വീണുപോയി. മുറ്റത്ത് നിന്ന് വീണ്ടും കിട്ടി... അപ്പഴേക്കും അമ്മ ഇടപെട്ടു.

"എടാ നീയിനി കക്ക്വോ...?  പറ നീയിനി കക്ക്വോ..."
"ഇല്ലമ്മേ... കക്കൂല്ലമ്മേ ഇനി കക്കൂല്ലമ്മേ...."
"നിനക്ക് കൊള്ളസംഘം ഉണ്ടാക്കണോ? "
"വേണ്ടമ്മേ"
"ഇനി നാട് വിട്വോ ?"
"ഇല്ലമ്മേ"
"സിനിമേല് പോണോ ?..."
"വേണ്ടമ്മേ..."

ഓരോന്ന് ചോദിക്കുമ്പോഴും അമ്മ കവിളിൽ അടിക്കുന്നുണ്ടായിരുന്നു. അമ്മ എണ്ണയും വലിച്ച് വീണ്ടും ഗുരുകാരണോന്മാരുടെ പടിക്കൽ കൊണ്ടുപോയി.

"ചെയ്യ്‌.. സത്യം ചെയ്യ്‌...വേഗം.. ഇനി ഇങ്ങെനെയൊന്നും ണ്ടാഊല്ലാന്ന് സത്യം ചെയ്യ്‌.."

ഞാൻ സ്രാഷ്ടാംഗം വീണ് നമസ്കരിച്ച് സത്യം ചെയ്തു. അങ്ങനെ അടി നിന്നു. അച്ഛനപ്പോഴും എന്തൊക്കെയോ പറഞ്ഞ് മുറുമുറുക്കുന്നുണ്ടായിരുന്നു.

"ഇങ്ങനെയ്ണ്ടോ കുട്ട്യള്... കള്ളൻ... കാലമാടൻ... പറയിപ്പിക്കാനായി ജനിച്ച സാധനം... ഓന്റ്യൊര് കൊള്ളസംഘോം സിനിമേം... ഖള്ളൻ..."

വീട്ടിലാകെയൊരു യുദ്ധം കഴിഞ്ഞ അവസ്ഥ. അനിയന്മാരും എളേമ്മയും ഒന്നും മിണ്ടുന്നില്ല. ആരുമാരും കുറച്ചു നേരത്തേക്ക് അനങ്ങിയില്ല. കുറച്ച് കഴിഞ്ഞപ്പോൾ, അടി കിട്ടിയ ക്ഷീണത്തിൽ  ഞാനുറങ്ങിപ്പോയി. പിന്നെയെഴുന്നേറ്റത് പിറ്റേന്ന് കാലത്ത് മാത്രമായിരുന്നു. അപ്പഴേക്കും എന്റെ വെളിപ്പെടുത്തലിന്റെ പിൻബലത്തിൽ, എന്റെ ചങ്ങാതിമാർ നാട് വിടുന്നതൊഴിവാക്കാനായി, അച്ഛൻ എന്റെ ചങ്ങാതിമാരുടെ വീടുകളിലേക്ക് പുറപ്പെട്ട് കഴിഞ്ഞിരുന്നു. എന്റെ കയ്യും കവിളും കാലുമെല്ലാം നീര് വന്ന് വീങ്ങി തടിച്ചതിനാൽ വീങ്ങിയിറുങ്ങിയ കണ്ണുകൊണ്ട് എല്ലാം കണ്ടു നിൽക്കാനേ എനിക്ക് കഴിഞ്ഞുള്ളൂ. എല്ലാ പ്ലാനും പൊളിഞ്ഞ് തരിപ്പണമായതിലായിരുന്നു എന്റെ വേദന മുഴുവൻ... ഈ സംഭവത്തിന് ശേഷം കുറേ ദിവസം വീട്ടുതടങ്കൽ പോലെയുള്ള ഒരവസ്ഥയിലായിരുന്നു ഞാൻ. എവിടെയെങ്കിലും ഓടിപ്പോയ്ക്കളയുമോ എന്നാ ഭയം കൊണ്ടാകാം, എപ്പോഴും ആരുടെയെങ്കിലും കണ്ണ് എന്റെ മേലെ ഉണ്ടാവുമായിരുന്നു.

വിഷുവും കഴിഞ്ഞ് ഒരാഴ്ചക്കുള്ളിൽ സ്കൂളിൽ നിന്ന് ടി സി യും വാങ്ങി, എന്നെ വേറൊരു പള്ളിക്കൂടത്തിൽ ചേർത്ത്, ഞങ്ങൾ സുഹൃത്തുക്കൾ കാണുന്നതും ഇല്ലാതാക്കിയപ്പോൾ അച്ഛനും അമ്മയും കൂടി തകർത്തത് ഭാവിയിൽ ഉണ്ടാകാൻ പോകുന്ന ഒരു വലിയ കൊള്ളസംഘത്തേയോ അല്ലെങ്കിൽ ഭാവിയിലെ സിനിമാ നടന്മാരെയോ ഒക്കെയായിരുന്നു !


*****

2014 ഡിസംബർ 14, ഞായറാഴ്‌ച

ഉമ്മാ... ഓറെ മൂക്ക്നെത്ര്യാ ഓട്ട..


(കുറിപ്പ്: ഈ കഥയിലെ കഥാപാത്രങ്ങൾക്ക് ഇപ്പോൾ ജീവിച്ചിരിക്കുന്നതോ അല്ലാത്തതോ ആയ ആരുമായും സാമ്യമില്ല. അഥവാ സാമ്യം തോന്നുകയാണെങ്കിൽ അത് തികച്ചും യാദൃശ്ചികമാണ്.)

ഒരു ബാല്യകാലസഖി. അതെ, അവളെ ചുറ്റിപ്പറ്റിയാണ് കഥനം പുരോഗമിക്കുന്നത്.

എട്ടാം തരത്തിൽ പഠിക്കുന്ന കാലം. എന്റെ പഠിത്തം, നമ്മുടെ നാട്ടിലെ യു പി പള്ളിക്കൂടത്തിൽ നിന്ന് ദൂരത്തുള്ളൊരു ഹൈസ്കൂളിലേക്ക് മാറിയിട്ട് മൂന്നു നാലു മാസമായിക്കാണും.

ആ സ്കൂൾ മാറ്റത്തിന് എനിക്ക് താല്പര്യം തീരെ ഉണ്ടായിരുന്നില്ല. കാരണങ്ങൾ പലതുണ്ട്. ഒന്നാമത്, എന്റെ അച്ഛൻ ആ ഹൈസ്കൂളിലായിരുന്നു പഠിപ്പിച്ചുകൊണ്ടിരുന്നത്. വീട്ടിൽ സ്വാതന്ത്ര്യം തീരെ ഇല്ലാതിരുന്നത് കൊണ്ട് ആകപ്പാടെ നമ്മുടെ കളികൾ നടന്നിരുന്നത് സ്കൂളിലായിരുന്നു. പിന്നെ, യു പി പള്ളിക്കൂടത്തിലേക്ക് രണ്ടു കിലോമീറ്റർ നടക്കാനുണ്ടായിരുന്നെങ്കിൽ ഈ പറയുന്ന ഹൈസ്കൂളിലേക്ക് നാല് കിലോമീറ്റർ നടക്കണം. നടക്കുന്നത് മാത്രമോ, പാദരക്ഷയില്ലാതെ പോണം. ശീലമായിരുന്നതിനാൽ പാദരക്ഷയില്ലായ്മയൊന്നും ഒരു പ്രശ്നമായിരുന്നില്ല.

പക്ഷേ മേല്പറഞ്ഞ കാരണങ്ങളൊക്കെ വെറും കാരണങ്ങളായിരുന്നു. ശരിയായ കാരണത്തിന്റെ കാരണം, ഒരു പെണ്‍കുട്ടിയായിരുന്നു. എന്റെ കൂടെ ഏഴാം തരത്തിലും ആറാം തരത്തിലും പഠിച്ചവൾ, ഒരു കൊച്ചു സുന്ദരി - ഫസീല. ഏഴാം തരം കഴിഞ്ഞിട്ട് ഞാൻ പോകാൻ പോകുന്ന ഹൈസ്കൂളിൽ അവൾ വരാൻ പോകുന്നില്ല. അവൾ, അവളുടെ വീടിനടുത്തുള്ള വേറൊരു ഹൈസ്കൂളിലാണ് ചേരാൻ പോകുന്നത്. ഇതെനിക്കെങ്ങനെ സഹിക്കും?

ചോദിക്കാൻ അവകാശമുണ്ടായിരുന്നില്ലെങ്കിലും സ്കൂൾ പൂട്ടിയ സമയത്ത് ഞാൻ അച്ഛനോട് ചോദിച്ചു നോക്കി. രൂക്ഷമായ ഒരു നോട്ടം മാത്രമായിരുന്നു ഉത്തരം. 'നോ' രക്ഷ. ഇതെനിക്ക് നേരത്തേ അറിയുമായിരുന്നത് കൊണ്ടും, എന്റെ സാഹചര്യങ്ങൾ വളരെ പരിമിതമായിരുന്നതു കൊണ്ടും ഞാനും ഫസീലയും ആകപ്പാടെ ചിന്താക്കുഴപ്പത്തിലായിരുന്നു.

ഏഴാം തരത്തിലെ പരീക്ഷ കഴിഞ്ഞ അന്ന്, എങ്ങനെയൊക്കെയോ പരീക്ഷ പൂർത്തിയാക്കി നമ്മൾ രണ്ടു പേരും സ്കൂളിന്റെ പടിഞ്ഞാറുഭാഗത്തെ നെല്ലിമരച്ചോട്ടിൽ കൂടിയിരുന്ന് കുറച്ച് സങ്കടങ്ങൾ പങ്കുവച്ചു. എന്നെക്കാൾ കൂടുതൽ പരിഷ്കാരി ആയിരുന്ന അവൾ, ഒരു പുസ്തകം എടുത്തിട്ട് എന്നോട് ആട്ടോഗ്രാഫ് എഴുതാൻ പറഞ്ഞതും അന്നാണ്. ആട്ടോഗ്രാഫ് എന്ന പേരുതന്നെ ആദ്യമായി കേൾക്കുന്നത് കൊണ്ട് എന്താണ് അതിൽ എഴുതേണ്ടത് എന്ന ഒരു നിശ്ചയവും എനിക്കുണ്ടായിരുന്നില്ല. ഒടുവിൽ ഫസീലയുടെ നിർബന്ധം കാരണം അന്നെനിക്കറിയുന്ന സാഹിത്യഭാഷയിൽ ഏകദേശം ഇങ്ങനെയെഴുതി - 'വെളുത്ത് തുടുത്ത്, വട്ടമുഖമുള്ള, ഇളം നീല പൂച്ചക്കണ്ണും ഭംഗിയുള്ള ചുണ്ടുകളുമുള്ള, തട്ടമിട്ട നിന്നെ ഞാനൊരിക്കലും മറക്കൂല.' അവസാനം എന്റെ രണ്ട് കൈകളും കൂട്ടിപ്പിടിച്ച്, കുറേ മിഠായികൾ എന്റെ കൈകളിൽ വച്ച് തന്നിട്ട് കരഞ്ഞുകൊണ്ടാണ് അവൾ ഓടിപ്പോയത്.

ഒരു വലിയ പിണക്കത്തിലൂടെയായിരുന്നു ഞങ്ങൾ ചങ്ങാതിമാരായത് . ആറാം തരത്തിൽ ഞങ്ങളുടെ ക്ലാസ്സ് ലീഡറായിരുന്നു ഫസീല. വേറൊരു സ്കൂളിൽ നിന്ന് വന്നത് കൊണ്ടും ക്ലാസ്സിന്റെ തുടക്കത്തിൽ തമ്മിൽ തമ്മിൽ ആരെയും പരിചയമില്ലാതിരുന്നതുകൊണ്ടും, ആർക്കൊക്കെ മത്സരിക്കണം എന്ന് രാമൻ മാഷ്‌ ചോദിച്ചപ്പോൾ ആരും എഴുന്നേറ്റില്ല. ഫസീല അതേ സ്കൂളിൽ നിന്ന് തന്നെ വന്നത് കൊണ്ടും മോശമില്ലാതെ പഠിച്ചിരുന്നത് കൊണ്ടും അവസാനം രാഘവൻ മാഷ്‌ അവളെ ക്ലാസ്സ് ലീഡറാക്കി.

കാൽക്കൊല്ലപ്പരീക്ഷ തുടങ്ങുന്ന സമയത്ത് തന്നെ രാമൻ മാഷ്‌ ഫസീലയോട് 'ഉഷാറാക്കണം' എന്ന് പറഞ്ഞിരുന്നു. പിന്നെയാണ് അറിഞ്ഞത്, അഞ്ചാം തരത്തിൽ അവൾക്കായിരുന്നു അവിടെ കൂടുതൽ മാർക്ക്. പക്ഷേ ആറാം തരത്തിലെത്തിയപ്പോൾ അവളുടെ സ്ഥാനം എന്റെ താഴെയായി. ഇത് കാരണം അവൾക്കെന്നോട് നീരസം ഉണ്ടായിരുന്നതായി എന്റെ സഹപാഠിയായ, അവളുടെ അയൽവാസിയായ സധു എന്നോട് പറഞ്ഞിരുന്നു.

അരക്കൊല്ല പരീക്ഷ കഴിഞ്ഞ സമയം. ഒരു ദിവസം ക്ലാസ്സിൽ മാഷില്ലാതിരുന്ന സമയത്ത് നമ്മൾ പിള്ളേരെല്ലാം കലപില കൂടി ആകപ്പാടെ ഒരു ബഹളം. പെട്ടെന്ന് ഹെഡ്മാഷായ സുകുമാരൻ മാഷ്‌ ക്ലാസ്സിൽ കേറി വന്നു. എല്ലാവരോടും എന്തെങ്കിലും എടുത്തു വായിക്കാനും ഒച്ചവെക്കുന്നവരുടെ പേരെഴുതാൻ ലീഡറോട് നിർദ്ദേശിക്കുകയും ചെയ്തു. ഫസീല ഉടനെ ഒരു പേപ്പറും പെൻസിലുമായി മാഷിരിക്കുന്ന മേശക്കരികിലേക്ക് നീങ്ങി. നമ്മളൊക്കെ എന്തൊക്കെയോ വായിക്കുന്നത് പോലെ കാണിച്ച് അടങ്ങിയിരിക്കാൻ ശ്രമിച്ചു. ഇതിനിടയിൽ  സധു എന്നോട് എന്തോ ചോദിച്ചു. ഞാൻ അതിന് പതുക്കെ ഉത്തരവും പറഞ്ഞു. കണക്കിലെ എന്തോ സംശയം ആയിരുന്നു. കുറച്ച് കഴിഞ്ഞ് സുകുമാരൻ മാഷ്‌ പിന്നെയും കേറിവന്നു. ഫസീലയോട് എഴുതിയ പേരുകൾ കാണിക്കാൻ പറഞ്ഞു. സുകുമാരൻ മാഷ്‌ പേരുകൾ വിളിക്കാൻ തുടങ്ങി. പേരു വിളിച്ചപ്പോ ഞാനൊന്ന് ഞെട്ടി. അതെന്റെ പേരായിരുന്നു. ആകെ വിളിച്ചതും ഒരേയൊരു പേര്. എന്റെ പേര് മാത്രം. അവളുടെ നീരസം ഈത്തരത്തിൽ പ്രകടിപ്പിക്കും എന്ന് ഞാൻ ഒരിക്കലും കരുതിയതല്ല. എനിക്കാകെ തല കറങ്ങുന്നത്‌ പോലെ തോന്നി. കാരണം സുകുമാരൻ മാഷുടെ അടി ഒരു ഒന്നൊന്നര അടിയാണ്. അത് മറ്റുള്ള കുട്ടികൾക്ക് കിട്ടുന്നത് ഞാൻ കുറേ കണ്ടതാണ്. രണ്ടു കയ്യും നീട്ടണം. പിന്നെ രണ്ടു കൈക്കും കുറുകെ പ്രത്യേകം മിനുക്കിയ ഒരു പേരവടി നിമിഷത്തിൽ നാലഞ്ചു തവണ ഉയർന്നു താഴും. അപ്പഴേക്കും പിള്ളേർ മൂത്രമൊഴിച്ചു പോകും.

മൂത്രമില്ലാഞ്ഞിട്ടാണോ എന്നറിയില്ല, എന്തായാലും ഞാൻ മൂത്രമൊഴിച്ചില്ല, പക്ഷേ എന്റെ രണ്ടു കൈയ്യുടെയും ഉള്ളംകൈ പൊട്ടിയ പോലെ ചുവന്നിരുന്നു. എന്റെ മനസ്സ് ആകപ്പാടെ ഒരുതരം വിദ്വേഷത്തിന്റെതായി. എങ്ങനെ എന്റെ പേരു വന്നു എന്ന് ഒരു നിശ്ചയവും ഇല്ല. സുകുമാരൻ മാഷ് വിശദീകരിക്കാനും അനുവദിച്ചില്ല. സധുവിന് കണക്കിലെ സംശയം പറഞ്ഞ് കൊടുത്തതേ എനിക്കറിയൂ. ഓരോ അടി കിട്ടുമ്പോഴും ഞാൻ ഫസീലയെ രൂക്ഷമായി നോക്കും. എനിക്കപ്പോൾ അവളെ ജ്യോതി ടാക്കീസിന്റെ പിന്നിലുള്ള കുളത്തിൽ മുക്കാനായിരുന്നു തോന്നിയത്.

വൈകീട്ട് വീട്ടിലെത്തിയ ശേഷം കൈകൾ വീട്ടിൽ  കാണിക്കാതിരിക്കാൻ പെട്ട പാട് എനിക്കേ അറിയൂ. കണ്ടിരുന്നെങ്കിൽ അച്ഛന്റെ വക വേറെയും കിട്ടിയേനെ. പിറ്റേന്ന് ക്ലാസ്സിൽ വന്നപ്പോ ഞാനാരോടും മിണ്ടിയില്ല. മധുവിനാണെങ്കിൽ എന്നോട് മിണ്ടാൻ ഒരു വിഷമം. എന്റെ കൈ അപ്പോഴും ചുവന്നു തുടുത്തിട്ടുണ്ടായിരുന്നു. എഴുതാനും വരയ്ക്കാനും ഒക്കെ വല്ലാത്ത വിഷമം. സയൻസിന്റെയും കണക്കിന്റെയും പിരിയെഡുകളുടെ ഇടയുക്കുള്ള സമയത്താണ് സധു സ്വകാര്യമായി പറഞ്ഞത്:

"ഡാ.. ഡാ.. നോക്കടാ... ഓളിന്നെത്തന്ന്യാടാ.... നോക്കുന്ന്"

കാര്യം ശരിയാണ്. ഫസീല അവളുടെ ഡസ്കിൽ തല ചരിച്ചു വച്ച് ഇടത്ത് ഭാഗത്തിരിക്കുന്ന എന്നെത്തന്നെ നോക്കുകയാണ്. അവളുടെ ആ നോട്ടം എന്നിൽ അവളോടുള്ള വെറുപ്പ്‌ കൂട്ടിക്കൊണ്ടേയിരുന്നു. ഞാനവളെ നോക്കി പല്ലിറുക്കി. എന്നിട്ടും അവളൊരേഭാവത്തിൽത്തന്നെ നോക്കിക്കൊണ്ടിരുന്നു. മോശമില്ലാതെ പഠിക്കുന്നവരും കുള്ളന്മാരും ക്ലാസ്സിൽ മുൻനിരയിലാണ് ഇരുന്നിരുന്നത്. ഈ പറഞ്ഞ രണ്ടു ഗണത്തിലും പെട്ട ഞാൻ, സ്വാഭാവികമായും ആണ്‍കുട്ടികളുടെ മുൻ നിരയിലായി. ഫസീലയാണെങ്കിൽ പെണ്‍കുട്ടിളുടെ നിരയിലെ മുൻ ബഞ്ചിലാണ് ഇരുന്നിരുന്നത്.

ഉച്ചഭക്ഷണത്തിന്റെ സമയം. സാധാരണ ഞാനും ഫസീലയും രശ്മിയും ആണ് ക്ലാസ്സിൽ ഇരുന്ന് ഭക്ഷിക്കുന്നത്. ബാക്കിയുള്ളവർ ഒന്നുകിൽ വീട്ടിൽ പോകും അല്ലാത്തവർ കടയിൽ നിന്ന് കഴിക്കും. ഞാൻ എന്റെ ഭക്ഷണപ്പെട്ടി തുറക്കാനുള്ള ഒരു ശ്രമം നടത്തുകയായിരുന്നു. കൈ വേദന കാരണം തുറക്കാൻ ഞാൻ പാട് പെട്ടു. ഈ പാട് കണ്ടപ്പോൾ ഫസീല എന്റെ അടുത്തു ഡബ്ബ തുറക്കാൻ സഹായവുമായി വന്നു. ഞാൻ അറിയാതെ "ദൂരെ പോ..." എന്ന് ഒച്ചയിട്ടു. എന്നിട്ടും അവൾ പോയില്ല. നോക്കിയപ്പോ അവൾ കരയുകയായിരുന്നു. കണ്ണ് മുഴുവൻ നിറഞ്ഞ് തുളുമ്പി ഒറ്റ നിൽപ്പ്. ഇത് കണ്ട് എനിക്ക് പേടിയായി. ദൈവമേ, ഇവളുടെ കരച്ചിൽ ഇനി കുമാരൻ മാഷെങ്ങാനും കണ്ടാൽ എന്റെ കാര്യം പോക്കു തന്നെ.

"ലഞ്ച് ബോക്സ്‌ എനക്ക് താ.. ഞാൻ തൊറന്നേരാം."

പേടി കാരണം ഞാൻ 'വേണ്ട' എന്ന് പറഞ്ഞില്ല. അവൾ ഭക്ഷണപ്പെട്ടി പിടിച്ചു വാങ്ങി തുറന്നു തന്നു. എന്നിട്ട് അവളുടെ ഡബ്ബയെടുത്ത് എന്റെയരികത്ത് വന്നിരുന്നു. രശ്മി ഒരു ഒരു പാവം ആയതുകൊണ്ടെന്നപോലെ എല്ലാം കണ്ടിട്ടും ഒന്നും മിണ്ടാതെ ഭക്ഷണം കഴിച്ചു കൊണ്ടേയിരുന്നു. എനിക്കാണെങ്കിൽ,  ഫസീലയുടെ കരച്ചിൽ ആരെങ്കിലും കാണുമോ എന്ന പേടിയും ഒരു പെണ്ണ് അടുത്തു വന്ന് കുണുങ്ങുന്നതിന്റെ നാണവും എന്നെ അടി കൊള്ളിപ്പിച്ചതിലുള്ള ദേഷ്യവും ഒക്കെ കൂടിക്കലർന്ന ഒരു സമയമായിരുന്നു അത്.

"ഇന്നലെ വീട്ടിലേക്ക് പോകുമ്പോ സധു എല്ലം എന്നോട്  പറഞ്ഞു."
ഞാൻ മിണ്ടിയില്ല.
"കൈക്ക് വേദന ഉണ്ടോ?"
"സോറി"
എന്നിട്ടും ഞാൻ ഒന്നും പറഞ്ഞില്ല.
"എന്നോടൊന്ന് ചിരിക്ക്യോ"

ആ ചോദ്യത്തിൽ, ആ സംഘർഷത്തിലും ഞാനറിയാതെ ചിരിച്ചു പോയി. അവിടെയായിരുന്നു, ആ സമയത്തായിരുന്നു ഞങ്ങൾ അറിയാതെ നല്ല ചങ്ങാതിമാരും ചങ്ങാതിമാർക്ക് മുകളിലുള്ള മറ്റെന്തൊക്കെയോ പോലെ ആയതും. അതുവരെ ഒറ്റയ്ക്കൊറ്റക്ക് ഉച്ചഭക്ഷണം കഴിച്ചിരുന്ന നമ്മൾ, പിന്നെ എല്ലാ ദിവസവും ഒരുമിച്ചായിരുന്നു കഴിച്ചത്. അവൾ വീട്ടിൽ നിന്ന് ഉണ്ടാക്കിക്കൊണ്ട് വരുന്ന, മുട്ടമാല പോലുള്ള  പലതരത്തിലുള്ള രുചികരമായ പലഹാരങ്ങൾ എനിക്ക് കിട്ടാൻ തുടങ്ങി. അവളുടെ ഉപ്പ ദുബായിൽ ആയിരുന്നത് കൊണ്ട് 'ഹീറോ' പേനയും മറ്റു ചില ദുബായ് സാധനങ്ങളും എന്റെ ഓലക്കൂരയിൽ ആരും കാണാതെ എത്താൻ തുടങ്ങി.

എന്റെ വീട്ടിലെ പുര പുതയ്ക്കലിന്റെയും, പശുവിന്റെയും ആടിന്റെയും കൂടെയൊക്കെയുള്ള ജീവിതത്തിന്റെയും, നീന്തൽ അറിയില്ലെങ്കിലും തോട്ടിൽ മുങ്ങാംകുളിയിടുന്നതിന്റെയും, വലിയ മരങ്ങളിൽ കയറി മരം ചാടിക്കളിക്കുന്നതിന്റെയും, പറമ്പിലെ വീരശൂരപരാക്രമികളായ കാട്ടുമൃഗങ്ങളുമായുള്ള സംഘട്ടനങ്ങളെക്കുറിച്ചും മറ്റുമുള്ള സാഹസിക കഥകൾ കാല്പനികതകൾ വേണ്ടുവോളം നിറച്ച് ഞാനവളെ കിട്ടുന്ന സമയങ്ങളിലൊക്കെ ഹരം കൊള്ളിച്ചു. ഉമിനീര് കൊണ്ട് ഞാൻ പറത്തിവിടുന്ന കുമിളകൾ റൂളർ സ്കെയിൽ കൊണ്ട് ഓടിനടന്ന് പൊട്ടിക്കാൻ അവൾക്ക് ഇഷ്ടമായിരുന്നു. ഇതേ സമയത്ത്, സധു, ഇന്ദു എന്ന ഒരു പെണ്‍കുട്ടിയുമായി ചങ്ങാത്തത്തിലായി. സ്കൂളിലെ നെല്ലിമരച്ചുവട് ഞങ്ങളുടെ കളിതമാശകളാൽ മുഖരിതമായി. അങ്ങനെ, പഠിപ്പിന്റെ കൂടെ സ്കൂളിൽ പോകുന്നതിന് മറ്റൊരു മാനവും കൂടിയുണ്ടായി.

ഒരിക്കൽ പോലും ഒരു പ്രേമലേഖനം കൈമാറിയില്ലെങ്കിലും, ഒരിക്കൽ പോലും പരസ്പരം 'ഇഷ്ടമാണ്' എന്ന് പറഞ്ഞില്ലെങ്കിലും മറ്റുള്ളവർ കണ്ടും കാണാതെയും ഒക്കെ ഞങ്ങൾ ആ പ്രായത്തിലെ രാധാകൃഷ്ണൻമാരായി. ആറാം തരം കഴിഞ്ഞപ്പോൾ, ഏഴാം തരത്തിലും ഒരേ ക്ലാസ്സിലായിരിക്കണേ എന്നായിരുന്നു ഞങ്ങളുടെ പ്രാർത്ഥന. ദൈവം നമ്മുടെ പ്രാർത്ഥന കേട്ടെങ്കിലും എത്തിപ്പെട്ടത് കേശവൻ മാഷുടെ ക്ലാസ്സിലായിരുന്നു. കേശവൻ മാഷെ പേടിക്കാൻ കാരണം അദ്ദേഹത്തിന്റെ കുപ്രസിദ്ധമായ 'നുള്ള്' (പിഞ്ച്) ആയിരുന്നു. ആണ്‍കുട്ടികളുടെ തുടയ്ക്കും പെണ്‍കുട്ടികളുടെ ചന്തിക്കും ആയിരുന്നു അദ്ദേഹത്തിന്റെ നുള്ള് വഹിക്കേണ്ടിവന്നിരുന്നത്.

ആ സമയത്തൊക്കെ നന്നായി പഠിച്ചിരുന്നത് കൊണ്ട് ഏഴാം തരത്തിൽ 'ക്ലാസ്സ് ലീഡറാ'വാൻ കേശവൻ മാഷ്‌ എന്നോട് താല്പര്യപ്പെട്ടു. ഞാൻ "ഞാനില്ല മാഷേ" എന്ന് തലയാട്ടി അറിയിച്ചപ്പോൾ വേറെ ആരുടെയെങ്കിലും പേര് പറയാൻ എല്ലാവരോടും കേശവൻ മാഷ്‌ ആവശ്യപ്പെട്ടു. ഞാൻ ഇത്തിരി ചമ്മലോടെ ഫസീലയെ നിർദ്ദേശിച്ചു. നിർദ്ദേശിച്ചതും, 'ബാക്ക് ബഞ്ചി'ലെ കൂട്ടുകാർ ശബ്ദമില്ലാതെ കൂവി.  ആറാം തരത്തിലെ 'ക്ലാസ്സ് ലീഡറാ'യിരുന്നതിനാലും ഞാൻ നാമനിർദ്ദേശം ചെയ്തതിനാലും കൂടിയായിരിക്കാം, ഫസീല വീണ്ടും 'ക്ലാസ്സ് ലീഡറാ'യി. അത് അവളെ വീണ്ടും പുളകം കൊള്ളിച്ച് കാണണം.

എന്തുകൊണ്ടോ, നമ്മൾ ചങ്ങാതിമാരായതിൽ പിന്നെ ഫസീലയുടെ പഠിപ്പ് താഴോട്ട് പോയി. ഏഴാം തരത്തിൽ പ്രത്യേകിച്ചും. ഈ കാരണം കൊണ്ട് തന്നെ കേശവൻ മാഷ്‌ പലതവണ അവളുടെ ചന്തിക്ക് പച്ചപ്പാവാട കൂട്ടിപ്പിടിച്ച് നുള്ളിയിട്ടുണ്ട്. ഓരോ തവണ നുള്ള് കിട്ടുമ്പോഴും, ഏത് ഭാഗത്തുള്ള ചന്തിക്കാണോ നുള്ള് കിട്ടുന്നത്, ആ  ഭാഗത്തുള്ള അവളുടെ കൊലുസിട്ട കാൽ, നുള്ളിന് അനുസൃതമായി മേലോട്ട് പൊങ്ങി പിന്നെ ശക്തിയോടെ താഴെ ചവിട്ടും. അപ്പോൾ കൊലുസിന്റെ ശബ്ദവും അവളുടെ കരച്ചിലും കൂടിക്കലരും. അവൾ വേദനിച്ച് കരയുമ്പോ, കേശവൻ മാഷുടെ മൊട്ടത്തലയിൽ കല്ലെറിയാൻ എനിക്ക് തോന്നിയിരുന്നു. മറ്റുള്ള ആരുടെ ചന്തിക്ക് പിഞ്ചിയാലും എനിക്ക് പ്രശ്നമായിരുന്നില്ല, പക്ഷേ അത് ഫസീലയുടെ ചന്തിക്കാകുമ്പോ എന്തോ അതെനിക്കും വേദനിച്ചു. അതെനിക്ക് സഹിച്ചിരുന്നില്ല. ചന്തിയായത് കാരണം 'തടവിത്തരട്ടെ' എന്ന് ചോദിക്കാനും ഒരു മടി. ഫസീലയുടെ ചന്തിക്ക് നുള്ളിയ ഒറ്റക്കാരണം കൊണ്ട്, കതിരൂരമ്പലത്തിൽ വച്ച്  ഒരു നടനും കൂടിയായ കേശവൻ മാഷ്‌ അഭിനയിച്ച 'സന്താനഗോപാലം' എന്ന നാടകത്തിന് ആരും കാണാതെ ഞാൻ കൂവിയിട്ടുണ്ട്. അങ്ങനെ കൂവിയപ്പോളെനിക്കുണ്ടായ ഒരു സുഖം ഒന്ന് വേറെത്തന്നെയായിരുന്നു.

കേശവൻ മാഷെ പൂർണ്ണമായും കുറ്റം പറയാനും പറ്റില്ല, കാരണം അവൾ പണ്ടത്തെ പോലെ ചോദിച്ച എല്ലാ ചോദ്യങ്ങൾക്കും ഉത്തരം പറയാറില്ല. നന്നായി പഠിച്ചിരുന്നവൾ പഠിക്കാതാവുമ്പോ ഏതൊരു ഗുരുവിനും ദേഷ്യം വരില്ലേ? ഏഴാം തരത്തിലും ആറാം തരത്തിൽ ഇരുന്നപോലുള്ള സ്ഥാനങ്ങളിലായിരുന്നു ഞങ്ങൾ ഇരുന്നിരുന്നത്. ഡസ്കിൽ തല വച്ച് അവളെപ്പോഴും ഞാൻ ഇരിക്കുന്ന ഭാഗത്തേക്ക് നോക്കിക്കൊണ്ടേയിരിക്കും. നോക്കുന്നത് മാത്രമല്ല, ആ സമയത്ത് ആവൾ അവളുടെ കീഴ്ച്ചുണ്ടിന്റെ വലത് ഭാഗം വയ്ക്കുള്ളിലാക്കി വലിച്ചുകൊണ്ടേയിരിക്കും. ഇത് കാരണം, ചുണ്ട് കടിക്കാതിരിക്കുന്ന സാധാരണ അവസ്ഥയിലും അവളുടെ കീഴ്ച്ചുണ്ടിന്റെ വലതു ഭാഗം എപ്പോഴും പൊങ്ങി നിന്നിരുന്നു. സത്യത്തിൽ എന്നെ സംബന്ധിച്ചടുത്തോളം, ആ ചുണ്ടിന്റെ തടിപ്പ്, അവളുടെ ഭംഗി ഇത്തിരി കൂട്ടിയിരുന്നു, പ്രത്യേകിച്ച്, എന്നെത്തന്നെ നോക്കി കടിച്ച ചുണ്ടാവുമ്പോ അങ്ങനെ തോന്നില്ലേ?

ഇങ്ങനെയുള്ള ഫസീലയെ ഇനി എങ്ങനെ കാണാനാണ് എന്ന ആശങ്ക എന്നെ പല ചിന്തകളിലും കൊണ്ടെത്തിച്ചു. ഫസീല പോകുന്ന സ്കൂളിൽ പോകാൻ വേണ്ടി വീട്ടിൽ കുത്തിയിരിപ്പ് സമരം നടത്തിയാലോ എന്ന് ഒരിക്കൽ ആലോചിച്ചു. 'ഇനി ഞാൻ പഠിക്കൂല്ല' എന്ന് പറയട്ടെ എന്ന് ഒരിക്കൽ തോന്നി. ഇതൊന്നും എന്റെ അച്ഛന്റെ മുന്നിൽ ചിലവാകില്ല എന്ന തിരിച്ചറിവും, ഇങ്ങനെയൊക്കെ ചെയ്‌താൽ ചിലപ്പോൾ എന്റെ മുഴുവൻ സമയ ജോലി പശുവിനെ മേയ്ക്കലും അടുക്കളപ്പറമ്പിലെ പണിയും ആയിപ്പോകുമോ എന്ന ഭയത്താലും സമരമുറകളൊക്കെ വെറും ആലോചനകളാക്കി മാറ്റി മൂലയ്ക്ക് വെച്ചു.

അങ്ങനെ ഞാൻ എന്റെ അച്ഛന്റെ സ്കൂളിലും ഫസീല അവളുടെ അടുത്തുള്ള ഹൈസ്കൂളിലും എട്ടാം തരത്തിൽ ചേർന്നു. അച്ഛൻ സ്കൂളിൽ ഉണ്ടായിരുന്നതിനാലും അവിടേക്ക് ഏകദേശം രാവിലെയും വൈകുന്നേരവും കൂടെ രണ്ട് മണിക്കൂർ നടക്കാൻ ഉണ്ടായിരുന്നതിനാലും വാരാന്ത്യങ്ങളിൽ വീട്ടിൽ പിടിപ്പത് പണികൾ ഉണ്ടായിരുന്നതിനാലും ഫസീലയെ കാണാൻ ഒരു വഴിയും തെളിഞ്ഞില്ല.

അങ്ങനെയിരിക്കേ, പുല്യോട്ടും കാവിലെ തിറ മഹോത്സവം വന്നു. ഞാനും എന്റെ നാട്ടുകാരനായ സുഹൃത്ത് രഞ്ജീവനും കൂടി കാവിൽ ഉത്സവം കൂടാൻ പരിപാടിയിട്ടു. ഈ കാവിലെ തിറ സമയത്താണ് നമുക്ക് കൂട്ടുകാരോടൊത്ത് കുറച്ചെങ്കിലും കറങ്ങാൻ സ്വാതന്ത്ര്യം കിട്ടുക. ആ സ്വാതത്ര്യം, ഫസീലയെ കാണാൻ കൂടി ഉപയോഗപ്പെടുത്താലോ എന്നതായിരുന്നു ഈ തവണത്തെ 'ഹൈലൈറ്റ്'.

ഒരു 'കൂളിംഗ് ഗ്ലാസ്സ്' വാങ്ങണമെന്നത് ആ കാലത്തെ എന്റെ ഒരു വലിയ സ്വപ്നമായിരുന്നു. കാവിലെ തിറക്ക്‌ ഒരുങ്ങുന്ന ചന്തയിൽ നിന്ന് 'കൂളിംഗ് ഗ്ലാസ്സ്' വാങ്ങണമെന്ന ആഗ്രഹത്തോടെ, അമ്മ പശുവിൻ പാൽ വിറ്റ് ഉണ്ടാക്കിയ ചില്ലറത്തുട്ടുകൾ മോഷ്ടിച്ച് ഞാൻ പണസമാഹരണം നടത്തിയിരുന്നു. കാവിൽ പോയി 'കൂളിംഗ് ഗ്ലാസ്സും' വാങ്ങിച്ച് അത് മുഖത്തണിഞ്ഞ് ഫസീലയുടെ വീട്ടിന്റെ മുന്നിലൂടെ നാല് ചാൽ ഗമയിൽ നടക്കാനും പറ്റുമെങ്കിൽ അവളെ എങ്ങനെയെങ്കിലും കണ്ട് സംസാരിക്കാനും ആയിരുന്നു എന്റെ കണക്ക് കൂട്ടൽ.

രഞ്ജീവനുമായിട്ട് ചെയ്യേണ്ട കാര്യങ്ങൾ ഗഹനമായി ചർച്ച ചെയ്തു. അവളുടെ വീട്ടിൽ എങ്ങനെ പോകും എന്ന ചിന്ത ഞങ്ങളെ വല്ലാതെ കുഴക്കി. അവസാനം സ്കൂളിലെ വാർഷിക കായിക കലോത്സവത്തിന്, 'ചാക്കിൽ കേറി ചാട്ടം' എന്ന കായികയിനത്തിലേക്കായി ചാക്ക് അന്വേഷിച്ച് ചെന്ന് നോക്കാം എന്ന് നമ്മൾ തീരുമാനിച്ചു. കാവിൽ പോകണം, 'കൂളിംഗ് ഗ്ലാസ്സ്' വാങ്ങണം, ഫസീലയുടെ വീട്ടിൽ പോകണം, ഇവയൊക്കെ നടന്നും ഓടിയും മാത്രം ചെയ്യാൻ സാധിക്കില്ല എന്ന് തോന്നിയതിനാൽ, ഒരു സൈക്കിൾ വാടകയ്ക്കെടുക്കാൻ തീരുമാനിച്ചു. എനിക്ക് സൈക്കിൾ ഓടിക്കാൻ അറിയാത്തതിനാൽ രഞ്ജീവൻ എന്റെ സാരഥിയാവാൻ സമ്മതിച്ചു.

അന്നൊരു വെള്ളിയാഴ്ചയായിരുന്നു. പുല്ല്യോട്ടും കാവിലെ താലപ്പൊലിക്ക് എന്റെ ഗ്രാമത്തിലെ മിക്കവാറും സ്കൂളുകൾക്കെല്ലാം അവധിയായിരിക്കും അല്ലെങ്കിൽ അധിക കുട്ടികളും പോകാറില്ല. ഉച്ച കഴിഞ്ഞ് ഒരു മൂന്ന് മണിക്ക്, രഞ്ജീവനും ഞാനും 'സീപീ സൈക്കിൾസി' ൽ ചെന്ന് ഒരു സൈക്കിൾ നാല് മണിക്കൂർ നേരത്തേക്ക് വാടകയ്ക്കെടുത്തു. അവൻ മുന്നിലും ഞാൻ പിന്നിലുമായി ഇരുന്നു. പാടവരമ്പത്തൂടെയും, നാടൻ ഇടവഴികളിലൂടെയും ഒരിരുപത് മിനുട്ട് കൊണ്ട് ഞങ്ങൾ കാവിലെത്തി. ഈ തവണ കാവിൽ നടക്കുന്ന ഉൽസവത്തിലൊന്നും എനിക്ക് ശ്രദ്ധയുണ്ടായിരുന്നില്ല. നേരെ ചന്തയിലേക്ക് ചെന്ന് 'കൂളിംഗ് ഗ്ലാസ്സ്' വാങ്ങാനുള്ള ശ്രമം തുടങ്ങി. ആകെ എന്റെയടുത്ത് ഉണ്ടായിരുന്നത് ഇരുപത്തഞ്ച് രൂപ എഴുപത്തഞ്ച് പൈസ. സൈക്കിൾ ഷാപ്പിൽ പൈസ കൊടുക്കണം, 'ബബിൾഗം' മുട്ടായി വാങ്ങണം, പിന്നെ തരപ്പെട്ടാൽ 'ചട്ടി' (നാടൻ ചൂത്) കളിക്കണം. 'കൂളിംഗ് ഗ്ലാസ്സി'ന് നോക്കുമ്പോൾ ഞാൻ ഉദ്ദേശിച്ചതിനേക്കാൾ പെരുത്ത വില. ഒരു വിധം ഇഷ്ടപ്പെട്ട ഗ്ലാസ്സിനൊക്കെ അൻപതും നാൽപതും മുപ്പതും ഉറുപ്പികയൊക്കെയാണ് വില. 'കൂളിംഗ് ഗ്ലാസ്സി'ല്ലാതെ ഫസീലയുടെ അടുത്ത് പോകാൻ മനസ്സും സമ്മതിക്കുന്നില്ല. ഒരു തരത്തിലും വിലയടുക്കുന്നുമില്ല. വില പേശി പേശി ഞങ്ങൾ മടുത്തു. അവസാനം ഞാൻ ഒരു കാര്യം മനസ്സിലാക്കി, ഇന്ന് ഏതായാലും പുതിയ ഗ്ലാസ്‌ ഇട്ടുകൊണ്ട്‌ പോകാൻ പറ്റില്ല. എന്നാൽ 'കൂളിംഗ് ഗ്ലാസ്സ്' ഇന്ന് തന്നെ വേണം താനും.

ആ സമയത്ത് ഞാൻ ഒരു കാര്യം ശ്രദ്ധിച്ചു. കടക്കാരന്റെ മുഖത്തെ 'കൂളിംഗ് ഗ്ലാസ്സ്'. സമാന്യം നല്ല ചന്തമുള്ള ഗ്ലാസ്സ്. എന്റെ  പൊട്ട / കുരുട്ട് ബുദ്ധി പെട്ടന്ന് ഉണർന്നു. ഞാൻ കടക്കാരനോട് അദ്ദേഹത്തിന്റെ മുഖത്തുള്ള കണ്ണട വിൽക്കുന്നോ എന്ന് ചോദിച്ചു. ഇരുപത്തഞ്ച് രൂപ തന്നാൽ തരാം എന്ന് കടക്കാരാൻ. കുറച്ച് കണക്ക് കൂട്ടിയിട്ട് ഞാൻ ഇരുപത് രൂപാ വിലയിട്ടു. ഇത്തിരി നേരത്തെ പിടിവലിക്ക് ശേഷം അദ്ദേഹം സമ്മതിച്ചു. ഒരു തരം വിജയീ ഭാവത്തിൽ ഞാനാ 'കൂളിംഗ് ഗ്ലാസ്സ്' രണ്ടു കൈ കൊണ്ടും സ്വീകരിച്ച് എന്റെ സുന്ദരമായ ആനനത്തിൽ അണിയിച്ച് കണ്ണാടിയിലേക്ക് നോക്കി. മുഖത്തിലും ശരീരത്തിലും  രോമങ്ങൾ ഒന്നും തന്നെയുണ്ടായിരുന്നില്ലെങ്കിലും അന്നെനിക്ക് ആദ്യമായി രോമാഞ്ചമുണ്ടായി.

'കൂളിംഗ് ഗ്ലാസ്സ്' വാങ്ങിക്കുവാൻ ഒന്നൊന്നര മണിക്കൂർ സമയം എടുത്തു. ഇനി നേരെ വച്ചുപിടിക്കുക തന്നെ. ഞങ്ങൾ വേഗം ഫസീലയുടെ വീട് ലക്ഷ്യമാക്കി സൈക്കിളെടുത്തു. ഞാൻ വലിയ ഗമയിൽ 'പുതിയ കണ്ണട' മുഖത്ത് 'ഫിറ്റ്' ചെയ്ത് പിന്നിലത്തെ 'കാരിയറി'ലിരുന്ന് കാഴ്ച്ചകൾ ആസ്വദിക്കുകയും നാട്ടുകാരെ എന്റെ 'കണ്ണട' കാണിക്കുകയുമായിരുന്നു. ഇടയ്ക്ക് രഞ്ജീവന് ഫസീലയുടെ വീട്ടിലേക്കുള്ള വഴിയും എനിക്ക് പറഞ്ഞുകൊടുക്കണം. രഞ്ജീവൻ സൈക്കിൾ ആഞ്ഞ് ചവിട്ടുകയാണ്.

എന്റെ മനസ്സ് ആകപ്പാടെ ഒരു 'ത്രില്ലി'ൽ ആണ്. കൂടെ, എങ്ങനെ ഫസീലയുടെ വീട്ടിൽ കേറും, ഫസീലയെ കാണുമോ, കണ്ടാൽത്തന്നെ അവളോട് സംസാരിക്കാൻ പറ്റുമോ? അവളുടെ ഉമ്മക്ക്‌ വല്ല സംശയവും ഉണ്ടാവുമോ... എന്നൊക്കെ ചിന്തിച്ച് ആകപ്പാടെ ഒരു തരം ആശങ്കയാൽ എന്റെ ഹൃദയം പട പടാന്ന് കൂടുതൽ കൂടുതൽ മിടിക്കാൻ തുടങ്ങി. ഇനി, ഇപ്പോൾ പോയ്ക്കൊണ്ടിരിക്കുന്ന തോട്ടിന്റെ വക്കത്തൂടെയുള്ള വഴിയിൽ നിന്ന് കാറൊക്കെ പോകുന്ന ഇടത്തരം നാടൻ വഴിയിൽ കേറി ഇടത്തോട്ട് തിരിഞ്ഞാൽ അവളുടെ വീടായി. രഞ്ജീവന് നിർദ്ദേശം കിട്ടിക്കഴിഞ്ഞു. അവന്റെ പോക്ക് കണ്ടാൽ എന്നേക്കാൾ കൂടുതൽ താല്പര്യം അവനാണെന്ന് തോന്നും.

ഞങ്ങൾ ഇപ്പോൾ തോട്ടുവഴി പിന്നിട്ട് ഇടവഴിയിൽ കേറിക്കഴിഞ്ഞു. ഞാൻ ചിന്തകളിലാണ്. ഓർക്കാപ്പുറത്താണ് അത് സംഭവിച്ചത്. ഞാൻ വായുവിൽ ഉയർന്ന് പൊങ്ങി ഒരു കറക്കം കറങ്ങി ചക്ക വീണപോലെ  താഴെ വീണു. ഒരു നിമിഷത്തേക്ക് എന്താണ് സംഭവിച്ചത് എന്ന് എനിക്ക് ഒരു പിടിയും കിട്ടിയില്ല. രഞ്ജീവനും സൈക്കിളും ആ 'സീനി'ലേ ഇല്ല. ഞാൻ വീണിടത്ത് എഴുന്നേറ്റിരുന്ന് പരിസരം ഒന്ന് വീക്ഷിച്ചു. അപ്പഴാണ് മനസ്സിലായത്‌,  വീണത്, വളരെ കൃത്യമായി ഫസീലയുടെ വീട്ടിന് മുന്നിൽത്തന്നെയാണെന്ന്. ഇതിനേക്കാൾ നല്ലത് ഒരു ആകാശച്ചാട്ടമായിരുന്നോ എന്ന് ശങ്കിച്ചുപോയ നിമിഷം. പക്ഷേ ഹൃദയം നടുങ്ങിയത്‌ വേറൊരു കാഴ്ച്ച കണ്ടപ്പോഴായിരുന്നു - എന്റെ ചിരകാല അഭിലാഷമായ 'കൂളിംഗ് ഗ്ലാസ്സ്' പൊട്ടിക്കിടക്കുന്നത് കണ്ടപ്പോൾ. കഷ്ടിച്ച് ഒരു മണിക്കൂർ പോലും ആ കണ്ണടയ്ക്ക് എന്റെ മുഖത്തിരിക്കാൻ യോഗമുണ്ടായില്ല. 'കണ്ണട'യ്ക്ക് പകരം കണ്ണുനീരിനായിരുന്നു യോഗം. കട്ടത് ചുട്ടുപോകും എന്ന പഴമൊഴി ആ സമയത്ത് ഞാനോർത്തുപോയി.

രഞ്ജീവൻ, അവന്റെ ആവേശത്തിൽ, ഫസീലയുടെ വീടെത്താറായ ഉത്സാഹത്തിൽ സൈക്കിൾ ആഞ്ഞു ചവിട്ടിയപ്പോൾ, ഫസീലയുടെ വീടിന് മുൻവശത്തുള്ള വളവിലെ ഒരു 'ഹമ്പ്' കണ്ടില്ല. ആവേശചിന്തകളിലായിരുന്ന ഞാനും കണ്ടില്ല. ആദ്യമായി ആ വഴിക്ക് പോകുന്നത് കൊണ്ട് അവിടെയുള്ള വളവും ഇറക്കവും 'ഹമ്പും' നമ്മുടെ സാരഥിക്ക് പരിചയമില്ലായിരുന്നു. വളരെ വേഗത്തിൽ 'ഹമ്പ്' കടന്നു പോയപ്പോഴുണ്ടായ സാഹസികതയായിരുന്നു എന്റെ വീഴ്ച. മഴക്കാലത്ത് മണ്ണൊലിപ്പ് തടയാനും വെള്ളത്തിന്റെ ഗതി തിരിച്ചുവിടാനും ഉണ്ടാക്കിയതായിരുന്നു ആ 'ഹമ്പ്'. ഇറക്കത്തിൽ കുറച്ചു കൂടി ദൂരം പോയതിന് ശേഷമേ രഞ്ജീവനും സംഭവം മനസ്സിലായുള്ളൂ. അതും സൈക്കിളിന്റെ ഭാരം കുറഞ്ഞെന്നു അവന് തോന്നിയപ്പോൾ.

ഭാഗ്യത്തിന് ഇത്തിരി പോറലുകളൊക്കെയേ ഉണ്ടായിരുന്നുള്ളൂ. എന്നാലും ശരീരമാസകലം നല്ല വേദന തോന്നി.  തലകുത്തി വീണില്ലല്ലോ എന്നോർത്ത് ദീർഘമായൊന്ന് നിശ്വസിച്ചു. കണ്ണട പൊട്ടിയ മനോവേദനയും ശരീരവേദനയുമായി എഴുന്നേൽക്കാൻ ശ്രമിക്കുമ്പോഴാണ് ഫസീലയുടെ വീട്ടുവഴിയുടെ തൊട്ട എതിർവശത്തെ വീട്ടിലെ (പിന്നെയാണ് മനസ്സിലായതെങ്കിലും) പട്ടിയെ അവിടെ കണ്ടത്. അവന്റെ തൊട്ടടുത്ത് തന്നെയാണ് ഞാൻ വീണതും. അവൻ, അവന്റെ വീട്ടിന് മുന്നിലെ വഴിയരികിലെ മാവിൻ തണലിൽ ഒരു സായാഹ്ന മയക്കത്തിലായിരുന്നു. അവനാകെ ഞെട്ടിപ്പകച്ച് നിൽക്കുകയാണ്. നിദ്രാഭംഗം വന്ന നിരാശയിലും പെട്ടെന്ന് ഒരു അപരിചിതനെ കണ്ട ചിന്തയിലും സംഭവിച്ചതെന്താണെന്ന് അവന് മനസ്സിലാവാത്തത് കൊണ്ടും അവന്റെ വീട്ടിന് മുന്നിൽ വന്നു വീണത്‌ കൊണ്ടും അവന്റെ നോട്ടം അത്ര പന്തിയല്ലെന്ന് എനിക്ക് ഒരു സംശയം തോന്നി. ആ പന്തിയില്ലായ്മ കാരണം ഒരു മൃഗസ്നേഹിയായിട്ടും ഒരുമാതിരിപ്പെട്ട എല്ലാ വീട്ടുമൃഗങ്ങളെ വളർത്തി പരിചയമുണ്ടായിട്ടും എനിക്കും ഒരു ശങ്ക തോന്നാതിരുന്നില്ല. നിമിഷങ്ങൾക്കുള്ളിൽ വീണ വേദനയും 'കൂളിംഗ് ഗ്ലാസ്സ്' പൊട്ടിയതും മറന്ന് ഞാൻ പട്ടിപ്പേടിയിലായി.

അവനെ പ്രകോപിപ്പിക്കാതിരിക്കാൻ അവനോട് സ്നേഹം നടിക്കാൻ ആ സമയത്ത് എന്റെ മനസ്സ് ആജ്ഞാപിച്ചു. കാരണം അവിടെ നിന്ന് ഓടിയാൽ അവൻ തീർച്ചയായും എന്നെ ഓടിച്ചിട്ട് കടിക്കുമെന്ന് എന്റെ ഉള്ളം എന്നോട് പറഞ്ഞു. സാധാരണ നമ്മുടെ നാട്ടിൽ പരിചയമുള്ള / വളർത്തുന്ന പട്ടികളെക്കണ്ടാൽ മനുഷ്യന്മാർ ഉണ്ടാക്കുന്ന ചില ശബ്ദങ്ങൾ ഞാൻ പുറപ്പെടുവിക്കാൻ തുടങ്ങി. അവൻ അതേ നിൽപ്പിൽ നില്ക്കുകയാണ്. നിന്ന നിൽപ്പിൽ അവന്റെ മുഖവും ഇരുന്ന ഇരുപ്പിൽ എന്റെ മുഖവും ഒരേ 'ലെവലിൽ' ആണുള്ളത്. അവന്റെ ഭാവം മാറാത്തത് കൊണ്ട് എന്റെ മനസ്സ് ഒന്ന് കൂടിപ്പറഞ്ഞു, - 'ഇവൻ ഒരു പാവം പട്ടിയാണ്'. മനസ്സ് അങ്ങനെ പറഞ്ഞപ്പോൾ സ്വല്പം ആശ്വാസം തോന്നി.

ആ ആശ്വാസം എന്നെക്കൊണ്ടെത്തിച്ചത് ഞാൻ ജീവിതത്തിൽ ഒരിക്കലും മറക്കാത്ത ഒരു സംഭവത്തിലേക്കായിരുന്നു. കൈ നീട്ടിയാൽ എനിക്ക് അതിന്റെ തല തൊടാം. എന്തിന് വെറുതെ തൊടുന്നു, ഒരു തലോടൽ തന്നെയാക്കിക്കളയാം എന്ന് ഞാൻ നിരീച്ചു. കൈ നീട്ടി അതിനെ തലോടാൻ തുനിഞ്ഞത് എനിക്കോർമ്മയുണ്ട്. അഞ്ചുപത്ത് നിമിഷത്തെ ഒരുതരം ഓർമ്മക്കുറവിന് ശേഷം കുറച്ച് നേരത്തേക്ക് അവിടെ ഒരു ബഹളമായിരുന്നു. പട്ടി അവന്റെ മുഖം നേരെ അടുപ്പിച്ചത് എന്റെ മുഖത്തേക്കായിരുന്നു. ആ അടുപ്പിക്കലിൽ അവൻ എന്റെ മൂക്കിനിട്ട് ഒരു കടിയും തന്നു.

ഞാൻ അവിടെ കരഞ്ഞ് വിളിച്ച് ബഹളം ഉണ്ടാക്കുകയാണ്. ബഹളം കേട്ട് രണ്ടു വീട്ടിലെയും ആളുകൾ ഓടിയെത്തി. പട്ടി ഒന്നും അറിയാത്തതുപോലെ ദൂരെ മാറിയിരിപ്പുണ്ട്. അപ്പഴേക്കും രഞ്ജീവനും സൈക്കിളും അവിടെയെത്തിയിരുന്നു. രഞ്ജീവൻ സൈക്കിളും താഴെയിട്ട്, ഒരു കല്ലെടുത്ത് പട്ടിക്കിട്ട് വലിച്ചൊരേറ് കൊടത്തു. പട്ടി കരഞ്ഞു കൊണ്ട് ഓടിപ്പോയതിന് പുറമേ, ആ കൂട്ടബഹളത്തിനിടയിൽ വേറൊരു കരച്ചിലും ഞാൻ വ്യക്തമായി കേട്ടു.

"ഉമ്മാ... ന്റുമ്മാ..  നോക്കുമ്മാ... ഓറെ മൂക്ക് നോക്കുമ്മാ... ഓറെ മൂക്ക്നെത്ര്യാ ഓട്ട ഉമ്മാ... "

അത് ഒരു പാവാടയിട്ട് തട്ടം കൊണ്ട് തലമറച്ച ഒരു പെണ്‍കുട്ടിയുടെ 'വിങ്ങൽ' ആയിരുന്നു. ഫസീലയുടേത്. അവളുടെ ഉമ്മയായിരിക്കണം, ഫസീല ഒരു തട്ടമിട്ട സ്ത്രീയുടെ കയ്യും പിടിച്ച് നിന്ന് കരയുകയാണ്. ആ കരച്ചിൽ കേട്ടപ്പഴാണ് എനിക്ക് കാര്യം പിടികിട്ടിയത്. എന്റെ മൂക്കിൽ നിന്ന് സാമാന്യം നല്ല രീതിയിൽ ചോര ഒലിക്കുന്നുണ്ട്. ഷർട്ടും ട്രൌസറും മുഴുവൻ മണ്ണും ചോരയുമാണ്. ആരൊക്കെയോ എന്റെ മൂക്ക് പഞ്ഞി കൊണ്ട് തുടയ്ക്കുന്നുണ്ട്. ഇനി മൂക്കിൽ പഞ്ഞി വെക്കേണ്ടിവരുമോ എന്ന് പോലും ഒരു നിമിഷം എനിക്ക് ഭീതിയുണ്ടായി. അതിൽ ഒന്നുരണ്ടു പേർ പരസ്പരം പറയുന്നത് കേട്ടു:

"ഇവന്റെയെല്ലം മരണക്കളിയല്ലേ സൈക്കളോണ്ട് കളിക്ക്വ"

"ഈറ്റ്യക്ക് നോക്കീറ്റെല്ലം ഓടിച്ചൂടെ? അഓണ്ടല്ലേ ഈ നായീന്റെ മുമ്പില് ബീണിറ്റ് കടി കിട്ട്യ്"

"ഹും.. ഇനി പറഞ്ഞിറ്റെന്നാക്കാനാ?... "

"കള്ള ഹിമാറ് ഒറ്റക്കടിയേ കടിച്ച്റ്റുള്ളൂ...  പക്ഷേ രണ്ട് ബാത്തും ഓട്ടയ്ണ്ട്."

"ബേം കംബൗണ്ട്റിന്റെ അടുത്ത് പോആം. എന്നിറ്റയാള് പറേന്ന പോലെ ചെയ്യാം. ന്തായാലും സ്റ്റിച്ചും പെരാന്തിന്റെ കുത്തും ബേണ്ട്യേരും."

'കൂളിംഗ് ഗ്ലാസ്സിട്ട്' ഫസീലയെ കാണാനും ഒത്തിരി സമയത്തിന് ശേഷം രണ്ടു വാക്ക് മിണ്ടാനും പോയ ഞാൻ, ഈ അവസ്ഥയിൽ അവളുടെ മുന്നിൽ ഇരിക്കേണ്ടിവരുമെന്ന് സ്വപ്നേപി ആലോചിച്ചിരുന്നില്ല. വീണതിന്റെ വേദനയും, 'കൂളിംഗ് ഗ്ലാസ്സ്' പൊട്ടിയതിന്റെ സങ്കടവും പട്ടികടിച്ച് മൂക്കിന് രണ്ടു ദ്വാരങ്ങൾ കൂടുതലുണ്ടായതും, പേപ്പട്ടി സൂചിയെക്കുറിച്ചുള്ള പതിനാല് പൊക്കിൾ കുത്തിനെയും മറ്റും ഒരുമിച്ച് ചിന്തിച്ച് ചിന്തിച്ച്  ഇനി എന്നെയങ്ങ്‌ നേരെ മേലോട്ട് എടുത്താൽ മതിയെന്ന ചിന്തയിൽ ഞാൻ അലറിക്കരയാൻ തുടങ്ങി. ഇനി വീട്ടിൽ പോയാൽ അച്ഛൻ എങ്ങനെ പ്രതികരിക്കും എന്ന ചിന്ത എന്നിൽ തലകറക്കം ഉണ്ടാക്കി.

എല്ലാവരും കൂടെ എന്നെ ഒരു പ്ലാസ്റ്റിക് വയറുകൊണ്ട് മെടഞ്ഞ ഒരു കസേരയിലിരുത്തി തോളത്തേറ്റി കംബൗണ്ടറുടെ അടുത്തേക്ക്‌ കൊണ്ടുപോകുമ്പോൾ എതിർദിശയിലേക്ക് താലപ്പൊലിക്ക് വേണ്ടി മഞ്ചത്തിലേറി തമ്പുരാട്ടിയുടെ വരവ് (കാവിലെ ഉത്സവത്തിന്റെ ഒരു ചടങ്ങ്) നടക്കുകയായിരുന്നു. എന്റെ കുപ്പായവും ചുവപ്പ്. തമ്പുരാട്ടിയുടെ ആടകളും ചുവപ്പ്. രഞ്ജീവൻ പിന്നെ സൈക്കിളിൽ കയറിയില്ല. എന്റെ പിന്നാലെയായി സൈക്കിളും തള്ളിക്കൊണ്ട് വരുകയായിരുന്നു. ആ പോകുന്ന വഴിയിലും ആരുടെയൊക്കെയോ ചുമലിലുള്ള കസേരയിലിരുന്ന്, ഞാൻ ഫസീലയുടെ വീട്ടിന് നേരെ ദയനീയമായി നോക്കി. അവളുടെ കരച്ചിൽ അപ്പോഴും എന്റെ മനസ്സിൽ മുഴങ്ങിക്കൊണ്ടിരുന്നു. മൂക്കിന് നാല് ഓട്ടയായെങ്കിലും അവളുടെ കരച്ചിൽ, മനസ്സിലോർത്തോർത്ത്  ആത്മാർത്ഥമായി ആസ്വദിക്കുകയായിരുന്നു ഞാൻ.

"ഉമ്മാ... ന്റുമ്മാ..  നോക്കുമ്മാ... ഓറെ മൂക്ക് നോക്കുമ്മാ... ഓറെ മൂക്ക്നെത്ര്യാ ഓട്ട ഉമ്മാ... "

പാണന്മാരേ, 'കൂളിംഗ് ഗ്ലാസ്സു'മിട്ട് 'ചാക്കിൽ കേറി ചാട്ട' ത്തിന് ചാക്ക് വാങ്ങാനെന്ന വ്യാജേന, പ്രിയ സഖിയുടെ വീട്ടിലേക്ക്, അവളോട്‌ മിണ്ടാൻ പോയ ഞാൻ, അവളുടെ അയൽപ്പക്കത്തെ പട്ടിയുടെ മുന്നിൽ വീണ് മൂക്കിൽ പട്ടികടിയുടെ പാടുമായി ഇന്നും ജീവിക്കുന്ന കഥ, ഇനി പാടി നടക്കല്ലേ.




*****