2021 ജൂൺ 22, ചൊവ്വാഴ്ച

സ്ത്രീധനം


പണ്ട് മുംബൈയിൽ ഒരു സുഹൃത്ത് എന്നെ പ്രലോഭിപ്പിച്ചതാണ്... കമ്പ്യൂട്ടർ എഞ്ചിനീയർ ഒക്കെ ആയത് കൊണ്ട് കല്യാണച്ചന്തയിൽ എനിക്ക് നല്ല ഡിമാൻഡ് ഉണ്ടാവുമെന്ന് അവൻ ഓർമ്മിപ്പിച്ചതാണ്. ഒരു കാറും പത്തേക്കറ റബ്ബർ എസ്റ്റേറ്റും നൂറ്റമ്പത് പവനും കൂട്ടത്തിൽ ജീവനും ജോലിയുമുള്ള ഒരു പെണ്ണും ഈസിയായി കിട്ടുമെന്ന് അവൻ പറഞ്ഞപ്പോൾ എന്റെ കൈയ്യിലെ രോമങ്ങൾ എഴുന്നേറ്റ് നിന്നത് ഞാനേ കണ്ടുള്ളൂ. 

പെട്ടന്നാണ് ഓർത്തത്, പണ്ടാരം... എന്റെ സ്വദേശം കണ്ണൂരാണല്ലോ... പെണ്ണിന്റെ കൂടെ പൊന്നൊക്കെ കൊടുക്കുന്ന ഏർപ്പാടൊക്കെയുണ്ടെങ്കിലും കഷ്ടകാലത്തിന് സ്ത്രീധനം ചോദിച്ചുപോയാൽ, പെണ്ണിന് പകരം കല്ലേറാണല്ലോ കിട്ടുക എന്നാലോചിച്ചപ്പോൾ എഴുന്നേറ്റ രോമങ്ങൾ വീണ്ടും പതുക്കെ കൂമ്പി വാടി അമർന്നിരുന്നു. 

ഒടുവിൽ, പെണ്ണൊക്കെ കണ്ട് ഇഷ്ടപ്പെട്ടതിന് ശേഷം, നാട്ടുകാരുടെ മുന്നിലും പെണ്ണിന്റെ മുന്നിലും മാന്യനാണെന്ന് അഭിനയിക്കാൻ വേണ്ടി, 'കല്യാണത്തിന് എന്റെ കഴുത്തിൽ പെണ്ണ് സ്വർണ്ണമാല ഇടേണ്ട' എന്നറിയിച്ചപ്പോൾ പെൺവീട്ടുകാർ ദേഷ്യത്തോടെ സടകുടഞ്ഞെഴുന്നേറ്റത് ആദ്യമൊന്ന് അമ്പരപ്പിച്ചെങ്കിലും ഉള്ളിൽ ആശ്വാസം പകർന്നിരുന്നു. കുറഞ്ഞത് അഞ്ച് പവന്റെ മാലയെങ്കിലും സ്വന്തം കഴുത്തിൽ വീഴുമല്ലോ. പക്ഷേ കല്യാണത്തിന് മാല കിട്ടുമെന്ന് വിചാരിച്ച് പോയ എനിക്ക് കിട്ടിയത് വെറും തുളസിമാല! കുറച്ച് പൊന്ന് കൈയ്യിലും കഴുത്തിലും കണ്ടെങ്കിലും മിഥ്യാഭിമാനം മൂത്തതിനാൽ, ആഗ്രഹമുണ്ടെങ്കിലും അതിനെ ഒരിക്കലും തിരിഞ്ഞു നോക്കാൻ സാധിച്ചിട്ടില്ല. ഒടുവിൽ നോക്കാൻ തന്നെ തീരുമാനിച്ചപ്പഴേക്കും അവൾ തന്നെ അത് വിറ്റ് സ്വന്തം പേരിൽ പറമ്പ് വാങ്ങിയിരിക്കുന്നു. തോന്ന്യാസം എന്നല്ലാതെ വേറെന്താ പറയുക!

കുറച്ച് മാസങ്ങൾ കഴിഞ്ഞപ്പോൾ, എന്നെ പ്രലോഭിപ്പിച്ച സുഹൃത്തിന്റെ കല്യാണം കഴിഞ്ഞു. ഒരൊറ്റ ദിവസം കൊണ്ട് അവൻ കോടീശ്വരനായത് ഞാൻ എന്റെ കണ്ണ് കൊണ്ട് കണ്ടു. വീണ്ടും മാർക്കറ്റിലിറങ്ങി കോടീശ്വരനാകാൻ ശ്രമിച്ചാലോ എന്ന്  ചിന്തിച്ചെങ്കിലും സദാചാരവാദികളെയോർത്ത് പേടിച്ച് മിണ്ടാതെയിരുന്നു. 

താമസിയാതെ തന്നെ, വേറൊരു സുഹൃത്തിന്റെ മനസ്സമ്മതത്തിന് പോയപ്പോൾ, പെണ്ണും ചെക്കനും കെട്ടിക്കോളാമെന്ന് സമ്മതം അറിയിച്ച ഉടൻ, പറഞ്ഞുറപ്പിച്ച പണം ഒരു പെട്ടിയിലാക്കി കാറിലേക്ക് കൊണ്ട് പോകുന്നത് വീണ്ടും എനിക്ക് ആർത്തിയോടെ കണ്ടുനിൽക്കേണ്ടി വന്നു. സ്വന്തം കണ്ണുനീര് മൂക്കിലൂടെ തൊണ്ടയിലേക്കിറങ്ങിപ്പോയി! 

കാലം കുറച്ച് കഴിഞ്ഞു. ഞാനും നേരത്തെ പറഞ്ഞ രണ്ട് സുഹൃത്തുക്കളും അമേരിക്കയിലെത്തി. എല്ലാവരുടെയും പ്രത്യുല്പാദനകാലഘട്ടം കഴിഞ്ഞപ്പോൾ, ആദ്യം പറഞ്ഞ സുഹൃത്തിന് കണ്ണ് നീര് അടക്കാൻ കഴിയുന്നില്ല. അവന് രണ്ടും പെണ്മക്കൾ !! പണ്ട് കെട്ടുമ്പോൾ വാങ്ങിച്ചതിന്റെ ഇരട്ടി, പണപ്പെരുപ്പം കൂടി കണക്കാക്കി കൊടുക്കേണ്ടിവരുമല്ലോ എന്നോർത്ത്, ഓരോ രാത്രിയിലും മധുവേന്തിയ ഗ്ളാസ്സുകൾ അവന്റെ ചുണ്ടിനോട് കൂട്ടിമുട്ടുകയാണ്! 

പക്ഷേ രണ്ടാമത്തെ സുഹൃത്തിന് ശുക്രദശ ആരംഭിക്കുകയായിരുന്നു. അവനുണ്ടായത് രണ്ട് ആൺമക്കൾ!! കൂടുതൽ കച്ചവടം നടത്തി കച്ചവടം വിപുലീകരിക്കുന്നതിന്,  ഇപ്പഴേ അവൻ പ്ലാനുണ്ടാക്കി കാണണം! 

പക്ഷേ ഞാനിപ്പോൾ ധർമ്മസങ്കടത്തിലാണ്. എനിക്കുണ്ടായത് രണ്ട് പെണ്മക്കളാണ്. എനിക്കോ ഒന്നും കിട്ടിയില്ല. ഇനിയൊട്ട് കിട്ടാനും പോകുന്നില്ല. പകരം, ഭാവിയിൽ കടം വാങ്ങി കൊടുക്കേണ്ടിവരുമോ എന്ന ചിന്ത എനിക്കില്ലാതില്ല. 'കല്യാണത്തിനല്ല, അടിമത്തമില്ലാത്ത സന്തോഷത്തിനാണ് ജീവിതത്തിൽ പ്രാധാന്യം കൊടുക്കേണ്ടത്' എന്ന തത്വചിന്ത ഇപ്പഴേ മക്കളെ പഠിപ്പിച്ചാണ് സമാധാനം കണ്ടെത്താൻ ശ്രമിക്കുന്നത്. സമാധാനം കിട്ടിയില്ലെങ്കിലും കൈയ്യിലുള്ള പണം പോകാതിരുന്നാൽ മതിയായിരുന്നു !! നാടും സമൂഹവും നന്നായിട്ട് നമുക്കെന്ത് കാര്യം?

***

2021 ജൂൺ 12, ശനിയാഴ്‌ച

സ്കങ്കാക്രമണം

തലക്കെട്ട് കണ്ടിട്ട് ലങ്കാദഹനത്തെക്കുറിച്ചാണ് പറയാൻ പോകുന്നത് എന്നൊന്നും തെറ്റിദ്ധരിച്ചേക്കരുത്! പക്ഷേ പറഞ്ഞുവരുന്നത്, ഒറ്റക്കുള്ള നടപ്പിനെക്കുറിച്ചാണ്; അതും വൈകിയ വേളയിലെ രാത്രിയിലെ ഇരുട്ടത്ത്, പ്രത്യേകിച്ച്, ഇടിമിന്നലും ചാറ്റൽ മഴയുമുള്ളപ്പോൾ!

സംഭവം കഴിഞ്ഞ ചൊവാഴ്ച്ച രാത്രിയാണ് നടന്നത്. സമയം ഏകദേശം ഒമ്പതര ആയിക്കാണും. മനുഷ്യനാകെ പ്രാന്ത് ക്ഷീണിച്ച് പിടിച്ച് നിൽക്കുകയാണ്; അതും ചാറ്റൽ മഴയും കൊണ്ട് സ്വന്തം പച്ചക്കറിത്തോട്ടത്തിൽ. സ്വതവേ പ്രാന്തുള്ളവന്, കഷ്ടപ്പെട്ട് പരിപാലനലാളനാമൃതം പുരട്ടി സംരക്ഷിക്കാൻ ശ്രമിക്കുന്ന പച്ചക്കറിത്തോട്ടത്തിലെ, ആകാശം നോക്കി മുളച്ച് വളരാൻ തുടങ്ങുന്ന വിത്ത് നാമ്പുകൾ, കീടങ്ങൾ സ്ഥിരമായി ആക്രമിച്ച് നശിപ്പിക്കാൻ ശ്രമിക്കുന്നത് കണ്ടാൽ മുഴുപ്രാന്താകില്ലേ? 

ആകപ്പാടെ അഞ്ചാറ് മാസമാണ് ഇവിടെ കൃഷി ചെയ്യാൻ സാധിക്കുന്നത്. ജൂൺ പകുതി ആകുന്നതിന് മുന്നേയെങ്കിലും വിത്തുകളൊക്കെ മുളച്ച് പൊങ്ങിയില്ലെങ്കിൽ, പിന്നെ കാര്യമില്ല. അത്തരം ഇറുകിയ സമയച്ചട്ടക്കൂട്ടിനിടയിലാണ് അവന്റെ ആക്രമണം, കീടാക്രമണം! എന്റെ വെണ്ടയുടെയും ബീൻസിന്റെയും കുഞ്ഞ് തൈകൾ മുഴുവൻ തുരപ്പൻ ഒച്ചുകൾ ദിവസേന തിന്ന് നശിപ്പിക്കാൻ തുടങ്ങി. 

സ്വന്തം വയറ്റിലേക്ക് പോകേണ്ടത് കൊണ്ട്, സ്വന്തമായുണ്ടാക്കിയ ജൈവിക കീടനാശിനികൾ തളിച്ചിട്ടും ഉപ്പ് വിതറിയിട്ടും, നിത്യേന, പുതിയ പുതിയ ഒച്ചുകൾ, അവരുടെ അയൽക്കാരെപ്പോലും കൂട്ടിവന്ന്, ഇലകൾ മാത്രമല്ല നാമ്പുകളുടെ തണ്ട് പോലും ബാക്കി വെക്കാത്ത അവസ്ഥ! 

ദേഷ്യവും സങ്കടവും സഹിക്കാൻ പറ്റാതെ, അതുവരെ ഗാന്ധിജിയുടെ കൂടെ അഹിംസാ സിദ്ധാന്തത്തിൽ ഉറച്ച് നിന്ന ഞാൻ, പതുക്കെ സുഭാഷ് ച ന്ദ്രബോസിന്റെ കൂടാരത്തിലേക്ക് കൂട് മാറി. അവറ്റകളെപ്പിടിച്ച് കൊല്ലാൻ തന്നെ തീരുമാനിച്ചു. 

അങ്ങനെ എല്ലാദിവസവും, വൈകുന്നേരം എട്ടേമുക്കാലിന് ഇരുട്ടാവുന്നതോട് കൂടി, ഒരു കുന്തവും ഫ്‌ളാഷ്‌ലൈറ്റുമായി യുദ്ധത്തിനൊരുങ്ങി പച്ചക്കറിത്തോട്ടത്തിലെ പടക്കളത്തിൽ സ്ഥിരമായി ഞാൻ അങ്കത്തിനിറങ്ങിത്തുടങ്ങി. ആദ്യദിനം ഗംഭീര കൊയ്ത്തായിരുന്നു. ഏകദേശം എഴുപതോളം ഒച്ചുകളെ പിടിച്ച് കുന്തത്തിൽ കോർത്ത്, മണ്ണിലിട്ട് അരച്ച് കൊന്നു (വന്യജീവി സംരക്ഷണക്കാർ ചോദ്യം ചെയ്യാൻ വരുമോ ആവോ). വല്ല നാഗാലാന്റിലോ മറ്റോ ആയിരുന്നു എന്റെ ജനനമെങ്കിൽ, രണ്ട് പെഗ്ഗുമടിച്ച് മൃഷ്ടാന്നമായി ഒച്ച് ഫ്രൈയും കഴിച്ച് കുറച്ച് ദിവസങ്ങൾ ആഘോഷിക്കാമായിരുന്നു. 

ആദ്യ ദിനം തന്നെ കുറേ പടയാളികൾ നഷ്ടപ്പെട്ട് പേടിച്ച് പോയത് കൊണ്ടാവണം, പിന്നെപ്പിന്നെയുള്ള യുദ്ധങ്ങളിൽ ഒച്ച് പടയാളികളുടെ എണ്ണം കുറഞ്ഞു വന്നു. നാലഞ്ച് ദിവസത്തെ യുദ്ധത്തിന് ശേഷവും ധൈര്യശാലികളായ പത്തോളം ഒച്ചുകൾ സ്ഥിരമായി യുദ്ധത്തിന് വന്നിരുന്നെങ്കിലും അവറ്റകളെ കണ്ടുപിടിക്കണമെങ്കിൽ ഓരോ ചെടിയുടെ മേലും ചുറ്റുവട്ടത്തും പരിശോധന ആവശ്യമായിരുന്നു. കുനിഞ്ഞിരുന്നു കൊണ്ട്, ഒരു മണിക്കൂറോളം നീളുന്ന ആ പരിശോധന കഴിയുമ്പഴേക്കും മനുഷ്യന്റെ നടുവും പള്ളയും കോച്ചുവാതം വന്നത് പോലെ വേദനിക്കാൻ തുടങ്ങും. അങ്ങനെ, ചാറ്റൽ മഴയും, ഇടിമിന്നലും ഘോഷം കൂട്ടിയ കഴിഞ്ഞ ചൊവ്വാഴ്ച രാത്രി, ഒച്ചുകളെയും കാലപുരിക്കയച്ച്,  കോച്ചുവാതം പിടിച്ച്, പള്ള വേദനിച്ച് പ്രാന്തെടുത്തിരിക്കുമ്പോഴായിരുന്നു  ഒന്ന് നടക്കാൻ പോയാലോ എന്ന പൂതി മനസ്സിൽ കേറിയത്. 

പൂതി വന്നാൽ, പൊതി കാണിച്ചാലും നമ്മൾ നിൽക്കില്ല. കെട്ടിയോളുടെ ജല്പനങ്ങൾ അവഗണിച്ച്, ഒമ്പതരക്ക് നടക്കാനിറങ്ങി. വട്ട് മൂക്കുമ്പോൾ അങ്ങനെ രാത്രി നടക്കാറുള്ളതാണ്. വീടിന്റെ പരിസരത്തൊക്കെയുള്ള ട്രെയിലുകളിലൂടെയാണ് നടത്തം. സ്വന്തം പരിസരം തന്നെയാണെങ്കിലും, ചില ഭാഗങ്ങൾ, ഉൾക്കാട്ടിലൂടെയുള്ള നടത്തം പോലെ തോന്നിക്കും. ഒരൊറ്റ മനുഷ്യനും ആ പരിസരത്ത് ഉണ്ടാവില്ല. ഉച്ചത്തിൽ പാട്ട് പാടിയാലും പ്രഭാഷണങ്ങൾ നടത്തിയാലും ആരും കേൾക്കില്ല. രാജാവിന്റെ മുയൽച്ചെവിയെക്കുറിച്ച് പോലും ധൈര്യത്തോടെ കൂക്കിവിളിച്ച് പറയാം.

ഏകദേശം ഒരു മണിക്കൂറോളം നടത്തമുണ്ട്. അങ്ങനെ നടന്ന് നടന്ന്, മനസ്സിലെ കാല്പനികതകൾക്ക് എന്റെ ഭാവനക്കനുസരിച്ച് ഗദ്യത്തിലും പദ്യത്തിലും ശബ്ദവിന്യാസങ്ങൾ നൽകി, ഘനീഭവിച്ച് കൂടിയിരുന്ന പ്രാന്ത് ഏകദേശം കുറഞ്ഞ് വന്ന്, വീടിനടുത്തെത്തും മുന്നേയുള്ള, വനാന്തര പാത പോലെയുള്ള ട്രെയിലിലൂടെ നടത്തം തുടരുകയാണ്.  പതിനഞ്ച് മിനിറ്റിനകം വീട്ടിലെത്താം. കാർമേഘം മൂടി, ചാറ്റൽ മഴയുള്ള കാലാവസ്ഥയിൽ, നിലാവെളിച്ചം  തീരെയില്ലായിരുന്നു. പക്ഷേ, ഓരോ പത്ത് സെക്കന്റിലും മിന്നൽപ്പിണറുകൾ എനിക്ക് വേണ്ട വെളിച്ചം തന്നുകൊണ്ടേയിരുന്നു. വസ്ത്രങ്ങളെല്ലാം നനഞ്ഞ്, കാറ്റും കൊണ്ടുള്ള ആ നടത്തത്തിന് പ്രത്യക സുഖമുണ്ടായിരുന്നു.

രണ്ട് മൂന്ന് അരുവികൾ ട്രെയിലിന് അടിയിലൂടെ പോകുന്ന സ്ഥലത്തിനടുത്തൂടെ നടക്കുമ്പോൾ, അരുവികളുടെ കളകളനാദം എന്റെ പ്രാന്തൻ പാട്ടുകൾക്ക് താളമേകി. ഏകദേശം രാത്രി പത്ത് മണിയായിക്കാണണം. ആ താളത്തിൽ മയങ്ങി നനഞ്ഞ മുഖം രണ്ട് കൈപ്പത്തികൾ കൊണ്ടും തുടക്കുമ്പോഴാണ്, അപ്പോൾ മിന്നിയ മിന്നലാട്ടത്തിൽ ഞാനാ കാഴ്‌ച കാണുന്നത്.

താഴെ മുഴുക്കറപ്പും മുകളിൽ വെള്ളനിറവുമുള്ള, സാമാന്യം വലുപ്പമുള്ള ഒരു ജീവി എന്റെ വലത് ഭാഗത്തുള്ള കാട്ടിൽ നിന്നും, ഇടത് ഭാർഗത്തേക്കുള്ള കാട്ടിലെ അരുവിക്കരയിലേക്ക്, സാമാന്യം വീതിയുള്ള നടപ്പാത മുറിച്ച് കടക്കുകയാണ്. ഞാനൊന്ന് അറച്ച് നിന്നെങ്കിലും പതുക്കെ മുന്നോട്ടേക്ക് തന്നെ നടന്നു. ആ ജീവിയെ ഓടിക്കാനായി എന്റെ ആക്രോശങ്ങൾ അവിടമാകെ മുഖരിതമായി. 

ഇടക്കിടക്കുള്ള മിന്നൽ വെളിച്ചത്തിൽ, ആ ജീവിയുടെ നടത്തം വളരെ സാവധാനമാണെന്ന് എനിക്ക് മനസ്സിലായി. എന്റെ ആക്രോശങ്ങൾക്ക് പുല്ലുവില കല്പിച്ചായിരുന്നു, 'S' പോലെ വാലും പൊക്കിപ്പിടിച്ചുള്ള അതിന്റെ മുറിച്ച് കടക്കൽ. മിന്നലിൽ അതിന്റെ വാൽ വിറക്കുന്നത് എനിക്ക് കാണാം. പണ്ട്, എന്റെ വീട്ടിലെ ചൊക്രുപ്പൂച്ച, വാൽ പൊക്കി വിറപ്പിച്ച് മൂത്രമൊഴിക്കുന്നത് എനിക്കോർമ്മ വന്നു. ഈ ഭീകരനും മൂത്രമൊഴിക്കുകയായിരിക്കുമോ? ഏയ്... ഈ പെരുവഴിയിൽ ആരെങ്കിലും മൂത്രമൊഴിക്കുമോ?

ഞാൻ വീണ്ടും ഒച്ചയുണ്ടാക്കിക്കൊണ്ടിരുന്നു. എന്നിട്ടും അതിനൊരു ഭാവഭേദവുമില്ല. മിന്നൽ ഇല്ലാത്തപ്പോൾ, അതിന്റെ മുകളിലെ വെള്ള വര മാത്രം തെളിഞ്ഞ് കാണാം. എന്ത് ജീവിയാണെന്നൊന്നും എനിക്ക് ആദ്യം മനസ്സിലായില്ല. അത് പതുക്കെ നടന്ന് ഇടത് വശത്തെത്തുമ്പഴേക്കും, ഞാൻ അത് കടന്ന് പോയ പാത മുറിച്ച് കടന്നിരുന്നു. അപ്പോഴാണ് ഞാനാകപ്പാടെ ഒരുതരം കൺഫ്യൂഷനിലായത്. എന്റെ മുഖത്തും കണ്ണുകളിലും ഒരു തരം നീറ്റൽ അനുഭവപ്പെട്ടു. മിന്നൽ വെളിച്ചത്തിൽ പരിസരമാകെ വല കെട്ടിയത് പോലെ തോന്നിച്ചു. പോരാഞ്ഞതിന് അസഹനീയമായ മണവും. എന്താണ് സംഭവിക്കുന്നത്? വേറാരെങ്കിലും എന്തെങ്കിലും 'സ്പ്രേ' അടിച്ചതാണോ എന്ന സംശയം തീർക്കാൻ ചുറ്റിലും നോക്കിയെങ്കിലും ആരെയും കണ്ടില്ല.

ആ മണം തട്ടിയപ്പോഴാണ് എന്റെ പ്രായോഗിക ചിന്തകൾ വീണ്ടും ഉണരാൻ തുടങ്ങിയത്. സ്കങ്ക്(skunk) എന്ന അമേരിക്കൻ ജീവിയെക്കുറിച്ച് ഞാൻ കേട്ടിരുന്നു. ഉടനെ മനസ്സിൽ സൂക്ഷിച്ച് വച്ച ചിത്രമെടുത്ത് പരിശോധിച്ച് നോക്കി. വളരെയധികം സാമ്യം. എന്റെ പരിസരത്തെങ്ങും സ്കങ്ക് ഉള്ളതായി എനിക്കൊരറിവും ഉണ്ടായിരുന്നില്ല. കുറച്ച് നേരം ഞാൻ അവിടെത്തന്നെ നിന്നു. എന്റെ നനഞ്ഞ കൈകളും കാലുകളും ഷർട്ടും ഷോർട്സും എല്ലാം ഭീകരമായി മണക്കുന്നു. 

മഴ വീഴുന്നതിനാൽ ഇടയ്ക്കിടെ മുഖം തുടക്കാൻ വെള്ളം കിട്ടുന്നുണ്ടായിരുന്നു. മിന്നലിന്റെ അരണ്ട വെളിച്ചത്തിൽ, അടുത്തുള്ള അരുവിയിൽ ഇറങ്ങി കുറച്ച് വെള്ളമെടുത്ത്‌ കണ്ണുകൾ കഴുകി. കണ്ണുകൾ തുറന്ന് പിടിച്ച് കൊണ്ട്, മുന്നോട്ടേക്ക് എനിക്കിനിയും പോകേണ്ടതുണ്ടല്ലോ!

കണ്ണുകൾ കഴുകിയപ്പോൾ ഇത്തിരി സമാധാനം തോന്നി. പാത മുറിച്ച് കടന്നതിന് ശേഷം അവന്റെ പൊടി പോലും പിന്നെ കണ്ടില്ല. അവിടെ ഭീകരമായി മണക്കുന്നത് കൊണ്ട്, വീണ്ടും പതുക്കെ മുന്നോട്ടേക്ക് നടന്നു. നടന്നത് സ്കങ്കാക്രമണം തന്നെയാണെന്ന് മനസ്സിലുറപ്പിച്ചു. എന്റെ വീടിനടുത്തുള്ള കാട്ടിലും അവനുണ്ട് തീർച്ച.

പൊക്കിയ വാൽ വിറപ്പിച്ചു കൊണ്ടുള്ള അവന്റെ പതുങ്ങിയുള്ള നടത്തത്തിന്റെ പൊരുൾ അപ്പോഴാണ് എനിക്ക് മനസ്സിലായത്. അവിചാരിതമായി, എന്നെ വഴിയിൽ കണ്ട കലിപ്പിൽ,  ആ പതുങ്ങിയുള്ള നടപ്പിൽ, അവൻ, അവന്റെ നിതംബപേശികൾ ചലിപ്പിച്ച്, അവന്റെ മൂത്രടാങ്ക് സ്പ്രേ രൂപത്തിൽ ശക്തിയിൽ തുറന്ന് വിട്ട്, അവിടമാകെ അവന് വേണ്ടി ഒരു സുരക്ഷാവലയം തീർക്കുകയായിരുന്നു. അതിന്റെ കൂടെ എന്നെ തുരത്തി ഓടിക്കുകയും ചെയ്യാം. എത്ര ശ്രമിച്ചാലും, അതുപോലെ തിരിച്ചൊരു ആക്രമണത്തിന് എനിക്കാവില്ലല്ലോ!

കുറച്ച് നേരം മണത്ത് നടന്നപ്പഴേക്കും ആ മണവുമായി ഞാൻ താദാത്മ്യം പ്രാപിച്ചിരുന്നു. തിരിച്ച് വീട്ടിൽ കയറുമ്പഴേക്കും ഒരു ഫോൺകാൾ വന്നു. സീരിയസ്സായി എന്തോ സംസാരിക്കുന്നതിനിടയിൽ  ഒന്ന് രണ്ട് മിനുട്ടുകളെങ്കിലും ഈ പുതിയ സംഭവവികാസത്തെക്കുറിച്ച് ഞാൻ മറന്നുപോയി. ആ മറവിയിൽ, നേരെ വന്ന് ഫാമിലിമുറിയിലെ സോഫായിലിരുന്ന് സംസാരം തുടർന്നു. 

പിന്നെ ഞാൻ ഞെട്ടിയത് 'എന്താ മണക്കുന്നത്', 'ഈ മണം എവിടുന്നാ വരുന്നത്..', 'മഹ്‌റും... മഹ്‌റും.. മഹ്‌റും...' എന്നൊക്കെപ്പറഞ്ഞ് മൂക്കും ചീറ്റിക്കൊണ്ട് എന്റെ വാമഭാഗം ഒച്ചവെച്ചപ്പോഴാണ്. കൂടെ അവൾക്ക് ഐക്യദാർഡ്ഡ്യം പ്രഖ്യാപിച്ചു കൊണ്ട് മക്കളും! എന്റെ ജോലിയുമായി ബന്ധപ്പെട്ട ഫോൺ സംസാരത്തെക്കാളും സീരിയസ്സ് ആണ് ഭാര്യയും മക്കളും  ഉന്നയിച്ച വിഷയമെന്ന് മനസ്സിലാക്കിയ ഞാൻ ഫോൺ ഉടനെ ഡിസ്കണക്ട് ചെയ്തു.

അപ്പഴേക്കും ഞാൻ വീണ്ടും സ്കങ്ക് പുരാണത്തിൽ തിരിച്ചെത്തിയിരുന്നു. നടന്ന കഥ ചുരുക്കി അവിടെ വിശദീകരിച്ചപ്പോൾ, 'പറഞ്ഞത് കേക്കാതെ ഇരുട്ടത്ത് മഴയും കൊണ്ട് നടന്ന നിങ്ങൾക്ക് ഇതും കിട്ടും ഇതിലപ്പുറോം കിട്ടും' എന്നും പറഞ്ഞ് നാക്ക് കൊണ്ട് എന്നെ അടിച്ച് കിടത്താനായി ശ്രമം. സ്കങ്കാക്രമണത്താൽ നാക്ക് കുഴഞ്ഞ് പോയ ഞാൻ അധികം സംസാരിക്കാൻ തുനിഞ്ഞില്ല. പതുക്കെ ഞാനവിടെ നിന്ന് എഴുന്നേറ്റു. വാമഭാഗം ഉടനെ വന്ന് ഞാൻ ഇരുന്ന സോഫാ മണപ്പിച്ചു. അടുത്തിരുന്ന കസേരയിൽ പിടിച്ചതിനാൽ അവൾ ബോധം കെട്ട് വീണില്ലെന്ന് എനിക്ക് തോന്നി. 

'പോയി കുളിക്ക്...' ഭാര്യയുടെ സ്വരത്തിൽ ആജ്ഞാപനത്തിന്റെ ശൈലികൾ ഉണ്ടെന്ന് ഞാൻ തിരിച്ചറിഞ്ഞു. കുളിക്കാൻ പോകുന്നതിനിടയിൽ അവൾ എന്നെയും മണപ്പിക്കാൻ ഒരു ശ്രമം നടത്തി. ഞാനവളെ തടഞ്ഞു. എന്നിട്ടും അവൾ എന്നെ മണത്തു. പിന്നെ ആകപ്പാടെ ഒരു ബഹളമായിരുന്നു. 

കൊറോണാ സമയത്ത്, പാക്കറ്റുകളും ബോക്സുകളും മറ്റും അണുവിമുക്തമാക്കാനും ഉറുമ്പുകൾക്കെതിരെ ഉപയോഗിക്കാനും വാങ്ങിയ ഡിസിൻഫെക്ട് സ്പ്രേയെടുത്ത്, ഉറുമിയെടുത്ത് വീശുന്നത് പോലെ, വീട്ടിലെ അടച്ചിട്ട അന്തരീക്ഷവായുവിലും സോഫായിലും അവൾ ആഞ്ഞുവീശി. അവളും കുട്ടികളും ശർദ്ദിക്കുമോ എന്ന് ഞാൻ ഭയന്നു. കുട്ടികൾ അതിനിടയിൽ റൂം ഫ്രഷ്‌നറും സ്പ്രേ ചെയ്തു. ഭോപ്പാലിലെ യൂണിയൻ കാർബൈഡ് ഫാക്ടറിയും ചെർണോബിലിലെ ആണവനിലയവും ഒരുമിച്ച് ലീക്കായത് പോലെ എനിക്ക് തോന്നി. 

അവിടെ നിന്നും രക്ഷപ്പെടാൻ കുളിമുറിയിലേക്ക് ഞാനോടി. എന്റെ പിന്നാലെ സ്പ്രേയെടുത്ത് മറ്റുള്ളവരും. 'എവിടെയും തൊട്ടുപോകരുത്', 'ഈ കുപ്പായങ്ങളൊക്കെ വേറെത്തന്നെ ഡെറ്റോളിലിട്ട് അലക്കി മണം പോക്കണം', 'കുളിച്ചിട്ട് മണം പോയെന്നുറപ്പാക്കീട്ട് മാത്രം പുറത്തേക്ക് വന്നാമതി' എന്നൊക്കെയുള്ള ആക്രോശങ്ങൾ എന്നെ പിന്തുടർന്നു. 

ഞാൻ കുളിമുറിയിലേക്ക് കടന്നു. കുളിമുറിക്കകത്തുള്ള ആര്യവേപ്പ് സോപ്പിന് പുറമേ, ഒരു പുതിയ ചന്ദ്രിക സോപ്പും മൈസൂർ സാൻഡൽ സോപ്പും കുളിമുറിയിലേക്ക് തൊട്ടുകൂടാത്തവനെപ്പോലെ അവൾ ഇട്ടു തന്നു.  'ഈ സോപ്പുകളെല്ലാം ഓരോ തവണയായി തേച്ചേക്കണം' അവളുടെ ഭാഷക്ക് ഗർജ്ജനത്തിന്റെ സ്വരം!

എന്ത് ചെയ്യാൻ! വസ്ത്രങ്ങളെല്ലാം അഴിച്ച് ഡെറ്റോളിലിട്ടും സോപ്പിലിട്ടും മൂന്നു നാല് തവണ കൈ കൊണ്ട് അലക്കി. ഒരു കാര്യവും ഇല്ല, സ്കങ്കിന്റെ മൂത്രമണം പോകുന്നില്ല! ഒടുവിൽ നനഞ്ഞ കുപ്പായങ്ങളെല്ലാം ഒരിടത്ത്  ചുരുട്ടിക്കൂട്ടി,ഭാര്യ പറഞ്ഞത് പോലെ പലതരം സോപ്പുകളെടുത്ത് തേച്ച് തേവാരം തുടങ്ങി. കുളിച്ച് മടുത്തപ്പോൾ ഒരുവിധം പുറത്തിറങ്ങി.

കുളിമുറിയിൽ നിന്ന് പുറത്തിറങ്ങുമ്പഴേക്കും ഭാര്യ ഇൻസ്പെക്ഷന് വേണ്ടി വാതിൽക്കൽ തന്നെ നിൽപ്പുണ്ടായിരുന്നു. എന്നെ അവൾ വീണ്ടും മണത്തു നോക്കി. 'ഇല്ല മണം പോയിട്ടില്ല', അവൾ പ്രഖ്യാപിച്ചു.  കുളിമുറിയിൽ കയറി കുപ്പായങ്ങൾ അലക്കിയത് പരിശോധിച്ചു. അവൾക്ക് തീരെ തൃപ്തി വന്നില്ലെന്ന് മനസ്സിലായി. അതിന്റെ മേലെ ഡിസിൻഫെക്ട് സ്പ്രേയും ഫ്രഷ്‌നറും അടിച്ചു. 'നാളെ അത് വീണ്ടും അലക്കി, വെയിലത്ത് വച്ച് ഉണക്കണം', പിന്നെയും കുറെ നിർദ്ദേശങ്ങൾ വന്നു. ഞാൻ എല്ലാം കേട്ടു നിന്നു. സമയം രാത്രി പന്ത്രണ്ട് കഴിഞ്ഞിരിക്കുന്നു!

അന്ന് മുതൽ ഇന്നുവരെ അവളെന്റെ കൂടെ കിടന്നിട്ടില്ല. എനിക്ക് സ്കങ്കിന്റെ മണമാണത്രേ! ആ സ്കങ്ക് പറ്റിച്ച ഒരു പണി! അവൻ കുണ്ടി കുലുക്കി മൂത്രമൊഴിച്ചതിന്റെ പരിണിതഫലം മനുഷ്യൻ പിന്നീടാണ് അനുഭവിക്കുന്നത്. ഇനി വേറെ ഏതെങ്കിലും വഴിയിൽ സ്കങ്കിനെ കണ്ടുമുട്ടിയാൽ, ഒച്ചിനെ കൊല്ലാൻ ഉപയോഗിച്ച കുന്തം അവന്റെ അണ്ണാക്കിൽ കയറ്റീട്ടേ ബാക്കി കാര്യമുള്ളൂ !!

വാൽക്കഷ്ണം: വട്ടില്ലെങ്കിൽ രാത്രി, ഇരുട്ടത്ത് നടക്കാനിറങ്ങരുത്, പ്രത്യേകിച്ചും ചാറ്റൽ മഴയും ഇടിമിന്നലും ഉള്ളപ്പോൾ. അഥവാ അങ്ങനെ നടക്കുന്ന സമയത്ത് ഇതേപോലെ സ്കങ്കാക്രമണം ഉണ്ടായാൽ, മൂന്ന് നാല് ദിവസങ്ങൾ കഴിഞ്ഞാണെങ്കിലും, ആരും കാണാതെ എവിടെ നിന്നെങ്കിലും കുളിച്ച് മണം പോയിട്ട് മാത്രം വീട്ടിലേക്ക് കയറിയാൽ മതി. എങ്ങനെ അലക്കിയാലും തുണിയിലെ മണം,  കുറച്ച് ദിവസങ്ങൾ നിൽക്കുമെന്നത് കൊണ്ട്,  ആ വസ്ത്രം കളഞ്ഞേക്കുക. രാത്രിയിൽ നടന്നേ തീരൂ എന്നുണ്ടെങ്കിൽ, ഒരു പ്ലാസ്റ്റിക് സഞ്ചിയിൽ ഒരു ജോഡി വസ്ത്രം അധികമായി കരുതുക!

***

പടച്ചോന്റെ ദേശം


(ചില മൊബൈലുകളിൽ, വീഡിയോ സ്വാഭാവികമായും തുറക്കുന്നില്ല.)

കോമളം മനോഹരം സഹ്യസാനു സുന്ദരം
കോവളാദി തീരമാല മാലയിട്ട ഭൂതലം
തനിമയുള്ള മൊഴികൾ തീർത്ത ഭാഷയാൽ വിലാസിതം
തേൻവരിക്ക പോലെ നാക്കിലൂറിടുന്ന കൈരളി.

മലയാളഭാഷ ചൊല്ലിടുന്ന സഞ്ചയങ്ങൾ പാരിലായ്
പടർന്ന് പന്തലിച്ച് വിജയപരിമളം പരത്തുവോർ
മലയാളികൾതൻ മാനസത്തിൻ മന്ദഹാസകാരണം
പ്രോജ്ജ്വലം പ്രശോഭിതം പ്രശാന്തസ്വർഗ്ഗ കേരളം.

പറയിപെറ്റ പന്ത്രണ്ട് ഗോത്രമഹിമ പാടുവോർ
പരിശ്രമങ്ങൾ ജീവനത്തിൻ ഭാഗമാക്കി മാറ്റിയോർ
പരോപകാരമെന്ന നീതി നാട്ടുനീതിയെന്നപോൽ
പടച്ചവന്റെ ദേശമെന്ന കീർത്തികേട്ട കേരളം.

ശ്രേഷ്ഠമായ പൈതൃകങ്ങൾ പിന്തുടർന്ന് വന്ന നാം
സ്പഷ്ടമായ ദുർനടപ്പ് കൂട്ടമായ് തകർത്ത നാം
ഇഷ്ടമോടെ മർത്യരൊക്കെ ഏകരെന്നുറച്ചിടാം
പുഷ്ടിയോടെ മുഷ്ടി പൊക്കി കേരളീയനായിടാം.


2014 ൽ 'മലയാളമേയെൻ സ്വരരാഗമേ' എന്ന പാട്ട് കേരളത്തിനും മലയാളത്തിനും 'കേരള അസോസിയേഷൻ ഫോർ ഗ്രേറ്റർ വാഷിംഗ്ടൺ' എന്ന സംഘടനയിലൂടെ സമർപ്പിച്ചശേഷം, 2020 ലാണ് 'മലയാണ്മ' എന്നൊരു പാട്ട് വീണ്ടും കേരളത്തിനും മലയാളികൾക്കുമായി സമർപ്പിക്കാനായത്. ഭാഗ്യവശാൽ ഈ വർഷം, വീണ്ടുമൊരു പാട്ട് 'പടച്ചോന്റെ ദേശം' എന്ന പേരിൽ, മലയാളത്തിനും കേരളത്തിനും വേണ്ടി സമർപ്പിക്കാൻ കഴിഞ്ഞതിൽ, ഞാനും കുടുംബവും തീർച്ചയായും സന്തോഷിക്കുന്നു. 2021 ജനുവരിയിൽത്തന്നെ എഴുതിയതായിരുന്നെങ്കിലും, കേരളപ്പിറവിക്ക്‌ പുറത്തിറക്കാൻ വേണ്ടി കാത്തിരിക്കുകയായിരുന്നു. എന്റെ ഭാര്യ ജിഷയാണ്, മകൾ ദേവകിയെ ഈ പാട്ട് എങ്ങനെ പാടണമെന്ന് പഠിപ്പിച്ചത്. മൂത്തമകൾ പാർവ്വതിയും ദേവകിയുമാണ് വീഡിയോ ഒരുക്കിയതും അത് എഡിറ്റ് ചെയ്തതും. എല്ലാ മലയാളികൾക്കും കേരളപ്പിറവി ആശംസകൾ!

ഇതിന് മുന്നേ എഴുതിയ കേരള / മലയാളം വാഴ്ത്ത് പാട്ടുകൾ കേൾക്കാൻ, താഴെയുള്ള വരികളിൽ അമർത്തുക:

കാർ വാഷ്


കോവിഡ് പ്രശ്നങ്ങൾ മൂലം വീട്ടിലിരിപ്പ് തുടങ്ങിയിട്ട് മാസങ്ങൾ പതിനഞ്ച് കഴിഞ്ഞിരിക്കുന്നു. വീട്ടിലിരുന്നാലും, വട്ടൻ ചിന്തകളുടെ സഹായത്താൽ സമയം കളയാനറിയാവുന്നത് കൊണ്ട്, എന്നെ സംബന്ധിച്ചടുത്തോളം, കോവിഡ് ഒരുതരത്തിലുള്ള മടുപ്പും ഇതുവരെ ഉണ്ടാക്കിയിട്ടില്ല. പക്ഷേ സഹധർമ്മിണിയുടെയും കുട്ടികളുടെയും കാര്യങ്ങൾ അങ്ങനെയല്ലല്ലോ. അവരൊക്കെ മനുഷ്യഗണമായത് കൊണ്ട്, കുറേക്കാലമായി അവർക്കൊക്കെ ഒരു തരം മടുപ്പാണ്. എവിടെയെങ്കിലും ഒരു യാത്ര പോയി, ഒന്ന് relax ചെയ്യണം - ഇതായിരുന്നു കുറച്ച് കാലങ്ങളായിട്ട് വീട്ടിൽ നിന്ന് രാവിലെ മുതൽ ഉയരുന്ന പല്ലവി.

ഇതേ സമയത്ത്, ഇതേ പല്ലവി തന്നെ, നമ്മൾ സ്ഥിരമായി കൂടിച്ചേരാറുണ്ടായിരുന്ന കൂട്ടുകാരുടെ വീട്ടിൽ നിന്നും ഉയരുന്നുണ്ടായിരുന്നു. എല്ലാ വീടുകളിലെയും പല്ലവികൾ കൂടിച്ചേർന്നപ്പോൾ, അതിന് മുദ്രാവാക്യങ്ങളുടെ ഈണങ്ങൾ വരുന്നത്, വീടുകളിൽ സ്ഥാപിച്ചിട്ടുള്ള ഭൂകമ്പമാപിനികളിലൂടെ ഞങ്ങൾക്ക് അറിയാൻ കഴിഞ്ഞത് കാരണം, പല്ലവികൾക്ക്, അനുപല്ലവികൾ കൂട്ടിച്ചേർത്ത് പ്രശ്നം പരിഹരിക്കാൻ തന്നെ കുടുംബത്തലവന്മാരെന്ന് വിളിപ്പേര് മാത്രമുള്ള ആൺ പ്രജകൾ തീരുമാനിച്ചു.
ഞങ്ങളുടെ കൂട്ടത്തിലുള്ള സ്ഥിരം ടൂർ മാനേജർ, വെസ്റ്റ് വിർജീനിയയിലുള്ള 'ത്രീ ഒട്ടർസ്' എന്ന പേരിലറിയപ്പെടുന്ന, പോട്ടോമാക് നദീതീരത്തെ വിശാലമായ കാബിൻ സ്‌പേസ് ബുക്ക് ചെയ്തു. കാര്യമായി മനുഷ്യവാസം ഇല്ലാത്ത സ്ഥലമായതിനാൽ, കോവിഡ് കാലത്ത്, സമ്പർക്ക വിഷയങ്ങളൊന്നും ഉണ്ടാവില്ലെന്നത് ഒരാശ്വാസമായിരുന്നു. കൂടാതെ, ട്രെക്കിങ്ങ്, കയാക്കിങ്, ട്യൂബിങ് എന്നിവയൊക്കെ ചെയ്യാം.
അങ്ങനെ, കഴിഞ്ഞ ആഴ്ചയിലെ ലോങ്ങ് വാരാന്ത്യത്തിന്റെ തുടക്കത്തിൽ, ഞങ്ങൾ അഞ്ചാറ് കുടുംബങ്ങൾ ത്രീ ഒട്ടർസിലേക്ക് പുറപ്പെട്ടു. പുറപ്പെട്ടത് മുതൽ തോരാത്ത മഴ. വെസ്റ്റ് വിർജീനിയ എത്തി മലകയറാൻ തുടങ്ങുമ്പഴേക്കും കണ്ണ് പോലും കാണാൻ പറ്റാത്ത അവസ്ഥ. യാത്ര യുടെ അവസാനഘട്ടമെത്തിയപ്പോൾ, ടാർ റോഡുകൾ, നമ്മുടെ നാട്ടിലേതിനേക്കാളും പരിതാപകരമായ പാതാളക്കുഴികളുള്ള, ചെളിക്കുളങ്ങളുള്ള, തേങ്ങായോളം വലുപ്പമുള്ള കല്ലുകൾ നിറഞ്ഞ വെറും ഗ്രാവൽ റോഡുകളായി മാറി. യാത്രക്ക് ഒച്ചിന്റെ വേഗത മാത്രം. ഇടക്ക് വഴി തെറ്റിയപ്പോൾ ഒരു ഊഹം വച്ച്, ഇല്ലാത്ത കാട്ടുവഴികളിലൂടെയൊക്കെ വണ്ടിയോടിച്ച് ലക്ഷ്യ സ്ഥാനത്തെത്തുമ്പഴേക്കും, ഞങ്ങളോടിച്ചിരുന്ന വണ്ടികളെല്ലാം ചെളിക്കണ്ടത്തിൽ ജെല്ലിക്കെട്ടിനിറങ്ങിയ കാളയെപ്പോലെ ഗംഭീരമായ ചെളിയഭിഷേകത്തിന് വിധേയമായിരുന്നു.
മുദ്രാവാക്യ രാഗപല്ലവികൾ ആവർത്തിക്കാതിരിക്കാൻ, അവിടെയുണ്ടായിരുന്ന മൂന്ന് ദിവസങ്ങളും, സ്ത്രീകളെ അടുക്കളയിൽ കയറ്റാതിരിക്കാൻ ഞങ്ങൾ ആവുന്നതും ശ്രമിച്ചത്, കുറച്ചൊക്കെ വിജയിച്ചെന്ന് പറയാം. മൂന്ന് ദിവസങ്ങളും നെറ്റ്‌വർക്ക് ഇല്ലാത്തത് കാരണം മൊബൈലുകൾക്ക് വിശ്രമം കിട്ടുമെന്ന് വിശ്വസിച്ചെങ്കിലും, തുടരെയുള്ള ഫോട്ടോയെടുപ്പ് കാരണം, മൊബൈലുകൾ പലതും ഫോട്ടോകൾ ശർദ്ദിച്ച് കുഴഞ്ഞു വീണു.
കുട്ടികളോട് തർക്കം കൂടിയുള്ള സോക്കർ കളികളും, വിഭവസമൃദ്ധമായ ഗ്രില്ലിങ്ങും, ചിരിമാലകൾ തീർത്ത ഡംബ് ഷാറാഡ്സ് കളിയുമൊക്കെ മറ്റ് വിനോദ പരിപാടികൾക്കൊപ്പം ഇടം പിടിച്ചു. മൂന്ന് ദിവസത്തിനിടയിൽ നൂറോളം കോഴിമുട്ടകൾ, ഓംലെറ്റുകളുടെ രൂപത്തിൽ എല്ലാവരുടെയും വയറ്റിലേക്കിറങ്ങിയത് മുട്ടയിടാസമരത്തിന് കോഴികളെ പ്രേരിപ്പിച്ചേക്കുമോ എന്ന് പോലും ഞങ്ങൾ ഭയന്നു.

മുട്ടകളോട് ഓരോരുത്തരും കാണിച്ച ആർത്തി കണ്ടാൽ കോഴികൾ വാവിട്ട് കരഞ്ഞുപോകും! ആ നൂറോളം മുട്ടത്തോടുകൾ പോലും ഞങ്ങൾ കളഞ്ഞില്ലെന്നതാണ് ഹൈലൈറ്റ്. ഇടിച്ച് പൊടിച്ച് കറിവേപ്പിലക്ക് വളമായി ഇടാനാണെന്നും പറഞ്ഞ്, ഞങ്ങളുടെ കൂട്ടത്തിലുള്ളൊരു നാരീമണി, ആ മുട്ടത്തോടുകൾ മുഴുവനും കാറിന്റെ പുറത്ത് കെട്ടിവച്ചു, വീട്ടിലേക്ക് കൊണ്ടുപോകാൻ!! 
ആഘോഷങ്ങൾക്കൊടുവിൽ, വീണ്ടും ചെളിക്കണ്ടങ്ങൾ താണ്ടി വീട്ടിലെത്തുമ്പഴേക്കും, ഇനി കുളിച്ച് മാത്രമേ വീണ്ടും വെളിയിലിറങ്ങൂ എന്ന വാശിയിലായിരുന്നു എന്റെ കാർ. ആ വാശിപ്പുറത്ത്, വണ്ടിയുമെടുത്ത് നേരെ കാർവാഷിലേക്ക് കുതിച്ചു. ക്രെഡിറ്റ് കാർഡ് സ്വൈപ്പ് ചെയ്യാൻ വിൻഡ്ഷീൽഡ് താഴ്ത്തി. കാർഡ് ഉള്ളിൽ കടത്തി, പ്രീമിയം വാഷ് തന്നെ സെലക്ട് ചെയ്തു. പതിനഞ്ച് ഡോളർ. ബില്ല് വേണ്ട എന്ന് വച്ചു. 'Slowly move ahead' എന്ന സന്ദേശം മുന്നിൽ കണ്ട ഉടനെ വണ്ടി പതുക്കെ മുന്നോട്ടെടുത്തു. വണ്ടിയുടെ താഴെക്കൂടി വെള്ളം ചീറ്റുന്ന ശബ്ദം കേൾക്കാമായിരുന്നു. 'Stop' എന്ന സന്ദേശം മുന്നിൽ തെളിഞ്ഞ ഉടനെ വണ്ടി നിറുത്തി. മുന്നിൽ നിന്ന് രണ്ട് ഭാഗത്തും കൂടെ കുത്തനെയുള്ള ബ്രഷുകൾ കറങ്ങാൻ തുടങ്ങി. അതിനിടയിൽ വണ്ടിയുടെ വശങ്ങളിൽ കൂടെയും മുകളിൽ കൂടെയും മഞ്ഞയും വയലറ്റും പച്ചയും നിറങ്ങളിൽ പത തുപ്പിക്കൊണ്ട് എന്തോ വരുന്നത് ഞാൻ കണ്ടു. ആ പത തുപ്പിവരുന്നത് ഞാൻ ശരിക്കും കാണുന്നതിന് മുന്നേ തന്നെ, സോപ്പ് കുളത്തിൽ വീണത് പോലെ സോപ്പ് പതയാൽ ഞാൻ കുളിച്ചിരുന്നു; കൂടെ ഞാനിരുന്ന സീറ്റും. എന്റെ വശത്തെ വാതിലിനുൾവശവും സ്റ്റീയറിങ്ങും അതിനുമുന്നിലെ ഡാഷ് ബോർഡും മഴവില്ല് പോലെ അലംകൃതമായി.
എന്താണ് സംഭവിക്കുന്നതെന്ന് ഒരു നിമിഷത്തേക്കെങ്കിലും പകച്ചുപോയ എനിക്ക് ആദ്യം കാര്യം പിടി കിട്ടിയില്ല. ബേജാറ് കൂടിയതിനാൽ എന്താണ് ചെയ്യേണ്ടതെന്നതിനെക്കുറിച്ചും വകതിരിവില്ലാതെ നിൽക്കുന്ന സമയത്താണ് പിന്നോട്ട് സോപ്പ് തുപ്പിക്കൊണ്ട് പോയ സാധനം, തിരിച്ച് പഴയ സ്ഥാനത്തേക്ക് പോകുന്ന പോക്കിലും വീണ്ടും സോപ്പ് തുപ്പിയത്. അപ്പഴേക്കും കാര്യങ്ങൾ മനസ്സിലായതിനാൽ, ഉടനെത്തന്നെ വിൻഡ്ഷീൽഡ് പൊക്കിയത് കൊണ്ട്, പിന്നീട് തുപ്പിയ സാധനങ്ങളൊന്നും ഉള്ളിൽ വീണില്ല!
വണ്ടിയിൽ തുടക്കാനുള്ള സാമഗ്രികളൊന്നും ഇല്ലാതിരുന്നത് കൊണ്ട്, ഇട്ടിരുന്ന T-shirt അഴിച്ച്, സ്വന്തം ശരീരവും വണ്ടിയുടെ ഉൾഭാഗവും തുടച്ചെങ്കിലും, തൊലിയിൽ നിറങ്ങളുടെ പൂക്കളങ്ങൾ അതേപടിതന്നെ കിടന്നു. എന്തായാലും, വണ്ടി കുളിച്ച് കുട്ടപ്പനായെങ്കിലും, ഒരു T-shirt നശിച്ചെങ്കിലും, എന്റെ ചർമ്മവിശാലതയിലെ നിറക്കളങ്ങൾ ഒരാഴ്ച തുടർച്ചയായി കുളിച്ചിട്ടും മാറിയിട്ടില്ല!! കോഴിശാപം തന്നെയായിരിക്കും കാരണം. അല്ലാതെ, കോഴികളെല്ലാം കൊക്കര കൂവിക്കരഞ്ഞ്,
ഒരുമിച്ച് എന്റെ വടിവൊത്ത ശരീരത്തിൽ തൂറിയത് പോലാകാൻ, മേല്പറഞ്ഞ കാരണമല്ലാതെ വേറെ നിമിത്തങ്ങളൊന്നും ഉണ്ടായിട്ടില്ലല്ലോ !
***

2021 ഫെബ്രുവരി 16, ചൊവ്വാഴ്ച

തൂറാത്ത വിപ്ലവം

ഇന്നലെ അംബുജാക്ഷനെ കാണുമ്പോൾ വല്ലാതെ മെലിഞ്ഞിരുന്നു... നല്ല ക്ഷീണം കാണാനുമുണ്ട്... എല്ലിന് തൊലിയുടെ കുപ്പായം; അതിന്റെ മേലെയിട്ട ജുബ്ബ ഒരു പുതപ്പ് പോലെ തോന്നിച്ചു. 

കാരണം തിരക്കാതിരിക്കാൻ കഴിഞ്ഞില്ല. “രാജ്യത്തിന് വേണ്ടി എന്തെങ്കിലും ചെയ്യണ്ടേ” എന്ന ഉത്തരം കേട്ടപ്പോൾ, എനിക്കൊന്നും മനസ്സിലായില്ല. “ഭക്ഷണം വല്ലാതങ്ങ് കുറച്ചു, ഒരു ദിവസം നാലരിയുടെ മലരും ഒരു ഗ്ലാസ് വെള്ളവും മാത്രമേ കഴിക്കുന്നുള്ളൂ”.

അതെ, ഭക്ഷണം കുറച്ചാൽ മെലിയും... “ചില മഹത്തുക്കൾ, നാല്പത്തൊന്ന് ദിവസമൊക്കെ ഭക്തിയോടെ ഉപവസിച്ച്, നാല്പത്തിരണ്ടാമത്തെ ദിവസം ആർത്തിയോടെ വാരിവലിച്ച് തിന്നുന്നതൊക്കെ കണ്ടിട്ടുണ്ട്” - ഞാൻ വെറുതെ കളിയാക്കി. 

“ഏയ് ഇതാനൊന്നുമല്ല... ഇനി മുതൽ അന്ത്യം വരെ ഇതോ ഇതിൽക്കുറവോ മാത്രമേ ഭക്ഷിക്കൂ".

“ഇത് ഏത് തരം ഉപവാസമാണ് എന്റെ പൊന്നമ്പൂ... ഗാന്ധിജി പോലും ഇങ്ങനെ പട്ടിണി കിടന്നിട്ടില്ലല്ലോ... ഈ പട്ടിണിയും രാജ്യവും തമ്മിലെന്താ ബന്ധം ?”

“എടോ... നീ ഈ രാജ്യത്തൊന്നുമല്ലേ ജീവിക്കുന്നത്?”

“അതെ..  എന്താ സംശയം..."

“എന്ത് കതേ... എഡോ... നമ്മൾ തൂറുന്നതാണ് ഇന്നത്തെ ഇവിടെയുള്ള സാധാരണക്കാരന്റെ ശാപം... ആളുകൾ എത്രയധികം തൂറുന്നോ, അത്രയും കൂടുതൽ കക്കൂസുകൾ ഇവിടെയുണ്ടാകും... എത്ര കക്കൂസുകൾ കൂടുതൽ കുഴിക്കണോ, അത്രയും ആനുപാതികമായി പെട്രോളിയം ഉത്പന്നങ്ങളുടെ വില കൂടും... അപ്പോ... നമ്മൾ തിന്നുന്നത് കുറച്ചാൽ തൂറുന്നത് കുറയും... നമ്മളോരോരുത്തരും തൂറുന്നത് കുറച്ചാൽ കക്കൂസുകൾ കുഴിക്കുന്നത് കുറയും... ആനുപാതികമായി പെട്രോളിയം വിലകൾ കുറയും... വിലക്കയറ്റം മൊത്തത്തിൽ കുറയും... രാജ്യത്തെ ജീവിത നിലവാരം മെച്ചപ്പെടും... സാധാരണക്കാരൻ ആജീവനാന്തം പുഞ്ചിരിക്കും.... വല്ലോം മനസ്സിലായോ?”

അംബുജാക്ഷന്റെ ദേശസ്നേഹമോർത്ത് എന്റെ മുഖരോമകൂപം ഉയർന്നു പൊങ്ങി...

“പാക്കിസ്ഥാനികളും നേപ്പാളികളും ലങ്കാക്കാരും ബംഗാളികളും ഭൂട്ടാനികളും, എന്തിനധികം, ബർമ്മാക്കാര് പോലും ഈ കാര്യങ്ങൾ പണ്ടേ മനസ്സിലാക്കി തൂറ്റല് കുറച്ചോണ്ടല്ലേ, അവിടെ, പെട്രോളിന് വില  ഇവിടത്തെപ്പോലെ കൂടാത്തത് ? മാത്രോമല്ല... അറേബിയായിൽ ബാരലിന് വില കുറയുമ്പോ, അതിന് ആനുപാതികമായി, വാങ്ങുന്നവർ വില കൂട്ടുന്ന വിദ്യ നമ്മുടെ പൊട്ടന്മാരായ അയൽക്കാർക്ക് അറിയുകയുമില്ല...” അംബുജാക്ഷൻ തുടർന്നു.

“ശരിയാണല്ലോ" ഞാനും അറിയാതെ പറഞ്ഞു പോയി. എന്റെ ദേശസ്നേഹം മച്ചിന്റെ പുറത്ത് ചിതലരിച്ച് കിടക്കുകയാണോ?

“നീയൊക്കെ തിന്ന് തിന്ന് കുഴിച്ച് കുഴിച്ച് തൂറിക്കോ... ഒരു കൊല്ലം കൂടി കഴിഞ്ഞാൽ പെട്രോളിന് കൊടുക്കാനായി മാത്രം പയിനായിരത്തിന്റെ ഒറ്റ നോട്ട് നമ്മുടെ സർക്കാരിന് പുറത്തിറക്കേണ്ടി വരും” 

തിരിഞ്ഞ് നടക്കുമ്പോഴും, എന്റെ തൂറൽ കുറയുമെന്ന ഇത്തിരി പ്രതീക്ഷ പോലും അംബുജാക്ഷന്റെ മുഖത്ത് ഉണ്ടായിരുന്നില്ല!

***

2021 ഫെബ്രുവരി 14, ഞായറാഴ്‌ച

എലിയെപ്പേടിച്ച് വാട്സാപ്പ്ഗ്രൂപ്പ് പൊളിച്ച പ്രിൻസിപ്പാൾ (തെറി കേൾക്കും വഴികൾ - 5)

(ഉൾക്കാഴ്ച: സാഹിത്യത്തിൽ അല്ലെങ്കിൽ എഴുത്തിൽ, ചില പ്രതീകങ്ങൾ ഉപയോഗിക്കുന്നത്, പറയാൻ ഉദ്ദേശിക്കുന്ന കാര്യത്തിനെ കൂടുതൽ ഊർജ്ജിതമായും ഫലവത്തായും പറഞ്ഞ് ഫലിപ്പിക്കാൻ വേണ്ടിയാണ്, അല്ലാതെ ആ പ്രതീകങ്ങൾ ആരെയും ഒന്നിനെയും നേരിട്ടോ അല്ലാതെയോ ഉപമയോ പര്യായങ്ങളോ ആക്കുന്നില്ല. അഥവാ അത്തരത്തിൽ ഗണിച്ച് വായിക്കുന്നത്, ഒരു നല്ല വായനയല്ല.മൂന്നുഭാഗമായി എഴുതാനുദ്ദേശിച്ച 'തെറികേൾക്കും വഴികൾ' എന്ന പരമ്പരക്ക് ചില അനുരണനങ്ങൾ ഉണ്ടാക്കാമെന്ന് അറിയാമായിരുന്നെങ്കിലും, നാലാമത്തേയും ഇവിടെക്കുറിക്കാൻ പോകുന്ന അഞ്ചാം ഭാഗവും എഴുതേണ്ടി വരുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. പക്ഷേ എന്ത് ചെയ്യാം, അണിയറനിഴൽയുദ്ധങ്ങൾ ഈ പരമ്പരക്ക് ഇനിയും അക്കങ്ങൾ കൂട്ടുമെന്ന് നിരീക്കാനേ തരമുള്ളൂ! ചിലവർക്ക് ഈ എഴുത്ത് അനാവശ്യമായി തോന്നിയേക്കാമെങ്കിലും, മിനക്കെട്ട് ഈ എഴുത്ത് എഴുതുന്നതിന് പകരം, മുരിക്കിൽ കയറി ഊരിക്കൂടേ എന്നൊക്കെ ചിന്തിച്ചേക്കാമെങ്കിലും, തീർത്തും ആവശ്യമായ അനാവശ്യ എഴുത്തുകൾ, അവശ്യസമയത്ത് എഴുതുന്നത് തന്നെയാണ് ഉചിതം എന്ന ആപ്തവാക്യത്തിൽ മുറുകെപ്പിടിച്ച് എഴുതുകയാണ്.)

എലിയെപ്പേടിച്ച് ഇല്ലം ചുട്ടെന്നും, കണ്ണടച്ച് ഇരുട്ടാക്കുന്നവർക്ക് മുന്നിൽ ചൂട്ട് തെളിച്ചിട്ടെന്ത് കാര്യമെന്നും, കണ്ണുമടച്ച് കുത്താൻ വരുന്ന പോത്തിനോട് ആരെങ്കിലും വേദമോതുമോ എന്നൊക്കെയുള്ള ചൊല്ലുകൾ, പഴമൊഴിവഴികളിൽ നമ്മൾ കുറേയധികം കേട്ടിട്ടുണ്ട്. ശരിയാണ്, പഴമൊഴികളിൽ പതിരില്ല! 

നാട്ടിൽ, മലയാളമാധ്യമത്തിൽ പഠിച്ച്, പഠിക്കുന്നതിനിടയിൽ സാമൂഹ്യബോധത്താൽ ഉണ്ടായ ചില ഇങ്കുലാബുകളും, ഭാഷാപ്രേമത്താൽ കഥയെഴുത്തുകളും മറ്റും നടക്കുന്നതിനിടയിലാണ്, സ്വന്തം കാലിൽ നിൽക്കാൻ, കുഞ്ഞാടിന് അവിചാരിതമായി ബോധോദയമുണ്ടായത്. ആ ബോധം കുഞ്ഞാടിനെക്കൊണ്ടെത്തിച്ചത് വിദേശത്തായിരുന്നു. മുട്ടനാടായതിന് ശേഷം, പെണ്ണുംകെട്ടി ഇരിക്കുമ്പോഴാണ് മാലാഖ വന്ന് രണ്ടുപേരെയും അമേരിക്കയിലേക്ക് കൂട്ടിക്കൊണ്ടുവന്നത്. അപ്പഴേക്കും, സാഹചര്യങ്ങൾ, ആടുകളുടെ ഭാഷ, മലയാളത്തിൽ നിന്ന് ആംഗലേയത്തിലാക്കിയിരുന്നു. വന്നുപെട്ട സ്ഥലം, മലയാളികൾ പോയിട്ട് ഇന്ത്യാക്കാര് പോലും അധികം ഇല്ലാത്ത ഒരു വിദൂര ഗ്രാമപ്രദേശത്തായിരുന്നത് കാരണം, കൂടുതൽ സഹവാസം, ഗ്രാമീണരായ ഇംഗ്ലീഷുകാരുമായിപ്പോയത്, മലയാളിയായ ആടിന്, വേറെ വഴിയില്ലാത്താഞ്ഞത് കൊണ്ട് മാത്രമാണ്.

അങ്ങനെയിരിക്കേ ആട്ടിൻ കുടുംബത്തിൽ ഒന്നുരണ്ട്‍ കുഞ്ഞാടുകൾ പിറന്നു. കാലം പോകപ്പോകെ, കുഞ്ഞാടുകൾ, സ്വന്തം കുലത്തിന്റെ ഭാഷയായ മലയാളം അധികം സംസാരിക്കാതെ, ആംഗലേയം മാത്രമാക്കിയതിൽ മുട്ടനാടിന് സങ്കടമായി. സ്വന്തം പരിശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും, മലയാളികളുമായി സമ്പർക്കം കുറവായതാണ് മുഖ്യകാരണമെന്ന് കണ്ടെത്തിയതിനാൽ, മലയാളികൾ കൂടുതലുള്ള ഒരു സ്ഥലത്തേക്ക് മാറി കുടില് കെട്ടുന്നതായിരിക്കും കുടുംബത്തിന്റെ ഭാഷക്ക് നല്ലതെന്ന് ആട്ടിൻകുടുംബം മീറ്റിങ് കൂടി തീരുമാനിച്ചു.

അങ്ങനെ, ആ ആട്ടിൻ കുടുംബം, വിദ്യാസമ്പന്നരും സംസ്കാരസമ്പന്നരും, സർവ്വോപരി സംഘടിച്ച് ശക്തരായിട്ടുള്ളതുമായ മലയാളികൾ താമസിക്കുന്ന പട്ടണത്തിലേക്ക്, നാട്ടിൻ പുറത്തിന്റെ നന്മകളുടെ ഓർമ്മകൾ അയവിറക്കിക്കൊണ്ട് താമസം മാറി. 

പട്ടണത്തിൽ, ഇത്രയധികം മലയാളികളെക്കണ്ട, ഭാഷാപ്രേമം മൂത്ത ആടിന്, കവിളിൽ രോമാഞ്ചം ഉണ്ടായി. കുറേക്കാലം കൂടി സ്വന്തം കുലത്തിന്റെ പള്ളിയിൽ പോകുന്നതിന്റെ സന്തോഷം വേറെ. പള്ളിയിൽ പോകാൻ തുടങ്ങിയപ്പോഴാണ്, സ്വന്തം കുലത്തിന്റെ ഭാഷ പഠിപ്പിക്കാൻ ഒരു പള്ളിക്കൂടം തുടങ്ങിയാലെന്താ എന്ന ആശയം മുട്ടനാടിന്റെ മനസ്സിലുദിച്ചത്.  സ്വന്തം കുട്ടികൾ ആംഗലേയത്തിൽ കുടുങ്ങിനിന്നതിൽ സങ്കടം പൂണ്ട മറ്റ് ആട്ടിൻകൂട്ടങ്ങളും ആ ആലോചനയെ കൈ കൊട്ടി പിന്താങ്ങി. ആ ആലോചന അധികം വൈകാതെ തന്നെ നാട്ടിൽ പരന്നു. 

അപ്പോഴാണ്, ഒരു അസോസിയേഷന്റ വക, ഈ നാട്ടിൽ പണ്ടൊരു പള്ളിക്കൂടം ഉണ്ടായിരുന്നെന്നും, ഇപ്പോൾ കുറേക്കാലമായി പൂട്ടിക്കിടക്കുകയാണെന്നും, മറ്റ് നാലഞ്ച് പ്രദേശങ്ങളിൽ ഇപ്പോഴും ഭാഷാ പള്ളിക്കൂടങ്ങൾ വളരെ ഭംഗിയായി നടക്കുന്നുണ്ടെന്നും ആട് മനസ്സിലാക്കിയത്. പിന്നെ ഒട്ടും വൈകാതെ തന്നെ സംഘടനയുമായി ബന്ധപ്പെടുകയും, ആടുകളും പശുക്കളും മുയലുകളും പോത്തുകളും അടങ്ങിയ സംഘടന, ആടിന്റെ നന്മ നിറഞ്ഞ ആശയത്തെ ഹർഷാരവങ്ങളോടെ സ്വാഗതം ചെയ്യുകയും ചെയ്തു. 

ആ നാട്ടിലെ മലയാളികളായ മുയൽക്കുട്ടികളും പൈക്കുട്ടികളും കൂട്ടത്തിൽ ഒരു എലിക്കുട്ടിയുമടക്കം ഏകദേശം പത്തിരുപത് പഠിതാക്കൾ  പള്ളിക്കൂടത്തിൽ ചേർന്നു. പള്ളിക്കൂടത്തിന്റെ മുറ്റത്തെ നെല്ലിമരം പതുക്കെ വളരാൻ തുടങ്ങി.

ആദ്യത്തെ ഒന്നു രണ്ട് വർഷങ്ങൾ അധികം ബുദ്ധിമുട്ടില്ലാതെ പള്ളിക്കൂടം നടത്തിക്കൊണ്ട് പോകാൻ ആടിന് സാധിച്ചു. എന്നാലും, കുറേക്കൂടി നന്നായി നടത്താനും പള്ളിക്കൂടം വിപുലമാക്കാനും സാധിച്ചെങ്കിൽ നന്നായേനെ എന്ന ചിന്ത ആടിനെ പിടികൂടി. ആ സമയത്താണ് പ്രസിഡന്റിനേക്കാളും ഉയരത്തിൽ പവറുള്ള പ്രിൻസിപ്പാൾ അവതരിക്കുന്നത്. വളരെയധികം കഴിവുള്ള ആളാണ് പ്രിൻസിപ്പാൾ. വളരെ നല്ല സംഘാടക കൂടിയാണ്. ഓടിച്ചാടി, കാര്യങ്ങൾ അവിചാരിതമായ വേഗതയിൽ നടത്താൻ കഴിവുള്ള വ്യക്തിയാണ്. മന്ദഹാസം തൂകുന്ന മുഖമാണ്, പക്ഷേ കൂടെ നിന്നവരുടെ മന്ദഹാസം അധിക കാലം കാണില്ല എന്ന വേറിട്ട പ്രശ്നം മാത്രമേ എന്തെങ്കിലും കുറവായിട്ട് പറയാനായിട്ടുള്ളൂ. കാര്യങ്ങൾ ഭംഗിയായി നടത്തുമെങ്കിലും കൂടെക്കൂട്ടിയാൽ സമാധാനം പോകുമെന്ന അടക്കം പറച്ചിലുകൾ, ആട് കേൾക്കാതിരിക്കുകയോ, കേട്ടതായി ഭാവിക്കാതിരിക്കുകയോ ചെയ്തു.

പ്രിൻസിപ്പാളിന്റെ ഇടപെടലിലൂടെ വേറെ മൂന്ന് നാല് വനിതാദ്ധ്യാപികമാർ നമ്മുടെ ആടിന്റെ കൂടെ അദ്ധ്യാപനത്തിൽ പങ്ക് ചേർന്നു. വനിതകളുടെ സ്നേഹസ്മൃണമായ ഇടപെടൽ, പള്ളിക്കൂടത്തിന്റെ പ്രകാശം കൂടുതൽ വ്യാപ്തിയിൽ പരത്തുകയും കൂടുതൽ കുഞ്ഞാടുകൾ പള്ളിക്കൂടത്തിൽ ചേരുകയും ചെയ്തു. 

കുഞ്ഞാടുകളുടെ മാതാപിതാക്കൾ അടങ്ങിയ ഒരു വാട്സാപ്പ് ഗ്രൂപ്പ്  നമ്മുടെ ആട് പണ്ടേ ഉണ്ടാക്കിയിട്ടുണ്ടായിരുന്നു. ആ ഗ്രൂപ്പ്  വളർന്ന് വളർന്ന് അമ്പതോളം കുട്ടികളുടെ രക്ഷാകർത്താക്കളുടെ കൂട്ടായ്മയായി മാറി. 

പ്രിൻസിപ്പാൾ വളരെ കൃത്യമായി ചടുലമായി കാര്യങ്ങൾ മുന്നോട്ട് നീക്കി. പണ്ട് ആട് കൈകാര്യം ചെയ്തിരുന്ന വാട്സാപ്പ് ഗ്രൂപ്പിൽ പ്രിൻസിപ്പാളിന്റെ സന്ദേശങ്ങൾ കുമിഞ്ഞ് കൂടി, കൂടെ പള്ളിക്കൂടത്തിന്റെ ചടുലമായ പ്രവർത്തനങ്ങളിൽ രക്ഷിതാക്കൾക്ക് രോമാഞ്ചവും.

പക്ഷേ, തുടക്കത്തിൽ പറഞ്ഞത്  പോലെ, പ്രിൻസിപ്പാളിന്റെ മന്ദഹാസം പരക്കാൻ തുടങ്ങിയപ്പോൾ, നമ്മുടെ ആടിന്റെ മന്ദഹാസം പതുക്കെ മങ്ങാൻ തുടങ്ങി. ആടിന് ഒരു പ്രസക്തിയുമില്ലെന്ന് തോന്നത്തക്കവിധം പ്രിൻസിപ്പാളിന്റെ കരാള ഹസ്‌തങ്ങൾ എല്ലാമേഖലകളിലും വ്യാപിച്ചു. എടുക്കുന്ന തീരുമാനങ്ങളിലൊന്നും ആടിന് ഒരു പങ്കും ഇല്ലെന്ന അവസ്ഥ വന്നു. പ്രിൻസിപ്പാളിനെ പേടിച്ച്, മറ്റ് മഹിളാദ്ധ്യാപകർ, കണ്ണടയ്ക്കുന്ന അവസ്ഥ വന്നു. ആടിനെ പ്രിൻസിപ്പാൾ കൗശലപൂർവ്വം ഒരു മൂലക്കിരുത്തി. മുട്ടനാടിന്റെ കരുത്ത് കാണിക്കണമെന്നുണ്ടായിരുന്നെങ്കിലും മഹിളകളോട് ശണ്ഠ കൂടാൻ ആട് മടി കാണിച്ചു.

ഒടുവിൽ, സഹികെട്ട, ആട്‌, രാജിവച്ചൊഴിഞ്ഞാലെന്താ എന്ന് ചിന്തിക്കാൻ തുടങ്ങി. സ്വന്തം ഹൃദയത്തിന്റെ അഗാധമായ താല്പര്യപൂർവ്വം തുടങ്ങിയതാണെങ്കിലും, കാലത്തിന്റെ ഗതിയിൽ പ്രസക്തി നഷ്ടപ്പെട്ട് പ്രിൻസിപ്പാളിന്റെ ചാതുര്യത്താൽ മൂലക്കിരിക്കേണ്ടിവന്നതിൽ ആടിന്റെ ദുഃഖം കൂടിക്കൂടി വന്നു. ചില വ്യക്തികളുടെ സ്വാധീനം മൂലം കുറച്ച് കാലം കൂടി പിടിച്ച് നിൽക്കാൻ ശ്രമിച്ചെങ്കിലും, ഒടുവിൽ പള്ളിക്കൂടം വിടുവാൻ തന്നെ ആട് മനസാ തീരുമാനിച്ചു.

ആ സമയത്താണ് പള്ളിക്കൂടത്തിൽ പഠിക്കുന്ന എലിക്കുഞ്ഞിന്റെ പിതാവ്, അശ്വഗണത്തിൽ പെട്ടതാണെങ്കിലും അശ്വത്തിന്റെ ഒരു ഗുണവുമില്ലാത്ത ചില ജീവികൾ,  പണ്ട് പുലഭ്യം പറഞ്ഞതിനെക്കുറിച്ച് ഒരു ബ്ലോഗെഴുതി പള്ളിക്കൂടത്തിന്റെ വാട്സാപ്പ് ഗ്രൂപ്പിൽ ഇട്ടത് കാമസ്യ പുലഭ്യം 'കുമൈപൂ' (തെറി കേൾക്കും വഴികൾ - 3). ഒരു സംഘടനക്ക് വേണ്ടി ആത്മാർത്ഥതയോടെ  ജോലിയെടുത്ത്, അകാരണമായി പുലഭ്യം കേട്ടതിനെക്കുറിച്ച് പറയുന്നതിനിടയിൽ, സമൂഹത്തിലെ ചില പുഴുക്കുത്തുകളെയും അതിൽ പ്രതീകാത്മകമായി പ്രതിപാദിച്ചിരുന്നു. പക്ഷേ ആ ബ്ലോഗിലെ ചില പ്രതീകാത്മകതകൾ, പള്ളിക്കൂടത്തിലെ  പ്രിൻസിപ്പാളടക്കം അവരവരുടെ കഴുത്തിൽ സ്വയം ചാർത്തി വച്ച്, ബ്ലോഗിൽ യഥാർത്ഥത്തിൽ പറഞ്ഞ കാര്യങ്ങൾ ഒട്ടും മനസ്സിലാക്കാതെ, നിഴൽ യുദ്ധത്തിന്റെ രൂപത്തിൽ പ്രതികരിക്കാൻ തുടങ്ങി.

വാട്സാപ്പ് ഗ്രൂപ്പിൽ മറ്റുപലരും ഇതിന് മുന്നിൽ പല കഥകളും പോസ്റ്ററുകളും പോസ്റ്റ് ചെയ്തിട്ടുണ്ട്. അതുകൊണ്ടാണ്, എലി അവിടെ അവന്റെ ബ്ലോഗ് തിരുകിയത്. സംസ്കാര സമ്പന്നരായ മലയാളികൾ എങ്ങനെ പെരുമാറാൻ പാടില്ല, എങ്ങനെ ഭാഷ ഉപയോഗിക്കാൻ പാടില്ല എന്ന് പറയാനാണ്, ഭാഷയും സംസ്കാരവും പഠിപ്പിക്കുന്ന ആ വാട്സാപ്പ് കൂട്ടായ്മയിൽ ആ ബ്ലോഗ് പരസ്യപ്പെടുത്തി പറയാൻ ശ്രമിച്ചത്. പക്ഷേ അത് എലിയെ സംബന്ധിച്ചടുത്തോളം ആത്മഹത്യാപരമായി മാറുകയാണ് ചെയ്തത്.

എലിയോടുള്ള പക തീർക്കാൻ, മറ്റുള്ളവർ വാട്സാപ്പ് ഗ്രൂപ്പിൽ പോസ്റ്റികളിടുന്നത് പ്രിൻസിപ്പാൾ വിലക്കി. പ്രിൻസിപ്പാൾ അടങ്ങുന്ന അഡ്മിനുകൾ മാത്രം പോസ്റ്റുകളിട്ടാൽമതിയെന്ന തീരുമാനം ആരോരുമറിയാതെയങ്ങ് നടപ്പിലാക്കി. ഈ ബഹളം നടക്കുന്നതിനിടയിൽ നമ്മുടെ ആട്, പള്ളിക്കൂടത്തിൽ നിന്ന് രാജി വച്ചു. പ്രിയപ്പെട്ട ആദ്ധ്യാപകൻ പള്ളിക്കൂടം വിട്ടുപോകാൻ ഇടയാക്കിയത്, എലിയുടെ ബ്ലോഗാണെന്ന് രക്ഷിതാക്കളിൽ ചിലരെങ്കിലും സംശയിച്ചു.

സ്വന്തം കാര്യം പറയാൻ അവസരം നഷ്ടപ്പെട്ട എലി, ഫേസ്‌ബുക്കിൽ കയറി എന്താണ് കാര്യമെന്ന് വിളിച്ച് കൂവി പറയാൻ ശ്രമിച്ചു. അതുകാരണം, എലിയുടെ ബ്ലോഗ് അനാവശ്യമായി വായിക്കപ്പെടാൻ ഇടയാക്കി. കൂടുതൽ ആളുകളാൽ ബ്ലോഗ് വായിക്കപ്പെട്ടത് പ്രിൻസിപ്പാളിനെ വീണ്ടും ചൊടിപ്പിച്ചു. എലിയെ എങ്ങനെ പുകച്ച് പുറത്താക്കണം എന്നായി പ്രിൻസിപ്പാളിന്റെ ചിന്ത. 

അതിനിടയിൽ, വാട്സാപ്പ് ഗ്രൂപ്പ് മറ്റുള്ളവർക്കായി വീണ്ടും തുറക്കപ്പെട്ടു. പക്ഷേ എലിക്കൊരു കാര്യം മനസ്സിലായിരുന്നു. ഈ പ്രശ്നങ്ങളിലൊന്നും മറ്റുള്ളവർക്ക് ഒരു താല്പര്യവുമില്ല, അതുകൊണ്ട് ഇനിമുതൽ, ബ്ലോഗ് പോയിട്ട് ഒരു ആലില പോലും എടുത്ത് ആ ഗ്രൂപ്പിൽ ഇടരുതെന്ന് എലി തീരുമാനിച്ചു.

അങ്ങനെയിരിക്കെ, റിപ്പബ്ലിക്ക് ദിനം വന്നു. പള്ളിക്കൂടത്തിൽ, ഒരു മിടുക്കി ഭാരതത്തിന്റെ ഭൂപടം ഭംഗിയായി വരച്ചു. പ്രിൻസിപ്പാൾ ആ ഭൂപടം, വാട്സാപ്പ് ഗ്രൂപ്പിൽ ഇട്ടു. മറ്റുള്ളവർ ആ ചിത്രത്തിനെ പ്രശംസിച്ച് കൊണ്ട് സന്ദേശങ്ങളിട്ടു. കൂട്ടത്തിൽ എലിയും ഒരു പ്രശംസാ സന്ദേശമിട്ടു. എലിക്ക് സ്വതവേ ഒരു  രീതിയുണ്ട്,  വേണ്ടിടത്തും വേണ്ടാത്തിടത്തും സാഹിത്യം കലർത്താൻ ശ്രമിക്കും, അല്ലെങ്കിൽ ചില കാര്യങ്ങൾ ഇത്തിരി വിഭിന്നമായ രീതിയിൽ പറയാൻ ശ്രമിക്കും! അത്തരത്തിലുള്ള ഒന്നായിരുന്നു ഈ പ്രശംസാ സന്ദേശവും.

എലിയുടെ പ്രശംസാ സന്ദേശം ഗ്രൂപ്പിൽ വന്ന അടുത്ത സെക്കൻഡിൽ തന്നെ, എലിയുടെ സന്ദേശം പിൻവലിക്കാനായി പ്രിൻസിപ്പാളിന്റെ ഉഗ്രശാസനം വന്നു. എന്താണ് സംഭവിക്കുന്നതെന്നറിയാതെ എലി കുറച്ച് നേരം പകച്ചിരുന്നു. സ്ഥലകാലബോധം വീണ്ടെടുത്ത എലി, തന്റെ സന്ദേശത്തിൽ ഒരു തെറ്റുമില്ലെങ്കിലും, സന്ദേശം പിൻവലിച്ചോളാമെന്ന് അറിയിക്കുകയും സന്ദേശം പിൻവലിക്കുകയും ചെയ്തു. 

പക്ഷേ, എലിയുടെ വേദന  അതൊന്നുമായിരുന്നില്ല. സന്ദേശം പിൻവലിക്കാനാവശ്യപ്പെട്ട് വന്ന പ്രിൻസിപ്പാളിന്റെ സന്ദേശം ഗ്രൂപ്പിൽ കിടക്കുമ്പോൾ, എന്ത് തോന്ന്യാസം പറഞ്ഞിട്ടാണ് എലിക്ക് സന്ദേശം പിൻവലിക്കേണ്ടിവന്നതെന്ന് മറ്റുള്ളവർക്ക് സംശയം തോന്നാം. എലിക്ക് വേണമെങ്കിൽ, ഗ്രൂപ്പിൽ തന്നെ ചോദ്യങ്ങൾ തൊടുക്കാമായിരുന്നു. പക്ഷേ ഇത്തരം പൊല്ലാപ്പുകൾ മറ്റുള്ളവർക്ക് ഒരു പ്രശ്നമാകേണ്ടെന്ന് കരുതിയാണ്, എലി, പെട്ടന്ന് തന്നെ സന്ദേശം പിൻവലിച്ചത്. പക്ഷേ സത്യാവസ്ഥ, എങ്ങനെ കുറച്ച് പേരെയെങ്കിലും അറിയിക്കും? ബ്ലോഗ് തന്നെ ശരണം - എലി ഉടനെത്തന്നെ അടുത്ത ബ്ലോഗ് എഴുതി പരസ്യപ്പെടുത്തി (ലഡാക്കിലെ പൊളിറ്റിക്‌സും സർക്കാസവും (തെറി കേൾക്കും വഴികൾ - 4)). 

പുതിയ ബ്ലോഗിലും ചില പ്രതീകങ്ങൾ  ചേർക്കേണ്ടിവന്നപ്പോൾ, ആ പ്രതീകങ്ങളും നമ്മുടെ പ്രിൻസിപ്പൽ സ്വയം എടുത്ത് കഴുത്തിലണിഞ്ഞിരിക്കണം; പ്രിൻസിപ്പാളിന്, എലിയെ ഇനി കൊല്ലുകയോ പുറത്താക്കുകയോ ചെയ്യണമെന്ന് വാശിയായി. ഇതിനിടയിൽ, എലിക്ക് തന്നെ സ്വപ്നത്തിൽ ചില ബോധ്യങ്ങൾ ഉണ്ടായി. പുതിയ ബ്ലോഗിന്റെ  പശ്ചാത്തലത്തിൽ, എലിയെ ഇനി അധികകാലം ഗ്രൂപ്പിൽ വച്ച്  സാധ്യതയില്ലെന്ന് ഏലി ഊഹിച്ചു, കാരണം പ്രിസിപ്പാളിന്റെ ഔചിത്യബോധത്തിനെക്കുറിച്ച് ഒരുവിധം നല്ല ധാരണ എലിക്ക് ഉണ്ടായിരുന്നു. ഒന്നുകിൽ നിലവിലുള്ള ഗ്രൂപ്പിൽ നിന്ന് പുറത്താക്കും, അല്ലെങ്കിൽ, പുതിയ ഗ്രൂപ്പുണ്ടാക്കി, എലിയെ പുറത്തിരുത്തും.

പ്രതീക്ഷിച്ചത് പോലെത്തന്നെ സംഭവിച്ചു. രണ്ട്  ദിവസത്തിനുള്ളിൽ, പ്രിൻസിപ്പലിന്റെ സന്ദേശം ഗ്രൂപ്പിൽ എത്തി. "ഈ ഗ്രൂപ്പ് പൊളിക്കുകയായാണ്, ഭരണ സൗകര്യാർത്ഥം, മൂന്ന് ക്ലാസ്സുകളുള്ള ഈ പള്ളിക്കൂടത്തിന് ഇനി മുതൽ മൂന്ന് വാട്സാപ്പ് ഗ്രൂപ്പുകൾ ഉണ്ടായിരിക്കും." ഇതും പറഞ്ഞ് എല്ലാവരെയും നീക്കി. എലിക്ക് പുതിയ ഗ്രൂപ്പുകളെക്കുറിച്ച് ഒരു അറിയിപ്പും  കിട്ടിയില്ല, പക്ഷേ എലിയുടെ  ഭാര്യയെ, എലിക്കുഞ്ഞ് പഠിക്കുന്ന ക്ലാസ്സിന്റെ പുതിയ ഗ്രൂപ്പിൽ പ്രിൻസിപ്പൽ അംഗമാക്കി; കാരണം ഒരു രക്ഷിതാവെങ്കിലും ഗ്രൂപ്പിൽ വേണമല്ലോ!

എതിർഗ്രൂപ്പിലെ അംഗത്തെ പുറത്താക്കി, ഏതോ ഒരു രാജ്യത്ത്, സ്വന്തം മന്ത്രിസഭ രൂപീകരിച്ചത് പോലെയാണ് പ്രിൻസിപ്പാൾ കരുതുന്നത് എന്ന് വേണം കരുതാൻ! അല്ലാതെ, ഗ്രൂപ്പിൽ കേറി പോലും കേറിയില്ല പോലും, എലിക്ക് എന്താണ് നഷ്ടപ്പെട്ടത്? സത്യത്തിൽ, ആ ഗ്രൂപ്പിൽ കേറിയാൽ, ഇനി എലിക്ക് സമാധാനം ഉണ്ടാകുമെന്ന് തോന്നുന്നില്ല. ഒരു 'ഹായ്' പറഞ്ഞാൽ പോലും പ്രിൻസിപ്പാൾ വാളെടുത്ത് ഉറഞ്ഞ് തുള്ളിയേക്കാം. ആർക്ക് വേണം ഈ പൊല്ലാപ്പുകൾ? കേറി ഇരിക്കുന്നിടത്ത് ചൊറിയണം ഉണ്ടെങ്കിൽ, വീണ്ടും  അവിടെ കയറി ഇരിക്കാതിരുന്നാൽ പോരേ ?

എലിക്ക് വേണമെങ്കിൽ ഒരു കളി കൂടി കളിച്ച് നോക്കാമായിരുന്നു. എലിക്കുഞ്ഞ് പള്ളിക്കൂടത്തിൽ ഉള്ളിടത്തോളം കാലം, മാതാപിതാക്കളിൽ ഏതെങ്കിലും ഒരാളോ, അല്ലെങ്കിൽ മാതാപിതാക്കൾ രണ്ടുപേരുമോ ഗ്രൂപ്പിലുണ്ടാകണം. എലിക്ക്, എലിയുടെ ഭാര്യയോട് ഗ്രൂപ്പിൽ നിന്ന് പുറത്ത് പോയിട്ടോ അല്ലാതെയോ, കെട്ടിയോനെ ഗ്രൂപ്പിൽ ചേർക്കാൻ പറയാം. അല്ലെങ്കിൽ എലിക്കുഞ്ഞിനെ പള്ളിക്കൂടത്തിൽ നിന്ന് പുറത്താക്കാൻ പറയാം. പക്ഷേ എലിക്ക് ഇനിയും ചൊറിയണത്തിന്റെ കൂടെയിരുന്ന് ഇനിയും ചൊറിയാൻ വയ്യ ! 

വേറെ തരത്തിൽ ചിന്തിച്ചാൽ, എലിക്ക് സ്വന്തം കുഞ്ഞിനെ പിൻവലിച്ച് ഈ പൊല്ലാപ്പുകളിൽ നിന്ന് മുഴുവനായും മാറി നിൽക്കാം, പക്ഷേ  എലിക്കതിന് സൗകര്യമില്ല. കുഞ്ഞുങ്ങളെ തൽക്കാലം ഈ ഔചിത്യമില്ലായ്മയിലേക്ക് കെട്ടിവലിക്കാൻ താല്പര്യമില്ല. എലിയുടെ ബ്ലോഗിനെക്കുറിച്ച് എലിക്കുഞ്ഞിന് അറിയാമെങ്കിലും, അതിലെ പ്രതീകങ്ങൾ നീളുന്നത് ആരിലേക്കാണെന്ന് കുഞ്ഞിനെ അറിയിക്കേണ്ട കാര്യം എലിക്കില്ല, കാരണം, പ്രതീകങ്ങളെക്കാൾ, പ്രതിപാദിച്ച കാര്യത്തിന് പ്രാമുഖ്യം കൊടുക്കാനാണ് എലി താൽപര്യപ്പെടുന്നത്. എന്തായാലും, എലിയെ പുറത്താക്കാൻ, പഴയ വാട്സാപ്പ് ഗ്രൂപ്പ് പൊളിച്ച് കളയാൻ മാത്രം വികാസം പ്രാപിച്ച ബുദ്ധിയുള്ള  പ്രിൻസിപ്പലിന് ഇനി, എലിയുടെ ശല്യമില്ലാതെ സ്വയം പണിഞ്ഞ സ്വർഗ്ഗത്തിലിരുന്നുകൊണ്ട് പള്ളിക്കൂടം ഭരിക്കാം!! കരണ്ട് തിന്നാൻ ഒന്നുമില്ലാത്തിടത്ത് എലിക്കെന്ത് കാര്യം?  വിദ്യാഭ്യാസവും അനുഭവങ്ങളും പക്വതയും സംസ്കാരവും ഒരേ മസ്തിഷ്കത്തിൽ ഒരിക്കലും സമ്മേളിക്കില്ലെന്ന ബോധം എലിക്കില്ലാതെ പോയി!!!

***

2021 ജനുവരി 30, ശനിയാഴ്‌ച

ലഡാക്കിലെ പൊളിറ്റിക്‌സും സർക്കാസവും (തെറി കേൾക്കും വഴികൾ - 4)

(കടപ്പാട്: ഭാഷാപഠനകളരിയിലെ നേരിട്ടറിയാത്ത കൊച്ചുകുട്ടിക്ക്)

(ഉൾക്കാഴ്ച: സാഹിത്യത്തിൽ അല്ലെങ്കിൽ എഴുത്തിൽ, ചില പ്രതീകങ്ങൾ ഉപയോഗിക്കുന്നത്, പറയാൻ ഉദ്ദേശിക്കുന്ന കാര്യത്തിനെ കൂടുതൽ ഊർജ്ജിതമായും ഫലവത്തായും പറഞ്ഞ് ഫലിപ്പിക്കാൻ വേണ്ടിയാണ്, അല്ലാതെ ആ പ്രതീകങ്ങൾ ആരെയും ഒന്നിനെയും നേരിട്ടോ അല്ലാതെയോ ഉപമയോ പര്യായങ്ങളോ ആക്കുന്നില്ല. അഥവാ അത്തരത്തിൽ ഗണിച്ച് വായിക്കുന്നത്, ഒരു നല്ല വായനയല്ല. തെറി കേൾക്കും വഴികൾ എന്ന പരമ്പരയിലെ മൂന്നാം ഭാഗം എഴുതിയതിന് ശേഷം, അണിയറയിൽ നടക്കുന്ന ചിലകുരിശുയുദ്ധങ്ങളാണ് ഈ നാലാംഭാഗത്തിന് കാരണം. ഇത്തരം കുരിശുയുദ്ധങ്ങൾ ഇനി എത്ര ഭാഗങ്ങൾ കൂടി എന്നെക്കൊണ്ട് എഴുതിപ്പിക്കും എന്നതിന് ഇപ്പോൾ ഒരു നിശ്ചയവുമില്ല!)

പണ്ട്, എന്റെ വീട്ടിൽ, ഒരു കറുമ്പിപ്പശു ഉണ്ടായിരുന്നു. എന്റെ അച്ഛനെയും അമ്മയെയും ഒഴിച്ച്, മറ്റുള്ള എല്ലാവരോടും അതിന് കലിപ്പായിരുന്നു. എന്താണെന്നറിയില്ല, പക്ഷേ അവളെങ്ങനെ ആയിരുന്നു. പുല്ലോ, പിണ്ണാക്കിൻ വെള്ളമോ, കമുകിൻ പട്ടയോ എന്ന് വേണ്ട, അതിന് ഇഷ്ടപ്പെട്ട എന്ത് സാധനമായാലും ഞാനോ അനിയന്മാരോ ആണ് കൊണ്ടുക്കൊടുക്കുന്നതെങ്കിൽ, കറുമ്പി, ഞങ്ങളുടെ മുഖം പോലും നോക്കാതെ, ഞങ്ങൾ എന്താണ് കൊണ്ടുക്കൊടുക്കുന്നതെന്ന് അറിയാൻ പോലും ശ്രമിക്കാതെ, അതിന്റെ മുൻകാലുകളിലൊരെണ്ണം കൊണ്ട് തറയിൽ അരിശത്തോടെ ശക്തിയായി മാന്തി, അതിന്റെ കൂർത്ത് നീണ്ട രണ്ട് കൊമ്പുകളും നമ്മളെ കുത്താൻ പാകത്തിൽ ഞങ്ങളുടെ നേർക്ക് നീട്ടിപ്പിടിച്ച്, തലയും കുനിച്ചൊരു നിൽപ്പുണ്ട്. അതിന്റെ അത്തരത്തിലുള്ള നിൽപ്പ് കാണുമ്പോൾ, ഞങ്ങൾ അതിശയത്തോടെയാണെങ്കിലും പേടിച്ച് ദൂരെ നിൽക്കും ഈ കുത്താൻ വരുന്ന പണ്ടാരത്തിന് എന്തിനാണ് വെള്ളം കൊടുക്കുന്നതെന്ന് വെറുതെയെങ്കിലും ചിന്തിച്ച് പോവും. ഇത്രയേറെ അതിനെ ഇഷ്ടപ്പെട്ടിട്ടും, അതിന് വേണ്ടി പുല്ലും പട്ടകളും വള്ളികളും യഥാസമയം സ്നേഹത്തോടെ എത്തിച്ച് കൊടുത്തിട്ടും, കറുമ്പിക്ക് ഞങ്ങളെ എന്തുകൊണ്ട് കണ്ണിൽ കണ്ടുകൂടാ എന്ന് സങ്കടപ്പെടും, ആശ്ചര്യപ്പെടും. - ഈ കഥയൊക്കെ എന്തിനാണ് പറഞ്ഞതെന്നല്ലേ? ചിന്തിച്ച് പോകുന്നതും ചിരിച്ചുപോകുന്നതുമായ കാര്യങ്ങൾ മുന്നിൽ വന്ന് നൃത്തം വെക്കുമ്പോൾ അറിയാതെ എഴുതിപ്പോകുന്നതാണ്! ഇങ്ങനെയൊക്കെ എഴുതുന്നത് ചിലരെങ്കിലും അനാവശ്യമാണെന്ന് കരുതിയേക്കാമെങ്കിലും ഇത്തരം കാര്യങ്ങളെക്കുറിച്ച് അറിയുന്നത്, ചില അവബോധങ്ങൾ ഉണ്ടാക്കാൻ ഉതകുമെന്ന് തന്നെയാണ് എന്റെ ചിന്ത.

കഴിഞ്ഞ ദിവസം, റിപ്പബ്ലിക് ദിനം പ്രമാണിച്ച്, ഒരു ഭാഷാപഠന കൂട്ടായ്മയിൽ, ഒരു കൊച്ചുകുട്ടി താല്പര്യപൂർവ്വം വരച്ച ഇന്ത്യയുടെ ഭൂപടത്തിന്റെ ചിത്രം ഒരു ഉത്തരവാദപ്പെട്ട വ്യക്തി post ചെയ്തു. മനോഹരമായ ഭൂപടം (ആ കുട്ടി വരച്ച ഭൂപടത്തിൽ ഇവിടെ പ്രസക്തമായ ഭാഗത്തിന്റെ ബാഹ്യരേഖാരൂപം  മാത്രം, കടപ്പാടോടെ, ഇതിന്റെ തലക്കെട്ടിനൊപ്പം ചേർക്കുന്നു). ആ ചിത്രം കണ്ടയുടനെ തന്നെ, "Great work... ലഡാക്ക് പിടിച്ചെടുത്തിരിക്കുന്നു എന്നൊരു സന്തോഷം കൂടിയുണ്ട്" എന്ന spontaneous ആയൊരു comment ആണ് എനിക്കവിടെ ഇടാൻ തോന്നിയത്. കാരണം, മനോഹരമായ ആ ഭൂപടത്തിൽ ലഡാക്ക് ഏരിയ കൂടുതൽ ചൈനയിലോട്ട് തള്ളി നിന്നിരുന്നു.

ഉടനെത്തന്നെ, ആ പടം post ചെയ്ത ഉത്തരവാദപ്പെട്ടയാൾ, "@Vkokkodan, Please remove the political comment. This drawing is done by a child. We don't need any sarcasm in this group." എന്നൊരു മറുപടി സന്ദേശം ഇട്ടപ്പോൾ ഒരു നിമിഷം ഞാൻ ശങ്കിച്ചു... അറിയാതെ, തെറ്റായി എന്തെങ്കിലും പറഞ്ഞു പോയോ? രണ്ടുമൂന്നാവർത്തി വായിച്ചതിന് ശേഷവും എന്റെ ചെറിയ വിവേചനബുദ്ധിയിൽ ഒരു ചെറിയ പിശക് പോലും എന്റെ comment ൽ എനിക്ക് കാണാൻ പറ്റിയില്ല. 

കുട്ടിയാണ് ചിത്രം വരച്ചതെന്ന് എനിക്കറിയാം. അതുകൊണ്ട് തന്നെ, ആ കുട്ടിയെ അനുമോദിക്കുക മാത്രമാണ് ഞാൻ ചെയ്തത്. ഒരു ദുഃസ്സൂചന പോലും മനസ്സിലുണ്ടായിരുന്നില്ല. പിന്നെ റിപ്പബ്ലിക് ദിനവും ഇന്ത്യയുടെ ഭൂപടവും പൊളിറ്റിക്കലായത് കൊണ്ട്, ലഡാക്കിനെക്കുറിച്ച് പറഞ്ഞത് മാത്രം പൊളിറ്റിക്കൽ ആവാൻ തീരെ സാധ്യതയില്ലല്ലോ. മറിച്ച്, അഥവാ, ആ കൂട്ടായ്മയിൽ ഒരു ചൈനാക്കാരൻ ഉണ്ടായിരുന്നെങ്കിൽ, എന്റെ comment, പൊളിറ്റിക്കൽ ആയേനെ. പക്ഷേ അവിടെ എല്ലാം ഇന്ത്യാക്കാർ ആയിരുന്നു. പിന്നെ ലഡാക്ക് പിടിച്ചെടുത്തിരിക്കുന്നു എന്ന് പറഞ്ഞത് എങ്ങനെയാണ് ഒരു കളിയാക്കൽ ആവുക? അഥവാ, ആ ചിത്രത്തിനെ സംബന്ധിച്ച്, പാക് അധീന കാശ്മീർ അതിൽ ഇല്ലായിരുന്നു എന്ന് പറഞ്ഞിരുന്നെങ്കിൽ അത് കുറച്ചെങ്കിലും sarcastic ആയിപ്പോയെന്ന് പറയാമായിരുന്നു. 

ആ ഒരു കൂട്ടായ്മ, കുട്ടികളുടെ രക്ഷിതാക്കളുടേതായതിനാൽ, അവിടെയിട്ട comment കളൊക്കെ കുട്ടികൾ കാണാൻ സാധ്യത വളരെ കുറവാണ്. അതുകൊണ്ട്, അവിടെയിടുന്ന ഓരോ comment കളും മറ്റ് post കളും രക്ഷിതാക്കളെയാണ് അല്ലെങ്കിൽ രക്ഷിതാവിനെയാണ് അഭിസംബോധന ചെയ്യുന്നത്. തീർത്തും നിർദ്ദോഷകരമായ തമാശകളെ എങ്ങനെ വളച്ചൊടിക്കാം എന്നതിന്റെ മകുടോദാഹരണമായിരുന്നു എനിക്ക് മറുപടി comment ഇട്ട വ്യക്തി കാണിച്ച് തന്നത്. സാധാരണയായി ഇങ്ങനെയൊക്കെത്തന്നെയാണല്ലോ നമ്മൾ കൂട്ടായ്മകളിൽ പ്രതികരിക്കുക. പരസ്പരം അറിയുന്ന ആളുകൾ തമ്മിൽ 'steady like a stick' എന്ന രീതിയിൽ വളരെ stiff ആയി പെരുമാറേണ്ടതില്ലല്ലോ. അങ്ങനെയിരിക്കേ, അവിടെ എന്റെ comment ന്റെ പേരിൽ ഏതെങ്കിലും നിയമങ്ങളോ മര്യാദയയോ തെറ്റിച്ചതായി ആർക്കെങ്കിലും പറയാൻ പറ്റുമോ? ആ കൊച്ചുകുട്ടിയെ അപമാനിച്ചതായി പറയാൻ പറ്റുമോ? അവിടെ എന്ത് dirty politics ആണ് ഞാൻ കളിച്ചത്? തീർത്തും പുരോഗമനപരമായ ഒരു അഭിനന്ദന സന്ദേശം തന്നെയായിരുന്നില്ലേ എന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്? പക്ഷേ ആ ഉത്തരവാദപ്പെട്ട വ്യക്തിക്ക് മാത്രം എന്തോ അങ്ങനെ തോന്നി.

എന്തായാലും എന്നോട് comment പിൻവലിക്കാൻ ആവശ്യപ്പെട്ടപ്പോൾ, ഞാൻ ഉടനെത്തന്നെ അതനുസരിച്ചു. അതിന് കാരണമുണ്ട്. ഞാനിട്ട comment ൽ എന്താണ് തെറ്റ് എന്നൊക്കെ ചോദിച്ച്, ആ കൂട്ടായ്മയിൽ തന്നെ ഞാൻ പ്രതികരിച്ചാൽ, അനാവശ്യമായി ആ കൂട്ടായ്മയിൽ അങ്ങോട്ടുമിങ്ങോട്ടും ചില പ്രതികരണങ്ങൾ ഉണ്ടാവും. ആ പ്രതികരണത്തിലൊന്നും ആ കൂട്ടായ്മയിലെ മറ്റൊരു വ്യക്തിക്കും താല്പര്യമുണ്ടാവുകയില്ലെന്ന് മാത്രമല്ല, അവർക്ക് വളരെ അരോചകമായി തോന്നുകയും ചെയ്യാം. 'നിങ്ങൾക്കൊന്നും വേറെ പണിയില്ലേ' എന്നവർ ചോദിച്ചേക്കാം. 

മേല്പറഞ്ഞ രീതിയിൽ ചിന്തിക്കാൻ വേറൊരു പശ്ചാത്തലവുമുണ്ട്.ഒന്നു രണ്ട് മാസങ്ങൾക്ക് മുന്നേ, ഈ പറഞ്ഞ കൂട്ടായ്മയിൽ, ഞാൻ, എന്റെ ഒരു ബ്ലോഗ് share ചെയ്തിരുന്നു (കാമസ്യ പുലഭ്യം 'കുമൈപൂ' (തെറി കേൾക്കും വഴികൾ - 3)). ഒരു സംഘടനയുടെ ഒരവസരത്തിലെ ആഘോഷ പരിപാടികൾ നടത്തുന്നതിന്റെ ചുക്കാൻ പിടിക്കുന്നതിനിടയിൽ, യാതൊരു കാരണവുമില്ലാതെ, സ്വന്തം അറിവില്ലായ്മയുടെ കുഴിയിൽ നിന്നുകൊണ്ട്, ഒരാൾ, ഞങ്ങളെ നിഘണ്ടുവിൽ ഉള്ളതും ഇല്ലാത്തതുമായ പുലഭ്യം പറഞ്ഞതിനെക്കുറിച്ചും, അതിന്റെ കൂടെ, നമ്മുടെയിടയിൽ നടക്കുന്ന ചില അപചയങ്ങളെക്കുറിച്ചുമായിരുന്നു പ്രസ്തുത ബ്ലോഗ്. ആ ബ്ലോഗ്, ഭാഷാപഠനകൂട്ടായ്മയിൽ ഇടാനുള്ള പ്രത്യേക കാര്യകാരണം, ആ ഒരു കൂട്ടായ്മ ഭാഷയും സംസ്കാരവും പഠിപ്പിക്കുന്ന ഒരു കൂട്ടായ്മ ആയിരുന്നു എന്നത് കൊണ്ട് തന്നെയായിരുന്നു. എങ്ങനെയൊക്കെ ഏതൊക്കെ സാഹചര്യത്തിൽ, നമ്മുടെ ഇടയിൽ നിന്ന് തന്നെയുള്ള ആളുകൾ മോശം പദങ്ങൾ ഉപയോഗിച്ച് തെറികൾ പറയുന്നുണ്ടെന്നും, എങ്ങനെയൊക്കെ അത്തരം സാഹചര്യങ്ങൾ, മഹത്തായ സംസ്കാരം പേറുന്ന നമ്മൾ ഒഴിവാക്കേണ്ടതുണ്ടെന്നും പറയാനാനും കൂടിയായിരുന്നു ആ കൂട്ടായ്മയിൽ പ്രസ്തുത ബ്ലോഗ് ഇട്ടത്. 

പക്ഷേ, ആ ബ്ലോഗിലെ യഥാർത്ഥ വശം കാണുന്നതിന് പകരം, അതിൽ സ്വയം പരാമർശിക്കപ്പെട്ടിട്ടുണ്ടോ എന്നറിയാനായിരുന്നു, അത് വായിച്ച ചില വ്യക്തികൾക്ക് താല്പര്യം. സംഘടനയുടെ ആഘോഷം ഭംഗിയാക്കാൻ വേണ്ടി പ്രയത്നിച്ച്, ഒരാവശ്യവുമില്ലാതെ, മറ്റുള്ളവരുടെ വിവരക്കേടിന്റെ മാത്രം കാരണത്താൽ, ഞങ്ങൾ തെറി കേട്ടതൊന്നും ആർക്കും വിഷയമേ ആയിരുന്നില്ല. എന്തായാലും, ആ ബ്ലോഗ്, ഭാഷാ കൂട്ടായ്മയിൽ ഇട്ടത് മോശമായിപ്പോയെന്നും ഞാൻ കുറേപ്പേരെ വ്യക്തിഹത്യ നടത്തിയെന്നൊക്കെ പറഞ്ഞ്, ബ്ലോഗ് ഇട്ടിരുന്ന സമയത്ത്, ഭാഷാ കൂട്ടായ്മയിൽ  മോശമല്ലാത്ത രീതിയിൽ ഒരു ബഹളം നടന്നതാണ്. അതിന് ശേഷം ഇനി മുതൽ അവിടെ ബ്ലോഗൊന്നും ഇടേണ്ടതില്ലെന്ന്, ഞാൻ തീരുമാനിക്കുകയും ചെയ്തിരുന്നു. ആ സംഭവത്തിന് ശേഷം എന്നെ ഉന്നം വെക്കുന്നുണ്ടെന്ന് മനസ്സിലായതിനാൽ, വളരെ ശ്രദ്ധാപൂർവ്വം തന്നെയായിരുന്നു കൂട്ടായ്മയിലെ എന്റെ ഇടപെടൽ. പക്ഷേ എന്നിട്ടും, തീർത്തും നിർദ്ദോഷകരമായ ഒരു അഭിനന്ദന സന്ദേശം തീർത്തും വളച്ചൊടിച്ച്, അത് നീക്കുവാനുള്ള നിർദ്ദേശം വന്നപ്പോൾ, ഞാൻ എന്ത് പറഞ്ഞു എന്നതല്ല അവിടത്തെ വിഷയമെന്നും, അത് ആരാണ് പറഞ്ഞത് എന്നതാണ് വിഷയമെന്നും, വിഷയത്തിന് കാമ്പില്ലെങ്കിൽ, അതിന് ഇല്ലാത്ത കാമ്പുണ്ടാക്കുന്ന രീതിയിൽ തോന്നിപ്പിക്കുന്ന ശ്രമമാണ് നടന്നതെന്നും മനസ്സിലായി.

സത്യത്തിൽ, വാട്സാപ്പ് ഗ്രൂപ്പിൽ എന്റെ ഭംഗിവാക്കുകളോട് കൂടിയ അഭിനന്ദനസന്ദേശത്തിന്, മേല്പറഞ്ഞ മറുപടിക്കമന്റ് കണ്ടപ്പോൾ, ഞാൻ, ഞാൻ പോലുമറിയാതെ, വീണ്ടും കുടുക്കില്ലാത്ത ട്രൗസറൊക്കെ ഇട്ട്, പിണ്ണാക്കിൻ വെള്ളവുമായി, നിഷ്കളങ്കമായി കറുമ്പിയുടെ മുന്നിലെത്തിയ, നാല്പത് കൊല്ലങ്ങൾക്ക് മുൻപുള്ള കണ്ണും മിഴിച്ച് അമ്പരന്ന് നിൽക്കുന്ന ഒൻപതുകാരനായി മാറിപ്പോയി!! ഞാൻ എന്ത് ചെയ്തിട്ടാണ് ഇങ്ങനെ ക്രൂശിക്കുന്നത്? ഞാൻ എങ്ങനെ ഇടപെട്ടാലും പ്രശ്നമാക്കാൻ തുടങ്ങിയിരിക്കുന്നു. ആർക്കെങ്കിലും ദോഷം വരാനോ, അല്ലെങ്കിൽ എന്തെങ്കിലും ദുഷിപ്പിക്കാനോ ഇതുവരെ ഞാൻ ശ്രമിച്ചിട്ടില്ല, പക്ഷേ, തീർച്ചയായും പറയേണ്ടതാണെന്ന് മനസ്സിൽ തോന്നുന്ന കാര്യങ്ങൾ, എന്റേതായ നല്ല ഭാഷയിൽ പറയാൻ എല്ലായ്‌പോഴും ശ്രമിക്കാറുണ്ട് എന്നതാണ് പ്രശ്നം. വിമർശനങ്ങളെ തീർത്തും നിർഗുണമായി സമീപിച്ച്, അതിലെ കഴമ്പിനെ കാണാതെ, പതിര് മാത്രം എന്തുകൊണ്ട് ആളുകൾ കാണുന്നു? ആരേയും അകാരണമായി വ്യക്തിപരമായി ആക്രമിക്കാൻ ശ്രമിച്ചിട്ടില്ലെങ്കിലും, ചില കാര്യങ്ങൾ പറയുമ്പോൾ, പറയുന്ന കാര്യത്തിന്റെ കഴമ്പ് നോക്കാതെ വ്യക്തിപരമാക്കുന്നതാണ് യഥാർത്ഥമായ നിസ്സഹായാവസ്ഥ! മുൻപ് പറഞ്ഞത് പോലെ, ഇവിടെയും വ്യക്തികൾക്കല്ല പ്രാധാന്യം, മറിച്ച് വിഷയത്തിനാണ്. അതുകൊണ്ട് തന്നെയാണ് ആരുടേയും പേരുകൾ പരാമർശിക്കാത്തത്.

എന്റെ ആലോചനാവിഹായസ്സിൽ, എത്ര പരതിയിട്ടും ചെയ്തുവെന്ന് പറയപ്പെടുന്ന തെറ്റ് മനസ്സിലാകാത്തതിനാൽ, ആ കുട്ടി വരച്ച ഭൂപടത്തിന് ഞാൻ കൊടുത്ത comment ൽ എന്തായിരുന്നു dirty politics എന്നും എന്ത് sarcasm ആയിരുന്നു അതിൽ ഉണ്ടായിരുന്നതെന്നും ആരെങ്കിലും ഒന്ന് വിശദീകരിച്ച് തന്നാൽ സന്തോഷമായേനെ!

എന്തായാലും, ഉത്തരവാദപ്പെട്ട വ്യക്തിയുടെ ഉത്തരവ് പ്രകാരം, ഞാനിട്ട സന്ദേശം, ഉടനടി തന്നെ പിൻവലിച്ചത്, അവിടെ വീണ്ടും ബഹളം ഉണ്ടാക്കേണ്ടെന്ന് കരുതിത്തന്നെയാണ്. പക്ഷേ, ഞാൻ അത് ഉടനെത്തന്നെ പിൻവലിക്കുകയും, അതിനുള്ള മറുപടിക്കമന്റ് അവിടെത്തന്നെ കിടക്കുകയും ചെയ്യുമ്പോൾ, ഞാൻ എന്ത് വഷളത്തരം ഇട്ടിട്ടാണ് അത് പിൻവലിക്കേണ്ടി വന്നതെന്ന്, എന്റെ സന്ദേശം കാണാത്തവർക്ക് തീർച്ചയായും സന്ദേഹമുണ്ടാവും. പോരാഞ്ഞതിന്, ഞാൻ ചെയ്തത് എത്രതന്നെ ശരിയായായലും, നേരത്തെ പറഞ്ഞത് പോലെ, ബ്ലോഗ് മുഖാന്തിരം ഒരു പ്രശ്നം ഇതിനകം തന്നെ ഉണ്ടായിട്ടുള്ളതിനാൽ, ഞാനൊരു സ്ഥിരം ബഹളക്കാരനാണെന്നും ചില ലോലമനസ്കർ കരുതിയേക്കാം. ആ അനാവശ്യമായ പഴി കുറച്ചെങ്കിലും ഒഴിവായിക്കിട്ടാൻ വേണ്ടി മാത്രമാണ്, ഞാൻ എന്റേതായ സ്‌ഥലത്ത്‌, ഇത്തരത്തിലൊരു വിശദീകരണം നൽകുന്നത്. അഥവാ, എന്റെ സന്ദേശം പിൻവലിക്കാൻ പറഞ്ഞിട്ടില്ലായിരുന്നെങ്കിൽ, എനിക്ക് മറ്റുള്ളവരോട് വിശദീകരിക്കാൻ വേറെ വേദി ഉണ്ടായിരുന്നെങ്കിൽ, ഇവിടെ ഇങ്ങനെയൊരു വിശദീകരണമേ ഉണ്ടാകുമായിരുന്നില്ല. ഇനി, വളരെ വളരെ അത്യാവശ്യത്തിനല്ലാതെ, ആ വാട്സാപ്പ് ഗ്രൂപ്പിൽ, പ്രളയം വന്നാൽ പോലും, എന്റെ മനസ്സമാധാനത്തിന് വേണ്ടി, ഞാനൊരു comment ഉം ഇടില്ലെന്നും ഇതിനാൽ തീരുമാനിക്കേണ്ടതായി വന്നിരിക്കുന്നു! അവരായി, അവരുടെ പാടായി. എന്തിനാ വെറുതെ ആരുടേയോ വേലിയിൽ കിടക്കുന്ന പാമ്പിനെ കഴുത്തിലേറ്റുന്നത്! ഞാനിറങ്ങിയാൽ കുളം കലങ്ങുമെങ്കിൽ, ഞാനെന്തിനാണ് ഇറങ്ങുന്നത്?

ശൈത്യം കാരണം വിഷമിച്ച് വശായ കുരങ്ങ്, ശൈത്യം മാറാൻ, കരിയിലയിൽ മിന്നാമിനുങ്ങിനെപ്പിടിച്ചിട്ട് തീ ഊതിക്കത്തിക്കാൻ ശ്രമിക്കുന്നത് കണ്ടപ്പോൾ, മിന്നാമിനുങ്ങിനെ പിടിച്ച് ഊതിയാൽ തീ കത്തില്ലെന്ന ഉപദേശം കൊടുക്കാൻ ശ്രമിച്ച സൂചിമുഖിപ്പക്ഷിക്ക് സംഭവിച്ചത് പോലെ സംഭവിക്കുന്നതിനേക്കാൾ നല്ലത്, അത്തരത്തിലുള്ളിടത്ത് ഇടപെടാതിരിക്കുന്നതാണ്. കളിക്കളത്തിൽ അറിയാതെ വീണുപോവുകയോ, ആരെങ്കിലും തള്ളിയിടുകയോ ചെയ്യാതിരിക്കുവോളം, അടുത്ത കളി അനിശ്ചിതകാലത്തേക്ക് നീട്ടിവച്ചിരിക്കുന്നു. പരസ്പരവിശ്വാസമുള്ള കളിക്കളത്തിൽ മാത്രം കളിച്ചാൽ മതിയല്ലോ. ലഡാക്കിൽ വേറാരെങ്കിലും പോയി ലഡായി(लडाई) നടത്തട്ടെ. നമുക്കിത്തിരി ലഡു തിന്ന് പിരിയാം !!

***