2020, ഡിസംബർ 30, ബുധനാഴ്‌ച

പത്രാധിപക്കുറിപ്പുകൾ

KCSMW വിന്റെ വാർഷിക സുവനീറായ 'വാർത്ത'ക്ക് വേണ്ടി 2017 ൽ എഴുതിയ കുറിപ്പ്: 


NSGW വിന്റെ വാർഷിക സുവനീറായ പി'പരമ്പര'ക്ക് വേണ്ടി 2016 ൽ എഴുതിയ കുറിപ്പ്:


KCSMW വിന്റെ വാർഷിക സുവനീറായ 'വാർത്ത'ക്ക് വേണ്ടി 2014 ൽ എഴുതിയ കുറിപ്പ്:


ജിമ്മി ജോർജ്ജ് സ്മാരക വോളിബോൾ മത്സരം 2014 ൽ സംഘടിപ്പിച്ചപ്പോൾ പുറത്തിറക്കിയ 'താരകം' എന്ന സുവനീറിന്റെ ഭാഗമായപ്പോൾ:



2020, ഡിസംബർ 20, ഞായറാഴ്‌ച

കാമസ്യ പുലഭ്യം 'കുമൈപൂ' (തെറി കേൾക്കും വഴികൾ - 3)

കുരങ്ങൻ പത്രാധിപനായാൽ (തെറി കേൾക്കും വഴികൾ - 1)

സ്വയംകൃതി ചോരൻ (തെറി കേൾക്കും വഴികൾ - 2)

'സരസ്വതീം നമസ്തുഭ്യം വരദേ കാമരൂപിണീ...' - ഈ ശ്ലോകശകലം ഇവിടെക്കുറിച്ചത് എന്തിനാണെന്ന് വഴിയേ മനസ്സിലായിക്കൊള്ളും!

കുരങ്ങനായും കൃതിചോരനായും അഹങ്കാരിയായും പേരുകേൾപ്പിച്ചതിന് ശേഷം, എഴുത്തിന്റെ പേരിൽ നല്ല പച്ചത്തെറി കേൾക്കാനുള്ള ഭാഗ്യമുണ്ടായത് 2019 ലാണ്. അതും നല്ല 'കുമൈപൂ' തെറികൾ! ഈ 'കുമൈപൂ' തെറികൾ എന്താണെന്ന് എനിക്കിവിടെ എഴുതാൻ പറ്റില്ല, പക്ഷേ, ചില നല്ല ഉശിരൻ തെറികളുടെ ആദ്യാക്ഷരം ചേർത്താണ് ഞാനീ പദം ഇവിടെ ഉപയോഗിച്ചിരിക്കുന്നത്.

നേരത്തെയൊക്കെ സംഭവിച്ചത് പോലെ, വാഷിംഗ്ടൺ ഡിസിയിലെ ഒരു സംഘടനയുടെ ആഘോഷമാണ് സന്ദർഭം. 2019 ലെ ഒരു ഓണാഘോഷം. 

സാധാരണയായി, അമേരിക്കൻ മലയാളികളുടെ ഓണാഘോഷം ഏതെങ്കിലും വലിയ ഹൈസ്‌കൂളിലെ ഹാളിലാണ് നടക്കാറുള്ളത്. 2019 ലെ സംഘടനയുടെ നേതൃത്വം, ഈ അവസ്ഥക്ക് മാറ്റം കൊണ്ടുവരാണെന്ന രീതിയിൽ, ഓണാഘോഷം ഒരു open space ൽ നടത്താൻ തീരുമാനിച്ചു. പത്തുകൊല്ലം മുന്നേ ഇതേ പോലെ open space ൽ പരിപാടി നടത്തിയിട്ടുണ്ടെങ്കിലും, ഇത്തവണ, എന്തുകൊണ്ടോ വളരെ ബലംപിടിച്ചുള്ള നിഷേധാത്മക സമീപനമായിരുന്നു ഒരു കൂട്ടം താപ്പാനകൾ അവലംബിച്ചത്. മഴയുടെയും ഇരിപ്പിടങ്ങളുടെയും, ശൗച്യസൗകര്യങ്ങളുടെയും പ്രശ്നങ്ങൾ ഉണ്ടാകാമെങ്കിലും, കാര്യങ്ങൾക്ക് പരിഹാരമുണ്ടാക്കാം എന്ന് കമ്മിറ്റി പറഞ്ഞെങ്കിലും, താപ്പാനകളുടെ ബലം പിടുത്തത്തിന് അറുതിയുണ്ടായില്ല. ചില കുങ്കിയാനകൾ,  താപ്പാനകളെയും ഒറ്റയാനെയും (President) മെരുക്കാൻ ശ്രമിച്ചെങ്കിലും മദപ്പാടുകൾക്ക് ഒട്ടും ശമനമുണ്ടായില്ല. ഇതിനിടയിൽ ചില മോഴകൾ, ചില പദപ്രയോഗങ്ങളുടെ പേരിൽ വക്കീൽ നോട്ടീസ് ഭീഷണികളുയർത്തി, ധ്രുവീകരണപ്രക്രിയകൾ ആരംഭിച്ചു. വാഗ്വാദങ്ങളും ഗ്വാഗ്വാകളും നിറഞ്ഞൊഴുകിയ ചില കൂടിക്കാഴ്ചകൾക്കൊടുവിൽ, താപ്പാനകളെയും മോഴകളെയും അവഗണിച്ച്, ഓണാഘോഷം തുറന്ന സ്ഥലത്ത് നടത്താൻ തന്നെ കമ്മിറ്റിയിലെ കുഴിയാനകളും കുഴിയാനകളുടെ നേതാവായ ചെവി അധികം കേൾക്കാൻ ശ്രമിക്കാത്ത ഒറ്റയാനും തീരുമാനിച്ചു. (ഈയൊരുവനും കുഴിയാനകളിൽ ഒരാളായിരുന്നു) അതിൽ പ്രതിഷേധിച്ച്, താപ്പാനകളും ചില പിടിയാനകളും ബഹിഷ്കരണങ്ങളും നിസ്സഹകരണവും പ്രഖ്യാപിച്ചു. വിമർശനവും സഹകരണവും ഒരുപോലെ വേണമെന്ന ചാണക്യനീതി, എല്ലാവരും ചാണകത്തിൽ മുക്കി! കാട്ടാനകൾ പോലും പരിഷ്‌കൃതരായ നാട്ടാനകൾക്ക് മുന്നിൽ നാണം കെട്ടു !!

എന്തായാലും, ഓണാഘോഷങ്ങളുടെ ക്രമീകരണങ്ങൾ ആരംഭിച്ചു. നിസ്സഹകരണങ്ങളിൽ വാശി പൂണ്ട്, വാശിയോടെ തന്നെ ഒറ്റയാൻ പണസമാഹരണം നടത്തി. വടക്ക് പടിഞ്ഞാറൻ മെരിലാന്റിലെ ഒരു തുറന്ന മൈതാനിയിൽ അരങ്ങേറാനുള്ള ഓണാഘോഷപരിപാടികൾക്ക് വേണ്ടി കലാപരിപാടികളുടെ പരിശീലന പ്രവർത്തനങ്ങൾക്ക് നാന്ദി കുറിക്കപ്പെട്ടു. ഈ ഓണാഘോഷത്തിന്, സമാനതകളില്ലാതാക്കാൻ ആഘോഷത്തിന്റെ Highlight ആയി ഇരുനൂറോളം പേർ പങ്കെടുക്കുന്ന ഒരു മെഗാതിരുവാതിരക്കളിയും പ്ലാൻ ചെയ്തിരുന്നു. തിരുവാതിരക്കളി കൂടാതെ, പത്തോളം നൃത്തനൃത്യങ്ങളും അത്തച്ചമയവും പരിപാടികളിൽ സ്ഥാനം പിടിച്ചു. കൊമ്പന്മാരും പിടിയാനകളും കുട്ടിയാനകളും കാണികളായും അവതാരകരായും വന്നണഞ്ഞു!

കള്ളനെന്ന് പേരുകേട്ട സമയത്തെ സംവിധായകനായിരുന്നു ഇത്തവണത്തെ വിനോദസമിതിക്കാരൻ. മേല്പറഞ്ഞ പരിപാടികളെല്ലാം ഒരു തീമിനെ (theme) അവലംബിച്ച് കോർത്തിണക്കാൻ, തീരുമാനിച്ചത് പ്രകാരം, വിനോദസമിതിക്കാരനും ഞാനും കൂടിയിരുന്ന് ഒരു theme തയ്യാറാക്കി. ഓണത്തിന്, സരസനായ ഒരു തറവാട്ട് കാരണവരുടെ തറവാട്ട് മുറ്റത്ത്, തറവാട്ടംഗങ്ങളെല്ലാം ഒരുമിച്ച് ചേരുന്ന അവസരത്തിൽ നടക്കുന്ന പരിപാടികളായിട്ട് അവതരിപ്പിക്കാനായിരുന്നു പദ്ധതി. കൂട്ടത്തിൽ, ഈ സരസനായ കാരണവർ നടക്കാൻ പോകുന്ന പരിപാടികളെക്കുറിച്ച് സരസമായി ഒരു ആമുഖം കൊടുക്കുകയും ചെയ്യും.

അങ്ങനെ, തറവാട്ട് മുറ്റത്ത് നടക്കുന്ന പരിപാടിക്ക്, തറവാട്ട് കാരണവർക്ക് പറയാൻ വേണ്ടിയുള്ള സ്ക്രിപ്ട് തയ്യാറാക്കുന്ന ചുമതലയും അത് റെക്കോഡ് (record) ചെയ്യുന്ന ചുമതലയും എന്നെ ഏല്പിച്ചു. അപ്രകാരം സ്ക്രിപ്റ്റൊക്കെ തയ്യാറാക്കുകയും, അത്, പണ്ടത്തെ വിനോദസമിതിക്കാരന്റെ ശബ്ദത്തിൽ റെക്കോർഡ് ചെയ്യുകയും ചെയ്തു. 

ഒടുവിൽ ഓണാഘോഷത്തിന്റെ ദിവസം വന്നെത്തി. ഭാഗ്യത്തിന്, മഴയുടെ ലക്ഷണങ്ങളൊന്നുമുണ്ടായിരുന്നില്ല. ബഹിഷ്കരണ-നിസ്സഹകരണ ഭീഷണികൾ ഉണ്ടായിരുന്നെങ്കിലും, കുറച്ച് താപ്പാനകളും പിടിയാനകളും വളരെ ഒത്തൊരുമയോടെ ബഹിഷ്കരിച്ചെങ്കിലും, വളരെ വലിയ ജനപങ്കാളിത്തത്തോടെ, തുറന്ന മൈതാനിയിൽ ഒരുക്കിയ തറവാട്ട് മുറ്റത്ത്, അത്തച്ചമയത്തിൽ തുടങ്ങി പരിപാടികൾ ആരംഭിച്ചു.

പരിപാടിയിലെ ജനപങ്കാളിത്തം കണ്ട് ആവേശം കൂടിയ ഒറ്റയാൻ, ആമുഖ പ്രസംഗത്തിൽ, താപ്പാനകൾക്കെതിരെ ഒളിയമ്പുകളെയ്തു. തറവാട്ട് കാരണവരുടെ വേഷം കെട്ടിയ ആൾ, ഓരോ പരിപാടിക്ക് മുൻപായും, വരാൻ പോകുന്ന പരിപാടിയുടെ ആമുഖവും, പരിപാടി കഴിഞ്ഞതിന് ശേഷം, കഴിഞ്ഞ പരിപാടിയെ കുറിച്ചുള്ള അഭിപ്രായവും സ്ക്രിപ്റ്റിന് അനുസരിച്ച്, സരസമായി സംസാരിച്ച്, അവതരിപ്പിക്കാൻ തുടങ്ങി. അത്തച്ചമയവും മെഗാതിരുവാതിരയും ഭംഗിയായി, വിചാരിച്ചതിലും ഭംഗിയായി നടന്നു. കാരണവരുടെ നേതൃത്വത്തിൽ നൃത്തനൃത്യങ്ങൾ ആരംഭിച്ചു. 

ഇടക്കൊരു കുട്ടികളുടെ നൃത്ത പരിപാടിക്കിടയിൽ, അവിചാരിതമായി, ഓഡിയോ(Audio) നിലച്ചു പോയി. എത്ര പരിശ്രമിച്ചിട്ടും, ഓഡിയോ ഒരു ഭാഗത്ത് നിന്നുപോകുന്നു. ഉടനെത്തന്നെ, കുട്ടികളുടെ നൃത്തത്തിന്റെ നിർദ്ദേശക സങ്കടത്താലും ദേഷ്യത്താലും ഞങ്ങളുടെ അടുത്തേക്ക് ഓടിവന്നു. ഞങ്ങൾ എന്തോ തരികിട കളിച്ചിട്ടാണ് പാട്ട് നിന്നുപോയത് എന്ന തരത്തിലായിരുന്നു സംസാരം. ഓഡിയോ ട്രാക്കിന് (Audio track) ഒരു പ്രശ്നവുമില്ലെന്ന് അവർ ആണയിട്ടു. ഞങ്ങൾക്ക് കിട്ടിയ ട്രാക്കാണ് ഞങ്ങൾ പ്ളേ ചെയ്തത്. ഒരു കൃത്രിമവും ഞങ്ങൾ കാണിച്ചിട്ടില്ല. അവിചാരിതമായി അങ്ങനെ സംഭവിച്ചതിൽ ഞങ്ങൾക്കും സങ്കടമുണ്ടായിരുന്നു. ആ പരിപാടിയുടെ നിർദ്ദേശക ഞങ്ങളെ അധിക്ഷേപിച്ചില്ലെങ്കിലും, അവരുടെ ഭാവാദികൾ ഞങ്ങളെ ക്രൂശിക്കുന്ന തരത്തിലായിരുന്നു. ഞങ്ങളെന്തോ കരുതിക്കൂട്ടി ചെയ്തത് പോലെ. എന്തായാലും ഏതോ ഒരു ശ്രമത്തിൽ, ട്രാക്ക് OK യായി. പക്ഷേ പരിപാടിക്കിടയിൽ പലവട്ടം നിർത്തലുകളുണ്ടായത്, നിർദ്ദേശകയുടെ മനസ്സിൽ ഞങ്ങളോട് നീരസം തോന്നാനും മറ്റും കാരണമായിക്കണം. (ഇടക്ക് ട്രാക്ക് നിന്നുപോയി അവതാരകർക്ക് പ്രയാസം സൃഷ്‌ടിച്ച ഈ പരിപാടി, ആ പ്രയാസം തീർക്കാൻ, അതേ ട്രാക്ക് വച്ച് തന്നെ, വേറൊരു സംഘടനയുടെ ഒരു പരിപാടിയിൽ അവതരിപ്പിച്ചപ്പോൾ വീണ്ടും, പണ്ട് നിന്നുപോയ അതേ സ്ഥലത്ത് തന്നെ ട്രാക്ക് നിന്നുപോയത് കാണാൻ എനിക്ക് നിർഭാഗ്യമുണ്ടായിരുന്നു!)

ആഘോഷങ്ങൾ പിന്നെയും തുടർന്നു. പരിപാടികൾക്ക് നടുവിലായി, കുറച്ച് സ്ത്രീരത്നങ്ങൾ അവതരിപ്പിക്കുന്ന ഒരു സംഘനൃത്തമുണ്ട്. 

പൂർവ്വ കാമോദിരി രാഗത്തിലുള്ള, വളരെ ഇമ്പമാർന്ന ഒരു സ്വാതിതിരുനാൾ കൃതിയായിരുന്നു, സ്ത്രീരത്നങ്ങൾ അവരുടെ നൃത്തച്ചുവടുകൾക്കായി തിരഞ്ഞെടുത്തത്. ആ സ്വാതിതിരുനാൾ കൃതി ഇതായിരുന്നു (കേൾക്കാൻ പ്ലേ ചെയ്യുക):


കാമിനീമണി സഖീ താവക മുഖമിന്നു കാമം സ്വിന്നമായതെന്തേ വദ... (കാമിനീമണി)
താമരസബാന്ധവ കിരണമേറ്റു വദനം താന്തമായ് നിതാന്തം...
തരുണമൃഗനയനേ തവ ലോചനയുഗളം അരുണതരമായതെന്തേ ഹന്ത തരുണീ തവ
ദയിതവചനോദിത കോപേന പരമരുണമായിന്നു നീലവാരിദനിഭമാകും
തവകുന്തളം ബാലേ ലുളിതമായതെന്തേ… വദ.. (നീലവാരിദനിഭമാകും.. ) തവ
മലയമാരുത ചലനമതുകൊണ്ടത്രേ ചാലെ ലുളിതമായ് ഇന്നു...
കുങ്കുമപങ്കിലമഴിവാനെന്തുകാരണം കോകിലവാണീ തവ കേൾക്ക... പങ്കജാക്ഷീ
സാമ്പ്രതം ഉത്തരീയകർഷണാൽ പരിചോടഴിഞ്ഞതഹോ..
മേനിവാടുവാനെന്തുമൂലമെന്നു പറക യാനാം യാനത്താലത്രേ വദ... മാനിനീ നീ
ചൊന്നതെല്ലാം സത്യം ഇനിയും മമ വാചം ശ്രൃണു കിമപി സരസനാം ശ്രീ
പത്മനാഭനോടു സഹ സംഭോഗമതിലെന്നിയേ ഇപ്പോൾ വരതനു
തവാധരക്ഷതമായതെങ്ങനെ നിരുപമാത്ഭുതതരാംഗീ.. നിരുപമാത്ഭുതതരാംഗീ... നിരുപമാത്ഭുതതരാംഗീ... നിരുപമാത്ഭുതതരാംഗീ...

കൂട്ടുകാരികളായ രണ്ട് സുന്ദരികളിൽ ഒരുവൾ, മറ്റേ കൂട്ടുകാരിയുടെ അപ്പോഴുള്ള അവസ്ഥയെ, കളിയാക്കിക്കൊണ്ട്, അവരുടെ പൂർണ്ണമായ സ്വകാര്യതയിൽ, തമാശാരൂപത്തിൽ സംവദിക്കുന്നതാണ്, പാട്ടിലെ പ്രമേയം. സാരാംശം ചുവടെ:

നായിക: ഓ കാമിനീ, പ്രിയപ്പെട്ടവളേ, ഇന്ന് നിന്റെ മുഖം ഇത്രയും കാമാർദ്രമായി വിയർക്കുന്നതെന്തു കൊണ്ടാണ്? പറയൂ !
സഖി: സൂര്യകിരണമേറ്റാണ് എന്റെ മുഖം വിയർക്കുന്നത്!
നായിക: ഓ ഭംഗിയേറിയ മാൻമിഴിയഴകുള്ളവളേ, നിന്റെ കണ്ണിണകൾ രക്തവർണ്ണമണിഞ്ഞതെന്തേ?
സഖി: അയ്യോ... ചിലപ്പോൾ എന്റെ പ്രിയപ്പെട്ടവന്റെ കോപമേറിയ വാക്കുകൾ കേട്ടിട്ടാവണം. 
നായിക: നീലവാനത്തിലെ ഭംഗിയുള്ള മേഘങ്ങൾ പോലെ സുന്ദരമായ നിന്റെ വാർമുടികൾ ഇത്രയും അലങ്കോലമായതെന്തേ?
സഖി: സുഖോഷ്‌മളമായ ഇളം കാറ്റേറ്റാണ് എന്റെ മുടിയിഴകൾ അലങ്കോലമായിരിക്കുന്നത്.
നായിക: മധുരമായി സംസാരിക്കുന്നവളേ, നിന്റെ നെറ്റിയിലെ കുങ്കുമം ഇത്രയും പരന്നൊഴുകിയത് എന്തുകൊണ്ടാണ്? 
സഖി: ഓ എന്റെ താമരമിഴിയുള്ള കൂട്ടുകാരീ, എന്റെ മേൽവസ്ത്രം ചിലപ്പോൾ അതിന്റെ മേലെ ഉരഞ്ഞിട്ടുണ്ടാവും.
നായിക: നീ ഇത്രയും തളർന്നിരിക്കുന്നത് പോലെ തോന്നിക്കുന്നതെന്ത് കൊണ്ടാണ്? പറയൂ.
സഖി: അവിടെയും ഇവിടെയുമൊക്കെ കറങ്ങിനടന്നത് കൊണ്ടാവും.
നായിക: ഓ പ്രണയാതുരേ, നീ എന്നോട് ഇതുവരെ പറഞ്ഞതൊക്കെ ചിലപ്പോൾ സത്യമാവാം. സമാനതകളില്ലാത്ത സുന്ദര മേനിയുള്ളവളേ , പക്ഷേ, ഇപ്പോൾ ഞാൻ പറയുന്നത് കേൾക്കൂ... നീ തീർച്ചയായും ശ്രീ പദ്മനാഭന്റെ കൂടെ സംഭോഗതരമായി ഒന്നുചേർന്നിട്ടുണ്ടാവും, അതുകൊണ്ടാണ് നിന്റെ മനോഹരമായ ചുണ്ടിൽ ഇത്തരം അടയാളക്ഷതങ്ങൾ!

ഈ പാട്ടിന് നൃത്തച്ചുവടുകൾ വെക്കാൻ, നാരീരത്നങ്ങൾ പുല്തകിടിയിലെത്തി, അവരവരുടെ സ്ഥാനങ്ങളിൽ പ്രത്യേക ഭാവങ്ങൾ പ്രകടിപ്പിച്ച് കൊണ്ട് നിൽപ്പായി. കാരണവർ ആമുഖം ആരംഭിച്ചു:

"നവരസങ്ങളിൽ സ്വയമേവ ആനന്ദകരമായ വികാരം ജനിപ്പിക്കുന്ന രസം ഏതാന്നറിയോ? ഹലോ... നിങ്ങക്കറിയോ? ല്ലല്ലേ.. മോശം... ഹ്ഉം... എന്നാ ആ രസമാണ് ശൃംഗാരം. അങ്ങനെയാണെങ്കിൽ... ശൃംഗാരമുളവാക്കുന്ന അനുഭൂതി എന്താന്നറിയോ... അതും അറിയില്ലേ... ഹഹഹ  ഹ്ഉം ... അതാണ് കാമം. ഈ കാമരസത്തിന്റെ വിവിധതലങ്ങളെ, അനർഗ്ഗളമായ കാവ്യനൃത്താനുഭൂതിയായി ഇനി നിങ്ങൾക്ക് ഈ വേദിയിൽ കാണാം... അതും ഒരു വശ്യമനോഹരമായ സ്വാതിതിരുനാൾ കൃതി... നിങ്ങളൊന്നും തൽക്കാലം ഇപ്പൊ ശൃംഗേരിക്കണ്ട കേട്ടോ.. ഹഹ എന്താ.. കഥ..."

നാരീമണികൾ നൃത്തം ആരംഭിച്ചു. ആസ്വാദനത്തിനും കൈയ്യടികൾക്കും ഒടുവിൽ, പാട്ട് തീർന്നു, നൃത്തച്ചുവടുകൾ നിലച്ചു, നാരീമണികൾ, ഓരോരുത്തരായി അരങ്ങൊഴിഞ്ഞ് പോകാൻ തുടങ്ങി. കാരണവർ, അഭിപ്രായം പറയാൻ തുടങ്ങി:

'കാമരസമോദകലാളനേ... തവ-വദന-മധര-നാസികാ തലേ... (ഈ ഭാഗം, ഞാനുദ്ദേശിച്ച രീതിയിൽ ശബ്ദദാതാവിന് പറയാൻ കഴിയാഞ്ഞതിനാൽ, റെക്കോഡ് ചെയ്തില്ല) ഹോ... അമ്പമ്പോ... ഗംഭീരം... അധികമൊന്നും പറയാതെ നമുക്ക് അടുത്ത പരിപാടിയിലേക്ക് കടക്കാം.... അല്ലെങ്കിൽ ശരിയാകത്തില്ല....'

കാരണവർ അഭിപ്രായം പറയുന്നതിനിടയിൽ, സംഘത്തലൈവിയും വേറൊരു നാരീമണിയും, ശബ്ദവിന്യാസങ്ങൾ നിയന്ത്രിച്ച് കൊണ്ട് വേദിയുടെ ഒരു മൂലക്കിരുന്നിരുന്ന, എന്റെയും വിനോദസമിതിക്കാരന്റെയും നേർക്ക് ദേഷ്യത്തിന്റെ താളത്തിൽ വന്നടുത്തു. നേരത്തേ നടന്ന ഓഡിയോ ട്രാക്ക് സംബന്ധമായ പ്രശ്നം വീണ്ടും സംസാരിക്കാൻ വരുന്നതായിരിക്കുമെന്നാണ് ഞാനാദ്യം കരുതിയത്.

"നിങ്ങൾ എന്തൊക്കെയാണ് എഴുതിപ്പിടിപ്പിച്ചിരിക്കുന്നത്? ഇങ്ങനെയൊക്കെ എഴുതാമോ? "

"എന്താണ് പ്രശ്നം? എന്ത് എഴുതീന്നാണ് പറയുന്നത്?"

"ഓ.. ഒന്നും അറിയാത്ത പോലെ... ഇങ്ങനെയൊക്കെ പറയുന്നത് കേട്ട് ഞങ്ങളുടെ ശക്തി തന്നെ ചോർന്നു പോയി... എങ്ങനെയൊക്കെയോ കളിച്ച് തീർത്തൂന്നേയുള്ളൂ"

"അതിന് മാത്രം ഇപ്പൊ ഇവിടെ, എന്തുണ്ടായി?"

"എന്തായാലും.. എഴുതിയതൊട്ടും ശരിയായില്ല... ഒരു വിധം അവിടുന്ന് രക്ഷപ്പെട്ടാൽ മതീന്നായിരുന്നു ഞങ്ങൾക്ക്..."

"ആമുഖത്തിൽ അതിന് മാത്രം മോശമായിട്ടെന്താണ് ഉള്ളത്? കാമം എന്നും ശൃംഗാരം എന്നുമൊക്കെ എഴുതിയതാണോ പ്രശ്നം?"

"അല്ലാതെ പിന്നെ വേറെന്താണ്? ഇതെന്താ തമാശയാ..."

"പാട്ടിലുള്ളത്രയും തവണ പോലും ഞാൻ 'കാമം' എന്ന വാക്ക് എന്റെ script ൽ എഴുതിയിട്ടില്ലല്ലോ.. പിന്നെന്താ പ്രശ്നം?"

"ഇത് ഒട്ടും ശരിയായ ഏർപ്പാടല്ല..."

അതും പറഞ്ഞ് രണ്ടു പേരും ദേഷ്യച്ചുവടുകളോടെത്തന്നെ, വേഗത്തിൽ നടന്നു പോയി.

ഈ സംഭവം അത്ര കാര്യമായിട്ടെടുക്കാതെ, ഞാനും വിനോദസമിതിക്കാരനും പരസ്പരം ചിരിച്ചു. അടുത്ത പരിപാടി അതിനകം തന്നെ തുടങ്ങിയിരുന്നു. 

ഒടുവിൽ പരിപാടികളെല്ലാം ഭംഗിയായി അവസാനിച്ചു. തമാശക്ക് വടംവലി മത്സരവും നടന്നു. കാണികൾ ഓരോരുത്തരായി പിരിഞ്ഞ് പോകാൻ തുടങ്ങി. ഞങ്ങൾ വേദിയിലൊരുക്കിയ എല്ലാ ഒരുക്കങ്ങളും തറവാട്ടിന് വേണ്ടി ഒരുക്കിയ അലങ്കാരങ്ങളും അഴിച്ച് മാറ്റി, സ്ഥലം വൃത്തിയാക്കാൻ തുടങ്ങി. 

പരിപാടി കഴിഞ്ഞിട്ട് ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞുകാണും. ഏതോ ഒരു ഭാഗത്ത് നിന്ന് എന്തൊക്കെയോ പെറുക്കിക്കൊണ്ടിരുന്ന വിനോദസമിതിക്കാരൻ, എന്റെ പേര് ഉച്ചത്തിൽ വിളിച്ചു. എന്തോ തിരക്കിലായിരുന്ന ഞാൻ, ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കുമ്പോൾ, പുള്ളി, കൈയ്യിൽ എന്തോ ഒരു ബാനറും ചുരുട്ടിപ്പിടിച്ച്, മറ്റേ കൈയ്യിൽ മൊബൈൽ ഫോണിൽ ഉച്ചത്തിലെന്തോ സംസാരിക്കുകയാണ്. ആ സംസാരത്തിനിടയ്ക്കാണ് എന്നെ വിളിച്ചത്.

ആരോടോ എന്തോ വളരെ ചൂടായി സംസാരിക്കുകയാണെന്ന് പുള്ളിക്കാരന്റെ തനുവദനഭാവങ്ങൾ കണ്ടപ്പോൾ എനിക്ക് തീർച്ചയായി. ഞാൻ എന്താണെന്ന് ആംഗ്യം കാണിച്ചപ്പോൾ, അവൻ എന്റെ നേരെ നടന്നു വന്നു. 

"ഞാൻ അവന് തന്നെ കൊടുക്കാം... നേരിട്ട് സംസാരിച്ചോ..." എന്ന് ഫോണിൽ പറഞ്ഞ്, ഫോൺ എന്റെ നേരെ നീട്ടി.

ആരാണ് എന്താണ് എന്ന് ഞാൻ ആംഗ്യഭാഷയിൽ വിനോദസമിതിയോട് ചോദിച്ചെങ്കിലും 'നീ സംസാരിക്ക്...' എന്ന മട്ടിൽ അവനും കൈ കൊണ്ട് ആംഗ്യം കാണിച്ചു. അവന്റെ മുഖം ചുവന്ന് തുടുത്തിട്ടുണ്ടായിരുന്നു. 

ഞാൻ പതുക്കെ ഫോൺ ചെവിയിൽ വച്ച് 'ഹലോ' പറഞ്ഞ് സംസാരിക്കാൻ ആരംഭിച്ചു.

"നീയൊക്കെ എവിടത്തെ എഴുത്ത് കാരണാണ്? നിനക്കൊന്നും ബോധമില്ലേ? എന്തൊക്കെയാ എഴുതിപ്പിടിപ്പിച്ചിരിക്കുന്നത്..? മൈ...ലെ  പരിപാടിയായിപ്പോയി..."

ഹലോ പറഞ്ഞയുടനെത്തന്നെ എന്റെ ചെവിയിലേക്ക് ശബ്ദബുള്ളറ്റുകൾ പായുകയായിരുന്നു. എനിക്ക് ആളെ പിടി കിട്ടി. നേരത്തെ കഴിഞ്ഞ, സ്വാതിതിരുനാൾ കൃതിക്ക് നൃത്തം ചെയ്ത കൂട്ടത്തിലെ നേതാവിന്റെ ഭർത്താവാണ്.

"ചേട്ടാ...ഇത്ര ദേഷ്യം പിടിക്കാൻ മാത്രം അതിലെന്താണ് ഞാനെഴുതിയിരിക്കുന്നത്...?"

"നിങ്ങളെന്താ ആളുകളെ കളിയാക്കുകയാണോ... ഇതിനെക്കാളും നല്ലത് കു-- തുറന്ന് കാണിക്കുന്നതല്ലേ... ഇതൊക്കെ കേട്ടിട്ട് എന്റെ പേരന്റ്സിന്റെ തൊലി ഉരിഞ്ഞു പോയി... ഇവരൊക്കെ സ്റ്റേജിൽ ശൃംഗരിക്കാൻ വരുന്നൂന്നാണോ നിന്റെയൊക്കെ ധാരണ..?"

"സോറി ചേട്ടാ.. നിങ്ങൾ തെറ്റിദ്ധരിച്ചാണ്... ഏന്തയായാലും നിങ്ങൾക്കുണ്ടായിരിക്കുന്ന സങ്കടത്തിന് സോറി... പക്ഷേ അതിന് മാത്രം ഇവിടെ ഒന്നും ഉണ്ടായിട്ടില്ലല്ലോ... ആ പാട്ടിൽ അമ്പത് തവണ കാമം എന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ, ഞാൻ അഞ്ച് തവണയേ കാമം എന്നെഴുതിയിട്ടുള്ളൂ... ആ പാട്ടിലുള്ളത്ര ഒന്നും ഞാനെഴുതിയിട്ടില്ല. ആ പാട്ടിന്റെ സത്തിലുള്ളത്ര കാമമോ ശൃംഗാരമോ എന്റെ ആമുഖത്തിനില്ല... "

"എന്ത് സോറി... പൂ--ലെ പരിപാടി... നിനക്കൊക്കെ വലിയ ആളാണെന്നുള്ള വിചാരമുണ്ട്... "

"ചേട്ടാ.. ചേട്ടന്റെ ഭാര്യ ഈ പാട്ട് എടുത്ത് ആടുന്നതിന് മുന്നേ അതിന്റെ അർത്ഥം നോക്കിയിരുന്നില്ലേ... ഈ പാട്ടിൽ എന്താണ് സംവദിക്കുന്നതെന്ന് മനസ്സിലായിരുന്നില്ലേ... അപ്പോഴൊന്നും അശ്ലീലം തോന്നാഞ്ഞതെന്താണ്?  ഇതുപോലൊരു പാട്ടെടുത്ത് നൃത്തം ചെയ്യാൻ വന്നിട്ട് ഞാനെഴുതിയ ആമുഖത്തിനെയാണോ കുറ്റം പറയുന്നത്? ആ പാട്ടിന് നൃത്തം വച്ചിട്ട് ഇല്ലാതിരുന്ന അപമാനമാണോ എന്റെ ആമുഖം കേട്ടപ്പോൾ തോന്നിയത്? ആ പാട്ട് മോശമാണെന്ന് ഒരിക്കലും ഞാൻ പറയില്ല... കാമം എന്ന വാക്ക് ഒരിക്കലും മോശമല്ല... ശൃംഗാരവും മോശമല്ല. നാട്യത്തിൽ ശൃംഗാരം കാണിക്കൂലേ... അത് മോശമാണോ?..."

"മതി.. പണ്ടാരം... ഇതിനെക്കാളും നല്ലത് ഇങ്ങനത്തെ പരിപാടിക്ക് വരാതിരിക്കുന്നതാ... എന്തും എഴുതാമെന്ന അഹങ്കാരമാണ് നിനക്കൊക്കെ.. ഇതൊക്കെ ആദ്യമേ കേൾക്കേണ്ടതായിരുന്നു... "

"ചേട്ടാ... അങ്ങനെയാണെങ്കിൽ ഇത്തരം പാട്ട് എടുക്കരുതെന്ന് പറ..."

"നിർത്ത്.... മൈ--

അതും പറഞ്ഞ് വിദ്വാൻ ഫോൺ കട്ട് ചെയ്തു.

"നീയെന്തിനാ അവനോട് 'സോറി' പറയാൻ പോയത്..?" വിനോദ സമിതിക്കാരൻ എന്നോട് ചൂടായി... സത്യത്തിൽ എനിക്കും രോഷം അടക്കാനായിരുന്നില്ല. 'സോറി' പറഞ്ഞത് എന്റെ ഒരു ശീലം കൊണ്ടാണ്. അതൊരു മാപ്പ് പറച്ചിലല്ല... പകരം മറുഭാഗത്തിന് ഉണ്ടായ ഒരു വികാരത്തിനെ, വികാരത്തള്ളിച്ചയെ ശമിപ്പിക്കാൻ പറയുന്നതാണ്. എന്റെ മേലെ അഭിഷേകം നടക്കുന്നതിന് മുന്നേ, വിനോദസമിതിയുടെ മേലും നല്ല പോലെ 'കുമൈപൂ' അഭിഷേകം ഇതിനകം നടന്നിട്ടുണ്ട്. അതിന്റെ ചൂടിലാണ് അവൻ.

സംഘനേതൃത്വം, വീട്ടിൽ ചെന്നയുടനെത്തന്നെ, അവർക്ക് സംഭവിച്ച അപമാനഭാരത്തിന്റെ കെട്ട് ഭർത്താവിന്റെ മുന്നിൽ അഴിച്ചൊഴുക്കിയിരിക്കുന്നു. ആ അപമാനത്തിൽ കലിപൂണ്ട്, അപമാനിച്ചവരെ പൂണ്ടടക്കം വെട്ടാൻ, വാളെടുത്ത് ഇറങ്ങിയിരിക്കുകയാണ് ഭർത്താവ്.  

വളരെയടുത്ത ആൺസൗഹൃദസദസ്സുകളിൽ, തമാശാരൂപത്തിൽ ചില 'കുമൈപൂ' മണങ്ങൾ ഉണ്ടാവാറുണ്ടെങ്കിലും, ദേഷ്യം പിടിച്ച അവസ്ഥയിൽ, അകാരണമായി 'കുമൈപൂ' കൊണ്ട് വന്ന് തരുമ്പോൾ, എങ്ങനെ അമ്പരക്കാതിരിക്കും? അതും, വിദ്യാസമ്പന്നരായി, ഏഴ് സാഗരങ്ങളും കടന്ന്, അമേരിക്കൻ മണ്ണിൽ വന്ന്, മഹാമാന്യസംസ്കാരസമ്പന്നന്മാരായി ജീവിക്കുന്നവരുടെ ഇടയിൽ നിന്ന് തന്നെയാവുമ്പോൾ, എങ്ങനെ അമ്പരപ്പിന്റെ വ്യാപ്തി കൂടാതിരിക്കും?

കാമം മുതൽ സംഭോഗം വരെയുള്ള വാക്കുകൾ പാട്ടിൽ ഉപയോഗിച്ചിട്ടുണ്ട്. അങ്ങോളമിങ്ങോളം മൃദുലവികാരങ്ങൾ ഉദ്ദീപിപ്പിക്കുന്ന രാഗമാണ് പാട്ടിൽ ഉപയോഗിച്ചിട്ടുള്ളത്. പക്ഷേ അതൊന്നും അശ്ലീലമായ രീതിയിലല്ലതാനും. അപാരമായ ആലാപനവും, പദസഞ്ചലനവും അതിനൊത്ത രാഗതാളങ്ങളും തീർത്ത, അതിമനോഹരമായ, സാഹിത്യസംപുഷ്ടമായ പാട്ട്. ആ പാട്ടിന്റെ സത്ത ഉൾക്കൊണ്ട്, നമ്മുടെ തീമിന് അനുസരിച്ച്, സരസനായ കാരണവർ, ആ പാട്ടിലുള്ള പദങ്ങൾ തന്നെ ഉപയോഗിച്ച് സരസമായി മൊഴിഞ്ഞു എന്നതാണ് അപരാധം! കൂട്ടത്തിൽ ശൃംഗാരം എന്ന പദവും ഉപയോഗിച്ചത് കൊണ്ട്, നൃത്തം ചെയ്തവർ ശൃംഗരിച്ചതായി, നൃത്തം ചെയ്തവർക്ക് തോന്നിയിരിക്കണം. പാട്ടിലെ സാഹിത്യം മനസ്സിലാവാതെ, വെറും താളവും സംഗീതവും മാത്രം കേട്ട് ആസ്വദിക്കുന്ന ഇത്തരം കലാസ്വാദകരോട് എനിക്ക് 'അനുകമ്പ' മാത്രമേ ഉള്ളൂ. പദങ്ങളുടെ അർത്ഥങ്ങൾ സന്ദർഭത്തിനനുസരിച്ച് എടുക്കാനറിയില്ലെങ്കിൽ അത്തരം ആളുകളോട് എന്താണ് പറയുക? തുടക്കത്തിൽ കൊടുത്തിട്ടുള്ള സരസ്വതി സ്തുതിയിലെ 'കാമരൂപിണി' എന്ന പദപ്രയോഗത്തിന്, 'സുന്ദരി' എന്നതിന് പകരം, മറിച്ചൊരർത്ഥം കൊടുത്താൽ എങ്ങനിരിക്കും? 'മൂലം' എന്ന വാക്ക് കേൾക്കുന്ന മാത്രയിൽത്തന്നെ, മറ്റുള്ളവരുടെ ആസനത്തിന്റെ ചിത്രം മനസ്സിൽ വരുന്നവരോട് നമുക്ക് സംവദിക്കാൻ പറ്റുമോ?

എന്ത് ചെയ്യണം എന്ന് ഒന്നും മനസ്സിലാവാത്ത ആ അവസ്ഥയിൽ,  അടുത്തുണ്ടായിരുന്ന, ഈ വിളിച്ചയാളുമായി കൂടുതൽ അടുപ്പമുള്ള ഒരാളോട് ഞങ്ങൾ കാര്യങ്ങൾ പറഞ്ഞു. കാര്യം മനസ്സിലായപ്പോൾ, അദ്ദേഹവും വിളിച്ചയാളിന്റെ വൈഭവത്തെക്കുറിച്ച് പറഞ്ഞ് തന്നു. ഈ കാര്യം കഴിവതും മനസ്സിൽ നിന്ന് വിട്ടുകളയാൻ അദ്ദേഹം ഞങ്ങളെ ഉപദേശിച്ചെങ്കിലും മനസ്സിലെ കാലുഷ്യം അടങ്ങിയിരുന്നില്ല.

ഏകദേശം ഒരു മണിക്കൂറ് കൂടി കഴിഞ്ഞപ്പോൾ, ആഘോഷപ്പറമ്പിലെ വൃത്തിയാക്കലുകളൊക്കെ തീർന്നു. ഞങ്ങൾ മടങ്ങാൻ വേണ്ടി കാറിലേക്ക് കയറി. തിരിച്ച് വരുന്ന വഴിക്കും, കാറിൽ ഫോൺ സംഭാഷണത്തെക്കുറിച്ചുള്ള ചർച്ചകളായിരുന്നു നടന്നത്. ഓർക്കാപ്പുറത്ത് തെറിയഭിഷേകം കേൾക്കേണ്ടി വന്നതിലുള്ള അമ്പരപ്പ് എനിക്കും വിനോദ സമിതിക്കാരനും മാറിയിട്ടുണ്ടായിരുന്നില്ല. 

ഡ്രൈവ് ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് എന്റെ സഹധർമ്മിണിയുടെ ഫോൺ വന്നത്. ഫോൺ നേരെ ബ്ലൂടൂത്ത് വഴി കണക്ടായി.

"നിങ്ങളെന്താ അവരുടെ പരിപാടിക്ക് വേണ്ടി എഴുതിയത്...?" ആമുഖമൊന്നുമില്ലാതെ നേരെ അവളുടെ ചോദ്യമാണ്. അവളുടെ ആ ചോദ്യം കേട്ടപ്പോൾത്തന്നെ എനിക്ക് ദേഷ്യമാണ് വന്നത്. അല്ലെങ്കിൽ തന്നെ തലച്ചോറ് ചൂടായിരിക്കുകയാണ്...

"എന്താ പ്രശ്നം? നിന്നോടാരാ പറഞ്ഞത്...."

അവൾ കാര്യം പറഞ്ഞു. അപ്പഴേക്കും ചില അന്തർജ്ജനങ്ങൾ, എന്റെ കുരുത്തക്കേടിനെപ്പറ്റി എന്റെ ഭാര്യയുടെ ചെവിയിൽ ഓതിക്കൊടുത്തിരിക്കുന്നു. 

"എന്താണ് ശരിക്കുമുള്ള കാര്യമെന്നൊക്കെ വീട്ടിലെത്തിയിട്ട് പറയാം... നീയിപ്പോ ഫോൺ വെക്ക്..." അതും പറഞ്ഞ്, ഭാര്യയെ disconnect ചെയ്തു.

വീട്ടിലെത്തിയതിന് ശേഷവും മനസ്സിന് സമാധാനം കിട്ടിയില്ല. ഫോണെടുത്ത് അവനെ മൂന്നാല് ചീത്ത തിരിച്ച് വിളിച്ച് സമാധാനിച്ചാലോ എന്ന് ഒരിക്കൽ ചിന്തിച്ചു. പക്ഷേ ഒരാഴ്ച കഴിഞ്ഞ്, അദ്ദേഹത്തിനെയും കുടുംബത്തിന്റെയും വീട്ടിൽ വിരുന്ന് വിളിച്ചിട്ടുള്ളതിനാൽ സ്വയം സമാധാനിക്കുന്നത് തന്നെയാണ് നല്ലതെന്ന് തോന്നി. വീണ്ടും കാണുമ്പോൾ, എങ്ങനെ വിദ്വാന്റെ മുഖത്ത് നോക്കും എന്നാലോചിച്ച് പിന്നെയും മനസ്സിന്റെ സമാധാനം പോയി.

ശേഷം, ഭാര്യയുടെ മുന്നിൽ സുപ്രീം കോടതിയിലെ കൂട്ടിലെന്ന പോലെ കുറച്ച് നേരം നിന്നു. പാട്ടിനെക്കുറിച്ചും ഞാനെഴുതിയതിനെക്കുറിച്ചും സമയമെടുത്ത് വിശദീകരിക്കേണ്ടി വന്നു. വിശദീകരണത്തിനൊടുവിൽ, ഭാര്യയിലെ ജഡ്ജി, എന്റെ ഭാഗത്ത് ശരിയുണ്ട് എന്ന് വിധിച്ചത്, പിന്നീട് കിട്ടിയ ചായക്ക് മധുരമുണ്ടെന്ന് തോന്നാൻ ഇടയാക്കിയതായിരുന്നു, എന്റെ അന്നത്തെ ദുരിതാശ്വാസം!

വാൽക്കഷ്ണം: ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും മനസ്സ് കൂടുതൽ ശാന്തമായതിനാൽ, വീട്ടിൽ നടന്ന വിരുന്നു സമയത്ത്, ഇങ്ങനെയൊരു സംഭവം നടന്നതായിപ്പോലും നമുക്കാർക്കും ഓർമ്മയുണ്ടായിരുന്നില്ല. 'കുമൈപൂ'വിന് റഫ്‌ളീഷ്യയുടെ മണം മാറി, കൈതപ്പൂവിന്റെ ഗന്ധം കൈവന്നിരിക്കുന്നു!! അതിന് ശേഷം നടന്ന വേറൊരു പരിപാടിയിൽ, അതേ നാരീജനങ്ങൾ ചുവട് വച്ചത്, 'കുടുക്ക് പൊട്ടിയ കുപ്പായം... ഉടുത്തു മണ്ടണ കാലത്തെ... മിടുക്കിപ്പെണ്ണേ എന്നുടെ നെഞ്ചിൻ... നടുക്കിരുന്നവളാണേ നീ' എന്ന പാട്ടിനായിരുന്നു. ആ പാട്ടിന് ആമുഖമെഴുതാൻ എന്നെവിളിക്കാഞ്ഞത് കൊണ്ടും ആമുഖമേ ആവശ്യമില്ലാതിരുന്നത് കൊണ്ടും, പുതിയൊരു 'കുമൈപൂ' വിരിയിക്കാനും അത് വാസനിക്കാനും മാലോകർക്ക് ഭാഗ്യമുണ്ടായില്ല!! ഈ കഥ മാലോകർക്ക് മുന്നിൽ അവതരിപ്പിക്കരുതെന്ന എന്റെ നല്ല പാതിയുടെ ആവശ്യം ഞാൻ നിരാകരിച്ചത് കൊണ്ട് മാത്രമാണ് 'കുമൈപൂ' പദം മലയാളത്തിന് ലഭിച്ചത് !!!

***

(Disclaimer: ഇതിൽ പ്രതിപാദിച്ചിട്ടുള്ള സംഭവങ്ങൾക്കും പ്രതിപാദിക്കപ്പെട്ടിട്ടുള്ള വ്യക്തികൾക്കും ഏതെങ്കിലും യഥാർത്ഥ വ്യക്തികളുമായോ സംഭവങ്ങളുമായോ സംഘടനകളുമായോ ആർക്കെങ്കിലും എന്തെങ്കിലും സാമ്യം തോന്നുന്നുണ്ടെങ്കിൽ, അത് തികച്ചും യാദൃശ്ചികം മാത്രമാണ്.)

Next:: 

2020, ഡിസംബർ 13, ഞായറാഴ്‌ച

നന്ദി പ്രകാശനം - At WMC DC Chapters Covid event

(കോവിഡ് എന്ന മഹാമാരിലോകത്താകമാനം താണ്ഡവമാടുന്ന സമയത്ത്, ആ മഹാമാരിയുണ്ടാക്കുന്ന മാനസിക ശാരീരിക സമ്മർദ്ദങ്ങളിൽ നിന്ന് രക്ഷ നേടുന്നതിനെക്കുറിച്ച് പ്രമുഖ ഭിഷഗ്വരന്മാരിലൂടെ മാലോകരോട് സംവദിക്കാൻ വേൾഡ് മലയാളി കൗൺസിൽ വാഷിംഗ്ടൺ ഡിസി ചാപ്റ്റർ ഒരുക്കിയ Educate & Empower, Stay Physically Fit and Mentally Healthy During The Pandemic ചടങ്ങാണ് പശ്ചാത്തലം)

ഈ ചടങ്ങിൽ നന്ദി പ്രകാശനം എന്ന കടമ നിർവ്വഹിക്കാൻ കിട്ടിയ ഭാഗ്യത്തിന് വളരെ നന്ദി ! സാമൂഹ്യജീവനത്തിന്റെ ഇന്നത്തെ ഭീതിദമായ അവസ്ഥക്ക് ഔഷധമാകുന്ന രീതിയിൽ വളരെ വിജ്ഞാനപ്രദമായ അറിവുകൾ പകരുന്നതായിരുന്നു ഇന്നത്തെ Educate & Empower, Stay Physically Fit and Mentally Healthy During The Pandemic എന്ന ചടങ്ങിലൂടെ വേൾഡ് മലയാളി കൗൺസിൽ മലയാളികൾക്കായി സമർപ്പിച്ചത്. കോവിഡ് എന്ന സാംക്രമികരോഗത്തിന്റെ പടർച്ചയിൽ, തകർച്ചയില്ലാതെ, ഒട്ടും പകച്ച് പോകാതെ പിടിച്ച് നിൽക്കാൻ, ഓരോരുത്തരുടെയും മനസ്സിനെ പ്രാപ്തമാക്കാൻ ഇന്നത്തെ ഈ പരിപാടി നമ്മളെല്ലാവരെയും സഹായിക്കുമെന്ന കാര്യത്തിൽ ആർക്കും തർക്കമുണ്ടാവില്ല. 

ഇന്നത്തെ ഈ ചടങ്ങിന് മുഖ്യാതിഥിയായി വന്ന് മുഖ്യഭാഷണം നടത്തിയ ഡോക്ടർ എസ് എസ് ലാലിന് ഈയവസരത്തിൽ WMC DC Chapter ന്റെ പേരിൽ നമ്മുടെ എല്ലാവരുടെയും നന്ദി അറിയിക്കുന്നു. ഡോക്ടർ ലാൽ, എനിക്ക് വളരെ വ്യക്തിപരമായി അറിയുന്നയാളാണ്. സമൂഹമാധ്യമങ്ങളിലൂടെയും ചാനൽ ചർച്ചകളിലൂടെയും ആരോഗ്യമേഖലയിലെ അറിവുകൾ, അനുഭവ കഥകളിലൂടെ പറഞ്ഞ് നമ്മെ നിരന്തരം ചിന്തിപ്പിക്കുന്ന വ്യക്തിയാണ് എഴുത്തുകാരൻ കൂടിയായ പ്രിയപ്പെട്ട ഡോക്ടർ ലാൽ.

കോവിഡിന്റെ കരാള ഹസ്തങ്ങളിൽ നിന്ന് വഴുതി നടക്കാനും, അഥവാ കോവിഡിന്റെ പിടുത്തത്തിൽ അകപ്പെട്ടുപോയാൽ, അതിനെ കബളിപ്പിച്ച് രക്ഷപ്പെട്ട് വരാൻ, നമ്മുടെ മാനസിക-ശാരീരിക മുന്നൊരുക്കത്തിന് ഉതകുന്ന മൂലമന്ത്രങ്ങൾ നമുക്ക് നൽകിയ ഡോക്ടർ ഹനീഷ് ബാബുവിനും, ഡോക്ടർ നിഷാ നിജിലിനും, ഡോക്ടർ വിഷ്ണു നമ്പൂതിരിക്കും WMC DC Chapter ന്റെ അകൈതവമായ നന്ദി. നിങ്ങളുടെ പ്രഭാഷണങ്ങൾ തീർച്ചയായും ഇന്നത്തെ ചടങ്ങിനെ വളരെ സമ്പുഷ്ടമാക്കിയിട്ടുണ്ട്. പ്രത്യേകിച്ച് നമ്മുടെ മനസ്സിനെ കൂടുതൽ കരുത്തുറ്റതാക്കാൻ നിങ്ങളുടെ ഭാഷണങ്ങൾ തീർച്ചയായും ഉപകരിക്കും.

കോവിഡ് 19 എന്ന മഹാമാരിയെക്കുറിച്ച് 'രണ്ട് മുഖങ്ങൾ' എന്ന ഹ്രസ്വചിത്രം ഒരുക്കി, ആ മഹാമാരി സമൂഹത്തിനേൽപ്പിച്ച ആഘാതത്തെക്കുറിച്ചും അതിനെ സമൂഹം എങ്ങനെ നേരിടണമെന്ന സന്ദേശവും, വളരെ വസ്തുതാപരമായ ദൃശ്യവിസ്മയത്തിലൂടെ നമുക്ക് നൽകിയ ശ്രീമാൻ ജേക്കബ് പൗലോസിനും ശ്രീമാൻ ലെൻജി ജേക്കബ്ബിനും ശ്രീമതി ലീല ജേക്കബ്ബിനും  ഞങ്ങളുടെ പ്രത്യേകം നന്ദി. ചിന്തിപ്പിക്കുന്ന ഈ ദൃശ്യവിസ്മയം ഒരുക്കാനെടുത്ത മനസ്സിനും പ്രയത്നത്തിനും അഭിനന്ദനങ്ങൾ.

നിർഭാഗ്യവശാൽ, കോവിഡിന്റെ നീരാളിപ്പിടുത്തത്തിൽ വീണുപോയെങ്കിലും, അതിനോട് മാനസികമായും ശാരീരികമായും പടപൊരുതി, രോഗത്തിൽ നിന്നും മുക്തി നേടിയ ശേഷം, അവരുടെ അനുഭവങ്ങൾ നമ്മോട് പങ്ക് വച്ച ബാൾട്ടിമോർകാരിയായ ഷൈനി അഗസ്റ്റിനും ഡിസി സ്വദേശികളായ ശ്രീ ശ്യാം മേനോനും  ശ്രീ ടൈസൺ തോമസിനും ന്യൂയോർക്ക് സ്വദേശിയായ ശ്രീമാൻ സജിക്കും വളരെ നന്ദി. അവരുടെ മനോധൈര്യത്തിനും ആ അനുഭവങ്ങൾ നമ്മോട് പങ്ക് വച്ച് നമ്മെ കൂടുതൽ ബോധവാന്മാരാക്കിയതിനും പ്രത്യേകം നന്ദി.

ഇന്ന്, ഈ ചടങ്ങിൽ, ഉപസംഹാരഭാഷണം നടത്തിയത് ശ്രീമാൻ വിൻസൻ പാലത്തിങ്കലാണ്. ഡിസി ഏരിയായിൽ, മലയാളികളുടെ സമൂഹത്തിൽ നിന്ന് അമേരിക്കയിലെ സാമൂഹ്യ-രാഷ്ട്രീയ അന്തരീക്ഷത്തിലേക്കിറങ്ങിച്ചെന്ന്, നമ്മെ, ഇവിടത്തെ സാഹചര്യത്തിൽ പ്രതിനിധാനം ചെയ്യാൻ വിൻസൻ നടത്തുന്ന ശ്രമങ്ങൾ നമുക്കെല്ലാം അറിവുള്ളതാണ്. അദ്ദേഹത്തിനും പ്രത്യേകം നന്ദി.

പിന്നെ, ഈ ചടങ്ങിന് ആശംസയേകിയ WMC Global Chairman, Dr. A.V. Anoop നും നല്ല ഭാവുകങ്ങൾ നേർന്ന  WMC America Region Chair, ഡോക്ടർ ഹരി നമ്പൂതിരിക്കും, പ്രസിഡന്റ് ശ്രീമതി തങ്കം അരവിന്ദിനും പ്രത്യേകം നന്ദി.

ഒടുവിലായി, ഈ ചടങ്ങ് ഭംഗിയായി നടത്താൻ നേതൃത്വം വഹിക്കുകയും ഇന്ന് നമുക്ക് കിട്ടിയത് പോലെയുള്ള അനിവാര്യമായ അറിവുകൾ സ്വായത്തമാക്കാൻ നമുക്ക് അവസരം ഒരുക്കിയതിനും  WMC DC Chapter ന്റെ മോഹന്കുമാറും മധു നമ്പ്യാരും അടങ്ങിയ നേതൃത്വത്തിനും ഇന്നത്തെ ചടങ്ങ്, നല്ല രീതിയിൽ കോർത്തിണക്കി അവതരിപ്പിച്ച ശ്രീമതി കലാഷാഹിക്കും, പ്രാർത്ഥനാഗാനം പാടിയവർക്കും, കലാപരിപാടികൾ അവതരിപ്പിച്ച് എല്ലാവരെയും രസിപ്പിച്ചവർക്കും, പിന്നെ സർവ്വോപരി, തുടക്കം മുതൽ ഒടുക്കം വരെ, ഈ ചടങ്ങിൽ പങ്ക് കൊണ്ട് സദസ്സിനെ പ്രൗഡ്ഢമാക്കിയ എല്ലാ കാണികളായ പങ്കാളികൾക്കും ചോദ്യങ്ങൾ ചോദിച്ചവർക്കും നമ്മുടെ എല്ലാവരുടെയും പ്രത്യേകം നന്ദി.

നന്ദി പറയാൻ വേണ്ടി ഇനി ആരെയെങ്കിലും വിട്ടുപോയെങ്കിൽ ക്ഷമ ചോദിച്ച് കൊണ്ട്, അവരോടും നന്ദി പറയുന്നു! 

***

2020, ഡിസംബർ 10, വ്യാഴാഴ്‌ച

KCS ഫെയർഫാക്സ് കളരി സാഹിത്യസമാജം -2020 പരിപാടിയിലെ ആശംസാ ഭാഷണം


എല്ലാവർക്കും നമസ്കാരം... ഇങ്ങനെയുള്ളൊരു സാഹിത്യ കലാ സംബന്ധിയായ ഒരു ചടങ്ങിൽ കുറച്ച് വാക്കുകൾ സംസാരിക്കാൻ അവസരം കിട്ടുക എന്നൊക്കെ പറഞ്ഞാൽ ഒരു ഭാഗ്യമാണ്... ഇതിലേക്ക് എന്നെ ക്ഷണിച്ച ശ്രീമതി ചിത്രക്കും മറ്റുള്ളവർക്കും, പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു.

പ്രവാസികളായ നമുക്ക്, നമ്മുടെ സ്വന്തം ഭാഷയായ മലയാളത്തെ  താലോലിക്കാനും ആ ഭാഷയെ നമ്മുടെ അടുത്ത തലമുറകളിലോട്ട് പടർത്താനും കിട്ടുന്ന ഇതുപോലൊക്കെയുള്ള അവസരങ്ങളൊരുക്കുന്ന കേരള കൾച്ചറൽ സൊസൈറ്റിയും അതിന്റെ നേതൃത്വവും ഈയവസരത്തിൽ തീർച്ചയായും വലിയൊരു കൈയ്യടി അർഹിക്കുന്നുണ്ട്... KCS ന്റെ ഈ വർഷത്തെ അദ്ധ്യക്ഷനെന്ന നിലയിൽ ശ്രീ അനിൽ കുമാറിന് തീർച്ചയായും അഭിമാനിക്കാം... കേരള കൾച്ചറൽ സൊസൈറ്റി പോലുള്ള മലയാളി സംഘടനകൾ തീർച്ചയായും ഊന്നൽ കൊടുക്കേണ്ട ഒരു മേഖലയാണ് മലയാളം എന്ന ഭാഷയെ പ്രോത്സാഹിപ്പിക്കുക എന്നുള്ളത്. മലയാളികൾ ഇല്ലെങ്കിൽ നമുക്ക് മലയാളി സംഘടന ഉണ്ടാക്കാൻ പറ്റുമോ? ഇല്ലല്ലോ അല്ലേ.. അത് പോലെ, മലയാളി മാതാപിതാക്കളുടെ, മലയാളം അറിയാത്ത കുട്ടികളെ, മലയാളി എന്ന് പൂർണ്ണമായ അർത്ഥത്തിൽ നമുക്ക് വിളിക്കാൻ പറ്റുമോ? ഇല്ല... അതുകൊണ്ട്, മലയാളികളായ നമ്മള് മലയാളം എഴുതാനും വായിക്കാനും സംസാരിക്കാനും പഠിക്കേണ്ടത് അത്യാവശ്യമാണ്...

നമ്മുടെ കുട്ടികളെ മലയാളം പഠിപ്പിക്കാൻ, കേരള കൾച്ചറൽ സൊസൈറ്റി രൂപപ്പെടുത്തിയിട്ടുള്ളതാണ് ഇവിടത്തെ മലയാളം കളരികൾ... ആ കളരികൾ ഇന്ന് വളർന്ന് അഞ്ചോളം ശാഖകൾ ഉണ്ടായിരിക്കുന്നു എന്നത്, വളരെ വലിയൊരു കാര്യമാണ്. ഇതിന്റെ ശരിയായ കാരണം നമുക്കെല്ലാവർക്കും മലയാള ഭാഷയോടുള്ള താല്പര്യം തന്നെയാണ്... തങ്ങളുടെ കുട്ടികളെ മലയാളം പഠിപ്പിക്കാൻ ഇവിടത്തെ മലയാളി മാതാപിതാക്കൾക്ക് താല്പര്യമുണ്ട്... മലയാളം പഠിക്കാൻ അവരുടെ കുട്ടികൾക്ക് താല്പര്യമുണ്ട്..., മലയാളം പഠിപ്പിക്കാൻ സർവ്വാത്മനാ സന്നദ്ധരായിട്ടുള്ള അദ്ധ്യാപകർക്കും താല്പര്യമുണ്ട്.... അതുകൊണ്ടാണല്ലോ കളരികൾക്ക് ഇന്ന് ഇത്രത്തോളം ജനപ്രീതി ഉണ്ടായിട്ടുള്ളത്... ബീന ടോമി, ഷിനോ കുര്യൻ, ചിത്ര, ധന്യ, നിഷ, പ്രതിഭ, പ്രിയ, മഞ്ജുഷ, രഞ്ജിന, ഗീത എന്നിവരും, പിന്നെ എനിക്കറിയാത്ത വേറെ കുറെപേരും ഈ കളരികൾക്ക് വേണ്ടി നടത്തുന്ന കഠിനാദ്ധ്വാനം തീർച്ചയായും, പ്രത്യേകം ഓർമ്മിക്കപ്പെടേണ്ടതാണ്...

അതിയായ താല്പര്യം ഉണ്ടെങ്കിൽ ഏത് കാര്യവും എളുപ്പമാണല്ലോ... കുറച്ച് പേർക്ക് കൂടി കൂടി നമുക്ക് കൈയ്യടികൾ കൊടുക്കാനുണ്ട്... ആർക്കൊക്കെയാ കൊടുക്കേണ്ടത്?... മലയാളത്തോട് ഇത്തരത്തിൽ വലിയ താല്പര്യം കാണിക്കുന്ന എല്ലാ മാതാപിതാക്കൾക്കും നമുക്ക് കൈയ്യടി കൊടുത്തൂടെ?.... പിന്നെ... മലയാളം താല്പര്യത്തോടെ പഠിക്കുന്ന നമ്മുടെ കൊച്ചുകൂട്ടുകാർക്കും വലിയൊരു കൈയ്യടി കൊടുക്കാം.. അത് പോലെ, ഇല്ലാത്ത സമയം ഉണ്ടാക്കി, പഠിപ്പിക്കാൻ വേണ്ടുന്ന എല്ലാ സാമഗ്രികളും സമാഹരിച്ച് നമ്മുടെ കൊച്ചു കൂട്ടുകാരെ പഠിപ്പിക്കാൻ തയ്യാറായിട്ടുള്ള എല്ലാ ഗുരുക്കന്മാർക്കും വലിയൊരു കൈയ്യടി കൊടുത്ത് നമ്മുടെ ആദരവ് അറിയിയ്ക്കാം... സൂം മീറ്റിംഗ് ആയത് കൊണ്ട്, കൈയ്യടിക്കാതിരിക്കില്ലല്ലോ.... 

ഇന്നത്തെ ഈ പരിപാടിയിൽ, എല്ലാവരെയും ആകർഷിക്കാൻ പോകുന്നത്, അതിന്റെ അവതരണത്തിന്റെ പ്രത്യേകത തന്നെയാണ്... കുട്ടികൾ തന്നെ അവരുടെ പരിപാടികളെ സ്വയം നിയന്ത്രിച്ച് കുട്ടികൾ തന്നെ അവതരിപ്പിക്കുന്ന രീതി... തീർച്ചയായും, അത് കുട്ടികളുടെ കഴിവിനെയും അവരുടെ ആത്മവിശ്വാസത്തിനെയും പരിപോഷിപ്പിക്കും... ഇത്തരമൊരു പുതിയ ഉദ്യമത്തിന് നേതൃത്വം കൊടുത്ത ഫെയർഫാക്‌സ് കളരിയിലെ അദ്ധ്യാപകരും അതിന് താങ്ങായി നിന്ന കുട്ടികളടക്കമുള്ള എല്ലാവരും പ്രത്യേക അഭിനന്ദനം അർഹിക്കുന്നു. ഇതിന്റെ ചുവടുകൾ പിടിച്ച്, മറ്റ് കളരികളും ഇതുപോലുള്ള പരിപാടികൾ നടത്താൻ പദ്ധതിയിടുന്നുണ്ട് എന്നാണ് എന്റെ അറിവ്...

ഈ അവസരത്തിൽ, ഇവിടെ സന്നിഹിതരായിട്ടുള്ള എല്ലാ കൊച്ചു കൂട്ടുകാരോടും എനിക്ക് ഒന്നുരണ്ട് കാര്യങ്ങൾ പറയാനുണ്ട്... മലയാളം പഠിക്കുന്നത്, നിങ്ങളുടെ ഇംഗ്ലീഷ് പഠനത്തെയോ, മറ്റ് പഠനങ്ങളെയോ ഒരിക്കലും മോശമായി ബാധിക്കില്ല. ഭാഷ പഠിക്കുന്നത് ഒരു puzzle കളിക്കുന്ന രീതിയിൽ എടുത്താൽ നിങ്ങൾക്ക് വേഗം പഠിച്ചെടുക്കാം... ഒന്ന് മനസ്സ് വച്ചാൽ ഭാഷ പഠിക്കുന്നത് വലിയ വിഷമമുള്ള കാര്യമേ അല്ല... നിങ്ങളുടെ മാതാപിതാക്കളിൽ പലരും മലയാളത്തിൽ പഠിച്ചിട്ടും, അവർക്ക് ഇംഗ്ളീഷും ഹിന്ദിയും ഒക്കെ സംസാരിക്കാൻ പറ്റുന്നില്ലേ? അതുപോലെ, ഇംഗ്ലീഷ് മുഖ്യവിഷയമായിട്ടുള്ള നിങ്ങൾക്ക് മലയാളവും മറ്റ് ഭാഷകളും സുഖായി പഠിക്കാൻ പറ്റും... 

നിങ്ങള് ഏതെങ്കിലും ദിവസം ഭക്ഷണം കഴിക്കാൻ മറക്കാറുണ്ടോ?... ഇല്ലല്ലോ... അപ്പോ... ഭക്ഷണം കഴിക്കാൻ മറക്കാത്തത് പോലെ, എല്ലാ ദിവസവും ഒരു മണിക്കൂറെങ്കിലും നിങ്ങൾ മലയാളം എഴുതിയും ചില ചെറിയ കഥകൾ വായിച്ചുമൊക്കെ practice ചെയ്യണം... ഒരു ദിവസം പോലും ഒഴിവാക്കരുത്. പിന്നെ ഏറ്റവും പ്രധാനപ്പെട്ടത്, നിങ്ങളുടെ മാതാപിതാക്കൾ (എന്ന് വച്ചാൽ നിങ്ങളുടെ parents) നിങ്ങളുടെ വീട്ടിൽ മലയാളം സംസാരിക്കുന്നില്ലെങ്കിൽ, നിങ്ങൾ അവരെ, വീട്ടിൽ മലയാളം സംസാരിക്കാൻ നിർബന്ധിക്കണം... ഈ കാര്യത്തിലെങ്കിലും നിങ്ങൾക്ക്, നിങ്ങളുടെ മാതാപിതാക്കളുടെ ഗുരുക്കന്മാരാകാം. You can be the tracher of your own parents... പറഞ്ഞ് പഠിച്ചാലേ ഏത് ഭാഷയും പഠിക്കാൻ പറ്റുള്ളൂ... പിന്നെ വേറൊരു കാര്യം, മലയാളം പഠിച്ചാൽ, നിങ്ങളുടെ സ്‌കൂളിൽ വിദേശ ഭാഷാ credit കിട്ടുകയും ചെയ്യും... മലയാളികളായത് കൊണ്ട്, മലയാളം പഠിക്കുന്നതായിരിക്കുമല്ലോ നിങ്ങൾക്ക് കൂടുതൽ എളുപ്പം...? അതിന്റെ കൂടെ പറ്റുമെങ്കിൽ, ഫ്രഞ്ചോ, ലാറ്റിനോ, സ്പാനിഷോ എല്ലാം പഠിച്ചോളൂ... കൂടുതൽ ഭാഷ സംസാരിക്കാൻ പറ്റുന്നു എന്നുണ്ടെങ്കിൽ, നിങ്ങളുടെ brain അഥവാ തലച്ചോറ്, കൂടുതൽ നന്നായി പ്രവർത്തിക്കുന്നു എന്നാണർത്ഥം... അതുകൊണ്ട്, ഇനി മുതൽ ഒട്ടും മടി കൂടാതെ... നിങ്ങൾ മലയാളം പഠിക്കണം.... 

കൂടുതലായൊന്നും പറയാനില്ല... കേരള കൾച്ചറൽ സൊസൈറ്റിയുടെ കീഴിലുള്ള ഫെയർഫാക്സ് കളരി നടത്തുന്ന ഈ വ്യത്യസ്തമായ പരിപാടിക്കും, അതിന്റെ നടത്തിപ്പുകാർക്കും, അതിൽ പങ്കെടുക്കുന്നവർക്കും എന്റെ എല്ലാവിധ ആശംസകളും... ! 

മലയാളഭാഷ തൻ മാദകഭംഗി നിൻ മലർമന്ദഹാസമായി വിളങ്ങുന്നു കിളികൊഞ്ചും നാടിന്റെ ഗ്രാമീണ ശൈലി നിൻ പുലിയിളക്കരമുണ്ടിൽ തെളിയുന്നു....

***

2020, നവംബർ 26, വ്യാഴാഴ്‌ച

സ്വയംകൃതി ചോരൻ (തെറി കേൾക്കും വഴികൾ - 2)


കൃതിനിരാസം, കുരങ്ങനെന്ന വിളി കേൾപ്പിച്ചെങ്കിലും,  കുറച്ചെങ്കിലും ചിരി സമ്മാനിച്ചിരുന്നു. പക്ഷേ രണ്ടാമത് നടന്ന അനുഭവം, ദുഖവും എഴുത്തിനോട് തന്നെ ഒരുതരം വിരക്തിയുമായിരുന്നു സമ്മാനിച്ചത്. വാഷിംഗ്ടൺ ഡിസിയിലെ ഒരു പ്രമുഖ സംഘടനയുടെ 2016 ലെ ഒരാഘോഷത്തിന്റെ പരിസമാപ്തിയിലായിരുന്നു എന്റെ തലക്ക് മീതെ അവിചാരിതമായി പഴികൾ വട്ടം കറങ്ങിയത്. 

ആ വർഷത്തെ സംഘടനയുടെ പ്രസിഡന്റും അടുത്തറിയുന്നൊരു സുഹൃത്തുമായ മഹാനുഭാവനാണ്, സംഘടനയുടെ, ആ വർഷത്തെ കനിഷ്ഠ ആഘോഷ-കലാമാമാങ്കത്തിന് ഒരു script തയ്യാറാക്കിക്കൊടുക്കാമോ എന്ന്, എന്നോട് ചോദിച്ചത്. അതിന് മുന്നേയും വിവിധ സംഘടനകൾക്ക് വേണ്ടി എന്നാലാവും വിധം, എന്റെ മസ്തിഷ്കവികാസത്തിന് സാദ്ധ്യമായ വിധത്തിൽ സ്ക്രിപ്റ്റുകൾ തയ്യാറാക്കിയിട്ടുള്ളതിനാലും, സംഘടനയുടെ വിനോദസമിതിയുടെ ചുക്കാൻ, എന്റെയൊരു ചങ്കിന്റെ കൈയ്യിലായതിനാലും സർവ്വോപരി, ഇത്തരം പ്രവർത്തികൾ ആസ്വദിക്കുന്നതിനാലും, NO എന്ന് പറയാൻ എനിക്ക് കഴിയുമായിരുന്നില്ല. 

പ്രസിഡന്റ് തന്നെയാണ് ഒരു idea അല്ലെങ്കിൽ ഒരു ആശയം നിർദ്ദേശിച്ചത്. 'നമുക്ക് അരങ്ങും സ്ക്രീനും ഇടകലർന്ന് വരുന്ന രീതിയിൽ ഒരു സംഭവം അവതരിപ്പിക്കണം. ഉദാഹരണത്തിന് ഒരു സദസ്സ്.... കേരളോത്സവത്തിന്റെ അഥവാ ഗ്രമോല്സവത്തിന്റെ ആഘോഷം... കുറച്ച് കമ്മിറ്റിക്കാർ അങ്ങോട്ടുമിങ്ങോട്ടും ഓടിനടക്കുന്നു... കുറച്ച് തമാശ... അതിനിടെ വീഡിയോയിൽ ഒരു അച്ഛനും അമ്മയും രണ്ടു കുട്ടികളും വരുന്നു... കമ്മിറ്റിക്കാരുമായി സംസാരിക്കുന്നു... അവർ ലേറ്റ് ആയിപ്പോയി...പിന്നെയും പ്രോഗ്രാംസ്...' ഇങ്ങനെയൊക്കെപ്പറഞ്ഞ്, ഏകദേശം പത്തിരുപത് വരികളിലായിരുന്നു അദ്ദേഹം മനസ്സിൽ കാണുന്ന സംഭവത്തിന്റെ ഒരു ആകത്തുക വിവരിച്ചത്. സ്റ്റേജിന്റെ പിന്നിലായിത്തന്നെ വലിയ electronic screen സ്ഥാപിച്ച്, സ്റ്റേജ് പരിപാടികളും വീഡിയോയും ഇടകലർത്തി അവതരിപ്പിക്കണം. ശ്രമിച്ച് നോക്കാമെന്നൊക്കെപ്പറഞ്ഞ് പ്രസിഡന്റിനെയും സിക്രട്ടറിയെയും വിനോദസമിതിക്കാരനെയും (Entertainment Secretary) വീട്ടിൽ നിന്ന് യാത്രയാക്കിയെങ്കിലും, എങ്ങനെ സ്റ്റേജ് പ്രോഗ്രാമുകളും വീഡിയോകളും blend ചെയ്യുമെന്നാലോചിച്ച് എനിക്കൊരെത്തും പിടിയും കിട്ടിയില്ല.

എന്തായാലും, അതുവരേക്കും ലഭ്യമായ, അവതരിപ്പിക്കാൻ പോകുന്ന ചില പരിപാടികളെക്കുറിച്ച് പഠിച്ചതിന് ശേഷം, ഏകദേശം മുപ്പതോളം താളുകളിൽ കൊള്ളും വിധം, ഒരു script തയ്യാറാക്കി വേണ്ടപ്പെട്ടവരെ കാണിച്ചു. അതിനിടയിൽ, ഈ script സംവിധാനം ചെയ്യാൻ, വേറൊരു കൂട്ടുകാരനായ സംവിധായകനെ ഏൽപ്പിച്ചു. ഞാനും സംവിധായകനും ചേർന്ന് കുറേ പരിപാടികൾ പല വേദികളിലും അവതരിപ്പിച്ചിട്ടുള്ളത് കൊണ്ട് ഞങ്ങൾ തമ്മിൽ പല കാര്യങ്ങളിലും ഇതുവരേക്കും നല്ല ചേർച്ചയുണ്ട്. പ്രത്യേകിച്ച്, ചർച്ചകളിലൂടെ പരസ്പരം കാര്യങ്ങൾ തിരുത്താനും അംഗീകരിക്കാനും ഞങ്ങൾക്ക് പറ്റാറുണ്ട്. script ലും സംവിധാനത്തിലും പരസ്പരപൂരകങ്ങളാകാനും ഞങ്ങൾക്ക് കഴിയാറുണ്ട്.

ഒന്നിലധികം തവണ നടന്ന ചർച്ചകളിൽ, ചിലരുടെ ചില നിർദ്ദേശങ്ങൾ സ്വീകരിച്ച്, ഞാനും സംവിധായകനും script ന് അവസാനരൂപം നൽകി. അതിന്റെ അടിസ്ഥാനത്തിൽ, വീഡിയോ തുടങ്ങുന്നതിന് മുൻപും വീഡിയോ തീർന്നതിനും മറ്റുമുള്ള സ്റ്റേജ് അവതാരകസംഘങ്ങൾക്ക് നിർദ്ദേശങ്ങൾ നൽകുകയും, സ്ക്രിപ്റ്റ് പ്രകാരം വിനോദസമിതിക്കാരന്റെ വീട്ടിൽ set ഇട്ട് ചിത്രീകരണം ആരംഭിക്കുകയും ചെയ്തു. മൂന്ന് നാല് ദിവസത്തെ ചിത്രീകരണത്തിന് ശേഷം, വീട്ടിലെ കാരണവർക്കുണ്ടായ ചില പ്രശ്നങ്ങളാൽ ചിത്രീകരണം വേറെ വീട്ടിലേക്ക് മാറ്റേണ്ടിവന്നു. കുറച്ച് ദിവസത്തെ പ്രയത്നങ്ങൾക്ക് ശേഷം, സംവിധായകന്റെ നേതൃത്വത്തിൽ ചിത്രീകരണം തീരുകയും വേറൊരു സുഹൃത്തിനെ edit ചെയ്യാൻ ഏൽപ്പിക്കുകയും ചെയ്തു. 

നമ്മുടെ ഇടയിൽ ആദ്യമായിട്ടായിരുന്നു, stage ഉം screen ഉം ഇടകലർന്ന പരിപാടികൾ ഏതെങ്കിലും ആഘോഷത്തിന് സംഘടിപ്പിക്കുന്നത്. ആർക്കും ഒരു മുൻപരിചയവുമില്ല. ചില എതിർപ്പുകൾ ഉണ്ടായിട്ടും പ്രസിഡന്റിന്റെ ഉറച്ച തീരുമാനം ഒന്ന് കൊണ്ട് മാത്രമാണ് അങ്ങനെയൊരു പരീക്ഷണത്തിന് തുനിയാൻ നമുക്ക് ഊർജ്ജമുണ്ടായത്.

എന്തായാലും, എല്ലാവരുടെയും സഹായസഹകരണങ്ങൾ കൊണ്ട്, കാര്യങ്ങളെല്ലാം വിചാരിച്ചത് പോലെയൊക്കെ നടക്കുകയും, പരിപാടികൾ തട്ടിൽ കയറേണ്ട ദിവസം വന്നെത്തുകയും ചെയ്തു. വലിയ സ്റ്റേജ്, ഇരുപത്തഞ്ചോളം പ്രോഗ്രാമുകൾ, അതിലിടക്ക് എട്ടോളം വീഡിയോകൾ. വീഡിയോയിൽ നിന്ന്, വീഡിയോയിലുള്ള അതേ costume ഇട്ട് തന്നെ, ആളുകൾ പുറത്ത് വന്ന് stage ൽ പരിപാടികൾ അവതരിപ്പിക്കുന്ന ഒരു പ്രതീതി ഉണ്ടാക്കാനാണ് ശ്രമം.

എല്ലാം set ചെയ്ത്, test ചെയ്തതിന് ശേഷം പരിപാടികൾ ആരംഭിച്ചെങ്കിലും പരിപാടിയുടെ തുടക്കം മുതൽ തന്നെ, ഗതികേടിന് ചില പ്രശ്നങ്ങൾ ആരംഭിച്ചു. stage ന് പുറകിൽ set ചെയ്ത വലിയ വീഡിയോ സ്ക്രീനിലെ ചില പാനലുകൾ എങ്ങനെയോ പ്രവർത്തനരഹിതമായി. അതുകൊണ്ട് വീഡിയോയിൽ കാണിച്ച ചിത്രീകരണങ്ങൾ എന്താണെന്ന്, കാണുന്ന ആർക്കും മനസ്സിലാവുന്നുണ്ടായിരുന്നില്ല. പല ചിത്രങ്ങൾക്കും തലയും വാലുമില്ല. ആകപ്പാടെ, പരിപാടി മൊത്തത്തിൽ താളം തെറ്റി. ഒടുവിൽ ആ വലിയ വീഡിയോ സ്ക്രീൻ നമ്മൾ switch off ചെയ്തു. അതുകൊണ്ട് തന്നെ, കാണികൾ എങ്ങനെ പരിപാടികൾ കാണണമെന്ന് ഞങ്ങൾ ഉദ്ദേശിച്ചുവോ, അങ്ങനെയൊന്നും നടന്നില്ല. എടുത്ത വീഡിയോ മുഴുവൻ വെറുതെയായി.

എങ്ങനെയൊക്കെയോ പരിപാടികൾ തീർത്ത് stage ഒക്കെ വൃത്തിയാക്കിയതിന് ശേഷം എല്ലാവരും സങ്കടത്തോടെ സ്വന്തം സ്വന്തം ഭവനങ്ങളിലേക്ക് ചേക്കേറി.

സാധാരണയായി സംഘടനയുടെ ഓരോ ആഘോഷ പാർട്ടികൾക്കും ശേഷം, പരിപാടികളുടെ വീഡിയോ ഒരു മണിക്കൂറിനകം തന്നെ യുട്യൂബിൽ (youtube) upload ചെയ്യപ്പെടാറുണ്ടായിരുന്നു. അതിന് ഉത്തരവാദപ്പെട്ടയാൾ, ആ കാര്യങ്ങളിൽ നല്ല വേഗതയും കൃത്യതയും കാണിച്ചിരുന്നു. പക്ഷേ, അന്ന് രാത്രി പത്ത് മണിയായിട്ടും യുട്യൂബിൽ ഒന്നും കണ്ടില്ല. ഒന്ന് രണ്ടു പേർ വിളിച്ച് യുട്യൂബിൽ ലിങ്ക് ഉണ്ടോ എന്ന് അന്വേഷിക്കുകയും ചെയ്തു. അപ്പോഴാണ്, ഞാനൊരു കാര്യം ചിന്തിച്ചത്; പരിപാടികൾ അദ്ദേഹം upload ചെയ്താലും, കാണുന്നയാൾക്ക് അതിന്റെ ശരിയായ ശ്രേണി മനസ്സിലാവണമെന്നില്ല. ഞങ്ങളുദ്ദേശിച്ച രീതിയിലും ക്രമത്തിലും, ചിത്രീകരിച്ച പരിപാടികളുടെ വീഡിയോയും പരിപാടികളും കണ്ടാൽ മാത്രമേ internet ൽ പരിപാടികൾ കാണുന്നവർക്കെങ്കിലും അതിന്റെ സത്ത പിടികിട്ടുകയുള്ളൂ. അതിന് വേണ്ടി എന്ത് ചെയ്യാം?

ആ സമയത്ത്, ചിത്രീകരിച്ച എല്ലാ വീഡിയോകളുടെയും pen drive എന്റെ പക്കലുണ്ടായിരുന്നു. പരിപാടികൾ കഴിഞ്ഞതിന് ശേഷം, ചിത്രീകരണങ്ങൾ കാണിച്ച laptop എന്റേതായിരുന്നതിനാലും, അതിൽ ഘടിപ്പിച്ച pen drive, വിനോദസമിതിക്കാരൻ മറന്ന് പോയതിനാലുമാണ് അത് എന്റെ പക്കൽ എത്തിയത്. ഇതിനകം തന്നെ പല വീഡിയോകളും എന്റെ പക്കൽ എത്തിയിട്ടുണ്ടെങ്കിലും final version, ആ pen drive ലായിരുന്നു ഉണ്ടായിരുന്നത്. 

ഇത്രയുമൊക്കെ ആയപ്പോൾ, ഞാനൊരു തീരുമാനം എടുത്തു. എല്ലാ സംഭവങ്ങളും ഞങ്ങളുദ്ദേശിച്ച രീതിയിൽ നെറ്റിൽ upload ചെയ്ത് എല്ലാവരെയും കാണിക്കണം. എന്നാലല്ലേ ഞങ്ങൾക്ക് കുറച്ചെങ്കിലും ഞങ്ങളുടെ പ്രയത്നത്തിന്റെ ഫലം കുറച്ചെങ്കിലും കിട്ടുകയുള്ളൂ. രാത്രി വൈകിയതിനാൽ,  വേണ്ടപ്പെട്ടവരെയൊക്കെ പിന്നെ വിളിച്ചറിയിക്കാം. അതുവരെ ചെയ്ത ജോലികളുടെ ഭാഗമായതിനാൽ ഞാൻ അന്യനൊന്നുമല്ലോ, 

അതേ ദിവസം തന്നെ അർദ്ധരാത്രിക്ക് ശേഷവും ഉറക്കമിളിച്ചിരുന്ന്, ഞാൻ പരിപാടികളുടെ ശ്രേണിയും ക്രമവുമൊക്കെ ചിട്ടപ്പെടുത്തി സ്ക്രിപ്റ്റ് വേറെയായും, ചുരുങ്ങിയ രീതിയിൽ, അത്യാവശ്യത്തിനുള്ള ആമുഖങ്ങളൊക്കെ കൊടുത്ത്, ചിത്രീകരിച്ച വീഡിയോകൾ ക്രമപ്പെടുത്തി വേറെയൊരു ബ്ലോഗായും എന്റെ ബ്ലോഗിൽ പ്രസിദ്ധപ്പെടുത്തി. അതിന് ശേഷം, Facebook ലും WhatsApp ലും അതിന്റെ ലിങ്കുകൾ share ചെയ്തു.

Facebook ലും WhatsApp ലും ബ്ലോഗ് ലിങ്കുകൾ share ചെയ്യുന്ന സമയത്ത്, ചുവടെ കാണുന്ന രീതിയിൽ ഒരു ഹ്രസ്വവിവരണവും കൊടുത്തിരുന്നു.

"Here is one of our combined effort, which we did as a theme setting for --- association's -- program 2016. Supported by the whole association engine, Scripted by myself, Directed by --, Edited by -- and Camera by --"

ഇവിടെ നിന്നാണ് പ്രശ്നങ്ങൾ ആരംഭിക്കുന്നത്. പിറ്റേന്ന് നേരം പുലർന്ന് ഉച്ചയാവുമ്പഴേക്കും, സംഘാടകസമിതിയിൽ എന്നെക്കുറിച്ച് ചില സംസാരങ്ങൾ നടക്കുന്നതായി ഞാനറിഞ്ഞു. ഉച്ചക്ക് ശേഷം വിനോദസമിതിക്കാരൻ ചങ്ക് എന്റെയടുത്ത് വന്ന് ഞാൻ വീഡിയോകൾ upload ചെയ്തതിലുള്ള ചില പരാതികളുടെ കെട്ടഴിച്ചു.

 'ആ വീഡിയോകൾ എങ്ങനെ കിട്ടി..?  എന്തിന് ചോദിക്കാതെ പ്രസിദ്ധപ്പെടുത്തി...? എല്ലാവർക്കും എന്ത് കൊണ്ട് credit കൊടുത്തില്ല..? script ന് ഞങ്ങളൊക്കെ ആശയം തന്നിട്ടില്ലേ..? നീ മാത്രം credit എടുത്താൽ മതിയോ.. നീ മാത്രമാണോ ഇതിനൊക്കെവേണ്ടി അദ്ധ്വാനിച്ചത്...?എന്നൊക്കെ പറഞ്ഞായിരുന്നു പരാതികൾ. സത്യത്തിൽ ചങ്ക് ഇങ്ങനെ വന്ന് പറഞ്ഞപ്പോൾ, തുടക്കത്തിൽ ഞാനാകെയൊന്ന് പതറുകയും പരുങ്ങുകയും ചെയ്തു. 

ചങ്കുമായുള്ള സംസാരത്തിൽ, എന്നെയൊരു കള്ളനാക്കിയത് പോലെ തോന്നി. സംസാരത്തിനിടയിൽ 'don't talk like an established writer...' എന്നും കൂടി ചങ്ക് പറഞ്ഞപ്പോൾ ഉള്ളം പിടഞ്ഞുപോയി. 

തീർച്ചയായും എനിക്ക് ഒരു ദുരുദ്ദേശവും ഉണ്ടായിരുന്നില്ല. ഒരുമിച്ച് പ്രവർത്തിച്ചവരുടെ ഇടയിൽ ഒരു വലിയൊരാളാകാൻ ശ്രമിച്ചിട്ടുമില്ല. എനിക്ക് സ്വാഭാവിക വളർച്ച മതിയെന്ന സ്വയം ധാരണയുള്ളത് കൊണ്ട് ഒരിക്കലും ഒന്നും അപഹരിക്കാനോ മറ്റുള്ളവരെ ഇകഴ്ത്താനോ ശ്രമിച്ചിട്ടില്ല. പലയിടങ്ങളിൽ നിന്നും videos കാണാൻ സമ്മർദ്ദം കൂടിയപ്പോൾ, ഞങ്ങളുടെ കഷ്ടപ്പാടിന്റെ ഫലം നമുക്ക് അനുഭവിക്കാൻ കഴിയാതെ വന്നതിലുള്ള സങ്കടം കൂടിയപ്പോൾ upload ചെയ്തതാണ്. അതിന് FBI യുടെ protocol പോലെ ഓരോ ഘട്ടങ്ങളിലും വിവിധ സമ്മതങ്ങൾ വാങ്ങേണ്ടതായി എനിക്ക് തോന്നിയില്ല. കാരണം അത് എന്റെയും കൂടിയുള്ള product ആണ്.

എനിക്ക് ഈ വീഡിയോകൾ കാണാതെയെടുക്കേണ്ട കാര്യമെന്താണ്? എല്ലാവരുടെയും കൂട്ടത്തിൽ എത്രയോ രാത്രികളിലെയും പകലുകളിലെയും ശ്രമഫലമായി, എന്റെയും കൂടെ പരിശ്രമത്തിലുണ്ടായ product കളാണ് ആ വീഡിയോകൾ. 

വേറെയും കുറ്റങ്ങൾ ഉണ്ടായിരുന്നു. ഞാൻ എന്റെ എന്തോ ലാഭത്തിന് വേണ്ടിയാണ് എന്റെ ബ്ലോഗിലൂടെ പ്രസിദ്ധപ്പെടുത്തിയത്, സംഘടനയുടെ ചാനലിൽ പ്രസിദ്ധപ്പെടുത്തിയില്ല, Facebook ലും WhatsApp ലും ബ്ലോഗ് ലിങ്കുകൾ share ചെയ്യുന്ന സമയത്ത് കൊടുത്ത ഹ്രസ്വവിവരണത്തിൽ സഹകരിച്ച എല്ലാവരുടെയും പേരുകൾ ഉൾപ്പെടുത്തിയില്ല, ഏതോ ഒരു WhatsApp കൂട്ടായ്മയിൽ, ആർക്കോ ഉത്തരം കൊടുത്തപ്പോൾ, ആശയത്തിന്റെ one-liner തന്നത് പ്രസിഡന്റ് ആണ് എന്ന് പറഞ്ഞത്, പ്രസിഡന്റിന്റെ സംഭാവനയെ കുറക്കുന്നതായിപ്പോയി... എന്നൊക്കെയായിരുന്നു മറ്റ്‌ പ്രമുഖ കുറ്റങ്ങൾ. 

സത്യത്തിൽ, സഹകരിച്ച ഓരോരുത്തരുടെയും പേരുകൾ എന്റെ script ബ്ലോഗിന്റെ ഉള്ളിൽ  മുകളിലായിത്തന്നെ, ഓരോരുത്തരുടെയും സംഭാവനകൾ എന്തൊക്കെയാണെന്നതിനെ സംബന്ധിച്ച്, വിശദീകരിച്ച് കൊടുത്തിരുന്നു. പക്ഷേ വിനോദസമിതിക്കാരനും പ്രസിഡന്റിനും അത് പോരായിരുന്നു. Facebook ലും WhatsApp ലും ബ്ലോഗ് ലിങ്കുകൾ share ചെയ്യുന്ന സമയത്ത് കൊടുത്തിരിക്കുന്ന ഹ്രസ്വവിവരണത്തിൽ തന്നെ, എല്ലാവരുടെയും പങ്ക് പ്രതിപാദിക്കുന്ന വിശദീകരണമുണ്ടാകണമായിരുന്നു! അല്പന്മാരെക്കുറിച്ചുള്ള ചില പഴഞ്ചൊല്ലുകളാണ് മനസ്സിൽ കേറി വന്നത്.

ആർക്കോ കൊടുത്ത ഒരു മറുപടിയിൽ, one-liner എന്ന പ്രയോഗം നടത്തിയത് എങ്ങനെയാണ് തെറ്റാവുന്നത്?  one-liner എന്നത് ഒരു സാധാരണ പ്രയോഗമാണ്. അതിൽ എന്ത് അവഹേളനമാണ് ഇരിക്കുന്നത്? എനിക്ക് മനസ്സിലായില്ല. script മുഴുവൻ പ്രസിഡന്റിന്റേത് ആയിരുന്നു എന്നാണോ പറയേണ്ടിയിരുന്നത്?

ഉദാഹരണത്തിന്, ഏതൊരു സിനിമ എടുക്കുമ്പോഴും, ഒന്നിലധികം ആൾക്കാരുമായി script ചർച്ചകളും മറ്റും നടക്കും. പക്ഷേ, ആരൊക്കെ എന്ത് സംഭാവനകൾ ചെയ്താലും cinema poster ൽ ഒരേ ഒരാളുടെ പേര് മാത്രമേ script writer എന്ന ലേബലിൽ ഉണ്ടാവുകയുള്ളൂ. അതുപോലെ ഒരു സംഘടനക്ക് പ്രസിഡന്റിനെക്കൂടാതെ സിക്രട്ടറിയും സഹായസമിതിയുമുണ്ടാകുമെങ്കിലും സംഘടനയെ പ്രതിനിധീകരിക്കുന്നത് മിക്കവാറും പ്രസിഡന്റ് മാത്രമായിരിക്കും. അല്ലാതെ സംഘടനയെക്കുറിച്ച് പറയുന്ന സമയത്ത്, ഇരുപത്തഞ്ച് പേരുള്ള സമിതിയിലെ മുഴുവൻ ആളുകളുടെ പേരും എല്ലായിടത്തും പറയാനോ പ്രദർശിപ്പിക്കാനോ പറ്റുമോ? കപ്പിത്താൻ ഒറ്റക്കല്ല കപ്പലോട്ടിക്കുന്നതെന്ന് എല്ലാവർക്കുമറിയാം, എന്നാലും, second engineer ഉം മറ്റ് സഹായികളും ഉണ്ടെങ്കിലും കപ്പലിന്റെ നാവികൻ എന്ന ലേബലിൽ കപ്പിത്താൻ മാത്രമേ ഉണ്ടാവുകയുള്ളൂ. ഏറ്റവും ഒടുവിൽ ഈ വർഷം, ഞാനും മേല്പറഞ്ഞ സവിധായകനുമൊക്കെ സഹകരിച്ച ഒരു ഹ്രസ്വചലച്ചിത്രത്തിൽ, സംവിധായകന്റെ script ൽ എന്റേതായ രീതിയിലുള്ള സംഭാവനകൾ നൽകിയിട്ടും,script ൽ അതിന്റെ യഥാർത്ഥ ഉടമയുടെ പേര് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഞാൻ പോയി കലഹിക്കാനൊന്നും ശ്രമിച്ചിട്ടില്ല. കാരണം അതായിരുന്നു അതിന്റെ ശരി. അതുപോലെത്തന്നെ ആയിരുന്നു ഇവിടെയും. സ്ക്രിപ്റ്റിൽ എല്ലാവരുടെയും പേരുകളും പങ്കുകളും എടുത്ത് പറഞ്ഞ്, ഹ്രസ്വവിവരണത്തിൽ, ഓരോ മേഖലയിലെയും പ്രധാനപങ്കാളികളെക്കുറിച്ച് മാത്രം പറഞ്ഞു. എല്ലായിടത്തും വാരിവലിച്ച് നീട്ടാതെ, അങ്ങനെയൊക്കെയേ credit  കൊടുക്കാൻ പറ്റുകയുള്ളൂ. പക്ഷേ, അത് ഞാൻ ചെയ്ത മഹാപരാധമായിപ്പോയി!

പ്രസിഡന്റ് തന്ന ഇരുപത് വരി ആശയത്തിൽ നിന്ന്, മുപ്പത് പേജുള്ള script, എന്റേതായ രീതിയിൽ ഉണ്ടാക്കിയതിന് ശേഷം, ആശയം തന്നത് പ്രസിഡന്റാണെന്ന് പരാമർശിച്ചിട്ടും, script writer എന്ന ലേബലിൽ എന്റെ പേര് മാത്രം വച്ചത്, മോശമായിപ്പോയത്രേ! കല്യാണത്തിന് പെണ്ണ് കാണിച്ചു കൊടുത്തു എന്നത്‌ കൊണ്ട്, പിന്നീട് ദമ്പതികൾക്കുണ്ടായ കുഞ്ഞിന്റെ  പിതൃത്വം അവകാശപ്പെടുന്നത് ശരിയാണോ? ഞാനൊരു കൂലിയെഴുത്ത് തൊഴിലാളിയൊന്നുമല്ലല്ലോ. ആശയമുള്ളവർക്ക് തന്നെ എഴുതാമെങ്കിൽ എന്റെ ആവശ്യം ഉണ്ടായിരുന്നില്ലല്ലോ. ആവശ്യത്തിനൊത്തുള്ള ആശയവിപുലീകരണം എന്നെ സംബന്ധിച്ചടുത്തോളം പിടിപ്പത് പണിയുള്ള ഒരു ജോലി തന്നെയാണ്.

പിന്നെ, മേല്പറഞ്ഞ സംഘടനയുടെ ഒരു വീഡിയോ ലിങ്കും സംഘടനയുടെ ചാനലിൽ,  അതുവരെയുള്ള വർഷങ്ങളിൽ വന്നിരുന്നില്ല. എല്ലാ വീഡിയോകളും, ഒരു പ്രത്യേക ആളിന്റെ സ്വകാര്യ ചാനലിലായിരുന്നു അതുവരെയും upload ചെയ്തുകൊണ്ടിരുന്നത്. പ്രത്യേകിച്ച്, ഈയൊരു പ്രത്യേക സാഹചര്യത്തിൽ, അദ്ദേഹത്തിന് വീഡിയോകളുടെ ക്രമവും പരസ്പര ബന്ധങ്ങളും, അറിയുകയുമുണ്ടായിരുന്നില്ല. അത്തരം സാഹചര്യത്തിലാണ് ഞാൻ സ്വയം upload ചെയ്തതിന് ശേഷം, മറ്റുള്ളവരെ വിവരമറിയിച്ചത്. പ്രശ്നം എന്താണെന്ന് വച്ചാൽ, ഈ സംഭവം നടക്കുന്ന വർഷം, എല്ലാ പരിപാടികളുടെ ലിങ്കും സംഘടനയുടെ ചാനലിൽ മാത്രം upload ചെയ്‌താൽ മതിയെന്ന തീരുമാനം എടുത്തിരുന്നത് എന്റെ ശ്രദ്ധയിൽ പെട്ടിരുന്നില്ല. അതുകൊണ്ട് തന്നെ ആ ഒരൊറ്റ കാര്യത്തിന് മാത്രം ഞാൻ sorry പറഞ്ഞു. കാരണം, സാങ്കേതികമായി, സംഘടനാ നിയമം അറിയാതെ ഞാൻ ചെയ്തത് ഒരു തെറ്റായിരുന്നു. ഉടനെത്തന്നെ, എന്റെ account ൽ നിന്ന്, എല്ലാ വീഡിയോകളും ഞാൻ പിൻവലിച്ചു. പക്ഷേ, ഈ സമയങ്ങളിൽ പരസ്പരം സംസാരിക്കുന്നതിനു ഒരു മാന്യത ഉണ്ടാവേണ്ടതായിരുന്നില്ലേ? പരസ്പരം മനസ്സിലാക്കുകയായിരുന്നില്ലേ വേണ്ടത്? ആത്മാർത്ഥമായ കാര്യങ്ങൾ ചെയ്തിട്ടും പഴി പറയേണ്ട കാര്യം ഉണ്ടായിരുന്നോ? 

പറയേണ്ടതൊക്കെ പറഞ്ഞിട്ട്, പിന്നെ സോറി പറയുന്നതെന്തിനെന്നായിരുന്നു വേറൊരു ചോദ്യം. ചില സമയങ്ങളിൽ സോറി പറയുന്നത്, മാപ്പിരക്കലല്ല. പകരം, ചിലരുടെ വികാരവിക്ഷോഭങ്ങളെ കുറക്കാൻ അതിടയാക്കും എന്നുള്ളത് കൊണ്ടാണ് അങ്ങനെ സോറി പറയുന്നത്. 

എന്റെ ബ്ലോഗിലൂടെ പ്രസിദ്ധീകരിച്ചത്, എനിക്കൊരു സാമ്പത്തിക ലാഭവും തരില്ല. ബ്ലോഗിലൂടെ share ചെയ്തത് മൂലം, അത് തുറന്നു നോക്കിയവരുടെ ഹിറ്റുകൾ എന്റെ ബ്ലോഗിന് കിട്ടിയേക്കാമെന്നല്ലാതെ വേറൊരു ഗുണവും എനിക്കുണ്ടാകാൻ പോകുന്നില്ല.

സഹകരിച്ച ഓരോരുത്തരും പലവിധ നിർദ്ദേശങ്ങൾ തന്നിട്ടുണ്ട്. അത് സ്ക്രിപ്റ്റിൽ അടയാളപ്പെടുത്തിയിട്ടുമുണ്ട്. 'ഞങ്ങൾക്ക് credit വേണമെന്നല്ല  പറയുന്നെങ്കിലും അങ്ങനെയായിരുന്നു ചെയ്യേണ്ടിയിരുന്നതെന്ന്' അവർ  പറയുകയായിരുന്നു.

വിനോദസമിതിക്കാരന്റെ പരാമർശം പിന്നെയും നീണ്ടു. 'നിന്റെ സംഭാവനയെക്കാൾ സംവിധായകന്റെ സംഭാവനയായിരുന്നു കൂടുതൽ' - ഇതൊക്കെ പറയേണ്ട വല്ല കാര്യവുമുണ്ടോ? സംവിധായകന്റെ സംഭാവന, സംവിധായകൻ തീർച്ചയായും ചെയ്തിട്ടുണ്ട്. script writer എന്ന നിലക്ക് ഞാനും എന്റെ സംഭാവനകൾ ചെയ്തിട്ടുണ്ട്. സംവിധായകൻ script ൽ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്, പകരം സംവിധാനത്തിലും അതുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങളിലും ഞാനും സഹായിച്ചിട്ടുണ്ട്. തീർച്ചയായും എല്ലാവരുടെയും സഹകരണത്താൽ ഒരു കൂട്ടായ ശ്രമമാണ് ഒരു സംരംഭം. സഹകരിച്ച ആരെയും ഞാൻ വില കുറച്ച് കണ്ടിട്ടില്ല, പരാമർശിച്ചിട്ടുമില്ല. ഈ script ഞാനെഴുതിയതാണെന്ന് പറയുമ്പോഴും സംഘടനയുടെ മറ്റ് വിശാലമായ കാര്യങ്ങളിൽ പ്രസിഡണ്ടും സിക്രട്ടറിയും മറ്റുള്ളവരും നടത്തുന്ന അക്ഷീണപ്രവർത്തനങ്ങളെ ഞാൻ ഒരിക്കലും കുറച്ച് കണ്ടിട്ടില്ല. പക്ഷേ വിനോദസമിതിക്കാരന്റെയും പ്രസിഡന്റിന്റെയും ഭാഷയിൽ, combined effort എന്ന് ഞാൻ പറയുമ്പോഴും, script ൽ ഒഴിച്ച്, മറ്റുള്ള സ്ഥലങ്ങളിൽ എല്ലാവരുടെയും പേരുകൾ പരാമർശിക്കാഞ്ഞതിനാൽ, ഞാൻ പറയുന്ന combined effort ന് ഒട്ടും ആത്മാർഥതയില്ലത്രേ! എല്ലാ സഹായനിർദ്ദേശങ്ങളും തന്നവരുടെ പേരുകൾ script ൽ പരാമർശിച്ചിട്ടും ഞാൻ മറ്റുള്ളവരുടെ സംഭാവനകളെ ഇകഴ്ത്തിയത്രേ!

ഞാൻ പത്ത് ദിവസം ഉറക്കമൊഴിഞ്ഞിരുന്ന് എഴുതിയതാണെന്ന് പറഞ്ഞത്,  മറ്റുള്ളവരുടെ പ്രവർത്തനങ്ങളെ തീർത്തും തരം താഴ്ത്തുന്നതാണത്രേ! ഞാൻ ഉറക്കമൊഴിഞ്ഞു എന്ന് പറഞ്ഞതിന് മറ്റുള്ളവർ ഉറക്കമൊഴിഞ്ഞില്ല എന്ന്  അർത്ഥമുണ്ടോ? ഞാൻ script ന്റെ ഭാഗം മാത്രം പറഞ്ഞ് കരയുകയാണെന്നും, script എഴുത്ത് കൂടാതെ ഈ production ൽ മറ്റ് കാര്യങ്ങളുണ്ടെന്നും പറഞ്ഞ് എന്നെ പഠിപ്പിക്കാൻ ശ്രമിച്ചപ്പോൾ, script എഴുതിയതിന് ശേഷവും, മറ്റുള്ളവരുടെ കൂടെ അതിന്റെ പൂരണത്തിൽ ഞാനും പങ്കാളിയാണെന്ന കണക്ക് എനിക്കും പറയേണ്ടി വന്നു. കാരണം, ഞാനും കമ്മിറ്റിയിലെ ഒരു പങ്കാളിയാണ്.

ഈ കാര്യങ്ങൾ സഹിക്കാതായപ്പോൾ ഞാൻ കാര്യങ്ങൾ വിശദീകരിച്ച് സംഘടനയുടെ പ്രമുഖന്മാർക്ക് ഒരു ഈമെയിലയച്ചു. സിക്രട്ടറി വളരെ തമാശാ രൂപത്തിൽ  സംഭവമെടുത്തെങ്കിലും, അതിന് പ്രസിഡണ്ട് കുറിച്ച മറുപടികൾ പിന്നെയും ഭീതിദമായിരുന്നു. 

"after seeing the arrogance and insults in this email...... You have redefined the meaning of "combined effort" എന്നൊക്കെയായിരുന്നു പ്രസിഡണ്ടെന്ന രീതിയിലുള്ള ഒരു സംഘടനാ  തലവന്റെ പക്വമയമായ, എന്റെ മേലുള്ള പ്രശംസകൾ! 

പോയ വർഷം, ഇതേ സംഘടനക്ക് വേണ്ടി ഒരു script എഴുതി, ചില കാരണങ്ങളാൽ പ്രാവർത്തികമാകാഞ്ഞ് എന്റെ ബ്ലോഗിൽ അപ്പോഴും വിശ്രമിക്കുന്നത് എന്തു കൊണ്ടാണ്? എന്റെ ചോരകൊണ്ട് തന്നെ പിറന്നതാണെങ്കിലും, വേറൊരു സംഘടനക്ക് വേണ്ടി ആശയഗാനം എഴുതിക്കൊടുത്തത്, അവര് പരസ്യപ്പെടുത്തുന്നതിന് മുന്നേ, നീ പരസ്യപ്പെടുത്തിയിരുന്നോ? സത്യത്തിൽ ഇവയൊക്കെ എന്തിനാണ് എന്നോട് പറയുന്നതെന്നോ ഇവയും മേൽ പറഞ്ഞ പ്രശ്നവും തമ്മിലുള്ള  ബന്ധമെന്താണെന്നോ, ഒന്നും എനിക്ക് മനസ്സിലായില്ല . അവരൊക്കെ, എനിക്ക് വേണ്ടി എന്തോ ത്യാഗം ചെയ്തത് പോലെ!

ഞാൻ പലതവണ ഇതുപോലെ പലർക്കും വേണ്ടി scripts എഴുതിയിട്ടുണ്ട്. ഇവിടെയുള്ള മൂന്നോളം സംഘടനകളുടെ വർഷാവർഷം നടക്കുന്ന ചുരുങ്ങിയത് മൂന്നുവീതം പരിപാടികളിൽ, പലതിലും 2013 മുതൽ എന്റെ  ചെറിയ ചെറിയ സംഭാവനകൾ ഉണ്ടായിട്ടുണ്ട്. അത് എന്റെ ഭാഗ്യമായി കരുതുന്നതോടൊപ്പം (ഈ എഴുത്തിന്റെ പേരിൽ ആ ഭാഗ്യം പൊയ്പ്പോയെങ്കിലേ ഉള്ളൂ), അതിൽ ഞാൻ അഭിമാനം കൊള്ളുകയും ചെയ്യുന്നുണ്ട്. അത്തരം പ്രവർത്തനങ്ങളിലൊക്കെ കുറേ പേരുടെ കൂടെ സഹായങ്ങളുണ്ടായിട്ടുണ്ട്. ചിലർ ആശയങ്ങൾ തന്നിട്ടുണ്ട്. അന്നും ഞാൻ script ൽ എന്റെ പേര് വച്ചിട്ടുണ്ട്. സഹായിച്ചവരെ, നിർദ്ദേശങ്ങൾ തന്നവരെ വേണ്ടത് പോലെ സ്മരിച്ചിട്ടുണ്ട്. പക്ഷേ, വളരെ ആത്മാർത്ഥമായി വേണ്ടത് പോലെയൊക്കെ ചെയ്തിട്ടും ഇതുപോലൊരു അവസ്ഥ ആദ്യമായിട്ടായിരുന്നു ഉണ്ടാവുന്നത്. 

സത്യത്തിൽ എന്തിനാണ്, എല്ലാവർക്കും credit കൊടുത്തില്ല, ഞാൻ 'ആരും കാണാതെ കട്ടെടുത്ത്' വീഡിയോകൾ പബ്ലിഷ് ചെയ്തു,നീ ചെയ്ത സംഭാവനയെക്കാളും വേറെയാൾക്കാരാണ് സംഭാവന ചെയ്തത്... മറ്റുള്ളവരുടെ പേരുകൾ എല്ലായിടത്തും വെക്കാത്തത് നിന്റെ arrogance കൊണ്ടാണെന്നും അത് മറ്റുള്ളവരോടുള്ള insult ആണെന്നുമൊക്കെപ്പറഞ്ഞ്, ഈ പ്രശ്നങ്ങൾ ഉണ്ടായതെന്ന് എനിക്കിപ്പോഴും മനസ്സിലായിട്ടില്ല. ഒരു സംഘടനക്ക് വേണ്ടി, സാഹിത്യകാലാവാസനയുള്ളവർ, ഒരു തരത്തിലും ലാഭമില്ലാതിരുന്നിട്ടും, ഇല്ലാത്ത സമയം ഉണ്ടാക്കി, സമൂഹത്തിന് വേണ്ടി  ഒരുമിച്ചിരുന്ന് ഉണ്ടാക്കിയ ഒരു നല്ല കാര്യത്തിനെ, നല്ലരീതിയിൽ promote ചെയ്തത്, അവനവന്റെ സംഘടനാ തലത്തിലെ അധികാരത്തിന്റെ ഗർവ്വിന്റെ ബലത്തിൽ, അനാവശ്യരീതിയിൽ സംസാരിച്ച് നശിപ്പിച്ച് കളഞ്ഞത് എന്തിനാണ്? അഥവാ ഞാൻ ചെയ്തതിൽ എന്തെങ്കിലും അപാകതകളുണ്ടെങ്കിൽ, അത് മാന്യമായ രീതിയിൽ സംസാരിച്ച് അവതരിപ്പിക്കുകയായിരുന്നില്ലേ വേണ്ടത്? എന്നെ വിശ്വാസമില്ലാതെയായിരുന്നോ എഴുത്തിന്റെ ജോലിയേല്പിച്ചത്? അനാവശ്യവാക്കുകളുപയോഗിച്ച്, പ്രകോപനമായിരുന്നില്ല, പകരം പക്വതയായിരുന്നില്ലേ കാണിക്കേണ്ടിയിരുന്നത്? പ്രത്യേകിച്ച്, എല്ലാവരെയും സഹകരിപ്പിച്ച് കൊണ്ടുനടക്കേണ്ട സംഘടനാ ചുമതലയുള്ളവർ! നമ്മുടെ സംഘടനകളൊക്കെ ബന്ധങ്ങളുടെ പേരിൽ നടക്കുന്നതല്ലേ? അല്ലാതെ FBI പോലെ പരസ്പരം സംശയിച്ച്  നടത്തേണ്ട ഒന്നല്ലല്ലോ.

എല്ലാവർക്കും അഭിപ്രായങ്ങൾ കാണും. അവരവരുടെ അഭിപ്രായങ്ങൾ തീർച്ചയായും അവതരിപ്പിക്കാം. എന്തെങ്കിലും പറയാനോ, ഞാൻ ചെയ്ത എന്തെങ്കിലും ജോലിയിൽ പരാതിയോ പരിഭവമോ ഉണ്ടെങ്കിൽ, പ്രത്യേകിച്ച് സുഹൃത്തുക്കളെന്ന നിലയിൽ വളരെയടുപ്പപ്പമുള്ള ഒരാളായ എന്നോട്, ഞാനെന്തോ കട്ടെടുത്തു എന്ന രീതിയിൽ, ഒരു ഉളുപ്പുമില്ലാതെ സംസാരിക്കുമ്പോൾ, ചിലപ്പോൾ മണ്ണിരയും പാമ്പായെന്ന് വരും. മറ്റുള്ളവർ ഒന്നും ചെയ്തിട്ടില്ലെന്ന് ഞാൻ പറഞ്ഞിട്ടില്ല. ആരെയും ഇകഴ്ത്തിയിട്ടുമില്ല. ഞാൻ എന്റെ വശം പറഞ്ഞതിന്, 'don't talk like an established writer...' എന്ന് പറഞ്ഞോ അഹങ്കാരിയാണെന്ന് പറഞ്ഞോ, മറ്റുള്ളവരെ കളിയാക്കി എന്നു പറഞ്ഞോ അപമാനിക്കുകയല്ലായിരുന്നു വേണ്ടത്. 

എഴുത്തിന്റെ മേഖലയിൽ ഞാനൊന്നുമായിട്ടില്ലെന്ന് എനിക്ക് ഉത്തമബോധ്യമുണ്ട്. പക്ഷേ, എഴുത്തും വായനയും ഇഷ്ടമാണ്, അതുകൊണ്ട് മാത്രമാണ് ഇത്തരം കാര്യങ്ങൾ ഏറ്റെടുക്കുന്നത്. ഈ വക കാര്യങ്ങൾ, വേറെ ആര് ചെയ്താലും എനിക്ക് സന്തോഷക്കുറവുണ്ടാവാൻ പോകുന്നില്ല. ഇങ്ങനെയുള്ള ജോലികൾ, ഞാൻ ചോദിച്ച് വാങ്ങാറുമില്ല. ഒരൊറ്റ അപേക്ഷയേ ഉള്ളൂ, നിർലോഭ-നിഷ്കളങ്ക പ്രവർത്തനങ്ങളെ അധിക്ഷേപിക്കരുത്, ആക്ഷേപിക്കരുത്.

എന്തായാലും വിനോദസമിതിക്കാരനും പ്രസിഡന്റും ഉപയോഗിച്ച അനാവശ്യ വാക്കുകളാലും പ്രയോഗങ്ങളാലും, അഹങ്കാരിയായി; സ്വന്തം സ്ക്രിപ്റ്റും, അതിൻഫലമുണ്ടായ വീഡിയോകളും കട്ടെടുത്ത് സ്വന്തം ബ്ലോഗിലിട്ട് വിറ്റ് കാശാക്കിയ ഞാൻ കള്ളനായി; സ്വന്തം ഭാഗം വിശദീകരിച്ച്, മറ്റുള്ളവരെ ഇകഴ്ത്തിക്കളിയാക്കി ധിക്കാരിയായി. നല്ല നല്ല തിലകങ്ങൾ!!

സംഘടനയുടെ ചാനലിൽ വീഡിയോകൾ upload ചെയ്യാതെ, എന്റെ ബ്ലോഗിലൂടെ upload ചെയ്തതിൽ ഞാൻ ഖേദം പ്രകടിപ്പിച്ചെങ്കിലും, സംഘടനയുടെ പിന്നീടുള്ള വീഡിയോകൾ വീണ്ടും  നേരത്തേപ്പോലെ സ്വകാര്യ account കളിൽ upload ചെയ്യപ്പെടുന്നത് കാണാൻ ഭാഗ്യമുണ്ടായത് എന്റെ വളരെച്ചെറിയ സ്വകാര്യഭാഗ്യം!!

വാൽക്കഷ്ണം: ഇങ്ങനെയൊക്കെ ചിലപ്പോൾ നാട്ടുകാർ ചീത്ത വിളിക്കുന്നത് കൊണ്ട്, ഇങ്ങനെയൊക്കെ എഴുതാൻ പറ്റി! ഇങ്ങനെ എഴുതിയത് കൊണ്ട്, എനിക്ക് നല്ല ഇരുട്ടടിയുടെ ആവശ്യമുണ്ടെന്ന്, ചില കള്ളുകുടി സംഘങ്ങളിൽ പല ചർച്ചകളും നടന്നേക്കാം. പക്ഷേ, എഴുതാപ്പുറം വായിച്ച്, ചീത്തവിളിക്കുന്നതിനേക്കാളും ഭേദമല്ലേ, ചീത്തവിളിയെക്കുറിച്ച് എഴുതുന്നത്!

***

Part 3: കാമസ്യ പുലഭ്യം 'കുമൈപൂ'

(Disclaimer: ഇതിൽ പ്രതിപാദിച്ചിട്ടുള്ള സംഭവങ്ങൾക്കും പ്രതിപാദിക്കപ്പെട്ടിട്ടുള്ള വ്യക്തികൾക്കും ഏതെങ്കിലും യഥാർത്ഥ വ്യക്തികളുമായോ സംഭവങ്ങളുമായോ സംഘടനകളുമായോ ആർക്കെങ്കിലും എന്തെങ്കിലും സാമ്യം തോന്നുന്നുണ്ടെങ്കിൽ, അത് തികച്ചും യാദൃശ്ചികം മാത്രമാണ്.)

2020, നവംബർ 23, തിങ്കളാഴ്‌ച

കുരങ്ങൻ പത്രാധിപനായാൽ (തെറി കേൾക്കും വഴികൾ - 1)

അധികമാരാലും വായിക്കപ്പെടാത്തൊരു എഴുത്തുകാരനാണെങ്കിലും, വളരെക്കുറച്ച് മാത്രം എഴുതിയ, കാര്യമായൊന്നും എഴുതാത്ത, നേരമ്പോക്കിന് മാത്രം വല്ലതും എഴുതുന്ന, ചില്ലറയെഴുത്തും ചില്ലറ വായനകളും ഇഷ്ടപ്പെടുന്നു എന്ന് സ്വയം വിശ്വസിക്കുന്ന ആളെന്ന നിലക്ക്, കഴിഞ്ഞ ചുരുങ്ങിയ കാലത്തെ എഴുത്തിന്റെ വഴിയിൽ, എനിക്ക് ബഹുമുഖ വേഷങ്ങൾ കെട്ടേണ്ടി വന്നിട്ടുണ്ട്. ഞാൻ താമസിക്കുന്ന വാഷിംഗ്ടൺ ഡിസി പ്രദേശത്തുള്ള വിവിധ മലയാളി സംഘടനകളുടെ, വിവിധകാലങ്ങളിലെ എഡിറ്ററായും, മലയാളിസംഘടനകളുടെ വിവിധ വർഷങ്ങളിലെ കലാപരിപാടികൾക്കുള്ള 'തീം' ഒരുക്കിയും, ഒരു സംഘടനക്ക് വേണ്ടി ആശയഗാനം എഴുതിയും, ചില പരിപാടികൾക്ക് script എഴുതിയും, ചില പരിപാടികളുടെ അവതാരകനായും, എത്രയോ പരിപാടികൾക്ക് ആമുഖങ്ങളും ഹ്രസ്വഖണ്ഡങ്ങളെഴുതിയുമൊക്കെയുള്ള വേഷങ്ങൾ. ഈ വേഷങ്ങളൊക്കെ അതാത് കാലങ്ങളിൽ എന്റെ മേലെ യഥാസമയം വന്നു ചേരുകയായിരുന്നു. 

അത്തരം വേഷങ്ങൾ എടുത്തണിയാൻ, ഒരുപാട് പേർ അണിയറയിലും അരങ്ങിലും സഹായിച്ചിരുന്നെങ്കിലും, ആ വേഷങ്ങൾ ആടുന്നതിനിടയിൽ, വ്യക്തിപരമായി ചീത്തപ്പേര് കേൾക്കേണ്ടിവന്ന മൂന്ന് നാല് അനുഭവങ്ങളാണ് ഈ എഴുത്തിലെ പ്രതിപാദ്യം. ഏറ്റവും കടുപ്പം കുറഞ്ഞ അനുഭവത്തിൽ നിന്ന് കടുപ്പമേറിയ അനുഭവങ്ങളിലേക്ക് നമുക്കൊരു യാത്ര ചെയ്യാം. മൂന്ന് ഭാഗങ്ങളായുള്ള 'തെറി കേൾക്കും വഴികളി'ലെ ആദ്യാനുഭവം ചുവടെ.

2014 ൽ ഒരു മലയാളി സംഘടനയുടെ സുവനീർ (souvenir) എഡിറ്ററായിരിക്കുമ്പോഴായിരുന്നു ആദ്യത്തെ ദുരനുഭവം. സുവനീറിലേക്ക് വന്ന രണ്ട് articles ആയിരുന്നു അതിന്റെ മൂല കാരണങ്ങൾ. ഒന്ന് ഒരു കൗമാരക്കാരിയുടെ കവിതയും മറ്റൊന്ന് എന്നേക്കാൾ ഓണം കൂടുതലുണ്ടിട്ടുള്ള ഒരാളുടെ ലേഖനവും. ഇവ രണ്ടും പ്രസിദ്ധീകരിക്കാൻ വിസമ്മതിച്ചതാണ് പേര് ദോഷം വരാൻ ഇടയായത്. 

കൗമാരക്കാരിയുടെ കവിതയുടെ പ്രമേയം കൃഷ്ണഭക്തിയായിരുന്നെന്നാണ് എന്റെയോർമ്മ. കൃഷ്ണനാണ് ലോകത്തിന്റെ ദൈവമെന്നും, കൃഷ്ണനല്ലാതെ മറ്റാർക്കും നമ്മെ സഹായിക്കാനാകില്ലെന്നൊക്കെ പറയുന്നത് പോലുള്ള വരികൾ. ഒരു കുട്ടിയാണ് എഴുതിയതെന്നുള്ള ഉത്തമബോദ്ധ്യം എനിക്കുണ്ടെങ്കിലും, ആ കുട്ടിയുടെ നിഷ്കളങ്കതയെ ചോദ്യം ചെയ്യരുതെന്നുണ്ടെങ്കിലും, സർവ്വമതമാനവരുള്ള ഒരു സംഘടനയുടെ സുവനീറിൽ ഇത്തരത്തിൽ ഒരു പ്രത്യേക വിഭാഗത്തിന്റെ ദൈവത്തിനെക്കുറിച്ചുള്ള കവിത പ്രസിദ്ധീകരിക്കുന്നതിന് എന്റെ മനസ്സ് എതിരായിരുന്നു. എനിക്ക് ആധുനിക മതതാളങ്ങളിലൊന്നും വിശ്വാസമില്ലെങ്കിലും, ആരുടേയും മതവിശ്വാസസ്വാതന്ത്ര്യത്തിനെ ഹനിക്കാനൊന്നും ഉദ്ദേശമുണ്ടായിരുന്നില്ല. അതുകൊണ്ട്, എന്റെ സ്വന്തം അഭിപ്രായത്തിനെ മാനിച്ചും സംഘടനയുടെ പ്രസിദ്ധീകരണത്തിൽ, മതവിമർശനങ്ങളോ മതപ്രഘോഷണങ്ങളോ പാടില്ലെന്നുള്ളതിനാലും, ആ കവിത പ്രസിദ്ധീകരിക്കേണ്ടെന്ന് ഞാൻ നിലപാടെടുത്തു. 

കവിത നിരസിച്ചത് കൗമാരക്കാരിയുടെ മാതാപിതാക്കളെ, പ്രത്യേകിച്ച് മാതാവിനെ ചൊടിപ്പിച്ചെങ്കിലും എന്നോട് നേരിട്ടൊന്നും പറയുകയോ പ്രകടിപ്പിക്കുകയോ ചെയ്തില്ല. പക്ഷേ അതിന്റെ പേരിൽ, കുട്ടിയുടെ മാതാവ് എന്നെച്ചൊല്ലി, സംഘടനയുടെ അന്നത്തെ പ്രസിഡന്റിനോട് കയർക്കുകയുണ്ടായി. പ്രസിഡന്റ്, അദ്ദേഹത്തിന്റെ സംഘാടനമികവിൽ എങ്ങനെയോ ആ സംഭവം ഒതുക്കിത്തീർത്തത് കൊണ്ട്, നേരിട്ട് പഴി കേൾക്കാതെ ഞാൻ രക്ഷപ്പെട്ടു.

ലേഖനം നിരസിച്ചത്, സങ്കടത്തെക്കാളേറെ ഉള്ളിലൊരു ചിരിയായിരുന്നു എനിക്ക് സമ്മാനിച്ചത്. ഒരു സുഹൃത്ത് അകാലത്തിൽ അന്തരിച്ചപ്പോൾ മരിച്ചയാളെക്കുറിച്ചുള്ള ഓർമ്മകളും സങ്കടങ്ങളുമൊക്കെ പങ്കുവച്ചുള്ളതായിരുന്നു ആ മഹത്തായ ലേഖനം. എഡിറ്റർ എന്ന നിലയിൽ ഓരോ പ്രസിദ്ധീകരണക്കുറിപ്പിന്റെയും എല്ലാ വരികളും, വരികൾക്കിടയിലൂടെയും വായിക്കേണ്ട ബാദ്ധ്യത എനിക്കുണ്ട്. അങ്ങനെ വായിച്ചപ്പോഴാണ് ഒരു ഖണ്ഡിക ശ്രദ്ധയിൽ പെട്ടത്. 

ലേഖനകർത്താവിന്റെ അടുത്ത സുഹൃത്തിനെക്കുറിച്ചാണ് പരാമർശമെങ്കിലും, സ്നേഹം കൂടുതലായിട്ടാണോ എന്നറിയില്ല, മരിച്ചയാളുടെ വ്യക്തിജീവിതത്തിലെ ചില ഏടുകൾ എഴുത്തുകാരൻ എഴുതിയത് എന്റെ കണ്ണിലുടക്കി. മരിച്ചയാൾ, അദ്ദേഹത്തിന്റെ കുടുംബത്തിനും, സുഹൃത്തുക്കൾക്കും സമൂഹത്തിനും സമൂഹത്തെ പ്രതിനിധാനം ചെയ്യുന്ന സംഘടനക്കും മറ്റും വേണ്ടി ചെയ്ത സംഭാവനകളെ ഘോരഘോരം പ്രശംസിച്ചുകൊണ്ടാണ് തുടങ്ങിയതെങ്കിലും, പിന്നീടങ്ങോട്ട് മരിച്ചയാളിന്റെ ചില കുത്തഴിഞ്ഞ ജീവിതത്തെക്കുറിച്ചായി പരാമർശം. മരിച്ചയാൾ അമിത മദ്യപാനിയായിരുന്നെന്നും, രാവിലെമുതൽ മദ്യം കിട്ടിയില്ലെങ്കിൽ നേരെ നിൽക്കാൻ പറ്റാത്ത ആളായിരുന്നെന്നും, പല ഘട്ടങ്ങളിലും മയക്കുമരുന്നിന്റെ വശ്യത തേടിയിട്ടുണ്ടെന്നും മറ്റുമായിരുന്നു പിന്നീടങ്ങോട്ടുള്ള എഴുത്ത്. 

ആ വ്യക്തിഗത പരാമർശങ്ങൾ ഒഴിവാക്കണമെന്ന് ഞാൻ എഴുത്താളിനോട് ആവശ്യപ്പെട്ടെങ്കിലും, അദ്ദേഹം ആ ആവശ്യം നിരസിച്ചതിനാൽ, അദ്ദേഹത്തിന്റെ ലേഖനം തന്നെ ഞാൻ പ്രസിദ്ധീകരിക്കുന്നതിന് വിസമ്മതിച്ചു. കാരണം, ലേഖനത്തിലെഴുതിയത് മുഴുവൻ സത്യമാണെങ്കിലും അല്ലെങ്കിലും, ആ ലേഖനം പ്രസിദ്ധീകരിച്ചതിന് ശേഷം, മരിച്ചയാളുടെ ഭാര്യയോ മറ്റ് കുടുംബാംങ്ങങ്ങളോ മറ്റോ അപഖ്യാതിക്ക് കേസ് കൊടുത്താൽ, എഴുതിയ ആളിന്റെ കൂടെ എഡിറ്ററായ ഞാനും കോടതി കയറേണ്ടി വരും. 'എന്റെ ഭർത്താവിനെക്കുറിച്ച്, അല്ലെങ്കിൽ എന്റെ അച്ഛനെക്കുറിച്ച് അല്ലെങ്കിൽ എന്റെ സുഹൃത്തിനെക്കുറിച്ച് നിങ്ങളെന്തിന് അപകീർത്തികരമായി ഇല്ലാക്കഥകൾ പ്രസിദ്ധീകരിച്ചു' എന്ന് ആരെങ്കിലും എന്നോടോ സംഘടനയോടോ ചോദിച്ചാൽ, എനിക്കോ സംഘടനക്കോ ഉത്തരമുണ്ടായിരുന്നില്ല. എന്തായിരുന്നാലും, എന്റെ നിരാസം, ലേഖനമെഴുതിയ ആളെ വല്ലാതങ്ങ് പ്രകോപിപ്പിച്ചു. 

ദേഷ്യം വന്ന ലേഖനകർത്താവ്, അദ്ദേഹം സംഘടനക്ക് വേണ്ടി തന്ന സംഭാവന തിരിച്ചു വാങ്ങി പ്രതിഷേധത്തിന് തുടക്കം കുറിച്ചു. പ്രസിഡന്റിനോടും മറ്റും പരാതികൾ പറഞ്ഞു. പിന്നെ കാച്ചിക്കുറുക്കി ഒരു ഇമെയിലും അയച്ചു. ആ ഇമെയിലിലെ ഒരു വാക്യം ഇപ്രകാരമായിരുന്നു: "This is what happens when monkeys sit on a wrong position...". ഈ ഇമെയിലും വായിച്ച്, സ്വയം കുരങ്ങനായി മനസ്സിൽക്കണ്ട്, കുറേ നേരംഊറിച്ചിരിച്ചാണ് ഞാനെന്റെ സങ്കടം തീർത്തത്!

മേൽപ്പറഞ്ഞ രണ്ട് കാര്യങ്ങളിലും സംഘടനാഭാരവാഹികൾ എനിക്ക് താങ്ങായി നിന്നത് എന്റെ ചിരിക്ക് വർണ്ണങ്ങളേകിയെന്നത് പരമാർത്ഥമായിരുന്നു.

അപ്പോ മനസ്സിലായല്ലോ... കുരങ്ങന്മാർ എഡിറ്റർമാരായാൽ ഇങ്ങനെയിരിക്കും...  കണ്ണും പൂട്ടി കൃതികൾ നിരസിച്ച് കളയും !!

***
അടുത്ത ഭാഗങ്ങൾ:

പാവനാത്മ കോളജ് വെബിനാർ ഭാഷണം


(2020 ഒക്ടോബർ 12 തിങ്കളാഴ്ച്, പാവനാത്മാ കോളേജിലെ വിദ്യാർത്ഥികളോട് "Taking educational goals down - to- earth : an individual perspective" എന്ന വിഷയത്തിൽ Webinar ൽ നടത്തിയ ഭാഷണം

എല്ലാർക്കും നമസ്കാരം.... നിങ്ങൾക്ക് എന്നെ കേൾക്കാൻ പറ്റുന്നുണ്ടല്ലോ അല്ലെ... 

എന്നെ ഈ ഒരു വെബ്ബിനാറിന് ക്ഷണിച്ച മുരിക്കാശ്ശേരിയിലെ പാവനാത്മാ കോളജിലെ കോമേഴ്‌സ് ഡിപ്പാർട്ട്മെന്റിനും ഡിപ്പാർട്ടമെന്റ് ഹെഡ് ഡോക്ടർ സിന്ധുവിനും കോളജ് പ്രിൻസിപ്പൽ ഡോക്ടർ ജോൺസണും ഷാജി തോമാസ് തുടങ്ങിയ കോർഡിനേറ്റർമാർക്കും പിന്നെ പ്രിയപ്പെട്ട വിദ്യാർത്ഥികൾക്കും  എന്റെ ഹൃദയം നിറഞ്ഞ നന്ദി ഇവിടെ രേഖപ്പെടുത്തട്ടെ...  

നീങ്ങൾക്കിപ്പോ തിങ്കളാഴ്ച നേരം പുലർന്ന് രാവിലെ പത്ത് മണിയായിട്ടുണ്ടാവുമല്ലോ, പക്ഷേ എനിക്കിവിടെ ജസ്റ്റ് തിങ്കളാഴ്‌ച ആയിട്ടേ ഉള്ളൂ..  എന്ന് വച്ചാൽ ശനിയാഴ്ച രാത്രി പന്ത്രണ്ടര മണിയാണ് എനിക്കിപ്പോ ഇവിടെ.... :) 

ഞാനൊരു നല്ല പ്രാസംഗികനോ ഒറേറ്ററോ ഒന്നുമല്ല.. എന്നാലും എന്റേതായ രീതിയിൽ ചെറിയൊരു പരിശ്രമം ഇവിടെ നടത്താം...

Taking Educational Goals down to earth - Individual perspective അഥവാ മലയാളത്തിൽ വിവർത്തനം ചെയ്‌താൽ... സ്വന്തം അനുഭവത്തിലൂടെ വിദ്യാഭ്യാസത്തെ എങ്ങനെ പ്രായോഗികമാക്കാം.... അല്ലെങ്കിൽ... അവനവന്റെ സ്വന്തം കഴിവുകൾ തിരിച്ചറിഞ്ഞ് കൊണ്ട് ഭാവിയിലേക്ക് എങ്ങനെ മുന്നേറാം.... എന്നതാണല്ലോ ഇന്നത്തെ സംസാര വിഷയം... അതിലേക്ക് എന്റെ ചില ജീവിതാനുഭവങ്ങളിലൂടെ ചില അനുഭവങ്ങളും കഥകളും പറഞ്ഞ്... നിങ്ങളറിയാതെ തന്നെ വിഷയത്തിന്റെ അന്തഃസത്ത നിങ്ങളിലെത്തിക്കാൻ പറ്റുമോ എന്നാണ് ഞാൻ പരീക്ഷിക്കാൻ ശ്രമിക്കുന്നത്... വിദ്യാഭ്യാസം എന്ന് പറയുന്നത്, നമ്മുടെ ജീവിതം എന്ന അഭ്യാസത്തിന് വളം നൽകുന്ന രീതിയിലായില്ലെങ്കിൽ ആ വിദ്യാഭ്യാസത്തിന് അർത്ഥം ഉണ്ടാവില്ലല്ലോ ..

നെറ്റ്വർക്ക് പ്രശ്നങ്ങളൊന്നുമില്ലാതെ, നിങ്ങൾക്ക് ശ്രദ്ധിച്ച് കേൾക്കാൻ പറ്റുമെന്ന് തന്നെയാണ് ഞാൻ കരുതുന്നത്... ഇന്ന് നിങ്ങളോട് share ചെയ്യാൻ ഏതെങ്കിലും ഗ്രാഫോ.. ചിത്രമോ കാർട്ടൂണോ ഒന്നും എന്റെയടുത്തില്ല...  ഇന്ന് share ചെയ്യാൻ എനിക്കെന്റെ പച്ചയായ ജീവിതകഥ മാത്രമേ ഉള്ളൂ... അതുകൊണ്ട് എന്റെ മുഖം കണ്ട് കണ്ട് ബോറടിക്കാതിരിക്കാൻ, ശ്രദ്ധിച്ച് കേട്ടാൽ മാത്രം മതി... എന്റേത് ഒരു കണ്ണൂർ സ്റ്റൈൽ ഭാഷണമായത് കൊണ്ട് ശരിക്കും ശ്രദ്ധിച്ചോളൂ ട്ടോ  :)

ജീവിതത്തിൽ വളരെ വലുതായി recognized ആയിട്ടൊന്നുമില്ലെങ്കിലും എന്റെ ചെറിയ ജീവിതകഥ പറയാൻ കാരണം... എന്റെ ചെറുപ്പത്തിൽ ഞാനൊഴിച്ച്, എന്റെ വീട്ടുകാരോ നാട്ടുകാരോ, നാട്ടിലെ സുഹൃത്തുക്കൾ പോലുമോ ഒരിക്കലും ഞാനിങ്ങനെ ഇന്നത്തെ രീതിയിൽ ആയിത്തീരുമെന്ന് കരുതിയിരുന്നില്ല... അതുകൊണ്ട്... ഇന്നത്തെ രീതിയിൽ എത്തിപ്പെടാനുള്ള എന്റെ ഒരു ശ്രമം കുറച്ച് പേരെയെങ്കിലും motivate ചെയ്തേക്കാം എന്നൊരു ധാരണയിലാണ് ഇങ്ങനെയൊരു ശ്രമത്തിന് മുതിരുന്നത്...

നിങ്ങളുടെ അദ്ധ്യാപിക ഡോക്ടർ സിന്ധുവും ഞാനും മുപ്പത്തിമൂന്ന് വർഷങ്ങൾക്ക് മുന്നേ സഹപാഠികളായിരുന്നു.... വളരെ സാധാരണ നിലയിൽ നിന്ന്, ആരുടേയും പ്രത്യേക ഉപദേശങ്ങളൊന്നുമില്ലാതെ... എല്ലാവരും സയൻസിന്റെയും കണക്കിന്റെയും എഞ്ചിനീയറിങ്ങിന്റെയും മറ്റും പിന്നാലെ മത്സരിച്ചോടി നടക്കുന്ന സമയത്ത്, ഇഷ്ടവിഷയത്തിൽ ഊന്നി നിന്ന് പഠിച്ച്, സ്വന്തം കഴിവ് ഏത് മേഖലയിലാണെന്ന് സ്വയം മനസ്സിലാക്കി, ആ വിഷയത്തിൽ ഡോക്ടറേറ്റും നേടി അതേ വിഷയത്തിൽ നിങ്ങളുടെ കോളജിലെ ഡിപ്പാർട്ട്മെന്റ് ഹെഡ് ആയിരിക്കുന്ന സിന്ധു തന്നെ ഇന്നത്തെ  വിഷയത്തിന്റെ വളരെ വലിയ ഒരു ഉദാഹരണമാണ്... 

സിന്ധുവിനെ പോലെതന്നെ വളരെ സാധാരണ നിലയിൽ നിന്നാണ് ഞാനും വരുന്നത്...

ഞാനൊരു അദ്ധ്യാപകന്റെ മകനാണ്, എങ്കിലും പഠിക്കുന്ന കാലത്ത്, ഭക്ഷണത്തിന്റെ കാര്യത്തിലൊഴിച്ച്, ബാക്കിയെല്ലാ കാര്യത്തിലും ചുറ്റുവട്ടത്തുള്ള എല്ലാ വീടുകളെക്കാളും പരിതാപകരമായിരുന്നു എന്റെ കുട്ടിക്കാലം. അച്ഛന്റെ വീട്ടിലെ ചില പ്രാരാബ്ധങ്ങളും, അതിന്റെ കൂട്ടത്തിൽ എനിക്കുണ്ടായ വളരെ നീണ്ട രോഗാവസ്ഥയും, കൂട്ടത്തിൽ അച്ഛന്റെ വളരെ കർശനമായ ചിട്ടവട്ടങ്ങളും, ഞങ്ങളുടെ ചെറുപ്പത്തിലെ അവസ്ഥ ശരിക്കും കഷ്ടപ്പാടിലാക്കിയിരുന്നു...

അത്തരമൊരു അവസ്ഥയെപ്പറ്റി നിങ്ങൾക്കൊക്കെ ഈ മൊബൈൽ കാലത്ത് ആലോചിക്കാൻ പോലും പറ്റുമോന്ന് എനിക്ക് സംശയമുണ്ട്. 

ഓലമേഞ്ഞ്, ചിതലരിച്ച് പൊട്ടിപ്പൊളിഞ്ഞ മച്ചൊക്കെയുള്ള, ചാണകം തേച്ച തറയുള്ള, ചുറ്റും കുറ്റിക്കാടുകൾ നിറഞ്ഞ, ഏകദേശം മുന്നൂറോളം വർഷങ്ങൾ പഴക്കമുള്ള ഒരു പഴയ വീട്ടിലായിരുന്നു ഞങ്ങളുടെ താമസം. മൂന്ന് നാല് മാളങ്ങൾ പോലുള്ള ജനാലകൾ മാത്രമായിരുന്നു വീട്ടിനുണ്ടായിരുന്നത്.  അതുകൊണ്ട് തന്നെ, വീടിന്റെ ഉള്ളിൽ നട്ടുച്ചക്കും കൂരിരുട്ടായിരിക്കും... രാത്രിയിൽ കിടന്നുറങ്ങിയ പായ, പകുതിയും, രാവിലെ എഴുന്നേൽക്കുമ്പോഴേക്കും ചിതല് തിന്നിരിക്കും... ചിതലരിച്ച പത്തായത്തിന്റെ അടിയിലുള്ള തവളകളെ പിടിക്കാൻ സ്ഥിരം വരുന്ന പാമ്പുകൾ... മാസത്തിലൊരിക്കലെങ്കിലും തേളിന്റെയോ പഴുതാരയുടെയോ കുകൊടികളും കുത്തുകളും നമുക്ക് കിട്ടുമായിരുന്നു ... 

കൂടാതെ ദിവസോം പശുക്കളെ മേക്കണം. പുല്ല് പറിക്കണം, ചാണകം വാരണം... പച്ചക്കറികൾക്ക് വെള്ളമൊഴിക്കണം... കരിപിടിച്ച മണ്ണെണ്ണവിളക്കിന്റെ കുപ്പികൾ എല്ലാദിവസവും തുടക്കണം... ഇങ്ങനെ പല പല ജോലികളായിരുന്നു എനിക്കൊക്കെ ദിവസോം ചെയ്യാനുണ്ടായിരുന്നത്...

മാത്രോ അല്ല.. അച്ഛനെ നമുക്ക് ഭയങ്കര പേടിയായിരുന്നു, അച്ഛൻ വീട്ടിന്റെ കിഴക്ക് ഭാഗത്ത് ഇരിക്കുമ്പോ, ഞാനും എന്റെ അനിയന്മാരും വീടിന്റെ വടക്ക് ഭാഗത്തിരിക്കും ഇരിക്കുക... അച്ഛന്റെ മുമ്പിലിരിക്കാൻ ശരിക്കും പേടിയായിരുന്നു.. കൂട്ടത്തിൽ അച്ഛനെന്തെങ്കിലും ചോദ്യങ്ങൾ ചോദിച്ച് അതിന് ശരിയുത്തരം പറഞ്ഞില്ലെങ്കിൽ പിന്നെ നമ്മുടെയൊക്കെ കാര്യം പറയാത്തതാണ് നല്ലത്....

വീട്ടിൽ ബേക്കറി സാധനങ്ങൾ കൊണ്ടുവരാറേ ഉണ്ടായിരുന്നില്ല... പത്താം ക്ലാസ്സ് വരെ ആകെ പത്തോളം സിനിമകൾ മാത്രമേ ഞാനൊക്കെ കണ്ടിട്ടുണ്ടായിരുന്നുള്ളൂ... ഞങ്ങൾക്കൊക്കെ രണ്ട് ജോഡി കുപ്പായങ്ങളാണ്  ഉണ്ടാവാറുള്ളത്... സ്‌കൂളിലേക്ക് നാലും അഞ്ചും കിലോമീറ്ററുകൾ നടന്ന് പോകണം അതും ചെരുപ്പില്ലാതെ...

അതേ സമയം, എന്റെ കസിൻസിനൊന്നും ഇങ്ങനെയുള്ള പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. അമ്മവീട്ടിലെ കസിൻസൊക്കെ തുടക്കം മുതലേ ഇംഗ്ലീഷ് മീഡിയത്തിലായിരുന്നു... എന്റെ അച്ഛൻവീട്ടിലെ കസിൻസിനൊക്കെ 1980 കളിൽതന്നെ ഇലക്ട്രിസിറ്റിയും ചിലർക്ക് ടെലിഫോണും ഉണ്ടായിരുന്നു. 

ഇതിനിടയിൽ എന്റെ ഇടക്കിടക്കുള്ള ആശുപത്രിവാസം.... കുറേക്കാലം ക്ഷയത്തിനാണെന്ന് പറഞ്ഞ് മരുന്ന് കുടിച്ചു.. പിന്നെ പറഞ്ഞു എനിക്ക് കാൻസർ ആണെന്ന്... അതിനെപ്പേടിച്ച് മണിപ്പാലിൽ പോയപ്പോ പിന്നെ അത് വേറൊരു തരത്തിലുള്ള ടി ബിയായി... പിന്നെ ആയുർവേദം .. ഹോമിയോ... 

ഇങ്ങനെയൊക്കെയായിരുന്നു കാര്യങ്ങളെങ്കിലും ബേക്കറി സാധനങ്ങളും ബസ്സിന് പോകാൻ പത്ത് പൈസയും കിട്ടുന്നില്ലെന്നൊഴിച്ചാൽ ഞങ്ങൾക്ക് വലിയ സങ്കടങ്ങളൊന്നും ഉണ്ടായിരുന്നില്ല... ഞാൻ ഒരുവിധം മോശമില്ലാത്ത രീതിയിൽ പഠിച്ച്...  പഠിച്ച സ്‌കൂളിലുകളിലൊക്കെ ക്ലാസ്സിൽ ഒന്നാമനായിരുന്നു...

എല്ലാ രാത്രികളിലും അച്ഛൻ പറയുന്ന കഥകളും കേട്ട്, എല്ലാ ദിവസവും നേരത്തെ പറഞ്ഞത് പോലെയൊക്കെ ജീവിച്ച്, ഒരുവിധം പത്താം ക്ലാസ്സ് വരെയെത്തി... പക്ഷെ പത്താം ക്ലാസ്സിലെത്തിയപ്പോ എന്റെ രോഗം മൂർച്ഛിച്ചു.. അതിനാൽതന്നെ, എനിക്ക് പത്താം തരം ആദ്യത്തെ തവണ എഴുതാനും പറ്റിയില്ല... 1987 ലെ കാര്യമാണ്....

പിന്നെയാണ് ജീവിതത്തിലെ മറ്റൊരദ്ധ്യായം തുടങ്ങുന്നത്... വെല്ലൂരിലായിരുന്നു എന്റെ ചികിത്സ.. ആ ചികിത്സയിൽ എന്റെ രോഗം ഭേദമായി.... അടുത്ത വർഷം, പത്താം തരം പാസ്സായി പ്രീഡിഗ്രിക്ക് ചേർന്നു.. കോളജിൽ പോയത് മുതൽ കിട്ടിയ സ്വാതന്ത്ര്യം ശരിക്കും ഉപയോഗിക്കാൻ തുടങ്ങി... ക്ലാസ്സുകളിൽ ഇരിക്കാതെ സിനിമ കാണാനും കറങ്ങിയടിക്കാനും മറ്റും തുടങ്ങി. കോളജ് കുറച്ച് ദൂരെയായത് കൊണ്ട് ബസ്സിന്റെ കാശ് വീട്ടിൽ നിന്ന് കിട്ടുമായിരുന്നു. പിന്നെ ചില കള്ളത്തരങ്ങളൊക്കെ പറഞ്ഞ് എക്ട്രാ പൈസ എങ്ങനെയെങ്കിലും ഒപ്പിച്ചാണ് കോളജിന് പുറത്തെ കലാപരിപാടികൾക്ക് പണം കണ്ടെത്തിയിരുന്നത്... എന്തിനധികം പറയുന്നു... ക്ലാസ്സിൽ കയറാത്തത് മൂലം പ്രീഡിഗ്രി തോറ്റെന്ന് തന്നെയാണ് ഞാൻ  കരുതിയത്... പക്ഷേ പ്രീഡിഗ്രി വെറും കഷ്ടിയായി പാസ്സായി... വേറൊരു കോഴ്‌സിനും പോകാൻ പറ്റാത്ത അവസ്ഥ.... പ്രൈവറ്റ് ആയി പഠിക്കേണ്ടി വരുമല്ലോ എന്ന് ഞാൻ ഭയപ്പെട്ടു.. അച്ഛന്റെ മുഖത്ത് നോക്കാൻ പറ്റാത്ത ഒരു കാലാവസ്ഥ... തീവണ്ടിയുടെ എഞ്ചിൻ ഡ്രൈവർ മുതൽ വിമാനത്തിന്റെ പൈലറ്റ് ഒക്കെ ആകണമെന്നായിരുന്നു ആഗ്രഹം... പക്ഷേ എന്താ ചെയ്യാ... വിദ്യ നേടാതെ ഒരു അഭ്യാസോം കാണിക്കാൻ പറ്റൂല്ലല്ലോ...

തെണ്ടിത്തരങ്ങളൊന്നും ചെയ്തിട്ടില്ലെങ്കിലും, പഠിക്കാഞ്ഞത് കൊണ്ട് തോൽവിയുടെ വക്കിലെത്തിയത് എനിക്കും സഹിക്കാൻ പറ്റിയില്ല.. ഒടുവിൽ ഐടിഐ യിൽ ഇലൿട്രോണിക്സിന് ചേർന്നു... ഇനിയെങ്കിലും തീർച്ചയായും നന്നായി പഠിക്കുമെന്ന് തീരുമാനിച്ചുറപ്പിച്ചു. 

പക്ഷേ വീണത് വേറൊരു കുഴിയിലായിരുന്നു. പണ്ട് ചെറിയ ക്ലാസിൽ പഠിച്ച ഒരു കൂട്ടുകാരൻ, അവിടത്തെ വിദ്യാർത്ഥി നേതാവാണ്... അവന്റെ നിർബന്ധപ്രകാരം അവന്റെ കൂടെ രാഷ്ട്രീയത്തിൽ പ്രവർത്തിക്കാൻ തുടങ്ങി ... 

കണ്ണൂരിലെ രാഷ്ട്രീയം നിങ്ങൾക്കെല്ലാവർക്കും അറിയാല്ലോ അല്ലേ.. അത് എന്റെ പഠിപ്പിനെ ബാധിക്കുമെന്ന് ഞാനൊരിക്കലും കരുതിയിരുന്നില്ല... പക്ഷേ സംഭവിച്ചത് മറിച്ചായിരുന്നു... അവിടെ, എന്റെ സുഹൃത്തിന്റെ കൂടെ രാഷ്ട്രീയത്തിലിറങ്ങി എന്ന ഒറ്റക്കാരണം കൊണ്ട്  നിലനിൽപ്പ് തന്നെ അപകടത്തിലാകുന്ന അവസ്ഥ വന്നു... എതിരാളിപ്പാർട്ടി ചെയ്യുന്നത് പോലെയൊക്കെ തിരിച്ചും ചെയ്‌താൽ മാത്രമേ അവിടേക്ക് കയറാനാകൂ എന്ന സ്ഥിതിയായി. സ്ഥിരം  അടിപിടികൾ...അങ്ങനെ അവിടെയും പഠിപ്പ് ഏകദേശം അവതാളത്തിലായി... ഒടുവിൽ ഫൈനൽ പരീക്ഷക്ക് ഉറക്കൊഴിഞ്ഞ് പഠിച്ച് എങ്ങനെയോ 60 ശതമാനത്തിൽ കൂടുതൽ മാർക്ക് വാങ്ങി.

അപ്പഴേക്കും എനിക്ക് വയസ്സ് ഇരുപതായി... എന്റെ വീട്ടിൽ, എന്റെ വിദ്യാലയ കലാപരിപാടികളെക്കുറിച്ച് ചെറിയതോതിലൊക്കെ ആരൊക്കെയോ വിവരങ്ങൾ  എത്തിച്ച് കൊടുത്തു. അച്ഛനുമായി ചെറിയ ചെറിയ അഭിപ്രായ വ്യത്യാസങ്ങൾ തുടങ്ങി. നമ്മളീ ജനറേഷൻ ഗ്യാപ്പ് എന്നൊക്കെ പറയുമല്ലോ... സത്യത്തിൽ, എനിക്ക് ഒരു credibility യും ഉണ്ടായിരുന്നില്ലെങ്കിലും, എന്റെ അഭിപ്രായവ്യത്യാസങ്ങളും നീരസങ്ങളും ഞാൻ പല രീതികളിലും പ്രകടിപ്പിക്കാൻ തുടങ്ങി. പക്ഷേ അച്ഛൻറെ ഒന്നുരണ്ട് ഡയലോഗുകൾ എന്നെ ശരിക്കും ഇരുത്തി ചിന്തിപ്പിച്ചു...

അച്ഛൻ പറഞ്ഞത് ഇത്രയേ ഉണ്ടായിരുന്നുള്ളൂ... പോത്ത് പോലെ ഇത്രയും വളർന്നിട്ടും ഒന്നും പഠിക്കാതെ, ഇത്രയും കാലം ഉഴപ്പിയിട്ടും നേർക്ക് നേരെ ഇരുന്ന് സംസാരിക്കണമെങ്കിൽ സ്വന്തം അദ്ധ്വാനിച്ച് കഴിവ് തെളിയിച്ച് വരണം... വേറൊരു ഡയലോഗ് ഇതായിരുന്നു... ഇരുപത്തിരണ്ട് വയസ്സിന് ശേഷം നീ ഇവിടുന്ന് ഇതേ രീതിയിൽ ഭക്ഷണം കഴിക്കുന്നെങ്കിൽ നിന്നെപ്പോലെ ഉളുപ്പില്ലാത്ത വ്യക്തി ഈ ലോകത്ത് ഉണ്ടാവില്ല... നിന്നിൽ ഒരു പ്രതീക്ഷയെങ്കിലും ഉണ്ടായിരുന്നു.. ഇപ്പോ അതും പോയിക്കിട്ടി...

സത്യത്തിൽ ആ വാക്കുകൾ എന്റെ ചങ്കിലാണ് കൊണ്ടത്... അന്ന് മുതലാണ് എന്തെങ്കിലും ഒക്കെ ആകണമെന്നുള്ള ആഗ്രഹംഉണ്ടായത്... എന്തെങ്കിലും നല്ല ഒരു ജോലി തരപ്പെടുത്തിയേ പറ്റൂ... അച്ഛന്റെ മുന്നിൽ കഴിവ് തെളിയിച്ചേ പറ്റൂ... പക്ഷേ ജോലി കിട്ടാൻ മാത്രം എന്ത് പഠിക്കണം... ഒരു വ്യക്തതയുമില്ല... മാത്രവുമല്ല വൃത്തികെട്ട വിദ്യാർത്ഥിരാഷ്ട്രീയത്തിൽ നിന്ന് രക്ഷപ്പെടുകയും വേണം... 

ഐടിഐ ക്ക്  തൊട്ടടുത്ത് തന്നെയുള്ള പോളി ടെക്നിക്കിൽ അപ്പഴാണ് കേന്ദ്ര സർക്കാരിന്റെ കീഴിൽ ഒരു കമ്പ്യൂട്ടർ കോഴ്സ് തുടങ്ങിയത്. അച്ഛന്റെ സമ്മതം എങ്ങനെയൊക്കെയോ വാങ്ങി  ആ കോഴ്‌സിന് ചേർന്നു... ആദ്യമായാണ് കമ്പ്യൂട്ടർ കൈ കൊണ്ട് തൊടുന്നത്... എന്തോ എനിക്ക് ആ മേഖല ശരിക്കും വഴങ്ങുന്നതാണെന്ന ഒരു തോന്നലുണ്ടായി... കൂട്ടത്തിൽ സമയം കിട്ടുമ്പോഴൊക്കെ ചില കവിതകൾ കുറിച്ചിടാനും തുടങ്ങി.. കുറിച്ചിട്ട കവിതകളൊക്കെ എന്റെ നോട്ട് പുസ്തകത്തിൽ തന്നെ വിശ്രമിച്ചു എന്നത് വേറെ കാര്യം....

കമ്പ്യൂട്ടർ കോഴ്സ് കഴിഞ്ഞപ്പോഴും എനിക്ക് ഭാവിയെക്കുറിച്ച് ഒരു വ്യക്തതയും ഉണ്ടായിരുന്നില്ല... എന്ത് ചെയ്യണം.. ഇനിയും എന്തെങ്കിലും പഠിക്കണോ... ഒരു നിശ്ചയവുമില്ല... അച്ഛൻ പറഞ്ഞ ഇരുപത്തിരണ്ട് വയസ്സ് ഏകദേശം ആവാറായി... ഇനിയും ഉളുപ്പില്ലാതെ വീട്ടീന്ന് ഭക്ഷണം കഴിക്കുക എന്നതിനെക്കുറിച്ച് എനിക്കെന്തോ ചിന്തിക്കാൻ പോലും പറ്റാതായി... 

അങ്ങനെ ഒടുവിൽ ഇരുപത്തിരണ്ടാമത്തെ വയസ്സിൽ ഞാൻ ജീവിത്തിലെ വലിയൊരു തീരുമാനമെടുത്തു.. എന്റെ രണ്ട് സുഹൃത്തുക്കളുടെ കൈയ്യിൽ നിന്ന് യ 1500 രൂപ കടം വാങ്ങി, 1994 ൽ  മുംബൈയിലേക്ക് നാട് വിട്ടു. അവിടെ എത്തിയതിന് ശേഷം, അകന്ന ഒരു ബന്ധുവിന്റെ അഡ്രസ്സ് തപ്പിപ്പിടിച്ച് അദ്ദേഹത്തിന്റെ വീട്ടിൽ അഭയം പ്രാപിച്ചു. 

അവരുടെ ഒറ്റമുറി വീട്ടിൽ, അവിടെയുണ്ടായിരുന്ന കട്ടിലിനടിയിലായിരുന്നു എന്റെ കിടത്തം... മുംബൈയിലെത്തിയതിന് മൂന്നാം ദിവസം, മുംബൈയിലെ എന്റെ ആദ്യത്തെ ഇന്റർവ്യൂവിന്, എന്റെ ബന്ധു എന്നെ കൂട്ടിക്കൊണ്ട് പോയി. കംപ്യുട്ടർ പഠിച്ചിട്ടുണ്ട്.. ഇലൿട്രോണിക്സ്  പഠിച്ചിട്ടുണ്ട് എന്നൊക്കെ പൊങ്ങച്ചടിച്ചത് കൊണ്ട്, അതൊക്കെയായി ബന്ധപ്പെട്ട ഒരു ജോലിക്കായിരുന്നു എന്നെ ടെസ്റ്റ് ചെയ്യാനായി കൊണ്ട് പോയത്...

എന്റെ ജീവിതത്തിലെ രണ്ടാമത്തെ വലിയ തിരിച്ചറിവ് തന്ന ദിവസായിരുന്നു അത്. ജീവിതത്തിലെ ആദ്യത്തെ ഇന്റർവ്യൂ... 

ഇന്റർവ്യൂവിന് ഉള്ളിൽ പോയ എനിക്ക് ആദ്യത്തെ ചോദ്യം മുതൽ തന്നെ എന്റെ അറിവിനെക്കുറിച്ചും ഭാഷാപരിജ്ഞാനത്തെക്കുറിച്ചും ആത്മവിശ്വാസത്തിനെക്കുറിച്ചുമൊക്കെ കൃത്യമായ ബോധ്യമുണ്ടായി. അവർ ഇംഗ്ളീഷിൽ ചോദിക്കുന്നത് എനിക്കൊന്നും മനസ്സിലാകുന്നില്ല... ഞാൻ പറയുന്ന ഇംഗ്ലീഷ് അവർക്കും മനസ്സിലാകുന്നില്ല... അവർ കമ്പ്യൂട്ടറിൽ ചെയ്യാൻ പറഞ്ഞ ചെറിയ കാര്യങ്ങൾ പോലും എനിക്ക് ചെയ്യാൻ പറ്റിയില്ല... 

എനിക്ക് ഇംഗ്ലീഷ് ഭാഷ തീരെ വശമില്ലെന്ന് ശരിക്കും മനസ്സിലായി. സുഗമഹിന്ദി പരീക്ഷ മൂന്ന് കൊല്ലം പ്രഥമശ്രേണിയിൽ പാസ്സായ എനിക്ക് ഹിന്ദിയും സംസാരിക്കാൻ പയില്ല.  ഞാൻ പഠിച്ചതും, പഠിച്ച കാര്യങ്ങളുടെ പ്രവർത്തനത്തിലുള്ള വ്യത്യാസവും എന്താണെന്ന്  അന്നാണ് ആദ്യമായി എനിക്ക് മനസ്സിലായത്. സത്യത്തിൽ ഞാൻ പൂർണ്ണമായും വട്ടപ്പൂജ്യമാണെന്ന് മനസ്സിലാക്കിയ ഒരു ദിവസായിരുന്നു അത്. എന്റെബന്ധുവിന്റെ മലയാളിയായ ഒരു സുഹൃത്തായിരുന്നു ആ ഇന്റർവ്യൂ സംഘടിപ്പിച്ച് തന്നത്... 

ഇന്റർവ്യൂവിന് ശേഷം തലയും താഴ്ത്തി, എ സി മുറിയിൽ നിന്ന് വിയർത്ത് കുളിച്ച് ഞാൻ പുറത്തിറങ്ങി, ബന്ധുവിന്റെ സുഹൃത്ത് ഒരു മൂലക്ക് വിളിച്ച് ഒരു കാര്യം എന്റെ മുഖത്ത് നോക്കിപ്പറഞ്ഞു... 'ഈ മുംബൈയിൽ നിനക്ക് നിന്റെ ജീവിതം മുളപ്പിക്കാൻ പറ്റിയില്ലെങ്കിൽ, ലോകത്തൊരിടത്തും നിനക്ക് ഒരു ജീവിതം കെട്ടിപ്പടുക്കാനാവില്ല'... എനിക്ക് നാണം കൊണ്ട് തല ഉയർത്താൻ പറ്റുന്നുണ്ടായിരുന്നില്ല...

സത്യത്തിൽ, നാട് വിട്ടപ്പോൾ പോലും ഇല്ലാതിരുന്ന, ജീവിതത്തിൽ വിജയിക്കണമെന്ന ഒടുങ്ങാത്ത ഒരു വാശിയുണ്ടാവുന്നത് അപ്പോൾ മാത്രമായിരുന്നു.... 

അന്ന് മുതൽ എങ്ങനെയെങ്കിലും ഇംഗ്ലീഷും ഹിന്ദിയും പഠിക്കാനായിരുന്നു കഠിന ശ്രമം. കണ്ണാടി നോക്കിയും ടിവി വാർത്തകൾ കണ്ടും, പത്രങ്ങൾ വായിച്ച് അറിയാത്ത വാക്കുകളുടെ അർത്ഥങ്ങൾ  നിഘണ്ടുവിൽ  പരതിക്കണ്ടുപിടിച്ചും, ഒറ്റപ്പെട്ട വഴികളിൽ സ്വയം സംസാരിച്ചുമൊക്കെയായിരുന്നു എന്റെ ഭാഷാ പഠനം. യഥാർത്ഥത്തിൽ, എന്റെ ശരിയായ ദിശയിലുള്ള വിദ്യാഭ്യാസം തുടങ്ങിയത് അപ്പോൾ മാത്രമായിരുന്നു എന്ന് തീർച്ചയായും പറയാം...

ഇതിനിടയിൽ ഒരു ഇന്റർവ്യൂ, വളരെ പ്രയാസപ്പെട്ട് ഞാൻ എങ്ങനെയൊക്കെയോ ശരിയാക്കിയെടുത്തു... മാസം ആയിരം രൂപ ശമ്പളം... അങ്ങനെ ജീവിതവിജയത്തിന്റെ ആദ്യപടി ഞാൻ ചവിട്ടി ...

റോഡിന്റെയൊക്കെ വശങ്ങളിൽ, വളരെ ഉയരത്തിലുള്ള കമ്പ്യൂട്ടർ കോൺട്രോൾഡായിട്ടുള്ള പരസ്യ ഡിസ്‌പ്ലെകൾ തൂങ്ങിക്കിടന്ന് കൊണ്ട് വൃത്തിയാക്കുകയും റിപ്പയർ ചെയ്യുകയും ചെയ്യുക, ബാങ്കുകളിൽ ടോക്കൺ ഡിസ്‌പ്ലെകൾ സ്ഥാപിക്കുകയും റിപ്പയർ ചെയ്യുകയും ചെയ്യുക... എന്നിവയൊക്കെയായിരുന്നു എന്റെ ജോലികൾ...

പിന്നെയങ്ങോട്ട് വിശ്രമമില്ലാത്ത പരിപാടികളായിരുന്നു... കൂട്ടുകാരുടെ കൂടെ  ഒരു വാടക വീട്ടിലേക്ക് താമസം മാറി... സ്വന്തമായി പാചകം, അലക്കൽ എന്നിവ ആരംഭിച്ചു. നാട്ടിൽ നിന്ന് തന്നെ പാചകവും മറ്റും പഠിച്ചിരുന്നത് കൊണ്ട് അതൊന്നും ഒരു ബുദ്ധിമുട്ടായി തോന്നിയില്ല... ജോലിക്കിടയിൽ ഞാൻ വീണ്ടും പഠിക്കാൻ തുടങ്ങി... കംപ്യൂട്ടറിന്റ ഹാർഡ്വേറിലും സോഫ്റ്റ്വേറിലും ഡിപ്ലോമയെടുത്തു... ആളുകളോട് ഇടപെടാൻ പഠിച്ചു.. ഇംഗ്ലീഷ് ഭാഷയും ഹിന്ദിയും നന്നായി കൈകാര്യം ചെയ്യാൻ പഠിച്ചു... ഇംഗ്ലീഷ് ഭാഷയുടെ എഴുത്തിന്റെ ചട്ടവട്ടങ്ങൾ പഠിച്ചു... 

അങ്ങനെയിരിക്കേയാണ് ഞാൻ ജോലി മാറിയത്... അപ്പഴേക്കും എന്ത് ജോലിയും ചെയ്യാനുള്ള ഒരു ആത്മവിശ്വാസം കൈവന്നിരുന്നു... പക്ഷേ നിർഭാഗ്യത്തിന്, പുതിയ കമ്പനിയിൽ ചേർന്നയുടൻ തന്നെ ആ കമ്പനി തകരാൻ തുടങ്ങി... വേറെ ജോലിയൊന്നും കിട്ടാത്തത് കൊണ്ട് ആ കമ്പനിയിൽ, ഞങ്ങൾ കുറച്ച് പേർ ശമ്പളമില്ലാതെ കുറച്ച് കാലം ജോലിയെടുത്തു... അന്ന് വരെ പഠിച്ച എല്ലാ വിദ്യകളും പുറത്തെടുത്ത് പ്രവർത്തിക്കാൻ കഴിഞ്ഞ ഒരു ജോലിയായിരുന്നു അത്. 

അതൊരു Y2K കാലമായിരുന്നു... ആ സമയത്ത്, personal computer കളിലെ Y2K ബഗ് കണ്ടുപിടിക്കാനും അത് പരിഹരിക്കാനുമുള്ള hardware ഉം software ഉം ഉണ്ടാക്കിയ ഒരു ടീമിന്റെ ഭാഗമാകാൻ കഴിഞ്ഞത് എന്റെ ജീവിതത്തിലെ വലിയൊരു വഴിത്തിരിവായി. ശമ്പളമില്ലാതെ പണിയെടുത്തുണ്ടാക്കിയ  Y2K പ്രൊഡക്ടുകൾ നമ്മുടെ കമ്പനി ഏറ്റെടുത്തു അങ്ങനെ കമ്പനി  പ്രോഫിറ്റിലായത്, സത്യത്തിൽ വലിയൊരനുഗ്രഹമായി. എന്റെ പ്രവർത്തന മേഖല എന്താണെന്ന് അതോടെ എനിക്ക് ഉറപ്പിക്കാൻ പറ്റി... ഞങ്ങളുണ്ടാക്കിയ Y2K പ്രൊഡക്ടുകൾ മാർക്കറ്റ് ചെയ്യുന്നതിന്റെ ഭാഗമായി, 1999 ൽ ടെഹ്റാനിൽ കുറച്ച് കാലം marketing executive ആയിട്ടും ജോലി ചെയ്തു. ഈ സമയത്താണ് എന്റെ നാട്ടിലെ പഴയ വീട് പുതുക്കിപ്പണിയുന്നതും വീട്ടിൽ ഇലക്ട്രിസിറ്റി മുതൽ മറ്റ് ആധുനിക സൗകര്യങ്ങളും വരുന്നത്...

ഇറാനിൽ നിന്ന് തിരിച്ച് വന്നതിന് ശേഷം, ലണ്ടനിലെ ഒരു software സ്ഥാപനത്തിൽ ഒരു കൊല്ലത്തോളം ജോലിചെയ്തു. അതിന് ശേഷം അമേരിക്കയിലെ വേറൊരു software സ്ഥാപനത്തിലേക്ക് മാറി. ഇപ്പോൾ അമേരിക്കൻ സർക്കാരിന്റെ കീഴിലെ ഏജൻസിയായ 'Federal Aviation Administration' ന്റെ ചില software പ്രോജക്ടുകളാണ് ചെയ്ത് കൊണ്ടിരിക്കുന്നത്. ഇവിടെ സ്ഥിരതാമസം തുടങ്ങിയിട്ട് ഏകദേശം പതിനേഴ് കൊല്ലങ്ങളായി. ഇന്ന്, ഞാനെന്ന ഈ ഡിപ്ലോമക്കാരന്റെ കൂടെയും താഴെയുമൊക്കെയുള്ളത് ബിടെക്കും എംടെക്കും എംഎസ്സുമൊക്കെ പഠിച്ച ആൾക്കാരാണെന്നത്  എനിക്ക് തീർച്ചയായും അഭിമാനം തരുന്ന ഒരു കാര്യമാണ്...

അമേരിക്കയിൽ വന്നതിന് ശേഷമാണ്, അതുവരെ നഷ്ടപ്പെട്ട വായനയും എഴുത്തുമൊക്കെ വീണ്ടും ആരംഭിച്ചത്... കഴിഞ്ഞ എട്ട് പത്ത് വര്ഷങ്ങളായി 'നാരായം' (https://e-naaraayam.blogspot.com) എന്ന ബ്ലോഗിലൂടെ, മലയാളത്തിൽ കഥകളും കവിതകളും ലേഖനങ്ങളും എഴുതിത്തുടങ്ങിയത് അങ്ങനെയാണ്... ഇപ്പോൾ, ആദ്യത്തെ ഒരു നോവൽ പുറത്തിറക്കാനുള്ള ഒരു യത്നത്തിലാണുള്ളത്...

ഇതാണ് എന്റെ കഥ... അന്നന്നത്തെ ജീവിതത്തിൽ എന്തൊക്കെ കർമ്മങ്ങൾ ചെയ്യണമെന്നറിയാതെ പല പല അവസ്ഥകളിലൂടെയും ഉരുണ്ടുരുണ്ട് ഒടുവിൽ കരകയറിയ കാര്യം അവതരിപ്പിക്കാൻ പറ്റുമെന്ന് കരുതിയാണ് ഞാനീ കഥ പറഞ്ഞത്... ആത്മവിശ്വാസം എന്നൊരു കാര്യം കൈമുതലായുണ്ടെങ്കിൽ ജീവിതവിജയം തീർച്ചയായും കൂടെയുണ്ടാകും...

പക്ഷേ പഠിക്കേണ്ട സമയത്ത് കൃത്യമായി പഠിക്കാതെ ഉഴപ്പിയതിന് ഞാൻ കുറേ വിലയും സമയവും  കൊടുക്കേണ്ടി വന്നു എന്നത് സത്യമാണ്... കുറച്ചൂടെ ശ്രദ്ധിച്ചിരുന്നെങ്കിൽ കൂടുതൽ നന്നായേനെ എന്നൊക്കെ ചിന്തിക്കാറുണ്ടെങ്കിലും, ഇന്ന് എന്നെ സംബന്ധിച്ചടുത്തോളം നഷ്ടബോധങ്ങളൊന്നും തീരെ അലട്ടാറില്ല...

ചെറുപ്പത്തിലൊക്കെ എന്റെ ധാരണ, വലിയ ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ പഠിച്ചാലേ... അല്ലെങ്കിൽ കണക്കിനും സയന്സിനും മറ്റും പ്രത്യേക ട്യൂഷനൊക്കെ എടുത്ത് പഠിച്ചാലേ വലിയ ജോലികൾ കിട്ടൂ  എന്നൊക്കെയായിരുന്നു... 

പക്ഷേ  എന്റെ ജീവിതം എന്നെ പഠിപ്പിച്ചത്, ഓരോരുത്തർക്കും അവനവന്റെ കഴിവ് എന്താണെന്ന് സ്വയം മനസ്സിലാകുകയും, ആ കഴിവ്, പ്രവർത്തനത്തിൽ കൊണ്ടുവരാൻ കണിശമായ ഫോക്കസും, കൂടെ ആത്മവിശ്വാസവുമുണ്ടെങ്കിൽ ആർക്കും അവന്റെ അല്ലെങ്കിൽ അവളുടെ ജീവിതത്തിൽ വിജയിക്കാമെന്നതാണ്...  അല്ലാതെ, പണം ഉണ്ടാവാത്തതോ, വലിയ കുടുംബങ്ങളിൽ ജനിക്കാത്തതോ, സൗകര്യങ്ങൾ ആരും ഒരുക്കിത്തരാത്തതോ, വലിയ സ്ഥാപനങ്ങളിൽ പഠിക്കാത്തതോ മാതാപിതാക്കൾ കൂട്ടിരിക്കാത്തതോ അല്ലെങ്കിൽ അദ്ധ്യാപകർ ശരിയായ രീതിയിൽ പഠിപ്പിക്കാത്തതോ ഒന്നുമല്ല യഥാർത്ഥ പ്രശ്നം. ജീവിതത്തിൽ എന്താവണമെന്ന് ഹൃദയം കൊണ്ട് ഒരു ബോധം ഉണ്ടായാൽ ബാക്കി സാഹചര്യങ്ങളൊക്കെ തനിയെ ഉണ്ടായി വരും.

എന്റെയൊക്കെ കുട്ടിക്കാലത്ത് അച്ഛനമ്മമാർ കുട്ടികളെ അമിതമായി സ്ട്രിക്ട് ആയാണ് വളർത്തിയതെങ്കിൽ ഇന്ന് കുട്ടികളെ അമിതമായി ലാളിച്ചാണ് വളർത്തുന്നതെന്ന സംശയം എനിക്കുണ്ട്... സത്യത്തിൽ മാതാപിതാക്കൾ ഈ പറഞ്ഞ കാര്യങ്ങളിൽ ബാലൻസ് പാലിച്ചെങ്കിൽ കൂടുതൽ നാന്നാകുമെന്നാണ് എനിക്ക് തോന്നുന്നത്... മാതാപിതാക്കളും കുട്ടികളും അദ്ധ്യാപകരും തമ്മിൽ പുരോഗമനപരമായി നല്ല കമ്മ്യൂണിക്കേഷൻ ഉണ്ടെങ്കിൽ തീർച്ചയായും നല്ലൊരു തലമുറ തന്നെ നമുക്ക് വാർത്തെടുക്കാൻ പറ്റും...

ഇപ്പോ ഈ അമേരിക്കയിൽ ഇരുന്നു കൊണ്ട് തന്നെ എന്റെ ജോലിക്കൊപ്പം വേനൽക്കാലത്ത് ഞാൻ നല്ല രീതിയിൽ കൃഷിയൊക്കെ ചെയ്യാറുണ്ട്.. ഈ ഇംഗ്ളീഷ് നാട്ടിലിരുന്ന് കൊണ്ട്, നമ്മുടെ മലയാളത്തിലാണ് എന്റെ ബ്ലോഗിങ് നടക്കുന്നത്... എന്തിനും മറ്റുള്ളവരെ ആശ്രയിക്കാതെ സ്വയം പര്യാപ്തത ഉണ്ടാക്കിയെടുക്കാൻ പറ്റിയാൽ അതിന്റെയൊരു സുഖം സത്യത്തിൽ വേറെത്തന്നെയാണ്.....

അതുകൊണ്ട്, എന്റെ കഥ കൃത്യമായും നിങ്ങൾ കേട്ടെങ്കിൽ, ആരും ഒന്നുകൊണ്ടും അവനവന്റെ ഭാവിയെക്കുറിച്ച് ആവലാതിപ്പെടേണ്ട കാര്യമൊന്നുമില്ല.. നിങ്ങളിൽ ആർക്കെങ്കിലും ഇതുവരെയുള്ള സമയം നഷ്ടപ്പെട്ടുപോയെന്ന് കരുതുന്നുണ്ടെങ്കിൽ.. അതിന്റെ ആവശ്യം തീരെയില്ല... തീർച്ചയായും എല്ലാവർക്കും ഇനിയും സമയമുണ്ട്.. വൈകിപ്പോയെന്ന് ഒരിക്കലും കരുതരുത്... പക്ഷേ ഒട്ടും വൈകാതെ, ഇനിയെന്താണ് ചെയ്യേണ്ടത് എന്നതിനെക്കുറിച്ച് വ്യക്തത വരുത്തിയാൽ മാത്രം മതി... കൂടെ പോസിറ്റിവായിട്ടുള്ള റിസ്‌കും ഹാർഡ് വർക്ക് ചെയ്യാനുള്ള മനസ്സും ഉണ്ടെങ്കിൽ നിങ്ങൾക്കെല്ലാവർക്കും ജീവിതത്തിൽ വിജയിക്കാം... ഒരു സംശയവും ..വേണ്ട...

നിങ്ങൾ പഠിക്കുന്നത് സയൻസായാലും കൊമേഴ്‌സ് ആയാലും ആർട്സായാലും വുഡ് ടെക്‌നോളജി ആയാലും ഏത് മേഖല ആയാലും... നിങ്ങൾ ആണായാലും പെണ്ണായാലും... നിങ്ങൾ passionate ആണെങ്കിൽ നിങ്ങൾക്ക് ആ മേഖലയിൽ ഒരു സ്പേസ് ഉണ്ടാവും... നിങ്ങൾ ആ സ്‌പേസിൽ എത്തിപ്പെടുക തന്നെ ചെയ്യും... ഒരു കാര്യം കൂടി.... സാങ്കേതികപരമായ അറിവിനോടൊപ്പം, നമുക്ക് ജീവിത യാഥാർത്ഥ്യങ്ങളെക്കുറിച്ചുള്ള പരിജ്ഞാനം കുറച്ചെങ്കിലും ഉണ്ടാവണം... നമ്മൾ എപ്പോഴും സ്ട്രീറ്റ് സ്മാർട്ട് ആയിരിക്കണം... നെല്ല് ഏതാണ് കടുക് ഏതാണ് എന്നൊക്കെ തിരിച്ചറിയാനുള്ള പ്രായോഗിക ബോധം  നമുക്കുണ്ടാകണം... അല്ലെങ്കിൽ നിങ്ങൾ ചെയ്ത കർമ്മങ്ങളുടെ  ക്രെഡിറ്റ് വേറെ ആരെങ്കിലും കൊണ്ടുപോയെന്നിരിക്കും...

പിന്നെ.. ഒരു കാര്യം കൂടി... നിമിഷ നേരത്തെ സുഖത്തിന് വേണ്ടി തുടങ്ങി ഒരിക്കലും ഒരു ലഹരിക്കും അടിമപ്പെരുത്. കാരണം, ആ ലഹരികൾക്ക് ഒരിക്കൽ അടിമപ്പെട്ട് പോയാൽ പിന്നെ നിങ്ങൾക്ക് എന്ത് ഫോക്കസ് ഉണ്ടായിട്ടും ഒരു കാര്യവുമുണ്ടാകില്ല...  ഫോക്കസും ലഹരിയും ഒരിക്കലും ഒരേ ദിശയിൽ പോവില്ല.... ലഹരികൾക്ക് അടിമപ്പെട്ടാൽ നിങ്ങൾക്ക് നിങ്ങളെത്തന്നെയും മാതാപിതാക്കൾക്ക് നിങ്ങളെയും നഷ്ടപ്പെട്ടു എന്ന ട്രാജഡി മാത്രേ ഉണ്ടാവുള്ളൂ... 

പറഞ്ഞതൊക്കെ കൂടുതലായിപ്പോയോ .. എന്നെനിക്കറിയില്ല... എന്നാലും നിങ്ങൾ ഉദ്ദേശിച്ച കാര്യങ്ങൾ എന്റെ കഥയിലൂടെ വ്യംഗ്യമായെങ്കിലും പറഞ്ഞെന്നാണ് എന്റെ വിശ്വാസം... ഇത്രയൊക്കെയാണ് എനിക്കിന്ന് നിങ്ങളോട് പറയാനുള്ളത്.... ഇതുവരെ എന്നെ ക്ഷമയോടെ ശ്രവിച്ച എല്ലാവർക്കും വളരെ നന്ദി... Thank you... 

***

2020, നവംബർ 14, ശനിയാഴ്‌ച

വാളുകൾ തഴുകിയ റോളർ കോസ്റ്റർ (അപ്പലാച്ചിമലമ്പുരാണം - 4)

കെയ്‌സിയേൽപ്പിച്ച നഖക്ഷതങ്ങൾ (അപ്പലാച്ചിമലമ്പുരാണം - 1)
കോണകാന്തരം കുതിച്ച തേനീച്ചകളും പന്നഗവിസർജ്ജ്യവും (അപ്പലാച്ചിമലമ്പുരാണം - 2)
വൻകുടലിൽ നീന്തിക്കളിച്ച സാൽമൺ (അപ്പലാച്ചിമലമ്പുരാണം - 3)

അഞ്ച് മണിക്ക് മുൻപായിത്തന്നെ സ്പൗട്  റണ്ണിന് കുറുകെയുള്ള പാലത്തിനടുത്തെത്തുമ്പഴേക്കും, അതിന്റെ മറുകരയിൽ, ഒരൊഴിഞ്ഞ സ്ഥലത്ത് ഭാണ്ഡമിറക്കി വിശ്രമിക്കുന്ന 'ബി'യെ കാണാൻ കഴിഞ്ഞു. അവൻ അവിടെയെത്തിയിട്ട്, ഏകദേശം അഞ്ച് മിനുട്ടായിരിക്കുന്നു. അവിടെ എത്തിയ ഉടനെത്തന്നെ, ഭാണ്ഡം ഇറക്കി വച്ച്, തറയിൽ അൽപനേരം മലർന്ന് കിടന്നു. മറ്റുള്ളവർ വരാൻ ഇനിയും തീർച്ചയായും സമയം എടുക്കും എന്ന ഉറപ്പുണ്ട്, പ്രത്യേകിച്ച്, 'സി'യും 'ഡി'യും.

കുറച്ച് നേരത്തെ വിശ്രമത്തിന് ശേഷം, പക്ഷികൾ കൂടി കെട്ടാൻ നല്ല മരക്കൊമ്പ് കണ്ടുപിടിക്കുന്നത് പോലെ, ടെന്റ് കെട്ടാനുള്ള നല്ല സ്ഥലം കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചു. അരുവിയിലെ ഒഴുക്കിന്റെ കളകളാരവവും, പതുക്കെ തഴുകി കടന്നുപോകുന്ന കാറ്റിലിളകുന്ന ഇലകളുടെ ശബ്ദവും വല്ലാത്തൊരു അനുഭൂതിയായിരുന്നു. അര മണിക്കൂർ നേരത്തെ ശ്രമത്തിൽ, ഞാനും 'ബി'യും അവരവരുടെ ടെന്റ് കെട്ടിപ്പൊക്കി. പിന്നെ, അവിടെ പാണ്ടാരോ ഉണ്ടാക്കി വച്ചിരുന്ന 'ഫയർ പിറ്റി'ൽ തീ കത്തിക്കാനുള്ള ശ്രമം ആരംഭിച്ചു. 

വിറകിന് വേണ്ടി നോക്കിയപ്പോൾ, ഉണക്കമരങ്ങളോ ഉണക്കക്കമ്പുകളോ ഒന്നും തൊട്ടടുത്തെങ്ങുമുണ്ടായിരുന്നില്ല. കുറച്ച് ദൂരെ മലഞ്ചെരുവിലായി കുറച്ച് വലിയ ഉണക്കമരങ്ങൾ കിടപ്പുണ്ട്. ആ മരങ്ങൾ പൊക്കിയെടുത്ത് കൊണ്ടുവരിക എന്നത് ദുഷ്കരമാണ്. തീയുടെ ആരംഭം കുറിക്കാൻ ഫയർ സ്റ്റാർട്ടർ ഉണ്ടെങ്കിലും, കുറച്ച് ഉണക്കക്കരിയിലകൾ ഉണ്ടെങ്കിലേ കാര്യം സാധിക്കൂ. പക്ഷേ എല്ലാ ഇലകളും തലേ ദിവസത്തെ മഴയിൽ നനഞ്ഞ് നനുത്ത് കിടന്നത്, തീ കത്തിക്കുന്നതിനെക്കുറിച്ചുള്ള ചിന്ത, എന്റെയുള്ളിൽ ആളിക്കത്താൻ തുടങ്ങി.

വിറക് എങ്ങനെ ശേഖരിക്കും എന്നാലോചിച്ച് ഇരുന്നപ്പഴാണ്, 'വാളെടുത്ത് വിറക് ചെറുതാക്കിക്കൂടേ' എന്ന ചിന്ത, 'ബി' എന്നോട് പങ്ക് വച്ചത്. അത് കേട്ട് എനിക്കാദ്യം ചിരിയാണ് വന്നത്. കാരണം, നമ്മുടെ യാത്രയിൽ, നീണ്ട വാളെടുക്കുന്നതിൽ അതൃപ്തി പ്രകടിപ്പിച്ച മഹാനാണ് ഇപ്പോ അതേ വാളെടുത്ത് വിറക് വെട്ടാൻ പറയുന്നത്.

"ഇപ്പ കണ്ടാ... വാളെടുത്തതിന്റെ ഗുണം..." എന്നും പറഞ്ഞ്, ഞാൻ എന്റെ വാൾ ഉറയിൽ നിന്നും ഊരി. പിന്നെ കുറച്ച് വിറകുകൾ മുറിച്ച് കൊണ്ട് വന്ന്, അധികം നനയാത്ത കരിയിലകൾ കൂട്ടി തീ കൊടുക്കാനുള്ള ശ്രമം ആരംഭിച്ചു.

ഇലകൾ നനഞ്ഞത് കാരണം, തീ കത്തിക്കാൻ ഏറെ പാടുപെട്ടു. ഊതിയൂതി മനുഷ്യന്റെ വയറും നെഞ്ചും പുറത്തോട്ട് തള്ളാൻ തുടങ്ങി. അങ്ങനെയുള്ള ഏതോ ഒരു ഊത്തലിലും തള്ളലിലും, എനിക്ക് രണ്ടിന് പോകാൻ, കലശലായ  ശങ്ക തോന്നി. ഉള്ളിൽ അതുവരെ ഉറങ്ങിക്കിടന്നിരുന്ന സാൽമൺ വീണ്ടും നീന്താൻ തുടങ്ങിയോ എന്നൊരു സംശയം എനിക്കുണ്ടായി. ഉടനെത്തന്നെ കാര്യം സാധിച്ചില്ലെങ്കിൽ കാര്യം വഷളാകും എന്ന ചിന്തയിൽ, കാര്യം സാധിക്കാനുള്ള വ്യഗ്രതയിൽ, പറ്റിയ സ്ഥലം  അന്വേഷിച്ച്, അരുവി മുറിച്ച് കടക്കുമ്പോഴാണ്‌, അവിചാരിതമായി ഇലകളാൽ മറഞ്ഞിരുന്ന ഒരു കൂർത്ത മരക്കമ്പ്, എന്റെ വലത് തുടയുടെ മേലെ ആഞ്ഞ് തറച്ചത്. ഇത്തിരി മാറിയിരുന്നെകിൽ എന്റെ മൂത്രനാളിക്ക് വേറൊരു ദ്വാരം കൂടി ഉണ്ടായേനെ. 

ആ മുറിവിന്റെ വേദനയിൽ, എന്നോട് കുറച്ച് സഹതാപം പ്രകടിപ്പിക്കാനെന്നോണം, സാൽമണുകളുടെ വയറ്റിലൂടെയുള്ള നീന്തൽ കുറച്ച് നേരത്തക്ക് അവർ നിർത്തിവച്ചു. ഉടനെത്തന്നെ Neosporin പുരട്ടി, ഒരു കെട്ടും കെട്ടി രക്തയോട്ടം നിർത്തിയപ്പഴേക്കും എന്റെയുള്ളിലെ ചാണക്യനീതി ഉണർന്നു പൊങ്ങി. എന്റെ വൃഷണം നോക്കി കുത്തിക്കയറാൻ ശ്രമിച്ച മരക്കമ്പും, ആ മരം അപ്പാടെയും, എന്റെ പ്രതികാരാഗ്നിയിൽ എന്റെ വാളിന്റെ സഹായത്തോടെ, ഞാൻ തറിച്ച് മുറിച്ചു കളഞ്ഞു. അപ്പോൾ മാത്രമേ എനിക്ക് മനസ്സമാധാനമുണ്ടായുള്ളൂ. ആ മനസ്സമാധാനത്തിന്റെ നിർവൃതിയിൽ. കുറച്ച് ദൂരെ ഒരു വലിയ മരത്തിന്റെ മറവിൽ, ഒരു കുഴി കുത്തി കാര്യസാധ്യം നടത്തുമ്പോഴും, കുനിഞ്ഞിരിക്കുന്നതിനാൽ അടിവയറിന്റെയും തുടയുടെയും ഇടയിലുള്ള മുറിവിലെ നീറ്റൽ എന്നെ അലോസരപ്പെടുത്തി. എന്നിരുന്നാലും, അതുവരെ എന്റെ വൻകുടലിലൂടെ നീന്തിക്കളിച്ച സ്മോക്ക്ഡ് സാൽമണുകളിൽ, കുറേയെങ്കിലും, മണ്ണിലെ വളക്കൂറ് കൂട്ടാൻ പുറത്ത് കടന്നതിലുള്ള ആശ്വാസം ചില്ലറയായിരുന്നില്ല ! കുടലിൽ ബാക്കി കിടക്കുന്ന സാൽമണുകളെ ദഹിപ്പിക്കാൻ, എത്രയും പെട്ടന്ന് ബ്രാണ്ടി കഴിച്ചേ തീരൂ എന്ന ചിന്തയിൽ, ഇലകളെ ടിഷ്യൂ ആക്കി ഉപയോഗിച്ച് തിരിച്ച് വന്നു.

തിരിച്ച് വന്ന്, വീണ്ടും ക്യാമ്പ് ഫയർ ഒരുക്കാനുള്ള ശ്രമം പുനരാരംഭിച്ചു. ഒരുവിധം തീ പിടിച്ച് വരുമ്പഴേക്കും നമ്മുടെ 'ഇ', അവിടെ എത്തിച്ചേർന്നു. 'സി'യും 'ഡി'യും എത്താൻ പിന്നെയും അരമണിക്കൂറോളം സമയമെടുത്തു. എത്തിയ ഉടനെത്തന്നെ, എല്ലാവരും അവനവന്റെ കൂടാരം കെട്ടിപ്പൊക്കുന്നതിൽ വ്യാപൃതരായി. ഇരുട്ടായിക്കഴിഞ്ഞാൽ റെന്റ് കെട്ടുന്നത് ബുദ്ധിമുട്ടായിരിക്കും. വന്ന വരവിൽത്തന്നെ, ഭാണ്ഡമിറങ്ങിയ ആശ്വാസത്തിൽ, വസ്ത്രങ്ങൾ മുക്കാലേയരക്കാലുമുരിഞ്ഞ്, ദിഗംബരവേഷം കെട്ടി, ക്ഷീണത്തിനിടയിലും, നടത്തത്തിനിടയിൽ പെരുത്തെന്ന് തോന്നിച്ച തുടയിലെ മസിലുകൾ, വീണ്ടും പെരുപ്പിച്ച് കാണിച്ച്, 'ഡി' സ്വയം ആശ്വസിക്കാൻ തുടങ്ങി. അത് കണ്ടപ്പോൾ, കല്യാണരാമൻ സിനിമയിൽ, 'തൈസി'നെക്കുറിച്ച് ഇന്നസെന്റ് നടത്തുന്ന ഡയലോഗാണ് ഓർമവന്നത്!

അധികം താമസിയാതെ തന്നെ, എല്ലാവരും എത്തിയല്ലോ എന്ന ആശ്വാസത്തിൽ, മീൻ ബിരിയാണി പാചകം ചെയ്യാനുള്ള ശ്രമങ്ങൾ ശ്രമദാനമായി ആരംഭിച്ചു. സമാന്തരമായി, രാത്രിയിലെ തണുപ്പ് അകറ്റാനെന്ന പേരിൽ കയ്യിൽ കരുതിയ ബ്രാണ്ടി, നാലഞ്ച് ഗ്ലാസ്സുകളിലായി പടർന്നു. തണുപ്പകറ്റുന്നതിനേക്കാൾ കൂടുതൽ സാൽമണിനെ ദഹിപ്പിക്കാനാണല്ലോ ഞാൻ ബ്രാണ്ടി കഴിക്കുന്നത് !

ബ്രാണ്ടി അകത്ത്  പോകുന്നതിനിടയിൽ, 'ബി', അവന്റെ ഭാണ്ഡത്തിൽ നിന്ന്, ഉച്ചക്ക് എടുക്കാതിരുന്ന ഹെറിങ് (herring fish) ന്റെ ഡബ്ബ തുറന്ന് വിതരണം തുടങ്ങി. ഉച്ചക്ക് കഴിച്ച സ്മോക്ക്ഡ് സാൽമൺ ഇതിനകം കുറച്ച് പുറത്ത് പോയിട്ടുള്ളതിനാലും, ഭക്ഷണം ദഹിപ്പിക്കാനുതകുന്ന ദ്രാവകം ഉള്ളിലേക്ക് സിപ്പ് സിപ്പായി കയറുന്നതിനാലും, സർവ്വോപരി, എല്ലാം ദഹിപ്പിക്കുന്ന അഗ്നി മുന്നിൽ ആളിക്കത്തുന്ന ധൈര്യത്തിലും, ഹെറിങ് എന്ന ആ പകുതി വേവിച്ച പച്ചമീൻ, മുറിച്ച് മുറിച്ച് ഞങ്ങളെല്ലാവരും കഴിക്കാൻ തുടങ്ങി. 

മത്തി ബിരിയാണി, രണ്ട് സ്ടവ്കളുടെ മുകളിലായി തയ്യാറായിക്കൊണ്ടിരിക്കുന്നു... ഇടയ്ക്കിടയ്ക്ക്, എന്റെ വാളുമെടുത്ത്, ഓരോരുത്തർ, വിറകുകൾ മുറിച്ച്, കെട്ടി വലിച്ച് കൊണ്ടുവരുന്നു... 'ഡി' കൊണ്ടുവന്ന പാട്ടുപെട്ടിയിൽ നിന്ന് ഹിന്ദി-മലയാളം പാട്ടുകൾ, അവിടത്തെ അപ്പലാച്ചിയൻ മലനിരകളിലും കാനനവിഹായസ്സിലും അലയടിച്ചു കൊണ്ടിരിക്കുന്നു... അഗ്നികുണ്ഡത്തിൽ നിന്ന് അഗ്നിദേവൻ, ആവും പോലെ ഉയരത്തിൽ ആനന്ദനൃത്തമാടിക്കൊണ്ടിരിക്കുന്നു... അകത്ത് കയറിയ ബ്രാണ്ടിയുടെ ബലത്തിൽ, അഗ്നികുണ്ഡത്തിന് ചുറ്റുമായി ഞങ്ങളാലാവും വിധം, പാട്ടുപാടിചുവടുകൾ വച്ചുകൊണ്ടിരിക്കുന്നു... കാഴ്ചക്കാരായി ഞങ്ങൾ മാത്രം... അഗ്നികുണ്ഡത്തിനപ്പുറം കൂനാക്കൂരിരുട്ടും, ചീവീടുകളുടെ ശബ്ദവും,  കളകളാരവവും മാത്രം... 

മത്ത് തലക്ക് കയറുന്നതിനിടെ രണ്ടാം തവണയും, ഗ്ലാസ്സ് നിറഞ്ഞു. രണ്ടാമതും നിറഞ്ഞ ഗ്ളാസ്സിൽ നിന്ന് രണ്ടാം സിപ്പ്  എടുക്കുന്നതിനിടയിൽ, അരുവിയിലെ ഒഴുകുന്ന ജലം കൊണ്ട് സ്നാനാനുഭൂതി ഉണ്ടാവണമെന്ന് എനിക്ക് കലശലായ ആഗ്രഹമുണ്ടായി... കാലുകൾ നിലത്തുറക്കുന്നില്ലെങ്കിലും, അഗ്നികുണ്ഡത്തിൽ നിന്ന് ഉയരുന്ന വെളിച്ചത്തിന്റെ ചുവട് പിടിച്ച്, പ്രകൃതിയുടെ ആ പ്രശാന്തതയിൽ, നൂൽബന്ധങ്ങളോട് വിടപറഞ്ഞ്,  കൂരിരുട്ടിന്റെ മാത്രം ശാരീരികാവരണത്തിൽ, അരുവിയിലേക്കിറങ്ങി തീർത്ഥജലത്തിലെന്നപോലെ ആറാടി. ആ മതിമറന്ന ആറാട്ടിൽ, അഗ്നികുണ്ഡത്തിൽ നിന്നുയർന്ന് മൂക്കിലേക്ക് പടർന്ന പുകക്ക് ശിവമൂലിയുടെ വാസനയുണ്ടായിരുന്നോ എന്നെനിക്ക് സംശയം ജനിച്ചു.

ആറാട്ട് കഴിഞ്ഞ്, അഗ്നികുണ്ഡത്തിനരികിൽ, ഒരു വലിയ മരത്തടി വലിച്ച് കൊണ്ടുവന്ന്, മൂന്നു കല്ലുകളുടെ സഹായത്തോടെ, 'ബി'യുണ്ടാക്കിയ ബെഞ്ചിൽ വന്നിരുന്നത് വരെ എനിക്ക്  ഓർമ്മയുണ്ട്. പിന്നീടാകപ്പാടെ എനിക്കൊരു മൂകതയായിരുന്നു. അപ്പോഴും ആ മരത്തടിയിൽ ചാരി വച്ചിരിക്കുന്ന എന്റെ നെടുങ്കൻ വാളിന്റെ തിളക്കം എനിക്ക് അഗ്നിയുടെ വെളിച്ചത്തിൽ കാണാമായിരുന്നു. 

"ഇവനിപ്പോ വാള് വെക്കുമെന്ന് തോന്നുന്നല്ലോ" എന്ന്, എന്റെ നീണ്ട മൗനം കണ്ട്, 'ഡി' തമാശാരൂപത്തിൽ പറഞ്ഞതും, ഒറിജിനൽ വാള് വച്ചതിന്റെ മറുവശത്തേക്ക് എന്റെ കഴുത്ത് വെട്ടിച്ച്, നീളൻ വാളുകൾ ഞാൻ നീട്ടി നീട്ടി പുറത്തേക്കെടുത്തതും ഒരുമിച്ചായിരുന്നു. വാളുകൾ അടർന്നടർന്ന് ഊർന്ന് വീഴുന്നതിനിടയിൽ നാലഞ്ച് കൈകൾ, എന്റെ പുറത്തുകൂടെ അതിയായ സ്നേഹത്തോടെ തഴുകിക്കൊണ്ടിരുന്നു. എന്റെ വാളുകൾ തീർത്ത കുത്തൊഴുക്കിൽ, ഉച്ചക്ക് കഴിച്ച്, വയറിൽ ബാക്കിയുണ്ടായിരുന്ന  സാൽമണുകളും തൊട്ട് മുന്നേ കഴിച്ച ഹെറിങ്ങുകളും നീന്തിക്കളിക്കുന്നതായി എനിക്കനുഭവപ്പെട്ടു. അഗ്നിനാളങ്ങളുടെ വെളിച്ചത്തിൽ, ഒറിജിനൽ വാളും, എന്റെ അന്തരാളങ്ങളിൽ നിന്ന് മണ്ണിലേക്ക് ഊർന്നിറങ്ങിയ വാൾച്ചാലുകളും വെട്ടിത്തിളങ്ങി !!

ഉള്ളിലെ വാളുകൾ ഒറിജിനൽ വാളിന്റെ മറുവശത്തൂടെ മണ്ണിലേക്ക് ആഴ്ന്നിറങ്ങിയപ്പോൾ, എനിക്ക് കുറച്ചൊരു ആശ്വാസം തോന്നി. എങ്ങനെയെങ്കിലും പോയി കിടന്നാൽ മതിയെന്നായി എനിക്ക്. ആകപ്പാടെ നാണക്കേട്... മറ്റുള്ളവർക്ക് പറഞ്ഞ് ചിരിക്കാൻ ഒരു വൃത്തികെട്ട വകുപ്പാണ് ഉണ്ടായിരിക്കുന്നത്. ഞാൻ പതുക്കെ എഴുന്നേറ്റ് എന്റെ കൂടാരത്തിലേക്ക് നടക്കാൻ തുടങ്ങിയപ്പോൾ, എനിക്ക് വഴികാട്ടാൻ മുന്നിലൊരാളും, എന്നെ താങ്ങിപ്പിടിക്കാൻ ഇരുവശത്തും രണ്ടു പേരും അണിനിരന്നു. എനിക്ക് ഒറ്റയ്ക്ക് നടക്കാൻ പറ്റുമെന്ന് ഞാൻ താണ് വണങ്ങിപ്പറഞ്ഞെങ്കിലും അവരെന്നെ താങ്ങിപ്പിടിച്ച് കൊണ്ട് തന്നെ നടത്തിച്ചു. പോകുന്ന പോക്കിൽ, ആരുടെയോ കാല് തട്ടി (എന്റെ കാലാണെന്ന് എല്ലാവരും പറഞ്ഞത് എന്റെ ബോധത്തിനൊട്ടും ബോധിച്ചിട്ടുണ്ടായിരുന്നില്ല), ഒരു സ്റ്റവിൻറെ മേലെയുണ്ടായിരുന്ന പാത്രത്തിലെ മത്തിബിരിയാണി, മണ്ണിൽ നിന്ന് മുകളിലോട്ട് നോക്കി നിന്നിരുന്ന ഉറുമ്പുകളുടെ വായിലേക്ക് വീണു.

എന്റെ കൂടാരത്തിലോട്ട് മറ്റുള്ളവർക്ക് കടക്കാൻ പാകമില്ലാത്തത് കൊണ്ട്, എനിക്ക് ഒറ്റക്ക് തന്നെ ഉള്ളിലേക്ക് കടക്കേണ്ടി വന്നു. അല്ലെങ്കിൽ, സുഹൃത്തുക്കൾക്ക് സ്നേഹം കൂടി, എന്റെ കൂടാരത്തിൽ എന്നെ കെട്ടിപ്പിടിച്ച്, പുറം തടവിത്തന്ന് കൊണ്ട് കിടന്നേനെ.

അകത്ത് കയറിയ ഉടനെത്തന്നെ, കൂടാരത്തിന്റെയുള്ളിൽ, അടുക്കാതെ വച്ചിരുന്ന സാധനങ്ങളുടെ ഇടയിൽ, സ്ലീപ്പിങ് പാ ഡിന്റെ മേലെയാണെന്ന ധാരണയോടെ ഞാൻ മലർന്നു വീണു. ഉള്ള ബോധത്തിന്റെ പുറത്ത്, ഒരു വശത്തുണ്ടായിരുന്ന സ്ലീപ്പിങ് ബാഗെടുത്ത് എന്റെ മുകളിലേക്കിട്ടു. എനിക്ക് കുടിക്കാൻ വെള്ളവും മറ്റും കൊണ്ട് വച്ചിട്ടുണ്ടെന്ന് കൂട്ടുകാർ പറയുന്നത് ഞാൻ കേൾക്കുന്നുണ്ട്. പക്ഷേ, ഒരു മൂളലിനപ്പുറം, വേറൊരുത്തരം കൊടുക്കാനുള്ള ശേഷി എനിക്കുണ്ടായിരുന്നില്ല.

കൂടാരത്തിനുള്ളിൽ കിടക്കുന്നതിനിടയിൽ, രണ്ടോ മൂന്നോ തവണ, കുഞ്ഞു കുഞ്ഞു വാളുകൾ പുറത്തെടുക്കാൻ ഗർജ്ജിച്ച് കൊണ്ട് വീണ്ടും ശ്രമിച്ചെങ്കിലും, ഉരുകിയ ഈയ്യം പോലെ മാത്രമാണ് വാളുകൾ പുറത്തേക്ക് വന്നത്. അതും പിന്നീട് വെറും ഗർജ്ജനം മാത്രമായി മാറി.

കിടക്കുന്നതിനിടയിൽ, എന്റെ വാളിനെപ്പറ്റിയും, അതിന്റെ കാരണങ്ങളെക്കുറിച്ചുമൊക്കെയുള്ള ചർച്ചകൾ ഫയർ പിറ്റിന് ചുറ്റുമിരുന്ന് ചർച്ച ചെയ്യുകയായിരുന്നു മറ്റുള്ളവർ. ചില കാരണങ്ങൾ കേട്ടപ്പോൾ, എഴുന്നേറ്റ് പോയി, പറഞ്ഞവന്റെ ഊരക്കിട്ട് രണ്ട് ചവിട്ട് ചവിട്ടാൻ തോന്നിയെങ്കിലും, ഒന്നും ചെയ്യാൻ പറ്റാത്തവിധം, നിസ്സഹായനായിരുന്നു ഞാൻ. ആ നിസ്സഹായാവസ്ഥയിൽ ഉറങ്ങാൻ ശ്രമിക്കുകയല്ലാതെ വേറെ വഴിയൊന്നും ഉണ്ടായിരുന്നില്ല.

അങ്ങനെ ഉറങ്ങുന്നതിനിടയിൽ, ഒന്നുരണ്ടു തവണ, 'സി' വന്ന് എന്നെ കുലുക്കിവിളിച്ച്, ഞാൻ ജീവിച്ചിരിക്കുന്നുണ്ട് എന്ന് ഉറപ്പു വരുത്തിയത് ഉറക്കത്തിന്റെയും ക്ഷീണത്തിന്റെയും ഇടയിൽ എനിക്ക് ദേഷ്യം വരുത്തിയെങ്കിലും, ആ വിളിയുടെ പിന്നിലെ സ്നേഹത്തെക്കുറിച്ച് ആലോചിച്ചപ്പോൾ സന്തോഷം തോന്നി.

പുലർച്ചെ ഏതോ യാമത്തിൽ കലശലായ മൂത്രശങ്ക മൂലം ഉണർന്നപ്പോഴാണ്, അതുവരെ സംഭവിച്ച കാര്യങ്ങളെക്കുറിച്ച് എന്നിലൊരു പുനർവിചിന്തനം ഉണ്ടായത്. അപ്പഴേക്കും ചെറിയ തോതിൽ തലവേദനയും തുടങ്ങിയിരുന്നു. അപ്പോഴാണ്, അത്രയും നേരം, സ്ലീപ്പിങ് ബാഗിന്റെ ഒരു വശം തുറന്നാണ് കിടന്നതെന്ന്, ശരീരത്തിന്റെ ഒരു വശത്തെ മരവിപ്പ് കാരണം മനസ്സിലായത്. തണുപ്പകറ്റാൻ വേണ്ടി കൊണ്ടുവന്ന കമ്പിളി പജാമയും കമ്പിളി സോക്സും എല്ലാം ബാഗിൽത്തന്നെ വിശ്രമിച്ചു. മൂത്രശങ്ക തീർക്കാൻ വേണ്ടി, എഴുന്നേൽക്കാൻ ഒരു ശ്രമം നടത്തിയെങ്കിലും, വല്ലാത്ത ക്ഷീണവും ശരീരവേദനയും മൂലം കുറച്ച് നേരത്തേക്ക് ആ ശ്രമം ഉപേക്ഷിച്ചു.

ചുറ്റും പ്രശാന്തമായ ശാന്തത. അരുവിയുടെ ഒഴുക്കിന്റെ ശബ്ദവും കാട്ടിലെ ചീവീടുകളുടെ ശബ്ദവും ഗംഭീര നാദസ്വരം തീർക്കുന്നുണ്ട്. മൂത്രശങ്ക പിടിച്ചാൽ കിട്ടാത്ത അവസ്ഥയിലായപ്പോൾ, പതുക്കെ എഴുന്നേറ്റിരുന്നു. ശരീരത്തിന്റെ പല ഭാഗങ്ങളും ചൊറിയുന്നുണ്ട്. കുറച്ച് നേരമിരുന്ന്, ഒന്ന് ബ്രെയിൻ ബാലൻസ് ചെയ്തതിന് ശേഷം, കുനിഞ്ഞ് പുറത്തേക്ക് കടന്നു. അപ്പഴാണ് എനിക്ക് സ്ഥലകാലബോധം നഷ്ടപ്പെട്ടത് പോലെ തോന്നിയത്. എങ്ങോട്ടു പോകണം, ഇവിടെ കാര്യം സാധിക്കണം എന്നതിനെക്കുറിച്ച് ഒരു പിടിയും കിട്ടിയില്ല. പതുക്കെ വീണ്ടും കൂടാരത്തിലേക്ക് കയറി, തലയിൽ കെട്ടുന്ന ഫ്ലാഷ് ലൈറ്റ് തപ്പിയെടുത്ത് വളരെ പതുക്കെ നടന്ന്, അതിനടുത്തുള്ള ഒരു വലിയ മരത്തിന്റെ സോഡിയത്തിലുള കുറവ് പരിഹരിച്ചുകൊടുത്തതിന് ശേഷം, വീണ്ടും ഉള്ളിലേക്ക് കയറിക്കിടന്നു.

വീണ്ടും കിടന്ന എനിക്ക് ഒട്ടും ഉറക്ക് വന്നില്ല. ഇനി എങ്ങനെ മലയാത്ര നടത്തും എന്ന ചിന്ത എന്നെ തീർത്തും ഭയചകിതനാക്കി. എന്നെക്കൊണ്ട് മറ്റുള്ളവരുടെയും യാത്ര മുടങ്ങിപ്പോകുമോ എന്ന് ഞാൻപേടിച്ചു. ഇതിന് മുൻപ് രണ്ട് മൂന്ന് തവണ, ചില സന്ദർഭങ്ങളിൽ വാള് വെക്കേണ്ടി വന്നപ്പോഴൊക്കെ, വാളിന്റെ പിറ്റേ ദിവസം ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയായിരുന്നു ഉണ്ടായിട്ടുള്ളത് എന്നത്, എനിക്ക് ഓർക്കാനേ വയ്യായിരുന്നു. ഇന്നും അത് പോലെ ആയാൽ എന്തായിരിക്കും അവസ്ഥ ! ദിവസം മുഴുവൻ ആ കൂടാരത്തിൽ കിടക്കാൻ പറ്റുമോ?

ഒരു വശത്തുണ്ടായിരുന്ന ഒരു കുപ്പി വെള്ളം മുഴുവൻ ഞാൻ ഒറ്റവലിക്ക് കുടിച്ച് തീർത്തു. നിർജ്ജലീകരണം കാരണമാണ് തലവേദനയെങ്കിൽ, തലവേദനക്ക് കുറച്ചെങ്കിലും ശമനമുണ്ടാകുമല്ലോ. വെള്ളം കുടിച്ച് കഴിഞ്ഞപ്പോൾ വീണ്ടും വാള് വെക്കുമോ എന്ന ഭയംവീണ്ടും ഉണ്ടായി. ഓക്കാനം വന്നെങ്കിലും ഭാഗ്യത്തിന് വെള്ളിവാൾ പുറത്തേക്ക് വീണില്ല. 

അങ്ങനെ ചിന്തിച്ചിരിക്കേ, നേരം വെളുത്തു. അപ്പഴേക്കും രവിശങ്കര-ശ്വസനക്രിയ ചെയ്യാൻ 'സി' എഴുന്നേറ്റിരുന്നു. എഴുന്നേറ്റയുടനെത്തന്നെ അവൻ കാപ്പിയുണ്ടാക്കാനുള്ള ശ്രമം തുടങ്ങിയതായി അവന്റെ ഒറ്റക്കുള്ള ബഹളത്തിൽ നിന്ന് എനിക്ക് മനസ്സിലായി. അര മണിക്കൂറിനകം, 'എടാ നല്ല ചൂട് കാപ്പി വേണ്ടേ'' എന്നും പറഞ്ഞു കൊണ്ട്, ഒരു ഗ്ലാസിൽ ചൂട് കാപ്പിയുമായി, 'സി', എന്റെ കൂടാരവാതിലിന് മുന്നിലെത്തി. സത്യത്തിൽ ഞാനും ഒരു ചൂട് കാപ്പിക്ക് ആഗ്രഹിച്ചിരിക്കുകയായിരുന്നു. ക്ഷീണവും തലവേദനയും പോയാലല്ലേ അടുത്ത പതിനാറ് മൈൽ നടക്കാൻ പറ്റുള്ളൂ... അതും റോളർ കോസ്റ്റർ !

കഴിവതും എട്ടുമണിക്ക് മുന്നേതന്നെ യാത്ര തിരിക്കണമെന്നായിരുന്നു ഞങ്ങളുടെ പ്ലാൻ. പതിനാറ് മൈലുകൾ ദൂരത്തിലുള്ള Keys Gap വരെ എത്തേണ്ടതാണ്. ഏഴര ആയിട്ടും, 'സി' ഒഴിച്ച് വേറാരും എഴുന്നേറ്റിട്ടില്ല. ഞാൻ പതുക്കെ എഴുന്നേറ്റ്, ടൂത്ത്ബ്രഷിൽ ടൂത്ത്പേസ്റ്റും പുരട്ടി, പ്രഭാതകർമ്മസവാരിക്ക് പുറപ്പെട്ടു. നടക്കാൻ ആവതില്ലെങ്കിലും വീഴാതിരിക്കാനും എനിക്ക് കുഴപ്പമില്ലെന്ന് ഭാവിക്കാനും ഞാൻ ശ്രമിച്ചുകൊണ്ടിരുന്നു.

കുഴികുത്തിയിരിക്കുമ്പോൾ, ശരീരത്തിലെ ചൊറിയുന്ന ഭാഗങ്ങൾ നോക്കിയപ്പോഴാണ് ഉറക്കത്തിൽ എന്തൊക്കെയോ കുഞ്ഞൻ ജീവികൾ എന്നെ നക്കിയിരിക്കുന്നു എന്ന് മനസ്സിലായത്. പലയിടത്തും രഹസ്യഭാഗങ്ങളിലും ചുവന്ന പാടുകൾ! തിരിച്ച് വരുന്ന വരവിൽ, അരുവിയിൽ നിന്ന് ഇത്തിരി വെള്ളമെടുത്ത് ബ്രഷ് നനച്ചതിന് ശേഷം, ബ്രഷ് ചെയ്യാൻ തുടങ്ങിയതും, അതാ പോകുന്നു അടുത്ത വാൾ... രാവിലെ കുടിച്ചതിൽ, വയറ്റിൽ ബാക്കിയുണ്ടായിരുന്ന വെള്ളവും കാപ്പിയും, ഒരു പരാബോള (parabola) രൂപത്തിൽ മണ്ണിലേക്ക് കൂപ്പുകുത്തി. ആരെങ്കിലും കാണുന്നുണ്ടോ എന്നതിലായിരുന്നു, വാള് വെക്കുന്നതിനേക്കാൾ എന്റെ ശ്രദ്ധ! മറ്റുള്ളവർ എഴുന്നേൽക്കാത്തതിനാലും, 'സി' അവന്റെ കണ്ണുമടച്ചുള്ള ശ്വസനക്രിയയുടെ ഇടയിലായതിനാലും, ഭാഗ്യത്തിന്, എന്റെ പുതിയ ചൂടൻ വാൾ ആരും കണ്ടില്ല!

തിരിച്ച് വന്ന്, ബാക്കിയുണ്ടായിരുന്ന ഒരു കപ്പ് കാപ്പി ചൂടാക്കി പകുതിയോളം കുടിച്ചു. ആ സമയത്തും സ്വന്തം തലക്ക് പൂർണ്ണമായും ഒരു ബാലൻസ് കിട്ടിയിട്ടുണ്ടായിരുന്നില്ല. ഇനി എന്ത് കഴിച്ചാലും, പുതിയ പുതിയ വാളുകൾ പുറത്തേക്ക് വരുമെന്ന് ഞാൻ ഭയപ്പെട്ടു. മാത്രവുമല്ല പുതിയ വാളുകൾ, ആരെങ്കിലും കണ്ടാൽ, അത് അവരെയും സമ്മർദ്ദത്തിലാക്കും. 

എട്ടരയാവുമ്പഴേക്കും എല്ലാവരും എഴുന്നേറ്റു. എന്റെ തലേന്നത്തെ പ്രകടനങ്ങളെക്കുറിച്ചുള്ള ചർച്ചകളായിരുന്നു പിന്നീടങ്ങോട്ട് കുറച്ച് നേരം നടന്നത്. വാളിനെക്കുറിച്ചുള്ള ചർച്ചകളിൽ എനിക്ക് ഒട്ടും താല്പര്യം ഉണ്ടായിരുന്നില്ല. എന്ത് പറ്റിയെന്ന് കൃത്യമായി അറിയില്ലെങ്കിലും, സ്മോക്ക്ഡ് സാൽമണിനെയും പകുതിമാത്രം വെന്ത ഹെറിങ്ങിനെയും ഞാൻ കുറ്റം പറഞ്ഞു. രണ്ട് പെഗ്ഗ് പോലും കഴിച്ചില്ലെങ്കിലും, കുടിച്ച കള്ളിനെ കുറ്റം പറയാൻ പറ്റില്ലല്ലോ !

മറ്റുള്ളവർ പ്രഭാതകർമ്മങ്ങളിൽ  മുഴുകിയപ്പോൾ, ഞാൻ, എന്റെ കൂടാരമൊക്കെ അഴിച്ച് മടക്കിക്കെട്ടുന്ന പ്രവൃത്തിയിൽ മുഴുകി. കൂടാരം അഴിച്ച് മാറ്റുന്ന ജോലി പോലും ചെയ്യാൻ  കഴിയുന്നില്ലെങ്കിൽ, പിന്നെ തീർച്ചയായും നടക്കാൻ കൂടി പറ്റില്ലല്ലോ. ഞാൻ എന്റെ മനസ്സിനേയും ശരീരത്തെയും പാകപ്പെടുത്തിക്കൊണ്ടിരുന്നു. 'നിനക്ക് ശരിയായേ പറ്റൂ...  ഇനിയും കുറെ നടക്കാനുള്ളതാണ്... മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കരുത്...' എന്നൊക്കെ സ്വയം മനസ്സിൽ പറഞ്ഞുകൊണ്ടിരുന്നു.

എന്തായാലും, എല്ലാവരേക്കാളും മുന്നേ തന്നെ, കൂടാരമൊക്കെ അഴിച്ച്, ഞാനെന്റെ ഭാണ്ഡം വീണ്ടും റെഡിയാക്കി. ഒറിജിനൽ വാളെടുത്ത്, ബാക്ക്പാക്കിന്റെ സൈഡ് പോക്കറ്റിൽ തിരുകിയതിന് ശേഷം,വീണ്ടും വെള്ളിവാളുകൾ പുറത്ത് വരാതിരിക്കാനായി, തലേ ദിവസം വീണ് മണ്ണിട്ട് മൂടിയ വാളുകളുടെ വശത്തായി, ഞാൻ കണ്ണുമടച്ച് ധ്യാനിച്ചിരുന്നു. 

എന്തെങ്കിലും കഴിക്കാതെ യാത്ര തുടങ്ങാൻ പറ്റില്ലല്ലോ. അവസാനം കുടിച്ച കാപ്പിയും, പുറത്തേക്ക് ചാടാനായി ഉള്ളിൽ ഒരുങ്ങി നിൽക്കുന്നതായി ഞാൻ  മനസ്സിലാക്കി. അതുകൊണ്ട് തന്നെ വീണ്ടും വല്ലതും കഴിക്കാൻ പേടി തോന്നി. മറ്റുള്ളവരും അവരവരുടെ കൂടാരങ്ങൾ അഴിച്ച് പാക്ക് ചെയ്‌തതിന്‌ ശേഷം, പ്രാതലായി ബ്രഡും ഹമുസ്സും എടുത്ത് കഴിപ്പ് ആരംഭിച്ചു. ഞാനും കഴിക്കാൻ തുടങ്ങിയെങ്കിലും പകുതി ബ്രഡ് കഴിക്കുമ്പഴേക്കും 'വേണ്ട' എന്ന അറിയിപ്പ് വയറ്റിൽ നിന്നും കിട്ടിയതിനാൽ ഉടനെ നിർത്തി. 

"നിനക്ക് നടക്കാൻ പറ്റുമോ..." എന്ന ചോദ്യത്തിന് "പറ്റും" എന്ന് ഞാൻ മറുപടി പറഞ്ഞെങ്കിലും എനിക്ക് ഒട്ടും വിശ്വാസം ഉണ്ടായിരുന്നില്ല. എന്തായാലും അവരെ ഞാനായിട്ട് നിരുത്സാഹപ്പെടുത്തരുതല്ലോ. വരുന്നത് വഴിയിൽ കാണാം എന്നായിരുന്നു എന്റെ ലൈൻ. എന്തായാലും ഞാനൊരു തീരുമാനം എടുത്തിരുന്നു. ഇനി നടക്കുമ്പോൾ ആക്രാന്തത്തോടെ നടക്കില്ല.... ചുരുങ്ങിയത്, 'ഡി'യുടെ കൂടെയും 'സി'യുടെ കൂടെയുമായിട്ടെങ്കിലും ഞാനുണ്ടാകും... അങ്ങനെയാവുമ്പോൾ പതുക്കെ നടന്നാൽ മതിയല്ലോ !

എന്തായാലും, വിചാരിച്ചതിനെക്കാളും രണ്ട് മണിക്കൂറോളം വൈകിയെങ്കിലും, സ്പൗട് റണ്ണിനോട് വിടപറഞ്ഞ്, ഞങ്ങൾ രണ്ടാമത്തെ ദിവസത്തെ യാത്ര ആരംഭിച്ചു. വയറ്റിലൊന്നുമില്ലാത്ത അവസ്ഥയിൽ, തല വേദനിക്കുന്ന അവസ്ഥയിൽ, തല ചുറ്റുന്ന അവസ്ഥയിൽ, വലിയ ഭാരവുമെടുത്ത്, കാൽപാദമൊന്ന് ഊന്നി വെക്കാൻ പോലും പറ്റാത്ത ദുർഘടമായ മലമ്പാതയിലൂടെ എങ്ങനെ പതിനാറ് മൈലോളം നടക്കുമെന്നാലോചിച്ച് എനിക്കൊരെത്തും പിടിയും കിട്ടിയില്ല.  എന്തായാലും, ക്ഷീണവും തളർച്ചയും തലവേദനയും പുറത്ത് കാണിക്കാതെ, പതുക്കെ നടക്കുക തന്നെ ! പള്ളിയിലെ കാര്യം അള്ളാക്കല്ലേ അറിയൂ !!

പതിവ് പോലെ തുടക്കത്തിൽ എല്ലാവരും ഒരുമിച്ചായിരുന്നെങ്കിലും, 'ബി' തുടക്കം മുതൽ തന്നെ അവന്റെ വേഗതയുള്ള താളത്തിലെത്തിച്ചേർന്നു. ബാക്കി നാല് പേരും കുറേ നേരം ഒരുമിച്ച് നടന്നെങ്കിലും പതുക്കെപ്പതുക്കെ ഞാനും 'ഇ'യും ഒരു ബ്ലോക്കായി മുന്നിലാവുകയും, 'സി'യും 'ഡി'യും പിന്നിലാവുകയും ചെയ്തു. അപ്പോഴാണ് എന്റെ അനാരോഗ്യം അത്ര മോശമല്ല എന്ന് ഞാൻ ചിന്തിച്ച് തുടങ്ങിയത് !

ഏകദേശം രണ്ട് മൈലുകൾ നടന്നപ്പഴേക്കും എന്തോ ഭാഗ്യത്തിന്, ആ കടുപ്പപ്പെട്ട നടത്തത്തിനിടയിൽ പോലും എന്റെ ക്ഷീണം ഇല്ലാതാവുകയും, ചെറിയ തോതിൽ വിശപ്പ് തോന്നുകയും ചെയ്തപ്പോൾ, വയറിന് അധികം ക്ഷീണം തോന്നാത്ത രീതിയിൽ, ഒരു ആപ്പിളെടുത്ത് കഴിച്ചു. പിന്നീട് കുറച്ച് വെള്ളവും കൂടി കുടിച്ചപ്പോൾ ഞാൻ വീണ്ടും പഴയ ആളായത് പോലെ തോന്നിയത്, രാവിലെ മുതൽ അതുവരെയുണ്ടായിരുന്ന ആശങ്ക ഒഴിവാക്കാൻ സഹായിച്ചു. ആപ്പിൾ തിന്ന് നടക്കുന്നതിനിടയിൽ 'Roller Coaster Ends' എന്നെഴുതിയ ഫലകം കണ്ടത് വീണ്ടും ഒരു മാനസികാനന്ദം നൽകിയെങ്കിലും വഴിയുടെ ദുർഘടാവസ്ഥ, അതുവരെയൊക്കെയുണ്ടായിരുന്നത് പോലെത്തന്നെ തുടരുന്നതാണ് പിന്നീട് കണ്ടത്. 

സ്പൗട് റണ്ണിൽ നിന്ന് കദേശം മൂന്ന് മൈലോളം നടന്ന് bears den ൽ എത്തുമ്പഴേക്കും സമയം ഉച്ചക്ക് പന്ത്രണ്ട് മണിയായിരുന്നു. 'സി'യും 'ഡി'യും അവിടെയെത്താൻ പിന്നേയും സമയമെടുത്തു. മലഞ്ചെരുവിൽ, പാറക്കൂട്ടങ്ങൾ തലങ്ങും വിലങ്ങും തീർത്ത ചെറിയ ഗുഹകളും, ഗർത്തങ്ങളുമടങ്ങിയ മനോഹരമായ ദൂരദൃശ്യം തരുന്ന ഒരു സ്ഥലമാണ് bears den. അവിടെ അര മണിക്കൂറോളം ചിലവിട്ട് കുറച്ച് വെള്ളവും ഒന്നുരണ്ട് ഗ്രനോല ബാറുകളും കഴിച്ചതിന് ശേഷം വീണ്ടും നമ്മൾ യാത്ര പുറപ്പെട്ടു. 

നടക്കുന്നതിനിടയിൽ, നമുക്ക് ഒരു കാര്യം മനസ്സിലായി. ഇങ്ങനെ പോയാൽ, Keys Gap ൽ രാത്രി ഒൻപത് മണിയായാലും എത്തില്ല. നേരം ഇരുട്ടിയാൽ, വനപാതയിലൂടെ നടക്കുക എന്നത് തീർച്ചയായും ബുദ്ധിമുട്ടുള്ള കാര്യമാണ്. "ഫ്‌ളാഷ് ലൈറ്റുമിട്ട് പോകാം" എന്നൊക്കെ ചിലർ പറഞ്ഞെങ്കിലും അതൊന്നും നടക്കാത്ത കാര്യമാണെന്ന് ഉറപ്പായിരുന്നു.

പ്രത്യേകിച്ച്, 'ഡി'യുടെ അവസ്ഥ എന്തോ വളരെ പരിതാപകരമായിരുന്നു. Roller Coaster, അവനെ ശരിക്കും തളർത്തിക്കഴിഞ്ഞിരുന്നു. വാള് വച്ച് ക്ഷീണിതനായതിനാൽ, ഞാനായിരിക്കും യാത്രയിലെ കുരിശായിത്തീരുക എന്നതായിരുന്നു രാവിലെ എനിക്കുണ്ടായിരുന്ന ചിന്തയെങ്കിലും, ഇപ്പോൾ ആ പ്രശ്‌നം മാറിയിരിക്കുന്നു. പക്ഷേ 'ഡി' ക്ക് രണ്ടാമത്തെ ദിവസത്തെ നടത്തം ഒട്ടും ആവതുണ്ടായിരുന്നില്ല. 

Bears den ൽ നിന്ന് അര മൈലോളം നടന്നപ്പോൾ Route 7 എന്ന പാതയിലെ Snicker's  Gap എന്ന സ്ഥലത്തെത്തി. ഇനി, ഏഴ് മൈൽ കഴിഞ്ഞാലേ അടുത്ത Gap ആയ Blackburn Trail Center Access എന്ന സ്ഥലത്ത് എത്തുകയുള്ളൂ. ഇതിനകം തന്നെ ഉച്ചക്ക് ഒരു മണിയായിക്കഴിഞ്ഞിരിക്കുന്നു. അപ്പഴേക്കും, അടുത്ത view point ആയ Raven's Rock ൽ കാണാമെന്ന ധാരണയിൽ, 'ബി' നമ്മുടെ കൂട്ടം വിട്ട്, മുന്നിലെത്തിക്കഴിഞ്ഞിരുന്നു. 

Snicker's  Gap ൽ നിന്ന് പിന്നെയും നാല് മൈലോളം നടന്നാലേ  Raven's Rock ൽ എത്തുകയുള്ളൂ. Roller Coaster ന്റെ ഭാഗമല്ലെങ്കിലും,  Raven's Rock വരെയുള്ള ഭാഗവും വളരെ ദുർഘടമാണ്.  Raven's Rock വരെ എത്തുമ്പഴേക്കും 'ഡി'യുടെ കാര്യം എന്താവുമെന്ന് 'ഡി'ക്ക് പോലും ഒരു നിശ്ചയവുമില്ലാത്ത അവസ്ഥ ! ഒരു കൂനുള്ള പാമ്പ് ഇഴഞ്ഞ് കയറുന്നത് പോലെയായിരുന്നു അവന്റെ മലകയറ്റം.

ഇതിനിടയിൽ, 'ഇ'യുടെ കൂടെ നടക്കുമ്പോൾ രസകരമായ ചില നോട്ടങ്ങൾ 'ഇ'യുടെ മേലെ പതിക്കുന്നതായി ഞാൻ ശ്രദ്ധിച്ചു. 'ഇ'യുടെ ഭാണ്ഡക്കെട്ടിന്റെ അവസ്‌ഥ നേരത്തെ പറഞ്ഞിരുന്നല്ലോ. അശ്രദ്ധമായി, ഒരു ബാലൻസുമില്ലാതെ തൂങ്ങിക്കിടക്കുന്ന ബാഗും സ്ലീപ്പിങ് പാഡും സ്ലീപ്പിങ് ബാഗുമൊക്കെ എടുത്തുള്ള, ചെവിയിൽ ഹെഡ് ഫോണും(പാട്ട് കേൾക്കാൻ) വച്ചുള്ള, 'ഇ'യുടെ കുത്തോട്ട് നോക്കിയുള്ള നടപ്പ് കണ്ടാൽ, എതിരേ വരുന്ന ആളുകൾ, അവനെ cross ചെയ്തതിന് മുന്നേയും ശേഷവും ഒരു പ്രത്യേക തരത്തിൽ വളരെ കൗതുകത്തോടെ നോക്കുന്നുണ്ടായിരുന്നു. ഏത് കയറ്റത്തിലും ഇറക്കത്തിലും  'ഇ'യുടെ നടത്തത്തിന് ഒരു വ്യത്യാസവും ഉണ്ടായിരുന്നില്ല. എല്ലായിടത്തും ഒരേ വേഗത. തിരിഞ്ഞും മറിഞ്ഞും നോക്കില്ല. മുന്നിലായി നടക്കുന്ന ഉറുമ്പിനെ നോക്കി നടക്കുന്നത് പോലെ തോന്നും 'ഇ'യുടെ നടപ്പ് കണ്ടാൽ. ഒരുതരം addict ന്റെ യാത്ര!

Raven's Rock എത്തുന്നതിന് തൊട്ട് മുൻപാണ്, വിർജീനിയയെയും വെസ്റ്റ് വിർജീനിയയെയും വേർതിരിക്കുന്ന State Line കടന്ന് പോകുന്നത്. ഞാനും 'ഇ'യും Raven's Rock ൽ എത്തുമ്പഴേക്കും 'ബി'അവിടെ എത്തിയിട്ട് പത്തിരുപത് മിനുട്ടുകൾ കഴിഞ്ഞരുന്നു. 'സി'യും 'ഡി'യും അവിടെയെത്താൻ പിന്നെയും മുക്കാൽ മണിക്കൂറോളം എടുത്തു. അപ്പഴേക്കും സമയം മൂന്നര കഴിഞ്ഞിരുന്നു. ഇനിയും മൂന്ന് മൈലിലും കൂടുതൽ നടന്നാലേ Blackburn Trail Center Acces ൽ എത്തുകയുള്ളൂ. അവിടെ നിന്നും പിന്നെയും ആറര മൈലോളമുണ്ട് Keys Gap ൽ എത്താൻ. 

യാത്രയുടെ തുടക്കത്തിൽ, Keys Gap നടുത്ത് എവിടെയെങ്കിലും ടെന്റടിച്ച് കിടന്ന്, പോട്ടോമാക് നദിയും ഷാനാൻഡോവ നദിയും കൂടിച്ചേരുന്ന, മെരിലാൻഡും വിർജീനിയയും വെസ്റ്റ് വിർജീനിയയും അതിർത്തി പങ്കിടുന്ന, Harpers Ferry എന്ന മനോഹരമായ സ്ഥലത്തോളം ഹൈക്ക് ചെയ്തുകൂടേ എന്നൊക്കെയുള്ള അത്യാഗ്രഹം നമുക്ക് ഉണ്ടായിരുന്നു. പക്ഷേ, നമ്മുടെ ഗ്രൂപ്പിന്റെ മൊത്തത്തിലുള്ള നടത്തത്തിന്റെ pace വച്ച് നോക്കുമ്പോൾ Harpers Ferry പോയിട്ട്, Keys ഗാപ് പോയിട്ട്, Blackburn Trail Center Acces ൽ പോലും എത്തുമോ എന്ന സംശയമായിരുന്നു ഞങ്ങൾക്ക് പിന്നീടുണ്ടായത്.

Raven's Rock ൽ വച്ച് ഉച്ചഭക്ഷണം കഴിച്ച് ഞങ്ങൾ വീണ്ടും നടത്തം തുടർന്നു. Blackburn Trail Center Access ന്റെ പരിസരത്ത് കാണാം എന്നാ ധാരണയിൽ 'ബി' വേഗത്തിൽ മുന്നോട്ട് നടന്നു. 

Raven's Rock കഴിഞ്ഞ് കുറച്ച് കഴിഞ്ഞപ്പോഴേക്കും പാതയിലെ കല്ലും പാറകളും കുറഞ്ഞു വന്നു. Roller Coaster ന്റേത് പോലുള്ള ദുർഘടാവസ്ഥകളും ഇല്ലാതായെങ്കിലും, വനപാത, വനപാത തന്നെ! 

പാതയുടെ ദുർഘടാവസ്ഥകുറേയൊക്കെ മാറിയെങ്കിലും, 'ഡി'ക്ക് എന്തുകൊണ്ടോ ഒട്ടും നടക്കാൻ വയ്യ എന്ന അവസ്ഥ സംജാതമായി. ഞാനും 'സി'യും 'ഡി'യും കുറച്ച് ദൂരം ഒരുമിച്ച് നടന്നു. 'ഇ' ഞങ്ങളെയും കടന്ന് മുന്നോട്ട് പോയി. ഇനി ഞാനും 'സി'യും കൂടെയുള്ളത് കൊണ്ടാണോ 'ഡി' നടക്കാത്തത് എന്ന് ചിന്തിച്ച്, കുറച്ച് നേരത്തേക്ക്, 'ഡി'യെ ഒറ്റക്കാക്കി, ഞങ്ങൾ മുന്നിലേക്ക് കേറി. ഇടക്കിടക്ക് നിന്ന് 'ഡി'ക്ക് വേണ്ടി കാത്തുനിൽക്കുമെങ്കിലും, അവൻ നടന്നു വരുന്നത് കാണുമ്പഴേക്കും ഞങ്ങൾ വീണ്ടും അവനെക്കാണാതെ നടന്ന് തുടങ്ങും.

കുറച്ച് നേരം ഒറ്റക്ക് നടന്നപ്പഴേക്കും, ഒറ്റക്ക് നടന്ന് 'ഡി'ക്ക് പ്രാന്തായിക്കാണണം, അവൻ അവന്റെ വിസിൽ പരപരാ ഊതി. അത്തരത്തിൽ panic whistle കേട്ടതോടെ ഞാനും 'സി'യും പരിഭ്രാന്തരായി. തിരിച്ച് നടക്കാൻ തുടങ്ങിയ എന്നെ, തടഞ്ഞ്, 'സി', 'ഡി'യെ കാറിവിളിച്ചു. ഭാഗ്യത്തിന് 'ഡി' വിളി കേട്ടത് ആശ്വാസമായി.

സത്യത്തിൽ, ഒറ്റക്ക് നടന്ന് 'ഡി' മടുത്തിരിക്കുന്നു. ചുരുങ്ങിയത്, അവന്റെ കണ്ണിൻപുറത്തെങ്കിലും നമ്മൾ ഉണ്ടാവണമെന്നതാണ് അവന്റെ ആഗ്രഹം. അത് കേട്ടതിന് ശേഷം, ഞാനും 'സി'യും പിന്നെ 'ഡി'യുടെ കൂടെയായി നടത്തം.

ആ നടത്തത്തിനിടയിൽ 'ഡി' വല്ലാതെ പരവേശം കാണിക്കാൻ തുടങ്ങി. ഇനി ഒരടി മുന്നോട്ട് വെക്കാൻ എനിക്ക് പറ്റില്ല എന്നൊക്കെ പറയാൻ തുടങ്ങി. പ്രസവം അടുത്തെത്തിയ പെണ്ണിനെപ്പോലെയോ, പരലോകം കാണാൻ പോകുന്ന ആത്മാവിനെപ്പോലെയോ ഒക്കെ തോന്നും അവന്റെ പ്രകടനം കണ്ടാൽ ! "നിങ്ങൾക്ക് വേണമെങ്കിൽ മുന്നോട്ട് പൊയ്ക്കോളൂ... ഞാൻ എന്റെ പ്രധാനമന്ത്രിയെ വിളിച്ച് അവളുടെ കൂടെ, Blackburn Trail Center Acces ൽ നിന്നും തിരിച്ച് പോകുകയാണ്" എന്നൊക്കെ അവൻ കിതച്ച് കൊണ്ട് പറയാൻ തുടങ്ങി.

ഞങ്ങൾക്കും ഏകദേശം ഉറപ്പാണ്, ഇനി Blackburn Trail Center Acces ൽ നിന്ന് ആറര മെയിൽ നടക്കാനുള്ള സമയം ഞങ്ങളുടെയടുത്ത് ഇല്ല. Blackburn Trail Center Acces ഏതാണ് ഇനിയും ഒന്നര മൈലോളം ബാക്കി കിടപ്പുണ്ട്. അപ്പഴേക്കും സമയം അഞ്ചര കഴിയും. പിന്നെയും അവിടുന്ന്‌ ആറര മെയിൽ താണ്ടണമെങ്കിൽ നാല് മണിക്കൂറോളം ഇനിയും എടുത്തേക്കാം. ആ അവസ്ഥയിൽ, 'ഡി' കൂടെയുണ്ടെങ്കിൽ പിന്നെ പറയുകയേ വേണ്ട !

എന്തായാലും Blackburn Trail Center Access ൽ എത്തി, അവിടെ നിന്ന് കൂട്ടായി തീരുമാനിക്കാം എന്നും പറഞ്ഞ് ഞങ്ങൾ മുന്നോട്ട് നടന്നു. കുറച്ച് നേരം നടന്നപ്പഴേക്കും ഒരു പാറപ്പുറത്ത് ആരോ കിടക്കുന്നത് കണ്ടു. അടുത്തെത്തിയപ്പോൾ അത് 'ഇ' ആയിരുന്നു. മസിൽ കയറിയതിനാൽ കയറിക്കിടന്നതാണ് പുള്ളി !

അവിടെ കുറച്ച് നേരം ഇരുന്നതിന് ശേഷം, ഞങ്ങൾ നാലുപേരും ഒരുമിച്ച് യാത്ര തുടർന്നു. ഏകദേശം ആറ് മണിയോടടുപ്പിച്ച് Blackburn Trail Center Access ൽ എത്തുമ്പോൾ 'ബി' അവിടെക്കിടന്ന് ഉറക്കം തുടങ്ങിയിരുന്നു. ഏതോ ഒരു വേട്ടക്കാരൻ തോക്കുമെടുത്ത് മാനിനെ പിടിക്കാൻ വന്നതിനെക്കുറിച്ച് ആലോചിച്ച് ഇരുന്ന് പോയതാണത്രേ!

എന്തായാലും, ഒരു മേശയുമില്ലാതെ ഞങ്ങളവിടെ ഒരു വട്ടമേശ സമ്മേളനം ചേർന്നു. കാര്യങ്ങൾ ഗൗരവമായി ചർച്ച ചെയ്തു. ഇനി എന്തായാലും Keys Gap എന്നത് ഈ യാത്രയെ സംബന്ധിച്ചടുത്തോളം വെറും സ്വപ്നം ആണെന്നുള്ള യാഥാർത്ഥ്യം എല്ലാവരും അംഗീകരിച്ചു. 'ഡി'യെ വിട്ട് ഞങ്ങൾ ഒരു യാത്രക്കും തയ്യാറല്ലെന്ന് ഉച്ചത്തിൽ പ്രഖ്യാപിച്ച് 'ഡി'യോട് ഐക്യദാർഡ്ഡ്യം പ്രകടിപ്പിച്ചു. ഉടനെത്തന്നെ നമ്മുടെ കൂട്ടുകാരനെ വിളിച്ച് കഴിവതും വേഗത്തിൽ Blackburn Trail Center Access ൽ എത്തിച്ചേരുവാൻ അഭ്യർത്ഥിച്ചതിന് ശേഷം യോഗം പിരിച്ചുവിട്ട്, Blackburn Trail Center Access ന്റെ visitor's area ലക്ഷ്യമാക്കി, ഞങ്ങൾ മലയിറക്കം തുടങ്ങി.

ചെങ്കുത്തായ പാതയിലൂടെ ഇറങ്ങി Blackburn Trail Center Access ന്റെ visitor's area യിലെത്തി കുറച്ച് നേരം വിശ്രമിക്കവേ, പെണ്ണുങ്ങളായ ഒന്ന് രണ്ട് Thru Hikers അവിടെയെത്തിയപ്പോൾ, എല്ലാവർക്കും പുതിയൊരു ഉന്മേഷം കൈവന്നു. എല്ലാവരും അവരോട് സംസാരിക്കാൻ മത്സരിച്ചു. തളർന്നുപോയ 'ഡി'യും അവന്റെ നാക്ക് വൃത്തിയിൽ ചലിപ്പിക്കാൻ തുടങ്ങി. പെൺ hikers നോട് നടത്തിയ കുശലഭാഷണങ്ങൾ, സ്വന്തം  കുടുംബത്തിനകത്തേക്ക് കേറി, കുടുംബപ്രശ്നമാകുന്നതിന് മുന്നേ, നമ്മുടെ കൂട്ടുകാരൻ, വണ്ടിയെടുത്ത് അവിടെയെത്തിതിനാൽ ഭാവിയിലേക്കുള്ള വലിയ പ്രശ്നങ്ങൾക്ക് തടയിടാനായി. എങ്കിലും, 28 മൈൽ പ്ലാൻ ചെയ്ത് 21 മെയിൽ മാത്രം താണ്ടി, രണ്ടാമത്തെ യാത്രയിലും, ഞങ്ങൾ ഞങ്ങളോട് തന്നെ പരാജയപ്പെട്ടതിൽ അതിയായ ദുഃഖം ഞങ്ങൾക്കുണ്ടായിരുന്നു !! പക്ഷേ, പച്ച സാൽമണും പച്ച ഹെറിങ്ങും കഴിക്കരുതെന്ന് പാഠം പഠിച്ചതിൽ, ഞാൻ ആശ്വാസം കൊണ്ടു !!!

വാൽക്കഷ്ണം: റോളർ കോസ്റ്റർ കയറുന്നതിന് മുന്നേ ചെറുകല്ലെടുത്ത് തലക്ക് മീതെ മൂന്ന് വട്ടം ഉഴിഞ്ഞിട്ട് പുറകോട്ടെറിഞ്ഞിട്ടും ഒരു കരടിയെപ്പോലും വഴിയിലെവിടെയും കണ്ടിരുന്നില്ല. സാൽമൺ ഉണ്ടാക്കിയ പൊല്ലാപ്പ് മൂലം, വയറിൽ നിന്ന് കുതിച്ചുയർന്ന ലാവാ വാതകങ്ങൾ, ശരീരത്തിന്റെ ഭക്ഷണക്കുഴലിന്റെ രണ്ടറ്റത്തുമുള്ള ദ്വാരങ്ങളിലൂടെ, ശബ്ദവിന്യാസങ്ങളുടെ അകമ്പടിയോട് കൂടി ബഹിർഗമിച്ച്, കാനനത്തിൽ പരന്നതാവാം, കരടികൾ പുറത്ത് വരാഞ്ഞതിന് കാരണം. അല്ലാതെ, വേറെന്ത് കാരണമായിരിക്കണം?

***