2019, ഡിസംബർ 13, വെള്ളിയാഴ്‌ച

CAB / NRC : പക്ഷം, പക്ഷപാതം, പക്ഷഭേദം, പക്ഷാഘാതം

(Picture Courtesy: Google / Internet)

അങ്ങനെ Citizenship (Amendment) Bill (CAB) ഉം National Register of Citizens (NRC) ഉം നമ്മൾ പാസ്സാക്കി. അല്ല പിന്നെ, മറ്റുള്ള എല്ലാ രാജ്യത്തും ഇതുപോലുള്ള നിയമങ്ങളൊക്കെ നിലവിലുണ്ട്. ആരൊക്കെ വരണം, ആരൊക്കെ പോകണം, ആരൊക്കെ നിലനിൽക്കണം എന്നൊക്കെ നിശ്ചയിക്കുന്നത് നമ്മളാണ്. ഭൂമിയൊക്കെ അളന്ന് അതിരുകളുണ്ടാക്കി, ഇത് നമ്മന്റെ, അത് നിമ്മന്റെ എന്നൊക്കെ പറഞ്ഞ് മസില് പെരുപ്പിച്ച് നടക്കുന്ന എല്ലാ രാജ്യങ്ങൾക്കും അങ്ങനെയുള്ള നിയമങ്ങളുണ്ട്. ഈ നിയമങ്ങളൊക്കെ ഉണ്ടായിട്ടും, പക്ഷികളും കാറ്റും മരത്തിന്റെ വേരുകളുമൊക്കെ എന്തിനാണ് ഇങ്ങനെ അതിർവരമ്പുകൾ കടന്ന് പോകുന്നത് എന്ന് എനിക്കൊട്ടും ഇതുവരെ മനസ്സിലായിട്ടില്ല. ഹാ.. അതൊക്കെ പോകട്ടെ, കാര്യത്തിലേക്ക് വരാം... പൗരത്വ നിയമം... എന്തുകൊണ്ട് അതുപോലൊന്ന് നമ്മുടെ ഭാരതമഹാരാജ്യത്തിന് ആയിക്കൂടാ? പശ്ചിമപൂർവ്വ രാജ്യങ്ങളിലുള്ള ജനക്ഷേമത്തിന് വേണ്ടിയുള്ള എല്ലാ നല്ല നിയമങ്ങളും നമ്മൾ കണ്ട് മനസ്സിലാക്കി നമ്മുടെ രാജ്യത്തും ജനക്ഷേമതാല്പര്യങ്ങൾക്കായി ചില നിയമങ്ങൾ ഉണ്ടാക്കുന്നതിന് എന്തിനാണിത്ര കലിപ്പ്? പാശ്ചാത്യ രാജ്യങ്ങളിലെ റോഡുകളും മനുഷ്യരുടെ ജീവിത നിലവാരവും ഒക്കെ കണ്ട്  മനസ്സിലാക്കി നമ്മുടെ നാട്ടിൽ അവതരിപ്പിച്ചതുകൊണ്ട് ഭാരതമഹാരാജ്യത്തെ ഒരു മാവേലിപുരമാക്കി മാറ്റിയത് നിങ്ങളാരും അറിഞ്ഞില്ലെന്നുണ്ടോ? ഈ നിയമങ്ങൾ,  അതും ന്യൂനപക്ഷങ്ങൾ എന്ന ഒരു പക്ഷത്തിന്റെ, അടിച്ചമർത്തപ്പെട്ടവരുടെ നന്മക്ക് വേണ്ടിയാകുമ്പോൾ, എന്തിനാണീ ആവലാതികളും പൊല്ലാപ്പുകളും? അങ്ങനെ പുതിയ പുതിയ നിയമങ്ങളുണ്ടാക്കി ജനങ്ങളുടെ നിലവാരം കൂടിക്കൂടി മതജാതിവർണ്ണലിംഗഭേദമെന്യേ  ഏറ്റവും കൂടുതൽ സന്തോഷവാന്മാരെയും സമാധാനമനസ്കരായും ജീവിക്കുന്ന സ്കാന്ഡിനേവിയൻ രാജ്യങ്ങൾ പോലും നമ്മളെക്കണ്ട് അത്ഭുതത്തോടെ മൂക്കത്ത് വിരൽ വെക്കുന്ന അവസ്ഥയല്ലേ വരാൻ പോകുന്നത്?

കോൺഗ്രസ്സുകാരും കമ്മ്യൂണിസ്റ്റുകളും ന്യൂനപക്ഷപ്രീണനം നടത്തുന്നെന്ന പച്ചയായ സത്യം വിളിച്ച് പറഞ്ഞാണ് ഇന്നത്തെ അധികാരിവർഗ്ഗം അധികാരത്തിലെത്തിയത്. ഒരഞ്ച് വർഷങ്ങൾക്ക് ശേഷം അവർക്കും ന്യൂനപക്ഷപ്രേമം തുടങ്ങിയിരിക്കുന്നു എന്നതിൽ കോൺഗ്രസ്സ്കാരും ദള്ളുകാരും കമ്മ്യൂണിസ്റ്റ്കാരും അഭിമാനിക്കുകയല്ലേ വേണ്ടത്? ന്യൂനപക്ഷങ്ങൾക്ക് സ്വന്തം രാജ്യത്തിലെ ന്യൂനപക്ഷം, അയൽരാജയങ്ങളിലെ ന്യൂനപക്ഷം എന്ന വേർതിരിവുണ്ടോ? അങ്ങനെ പക്ഷം പിടിച്ച് കാണേണ്ടതുണ്ടോ? ഭാരതത്തിൽ പുല്ലിനേക്കാൾ ഇത്തിരികൂടുതൽ വിലയുള്ള ഒരേയൊരു സാധനമാണ് മനുഷ്യജീവനുകൾ. നമ്മുടെ ജനസംഖ്യ ലോകത്തിലേക്കും വച്ച് ബല്യതാവാൻ ഒരു പത്ത് കൊല്ലം കൂടി നമ്മൾ കാക്കേണ്ടതുണ്ടോ? ബംഗ്ളാദേശിൽ നിന്ന് ന്യൂനപക്ഷങ്ങളായ ഇരുപത് ലക്ഷം, പാക്കിസ്ഥാനിൽ നിന്ന് കുറച്ച് ലക്ഷങ്ങൾ, അഫ്‌ഘാനിസ്ഥാനിൽ നിന്ന്... അങ്ങനെയങ്ങനെ... നമ്മൾ ഭൂമിയിൽ വച്ച് ഏറ്റവും മഹത്തുക്കളായ, അവിടങ്ങളിലെ ന്യൂനപക്ഷങ്ങളായ ഹിന്ദുക്കളെ (ഫാലൂദയ്ക്ക് മുകളിലെ അലങ്കാരങ്ങളെപ്പോലെ കൂടെ സഹോദരങ്ങളായ ബുദ്ധരും ജൈനരും സിക്കുകാരും കൂട്ടത്തിൽ ഇത്തിരി പാഴ്സികളും പിന്നെ ക്രിസ്ത്യാനികളും) ഭാരതത്തിലെത്തിച്ച് ജനസംഖ്യയിൽ ഒരഞ്ച് കൊല്ലം കൊണ്ട് തന്നെ ചൈനയെ ചവിട്ടിത്താഴ്ത്തി ഗിന്നസ്സ് പുസ്തകത്തിൽ കയറുന്നതിൽ ആർക്കാണ് പരാതി? അങ്ങനെ ഹിന്ദുക്കൾ കൂടുമ്പോൾ ഇവിടെ ചില വോട്ടുബാങ്കുകൾ ഉണ്ടാക്കിക്കളയും എന്ന് പറയുന്നത് എന്തൊരു വിഡ്ഢിത്തമാണ്?

അതിലാരാണ് മനസ്സ് വച്ച് മതം കലർത്തുന്നത്? ന്യൂനപക്ഷം എന്ന് പറയുമ്പോൾ, അത് കൃത്യമായും ന്യൂനപക്ഷമായിരിക്കണം. അങ്ങനെ നോക്കുമ്പോൾ പാക്കിസ്ഥാനിലും ബംഗ്ളാദേശിലും അഫ്‌ഘാഗാനിസ്ഥാനിലും ഹിന്ദുക്കൾ ന്യൂനപക്ഷങ്ങളല്ലേ? മുസ്ലീമികൾ ഒഴിച്ചുള്ളവരുടെ ജനസംഖ്യ അവിടങ്ങളിൽ കൂപ്പ് കുത്തിയില്ലേ? അവരെ രണ്ടാംകിട പൗരന്മാരായി തരം താഴ്ത്തിയില്ലേ? അവരെ കൊന്നും ബലാൽസംഗം ചെയ്തും മതം മാറ്റിയും അവിടത്തെ ഭൂരിപക്ഷമുസ്ലിമുകൾ പീഡിപ്പിച്ചില്ലേ ? എന്നിട്ടും മുസ്ലീമുകളെ നമ്മുടെ ബില്ലുകളുടെ പരിധിയിൽ നിന്ന് ഒഴിവാക്കിയതിന് നാട്ടുകാരെന്തിന് ബഹളം കൂട്ടുന്നു? ഛെ.. ഛെ ...

മാനുഷിക സ്നേഹം മൂത്ത്  ചെയ്യുന്ന കാര്യത്തിനെ അഭനന്ദിക്കുകയല്ലേ വേണ്ടത്? പിന്നെ അഹമ്മദീയാക്കളുടെയും റോഹിങ്ക്യകളുടെയും കാര്യം.  അഹമദീയാക്കളെ മുസ്ലീമുകളായി നമ്മുടെ കാന്തപുരം പോലും അംഗീകരിക്കുന്നില്ല.. അവര് അർദ്ധരാത്രിയിൽ വെറും ഇടിക്ക് പൊട്ടിമുളച്ച കൂണുകളാണ്.. നമ്മൾ ചിലപ്പോ അടർത്തിയെടുക്കും, കറി വെക്കും... അവർക്ക് പാക്കിസ്ഥാനിലോ ഭാരതത്തിന്റെ മണ്ണിലോ ജീവിക്കാനർഹതയുണ്ടോ? ഒരിക്കലുമില്ല... അവർ നരകിക്കാൻ വേണ്ടി മാത്രം ജനിച്ചവരാണ്.

പിന്നെ വൃത്തികെട്ട ജന്മങ്ങളായ റോഹിങ്ക്യകൾ ! ബർമ്മയുമായി നമുക്ക് അതിർത്തിയുണ്ടെങ്കിലും ബർമയിലെ ന്യൂനപക്ഷങ്ങളായ റോഹിങ്ക്യകളെ ബർമ്മക്കാർ ന്യൂനപക്ഷങ്ങളായി അംഗീകരിക്കാത്തിടത്തോളം നമുക്ക് അവരെ ന്യൂനപക്ഷങ്ങളായി അംഗീകരിക്കാൻ പറ്റുമോ? മാത്രവുമല്ല അവർ ഭാരതത്തിലേക്ക് അഭയാർത്ഥികളായി വരുന്നത് ബംഗ്ളാദേശിലൂടെയുമാണത്രെ ! വരുന്നുണ്ടെങ്കിൽ നേരിട്ട് വരണം... വളഞ്ഞ് വരരുത്. പിന്നെ ഈ റോഹിങ്ക്യകൾ ബർമ്മക്കാരാണോ അതോ ബംഗ്ളാദേശുകാരാണോ എന്നെങ്ങനെ നമുക്ക് പറയാൻ പറ്റും? അതൊക്കെ പോകട്ടും... ആയിരത്തി എണ്ണൂറുകളിൽ, ഇന്ന് മനുഷ്യാവകാശങ്ങൾ പ്രഭാതം മുതൽ പ്രദോഷം വരെ ബാങ്ക് വിളിക്കുന്ന ബ്രിട്ടീഷുകാർ പോലും ഈ റോഹിങ്ക്യകളെ, അവർ ബംഗാൾ ഒറിജിനലുകളാണ് എന്നും പറഞ്ഞ് ബർമയിലെ കാനേഷുമാരിയിൽനിന്ന് പോലും ഒഴിവാക്കിയതാണ്. അങ്ങനെയാവുമ്പോ ബർമ്മക്കാർക്കോ ബംഗ്ളാദേശുകാർക്കോ ഭാരതീയർക്കോ ഇന്നത്തെ മ്യാൻമറിലെ അരാഖൻ പ്രവിശ്യയിൽ ജീവിച്ച് പോരുന്ന റോഹിങ്ക്യകളെ എങ്ങനെ അംഗീകരിക്കാൻ പറ്റും? ഒരു പക്ഷം പോലും ഇല്ലാത്തവരെ നമുക്കെങ്ങനെ ന്യൂനപക്ഷമാക്കാൻ പറ്റും ? അതുകൊണ്ട് സമാധാനക്കാരായ മ്യാൻമർ ബുദ്ധന്മാർക്കും അവിടത്തെ ജുണ്ടകൾക്കും വെട്ടിക്കൊന്നും തീകത്തിച്ചും ബലാൽസംഗം ചെയ്തും കൂട്ടത്തോടെ കൊന്ന് വാരിക്കുഴിയിൽ തള്ളപ്പെടാൻ മാത്രമല്ലാതെ റോഹിങ്ക്യകൾക്ക് എന്തെങ്കിലും അവകാശം ഈ മണ്ണിലുണ്ടോ? (പ്രതികാരത്തിന് റോഹിങ്ക്യകളും ചില ബോംബ് പ്രയോഗങ്ങൾ നടത്തുന്നുണ്ട്) അതുകൊണ്ട് ഒരിക്കലും CAB യിലും NRC യിലും നമുക്ക് അഹമ്മദിയാക്കളെയും റോഹിങ്ക്യകളെയും ചേർക്കാൻ പറ്റില്ല. ബംഗ്ളാദേശുകാര് പോലും റോഹിങ്ക്യകളുടെ ബംഗ്ളാ 'ഒറിജിൻ' അംഗീകരിക്കുന്നില്ല! പുണ്യഭൂമിയുടെ വക്താക്കളായ സൗദിക്ക് പോലും അവരെ വേണ്ട! എന്നിട്ടാണ്... 

പിന്നെ നമ്മുടെ പാവം ശ്രീലങ്കൻ തമിഴർ! മണ്ടന്മാരേ, നമ്മൾ പറഞ്ഞുവരുന്നത് കരബന്ധമുള്ള അയൽരാജ്യങ്ങളിലെ ന്യൂനപക്ഷങ്ങളെപ്പറ്റിയാണ്. ശ്രീലങ്കക്കും ഭാരതത്തിനുമിടയിൽ കടലുണ്ട്.. കടൽ... നേപ്പാൾ ന്യൂനപക്ഷങ്ങളെക്കുറിച്ച് എന്തുകൊണ്ടാരും പറയുന്നില്ല എന്നതിനെക്കുറിച്ച് എനിക്ക് ആവലാതിയില്ല. കാരണം ഞാനെന്തിന് ആവലാതിപ്പെടണം? ഭൂട്ടാൻ പിന്നെ വെറും കുട്ടിയാണ്... ആരുടേയും അല്ലലില്ലാതെ സമാധാനമായി ജീവിക്കുന്ന ഒരുകൂട്ടം ഇടയന്മാർ. പിന്നെ നമ്മുടെ ചൈന. നമ്മളിപ്പോൾ തുടങ്ങുക മാത്രം ചെയ്തിരിക്കുന്ന  പണി ചൈനക്കാർ പണ്ടേ തുടങ്ങിക്കഴിഞ്ഞു. ഷിൻജിയാങ്ങിലെ ഉയിഗുർ അണ്ണന്മാർ കൂട്ടമായി ഇപ്പഴേ ചില ചേമ്പറുകളിലാണെന്നാണ് കേൾവി ! ചൈനയോടാണ് കളി !

ജീവിക്കാൻ അർഹതയുള്ള കൂട്ടങ്ങൾ മാത്രമേ ഈ മണ്ണിൽ ജീവിക്കാൻ പാടുള്ളൂ. വളരെ കഷ്ടപ്പെട്ട് അയൽരാജ്യങ്ങളിലെ ന്യൂനപക്ഷങ്ങളെ അംഗീകരിക്കാമെന്ന് തീരുമാനിച്ച ഈ സമയത്ത് റോഹിങ്ക്യകൾക്കും അഹമ്മദീയാക്കൾക്കും ന്യൂനപക്ഷത്തിലെ ഭൂരിപക്ഷഹിന്ദുക്കളുടെ കൂട്ടത്തിൽ പൗരത്വം കൊടുക്കണമെന്ന് പറയുന്നതിൽ എന്തർത്ഥമാണുള്ളത്? അരാഖനിലെ നാനൂറോളം ഗ്രാമങ്ങളിൽ ജീവിച്ചിരുന്ന റോഹിങ്ക്യകൾ ഇപ്പോൾ വെറും ഇരുനൂറ്റമ്പതോളം ഗ്രാമങ്ങളിൽ മാത്രമേയുള്ളൂ. ബാക്കി വരുന്നവരും സ്വർഗ്ഗം പൂകാൻ വേണ്ടി മറ്റുള്ളവരാൽ പീഡിപ്പിക്കപ്പെട്ട്, രക്ഷപ്പെടാനെന്നുള്ള വ്യാജേന ഊര് തെണ്ടി, പെട്ടന്ന് തന്നെ ഇല്ലാതായിക്കോളും. പിന്നെ നമ്മളെന്തിന് അവരുടെ കാര്യത്തിൽ ഇടപെടണം?

പിന്നെ ആസാമികൾ പറയുന്നത്; ആസാമികൾ പറയുന്നു, മുസ്ലീമുകളെ മാത്രമല്ല മറ്റുള്ളവരെയും പുറത്താക്കണം എന്ന്. ആ പറഞ്ഞതിലല്ലേ നേരത്തേ പറഞ്ഞതിനേക്കാൾ കൂടുതൽ യുക്തി എന്ന് ചോദിക്കരുത്. പിന്നെ നമ്മുടെ വോട്ടിന്റെ കാര്യം ആര് നോക്കും? അതുകൊണ്ട് ആസാമികൾ പറയുന്നത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല.

അടയാളങ്ങൾ പേറാതെ ജീവിക്കാൻ ആർക്കെങ്കിലുമുണ്ടോ അർഹത ? അടയാളങ്ങളുണ്ടായാലും അടയാളങ്ങളുള്ളവർക്കു പോലും അവരുടേത് പോലുള്ള ആ അടയാളങ്ങൾ കാണാൻ കഴിയുന്നുണ്ടോ? അടയാളങ്ങളില്ലാതെ ജീവിക്കാൻ പറ്റില്ലെന്ന് മനസ്സിലാക്കി, സാഹചര്യത്തിനനുസരിച്ച് ചില അടയാളങ്ങൾ അണിഞ്ഞിട്ടും വേറൊരു സാഹചര്യത്തിൽ മറ്റൊരു അടയാളം പേറിയവർ, ഞങ്ങളെപ്പോലെയല്ല നിങ്ങളെന്ന് പറയുന്നതിൽ എന്താണിത്ര തെറ്റ്? അല്ലെങ്കിൽ വരൂ.. യുദ്ധം ചെയ്യൂ... ജയിക്കുന്നവന്റെ അടയാളമാണ് ശരിയെന്ന് പറയൂ.. ഹല്ല പിന്നെ !

എല്ലാ മതങ്ങളും മനുഷ്യവാസത്തിന് പറ്റിയ ഒരു സ്ഥലമായി ഭൂമിയെ മാത്രമേ കാണുന്നുള്ളൂ. സ്വർഗ്ഗം പോലും മനുഷ്യവാസത്തിന് പറ്റിയതല്ല, കാരണം, സ്വർഗ്ഗം പൂകാനും മരിക്കണം. എന്നാലാ മരണം ആരെങ്കിലും ഒരിത്തിരി നേരത്തേയാക്കാൻ ശ്രമിക്കുന്നുണ്ടോ? ഏയ്.. ചോദ്യങ്ങളരുത്... അപ്പൊ ശരി... ഭൂമിയെങ്കിൽ ഭൂമി... ഭൂമിയിലെ ഏറ്റവും നല്ല സ്ഥലം? അത് എന്റെ രാജ്യം... ഏറ്റവും നല്ല മതം? അത് എന്റെ മതം. ഏറ്റവും നല്ല ജീവി? അത് മനുഷ്യൻ. മനുഷ്യരിൽ ആണോ പെണ്ണോ നല്ലത്? അത് ആണ്. ഏതാണ് നല്ല നിറം? അത് വെളുപ്പ്... ഏറ്റവും നല്ല രാജാവ്? എന്റെ രാജാവ്. എന്റെ രാജാവിന്റെ തീരുമാനം അതെന്റെ ഗുദമുഖദ്വാരത്തിൽ കോലിട്ടിളക്കുന്നതായാലും അതാണ് ശരിയായ തീരുമാനം. അതിൽ ഒരൊറ്റ പക്ഷമേയുള്ളൂ രാജാവിന്റെ പക്ഷം. പണത്തിന്റെയും അധികാരത്തിന്റെയും ചൂഷണത്തിന്റെയും പക്ഷം. അതിൽ പക്ഷപാതമോ പക്ഷഭേദമോ ഇല്ല.  മേല്പറഞ്ഞ ഉത്തരങ്ങളിൽ നിന്ന് മാറി നിങ്ങൾക്ക് മറ്റു വല്ല ഉത്തരങ്ങളുമുണ്ടെങ്കിൽ,  മാനുഷികമായും താത്വികമായും  ചിന്തിക്കുന്നുണ്ടെങ്കിൽ, അവർക്ക് മാത്രമുണ്ടാകുന്ന ഒന്നാണ് പക്ഷാഘാതം!

വാലറ്റം: സ്വന്തം അസ്ഥിത്വം തെളിയിക്കാൻ  അപ്പനപ്പൂപ്പന്മാരുടെ അസ്ഥികൂടങ്ങൾ തേടി നടക്കേണ്ട കാലം വരുമെന്നതിനെപ്പറ്റി നമുക്കൊക്കെ കിനാവ് കാണാവുന്നതാണ്. ഹിറ്റ്ലർ ജൂതന്മാർക്കും ജൂതന്മാരുടെ വീടുകൾക്കും അടയാളങ്ങൾ അണിയിച്ചതും തുടർന്ന് അവരെ ഗെറ്റോകളിലേക്ക് പറഞ്ഞയച്ചതും ഒടുവിൽ കൂട്ടത്തോടെ വാതകക്കൂടാരത്തിലിട്ട് കാലപുരിക്കയച്ചതും വെറുതെ നമുക്ക് അയവിറക്കാം. വാതകം അടിച്ച് കേറുമ്പോൾ ഒരു സുഖമാണ്, മരണസുഖം!

ചില ആനുകാലിക പ്രതികരണങ്ങൾ

എന്റെ സ്വന്തം മുഖപുസ്തകകുറിപ്പുകളിൽ നിന്ന്:

ശബരിമലവിധിയും പിറവം പള്ളി വിധിയും:
17 ഒക്ടോബർ 2018 
രണ്ട് പുസ്തകവും ഒരേപോലെ വായിക്കപ്പെടേണ്ടതാണെങ്കിലും, പിറവം പള്ളി വിധി പുസ്തകം തൊട്ടുപോലും നോക്കാതെ, പിന്നീട് വന്ന ശബരിമല വിധി പുസ്തകം ഉടനെത്തന്നെ തുറന്നു നോക്കിയത് ഒട്ടും ശരിയായില്ല.
ദേശീയ നേതൃത്ത്വങ്ങളുടെ പുരോഗമപരമായ നിലപാടുകളുടെ കൂടെ നിൽക്കാതെ, കലക്ക് വെള്ളത്തിൽ മീൻ പിടിക്കാൻ ശ്രമിക്കുന്നവരുടെ നിലപാടും ഒട്ടും ശരിയല്ല.
ശബരിമല വിധിപുസ്തകം, നാളെ നമ്മളുടെ പുസ്തകം തിരുത്താൻ മാതൃകയാക്കും എന്ന് പേടിച്ച്, പലതലങ്ങളിൽ കാല് വച്ച് നിൽക്കുന്നതും ഒട്ടും ശരിയല്ല.
ബിഷപ്പിനേയും കുരിശിനെയും തൊടാൻ മടിക്കുന്ന ശീലം നോക്കിയാൽ, സ്വാമിയെയും അമ്പലത്തിനെയും മാത്രം കണ്ണ് വെക്കുന്ന ശീലവും ശരിയല്ല.
അപ്പോപ്പിന്നെ, എന്താണ് ശരി? തോന്നിയവന്, തോന്നിയ സമയത്ത്, തോന്നുന്നതെല്ലാം ശരി !!

മീശ നോവൽ, ഫ്രാങ്കോ ബിഷപ്പ്, കിതാബ് നാടകം:
28 നവംബർ 2018 
‘മീശ’ നോക്കി ‘കിത്താബ്’ കണ്ട ‘ഫ്രാങ്കോ’ മാർ സ്ത്രോത്രം ചൊല്ലലുകളും ശരണമന്ത്ര ഘോഷയാത്രകളും തക്ബീർ വിളികളുമൊക്കെയായി ‘ഇൻക്വിലാബ്’ നടത്തുന്ന അപൂർവ്വം കാഴ്ച കണ്ട്, അറിയാതെ എറിഞ്ഞുപോയ മഴു തിരിച്ച് ഗോകർണ്ണത്തേക്ക് എറിയാൻ, കളഞ്ഞു പോയ മഴു, പരശുരാമൻ കന്യാകുമാരിയിൽ തപ്പിക്കൊണ്ടിരിക്കയാണ്... കൂടുന്നോ??





2019, നവംബർ 26, ചൊവ്വാഴ്ച

തിരഞ്ഞെടുപ്പ് എന്റി'ഷ്ടാാ'...


(Picture Courtesy: Google / Internet)

വേഷ്ടിയണിഞ്ഞ് ചേഷ്ടഗോഷ്ടികളാടി
ഷഷ്‌ഠിപൂർത്തിയുമേറി വരുന്നൊരു
കുഷ്ഠങ്ങളിൽ കഷ്ടം കുറഞ്ഞ കുഷ്ഠമിഷ്ടമേയില്ലാതെ
കഷ്ടിയായ് തിരയുന്നതിൻ പേര് ‘തിരഞ്ഞെടുപ്പ്’ !
ധാർഷ്ട്യം കാണിക്കുമീ കാഷ്ടങ്ങളെ
അഷ്ടിക്ക് വക തേടുന്നൊരീ ദുഷ്ടരാം ഖജാന മോഷ്ടാക്കളെ
സ്പഷ്ടമായ് സൃഷ്ടിയിലേ ഭ്രഷ്ട് കൽപിക്കുകിൽ,
നഷ്ടം കുറയ്ക്കാം ശിഷ്ടമാം ശ്രേഷ്ഠജീവിതത്തിൽ !!

****

2019, മേയ് 14, ചൊവ്വാഴ്ച

ബാങ്കുകളോട്

(Picture Courtesy: Google) 

[ബാങ്കുകളോടൊരു പ്രതികരണം... എന്റേതായ രീതിയിൽ ചെറിയൊരു പ്രതികരണം! ഇന്ത്യയിലെ ബാങ്കുകളുടെ നിർദ്ദാക്ഷിണ്യമായ സമീപനം മൂലം, തിരുവനന്തപുരത്തിനടുത്ത് ഇന്നലെ (14 മെയ് 2019) ഒരമ്മയും മകളും ആത്മാഹുതി ചെയ്തതറിഞ്ഞ് മനസ്സിന് ഇത്തിരി മുറിവേറ്റപ്പോൾ, അറിയാതെ എഴുതിപ്പോയതാണ് (ഭർതൃപീഡനവും ഈ ആത്മഹത്യകൾക്ക് പിന്നിലുണ്ടെന്ന് പിന്നീട് മനസ്സായിലായെങ്കിലും... എന്നിരുന്നാലും ബാങ്ക് പീഡനങ്ങൾ ഇന്ന് സാധാരണക്കാരുടെയിടയിൽ നിത്യസംഭവങ്ങളാണ്)... മൂർച്ച കുറവാണെന്നറിയാം... എന്നാലും എന്നെക്കൊണ്ടാവുന്നത്രയും മൂർച്ച കൂട്ടാൻ ശ്രമിച്ചിട്ടുണ്ട്... ഇനി നിങ്ങൾ പാടിപ്പാടി മൂർച്ച കൂട്ടാൻ പറ്റുമെങ്കിൽ അത്തരത്തിൽ മൂർച്ച കൂട്ടി, അധികാരികളുടെ കണ്ണ് തുറപ്പിക്കാൻ ശ്രമിക്കുക! ബാങ്കുകളുടെ പ്രവർത്തനരീതികൾ മാറിയേ പറ്റൂ...]

ബാങ്കുകളിങ്ങനെ മർത്ത്യമനസ്സിൽ ബങ്കറ് മാന്താമോ ?
വാങ്ക് വിളിക്കും അശരണജീവൻ അഗ്നിയിലാക്കാമോ ?
മോഡികൾ, ചോക്‌സി, മല്ല്യകളിങ്ങനെ കൊമ്പന്മാരെല്ലാം
ജാഡയിലെങ്ങനെ ആഡംബരമായി വമ്പുകൾ കാട്ടുമ്പോൾ !
(ബാങ്കുകളിങ്ങനെ...)

പാവം മാനവൻ കൂരയൊരുക്കാൻ, പശുവിനെ വാങ്ങിക്കാൻ
കൃഷികളിറക്കി വെയിലും കൊണ്ട് നാടിനെ തീറ്റിക്കാൻ
സ്വന്തം വയറിനു പകരം കുഞ്ഞിൻ വയറു നിറച്ചീടാൻ
ഇരന്ന് വാങ്ങും ലോണിന് കൊള്ളപ്പലിശകൾ വാങ്ങാമോ ?
(ബാങ്കുകളിങ്ങനെ...)

നാണം കെട്ടൊരു വർഗ്ഗം നിങ്ങൾ സുഖിയന്മാരല്ലേ ?
ബ്ലേഡിൻ പലിശകൾ നിയമക്കണ്ണിൽ സാന്ത്വനമാക്കീലേ ?
പലിശകളിങ്ങനെ ശമ്പളമാക്കി അലവൻസുകളാക്കീ
അധികാരികളുടെ ചാരും പറ്റി യാത്രകൾ പോയീലേ ?
(ബാങ്കുകളിങ്ങനെ...)

പാവപ്പെട്ടോന്റൊരുനേരത്തെ പലിശ മുടങ്ങീടാൻ
പാത്തിരിക്കും നിങ്ങൾ പിന്നെ ജപ്തിയുമായെത്തും
രാഷ്ട്രീയക്കാർ കച്ചവടക്കാർ മുതുകിൽ കൊമ്പുള്ളോർ
മൊത്തമടിച്ച് വിഴുങ്ങീടിൽ നീയിളവുകൾ ഛർദ്ദിക്കും !
(ബാങ്കുകളിങ്ങനെ...)

നിയമം മാറ്റാൻ കരുണകൾ കാട്ടാൻ സമയം കൂട്ടുമ്പോൾ
ഇനിയും നിയമം മാറ്റാൻ കരുണകൾ കാട്ടാൻ സമയം കൂട്ടുമ്പോൾ
തൂങ്ങി മരിച്ചും തീകൊരുത്തും പ്രതികാരം ചെയ്യും
ആം ആദ്മികളുടെ പ്രതികാരങ്ങൾ ആത്മാഹുതിയാവും !
(തൂങ്ങി മരിച്ചും...)

ഇതുകണ്ടൊരുനാൾ ഊർജ്ജം കൂടി ചാവേറുകളെത്തു-
മ്മുന്നേ നിലക്ക് നിന്നാൽ നിനക്ക് നിൽക്കാം ഭാവിയിലാവോളം !
നിലക്ക് നിന്നാൽ ബാങ്കിന് നിൽക്കാം ഭാവിയിലാവോളം !
(ഇതുകണ്ടൊരുനാൾ...)
(ബാങ്കുകളിങ്ങനെ...)

***

2019, ഏപ്രിൽ 14, ഞായറാഴ്‌ച

വിഷു - കൂടുതൽ അറിവുകൾ

2019 ലെ വിഷു ആഘോഷങ്ങളുമായി സംബന്ധിച്ച്, NSGW വിനോദസമിതി കാർമ്മികൻ ശ്രീ ജിനേഷിന്റെ ആവശ്യപ്രകാരം, ആഘോഷങ്ങളുടെ ഇടയിൽ അവിടവിടായി, ഇന്നത്തെ പുതു തലമുറയിലെ ശ്രോതാക്കൾക്ക് വിഷുവിനെക്കുറിച്ച് കുറച്ച് ആമുഖം നൽകാൻ വേണ്ടി എഴുതപ്പെട്ട ചില വിവരങ്ങളാണ് ചുവടെയുള്ളത്. ശ്രീ കുട്ടി മേനോൻ നൽകിയ ശബ്ദലേഖനവും ഇതിന്റെകൂടെ ചേർക്കുന്നു.

വിഷുവിനെ സംബന്ധിച്ച് 2014 ൽ ചെയ്ത ഒരു ചാക്യാർകൂത്ത് പരിപാടി: വിഷു - ചില അറിവുകൾ

കണിക്കൊന്നയുടെ കാന്തിയും കൈനീട്ടത്തിന്റെ വിശുദ്ധിയും കണികണ്ടുണരുന്നതിന്റെ ഐശ്വര്യവും വിളിച്ചോതിക്കൊണ്ട് ഒരു വിഷുക്കാലം കൂടി വരവായി. പ്രിയമുള്ളവരേ, നിങ്ങൾക്കെല്ലാവർക്കും നായർ സൊസൈറ്റി ഓഫ് ഗ്രേറ്റർ വാഷിംഗ്ടൺ ന്റെ നേതൃത്വത്തിൽ ആഘോഷിക്കുന്ന, കൊല്ലവർഷം ആയിരത്തി ഒരുന്നൂറ്റി തൊണ്ണൂറ്റിനാലിലെ മേടമാസപ്പുലരിയിലെ ഈ വിഷു ആഘോഷത്തിലേക്ക് സുസ്വാഗതം !
കാർഷികവൃത്തിയിലൂന്നിയുള്ള നമ്മുടെ നന്മയുള്ള പാരമ്പര്യവും സംസ്കാരവും ആഘോഷങ്ങളും അന്യമാകുന്ന ഈ ആധുനിക കാലത്ത് പ്രവാസികളായ നമുക്ക് ഈ നന്മയെ കൂടുതൽ അറിയുവാനും മുറുകെപ്പിടിക്കാനും ശ്രമിക്കാം.



നിങ്ങളുടെ അറിവിലേക്കായി, വിഷുവിനെക്കുറിച്ച് ഒരു ആമുഖം പറഞ്ഞുകൊള്ളട്ടെ? എന്താണ് വിഷു? എ ഡി എണ്ണൂറ്റി ഇരുപത്തഞ്ച് വരെ പുതുവത്സര ആഘോഷമായിരുന്നു വിഷു. എന്നാൽ എ ഡി എണ്ണൂറ്റി ഇരുപത്തഞ്ചിൽ, പല കാരണങ്ങൾ കൊണ്ടും, ചിങ്ങമാസം തുടക്കമായിക്കുറിച്ച് കൊണ്ട്, കേരളത്തിലെ കൊല്ലം എന്ന സ്ഥലത്ത് കൂടിയ ഒരു പണ്ഡിത സദസ്സ്, മലയാളത്തിലെ പഞ്ചാംഗം അഥവാ കലണ്ടർ തുടങ്ങിയത് മുതൽ, വിഷു പതുക്കെ പുതുവത്സരാഘോഷമല്ലാതായി. വിഷു എന്നാൽ 'തുല്യം' എന്നാണ് സംസ്കൃതത്തിൽ അർത്ഥം. വിഷു ആഘോഷിക്കുന്ന ദിവസം രാത്രിയും പകലും ഏകദേശം തുല്യമായിരിക്കും. മീനരാശിയിൽ നിന്ന് മേടരാശിയിലേക്ക് സാങ്കല്പികമായ വിഷുവരേഖ കടക്കുന്ന സൂര്യന്റെ പ്രയാണസമയമാണ് വിഷു. ഏകദേശം അതേ സമയത്ത് തന്നെ അശ്വതി നക്ഷത്രത്തിന്റെ ആരംഭവും കുറിക്കുന്നു. ശകവർഷത്തിലെ ചൈത്രമാസത്തിലാണ് വിഷു കൊണ്ടാടപ്പെടുന്നത്. അതുകൊണ്ട് തന്നെ വിഷുവിനെ ചൈത്രവിഷു എന്നും പറയും. ഭാരതീയ സംസ്കാര പ്രകാരം സൂര്യൻ മീനരാശിയിൽ നിന്ന് മേടരാശിയിലേക്ക് കടക്കുന്ന സന്ദർഭമാണ് പുതുവർഷമായി കൊണ്ടാടപ്പെടുന്നത്. അതുകൊണ്ടാണ്, അയൽപക്കമായ തമിഴ്നാട്ടിൽ 'പുത്താണ്ട്' ആയും കർണാടകത്തിലും ആന്ധ്രയിലും 'ഉഗാദി' ആയും മഹാരാഷ്ട്രയിൽ 'ഗുഡി പദ് വാ' ആയും ആസ്സാമിൽ ബിഹു ആയും പഞ്ചാബിൽ ബൈസാഖി ആയും മറ്റും ഭാരതത്തിലങ്ങോളമിങ്ങോളം വിഷു സമയം പുതുവത്സരാഘോഷമായി ഇന്നും ആഘോഷിക്കപ്പെടുന്നത്. സമയം കളയാതെ നമുക്ക് ഇന്നത്തെ ആഘോഷത്തിന്റെ കാര്യപരിപാടികളിലേക്ക് കടക്കാം. 


പ്രിയമുള്ളവരേ, വിഷുവിനെക്കുറിച്ച് നിങ്ങൾ കേട്ടിരിക്കാനിടയില്ലാത്ത കുറച്ച് കാര്യങ്ങൾ കൂടി പറഞ്ഞുകൊള്ളട്ടെ. ശ്രദ്ധിച്ച് കേൾക്കുമല്ലോ.... വിഷു എങ്ങനെയാണ് കാർഷികാഘോഷമായി കൊണ്ടാടപ്പെടുന്നത്? നമ്മുടെ ഇന്നത്തെ കാലാവസ്ഥാപ്രവചനസംവിധാനങ്ങൾ വരുന്നതിന് മുന്നേ ഞാറ്റുവേലകളെ അടിസ്ഥാനമാക്കിയുള്ള കൃഷി രീതികളായിരുന്നു ഭാരതീയർ പിന്തുടർന്നിരുന്നത്. എന്താണ് ഞാറ്റുവേല? എന്താണ് വിഷുവും ഞാറ്റുവേലയും തമ്മിലുള്ള ബന്ധം? 'ഞായറിന്റെ വേള' ആണ് മലയാളത്തിൽ ഞാറ്റുവേല ആയത്. ഞായർ എന്നത് ഞായറാഴ്ച അല്ലെന്ന് പ്രത്യേകം ശ്രദ്ധിക്കുക. ഞായർ എന്നത് സൂര്യന്റെ പര്യായമാണ്. സൂര്യന്റെ ഒരു വർഷത്തെ വിവിധ വേളകളെ ഏകദേശം പതിമൂന്നര ദിവസങ്ങളെടുക്കുന്ന 27 ഞാറ്റുവേലകളായി തരം തിരിച്ചിരിക്കുന്നു. ഈ ഞാറ്റുവേലകളിലെ ആദ്യത്തെ ഞാറ്റുവേലയായ അശ്വതി ഞാറ്റുവേല തുടങ്ങുന്നത് വിഷുവിന്റെ ദിവസമാണ്. അതായത് മേടം ഒന്നിന്. കേരളത്തിൽ പൊതുവെ മഴകൾ കുറഞ്ഞ്, ഭൂമി വരണ്ട് കിടക്കുന്ന സമയമാണ് കുംഭം, മീനം മേടം,ഇടവം രാശികൾ. ഇടവരാശിയുടെ അന്ത്യത്തിൽ ഇടവപ്പാതിയെന്ന മഴ ലഭിക്കുന്ന സമയമാണ്. എന്നുവച്ചാൽ രോഹിണി ഞാറ്റുവേല മുതൽ മഴ ലഭിക്കുമെന്നാണ് പണ്ട് കാലത്തെ കണക്ക്. ഈ സമയമാകുമ്പോഴേക്കും ഭൂമിയെ കൃഷിക്ക് പാകമാക്കി വെക്കാനുള്ള പ്രവർത്തികൾ ആരംഭിക്കുന്ന സമയമായാണ് അശ്വതി ഞാറ്റുവേലയെ കേരളീയർ കണ്ടിരുന്നത്. പ്രാദേശിക കാലാവസ്ഥക്കനുസരിച്ചും ഭൂമി ശാസ്ത്രത്തിനനുസരിച്ചും ഞാറ്റുവേലകൾക്കനുബന്ധമായ പ്രവർത്തികൾ വ്യത്യാസപ്പെട്ട് കിടക്കും. അതുകൊണ്ട്, മേടം ഒന്നിന് ഒരു വർഷത്തെ കാർഷികവൃത്തികൾ ആരംഭിക്കുന്ന അശ്വതി ഞാറ്റുവേലയുടെ തുടക്കമായതിനാലാണ് വിഷു ഒരു കാർഷികാഘോഷമായി കേരളീയർക്ക് മാറിയത്. ഇനി നമുക്ക് വീണ്ടും ആഘോഷപരിപാടികളിലേക്ക് തിരിച്ച് വരാം. 


പ്രിയമുള്ളവരേ, ഈ ആഘോഷങ്ങളൊക്കെ കഴിഞ്ഞ്, ഇന്ന് നിങ്ങൾ വീട്ടിലേക്ക് തിരിച്ച് പോകുന്നതിന് മുൻപ് വിഷുവിനെക്കുറിച്ച് ഇനിയും കൂടുതൽ മനസ്സിലാക്കണമെന്ന് ആഗ്രഹിക്കുന്നില്ലേ? കുറച്ച് കാര്യങ്ങൾ കൂടി ഇവിടെ പറയാം. ബാക്കി കാര്യങ്ങൾ പിന്നീടൊരവസരത്തിൽ പറയുകയോ, അവരവർക്ക് സ്വയം കണ്ടെത്തുകയോ ആവാം. വിഷുവിനോടനുബന്ധിച്ച് വിഷുക്കണി, വിഷുക്കൈനീട്ടം എന്നീ ചടങ്ങുകളെക്കുറിച്ച് നിങ്ങൾ കെട്ടുകാണുമല്ലോ. ഈ ചടങ്ങുകളൊക്കെ എന്താണ് എന്തിനാണെന്ന് ചിന്തിച്ചിട്ടുണ്ടോ? എല്ലായിടത്തും പോലെ ചടങ്ങുകളെല്ലാം പ്രതീകാത്മകങ്ങളാണ്. കണി എന്ന് പറയുന്നത്, നമ്മൾ ഒരു ദിവസം കാണുന്ന ആദ്യത്തെ കാഴ്ചയാണ്. പുതുവർഷാരംഭത്തിന്റെ ശുഭാരംഭത്തിൽ തന്നെ ആദ്യം നമ്മൾ ഒരു നല്ല കാഴ്ച കണ്ടാൽ, ആ വർഷം മുഴുവൻ അതിന്റെ പ്രതിഫലനം നിലനിൽക്കും എന്നതിനെ പ്രതീകാത്മകമായി കൊണ്ടാടുന്ന ചടങ്ങാണ് വിഷുക്കണി. അതുകൊണ്ടാണ് പഞ്ചലോഹപ്പാത്രത്തിൽ നവധാന്യങ്ങളും ഐശ്വര്യജീവിതസംബന്ധിയായ മറ്റ് വസ്തുവകകളും വച്ച്, അവയുടെ കൂട്ടത്തിൽ സ്വന്തം പ്രതിരൂപം ഒരു കണ്ണാടിയിലൂടെ ദർശിച്ച് ഐശ്വര്യജീവിതത്തിന്റെ സന്ദേശം നൽകുവാൻ വിഷുക്കണി എന്ന ചടങ്ങ് നടത്തുന്നത്. ജീവിതത്തിൽ കഷ്ടപ്പെട്ടുണ്ടാക്കുന്ന സമ്പത്തിന്റെ പ്രാധാന്യമറിയാനും, സമ്പത്ത് ഔചിത്യപൂർവ്വം ഉപയോഗിക്കേണ്ടതാണെന്ന് അറിയിക്കാനും, സമ്പത്ത് എന്നത് കൂടെയുള്ളവരും കൂടെ അനുഭവിക്കേണ്ടതാണെന്ന് കാണിക്കാനുമുള്ള ഒരു പ്രതീകാത്മക ചടങ്ങാണ് കൈനീട്ടം. ഇത്തരം പ്രതീകാത്മക ചടങ്ങുകൾ നടക്കുമ്പോഴും, നമുക്ക് ആ പ്രതീകങ്ങളെ ജീവിതത്തിലും പകർത്തി മറ്റുള്ളവർക്ക് മാതൃകയാവാം. എന്തായാലും, ഇന്നത്തെ ഈ ആഘോഷങ്ങളുടെ മായികപ്രപഞ്ചത്തിലേക്ക് നമുക്ക് വീണ്ടും കടന്നു വരാം.


***

2019, മാർച്ച് 7, വ്യാഴാഴ്‌ച

മൂത്തമ്മാമന്റെ കല്ല്യാണമാല



എന്റെ മൂത്തമ്മാമന്റെ കല്ല്യാണത്തിന് മൂത്തമ്മാമന്റെ മൂത്ത മകൾക്ക് പോലും പങ്കെടുക്കാൻ പറ്റാതെ വന്നിരിക്കേ, മൂത്തമ്മാമന്റെ നേരെ താഴെയുള്ള പെങ്ങളുടെ മൂത്തമകനായ എനിക്ക് പങ്കെടുക്കാൻ പറ്റിയെന്നുള്ളത് എന്റെ ചെറിയ അഹങ്കാരം തന്നെയാണ്.  നേരെ രണ്ട് വയസ്സിന് താഴെയുള്ള പെങ്ങളുടെ, നേരെ മുന്നിലെ ബെഞ്ചിലിരുന്ന് കൊത്തങ്കല്ല് കളിച്ച് പഠിച്ചിരുന്ന കോമളാംഗിയെത്തന്നെയാണ് മൂത്തമ്മാമൻ വെള്ളാരം പല്ലുകൾ കാട്ടി മോഹിപ്പിച്ച് കല്ല്യാണരാവിന്റെ വക്കിലെത്തിച്ചത്. 

സ്വന്തം ക്ലാസ്സിൽ പഠിച്ചിരുന്ന പെണ്ണിന്റെ കൂടെ ഒരിക്കൽ കൂടി കൊത്തങ്കല്ല് കളിക്കാനുള്ള തിടുക്കം കാരണം ഒരാഴ്ച മുന്നേ എന്റെ മാതാവ് ഏട്ടന്റെ കല്യാണം കൂടാൻ, അന്ന് മൂന്ന് മക്കളുള്ളതിൽ (പിന്നീടത് നാലായി) മൂത്തവനായ എന്നെ ഒഴിവാക്കി, ബാക്കി രണ്ടെണ്ണത്തിനെയും കൂട്ടി അച്ഛന്റെ വീട്ടിൽ നിന്ന് സ്ഥലം വിട്ടിരുന്നു. കല്ല്യാണത്തലേന്ന് എന്നെയും അച്ഛൻ പെങ്ങളുടെ മകളായ എന്റെ മച്ചുനിച്ചിയെയും കൂട്ടി അച്ഛനും അവിടെയെത്തി. താഴെ വിശാലമായ വയലുകളുള്ള ഒരു കുന്നിൻ ചെരുവിലെ ആ വീടിനെ, ഞങ്ങൾ  'മഞ്ഞങ്കര' എന്നാണ് വിളിച്ചിരുന്നത്. ബസ്സിറങ്ങിയതിന് ശേഷം, കാട് പിടിച്ച  കുന്നിൻ ചെരുവിലൂടെയും വയലിലൂടെയും കുറേ നടക്കുവാനുണ്ട്, മഞ്ഞങ്കരയിലേക്ക്.  ഹരിശ്ചന്ദ്രന്റെയും വിക്രമാർക്കന്റെയും മറ്റും കഥകൾ പറഞ്ഞ് രാത്രി വൈകിയ സമയത്ത്, അച്ഛൻ ഞങ്ങളെ ചൂട്ട് വെളിച്ചത്തിൽ നയിച്ചു. കഥകൾ കേട്ട് നടക്കുന്നതിനിടയിൽ, കാഞ്ഞിരക്കുരു വീഴുന്നതിന്റെയും വവ്വാലുകൾ പറക്കുന്നതിന്റെയും കശുമാവിൻ തോട്ടത്തിൽ നിന്ന് കുറുക്കന്റെയും കാട്ടുപന്നികളുടെയും മറ്റും ശബ്ദങ്ങൾ കേട്ട്, ഞാനും എന്റെ മച്ചുനിച്ചിയും കൈകൾ പരസ്പരം ബലമായി പിടിച്ചു നടന്നു. നേരം വൈകിയത് കൊണ്ടും യാത്രാക്ഷീണം കൊണ്ടും, അമ്മാമന്റെ മുറിയിൽ, അമ്മാമന്റെ കൂടെ അവസാനമായി കിടന്നുറങ്ങാനുള്ള അവസരം വിട്ടുകളയാൻ താല്പര്യമില്ലാതിരുന്നത് കൊണ്ടും,  വേഗം മൂത്തമ്മാമന്റെ മുറിയിൽ ഞങ്ങൾ  കിടന്നുറങ്ങി. പെട്രോമാക്സുകളുടെ വെളിച്ചം പൂനിലാവായി തോന്നിയതിനാൽ, അമ്മാമന് ഉറങ്ങാൻ കഴിയാഞ്ഞതൊന്നും ഞങ്ങളെ ബാധിച്ചിട്ടുണ്ടായിരുന്നില്ല.

പിറ്റേന്ന്, എന്തുകൊണ്ടോ, രാവിലെത്തന്നെ പുതിയ കുപ്പായമിട്ടൊക്കെ തയ്യാറായെങ്കിലും എന്നെ കല്ല്യാണസ്ഥലത്തേക്ക് കൂട്ടിയില്ല. കരഞ്ഞ് വിളിച്ച് മൂക്കൊലിപ്പിച്ച് നോക്കിയെങ്കിലും ചില ഉഗ്രശാസനകൾ വിവിധ ദിശകളിൽ നിന്ന് എത്തിച്ചേർന്നതിനാൽ മൂക്ക് തുടച്ച് മൂലക്കിരിക്കേണ്ടി വന്നു. മച്ചുനിച്ചിയെയും കൂട്ടാത്തതിനാൽ സങ്കടം ഇത്തിരി കുറഞ്ഞു.  കല്യാണപ്പാർട്ടി വീട്ടിൽ നിന്ന് ഇറങ്ങിയതിന് ശേഷം, ഞങ്ങൾ രണ്ട് പേരും വീടിന് താഴെയുള്ള തോട്ടിൽ മീൻ പിടിക്കാനിറങ്ങി. ഉച്ചയൂണൊക്കെ കഴിഞ്ഞ് കല്യാണപ്പാർട്ടി തിരിച്ചെത്താൻ നേരമായെന്ന വിവരം അമ്മാച്ഛൻ  അമ്മമ്മയോട് പറയുന്നത് ഞങ്ങൾ കേട്ടു. നെടുനീളൻ നെൽവയലുകളും വാഴത്തോപ്പുകളും വെള്ളക്കെട്ടുകളും മറ്റും കഴിഞ്ഞുള്ള മറുകരയിലാണ് കല്യാണപ്പാർട്ടി ബസ്സിറങ്ങുക. അമ്മമ്മ നിലവിളക്ക് തയ്യാറാക്കാനുള്ളിലേക്ക് ഓടിയപ്പോൾ ഞാനും മച്ചുനിച്ചിയും കല്യാണപ്പാർട്ടിയെ വരവേൽക്കാൻ, കമുകും തെങ്ങും ഇടവിട്ടിടവിട്ട് തിങ്ങിക്കിടന്നിരുന്ന മലഞ്ചെരുവിലൂടെയും നേരിയ വരമ്പുകളിലൂടെയും മറ്റും ഓടിയും ചാടിയും മറുകരയിലെത്തി.

കല്യാണബസ്സ് പൊടിപറത്തി വയലിൻകരയിൽ വന്ന് നിന്നു. കല്യാണപ്പെണ്ണിനെ കാണാൻ കല്യാണപ്പെണ്ണിനെക്കാളും നാണത്തോടെ, ഞാനൊരു കമുകിൻ മരം മറഞ്ഞ് ഒളിഞ്ഞു നോക്കി. ബസ്സിൽ നിന്ന് എടുത്ത് ചാടിയത് പോലെയിറങ്ങിയ മൂത്തമ്മാമൻ കൂടുതൽ സുന്ദരനായത് പോലെ തോന്നി. നെറ്റിപ്പട്ടം കെട്ടിയ ആനയിറങ്ങുന്നത് പോലെ കല്യാണപ്പെണ്ണ്, ബസ്സിന്റെ കോണിപ്പടികളിറങ്ങി വന്നു. ആനപ്പാപ്പാന്റെ ചേഷ്ടകളോടെ കൂട്ടുകാരിയായ അമ്മ, നമ്മുടെ പുതിയ അമ്മായിയെ ആനയിച്ച്  നടത്താൻ തുടങ്ങി. മുത്തുക്കുട പിടിച്ചപോലെ അമ്മായിക്ക് ആരോ കുട പിടിച്ച് കൊടുത്തിട്ടുണ്ട്. കഴുത്ത് കുനിഞ്ഞ് മാത്രം നടക്കുന്ന അമ്മായിക്ക് കണ്ണുണ്ടോ എന്ന് അമ്മയെ ചുറ്റി നടക്കുന്നതിനിടയിൽ ഞാൻ കുനിഞ്ഞ് നോക്കി. വരമ്പിലൂടെ വഴുതാതെയും വീഴാതെയും അമ്മ അമ്മായിയെ കാത്തു. വയലിന്റെ പലഭാഗങ്ങളിലും ഒറ്റവരി വയൽ വരമ്പിലൂടെയുള്ള  എഴുന്നള്ളിപ്പ് കാണാൻ വയലിലെ ജോലിക്കാരും അയൽക്കാരുമൊക്കെയുണ്ടായിരുന്നു.  മൂത്തമ്മാമൻ ഒരു മാലയും ബൊക്കെയുമൊക്കെ കൈയ്യിൽ ചുറ്റിപ്പിടിച്ച്, കോട്ടയം കുഞ്ഞച്ചൻ സ്റ്റൈലിൽ മുന്നിൽത്തന്നെയുണ്ട്. നടന്ന് നടന്ന്, എല്ലാവരും മഞ്ഞങ്കരയിലേക്ക് വയലിൽ നിന്ന് കയറാനുള്ള കോണിപ്പടിക്കലെത്തി.

എന്തോ വീട്ടിൽ കയറാനുള്ള സമയമായില്ല എന്നതിനാൽ അഞ്ച് മിനുട്ട് താഴെ കാത്ത് നിൽക്കാൻ അമ്മാച്ഛൻ മുകളിൽ നിന്ന് ഉത്തരവിറക്കി. വിളക്ക് പിടിച്ച് ഇറയത്തിന്റെ തുമ്പത്ത് സ്ത്രീകൾ തയ്യാറായി നിന്നു. ആദ്യമായി കയറ്റം കയറാൻ ആന തയ്യാറാവുന്നത് പോലെ, മുകളിലേക്കൊന്ന് നോക്കി, ശ്വാസം പിടിച്ച്, അമ്മായിയും തയ്യാറായത് പോലെ തോന്നി. താമരശ്ശേരിച്ചുരം കയറുന്നത് പോലെയായിരുന്നു ഈ കല്ല്യാണത്തിന് മുന്നേ ഞങ്ങൾ മഞ്ഞങ്കരയിലേക്ക് വളഞ്ഞ് പുളഞ്ഞ് കയറിയിരുന്നത്. കല്ല്യാണം പ്രമാണിച്ച് മുപ്പത്തിയാറ് പടികളുള്ള, കുത്തനെയുള്ള  പുതിയ സിമന്റ് പടികൾ, നേരെ കയറാൻ പാകത്തിൽ  അമ്മാച്ഛൻ പണിയിച്ചിരുന്നു.

അഞ്ച് മിനുട്ട് കൂടി വീട്ടിലേക്ക് കയറാൻ ബാക്കിയുള്ളതിനാൽ മാലയൊന്നുമില്ലാതെ ഒന്ന് രണ്ട് ഫോട്ടോ എടുക്കാൻ ഫോട്ടോഗ്രാഫർക്ക് ഒരാഗ്രഹം. എങ്ങനെയെങ്കിലും ഒരു ഫോട്ടോയിൽ കയറിപ്പറ്റാൻ മണവാളനെ ചുറ്റിപ്പറ്റി നടന്നിരുന്ന ഞാനും തയ്യാറെടുത്തു. പക്ഷേ മൂത്തമ്മാമൻ വളരെ വിദഗ്ദ്ധമായി എന്നെ ഒഴിവാക്കാൻ, എന്റെ കൈയ്യിൽ രണ്ട് മാലകളും രണ്ട് ബൊക്കെകളും പിടിക്കാൻ തരികയാണ് ചെയ്തത്. അമ്മാമൻ അതിസമർത്ഥനായ സർക്കസ്സ് കാരനെപ്പോലെ പുതിയമ്മായിയുടെ കൈ പിടിച്ച്, ചാടാൻ ഇത്തിരി പ്രയാസമുള്ള വെള്ളച്ചാൽ മറികടന്ന് മറുകണ്ടം ചാടി ഫോട്ടോയ്ക്ക് പോസ് ചെയ്യാൻ തുടങ്ങി. അമ്മാമന് ആവേശമായിരുന്നെങ്കിലും ഏഴ് വയസ്സുകാരനായ, നാണം കുണുങ്ങിയായ എനിക്ക്, ഉണ്ടായിരുന്ന ആവേശവും ചോർന്ന് പോയിരുന്നു. ഒന്നാമത്, കല്ല്യാണത്തിന് കൂട്ടിയില്ല... രണ്ടാമത്, ഇത് വരെയും ഒരു ഫോട്ടോയിൽ കയറാൻ പറ്റിയില്ല... മൂന്നാമത്, മാലകളും ബൊക്കെകളും പിടിച്ചത് കണ്ട്, എന്നെക്കാൾ ആറ് വയസ്സ് മാത്രം അധികമുള്ള അമ്മയുടെ കുഞ്ഞനുജത്തിയായ എന്റെ എളേമ്മയും എന്നേക്കാൾ രണ്ട് വയസ്സ് മാത്രം കൂടുതലുള്ള അമ്മയുടെ ഇളയമ്മയുടെ മകളും എന്നെ ‘മണവാളൻ’ എന്ന് പറഞ്ഞും 'നിന്റെ പെണ്ണാരാ...' എന്ന് ചോദിച്ചും എന്നെ  കളിയാക്കാൻ തുടങ്ങി. അവിടെയുണ്ടായിരുന്ന എല്ലാവരും എന്നെ നോക്കിച്ചിരിക്കാൻ തുടങ്ങി.

എനിക്ക്, എന്റെ ചാരിത്ര്യം നഷ്ടമാകുന്നത് പോലെ തോന്നി. എന്റെ മച്ചുനിച്ചി എന്നെ ഒളികണ്ണിട്ട് നോക്കി... ഞാനകപ്പാടെ ചൂളിപ്പോയി.. കണ്ണ് നിറഞ്ഞു... കൈ വിറച്ചു... എനിക്ക് സഹിക്കാൻ പറ്റിയില്ല... പിന്നെ ഒട്ടും അമാന്തിച്ചില്ല. മാലകളും ബൊക്കെകളും ഞാൻ വലത് ഭാഗത്തുള്ള മൂർന്ന് കഴിഞ്ഞ വയലിലെ വെള്ളത്തിലെറിഞ്ഞു. മൂത്തമ്മാമന്, അമ്മായിയുടെ കഴുത്തിൽ അന്ന് പുതുതായി ഇട്ടുകൊടുത്ത താലി, ആരോ കിണറ്റിലേക്കെറിഞ്ഞത് പോലെ തോന്നുമെന്ന്, അന്നത്തെ എന്റെ ബുദ്ധിക്ക് മനസ്സിലാക്കുവാൻ കഴിഞ്ഞിരുന്നില്ല. മൂത്തമ്മാമൻ ഫോട്ടോഗ്രാഫറെ വകഞ്ഞു മാറ്റി, ചുമലിൽ കൈ വച്ചിരുന്ന അമ്മായിയെ വിട്ട്, എന്നെ ഒന്ന് ഉമ്മ വെക്കാൻ, കല്യാണമുണ്ട് മാടിക്കുത്തി, പല്ല് കടിച്ച്, മലയിൽ നിന്ന് ഉറവ പൊട്ടി വരുന്ന വെള്ളം പളപളാന്ന് ഒഴുകിപ്പോകുന്ന ചാൽ, പുലി ചാടിക്കടക്കുന്നത് പോലെ  ഒറ്റച്ചാട്ടത്തിന്  തിരിച്ച് ചാടി കടന്നു. ഞാൻ ഓടാനുള്ള തയ്യാറെടുപ്പിലായിരുന്നു. അപ്പഴേക്കും എന്നെക്കാൾ എട്ട് വയസ്സ് മൂപ്പുള്ള എന്റെ കുഞ്ഞമ്മാമൻ ഒരു മുങ്ങൽ വിദഗ്ധന്റെ ലാഘവത്തോടെ വിവാഹകുസുമഹാരങ്ങൾ വയലിൽ നിന്നും പൊക്കിയെടുക്കാനുള്ള ശ്രമം ആരംഭിച്ചിരുന്നു. അതുവരെ വാ തുറന്നൊന്ന് സംസാരിക്കുന്നത് പോലും ഞാൻ കണ്ടിട്ടില്ലാത്ത അമ്മായി, “മോഹനേട്ടാ....” എന്ന് മോഹനമായി വിളിച്ച്, തല രണ്ട് വശത്തേക്കും ആന എഴുന്നള്ളിപ്പിന് ആട്ടുന്നത് പോലെയാട്ടി, ‘വേണ്ട’ എന്ന സന്ദേശം അമ്മാമന് കൊടുത്ത്, അദ്ദേഹത്തിന്റെ അനന്തിരവവാത്സല്യം മൂത്ത ഉദ്യമത്തിൽ നിന്നും തടഞ്ഞില്ലായിരുന്നെങ്കിൽ.... ഞാൻ, ബഹുജനസമക്ഷം മാലകൾ വീണ അതേ സ്ഥലത്ത്, വയലിലെ ചെളിയിൽ ആണ്ട് പോയേനെ...

ഇന്നലെ മൂത്തമ്മാമന്റെ നാല്പതാം വിവാഹവാർഷികമായിരുന്നു. നന്ദിയുണ്ട് അമ്മായീ... നന്ദിയുണ്ട്... എന്നെ രക്ഷിച്ചതിന്... ആ കരുതലിന്... അമ്മാമന് ഇന്നോളം വരമായിത്തീർന്ന ആ മാന്ത്രികവലയത്തിന്.... നീണാൾ വാഴ്ക !!! 


***

2019, മാർച്ച് 2, ശനിയാഴ്‌ച

വളിയൊച്ചയെ പേടിക്കുന്നവരുടെ യുദ്ധക്കൊതി


രണ്ടാഴ്ചക്കാലമായി തിളച്ച് മറിഞ്ഞ് തുളുമ്പാൻ നിന്ന എന്റെ ദേശസ്നേഹം  യുദ്ധമില്ലാതായതോടെ ഇപ്പോൾ തണുത്താറിയിരിക്കുന്നു. ദേശസ്നേഹം തിളക്കാൻ ഇനിയും ഒരു ഭീകരാക്രമണം ഉണ്ടാകേണ്ടിയിരിക്കുന്നു എന്നോർക്കുമ്പോൾ പേടി തോന്നുന്നു. സിനിമാ കൊട്ടകയിൽ ദേശസ്നേഹം കാണിക്കേണ്ടത് ഇരുന്നിട്ടാണോ നിന്നിട്ടാണോ; ഭക്ഷണം കഴിക്കുമ്പോൾ ദേശസ്നേഹം കാണിക്കേണ്ടത് ബീഫിനെ മട്ടനാക്കിയിട്ടാണോ; ഭരണാധികാരിയെ വിമർശിക്കുമ്പോൾ ദേശസ്നേഹം കാണിക്കേണ്ടത്, മോദിയെ വിട്ട് മൻമോഹനെ വിമർശിച്ചിട്ടാണോ എന്നൊക്കെയുള്ള സന്ദേഹങ്ങളുടെ കൂട്ടത്തിൽ പുതിയൊരു സന്ദേഹം കൂടി ഈ കാലയളവിൽ വന്നു ചേർന്നു -  സമാധാനത്തിനായി ദേശസ്നേഹം കാണിക്കേണ്ടത് യുദ്ധത്തിന് വേണ്ടി അഹോരാത്രം ആഹ്വാനം ചെയ്തുകൊണ്ടാണോ എന്നതാണാ സന്ദേഹം.

പട്ടാളക്കാരെക്കാളും, പട്ടാള സാങ്കേതിക-ഉപായ-വ്യൂഹ വിവരങ്ങൾ ഈ കാലയളവിൽ എന്നിൽ വന്ന് ചേർന്നത് ഇക്കാലയളവിലുണ്ടായിട്ടുള്ള വലിയൊരാശ്വാസമാണ്. മിറാഷിന്റെയും മഗ്ഗിന്റെയും സുഖോയിയുടെയും എല്ലാ സ്ക്രൂവിന്റെ അളവും ഇന്നെനിക്ക് മനഃപാഠമാണ്. ഒരു യുദ്ധവിമാനം മുഴുവനായിത്തന്നെയുണ്ടാക്കാനുള്ള വിദ്യകൾ സോഷ്യൽ മീഡിയകൾ പുറത്ത് വിട്ടിട്ടുണ്ട്. ഒന്നുണ്ടാക്കിയാലോ എന്ന ആലോചനയിലാണ് ഞാനും. ഇന്ദിരാഗാന്ധി വാങ്ങിയ ആയുധത്തിനാണോ, അതോ മോദി വാങ്ങാൻ പോകുന്ന ആയുധത്തിനാണോ മൂർച്ച എന്നത് രാകി നോക്കിപ്പറയാൻ, കരുവാന്റവിടത്തെ കൊല്ലനെ ഏൽപ്പിച്ചിട്ടുണ്ട് എന്ന കാര്യവും അറിഞ്ഞു.

സ്വന്തം ചന്തിയുടെ ഉള്ളിൽ നിന്നും പൊട്ടുന്ന വളിയുടെ ഒച്ച പോലും കേട്ടാൽ ഞെട്ടിവിറക്കുന്ന, അണുബോംബിന്റെ ഫിസിക്സിനെക്കുറിച്ച് മറ്റാരേക്കാളും വശമുള്ള, രാത്രി സ്വസ്ഥമായി ശീതളസ്വപ്നങ്ങളിൽ വിരാജിക്കുന്ന സാധാരണക്കാർക്ക്,  പട്ടാളക്കാർക്കറിയുന്നതിനെക്കാൾ യുദ്ധതന്ത്രങ്ങൾ അറിയുമെന്നത് പട്ടാളക്കാർക്ക് പോലും അത്ഭുതമുണ്ടാക്കിയത്രേ. യുദ്ധമാണെങ്കിൽ അണ്വായുധം പ്രയോഗിച്ച് തന്നെ വേണമത്രേ... ! എന്നെങ്കിലും ഒരിക്കൽ മരിക്കുന്നത് കൊണ്ട്, ധീരനായി വെടികൊണ്ട് തന്നെ മരിക്കണം, അതും പുറത്ത് കൊള്ളുന്നതിന് പകരം നെഞ്ചിൽത്തന്നെ വെടി കൊണ്ട് മരിക്കണം... എന്നിട്ട് സമാധാനം ഉണ്ടാക്കണം !! ഇങ്ങനെയൊക്കെ ചിന്തിക്കുന്നത്, ഒരു കമ്പിത്തിരി പോലും കത്തിക്കാത്ത സാധാരണക്കാരന്റെ അവസരവീരവാദങ്ങളാണെന്ന് ഏതൊക്കെയോ യുദ്ധവിരുദ്ധന്മാർ ചില മാളങ്ങളിലിരുന്ന്  ചിലർ അപഖ്യാതി പരത്തുകയാണ് !!

പാകിസ്ഥാനിൽ അണുബോംബിട്ടാൽ, അതിന്റെ അണുപ്രസരണം തടയുന്നതിന് നമ്മുടെ അതിർത്തിയിൽ ഉണ്ടാക്കിയെടുത്ത പ്രത്യേക സംവിധാനത്തിന്റെ സാങ്കേതികവിദ്യ  അടുത്ത ശാസ്ത്ര നോബൽ സമ്മാനത്തിനുള്ള എൻട്രിയായി കൊടുത്തിട്ടുണ്ടെന്നതാണ് കേൾവി. ഇവിടുത്തെ പയിനായിരം ചത്താലും അപ്പുറത്ത് പയിനായിരത്തൊന്ന് ചത്താൽ, കണക്കുകളിൽ അത് ഇവിടുത്തെ വിജയമാക്കി കണക്കാക്കും എന്ന് 'ഷാ'ജി തിയറി ഉപയോഗിച്ച് വിശദീകരിച്ചത്, ഗണിതശാസ്ത്രത്തിന്റെ ചരിത്രത്തിലെ ഒരു നാഴികക്കല്ലായി കരുതപ്പെടുന്നു.

രഹസ്യാന്വേഷണവിവരങ്ങൾ, രഹസ്യാന്വേഷണ ഏജൻസികൾ നേരിട്ട് പത്രമാപ്പീസുകളിലാണ് എത്തിക്കുന്നത് എന്നത് പത്രങ്ങളും ടിവിയും സോഷ്യൽ മീഡിയകളും കൊടുക്കുന്ന വാർത്തകളിൽ നിന്ന്  മുംബൈ ആക്രമണത്തിന്റെ കാലത്തേ നമ്മൾ അറിഞ്ഞതാണ്. സർജ്ജിക്കൽ സ്ട്രൈക്ക് നടത്തിയാൽ, അടുത്ത നിമിഷത്തിൽ ത്തന്നെ അതിന്റെ ചിത്രങ്ങളും വീഡിയോകളും പത്രമാപ്പീസുകളിലും ടിവി ചാനലുകളിലും എത്തുന്നത്, നാം ആർജ്ജിച്ച സാങ്കേതിക പുരോഗതിയുടെ ആഴം മനസ്സിലാക്കിത്തരുന്നു.  വാട്സാപ്പിന്റെ കുടുംബ-സുഹൃദ് കൂട്ടായ്മകളിലും ഫേസ്ബുക്കിലും ഇത്തരം വിവരങ്ങൾ മത്സരിച്ച് എത്തിക്കാനും, മറന്ന് പോകാതിരിക്കാൻ ഒരേ വിവരം തന്നെ എല്ലാവരും അങ്ങോട്ടുമിങ്ങോട്ടും നൂറ്റഞ്ചാവർത്തി അയച്ച് ഹൃദിസ്ഥമാക്കാൻ പ്രത്യേക വളണ്ടിയർമാർ സ്വയം ഉയർന്ന് വന്നതും രാജ്യ പുരോഗതിയെ കാണിക്കുന്നു.

നമ്മുടെ വീഡിയോ ഫോർവാഡ് തൊഴിലാളികളെപ്പോലെ അക്ഷീണം പ്രവർത്തിക്കുന്ന ഒരു തൊഴിലാളി വർഗ്ഗം വേറെ ഉണ്ടെന്ന് തോന്നുന്നില്ല. മത്സരിച്ചുള്ള പ്രവർത്തനമാണ് അവരുടെ മുഖമുദ്ര. കിട്ടിയതെന്തും മുൻ പിൻ നോക്കാതെ മറ്റുള്ളവരിലേക്കെത്തിച്ച്,  മറ്റുള്ളവരെ വിവരസമ്പന്നരാക്കാനുള്ള അവരുടെ വാശി ശ്ലാളാഘനീയം തന്നെയാണ്. ഒരു ഫേസ്ബുക്ക് അക്കൗണ്ടോ ഒരു വാട്സാപ്പ് അക്കൗണ്ടോ ഉണ്ടെങ്കിൽ ഒരു ലക്ഷം അദ്ധ്യാപകർ ഉള്ളതിന് തുല്യമാണെന്ന് ഈ സ്വാർത്ഥതാല്പര്യം ഒട്ടുമേ തീണ്ടാത്ത ഫോർവാഡ് തൊഴിലാളികൾ തെളിയിച്ച് തരും. പാകിസ്ഥാനെ അങ്ങനെ ചെയ്തു.. ഇങ്ങനെ ചെയ്തു... പഷ്തൂൺ മലകൾ തുരച്ച് മറിച്ച് കളഞ്ഞു എന്നൊക്കെയുള്ള വീരവാദങ്ങൾ, ഒരു യുദ്ധത്തടവുകാരനെ കിട്ടിയാൽ ഭയപ്പാടോടെ ഒരു പോറലുമേല്പിക്കാതെ നമ്മുടെ പട്ടാളക്കാരനെ തിരിച്ചയക്കാൻ പാകിസ്ഥാനെ പ്രേരിപ്പിക്കും എന്നവർ പ്രാവർത്തികമായി കാണിച്ച് തന്നിരിക്കുന്നു. 

ഒരു ഭരണമാറ്റം ആഗ്രഹിച്ചിരുന്ന ഞാൻ, ഭീകരത ഇല്ലാതാക്കാൻ ഭീകര താവളങ്ങൾ ഇപ്പം പൊട്ടിക്കും.. ഇപ്പം പൊട്ടിക്കും... എന്നും ജി ഡി പിയുടെ ഉയരം എവറസ്റ്റ് കയറ്റുമെന്നൊക്കെപ്പറഞ്ഞ് മോഹിപ്പിച്ച് വന്ന മോദിയെ ഞാൻ വല്ലാതെയങ്ങ് ആരാധിച്ച് പോയി... നെഹ്രുവിന്റെ കാലത്ത് ലാഹോർ വരെ കയ്യേറി വിട്ടുകളഞ്ഞ മിസ്റ്റേക്കുകൾ ആവർത്തിക്കില്ലെന്ന് ഉറപ്പിക്കാൻ; ശാസ്ത്രിയും നെഹ്രുവും ഇന്ദിരാഗാന്ധിയും ഒക്കെ അന്തർദേശീയ സമ്മർദ്ദ ഫലമായി ഉണ്ടാക്കിയെടുത്ത കരാറുകളിൽ ഒപ്പിട്ട് കൊണ്ട്, അതുവരെ നേടിയെടുത്തതൊക്കെയും കളഞ്ഞ് കുളിച്ചുകൊണ്ട് നടത്തിയ പൊട്ടത്തരങ്ങൾ ആവർത്തിക്കിക്കാതിരിക്കാൻ; വാജ്‌പേയി ചെയ്തത് പോലെ പരാക്രമികളെ വിട്ടുകൊടുത്ത് കൊണ്ടുള്ള കളികൾ ആവർത്തിക്കാതിരിക്കാൻ, അധികാരത്തിലെത്തിയ ഉടനെ, പ്രതിരോധമാണ് യുദ്ധത്തിനെക്കാൾ നല്ലത് എന്ന തരത്തിൽ, ഭീകരരുടെ സങ്കേതങ്ങൾ അങ്ങോട്ട് കയറി നശിപ്പിച്ച്‌ കളഞ്ഞില്ലേ? ഇപ്പുറത്ത് പൊട്ടിക്കാൻ സ്വന്തം പൃഷ്ഠം കാണിച്ച് കൊടുക്കുന്നതിന് മുന്നേ അപ്പുറത്തുള്ളവന്റെ മണ്ട പൊട്ടിച്ചില്ലേ? ഭീരുക്കളായ ഭരണാധികാരികൾ പോയി അമ്പത്തെട്ടിഞ്ച് നെഞ്ചളവുമായി ധീരൻ വന്നപ്പോൾ പത്താൻകോട്ടും ഉറിയും പുൽവാമയും ഉണ്ടാകില്ലെന്ന് ഉറപ്പാക്കിയില്ലേ? അമ്പതോളം ദരിദ്രനാരായണന്മാർ  നോട്ട് നിരോധനം മൂലം മരിച്ചെങ്കിലും ഭീകരൻ പട്ടിണി കിടക്കേണ്ടിവരുമെന്ന് കാണിച്ച് തന്നില്ലേ? അമ്പത് കൊല്ലം കൊണ്ട് ISRO ഉണ്ടാക്കിയെടുത്തതിനെക്കാൾ പുരോഗതി അഞ്ച് കൊല്ലം കൊണ്ട് ISRO ഉണ്ടാക്കിയില്ലേ? രൂപയുടെ മൂല്യം എഴുപതിൽ നിന്ന് മുപ്പത്തഞ്ചാക്കി മറുനാടൻ മലയാളികളെ ഞെട്ടിച്ച് കളഞ്ഞില്ലേ? അന്താരാഷ്‌ട്രതലത്തിൽ എണ്ണക്ക് ബാരലിന് എത്ര കുറഞ്ഞാലും, വില കൂട്ടിത്തന്നെ വച്ചുകൊണ്ട്  കുറച്ചതായി നടിക്കാം എന്ന സൂത്രവാക്യം അവതരിപ്പിച്ചില്ലേ? ആധാറിനെയും വോട്ടിങ് യന്ത്രത്തെയും കുറ്റം പറഞ്ഞിരുന്നത് നിർത്തിയില്ല? ഭാരതത്തിൽ എന്ത് സാധനം ഇന്നെടുത്താലും അതിൽ ദേശസ്നേഹം എന്ന പ്രോപ്പർട്ടി തിരുകിയില്ലേ? പലസമയങ്ങളിലായി എല്ലാ കാലത്തും നടന്നിരുന്ന സർജിക്കൽ സ്ട്രൈക്ക് എന്നത് ഒരു മുദ്രാവാക്യമായി മാറ്റിയില്ല? സാമ്പത്തിക കുറ്റവാളികൾ മറ്റ് നാടുകളിലേക്ക് കുത്തൊഴുകിപ്പോകുംപോലെ ഒഴുകിപ്പോകുന്നത് തടഞ്ഞില്ലേ? ബിൻലാദൻ മോഡൽ ഓപ്പറേഷനുകൾ നടത്തി, ദാവൂദിനെയും മസൂദ് അസ്ഹറിനെയും, ഹാഫിസ് സയ്യദിനെയും പിടിച്ചു കെട്ടിക്കൊണ്ട് വന്ന് ഇന്ത്യാ ഗേറ്റിൽ വച്ച് തൂക്കിക്കൊന്നില്ലേ? റിസർവ് ബാങ്കിന്റെ റിസർവ് ശേഖരത്തിന്റെ ഒരു ഭാഗം സർക്കാരിന് കൈമാറി സാമ്പത്തികം ഉയർത്തിയില്ലേ ?  രാജ്യത്ത് ഇതുവരെയുണ്ടായ എല്ലാ നല്ലകാര്യങ്ങളും ഉണ്ടായത് ഇക്കഴിഞ്ഞ അഞ്ച് കൊല്ലത്തിൽ മാത്രമാണെന്ന് കൊച്ച് കുട്ടികൾ പോലും പറയാൻ തുടങ്ങിയില്ല? ഒരു കളിപ്പാട്ടവിമാനം പോലുമുണ്ടാക്കിയിട്ടില്ലാത്ത കമ്പനിക്ക് റാഫേൽ യുദ്ധവിമാനം ഉണ്ടാക്കാമെന്ന് തെളിയിച്ചില്ലേ? പ്രതിപക്ഷത്തിനെയോ അതിന്റെ നേതാക്കളെയോ വൃത്തികെട്ട രീതിയിൽ കളിയാക്കാതെ മുൻ ഭരണാധികാരികളെ ആഗോളതലത്തിൽ പോലും കളിയാക്കാതെ, ഇതുവരെയില്ലാത്തവിധം രാഷ്ട്രീയ ആഡ്ഢ്യത്തം എന്താണെന്ന് കാണിച്ച് തന്നില്ലേ? എതിരഭിപ്രായമുള്ളവനെ സ്നേഹം കൊണ്ട് കീഴടക്കിയില്ലേ? ഇന്ദിരാഗാന്ധിക്കും രാജീവ് ഗാന്ധിക്കും ഉണ്ടായിരുന്ന തരത്തിലുള്ള സ്തുതിപാഠകരും അന്ധമായ ആരാധനക്കാരും വെറും ഭൂതകാലത്തിന്റെ ഭൂതഗണങ്ങളാണെന്ന് തെളിയിച്ച് തന്നില്ലേ? എന്തിനധികം, രാമനും അയ്യപ്പനും മതത്തിനും രാഷ്ട്രീയത്തിൽ ഒരു പങ്കുമില്ലെന്ന് ജനങ്ങളെക്കൊണ്ട് പറയിച്ചില്ലേ? നല്ല രാഷ്ട്രീയം കാഴ്ച വച്ച്,  ഇറ്റലിയിൽ നിന്നും മക്കത്തായത്തിൽ നിന്നും ജനാധിപത്യത്തെ രക്ഷിച്ചില്ലേ? ഒരു ഭരണാധികാരി എന്ന നിലയിൽ ഇത്രച്ചെറിയ കാലത്തിനുള്ളിൽ ഇത്രയധികം കാര്യങ്ങൾ ചെയ്യാൻ മോദിക്കല്ലാതെ വേറെ ആർക്ക് കഴിയും ?

ഇതുവരെയില്ലാത്തവിധം, പാർട്ടി, മതം, ദൈവം, ദേശീയത എന്നീ വലിയ സംഭവങ്ങളെ ഒരുമിച്ച് സമ്മേളിപ്പിച്ച് വിജയം വരിച്ചുകൊണ്ടിരിക്കുകയല്ലേ ഉല്പതിഷ്ണുക്കളായ രാഷ്ട്രീയക്കാർ. ഈ ചതുർഭുജ സമ്മേളനത്തിൽ സൈന്യത്തെയും സമർത്ഥമായി വിന്യസിപ്പിക്കുകയാണ് അഭിനവ ക്ഷത്രിയന്മാർ എന്നത് യുദ്ധവിരോധികളായ ഭീരുക്കൾക്ക് ഇനിയും മനസ്സിലായിട്ടില്ല! യുദ്ധമാണ് രാഷ്ട്രതന്ത്രം എന്ന് ചാണക്യനെയും മറ്റും ഉദ്ധരിച്ച് ചിന്തിച്ച് മനസ്സിലാക്കാൻ പറ്റാത്തവരാണ് യുദ്ധവിരോധികൾ... യുദ്ധമൊഴിവാക്കലാണ് ഭരണാധികാരിയുടെ വിജയമെന്നത് വിഡ്ഢിത്തമാണെന്ന് അറിഞ്ഞുകൂടാത്തവരാണ് യുദ്ധത്തെ എതിർക്കുന്നത്. യുദ്ധം യുദ്ധം എന്ന് നാഴികക്ക് നാല്പത് വട്ടം വിളിച്ച് കൂകി, യുദ്ധം തുടങ്ങാണെന്ന വ്യാജേന ഭീകരാക്രമങ്ങളെ ഉപയോഗിക്കുന്നതിന് മഹാഭാരതയുദ്ധത്തിനോട് സാമ്യം ഉണ്ടാവുന്നത് സ്വാഭാവികമല്ലേ? സ്വന്തം നിലനിൽപിന് ഭീകരത എന്നും ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്നത് തെറ്റാണോ !! യുദ്ധത്തിൽ പങ്കെടുക്കുന്നവർ ഹൂറികളുമായി മുന്തിരിച്ചാറിൽ നീന്താൻ പോകുന്നവരാണെന്ന് യുദ്ധത്തിന് വേണ്ടി ബഹളം വെക്കുന്ന സോഷ്യൽമീഡിയാ ബഹളന്മാർ  ഒളിഞ്ഞു നോക്കി കണ്ടുപിടിച്ചിരിക്കുന്നു.

ചില ബുദ്ധിരാക്ഷസന്മാർ ഇതൊക്കെ പാവം ചൈനയെ തകർക്കാനാണെന്ന് കണ്ട് പിടിച്ചുകളഞ്ഞത് ആർക്കും മനസ്സിലാകുന്നില്ലത്രേ... ചൈന പാകിസ്ഥാനിലൂടെയുണ്ടാക്കുന്ന ചൈനാ-പാകിസ്ഥാൻ എക്കണോമിക് കോറിഡോറിനെ തകർക്കാനുള്ള പരിപാടിയാണെന്നും അത് തകർന്നാൽ ഇന്ത്യക്ക് പച്ചരി കിട്ടില്ലെന്നുള്ള യാഥാർത്ഥ്യം പറഞ്ഞത് ചൈനയോടുള്ള കൂറ് കൊണ്ടാണെന്ന് ദേശീയവാദികൾ വിഡ്ഢിത്തം പറയുകയല്ലേ? ചൈനാമഹാരാജ്യത്തിലേക്ക് വിപ്ലവ രഹിതമായി ഭാരതത്തെ ലയിപ്പിച്ചാലുണ്ടാകുന്നതിന്റെ ഗുണഗണങ്ങൾ ഇവിടെയൊരു വിഡ്ഢിക്കും മനസ്സിലാകുന്നില്ലല്ലോ എന്നോർക്കുമ്പോൾ സങ്കടം തോന്നുന്നുണ്ട്. സ്വന്തമായി സേനയുള്ള , സ്വന്തമായി കോടതിയുള്ള പാർട്ടികളുണ്ടാകുന്നത് മോശമാണെന്ന് തോന്നുന്നത്, ദാസ് ക്യാപ്പിറ്റൽ വായിച്ച് നോക്കാത്തവർക്ക് മാത്രമുണ്ടാകുന്ന രോഗമാണെന്ന് എത്ര പേർക്കറിയാം? സദ്ദാമും സ്റ്റാലിനും ഹിറ്റ്ലറും ഒക്കെ നൂറായിരലക്ഷങ്ങളെ കൊന്നൊടുക്കിയത് ലോക നന്മക്ക് വേണ്ടിയാണെന്ന് എത്രപേർക്കറിയാം? അണുബോംബിട്ടത് കൊണ്ട് മാത്രം നിന്നുപോയ ആ ലോകനന്മ നമുക്ക് തിരിച്ച് പിടിക്കണ്ടേ?

പട്ടാളത്തെ പിന്നാമ്പുറത്ത് ഉപയോഗിച്ചുകൊണ്ട് രാഷ്ട്രീയം മാർക്കറ്റ് ചെയ്യുന്നതിനേക്കാൾ നല്ലത് പട്ടാളക്കാർ രാഷ്ട്രീയത്തിലിറങ്ങുന്നതല്ലേ  എന്നതാണ് ബാക്കിയുള്ള ഒരേയൊരു സംശയം. ഒന്നുകിൽ പട്ടാളക്കാർ രാഷ്ട്രീയത്തിൽ ചേരട്ടെ അല്ലെങ്കിൽ രാഷ്ട്രീയക്കാർ പട്ടാളത്തിൽ ചേരട്ടെ. രാഷ്ട്രീയക്കാരുടെ ധൈര്യം കാൽമുട്ടിലായത് കൊണ്ട് രണ്ടാമത് പറഞ്ഞത് ഒരിക്കലും നടക്കില്ലെന്ന് ഇന്നാട്ടിലെ ഏത് തെരുവ് ശ്വാനനും അറിയാം എന്ന് യുദ്ധവിരോധികൾ പറഞ്ഞു കളയും! ഒരുതരത്തിലല്ലെങ്കിൽ മറ്റൊരുതരത്തിൽ, പ്രക്ഷാളനം ചെയ്യപ്പെട്ടവരാണെന്ന് പൊതുജനമെന്നത് പച്ചവേഷം കെട്ടിയ രാഷ്ട്രീയരാവണന്മാർക്കും അറിയാമെന്ന് പറയുന്നത് വെറും അന്ധമായ വിരോധത്തിന്റെ പുറത്താണെന്നും യുദ്ധവിരോധികൾ പറഞ്ഞു വെക്കുന്നു !!

അമർന്നിരുന്ന്  സുഖിച്ചൊന്ന് പേടികൂടാതെ വളിയിടാനെങ്കിലും, ആരാനെ പ്രകോപിപ്പിച്ച് വീരസ്യചിത്തരാക്കി യുദ്ധത്തിലേക്ക് തള്ളിയിടാൻ ബഹളം കൂട്ടുന്നത് തെറ്റാണോ? എന്തായാലും അഭിനന്ദന്റെ മീശയുടെ സ്റ്റെയ്‌ൽ മുഖത്ത് രോമമുള്ള എല്ലാവർക്കും അനുകരിക്കാവുന്നതാണ് എന്നാണ് എന്റെ പക്ഷം. അതിൽ തർക്കമുണ്ടാകുമോ എന്നറിയില്ല!  സംഭവാമി യുഗേ യുഗേ  !!!  

2019, ഫെബ്രുവരി 9, ശനിയാഴ്‌ച

ബ്ലൗസ് ട്രബ്ൾ


"നമസ്കാരം സുഹൃത്തുക്കളേ... എല്ലാവർക്കും നാരായത്തിന്റെ നമോവാകം... പതിവിന് വിപരീതമായി, എന്റെ സുഹൃത്ത് ഗോപുവാണ് ഇന്ന് നിങ്ങളോട് ഒരു കഥ പറയാൻ വരുന്നത്... ഞാൻ അദ്ദേഹത്തിന് മൈക്ക് കൈമാറാം... അദ്ദേഹത്തിന്, ആദ്ദേഹത്തിന്റെ ഭാഷയിൽ പറയാനുള്ളത് ദയവായി കേൾക്കുക..."

"നമസ്കാരം... എന്റെ പേര് ഗോപു... ഒരു ബ്ലൗസ്, എന്റെ ജീവിതത്തിൽ ഉണ്ടാക്കിയ പൊല്ലാപ്പിനെക്കുറിച്ചാണ് പറയാൻ വരുന്നത്.. ആദ്യമേ തന്നെ ഒരു കാര്യം പറഞ്ഞേക്കാം. തലവാചകം കണ്ട് ആരും വേണ്ടാത്തതൊന്നും ചിന്തിച്ച് തല പുണ്ണാക്കരുത്... കേട്ടോ.. ചിലപ്പോൾ 'ഗ്യാസ് ട്രബ്ൾ' എന്നത് 'ബ്ലൗസ് ട്രബ്ൾ'  ആയി തെറ്റി എഴുതിപ്പോയതാണോ എന്ന സംശയം നിങ്ങൾക്ക് ഉണ്ടായേക്കാം. സത്യത്തിൽ അങ്ങനെയല്ല... പിന്നെ, ആരുടെയെങ്കിലും ഉണങ്ങാനിട്ട ബ്ലൗസ് കാക്ക കൊത്തിക്കൊണ്ട് പോയതായിരിക്കുമോ, ഭാര്യയുടെ തയ്ച്ച് കിട്ടിയ ബ്ലൗസിന് ഇറക്കം കുറഞ്ഞതായിരിക്കുമോ, , ആരുടെയെങ്കിലും മുന്നാലെയുള്ള പെണ്ണ്, തിരക്ക് പിടിച്ച് ബസ്സിൽ കയറുമ്പോൾ, അവളുടെ ബ്ലൗസ് സൈഡിൽ കൊളുത്തിക്കീറിയത്,  സംശയിച്ച്  പ്രശ്നമായതായിരിക്കുമോ  എന്നൊക്കെയുള്ള അന്തഃർധരാമുൻവിധികളോടെ കഥയെ നിങ്ങൾ സമീപിക്കുന്നതിൽ ഞാൻ കുറ്റം പറയില്ല. ഉദ്വേഗഭരിതമായ ആകാംഷാപ്രതീക്ഷകൾ കഥ കേൾക്കുമ്പോൾ തീർച്ചയായും ഉണ്ടാകണം. പക്ഷേ, ബ്ലൗസെന്ന് കേട്ടയുടനെ ചില ആക്രാന്തമുഗ്ദ്ധലാവണ്യചിന്തകളുമായി ചെന്തമിഴിൽ ചിന്തിക്കുന്നവരുടെ ചന്തിക്ക്, നല്ല ചന്തത്തിൽ, ചാന്ത് വടി കൊണ്ട്, ചോര ചിന്തിയ പോലെ, ചെന്താമര വിരിയിക്കാൻ, ചന്തയിൽ നിന്നൊരാളെ ഞാൻ ഏർപ്പാട് ചെയ്യും. പറഞ്ഞില്ലെന്ന് വേണ്ട. ചിന്താസ്വാതന്ത്ര്യമുണ്ടെന്ന് കരുതി, എന്തെങ്കിലും ചിന്തിച്ച് കൂട്ടരുത്. അത് ശരിയല്ലല്ലോ.. അല്ലേ.. നല്ലപോലെ സഭ്യമായി, അശ്ലീലമൊന്നുമില്ലാത്ത, എന്നാൽ അനുഭവിച്ചവന്, മറക്കാത്ത അനുഭവം സമ്മാനിച്ച  ഒരു കഥയാണ് പറയാൻ പോകുന്നത്.  ജാഗ്രതൈ !! അപ്പോൾ കഥയിലേക്ക് കടക്കാം.

സംഭവം നടന്നിട്ട് അഞ്ചാറ് കൊല്ലങ്ങളായി. ഞാനും കുടുംബവും അന്ന് മേരിലാന്റിലെ ക്രോഫ്റ്റൺ എന്ന സ്ഥലത്തെ ഒരു അപ്പാർട്മെന്റിലാണ് താമസം. ഒരു ദിവസം രാത്രി, ഞങ്ങളൊക്കെ ഉറങ്ങാൻ കിടന്നതിന് ശേഷം, മയക്കത്തിലേക്ക് വഴുതി വീഴാൻ പോകുന്ന സമയം. എന്റെ മൊബൈൽ ഫോൺ ചിലക്കാൻ തുടങ്ങി. രാത്രി ഉറങ്ങാൻ കിടന്നതിന് ശേഷം ചിലക്കുന്ന ഫോണിനെക്കണ്ടാൽ എനിക്ക് പ്രാന്താകും... ഞാൻ മൈൻഡ് ചെയ്യാറില്ല... 'കുറച്ച് നേരം ചിലച്ചിട്ട് തനിയെ അടങ്ങിക്കോളും' എന്ന ഫിലോസഫിയാണ് എന്റേത്.

"നിങ്ങൾക്ക് അങ്ങനെ, എങ്ങനെ ചിന്തിക്കാൻ കഴിയുന്നു, ഇവിടെ നിന്ന് തന്നെയോ, അല്ലെങ്കിൽ നാട്ടിൽ നിന്നോ മറ്റോ അത്യാവശ്യത്തിന് ആരെങ്കിലും വിളിക്കുന്നതാണെങ്കിലോ" എന്നൊക്കെയുള്ള ഭാര്യയുടെ ഭയാശങ്കകൾക്ക് ഞാൻ ചെവി കൊടുക്കാറില്ല. 'രാത്രി ഉറങ്ങാൻ കിടന്നാൽ ആർക്കും അത്യാവശ്യങ്ങൾ പാടില്ല'' എന്ന ഫിലോസഫി, ഞാനപ്പോൾ  ചിന്തയിലൂടെ പ്രയോഗിക്കും. പൊതുവേ, കിടന്നാലൊന്ന് ഉറങ്ങിക്കിട്ടാൻ നല്ല സമയമെടുക്കുന്ന ഒരാളാണ് ഞാൻ. അങ്ങനെ കിടന്ന് ഉറക്കം പിടിച്ച് വരുമ്പോഴാണ് മൊബൈലിന്റെ ചിലപ്പ്. പ്രാന്ത് വരാതിരിക്കുമോ?  ഞാൻകേട്ട ഭാവം നടിച്ചില്ല.

'തലയിണയിൽ തലതട്ടിയാലുടനെ മയക്കം' എന്ന പോളിസിയിൽ, മുഖത്തിന്റെ വാതിൽ തുറന്ന് അന്തരീക്ഷശുദ്ധീകരണം നടത്തിക്കൊണ്ട്, മോട്ടോറിന്റെ ക്രമീകരിച്ച രീതിയിലുള്ള ശബ്ദം പുറപ്പെടുവിച്ച് കൊണ്ട്, മോഹനനിദ്രയിലാണ്ട് കിടന്ന ഭാര്യ, മൊബൈലിന്റ ചിലപ്പ് കേട്ട്, സ്ഥലകാലവിഭ്രാന്തിയോടെ സടകുടെഞ്ഞെഴുന്നേറ്റു.  "നിങ്ങളിത് കേൾക്കുന്നില്ലേ മനുഷ്യാ, മനുഷ്യനെ മര്യാദക്കൊന്നുറങ്ങാനും സമ്മതിക്കില്ല....പണ്ടാരം..." എന്നൊക്കെ പിറുപിറുക്കുന്നുണ്ട്. ഞാനിതൊന്നും അറിഞ്ഞ ഭാവം നടിക്കുന്നില്ല... 'ഹിഹിഹി...' എന്ന് ഉള്ളിൽ ചിരിച്ച് കൊണ്ട് ഞാൻ ചരിഞ്ഞ് കിടപ്പാണ്...

സാധാരണയായി രാത്രിയിൽ, ഉറങ്ങാൻ കിടന്നതിന് ശേഷം  ഫോൺ ശബ്ദിച്ചാൽ, എന്റെ സഹധർമ്മിണിക്ക് ഭയാശങ്കകൾ കൂടും... ഒറ്റച്ചിന്തയിൽത്തന്നെ മരണസങ്കടവേലിയേറ്റസുനാമിത്തിരകളടങ്ങിയ  ഒരു ട്രാജഡി സിനിമയുടെ സ്ക്രിപ്റ്റ് മുഴുവൻ എഴുതിക്കളയും. വേറൊരുതരത്തിൽ പറഞ്ഞാൽ, നമ്മുടെ നാട്ടിൽ പണ്ട് 'കമ്പി വന്നു' എന്ന് പോസ്റ്റുമാൻ വന്ന് പറഞ്ഞാൽ ഉണ്ടാകുന്ന ചില ചിന്തകൾ പോലെ.

ഭാര്യ പിറുപിറുത്തുകൊണ്ട് ഒന്നെഴുന്നേറ്റിരുന്നു... മുടിയും കെട്ടി, ലൈറ്റും ഇട്ട് "നാട്ടിൽ നിന്നായിരിക്കും" എന്നും പറഞ്ഞു കൊണ്ട്, ഫോണിന്റെ അടുത്തേക്കൊരു ചാട്ടമോ ഓട്ടമോ എന്തോ ആയിരുന്നു. അപ്പഴേക്കും ഫോൺ മൂന്നാമതും ചിലച്ച് അടങ്ങിയിരുന്നിരുന്നു. ഫോണെടുത്ത് നോക്കി പറഞ്ഞു... "ഓ... ഏതോ സിന്ധുവാണ്.. ഇവർക്കൊന്നും ഉറങ്ങണ്ടേ.. വിളിക്കാനൊന്നും വേറൊരു സമയോം കിട്ടിയില്ലേ.. ? തിരിച്ച് വിളിക്കണോ?"

സിന്ധുവോ? ഞാൻ മനസ്സിലോർത്തു ഇതെന്തിനാണ് ഇവളിപ്പം വിളിക്കുന്നത് ?

"ഏത് സിന്ധുവാ...? "

എന്റെ മനസ്സിൽ ആകെ ഒരു സിന്ധുവേ ഉള്ളൂ.. അത് ന്യൂയോർക്കിലുള്ള  എന്റെ ഒരു  കസിൻ (കസിൻ എന്നൊക്കെപ്പറഞ്ഞാൽ... നേരിട്ടുള്ള മാതൃ-പിതൃ കസിനല്ല.. കുറച്ച് വളവുകളും തിരിവുകളുമുള്ള കസിൻ ബന്ധമാണ്.. എന്നാലും ഇടപെടലുകൾ കൊണ്ട് അടുത്ത ബന്ധമാണ്) സിന്ധുവാണ്. അവളെന്തിനാണ് ഈ പാതിരാത്രി വിളിക്കുന്നത്?

"മോഹനേട്ടന്റെ* സിന്ധു ആയിരിക്കും... അല്ലാതെ വേറെയാരാ...."
"അവിടെയെന്തെങ്കിലും.... നാട്ടിലാർക്കെങ്കിലും..... എന്തെങ്കിലും..." ഭാര്യ പകുതിക്ക് നിർത്തി.

"എന്തെങ്കിലും സീരിയസ്സാണെങ്കിൽ വീണ്ടും മൊബൈൽ റിങ് ചെയ്യും.. നീ സമാധാനത്തിൽ അടങ്ങിക്കിടക്ക്"  ഞാൻ കുഴഞ്ഞുമറിഞ്ഞമട്ടിൽ മൊഴിഞ്ഞു. ഭാര്യയുടെ ശ്വാസമിടിപ്പിന്റെ പെരുമ്പറ ശബ്ദം  ഒഴിവാക്കിയാൽ, പൂർണ്ണ നിശ്ശബ്ദത...

"ക്രീം... ക്രീം..." മൊബൈൽ നാലാമതും ചിലച്ചു. ഞാൻ തന്നെ എഴുന്നേറ്റു. ഭാര്യയും എഴുന്നേറ്റു. ഞാൻ പിന്നെ ഒട്ടും അമാന്തിച്ചില്ല.. നേരെ കാൾ ആക്സെപ്റ്റ് ചെയ്തു.

"ഹലോ... ഹാ.. സിന്ധൂ... എന്താ.... ഈ സമയത്ത്?"
"ഹലോ.... ആ..  ഇതാരാ..."

ഹേ.. ഇതെന്ത് കഥ.... സിന്ധു എന്നെ വിളിച്ചിട്ട് എന്നോട് ചോദിക്കുന്നു.. ഞാനാരാണെന്ന്... അതും പാതിരാത്രിക്ക്... 'തേന്മാവിൻ കൊമ്പത്ത് ' എന്ന സിനിമ ഞാൻ കണ്ടിട്ടില്ലായിരുന്നെങ്കിൽ, അതിൽ കുതിരവട്ടം പപ്പുച്ചേട്ടൻ  മോഹൻലാലിനോട് പറഞ്ഞത് പോലുള്ള ഒരു ഡയലോഗ് ഞാൻ സിന്ധുവോട്  കാച്ചിയേനെ...

 "സിന്ധൂ.. ഇത് ഗോപു ആണ്... മെരിലാന്റിലെ... പഴയേടത്തെ അനന്തൻമാഷിന്റെ മോൻ... പ്രേമേച്ചിയുടെ വല്യമ്മയുടെ മോന്റെ മോൻ..."

വന്നു വന്ന് പാതിരാത്രിയിൽ സിന്ധു പിച്ചും പേയും മറ്റോ പറയുകയാണോ എന്ന സംശയത്താലാണ് അത്ര നീട്ടി വിസ്തരിച്ച് ബന്ധം പറഞ്ഞ് അവളുടെ സംശയനിവാരണം നടത്താൻ ശ്രമിച്ചത്. പക്ഷെ അവൾക്ക് എന്നെ ഉടനെത്തന്നെ പിടികിട്ടി.

"ഓ.. ഗോപേട്ടനായിരുന്നോ?... ഉം.... ഉം.... അത്.... പിന്നെ...."

എനിക്കും സംശയമായി.. ഇത് ഞാൻ തന്നെയല്ലേ.... അല്ല ഞാൻ തന്നെയാണ്.... അവൾ എന്തോ പരുങ്ങുന്നത് പോലെ...

"എന്താ... ഈ നേരത്ത്... വിളിക്കാൻ മാത്രം എന്തുണ്ടായി?"
"ഉം... അത്...."

പാതിരാത്രി വിളിച്ചിട്ടും സിന്ധു കാര്യം പറയാൻ പരുങ്ങുന്നത് കണ്ട് എന്റെ നല്ലപാതിയുടെ ചങ്ക് മിടിക്കുന്നത് ഉച്ചസ്ഥായിയിലായി... സത്യത്തിൽ എന്റെ ചങ്കും പതുക്കെപ്പതുക്കെ കെട്ട്യോളുടെ ചങ്കിന്റെ താളത്തിലേക്ക് നീങ്ങുന്നുണ്ടോ എന്ന് ഞാനും ഭയന്നു.

"കാര്യം പറയ് സിന്ധൂ...."
"അത് പിന്നെ ഗോപേട്ടാ.... അത്... ഞാനെപ്പഴാ നിങ്ങൾക്ക് ബ്ലൗസ് തന്നത്?"

'എന്റമ്മേ...' ഞാൻ ഇന്നസെന്റിനെ ഓർത്ത് പോയി...  ഇവളെന്താ ഈ പറയുന്നത്? ബ്ലൗസോ? എന്ത് ബ്ലൗസ്...? ആരുടെ ബ്ലൗസ്.. ?

അത് വരെ എന്റെ ചെവിക്കരികിൽ ചെവി പിടിച്ച് നിന്ന്, അപ്പുറത്ത് നിന്ന് പറയുന്നത് കാതോർത്തിരുന്ന ഭാര്യയുടെ ഭാവം ഒന്ന് മാറി... അവൾ എന്നോട് ആംഗ്യഭാവത്തിൽ ശബ്ദം താഴ്ത്തിഉത്തരവിട്ടു:

"സ്പീക്കറിലിട്... സ്പീക്കറിലിട്...."

ഞാൻ തികച്ചും ത്രിശങ്കുവിലാണ്.... സിന്ധു പറയുന്നത് കേൾക്കാനോ... സ്പീക്കറിലിടണോ... ഈ ബ്ലൗസ്, ആരുടെ ബ്ലൗസാണ്... അറിയാതെ ഞാൻ.... എന്തെങ്കിലും.... ആകപ്പാടെ  കൺഫ്യൂഷൻ.... എന്തായാലും എന്റെ മനസ്സിൽ ആ സമയത്ത് ഒളിക്കാനായിട്ട് കാരണങ്ങളൊന്നും തോന്നാഞ്ഞത് കൊണ്ടും ഭാര്യയുടെ ഭാവമാറ്റത്തെ പേടിച്ചും അറിയാതെ വിരൽ സ്പീക്കർ ഫോൺ ബട്ടണിൽ അമർന്നു...

"ഏത് ബ്ലൗസിന്റെ കാര്യമാണ് സിന്ധൂ നീയീ പറയുന്നത്? "
"ഗോപേട്ടനല്ലേ ഇങ്ങോട്ട് വിളിച്ച് പറഞ്ഞത്.. രണ്ട് ബ്ലൗസുകൾ ജനീഷിന്റെയടുത്ത് കൊടുത്ത് വിട്ടിട്ടുണ്ട്... റീനക്ക് കൊടുക്കണം ന്നോ മറ്റോ ഒക്കെപ്പറഞ്ഞ്...."

'അപ്പൊ സിന്ധുവിന് മാത്രമല്ല.... റീനക്കും..... ബ്ലൗസ് കൊടുത്തിട്ടുണ്ട്...' ഭാര്യയുടെ മുഖം കണ്ടപ്പോ, അവൾ അങ്ങനെയായിരിക്കും  ചിന്തിക്കുന്നുണ്ടാവുക എന്നാണ് എനിക്ക് തോന്നിയത്.

പാതിരാത്രി ആയത് കൊണ്ടോ, ഉറക്കച്ചടവിലായത് കൊണ്ടോ.. ഭാര്യയുടെ നോട്ടം കണ്ടിട്ടാണോ എന്നറിയില്ല... എനിക്ക് ഒരു നിമിഷത്തേക്ക് ഒന്നും ഓർമ്മ വന്നില്ല... ഒരുതരം അർദ്ധബോധാവസ്ഥയിലുള്ള മരവിപ്പ്....

"ഞാനെപ്പഴാ അങ്ങനെ നിന്നോട് വിളിച്ച് പറഞ്ഞത് സിന്ധൂ...?
"അല്ല ഞങ്ങൾ നേരിട്ട് സംസാരിച്ചില്ല... പക്ഷെ ഗോപേട്ടൻ എന്നെ വിളിച്ച് ഒരു മെസ്സേജ് ഇട്ടില്ലേ.. അതാ പറഞ്ഞത്....."

ഹാവൂ... എനിക്കിപ്പോ പിടികിട്ടി.... എന്റെ തലയിലൂടെ ഗംഗാധരന്റെ ജട ലീക്കായി ഗംഗ ഊർന്ന് ഒഴുകിയത് പോലെ ഒരു കുളിർമ്മ പടർന്നു....  പക്ഷേ ഭാര്യക്ക് ഇപ്പഴും ഒന്നും പിടികിട്ടിയിട്ടില്ലല്ലോ... ഒന്നും മിണ്ടുന്നില്ലെങ്കിലും അവൾ പലതും ഉച്ചത്തിൽ പറയുന്നുണ്ടെന്ന് എനിക്ക് തോന്നി... ഈ ബ്ലൗസ് ഞാൻ സ്ഥിരം ഉപയോഗിക്കാത്ത സാധനമായത് കൊണ്ടും... ഉറക്കച്ചടവ് കയറിയ പാതിരാത്രിയിൽ പെട്ടെന്നുണ്ടായ ചില സാഹചര്യസമ്മർദ്ദങ്ങൾ കൊണ്ടും മറ്റും... ഈ ബ്ലൗസ് സംഭവം ഞാൻ മറന്നേ പോയിരുന്നു...

"ഹ ഹ ഹാ... അതാണോ... അയ്യോ.... നിന്നെയായിരുന്നോ ഞാൻ വിളിച്ചത്.... അയ്യോ.. സത്യത്തിൽ ആള് മാറിപ്പോയതാണ് കേട്ടോ...  വേറൊരു സിന്ധു ഉണ്ട്... മാറിപ്പോയതാണ്..."

കെട്ട്യോളിപ്പഴും അന്തിച്ച് നിൽക്കുകയാണ്... ഒരു സിന്ധുവിന്റെ  കൺഫ്യൂഷൻ തീർന്നെങ്കിലും ഈ രണ്ടാമത്തെ സിന്ധു ഏതാണ്? ഈ ബ്ലൗസിന്റെ ചക്രക്കുടുക്ക് അവളെ സംബന്ധിച്ചടുത്തോളം ഇനിയും അഴിഞ്ഞിട്ടില്ല...

"ഓ.. അങ്ങനെയാണോ.... ഗോപേട്ടാ.. സത്യത്തിൽ ഞാനും പേടിച്ച് പോയി... എന്ത് ബ്ലൗസിന്റെ കാര്യമാണ് നിങ്ങള് എന്നോട് പറഞ്ഞ് വരുന്നത് എന്നാലോചിച്ചിട്ട്...."
"സോറി.. സിന്ധൂ... സത്യത്തിൽ ഞാനീക്കാര്യം തന്നെ മറന്ന് പോയിരുന്നു.. അതാ കുറച്ച് നേരത്തേക്ക് കൺഫ്യൂഷനായിപ്പോയത്  "
"സത്യത്തിൽ ഗോപേട്ടന്റെ നമ്പർ.. ഞാൻ.. എന്റെ മൊബൈലിൽ  സ്റ്റോറ് ചെയ്ത് വച്ചിട്ടുണ്ടായിരുന്നില്ല... സജീവേട്ടനല്ലേ സാധാരണ വിളിക്കാറ്... അതുകൊണ്ട് ആരാ വിളിച്ചത് എന്ന് മനസ്സിലായില്ല... ജലദോഷം പിടിച്ചത്പോലെ ശബ്ദമായത് കൊണ്ട് എനിക്കും ആളെ മനസ്സിലായില്ല.. "
"ഓ... അത് ശരി..."
"ഒരാഴ്ചയായി ഞാൻ ഫോൺ നോക്കാറേ ഉണ്ടായിരുന്നില്ല... ഇന്ന് വൈകുന്നേരം സജീവേട്ടനാണ് ഈ മെസ്സേജ് കണ്ടത്.... സത്യത്തിൽ ഇവിടെയും കുറേ നേരത്തേക്ക് പ്രശ്നങ്ങളായിരുന്നു...."
"അയ്യോ.. എന്ത് പറ്റി... "
"സജീവേട്ടൻ ചൂടായത് പോലെയൊക്കെയായി... ആരാണ് ഞാനറിയാതെ ഈ ബ്ലൗസ് നിനക്ക് കൊടുത്ത് വിട്ടത് എന്ന മട്ടിലായിരുന്നു ചോദ്യങ്ങൾ..... ഹ ഹ.."
"എനിക്കൊന്നും അറിഞ്ഞു കൂടാന്ന് ഞാനും പറഞ്ഞു... അപ്പൊ ഈ മെസ്സേജ് വിട്ടതാരാ.. എന്നൊക്കെയായി... കുറേ ചോദ്യങ്ങളായിരുന്നു... കുറച്ചെന്തൊക്കെയോ പറഞ്ഞ് പുള്ളി ശാപ്പാടും കഴിച്ച് മേലെപ്പോയി കിടന്നു.."
"നിനക്ക് സജീവേട്ടന്റെ മുന്നിൽ നിന്ന് തന്നെ എന്റെയീ നമ്പറിൽ നേരത്തെ വിളിച്ചൂടായിരുന്നോ?"
"ആ സമയം കുട്ടികളൊക്കെ ഭക്ഷണത്തിനും മറ്റും ബഹളം വച്ചതിനാൽ പറ്റിയില്ല.... എന്തായാലും എന്റെ കൺഫ്യൂഷൻ തീർന്നു"

ഭാര്യയുടെ കൺഫ്യൂഷനാണ് ഇനി ബാക്കി.... അത് തീർത്തില്ലെങ്കിൽ....

"സോറി സിന്ധൂ.... "
"അയ്യോ എന്തിനാ സോറിയൊക്കെ... ഇവിടെയിപ്പോ ഒന്നും നടന്നില്ലല്ലോ.. ഒന്നും സംഭവിച്ചില്ലല്ലോ...."
"അത് ശരിയാ... ന്നാലും സജീവേട്ടന്... പെട്ടന്ന് ഒന്നും മനസ്സിലായിട്ടുണ്ടാവില്ലല്ലോ.... വെറുതെ ഓരോരോ പ്രശ്നങ്ങള്...."
"ആ അത് ശരിയാ.... അത് ഞാൻ പറഞ്ഞോളാം.. എന്നാലും.... ഈ ബ്ലൗസിന്റെ കഥ എന്താണ് ഗോപേട്ടാ.... ഹിഹിഹി...."

എനിക്കും അതാണ് വേണ്ടത്... ആ ചോദ്യത്തിന് ഉത്തരം പറഞ്ഞാലേ ഇവിടെയുള്ള ഗദ്ഗദപെരുംപറയുടെ മുഴങ്ങുന്ന കൊട്ട് നിലക്കുകയുള്ളൂ... മനുഷ്യർക്ക് ചെവി അനക്കാൻ പറ്റുകയില്ലെന്ന് എനിക്ക് നന്നായറിയാമെങ്കിലും, ക്യൂരിയോസിറ്റി മൂലം ഭാര്യയുടെ ചെവി പൂച്ചയുടെയോ പശുവിന്റെയോ ചെവി പോലെ അനങ്ങി വട്ടം പിടിക്കുന്നത് എനിക്ക് കാണാമായിരുന്നു.

"അതൊരു നീണ്ട കഥയാണ് സിന്ധൂ... എന്തായാലും സംഭവം ഇത്രത്തോളമായ സ്ഥിതിക്ക് എനിക്ക് പറഞ്ഞല്ലേ പറ്റൂ..."

ഞാനത് അവിടെ വച്ച് തന്നെ പറഞ്ഞില്ലെങ്കിൽ സജീവേട്ടന്റെ മനോധർമ്മവിചാരത്തിൽ ഇവിടെ വേറൊരാളും വീണേക്കും.

"പറയ്... കേക്കട്ടെ.."
"ഹഹാ,.... നിനക്ക് നമുക്കിവിടെ മലയാളി അസോസിയേഷൻ ഒക്കെയുള്ള കാര്യം അറിയാലോ.. നമ്മളൊക്കെ അതിന്റെ പരിപാടികളിൽ നമ്മുടേതായ കലാപരിപാടികൾ നടത്താറുണ്ട്..."
"രണ്ടാഴ്ച മുന്നിലത്തെ 'സമ്മർ ഡ്രീംസ്' പരിപാടിയിൽ ഞാനും എന്റെ ചങ്ങാതിമാരും ഒരു സ്കിറ്റ് ആയിരുന്നു അവതരിപ്പിച്ചത്..."

ഇത്രയും കേട്ടപ്പഴേക്കും സുഖസുഷുപ്തി പൂണ്ട് സ്വപ്നരാജ്യങ്ങളിൽ വിരാജിച്ച് നടന്നിരുന്ന എന്റെ മക്കൾ പോലും ഞെട്ടിയെഴുന്നേൽക്കത്തക്കതരത്തിൽ സർവ്വ മൗനവും ഭഞ്ജിച്ചുകൊണ്ട് ഒരു ചിരിയുടെ മാലപ്പടക്കം മുഴങ്ങി... കുട്ടികൾ ഒന്നനങ്ങി വീണ്ടും ഉറങ്ങി... ഇത്രയും നേരം വീർപ്പ്മുട്ടി  ഉദ്വേഗസംഭ്രമസംഘർഷാവസ്ഥയിൽ മൗനിയായി നിന്നിരുന്ന ഭാര്യാമണിയുടെ സന്തോഷവിസ്ഫോടനമായിരുന്നു ആ കേട്ടത്. ഞാനും ആ ചിരിയിൽ അറിയാതെ പങ്ക് ചേർന്നു... സിന്ധുവും ചരിച്ചു... ഒരുതരം കൂട്ടച്ചിരി.... സിന്ധുവിന് ബ്ലൗസിന്റെ കഥ മനസ്സിലായില്ലെങ്കിലും ഇവിടെയൊരു ഐസ്ബർഗ് അടർന്ന് വീണ്, അതിന്റെ മേലെ ഒലീവില കൊണ്ട് വീശിയ കാറ്റിന്റെ തണുപ്പ് അവൾക്ക് അവിടെ അനുഭവപ്പെട്ടു കാണും. സത്യത്തിൽ എന്റെ ഭാര്യക്ക് ഈ വഹ എല്ലാകാര്യങ്ങളും എന്നേക്കാൾ ഓർമ്മയുണ്ടായിരിക്കാറുള്ളതാണ്. ഈ സിന്ധു അല്ല ആ സിന്ധു എന്ന് മനസ്സിലായപ്പോൾ തന്നെ ഭാര്യാമണിക്ക് സ്പാർക്ക് കിട്ടേണ്ടതായിരുന്നു... പക്ഷേ... എന്തോ... തികച്ചും അപ്രതീക്ഷിതമായി അവളുടേതല്ലാത്ത ബ്ലൗസിനെക്കുറിച്ച് പാതിരാത്രിയിൽ കേട്ടത് കൊണ്ടാണോ...  എന്റെ മാനസിക ചുറ്റിക്കളികളെപ്പറ്റി നല്ലധാരണയുള്ളത് കാരണമാണോ എന്നറിയില്ല.... അവൾ സിന്ധുക്കളെ  ചുറ്റിപ്പറ്റിയുള്ള ചിന്തകളിൽ കുരുങ്ങിപ്പോയി....  രണ്ടാമത്തെ സിന്ധുവിനെ പുതുതായി പരിചയപ്പെട്ട് വരുന്ന സമയമായതിനാൽ, ചിലപ്പോൾ ആ സിന്ധു എന്റെ ഭാര്യയുടെ ഹാർഡ് ഡിസ്‌കിൽ സ്റ്റോറായിക്കാണാതിരിക്കാനും സാധ്യതയുണ്ട്...

"ഓ.. ആ ബ്ലൗസ് ആണോ?...." ഭാര്യ തേനൂറും ഭാവത്തിൽ മൊഴിഞ്ഞു.
"അതെ.. അല്ലാതെ ഞാൻ ഏത് ബ്ലൗസെടുത്തിടാനാണ്?.." ഞാനെന്റെ മുഖഭാവം ഒന്ന് മാറ്റി.. എന്നെക്കൊണ്ട് അത്രയൊക്കെയല്ലേ പറ്റൂ....
"നിങ്ങള് ബ്ലൗസിന്റെ കഥ പറയ് ഗോപേട്ടാ....എനിക്കൊന്നും മനസ്സിലായില്ല..."
"ആ... സിന്ധൂ... ഹഹ..ഹാ.. നമ്മൾ കഴിഞ്ഞ പരിപാടിക്കൊരു സ്കിറ്റ് ചെയ്തു എന്ന് പറഞ്ഞില്ലേ?... ഒരു തമാശ നാടകം... അതിൽ ഞാനും എന്റെ വേറൊരു സുഹൃത്തും രണ്ട് പഴയകാല ക്രിസ്ത്യാനി പെണ്ണുങ്ങളുടെ വേഷമായിരുന്നു കെട്ടിയത്.. ചട്ടയും മുണ്ടും.  അതിന് വേണ്ടിയുള്ള ഇറക്കമുള്ള ബ്ലൗസ് ആണ് താരം.... "
"ഓ.. നിങ്ങൾ പെൺ വേഷം കെട്ടിയോ?.... ഹഹ ഹാ... എന്നിട്ട്..?"
"അതെ.. പെൺ വേഷം കെട്ടിയാൽ എങ്ങനെ ഉണ്ടാകുമെന്ന് നോക്കാലോ.. ഹഹ... ഹും... ആ രണ്ട് ബ്ലൗസുകൾ റീന എന്ന ഒരു സുഹൃത്തിന്റെ കൈയ്യിൽ നിന്നായിരുന്നു  ഞങ്ങൾ തരപ്പെടുത്തിയത്... സ്കിറ്റ് കഴിഞ്ഞപ്പോൾ എന്റെ സുഹൃത്ത്, അവൻ സ്കിറ്റിന് വേണ്ടിയിട്ട ബ്ലൗസ് എന്റെയടുത്ത് തന്നു..."
"ഉം...ഉം"
"അങ്ങനെ ആ രണ്ട് ബ്ലൗസുകളും റീനയുടെ അടുത്ത് തിരിച്ചെത്തിക്കാനുള്ള വഴി നോക്കിയിരിക്കയായിരുന്നു ഞാൻ.. റീനയുടെ വീട് കുറച്ച് ദൂരെയാണ്"
"പരിപാടിയുടെ അന്ന് തന്നെ തിരിച്ച് കൊടുത്താൽ മതിയായിരുന്നു.. പക്ഷേ പല തിരക്കിനിടയിലും സാധിച്ചില്ല..."
"ഉം.. ഉം... എന്നിട്ട്...?"
"റീനക്ക് പെട്ടെന്നെന്തോ.. വേറൊരു പരിപാടിക്ക്, മാർഗ്ഗം കളിക്കോ മറ്റോ ഈ ബ്ലൗസിന്റെ ആവശ്യം വന്നു. റീനയുടെ ഓഫീസിൽ ഒരു 'സിന്ധു സജീവ്' ജോലി ചെയ്യുന്നുണ്ട്. ആ സിന്ധുവിന്റെ കൈയ്യിൽ സാധനം എത്തിച്ചാൽ മതിയെന്ന് പറഞ്ഞു..."
"ഉം.. ഉം.... ഹ ഹ ഹാ... മനസ്സിലായി മനസ്സിലായി... ഹ ഹാ..."
"ആ... അങ്ങനെയിരിക്കെയാണ് ഇവിടത്തെ സിന്ധുവിന്റെ അയൽവാസിയെ ഞാൻ വേറൊരു പരിപാടിക്ക് കണ്ടുമുട്ടുന്നത്...  കാറിൽ ത്തന്നെ ബ്ലൗസ് കിടപ്പുള്ളതിനാൽ, ബ്ലൗസെടുത്ത് സിന്ധുവിന്റെ സുഹൃത്തായ ജനീഷിന് കൊടുത്തു... സിന്ധുവിനെ ഏൽപ്പിക്കാൻ ഏർപ്പാടാക്കി..."
"ഉം.. ഉം... ഹഹ ഹാ... അപ്പൊ ആ സിന്ധുവാണെന്ന് വിചാരിച്ചാണ് എന്നെ വിളിച്ചത് അല്ലെ?"
"അതെ... യതേ... പറ്റിപ്പോയതെന്താണെന്ന് വച്ചാൽ... നിന്റെ കണവനും സജീവാണ്.. ഈ പറഞ്ഞ പുതിയ സിന്ധുവിന്റെ കണവന്റെ പേരും സജീവാണ്.... നിങ്ങളുടെ രണ്ടാളുടെ പേരും എന്റെ മൊബൈലിൽ 'സിന്ധു സജീവ്' എന്നാണ് സ്റ്റോർ ചെയ്തിട്ടുള്ളത്....
"ഓ... ഓ... ഹഹ ഹാ....."
"ഒന്ന് Sindhu Sajeev മറ്റേത് Sindhu Sajiv... ഇതിൽ ഏത് സിന്ധുവാണ് നീയെന്ന് എനിക്കറിഞ്ഞൂടായിരുന്നു.... 'sin..' എന്ന് സെർച്ച് ചെയ്തപ്പോ കിട്ടിയ ആദ്യത്തെ പേരിൽ മറ്റൊന്നും ആലോചിക്കാതെ, ഒരു സംശയവുമില്ലാതെ വിളിച്ചതാണ്... മാത്രോമല്ല... വോയിസ് മെയിലിൽ പോകുന്നതിന് മുന്നേ നിന്റെ റെക്കോർഡഡ് ശബ്ദവും കേട്ടില്ല.. അതുകൊണ്ട്, ഞാൻ എനിക്ക് പറയേണ്ടത് VM  ആയി  വിട്ടു...... അതിത്ര പൊല്ലാപ്പാകുമെന്ന് വിചാരിച്ചില്ല..."

സിന്ധു അട്ടഹസിച്ച് ചിരിക്കുകയായിരുന്നു... സമയം രാത്രി പന്ത്രണ്ടര...  അവളുടെ ചിരി കേട്ട് ഉറക്കത്തിൽ നിന്ന് സജീവേട്ടനും എഴുന്നേറ്റ് വന്നു....

"സജീവേട്ടൻ എഴുന്നേറ്റു വരുന്നുണ്ട്..."
"സജീവേട്ടന് ഫോൺ കൊടുക്ക്... "
"സ്പീക്കർ ഫോണിലാണ്...."
"ഹലോ ഗോപാ.. ആ.. എന്താ നടന്ന് കൊണ്ടിരിക്കുന്നേ..."
"സജീവേട്ടാ.. അതെന്റെ ബ്ലൗസായിരുന്നു കേട്ടോ...ബ്ലൗസിന്റെ ശരിയായ കഥ സിന്ധു പറയും.. എല്ലാം പറഞ്ഞ് സെറ്റാക്കിയിട്ടുണ്ട്... ഇപ്പോ പാതിരയായില്ലേ... ബാക്കി നമുക്ക് പിന്നെപറയാം... ശരി ഗുഡ് നൈറ്റ്.. ഗുഡ് നൈറ്റ് സിന്ധൂ..."
"ആ ആ.. എന്നാ അങ്ങനെയാവട്ടെ... ഗുഡ് നൈറ്റ്.."
"ഗുഡ് നൈറ്റ് ഗോപേട്ടാ.. ഗുഡ്നൈറ്റ് നിഷാ...."

ലൈറ്റുമണച്ച് വീണ്ടും ഉറങ്ങാൻ കിടന്നതേയുണ്ടായിരുന്നുള്ളൂ... അന്തരീക്ഷത്തിന് ആ സമയം, ബാരോമീറ്ററിൽ, മർദ്ദം വളരെ കുറവായതായി തോന്നി...  അപ്പോഴേക്കും എന്റെ ഇടത് ഭാഗത്ത് സംസാരദ്വാരമുപയോഗിച്ചുള്ള അന്തരീക്ഷശുദ്ധീകരണം വീണ്ടും തുടങ്ങിക്കഴിഞ്ഞിരുന്നു... അഭൗമസുഗന്ധസൗഭകസ്വപ്നങ്ങളിലേക്ക് പറന്നുയർന്നിരിക്കുന്നു... വളരെ ശാന്തമായി... ഇവിടെ ഒന്നും സംഭവിച്ചിട്ടില്ലാത്തത് പോലെ  !! പിന്നെ മറ്റൊന്നുമാലോചിക്കാതെ  ഞാനെന്റെ കാടൻ ചിന്തകളിലേക്കും കയറിപ്പോയി !!!

ഞാൻ പറയാൻ വന്ന കഥ ഇവിടെ തീർന്നു. അതുകൊണ്ട് മൂന്ന് കാര്യങ്ങൾ ശ്രദ്ധിക്കുക.. ഒന്ന്, ഒരേ പോലെ പേരുള്ളവരെ (പ്രത്യേകിച്ച് ഭാര്യയുടെയും ഭർത്താവിന്റെയും പേര് ഒരേപോലുള്ളവരെ), ഒന്നുകിൽ അങ്ങനെയുള്ളവരെ കൂടെക്കൂട്ടരുത്... അല്ലെങ്കിൽ ഉറക്കത്ത് പോലും അവരെ തിരിച്ചറിയാൻ നിങ്ങളുടെ മൊബൈലിൽ എന്തെങ്കിലും സൂത്രം പ്രയോഗിക്കുക... രണ്ട്, ആണുങ്ങൾ ബ്ലൗസ് എടുത്ത് കളിക്കരുത്... മൂന്ന്, ജലദോഷം പിടിച്ച് ശബ്ദം മാറിയിട്ടുണ്ടെങ്കിൽ, ആർക്കും വോയിസ് മെസ്സേജ് അയക്കരുത് !! എന്റെയീ കഥ നിങ്ങളോട് പറയാൻ അരങ്ങൊരുക്കിത്തന്ന നാരായത്തിന് നന്ദി. മൈക്ക് തിരിച്ച് നാരായത്തിനെ ഏല്പിക്കാം... "

അനുവാചകരേ... ഈ കഥ കേട്ടവർ ഇനി പറയൂ... ഇത്തരം അനുഭവം നിങ്ങൾക്കാണ്  ഉണ്ടായതെങ്കിൽ, കഴിഞ്ഞ ആഴ്ച ഞാനെഴുതിയ  'നാമജോഡിസന്ദേഹം' (ഇവിടെ ക്ലിക്ക് ചെയ്‌താൽ വായിക്കാം) നിങ്ങളാണെങ്കിലും എഴുതിപ്പോകില്ലേ?

***

കുറിപ്പ്: ഈ കഥയ്ക്ക്, ഒരു സംഭവകഥയുടെ പ്രചോദനം ഉണ്ടെങ്കിലും, ഇതിൽ വിവരിച്ചിരിക്കുന്ന എല്ലാ സംഭവങ്ങളും അതേപടി യാഥാർത്ഥ്യമാണെന്ന് വിശ്വസിക്കുകയോ വിശ്വസിക്കാൻ പ്രേരിപ്പിക്കുകയോ  ചെയ്യുന്നുണ്ടെങ്കിൽ, അത്, ചില സംഭവങ്ങൾ, കഥാകൃത്ത് , കഥാഗതിക്കനുസരിച്ച്  തികച്ചും  യാദൃശ്ചികമായി, അദ്ദേഹത്തിൻറെ മനോധർമ്മത്തിനനുസരിച്ച്  കൂട്ടിച്ചേർത്തത് കൊണ്ട് മാത്രമാണ് !! അഞ്ച് മിനിറ്റിനുള്ളിൽ നടന്ന, മേല്പറഞ്ഞത് പോലുള്ള സംഘർഷങ്ങളൊന്നുമില്ലാതെ നടന്ന ഒരു ഫോൺ സംഭാഷണത്തെ, കഥാകൃത്ത്, അദ്ദേഹത്തിൻറെ ചിന്താപ്രക്രിയയിലൂടെ പൊലിപ്പിച്ചെടുത്തതാണ് ഈ കഥ.

* സിന്ധുവിന്റെ അച്ഛൻ കഥാപാത്രത്തിന്റെ പേരാണ് മോഹൻ.


2019, ഫെബ്രുവരി 6, ബുധനാഴ്‌ച

നാമജോഡിസന്ദേഹം


തലവാചകം കേട്ട് ഞെട്ടണ്ട... കാര്യം സിംപിളാണെങ്കിലും, അന്തമില്ലാതെ ചിന്തിച്ച് ചിന്തിച്ച്, ഞാൻ ഞെട്ടിയത്രയും നിങ്ങൾക്ക് ഞെട്ടാൻ പറ്റില്ല!  അതുകൊണ്ട് 'ശാർദ്ദൂലവിക്രീഡിതം' മോഡലിൽ ഒരു തലവാചകം ചമച്ചതാണ്. 😏  ചിന്തകളും സന്ദേഹങ്ങളും മനുഷ്യസഹജമാണല്ലോ? അതുകൊണ്ട് എന്നെ വെറുതെ, വട്ടനാണെന്ന് കുറ്റം പറയരുത് 😖 എല്ലാകാലത്തും സീരിയസ് വിഷയങ്ങൾ മാത്രം ചർച്ച ചെയ്‌താൽ പോരല്ലോ... ഇടക്ക് തമാശാവിഷയങ്ങളുമാവാം എന്നാണ് എന്റെ പക്ഷം. ചില ആളുകളുടെ പേരുകൾ, ആ പേരും വേറൊരു പേരും തമ്മിലുള്ള ചില ബന്ധങ്ങൾ... അല്ല... അങ്ങനെ വല്ല ബന്ധങ്ങളും ഉണ്ടോ? ഞാൻ അത്ര അന്ധവിശ്വാസിയാണോ? ഹേയ്... ...ന്നാലും ചില പേരുകൾ തമ്മിലുള്ള ബന്ധങ്ങൾ എന്നെ വെറുതെ കിടന്ന് ചിന്തിപ്പിക്കുന്നു... എവിടെയും എത്താത്ത ചിന്ത.. അതുകൊണ്ട് ആ ചിന്ത ഇനി നിങ്ങളിലേക്ക് പകരാം.. നമുക്ക് എല്ലാവർക്കും കൂട്ടായിരുന്ന് അതിനൊരുത്തരം കണ്ടുപിടിക്കാൻ ശ്രമിക്കാം... അപ്പോ കേട്ടോളൂ....

ഭാര്യയുടെയും ഭർത്താവിന്റേയും പേരുകൾ... അമ്മയുടെയും മക്കളുടെയും പേരുകൾ... അച്ഛന്റെയും മക്കളുടെയും പേരുകൾ... ഇവ തമ്മിലുള്ള സാമ്യങ്ങൾ... പരസ്പരമായി യാതൊരു ബന്ധവുമില്ലാത്ത ചില കുടുംബങ്ങളിൽ ആ സാമ്യങ്ങൾ ആവർത്തിക്കുമ്പോൾ തീർച്ചയായും ചിന്തിച്ചുപോകില്ലേ?.. അത്രയേ ഞാനും ചെയ്തുള്ളൂ... ഇതൊക്കെ കണ്ടിട്ട് ചിന്തിക്കാതിരിക്കാൻ ഞാൻ കുളത്തിലെ മീനൊന്നുമല്ലല്ലോ.... അങ്ങനെ വരുമ്പോൾ, ഇത് വായിക്കുന്നവർക്ക് ഒരു ജോലിയുണ്ട്.. വായിക്കുന്നവർ അവർക്ക് പരിചയമുള്ള ചില കോമ്പിനേഷനുകൾ എന്നെ കമൻറ് ചെയ്ത് അറിയിച്ചാൽ എന്റെ 'നാമജോഡിസന്ദേഹം' എന്ന റിസേർച്ച് പേപ്പർ കൂടുതൽ സമ്പുഷ്ടമാക്കി എനിക്ക് സബ്മിറ്റ് ചെയ്യാം 😄

ബിന്ദു - രാജീവ് കോമ്പിനേഷനിൽ നിന്നാവാം തുടക്കം. ബിന്ദു ഭാര്യയായും രാജീവ് ഭർത്താവുമായുള്ള സാമ്യങ്ങൾ. എനിക്ക് ബിന്ദു-രാജീവ് കോമ്പിനേഷനിൽ മൂന്ന് ഭാര്യാഭർത്താക്കന്മാരെ അറിയാം. ഒന്ന് എന്റെ ഒരു കസിൻ രാജീവും അദ്ദേഹത്തിൻറെ ഭാര്യ ബിന്ദുവും. രണ്ട്, എന്റെ അനുജന്റെ ഭാര്യയുടെ ചേച്ചി ബിന്ദുവും അവരുടെ ഭർത്താവ് രാജീവും... മൂന്ന്, ഇവിടെ അമേരിക്കയിൽ നൃത്തനിപുണയായ ഒരു ബിന്ദുവും അവരുടെ ടെക്കിയായ ഭർത്താവ് രാജീവും.... എന്താ ബിന്ദുവിന് രാജീവിനെ മാത്രമേ കെട്ടാൻ പാടുള്ളോ ? തിരിച്ചും അങ്ങനെയാണോ? ബിന്ദു രാജീവിനെയല്ലാതെ വേറെ പേരുള്ളവനെ കെട്ടുന്നില്ലേ ? ബിന്ദുവും രാജീവും തമ്മിൽ വല്ല ജന്മാന്തരബന്ധങ്ങൾ വല്ലതുമുണ്ടോ? ജന്മാന്തരബന്ധം തെറ്റിദ്ധരിച്ച്, രാജീവിനെ കെട്ടാത്ത ബിന്ദുമാർ, രാജീവിനെ തപ്പി പോയിക്കളയരുത് ! ഒരവസരത്തിൽ, ഒരു ബ്ലൗസിനെ സംബന്ധിച്ച്, ഈ രാജീവ്-ബിന്ദു മാർ തമ്മിലുള്ള എന്റെ  കൺഫ്യൂഷൻ, ഭാഗ്യം കൊണ്ട് എന്റെ കുടുംബം തകർത്തില്ല എന്നേയുള്ളൂ... അത് വേറെ കഥയായത് കൊണ്ട് വേറൊരവസരത്തിൽ പറയാം !

അടുത്തത്, ഭാര്യയുടെ പേരും ഭർത്താവിന്റെ പേരും സ്ത്രീലിംഗവും പുല്ലിംഗവും പോലെയുള്ള സാമ്യമാണ്.. എന്ന് വച്ച് ഭർത്താവ് സ്ത്രീലിംഗവും ഭാര്യ പുല്ലിംഗവും ആണെന്നല്ല... നേരെ തിരിച്ച് തന്നെയാണ്. ഉദാഹരണങ്ങൾ: പ്രിയൻ - പ്രിയ, അശ്വിൻ - അശ്വിനി, പ്രവീൺ - പ്രവീണ, ദീപു - ദീപ എന്നിവ. ഇതൊക്കെ എങ്ങനെ ഇത്ര കറക്ടായി സംഭവിക്കുന്നു? അല്ലാത്തതല്ലേ കൂടുതൽ സംഭവിക്കുന്നത് എന്ന് ഒരു പക്ഷേ നിങ്ങൾ ചോദിച്ച് എന്റെ ക്യൂറിയോസിറ്റിയെ നശിപ്പിക്കാൻ ശ്രമിച്ചേക്കാം.. പക്ഷേ ഇങ്ങനെയും സംഭവിക്കുന്നുണ്ടല്ലോ എന്നാണ് എന്റെ മറു ചോദ്യം. എന്തുകൊണ്ട് അനിൽ, അനിലയെ കെട്ടുന്നില്ല? മാധവൻ, മാധവിയെ കെട്ടുന്നില്ല? അതോ അങ്ങനെയുള്ളവരെ എനിക്ക് പരിചയമില്ലാഞ്ഞിട്ടാണോ?

അച്ഛന്റെ പേരും മകൻറെ പേരും ഒരേ പോലെ വരുന്നതാണ് മറ്റൊരു ജോഡി. ഇവിടെ എന്റെ എക്സാമ്പിൾ ബാലകൃഷ്ണൻ-മനോജ് ജോഡിയാണ്‌. ബാലകൃഷ്ണൻ അച്ഛൻ, മനോജ് മകൻ. ഇത്തരത്തിൽ നാല് ജോഡികളെ എനിക്ക് കൃത്യമായും അറിയാം. മൂന്ന് ജോഡികൾ (തമ്മിൽത്തമ്മിൽ ബന്ധമില്ലെങ്കിലും 😂) എന്റെ ബന്ധത്തിൽ തന്നെയാണ്. നാലാമത്തെ ജോഡി ഇവിടെ വാഷിംഗ്ടണിൽ... എന്റെ ചോദ്യമിതാണ്,  എന്തുകൊണ്ടാണ് ബാലകൃഷ്ണന്മാർ മക്കൾക്ക് കൂടുതലായും മനോജ് എന്ന പേരിടുന്നത്? വേറെ എത്ര പേരുകളുണ്ട്?

വേറൊരു ടൈപ്പ് ജോഡി, അമ്മയുടെയും മകളുടെയും പേരുകൾ തമ്മിലാണ്. എന്റെ ഉദാഹരണം, സപ്ന - നന്ദ പേരുകളുള്ള അമ്മ-മകൾ ജോഡികളാണ്. ഈ മൂന്ന് ജോഡികളും ഇവിടെ വാഷിംഗ്ടൺ ഏരിയായിൽ സസുഖം വാഴുന്നു. എന്താ, നന്ദക്ക് മാത്രം പ്രത്യക്ഷത്തിൽ സ്വപ്നം കണ്ടാൽ മതിയോ? സപ്നമാർ നന്ദാവനം സ്വപ്നം കണ്ടാണോ കിടക്കാറുള്ളത്?

ഇനി പറയൂ... ഇങ്ങനെയുള്ള സാമ്യങ്ങൾ കണ്ടാൽ ചിന്തിച്ച് പോകില്ലേ? നിങ്ങൾക്കും ഇനി ചിന്തിച്ച് തുടങ്ങാം... വേറെയും ഇതേ തരത്തിലുള്ള എത്രയോ ജോഡികൾ  ഉണ്ടാവാം എനിക്കറിയില്ല എന്നേയുള്ളൂ... പക്ഷേ എന്റെ അന്വേഷണം തുടരാൻ ഇത്രയൊക്കെ മതി 💪 അപ്പോ എന്റെ റിസേർച്ച് പേപ്പറിനുള്ള കണ്ടന്റുകൾ നിങ്ങൾ തരുമല്ലോ, അല്ലേ? ഇതേപോലെയുള്ള സാമ്യങ്ങൾ അറിയിക്കുക. അറിയിച്ചില്ലെങ്കിലും ഇങ്ങനെ സാമ്യങ്ങളുള്ളവരോട് ഈയ്യൊരു ജാതകബന്ധത്തെക്കുറിച്ച് സൂചിപ്പിക്കുകയെങ്കിലും ചെയ്യുക. ഞാനൊരു തുടക്കമിട്ടു തന്നു എന്ന് മാത്രം കരുതിയാൽ മതി. ഇനി നിങ്ങളിൽ മാത്രമാണ് എന്റെ പ്രതീക്ഷ 🙏

***

Below list will be updated upon the provided information by readers :)
Wife - Husband Combination pairs:
#Bindu #Bindhu - #Rajeev #Rajiv (3)
#Sindhu #Sindu - #Saji (3)

Wife - Husband Combination (rhyming) pair
#Ashwin #Aswin - #Ashwini #Aswini
#Praveena - #Pravin #Praveen
#Deepa - #Deepu
#Priya - #Priyan
#Chandrika - #Chandran
#Kumari - #Kumaran

Son - Father pair
#Manoj - #Balakrishnan (4)

Mother - Daughter pair
#Sapna #Swapna - #Nanda (3)

2019, ജനുവരി 23, ബുധനാഴ്‌ച

നീലരക്തം


ജനുവരി 30 അടുത്ത് വരികയല്ലേ... ഗാന്ധിജിയുടെ ചരമദിനം. അതിനോടനുബന്ധിച്ച് കൂടുതൽ മനസ്സിലാക്കാൻ ഞാനിന്നലെ  'കൂഗിളി'ൽ കയറി നോക്കി. ആ ശ്രമത്തിനിടയിൽ രണ്ട് മൂന്ന് കൊലപാതകചിത്രങ്ങൾ 'കൂഗിളി'ൽ നിന്ന് കിട്ടി... മഹാത്മാഗാന്ധി വെടികൊണ്ട് കിടക്കുന്നത്; വെടികൊണ്ട ഇന്ദിരാഗാന്ധിയെ, സോണിയാഗാന്ധി താങ്ങിപ്പിടിക്കുന്നത്; ബോംബാക്രമണത്തിൽ കൊല്ലപ്പെട്ട് ഛിന്നഭിന്നമായിക്കിടക്കുന്ന രാജീവ്ഗാന്ധിയുടേത് എന്നിവ. 'Gandhi Murder' എന്ന പേരിൽ പരതിയത് കൊണ്ടായിരിക്കണം ഇവയെല്ലാം ഒരുമിച്ച് കിട്ടിയത്. എന്തായാലും കാര്യത്തിലേക്ക് വരാം...

മഹാത്മാഗാന്ധിയുടെ ചിത്രം Black & White ആയിരുന്നെങ്കിലും, എന്റെ പ്രത്യേക ദൃഷ്ടിയിൽ, ആദ്ദേഹത്തിന്റെ ശരീരത്തിലെ ചോരയുടെ നിറം ചുവപ്പ് തന്നെയായിരുന്നു എന്ന് മനസ്സിലാക്കാൻ അധിക സമയം വേണ്ടിവന്നില്ല. പക്ഷേ ഇന്ദിരാഗാന്ധിയുടേയും രാജീവ് ഗാന്ധിയുടെയും ചിത്രം Color ചിത്രങ്ങളായിട്ട് കൂടി എന്റെ കണ്ണിന് അത്ഭുതമായിരുന്നു, വിശ്വസിക്കാൻ തീർത്തും പ്രയാസമായിരുന്നു... അവരുടെ രക്തത്തിന്റെ നിറം നീലയായിരുന്നു. രാജരക്തത്തിന്റെ നിറം നീലയാണെന്ന് യൂറോപ്യൻ ഭരണാധികാരികൾ പണ്ടേ അവരുടെ പ്രജകളെ പഠിപ്പിച്ചതാണ്...  ഇന്ത്യൻ രാജാക്കന്മാരുടേതിനേക്കാൾ ഇത്തിരി കടുംനീലയായിരിക്കും യൂറോപ്യൻ രാജാക്കന്മാരുടേത് എന്ന വ്യത്യാസം മാത്രമേയുള്ളൂ... അതുകൊണ്ടാണ് നമുക്ക് കുറേക്കാലം അവരുടെ അടിമകളായി ജീവിക്കേണ്ടി വന്നത്. ഈ കാര്യങ്ങൾ മനസ്സിലാക്കാൻ എനിക്ക് 'കൂഗിൾ' ചെയ്യേണ്ടി വന്നെങ്കിലും കോൺഗ്രസ്സ്കാർക്ക് ഇത് മനഃപാഠമാണെന്ന് ഇന്നെനിക്ക് പത്രം വായിച്ചപ്പോൾ മനസ്സിലായി... പ്രിയങ്കാ ഗാന്ധി കോൺഗ്രസ്സിന്റെ നേതൃത്വത്തിലേക്ക് വരുന്നു ! സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും നേതൃത്വത്തിൽ വന്നിട്ടും എനിക്ക് കാര്യങ്ങൾ പിടികിട്ടിയിരുന്നില്ല !!

പിന്നെയും 'കൂഗിളി'ൽ തപ്പി നോക്കിയപ്പോൾ വേറെയും കുറച്ച് കാര്യങ്ങൾ കൂടി അറിയാൻ കഴിഞ്ഞു. ചില നേതാക്കൾ, 'രക്ത രാജസൂയം' എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ച്, തങ്ങളുടെയും പരമ്പരയുടെയും  രക്തത്തിന്റെ നിറം ചുവപ്പിൽ നിന്ന് നീലയിലേക്ക് പരിവർത്തനം ചെയ്യുന്നുണ്ടെന്നതാണ് ഒരു വിവരം.  മറ്റ് ചില നേതാക്കന്മാർ, അധികാരത്തിലെത്തിയില്ലെങ്കിലും, അടുത്ത പരമ്പരക്ക് വേണ്ടി ധനസമ്പാദനത്തിന് മാത്രമായിട്ട്,  'രക്ത ധനഞ്ജയം' ('രക്ത രാജസൂയ'ത്തിൽ 'രക്ത ധനഞ്ജയം' ഉൾപ്പെട്ടിട്ടുണ്ട്) എന്ന കർമ്മം നടത്തി, രക്തം പച്ച നിറമാക്കുന്നുണ്ടത്രേ ! പരമ്പരതലമുറകളുടെ ആഴം കൂടുന്തോറും നിറത്തിന്റെ കട്ടി കൂടുമെന്നും കേൾക്കുന്നു. മേൽ പറഞ്ഞ രണ്ട് സാങ്കേതിക വിദ്യകൾക്കും അത്യാവശ്യമായി വേണ്ടത് നാട്ടിലെ ജനങ്ങളുടെ ചോരയാണത്രേ ! സാധാരണ ജനങ്ങൾക്കൊന്നും ഈ വിദ്യകൾ മനസ്സിലാകാത്തത് കൊണ്ട്, ഇത്ര കാലമായിട്ടും ഈ സാങ്കേതികവിദ്യകളുടെ സൂത്രവാക്യം പരസ്യപ്പെടുത്തിയിട്ടില്ലത്രേ !! സർവ്വോപരി എന്നെ അത്ഭുതപ്പെടുത്തിയത് വേറൊരു കാര്യമാണ്... 'രക്ത രാജസൂയ'ത്തിനും 'രക്ത ധനഞ്ജയ'ത്തിനും വേണ്ടി തങ്ങളുടെ രക്തം ഊറ്റുന്നത് പൊതുജനം തീർത്തും അറിയുകയേയില്ല എന്നതാണത് !  പാവം പൊതുജനം 😒

കമ്മ്യൂണിസ്റ്റ് കൊറിയൻ കിം ജോംഗ്, ക്യൂബൻ കാസ്ട്രോ, താക്കറെ, കരുണാനിധി, കരുണാകരൻ, ദേവഗൗഡ, ലാലുയാദവ്, മുലായം എന്നീ കുടുംബങ്ങൾ ഇതിനകം തന്നെ രക്തരാജസൂയം നടത്തിക്കഴിഞ്ഞു എന്നാണറിവ്. അംബാനി, അദാനി എന്നിവർ രക്തധനഞ്ജയം മാത്രമേ നടത്തിയിട്ടുള്ളൂ. എന്റെ 'കൂഗിൾ' ഭഗവതീ... നീയും കൂടിയില്ലായിരുന്നേൽ ഞാനിതൊന്നും അറിയില്ലായിരുന്നു.... ഒട്ടും വൈകാതെ ഞാനും പുറപ്പെടുകയായി... രക്തരാജസൂയത്തിലേക്ക്... എന്റെയും എന്റെ കെട്ട്യോളുടെയും കാര്യം അവിടെ കിടക്കട്ടെ... പക്ഷേ രണ്ട് മക്കളുടെയെങ്കിലും രക്തം നീലയാക്കണം... എന്നിട്ട് വേണം കണ്ണടക്കാൻ... അല്ലെങ്കിൽ പ്രിയങ്കാ ഗാന്ധിയുടെ മകൻ പ്രസിഡണ്ടായിക്കളയും 😃

***

കേരളോത്സവം എന്തിന് ?

(2017 ൽ വാഷിംഗ്ടൺ ഡി സിയിൽ വച്ച് നടത്തിയ 'കേരളോത്സവം' എന്ന പരിപാടിയുടെ സുവനീറിന്‌ വേണ്ടി എഴുതിയത്)

വൈവിധ്യം പ്രകൃതിയുടെ താളമാണ്. ആ വൈവിധ്യം പരമമായി ഉൾക്കൊണ്ടുകൊണ്ട് കാലചക്രം തിരിക്കാനുള്ള ഏകാത്മകമായ ഒരു താളം കണ്ടെത്താൻ മാനവരാശിക്കേ കഴിയൂ. 'പറയി പെറ്റ് പന്തിരുകുലം' എന്ന കഥയിലെ യുക്തിയെ മനസ്സിലേറ്റി, നാനാജാതിമതസ്ഥർ 'മാവേലി'യെന്ന ബിംബത്തെ നെഞ്ചോട് ചേർത്ത് 'മാനുഷരെല്ലാരുമൊന്നുപോലെ' എന്ന് പാടി പെരുമ പുലർത്തുന്ന ദേശം; 'അതിഥി ദേവോ ഭവഃ' എന്ന് ഉരുവിട്ടുകൊണ്ട് അറബികൾക്കും ജൂതന്മാർക്കും യൂറോപ്യന്മാർക്കും ആതിഥ്യമരുളിയ കൊച്ചു ദേശം; 'വസുദൈവ കുടുംബകം' എന്ന തത്വത്തിനെ ഹൃദയം കൊണ്ട് സ്വാർത്ഥകമാക്കിയ ജനത നിവസിക്കുന്ന പ്രദേശം; 'നാനാത്വത്തിൽ ഏകത്വം' എന്ന ആപ്തവാക്യത്തിലധിഷ്ഠിതമായി ജീവിക്കുവാൻ നമ്മെ ഉദ്‌ഘോഷിച്ച ഭാരതദേശത്തിൻറെ തെക്കേയറ്റത്ത്, അറബിക്കടലിന് സമാന്തരമായി, 'ദൈവത്തിന്റെ സ്വന്തം നാട്' എന്ന ഓമനപ്പേരിലറിയപ്പെടുന്ന കേരളം, മേൽപറഞ്ഞ ഏകാത്മകതാളത്തിന്റെ വിത്തുകോശഭണ്ഡാരമാണ്. ഒരേ തരത്തിലുള്ള പൂക്കൾ നിറഞ്ഞ പൂന്തോട്ടത്തെക്കാൾ പലതരത്തിലുള്ള പൂക്കൾ നിറഞ്ഞ പൂന്തോട്ടത്തിനാണ് ഭംഗി കൂടുതലുള്ളത് എന്ന യുക്തി കൈരളിയെ സംബന്ധിച്ചടുത്തോളം വളരെ അന്വർത്ഥമാണ്. കിഴക്ക് ഭാഗത്തെ വന്മലയായ സഹ്യന്റെയും പടിഞ്ഞാറ് ഭാഗത്തെ ആഴിയായ അറബിക്കടലിന്റെയും ഇടയിൽ നദികളുടെയും വയലേലകളുടെയും ഇമ്പമാർന്ന സംഗീതം പ്രതിധ്വനിപ്പിച്ച് മരതകശോഭ പരത്തുന്ന കൈരളിയുടെ മന്ത്രമായ മലയാളം മുഴങ്ങാത്ത പ്രദേശം ഈ ഭൂഗോളത്തിലില്ലെന്ന് തന്നെ പറയാം.

പ്രവാസം ഒരു മലയാളിയെ സംബന്ധിച്ചടുത്തോളം വളരെ പരിചിതമായ ഒരവസ്ഥയാണ്. നമ്മൾ ഇന്ന് ജീവിക്കുന്ന, ഭൂമിയുടെ പശ്ചിമാർദ്ധഗോളത്തിന്റെ ഉത്തരഭാഗത്ത് സ്ഥിതി ചെയ്യുന്ന അമേരിക്കൻ ഐക്യനാടുകളിലും മലയാളികൾ, വളരെ മികവുറ്റ രീതിയിൽ അവന്റെ പ്രവാസ ജീവിതം നയിക്കുന്നുണ്ട്. പണ്ട് മികച്ച ജീവിത സാഹചര്യങ്ങൾ തേടി കുടിയേറ്റം ലാക്കാക്കിയുള്ള പ്രവാസമായിരുന്നെങ്കിൽ, ഇന്നത് മുന്തിയ വിദ്യാഭ്യാസമോ ജോലിയോ മുന്നിൽകണ്ടുള്ള പ്രവാസമാണ്. പേർഷ്യൻ-ഗൾഫ് മേഖലകളിൽ നിന്ന് വിഭിന്നമായി, ഇവിടെ വന്ന ഓരോ പ്രവാസിയും, ഉദ്ദേശിച്ചുറപ്പിച്ചോ അല്ലെങ്കിൽ അവന്റെ പുതിയ തലമുറ ഇവിടെ ഉണ്ടാകുമ്പോൾ സ്വാഭാവികമായോ കുടിയിരുന്ന് പോകുന്നുണ്ടെങ്കിലും, മലയാളി അവന്റെ സ്വത്വം കൈമോശം വരാതെ കാത്ത് സൂക്ഷിക്കാൻ ശ്രമിക്കുന്നുണ്ടെന്നുള്ളത് ശ്ലാഘനീയമാണ്. ഈ സ്വത്വം കാത്തുസൂക്ഷിക്കുന്നതിൽ ഓരോ പ്രദേശത്തെയും മലയാളി പ്രവാസികൾ ചേർന്ന് രൂപീകരിച്ചിട്ടുള്ള മലയാളി സംഘടനകൾ മികച്ച പങ്ക് വഹിക്കുന്നുണ്ട്.  ജാതികൾ തിരിഞ്ഞും മതങ്ങൾ തിരിഞ്ഞും മലയാളി സംഘടനകൾ  ഉണ്ടെങ്കിലും, ഇതിനെല്ലാം മേലെയായി, ജാതിമത ചിന്തകളില്ലാതെ സാർവ്വജനികമായി, മലയാളിയെന്ന സ്വത്വബോധത്തിൽ ഉറച്ച് നിന്നുകൊണ്ട് പ്രവർത്തിക്കുന്ന മലയാളി സംഘടനകൾ തീർച്ചയായും പ്രവാസി മലയാളികൾക്ക്, തദ്വാരാ കേരളത്തിന് തന്നെ അഭിമാനിക്കാവുന്ന തിലകക്കുറികളാണ്.

ആദ്യത്തെ മലയാളി അമേരിക്കൻ ഐക്യനാടുകളിൽ എത്തിയതിന് ശേഷം ഒന്നോ രണ്ടോ പുതുതലമുറകൾ ഇവിടെ ഉദയം ചെയ്ത് കഴിഞ്ഞിട്ടുണ്ട്. പുതിയ തലമുറകൾ അനുസ്യൂതം ഉണ്ടായിക്കൊണ്ടിരിക്കുമ്പോൾ പഴയ തലമുറകളുമായി ഉണ്ടാകുന്ന ബന്ധത്തിലെ ചില കണ്ണികൾ അറ്റുപോകുന്നത് സ്വാഭാവികമാണ്, പ്രത്യേകിച്ച് പ്രവാസികൾക്ക്. കേരളത്തിന്റെ തനത് സംസ്കാരവും പാരമ്പര്യവും പുതുതലമുറകളിലേക്ക് പകർന്ന് നൽകുന്നതിന് കേരളോത്സവം പോലുള്ള സാംസ്കാരിക സംരഭങ്ങൾക്ക് വളരെയധികം പങ്ക് വഹിക്കാൻ കഴിയും. കേരളത്തിന്റെ തനതായ കലകളും വാസ്തുശില്പ നിർമ്മാണവിദ്യകളും ഭാഷയും കൃഷിയും ചരിത്രവും പാരമ്പര്യവും സംസ്കാരവുമെല്ലാം വിവിധരൂപങ്ങളിലായി സംക്ഷിപ്തരൂപത്തിൽ സമ്മേളിപ്പിച്ച് ഒരുക്കപ്പെടുന്ന കേരളോത്സവം വെറും ഒരു ദൃശ്യവിരുന്നിന്‌ ഉപരിയായി പഴയ തലമുറയെ അനുസ്മരിക്കാനും അറിയാനും മനസ്സിലാക്കാനുമുള്ള സന്ദർഭം കൂടിയാണ്.

കേരളോത്സവം അതിന്റേതായ അർത്ഥത്തിലെടുത്താൽ ഘടനാപരമായി സങ്കീർണ്ണമാണെന്ന് മനസ്സിലാക്കാം. അതുകൊണ്ട് തന്നെ എല്ലാവർഷവും ഇത്തരം സംരംഭങ്ങൾ നടത്താൻ പ്രായോഗികബുദ്ധിമുട്ടുകൾ സ്വാഭാവികമാണ്. എന്നിരുന്നാലും  പത്തു വർഷത്തിലൊരിക്കലെങ്കിലും കേരളോത്സവം നടത്താൻ അമേരിക്കൻ ഐക്യനാടുകളുടെ തലസ്ഥാനമായ വാഷിംഗ്ടൺ ഡി സി പ്രദേശത്തുള്ള മലയാളികൾ കാണിക്കുന്ന താല്പര്യം ആവേശം ജനിപ്പിക്കുന്നതാണ്. ഇത്തരം സംരഭങ്ങൾക്ക് ചുക്കാൻ പിടിക്കാൻ വാഷിംഗ്ടൺ ഡി സി സമീപപ്രദേശങ്ങളിലെ പ്രമുഖ മലയാളി സംഘടനകളായ 'കൈരളി ഓഫ് ബാൾട്ടിമോർ', കേരള കൾച്ചറൽ സൊസൈറ്റി ഓഫ് മെട്രോപൊളിറ്റൻ വാഷിംഗ്ടൺ (KCSMW)', 'കേരള അസോസിയേഷൻ ഓഫ് ഗ്രേറ്റർ  വാഷിംഗ്ടൺ (KAGW)' എന്നിവ ഒത്തൊരുമയോടെ, അക്ഷീണം നടത്തുന്ന ശ്രമങ്ങൾക്ക് നമുക്ക് കരുത്ത് പകരാം. ഇത്തരം സംരഭങ്ങളിലൂടെ നമുക്കും നമ്മുടെ പുതുതലമുറകൾക്കും ദൃശ്യവിജ്ഞാനവിരുന്നുകൾ ആസ്വദിക്കുന്നതിനൊപ്പം കേരളത്തിന്റെ സാംസ്കാരികമായ ഐക്യം ഊട്ടിയുറപ്പിക്കുകയും ചെയ്യാം.

***

നിലപാട് മാറ്റം

ചുവട്ടിലെ മണ്ണ് ഇളകാതിരിക്കാനും പ്രമാദിത്വം അപ്രമാദിത്വമായി ഉയർത്താനും വശംവദരായവർക്ക് ഒരിക്കലും ബോധോദയമുണ്ടാകാതിരിക്കാനും സർവ്വോപരി, മാർഗ്ഗം നോക്കാതെ 'ക്ഷത്രിയധർമ്മം' (ഭരണം) അനുഷ്ഠിക്കാൻ വെമ്പൽ കൊള്ളുന്നവർക്ക് 'ബ്രാഹ്മണധർമ്മം' (ഉപദേശകധർമ്മം) നിർവഹിക്കാനും ചില നിലപാട് മാറ്റങ്ങൾ നല്ലതാണ്.
2007 കളിൽ സ്ത്രീകൾ ശബരിമലയിൽ കയറുന്നത് കൊണ്ട് ഒരു കുഴപ്പവുമില്ലെന്നും ദൈവത്തിന് സ്ത്രീപുരുഷവ്യത്യാസങ്ങൾ ഇല്ലെന്നും വ്യക്തമായി പറഞ്ഞിരുന്ന, ഈയ്യടുത്തകാലത്ത് അങ്ങുമിങ്ങും തൊടാതെ പറഞ്ഞിരുന്ന അമൃതാനന്ദമയിക്ക് 'നൈഷ്ഠിക ബ്രഹ്മചര്യം' അനുഷ്ഠിക്കുന്ന പ്രതിഷ്ഠയുടെ വൈശിഷ്ട്യം എന്താണെന്ന് ഇപ്പോൾ മനസ്സിലായിരിക്കുന്നു ! ശബരിമലയിൽ യൗവ്വനയുക്തകൾ (പ്രത്യുൽപാദന ശ്രേണിയിൽ പെട്ട വനിതകൾ) കയറാൻ പാടില്ലെന്ന് വ്യക്തമായി അവർ പറഞ്ഞിരിക്കുന്നു. സ്ത്രീ എന്ന നിലയിൽ പ്രതിഷ്ഠാകർമ്മങ്ങളും പൂജാകർമ്മങ്ങളും നടത്തി ഒരു തരത്തിൽ വിപ്ലവം സൃഷ്‌ടിച്ച അമൃതാനന്ദമയിക്കും വീണ്ടുവിചാരം വരുത്തിക്കണമെങ്കിൽ അതുകൊണ്ടുണ്ടാകുന്ന ലാഭക്കണക്കുകൾ തീർച്ചയായും മനസ്സിലായിക്കാണണം !! ബ്രഹ്മചാരിണിയായ അമൃതാനന്ദമയിക്ക് പുരുഷഭക്തരുടെ സാമീപ്യം പ്രശ്നം സൃഷ്ടിക്കുന്നില്ലെങ്കിലും ദൈവസങ്കല്പത്തിന്റെ പ്രതിഷ്ഠക്ക് ഇത്തരം സാമീപ്യം ഇളക്കം തട്ടിക്കുമെന്ന ശാസ്ത്രസങ്കല്പങ്ങളിൽ കാര്യമുണ്ടെന്ന് മനസ്സിലായിക്കാണണം !!!
ശബരിമലയിലെ സ്ത്രീപ്രവേശനത്തെ പണ്ട് മുതലേ അനുകൂലിച്ചിരുന്ന RSS ഉം അതിന്റെ ഉന്നത നേതാക്കളും നമ്മുടെ നാട്ടിലെ സുരേന്ദ്രനും, കോൺഗ്രസ്സ് നേതാക്കളും എല്ലാം കളം കണ്ട് പെട്ടന്ന് തന്നെ കാല് മാറിയെങ്കിൽ, അമൃതാനന്ദമയി ഇത്തിരി സമയം അധികം എടുത്തു എന്ന വ്യത്യാസം മാത്രമേ ഉള്ളൂ. ഏത് വിപ്ലവവും ലാഭക്കണക്കുകളിൽ എത്തുമ്പോൾ നിലക്കും... കമ്മ്യൂണിസത്തിന് പറ്റിയത് പോലെ... ആം ആദ്മിക്ക് പറ്റിയത് പോലെ... സാമ്രാജ്യങ്ങൾ ഉണ്ടാക്കാൻ ആയുധം എടുക്കണമെന്നില്ല ! 

2019, ജനുവരി 18, വെള്ളിയാഴ്‌ച

ഹൈകു ശ്രമങ്ങൾ


'ഹൈകു' എന്നത്, ഒരു പ്രത്യേക ഘടനയിൽ എഴുതപ്പെടുന്ന, ജാപ്പനീസ് ഭാഷയിൽ ഉടലെടുത്ത ഒരു കവിതയെഴുത്ത് രീതിയാണ്. അവ, കേവലം രണ്ടോ മൂന്നോ വരികൾ കൊണ്ട് വിശാലമായ അർത്ഥതലങ്ങൾ കൈകാര്യം ചെയ്യുവാൻ  വായനക്കാരെയും കേൾവിക്കാരെയും പ്രാപ്തമാക്കുന്നതും ചിന്തോദ്ദീപകവുമായിരിക്കും.  ('Haiku' is a traditional form of Japanese poetryHaiku poems consist of 3 lines. The first and last lines of a Haiku have 5 syllables and the middle line has 7 syllables. The lines rarely rhyme, but will have a sea depth of meanings). ഹൈകു (haiku) എന്തെന്ന് കൂടുതലറിയാൻ ഗൂഗിളിൽ തിരഞ്ഞാൽ മതി. ഈ കാലത്ത്, യഥാർത്ഥ രീതിയിലിലുള്ള ഹൈകു കവിതകൾ ഉണ്ടാവുന്നില്ലെങ്കിലും (ഹൈകു കവിത എന്നത്, കാലം പോകെപ്പോകെ, മേല്പറഞ്ഞ നിയമങ്ങളെല്ലാം മറികടന്ന്, ചുരുക്കക്കവിത എന്നായി മാറിയിട്ടുണ്ട്), അതിന്റെ ചുവട് പിന്തുടർന്നുകൊണ്ട്, സ്വന്തം പരിമിതിക്കുള്ളിൽ നിന്നുകൊണ്ട്, ചില ശ്രമങ്ങൾ നടത്തുകയാണ് ഇവിടെ. മലയാളത്തിൽ ഇതിനകം തന്നെ കുറെയേറെ ഹൈകു കവിതകൾ പിറന്നു കഴിഞ്ഞിട്ടുണ്ട് !


കാർക്കോടകൻ
---------------------------
കർക്കിടകത്തിൽ കാർക്കോടകനും
കൂർക്കിലതൻ കുറുക്കു വേണം !

കനം
---------
കൂനിൻ കനത്തിൽ
തലക്കനം കനക്കുകിൽ !

പ്രവൃത്തി
------------------
വികൃത പ്രവൃത്തിയിൽ പ്രകൃതിതൻ വികൃതികൾ
തകൃതിയിൽ പ്രാകൃതമാകൃതി കോർക്കണം !

സുകൃതം
------------------
സ്വയംകൃത സുകൃതം
ജാഗ്രതയെന്നോർക്കുക !

കുഷ്ഠം
------------
കായകുഷ്ഠം പിന്നെയും മാറ്റിടാം
മനോഃകുഷ്ഠം ചിതയിലേ മാറിടൂ !

ഭക്തി
-----------
ആകർഷണം ഭോഗം കഷണം കാഷായം
ഭാഷണം മധുരം ഘോഷണം സ്വർഗ്ഗം
മോഷണം ദ്രവ്യം ശോഷണം മൂല്യം
വീക്ഷണം വിനാ പോഷണം ഭക്തി !

ചുരുക്കത്തിലുള്ള സാരാംശങ്ങൾ:

കാർക്കോടകൻപണ്ടൊക്കെ കർക്കിടകമാസം എന്നത്, കേരളത്തിൽ, സൂര്യനുദിക്കാതെയെന്നോണം കാർമേഘാവൃതമായി, നിർത്താതെ പെയ്യുന്ന മഴയും, വെള്ളപ്പൊക്കവും, തന്മൂലം പകർച്ചവ്യാധികളും മരണങ്ങളും ഒക്കെ സാധാരണമായിരുന്നു. കർക്കിടകം ഒരുതരം ഭയപ്പാടുള്ള സമയമായിരുന്നു. എത്ര കേമന്മാരായാലും ഉന്നതനിലയിലുള്ളവരായാലും, കർക്കിടകം ഒന്ന്  കഴിഞ്ഞുകിട്ടാൻ പ്രാർത്ഥിക്കുമായിരുന്നു. കാർക്കോടകൻ എന്നത് പുരാണങ്ങളിൽ പരാമർശിക്കപ്പെട്ടിട്ടുള്ള അഷ്ടനാഗങ്ങളിലൊന്നായ  വലിയ കേമനായ അഹങ്കാരിയായ ഉഗ്രവിഷമുള്ള ഒരു പാമ്പാണ്. എല്ലാത്തിനെയും കീഴ്‌പ്പെടുത്താൻ ശക്തിയുള്ളവൻ. കൂർക്കിലയില (ഒരു ചെടി) വേവിച്ചുള്ള വെള്ളവും കൂർക്കില പിഴിഞ്ഞുള്ള നീരും തണുപ്പ് സംബന്ധമായതും ജലസംബന്ധമായതുമായ രോഗങ്ങൾ മാറ്റാൻ കഴിവുള്ള ആയുർവ്വേദമരുന്നാണ്. 

മേൽപ്പറഞ്ഞ വരികൾകൊണ്ട് ഉദ്ദേശിച്ചത്, ഒരുവൻ എല്ലാം കൊണ്ടും എത്ര കേമനായാലും ജീവിതത്തിൽ ചില സാഹചര്യത്തിൽ പെട്ടുപോകുമ്പോൾ അറിയാതെയെങ്കിലും പരസഹായം ആവശ്യമായിവരും എന്നുള്ളതാണ്. പരസ്പരം അറിഞ്ഞും സഹായിച്ചും ജീവിക്കുക.

കനം: കൂന് എന്നുള്ളത്, ഒരുവന്, എന്ത് സൗഖ്യാവസ്ഥകൾ ഉണ്ടായിരുന്നാലും ഒരു ന്യൂനത തന്നെയാണ്. പക്ഷേ അതിന്റെ ന്യൂനത കൂനുള്ളവൻ മാത്രമേ അനുഭവിക്കേണ്ടതുള്ളൂ. പക്ഷേ തലക്കനം അഥവാ അഹങ്കാരം അതുപോലെയാണോ?  പ്രത്യക്ഷത്തിൽ ഒന്നും തോന്നില്ലെങ്കിലും, തലക്കനവുംഒരു തരത്തിൽ കൂന് പോലെ തന്നെ, അദൃശ്യമാണെന്ന് മാത്രം. പക്ഷേ തലക്കനം ഉള്ളവന് അത് തോന്നില്ലെങ്കിലും, മറ്റുള്ളവർക്ക് തലക്കനമുള്ളവനെക്കാണുമ്പോൾ ഒരുതരം വിമ്മിട്ടം അനുഭവപ്പെടും. ഉള്ളിലുള്ള ഒരുതരം തിളച്ചുമറിയൽ... ആ സാമീപ്യം തന്നെ ഒഴിവാക്കുവാനുള്ള ത്വര... അപ്പോൾ, കൂനുള്ളവന് തലക്കനം കൂടി ഉണ്ടായായാലോ? 

പ്രവൃത്തി: പ്രകൃതിയിൽ പലതും നമ്മളറിയാതെ നടക്കുന്നതാണ്. പ്രകൃതിയുടെ താളം നമ്മളൊന്നും നിശ്ചയിക്കുന്നതല്ല. എന്നാൽ, നമ്മൾ ആ താളത്തിന്റെ ഭാഗമാണ് താനും. അത്യാഗ്രഹികളും വിവേകശൂന്യരുമായ ഒരു കൂട്ടം മനുഷ്യർ, പ്രകൃതിയുടെ താളം നിയന്ത്രിക്കാനെന്നോണം ഇന്നിവിടെ പലതും കാട്ടിക്കൂട്ടുന്നുണ്ട്. മഴ, കാറ്റ് മുതലായ പ്രകൃതിയുടെ നല്ല ഭാവങ്ങൾ ചിലപ്പോൾ പേമാരിയായും, കൊടുങ്കാറ്റായുമൊക്കെ വികൃതരൂപം പ്രാപിക്കാറുണ്ട്. പക്ഷേ ഇന്നത്തെ പല പ്രകൃതി ദുരന്തങ്ങളും മനുഷ്യ നിർമ്മിതികളാണെന്നതിന് പല തെളിവുകളും ഉണ്ട്. ചിലപ്പോൾ ചെയ്യുന്നവൻ ഒരാളും, അനുഭവിക്കുന്നവൻ മറ്റൊരാളുമാകാം. 

സത്യത്തിൽ എന്റെ ആഗ്രഹമാണ്, ഏത് മേഖലയിലായാലും, തോന്ന്യാസം കാണിക്കുന്നവന് ഉരുളക്കുപ്പേരിപോലെ അതേ നാണയത്തിൽ പ്രകൃതി തന്നെ തിരിച്ചടിച്ചെങ്കിൽ... 

സുകൃതം: ഏത് കാര്യത്തിലായാലും ജാഗ്രത ഉണ്ടായിരിക്കുന്നത് നല്ല കാര്യമാണ്. ചെയ്യുന്നത് എന്താണെന്നും അതിന്റെ പരിണിതഫലങ്ങൾ എന്താണെന്നുമൊക്കെയുള്ളതിനെക്കുറിച്ച് വിചാരമുണ്ടാകുന്നത്, ആ കാര്യം ചെയ്യുന്നവനും, അതിന്റെ ഫലം അനുഭവിക്കുന്നവനും, ആ കാര്യത്തിനെക്കുറിച്ച് കേൾക്കുന്നവനും ചില ചിന്തകൾക്കും, ചില പുനർവിചാരങ്ങൾക്കും പാത്രമാകും. ഇത് മൂലം ചിലപ്പോൾ ഭാവിയിലെ ദുഖങ്ങളോ പശ്ചാത്താപങ്ങളോ വേദനകളോ ഒഴിവാക്കാൻ പറ്റിയെന്നിരിക്കും. അപ്പോൾ ഒരു കാര്യം ചെയ്യുമ്പോൾ ശ്രദ്ധിച്ച് ചെയ്യുക... മറ്റുള്ളവരെക്കൂടി കണക്കിലെടുക്കുക. അങ്ങനെയാവുമ്പോൾ ആ കൃതം സുകൃതമാവും !

കുഷ്ഠം: കുഷ്ഠം എന്നത് ഒരു രോഗമാണ്. പണ്ട് കാലത്ത് മാറാവ്യാധി ആയിരുന്നെങ്കിലും ഇന്ന് കുഷ്ഠത്തിന് മരുന്നുകൾ ഉണ്ട്. കമ്പോളമാസ്മരികത പടർന്നു പിടിച്ച ഇക്കാലത്ത്, ചെയ്യുന്നതെന്തും കച്ചവടമനസ്സിലധിഷ്ഠിതമായതിനാൽ മാനവികമായ വികാരവിചാരങ്ങൾ  ഇന്നത്തെ തലമുറക്ക് നഷ്ടമാകുന്നു. മനസ്സുകളിൽ അധീശത്വത്തിന്റെയും തീവ്രവിചാരങ്ങളുടെയും കനലുകൾ ചെറുവിത്തുകളായി ചെറുപ്പത്തിലേ പാകപ്പെടുന്നു. അത്തരം സന്നിവേശിക്കപ്പെട്ട ചിന്താധാരകളിൽ നിന്ന് ഒരുവന് മുക്തനാവുക ഇന്ന് വളരെ പ്രയാസമുള്ളതാണ്. ആ മുക്തി സംഭവിക്കുന്നത് അവന്റെ ചിതയിൽ വച്ച് മാത്രം !

ഭക്തി: ഈ പറയുന്നത് യഥാർത്ഥ സാത്വിക ഭക്തിയേയോ ഭക്തരെയോ കുറിച്ചല്ല. മറിച്ച് ഭക്തി എന്നത് ഒരു വ്യവസായമായി വളർന്നതിനെക്കുറിച്ചും ആ വ്യവസായത്തിന് അറിയാതെ പാത്രമാകുന്നതിനെയും കുറിച്ചാണ്. ഇന്നത്തെക്കാലത്ത് ഭക്തി എന്നുള്ളത് മറ്റുള്ളവനെ സ്വന്തം സ്വത്വം കാണിക്കാനുള്ള ഒരു ഉപാധിയായിരിക്കുന്നു. അങ്ങനെ കാണിക്കണമെന്ന് ആരൊക്കെയോ വാശി പിടിക്കുന്നു. ചില കുബുദ്ധികൾ, നിഷ്കളങ്കന്മാരെ, അവരറിയാതെ തന്നെ പടയാളികളാക്കി, അവിടവിടായി ചില സാമ്രാജ്യങ്ങൾ സൃഷ്ടിക്കുന്നു. ഒന്നും നടക്കില്ലെന്നറിഞ്ഞിട്ടും പൂജകളും വെഞ്ചെരിപ്പുകളും ഉറൂസുകളും നടത്തുന്നു. ഭക്തിയുടെ പേരിൽ രമ്യഹർമ്യങ്ങളും, കാട് വെട്ടിത്തെളിക്കലും, പണം പിരിക്കലും നടക്കുന്നു. നടത്തുന്നവർ കൊഴുക്കുന്നു... നടക്കാൻ നിന്ന് കൊടുക്കുന്നവരിൽ ചിലർ കിതക്കുന്നു, മറ്റുള്ളവർ കൊഴിയുന്നു... സൗകര്യങ്ങൾ ഭോഗിക്കാനുള്ള ത്വരക്കിടയിൽ മൂല്യങ്ങൾ മറന്ന് മോഷണം പെരുകുന്നു...  ഇല്ലാത്ത സ്വർഗ്ഗത്തിന് വേണ്ടി മധുരഭാഷണങ്ങൾ കനക്കുന്നു... വസ്ത്രങ്ങളും നിറങ്ങളും അടയായാളങ്ങളാക്കി വേർതിരിവുകൾ സൃഷ്ടിക്കുന്നു....  ചിന്തക്കും യുക്തിക്കും സ്ഥാനമില്ലാതെ, ഭക്തി എല്ലാവരും പോഷിപ്പിക്കുന്നു... തമ്മിൽ തല്ല് മാത്രം ബാക്കിയാവുന്നു.. യഥാർത്ഥ ഭക്തൻ എല്ലാം നോക്കി തരിച്ചിരിക്കുന്നു !

കുറിപ്പ്: മേൽപറഞ്ഞതിന് പുറമേയുള്ള ആഖ്യാനങ്ങളും വ്യാഖ്യാനങ്ങളും ചിന്തനങ്ങളും ആസ്വാദകർക്ക് വിട്ടുതരുന്നു.

***

2019, ജനുവരി 7, തിങ്കളാഴ്‌ച

ഇരട്ടത്താപ്പുകൾ !



നിയമസഭയിലെ നടുത്തളത്തിൽ കിരാതനൃത്തം ചവിട്ടി, അധ്യക്ഷന്റെ മേശയിൽ വലിഞ്ഞു കയറി, പരശുരാമൻ മഴു എറിഞ്ഞത് പോലെ മൈക്ക് വലിച്ചെറിഞ്ഞ്, ഉറഞ്ഞുതുള്ളിയ കോമരത്തിന് ബോധക്ഷയം വന്നതുപോലെ അഭിനയിച്ച് കഥകളി ആടിയവർ,  അവര് തന്നെ കുറേ വേദികളിൽ ആടിത്തിമർത്ത തെരുവുയുദ്ധ ആട്ടക്കഥ, ഇന്ന് വേറെ ആരോ പുറത്ത്  ആടിയതിന്റെ പേരിൽ ദുഃഖിക്കുന്നു. അതിന്റെ പേരിൽ നഷ്ടം പിടിച്ചെടുക്കാൻ ഓർഡിനൻസുകൾ ഇറക്കുന്നു (നിയമസഭാനാടകത്തിന്റെ നഷ്ടം നികത്തി തീർച്ചയായും പശ്ചാത്തപിക്കുന്നുണ്ടാവും). ഹിന്ദുവിന്റെ അമ്പലത്തിൽ പെണ്ണിനെ കയറ്റാൻ മാമാങ്കം നടത്തുന്നവർ മുസ്ലീമിന്റെ പള്ളിയിൽ കയറാൻ ശ്രമിച്ചെന്ന പേരിൽ പെണ്ണുങ്ങളെ അറസ്റ്റ് ചെയ്യുന്നു. ഹിന്ദുവിന്റെ പേരിൽ വന്ന സുപ്രീം കോടതി വിധി നടപ്പാക്കാൻ പി. ടി. ഉഷയുടെ വേഗത്തിലോടിയവർ, ക്രിസ്ത്യൻ പള്ളിയുടെ പേരിൽ വന്ന വിധി നടപ്പാക്കുന്ന കാര്യം വരുമ്പോൾ കുരങ്ങിനെപ്പോലെ മലക്കം മറിയുന്നു. കൈയ്യേറ്റക്കുരിശിനെ ന്യായീകരിച്ച് വിശ്വാസം സംരക്ഷിച്ചവർ, ശബരിമലയിലെത്തുമ്പോൾ വിശ്വാസങ്ങൾക്ക് എതിരാവുന്നു.  കിട്ടിയ ശവത്തെ വച്ച് ഹർത്താൽ ആചരിച്ചവരെ കളിയാക്കിയവർ ഇരുദിനപണിമുടക്കെന്ന 'താരതമ്യേന' ലളിത പദമുപയോഗിച്ച് അഖിലേന്ത്യാ പണിമുടക്ക് നടത്തുന്നു. സ്വന്തം അന്വേഷണസംവിധാനങ്ങൾ ഉള്ളത് കൊണ്ട് സ്ത്രീപീഡനപരാതികളിൽ പോലും ഭരണഘടനാ സംവിധാനങ്ങളെ വെല്ലുവിളിക്കുന്നു, പക്ഷേ മറ്റുള്ളവന്റെ പീഡനത്തിന് തടയിടാൻ ഭരണഘടനാ സംവിധാനങ്ങളെ ഉപയോഗിക്കുന്നു. അമ്പത്തിയൊന്ന് വെട്ടുകൾ വെട്ടുമെങ്കിലും, സ്വന്തം ചോര ചിന്തുമ്പോൾ  മാത്രം, കൊലപാതക രാഷ്ട്രീയം നീചമാകുന്നു, മതിൽകെട്ടിത്തീർക്കുന്ന നവോത്ഥാനത്തിന് ജാതി സംഘടനകളെ മുൻനിരയിൽ നിർത്തുന്നു...

ജാതിസംവരണം എതിർക്കുന്നവർ സാമ്പത്തികസംവരണ മേമ്പൊടി ചാർത്തി മുന്നോക്കജാതി സംവരണത്തിന്റെ രാഷ്ട്രീയ കേക്ക് മുറിച്ച് കൊടുക്കുന്നു. മുസ്ലീമിന്റെ മുത്തലാഖ് നിരോധിച്ച് സ്ത്രീകളുടെ അവകാശങ്ങളെ സംരക്ഷിക്കാൻ ശ്രമിക്കുന്നവർ, ശബരിമലയിൽ സ്ത്രീകളുടെ ആർത്തവത്തിന്റെ പേരിലുള്ള അയിത്തം, ദൈവത്തിന്റെ നൈഷ്ഠികബ്രഹ്മചര്യത്തിന്റെ പേരിൽ ന്യായീകരിക്കുന്നു. ലളിത് മോഡി നാടുവിട്ടതിൽ ആശ്ചര്യപ്പെടുന്നവർ നീരവ് മോഡിയും വിജയ് മല്യയും  പോയതിൽ ശയനപ്രദക്ഷിണം നടത്തിക്കളിക്കുന്നു. പെട്രോളിന്റെ വിലനിലവാരത്തിൽ എന്താണ് സംഭവിക്കുന്നത് എന്നറിയാതെ നിദ്രാസംഭാഷണങ്ങൾ നടത്തുന്നു. യൂണിഫോം സിവിൽ കോഡിനെക്കുറിച്ചുള്ള പ്രഭാഷണങ്ങൾ, മന്ദിരങ്ങളിലെ മന്ത്രോച്ഛാരണങ്ങളിൽ മുക്കുന്നു. ദൈവത്തിനെ രക്ഷിക്കാൻ, മന്ത്രങ്ങളെ, മനുഷ്യരുടെ മുദ്രാവാക്യങ്ങളാക്കുന്നു. കിട്ടിയ സാദ്ധ്യതകളിൽ ജനങ്ങളെ രക്ഷിക്കാൻ, ഹർത്താലുകളുടെ മാലകൾ കോർക്കുന്നു...

നെഹ്രുവിയൻ സോഷ്യലിസത്തിലും ഗാന്ധിജിയുടെ രാമരാജ്യത്തിലും ഒരുമിച്ച് വിശ്വസിക്കുന്നവർ വിശ്വാസമാണോ സോഷ്യലിസം എന്ന സംശയത്തിൽ കേന്ദ്രത്തിലൊരു തട്ടിലും സംസ്ഥാനത്ത് മറ്റൊരു തട്ടിലും നിന്ന് കണ്ണ് കെട്ടിക്കളിക്കുന്നു. പ്രതിരോധത്തിന്റെ ഖജനാവ് എല്ലാവർക്കും എല്ലാ കാലത്തും കോലാർ ഖനിയാണെന്നറിഞ്ഞുകൊണ്ട് തന്നെ ബൊഫോഴ്സിന്റെ പരിക്കുകൾ റാഫേലിൽ പരതുന്നു.  ശരിയായ നിലപാടുകളില്ലാത്തത് കൊണ്ട് എങ്ങനെയെങ്കിലും അധികാരത്തിലെത്താൻ, തീവ്രവാദികളുടെ വാദവും ഒരു തരം വാദമാണെന്ന ലാഘവത്തോടെ ആരുമായും കൂട്ട് കൂടുന്നു. ജനാധിപത്യത്തെക്കുറിച്ച് പ്രസംഗിക്കുമെങ്കിലും കുടുംബവാഴ്ചയെ വാനോളം പുകഴ്ത്തുന്നു...

ഈ ഇരട്ടത്താപ്പുകളിൽ വീണുരുണ്ട്, സ്വന്തം കാര്യം നേടാൻ വേണ്ടി മാത്രം ഇഷ്ടപ്പെട്ട നേതാവിന് വേണ്ടി വായിട്ടലച്ച്, പൊതുജനം, അവന്റെ വിജ്ഞാനം പ്രകടിപ്പിക്കുന്നു. ഈ കളികൾക്കിടയിൽ, ഭൂരിപക്ഷം കിട്ടിയില്ലെങ്കിലും, വിഭജിക്കപ്പെട്ട വോട്ടിന്റെ വരികൾക്കിടയിലൂടെ മേൽക്കൈ നേടി ജനാധിപത്യം വിജയിക്കുന്നു. ഇരട്ടത്താപ്പുകളിൽ കുടുങ്ങിയ ജനത, ഹർത്താലുകളുടെ ആലസ്യത്തിൽ, സ്വന്തം തലയിൽ വീണ്ടും ആപ്പടിച്ച് കയറ്റുന്നു. അങ്ങനെ കല്ലെറിഞ്ഞവൻ നേതാവാകുന്നു ! അഴിമതിയുടെ കാര്യത്തിൽ പരസ്പരം പഴിചാരി എല്ലാവരും ഒന്നാകുന്നു !! ജയ് ജനാധിപത്യം :)

പിറവം പള്ളിയും പപ്പുവും മതിലും

യേശുക്രിസ്തു ക്രിസ്ത്യാനി അല്ലായിരുന്നു എന്ന സത്യം, ക്രിസ്തു വിശ്വാസത്തിന്റെ പേരിൽ അടി കൂടുന്ന ഈ യാക്കോബാക്കാരോടും ഓർത്തഡോക്സ്കാരോടും സ്വകാര്യത്തിൽ ഒന്ന് പറഞ്ഞു നോക്കിയാലോ... ചിലപ്പോ പിറവം പള്ളിയിൽ ഭാവിയിൽ നടന്നേക്കാവുന്ന ചില ആത്മഹത്യകളെങ്കിലും ഇല്ലാതാക്കാൻ പറ്റിയെന്നിരിക്കും...!!

Published in Naaraayam FB  on: December 10, 2018 at 6:35 PM

ബുദ്ധിമാന്മാരൊക്കെ ഭരിച്ച് ജനങ്ങളെ സഹായിക്കുന്നതിനിടയിൽ, ഔചിത്യബോധങ്ങളെ മറികടന്ന് പൊട്ടനെന്ന വിളിപ്പേര് ചാർത്തപ്പെട്ടിട്ടുള്ളയാൾക്ക്, കുടുംബവാഴ്ചയുടെ ദുഷിപ്പ് ചുമക്കുന്നയാൾക്ക് ഭരിക്കാനുള്ള വഴി തുറക്കപ്പെടുന്നെങ്കിൽ, ബുദ്ധിയുടെ അളവ് കോലുകൾക്ക് എന്തോ എവിടെയോ ഒരു കുഴപ്പമുണ്ട്...

Published in Naaraayam FB on: December 11, 2018 at 7:39 AM

വരാൻ പോകുന്ന വനിതാനവോത്ഥാന മതിലിൽ
ഒന്ന് രണ്ട് ജാലകങ്ങൾ തീർക്കുവാൻ.....

വിവരവിദ്യാഭ്യാസശാസ്ത്രീയ ചിന്തകൾ
വാണം കണക്കേ വാനത്തിലേറവേ 
മതജാതിരാഷ്ട്രീയ ആചാര ചിന്തകൾ
മതിയെ തളച്ചിടും തിമിരമായ് തീരവേ
മർത്ത്യന്റെ മനസ്സിലെ മതിലിനെ മറയ്ക്കുവാൻ
മനിതഹസ്തം കോർത്ത മതിലിനാലാവുമോ ?

തമസോമാഃ ജ്യോതിർ ഗമയഃ

അങ്ങനെ എന്തായാലും നവോത്ഥാനത്തിന് നാന്ദി കുറിച്ചു. തീർച്ചയായും വേണ്ടത് തന്നെയായിരുന്നെങ്കിലും, ഭരണാധികാരിക്ക് ഇത്തിരി അഹങ്കാരം കൂടിയതിനാൽ, ഒരു വേറിട്ട വഴിയിലൂടെ, ഹിന്ദുവിന്റെ പള്ളയിലൂടെ കറുത്ത തുണി ചുറ്റി പിൻവാതിലിലൂടെ ശബരിമലയിൽ യുവതികളെ കയറ്റി തുടക്കമിട്ടു.... ക്രമേണ അവരുടെ എണ്ണം കൂടുമായിരിക്കും... വാർഷിക വരുമാനവർദ്ധനവിനും തീർച്ചയായും നല്ലതാണ്. കൂടാതെ ഒരഞ്ഞൂറേക്കർ കാടെങ്കിലും, പരിസരത്ത് വൃത്തിയില്ലെങ്കിലും നമുക്ക് കൂടുതലായി വെളുപ്പിക്കാനും പറ്റും. സുപ്രീം കോടതി അടിച്ച വടി തിരിച്ചെടുത്ത് കളയുമോ എന്നാണ് ഇനിയുള്ള പേടി.
നവോത്ഥാനം ഇവിടെയങ്ങ് നിർത്താമോ? നോനോ... ഇനി എന്തൊക്കെ ബാക്കി കിടക്കുന്നു.... ദൈവത്തിനോട് വളരെയടുത്ത് നിൽക്കുന്ന മുസ്‌ലിം സഹോദരന്മാരിലും നമുക്ക് ഒരു മാറ്റമൊക്കെ ഉണ്ടാക്കണ്ടേ? പർദ്ദയിട്ട് കണ്ണിന് മാത്രം കാറ്റ് കൊള്ളിക്കുന്ന മഹിളകളും അത്യാവേശത്തോടെ മതിലിലെ വിള്ളലുകളിൽ കയറിക്കൂടി ഓട്ടയടക്കുന്നത് നമ്മൾ കണ്ടതല്ലേ? ശബരിമലയുടെ പശ്ചാത്തലത്തിൽ കെട്ടിയ നവോത്ഥാനമതിലിൽനിന്ന് തുടങ്ങിയതിനാൽ മുസ്‌ലിം വനിതകളുടെ നവോത്ഥാനവെടിക്കെട്ട് വാവർ പള്ളിയിൽ നിന്ന് തുടങ്ങിയാലോ? മടക്കിവച്ച കിത്താബിൽ അമർന്ന് പോയ സ്ത്രീ ബാങ്ക് വിളിയും വേണമെങ്കിൽ അവിടെ നിന്ന് തന്നെ തുടങ്ങാം, പക്ഷേ നിർബന്ധമില്ല കേട്ടോ... ആ പിന്നെ എവിടുന്നോ എടുത്ത് കൊണ്ടുവന്ന ആ തിരുമുടിയില്ലേ... അത് തീർച്ചയായും കത്തിച്ച് നോക്കണം. അമ്മയാണേ സത്യം... ആ മുടി, മുടി തന്നെയാണെങ്കിൽ, അത് കത്തിയില്ലെങ്കിൽ പിണറായി മുഖ്യമന്ത്രിയാണേ സത്യം.... ഞാനും എന്റെ കുടുംബവും... അല്ലേ വേണ്ട കുടുംബം സ്വയം തീരുമാനിക്കട്ടെ.... ഞാൻ മുറിമംഗലം കഴിച്ച് മുസ്ലീമാകാൻ പൊന്നാനിയിൽ വരും..... പിന്നെ മതം ബാക്കിയുള്ളവരിൽ പടർത്താൻ അഹോരാത്രം പണിയെടുക്കും.. ഇത് കൊക്കോടന്റെ വാക്കാണ് 🙂
ക്രിസ്ത്യാനികളെയും അങ്ങനെ വിടാമോ.... അങ്ങേയറ്റം പുരോഗമിച്ച മതമെന്ന് ക്രിസ്ത്യാനികൾ സ്വയം അഭിമാനം കൊള്ളുന്ന അവിടെയും ചിലതൊക്കെ ബാക്കിയില്ലേ? ആദ്യം തന്നെ ക്രിസ്ത്യാനികൾ എന്നവകാശപ്പെടുന്ന നൂറ്റെട്ട് വിഭാഗക്കാരും ബൈബിൾ തന്നെയാണോ അവരുടെ അടിസ്ഥാനം എന്ന് ഉറപ്പിക്കണം. ബൈബിൾ തന്നെയാണ് അടിസ്ഥാനമെങ്കിൽ ചിതറിക്കിടക്കുന്ന നൂറ്റെട്ട് വിഭാഗങ്ങളും യോജിച്ച് ഒരു കുടക്കീഴിൽ അണിനിരക്കണം. അല്ലെങ്കിൽ ബൈബിളിന്റെ നൂറ്റെട്ട് വിവിധപതിപ്പുകളിറക്കണം. അല്ലെങ്കിൽ പിന്നെ 'പുരോഗമിച്ചു' എന്ന മാനസികാവസ്ഥ പിൻവലിക്കണം. ഈ നൂറ്റെട്ട് ബൈബിളിന്റെ കാര്യം നൂറ്റെട്ട് ഖുറാനായി മുസ്ലീമുകൾക്കും ബാധകമാണ് കേട്ടോ.... ഓ ക്രിസ്ത്യാനിക്ക് വേണ്ടി മാറ്റിവച്ച ഖണ്ഡികയാണ്... അപ്പോ ക്രിസ്ത്യാനികൾ മിനിമം ഒരു കാര്യം കൂടി ചർച്ചക്കെടുക്കണം. സ്ത്രീ കുർബാനകുമ്പസാരങ്ങൾ കൂടി നടത്തിയാൽ സ്വർഗ്ഗവാതിലിൽ വിള്ളലുകൾ ഉണ്ടാവുമോ എന്ന് കൂടി പരിശോധിക്കണം.
അപ്പോ പറഞ്ഞതൊക്കെ ഓർമ്മയുണ്ടല്ലോ.. അല്ലേ... അല്ലെങ്കിൽ ഇപ്പോ നവോത്ഥാനത്തിന് തുടക്കമിട്ട ഹിന്ദുക്കൾ ആരാകും... ആരാകും.... അങ്ങനെയാക്കരുത് കേട്ടോ. ഹിന്ദുവും ക്രിസ്ത്യാനിയും മുസ്ലീമും അങ്ങ് നന്നായാൽ ബാക്കി ബുദ്ധജൈനസിക്ക് മതങ്ങൾ നന്നായില്ലെങ്കിലും നമുക്കങ്ങ് വെറുതെ വിട്ടുകളയാൻ... വെറും ചെറീയ ശതമാനമല്ലേ ഉള്ളൂ.. പാവങ്ങൾ,, എങ്ങനെയെങ്കിലും ജീവിച്ച് തുലയട്ടെ !!