ജനുവരി 30 അടുത്ത് വരികയല്ലേ... ഗാന്ധിജിയുടെ ചരമദിനം. അതിനോടനുബന്ധിച്ച് കൂടുതൽ മനസ്സിലാക്കാൻ ഞാനിന്നലെ 'കൂഗിളി'ൽ കയറി നോക്കി. ആ ശ്രമത്തിനിടയിൽ രണ്ട് മൂന്ന് കൊലപാതകചിത്രങ്ങൾ 'കൂഗിളി'ൽ നിന്ന് കിട്ടി... മഹാത്മാഗാന്ധി വെടികൊണ്ട് കിടക്കുന്നത്; വെടികൊണ്ട ഇന്ദിരാഗാന്ധിയെ, സോണിയാഗാന്ധി താങ്ങിപ്പിടിക്കുന്നത്; ബോംബാക്രമണത്തിൽ കൊല്ലപ്പെട്ട് ഛിന്നഭിന്നമായിക്കിടക്കുന്ന രാജീവ്ഗാന്ധിയുടേത് എന്നിവ. 'Gandhi Murder' എന്ന പേരിൽ പരതിയത് കൊണ്ടായിരിക്കണം ഇവയെല്ലാം ഒരുമിച്ച് കിട്ടിയത്. എന്തായാലും കാര്യത്തിലേക്ക് വരാം...
മഹാത്മാഗാന്ധിയുടെ ചിത്രം Black & White ആയിരുന്നെങ്കിലും, എന്റെ പ്രത്യേക ദൃഷ്ടിയിൽ, ആദ്ദേഹത്തിന്റെ ശരീരത്തിലെ ചോരയുടെ നിറം ചുവപ്പ് തന്നെയായിരുന്നു എന്ന് മനസ്സിലാക്കാൻ അധിക സമയം വേണ്ടിവന്നില്ല. പക്ഷേ ഇന്ദിരാഗാന്ധിയുടേയും രാജീവ് ഗാന്ധിയുടെയും ചിത്രം Color ചിത്രങ്ങളായിട്ട് കൂടി എന്റെ കണ്ണിന് അത്ഭുതമായിരുന്നു, വിശ്വസിക്കാൻ തീർത്തും പ്രയാസമായിരുന്നു... അവരുടെ രക്തത്തിന്റെ നിറം നീലയായിരുന്നു. രാജരക്തത്തിന്റെ നിറം നീലയാണെന്ന് യൂറോപ്യൻ ഭരണാധികാരികൾ പണ്ടേ അവരുടെ പ്രജകളെ പഠിപ്പിച്ചതാണ്... ഇന്ത്യൻ രാജാക്കന്മാരുടേതിനേക്കാൾ ഇത്തിരി കടുംനീലയായിരിക്കും യൂറോപ്യൻ രാജാക്കന്മാരുടേത് എന്ന വ്യത്യാസം മാത്രമേയുള്ളൂ... അതുകൊണ്ടാണ് നമുക്ക് കുറേക്കാലം അവരുടെ അടിമകളായി ജീവിക്കേണ്ടി വന്നത്. ഈ കാര്യങ്ങൾ മനസ്സിലാക്കാൻ എനിക്ക് 'കൂഗിൾ' ചെയ്യേണ്ടി വന്നെങ്കിലും കോൺഗ്രസ്സ്കാർക്ക് ഇത് മനഃപാഠമാണെന്ന് ഇന്നെനിക്ക് പത്രം വായിച്ചപ്പോൾ മനസ്സിലായി... പ്രിയങ്കാ ഗാന്ധി കോൺഗ്രസ്സിന്റെ നേതൃത്വത്തിലേക്ക് വരുന്നു ! സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും നേതൃത്വത്തിൽ വന്നിട്ടും എനിക്ക് കാര്യങ്ങൾ പിടികിട്ടിയിരുന്നില്ല !!
പിന്നെയും 'കൂഗിളി'ൽ തപ്പി നോക്കിയപ്പോൾ വേറെയും കുറച്ച് കാര്യങ്ങൾ കൂടി അറിയാൻ കഴിഞ്ഞു. ചില നേതാക്കൾ, 'രക്ത രാജസൂയം' എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ച്, തങ്ങളുടെയും പരമ്പരയുടെയും രക്തത്തിന്റെ നിറം ചുവപ്പിൽ നിന്ന് നീലയിലേക്ക് പരിവർത്തനം ചെയ്യുന്നുണ്ടെന്നതാണ് ഒരു വിവരം. മറ്റ് ചില നേതാക്കന്മാർ, അധികാരത്തിലെത്തിയില്ലെങ്കിലും, അടുത്ത പരമ്പരക്ക് വേണ്ടി ധനസമ്പാദനത്തിന് മാത്രമായിട്ട്, 'രക്ത ധനഞ്ജയം' ('രക്ത രാജസൂയ'ത്തിൽ 'രക്ത ധനഞ്ജയം' ഉൾപ്പെട്ടിട്ടുണ്ട്) എന്ന കർമ്മം നടത്തി, രക്തം പച്ച നിറമാക്കുന്നുണ്ടത്രേ ! പരമ്പരതലമുറകളുടെ ആഴം കൂടുന്തോറും നിറത്തിന്റെ കട്ടി കൂടുമെന്നും കേൾക്കുന്നു. മേൽ പറഞ്ഞ രണ്ട് സാങ്കേതിക വിദ്യകൾക്കും അത്യാവശ്യമായി വേണ്ടത് നാട്ടിലെ ജനങ്ങളുടെ ചോരയാണത്രേ ! സാധാരണ ജനങ്ങൾക്കൊന്നും ഈ വിദ്യകൾ മനസ്സിലാകാത്തത് കൊണ്ട്, ഇത്ര കാലമായിട്ടും ഈ സാങ്കേതികവിദ്യകളുടെ സൂത്രവാക്യം പരസ്യപ്പെടുത്തിയിട്ടില്ലത്രേ !! സർവ്വോപരി എന്നെ അത്ഭുതപ്പെടുത്തിയത് വേറൊരു കാര്യമാണ്... 'രക്ത രാജസൂയ'ത്തിനും 'രക്ത ധനഞ്ജയ'ത്തിനും വേണ്ടി തങ്ങളുടെ രക്തം ഊറ്റുന്നത് പൊതുജനം തീർത്തും അറിയുകയേയില്ല എന്നതാണത് ! പാവം പൊതുജനം 😒
കമ്മ്യൂണിസ്റ്റ് കൊറിയൻ കിം ജോംഗ്, ക്യൂബൻ കാസ്ട്രോ, താക്കറെ, കരുണാനിധി, കരുണാകരൻ, ദേവഗൗഡ, ലാലുയാദവ്, മുലായം എന്നീ കുടുംബങ്ങൾ ഇതിനകം തന്നെ രക്തരാജസൂയം നടത്തിക്കഴിഞ്ഞു എന്നാണറിവ്. അംബാനി, അദാനി എന്നിവർ രക്തധനഞ്ജയം മാത്രമേ നടത്തിയിട്ടുള്ളൂ. എന്റെ 'കൂഗിൾ' ഭഗവതീ... നീയും കൂടിയില്ലായിരുന്നേൽ ഞാനിതൊന്നും അറിയില്ലായിരുന്നു.... ഒട്ടും വൈകാതെ ഞാനും പുറപ്പെടുകയായി... രക്തരാജസൂയത്തിലേക്ക്... എന്റെയും എന്റെ കെട്ട്യോളുടെയും കാര്യം അവിടെ കിടക്കട്ടെ... പക്ഷേ രണ്ട് മക്കളുടെയെങ്കിലും രക്തം നീലയാക്കണം... എന്നിട്ട് വേണം കണ്ണടക്കാൻ... അല്ലെങ്കിൽ പ്രിയങ്കാ ഗാന്ധിയുടെ മകൻ പ്രസിഡണ്ടായിക്കളയും 😃
***
Facebook Comments:
മറുപടിഇല്ലാതാക്കൂManjula Das Nedungadi Well written 🙏
Venugopalan M Kokkodan Thank you Manjula Das Nedungadi 😊
Jobin Kuruvilla ശരിക്കും അതവരുടെ തെറ്റാണോ? മറ്റുള്ളവരുടെ തെറ്റോ കഴിവില്ലായ്മയോ ഒക്കെയല്ലേ? കഴിവുണ്ടെങ്കിൽ ആര് മുന്നോട്ടു വന്നാലും, അതിപ്പം ഗാന്ധിയുടെ മക്കളായാലും കൊക്കോടന്റെ മക്കളായാലും രക്തത്തിന്റെയും കൊടിയുടെയും കളർ നോക്കാതെ ജയിപ്പിക്കണം എന്നാണ് ന്റെ ഒരിത് 😉
Venugopalan M Kokkodan Jobin, “മറ്റുള്ളവരുടെ തെറ്റോ കഴിവില്ലായ്മയോ ഒക്കെയല്ലേ” എന്ന സംശയത്തിൽ തന്നെയാണ് “ജനങ്ങൾ അവരുടെ രക്തമൂറ്റുന്നത് അറിയുന്നില്ല” എന്നത് കൊണ്ട് ഉദ്ദേശിച്ചത് 😊 മൊത്തത്തിൽ ഒരു sarcastic രൂപമാണ് കൊടുക്കാൻ ശ്രമിച്ചത്. ഏറ്റോ എന്നറിയില്ല 🤭
ആര് ഭരിച്ചാലും നന്നായി ഭരിച്ചാൽ മതി. അംഗീകരിച്ചു. എന്നാലും എവിടെയോ എന്തോ കുഴപ്പമുള്ളത് പോലെ ! 😄
Jobin Kuruvilla Venugopalan M Kokkodan അത് സത്യം. പാരമ്പര്യത്തണലിൽ വെയിൽ കൊള്ളാതെ വരുന്നവർക്ക് വെയിൽച്ചൂടിനെകുറിച്ച് ധാരണയുണ്ടോ എന്നത് കാലം തെളിയിക്കേണ്ടിയിരിക്കുന്നു. തീയിൽ കുരുത്തവർ വരുമ്പോൾ അവർ ചിലപ്പോൾ വഴി മാറേണ്ടി വരും!
Venugopalan M Kokkodan Jobin, ഉത്തരം ലളിതമാണ്.. തീയിൽ കുരുക്കുന്നവർ, തീയിൽത്തന്നെ കുരുത്ത് കൊണ്ടേയിരിക്കും. ശീതളിമയിൽ അഭിരമിച്ചവർ തീയിൽ കുരുക്കാൻ നിൽക്കില്ല, ഇഷ്ടപ്പെടില്ല. തീയിൽ കുരുത്തവരിൽ അപൂർവ്വം ചിലർ ശീതളിമയിലെത്തിപ്പെട്ടാൽ, തിരിച്ച് വീണ്ടും തീയിലേക്ക് ചാടില്ല. ശീതളിമയിൽ മാത്രം വളർന്നവർക്ക് തീ എന്താണെന്ന് മനസ്സിലാവുകയുമില്ല... തീയിൽ കുടുങ്ങിക്കിടക്കുന്നവർ, ശീതളിമയിലുള്ളവരെ നോക്കി അന്തിച്ച് നിൽക്കുകയും, ഇടക്കിടക്ക് എറിഞ്ഞു കൊടുക്കുന്ന കുപ്പിവെള്ളം ആർത്തിയോടെ മോന്തിക്കുടിക്കുകയും ചെയ്യും. ഇത് തന്നെ തുടർന്ന് കൊണ്ടേയിരിക്കുന്നു. 😃
Jobin Kuruvilla Venugopalan M Kokkodan ഇപ്പറഞ്ഞതിന് അപവാദങ്ങൾ ഉണ്ട്. ഇനിയുമുണ്ടാകും. കൂരിരുട്ടിലും ഒരു ചെറിയ മെഴുകുതിരിനാളം മതി🕯
Venugopalan M Kokkodan Jobin,
ഇതുവരെക്കണ്ട നാളങ്ങളിടക്കിടെ കെട്ടുപോയ്
കൊതിപൂണ്ട് കാത്തിരിക്കുന്നു തുടരെ കത്തുമൊരു തിരിനാളത്തിനായ്
കൂരിരുട്ടിലൊരരുണോദയത്തിനായ്
😀
Jobin Kuruvilla Venugopalan M Kokkodan തുടരെ കത്തുന്നൊരു തിരി കഥകളിൽ മാത്രമേ കാണൂ. കെട്ടു പൊക്കോട്ടെ. പക്ഷേ കെടുന്നതിന് മുമ്പ് ഒരുപാട് തിരികളിലേക്ക് വെളിച്ചം പകരാനാകണം. അവയോരോന്നും ഏതെങ്കിലുമൊക്കെ ഇരുട്ടുമുറികൾ പ്രകാശപൂരിതമാക്കട്ടെ!
Venugopalan M Kokkodan Jobin, അത് തന്നെ very perfect 👌
Venugopalan M Kokkodan Jobin, concluding the previous lines ;)
കെട്ടുപോം നാളങ്ങൾ കെടുന്നതിൻ മുന്നിലായ്
പകർന്നീടണം വെട്ടം ഭാവിയെ നോക്കിയീ
കാത്തിരിക്കും പ്രതീക്ഷയാം തിരികളിൽ
വീണ്ടുമാവർത്തനം സംഭവിച്ചീടുവാൻ !
Sathya Menon Very interesting reading 🙏🏻
Venugopalan M Kokkodan Thank you Sathya Menon 🙏