ചുവട്ടിലെ മണ്ണ് ഇളകാതിരിക്കാനും പ്രമാദിത്വം അപ്രമാദിത്വമായി ഉയർത്താനും വശംവദരായവർക്ക് ഒരിക്കലും ബോധോദയമുണ്ടാകാതിരിക്കാനും സർവ്വോപരി, മാർഗ്ഗം നോക്കാതെ 'ക്ഷത്രിയധർമ്മം' (ഭരണം) അനുഷ്ഠിക്കാൻ വെമ്പൽ കൊള്ളുന്നവർക്ക് 'ബ്രാഹ്മണധർമ്മം' (ഉപദേശകധർമ്മം) നിർവഹിക്കാനും ചില നിലപാട് മാറ്റങ്ങൾ നല്ലതാണ്.
2007 കളിൽ സ്ത്രീകൾ ശബരിമലയിൽ കയറുന്നത് കൊണ്ട് ഒരു കുഴപ്പവുമില്ലെന്നും ദൈവത്തിന് സ്ത്രീപുരുഷവ്യത്യാസങ്ങൾ ഇല്ലെന്നും വ്യക്തമായി പറഞ്ഞിരുന്ന, ഈയ്യടുത്തകാലത്ത് അങ്ങുമിങ്ങും തൊടാതെ പറഞ്ഞിരുന്ന അമൃതാനന്ദമയിക്ക് 'നൈഷ്ഠിക ബ്രഹ്മചര്യം' അനുഷ്ഠിക്കുന്ന പ്രതിഷ്ഠയുടെ വൈശിഷ്ട്യം എന്താണെന്ന് ഇപ്പോൾ മനസ്സിലായിരിക്കുന്നു ! ശബരിമലയിൽ യൗവ്വനയുക്തകൾ (പ്രത്യുൽപാദന ശ്രേണിയിൽ പെട്ട വനിതകൾ) കയറാൻ പാടില്ലെന്ന് വ്യക്തമായി അവർ പറഞ്ഞിരിക്കുന്നു. സ്ത്രീ എന്ന നിലയിൽ പ്രതിഷ്ഠാകർമ്മങ്ങളും പൂജാകർമ്മങ്ങളും നടത്തി ഒരു തരത്തിൽ വിപ്ലവം സൃഷ്‌ടിച്ച അമൃതാനന്ദമയിക്കും വീണ്ടുവിചാരം വരുത്തിക്കണമെങ്കിൽ അതുകൊണ്ടുണ്ടാകുന്ന ലാഭക്കണക്കുകൾ തീർച്ചയായും മനസ്സിലായിക്കാണണം !! ബ്രഹ്മചാരിണിയായ അമൃതാനന്ദമയിക്ക് പുരുഷഭക്തരുടെ സാമീപ്യം പ്രശ്നം സൃഷ്ടിക്കുന്നില്ലെങ്കിലും ദൈവസങ്കല്പത്തിന്റെ പ്രതിഷ്ഠക്ക് ഇത്തരം സാമീപ്യം ഇളക്കം തട്ടിക്കുമെന്ന ശാസ്ത്രസങ്കല്പങ്ങളിൽ കാര്യമുണ്ടെന്ന് മനസ്സിലായിക്കാണണം !!!
ശബരിമലയിലെ സ്ത്രീപ്രവേശനത്തെ പണ്ട് മുതലേ അനുകൂലിച്ചിരുന്ന RSS ഉം അതിന്റെ ഉന്നത നേതാക്കളും നമ്മുടെ നാട്ടിലെ സുരേന്ദ്രനും, കോൺഗ്രസ്സ് നേതാക്കളും എല്ലാം കളം കണ്ട് പെട്ടന്ന് തന്നെ കാല് മാറിയെങ്കിൽ, അമൃതാനന്ദമയി ഇത്തിരി സമയം അധികം എടുത്തു എന്ന വ്യത്യാസം മാത്രമേ ഉള്ളൂ. ഏത് വിപ്ലവവും ലാഭക്കണക്കുകളിൽ എത്തുമ്പോൾ നിലക്കും... കമ്മ്യൂണിസത്തിന് പറ്റിയത് പോലെ... ആം ആദ്മിക്ക് പറ്റിയത് പോലെ... സാമ്രാജ്യങ്ങൾ ഉണ്ടാക്കാൻ ആയുധം എടുക്കണമെന്നില്ല !
Facebook comments:
മറുപടിഇല്ലാതാക്കൂJayapalan C നാരായത്തിന് നല്ല മൂർച്ചയുണ്ട്. നന്നായിരിക്കുന്നു
Venugopalan M Kokkodan Jayapalan etta, ചില കാര്യങ്ങൾ കാണുമ്പോൾ, അറിയാതെ, നല്ല ഭാഷയിൽ എഴുതിപ്പോകുന്നതാണ് 😊
Prabha Karaye Prabha Karaye അമൃതപുരിക്ക് വീണ്ടു(അമൃതാനന്ദമയിക്കല്ല അവരെ ചുറ്റിപ്പറ്റി നിൽക്കുന്ന താൽപര്യങ്ങൾക്ക് ) വിചാരം വന്നത് കയ്യേറിയ ഭൂമിറവന്യൂ വകുപ്പ് അളന്ന് തിട്ടപ്പെടുത്തും എന്ന് വന്നപ്പോഴാണ് ''ഒരു തരം പ്രതിരോധം .. ശങ്കരന്റെ അദ്വെത ദർശനത്തെ പിന്നീട് - എപ്രകാരംബ്രാഹ്മണിക്കൽഐ ഡിയോളജി വിഴുങ്ങിയോ അന്ന് തുടങ്ങി - സനാതന ധർമ്മശോഷണം ... ശങ്കരനെപ്പോലും -തങ്ങളുടെ താൽപര്യങ്ങൾക്ക് ഉപയോഗിച്ചവർക്ക് ശബരിമല ഒരവസരമാണ് ... മനുവിന്റെ സ്മൃതിയിൽ മാത്രം 1400 ൽ പരം പ്രക്ഷിപ്ത ശ് ലോ കങ്ങൾ ഉണ്ടാക്കി നൂറ്റാണ്ടുകളോളം ജനമനസ്സുകളെ വഴിതെറ്റിച്ചു കൊണ്ടിരിക്കുന്ന വർ ഇവർ ....
Venugopalan M Kokkodan Prabha, ഭക്തിയുടെ പേരിലുള്ള സാമ്രാജ്യവൽക്കരണം !
Madhu Uchmbally വേണുവിന് നല്ല മനസ്സ് വന്നതിൽ സന്തോഷം
Venugopalan M Kokkodan Madhu, എനിക്കിപ്പഴും പൂർണ്ണമായും നല്ല മനസ്സ് വന്നു എന്ന് പറയാൻ പറ്റില്ല.. 😄 എന്നാലും ഇങ്ങനെ പറഞ്ഞത് എന്തുകൊണ്ടാണെന്നും മനസ്സിലായില്ല... ചില തിരുത്തലുകൾ പണ്ടേ വരുത്തിക്കഴിഞ്ഞു.. തിരുത്തിക്കൊണ്ടിരിക്കുന്നു... ഞാൻ കുറേക്കാലമായി എഴുതുന്നത് പൂർണ്ണമായും വായിച്ചിരുന്നെങ്കിൽ ചിലപ്പോൾ മധു ഇങ്ങനെ എഴുതില്ലായിരിന്നു 😊 എന്റെ ബ്ലോഗ് സമയം കിട്ടുമ്പോൾ വായിക്കുക e-naaraayam.blogspot.com
Jobin Kuruvilla ആം ആദ്മി വിപ്ലവം നിലച്ചു എന്നു പറയുന്നതിനോട് വിയോജിപ്പുണ്ട്. പ്രകടന പത്രികയിലെ 80 അല്ലെങ്കിൽ 90 ശതമാനം വാഗ്ദാനങ്ങളും പൂർത്തീകരിച്ച മറ്റൊരു സർക്കാറുണ്ടെന്ന് തോന്നുന്നില്ല. അതും കേന്ദ്രത്തിന്റെ കടുത്ത നിസ്സഹരണത്തിനെ മറികടന്ന്! തീർച്ചയായും പെർഫെക്റ്റ് അല്ല. പക്ഷേ തമ്മിൽ ഭേദം തൊമ്മൻ തന്നെ. കണ്ടിടത്തോളം ജനങ്ങൾക്ക് വേണ്ടിയാണ് ഭരണം. അംബാനിക്കോ വധേരക്കോ വേണ്ടിയല്ല!
പിന്നെ, ഭാവിയിൽ അവരും മാറിയേക്കാം. അതു വരെ അവരെ തള്ളിപ്പറയില്ല. കള്ളങ്ങൾ കൊണ്ടു വോട്ടു നേടുന്നവർക്ക് ഒരപവാദമായി അവരങ്ങനെ ഭരിക്കട്ടെ.
Venugopalan M Kokkodan Jobin, ആം ആദ്മിക്ക് ഒരു മൂലക്കിട്ട് ഒരു കൊട്ട് കൊടുത്തതാണ് :) ആം ആദ്മി ഉയർത്തിക്കൊണ്ടുവന്ന രാഷ്ട്രീയം തീർച്ചയായും വ്യക്തിപരമായി എനിക്കിഷ്ടമാണ്. തീർച്ചയായും ദില്ലി എന്ന ചുറ്റുപാടിൽ അവർ അവർക്കാവുന്നതിന്റെ പരിധിക്കപ്പുറം എന്നപോലൊക്കെത്തന്നെ കാര്യങ്ങൾ ചെയ്തിട്ടുമുണ്ട്... പക്ഷേ എന്റെ ഒരു വിഷമം, ദില്ലി എന്ന ചുറ്റുപാടിൽ നിന്ന് അവർ വളരുന്നില്ല എന്നതാണ്.. വളർച്ച മുരടിച്ചതിനെ, വളർച്ച നിലച്ചു എന്ന അർത്ഥത്തിൽ പറഞ്ഞെന്നേ ഉള്ളൂ. രണ്ടാമത്തെ വിഷമം, പേരുകൾ പറഞ്ഞ്, വ്യക്തമായ തെളിവുകൾ കയ്യിലുണ്ടെന്നും പറഞ്ഞ് ഉയർത്തിക്കാട്ടിയ ഒരഴിമതി പോലും പിന്നീട് പൊങ്ങി വന്നില്ല എന്നുള്ളതാണ്. ചിലസ്ഥലങ്ങളിൽ നേതാക്കൾക്ക് മാപ്പ് പറയേണ്ട സ്ഥിതിപോലും ഉണ്ടായി. ഇന്ന്, അതേ നേതാക്കൾക്കൊപ്പം ഐക്യമെന്ന പേരിൽ വേദി പങ്കിടുന്നതിനും അതിന്റെ നേതാവിന് മടി കണ്ടില്ല. അതൊരു ഭൂഷണമായി തോന്നുന്നില്ല... വേറൊരു വിഷമം, ഒരു നേതാവിൽ കേന്ദ്രീകരിച്ചുള്ള ഒരു ഏകാധിപത്യ സ്വഭാവം അവിടെയും കാണുന്നുണ്ട്. ഒരു നല്ല രാഷ്ട്രീയം മുന്നോട്ട് വച്ച്, ആധുനിക രീതിയിൽ ഭാരതം മൊത്തം വളരാൻ വ്യക്തി താല്പര്യമില്ലാത്ത നേതാക്കളുടെ നിര വളർത്തിക്കൊണ്ടു വരാൻ അവർക്കാവുന്നില്ല. എന്തായാലും നേതാവിനെ പേടിച്ചിട്ടാണെങ്കിലും പണം കണ്ട് മോഹിച്ചുള്ള ഒരഴിമതി ഇതുവരെ ഉണ്ടായിട്ടില്ല. മറ്റു പാർട്ടികളിൽ നിന്ന് സ്ഥാനം മോഹിച്ച് പലവരും കളം മാറി എത്തിയിട്ടുണ്ടെന്നുള്ളത് വേറൊരു വസ്തുത.
മറ്റുള്ള പാർട്ടികളിലെ തെറ്റായ ചില പ്രവണതകൾ ചെറിയ രീതിയിലാണെങ്കിലും ആം ആദ്മിയിലും കണ്ടുതുടങ്ങിയിരിക്കുന്നു എന്ന് പറയാനേ ഉദ്ദേശിച്ചുള്ളൂ.