2019 ജനുവരി 7, തിങ്കളാഴ്‌ച

വേണ്ട സമയത്ത് കാര്യഗൗരവബോദ്ധ്യങ്ങളുണ്ടായിരുന്നെങ്കിൽ...

വേണ്ട സമയത്ത് കാര്യഗൗരവബോദ്ധ്യങ്ങളുണ്ടായിരുന്നെങ്കിൽ...
എന്തൊക്കെയായായലും, ഏതൊക്കെ തരത്തിലുള്ള ആളുകൾ അന്യായം കൊടുത്തിട്ടായാലും, ഭാരതീയ ദൈവസങ്കല്പവിധികൾ എങ്ങനെയായിരുന്നാലും, എല്ലാ ആചാരാനുഷ്ഠാനങ്ങളിലും യുക്ക്തിയുണ്ടാവണമെന്ന് നിർബന്ധമില്ലെങ്കിലും, പത്ത് പന്ത്രണ്ട് വർഷങ്ങളോളം കാര്യങ്ങളുടെ സ്ഥിതി വിശകലനം ചെയ്തതിന് ശേഷം, നാലഞ്ച് കാര്യവിവരമുള്ളവർ ജനാധിപത്യ സംവിധാനത്തിലെ പരമോന്നതനീതിപീഠത്തിന്റെ മേൽവിലാസത്തിൽ എടുത്ത ഒരു തീരുമാനം, യുക്തിപരമായി ചിന്തിച്ചാൽ ശരിയാണെന്ന് ആചാരവാദികൾ പോലും സമ്മതിക്കുന്ന ഒരു തീരുമാനം, മറ്റു മതസ്ഥർ അവരുടെ ദുരാചാരങ്ങൾ മാറ്റാത്തത് കൊണ്ട് മാത്രം ആചാരവാദികൾ സമ്മതിച്ച് തരാത്ത ഒരു തീരുമാനം, ആർത്തവം അയിത്തമല്ലെന്ന് ഉറക്കെ പ്രഖ്യാപിക്കുന്ന ഒരു തീരുമാനം, ആർത്തവം അടിസ്ഥാനമാക്കിയുള്ള നൈഷ്ഠികബ്രഹ്മചര്യമെന്നത് ഒരുതരം ഭോഷ്കാണെന്ന തീരുമാനം, സാക്ഷാൽ ദൈവസങ്കല്പം പോലും അംഗീകരിക്കുമെന്ന് ഉറപ്പുള്ള ഒരു തീരുമാനം, ആദ്യക്ഷണത്തിൽത്തന്നെ സ്വമേധയാ വിശ്വാസികളെന്ന് മുറവിളി കൂട്ടുന്ന സമൂഹം അംഗീകരിച്ചിരുന്നെങ്കിൽ... ശനി ശിംഗ്‍നാപ്പൂരിലെ മാതൃക ഇവിടെയും കടുംപിടുത്തം കൂടാതെ, പേശി പെരുപ്പിക്കാതെ സ്വീകരിച്ചിരുന്നുവെങ്കിൽ....
സ്വീകരിച്ചിരുന്നുവെങ്കിൽ, അംഗീകരിച്ചിരുന്നെങ്കിൽ... ആറെസ്സെസ്സിനും ബിജെപിക്കും കോൺഗ്രസ്സിനും മാറിമാറി ഭക്തരുടെ ആർദ്രവികാരങ്ങളുടെ മൂർച്ച കൂട്ടിക്കൂട്ടി കുരങ്ങ് കളിപ്പിച്ച് പത്ത് വോട്ടും നാല് സീറ്റും തരപ്പെടുത്താമെന്ന മോഹം ഉദിക്കില്ലായിരുന്നു... ഇസ്‌ലാമിന്റെയടുത്തും ക്രിസ്ത്യാനികളുടെയടുത്തും പ്രീണനം നടത്തി, ഹിന്ദു എന്ന സ്വതന്ത്രനിർവ്വികാരജീവികളെ ജാതിയുടെ പേരിലും ഗോത്രത്തിന്റെ പേരിലും വിഭജിച്ച്, ഹിന്ദുവിന്റെ മാത്രം ദുരാചാരങ്ങളെ മാത്രം ഭൂതക്കണ്ണാടിയിലൂടെ കണ്ട്, ഹിന്ദുവിന്റെ മേൽ കുതിരകയറി നാല് വോട്ട് നാല്പതാക്കാമെന്ന വിചാരം സിപിഎമ്മിന് ഉണ്ടാകില്ലായിരുന്നു... കയ്യിൽ കിട്ടിയ ശവങ്ങൾ കാണിച്ച് അഞ്ചാറ് ഹർത്താലുകൾ ഉണ്ടാകില്ലായിരുന്നു... ശരണം വിളിക്കുന്ന നാക്ക് കൊണ്ട് ഭക്തസമൂഹം തെറി വിളിക്കില്ലായിരുന്നു... ഭക്തികൊണ്ട് സാത്വികത കൂടിയ ഭക്തർക്ക് ആസുരസ്വഭാവം കൈവരില്ലായിരുന്നു... ഇരുമുടി ചുമലിലൂടെ ഉരുണ്ട് താഴേക്ക് വീഴില്ലായിരുന്നു... 'ജയ് ശ്രീരാം' എന്നത് മുദ്രാവാക്യമായി മാറിയത് പോലെ 'സ്വാമി ശരണ'വും നാമജപവും ഒരു മുദ്രാവാക്യമായി മാറില്ലായിരുന്നു... വനിതകളുടെ ഉന്നമനത്തിന് വകയിരുത്തിയ പണം, ലാപ്സായിപ്പോകുമെന്ന പൊട്ടന്യായം പറഞ്ഞ്, വനിതകളുടെ നവോത്ഥാനത്തിനെന്ന പേരിൽ, അടിമത്തത്തിന്റെ / അടിച്ചമർത്തലിന്റെ മുദ്രയായ പർദ്ദകളണിഞ്ഞ വനിതകളെ തെരുവിൽ കൈകോർത്ത് പിടിപ്പിച്ച്, വേർതിരിവിന്റെ പര്യായമായ മതിൽ കെട്ടിക്കാൻ പിണറായി മുതിരില്ലായിരുന്നു... ബിജെപിയുടെ മസിൽ പിടുത്തത്തിന് ബദലായി, അന്ധകാരത്തിന്റെ മറവിൽ പെണ്ണുങ്ങളെ മുഖവും രൂപവും മാറ്റി, കള്ളന് കഞ്ഞി വെക്കുന്നതിനെന്നപോലെ, സന്നിധാനത്ത് എത്തിക്കേണ്ട സ്ഥിതി ഉണ്ടാകില്ലായിരുന്നു... തെരുവിൽ 'ദൈവത്തിന്റെ' പേര് പറഞ്ഞ് കലാപമുണ്ടാകില്ലായിരുന്നു... ഇതിലൊന്നും ഭാഗഭാക്കാകാതിരിക്കുന്നവന് അനാവശ്യനഷ്ടങ്ങൾ ഉണ്ടാകില്ലായിരുന്നു... ജീവനുകൾ പൊലിയില്ലായിരുന്നു... ഭക്തിയുടെ പേരിൽ ആത്മാഹുതികൾ ഉണ്ടാകില്ലായിരുന്നു... യൗവ്വനയുക്തകളായ പെണ്ണുങ്ങൾ കയറി അശുദ്ധമാക്കിയ തിരുസ്ഥലം, തന്ത്രിക്ക് നടയടച്ച് അരമണിക്കൂർ 'നീണ്ട' 'ശുദ്ധികലശം' നടത്തേണ്ടിവരില്ലായിരുന്നു... ഇനി മുസ്‌ലീം പള്ളികളിലും സ്ത്രീകൾ ഉടനെ കയറിയേക്കാം എന്ന ഭീതി യാഥാസ്ഥിതികന്മാർക്ക് ഉണ്ടാകുമായിരുന്നു... വെള്ളത്തിലിട്ടു കുതിർത്ത് വച്ച തിരുമുടി തിരുകിക്കയറ്റി പള്ളിയുണ്ടാക്കാൻ കാന്തപുരം ഒന്ന് കൂടി ആലോചിക്കുമായിരുന്നു... പള്ളിയിൽ ബാങ്ക് കൊടുക്കാൻ കിത്താബിന് കൂടുതൽ സ്വീകരണം ഉണ്ടാകുമായിരുന്നു... സിസ്റ്റർ ലൂസിയെപ്പോലെ, സിസ്റ്റർ അനുപമയെപ്പോലെ കൂടുതൽ കന്യാസ്ത്രീകൾ ആവേശത്തോടെ സഭയുടെ അടിച്ചമർത്തലുകൾക്കെതിരേ അരങ്ങത്ത് വരുമായിരുന്നു... ഫ്രാങ്കോമാർക്കെതിരേ പ്രത്യക്ഷത്തിൽ നടപടികൾ ഉണ്ടാകുമായിരുന്നു... ഇതരന്മാർ മാറിയില്ലെങ്കിലും ഇതരന്മാർക്ക് മാതൃകയാകാമായിരുന്നു... കുർബ്ബാന നടത്താനും കുമ്പസാരം നടത്താനും സ്ത്രീകൾ മുന്നോട്ട് വരുമായിരുന്നു... യൂണിഫോം സിവിൽ കോഡിലേക്ക് നമുക്ക് കൂടുതലെളുപ്പത്തിൽ എത്താമായിരുന്നു...
എല്ലാം തുലഞ്ഞില്ലേ... തുലച്ചില്ലേ... ആചാരങ്ങൾ അനാചാരങ്ങളായാലും അല്ലാതായാലും ആചാരം തന്നെയാണ്... മതം തന്നെയാണ്, ഇല്ലാത്ത ദൈവം തന്നെയാണ് വലുതെന്ന് ഓരോമനസ്സിലും വിത്തിടുകയല്ലേ ചെയ്യുന്നത്? മനുഷ്യന്റെ ക്ഷേമമോ... കർഷകന്റെ ആത്മഹത്യയോ... മറ്റ് ജീവജാലങ്ങളുടെ നിലനില്പോ... കൂരയില്ലാത്തവന്റെ പാർപ്പിടമോ... ആഗോള താപനമോ.. അടിസ്ഥാന വികസനമോ... സ്വച്ഛഭാരതമോ... ഭാവി തലമുറയെ വാർക്കലോ.. ഒന്നുമല്ല നമ്മുടെ പ്രധാന വിഷയം എന്ന് നമ്മൾ ഓരോ ശ്വാസത്തിലും വിളിച്ച് പറയുകയല്ലേ ചെയ്യുന്നത്....?... യുക്തിയും തത്വചിന്തയും വിവരാന്വേഷണവും പുരോഗമനവും വിളിച്ചു പറയുന്നവർ കൂടുതൽ ഒറ്റപ്പെടുകയല്ലേ ചെയ്യുന്നത്? ആര് ആരോടാണ് യുദ്ധം ചെയ്യുന്നത്? ആര് എന്താണ് നേടുന്നത്? പൊതു ജനത്തിന് ഇനിയും മനസ്സിലായില്ലേ ഈ രാഷ്ട്രീയവും മതവും ജാതിയും പറഞ്ഞ് നേതാവാകുന്നവർ എന്താണ് ചെയ്യുന്നതെന്ന്? പരസ്പരം താൻപോരിമയും വാശിയും കാണിച്ച് തന്ത്രജ്ഞതയോ ദീർഘവീക്ഷണമോ ഇല്ലാത്ത നേതാക്കളുടെ വെറും വാഗ്ധോരണികളാൽ വശംവദരാകുന്ന, ഇഷ്ടപ്പെടുന്ന നേതാവിന്റെ തോന്ന്യാസങ്ങളെ വിന്യാസങ്ങളാക്കുന്ന ഭക്തന്മാരേ, പ്രളയം വന്നിട്ടും കാര്യം പഠിക്കാത്ത നിങ്ങൾ എന്ന് സത്യങ്ങൾ തിരിച്ചറിയും?
അല്ല... ആത്മാഹുതി ചെയ്യാൻ തീരുമാനിച്ചവനെ, കാര്യം മനസ്സിലാക്കാതെ പിന്തിരിപ്പിച്ചിട്ടെന്ത് കാര്യം? അല്ലേ... ?? രാഷ്ട്രീയക്കാരും മതമേലദ്ധ്യക്ഷന്മാരും കലക്കിക്കലക്കി കാര്യങ്ങൾ കൂടുതൽ കലക്കട്ടെ... നമുക്ക്, അവർക്ക് രുചിക്കാൻ പാകത്തിൽ ഇടക്കിടക്ക്, ഊഴം വച്ച്, ആ കലക്കലിൽ തെന്നി വീണെന്ന ഭാവേന, അവർക്ക് രുചികരമായ വിഭവമായി മാറിടാം... അവരെങ്കിലും കൊഴുക്കട്ട... ചുരുങ്ങിയത്, നമുക്ക് വിവരമുണ്ടെന്നുള്ള വിചാരമെങ്കിലും ഉണ്ടല്ലോ.. അത് മതി ! ഇതൊക്കെ കാണുമ്പോഴാണ് 'മതവും രാഷ്ട്രീയവും കൊടികുത്തി വാഴുന്നിടത്ത് സമാധാനമില്ല, സമാധാനമുള്ളിടത്ത്, മതവും രാഷ്ട്രീയവും 'കൊടികുത്തി'ക്കാണില്ല' എന്ന സംഹിതയോട് കൂടുതൽ അടുത്തുപോകുന്നത് !!
കുറിപ്പ്: ആർഷഭാരതക്ഷേത്രസംസ്കാരത്തിൽ, ക്ഷേത്രം പ്രാർത്ഥനാസ്ഥലമല്ലെന്നനും ദേവന്റെ സ്വകാര്യസ്ഥലമാണെന്നും, വേണ്ടവർ മാത്രം അവിടെ പോയാൽ മതിയെന്നും, ആർത്തവം നൈഷ്ഠികബ്രഹ്മചര്യത്തിന് അടിസ്ഥാനമല്ലെന്നും ഉള്ള വാദങ്ങൾ മനസ്സിലാക്കിത്തന്നെ പറയട്ടെ, ദൈവം പൊറുക്കില്ല ഈ വാദങ്ങളോട്.
Published on Naaraayam FB on: 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ