'ഹൈകു' എന്നത്, ഒരു പ്രത്യേക ഘടനയിൽ എഴുതപ്പെടുന്ന, ജാപ്പനീസ് ഭാഷയിൽ ഉടലെടുത്ത ഒരു കവിതയെഴുത്ത് രീതിയാണ്. അവ, കേവലം രണ്ടോ മൂന്നോ വരികൾ കൊണ്ട് വിശാലമായ അർത്ഥതലങ്ങൾ കൈകാര്യം ചെയ്യുവാൻ വായനക്കാരെയും കേൾവിക്കാരെയും പ്രാപ്തമാക്കുന്നതും ചിന്തോദ്ദീപകവുമായിരിക്കും. ('Haiku' is a traditional form of Japanese poetry. Haiku poems consist of 3 lines. The first and last lines of a Haiku have 5 syllables and the middle line has 7 syllables. The lines rarely rhyme, but will have a sea depth of meanings). ഹൈകു (haiku) എന്തെന്ന് കൂടുതലറിയാൻ ഗൂഗിളിൽ തിരഞ്ഞാൽ മതി. ഈ കാലത്ത്, യഥാർത്ഥ രീതിയിലിലുള്ള ഹൈകു കവിതകൾ ഉണ്ടാവുന്നില്ലെങ്കിലും (ഹൈകു കവിത എന്നത്, കാലം പോകെപ്പോകെ, മേല്പറഞ്ഞ നിയമങ്ങളെല്ലാം മറികടന്ന്, ചുരുക്കക്കവിത എന്നായി മാറിയിട്ടുണ്ട്), അതിന്റെ ചുവട് പിന്തുടർന്നുകൊണ്ട്, സ്വന്തം പരിമിതിക്കുള്ളിൽ നിന്നുകൊണ്ട്, ചില ശ്രമങ്ങൾ നടത്തുകയാണ് ഇവിടെ. മലയാളത്തിൽ ഇതിനകം തന്നെ കുറെയേറെ ഹൈകു കവിതകൾ പിറന്നു കഴിഞ്ഞിട്ടുണ്ട് !
കാർക്കോടകൻ
---------------------------
കർക്കിടകത്തിൽ കാർക്കോടകനും
കൂർക്കിലതൻ കുറുക്കു വേണം !
കനം
---------
കൂനിൻ കനത്തിൽ
തലക്കനം കനക്കുകിൽ !
പ്രവൃത്തി
------------------
വികൃത പ്രവൃത്തിയിൽ പ്രകൃതിതൻ വികൃതികൾ
തകൃതിയിൽ പ്രാകൃതമാകൃതി കോർക്കണം !
സുകൃതം
------------------
സ്വയംകൃത സുകൃതം
ജാഗ്രതയെന്നോർക്കുക !
കുഷ്ഠം
------------
കായകുഷ്ഠം പിന്നെയും മാറ്റിടാം
മനോഃകുഷ്ഠം ചിതയിലേ മാറിടൂ !
ഭക്തി
-----------
ആകർഷണം ഭോഗം കഷണം കാഷായം
ഭാഷണം മധുരം ഘോഷണം സ്വർഗ്ഗം
മോഷണം ദ്രവ്യം ശോഷണം മൂല്യം
വീക്ഷണം വിനാ പോഷണം ഭക്തി !
ചുരുക്കത്തിലുള്ള സാരാംശങ്ങൾ:
കാർക്കോടകൻ: പണ്ടൊക്കെ കർക്കിടകമാസം എന്നത്, കേരളത്തിൽ, സൂര്യനുദിക്കാതെയെന്നോണം കാർമേഘാവൃതമായി, നിർത്താതെ പെയ്യുന്ന മഴയും, വെള്ളപ്പൊക്കവും, തന്മൂലം പകർച്ചവ്യാധികളും മരണങ്ങളും ഒക്കെ സാധാരണമായിരുന്നു. കർക്കിടകം ഒരുതരം ഭയപ്പാടുള്ള സമയമായിരുന്നു. എത്ര കേമന്മാരായാലും ഉന്നതനിലയിലുള്ളവരായാലും, കർക്കിടകം ഒന്ന് കഴിഞ്ഞുകിട്ടാൻ പ്രാർത്ഥിക്കുമായിരുന്നു. കാർക്കോടകൻ എന്നത് പുരാണങ്ങളിൽ പരാമർശിക്കപ്പെട്ടിട്ടുള്ള അഷ്ടനാഗങ്ങളിലൊന്നായ വലിയ കേമനായ അഹങ്കാരിയായ ഉഗ്രവിഷമുള്ള ഒരു പാമ്പാണ്. എല്ലാത്തിനെയും കീഴ്‌പ്പെടുത്താൻ ശക്തിയുള്ളവൻ. കൂർക്കിലയില (ഒരു ചെടി) വേവിച്ചുള്ള വെള്ളവും കൂർക്കില പിഴിഞ്ഞുള്ള നീരും തണുപ്പ് സംബന്ധമായതും ജലസംബന്ധമായതുമായ രോഗങ്ങൾ മാറ്റാൻ കഴിവുള്ള ആയുർവ്വേദമരുന്നാണ്.
മേൽപ്പറഞ്ഞ വരികൾകൊണ്ട് ഉദ്ദേശിച്ചത്, ഒരുവൻ എല്ലാം കൊണ്ടും എത്ര കേമനായാലും ജീവിതത്തിൽ ചില സാഹചര്യത്തിൽ പെട്ടുപോകുമ്പോൾ അറിയാതെയെങ്കിലും പരസഹായം ആവശ്യമായിവരും എന്നുള്ളതാണ്. പരസ്പരം അറിഞ്ഞും സഹായിച്ചും ജീവിക്കുക.
കനം: കൂന് എന്നുള്ളത്, ഒരുവന്, എന്ത് സൗഖ്യാവസ്ഥകൾ ഉണ്ടായിരുന്നാലും ഒരു ന്യൂനത തന്നെയാണ്. പക്ഷേ അതിന്റെ ന്യൂനത കൂനുള്ളവൻ മാത്രമേ അനുഭവിക്കേണ്ടതുള്ളൂ. പക്ഷേ തലക്കനം അഥവാ അഹങ്കാരം അതുപോലെയാണോ? പ്രത്യക്ഷത്തിൽ ഒന്നും തോന്നില്ലെങ്കിലും, തലക്കനവുംഒരു തരത്തിൽ കൂന് പോലെ തന്നെ, അദൃശ്യമാണെന്ന് മാത്രം. പക്ഷേ തലക്കനം ഉള്ളവന് അത് തോന്നില്ലെങ്കിലും, മറ്റുള്ളവർക്ക് തലക്കനമുള്ളവനെക്കാണുമ്പോൾ ഒരുതരം വിമ്മിട്ടം അനുഭവപ്പെടും. ഉള്ളിലുള്ള ഒരുതരം തിളച്ചുമറിയൽ... ആ സാമീപ്യം തന്നെ ഒഴിവാക്കുവാനുള്ള ത്വര... അപ്പോൾ, കൂനുള്ളവന് തലക്കനം കൂടി ഉണ്ടായായാലോ?
പ്രവൃത്തി: പ്രകൃതിയിൽ പലതും നമ്മളറിയാതെ നടക്കുന്നതാണ്. പ്രകൃതിയുടെ താളം നമ്മളൊന്നും നിശ്ചയിക്കുന്നതല്ല. എന്നാൽ, നമ്മൾ ആ താളത്തിന്റെ ഭാഗമാണ് താനും. അത്യാഗ്രഹികളും വിവേകശൂന്യരുമായ ഒരു കൂട്ടം മനുഷ്യർ, പ്രകൃതിയുടെ താളം നിയന്ത്രിക്കാനെന്നോണം ഇന്നിവിടെ പലതും കാട്ടിക്കൂട്ടുന്നുണ്ട്. മഴ, കാറ്റ് മുതലായ പ്രകൃതിയുടെ നല്ല ഭാവങ്ങൾ ചിലപ്പോൾ പേമാരിയായും, കൊടുങ്കാറ്റായുമൊക്കെ വികൃതരൂപം പ്രാപിക്കാറുണ്ട്. പക്ഷേ ഇന്നത്തെ പല പ്രകൃതി ദുരന്തങ്ങളും മനുഷ്യ നിർമ്മിതികളാണെന്നതിന് പല തെളിവുകളും ഉണ്ട്. ചിലപ്പോൾ ചെയ്യുന്നവൻ ഒരാളും, അനുഭവിക്കുന്നവൻ മറ്റൊരാളുമാകാം.
സത്യത്തിൽ എന്റെ ആഗ്രഹമാണ്, ഏത് മേഖലയിലായാലും, തോന്ന്യാസം കാണിക്കുന്നവന് ഉരുളക്കുപ്പേരിപോലെ അതേ നാണയത്തിൽ പ്രകൃതി തന്നെ തിരിച്ചടിച്ചെങ്കിൽ...
സുകൃതം: ഏത് കാര്യത്തിലായാലും ജാഗ്രത ഉണ്ടായിരിക്കുന്നത് നല്ല കാര്യമാണ്. ചെയ്യുന്നത് എന്താണെന്നും അതിന്റെ പരിണിതഫലങ്ങൾ എന്താണെന്നുമൊക്കെയുള്ളതിനെക്കുറിച്ച് വിചാരമുണ്ടാകുന്നത്, ആ കാര്യം ചെയ്യുന്നവനും, അതിന്റെ ഫലം അനുഭവിക്കുന്നവനും, ആ കാര്യത്തിനെക്കുറിച്ച് കേൾക്കുന്നവനും ചില ചിന്തകൾക്കും, ചില പുനർവിചാരങ്ങൾക്കും പാത്രമാകും. ഇത് മൂലം ചിലപ്പോൾ ഭാവിയിലെ ദുഖങ്ങളോ പശ്ചാത്താപങ്ങളോ വേദനകളോ ഒഴിവാക്കാൻ പറ്റിയെന്നിരിക്കും. അപ്പോൾ ഒരു കാര്യം ചെയ്യുമ്പോൾ ശ്രദ്ധിച്ച് ചെയ്യുക... മറ്റുള്ളവരെക്കൂടി കണക്കിലെടുക്കുക. അങ്ങനെയാവുമ്പോൾ ആ കൃതം സുകൃതമാവും !
കുഷ്ഠം: കുഷ്ഠം എന്നത് ഒരു രോഗമാണ്. പണ്ട് കാലത്ത് മാറാവ്യാധി ആയിരുന്നെങ്കിലും ഇന്ന് കുഷ്ഠത്തിന് മരുന്നുകൾ ഉണ്ട്. കമ്പോളമാസ്മരികത പടർന്നു പിടിച്ച ഇക്കാലത്ത്, ചെയ്യുന്നതെന്തും കച്ചവടമനസ്സിലധിഷ്ഠിതമായതിനാൽ മാനവികമായ വികാരവിചാരങ്ങൾ ഇന്നത്തെ തലമുറക്ക് നഷ്ടമാകുന്നു. മനസ്സുകളിൽ അധീശത്വത്തിന്റെയും തീവ്രവിചാരങ്ങളുടെയും കനലുകൾ ചെറുവിത്തുകളായി ചെറുപ്പത്തിലേ പാകപ്പെടുന്നു. അത്തരം സന്നിവേശിക്കപ്പെട്ട ചിന്താധാരകളിൽ നിന്ന് ഒരുവന് മുക്തനാവുക ഇന്ന് വളരെ പ്രയാസമുള്ളതാണ്. ആ മുക്തി സംഭവിക്കുന്നത് അവന്റെ ചിതയിൽ വച്ച് മാത്രം !
ഭക്തി: ഈ പറയുന്നത് യഥാർത്ഥ സാത്വിക ഭക്തിയേയോ ഭക്തരെയോ കുറിച്ചല്ല. മറിച്ച് ഭക്തി എന്നത് ഒരു വ്യവസായമായി വളർന്നതിനെക്കുറിച്ചും ആ വ്യവസായത്തിന് അറിയാതെ പാത്രമാകുന്നതിനെയും കുറിച്ചാണ്. ഇന്നത്തെക്കാലത്ത് ഭക്തി എന്നുള്ളത് മറ്റുള്ളവനെ സ്വന്തം സ്വത്വം കാണിക്കാനുള്ള ഒരു ഉപാധിയായിരിക്കുന്നു. അങ്ങനെ കാണിക്കണമെന്ന് ആരൊക്കെയോ വാശി പിടിക്കുന്നു. ചില കുബുദ്ധികൾ, നിഷ്കളങ്കന്മാരെ, അവരറിയാതെ തന്നെ പടയാളികളാക്കി, അവിടവിടായി ചില സാമ്രാജ്യങ്ങൾ സൃഷ്ടിക്കുന്നു. ഒന്നും നടക്കില്ലെന്നറിഞ്ഞിട്ടും പൂജകളും വെഞ്ചെരിപ്പുകളും ഉറൂസുകളും നടത്തുന്നു. ഭക്തിയുടെ പേരിൽ രമ്യഹർമ്യങ്ങളും, കാട് വെട്ടിത്തെളിക്കലും, പണം പിരിക്കലും നടക്കുന്നു. നടത്തുന്നവർ കൊഴുക്കുന്നു... നടക്കാൻ നിന്ന് കൊടുക്കുന്നവരിൽ ചിലർ കിതക്കുന്നു, മറ്റുള്ളവർ കൊഴിയുന്നു... സൗകര്യങ്ങൾ ഭോഗിക്കാനുള്ള ത്വരക്കിടയിൽ മൂല്യങ്ങൾ മറന്ന് മോഷണം പെരുകുന്നു... ഇല്ലാത്ത സ്വർഗ്ഗത്തിന് വേണ്ടി മധുരഭാഷണങ്ങൾ കനക്കുന്നു... വസ്ത്രങ്ങളും നിറങ്ങളും അടയായാളങ്ങളാക്കി വേർതിരിവുകൾ സൃഷ്ടിക്കുന്നു.... ചിന്തക്കും യുക്തിക്കും സ്ഥാനമില്ലാതെ, ഭക്തി എല്ലാവരും പോഷിപ്പിക്കുന്നു... തമ്മിൽ തല്ല് മാത്രം ബാക്കിയാവുന്നു.. യഥാർത്ഥ ഭക്തൻ എല്ലാം നോക്കി തരിച്ചിരിക്കുന്നു !
കുറിപ്പ്: മേൽപറഞ്ഞതിന് പുറമേയുള്ള ആഖ്യാനങ്ങളും വ്യാഖ്യാനങ്ങളും ചിന്തനങ്ങളും ആസ്വാദകർക്ക് വിട്ടുതരുന്നു.
***
Facebook Comments:
മറുപടിഇല്ലാതാക്കൂLalu Mon Informative...
Vinay Chandran കൊള്ളാം
Jobin Kuruvilla വികൃതിയാൽ പ്രകൃതിയെ കൊല്ലുന്നവൻ
പ്രകൃതി തൻ വികൃതി തന്നെയോ? 🤔
Venugopalan M Kokkodan Jobin, അത്തരം പ്രഭൃതികളുടെ കുസൃതികൾ, പ്രകൃതിയുടെ ധൃതിയിലുള്ള മൃതിയിലേക്ക് നയിക്കുമെന്ന് കീർത്തിയുള്ളവർ മൊഴിയുന്നു 😄
Jobin Kuruvilla ഞാൻ തോറ്റു. എന്റെ പൊന്നോ 🙏🚶♂️
Jaiju Raj Nice..
Whatsapp Comment:
മറുപടിഇല്ലാതാക്കൂUmadevi: 👌👌👍😊 ഈ അറിവ് നമുക്കും പകർന്നു തന്നതിന് നന്ദി വേണു 🙏