2020 ഫെബ്രുവരി 13, വ്യാഴാഴ്‌ച

ബാങ്ക് വിളിയും സുപ്രഭാതവും

(Picture Courtesy: Google)

പെണ്ണുങ്ങൾക്ക് ബാങ്ക് വിളിക്കാമോ, വിളിച്ചാലെന്താ എന്നതിനെക്കുറിച്ചൊക്കെ ചിന്തിച്ച് ബഹളമുണ്ടാക്കി ചുരുട്ടിക്കൂട്ടിയെറിഞ്ഞ കിത്താബ്, ഒരു മൂലക്കിരിക്കാൻ തുടങ്ങിയിട്ട് കാലം കുറച്ചായി. സംസ്ഥാനകലോത്സവത്തിൽ പങ്കെടുക്കാൻ പറ്റാഞ്ഞതിന് ഒരു കൂട്ടം കുഞ്ഞ് കലാകാരന്മാർ വിശ്വാസകാഠിന്യക്കാരെ ശപിച്ചിരിക്കണം! ചുരുട്ടിക്കൂട്ടി മൂലക്കിട്ട കിത്താബ്, മൂത്രമൊഴിക്കാനോ മറ്റോ ഇരുട്ടത്ത് പോകുമ്പോൾ കാലിൽ തടഞ്ഞെന്നോണം, അറിയാതെ തുറന്ന്  ഇരുട്ടത്ത് നോക്കിയിട്ടാണോ എന്നറിയില്ല, എന്തൊക്കെയോ കുറച്ച് കാര്യങ്ങൾ മനസ്സിലായത് പോലെ, ബാങ്ക് വിളിയിൽ ചില ചെറീയ... വളരെ ചെറീയ പരിഷ്‌കാരങ്ങൾ വരുത്താൻ ഒരു ചെറീയ കൂട്ടം  വിശ്വാസികൾ  തീരുമാനിച്ചിരിക്കുന്നു. ഒരു വലീയ കാര്യത്തിലേക്കുള്ള ഒരു ചെറീയ കാൽവെപ്പ്!

മലപ്പുറം ജില്ലയിലെ വാഴക്കാട് എന്ന ഗ്രാമത്തിലെ പത്ത്-പതിനാറോളം പള്ളികളിൽ നിന്നുള്ള ബാങ്ക് വിളികൾ ഏകോപിപ്പിക്കാൻ മഹല്ല് കമ്മിറ്റികൾ കൂടിയിരുന്ന് തീരുമാനിച്ചിരിക്കുന്നു. സലാത്ത്-അൽ-ഫജ്റ് മുതൽ സലാത്ത്-അൽ-ഇശാ വരെയുള്ള അഞ്ച് നമസ്കാര-ബാങ്ക് വിളികളും, ഇനി രണ്ടോ മൂന്നോ പള്ളികളിൽ നിന്ന് ഊഴം വച്ച് കൊടുക്കാൻ തീരുമാനിച്ചിരിക്കുന്നു. അതിനുവേണ്ടി പ്രത്യേക സമിതിയും ഒരു കലണ്ടറും ഉണ്ടാക്കിയിരിക്കുന്നു. തീരുമാനിക്കപ്പെട്ട ഒരു പള്ളിയിൽ നിന്ന് ബാങ്ക് വിളിയുയരുമ്പോൾ, മറ്റ് പള്ളികളിൽ, അതാത് പള്ളികളിൽ കേൾക്കാൻ മാത്രം പരിമിതപ്പെടുത്തിയായിരിക്കും ബാങ്ക് വിളിക്കുന്നത്. എന്ന് വച്ചാൽ ഒരേ സമയം പതിനാറ് ബാങ്ക് വിളികൾ കേൾക്കുന്നതിന് പകരം ഒരൊറ്റ ബാങ്ക് വിളിയേ ആ ഒരു പ്രദേശത്ത് നിന്നുണ്ടാവുകയുള്ളൂ, അഥവാ ആ ഒരു പ്രദേശത്തെ പള്ളിക്ക് പുറത്തുള്ളവർ, ഒരൊറ്റ ബാങ്ക് വിളിയേ കേൾക്കുള്ളൂ !

ഈ മാറ്റം ഒരു മോശം ഏർപ്പാടാണോ? ഒരിക്കലുമല്ല. കിത്താബ് തുറന്ന് നോക്കിയിട്ടാണോ അതോ സ്വയം തോന്നിയിട്ടാണോ അതൊന്നുമല്ല നമുക്കറിയാത്ത മറ്റു വല്ല കാരണങ്ങളുമാണോ എന്നൊന്നുമറിയില്ല.. എന്തായിരുന്നാലും ഞാൻ മുൻപ് പറഞ്ഞത് പോലെ, പുരോഗമനത്തിലേക്കുള്ള പുരോഗമനപരമായ മാറ്റം!

ഇനി ബാങ്ക് വിളി കേൾക്കാഞ്ഞ് ആരെങ്കിലും രാവിലെ ഉണരാതിരിക്കുമോ, പ്രാർത്ഥിക്കാതിരിക്കുമോ? നാടിന്റെ മതേതരസാംസ്കാരിക പാരമ്പര്യത്തിനെതിരാണെന്ന് പറയുമോ? രാവിലെ ബാങ്ക് വിളി കേൾക്കുമ്പോഴുണ്ടാകുന്ന പ്രത്യേക സുഖവും ഫീലിങ്ങും നഷ്ടപ്പെട്ടെന്ന് പറയുമോ?

ആരൊക്കെയോ പറയുന്നത് കേട്ടിട്ടുണ്ട്, രാവിലെ അമ്പലങ്ങളിൽ നിന്നും പള്ളികളിൽ നിന്നും ഉച്ചഭാഷിണികളിലൂടെയുള്ള സുപ്രഭാതവും ബാങ്ക് വിളികളും ഒരു വല്ലാത്ത ഫീലിങ്ങാണെന്ന്! സത്യത്തിൽ അത് ശീലിച്ച് പോയതുകൊണ്ടുള്ള ഒരുതരം addicted feeling ആണ്. കേൾക്കാതിരുന്നാൽ  അതും ക്രമേണ ശീലമായിക്കൊള്ളും. സത്യത്തിൽ, അമ്പലങ്ങളിലെ ഉച്ചത്തിലുള്ള സുപ്രഭാതവും, പള്ളികളിലെ പുലർച്ചെ തൊട്ടുള്ള ബാങ്ക് വിളികളും കൊണ്ട് ചിലരുടെയെങ്കിലും ഉറക്കം പോകുന്നുണ്ടെന്നുള്ളത് നേരാണ്. ബാങ്ക് വിളികളും  അമ്പലങ്ങളിലും പള്ളികളിലുമൊക്കെ ഉച്ചഭാഷിണികൾ വെക്കുന്ന ആചാരം തുടങ്ങിയിട്ട് അര നൂറ്റാണ്ടുകളിലധികമൊന്നുമായിട്ടില്ല. അതിനു മുൻപും ആളുകൾക്ക് വിശ്വാസവും, അവർക്ക് വെളുപ്പിനുണരുന്ന ശീലങ്ങളുമൊക്കെയുണ്ടായിരുന്നു. ഉച്ചഭാഷിണികൾ വെച്ച് അമ്പലങ്ങളിൽ പാട്ടുകൾ വെക്കുന്നതും പള്ളികളിൽ ബാങ്ക് കൊടുക്കുന്നതും, വന്നു വന്ന് ഒരു ശീലമായി, ഒരാചാരമായി, തകർക്കാൻ പറ്റാത്ത വിശ്വാസസംഹിതയുടെ ഭാഗമായി, അത്രമാത്രം !!

കുറച്ച് ദിവസങ്ങൾക്ക് മുൻപാണ്, സ്ത്രീകളെ പള്ളികളിൽ കയറ്റുന്നതിന് എതിരല്ലെന്ന് മുസ്‌ലിം വ്യക്തി നിയമ ബോർഡ് സുപ്രീം കോടതിയിൽ സത്യവാങ്മൂലം കൊടുത്തത്. ഈ ബാങ്ക് വിളി ക്രമീകരണവും പടിപടിയായുള്ള യുക്തിബോധത്തിലേക്കുള്ള കടന്നുവരവായിക്കാണാൻ ഇത്തിരി ബോധമുള്ളവർക്കെങ്കിലും പ്രയാസമുണ്ടാകുമെന്ന് തോന്നുന്നില്ല. ഇനിയും ചെറീയ ചെറീയ കുറച്ച് കാര്യങ്ങൾ കൂടി മാറേണ്ടതുണ്ട്... കാലം പലതും മാറ്റുമെങ്കിലും, ഇത്തിരി നേരത്തേയായെങ്കിൽ, കണ്ണടക്കുന്നതിന്ന് മുന്നേയെങ്കിലും കാണാമല്ലോ !

വർഷങ്ങളുടെ ഇടവേളകളിൽ നടക്കുന്ന ഉത്സവങ്ങൾ, ഒരു നാടിന്റേത് മൊത്തമാകുമ്പോൾ, അതാഘോഷിക്കപ്പെടുകതന്നെ ചെയ്യണം. പക്ഷേ,  വെള്ളിയാഴ്ച്ചകളിലെ വഴിമുടക്കിക്കൊണ്ടുള്ള നിസ്കാരങ്ങളും,  അമ്പലക്കാരും പള്ളിക്കാരും ഉത്സവങ്ങളുടെയും തിരുന്നാളുകളുടെയും പേരുകളിൽ പട്ടണങ്ങളിലൂടെ നടത്തുന്ന പ്രദക്ഷിണങ്ങളും, നല്ല വഴികളുടെ ഓരങ്ങൾ കുത്തിപ്പൊളിച്ച് കെട്ടിത്തൂക്കുന്ന കൊടിതോരണങ്ങളും ഒഴിവാക്കാൻ വിശ്വാസികളും അവരുടെ വഴികാട്ടികളും തീരുമാനിച്ചാൽ നന്നായിരുന്നു. പൊങ്കാലകൾ നാട്ടുകാരുടെ വഴികളിൽ ഇടുന്നതിന് പകരം സ്വന്തം വീട്ടിൽ ഇട്ടാൽ വഴികളിലെ തിരക്കൊഴിവാക്കാമെന്നത് മാത്രമല്ല, ഒരിടത്തുനിന്നുള്ള കൂട്ട അന്തരീക്ഷമലിനീകരണത്തിന് പകരം, മലിനീകരണം പലസ്ഥലങ്ങളിൽ നിന്നാകുന്നത് കൊണ്ട്, അതിന്റെ തോത് കുറയുകയും ചെയ്യും! സുപ്രഭാതങ്ങളും ബാങ്ക് വിളികളും അതാത് ആരാധനാലയങ്ങളിൽ മാത്രം ശ്രവിക്കാനായി ക്രമീകരിച്ചാൽ കുറച്ചാളുകൾക്കെങ്കിലും അര മണിക്കൂർ കൂടുതലുറങ്ങാൻ പറ്റിയേക്കും. അങ്ങനെ എത്രയെത്രയോ കുഞ്ഞ് കുഞ്ഞ് കാര്യങ്ങൾ കടുത്ത ബലം പിടുത്തങ്ങൾ വിട്ട് എല്ലാ തരത്തിലുമുള്ള വിശ്വാസികളും നടപ്പാക്കിയെങ്കിൽ, ആരെയും പ്രാകാതെ രാത്രി കിടന്നുറങ്ങാമായിരുന്നു.

എന്റെയൊരു സമാധാനത്തിനായിട്ട്, ഇങ്ങനൊക്കെ പറഞ്ഞു എന്ന് കരുതി, ഇനി ഞാൻ പറഞ്ഞതിനോടെതിർപ്പുള്ളവർ, എന്റെ ചെവിയിൽ കൂട്ടബാങ്ക് വിളിച്ച് കൂട്ടപ്പൊങ്കാലയിട്ടുകളയരുത് ! ആദ്യമേ പറഞ്ഞേക്കാം, അത് താങ്ങാൻ എന്റെ ചെവികൾക്ക് ശക്തിയില്ല !!

***

2020 ഫെബ്രുവരി 5, ബുധനാഴ്‌ച

ചാണകത്തിന്റെ അർത്ഥാന്തരന്യാസങ്ങൾ!

(Picture Source: Google)

നമുക്ക്, പണ്ടത്തെ ചില ചാണകക്കഥകളിലൂടെ ഇന്നത്തെ ചാണകത്തിലേക്ക് ഒരു യാത്ര ചെയ്യാം !

പൂർവ്വം ഛഗണാ ഊർവ്വരഹഃ സംപ്രതി ഛഗണാ അമൃതസ്യ ! (മുഴുവൻ വായിച്ചതിന് ശേഷം വ്യക്തമായി മനസ്സിലാക്കാൻ, ഇതിന്റെ അർത്ഥം ഏറ്റവും താഴെ കൊടുത്തിരിക്കുന്നു)

ചാണകം എനിക്ക് വളരെ സുപരിചിതമായിരുന്നു. എന്റെ ഇരുപത്തിരണ്ടാം വയസ്സിൽ അച്ഛനെപ്പേടിച്ച് നാട് വിടുന്നത് വരെ !

വീട്ടിൽ പശുക്കളുണ്ടായിരുന്നു. തനി നാടൻ രീതിയിലുള്ള പശുത്തൊഴുത്തും. അതിലെ അന്തേവാസികളായിരുന്നു ചോക്കച്ചിയും വെള്ളച്ചിയും. ചോക്കച്ചിപ്പശു തൊഴുത്തിന്റെ കിഴക്കോട്ട് തിരിഞ്ഞ് നിന്ന് വെള്ളച്ചിപ്പശു കിടക്കുന്നിടത്തേക്ക് ചാണകമിടും. കരുതിക്കൂട്ടിയാണോ ചെയ്യുന്നതെന്നറിയില്ല, കാരണം തൊഴുത്തിന്റെ കിഴക്കുഭാഗത്തൂടെയുള്ള ഇടവഴിയിലൂടെ കടന്നു പോകുന്നവരെ നോക്കി നിൽക്കുന്നത് ചോക്കച്ചിക്കൊരു ഹരമായിരുന്നെന്നാണ് എന്റെയൊരു തോന്നൽ. എന്തായാലും പ്രതികാരമെന്നോണം രണ്ട് വയസ്സിന് മൂത്ത വെള്ളച്ചിപ്പശു തിരിഞ്ഞുനിന്ന് പടിഞ്ഞാറോട്ട് നോക്കിയായിരുന്നു കാര്യങ്ങൾ ഒപ്പിച്ചിരുന്നത്. പക്ഷേ, എന്റെ അഭിപ്രായത്തിൽ, വെള്ളച്ചിക്ക് നമ്മുടെ വീട് നോക്കിനിൽക്കാനായിരുന്നു ഇഷ്ടമെന്നാണ്. എന്തിനേറെപ്പറയുന്നു, ഈ പരസ്പരം തിരിഞ്ഞു നിന്നുകൊണ്ടുള്ള ചാണക-ഗോമൂത്രപ്രയോഗങ്ങൾ കൊണ്ട് രണ്ട് പേരും രാവിലെയാവുമ്പോഴേക്കും ചാണകത്തിൽ കുളി കഴിഞ്ഞ പരുവത്തിലായിരിക്കും.

പള്ളിക്കൂടദിവസങ്ങളിൽ പണി ഇത്തിരി കുറവായിരിക്കുമെങ്കിലും, എന്റെയും അനിയന്റെയും ജോലിയായിരുന്നു, തൊഴുത്ത് വൃത്തിയാക്കുക, പശുക്കളെ പുറത്ത് മാറ്റിക്കെട്ടി, കിണറ്റിൽ നിന്ന് വെള്ളം കോരിക്കൊണ്ടുവന്ന് അവറ്റകളെ വൃത്തിയാക്കുക എന്നിവ. കൈയ്യുറ അഥവാ gloves എന്ന സംഭവം ഞങ്ങൾക്ക് തീർത്തും അന്യമായിരുന്നു; അതിനെപ്പറ്റി ചിന്തിച്ചിട്ടേയില്ലെന്ന് തന്നെ പറയാം. അതുകൊണ്ട് തന്നെ  നഗ്നഹസ്തങ്ങൾ കൊണ്ട് തന്നെയാണ് ചാണകം വാരുന്നതും വൃത്തിയാക്കുന്നതും മറ്റും! കൈകാൽവിരലുകൾക്കിടയിലും നഖങ്ങൾക്കിടയിലുമൊക്കെ നല്ല ഡിസൈനുകളിൽ ചാണകം കാണും. നഖങ്ങൾക്കിടയിലെ ചാണകം ഈർക്കിൽ കൊണ്ട് എടുത്ത് ഉറുമ്പുകൾക്ക് ഭക്ഷണമായി വിട്ടുകൊടുക്കും.  ചാണകം രുചിക്കാനെത്തി ബോധം കെട്ടുവീണ ഈച്ചകളുടെ ജഡങ്ങൾ, ചാണകത്തിൽ ധാരാളം കണ്ടെന്ന് വരും. ആ ജഡങ്ങൾ കൊണ്ടുപോകാനായി കട്ടുറുമ്പുകളും കൂനനുറുമ്പുകളും ചോണനുറുമ്പുകളും അവിടെ വരിവരിയായി നിൽപ്പുണ്ടാകും. ഞങ്ങൾ അമ്മയോടുള്ള  ദേഷ്യത്തിൽ, ഈ ജഡങ്ങളേയും ഉറുമ്പുകളെയുമൊക്കെ ഒരു ദാക്ഷിണ്യവും കാണിക്കാതെ, ഒരുമിച്ച് വാരി കുഴിയിൽ തട്ടും. അങ്ങനെ എത്രയോ കൂട്ടക്കുരുതികൾ ആ തൊഴുത്തിൽ നടന്നിട്ടുണ്ട്. ചാണകം വാരിയെടുക്കുന്നതിനിടയിൽ കടിക്കാൻ വരുന്ന കൊതുകുകളെ ചാണകക്കൈ കൊണ്ട് തന്നെ സ്വന്തം മുഖത്തും പുറത്തും കാലിലും അടിച്ച് വകവരുത്തും. പണ്ട് എന്റെ ചെറിയമ്മയെ ഈ വെള്ളച്ചിയുടെയും ചോക്കച്ചിയുടെയും അമ്മയായ കറുമ്പി, ചാണകക്കുഴിയിലേക്ക് കുത്തിമറിച്ചിട്ടത് ഓർമ്മ വരുമെങ്കിലും, മക്കൾ രണ്ടു പേരും വളരെച്ചെറുപ്പത്തിലേ നമ്മുടെ അടുത്ത ചങ്ങാതിമാരായതിനാൽ നമുക്കാ പേടിയുണ്ടായിരുന്നില്ല. ഇങ്ങനെ തൊഴുത്തൊക്കെ വൃത്തിയാക്കിക്കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ എന്റെ രൂപം കണ്ട്  ചോക്കച്ചിയും വെള്ളച്ചിയും തലയാട്ടിക്കൊണ്ട്  ചോദിക്കും: "ഞങ്ങളാണോ ചാണകത്തിൽ കിടന്നത് അതോ നീയോ?"

സാധാരണഗതിയിൽ തൊഴുത്തിലെ ചാണകം, തൊഴുത്തിന്റെ തെക്കുഭാഗത്തുള്ള ചാണകക്കുഴിയിലാണ് സംഭരിക്കാറുള്ളത്. ഇടക്ക് അമ്മ വിളിച്ച് പറയും:
"എടാ, നാളെയോ മറ്റന്നാളോ വീടിന്റെ അകവും പുറവും മെഴുകണം..."
അങ്ങനെയുള്ള ഉത്തരവ് വന്നാൽ, അടുപ്പിച്ചുള്ള ഒന്ന് രണ്ട് ദിവസങ്ങളിലെ ചാണകം പ്രത്യേകം ഒരു മൂലയിൽ മാറ്റി വാഴയില കൊണ്ട് മറച്ച് വെക്കും. മെഴുകേണ്ട സമയമായാൽ, അമ്മ കൂട്ടിവച്ച ചാണകമെല്ലാം കോരിയെടുത്ത് വലിയ ബക്കറ്റിലോ പാത്രത്തിലോ വെള്ളമൊഴിച്ച് കലക്കും. അതിൽ ചികരി കത്തിച്ച് പൊടിച്ചിടും. പിന്നെ ആ വെള്ളത്തിൽ താളിയില മുക്കിവെക്കും. കുറെ നേരം മുക്കി വച്ചതിന് ശേഷം ആ താളിയിലകൾ നന്നായി പിഴിഞ്ഞ്, അതിന്റെ പിണ്ടിയൊക്കെ പുറത്ത് കളയും. അപ്പഴേക്കും ആ ചാണക-കരിവെള്ളക്കൂട്ടിന് ഒരുതരം കൊഴുപ്പും കുളിർമ്മയും പശിമയുമൊക്കെ വന്നുകാണും. ആ ചാണകമിശ്രിതമാണ് നമ്മുടെ പഴയ വീട്ടിലെ ഓരോ മുറിക്കകത്തും കമുകിന്റെ പാള, ദീർഘചതുരാകൃതിയിൽ മുറിച്ചുണ്ടാക്കിയ (ഞങ്ങൾ 'പാളോക്ക്' എന്ന് പറയും) ചീളുകൊണ്ട് മെഴുകുന്നത്. മുറ്റത്താണ് ചാണകം മെഴുകുന്നതെങ്കിൽ കൂടുതലും നല്ല നിലാവുള്ള രാത്രിയിലായിരിക്കും. ഒരു പ്രത്യേക രസമാണ് ആ സമയത്തുള്ള ചാണകം മെഴുകലിന്. മുറ്റത്തേക്കുള്ള ചാണകക്കൂട്ടിന് കരി ഉപയോഗിക്കുന്നത് കണ്ടിട്ടില്ല. അതുകൊണ്ട് തന്നെ മുറ്റത്ത് മെഴുകിയ ചാണകം ഉണങ്ങിക്കഴിഞ്ഞാൽ ഒരുതരം പച്ചനിറമായിരിക്കും, മറിച്ച്, അകം മെഴുകിയതിന് കറുപ്പ് നിറവും. മുറ്റത്ത് ചാണകം മെഴുകിയതിന് ശേഷം, ആ രാത്രി ചാണകവും മണത്തുകൊണ്ട്, കൈതോലപ്പായയിൽ, മുകളിലത്തെ കീറിയ ഓല മേഞ്ഞ മേൽക്കൂരക്കുള്ളിലൂടെ ആകാശവും നോക്കി, വീടിന്റെ ഉമ്മറത്ത് കിടന്നുറങ്ങുന്നതിന് വല്ലാത്തൊരു സുഖമായിരുന്നു. ചില സമയങ്ങളിൽ, വളരെച്ചെറുപ്പത്തിലുള്ള പശുക്കിടാവും ഉമ്മറത്തുണ്ടാകും. ചെറിയ കിടാങ്ങളെ, കുറുക്കന്മാരുടെ ഭീഷണി മൂലം, തൊഴുത്തിൽ കെട്ടാറില്ല. പശുക്കിടാവിന്റെ പശുവിൻപാൽ മണക്കുന്ന മുഖവും മണപ്പിച്ച് അതിന്റെ ഒരു ഭാഗത്തായിട്ടായിരിക്കും ഞങ്ങളുടെ കിടപ്പ് !

ചന്ദ്രഗ്രഹണദിവസങ്ങളിൽ, വീണ്ടും ചാണകം കലക്കുന്ന പരിപാടിയുണ്ട്. ഒരു വിസ്താരമുള്ള പാത്രത്തിൽ ചാണകം കലക്കി വെക്കും. ചാണകമൊക്കെ അടിയിലേക്കൂറി, മുകളിൽ തെളിവെള്ളം വരും. ആ പാത്രത്തിൽ നോക്കിയാണ് ഞങ്ങൾ ചന്ദ്രന്റെ അപഹാരവും മുക്തിയും കണ്ടിരുന്നത്. അമ്മയുടെ അപ്പൂപ്പന്റെ വീട്ടിലാണെങ്കിൽ അപ്പൂപ്പൻ സന്ധ്യക്ക് മുന്നേ എല്ലാവരും ഭക്ഷണം കഴിച്ചെന്ന് ഉറപ്പിക്കും. ഒരു കായക്കഷണം ഇല്ലാത്ത പല്ലുകൊണ്ട് ചവച്ച് ചവച്ച് നാക്ക് കൊണ്ട്  ആ കായം തിക്കിത്തിക്കിയാണ് അപ്പൂപ്പന്റെ നടപ്പ്. മുറ്റത്ത് ചാണക വെള്ളം കലക്കി വെച്ച തളികയുണ്ടാവും. എന്നിട്ട് ഇടക്കിടെ ചന്ദ്രന്റെ അന്നന്നേരമുള്ള നിലവാരത്തെക്കുറിച്ച് അപ്‌ഡേറ്റ്, ചാരുകസേരയിലിരുന്നുകൊണ്ട് ചോദിക്കും. ആരെങ്കിലും പോയി തളികയിൽ നോക്കി (മുകളിലേക്ക് നോക്കാൻ പാടില്ല) വിളിച്ച് പറയും: "അപ്പൂപ്പാ, ഇപ്പൊ പകുതി പോലും ഇരുണ്ടിട്ടില്ല". അപ്പൂപ്പൻ പിന്നെയും കായം ചവച്ച് കൊണ്ട്, കേതുവിനെ ശപിച്ചുകൊണ്ട് ജപം തുടരും!

അങ്ങനെയിരിക്കുമ്പോ, പറമ്പിലെ തെങ്ങിനും മറ്റും വളമിടേണ്ട സമയമാകും. വെണ്ണീറിനും പച്ചിലകൾക്കും പിണ്ണാക്കിനുമൊപ്പം  ചാണകവും പ്രധാന ഘടകമാണ്. ഞങ്ങൾ, ചാണകം, ചാണകക്കുഴിയിൽ നിന്ന് കോരി കുട്ടയിലാക്കി ഓരോ തെങ്ങിൻ ചുവട്ടിലും തലച്ചുമടായിക്കൊണ്ടിടും. കുടുക്ക് പൊട്ടിയ ട്രൗസറായിരിക്കും മിക്കവാറും വേഷം. വീട്ടിലുള്ള സമയത്ത് മേൽക്കുപ്പായം ധരിക്കാൻ ഞങ്ങൾ ആൺകുട്ടികൾക്ക് അനുവാദമുണ്ടായിരുന്നില്ല! തെങ്ങിൻ ചുവട്ടിലേക്കുള്ള യാത്രയിൽ, ചിലപ്പോൾ ചാണകക്കുട്ടയിൽ നിന്ന് ചില വണ്ടുകളും പ്രാണികളുമൊക്കെ നമ്മുടെ ശരീരത്തിലൂടെ യാത്ര നടത്തിയെന്നിരിക്കും. അപൂർവ്വമായി ചിലപ്പോൾ ചാണകവെള്ളം നമ്മുടെ നെറ്റിയിലൂടെ ഊർന്ന് മൂക്കും കടന്ന് ചുണ്ട് വഴി താടിയിലൂടെ താഴേക്കിറ്റും.  യമണ്ടൻ ചാണകപ്പുഴുക്കളെ ചാണകക്കുഴിയിൽ നിന്ന് കോരുന്നതിനിടയിൽ കാണാറുണ്ടെങ്കിലും, ചൈനയെപ്പറ്റിയും കൊറിയയേപ്പറ്റിയും ഒന്നും വിവരമില്ലാതിരുന്നതുകൊണ്ട് വറുത്തോ പുഴുങ്ങിയോ കഴിച്ചിരുന്നില്ല. അവയെ പെറുക്കിയെടുത്ത് കോഴികൾക്കിട്ടു കൊടുക്കും. കോഴികൾ ആ തടിച്ച് കൊഴുത്ത ഭീകരന്മാരെ നിർദ്ദയം കൊത്തി പീസ് പീസാക്കും. തള്ളക്കോഴികൾ ഇത്തിരിയെങ്കിലും കോഴിക്കുഞ്ഞുങ്ങൾക്ക് നൽകുമ്പോൾ നായകന്മാരായ പൂവങ്കോഴികൾ, തന്റെ മക്കളോ ഭാര്യമാരോ അടുത്തുണ്ടെന്ന ഭാവം പോലും കാണിക്കാതെ എല്ലാം കണ്ണും പൂട്ടി കുനിഞ്ഞ് നിന്ന് വിഴുങ്ങും, ആണുങ്ങളെ പറയിക്കാനായിട്ട് !

ചില വൈകുന്നേരങ്ങളിൽ, പനിനീർ ചെടിയുടെ ശിഖരങ്ങൾ, പുതിയ തെഴുപ്പ് വരാൻ വേണ്ടി അറ്റം വെട്ടുമ്പോൾ, വെട്ടിയ അറ്റത്ത് ഞങ്ങൾ പച്ചച്ചാണകം ഉരുട്ടിപ്പിടിപ്പിക്കും; ആരോഗ്യമുള്ള തെഴുപ്പ് വേഗം വരുമത്രെ. പിന്നെ ചില പച്ചക്കറികളുടെ വിത്തുകൾ ചാണകത്തിനുള്ളിലാക്കി ഉരുട്ടിയുണക്കിവെക്കാറുമുണ്ട്. എന്നിട്ട്, വിത്തുകൾ കുഴിച്ചിടേണ്ട സമയത്ത്, ആ ഉണക്ക ചാണകയുരുളകൾ പൊട്ടിച്ച് വേണം വിത്തുകൾ പുറത്തെടുക്കാൻ. വിത്തുകൾ സൂക്ഷിക്കുന്നതിനുള്ള ഒരു നാട്ടറിവ് !

ശിവരാത്രിക്ക് ഞങ്ങൾ അച്ഛാച്ഛന്റെ വീട്ടിലേക്ക് പോകും. അന്ന് രാത്രി തെരുവത്ത് ഗണപതീക്ഷേത്രത്തിൽ നിന്ന് കോമരം വരും. ഞങ്ങളവിടെ എത്തുമ്പഴേക്കും അച്ഛമ്മയും ഇളയമ്മയുമൊക്കെ ചാണകയുരുളകൾ വെയിലത്ത് ഉണക്കിവച്ചിട്ടുണ്ടാകും. ഞങ്ങളവിടെയെത്തിയാൽ, മച്ചൂനന്റെ കൂടെ ചേർന്ന്   മുറ്റത്തിന്റെ ഒരറ്റത്ത്, ഉണങ്ങിയ ഉമി കൂനകൂട്ടി, അതിനുള്ളിൽ ഈ ഉണക്കിയ ചാണകയുരുളകൾ തിരുകി വെക്കും. ശിവരാത്രി ദിവസം തെരുവത്ത് ഗണപതീക്ഷേത്രത്തിൽ ഗംഭീര ഉത്സവമാണ്. ഗാനമേളകളോ വെടിക്കെട്ടുകളോ ഒന്നുമുണ്ടാകില്ലെങ്കിലും അവിടത്തെ ചടങ്ങുകൾ ഗംഭീരമാണ്. അടിയറകളും കോഴിനേർച്ചയും മറ്റും അന്നവിടയുണ്ടാകും. എന്നെ ആകർഷിച്ചിരുന്നത് മറ്റൊരൈറ്റമായിരുന്നു. അവിടത്തെ കോമരത്തിന്റെ തലയിൽക്കൊത്ത്  എന്ന ചടങ്ങ്! അത്  ഭീകരമായിരുന്നു. ഉത്സവച്ചടങ്ങുകളുടെ സമാപനത്തിനടുപ്പിച്ച് ഈ കോമരം ഉറഞ്ഞ് തുള്ളിത്തുള്ളി ഒരലർച്ചയോടെ തലയിൽ വാളുകൊണ്ട് കൊത്താൻ തുടങ്ങും. കൊത്തെന്ന് പറഞ്ഞാൽ ഒരൊന്നൊന്നരക്കൊത്ത് ! ഒരു മാതിരി നല്ല രീതിയിൽ കൊത്തിക്കഴിഞ്ഞെന്ന് ചുറ്റുമിരിക്കുന്ന സഹായികൾക്ക് ബോദ്ധ്യപ്പെട്ടാൽ അവർ കോമരത്തെ പിടിച്ച് നിർത്തും. കോമരം വിഫലമാക്കാൻ ശ്രമിക്കുമെങ്കിലും, ഒടുവിൽ കോമരം സുല്ലിട്ട് ചോരയുമൊലിപ്പിച്ച്‌ വാളെടുത്ത് പീഠത്തിലമർത്തി എന്തൊക്കെയോ പുലമ്പി നിർത്തും. മറ്റുള്ളവർ ഈ കോമരത്തിന്റെ തലയിൽ മഞ്ഞൾപ്പൊടി പോലുള്ള പൊടികൾ വാരിയമർത്തും. അതോടെ ഉത്സവം അവസാനിക്കും. ഈ കോമരമാണ് അച്ഛാച്ഛന്റെ വീട്ടിൽ രാത്രി എത്തുക. പലവീടുകളും കയറിയിറങ്ങിയായിരിക്കും വരവ്. കോമരം വീട്ടിൽ വന്നാൽ വലിയ പരിപാടികളൊന്നുമില്ല. വാളൊക്കെ കുലച്ചായിരിക്കും വരവ്. കോമരം നേരെ വന്ന് വീടിൻറെ ഉമ്മറത്തു കയറും. അകത്തേക്ക് തീർത്ഥവെള്ളം വിരലുകൾ കൊണ്ട് തെറിപ്പിക്കും. എല്ലാ ഐശ്വര്യങ്ങളുമുണ്ടാവട്ടെ എന്നും പറഞ്ഞനുഗ്രഹിച്ച് ദക്ഷിണയും വാങ്ങി തിരിഞ്ഞ് നടക്കും. പോകുന്ന പോക്കിൽ ചൂട്ടുകൊണ്ട് മുറ്റത്ത് കൂനകൂട്ടിയ ഉമിക്കൂമ്പാരത്തിന് തീ വെക്കും. അതവിടെകിടന്ന് രാത്രി മുഴുവൻ കത്തും. ഞങ്ങൾ രാവിലെ എഴുന്നേറ്റ് വരുമ്പഴേക്കും ഈ ഉമിയൊക്കെ കത്തിത്തീരും. എന്നാലും അതിന് നല്ല ചൂട് കാണും. പൂർണ്ണമായും കത്തി വെണ്ണീറാകാതെ കരിഞ്ഞിരിക്കുന്ന ഉമി  പ്രത്യേകം എടുത്ത് പല്ലുതേക്കാനുള്ള ഉമിക്കരിയായി മാറ്റി വെക്കും. കത്തിത്തീർന്ന ചാണകയുരുളകൾ അതേ ഷേപ്പിൽ അവിടെയുണ്ടാകും. അവ കഴിയുന്നതും പൊട്ടാതെ ഒരു കലത്തിലിട്ട് വെക്കും; അതാണ് ഞങ്ങളുടെ കുടുംബത്തിന്റെ ഒരു കൊല്ലത്തേക്കുള്ള ഭസ്മം !

മണ്ഡലകാലമായാൽ നമുക്ക് ഇത്തിരി പണി കൂടും. ഈ നാല്പത്തൊന്ന് ദിവസത്തെ കാലയളവിൽ നമ്മൾ അതിരാവിലെ എഴുന്നേൽക്കണം. മണ്ഡലകാലത്തിൽ നമ്മുടെ തറവാട്ടമ്പലമായ വേട്ടക്കൊരുമകൻ ക്ഷേത്രത്തിൽ പഞ്ചഗവ്യം അവിഭാജ്യ ഘടകമാണ്. പ്രസവിച്ച് കിടാവുള്ള പശുവിന്റെ പാല്, തൈര്, നെയ്യ്, ഗോമൂത്രം, ചാണകം; ഇവയൊക്കെയാണ് ആ പഞ്ചഗവ്യത്തിലെ പഞ്ചഘടകങ്ങൾ.   ഒരു പ്രത്യേക കാരണത്തിനാലാണ് രാവിലെ എഴുന്നേൽക്കുന്നത്. അതിരാവിലെയുള്ള പശുവിന്റെ മൂത്രവും ചാണകവും നിലം തൊടുന്നതിന് മുന്നേ സംഘടിപ്പിക്കണം. ചിലപ്പോൾ അതൊരു കാത്തിരിപ്പായിരിക്കും. നല്ല തണുപ്പുള്ള കാലമായതിനാൽ ചിലപ്പോൾ ചോക്കച്ചിയും വെള്ളച്ചിയും അതിരാവിലത്തെ കാലാവസ്ഥയിൽ  കാലിന്റെയുള്ളിൽ തലയും അമർത്തി നല്ലയുറക്കായിരിക്കും. തലേദിവസം ചാപ്പാട് ഇത്തിരി അധികമായാൽ പിന്നെ പറയുകയും വേണ്ട.

ഞാനും അനിയനും രാവിലെ എഴുന്നേറ്റ് ഒരാൾ ഒരു വാഴയിലയും മറ്റെയാൾ ഒരു പാത്രവുമായി തൊഴുത്തിൽ പോകും. തക്കാളിച്ചെടിയുടെ വാട്ടത്തിന് ഗോമൂത്രം നല്ലതാണെന്ന് പറഞ്ഞ് പകൽ സമയത്ത് ഗോമൂത്രം നേരൊഴുക്കിൽ സംഭരിച്ചിട്ടുണ്ടെങ്കിലും (ഇങ്ങനെ ഗോമൂത്രം സംഭരിക്കുന്നത് ഒരു കഴിവ് തന്നെയാണ്. ഏത് തിരക്കിനിടയിലായാലും, ഞങ്ങൾ ആദ്യത്തെ തുള്ളി നിലത്ത് വീഴുമ്പഴേക്കും, ആ ശബ്ദം ഗ്രഹിച്ച്, പാത്രവുമായി പശുവിന്റെ പിന്നിൽ എത്തിയിരിക്കും; എത്ര ദൂരെയായിരുന്നാലും !), ഇതിപ്പോ അതിരാവിലെത്തന്നെ വേണമല്ലോ!  ആദ്യത്തെ ഒന്ന് രണ്ടു ദിവസങ്ങളിൽ, രണ്ട് പശുക്കളും, അവരെ മേയ്ക്കാൻ കൊണ്ടുപോവാനാണ്, ഞങ്ങൾ രാവിലെയേ എത്തിയത് എന്നാലോചിച്ച്, സന്തോഷത്തോടെ എഴുന്നേറ്റ് ഞങ്ങളെത്തൊട്ടുരുമ്മി, അതിന്റെ മൂക്ക് ഞങ്ങളുടെ മേലുരച്ച്, നക്കി സ്നേഹം പ്രകടിപ്പിക്കും. ഞങ്ങളാണെങ്കിൽ പാത്രവും ഇലയും പിടിച്ച് ഒറ്റയിരുപ്പാണ്, പശു വാല് പൊക്കുന്നതും കാത്ത്. സാധാരണനിലയിൽ പശുക്കൾ രാവിലെയെഴുന്നേറ്റാൽ വേഗം തന്നെ മലമൂത്രവിസർജ്ജനം (ക്ഷമിക്കണം, ചാണക-ഗോമൂത്രവിസര്ജ്ജനം) നടത്തും. ഒന്ന് രണ്ട് ദിവസം കഴിഞ്ഞാൽ, ഞങ്ങൾ അതിരാവിലെയേ തൊഴുത്തിൽ പോകുന്നത് അവരെ സന്തോഷിപ്പിക്കാനല്ലെന്നും അവരുടെ വിലപ്പെട്ടതെന്തോ കവരുവാനാണെന്നും പശുക്കൾക്ക് മനസ്സിലാവും! അങ്ങനെയാകുമ്പോ ഞങ്ങൾ രാവിലെയെത്തിയാലും ഞങ്ങളെക്കണ്ട ഭാവം വെക്കില്ല; ചോക്കച്ചിയും വെള്ളച്ചിയും. രണ്ടും കിടന്ന കിടപ്പിൽ നിന്ന് തല പോലും പൊക്കില്ല. 'നീ പോ മോനെ ദിനേശാ' എന്ന ഭാവമായിരിക്കും. ഞങ്ങൾക്ക് ഇതും കഴിഞ്ഞ് വേറെ പണികളുള്ളതാണ്. ഈ സാധനങ്ങളും കൊണ്ട് അമ്പലത്തിൽ പോകണം, പച്ചക്കറിച്ചെടികൾക്ക് വെള്ളം നനയ്ക്കണം, പള്ളിക്കൂടത്തിലേക്ക് പോകാൻ തയ്യാറാവണം, അങ്ങനെ പലതും. പശുക്കൾ എഴുന്നേറ്റില്ലെങ്കിൽ കാര്യം കുഴയും! അങ്ങനെ വരുമ്പോൾ ഞങ്ങൾ പല ഉപായങ്ങളും ഉപയോഗിക്കും. തള്ളിനോക്കും, രണ്ടിടി കൊടുത്ത് നോക്കും, ചിലപ്പോൾ പ്രീണിപ്പിക്കാൻ പച്ച വാഴയില വെട്ടിക്കൊടുക്കും അങ്ങനെയങ്ങനെ... എങ്ങനെയെങ്കിലും എഴുന്നേറ്റാൽ ഞങ്ങൾ വളരെ സ്മാർട്ടായി രണ്ടും ഒപ്പിച്ചെടുക്കും. ഞങ്ങളുടെ ചില പ്രത്യേക തരം തടവലുകളിൽ (ഈ കാര്യങ്ങൾ പരസ്യമായി പറയാൻ പറ്റുന്നതല്ല 😉), പശുക്കൾ വാലുപൊക്കി കാര്യങ്ങൾ സാധിച്ചുകളയും ! എന്നിരുന്നാലും ചില അപവാദദിവസങ്ങളുമുണ്ടാകാറുണ്ട്. അത്തരം ദിവസങ്ങളിൽ, അപൂർവ്വമായി, ഞങ്ങൾ അമ്മയെ പറ്റിച്ചിട്ടുമുണ്ട്. സംഭവം കിട്ടാൻ വളരെ സമയമെടുക്കുന്നെങ്കിൽ, താഴെ വീണ് കിടക്കുന്ന ചാണകത്തിൽ നിന്ന് കുറച്ച് നുള്ളിയെടുക്കും, മൂത്രം കെട്ടിനിൽക്കുന്നതിൽ നിന്ന് കുറച്ച് മൂത്രവും; ചിലപ്പോൾ, പശുവിന് കിടാവുണ്ടോ എന്നൊന്നും നോക്കാതെ, ഏത് പശുവാണോ ആദ്യം കാര്യം സാധിക്കുന്നത്, അതിന്റെ വിസർജ്ജ്യങ്ങളങ്ങെടുക്കും !! പിന്നെ ബാക്കിയുള്ള മൂന്ന് സാധനങ്ങളും സംഘടിപ്പിച്ച ശേഷം, കുളിച്ച് നേരെ അമ്പലത്തിലേക്ക് ! ഉച്ചപ്പൂജ കഴിഞ്ഞാൽ നമുക്കതിന്റെ പ്രസാദം കിട്ടും. ഗോമൂത്രവും ചാണകവും ഒരു ലഗ്നത്തിന് മറ്റ് ചേരുവകളുടെ മേലെ തെറിപ്പിക്കുകയേ ഉള്ളൂവെങ്കിലും ഈ ചേരുവകളുടെ പേരിൽ അന്നേ ഞാൻ സ്വയം കലഹിച്ചിരുന്നു.

ആയിടക്കാണ്, ഒരു ദിവസം ഓമന സ്വാമി അച്ഛാച്ഛന്റെ വീട്ടിലെത്തിയത്. ഞാനും അന്നവിടെ ഏതോ കാരണത്താൽ എത്തിച്ചേർന്നു. അച്ഛമ്മയുടെ അമ്മയായ പാറുക്കുട്ടിമുത്താച്ചിയുടെ അയൽവാസിയാണ് കക്ഷി. എവിടെയൊക്കെയോ നാട് ചുറ്റിക്കറങ്ങിയുള്ള വരവാണ്. തലയൊക്കെ മുണ്ഡനം ചെയ്ത് രുദ്രാക്ഷമാലയൊക്കെ ചാർത്തി മെലിഞ്ഞൊരു രൂപം. അവരെ വളരെ ഭക്ത്യാദരവോടെയാണ് അച്ഛമ്മ എതിരേറ്റത്. പക്ഷെ അച്ഛന്റെ സഹോദരിയായ കമലാക്ഷി ഇളയമ്മക്ക് എന്തോ എതിർപ്പൊക്കെ ഉണ്ടായിരുന്നു. ചോറിന് വെള്ളം വെക്കുന്നതിനിടെയും കറിക്ക് പച്ചക്കറികൾ അരിയുന്നതിടെയും അവരെന്തൊക്കെയോ കുശുകുശുക്കുന്നുണ്ടായിരുന്നു. ഈ സ്വാമി ആളത്ര ശരിയല്ല എന്നാണ് അതിന്റെയൊക്കെ ഉള്ളടക്കം. പക്ഷെ എന്താണ് കാര്യമെന്ന് നമ്മളോട് പറയുന്നില്ല, വലുതായപ്പോൾ മനസ്സിലായെങ്കിലും ! "നീ ഒന്ന് മിണ്ടാതിരി കമലാക്ഷീ" എന്നൊക്കെപ്പറഞ്ഞ് അച്ഛമ്മ തുളസിയിലകളും കിണ്ടിയിൽ വെള്ളവുമൊക്കെയായി സന്ധ്യാസമയത്ത് ജപിക്കാൻ ഓമനസ്വാമിക്ക് എത്തിച്ചുകൊടുത്തു. "ഇവിടെ എന്റെ മുന്നിൽ വന്നിരിക്കൂ" സന്ധ്യാനാമത്തിന്റെ സമയത്ത് സ്വാമി എന്നെയും മച്ചുനനെയും അവരുടെ മുന്നിലിരുന്ന് പ്രാർത്ഥിക്കാൻ ക്ഷണിച്ചു. ഞങ്ങൾ രണ്ട് പേരുംസ്വാമിയുടെ മുന്നിൽ ഇരുപ്പായി. സ്വാമി എന്തൊക്കെയോ മന്ത്രങ്ങൾ ഉരുവിട്ട് കെണ്ടേയിരുന്നു. ചന്ദനത്തിരികൾ കത്തിച്ച് വച്ചു (ചന്ദനത്തിരിയിലും ചാണകം ഉണ്ടല്ലോ). കർപ്പൂരം തളികയിലുള്ള ഭസ്മത്തിലിട്ട് കത്തിച്ചു. മണി കിലുക്കിത്തുടങ്ങി.... പിന്നെ അതൊരു ഉറഞ്ഞ് പുലമ്പുന്ന പോലുള്ള അവസ്ഥയായി.. ഞങ്ങൾ രണ്ട് പേരും പേടിച്ച് പോയി. അച്ഛമ്മ വന്ന് "ഓമനേ" എന്ന് ഉറക്കെ വിളച്ചപ്പോൾ സ്വാമിയുടെ ഉറയൽ, ചവിട്ടി നിർത്തിയത് പോലെ നിന്ന് പോയി. സ്വാമി ഒന്ന് പുഞ്ചിരിച്ചു. സഞ്ചിയിൽ നിന്ന് വേറൊരു ഭസ്മക്കെട്ട് പുറത്തെടുത്തു. ആ ഭസ്മത്തിൽ നിന്നൊരിത്തിരി ഭസ്മം, തളികയിൽ കർപ്പൂരമിട്ട് കത്തിച്ച ചാണക ഭസ്മത്തിലേക്കിട്ട് ഇളക്കി. എന്നിട്ട് ഒരു വലിയ നുള്ള് ഭസ്മമെടുത്ത് സ്വാമി സ്വാമിയുടെ നാക്കിന്റെ അടിയിലേക്ക് വച്ചു. ഒരു ചെറിയ നുള്ള് ഭസ്മമെടുത്ത് "വാ തുറക്ക്"; മച്ചുനൻ വാ തുറന്നു. ആ നുള്ള് ഭസ്മം, മച്ചുനന്റെ നാക്ക് പൊക്കിപ്പിടിച്ച്, നാക്കിനടിയിലായി ഭസ്മം നിക്ഷേപിച്ചു. "നല്ല സുഖവും ആരോഗ്യവും ഉണ്ടാവും, തുപ്പിക്കളയരുത്, ഹിമാലയത്തിലെ മരുന്നാണ്, മറ്റേത് ശുദ്ധ ശിവരാത്രിഭസ്മമല്ലേ " സ്വാമി മൊഴിഞ്ഞു. മച്ചുനൻ തലയാട്ടി. ഭസ്മം എന്റെ വായിലേക്കും എത്തി. ഞങ്ങൾ രണ്ട് പേരും ഭസ്മവും വായിലിട്ട് പരസ്പരം നോക്കുകയാണ്. പിന്നെ രണ്ട് പേരും ഒരുമിച്ച് വീടിന്റെ തെക്ക് ഭാഗത്തെക്കൊരോട്ടം വച്ച് കൊടുത്തു. തൊണ്ട കാറി തുപ്പാൻ തുടങ്ങി. തുപ്പിയിട്ടും തുപ്പിയിട്ടും നാക്കിനടിയിലെ കനം പോകുന്നില്ല. പിന്നീട് വെള്ളം കൊണ്ട് കുലുക്കുഴിഞ്ഞ് തുപ്പിയപ്പോഴാണ് കുറച്ചെങ്കിലും സമാധാനമായത്. അപ്പഴേക്കും കമലാക്ഷി ഇളയമ്മയും ഓമനസ്വാമിയും ഉള്ളിൽ കലഹം തുടങ്ങിയിരുന്നു; അച്ഛമ്മ മദ്ധ്യസ്ഥതയുടെ റോളിൽ നിൽക്കുമ്പോൾ, മൂന്ന് വിരൽ ഭസ്മവും നെറ്റിയിൽ പൂശി, ചാരുകസേരയിലിരുന്ന് കൊണ്ട് ഞങ്ങളെയും നോക്കിക്കൊണ്ട്  ഒരു പ്രത്യേക തരത്തിൽ ചിരിക്കുകയായിരുന്നു അച്ഛാച്ചൻ. ഞങ്ങൾ അച്ഛാച്ചനെ ശ്രദ്ധിക്കുന്നെന്ന് അച്ഛാച്ചന് മനസ്സിലായപ്പോൾ, അച്ഛാച്ചൻ കൈകൾ കൂട്ടിത്തിരുമ്മി മുകളിലേക്ക് നോക്കിക്കൊണ്ട്, "ഗോപാലബാലന്റെ ശരീരമപ്പോൾ... ആപാദചൂഡം നയനാഭിരാമം..." എന്ന മണിപ്രവാളശ്ലോകം നീട്ടിച്ചൊല്ലി !

ചാണകത്തിനെ സംബന്ധിച്ചടുത്തോളം, അതിന്റെ ഉപയോഗങ്ങളെ സംബന്ധിച്ചടുത്തോളം ഇത്രയൊക്കെയായിരുന്നു എന്റെ അറിവ്, അഥവാ മേല്പറഞ്ഞപോലുള്ള അനുഭവങ്ങളിലൂടെയാണ് ആ കാര്യങ്ങൾ ഗ്രഹിച്ചത്. അങ്ങനെയിരിക്കെ, എനിക്ക് ഇരുപത്തിരണ്ട് വയസ്സായി. ഏത് വയസ്സ് വരെ അച്ഛനെനിക്ക് ഫ്രീയായി കഞ്ഞി തരുമെന്ന് പറഞ്ഞിരുന്നുവോ അതേ വയസ്സ്. ഞാൻ സുഹൃത്തുക്കളുടെയടുത്ത് നിന്നും ആയിരത്തഞ്ഞൂറ് രൂപാ കടം വാങ്ങി അന്നത്തെ ബോംബെയിലേക്ക് നാട് വിട്ടു. പശുവിനെയും ചാണകത്തെയും മറന്നു. എന്നാലും ബോംബെയിലെ ചില തെരുവുകളിൽ എരുമച്ചാണകം പരത്തിയുണക്കി അടുപ്പിൽ കത്തിക്കാനുള്ള ചാണക വിറകുകൾ ഉണ്ടാക്കുന്നത് ഞാൻ കണ്ടു. കുറച്ച് കാലം കഴിഞ്ഞപ്പോൾ ചോക്കച്ചിയെയും വെള്ളച്ചിയെയും ഇറച്ചിക്കാർക്ക് വിറ്റുവെന്നറിഞ്ഞു. ഞാൻ മനസ്സിൽ കരഞ്ഞു. കാലം പിന്നെയും കുറെ കഴിഞ്ഞു. ഞാൻ ഇറാൻ വഴി ഇംഗ്ലണ്ടും കടന്ന് അമേരിക്കയിലെത്തി. നാട്  മാറി, നാട്ടാര് മാറി, ഭരണം മാറി, ചിന്തകൾ മാറി. പക്ഷേ അന്ന് പത്രങ്ങളിലൊന്നും കാണാത്ത വാർത്തകൾ ഇന്നത്തെ പത്രങ്ങളിൽ നിറഞ്ഞ് കാണാൻ തുടങ്ങി. അതും ഞാനിതുവരെ കേട്ടിട്ടില്ലാത്ത തരം അറിവുകൾ, പശുക്കളെയും ചാണകത്തെയും കുറിച്ചുള്ള ആധുനിക അറിവുകൾ! നമ്മുടെ നാട്ടിലെ കർഷകർക്ക് നൂറ്റാണ്ടുകളായിട്ടും മനസ്സിലാകാത്ത അറിവുകൾ!!

പശുവിന്റെ കൊമ്പുകൾക്ക് കാന്തിക ശക്തിയുണ്ടത്രേ; കൊമ്പുകൾക്കിടയിൽ റേഡിയോ ON ചെയ്ത് വച്ചാൽ 'ഊം....." എന്ന ശബ്ദം മാത്രമേ കേൾക്കുള്ളൂത്രെ; ഗോമൂത്രത്തിൽ സ്വർണ്ണമുണ്ടത്രെ; പശുവിന്റെ കൊമ്പുകളിലും ചാണകത്തിലും 'Iridium'  എന്ന മൂലകം ഉണ്ടത്രേ; ചാണകം അർബുദത്തിനും മറ്റ് പല രോഗങ്ങൾക്കും ഉത്തമ മരുന്നത്രെ. ലോകത്തെ നാനാവിധമായിട്ടുള്ള പ്രശ്നങ്ങൾക്ക്, പശുവും ചാണകവും ഒരു ഉത്തമ പരിഹാരമായി അവതരിപ്പിക്കുന്നു. ഏറ്റവും ഒടുവിലായി 'കൊറോണ' എന്ന വൈറസ് രോഗത്തിന് ചാണകം തേച്ചാൽ രോഗശാന്തി കിട്ടുമത്രേ! അങ്ങനെയുള്ള അനേകമനേകം വിലകൂടിയ അറിവുകൾ !

ഇതൊക്കെ പണ്ടേ അറിഞ്ഞിരുന്നെങ്കിൽ ഞാൻ നാട് വിടില്ലായിരുന്നു. വിദേശത്ത് ജോലിക്ക് വരില്ലായിരുന്നു; ഇന്നും വീട്ടിൽ പശുവുണ്ടായിരുന്നെങ്കിൽ, പത്ത്‌ ലോഡ് ചാണകമെങ്കിലും ഞാൻ വുഹാനിലേക്ക് കയറ്റിയയച്ചേനെ! എന്റെ കൈകളിലെ പത്ത് വിരലുകളിലും ഞാൻ സ്വർണ്ണമോതിരങ്ങളണിഞ്ഞേനെ!!

....

ചാണകത്തെക്കുറിച്ച് വേണ്ടിടത്തും വേണ്ടാത്തിടത്തും പൊട്ടത്തരങ്ങൾ ഒരു തെളിവുമില്ലാതെ, നാണമില്ലാതെ വിളിച്ച് പറഞ്ഞ്, പാരമ്പര്യത്തെയും സംസ്കാരത്തെയും കുറിച്ച് എന്ത് പറയണമോ അത് പറയാതെ, അവിവേകങ്ങൾ മാത്രം വിളിച്ച് പറഞ്ഞ് പറഞ്ഞ്,  ഇന്ന് ചാണകത്തിന്റെ അർത്ഥം തന്നെ മാറിപ്പോയിരിക്കുന്നു. ചാണകം എന്ന് പറയുമ്പോൾ പശുവിന് പോലും നാണം തോന്നാൻ തുടങ്ങിയിരിക്കുന്നു. എനിക്ക് പഴയ ചാണകമാണിഷ്ടം. ഇനിയെങ്കിലും വിടർന്ന വായും നാക്കുകളും അടക്കി വച്ച്, ആ പഴയ ചാണകം തിരിച്ച് തരുമോ? പ്ലീസ് (ഓമനസ്വാമിയുടെ ചാണകമല്ല 😉 ) !!

പൂർവ്വം ഛഗണാ ഊർവ്വരഹഃ സംപ്രതി ഛഗണാ അമൃതസ്യ ! - പണ്ട് കാലത്ത് ചാണകം ഒരു വളമായി കരുതിയെങ്കിൽ, ഇക്കാലത്ത് ചാണകത്തിനെ അമൃതായി കാണുന്നു !

"അർത്ഥാന്തരന്യാസമാകുമന്യം കൊണ്ട് സമർത്ഥനം"  - സമർത്ഥിച്ച് സമർത്ഥിച്ച് വളത്തിൽ നിന്ന് അമൃതിലേക്ക് സമർത്ഥിച്ചിരിക്കുന്നു !!

***

2020 ഫെബ്രുവരി 3, തിങ്കളാഴ്‌ച

കൊടിയടയാളത്തിലെ സന്ദേഹം

(Picture Source: Google)
Published on Naaraayam Facebook Page on 3rd Feb 2020

പൗരത്വനിയമത്തിനെതിരായി ഹൈദരാബാദിൽ സംഘടിപ്പിച്ച റാലിയിൽ ദേശീയ പതാകയെ അപമാനിച്ചിരിക്കുന്നു. ദേശീയ പതാകയിൽ അശോക ചക്രത്തിന് പകരം 'ലാ-ഇലാഹ-ഇല്ലള്ളാ' എന്നെഴുതി വച്ചിരിക്കുന്നു! അതിന്റെപേരിൽ ദേശസ്നേഹം വായിട്ടലച്ച് നാട്ടിൽ പൊല്ലാപ്പ് നടക്കുകയാണ് !!

ഞാനിനി പറയാൻ പോകുന്ന കാര്യങ്ങൾ വായിച്ച് ആരും എന്നെ ദേശസ്നേഹം ഇല്ല എന്നും പറഞ്ഞ് തല്ലാൻ വരരരുത്. കാരണം, ഞാൻ പൊട്ടനാണ്. സംശയങ്ങൾ കൊണ്ട് പൊട്ടനായിപ്പോയതാണ്. പൊട്ടന്മാർക്കും വട്ടന്മാർക്കും നിയമത്തിലിളവുകൾ ഉണ്ടാവുമല്ലോ! സംശയങ്ങൾ ചോദിക്കാതിരുന്നാൽ സംശയങ്ങൾ കുമിഞ്ഞ് കുമിഞ്ഞ് പുകഞ്ഞ് പുകഞ്ഞ് വട്ടായിപ്പോകും ! അതുകൊണ്ട് മാത്രം ചോദിക്കുന്നതാണ് !!

ഭാരതത്തിന്റെ ദേശീയ പതാക ഇപ്പോൾ എങ്ങനെയാണെന്ന് എല്ലാവർക്കും അറിയാമല്ലോ. എന്തായാലും ഞാൻ അതിനെക്കുറിച്ച് വിവരിക്കുന്നില്ല, കാരണം ഞാൻ പറയാൻ വന്നത് വേറെ കാര്യമാണ്. ഭാരതപതാകയെക്കുറിച്ച് മിനിമം അറിയാൻ ഈ ലിങ്കിൽ https://en.wikipedia.org/wiki/Flag_of_India അമർത്തി വായിച്ച് പഠിക്കുക! അതിന് ശേഷം ബാക്കി വായിച്ചാൽ മതി.

അപ്പോ, എന്താണ് ഭാരതപതാക, അതിന്റെ നിറം, നീളം, വീതി, ഉയരം, ഇത്യാദികൾ ഇതിനകം മനസ്സിലായിക്കാണുമല്ലോ. ഇപ്പൊ എന്ത് തോന്നുന്നു? ആ... ആർക്കറിയാം... എന്തായാലും കുറച്ച് കാര്യങ്ങൾ ഈ പൊട്ടൻ പറയാം. ഒരു പൊട്ടന് മറ്റുള്ളവരെല്ലാം പൊട്ടന്മാരായതുകൊണ്ട്...

അല്ല പൊട്ടന്മാരേ, നേരത്തെ പറഞ്ഞ ആ ലിങ്കിൽ പറയുന്നപോലെയുണ്ടാക്കിയ പതാകയേ ദേശീയ പതാകയാവുകയുള്ളൂ. അല്ലാത്തതൊന്നും ദേശീയ പതാക ആവുകയില്ല. എന്ന് വച്ചാൽ മുകളിൽ കുങ്കുമവും, നടുവിൽ വെള്ളയും താഴെ പച്ചയും ഉള്ള ഒരു തുണിയുടെ നടുവിൽ 'ലാ-ഇലാഹ...' എന്നെഴുതിയാൽ അത് ഭാരതത്തിന്റെ ദേശീയ പതാക ആവില്ല. ആയത് കൊണ്ട് തന്നെ അവിടെ ദേശീയ പതാക നിന്ദ ഉണ്ടായിട്ടില്ല. അതുകൊണ്ട് പതാക നിന്ദ ഉണ്ടായി എന്നും അവർക്കു ദേശസ്നേഹം ഇല്ല എന്നൊക്കെ പറഞ്ഞ് പുകിലുണ്ടാക്കുന്നത്, ഒച്ചയുണ്ടാക്കി ഓളം കൂട്ടി ബഹളമുണ്ടാക്കാൻ മാത്രമേ സഹായിക്കൂ.

ഒന്നാലോചിച്ച് നോക്കൂ... ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പതാക നോക്കൂ.. ശരദ് പവാറിന്റെ നാഷണലിസ്റ് കോൺഗ്രസ്സ് പാർട്ടിയുടെ പതാക നോക്കൂ... ഒന്നിൽ ചർക്ക, മറ്റേതിൽ ടൈംപീസ്... മേല്പറഞ്ഞ കാരണത്തിന് ബഹളം കൂട്ടുന്ന ദേശസ്നേഹികൾ എന്തുകൊണ്ട് ഈ പതാകകൾ മാറ്റണമെന്ന് ഒച്ചയുണ്ടാക്കുന്നില്ല? അങ്ങനെ എത്രയോ പതാകകൾ ഉണ്ട്. അതൊക്കെ മാറ്റാൻ പറ്റുമോ? ഇന്ത്യൻ ദേശീയ പതാകയിലെ അശോകചക്രത്തിന് 24 ആരക്കാലുകൾ ഉണ്ട്. അഥവാ 23 ആരക്കാലുകളുള്ള ഒരു ചക്രമാണ്, മുകളിൽ കുങ്കുമവും, നടുവിൽ വെള്ളയും താഴെ പച്ചയും ഉള്ള ഒരു തുണിയുടെ നടുവിൽ ഉള്ളതെങ്കിൽ പോലും അത് ദേശീയപതാക ആവില്ല.

സാമ്യമാണ് ഇവിടെ വില്ലൻ. മറ്റൊന്ന് അതിലെഴുതിയ വാചകത്തിന്റെ ഉടമകളായ മതവും. അഥവാ അത് വേറൊരുമതക്കാർ എടുത്ത് 'ലാ-ഇലാഹ' ക്ക് പകരം 'ഓം' എന്ന് എഴുതി പൗരത്വ നിയമത്തിനെ അനുകൂലിക്കുന്ന ഒരു റാലിയിൽ ഉപയോഗിച്ചാൽ ചിലപ്പോൾ അത് ദേശസ്നേഹം കൂടിയതിന്റെ ചിഹ്നമായേനെ (എന്റെ പൊട്ടയായ സംശയം മാത്രമാണ്). നാളെ കാവിത്തുണിയിൽ 'ഓം' എന്നതിന് പകരം ഒരു 'കൂട്ടണം' ചിഹ്നം അഥവാ കുരിശ് രൂപം ആലേഖനം ചെയ്ത് വടിയിൽ കെട്ടി കൊടിയാക്കിയാൽ അത് മത നിന്ദ ആകുമോ?

ഇന്ത്യൻ പതാക പോലുള്ള പതാകകൾ അശ്രദ്ധ മൂലം തലതിരിച്ച് പിടിക്കപ്പെടാൻ പോലും അത്യധിക സാദ്ധ്യതയുള്ള ഒരു പതാകയാണ്. അങ്ങനെയാണ് അതിന്റെ ഘടന. അതിന്റെ പേരിൽ പോലും എത്രയെത്ര പൊല്ലാപ്പുകൾ ഉണ്ടാവുന്നുണ്ട്? അമേരിക്കൻ ഐക്യനാടുകളുടെ പതാകയിൽ കുറെ നക്ഷത്രങ്ങളുണ്ട്. ഇപ്പോഴത്തെ കണക്ക് 50 ആണ്. ആരെങ്കിലും അതുപോലുള്ള പതാക എടുത്ത് നടന്നാൽ, വേറെ ആരെങ്കിലും ആ പതാക എടുത്തവനെ പിടിച്ച് നിർത്തി, ആ പതാകയിലെ നക്ഷത്രങ്ങൾ എണ്ണുമോ? അഥവാ അത് 49 ആയിപ്പോയാൽ അവനെ ദേശസ്നേഹം ഇല്ലാത്തവൻ എന്നും പറഞ്ഞ് വെടിവച്ചിടുമോ? അമേരിക്കൻ ഐക്യനാടുകളിൽ, അവരുടെ ദേശീയ പതാക പോലുള്ള തുണികൾ കൊണ്ട് വസ്ത്രങ്ങളും അടിവസ്ത്രങ്ങൾ പോലും ഉണ്ടാക്കുന്നുണ്ട്. പക്ഷേ ശരിയായ ദേശീയ പതാകയ്ക്ക് അതിന്റെ രീതിയിലുള്ള ബഹുമാനവും കൊടുക്കുന്നുണ്ട്. പക്ഷേ തെറ്റുകൾ കണ്ട് പിടിച്ച് അപമാനിക്കാൻ തുനിഞ്ഞിറങ്ങാറില്ല.

ഇന്ത്യയിലെ പല സംഘടനകൾക്കും വരുടേതായ മിതവും തീവ്രവുമായ ആശയങ്ങളുണ്ടാകാം. അവർക്ക് അവരുടേതായ അജണ്ടകളും ഉണ്ടാവാം. അവർ പ്രത്യക്ഷത്തിൽ ജനങ്ങൾക്ക് ദ്രോഹമാകുന്ന എന്തെങ്കിലും കാര്യങ്ങൾ ചെയ്യുന്നുണ്ടെങ്കിൽ ആരായാലും അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. അല്ലാതെ തുണി പൊക്കി നോക്കി രഹസ്യം കണ്ടെത്തുന്ന രീതിയിൽ, അല്ലെങ്കിൽ ഇല്ലാത്ത പുകയുണ്ടെന്നും പറഞ്ഞ് പുകയും പുകമറയും ഉണ്ടാക്കുന്ന രീതിയിൽ, ഇല്ലാത്ത കാര്യങ്ങൾ കണ്ടെത്തി കാരണങ്ങളുണ്ടാക്കരുത്. അത് ബഹളങ്ങളും ധ്രുവീകരണങ്ങളും വർദ്ധിപ്പിക്കുകയെ ഉള്ളൂ.

അതാണ് പറഞ്ഞ് വരുന്നത്, ഇവിടെ പലതും നിയന്ത്രിക്കുന്നത് വേറെന്തൊക്കെയോ വികാരങ്ങളാണ്. നിറങ്ങൾ മതങ്ങളുടേതും നിറങ്ങളുടെ കൂട്ടങ്ങൾ ചില രാഷ്ട്രങ്ങളുടേതും മാത്രമാകുന്ന കപട ചിന്തകൾ. പാവം നിറങ്ങൾ. മഴവില്ലിന് പോലും ഇനി എത്രകാലം ആയുസ്സുണ്ടാകുമെന്ന് കണ്ട് തന്നെ അറിയണം ! ഈ പൊട്ടത്തരം പറഞ്ഞതിന് ഈ പൊട്ടനോട് ക്ഷമിക്കുക !

***

ഗാന്ധിജിയും ഗോഡ്സെയും പ്രഗ്യയിലൂടെ

(Picture Source: Google)
Published in Naaraayam Facebook page on 30th Jan 2020

ഇന്ന് ജനുവരി 30. ഈ വർഷവും ഞാൻ കാത്തിരിക്കുകയായിരുന്നു... കഴിഞ്ഞവർഷത്തെപ്പോലെ, നമ്മുടെ ഭാരതമഹാരാജ്യത്തിന്റെ MP മാരിൽ രാജ്യസ്നേഹം അത്യധികം തുളുമ്പി നിൽക്കുന്ന സാമാജികയായ പ്രഗ്യാസിങ് താക്കൂർ, ഈ വർഷത്തിലെ ജനുവരി 30 നും, ചോരജലം നിറച്ച മഹാത്മാഗാന്ധിയുടെ ചിത്രത്തിൽ നിറയൊഴിച്ച്, ഭാരത്മാതക്കും 'മഹാത്മാ' നാഥൂറാം ഗോഡ്സേക്കും ആയിരമായിരം ജയ് വിളിച്ച്, അതിന്റെ വീഡിയോയുമെടുത്ത് നിർവൃതി കൊള്ളുമോയെന്ന് ഇത്തിരി ആശങ്കയോടെ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു... പക്ഷെ അങ്ങനെ സംഭവിച്ചതായി വാർത്തയൊന്നും കണ്ടില്ല.. ചിലപ്പോൾ താക്കൂർജി, ഗാന്ധിജിയോട് മനസ്സാ മാപ്പും പറഞ്ഞ്, ആരും കാണാതെ കക്കൂസിൽ കയറി കണ്ണാടി നോക്കി വെടിവച്ചുകാണും, സ്വന്തം കാൻസറിനൊപ്പം രാജ്യത്തിന്റെ കാൻസറും മാറ്റാൻ !

സവർക്കറിന്റെ പ്രതിമ പാർലമെന്റിൽ വച്ചതവിടെയിരിക്കട്ടെ. പ്രതിമയല്ലേ, ചിരിക്കുകയോ ചിന്തിക്കുകയോ ചിലക്കുകയോ ചെയ്യില്ലല്ലോ. അപ്പോൾ കുഴപ്പമില്ല. അതിന്റെ സന്ദേശങ്ങളെന്തായിരുന്നാലും കാണുന്നവർ അവരവരുടെ ചരിത്രജ്ഞാനത്തിനനുസരിച്ച് അതിനെ വിവക്ഷിക്കട്ടെ. പക്ഷേ, നാക്കെടുത്താൽ വിരലിലെണ്ണാവുന്നവർക്ക് മാത്രം രോമാഞ്ചമുണ്ടാക്കി കാളകൂടം വമിപ്പിക്കുന്ന, കാവിപ്പിത്തം ബാധിച്ച, ജീവനുള്ള പ്രഗ്യാസിങ് താക്കൂർജിയെ സാങ്കേതികത്വത്തിന്റെ ന്യായം പറഞ്ഞ് പാർലമെന്റിൽ ഇരിക്കാനനുവദിക്കുന്ന, ശ്വാസോച്ഛ്വാസങ്ങളിൽ ദേശസ്നേഹം മാത്രം തുളുമ്പുന്ന, മഹാത്മാഗാന്ധിയെയും ഗോഡ്സെയെയും വിപരീതദിശകളിൽ മനസ്സിലാക്കുന്ന പാർട്ടിക്കാരെ തീർച്ചയായും തിരിഞ്ഞു നിന്ന് തന്നെ നമിക്കണം, കൂടെ താക്കൂർജിയെ തിരഞ്ഞെടുത്ത ജനങ്ങളെയും!

***

മുസ്‌ലിം സ്ത്രീകളുടെ പള്ളിപ്രവേശം

(Picture Source: Google)
Published in Naaraayam Facebook Page on 29th Jan 2020

വിശ്വാസിയാണോ അല്ലയോ എന്നുള്ളതോ തെളിവുകളില്ലാത്തത് കൊണ്ടും ഒരുതരത്തിലും മനസ്സിലാക്കാൻ, ബോധമനസ്സിന് യാതൊരുതരത്തിലുമുള്ള ഉപാധികളില്ലാത്തതുകൊണ്ടുമാണ് ‘ചില കാര്യങ്ങൾ’ ‘വിശ്വസി’ക്കേണ്ടിവരുന്നതെന്നതുകൊണ്ട്, ‘വിശ്വാസം’ തന്നെ ഒരുതരം അന്ധവിശ്വാസമല്ലേ എന്നുള്ളതോ ഒന്നുമല്ല ഇന്നത്തെ നമ്മുടെ വിഷയം 😊

ഒരു ബല്യ മാറ്റത്തിന് കൂടി നമ്മുടെ ‘മഹാ’ഭാരതത്തിൽ തുടക്കമായിരിക്കുന്നു. സ്ത്രീകളെയും മുസ്‌ലീം പള്ളികളിൽ പ്രാർത്ഥിക്കാൻ അനുവദിക്കണമെന്നുള്ള പൂനെ സ്വദേശികളുടെ അപേക്ഷയിൽ, സ്ത്രീകൾക്ക് പള്ളികളിൽ കയറാനും പ്രാർത്ഥിക്കാനും ഒരു തടസ്സവുമില്ലെന്നും ഞങ്ങളതിന് അനുകൂലമാണെന്നും പറഞ്ഞുകൊണ്ട് മുസ്‌ലീം വ്യക്തിനിയമ ബോർഡ് സുപ്രീം കോടതിയിൽ സത്യവാങ്മൂലം കൊടുത്തിരിക്കുന്നു. മുഴുവനായും പുരോഗമിച്ചില്ലെങ്കിലും പുരോഗമനത്തിലേക്കുള്ള പുരോഗമനപരമായ മാറ്റം!!

സ്ത്രീകൾ ദൃഷ്ടിയിൽ വന്നാൽ കലിയുഗവരദന്റെ ബ്രഹ്മചര്യം നഷ്ടപ്പെടുമ്പോലെ, ആരുടെയൊക്കെ പള്ളികളിൽ (പള്ളികൾ ദേവാലയമല്ല, മറിച്ച് പ്രാർത്ഥനാലയമാണെന്നൊക്കെ പറഞ്ഞ് എന്നെ മലർത്തിയടിച്ചേക്കാം 🤔) ഏതൊക്കെ ദൈവത്തിന്റെ (മുസ്ലീമികൾക്ക് ഒരു ദൈവമേയുള്ളൂവെന്ന് പണ്ഡിതന്മാർ പറഞ്ഞുവച്ചിട്ടുള്ളത് മറക്കുന്നില്ല. പക്ഷേ, ഒരു ദൈവമേയുള്ളൂവെങ്കിലും ഒരേ ഒരു ദൈവവും ഒരേയൊരു പുസ്തകവും വച്ച് നൂറായിരം വകതിരിവുകൾ ദൈവം തന്നെയുണ്ടാക്കിയിട്ടുണ്ടല്ലോ 😄)ബ്രഹ്മചര്യമാണ് ഇനി നഷ്ടപ്പെടാൻ പോകുന്നതെന്ന് ദൈവത്തിന് പോലും നിശ്ചയമില്ലാത്ത അവസ്ഥയിൽ, ചുരുങ്ങിയത്, ആരുടെയോ ‘കത്തിച്ചാൽ കത്താത്ത’ നീളൻ മുടിയുമെടുത്ത്, ശുദ്ധജലം ദിവ്യജലമാക്കി വിതരണം ചെയ്ത്, നാല്പത് കോടിയുടെ പള്ളിയുണ്ടാക്കി നാട്ടുകാരെ അനുഗ്രഹീതരാക്കാൻ നടക്കുന്ന, സ്ത്രീകൾ മുഷ്ടി ചുരുട്ടുന്നതിൽ കുണ്ഠിതമുള്ള നമ്മുടെ കാന്തപുരത്തിനെങ്കിലും നിശ്ചയമുണ്ടാവുമെന്ന് നമുക്ക് ‘വിശ്വസി’ക്കാം 😀!!


***

2019 ഡിസംബർ 13, വെള്ളിയാഴ്‌ച

CAB / NRC : പക്ഷം, പക്ഷപാതം, പക്ഷഭേദം, പക്ഷാഘാതം

(Picture Courtesy: Google / Internet)

അങ്ങനെ Citizenship (Amendment) Bill (CAB) ഉം National Register of Citizens (NRC) ഉം നമ്മൾ പാസ്സാക്കി. അല്ല പിന്നെ, മറ്റുള്ള എല്ലാ രാജ്യത്തും ഇതുപോലുള്ള നിയമങ്ങളൊക്കെ നിലവിലുണ്ട്. ആരൊക്കെ വരണം, ആരൊക്കെ പോകണം, ആരൊക്കെ നിലനിൽക്കണം എന്നൊക്കെ നിശ്ചയിക്കുന്നത് നമ്മളാണ്. ഭൂമിയൊക്കെ അളന്ന് അതിരുകളുണ്ടാക്കി, ഇത് നമ്മന്റെ, അത് നിമ്മന്റെ എന്നൊക്കെ പറഞ്ഞ് മസില് പെരുപ്പിച്ച് നടക്കുന്ന എല്ലാ രാജ്യങ്ങൾക്കും അങ്ങനെയുള്ള നിയമങ്ങളുണ്ട്. ഈ നിയമങ്ങളൊക്കെ ഉണ്ടായിട്ടും, പക്ഷികളും കാറ്റും മരത്തിന്റെ വേരുകളുമൊക്കെ എന്തിനാണ് ഇങ്ങനെ അതിർവരമ്പുകൾ കടന്ന് പോകുന്നത് എന്ന് എനിക്കൊട്ടും ഇതുവരെ മനസ്സിലായിട്ടില്ല. ഹാ.. അതൊക്കെ പോകട്ടെ, കാര്യത്തിലേക്ക് വരാം... പൗരത്വ നിയമം... എന്തുകൊണ്ട് അതുപോലൊന്ന് നമ്മുടെ ഭാരതമഹാരാജ്യത്തിന് ആയിക്കൂടാ? പശ്ചിമപൂർവ്വ രാജ്യങ്ങളിലുള്ള ജനക്ഷേമത്തിന് വേണ്ടിയുള്ള എല്ലാ നല്ല നിയമങ്ങളും നമ്മൾ കണ്ട് മനസ്സിലാക്കി നമ്മുടെ രാജ്യത്തും ജനക്ഷേമതാല്പര്യങ്ങൾക്കായി ചില നിയമങ്ങൾ ഉണ്ടാക്കുന്നതിന് എന്തിനാണിത്ര കലിപ്പ്? പാശ്ചാത്യ രാജ്യങ്ങളിലെ റോഡുകളും മനുഷ്യരുടെ ജീവിത നിലവാരവും ഒക്കെ കണ്ട്  മനസ്സിലാക്കി നമ്മുടെ നാട്ടിൽ അവതരിപ്പിച്ചതുകൊണ്ട് ഭാരതമഹാരാജ്യത്തെ ഒരു മാവേലിപുരമാക്കി മാറ്റിയത് നിങ്ങളാരും അറിഞ്ഞില്ലെന്നുണ്ടോ? ഈ നിയമങ്ങൾ,  അതും ന്യൂനപക്ഷങ്ങൾ എന്ന ഒരു പക്ഷത്തിന്റെ, അടിച്ചമർത്തപ്പെട്ടവരുടെ നന്മക്ക് വേണ്ടിയാകുമ്പോൾ, എന്തിനാണീ ആവലാതികളും പൊല്ലാപ്പുകളും? അങ്ങനെ പുതിയ പുതിയ നിയമങ്ങളുണ്ടാക്കി ജനങ്ങളുടെ നിലവാരം കൂടിക്കൂടി മതജാതിവർണ്ണലിംഗഭേദമെന്യേ  ഏറ്റവും കൂടുതൽ സന്തോഷവാന്മാരെയും സമാധാനമനസ്കരായും ജീവിക്കുന്ന സ്കാന്ഡിനേവിയൻ രാജ്യങ്ങൾ പോലും നമ്മളെക്കണ്ട് അത്ഭുതത്തോടെ മൂക്കത്ത് വിരൽ വെക്കുന്ന അവസ്ഥയല്ലേ വരാൻ പോകുന്നത്?

കോൺഗ്രസ്സുകാരും കമ്മ്യൂണിസ്റ്റുകളും ന്യൂനപക്ഷപ്രീണനം നടത്തുന്നെന്ന പച്ചയായ സത്യം വിളിച്ച് പറഞ്ഞാണ് ഇന്നത്തെ അധികാരിവർഗ്ഗം അധികാരത്തിലെത്തിയത്. ഒരഞ്ച് വർഷങ്ങൾക്ക് ശേഷം അവർക്കും ന്യൂനപക്ഷപ്രേമം തുടങ്ങിയിരിക്കുന്നു എന്നതിൽ കോൺഗ്രസ്സ്കാരും ദള്ളുകാരും കമ്മ്യൂണിസ്റ്റ്കാരും അഭിമാനിക്കുകയല്ലേ വേണ്ടത്? ന്യൂനപക്ഷങ്ങൾക്ക് സ്വന്തം രാജ്യത്തിലെ ന്യൂനപക്ഷം, അയൽരാജയങ്ങളിലെ ന്യൂനപക്ഷം എന്ന വേർതിരിവുണ്ടോ? അങ്ങനെ പക്ഷം പിടിച്ച് കാണേണ്ടതുണ്ടോ? ഭാരതത്തിൽ പുല്ലിനേക്കാൾ ഇത്തിരികൂടുതൽ വിലയുള്ള ഒരേയൊരു സാധനമാണ് മനുഷ്യജീവനുകൾ. നമ്മുടെ ജനസംഖ്യ ലോകത്തിലേക്കും വച്ച് ബല്യതാവാൻ ഒരു പത്ത് കൊല്ലം കൂടി നമ്മൾ കാക്കേണ്ടതുണ്ടോ? ബംഗ്ളാദേശിൽ നിന്ന് ന്യൂനപക്ഷങ്ങളായ ഇരുപത് ലക്ഷം, പാക്കിസ്ഥാനിൽ നിന്ന് കുറച്ച് ലക്ഷങ്ങൾ, അഫ്‌ഘാനിസ്ഥാനിൽ നിന്ന്... അങ്ങനെയങ്ങനെ... നമ്മൾ ഭൂമിയിൽ വച്ച് ഏറ്റവും മഹത്തുക്കളായ, അവിടങ്ങളിലെ ന്യൂനപക്ഷങ്ങളായ ഹിന്ദുക്കളെ (ഫാലൂദയ്ക്ക് മുകളിലെ അലങ്കാരങ്ങളെപ്പോലെ കൂടെ സഹോദരങ്ങളായ ബുദ്ധരും ജൈനരും സിക്കുകാരും കൂട്ടത്തിൽ ഇത്തിരി പാഴ്സികളും പിന്നെ ക്രിസ്ത്യാനികളും) ഭാരതത്തിലെത്തിച്ച് ജനസംഖ്യയിൽ ഒരഞ്ച് കൊല്ലം കൊണ്ട് തന്നെ ചൈനയെ ചവിട്ടിത്താഴ്ത്തി ഗിന്നസ്സ് പുസ്തകത്തിൽ കയറുന്നതിൽ ആർക്കാണ് പരാതി? അങ്ങനെ ഹിന്ദുക്കൾ കൂടുമ്പോൾ ഇവിടെ ചില വോട്ടുബാങ്കുകൾ ഉണ്ടാക്കിക്കളയും എന്ന് പറയുന്നത് എന്തൊരു വിഡ്ഢിത്തമാണ്?

അതിലാരാണ് മനസ്സ് വച്ച് മതം കലർത്തുന്നത്? ന്യൂനപക്ഷം എന്ന് പറയുമ്പോൾ, അത് കൃത്യമായും ന്യൂനപക്ഷമായിരിക്കണം. അങ്ങനെ നോക്കുമ്പോൾ പാക്കിസ്ഥാനിലും ബംഗ്ളാദേശിലും അഫ്‌ഘാഗാനിസ്ഥാനിലും ഹിന്ദുക്കൾ ന്യൂനപക്ഷങ്ങളല്ലേ? മുസ്ലീമികൾ ഒഴിച്ചുള്ളവരുടെ ജനസംഖ്യ അവിടങ്ങളിൽ കൂപ്പ് കുത്തിയില്ലേ? അവരെ രണ്ടാംകിട പൗരന്മാരായി തരം താഴ്ത്തിയില്ലേ? അവരെ കൊന്നും ബലാൽസംഗം ചെയ്തും മതം മാറ്റിയും അവിടത്തെ ഭൂരിപക്ഷമുസ്ലിമുകൾ പീഡിപ്പിച്ചില്ലേ ? എന്നിട്ടും മുസ്ലീമുകളെ നമ്മുടെ ബില്ലുകളുടെ പരിധിയിൽ നിന്ന് ഒഴിവാക്കിയതിന് നാട്ടുകാരെന്തിന് ബഹളം കൂട്ടുന്നു? ഛെ.. ഛെ ...

മാനുഷിക സ്നേഹം മൂത്ത്  ചെയ്യുന്ന കാര്യത്തിനെ അഭനന്ദിക്കുകയല്ലേ വേണ്ടത്? പിന്നെ അഹമ്മദീയാക്കളുടെയും റോഹിങ്ക്യകളുടെയും കാര്യം.  അഹമദീയാക്കളെ മുസ്ലീമുകളായി നമ്മുടെ കാന്തപുരം പോലും അംഗീകരിക്കുന്നില്ല.. അവര് അർദ്ധരാത്രിയിൽ വെറും ഇടിക്ക് പൊട്ടിമുളച്ച കൂണുകളാണ്.. നമ്മൾ ചിലപ്പോ അടർത്തിയെടുക്കും, കറി വെക്കും... അവർക്ക് പാക്കിസ്ഥാനിലോ ഭാരതത്തിന്റെ മണ്ണിലോ ജീവിക്കാനർഹതയുണ്ടോ? ഒരിക്കലുമില്ല... അവർ നരകിക്കാൻ വേണ്ടി മാത്രം ജനിച്ചവരാണ്.

പിന്നെ വൃത്തികെട്ട ജന്മങ്ങളായ റോഹിങ്ക്യകൾ ! ബർമ്മയുമായി നമുക്ക് അതിർത്തിയുണ്ടെങ്കിലും ബർമയിലെ ന്യൂനപക്ഷങ്ങളായ റോഹിങ്ക്യകളെ ബർമ്മക്കാർ ന്യൂനപക്ഷങ്ങളായി അംഗീകരിക്കാത്തിടത്തോളം നമുക്ക് അവരെ ന്യൂനപക്ഷങ്ങളായി അംഗീകരിക്കാൻ പറ്റുമോ? മാത്രവുമല്ല അവർ ഭാരതത്തിലേക്ക് അഭയാർത്ഥികളായി വരുന്നത് ബംഗ്ളാദേശിലൂടെയുമാണത്രെ ! വരുന്നുണ്ടെങ്കിൽ നേരിട്ട് വരണം... വളഞ്ഞ് വരരുത്. പിന്നെ ഈ റോഹിങ്ക്യകൾ ബർമ്മക്കാരാണോ അതോ ബംഗ്ളാദേശുകാരാണോ എന്നെങ്ങനെ നമുക്ക് പറയാൻ പറ്റും? അതൊക്കെ പോകട്ടും... ആയിരത്തി എണ്ണൂറുകളിൽ, ഇന്ന് മനുഷ്യാവകാശങ്ങൾ പ്രഭാതം മുതൽ പ്രദോഷം വരെ ബാങ്ക് വിളിക്കുന്ന ബ്രിട്ടീഷുകാർ പോലും ഈ റോഹിങ്ക്യകളെ, അവർ ബംഗാൾ ഒറിജിനലുകളാണ് എന്നും പറഞ്ഞ് ബർമയിലെ കാനേഷുമാരിയിൽനിന്ന് പോലും ഒഴിവാക്കിയതാണ്. അങ്ങനെയാവുമ്പോ ബർമ്മക്കാർക്കോ ബംഗ്ളാദേശുകാർക്കോ ഭാരതീയർക്കോ ഇന്നത്തെ മ്യാൻമറിലെ അരാഖൻ പ്രവിശ്യയിൽ ജീവിച്ച് പോരുന്ന റോഹിങ്ക്യകളെ എങ്ങനെ അംഗീകരിക്കാൻ പറ്റും? ഒരു പക്ഷം പോലും ഇല്ലാത്തവരെ നമുക്കെങ്ങനെ ന്യൂനപക്ഷമാക്കാൻ പറ്റും ? അതുകൊണ്ട് സമാധാനക്കാരായ മ്യാൻമർ ബുദ്ധന്മാർക്കും അവിടത്തെ ജുണ്ടകൾക്കും വെട്ടിക്കൊന്നും തീകത്തിച്ചും ബലാൽസംഗം ചെയ്തും കൂട്ടത്തോടെ കൊന്ന് വാരിക്കുഴിയിൽ തള്ളപ്പെടാൻ മാത്രമല്ലാതെ റോഹിങ്ക്യകൾക്ക് എന്തെങ്കിലും അവകാശം ഈ മണ്ണിലുണ്ടോ? (പ്രതികാരത്തിന് റോഹിങ്ക്യകളും ചില ബോംബ് പ്രയോഗങ്ങൾ നടത്തുന്നുണ്ട്) അതുകൊണ്ട് ഒരിക്കലും CAB യിലും NRC യിലും നമുക്ക് അഹമ്മദിയാക്കളെയും റോഹിങ്ക്യകളെയും ചേർക്കാൻ പറ്റില്ല. ബംഗ്ളാദേശുകാര് പോലും റോഹിങ്ക്യകളുടെ ബംഗ്ളാ 'ഒറിജിൻ' അംഗീകരിക്കുന്നില്ല! പുണ്യഭൂമിയുടെ വക്താക്കളായ സൗദിക്ക് പോലും അവരെ വേണ്ട! എന്നിട്ടാണ്... 

പിന്നെ നമ്മുടെ പാവം ശ്രീലങ്കൻ തമിഴർ! മണ്ടന്മാരേ, നമ്മൾ പറഞ്ഞുവരുന്നത് കരബന്ധമുള്ള അയൽരാജ്യങ്ങളിലെ ന്യൂനപക്ഷങ്ങളെപ്പറ്റിയാണ്. ശ്രീലങ്കക്കും ഭാരതത്തിനുമിടയിൽ കടലുണ്ട്.. കടൽ... നേപ്പാൾ ന്യൂനപക്ഷങ്ങളെക്കുറിച്ച് എന്തുകൊണ്ടാരും പറയുന്നില്ല എന്നതിനെക്കുറിച്ച് എനിക്ക് ആവലാതിയില്ല. കാരണം ഞാനെന്തിന് ആവലാതിപ്പെടണം? ഭൂട്ടാൻ പിന്നെ വെറും കുട്ടിയാണ്... ആരുടേയും അല്ലലില്ലാതെ സമാധാനമായി ജീവിക്കുന്ന ഒരുകൂട്ടം ഇടയന്മാർ. പിന്നെ നമ്മുടെ ചൈന. നമ്മളിപ്പോൾ തുടങ്ങുക മാത്രം ചെയ്തിരിക്കുന്ന  പണി ചൈനക്കാർ പണ്ടേ തുടങ്ങിക്കഴിഞ്ഞു. ഷിൻജിയാങ്ങിലെ ഉയിഗുർ അണ്ണന്മാർ കൂട്ടമായി ഇപ്പഴേ ചില ചേമ്പറുകളിലാണെന്നാണ് കേൾവി ! ചൈനയോടാണ് കളി !

ജീവിക്കാൻ അർഹതയുള്ള കൂട്ടങ്ങൾ മാത്രമേ ഈ മണ്ണിൽ ജീവിക്കാൻ പാടുള്ളൂ. വളരെ കഷ്ടപ്പെട്ട് അയൽരാജ്യങ്ങളിലെ ന്യൂനപക്ഷങ്ങളെ അംഗീകരിക്കാമെന്ന് തീരുമാനിച്ച ഈ സമയത്ത് റോഹിങ്ക്യകൾക്കും അഹമ്മദീയാക്കൾക്കും ന്യൂനപക്ഷത്തിലെ ഭൂരിപക്ഷഹിന്ദുക്കളുടെ കൂട്ടത്തിൽ പൗരത്വം കൊടുക്കണമെന്ന് പറയുന്നതിൽ എന്തർത്ഥമാണുള്ളത്? അരാഖനിലെ നാനൂറോളം ഗ്രാമങ്ങളിൽ ജീവിച്ചിരുന്ന റോഹിങ്ക്യകൾ ഇപ്പോൾ വെറും ഇരുനൂറ്റമ്പതോളം ഗ്രാമങ്ങളിൽ മാത്രമേയുള്ളൂ. ബാക്കി വരുന്നവരും സ്വർഗ്ഗം പൂകാൻ വേണ്ടി മറ്റുള്ളവരാൽ പീഡിപ്പിക്കപ്പെട്ട്, രക്ഷപ്പെടാനെന്നുള്ള വ്യാജേന ഊര് തെണ്ടി, പെട്ടന്ന് തന്നെ ഇല്ലാതായിക്കോളും. പിന്നെ നമ്മളെന്തിന് അവരുടെ കാര്യത്തിൽ ഇടപെടണം?

പിന്നെ ആസാമികൾ പറയുന്നത്; ആസാമികൾ പറയുന്നു, മുസ്ലീമുകളെ മാത്രമല്ല മറ്റുള്ളവരെയും പുറത്താക്കണം എന്ന്. ആ പറഞ്ഞതിലല്ലേ നേരത്തേ പറഞ്ഞതിനേക്കാൾ കൂടുതൽ യുക്തി എന്ന് ചോദിക്കരുത്. പിന്നെ നമ്മുടെ വോട്ടിന്റെ കാര്യം ആര് നോക്കും? അതുകൊണ്ട് ആസാമികൾ പറയുന്നത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല.

അടയാളങ്ങൾ പേറാതെ ജീവിക്കാൻ ആർക്കെങ്കിലുമുണ്ടോ അർഹത ? അടയാളങ്ങളുണ്ടായാലും അടയാളങ്ങളുള്ളവർക്കു പോലും അവരുടേത് പോലുള്ള ആ അടയാളങ്ങൾ കാണാൻ കഴിയുന്നുണ്ടോ? അടയാളങ്ങളില്ലാതെ ജീവിക്കാൻ പറ്റില്ലെന്ന് മനസ്സിലാക്കി, സാഹചര്യത്തിനനുസരിച്ച് ചില അടയാളങ്ങൾ അണിഞ്ഞിട്ടും വേറൊരു സാഹചര്യത്തിൽ മറ്റൊരു അടയാളം പേറിയവർ, ഞങ്ങളെപ്പോലെയല്ല നിങ്ങളെന്ന് പറയുന്നതിൽ എന്താണിത്ര തെറ്റ്? അല്ലെങ്കിൽ വരൂ.. യുദ്ധം ചെയ്യൂ... ജയിക്കുന്നവന്റെ അടയാളമാണ് ശരിയെന്ന് പറയൂ.. ഹല്ല പിന്നെ !

എല്ലാ മതങ്ങളും മനുഷ്യവാസത്തിന് പറ്റിയ ഒരു സ്ഥലമായി ഭൂമിയെ മാത്രമേ കാണുന്നുള്ളൂ. സ്വർഗ്ഗം പോലും മനുഷ്യവാസത്തിന് പറ്റിയതല്ല, കാരണം, സ്വർഗ്ഗം പൂകാനും മരിക്കണം. എന്നാലാ മരണം ആരെങ്കിലും ഒരിത്തിരി നേരത്തേയാക്കാൻ ശ്രമിക്കുന്നുണ്ടോ? ഏയ്.. ചോദ്യങ്ങളരുത്... അപ്പൊ ശരി... ഭൂമിയെങ്കിൽ ഭൂമി... ഭൂമിയിലെ ഏറ്റവും നല്ല സ്ഥലം? അത് എന്റെ രാജ്യം... ഏറ്റവും നല്ല മതം? അത് എന്റെ മതം. ഏറ്റവും നല്ല ജീവി? അത് മനുഷ്യൻ. മനുഷ്യരിൽ ആണോ പെണ്ണോ നല്ലത്? അത് ആണ്. ഏതാണ് നല്ല നിറം? അത് വെളുപ്പ്... ഏറ്റവും നല്ല രാജാവ്? എന്റെ രാജാവ്. എന്റെ രാജാവിന്റെ തീരുമാനം അതെന്റെ ഗുദമുഖദ്വാരത്തിൽ കോലിട്ടിളക്കുന്നതായാലും അതാണ് ശരിയായ തീരുമാനം. അതിൽ ഒരൊറ്റ പക്ഷമേയുള്ളൂ രാജാവിന്റെ പക്ഷം. പണത്തിന്റെയും അധികാരത്തിന്റെയും ചൂഷണത്തിന്റെയും പക്ഷം. അതിൽ പക്ഷപാതമോ പക്ഷഭേദമോ ഇല്ല.  മേല്പറഞ്ഞ ഉത്തരങ്ങളിൽ നിന്ന് മാറി നിങ്ങൾക്ക് മറ്റു വല്ല ഉത്തരങ്ങളുമുണ്ടെങ്കിൽ,  മാനുഷികമായും താത്വികമായും  ചിന്തിക്കുന്നുണ്ടെങ്കിൽ, അവർക്ക് മാത്രമുണ്ടാകുന്ന ഒന്നാണ് പക്ഷാഘാതം!

വാലറ്റം: സ്വന്തം അസ്ഥിത്വം തെളിയിക്കാൻ  അപ്പനപ്പൂപ്പന്മാരുടെ അസ്ഥികൂടങ്ങൾ തേടി നടക്കേണ്ട കാലം വരുമെന്നതിനെപ്പറ്റി നമുക്കൊക്കെ കിനാവ് കാണാവുന്നതാണ്. ഹിറ്റ്ലർ ജൂതന്മാർക്കും ജൂതന്മാരുടെ വീടുകൾക്കും അടയാളങ്ങൾ അണിയിച്ചതും തുടർന്ന് അവരെ ഗെറ്റോകളിലേക്ക് പറഞ്ഞയച്ചതും ഒടുവിൽ കൂട്ടത്തോടെ വാതകക്കൂടാരത്തിലിട്ട് കാലപുരിക്കയച്ചതും വെറുതെ നമുക്ക് അയവിറക്കാം. വാതകം അടിച്ച് കേറുമ്പോൾ ഒരു സുഖമാണ്, മരണസുഖം!

ചില ആനുകാലിക പ്രതികരണങ്ങൾ

എന്റെ സ്വന്തം മുഖപുസ്തകകുറിപ്പുകളിൽ നിന്ന്:

ശബരിമലവിധിയും പിറവം പള്ളി വിധിയും:
17 ഒക്ടോബർ 2018 
രണ്ട് പുസ്തകവും ഒരേപോലെ വായിക്കപ്പെടേണ്ടതാണെങ്കിലും, പിറവം പള്ളി വിധി പുസ്തകം തൊട്ടുപോലും നോക്കാതെ, പിന്നീട് വന്ന ശബരിമല വിധി പുസ്തകം ഉടനെത്തന്നെ തുറന്നു നോക്കിയത് ഒട്ടും ശരിയായില്ല.
ദേശീയ നേതൃത്ത്വങ്ങളുടെ പുരോഗമപരമായ നിലപാടുകളുടെ കൂടെ നിൽക്കാതെ, കലക്ക് വെള്ളത്തിൽ മീൻ പിടിക്കാൻ ശ്രമിക്കുന്നവരുടെ നിലപാടും ഒട്ടും ശരിയല്ല.
ശബരിമല വിധിപുസ്തകം, നാളെ നമ്മളുടെ പുസ്തകം തിരുത്താൻ മാതൃകയാക്കും എന്ന് പേടിച്ച്, പലതലങ്ങളിൽ കാല് വച്ച് നിൽക്കുന്നതും ഒട്ടും ശരിയല്ല.
ബിഷപ്പിനേയും കുരിശിനെയും തൊടാൻ മടിക്കുന്ന ശീലം നോക്കിയാൽ, സ്വാമിയെയും അമ്പലത്തിനെയും മാത്രം കണ്ണ് വെക്കുന്ന ശീലവും ശരിയല്ല.
അപ്പോപ്പിന്നെ, എന്താണ് ശരി? തോന്നിയവന്, തോന്നിയ സമയത്ത്, തോന്നുന്നതെല്ലാം ശരി !!

മീശ നോവൽ, ഫ്രാങ്കോ ബിഷപ്പ്, കിതാബ് നാടകം:
28 നവംബർ 2018 
‘മീശ’ നോക്കി ‘കിത്താബ്’ കണ്ട ‘ഫ്രാങ്കോ’ മാർ സ്ത്രോത്രം ചൊല്ലലുകളും ശരണമന്ത്ര ഘോഷയാത്രകളും തക്ബീർ വിളികളുമൊക്കെയായി ‘ഇൻക്വിലാബ്’ നടത്തുന്ന അപൂർവ്വം കാഴ്ച കണ്ട്, അറിയാതെ എറിഞ്ഞുപോയ മഴു തിരിച്ച് ഗോകർണ്ണത്തേക്ക് എറിയാൻ, കളഞ്ഞു പോയ മഴു, പരശുരാമൻ കന്യാകുമാരിയിൽ തപ്പിക്കൊണ്ടിരിക്കയാണ്... കൂടുന്നോ??