അങ്ങനെയൊക്കെ ചിന്തിരിക്കുമ്പോഴാണ് പൊടുന്നനെ ആനി എഴുന്നേറ്റത്. എനിക്ക് സമാധാനമുണ്ടായി. എഴുന്നേറ്റ ആനി, ആരോടെന്നില്ലാതെ 'just going to restroom...' എന്ന് പിറുപിറുത്ത് കൊണ്ട് ഹെഡ് ലൈറ്റും ഓണാക്കി പുറത്തേക്കിറങ്ങി. ആനി തിരിച്ച് വന്ന് കിടന്നതിന് ശേഷവും, ഞാൻ കുറച്ച് നേരം കരടിയെയും കാത്ത് കിടന്നു. കാടിന്റെ നടുവിൽ ഏകാന്തമായ, വിജനമായ, ആ കൂനാക്കൂരിരുട്ട് സമയത്ത്, ഒരു മാസത്തോളം തായ്‌ലൻഡിലെ ഗുഹയിൽ അകപ്പെട്ട കുട്ടികളെയും, ചിലിയിലെ ഖനിയിൽ രണ്ട് മാസത്തോളം അകപ്പെട്ട, ഖനിത്തൊഴിലാളികളെയും കുറിച്ചൊക്കെ ഓർത്ത്, അവരുടെ, ആ നേരമുണ്ടായിക്കാണാനിടയുള്ള മനോനിലയെക്കുറിച്ചൊക്കെ സ്വയമറിയാതെ ചിന്തിച്ച്, കുറച്ച് നേരത്തേക്ക് ഞാൻ വിയർത്ത് പരവശനായിപ്പോയി.
അറിയാതെ ഉറങ്ങിപ്പോയ ഞാൻ വീണ്ടും ഉണർന്നത്, 'സി' എഴുന്നേറ്റപ്പോഴാണ്. സ്ലീപ്പിങ് പാഡിന്റെയും ചീവീടുകളുടെയും ശബ്ദമൊഴിച്ച്, വേറെ ഏത് ശബ്ദം കേട്ടാലും ഉണരാനുള്ള ത്രാണി, റം ഉത്പാദിപ്പിച്ച മത്തിന്റെ കെട്ടിനിടയിലും, എന്റെ ഉറങ്ങിക്കിടക്കുന്ന ഇന്ദ്രിയങ്ങൾക്ക് ഉണ്ടെന്നും, അത്തരം ശബ്ദങ്ങൾ കേട്ടാൽ, എന്റെ കൈ അറിയാതെ തന്നെ, അടുത്ത് വച്ചിരിക്കുന്ന കത്തിയുടെ അടുത്ത് എത്തുന്നുണ്ടെന്നും അപ്പോഴെനിക്ക് മനസ്സിലായി. എവിടെ പോവുകയാണെ'ന്ന എന്റെ ചോദ്യത്തിന്, 'മൂത്രമൊഴിക്കാൻ പോവുകയാണെന്ന്' 'സി' മറുപടി പറഞ്ഞപ്പോൾ, എന്റെ കൈ വീണ്ടും സ്ലീപ്പിങ് ബാഗിലേക്ക് ഉൾവലിഞ്ഞ്, ഉറക്കെമെന്ന പ്രക്രിയ പുനരാരംഭിച്ചു. പുലർച്ചെ അഞ്ചരക്ക് ആനി ഉണർന്ന് വീണ്ടും അവരുടെ ഹെഡ് ലൈറ്റ് കത്തിച്ചപ്പോഴാണ്, ആ പ്രക്രിയക്ക് വീണ്ടും ഭംഗം ഉണ്ടായത്.
ആനിയുണർന്ന സമയത്ത് തന്നെ, 'സി' യും എഴുന്നേറ്റു. 'സി', അവന്റെ സ്ലീപ്പിങ് പാഡും ബാഗും മറ്റും മടക്കി വെക്കുന്നതിനിടയിൽ, ആനി പുറത്തേക്ക് ഇറങ്ങിപ്പോയി. കുറച്ച് കഴിഞ്ഞ്. 'സി'യും പുറത്തേക്കിറങ്ങി. കുറച്ചകലെ നിന്നെന്നോണം, ആനിയുടെയും 'സി'യുടെയും ശബ്ദം ഞാൻ കേട്ടു.
"Oh... Okie... okie... I'll go to the other side....then..."
ശൗചകർമ്മങ്ങൾക്കും വസ്ത്രങ്ങൾ മാറ്റാനും പോയ ആനിയുടെ പിറകെ, ആനി എവിടെയാണ് പോയതെന്നെറിയാതെ 'സി' ശൗചകർമ്മം ചെയ്യാൻ പോയതാണ് പ്രശ്നമായത്. ചിരിയടക്കാൻ വയ്യാതെ തിരിച്ച് വന്ന 'സി', ഉടനെത്തന്നെ സ്റ്റവ് കത്തിച്ച് കാപ്പിയുണ്ടാക്കാൻ ആരംഭിച്ചു.
കാപ്പി തയ്യാറായ ഉടനെത്തന്നെ, ഞാൻ ഉണർന്നെന്ന് മനസ്സിലാക്കിയ 'സി', എന്നെ ആ വിവരം സന്തോഷത്തോടെ അറിയിച്ചു. 'സി', അവൻ കൊണ്ടുവന്ന മൗത്ത് വാഷ്, വായിലൊഴിച്ച് കുലുക്കുഴിഞ്ഞ് തുപ്പി. ബ്രഷ് എവിടെ എന്ന ചോദ്യത്തിന്, ബ്രഷിന് ഖനം കൂടുതലായത് കൊണ്ട് എടുത്തില്ലെന്നുള്ള മറുപടി, ആ സുഖദായകസുപ്രഭാതത്തിൽ എന്നെ കുടുകുടാ ചിരിപ്പിച്ചു.
മൗത്‌വാഷിങ്ങിന് ശേഷം, 'സി' നേരെ പോയി ഷെൽട്ടറിന്റെ ഒരു വശത്തുള്ള ബെഞ്ചിലിരുന്ന് ധ്യാനനിമഗ്നനായി. ശ്രീ ശ്രീ രവിശങ്കറിന്റെ സുദർശനക്രിയയും വേറെ എന്തൊക്കെയോ യോഗാ പരിശീലനവുമൊക്കെ 'സി' ഇതിനകം പരിശീലിച്ചിട്ടുള്ള വിവരം എനിക്കറിയാമായിരുന്നത് കൊണ്ട്, എനിക്ക് മറ്റ് സംശയങ്ങളൊന്നും ഉണ്ടായില്ല. അവൻ ധ്യാനം തുടങ്ങിയ ശേഷമാണ് ആനി വസ്ത്രങ്ങളൊക്കെ മാറി ഷെൽട്ടറിലേക്ക് വന്നത്. ഷെൽട്ടറിന്റെ ഉമ്മറത്ത്, അവരുടെ സാധനങ്ങൾ വച്ചിരുന്ന സ്ഥലത്ത് ഇരുന്ന് ഓരോ സാധനങ്ങളും വീണ്ടും തിരിച്ച് അവരുടെ പുറസഞ്ചിയിൽ തിരുകുന്നതിനിടയിൽ, അവർ 'സി'യെ വളരെ കാര്യമായി നിരീക്ഷിക്കുന്നുണ്ടായിരുന്നു.
തുടക്കത്തിൽ, കണ്ണുമടച്ച് വളരെ ശാന്തനായിരുന്ന 'സി', പതുക്കെ ചില പ്രത്യേക ശബ്ദവീചികൾ പുറപ്പെടുവിക്കാൻ തുടങ്ങി. ഓരോ ദ്വാരങ്ങളിലൂടെ വെവ്വേറെയായും, രണ്ട് ദ്വാരങ്ങളിലൂടെ ഒരുമിച്ചുമൊക്കെ, ചീറ്റുന്ന ശബ്ദത്തിൽ 'സി' അവന്റെ ശ്വസനക്രിയ തുടരുകയാണ്. തുടർന്ന് അതുവരെ അനക്കമില്ലാതിരുന്ന അവന്റെ കൈകളും അനങ്ങാൻ തുടങ്ങി. കൈകൾ മേല്പോട്ടും കീഴ്പോട്ടുമൊക്കെ ഉയർത്തിയും താഴ്ത്തിയും, കൂട്ടത്തിൽ മൂക്കിലൂടെ ഉച്ചത്തിൽ ചീറ്റിയുമൊക്കെ എന്തോ അഭ്യാസം കാണിക്കുന്ന 'സി'യെക്കണ്ട് 'what happened to him.... what's he doing...' എന്നൊക്കെ പിറുപിറുത്ത് ആനി കുറച്ച് നേരം സ്തബ്ധയായി. ആ സമയത്ത് 'സി'യെക്കണ്ട എനിക്ക് ഓർമ്മ വന്നത്, പണ്ട് എന്റെ വീട്ട് വളപ്പിൽ മുറിച്ചിട്ട വലിയ പ്ലാവ് ഈരാൻ വന്ന കുഞ്ഞിരാമേട്ടനെയും കിട്ടേട്ടനെയുമാണ്. മരം ഈരുമ്പോൾ ഉണ്ടാവുന്ന അതേ ശബ്ദവും അതേ ആക്ഷനും! ചിലപ്പോൾ, 'സി'യുടെ കൂർക്കം വലിയുടെ കാഠിന്യം കുറക്കാൻ ഇടയാക്കിയത് ഈ ശ്വാസനാഭ്യാസമായിരിക്കാമെന്ന് ഞാൻ ചിന്തിച്ചു.
ക്രിയകൾക്ക് ശേഷം സാവധാനം കണ്ണ് തുറന്ന 'സി', കാപ്പികുടിക്കാൻ എഴുന്നേറ്റപ്പോഴാണ് ആനി, അവനോട് അവരുടെ സംശയം ചോദിച്ചത്. അവരെന്താണ് അത്തരം സംശയം അതുവരെ ചോദിക്കാതിരുന്നത് എന്ന് ചിന്തിച്ചത് പോലെ, ആ ചോദ്യം കേട്ട്, അത്യധികം ആവേശഭരിതനായ 'സി', കാപ്പി പോലും കുടിക്കാൻ മിനക്കെടാതെ, വാചാലനായി.
"I can't teach you fully... but can explain a bit..."
"Oh.. that's fine... just want to know what's it all about..."
ഒരു ഗുരുവും ഒരു ശിഷ്യയും രൂപപ്പെട്ടത് വളരെപ്പെട്ടെന്നായിരുന്നു. ഒരാൾ ഒരു കാര്യത്തെക്കുറിച്ച് ചോദിച്ചാൽ, ഒഴിഞ്ഞുമാറുന്നതിന് പകരം അറിയുന്ന കുറച്ച് കാര്യങ്ങൾ, ചുരുങ്ങിയത്, എന്താണ് സംഭവമെന്നെങ്കിലും പറഞ്ഞുകൊടുക്കേണ്ടത് സാമാന്യനീതിയാണല്ലോ. അറിയാത്തവർക്ക് പറഞ്ഞുകൊടുക്കുക എന്നത് മാനവധർമ്മവുമാണല്ലോ. കൊടുക്കുന്തോറും വർദ്ധിക്കുന്ന ഒന്നാണല്ലോ വിദ്യ! അങ്ങനെ, തൈത്തിരീയോപനിഷദ് പ്രകാരം, രണ്ടു പേരും ഒരുമിച്ച്, ശാരീരികവും മാനസികവുമായ ശക്‌തിസമ്പാദനം ആരംഭിച്ചു.
കുറച്ച് സമയമെടുത്ത്, ആനിയുടെ കൂടെയിരുന്ന്, ശ്വസനക്രിയയുടെ വളരെ ബേസിക് ആയുള്ള കാര്യങ്ങളെക്കുറിച്ചും അതിന്റെ ഗുണഗണങ്ങളെക്കുറിച്ചും 'സി' വിവരിക്കാൻ ശ്രമിച്ചെങ്കിലും അവർക്ക് കൂടുതൽ മനസ്സിലായെന്ന് ആർക്കും തോന്നിയില്ല. എന്തായാലും യോഗ എന്നൊരു സാധനമുണ്ടെന്നും അത് വളരെ നല്ലൊരു ഏർപ്പാട് ആണെന്നും ആനിക്ക് മനസ്സിലായത് യോഗയെ സംബന്ധിച്ചടുത്തോളം ഒരു നല്ലകാര്യമായി ഭവിച്ചു.
അങ്ങനെ പതഞ്ജലിയെ സ്തുതിച്ച് ഗുരു വിശദീകരണം ആരംഭിച്ചു:
യോഗേന ചിത്തസ്യ പദേന വാചാം
മലം ശരീരസ്യ ച വൈദ്യകേന
യോ/പകാരോത്തമം പ്രവരം മുനീനാം
പതഞ്ജലിം പ്രാഞ്ജലിരാനതോസ്മി |
ഇവരുടെ രണ്ടുപേരുടെയും ഒരുമിച്ചുള്ള ക്രിയകൾ കണ്ട്, തട്ടിൻ പുറത്ത് നിന്ന് കെയ്ൽ എത്തിനോക്കി ചിരിച്ചു. രണ്ട് പേരും ഒരേ സമയത്ത് ചീറ്റുന്ന ശബ്ദം കേട്ട്, കാട് വിറങ്ങലിച്ചു. കരടികൾ കുഞ്ഞുങ്ങളെയും കൂട്ടി കൂട്ടത്തോടെ മലയിറങ്ങി. ഇതൊക്കെ കണ്ട് അന്തം വിട്ട് ആരും കേൾക്കാതെ പൊട്ടിച്ചിരിച്ചുകൊണ്ടാണ് 'ബി'യും 'ഡി'യും അന്ന് രാവിലെ എഴുന്നേറ്റത്.
എല്ലാവരും എഴുന്നേറ്റ്, ഓരോരുത്തരും കിടന്ന സ്ഥലത്തുണ്ടായിരുന്ന സാധനങ്ങൾ മടക്കി വൃത്തിയാക്കി. പല്ലൊക്കെ തേച്ച് അന്നത്തെ ദിവസത്തേക്കുള്ള തയ്യാറെടുപ്പുകൾ തുടങ്ങി. 'സി'യുണ്ടാക്കിയ കാപ്പി കുടിച്ച് കഴിഞ്ഞപ്പോൾ എനിക്ക് നിതംബപേശികൾക്കിടയിൽ മർദ്ദം മുറുകി. അവിടെയുണ്ടായിരുന്ന 'പ്രിവി' ടോയ്‌ലറ്റിൽ പോകാൻ, മണങ്ങളുമായി ബന്ധപ്പെട്ടുള്ള എന്റെ ചില മുൻവിധികൾ കാരണം, മനസ്സ് അനുവദിച്ചില്ല. അതുകൊണ്ട്, കൂടെക്കൊണ്ടുപോയ ചെറിയ ഹാൻഡി ഷവലുമെടുത്ത്, പതുക്കെ ഷെൽട്ടറിന് പുറത്തുള്ള കാട്ടിലേക്കിറങ്ങി.
ഇരിക്കാൻ പറ്റിയ ഒരു സ്ഥലമന്വേഷിച്ച്, ചുറ്റും നോക്കിയപ്പോഴാണ്, ചില മരങ്ങളുടെ മറവ് പിടിച്ച് നല്ലൊരു സ്ഥലം കണ്ടത്. കൂടാതെ, അവിടെത്തന്നെ തറയിലൊരു ദ്വാരവും കണ്ടത് എന്നെ കൂടുതൽ ഉന്മേഷവാനാക്കി, കാരണം ആ ദ്വാരം, കൈയ്യിലുള്ള ഷവൽ കൊണ്ട് കുറച്ച് കൂടി വണ്ണം വെപ്പിച്ചാൽ എനിക്ക് കാര്യം സാധിക്കാൻ പാകത്തിലുള്ള ഒരു കുഴിയായി രൂപപ്പെടുത്താമല്ലോ.
ഞാൻ പതുക്കെ, ഷവൽ കൊണ്ട്, ചുറ്റുമുണ്ടായിരുന്ന ഉയർന്ന പുല്ലുകളും മറ്റ് ചെടികളും വീശിയൊതുക്കി. പിന്നെ, പതുക്കെ ഷവൽ ആ ദ്വാരത്തിനുള്ളിലേക്കിട്ട് അതിന്റെ മുഖവണ്ണം കുറച്ച് വികസിപ്പിച്ചു. ഷവൽ ഒരു കൈയ്യിൽ പിടിച്ച് കൊണ്ട് തന്നെ, രണ്ട് കാലും കുഴിയുടെ രണ്ടുഭാഗത്തുമായി അകത്തിവച്ച്, കോണകം താഴ്ത്തി ഇരിക്കാൻ ശ്രമിക്കുന്നതിനിടയിലാണ്, ഹുങ്കാരം പുറപ്പെടുവിച്ച് കൊണ്ട് ദ്വാരത്തിന്റെയുള്ളിൽ നിന്നും തേനീച്ചകൾ കൂട്ടത്തോടെ ഇരച്ച് പൊങ്ങിയത്. ഞാൻ തുരന്ന ദ്വാരം, മണ്ണിനടിയിലുള്ള ഒരു തേനീച്ചക്കൂടിന്റെ വാതിലായിരുന്നു!
കുറച്ചെണ്ണം എന്റെ കാലിലും തുടകളിലും അതിനകം തന്നെ കുത്തിയിരുന്നു. ഞാനുടനെത്തന്നെ, കാൽഭാഗം താഴ്ത്തിയ കോണകവുമായി, ഷവൽ കയ്യിൽ പിടിച്ച് കൊണ്ട് തന്നെ, ഒരു മുയലിന്റെ രീതിയിൽ നിന്ന നിൽപ്പിൽ നിന്ന് ആവും വിധം ദൂരേക്ക് ചാടി. ഒരു തേനീച്ച മാത്രമല്ലല്ലോ എന്നെ കുത്താൻ വരുന്നത്, അതുകൊണ്ട് തന്നെ ഒരിടത്ത് എനിക്ക് തീർച്ചയായും നിൽക്കാൻ പറ്റില്ല. തേനീച്ചകൾ എന്റെ കിയ്യിലും കാലിലും പുറത്തും കുത്തുകൾ ഏല്പിച്ച് കൊണ്ടിരിക്കുന്നതിനിടയിൽ, കോണകം മുകളിലേക്ക് കയറ്റി, ഞാൻ ഓട്ടം തുടങ്ങിയിരുന്നു. ആ ഓട്ടം നിലച്ചത് ഷെൽട്ടറിന്റെ മുന്നിലാണ്. കുറച്ച് ഈച്ചകൾ എന്നെ പിന്തുടർന്നെങ്കിലും എന്തോ ഭാഗ്യത്തിന്, ആ വലിയ കൂട്ടം എന്നെ പിന്തുടർന്നില്ല.
കടിച്ച ഭാഗത്തെ നീറ്റലുകൾ സഹിച്ച് കൊണ്ട്, ഞാൻ ഷെൽട്ടറിലേക്ക് ഓടിക്കയറി. അന്തിച്ച് പോയ കൂട്ടുകാർ, സങ്കടത്തോടെ ചിരിച്ചു ! ഞാനുടനെത്തന്നെ 'സി'യുടെ കൈയ്യിൽ നിന്ന് Itching Cream വാങ്ങി, തേനീച്ചക്കുത്തേറ്റ് വീങ്ങിത്തുടങ്ങിയ സ്ഥലങ്ങളിൽ പുരട്ടി. നീറ്റലടങ്ങും വരെ ഷെൽട്ടറിന്റെ വശത്തുള്ള ബഞ്ചിൽ ഏകദേശം പതിനഞ്ച് മിനുട്ടോളം വിശ്രമിച്ചു. ഓട്ടത്തിന്റെയും തേനീച്ച ആക്രമണത്തിന്റെയും ബഹളത്തിൽ, എന്റെ എന്റെ നിതംബപേശീമർദ്ദം തീർത്തും ഇല്ലാതായിപ്പോയിരുന്നു. കുത്തിയത് വല്ല കടന്നലോ മറ്റോ ആയിരുന്നെങ്കിൽ എന്താകുമായിരുന്നു എന്ന് ചിന്തിച്ച് ഞാൻ വെറുതെ ആശങ്കപ്പെട്ടു.ഇതേ തേനീച്ചകൾ, എന്റെ കൊണാകാന്തരങ്ങളിലുള്ള പ്രധാനപ്പെട്ട അവയവങ്ങളിലാണ് കുത്തിയതെങ്കിൽ എന്താകുമായിരുന്നു എന്ന ചിന്ത, എനിക്ക് മുഴുമിക്കാൻ പോലും ആവും മുന്നേ, മോഹാലസ്യം വരുന്നത് പോലെ തോന്നിയ ഞാൻ, ബെഞ്ചിന്റെ പിന്നിലുള്ള കൈവരിയിൽ, ഒരു ധൈര്യത്തിന് അറിയാതെ പിടിച്ച് പോയി!
നീറ്റൽ കുറച്ചടങ്ങിയപ്പോൾ, പണ്ടത്തെ മർദ്ദം വീണ്ടും പുനരാരംഭിച്ചു. ഒരു മർദ്ദവും അധിക കാലത്തേക്ക് തടയാനാവില്ലല്ലോ. ഇനിയൊരു പരീക്ഷണത്തിന് ബാല്യമില്ലാതിരുന്ന ഞാൻ, അവിടെയുണ്ടായിരുന്ന 'പ്രിവി ടോയ്‌ലറ്റി'ലേക്ക് തന്നെ പതുക്കെ നടന്നു. മണമുണ്ടായാലും വൃത്തിയില്ലെങ്കിലും അവിടെത്തന്നെ കാര്യം സാധിക്കുന്നതാണ് സേഫ് എന്ന തോന്നൽ അപ്പഴേ ഉണ്ടായുള്ളൂ.
'പ്രിവി ടോയ്‌ലറ്റി'ലേക്ക് കടന്ന ഞാൻ, അതിന്റെ വൃത്തി കണ്ട് അത്ഭുതപ്പെട്ടു. അത് ഉപയോഗിച്ച ഓരോ ആളും ആ സംഭവം ഉപയോഗിക്കേണ്ട രീതിയിൽ തന്നെ ഉപയോഗിച്ചിരിക്കുന്നു. ഒരു വൃത്തികെട്ട വാസന പോലും അവിടെ ഉണ്ടായിരുന്നില്ല. പെട്ടന്ന് തന്നെ കാര്യസാധ്യം നടത്തിയ ഞാൻ, ഒരു പിടി മരപ്പൊടികൾ, ഉപേക്ഷിച്ച് വരുന്ന സാധനത്തിന്റെ മേലെ നിക്ഷേപിച്ച്, ഉല്ലാസവാനായി പുറത്തിറങ്ങി. മർദ്ദം തീർത്തും പോയതിനാലോ, അതോ, മരുന്ന് പുരട്ടിയതിനാലോ എന്നറിയില്ല, അപ്പഴേക്കും തേനീച്ചക്കൂത്തുകൾ ഏല്പിച്ച വീക്കങ്ങൾ കുറഞ്ഞ് തുടങ്ങിയിരുന്നു.
തിരിച്ച് വന്നതിന് ശേഷം, തിളപ്പിച്ച വെള്ളം ഒഴിച്ച് കഴിക്കാവുന്ന ഓട്ട്മീൽ പ്രാതലായി ഭക്ഷിച്ചു. ഓരോരുത്തരും അവരവരുടെ വേണ്ടപ്പെട്ട രീതിയിലുള്ള പ്രാതലുകൾ ഉണ്ടാക്കി, അവരവരുടെ വിശപ്പിന്റെ ആത്മാവിന് ശാന്തി നേർന്നു. അത്രയുമായപ്പഴേക്കും സമയം രാവിലെ ഏഴര മണി. ആനി അവരുടെ ബാക്ക്പാക്ക് തയ്യാറാക്കി ഞങ്ങളോരോരുത്തരോടും യാത്ര ചോദിക്കൽ ആരംഭിച്ചു. പറ്റുമെങ്കിൽ, വൈകുന്നേരം ഏതെങ്കിലും ഷെൽട്ടറിൽ കാണാമെന്ന പ്രതീക്ഷയോടെ, ഞങ്ങൾ ആനിയമ്മയെ യാത്രയാക്കി. അതിനിടയിൽ, 'സി' അവരുടെ കൂടെ ഒരു സെൽഫി എടുത്തു. യോഗശാസ്ത്രത്തെക്കുറിച്ച് ആനിക്ക് കൂടുതലെന്തെങ്കിലും സംശയമുണ്ടാവുകയാണെങ്കിൽ അത് ഇല്ലാതാക്കുവാൻ, അവരുടെ ഇമെയിൽ വിലാസവും ഫോൺ നമ്പരും വാങ്ങിച്ചു. യാത്രചോദിച്ച് ഇറങ്ങിയ ആനി, വീണ്ടും തിരിച്ച് വന്ന്, അവർ മറന്ന് വച്ച ഹൈക്കിങ് പോൾ എടുത്ത് വീണ്ടും യാത്ര പറഞ്ഞ്, ഒരു മിന്നായം പോലെ അവിടെ നിന്ന് നടന്ന് മറഞ്ഞു.
ഒട്ടും വൈകാതെ തന്നെ കെയ്‌ലും അവിടെ നിന്ന് ഇറങ്ങാൻ ആരംഭിച്ചു. കെയ്ൽ, അവന്റെ അന്നത്തെ ഡെസ്റ്റിനേഷൻ അതിനകം തന്നെ പ്രഖ്യാപിച്ചിരുന്നു. 'ഡിക്സ് ഡോം ഷെൽട്ടർ' എന്ന് പണ്ട് അറിയപ്പെട്ടിരുന്ന 'വിസ്കി ഹോളോ ഷെൽട്ടർ' ആണ് അവന്റെ ഉന്നം. ഞങ്ങൾ ഇപ്പോഴുള്ള 'ജിം & മോളി ഷെൽട്ടറി'ൽ നിന്ന് ഏകദേശം പത്ത് മൈലോളം ദൂരമുണ്ട്. ഒടുവിൽ, പറ്റുമെങ്കിൽ ജിം & മോളിയിൽ കാണാം എന്ന ധാരണയിൽ കെയ്‌ലും അവിടെ നിന്നിറങ്ങി.
ഏകദേശം എട്ടരയോടെ, ഞങ്ങളും, ഒരു ഫോട്ടോ സെഷന് ശേഷം, 'ജിം & മോളി ഷെൽട്ടറി'ൽ നിന്ന് ഇറങ്ങാൻ തുടങ്ങുമ്പോഴാണ്, 'സി'ക്ക് അവന്റെ ഭാര്യയുടെ ഫോൺ വന്നത്. അവരുടെ കോവിഡ് മെയിൻ ടെസ്റ്റിന്റെ ഫലം നെഗറ്റിവ് ആണെന്നുള്ള സന്തോഷ സന്ദേശമായിരുന്നു അത്. ആ സന്ദേശം, ഞങ്ങൾക്കും വളരെ ആശ്വാസകരമായിരുന്നു.
ഇറങ്ങുന്നതിന് മുന്നേ 'സി'യും 'ഡി'യും advil 500mg യുടെ ഒരു ഡോസ് അകത്താക്കി. 'ബി'ക്കും മുതുക് വേദന ഉണ്ടായിരുന്നെങ്കിലും അവൻ മരുന്ന് കഴിക്കാൻ പോയില്ല. 'ഡി'യാണെങ്കിൽ, ആദ്യദിനയാത്രയിൽ തന്നെ advil ന്റെ സഹായം തേടിക്കൊണ്ടാണ് യാത്ര പുറപ്പെട്ടത്.
ആദ്യദിനം പോലെ, തുടക്കത്തിൽ, എല്ലാവരും ഒരുമിച്ചാണ് നടത്തം തുടങ്ങിയത്. പതുക്കെപ്പതുക്കെ, 'ഡി' പതുക്കെയാവാൻ തുടങ്ങി.ആദ്യദിനം അവൻ സങ്കടപ്പെട്ടപ്പോൾ അവന് കൊടുത്ത വാക്ക് പാലിച്ച്, 'ഡി'യുടെ പിന്നിലാണ് ഞാൻ എല്ലായ്‌പോഴും നടന്നത്. 'ബി'യും 'സി'യും ഞങ്ങളെ വേർപിരിഞ്ഞ് കുറച്ച് മുന്നിൽ നടന്നു. ഓർമ്മയിലുള്ള കഥകളും പാട്ടുകളും ഞങ്ങളുടെ നടത്തത്തിനിടയിൽ പരസ്പരം പങ്ക് വച്ചു. ഞങ്ങളുടെ പാട്ടിന്റെ താളത്തിനൊപ്പിച്ച് അപ്പലാച്ചിയൻ മലയിൽ കാറ്റ് വീശി.
ഏകദേശം ഒരു മൈൽ നടന്നപ്പഴേക്കും, ഒരു മലഞ്ചെരുവിൽ നിന്ന് തലേദിവസം കണ്ടത് പോലെ കോടമഞ്ഞ് പരന്നൊഴുകി പറക്കുന്നത് കണ്ടപ്പോൾ അത് കെയ്ൽ ആകുമെന്ന് ഞങ്ങൾ ഉറപ്പിച്ചു. ഞങ്ങൾ നടന്ന് ഒരു വളവ് തിരിഞ്ഞപ്പോഴേക്കും വിചാരിച്ചത് പോലെത്തന്നെ, കെയ്ൽ അവന്റെ ഇ സിഗരറ്റ് ആഞ്ഞാഞ്ഞ് പുകക്കുകയാണ്. അവന്റെയടുത്ത് ഞങ്ങൾ എത്തിയപ്പോൾ, അവനൊരു addict ആണോ എന്ന് സംശയിക്കത്തക്കവിധം, അവന്റെ കൈവിരലുകൾ വിറക്കുന്നത് ഞങ്ങൾക്ക് കാണാമായിരുന്നു. കുറച്ച് സംസാരിച്ച ശേഷം, കെയ്ൽ അവിടെ നിന്നും വീണ്ടും ഒറ്റക്ക് മുന്നോട്ട് പോയി.
വളരെ കഷ്ടപ്പെട്ട്, ഏകദേശം മൂന്ന് മൈലോളം നടന്നപ്പോഴേക്കും, ഞങ്ങൾ VA55 എന്ന റോഡിന്റെ ജംക്ഷനിൽ എത്തി. നോക്കുമ്പോൾ, നമ്മുടെ കെയ്‌ലും അവിടെ ഇരിപ്പുണ്ട്. കെയ്‌ലിന്റെ അടുത്ത് 'ഗട്ട് ഹബ്' എന്ന ഒരു മൊബൈൽ ആപ്പുണ്ട്. അതിൽ നോക്കിയാൽ ഹൈക്ക് ചെയ്യേണ്ട പാതയെക്കുറിച്ചുള്ള വിശദാംശങ്ങൾ അറിയാൻ പറ്റും. സമുദ്ര നിരപ്പിൽ നിന്നുള്ള ഉയരം, എലിവേഷൻ, സ്ലോപ്പ് തുടങ്ങിയ കാര്യങ്ങൾ നോക്കി കെയ്‌ലാണ് പറഞ്ഞത്, VA55 ൽ നിന്ന് ഏകദേശം 1000 അടി ഉയരത്തിലേക്ക് കുത്തനെയുള്ള കഠിനമായ കയറ്റമാണ്. അത് കേട്ടപ്പോൾ തന്നെ 'ഡി' കിതക്കാൻ തുടങ്ങി. എന്തായാലും കുറച്ച് നേരം അവിടെ ഇരിക്കാൻ തീരുമാനിച്ചു. കെയ്‌ലിന് കുറച്ച് പീനട്ട് കൊടുത്ത് ഞങ്ങൾ വീണ്ടും ഉദാരമനസ്കരായി. അതിന്റെ തൃപ്തിയിൽ, കെയ്ൽ വീണ്ടും അവന്റെ പ്രയാണം ആരംഭിച്ചു.
പതിനഞ്ചോളം മിനുട്ടുകളുടെ ആരാമത്തിന് ശേഷം, ഞങ്ങൾ വീണ്ടും മലകയറ്റം തുടർന്നു. ആദ്യത്തെ നൂറടി കയറുമ്പഴേക്കും, കയറാനൊക്കെ പറ്റുന്നുണ്ടെങ്കിലും, കെയ്ൽ പറഞ്ഞത് സത്യമാണെന്ന് ഞങ്ങൾക്ക് മനസ്സിലായി. ഓരോ ഇരുപത്-മുപ്പതടിയിലും 'ഡി' നിൽക്കാൻ തുടങ്ങിയപ്പോൾ, 'ബി'യും 'സി'യും വളരെ മുന്നിലായി.
ഭാണ്ഡമെടുത്തുള്ള 'ഡി'യുടെ മട്ടും ഭാവവും കണ്ടാൽ 'കാബൂളിവാല' എന്ന ചിത്രത്തിലെ തെണ്ടിക്കഥാപാത്രങ്ങളിലൊന്നായ കന്നാസിനെ ഓർമ്മ വരും. ഒരു ചതച്ചൊതുക്കിയ പാലിന്റെ പ്ലാസ്റ്റിക് ഡബ്ബയും ചെരുപ്പും വേസ്റ്റ് തിങ്ങി നിറഞ്ഞ വേസ്റ്റ് ബാഗും മറ്റും, ബാക്ക്പാക്കിന്റെ വശങ്ങളിലും മുകളിലുമൊക്കെയായി കെട്ടിവച്ചാണ് കുനിഞ്ഞ് കുനിഞ്ഞുള്ള 'ഡി'യുടെ നടപ്പ്.
നടക്കുന്നതിനിടയിൽ 'ഡി' എപ്പഴാണ് ഒരു മുന്നറിയിപ്പുമില്ലാതെ നിൽക്കുക എന്നത് തൊട്ട് പിന്നിൽ നടക്കുന്ന എന്നെ സംബന്ധിച്ചടുത്തോളം, ഒട്ടും പ്രവചിക്കാൻ സാദ്ധ്യമല്ലായിരുന്നു. അങ്ങനെ, 'ഡി' അവിചാരിതമായി നിൽക്കുന്ന സമയത്ത്, എന്റെ മുഖം, അവന്റെ പിൻഭാഗത്തെ മാർദ്ദവഭാഗത്ത് എത്രയോ തവണ ഇടിച്ചു. കാരണം, കയറ്റമായത് കൊണ്ട്, അവന്റെ പിൻഭാഗത്തെ മാർദ്ദവഭാഗവും എന്റെ മുഖവും ഏകദേശം ഒരേ ഉയരത്തിലാണ് നിലകൊണ്ടിരുന്നത്. അതിന് ശേഷം, ഇത്തിരി ഗ്യാപ്പിട്ട് മാത്രമേ അവന്റെ പിന്നിൽ ഞാൻ നടന്നിരുന്നുള്ളൂ.
കുറച്ച് പ്രയാസപ്പെട്ടാണെങ്കിലും ഏകദേശം ഉച്ചക്ക് ഒന്നരയോടടുപ്പിച്ച് ഞങ്ങൾ 'മനസാസ് ഗ്യാപ്പി'ലെ ഷെൽട്ടറിലെത്തി. കാഴ്ചയിൽ ഒരു പ്രേതഭവനം പോലെ തോന്നിക്കുന്ന, ഉരുണ്ട മരം കൊണ്ട് ഉണ്ടാക്കിയ ഒരു കെട്ടിടമായിരുന്നു അവിടെ ഉണ്ടായിരുന്നത്. ഞങ്ങളവിടെ എത്തുമ്പഴേക്കും 'ബി'യും 'സി'യും അവിടെയെത്തി, അടുത്തുള്ള സ്പ്രിങ്ങിൽ നിന്ന് വെള്ളമെടുത്ത് ഫിൽട്ടറിങ് ആരംഭിച്ചിരുന്നു. എത്തിയ ഉടനെത്തന്നെ 'ഡി' അവന്റെ പുറംസഞ്ചി ഒരു ഭാഗത്ത് ഒതുക്കി ഷെൽട്ടറിന്റെ നിരപ്പായ സ്ഥലത്ത് മലർന്ന് വീണു. കെയ്ൽ അവിടെ ഒരു മരത്തിന്റെ കീഴിലെ ബഞ്ചിലിരുന്ന് കോടമഞ്ഞിന്റെ ഉത്പാദനം ഉച്ഛസ്ഥായിയിൽ നടത്തുന്നുണ്ടായിരുന്നു.
വെള്ളം ഫിൽട്ടർ ചെയ്ത് കൊണ്ടിരിക്കുമ്പോഴാണ്, 'ഡി' കിടന്നതിന് മുകളിലായി, ഷെൽട്ടറിന്റെ മേൽക്കൂരയിൽ ഒരു നീളൻ പാമ്പിനെ 'സി' കണ്ടത്. പാമ്പെന്ന് കേട്ടതും 'ഡി' തെറിച്ചെന്ന പോലെ തൊട്ടപ്പുറത്തുള്ള ബെഞ്ചിൽ എത്തിയതും ഒരുമിച്ചായിരുന്നു. കുറച്ച് നേരത്തെ ഞങ്ങളുടെ ബഹളം കേട്ട പാമ്പ്, പൊടുന്നനെ അപ്രത്യക്ഷമായി. എല്ലാവരും വീണ്ടും ഷെൽട്ടറിൽ വന്നിരുന്ന്, കൊണ്ടുവന്ന ബ്രഡിന്റെയുള്ളിൽ ട്യൂണയും ഹമുസും സാൽമനും മറ്റുമൊക്കെയിട്ട് സാൻഡ്‌വിച്ചായി കഴിക്കാൻ ആരംഭിച്ചു.
സാൻഡ്‌വിച്ച് കഴിച്ച് കൊണ്ടിരിക്കവേയാണ് 'ഡി'യിരുന്നതിന്റെ മുകളിലായി പാമ്പ് വീണ്ടും പ്രത്യക്ഷപ്പെട്ടത്. 'ഡി'യെ പാമ്പ് വിടാത്തത് പോലെ തോന്നി. ഒന്ന് തലപൊക്കി മുകളിലോട്ട് നോക്കിയതേയുള്ളൂ, 'ഡി'യുടെ മുകളിലേക്ക്, എന്തോ വിസർജ്ജ്യങ്ങൾ പാമ്പിന്റെ വകയായി ഒരു സ്പ്രേ പോലെ വന്നു വീണു. മറ്റുള്ളവരുടെ മേലെ ഒട്ടുമേ വീഴാതെ, 'ഡി'യുടെ മാത്രം വസ്ത്രത്തിലും ബാഗിലുമൊക്കെയായി ബ്രൗൺ നിറത്തിലുള്ള വലിയ തുള്ളികൾ, എത്ര കൃത്യമായി പാമ്പ് വീഴ്ത്തി എന്നാലോചിച്ച് ഞങ്ങൾ എല്ലാവരും അതിശയിച്ചു നിന്നുപോയി !
കുറേ നേരത്തെ തുടക്കലിനും വൃത്തിയാക്കലിനും ശേഷം മാത്രമേ 'ഡി'ക്ക് ഒരുവിധം തൃപ്തി വന്നുള്ളൂ. പക്ഷേ 'ഡി' ഒഴിച്ച് ബാക്കിയെല്ലാവരും, ആദ്യമായി ഒരു പാമ്പ് വിസർജ്ജിക്കുന്നത് കണ്ട സന്തോഷത്തിലായിരുന്നു. സ്വന്തം ശരീരവും ബാഗുമൊക്കെ കിച്ചൻ ടിഷ്യു കൊണ്ട് തുടച്ച്, പാമ്പ് ദേഹത്ത് തൂറിയ ദേഷ്യത്തിൽ തുടച്ച ടിഷ്യുകൾ ഷെൽട്ടറിന്റെ മുൻവശത്തെ അടിക്കാടുകൾക്കുള്ളിലേക്ക് വലിച്ചെറിഞ്ഞപ്പോൾ, ഭാരതീയർ, മാലിന്യങ്ങൾ വികലമായി കൈകാര്യം ചെയ്യുന്ന രീതിയെക്കുറിച്ച് പ്രസംഗിച്ചുകൊണ്ട്, 'ബി' 'ഡി'യെ വഴക്ക് പറഞ്ഞു. പാമ്പിന്റെ തീട്ടം തുടച്ച കടലാസ്, പുറത്ത് കെട്ടിക്കൊണ്ട് നടക്കാൻ പറ്റില്ലെന്ന് ദേഷ്യത്തോടെ 'ഡി'യും.
പാമ്പിന്റെ വിസർജ്ജ്യം കണ്ട സന്തോഷത്തിൽ, കെയ്ൽ വീണ്ടും അവന്റെ ഒറ്റക്കുള്ള പ്രയാണം ആരംഭിച്ചു. പക്ഷേ, എന്തോ, എനിക്ക് വീണ്ടും കക്കൂസിൽ പോകാൻ തോന്നിയത്, തലേ ദിവസം ഒട്ടും കക്കൂസിൽ പോകാഞ്ഞ 'ഡി'യെ വല്ലാതെ ആകുലചിത്തനാക്കി ! മാനസാസ് ഗ്യാപ്പ് ഷെൽട്ടറും പരിസരവും ശുചിയായി സൂക്ഷിക്കാൻ കരാറെടുത്തിട്ടുള്ള കമ്പനിയുടെ ഒരു തൊഴിലാളി ആ സമയം അവിടേക്ക് കടന്നു വന്നു. അദ്ദേഹത്തോട് പാമ്പിന്റെ കാര്യം പറഞ്ഞപ്പോൾ, 'ഇത് കാടാണ്, നാട്ടിലെ വീടല്ല' എന്നായിരുന്നു നർമ്മം കലർത്തി വലിയൊരു കാര്യം അദ്ദേഹം മൊഴിഞ്ഞത്.
വിശ്രമത്തിന് ശേഷം, ഞങ്ങൾ വീണ്ടും യാത്ര തുടർന്നു. ഇനി എന്തായാലും ഏകദേശം നാലര മെയിൽ ദൂരത്തുള്ള 'വിസ്കി ഹോളോ ഷെൽട്ടർ' വരെയേ ഞങ്ങൾക്ക് പോകാൻ കഴിയുള്ളൂ എന്ന് നമുക്ക് ഉറപ്പായി. നടത്തം തുടങ്ങി അരമണിക്കൂറിനകം തന്നെ, 'ബി' മുന്നേ നടന്ന് പോയി. കുറച്ച് കഴിയുമ്പഴേക്കും 'സി'യും ഞങ്ങളെക്കാൾ മുന്നിലായി. 'ഡി'യും അവന് പിന്നിലായി ഞാനും കിതച്ച് നടക്കുകയാണ്. എനിക്ക്, മുന്നിലേക്ക് കയറി വേഗം നടന്ന്, എത്രയും പെട്ടന്ന് ഭാണ്ഡം ഇറക്കിവെക്കണമെന്നുണ്ടെങ്കിലും, കൊടുത്ത വാക്കിന് പൊന്നിന്റെ വിലകൊടുത്ത്, ഞാൻ 'ഡി'യുടെ പിന്നിലായിത്തന്നെ ഒരു നിശ്ചിത ദൂരത്തിൽ നടക്കുകയാണ്. 'ഡി'യാണെങ്കിൽ ഒരു കല്ല് കണ്ടാലോ,അല്ലെങ്കിൽ ഇരിക്കാൻ മാത്രം പാകത്തിൽ ഉയരത്തിലുള്ള മരത്തടികൾ കണ്ടാലോ ഇടക്കിടക്ക് ഇരുന്നുകളയും.
പാറയോ, മുറിഞ്ഞ മരത്തടികളോ കിട്ടിയില്ലെങ്കിൽ ഏതെങ്കിലും വലിയ മരത്തിൽ ചാരി നിൽക്കും. അതുമല്ലെങ്കിൽ ഹൈക്കിങ് പോൾ നിലത്ത് കുത്തി, സ്വന്തം തല ഹൈക്കിങ് പോളിന്റെ മേലെ നെറ്റിയിൽ കുത്തി സ്ഥാപിച്ച്, സ്വന്തം പൃഷ്ഠം പ്രത്യേക രീതിയിൽ പിന്നോട്ട് പൊക്കിപ്പിടിച്ച്, നെഞ്ചിന്റെ ഭാഗം താഴ്ത്തി, കരടി, കുണ്ടി പൊക്കി നിന്ന രൂപത്തിലങ്ങ് കുനിഞ്ഞ് നിന്നുകളയും. ഹൈക്കിങ് പോളിന്റെ മേലെ നെറ്റി കുത്തി, പൃഷ്ഠം പൊക്കി, കുനിഞ്ഞ് നിൽക്കുമ്പോൾ 'ഡി'യുണ്ടാക്കുന്ന കിതപ്പിന്റെ ഒച്ച കാരണമാകണം, മറ്റു പലരും കണ്ടെങ്കിലും, ഒരു കരടിയെയും ഞങ്ങൾ വഴിയിൽ കണ്ടില്ല. കരടിയെ കണ്ടാൽ, ഒച്ചയുണ്ടാക്കി കരടിയെത്തന്നെ നോക്കി നിൽക്കണമെന്നാണ് കാട്ടിലെ നിയമം പറയുന്നത്. അങ്ങനെ, നിന്നും ഇരുന്നും നിരങ്ങിയും, ഒടുവിൽ, ഞങ്ങൾ മലയുടെ മേൽഭാഗത്തെത്തി. ഇനി ഇറക്കമാണ്. എന്നിട്ടും 'ബി'യുടെയും 'സി'യുടെയും പൊടിപോലുമുണ്ടായിരുന്നില്ല കണ്ടുപിടിക്കാൻ. എന്നിരുന്നാലും, കാടിന്റെ വന്യതയും പച്ചപ്പും കോടമഞ്ഞ് പുതച്ച അലംകൃത മലനിരകളും കൺ കുളിർക്കേ കണ്ടുള്ള, കമ്പ്യൂട്ടർ കോഡിങ്ങിനെക്കുറിച്ച് തീർത്തും ചിന്തിക്കാതെയുമുള്ള ആ നടത്തം, മനോഹരം തന്നെയായിരുന്നു.
മല ഇറങ്ങാൻ തുടങ്ങുമ്പോഴാണ്, 'ഡി'യുടെ അടുത്ത പരാതി. 'ഇതെന്തൊരിറക്കമാണ്...' എന്നൊക്കെപ്പറഞ്ഞ് ആരെയോ പ്രാകുകയാണ്. സത്യത്തിൽ ചെങ്കുത്തായ ഇറക്കമായത് കൊണ്ടും ചരൽക്കല്ലുകൾ നിറഞ്ഞ വഴിയായത് കൊണ്ടും ഒരിടത്തും ശരിക്ക് പാദമുറപ്പിച്ച് നില്ക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. മലയുടെ അടിവാരത്തിലേക്ക് ഭാണ്ഡവുമെടുത്തുള്ള ഓട്ടം തന്നെയായിരുന്നു എന്ന് തന്നെ പറയാം.
ഈ ഓട്ടത്തിനിടക്കാണ് വേറൊരു രസകരമായ സംഭവം നടന്നത്. 'ഡി', ഒരു കുഴൽ ഘടിപ്പിച്ച പ്ലാസ്റ്റിക് ബാഗിൽ വെള്ളം നിറച്ച്, അവന്റെ ബാക്ക്പാക്കിന്റെ മേൽഭാഗത്ത് വരിഞ്ഞ് മുറുക്കി കെട്ടി വച്ചിട്ടുണ്ട്. നടക്കുന്ന നടത്തത്തിനിടയിൽ, ഓരോ പത്തടിയിലും രണ്ട് സിപ്പ് എന്ന നിലയിൽ വെള്ളം ആ സഞ്ചിയുടെ കുഴലിലൂടെ കുടിച്ച് കൊണ്ടാണ് പുള്ളിയുടെ നടത്തം. നിലയിൽ പിടുത്തം കിട്ടാതെ താഴോട്ട് ഓടുന്നതിനിടയിലാണ്, വെള്ളം നിറച്ച, കുഴൽ ഘടിപ്പിച്ച ആ സഞ്ചി, ഒരു പശു പ്രസവിക്കുന്ന ലാഘവത്തോടെ 'ഡി'യുടെ പിന്നാമ്പുറത്ത് കൂടെ താഴേക്ക് ഊർന്ന് വീണത്. എങ്ങനെയോ അടുത്തുള്ള ഒരു മരത്തിൽ പിടിച്ച് നിന്ന 'ഡി', എന്നോട്, ആ വെള്ളത്തിന്റെ സഞ്ചി വീണ്ടും അവന്റെ ബാക്ക് പാക്കിൽ കെട്ടി വെക്കാൻ പറഞ്ഞു. കുത്തി നിറച്ച ആ ബാക്ക്പാക്കിൽ, എന്തോ, ആ വെള്ളത്തിന്റെ സഞ്ചി എനിക്ക് തിരുകി വെക്കാൻ കഴിഞ്ഞില്ല. എവിടെയെങ്കിലും മര്യാദക്ക് ഒന്ന് ഇരുന്ന്, ബാക്ക് പാക്ക് ഇറക്കി വെച്ച് മാത്രമേ കാര്യം സാധിക്കുമായിരുന്നുള്ളൂ. അതുകൊണ്ട്, ബാക്ക്പാക്ക് ഇറക്കിവെക്കാൻ ഒരു സ്‌ഥലം കാണുന്നത് വരെ, ഞാനാ സഞ്ചി പിടിച്ച്, അവന്റെ പിന്നാലെ നടക്കുവാൻ, അല്ല ഓടുവാൻ തീരുമാനിച്ചു. സത്യത്തിൽ, മൂത്രാശയസംബന്ധമായി ആശുപത്രിയിലുള്ള ഒരു രോഗിയുടെ, പുറത്ത് ഘടിപ്പിച്ച മൂത്രസഞ്ചി, വേറൊരാൾ കൈയ്യിൽ പിടിച്ച് കൂടെ നടക്കുന്നതായാണ് ആ നടത്തത്തിൽ ഞാനോർത്ത് പോയത്.
ഇടക്കിടക്ക് ചെറിയ കയറ്റങ്ങളുണ്ടെങ്കിലും, ഇറങ്ങിയിട്ടും ഇറങ്ങിയിട്ടും എവിടെയുമെത്താത്തത് പോലെ ഞങ്ങൾക്ക് തോന്നി. ആ വഴി, ഒരു പട്ടിയുമായി വന്ന ഒരാളോട്, അടുത്ത ഷെൽട്ടർ എത്താറാകുമ്പോഴുള്ള ഭൂമിശാസ്ത്രം എങ്ങനെയാണെന്ന് അന്വേഷിച്ചു.അദ്ദേഹമാണ്, പറഞ്ഞത്, ഇനിയും ഏകദേശം ഒന്നര മൈലോളം നടന്നാൽ, പാറക്കെട്ടുകൾ നിറഞ്ഞ ഒരു വരണ്ട അരുവി കാണാമെന്നും അത് കഴിഞ്ഞ് ഇടത്തോട്ട് തിരിഞ്ഞാൽ ഷെൽട്ടറെത്തുമെന്നും അറിയിച്ചത്.
അങ്ങനെ ഒടുവിൽ ഏകദേശം അഞ്ചരയാവുമ്പഴേക്ക് ഞാനും 'ഡി'യും 'വിസ്കി ഹോളോ ഷെൽട്ടറി'ലെത്തി. അവിടെ എത്തുമ്പഴേക്കും കെയ്ൽ വിറകൊക്കെ ഇട്ട് 'ക്യാമ്പ് ഫയർ' ഉണ്ടാക്കാനുള്ള പരിപാടിയായിരുന്നു. എത്തിയ ഉടനെത്തന്നെ, ഞാൻ എന്റെ കൈയ്യിൽ ഉണ്ടായിരുന്ന 'ഫയർ സ്റ്റാർട്ടർ' എടുത്ത് കെയ്‌ലിന് കൊടുത്തത്, അവനെ കൂടുതൽ സന്തോഷിപ്പിച്ചു.
ഞങ്ങൾ ഭാണ്ടമൊക്കെ ഇറക്കിവച്ച് വിശ്രമിക്കുമ്പോൾ, കെയ്ൽ ഒരു ഷോർട് മാത്രം ധരിച്ച് കൊണ്ട്, തീ കായുകയായിരുന്നു. ദേഹമാസകലം പച്ചകുത്തിയ അവന്റെ ഷോർട്ട്സിന്റെ ഉൾഭാഗത്തെ തൊലികളിലും പച്ചകുത്തിക്കാണുമോ എന്ന് ഞാനൊരു നിമിഷം ശങ്കിച്ചു. മൂക്ക് കുത്തിയിരിക്കുന്ന അവന്റെ മൂക്ക് കണ്ടപ്പോൾ, പണ്ട് എന്റെ വീട്ടിലുണ്ടായിരുന്ന വെള്ളച്ചിപ്പശുവിനെ എനിക്കോർമ്മ വന്നു.
നല്ലരീതിയിൽ പുതുക്കിപ്പണിഞ്ഞ ഒരു ഷെൽട്ടറായിരുന്നു 'വിസ്കി ഹോളോ ഷെൽട്ടർ'. ഏകദേശം പത്ത് പേർക്ക് താഴെയും മുകളിലുമായി കിടക്കാം. വിശാലമായ, ബെഞ്ചും ഡസ്കുമുള്ള പോർച്ചും, കുറച്ച് ദൂരെ 'പ്രിവി ടോയ്‌ലറ്റു'മുണ്ട്. അടുത്ത് തന്നെ ഉണ്ടായിരുന്ന സ്പ്രിങ്ങിൽ നിന്ന് 'ബി'യും സി'യും ഇതിനകം തന്നെ വെള്ളം എടുത്ത് കൊണ്ട് വന്ന് ടാബ്‌ലറ്റുകളിട്ട് ട്രീറ്റ് ചെയ്ത് ഫിൽട്ടർ ചെയ്ത് വച്ചിട്ടുണ്ട്.
ആനിയമ്മയെ ആ ഷെൽട്ടറിൽ കാണാഞ്ഞത് ഞങ്ങളെ അത്ഭുതപ്പെടുത്തി. കാരണം, അവിടെ നിന്ന് ഇനിയും ഒൻപത് മൈലുകൾ കൂടി നടന്നാലേ അടുത്തുള്ള ഷെൽട്ടറായ 'റോഡ് ഹൊള്ളോ' ഷെൽട്ടറിലെത്തുകയുള്ളൂ. എന്ന് വച്ചാൽ ആനി ഏകദേശം പത്തൊൻപത് മൈലുകളോളം വൈകുന്നേരമാവുമ്പഴേക്കും നടന്നാലേ അവിടേക്ക് എത്തുകയുള്ളൂ. ആ പ്രായത്തിൽ ഇത്തരം ദുർഘട സാഹചര്യത്തിൽ ഇത്രയും ദൂരം നടക്കുക എന്നത് എല്ലാവരെയും ഒന്ന് പോലെ അതിശയിപ്പിക്കുകയും ചിന്തിപ്പിക്കുകയും, ഒപ്പം നാണിപ്പിക്കുകയും ചെയ്തു.
എന്തായാലും, തലേന്ന് എടുത്ത് ബാക്കിയുണ്ടായിരുന്ന സൂപ്പ് പൗഡറിന്റെ പാക്കറ്റ് വീണ്ടും പുറത്തെടുത്ത്, നല്ല ചൂടുള്ള സൂപ്പ് ഉണ്ടാക്കാനുള്ള തയ്യാറെടുപ്പുകൾ ഞാനാരംഭിച്ചു.
സൂപ്പ് ഉണ്ടാക്കി, കുറച്ച്, കെയ്‌ലിനും കൊടുത്ത് സിപ്പ് ചെയ്തുകൊണ്ടിരിക്കുമ്പോഴാണ്, മെലിഞ്ഞ് നീണ്ട ഒരു ഫ്രീക്കൻ സ്റ്റൈലിലുള്ള ഒരു യുവാവ് നടന്ന് ഷെൽട്ടറിലേക്ക് കയറിയത്. ഷട്ടർ എന്ന് പേരുള്ള ഫ്ളോറിഡക്കാരനാണ് അവൻ. ഉണ്ടായിരുന്ന ജോലി ശമ്പളം കുറവായത് കൊണ്ട് രാജി വച്ചാണ്, പുള്ളി മലകയറ്റം തുടങ്ങിയത്. അപ്പലാച്ചിയൻ ട്രെയിൽ മുഴുവൻ ഹൈക് ചെയാനുള്ള പരിപാടിയായിട്ടാണ് ഷട്ടറിന്റെ വരവ്. ഇരുപത്തെട്ട് ദിവസങ്ങൾക്കിടയിൽ ഏകദേശം, ആയിരത്തോളം മൈൽ ഇതിനകം താണ്ടിക്കഴിഞ്ഞിരിക്കുന്നു. ഇനിയും ആയിരത്തിന് മുകളിൽ മൈലുകൾ താണ്ടാൻ ബാക്കിയാണ്. ഞങ്ങളെപ്പോലെ വടക്കോട്ടേക്ക് തന്നെയാണ് ഷട്ടറിന്റെയും നടത്തം. കെയ്ൽ മൂന്നും ആനി ആറും കരടികളെയാണ് യാത്രയിൽ കണ്ടതെങ്കിൽ, അവൻ ഇരുപത്തിയേഴ് കരടികളെ ഇതിനകം തന്നെ കണ്ടിരിക്കുന്നത്രേ!
ഷട്ടറും വളരെ ചെറിയ തോതിലുള്ള അത്താഴം മാത്രമാണ് കഴിച്ചത്. പക്ഷെ, ഞങ്ങൾക്കത് പറ്റില്ലലോ. ഞങ്ങൾ വീണ്ടും ഞങ്ങളുടെ സമൃദ്ധമായ പാർട്ടിയുടെ തയ്യാറെടുപ്പുകൾ തുടങ്ങി. കൊണ്ടുവന്ന മത്തിയുടെ എല്ലാ ടിന്നുകളും ഞാനെടുത്ത് പുറത്തിട്ടു. രണ്ട് കൂട്ടം ഇൻസ്റ്റന്റ് റൈസ് പാക്കറ്റും പുറത്തെടുത്തു. ഇൻസ്റ്റന്റ് റൈസിന്റെ കൂടെ മത്തിയുമിട്ട്, മീൻ ബിരിയാണി എന്ന പേരിൽ ഞങ്ങൾ എല്ലാവരും കഴിച്ചു. കൂട്ടത്തിൽ 'ഡി'യുണ്ടാക്കിയ ജാപ്പനീസ് റൈസും ഉണ്ടായിരുന്നു. പരീക്ഷണമായിരുന്നെങ്കിലും, മത്തി ബിരിയാണി എല്ലാവർക്കും വളരെ രുചിച്ചത്, അത്, വീട്ടിലും പരീക്ഷിക്കാമെന്ന ആത്മവിശ്വാസം എനിക്കുണ്ടാക്കി.
ഭക്ഷണം തയാറായി വരുന്നതിനിടയിലാണ്, ഏകദേശം അറുപത് വയസ്സിന് മുകളിൽ പ്രായം തോന്നിക്കുന്ന വേറൊരാൾ കൂടി ഷെൽട്ടറിലേക്ക് നടന്ന് കയറിയത്. അദ്ദേഹവും കൂടി വന്നപ്പോൾ, പ്രത്യേകിച്ച് ഈ കോവിഡ് സാഹചര്യത്തിൽ, ഇടകലർന്ന് കിടക്കേണ്ടിവരുമല്ലോ എന്ന ആശങ്കയായി ഞങ്ങൾക്ക്. പക്ഷെ, അദ്ദേഹം ഞങ്ങളെക്കാൾ prepared ആയിരുന്നു. ഞങ്ങളുടെ ബാഹുല്യവും ബഹളവും കണ്ട അദ്ദേഹം, ഷെൽട്ടറിന്റെ ഉള്ളിൽ കിടക്കുന്നില്ലെന്ന് പ്രഖ്യാപിച്ചു, പകരം, അദ്ദേഹം, രണ്ട് മരങ്ങൾക്കിടയിൽ,ഒരു 'ഹമ്മോക്ക്' കെട്ടി, അതിൽ കിടന്നോളാമെന്ന് പറഞ്ഞു.
ഭക്ഷണമൊക്കെ കഴിഞ്ഞതിന് ശേഷം, എല്ലാവരും പിറ്റേന്ന് മാറിയുടുക്കേണ്ട വസ്ത്രങ്ങളുമെടുത്ത് സ്പ്രിങ്ങിനടുത്തേക്ക് നടന്നു. കുളിച്ചില്ലെങ്കിലും ദേഹമൊന്ന് തുടച്ച്, വിയർത്തൊട്ടിയ വസ്ത്രങ്ങൾ മാറിയിടാമല്ലോ. ഇരുട്ടിയിരുന്നെങ്കിലും എല്ലാവരും ഹെഡ് ലൈറ്റൊക്കെ ഫിറ്റ് ചെയ്ത് ജാഥയായിട്ടായിരുന്നു നടത്തം.
വിശാലമായ പാറക്കൂട്ടങ്ങൾ കൊണ്ട് അലംകൃതമായ സ്പ്രിങ്ങിലെത്തിയപ്പോൾ വല്ലാത്തൊരു സുഖം അനുഭവപ്പെട്ടു. അപ്പോഴാണ് 'സി'ക്ക് അവന്റെ ആമാശയത്തിന് താഴെ ന്യൂനമർദ്ദം അനുഭവപ്പെട്ടത്. അവനൊരു കമ്പനി കൊടുക്കാൻ ഞാനും തയ്യാറായി. ഒരു ദിവസം മൂന്ന് നേരം മർദ്ദനിവാരണം നടത്തുന്ന എന്നെക്കണ്ട്, 'ഡി' അവന്റെ മർദ്ദസഞ്ചി പതുക്കെ പുറത്ത് നിന്ന് തടവി. ആ ഇരുട്ടിൽ എത്ര പരതിയിട്ടും പാറകൾ വിട്ടൊരു സ്ഥലം കണ്ടു പിടിക്കാൻ കഴിഞ്ഞില്ല. ആറിഞ്ച് കുഴിച്ചിട്ട് വേണമല്ലോ കാര്യം സാധിക്കാൻ! ഒടുവിൽ സ്പ്രിങ്ങിൽ നിന്ന് കുറച്ച് ദൂരെ പാറപ്പുറത്താണെങ്കിലും കുഴിച്ചെന്ന് വരുത്തി, കാര്യം സാധിച്ച്, കുറച്ച് മണ്ണ് മുകളിലിട്ട്, ഞങ്ങൾ തിരിച്ച് പോന്നു.
തിരിച്ച് വന്ന് ദേഹം വൃത്തിയാക്കാനുള്ള ഉദ്യമങ്ങൾ ആരംഭിച്ചു. കുളിക്കാനൊന്നുമുള്ള വെള്ളംഉണ്ടായിരുന്നില്ലെങ്കിലും, കൈ കൊണ്ട് കോരി ദേഹം തുടക്കാൻ പറ്റും. രാത്രിയായതിനാൽ ശരീരത്തിനോ കണ്ണുകൾക്കോ മറ കെട്ടേണ്ട ആവശ്യവും ഉണ്ടായിരുന്നില്ല!
ദേഹം തുടക്കലും വസ്ത്രം മാറലുമൊക്കെ കഴിഞ്ഞ്, കുറച്ച് നേരം പാറപ്പുറത്തിരുന്ന് കിസ്സ പറഞ്ഞിരിക്കുമ്പോഴാണ്, പണ്ടെന്നോ, ഇതുപോലെ ഒരു പാറപ്പുറത്തിരുന്ന്, ശിവമൂലിയുടെ സ്വർഗ്ഗീയാനുഭൂതിയിൽ തെങ്ങിൻതോപ്പിലൂടെ ഒരു പക്ഷിയെപ്പോലെ പറന്നത് ഓർമ്മ വന്നത്. അന്ന് പറക്കുന്ന സമയത്ത്, ഒരു തെങ്ങിന് പോയി തല എന്റെ തല ഇടിച്ചതും താഴെ വീണ എന്റെ തലയിൽ നിന്ന് ചോരവാർന്ന് എനിക്ക് ബോധം നഷ്ടപ്പെട്ടതും ഒരുമിന്നലിന്റെ വേഗത്തിൽ എന്റെ മനസ്സിലൂടെ കടന്നുപോയി. ബോധം തിരിച്ച് കിട്ടിയ സമയത്താണ് എന്റെ തലയിൽ ചോര ഇല്ലെന്ന് മനസ്സിലായത്. എന്തായാലും ഇത്തവണ, ശാന്തമായ ഒരു അന്തരീക്ഷത്തിൽ പാറപ്പുറത്ത് വീണ്ടും ഇരുന്നപ്പോൾ, ശിവമൂലിയുടെ അഭാവം തീർച്ചയായും വീണ്ടും എനിക്ക് അനുഭവപ്പെട്ടു.
തിരിച്ച് ഷെൽട്ടറിലെത്തുമ്പഴേക്കും കെയ്‌ലും ഷട്ടറും അവരുടെ കണ്ണുകൾക്ക് ഷട്ടറിട്ടിരുന്നു. വൈകിയെത്തിയ വയോധികൻ, അദ്ധേഹത്തിന്റെ ഹമ്മോക്കിൽ, ഷെൽട്ടറിന്റെ പിന്നിൽ രണ്ട് മരങ്ങൾക്കിടയിലായി തൂങ്ങിക്കിടപ്പുണ്ട്. ഒട്ടും വൈകാതെ തന്നെ ഞങ്ങളും, മറ്റുള്ളവർക്ക് ശല്യമുണ്ടാകാക്കാത്ത രീതിയിൽ, ഓരോരുത്തരുടെ ഉറക്ക സഞ്ചിയിലേക്ക് ഊളിയിട്ടു. എന്തു കൊണ്ടോ, ആ രാത്രി, ഞാൻ നന്നായി ഉറങ്ങി.
പിറ്റേന്ന്, കാലത്ത് അഞ്ചരക്ക് തന്നെ നമ്മുടെ 'സി', പതിവ് പോലെ നേരത്തെ എഴുന്നേറ്റ് കാപ്പിയുണ്ടാക്കി. തുടർന്ന് ഫയർപ്ലേസിന്റെ അടുത്തുള്ള ബെഞ്ചിലിരുന്ന്, അവന്റെ പ്രഭാതയോഗാക്രിയകൾ ആരംഭിച്ചു. ക്രിയയുടെ മൂർദ്ധന്യത്തിൽ, മരം ഈരുന്ന പരുവത്തിലുള്ള ശബ്ദം കേട്ടാണ്, ഷട്ടറിന്റെ കണ്ണിന്റെ ഷട്ടർ തുറന്നത്. കെയ്‌ലിന് ഈ സംഭവം ഒരു ദിവസം മുന്നിലേ പരിചയമുള്ളതായിരുന്നത് കൊണ്ട്, അവന് ഭാവഭേദങ്ങളൊന്നും ഉണ്ടായിരുന്നില്ല.
"are you okay.. " എന്ന് ഷട്ടർ ചോദിച്ചെങ്കിലും ക്രിയയിൽ മുഴുകിയ 'സി', അതിന് ഉത്തരമൊന്നും നൽകിയില്ല. ക്രിയ തീരുമ്പഴേക്കും, ഹാമോക്കൊക്കെ മടക്കി, നമ്മുടെ വയോധികൻ ഫയർ പ്ളേസിനടുത്തുള്ള പാർക് ബെഞ്ചിൽ എത്തിയിരുന്നു. 'സി' അദ്ദേഹവുമായി കുശലം ആരംഭിച്ച സമയത്ത്, ഞങ്ങൾ ഓരോരുത്തരായി എഴുന്നേറ്റ് പ്രഭാതക്രിയകളുടെ തിരക്കുകളിൽ മുഴുകി.
ഇത്തവണ, ഞാൻ ഷവലുമെടുത്ത് ആറിഞ്ച് കുഴിച്ച് തന്നെ കാര്യം സാധിച്ചു. കഴിഞ്ഞ ദിവസത്തെ ആക്രമണം മനസ്സിലുള്ളതിനാൽ, പഴയ ഒരു കുഴിയും തോണ്ടാൻ പോയില്ല. തിരിച്ച് വരുമ്പോൾ, 'സി'യുടെയും വയോധികന്റെയും സംസാരം തീർന്നിട്ടുണ്ടായിരുന്നില്ല.
'ഷോൺ എന്നാണ് അദ്ദേഹത്തിന്റെ പേര്. അദ്ദേഹം വടക്ക് നിന്ന് തെക്കോട്ടേക്കാണ് പോകുന്നത്. കണ്ടാൽ ആരോഗ്യം തോന്നിക്കുന്ന അദ്ദേഹത്തിന് അറുപത്തഞ്ച് വയസ്സ് പ്രായമുണ്ട്. ഏകദേശം എണ്ണൂറ്റമ്പതോളം മൈലുകൾ ഇതിനകം താണ്ടിക്കഴിഞ്ഞിരിക്കുന്നു. ഇനിയും അതിനേക്കാൾ താണ്ടാൻ ബാക്കി.
എന്തോ കാര്യം പറഞ്ഞുകൊണ്ടിരിക്കുമ്പോഴാണ്, 'സി', സ്വയമൊരു ഡയബറ്റിക് ആണെന്ന് ഷോണിനോട് പറഞ്ഞത്. അത് കേട്ട് ഷോൺ ഉച്ചത്തിൽ കുറേ നേരം പൊട്ടിപ്പൊട്ടി ചിരിച്ചു. ചിരി നിന്നപ്പോൾ, ഷോൺ തുടർന്നു:
"ഞാനൊരു ബ്ലഡ് കാൻസർ രോഗിയാണ്. ഒരു പത്ത് വർഷത്തിനുള്ളിൽ ഇത് പൂർണ്ണമായ ലുക്കേമിയ ആയി മാറും. പോരാത്തതിന്, എന്റെ വൃക്കകൾ അറുപത് ശതമാനത്തിൽ താഴെ മാത്രമേ പ്രവർത്തിക്കുന്നുള്ളൂ... അതുകൊണ്ട് നീ ഡയബറ്റിക് ആണെന്നുള്ളത് കൊണ്ട് പേടിക്കേണ്ട ഒരു കാര്യവുമില്ല..."
ഈ ഡയലോഗ് കേട്ട ഞങ്ങൾ കുറച്ച് നേരത്തേക്ക്അദ്ദേഹത്തിന്റെ അപാരമായ ആത്മവിശ്വാസത്തെ സ്തുതിച്ചു.
"കമോൺ ഗയ്‌സ്... നിങ്ങളെന്തിനാണ് ...പേടിക്കുന്നത്... എനിക്ക് എന്നെക്കുറിച്ച് ഒരു പേടിയുമില്ല... കാരണം എനിക്ക് സയൻസിനെയും നിങ്ങളെപ്പോലുള്ള ചെറുപ്പക്കാരെയും വലിയ വിശ്വാസമാണ്... എനിക്കുറപ്പുണ്ട്... എന്റെ രോഗം മൂർച്ഛിക്കുന്നതിന് മുന്നേ തന്നെ ശാസ്ത്രലോകം, എന്റെ രോഗത്തിന് മരുന്ന് കണ്ടുപിടിച്ചിരിക്കും..."
അദ്ദേഹത്തിന്റെ ആത്മവിശ്വാസവും ധൈര്യവും ഞങ്ങളെ വല്ലാതങ്ങ് അതിശയിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു. ഇങ്ങനെയും ആളുകൾ ലോകത്തുണ്ടല്ലോ എന്നത്, പുതുതലമുറകളുടെ ചിന്തകളെ ശരിയായ പാതയിലൂടെ നയിക്കാൻ പ്രേരകമാണെന്നത് ഞങ്ങളെ ആശ്വസിപ്പിച്ചു.
ഞങ്ങളുടെ, പ്രാതൽ തയ്യാറാക്കുമ്പഴേക്കും ഷട്ടർ പുറപ്പെടാൻ തയ്യാറായിരുന്നു. ഞങ്ങളോട് യാത്രയൊക്കെപ്പറഞ്ഞ്, അവന് good luck ഒക്കെ നേർന്ന്, ഷട്ടർ യാത്ര തിരിച്ചു. അദ്ദേഹത്തിന്റെ പിന്നിലായിത്തന്നെ, അഞ്ച് മിനുട്ടിനുള്ളിൽ ഷോണും എതിർ വശത്തേക്ക് അദ്ദേഹത്തിൻറെ യാത്ര തുടർന്നു.
മൂന്ന് ദിവസമായി ഞങ്ങളുടെ കൂടെയുള്ള കെയ്‌ലും യാത്രക്കൊരുങ്ങുകയാണ്. ഞങ്ങൾ അദ്ദേഹത്തിന്റെ കൂടെ ഒരു സെൽഫി എടുത്തു. കൂട്ടിത്തൊടാതെ, വായുവിൽ കൈകൊണ്ട് കൂട്ടിമുട്ടി, സൗഹൃദം തുടരാൻ, ഇമെയിൽ വാങ്ങിയ ശേഷം, കെയ്‌ലും യാത്രയായി.
കുറച്ച് നേരത്തെ തയാറെടുപ്പിന് ശേഷം ഞങ്ങളും ഞങ്ങളുടെ ഈ ട്രിപ്പിലെ അവസാനദിവസത്തെ യാത്രക്ക് ആരംഭം കുറിച്ചു. ഇറങ്ങുന്നതിന് മുന്നേ, വിസ്കി ഹൊള്ളോ ഷെൽട്ടറിന്റെ മുന്നിൽ നിന്ന്, വിസ്കിയല്ലെങ്കിലും KAHLUA Coffee Rum ന്റെ ഓരോ Peg Bottles പൊട്ടിച്ച് കുടിച്ച്, ഞങ്ങൾ ഞങ്ങളുടെ കൂട്ടായ്മ ഊട്ടിയുറപ്പിച്ചത് പോലെ അഭിനയിച്ചു. അഭിനയിച്ചു എന്ന് പറഞ്ഞത് കൊണ്ട് തെറ്റിദ്ധരിക്കരുത്, കാരണം, ഞാനും 'ബി'യും കുപ്പികൾ പൊട്ടിച്ച് കുടിച്ചെങ്കിലും 'സി'യും 'ഡി'യും advil അതിനകം തന്നെ ഉള്ളിൽ ചെന്നിരുന്നതിനാൽ, അതിന്റെ മേലെ ആൽക്കഹോൾ കഴിക്കാൻ മടിച്ചത് കൊണ്ട് കഴിച്ചില്ല. എന്നാലും, ഞാനും 'ബി'യും കുടിക്കുന്ന സമയത്ത്, അവരും കുടിക്കുന്നത് പോലെ (മേൽചിത്രത്തിൽ കാണുന്നത് പോലെ) അഭിനയിച്ചിരുന്നു.
ഏകദേശം അഞ്ച് മൈൽ നടന്നാൽ, ഞങ്ങളുടെ വീടിനടുത്ത് കൂടി പോകുന്ന റൂട്ട് 50 ക്കടുത്തുള്ള 'ആഷ്‌ബി ഗ്യാപ്പി'ൽ എത്തിച്ചേരാം. ഞങ്ങളുടെ വീട്ടിൽ നിന്ന് 24 മൈലുകളോളം ദൂരമുണ്ട് ആഷ്‌ബി ഗ്യാപ്പിലേക്ക്. ആഷ്‌ബി ഗ്യാപ്പിൽ യാത്ര അവസാനിപ്പിക്കാം എന്നാണ് ഞങ്ങളുടെ തീരുമാനം. കാരണം, ആഷ്‌ബി ഗ്യാപ്പ് കഴിഞ്ഞാൽ പന്ത്രണ്ട് മൈലുകളോളം ഒരു റോളർ കോസ്റ്റർ പോലെ, ട്രെയിൽ ദുർഘടമാണ്. അതുകൊണ്ട് തന്നെ, അവസാനദിവസത്തെ യാത്രയിൽ അത്രയും ദൂരം ഞങ്ങളുടെ അവസ്ഥയിൽ താണ്ടാൻ പറ്റുമായിരുന്നില്ല.
അവസാനദിവസത്തെ യാത്രയിൽ, എന്തോ കുറച്ച് നേരത്തേക്ക് ഞങ്ങൾക്ക് ഞങ്ങളുടെ വഴി പിഴച്ചു. 'സ്‌കൈ മീഡോസ് സ്റ്റേറ്റ് പാർക്ക്' എത്തുന്നതിന് മുന്നേ, അറിയാതെ വേറൊരു വഴിയിലൂടെ കുറച്ച് നേരം നടന്നത് ഞങ്ങൾ പെട്ടന്ന് തിരിച്ചറിഞ്ഞത് കൊണ്ട്, വലിയ കുഴപ്പമുണ്ടായില്ല. വേണ്ടാതെ ഒരു മൈലിനടുത്ത് എക്സ്ട്രാ നടക്കേണ്ടിവന്നതിനെ ശപിച്ച്, പിറുപിറുത്ത് കൊണ്ടായിരുന്നു 'ഡി' നടത്തം തുടർന്നത്.
പൊടുന്നനെ FCI ഗോഡൗണിൽ നിന്ന് ചാക്കിന്റെ അട്ടികൾ താഴേക്ക് വീഴുന്നത് പോലുള്ള തരം ഒച്ച കേട്ടാണ് ഞങ്ങൾ തല ഉയർത്തി നോക്കിയത്. നോക്കിയപ്പോൾ 'ഒരു വല്യ ബാഗ്, ഒരു വലിയ പുൽക്കൂട്ടത്തിൽ വീണുകിടക്കുന്നതാണ് ആദ്യം കണ്ടത്. സൂക്ഷിച്ച് നോക്കിയപ്പോൾ, 'ഡി' ആ ബാഗിനടിയിൽ കമഴ്ന്ന് കിടപ്പുണ്ടായിരുന്നു. ഉടനെത്തന്നെ ഞങ്ങളവനെ പിച്ചെഴുന്നേല്പിച്ചു. പിറുപിറുക്കലിനിടയിൽ കണ്ണ് കാണാൻ വയ്യാഞ്ഞിട്ടാണോ എന്തോ, പുല്ലിനിടയിൽ ഒളിഞ്ഞു കിടന്ന ഒരു വേരിന്റെ ഉള്ളിൽ കാല് കുടുങ്ങി സ്വന്തം നെഞ്ചടിച്ച് വീണതാണ് പുള്ളി. നെഞ്ചിൽ കാര്യമായി മാംസളത ഉണ്ടായിരുന്നത് കൊണ്ട്, പുല്ലിനോ അവന്റെ നെഞ്ചിനോ കാര്യമായ പരുക്കുകൾ പറ്റിയിരുന്നില്ല. എന്റെ കാല്മുട്ടുകളിലുണ്ടായിരുന്ന രണ്ട് knee pad കളിൽ ഒരെണ്ണം അവന്റെ ഒരു കാൽമുട്ടിൽ കെട്ടിവച്ചിരുന്നതിനാൽ, അവന്റെ കാൽമുട്ടും വലിയൊരു ആഘാതത്തിൽ നിന്ന് രക്ഷപ്പെട്ടു.
ആഷ്‌ബി ഗ്യാപ്പിൽ നിന്ന് ആരെങ്കിലും വന്നുകൂട്ടുകയോ, അല്ലെങ്കിൽ ഊബർ പിടിക്കുകയോ ചെയ്യണം, വീടെത്താൻ. തിരിച്ച് കൊണ്ടുപോകാമെന്ന് നേരത്തെ വാഗ്ദാനം തന്ന സുഹൃത്തിന് 'സി' അവന്റെ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ്, അവന്റെ സഹധർമ്മിണി മുഖേന ഇതിനകം തന്നെ അയച്ചുകൊടുത്തിരുന്നു. അതിന് ശേഷവും അവനെ വിളിച്ചപ്പോൾ, മറുപടി കാണാഞ്ഞത് കൊണ്ട് ഊബർ തന്നെ ശരണം എന്ന് ഞങ്ങൾ ഉറപ്പിച്ചു.
ഉച്ചക്ക് ഒരുമണിയായപ്പോൾ തന്നെ, ഞങ്ങൾ ആഷ്‌ബി ഗ്യാപ്പിലെത്തിച്ചേർന്നു. 40 മൈൽ താണ്ടാനുള്ള പ്ലാൻ A യും, 46 മൈൽ താണ്ടാനുള്ള പ്ലാൻ B യും നടക്കാതെ, നമ്മൾ ആരും വിചാരിക്കാതിരുന്ന പ്ലാൻ C യാണ് ഒടുവിൽ നടന്നത്. പക്ഷേ അദൃശ്യമായ പ്ലാൻ C മാത്രമേ നടക്കുള്ളൂ എന്ന് നമ്മുടെ 'ഡി'ക്ക് മുന്നേ ഒരു ഉൾവിളി ഉണ്ടായിരുന്നു എന്നറിഞ്ഞത് വളരെവൈകിയാണ്! പോരാത്തതിന്, വീടിനടുത്തുള്ള റൂട്ട് 50 കണ്ടപ്പോൾ, കൂടുതൽ തളർന്നതായി 'ഡി'ക്ക് തോന്നുകയും ചെയ്‌തെന്ന് ഞങ്ങൾക്ക് തോന്നി!!
ഭാഗ്യവശാൽ, ഞങ്ങളയച്ച വാട്സ്ആപ് സന്ദേശം കിട്ടിയ മുറക്ക്, നമ്മുടെ സുഹൃത്ത്, ഞങ്ങളെ കൂട്ടിക്കൊണ്ട് പോകാൻ, കൃത്യസമയത്ത് തന്നെ ആഷ്‌ബി ഗ്യാപ്പിലെത്തിയിരുന്നു. ആർക്കും ഒന്നും തോന്നാതിരിക്കാൻ, മാസ്കോക്കെ ഇട്ടിട്ടായിരുന്നു ഞങ്ങൾ സുഹൃത്തിന്റെ കാറിൽ കയറിയത്. എന്തായാലും അവൻ സന്മനസ്സ് കാണിച്ച് വന്നത് കൊണ്ട്, ഒട്ടും കാത്തിരിപ്പില്ലാതെ തന്നെ ഉച്ചക്ക് ഒന്നരയാവുമ്പഴേക്കും ഞങ്ങൾക്ക്, ഞങ്ങളുടെ വീട് വീണ്ടും കാണാൻ പറ്റി. എന്റെയും 'ഡി' യുടെയും കാലുകളിലെ നടുവിരലിന്റെ നഖം, ചുവന്ന നെയിൽ പോളിഷ് ഇട്ടത് പോലെ, രക്തധമനികൾ പൊട്ടി ചുവന്നിരുന്നത് കുറച്ച് ദിവസത്തേക്കെങ്കിലും നമ്മുടെ യാത്രയുടെ അടയാളമായി അവശേഷിച്ചു.
എന്തായാലും ഈ മൂന്ന് ദിവസത്തെ അപ്പലാച്ചിയൻ ട്രെയിൽ യാത്ര ഞങ്ങൾക്ക് സമ്മാനിച്ചത് ആത്മവിശ്വാസവും അനുഭവങ്ങളും അറിവുകളും ക്രിയാത്മകചിന്തകളുമായിരുന്നു. ഒരു ഹൈക്കിങ് & ക്യാംപിങ് ട്രിപ്പിന്, എങ്ങനെ ശരിയായ രീതിയിൽ ഒരുങ്ങാമെന്നത്, ആദ്യ ഉദ്യമത്തിൽ തന്നെ മനസ്സിലാക്കാൻ പറ്റിയത് വേറൊരു സന്തോഷമായിരുന്നു.
സ്വന്തം തൂക്കത്തിൽ നിന്ന് മൂന്ന് ദിവസം കൊണ്ട് ഏഴ് പൗണ്ടോളം നഷ്ടപ്പെട്ട സന്തോഷത്തിൽ, ആഷ്‌ബി ഗ്യാപ്പിൽ നിന്ന് റോളർ കോസ്റ്റർ താണ്ടി ഉടനെത്തന്നെ വീണ്ടുമൊരു ഏഴ് പൗണ്ട് കുറക്കാനുള്ള പരിപാടിയുടെ ആസൂത്രണത്തിൽ സാകൂതം മുഴുകിയിരിക്കുകയാണ്, ഇപ്പോൾ നമ്മുടെ 'ഡി' ! അതെ, നാട്ടാനകൾ വീണ്ടും കാട് കയറാനൊരുങ്ങുകയാണ്. കൂട്ടത്തിൽ ചില പുതിയ ആനകളെയും കണ്ടെന്നിരിക്കും !!
വാലറ്റം: നമ്മൾ പരിചയപ്പെട്ട കവിയായ മിസ്റ്റർ കെയ്ൽ സ്റ്റാമ്പ്, ഏതോ ഒരു മയക്ക് മരുന്ന് കേസിൽ ശിക്ഷിക്കപ്പെട്ടതാണെന്ന്, യാത്രാനന്തരമുള്ള തുടരന്വേഷണത്തിൽ 'സി' കണ്ടെത്തി. ചിലപ്പോൾ ഒരു രസത്തിന് കഞ്ചാവടിച്ചപ്പോൾ പിടിക്കപ്പെട്ടതാകാം, അല്ലെങ്കിൽ മയക്ക് മരുന്ന് കടത്തിന് പിടിക്കപ്പെട്ടതുമാവാം. ഒരുപക്ഷേ, അതിൽ നിന്നൊക്കെ മുക്തനാവാനായിരിക്കാം അവൻ ഇത്തരമൊരു യാത്ര നടത്തുന്നത്. എന്നിരുന്നാലും, ഇത്തരം യാത്രകളിൽ, നമ്മൾ കൂടുതൽ ജാഗരൂകരാകേണ്ടതുണ്ടെന്നുളത് ഈ സംഭവം നമ്മെ ഓർമ്മപ്പെടുത്തുന്നു.
***