2020 ഓഗസ്റ്റ് 1, ശനിയാഴ്‌ച

ഓണവും നാടോടിക്കഥകളും


ഓണവുമായി ബന്ധപ്പെട്ട് ഒത്തിരി നാടോടിക്കഥകളും നാടോടിവേഷങ്ങളും ആചാരങ്ങളും കേരളത്തിലങ്ങോളമിങ്ങോളം നിലനിൽക്കുന്നുണ്ട്. അതിൽ പലതും കാലത്തിന്റെ കോലപ്പകർച്ചയിൽ മാറ്റങ്ങൾ വരികയോ തീർത്തും ഇല്ലാതാവുകയോ ചെയ്തിട്ടുണ്ട്. അത്തരത്തിലുള്ള ചില ഓണക്കാല ആചാരങ്ങളെക്കുറിച്ചും അതിന്റെ പിന്നാമ്പുറ കഥകളെക്കുറിച്ചും അറിയാൻ നിങ്ങൾക്ക് താല്പര്യമുണ്ടാവില്ലേ... അവയിൽ ചില രസകരമായ കഥകളെക്കുറിച്ച്:

ഓണപ്പൊട്ടൻ
------------------------
ഓണക്കാലത്ത്, കോഴിക്കോട് മുതൽ വടക്കോട്ടുള്ള മലബാർ പ്രദേശങ്ങളിൽ മാത്രം കണ്ടുവരുന്ന ഒരു കാഴ്ചയാണ് ഓണപ്പൊട്ടൻ. ഒറ്റ നോട്ടത്തിൽ കണ്ടാൽ ഒരു തെയ്യക്കോലം പോലെ തോന്നുന്ന ഒരു വേഷവിധാനമാണ് ഓണപ്പൊട്ടന്റേത്. പക്ഷേ ഒരു സാധാരണ തെയ്യക്കോലത്തിന്റെ സങ്കീർണ്ണതകളൊന്നും ഓണപ്പൊട്ടന്റെ വേഷത്തിനില്ല. ചുവന്ന തുണി കെട്ടിയ വാഴനാര് കൊണ്ട് മെടഞ്ഞുണ്ടാക്കിയ ഒരു കിരീടവും മരത്തിന്റെ ഉരുപ്പടികൾ കൊണ്ടുണ്ടാക്കിയ കൈത്തളകളും വളകളും ഓലക്കുടയും പിന്നെ കൈതനാരോ വാഴനാരോ കൊണ്ടുള്ള നീളൻ മുടിയും താടിയും കൂടെയൊരു മണിയുമാണ് ഓണപ്പൊട്ടന്റെ വേഷം.

ഓണപ്പൊട്ടൻ എന്ന വാക്ക് കേൾക്കുമ്പോൾ നിങ്ങൾക്ക് ഒരു കൗതുകം തോന്നുന്നുണ്ടോ? ഓണവും പൊട്ടനും തമ്മിൽ എന്താ ബന്ധം എന്ന് നിങ്ങളിൽ ചിലരെങ്കിലും തെറ്റിദ്ധരിച്ച് കാണും അല്ലേ... പറയാം...

ഓണപ്പൊട്ടൻ എന്നത് മഹാബലി തന്നെയാണെന്നാണ് സങ്കൽപം. പക്ഷേ ഈ മഹാബലി സംസാരിക്കില്ല. അതിനൊരു കാരണമുണ്ട്. വാമനനായി മാറിയ വിഷ്ണുവിന്റെ പൂഴിക്കടകൻ പ്രയോഗത്തിലൂടെയാണല്ലോ മഹാബലിക്ക് സാമ്രാജ്യം നഷ്ടപ്പെട്ടതും, പാതാളത്തിലേക്ക് പോകേണ്ടി വന്നതും... പാതാളത്തിലേക്ക് പോകുന്നതിന് മുന്നേ, സ്വന്തം രാജ്യത്തെയും പ്രജകളെയും വർഷത്തിലൊരിക്കൽ കാണാനുള്ള അനുവാദം കൊടുക്കാനുള്ള മര്യാദ വാമനൻ കാണിച്ചു എന്ന കാര്യവും നിങ്ങൾക്കറിയാലോ അല്ലേ... കാരണം ആ ദിവസമാണല്ലോ നമ്മുടെ തിരുവോണം ആഘോഷിക്കുന്നത്.... പക്ഷേ ബുദ്ധിമാനായ വാമനൻ, ആ അനുവാദത്തിന് ഒരു നിബന്ധന വച്ചിരുന്നത്രേ... എന്താണെന്നല്ലേ... കേട്ടാൽ നിങ്ങൾക്കും കഷ്ടം തോന്നും... പ്രജകളെ കാണാൻ വരുമ്പോൾ വാ തുറക്കാൻ പാടില്ല... അഥവാ മിണ്ടിപ്പോകരുത് എന്നതായിരുന്നു ആ നിബന്ധന !

ആ കാരണത്താൽ, ഉത്രാടത്തിനും തിരുവോണത്തിനും പ്രജകളെയും പഴയ സാമ്രാജ്യവും കാണാൻ വരുമ്പോൾ, നിബന്ധന പാലിക്കുന്നതിനായി മഹാബലി ആരോടും സംസാരിക്കാറില്ല. ആ സംസാരിക്കാത്ത മഹാബലിയാണ് ഓണപ്പൊട്ടൻ. തമാശ പറയുമ്പോഴും നമ്മൾ ക്രൂരന്മാരാണ് അല്ലേ... നമ്മുടെയൊക്കെ നാട്ടിൽ, മിണ്ടാൻ വയ്യാത്തവനെ ആരും കാണാതെ 'പൊട്ടൻ' എന്നാണ് നമ്മൾ പലരും അഭിസംബോധന ചെയ്യുന്നത്. അതിന്റെ ചുവട് പിടിച്ചാണ്, മിണ്ടാത്ത മഹാബലിയെ ഓണപ്പൊട്ടൻ എന്ന് വിളിക്കുന്നത്.

ഓണപ്പൊട്ടന്റെ നടത്തത്തിന് ഒരു പ്രത്യേകതയുണ്ട്. സാധാരണ ആളുകൾ നടക്കുന്നത് പോലെ ഓണപ്പൊട്ടൻ നടക്കാറില്ല. കാലിന്റെ ഉപ്പൂറ്റി നിലത്ത് കുത്താതെ ഒരു പ്രത്യേക താളത്തിൽ, ചാടിക്കൊണ്ടാണ് ഓണപ്പൊട്ടൻ സഞ്ചരിക്കുന്നത്. ഉത്രാടത്തിനും തിരുവോണത്തിനും വീടു വീടാന്തരം പോകുന്ന ഓണപ്പൊട്ടൻ, പക്ഷേ, വീടുകളിൽ കയറില്ല. പകരം വീട്ടുപടിക്കൽ വന്ന് മണി കിലുക്കും. ആ മണിയൊച്ച കേട്ടാൽ, മഹാബലി വീട്ടിൽ വന്നെന്നാണ് വെപ്പ്. വീട്ടുകാർ, ഓണപ്പൊട്ടന് അരിയും ധാന്യങ്ങളും ചിലപ്പോൾ പണവും കൊടുത്ത് സ്വീകരിക്കുകയും അനുഗ്രഹം വാങ്ങിക്കുകയും ചെയ്യും. അതിന് ശേഷം, ഒന്നും മിണ്ടാതെ ഉരിയാടാതെ, ഓണപ്പൊട്ടൻ അടുത്ത വീട്ടിലേക്ക് യാത്രയാവും... അഥവാ മിണ്ടിയാൽ ഓണപ്പൊട്ടൻ വേഷം ആരാണോ കെട്ടിയത്, അദ്ദേഹത്തിന്റെ സംസാരശേഷി എന്നെന്നേക്കുമായി നഷ്ടപ്പെടുമെന്നാണ് നാട്ടിലെ വിശ്വാസം.

കാലത്തിന്റെ തേരോട്ടത്തിൽ, നമ്മൾ ആധുനികന്മാരായപ്പോൾ, ഇത്തരം ഓണപ്പൊട്ടൻ വേഷം ചെയ്യുന്നവർ, നമ്മുടെ നാട്ടിൽ ഇന്ന് വളരെക്കുറവാണ്. മാത്രവുമല്ല, പുലികളി പോലെയൊന്നും ഓണപ്പൊട്ടൻ ഇതുവരെ വാണിജ്യവൽക്കരിക്കപ്പെട്ടിട്ടുമില്ല. കാലം എത്ര മാറിയാലും, നമ്മൾ എത്ര ആധുനികവൽക്കരിക്കപ്പെട്ടാലും, ഇതുപോലുള്ള തീർത്തും നിർദ്ദോഷകരമായ ചില ആചാരങ്ങൾ, പഴയ നാട്ടറിവിന്റെ വെളിച്ചത്തിലേക്ക് നമ്മെ നയിച്ചെന്നിരിക്കും... എന്തായാലും ഓണപ്പൊട്ടൻ എന്നൊരു സംഭവമുണ്ടെന്നും അതെന്താണെന്നും നിങ്ങൾക്ക് മനസ്സിലായിക്കാണുമല്ലോ... സന്തോഷം !

കുമ്മാട്ടിക്കളി
------------------------
ഓണവുമായി ബന്ധപ്പെട്ട വേറൊരു നാടൻ കലാരൂപമാണ് കുമ്മാട്ടിക്കളി. ഏകദേശം നൂറ്റമ്പതോളം വർഷങ്ങൾക്ക് മുൻപാണത്രേ ഈ കലാരൂപം ഉടലെടുത്തത്. അതും പാലക്കാട്ടുള്ള ഏതോ ഒരു ദേവീ ക്ഷേത്രത്തിൽ വച്ച്. തൃശ്ശൂരും പാലക്കാടുമുള്ള ചില ക്ഷേത്രങ്ങളിൽ, അവിടത്തെ ഉത്സവത്തിന്റെ ഭാഗമായി കുമ്മാട്ടിക്കളികൾ കൊണ്ടാടാറുണ്ട്. പാലക്കാട്, തൃശ്ശൂർ, കോഴിക്കോടിന്റെ തെക്ക് ഭാഗം എന്നിവിടങ്ങളിലാണ് ഓണത്തിന്റെ ഭാഗമായി കുമ്മാട്ടിക്കളി സാധാരണയായി ആചരിച്ച് വരുന്നത്.

ശിവന്റെ ഭൂതഗണങ്ങളാണത്രേ കുമ്മാട്ടികൾ. കുമ്മാട്ടികളെപ്പറ്റി കുറേയേറെ ഐതിഹ്യങ്ങളുണ്ടെങ്കിലും, അതിൽ പ്രധാനപ്പെട്ട ഒരു ഐതിഹ്യത്തെക്കുറിച്ച് പറയാം. അസുരവീരനായ മഹാബലി സൽഭരണം കൊണ്ട്, കേരളത്തിന്റെ പ്രിയപ്പെട്ട ചക്രവർത്തി ആയിരുന്നല്ലോ. അങ്ങനെ പ്രജാതാല്പര്യാർത്ഥം രാജ്യം ഭരിച്ചിരുന്ന മഹാബലിയെ ഒരു ചതിപ്രയോഗത്തിലൂടെ പാതാളത്തിലേക്ക് പറഞ്ഞയച്ചത് പരമശിവന് ഇഷ്ടപ്പെട്ടിട്ടുണ്ടായിരുന്നില്ല. മഹാബലി ഒരു കടുത്ത ശിവഭക്തനായിരുന്നു എന്നതാണ് അതിന് കാരണം. തന്റെ ഭക്തനോടുള്ള തന്റെ പ്രതിപത്തി അറിയിക്കാൻ ശിവൻ തീരുമാനിച്ചു.

വർഷത്തിലൊരിക്കൽ ചിങ്ങമാസത്തിലെ തിരുവോണദിവസം, തന്റെ പഴയ സാമ്രാജ്യം സന്ദർശിക്കാൻ വാമനൻ അനുമതി നല്കിയിരുന്നല്ലോ. അപ്രകാരം തിരുവോണദിവസം കേരളത്തിലേക്ക് വരുന്ന മഹാബലിക്ക് അകമ്പടി സേവിക്കാൻ ശിവൻ തന്റെ ഭൂതഗണങ്ങളെ അയക്കാറുണ്ടത്രേ. ആ ഭൂതഗണങ്ങളാണ് കുമ്മാട്ടികളായി അറിയപ്പെടുന്നത്. മഹാബലി ഓരോ വീടും സന്ദർശിക്കുന്നതിന് മുൻപേയാണ് ഭൂതഗണങ്ങളായ കുമ്മാട്ടികൾ വീടുകൾ സന്ദർശിക്കുന്നത്. ഓരോ വീടുകളിലും മഹാബലിയുടെ വരവറിയിച്ച് നൃത്തം ചെയ്തതിന് ശേഷം, സമ്മാനങ്ങളും വാങ്ങിയാണ് കുമ്മാട്ടികൾ മടങ്ങുക.

എങ്ങനെയാണ് ഈ ഭൂതഗണങ്ങൾ കുമ്മാട്ടികളായതെന്ന് നിങ്ങളിൽ ചിലർക്കെങ്കിലും അറിയാമായിരിക്കും. എന്നാലും അറിയാത്തവർക്കായി ഒന്ന് ചുരുക്കിപ്പറയാം. ഭൂതഗണങ്ങളായത് കൊണ്ട്, മുഖാവരണം അണിഞ്ഞാണ് കുമ്മാട്ടികൾ പുറത്ത് വരുന്നത്. ഗരുഡൻ, നാരദൻ, ശ്രീകൃഷ്ണൻ, പരമശിവൻ, നരസിംഹം, ഗണപതി എന്നീ പുരാണ കഥാപാത്രങ്ങളുടെ മുഖങ്ങളായിരിക്കും സാധാരണയായി, മുഖാവരണങ്ങൾക്ക് ഉപയോഗിക്കാറുള്ളത്. പണ്ടൊക്കെ, കമുകിൻ പാള കൊണ്ടും വാഴപ്പോളകൾ കൊണ്ടുമൊക്കെയായിരുന്നു മുഖാവരണങ്ങൾ ഉണ്ടാക്കാറുള്ളതെങ്കിൽ, ഇന്നത്, മരത്തടിയിൽ തീർത്ത ആവരണങ്ങളായി മാറിയിട്ടുണ്ട്. ഈ മുഖാവരണത്തിൽ, പല്ല് ഒരിക്കലും അടയാളപ്പെടുത്താറില്ല.

മുഖാവരണത്തിന് പുറമേ, കുമ്മാട്ടികളുടെ ശരീരവും കൈകളും മറ്റും പർപ്പിടകപ്പുല്ല് അല്ലെങ്കിൽ കുമ്മാട്ടിപ്പുല്ല് എന്ന ഒരുതരം പുല്ലു കൊണ്ട് മൂടിയിരിക്കും. ഇത്തരത്തിൽ കുമ്മാട്ടിപ്പുല്ല് കൊണ്ട് ശരീരം മൂടി വരുന്നത് കൊണ്ടാണ് ഈ കോലങ്ങൾ കുമ്മാട്ടികൾ എന്നറിയപ്പെടുന്നത്.

ഈ കുമ്മാട്ടികൾക്ക് ഒരു വടികുത്തിനടക്കുന്ന, വഴുതിനിങ്ങയുടെ കമ്മലുകളണിഞ്ഞ വൃദ്ധയുടെ രൂപത്തിലുള്ള ഒരു നായിക ഉണ്ടാവും. വൃദ്ധയായ സ്ത്രീയാണ് നായികയെങ്കിലും, സ്ത്രീകൾ കുമ്മാട്ടി വേഷങ്ങൾ കെട്ടാറില്ലത്രേ. കമുകിന്റെ അലകും മുളനാരുകളും കൊണ്ടുണ്ടാക്കുന്ന ഓണവില്ലെന്ന  വാദ്യോപകരണത്തിന്റെ സംഗീതത്തിന്റെ താളത്തിൽ നൃത്തം വച്ചാണ് കുമ്മാട്ടികൾ വീടുകളിലും തെരുവുകളിലും നൃത്തം വെക്കുന്നത്. പലപ്പോഴും രാമായണത്തിലെയും മറ്റുമുള്ള ചില പുരാണ കഥകളെ അടിസ്ഥാനപ്പെടുത്തിയുള്ള അഭിനയാവിഷ്കാരങ്ങളും ഉണ്ടായിരിക്കും. കുട്ടികൾക്കും മുതിർന്നവർക്കും ചിരിയിൽ പൊതിഞ്ഞ ഒരു വിരുന്നായിരിക്കും ഓണത്തിന്റെ ഭാഗമായി കുമ്മാട്ടികൾ ഒരുക്കുന്നത്.

ഓണക്കാലത്ത്, തിന്മയുടെ മേലെ നന്മ വിജയിക്കുന്ന കഥകൾ പറയുന്ന കുമ്മാട്ടികളെ അറിയില്ലെന്ന് ഇനിയൊരിക്കലും പറയില്ലല്ലോ അല്ലേ.... :)

ഓണത്തല്ല്
-------------------
ഓണത്തിന്റെ ഭാഗമായി പാലക്കാട്, തൃശ്ശൂർ ഭാഗങ്ങളിൽ നടന്ന് വരുന്ന ഒരു സൗഹൃദ തല്ല് മത്സരമാണ് ഓണത്തല്ല്. സംഘകാലകൃതികളിൽ ഇതിനെക്കുറിച്ച് ചെറിയ പരാമർശമുണ്ടെന്ന് പറയപ്പെടുന്നുണ്ടെങ്കിലും, നമുക്കറിയാവുന്ന ഓണത്തല്ലിന്റെ തുടക്കം നടക്കുന്നത് പാലക്കാടാണ്.

പാലക്കാട് പല്ലശ്ശന ഗ്രാമമുഖ്യനായിരുന്ന കാരൂർ നമ്പിടിയെ, കുതിരവട്ടത്ത് നായർ ചതിപ്രയോഗത്തിലൂടെ വകവരുത്തിയതിന് പകരം ചോദിക്കാൻ, പല്ലശ്ശനക്കാർ വർഷാവർഷം നടത്തുന്ന വെല്ലുവിളിയാണ് ഓണത്തല്ലിന്റെ ഉത്ഭവത്തിന് കാരണം. സാമൂതിരി ഇടപെട്ട് ഈ തല്ല് പിൽക്കാലത്ത് നിർത്തിയെങ്കിലും, പല്ലശ്ശനക്കാരുടെ പഴയ തല്ലിന്റെ ഓർമ്മ നിലനിർത്താനും, ചതിപ്രയോഗത്തിലൂടെയുള്ള  അധികാരം കൈയ്യാളുന്നതിന് എതിരായും തുടക്കമിട്ടതാണ്, ഇന്ന് നമ്മൾ കാണുന്നതരത്തിലുള്ള ഓണത്തല്ലിന് തുടക്കമായത്. മുഖ്യമായും അവിട്ടം നാളിലാണ് ഓണത്തല്ല് നടക്കുന്നത് എന്നതിനാൽ, ഓണത്തല്ല്, 'അവിട്ടത്തല്ല്' എന്നും അറിയപ്പെടുന്നുണ്ട്.

പണ്ടത്തെ നാടുവാഴികളുടെയും തറവാടുകളിലെയും തൊടികളിൽ  വിനോദമായും, പ്രാദേശിക പട്ടാളങ്ങളിലേക്കുള്ള കായിക പരിശീലനമായും ഓണത്തല്ലിനെ ഉപയോഗിച്ചിരുന്നു. നല്ല കായികക്ഷമത വേണ്ട ഓണത്തല്ലിന് അതുകൊണ്ട് തന്നെ 'കായംകളി' എന്ന പേരും നിലവിലുണ്ട്. കളരി അഭ്യാസികളായിരുന്നു പണ്ട് ഓണത്തല്ലിൽ പങ്കെടുത്ത് കൊണ്ടിരുന്നത്.

ഒരു മത്സരത്തിൽ രണ്ട് വിഭാഗങ്ങളാണ് പങ്കെടുക്കുക. പതിനാല് മീറ്റർ വ്യാസമുള്ള ഒരു വട്ടത്തിന്റെയുള്ളിലാണ് മത്സരം നടക്കുക.ഒരു പോരാളി ആ വട്ടത്തിലേക്ക് കടന്ന് കൈ മുഷ്ടി കൊണ്ടാണ് എതിരാളിയെ നേരിടുക. ഒരാൾ എതിരാളിയെ പൂട്ടുകയോ അടിച്ച് വീഴ്ത്തുകയോ ചെയ്‌താൽ വിജയിയായി പ്രഖ്യാപിക്കപ്പെടും. കൃത്യമായ നിയമങ്ങളൊന്നുമില്ലാത്ത ഈ കളിയിൽ പലപ്പോഴും കാണികളാണ് വിജയിയെ പ്രഖ്യാപിക്കുന്നത്.  എതിരാളികളിൽ ഏതെങ്കിലും ഒരാൾ ജയിച്ചാൽ മാത്രമേ ഓണത്തല്ല് തീരുകയുള്ളൂ.

ചായിക്കാരൻ എന്നാണ് റഫറിയായ ആളിനെ അറിയപ്പെടുക. കാലക്രമത്തിൽ, ഇന്ന് ഓണക്കാലത്ത് മാത്രമാണ് ഈ കായംകളി അഥവാ ഓണത്തല്ല് നടന്ന് വരുന്നത്. ഇന്ന് ഓണത്തല്ലിന് 'ഓണപ്പെട', 'കയ്യാങ്കളി' (കൈ കൊണ്ടുള്ളത് എന്ന അർത്ഥത്തിൽ) എന്നൊക്കെ പേരുകളുണ്ട്. അധികം നിയമങ്ങളൊന്നുമില്ലാത്ത ഓണത്തല്ലിൽ ചതി പ്രയോഗങ്ങൾ നടക്കാറില്ല. അതുകൊണ്ട് ഓണത്തല്ലിലേത് പോലെ നമുക്ക് നമ്മുടെ ജീവിതത്തിലും നേരായ വഴിക്ക് വിജയങ്ങൾ നേടാം.

തൃക്കാക്കരപ്പൻ
---------------------------
ഓണക്കാലത്ത് പ്രചുരപ്രചാരത്തിലുള്ള വേറൊരു ആചാരമാണ് തൃക്കാക്കരപ്പനെ വെക്കുക എന്നുള്ളത്. ഈ ആചാരത്തിന് പിന്നിലും ഒരു ഐതിഹ്യം അല്ലെങ്കിൽ കഥയുണ്ട്. ഓണം എന്ന ആഘോഷം തന്നെ ഒരു ഐതിഹ്യത്തിന്റെ പുറത്താവുമ്പോൾ അതിന്റെ അനുബന്ധ ആചാരങ്ങൾക്കും ആനുപാതികമായ അനുബന്ധ കഥകൾ ഉണ്ടാവണമല്ലോ. അപ്പോൾ തൃക്കാക്കരപ്പന്റെ കഥ പറയാം.

അസുര ചക്രവർത്തിയായ മഹാബലിയുടെ സത്ഭരണം, ദേവലോകത്ത് വലിയ ചർച്ചയായതും, മഹാബലിയെ പുറത്താക്കാൻ മഹാവിഷ്ണു വാമനനായി അവതാരമെടുത്ത് വന്നതും അങ്ങനെ മൂന്നടി മണ്ണ് ചോദിച്ച്, ഒടുവിൽ മഹാബലിയെ സുതലം അഥവാ പാതാളത്തിലേക്ക് പറഞ്ഞയച്ചതും നിങ്ങൾക്കെല്ലാവർക്കും അറിയാവുന്ന കഥകളാണ്.

ആദ്യത്തെ ചുവട്ടിൽ ഭൂമിയും രണ്ടാമത്തെ ചുവട്ടിൽ സ്വർഗ്ഗവും അളന്നെടുത്ത വാമനന്, മൂന്നാമത്തെ ചുവട് വെക്കാൻ സ്വന്തം ശിരസ്സ് തന്നെയായിരുന്നു മഹാബലി വാമനന്റെ കാലിനടിയിൽ വച്ച് കൊടുത്തത്. അങ്ങനെ മഹാബലിയെ വിഷ്ണുപാദം കൊണ്ട് പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയ സ്ഥലമാണത്രേ എറണാകുളത്തിനടുത്തുള്ള തൃക്കാക്കര.  ആ സ്ഥലത്താണത്രേ തൃക്കാക്കരയിലെ പ്രസിദ്ധമായ തൃക്കാക്കര വാമനൻ ക്ഷേത്രം. വിഷ്ണുവിന്റെ ത്രിപ്പാദം പതിഞ്ഞ സ്ഥലം എന്ന് അർത്ഥം വരുന്ന 'തൃക്കാൽക്കര' എന്നായിരുന്നത്രെ ആ സ്ഥലത്തിന്റെ ആദ്യ നാമം. പിന്നീട് കാലക്രമത്തിൽ ലോപിച്ച് ലോപിച്ചാണ് തൃക്കാക്കര ആയത്.

ഈ കഥയാണ് തൃക്കാക്കരപ്പന്റെ രൂപം വച്ച് ഓണം ആഘോഷിക്കാനുള്ള അടിസ്ഥാനമായത്. തോറ്റുപോയ മഹാബലിയെയും വിജയിച്ച വിഷ്ണുവിനെയും ഒരുപോലെ ഓർക്കുന്നതിനാണ് തൃക്കാക്കരപ്പനെ വച്ച് ഓണപ്പൂക്കളം ഒരുക്കുന്നത്. തിരുവോണദിവസം മഹാബലി തന്റെ പഴയ സാമ്രാജ്യം സന്ദർശിക്കുന്ന സമയത്ത്, വിഷ്ണുവിനെയും മഹാബലിയേയും പ്രതീകാത്മകമായി അനുസ്മരിക്കുന്ന ഒരു ചടങ്ങായതിനാൽ രണ്ട് രൂപങ്ങളാണ് സാധാരണയായി ഓണപ്പൂക്കളത്തിൽ വെക്കാറുള്ളത്. അരിപ്പൊടിയും മഞ്ഞൾപ്പൊടിയൊക്കെ കൊണ്ട് തൃക്കാക്കരപ്പൻ രൂപത്തിനെ മോടിപിടിപ്പിക്കുന്നത് കുട്ടികളെ സംബന്ധിച്ചടുത്തോളം രസകരമായ കാര്യമാണ്.

കളിമണ്ണ് കൊണ്ടുണ്ടാക്കുന്ന പിരമിഡ് രൂപത്തിലോ കോൺ രൂപത്തിലോ ഒക്കെയാണ് തൃക്കാക്കരപ്പന്റെ രൂപം ഉണ്ടാക്കുന്നത്. ചില പിരമിഡ് രൂപങ്ങൾക്ക് നാല് വശങ്ങളും ചിലതിന് മൂന്ന് വശങ്ങളുമൊക്കെയുണ്ടാകും. നാല് വശങ്ങളുള്ള രൂപങ്ങൾ ഒരു മനുഷ്യജീവിതത്തിലെ നാല് ഘട്ടങ്ങളെ പ്രതിനിധാനം ചെയ്യുമ്പോൾ മൂന്ന് വശങ്ങളുള്ള രൂപങ്ങൾ വാമനന്റെ മൂന്ന് കാലടികളെ പ്രതിനിധാനം ചെയ്യുന്നുവെന്നാണ് വെപ്പ്.

എന്തായാലും നന്മയുടെ പ്രതീകമായ ദേവനായ വിഷ്‌ണുവിനേയും, അസുരനാണെങ്കിലും നന്മ മാത്രം പ്രവർത്തിക്കുന്ന മഹാബലിയെയും ഒരുപോലെ അനുസ്മരിക്കുന്നതിൽ നിന്ന് നമുക്ക് ഒരു കാര്യം മനസ്സിലാക്കാം. നന്മ മാത്രമേ കേരളീയർ ആഗ്രഹിക്കുന്നുള്ളൂ... നന്മക്ക് മാത്രമേ കാലാതീതമായി നിലനിൽക്കാൻ കഴിയുകയുള്ളൂ... അതുകൊണ്ട് നമുക്കും നന്മകൾ മാത്രം ചെയ്യാം !

അത്തച്ചമയം
-----------------------
ഓണത്തിനെക്കുറിച്ച് കേട്ടിരിക്കുന്നവർ, അത്തച്ചമയത്തെക്കുറിച്ചും കേൾക്കാതിരിക്കാൻ വഴിയില്ല. എന്നാലും ഇന്നത്തെ ആധുനിക കാലത്ത്, അത്തച്ചമയത്തിന്റെ പ്രാധാന്യം എന്താണെന്ന് നിങ്ങൾക്കെല്ലാവർക്കും അറിവുണ്ടാകുമോയെന്ന് എനിക്ക് സംശയമില്ലെങ്കിലും ആർക്കൊക്കെയോ സംശയങ്ങളുണ്ട്. അതുകൊണ്ട് എന്താണ് അത്തച്ചമയമെന്ന് ചുരുക്കിപ്പറയാം.

അത്തച്ചമയം ആസ്ഥാനം തൃപ്പൂണിത്തുറയാണ്. പണ്ട് കൊച്ചി മഹാരാജാവിന്റെ നേതൃത്വത്തിൽ നടന്നിരുന്ന അത്തച്ചമയം, ഇന്ന് കേരളത്തിന്റെ ഔദ്യോഗിക ഓണാഘോഷമാണെന്നത് നിങ്ങൾക്കറിയാമോ? 1961 ലാണ് അത്തച്ചമയം ഓണത്തിന്റെ ഭാഗമായുള്ള സർക്കാർ നേരിട്ട് നടത്തുന്ന ആഘോഷമാക്കി മാറ്റിയത്. അങ്ങനെയാണ്,  അത്തച്ചമയം ഇന്ന് കാണുന്ന രീതിയിലുള്ള ജനകീയോത്സവമായി മാറിയത്.

അത്തച്ചമയത്തിന്റെ ഉത്ഭവത്തെക്കുറിച്ച് പലർക്കും പല പല അഭിപ്രായങ്ങളാണ്. ഏതോ ഒരു യുദ്ധത്തിൽ സാമൂതിരിയോട് ഏറ്റുമുട്ടി വിജയിച്ചതിന്റെ ഓർമ്മക്കാണ് അത്തച്ചമയം തുടങ്ങിയതെന്നാണ് ഒരു കഥ. വേറൊന്ന്, പകയുടെയും വാശിയുടെയും ഉത്സവപ്രതീതിയാർന്ന മാമാങ്കം എന്ന യുദ്ധോത്സവത്തിന് മുൻപേ നടത്തപ്പെടുന്ന ശക്തിപ്രകടനമായാണ് അത്തച്ചമയം നടത്തപ്പെടുന്നതെന്നാണ്. മഹാബലിയെപ്പോലെ നീതിമാനായ കൊച്ചിരാജാവ്, മഹാബലിയെപ്പോലെ തന്റെ പ്രജകളെ എല്ലാവരെയും കാണുന്നതിന് വേണ്ടി ഒരുക്കപ്പെട്ട മേളയാണ് അത്തച്ചമയമെന്നും പറയപ്പെടുന്നു.

1949 വരെ, കൊച്ചി മഹാരാജാവ് ചിങ്ങമാസത്തിലെ അത്തം ദിനത്തിന് കൊടി ഉയർത്തുന്നതോടെയാണ് ചടങ്ങുകൾ തുടങ്ങുന്നത്. അത്തത്തിന് മൂന്ന് ദിവസം മുന്നേ 'ദേശം അറിയിക്കൽ' എന്ന ആഘോഷ വിളംബരം നടത്തപ്പെടും. അതിന് ശേഷമാണ് അത്തം ദിനത്തിൽ അത്തച്ചമയ ഘോഷയാത്ര നടക്കുന്നത്. തൃപ്പൂണിത്തുറയിലെ പൂർണ്ണത്രയീശ ക്ഷേത്രത്തിൽ തൊഴുതതിന് ശേഷമാണ്, ഉടവാളും ആടയാഭരണങ്ങളും അണിഞ്ഞ്, പല്ലക്കിലേറി മൂന്ന് കോട്ടവാതിലുകളും സന്ദർശിച്ചുള്ള പട്ടണ പ്രദക്ഷിണത്തിന് ശേഷം, തൃപ്പൂണിത്തുറയിൽ നിന്ന് പന്ത്രണ്ട് കിലോമീറ്റർ അകലെയുള്ള തൃക്കാക്കര വാമനക്ഷേത്രത്തിൽ പോയി മഹാരാജാവ്  പ്രത്യേക പ്രാർത്ഥനകൾ നടത്തുന്നത്. ഇതാണ് പഴയ അത്തച്ചമയ ഘോഷയാത്ര. നാനാജാതിമതസ്ഥരും, പലവിധ കലാരൂപങ്ങളും പങ്കെടുക്കുന്ന ഈ ഘോഷയാത്ര, കരിങ്ങാച്ചിറ കത്തനാരും ചെമ്പിൽ അരയനും നെട്ടൂർ തങ്ങളും എത്തിച്ചേരാതെ ആരംഭിക്കാറുണ്ടായിരുന്നില്ല.

ദിവാന്മാരും, ഊരിപ്പിടിച്ച വാളുമായി അംഗരക്ഷകരും പ്രജകൾ മുഴുവനുമെന്നത് പോലെ മഹാരാജാവിന്റെ കൂടെ പങ്കെടുക്കുന്ന ആഘോഷയാത്രയാണ് അത്തച്ചമയം. വന്നേരി എന്ന പ്രദേശം സാമൂതിരിയുമായുള്ള യുദ്ധത്തിൽ നഷ്ടപ്പെട്ടതിന് ശേഷം, മഹാരാജാക്കന്മാർ, തങ്ങളുടെ രത്നക്കിരീടം, തലയിൽ വെക്കാതെ മടിയിലായിരുന്നത്രേ അത്തച്ചമയത്തിന് വെക്കാറുണ്ടായിരുന്നത്.

അത്തച്ചമയം സർക്കാരിന്റെ വകയായുള്ള ജനകീയ ആഘോഷമായതിന് ശേഷം, തൃക്കാക്കര ക്ഷേത്രത്തിൽ നിന്ന് കൊണ്ടുവരുന്ന ഓണപ്പതാക ഉയർത്തുന്നതോടെയാണ് ആഘോഷങ്ങൾ ആരംഭിക്കുന്നത്. ചെണ്ടവാദ്യം, പഞ്ചവാദ്യം, താലപ്പൊലി, ശക്തൻ തമ്പുരാന്റെ നിർദ്ദേശപ്രകാരം അവതരിപ്പിക്കപ്പെട്ട പുലിക്കളി, മറ്റ് കലാദൃശ്യങ്ങൾ എന്നിവ പൊലിമ നൽകുന്ന അത്തച്ചമയം, കേരളത്തിലെ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട ആഘോഷമാണെന്ന് നിസ്സംശയം പറയാം.

ആറന്മുള വള്ളസദ്യ
-----------------------------------
ഓണക്കാലത്തെ പേരും പെരുമയുമുള്ള ഒരു ആചാരമാണ് ആറന്മുളയിലെ വള്ളസദ്യ. ഈ വള്ളസദ്യയെക്കുറിച്ച് കേൾക്കാത്ത കേരളീയർ ഉണ്ടാകുമെന്ന് എനിക്ക് തോന്നുന്നില്ല.

തിരുവോണദിവസം, ആറന്മുള പാർത്ഥസാരഥീ ക്ഷേത്രത്തിൽ പ്രത്യേക കരുതലോടെയും ചടങ്ങുകളോടെയും നടക്കുന്ന, അറുപത്തിനാലോളം വിഭവങ്ങൾ ഒരു വാഴയിലയിൽ സമ്മേളിക്കുന്ന രുചികരമായ സദ്യയാണ് ആറന്മുള വള്ളസദ്യ. ഒന്നരലക്ഷത്തോളം ആളുകളാണത്രേ ഇന്ന് വള്ളസദ്യ ഉണ്ണുന്നത്.

ഇന്ന്, അഷ്ടമിരോഹിണിക്കും ചില പ്രത്യേക വഴിപാടുകളായും വള്ളസദ്യ നടക്കുന്നുണ്ട്. പക്ഷേ തിരുവോണത്തിന് നടക്കുന്ന വള്ളസദ്യക്കാണത്രെ ചരിത്രപരമായുള്ള പ്രാധാന്യമുള്ളത്. കുറേയെറെ കഥകൾ പ്രചാരത്തിലുണ്ടെങ്കിലും, വള്ളസദ്യയുടെ പ്രാധാന്യത്തിന്റെ പിന്നിലെ കഥ നിങ്ങൾക്കറിയണ്ടേ. പ്രചുരപ്രചാരത്തിലുള്ള ഒരു കഥ ഞാൻ പറയാം...

പമ്പാ നദീ തീരത്തുള്ള കാട്ടൂർ എന്ന ഗ്രാമത്തിൽ ജീവിച്ചിരുന്ന, മങ്ങാട്ട് ഭട്ടതിരിയുടെ ഇല്ലത്താണ് കഥ ആരംഭിക്കുന്നത്. ഏത് വർഷമാണ് സംഭവം നടന്നത് എന്നതിനൊന്നും തെളിവുകളൊന്നുമില്ല.

ചിങ്ങമാസത്തിലെ എല്ലാ തിരുവോണത്തിനും, ഭട്ടതിരി, സ്വയം ഊണ് കഴിക്കുന്നതിന് മുൻപേ, പുറമേ നിന്നുള്ള ഏതെങ്കിലും ഒരു ബ്രാഹ്മണയുവാവിന് ഭക്ഷണം കൊടുക്കാറുണ്ടായിരുന്നു. ഭക്ഷണം കൊടുക്കുന്നതിന് മുന്നേ, ആ യുവാവിന്റെ കാല് കഴുകി ദൈവത്തിന്റെ പ്രതിപുരുഷനായി ആദരിക്കുകയും ചെയ്യുമായിരുന്നു നമ്മുടെ ഭട്ടതിരി. 

അങ്ങനെയിരിക്കേ, ഒരു വർഷം, തിരുവോണനാളിൽ, ഊണിന് മുന്നോടിയായിട്ട്, ഒരു യുവാവും ഭട്ടതിരിയുടെ ഇല്ലത്ത് വന്നില്ല. ദുഃഖിതനായ ഭട്ടതിരി മനമുരുകി ദൈവത്തോട് പ്രാർത്ഥിച്ചപ്പോൾ, അവിചാരിതമായി ഒരു യുവാവ് അവിടെ പ്രത്യക്ഷപ്പെട്ടു. ഭട്ടതിരി, ആ യുവാവിനെ അത്യാഹ്ളാദപൂർവ്വം പരിചരിച്ച്, സദ്യയും കൊടുത്ത് പറഞ്ഞയക്കുകയും ചെയ്തു.

അന്നത്തെ ദിവസം രാത്രി ഉറങ്ങാൻ കിടന്നപ്പോൾ ഭട്ടതിരി ഒരു സ്വപ്നം കണ്ടു. ഇനി മുതൽ ഇല്ലത്തേക്ക് ബ്രാഹ്മണയുവാവ് വരുന്നതും കാത്തിരിക്കേണ്ടതില്ലെന്നും, അതിന് പകരമായിട്ട്, തിരുവോണദിവസം, ആറന്മുള ക്ഷേത്രത്തിൽ വരുന്നവർക്ക് അവിടെത്തന്നെ സദ്യ കൊടുത്താൽ മതിയെന്നും ദൈവം അരുളിചെയ്യുന്നതായിരുന്നു ഭട്ടതിരിയുടെ സ്വപ്നം.

അങ്ങനെ, തൊട്ടടുത്ത വർഷം മുതൽ ഉത്രാടദിവസം, സദ്യക്കുള്ള സാമഗ്രികളുമായി  ആറന്മുള ക്ഷേത്രത്തിലേക്ക് പമ്പാ നദിയിലൂടെ ഒരു തോണിയിലേറിഭട്ടതിരി യാത്ര തിരിക്കും. തിരുവോണ ദിവസം അവിടെ എത്തിച്ചേരുന്ന ഭട്ടതിരി, അമ്പലത്തിൽ വച്ച് ഗംഭീരമായ സദ്യ അവിടെയുള്ള എല്ലാവർക്കും കൊടുക്കും.

മരാമണിനടുത്തുള്ള പാറപ്പുഴയിലെ ഒരു ക്രിസ്തീയകുടുംബത്തിലെ തോണിയായിരുന്നു ഭട്ടതിരി തന്റെ യാത്രക്കായി ഉപയോഗിച്ചിരുന്നത്. ഭട്ടതിരി തന്റെ തിരുവോണസദ്യക്കായി ഈ തോണി ഉപയോഗിച്ചത് മുതൽ അതിന്റെ പേര് തിരുവോണത്തോണിയെന്നായി മാറി. ഭട്ടതിരിയുടെ കുടുംബം ക്ഷേത്രത്തിലെത്തുമ്പോഴും സദ്യ കഴിഞ്ഞ് തിരിച്ച് പോകുമ്പോഴും പ്രത്യേക ചടങ്ങുകളും പൂജകളും നടക്കുന്നതും ഇന്നൊരാചാരമാണ്.

അങ്ങനെയുള്ള ഏതോ ഒരു വർഷത്തെ യാത്രയിൽ, 'കോവിലകം കള്ളന്മാർ' എന്ന ഒരു കള്ളക്കൂട്ടം, ഭട്ടതിരിയെ ആക്രമിച്ചത്രേ. അന്ന് ഭട്ടതിരിയെ രക്ഷിച്ചത്, അയിരൂർ എന്ന കരക്കാരായിരുന്നു. അയിരൂർ കരക്കാർ, ഭട്ടതിരിയെ ആറന്മുളക്ഷേത്രം വരെ രക്ഷാകവചമായി അനുഗമിച്ചു. വന്നു വന്ന്, സമീപ പ്രദേശത്തുള്ള അമ്പത്തിരണ്ടോളം കരക്കാരും ഇന്ന് തിരുവോണത്തോണിയെ അനുഗമിക്കാൻ തുടങ്ങി.

അനന്തശയനം മാതൃകയിലാണ് ഇന്ന് പല തിരുവോണത്തോണിയുടെയും അമരം നിർമ്മിക്കുന്നത്. പമ്പാനദിയിലൂടെയുള്ള യാത്രയിൽ, അങ്ങോളമിങ്ങോളം വഞ്ചിപ്പാട്ടുകൾ അലയടിക്കും. വള്ളസദ്യ നടക്കുന്നതിനിടയിൽ ഏതെങ്കിലും ഒരു വിഭവം ആവശ്യപ്പെടുന്നതിനും ഒരു രീതിയുണ്ട്. വഞ്ചിപ്പാട്ടിന്റെ രീതിയിൽ പാട്ട് പാടി വേണം ഏതെങ്കിലും ഒരു വിഭവത്തിന് ആവശ്യപ്പെടാൻ.

കാട്ടൂരിൽ നിന്ന് കുമാരനെല്ലൂരിലേക്ക് താമസം മാറിയ ഭട്ടതിരിയുടെ കുടുംബം, ദൂരക്കൂടുതൽ കാരണം, ഉത്രാടത്തിന് പകരം, മൂലം നാളിലാണ് സദ്യാസാമഗ്രികളുമായുള്ള അദ്ദേഹത്തിന്റെ തിരുവോണത്തോണി യാത്ര ആരംഭിക്കുന്നത്. എന്തായാലും ആറന്മുള പാർത്ഥസാരഥീ ക്ഷേത്രത്തിലെ തിരുവോണ വള്ളസദ്യ ഉണ്ണുകയെന്നത്, ഐതിഹ്യപ്പെരുമയിൽ വിശ്വസിക്കുന്ന ഏതൊരു മലയാളിയുടെയും ഓണസ്വപ്നമാണ്‌.

***

(കേരള അസോസിയേഷൻ ഓഫ് ഗ്രേറ്റർ വാഷിങ്ങ്ടന്റെ (KAGW) 2020 ലെ ഓണാഘോഷത്തിന്റെ ഭാഗമായി, അതിന്റെ വിനോദസമിതി അംഗം, സുനന്ദ ഗോപകുമാർ മുന്നോട്ട് വച്ച ഒരു ആവശ്യമാണ് ഈ എഴുത്തിന്ന് ആധാരം)

2020 ജൂലൈ 10, വെള്ളിയാഴ്‌ച

സയനൈഡും പാമ്പും സ്വപ്നങ്ങളും


ഭാര്യാഭർതൃ ബന്ധങ്ങളിൽ, പ്രത്യേകിച്ച് മലയാളികളുടെ ഇടയിൽ, ഇന്ന് ട്രോളുകളുടെ രൂപത്തിലും, അതേസമയം, ഭീതിയുടെ രൂപത്തിലും, ഒരു വർഷത്തിനുള്ളിലായി കടന്ന് കയറിയിട്ടുള്ള രണ്ട് പ്രതീകങ്ങളാണ് സയനൈഡും പാമ്പും. വന്നുവന്ന്, സയനൈഡ് സ്ത്രീകളുടെ ആയുധമായും, പാമ്പ് ആണുങ്ങളുടെ ആയുധമായും മാറി പരിണമിച്ചതും, സയനൈഡിന്റെ വീര്യത്തെ പാമ്പിന്റെ പത്തി കാണിച്ച് പേടിപ്പിക്കുന്നതും നാം കണ്ടു.

ഫേസ്‌ബുക്കിലും, വാട്സാപ്പ് ഗ്രൂപ്പുകളിലും, കുടുംബ-സൗഹൃദ ചർച്ചകളിലും വില്ലനായ സൂരജിനെക്കാളും, വില്ലത്തിയായ ജോളിയേക്കാളും, അവരുടെ പടക്കോപ്പുകളായ സയനൈഡും പാമ്പും ചർച്ച ചെയ്യപ്പെട്ടു. ഇരകളായ റോയ് തോമസ് ആൺപക്ഷത്തിന്റെയും, ഉത്തര പെൺപക്ഷത്തിന്റെയും രക്തസാക്ഷിത്വ പ്രതീകങ്ങളായി മാറി. 

എല്ലാ കിടപ്പറകളിലും, കുടിക്കാൻ കൊണ്ടു വച്ച പച്ചവെള്ളം പോലും ഭാര്യമാരെക്കൊണ്ട് കുടിപ്പിച്ച്, ഭർത്താക്കന്മാർ സംശയം തീർത്തപ്പോൾ, കിടക്കയും തലയിണകളും പൊക്കി മകുടിയൂതിക്കൊണ്ട് ഭാര്യമാരും സംശയം തീർക്കാൻ തുടങ്ങി. മകുടിയൂത്തലും വെള്ളം കുടിപ്പിക്കലും, പല പല കിടപ്പറകളിലും ആചാരമായിപ്പോലും കൊണ്ടാടാൻ തുടങ്ങിയെന്നത്, മലയാളിയെ സംബന്ധിച്ചടുത്തോളം, പുരോഗമനപരമായ പരിവർത്തനങ്ങളായത്, വളരെ ആത്മാർത്ഥമായി പുച്ഛിച്ച് തള്ളിക്കൊണ്ടായിരുന്നു ഞാനും എന്റെ സഹധർമ്മിണിയും ഞങ്ങളുടെ കിടപ്പറയിൽ, ഞങ്ങളുടെ പരസ്പര വിശ്വാസം ഇത്ര നാളായും പുലർത്തിക്കൊണ്ടിരുന്നത്.

പക്ഷേ, ഈയ്യിടെയായി, എന്റെ വകയായുള്ള ചില രാത്രികാല കലാപരിപാടികൾ മൂലം, മേൽപ്പറഞ്ഞ കിടപ്പറയിലെ വിശ്വാസത്തിന്, എന്റെ വാമഭാഗത്തിന്റെ ഭാഗത്ത് നിന്നും ഊനം തട്ടാൻ തുടങ്ങിയിരിക്കുന്നു. രണ്ട് മൂന്ന് തവണയായി, ഞാൻ പോലുമറിയാതെ നടന്ന എന്റെ രാത്രികാല കലാപരിപാടികൾ ഇനിയും ഒരു തവണ കൂടി ആവർത്തിച്ചാൽ, ഒരുപക്ഷേ, ഇനിയൊരിക്കലും ഞാനും എന്റെ പ്രിയതമയും ഒരേ കിടക്കയിൽ ഒരുമിച്ച് ഉറങ്ങിയെന്ന് വരില്ല. ആ ഭീതിയിലാണ്, കുറച്ച് ദിവസങ്ങളായുള്ള എന്റെ രാത്രിയുറക്കം. സത്യത്തിൽ ഉറക്കം പോലും കിട്ടാത്ത അവസ്ഥ! അനുജന്റെ സമ്മതമില്ലാതെ, അവന്റെ ചെറുപ്പകാല സോമ്നാമ്പുലിസത്തെക്കുറിച്ച് കഥയെഴുതി നാട്ടുകാരോട് വിളിച്ച് പറഞ്ഞത് കൊണ്ട്, അറിയാതെയെങ്കിലും അവനെന്നെ ശപിച്ചിരിക്കുമോ?

എന്റെ ഉറക്കം ഇനിയും നഷ്ടപ്പെടാതിരിക്കാൻ, അഥവാ, ഇനിയും ഒരു തവണ കൂടി ഞങ്ങളുടെ കിടപ്പറയിൽ, എന്റെ രാത്രികാല കലാപരിപാടികൾ ആവർത്തിക്കപ്പെട്ടാൽ, നിങ്ങളെല്ലാവരും കണ്ണും പൂട്ടി എന്നെ കുറ്റം പറയാൻ തുടങ്ങുന്നതിന് മുന്നേ, എന്തൊക്കെ കലാപരിപാടികളാണ് ഞാൻ മനസാ അറിയാതെ ഞങ്ങളുടെ കിടപ്പറയിൽ ചെയ്തുകൂട്ടിയതെന്ന് നിങ്ങളോട് തുറന്ന് പറയേണ്ടതുണ്ട്. അല്ലെങ്കിൽ ചിലപ്പോൾ, സഹതാപത്തിന് പോലും ഞാൻ അർഹ്ഹനല്ലാതായിപ്പോകും.

ഏകദേശം ഒരു മാസം മുൻപാണ്, മേല്പറഞ്ഞ ഗണത്തിൽ പെടുന്ന കലാപരിപാടികളിൽ ആദ്യത്തേത് അരങ്ങേറിയത്. കിടപ്പറയിലെ കലാപരിപാടി എന്നൊക്കെ പറഞ്ഞത് കൊണ്ട്, വാ പൊളിച്ച്, ദാ ഇപ്പം കാണും എന്ന രീതിയിൽ വിജിലമ്പിച്ച് നിൽക്കുകയൊന്നും വേണ്ട. സംഭവം നിങ്ങൾ വിചാരിച്ചത് പോലെ AAA ഒന്നുമല്ല. വെറും സ്വപ്നങ്ങളാണ്. അതെ സ്വപ്നം കാണലാണ് പ്രശ്നം. ആക്ഷനുകളായി രൂപാന്തരം പ്രാപിച്ച്, ജീവന് അപായമുണ്ടാക്കുന്ന രീതിയിൽ, പ്രത്യേക തരത്തിൽ പ്രവർത്തിക്കുന്ന സ്വപ്‌നങ്ങൾ; അതാണ് പ്രശ്നം!

ആദ്യത്തേത്, അത്ര വലിയ പ്രശ്നമൊന്നുമായില്ലെങ്കിലും മൂന്നാമത്തേതിലെത്തുമ്പഴേക്കും, മണിച്ചിത്രത്താഴെന്ന സിനിമയിൽ, ശോഭന കട്ടിൽ പൊക്കി ആകാശത്തേക്കെറിഞ്ഞത് പോലുള്ള ഭീകരാവസ്ഥയിൽ കിടപ്പറ എത്തിച്ചേർന്നിരുന്നു.

സാധാരണയായി ഉറങ്ങാൻ കിടന്നാൽ, മറ്റ് കിടപ്പറകളിൽ സംഭവിക്കുന്നത് പോലെ നീണ്ടുനിൽക്കുന്ന നർമ്മഭാഷണങ്ങളൊന്നും ഞങ്ങൾ നടത്താറില്ല. കിടന്നാൽ നേരെ കാര്യത്തിലേക്ക് കടക്കും. എന്നുവച്ചാൽ വേഗം തന്നെ ഉറങ്ങാൻ ശ്രമിക്കും എന്നർത്ഥം. കിടക്കയിൽ കിടക്കുകയേ വേണ്ടൂ... വാമഭാഗത്തിന്റെ മൂർദ്ധാവിലുള്ള ഒരു പ്രത്യേക സ്വിച്ച് ഓഫാകും. കിടന്നമാത്രയിൽ തന്നെ അവൾ ഉറങ്ങിപ്പോകും. 

എനിക്കാണെങ്കിൽ, ട്രംപും മോദിയും രാഷ്ട്രീയവും മതവും ദൈവങ്ങളുമെല്ലാം ഇടകലർന്നുള്ള അവിയൽ പരുവത്തിലുള്ള കാര്യങ്ങൾ ചിന്തകളുടെ രൂപത്തിൽ, കിടന്നയുടനേ തന്നെ മാറാല കെട്ടാൻ തുടങ്ങും. ഈ മാറാല കെട്ടിത്തീർന്ന്, ആ മാറാലകളിൽ ഞാൻ തന്നെ സ്വയം കുടുങ്ങി, രക്ഷപ്പെടാനുള്ള യത്നങ്ങളിൽ തളർന്നാണ്, സ്വയമറിയാതെ ഞാൻ പതിവായി ഉറങ്ങാറുള്ളത്.

ആദ്യത്തെ സംഭവം ഇങ്ങനെയാണ്: ആദ്യമേ തന്നെ പറയാം; സ്വപ്നങ്ങളുടെ ക്വാളിറ്റി കണ്ട്, കാര്യങ്ങളെ വിമർശിക്കാൻ നിൽക്കരുത്; നേരത്തെ പറഞ്ഞത് പോലെ, അത് എങ്ങനെ ആക്ഷനിൽ വരുന്നു എന്നുള്ളിടത്താണ് കാര്യങ്ങളുടെ മർമ്മം കിടക്കുന്നത്.

പതിവ് പോലെ, രാത്രി ഞങ്ങൾ ഉറങ്ങാൻ കിടന്നു. സ്വിച്ചിട്ടത് പോലെ ഉറക്കം തുടങ്ങിയ വാമഭാഗത്തിനെ, ഇടത്തോട്ടേക്ക് ചരിഞ്ഞ്, ഞാൻ സാകൂതം അസൂയയോടെ നോക്കി. വീണ്ടും മലർന്ന് കിടന്ന് എന്റെ മാറാല തയ്യൽ പ്രവർത്തിയിലേക്ക് ഞാൻ വീണ്ടും കടന്നു. രാത്രിയുടെ അന്തർയാമങ്ങളിലെപ്പോഴോ, ഭാര്യ അടുത്തുണ്ടായിട്ടും, നിദ്രയുടെ മടിത്തട്ടിലേക്ക് മുഖമമർത്തി ഞാനുറങ്ങിപ്പോയി.

നിദ്രയുടെ മടിത്തട്ടിന്റെ മാർദ്ദവവും മാദക ഗന്ധവും കൊണ്ടായിരിക്കണം, നീലച്ചടയനടിച്ച വേഗത്തിൽ, സ്വപ്നത്തിന്റെ തേരിലേറി ഞാൻ യാത്ര തുടങ്ങി.

എന്റെ പഴയ വീട്ടിലെ പതിനാല് കാരനായി ഞാൻ മാറി. പശുക്കളും കോഴികളും ആടുകളുമൊക്കെയുള്ള ഓലമേഞ്ഞ വീട്ടിലെ ചാണകത്തറയിൽ കിടക്കുന്ന പത്താം ക്ലാസ്സുകാരൻ. 

വൈകുന്നേരങ്ങളിൽ, പശുവിനെ തൊഴുത്തിലെത്തിച്ച് അതിന് വേണ്ട തീറ്റയൊക്കെ ഇട്ടു കൊടുക്കണം, കോഴികളെ, വീടിന് പിന്നിലുള്ള ഒരു കുഞ്ഞ് വിറക് പുരയുടെ ഒരറ്റത്തായി ഒരുക്കിയിട്ടുള്ള കോഴിക്കൂട്ടിൽ കയറ്റണം, എന്നൊക്കെയുള്ളത് എന്റെയും അനുജന്മാരുടെയും  സന്ധ്യാസമയ ജോലികളാണ്. 

കാട് പിടിച്ച പറമ്പായത് കൊണ്ട്, വീട്ടുപറമ്പിൽ ഇഷ്ടം പോലെ കുറുക്കന്മാരുണ്ട്. സന്ധ്യ മയങ്ങുമ്പോൾ, കുറുക്കന്മാർ കോഴിയെ അന്വേഷിച്ച് പുറത്തിറങ്ങും. അതിൽ തന്നെ പല കുറുക്കന്മാരും കൗശലക്കാരാണ്. ഞങ്ങളെ വലിയ പേടിയൊന്നും ഇല്ല. ചിലപ്പോൾ ഞങ്ങളെ കുറുക്കന്മാർ വട്ടം ചുറ്റിച്ച് കളയും.

ആ ദിവസം, പതിവ് പോലെ പശുക്കളെ തൊഴുത്തിൽ കെട്ടിയതിന് ശേഷം, കൂടിൽ കയറാൻ മടി കാണിച്ച് കൊണ്ട്, ഒരു പിടയും ഒരു പൂവനും വിറക് പുരയുടെ പിന്നിലായി ആ ദിവസത്തെ അവസാനവട്ട ലീലകളിൽ ഏർപ്പെട്ട് കൊണ്ടിരിക്കുകയാണ്. ലീല തലക്ക് പിടിച്ചാൽ കണ്ണ് കാണില്ലെന്നല്ലേ പറയുക! അത് പോലെ, ലീല തലക്ക് പിടിച്ച ഈ കോഴികൾക്കും, പിന്നിൽ പതുങ്ങിയിരുന്ന് അവരെ പിടിക്കാൻ തക്കം പാർത്ത കുറുക്കനെ കാണാനോ, അതിന്റെ മണം പോലും പിടിക്കാനോ പറ്റിയില്ല. ലീല മൂർച്ഛിച്ച് നിന്ന അവസ്ഥയിലായിരിക്കണം, കുറുക്കൻ അവരുടെ മേലെ ചാടി വീണത്. കോഴികൾ പരക്കം പാഞ്ഞു. പക്ഷേ, കോഴികളെ ആദ്യത്തെ ചാട്ടത്തിന് കിട്ടാഞ്ഞ കുറുക്കൻ, വിറക് പുരയുടെ ഓരം പറ്റിത്തന്നെ ഒളിഞ്ഞ് നിന്നു.

കോഴികളുടെ കരച്ചിൽ കേട്ടാണ് ഞാൻ വിറക് പുരയുടെ സമീപം എത്തിയത്. കരഞ്ഞ് കൂവി ബഹളം വെക്കുന്ന കോഴികൾ നോക്കുന്ന ദിശയിൽ നോക്കിയപ്പോൾ, അതാ, വിറക് പുരയുടെ പടിഞ്ഞാറ് ഭാഗത്തായി പതുങ്ങി നിൽക്കുന്നു, നമ്മുടെ പൂവാലൻ കുറുക്കൻ.

അതിനെ പിടിക്കാൻ തന്നെ ഞാൻ തീരുമാനിച്ചു. ആക്ഷൻ സ്പോട്ടിലേക്ക് എന്റെ അനുജനെയും ഞാൻ വിളിച്ചു. അവൻ, ഒരു വടിയെടുത്ത് വിറക് പുരയുടെ തെക്ക് ഭാഗത്ത് കൂടെ പടിഞ്ഞാറ് ഭാഗത്തേക്ക് പമ്മിപ്പമ്മി മാർച്ച് ചെയ്യുമ്പോൾ, ഞാൻ, വിറക് പുരയുടെ വടക്ക് ഭാഗത്തൂടെ പതുക്കെ ഒരു വടിയുമെടുത്ത് പടിഞ്ഞാറ് ഭാഗത്തേക്ക് മാർച്ച് ചെയ്ത്, ഒരേസമയം മൾട്ടിപ്പിൾ ഡയറക്ഷനിൽ നിന്ന് കുറുക്കനെ ആക്രമിക്കും; അതായിരുന്നു പ്ലാൻ.

നിർഭാഗ്യത്തിന്, പതുങ്ങിപ്പതുങ്ങി പടിഞ്ഞാറേ വശത്തെത്തിയ എന്നെക്കണ്ട കുറുക്കൻ, വിറക് പുരയുടെ തെക്ക് ഭാഗത്തേക്ക് ഓടി. തെക്ക് ഭാഗത്തേക്കോടിയ കുറുക്കൻ, അവിടെ വടിയുമായി നിൽക്കുന്ന എന്റെ അനുജനെക്കണ്ടപ്പോൾ, തിരിച്ച്, പടിഞ്ഞാറ് ഭാഗത്തേക്ക് തന്നെ തിരിഞ്ഞോടി. വിറക് പുരയുടെ പടിഞ്ഞാറും തെക്കും ഉയരമുള്ള മൺതിട്ടയുണ്ടായിരുന്നതിനാൽ കുറുക്കന് വഴി മാറിപ്പോകാനും ആവതില്ലായിരുന്നു. ആ ഇടനാഴിയിൽ തന്നെ അവനെ കുടുക്കണം.

തിരിച്ച് എന്റെ മുൻപിൽ വീണ്ടുമെത്തിയ കുറുക്കനെ ഞാൻ ആഞ്ഞടിച്ചു. പക്ഷേ, അവൻ കൗശലക്കാരനായിരുന്നല്ലോ. അവൻ ആ അടിയിൽ നിന്ന് ഒഴിഞ്ഞ് മാറി, എന്റെ കാലിന്റെ ഇടയിലൂടെ ഓടാൻ ശ്രമം നടത്തി. നോക്കണേ അവന്റെ കൗശലം! ശത്രുവിന്റെ കാലിന്റെ ഇടയിലൂടെ രക്ഷപ്പെടാൻ പോലും അവൻ ധൈര്യം കാട്ടിയിരിക്കുന്നു. 

പക്ഷേ, ഞാൻ വിടുമോ, കുറുക്കനെ കുടുക്കാനുള്ള കുടുക്കുകളൊക്കെ എനിക്കും അറിയാം. അടിക്കാൻ കുനിഞ്ഞ സമയത്താണ് എന്റെ കാലിന്റെ ഇടയിലുള്ള ഗ്യാപ്പിലൂടെ കടന്ന് പോകാൻ അവൻ ശ്രമിച്ചത്. ഞാനുടനെത്തന്നെ, അത്യപൂർവ്വമായ കൃത്യതയോടെ, കാൽ മുട്ടുകൾക്കിടയിൽ കുറുക്കനെ ഇറുക്കിപ്പിടിച്ച് തറയിൽ മലർന്ന് വീണു. ഭാഗ്യത്തിന്, കുറുക്കന്റെ തല തന്നെ മുട്ടുകൾക്കിടയിൽ കുടുങ്ങിയതിനാൽ, കുറുക്കന് എന്നെ കടിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ എനിക്ക് പിടിവിടാനും പറ്റില്ല, കാരണം, പിടി വിട്ടാൽ അവൻ കടിക്കും. കുറുക്കന്റെ പിൻഭാഗം കൈ കൊണ്ട് പിടിച്ച്, അതിന്റെ തല മുട്ടുകൾക്കിടയിൽ ഇറുക്കിപ്പിടിച്ച്, അനുജൻ അവിടെ എത്താനുള്ള നിമിഷാർദ്ധത്തിന് കാത്ത് നിൽക്കുകയാണ് ഞാൻ. അത്രക്കും ശക്തമായിത്തന്നെ ഞാൻ കുറുക്കനെ കുടുക്കിയിട്ടുണ്ട്.

അനുജൻ എത്തുന്നതിന് മുൻപായിത്തന്നെ ഞാൻ വലിയ വായിലായിട്ടൊരു നിലവിളികേട്ടു. 'അയ്യോ... എന്നെ വിടൂ... എന്റെ കാല് വിടൂ... നിങ്ങളെന്ത് പ്രാന്തായീ കാണിക്കുന്നേ... അയ്യോ... എന്റെ കാലേ...'. ആദ്യം എനിക്ക് കാര്യം പിടികിട്ടിയില്ല. കുറുക്കനെ പിടിച്ച ഞാൻ പോലും കരയുന്നില്ല. അനുജൻ ഇപ്പൊ ഇങ്ങെത്തും... പക്ഷേ സീനിലേ ഇല്ലാത്ത അമ്മ എന്തിനാണ് കരയുന്നത്? അതായിരുന്നു എന്റെ ചിന്ത.

എന്റെ തുടക്ക് കനത്തിലൊരു അടികിട്ടിയപ്പഴാണ്, ആ അടി കുറുക്കന്റെ കടിയല്ലെന്നും, നിലവിളിച്ചത് എന്റെ അമ്മയല്ലെന്നും എനിക്ക് മനസ്സിലായത്. അപ്പോഴും ഞാൻ ഭാര്യയുടെ ഒരു കാല് എന്റെ മുട്ടുകൾക്കിടയിൽ വെച്ച് ഞെരിക്കുന്നുണ്ടായിരുന്നു. ഓർക്കാപ്പുറത്തുണ്ടായ ഇറുക്കലിൽ അവൾ വേദനകൊണ്ട് കാല് വലിച്ചെടുക്കാൻ ശ്രമിക്കുന്നുണ്ട്. 

സ്ഥലകാലബോധം വന്ന ഞാൻ, പതുക്കെ അവളുടെ കാലിനെ എന്റെ മുട്ടുകൾക്കിടയിൽ നിന്ന് റിലീസ് ചെയ്തു. അവൾ കിടക്കയിൽ എഴുന്നേറ്റിരുന്ന് തടവുന്ന സമയത്ത്, ഞാൻ തല വലത്തോട്ട് ചെരിച്ച് കമഴ്ന്ന് കിടന്നു. വേറെന്ത് ചെയ്യാനാണ്!

---

സ്വപ്നങ്ങൾ കാണുന്നത് പതിവാണെങ്കിലും, മേല്പറഞ്ഞ രീതിയിൽ പണ്ട് നടന്ന സംഭവങ്ങളുടെ, അല്ലെങ്കിൽ ഭാവനകളുടെ പുനരവതരണരീതികളിലേക്ക് സാധാരണ കടക്കാറുണ്ടായിരുന്നില്ല. മേല്പറഞ്ഞ സംഭവം നടന്ന് ഒന്നൊന്നര ആഴ്ച ആയിക്കാണണം, പതിവ് പോലെ ഞങ്ങൾ ഉറങ്ങാൻ കിടന്നതാണ്.

ഉറക്ക് കൊണ്ട് ബോധം പോയ ഭാര്യയുടെ വലത് ഭാഗത്ത് കിടന്ന്, എന്റെ ചിന്താസാമ്രാജ്യത്തിലൂടെ വിരാജിച്ച് കൊണ്ടിരുന്ന എന്നെ, രാത്രിയുടെ ഏതോ യാമത്തിൽ, മാന്ത്രിക വടി വീശി, മയക്കമെന്നെ മൃദുലമായി തലോടി. എന്തോ, ചില തലോടലുകൾ എന്നെ സ്വപ്നങ്ങളിലേക്ക് നയിക്കും. ആ തലോടലും അതുപോലൊന്നായിരുന്നു.

ഇത്തവണ, ഞാനും എന്റെ രണ്ട് വയസ്സുള്ള വെള്ളച്ചിപ്പശുവും കൂടി അനുജന്റെയും അനുജന്റെ ചോക്കച്ചിപ്പശുവിന്റെയുമൊപ്പം പറമ്പിൽ കളിച്ചും മേച്ചും ഇത്തിൾക്കണ്ണികൾ പറിച്ചും മറ്റും നടപ്പാണ്. വെള്ളച്ചിയുടെ അനുജത്തിയാണ് ചോക്കച്ചി, ചെറുപ്പമാണ്. അതിന്, മരത്തിന്റെ മേലെ പറ്റിപ്പിടിച്ചിട്ടുള്ള ഇത്തിൾക്കണ്ണികൾ വലിയ ഇഷ്ടാണ്.

ഒരു കുളിര് മാവിന്റെ മേലെയുണ്ടായിരുന്ന കുറെ ഇത്തിൾക്കണ്ണികൾ, പറിച്ചെടുത്തതിന് ശേഷം ഞാൻ മരത്തിൽ നിന്ന് തിരിച്ചിറങ്ങി. തൊഴുത്തിൽ, രാത്രി പുല്ലിന്റെ കൂടെ ഇട്ടുകൊടുക്കാം എന്ന് കരുതിയാണ് ഇത്തിൾക്കണ്ണി പറിച്ചത്. മരത്തിൽ നിന്ന് ഇറങ്ങിയ ഉടനെത്തന്നെ, എന്റെ കൈയ്യിൽ ഒരു കെട്ട് ഇത്തിൾക്കണ്ണികൾ കണ്ട ചോക്കച്ചി, അവിടെ ഇഷ്ടം പോലെ മേയാനുണ്ടായിരുന്ന പുല്ലും മറ്റ് വള്ളികളും വിട്ട്, എന്റെ കൈയ്യിലുള്ള ഇത്തിക്കണികൾ തിന്നാനുള്ള ആക്രാന്തത്തിൽ എന്റെ അടുത്തേക്ക് കുതിച്ച് വന്നു.

കൊടുക്കില്ലെന്ന് ഞാനും. ഇത്തിക്കണികൾ കിട്ടാതെ പറമ്പിലുള്ള പുല്ല് തിന്നില്ലെന്ന് ചോക്കച്ചിയും വാശിയിൽ നിൽപ്പാണ്. എന്റെ തലക്ക് മീതെ ഇത്തിക്കണ്ണികളുടെ കെട്ട് പിടിച്ച് ഞാൻ നിന്നു. ചോക്കച്ചി അതിന്റെ നീണ്ട കഴുത്തും നാക്കും നീട്ടി, ഇത്തിൾക്കണ്ണി പിടിച്ചെടുക്കാനുള്ള ശ്രമത്തിലാണ്. ഞാൻ വിട്ട് കൊടുക്കുമോ? 

ഇത്തിൾക്കണ്ണിയും തലക്ക് മേലെ പിടിച്ച് ഞാൻ ഒരു മൺതിട്ടയുടെ മേലേക്കൂടി മുന്നോട്ട് നടന്നു. എന്നെ വിടാതെ ചോക്കച്ചിയും. വെള്ളച്ചിയുടെ കൂടെ പോയി മേയാനൊക്കെ ഞാൻ പറഞ്ഞു നോക്കി. എവടെ...? ചോക്കച്ചിയുണ്ടോ കേൾക്കുന്നു. പക്ഷേ, അതിന് ഇത്തിൾക്കണ്ണികൾ തന്നെ വേണമത്രേ. അനുജനോട് അവന്റെ പശുവിനെ നിയന്ത്രിക്കാൻ പറഞ്ഞിട്ടൊന്നും ഒരു കാര്യവുമുണ്ടായില്ലെന്നത് എന്നെ ചൊടിപ്പിച്ചു.

മൺതിട്ടയുടെ മേലേക്കൂടി നടക്കുമ്പോൾ, എന്റെ വലത് ഭാഗത്തൂടെയെത്തി ഇത്തിൾക്കണ്ണി കടിച്ച് വലിക്കാൻ തുടങ്ങിയ ചോക്കച്ചിയെ, ഞാൻ വാശി മൂത്ത്, അധികം താഴെയല്ലാത്ത, താഴത്തെ പറമ്പിലേക്ക് തള്ളി. ആദ്യത്തെ തള്ളലിൽ വീഴാതെ പിടിച്ചു നിന്ന ചോക്കച്ചിയെ ഞാൻ വീണ്ടും വീണ്ടും തള്ളിക്കൊണ്ടേയിരുന്നു. ചോക്കച്ചി ഇടക്കെന്തോ ശബ്ദമൊക്കെ ഉണ്ടാക്കി അതിന്റെ എതിർപ്പ് അറിയിക്കുന്നുണ്ട്. ഒടുവിൽ, എന്റെ ഏതോ ഒരു ഊക്കുള്ള തള്ളലിൽ, ചോക്കച്ചി താഴത്തെ പറമ്പിലേക്ക് ഊർന്ന് വീണു.
അപ്പോഴും, എന്റെ ഇടത് കയ്യിൽ, നേരത്തെ പറിച്ച ഇത്തിൾക്കണ്ണിക്കെട്ട്, ഞാൻ എന്റെ തലക്ക് മീതെ പൊക്കിപ്പിടിച്ചിട്ടുണ്ടായിരുന്നു.

താഴത്തെ പറമ്പിലെത്തിപ്പോയ ചോക്കച്ചി, അതിന്റെ ചെവിയും കൂർപ്പിച്ച് ദയനീയമായി എന്നെത്തന്നെ നോക്കുന്നത് ആസ്വദിച്ച് നോക്കി നിന്ന ഞാൻ പിന്നെക്കണ്ടത്, കട്ടിലിന്റെ ഇടത് വശത്ത് താഴെ വീണ ഭാര്യ എന്നെ നോക്കുന്നതാണ്. എന്തോ വീഴുന്ന ശബ്ദം കേട്ട്, എന്റെ കണ്ണ് തുറന്ന് പോയിക്കാണണം. ഞാൻ തള്ളിക്കൊണ്ടിരിക്കുമ്പോൾ ചോക്കച്ചിയുണ്ടാക്കിയതെന്ന് ഞാൻ കരുതിയ ശബ്ദം, കെട്ടിയോളുടേതായിരുന്നെന്നും ഞാൻ തള്ളിയത് ചോക്കച്ചിയെയല്ല, കെട്ട്യോളെത്തന്നെയായിരുന്നെന്നും അപ്പോഴാണ് എനിക്ക് മനസ്സിലായത്. 

ഭാര്യയുടെ നോട്ടവും അട്ടഹാസവും കണ്ട് പേടിച്ച് പോയ ഞാൻ, മൂത്രശങ്ക മൂലം കുറച്ച് നേരം ബാത്റൂമിൽ പോയിരുന്ന് വിശ്രമിച്ചതിന് ശേഷമാണ് തിരിച്ച് വന്നത്. അപ്പഴേക്കും ഭാര്യയുടെ പിറുപിറുക്കലും പ്രാക്കും അവസാനിച്ചിരുന്നു.

---

ചില സ്വപ്‌നങ്ങൾ ഭീകരങ്ങളാണ്. അത് അനുഭവിച്ചവർക്കേ അറിയൂ. സ്വപ്നം ഭീകരമാകാൻ, ഭൂതത്തെയോ പ്രേതത്തെയോ പിശാചിനെയോ മറ്റോ സ്വപ്നം കാണണമെന്ന് ഒരു നിർബന്ധവുമില്ല. ഒരു സാധാരണ സ്വപ്നം പോലും ചിലപ്പോൾ അതിഭീകരമാവാം.അതുപോലൊന്നായിരുന്നു അവസാനമായി രണ്ടാഴ്ച മുൻപ് നടന്നത്.

ഉറങ്ങുന്നതിന് മുൻപേ, ചിന്തകൾക്കിടയിൽ, നിദ്രാദേവിക്ക് ചില രൂപങ്ങൾ ഞാൻ ചാർത്തിക്കൊടുക്കാറുണ്ട്. എന്റെ മനോമണ്ഡലത്തിൽ നടക്കുന്ന അഭിരാമ സങ്കൽപ്പങ്ങൾക്ക്, ഞാനെന്തിന് കുറവുകൾ വരുത്തണം? അങ്ങനെ ചാർത്തിക്കൊടുക്കുന്ന ചില രൂപങ്ങളിൽ ഞാൻ തന്നെ മയങ്ങി അഭിരമിക്കുന്നത് കൊണ്ടാവണം, സ്വപ്നലോകത്താണെങ്കിലും പലപ്പോഴായി, ആക്ഷനുകളിലേക്ക് ഞാൻ കടക്കുന്നത്.

ആ രാത്രി, ചുണ്ടങ്ങാപ്പൊയിൽ സ്‌കൂളിൽ വച്ച് നടന്ന സംസ്ഥാന സംസ്‌കൃത കലോത്സവത്തിന് പോയതായിരുന്നു ഞാൻ. രാത്രിയിലും സ്റ്റേജ് നിറയെ പരിപാടികൾ നടക്കുന്നുണ്ട്. എന്റെ മച്ചുനൻ വിന്വേട്ടനും ചില സുഹൃത്തുക്കളും എന്റെ കൂടെയുണ്ട്. ഉക്കാസ്‌മൊട്ടക്കടുത്തുള്ള വിന്വേട്ടന്റെ വീടാണ് സ്‌കൂളിന് കുറച്ചെങ്കിലും അടുത്തായി ഉണ്ടായിരുന്നത്. എരുവട്ടിയിലുള്ള എന്റെ വീട്ടിലേക്ക്, ഉക്കാസ് മൊട്ടയിൽ നിന്നും പിന്നെയും രണ്ട് കിലോമീറ്റർ നടക്കണം.

ചങ്ങാതിമാരൊക്കെ ഉക്കാസ് മൊട്ട ഭാഗത്തുള്ളവരായതിനാൽ, എന്റെ വീടിന്റെ ഭാഗത്തേക്ക് ഞാൻ ഒറ്റക്ക് മാത്രമേ ഉണ്ടാവുള്ളൂ. ആയതിനാൽ എനിക്ക് നേരത്തെ പോകണമെന്ന് ഞാൻ ചങ്ങാതിമാരോട് പറഞ്ഞു. അത് ശരിയാവില്ലെന്നായി ചങ്ങാതിമാർ. വൈകുന്നത് വരെ ഇരിക്കുകയാണെങ്കിൽ, എന്റെ കൂടെ, എന്റെ എരുവട്ടിയിലുള്ള വീട്ടിലേക്ക് വരാമെന്ന് വിന്വേട്ടൻ ഏറ്റു. അങ്ങനെ, തിരിച്ചുള്ള പോക്കിൽ ഒറ്റക്കാവില്ലല്ലോ എന്ന ധൈര്യം വന്നതിനാൽ, ഒന്നും മനസ്സിലാവാഞ്ഞിട്ടും ഏകദേശം രാത്രി രണ്ട് മണി വരെ, മറ്റുള്ളവരുടെ കൂടെ, സ്‌കൂളിലെ സംസ്കൃത പരിപാടികൾ ഞാൻ കണ്ടിരുന്നു.

ഒടുവിൽ എല്ലാവരും, ആ പാതിരാ സമയത്ത്, അവനവന്റെ വീട്ടിലേക്കുള്ള തിരിച്ച് നടത്തം തുടങ്ങി. ഉക്കാസ് മൊട്ടയിലെത്തിയപ്പോൾ, ഒട്ടും നിനക്കാതെ, വിന്വേട്ടൻ വാക്ക് മാറി. അവൻ എരുവട്ടിയിലേക്ക് വരില്ലത്രേ. പകരം ഞാൻ അവന്റെ വീട്ടിലേക്ക് പോകണമത്രേ. വാശിക്ക് ഒട്ടും കുറവില്ലാത്ത ഞാൻ, 'നീ പോടാ' എന്നും പറഞ്ഞ് ഒട്ടും കൂസലില്ലാതെ, തീർത്തും ഒറ്റക്കായിട്ടും ആ നാട്ടാപ്പാതിരാക്ക്, എന്റെ വീട്ടിലേക്ക് നടത്തം തുടങ്ങി.

പേടിയുണ്ടായിരുന്നെങ്കിലും വാശിയായിരുന്നു മുന്നിൽ നിന്നത്. ഏകദേശം രണ്ട് കിലോമീറ്റർ ഒറ്റക്ക് നടക്കണം. റോഡിലാണെങ്കിൽ ഭൂരിഭാഗത്തും ഒരു വെളിച്ചം പോലുമില്ല. ഒടുവിൽ, മേലെ അഞ്ചാം മൈലും വേറ്റുമ്മലും കഴിഞ്ഞ്, എന്റെ ബസ് സ്റ്റോപ്പായ ആറാം മൈലിൽ ഞാനെത്തിച്ചേർന്നു . അവിടെ നിന്ന്, മിന്നാമിനുകൾ മാത്രം വെളിച്ചം തൂവുന്ന ഇടവഴികളും വയലും കടന്ന് വേണം എനിക്ക് വീട്ടിലെത്താൻ.

ആറാം മൈലിൽ നിന്ന് പാനുണ്ട റോഡിലേക്ക് തെറ്റിയ ഉടനെത്തന്നെ, യാതൊരു മുന്നറിയിപ്പുമില്ലാതെ, ഒരു കൂട്ടം പട്ടികൾ എന്റെ നേരെ കുരച്ച് കുതിച്ചു. എന്ത് ചെയ്യണമെന്ന് ഒരു പിടിയുമില്ല. ഓടിയാൽ പട്ടികൾ എന്നെ പട്ടീസ് പരുവത്തിലാക്കുമെന്ന് ഉറപ്പ്. പേടിച്ച് വിറച്ച് ഒരു പ്രതിമ കണക്കെ, ഞാനവിടെത്തന്നെ നിന്നു. ഞാൻ ഓടുന്നില്ലെന്ന് കണ്ടപ്പോൾ നായ്ക്കളും നിന്നു. അപ്പഴാണ് പട്ടികൾ വെറും പട്ടികളാണെന്ന ബോധം എനിക്കുണ്ടായത്.

ധൈര്യം ഒരു കൈയ്യിൽ പിടിച്ച്, മറ്റേ കൈ കൊണ്ട് കല്ലെടുക്കാനെന്ന ഭാവേന കുനിഞ്ഞപ്പോൾ, അഞ്ചാറ് പട്ടികൾ ഓടിപ്പോയി. പക്ഷേ ഒരു കറുത്ത പട്ടി, എന്നെത്തന്നെ മുരണ്ടുകൊണ്ട് രൂക്ഷമായി നോക്കുന്നത്, ആറാം മൈൽ ജങ്ക്ഷനിലുള്ള തെരുവുവിളക്കിന്റെ മങ്ങിയ വെളിച്ചത്തിൽ എനിക്ക് കാണാമായിരുന്നു. അതിന് പോകാനൊരു ഭാവവുമില്ല. അത് മുരണ്ട്‍ കൊണ്ട് എന്റെ നേരെ പതുക്കെ അടുക്കുകയാണ്. 

ഞാൻ ഉച്ചത്തിൽ, എന്നാലാവും പോലെ നിലവിളിച്ചു. തൊട്ടപ്പുറത്തെ വീട്ടിലെ ലൈറ്റ് ഉള്ളിൽ തെളിഞ്ഞെങ്കിലും ആരും പുറത്തേക്ക് വന്നില്ല. പട്ടികൾ തമ്മിലുള്ള കണക്ക്, പട്ടികൾ തമ്മിൽത്തന്നെ തീർക്കട്ടെ എന്ന് ആ വീട്ടുകാരൻ ചിന്തിച്ച് കാണണം.

നിലവിളിയോ എന്റെ ഇല്ലാത്ത കല്ലുകൾ കൊണ്ടുള്ള ഏറോ ഒന്നും ആ കറുമ്പൻ പട്ടിയെ പേടിപ്പിക്കാൻ പോന്നതായിരുന്നില്ല. ക്രൗര്യമായ ഭാവം ഒട്ടും കുറക്കാതെ, അവൻ എന്റെ അടുത്തെത്തിക്കഴിഞ്ഞിരിക്കുന്നു. ഇനി അമാന്തിച്ച് കൂടാ. 

കടിക്കാൻ വരുന്ന പട്ടിയെ മൂക്കും വായും അടക്കം കൂട്ടിപ്പിടിക്കണം എന്ന് കേട്ടിട്ടുള്ളത് ഞാനോർത്തു. പിന്നെ ഒന്നും ഓർത്തില്ല; ഏകലവ്യന്റെ ഏകാഗ്രതയോടെ, കൊക്ക് മീനിനെ പിടിക്കുന്ന വേഗതയോടെ ഞാനാ പട്ടിയുടെ മൂക്കും വായും രണ്ട് കൈ കൊണ്ടും ഒരു കുതിപ്പിന് കൂട്ടിപ്പിച്ചു. പിടി വിട്ടുപോകാതിരിക്കാൻ അമർത്തിപ്പിടിച്ചിട്ടുണ്ട്. എന്നിട്ട് അതിനെ ഉയർത്തി വട്ടം കറക്കി ദൂരെ എറിയാനാണ് പരിപാടി. എന്നിട്ട്, എത്രയും വേഗം അവിടെ നിന്ന് ഓടി രക്ഷപ്പെടണം. 

മുഖമടക്കിപ്പിടിച്ച് പട്ടിയെ വട്ടം കറക്കിക്കൊണ്ടിരിക്കുമ്പോഴാണ് എന്റെ മുഖമടച്ച് ഒരു പ്രഹരം വന്നത് പോലെ തോന്നിയത്. കറുമ്പന്റെ കൂട്ടുകാരൻ പട്ടിയോ മറ്റോ കടിച്ചോ എന്നായിരുന്നു എന്റെ ആദ്യ സംശയം. എന്തായാലും, ആ അടിയിൽ, പട്ടി എന്റെ കൈയ്യിൽ നിന്ന് വഴുതിപ്പോയതും ഞാൻ തെറിച്ച് വീണതും ഒരുമിച്ചായിരുന്നു. അപ്പോഴാണ് വേറൊരു പ്രഹരം കൂടി ഓർക്കാപ്പുറത്ത് വീണത്. കണ്ണ് തുറന്ന് പോയത് കൊണ്ട്, കിട്ടിയത് കടിയല്ല അടിയാണെന്ന് എനിക്ക് ശരിക്കും മനസ്സിലായി. ഇത്രയും ഭീഭത്സമായ എന്റെ ഭാര്യയുടെ രൂപം ഇതിന് മുൻപ് കണ്ടിട്ടില്ലെന്ന കാര്യം ആ അർദ്ധബോധത്തിലും എനിക്ക് മനസ്സിലാക്കാമായിരുന്നു. 

"കൊറച്ച് ദിവസം മുമ്പ്, എന്റെ കാല് പിരിച്ചു.... അത് കഴിഞ്ഞ് എന്നെ കട്ടിലിൽ നിന്ന് താഴ തള്ളിയിട്ടു... ഇപ്പൊ എന്റെ കഴുത്തിന് തന്നെയാണല്ലോ പിടിച്ചത്.. നിങ്ങളുടെ ഉദ്ദേശം എന്താ.. പറ.. നിങ്ങളുടെ ഉദ്ദേശം എന്താ... "

രാത്രിയുടെ ആ നിശ്ശബ്ദതയിലും, എന്റെ ശ്വാസോഛ്വാസത്തിന് ശബ്ദമേ ഉണ്ടായിരുന്നില്ല. പക്ഷേ സഹധർമ്മിണിയുടെ കിതപ്പ്, എന്റെ കാതുകളിൽ പെരുമ്പറ പോലെ മുഴങ്ങി. എന്നെക്കൊണ്ട് ഒരു ധർമ്മത്തിനും കൊള്ളില്ലെന്ന് അവൾ ഉറപ്പിച്ചിരിക്കുന്നു.

"ഞാനൊരു കാര്യം പറഞ്ഞേക്കാം... ഞാനീ ഒരുമിച്ചുള്ള കിടപ്പ് തന്നെ അങ്ങ് നിർത്തും... പറഞ്ഞേക്കാം... രണ്ട് കുട്ട്യോളൊക്കെ ആയില്ലേ... എനിക്ക് മതിയായി..."

തൊണ്ടയും തടവിക്കൊണ്ട് അവൾ മലർന്ന് കിടന്നപ്പോൾ, അടി കിട്ടിയ കവിൾ തടവിക്കൊണ്ട്, എന്താണ് ശരിക്കും സംഭവിച്ചതെന്നോർക്കാൻ ഞാൻ കിണഞ്ഞ് ശ്രമിച്ച് കൊണ്ടിരുന്നു.

---

കേട്ടല്ലോ. ഇത് മാത്രമേ, ഇത്ര മാത്രമേ സംഭവിച്ചുള്ളൂ... എന്നിട്ടാണ് അവൾ... വെറും സ്വപ്നത്തിന്റെ പേരിൽ എന്നെ ഭീഷണിപ്പെടുത്തുന്നത്. എനിക്കൊട്ടും ദുരുദ്ദേശമില്ലെന്ന് എനിക്ക് നന്നായി അറിയാം. പക്ഷേ, അവളത് മനസ്സിലാക്കുന്നില്ല. സ്വപ്നത്തെ സ്വപ്നമായിക്കാണാൻ ഇനിമുതൽ അവൾക്കാവില്ലത്രേ!  ഇപ്പോൾ, കിടന്നയുടനെ ഉറങ്ങുന്ന ശീലം അവൾ മാറ്റിക്കഴിഞ്ഞിരിക്കുന്നു. എന്തുകൊണ്ടാണെന്നറിയില്ല, കിടക്കുന്നതിന്റെ പരിസരത്തൊന്നും കനമുള്ള സാധനങ്ങളില്ലെന്ന് അവൾ ഉറപ്പ് വരുത്തുന്നു. പക്ഷേ ഒരു കാര്യം ആദ്യമേ പറഞ്ഞേക്കാം. പാമ്പിന്റെയും സയനൈഡിന്റെയും കൂടെ എന്റെ മധുരസ്വപ്നങ്ങളെ കൂട്ടിക്കുഴക്കുന്നത് എനിക്കൊട്ടും ഇഷ്ടമല്ല !

വാൽക്കഷണം: ഈ സ്വപ്നങ്ങൾക്ക്, ഇപ്പോൾ മാധ്യമങ്ങളിൽ നടക്കുന്ന സ്വർണ്ണ സ്വപ്നങ്ങളുമായോ, സ്വർണ്ണസ്വപ്നാടനങ്ങളുമായോ യാതൊരു ബന്ധവും ഇല്ല.

***

2020 മേയ് 1, വെള്ളിയാഴ്‌ച

മാംഗോ മൂസ്

(Picture Source: Google)

എനിക്ക്, മധുരം എന്നും ഒരു വീക്നെസ്സ് ആണ്. ചെറുപ്പത്തിലേ പഞ്ചസാര, ശർക്കര, എന്നിവ ദിനേന, പലതവണ കട്ട് തിന്നുന്നത് ഒരു ശീലം തന്നെയായിരുന്നു.

ഏറ്റവും കൂടിയാൽ, പഞ്ചസാരയാണെങ്കിൽ അരക്കിലോയും ശർക്കരയാണെങ്കിൽ കൂടിയത് ഒരു കിലോയുമാണ് ഒരേ സമയം വീട്ടിൽ വാങ്ങിക്കാറുള്ളതെങ്കിലും, സാധാരണയായി കാൽക്കിലോ പഞ്ചസാരയും അരക്കിലോ ശർക്കരയുമാണ് വാങ്ങിക്കാറുള്ളത്. അതിൽ കൂടുതൽ വാങ്ങിയാൽ, വേഗം തീർന്നുപോകുമെന്നാണ്, അച്ഛന്റെ ഇന്റലിജൻസ് നിരീക്ഷണം. വീട്ടിലെ ഏത് മാളത്തിൽ ഒളിപ്പിച്ചാലും, ശർക്കരയും പഞ്ചസാരയും മണത്ത് പിടിച്ച് കട്ട് തിന്നാനുള്ള കഴിവ്, ചുരുങ്ങിയ കാലം കൊണ്ട് ഞാൻ ആർജ്ജിച്ചിരുന്നു. പശുക്കൾക്ക് കറവയുള്ള കാലമാണെങ്കിൽ, ഉറിയിൽ തൂക്കിയിട്ടുള്ള കലത്തിലെ വെണ്ണയും, ചുമർപ്പടികളിൽ വലിഞ്ഞ് കയറി, കൈകൊണ്ട് കോരി, എത്രയും പെട്ടന്ന് അകത്താക്കുക എന്ന കർമ്മവും ഭഗവാന്റെ നാമത്തിൽ നിർവ്വഹിച്ചിരുന്നു. അനുജന്മാരും മോശമല്ലാത്ത രീതിയിൽ മധുരം കട്ട് തിന്നുന്നത് കൊണ്ട് പല തവണ, മധുരമില്ലാത്ത ചായയും കാപ്പിയും കുടിക്കേണ്ടി വന്നിട്ടുണ്ട്. പഞ്ചസാരയും ശർക്കരയും അനിയന്ത്രിതമായി തീരുന്നതിന്, അമ്മ അകാരണമായി അച്ഛന്റെ വഴക്കും കേൾക്കുന്നത് പതിവായിരുന്നു. പുകപിടിച്ച് ആകപ്പാടെ കരിപിടിച്ച അടുക്കളയാണ് നമ്മുടേത്. അടുക്കളയിൽ നിന്നുള്ള പുക കൊണ്ടാണ് അടുക്കളയുടെ മുകളിൽ സൂക്ഷിച്ചിട്ടുള്ള വിറകുകളും, തെങ്ങോലയുടെ ഭാഗങ്ങളും മറ്റും ഉണങ്ങുന്നത്. അതിന് താഴെ, ചുമരിന് മുകളിലായി ഒരു പലകമേലാണ്, പുകപിടിച്ച കുപ്പികളിലും ഡബ്ബകളിലുമായി അനാദി സാധനങ്ങൾ വരിവരിയായി സൂക്ഷിച്ച് വച്ചിരുന്നത്. ഒരു തവണ, ശർക്കര കട്ടുതിന്നാൻ, ദ്രവിച്ച് പൂതലിച്ച അടുക്കളവാതിലിന് മേൽ വലിഞ്ഞ് കയറിയ ബാലേന്ദ്രൻ, ആരോ വരുന്നുണ്ടെന്ന സംശയത്തിൽ രക്ഷപ്പെടാനായി താഴോട്ട് ചാടിയപ്പോൾ, അവന്റെ തുടയിലെ മാംസത്തിലൂടെ കൂർത്ത മുനയുണ്ടായിരുന്ന വാതിലിന്റെ ഒരു ഭാഗം തുളച്ച് കയറിയത് ഇന്നും വല്ലാത്തൊരോർമ്മയാണ്. ഒരു തേളിന്റെ രൂപത്തിൽ പന്ത്രണ്ടോളം തുന്നലുകളായിരുന്നു, അന്നാ മുറിവ് അവന് സമ്മാനിച്ചത്.

ചെറുപ്പകാലത്ത്, മധുരമുള്ള ഒരൊറ്റ ബേക്കറി സാധനങ്ങളും അച്ഛൻ വീട്ടിലേക്ക് കൊണ്ടുവരാറില്ല. ആകപ്പാടെ വീട്ടിലെത്തുന്ന ബേക്കറി സാധനം, പലബിസ്‌കറ്റും* റസ്കുമാണ്. അപൂർവ്വമായി അച്ഛാച്ഛൻ മാത്രമാണ്, ചെറുപ്പത്തിൽ ഞങ്ങൾ ലഡുമിക്സ്ചർ എന്ന ഓമനപ്പേരിൽ വിളിച്ചിരുന്ന പൊടിഞ്ഞ ലഡുമണികൾ നമുക്ക് കൊണ്ടുവന്ന് തന്നിരുന്നത്; കൂട്ടത്തിൽ, വീട്ടിൽ വരുന്ന അപൂർവ്വം അതിഥികളും, അങ്ങനെ എന്തെങ്കിലും മധുരപലഹാരങ്ങൾ കൊണ്ട് വന്ന് തരും. കാഞ്ഞിലേരിയുള്ള അമ്മമ്മയുടെ വീട്ടിൽ അപൂർവ്വമായി പോയാൽ, അവിടെ ലഡ്ഡുവും മിക്സ്ചറും സ്റ്റോക്ക് ഉണ്ടായിരിക്കുമെങ്കിലും, അത് വച്ചിരിക്കുന്ന അലമാര താക്കോലിട്ട് പൂട്ടി വെക്കുന്നത് കൊണ്ട്, കട്ട് തിന്നാൻ കിട്ടാറില്ല; എന്നിരുന്നാലും വൈകുന്നേരത്തെ ചായക്ക് തിന്നാൻ കിട്ടാറുണ്ടായിരുന്നു. കവലകളിലും പട്ടണത്തിലുമൊക്കെയുള്ള ബേക്കറിക്ക് മുന്നിലൂടെ കടന്ന് പോകുമ്പോൾ വായിൽ വെള്ളമൂറുക എന്ന പ്രതിപ്രവർത്തനം, പത്താം തരത്തിൽ പഠിക്കുന്നത് വരെയെങ്കിലുംഎന്റെ ശരീരത്തിൽ നടന്നിരുന്നു.

ഇങ്ങനെയൊക്കെയായിരുന്നെങ്കിലും, വിശേഷാൽ ദിവസങ്ങളിലും ഞങ്ങളുടെ പിറന്നാളുകളിലും, ആരെങ്കിലും വിരുന്ന് വന്നാലുമൊക്കെ, പായസം വെക്കുന്നതും, കൂവ കാച്ചി ഹൽവ പോലെയുള്ള പലഹാരമുണ്ടാക്കുന്നതും, അരിയുണ്ട, ഉണ്ണിയപ്പം, ഓട്ടട, മൂടക്കടമ്പൻ  എന്നിവയുണ്ടാക്കുന്നതും, വാഴപ്പഴം നെയ്യും പഞ്ചസാരയുമിട്ട് പുഴുങ്ങുന്നതും മറ്റുമായിരുന്നു വീട്ടിലെ പതിവ്. ഇങ്ങനെയൊക്കെയുള്ള പലഹാരങ്ങൾ തിന്നാൻ കൊതിയാവുമ്പോൾ, ആരെങ്കിലും വിരുന്ന് വരണേ എന്ന പ്രാർത്ഥന മനസ്സിൽ മുഖരിതമാവും. എരുവട്ടിക്കാവിൽ ചെന്നാൽ, പഞ്ചഗവ്യ സാധനങ്ങൾ കൊണ്ട് വരുന്ന വീട്ടുകാർ എന്ന നിലയിൽ, എല്ലാ ദിവസവും നിവേദ്യപ്പായസം കിട്ടിയിരുന്നത്, ദേവനേക്കാൾ നിവേദ്യപ്പായസത്തെ ഇഷ്ടപ്പെടാൻ കാരണമായി.

കല്യാണങ്ങൾക്കും മറ്റും ചോറ് കുറച്ചുണ്ട്, മത്സരിച്ച് പായസം കുടിക്കുക എന്നതായിരുന്നു എന്റെ പതിവ്. പായസം കുടിച്ച് കുടിച്ച്, ഒന്നും ചെയ്യാൻ കഴിയാതെ, മത്ത് പിടിച്ചത് പോലെ വയറും തടവി ഇരിക്കുന്നത് എന്നെ സംബന്ധിച്ചടുത്തോളം, ശിവമൂലിയെക്കാൾ ആനന്ദകരമായിരുന്നു.

പത്താം ക്ലാസ്സ് വരെ അച്ഛൻ പഠിപ്പിച്ചിരുന്ന സ്‌കൂളിലാണ് പഠിച്ചിരുന്നത്. അതുകൊണ്ട്, തോന്നിയത് പോലെ പുറത്തുള്ള കടകളിൽ പോകാനോ, ചുരുങ്ങിയത്, ഒരു മുട്ടായി വാങ്ങി പൂതി തീർക്കാനോ കഴിയുമായിരുന്നില്ല. എന്നാലും പാത്തും പതുങ്ങിയും, അമ്മ, പാലുല്പന്നങ്ങൾ വിറ്റ് കിട്ടുന്ന പണം സൂക്ഷിക്കുന്ന പലകപ്പെട്ടിയിൽ നിന്ന്, ചില്ലറകൾ മോഷ്ടിച്ച്, പാരീസ് മുട്ടായിയും, അഭ്യാർത്ഥിക്കട്ടയും, എക്ലയർ മുട്ടായിയും മറ്റും അപൂർവ്വം സന്ദർഭങ്ങളിൽ ഒപ്പിച്ചെടുക്കാറുണ്ട്.

എന്റെ അച്ഛനും മധുരം പെരുത്തിഷ്ടമാണ്. പായസം കിട്ടുന്ന സന്ദർഭങ്ങളിൽ, അത് വീട്ടിലായാലും, കല്യാണങ്ങൾക്കായാലും, മറ്റ് ഏത് പരിപാടികൾക്കായാലും, അച്ഛൻ ഒരു പെരും കുടി കുടിക്കും. ഇന്നത്തെ പ്രായം ചെന്ന അവസ്ഥയിലും അച്ഛൻ പായസം കുടി മത്സരത്തിന് ആളെക്കിട്ടിയാൽ ഒരിരുപ്പ് ഇരിക്കും. 'മിൽക്ക് മെയ്ഡ്' പോലുള്ള അതിമധുര മിശ്രിതങ്ങൾ, കുഞ്ഞ് ഡബ്ബയാണെങ്കിൽ ടിന്ന് പൊട്ടിച്ച്, ഒറ്റ വലിക്കകത്താക്കും. മധുരം ഇഷ്ടമാണെങ്കിലും, പായസം വെച്ചു തരുമോ, അടയുണ്ടാക്കാമോ എന്നൊന്നും അമ്മയോട് ചോദിക്കുന്നത്, അച്ഛന് തീരെ പതിവുണ്ടായിരുന്നില്ല. അത്രക്ക് അഭിമാനിയായിരുന്നു അച്ഛൻ!

വീട്ടിൽ എന്ത് പലഹാരങ്ങളോ ഭക്ഷ്യ വിഭവങ്ങളോ ഉണ്ടാക്കിയാലും, ആ വിഭവങ്ങൾ എത്ര നല്ലതായാലും, അച്ഛൻ അമ്മയെ ഒന്ന് അനുമോദിക്കുകയോ പ്രശംസിക്കുകയോ ഒന്നും ചെയ്യുമായിരുന്നില്ല. കഴിക്കും, എഴുന്നേറ്റ് പോകും അത്ര തന്നെ. അഥവാ ഒരിത്തിരി പുളിയോ, ഉപ്പോ, എണ്ണയോ, എരിവോ കൂടിപ്പോയായാൽ, കൂടിപ്പോയതിന്റെ കനത്തിൽ പിറുപിറുക്കുകയും വഴക്ക് പറയുകയുമൊക്കെ ചെയ്യും. എന്ന് വച്ചാൽ, ഒന്നും പറയാതെ ഭക്ഷണം കഴിച്ച് പോയെങ്കിൽ, അതിന് കുഴപ്പമൊന്നും ഇല്ല, നന്നായിരുന്നു എന്ന് നമുക്കനുമാനിക്കാം.

ഞങ്ങളോടും, മറ്റുള്ളവരോടുമൊക്കെയുള്ള അച്ഛന്റെ ചില വർത്തമാനങ്ങളിൽ നിന്ന് നമുക്ക് മനസ്സിലാക്കാൻ പറ്റിയ ചില ഫിലോസഫികളുണ്ട്.ഒന്ന്, അനാവശ്യമായി ആരെയും പുകഴ്ത്താതിരിക്കുക. രണ്ട്, അനാവശ്യമായി ആർക്കും സമ്മാനങ്ങളോ മറ്റ് ദ്രവ്യങ്ങളോ കൊടുക്കാതിരിക്കുക. പക്ഷേ, ആവശ്യത്തിന് പോലും ഞങ്ങളെ പുകഴ്ത്തുകയോ, ഞങ്ങൾക്ക് എന്തെങ്കിലും സമാനങ്ങൾ തരികയോ ചെയ്തതായി ഞങ്ങൾ നാല് മക്കൾക്കും ഓർമ്മയില്ല. ഞാനൊക്കെ പരീക്ഷകളിൽ നന്നായി മാർക്ക് വാങ്ങിയാൽ (പിന്നീട് പല പരീക്ഷകളിലും തല കുത്തി വീണെങ്കിലും), ഒരു മൂളലിൽ പ്രശംസകൾ ഒതുങ്ങും. പക്ഷേ ഇതേ അച്ഛൻ മറ്റുള്ളവരെ പ്രശംസിക്കുന്നതും അപൂർവ്വമായി ചിലവർക്ക്, ചെറിയ ദ്രവ്യങ്ങൾ സമ്മാനിക്കുന്നതും ഞങ്ങളുടെ ശ്രദ്ധയിൽ പെട്ടിട്ടുമുണ്ട്. അച്ഛന്റെ ഇത്തരം ബൂർഷ്വാ പിന്തിരിപ്പൻ നടപടികളോട് മനസ്സിൽ എതിർപ്പ് ഉണ്ടായിരുന്നെങ്കിലും, അവകാശമില്ലാത്ത രാജ്യത്ത് ജീവിക്കുന്നതിനാൽ, ഞങ്ങൾ ശബ്ദമുയർത്താറുണ്ടായിരുന്നില്ല.

കോളജിലൊക്കെ പഠിക്കുമ്പോൾ, ബസ്സിനും അപൂർവ്വമായി ഭക്ഷണത്തിനും കിട്ടുന്ന പൈസയേക്കാൾ, കൂടുതൽ അച്ഛന്റെ പോക്കറ്റിൽ കൈയ്യിട്ടും, അമ്മയുടെ ഭണ്ടാരത്തിൽ ഈർക്കിൽ കുത്തിക്കയറ്റിയും, ചില ബന്ധുക്കൾ വന്നാൽ കൈമടക്ക് തരുന്ന പൈസയൊക്കെയായി എങ്ങനെയൊക്കെയോ, ചില്ലറത്തുട്ടുകൾ കൈകളിലെത്തിയിരുന്നു. ആ പണം കൊണ്ടായിരുന്നു, നിർമ്മലഗിരി കോളജിലും, കണ്ണൂർ ഐ ടി ഐ യിലും, പോളിടെക്നിക്കിലും തലശ്ശേരി മഹാത്മാ കോളജിലും കണ്ണൂർ യൂണിവേഴ്‌സലിലും മറ്റും പഠിക്കുമ്പോൾ, സിനിമക്കും, മറ്റ് കുരുത്തക്കേടുകൾക്കും പണം കണ്ടെത്തിയിരുന്നത്. കണ്ണൂർ ഷീനിൽ നിന്നും തലശ്ശേരി ജയഭാരതിയിൽ നിന്നും കൂത്തുപറമ്പ് ബേബിയിൽ നിന്നും പേഡയും ജിലേബിയും ലഡുവും ഒക്കെ തിന്ന് പൂതി തീർത്തതും ആ കാലത്തായിരുന്നു. പണം കൈയ്യിലില്ലെങ്കിലോ അല്ലെങ്കിൽ കൈയ്യിലുള്ള പണം കുറവാണെങ്കിലോ, ചില സമയത്ത് പണം കൊടുക്കാതെ മുങ്ങുകയോ, രണ്ടെണ്ണം വാങ്ങിയാൽ ഒന്നിന്റെ കാശ് മാത്രം കൊടുത്ത് രക്ഷപെടുകയോ ചെയ്യാറാണ്, ഞങ്ങൾ കൂട്ടുകാർ, കളങ്കമില്ലാതെ ചെയ്തുകൊണ്ടിരുന്നത്.

അങ്ങനെയിരിക്കേ, ചില പ്രതികൂല സാഹചര്യങ്ങളിൽ, വീട്ടിൽ നിന്ന് ലഭിച്ചുകൊണ്ടിരുന്ന അവകാശങ്ങൾ പോലും പിന്നീട് ലഭിച്ചില്ലെങ്കിലോ എന്ന പേടിയിൽ, ചിട്ടവട്ടങ്ങൾക്കിടയിൽ പെട്ട് ശ്വാസം മുട്ടിയ അവസ്ഥയിൽ നിന്നുള്ള മോചനത്തിനായി, സ്വന്തം കാലിൽ നിൽക്കണമെന്ന ആഗ്രഹവുമായി, നാട് വിട്ട് മുംബൈയിലെത്തി. എന്റെ അച്ഛന്റെ കസിനായ ഉമേച്ചിയുടെയും അവരുടെ ഭർത്താവ് സുരേന്ദ്രേട്ടന്റെയും  വീട്ടിൽ അഭയം പ്രാപിച്ചു. പതുക്കെ ഒരു ജോലി തരമാക്കി. ജോലി കിട്ടിയതോടെ, ആപ്പീസിലെ ഒരു കൂട്ടുകാരന്റെ കൂടെ ഞാൻ മാറിത്താമസിക്കാൻ തുടങ്ങി. സുരേന്ദ്രേട്ടന്റെ വീട്ടിൽ എപ്പോൾ ചെന്നാലും, കൂടുതൽ അവസരങ്ങളിലും പായസം മതിയാവോളം വെച്ചു തന്നത് ഇന്നും മധുരിക്കുന്ന ഓർമ്മയാണ്.

മുംബൈയിൽ നിന്ന് ടെഹ്‌റാനിലേക്കും ലണ്ടനിലേക്കും മറ്റും ജോലിയാവശ്യങ്ങൾക്ക് വേണ്ടി പോയി, കുറച്ച് കാലയളവുകൾ താമസിച്ച് വീണ്ടും മുംബൈയിൽ തിരിച്ച് വന്നപ്പോൾ, സുരേന്ദ്രേട്ടന്റെ നിർദ്ദേശപ്രകാരം ഒരു വീട് വാങ്ങി. നിർദ്ദേശങ്ങൾ പല ഭാഗത്ത് നിന്നും കൂടിയപ്പോൾ ഒരു കല്യാണം കഴിച്ചു. അങ്ങനെ ഉളിക്കലിലെ ജിഷ, എരുവട്ടിയിലെ വേണൂന്റെ കൂടെ മുംബൈയിലേക്ക് യാത്ര തിരിച്ചു.

നാടൻ രീതിയിൽ വളർന്ന്, മുംബൈയും ടെഹ്‌റാനും ലണ്ടനും മറ്റും കണ്ട ഞാൻ, ഒരു പുരോഗമനവാദിയും ആധുനികതയോട് ഒരുതരം ഉത്തരാധുനികത വച്ചു പുലർത്തുന്നയാളുമായിരിക്കുമെന്ന ജിഷയുടെ ചില മുൻവിധികൾ, അസ്ഥാനത്താണെന്ന്, എന്റെ പല നിലപാടുകളിൽ നിന്നും അവൾക്ക് പതുക്കെപ്പതുക്കെ മനസ്സിലാവാൻ തുടങ്ങിയത്, കല്യാണത്തിന് ശേഷമായിരുന്നു. കല്യാണത്തിന് മുന്നേയുള്ള ഫോൺ സംഭാഷണങ്ങളിലും എഴുത്തുകുത്തുകളിലും ഞാൻ കാണിച്ചിരുന്ന സ്നേഹവായ്പ്, കല്യാണത്തിന് ശേഷമുള്ള എന്റെ പ്രവർത്തികളിൽ കാണുന്നില്ലെന്ന് അവൾക്ക് ബലമായ സംശയം ഉണ്ടായിത്തുടങ്ങാൻ അധികം കാലം എടുത്തിരുന്നില്ല! വീട് സ്വന്തമായി വാങ്ങിയതിന്റെ, ആരംഭ ഘട്ടത്തിലുള്ള ചില കുഞ്ഞ് സാമ്പത്തിക ഞെരുക്കങ്ങളാണ്, അവളുടെ ചില നെയിൽ പോളിഷ്  ആഗ്രഹങ്ങൾ നിറവേറ്റുന്നതിന് തടസ്സങ്ങൾ സൃഷ്ടിച്ചതെന്ന് പറയാൻ എനിക്കും, മനസ്സിലാക്കാൻ ജിഷക്കും, വാശി കുത്തിവച്ച കുഞ്ഞ് കുഞ്ഞ് സൗന്ദര്യപ്പിണക്കങ്ങൾ മൂലം പറ്റിയില്ല. ഞങ്ങൾ നവി മുംബൈയിലെ വാശി എന്ന സ്ഥലത്തായിരുന്നു താമസമെന്നത്, ഞങ്ങളുടെ വാശിക്ക് ബലമേകിയിരിക്കാം. എന്ന് വച്ച് കലഹങ്ങളൊന്നും ഉണ്ടായിട്ടില്ല; പരസ്പരം നോക്കുമ്പോൾ, മുഖം തിരിക്കാനുള്ള കാരണങ്ങൾ മാത്രം!

മറ്റുള്ളവരോട് ഞാൻ ഇടപെടുമ്പോൾ ഉണ്ടാക്കപ്പെടുന്ന സ്നേഹോഷ്മളത, ജിഷയുമായി ഇടപെടുമ്പോൾ ഉണ്ടാകുന്നില്ലെന്ന സംശയം തലയണമുരൾച്ചകളുടെ രൂപത്തിൽ ഞാൻ കേൾക്കാൻ തുടങ്ങി. ആൺ പെൺ കൂട്ടായ്മകളിൽ ഞാനിടപെടുമ്പോൾ ഉണ്ടാക്കപ്പെടുന്ന രസികത്വം, ഞാൻ  ജിഷയോടിടപെടുമ്പോൾ ഉണ്ടാകുന്നില്ലെന്ന്, അവൾക്ക് ന്യായമായും പരാതികൾ ഉണ്ടായി. സ്വകാര്യ നിമിഷങ്ങൾ, പരിഭവം പറച്ചിലിന്റെ രംഗവേദികളായി മാറി.

ആയിടെ, എനിക്ക് അമേരിക്കൻ ഐക്യനാടുകളിലേക്ക് പോകാനുള്ള സാഹചര്യമൊരുങ്ങി. ജിഷ മൂത്ത മകൾ പാറുവിന് ജന്മം കൊടുത്ത് നാട്ടിലായിരുന്നപ്പോൾ, ഞാൻ അമേരിക്കയിലേക്ക് യാത്രയായി. ഏകദേശം ആറ് മാസത്തിന് ശേഷം, അവളും എന്റെ കൂടെ ഫ്ളോറിഡയിലെത്തി. സാഹചര്യങ്ങൾ മാറിയപ്പോൾ, എന്റെ അഭിരുചിക്കനുസരിച്ച്, ഒരു വീട്ടമ്മയുടെ കൗതുകത്തോടെ, വീട്ടിലെ അടുക്കളയിൽ, പല പല പരീക്ഷണങ്ങളും ജിഷ നടത്താൻ തുടങ്ങി.

വൈകുന്നേരങ്ങളിൽ, ജോലിയും കഴിഞ്ഞ്, ഞാൻ വീട്ടിലെത്തിയാൽ, ഓരോ ദിവസവും പലതതരത്തിലുള്ള പലഹാരങ്ങൾ പതിവായി. എന്റെ സുഹൃത്തുക്കളുടെ ഭാര്യമാർ, പരസ്പരം, സ്വന്തം ഭർത്താക്കന്മാരെ ഇങ്ങനെ പലഹാരങ്ങൾ കൊടുത്ത് സന്തോഷിപ്പിക്കുന്നതിൽ ഒരുതരം മത്സരത്തിലാണോയെന്ന സംശയം, സുഹൃത്തുക്കളുമായി സംസാരിക്കുമ്പോൾ എനിക്കുണ്ടായി. അത്രമേൽ പരീക്ഷണങ്ങളായിരുന്നു വൈകുന്നേരങ്ങളിൽ ഓരോ വീടുകളിലും നടന്നിരുന്നത്. എന്നിരുന്നാലും, മധുരം ഇഷ്ടമായിരുന്നതിനാൽ, വൈകുന്നേരങ്ങൾ, മധുരലഹരിയിലുള്ള ആറാട്ടുകൾക്ക് വേദിയൊരുക്കി.

അധിക വാരാന്ത്യങ്ങളിലും ഞങ്ങൾ സുഹൃത്തുക്കൾ ഏതെങ്കിലും വീട്ടിൽ ഒത്തുകൂടും. സുഹൃത്തുക്കളിൽ നാനാജാതി ഇന്ത്യാക്കാരും ഉണ്ട്. ഒത്തുകൂടിയാൽ ചില സുഹൃത്തുക്കൾ വൻ പാരയാണ്. അധികം പേരും അവനവന്റെ ഭാര്യമാരുണ്ടാക്കിയ ചില പലഹാരങ്ങളെക്കുറിച്ച് വർണ്ണിക്കും. പോട്ട്ലക്ക് പാർട്ടികളിൽ, 'ദേ എന്റെ ഭാര്യ ഉണ്ടാക്കിയ ഉണ്ണിയപ്പം തിന്നു നോക്ക്', 'എന്റെ പെമ്പ്രന്നോത്തിയാ ഈ ബിരിയാണി ഉണ്ടാക്കിയത്', 'എന്റെ ഭാര്യ ചിക്കന്റെ സ്പെഷലിസ്റ്റാ' എന്നൊക്കെ പറഞ്ഞ് ഓരോരുത്തന്റെ വായിലും ഉണ്ണിയപ്പം തിരുകുന്ന ചില മാന്യന്മാരെക്കൊണ്ട് സ്വസ്ഥത പോകുന്നത് എനിക്കായിരുന്നു. ഞാൻ ഇത്തരം പരിപാടികൾ ചെയ്യാറുണ്ടായിരുന്നില്ലെന്ന് മാത്രമല്ല, ജിഷയെ സ്വകാര്യമായിപ്പോലും പുകഴ്ത്താറുമുണ്ടായിരുന്നില്ല. എന്തോ വലിയ സംഭവമാണെന്ന മട്ടിൽ, വെറുതേ ജാഡ കാണിച്ച്, ചില ഫിലോസഫികൾ പറഞ്ഞ് നടക്കുകയാണ് എന്റെ പതിവ്. ഇത്തരം ഒത്തുചേരലുകളിൽ, കുറേ മധുരം വാരിവിഴുങ്ങുക എന്ന ചടങ്ങിലായിരിക്കും എന്റെ മുഖ്യ ശ്രദ്ധ!

"നിങ്ങള് നോക്ക്.. മറ്റവനെ കണ്ട് പഠിക്ക് ... ആണുങ്ങളായാൽ ഭാര്യമാരെ ഇത്തിരിയെങ്കിലും പുകഴ്ത്തിപ്പറഞ്ഞൂടെ" ഓരോ ഗെറ്റ്ടുഗതർ കഴിഞ്ഞാലും ഇത് പോലുള്ള ഡയലോഗുകൾ പതിവായി.

"കൂട്ടുകാരുടെ ഇടയിൽ നിന്ന് വെറുതെ സ്വന്തം ഭാര്യയെ പുകഴ്ത്തുന്നത് എനിക്ക് നല്ലതായി തോന്നുന്നില്ല" ഈ തത്വം പറഞ്ഞ്, കഴിവതും ഞാൻ രക്ഷപ്പെടാൻ ശ്രമിക്കും.

"കൂട്ടുകാരുടെ ഇടയിൽ നിന്ന് വേണ്ട... സ്വകാര്യായിട്ടെങ്കിലും പറഞ്ഞൂടെ.." ജിഷക്ക് ചിലപ്പോൾ സങ്കടം കൂടി വരും. ഇത് പറയുമ്പോൾ വെറും നിശ്വാസമായിരിക്കും എന്റെ സ്വതവേയുള്ള ഉത്തരം.

ചോറ് വെച്ചാലും കറികൾ വെച്ചാലും പായസം വെച്ചാലും, അപ്പം ചുട്ടാലും ഓരോന്നിനും അതിന്റേതായ സ്വാഭാവിക ഗുണം ഉണ്ടാവുമെന്നിരിക്കേ, പിന്നെയെന്തിനാണ് പുകഴ്ത്തുന്നതെന്ന് എനിക്ക് ഒട്ടും മനസ്സിലാവുന്നുണ്ടായിരുന്നില്ല. തീർച്ചയായും, ജിഷയുണ്ടാക്കുന്ന വിഭവങ്ങൾ അധികം മോശമല്ലാതിരുന്നത് കൊണ്ട് (ആദ്യകാലത്തുണ്ടാക്കിയിരുന്ന പപ്പടച്ചപ്പാത്തികൾ ഒഴിച്ച്), മോശമാണെന്ന് ഒരിക്കലും പറയേണ്ടി വന്നിട്ടില്ല. എന്നാലും ഉപ്പും മുളകും കൂടുമ്പോൾ, ആ സംഗതികൾ ഇത്തിരി കൂടിയിട്ടുണ്ടെന്നുള്ള സന്ദേശം, ഏതെങ്കിലും രൂപത്തിൽ, ഞാനവളെ അറിയിക്കും. ഇത് കേൾക്കുമ്പോൾ, ഇതിനകം എന്റെ അച്ഛന്റെ ചില സ്വഭാവങ്ങളറിയുന്ന ജിഷ, എന്നെയും എന്റെ അച്ഛനെയും  താരതമ്യപ്പെടുത്തി കമന്റുകൾ പാസ്സാക്കിത്തുടങ്ങും. ഈ കമന്റുകൾ കേൾക്കുമ്പോൾ എനിക്ക് എന്റെ പുരുഷത്തം തുളുമ്പി വരുമെങ്കിലും, എനിക്കും എന്നെക്കുറിച്ച്, സ്വയം ചില സംശയങ്ങൾ ജനിപ്പിക്കാൻ ഇടയാക്കി. അച്ഛന്റെ വിത്തിന്റെ ഗുണം തീർച്ചയായും ഞാനെന്ന മരം പ്രകടിപ്പിച്ച് തുടങ്ങിയിരിക്കുന്നോ ? എനിക്കൊരു കാലത്ത്, മനസ്സിലെങ്കിലും ഇങ്കുലാബ് വിളിക്കാൻ തോന്നിയ അച്ഛന്റെ ചില നിലപാടുകൾ, എന്റെ മേൽ ഭൂതം കണക്കെ പിടികൂടുകയാണോ? കാലം, ചില നിലപാടുകൾ ഇഷ്ടമല്ലെങ്കിലും അടിച്ചേൽപ്പിക്കുകയാണോ? അതോ ഞാനിങ്ങനെത്തന്നെയാണോ? എനിക്ക് എന്നെത്തന്നെ ചില കാര്യങ്ങളിൽ സംശയം തോന്നിത്തുടങ്ങിയെങ്കിലും പുരുഷന്റെ മനസ്സ്, പ്രത്യേകിച്ചും സ്ത്രീയുടെ മുന്നിൽ, കുനിയാനുള്ളതല്ലെന്ന് ഞാനെവിടെ നിന്നും പഠിച്ച് വച്ചിട്ടില്ലാത്തത് കൊണ്ട് അധികം ചിന്തിക്കാൻ നിൽക്കാറില്ല.

ആടിക്കുഴയുന്നില്ലെങ്കിലും, ജിഷയോട് എനിക്ക് വെറുപ്പോ കാലാതീതമായ സൗന്ദര്യപ്പിണക്കങ്ങളോ ഉണ്ടായിരുന്നില്ല. എന്റെ അഭിപ്രായത്തിൽ, അത്യാവശ്യത്തിനുള്ളതും, ആവശ്യത്തിനുള്ളതും ഞാൻ ഞങ്ങൾക്കും അവൾക്കും സാധിച്ച് കൊടുക്കുന്നുണ്ട്. ആഡംബരങ്ങൾ, അല്ലെങ്കിൽ ചില 'ഷോ' പരിപാടികൾ എന്നിവ ഇല്ലെന്നുള്ളതേ എന്നെ സംബന്ധിച്ചടുത്തോളം, ഞാൻ ചെയ്യാത്തതായി ഉണ്ടായിരുന്നുള്ളൂ. ആരെയെങ്കിലും ബോധിപ്പിക്കാൻ മാത്രം വെറുതേ ഞാനൊന്നും ചെയ്യാറുണ്ടായിരുന്നില്ല. എന്റെ ചില നിർദ്ദേശങ്ങൾക്കോ അഭിപ്രായങ്ങൾക്കോ തീരെ വിലകല്പിക്കുന്നില്ല എന്ന തോന്നലിൽ നിന്ന്, ഞാൻ സ്വയം മൗനിയാകാറുണ്ടെന്നത് സത്യവുമാണ്. ആ മൗനം, എന്റെ പ്രത്യേക ജനിതകസ്വഭാവത്താൽ അകാരണമായി നീണ്ടുപോകാറുണ്ടെന്ന ബോദ്ധ്യം എനിക്കെപ്പോഴുമുണ്ടായിരുന്നു. മൗനം ഒരുതവണ  തുടങ്ങിപ്പോയാൽ, അത് ഭഞ്ജിക്കണമെങ്കിൽ, ആരെങ്കിലും വീട്ടിൽ വിരുന്നിന് വരണം, അല്ലെങ്കിൽ നമ്മൾ വിരുന്നിന് പോകണം; അതാണ് ഞാൻ തന്നെ അറിയാതെ നടന്നുവരുന്ന പ്രോട്ടോക്കോൾ. അത്തരം കൂട്ടായ്മകളിലാണ്, എന്റെ അനാവശ്യകടുംപിടുത്തം ഉരുകിയൊലിക്കുന്നത്.  അതുകൊണ്ട് തന്നെ, ചെറിയ തോതിലൊരു പിന്തിരിപ്പനാണ് ഞാനെന്ന അഭിപ്രായമാണ് ജിഷക്ക് ഉണ്ടായിരുന്നത്. കുടുംബ സദസ്സുകളിൽ ആർത്തുല്ലസിച്ച് രസിപ്പിക്കുകയും രസിക്കുകയും ചെയ്യുന്ന ഞാൻ, വീട്ടിൽ ഒരു മുരടനാണത്രേ ! എന്റെ അച്ഛൻ കേട്ട അതേ പേര് ദോഷം!!

ഇങ്ങനെയൊക്കെ ജീവിതം കുറച്ച് പിണങ്ങിയും കൂടുതലിണങ്ങിയും പോയിക്കെണ്ടിരിക്കേ, ഞങ്ങൾ മെരിലാൻഡിലേക്ക് താമസം മാറി. അവിടെ വച്ച്, രണ്ടാമത്തെ പുത്രി ദേവുവും ഞങ്ങളുടെ കുടുംബത്തിലംഗമായി. മെരിലാൻഡിലും, ഞങ്ങൾക്കൊരു സുഹൃദ്‌വലയം പെട്ടന്ന് തന്നെയുണ്ടായി. അതിൽ കുറച്ച് പേർ ഞങ്ങളുടെ കൂടെ മുംബൈയിൽ നിന്നേ അറിയുന്നവരായിരുന്നു. അതുകൊണ്ട് തന്നെ, ബന്ധങ്ങൾക്ക് ഊഷ്മളതയും കൂടുതലായിരുന്നു.

അങ്ങനെ, വീണ്ടും, കൂട്ടുകാരനായ പ്രജിത്തിന്റെ വീട്ടിൽ, ഒരു കുടുംബസദസ്സ് നടക്കുകയാണ്. എല്ലാ കുടുംബങ്ങളും പലതരത്തിലുള്ള വിഭവങ്ങൾ കൊണ്ട് വന്നിട്ടുണ്ട്. കുറുക്കന്റെ നോട്ടം എപ്പോഴും കോഴിക്കൂട്ടിലേക്കായിരിക്കും എന്ന് പറഞ്ഞത് പോലെ, ഞാൻ പാർട്ടിക്കിടയിൽ, ജാഡ കളിച്ചും, സ്വയം ചിരിച്ചും, എല്ലാവരെയും ചിരിപ്പിക്കാൻ ശ്രമിച്ചും, മുഖ്യ ഭക്ഷണത്തിന് മുന്നേ തന്നെ, ഇടയ്ക്കിടെ ഓരോരോ മധുരവിഭവങ്ങളും എടുത്ത് കഴിക്കാൻ തുടങ്ങി. ഏറ്റവും അവസാനമേ മധുരങ്ങൾ എടുക്കാവൂ എന്ന നിബന്ധനകളൊന്നും ഞാൻ പാലിക്കുന്നുണ്ടായിരുന്നില്ല. അങ്ങനെ ഓരോന്നും നുണയുന്നതിനിടയ്ക്കാണ്, ഒരു നീളൻ അലൂമിനിയം ട്രേയിൽ, മഞ്ഞ നിറത്തിലുള്ള, നല്ല തണുപ്പുള്ള, വളരെ മൃദുവായ, അത്യധികം മധുരമുള്ള,  പഴുത്തമാങ്ങയുടെ രുചിയുള്ള, രുചികരമായ ഒരു വിഭവം കണ്ണിൽ പെടുന്നത്. ഒരു പേപ്പർ പ്ളേറ്റിൽ കുറച്ചെടുത്ത് കഴിച്ചപ്പോൾ രുചി തോന്നി വീണ്ടും കഴിച്ചു. കഴിപ്പ് നിർത്താൻ പറ്റാഞ്ഞതിനാൽ പിന്നെയും എടുത്തു കഴിക്കാൻ തുടങ്ങി.

"ഇതിന്റെ പേരെന്താ... ജിഷാ..." കഴിക്കുന്ന ഭക്ഷണത്തിന്റെ പേരറിയണം എന്നെനിക്ക് നിർബന്ധമായിരുന്നു.. ഓർമ്മ ഒരിക്കലും നിലനിൽക്കില്ലെങ്കിലും!

"മാംഗോ മൂസ്**..." ജിഷ  മറ്റാരോടോ ചിരിച്ച് പറയുന്നതിനിടയിൽ മൊഴിഞ്ഞു.

"ഇത് നിങ്ങൾക്ക് മാത്രം പോര കേട്ടാ... ഇവിടെ നിങ്ങളെക്കൂടാതെ വേറെയും ആൾക്കാരുണ്ട്. അവരും മധുരം കഴിക്കും" എന്റെ കഴിപ്പിന്റെ ഇരിപ്പ് വശം മനസ്സിലാക്കിയ ജിഷ അടുത്ത് വന്ന് കാതിൽ കുശുകുശുത്തു.

"എഡോ ഇതിന് ഭയങ്കര രുചി.. ഇതാരാ ഉണ്ടാക്കിയേ.." ഈ വിഭവത്തിന്റെ ഉത്പാദനം ഏത് സുഹൃത്തിന്റെ അടുക്കളയിലാണ് ഉണ്ടാക്കിയതെന്ന് അറിയാൻ എനിക്കൊരു തിടുക്കം.

"ഇത് മായയാണ് ഉണ്ടാക്കിയത്" സുകേഷിന്റെ ഭാര്യയായ മായയാണ് ഈ വിഭവത്തിന്റെ ആർക്കിടെക്ട് എന്ന് ജിഷ പതുക്കെപ്പറഞ്ഞു.

"മായാ... ഉഗ്രനായിട്ടുണ്ട് കേട്ടോ... എനിക്ക് കഴിപ്പ് നിർത്താൻ പറ്റുന്നില്ല... പറയാതിരിക്കാൻ പറ്റില്ല..." ഞാൻ എന്റെ കളങ്കമില്ലാത്ത അഭിപ്രായം ഉച്ചത്തിൽ തുറന്ന് പറഞ്ഞു.

"താങ്ക്യൂ ചേട്ടാ..." മായ അവളുടെ സന്തോഷം ചിരിച്ച് കൊണ്ട് അറിയിച്ചു.

"ജിഷാ... നീ ഇതിന്റെ റെസീപ്പി മായേടടുത്ത് നിന്ന് വാങ്ങീട്ട്, നമുക്ക് ഇത് വീട്ടിൽ ഉണ്ടാക്കണം" എനിക്ക് ആ വിഭവം വീട്ടിലുണ്ടാക്കി കൂടുതൽ കഴിക്കാനുള്ള ആക്രാന്തമായിരുന്നു.

"മായാ... നീ ജിഷക്ക് ഇതിന്റെ റെസീപ്പി കൊടുക്കണേ..." ഞാൻ ജിഷക്ക്  റെസീപ്പി കിട്ടാനുള്ള ജോലി എളുപ്പമാക്കാൻ ഒരു ശ്രമം നടത്തി.

ജിഷ എന്റെ നേരെ ഒരു നോട്ടം നോക്കി. അടുപ്പിന് മുകളിൽ മുഖം വച്ചത് പോലെ ആ നോട്ടത്തിൽ എന്റെ മുഖത്ത് വല്ലാത്ത ചൂടനുഭവപ്പെട്ടു.

"ചേട്ടാ... എനിക്കിതിന്റെ റെസീപ്പി തന്നത് ജിഷ തന്നെയാ...." മായ അവളുടെ സത്യസന്ധത സങ്കോചം കൂടാതെ വെളിപ്പെടുത്തി.

എന്റെ മുഖത്തേക്ക് ഒരു ചൈനീസ് ഡ്രാഗൺ തീ തുപ്പിയത് പോലെയാണ് എനിക്ക് തോന്നിയത്. നിന്ന നിൽപ്പിൽ നിന്ന് ആ ഡ്രാഗൺ ചൂടിൽ, അതുവരേക്കും കഴിച്ച നല്ല തണുപ്പുള്ള മാംഗോ മൂസ്, വയറ്റിലൂടെ ഉരുകി എന്റെ അടിവയറ്റിലേക്കും, ഉടനെത്തന്നെ അവിടുന്ന് താഴേക്കും ഒഴുകുന്നതായി എനിക്ക് തോന്നി.

"കഴിഞ്ഞ ഗെറ്റ്ടുഗെദറിന് ജിഷയാ മാംഗോ മൂസ് ആദ്യായി ഉണ്ടാക്കിയത്. എല്ലാർക്കും ഇഷ്ടായതോണ്ടാ ഇന്ന് എന്റെ വക മാംഗോ മൂസ് വീണ്ടും പരീക്ഷിച്ചത്." മായ പിന്നെയും തുടരുകയാണ്.

"നിങ്ങള് തന്നെയല്ലേ മൂന്നാഴ്ച മുന്നേ മാംഗോ പൾപ്പും വിപ്പിംഗ് ക്രീമും ജെല്ലോയും മറ്റും വാങ്ങിക്കൊണ്ട് വന്നത് മനുഷ്യാ... നിങ്ങള് തന്നെയല്ലേ ഇതിന്റെ കൂട്ട് ട്രേയിലാക്കി ഫ്രിഡ്ജിൽ എടുത്ത് വച്ചത്.. എന്നിട്ട് പിറ്റേന്ന് സുകേഷിന്റെ വീട്ടീന്ന് വെട്ടി വെട്ടി വിഴുങ്ങിയത് ഓർമ്മയില്ലേ... ഇത്ര പെട്ടന്ന് മറന്നു പോയോ?" രാജധാനി എക്സ്പ്രസ്സിന്റെ വേഗത്തിൽ, ജിഷ കിട്ടിയ ചാൻസിൽ കുതിച്ച് കയറുകയാണ്.

ശരിയാണ്. ഈ പറഞ്ഞ സാധനങ്ങൾ ഞാൻ വാങ്ങിച്ചിട്ടുണ്ട്. എന്താണ് പേര് എന്ന് ജിഷയോട് ചോദിച്ചിട്ടുണ്ട്. എല്ലാം കലക്കി വച്ചതിന് ശേഷം മൂന്നാഴ്ച മുന്നേ നടന്ന സുകേഷിന്റെ വീട്ടിലെ പാർട്ടിയുടെ തലേന്ന്, ഞാൻ തന്നെയാണ് മാംഗോ മുസിരിക്കുന്ന ട്രേ വീട്ടിലെ ഫ്രിഡ്ജിൽ വച്ചത്. എന്നിട്ട് അതേ സാധനം, വീട്ടിൽ വച്ചും, സുകേഷിന്റെ വീട്ടിൽ വച്ചും, വയർ നിറച്ച് ഞാൻ കഴിച്ചിട്ടുമുണ്ട്. ഇതേ സാധനം, എന്റെ ഓഫീസിലെ പാർട്ടിക്ക് വേണ്ടി, ജിഷ ഉണ്ടാക്കിത്തന്നിട്ടുണ്ട്. ഈ സാധനം അത്യധികം ഇഷ്ടപ്പെട്ട, ഓഫീസിലെ ചില സുഹൃത്തുക്കൾക്ക്, ഇതിന്റെ റെസീപ്പി ജിഷയോട് ചോദിച്ച് കൊടുത്തിട്ടുമുണ്ട്. ഇത്രയൊക്കെയായിട്ടും, 'ഉഗ്രനാ'യിട്ടുണ്ടെന്നോ, ചുരുങ്ങിയത് 'കൊള്ളാ'മെന്നോ എന്നൊന്നും ഞാൻ ജിഷയോട് പറഞ്ഞില്ലെന്ന് തന്നെയാണെന്റെയോർമ്മ! ഇത്രയൊക്കെ സംഭവങ്ങൾ നടന്നിട്ടും, എനിക്കെന്തേ ഒന്നും ഓർമ്മ വന്നില്ല.. എന്തേ ആദ്യായിട്ട് ഈ സാധനം കഴിക്കുന്നത് പോലെ തോന്നി? എന്റെയൊരു ഗതികേട് നോക്കണേ... മായക്കെന്തെങ്കിലും തോന്നിക്കാണുമോ? ജിഷയുടെ ജ്വലിക്കുന്ന മുഖത്ത് നോക്കാനുള്ള കരുത്തിനായി ഞാൻ ചുറ്റിലും തപ്പി നോക്കി. അമ്മയെ പ്രശംസിക്കാത്തതിന്റെ പേരിൽ, അച്ഛനോട് ഇങ്കുലാബ് വിളിക്കാൻ തോന്നിയ നിമിഷങ്ങളെ, ഞാൻ ശപിച്ചു. സ്വന്തം അച്ഛന്റെ വിത്ത് ഗുണത്തിൽ, മകനാണെന്നതിൽ അറിയാതെ അഹങ്കരിച്ച് പോയെന്ന് എനിക്കൊരു തോന്നലുണ്ടായി! 'വിത്ത് ഗുണം, പത്ത് ഗുണം' എന്ന പഴഞ്ചൊല്ല്, ആരോ എന്നെക്കൊണ്ട്, പത്ത് തവണ ഇമ്പോസിഷൻ എഴുതിച്ചത് പോലെ എനിക്ക് തോന്നി!! അനിവാര്യമായിരുന്ന ഒരിരുട്ടടി കാലചക്രം എനിക്ക് സമ്മാനിച്ചിരിക്കുന്നു!!! എന്റെ അച്ഛനോട് സ്വകാര്യമായി ചോദിച്ചിരുന്നെങ്കിൽ, അച്ഛനും ചില കാരണങ്ങൾ പറയാനുണ്ടാകുമായിരുന്നെന്ന്, അതിലൂടെ പോയ തണുത്ത കാറ്റ്, എന്റെ ചെവിയിലോതി!!!!

"ഓ ഇത് തന്നെയായിരുന്നോ അതും... മറന്നു പോയി..." പിന്നെ അധികം അവിടെ വിളയാടാൻ നിന്നില്ല. പല്ലും കടിച്ച്, തലയും കുനിച്ച്,  ജാള്യതയോടെ, ഒരു ബിയർ ബോട്ടിലുമെടുത്ത്, എന്റെ സ്വന്തം വർഗ്ഗമായ ആണുങ്ങളുടെ കൂട്ടത്തിൽ പോയിരുന്ന്, സംഘബലത്തിന്റെ ശക്തിയിലും സ്പിരിറ്റിന്റെ ബലത്തിലും നാറാണത്ത് ഭ്രാന്തന്റെ കവിത ഉച്ചത്തിൽ ആലപിച്ചു ! ഇത്തരം മറവിയെക്കാൾ നല്ലത്, സ്വന്തം തലയിലൂടെ കല്ലുരുട്ടുന്നതാണെന്ന് ചിന്തിച്ച് പോയ നിമിഷങ്ങൾ!! ചില തലയണമുരൾച്ചകളെങ്കിലും, എന്റെ പുറംകരി മാറ്റി, അകം കണ്ടതിന് ശേഷം നടത്തിയ മുരൾച്ചകൾ തന്നെയാവാം!!!

ഇപ്പോഴും എവിടെക്കണ്ടാലും വെട്ടി വിഴുങ്ങുമെങ്കിലും, ഈ സംഭവത്തിന് ശേഷം, മധുരമൂറുന്ന മാംഗോ മൂസ് കഴിക്കുമ്പോൾ എനിക്ക് കയ്പ് രുചി അനുഭവപ്പെടാറുണ്ട്! മാത്രവുമല്ല, ആരെയെങ്കിലും കുറ്റപ്പെടുത്താൻ തുനിയുമ്പോൾ, ഒരു നൂറ് മറുചോദ്യങ്ങൾ, എന്റെ മനസ്സിൽ പെരുമ്പറ കൊട്ടാറുമുണ്ട്!! എന്റെ വിത്തിലെ ചില കീടസ്വഭാവങ്ങൾ, മക്കളിൽ നിന്നെങ്കിലും മായ്ക്കാനുള്ള, ജീൻ തെറാപ്പി നടത്തിക്കൊണ്ടിരിക്കുകയാണ് ഞാനിപ്പോൾ!!!

***
*പലബിസ്കറ്റ്‌: പല കഷണങ്ങളായി പൊട്ടിച്ചെടുക്കാൻ പറ്റുന്നതും, വലിയ പലകയുടെ രൂപത്തിലുള്ളതുമായ, തലശ്ശേരി ഭാഗത്ത് മാത്രം കാണപ്പെടുന്ന ഒരു പലഹാരം. Rusk / Toast ഒക്കെയുണ്ടാക്കുന്ന അതേ കൂട്ട് തന്നെയാണ് മുഖ്യ ഘടകം.

**മാംഗോ മൂസ് (Mango Mousse): പഴുത്ത മാങ്ങ സത്ത്, ജെല്ലോ, പാൽ എന്നിവ മുഖ്യ ചേരുവകളായ, നല്ല പതമുള്ള ക്രീം കേക്ക്  പോലുള്ള,  തണുപ്പിച്ച് കട്ടിയായ ശേഷം കഴിക്കുന്ന ഒരു ഉഗ്രൻ മധുരപലഹാരം. 

2020 ഏപ്രിൽ 25, ശനിയാഴ്‌ച

കൊറോണയും കഴുകലുകളും

(Picture Courtesy: Google)

കൊറോണക്കാലത്ത്, പലതും കഴുകുന്നതിനെക്കുറിച്ചാണല്ലോ നാം അധികമായി കേട്ടിട്ടുള്ളത്, പ്രത്യേകിച്ചും കൈ കഴുകലുകൾ!

ശരീരത്തിനെ സംബന്ധിച്ചടുത്തോളം, പലതരം കഴുകലുകളുണ്ടല്ലോ... കാൽ കഴുകൽ, കൈ കഴുകൽ, വാ കഴുകൽ, മുഖം കഴുകൽ, ചന്തി കഴുകൽ, മൂത്രമൊഴിച്ച് കഴുകൽ, പിന്നെ എല്ലാ കഴുകലുകളും കൂടിച്ചേർന്ന തേവാരക്കുളിയും! (ചില കഴുകലുകളെ പച്ചയായി പരാമർശിച്ചത്, തെറ്റായ രീതിയിൽ എടുക്കാതിരിക്കുക!)

സത്യം പറഞ്ഞാൽ, എന്നെ സംബന്ധിച്ചടുത്തോളം, എല്ലാമല്ലെങ്കിലും, പല കഴുകലുകളും ഒരു തരം ഒപ്പീര് പരിപാടികളായിരുന്നു; കൊറോണയുടെ വരവ് വരെ. ചുരുങ്ങിയത്, കൈ എങ്ങനെ കഴുകണമെന്ന് കൃത്യമായും ശരിയായും പഠിച്ചത്, ഈ കൊറോണക്കാലത്താണ്. അല്ലെന്ന് പറഞ്ഞാൽ, അത് സ്വന്തം മനസ്സാക്ഷിക്ക് എതിരാണ്.

ചെറുപ്പത്തിൽ, ശരീരത്തിന്റെ പല ഭാഗങ്ങളും  എങ്ങനെയൊക്കെ  കഴുകണമെന്ന് പഠിപ്പിച്ച് തന്നിട്ടുണ്ടാകാമെങ്കിലും, പഠിപ്പിച്ചത് പോലെ എല്ലാം ചെയ്യുന്ന ശീലങ്ങളൊന്നും നമുക്കാർക്കുമില്ലല്ലോ. എല്ലാത്തരം കഴുകലുകളും, മറ്റാർക്കോ വേണ്ടി ചെയ്യുന്ന കഴുകലുകളായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്.

ചെറുപ്പത്തിലൊക്കെ, രാവിലെയെഴുന്നേറ്റ് പല്ല് തേച്ച് വാ കഴുകുന്നത് തന്നെ ഒരു തരം മടുപ്പുള്ള ഏർപ്പാടായിരുന്നു. ഉമിക്കരിയെടുക്കണം, അത് ഉരച്ച് പൊടിക്കണം, പിന്നെ ഈർക്കിൽ കീറി നാക്ക് വാടിക്കണം... എന്തൊക്കെ പാടാണ് ഒന്ന് പല്ലും വായും രാവിലെ വൃത്തിയായിക്കിട്ടാൻ? വെറുത്ത് പോയിരുന്നു. പല ദിവസങ്ങളിലും, ആരും കാണാതെ ഉമിക്കരി വാഴയുടെ ചുവട്ടിൽ കളഞ്ഞ്, ആരും കാണാതെ, വെറുതെ വെള്ളം കൊണ്ട് മുഖം കഴുകി രക്ഷപ്പെടാറുണ്ടായിരുന്നു. ഉമിക്കരി ഉപയോഗിച്ചാലും പല്ലിടകൾ  വൃത്തിയാവാൻ ബുദ്ധിമുട്ടായിരുന്നു. ഇടവേളകളിൽ, മാവിലയും വേപ്പിൻ തണ്ടും, തേങ്ങയുടെ കൊളുന്തും മറ്റും ഉപയോഗിക്കാറുണ്ടെങ്കിലും, ടൂത്ത് ബ്രഷ് ഉപയോഗം ഞങ്ങളുടെ ജീവിതത്തിൽ വന്നത് വളരെ വൈകിയാണ്. നാക്ക് വൃത്തിയാക്കാൻ, ടങ് ക്ളീനർ വേണ്ടാ, ബ്രഷ് തന്നെ മതി എന്നത് മനസ്സിലാക്കാൻ പിന്നെയും സമയമെടുത്തു. ടൂത്ത് പേസ്റ്റിന് പകരം പൊടിച്ച ഉമിക്കരിയും, അതിന്റെ കൂടെ ബ്രഷുമാണ് നല്ല കോമ്പിനേഷൻ എന്ന്, ഇന്നെനിക്ക് തോന്നാറുണ്ട്.

എന്റെയൊന്നും ചെറുപ്പത്തിൽ, നമുക്ക് ആധുനിക കക്കൂസോ കുളിമുറിയോ, വാഷ് ബേസിനുകളോ ഒന്നും ഉണ്ടായിരുന്നില്ല. അച്ഛാച്ഛന്റെ വീട്ടിലും അമ്മമ്മയുടെ വീട്ടിലും മാത്രം അടുക്കളയോട് ചേർന്ന് കുളിമുറിയുണ്ടായിരുന്നു. സോപ്പ് എന്നത് കുളിമുറിയിൽ മാത്രമാണ് വച്ചിരുന്നത്. പ്രത്യേകിച്ച് ഒരു ചുമരിലെ ചെങ്കല്ലിന്റെ വലുപ്പമുണ്ടായിരുന്ന ലൈഫ്ബോയ് സോപ്പ്.

വീടിന് ദൂരത്തുള്ള കുഴിക്കക്കൂസിലോ, അല്ലെങ്കിൽ വെളിമ്പറമ്പിൽ കുഴികുത്തിയോ കാര്യം സാധിച്ച് വന്നതിന് ശേഷം, കിണറ്റിൽ നിന്ന് വെള്ളം കോരി ഒരു പാട്ടയിലാക്കി, വല്ല വാഴയുടെ മറവിലോ മറ്റോ പോയാണ് ഞങ്ങൾ ചന്തി കഴുകിയിരുന്നത്. ചന്തി, തീർച്ചയായും വൃത്തിയിൽ കഴുകുമെങ്കിലും, അതിന് ശേഷം കൈ സോപ്പിട്ട് കഴുകുന്ന ഏർപ്പാടൊന്നും എന്റെ കുട്ടിക്കാലത്ത് മാത്രമല്ല, മുതിരുന്നത് വരെ, ഒരു വീട്ടിലും ഞാൻ കണ്ടിരുന്നില്ല. അത് ബാത് അറ്റാച്ച്ഡ് വീടുകളിൽ ആയാലും അങ്ങനെത്തന്നെ ആയിരുന്നു. സോപ്പ് എടുത്തിരുന്നത് കുളിക്കുമ്പോൾ മാത്രം; അതും പയർപ്പൊടി ഇല്ലെങ്കിൽ മാത്രം!

അങ്ങനെയുള്ള ശീലങ്ങളുമായി മുംബൈയിലെത്തിയതിന് ശേഷമാണ്, ആദ്യമായി, അപ്പിയിട്ടാലും കൈ സോപ്പ് ഉപയോഗിച്ച് കഴുകുന്ന  ആരോഗ്യകരമായ ശീലം ആദ്യമായി ഞാൻ കാണുന്നത്. വൃത്തിയിൽ എല്ലാവരേക്കാളും മുമ്പന്മാരാണ് മലയാളികൾ എന്ന അഹങ്കാരവും പൊളിഞ്ഞത്, അവിടെ വച്ചാണ്. അതും പ്രത്യേകിച്ച്, 'ഒരു ബോധവുമില്ലാത്തവർ' എന്നൊക്കെ നമ്മൾ ആരും കാണാതെ അപമാനിക്കുന്ന ബീഹാറിയുടെ അടുത്ത് നിന്നാവുമ്പോൾ, നമ്മുടെ ചില കണക്ക് കൂട്ടലുകളൊക്കെ തെറ്റും.  ഇന്ന്, പല വീടുകളിലും ശൗചകർമ്മത്തിന് ശേഷം, സോപ്പ് ഉപയോഗിക്കുന്നത് ശീലമായിട്ടുണ്ടെങ്കിലും, എല്ലായിടത്തും എല്ലാവരും അങ്ങനെ ചെയ്യുന്നുണ്ടെന്ന് ഇന്നും ഞാൻ കരുതുന്നില്ല.

വന്ന് വന്ന് ഇങ്ങ്, അമേരിക്കയിലെത്തിയപ്പോൾ, ശൗചകർമ്മം നടത്തുമ്പോൾ കൈയ്യുടെ നേരിട്ടുള്ള ഇടപെടൽ ഇല്ലാത്തത് കൊണ്ട്, എന്തിന് സോപ്പിട്ട് കഴുകണം എന്ന ആശയമുള്ളവരെയും എനിക്കറിയാം. കടലാസ് ഉപയോഗിച്ചാലും ജലം കൊണ്ട് ചെയ്യുന്ന ശൗചകർമ്മത്തിന്റെ വൃത്തി ഉണ്ടാവില്ലെന്ന്, ഈ കടലാസ് കിട്ടാത്ത, കൊറോണക്കാലത്തെങ്കിലും സായിപ്പന്മാരും സായിപ്പന്മാരെപ്പോലെ അഭിനയിക്കുന്നവരും മനസ്സിലാക്കിക്കാണുമോ, ആവോ...

മൂത്രമൊഴിച്ചാൽ കഴുകണമെന്നത് പെണ്ണുങ്ങൾ മാത്രം ചെയ്യേണ്ട കാര്യമാണെന്നാണ് ഞാൻ ചെറുപ്പത്തിൽ ധരിച്ച് വച്ചിരുന്നത്. അതിന് കാരണവുമുണ്ട്. മൂത്രമൊഴിക്കാൻ പോവുമ്പോൾ, വീട്ടിലെ മുതിർന്ന സ്ത്രീകൾ, ഒരു കപ്പിൽ വെള്ളവുമെടുത്തിട്ടാണ് പോവുക. എന്റെ അമ്മമ്മയുടെ അച്ഛൻ, വല്യപ്പൂപ്പൻ ഒഴിച്ച്, വേറെ ഒരാണുങ്ങളും മൂത്രമൊഴിക്കാൻ പോവുമ്പോൾ വെള്ളമെടുക്കുന്നത് ഞാൻ കണ്ടിട്ടില്ല. നമ്മുടെ തലമുറയിൽ, ആൺ കുട്ടികൾക്ക്, മൂത്രമൊഴിച്ചാൽ കഴുകുന്ന ഒരേർപ്പാടും അന്നും ഇന്നും ഇല്ല, ഉണ്ടായിട്ടില്ല.  നിന്ന നിപ്പിൽ നിന്ന് ഒഴിച്ച്, കണ്ണും പൂട്ടി തിരിച്ച് നടക്കുക, അതാണ് നമ്മൾ ആണുങ്ങൾ!

എങ്ങനെ കഴുകാനാണ്? ഞങ്ങളൊക്കെ പഠിക്കുന്ന സമയത്ത്, ആൺ കുട്ടികൾക്ക് മൂത്രപ്പുര പോലും ഉണ്ടായിട്ടില്ല, എന്നിട്ടല്ലേ കഴുകൽ? ആൺ കുട്ടികൾ മാത്രമല്ല, പെൺകുട്ടികളും കഴുകാറുണ്ടായിരുന്നില്ല. ഒളിച്ച് നോക്കി കണ്ട് പിടിച്ചതൊന്നുമല്ല കേട്ടോ. ഇതൊന്നും കണ്ടുപിടിക്കാൻ ആർക്കമിഡീസിനെപ്പോലെ ചിന്തിക്കേണ്ട കാര്യമൊന്നുമില്ലല്ലോ. കാരണം, പെൺകുട്ടികളുടെ ശൗചാലയത്തിൽ, വെള്ളമെത്തിക്കാനുള്ള ഏർപ്പാടുകളൊന്നും ഉണ്ടായിരുന്നില്ല എന്നത് തന്നെ. ചില വ്യത്യാസങ്ങൾ ഉണ്ടാകാമെങ്കിലും, ചുരുക്കത്തിൽ, ഞങ്ങളുടെ തലമുറ മുതൽ, മൂത്രമൊഴിച്ചാൽ വൃത്തിയാക്കുന്ന ഏർപ്പാടുകൾ, ആൺ പെൺ വ്യത്യാസമില്ലാതെ ആർക്കും ഉണ്ടായിരുന്നില്ല എന്ന് തന്നെ പറയാം. കുളിക്കുമ്പോൾ മാത്രം ഗ്ലോബലായി വൃത്തിയാക്കുന്ന ഏർപ്പാടുകൾ മാത്രമേ ഉണ്ടാവുള്ളൂ. കടലാസ് ഉപയോഗിക്കുന്ന നാടുകളിൽ, കടലാസ് കൊണ്ട് ആഗിരണം ചെയ്യുന്ന ഏർപ്പാടുകൾ ഉണ്ടെങ്കിലും, ആണുങ്ങളിൽ ഭൂരിഭാഗവും ഇന്നും നിന്ന നിൽപ്പിലെ കാര്യസാദ്ധ്യത്തിൽ മാത്രം ആനന്ദം കണ്ടെത്തി കഴുകലുകളിൽ നിന്ന് മാറി നിൽപ്പാണ്. ഇക്കാര്യത്തിൽ, പെണ്ണുങ്ങളുടെ കാര്യം പറയാൻ ഞാൻ ആളല്ലേയല്ല!

ഒരു വീട്ടിലേക്ക് വിരുന്ന് പോയാൽ, ഷൂസും ചെരിപ്പുമിടുന്നത് കൊണ്ട്, ആ വീട്ടിലേക്ക് കയറുന്നതിന് മുന്നേ കാൽ കഴുകുന്ന സ്വഭാവവും ഇല്ലാതായി. അഥവാ ഷൂസ് ഇട്ടില്ലെങ്കിലും കാൽ കഴുകേണ്ട എന്ന നിലയിലാണ് കാര്യങ്ങൾ. പണ്ട് ചെറുപ്പത്തിൽ, വീടിന് മുന്നിൽ ഒരു വലിയ കിണ്ടിയിൽ വെള്ളം വയ്ക്കുന്നത് ഒരു ആചാരം പോലെയായിരുന്നു. ഇന്ന് പലകാരണങ്ങളാലും വീട്ടിൽ കയറുന്നതിന് മുന്നേ കാൽ കഴുകൽ ആവശ്യമില്ലെങ്കിലും ആവശ്യമുള്ള സ്ഥലത്ത് പോലും അത് ചെയ്യാത്തത്, ചെരിപ്പുമിട്ട് കൊണ്ട് കിടക്കയിൽ പോലും കിടക്കുന്നത്, ഉത്തരാധുനികതയുടെ ഭാഗമായിരിക്കാം!

ഭക്ഷണം കഴിക്കാൻ തുനിയുന്നതിന് മുന്നേ കൈ കഴുകുന്ന ശീലം, ഇന്നത്തെ സ്പൂൺ/ഫോർക് സംസ്കാരത്തിൽ ആവശ്യമില്ല. റെസ്റ്റാറന്റുകളിൽ പോലും ഭക്ഷണത്തിന് മുൻപോ പിൻപോ, കയ്യോ, വായോ വെള്ളം ഉപയോഗിച്ച് കഴുകുന്ന ആളുകൾ തുലോം കുറവാണ്. കടലാസ് കൊണ്ട് തുടച്ച്, വൃത്തിയായി എന്ന് കരുതുന്ന ഒരു വൃത്തി സംസ്കാരത്തിലൂടെയാണ് ഇന്ന് നമ്മൾ പോയിക്കൊണ്ടിരിക്കുന്നത്. നമ്മുടെ നാട്ടിലാണെങ്കിൽ, പല ഹോട്ടലുകളും റെസ്റ്റാറന്റുകളും, വെള്ളത്തിൽ നിന്ന് കടലാസ് സംസ്കാരത്തിലേക്കുള്ള പ്രയാണത്തിലുമാണ്.

അഥവാ, ഭക്ഷണത്തിനോടനുബന്ധിച്ചോ അല്ലാതെയോ നമ്മൾ കൈ കഴുകുന്നുണ്ടെങ്കിൽത്തന്നെ, ഇന്ന് കൊറോണക്കാലത്ത് കൈ കഴുകുന്നത് പോലെ ആരെങ്കിലും കൈ കഴുകാറുണ്ടായിരുന്നോ? പ്രത്യേകിച്ച്  ഭക്ഷണത്തിന് മുൻപായി കൈ കഴുകുകയാണെങ്കിൽ, വെറുതെ ഒന്ന് കൈ നനച്ചു എന്ന് വരുത്തുക മാത്രമേ ഭൂരിപക്ഷം ആളുകളും ചെയ്യുന്നുണ്ടായിരുന്നുള്ളൂ.

കുളി എന്ന മുഴുവൻ ശരീരം കഴുകുന്ന ഏർപ്പാടുകളും പലവിധത്തിലാണ്. കേരളീയർ, ഒരു ദിവസം തന്നെ, രണ്ട് വട്ടം ചുരുങ്ങിയത് കുളിക്കുമെന്നൊക്കെയാണ് കേൾവി. അത്തരം കുളികളൊക്കെ ഇന്ന് എല്ലായിടത്തും എല്ലാവരും ചെയ്യുന്നുണ്ടോ എന്ന് സംശയമാണ്. ജലത്തിന്റെ ലഭ്യതക്കനുസരിച്ചും, ആളുകളുടെ മാനസികാവസ്ഥക്കനുസരിച്ചും, തലയൊഴിച്ചുള്ള ശരീരം മാത്രം കുളിക്കുന്ന എത്രയോ ആളുകളെ എനിക്കറിയാം. തലകൂടി കുളിക്കുന്ന ദിവസം, അവർക്ക് തേവാരോത്സവമാണ്. അന്തരീക്ഷമലിനീകരണമില്ലാത്ത പാശ്ചാത്യ നാടുകളിൽ, വിയർത്തില്ലെങ്കിൽ, കുളികൾ തന്നെ ആഴ്‌ച്ചക്കൊരിക്കലോ രണ്ടാഴ്ചക്കൊരിക്കലോ മറ്റോ ആയി ചുരുക്കി ജലം സംരക്ഷിക്കാൻ എത്രയോ ആളുകൾ ഇന്ന് ശ്രമിക്കുന്നുണ്ട്. ഞാനും കുറച്ച് കാലമായി, വീട്ടീന്ന് ജോലിയായതിനാൽ, ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രമായി കുളി ചുരുക്കിയിട്ടുണ്ട്. എന്തിനാ വെറുതെ കുളിച്ച് സമയവും ജലവും  പാഴാക്കുന്നത്!

കാലം എത്രയോ കഴിഞ്ഞു. കൊറോണ നമ്മുടെ നാട്ടിൽ വിരുന്ന് വന്നു. കഴുകുക എന്ന ഏർപ്പാട് തന്നെ മറന്നുപോയ നമ്മളിന്ന് പലതും ആവർത്തിച്ചാവർത്തിച്ച് കഴുകിക്കൊണ്ടേയിരിക്കുന്നു. കഴുകിയിട്ടും തൃപ്തിയാവാതെ വീണ്ടും വീണ്ടും കഴുകിക്കൊണ്ടിരിക്കുന്നു. പുറത്ത് നിന്ന് വാങ്ങിയതോ ആരെങ്കിലും കൊണ്ടു വന്നതോ സാധനങ്ങൾ, കൈ കൊണ്ട് പോലും തൊടാതെ, രണ്ട് മൂന്ന് ദിവസം ഒരു മൂലക്ക് വെക്കുന്നു. സാനിറ്റൈസ് ചെയ്ത് മാത്രം ഉപയോഗിക്കുന്നു. കുതിർന്ന് പോകാത്ത എന്തും കഴുകി മാത്രം ഉപയോഗിക്കുന്നു. കൈ, ഒരു ദിവസത്തിൽ, വെറും സംശയം കൊണ്ട് മാത്രം പല തവണ, ശാസ്ത്രീയ രൂപത്തിൽ കഴുകുന്നു. ദിവസവും കുളിക്കുന്നു. പലതവണ പുറത്ത് പോയാൽ, പലതവണ കുളിക്കുന്നു. കുളിക്കുന്ന സമയത്ത്, സോപ്പിന് പകരം ഡെറ്റോളോ, മറ്റ് കീടനാശിനികളോ ഉപയോഗിച്ചാലോ എന്ന് പോലും ചിന്തിക്കുന്നു. അടുക്കളയും നിലവും കുളിമുറിയും കക്കൂസുംമെല്ലാം കീടനാശിനിയുപയോഗിച്ച് പലതവണ തുടക്കുകയും വൃത്തിയാക്കുകായും ചെയ്യുന്നു. കടലാസില്ലാത്തതിനാൽ,  ശൗചകർമ്മത്തിന് ജലം കൂടുതലായുപയോഗിക്കുന്നു. നാം വൃത്തിയിലേക്ക് കാലെടുത്ത് വെക്കാൻ പഠിച്ചിരിക്കുന്നു. മലിനീകരങ്ങൾ കുറഞ്ഞ് പ്രകൃതിയും ചിരിക്കാൻ തുടങ്ങിയിരിക്കുന്നു, പക്ഷേ, എത്ര കാലത്തേക്ക്?

അറബിക്കടലിൽ മാത്രമല്ല, എല്ലാ കടലിലും, കാലം വെള്ളത്തിന്റെ അളവ് ഇത്തിരി കൂട്ടി. ഒഴുകുന്ന പുഴകളിൽ മാത്രം വെള്ളത്തിന്റെ അളവ് കുറഞ്ഞു. എവിടുന്നോ വന്ന, താടക പോലൊരു രാക്ഷസ വൈറസ്, ഇന്ന് നമ്മുടെ കഴുകൽ ശീലങ്ങളെ മാറ്റി മറിച്ചിരിക്കുന്നു. വെറും കഴുകലല്ല  കഴുകലോട് കഴുകൽ തന്നെയായി പരിണമിച്ചിരിക്കുന്നു. നമ്മളിൽ ഒരുതരം 'കഴുകൽ മാനിയ' പടർന്ന് പിടിച്ചിരിക്കുന്നു !!

***

2020 ഏപ്രിൽ 17, വെള്ളിയാഴ്‌ച

മൂത്രപുരാണങ്ങളും പപ്പായക്കുഴലും

(Picture Courtesy: Google)

ആദ്യമേ തന്നെ ഒരു കാര്യം. തലക്കെട്ടിലെ പദം കണ്ട്, ഞാൻ വൃത്തികേടാണ് ഇവിടെ എഴുതിയതെന്ന് കരുതിയുള്ള ശങ്കകൾ അനാവശ്യമാണ്. മൂത്രം അശ്ലീലമല്ല. ഒരിക്കലെങ്കിലും, ഇതുവരെ മൂത്രമൊഴിക്കാത്തവരും, മൂത്രത്തെക്കുറിച്ച് കഥയെഴുതുന്നത് അശ്ലീലമാണെന്ന് കരുതുന്നവരും, മൂത്രമെന്ന പദം, കൂടുതൽ കണ്ടാൽ മനം പിരട്ടുന്നവരും, ദയവ് ചെയ്ത്, ഈ വരിക്ക് ശേഷം വായിക്കരുത്. മൂത്രത്തെക്കുറിച്ച് കഥയെഴുതാൻ നാണമില്ലേ എന്ന്, പിന്നീട് ചോദിക്കുകയുമരുത്! വിഖ്യാതനായ ശ്രീ ഒ.വി. വിജയന്, 'ധർമ്മപുരാണ'ത്തിൽ അമേദ്യത്തിനെക്കുറിച്ച് പച്ചയായി എഴുതാമെങ്കിൽ, ഈ പാമരന്, മൂത്രത്തെക്കുറിച്ച് കുഞ്ഞ് പുരാണങ്ങളുമെഴുതാം! മാത്രവുമല്ല, അറിഞ്ഞുകൊണ്ടാരും കിടന്നിടത്ത് മൂത്രമൊഴിക്കില്ലെങ്കിലും, അറിയാതെ കിടന്നിടത്ത് മൂത്രമൊഴിച്ച് പോകുന്ന വ്യക്തിയുടെ ദുഃഖങ്ങൾ, പുറമേ നിന്ന്, രസകരമെന്ന്, ആസ്വദിക്കുന്നവരും മനസ്സിലാക്കണമല്ലോ!

എനിക്ക് ഓർമ്മ വച്ചത് മുതൽ, വളരെക്കാലം നിലനിന്ന ഒരു  ശീലമുണ്ടായിരുന്നു. ഉറക്കത്തിൽ, കിടന്നതെവിടെയാണോ അവിടെ മൂത്രമൊഴിക്കുക എന്ന ശീലം. കട്ടിലിലാണ് കിടന്നതെങ്കിൽ അതിൽ നിന്ന് താഴെ വീഴുക ശീലവും ചെറുപ്പത്തിൽ ഉണ്ടായിരുന്നു. ഒരു തവണ വീണപ്പോൾ, 'ആന്താടോ ആ ഒച്ച' എന്ന് അച്ഛമ്മ ഞെട്ടിയെഴുന്നേറ്റ് ചോദിച്ചപ്പോൾ 'ഓ അത് ടോർച്ചോ മറ്റോ വീണതാന്നാ തോന്നുന്നേ' എന്ന് കമലാക്ഷി എളേമ്മ പറഞ്ഞത്, വീണ കിടപ്പിൽ കിടന്ന് കൊണ്ട് കേട്ടത് ഞാനിന്നും ഓർക്കുന്നു. എന്തോ, കട്ടിലിൽ നിന്ന് വീഴുക എന്ന സ്വഭാവം, മൂന്നാം ക്ലാസ്സിലൊക്കെ എത്തുമ്പോഴേക്കും തനിയേ ഇല്ലാതായിരുന്നു. പക്ഷേ ഉറക്കത്തിൽ മൂത്രമൊഴിക്കുന്ന ശീലം വളരെക്കാലം എന്നെ വിടാതെ പിന്തുടർന്നു എന്നത്, അന്നൊരു ശാപമായിരുന്നെങ്കിലും, ഇന്നത് ചിരിക്കാൻ വകയുള്ള ഓർമ്മപ്പൂമരങ്ങളാണ്!

മൂന്നാം ക്ലാസ്സ് വരെ ഞാൻ കതിരൂരിലുള്ള അച്ഛാച്ഛന്റെ വീട്ടിലായിരുന്നു. പഴശ്ശിക്കനാലിന്റെ ഒരു ശാഖ, ആ വീട്ടിന്റെ മുന്നിലൂടെ ഒരു കുന്നിൻ മുകളിലൂടെയെന്നോണം ഒഴുകിയിരുന്നു. അച്ഛൻ പെങ്ങളായ കമലാക്ഷി എളേമ്മയുടെ മക്കളും അവിടെ ഞങ്ങൾക്ക് കൂട്ടായുണ്ടായിരുന്നു. ആ പടിഞ്ഞിറ്റ വീട്ടിലെ തെക്കേ അകത്തും വടക്കേ അകത്തും മാറി മാറിയായിരുന്നു ഞങ്ങൾ കിടന്നിരുന്നത്, പടിഞ്ഞിറ്റകം അച്ഛാച്ഛന്റെയും അച്ഛമ്മയുടെയും കിടപ്പ് മുറിയാണ്.

എന്റെ നേരെ താഴെയുള്ള അനുജനും മൂത്ത മച്ചുനനായ വിന്വേട്ടനും രാത്രിയിൽ എന്റെ കൂടെക്കിടക്കാൻ പേടിയായിരുന്നു. കാരണം, എത്രയോ രാത്രികളിൽ ഞാനവരെ, എന്റെ ചൂട് ജലപ്രവാഹത്തിൽ മുക്കിയിരുന്നു. രാത്രി ഏകദേശം പത്തര മണിയോടെയാണ്, അച്ഛൻ ചീട്ട് കളിയും കഴിഞ്ഞ് വരിക. വന്ന് കഴിഞ്ഞാൽ, അത്താഴത്തിന് ശേഷം, പാതി ഉറക്കത്തലായിരിക്കുന്ന എന്നെയും എന്റെ മച്ചുനനെയും വിളിച്ചുണർത്തി രാമായണവും, മഹാഭാരതവും കഥകൾ പറഞ്ഞുതരാൻ വിളിച്ചുണർത്തും. അച്ഛൻ കിടക്കുന്ന കട്ടിലിന്റെ തലഭാഗത്തിന് പിറകിലായി നിന്നുകൊണ്ട് ഒരു മണിക്കൂർ കഥ കേട്ട ശേഷമായിരിക്കും വീണ്ടും ഉറങ്ങാൻ കിടക്കുക. അങ്ങനെ ക്ഷീണം പിടിച്ച് ഉറങ്ങിയാൽ, മൂത്രമൊഴിക്കാനൊക്കെ എങ്ങനെ എഴുന്നേക്കാനാണ്? കിടന്നിടത്ത് ഒഴിക്കുക തന്നെ.

മിക്കവാറും ദിവസങ്ങളിൽ ഞാൻ കിടന്ന വിരിപ്പുകളും പുതപ്പുകളും അലക്കേണ്ടി വരും. പായയാണെങ്കിൽ കഴുകി വീണ്ടും വെയിലത്തിട്ട് ഉണക്കും. മഴക്കാലമായാൽ തുണികൾ ഉണങ്ങിക്കിട്ടുന്നത് പാടായതിനാൽ, ചില രാത്രികളിലെങ്കിലും ഇത്തിരി നനവുള്ള പായയിൽ കിടക്കേണ്ടി വന്നിട്ടുണ്ട്.

അച്ഛാച്ഛന്റെ വീട്ടിലായിരുന്നപ്പോൾ ചില രാത്രികളിൽ, മൊറാർജി പാനീയം പുറത്ത് വരുന്നതിന് മുന്നേയോ അല്ലെങ്കിൽ ഇത്തിരി പുറത്ത് വന്ന് ഇത്തിരി നനഞ്ഞ ശേഷമോ ഞാൻ അറിയും. അറിഞ്ഞു പോയാൽ പിന്നെ, വീണ്ടും തുടർന്ന് പായ നനക്കാൻ മടിയാണ്. ആ കൂനാക്കൂരിരുട്ടത്ത്,  വാതിൽ തുറന്ന് പുറത്തു പോയോ, കുളിമുറിയിൽ പോയോ, മൂത്രമൊഴിക്കാൻ വേണ്ടി ആരെയെങ്കിലും വിളിച്ചുണർത്താൻ, എന്നെ എന്റെ അഭിമാനവും നാണം കുണുങ്ങി സ്വഭാവവും അനുവദിച്ചിരുന്നില്ല. അങ്ങനെയുള്ള സമയത്ത്, ഞാൻ ഉപായമായി കണ്ട് വച്ചിരുന്നത്, അച്ഛാച്ഛൻ കിടക്കുന്ന കട്ടിലിന്റെ അടിയിലുള്ള കോളാമ്പി ആയിരുന്നു. അച്ഛാച്ഛന് പുലർച്ചക്ക് മൂത്രമൊഴിക്കാൻ വേണ്ടിയാണ് ആ രണ്ട് കാതുള്ള വലിയ  കോളാമ്പി അവിടെ വച്ചിരിക്കുന്നത്. നേരം പുലർന്നാൽ, അച്ഛാച്ഛന്, വെറ്റിലയും അടക്കയും ചെറിയ ഉരലിൽ ഇടിച്ച് കൊടുത്തതിന് ശേഷം, അച്ഛമ്മയാണ്, കോളാമ്പിയിലെ യൂറിയ ലായനി വെളിയിൽ കളഞ്ഞിരുന്നത്.  ചിലപ്പോഴൊക്കെ പുലർച്ചക്ക് 'സ്ർ ർ ർ...' എന്ന ഒച്ച,  അച്ഛാച്ഛൻ കോളാമ്പിയിൽ മൂത്രമൊഴിക്കുന്ന സമയത്ത് കേൾക്കാമായിരുന്നു. ഇങ്ങനെ, ഏതെങ്കിലും ദിവസം, പായയും പുതപ്പും മുഴുവൻ നനയുന്നതിന് മുന്നേ ഞാനറിഞ്ഞാൽ, ഞാൻ പതുക്കെ പായയിൽ നിന്ന് എഴുന്നേറ്റിരിക്കും. എന്നിട്ട്, തിരി താഴ്ത്തി വച്ച വിളക്കിന്റെ അരണ്ട വെളിച്ചത്തിൽ, മുട്ടും കുത്തി, പതുക്കെ, അച്ഛാച്ഛൻ കിടക്കുന്ന പടിഞ്ഞിറ്റക്കകത്തെത്തും. അതിന് ശേഷം, കട്ടിലിനടിയിലേക്ക് വലിഞ്ഞ് കയറി, കോളാമ്പിയിലേക്ക് മൂത്രമൊഴിക്കും. ശബ്ദമുണ്ടാവാത്തിരിക്കാൻ, കോളാമ്പിയുടെ ഒരു വശത്തൂടെയായിരിക്കും കാര്യം സാധിക്കുക. ആ ശ്രമത്തിനിടയിൽ, ചിലപ്പോഴൊക്കെ സംഭവം പുറത്തേക്ക് ഒഴുകിപ്പോയിട്ടുണ്ട്. അപൂർവ്വം ചില ദിവസങ്ങളിൽ, ഞാൻ കോളാമ്പി ഉപയോഗിച്ച് വന്ന് കിടന്നതിന് ശേഷം, അച്ഛാച്ഛൻ കോളാമ്പിയിലേക്ക് മൂത്രമൊഴിക്കുമ്പോൾ, കോളാമ്പിയുടെ കപ്പാസിറ്റിക്ക് മുകളിൽ ധാര വീണത് കൊണ്ട്, പവിത്രമായ പടിഞ്ഞിറ്റ മൂത്രാഭിഷിക്തയായിട്ടുണ്ട്. പക്ഷേ അതൊക്കെ അച്ഛാച്ഛന്റെ പ്രായാധിക്യം മൂലമുള്ള കഴിവ് കേടായിട്ടേ എല്ലാവരും എടുത്തിരുന്നുള്ളൂ. ഈ സന്ദർഭങ്ങളിൽ, നേരം പുലർന്നാൽ, കുറച്ച് ചാണകം, കരിയും കൂട്ടി, പടിഞ്ഞിറ്റ പുതുക്കി മെഴുകുന്നത്, കുനിഞ്ഞ് നടന്നിരുന്ന പാവം അച്ഛമ്മയുടെ ശാഠ്യമായിരുന്നു. ഇപ്പോൾ ഞാൻ പുറത്ത് വിടുന്ന ഈ രഹസ്യം, മണ്മറഞ്ഞ് പോയ അച്ഛാച്ഛനും അച്ഛമ്മക്കും ഇന്നും അറിയില്ല!

കതിരൂരുള്ള സമയത്ത്, ആണിക്കാംപൊയിലുള്ള ചാമാളി സ്‌കൂളിലായിരുന്നു പഠിച്ചിരുന്നത്. അവിടെ ആൺകുട്ടികൾക്ക് മൂത്രപ്പുര ഉണ്ടായിരുന്നില്ല. ആൺകുട്ടികൾ, സ്‌കൂളിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള കാട്ടിടയിലേക്കായിരുന്നു വരിവരിയായി, ഇടത്തും വലത്തും ആട്ടി, വട്ടത്തിൽ കറക്കി, മ്യൂസിക്കൽ ഫൗണ്ടൈൻ പോലെ മൂത്രമൊഴിച്ച് കൊണ്ടിരുന്നത്. കാട്ടിടക്കപ്പുറത്തുള്ള വീട്ടുവളപ്പിൽ നിന്ന്, തെങ്ങോല കീറുന്ന സ്ത്രീകൾ, ഞങ്ങളെ നോക്കുന്നതൊന്നും, അന്നൊരു പ്രശ്നമായി തോന്നിയിരുന്നില്ല. മൂത്രം ശക്തിയിലൊഴിച്ച്, ഞങ്ങൾ നിൽക്കുന്ന മൺതിട്ടയുടെ വക്ക്, കൂടുതൽ വിസ്താരത്തിലും ആഴത്തിലും മണ്ണിടിച്ച് കളയുന്ന ഒരു മത്സരവും ഞങ്ങളന്ന് നടത്തിയിരുന്നു.

മൂന്നാം ക്ലാസ്സ് കഴിഞ്ഞ്, എരുവട്ടിയിലുള്ള പഴകി പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്ന അവസ്ഥയിലുള്ള അമ്മയുടെ തറവാടിന്റെ ആരൂഡ്ഢത്തിലേക്ക് ഞങ്ങൾ താമസം മാറ്റി. വീട്ട് വളപ്പാണെങ്കിൽ, മുഴുവൻ വലിയ മരങ്ങളും കുറ്റിക്കാടുകളും. വീട്ടിന്നകം മുഴുവൻ കുഴികൾ. പൊട്ടിപ്പൊളിഞ്ഞ മച്ചുകൾ, പഴയ പത്തായത്തിനടിയിൽ എപ്പോഴും ചെമ്പൻ തവളകൾ ഉണ്ടാവും. ചായ്പ്പിലുള്ള നെല്ലില്ലാത്ത പഴയ നെല്ലറയ്ക്കടിയിൽ ചിതൽപ്പുറ്റും എലിമാളങ്ങളും. മരപ്പൊത്തിന്റെയത്ര മാത്രം വലുപ്പമുള്ള ജനാലകൾ, പകൽസമയം പോലും അകത്ത് കൂനാക്കൂരിരുട്ട്. കക്കൂസോ കുളിമുറിയോ ഇല്ല. രാത്രിയിൽ വെളിക്കിരിക്കണമെങ്കിൽ, ആണായാലും പെണ്ണായാലും, ഓലച്ചൂട്ടോ, ടോർച്ചോ എടുത്ത്, പറമ്പിലിറങ്ങി കാര്യം സാധിക്കണം. വിശാലമായ പറമ്പായത് കൊണ്ട്, പകൽ സമയത്താണെങ്കിലും, വീട്ടീന്ന് ദൂരെ മാറി കുളിച്ചാലും വെളിക്കിരുന്നാലും ആരും കാണില്ല. തുടക്കത്തിൽ, ആ വീട്ടിനകത്തേക്ക് കയറുന്നത് പോലും വളരെ പേടിച്ചിട്ടായിരുന്നു. അങ്ങനെയുള്ള വീട്ടിൽ, രാത്രി മൂത്രശങ്ക തോന്നിയാൽ എന്ത് ചെയ്യും? വീട് മാറിയത് കൊണ്ട്, ശീലം മാറില്ലല്ലോ.

വീട് മാറിയിട്ടും, രാത്രി, പായയിൽ മൂത്രമൊഴിക്കുന്ന എന്റെ നിലപാട് ഞാൻ ആവർത്തിച്ചു. പലദിവസങ്ങളിലും അനുജന്മാർ എന്റെ മൂത്രത്തിൽ കുളിച്ചു. പായ ഉണക്കുന്നത് നിത്യസംഭവം പോലെയായി മാറി.  തുടക്കത്തിൽ, ഞങ്ങൾ എല്ലാവരും ആ വീട്ടിന്റെ തെക്കേ അകത്തായിരുന്നു കിടപ്പ്. ആ ഒരു അകം മാത്രമായിരുന്നു, ഇത്തിരിയെങ്കിലും വലുതും വെളിച്ചമുള്ളതും സുരക്ഷിതവുമായിട്ട് ഉണ്ടായിരുന്നത്. ആ മുറിയിൽ രാത്രി കിടക്കുന്ന സമയത്ത്, പായയിൽ വീഴുന്നതിന് മുന്നേ, മൂത്ര ശങ്ക അറിയാൻ കഴിഞ്ഞാൽ, ഞാൻ, മുട്ടും കുത്തി പത്തായത്തിന്റെയും തെക്കേ ചുമരിന്റെയും ഇടയിലുള്ള മാളം കണക്കാക്കി ഇഴഞ്ഞ് പോകും. മുറികളെയും സ്ഥാനങ്ങളെയും കുറിച്ച് ഏകദേശ ധാരണയുള്ളത് കൊണ്ട്, മാളം കണ്ടുപിടിക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നില്ല. മാളം കൈ കൊണ്ട് തപ്പി കണ്ടുപിടിച്ചാൽ, അതിനുള്ളിലേക്ക് പതുക്കെ മൂത്രമൊഴിച്ച് കാര്യം സാധിച്ചതിന് ശേഷം, വീണ്ടും മുട്ടിലിഴഞ്ഞ്, തിരിച്ച് വന്ന് കിടക്കും. നീളമുള്ള ഐക്കകത്താണ് കിടപ്പെങ്കിൽ, പൊട്ടിപ്പൊളിഞ്ഞ കോണിപ്പടിയുടെ അടിയിലുള്ള മാളത്തിലായിരിക്കും ഒഴിപ്പ്!

ആ വീട്ടിന്റെ മുകളിലത്തെ നിലയിൽ നീളൻ പാത്തിയുള്ള കരിങ്കല്ലിന്റെ മൂത്രത്തളമുണ്ടായിരുന്നു. പക്ഷേ, ഇരുട്ടത്ത്, പൊട്ടിപ്പൊളിഞ്ഞ ഗോവണിപ്പടികൾ, സർക്കസ്സ് കളിച്ച് കയറി, മുകളിലെത്തുമ്പഴേക്കും, പേശീക്ഷതങ്ങൾ കാരണം അറിയാതെ, പരിസരങ്ങളിൽ തൂവിപ്പോകുമെന്ന് ഉറപ്പുള്ളത് കൊണ്ടും, സർവ്വോപരി പേടി കൊണ്ടും, ആ സാഹസത്തിന് ഒരിക്കലും ഞാൻ മുതിർന്നിരുന്നില്ല.

ഇങ്ങനെ ഇടയ്ക്കിടെ അകത്ത് മൂത്രമൊഴിച്ചൊഴിച്ച്, അകം മൂത്രം മണക്കാൻ തുടങ്ങി. മൂത്രമൊഴിക്കുന്ന മാളത്തിന് ചുറ്റും മണ്ണെണ്ണ യൊഴിച്ച് മണം മാറ്റുക എന്നതായിരുന്നു ഇതിനെ മറികടക്കാൻ ഞാൻ കണ്ടെത്തിയ വിദ്യ. ചിതൽ ശല്യം കുറക്കാൻ ഇടയ്ക്കിടെ പല സ്ഥലങ്ങളിലും മണ്ണെണ്ണ ഒഴിക്കുന്നത് കൊണ്ട്, ഈ പ്രത്യേക മണ്ണെണ്ണയൊഴിപ്പ്, ആരും തിരിച്ചറിയാതെ പോയി.

നാലിലും അഞ്ചിലും പഠിച്ചത് ഉച്ചക്കുനി സ്‌കൂളിൽ ആയിരുന്നു. അവിടെയും ആൺകുട്ടികൾക്ക് മൂത്രപ്പുരയുണ്ടായിരുന്നില്ല. ഇടവേള സമയങ്ങളിൽ, സ്‌കൂളിന് കുറച്ചകലെയായുള്ള തെങ്ങിൻ തൊപ്പിലോ അല്ലെങ്കിൽ തോപ്പിന്റെ അറ്റത്തുള്ള കാട്ടിടയിലോ ആണ് ആൺകുട്ടികൾ മൂത്രമൊഴിച്ചിരുന്നത്. കൂടുതൽ ആൺകുട്ടികളും, ഓരോരോ തെങ്ങ്, സ്വന്തമായി തിരഞ്ഞെടുത്ത്, അതിന്റെ കീഴിലായിരുന്നു മൂത്രമൊഴിച്ചിരുന്നത്. തെങ്ങിന് ഉപ്പ് നല്ലതാണെന്ന അറിവ്, അങ്ങനെയൊരു സേവനപാത തിരഞ്ഞെടുക്കാൻ ഞങ്ങൾക്ക് പ്രേരകമായി. നാലാം തരത്തിലെ വേനലവധി കഴിഞ്ഞ് അഞ്ചാം തരത്തിലെത്തിയപ്പോൾ, ഞങ്ങൾ മൂത്രമൊഴിച്ച് പുഷ്ടിപ്പെടുത്തിയിരുന്ന പല തെങ്ങുകളും ഉണങ്ങിപ്പോയത്, ഞങ്ങളെ ചിന്താകുലരാക്കി. മൂത്രം അധികം ഒഴിച്ചിട്ടാണെന്ന് ഒരു കൂട്ടർ പറഞ്ഞപ്പോൾ, രണ്ട് മാസം മൂത്രം കിട്ടാഞ്ഞിട്ടാണ് തെങ്ങുകൾ ഉണങ്ങിപ്പോയതെന്ന് വേറൊരു കൂട്ടർ പറഞ്ഞ്, പരസ്പരം തർക്കിച്ചു.

മഴക്കാലമായാലും, രാത്രി കഞ്ഞിയൊക്കെ കുടിച്ചാലുമാണ്, കൂടുതലായും അറിയാതെ പായയിൽ മൂത്രമൊഴിച്ച് പോയിരുന്നത്. കൂടുതൽ രാത്രികളിലും കഞ്ഞിയായിരുന്നതിനാൽ, രാത്രികാല സ്പ്രേ നിർത്താൻ, എന്റെ മനസാ ഉള്ള ശ്രമങ്ങളൊന്നും ഫലിച്ചുമില്ല. ഇങ്ങനെ രണ്ട് മൂന്ന് കൊല്ലങ്ങളായപ്പഴേക്കും, ആ പഴയ വീടിനെച്ചൊല്ലിയുള്ള എന്റെ പേടികൾ കുറഞ്ഞു വന്നു. പായയിൽ മൂത്രമൊഴിച്ച് പോയില്ലെങ്കിൽ, എഴുന്നേറ്റ് കതക് തുറന്ന് ഉമ്മറത്തിറങ്ങി മുറ്റത്ത് മൂത്രമൊഴിച്ച്, വീണ്ടും പോയി കതകടച്ച് കിടന്നുറങ്ങും. ധൈര്യം കുറച്ച് കൂടി കൂടിയപ്പോൾ, മുറ്റവും കടന്ന്, മുറ്റത്തിനപ്പുറത്തുള്ള വളപ്പിൽ കാര്യം സാധിച്ച് തിരിച്ച് വരും.

ഇങ്ങനെ രാത്രി മൂത്രമൊഴിച്ച് പോകുന്ന സ്വഭാവമുള്ളത് കൊണ്ട്, അച്ഛാച്ഛന്റെ വീടൊഴിച്ചുള്ള മറ്റ് ബന്ധുവീടുകളിൽ രാത്രി കിടക്കാൻ എനിക്ക് പേടിയും മനസാ നാണവുമായിരുന്നു. എവിടെയെങ്കിലും അങ്ങനെ അത്യാവശ്യത്തിന് പോകേണ്ടി വന്നാൽ പരമാവധി, രാത്രി വെള്ളം കുറച്ച് കുടിക്കാൻ ഞാൻ പ്രത്യേകം ശ്രദ്ധിക്കും. എന്നിരുന്നാലും, എത്ര വെള്ളം കുറച്ച് കുടിച്ചാലും, ശീലം കൊണ്ട് ട്രൗസറെങ്കിലും നനഞ്ഞുപോയ എത്രയോ സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്. പക്ഷേ, വെള്ളം കുറച്ച് കുടിക്കുന്നത് കൊണ്ട്,  മറ്റുള്ളവർ അറിയുന്ന തലത്തിലെത്താതെ എനിക്ക് എന്നെത്തന്നെ കാത്ത് രക്ഷിക്കാൻ പറ്റിയിരുന്നു.

അങ്ങനെയൊരു ദിവസം, ആറാം ക്ലാസ്സിലോ മറ്റോ പഠിക്കുമ്പോൾ, ഒരു ദിവസം ഞാൻ കാഞ്ഞിലേരിയുള്ള അമ്മമ്മയുടെ വീട്ടിൽ പോയി. പിറ്റേന്ന് തന്നെ തിരിച്ച് വരണമെന്നതായിരുന്നു, ആ യാത്ര അനുവദിക്കപ്പെടാനുള്ള  കരാർ. സാധാരണ, ഞാൻ ഒറ്റക്ക് അതുവരെ ദൂരെയെവിടെയും പോയിരുന്നില്ല. സ്‌കൂൾ അവധിയോ മറ്റോ ആയതിനാലാണ് അവിടേക്ക് പോയത്. വീടിനടുത്ത് നിന്നും ബസ്സ് കയറിയാൽ, നേരെ അമ്മമ്മയുടെ വീടിനടുത്തുള്ള ബസ്സ് സ്റ്റോപ്പിൽ ഇറങ്ങാം. ആ സ്റ്റോപ്പിൽ നിന്നും ഏകദേശം ഒരു കിലോമീറ്റർ നടന്നാൽ വയലിൻ കരയിലെ മലഞ്ചെരുവിലുള്ള അമ്മമ്മയുടെ വീട്ടിലെത്താം. ചെറുപ്പകാലത്ത് ഒരു റിസോർട്ടിന് സമാനമായിട്ടുള്ള ഒരു വീടായിരുന്നു, വയലിനക്കരെ വേറൊരു കുന്നുള്ള, ഞങ്ങൾ മഞ്ഞങ്കര എന്ന് വിളിക്കുന്ന ആ അമ്മമ്മ വീട്.

അവിടെ, എന്റെ മൂത്ത അമ്മാമൻ ഒഴിച്ചുള്ള എല്ലാ മാമന്മാരും അമ്മയുടെ അനുജത്തിയായ എളേമ്മയും ഉണ്ടായിരുന്നു. രാത്രിയായാൽ പെട്രോമാക്സ് കത്തിക്കുന്നത്, അവിടെ മാത്രമേ ഞാൻ ആ പ്രദേശത്ത് കണ്ടിരുന്നുള്ളൂ. രാത്രി ആയപ്പോൾ, അന്നവിടെ അത്താഴത്തിന് ഉണ്ടായിരുന്നത്, കഞ്ഞിയും വൻപയർ പുഴുക്കുമാണ്. അമ്മയുടെ അച്ഛൻ ചപ്പാത്തിയാണ് രാത്രി പതിവായി കഴിച്ചിരുന്നത്. കഞ്ഞി എന്നെ പറ്റിക്കുമെന്ന ഉറപ്പുള്ളത് കൊണ്ട്, എനിക്കും ചപ്പാത്തി വേണമെന്ന്, എളേമ്മയോടും അമ്മമ്മയോടും ഞാൻ അഭ്യർത്ഥിച്ചു. പക്ഷേ എന്റെ നിർഭാഗ്യത്തിന്, അമ്മച്ഛന് കഴിക്കാനുള്ള ചപ്പാത്തി മാത്രമേ ഉളളൂ എന്ന അറിയിപ്പാണ് കിട്ടിയത്. വേറെന്ത് ചെയാൻ? വൈകുന്നേരമാണെങ്കിൽ കണ്ടമാനം കൈതച്ചക്കയും മാങ്ങയും മറ്റും തിന്നിട്ടുമുണ്ട്. അതുകൊണ്ട്, കഞ്ഞി കുടിക്കാത്തതാണ് നല്ലതെന്ന് എനിക്ക് തോന്നി. അതറിഞ്ഞപ്പോൾ ഞാൻ ചപ്പാത്തി കിട്ടാത്തതിൽ പ്രതിഷേധിച്ചാണ്‌ കഞ്ഞി കുടിക്കാത്തതെന്ന് അമ്മമ്മക്കും എളേമ്മക്കും തോന്നി. എന്നോട് കാര്യങ്ങൾ വീണ്ടും വിശദീകരിക്കാൻ തുടങ്ങിയപ്പോൾ, അതിലും നല്ലത് ഇത്തിരി കഞ്ഞി കുടിക്കുന്നതാണ് എന്ന് എനിക്കും തോന്നി. അങ്ങനെ കുറച്ച് കഞ്ഞിയും പുഴുക്കും കഴിച്ചു.

"ഇന്ന് എന്റെ കൂടെ കിടക്കാം .. കേട്ടോ.. ഞാൻ പടിഞ്ഞിറ്റയിലെ പത്തായത്തിന്റെ മേലെ വിരിച്ച് വെച്ചിട്ടുണ്ട്.. " അമ്മമ്മ പറഞ്ഞു.

"ഒനിന്ന് എന്റെ കൂടെ കിടന്നോട്ട്.. നീയിങ്ങ് വാ.." കുഞ്ഞമ്മാമനായ ജയമ്മാമൻ, അദ്ദേഹം കിടക്കുന്ന ഓഫീസ് മുറിയിലേക്ക് എന്നെ ക്ഷണിച്ചു.

"വേണ്ട... ഇന്നെന്തായാലും എന്റെ കൂടെത്തന്നെ കിടന്നോട്ടെ... " അമ്മമ്മ എന്റെ കിടത്തം ഫൈനലൈസ് ചെയ്തു.

വേറെയുള്ളത് ബാലമ്മാമനും ദിനമ്മാമനുമാണ്. ദിനമ്മാമൻ അടക്കയും തേങ്ങയും മറ്റും പാട്ടത്തിനെടുക്കുന്നത് കൊണ്ട്, രാത്രി വൈകുന്നത് വരെ, അടക്ക ഉരിക്കലും തേങ്ങാ ഉരിക്കലുമൊക്കെയായി തിരക്കിലായിരിക്കും. ഇരുപതുകളുടെ തുടക്കത്തിൽത്തന്നെ, സ്വയം അദ്ധ്വാനിച്ച് സ്വയംപര്യാപ്തത  നേടിയ കഠിനാദ്ധ്വാനി ആയിരുന്നു ദിനമ്മാമൻ. ചുരുങ്ങിയ സമയം കൊണ്ട്, മറ്റുള്ളവരെ അസൂയപ്പെടുത്തും വിധം, സ്വപ്രയത്‌നം കൊണ്ട്, ബാങ്ക് ബാലൻസും കുഞ്ഞ് കുഞ്ഞ് ഭൂസ്വത്തുക്കളും നേടിയെടുത്ത കാര്യദർശി.  അദ്ധ്വാനികൾക്ക് ഒരു റോൾ മോഡൽ!

ബാലമ്മാമനാണെങ്കിൽ  വേറൊരു സ്പീഷീസാണ്. അമ്മയുടെ കൂടപ്പിറപ്പുകളിൽ, ഡിഗ്രി വിദ്യാഭ്യാസം നേടിയ ഒരേയൊരാൾ. ഇടക്ക് തമാശയൊക്കെ പറയുമെങ്കിലും ആള് സീരിയസ്സാണ്. ജയമ്മാമനൊക്കെ നമ്മളോട് കളിചിരിയൊക്കെ പറഞ്ഞിരിക്കുമ്പോൾ, ബാലമ്മാമൻ,  ഡിക്ഷണറിയുടെ സ്പെല്ലിങ്ങും മറ്റും ചോദിച്ച്, നമ്മളെ കുഴക്കിക്കളയും. നമ്മളോടൊക്കെ ഇംഗ്ലീഷിൽ എന്തെങ്കിലും ചോദിച്ച് കുഴക്കുന്നതും,  വ്യായാമം ചെയ്ത് പെരുപ്പിച്ച മസിൽ മറ്റുള്ളവരെ കാണിച്ച് നടക്കുന്നതും,  തറവാട്ട് കുളത്തിന്റെ മുകളിൽ നിന്ന് ഓടിവന്ന് കുട്ടിക്കരണം മറിഞ്ഞ്, കുളത്തിൽ മുങ്ങാംകുളിയിടുന്നതും അദ്ദേഹത്തിന് ഒരു വിനോദമായിരുന്നു. അദ്ദേഹം കിടക്കുന്ന, മുകളിലെ തെക്കേ മുറിയിലെ ദണ്ഡികയിൽ, ഇരുമ്പ് വട്ടങ്ങളിട്ട് വലിഞ്ഞ് കയറിയാണ് അദ്ദേഹം സ്വന്തം മസിൽ പെരുപ്പിച്ചിരുന്നത്. ഞാൻ അഞ്ചാം ക്ലാസ്സ് കഴിഞ്ഞ സമയത്ത്, ആറാം ക്ലാസ്സ് മുതലെങ്കിലും എന്നെ ഇംഗ്ലീഷ് മീഡിയത്തിലാക്കാൻ വേണ്ടി, അച്ഛനോട് കഠിനമായി ശുപാർശ ചെയ്തിട്ടും പരാജയപ്പെട്ടയാള് കൂടിയാണ് ബാലമ്മാമൻ. കൂടാതെ, പത്താംക്ലാസ്സിന് ശേഷം, കുറേ സാങ്കേതിക പുസ്തകങ്ങൾ കെട്ടിക്കൊണ്ട് വന്ന് എന്നെ എഞ്ചിനീയറാക്കാൻ വേണ്ടി ശ്രമിച്ച്, മോഹഭംഗം നേരിട്ടിട്ടുണ്ട്, ബാലമ്മാമൻ! വിശേഷാൽ ദിവസങ്ങളിൽ, നമ്മുടെ കുടുംബത്തിൽ  സുലഭമായി ലഭിച്ചിരുന്ന പട്ടാളക്കുപ്പികളിൽ നിന്ന്, ഒരൗൺസെങ്കിലും അകത്താക്കിയാൽ, ബാലമ്മാമൻ എല്ലാവരോടും സായിപ്പിന്റെ ഇംഗ്ലീഷ് പറഞ്ഞുകളയും! പക്ഷേ സാധാരണ സമയങ്ങളിൽ, ഞങ്ങളൊക്കെ എത്തിയാൽ, 'എന്താടാ' എന്ന് ചിരിച്ചത് പോലെ കാണിച്ച്, നേരെ മുകളിൽ പോയി വാതിലടക്കും. ഉഷളേമ്മയും ജയമ്മാമനുമാണ് നമ്മളെ കുറച്ചെങ്കിലും ഗൗനിച്ചിരുന്നത്.

ഒരു പത്ത് മണിക്കടുപ്പിച്ച്, ഞാൻ പത്തായത്തിന്റെ മേലെ കയറി ഉറങ്ങാൻ കിടന്നു. ആ പത്തായത്തിൽ എല്ലായ്‌പോഴും നെല്ല് ഉണ്ടാവും. ആമത്തോട് ഉപയോഗിച്ചാണ്, പത്തായത്തിൽ നിന്ന് നെല്ല് കോരിയെടുത്തിരുന്നത്.  ആ പത്തായത്തിന്റെ മേലെയുള്ള ഉന്നത്തിന്റെ കിടക്ക മേലാണ് എന്റെ കിടപ്പ്. താഴെ പായയിൽ ഉഷളേമ്മയും കിടന്നിട്ടുണ്ട്. ഞാനും എളേമ്മയും എന്തൊക്കെയോ പൊട്ടക്കഥകൾ പറഞ്ഞ് ചിരിച്ചു. അങ്ങനെയുള്ള സംസാരത്തിനിടയിൽ, ഞാനുറങ്ങിപ്പോയി.

പുലർച്ചെ, എന്തോ നല്ല നനവ് തട്ടിയത് പോലെ തോന്നിയതിനാൽ, ഞാൻ  ഉറക്കത്തിൽ നിന്ന് ഞെട്ടിയുണർന്നു. ശ്രദ്ധിച്ച് അവിടെയും ഇവിടെയുമൊക്കെ തൊട്ടു നോക്കിയപ്പോൾ ഞാൻ കിടന്നിടം മൊത്തത്തിൽ നനഞ്ഞിരിക്കുന്നു. ട്രൗസറിന്റെ മുൻഭാഗം മൊത്തം നനഞ്ഞതായി എനിക്ക് മനസ്സിലായി. ഒരു മാതിരി നല്ല രീതിയിൽ തന്നെ കിടക്കയിൽ സാധനം വീണ് പരന്നിട്ടുണ്ട്. ഇനിയും കുറേ പോകാനുള്ളത് പോലെ എനിക്ക് തോന്നി. അത് പുറത്ത് കളയാതെ വീണ്ടും ഉറങ്ങാനും പറ്റില്ല. എന്ത് ചെയ്യും? അങ്ങനെ ചിന്തിച്ചിരിക്കുമ്പോഴാണ് ഒരു ഉപായം തോന്നിയത്.

സ്ഥലം വലിയ പരിചയമില്ലെങ്കിലും, പടിഞ്ഞിറ്റയുടെ പടിഞ്ഞാറേ ജനവാതിലിൻ മേലെ കയറിയാൽ കാര്യം സാധിക്കാം. ഞാൻ പതുക്കെ എഴുന്നേറ്റു. പത്തായത്തിന് സാധാരണയിലേതിനും ഉയരമുണ്ട്. താഴെയിറങ്ങുമ്പോൾ ശ്രദ്ധിക്കണം. ഇളയമ്മയുടെ തലയിലൊന്നും ചവിട്ടിപ്പോകരുതല്ലോ. പോരാത്തതിന് കൂരിരുട്ടും. എന്നാലും ശ്രദ്ധിച്ച് താഴയിറങ്ങി. കട്ടിലിന്റെ നിൽപ്പ് വച്ച് ജനാല ഇരിക്കുന്ന വശം ഗണിച്ചെടുത്തു. കുനിഞ്ഞ്, ഇളയമ്മ എവിടെയാണെന്ന് തപ്പി നോക്കി. എന്നാലല്ലേ ജനാലയിലേക്ക് തടസ്സമില്ലാതെ പോകാൻ പറ്റുമോന്ന് മനസ്സിലാവുള്ളൂ. പിന്നെ, പതുക്കെ ജനാലക്കടുത്തേക്ക് നീങ്ങി. കൈ കൊണ്ട് ജനാല എത്തിയെന്ന്, ജനാലയുടെ അഴിതൊട്ട് മനസ്സിലാക്കി. പിന്നെ, മുകൾ ഭാഗത്തെ അഴി പിടിച്ച്, ജനാലയുടെ മേലെ കയറി. എന്നിട്ട് ഒരു വശത്തെ വാതിൽ തുറന്നു. പുറത്ത്, ചീവീടുകളുടെയും താവളകളുടെയും ഗംഭീര താളമേളം നടക്കുകയാണ്. ട്രൗസറിന്റെ കുടുക്കുകൾ അഴിച്ച്, ശ്രദ്ധിച്ച്, രണ്ട് അഴികൾക്കിടയിലൂടെ, ബാക്കി സ്റ്റോക്ക്, പുറത്തേക്ക് പമ്പ് ചെയ്യാൻ ആരംഭിച്ചു. ധാരാളം സ്റ്റോക്ക് ബാക്കിയുണ്ടായിരുന്നതിനാൽ, പമ്പിങ്ങിന്റെ ശക്‌തിയും കൂടുതലായിരുന്നു. പടിഞ്ഞാറേ മുറ്റത്ത് ജലധാര വീണ് 'സ്..ർ...ർ..' ശബ്ദമുണ്ടാക്കാൻ തുടങ്ങി. എത്ര കൺട്രോൾ ചെയ്തിട്ടും, ശബ്ദത്തിന് ഒരു ക്രമീകരണവും ചെയ്യാൻ സാധിച്ചില്ല. ഈ ഒച്ച കേട്ട്, എന്റെ അമ്മമ്മ ഞെട്ടിയുണർന്നു.

"ആന്താ... ആന്താടോ.. ആ ഒച്ച...." അമ്മമ്മ കിടക്കയിൽ എഴുന്നേറ്റ് ഇരുന്നിട്ടുണ്ടാകണം. പമ്പിങ്ങിനിടെ ഞാൻ തിരിഞ്ഞ് നോക്കാൻ ശ്രമിച്ചെങ്കിലും ഇരുട്ട് കാരണം ഒന്നും കാണാൻ സാധിച്ചില്ല.

"അയ്യേ.. ഈടെയെല്ലം നനഞ്ഞിട്ട്ണ്ടല്ലോ... ഛായ്.. മൂത്രാന്ന് തോന്നുന്ന്.." അമ്മമ്മ കൈ കുത്തി നനഞ്ഞത്, മണപ്പിച്ച് കാണണം. ഇത് കേട്ടപ്പഴേക്കും, കുറച്ച് കൂടി ബാക്കിയുണ്ടെങ്കിലും, അറിയാതെ എന്റെ പമ്പിങ് നിന്ന് പോയി.

"എടാ... വേണൂ... നീ ഏട്യാ...." അമ്മമ്മ എന്നെ പരതുകയാണ്. ഞാൻ അപ്പഴേക്കും ജനാലയിൽ നിന്ന് താഴേക്ക് ചാടി.

"അതാരാ.... ആന്താ വീണേ..." അമ്മമ്മയുടെ ശബ്ദം ശകലം പരിഭ്രമിച്ചത് പോലെ തോന്നി.

"ഞാനാ അമ്മമ്മേ..." ഞാൻ ശബ്ദം താഴ്ത്തി പറഞ്ഞു. അമ്മമ്മ പേടിച്ച് പോകരുതല്ലോ.

"നീ എന്താടാ... ആടെ ചെയ്യ്ന്ന്..?" അമ്മമ്മയുടെ പരിഭ്രമം ഇല്ലാതായതായി തോന്നി.

"ഒന്നൂല്ല അമ്മമ്മേ... മൂത്രോഴിച്ചതാ...." എന്റെ ശബ്ദം നാണം കൊണ്ട് അധികം പുറത്തേക്ക് വന്നില്ല. അമ്മമ്മ കിടക്കയിൽ നിന്ന് താഴെ ഇറങ്ങാൻ ശ്രമിക്കുന്നതിനിടയിൽ കിടക്കയിൽ കൈ വെക്കുന്നിടത്തെല്ലാം നനഞ്ഞത് കൊണ്ട് 'അയ്യേ... അയ്യയ്യേ...ഛി ഛി.." എന്നൊക്കെ ഇടയ്ക്കിടെ പറയുന്നുണ്ട്.

"നീയിത് മൊത്തം നനച്ചാൾഞ്ഞല്ലെടാ...ശരിക്കും മൂത്രം ബീത്തീറ്റ് കെടന്നാ പോരായിർന്നോ.."  ഞാൻ മറുപടിയൊന്നും പറഞ്ഞില്ല.

അമ്മമ്മ പത്തായത്തിൽ നിന്നിറങ്ങി, പുറത്തെ ഐക്കകത്തുള്ള, തിരി താഴ്ത്തിയ വിളക്ക് പ്രകാശിപ്പിച്ചു.

"ഞമ്മക്കിനി താഴെ കിടക്കാം... ബാക്കി നാളെ നോക്കാം..." വേറൊരു പുതപ്പ് അലമാരയിൽ നിന്ന് എടുത്ത് എനിക്ക് തന്നു. ഞാൻ ഇളയമ്മയുടെ ഒരു വശത്തായി താഴെ പായയിൽ കിടന്നു. അപ്പുറത്തെ മുറിയിൽ, വിളക്ക് തിരി താഴ്ത്തി വച്ച് അമ്മമ്മയും വന്ന് കിടന്നു. എന്റെ ട്രൗസർ നനഞ്ഞത് കാരണം, പിന്നീടെനിക്ക് ഉറക്കം വന്നില്ല.

രാവിലെ അമ്മമ്മയുടെ കൂടെത്തന്നെ ഞാനും എഴുന്നേറ്റു. വാതിൽ തുറന്ന് പ്രഭാതവിളക്ക് കൊളുത്തിയതിന് ശേഷം, അമ്മമ്മ, നേരെ പത്തായം ചെക്ക് ചെയ്യാൻ പോയി. ഞാൻ തിരിച്ച് പുറത്തേക്കും. ഉമിക്കരിയും ഈർക്കിലും ഉപയോഗിച്ച് പല്ല് വൃത്തിയാക്കി. മുഖം കഴുകി തിരിച്ച് വരുമ്പഴേക്കും അമ്മമ്മ, പത്തായത്തിന് മേലുള്ള കിടക്കയും പായും ചുരുട്ടിയെടുത്ത് മുറ്റത്ത് ഇട്ടിരുന്നു. പായയിൽ വെള്ളമൊഴിച്ച് കഴുകി. പിന്നെ, വെയിലത്തുണങ്ങാൻ വേണ്ടി മുറ്റത്ത് നിവർത്തിയിട്ടു. അമ്മമ്മ വീണ്ടും അകത്തേക്ക് കയറി. ഞാൻ ഉമ്മറത്ത് തന്നെ നിന്നു. എന്റെ നാണം ഇല്ലാതാക്കാനും ജാള്യത തോന്നാതിരിക്കാനും, തമാശയായി എന്തൊക്കെയോ അമ്മമ്മ പറയുന്നുണ്ട്. എനിക്കാണെങ്കിൽ, ഒന്നിനും മറുപടി ഉണ്ടായിരുന്നില്ല.

"എടാ.. നീ കൊറേ ഒഴിച്ചൂന്ന് തോന്ന്ന്നല്ലോ... പത്തായത്തിന്റെ ഉള്ളില് മൂത്രം വീണൂന്നാ തോന്ന്ന്നേ... നെല്ല് നനഞ്ഞ് പോയൊന്നമ്മോ..." അമ്മമ്മ പടിഞ്ഞിറ്റയിൽ നിന്ന് വീണ്ടും പറയുന്നത് കേട്ടു. ഞാൻ ഉമ്മറത്ത് നിന്ന് തലേന്നത്തെ പത്രത്തിലൂടെ വെറുതെ കണ്ണോടിച്ചു. അമ്മമ്മ എന്തൊക്കെയോ പറഞ്ഞുകൊണ്ട് അടുക്കളയിലേക്ക് പോയി.

എങ്ങനെയെങ്കിലും അവിടുന്ന് രക്ഷപ്പെട്ടത് മതിന്നായിരുന്നു എന്റെ ചിന്ത. രാവിലെയുള്ള ബസ്സിൽ തന്നെ, മറ്റുള്ളവർ എഴുന്നേക്കുന്നതിന് മുന്നേ തന്നെ പോയാൽ, കൂടുതൽ നാണക്കേടും കളിയാക്കലും ഒഴിവാക്കാം. ഞാൻ അമ്മയോട് ഞാൻ രാവിലെത്തന്നെ തിരിച്ച് പോകുമെന്ന് പറഞ്ഞു. വൈകുന്നേരം പോയാ മതിയെന്ന് അമ്മമ്മ. ഒരൊറ്റ ദിവസത്തേക്ക് മാത്രം വന്നത് കാരണം, എനിക്ക് വേറെ ട്രൗസറൊന്നും ഉണ്ടായിരുന്നില്ല. ഈ മൂത്രം നനഞ്ഞ ട്രൗസറുമിട്ട് വൈകുന്നേരം വരെ തള്ളുന്ന കാര്യം എനിക്ക് ആലോചിക്കാൻ കൂടി പറ്റിയില്ല.

അപ്പഴേക്കും ഓരോരുത്തരായി എഴുന്നേറ്റ് വന്നു. മുറ്റത്ത് പായയും കിടക്കയും കണ്ടവർ കാര്യമന്വേഷിക്കുകയും എന്നെ നോക്കി ചിരിക്കുകയും ചെയ്തു. ഓരോരുത്തർ വരുമ്പോഴും എനിക്ക് ജാള്യത കൂടിക്കൂടി വന്നു. ഉഷളേമ്മയും ജയമ്മാമനും അമ്മാച്ഛനും ദിനമ്മാമനുമൊക്കെ 'അയ്യേ' ന്നൊക്ക പറഞ്ഞ് കളിയാക്കിയെങ്കിലും അധികം നീണ്ടില്ല. പിന്നെ ബാലമ്മാമന്റെ ഊഴമായിരുന്നു.

"പത്ത് പതിനൊന്ന് വയസ്സായീറ്റും ചെക്കൻ.. കെടക്കേ മൂത്രോഴിക്ക്വാന്നൊക്കെ പറഞ്ഞാ... അയ്യയ്യേ... അയ്യേ... നാണക്കേട്... " അമ്മമ്മ അവലുപ്പുമാവ് ഉണ്ടാക്കുന്നതിനിടെ, അടുപ്പിന്റെ ഒരുഭാഗത്ത് കൂനിയിരുന്ന്, ചൂടും കാഞ്ഞ് കൊണ്ട്, എന്റെ നനയാൻ ബാക്കിയുള്ള ട്രൗസറിന്റെ ബാക്കി ഭാഗവും നനക്കാനുള്ള പുറപ്പാടിലാണ് ബാലമ്മാമൻ. പിന്നെയും ബാലമ്മാമൻ എന്തൊക്കെയോ പറഞ്ഞ് തമാശയാക്കി. പിന്നെ അമ്മമ്മ ഇടപെട്ടു. എങ്ങനെയൊക്കെയോ അവലുപ്പുമാവും ചായയും കഴിച്ച്, ഞാൻ കാലത്ത് 8:25 ന് ഉള്ള ബസ്സ് പിടിക്കാൻ ഓടി. അപ്പോഴും എന്റെ ട്രൗസർ പൂർണ്ണമായും ഉണങ്ങിയിരുന്നില്ല. അതൊന്നും എനിക്ക് പ്രശ്നമല്ല. എങ്ങനെയെങ്കിലും വീട് പിടിക്കണം, അത് മാത്രമായിരുന്നു ചിന്ത.

അങ്ങനെ കുറച്ച് ആഴ്ചകളും മാസങ്ങളും പോയിക്കാണും. ഇളയമ്മയുടെ കല്യാണാലോചനകൾ നടക്കുന്ന സമയം. ഒരു ദിവസം, എന്തോ കാര്യത്തിന്,  പഴയ ജാള്യതയൊക്കെ മറന്ന്, ഞാൻ വീണ്ടും അമ്മമ്മയുടെ വീട്ടിലെത്തി. ജയമ്മാമന്റെ കൂടെയും ദിനമ്മാമന്റെ കൂടെയും വയലിലും കശുമാവിന്റെയും കൈതച്ചക്കയുടെയും തോട്ടത്തിലുമൊക്കെ കറങ്ങി സമയം വൈകുന്നേരമായി. രാത്രിയിലെ ഉറക്കത്തിന്റെ കാര്യമോർത്ത് എന്റെ നെഞ്ചിടിപ്പ് കൂടി. ആ സമയം, പുറത്തെവിടെയോ പോയിരുന്ന ബാലമ്മാമൻ മടങ്ങിയെത്തി. എന്നോട് പഠിപ്പിന്റെയും മറ്റും കാര്യങ്ങൾ ചോദിച്ചു. പിന്നെ ഒരു പീച്ചാങ്കത്തിയുമെടുത്ത് പപ്പായ മരത്തിന്റെ ചുവട്ടിലേക്ക് പോയി. അമ്മമ്മയുടെ വീട്ടിൽ, നാലോളം, നല്ല ഉയരമുള്ളതും ആരോഗ്യ മുള്ളതുമായ, ഞങ്ങൾ കർമോസ് എന്ന് വിളിക്കുന്ന പപ്പായ മരങ്ങളുണ്ടായിരുന്നു. ഞാനും വെറുതെ ബാലാമ്മാമന്റെ പിന്നാലെ കൂടി. എന്താണ് പരിപാടി എന്നറിയണമല്ലോ. നല്ല പഴുത്ത പപ്പായ പറിക്കാനാണെങ്കിൽ, ഒപ്പം കൂടാലോ.

പക്ഷേ, അമ്മാമന്റെ നോട്ടം പപ്പായ പഴത്തിലല്ല എന്നെനിക്ക് മനസ്സിലായി. വീണുകിടക്കുന്ന രണ്ട് മൂന്ന് പപ്പായ ഇലകൾ എടുത്ത് തിരിച്ചും മറിച്ചും നോക്കി. പാല് കണ്ടാലും കൊതുക് ചോരയിലേ നോക്കൂ എന്ന കാര്യം വെറുതെ എനിക്ക് തോന്നിപ്പോയി. എടുത്ത ഇലകളിൽ നിന്ന് രണ്ടെണ്ണം തിരഞ്ഞെടുത്ത്, രണ്ടിന്റെയും രണ്ടറ്റവും ഛേദിച്ച്, രണ്ടറ്റവും ദ്വാരമുള്ള നീണ്ട കുഴല് പോലാക്കി.

"എന്തിനാ അമ്മാമാ ഈ കുഴല്..?" എനിക്ക് ജിജ്ഞാസ കൂടി.

"ഈനക്കൊണ്ട് പണിയ്ണ്ട്" എന്നും പറഞ്ഞ് ബാലമ്മാമൻ തിരിഞ്ഞ് നടന്നു.

"ആ പഴുത്ത പപ്പായ എന്താ പറിക്കാത്തെ..?" എനിക്ക് പപ്പായ പറിക്കാത്തതിന്റെ കാരണം മനസ്സിലായില്ല. ആരായാലും അത് പറിച്ച് പോകും.

"ആ... അത് ജയനോ ഉഷയോ പറിച്ചോളും..." ബാലമ്മാമൻ ഇത്രക്കും മടിയനാണോ എന്ന് ആലോചിച്ച് പോയി.

എന്തോ, അന്ന് ബാലമ്മാമൻ എന്നോട് കൂടുതൽ സംസാരിച്ചു. ജയമ്മാമൻ കുളിച്ച് വന്ന് ഓഫീസ് മുറിയിലെ സോഫയിൽ കയറി, ഫിലിപ്സിന്റെ റേഡിയോ ട്യൂൺ ചെയ്യാൻ തുടങ്ങി. ഓരോ അഞ്ച് മിനുട്ടിലും വെറുതെ സ്റ്റേഷൻ മാറ്റി നോക്കുന്നത് കൊണ്ട്, ഒരു പരിപാടിയും കൃത്യമായി കേൾക്കാൻ പറ്റിയിരുന്നില്ല. റേഡിയോ പ്രവർത്തിക്കുന്നതിനിടയിൽ, ടേപ്പ് റെക്കോർഡറിൽ കാസറ്റിട്ട് പാട്ട് കേൾക്കാനുള്ള ശ്രമങ്ങളും നടത്തുന്നുണ്ടായിരുന്നു ജയമ്മാമൻ. ദിനമ്മാമൻ പതിവ് പോലെ സ്വന്തം ബിസിനസ്സിന്റെ കാര്യങ്ങൾ നോക്കുന്നതിൽ തിരക്കിലായിരുന്നു. കല്യാണാലോചനകൾ നടക്കുന്നത് കൊണ്ടായിരിക്കണം, എളേമ്മ ആ രാത്രിയിലും, മംഗളം വരിക ഒരു വശത്ത് വച്ചിട്ട്, കുഴിനഖം വന്ന കാൽ വിരലുകളിലും കൈ നഖങ്ങളിലും ച്യൂടെക്സ് ഇടുന്ന തിരക്കിലായിരുന്നു. കുഴിനഖം മൂലം നഷ്ടപ്പെട്ടുപോയ കാലിലെ പെരുവിരലിന്റെ നഖത്തിന് പകരം, പരുത്തി, നഖത്തിന്റെ ആകൃതിയിൽ വിരലിൻ മേലെ പരത്തിവച്ച്, അതിന്മേലായിരുന്നു നെയിൽ പോളിഷിങ്. നെയിൽ പോളിഷിട്ടതിന് ശേഷം കണ്ടാൽ, വിരലിൽ നഖമുണ്ടായിരുന്നില്ലെന്ന് ഒരിക്കലും പറയില്ല!

കണക്കിലെയും ഇംഗ്ലീഷിന്റെയുമൊക്കെ മാർക്കൊക്കെ ചോദിച്ചതിന് ശേഷം വേറെന്തോ ജനറൽ ചോദ്യങ്ങളും ചോദിച്ച ബാലമ്മാമൻ, എന്റെ ഉത്തരങ്ങളിൽ കൂടുതൽ സംപ്രീതനായി.

"നമുക്കിന്ന് ഒരുമിച്ച് കിടക്കാം" ബാലമ്മാമൻ എന്നോട് പറഞ്ഞു. എനിക്ക് എന്നെത്തന്നെ വിശ്വസിക്കാൻ ആയില്ല. ആദ്യായിട്ടാണ് ബാലമ്മാമന്റെ, ഇത്തരത്തിലുള്ള ഒരു ക്ഷണം കിട്ടുന്നത്. കിടന്നിടത്ത് മൂത്രമൊഴിക്കുന്ന ശീലമുള്ള എന്നെ, കൂടെക്കിടത്താനുള്ള ആ ധൈര്യത്തെ ഞാൻ മനസാ പുകഴ്ത്തി. ഇതുവരെയും ഇത്രയും സ്നേഹമുള്ള അമ്മാമനെയാണല്ലോ, വലിയ ഗൗരവക്കാരനാണെന്ന അനുമാനത്തിൽ, അകലം പാലിച്ച് അകറ്റി നിർത്തിയത് എന്നാലോചിച്ച് എനിക്ക് സങ്കടം വന്നു.

എവിടെ കിടക്കണം എന്ന് ആര് നിർദ്ദേശിച്ചാലും നിരസിക്കാൻ മാത്രം വളരാത്തത് കൊണ്ട്, ഞാൻ തലയാട്ടി. എന്നാലും കിടക്കയിൽ മൂത്രമൊഴിച്ച് പോകുന്നതാലോചിച്ച് എനിക്ക് ആധിയായി. പണ്ട് പത്തായത്തിന്റെ മേലെ മൂത്രമൊഴിച്ച് അമ്മമ്മയെ മുക്കിയത് ഓർമ്മ വന്നു.

"നീ കെടക്കേല് മൂത്രോഴിക്വോ?" ബാലമ്മാമനും സംശയമുണ്ട്. ഞാൻ ഇല്ല എന്ന് തലയാട്ടി.

അന്ന് രാത്രി ഞാൻ തീരെ വെള്ളം കുടിച്ചില്ല. മാത്രവുമല്ല, എനിക്കന്ന് ചപ്പാത്തിയാണ് കിട്ടിയത്. ആ ഒരു ബലത്തിലും ധൈര്യത്തിലുമാണ് ബാലമ്മാമന്റെ കൂടെ മുകളിലെ തെക്കേമുറിയിൽ കിടക്കാൻ പോയത്. ആ മുറിയിൽ കയറിയപ്പഴാണ്, നേരത്തെ വളപ്പിൽ നിന്നും മുറിച്ചെടുത്ത പപ്പായക്കുഴൽ അവിടെ കണ്ടത്. തെക്ക് പടിഞ്ഞാറേ മൂലയിൽ ചാരി വച്ചിരിക്കുന്നു. വീട്ടിനുള്ളിൽ, ഈ കുഴൽ എന്തിനാണെന്ന് എനിക്ക് മനസ്സിലായില്ല.

"എന്തിനാ അമ്മാമാ ഈ കർമോസിന്റെ കുഴല് ഇവിടെ വെച്ചത്..." ചോദിക്കാതിരിക്കാൻ എനിക്ക് കഴിഞ്ഞില്ല.

"അതൊക്കെയ്ണ്ടെടാ..." എന്നും പറഞ്ഞ്, ബാലമ്മാമൻ ദണ്ഡികയുടെ മുകളിൽ തൂക്കിയ വട്ടത്തിൽ പിടിച്ച് കുറച്ച് ഞാന്ന് കളിച്ചു. അതിന് ശേഷം, ഞാൻ കിടക്കുന്ന സ്ഥലത്ത്, ഒരു കട്ടിയുള്ള വിരിപ്പ്, മൂന്ന് നാല് മടക്കുകളാക്കി, കട്ടിയിൽ വിരിച്ചു. അഥവാ ഞാൻ മൂത്രമൊഴിച്ചാലും ആ വിരിപ്പ് മാത്രല്ലേ നനയുള്ളൂ. പിന്നെ വിളക്കണച്ച് കിടന്നു. കിടന്നതിന് ശേഷവും കുറേ കാര്യങ്ങൾ സംസാരിച്ചു. നന്നായി പഠിക്കേണ്ടതിന്റെ ആവശ്യം കുറച്ചൊക്കെ വിവരിച്ചത് എനിക്കോർമ്മയുണ്ട്. അതിനിടയിൽത്തന്നെ ഞാനുറങ്ങിപ്പോയി.

പുലർച്ചെ കട്ടിൽ കുലുങ്ങുന്നതോ ഞെരുങ്ങുന്നതോ ആയ ഒച്ച കേട്ട് ഞാൻ ഞെട്ടിയുണർന്നു. എന്താണ് സംഭവിക്കുന്നതെന്ന് വീക്ഷിച്ചു. അപ്പോഴാണ് പുറത്തെ ചെറിയ നിലാവെളിച്ചത്തിൽ ആ കാഴ്ച ഞാൻ കണ്ടത്. ബാലമ്മാമൻ, ഒരു പപ്പായക്കുഴലെടുത്ത്, കട്ടിലിൽ കയറി നിൽക്കുകയാണ്. പപ്പായക്കുഴൽ തെക്ക് ഭാഗത്തുള്ള ജനാലയിൽ കൂടെ പുറത്തേക്ക് നീട്ടിപ്പിടിച്ചിട്ടുണ്ട്. എന്നിട്ട് ഉടുത്ത കൈലിയും പൊക്കി, കുഴലിന്റെ വണ്ണമുള്ള ഭാഗം, കൈലിക്കടിയിലാക്കി, കാര്യസാദ്ധ്യം നടത്തുകയാണ്. തെക്ക് ഭാഗത്തെ ഓഫീസ് മുറിയുടെ ഓടിന്റെ മേലെയാണ് വാട്ടർ ഫാൾ നടക്കുന്നത് എന്നത് കൊണ്ട്, വാട്ടർ ഫാളിന്റെ കാഠിന്യം, താഴെ ശബ്ദത്തിന്റെ രുപത്തിൽ എത്തുകയുമില്ല. മാത്രവുമല്ല ഈ ജലധാര വീഴുന്ന ഭാഗത്ത് താഴെയും ജനാലകളില്ലാത്തത് കൊണ്ട്, താഴത്തെ മുറിയിലുള്ള ആരും ഈ ശബ്ദം കേൾക്കുകയുമില്ല. ബുദ്ധിമാൻ !

'അമ്പട വീരാ...' ഞാൻ മനസ്സിലോർത്തു. സത്യത്തിൽ, തലേന്ന് രാത്രി  ചപ്പാത്തി തിന്നത് എനിക്ക് അനുഗ്രഹമായി തോന്നി, കാരണം ആ സമയത്തും എനിക്ക് മൂത്രശങ്ക ഉണ്ടായിരുന്നില്ല. മുഴുവൻ സ്റ്റോക്കും തീർന്നപ്പോൾ, ബാലമ്മാമൻ, ആ കുഴൽ ജനൽ കമ്പികൾക്കിടയിലൂടെ തെക്കേ മുറ്റത്തേക്ക് വലിച്ചെറിഞ്ഞു. ഒരിക്കൽ ഉപയോഗിച്ചത്, വീണ്ടും ഉപയോഗിക്കാനുള്ള കാര്യവിവരം ബാലമ്മാമന് പണ്ടേ ഉണ്ടായിരുന്നിരിക്കണം. എന്നിട്ട് ആശ്വാസത്തിന്റെ നിറവിൽ, സ്വന്തം കണ്ടുപിടുത്തത്തിന്റെ അഹങ്കാരത്തിൽ, വീണ്ടും കട്ടിലിൽ കിടന്നു. ഒന്നുമറിയാത്തത് പോലെ ഞാനും. ഇങ്ങനെ രാത്രി സർക്കസ്സ് നടത്തുന്നതിന് പകരം, അമ്മാമന്, കോളാമ്പിക്ക് പകരമായി കുപ്പികൾ ഉപയോഗിച്ച് കൂടായിരുന്നോ എന്ന്, കിടക്കുന്നതിനിടയിൽ ചിന്തിക്കുകയും ചെയ്തു.

പിറ്റേന്ന് നേരം പുലർന്നപ്പോൾ ബാലമ്മാമനൊഴിച്ച് ബാക്കിയെല്ലാവരും സാധാരണ പോലെ എഴുന്നേറ്റ് അടുക്കളയിൽ വന്നു. ബാലമ്മാമൻ വൈകിയേ എഴുന്നേൽക്കാറുള്ളൂ. കിടക്കയിൽ മൂത്രമൊഴിക്കാത്തത് കൊണ്ട് എനിക്ക് ഉന്മേഷം കൂടുതലായിരുന്നു. ഏഴര കഴിയുമ്പഴേക്കും ബാലമ്മാമനും എഴുന്നേറ്റ് വന്നു. നേരെ പോയി അടുപ്പിന്റെ ആറു വശത്ത് ചൂട് കായാൻ ഇരുന്നു. ഞാൻ ബാലമ്മാമനെ അതിശയത്തിൽ നോക്കി.

"എന്താടാ... ഇങ്ങനെ നോക്കുന്നെ.." ബാലമ്മാമന് എന്റെ നോട്ടം കണ്ടപ്പോൾ സംശയം.

"ഞാൻ കണ്ടു.... ഇന്നലെ രാത്രി.... കർമോസിന്റെ കൊഴലും പിടിച്ച്...." ബാലമ്മാമന് ഒരു നാണം. ഇതേ പോലെ പണ്ട് പത്തായത്തിന്റെ മേലെ മൂത്രമൊഴിച്ചതിന് എന്നെ കളിയാക്കിയതാണ്. എനിക്ക് തിരിച്ചടിക്കാനുള്ള ഭാഗ്യം കൈവന്ന സമയമാണ്.

"പോടാ... വെറുതെ എന്തെങ്കിലും പറയറ്..." ബാലമ്മാമൻ എന്നെ വിലക്കി...

"എളേമ്മേ.. കേക്കണോ... ഇന്നലെ ബാലമ്മാമൻ കർമോസിന്റെ കൊഴലിലൂടെ ജനലിന്റെ ഉള്ളിക്കൂടെ മൂത്രോഴിച്ചു...." ഇത് പറഞ്ഞ് തീരും മുന്നേ ബാലമ്മാമൻ എന്നെ അടിക്കാനായി അടുപ്പിൻ തണയിൽ നിന്നും താഴെച്ചാടി. ഞാൻ ഉമ്മറത്തുള്ള അമ്മാച്ഛന്റെ അടുക്കലേക്ക് ഓടി.

"ഓ.. അതിനാണ് ഇടയ്ക്കിടെ ഈ കർമോസിന്റെ കൊഴലും എടുത്ത് മേലേക്ക് പോക്ന്നത്... ഇപ്പല്ലേ കാര്യം പിടി കിട്ടിയേ.." എളേമ്മ ബാലമ്മാമനെ കളിയാക്കി. ബാലമ്മാമൻ പിന്നെ ഒന്നും ഉരിയാടാതെ അവിടെ നിന്നും ചായക്കപ്പുമായി എഴുന്നേറ്റ് പോയി. ബാലമ്മാമനെ കുറച്ച് ശങ്കയുള്ളത് കൊണ്ട്, ഈ സംഭവത്തിന് അധികം പരസ്യം കൊടുക്കാൻ ഞാൻ നിന്നില്ല. 'പപ്പായക്കുഴൽ രാത്രി'ക്ക് ശേഷം, ഞാനും ബാലമ്മാമനും ഒരുമിച്ച് കിടക്കുന്നത്, ഏകദേശം മുപ്പത് കൊല്ലത്തിന് ശേഷം, അദ്ദേഹത്തിൻറെ മകന്റെ കല്യാണത്തലേന്നാണ്!

വാലറ്റം: ജീവിതം പിന്നെയും മുന്നോട്ട് പോയെങ്കിലും, ഇടയ്ക്കിടെ, കിടന്നിടത്ത് മൂത്രമൊഴിക്കുന്ന എന്റെ പതിവ് തുടർന്ന് പോന്നു. പത്താം ക്ലാസ്സിൽ പഠിക്കുന്ന സമയത്ത്, വെല്ലൂർ ആശുപത്രിയിൽ കിടക്കുന്ന ഒരു രാത്രിയിലാണ്, ഞാൻ അവസാനമായി കിടക്കയിൽ മൂത്രമൊഴിച്ചത്. എന്തോ, വെല്ലൂർ ചാപ്റ്ററിന് ശേഷം, എന്റെ ആ മാന്ത്രികസിദ്ധി എന്നെന്നേക്കുമായി നഷ്ടമായി.

എന്റെ ഈ കളഞ്ഞ് പോയ കഴിവ്, മക്കളിലൂടെ പുനർജ്ജനിക്കുമെന്ന് കരുതിയെങ്കിലും എനിക്ക് പ്രതീക്ഷക്ക് വകയില്ലായിരുന്നു. ആറാം വയസ്സ് വരെ മൂത്തയാൾ പുളകം കൊള്ളിച്ചെങ്കിലും രണ്ടാമത്തെയാൾ അഞ്ചാം വയസ്സിൽത്തന്നെ ആ മാന്ത്രിക സിദ്ധി വലിച്ചെറിഞ്ഞു. മക്കളുടെ സമയമായപ്പഴേക്കും, ഡയപ്പർ രംഗപ്രവേശം ചെയ്തത് കൊണ്ട്, അവർക്ക്, പായയും കിടക്കയും നനച്ച്, അധികം രസിക്കാൻ കഴിഞ്ഞിട്ടില്ല; ഞങ്ങൾ ഡയപ്പർ നിഷേധിച്ച അവസരങ്ങളൊഴിച്ച്! ഞങ്ങളുടെ സമയത്താണെങ്കിൽ, ട്രൗസർ മുഖ്യ വസ്ത്രമായിരുന്ന ഒൻപതാം ക്ലാസ്സ് വരെ, ട്രൗസറിനടിയിൽ ഇടാൻ ഒരു ജെട്ടി പോലും കിട്ടിയിരുന്നില്ല!!

***