Bed-Wetting എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Bed-Wetting എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2020, ഏപ്രിൽ 17, വെള്ളിയാഴ്‌ച

മൂത്രപുരാണങ്ങളും പപ്പായക്കുഴലും

(Picture Courtesy: Google)

ആദ്യമേ തന്നെ ഒരു കാര്യം. തലക്കെട്ടിലെ പദം കണ്ട്, ഞാൻ വൃത്തികേടാണ് ഇവിടെ എഴുതിയതെന്ന് കരുതിയുള്ള ശങ്കകൾ അനാവശ്യമാണ്. മൂത്രം അശ്ലീലമല്ല. ഒരിക്കലെങ്കിലും, ഇതുവരെ മൂത്രമൊഴിക്കാത്തവരും, മൂത്രത്തെക്കുറിച്ച് കഥയെഴുതുന്നത് അശ്ലീലമാണെന്ന് കരുതുന്നവരും, മൂത്രമെന്ന പദം, കൂടുതൽ കണ്ടാൽ മനം പിരട്ടുന്നവരും, ദയവ് ചെയ്ത്, ഈ വരിക്ക് ശേഷം വായിക്കരുത്. മൂത്രത്തെക്കുറിച്ച് കഥയെഴുതാൻ നാണമില്ലേ എന്ന്, പിന്നീട് ചോദിക്കുകയുമരുത്! വിഖ്യാതനായ ശ്രീ ഒ.വി. വിജയന്, 'ധർമ്മപുരാണ'ത്തിൽ അമേദ്യത്തിനെക്കുറിച്ച് പച്ചയായി എഴുതാമെങ്കിൽ, ഈ പാമരന്, മൂത്രത്തെക്കുറിച്ച് കുഞ്ഞ് പുരാണങ്ങളുമെഴുതാം! മാത്രവുമല്ല, അറിഞ്ഞുകൊണ്ടാരും കിടന്നിടത്ത് മൂത്രമൊഴിക്കില്ലെങ്കിലും, അറിയാതെ കിടന്നിടത്ത് മൂത്രമൊഴിച്ച് പോകുന്ന വ്യക്തിയുടെ ദുഃഖങ്ങൾ, പുറമേ നിന്ന്, രസകരമെന്ന്, ആസ്വദിക്കുന്നവരും മനസ്സിലാക്കണമല്ലോ!

എനിക്ക് ഓർമ്മ വച്ചത് മുതൽ, വളരെക്കാലം നിലനിന്ന ഒരു  ശീലമുണ്ടായിരുന്നു. ഉറക്കത്തിൽ, കിടന്നതെവിടെയാണോ അവിടെ മൂത്രമൊഴിക്കുക എന്ന ശീലം. കട്ടിലിലാണ് കിടന്നതെങ്കിൽ അതിൽ നിന്ന് താഴെ വീഴുക ശീലവും ചെറുപ്പത്തിൽ ഉണ്ടായിരുന്നു. ഒരു തവണ വീണപ്പോൾ, 'ആന്താടോ ആ ഒച്ച' എന്ന് അച്ഛമ്മ ഞെട്ടിയെഴുന്നേറ്റ് ചോദിച്ചപ്പോൾ 'ഓ അത് ടോർച്ചോ മറ്റോ വീണതാന്നാ തോന്നുന്നേ' എന്ന് കമലാക്ഷി എളേമ്മ പറഞ്ഞത്, വീണ കിടപ്പിൽ കിടന്ന് കൊണ്ട് കേട്ടത് ഞാനിന്നും ഓർക്കുന്നു. എന്തോ, കട്ടിലിൽ നിന്ന് വീഴുക എന്ന സ്വഭാവം, മൂന്നാം ക്ലാസ്സിലൊക്കെ എത്തുമ്പോഴേക്കും തനിയേ ഇല്ലാതായിരുന്നു. പക്ഷേ ഉറക്കത്തിൽ മൂത്രമൊഴിക്കുന്ന ശീലം വളരെക്കാലം എന്നെ വിടാതെ പിന്തുടർന്നു എന്നത്, അന്നൊരു ശാപമായിരുന്നെങ്കിലും, ഇന്നത് ചിരിക്കാൻ വകയുള്ള ഓർമ്മപ്പൂമരങ്ങളാണ്!

മൂന്നാം ക്ലാസ്സ് വരെ ഞാൻ കതിരൂരിലുള്ള അച്ഛാച്ഛന്റെ വീട്ടിലായിരുന്നു. പഴശ്ശിക്കനാലിന്റെ ഒരു ശാഖ, ആ വീട്ടിന്റെ മുന്നിലൂടെ ഒരു കുന്നിൻ മുകളിലൂടെയെന്നോണം ഒഴുകിയിരുന്നു. അച്ഛൻ പെങ്ങളായ കമലാക്ഷി എളേമ്മയുടെ മക്കളും അവിടെ ഞങ്ങൾക്ക് കൂട്ടായുണ്ടായിരുന്നു. ആ പടിഞ്ഞിറ്റ വീട്ടിലെ തെക്കേ അകത്തും വടക്കേ അകത്തും മാറി മാറിയായിരുന്നു ഞങ്ങൾ കിടന്നിരുന്നത്, പടിഞ്ഞിറ്റകം അച്ഛാച്ഛന്റെയും അച്ഛമ്മയുടെയും കിടപ്പ് മുറിയാണ്.

എന്റെ നേരെ താഴെയുള്ള അനുജനും മൂത്ത മച്ചുനനായ വിന്വേട്ടനും രാത്രിയിൽ എന്റെ കൂടെക്കിടക്കാൻ പേടിയായിരുന്നു. കാരണം, എത്രയോ രാത്രികളിൽ ഞാനവരെ, എന്റെ ചൂട് ജലപ്രവാഹത്തിൽ മുക്കിയിരുന്നു. രാത്രി ഏകദേശം പത്തര മണിയോടെയാണ്, അച്ഛൻ ചീട്ട് കളിയും കഴിഞ്ഞ് വരിക. വന്ന് കഴിഞ്ഞാൽ, അത്താഴത്തിന് ശേഷം, പാതി ഉറക്കത്തലായിരിക്കുന്ന എന്നെയും എന്റെ മച്ചുനനെയും വിളിച്ചുണർത്തി രാമായണവും, മഹാഭാരതവും കഥകൾ പറഞ്ഞുതരാൻ വിളിച്ചുണർത്തും. അച്ഛൻ കിടക്കുന്ന കട്ടിലിന്റെ തലഭാഗത്തിന് പിറകിലായി നിന്നുകൊണ്ട് ഒരു മണിക്കൂർ കഥ കേട്ട ശേഷമായിരിക്കും വീണ്ടും ഉറങ്ങാൻ കിടക്കുക. അങ്ങനെ ക്ഷീണം പിടിച്ച് ഉറങ്ങിയാൽ, മൂത്രമൊഴിക്കാനൊക്കെ എങ്ങനെ എഴുന്നേക്കാനാണ്? കിടന്നിടത്ത് ഒഴിക്കുക തന്നെ.

മിക്കവാറും ദിവസങ്ങളിൽ ഞാൻ കിടന്ന വിരിപ്പുകളും പുതപ്പുകളും അലക്കേണ്ടി വരും. പായയാണെങ്കിൽ കഴുകി വീണ്ടും വെയിലത്തിട്ട് ഉണക്കും. മഴക്കാലമായാൽ തുണികൾ ഉണങ്ങിക്കിട്ടുന്നത് പാടായതിനാൽ, ചില രാത്രികളിലെങ്കിലും ഇത്തിരി നനവുള്ള പായയിൽ കിടക്കേണ്ടി വന്നിട്ടുണ്ട്.

അച്ഛാച്ഛന്റെ വീട്ടിലായിരുന്നപ്പോൾ ചില രാത്രികളിൽ, മൊറാർജി പാനീയം പുറത്ത് വരുന്നതിന് മുന്നേയോ അല്ലെങ്കിൽ ഇത്തിരി പുറത്ത് വന്ന് ഇത്തിരി നനഞ്ഞ ശേഷമോ ഞാൻ അറിയും. അറിഞ്ഞു പോയാൽ പിന്നെ, വീണ്ടും തുടർന്ന് പായ നനക്കാൻ മടിയാണ്. ആ കൂനാക്കൂരിരുട്ടത്ത്,  വാതിൽ തുറന്ന് പുറത്തു പോയോ, കുളിമുറിയിൽ പോയോ, മൂത്രമൊഴിക്കാൻ വേണ്ടി ആരെയെങ്കിലും വിളിച്ചുണർത്താൻ, എന്നെ എന്റെ അഭിമാനവും നാണം കുണുങ്ങി സ്വഭാവവും അനുവദിച്ചിരുന്നില്ല. അങ്ങനെയുള്ള സമയത്ത്, ഞാൻ ഉപായമായി കണ്ട് വച്ചിരുന്നത്, അച്ഛാച്ഛൻ കിടക്കുന്ന കട്ടിലിന്റെ അടിയിലുള്ള കോളാമ്പി ആയിരുന്നു. അച്ഛാച്ഛന് പുലർച്ചക്ക് മൂത്രമൊഴിക്കാൻ വേണ്ടിയാണ് ആ രണ്ട് കാതുള്ള വലിയ  കോളാമ്പി അവിടെ വച്ചിരിക്കുന്നത്. നേരം പുലർന്നാൽ, അച്ഛാച്ഛന്, വെറ്റിലയും അടക്കയും ചെറിയ ഉരലിൽ ഇടിച്ച് കൊടുത്തതിന് ശേഷം, അച്ഛമ്മയാണ്, കോളാമ്പിയിലെ യൂറിയ ലായനി വെളിയിൽ കളഞ്ഞിരുന്നത്.  ചിലപ്പോഴൊക്കെ പുലർച്ചക്ക് 'സ്ർ ർ ർ...' എന്ന ഒച്ച,  അച്ഛാച്ഛൻ കോളാമ്പിയിൽ മൂത്രമൊഴിക്കുന്ന സമയത്ത് കേൾക്കാമായിരുന്നു. ഇങ്ങനെ, ഏതെങ്കിലും ദിവസം, പായയും പുതപ്പും മുഴുവൻ നനയുന്നതിന് മുന്നേ ഞാനറിഞ്ഞാൽ, ഞാൻ പതുക്കെ പായയിൽ നിന്ന് എഴുന്നേറ്റിരിക്കും. എന്നിട്ട്, തിരി താഴ്ത്തി വച്ച വിളക്കിന്റെ അരണ്ട വെളിച്ചത്തിൽ, മുട്ടും കുത്തി, പതുക്കെ, അച്ഛാച്ഛൻ കിടക്കുന്ന പടിഞ്ഞിറ്റക്കകത്തെത്തും. അതിന് ശേഷം, കട്ടിലിനടിയിലേക്ക് വലിഞ്ഞ് കയറി, കോളാമ്പിയിലേക്ക് മൂത്രമൊഴിക്കും. ശബ്ദമുണ്ടാവാത്തിരിക്കാൻ, കോളാമ്പിയുടെ ഒരു വശത്തൂടെയായിരിക്കും കാര്യം സാധിക്കുക. ആ ശ്രമത്തിനിടയിൽ, ചിലപ്പോഴൊക്കെ സംഭവം പുറത്തേക്ക് ഒഴുകിപ്പോയിട്ടുണ്ട്. അപൂർവ്വം ചില ദിവസങ്ങളിൽ, ഞാൻ കോളാമ്പി ഉപയോഗിച്ച് വന്ന് കിടന്നതിന് ശേഷം, അച്ഛാച്ഛൻ കോളാമ്പിയിലേക്ക് മൂത്രമൊഴിക്കുമ്പോൾ, കോളാമ്പിയുടെ കപ്പാസിറ്റിക്ക് മുകളിൽ ധാര വീണത് കൊണ്ട്, പവിത്രമായ പടിഞ്ഞിറ്റ മൂത്രാഭിഷിക്തയായിട്ടുണ്ട്. പക്ഷേ അതൊക്കെ അച്ഛാച്ഛന്റെ പ്രായാധിക്യം മൂലമുള്ള കഴിവ് കേടായിട്ടേ എല്ലാവരും എടുത്തിരുന്നുള്ളൂ. ഈ സന്ദർഭങ്ങളിൽ, നേരം പുലർന്നാൽ, കുറച്ച് ചാണകം, കരിയും കൂട്ടി, പടിഞ്ഞിറ്റ പുതുക്കി മെഴുകുന്നത്, കുനിഞ്ഞ് നടന്നിരുന്ന പാവം അച്ഛമ്മയുടെ ശാഠ്യമായിരുന്നു. ഇപ്പോൾ ഞാൻ പുറത്ത് വിടുന്ന ഈ രഹസ്യം, മണ്മറഞ്ഞ് പോയ അച്ഛാച്ഛനും അച്ഛമ്മക്കും ഇന്നും അറിയില്ല!

കതിരൂരുള്ള സമയത്ത്, ആണിക്കാംപൊയിലുള്ള ചാമാളി സ്‌കൂളിലായിരുന്നു പഠിച്ചിരുന്നത്. അവിടെ ആൺകുട്ടികൾക്ക് മൂത്രപ്പുര ഉണ്ടായിരുന്നില്ല. ആൺകുട്ടികൾ, സ്‌കൂളിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള കാട്ടിടയിലേക്കായിരുന്നു വരിവരിയായി, ഇടത്തും വലത്തും ആട്ടി, വട്ടത്തിൽ കറക്കി, മ്യൂസിക്കൽ ഫൗണ്ടൈൻ പോലെ മൂത്രമൊഴിച്ച് കൊണ്ടിരുന്നത്. കാട്ടിടക്കപ്പുറത്തുള്ള വീട്ടുവളപ്പിൽ നിന്ന്, തെങ്ങോല കീറുന്ന സ്ത്രീകൾ, ഞങ്ങളെ നോക്കുന്നതൊന്നും, അന്നൊരു പ്രശ്നമായി തോന്നിയിരുന്നില്ല. മൂത്രം ശക്തിയിലൊഴിച്ച്, ഞങ്ങൾ നിൽക്കുന്ന മൺതിട്ടയുടെ വക്ക്, കൂടുതൽ വിസ്താരത്തിലും ആഴത്തിലും മണ്ണിടിച്ച് കളയുന്ന ഒരു മത്സരവും ഞങ്ങളന്ന് നടത്തിയിരുന്നു.

മൂന്നാം ക്ലാസ്സ് കഴിഞ്ഞ്, എരുവട്ടിയിലുള്ള പഴകി പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്ന അവസ്ഥയിലുള്ള അമ്മയുടെ തറവാടിന്റെ ആരൂഡ്ഢത്തിലേക്ക് ഞങ്ങൾ താമസം മാറ്റി. വീട്ട് വളപ്പാണെങ്കിൽ, മുഴുവൻ വലിയ മരങ്ങളും കുറ്റിക്കാടുകളും. വീട്ടിന്നകം മുഴുവൻ കുഴികൾ. പൊട്ടിപ്പൊളിഞ്ഞ മച്ചുകൾ, പഴയ പത്തായത്തിനടിയിൽ എപ്പോഴും ചെമ്പൻ തവളകൾ ഉണ്ടാവും. ചായ്പ്പിലുള്ള നെല്ലില്ലാത്ത പഴയ നെല്ലറയ്ക്കടിയിൽ ചിതൽപ്പുറ്റും എലിമാളങ്ങളും. മരപ്പൊത്തിന്റെയത്ര മാത്രം വലുപ്പമുള്ള ജനാലകൾ, പകൽസമയം പോലും അകത്ത് കൂനാക്കൂരിരുട്ട്. കക്കൂസോ കുളിമുറിയോ ഇല്ല. രാത്രിയിൽ വെളിക്കിരിക്കണമെങ്കിൽ, ആണായാലും പെണ്ണായാലും, ഓലച്ചൂട്ടോ, ടോർച്ചോ എടുത്ത്, പറമ്പിലിറങ്ങി കാര്യം സാധിക്കണം. വിശാലമായ പറമ്പായത് കൊണ്ട്, പകൽ സമയത്താണെങ്കിലും, വീട്ടീന്ന് ദൂരെ മാറി കുളിച്ചാലും വെളിക്കിരുന്നാലും ആരും കാണില്ല. തുടക്കത്തിൽ, ആ വീട്ടിനകത്തേക്ക് കയറുന്നത് പോലും വളരെ പേടിച്ചിട്ടായിരുന്നു. അങ്ങനെയുള്ള വീട്ടിൽ, രാത്രി മൂത്രശങ്ക തോന്നിയാൽ എന്ത് ചെയ്യും? വീട് മാറിയത് കൊണ്ട്, ശീലം മാറില്ലല്ലോ.

വീട് മാറിയിട്ടും, രാത്രി, പായയിൽ മൂത്രമൊഴിക്കുന്ന എന്റെ നിലപാട് ഞാൻ ആവർത്തിച്ചു. പലദിവസങ്ങളിലും അനുജന്മാർ എന്റെ മൂത്രത്തിൽ കുളിച്ചു. പായ ഉണക്കുന്നത് നിത്യസംഭവം പോലെയായി മാറി.  തുടക്കത്തിൽ, ഞങ്ങൾ എല്ലാവരും ആ വീട്ടിന്റെ തെക്കേ അകത്തായിരുന്നു കിടപ്പ്. ആ ഒരു അകം മാത്രമായിരുന്നു, ഇത്തിരിയെങ്കിലും വലുതും വെളിച്ചമുള്ളതും സുരക്ഷിതവുമായിട്ട് ഉണ്ടായിരുന്നത്. ആ മുറിയിൽ രാത്രി കിടക്കുന്ന സമയത്ത്, പായയിൽ വീഴുന്നതിന് മുന്നേ, മൂത്ര ശങ്ക അറിയാൻ കഴിഞ്ഞാൽ, ഞാൻ, മുട്ടും കുത്തി പത്തായത്തിന്റെയും തെക്കേ ചുമരിന്റെയും ഇടയിലുള്ള മാളം കണക്കാക്കി ഇഴഞ്ഞ് പോകും. മുറികളെയും സ്ഥാനങ്ങളെയും കുറിച്ച് ഏകദേശ ധാരണയുള്ളത് കൊണ്ട്, മാളം കണ്ടുപിടിക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നില്ല. മാളം കൈ കൊണ്ട് തപ്പി കണ്ടുപിടിച്ചാൽ, അതിനുള്ളിലേക്ക് പതുക്കെ മൂത്രമൊഴിച്ച് കാര്യം സാധിച്ചതിന് ശേഷം, വീണ്ടും മുട്ടിലിഴഞ്ഞ്, തിരിച്ച് വന്ന് കിടക്കും. നീളമുള്ള ഐക്കകത്താണ് കിടപ്പെങ്കിൽ, പൊട്ടിപ്പൊളിഞ്ഞ കോണിപ്പടിയുടെ അടിയിലുള്ള മാളത്തിലായിരിക്കും ഒഴിപ്പ്!

ആ വീട്ടിന്റെ മുകളിലത്തെ നിലയിൽ നീളൻ പാത്തിയുള്ള കരിങ്കല്ലിന്റെ മൂത്രത്തളമുണ്ടായിരുന്നു. പക്ഷേ, ഇരുട്ടത്ത്, പൊട്ടിപ്പൊളിഞ്ഞ ഗോവണിപ്പടികൾ, സർക്കസ്സ് കളിച്ച് കയറി, മുകളിലെത്തുമ്പഴേക്കും, പേശീക്ഷതങ്ങൾ കാരണം അറിയാതെ, പരിസരങ്ങളിൽ തൂവിപ്പോകുമെന്ന് ഉറപ്പുള്ളത് കൊണ്ടും, സർവ്വോപരി പേടി കൊണ്ടും, ആ സാഹസത്തിന് ഒരിക്കലും ഞാൻ മുതിർന്നിരുന്നില്ല.

ഇങ്ങനെ ഇടയ്ക്കിടെ അകത്ത് മൂത്രമൊഴിച്ചൊഴിച്ച്, അകം മൂത്രം മണക്കാൻ തുടങ്ങി. മൂത്രമൊഴിക്കുന്ന മാളത്തിന് ചുറ്റും മണ്ണെണ്ണ യൊഴിച്ച് മണം മാറ്റുക എന്നതായിരുന്നു ഇതിനെ മറികടക്കാൻ ഞാൻ കണ്ടെത്തിയ വിദ്യ. ചിതൽ ശല്യം കുറക്കാൻ ഇടയ്ക്കിടെ പല സ്ഥലങ്ങളിലും മണ്ണെണ്ണ ഒഴിക്കുന്നത് കൊണ്ട്, ഈ പ്രത്യേക മണ്ണെണ്ണയൊഴിപ്പ്, ആരും തിരിച്ചറിയാതെ പോയി.

നാലിലും അഞ്ചിലും പഠിച്ചത് ഉച്ചക്കുനി സ്‌കൂളിൽ ആയിരുന്നു. അവിടെയും ആൺകുട്ടികൾക്ക് മൂത്രപ്പുരയുണ്ടായിരുന്നില്ല. ഇടവേള സമയങ്ങളിൽ, സ്‌കൂളിന് കുറച്ചകലെയായുള്ള തെങ്ങിൻ തൊപ്പിലോ അല്ലെങ്കിൽ തോപ്പിന്റെ അറ്റത്തുള്ള കാട്ടിടയിലോ ആണ് ആൺകുട്ടികൾ മൂത്രമൊഴിച്ചിരുന്നത്. കൂടുതൽ ആൺകുട്ടികളും, ഓരോരോ തെങ്ങ്, സ്വന്തമായി തിരഞ്ഞെടുത്ത്, അതിന്റെ കീഴിലായിരുന്നു മൂത്രമൊഴിച്ചിരുന്നത്. തെങ്ങിന് ഉപ്പ് നല്ലതാണെന്ന അറിവ്, അങ്ങനെയൊരു സേവനപാത തിരഞ്ഞെടുക്കാൻ ഞങ്ങൾക്ക് പ്രേരകമായി. നാലാം തരത്തിലെ വേനലവധി കഴിഞ്ഞ് അഞ്ചാം തരത്തിലെത്തിയപ്പോൾ, ഞങ്ങൾ മൂത്രമൊഴിച്ച് പുഷ്ടിപ്പെടുത്തിയിരുന്ന പല തെങ്ങുകളും ഉണങ്ങിപ്പോയത്, ഞങ്ങളെ ചിന്താകുലരാക്കി. മൂത്രം അധികം ഒഴിച്ചിട്ടാണെന്ന് ഒരു കൂട്ടർ പറഞ്ഞപ്പോൾ, രണ്ട് മാസം മൂത്രം കിട്ടാഞ്ഞിട്ടാണ് തെങ്ങുകൾ ഉണങ്ങിപ്പോയതെന്ന് വേറൊരു കൂട്ടർ പറഞ്ഞ്, പരസ്പരം തർക്കിച്ചു.

മഴക്കാലമായാലും, രാത്രി കഞ്ഞിയൊക്കെ കുടിച്ചാലുമാണ്, കൂടുതലായും അറിയാതെ പായയിൽ മൂത്രമൊഴിച്ച് പോയിരുന്നത്. കൂടുതൽ രാത്രികളിലും കഞ്ഞിയായിരുന്നതിനാൽ, രാത്രികാല സ്പ്രേ നിർത്താൻ, എന്റെ മനസാ ഉള്ള ശ്രമങ്ങളൊന്നും ഫലിച്ചുമില്ല. ഇങ്ങനെ രണ്ട് മൂന്ന് കൊല്ലങ്ങളായപ്പഴേക്കും, ആ പഴയ വീടിനെച്ചൊല്ലിയുള്ള എന്റെ പേടികൾ കുറഞ്ഞു വന്നു. പായയിൽ മൂത്രമൊഴിച്ച് പോയില്ലെങ്കിൽ, എഴുന്നേറ്റ് കതക് തുറന്ന് ഉമ്മറത്തിറങ്ങി മുറ്റത്ത് മൂത്രമൊഴിച്ച്, വീണ്ടും പോയി കതകടച്ച് കിടന്നുറങ്ങും. ധൈര്യം കുറച്ച് കൂടി കൂടിയപ്പോൾ, മുറ്റവും കടന്ന്, മുറ്റത്തിനപ്പുറത്തുള്ള വളപ്പിൽ കാര്യം സാധിച്ച് തിരിച്ച് വരും.

ഇങ്ങനെ രാത്രി മൂത്രമൊഴിച്ച് പോകുന്ന സ്വഭാവമുള്ളത് കൊണ്ട്, അച്ഛാച്ഛന്റെ വീടൊഴിച്ചുള്ള മറ്റ് ബന്ധുവീടുകളിൽ രാത്രി കിടക്കാൻ എനിക്ക് പേടിയും മനസാ നാണവുമായിരുന്നു. എവിടെയെങ്കിലും അങ്ങനെ അത്യാവശ്യത്തിന് പോകേണ്ടി വന്നാൽ പരമാവധി, രാത്രി വെള്ളം കുറച്ച് കുടിക്കാൻ ഞാൻ പ്രത്യേകം ശ്രദ്ധിക്കും. എന്നിരുന്നാലും, എത്ര വെള്ളം കുറച്ച് കുടിച്ചാലും, ശീലം കൊണ്ട് ട്രൗസറെങ്കിലും നനഞ്ഞുപോയ എത്രയോ സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്. പക്ഷേ, വെള്ളം കുറച്ച് കുടിക്കുന്നത് കൊണ്ട്,  മറ്റുള്ളവർ അറിയുന്ന തലത്തിലെത്താതെ എനിക്ക് എന്നെത്തന്നെ കാത്ത് രക്ഷിക്കാൻ പറ്റിയിരുന്നു.

അങ്ങനെയൊരു ദിവസം, ആറാം ക്ലാസ്സിലോ മറ്റോ പഠിക്കുമ്പോൾ, ഒരു ദിവസം ഞാൻ കാഞ്ഞിലേരിയുള്ള അമ്മമ്മയുടെ വീട്ടിൽ പോയി. പിറ്റേന്ന് തന്നെ തിരിച്ച് വരണമെന്നതായിരുന്നു, ആ യാത്ര അനുവദിക്കപ്പെടാനുള്ള  കരാർ. സാധാരണ, ഞാൻ ഒറ്റക്ക് അതുവരെ ദൂരെയെവിടെയും പോയിരുന്നില്ല. സ്‌കൂൾ അവധിയോ മറ്റോ ആയതിനാലാണ് അവിടേക്ക് പോയത്. വീടിനടുത്ത് നിന്നും ബസ്സ് കയറിയാൽ, നേരെ അമ്മമ്മയുടെ വീടിനടുത്തുള്ള ബസ്സ് സ്റ്റോപ്പിൽ ഇറങ്ങാം. ആ സ്റ്റോപ്പിൽ നിന്നും ഏകദേശം ഒരു കിലോമീറ്റർ നടന്നാൽ വയലിൻ കരയിലെ മലഞ്ചെരുവിലുള്ള അമ്മമ്മയുടെ വീട്ടിലെത്താം. ചെറുപ്പകാലത്ത് ഒരു റിസോർട്ടിന് സമാനമായിട്ടുള്ള ഒരു വീടായിരുന്നു, വയലിനക്കരെ വേറൊരു കുന്നുള്ള, ഞങ്ങൾ മഞ്ഞങ്കര എന്ന് വിളിക്കുന്ന ആ അമ്മമ്മ വീട്.

അവിടെ, എന്റെ മൂത്ത അമ്മാമൻ ഒഴിച്ചുള്ള എല്ലാ മാമന്മാരും അമ്മയുടെ അനുജത്തിയായ എളേമ്മയും ഉണ്ടായിരുന്നു. രാത്രിയായാൽ പെട്രോമാക്സ് കത്തിക്കുന്നത്, അവിടെ മാത്രമേ ഞാൻ ആ പ്രദേശത്ത് കണ്ടിരുന്നുള്ളൂ. രാത്രി ആയപ്പോൾ, അന്നവിടെ അത്താഴത്തിന് ഉണ്ടായിരുന്നത്, കഞ്ഞിയും വൻപയർ പുഴുക്കുമാണ്. അമ്മയുടെ അച്ഛൻ ചപ്പാത്തിയാണ് രാത്രി പതിവായി കഴിച്ചിരുന്നത്. കഞ്ഞി എന്നെ പറ്റിക്കുമെന്ന ഉറപ്പുള്ളത് കൊണ്ട്, എനിക്കും ചപ്പാത്തി വേണമെന്ന്, എളേമ്മയോടും അമ്മമ്മയോടും ഞാൻ അഭ്യർത്ഥിച്ചു. പക്ഷേ എന്റെ നിർഭാഗ്യത്തിന്, അമ്മച്ഛന് കഴിക്കാനുള്ള ചപ്പാത്തി മാത്രമേ ഉളളൂ എന്ന അറിയിപ്പാണ് കിട്ടിയത്. വേറെന്ത് ചെയാൻ? വൈകുന്നേരമാണെങ്കിൽ കണ്ടമാനം കൈതച്ചക്കയും മാങ്ങയും മറ്റും തിന്നിട്ടുമുണ്ട്. അതുകൊണ്ട്, കഞ്ഞി കുടിക്കാത്തതാണ് നല്ലതെന്ന് എനിക്ക് തോന്നി. അതറിഞ്ഞപ്പോൾ ഞാൻ ചപ്പാത്തി കിട്ടാത്തതിൽ പ്രതിഷേധിച്ചാണ്‌ കഞ്ഞി കുടിക്കാത്തതെന്ന് അമ്മമ്മക്കും എളേമ്മക്കും തോന്നി. എന്നോട് കാര്യങ്ങൾ വീണ്ടും വിശദീകരിക്കാൻ തുടങ്ങിയപ്പോൾ, അതിലും നല്ലത് ഇത്തിരി കഞ്ഞി കുടിക്കുന്നതാണ് എന്ന് എനിക്കും തോന്നി. അങ്ങനെ കുറച്ച് കഞ്ഞിയും പുഴുക്കും കഴിച്ചു.

"ഇന്ന് എന്റെ കൂടെ കിടക്കാം .. കേട്ടോ.. ഞാൻ പടിഞ്ഞിറ്റയിലെ പത്തായത്തിന്റെ മേലെ വിരിച്ച് വെച്ചിട്ടുണ്ട്.. " അമ്മമ്മ പറഞ്ഞു.

"ഒനിന്ന് എന്റെ കൂടെ കിടന്നോട്ട്.. നീയിങ്ങ് വാ.." കുഞ്ഞമ്മാമനായ ജയമ്മാമൻ, അദ്ദേഹം കിടക്കുന്ന ഓഫീസ് മുറിയിലേക്ക് എന്നെ ക്ഷണിച്ചു.

"വേണ്ട... ഇന്നെന്തായാലും എന്റെ കൂടെത്തന്നെ കിടന്നോട്ടെ... " അമ്മമ്മ എന്റെ കിടത്തം ഫൈനലൈസ് ചെയ്തു.

വേറെയുള്ളത് ബാലമ്മാമനും ദിനമ്മാമനുമാണ്. ദിനമ്മാമൻ അടക്കയും തേങ്ങയും മറ്റും പാട്ടത്തിനെടുക്കുന്നത് കൊണ്ട്, രാത്രി വൈകുന്നത് വരെ, അടക്ക ഉരിക്കലും തേങ്ങാ ഉരിക്കലുമൊക്കെയായി തിരക്കിലായിരിക്കും. ഇരുപതുകളുടെ തുടക്കത്തിൽത്തന്നെ, സ്വയം അദ്ധ്വാനിച്ച് സ്വയംപര്യാപ്തത  നേടിയ കഠിനാദ്ധ്വാനി ആയിരുന്നു ദിനമ്മാമൻ. ചുരുങ്ങിയ സമയം കൊണ്ട്, മറ്റുള്ളവരെ അസൂയപ്പെടുത്തും വിധം, സ്വപ്രയത്‌നം കൊണ്ട്, ബാങ്ക് ബാലൻസും കുഞ്ഞ് കുഞ്ഞ് ഭൂസ്വത്തുക്കളും നേടിയെടുത്ത കാര്യദർശി.  അദ്ധ്വാനികൾക്ക് ഒരു റോൾ മോഡൽ!

ബാലമ്മാമനാണെങ്കിൽ  വേറൊരു സ്പീഷീസാണ്. അമ്മയുടെ കൂടപ്പിറപ്പുകളിൽ, ഡിഗ്രി വിദ്യാഭ്യാസം നേടിയ ഒരേയൊരാൾ. ഇടക്ക് തമാശയൊക്കെ പറയുമെങ്കിലും ആള് സീരിയസ്സാണ്. ജയമ്മാമനൊക്കെ നമ്മളോട് കളിചിരിയൊക്കെ പറഞ്ഞിരിക്കുമ്പോൾ, ബാലമ്മാമൻ,  ഡിക്ഷണറിയുടെ സ്പെല്ലിങ്ങും മറ്റും ചോദിച്ച്, നമ്മളെ കുഴക്കിക്കളയും. നമ്മളോടൊക്കെ ഇംഗ്ലീഷിൽ എന്തെങ്കിലും ചോദിച്ച് കുഴക്കുന്നതും,  വ്യായാമം ചെയ്ത് പെരുപ്പിച്ച മസിൽ മറ്റുള്ളവരെ കാണിച്ച് നടക്കുന്നതും,  തറവാട്ട് കുളത്തിന്റെ മുകളിൽ നിന്ന് ഓടിവന്ന് കുട്ടിക്കരണം മറിഞ്ഞ്, കുളത്തിൽ മുങ്ങാംകുളിയിടുന്നതും അദ്ദേഹത്തിന് ഒരു വിനോദമായിരുന്നു. അദ്ദേഹം കിടക്കുന്ന, മുകളിലെ തെക്കേ മുറിയിലെ ദണ്ഡികയിൽ, ഇരുമ്പ് വട്ടങ്ങളിട്ട് വലിഞ്ഞ് കയറിയാണ് അദ്ദേഹം സ്വന്തം മസിൽ പെരുപ്പിച്ചിരുന്നത്. ഞാൻ അഞ്ചാം ക്ലാസ്സ് കഴിഞ്ഞ സമയത്ത്, ആറാം ക്ലാസ്സ് മുതലെങ്കിലും എന്നെ ഇംഗ്ലീഷ് മീഡിയത്തിലാക്കാൻ വേണ്ടി, അച്ഛനോട് കഠിനമായി ശുപാർശ ചെയ്തിട്ടും പരാജയപ്പെട്ടയാള് കൂടിയാണ് ബാലമ്മാമൻ. കൂടാതെ, പത്താംക്ലാസ്സിന് ശേഷം, കുറേ സാങ്കേതിക പുസ്തകങ്ങൾ കെട്ടിക്കൊണ്ട് വന്ന് എന്നെ എഞ്ചിനീയറാക്കാൻ വേണ്ടി ശ്രമിച്ച്, മോഹഭംഗം നേരിട്ടിട്ടുണ്ട്, ബാലമ്മാമൻ! വിശേഷാൽ ദിവസങ്ങളിൽ, നമ്മുടെ കുടുംബത്തിൽ  സുലഭമായി ലഭിച്ചിരുന്ന പട്ടാളക്കുപ്പികളിൽ നിന്ന്, ഒരൗൺസെങ്കിലും അകത്താക്കിയാൽ, ബാലമ്മാമൻ എല്ലാവരോടും സായിപ്പിന്റെ ഇംഗ്ലീഷ് പറഞ്ഞുകളയും! പക്ഷേ സാധാരണ സമയങ്ങളിൽ, ഞങ്ങളൊക്കെ എത്തിയാൽ, 'എന്താടാ' എന്ന് ചിരിച്ചത് പോലെ കാണിച്ച്, നേരെ മുകളിൽ പോയി വാതിലടക്കും. ഉഷളേമ്മയും ജയമ്മാമനുമാണ് നമ്മളെ കുറച്ചെങ്കിലും ഗൗനിച്ചിരുന്നത്.

ഒരു പത്ത് മണിക്കടുപ്പിച്ച്, ഞാൻ പത്തായത്തിന്റെ മേലെ കയറി ഉറങ്ങാൻ കിടന്നു. ആ പത്തായത്തിൽ എല്ലായ്‌പോഴും നെല്ല് ഉണ്ടാവും. ആമത്തോട് ഉപയോഗിച്ചാണ്, പത്തായത്തിൽ നിന്ന് നെല്ല് കോരിയെടുത്തിരുന്നത്.  ആ പത്തായത്തിന്റെ മേലെയുള്ള ഉന്നത്തിന്റെ കിടക്ക മേലാണ് എന്റെ കിടപ്പ്. താഴെ പായയിൽ ഉഷളേമ്മയും കിടന്നിട്ടുണ്ട്. ഞാനും എളേമ്മയും എന്തൊക്കെയോ പൊട്ടക്കഥകൾ പറഞ്ഞ് ചിരിച്ചു. അങ്ങനെയുള്ള സംസാരത്തിനിടയിൽ, ഞാനുറങ്ങിപ്പോയി.

പുലർച്ചെ, എന്തോ നല്ല നനവ് തട്ടിയത് പോലെ തോന്നിയതിനാൽ, ഞാൻ  ഉറക്കത്തിൽ നിന്ന് ഞെട്ടിയുണർന്നു. ശ്രദ്ധിച്ച് അവിടെയും ഇവിടെയുമൊക്കെ തൊട്ടു നോക്കിയപ്പോൾ ഞാൻ കിടന്നിടം മൊത്തത്തിൽ നനഞ്ഞിരിക്കുന്നു. ട്രൗസറിന്റെ മുൻഭാഗം മൊത്തം നനഞ്ഞതായി എനിക്ക് മനസ്സിലായി. ഒരു മാതിരി നല്ല രീതിയിൽ തന്നെ കിടക്കയിൽ സാധനം വീണ് പരന്നിട്ടുണ്ട്. ഇനിയും കുറേ പോകാനുള്ളത് പോലെ എനിക്ക് തോന്നി. അത് പുറത്ത് കളയാതെ വീണ്ടും ഉറങ്ങാനും പറ്റില്ല. എന്ത് ചെയ്യും? അങ്ങനെ ചിന്തിച്ചിരിക്കുമ്പോഴാണ് ഒരു ഉപായം തോന്നിയത്.

സ്ഥലം വലിയ പരിചയമില്ലെങ്കിലും, പടിഞ്ഞിറ്റയുടെ പടിഞ്ഞാറേ ജനവാതിലിൻ മേലെ കയറിയാൽ കാര്യം സാധിക്കാം. ഞാൻ പതുക്കെ എഴുന്നേറ്റു. പത്തായത്തിന് സാധാരണയിലേതിനും ഉയരമുണ്ട്. താഴെയിറങ്ങുമ്പോൾ ശ്രദ്ധിക്കണം. ഇളയമ്മയുടെ തലയിലൊന്നും ചവിട്ടിപ്പോകരുതല്ലോ. പോരാത്തതിന് കൂരിരുട്ടും. എന്നാലും ശ്രദ്ധിച്ച് താഴയിറങ്ങി. കട്ടിലിന്റെ നിൽപ്പ് വച്ച് ജനാല ഇരിക്കുന്ന വശം ഗണിച്ചെടുത്തു. കുനിഞ്ഞ്, ഇളയമ്മ എവിടെയാണെന്ന് തപ്പി നോക്കി. എന്നാലല്ലേ ജനാലയിലേക്ക് തടസ്സമില്ലാതെ പോകാൻ പറ്റുമോന്ന് മനസ്സിലാവുള്ളൂ. പിന്നെ, പതുക്കെ ജനാലക്കടുത്തേക്ക് നീങ്ങി. കൈ കൊണ്ട് ജനാല എത്തിയെന്ന്, ജനാലയുടെ അഴിതൊട്ട് മനസ്സിലാക്കി. പിന്നെ, മുകൾ ഭാഗത്തെ അഴി പിടിച്ച്, ജനാലയുടെ മേലെ കയറി. എന്നിട്ട് ഒരു വശത്തെ വാതിൽ തുറന്നു. പുറത്ത്, ചീവീടുകളുടെയും താവളകളുടെയും ഗംഭീര താളമേളം നടക്കുകയാണ്. ട്രൗസറിന്റെ കുടുക്കുകൾ അഴിച്ച്, ശ്രദ്ധിച്ച്, രണ്ട് അഴികൾക്കിടയിലൂടെ, ബാക്കി സ്റ്റോക്ക്, പുറത്തേക്ക് പമ്പ് ചെയ്യാൻ ആരംഭിച്ചു. ധാരാളം സ്റ്റോക്ക് ബാക്കിയുണ്ടായിരുന്നതിനാൽ, പമ്പിങ്ങിന്റെ ശക്‌തിയും കൂടുതലായിരുന്നു. പടിഞ്ഞാറേ മുറ്റത്ത് ജലധാര വീണ് 'സ്..ർ...ർ..' ശബ്ദമുണ്ടാക്കാൻ തുടങ്ങി. എത്ര കൺട്രോൾ ചെയ്തിട്ടും, ശബ്ദത്തിന് ഒരു ക്രമീകരണവും ചെയ്യാൻ സാധിച്ചില്ല. ഈ ഒച്ച കേട്ട്, എന്റെ അമ്മമ്മ ഞെട്ടിയുണർന്നു.

"ആന്താ... ആന്താടോ.. ആ ഒച്ച...." അമ്മമ്മ കിടക്കയിൽ എഴുന്നേറ്റ് ഇരുന്നിട്ടുണ്ടാകണം. പമ്പിങ്ങിനിടെ ഞാൻ തിരിഞ്ഞ് നോക്കാൻ ശ്രമിച്ചെങ്കിലും ഇരുട്ട് കാരണം ഒന്നും കാണാൻ സാധിച്ചില്ല.

"അയ്യേ.. ഈടെയെല്ലം നനഞ്ഞിട്ട്ണ്ടല്ലോ... ഛായ്.. മൂത്രാന്ന് തോന്നുന്ന്.." അമ്മമ്മ കൈ കുത്തി നനഞ്ഞത്, മണപ്പിച്ച് കാണണം. ഇത് കേട്ടപ്പഴേക്കും, കുറച്ച് കൂടി ബാക്കിയുണ്ടെങ്കിലും, അറിയാതെ എന്റെ പമ്പിങ് നിന്ന് പോയി.

"എടാ... വേണൂ... നീ ഏട്യാ...." അമ്മമ്മ എന്നെ പരതുകയാണ്. ഞാൻ അപ്പഴേക്കും ജനാലയിൽ നിന്ന് താഴേക്ക് ചാടി.

"അതാരാ.... ആന്താ വീണേ..." അമ്മമ്മയുടെ ശബ്ദം ശകലം പരിഭ്രമിച്ചത് പോലെ തോന്നി.

"ഞാനാ അമ്മമ്മേ..." ഞാൻ ശബ്ദം താഴ്ത്തി പറഞ്ഞു. അമ്മമ്മ പേടിച്ച് പോകരുതല്ലോ.

"നീ എന്താടാ... ആടെ ചെയ്യ്ന്ന്..?" അമ്മമ്മയുടെ പരിഭ്രമം ഇല്ലാതായതായി തോന്നി.

"ഒന്നൂല്ല അമ്മമ്മേ... മൂത്രോഴിച്ചതാ...." എന്റെ ശബ്ദം നാണം കൊണ്ട് അധികം പുറത്തേക്ക് വന്നില്ല. അമ്മമ്മ കിടക്കയിൽ നിന്ന് താഴെ ഇറങ്ങാൻ ശ്രമിക്കുന്നതിനിടയിൽ കിടക്കയിൽ കൈ വെക്കുന്നിടത്തെല്ലാം നനഞ്ഞത് കൊണ്ട് 'അയ്യേ... അയ്യയ്യേ...ഛി ഛി.." എന്നൊക്കെ ഇടയ്ക്കിടെ പറയുന്നുണ്ട്.

"നീയിത് മൊത്തം നനച്ചാൾഞ്ഞല്ലെടാ...ശരിക്കും മൂത്രം ബീത്തീറ്റ് കെടന്നാ പോരായിർന്നോ.."  ഞാൻ മറുപടിയൊന്നും പറഞ്ഞില്ല.

അമ്മമ്മ പത്തായത്തിൽ നിന്നിറങ്ങി, പുറത്തെ ഐക്കകത്തുള്ള, തിരി താഴ്ത്തിയ വിളക്ക് പ്രകാശിപ്പിച്ചു.

"ഞമ്മക്കിനി താഴെ കിടക്കാം... ബാക്കി നാളെ നോക്കാം..." വേറൊരു പുതപ്പ് അലമാരയിൽ നിന്ന് എടുത്ത് എനിക്ക് തന്നു. ഞാൻ ഇളയമ്മയുടെ ഒരു വശത്തായി താഴെ പായയിൽ കിടന്നു. അപ്പുറത്തെ മുറിയിൽ, വിളക്ക് തിരി താഴ്ത്തി വച്ച് അമ്മമ്മയും വന്ന് കിടന്നു. എന്റെ ട്രൗസർ നനഞ്ഞത് കാരണം, പിന്നീടെനിക്ക് ഉറക്കം വന്നില്ല.

രാവിലെ അമ്മമ്മയുടെ കൂടെത്തന്നെ ഞാനും എഴുന്നേറ്റു. വാതിൽ തുറന്ന് പ്രഭാതവിളക്ക് കൊളുത്തിയതിന് ശേഷം, അമ്മമ്മ, നേരെ പത്തായം ചെക്ക് ചെയ്യാൻ പോയി. ഞാൻ തിരിച്ച് പുറത്തേക്കും. ഉമിക്കരിയും ഈർക്കിലും ഉപയോഗിച്ച് പല്ല് വൃത്തിയാക്കി. മുഖം കഴുകി തിരിച്ച് വരുമ്പഴേക്കും അമ്മമ്മ, പത്തായത്തിന് മേലുള്ള കിടക്കയും പായും ചുരുട്ടിയെടുത്ത് മുറ്റത്ത് ഇട്ടിരുന്നു. പായയിൽ വെള്ളമൊഴിച്ച് കഴുകി. പിന്നെ, വെയിലത്തുണങ്ങാൻ വേണ്ടി മുറ്റത്ത് നിവർത്തിയിട്ടു. അമ്മമ്മ വീണ്ടും അകത്തേക്ക് കയറി. ഞാൻ ഉമ്മറത്ത് തന്നെ നിന്നു. എന്റെ നാണം ഇല്ലാതാക്കാനും ജാള്യത തോന്നാതിരിക്കാനും, തമാശയായി എന്തൊക്കെയോ അമ്മമ്മ പറയുന്നുണ്ട്. എനിക്കാണെങ്കിൽ, ഒന്നിനും മറുപടി ഉണ്ടായിരുന്നില്ല.

"എടാ.. നീ കൊറേ ഒഴിച്ചൂന്ന് തോന്ന്ന്നല്ലോ... പത്തായത്തിന്റെ ഉള്ളില് മൂത്രം വീണൂന്നാ തോന്ന്ന്നേ... നെല്ല് നനഞ്ഞ് പോയൊന്നമ്മോ..." അമ്മമ്മ പടിഞ്ഞിറ്റയിൽ നിന്ന് വീണ്ടും പറയുന്നത് കേട്ടു. ഞാൻ ഉമ്മറത്ത് നിന്ന് തലേന്നത്തെ പത്രത്തിലൂടെ വെറുതെ കണ്ണോടിച്ചു. അമ്മമ്മ എന്തൊക്കെയോ പറഞ്ഞുകൊണ്ട് അടുക്കളയിലേക്ക് പോയി.

എങ്ങനെയെങ്കിലും അവിടുന്ന് രക്ഷപ്പെട്ടത് മതിന്നായിരുന്നു എന്റെ ചിന്ത. രാവിലെയുള്ള ബസ്സിൽ തന്നെ, മറ്റുള്ളവർ എഴുന്നേക്കുന്നതിന് മുന്നേ തന്നെ പോയാൽ, കൂടുതൽ നാണക്കേടും കളിയാക്കലും ഒഴിവാക്കാം. ഞാൻ അമ്മയോട് ഞാൻ രാവിലെത്തന്നെ തിരിച്ച് പോകുമെന്ന് പറഞ്ഞു. വൈകുന്നേരം പോയാ മതിയെന്ന് അമ്മമ്മ. ഒരൊറ്റ ദിവസത്തേക്ക് മാത്രം വന്നത് കാരണം, എനിക്ക് വേറെ ട്രൗസറൊന്നും ഉണ്ടായിരുന്നില്ല. ഈ മൂത്രം നനഞ്ഞ ട്രൗസറുമിട്ട് വൈകുന്നേരം വരെ തള്ളുന്ന കാര്യം എനിക്ക് ആലോചിക്കാൻ കൂടി പറ്റിയില്ല.

അപ്പഴേക്കും ഓരോരുത്തരായി എഴുന്നേറ്റ് വന്നു. മുറ്റത്ത് പായയും കിടക്കയും കണ്ടവർ കാര്യമന്വേഷിക്കുകയും എന്നെ നോക്കി ചിരിക്കുകയും ചെയ്തു. ഓരോരുത്തർ വരുമ്പോഴും എനിക്ക് ജാള്യത കൂടിക്കൂടി വന്നു. ഉഷളേമ്മയും ജയമ്മാമനും അമ്മാച്ഛനും ദിനമ്മാമനുമൊക്കെ 'അയ്യേ' ന്നൊക്ക പറഞ്ഞ് കളിയാക്കിയെങ്കിലും അധികം നീണ്ടില്ല. പിന്നെ ബാലമ്മാമന്റെ ഊഴമായിരുന്നു.

"പത്ത് പതിനൊന്ന് വയസ്സായീറ്റും ചെക്കൻ.. കെടക്കേ മൂത്രോഴിക്ക്വാന്നൊക്കെ പറഞ്ഞാ... അയ്യയ്യേ... അയ്യേ... നാണക്കേട്... " അമ്മമ്മ അവലുപ്പുമാവ് ഉണ്ടാക്കുന്നതിനിടെ, അടുപ്പിന്റെ ഒരുഭാഗത്ത് കൂനിയിരുന്ന്, ചൂടും കാഞ്ഞ് കൊണ്ട്, എന്റെ നനയാൻ ബാക്കിയുള്ള ട്രൗസറിന്റെ ബാക്കി ഭാഗവും നനക്കാനുള്ള പുറപ്പാടിലാണ് ബാലമ്മാമൻ. പിന്നെയും ബാലമ്മാമൻ എന്തൊക്കെയോ പറഞ്ഞ് തമാശയാക്കി. പിന്നെ അമ്മമ്മ ഇടപെട്ടു. എങ്ങനെയൊക്കെയോ അവലുപ്പുമാവും ചായയും കഴിച്ച്, ഞാൻ കാലത്ത് 8:25 ന് ഉള്ള ബസ്സ് പിടിക്കാൻ ഓടി. അപ്പോഴും എന്റെ ട്രൗസർ പൂർണ്ണമായും ഉണങ്ങിയിരുന്നില്ല. അതൊന്നും എനിക്ക് പ്രശ്നമല്ല. എങ്ങനെയെങ്കിലും വീട് പിടിക്കണം, അത് മാത്രമായിരുന്നു ചിന്ത.

അങ്ങനെ കുറച്ച് ആഴ്ചകളും മാസങ്ങളും പോയിക്കാണും. ഇളയമ്മയുടെ കല്യാണാലോചനകൾ നടക്കുന്ന സമയം. ഒരു ദിവസം, എന്തോ കാര്യത്തിന്,  പഴയ ജാള്യതയൊക്കെ മറന്ന്, ഞാൻ വീണ്ടും അമ്മമ്മയുടെ വീട്ടിലെത്തി. ജയമ്മാമന്റെ കൂടെയും ദിനമ്മാമന്റെ കൂടെയും വയലിലും കശുമാവിന്റെയും കൈതച്ചക്കയുടെയും തോട്ടത്തിലുമൊക്കെ കറങ്ങി സമയം വൈകുന്നേരമായി. രാത്രിയിലെ ഉറക്കത്തിന്റെ കാര്യമോർത്ത് എന്റെ നെഞ്ചിടിപ്പ് കൂടി. ആ സമയം, പുറത്തെവിടെയോ പോയിരുന്ന ബാലമ്മാമൻ മടങ്ങിയെത്തി. എന്നോട് പഠിപ്പിന്റെയും മറ്റും കാര്യങ്ങൾ ചോദിച്ചു. പിന്നെ ഒരു പീച്ചാങ്കത്തിയുമെടുത്ത് പപ്പായ മരത്തിന്റെ ചുവട്ടിലേക്ക് പോയി. അമ്മമ്മയുടെ വീട്ടിൽ, നാലോളം, നല്ല ഉയരമുള്ളതും ആരോഗ്യ മുള്ളതുമായ, ഞങ്ങൾ കർമോസ് എന്ന് വിളിക്കുന്ന പപ്പായ മരങ്ങളുണ്ടായിരുന്നു. ഞാനും വെറുതെ ബാലാമ്മാമന്റെ പിന്നാലെ കൂടി. എന്താണ് പരിപാടി എന്നറിയണമല്ലോ. നല്ല പഴുത്ത പപ്പായ പറിക്കാനാണെങ്കിൽ, ഒപ്പം കൂടാലോ.

പക്ഷേ, അമ്മാമന്റെ നോട്ടം പപ്പായ പഴത്തിലല്ല എന്നെനിക്ക് മനസ്സിലായി. വീണുകിടക്കുന്ന രണ്ട് മൂന്ന് പപ്പായ ഇലകൾ എടുത്ത് തിരിച്ചും മറിച്ചും നോക്കി. പാല് കണ്ടാലും കൊതുക് ചോരയിലേ നോക്കൂ എന്ന കാര്യം വെറുതെ എനിക്ക് തോന്നിപ്പോയി. എടുത്ത ഇലകളിൽ നിന്ന് രണ്ടെണ്ണം തിരഞ്ഞെടുത്ത്, രണ്ടിന്റെയും രണ്ടറ്റവും ഛേദിച്ച്, രണ്ടറ്റവും ദ്വാരമുള്ള നീണ്ട കുഴല് പോലാക്കി.

"എന്തിനാ അമ്മാമാ ഈ കുഴല്..?" എനിക്ക് ജിജ്ഞാസ കൂടി.

"ഈനക്കൊണ്ട് പണിയ്ണ്ട്" എന്നും പറഞ്ഞ് ബാലമ്മാമൻ തിരിഞ്ഞ് നടന്നു.

"ആ പഴുത്ത പപ്പായ എന്താ പറിക്കാത്തെ..?" എനിക്ക് പപ്പായ പറിക്കാത്തതിന്റെ കാരണം മനസ്സിലായില്ല. ആരായാലും അത് പറിച്ച് പോകും.

"ആ... അത് ജയനോ ഉഷയോ പറിച്ചോളും..." ബാലമ്മാമൻ ഇത്രക്കും മടിയനാണോ എന്ന് ആലോചിച്ച് പോയി.

എന്തോ, അന്ന് ബാലമ്മാമൻ എന്നോട് കൂടുതൽ സംസാരിച്ചു. ജയമ്മാമൻ കുളിച്ച് വന്ന് ഓഫീസ് മുറിയിലെ സോഫയിൽ കയറി, ഫിലിപ്സിന്റെ റേഡിയോ ട്യൂൺ ചെയ്യാൻ തുടങ്ങി. ഓരോ അഞ്ച് മിനുട്ടിലും വെറുതെ സ്റ്റേഷൻ മാറ്റി നോക്കുന്നത് കൊണ്ട്, ഒരു പരിപാടിയും കൃത്യമായി കേൾക്കാൻ പറ്റിയിരുന്നില്ല. റേഡിയോ പ്രവർത്തിക്കുന്നതിനിടയിൽ, ടേപ്പ് റെക്കോർഡറിൽ കാസറ്റിട്ട് പാട്ട് കേൾക്കാനുള്ള ശ്രമങ്ങളും നടത്തുന്നുണ്ടായിരുന്നു ജയമ്മാമൻ. ദിനമ്മാമൻ പതിവ് പോലെ സ്വന്തം ബിസിനസ്സിന്റെ കാര്യങ്ങൾ നോക്കുന്നതിൽ തിരക്കിലായിരുന്നു. കല്യാണാലോചനകൾ നടക്കുന്നത് കൊണ്ടായിരിക്കണം, എളേമ്മ ആ രാത്രിയിലും, മംഗളം വരിക ഒരു വശത്ത് വച്ചിട്ട്, കുഴിനഖം വന്ന കാൽ വിരലുകളിലും കൈ നഖങ്ങളിലും ച്യൂടെക്സ് ഇടുന്ന തിരക്കിലായിരുന്നു. കുഴിനഖം മൂലം നഷ്ടപ്പെട്ടുപോയ കാലിലെ പെരുവിരലിന്റെ നഖത്തിന് പകരം, പരുത്തി, നഖത്തിന്റെ ആകൃതിയിൽ വിരലിൻ മേലെ പരത്തിവച്ച്, അതിന്മേലായിരുന്നു നെയിൽ പോളിഷിങ്. നെയിൽ പോളിഷിട്ടതിന് ശേഷം കണ്ടാൽ, വിരലിൽ നഖമുണ്ടായിരുന്നില്ലെന്ന് ഒരിക്കലും പറയില്ല!

കണക്കിലെയും ഇംഗ്ലീഷിന്റെയുമൊക്കെ മാർക്കൊക്കെ ചോദിച്ചതിന് ശേഷം വേറെന്തോ ജനറൽ ചോദ്യങ്ങളും ചോദിച്ച ബാലമ്മാമൻ, എന്റെ ഉത്തരങ്ങളിൽ കൂടുതൽ സംപ്രീതനായി.

"നമുക്കിന്ന് ഒരുമിച്ച് കിടക്കാം" ബാലമ്മാമൻ എന്നോട് പറഞ്ഞു. എനിക്ക് എന്നെത്തന്നെ വിശ്വസിക്കാൻ ആയില്ല. ആദ്യായിട്ടാണ് ബാലമ്മാമന്റെ, ഇത്തരത്തിലുള്ള ഒരു ക്ഷണം കിട്ടുന്നത്. കിടന്നിടത്ത് മൂത്രമൊഴിക്കുന്ന ശീലമുള്ള എന്നെ, കൂടെക്കിടത്താനുള്ള ആ ധൈര്യത്തെ ഞാൻ മനസാ പുകഴ്ത്തി. ഇതുവരെയും ഇത്രയും സ്നേഹമുള്ള അമ്മാമനെയാണല്ലോ, വലിയ ഗൗരവക്കാരനാണെന്ന അനുമാനത്തിൽ, അകലം പാലിച്ച് അകറ്റി നിർത്തിയത് എന്നാലോചിച്ച് എനിക്ക് സങ്കടം വന്നു.

എവിടെ കിടക്കണം എന്ന് ആര് നിർദ്ദേശിച്ചാലും നിരസിക്കാൻ മാത്രം വളരാത്തത് കൊണ്ട്, ഞാൻ തലയാട്ടി. എന്നാലും കിടക്കയിൽ മൂത്രമൊഴിച്ച് പോകുന്നതാലോചിച്ച് എനിക്ക് ആധിയായി. പണ്ട് പത്തായത്തിന്റെ മേലെ മൂത്രമൊഴിച്ച് അമ്മമ്മയെ മുക്കിയത് ഓർമ്മ വന്നു.

"നീ കെടക്കേല് മൂത്രോഴിക്വോ?" ബാലമ്മാമനും സംശയമുണ്ട്. ഞാൻ ഇല്ല എന്ന് തലയാട്ടി.

അന്ന് രാത്രി ഞാൻ തീരെ വെള്ളം കുടിച്ചില്ല. മാത്രവുമല്ല, എനിക്കന്ന് ചപ്പാത്തിയാണ് കിട്ടിയത്. ആ ഒരു ബലത്തിലും ധൈര്യത്തിലുമാണ് ബാലമ്മാമന്റെ കൂടെ മുകളിലെ തെക്കേമുറിയിൽ കിടക്കാൻ പോയത്. ആ മുറിയിൽ കയറിയപ്പഴാണ്, നേരത്തെ വളപ്പിൽ നിന്നും മുറിച്ചെടുത്ത പപ്പായക്കുഴൽ അവിടെ കണ്ടത്. തെക്ക് പടിഞ്ഞാറേ മൂലയിൽ ചാരി വച്ചിരിക്കുന്നു. വീട്ടിനുള്ളിൽ, ഈ കുഴൽ എന്തിനാണെന്ന് എനിക്ക് മനസ്സിലായില്ല.

"എന്തിനാ അമ്മാമാ ഈ കർമോസിന്റെ കുഴല് ഇവിടെ വെച്ചത്..." ചോദിക്കാതിരിക്കാൻ എനിക്ക് കഴിഞ്ഞില്ല.

"അതൊക്കെയ്ണ്ടെടാ..." എന്നും പറഞ്ഞ്, ബാലമ്മാമൻ ദണ്ഡികയുടെ മുകളിൽ തൂക്കിയ വട്ടത്തിൽ പിടിച്ച് കുറച്ച് ഞാന്ന് കളിച്ചു. അതിന് ശേഷം, ഞാൻ കിടക്കുന്ന സ്ഥലത്ത്, ഒരു കട്ടിയുള്ള വിരിപ്പ്, മൂന്ന് നാല് മടക്കുകളാക്കി, കട്ടിയിൽ വിരിച്ചു. അഥവാ ഞാൻ മൂത്രമൊഴിച്ചാലും ആ വിരിപ്പ് മാത്രല്ലേ നനയുള്ളൂ. പിന്നെ വിളക്കണച്ച് കിടന്നു. കിടന്നതിന് ശേഷവും കുറേ കാര്യങ്ങൾ സംസാരിച്ചു. നന്നായി പഠിക്കേണ്ടതിന്റെ ആവശ്യം കുറച്ചൊക്കെ വിവരിച്ചത് എനിക്കോർമ്മയുണ്ട്. അതിനിടയിൽത്തന്നെ ഞാനുറങ്ങിപ്പോയി.

പുലർച്ചെ കട്ടിൽ കുലുങ്ങുന്നതോ ഞെരുങ്ങുന്നതോ ആയ ഒച്ച കേട്ട് ഞാൻ ഞെട്ടിയുണർന്നു. എന്താണ് സംഭവിക്കുന്നതെന്ന് വീക്ഷിച്ചു. അപ്പോഴാണ് പുറത്തെ ചെറിയ നിലാവെളിച്ചത്തിൽ ആ കാഴ്ച ഞാൻ കണ്ടത്. ബാലമ്മാമൻ, ഒരു പപ്പായക്കുഴലെടുത്ത്, കട്ടിലിൽ കയറി നിൽക്കുകയാണ്. പപ്പായക്കുഴൽ തെക്ക് ഭാഗത്തുള്ള ജനാലയിൽ കൂടെ പുറത്തേക്ക് നീട്ടിപ്പിടിച്ചിട്ടുണ്ട്. എന്നിട്ട് ഉടുത്ത കൈലിയും പൊക്കി, കുഴലിന്റെ വണ്ണമുള്ള ഭാഗം, കൈലിക്കടിയിലാക്കി, കാര്യസാദ്ധ്യം നടത്തുകയാണ്. തെക്ക് ഭാഗത്തെ ഓഫീസ് മുറിയുടെ ഓടിന്റെ മേലെയാണ് വാട്ടർ ഫാൾ നടക്കുന്നത് എന്നത് കൊണ്ട്, വാട്ടർ ഫാളിന്റെ കാഠിന്യം, താഴെ ശബ്ദത്തിന്റെ രുപത്തിൽ എത്തുകയുമില്ല. മാത്രവുമല്ല ഈ ജലധാര വീഴുന്ന ഭാഗത്ത് താഴെയും ജനാലകളില്ലാത്തത് കൊണ്ട്, താഴത്തെ മുറിയിലുള്ള ആരും ഈ ശബ്ദം കേൾക്കുകയുമില്ല. ബുദ്ധിമാൻ !

'അമ്പട വീരാ...' ഞാൻ മനസ്സിലോർത്തു. സത്യത്തിൽ, തലേന്ന് രാത്രി  ചപ്പാത്തി തിന്നത് എനിക്ക് അനുഗ്രഹമായി തോന്നി, കാരണം ആ സമയത്തും എനിക്ക് മൂത്രശങ്ക ഉണ്ടായിരുന്നില്ല. മുഴുവൻ സ്റ്റോക്കും തീർന്നപ്പോൾ, ബാലമ്മാമൻ, ആ കുഴൽ ജനൽ കമ്പികൾക്കിടയിലൂടെ തെക്കേ മുറ്റത്തേക്ക് വലിച്ചെറിഞ്ഞു. ഒരിക്കൽ ഉപയോഗിച്ചത്, വീണ്ടും ഉപയോഗിക്കാനുള്ള കാര്യവിവരം ബാലമ്മാമന് പണ്ടേ ഉണ്ടായിരുന്നിരിക്കണം. എന്നിട്ട് ആശ്വാസത്തിന്റെ നിറവിൽ, സ്വന്തം കണ്ടുപിടുത്തത്തിന്റെ അഹങ്കാരത്തിൽ, വീണ്ടും കട്ടിലിൽ കിടന്നു. ഒന്നുമറിയാത്തത് പോലെ ഞാനും. ഇങ്ങനെ രാത്രി സർക്കസ്സ് നടത്തുന്നതിന് പകരം, അമ്മാമന്, കോളാമ്പിക്ക് പകരമായി കുപ്പികൾ ഉപയോഗിച്ച് കൂടായിരുന്നോ എന്ന്, കിടക്കുന്നതിനിടയിൽ ചിന്തിക്കുകയും ചെയ്തു.

പിറ്റേന്ന് നേരം പുലർന്നപ്പോൾ ബാലമ്മാമനൊഴിച്ച് ബാക്കിയെല്ലാവരും സാധാരണ പോലെ എഴുന്നേറ്റ് അടുക്കളയിൽ വന്നു. ബാലമ്മാമൻ വൈകിയേ എഴുന്നേൽക്കാറുള്ളൂ. കിടക്കയിൽ മൂത്രമൊഴിക്കാത്തത് കൊണ്ട് എനിക്ക് ഉന്മേഷം കൂടുതലായിരുന്നു. ഏഴര കഴിയുമ്പഴേക്കും ബാലമ്മാമനും എഴുന്നേറ്റ് വന്നു. നേരെ പോയി അടുപ്പിന്റെ ആറു വശത്ത് ചൂട് കായാൻ ഇരുന്നു. ഞാൻ ബാലമ്മാമനെ അതിശയത്തിൽ നോക്കി.

"എന്താടാ... ഇങ്ങനെ നോക്കുന്നെ.." ബാലമ്മാമന് എന്റെ നോട്ടം കണ്ടപ്പോൾ സംശയം.

"ഞാൻ കണ്ടു.... ഇന്നലെ രാത്രി.... കർമോസിന്റെ കൊഴലും പിടിച്ച്...." ബാലമ്മാമന് ഒരു നാണം. ഇതേ പോലെ പണ്ട് പത്തായത്തിന്റെ മേലെ മൂത്രമൊഴിച്ചതിന് എന്നെ കളിയാക്കിയതാണ്. എനിക്ക് തിരിച്ചടിക്കാനുള്ള ഭാഗ്യം കൈവന്ന സമയമാണ്.

"പോടാ... വെറുതെ എന്തെങ്കിലും പറയറ്..." ബാലമ്മാമൻ എന്നെ വിലക്കി...

"എളേമ്മേ.. കേക്കണോ... ഇന്നലെ ബാലമ്മാമൻ കർമോസിന്റെ കൊഴലിലൂടെ ജനലിന്റെ ഉള്ളിക്കൂടെ മൂത്രോഴിച്ചു...." ഇത് പറഞ്ഞ് തീരും മുന്നേ ബാലമ്മാമൻ എന്നെ അടിക്കാനായി അടുപ്പിൻ തണയിൽ നിന്നും താഴെച്ചാടി. ഞാൻ ഉമ്മറത്തുള്ള അമ്മാച്ഛന്റെ അടുക്കലേക്ക് ഓടി.

"ഓ.. അതിനാണ് ഇടയ്ക്കിടെ ഈ കർമോസിന്റെ കൊഴലും എടുത്ത് മേലേക്ക് പോക്ന്നത്... ഇപ്പല്ലേ കാര്യം പിടി കിട്ടിയേ.." എളേമ്മ ബാലമ്മാമനെ കളിയാക്കി. ബാലമ്മാമൻ പിന്നെ ഒന്നും ഉരിയാടാതെ അവിടെ നിന്നും ചായക്കപ്പുമായി എഴുന്നേറ്റ് പോയി. ബാലമ്മാമനെ കുറച്ച് ശങ്കയുള്ളത് കൊണ്ട്, ഈ സംഭവത്തിന് അധികം പരസ്യം കൊടുക്കാൻ ഞാൻ നിന്നില്ല. 'പപ്പായക്കുഴൽ രാത്രി'ക്ക് ശേഷം, ഞാനും ബാലമ്മാമനും ഒരുമിച്ച് കിടക്കുന്നത്, ഏകദേശം മുപ്പത് കൊല്ലത്തിന് ശേഷം, അദ്ദേഹത്തിൻറെ മകന്റെ കല്യാണത്തലേന്നാണ്!

വാലറ്റം: ജീവിതം പിന്നെയും മുന്നോട്ട് പോയെങ്കിലും, ഇടയ്ക്കിടെ, കിടന്നിടത്ത് മൂത്രമൊഴിക്കുന്ന എന്റെ പതിവ് തുടർന്ന് പോന്നു. പത്താം ക്ലാസ്സിൽ പഠിക്കുന്ന സമയത്ത്, വെല്ലൂർ ആശുപത്രിയിൽ കിടക്കുന്ന ഒരു രാത്രിയിലാണ്, ഞാൻ അവസാനമായി കിടക്കയിൽ മൂത്രമൊഴിച്ചത്. എന്തോ, വെല്ലൂർ ചാപ്റ്ററിന് ശേഷം, എന്റെ ആ മാന്ത്രികസിദ്ധി എന്നെന്നേക്കുമായി നഷ്ടമായി.

എന്റെ ഈ കളഞ്ഞ് പോയ കഴിവ്, മക്കളിലൂടെ പുനർജ്ജനിക്കുമെന്ന് കരുതിയെങ്കിലും എനിക്ക് പ്രതീക്ഷക്ക് വകയില്ലായിരുന്നു. ആറാം വയസ്സ് വരെ മൂത്തയാൾ പുളകം കൊള്ളിച്ചെങ്കിലും രണ്ടാമത്തെയാൾ അഞ്ചാം വയസ്സിൽത്തന്നെ ആ മാന്ത്രിക സിദ്ധി വലിച്ചെറിഞ്ഞു. മക്കളുടെ സമയമായപ്പഴേക്കും, ഡയപ്പർ രംഗപ്രവേശം ചെയ്തത് കൊണ്ട്, അവർക്ക്, പായയും കിടക്കയും നനച്ച്, അധികം രസിക്കാൻ കഴിഞ്ഞിട്ടില്ല; ഞങ്ങൾ ഡയപ്പർ നിഷേധിച്ച അവസരങ്ങളൊഴിച്ച്! ഞങ്ങളുടെ സമയത്താണെങ്കിൽ, ട്രൗസർ മുഖ്യ വസ്ത്രമായിരുന്ന ഒൻപതാം ക്ലാസ്സ് വരെ, ട്രൗസറിനടിയിൽ ഇടാൻ ഒരു ജെട്ടി പോലും കിട്ടിയിരുന്നില്ല!!

***