2025 മാർച്ച് 6, വ്യാഴാഴ്‌ച

തുമ്മലും മൂക്കൻ രോമവും

രണ്ട് ദിവസം മുന്നേയാണ് രാത്രിയിൽ അവിചാരിതമായി തുമ്മാൻ തുടങ്ങിയത്. കിടക്കയിൽ മലർന്ന് കിടന്ന് വായിക്കുന്നത് കൊണ്ടാണെന്ന് കരുതി എഴുന്നേറ്റിരുന്നു... എന്നിട്ടും തുമ്മൽ നിൽക്കുന്നില്ല. പണ്ടാരം... ജലദോഷം വന്ന് പോയിട്ട് രണ്ട് മാസം പൂർത്തിയാവും മുന്നേ വീണ്ടും ജലദോഷകാലത്തിലേക്കുള്ള യാത്രയാണോ എന്ന ശങ്ക എന്നെ ആകുലനാക്കി. അല്ലെങ്കിലും പനി പിടിച്ചാലും ജലദോഷം പിടിക്കരുതെന്ന അഭിപ്രായക്കാരനാണ് ഞാൻ!

ജലദോഷം പിടിച്ചാലും ഇത്രയും തുടർച്ചയായി തുമ്മിക്കൂട്ടുന്ന ശീലം എനിക്ക് ഇതുവരെ ഉണ്ടായിട്ടില്ല. ഇതിനും മുന്നേ ഇത്രയും തുടർച്ചയായി തുമ്മിയത്, പണ്ട് കോളജിൽ പഠിക്കുമ്പോഴായിരുന്നു. ആരോ കൊണ്ടുവന്ന ഒരു യുനാനി മൂക്കിൽ പൊടി, ക്ലാസ്സിലെ മിക്ക ആൺകുട്ടികളും വലിച്ചതായിരുന്നു അന്നത്തെ തുമ്മലിനുള്ള കാരണം. അതിന് ശേഷം, അതേപോലെ വീണ്ടും തുമ്മുകയാണ്... അല്ല തുമ്മിക്കൊണ്ടിരിക്കുകയായിരുന്നു. അറിയാതെ പൊടിയോ പുകയോ ഒന്ന് ശ്വസിച്ചതായി ഓർക്കുന്നുമില്ല. പിന്നെ എന്താവും കാരണം?

കൊടിയ തണുപ്പത്തും ഓടുന്ന ശീലക്കാരനാണ് ഞാൻ. 15f ലും 20f ലുമൊക്കെ അതും രാത്രികാലത്ത് അഞ്ചാറ് മൈൽ ഓടുമ്പോൾ എനിക്കൊരു രസമാണ്. പക്ഷേ വീട്ടിലെ പ്രധാനമന്ത്രി വഴക്ക് പറയും! 'ഈ തണുപ്പത്ത് ഓടിയിട്ട് വല്ല അസുഖവും വിളിച്ച് വരുത്തണ്ട' എന്നൊക്കെ പ്രധാനമന്ത്രി എന്നെ ഓർമ്മപ്പെടുത്തിക്കൊണ്ടിരിക്കുന്നതായിരുന്നു ഞാനഭിമുഖീകരിച്ചിരുന്ന അസുഖം. പക്ഷേ അവിചാരിതമായി തുമ്മൽ തുടങ്ങിയപ്പോൾ, തലേന്ന് രാത്രിയിലെ കൊടും തണുപ്പിൽ, അതും ശക്തിയായ കാറ്റുള്ളപ്പോൾ ഓടിയതായിരിക്കുമോ കാരണം എന്ന് ശങ്കിച്ചു. പക്ഷേ പനിക്കോളൊന്നും തോന്നാഞ്ഞതിനാൽ ആ ശങ്കയും മാറ്റി വച്ചു.

മൂക്കിൽ എന്തോ കയറിപ്പോയിട്ടുണ്ടോ എന്ന സംശയമായി പിന്നെ. നേരെ പോയി കണ്ണാടിയിൽ ചെരിഞ്ഞും മറിഞ്ഞും മൂക്കിലേക്ക് നോക്കി. തുറിച്ച് നോക്കുന്ന രോമങ്ങളല്ലാതെ വേറൊന്നും കാണുന്നില്ല. മൊബൈലിലെ ഫ്ലാഷ്ലൈറ്റ് ഓൺ ചെയ്ത്, കണ്ണിന്റെ മൈക്രോസ്കോപ്പിക് ഫങ്ക്ഷൻ ട്രിഗർ ചെയ്ത് വീണ്ടും അഗാധമായ ഗഹനതയോടെ മിഴിച്ച് നോക്കുമ്പോഴാണ് ഒരു സംശയം തോന്നിയത് - മൂക്കിലെ ഒരു രോമം, ഇടത്തേ നാസാദ്വാരത്തിന്റെ, അതും അതിന്റെ തുമ്പിനടുത്തുണ്ടായിരുന്ന ഒരു രോമം വളഞ്ഞ് മൂക്കിനകത്തേക്ക് കയറിയിട്ടുണ്ടോ എന്ന ശങ്ക കലശലായത്.
കഴിഞ്ഞ ഒരു വർഷമായി കഴുത്തിന് മുകൾ ഭാഗത്തുള്ള രോമങ്ങളെ അവയുടെ ഇഷ്ടത്തിന് വളരാൻ അനുവദിച്ചിരിക്കുകയായിരുന്നു ഞാൻ! അങ്ങനെ മുഖരോമങ്ങളും ചെവി രോമങ്ങളും തല രോമങ്ങളുമൊക്കെ നീണ്ട് വളർന്ന് കുറേക്കാലമായി ആള് കയറാത്ത വീട്ടുമുറ്റം പോലെയായി തീർന്നിട്ടുണ്ടായിരുന്നു. ചെവിരോമം കൊമ്പ് പോലെ രണ്ട് ഭാഗത്തും വളർന്ന് നിൽപ്പുണ്ട്. തലരോമത്തെ ഒതുക്കാൻ റബർ ബാൻഡും ലോഹ വളയങ്ങളും ഉപയോഗിക്കാൻ ഇതിനകം തന്നെ ശീലിച്ചിട്ടുണ്ട്.
 
പക്ഷേ ഈ രോമവളർച്ചക്കിടയിൽ ശല്യക്കാരായിരുന്നു മൂക്കിലെയും, മേൽമീശയിലേയും കീഴ്താടിയിലെയും രോമങ്ങൾ. മൂക്കിലെ രോമങ്ങൾ നീണ്ട് വന്ന് പന്നിയുടെ തേറ്റ പോലെയായി തോന്നുന്നത് കൊണ്ട് അവറ്റകളെ ഒരതിര് വിട്ട് വളരാൻ ഞാൻ സമ്മതിച്ചിട്ടുണ്ടായിരുന്നില്ല. മേല്മീശരോമങ്ങളും അങ്ങനെത്തന്നെ. അവയാണെങ്കിൽ ഭക്ഷണം നീട്ടിപ്പിടിക്കാനെന്ന ഭാവേന, നീണ്ട് വളഞ്ഞ് വായ്ക്കുള്ളലേക്ക് കയറാനുള്ള തിടുക്കത്തിലായിരുന്നു. അവയെയും ഞാൻ നിഷ്കരുണം തടഞ്ഞു; അല്ല, വെട്ടിയൊതുക്കി അടക്കിയിരുത്തി. കീഴ്ത്താടിരോമങ്ങളാണെങ്കിൽ സ്പ്രിങ് പോലെ വലഞ്ഞുലഞ്ഞ് വളർന്ന്, പരസ്പരം കെട്ടുപിണഞ്ഞ് സ്വയം കുടുക്കുകൾ തീർത്തുകൊണ്ടിരുന്നു. ആ കുടുക്കുകൾ കാരണം, എത്ര ക്രീം പുരട്ടിയിട്ടും ചീകിയൊതുക്കാൻ ബുദ്ധുമുട്ടായിരുന്നു. അതുകൊണ്ട്, അവയുടെ തുമ്പുകളും ഇടയ്ക്കിടെ വെട്ടേണ്ടി വന്നിരുന്നു.

ഇങ്ങനെ കൃത്യമായ ഇടവേളകളിൽ വെട്ടിയൊതുക്കിക്കൊണ്ടിരുന്നതിനാൽ, മൂക്കിലെ രോമം ഈ അതിക്രമം കാണിക്കാൻ സാധ്യതയില്ലെന്നാണ് ഞാൻ കരുതിയത്. എന്നാലും ഒരു പ്രശ്നം വന്നാൽ... ഒരു സംശയം വന്നാൽ... അത് തീർക്കേണ്ടതുണ്ടല്ലോ. ഞാനൊരു കത്രികയെടുത്ത് വിടർത്തി, അതിന്റെ ഒരു കാല് ഉള്ളിലേക്ക് കയറിയിട്ടുണ്ടോ എന്ന് സംശയിക്കുന്ന രോമത്തിന്റെ ചുവടിൻറെ അടിയിലൂടെ പതുക്കെ കയറ്റി പുറത്തോട്ട് വലിക്കാൻ ശ്രമിച്ചു. അപ്പോൾ നിരീക്കാതെ ഉണ്ടായ ശക്തമായ തുമ്മലിൽ കത്രിക തെറിച്ച് കണ്ണാടിയിൽ കൊണ്ട് പൊളിഞ്ഞ് വീഴേണ്ടതായിരുന്നു! അത്രയ്ക്കും ശക്തമായാണ് ഞാനപ്പോൾ തുമ്മിയത്. ശരിയായിരുന്നു... എന്റെ കണ്ടു പിടുത്തം ശരിയായിരുന്നു... കത്രിക കൊണ്ട് വലിക്കാൻ ശ്രമിച്ച രോമം മൂക്കിനുള്ളിലേക്ക് കയറിയിട്ടുണ്ട്. അത് മൂക്കിനുള്ളിൽക്കൂടി വലിഞ്ഞപ്പോഴാണ് ഞാൻ ശക്തമായി തുമ്മിയത്!

ആ രോമം എങ്ങനെ വളഞ്ഞ് ഉള്ളിലേക്ക് കയറിയെന്ന് ഞാനതിശയപ്പെട്ടു. മൂക്കിൽ നീണ്ട് വരുന്ന രോമങ്ങൾ യഥാസമയങ്ങളിൽ കത്രിച്ചിട്ടും ഈ രോമം മാത്രം എങ്ങനെ ഒഴിഞ്ഞു പോയി എന്നതിന് ഒരു ന്യായയീകരണവും കിട്ടിയില്ല. പോരാഞ്ഞതിന്, മൂക്കിന്റെ തുമ്പിനോട് അടുത്തുണ്ടായിരുന്നിട്ടും, പുറത്തേക്ക് വളരുന്നതിന് പകരം എന്റെ എല്ലാ നോട്ടത്തെയും കബളിപ്പിച്ച് ഉള്ളിലേക്ക് എപ്പോൾ കയറിപ്പോയിരിക്കാം എന്നാലോചിച്ച് കത്രികയും പിടിച്ച് ഇത്തിരി നേരം അന്തിച്ചിരുന്നു.

തുമ്മൽ ഒന്നടങ്ങിയപ്പോൾ, വീണ്ടും കത്രികയുമായി അകത്ത് അതിക്രമിച്ച് കയറിയവനെ പുറത്തെത്തിക്കാനുള്ള ശ്രമം ആരംഭിച്ചു. പതുക്കെ വലിച്ച് സമയമെടുത്താൽ വീണ്ടും തുമ്മൽ ആരംഭിക്കുമോ എന്ന സംശയം ഉള്ളതിനാൽ കുറച്ച് കൂടി വേഗതയിൽ കത്രികയുടെ കാലു കൊണ്ട് തിക്കി വലിച്ചു. വലിക്കുമ്പോൾ വീണ്ടും തുമ്മുന്നുണ്ട്... ഓരോ തവണ വലിക്കുമ്പോഴും 'ഇപ്പോൾ തീരും... ഇപ്പോൾ തീരും...' എന്ന വിചാരം ഉണ്ടായെങ്കിലും അതിന്റെ നീളം എന്നെ പരിഭ്രമപ്പെടുത്തി. എന്നിരുന്നാലും നിരന്തരമായ പരിശ്രമത്തിനൊടുവിൽ ആ മഹാനായ കുഞ്ഞ് രോമം ഒടുവിൽ മുഴുവനായും പുറത്തെത്തിച്ചേർന്നു. എന്റെ കണ്ണ് ഞാനറിയാതെ തന്നെ മിഴിച്ച് വന്നു... ഏകദേശം പതിനഞ്ച് സെന്റീമീറ്ററോളം നീളമുണ്ടായിരുന്നു ആ രോമത്തിന്! ഇന്ന് എന്റെ തലയിലുള്ള ഏറ്റവും നീളം കൂടിയ മുടിയുടെ മുക്കാൽ ഭാഗത്തോളം വരും! എന്നുവച്ചാൽ, ചുരുങ്ങിയത് കഴിഞ്ഞ എട്ടൊൻപത് മാസങ്ങളായി കത്രികവെട്ടിൽ നിന്നും രക്ഷപ്പെട്ട് ഒളിച്ചിരിക്കുകയായിരുന്നു പഹയൻ! ഇത്രയും നീളത്തിൽ ഉള്ളിൽ കയറിയിട്ടും ഇത്ര നാളും എന്തുകൊണ്ട് ഒരു പ്രശ്നവും ഉണ്ടായില്ല എന്ന കാര്യം എന്നെ അത്ഭുതപ്പെടുത്തി!! അത് വളർന്ന് ശ്വാസകോശം വരെ നീണ്ട് വളരുന്ന കാര്യം, ഒരു പുലി നഖം നെഞ്ചിലൂടെ കയറുന്നത് പോലെ അറിയാതെ ആലോചിച്ച് പോയി!!

ആ നീളൻ രോമാക്രമി പുറത്തെത്തിയതിൽ സന്തോഷമുണ്ടായിരുന്നെങ്കിലും, മൂക്കിലേക്ക് അതിക്രമിച്ച് കയറി എന്റെ ശ്വാസം എന്നെന്നേക്കുമായിത്തന്നെ നിർത്തിക്കുന്ന രീതിയിൽ ആക്രമിച്ച് വളർന്ന ആ രോമത്തോട് അടങ്ങാത്ത ദേഷ്യമായിരുന്നു അതിനെ കണ്ടമാത്രയിൽ എനിക്കുണ്ടായത്. ആ രോമം ഒരു ജീവിയായിരുന്നെങ്കിൽ അതിന്റെ മൂക്കിൽ ഒരു കമ്പെടുത്ത് തുളച്ച് കയറ്റി ഞാനതിനെ ചുട്ട് കൊന്നേനെ! പക്ഷേ ഇത് ഒരു രോമമായിപ്പോയി; വെറും രോമം. രോമത്തിന് ശരീരത്തിന്റെ പല ഭാഗങ്ങളിൽ പല പല പേരുകളാണെങ്കിലും ദേഷ്യം വന്നാൽ ഇന്നത്തെ സാധാരണ ജനം അറിയാതെ പറഞ്ഞുപോകുന്ന ഒരു വാക്ക് എന്റെ മനസ്സിലും തികട്ടി വന്നു... അതെ... അത് തന്നെ... 'തൈരി'ലെ 'ത' യ്ക്ക് പകരം 'മ' ചേർത്ത് പറയുന്ന വാക്ക്!

പണ്ട്, ചാണക്യൻ വഴിയിലൂടെ നടക്കുന്ന സമയത്ത് കാലിൽ തുളഞ്ഞ് കയറിയ കൂർത്ത ഉണക്കപ്പുല്ലുകളെ അദ്ദേഹം കൈകാര്യം ചെയ്ത രീതി എനിക്കോർമ്മ വന്നു. അതുപോലെ തന്നെ ഈ ഉപദ്രവകാരിയായ രോമപ്പുല്ലിനെയും കൈകാര്യം ചെയ്യണമെന്ന് മനസ്സിലതിയായി ആഗ്രഹിച്ചു. പക്ഷേ ഞാനാര്... ചാണക്യനാര് എന്ന താരതമ്യചിന്തയിൽ എന്റെ വലുപ്പത്തെക്കുറിച്ച് വ്യക്തമായ ധാരണ വന്നത് കൊണ്ട് അധികമൊന്നും ചിന്തിക്കാതെ ആ നീളൻ മൂക്കൻ രോമത്തെ വലിച്ചിഴച്ച് കച്ചറ ഡബ്ബയിലിട്ട് മൂടി!

***

വിമാനത്തിലെ ചുമ!

അസുഖം ഉണ്ടാവുന്നത് ഒരു സുഖമുള്ള ഒരേർപ്പാടല്ല എന്ന് എല്ലാവരും സമ്മതിക്കും എന്നെനിക്ക് ഉറപ്പുണ്ട്. അവനവന് മാത്രമല്ല കൂടെയുള്ളവർക്കും അസുഖം ഉണ്ടാവുന്നത് നമുക്ക് അത്ര സുഖിച്ചെന്ന് വരില്ല. അസുഖത്തിനെക്കുറിച്ച് ചിന്തിക്കുന്നത് പോലും സുഖമല്ലാത്ത കാര്യമായിരുക്കുമ്പോൾ അസുഖം ഉണ്ടാവുന്നതിനെക്കുറിച്ച് ആരെങ്കിലും ചിന്തിക്കുമോ? കൂടെയുള്ളവർക്കെല്ലാം അസുഖം ഉണ്ടാവണേ എന്നാരെങ്കിലും ചിന്തിക്കുമോ? അങ്ങനെ ആഗ്രഹിക്കുമോ? അങ്ങനെയുള്ള സാഹചര്യങ്ങൾ ഉണ്ടാവുമോ? ഉണ്ടാവും എന്നാണ് എന്റെ അനുഭവം കൊണ്ട് ഞാൻ പഠിച്ചത്!

അവസാന നിമിഷത്തിലാണ് കഴിഞ്ഞ ഡിസംബറിൽ ഒരാഴ്ചത്തേക്ക് മൂത്ത മകളുടെ കൂടെ നാട്ടിൽ പോവാം എന്ന് തീരുമാനിച്ചത്. അതിന്റെ വിലയും കൂടുതലായിരുന്നു! സാധാരണ നിലക്ക് ഒരു വർഷത്തെ കാലയളവിൽ ചുരുങ്ങിയത് രണ്ടോ മൂന്നോ തവണ ജലദോഷാദിയസുഖങ്ങൾ വരാറുണ്ടായിരുന്ന എനിക്ക്, 2023 നവംബറിലെ എവറസ്റ്റ് ചാലഞ്ചിന്റെ സമയത്ത് വിഖ്യാതമായ 'Khumbhu Cough' പിടിപെട്ടതിന് ശേഷം, കഴിഞ്ഞ ഒരു വർഷത്തിലേറെയായി ജലദോഷം, ചുമ ഇത്യാദികൾ വരാതിരുന്നത് കൊണ്ട് എന്റെ ആരോഗ്യം പ്രായത്തിനനുസരിച്ച് കൂടിയിട്ടുണ്ടാകും എന്ന അനുമാനത്തിൽ അഭിരമിച്ചിരിക്കുമ്പോഴാണ്, യാത്രക്ക് ഒരാഴ്ച മുന്നേ ജലദോഷം പിടിപെട്ടത്!
 
മനസ്സിനും ആത്മവിശ്വാസത്തിനും തോതളവ് അപാരമായി കൂടുതലായിരുന്നതിനാൽ മരുന്നുകളൊന്നും കഴിക്കുകയോ ഭിഷഗ്വരനെ കാണുകയോ ചെയ്തില്ല. ആ സമയത്താണ്, യാത്രക്ക് മൂന്ന് ദിവസങ്ങൾ മുന്നേ ചുമ ആരംഭിച്ചത്. മൂന്നുദിവസം ഉണ്ടല്ലോ എന്ന ആശ്വാസത്തിൽ, ശ്വാസം വിടാതെ ചുമച്ചെങ്കിലും, ആത്മവിശ്വാസം ഒട്ടും കുറഞ്ഞില്ല. രണ്ട് ദിവസങ്ങൾ കൂടി നിർത്താതെ ചുമച്ചപ്പോഴാണ് ഇനി സംഭവം പിടിച്ചാൽ കിട്ടില്ല എന്ന ബോധം കുറച്ചെങ്കിലും ഉണ്ടായത്. പിറ്റേന്ന് വിമാനം കയറേണ്ടതാണ്!

പെട്ടന്നുള്ള തീരുമാനമായതിനാൽ, മിനുട്ട് ക്ലിനിക്കുകളെ ആശ്രയിക്കേണ്ടി വന്നു. നാലെണ്ണം ട്രൈ ചെയ്തതിൽ ഒരു ക്ലിനിക്ക് എന്നോട് കരുണ കാണിച്ചു. അവരുടെ അടുത്ത് എത്തിയപ്പോൾ അവരോട് ഒന്നും സംസാരിക്കാൻ എനിക്ക് സാധിച്ചില്ലെങ്കിലും, നിർത്താതെ ചുമച്ചിരുന്നത് കൊണ്ട് അവർ ഉടനെത്തന്നെ ആന്റിബയോട്ടിക്കിന് എഴുതിത്തന്നു.
 
യാത്രക്ക് മുന്നേ മൂന്ന് നേരത്തെ മരുന്നുകൾ കഴിച്ചെങ്കിലും ചുമയുടെ തീവ്രത 70 ശതമാനത്തോളം ബാക്കിയുണ്ടായിരുന്നു. മാസ്‌കൊക്കെയിട്ട്, കഴിയുന്നതും മൗനിയായി ഗേറ്റ് വരെ എത്തി വിമാനം കാത്ത് കുത്തിയിരുന്നു. എട്ട് മണിക്കൂറുകൾ വീതമുള്ള, രണ്ട് കഷണങ്ങളായുള്ള അടച്ചിട്ട വിമാനയാത്രയിൽ എങ്ങനെ ചുമക്കാതെ ഇരിക്കും എന്ന അങ്കലാപ്പായിരുന്നു മനസ്സ് മുഴുവൻ. ഓരോ രണ്ട് ശ്വാസത്തിലും തൊണ്ട കിരുകിരുക്കും. അപ്പോൾ തൊണ്ട ക്ലിയറാക്കാൻ ശബ്ദമുണ്ടാക്കും, അത് ഒരു മിനുട്ട് നീളമുള്ള ചുമയായി രൂപാന്തരപ്പെടും. ഏകദേശം അമ്പതോളം 'ചുമ മുട്ടായി'കൾ കയ്യിൽ കരുതിയിട്ടുണ്ടായിരുന്നു. അതെടുത്ത് വായിലിടുമ്പോൾ കുറച്ചെങ്കിലും ആശ്വാസം ഉണ്ടാവുമെങ്കിലും, നാട്ടിലെത്തുന്നത് വരെ മുട്ടായി വായിലിട്ട് തുടരാൻ സാധിക്കില്ലല്ലോ... എന്തായാലും വിമാനയാത്രയിലെ നോട്ടപ്പുള്ളിയാവാൻ പോവുകയാണെന്ന ബോധ്യം എനിക്കുണ്ടായി. ആര് നോക്കിയാലും തലകുനിച്ച് ചുമക്കുക തന്നെ!
 
എങ്ങനെ ജാള്യത അകറ്റാനാവും എന്ന കഠിനമായ ചിന്ത തുടരവേയാണ് ഒരേ ഒരു കാര്യം നടന്നാൽ മാത്രമേ എനിക്ക് ആ ജാള്യതയിൽ നിന്ന് രക്ഷ നേടാനാകൂ എന്ന ബോധോദയം എനിക്കുണ്ടായത്. ഞാൻ ഒരു ആൽമരത്തിന്റെ ചുവട്ടിലാണെന്ന് ഒരു നിമിഷം ചിന്തിച്ച് പോയ നിമിഷം!

എന്റെ അടുത്തിരിക്കുന്ന കുറച്ചാളുകൾ എങ്കിലും എന്നെപ്പോലെയോ അല്ലെങ്കിൽ എന്നേക്കാളുമോ ചുമച്ചോണ്ടിരിക്കുന്നവരായാൽ എന്റെ ചുമ അവയിലൊന്ന് മാത്രമല്ലേ ആവുള്ളൂ! ബംഗലൂരുവിൽ എത്തുന്നത് വരെ എന്റെ വിമാനയാത്ര അത്തരത്തിലാവാൻ, ആ യാത്രയിൽ മുഴുവൻ ഗംഭീരമായി ചുമക്കുന്നവർ ഉണ്ടാവാൻ ഞാൻ വല്ലാതെയങ്ങ് ആഗ്രഹിച്ചു! വിമാനഭാഗവതിക്ക് മനസ്സുകൊണ്ട് ചെക്കിപ്പൂക്കൾ അർപ്പിച്ചു!

അങ്ങനെ ബോർഡിങ് തുടങ്ങി. ഡിസിയിൽ നിന്ന് പാരീസിലേക്കാണ് ആദ്യത്തെ സ്ട്രെച്ച്. സീറ്റിൽ ഇരിപ്പ് തുടങ്ങി. അടുത്തൊക്കെ പതുക്കെ ആളുകൾ വന്നിരുന്നു തുടങ്ങി. ചുമച്ച് കൊണ്ട് വരുന്നവർ എന്റെയടുത്ത് തന്നെ ഇരിക്കണം എന്നെനിക്ക് വല്ലാത്ത മോഹം. അങ്ങനെയുള്ള ആരെങ്കിലും ദൂരെപ്പോയി ഇരുന്നാൽ എനിക്ക് സങ്കടം വരുന്നുണ്ടെന്ന കാര്യം ഞാൻ ദുഖത്തോടെ മനസ്സിലാക്കി. സാധാരണ ഗതിക്ക്, അടുത്ത് ഇരുന്നു ചുമക്കുന്നത് സ്വന്തം കെട്ട്യോൾ ആയാൽപ്പോലും ഒരു മൈൽ ദൂരെ ദേഷ്യം പിടിച്ച് എഴുന്നേറ്റ് പോകുന്നയാളാണ് ഞാനെന്ന ടിയാൻ!
 
ഒടുവിൽ എന്റെ അടുത്ത് ഇരിക്കേണ്ടുന്ന ആളുകളൊക്കെ ഇടവും വലവും മുന്നിലും പിന്നിലുമൊക്കെയായി വന്നിരുന്നു. അവരാരും എന്നെപ്പോലെ മാസ്‌കൊന്നും ധരിച്ചിട്ടില്ല. എന്റെ നേരെ വലത് വശത്തിരുന്ന് ചുവന്ന ഹൂഡിയൊക്കെ ഇട്ട് തല മറച്ചിരുന്നവൻ ആണ് പതുക്കെ ചുമക്കാൻ തുടക്കമിട്ടത്. അവൻ ചുമച്ച് തുടങ്ങിയപ്പോൾ ഞാൻ അറിയാതെ എഴുന്നേറ്റുപോയെങ്കിലും വീണ്ടും ഇരുന്നു. പക്ഷേ പ്രസ്തുത കക്ഷിക്ക് എന്നെപ്പോലെയുള്ള ആവലാതികൾ ഒന്നും ഉണ്ടായിരുന്നില്ല. വളരെ കൂളായി, മൊബൈൽ സർഫ് ചെയ്ത് കൊണ്ട് കുത്തോട്ട് നോക്കി ചുമച്ച് തുലക്കുകയാണ് കക്ഷി! ഇതില്പരം ആഹ്ളാദത്തിന് വേറെന്ത് വേണം? അവനെപ്പോലെ ചുമച്ചില്ലെങ്കിലും അടുത്തിരുന്ന മൂന്ന് പേരെങ്കിലും എന്നേക്കാൾ ഗംഭീരമായി അവന് സപ്പോർട്ട് കൊടുത്തുകൊണ്ടിരുന്നു. അപ്പോഴാണ് ധൈര്യത്തിൽ ചുമക്കാനുള്ള ഒരു ആംപിയറും ആമ്പിയൻസും എനിക്കുവേണ്ടി ഒരുക്കപ്പെട്ട കാര്യം ഞാനോർത്തത്. ഞാനെന്തിന് മടിക്കണം?പുലികളുടെയിടയിൽ ഒരു പൂച്ചയായി ഞാനും അവരുടെ കൂട്ടത്തിൽ സന്തോഷത്തോടെ ചേർന്നു. ചെക്കിപ്പൂക്കൾ അർപ്പിച്ചതിൽ വിമാനഭാഗവതി പ്രസാദിച്ചിട്ടോ എന്തോ... ആ ചുവപ്പ് ഹൂഡിക്കാരൻ പാരീസിൽ നിന്ന് ബംഗലൂരുവിലേക്കും എന്റെ കൂടെയുണ്ടായിരുന്നു. എന്തൊരു യാദൃച്ഛികത്വം അല്ലേ? പക്ഷേ നേരത്തെ തൊട്ട് വലതു വശത്തായിരുന്നെങ്കിൽ, ഇത്തവണ, ആ മാന്യദേഹം ഒരു സീറ്റ് വിട്ട് എന്റെ ഇടത് വശത്തായിരുന്നു!
 
ആരാണ് പറഞ്ഞത്, മറ്റുള്ളവന്റെ ദുരിതം ആഗ്രഹിച്ചാൽ ഫലിക്കില്ലെന്ന്? പക്ഷേ ചെക്കിപ്പൂക്കൾ അർപ്പിക്കണമെന്ന് മാത്രം!!

***

2024 നവംബർ 15, വെള്ളിയാഴ്‌ച

മലയാളം എഴുത്തിന്റെ അമേരിക്കൻ ഭാവി

[2024 നവംബർ 1 മുതൽ 3 വരെ LANAയുടെ (ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക) റീജിയണൽ സമ്മേളനം ന്യൂയോർക്കിലെ എൽമോമോണ്ടിലുള്ള കേരളം സെന്ററിൽ വച്ച് നടന്നു. അതിന്റെ ഭാഗമായി നടത്തപ്പെട്ട പ്രബന്ധാവതരണ സെഷനിൽ ഞാൻ അവതരിപ്പിച്ച പ്രബന്ധമായിരുന്നു 'മലയാളം എഴുത്തിന്റെ അമേരിക്കൻ ഭാവി'.]

ആദ്യമേ തന്നെ പറഞ്ഞു കൊള്ളട്ടെ, സദസ്സ് ഉദ്ദേശിക്കുന്ന ഒരു ഉപന്യാസ അവതരണത്തിന്റെ ഘടന എന്റെ അവതരണത്തിന് ഉണ്ടായിക്കൊള്ളണമെന്നില്ല. എന്റെ ചില അനുമാനങ്ങൾ എന്റേതായ രീതിൽ അവതരിപ്പിക്കുവാൻ ചെറിയൊരു ശ്രമം നടത്തുന്നു എന്നേയുള്ളൂ.

കോളേജിൽ പഠിക്കുന്ന സമയത്ത് കുറച്ചൊക്കെ എഴുതിയിരുന്നെങ്കിലും അമേരിക്കയിൽ വന്നതിന് ശേഷം എഴുതാൻ തുടങ്ങിയപ്പോഴാണ് ഈയൊരു ചിന്ത എന്റെ മനസ്സിൽ ഉണ്ടാവാൻ തുടങ്ങിയത്. ഈ വിഷയത്തെക്കുറിച്ച് കഴിഞ്ഞ കുറച്ച് കാലങ്ങളായി ചിന്തിക്കുന്നത് കൊണ്ട് മാത്രമാണ് ഇതിനെക്കുറിച്ച് എനിക്കുണ്ടായ അനുമാനങ്ങൾ, ഇങ്ങനെയുള്ള ഒരു വേദി കിട്ടിയപ്പോൾ നിങ്ങളുടെ മുന്നിൽ അവതരിപ്പിക്കണം എന്ന തോന്നൽ എനിക്കുണ്ടായത്.

എന്റെ അനുമാനങ്ങൾക്ക് ശാസ്ത്രീയമായ അടിത്തറ പാകാൻ കുറച്ച് ശ്രമങ്ങൾ നടത്തിയെങ്കിലും വിക്കിപീഡിയയോ ഗൂഗിളോ കാര്യമായ സ്ഥിതിവിവരക്കണക്കുകളൊന്നും നൽകിയില്ല. അതുകൊണ്ട് എന്റേതായ ചില നിരീക്ഷണങ്ങളിലൂടെയും ചില സമീപനങ്ങളിലൂടെയും ചില അനുമാനങ്ങളിൽ എത്തിച്ചേരുകയായിരുന്നു. ഈ അനുമാനങ്ങൾ വെറും അനുമാനങ്ങൾ മാത്രമാണ്. അത് അങ്ങനെത്തന്നെയെടുക്കണം എന്നാണ് എന്റെ അപേക്ഷ.

ഞാൻ പഠിക്കുന്ന കാലഘട്ടത്തിൽ എന്ന് വച്ചാൽ 90 കളുടെ തുടക്കത്തിൽ, മലയാളം മീഡിയം എന്നതിന് വളരെ പ്രാമുഖ്യം ഉണ്ടായിരുന്നു. കോളേജിൽ എത്തിയപ്പോഴും ക്‌ളാസ്സുകൾ ഇംഗ്ളീഷിൽ ആയിരുന്നെങ്കിലും മലയാളത്തിൽ തന്നെയായിരുന്നു നമ്മുടെ മറ്റുള്ള ഇടപാടുകൾ. മലയാളത്തിലെയും ഇംഗ്ലീഷിലേയും കൃതികൾ വായിക്കാൻ ഞങ്ങൾ താല്പര്യപ്പെട്ടിരുന്നു. മാതാപിതാക്കളും അദ്ധ്യാപകരും ഞങ്ങളെ വിസ്തൃതമായി വായിക്കാൻ പ്രോത്സാഹിപ്പിച്ചിരുന്നു. കോളേജിൽ എത്തിയപ്പോഴാണ് ഹിന്ദി സാഹിത്യപുസ്തകങ്ങളും വായിക്കാൻ തുടങ്ങിയത്. ഇംഗ്ലീഷ് പഠിക്കാൻ ആഗ്രഹമുണ്ടായിരുന്നെങ്കിലും മലയാളത്തിലായിരുന്നു എന്റെയും എന്റെ കൂട്ടുകാരുടെയും ചിന്തകൾ പോലും. ഇംഗ്ലീഷ് മീഡിയം സ്‌കൂളുകൾ ഉണ്ടായിരുന്നെങ്കിലും അവിടെ പോയിരുന്നവർ പോലും മലയാളം സാഹിത്യവായനയിൽ തല്പരരായിരുന്നു.

മലയാളം മീഡിയത്തിലായിരുന്നത് കൊണ്ട്, കോളജിൽ പോയപ്പോൾ തുടക്ക കാലത്ത് ചില പ്രശ്നങ്ങൾ ഒക്കെ ഉണ്ടായെങ്കിലും, പിന്നീട് കാര്യങ്ങൾ നമ്മുടെ വഴിക്ക് വന്നു. ഇംഗ്ലീഷ് പറയാൻ അറിഞ്ഞിരുന്നില്ലെങ്കിലും അത് പഠനത്തിനോ വായനക്കോ വിഘാതമായിരുന്നില്ല. അങ്ങനെ മലയാളത്തിൽ ചിന്തിച്ച് തന്നെയാണ് ഞാൻ അമേരിക്കയിൽ എത്തപ്പെട്ടത്. മനസ്സിലെ ഭാഷ മലയാളമായത് കൊണ്ടാണ് മലയാളത്തിൽ തന്നെ എഴുതുന്നത്. ഇംഗ്ളീഷിൽ എഴുതാൻ താല്പര്യമുണ്ടെങ്കിലും മലയാളത്തിലുണ്ടാകുന്ന സർഗ്ഗവിചാരം ആംഗലേയത്തിൽ ഉണ്ടാവാത്തത് കൊണ്ട് ആ ആഗ്രഹം നടക്കുന്നതേയില്ല. അത് എന്റെ മാത്രം കാര്യമാണ്. അങ്ങനെയല്ലാത്ത ആളുകളും ഉണ്ട്. അവർക്ക് മലയാളത്തിലും ഇംഗ്ളീഷിലും ഒരുപോലെ എഴുതാൻ സാധിക്കുന്നുണ്ട്.

പക്ഷേ കാലം പോകപ്പോകെ നമ്മുടെ നാട്ടിലെ വിദ്യാഭ്യാസ സമ്പ്രദായങ്ങൾ മാറി വന്നു. ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് കൂടുതൽ പ്രാധാന്യവും കൂടുതൽ സ്വീകാര്യതയും ഉണ്ടായി വന്നു. സർക്കാർ പള്ളിക്കൂടങ്ങളിലടക്കം 90 കൾക്ക് ശേഷം ആദ്യമായി പള്ളിക്കൂടത്തിൽ പോകുന്നവർ മുതൽ ഈ പ്രവണത ഉച്ഛസ്ഥായിലാവാൻ തുടങ്ങി. എന്ന് വച്ചാൽ ഇന്ന് ഏകദേശം 40 വസ്സുള്ളവർ തൊട്ട് താഴോട്ട് പ്രായമുള്ളവരിൽ ഭൂരിഭാഗവും ഇംഗ്ളീഷ് മീഡിയത്തിന് മുൻതൂക്കം കൊടുത്തിട്ടുള്ളവരാണ്.

ഞാൻ നാട്ടിലുള്ള എന്റെ കസിൻസിൻറെ അടുത്തും, എന്റെ സുഹൃത്തുക്കളുടെ അടുത്തും, അവരുടെയൊക്കെ മക്കളുടെ അടുത്തുമൊക്കെ ഈ കാര്യത്തെക്കുറിച്ച് സംസാരിക്കാൻ ശ്രമിച്ചിട്ടുണ്ട്. സംസാരിച്ചിട്ടുള്ളവരിൽ അമ്പതിൽ 45 പേരും വായനാശീലം ഇല്ലാത്തവരാണ്. വായിക്കുന്നവരിൽ ഭൂരിഭാഗവും വായിക്കുന്നത് ഇംഗ്ലീഷ് സാഹിത്യമാണ്, കാരണം അവരൊക്കെ ഇംഗ്ളീഷ് മീഡിയത്തിൽ പഠിച്ചവരാണ്. എന്നിരുന്നാലും മലയാളം എഴുത്തുകൾ ഇന്നത്തെ സാഹചര്യത്തിൽ നാട്ടിൽ വളരുന്നുണ്ടെന്നാണ് എന്റെ അനുമാനം. മലയാളം ഐച്ഛികമായി എടുക്കുന്നവരിലൂടെയാണ് മലയാളം വായനയും എഴുത്തും നാട്ടിൽ ഇന്നും  നിലനിൽക്കുന്നത്. മലയാളം എഴുത്തുകൾക്ക് ആനുപാതികമായി വായനക്കാർ കൂടുന്നുണ്ടോ എന്ന് സംശയമാണ്. അപൂർവ്വം മലയാള കൃതികൾ മാത്രമാണ് ഒരു ട്രെൻഡ് സെറ്ററോ ബ്ലോക്ക് ബസ്റ്ററോ ആവുന്നത്.

ഇനി തിരിച്ച് അമേരിക്കയിലേക്ക് വരാം. പണ്ടൊക്കെ അമേരിക്കയിലേക്ക് വരുന്നവരിൽ മലയാളം മീഡിയം പഠിച്ചവരും ഇംഗ്ലീഷ് മീഡിയത്തിൽ പഠിച്ചവരും ഉണ്ടായിരുന്നു. ഇന്ന് അതിന്റെ അവസ്ഥ മാറിയിട്ടുണ്ടെന്നതാണ് എന്റെ കാഴ്ചപ്പാട്. പണ്ട് ഫാമിലി മൈഗ്രേഷൻ വഴിയായിരുന്നു കൂടുതൽ പേരും അമേരിക്കയിൽ എത്തിച്ചേർന്നിരുന്നത്. അവരിൽ മിക്കവരും മലയാളം മീഡിയത്തിൽ പഠിച്ച്, എവിടെ ജീവിച്ചാലും മലയാളത്തിൽ സംസാരിച്ച്, വളർന്നവരാണ്. പക്ഷേ, ഇന്ന് അമേരിക്കയിൽ എത്തിച്ചേരുന്നവർ കൂടുതലായിട്ടും സാങ്കേതിക വിദ്യാഭ്യാസമോ നേഴ്‌സിങ് വിദ്യാഭ്യാസമോ നേടിയവരാണ്. അതിൽ കൂടുതലും ഇംഗ്ലീഷ് മീഡിയത്തിലൂടെ വിദ്യാഭ്യാസം നേടിയവരുമാണ്. അത്തരത്തിൽ അമേരിക്കയിൽ വരുന്നവർ, മലയാളം സംസാരിക്കുമെങ്കിലും, മലയാളഭാഷാവായനയോടും എഴുത്തിനോടും താല്പര്യമില്ലാത്തവരാണ് ബഹുഭൂരിപക്ഷവും.

ഞാനിവിടെ വരുന്നത് 2000 ത്തിന്റെ തുടക്കത്തിലാണ്. മുപ്പത് വയസ്സിന്റെ തുടക്കത്തിലായിരുന്നു അത്. 2010 ന് ശേഷമാണ് ഞാൻ ഒരിടവേളക്ക് ശേഷം വീണ്ടും എഴുതിത്തുടങ്ങിയത്. അതിന് ശേഷമാണ് സമാന മനസ്കരായ കുറച്ച് മലയാള സാഹിത്യ കുതുകികളുടെ ഒരു ലോക്കൽ കൂട്ടായ്മയിൽ അംഗമായതും അമേരിക്കയിലെ മറ്റ് മലയാളം എഴുത്തുകൾ ശ്രദ്ധിച്ച് തുടങ്ങിയതും.

ഞാൻ എന്റെ ബ്ലോഗിലൂടെ എഴുത്ത് തുടങ്ങുമ്പോൾ എനിക്ക് ഏകദേശം 40 വയസ്സ് പ്രായം ഉണ്ട്. ഇപ്പോൾ 52 കഴിഞ്ഞിരിക്കുന്നു. ഞങ്ങളുടെ ലോക്കൽ സാഹിത്യകൂട്ടായ്മയിൽ കുറച്ച് ചെറുപ്പക്കാരെ ചേർക്കാൻ ശ്രമം നടത്തിയെങ്കിലും അത്തരം ശ്രമങ്ങൾ പരാജയപ്പെടുകയായിരുന്നു ഉണ്ടായത്. ആ പരാജയത്തിന്റെ കാരണം അന്വേഷിച്ച് നടത്തിയ ചില അന്വേഷണങ്ങളാണ് ഞാൻ നേരത്തെ പറഞ്ഞ ചില നിഗമനങ്ങളിലേക്ക് എത്തിച്ചേരാൻ സഹായിച്ചത്.

ഇന്ന് അമേരിക്കയിൽ ഉള്ള നാല്പത് വയസ്സ് മുതൽ താഴെയുള്ള മലയാളികളിൽ ആരെങ്കിലും മലയാളത്തിൽ എഴുതുന്നുണ്ടെങ്കിൽ അത് വളരെ വളരെ വിരളമായിരിക്കും. മുപ്പത്തഞ്ചോ മുപ്പതോ വയസ്സോ അതിന് താഴെയോ ഉള്ളവരെ എടുത്താൽ തീരെയില്ല എന്ന് തന്നെ പറയാൻ സാധിക്കും. മലയാളം എഴുത്ത് തന്നെ നടക്കുന്നത് ഫസ്റ്റ് ജനറേഷൻ മലയാളികളിൽ മാത്രമാണ്. ഇവിടെ ജനിച്ച് ഇവിടെത്തന്നെ ജീവിക്കുന്ന മലയാളികളുടെ അടുത്ത തലമുറ മലയാളത്തിൽ എഴുതുമെന്ന് ചിന്തിക്കാൻ തന്നെ പ്രയാസമാണ്. ഇന്ന് എനിക്ക് പരിചയമുള്ള അമേരിക്കയിലെ മലയാളം എഴുത്തുകാരും വായനക്കാരും ആയ എല്ലാവരും 45 വയസ്സിന് മുകളിൽ ഉള്ളവരും അമേരിക്കയിലെ ഫസ്റ്റ് ജനറേഷനുമാണ്. അമേരിക്കയിലെ ഇന്നത്തെ മലയാളം എഴുത്തുകാരുടെ ഒരു ആവറേജ് വയസ്സെടുത്താൽ അത് തീർച്ചയായും 65 ഓ അല്ലെങ്കിൽ അതിന് മുകളിലോ ആയിരിക്കും എന്നെനിക്ക് ഉറപ്പാണ്.

ഇന്നത്തെ ദിവസം മുതൽ നാട്ടിൽ നിന്ന് അമേരിക്കയിലേക്ക് വരുന്ന ഫസ്റ്റ് ജനറേഷൻ മലയാളികളിലാരെങ്കിലും മലയാളത്തിൽ എഴുതും എന്ന് കരുതാൻ വയ്യ. അഥവാ ആരെങ്കിലും എഴുതുമെങ്കിൽ അത് തീർത്തും വളരെ തുച്ഛമായ ആളുകൾ മാത്രമായിരിക്കും. എന്ന് വച്ചാൽ എന്റെയൊരു കണക്ക് കൂട്ടൽ പ്രകാരം, ഇന്ന് അമേരിക്കയിൽ അമ്പതോ അതിന് മുകളിലോ പ്രായമുള്ളവരുടെ കാലം കഴിഞ്ഞാൽ ഇവിടെ മലയാളത്തിൽ എഴുതുന്നവരുടെ എണ്ണം തീർത്തും കുറവായിരിക്കും. അവിടെ നിന്നും പത്തോ ഇരുപതോ വർഷങ്ങൾ കൂടി കഴിഞ്ഞാൽ, മലയാളം എഴുത്ത് എന്നത് അമേരിക്കയിൽ തീർത്തും ഇല്ലാതാകുന്ന അവസ്ഥയായിരിക്കും.

അമേരിക്കയിലെ മലയാളം എഴുത്തിന്റെ ഭാവി എന്ന വിഷയത്തിന്റെ ഉപസംഹാരം എന്ന രീതിയിൽ പറഞ്ഞാൽ, ഏകദേശം അടുത്ത അമ്പത് വർഷങ്ങൾ കൂടി കഴഞ്ഞാൽ മലയാളം എഴുത്തിന് അമേരിക്കയിൽ സാധ്യത വളരെ വളരെ കുറവാണ്. ഉണ്ടെങ്കിൽ തന്നെ അത് വിരലിൽ എണ്ണാവുന്നവർ മാത്രമായിരിക്കും. മലയാളത്തിൽ പ്രത്യേക താല്പര്യമുള്ള ആദ്യ തലമുറ അമേരിക്കയിൽ എത്തുന്നത് എപ്പോൾ നിൽക്കുന്നുവോ അന്ന് അമേരിക്കയിലെ മലയാളം എഴുത്ത് നിലയ്ക്കുന്നതിന്റെ തുടക്കമാവും.

***

ഭൂമിക്കൊരു സാന്ത്വനം

ട്രൂപ്പ്  : നാട്യനൗക, വിർജീനിയ.

നാടകം : ഭൂമിക്കൊരു സാന്ത്വനം 

കഥാപാത്രങ്ങൾ: നന്മ, തിന്മ, അച്ഛൻ, അമ്മ, രണ്ട് മക്കൾ, ഒരു കൈക്കുഞ്ഞ്.

Scene 1

[After intro. നന്മ അരങ്ങത്ത് പ്രവേശിക്കുന്നു. Central overhead light or spot light to light only the character. രംഗത്ത് വെളിച്ചം തെളിയുന്നു...]

നന്മ : Ladies and gentlemen, how are you all doing? I know you guys are doing good... no? I am not hearing anything.. ok. ok
ഓ, ഞാനെന്തിനാ ആംഗലേയത്തിൽ സംസാരിക്കുന്നത്? നിങ്ങൾ ഏവരും മലയാളികൾ ആണല്ലോ. അപ്പോൾ നമുക്ക് മലയാളത്തിൽത്തന്നെ തുടരാം. വിഷയം എന്താണെന്ന് നിങ്ങൾക്ക് ഇപ്പോൾത്തന്നെ  മനസ്സിലായിക്കാണുമല്ലോ. വളരെ ഗൗരവമുള്ള വിഷയമാണ്... ആഗോളവിഷയമാണ്... നമ്മുടെ സ്വന്തം കേരളക്കരയെ ബാധിക്കുന്ന വിഷയമാണ്. ഇനി വരുന്ന രംഗങ്ങൾ കൺ‌തുറന്നു കാണുക. മനസ്സിരുത്തി കൺ‌തുറന്നു കാണുക... കണ്ടുകൊണ്ടേ ഇരിക്കുക.. കണ്ടുകൊണ്ടേ ഇരിക്കുക....

[കണ്ടുകൊണ്ടേ ഇരിക്കുക എന്ന്  പലപ്രാവശ്യം താഴ്ന്ന ശബ്ദത്തിൽ ഉരുവിട്ടുകൊണ്ട് നന്മ രംഗം വിടുന്നു.]


[കുട്ടികൾ തമാശകളൊക്കെ പറഞ്ഞു കൊണ്ട് സ്കൂളിൽ നിന്നും വീട്ടിലേക്ക് നടന്നു പോകുന്നു . എതിർവശത്ത് നിന്ന് തിന്മ പ്രവേശിക്കുന്നു. തിന്മയുടെ നടത്തത്തിൽ ഒരു നിഗൂഢതയുള്ളത് പോലെ തോന്നിക്കുന്നു. കുട്ടികളും തിന്മയും പരസ്പരം മറികടക്കുന്നു. കുട്ടികൾ തിന്മയെത്തന്നെ സാകൂതം നോക്കിക്കൊണ്ടാണ് നടക്കുന്നത്. മറികടന്നപ്പോൾ അവർ തിന്മയെ തിരിഞ്ഞ് നോക്കുന്നുണ്ട്. കുട്ടികൾ വീണ്ടും മുന്നോട്ട് നടന്നപ്പോൾ തീർത്തും അപ്രതീക്ഷിതമായി തിന്മ അവരെ ശബ്ദമുണ്ടാക്കി വിളിക്കുന്നു.]

തിന്മ: ശ്.. ശ്... 

[കുട്ടികൾ നടത്തം നിർത്തി, ശബ്ദം കേട്ട ഭാഗത്തേക്ക് തിരിഞ്ഞ് നോക്കുന്നു. തിന്മ അവരെ കൈ കൊണ്ട് ആംഗ്യം കാട്ടി അടുത്തേക്ക് വിളിക്കുന്നു. കുട്ടികൾ തിന്മയുടെ അടുത്തേക്ക് പോകാൻ മടിച്ച് അവിടെത്തന്നെ നിൽക്കുന്നു. തിന്മ വീണ്ടും ആംഗ്യം കാണിച്ച് വീണ്ടും അടുത്തേക്ക് വിളിക്കുന്നു. കുട്ടികൾ വരാത്തത് കൊണ്ട് തിന്മ അവരുടെ അടുത്തേക്ക് നീങ്ങുന്നു. കുട്ടികൾ ഭയപ്പാടോടെ ഓടാൻ ഭാവിക്കുന്നു.]

തിന്മ: അവിടെ നിൽക്കൂ... നിങ്ങളെ ഞാനൊന്നും ചെയ്യില്ല... പകരം നിങ്ങൾക്ക് ഞാനൊരു സമ്മാനം തരാം...

[കുട്ടികൾ നിൽക്കുന്നു. തിന്മ അവരുടെ അടുത്തെത്തുന്നു]

കുട്ടി(Girl): ആരാ... നിങ്ങളെ കണ്ടിട്ട് പേടി തോന്നുന്നു....

തിന്മ: അയ്യോ മക്കളേ എന്നെ പേടിക്കുകയേ വേണ്ട... പകരം ഞാൻ നിങ്ങളെ സഹായിക്കാൻ വന്നതാണ്... ഞാൻ പറയുന്നത് കേൾക്കാമെങ്കിൽ നിങ്ങൾക്ക് കൂടുതൽ പണം ഉണ്ടാക്കാം... ആവോളം ചോക്ക്ലേറ്റും ഐസ്ക്രീമുമൊക്കെ വാങ്ങിക്കഴിക്കാം. പണം ഉണ്ടായാൽ പിന്നെ നാട്ടുകാരൊക്കെ നിങ്ങൾ പറയുന്നത് പോലെ കേൾക്കും...കാറിൽ രാജാവിനെപ്പോലെ സ്കൂളിൽ പോകാം. എന്താ നിങ്ങൾക്ക് കൂടുതൽ പണവും പത്രാസും വേണ്ടാന്നുണ്ടോ?

കുട്ടി(Boy): വേണം... ഞങ്ങൾക്ക് കൂടുതൽ പണവും പത്രാസും വേണം...

തിന്മ: ആ... അതാണ്... പണം.... പണം ആർക്കാണ് വേണ്ടാത്തത്... പണം തരുന്ന സുഖം... അതാണ് യഥാർത്ഥ സുഖം... എന്നാൽ മാമൻ പറയുന്നത് പോലെ കേൾക്കാമോ....

കുട്ടി(Girl): കേൾക്കാം... [boy agreeing to it by action]

തിന്മ: പക്ഷേ പണം വേണമെങ്കിൽ  സംഗതി രഹസ്യമായിരിക്കണം... അച്ഛനോടും അമ്മയോടും പോലും ഇപ്പോൾ പറയരുത്... പണം കയ്യിൽ കുമിഞ്ഞ് കൂടിയതിന് ശേഷം.. ഒരു ദിവസം സർപ്രൈസായിട്ട് അവരോട് പറഞ്ഞാ മതി... റെഡിയാണോ....?

കുട്ടി(Girl): അതിന് ഞങ്ങളെന്താണ് ചെയ്യേണ്ടത്...? 

[തിന്മ ഒരു പൊതി മൂത്ത കുട്ടിയുടെ കയ്യിൽ കൊടുക്കാൻ ശ്രമിക്കുന്നു... കുട്ടികൾ വാങ്ങുന്നില്ല.]

കുട്ടി(Boy): അയ്യോ... ഇതെന്താ...?

തിന്മ: മടിക്കേണ്ട... ധൈര്യമായി വാങ്ങിച്ചോളൂ... ഈ പൊതി സൂക്ഷിച്ചു വയ്ക്കണം. ഇതിൽ ഇരുപത് കുഞ്ഞ് കുഞ്ഞ് പൊതികളുണ്ട്... നിങ്ങൾ...  ഈ ഓരോ കുഞ്ഞ് പൊതികളും രഹസ്യമായി.... നിങ്ങളുടെ കൂട്ടുകാർക്ക് വിൽക്കണം. ഓരോ പൊതിക്കും മാമൻ നൂറ് രൂപാ വീതം നിങ്ങൾക്കു തരും... എത്ര രൂപാ...?

കുട്ടികൾ(Together): നൂറ് രൂപ...??

തിന്മ: അതെ നൂറ് രൂപാ... അപ്പോൾ 20 പൊതികൾ വിറ്റാൽ നിങ്ങളുടെ കീശയിൽ എത്ര പൈസയ്ണ്ടാവും ?

[കുട്ടികൾ കണക്ക് കൂട്ടുന്നത് പോലെ ഭാവിക്കുന്നു...  പരസ്പരം സംസാരിക്കുന്നു... ഒടുവിൽ രണ്ടുപേരും ഒരു ധാരണയിൽ എത്തുന്നു]

കുട്ടി (Boy):  2000 രൂപ... 

തിന്മ: മിടുക്ക....  അപ്പോ വിൽക്കാമോ....

കുട്ടി(Girl):  അതിന്... ഞങ്ങൾക്ക് വിൽക്കാൻ അറിയില്ലല്ലോ...

തിന്മ: അത് സാരമില്ല... വിൽക്കാനുള്ള വിദ്യകൾ ഞാൻ നിങ്ങളെ പഠിപ്പിക്കാം...  

കുട്ടികൾ: (പരസ്പരം കുശുകുശുക്കുന്നു)

തിന്മ:നിങ്ങൾ ഈ പൊതി വിൽക്കുകയാണെങ്കിൽ... ഒരു മാസം കൊണ്ട്... നിങ്ങൾക്ക് ഒരു ലക്ഷം രൂപയുണ്ടാക്കാം... അങ്ങനെ ഒരു കൊല്ലം കൊണ്ട് പന്ത്രണ്ട് ലക്ഷം രൂപായുണ്ടാക്കാം... കൂടുതൽ വിറ്റാൽ.. അതിലും കൂടുതൽ...

കുട്ടി (Girl): ന്റമ്മോ... പന്ത്രണ്ടു ലക്ഷമോ... 

കുട്ടി(Boy): അതൊക്കെ ഒരുപാടു പൈസയല്ലേ...  അത്രയും പണം എവിടെയാ വയ്ക്കുക ...

[കുട്ടികൾ പിന്നെയും കുശുകുശുക്കുന്നു]

തിന്മ: അതൊന്നും നിങ്ങൾ വിഷമിക്കേണ്ട... അതിനൊക്കെയല്ലേ മാമൻ നിങ്ങളുടെ കൂടെയുള്ളത്... അങ്ങനെ വിറ്റ് വിറ്റ് നിങ്ങളുടെ കയ്യിൽ പണം  കുമിഞ്ഞ് കൂടിയാൽ.... ദാ... ആ കാണുന്ന മലയില്ലേ.... ആ സ്ഥലം മുഴുവനും നിങ്ങൾക്ക് വില കൊടുത്ത് വാങ്ങാം... അവിടത്തെ മരങ്ങൾ വെട്ടി വിൽക്കാം... പിന്നെ ആ മല ഇടിച്ച് നിരത്തി റിസോർട്ട് ഉണ്ടാക്കാം... അവിടെ കൊട്ടാരം പണിയാം... കൂടുതൽ കൂടുതൽ പൈസയുണ്ടാക്കാം... നമ്മുടെ സുരേന്ദ്രൻ മുതലാളിയെപ്പോലെ... 

കുട്ടികൾ(Together): ആ.. ആ... എന്നാ ഞങ്ങൾ റെഡിയാണ് ...

തിന്മ: ആ... അങ്ങനെയാണ് നല്ല കുട്ടികൾ... നിങ്ങളിനി ലക്ഷപ്രഭുക്കളാണ്... അല്ല കോടീശ്വരന്മാരാവാൻ പോവ്വാണ്.... അപ്പോ ഈ കെട്ട് ധൈര്യമായി പിടിച്ചോളൂ... (കെട്ട് കുട്ടികൾക്ക് നേരെ നീട്ടുന്നു... കുട്ടികൾ അത് വാങ്ങുന്നു.) ബാക്കി കാര്യങ്ങൾ ഞാൻ പിന്നാലെ പറഞ്ഞ് തരാം കേട്ടോ...

കുട്ടി(Boy): എന്നാപിന്നെക്കാണാം മാമാ... ബൈ....

[എല്ലാം അംഗീകരിച്ച ഭാവത്തിൽ കുട്ടികൾ രംഗം വിടുന്നു... തിന്മയും ബൈ പറയുന്നു]

തിന്മ: (വളരെ നിഗൂഢവും, ക്രൂരവുമായ ഭാവത്തിൽപാവം കുട്ടികൾ... അവരിനി എന്റെ അടിമകൾ... അവരിനി പൈസക്കായിവരും... അവരുടെ അവയവങ്ങൾ ഞാൻ ചൂഴ്ന്നെടുക്കും... എന്റെ കച്ചവടം പൊടിപൊടിക്കും... ഈ കാണുന്ന കാട് മുഴുവൻ വെട്ടിത്തെളിച്ച്, മലകൾ മുഴുവൻ ഇടിച്ച്... വയലുകൾ നിരത്തി റിസോർട്ടുകളും മാളുകളും പണിയും....  അതെനിക്കൊരു ലഹരിയാണ്.. ഹഹഹഹ...

[ലൈറ്റ് അണയുന്നു... ]

Scene 2 

[അരങ്ങത്ത് ലൈറ്റ് വീണ്ടും തെളിയുന്നു... സന്തോഷകരമായൊരു കുടുംബരംഗം; ചുരം സിനിമയിലെ താഴെപ്പറയുന്ന ഗാനം പശ്ചാത്തലത്തിൽ:
"താരാട്ടിൻ ചെപ്പുതുറക്കും ഉണ്ണിക്കണ്ണാ മിഴിപ്പൂട്ട്... 
 താരാട്ടിൻ ചെറു ചെപ്പു തുറക്കും ഉണ്ണിക്കണ്ണാ മിഴിപൂട്ട്..." ]

[അച്ഛൻ, അമ്മ, ആൺകുട്ടി, പെൺകുട്ടി. അമ്മയുടെ കൈയ്യിൽ ഒരു കൈക്കുഞ്ഞ്. അമ്മ കുഞ്ഞിനെ താരാട്ടുന്നു. അച്ഛനും മൂത്ത കുട്ടികളും പലതരത്തിലുള്ള ഗൃഹാന്തരീക്ഷ പരിപാടികളിൽ ഏർപ്പെടുന്നു. ഏകദേശം രണ്ട് മിനുട്ട് കഴിഞ്ഞ് രംഗം അവസാനിക്കുന്നു.]

[വളരെ സന്തോഷകരമായ ഭാവങ്ങളോടെ കുടുംബം സ്റ്റേജിൽ നിന്നും പോകുന്നു. നന്മ പ്രവേശിക്കുന്നു.]

Scene 3 

നന്മ: നിങ്ങൾ കണ്ടില്ലേ...? എത്ര സന്തോഷകരമായ ജീവിതം? ആരും അസൂയപ്പെട്ടുപോകും... അല്ലേ... 

[പെൺകുട്ടിയും ആൺകുട്ടിയും പ്രവേശിക്കുന്നു. നന്മയെ ശ്രദ്ധിക്കുന്നു. നന്മ കുട്ടികളേയും ശ്രദ്ധിക്കുന്നു]

കുട്ടി(Boy): മാമൻ ഏതാ? ഇവിടെങ്ങും കണ്ടിട്ടില്ലല്ലോ?

നന്മ : ഞാൻ ഇവിടെത്തന്നെയുള്ള ആളാ. നിങ്ങൾ കണ്ടിട്ടില്ലെന്നേയുള്ളൂ. പല രൂപത്തിലാണ് എന്നെ ആളുകൾ കാണുന്നത്...സുഹൃത്തായി  കാണുന്നവരുണ്ട്, രക്ഷകനായി കാണുന്നവരുണ്ട്, അങ്ങനെ പലതും... മക്കൾക്കെന്നെ മാമൻ എന്നു വിളിക്കാം. 

കുട്ടി(Girl): (മറ്റേ കുട്ടിയോട്) നമ്മളിന്നലെ പരിചയപ്പെട്ട മാമന്റെ ആരെങ്കിലുമായിരിക്കുമോ ? 

നന്മ: ഇന്നലെ പരിചയപ്പെട്ട മാമനോ? അതേതു മാമൻ ?

കുട്ടി(Boy): അല്ല... ഇതുപോലെ അല്ല... 

കുട്ടി(Girl): ആ മാമന്റെ വേഷം വേറെയാണ്... ആ മാമനെയും ഞങ്ങളിതുവരെ കണ്ടിട്ടില്ലായിരുന്നു... 

നന്മ: നിങ്ങൾ സ്വപ്നം കണ്ടതാവും...

കുട്ടി (Boy): അല്ല... ഞങ്ങൾ ശരിക്കും കണ്ടതാണ്.... 

കുട്ടി(Girl): ഈ മാമനും മറ്റേ മാമനെപ്പോലെ പൊതി വിൽക്കാൻ വന്നതായിരിക്കുമോ ?

കുട്ടി (Boy): (മറ്റേ കുട്ടിയെ കൂടുതൽ പറയുന്നതിൽ നിന്ന് തടയുന്നു...) ശ്...

നന്മ: നിങ്ങളെന്തോ ഒളിക്കുന്നുണ്ടല്ലോ... എന്നോട് സത്യം പറയൂ.... മറ്റേ മാമൻ എന്ത് വിൽക്കാൻ വന്നതാണ് ...? അയാൾ  നിങ്ങളെ എന്തെങ്കിലും വിൽക്കാൻ ഏൽപിച്ചോ?

കുട്ടി (Girl): അത്... രഹസ്യമാണ്.... പറയാൻ പറ്റൂല്ല....

കുട്ടി (Boy): വാ... നമുക്ക് പോവ്വാം...

[ആൺകുട്ടി പെൺകുട്ടിയുടെ കുട്ടിയുടെ കൈ പിടിച്ച്ചു കൊണ്ട് രംഗം വിടാൻ ശ്രമിക്കുന്നു.]

നന്മ: (കുട്ടികളെ തടഞ്ഞ് കൊണ്ട്) അല്ല.. അല്ല... നിങ്ങളെന്തോ ഒളിക്കുന്നുണ്ട്... നിങ്ങളുടെ മുഖത്തുള്ള ഭയപ്പാട് എനിക്ക് കാണാൻ പറ്റും.... എന്നോട് സത്യം പറയൂ.... സത്യം പറഞ്ഞില്ലെങ്കിൽ നിങ്ങൾ അപകടത്തിൽ പെടും.... പിന്നെ ആർക്കും നിങ്ങളെ രക്ഷിക്കാൻ കഴിയില്ല...

കുട്ടി (Boy): ഞങ്ങൾക്ക് അത് പറയാൻ പറ്റില്ല... (വീണ്ടുംപെൺകുട്ടിയുടെ കുട്ടിയുടെ കൈ പിടിച്ച്) വാ... നമുക്ക് പോവ്വാം....

നന്മ: നിങ്ങളെ ആരോ പറ്റിച്ചെന്നു തോന്നുന്നു കുട്ടികളേ... എന്നോട് സത്യം പറയാതെ നിങ്ങളെ ഞാൻ വിടില്ല... അല്ലെങ്കിൽ നിങ്ങൾ എന്തോ ഒളിക്കുന്നു എന്ന കാര്യം ഞാൻ നിങ്ങളുടെ മാതാപിതാക്കളെ അറിയിക്കും...

കുട്ടികൾ: അയ്യോ... അവരോട് ഒന്നും പറയല്ലേ...

നന്മ: എന്നാൽ കാര്യം തെളിച്ച് പറയൂ...

[പെൺകുട്ടി മടിച്ച് മടിച്ച് താഴ്ന്നശാബ്ദത്തിൽ പറയുന്നു]

കുട്ടി (ഗേൾ ): മറ്റേ മാമൻ ഞങ്ങളുടെ കയ്യിൽ കുറച്ചു പൊതികൾ തന്നു.

നന്മ: ഓ.. ഹോ... അങ്ങനെയാണോ? അയാൾ തന്ന സാധനം എന്നെയൊന്നു കാണിക്കൂ...

[കുട്ടികൾ മടിച്ച് മടിച്ച് ഒരു പൊതി പുറത്തെടുത്ത് നന്മയെ കാണിക്കുന്നു. നന്മ തുറന്ന് നോക്കി അത്ഭുതപ്പെടുന്നു.]

നന്മ: (നീട്ടി മൂളുന്നു. അത്ഭുതവും ആശ്ചര്യവും ഭയവും കലർന്ന ഭാവം) ഹ്മ്മ്മ്....  അപ്പോൾ ഇതാണ് കാര്യം... നിങ്ങൾക്ക് ഈ സാധനം തന്നയച്ചയാൾ നിങ്ങളെ ഒരു വലിയ കെണിയിൽ പെടുത്തിയിക്കുകയാണ്... ഇത് മയക്കുമരുന്നാണ്.... നാടിനെ മയക്കി പണം കൊയ്യുന്ന മയക്കുമരുന്ന്... പിടിക്കപ്പെട്ടാൽ ദീർഘകാലം നിങ്ങൾ ജയിലിൽ കിടക്കും...

കുട്ടി (Boy): ഞങ്ങൾക്ക് ഇതൊന്നും അറിയില്ലായിരുന്നു... 
കുട്ടി (ഗേൾ): പെട്ടന്ന് പണം ഉണ്ടാക്കാമെന്ന് മറ്റേ മാമൻ പറഞ്ഞപ്പോ....

നന്മ: മക്കളേ... ഇങ്ങനെയാണ് നമ്മുടെ നാട് നശിക്കുന്നത്... നമ്മുടെ നിലനിൽപ്പ് തന്നെ ഇല്ലാതാകുന്നത്.... പെട്ടന്ന് പണക്കാരനാകാനുള്ള ആർത്തിയാണ് എല്ലാവർക്കും... ഇങ്ങനെയുണ്ടാക്കിയ പണം അവർ ഈ ഭൂമിയെത്തന്നെ നശിപ്പിച്ചു കൂടുതൽ പണമുണ്ടാക്കാൻ ശ്രമിക്കുന്നു.. അങ്ങനെ വരൾച്ചയും വെള്ളപ്പൊക്കങ്ങളും മറ്റ് പ്രകൃതി ദുരന്തങ്ങളും ഉണ്ടാകുന്നു... 

കുട്ടി (Boy): സോറി മാമാ...  
കുട്ടി(Girl ): ഇനി ഞങ്ങൾ അങ്ങനെയൊന്നും ചെയ്യില്ല...

നന്മ: മാമനിപ്പോ നിങ്ങളെ കണ്ടത് നന്നായി... (പ്രേക്ഷകരോടായി) ഞാൻ പല വർഷങ്ങളായി മനുഷ്യ നന്മക്കുവേണ്ടി പ്രവർത്തിക്കുകയാണ്. അതിനായി പല വേഷങ്ങളും കെട്ടിയിട്ടുണ്ട്. ഇപ്പോൾ ഈ വേഷത്തിൽ. ഇനി എന്തെല്ലാം വേഷങ്ങൾ വേണ്ടി വരുമോ ആവോ? പക്ഷേ പല കാരണങ്ങളാലും ഇതുവരെ പരാജയങ്ങളാണ് കൂടുതലായി എനിക്ക് സംഭവിച്ചിട്ടുള്ളത്. ഹ്...ഉം... എന്തായാലും എന്റെ ശ്രമങ്ങൾ എന്നെങ്കിലുമൊരിക്കൽ വിജയിക്കും... നന്മയുടെ വിജയം... അത് ഞാൻ നേടും. പ്രതീക്ഷയാണല്ലോ നമ്മളെ മുന്നോട്ടുനയിക്കുന്നത്. നിങ്ങളുംഎന്നോടൊപ്പം കൂടില്ലേ? 

കുട്ടികൾ: ആ... തീർച്ചയായും ഞങ്ങൾ കൂടെ നിൽക്കും... (നന്മയെ നോക്കി തലയാട്ടി).

കുട്ടി(ബോയ്).. സ്കൂളിൽ പോകാൻ സമയമായി.... നമ്മൾ പോകട്ടെ...

[കുട്ടികൾ വിളികേട്ടുകൊണ്ട് രംഗം വിടുന്നു]

നന്മ: (പ്രേക്ഷകരോട്) നോക്കൂ... എത്ര നിഷ്കളങ്കരാണവർ? പിള്ള മനസ്സിൽ കള്ളമില്ലന്നല്ലേ? നമ്മളും  ഇങ്ങനെയായിരുന്നില്ലേ? ജീവിതം നമ്മളെഎത്ര മാറ്റിമറിച്ചു ... ചിലർ പിടിച്ചുപറിക്കാർ... ചിലർ ഉപദ്രവകാരികൾ... കുട്ടികളെപ്പോലും വെറുതെ വിടാത്തവർ... ഭരണകർത്താക്കളെന്നും ഉദ്യോഗസ്ഥരെന്നുമൊക്കെപ്പറഞ്ഞ് മറ്റൊരുകൂട്ടർ... നമ്മുടെ ഈ മനോഹരമായ ഭൂമിക്ക് തുരങ്കം വയ്ക്കാൻ കൂട്ടുനില്ക്കുന്നവർ... ഇവരെല്ലാംകൂടി അനധികൃതമായി കയ്യേറിയ കാടുകൾക്കും... മുറിച്ച് മാറ്റിയ മരങ്ങൾക്കും... നിർമ്മാണങ്ങൾ പാടില്ലാത്ത സ്ഥലത്ത് കെട്ടിയുയർത്തിയ മണിസൗധങ്ങൾക്കും... മലകൾ തുരന്ന് നിർമ്മിച്ച പാറമടകൾക്കും... മലിനമാക്കിയ പുഴകൾക്കും...  നികത്തിയ വയലേലകളും... എന്തെങ്കിലും കയ്യും കണക്കുമുണ്ടോ? ആരോട് പറയാൻ... ആരോട് ചോദിക്കാൻ? പക്ഷേ നിങ്ങളിലാണെന്റെ പ്രതീക്ഷ. നിങ്ങളെന്നോടൊപ്പമുണ്ടെങ്കിൽ നമുക്കൊരുമിച്ച് ഒരു ദിവസം വിജയിക്കാം... വിജയിക്കും... നമുക്കീ കളങ്കിതമാക്കപ്പെട്ട ഭൂമിയെ വീണ്ടും മനോഹരമായൊരു പൂങ്കാവനമാക്കി അടുത്ത തലമുറകളിലേക്ക് കൈമാറാം...  ഈ ഭൂമിയെ നശിപ്പിക്കാൻ ഒരുമ്പെട്ട് വരുന്നവരെ തുരത്തിയോടിക്കാം... പക്ഷേ ചില അനർത്ഥങ്ങൾ  നമുക്ക് എത്ര ശ്രമിച്ചാലും ഒഴിവാക്കാനാവില്ലല്ലോ... 

Scene 4 

[ലൈറ്റണഞ്ഞ് വീണ്ടും തെളിയുന്നു... വീണ്ടും കുടുംബരംഗം. അമ്മ കണ്ണാടിയിൽ നോക്കി ഒരുങ്ങിക്കൊണ്ടിരിക്കുന്നു. അച്ഛൻ ഉള്ളിൽ നിന്നും കടന്നു വരുന്നു. കുട്ടികൾ ഒരുങ്ങി നിൽക്കുന്നു...]

കുട്ടി(Boy): മണിക്കുട്ടി ഇന്നുഞാനൊരു മത്തങ്ങാ ബലൂൺ വാങ്ങിക്കും.
കുട്ടി (ഗേൾ): എനിക്ക് പീപ്പി മതി.

അച്ഛൻ: എന്റെ മിനീ... നിന്റെ ഉടുത്തൊരുക്കം ഇനീം കഴിഞ്ഞില്ലേ... നിന്റെയൊരു ഒടുങ്ങാത്ത ഒരുക്കം... മലയിലെ വേല കഴിഞ്ഞാലും നിന്റെയൊരുക്കം തീരില്ലല്ലോ... ഞങ്ങൾ മൂന്ന് പേരും ഒരുങ്ങിക്കഴിഞ്ഞല്ലോ... നീ വരുന്നുണ്ടോ ഇല്ലയോ...?
 
അമ്മ: തീർന്നു ഹരിയേട്ടാ. ദാ... വന്നു 

[ഇടിമുഴക്കം കേൾക്കുന്നു. Sound and backdrop as possible. ]

അച്ഛൻ: ഓ.... ഒരു മഴക്കോള് കാണുന്നല്ലോ... ഇതെന്താ ഈ അകാലത്തിലൊരു മഴ.... ഇനിയിന്ന് വേല നടക്കുമോ ആവോ..

അമ്മ: അയ്യോ എന്റെയീ തയ്യാറെടുപ്പുകളെല്ലാം വെറുതെയായല്ലോ...  കഷ്ടായിപ്പോയി...

[മഴയുടെയും ഇടിയുടെയും ശബ്ദം മുഴങ്ങുന്നു കൂടി കൂടി വരുന്നു...]

അച്ഛൻ: എൻറെ വള്ളിയൂർക്കാവിലമ്മേ... മഴ കടുക്കുകയാണല്ലോ...

കുട്ടി (Girl ): മഴ വന്നാലുംകുടയുണ്ടല്ലോ...നമ്മൾക്ക് വേലക്ക് പോവ്വാം അമ്മേ... ഞങ്ങക്ക് ബലൂണും പീപീയുമൊക്കെവേണം.

അച്ഛൻ: ഒന്നടങ്ങിയിരിക്ക് മക്കളേ... പെരുമഴയാണെന്ന് തോന്നുന്നു.... 

കുട്ടി (Boy):  ഞങ്ങളുടെ കൂട്ടുകാരൊക്കെ വരും... അവര് ഞങ്ങളെ കാത്തിരിക്കും...

അമ്മ: ഇത്രയും വലിയ മഴക്ക് നിങ്ങളുടെ കൂട്ടുകാരൊന്നും വേലക്ക് പോകൂല്ല മക്കളേ...

കുട്ടി (Girl): അച്ഛനോട് പറയമ്മേ... 

അമ്മ: നോക്കട്ടെ മക്കളേ... മണിക്കുട്ടാ... നീ പോയി പുറത്തെ അയയിൽ ഉണങ്ങാനിട്ടിരിക്കുന്ന തുണികളെടുത്ത് വേഗം വാ... 

[ആൺകുട്ടി പുറത്തേക്കോടുന്നു. ഇടിയും മഴയും കടുക്കുന്നു. Sound, light   and backdrop as possible. അച്ഛനും അമ്മയും പേമാരിയിൽ ഭയചകിതരാകുന്നു. പേമാരിയിലും കാറ്റിലും വീടും പരിസരവും ഉലയുന്നു. വൈദ്യുതി വിച്ഛേദിക്കപ്പെടുന്നു.]

അമ്മ: നാശം... കറന്റും പോയല്ലോ... മോളെ നീ അകത്തെ മുറിയുടെജനവാതിലുകൾ അടക്കൂ... 

[പെൺകുട്ടി ഉള്ളിലേക്ക് പോകുന്നു]

അച്ഛൻ: (ഫോണിൽ) സഹദേവാ ഭയങ്കര മഴയും കാറ്റുമാണല്ലോ.  കുട്ടികളൊക്കെ ആകെ വിരണ്ടിരിക്കുവാ... ആ അതെയതെ... സാധാരണ കേൾക്കാത്ത എന്തൊക്കെയോ ശബ്ദങ്ങൾ കേൾക്കുന്നുണ്ടല്ലോ... ഓഹ്... മലയിൽ ഉരുൾപൊട്ടലോ... ഈശ്വരാ... നമ്മളിനി എന്തുചെയ്യും? ഓ... ഫോണിന്റെ ചാര്ജും തീരാറായല്ലോ.... എന്നാ ഞാൻ ഫോൺ വയ്ക്കട്ടെ....

അച്ഛൻ: (ഫോൺ കീശയിലിടുന്നു... അടുത്തുള്ള കുട്ടിയെ വാരിപ്പുണരുന്നു.)  എടീ... മലയിൽ ഉരുള് പൊട്ടീന്നാ സഹദേവൻ പറഞ്ഞത്... കരടിമല മുഴുവൻ പൊട്ടിയത്രേ... ഉരുളിവിടെയെത്താൻ... ഇനി അധികം വൈകൂല്ലാ...  അതിന് മുന്നേ നമുക്ക് പിള്ളാരെയുമെടുത്ത് രക്ഷപ്പെടാം.... എടാ മണിക്കുട്ടാ.. .  മണിക്കുട്ടനെവിടെ... (അങ്ങോട്ടുമിങ്ങോട്ടും ഓടുന്നു.) 

അമ്മ: അയ്യോ... സത്യമാണോ ചേട്ടാ... അയ്യോ...  ഒരു കാര്യം ചെയ്യൂ... നിങ്ങൾ എത്രയും പെട്ടന്ന് ആ മെമ്പർ തോമാച്ചനെ ഒന്നുവിളിക്ക്... മണിക്കുട്ടാ... മോനേ മണിക്കുട്ടാ... ഇനി തുണിയൊന്നും എടുക്കാൻ നിക്കണ്ട.... നീ വേഗം ഇങ്ങോട്ട് വാ... 

[അച്ഛൻ തോമാച്ചനെ ഫോൺ വിളിക്കാൻ നോക്കുന്നു. കിട്ടുന്നില്ല. ഭാര്യയോട് ]

അച്ഛൻ : എഡീ തോമാച്ചനെ കിട്ടുന്നില്ല... ഇനിയൊണെന്നും നോക്കാനില്ല...  ഞാനാ പൈക്കളെയും കോഴികളെയും തുറന്ന് വിടാം...   (ഉള്ളിലേക്കോടി വീണ്ടും പുറത്തോട്ട് വരുന്നു..) 

അമ്മ: റേഷൻകാർഡും ആധാറും വെച്ച പ്ലാസ്റ്റിക്ക് ബാഗ് കാണുന്നില്ലല്ലോ ചേട്ടാ... 

[മൂത്ത കുട്ടി ഉള്ളിലേക്കോടി വാവയെ എടുത്ത് കൊണ്ട് വരുന്നു]

അച്ഛൻ: ഇനി അതിനൊന്നും സമയം ഇല്ലാ.... ഉരുളിന്റെ ശബ്ദം കേക്കുന്നുണ്ട്.. വേഗം വാ.... 

[ആകെ മൊത്തം ബഹളങ്ങളും രോദനവും... ഉള്ളുലക്കുന്ന പിന്നാമ്പുറ ദൃശ്യങ്ങളും ശബ്ദാവിഷ്കാരങ്ങളും...]

[After a buildup സ്റ്റേജ് ലൈറ്റ് അണയുന്നു. ] 

Scene 5 

[ലൈറ്റ് ഓൺ ആകുമ്പോൾ, അച്ഛനും മകളും മാത്രം നിലവിളിച്ചുകൊണ്ട് നിൽക്കുന്നു. പ്രോജൿഷൻ കിട്ടുകയാണെങ്കിൽ, പിന്നണിയിൽ ഉരുൾ പൊട്ടി എല്ലാം നശിച്ച്, വിജനമായ, ഛിന്നഭിന്നമായ ഒരു ഭൂമികയുടെ ചിത്രം.].

അച്ഛൻ: (വിലപിച്ചുകൊണ്ട്) അയ്യോ എന്റെയെല്ലാം പോയേ...ഞങ്ങളുടെ കുഞ്ഞുവാവയും മിനിയും മണിക്കുട്ടനും എവിടെ? ഒരാഴ്ചയായിട്ടും അവരുടെ ഒരു വിവരവും ഇല്ലല്ലോ... ഇനി... ആർക്കുവേണ്ടിയാണ്‌ ഞങ്ങൾ കാത്തിരിക്കുന്നത്? അയ്യോ... എന്റെ ബന്ധുക്കളും നാട്ടാരുമെല്ലാം ഒലിച്ചുപോയല്ലോ... ഇനി ഞങ്ങളെന്തിന് ജീവിച്ചിരിക്കണം? അയ്യോ... ഇതെന്തൊരു ദുർവ്വിധിയാണ് ദൈവമേ...  (പൊട്ടിപ്പൊട്ടിക്കരയുന്നു).

[ലൈറ്റണഞ്ഞതിന് ശേഷം രംഗം മാറുന്നു... വീണ്ടും ലൈറ്റ് തെളിയുന്നു. നന്മ ദുഃഖഭാരത്താൽ സ്റ്റേജിന്റെ നടുക്ക്  മുട്ടുകുത്തിനിന്ന് വിലപിക്കുന്നു]

Scene 6 

നന്മ: നിങ്ങളിതു കണ്ടില്ലേ... ഞാനിവിടെ വീണ്ടും പരാജിതനായല്ലോ.... എത്രയോ കാലമായി ഞാനെന്റ സഹോദരങ്ങളെ രക്ഷിക്കാനായി പ്രയത്‌നിക്കുന്നു. എനിക്കീ കൊച്ചു കുടുംബത്തെപ്പോലും  രക്ഷിക്കാനായില്ലല്ലോ... ഉണർന്നു പ്രവൃത്തിക്കേണ്ട സമയമായിരിക്കുന്നു... പൂർവ്വാധികം ശക്തിയോടെ ഉണർന്നു പ്രവർത്തിക്കേണ്ട സമയം... അതിക്രമിച്ചിരിക്കുന്നു... ഈ വിനാശങ്ങൾ തടഞ്ഞേ മതിയാവുള്ളൂ...  

[വശത്തുനിന്നും  തിന്മ നടന്നടുക്കുന്നു.  പൊട്ടിച്ചിരിക്കുന്നു. നന്മ തിരിഞ്ഞുനോക്കുന്നു ]

തിന്മ: (പൊട്ടിച്ചിരിക്കുന്നു) ഹ ഹ ഹ...

നന്മ: (തിന്മയോട്) നീയാരാണ്? 

തിന്മ: (വീണ്ടും പൊട്ടിച്ചിരിച്ചുകൊണ്ട്‌) ഹ ഹ ഹ...എന്നെ നിനക്കറിയില്ല അല്ലേ...? ഇക്കണ്ടനാശമെല്ലാം കണ്ടിട്ടും നിനക്കെന്നെ മനസ്സിലായില്ല അല്ലേ...? മനുഷ്യകുലം കാലങ്ങളായി  എന്നോടാണ് ചേർന്ന് നിൽക്കുന്നത്. എത്രകാലമായി ഞാനിത് തുടരുന്നു... എനിക്കീ കർമങ്ങൾ ചെയ്തു തരാൻ എത്രയോ ആളുകൾ രാവും പകലുമില്ലാതെ പണിയെടുക്കുന്നു... അവരെയൊക്കെ തടയാൻ (നന്മക്ക് നേരെ കൈചൂണ്ടി ) താനെത്ര കാലമായി പരിശ്രമിക്കുന്നു... തനിക്ക് ഒരു തരി പോലും അതിൽ വിജയിക്കാനായോ...? ഇനിയും കിടന്ന് മിനക്കെടാതെ തോറ്റ് തലകുനിച്ച് മടങ്ങുന്നതാണ് നിനക്ക് നല്ലത്...

നന്മ: ഓഹോ... ഇത്രകാലമായി ഞാൻ തേടി നടക്കുന്ന ദുഷ്ടശക്തി നീയാണല്ലേ? അതെ... നിന്നെ തോൽപ്പിക്കാൻ ഞാൻ കുറേക്കാലമായി പരിശ്രമിക്കുന്നു. ഒരിക്കൽ ഞാൻ നിന്റെ മേൽ വിജയം നേടുക തന്നെ ചെയ്യും. നീ എത്രമേൽ ശക്തി കാട്ടിയാലും, എത്രമേൽ വിനാശങ്ങൾ വിതച്ചാലും ഞാൻ അതിനെതിരായി പരിശ്രമിച്ച് കൊണ്ടേയിരിക്കും... നിനക്കിനി അധികം ആയുസ്സില്ലാ... നീയീ കളിച്ചത്.... നിന്റെ അവസാനത്തെ കളിയാണ്...

തിന്മ: ഹ ഹ ഹ... വിജയം... അതെപ്പോഴും എന്റേത് തന്നെയല്ലേ... നീകണ്ടില്ലേ ഈ നടന്ന ഉരുൾപൊട്ടൽ മുതൽ കാലാകാലങ്ങളായി എത്രയെത്ര സർവ്വനാശങ്ങൾ...? നീ രക്ഷിക്കാൻ ശ്രമിക്കുന്ന മനുഷ്യർക്ക് ആർത്തിയാണ്... ഭൂസ്വത്തിനോട്... പൊന്നിനോട്... മണിമാളികകളോട്... ആർഭാടങ്ങളോട്... ചമയങ്ങളോട്.... എന്തിനധികം പറയണം.... ഈ ആർത്തി മൂത്ത് മൂത്ത് അവന് ഇന്ന് കണ്ണ് കാണാതായിരിക്കുന്നു... ഈ ആർത്തി മനുഷ്യനുള്ളിടത്തോളം കാലം നിനക്ക് എന്നെ തോൽപ്പിക്കാനാവില്ല.... അവന് ആർത്തി മൂക്കാനും അവന്റെ സ്വബോധം നശിക്കാനുമുള്ള എന്റെ പ്രവർത്തികൾ ഇതിനകം തന്നെ വിജയം നേടിയിരിക്കുന്നു... നിനക്ക്  എന്നോടൊപ്പം ചേരാം... തോൽക്കുന്നതിനേക്കാൾ എത്രയോ നല്ലത് അതാണ്...

നന്മ: നീ ഈ പാവം മനുഷ്യരുടെ സ്വബോധത്തെ, സന്മാർഗ്ഗത്തെ, മൂല്യചിന്തകളെ, അച്ചടക്കത്തെ... ഇവയെല്ലാം നശിപ്പിച്ച് ഈ പ്രകൃതിയെ നശിപ്പിക്കാൻ തുടങ്ങിയിട്ട് കാലങ്ങളായി... ഇനി അതിന് അധികം ആയുസ്സില്ല... ഇനിയും കൂടുതൽ കാലം ജയിച്ചുകൊണ്ടിരിക്കാമെന്നത് നിന്റെ വ്യാമോഹം മാത്രമാണ്. അതിനുള്ള പ്രവർത്തനങ്ങൾക്ക് എന്നോടൊപ്പം ഇവിടുത്തെ യുവജനങ്ങളുണ്ട്... ഞങ്ങൾ  നിനക്കെതിരെ സന്ധിയില്ലാ സമരം... അല്ല യുദ്ധം തന്നെ പ്രഖ്യാപിച്ചിരിക്കുന്നു... അതിന്റെ അവസാന നിമിഷങ്ങളിലെ വിജയഭേരികളാണ് നീയിപ്പോൾ കേട്ട് കൊണ്ടിരിക്കുന്നത്... (പശ്ചാത്തലത്തിൽ പട്ടാളച്ചുവടിന്റെ ശബ്ദവിന്യാസങ്ങൾ - കുറഞ്ഞ ശബ്ദത്തിൽ)

തിന്മ: ഹ ഹ ഹ... നിന്റെ പ്രയത്നം... അതൊക്കെ നിഷ്‌ഫലമാക്കാൻ എനിക്ക് നിമിഷങ്ങൾമാത്രം മതി...

നന്മ: ദുഷ്ടാ... ഇനി വാക്കുകൾക്ക് പ്രസക്തിയില്ല... പ്രവർത്തികൾ മാത്രം.... അണിചേർന്ന് വരുന്ന യുവജനതയെ ജയിക്കാൻ നിനക്കാവില്ല... ഇത് നിന്റെ അവസാനത്തെ അട്ടഹാസമാണ്... 

[നന്മ തിന്മയുടെ മേലേക്ക് ചാടിവീച്ചുന്നു. fight between നന്മ  & തിന്മ  with flickering light and fight music. നന്മയെ തിന്മ ചവിട്ടിവീഴ്ത്തുന്നു. തിന്മ അട്ടഹസിച്ച്  നില്ക്കുന്നു. ]

തിന്മ: ഹ ഹ ഹ....

[പട്ടാളച്ചുവടിന്റെ താളമുള്ള പാട്ട് കേൾക്കാൻ തുടങ്ങുന്നു. അതിന്റെ താളത്തിനനുസരിച്ച് ഒരു കൂട്ടം ചെറുപ്പക്കാർ പല ഭാഗങ്ങളിൽ നിന്നായി അരങ്ങിലേക്ക് പ്രവേശിക്കുന്നു. പാട്ടിനോടൊപ്പിച്ചുള്ള ചുവഡുകളുടെ ഭാഗമായി നന്മയെ അവർ എഴുന്നേൽപ്പിക്കുന്നു; തിന്മയെ വീഴ്ത്തുന്നു. നന്മ ചെറുപ്പക്കാരോടൊപ്പം ചുവടുകൾ വയ്ക്കുന്നു... പാട്ടവസാനിക്കുന്നതോടെ എല്ലാവരും നിശ്ചലരായി നിൽക്കുന്നു.]

Song:

സമയമായ്... സമയമായ്... സമയമായ്... സമയമായ്... 

സമയമായ് സഹജരേ ഉണരുവാൻ സമയമായ് 
സമയമായ് സമീപനം സമൂലമായി മാറുവാൻ  

പെറ്റുപെരുകി തിന്മകൾ നാട്ടിലാകെ ഭീതികൾ 
പതഞ്ഞുയർന്ന ദുരകളാൽ ദുരന്തമായി നാടുകൾ

മലയിടിച്ച് വയൽ നികത്തി ഗോപുരങ്ങൾ കെട്ടിയോർ  
ലോലഭൂവിൽ കാട് വെട്ടി പാറമടകൾ തീർത്തവർ 

കാളകൂടമൊഴുക്കി വിട്ട് പുഴകളാകെയിരവിലായ്  
നുരഞ്ഞ ലഹരിയുള്ളിലേറ്റി നൻപരാകെ മൂഢരായ് 

സമയമായ് സതീർത്ഥരേ തിന്മയെ തകർക്കുവാൻ 
സമയമായ് ചിട്ടകൾ തച്ചുടച്ച് വാർക്കുവാൻ 

മറഞ്ഞിരുന്ന് കെണിയൊരുക്കും നീചരെ തുരത്തുവാൻ 
ആർത്തി പൂണ്ട മർത്ത്യരെ മെരുക്കി ഭൂമി കാക്കുവാൻ 

വരണ്ട് വിണ്ട് വീണ മണ്ണിലുറവ കൊണ്ട് വന്നിടാൻ 
വിണ്ണിലേക്കുയർന്ന വിഷച്ചുരുളുകൾ ചുരുക്കുവാൻ 

മലിനമായ നദികളെ വീണ്ടെടുത്തൊഴുക്കുവാൻ  
മെലിഞ്ഞുണങ്ങി മൊട്ടയായ കാനനം തളിർക്കുവാൻ 

സമയമായ് സഖാക്കളേ നന്മയോട് ചേർന്നിടാൻ 
സമയമായ് സുചിന്തകൾ സുദീപ്തമായ് പരത്തുവാൻ 

സമയമായ് സഘോഷരേ ഘർഷണം കുറയ്ക്കുവാൻ
സമയമായ് സ്വഭൂതലം സ്വർഗ്ഗലോകമാക്കുവാൻ

ജനയുവങ്ങളായ നമ്മളൊത്തു ചേർന്ന് നിന്നിടാം 
ഇനി വരും പരമ്പരക്ക് നല്ല ഭാവി നേർന്നിടാം

CONCLUSION DIALOGUE:

യുവത്വത്തിലാണ്‌ നമ്മുടെ പ്രതീക്ഷ. 52 ശതമാനത്തിലേറെ യുവതയുള്ള ഇന്ത്യ, ലോകത്തിന്റെ പ്രതീക്ഷയുടെ മുന്നിൽ ചിറകുവിരിച്ചു നിൽക്കുന്നു. ഇവർ നമ്മുടെ അഭിമാനം ഉയർത്തിപ്പിടിക്കുകയും ലോകനന്മക്കായി പ്രവർത്തിക്കുകയും ചെയ്യും എന്ന പ്രതീക്ഷയോടെ ഞങ്ങളിവിടെ തിരശ്ശീല താഴ്ത്തുന്നു...
                                            
ലോകാഃ സമസ്താ സുഖിനോ ഭവന്തു!
--------------------------------------------------------ശുഭം--------------------------------------------------------
നാടകത്തിന്റെ പിന്നാമ്പുറ കഥ:
[2024 നവംബർ 9 ന്, കുറച്ച് പേരുടെ കൂടെ ഒരു വലിയ സന്തോഷത്തിന്റെ ഭാഗമാകാൻ കഴിഞ്ഞു. KAGW KeralaAssociation GreaterWashington ആ ദിവസം ഒരു നാടകമത്സരം നടത്തിയിരുന്നു. പ്രവാസനാട്ടിൽ, പ്രത്യേകിച്ചും അമേരിക്ക പോലുള്ള ഒരു നാട്ടിൽ മലയാള നാടകമത്സരങ്ങൾ സംഘടിപ്പിക്കുക എന്നത് വളരെ വിഷമ പിടിച്ച ഒരു കാര്യമാണ്. അത്തരത്തിൽ ഒരു ഉദ്യമം നടത്തിയതിന് KAGW വിന് അഭിനന്ദനങ്ങൾ! സംഭാഷണങ്ങൾ റെക്കോർഡ് ചെയ്ത് നാടകങ്ങൾ അരങ്ങേറുന്ന ഇക്കാലത്ത് ലൈവായി സംഭാഷണങ്ങൾ പറഞ്ഞ് അവതരിപ്പിക്കുക എന്നുള്ളത് ഒരു വലിയ കടമ്പ തന്നെയായിരുന്നു.

വേറൊരു നാടകത്തിന്റെ പിന്നാമ്പുറത്ത് പ്രവർത്തിക്കാം എന്ന് വിചാരിച്ചിരുന്ന എന്നെ ഒട്ടും നിനച്ചിരിക്കാതെ ഒരു പുതിയ സ്ക്രിപ്റ്റ് എഴുതാൻ വലിച്ച് കൊണ്ടുവന്നത് Prabish Pillai എന്ന നൻപനാണ്. കാലിക / സാമൂഹിക പ്രസക്തിയുള്ള ഒരു പുതിയ നാടകം, അവതരിപ്പിക്കണമെന്ന അവന്റെ നിശ്ചയദാർഢ്യം, സമയമില്ല... ഇതൊക്കെ വലിയ പൊല്ലാപ്പാണ്... സംഭാഷണങ്ങൾ ലൈവായി പറഞ്ഞ് നാടകം അവതരിപ്പിക്കുക എന്നുള്ളത് ചെറിയ കാര്യമല്ല... ഇനി ആകെ ഒരു മാസം മാത്രമേ ബാക്കിയുള്ളൂ... എന്നൊക്കെ പറഞ്ഞ് NONO NONO എന്ന് മാത്രം പറഞ്ഞിരുന്ന എന്നെ YES എന്ന് പറയിക്കാൻ പ്രാപ്തിയുള്ളതായിരുന്നു. നാടകത്തിന്റെ ചുരുക്കമായ ചട്ടക്കൂട് എങ്ങനെയായിരിക്കണം എന്നതിന് അവന് വ്യക്തമായ ധാരണയുണ്ടായിരുന്നു. ആ ധാരണയെയാണ് ഞാൻ ഒടുവിൽ ഒരു സ്ക്രിപ്റ്റാക്കി മാറ്റിയത്. അതിന് വേണ്ടി അഭിനേതാക്കളെയും, പാട്ടുകാരനെയും, വാദ്യമേളക്കാരെയും, സഹായികളെയും, നൃത്തസംവിധാനക്കരെയുമൊക്കെ സമീപിച്ച്, അതിനെ ഒരുക്കിയെടുത്ത് അവന്റെ ആദ്യ സംവിധാന സംരംഭമായി ഈ പ്രസ്തുത നാടകം - ഭൂമിക്കൊരു സാന്ത്വനം - മറ്റ് നാടകങ്ങളോടൊപ്പം അരങ്ങിലേറി. 

രണ്ട് ദിവസങ്ങൾ കൊണ്ട് സ്‌ക്രിപ്‌റ്റെഴുതി, കൂടാതെ ഒരു പുതിയ പാട്ടും ഒരുക്കി, നാലാഴ്ച സമയത്ത് കിട്ടിയ പരിമിതമായ സമയങ്ങളിൽ മാത്രം പരിശീലനം ചെയ്ത്, അതും ഒരിക്കലും end-to-end പരിശീലനം നടക്കാതെയാണ് നാടകം തട്ടിൽ കേറിയത്. ഭയപ്പാടുകൾ ഉണ്ടായിരുന്നെങ്കിലും കാണികൾക്ക് ഇച്ഛാഭംഗം ഇല്ലാതെ, ഞങ്ങൾക്ക് നാടകം അവതരിപ്പിക്കാൻ സാധിച്ചെന്നത് ഒരു വലിയ അനുഭവമായിരുന്നു. സംഭവിച്ചിട്ടുള്ള പാളിച്ചകൾ പാഠങ്ങളായി ഉൾക്കൊള്ളുന്നു. ചുരുങ്ങിയ സമയങ്ങൾക്കുള്ളിൽ ആവുന്നത് പോലെ ഭംഗിയാക്കാൻ ശ്രമിച്ച ഞങ്ങൾക്ക് കൂടുതൽ മൂന്ന് അവാർഡുകൾ ലഭിച്ചു എന്നുള്ളത് വളരെ സന്തോഷം തരുന്നു. Best Script, Best Drama of Social Relevance, Best Child Artist എന്നിവയാണ് ആ അവാർഡുകൾ. ഈ നാടകം ഉപസംഹരിക്കുന്നത്, ഞാനെഴുതി Vimal Venugopal പാടി Midhun Murali വാദ്യവൃന്ദം ഒരുക്കി Geethu Nirmal നൃത്തസംവിധാനം ചെയ്ത ഒരു പുതിയ പാട്ടോട് കൂടിയാണ്.]

സമയമായ് സഘോഷരേ

[വാഷിംഗ്ടൺ ഡിസിയിൽ വച്ച് 2024 നവംബർ 9 ന്, KAGW എന്ന സംഘടനയുടെ നേതൃത്വത്തിൽ നടത്തപ്പെട്ട ഒരു നാടകമത്സരത്തിൽ ഞങ്ങൾ അവതരിപ്പിച്ച 'ഭൂമിക്കൊരു സാന്ത്വനം' എന്ന നാടകത്തിന്റെ ഉപസംഹാരരംഗത്തിലേക്കായി എഴുതിയ കവിതയാണിത്. 2024 ൽ വയനാട്ടിലെ മേപ്പാടിയിലും ചൂരൽമലയിലും സംഭവിച്ച ഉരുൾപൊട്ടൽ പോലുള്ള പ്രകൃതി ദുരന്തങ്ങളായിരുന്നു പ്രതിപാദ്യവിഷയം. നീതീകരണമില്ലാത്ത മനുഷ്യന്റെ ഇടപെടലുകൾ കൊണ്ട് ഈ ഭൂമിക്കും പ്രകൃതിക്കും ഉണ്ടാകുന്ന നാശങ്ങളും ദുരന്തങ്ങളും ഒഴിവാക്കാൻ വേണ്ടി പ്രവർത്തിക്കുന്ന 'നന്മ', തോറ്റുകൊണ്ടേ ഇരിക്കുകയും, ഒടുവിൽ യുവജനങ്ങളെ കൂട്ടുപിടിച്ച് 'തിന്മ'യുടെ മേൽ 'നന്മ' വിജയിക്കുന്നതുമാണ് നാടകത്തിന്റെ ഇതിവൃത്തം. ഇതിൽ നാടകത്തിന്റെ അവസാന ഭാഗത്ത് പ്രതീകാത്മക കഥാപാത്രങ്ങളായ നന്മയും തിന്മയും തമ്മിൽ കശപിശ നടക്കുമ്പോഴാണ്, ഈ കവിത അവതരിക്കപ്പെടുന്നത്. പ്രസ്തുത നാടകത്തിനതീതമായി തന്മയത്വത്തോടെ നിലനിൽക്കാനുദ്ദേശിക്കുന്ന ഈ കവിതയിൽ, ഇന്നത്തെ ഭൂമിയുടെ അവസ്ഥ ചുരുക്കം വാക്കുകൾ കൊണ്ട് ഉദ്‌ഘോഷിക്കുകയും അത്തരം ദുരവസ്ഥകളെ മാറ്റിയെടുത്ത് പൂർവ്വസ്ഥിതിയിലാക്കാൻ സമൂഹത്തെ പാകപ്പെടുത്തുകയും അതിന് വേണ്ടി യുവജനങ്ങളോട് ഒരുമിച്ച് നിന്ന് പോരാടാൻ പ്രേരിപ്പിക്കുകയുമാണ് ഉദ്ദേശിച്ചിട്ടുള്ളത്.

ഈ നാടകത്തിന്, മികച്ച സ്ക്രിപ്റ്റിനും, മികച്ച സാമൂഹിക പ്രതിബദ്ധതയ്ക്കും മികച്ച കുട്ടി അഭിനേതാവിനുമുള്ള അവാർഡുകൾ ലഭിച്ചു എന്നത് വളരെ സന്തോഷം ഉളവാക്കുന്ന കാര്യമായിരുന്നു. 30 മിനുട്ടോളമുള്ള നാടകത്തിന്റെ, പാട്ടുൾപ്പെടുന്ന, ഏഴുമിനുട്ടുകൾ മാത്രമുള്ള അവസാന രംഗത്തിന്റെ വീഡിയോ ചുവടെ കൊടുക്കുന്നു.  നാടകത്തിന്റെ മുഴുവൻ സത്തയും ഈ രംഗത്തിൽ നിന്ന് മനസ്സിലാക്കാവുന്നതാണ്.]

പാട്ടുൾപ്പെടുന്ന രംഗം കാണാൻ മുകളിലത്തെ വീഡിയോ പ്ളേ ചെയ്യുക. അഥവാ ഈ വീഡിയോ പ്ളേ ചെയ്യുന്നില്ലെങ്കിൽ, നേരിട്ട് യൂട്യൂബിൽ കാണാൻ ഇവിടെ അമർത്തുക

സമയമായ്... സമയമായ്... സമയമായ്... സമയമായ്... 

സമയമായ് സഹജരേ ഉണരുവാൻ സമയമായ് 
സമയമായ് സമീപനം സമൂലമായി മാറുവാൻ  

പെറ്റുപെരുകി തിന്മകൾ നാട്ടിലാകെ ഭീതികൾ 
പതഞ്ഞുയർന്ന ദുരകളാൽ ദുരന്തമായി നാടുകൾ

മലയിടിച്ച് വയൽ നികത്തി ഗോപുരങ്ങൾ കെട്ടിയോർ  
ലോലഭൂവിൽ കാട് വെട്ടി പാറമടകൾ തീർത്തവർ 

കാളകൂടമൊഴുക്കി വിട്ട് പുഴകളാകെയിരവിലായ്  
നുരഞ്ഞ ലഹരിയുള്ളിലേറ്റി നൻപരാകെ മൂഢരായ് 

സമയമായ് സതീർത്ഥരേ തിന്മയെ തകർക്കുവാൻ 
സമയമായ് ചിട്ടകൾ തച്ചുടച്ച് വാർക്കുവാൻ 

മറഞ്ഞിരുന്ന് കെണിയൊരുക്കും നീചരെ തുരത്തുവാൻ 
ആർത്തി പൂണ്ട മർത്ത്യരെ മെരുക്കി ഭൂമി കാക്കുവാൻ 

വരണ്ട് വിണ്ട് വീണ മണ്ണിലുറവ കൊണ്ട് വന്നിടാൻ 
വിണ്ണിലേക്കുയർന്ന വിഷച്ചുരുളുകൾ ചുരുക്കുവാൻ 

മലിനമായ നദികളെ വീണ്ടെടുത്തൊഴുക്കുവാൻ  
മെലിഞ്ഞുണങ്ങി മൊട്ടയായ കാനനം തളിർക്കുവാൻ 

സമയമായ് സഖാക്കളേ നന്മയോട് ചേർന്നിടാൻ 
സമയമായ് സുചിന്തകൾ സുദീപ്തമായ് പരത്തുവാൻ 

സമയമായ് സഘോഷരേ ഘർഷണം കുറയ്ക്കുവാൻ
സമയമായ് സ്വഭൂതലം സ്വർഗ്ഗലോകമാക്കുവാൻ

ജനയുവങ്ങളായ നമ്മളൊത്തു ചേർന്ന് നിന്നിടാം 
ഇനി വരും പരമ്പരക്ക് നല്ല ഭാവി നേർന്നിടാം.

***

2024 ഒക്‌ടോബർ 26, ശനിയാഴ്‌ച

മലയാളനാട്

ഹരിതാഭശോഭ ചിന്തിടും പ്രദേശമാണിത്!
സൗഹാർദമന്ത്രമുരുവിടുന്ന കോവിലാണിത്!
അരുവിയടവിവയലുകൾ സരോവരങ്ങളും
കുരുവിമാരികരി സമൃദ്ധ ക്ഷേത്രമാണിത്!

ഏതുനാടേതുനാടേതുനാടിത്...? 
മലയാളനാടിത്...! ഇത്  കേരളമല്ലോ!

എഴുത്തച്ഛനെന്ന ഭിക്ഷു കോർത്ത മൊഴിപദങ്ങളാൽ
തഴുകിടുന്ന പുഴകളൊഴുകും ഗ്രാമമാണിത്!
കെട്ട സമ്പ്രദായങ്ങളെ ചോദ്യചിഹ്നത്താൽ
ഗുരുജനങ്ങളെതിരുനിന്ന ചേരിയാണിത്! 

സപ്തവർണ്ണ പൂക്കളങ്ങൾ ഓണനാളിലായ്
ഭാവനാങ്കണങ്ങൾ ചാരുവാകും വസതിയാണിത്!
പമ്പയിലെയോളങ്ങളിൽ ചുണ്ടൻ വള്ളങ്ങൾ
പങ്കായമിട്ട് ചീറിയോടും ദേശമാണിത്!

ഏതുനാടേതുനാടേതുനാടിത്...? 
മലയാളനാടിത്...! ഇത്  കേരളമല്ലോ!

ഇലഞ്ഞിത്തറമേളം കുടമാറ്റം ചെയ്യുമ്പോൾ 
ഇലത്താളത്തിൽ നൃത്തമാടും കാവാണിത്!
കെട്ടുവഞ്ചി സഞ്ചയങ്ങൾ കായലലകളിൽ 
പ്രൗഢിയോടെ വിലസിടുന്ന വാടിയാണിത്!

കശുവണ്ടി തറി കേര മൽസ്യ വാണിജ്യങ്ങളിൽ  
നെയ്തെടുത്ത സമ്പൽക്രമ വേദിയാണിത്!
കളരി തെയ്യ തുള്ളൽ കഥകളികളാടുമ്പോൾ
കളം വരച്ച് മയക്കിടുന്ന മേടയാണിത്!

ഏതുനാടേതുനാടേതുനാടിത്...? 
മലയാളനാടിത്...! ഇത്  കേരളമല്ലോ!

ആശാനുമുള്ളൂരും വള്ളത്തോളും 
സാഹിത്യപ്പെരുമ തന്ന കരയാണിത്!
ശ്രീനാരായണ ചട്ടമ്പി സ്വാമിയാദികൾ 
നവീകരിച്ചുയർത്തി വച്ച ഭുവനമാണിത്!

സുഗന്ധദ്രവ്യപരിമളത്തിൻ പേര് കേൾക്കയാൽ 
വിദേശലോകം തേടിവന്ന ഭൂമിയാണിത്!
മാർത്താണ്ഡവർമ്മ പഴശ്ശിരാജ വീരനായകർ 
പാശ്ചാത്യ പടയെ നിഗ്രഹിച്ച പ്രകൃതിയാണിത്!

ഏതുനാടേതുനാടേതുനാടിത്...? 
മലയാളനാടിത്...! ഇത്  കേരളമല്ലോ!

സഹ്യാദ്രിയെന്ന കോട്ട തീർത്ത രാജ്യമാണിത്!
അറബിയാഴി പുണർന്നിടുന്ന തീരമാണിത്!
മഞ്ചേശ്വരം തുടങ്ങി വന്ന് പാറശ്ശാലയിൽ
തെക് വടക്കണിഞ്ഞ് നീണ്ട ലോകമാണിത്!

ഏതുനാടേതുനാടേതുനാടിത്...? 
മലയാളനാടിത്...! ഇത്  കേരളമല്ലോ!

***

ഇതിന്ട്ടു മുന്നേ എഴുതിയിട്ടുള്ള  മലയാളം / കേരളം വാഴ്ത്ത്പാട്ടുകളുടെ നേരിട്ടുള്ള യൂട്യൂബ് വീഡിയോ കാണാൻ, തെഴെയുള്ള ലിങ്കുകളിൽ അമർത്തുക:

2024 ഫെബ്രുവരി 18, ഞായറാഴ്‌ച

പ്രത്യുത്പന്നമതിത്വം

'പ്രത്യുൽപന്നമദിത്വം' - ഇന്നലെ ഒരു പുതിയ വാക്ക് (എന്നെ സംബന്ധിച്ചടുത്തോളം) കേൾക്കാൻ ഇടയായി. കാലം പോകപ്പോകെ, പതുക്കെയാണെങ്കിലും പലതരം വാക്കുകൾ അറിയാനും പഠിക്കാനും ഇടയായിട്ടുണ്ടെങ്കിലും ഈയൊരുവാക്ക് എനിക്കൊരു കൗതുകമായിത്തോന്നി.

സുഹൃത്ത് പ്രബീഷ്‌ പിള്ളയുമായുള്ള വർത്തമാനങ്ങൾക്കിടയിൽ, ഏതോ ഒരു സന്ദർഭത്തിൽ, അവൻ പണ്ട് പള്ളിക്കൂടത്തിൽ പഠിക്കുന്ന സമയത്ത് കേട്ട വാക്കാണെന്നും പറഞ്ഞുകൊണ്ടായിരുന്നു 'പ്രത്യുൽപന്നമദിത്വം' ഞങ്ങളുടെ സദസ്സിലേക്ക് ഉതിർന്ന് വീണത്. പണ്ട് മര്യാദക്ക് പഠിക്കാത്തത് കൊണ്ടായിരിക്കണം, എനിക്കീ വാക്കൊരു പുത്തനായിരുന്നു. കുറച്ച് ബ്ലോഗെഴുത്തും ഒരു പുസ്തകം പുറത്തിറക്കിയതുകൊണ്ടുമൊക്കെയായിരിക്കണം, ഈ വാക്കിന്റെ അർത്ഥമറിയുമോ എന്നൊരു ചോദ്യം പ്രബീഷ് എന്നോട് ഉന്നയിച്ചത്. അറിയാമെന്ന് കളവ് പറയാമെന്ന് ആദ്യം മനസ്സിൽ കരുതിയെങ്കിലും എന്തോ, അങ്ങനെ പറയാൻ തോന്നിയില്ല. പിടിക്കപ്പെട്ടാൽ അത് ആത്മഹത്യാപരമായിരിക്കുമല്ലോ!

അവനോട് തന്നെ തിരിച്ച് ചോദിച്ച് മനസ്സിലാക്കുന്നതായിരിക്കും ബുദ്ധിയെന്ന് കരുതി ചോദിച്ചപ്പോഴാണ്, അവനും ഈ പദത്തിന്റെ അർത്ഥം അറിയില്ലെന്ന് പറഞ്ഞത്. പെട്ടന്നുണ്ടായ ഒരോർമ്മയിൽ നിന്ന് എങ്ങനെയോ ഉതിർന്ന പദം മാത്രമായിരുന്നത്രെ അത്. പിന്നെ അങ്ങനൊരു വാക്കുണ്ടോ എന്നൊരു സംശയമായി. വർത്തമാനം വേറൊരു വഴിക്ക് തിരിഞ്ഞപ്പോഴും, മനസ്സ് ആ വാക്കിൽക്കുരുങ്ങി തൂങ്ങിക്കിടന്നു. പിന്നെ ആ വാക്കിന്റെ ഒരു നിൽപ്പ് വശം കണക്കിലെടുത്ത് ഒരർത്ഥം ഉണ്ടാക്കിയെടുക്കാനുള്ള ശ്രമം എന്റെ മനസ്സ് ഉള്ളാലെ നടത്തി. ഈ വാക്കിനെക്കുറിച്ച് എന്തെങ്കിലുമൊക്കെ എനിക്കറിയാമെന്ന് ആ സദസ്സിനെ അറിയിക്കുകയെങ്കിലും ചെയ്യാലോ!

'പ്രത്യുത്പാദനം', 'പ്രത്യുത്ഥാനം', 'പ്രത്യുത്തരം', 'പ്രത്യുപകാരം', പ്രത്യുദ്ധരണം' എന്നൊക്കെയുള്ള പദങ്ങൾ മനസ്സിലൂടെ കടന്നുപോയെങ്കിലും 'പ്രത്യുത്പാദനം' എന്ന വാക്കിന്റെ ഏതെങ്കിലും ഒരു വകഭേദമാകും 'പ്രത്യുല്പന്നമദിത്വം' എന്നൊക്കെ കരുതി ഒരു കാച്ച് കാച്ചണമെന്നൊക്കെ കരുതിയതാണ്. വാക്കുകൾ കിട്ടാതെ വരുന്ന സന്ദർഭങ്ങളിൽ പുതിയവാക്കുകൾ ഉണ്ടാക്കാൻ ഞാൻ ശ്രമിച്ചിരുന്ന കാര്യമൊന്നും അദ്ദേഹത്തിനറിയില്ലല്ലോ. എന്നിട്ടും, ഏതോ എന്തോ ഭാഗ്യത്തിന് എനിക്കെന്റെ വായ പൂട്ടിക്കെട്ടാൻ പറ്റി! വീട്ടിൽ ചെന്ന ശേഷം ശബ്ദതാരാവലിയെടുത്ത് തിരഞ്ഞ് അർത്ഥം കണ്ടുപിടിക്കുന്നത് വരെ കാത്തിരിക്കാനുള്ള ഒരു ക്ഷമ എന്റെ മനസ്സ് കാണിക്കാൻ കൂട്ടാക്കിയില്ല. ഗൂഗിളമ്മായിയെക്കുറിച്ച് അപ്പോഴാണ് ഓർത്തത്. ഉടനെ തന്നെ ഫോണെടുത്ത് ഗൂഗിളിൽ ചിള്ളാൻ തുടങ്ങി.

'പ്രത്യുൽപന്നമദിത്വം' എന്ന് പരതിയപ്പോൾ ഒന്നും കാണാൻ കഴിഞ്ഞില്ല. പിന്നെയാണ് പ്രത്യുൽപന്നമതിത്വം' എന്ന വാക്കായിരിക്കുമോ എന്ന ഒരു ഊഹത്തിൽ, 'ദി' ക്ക് പകരം 'തി' ആക്കി മാറ്റി പരതിയത്. അപ്പോൾ കുറച്ച് ഉത്തരങ്ങളുടെ ബഹളം തെളിഞ്ഞ് വന്നു. പലതും അപൂർണ്ണങ്ങളായിരുന്നു. കൃത്യമായി അർത്ഥം മനസ്സിലാക്കാൻ കഴിയുന്ന രീതിയിലുള്ള ഒരുത്തരം പലതിലും ഉണ്ടായിരുന്നില്ല. അക്കൂട്ടത്തിൽ പണ്ടത്തെ (1997) ഒരു സാഹിത്യവാരഫലത്തിന്റെ ഒരു ഡിജിറ്റൽ കോപ്പി ശ്രദ്ധയിൽ പെട്ടപ്പോൾ അതിലേക്കൊന്നൂളിയിട്ടു. അതിലൊരു ചോദ്യമായിരുന്നു 'എന്താണ് പ്രത്യുൽപന്നമതിത്വം ?'!

തുടക്കത്തിൽത്തന്നെ ശ്രീ കൃഷ്ണൻ നായർ ചോദ്യകർത്താവിനെ തിരുത്തുകയാണ്; 'പ്രത്യുൽപന്നമതിത്വം' എന്നല്ല, 'പ്രത്യുത്പന്നമതിത്വം' എന്നെഴുതൂ എന്ന്! ഉരുളുക്കുപ്പേരിയെന്ന മട്ടിൽ മറുപടി കൊടുക്കാനുള്ള ഒരു വ്യക്തിയുടെ കഴിവിനെ 'പ്രത്യുത്പന്നമതിത്വം' എന്ന് പറയാം. അതിനോടനുബന്ധിച്ച് ചില ഉദാഹരണങ്ങളും കൃഷ്ണൻ നായർ അവിടെ പ്രസ്താവിച്ചിട്ടുണ്ട്. അങ്ങനെ ആ ഒരു ചോദ്യപ്രഹേളികക്ക് ഞങ്ങൾക്കൊരു ഉത്തരമായി. എനിക്കും അതൊരു പുതിയൊരറിവായി. ഈ വാക്കിന് ആംഗലേയത്തിൽ ഏറ്റവും ഉചിതമായ, സമമായ വാക്ക് promptitude എന്നാണെന്ന് ഗൂഗിളമ്മായി പലസ്ഥലങ്ങളിലായി പ്രതിപാദിച്ചതും കണ്ടു.

രാത്രി വീട്ടിൽ തിരിച്ചെത്തിയതിന് ശേഷം, ശബ്ദതാരാവലിയിൽ പരതിയപ്പോഴാണ്, 'പ്രത്യുത്പന്നമതിത്വം' അതിന്റെ പൂർണ്ണരൂപത്തിൽ അതിലില്ലെന്ന് മനസ്സിലാക്കിയത്. പക്ഷേ, 'പ്രത്യുൽപന്നമതി' എന്ന വാക്ക് കാണാനിടയായി. അവസരം പോലെ ഉടനുടൻ വേണ്ടത് ചിന്തിച്ച് പ്രാർത്ഥിപ്പാനുള്ള ബുദ്ധി, സമയോചിതബുദ്ധിയുള്ളവൻ എന്നൊക്കെയുള്ള അർത്ഥങ്ങൾ ആ വാക്കിന് കൊടുത്തതായിക്കണ്ടു!

അങ്ങനെ ഒരു പുതിയ വാക്ക് ഒരിക്കലും മറന്നുപോകാത്തവിധത്തിൽ (മറവിരോഗത്തിനെക്കുറിച്ച് ഞാൻ മറന്നിട്ടില്ല.) മനസ്സിലേക്ക് ആഞ്ഞ് കയറിയിരിക്കുന്നു. പ്രബീഷിന് ഒരായിരം നന്ദി. 'പ്രത്യുത്പാദനം' എന്ന വാക്കിന്റെ ഏതെങ്കിലും ഒരു വകഭേദമാകും 'പ്രത്യുല്പന്നമദിത്വം' എന്നൊക്കെ കരുതി എന്തെങ്കിലും പ്രബീഷിനോട് തട്ടിവിട്ടിരുന്നെങ്കിൽ ആകെ വഷളായേനെ! അങ്ങനെയൊന്നും സംഭവിക്കാത്തതിൽ ആരോടോ കൃതജ്ഞത പൂണ്ട് നേരെ കട്ടിലിൽക്കയറി, പ്രത്യുത്പാദനപരമായി ഒന്നും ചിന്തിക്കാതെ ഭാര്യയെ കെട്ടിപ്പിടിച്ച് പുതച്ച് കിടന്നു! പ്രത്യുത്പന്നമതിത്വം തീരെയില്ലാത്ത ഒരാളാണ് ഞാനെന്ന് ഉറക്കെ പ്രഖ്യാപിക്കാൻ എനിക്കാഗ്രഹമുണ്ട്!

***