അവസാന നിമിഷത്തിലാണ് കഴിഞ്ഞ ഡിസംബറിൽ ഒരാഴ്ചത്തേക്ക് മൂത്ത മകളുടെ കൂടെ നാട്ടിൽ പോവാം എന്ന് തീരുമാനിച്ചത്. അതിന്റെ വിലയും കൂടുതലായിരുന്നു! സാധാരണ നിലക്ക് ഒരു വർഷത്തെ കാലയളവിൽ ചുരുങ്ങിയത് രണ്ടോ മൂന്നോ തവണ ജലദോഷാദിയസുഖങ്ങൾ വരാറുണ്ടായിരുന്ന എനിക്ക്, 2023 നവംബറിലെ എവറസ്റ്റ് ചാലഞ്ചിന്റെ സമയത്ത് വിഖ്യാതമായ 'Khumbhu Cough' പിടിപെട്ടതിന് ശേഷം, കഴിഞ്ഞ ഒരു വർഷത്തിലേറെയായി ജലദോഷം, ചുമ ഇത്യാദികൾ വരാതിരുന്നത് കൊണ്ട് എന്റെ ആരോഗ്യം പ്രായത്തിനനുസരിച്ച് കൂടിയിട്ടുണ്ടാകും എന്ന അനുമാനത്തിൽ അഭിരമിച്ചിരിക്കുമ്പോഴാണ്, യാത്രക്ക് ഒരാഴ്ച മുന്നേ ജലദോഷം പിടിപെട്ടത്!
മനസ്സിനും ആത്മവിശ്വാസത്തിനും തോതളവ് അപാരമായി കൂടുതലായിരുന്നതിനാൽ മരുന്നുകളൊന്നും കഴിക്കുകയോ ഭിഷഗ്വരനെ കാണുകയോ ചെയ്തില്ല. ആ സമയത്താണ്, യാത്രക്ക് മൂന്ന് ദിവസങ്ങൾ മുന്നേ ചുമ ആരംഭിച്ചത്. മൂന്നുദിവസം ഉണ്ടല്ലോ എന്ന ആശ്വാസത്തിൽ, ശ്വാസം വിടാതെ ചുമച്ചെങ്കിലും, ആത്മവിശ്വാസം ഒട്ടും കുറഞ്ഞില്ല. രണ്ട് ദിവസങ്ങൾ കൂടി നിർത്താതെ ചുമച്ചപ്പോഴാണ് ഇനി സംഭവം പിടിച്ചാൽ കിട്ടില്ല എന്ന ബോധം കുറച്ചെങ്കിലും ഉണ്ടായത്. പിറ്റേന്ന് വിമാനം കയറേണ്ടതാണ്!
പെട്ടന്നുള്ള തീരുമാനമായതിനാൽ, മിനുട്ട് ക്ലിനിക്കുകളെ ആശ്രയിക്കേണ്ടി വന്നു. നാലെണ്ണം ട്രൈ ചെയ്തതിൽ ഒരു ക്ലിനിക്ക് എന്നോട് കരുണ കാണിച്ചു. അവരുടെ അടുത്ത് എത്തിയപ്പോൾ അവരോട് ഒന്നും സംസാരിക്കാൻ എനിക്ക് സാധിച്ചില്ലെങ്കിലും, നിർത്താതെ ചുമച്ചിരുന്നത് കൊണ്ട് അവർ ഉടനെത്തന്നെ ആന്റിബയോട്ടിക്കിന് എഴുതിത്തന്നു.
യാത്രക്ക് മുന്നേ മൂന്ന് നേരത്തെ മരുന്നുകൾ കഴിച്ചെങ്കിലും ചുമയുടെ തീവ്രത 70 ശതമാനത്തോളം ബാക്കിയുണ്ടായിരുന്നു. മാസ്‌കൊക്കെയിട്ട്, കഴിയുന്നതും മൗനിയായി ഗേറ്റ് വരെ എത്തി വിമാനം കാത്ത് കുത്തിയിരുന്നു. എട്ട് മണിക്കൂറുകൾ വീതമുള്ള, രണ്ട് കഷണങ്ങളായുള്ള അടച്ചിട്ട വിമാനയാത്രയിൽ എങ്ങനെ ചുമക്കാതെ ഇരിക്കും എന്ന അങ്കലാപ്പായിരുന്നു മനസ്സ് മുഴുവൻ. ഓരോ രണ്ട് ശ്വാസത്തിലും തൊണ്ട കിരുകിരുക്കും. അപ്പോൾ തൊണ്ട ക്ലിയറാക്കാൻ ശബ്ദമുണ്ടാക്കും, അത് ഒരു മിനുട്ട് നീളമുള്ള ചുമയായി രൂപാന്തരപ്പെടും. ഏകദേശം അമ്പതോളം 'ചുമ മുട്ടായി'കൾ കയ്യിൽ കരുതിയിട്ടുണ്ടായിരുന്നു. അതെടുത്ത് വായിലിടുമ്പോൾ കുറച്ചെങ്കിലും ആശ്വാസം ഉണ്ടാവുമെങ്കിലും, നാട്ടിലെത്തുന്നത് വരെ മുട്ടായി വായിലിട്ട് തുടരാൻ സാധിക്കില്ലല്ലോ... എന്തായാലും വിമാനയാത്രയിലെ നോട്ടപ്പുള്ളിയാവാൻ പോവുകയാണെന്ന ബോധ്യം എനിക്കുണ്ടായി. ആര് നോക്കിയാലും തലകുനിച്ച് ചുമക്കുക തന്നെ!
എങ്ങനെ ജാള്യത അകറ്റാനാവും എന്ന കഠിനമായ ചിന്ത തുടരവേയാണ് ഒരേ ഒരു കാര്യം നടന്നാൽ മാത്രമേ എനിക്ക് ആ ജാള്യതയിൽ നിന്ന് രക്ഷ നേടാനാകൂ എന്ന ബോധോദയം എനിക്കുണ്ടായത്. ഞാൻ ഒരു ആൽമരത്തിന്റെ ചുവട്ടിലാണെന്ന് ഒരു നിമിഷം ചിന്തിച്ച് പോയ നിമിഷം!
എന്റെ അടുത്തിരിക്കുന്ന കുറച്ചാളുകൾ എങ്കിലും എന്നെപ്പോലെയോ അല്ലെങ്കിൽ എന്നേക്കാളുമോ ചുമച്ചോണ്ടിരിക്കുന്നവരായാൽ എന്റെ ചുമ അവയിലൊന്ന് മാത്രമല്ലേ ആവുള്ളൂ! ബംഗലൂരുവിൽ എത്തുന്നത് വരെ എന്റെ വിമാനയാത്ര അത്തരത്തിലാവാൻ, ആ യാത്രയിൽ മുഴുവൻ ഗംഭീരമായി ചുമക്കുന്നവർ ഉണ്ടാവാൻ ഞാൻ വല്ലാതെയങ്ങ് ആഗ്രഹിച്ചു! വിമാനഭാഗവതിക്ക് മനസ്സുകൊണ്ട് ചെക്കിപ്പൂക്കൾ അർപ്പിച്ചു!
അങ്ങനെ ബോർഡിങ് തുടങ്ങി. ഡിസിയിൽ നിന്ന് പാരീസിലേക്കാണ് ആദ്യത്തെ സ്ട്രെച്ച്. സീറ്റിൽ ഇരിപ്പ് തുടങ്ങി. അടുത്തൊക്കെ പതുക്കെ ആളുകൾ വന്നിരുന്നു തുടങ്ങി. ചുമച്ച് കൊണ്ട് വരുന്നവർ എന്റെയടുത്ത് തന്നെ ഇരിക്കണം എന്നെനിക്ക് വല്ലാത്ത മോഹം. അങ്ങനെയുള്ള ആരെങ്കിലും ദൂരെപ്പോയി ഇരുന്നാൽ എനിക്ക് സങ്കടം വരുന്നുണ്ടെന്ന കാര്യം ഞാൻ ദുഖത്തോടെ മനസ്സിലാക്കി. സാധാരണ ഗതിക്ക്, അടുത്ത് ഇരുന്നു ചുമക്കുന്നത് സ്വന്തം കെട്ട്യോൾ ആയാൽപ്പോലും ഒരു മൈൽ ദൂരെ ദേഷ്യം പിടിച്ച് എഴുന്നേറ്റ് പോകുന്നയാളാണ് ഞാനെന്ന ടിയാൻ!
ഒടുവിൽ എന്റെ അടുത്ത് ഇരിക്കേണ്ടുന്ന ആളുകളൊക്കെ ഇടവും വലവും മുന്നിലും പിന്നിലുമൊക്കെയായി വന്നിരുന്നു. അവരാരും എന്നെപ്പോലെ മാസ്‌കൊന്നും ധരിച്ചിട്ടില്ല. എന്റെ നേരെ വലത് വശത്തിരുന്ന് ചുവന്ന ഹൂഡിയൊക്കെ ഇട്ട് തല മറച്ചിരുന്നവൻ ആണ് പതുക്കെ ചുമക്കാൻ തുടക്കമിട്ടത്. അവൻ ചുമച്ച് തുടങ്ങിയപ്പോൾ ഞാൻ അറിയാതെ എഴുന്നേറ്റുപോയെങ്കിലും വീണ്ടും ഇരുന്നു. പക്ഷേ പ്രസ്തുത കക്ഷിക്ക് എന്നെപ്പോലെയുള്ള ആവലാതികൾ ഒന്നും ഉണ്ടായിരുന്നില്ല. വളരെ കൂളായി, മൊബൈൽ സർഫ് ചെയ്ത് കൊണ്ട് കുത്തോട്ട് നോക്കി ചുമച്ച് തുലക്കുകയാണ് കക്ഷി! ഇതില്പരം ആഹ്ളാദത്തിന് വേറെന്ത് വേണം? അവനെപ്പോലെ ചുമച്ചില്ലെങ്കിലും അടുത്തിരുന്ന മൂന്ന് പേരെങ്കിലും എന്നേക്കാൾ ഗംഭീരമായി അവന് സപ്പോർട്ട് കൊടുത്തുകൊണ്ടിരുന്നു. അപ്പോഴാണ് ധൈര്യത്തിൽ ചുമക്കാനുള്ള ഒരു ആംപിയറും ആമ്പിയൻസും എനിക്കുവേണ്ടി ഒരുക്കപ്പെട്ട കാര്യം ഞാനോർത്തത്. ഞാനെന്തിന് മടിക്കണം?പുലികളുടെയിടയിൽ ഒരു പൂച്ചയായി ഞാനും അവരുടെ കൂട്ടത്തിൽ സന്തോഷത്തോടെ ചേർന്നു. ചെക്കിപ്പൂക്കൾ അർപ്പിച്ചതിൽ വിമാനഭാഗവതി പ്രസാദിച്ചിട്ടോ എന്തോ... ആ ചുവപ്പ് ഹൂഡിക്കാരൻ പാരീസിൽ നിന്ന് ബംഗലൂരുവിലേക്കും എന്റെ കൂടെയുണ്ടായിരുന്നു. എന്തൊരു യാദൃച്ഛികത്വം അല്ലേ? പക്ഷേ നേരത്തെ തൊട്ട് വലതു വശത്തായിരുന്നെങ്കിൽ, ഇത്തവണ, ആ മാന്യദേഹം ഒരു സീറ്റ് വിട്ട് എന്റെ ഇടത് വശത്തായിരുന്നു!
ആരാണ് പറഞ്ഞത്, മറ്റുള്ളവന്റെ ദുരിതം ആഗ്രഹിച്ചാൽ ഫലിക്കില്ലെന്ന്? പക്ഷേ ചെക്കിപ്പൂക്കൾ അർപ്പിക്കണമെന്ന് മാത്രം!!
***
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ