2024, ഫെബ്രുവരി 18, ഞായറാഴ്‌ച

പ്രത്യുത്പന്നമതിത്വം

'പ്രത്യുൽപന്നമദിത്വം' - ഇന്നലെ ഒരു പുതിയ വാക്ക് (എന്നെ സംബന്ധിച്ചടുത്തോളം) കേൾക്കാൻ ഇടയായി. കാലം പോകപ്പോകെ, പതുക്കെയാണെങ്കിലും പലതരം വാക്കുകൾ അറിയാനും പഠിക്കാനും ഇടയായിട്ടുണ്ടെങ്കിലും ഈയൊരുവാക്ക് എനിക്കൊരു കൗതുകമായിത്തോന്നി.

സുഹൃത്ത് പ്രബീഷ്‌ പിള്ളയുമായുള്ള വർത്തമാനങ്ങൾക്കിടയിൽ, ഏതോ ഒരു സന്ദർഭത്തിൽ, അവൻ പണ്ട് പള്ളിക്കൂടത്തിൽ പഠിക്കുന്ന സമയത്ത് കേട്ട വാക്കാണെന്നും പറഞ്ഞുകൊണ്ടായിരുന്നു 'പ്രത്യുൽപന്നമദിത്വം' ഞങ്ങളുടെ സദസ്സിലേക്ക് ഉതിർന്ന് വീണത്. പണ്ട് മര്യാദക്ക് പഠിക്കാത്തത് കൊണ്ടായിരിക്കണം, എനിക്കീ വാക്കൊരു പുത്തനായിരുന്നു. കുറച്ച് ബ്ലോഗെഴുത്തും ഒരു പുസ്തകം പുറത്തിറക്കിയതുകൊണ്ടുമൊക്കെയായിരിക്കണം, ഈ വാക്കിന്റെ അർത്ഥമറിയുമോ എന്നൊരു ചോദ്യം പ്രബീഷ് എന്നോട് ഉന്നയിച്ചത്. അറിയാമെന്ന് കളവ് പറയാമെന്ന് ആദ്യം മനസ്സിൽ കരുതിയെങ്കിലും എന്തോ, അങ്ങനെ പറയാൻ തോന്നിയില്ല. പിടിക്കപ്പെട്ടാൽ അത് ആത്മഹത്യാപരമായിരിക്കുമല്ലോ!

അവനോട് തന്നെ തിരിച്ച് ചോദിച്ച് മനസ്സിലാക്കുന്നതായിരിക്കും ബുദ്ധിയെന്ന് കരുതി ചോദിച്ചപ്പോഴാണ്, അവനും ഈ പദത്തിന്റെ അർത്ഥം അറിയില്ലെന്ന് പറഞ്ഞത്. പെട്ടന്നുണ്ടായ ഒരോർമ്മയിൽ നിന്ന് എങ്ങനെയോ ഉതിർന്ന പദം മാത്രമായിരുന്നത്രെ അത്. പിന്നെ അങ്ങനൊരു വാക്കുണ്ടോ എന്നൊരു സംശയമായി. വർത്തമാനം വേറൊരു വഴിക്ക് തിരിഞ്ഞപ്പോഴും, മനസ്സ് ആ വാക്കിൽക്കുരുങ്ങി തൂങ്ങിക്കിടന്നു. പിന്നെ ആ വാക്കിന്റെ ഒരു നിൽപ്പ് വശം കണക്കിലെടുത്ത് ഒരർത്ഥം ഉണ്ടാക്കിയെടുക്കാനുള്ള ശ്രമം എന്റെ മനസ്സ് ഉള്ളാലെ നടത്തി. ഈ വാക്കിനെക്കുറിച്ച് എന്തെങ്കിലുമൊക്കെ എനിക്കറിയാമെന്ന് ആ സദസ്സിനെ അറിയിക്കുകയെങ്കിലും ചെയ്യാലോ!

'പ്രത്യുത്പാദനം', 'പ്രത്യുത്ഥാനം', 'പ്രത്യുത്തരം', 'പ്രത്യുപകാരം', പ്രത്യുദ്ധരണം' എന്നൊക്കെയുള്ള പദങ്ങൾ മനസ്സിലൂടെ കടന്നുപോയെങ്കിലും 'പ്രത്യുത്പാദനം' എന്ന വാക്കിന്റെ ഏതെങ്കിലും ഒരു വകഭേദമാകും 'പ്രത്യുല്പന്നമദിത്വം' എന്നൊക്കെ കരുതി ഒരു കാച്ച് കാച്ചണമെന്നൊക്കെ കരുതിയതാണ്. വാക്കുകൾ കിട്ടാതെ വരുന്ന സന്ദർഭങ്ങളിൽ പുതിയവാക്കുകൾ ഉണ്ടാക്കാൻ ഞാൻ ശ്രമിച്ചിരുന്ന കാര്യമൊന്നും അദ്ദേഹത്തിനറിയില്ലല്ലോ. എന്നിട്ടും, ഏതോ എന്തോ ഭാഗ്യത്തിന് എനിക്കെന്റെ വായ പൂട്ടിക്കെട്ടാൻ പറ്റി! വീട്ടിൽ ചെന്ന ശേഷം ശബ്ദതാരാവലിയെടുത്ത് തിരഞ്ഞ് അർത്ഥം കണ്ടുപിടിക്കുന്നത് വരെ കാത്തിരിക്കാനുള്ള ഒരു ക്ഷമ എന്റെ മനസ്സ് കാണിക്കാൻ കൂട്ടാക്കിയില്ല. ഗൂഗിളമ്മായിയെക്കുറിച്ച് അപ്പോഴാണ് ഓർത്തത്. ഉടനെ തന്നെ ഫോണെടുത്ത് ഗൂഗിളിൽ ചിള്ളാൻ തുടങ്ങി.

'പ്രത്യുൽപന്നമദിത്വം' എന്ന് പരതിയപ്പോൾ ഒന്നും കാണാൻ കഴിഞ്ഞില്ല. പിന്നെയാണ് പ്രത്യുൽപന്നമതിത്വം' എന്ന വാക്കായിരിക്കുമോ എന്ന ഒരു ഊഹത്തിൽ, 'ദി' ക്ക് പകരം 'തി' ആക്കി മാറ്റി പരതിയത്. അപ്പോൾ കുറച്ച് ഉത്തരങ്ങളുടെ ബഹളം തെളിഞ്ഞ് വന്നു. പലതും അപൂർണ്ണങ്ങളായിരുന്നു. കൃത്യമായി അർത്ഥം മനസ്സിലാക്കാൻ കഴിയുന്ന രീതിയിലുള്ള ഒരുത്തരം പലതിലും ഉണ്ടായിരുന്നില്ല. അക്കൂട്ടത്തിൽ പണ്ടത്തെ (1997) ഒരു സാഹിത്യവാരഫലത്തിന്റെ ഒരു ഡിജിറ്റൽ കോപ്പി ശ്രദ്ധയിൽ പെട്ടപ്പോൾ അതിലേക്കൊന്നൂളിയിട്ടു. അതിലൊരു ചോദ്യമായിരുന്നു 'എന്താണ് പ്രത്യുൽപന്നമതിത്വം ?'!

തുടക്കത്തിൽത്തന്നെ ശ്രീ കൃഷ്ണൻ നായർ ചോദ്യകർത്താവിനെ തിരുത്തുകയാണ്; 'പ്രത്യുൽപന്നമതിത്വം' എന്നല്ല, 'പ്രത്യുത്പന്നമതിത്വം' എന്നെഴുതൂ എന്ന്! ഉരുളുക്കുപ്പേരിയെന്ന മട്ടിൽ മറുപടി കൊടുക്കാനുള്ള ഒരു വ്യക്തിയുടെ കഴിവിനെ 'പ്രത്യുത്പന്നമതിത്വം' എന്ന് പറയാം. അതിനോടനുബന്ധിച്ച് ചില ഉദാഹരണങ്ങളും കൃഷ്ണൻ നായർ അവിടെ പ്രസ്താവിച്ചിട്ടുണ്ട്. അങ്ങനെ ആ ഒരു ചോദ്യപ്രഹേളികക്ക് ഞങ്ങൾക്കൊരു ഉത്തരമായി. എനിക്കും അതൊരു പുതിയൊരറിവായി. ഈ വാക്കിന് ആംഗലേയത്തിൽ ഏറ്റവും ഉചിതമായ, സമമായ വാക്ക് promptitude എന്നാണെന്ന് ഗൂഗിളമ്മായി പലസ്ഥലങ്ങളിലായി പ്രതിപാദിച്ചതും കണ്ടു.

രാത്രി വീട്ടിൽ തിരിച്ചെത്തിയതിന് ശേഷം, ശബ്ദതാരാവലിയിൽ പരതിയപ്പോഴാണ്, 'പ്രത്യുത്പന്നമതിത്വം' അതിന്റെ പൂർണ്ണരൂപത്തിൽ അതിലില്ലെന്ന് മനസ്സിലാക്കിയത്. പക്ഷേ, 'പ്രത്യുൽപന്നമതി' എന്ന വാക്ക് കാണാനിടയായി. അവസരം പോലെ ഉടനുടൻ വേണ്ടത് ചിന്തിച്ച് പ്രാർത്ഥിപ്പാനുള്ള ബുദ്ധി, സമയോചിതബുദ്ധിയുള്ളവൻ എന്നൊക്കെയുള്ള അർത്ഥങ്ങൾ ആ വാക്കിന് കൊടുത്തതായിക്കണ്ടു!

അങ്ങനെ ഒരു പുതിയ വാക്ക് ഒരിക്കലും മറന്നുപോകാത്തവിധത്തിൽ (മറവിരോഗത്തിനെക്കുറിച്ച് ഞാൻ മറന്നിട്ടില്ല.) മനസ്സിലേക്ക് ആഞ്ഞ് കയറിയിരിക്കുന്നു. പ്രബീഷിന് ഒരായിരം നന്ദി. 'പ്രത്യുത്പാദനം' എന്ന വാക്കിന്റെ ഏതെങ്കിലും ഒരു വകഭേദമാകും 'പ്രത്യുല്പന്നമദിത്വം' എന്നൊക്കെ കരുതി എന്തെങ്കിലും പ്രബീഷിനോട് തട്ടിവിട്ടിരുന്നെങ്കിൽ ആകെ വഷളായേനെ! അങ്ങനെയൊന്നും സംഭവിക്കാത്തതിൽ ആരോടോ കൃതജ്ഞത പൂണ്ട് നേരെ കട്ടിലിൽക്കയറി, പ്രത്യുത്പാദനപരമായി ഒന്നും ചിന്തിക്കാതെ ഭാര്യയെ കെട്ടിപ്പിടിച്ച് പുതച്ച് കിടന്നു! പ്രത്യുത്പന്നമതിത്വം തീരെയില്ലാത്ത ഒരാളാണ് ഞാനെന്ന് ഉറക്കെ പ്രഖ്യാപിക്കാൻ എനിക്കാഗ്രഹമുണ്ട്!

***

1 അഭിപ്രായം:

  1. resourcefulness (പ്രത്യുല്‍പന്നമതിത്വം) is the ability to find quick and clever ways to overcome difficulties

    മറുപടിഇല്ലാതാക്കൂ