2018 ഒക്‌ടോബർ 14, ഞായറാഴ്‌ച

ആചാരങ്ങളെ ആലിംഗനബദ്ധരാക്കി അഭിനയിക്കുന്നവർ

ശബരിമല വിഷയം ജനങ്ങളുടെ മനസ്സിൽ കത്തുകയാണ്. ഇതൊക്കെക്കാണുമ്പോൾ, ഇന്ത്യാമഹാരാജ്യത്തിലെ ഏറ്റവും വലിയ പ്രശ്നം ജാതിമതവിശ്വാസങ്ങളാണെന്ന് തോന്നും. ബഹുമാനപ്പെട്ട സുപ്രീംകോടതിയും, മറ്റുപല പ്രധാന വിഷയങ്ങളെക്കാളും മുൻഗണന ഈ വിഷയത്തിന് കൊടുത്തെന്നപോലെ തോന്നുകയും ചെയ്യുന്നുണ്ട്, എന്നിരുന്നാലും സംഭവത്തിന്റെ സാംഗത്യം നോക്കിയാൽ, ആരെങ്കിലും എപ്പഴെങ്കിലും ഇടപെടാതെ കാര്യങ്ങൾ നേരെയാക്കാൻ പറ്റില്ലല്ലോ

സന്ദർഭവശാൽ, 2014 ൽ ശബരിമലയെപ്പറ്റിയും, അവിടെയുള്ള ആർത്തവാചാരങ്ങളെപ്പറ്റിയും, വ്രതാനുഷ്ഠാനങ്ങെളെപ്പറ്റിയും ഞാനൊരു ലേഖനം എഴുതിയിരുന്നു (ശബരിമലവികസനവും ഭക്തിയും യുക്തിയും).  ഈ സമയത്ത്, ഏതു വയസ്സിലും സ്ത്രീകൾക്ക് ശബരിമല അയ്യപ്പനെ കാണാം എന്ന  സുപ്രീം കോടതി വിധി വന്നപ്പോൾ, നിന്ദാഗർഭമായി (sarcastic)  വേറൊരു ലേഖനവും എഴുതി (സുപ്രീം കോടതിയോട് ഒരപേക്ഷ). ഇതൊക്കെ കാരണം ഞാനിപ്പോ ഹിന്ദുവിന്റെ ആചാരങ്ങളെ പുറകേ നിന്ന് കുത്തുന്ന ഒരു 'കുലംകുത്തി'യാണ്.

ശബരിമലയിൽ പോയാലും പോയില്ലെങ്കിലും സ്ത്രീകൾ കയറിയാലും കയറിയില്ലെങ്കിലും ദൈവത്തിനോ ഭക്തർക്കോ ഒരു ഗുണവും ഉണ്ടാവില്ലെന്നറിയാം.  ആകെ ഗുണമുണ്ടാകുന്നത് ദേവസ്വത്തിനും മറ്റ് കച്ചവടസ്ഥാപനങ്ങൾക്കും കച്ചവടതാല്പര്യങ്ങൾക്കുമാണെങ്കിൽ, ദോഷമുണ്ടാകുന്നത് പ്രകൃതിക്കുമാണ്. തിരക്ക് കൂടിയ ഇടത്ത് തന്നെ പോയി, ഇടിച്ചിടിച്ച് നിന്ന് പ്രാർത്ഥിക്കണം എന്ന വാശി, ഭക്തരുടെ സ്വാർത്ഥതയാണെന്ന് കരുതിയാൽ തെറ്റുണ്ടോ എന്നറിയില്ല. എന്നിരുന്നാലും തീർത്ഥാടനമൊന്നും അടുത്തകാലത്തൊന്നും  നിൽക്കില്ല എന്നറിയുന്നത് കൊണ്ട്, ശബരിമലയിൽ പോവണം എന്ന് ആഗ്രഹിക്കുന്ന സ്ത്രീകൾക്ക് എന്ത് കൊണ്ട് കയറിക്കൂടാ എന്നതിനെ ചോദ്യം ചെയ്യാനാണ് / ഖണ്ഡിക്കാനാണ് ഈ ലേഖനം. ഫുട്ബാളിലെ നിയമം എടുത്ത് , വോളീബാളിനെ ന്യായീകരിക്കാനോ നിരാകരിക്കാനോ അല്ല ഇവിടെ ശ്രമിക്കുന്നത്. വളരെ ലഘുവായ, ഏത് പാമരനും മനസ്സിലാകുന്ന ഒരു കാര്യം പണ്ഡിതർക്ക് മനസ്സിലാവാത്തതാണ് ഇത്തരം പ്രശ്നങ്ങൾക്ക് മൂലകാരണമായിട്ടുള്ളത്. ചില പച്ചപ്പരമാർത്ഥങ്ങൾ എഴുതിയത് കൊണ്ട്, ചിലയാളുകൾ നെറ്റി ചുളിക്കുമെങ്കിലും, ഞാൻ നാസ്തികനാണെന്നോ, എന്റെ വിശ്വാസധാരയെന്തെന്നോ എന്നതിനെക്കുറിച്ച് ആരും വേവലാതിപ്പെടണമെന്നില്ല. എന്നിരുന്നാലും ഒരുപാട് വാദഗതികൾ നിരത്തിയത് കൊണ്ട് ദീർഘിച്ച് പോയ ഈ ലേഖനം, തുടക്കം മുതൽ ഒടുക്കം വരെ എല്ലാവരും വായിക്കുമെന്ന് കരുതട്ടെ.

ആദ്യമേ തന്നെ പറയട്ടെ... എന്റെ അഭിപ്രായത്തിൽ, ശബരിമലയിലെ വിഷയം സ്ത്രീസമത്വമോ ലിംഗസമത്വമോ ഒന്നുമല്ല.... അത് അയിത്താചരണമാണ്, വിവേചനരഹിതമായ ആചാരമാണ് . ആർത്തവത്തിന്റെ പേരിൽ അശുദ്ധി കല്പിച്ചുള്ള അയിത്താചരണം മാത്രമാണ്. അയിത്തോച്ഛാടനം നടന്നിട്ടും ബാക്കിയുള്ള ചില അവശിഷ്ടങ്ങളുടെ സ്പുരണമാണ്.  ശബരിമലയിൽ അത് 10 വയസ്സിനും 50 വയസ്സിനിടയിലുള്ള സ്ത്രീകൾക്ക് മൊത്തത്തിലായി നിജപ്പെടുത്തിയെങ്കിൽ മറ്റ് ക്ഷേത്രങ്ങളിൽ അത് ആർത്തവസമയത്തെ ആദ്യത്തെ നാലോ അഞ്ചോ ദിനങ്ങളിലാണ്. ആർത്തവം അയിത്തമായും അശുദ്ധിയായും കൽപ്പിക്കുന്നത് മനുഷ്യമനസ്സിൽ നിന്നും പൂർണ്ണമായും മാറ്റണമെങ്കിൽ അതിന്റെ അവസാന നാളവും കെടുത്തിയേ പറ്റൂ.. അത് ദൈവസന്നിധിയിൽ നിന്ന് തന്നെ തുടങ്ങട്ടെ.

എന്റെയൊക്കെ ചെറുപ്പത്തിൽ സതിസംരക്ഷണസമിതിയുടെ പേരിൽ രാജസ്ഥാനിൽ സതി ആചാരം തിരിച്ചുകൊണ്ടുക്കേറുന്നതിന് വേണ്ടി, ഒരു ലക്ഷത്തിനടുത്ത് ആളുകൾ പങ്കെടുത്ത  വലിയൊരു പ്രക്ഷോഭം നടന്നിരുന്നു. രൂപ് കാൻവാർ എന്ന പെൺകുട്ടി സതി അനുഷ്ഠിച്ച അഥവാ അനുഷ്‌ഠിക്കാൻ ഇടവന്ന സംഭവവുമായി ബന്ധപ്പെട്ടായിരുന്നു പ്രക്ഷോഭം. ഇന്നത്തെ കാലത്തും നമ്മുടെ ജനങ്ങൾ  എത്രത്തോളം ബോധമില്ലാത്തവരാണ് എന്നതിന്റെ തെളിവായിരുന്നു ആ പ്രക്ഷോഭം. പക്ഷേ സർക്കാർ ആപ്രക്ഷോഭം അടിച്ചമർത്തുകയും അവർക്കെതിരെ അവരുന്നയിച്ച ആവശ്യങ്ങൾക്കെതിരെ നിയമ നിർമ്മാണം നടത്തുകയുമാണ് ചെയ്തത്. ആ സതിസംരക്ഷണപ്രക്ഷോഭം പോലെയുള്ള വങ്കത്തരമാണ് ഇന്ന് നടക്കുന്ന ശബരിമല സ്ത്രീ പ്രവേശനവിരുദ്ധപ്രക്ഷോഭവും.

ഇന്നും നമ്മുടെ നാട്ടിൽ പല തറവാടുകളിലും വീടുകളിലും ഈ തീണ്ടാരി ആചരണം നടന്നുവരുന്നുണ്ട്. എന്റെ ചെറുപ്പത്തിൽ എന്റെ വീട്ടിലും ഇത് വളരെ ഗൗരവതരമായി ആചരിച്ചിട്ടുണ്ട്. അമ്മയുടെ കൂടെ രാവിലെ അഞ്ച് മണിക്ക് ചൂട്ട് കത്തിച്ച് കിടക്കപ്പായയും തുണികളും മറ്റുമായി ദൂരെയുള്ള കുളത്തിൽ പോയി കുളിച്ച് സൂര്യനുദിക്കും മുന്നേ വീട്ടിൽ തിരിച്ചെത്തിയിട്ടുണ്ട്. അമ്മ തീണ്ടാരിയായാൽ കിണറ്റിൽ നിന്ന് വെള്ളമെടുക്കരുത്, പശുവിനെ കറക്കരുത്, പാചകം ചെയ്യരുത്, അവരെ നമ്മൾ തൊട്ടാൽ കുളിക്കാതെ വിളക്ക് കത്തിക്കുകയോ അമ്പലത്തിൽ പോകുകയോ ചെയ്യരുത്, വീട്ടിൽ ഗുരുകാരണവ-പരദേവതാ സങ്കല്പമുള്ളത് കൊണ്ട് വീട്ടിന്റെ കിഴക്ക് വശത്തും തെക്ക് വശത്തും പോകരുത്, വീട്ടിൽ നിന്ന് മാറിക്കിടക്കണം സ്വാമിമാരെ കണ്ടാൽ മറഞ്ഞ് നിൽക്കണം  എന്നൊക്കെയുള്ള നിയമങ്ങളാണ്... അന്നൊക്കെ അത് വളരെ ശരിയാണ് എന്ന രീതിയിൽ തന്നെയായിരുന്നു എന്റെയൊക്കെ ചിന്താഗതിയും.

പക്ഷേ ഇന്ന് എന്റെ വീട്ടിലെ സ്ഥിതിയാകെ മാറി. മേപ്പറഞ്ഞ പല നിയമങ്ങളും മാറി, അഥവാ സാഹചര്യങ്ങൾ മാറ്റി... അല്ലെങ്കിൽ മാറ്റേണ്ടി വന്നു. അതുകൊണ്ട്, ഇന്ന് അമ്മക്കോ എന്റെ വീട്ടിൽ വന്ന പുതുതലമുറ പെണ്കുട്ടികൾക്കോ ഒരുതരത്തിലുമുള്ള സങ്കോചമോ ദൈവനിന്ദാപരമായ ചിന്തകളോ ഇല്ല. മറിച്ച് ഒരേയൊരു ചിന്തയെ ഉള്ളൂ... പണ്ട് കാട്ടിക്കൂട്ടിയതൊക്കെ എന്തിനുവേണ്ടിയായിരുന്നു എന്ന ചിന്ത മാത്രം.

'ഹിന്ദു' എന്നത്,  അവനവന്റെ സാഹചര്യങ്ങൾക്കനുസരിച്ച് മറ്റുള്ളവരെ ഉപദ്രവിക്കാതെ ആചാരങ്ങൾ ഉണ്ടോ ഇല്ലയോ എന്നാലോചിക്കാതെ എല്ലാവരുമായും ഇടപെട്ടും സഹകരിച്ചും പോരുന്ന ഒരു ജനവിഭാഗമാണ്. ഒരു വിഭാഗമായി സ്വയം വളരാനോ വളർത്താനോ ശ്രമിക്കാത്തവർ. മറ്റുള്ളവർ ഒരു വിഭാഗമായി വളരുന്നതിൽ അസൂയ ഉണ്ടാവാത്തവർ. മറ്റുള്ളമതങ്ങളെക്കാൾ, വേഗത്തിൽ കാലത്തിനൊത്ത പരിഷ്കരണങ്ങൾ അംഗീകരിക്കുന്നവർ, സ്വയം പുരോഗമനപരമായ മാറ്റങ്ങൾ വരുത്തുന്നവർ,  പുരോഗമനപരമായ ആശയങ്ങൾ ആഗ്രഹിക്കുന്നവർ, പുരോഗമനപരമായ മാറ്റങ്ങൾക്കിടയിലും പുരാതനമായ / നിർദോഷങ്ങളായ കലകളും ആചാരങ്ങളും ഉത്സവങ്ങളും കൊണ്ടുനടക്കുന്നവർ, മതമേലദ്ധ്യക്ഷന്മാരില്ലാതെ സ്വയം ഭാവിയിലേക്ക് നയിക്കുന്നവർ -  എന്നിങ്ങനെയൊക്കെയായിരുന്നു ഒരു ഹിന്ദുവിനെക്കുറിച്ച് പൊതുവെ നമുക്കെല്ലാമുള്ള ഒരു ധാരണ. പക്ഷെ ഇന്ന് അതിനൊക്കെ ഇടിവ് സംഭവിച്ചിച്ചിരിക്കുന്നു. മറ്റ് സെമിറ്റിക് മതങ്ങളെപ്പോലെ അവരും കടുംപിടുത്തങ്ങളുടെയും യുദ്ധകാഹളങ്ങളുടെയും പാതയിൽ അവരറിയാതെ ആരാലോ നയിക്കപ്പെട്ട്, ഒരു നിയത്രിത ചട്ടക്കൂട്ടിൽ അകപ്പെട്ടുപോയിരിക്കുന്നു.

സത്യത്തിൽ ശബരിമലയിലെ നിയത്രിതസ്ത്രീപ്രവേശനത്തിനെതിരെയും ആചാരങ്ങൾ ലംഘിക്കപ്പെടുന്നതിനെതിരെയും ഘോരഘോരം സംസാരിക്കുന്നവരും ആക്രോശിക്കുന്നവരും സ്വന്തം ജീവിതത്തിലേക്ക് ഒന്ന് തിരിഞ്ഞു നോക്കിയാൽ നന്നായിരുന്നു. എന്റെ അറിവിൽ, ഇന്ന് നിലവിലുള്ള ഹിന്ദു ആചാരങ്ങൾ കൃത്യമായി പാലിക്കുന്ന ഒരു വ്യക്തിയും കുടുംബവും ഇല്ല എന്ന് തന്നെ പറയാം. രാവിലെയും വൈകിട്ടും വീട്ടിൽ വിളക്ക് വെക്കുന്ന, രാവിലെ കുളിച്ചതിന് ശേഷം മാത്രം ആഹാരം പാചകം ചെയ്യുകയും കഴിക്കുകയും ചെയ്യുന്ന, കുട്ടികളെ ആഴ്ചക്കൊരിക്കലെങ്കിലും നാല് വരി ശ്ലോകങ്ങൾ പഠിപ്പിക്കുന്ന, സന്ധ്യക്ക് സന്ധ്യാനാമം ജപിക്കുന്ന, കൃത്യമായി നവരാത്രി-മണ്ഡലകാല-ശിവരാത്രി-ഏകാദശി വ്രതങ്ങൾ നോൽക്കുന്ന, വ്രതങ്ങളുടെ ഗുണങ്ങൾ ജീവിതത്തിലേക്ക് പകർത്തി ജീവിക്കുന്ന, ജാതി-വർഗ്ഗങ്ങൾ മാത്രം നോക്കി വിവാഹം കഴിക്കുന്ന, നിഷിദ്ധമായ ആഹാരങ്ങളും പാനീയങ്ങളും കഴിക്കാത്ത, രാത്രി കിടക്കുന്നതിന് മുന്നേ വിശുദ്ധഗ്രന്ഥങ്ങൾ വായിക്കുന്ന (മേല്പറഞ്ഞതെല്ലാം പാലിക്കുന്ന) ഒരു വ്യക്തിയെയും കുടുംബത്തെയും ഇന്നെനിക്ക് പരിചയമില്ല. അവർക്ക് 'സംക്രാന്തി', മണ്ഡലകാലം, തിഥി, നക്ഷത്രഗണങ്ങൾ, ചാന്ദ്രമാസങ്ങൾ, രാശികൾ, ദശകൾ, കൂറുകൾ എന്നിവ  എന്തെന്നറിയില്ല  കാലത്തിനനുസരിച്ച്, സൗകര്യങ്ങൾക്കനുസരിച്ച്, സാഹചര്യത്തിനനുസരിച്ച് മേല്പറഞ്ഞ പലതിലും വെള്ളം കലർത്തി ജീവിക്കുന്ന ഹിന്ദുക്കളെ മാത്രമേ ഇന്നെനിക്കറിയൂ. പിന്നെന്തിനാണ് ഈയ്യൊരു ശബരിമല വിഷയത്തിൽ മാത്രം ആചാരങ്ങളെപ്പറ്റിയുള്ള വേവലാതി? ആരെക്കാണിക്കാനാണ്? അഥവാ ഈ ആചാരങ്ങളൊക്കെ കൃത്യമായി പാലിച്ച് വരുന്നവരാണ് ഈ കോലാഹലം കാട്ടുന്നതെങ്കിൽ ആ കോലാഹലത്തിന് ഒരു ഭംഗി ഉണ്ടാകുമായിരുന്നു.

സ്ത്രീ പ്രവേശനത്തെപ്പറ്റി സുപ്രീം കോടതി വിധി വന്നതിന് ശേഷം ഒട്ടേറെ സുഹൃത്തുക്കളുമായും കൂട്ടായ്മകളുമായും സംസാരിക്കാൻ ഇടയായി.ഭൂരിപക്ഷം ആളുകളൂം വിധിയെ നഖശിഖാന്തം എതിർക്കുന്നവരാണ്, അത് ഭക്തിയുടെ പേരിലും രാഷ്ട്രീയത്തിന്റെ പേരിലും മതാചാരങ്ങളുടെ പേരിലുമായി വ്യത്യാസപ്പെട്ടുകിടക്കുന്നു എന്നേയുള്ളൂ...

ചോരത്തിളപ്പുകളോടെയുള്ള വാദങ്ങൾ ഉയർത്തുന്ന പലരും ഹിന്ദുവിന്റെ ആചാരങ്ങളിൽ മാത്രം സുപ്രീം കോടതിയും ഭരണ കേന്ദ്രങ്ങളും എന്തിനിടപെടുന്നു എന്നാണ് വൈകാരികമായി ചോദിക്കുന്നത്.  ആചാരങ്ങൾ ആചാരങ്ങളാണ് നടക്കട്ടെ, ഓരോ അമ്പലത്തിനും അതിന്റേതായ നിയമങ്ങളുണ്ട്, ഹിന്ദു ആരാധനാലയങ്ങൾ ദേവന്റെ ഇടമാണ്, അവിടെ ആ ദേവന് ബാധകമായ പല നിയമങ്ങളും ഉണ്ടാവാം, അത് പാലിക്കുന്നവർ മാത്രം കയറിയാൽ മതി, എന്നൊക്കെ - ശരിയാണ്, വേണ്ടവർ കയറിയാൽ മതി, ഹിന്ദുമത ദൈവങ്ങൾ ബഹുസ്വരമാണ്. ഓരോ ദേവീദേവന്മാരുടെയും ആരാധനാലയങ്ങൾക്ക് അതിന്റേതായ നിയമങ്ങളുണ്ട്. അതൊക്കെ പാലിക്കുന്നവർ ആ ആരാധനാലയങ്ങളിൽ കയറിയാൽ മതി.  അല്ലാത്തവർക്ക്, വിലക്കുള്ള ക്ഷേത്രങ്ങളിൽ തന്നെ കയറണം എന്ന് വാശി പിടിക്കുന്നതിന് പകരം, ശ്രീനാരായണഗുരു ചെയ്‌തത്‌ പോലെ പ്രതിഷേധസ്വരത്തിൽ,  അവരുടേതായ രീതിയിൽ ആരാധനാലയങ്ങൾ ഉണ്ടാക്കാം. സ്ത്രീകൾ മാത്രം കയറുന്ന അയ്യപ്പക്ഷേത്രം ഉണ്ടാക്കാം. അവിടെ പുരുഷന്മാരെ ചെരിപ്പിനടിക്കുന്ന പൂജാവിധികളുണ്ടാക്കാം. പക്ഷേ വിവേചനരഹിതമായതിനെ ചോദ്യം ചെയ്യുക എന്നത് മനുഷ്യസഹജമായ ഓർ സ്വഭാവമാണ് എന്ന് മനസ്സിലായാൽ എന്ത് കൊണ്ട് ശബരിമല സ്ത്രീ പ്രശ്നം ഉയർന്നു എന്നത് മനസ്സിലാക്കാൻ എളുപ്പമാണ്. എന്ത് കൊണ്ട് മറ്റ് മതങ്ങളുടെ ആചാരങ്ങളെയോ ആരാധനാലയങ്ങളെയോ കുറിച്ച് കോടതികളും ഭരണകേന്ദ്രങ്ങളും ഒന്നും പറയുന്നില്ല (കാര്യങ്ങൾ മനസ്സിലായിട്ടും ചിലരുടെ പ്രശ്നം അത് മാത്രമാണ്. മറ്റുള്ളവരുടേത് കൂടി ഒരുമിച്ച് പറഞ്ഞാൽ അവർക്ക് തൃപ്തി ആവും) എന്നതിനെക്കുറിച്ച് പിന്നീടെപ്പഴെങ്കിലും പ്രതിപാദിക്കാം. അതൊക്കെ ഇവിടെ പറയാൻ തുടങ്ങിയാൽ ഒന്നും എവിടെയും എത്തില്ല...  ശബരിമലയെക്കുറിച്ച് തന്നെ ഒരുപാട് പറയാനുണ്ട്. അതുകൊണ്ട് തന്നെ ചിട്ടപ്പെടുത്തിയ രീതിയിൽ എഴുതുന്നതിന് പകരം പല കാര്യങ്ങളും അവിടെയും ഇവിടെയുമൊക്കെയായി ഇടകലർന്നിരിക്കുകയാണെന്ന് ആദ്യമേ പറഞ്ഞുകൊള്ളട്ടെ.

പല വിചിത്രമായ വാദങ്ങളും മേല്പറഞ്ഞ ചർച്ചകളിൽ ഉയർന്നു കേട്ടു. അതിലൊരു വളരെ വിചിത്രമായ വാദം, എന്തിനാണ് ആർത്തവ രക്തം ഇങ്ങനെ പരിപാവനമായി കാണുന്നത്? അങ്ങനെയാണെങ്കിൽ അതെടുത്ത് അഭിഷേകം ചെയ്തുകൂടെ?  അതെടുത്ത് കുടിച്ചുകൂടെ? സ്വന്തം ഉടയാടകളിൽ വിസർജ്യവും പേറി നമ്മൾ ഏതെങ്കിലും ദേവാലയം സന്ദർശിക്കുമോ?  എന്നൊക്കെ. സത്യത്തിൽ നാണം തോന്നി. ഹിന്ദു ആചാരങ്ങളുടെ മേൽ വൈകാരികപരമായി സംസാരിക്കുന്നവരുടെ, ഭക്തി തലയിൽ കയറിയവരുടെ ഒരു സംസ്കാരം നോക്കണേ. ആരാണ് പറഞ്ഞത് ആർത്തവരക്തം പരിപാവനമാണെന്ന് ? വെറുതെ കാട് കയറുകയാണ്. അതും ഒരു വിസർജ്ജ്യം തന്നെയാണ്. പക്ഷെ ആ വിസർജ്ജ്യത്തിന്റെ പേരിൽ അയിത്തം കല്പിക്കരുത് എന്നേ പറഞ്ഞുള്ളൂ... അപ്പഴാണ് പഞ്ചശുദ്ധി പ്രശ്നം:

आत्मशुद्धिः स्थानशुद्धिः मन्त्रस्य शोधनं तथा |
द्रव्यशुद्धिर्देवशुद्धिः शुद्धिः पञ्चविधेरिता ||

അതായത് ആത്മശുദ്ധി, സ്ഥാനശുദ്ധി, മന്ത്രശുദ്ധി, ദ്രവ്യശുദ്ധി, ദേവശുദ്ധി എന്നിവ. ഈ സംഭവം കുറെ വിവരിക്കാനുണ്ട്. എന്നിരുന്നാലും പുല / വാലായ്മകളുള്ളവർ (ആത്മാവിന് അശുദ്ധി), ആർത്തവമുള്ളവർ (വിസർജ്ജ്യത്തിന്റെ അശുദ്ധി), സാംക്രമികവും പ്രത്യക്ഷമായും രോഗങ്ങളുള്ളവർ എന്നിവർ ദേവസ്ഥാനത്ത് കയറാൻ പാടില്ല എന്ന ഭക്തനുമായി ബന്ധപ്പെട്ട കാര്യം ഈ ശുദ്ധികളിൽ ചില ശുദ്ധികളെ നിയന്ത്രിക്കുന്നു..

ഇന്ന് ഒരു വിധം എല്ലാ അമ്പലങ്ങളിലും കുട്ടികൾക്ക് ചോറൂണും മറ്റും നടക്കുന്നുണ്ട്. സാധാരണയായി കുട്ടികൾ മാത്രമല്ല മുതിർന്നവരും  ക്ഷേത്രത്തിൽ ഏത് തരത്തിലുള്ള വിസർജ്ജ്യങ്ങൾ പുറപ്പെടുവിച്ചാലും  പുണ്യാഹം തളിക്കണം. പക്ഷേ ഇന്ന് ഒരു വിധം എല്ലാവരും കുട്ടികളെ നല്ല diaper ഒക്കെ കെട്ടിച്ച് കുട്ടപ്പന്മാരായി ക്ഷേത്രത്തിൽ വന്നു ചോറൂണും മറ്റ് വഴിപാടുകളും നടത്തി, മണിക്കൂറുകളോളം ചിലവഴിച്ച് മടങ്ങുന്നുണ്ട്. ഈ സമയത്ത് കുട്ടികൾ മൂത്രമൊഴിക്കുന്നില്ലേ? അപ്പിയിടുന്നില്ലേ? ഉണ്ട്.. കുട്ടികളുടെ രക്ഷിതാക്കൾക്കും ക്ഷേത്രഭാരവാഹികൾക്കും അതറിയാം. കാലം മാറി, കഥ മാറി അതാണ് കാര്യം.

പക്ഷേ ആർത്തവത്തിന്റെ കാര്യമെത്തുമ്പോൾ ഒരു രക്ഷയുമില്ല. ഇന്നത്തെ കാലത്ത് ആർത്തവസമയത്ത് നല്ല  sanitary pad കൾ ലഭ്യമാണ്. ഒരു തരത്തിലുള്ള മലിനീകരണവും ഒരിടത്തും സംഭവിക്കുന്നില്ല (അങ്ങിങ്ങായി  വലിച്ചെറിയപ്പെടുന്നില്ലെങ്കിൽ ). എവിടെയും ആരും വൃത്തികേടാക്കുന്നില്ല. പക്ഷെ അവർക്ക് അയിത്തം. വിസർജ്ജ്യം മലിനമാണ് അംഗീകരിച്ചു. അങ്ങനെയാണെങ്കിൽ വിയർത്ത് ദേഹം കുളമാക്കി നടക്കുന്നവരെയും പുറത്താക്കണ്ടേ? പുണ്യാഹം തളിക്കണ്ടേ? പൂജാരി വിയർക്കാറില്ലേ? ശ്രീകോവിലിൽ വിയർപ്പ് വീഴില്ലേ ? ജലദോഷ സമയത്ത് വിസർജ്ജ്യം കാണില്ലേ? ഇത് ശബരിമലയിലും നടക്കുന്നില്ലേ?  പുറത്ത് വന്നാൽ മാത്രമേ വിസർജ്ജ്യം എന്ന് പറയുള്ളൂ എങ്കിലും, എത്ര അപ്പിയിട്ടാലും, എത്ര മൂത്രമൊഴിച്ചാലും, അതിന് ശേഷം എത്ര കഴുകിയാലും,  ശരീരത്തിനുള്ളിൽ അതിന്റെയൊക്കെ അംശം പിന്നെയും ബാക്കി കാണും. ചില വിസർജ്ജ്യങ്ങൾ വരുമ്പോൾ ശങ്കയുണ്ടാകും, ചിലതിന് ശങ്ക കാണില്ല, അത്രയേ വ്യത്യാസമുള്ളൂ. ആർത്തവവിസർജ്ജ്യം രക്തമാണെന്ന കാരണവും ചിലർ ഉയർത്തുന്നു. എന്തായാലും ആരും ആ രക്തം അവിടെയും ഇവിടെയും spread ചെയ്യാനൊന്നും പോകുന്നില്ലല്ലോ. secured രീതിയിൽ അതിനൊന്നും ഒരു കുഴപ്പവും ഇല്ലെന്ന് തന്നെ ഉറപ്പിച്ച് പറയാം. സ്ത്രീകളുടെ ജീവിതരീതികൾ തന്നെ മാറ്റിമറിച്ച sanitary pad, ഈ നൂറ്റാണ്ടിലെ വലിയ കണ്ടുപിടുത്തങ്ങളിൽ ഒന്നാണെന്ന് തന്നെയാണ് എന്റെ അഭിപ്രായം.

മാലിന്യത്തിന്റെ കാര്യം പറയുമ്പോൾ എല്ലാം പറയണമല്ലോ. ഇന്നത്തെ ശബരിമലയുടെയും പമ്പയുടെയും വൃത്തി എന്താണെന്ന് അവിടെപ്പോയിട്ടുള്ള ആർക്കും മനസ്സിലാവും. ആർത്തവമാലിന്യങ്ങൾ കാരണമൊന്നുമല്ല അവിടം ഇത്രയും മലിനമായത്. തൂറിയും മൂത്രമൊഴിച്ചും  പ്ലാസ്റ്റിക് സാധനങ്ങളും മറ്റ് മാലിന്യങ്ങളും എവിടെയെന്നില്ലാതെ വലിച്ചെറിഞ്ഞും ഭക്തിയുടെ പേരിൽ ഉണ്ടാക്കിക്കൂട്ടിയ കൂമ്പാരങ്ങൾ. ഹിന്ദുക്കളുടെ പുണ്യനദിയായ ഗംഗ ഇന്ന് ശവങ്ങളുടെ ഘോഷയാത്ര നടത്തുന്നു. എന്നിട്ടും പുണ്യം കിട്ടാനായി ആ മാലിന്യത്തിൽ കുളിക്കാൻ ആളുകൾ തീർത്ഥയാത്ര നടത്തുന്നു. ഇതൊക്കെ മനസ്സിലാവണമെങ്കിൽ നമ്മളൊക്കെ വേറെ ലെവലിൽ ജനിക്കണം :)

പിന്നെ ശബരിമലയിലെ 10 വയസ്സിനും 50 വയസ്സിനുമിടക്കുള്ള നിയന്ത്രണം. ആരാണ് പറഞ്ഞത് 10 വയസ്സിന് മുന്നേ ഒരു കുട്ടി ഋതുമതി ആവില്ല എന്ന്? ആരാണ് പറഞ്ഞത്, ഒരു സ്ത്രീക്ക് 50 വയസ്സിന് ശേഷം ആർത്തവം ഉണ്ടാവില്ല എന്ന്?  ആർത്തവത്തിന്റെ ആദ്യത്തെ നാലോ അഞ്ചോ ദിവസങ്ങളിൽ മാത്രം നിയന്ത്രണമുള്ള സ്ഥലങ്ങളിൽ, ആര് പറഞ്ഞു, നാലോ അഞ്ചോ ദിവസത്തേക്ക് മാത്രമേ ആർത്തവരക്തം വിസർജ്ജിക്കുള്ളൂയെന്നത്? അതും ഒരുതരം പൊട്ടത്തരമല്ലേ? നൈഷ്ഠികബ്രഹ്മചര്യാവസ്ഥയിലാണ് അയ്യപ്പൻറെ പ്രതിഷ്ഠ എന്ന് പറയുന്നു. 1991 വരെ ഏത് പ്രായത്തിലുള്ള സ്ത്രീകളും അവിടെ കയറിയിരുന്നു. അതും ആചാര ലംഘനമാണെന്ന് പറഞ്ഞാണ് കോടതിയിൽ പോയതും 1991 ൽ സ്ത്രീപ്രവേശനത്തിന് ബലമായി നിയന്ത്രണം കൊണ്ട് വന്നതും. യൗവ്വനയുക്തകൾ ശബരിമലയിൽ ദർശനം നടത്തിയാൽ അയ്യപ്പൻറെ നൈഷ്ഠികബ്രഹ്മചര്യം നഷ്ടപ്പെടുമെന്നാണ് വെപ്പ്.  അയ്യപ്പൻ മനുഷ്യരെക്കാളും നിയന്ത്രണം ഇല്ലാത്ത ദുർബ്ബലനായ  ദൈവമാണോ? അങ്ങനെ ഒരു ദൈവത്തിനെ സങ്കൽപ്പിക്കാനേ വയ്യ.  ഹിന്ദു ദൈവങ്ങൾക്ക് മനുഷ്യരുടേതിന് സമാനമായ ഭാവ-സ്വഭാവങ്ങളുണ്ടെങ്കിലും ദൈവത്തിനെ ഇത്രയും താഴ്ത്തരുത്..  അങ്ങനെ യൗവ്വനയുക്തകളെ കണ്ട മാത്രയിൽ തന്നെ നൈഷ്ഠികബ്രഹ്മചര്യം നഷ്ടപ്പെടുന്നയാളാണ് അയ്യപ്പനെങ്കിൽ, എത്രത്തോളം പരിഹാരക്രിയകൾ നടത്തിയാൽത്തന്നെ, അയ്യപ്പൻറെ നൈഷ്ഠികബ്രഹ്മചര്യം എന്നേ നഷ്ടപ്പെട്ടു കാണും? ഇപ്പഴും നഷ്ടപ്പെട്ടുകൊണ്ടേയിരിക്കുന്നുമുണ്ടാവും.

വേറൊരു വാദം ശബരിമലയിലെ സ്ത്രീ പ്രവേശനത്തിന് ആർത്തവവുമായി ബന്ധം ഒട്ടുമേ ഇല്ലെന്നുള്ളതാണ്. അയ്യപ്പൻറെ പ്രതിഷ്ഠ  നൈഷ്ഠികബ്രഹ്മചര്യപ്രതിഷ്ഠയായത് മാത്രമാണ് ഒരേയൊരു കാരണം. എന്ന് വച്ചാൽ, ആർത്തവ കാലത്ത് മാത്രമല്ല, ഒരു സ്ത്രീ പ്രത്യുൽപാദനശേഷിയുള്ളിടത്തോളം അയ്യപ്പനെ ദർശിക്കരുതത്രേ ! എന്തൊരു ദൈവികപ്രതിഷ്ഠ ! എന്തൊരു ദൈവ സങ്കൽപം ! പ്രത്യുൽപാദനശേഷി നിർണ്ണയിക്കാനുള്ള തോതും അടയാളവും ആർത്തവമല്ലാതെ പിന്നെയെന്താണാവോ?  ഇങ്ങനെയൊക്കെ പറയുമ്പോൾ തന്ത്രശാസ്ത്രം, ആഗമശാസ്ത്രം, ധർമ്മശാസ്ത്രം, ഷോഡശ്ശം, ഷഡോദരം,  Temple Architecture, Magnetic Field  എന്നിവയൊക്കെ എടുത്താണ് പ്രതിരോധിക്കുന്നത്. ആർത്തവസമയത്ത് ക്ഷേത്രത്തിൽ കയറിയാൽ സ്ത്രീകൾക്ക് Endometriosis ഉണ്ടാകുമത്രേ! വിദ്യാഭ്യാസമുണ്ടായിട്ടും ഇതുപോലെ വഷളത്തരം പറയുന്നവരോട് ഒറ്റക്കാര്യമേ ഇവിടെ പറയാനുള്ളൂ.  പല പല ആചാരങ്ങളും മാറിയത് പോലെ, ഈ ആചാരവും അങ്ങ് മാറ്റുക, ഏത് ശാസ്ത്രം തിരുത്തിയിട്ടായാലും ശരി. ശാസ്ത്രസൂക്തങ്ങൾ പലതും പലപ്പോഴും മാറിയിട്ടുണ്ട്, മാറ്റിയിട്ടുണ്ട്. മാറ്റാൻ പറ്റാത്തതായിട്ടൊന്നും മനുഷ്യൻ ഉണ്ടാക്കിയിട്ടില്ല !

"പ്രതിഷ്ഠ നടത്തുമ്പോൾ തന്ത്രിയുടെ മനോവിചാരം എന്താണോ അതിനനുസരിച്ചായിരിക്കും അവിടുത്തെ ആചാരം നിർണ്ണയിക്കുക" - ഇതാണ് വേറൊരു കാര്യം. അങ്ങനെ തന്നെ ആവട്ടെ. ഒരു കുഴപ്പവുമില്ല. പക്ഷേ ഇനി മുതൽ ഒരു തന്ത്രിയും ആർത്തവമോ, സ്ത്രീയുടെ പ്രത്യുൽപാദനശേഷിയോ അടിസ്ഥാനമാക്കി ആചാരം നിശ്ചയിക്കരുത്. ഇന്നത്തെ കാലം അതിനെ അനുകൂലിക്കുന്നില്ല. അതുകൊണ്ട് അത്തരത്തിൽ എന്തെങ്കിലും ആചാരം ഇന്ന് നിലവിലുണ്ടെങ്കിൽ അതും എടുത്ത് കളയുക. കാരണം ആർത്തവം, ആചാരങ്ങൾ നിശ്ചയിക്കാനുള്ള അളവുകോലല്ല! ഇന്നത്തെ മാറിയ കുടുംബ-സാമൂഹിക പശ്ചാത്തലത്തിൽ, അങ്ങനെയുള്ള ആചാരങ്ങൾ പാലിക്കുക പോലും എളുപ്പമല്ല!!

ആരെയും ശബരിമലയിലേക്ക് ബലമായി കൊണ്ടുപോകേണ്ട കാര്യമൊന്നുമില്ല. പക്ഷേ, ഇഷ്ടമുള്ള, താല്പര്യമുള്ള സ്ത്രീകൾ മാത്രം കയറിയാൽ എന്താണ് കുഴപ്പം? അതിനെ ശക്തിയുക്തം എതിർക്കേണ്ട കാര്യമെന്താണ്? ചാനലുകളിലും മറ്റ് സാമൂഹിക മാദ്ധ്യമങ്ങളിലും   ശബരിമലയിൽ ഏത് പ്രായത്തിലുമുള്ള സ്ത്രീകൾ കയറണം എന്ന് വാദിക്കുന്നവരുടെ നേരെ ചിലരുടെ ആക്രോശം കണ്ടാൽ ഇവരൊക്കെയാണോ ആചാര ശുദ്ധിയും മതാചാരപ്രകാരം ദൈവഭയത്തിൽ ജീവിച്ച് വിവേകികളായി ജീവിക്കുന്നവർ എന്ന് സംശയം തോന്നും.  കാടും മലയും പുലിയുമൊന്നുമല്ല പ്രശ്നം. അങ്ങനെയാണെങ്കിൽ സ്ത്രീകളിൽ കുട്ടികളെക്കാളും പ്രായമുള്ളവരെക്കാളും കൂടുതൽ ആരോഗ്യം യുവതികൾക്കായത് കൊണ്ട് ആ പ്രായത്തിൽ മല ചവിട്ടുന്നത് തന്നെയാണ് അഭികാമ്യം.

സ്ത്രീകളെ ചിലയിടത്ത് കയറ്റാത്തത് പോലെ പുരുഷന്മാരെ പൂജ ചെയ്യാൻ അനുവദിക്കാത്ത, കയറുവാൻ അനുമതി നൽകാത്ത ദേവാലയങ്ങളുമില്ലേയെന്ന വാദവുമുണ്ട്. ശരിയാണ്. ഭൈരവി ക്ഷേത്രങ്ങളിലും, കേരളത്തിൽ മണ്ണാറശ്ശാലയിലും മറ്റും അങ്ങനെയാണെന്ന് കേട്ടു. ഇന്ന് വളരെയധികം പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാലയും സ്ത്രീപക്ഷമാണ്. പക്ഷെ ഇവിടെയൊന്നും പുരുഷന്മാരെ കയറ്റാത്തത് അവർക്ക് അയിത്തം എന്ന അവസ്ഥ കല്പിച്ചത് കൊണ്ടല്ല. അതങ്ങനെയാണ് എന്നത് കൊണ്ട് മാത്രം. അതാണ് നേരത്തെ പറഞ്ഞത്,ശബരിമലസ്ത്രീ പ്രവേശനം  ഒരു സമത്വവാദത്തിന്റെ വിഷയമല്ല, മറിച്ച് അയിത്താചരണ വിഷയമാണ്. നാളെ ഈ അമ്പലങ്ങളിൽ കയറാൻ ചില പുരുഷ പ്രജകൾ അന്യായം സമർപ്പിച്ചെന്നും വരാം. അതൊക്കെ കാത്തിരുന്ന് കാണാം.

പിന്നെ അവിശ്വാസിയായ ഒരു ഇതരധർമ്മൻ ആണ് സുപ്രീം കോടതിയിൽ അന്യായം ബോധിപ്പിച്ചത് എന്നാണ് മറ്റൊരു പ്രശ്നം... ആര്‌  കൊടുത്താലെന്താ.. പ്രശ്നം പ്രശ്നം തന്നെയല്ലേ? പക്ഷേ സത്യത്തിൽ, മേൽ പറഞ്ഞ ഇതരധർമ്മൻ ഇടപെടുന്നതിന് മുന്നേ തന്നെ 2006 ൽ നാലഞ്ച് ഹിന്ദു നാമധാരികളായ വിശ്വാസികളെന്ന് അവകാശപ്പെടുന്നവർ (താഴമൺ കുടുംബവും പന്തളം കൊട്ടാരവും അംഗീകരിക്കില്ലെങ്കിലും)  തന്നെയാണ് ജയമാലവിവാദത്തിൽ നിന്ന് ഊർജ്ജമുൾക്കൊണ്ട് കൊണ്ട്  അന്യായം ബോധിപ്പിച്ചത്. എന്നിട്ടും കണ്ണാടിയിൽ നോക്കാതെ വേറെവിടെയോ നോക്കി മുറുമുറുക്കുകയാണ്.

ഈ ശബരിമല സ്ത്രീ പ്രവേശനത്തെക്കുറിച്ചും ആചാരലംഘനത്തെക്കുറിച്ചും  മുറുമുറുക്കുന്ന എത്രപേർ ശബരിമലയിൽ പോകുമ്പോൾ കൃത്യമായി ആചാരങ്ങൾ പാലിക്കുന്നുണ്ട്? ഇന്ന് ശബരിമല വ്രതമെടുക്കുന്നവർ ഋതുമതിയായ സ്വന്തം ഭാര്യയുടെകൂടെത്തന്നെയല്ലേ  താമസിക്കുന്നത്? അവൾ വച്ചുതരുന്ന ആഹാരം തന്നെയല്ലേ കഴിക്കുന്നത്? അവർ നഖം മുറിക്കാറുണ്ടോ? ചെരുപ്പിടാതെ നടക്കാറുണ്ടോ? തറയിൽ കിടക്കാറുണ്ടോ? എന്തിനധികം, ഇന്ന്, വന്ന് വന്ന് ശബരിമലയിൽ പോകുന്ന 41 ദിവസത്തെ വ്രതമെടുത്ത് ഒരു പുരുഷന് 1mm താടി പോലും വളരില്ലെന്നായിരിക്കുന്നു. നേരെ വന്ന് പമ്പയിൽ നിന്ന് മാലയിട്ട് കെട്ടും നിറച്ച് മല കയറുന്നവരും ഒട്ടും കുറവല്ല. എവിടെയെങ്കിലും പേരിന് ഒന്നോ രണ്ടോ പേരെ, ആചാരങ്ങൾ പാലിക്കുന്നവരായി  കണ്ടെന്ന് വന്നേക്കാം. എങ്കിലും ബഹുഭൂരിപക്ഷം ശബരിമല തീർത്ഥാടകരും ശബരിമല   ആചാരങ്ങൾ കാലത്തിനനുസരിച്ച് ഓരോരുത്തർക്കനുസരിച്ച് എത്രയോ   മാറ്റിയിരിക്കുന്നു.  പക്ഷേ സ്ത്രീകളുടെ കാര്യം വരുമ്പോൾ ആർത്തവം,  അയിത്തം. സ്ത്രീ അയ്യപ്പനെ കാണുന്നെങ്കിൽ അത് വശീകരിക്കാനോ അയ്യപ്പനെ നശിപ്പിക്കാനോ ഒന്നുമല്ലല്ലോ... ഭക്തി എന്ന വികാരം ഒന്ന് കൊണ്ട് മാത്രമല്ലേ?

ശബരിമല കയറണം എന്ന് വാദിക്കുന്ന സ്ത്രീകൾ വിശ്വാസികളല്ല എന്നാണ് എതിർക്കുന്നവർ പറയുന്നത്. അവർ 'ഫെമിനിച്ചി'കളാണത്രെ. അവർ കള്ള് കുടിക്കുമത്രേ...  ഇതൊക്കെ പറയുന്ന പുരുഷാരം കള്ള് കുടിക്കാതെയും പബ്ബ് / ഡാൻസ് ബാർ മുതലായ സ്ഥലങ്ങളിൽ കയറാതെയും    പുകവലിക്കാതെയുമായിരിക്കുമല്ലോ ജീവിക്കുന്നത്? പിന്നെ ഒരാൾ വിശ്വാസിയാണോ അല്ലയോ എന്നത് അവരവർ തന്നെയല്ലേ പറയേണ്ടത്, മറ്റുള്ളവരല്ലല്ലോ. വിശ്വാസികളെന്ന് പറഞ്ഞ് മലകയറുന്നവരെല്ലാം ശരിയായ വിശ്വാസികളാണെന്ന് ആർക്കെങ്കിലും എന്തെങ്കിലും ഉറപ്പുണ്ടോ? ഈ പറയുന്നവരൊക്കെ ഒന്ന് കണ്ണാടി നോക്കിയിരുന്നെങ്കിൽ...

ആർത്തവം മൂലമാചരിക്കുന്ന അയിത്താചാരണം ഉൾപ്പെടെയുള്ള ചില മനുഷ്യരുണ്ടാക്കിയ നിയമങ്ങൾ മാറ്റണമെന്ന ആവശ്യങ്ങൾ ഉന്നയിക്കുമ്പോൾ, അതുമായി ഒരു ബന്ധവുമില്ലാത്ത പൊട്ടമറുപടികളുമായാണ് ചിലരുടെ വരവ്. ഉദാഹരണത്തിന്, എല്ലാം മനുഷ്യരുണ്ടാക്കിയ നിയമങ്ങളാണെങ്കിൽ, അച്ഛൻ, ഭർത്താവ് എന്നതൊക്കെ മനുഷ്യനുണ്ടാക്കിയ ചട്ടക്കൂടുകളല്ലേ, അപ്പോൾ ഭർത്താവിന്റെ സ്ഥാനത്ത് അച്ഛനെ കണ്ടുകൂടേ? അതൊന്നും രാജ്യത്തിന്റെ ഭരണഘടനയിലില്ലല്ലോ...  എന്നൊക്കെയുള്ള മറുചോദ്യങ്ങളാണ് നേരിടേണ്ടിവരുന്നത്. കഷ്ടമാണ്. മനുഷ്യൻ പല നിയമങ്ങളും സാമൂഹികമായി നിർമ്മിച്ചിട്ടുണ്ടെങ്കിലും എല്ലാം ഭരണഘടനയിൽ ഇല്ലെന്നുള്ളതും സത്യമാണ്. ഭരണഘടനയിൽ ഉള്ള എല്ലാ നിയമങ്ങളും ശരിയാവണമെന്നില്ല, അത് പോലെ മനുഷ്യൻ സാമൂഹികമായി സൃഷ്ടിച്ച, ഭരണഘടനയിൽ ഇല്ലാത്ത എല്ലാ നിയമങ്ങളും ശരിയാകണമെന്നില്ല. ഈ ശരിയില്ലായ്മയെ തിരുത്തുകയാണ് കാലം ചെയ്യുന്നത്. എന്ന് വച്ചാൽ, മനുഷ്യൻ നിർമ്മിച്ചിട്ടുള്ള ഭരണഘടനാപരമായതും സാമൂഹികമായതുമായ നിയമങ്ങളെല്ലാം തെറ്റൊണെന്നല്ല പറയുന്നത്. ശരിയായവയും തെറ്റായവയും ഉണ്ട്. മനുഷ്യരെ മതപരമായും ജാതിപരമായും കാണുക, ജാതിപരമായും  മതപരമായും പ്രത്യേക ആനുകൂല്യങ്ങൾ കൊടുക്കുക എന്നൊക്കെയുള്ള ഭരണഘടനാനിയമങ്ങൾ ശരിയാക്കേണ്ടത് തന്നെയാണ്. അതുപോലെ ഭരണഘടനയിലില്ലാത്തതും പക്ഷെ സാമൂഹികമായി നിലവിലുള്ളതുമായ സ്ത്രീധനവ്യവഹാരം, കുലം മാറിയുള്ള വൈവാഹിക തർക്കങ്ങൾ,  ആർത്തവം അശുദ്ധിയാണെന്നുള്ള വിശ്വാസം മുതലായ സാമൂഹിക നിയമങ്ങൾ, അഥവാ ആചാരങ്ങൾ എന്നിവയും തിരുത്തപ്പെടേണ്ടതാണ്. അങ്ങനെ തിരുത്തിത്തിരുത്തിയാണ്, നമ്മളിന്നത്തെ കാലഘട്ടത്തിൽ എത്തിയിരിക്കുന്നത്.  പഴക്കം ചെന്നത് എന്നത് കൊണ്ട് എല്ലാ ആചാരങ്ങളും ശരിയാകണമെന്നില്ല. മനുഷ്യർ, സ്വയം, അതിലെ ഓരോ നിയമങ്ങളുടെയും സാധുതയും അടിസ്ഥനവും അസ്ഥിത്വവും കാലാകാലങ്ങളിൽ വിശകലനം ചെയ്തുകൊണ്ടേയിരിക്കുന്നുണ്ട്. അങ്ങനെയാണ് നമ്മുടെ സമൂഹത്തിലെ നിരവധി അനാചാരങ്ങൾ മാറിയിട്ടുള്ളത്.

ഇപ്പോൾ തന്ത്രിയും രാജകടുംബാംഗങ്ങളും അവരെ പിൻതാങ്ങുന്ന മറ്റ് സംഘടനകളും മറ്റും പറയുന്നത്, ഇത് പോലുള്ള മാറ്റങ്ങൾ വരണോ വരണ്ടായോ എന്ന് തീരുമാനിക്കുന്നത് ദേവപ്രശ്നത്തിൽകൂടിയോ താന്ത്രികവിചാരങ്ങളിൽ കൂടിയോ മാത്രമായിരിക്കണമെന്നാണ്.  ഒന്ന് ചോദിക്കട്ടെ, ഇന്ന് നിലവിലില്ലാത്ത സതി, കീഴ്ജാതിക്കാരുടെ ക്ഷേത്രപ്രവേശനം, തൊട്ടുകൂടായ്മ, ജോലിനിഷേധം, വഴി നിഷേധം, ജലമെടുപ്പ് നിഷേധം, മാറ് മറയ്ക്കായ്മ്മ, ആൺകുട്ടികളെ കിട്ടാൻ പെൺകുട്ടികളെ മുതലക്ക് കൊടുക്കുക, നരബലി  തുടങ്ങിയ ആചാരങ്ങൾ അല്ല അനാചാരങ്ങൾ എങ്ങനെ നിർത്തലായി? ഏത് താന്ത്രിക് / വേദിക് വിചാരങ്ങളിൽക്കൂടിയാണ്, ഏത് വിദ്വൽ സദസ്സിൽക്കൂടിയാണ്  അവയൊക്കെ ഇന്ന് ഇല്ലാതായത്? ആ കാലഘട്ടങ്ങളിലും,  അനാചാരങ്ങൾക്കെതിരേ സമരങ്ങൾ നടക്കുമ്പോൾ ഇന്ന് ശബരിമലയിലെ സ്ത്രീ പ്രവേശനത്തിനെതിരേ   നിരത്തുന്ന ന്യായങ്ങൾ തന്നെയായിരുന്നു നിരത്തിയിരുന്നത്. പക്ഷെ രാജവിളംബരങ്ങളും സമരങ്ങൾ സമ്മർദ്ദം ചെലുത്തി ഉണ്ടായിട്ടുള്ള നിയമ നിർമ്മാണങ്ങളും മാത്രമാണ് ഇവയൊക്കെ  നിൽക്കാനുള്ള കാരണം എന്ന് ആർക്കാണറിഞ്ഞുകൂടാത്തത് ?

പിന്നെ വേറൊരു കാര്യം. തന്ത്രിമാരാണ് ആചാരമാറ്റങ്ങളൊക്കെ തീരുമാനിക്കേണ്ടത് എന്ന് പറയുന്നു. തന്ത്രിമാർക്ക് തന്ത്രമറിയുമോ എന്നത് വേറൊരു ചോദ്യം. കണ്ഠര് മോഹനരുടെ കഥ നാം കേട്ടതാണ്. അഞ്ചാം തരം കടന്നില്ലെങ്കിലും തന്ത്രി ആവാമല്ലോ? കുടുംബമഹിമ ഒന്നുകൊണ്ട് മാത്രമാണല്ലോ ഇന്ന് തന്ത്രിപരമ്പര നിലനിൽക്കുന്നത്, എന്ന് ഇന്നത്തെ സാമാന്യജനത്തിന് തീർച്ചയായും  സംശയം ഉണ്ട്.

ഒരു 200 കൊല്ലങ്ങൾ മുന്നേ വരെയുള്ള ആചാരങ്ങളെ ഇപ്പോൾ തിരിച്ചു കൊണ്ടുവന്നാൽ എന്തായിരിക്കും നമ്മുടെ അവസ്ഥ? നമുക്കത് ഊഹിക്കാൻ കൂടി പറ്റുമോ? സതിയും മുലക്കച്ചകളില്ലാതെ നടക്കുന്ന സ്ത്രീകളും, ഉയർന്ന ജാതിക്കാർ ഓ... ഹോയ് ... പറഞ്ഞ് പോകുമ്പോൾ വഴി മാറി മറഞ്ഞ് നിൽക്കുന്ന കീഴ്ജാതിക്കാരും ഒക്കെ തിരിച്ചുവന്ന കാലത്തെക്കുറിച്ച് ഒന്നാലോചിച്ച് നോക്കൂ.. അപ്പോഴറിയാം.. നമ്മൾ ഇന്നെത്ര മാറിയിരിക്കുന്നു എന്നത്.

അയിത്ത ജാതിക്കാരെ ക്ഷേത്രങ്ങളിൽ പ്രവേശിപ്പിച്ചത് പോലെയല്ല സ്ത്രീകളെ ആർത്തവ സമയത്ത് അയിത്തം കൽപ്പിക്കുന്നത് എന്നും ഒരു ന്യായവാദമുണ്ട്. പ്രത്യക്ഷത്തിൽ അങ്ങനെ തോന്നാമെങ്കിലും രണ്ടും അതിന്റെ അവസ്ഥയിൽ ഒന്ന് തന്നെയാണ്. ഒന്നിന് ഒരു കൂട്ടം ജാതി ഉപവിഭാഗങ്ങളാണ് ഇരകളായിട്ടുള്ളതെങ്കിൽ ഇവിടെ സ്ത്രീകളാണെന്ന വ്യത്യാസം മാത്രം.

പിന്നെ സ്ത്രീകൾ തന്നെയല്ലേ ഭക്തവിശ്വാസികളായി സ്ത്രീ പ്രവേശനത്തിനെതിരേ സമരം ചെയ്യുന്നത്, പിന്നെയെന്തിനാണ് അവരെ നിർബന്ധിക്കുന്നത് എന്ന ചോദ്യം ചിലർ ഉന്നയിക്കുന്നു. സത്യത്തിൽ കേൾക്കുമ്പോൾ ശരിയാണെന്നു തോന്നുമെങ്കിലും, ചരിത്രം പരിശോധിച്ചാൽ എല്ലാ സമരങ്ങളും അങ്ങനെത്തന്നെയായിരുന്നു. സതിക്കെതിരെ സമരങ്ങൾ നടക്കുമ്പോൾ സ്ത്രീകൾ സതിക്കനുകൂലമായി പ്രതികരിച്ചിരുന്നു. അയിത്തജാതിക്കാരെ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കാൻ സമരം നടക്കുമ്പോൾ നമുക്ക് ക്ഷേത്രങ്ങളിൽ കയറേണ്ട എന്നും പറഞ്ഞ് അയിത്തജാതിക്കാർ സമരക്കാർക്കെതിരെ തിരിഞ്ഞിരുന്നു. മാറ് മറയ്ക്കൽ സമരത്തിൽ മാറ് മറച്ച സ്ത്രീകളെ മാറ് മറയ്ക്കാതെ വന്ന സ്ത്രീകൾ ഉപദ്രവിച്ചിരുന്നു, ആൺകുട്ടികളെ കിട്ടാൻ മുതലക്ക് പെൺകുട്ടികളെ കൊടുക്കരുതെന്ന് നിയമം പാസ്സാക്കിയിട്ടും പെൺകുട്ടികളെ സ്ത്രീകൾ തന്നെ മുതലക്ക് കൊടുത്തിരുന്നു..... പക്ഷേ സമരം മൂലം, നിയമനിർമ്മാണങ്ങൾ കാരണം  അവസ്ഥ മാറിയപ്പോൾ അവരൊക്കെ അതിന്റെ ഗുണഭോക്താക്കളുമായിത്തീർന്നു എന്നത് വിരോധാഭാസമായിത്തോന്നാം.  അതുപോലെ ഇന്ന് സ്ത്രീപ്രവേശനത്തിനെതിരെ സമരം ചെയ്യുന്ന സ്ത്രീകളും നാളെ ശബരിമലയിൽ കയറി അതിന്റെ ഉപഭോക്താക്കളാകുമെന്നതിൽ ഒരു സംശയവും വേണ്ട.

ആർത്തവ സമയത്തെ സ്ത്രീ പ്രവേശനത്തിനെതിരേ സമരം ചെയ്യുന്ന സ്ത്രീജനങ്ങൾ അങ്ങനെ പ്രതികരിക്കുന്നത് പലതരം കാരണങ്ങൾ കൊണ്ടാണ്. അതിൽ മുഖ്യമാണ് പേടി. ദൈവകോപവും ദുരന്തങ്ങളെക്കുറിച്ചും മറ്റും  പേടിപ്പെടുത്തിയാണ് അവരെ വളർത്തിയത്. അല്ലാത്ത സാഹചര്യങ്ങളിൽ വളർന്ന സ്ത്രീകൾക്ക് ആർത്തവം സാധാരണ ഒരു പ്രക്രിയ മാത്രമാണ്. പിന്നെ ശീലിച്ച രീതികളിൽ നിന്ന് മാറാൻ പലർക്കും പ്രയാസമാണ്. ഞാൻ പ്രതികരിച്ചാൽ മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന ദുർബോധമാണ് ചിലരെ നയിക്കുന്നത്. ഇതൊക്കെ സർവ്വസാധാരണമാണ്. മാറ്റത്തിന് കുറച്ച് സമയം എടുക്കും. കൂട്ടിലിട്ട് വളർത്തിയ തത്തയെ ഒരു സുപ്രഭാതത്തിൽ തുറന്ന് വിട്ടാൽ, തത്ത പോലും ഒരു നിമിഷം മടിച്ച് നിൽക്കും... അതുപോലെയാണ് പുരോഗമനവാദങ്ങൾക്കെതിരെ സമരം ചെയ്യുന്ന ഗുണഭോക്താക്കളുടെ എതിർപ്പ് ! ഇരകളെ രക്ഷിക്കാൻ ശ്രമിക്കുന്നവർ ആദ്യം കല്ലേറ് കൊള്ളേണ്ടിവരുമെന്നത് ഇന്നത്തെ ലോകരീതിയാണ് !! പുരോഗമനപരമായ മാറ്റങ്ങൾ ഒരിക്കലും മേലെനിന്ന് ഒരു സുപ്രഭാതത്തിൽ പൊഴിഞ്ഞു വീഴുകയില്ല, ഇടപെടലുകളിലൂടെയേ അങ്ങനെയൊക്കെ നടക്കുകയുള്ളൂ !!!

ഓരോരുത്തരുടെയും വിശ്വാസങ്ങൾ ചോദ്യം ചെയ്യണോ എന്നാണ് വേറൊരുകൂട്ടർ ചോദിക്കുന്നത്. ശരിയാണ്. എന്തെങ്കിലും തരത്തിലുള്ള ദുരവസ്ഥകളുണ്ടാകുമ്പോൾ അതിന്റെ കാരണങ്ങൾ തിരക്കുന്നതും, കാരണം കണ്ടെത്തിയാൽ ആ കാരണങ്ങൾ ഇല്ലാതാക്കുന്നതിന് വേണ്ടി പ്രയത്നിക്കുന്നതും മനുഷ്യസഹജമായ നന്മയാണ്. രോഗങ്ങൾക്കെതിരായിട്ടേ മരുന്നുകൾ കൊടുക്കുകയുള്ളൂ... ഇവിടെയും അതൊക്കെത്തന്നെയേ സംഭവിച്ചിട്ടുള്ളൂ...

ആർത്തവമുള്ളവർക്ക് ഇവിടെ സന്യാസിനിയാവാം. 28 ദിവസങ്ങൾക്കപ്പുറം വ്രതമെടുക്കാൻ പറ്റാത്ത  ആർത്തവമതികൾക്ക് ഇവിടെ ചാതുർമാസ്യവ്രതമെടുക്കാം. ആർത്തവമതികൾക്ക് ശരണം വിളിച്ചുകൊണ്ട് അയ്യപ്പന് വേണ്ടി സമരം ചെയ്യാം. ആർത്തവമതികൾക്ക് ഒരു രാജ്യത്തിന്റെ ഭരണാധികാരിയാവാം... പക്ഷെ അയ്യപ്പനെ കാണാൻ പറ്റില്ല, അവിടെ അയിത്തമാണ്. ഇതിലൊന്നും ഒരു പാരമ്പര്യവാദികളും ഒരു അയോഗ്യതയും കാണുന്നില്ലേ?  സത്യത്തിൽ അയ്യപ്പൻ പോലും അറിയാതെ അയ്യപ്പൻറെ വായിൽ വിവേചനമൂഡ്ഡരായി  തിരുകിക്കൊടുത്ത ഈ നിയമത്തിൽ അയ്യപ്പൻ പോലും തല കുനിക്കുന്നുണ്ടാകും.

മഹാരാഷ്ട്രയിലെ ശനിശിംഗ്നാപ്പൂരിൽ നാനൂറോളം വർഷങ്ങളായി സ്ത്രീകൾക്ക്  പ്രവേശനമില്ലാതിരുന്നിടത്ത് ഈയ്യടുത്ത് സമരോല്സുകമായ ഇടപെടലുകൾ വഴി, നിയമനിർമ്മാണം മൂലം സ്ത്രീകൾക്ക് പ്രവേശനം ലഭിച്ചപ്പോൾ ഒരു ഒച്ചപ്പാടും ബഹളവും കൂടാതെ സ്വീകരിച്ചവരാണ് ഇവിടുത്തെ 'ഹിന്ദു'ക്കൾ. ഭൂരിപക്ഷ സമുദായം അങ്ങനെയൊരു പുരോഗമനപരമായ നിലപാടെടുത്തപ്പോൾ, ഹാജി-അലി ദർഗ്ഗയിലും സ്ത്രീപ്രവേശനവിളംബരം വന്നപ്പോൾ യാഥാസ്ഥിതികരായ മുസ്‌ലിം സമുദായം പോലും ഒരു ശബ്ദം പോലും ഉരിയാടാതെ പുരോഗമനവാദത്തിന് കാലാനുസൃതമായി വാതിൽ തുറന്നുകൊടുക്കുകയാണുണ്ടായത്. പക്ഷെ ശബരിമല വിഷയത്തിൽ, മലയാളി ഹിന്ദുക്കൾ യാഥാസ്ഥിതികരെപ്പോലും നാണിപ്പിക്കുന്ന നിലപാടെടുത്ത് മറുകണ്ടം ചാടി.

RSS ന്റെ മോഹൻ ഭാഗ്വതിനെയും  TG മോഹൻദാസിനേയും  BJP യുടെ സുബ്രഹ്മണ്യൻ സ്വാമിയേയും ഒക്കെ ഒരു കാലത്ത് ഈ മറുകണ്ടം ചാടിയ ഹിന്ദുക്കൾ പലകാര്യങ്ങളിലും ഉദ്ധരിക്കാറുണ്ടായിരുന്നു. പക്ഷെ ഇന്ന് അവർ ശബരിമലയുടെ പുരോഗമനപരമായ നിലപാടെടുത്തപ്പോൾ വിവരമില്ലാത്തവരായി, കാര്യങ്ങൾ ശരിക്ക് മനസ്സിലാക്കാത്തവരായി. വിരോധാഭാസമെന്നല്ലാതെ എന്ത് പറയാൻ?

ഈ പറയുന്ന ശബരിമലയിൽ ത്തന്നെ എത്ര ആചാരങ്ങൾ നിന്ന നിൽപ്പിൽ മാറിയിട്ടുണ്ട്? മകരവിളക്കിന് മാത്രം തുറന്നിരുന്ന അമ്പലം, ഇന്ന് വന്ന് വന്ന്, മകരവിളക്കിനും, മണ്ഡലകാലത്തും, എല്ലാ മലയാളമാസം ഒന്ന് മുതൽ അഞ്ച് വരെയും തുറക്കുന്നുണ്ട്. ആദിവാസിയും കുട്ടിയും നടത്തുന്ന തേനഭിഷേകം അവരിൽ നിന്ന് എടുത്തുമാറ്റി. ചീരപ്പൻചിറ ഈഴവ കുടുംബത്തിന്റെയടുത്ത് നിന്നും വെടിവഴിപാടിൻറെ നേതൃസ്ഥാനം മാറ്റി. പടഹാദി ഉത്സവം നടന്നിരുന്ന സ്ഥാനത്ത് ബ്രാഹ്മണിക് രീതിപ്രകാരം ഷോഡശ്ശ / ഷഡാദര  ക്രിയകൾ ചെയ്ത്,  കൊടിമരം സ്ഥാപിച്ച് വെളിച്ചപ്പാടുകളെ ഒഴിവാക്കി.  ഒഴിവാക്കിയ ആദിവാസികൾ മകരവിളക്കിന് പൊന്നമ്പലമേട്ടിൽ എരിയിച്ച തീ ദിവ്യമകരജ്യോതിയായി വ്യാഖ്യാനിച്ച് വിശ്വാസികളെപ്പറ്റിച്ചു. ഒടുക്കം അത് തീയാണെന്ന് സമ്മതിച്ച്, പൊന്നമ്പലമേട്ടിൽ തീ കത്തിക്കുന്നതും അമ്പലം ഏറ്റെടുത്തു (ഇപ്പോഴും തിരുവാഭരണാഘോഷയാത്രയുടെ മറപിടിച്ച് ശ്രീകൃഷ്ണപരുന്തിന്റെ വട്ടംപറക്കൽ തട്ടിപ്പ് നടന്നുകൊണ്ടേയിരിക്കുന്നു.). ഇതിലൊന്നും ഒരു ലംഘനവുമില്ലേ? അവകാശങ്ങളില്ലേ? അതുകൊണ്ട്, ഇന്നത്തെ മാറിയ സാഹചര്യത്തിൽ, നിലവിലെ ശബരിമല സ്ത്രീപ്രവേശന ആചാരവും മാറ്റപ്പെട്ട ആചാരങ്ങളിൽ പെടുത്തി, എല്ലാ വിശ്വാസികളായ / താല്പര്യമുള്ള സ്ത്രീകൾക്കും അനുവദനീയമാക്കുന്നതാണ് ഭംഗി.

ഇതുകൊണ്ടാണ് പറയുന്നത് ശബരിമല വിധിക്കെതിരേ പ്രതികരിക്കുന്നവരിൽ ഭൂരിഭാഗം പേരും ആചാരങ്ങളെ മുറുകെ പിടിച്ച് എന്ന് വരുത്തത്തക്കവണ്ണം അഭിനയിക്കുന്നു എന്ന് അറിയാതെയെങ്കിലും ചിന്തിച്ച് പോകുന്നത്.

ശബരിമലയിലെ സ്ത്രീ പ്രവേശനത്തിനെതിരേ സമരം ചെയ്യുന്നവർ മനസ്സിലാക്കുന്നില്ല, അവരെ ആരൊക്കെയോ ചില പ്രത്യേക ആവശ്യങ്ങൾക്ക് ഉപയോഗിക്കുകയാണെന്ന്. ഇന്ന് നിലവിലുള്ള ദൈവസങ്കല്പങ്ങളെയെല്ലാം ഒരു കൂട്ടം 'അതിബുദ്ധിമാന്മാർ' അതി സമർത്ഥമായി വൈകാരികമായി ഉപയോഗിച്ച് നിഷ്കളങ്കരായ പാവം ഭക്തരെ പറ്റിക്കുകയാണ്, ഭക്തിക്കച്ചവടം നടത്തി സമ്പന്നരാവുകയാണ്, ശക്തരാവുകയാണ്. അവർ കാലിൽ സ്വയം ചങ്ങലയിട്ട് ആർക്കോ വേണ്ടി ബലിയാടുകളായിപ്പോവുകയാണ്. യഥാർത്ഥ ദൈവമെന്ന സങ്കൽപ്പത്തിന് സ്ത്രീപുരുഷശിഖണ്ഡി വ്യത്യാസങ്ങളൊന്നും ഉണ്ടാവില്ല. യൗവ്വനയുക്തകൾ  അമ്പലത്തിൽ കയറിയാൽ, അയിത്താചാരണം മാറ്റി, അധഃകൃതർ അമ്പലങ്ങളിൽ കയറിയപ്പോൾ നഷ്ടപ്പെട്ട ചൈതന്യത്തിന്റെയത്രയൊന്നും ബാഹുല്യത്തിൽ  ഒരു ക്ഷേത്രത്തിന്റെയും ചൈതന്യം ഇടിയാൻ ഇടിയില്ല. കാരണം ആർത്തവപ്രശ്‌നത്തെക്കാൾ ഗൗരവതരമായിരുന്നു കീഴ്ജാതിപ്രവേശനപ്രശ്നം.

ആചാരങ്ങൾക്ക് യുക്തി വേണ്ടതുണ്ടോ.. ഭക്തിയും യുക്തിയും രണ്ട് ധ്രുവങ്ങൾ അല്ലേ എന്നൊക്കെ ചോദിക്കുന്നവരുണ്ട്. വലിയ വലിയ വിദ്യാഭ്യാസമുള്ളവരും ഇങ്ങനെത്തന്നെയാണ് പ്രതികരിക്കുന്നതും. വിദ്യാഭ്യാസം യുക്തി ഉണ്ടാകണമെന്നില്ല. ആണുങ്ങൾക്ക് പ്രസവിച്ചാലെന്താ... പാതാളമുണ്ടോ.. അമ്പലങ്ങളിൽ പോയാൽ കിട്ടുന്ന മാസ്മരിക-ആന്തരിക കാന്തിക വലയം പുരോഗമനവാദികൾക്ക് മനസ്സിലാവുമോ... ...അങ്ങനെവന്നാൽ ആണുങ്ങൾക്ക് മുലയൂട്ടിക്കൂടേ...  എന്നൊക്കെ ചോദിക്കുന്നുണ്ട്....ശബരിമല സ്ത്രീപ്രവേശനത്തെ അനുകൂലിക്കുന്നു എന്ന് വച്ച് ഇങ്ങനെയൊക്കെയുള്ള പിൻതിരിപ്പൻ ചോദ്യങ്ങൾക്ക് എങ്ങനെ  ഉത്തരം പറയാനാണ്?   സാധാരണക്കാരുടെ ഭക്തിനിറഞ്ഞ അമ്പലങ്ങൾ ചിലരുടെ വലിയ വരുമാനസ്ഥാപനങ്ങളാണെന്ന് ആർക്കാണറിഞ്ഞുകൂടാത്തത്? ഭക്തരുടെ മൃദുലവികാരങ്ങൾ വിറ്റ് കാശാക്കുന്നവരാണ് മതമേലദ്ധ്യക്ഷരും സാമുദായിക സംഘടനകളും എന്നത് ഏത് കുട്ടിക്കാണറിഞ്ഞൂടാത്തത്? എന്നാലും നിന്ന നിൽപ്പിൽ നമ്മുടെ ബോധം നശിപ്പിക്കപ്പെടാൻ നമ്മൾ  സ്വയം നിന്നുകൊടുക്കും. അതാണ് വിധേയത്വം. അതാണ് മസ്തിഷ്ക പ്രക്ഷാളനം. അത് നടന്നാൽ പിന്നെ നമ്മൾ എല്ലാം തൊണ്ട തൊടാതെ വിഴുങ്ങിക്കോളും.

മേല്പറഞ്ഞ തട്ടിപ്പുകൾ എല്ലാമതങ്ങളിലും നടക്കുന്നുണ്ട്. ഭരിക്കാനും ഭരിക്കപ്പെടാനും ഇന്ന് വളരെയെളുപ്പമുള്ള മാർഗ്ഗം ഭക്തിയാണ്. ഭക്തി തലക്ക് പിടിച്ചിട്ടാണ് ഇന്ന് ആളുകൾ മറ്റുള്ളവരെ, അനാചാരങ്ങളെയും തട്ടിപ്പുകളെയും യുക്തിയില്ലായ്മയെയും പറ്റി നിർഭയം പറയുന്നവരെ  പുലഭ്യം പറയുന്നത്. ഭക്തി മൂത്താൽ നല്ല സാത്വികാരായിട്ടല്ലേ അഥവാ നല്ല ക്ഷമയുള്ളവരായിട്ടല്ലേ  ആളുകൾ മാറേണ്ടത്? പക്ഷേ ഇന്ന് ഭക്തർ വികാരം കൊള്ളുകയാണ്. അക്രമം നടത്തുകയാണ്, തെറി വിളിക്കുകയാണ്? ആർക്ക് വേണ്ടി? ഭക്തരെ രക്ഷിക്കേണ്ട ദൈവത്തിനെ രക്ഷിക്കാൻ ഇന്ന് ഭക്തർ പാട് പെടുകയാണ്.

ദൈവഭക്തി, ജാതി, മതം, ദൈവം, ദേശഭക്തി (nationalism) എന്നിവ ഓരോകാലത്ത് ഭരണാധികാരികൾ അവരുടെ നിലനിൽപ്പിനും വെട്ടിപ്പിടിക്കലുകൾക്ക് വേണ്ടിയും ഉപയോഗിക്കുന്നവയാണ്. വാളെടുക്കാതെ ജനങ്ങളെ ഒരുമിപ്പിക്കാൻ അവർ കണ്ട പ്രധാനമാർഗ്ഗങ്ങൾ  അവയൊക്കെയാണ്. ഒരു തവണ, ഒരു സാധാരണ ജനത്തിന്റെ തലയിൽ  പലതരം കഥകളും ഐതിഹ്യങ്ങളും സ്വർഗ്ഗപ്രലോഭനങ്ങളും നരകഭീതികളും  പുരട്ടിക്കൊടുത്താൽ, നിഷ്കളങ്കനായ ആ വിധേയൻ പിന്നെ സ്വയം പ്രവർത്തിച്ച് കൊള്ളും. രാജാവിന് അഥവാ ഭരണാധികാരിക്ക് അല്ലെങ്കിൽ ഭരണാധികാരിയെ നിയന്ത്രിക്കുന്ന ശക്തിക്ക് പിന്നീട് കാര്യങ്ങൾ എളുപ്പം നടത്താം.

എന്തായാലും നമുക്ക് മുന്നോട്ട് പോയേ തീരൂ... ഭക്തിയും യുക്തിയും ഒരിക്കലും ഒരുമിച്ച് പോകില്ല എന്ന് തീർച്ചയായും മനസ്സിലാക്കുന്നെങ്കിലും വിവേചനബുദ്ധിയുള്ള ഭക്തസമൂഹം നമുക്കുണ്ടാക്കാം.  ഭക്തകളായ സ്ത്രീകൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ശബരിമല കയറട്ടെ. അയ്യപ്പൻ ബ്രഹ്മചാരിയായിത്തന്നെ തുടരും എന്ന് നമുക്ക് നൂറ് ശതമാനം വിശ്വസിക്കാം. ആളുകൾക്ക് നമുക്കിതിനെക്കുറിച്ച് ബോധവൽക്കരണം നടത്താം. ചേതമില്ലാത്ത പാരമ്പര്യങ്ങളും ആചാരങ്ങളും നമുക്ക് തുടരാം. കാലങ്ങൾ കൊണ്ടുവരുന്ന മാറ്റത്തെ ബലം പിടിക്കാതെ നമുക്ക് അംഗീകരിക്കാം. തിരുത്തേണ്ടവയുണ്ടെങ്കിൽ ഓരോന്നായി തിരുത്തിത്തിരുത്തി മുന്നോട്ട് പോകാം.  ചിന്താശേഷിയും വിവേചനശേഷിയും  നഷ്ടപ്പെടുത്താതിരിക്കാം. ചോദ്യം ചെയ്യലുകളെ ചിന്താപൂർവ്വം നേരിടാം. നിയമങ്ങൾ നമുക്ക് മനുഷ്യത്വപൂർണ്ണമായി ഉണ്ടാക്കാം. ആരുടേയും ഒരുതരത്തിലുമുള്ള അടിമത്തത്തിൽ (രക്ഷിതാക്കൾ മക്കളെ വളർത്തുന്നത് അടിമത്തമല്ലേ എന്നൊക്കെ ചിലർ ഇവിടെ ചോദിച്ചേക്കാം) നമുക്ക് തല വച്ച് കൊടുക്കാതിരിക്കാം. നമ്മളെ ഒരു തരത്തിലും ഉപയോഗിക്കാത്ത നമ്മുടെ നന്മക്ക് വേണ്ടി പ്രവർത്തിക്കുന്ന നിസ്വാർത്ഥരായവരെ നമുക്ക് നേതാക്കളാകാം. നമുക്ക് സ്വയം മാതൃകകളാകാം.... നമ്മളിന്നെടുക്കുന്ന തീരുമാനങ്ങൾ കാരണം നമ്മുടെ അടുത്ത തലമുറ ഞങ്ങളെ ശപിക്കാതിരിക്കാൻ മാത്രം നമുക്ക് സമർത്ഥരാവാം. രണ്ട് മുഖങ്ങളില്ലാത്ത(hypocrisy) രീതിയിൽ നമുക്ക് അഭിനയിക്കാതിരിക്കാം.  കാലചക്രം പിന്നോട്ട് തിരിക്കാത്ത കാലത്തിലേക്ക് നമുക്കൊരുമിച്ച് യാത്ര ചെയ്യാം.... 'അഹം ബ്രഹ്‌മാസ്‌മി'യെയും 'വസുധൈവ കുടുംബക'ത്തിനെയും നമുക്ക് കുറച്ച് കൂടെ മുറുക്കെപ്പിടിക്കാം !! ലോകാഃ സമസ്താഃ സുഖിനോ ഭവന്തു!!

***

2018 സെപ്റ്റംബർ 30, ഞായറാഴ്‌ച

സുപ്രീം കോടതിയോട് ഒരപേക്ഷ


ഞാൻ ബഹുമാനപ്പെട്ട സുപ്രീം കോടതിയോട് കേണപേക്ഷിക്കുന്നു..... എന്നെ, എന്റെ കലുഷിതമായ  പ്രശ്നത്തിൽ നിന്ന്, ഒന്ന് രക്ഷപ്പെടുത്തണം....

സംഭവം ഇതാണ്....

ഞാൻ ഇന്നലെ എന്റെ മാനസ നിലയത്തിൽ എന്റെ ജീവിതാഭിലാഷത്തിനൊത്ത ഒരു വീടുണ്ടാക്കി. ഉടനെ തന്നെ ഞാനതിൽ ഓടിക്കയറി. പെട്ടന്ന് ദൈവം പ്രത്യക്ഷപ്പെട്ടു... (അദ്ദേഹത്തിന്റെ രൂപത്തിനെപ്പറ്റിയോ ലിംഗത്തിനെപ്പറ്റിയോ വേഷത്തിനെപ്പറ്റിയോ ഒന്നും ഞാൻ പറയുന്നില്ല, കാരണം, ഇത് വായിക്കുന്നവർക്ക് ഓരോരുത്തർക്കും ഓരോരോ അഭിപ്രായങ്ങളുണ്ടായിരിക്കുമല്ലോ..) എന്നിട്ട്, ഒരു വലിയ  പലകയെടുത്ത്, വണ്ണത്തിൽ ഇങ്ങനെയെഴുതി: "ഈ വീട്ടിൽ, പുരുഷന്മാരായവരും സ്ത്രീകളായവരും സ്ത്രീപുരുഷന്മാരല്ലാത്തവരും, മൃഗങ്ങളും , മൃഗസ്വഭാവങ്ങളുള്ളവരും, തോന്നിവാസികളും,  കന്യകൾക്ക് പിറന്നവരും, പെൺവേഷം കെട്ടിയവരിൽ പിറന്നവരും, ആടിന്റെ ബലിയിൽ പ്രീതിപ്പെടുന്നവരും  രാത്രികളിലോ പകലുകളിലോ വൈകുന്നേരങ്ങളിലോ, പ്രഭാതങ്ങളിലോ, മഴയത്തോ, വെയിലുള്ളപ്പഴോ, മഞ്ഞ് പെയ്യുമ്പോഴോ കാറ്റുള്ളപ്പോഴോ കയറരുത്." എന്നിട്ട് ദൈവം, ആ പലകയെടുത്ത് വീടിന്റെ മുന്നിലായി ആർക്കും എത്താത്ത വിധത്തിൽ മാറ്റാൻ പറ്റാത്ത വിധത്തിൽ, മായ്ക്കാൻ പറ്റാത്ത വിധത്തിൽ കെട്ടിത്തൂക്കി !

ഞാനാദ്യമേ കയറിയതിനാൽ, രക്ഷപ്പെട്ടു. പക്ഷേ ഇനി പുറത്ത് പോയി തിരിച്ച് വരാൻ പറ്റില്ല, സത്യത്തിൽ ഉള്ളിൽ പെട്ടുപോയി. ഉള്ളിൽ സാധനങ്ങൾ ഒന്നുമില്ല... ഭാര്യക്കും മക്കൾക്കും ദൈവം സ്ഥാപിച്ച ബോർഡ് കാരണം ഉള്ളിൽ കയറാനും പറ്റുന്നില്ല...  ഒന്നുകിൽ ഞാനീ വീട് ഉപേക്ഷിക്കണം...  അല്ലെങ്കിൽ മറ്റുള്ളവർ എന്നെ ഉപേക്ഷിക്കും.... രാവിലെ എന്റെ മക്കളും ഭാര്യയും വണ്ണം തിരണ്ട രണ്ട് വാഴപ്പഴങ്ങൾ എറിഞ്ഞ് തന്നത് കാരണം കുറച്ച് വിശപ്പ് കുറഞ്ഞിട്ടുണ്ട്.... എനിക്ക് വേഗം എന്തെങ്കിലും തീരുമാനിച്ചേ പറ്റൂ... എനിക്ക് എന്റെ വീടും വേണം... ഭാര്യയും മക്കളും വേണം... സുഹൃത്തുക്കളും നാട്ടുകാരും എല്ലാവരും വേണം...

സ്ത്രീകളും പരുഷന്മാരും മൃഗങ്ങളും വരരുതെന്ന് പറഞ്ഞത് കൊണ്ട് ഭാര്യക്കും മക്കൾക്കും സുഹൃത്തുക്കൾക്കും വരാൻ പറ്റുന്നില്ല... എന്തിനധികം, എന്റെ പട്ടിക്ക് പോലും വരാൻ പറ്റുന്നില്ല... ആണിന്റെ സ്വഭാവമുള്ള പെണ്ണിനോ, പെണ്ണിന്റെ സ്വഭാവമുള്ള ആണിനോ, രണ്ടും കെട്ടവർക്കോ വരാൻ പാടില്ലെന്ന് എഴുതിയത് കൊണ്ട്, ആ കൂട്ടത്തിൽ പെട്ടവർ പോലും നിസ്സഹായരാണ്. ... മൃഗസ്വഭാവങ്ങളുള്ളവരും തോന്നിവാസികളും വരരുതെന്ന് പറഞ്ഞത് കൊണ്ട്, ദൈവത്തെ ധിക്കരിക്കുന്നവർക്കോ കള്ളന്മാർക്കോ  പോലും വരാൻ പറ്റുന്നില്ല. ഇരുട്ടത്തോ, മഴയത്തോ, മഞ്ഞിലോ പോലും ഒരു തട്ടിപ്പും കാണിക്കാൻ പറ്റുന്നില്ല.

കന്യകൾക്ക് പിറന്നവരും, പെൺവേഷം കെട്ടിയവരിൽ പിറന്നവരും, ആടിന്റെ ബലിയിൽ പ്രീതിപ്പെടുന്നവരും വരരുതെന്ന് പറഞ്ഞത് കൊണ്ട് ചില ദൈവങ്ങൾ പോലും എന്റെ ഇന്നത്തെ അവസ്ഥയിൽ ദുഖിക്കുന്നു.

അത്രക്ക് പഴുതുകൾ അടച്ചുകൊണ്ടാണ് എന്റെ സൂപ്പർ ദൈവത്തിന്റെ  കല്പന.

ഇനി ഞാൻ തട്ടിപ്പ് പറയുകയാണെന്ന് മാത്രം പറയരുത്.. സ്വപ്നം കണ്ടതാണെന്നും തെറ്റിദ്ധരിക്കരുത്... ഞാൻ ശരിക്കും കണ്ടതാണ്.. എന്റെ സൂപ്പർ ദൈവത്തെ.... നിങ്ങൾക്ക് ആ ബോർഡ് ഇപ്പഴും എന്റെ വീടിന് മുന്നിൽ വന്നാൽ കാണാവുന്നതാണ്.. പക്ഷേ ആ ബോർഡ് കാണണമെങ്കിൽ നിങ്ങൾ തിരിഞ്ഞ് നിൽക്കണം എന്ന് മാത്രം.... എന്നിട്ടും കാണുന്നില്ലെന്ന് മാത്രം പറയരുത്.

ഒരു പ്രതിവിധി എന്ന നിലയിൽ, ആ ദൈവത്തിനെ ഞാനീ വീട്ടിൽ പ്രതിഷ്ഠിക്കാൻ തയ്യാറാണ്. ഒരു പുതിയ പുസ്തകവും എഴുതാം... ശ്ലോകങ്ങളും, വചനങ്ങളും, ആയത്തുകളും വായിച്ച് ശീലിച്ച ആളുകൾക്ക് പെട്ടന്ന് മനസ്സിലാവാൻ, ഞാൻ ദൈവത്തിന്റെ എല്ലാ അപദാനങ്ങളും അക്കമിട്ട് 'പോയിന്റ് ബൈ പോയിന്റ്' നിരത്താം.

അങ്ങനെ വന്നാൽ, കുറഞ്ഞത് എന്റെ നാടെങ്കിലും ദാരിദ്ര്യത്തിൽ നിന്ന് രക്ഷപ്പെടും. ഇതുവരെ പൊട്ടനാണെന്ന് നാട്ടുകാർ പറഞ്ഞു പോരുന്ന എനിക്ക് സമൂഹത്തിൽ ഉന്നതസ്ഥാനം കൈവരികയും ചെയ്യും. ചിലപ്പോൾ നാട്ടുകാർ സംഭാവന ചെയ്യുന്ന സ്വർണക്കൂമ്പാരം മ്യൂസിയത്തിൽ വച്ച് നാട്ടുകാരെ ആകർഷിക്കാൻ പറ്റിയെന്ന് വരും.

ഇതൊക്കെയാണെങ്കിലും, ആ ബോർഡ് വച്ചതുകൊണ്ടുണ്ടായ സന്നിഗ്ദ്ധത ബഹുമാനപ്പെട്ട സുപ്രീം കോടതി ദയവ് ചെയ്ത് പരിഹരിച്ച് തരണം. ആകെ മൊത്തം കോമ്പ്ലിക്കേഷനാണ്... യുക്തിരഹിതരായ മനുഷ്യർക്കും ദൈവത്തിനും മൃഗങ്ങൾക്കും തീർക്കാൻ പറ്റാത്ത യുക്തിരഹിതമായ പ്രശ്നങ്ങൾ തീർക്കാൻ സുപ്രീം കോടതിക്ക് മാത്രമേ ആവുള്ളൂ എന്ന ഉത്തമ വിശ്വാസം എനിക്കുണ്ട്. സ്ത്രീജനങ്ങൾ പോയാലും ആർത്തവരക്തം വീണാലും കുണ്ടൂർ മലയോ വ്യോമസിംഹാസനങ്ങളോ ഒന്നും ഇളകില്ലെങ്കിലും, ന്യായാസനങ്ങൾ  ഇളകുമെന്ന് ഈ പ്രജ മനസ്സിലാക്കിയിട്ടുണ്ട്. വേറെ പണിയൊന്നുമില്ലാത്തവണ്ണം,  ജീവിത നിലവാരത്തിന്റെയോ പ്രജകളുടെ സുഖ-ക്ഷേമങ്ങളുടെയോ വ്യവഹാരങ്ങളിൽ ഇടപെട്ടില്ലെങ്കിലും മത-വർണ്ണ വ്യവഹാരങ്ങളിൽ, അതും എല്ലാ അമൃതമതങ്ങളെയും ഒരുപോലെ കാണുന്നതിന് പകരം, എല്ലാവരെയും ഒരേപോലെ ശരിയാക്കുന്നതിന് പകരം,  ഒരു പ്രത്യേക വർഗ്ഗത്തിന്റെ മാത്രം കഞ്ഞിയിൽ കണ്ണുവെക്കാൻ ന്യായാസനാക്ഷികൾക്ക് പ്രത്യേകം താല്പര്യമുണ്ടെന്നും, ഏത് പടുവിഡ്ഢിയും എന്ത് വിഡ്ഢിത്തരമെടുത്ത് എറിഞ്ഞു തന്നാലും സ്വീകരിക്കുമെന്നും ഈ പ്രജ മനസ്സിലാക്കുന്നു. ഇതുവരെ അവിശ്വാസിയായ ഞാൻ പോലും ഈ വിശ്വാസസംബന്ധമായ കാര്യത്തിൽ, ചക്കയുടെ മേലെ ഈച്ച പറ്റിപ്പിടിക്കാൻ സാദ്ധ്യതയുള്ളത്  പോലെ അറിയാതെ പ്രതികരിച്ചുപോകാൻ സുപ്രീം കോടതി വളരെ ഉദാത്തമായിരിക്കുന്നു; ഈ കാര്യം വളരെ പരസ്യമായിരിക്കുന്നു എന്ന കാര്യവും ഈ പ്രജ മനസ്സിലാക്കുന്നു.    

ആയതിനാൽ എന്റെ കുരുത്തംകെട്ട പ്രശ്നത്തിന് വിധി പറയാൻ സുപ്രീം കോടതിക്ക് മാത്രമേ കഴിയൂ എന്ന് ഉത്തമമായി വിശ്വസിക്കുന്നു. ഈ പ്രശ്നം തീർത്ത് തന്നാൽ ഉടനെ തന്നെ ഞാൻ മേല്പറഞ്ഞ പ്രകാരം പുസ്തകമെഴുത്തിലേക്ക് തിരിയുന്നതാണ്‌. പിന്നെ, ദൈവത്തിനെ നേരിട്ട് കണ്ടയാൾ എന്ന നിലയിൽ, അവിശ്വാസിയായ എന്നെപ്പോലും മസ്തിഷ്കപ്രക്ഷാളനം ചെയ്ത അവസ്ഥയിൽ, ദൈവം എന്നോട് സ്വകാര്യമായി  അരുളിച്ചെയ്ത പോലെആ പുതിയ പുസ്തകം ലോകത്തിന്റെ ഒരേയൊരു വഴി കാട്ടിയായിരിക്കും.  നമ്മുടെ ലോകത്തിന്റെ പ്രശ്നങ്ങൾ മൊത്തം തീർക്കാൻ.ആ കിത്താബ് മാത്രം പര്യാപ്തമായിരിക്കും.  ഞാനായിരിക്കും അടുത്ത പ്രവാചകൻ. ഈ കാര്യങ്ങൾ പൊതുജനങ്ങളോട് പറയാൻ എനിക്കെത്രയും പെട്ടന്ന് എന്റെ വീട്ടിൽ നിന്ന്  പുറത്ത് വന്നേ ഒക്കൂ...മാത്രവുമല്ല, ഈ വ്യവഹാരവും വ്യവഹാരവിചാരണയും എനിക്കും മാനവസമൂഹത്തിലെ എന്റെ പുതിയ സ്ഥാനലബ്ധിക്കും വാർത്താമാധ്യമങ്ങൾ വഴി പ്രചുരപ്രചാരം കിട്ടുമെന്നും എനിക്കുറപ്പുണ്ട്.  ദൈവം തൂക്കിയ ബോർഡ് സമസ്യയിൽ നിന്ന്, എന്നെ എത്രയും പെട്ടന്ന്, രക്ഷിക്കുമെന്ന വിശ്വാസത്തോടെ, ആഗ്രഹത്തോടെ...

സത്യസന്ധതയോടെ,
നാരായം
(ഒപ്പ്)




2018 മേയ് 23, ബുധനാഴ്‌ച

ഓ മൈ നിപ്പാ...

ആഹാ.. വീണ്ടും പനി.. പനി... പനി... കഴിഞ്ഞ ഇരുപതോളം കൊല്ലങ്ങളായിക്കാണും, മനോഹരനാമധാരികളായ  ഒരു നൂറുകൂട്ടം പനികൾ മനസ്സിൽ ചേക്കേറിയിട്ട്.... അവയുടെ പേരുകൾ പറഞ്ഞ് എഴുതിക്കൊണ്ടിരിക്കേ തന്നെ വേറൊരു പുഷ്പിണിയായ പനിയും കൂടി കേറിവന്നേക്കാം......

കാലം കടന്നു പോയി.. ഞങ്ങൾ നാട്ടുകാർ വളരെയേറെ പുരോഗമിച്ചു... ആളുകൾ ജോലി തേടി ലോകം മുഴുവൻ സഞ്ചരിക്കാൻ തുടങ്ങി.. നിരത്തുകളില്ലെങ്കിലും, എല്ലാവീടുകളിലും കാറുകൾ എത്തി... മുക്കിലും മൂലക്കും ആശുപത്രികൾ വന്നു.... കമ്പ്യൂട്ടർ വ്യാപകമായി..  മൊബൈൽ ഫോണുകൾ കുട്ടിക്കൈകളിലും എത്തി.... ഓർക്കുട്ട് വന്നു..ഫേസ് ബുക്ക് വന്നു.. വാട്സാപ്പ് വന്നു... ബന്ധങ്ങൾക്ക് എന്തെന്നില്ലാത്തതരം, മുന്പെങ്ങുമില്ലാത്ത വിധം, ഒരു ഊഷ്മളതയും ദൃഢതയും കൈവന്നതായി തോന്നാൻ തുടങ്ങി. ഒരു പുസ്തകം പോലും വായിച്ചില്ലെങ്കിലും, ഫേസ് ബുക്കിലും വാട്സാപ്പിലും ലോകത്തിലെ മുഴുവൻ വിവരങ്ങളടങ്ങുന്ന ലഘുലേഖകളും വീഡിയോകളും പ്രചരിക്കുക വഴി, ഓരോ മനുഷ്യനും സർവ്വപരിജ്ഞാനകോശമായി മാറാൻ തുടങ്ങി...

പക്ഷേ സത്യം പറയട്ടെ.... ഈ പുരോഗമിച്ച നാട്ടിലേക്ക് പോകാൻ എനിക്ക് പേടിയാണ്. മരിച്ചുപോകുമെന്ന പേടി കൊണ്ടല്ല.... ജീവിക്കാനുള്ള കൊതികൊണ്ടുമല്ല... സത്യസന്ധമായി നോക്കിയാൽ ഈ പുരോഗമിച്ച ദൈവത്തിന്റെ സ്വന്തം സ്വർഗ്ഗനാട്ടിലെ 'സ്വർഗ്ഗീയ വൃത്തി മനോഭാവം'  കാണുന്നത് കൊണ്ട് മാത്രമാണ്. വൃത്തിയില്ലായ്മയെ കുറിച്ച് ചിന്തിച്ചാൽ, രാഷ്ട്രീയവും പീഡനങ്ങളും തമ്മിൽത്തല്ലും കൈക്കൂലിയും ഒക്കെയെനിക്ക് രണ്ടാംകിടയാണ്.. മാനസികവും ശാരീരികവുമായ ശരിയായ ആരോഗ്യമില്ലാത്തിടത്ത്... പീഡനവും രാഷ്ട്രീയക്കൊലപാതകങ്ങളും കൈക്കൂലിയും ഉണ്ടെന്ന് വച്ച് ആരും ഒട്ടും  ആശങ്കപ്പെടേണ്ടതില്ല. കാരണം, ചിലപ്പോൾ ഒരു പനി... അത് ഒരു സമൂഹത്തിനെത്തന്നെയില്ലാതാക്കും....

ഞാനൊക്കെ തനി ഗ്രാമത്തിലാണ് ജനിച്ച് വളർന്നത്.... എന്റെ വീട്ടിൽ വൈദ്യുതി തന്നെ വന്നത് 2000 ത്തിലാണ്. 1990 വരെയൊന്നും പനികളൊന്നും നമ്മുടെ നാട്ടിൽ ഭീതി പടർത്തിയിരുന്നില്ല. പനി നമുക്ക് വെറും സാധാരണമായിരുന്നു.. എല്ലാ പനികളും 99 ശതമാനവും വെറും സാധാരണ പനികളായിരുന്നു.... ആ  പനികളിൽ 99  ശതമാനവും  വല്ല ചുക്കുകാപ്പിയും കുടിച്ച് കമ്പിളി മൂടിക്കിടന്നാൽ മാറുന്ന ജലദോഷപ്പനികളായിരുന്നു. ഞങ്ങളുടെ വീടുകളിലും അടുത്തുള്ള വീടുകളിലും കൂറകളും എലികളും ഒക്കെയുണ്ടായിരുന്നു.... (ആരോഗ്യമുള്ളവയായിരിക്കാം)... എന്റെ വീട്ടിൽ പശുക്കളും... ചുറ്റുപാടുകളിൽ കൊതുകുകളും ഉണ്ടായിരുന്നു... (അവയ്ക്കും  ആരോഗ്യമുണ്ടായിരുന്നിരിക്കാം).... ഞങ്ങൾ പക്ഷികൾ തിന്നതും അണ്ണാൻ കടിച്ചതുമൊക്കെയായ പഴങ്ങൾ വൃത്തിയാക്കി തിന്നിട്ടുണ്ട്....  എന്തിനേറെപ്പറയുന്നു... ഗ്രാമങ്ങളിൽ എല്ലാ വീടുകളിലും കക്കൂസുകൾ പോലും ഉണ്ടായിരുന്നില്ല... പക്ഷെ സത്യത്തിൽ ഗ്രാമത്തിൽ അന്ന് ആരോഗ്യം നിലനിന്നിരുന്നു.... പട്ടണങ്ങളിലും പനികൾ (ഒരളവ് വരെ ഗ്രാമങ്ങളിലേക്കാൾ കൂടുതലായിരുന്നങ്കിലും) ഒരു ഭീതിയായി അന്ന് തോന്നിയിരുന്നില്ല...

ഇന്ന് സ്ഥിതിയാകെ മാറി.... ഇന്ന് ഏതു സമയത്തും എവിടെയും നോക്കിയാൽ പനിക്കാരില്ലാത്ത വീടുകൾ വിരളം.... ശരിക്കും കണ്ണ് തുറന്നൊന്ന് ചുറ്റും നോക്കൂ.. കാരണങ്ങൾ മുന്നിൽത്തന്നെയുണ്ട്....

ഇന്ന്  'വൃത്തി' എന്നത് ആരെയോ കാണിക്കാൻ വേണ്ടിയുള്ള ഒന്നായി മാറിയിരിക്കുന്നു.  ഇരിക്കുന്ന സ്ഥലവും മുന്നിലുള്ള സ്ഥലവും തുടച്ചാൽ വൃത്തിയായി എന്ന് കരുതപ്പെടുന്നു. ചുറ്റുവട്ടത്തുള്ള സമൂഹത്തിനെപ്പറ്റി ചിന്തിക്കുന്നത് തന്നെ പണച്ചിലവുള്ള സംഭവമായി ആളുകൾക്ക് തോന്നിത്തുടങ്ങിയിരിക്കുന്നു.

ഇന്ന് ഗ്രാമങ്ങളിൽ അടിക്കാടുകൾ വൃത്തിയാക്കപ്പെടുന്നില്ല.... കൊതുകുകൾ വളരുന്ന വെള്ളക്കെട്ടുകൾ ഓരോ പറമ്പിൽ നിന്നും മാറ്റപ്പെടുന്നില്ല... ജനപ്പെരുപ്പം കൂടിയതിനനുസരിച്ച് സ്വന്തം വീടുകളിലെ മാലിന്യങ്ങൾ ശരിയായ രീതിയിൽ സംസ്കരിക്കപ്പെടുന്നില്ല... പ്ലാസ്റ്റിക്കുകളും പഴയ ബാറ്ററികളും യഥേഷ്ഠം പറമ്പുകളിൽ വലിച്ചെറിയുന്നു....  അങ്ങനെ സ്വന്തം കിണറുകൾ പോലും അറിയാതെ മലിനമാക്കുന്നു...എന്നിട്ട് എല്ലാവരും വൈകുന്നേരങ്ങളിൽ കൊതുകിനെക്കൊല്ലാനുള്ള 'ബാറ്റും' പിടിച്ചിരുപ്പാണ്...  കഷ്ടം....

പട്ടണത്തിലാണെങ്കിലോ... ഒരു മഴപെയ്താൽ ഉള്ള മാലിന്യങ്ങൾ മുഴുവൻ നിരത്തുകളിലെത്തും.... മുക്കിലും മൂലക്കും ഒക്കെ ചവറുകൂനകളാണ്... ആശുപത്രി മാലിന്യങ്ങളും... ഹോട്ടൽ മാലിന്യങ്ങളും... അറവുശാലാമാലിന്യങ്ങളും  വർക് ഷാപ്പ് മാലിന്യങ്ങളുമൊന്നും തമ്മിൽ നമ്മുടെ നാട്ടിൽ വേർതിരിവുകളില്ല... എല്ലാ മാലിന്യങ്ങളും ദിവസങ്ങളോളം കൂട്ടിയിടപ്പെട്ടിരിക്കും.... നാട്ടുകാരാണെങ്കിൽ ഇത്തിരി 'ഗ്യാപ്' കിട്ടിയാൽ അവിടെ സ്വന്തം കഫവും തുപ്പലും ഒക്കെ കൂട്ടിക്കുഴച്ച് തുപ്പി വെക്കും... പാൻ പരാഗുകൾ കഴിച്ച് തത്തമ്മച്ചുണ്ടൻമാരായവർ... ആ തുപ്പലിന് കടും നിറം കൊടുക്കുമെന്ന വ്യത്യാസമേയുള്ളൂ... പുകവലി ശീലമുള്ളവർ, ഉള്ളിലെ കൊതുകിനെ പുറത്താക്കാനെന്നോണം ആഞ്ഞുവലിച്ച് ആ പുക മറ്റുള്ളവർക്കും കൊടുത്ത്, കുറ്റി, തെരുവ് പിള്ളേർ വലിച്ചു പഠിക്കാനെന്നോണം വഴികളിലിട്ട് കൊടുക്കും... സ്വന്തം കൈകളിലെ മാലിന്യങ്ങൾ സ്വന്തം കൈകളിൽ നിന്ന് മാറ്റുക എന്നല്ലാതെ... ആ മാലിന്യം മറ്റുള്ളവർക്ക് വിഷയമാകുമോ എന്ന ചിന്തയൊന്നും ഇന്നത്തെ വാട്സാപ്പ് വിശാരദന്മാർക്കില്ല...

വാട്സാപ്പിൽ ചർച്ചകൾ നടക്കുന്നുണ്ട്.... കാര്യങ്ങൾ എല്ലാവരും നിരത്തുന്നുണ്ട്.... മാലിന്യം വലിച്ചെറിഞ്ഞ അയലത്തുള്ളവനെ കുറ്റപ്പെടുത്തുന്നുണ്ട്...സ്വയം അത്തർ പൂശി, കുളിക്കാത്ത ചെക്കനെ കുറ്റം പറയുന്നുണ്ട്.... ഒരാൾ മാത്രം വൃത്തിയാക്കിയിട്ടെന്താ കാര്യം എന്ന് ചോദിക്കുന്നുണ്ട്....  സീരിയൽ എന്താ തുടങ്ങാത്തേ എന്ന് അപ്പുറത്തെ തള്ള വിളിച്ച് ചോദിക്കുന്നുണ്ട്... ഇനി സംസാരം തുടർന്നാൽ കേൾവിക്കാരാരുമുണ്ടാവില്ല....

അങ്ങനെയങ്ങനെ.... വൃത്തിയില്ലായ്മയുടെ കൂട്ടത്തിൽ സാമൂഹ്യബോധമില്ലായ്മ നുഴഞ്ഞ് കയറി..... വാട്സാപ്പ് / ഫേസ്ബൂക് തിരക്കുകൾ മൂലം, രാസപദാർത്ഥങ്ങൾ പുരട്ടിയ  പച്ചക്കറികളും മായം കലർന്ന ഭക്ഷണങ്ങളും കഴിച്ച് മലയാളിയങ്ങനെ.... ചൂട് കുറക്കാനെന്നോണം ഹർത്താൽ സേവക്കിടയിലെ രാഷ്ട്രീയ / കൈക്കൂലി നിലപാട് പ്രഖ്യാപനങ്ങൾക്കിടയിൽ, സായിപ്പിന്റെ വീഞ്ഞ് നുകർന്ന്,  സോളാറിന്റെ മധുരമനോരാജ്യത്തിൽ, സ്വന്തം കർത്തവ്യത്തെപ്പറ്റിയല്ലെങ്കിലും മറ്റുള്ളവർ എന്തൊക്കെച്ചെയ്യണമെന്ന് ബോധവാനായിക്കൊണ്ടിരിക്കുമ്പോഴാണ്.... അവൾ വന്നത്.... ആര്? നമ്മുടെ തലതിരിഞ്ഞ 'പനി '  ... എല്ലാവരുടെയും 'നിപ '..... നമ്മുടെ മാനസിക /  സാമൂഹിക /  വിദ്യാഭ്യാസ / ബൗദ്ധിക / സാങ്കേതിക / വൈജ്ഞാനിക / ആരോഗ്യ പുരോഗതികൾ നിഷ്പ്രഭമാക്കിക്കൊണ്ടുള്ള ഗംഭീരമായ രാജകീയമായ വരവ്...  എന്റെ പൊന്നു മോളേ... മോൾക്ക് ശേഷം ആരാണാവോ.....? കാത്തിരിപ്പ് വെറുതെയാവില്ലെന്ന സ്വയമുറപ്പ് തീർച്ചയായും ഉണ്ട്... ആ ഉറപ്പ് കാലം തന്നിട്ടുണ്ട്....

***

2017 മേയ് 31, ബുധനാഴ്‌ച

ചാണ്ടിമാണി സോളാർ

സരിതാപമേറ്റ് പുളഞ്ഞു കളിക്കുന്ന
വീരരായുള്ളോരു മാണിക്കും ചാണ്ടിക്കും
ശരം പോലെ കുത്തുന്ന ജോർജ്ജിന്റെ നാക്കിനും
'ശൂര'യായുള്ളോരു പെണ്ണിനെ താങ്ങുമോ
നാണമേയെന്തെന്നറിഞ്ഞിടാമർത്ത്യരെ
നാട്ടാര് രാഷ്ട്രീയക്കാരായ് പുകഴ്ത്തുന്നു
നാണം വിറ്റു നടക്കുന്ന പെണ്ണിനെ
തൂണിലെ ചിത്രമായ്‌ പത്രങ്ങൾ പാടുന്നു
താരങ്ങളെന്നോരു പട്ടങ്ങൾ കിട്ടിയോർ
തരുണീമണികളെ വലകളിൽ വീഴ്ത്തുന്നു
ദരിദ്രരായ് ജനിച്ചങ്ങ് ദരിദ്രരായ് മരിക്കുന്ന
പരിണിതപ്രജ്ഞരാം പ്രജകളോ വിഡ്ഡികൾ !
***

2017 മേയ് 26, വെള്ളിയാഴ്‌ച

കുടുംബത്തിലെ വാട്സാപ്പ് പുകിൽ


ഇത് ഒരു വാട്സാപ്പ് കാലമാണല്ലോ.. വെറും കാലമല്ല... വാട്സാപ്പ് പ്രളയകാലം തന്നെയാണ്. എന്തിനും ഏതിനും വാട്സാപ്പിന്റെ ഒരു 'influence' ഉള്ള കാലം. വാട്സാപ്പ് ഗ്രൂപ്പുകൾ, നാട് അടക്കി വാഴുന്ന കാലം.വാട്സാപ്പിലാതെ ജീവിക്കാമെന്ന് വച്ചാ.. വീട്ടിൽ ഒരു കാളവണ്ടി തന്നെ വാങ്ങിവെക്കേണ്ടി വരും !

കാലത്തിന്റെ കിടപ്പ് ഇങ്ങനെയാണെന്നിരിക്കേ, ഞാൻ അംഗമായ കുടുംബത്തിനും ഒരു വാട്സാപ്പ് ഗ്രൂപ്പുണ്ടായി. അത് നമ്മളുടെ കുടുംബത്താവഴിയിലെ വലിയ കുടുംബസ്നേഹിയായ ഒരു കുഞ്ഞു പഹയന്റെ (എന്നേക്കാൾ, ഇരുപത് വയസ്സിന് നാല് വയസ്സ് കുറവുള്ള അനിയനാണ്) പരിപാടിയായിരുന്നു. അവന് ദുബായിൽ പണിയൊന്നുമില്ലാതിരുന്ന കാലത്ത് തുടങ്ങി വച്ച ഒരു സംരഭം. അത്, ഇന്ന് പടർന്ന് പന്തലിച്ച് ഒരു വലിയ കൂട്ടുകുടുംബം തന്നെയായി മാറി. ആ പഹയൻ ഇപ്പൊ, കുട്ടിത്തമൊക്കെ മാറ്റി പെണ്ണ് കെട്ടി സുഖിക്കാനുള്ള പ്രയത്നത്തിലാണ്.

ഈ പഹയൻ, വലിയ കുടുംബസ്നേഹിയാണെന്ന് പറയാൻ ഒരു കാരണം ഉണ്ട്. അവന്റെയടുത്ത് എന്തോ ഒരു ഉപകരണം ഉണ്ട്. അതിൽ ഒരു വിധം എല്ലാ കുടുംബക്കാരുടെയും, അപ്പൂപ്പന്മാർ തൊട്ട് കൊച്ചു കുട്ടികൾ വരെയുള്ളവരുടെ ജന്മത്തീയതികളും മരണത്തീയതികളും വിവാഹവാർഷികത്തീയതികളും ഉണ്ട്. ഈ കുടുംബഗ്രൂപ്പിൽത്തന്നെ നൂറുപേരോളം ഉണ്ട്. അപ്പോ കൂട്ടിക്കോളൂ.. ഓരോദിവസവും എന്തെങ്കിലുമൊക്കെയായി ഒരു തീയ്യതി പൊങ്ങിവരും. ഈ പഹയൻ ആ കാര്യത്തിലൊക്കെ കിറുകൃത്യമാണ്. അവൻ പല്ല് തേച്ചില്ലെങ്കിലും ഈ വഹ തീയ്യതികളുടെ 'alert' ഗ്രൂപ്പിൽ ഇട്ടിരിക്കും. പിന്നെ ഒരു പ്രവാഹമാണ്. ആശംസകളുടെ ഒരു കുത്തൊഴുക്ക്. അപ്പൊ, ഞാൻ ചിലപ്പോഴൊക്കെ ഇങ്ങനെയാലോചിക്കും, എങ്ങനെ?...അതിങ്ങനെയാണ്:

ഞാനിങ്ങനെ, എന്റെ വീടിന്റെയുമ്മറത്ത് ഒരു ചാരുകസേരയിൽ രാവിലത്തെ പത്രമൊക്കെ വായിച്ച് കൂടെ ഒരു ചായയും 'സിപ്പ്' ചെയ്തുകൊണ്ട് ഇരിപ്പാണ്. ആ സമയത്താണ് ഒരു ജാഥ വരുന്നത് കണ്ടത്. വല്ല രാഷ്ട്രീയ ജാഥയുമായിരിക്കും എന്ന് വിചാരിച്ചിരിക്കുമ്പോഴാണ് ജാഥ കറങ്ങി എന്റെ വീടിന്റെ നടയിലേക്ക് കയറിയത്.
"എന്റമ്മോ പിരിവുകാരായിരിക്കും.." ഉള്ളിൽ നിന്ന് വാമഭാഗം വിളിച്ച് പറഞ്ഞു.
ഞാൻ പതുക്കെ എന്റെ കണ്ണടയൊന്ന് ഉയർത്തി നോക്കി. അപ്പഴല്ലേ സംഗതി പിടികിട്ടിയത്. മുന്നിൽ നിൽക്കുന്നത് നേരത്തെ പറഞ്ഞ പഹയനായിരുന്നു. മുഷ്ടിയൊക്കെ ചുരുട്ടി മുദ്രാവാക്യ സ്റ്റെയിലിലാണ് വരുന്നത്. അവൻ വിളിച്ച് പറയുന്നത് കൂടെയുള്ളവരൊക്കെ, എന്ന് വച്ചാ, അവന്റെ പിന്നിലുള്ളവരൊക്കെ  ഏറ്റുവിളിക്കുന്നുണ്ടായിരുന്നു. ചിലയാളുകൾ 'പ്ലക്കാർഡു'കളൊക്കെ പിടിച്ചിട്ടുണ്ട്. ചിലയാളുകളുടെ കയ്യിൽ പൂക്കളുടെ കെട്ടുണ്ട്. ചിലയാളുകൾ എന്നെപ്പോലെ അലസമായി ഒരു പുകയൊക്കെവിട്ടുകൊണ്ട്  വെറുതെ കൂട്ടത്തിൽ കൂടിയിട്ടുമുണ്ട്. ഒന്നു കൂടി ശ്രദ്ധിച്ചപ്പോ അവൻ വിളിക്കുന്നത് ആശംസകളുടെ മുദ്രാവാക്യമായിരുന്നു. അപ്പൊ എനിക്കോർമ്മ വന്നു 'ഓ... ശരിയാ... ഇന്നെന്റെ പിറന്നാളാണ്'. അവന്റെ പിന്നിലുള്ളവർ മൊത്തം എന്റെ കുടുംബക്കാരും ചില സുഹൃത്തുക്കളുമാണ്. എല്ലാ കുടുംബക്കാരെയും കണ്ടപ്പോ വാമഭാഗം ഓടി പടിക്കൽ വന്നു നിന്നു. വേഷ്ടിത്തുമ്പ് കൊണ്ട് വാ പൊത്തിപ്പിടിച്ച് അന്തം വിട്ടു നിന്നു.

"എന്റെ മുത്തപ്പാ... ഇതാരൊക്കെയാ... വാ വാ കേറിയിരിക്ക്" അവൾ തിരിഞ്ഞ് അടുക്കളയിലേക്കോടി..
"അയ്യോ ചായപ്പൊടീം പഞ്ചാരേം ഉണ്ടോന്നാർക്കറിയാം.. ഇത്രപ്പാട് ആൾക്കാര്  വരൂന്ന് ഒട്ടും വിചാരിച്ചില്ല...." ഓടുന്ന ഓട്ടത്തിൽ വിളിച്ചു പറയുന്നുണ്ടായിരുന്നു... പക്ഷേ അതെനിക്ക് മാത്രമേ കേൾക്കാൻ പറ്റുന്നുണ്ടായിരുന്നുള്ളൂ...

ഞാൻ ഒന്നെഴുന്നനിൽക്കാൻ ശ്രമിച്ചു... അപ്പൊ അവരെല്ലാവരും ഒരേ സ്വരത്തിൽ പറഞ്ഞു "വേണ്ടവേണ്ട.. നിങ്ങളവിടെ ഇരിക്ക്... ഞങ്ങളിവിടെവിടെയൊക്കെ ഇരുന്നോളാം "
എനിക്ക് എന്റെ കുടുംബക്കാരാരുടെ സ്നേഹവും ബഹുമാനവും കണ്ട് കോരിത്തരിപ്പുണ്ടായി.

വന്നവർ വന്നവർ എനിക്ക് ജന്മദിനാശംസകൾ നേർന്നു. പൂക്കൾ തന്നു. എന്നെ ഉമ്മവച്ചു.എന്റെ താടി പിടിച്ചു കുലുക്കി. കൂടെ നിന്ന് 'ഫോട്ടോ'യെടുത്തു. പഴയ കാര്യങ്ങൾ ഓർത്തോർത്ത്  പറഞ്ഞു ചിരിച്ചു.. എന്നെ ചിരിപ്പിക്കാൻ ശ്രമിച്ചു. പണ്ട് ഞാൻ വഴക്ക് പറഞ്ഞത് കൊണ്ടാണ് ഞാൻ ഇന്നീ നിലയിലെത്തിയത് എന്നൊക്കെ ഒരുത്തൻ പറഞ്ഞപ്പോൾ എന്റെ ജീവിതത്തിന് ഒരർത്ഥം ഉണ്ടായി എന്നൊക്കെ എനിക്ക് തോന്നി.

അതിനിടയിൽ വാമഭാഗം എവിടുന്നോ ഒരു കെട്ട് ലഡ്ഡു, ഒരു വലിയ താലത്തിൽ കൊണ്ടുവന്നു.ഞാൻ അഭുതപ്പെട്ടു. ഇത്ര പെട്ടന്ന് എങ്ങനെ ഇത്രയും ലഡ്ഡു കിട്ടി.. അതൊക്കെ ഇനി ഈ വന്നവരുടെ വായിൽ കിടന്ന് പൊട്ടുമല്ലോ എന്നൊക്കെ പെട്ടന്ന് ഞാൻ ആലോചിച്ചു പോയി. അല്ലെങ്കിലും അതങ്ങനെയാണ്... അവൾ എന്നെ പലപ്പോഴും അത്ഭുതപ്പെടുത്തിയിട്ടുണ്ട്.

അങ്ങനെ എല്ലാവരും ലഡ്ഡുവൊക്കെ പൊട്ടിച്ച് നുണഞ്ഞ്, പോകാനായി എഴുന്നേറ്റു. ഇനിം പലതും വരുന്നുണ്ടല്ലോ.. അപ്പൊ വീണ്ടും കാണാമെന്ന് പറഞ്ഞിറങ്ങി... ഞാൻ പെട്ടന്ന് ഒരു കൊല്ലത്തേക്ക് ഇങ്ങനെ വരുന്ന പല സന്ദർഭങ്ങളിലും വേണ്ടി വരുന്ന ലഡ്ഡുവിന്റെ കണക്ക് ഓർത്തുപോയി. എന്നാലും അവരൊക്കെ സ്നേഹവചനകൾ ഉരുവിട്ട് കൊണ്ട് ഒന്നുകൂടെ കെട്ടിപ്പിടിച്ച്, കുട്ടികൾ കാലൊക്കെ തൊട്ട് ഇറങ്ങിയപ്പോൾ.. വല്ലാത്തൊരു നിർവൃതി... കണ്ണട ഊരി, കണ്ണുകൾ തുടച്ചു. തിരിച്ചു പോകുമ്പോൾ ആരും മുദ്രാവാക്യം മുഴക്കിയില്ല. നിശ്ശബ്ദമായിരുന്നു.

ഓ... പറഞ്ഞുപറഞ്ഞ് കഥയിൽ നിന്ന് മാറിപ്പോയി... വീണ്ടും വാട്സാപ്പിലേക്ക് പോകാം...

അങ്ങനെയുള്ള എന്റെ  കുടുംബത്തിന്റെ വാട്സാപ്പിലെ ആശംസാ പ്രവാഹത്തിന്റെ ദിവസമായിരുന്നു ഇന്ന്. എന്റെ കല്യാണവാർഷികം. നമ്മുടെ പഹയൻ തുടങ്ങി വെച്ചു... മറ്റുള്ളവർ ഒട്ടും സമയം പാഴാക്കാതെ ഏറ്റുവിളി തുടങ്ങി... ഞാൻ പല പല വാട്സാപ്പ് ഗ്രൂപ്പുകളിൽ അംഗമാണെങ്കിലും സന്ദേശങ്ങൾ അയക്കുന്നതിൽ വളരെ പിന്നോക്കമാണ്. സമയവും കിട്ടാറില്ല...പ്രത്യേകിച്ച് എന്റെ പൊന്നുകുടുംബക്കാർ മിക്കവാറും അങ്ങ് ദൂരെ ഇന്ത്യയിലായതിനാൽ സമയപ്പൊരുത്തവും കുറവാണ്.  മാത്രമല്ല അരസികനായതിനാൽ, മറ്റുള്ളവരെ സന്ദേശങ്ങളുടെ പെരുമഴ സൃഷ്ടിച്ചുകൊണ്ട് പിടിച്ചിരുത്താനും പറ്റാറില്ല. ഹാപ്പി ബർത്ത് ഡേയും ആനിവേഴ്സറിയും ആവർത്തിച്ചാവർത്തിച്ച് പറയാൻ  അഹംഭാവം സമ്മതിക്കാറുമില്ല. അതുകൊണ്ട് ഉൾവലിഞ്ഞിരിപ്പായിരിക്കും. എപ്പഴെങ്കിലും ഒന്ന് തല നീട്ടി എന്തിനെങ്കിലും ഒരു പൊട്ടൻ മറുപടിയും ഇട്ട് ഞാൻ ഇവിടൊക്കെത്തന്നെയുണ്ട് എന്നറിയിക്കാൻ മാത്രം ഒരു ശ്രമം നടത്തും. അത് മിക്കവാറും ചില അപകടങ്ങളിൽ കൊണ്ടെത്തിക്കുകയും ചെയ്യും. അത്ര മാത്രം. എന്നാലും, കഴിയുന്നതും എല്ലാം വീക്ഷിക്കാനും മറ്റുള്ളവരെ കുറ്റപ്പെടുത്താനുമുള്ള വഴികൾ അതിലെന്തിലെങ്കിലുമുണ്ടോ എന്ന് കണ്ടെത്താനും ശ്രമിക്കും. സ്വാഭാവമായിപ്പോയി എന്ത് ചെയ്യാനാ....

അപ്പൊ.. പറഞ്ഞു വന്നത്... ഇങ്ങനെ, കല്യാണവാർഷികസന്ദേശങ്ങൾ വാട്സാപ്പിൽ കുമിഞ്ഞുകൂടുന്നതിനിടയിൽ, ഞാൻ കരുതി, ഇന്ന് എന്തായാലും ഒരു നന്ദിപ്രകടനം നടത്തിക്കളയാം. അങ്ങനെയൊന്നും പറഞ്ഞില്ലെങ്കിൽ, നാളെ ഇവർ, ഈ ഏർപ്പാട് നിർത്തിക്കളഞ്ഞാലോ? ഞാൻ ചെയ്യാറില്ലെങ്കിലും അവർ ഇങ്ങനെ എന്നോട് ചെയ്യുമ്പോൾ ഞാൻ ആസ്വദിക്കുന്നുണ്ട് എന്നത് എനിക്ക് പുറത്ത് പറയാൻ പറ്റുമോ? അത്, എന്റെ ആത്മാഭിമാനത്തിന് ക്ഷതം തട്ടുന്ന കാര്യമാണ്. അങ്ങെനെ ഞാൻ എന്റെ കപടബുദ്ധിക്ക്, എന്തെങ്കിലും എപ്പഴെങ്കിലും എഴുതുന്ന ആളെന്നനിലയിൽ ചില സാഹിത്യങ്ങളൊക്കെ കൈയ്യിലുണ്ടെന്ന അഹങ്കാരത്തിൽ ഒരു കാച്ച് കാച്ചി... അതിങ്ങനെയായിരുന്നു:

"പതിനഞ്ച് കൊല്ലം മുൻപ് കല്യാണം കഴിച്ചതിന്റെ മധുരതരമായ ഓർമ്മകൾ തട്ടിയുണർത്തി, എന്നെ വീണ്ടും ഒന്നുകൂടി ഹർഷപുളകിതനാക്കാൻ സഹായിച്ച / പ്രേരിപ്പിച്ച, നിങ്ങളുടെയല്ലാവരുടെയും ആശംസകൾക്കും, ഇനി വരാൻ പോകുന്ന ആശംസകൾക്കും ഒരുപാടൊരുപാട് നന്ദി"

ഭംഗിയിൽ, സാഹിത്യത്തിൽ ഒരു നന്ദി പ്രകടനം നടത്തിയത്തിൽ സ്വയം അഭിമാനിച്ച് ഞാൻ സ്വയം മന്ദഹസിച്ചു. ശരിക്കും പറഞ്ഞാൽ.. 'എല്ലാ ആശംസകൾക്കും നന്ദി' എന്നുമാത്രം പറഞ്ഞാൽ മതി.. പക്ഷേ, എനിക്കങ്ങനെ പറയാൻ പറ്റുവോ..? എന്റെ ഒരു കടന്ന കൈ....

മഹാഭാരതത്തിലെ അഥവാ നമ്മുടെ ഇന്ത്യയിലെ 'ഇന്ന്', അമേരിക്കയിൽ കിടക്കുന്ന എനിക്ക് 'ഇന്നലെ'യായതിനാൽ, ഈ നന്ദിപ്രകടനം നടന്നത് എന്റെ ഇന്നലെ രാത്രിയായിരുന്നു. നന്ദി പ്രകടിപ്പിച്ച ഉടനെ ഞാൻ പള്ളിയറയിലേക്ക് കടന്നു. കണ്ണടയൊക്കെ ഊരിവച്ച് നെഞ്ചത്തു കയ്യും കൂടി വച്ച് എന്തൊക്കെയോ ആലോചിച്ചു കിടക്കുമ്പോൾ നമ്മുടെ വാമഭാഗം നീരാട്ടും കഴിഞ്ഞ് കിടപ്പറയിലെത്തി. കിടക്കുന്നതിന് മുന്നേയുള്ള ചടങ്ങായ വാട്സാപ്പ്പൂജ നടത്തി ഫേസ്ബുക്ക് മുത്തപ്പനെ മനസ്സിൽ ധ്യാനിച്ച് എന്റെ ഇടതു ഭാഗത്തായി കിടന്നു. പക്ഷേ ഒരുതരം.. ഒരു പതിവില്ലായ്മ എന്റെ ശ്രദ്ധയിൽ പെട്ടു. അവൾ കൂടെക്കൂടെ ദീർഘനിശ്വാസം വിടുന്നു. ഈ ദീർഘനിശ്വാസം എനിക്കെപ്പോഴും അശുഭലക്ഷണമാണ്. പണ്ട് എന്റെ നാട്ടിലെ വീട്ടിലുണ്ടായിരുന്ന ഒരു കറുത്ത പശു, നമ്മൾ കുട്ടികളെ കുത്താൻ ആയുന്നതിനിടയിൽ അത്തരം ശ്വാസശബ്ദം പുറപ്പെടുവിക്കുന്നത് എനിക്കോർമ്മവരും. എപ്പോഴൊക്കെ അവൾ ദീർഘനിശ്വാസം ഇത്തരം അവസരത്തിൽ പുറപ്പെടുവിച്ചിട്ടുണ്ടോ.. ആ ദിവസങ്ങളിലൊക്കെ എന്റെ മുഖം തെക്കോട്ടും അവളുടെ മുഖം വടക്കോട്ടും ആയി, കിടക്കയുടെ രണ്ടറ്റത്തായിട്ടാണ് കിടക്കാറ്.

അപ്പൊ എനിക്ക് ഉറപ്പായി... പതിനഞ്ചാമത്തെ വിവാഹവാര്ഷികവും പൊളിയാൻ പോകുന്നു. എന്തോ എവിടെയോ ഉടക്കിയിട്ടുണ്ട്... ഞാൻ എന്റെ ചെവി കൂർപ്പിച്ച് പിടിച്ചു.. കണ്ണ് ഇറുക്കിയടച്ചു. ഭാര്യയുടെ മൊഴിമുത്തുകൾ പെറുക്കിയെടുക്കാൻ എന്റെ ഹൃദയം തുടിച്ചു.

ഭാര്യ ചുണ്ടനക്കി.
"ഞാൻ ഒന്ന് ചോദിച്ചോട്ടെ?"

ഇതെന്ത് ചോദ്യം? ഞാൻ വേണ്ടാന്ന് പറഞ്ഞാലും നീ മൊഴിയാതിരിക്കുമോ? ഞാൻ എന്റെ മനസ്സിൽ പറഞ്ഞു.

"പറയ്"
"നിങ്ങളെന്തിനാ അങ്ങനെയൊക്കെ മെസ്സേജ് ഇട്ടത്?"
"ഏത് മെസ്സേജ്?
"ഓ നിങ്ങൾക്ക് ഒന്നും അറിയില്ലല്ലോ.. ഇപ്പൊ നിങ്ങൾ കുടുംബത്തിലിട്ട ആ മെസ്സേജ്"
കിടക്കുന്നതിന് മുന്നേ വരെയുള്ള എല്ലാ മെസ്സേജുകളും അവൾ കണ്ടിരിക്കുന്നു ഹൃദിസ്ഥമാക്കിയിരിക്കുന്നു. ഇനി എന്ത് പറയും?
"ആ മെസ്സേജിലെന്താ കുഴപ്പം?"
"നിങ്ങൾക്ക് കിട്ടിയതൊന്നും പോരേ? മിനിയാന്ന് നിങ്ങളിട്ട മെസ്സേജിന്റെ പുകിലൊക്കെ ഒന്ന് അടങ്ങി വന്നിട്ടല്ലേ ഉള്ളൂ..."

ശരിയാണ് നമ്മുടെ കുടുംബത്തിന്റെ വാട്സാപ്പിൽ പ്രശ്നമില്ലാത്ത ഒരു പ്രശ്നം ഒന്ന് കെട്ടടങ്ങിയതേ ഉള്ളൂ.. അതിലും ഞാൻ ഭാഗഭാക്കാണ്. അതിവിടെ പറയണോ? വീണ്ടും ഞാൻ പറയാൻ വന്ന കഥയിൽ നിന്ന് പിന്നേം മാറിപ്പോകില്ലേ? ഒരു കാര്യം ചെയ്യാം ചുരുക്കിപറയാൻ ശ്രമിക്കാം...

ഞാൻ പറഞ്ഞല്ലോ.. ഞാൻ വാട്സാപ്പിൽ അപൂർവമായേ സന്ദേശിക്കാറുള്ളൂ എന്ന്. മിനിയാന്ന്.. ആപ്പീസിൽ ജോലിഭാരം കുറഞ്ഞുവന്ന സമയത്ത് വാട്സാപ്പ് നോക്കിയപ്പോ ഒരു കുടുംബക്കാരന്റെ ചോദ്യത്തിന് വേറൊരു കുടുംബക്കാരൻ  നൽകിയ മറുപടിയിൽ കൗതുകം തോന്നി, ഞാനും ആ കൗതുകത്തിൽ ഏറ്റുപിടിച്ച് ഒരു തമാശ പോലെ ഒരു ചോദ്യം ചോദിച്ചു. എല്ലാവരും എന്നേക്കാൾ ഭയങ്കര തമാശക്കാരും 'സ്പോർട്സ്മാൻ സ്പിരിറ്റ്' ആൾക്കാരുമാണെന്നായിരുന്നു എന്റെ ധാരണ. ധാരണയല്ല, അങ്ങനെത്തന്നെയാണ്. എന്റെ ചോദ്യത്തിന് പിന്നെ വന്ന ഉത്തരം ഇങ്ങനെയായിരുന്നു:

"നിങ്ങള് പോയി കിടന്നുറങ്ങപ്പാ... കൊല്ലത്തിലൊരിക്കൽ വരും എന്നിട്ട് നൂറ്റെട്ട് ചോദ്യം ചോദിച്ച് മുങ്ങും"

"സംശയം ചോദിച്ചതാണ് സഹോദരാ.... ക്ഷമീര് " എന്ന് ഞാനും മറുപടി നൽകി, ആലോചിച്ച് ചിരിച്ച് കിടന്നുറങ്ങി..

പിറ്റേന്ന് കാലത്ത് എഴുന്നേറ്റപ്പോ വെള്ളം ചൂടാക്കി കുടിക്കുന്നതിനിടയിൽ വാട്സാപ്പ് പെട്ടി തുറന്നു. അപ്പോ ദാ കിടക്കുന്നു ഒരു മറുപടി സന്ദേശം

വേറൊരു കുടുംബക്കാരൻ, 'പോയിക്കിടന്നുറങ്ങപ്പാ...' എന്ന സന്ദേശത്തിന് മറുപടിയായി:
"മറ്റേ ഭായിയോടുള്ള എല്ലാ ബഹുമാനവും സൂക്ഷിച്ചു കൊണ്ട് തന്നെ പറയട്ടെ... ഇത് കിടിലം ആയി... " പിന്നെ കയ്യും കാലും മുട്ടുന്ന ചിഹ്നങ്ങളും..

ഞാൻ ആലോചിച്ചു.. കുടുംബക്കാരുടെ ഇടയിൽ മേല്പറഞ്ഞ മാതിരി ഉത്തരം കിട്ടേണ്ടതരത്തിലാണോ ഈ കൂട്ടത്തിൽ എന്റെ സ്ഥാനം... ഇങ്ങനെ തന്നെയാകുമോ മറ്റുള്ളവരും ചിന്തിക്കുന്നത്... വാട്സാപ്പിൽ ഇടക്കിടക്ക് കയറി തമാശകളും ഫോർവാർഡുകളും അയച്ചില്ലെങ്കിൽ അതൊരു അക്ഷന്തവ്യമായ കുറ്റമാണോ...  ഛായ്.. വെറുതെ ഓരോന്ന് ചിന്തിക്കുന്നു.. മനസ്സ് ശരിയല്ലാത്തത്‌ കൊണ്ടാണ് ഇങ്ങനെ വേണ്ടാത്തത് ചിന്തിക്കുന്നത്. അവൻ തമാശ പറഞ്ഞത് തന്നെയാണ്.. അപ്പൊ ഞാൻ എന്ന പുനരാലോചനയില്ലാത്ത 'സാഹിത്യകാരൻ' വീണ്ടും ഉണർന്നു.  തമാശ എന്ന തരത്തിൽ എന്റെ ഭാഗം വിവരിക്കാൻ ഒരു മെസ്സേജിട്ടു:

"വാട്സാപ്പിൽ മറ്റുള്ളവരെപ്പോലെ മുന്തിയ ജോലി ഇല്ലെങ്കിലും സമയവും സാഹചര്യവും ജോലിയും ഇല്ലാതായിപ്പോയ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരായ എന്നെപ്പോലുള്ളവരെ എന്തിനാ ഇങ്ങനെ വേദനിപ്പിച്ച് സന്തോഷിക്കണേ? ഹാജർ കുറവായത് കൊണ്ട് കമ്പനീന്ന് പുറത്താക്കി എന്റെ കഞ്ഞികുടി മുട്ടിക്കരുത്.. ജീവിച്ച് പൊക്കോട്ടെ.... "

എന്തൊരു തമാശ അല്ലെ? എനിക്ക് ഇത്രയേ പറയേണ്ടതുണ്ടായിരുന്നുള്ളൂ: 'എനിക്ക് നിങ്ങളെപ്പോലെ പലകാരണങ്ങൾ കൊണ്ടും വാട്സാപ്പിൽ കയറാൻ സമയം കിട്ടാറില്ല.. അതുകൊണ്ട് ദയവായി ക്ഷമിക്കുക. കുറ്റമായിക്കാണരുത് '. അതാണ് ഞാൻ വളച്ച് പിടിച്ചത്. ഓരോരോ സ്വഭാവം...

അത് കണ്ടു വേറൊരു കുടുംബക്കാരൻ ചോദിച്ചു:

"എന്താ നിങ്ങൾ തമ്മിലുള്ള പ്രശ്നം"
"എന്ത് പ്രശ്നം? ഇവിടെ ഇപ്പൊ എന്താ പ്രശ്നം? എനിക്ക്‌ ജഗദീഷും കൊച്ചിൻ ഹനീഫയും ചേർന്നുള്ള ഒരു തമാശരംഗം ഓർമ്മ വന്നു.
വേറൊരു കുടുംബക്കാരി: "ഇന്ന് വല്യേട്ടന്റെ ദിവസമാണല്ലോ...."

പടച്ചോനെ.. പൊല്ലാപ്പായോ? തമാശക്ക് മേലെ തമാശ എന്ന തരത്തിൽ ഞാൻ വീണ്ടും തുടക്കം മുതൽ അതുവരെയുള്ള സംഭവങ്ങൾ കോർത്തിണക്കി ഒരു 'ഡയലോഗ്' രൂപത്തിൽ സംഭവങ്ങൾ ഒന്നുകൂടി അവതരിപ്പിച്ചു"

"ഞാൻ ഒരു സംശയത്തിന്റെ പേരിൽ വന്ന ഒരു സംശയത്തിന് സംശയം ചോദിച്ചു"
അപ്പൊ അയാള് പറഞ്ഞു : "എന്താ.. പോടാ, .. നിന്നെ ഇവിടെ കാണാറേയില്ലല്ലോ "
അപ്പൊ ഞാൻ പറഞ്ഞു: "സമയമില്ലാഞ്ഞിട്ടല്ലേ..."
അപ്പൊ അയാള് പറഞ്ഞു:"പോയിക്കിടന്നുറങ്ങടാ...."
അപ്പൊ ഞാൻ പറഞ്ഞു: "പറ്റൂല്ല"
അപ്പൊ അയാള് പറഞ്ഞു:"എന്ന ഇപ്പൊ ശരിയാക്കിത്തരാം"
"ഹെന്റമ്മോ"
"അപ്പൊ വേറൊരാള് എന്നെ കളിയാക്കി കൈ കൊട്ടിച്ചിരിച്ചു ..."
"ഞാൻ കൂക്കിവിളിച്ചു"
"അപ്പൊ ങ്ങള് പറ ന്താ ങ്ങളെ പ്രശ്നോന്ന്...."

കിലുക്കത്തിലെ രേവതി - മോഹൻലാൽ ഡയലോഗ് സ്റ്റയിലിൽ.... മാത്രോമല്ല, ഞാൻ എന്റെ സുഹൃത്തുമായി ചേർന്നൊരുക്കുന്ന ഒരു കഥയിലെ ഡയലോഗ് ഭാഗം എഴുതിക്കഴിഞ്ഞ അവസ്ഥയിലെ ഭൂതം എന്നെ പ്രലോഭിപ്പിച്ച അവസ്ഥയിലായിരുന്നു കൊണ്ട്, അപ്പോഴങ്ങനെ എഴുതാനാണ് തോന്നിയത്.

കൂനിന്മേൽക്കുരു എന്ന് പറഞ്ഞപോലായി എന്ന് പറഞ്ഞാൽ മതിയല്ലോ...  ഈ അവസാനത്തെ ഡയലോഗിലെ 'പോടാ..', 'പോയിക്കിടന്നുറങ്ങടാ..' എന്ന് ഞാൻ ഡയലോഗിലെ ഭംഗിക്ക് മാറ്റി പ്രതിഷ്ഠിച്ചത് അത്ര ശരിയായി ആർക്കൊക്കെയോ തോന്നിയില്ല.. ഞാൻ മറ്റുള്ളവർ പറഞ്ഞത് വളച്ചൊടിച്ചു... എന്നൊക്കെയായി വാദം.. അത് വാമഭാഗം പറഞ്ഞതാണ്. കുടുംബത്തിന്റെ വാട്സാപ്പിൽ ശ്മാശാനമൂകത. കാറ്റു പോലും അനങ്ങുന്നില്ല. സാധാരണയായി ഏറ്റവും കൂടുതലായി ആളുകളെ കൈയ്യിലെടുക്കുന്ന ആളെ, എന്റെ പുന്നാര അളിയനെ, കുറച്ചു നേരത്തേക്ക് കാണാനേ ഇല്ല... എനിക്ക് പേടിയായി.. ന്റെ മയിലുള്ളിമൊട്ട ഭഗവതീ... എനിക്ക് ഒരു 'കുടുംബം കലക്കി' എന്ന പേര് വീഴുമോ? ഞാൻ തമാശ എന്ന് പറഞ്ഞ് പറയുന്ന തമാശ, ഒരു തമാശയേ അല്ലേ ? എന്നൊക്കെ ഞാൻ ചിന്തിച്ച് കൂട്ടി... എങ്ങനെയെങ്കിലും ഓടിപ്പോയി എന്ന് ഞാൻ പേടിച്ചയാൾ വാട്സാപ്പിൽ വന്നാ മതിയായിരുന്നു. മാത്രോമല്ല ഈ കഥയിൽ മെസ്സേജിട്ടതും അതിന് സപ്പോർട്ട് ചെയ്ത് മെസ്സേജിട്ടതും എന്റെ അളിയന്മാരാണ്... അതിലൊരാളിയനെയാണ് കുറച്ചുനേരമായി വാട്സാപ്പിൽ കാണാത്തത്.. ദൈവമേ.. എന്റെ കുടുംബം... മുത്തപ്പന് ഒരു കുപ്പിക്കള്ളുകൊണ്ട് വെള്ളാട്ടവും കഴിപ്പിക്കാം... ഞാൻ ഇനി തമാശ എന്ന് പറഞ്ഞു 'തമാശ' പറയുകയേയില്ല...

അങ്ങനെയിരിക്കെയാണ് എന്റെ വിവാഹവാർഷികത്തിന്റെ സന്ദേശം നമ്മുടെ പഹയൻ  കൃത്യ സമയത്തിന് പുറത്തിറക്കുന്നത്. അവൻ അങ്ങനെയാണ്.. എപ്പോഴും തീയിൽ വെള്ളം കോരി ഒഴിച്ചുകൊണ്ടിരിക്കും. സ്വാഭാവികമായും ആളുകൾ ഇളകി... ജാഥ ഗംഭീരമായി പുറപ്പെട്ടു. എല്ലാവരും മെസ്സേജിട്ടു... ഞാൻ അതിന് മറുപടിയും ഇട്ടു... ഇനി നമുക്ക് ശരിക്കുമുള്ള കഥയിലേക്ക് വരാം.... അല്ലെങ്കിൽ കഥക്ക് ഉപകഥ പറഞ്ഞ് പറഞ്ഞ്, കഥ കഥയല്ലാതായിപ്പോകും.

എവിടെയാ പറഞ്ഞു നിർത്തിയത്... ഹാ... ഭാര്യ കിടന്നശേഷം വിവാഹവാർഷികസന്ദേശത്തെപ്പറ്റിപ്പറഞ്ഞത്...

"അത് കഴിഞ്ഞില്ലേ... അളിയൻ വാട്സാപ്പിൽ തിരിച്ചു വന്നല്ലോ... അവൻ നേരത്തെ ഉറങ്ങി, വൈകി എഴുന്നേറ്റത് കൊണ്ടാണ്, വാട്സാപ്പിൽ കുറച്ച് നേരത്തേക്ക് ഇല്ലാതിരുന്നത് എന്ന് എല്ലാവർക്കും മനസ്സിലായില്ലേ... എല്ലാം തമാശയായി എല്ലാവരും എടുത്തത് കൊണ്ട് രക്ഷപ്പെട്ടു."
"തമാശ.. നിങ്ങൾക്ക് തമാശ പറയാൻ അറിയോ മനുഷ്യാ... നിങ്ങളെന്തിനാ കല്യാണം കഴിഞ്ഞതിനെപ്പറ്റി മധുരതരം.. ഹർഷപുളകിതം.. ന്നൊക്കെ പറഞ്ഞത്... മറ്റുള്ളവർ എന്ത് കരുതും?... "
"ദൈവമേ..." ഞാൻ മാഹി മാതാവിന് ആയിരം മെഴുകുതിരി നേർന്നു.
"അത് ഞാൻ രസകരമായി സാഹിത്യം കലർത്തി എഴുതിയതല്ലേ.."
"സാഹിത്യം.. നിങ്ങളെ സാഹിത്യം മറ്റുള്ളവർക്ക് മനസ്സിലാകുമോ? പറയേണ്ടത് നേരെ അങ്ങ് വൃത്തിയിൽ പറഞ്ഞാപ്പോരേ"
"ഇതിൽ അത്ര വലിയ വളച്ചുകെട്ടൊന്നും ഇല്ലായിരുന്നല്ലോ"
"എന്നാലും പുളകം ന്നൊക്കെ പറയുന്നത് ഇത്തിരി കൂടുതലാ... പതിനഞ്ച് കൊല്ലം ആയില്ലേ"
"അതിന് നമ്മളിപ്പഴും ചെറുപ്പമല്ലേ?"
"അയ്യട... രണ്ടു കുട്ട്യോൾടെ അച്ഛനാണ്.... ചെറുപ്പമല്ലേന്ന്.. മധുരം പോലും കഴിക്കാൻ പറ്റാത്ത അവസ്ഥയാ... എന്നിട്ടും മധുരതരം പോലും."

എനിക്കപ്പഴും പൂക്കളിഷ്ടമാണെന്നും പൂക്കളെ മണക്കുന്നത് ഇഷ്ടമാണെന്നും പൂന്തേൻ കുടിക്കുന്നത് ആസ്വദിക്കുന്നുവെന്നും പറയാൻ തോന്നി. പക്ഷെ പറഞ്ഞില്ല... ഇനി ഈ പൂക്കൾക്ക് വിശേഷണങ്ങൾ വന്നാൽ പ്രശ്നമാകും. സത്യത്തിൽ ഞാൻ ഉദ്ദേശിച്ചത് നല്ല വാസനയുള്ള മുല്ലപ്പൂവ് തന്നെയായിരുന്നു. പക്ഷേ ഇവിടെ ഇപ്പോൾ പുളകമാണ് പ്രശ്നം.

"എന്നാ ഇനി എഴുതുമ്പോ 'പുളകം'  എന്ന് എഴുതുന്നില്ല... ശ്രദ്ധിച്ചോളാം."

വിവാഹവാർഷികത്തലേന്നല്ലേ... എന്തിനാ വെറുതെ.... ഞാൻ ഇടത്തോട്ട് ഒന്ന് ചെരിഞ്ഞു കിടന്നു... ഒന്നു കൂടി അടുക്കുന്നതിനിടയിൽ പ്രതീക്ഷിക്കാതെ ദാ കിടക്കുന്നു അടുത്തത്..

"എന്നാപ്പിന്നെ അങ്ങനെ പറയുമ്പോ എന്നെക്കൂടി ചേർത്ത് പറഞ്ഞൂടെ?"
"എന്ന് വച്ചാ..?"
"നിങ്ങൾക്കെപ്പോഴും നിങ്ങൾ മാത്രം എന്ന വിചാരം മാത്രേ ഉള്ളൂ. കല്യാണം ഒറ്റയ്ക്ക് കഴക്കാൻ പറ്റൂല്ലല്ലോ... ഇപ്പൊ നിങ്ങളുടെ കൂടെ ഞാനും ഇല്ലേ ? അങ്ങനെ വരുമ്പോ, 'എന്നെ ഹർഷപുളകിതനാക്കിയ' എന്ന് പറയുന്നതിന് പകരം 'ഞങ്ങളെ ഹർഷപുളകിതനാക്കിയ' എന്ന് പറയാരുന്നില്ലേ...."

എന്റെ പുതുപ്പള്ളി ദേവാ... എന്നെ നീ ഇപ്പൊ, ഈ നിമിഷം അങ്ങോട്ടേക്ക് വിളിക്കണം. പക്ഷേ, ഒരു കാര്യത്തിൽ ഞാൻ ആശ്വാസം കൊണ്ടു. പുളകത്തിന്റെ മേലെയുള്ള വിയോജിപ്പ് അവൾക്ക് മാറിയിരിക്കുന്നു. അല്ലെങ്കിൽ ഇന്ന് പുളകം കൊണ്ടത് മുളക്  കടിച്ചത് പോലെയായേനെ!

"ഞാൻ.. അത്.. അപ്പോൾ അങ്ങനെയൊന്നും ആലോചിക്കാതെ എഴുതിയതല്ലേ?"
"അതെ അത് തന്നെയാണ് പ്രശ്നം... നിങ്ങളൊരിക്കലും എന്നെ ഓർക്കാറില്ല.."
"സത്യത്തിൽ ഞാൻ 'എന്നെ...' എന്ന് എഴുതിയപ്പോൾ മനസ്സിൽ ഞങ്ങൾ രണ്ടു പേരും തന്നെയായിരുന്നു."
"അത് മറ്റുള്ളവർക്ക് മനസ്സിലാവുമോ?"

ശരിയാ... ഞാൻ ശ്രദ്ധിക്കണമായിരുന്നു. ഞാനെപ്പഴും എന്നെപ്പറ്റി മാത്രമേ ചിന്തിക്കാറുള്ളൂ... ഇനി കൂടുതൽ ശ്രദ്ധിക്കണം.

"ഇനി ഞാൻ അങ്ങെനെ എഴുതാൻ .ശ്രമിക്കാം. അഥവാ അറിയാതെ 'എന്നെ..' എന്ന് എപ്പഴെങ്കിലും എഴുതിപ്പോയെങ്കിൽ അത് അത്ര കാര്യമാക്കണ്ട.. നീ എപ്പോഴും മനസ്സിലുണ്ടാവും..."

ഞാൻ ഒരു മുന്കാലജാമ്യം എടുക്കാൻ ഒരു ശ്രമം നടത്തി. പുളകത്തിന്റെ പ്രശ്നം ഇല്ലാതായത് കൊണ്ട് ഞാൻ ഒന്ന്  കൂടി അവളുടെ അടുത്തേക്ക് അടുത്തു.

"അപ്പൊ, അതാണ് നിങ്ങൾക്ക് മനസ്സിലായത്.." അതും പറഞ്ഞ് അവൾ വെള്ളത്തിൽ മറിയുന്നത് പോലെ ഒരു തിരിയലും പുതപ്പെടുത്ത് മൂടിയതും ഒരുമിച്ചായിരുന്നു .

ആകാശത്ത് പൊടുന്നനെ ഒരു മിന്നൽ പരന്നു. ഘോരമായ ഇടി മുഴങ്ങി. കനത്ത മഴയും. ഇടിയെ പേടിയുള്ള വാമഭാഗം വീണ്ടും മലർന്നു കിടക്കുമെന്ന് ഞാനാശിച്ചു. ഭാര്യയുടെ ഗർജ്ജനം ഇടിയേക്കാൾ ഉച്ചത്തിലുള്ളതായിരുന്നെന്ന് ഞാൻ ഉടനെത്തന്നെ മനസ്സിലാക്കി. ഞാനും കിടക്കയുടെ മറ്റേ അറ്റത്തേക്ക് നീങ്ങി. വാർഷികത്തലേന്ന്, ഭാര്യ അടുത്തുണ്ടായിട്ടും, തലയിലൊരു വലിയ ഭാരവുമായി  ഞാൻ നിദ്രയെ മാത്രം പൂകാൻ ശ്രമിച്ചു.

ഇനി ഇതും പറഞ്ഞുകൊണ്ട്, ഈ എഴുതിയ പുകിലിന്റെ പേരിൽ, ഞങ്ങളെ ആരും വിളിക്കാനോ എന്താ പ്രശ്നമെന്ന് തിര ക്കാനോ വരണ്ട കേട്ടോ... സത്യത്തിൽ ഇവിടെ ഇപ്പൊ എന്താ പ്രശ്നം? എല്ലാം ഒരു കഥയല്ലേ.. വെറും കെട്ടുകഥ... എന്നാലൊരു കാര്യം പറയട്ടെ? പുകിൽ, ഇനി വരാൻ പോകുന്നേ ഉള്ളൂ. ഈ കള്ളക്കഥകളൊക്കെ വായിച്ചിട്ട് എന്റെ ഭാര്യയും അനിയനും അളിയന്മാരും എല്ലാവരും കൂടി എന്നെയിട്ട് ഒന്ന് മലർത്തിപ്പുഴുങ്ങും. എന്നിട്ട് നട്ടെല്ലിന്റെ ഇരുപത്തെട്ടാം കശേരുവിലൂടെ ഒരു വാഴനാര് കോർത്ത്, തെക്കുഭാഗത്തുള്ള പുളിമരത്തിന്റെ വടക്കോട്ട് പോയ ശിഖരത്തിൽ കെട്ടിത്തൂക്കും... അതുവരേക്കും ഞങ്ങളൊന്ന് ഉല്ലസിച്ച് വരട്ടെ. We are driving to Philadelphia today. നിങ്ങളും അടുത്ത പുകിലിന് മുന്നേ ആഘോഷിച്ചോളൂ.... :) :)

അടിക്കുറിപ്പ്: വാട്സാപ്പിൽ മെസ്സേജിടുമ്പോൾ സാഹിത്യം കലർത്തിയാൽ ഒന്ന് ഒതുങ്ങിയിരിക്കാൻ ശ്രമിക്കുക... ബിംബങ്ങൾക്കും പ്രതിബിംബം ഉണ്ടാകുമെന്നറിയുക... എല്ലാതെറ്റും എന്റേതാണ് എന്ന് (അങ്ങനെയല്ലെങ്കിൽക്കൂടി) പറയാൻ തയ്യാറായിരിക്കുക... അല്ലെങ്കിൽ ചിലപ്പോൾ കുടുംബം കലങ്ങിപ്പോവും :)

***

2016 ഡിസംബർ 30, വെള്ളിയാഴ്‌ച

വിരഹാർദ്രം

മൃദുലാംഗനേ മൊഴിചൊല്ലിയോ 
മമമാനസം മുകിൽ മൂടിയോ 
അഴലാടവേ നിഴൽക്കൂത്തുകൾ 
അടരാടുമീ ഹൃദയാങ്കണം 

ഇന്നലെ, എന്ന് വച്ചാൽ 2016 ഡിസംബർ മാസം 29 ന് സാജൻ ഒരു ഈണം തന്നിട്ട് പെട്ടെന്ന് മൂന്ന്..നാല് വരികൾ അതിനൊപ്പിച്ച് എഴുതാൻ വേണ്ടി പറ്റുമോ എന്ന് ചോദിച്ചു. അതിനുത്തരമായി ഒരു പത്ത് മിനുട്ടിനകം അവന് അയച്ചു കൊടുക്കാൻ എന്റെ മനസ്സിൽ തോന്നിയ വരികളാണ് മുകളിൽ കാണുന്നവ. സാജൻ ഉടനെത്തന്നെ അത് പാടി 'ഫേസ്ബുക്കി'ലിടുകയും ചെയ്തു.  


2016 മേയ് 15, ഞായറാഴ്‌ച

കെ സി എസ്സ് സമ്മർഡ്രീംസ് - ഗ്രാമോത്സവം 2016

'കേരളാ കൾച്ചറൽ സൊസൈറ്റി ഓഫ് മെട്രോപോളിറ്റൻ വാഷിങ്ങ്റ്റൺ' (കെ സി എസ് എം ഡബ്ല്യൂ) ന്റെ 2016 ലെ 'സമ്മർഡ്രീംസ്' കലാപരിപാടികൾ ഈ കഴിഞ്ഞ മെയ്‌ 14 ന് വിർജീനിയായിലെ ഫാൾസ് ചർച്ച് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. 'ഗ്രാമോത്സവം' എന്ന ആശയത്തിലൂന്നിയായിരുന്നു അവിടെ നടന്ന കലാപരിപാടികളെ കോർത്തിണക്കിയത്. നമ്മുടെ നാട്ടിലെ ഒരു ഗ്രാമത്തിൽ നടക്കുന്ന ഗ്രാമോൽസവങ്ങളുടെ ഓർമ്മകളെ ഒന്നുകൂടി ഓർമ്മിപ്പിച്ചുകൊണ്ട് അതിനെ ഒരു അമേരിക്കൻ അന്തരീക്ഷത്തിൽ അവതരിപ്പിക്കാനുള്ള ഒരു ശ്രമം. ഒരു 'പുതുമ'യെന്നുള്ള രീതിയിൽ, അരങ്ങും വെള്ളിത്തിരയും സജീവമായി, പരസ്പരം സമ്പർക്കം പുലർത്തുന്ന തരത്തിലാണ് ഇതിന്റെ ഘടന ഒരുക്കിയിരിക്കുന്നത്. സജീവമായ ഒരു അരങ്ങും അതിന്റെ നടത്തിപ്പുകാരായ കമ്മിറ്റിക്കാർ, അതിന്റെ പിന്നിലിരുന്ന് അരങ്ങ് നിയന്ത്രിക്കുന്നതിനിടയിലുണ്ടാകുന്ന ചില സംഭവങ്ങൾ വെള്ളിത്തിരയിലും ഒരുക്കി, അവയെ സമ്മേളിപ്പിക്കാനാണ് ഇവിടെ ശ്രമിച്ചിട്ടുള്ളത്. പല പല ചലച്ചിത്രഭാഗങ്ങൾക്കിടയിലായി കലാപരിപാടികളും നടത്തപ്പെടും. (ആദ്യമേ പറയട്ടെ, കെ സി എസ്സ് ആദ്യമായി നടത്തിയ ഒരു  LCD Wall പരീക്ഷണം തുടക്കത്തിൽ പ്രവർത്തിക്കാഞ്ഞത് കാരണം ആദ്യത്തെ രണ്ട് ഭാഗങ്ങൾ നമുക്ക് കാണികളെ കാണിക്കാൻ പറ്റിയില്ല. അത് കാരണം ആശയ സമർത്ഥനം നടത്താൻ കഴിയാത്തതിൽ അതിയായി ദുഃഖിക്കുന്നു.)

'സമ്മർഡ്രീംസ് - ഗ്രാമോത്സവം 2016' തിരക്കഥ (ഇവിടെ അമർത്തുക)
[Editing സമയത്ത് ചില സാങ്കേതിക കാരണങ്ങളാൽ, ഒഴുക്കിന് വിഘ്നം വരാതെ ചില ഭാഗങ്ങൾ മുറിച്ച് കളയേണ്ടി വന്നിട്ടുണ്ട്. ]

ഭാഗം ഒന്ന്: (ചുരുക്കം) ഒരുവൻ കമ്മിറ്റിയാപ്പീസിൽ പ്രസിഡന്റിനെ (വാസു) അന്വേഷിച്ച് വരുന്നു. വാസുവിനെ കണ്ടില്ലെങ്കിലും മൈക്ക് കാണുന്നു. ഉടനെ മൈക്കുമെടുത്ത് അവന്റെ ഗാനാഭ്യാസം ആരംഭിക്കുന്നു. പാട്ടിന്റെ ഒടുക്കം കമ്മിറ്റിക്കാർ ഇത് കാണുകയും പാട്ട് നിർത്തിക്കുകയും ചെയ്യുന്നു. പരിപാടി തുടങ്ങാൻ ശ്രമിക്കുന്നു. ആമുഖം വായിക്കുന്നു (ചന്തുവിന്റെ ശബ്ദം). (ഇവിടം വരെ ശബ്ദരേഖ മാത്രം) അതിന് ശേഷം പ്രസിഡന്റും സിക്രട്ടറിയും (അരുൺ) വിനോദ സമിതി തലവനെ അന്വേഷിച്ച് വരുന്നു. (ഈ ഭാഗം മുതൽ രംഗാവതരണം ആയത് കൊണ്ടും എൽസിഡി വാൾ പ്രവർത്തിക്കാത്തത് കൊണ്ടും ഇതിന്റെ ശബ്ദരേഖ മാത്രമേ ഇവിടെ കൊടുത്തിട്ടുള്ളൂ)


ഭാഗം രണ്ട്: (ചുരുക്കം) ആദ്യത്തെ രംഗാവതരണത്തിന്റെ തുടർച്ച. വിനോദ സെക്രട്ടറിയായ പ്രബീഷിനെ (ശബരി എന്നും അറിയപ്പെടും) കണ്ടെത്തുന്നു - നേരിട്ട് കാണുക.


ഭാഗം മൂന്ന്: (ചുരുക്കം) പ്രസിഡന്റിന്റെ ഭാര്യ (വിജേത) യുടെ പരിപാടിയുടെ പാട്ട് മാറിപ്പോകുന്നു. കമ്മിറ്റിക്കാരുമായി തർക്കിക്കുന്നു . അവസാനം ഭർത്താവായ പ്രസിഡന്റിനെ വിളിക്കുന്നു. ഒടുവിൽ ഒരു 'backup' മുഖേന പ്രശ്നം പരിഹരിക്കുന്നു.(എൽസിഡി വാൾ പ്രവർത്തിക്കാത്തത് കൊണ്ട് ഈ ഭാഗത്ത്, അരങ്ങത്ത് നടക്കുന്ന സംഭവം നമുക്ക് ചെയ്യാൻ കഴിഞ്ഞില്ല. ആയത് മൂലം അരങ്ങത്ത് നടക്കുന്ന സംഭവങ്ങളുടെ ശബ്ദരേഖ മാത്രം വെള്ളിത്തിരയുടെ കൂടെ ഉൾക്കൊള്ളിച്ചിരിക്കുന്നു ).


ഭാഗം നാല്: (ചുരുക്കം) കമ്മിറ്റിയാപ്പീസിലേക്ക് മൂന്ന് നൃത്തഗുരുക്കളായ 'ചാന്ത്പൊട്ടുകൾ', അവരുടെ ശിഷ്യന്മാർക്ക് അവസരം അന്വേഷിച്ച് വരുന്നു. 


ഭാഗം അഞ്ച്: (ചുരുക്കം) ഒരു സ്ത്രീ (ജിഷ), അവരുടെ പരിപാടി  നടക്കേണ്ട സമയം അതിക്രമിച്ചിട്ടും പരിപാടി നടക്കാത്തതിനാൽ പ്രകോപിതയായി കമ്മിറ്റിയാപ്പീസിലേക്ക് വരികയും ശണ്ഠ കൂടുകയും ചെയ്യുന്നു.  

ഭാഗം ആറ്: (ചുരുക്കം) ഒരു പ്രായമായ വ്യക്തി പരിപാടിയവതരിപ്പിക്കാൻ ഒരവസരം അന്വേഷിച്ച് വരുന്നു. 


ഭാഗം ഏഴ്: (ചുരുക്കം) ഒരു വ്യക്തിയോ അല്ലെങ്കിൽ ഒന്നിൽക്കൂടുതൽ പേരോ പാട്ട് പാടുന്ന അവസരങ്ങളിൽ (പ്രത്യേകിച്ച് നമ്മുടെ സംഘടനാ പരിപാടികളിൽ) ഒട്ടുമിക്ക അവസരങ്ങളിലും കണ്ടുവന്നിട്ടുള്ള ഒരു മൈക്ക് പ്രശ്നം, അല്ലെങ്കിൽ മറ്റ് പ്രശ്നങ്ങൾ. (ഇവിടെ പ്രസിഡന്റ്റ് വന്ന് 'ലൈവ്' ആയി മൈക്ക് ശരിയാണോ എന്ന് അരങ്ങത്ത് പരിശോധിക്കുന്നുണ്ട് - ഈ വീഡിയോയിൽ കാണിച്ചിട്ടില്ല).



2016 ൽ പൊലിഞ്ഞു പോയ മലയാള സാഹിത്യ-ചലച്ചിത്ര ലോകത്തിലെ അതികായർക്ക് ഒരു ശ്രദ്ധാജ്ഞലിയും അതിലൊരാളായ ശ്രീ. ഒ എൻ വി യെക്കുറിച്ച് ഒരു അനുസ്മരണവും.(ഇതിനു ശേഷം ശ്രീ. ഒ എൻ വിയുടെ ഒരു ഗാനം അരങ്ങത്ത് ആലപിക്കുന്നു [ശ്രീമതി ആശാ പോറ്റി & ശ്രീ കുട്ടി മേനോൻ] )


ഭാഗം എട്ട്: (ചുരുക്കം) കമ്മിറ്റിയാപ്പീസിലെ ചില രംഗങ്ങൾ. പ്രസിഡന്റും സെക്രട്ടറിയും നന്ദിപ്രകാശനത്തിന് അരങ്ങത്തേക്ക് വരുന്നു. (ഈ സമയത്ത് വീഡിയോ 'pauce' ചെയ്യുന്നു - judge properly :) ) നന്ദിപ്രകാശനം കഴിഞ്ഞ് അവർ തിരിച്ച് പോകുന്നു. (വീഡിയോ വീണ്ടും 'ON' ആകുന്നു - judge properly :) ). ചില രസകരമായ സംഭവങ്ങൾ...

'finale' യുടെ മുന്നിലായി അവതരിപ്പിച്ച 'finale' ആമുഖം (ശബ്ദരേഖ മാത്രം - ചന്തുവിന്റെ ശബ്ദം)



***