2015 ജനുവരി 13, ചൊവ്വാഴ്ച

പൂ പൂക്കും ആശൈ (A Medly)

കൈരളി ഓഫ് ബാൾട്ടിമോർ എന്ന മലയാളി സംഘടനയുടെ 2014 ലെ ക്രിസ്തുമസ്-പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ഞങ്ങൾ സുഹൃത്തുക്കൾ അവതരിപ്പിച്ച സംഘനൃത്തം. ചുവട് വെക്കുന്നതിൽ പ്രാവീണ്യമില്ലെങ്കിലും ചില കൂട്ടായ്മകളിൽ പങ്കെടുക്കുമ്പോൾ, നമ്മളറിയാതെ തന്നെ ചില കലാപ്രവർത്തനങ്ങളുടെ ഭാഗമായിപ്പോകുന്നു!


ശ്രീമതി മഞ്ജുളാ ദാസിന്റെ നേതൃത്ത്വത്തിലും ശിക്ഷണത്തിലും  ചുരുക്കം ദിവസങ്ങൾ കൊണ്ട് ഒരുക്കിയെടുത്തതാണ് ഈ സംരംഭം. അരങ്ങത്ത്: മ്മഞ്ജുളാ ദാസ്, ബിന്ദു മാത്യു, പ്രതിഭാ ശ്രീജിത്ത്, ഇന്ദു കുമാർ, സ്മിത വാര്യർ, ദിലീന പിള്ള, ജിഷ രവീന്ദ്രൻ, പ്രബീഷ് പിള്ള, ശ്രീജിത്ത് നമ്പ്യാർ, സാജു കുമാർ എന്നിവരെ കൂടാതെ ഞാനും :)

2015 ജനുവരി 10, ശനിയാഴ്‌ച

നാപ്കിൻ സമരവും ചില ആർത്തവാചാരങ്ങളും



നമ്മുടെ നാട്ടിലിപ്പോൾ പുതുതലമുറ സമരങ്ങളുടെ ഒരു വേലിയേറ്റം തന്നെയാണല്ലോ ഇപ്പോൾ നടക്കുന്നത്? എന്റെയൊക്കെ കുട്ടിക്കാലത്തും ഈയ്യടുത്ത കാലം വരെയും എറിഞ്ഞുപൊളി സമരവും, പിക്കറ്റിംഗും ഘെരാവോയും നിരാഹാര സമരവും  മനുഷ്യച്ചങ്ങലയും കരിയോയിൽ പ്രയോഗവും മറ്റുമൊക്കെയായിരുന്നു പ്രധാന സമരരീതികളെങ്കിൽ, ഇന്ന്, അതൊക്കെ മാറി സമരം പുതുതലമുറയായിരിക്കുന്നു. ചുംബന സമരം, നിൽപ്പ് സമരം, ഇരിപ്പ് സമരം, പുകവലി സമരം എന്നിങ്ങനെ പോകുന്നു പുതിയ സമര രീതികൾ. ആ സമരങ്ങളിൽ മാവോവാദികളും കയറിപ്പറ്റുന്നു എന്ന ആക്ഷേപമുണ്ടെങ്കിലും ഏറ്റവും ഒടുവിലായി വന്ന 'നാപ്കിൻ സമരം', മാവോവാദികൾ കയറിക്കൂടിയിട്ടുണ്ടെങ്കിൽത്തന്നെയും, അങ്ങനെയങ്ങ് തള്ളിക്കളയാൻ പറ്റാവുന്ന ഒന്നാണോ എന്ന്, എന്റെ കുബുദ്ധി സ്വയം ചോദിച്ചതാണ് ഈ കുറിപ്പ് എഴുതാനുള്ള പ്രചോദനം.



നാപ്കിൻ സമരം ഒരു സ്ത്രീ സംബന്ധവിഷയമായാതിനാൽ, ഒരു പുരുഷനായ ഞാനെന്തിനാണ് ഈ പോല്ലാപ്പെടുത്ത് തലയിൽ വെക്കുന്നതെന്ന് വിവേകശാലികൾ ചോദിച്ചേക്കാം. അതും ഈ വിഷയത്തെപ്പറ്റിപ്പറയുമ്പോൾ ചില കാര്യങ്ങൾ ഇത്തിരി പച്ചയായി പറയേണ്ടിവരുന്നതിനാൽ ഇവനൊന്നും ഇതൊക്കെപ്പറയാൻ ഒരുളുപ്പുമില്ലേ എന്നും ചില ശുദ്ധമനസ്കർ ചോദിച്ചേക്കാം. എന്നാലും സാരല്ല്യ, ഞാനെന്തായാലും  ഒരുമ്പെട്ടുപോയി. 'ആർത്തവം' എന്ന വാക്ക് കൂടുതലായി ഉപയോഗിക്കേണ്ടി വന്നതിൽ ക്ഷോഭം തോന്നുന്നവർ ദയവായി ക്ഷമിക്കുക.

'നാപ്കിൻ സമര'ത്തിനെക്കുറിച്ച് ഒരു ആമുഖം പറയാതെപോയാൽ അതിനെക്കുറിച്ച് അറിയാത്തവർക്ക് ഈയൊരു കുറിപ്പ് ഒരുതരം വട്ടായിത്തോന്നുമെന്നതിനാൽ കുറച്ച് കാര്യങ്ങൾ മുഖവുരയായിപ്പറയാം.

രണ്ടാഴ്ച മുന്നേ ഏറണാകുളത്തിനടുത്ത് കാക്കനാട്ട്, അസ്മ റബ്ബർ കമ്പനിയിൽ, നാപ്കിൻ കക്കൂസിൽ നിക്ഷേപിച്ചതിന്റെ പേരിൽ, ആർക്കാണ് ആർത്തവം എന്ന് കണ്ടുപിടിക്കാൻ ചില ജീവനക്കാരികളെ തുണിയുരിഞ്ഞ് പരിശോധിച്ചു. വേറൊരു സംഭവം, ശബരിമല അയ്യപ്പന്മാർ ഭൂരിപക്ഷം ഉണ്ടായിരുന്ന ഒരു ബസ്സിൽ കയറിയ ചില സ്ത്രീകൾക്കെതിരെയും ആർത്തവാരോപണം നടത്തി ബസ്സിൽ നിന്നിറക്കിവിട്ടു എന്ന വാർത്തയാണ്. ഈത്തരം സംഭവങ്ങൾക്കെതിരെ സ്ത്രീകൾ സംഘടിപ്പിക്കുന്ന ഒരു സമരമുറയാണ് 'നാപ്കിൻ സമരം'.

നമ്മളെല്ലാവരും സമയാസമയം, അതാതിന്റെ സമയമാകുമ്പോൾ അപ്പിയിടുന്നവരും മൂത്രമൊഴിക്കുന്നവരുമാണ്‌. ചിലയാളുകൾ ചിലപ്പോൾ അറിയാതെയും ഈ കാര്യങ്ങൾ ചെയ്തുപോകാറുണ്ട്. എന്ന് വച്ച് അപ്പിയിടുന്നവനും മൂത്രമൊഴിക്കുന്നവളും മോശക്കാരാണെന്നോ മറ്റോ ആരും പറയുന്നത് ഒരിക്കലും  കേട്ടിട്ടില്ല. അതിൽ ആണ്‍ പെണ്‍ വ്യത്യാസമുണ്ടെന്ന്  ആരും പറയുമെന്ന് തോന്നുന്നില്ല. ആണിന് ആണിന്റേതായ രൂപവും ചില ആന്തരിക പ്രവർത്തനരീതികളും, പെണ്ണിന് പെണ്ണിന്റേതായ രൂപവും ചില ആന്തരിക പ്രവർത്തനരീതികളുമുണ്ടെന്നും എല്ലാവർക്കും അറിയാം. അതിൽ സ്ത്രീകൾക്ക് മാത്രമുള്ള ഒരു ആന്തരിക പ്രവർത്തനമാണ് ആർത്തവം. മേൽപ്പറഞ്ഞ സംഭവങ്ങൾ ദഹനപ്രക്രിയാമാലിന്യങ്ങൾ പുറന്തള്ളുന്ന ഒരു പ്രക്രിയകളാണെങ്കിൽ, ആർത്തവം, പ്രത്യുല്പാദനപ്രക്രിയാപരമായുണ്ടാകുന്ന മലിന്യങ്ങൾ പുറന്തള്ളുന്നൂയെന്ന വ്യത്യാസമേയുള്ളൂ. It is just a cleaning process with respect to the reproductive system. പക്ഷേ എന്തുകൊണ്ടോ നമ്മിൽ ചിലയാളുകൾ അതിനെ പല സന്ദർഭങ്ങളിലും ഒരുതരം അസാധാരണ രീതിയിൽകാണുന്നു. ചില ആണുങ്ങൾ ആ സംഭവത്തെ കളിയാക്കുകയും, ആർത്തവസമയത്ത് സ്ത്രീകളെ ഒരുതരം തൊട്ടുകൂടാത്ത രീതിയിൽ കാണുകയും ചെയ്യുന്നു. ഈയ്യൊരു കാരണം കൊണ്ട് അവരെ പല സന്ദർഭങ്ങളിലും മാറ്റി നിർത്തുന്നു. സത്യത്തിൽ ഒരു തരം അയിത്തം കൽപ്പിക്കുന്നു.

ഈ കാര്യങ്ങളിലേക്ക് എന്റെ ചില അനുഭവങ്ങളിലൂടെ കുറച്ച് യാത്ര ചെയ്യാം. എന്റെ 8 ആം വയസ്സ് വരെ എനിക്ക് ഈ ആർത്തവത്തിനെപ്പറ്റി ഒരു ചുക്കും അറിയുമായിരുന്നില്ല. 8 വയസ്സ് കഴിഞ്ഞ ഉടനെ എന്റെ കുടുംബം എന്റെ അമ്മയുടെ തറവാടിന്റെ ആരൂഡ്ഡത്തിലേക്ക് താമസം മാറി. ആ വീട് വളരെപ്പഴക്കം ചെന്നതും ചില പുരാതന ചിട്ടകൾ പാലിക്കപ്പെടുന്നതുമായ വീടായിരുന്നു. വീട്ടിന്നുള്ളിൽ തെക്ക് കിഴക്കേ ഭാഗത്ത് ഗുരുകാരണവന്മാരുടെയും കുലപരദേവതയുടെയും സങ്കൽപം, വീടിന് പുറത്ത് തെക്ക് കിഴക്കേ പറമ്പിൽ കാഞ്ഞിരത്തിന് ചുവട്ടിലായി ഗുളികൻ, വീടിന്ന് തൊട്ടടുത്ത തെക്കേ പറമ്പിൽ മുത്തപ്പൻ മടപ്പുര, തൊട്ടടുത്ത പടിഞ്ഞാറേ പറമ്പിൽ ഭഗവതീ ക്ഷേത്രം, തൊട്ടടുത്ത വടക്കേ പറമ്പിൽ ആറാട്ട്‌ തറ എന്നിങ്ങനെ ഉള്ളിലും ചുറ്റുപാടും ദൈവീക സങ്കല്പങ്ങൾ, രണ്ടേക്ര വീട്ട് പറമ്പ് മൊത്തം ഒരു മാതിരിപ്പെട്ട കാട്.

അങ്ങനെയുള്ള വീട്ടിൽ താമസം മാറി ഒരു പത്ത് പതിനഞ്ച് ദിവസത്തിന് ശേഷം അമ്മ അച്ഛനോട് പറഞ്ഞു:
"ഒന്ന് നിങ്ങളുടെ അമ്മയോട് (എന്റെ അച്ഛമ്മയോട്) ഒരു മൂന്ന് ദിവസത്തേക്ക് വരാൻ പറയൂ, ഇനി ഞാൻ മൂന്നു ദിവസത്തേക്ക് അടുക്കളയിൽ കയറില്ല, മാത്രവുമല്ല, പശുവിനെ കറക്കില്ല, കിണറ്റിൽ നിന്ന് വെള്ളം കോരില്ല, കിഴക്ക് ഭാഗത്തും തെക്ക് ഭാഗത്തും വരില്ല. എന്നെ നിങ്ങളാരും തൊടുവാൻ പാടില്ല, അവിടെയൊക്കെയുള്ള വിറകും മറ്റും നിങ്ങളും കുട്ടികളും കൂടെ എടുത്തു വെക്കണം......"

അങ്ങനെ അച്ഛമ്മ വന്നു. അന്നത്തെ രാത്രി, അമ്മ, വീട്ടിൽ നിന്ന് കുറച്ചു മാറി കിണറിന്റെ അടുത്തായിട്ടുള്ള ഒരു കുഞ്ഞ് പുരയിലായിരുന്നു (തീണ്ടാരിപ്പുര) കിടന്നത്. ഞാനമ്മക്ക് കാവൽക്കാരനായി കിടന്നു. അതിനു ശേഷം ഞങ്ങൾ കുട്ടികൾക്കും പിടിപ്പത് പണിയായിരുന്നു. എന്നാലും അമ്മ, അമ്മക്ക് പോവാൻ പറ്റുന്ന ഭാഗത്തൊക്കെ പോയി ജോലികളൊക്കെ ചെയ്യും, പശുവിനെ മേക്കുകയും ചെയ്യും. അങ്ങനെ മൂന്നാം ദിവസം  രാത്രി അമ്മ പറഞ്ഞു, നാളെ രാവിലെ 5 മണിക്ക് എഴുന്നേക്കണം. അതിരാവിലെത്തന്നെ വീടിനടുത്തുള്ള ഒരു കുളത്തിൽപോയി മുങ്ങിക്കുളിക്കണം എന്നൊക്കെ. എന്തായാലും ശരി, നാലാം ദിവസം അതിരാവിലെ 5 മണിക്ക് ഞാനും അമ്മയും കുളം ലക്ഷ്യമാക്കി പുറപ്പെട്ടു. അമ്മ കിടന്നിരുന്ന പായയും വിരിപ്പുകളും കുറച്ച് തുണികളും ഒക്കെ കൂട്ടിക്കെട്ടി, ഒരു ഓലച്ചൂട്ടുമെടുത്താണ് പോക്ക്. പായടക്കം മുക്കി, വിരിപ്പുകളും വസ്ത്രങ്ങളും മുക്കിയലക്കി, മുങ്ങിക്കുളിച്ചതിനു ശേഷം നമ്മൾ വീട്ടിലെത്തി, പിന്നെ സാധാരണപോലെ പണികൾ ചെയ്യാൻ തുടങ്ങി. ഇതെന്താണ് സംഭവമെന്ന അന്വേഷണത്തിലാണ് കാര്യങ്ങളുടെ കിടപ്പ് പിടികിട്ടിയത്. അങ്ങനെ കുറച്ചു കാലത്തിന് ശേഷം അച്ഛമ്മക്ക്‌ വരാൻ പറ്റാതായി. വീട്ടിലെ ഒരേയൊരു പെണ്‍പ്രജ അമ്മമാത്രമായതിനാൽ, അതിനു ശേഷം എല്ലാ മാസവും മാസത്തിൽ മൂന്ന് ദിവസം ഒരു സാധാരണ വീട്ടിലുണ്ടാവുന്ന എല്ലാ പണികളും നമുക്ക് ചെയ്യേണ്ടി വന്നു. അങ്ങനെ ഈയ്യൊരു കാരണം കൊണ്ട് ഞങ്ങൾ ഒരു വീട്ടിലെ എല്ലാ പണികളും പഠിച്ചു എന്നത് ചില്ലറക്കാര്യമല്ലല്ലോ.

പക്ഷേ കാലം കഴിയുന്തോറും ഇതിലൊക്കെ മാറ്റങ്ങൾ വന്നു തുടങ്ങി. തീരെ വിട്ടുവീഴ്ച്ചയില്ലാതെ ആചരിച്ചിരുന്ന കാര്യങ്ങൾ ഓരോന്നായി കുറച്ച് കുറച്ച് മാറാൻ തുടങ്ങി. സാഹചര്യങ്ങൾ, ആചാരങ്ങൾ മാറ്റാൻ നിർബന്ധിതമാക്കി എന്ന് പറയുന്നതാവും ശരി. ആദ്യമാദ്യം രാത്രി പുറത്തെ പുരയിൽ കിടന്നിരുന്ന അമ്മ, ആ പുര കെട്ടിപ്പുതക്കാഞ്ഞതിനാൽ അടുക്കളയിലേക്ക് കിടത്തം മാറ്റി. പിന്നെപ്പിന്നെ കറികൾക്കൊക്കെ അരിഞ്ഞിട്ട് തരാൻ തുടങ്ങി വയലൊക്കെ നികത്തി വരുന്ന സമയമായതിനാൽ കുളങ്ങളിലെ വെള്ളത്തിനും കുറവ് വരാൻ തുടങ്ങിയകാലത്ത്, ഏതു കുളത്തിലാണ് വെള്ളം എന്ന് നോക്കിനടക്കാനുള്ള ബുദ്ധിമുട്ട് കാരണം മുങ്ങിക്കുളി ഒഴിവാക്കി. അങ്ങനെ മുറുങ്ങിക്കിടന്ന പല രീതികളും അയഞ്ഞയഞ്ഞ്, ഒരവസരത്തിൽ ഞങ്ങൾ കുട്ടികളൊക്കെ ഇത്തിരി ധിക്കാരികളായപ്പോൾ, അമ്മതന്നെ അടുക്കളയിൽ കയറി പാചകം തുടങ്ങി, പശുവിനെ കറക്കാനും തുടങ്ങി. നിവൃത്തികെട്ട ചില സാഹചര്യങ്ങൾ ആചാരത്തിന് വരുത്തുന്ന മാറ്റങ്ങളേയ്!

ഈ കാരണങ്ങൾ കൊണ്ട് ആദ്യമാദ്യം ഈ സംഭവത്തെ വളരെ 'സീരിയസ്' ആയിക്കണ്ടിരുന്ന ഞാനും പതുക്കെ 'ഈസി'യാവാൻ തുടങ്ങി. പണ്ടത്തെ ആചരണവും പിന്നെ അതിൽ വന്ന മാറ്റങ്ങളും കണ്ട്, ഞാൻ സ്വയം ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങി. ഇങ്ങനെയുള്ള ആചാരങ്ങൾ കൊണ്ട് വല്ല കാര്യവും ഉണ്ടോ? ഉണ്ടെങ്കിൽ പിന്നെ എന്തിന് നമ്മളതിൽ മാറ്റം വരുത്തുന്നു? മാറ്റം വരുത്തിയാൽ ദൈവകോപം ഉണ്ടാകുമോ? അവരെന്തിനു എല്ലാവരിൽ നിന്നും ദൂരെ മാറി വേറൊരു സ്ഥലത്ത് കിടക്കുന്നു? (പണ്ട് ഇതിനെന്തെങ്കിലും പീഡന കഥകളുടെ പിൻബലം ഉണ്ടായിരുന്നിരിക്കാം) ആർത്തവമുള്ള സ്ത്രീകൾക്ക് പശുവിനെ തീറ്റാമെങ്കിൽ, പശുവിനെ കറന്നാൽ എന്താണ് കുഴപ്പം? അവർ കിണറ്റിൽ നിന്ന് വെള്ളം കോരിയാൽ എന്താണ് കുഴപ്പം? അവർ പാചകം ചെയ്ത ഭക്ഷണം കഴിച്ചാൽ എന്താണ് കുഴപ്പം? ആർത്തവസമയത്ത് വിളക്ക് വച്ചാൽ, കുലം മുടിഞ്ഞുപോകുമോ? ആർത്തവസമയത്ത്  സ്ത്രീകൾക്ക് 'നെഗറ്റീവ്' ശക്തിയാണോ? നെഗറ്റീവ് ശക്തിയാണെങ്കിൽ, അപ്പിയിടുമ്പോഴും മൂത്രമൊഴിക്കുമ്പോഴും എന്ത് ശക്തിയാണ് ഉണ്ടാവുക? അങ്ങനെയാണെങ്കിൽ, സ്വപ്നസ്ഖലനം നടക്കുന്ന ആണുങ്ങളെ ഏത് ഗണത്തിൽ പെടുത്തും? ഇങ്ങനെ പല പല ചോദ്യങ്ങൾ എന്നെക്കുഴക്കി.

ചില ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ എന്റെ ജീവിതാനുഭവം തന്നെ തന്നു എന്ന് പറയാം. ആർത്തവ സമയത്ത് അമ്മ കറന്ന പശുവിൻപാൽ കുടിച്ചിട്ട് നമ്മൾക്കാർക്കും ഒരപകടവും പറ്റിയില്ല. പാൽ, പാൽ തന്നെയായിരുന്നു. ആ സമയത്ത് അമ്മ ഉണ്ടാക്കിയ ഭക്ഷണം കഴിച്ചതുകൊണ്ട് നമുക്ക് ദഹനക്കേടൊന്നും ഉണ്ടായില്ല. ആ സമയത്ത് അമ്മ രാത്രി വീട്ടിന്നകത്ത് ഉറങ്ങിയത് കൊണ്ട് അവിടെ കുഴപ്പങ്ങളൊന്നും ഉണ്ടായിട്ടില്ല. ആ സമയത്ത് അമ്മ അലക്കിത്തന്ന വസ്ത്രങ്ങളിട്ടത് കൊണ്ട് നമുക്കാർക്കും ചൊറിഞ്ഞ് പൊട്ടിയിട്ടില്ല. അങ്ങനെ ഒരേ സംഭവത്തിൽ, രണ്ട് ധ്രുവങ്ങളിലൂടെ ജീവിച്ചിട്ടും വ്യത്യാസങ്ങളൊന്നും എനിക്കനുഭവപ്പെട്ടിട്ടില്ല. പണ്ടത്തെ രീതിയിലുള്ള ആചാരം കൊണ്ട് ഒരു നന്മ മാത്രമാണ് ഞാൻ കണ്ടത് - ആ സമയത്തെങ്കിലും സ്ത്രീകൾക്ക് വിശ്രമം കിട്ടുമല്ലോ (അന്നും വിശ്രമം കിട്ടിയിരുന്നില്ലെങ്കിലും).

ഇന്ന്, എന്റെ തറവാട്ട്  വീട്ടിലെ സ്ഥിതി കൂടുതൽ പുരോഗമിച്ചിരിക്കുന്നു. പണ്ട്, ഒറ്റ പെണ്‍പ്രജയുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ ഞങ്ങൾ എട്ടാനിയന്മാരുടെ നാല് ഭാര്യമാരും കൂടിയെത്തി. ഇപ്പോൾ കിഴക്ക് ഭാഗത്ത് കൂടെ വഴി നടക്കാം എന്നു കൂടി ആയിരിക്കുന്നു. ഭാവിയിൽ ഇനിയും കൂടുതൽ പുരോഗമിച്ചേക്കാം.

ഇന്നും എന്റെ ഭാര്യ ആർത്തവസമയത്ത് വിളക്ക് കത്തിക്കാറില്ല. ചെറുപ്പത്തിൽ പറഞ്ഞ് പേടിപ്പിച്ചത് കൊണ്ടാവാം. പക്ഷേ നേരത്തേ വിവരിച്ചത് പോലെയുള്ള ഒരു സംഗതികളും നമ്മളെ ആകുലരാക്കാറില്ല. അല്ലാതെ ആ ഒരു സമയത്ത് വിളക്ക് വച്ചാൽ എന്തെങ്കിലും ഇടിഞ്ഞ് വീഴുമെന്ന് എനിക്ക് തോന്നുന്നില്ല. കരുണാമയനായ ദൈവം, അദ്ദേഹത്തെ ആരാധിച്ചതിന്റെ പേരിൽ നമ്മെ ക്രൂശിക്കുമോ? സ്ത്രീകൾക്ക് ഇങ്ങനെയുള്ള ചില സംഗതികൾ ഉണ്ടെന്ന് തമ്പുരാനും അറിയാവുന്നതല്ലേ?  വിശ്വാസികളുടെ ഭാഷയിൽ പറഞ്ഞാൽ, പടച്ചതമ്പുരാൻ തന്നെയല്ലേ ഈ സംഗതികൾ സ്ത്രീകൾക്ക് ഒപ്പിച്ചു കൊടുത്തത്? ആർത്തവ സമയത്ത് അമ്പലങ്ങളിലും പള്ളികളിലും മറ്റ് ദേവാലയങ്ങളിലും കയറണമെന്ന് പറയുന്നില്ല. പക്ഷേ കയറിയാലും കുഴപ്പങ്ങളുണ്ടെന്ന് എന്റെ അനുഭവത്തിൽ തോന്നുന്നില്ല. വീട്ടിൽ ദേവാലയങ്ങളുള്ളവർ, പൂജാമുറികളുള്ളവർ (ദൈവം സർവ്വവ്യാപിയാണെങ്കിലും) ദൈവം പൂജാമുറിയിലേ ഉണ്ടാകൂ എന്ന ധൈര്യത്തിലാണോ ആർത്തവ സമയങ്ങളിൽ ജീവിക്കുന്നത്?

ഒരു സ്ത്രീക്ക് ഒരു അമ്പലത്തിൽ വച്ച് ആർത്തവം ഉണ്ടായാൽ എന്ത് ചെയ്യും? മിണ്ടാതെ പോയാൽ ഒരു പ്രശ്നവുമില്ല, പക്ഷേ മിണ്ടിയാൽ കുഴപ്പമായി. ദൈവത്തിന് കുഴപ്പമില്ലെങ്കിലും ദൈവത്തിന്റെ 'നടത്തിപ്പു'കാർക്ക് പ്രശ്നമാണ്. പിന്നെ പ്രശ്നം വെപ്പായി, പുണ്യാഹമായി, ദുരന്തനിവാരണക്രിയകളായി. ഇത് പോലെത്തന്നെയാണ് 'പുല'യും 'വാലായ്മ' യും. കുടുംബത്തിൽ ആരെങ്കിലും മരിച്ചാലാണ് പുല, പ്രസവിച്ചാൽ വാലായ്മ. ഇങ്ങനെ പുലയും വാലായ്മയും ഉള്ളവരെ എങ്ങനെ തിരിച്ചറിയും? അങ്ങനെയുള്ളവർ അമ്പലത്തിൽ കയറിയാൽ എന്ത് സംഭവിക്കും? ഒന്നും സംഭവിക്കില്ല. ഞാൻ തന്നെ ഉദാഹരണം. ഞാൻ എന്റെ അടുത്ത കുടുംബക്കാര് മരിച്ചപ്പോഴും പ്രസവിച്ചപ്പോഴും (വീട്ടിൽ നിന്ന് സ്വതന്ത്രനായത്തിന് ശേഷം) അമ്പലത്തിൽ പോയിട്ടുണ്ട്, വിളക്ക് വച്ചിട്ടുണ്ട്. ഇനി, എനിക്ക് വല്ല പ്രശ്നവും വന്നാൽ ഇതുകൊണ്ടാണെന്ന് ഞാൻ കരുതുകയുമില്ല. എന്ന് വച്ച് പുലയുള്ള സമയത്ത് നിങ്ങളൊക്കെ അമ്പലത്തിൽ പോകണം എന്നൊന്നും പറയാൻ ഞാനാളല്ല. വേറൊരു സംഭവം, കുട്ടികൾ അമ്പലത്തിൽ വച്ച് മൂത്രമൊഴിച്ചാലും, അപ്പിയിട്ടാലും നടക്കുന്നതാണ്. പക്ഷേ, ഇന്ന് 'ഡയപ്പർ' ധരിപ്പിച്ച്, കുട്ടികളെ അമ്പലത്തിൽ കൊണ്ടുപോയാൽ കുഴപ്പവുമില്ല. അതാവുമ്പോ, നിറഞ്ഞ് കവിഞ്ഞാൽ മാത്രമല്ലേ സംഭവം പുറത്തറിയൂ. വൃത്തികേടായത് ശരീരമായാലും സ്ഥലമായാലും ശരിയായ രീതിയിൽ വൃത്തിയാക്കിയാൽ പോരേ? സത്യത്തിൽ എല്ലാ അമ്പലങ്ങളിലും ശുചിത്വസൌകര്യങ്ങൾ വേണ്ടുവോളം ഒരുക്കിക്കൊടുക്കുകയല്ലേ വേണ്ടത്?

എന്റെ ചെറുപ്പത്തിൽ, ഒരു ശബരിമല അയ്യപ്പനെ കണ്ടപ്പോൾ എന്റെ ചെറിയമ്മ ഓടിയൊളിച്ച സംഭവം എനിക്കിന്നും ഓർമ്മയുണ്ട്. അതും ആർത്തവം കാരണമായിരുന്നു. ഈ ശബരിമല അയ്യപ്പന്മാർ മാലയിട്ടാൽ ഒരു സ്ത്രീക്ക് ആർത്തവമുണ്ടോ എന്നറിഞ്ഞതിന് ശേഷമേ ആ ഭാഗത്തേക്ക് അടുക്കുകയുള്ളോ? ശബരിമല അയ്യപ്പന്മാരെ ആർത്തവമുള്ള സ്ത്രീകൾ കയറിത്തൊടണം എന്നൊന്നും പറയുന്നില്ല. എന്നാലും അവർ തൊട്ടാൽ വല്ലതും സംഭവിക്കുമോ? ഈ അണുകുടുംബകാലത്ത് മാലയിട്ടാൽ, ഈ സ്വാമിമാർ വീട് വിട്ട് വേറെ വല്ലയിടത്തും പോയി താമസിക്കുമോ? ആർത്തവം അറിയുവാനുള്ള 'മീറ്ററു'മായിട്ടായിരിക്കുമോ ഈ സ്വാമിമാർ പൊതു ജനമദ്ധ്യത്തിലും ബസ്സിലും വണ്ടിയിലും മറ്റും കയറുന്നത്? ഇതൊക്കെ നടപ്പുള്ള കാര്യമാണോ? ഇങ്ങനെയുള്ള സാഹചര്യത്തിൽ, അയ്യപ്പന്മാരുണ്ടായിരുന്ന ബസ്സിൽ കയറിയ അമ്മയെയും മകളെയും ഇറക്കിവിടേണ്ട കാര്യം എന്തായിരുന്നു? ആ ബസ്സിൽ സ്വാമിമാർക്കായിരുന്നില്ല പ്രശ്നം എന്നാണ്‌ കേട്ടത്, പക്ഷേ കണ്ടക്ടർക്കായിരുന്നു പ്രശ്നം. 'വിവേകവും' 'വിവര'വും 'പക്വത'യുമുള്ള (ഉണ്ടാകേണ്ട) സ്വാമിമാർ, ആ കണ്ടക്ടറുടെ പ്രവൃത്തിയെ തടഞ്ഞതുമില്ല.

അതേപോലെ അസ്മ റബ്ബർ തൊഴിൽ ശാലയിൽ കക്കൂസിൽ നാപ്കിൻ നിക്ഷേപിച്ചതിന് ആരാണ് ആർത്തവക്കാരി എന്ന് കണ്ടു പിടിക്കാൻ വസ്ത്രമുരിഞ്ഞ്‌ പരിശോധിക്കാൻ മാത്രം അധഃപതിച്ചുപോയോ, നാം കേരളീയർ ? കക്കൂസിൽ നാപ്കിൻ ഇട്ടത് എന്തായാലും ശരിയായ നടപടിയല്ല. അങ്ങനെ ഇടാതിരിക്കാൻ തീർച്ചയായും ഉദ്ബോധന പരിപാടികൾ ആവശ്യമാണ്‌. പണ്ടത്തെകാലത്ത്, സ്ത്രീകൾ നാപ്കിന് പകരം പരുത്തിത്തുണികളായിരുന്നു ഉപയോഗിച്ചിരുന്നത്. അതേ തുണികൾ തന്നെ വീണ്ടും കഴുകി പുനരുപയോഗിച്ചിരുന്നു. എന്നാലിന്ന് 'യൂസ് ആൻഡ് ത്രോ' സൌകര്യമുള്ള നാപ്കിൻ, പകരം വന്നിരിക്കുന്നു.  വേസ്റ്റ് കൈകാര്യം ചെയ്യാനറിയാതെയുള്ള നാപ്കിൻ ഉപയോഗം ഒരു പാരിസ്ഥിതിക പ്രശ്നം തന്നെയാണ്. നാപ്കിൻ ഉണ്ടാക്കുന്ന ഗൗരവതരമായ പാരിസ്ഥിതിക പ്രശ്നങ്ങൾ പരിഗണിച്ചാൽ, പുനരുപയോഗം ചെയ്യാവുന്ന പണ്ടത്തെ പരുത്തിത്തുണി ഉപയോഗം തന്നെയാണ് നല്ലത് എന്ന അഭിപ്രായം തള്ളിക്കളയാൻ പറ്റില്ല. എന്ത് തന്നെയായാലും തുണിയുരിഞ്ഞുള്ള പരിശോധന തീർച്ചയായും ശക്തിയുക്തം ചെറുക്കപ്പെടേണ്ടാതാണ്, നിരോധിക്കപ്പെടേണ്ടതാണ്, അധാർമ്മികമാണ്. അങ്ങനെ ചെയ്തവരെ ശിക്ഷിക്കേണ്ടതാണ്. ഇനി, ഇതുപോലുള്ള സംഭവങ്ങൾ ആവർത്തിക്കില്ല എന്ന് നാം ഉറപ്പ് വരുത്തേണ്ടതുണ്ട്.  ഈത്തരുണത്തിൽ, ഒരു ഉദ്ബോധനത്തിനു വേണ്ടിയെങ്കിലും 'നാപ്കിൻ' സമരം തീർച്ചയായും പ്രോത്സാഹിപ്പിക്കേണ്ട ഒരു കാര്യമാണ് എന്ന് തന്നെ ഞാൻ കരുതുന്നു.

സ്ത്രീക്ക് സ്ത്രീയുടെയും പുരുഷന് പുരുഷന്റെതുമായുള്ള ശാരീരികമായ കാര്യങ്ങളുണ്ട്. അതിൽ ജാതിയോ മതമോ ഒന്നുമില്ല. ആ വ്യത്യാസം പരസ്പരം ബഹുമാനത്തോടെ മനസ്സിലാക്കണം. ആ ശാരീരികമായ പ്രവർത്തനവ്യത്യാസം ആദ്ധ്യാത്മികതലത്തിൽ വ്യത്യാസങ്ങളുണ്ടാക്കേണ്ടതുണ്ടോ? ശരീരം വൃത്തിയായി സൂക്ഷിച്ചാൽ പോരേ ? ആർത്തവം ഒരു 'വലിയ സംഭവം'  ഒന്നുമല്ല. ആർത്തവം പാപമോ ശാപമോ അല്ല. ആർത്തവത്തിൽ നാണിക്കേണ്ടതായിട്ടൊന്നുമില്ല. ആർത്തവത്തെ ഒരു സാധാരണ സംഭവമായി മാത്രം കരുതിയാൽ മതി. ആ സമയത്ത് ശാസ്ത്രീയമായി ചെയ്യാൻ പാടില്ലാത്തതായിട്ടുള്ള ചുരുക്കം ചില കാര്യങ്ങളൊഴിച്ച് സാധാരണ പോലെ ജീവിക്കാൻ പറ്റണം. ആർത്തവസമയത്ത് ശാരീരികാസ്വാസ്ഥ്യങ്ങളുള്ളവർ വിശ്രമിക്കട്ടെ.  മറ്റ് മതങ്ങളിലും ഇതര സ്ഥലങ്ങളിലും ആർത്തവത്തെ സംബന്ധിച്ച് പല പല രീതികളിലുള്ള  ആചാരങ്ങൾ നിലവിലുണ്ട്. എന്തായിരുന്നാലും, ആരോ ഏതോ സാഹചര്യത്തിൽ നടത്തി എന്ന് പറയുന്ന എന്തെങ്കിലും കാര്യങ്ങൾ, കണ്ണും പൂട്ടി, ഇന്നത്തെക്കാലത്ത് ആചരങ്ങളായി മാറുമ്പോൾ, ആ ആചാരങ്ങളിൽ കഴമ്പില്ലെങ്കിൽ അവ മാറിയേ പറ്റൂ... അല്ലെങ്കിൽ വിശ്വാസം കപടമായിപ്പോവും... ഭഗവാനും മനുഷ്യനും എല്ലാ സമയത്തും ഏത് സാഹചര്യത്തിലും ഭയപ്പാടില്ലാതെ, സ്നേഹത്തോടെ ഇടപഴകി ജീവിക്കാൻ കഴിയട്ടെ !


*****

2014 ഡിസംബർ 28, ഞായറാഴ്‌ച

ശബരിമലവികസനവും ഭക്തിയും യുക്തിയും

എന്റെയൊരു പ്രിയ സുഹൃത്തിന്റെ ഫേസ്ബുക്കിലെ  'ശബരിമലവികസന' പരാമർശത്തിന് എഴുതിയ മറുപടി ഇത്തിരി വിപുലീകരിച്ചാണ് ഈയൊരു കുറിപ്പെഴുതുന്നത്. ശബരിമലയിൽ വികസനം നടക്കാത്തതിനാലും അവിടെ പ്രാഥമിക സൌകര്യങ്ങൾ അപര്യാപ്തമായതിനാലും അദ്ദേഹം ഖിന്നനും കോപിഷ്ഠനുമാണ്. അദ്ദേഹത്തിന്റെ ഉൽകണ്ഠ, ഒരു തരത്തിൽ വിശ്വാസികളുടെ നിഷ്കളങ്കമായ രോഷപ്രകടനമാവാം.

[ആദ്യമേതന്നെ പറഞ്ഞുകൊള്ളട്ടെ, ഞാനൊരു നാസ്തികനല്ല, എന്നാലും ഇന്ന് ലോകത്ത് കാണുന്ന തരത്തിലുള്ള കേന്ദ്രീകൃത രീതിയിലുള്ള മതങ്ങളും ദൈവാരാധനാക്രമങ്ങളും മറ്റും ശരിയായ രീതിയിലല്ലെന്നും എല്ലാം ഉടച്ചുവാർക്കേണ്ടതാണെന്നും അഭിപ്രായമുണ്ട്. ഈ കുറിപ്പ് ആരുടെയും വിശ്വാസത്തിനെതിരായോ, ആരുടെയെങ്കിലും വിശ്വാസത്തെ തകർക്കാനോ അല്ല. 'ഹിന്ദു'ക്കളെയും 'ഹിന്ദു' ആചാരങ്ങളെയും പറ്റി എന്തും പറയാം എന്ന വിശ്വാസം ഉള്ളതുകൊണ്ടുമല്ല. 'ഹിന്ദു' എന്നറിയപ്പെടുന്ന ജീവിതരീതി പിന്തുടരുന്ന സമൂഹത്തിൽ, അതിലെ ചില കാര്യങ്ങളെപ്പറ്റി സംവാദങ്ങൾ നടത്താനും, സംശയങ്ങൾ / ചോദ്യങ്ങൾ എന്നിവ ഉന്നയിക്കാനും  സ്വാതന്ത്ര്യമുള്ളതു കൊണ്ട് മാത്രം മുതിരുന്നു.  എന്റെ ഉള്ളിൽ നടക്കുന്ന ചെറിയ സംഘർഷത്താൽ ഉളവായ ചെറിയ ചില ചിന്തകൾ സ്വതന്ത്രമായി നിങ്ങളുടെ സ്വതന്ത്രചിന്തകളിലേക്ക് പങ്കുവെക്കാൻ ശ്രമിക്കുന്നു എന്ന് മാത്രം. ഈ ചിന്തകളുടെ പങ്കുവെക്കലുകൾ കൊണ്ട് ഇനിയെല്ലാം ശുഭം എന്ന ധാരണയുമില്ല.മുഴുവൻ വായിച്ച് മാത്രം അഭിപ്രായം പറയുക.]

ചിത്രത്തിന് ഗൂഗിളിനോട് കടപ്പെട്ടിരിക്കുന്നു

എന്താണ് ശബരിമലയിൽ നടക്കുന്നത്? ഭക്തിയുടെ പേരിൽ സമൂഹം എന്ത് ചെയ്യുന്നു? സർക്കാർ എന്ത് ചെയ്യുന്നു? ഭക്തന്മാർ എന്ത് ചെയ്യുന്നു? താന്ത്രികസമൂഹം എന്ത് ചെയ്യുന്നു? 

ഭക്തി (ഏതൊരു മതത്തിലും - മനുഷ്യമതത്തിൽ ആർക്കും വിശ്വാസമില്ലല്ലോ) ഒരു നല്ല കാര്യം തന്നെയാണെന്നാണ്. നല്ല രീതിയിൽ ഭക്തി ജീവിതത്തിൽ പ്രാവർത്തികമാക്കിയാൽ ഏകാഗ്രത കിട്ടുന്നതിന് പുറമേ നല്ല മനുഷ്യനുമായിത്തീരാം എന്ന് തന്നെയാണ് എന്റെ വിശ്വാസം. പക്ഷേ ഭക്തികൊണ്ട് ഇന്ന് നടക്കുന്നതെന്താണ്? കച്ചവടവൽക്കരണത്തിന്റെ കാലത്ത് ഭക്തിയും വാണിജ്യവൽക്കരിക്കപ്പെട്ടിരിക്കുന്നു. അറിഞ്ഞോ അറിയാതെയോ ഭക്തന്മാർ ഈ വാണിജ്യവൽക്കരണത്തിന്റെ ഭാഗമായി പറ്റിക്കപ്പെടാൻ നിന്നുകൊടുക്കുകയും ചെയ്യുന്നു. 'ഭക്തി എന്നത് വെറും 'ഷോ' ആയി മാറിയിരിക്കുന്നു.

ഇന്ന് ഒട്ടു മിക്ക പേരും  വ്രതം എടുക്കുന്നത് തന്നെ എങ്ങനെയെങ്കിലും വ്രതം ഒന്ന് 'മുറിച്ച്' കിട്ടിയാൽ മതി എന്ന ചിന്തയിലാണ്. വ്രതം മുറിക്കുന്നത് തന്നെ കള്ള് കുടിച്ചോ, അല്ലെങ്കിൽ വിഭവ സമൃദ്ധമായ സസ്യേതര ഭക്ഷണങ്ങൾ തിന്നോ ആണ്. ഇതിലെ യുക്തി എനിക്കിന്നും മനസ്സിലായിട്ടില്ല. വ്രതം നോൽക്കുന്നത് ആത്മാവിന്റെയും ശരീരത്തിന്റെയും ശുദ്ധിക്കാണെന്നും അങ്ങനെ വ്രതം നോറ്റ് ലബ്ദ്ധിച്ച ശുദ്ധി, ജീവിതത്തിൽ മൊത്തം നില നിർത്താൻ ശ്രമിക്കണം എന്നൊക്കെയാണ് വ്രതത്തിനെപ്പറ്റി ഞാൻ ഹ്രസ്വമായി അറിഞ്ഞിട്ടുള്ളത്. വ്രതത്തിന്റെ സമയത്ത് മാത്രം ശുദ്ധനായിരിക്കാനും വ്രതം എന്ന ചെറിയ കാലയളവ് കഴിഞ്ഞാൽ പിന്നെ എന്ത് തോന്ന്യാസവുമാകാം എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. വ്രതം നോൽക്കാൻ തുടങ്ങുമ്പോഴുണ്ടാകുമെന്ന് പറയുന്ന സന്തോഷത്തേക്കാൾ സന്തോഷം കൂടുതൽ കാണുന്നത് വ്രതം മുറിക്കുമ്പോഴാണ് (എല്ലാവരും അങ്ങനെയ്യാവണമെന്നില്ല - എന്നാലും ബഹുഭൂരിപക്ഷം). അപ്പോൾ വ്രതം നോൽക്കുന്നത് ആരെക്കാണിക്കാനാണ്? പടച്ചോനെ പറ്റിക്കലല്ലേ ഇതിലൂടെ ചെയ്യുന്നത്? 365 ദിവസങ്ങളുള്ള ഒരു വർഷത്തിൽ വെറും ഒന്നോ പത്തോ നാൽപതോ ദിവസങ്ങളിൽ മാത്രം വ്രതശുദ്ധി മതിയോ? വ്രതം മുറിക്കുവാനുള്ള വ്യഗ്രതയും അതിനുവേണ്ടിയുള്ള ഒരുക്കങ്ങളും കാണുമ്പോഴാണ് ഇങ്ങനെ ചിന്തിച്ചു പോകുന്നത്. സത്യത്തിൽ,  അവനവന്റെ സ്വഭാവത്തിനനുസരിച്ചുള്ള നല്ലൊരു ജീവിതചര്യ പറ്റുമെങ്കിൽ കാലം കഴിയുന്തോറും കൂടുതൽ നല്ലതാക്കി എല്ലാ ദിവസവും ഒരേപോലെ ആചരിക്കുന്നതല്ലേ വെറും ഒരു മാസത്തെ കണ്ണിൽ പൊടിയിടാനുള്ള നല്ല നടപ്പിനേക്കാൾ നല്ലത്? അല്ല, വ്രതം ആചരിച്ചേ അടങ്ങൂ എന്നുള്ളവർ ഒരു വർഷത്തിലെ പകുതിയിൽ കൂടുതലെങ്കിലും ദിവസങ്ങൾ വ്രതം നോറ്റാൽ ജീവിതത്തിന്റെ സിംഹഭാഗമെങ്കിലും നന്നായി ജീവിച്ചു എന്ന ചാരിതാർത്ഥ്യം കിട്ടില്ലേ? കുറച്ച് നല്ല കാര്യം ചെയ്യുന്നതിനേക്കാൾ കൂടുതൽ ചെയ്യുന്നതല്ലേ കൂടുതൽ നല്ലത്? മറ്റുള്ളവർക്കല്ലല്ലോ, അവനവന് വേണ്ടിയല്ലേ? ആത്മനിയന്ത്രണം കിട്ടാത്തവർ കടിച്ചു പിടിച്ച് പത്ത് ദിവസം വ്രതം നോൽക്കുന്നതിനേക്കാൾ നല്ലത്, ഉള്ളത് ഉള്ളപോലെ കാണിച്ച് വ്രതമെടുക്കാതെ എല്ലാ ദിവസവും ഒരുപോലെ ജീവിക്കുന്നതാണ്. അല്ലെങ്കിൽ വ്രതത്തിന് വ്രതത്തിന്റെ ഗുണമല്ല, മറിച്ച് സ്വഭാവം മറച്ചുപിടിക്കുന്നത് പോലെയുള്ള വികൃത ഗുണമാണ് പ്രകടമാകുക.

എന്റെ അറിവ് പ്രകാരം 41 ദിവസമാണ് മണ്ഡലകാലവ്രതം. മകരവിളക്കിന് പോകുന്നവർ പിന്നെയും ഒരു 20 ദിവസം കൂടി വ്രതം നീട്ടും. നഖം മുറിക്കരുത്, ക്ഷുരകം ചെയ്യരുത്, സ്ത്രീ സാമീപ്യം പാടില്ല (പ്രത്യേകിച്ച് അവരുടെ ആർത്തവ കാലത്ത്. പക്ഷേ ഈ അണുകുടുംബകാലത്ത് ഈ ചട്ടങ്ങളൊക്കെ പ്രാവർത്തികമാണോ?) എന്നിങ്ങനെയുള്ള കർശന ചട്ടങ്ങളാണ്. പക്ഷേ ഇന്ന് എല്ലാം 'ഇൻസ്റ്റന്റ്'  ആണ്. നേരെ പമ്പയിൽ എത്തി അവിടെ നിന്ന് കെട്ടും നിറച്ച് മലകയറി അയ്യപ്പനെ തൊഴുത് മലയിറങ്ങി മാലയഴിച്ച് വീണ്ടും പഴയ പോലെയാകാം. കൂടി വന്നാൽ രണ്ടു ദിവസത്തെ കഷ്ടപാട് മാത്രം. നല്ല 'ബുൾഗാൻ' താടി വച്ച് സുന്ദരക്കുട്ടപ്പനായിത്തന്നെ മല കയറാം. ഞാൻ പറഞ്ഞു വന്നത്, ഈവക ഭക്തിയനുബന്ധനിബന്ധനകളെല്ലാം ഓരോരുത്തരുടെയും താല്പര്യത്തിനും സാഹചര്യത്തിനും അവസരത്തിനും അനുസരിച്ച് മാറ്റിമറിക്കുന്നു. 41 ദിവസം വ്രതമെടുത്ത് പോയാലും 2 ദിവസം വ്രതമെടുത്ത് പോയാലും താടി വടിച്ചോ വടിക്കാതെയോ പോയാലും വ്യത്യാസങ്ങൾ സംഭവിക്കുന്നൊന്നുമില്ല. സ്വാധീനം ഉപയോഗിച്ച് സ്പെഷൽ പാസെടുത്ത് പോയാലും തിരുപ്പതിയിലെപ്പോലെ പണക്കാർക്കുള്ള 'ക്യൂ'വിൽ നിന്നാലും ഭഗവാൻ ആർക്കും 'സ്പെഷലാ'വില്ല. പിന്നെ 'ഭഗവാനേ ഞാൻ വളരെ കഷ്ടപ്പെട്ടിട്ടാണ് വരുന്നത്, അതുകൊണ്ട് ഞാൻ പറഞ്ഞ കാര്യങ്ങൾ ചെയ്തു തരണേ' എന്ന ഒരു സ്വയംകൃതചാരിതാർത്ഥ്യം ഉണ്ടാക്കിയെടുക്കാം. എന്നിരുന്നാലും ഇതിലൊക്കെ എന്തെങ്കിലും തെറ്റുണ്ടെന്ന് പറയാനും പറ്റില്ല, ഓരോരുത്തരുടെയും ഇഷ്ടമാണല്ലോ.പക്ഷേ ദൈവത്തിന് ഇതൊന്നും ഒരു പ്രശ്നമല്ലെന്നാണ് എന്റെ പക്ഷം. ഇതിൽനിന്നൊക്കെ എനിക്ക് മനസ്സിലാകുന്നത്‌ ദൈവത്തെ സേവിക്കാൻ ഇങ്ങനെ കഷ്ടപ്പെട്ട് മലമറിച്ച് പോകേണ്ട ആവശ്യമൊന്നും ഇല്ലെന്നുള്ളതാണ്.

ഭക്തിയുടെ പേരിൽ സ്വന്തം വീട്ടിലെ പൂജാമുറി വൃത്തികേടാകുന്നത് പോലും ഭക്തർ അറിയില്ല. പോകുന്ന തീർത്ഥാടനസ്ഥലങ്ങളിൽ നിന്നൊക്കെ ചിത്രങ്ങളും ഭസ്മവും കുങ്കുമവും വാങ്ങുകയും പൂജാമുറി മുഴുവൻ തലങ്ങുംവിലങ്ങും നിൽക്കാൻ പോലും സ്ഥലമില്ലാത്ത വിധത്തിൽ  'ചിത്രസമ്പുഷ്ടമാക്കി' അലങ്കരിക്കുകയും സ്ഥലം കിട്ടിയില്ലെങ്കിൽ ചിത്രങ്ങൾ മറ്റ് ഫോട്ടോചട്ടങ്ങൾക്കുള്ളിൽ തിരുകി വെക്കുകയും തിരുകിയതിന്റെ മേലെ പിന്നെയും തിരുകുകയും (ദൈവത്തിന്റെ പടമായതുകൊണ്ട് കളയാൻ പറ്റില്ലല്ലോ) എല്ലാ ചിത്രങ്ങളെയും ഭസ്മവും കുങ്കുകുമവും തൊടീച്ച് 'സുന്ദരമാക്കി' വെക്കുകയും കാലങ്ങൾ കഴിഞ്ഞ് ഭസ്മവും കുങ്കുമവും പൂപ്പൽ പിടിച്ചാലും കളയാതിരിക്കുകയും ഒക്കെ ചെയ്യുന്നത് ഭക്തി കൂടിയിട്ടോ യുക്തി ഇല്ലാഞ്ഞിട്ടോ? പ്രാർത്ഥിക്കാൻ ചിത്രങ്ങൾ നിർബന്ധമാണെങ്കിൽ ഒരു ചിത്രം പോരേ? മുപ്പത്ത്മുക്കോടി ദൈവഭാവങ്ങളെയും ഒരു മുറിയിൽ വരച്ച് കൊള്ളിക്കാൻ പറ്റുമോ? പ്രാർത്ഥനാമുറി തന്നെ ആവശ്യമാണോ? അദ്വൈതസിദ്ധാന്തം അങ്ങനെയൊക്കെ ചെയ്യാൻ പറയുന്നുണ്ടോ?

നാല്പത്തൊന്ന് ദിവസം വ്രതം നോക്കി സ്വാമിമാരാകുന്ന സ്വാമിമാർക്ക് ശബരിമലയിൽ പ്രാഥമിക സൌകര്യങ്ങളൊന്നും പര്യാപ്തമല്ലെന്ന് അവിടെ പോയിട്ടുള്ള ആർക്കും മനസ്സിലാകും.  എന്നാൽ എന്റെ വീക്ഷണത്തിൽ കുറേ (കുറേ എന്നാൽ ലക്ഷക്കണക്കിന്‌) സ്വാമിമാരും അവർക്ക് വേണ്ട സാധനങ്ങൾ വിൽക്കാൻ പോകുന്ന എല്ലാവിധത്തിലുള്ള കച്ചവടക്കാരും നല്ല നടപ്പ് സമയത്ത് സ്വാമിമാരിൽ നിന്ന് വല്ലതും കിട്ടുമെന്ന് കരുതി വരുന്ന യാചകന്മാരും ശബരിമലയിൽ എല്ലാകൊല്ലവും പോകുന്നതാണ് (ഇങ്ങനെയൊക്കെ പോകുന്നത് ഓരോരുത്തരുടേയും വ്യക്തിപരമായ വിശ്വാസവും സ്വാതന്ത്ര്യമാണെങ്കിലും) ശബരിമലയിലുള്ള എല്ലാ കുഴപ്പത്തിനും കാരണം എന്നാണ് ഞാൻ പറയുക.  ഈപറഞ്ഞതരത്തിലുള്ള എല്ലാവരും ശാസ്താവിന്റെ പേരിൽ പോയി പോയി ശബരിമല ആകെ വൃത്തികേടായി. സത്യത്തിൽ ഇപ്പോൾ ആ മാലിന്യക്കൂമ്പാരത്തിൽ ശാസ്താവ് വസിക്കുന്നുണ്ടാകുമോ ആവോ? പണ്ട് മൃഗങ്ങളെപേടിച്ച് അയ്യപ്പന്മാർക്ക് പോകാൻ പറ്റാത്ത അവസ്ഥയായിരുന്നു. ഇന്ന് മൃഗങ്ങൾ അയ്യപ്പന്മാർക്ക് മുന്നിൽ തോറ്റു. ആ പ്രശാന്ത സുന്ദര വനം ഭക്തിയുടെ പേരിൽ കൊള്ളയടിക്കപ്പെട്ടു. ഈ അയ്യപ്പന്മാർ അവരവരുടെ ഗ്രാമത്തിലിരുന്ന് അയ്യപ്പനെ ഭജിച്ചാൽ ശബരിമല രക്ഷപ്പെടുകയും ചെയ്യും, ശബരിമലയിൽ നടക്കുന്ന തോന്ന്യാസങ്ങളും കുറയും.

ഇതിനോടോരനുബന്ധം പറഞ്ഞാൽ നിങ്ങളൊന്നുകിൽ ചിരിക്കും അല്ലെങ്കിൽ എനിക്ക് ചിത്തഭ്രമമാണെന്ന് മനസ്സിന്റെ ഒരു മൂലയിലെങ്കിലും പറഞ്ഞു വെക്കും. എന്നാലും ഞാൻ പറയാം. ഇന്ന് അമേരിക്കൻ ഐക്യനാടിന്റെ കിഴക്കൻ ഭൂവിഭാഗത്തിലുള്ള എല്ലാ അയ്യപ്പഭക്തന്മാർക്കും ശബരിമലയിൽ പോകാതെ സ്വാമിസായൂജ്യം അനുഭവിക്കാനുള്ള വകുപ്പ് വാഷിംഗ്ടണ്‍ ഡി സി ക്കടുത്ത് മേരിലാന്റിലെ ലാനാം (Lanham) പട്ടണത്തിലുള്ള ശിവ-വിഷ്ണു അമ്പലനടത്തിപ്പുകാർ ഒരുക്കുന്നുണ്ട്. ഈ വിവരം അമേരിക്കൻ ഐക്യനാട്ടിലെ ആളുകൾക്കറിയാമെങ്കിലും മറ്റുള്ള നാട്ടുകാർ ആദ്യമായിട്ടായിരിക്കും ചിലപ്പോൾ അറിയുന്നത്. ഈ ശിവ-വിഷ്ണു അമ്പലത്തിൽ മണ്ഡലകാലത്ത് ഭക്തരുടെ സൌകര്യാർത്ഥം വാരാന്ത്യങ്ങളിൽ കെട്ടുനിറയും അയ്യപ്പപൂജയും മറ്റ് അഭിഷേകങ്ങളും നടക്കുന്നു (ഇവിടെ അയ്യപ്പന്റെ ഒരു സ്ഥിരം പ്രതിഷ്ഠയുമുണ്ട്). കെട്ട് നിറച്ച് ഇരുമുടിയെടുത്ത് പടി കയറാൻ പതിനെട്ട് പടികളും കാനന യാത്ര ഇഷ്ടപ്പെടുന്നവർക്ക് അടുത്തുള്ള മരങ്ങൾക്കിടയിലൂടെ ഒരു 'സിംബോളിക്കൽ കാനനയാത്ര' നടത്താനുള്ള സൌകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ കുറച്ച് കാലമായിട്ട്, എല്ലാ കൊല്ലവും ഇവിടെ വളരെ ദൂരത്തു നിന്ന് വരെ അയ്യപ്പന്മാർ വരികയും 'മലകയറ്റം' നടത്തി അയ്യപ്പദർശനം നടത്തുകയും ചെയ്യുന്നുണ്ട്.

ഇതിന്റെയൊക്കെ അർത്ഥം എന്താണ്? എല്ലാ ഭക്തരും ഒരു തരത്തിലല്ലെങ്കിൽ മറ്റൊരുതരത്തിൽ പല പല ചൂഷണങ്ങൾക്ക് വിധേയരാകുന്നുണ്ടെങ്കിലും, ശിവ-വിഷ്ണു അമ്പലം നടത്തുന്നത് ശുദ്ധ കച്ചവടമാണെന്ന് പറഞ്ഞാൽ തെറ്റാവുമോ? ശബരിമലയൊഴിച്ച് മറ്റൊരു അയ്യപ്പക്ഷേത്രത്തിലും കെട്ടാത്ത, ശബരിമലയുടെ മാത്രം പ്രത്യേകതതായായ പതിനെട്ട് പടി പണിഞ്ഞ്, ഭക്തരുടെ നിഷ്കളങ്കഭക്തിയെ മുതലെടുത്ത്‌ ഒരു കൊച്ചു ശബരിമല പണിഞ്ഞ് (ഒരു 'ബ്രാഞ്ച്' പോലെ) അമേരിക്കയിലെ ഭക്തരെ അങ്ങോട്ടേക്കാകർഷിക്കുന്നു. നാട്ടിൽപോയി മല ചവിട്ടുന്നതിന്റെ സാമ്പത്തികചിലവുകളുടെ താരതമ്യപഠനം നടത്തി ചിലവ് കുറഞ്ഞ മാർഗ്ഗം സ്വീകരിച്ച് ഭക്തിയുടെ പേരിൽ അമ്പലം നടത്തുന്ന കച്ചവടത്തിന് കൂട്ട് നിന്ന്, ശബരിമല ചവിട്ടിയെന്ന് സ്വയം വിശ്വസിപ്പിച്ച് ഭക്തർ  തൃപ്തിയടയുന്നു. ഇതിലും എന്തെങ്കിലും തെറ്റുണ്ടോ? ഞാനെന്ത് പറയനാനാണ്? പക്ഷേ ഇതിന്റെയൊക്കെ വല്ല ആവശ്യവുമുണ്ടോ എന്ന ചോദ്യം മാത്രം മനസ്സിൽ നിന്ന് പോകുന്നില്ല. യുക്തിയില്ലെങ്കിലും വിശ്വാസമല്ലേ എല്ലാം? പക്ഷേ ഈ ഒരു 'സെറ്റപ്പി'ൽ, വനനശീകരണവും പരിസര മലിനീകരണവും നടക്കുന്നില്ല. രണ്ടാമതായി, ഈ അമ്പലത്തിൽ എത്ര അയ്യപ്പന്മാർ വരുന്നോ അത്രയും അയ്യപ്പന്മാർ ഉണ്ടാക്കുന്ന മാലിന്യങ്ങളുടെ കുറവ് ശബരിമലയിലുണ്ടാകും എന്നത് തീർച്ചയായും വളരെ നല്ലൊരു കാര്യം തന്നെയാണ്.

സർക്കാരാണെങ്കിൽ ഹിന്ദു ദൈവങ്ങളെ വച്ച് ഖജനാവിൽ നിറയ്ക്കാനുള്ള പരിപാടികൾ ആസൂത്രണം ചെയ്യുകയാണ്. കുത്തഴിഞ്ഞ ദേവസ്വം ബോർഡും അതിന്റെ സാരഥികളും എത്രത്തോളം കയ്യിട്ട് വാരാൻ പറ്റുമോ അത്രത്തോളം വാരുന്നുണ്ട്. ഭക്തർ അതൊക്കെയറിഞ്ഞുകൊണ്ട് തന്നെ ശാസ്താവിന്റെ പേരിൽ ശബരിമലയിൽ പണം ചൊരിഞ്ഞ് നൽകുന്നുണ്ട്. ഈ പണം കൊണ്ട് ഒരു പേരിന് അവിടെ റോഡും ഒരിക്കലും ഉപയോഗ യോഗ്യമല്ലാത്ത കക്കൂസുകളും അവിടെ ഉണ്ടാക്കുന്നുണ്ട്. വികസനത്തിന്റെ പേരിൽ കാട് വേണ്ടുവോളം വെട്ടിത്തെളിക്കുന്നുണ്ട്. ഇതുകൂടാതെ കള്ള് കച്ചവടക്കാരും മറ്റ് ബിസിനസ്സ്കാരും അവിടെയാകമാനം സ്വർണ്ണം പൂശിക്കൊടുക്കുന്നുണ്ട്. ഭഗവാന് എന്തിനാണ് ഇത്രയധികം പണം? ഈ പണം കൊണ്ട് ഏതെങ്കിലും പാവങ്ങൾക്ക് അരക്കിലോ അരിയെങ്കിലും കിട്ടുന്നുണ്ടോ?

അതേസമയം തന്ത്രിമുഖ്യരോ? നമ്മുടെ തന്ത്രി കണ്ഠര് മോഹനർക്ക് ഒരു ഗണേശസ്തുതി പോലും അറിയില്ലെന്ന് പല പത്രങ്ങളിലും (അദ്ദേഹത്തെ പോലീസ് പിടിച്ച സമയത്ത്) വായിച്ചു. ഇന്ന് ഏത് ബ്രാഹ്മണനാണ് പണം മുന്നിൽ കാണാതെ പൂജ ചെയ്യുന്നത്? എല്ലാവരുടെയും നോട്ടം പണത്തിലാവുന്നു. പൂജ ബ്രാഹ്മണന് മാത്രം ചെയ്യാവുന്നതാണെന്ന് വരുത്തിത്തീർത്താൽ ബ്രാഹ്മണർ ചെയ്യുന്ന ഗോഷ്ടികളെന്തും പൂജാമുദ്രകളായിത്തീരുന്നു. ശബ്ദമില്ലാതെ ഉച്ഛരിക്കുന്നതെന്തും മന്ത്രങ്ങളായിത്തീരുന്നു. മടിക്കുത്തിലെ പണത്തിന്റെ കനം നോക്കി അനുഗ്രഹം കൊടുക്കുന്നു.പുരോഹിതർ പറയുന്നതെന്തും ഭക്തർ കണ്ണും പൂട്ടി വിശ്വസിക്കുന്നു.

2000 ഡിസമ്പറിൽ ഞാനും ശബരിമലയിൽ പോയിരുന്നു. പോകുന്ന യാത്രയിൽ പൊന്നമ്പലമേട്ടിലെ ദിവ്യജ്യോതിയെക്കുറിച്ച് ചർച്ചകൾ ഉണ്ടായി. ആ ജ്യോതി ആളുകൾ കത്തിക്കുന്നതാണെന്നും അതിലൊരു ദിവ്യത്ത്വവും ഇല്ലെന്നും ഞാൻ പറഞ്ഞപ്പോൾ ആരും അംഗീകരിച്ചില്ല, മാത്രമല്ല മാലയിട്ടിട്ട് ഇങ്ങനെയൊന്നും പറയരുതെന്നും പറഞ്ഞു. അങ്ങനെ പേട്ട തുള്ളൽ സമയത്ത് നമ്മുടെ കൂട്ടത്തിലുണ്ടായിരുന്ന ഒരു 110 കിലോക്കാരൻ എന്റെ കാലിൽ ചവിട്ടുകയും എന്റെ കാലുളുക്കുകയും ചെയ്തു. നടക്കാൻ പറ്റാത്ത അവസ്ഥ. വിശ്വാസമില്ലെങ്കിൽ ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് താക്കീതും കിട്ടി. പക്ഷേ ഒരുതരം വാശിയോടെയായിരുന്നു ഞാൻ ഉളുക്കിയ കാലും കൊണ്ട് മല കയറിയത്. കൂട്ടത്തിൽ ആദ്യം മല  കയറിയെത്തിയെങ്കിലും ഭസ്മക്കുളത്തിൽ കുളിക്കുമ്പോൾ കഴുത്തിലെ മാലയും കളഞ്ഞുപോയി. ഈ സംഭവങ്ങളൊക്കെ എന്റെ മകരജ്യോതിഭാഷണവുമായി മറ്റുള്ളവർ ബന്ധപ്പെടുത്തിക്കളഞ്ഞു. അന്ന് സർക്കാരും താഴമണ്‍ തന്ത്രിയും മറ്റും വിശ്വാസികളുടെ വിശ്വാസം തകർക്കുമെന്ന പേര് പറഞ്ഞ് സത്യം പ്രഖ്യാപിക്കാതിരുന്നതിനാൽ ഭക്തസമൂഹം 'ദിവ്യജ്യോതി'യെ വിശ്വസിച്ചു പോന്നു (മകര സംക്രമത്തിന് നടക്കുന്നത് സൂര്യന്റെ മകരരാശിയിലേക്കുള്ള കടക്കലാണെന്നും അതുവഴി ഉത്തരായനത്തിന്റെ തുടക്കമാണെന്നുമുള്ള സംഭവത്തേക്കാളൂപരി പൊന്നമ്പലമേട്ടിലെ തട്ടിപ്പ് ജ്യോതിക്കായിരുന്നു പ്രാധാന്യം കൊടുത്തിരുന്നത്). ഞാനീക്കാര്യം ഇവിടെ പറഞ്ഞത്, എന്തിനാണ് ഈ കള്ളം പറഞ്ഞ് വിശ്വാസികളെ പറ്റിക്കുന്നത് എന്ന് ചോദിക്കാൻ വേണ്ടി മാത്രമാണ്.

പിന്നെ, നമ്മുടെ നാട്ടുകാർക്ക് സ്വന്തം കാര്യം സിന്ദാബാദ് അല്ലേ? ഒരു കക്കൂസ് മാന്യമായി ആരെങ്കിലും ഉപയോഗിക്കുമോ? അതും പ്രത്യേകിച്ച് ഒരു പൊതു കക്കൂസ് ആകുമ്പോൾ? ആർക്കെങ്കിലും അച്ചടക്കം ഉണ്ടോ? അവനവൻ ചെയ്യുന്ന ഓരോ വൃത്തികേടുകൾക്കും ഇരയാകുന്നത് മറ്റുള്ളവരാണെന്ന വിചാരമുണ്ടോ? പമ്പയിൽ ഇന്ന് മീനുകൾക്ക് പോലും രക്ഷയില്ലാത്ത അവസ്ഥയാണ്. അതിലില്ലാത്ത ബാക്റ്റീരിയകളില്ല. എന്തും ഏതും പമ്പയിൽ വലിച്ചെറിയാം. ക്യൂവിൽ പിന്നിലായിപ്പോകുമെന്ന ഭയം കൊണ്ട് നില്ക്കുന്ന സ്ഥലത്തിനരികിൽത്തന്നെ അപ്പിയിടാം, മൂത്രമൊഴിക്കാം. ഒന്നും രണ്ടും പേരല്ല ഇതൊക്കെ ചെയ്യുന്നതെന്നോർക്കണം. കാട് നിറയെ പ്ലാസ്റ്റിക് കുപ്പികൾ വലിച്ചെറിയാം. അവിടത്തെ മാലിന്യങ്ങളിൽ ചവിട്ടാതെ നടക്കാൻ പറ്റില്ലെന്നായിരിരിക്കുന്നു. ആ മാലിന്യക്കൂമ്പാരം കണ്ടാൽത്തന്നെ പാപം തീരുമെന്ന അവസ്ഥ. പക്ഷേ വിശ്വാസത്തിന്റെയും ഭക്തിയുടെയും പേരിലാകുമ്പോൾ ഒന്നും സാരമില്ല.

ഭക്തി, വീട്ടിലിരുന്നും അല്ലെങ്കിൽ വീട്ടിനടുത്തുള്ള ഏതെങ്കിലും ചെറിയ അമ്പലത്തിൽ പോയും ആല്ലെങ്കിൽ ഏതെങ്കിലും വിജനമായ പ്രശാന്ത സുന്ദര പ്രദേശത്ത് പോയും ഒക്കെ സ്വസ്ഥമായി ചെയ്യാവുന്ന ഒരു കാര്യമല്ലേ? ഗുരുവായൂരും ശബരിമലയും മാത്രം പോയാലേ ഭക്തിക്ക് ഒരു ഉന്നതഭാവം കൈവരുള്ളോ? എങ്ങനെയെങ്കിലും ആരെത്തട്ടിയും, തഴഞ്ഞും, പ്രമുഖ വ്യക്തികളുടെ 'പാസ്‌' നേടിയും, നടതുറക്കുമ്പോൾ വിഗ്രഹത്തിന്റെ തൊട്ട് മുന്നിൽ നിൽക്കാൻ വയസ്സന്മാരെപ്പോലും തള്ളിയും അയ്യപ്പനെ കണ്ട് സ്വന്തം കാര്യം ഉണർത്തിക്കാനുള്ള വ്യഗ്രതയല്ലേ എല്ലാവർക്കും? അല്ലാതെ ഇത്ര കഷ്ടപ്പെട്ട് പോകുന്നത് നാടിന്റെ നന്മക്ക് വേണ്ടി പ്രാർത്ഥിക്കാനൊന്നുമല്ലല്ലോ. ശാസ്താവിന്റെ പേരിൽ കുറേ കച്ചവടക്കാരും തന്ത്രിമാരും രാഷ്ട്രീയക്കാരും പണക്കാരാകുന്നു എന്നല്ലാതെ വേറെ ഭക്തിപരമായോ യുക്തിപരമായോ എന്തെങ്കിലും ഉന്നതി ഉണ്ടാകുന്നുണ്ടോ എന്ന് സംശയമാണ്. ഭക്തിയുടെ പേരിൽ ഒരു വലിയ കാടും അതിന്റെ ചുറ്റുപാടും നശിച്ചു എന്നതും പമ്പയും പരിസരവും വൃത്തിഹീനമായി എന്നതും അതിന്റെ ബാക്കിപത്രം.

കുറച്ച് പേർ മാത്രാണ് പോകുന്നതെങ്കിൽ അവിടെ കുഴപ്പമൊന്നും ഉണ്ടാകില്ല. പക്ഷേ അവിടെ പോയാൽ മാത്രമേ അനുഗ്രഹം കിട്ടൂ, പരിസരം വൃത്തികേടായാലും തരക്കേടില്ല അഭീഷ്ടഫലസിദ്ധി ഉണ്ടാകണം എന്ന ആശയോടെ നിയന്ത്രണാതീതമായി കൂട്ടമായി പോകുന്നതാണ് പ്രശ്നം. അതുകൊണ്ട് അയ്യപ്പനെ കാണാൻ ശബരിമലയിൽ വരെ കഷ്ടപ്പെട്ട് പോയി അവിടെ വൃത്തികേടാക്കുന്നതിലും നല്ലത്, അവിടെയുള്ള സർവ്വ കൊള്ളകൾക്കും, തോന്ന്യാസങ്ങൾക്കും നേരിട്ടോ അല്ലാതെയോ കാരണക്കാരനാകുന്നതിലും നല്ലത് അയ്യപ്പനെ മനസ്സിൽ കൊണ്ടുനടക്കുന്നതാണ്. അങ്ങനെ ചിലവാക്കുന്ന പണം, പ്രകൃതിയുടെ വികൃതി കൊണ്ട് , വിധിയുടെ ബലിമൃഗങ്ങളായ ആളുകൾക്ക് വേണ്ടി ഉപയോഗിക്കുന്നത് എന്തായാലും ഉചിതമായിരിക്കും. വിശ്വാസത്തെ എതിർക്കുകയായിരുന്നില്ല. ഒരു നിയന്ത്രണവുമില്ലാതെ വരുന്ന ഒരു പറ്റം ആളുകളുടെ കൂട്ടത്തിലിരുന്ന് ഭജിക്കുന്നതിലും നല്ലത് അവനവന്റെ വീട്ടിലിരുന്ന് ഭജിക്കുന്നതാണ്, എന്നോട് ക്ഷമിക്കുക.

സേവനത്തിന് മുൻഗണനയുള്ള മേഖലകളിൽ പണം ഇച്ഛിച്ച് ചെയ്യുന്ന ഒരു  പ്രവൃത്തിക്കും നല്ല ഫലം ഉണ്ടാകില്ല (പണം ജീവിക്കാൻ ആവശ്യമാണെങ്കിലും). അങ്ങനെയുള്ള കർമ്മങ്ങൾ ചെയ്തത് കൊണ്ട്, ഒരു പേരിന് ചെയ്തു എന്ന സ്വയമാശ്വാസമാല്ലതെ വേറൊന്നും കിട്ടുകയില്ല എന്ന് ഭക്തിയുടെ കാഠിന്യത്തിൽ ഭക്തർ മറന്നുപോകുന്നു.

വികസനം ആവശ്യം തന്നെയാണ്. വിമാനത്താവളവും അതിവേഗപാതകളും എല്ലാം വേണം. പക്ഷേ ഭഗവാന്റെ പേരിൽ സത്യത്തിൽ ഒരു വികസനം ആവശ്യമില്ല. എവിടെ നിന്നും പ്രാർത്ഥിക്കാം. സ്വന്തം ഉള്ളിലുള്ള ഭഗവാനെ കാണാതെ, അജ്ഞാനതിമിരബാധയാൽ ഭഗവാനെ തേടി അലയേണ്ട കാര്യമൊന്നുമില്ല. ഭക്തിയോടൊപ്പം യുക്തിയും വിഭക്തിയും ഉയർന്നു നിൽക്കട്ടെ. ഭക്തർക്കും കുറച്ച് യുക്തി ഉണ്ടാകട്ടെ. ശബരിമലയേക്കാൾ ഭക്തരുടെ ഉള്ളം വികസിക്കട്ടെ.

വാൽക്കഷണം: ഇന്നലെ ഫേസ്ബുക്കിൽ ഒരു 'പോസ്റ്റ്' കണ്ടു. നമ്മുടെ കേരളത്തിലെ ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല സർവ്വസന്നാഹപരിവാരങ്ങളുമൊത്ത് കറുപ്പ് മുണ്ട് മടക്കിക്കുത്തി  ഷൂസൊക്കെയിട്ട് നടത്തുന്ന ശബരിമലയാത്ര. അതിന്റെ അടിക്കുറിപ്പായിരുന്നു രസകരം: "ഇങ്ങനെ കല്ലും മുള്ളും നിറഞ്ഞ പാതയിലൂടെ ശാസ്താവിനെ കാണാൻ നടക്കുന്നതിന് പകരം ദേവസ്വം സർക്കാരിന്റെ സ്വന്തം ബോർഡ് മേധാവിയെ അറിയിച്ചിരുന്നെങ്കിൽ ശാസ്താവിന്റെ വിഗ്രഹം ചെന്നിത്തലയുടെ ഓഫീസിലേക്ക് അയച്ച് തൊഴാനുള്ള സൗകര്യം ഒരുക്കുമായിരുന്നല്ലോ" - ജനത്തിന് ശാസ്താവിനെ കാണുന്നതിനേക്കാൾ കടുപ്പമായിരിക്കുമല്ലോ ഇന്നത്തെക്കാലത്ത് ജനത്താൽ നിയമിതനായ ജനങ്ങളുടെ പൈസയാൽ ജീവിക്കുന്ന മന്ത്രിമാരെക്കാണാൻ !!

*****

2014 ഡിസംബർ 23, ചൊവ്വാഴ്ച

ഹിന്ദുമതത്തിലേക്കുള്ള പരിവർത്തനച്ചടങ്ങ്‌ !

[താഴെ രേഖപ്പെടുത്തിയിരിക്കുന്നത് എന്റെ മാത്രം വീക്ഷണങ്ങളും ചിന്തകളുമാണ്. ഇതൊന്നും ആരെയും വിശ്വസിപ്പിക്കാനോ അവമതിക്കാനോ എഴുതിയതല്ല. വായിക്കുന്നവരെ വിശകലനം ചെയ്യാൻ പ്രേരിപ്പിക്കാൻ വേണ്ടി മാത്രമാണ്. എതിരഭിപ്രായക്കാർ ഇനി എന്റെ കൈ വെട്ടിക്കളയരുത്. അഭിപ്രായം പറയുന്നവർ, പൂർണ്ണമായും ഈർഷ്യ തോന്നാതെ വായിച്ചിട്ട് മാത്രം അപ്രകാരം ചെയ്യുക. ]

ഇപ്പോൾ വലിയ ഒച്ചപ്പാട് ഉണ്ടാക്കുന്ന ഒരു വലിയ പ്രശ്നമാണ് മത പരിവർത്തനം. അത് കേട്ടാൽ തോന്നും ഈ 'മത പരിവർത്തനം' എന്നത് ഈയ്യടുത്തെങ്ങാനും പൊട്ടിമുളച്ച എന്തോ ഒരു പുതിയ സംഭവമാണെന്ന്! പക്ഷേ ഈയ്യൊരു കുറിപ്പെഴുതാൻ പ്രേരകമായത്, ഹിന്ദുക്കളായി പരിവർത്തനമോ പരാവർത്തനമോ 'ഘർ വാപസി'യോ ചെയ്യാൻ എന്തൊക്കെയോ ചടങ്ങുകൾ ഉണ്ടെന്നറിഞ്ഞപ്പോഴാണ്.



നൂറ്റാണ്ടുകളായി ഭാരതത്തിൽ നടക്കുന്ന ഒരു സംഭവമാണ് മതപരിവർത്തനം. പ്രത്യേകിച്ച് ഒരു മതമില്ലാതിരുന്ന ഭാരതീയരെ, മതത്തിന് ഒരു പേരില്ലാതിരുന്ന ഭാരതീയരെ, ഒരു മതത്തിന്റെ പേരിലും സംഘടിതരല്ലാതിരുന്ന ഭാരതീയരെ അന്യദേശങ്ങളിൽ നിന്ന് കടന്നുവന്ന സംഘടിത മതപൗരോഹിത്യം, പ്രീണിപ്പിച്ചും, പ്രലോഭിപ്പിച്ചും, ഭീഷണിപ്പെടുത്തിയും, ഇവിടെ നിലനിന്നു പോന്ന അനാചാരങ്ങളെ മുതലെടുത്തും കാലങ്ങളായി, ഇന്നും ചെയ്ത് പോരുന്ന ആർക്കും ഒരു പ്രശ്നമല്ലാതിരുന്ന ഒരു അംഗസംഖ്യാബലവർദ്ധനയജ്ഞമാണ് ഇതുവരെയുണ്ടായിരുന്ന മത പരിവർത്തനം. അങ്ങനെ മതം മാറ്റപ്പെട്ടവരും അവരുടെ സന്തതി പരമ്പരകളുമാണ്  ഇന്ന് ഭാരതത്തിലുള്ള ക്രൈസ്തവരും മുസ്ലീമുകളും മറ്റു മതസ്ഥരും. അല്ലാതെ ഭാരതത്തിലുള്ളവരെ ഒന്നടങ്കം വകവരുത്തി (റെഡ് ഇന്ത്യൻസി'നെ യൂറോപ്യന്മാർ കൂട്ടക്കൊല ചെയ്ത് അമേരിക്കയിൽ വംശവർദ്ധന നടത്തിയത് പോലെ) സ്വയം പെറ്റുപെരുകിയതല്ല. ഈ കാരണങ്ങൾ കൊണ്ടു മാത്രം ഇന്ന് ഭാരതത്തിൽ വസിക്കുന്ന തൊണ്ണൂറ്റൊൻപത്  ശതമാനം പേരുടെയും പൂർവ്വികർ മതമില്ലാത്തവരോ അല്ലെങ്കിൽ ഹിന്ദുക്കളോ ആയിരുന്നു എന്ന് അസന്നിഗ്ദ്ധം പറയാം.

പക്ഷേ അന്ന് മതമില്ലാതിരുന്ന / മതം മാറാതിരുന്ന പാശ്ചാത്യരിൽ നിന്നും വളരെ വ്യത്യസ്തമായ ജീവിത ശൈലി പിന്തുടർന്നിരുന്ന ആ ഭാരതീയർ ഇന്ന് 'ഹിന്ദുക്കൾ' ആയി. കാരണം അവരെ പുറത്ത് നിന്ന് വന്നവർ അങ്ങനെയാണ് വിളിച്ചിരുന്നത് (അമേരിക്കയിലെ 'റെഡ് ഇന്ത്യൻസി'നെ ആ പേരിൽ അറിയപ്പെടുന്ന പോലെ - കൊളംബസ് ആയിരുന്നല്ലോ, അവരുപോലും അറിയാതെ അവർക്കാ പേര് ചാർത്തിക്കൊടുത്തത്). ആ ഹിന്ദുക്കൾ പെറ്റ് പെരുകി ഇന്നത്തെ ഹിന്ദു സമൂഹം ഉണ്ടായി. ശങ്കരാചാര്യരുടെ കാലത്ത് ഇതര ഭാരതീയ മതങ്ങളിലേക്കും (ബുദ്ധ - ജൈന - സിക്ക്) മതപരിവർത്തനം ചെയ്യപ്പെട്ടു കൊണ്ടിരുന്ന ഹിന്ദുക്കൾക്ക്, അദ്ദേഹത്തിന്റെ 'അദ്വൈതസിദ്ധാന്ത'ഫലമായി (ദൈവം ഒന്നേയുള്ളൂ - മറ്റ് ദൈവങ്ങളും ദേവതകളും ഒക്കെ ദൈവത്തിന്റെ വെറും ഭാവങ്ങളാണ് എന്ന സിദ്ധാന്തം. ഹിന്ദു എന്ന് പറയുന്നവരിൽ ത്തന്നെ കുറേപേർക്ക് ഇതറിയില്ലെന്നതും ഒരു സത്യം)  ഒരു പുതിയ നവോത്ഥാനം ഉണ്ടായി. ശങ്കരാചാര്യരാണ് നാലു ദിക്കിലും നാല് മഠങ്ങൾ സ്ഥാപിച്ച്, ഹിന്ദുക്കളെ ഒരു കേന്ദ്രീകൃത ശൃംഖലയുടെ കീഴെക്കൊണ്ടുവരാൻ ഒരു ശ്രമം ആദ്യമായി നടത്തിയതെന്ന് തോന്നുന്നു. എന്നിരുന്നാലും 'ഹിന്ദുക്കൾ' ആത്യന്തികമായി ഒരു കേന്ദ്രീകൃത സംവിധാനത്തിലും അണിചേർന്നില്ല. ആ സ്വാതന്ത്ര്യം മൂലമുണ്ടായ ഏകോപനമില്ലയ്മയെയും  'അതിഥി ദേവോ ഭവഃ', 'വസുധൈവ കുടുംബകം' എന്നിവയിൽ വിശ്വസിച്ച് കൊണ്ട് പുറത്തുനിന്നു വന്നവരെ സ്വീകരിച്ചാനയിച്ചതിനെയും മുതലെടുത്താണ് മറ്റുള്ള നാട്ടുകാർ ഇവിടെ കാലുകുത്തി  അധീശത്വം സ്ഥാപിച്ചെടുത്തത്.

ഭാരതത്തിലാകമാനം, പലതരത്തിലുള്ള ആചാരാനുഷ്ഠാനങ്ങൾ അനുഷ്ഠിച്ചുകൊണ്ട് 'ഹിന്ദു'ക്കൾ ജീവിച്ചുപോന്നു.  വേദങ്ങളും ഉപനിഷത്തുക്കളും സ്മൃതികളും മഹാഭാരതവും (അതിലൂടെ ഭഗവദ്ഗീതയും), രാമായണവും മഹാഭാഗവതവും  മറ്റ് പുരാണങ്ങളുമൊക്കെ ആധാരമാക്കിക്കൊണ്ട് തികച്ചും സ്വതന്ത്രമായ ഒരു ജീവിത രീതിയായിരുന്നു ഓരോ 'ഹിന്ദു'വും പുലർത്തിവന്നിരുന്നത്. കാലങ്ങൾ കൊണ്ട് തൊഴിലിനേയും മറ്റും ആധാരമാക്കി ജാതികളും ഉപജാതികളും വർണ്ണങ്ങളും ആഭിജാത്യമുള്ളവരും ആഭിജാത്യമില്ലാത്തവരും ഒക്കെയായി അധികാര-സ്വാർത്ഥലാഭേച്ഛികളായ   ബ്രാഹ്മണപൌരോഹിത്യവും രാജാധികാരികളും ജനങ്ങളെ തരം തിരിച്ച് അടക്കിഭരിക്കാൻ തുടങ്ങി. മേല്ക്കോയ്മ നിലനിർത്തുവാൻ പല പല ചട്ടങ്ങൾ ആവിഷ്കരിക്കുകയും അവ നടപ്പിലാക്കിയതിന്റെയും ഫലമായി കുറേ ആചാരങ്ങളും അനാചാരങ്ങളും ഉണ്ടാക്കപ്പെടുകയുണ്ടായി. ദൈവങ്ങളുടെയും ദൈവങ്ങളുണ്ടാക്കുന്ന അനന്തരഫലങ്ങളുടെയും പേരിൽ ഭീതിയുളവാക്കി ചോദ്യം ചെയ്യപ്പെടലുകൾ നിഷ്ക്രിയമാക്കാൻ ശ്രമങ്ങളുണ്ടായി, ബലപ്രയോഗങ്ങളുണ്ടായി. ഈ അവസ്ഥയെ മുതലെടുത്ത്‌ കച്ചവടത്തിന് വന്നവരും കൊള്ളയടിക്കാൻ വന്നവരും, അല്ലാതെ വന്നവരും അവരവരുടെ മതപ്രചരണങ്ങളിൽ കൂടുതൽ സജീവമായി.

ഈയ്യടുത്തകാലം വരെയുള്ള കാര്യങ്ങൾ വിശകലനം ചെയ്‌താൽ മതങ്ങളെക്കൊണ്ട് ഗുണത്തെക്കാളേറെ ദോഷങ്ങളാണ് കൂടുതൽ ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് കാണാം.  മതങ്ങൾ മുഴുവൻ കച്ചവടവൽക്കരിക്കപ്പെട്ടിരിക്കുന്നു. പണമുണ്ടാക്കാനുള്ള മാർഗ്ഗമായി മതവും അതിനോടനുബന്ധിച്ച ഭക്തിയും മാറിയിരിക്കുന്നു. മതങ്ങളിലൂടെ അധീശത്വം സ്ഥാപിക്കാനുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. ഇല്ലാത്ത മതനിയമങ്ങൾ പറഞ്ഞ് കൊലപാതകങ്ങൾ നടത്തുന്നു. യേശുക്രിസ്തു ബൈബിൾ നിയമങ്ങൾ എഴുതിയിട്ടില്ല. യേശുക്രിസ്തുവിന്റെ പേരിൽ അദ്ദേഹത്തെ ഉപയോഗിച്ച് ജീവിക്കാനാഗ്രഹിക്കുന്നവരാണ് ബൈബിൾ ഉണ്ടാക്കിയത്. മുഹമ്മദ്‌ നബി ഖുറാൻ എഴുതിയിട്ടില്ല. അദ്ദേഹം ശരീ-അ നിയമാവലിയും എഴുതിയിട്ടില്ല.  എന്നാൽ ഇന്ന് അദ്ദേഹം പറഞ്ഞു എന്നപേരിൽ എന്തെല്ലാം കൊള്ളരുതായ്മകളാണ് ലോകത്താകമാനം നടക്കുന്നത്? രണ്ടു പേരും നല്ല നല്ല കാര്യങ്ങൾ അരുളിച്ചെയ്തവരാണ്, മനുഷ്യരെ നന്നാക്കാൻ ശ്രമിച്ചവരാണ്. പക്ഷേ അവരുടെ പേരിൽ മതങ്ങൾ ഉണ്ടാക്കണമെന്ന് പറഞ്ഞിട്ടില്ല. ഹിന്ദുക്കൾക്ക് ഒരു സ്ഥാപകനില്ല, അതുകൊണ്ട് തന്നെ ബൈബിൾ പോലെയോ, ഖുറാൻ പോലെയോ ഉള്ള ഒരു മതഗ്രന്ഥവുമില്ല. പക്ഷേ മറ്റുള്ള മതങ്ങളെ അനുകരിച്ച് ഹിന്ദുക്കളും (അവരുടെ അഭിനവ സംരക്ഷകർ) മഹാഭാരതത്തിന്റെ ഒരു ഭാഗമായ ഭഗവദ്ഗീത അവരുടെ   മതഗ്രന്ഥമായി അംഗീകരിച്ചു. കൃഷ്ണഭഗവാന്റെ അരുളപ്പാടുകളാണ് ഗീതയിലെന്ന് പറയുന്നെങ്കിലും അതിനൊന്നും ഒരു സ്ഥിരീകരണവുമില്ല. ഈ വക ഗ്രന്ഥങ്ങളിലെ കാര്യങ്ങളെ ചോദ്യം ചെയ്യുക എന്ന് മരണതുല്യമാണ്. ഈ ഗ്രന്ഥങ്ങളിൽ കുറേയേറെ നല്ല കാര്യങ്ങളുണ്ടെന്നതിൽ തർക്കമില്ല.

ഹിന്ദുക്കളിൽ വിഗ്രഹാരാധനയാണോ നടക്കുന്നത്? അദ്വൈതസിദ്ധാന്തപ്രകാരം അവരും ഒറ്റ ദൈവത്തെത്തന്നെയാണ് ആരാധിക്കുന്നത്. വിഗ്രഹം അവർക്ക് ഒരു എകാഗ്രതാസൂത്രം മാത്രമാണ്. എന്നാൽ വിഗ്രഹാരാധനയെ നഖശിഖാന്തം എതിർക്കുന്നവരും കാലക്രമേണ മറ്റൊരു രൂപത്തിൽ വിഗ്രഹങ്ങളും രൂപങ്ങളും ഉണ്ടാക്കുന്നു. വേളാങ്കണ്ണി മാതാവും അൽഫോൻസാ മാതാവും, ചാവറയച്ചനും വിഗ്രഹങ്ങൾ ഉണ്ടാകുന്നു, പള്ളികളുണ്ടാകുന്നു, അവർക്ക് ഭണ്ഡാരങ്ങളുണ്ടാകുന്നു. പലസ്ഥലങ്ങളിലും മെക്കാ പള്ളിയുടെ ചിത്രങ്ങൾ സ്ഥാപിതമാകുന്നു. ഹിന്ദുക്കളിൽ വിഗ്രഹാരാധനയും കഴിഞ്ഞ് വ്യക്തിപൂജയിലേക്കും കാര്യങ്ങൾ കടന്നിരിക്കുന്നു. അരമനകളിലെ ശീതീകരണമുറികളിൽ കഴിഞ്ഞ് അരുളപ്പാടുകൾ നടത്തുന്ന ആൾദൈവങ്ങളുടെ കുത്തൊഴുക്ക് തന്നെ ഇന്ന് കാണാവുന്നതാണ്.

വർണ്ണങ്ങളും ഉപജാതികളുമൊക്കെ എല്ലാ മതങ്ങളിലുമുണ്ട്. കേരളത്തിൽ മാത്രമെടുത്താൽ പതിനഞ്ചോളം ക്രിസ്ത്യൻ വിഭാഗങ്ങളുണ്ട്. മുസ്ലീമുകൾക്കിടയിലും അവാന്തരവിഭാഗങ്ങളുണ്ട്. രണ്ട് സഹസ്രാബ്ദങ്ങൾ മാത്രം പ്രായമുള്ളത് കൊണ്ട് 'ഹിന്ദു'ക്കളെ അപേക്ഷിച്ച് തുലോം കുറവാണെന്ന് മാത്രം. 'ഹിന്ദു'ക്കളിലേത് പോലെ ക്രിസ്ത്യൻ വിഭാഗങ്ങൾ തമ്മിൽ തമ്മിൽ കല്യാണം കഴിക്കുകയോ പള്ളികളിൽ പോകുകയോ പോലും ചെയ്യില്ല, എന്നാലും അവരെല്ലാവരും അവർ ക്രിസ്ത്യാനികളാണ്. അവരിൽത്തന്നെ ഒരു വിഭാഗത്തിലെ ഒരു ഭിഷഗ്വരന്റെ ഭിഷഗ്വരനായ മകൻ അതേ വിഭാഗത്തിൽപ്പെട്ട ഒരു ക്ഷുരകന്റെ 'ഭിഷഗ്വര'യായ മകളെ കല്യാണം കഴിക്കില്ല. അതാണ്‌ ആത്യന്തികമായിട്ടുള്ള ജാതി  വ്യവസ്ഥ. അത് എല്ലാ മനുഷ്യ വിഭാഗങ്ങളിലുമുണ്ട്. എല്ലാ മതങ്ങളിലും ഒളിഞ്ഞും തെളിഞ്ഞും ഉണ്ട്.  എന്നാലും ഓരോ വിഭാഗവും അവരവരുടെ രീതികളെപ്പറ്റി മതിപ്പുള്ളവരും മറ്റുള്ളവരുടെ രീതികളോട് നിന്ദയും കാട്ടും. ഈത്തരം വിഭാഗങ്ങളുണ്ടാകുന്നത് ഒരുകൂട്ടം ആളുകളുടെ പ്രമാണിയുടെ വികാരവിചാരങ്ങളെ മറ്റൊരു പ്രമാണി അംഗീകരിക്കാതിരിക്കുമ്പോഴാണ് എന്ന സത്യം,  പ്രമാണിമാരായ നേതാക്കളുടെ ഉദ്ഘോഷണങ്ങൾ യാതൊരു ചിന്തയും ലവലേശം കൂടാതെ, തൊണ്ട തൊടാതെ വിഴുങ്ങുന്ന അനുയായിവർഗ്ഗം മനസ്സിലാക്കുന്നില്ല എന്നതാണ്. ഈ അവസ്ഥ പ്രമാണിമാരുടെ പ്രസക്തി വർദ്ധിപ്പിക്കുന്നു, അത് സ്പർദ്ധകൾക്ക് ആക്കം കൂട്ടുന്നു, അനുയായിവൃന്ദം ബലിയാടുകളാകുന്നു. ഓരോ പ്രമാണിമാരും അവരവരുടെ കൂടെയുള്ള അംഗസംഖ്യ വർദ്ധിപ്പിക്കാൻ പല മാർഗ്ഗങ്ങളിലൂടെയും 'മതപരിവർത്തനം' നടത്തുന്നു, പെറ്റുപെരുകാൻ ആഹ്വാനം ചെയ്യുന്നു. ഇതൊക്കെക്കൊണ്ടായിരിക്കാം വ്യത്യസ്ത മതങ്ങളിൽപ്പെട്ടവർ കഷ്ടകാലത്തിന് കല്യാണം കഴിച്ചാൽ അതിൽ ഏതെങ്കിലും ഒരാൾ മതം മാറി രക്തം ശുദ്ധീകരിച്ച് ഒരു 'ഗ്രൂപ്പാ'ക്കിത്തീർക്കുന്നത്. അല്ലെങ്കിൽ അതിൽ പിറക്കുന്ന കുട്ടികൾ മനുഷ്യക്കുട്ടികളാകില്ലല്ലോ?

അതുപോലെ അനാചാരങ്ങളും അന്ധവിശ്വാസങ്ങളും എല്ലാ മതവിഭാഗങ്ങളിലുമുണ്ട്. സ്വന്തം കാര്യം മറച്ചുപിടിച്ചാണ് ഓരോരുത്തരും മറ്റുള്ളവിഭാഗങ്ങളെ പഴിക്കുക്കയും കളിയാക്കുകയും ചെയ്യുക എന്നത് വേറെ കാര്യം. ഹിന്ദുമതത്തിൽ അനാചാരങ്ങൾക്കെതിരെ പോരാടിയിട്ടുള്ള ഒട്ടേറെ പേരുണ്ട്. ശ്രീ നാരായണഗുരുവും, ചട്ടമ്പി സ്വാമികളും, സ്വാമി വിവേകാനന്ദനും, രാജാറാം മോഹൻറായിയുമൊക്കെ ഹിന്ദുമതത്തിലെ അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും എതിർത്തില്ലാതാക്കി ജനങ്ങളെ ഉദ്ബോധിക്കാൻ ശ്രമിച്ചവരാണ്. അനാചാരങ്ങൾക്കെതിരെ ശബ്ദമുയർത്തിയത് കൊണ്ട് അവരുടെ തല ആരും വെട്ടിക്കളഞ്ഞിട്ടില്ല. പക്ഷേ അവരാരും മതം ഒരു കേന്ദ്രീകൃത സംവിധാനമാക്കി പ്രവർത്തിക്കണം എന്ന് പറഞ്ഞിട്ടില്ല. അവരൊന്നും ഹിന്ദുമതത്തിന്റെ അധിപന്മാരായി സ്വയം ഉയർത്തിക്കാട്ടിയിരുന്നില്ല, മണിമാളികകളിൽ വസിച്ചിരുന്നില്ല, ആശ്രമസാമ്രാജ്യങ്ങൾ സ്ഥാപിച്ചിരുന്നില്ല. മറ്റു മതങ്ങളിലെ അനാചാരങ്ങളെ ചോദ്യം ചെയ്യുന്നവർ പുറംലോകവും കാണുന്നില്ല.

എന്നാൽ ഇന്ന് നടക്കുന്നതെന്താണ്? ഹിന്ദു മതത്തിനും ഒരു തരം 'കോർപ്പറേറ്റ്' സ്വഭാവം വരുത്താൻ കൊണ്ട് പിടിച്ച ശ്രമം നടക്കുന്നു. കാഞ്ചി മഠമോ പുരി ആശ്രമമോ ഒന്നും ഇടപെടാത്തിടത്ത് രാഷ്ട്രീയ സ്വയംസേവക്  സംഘും വിശ്വഹിന്ദു പരിഷത്തും അശ്രാന്തപരിശ്രമം നടത്തുന്നു. ഇനി അവരാണ് ഒരു 'ഹിന്ദു' എങ്ങനെ ജീവിക്കണം എന്ന് തീരുമാനിക്കുക.

ഇതിന് ഒരു മറുവശവുമുണ്ട്. ഭാരതത്തിലങ്ങോളമിങ്ങോളം എല്ലാ രാഷ്ട്രീയപ്പാർട്ടികളും ഹിന്ദു ഇതര വിഭാഗങ്ങളെ പലതരം 'റിസർവേഷനുകളും' നൽകി  'വോട്ട് ബാങ്കു'കളാക്കി വേറിട്ട്‌ നിർത്തിയിട്ടുണ്ട്. ന്യൂനപക്ഷമാണെങ്കിലും മേൽപറഞ്ഞ  'റിസർവേഷന്' വേണ്ടിയും മറ്റ് പ്രഖ്യാപിത അവകാശങ്ങൾക്ക് വേണ്ടിയും ആ മതവിഭാഗങ്ങൾ ഒറ്റക്കെട്ടായി നിന്ന് കാര്യങ്ങൾ നേടിയെടുക്കുന്നത് ഹിന്ദു സമൂഹം ആശങ്കയോടെയാണ് കാണുന്നത് (റിസർവേഷൻ ചില മേഖലകളിൽ ആവശ്യം തന്നെയാണ്. പക്ഷേ രോഗത്തിന് മരുന്നെന്നപോലെ കാലക്രമേണ അതിന്റെ അളവ് കുറയ്ക്കുകയാണ് വേണ്ടത്, അല്ലാതെ കൂട്ടിക്കൊണ്ടിരിക്കുകയല്ല. റിസർവേഷൻ കൂട്ടിക്കൊണ്ടിരിക്കുന്നു എന്നതിന്നർത്ഥം രോഗത്തിനല്ല ചികിത്സ എന്നതാണ്). അവർക്ക് അവകാശങ്ങൾ ഒന്നും ഇല്ലാതിരിക്കുകയും മറ്റുള്ളവർക്ക് മാത്രം അവകാശങ്ങൾ ഉണ്ടാകുകയും ചെയ്യുന്നത് വൈകിയാണെങ്കിലും അവർ മനസ്സിലാക്കിയിരിക്കുന്നു. ആ ഉണർവ്വിനെയാണ് ഇന്ന് ഹിന്ദു സംഘടനകൾ ഉപയോഗിക്കുന്നത്. ഈ കാര്യം മറ്റുള്ള മതങ്ങൾ മനസ്സിലാക്കാത്തിടത്തോളം ഇത് തുടർന്നുകൊണ്ടുമിരിക്കും. കാരണം ഹിന്ദുവിന്റെ ഐക്യത്തിന് വളം വച്ച് കൊടുത്തത് മറ്റുള്ള മതങ്ങളുടെ കൊള്ളരുതായ്മകളും രാഷ്ട്രീയക്കാരുടെ കളികളും തന്നെയാണ്. ഹിന്ദുവിന്റെ അമ്പലങ്ങളിലെ പണം സർക്കാരെടുക്കുകയും, മറ്റു മതസ്ഥാപനങ്ങളിലെ പണം അതാത് മതങ്ങളെടുക്കുകയും, മറ്റുമതങ്ങളിലെ തീർത്ഥാടനത്തിന് 'സബ്സിഡി' കൊടുക്കുകയും ചെയ്യുമ്പോൾ ഏതൊരു 'ഹിന്ദു'വും ഒന്ന് ചിന്തിച്ചു പോകും. 'ടിറ്റ് ഫോർ ടാറ്റ്' എന്ന സങ്കേതം ഉപയോഗിച്ച് ഹിന്ദുക്കളും 'ഘർ വാപസി' നടത്തുമ്പോൾ തീർച്ചയായും പ്രകോപിതരാകുന്നത്‌ ന്യൂനപക്ഷങ്ങളെ ഉപയോഗിച്ച് ജീവിക്കുന്നവരാണ്. ഈയ്യൊരു പ്രകോപനം കൊണ്ടാണ് 'മതപരിവർത്തനം' ഇന്നൊരു വാർത്തയാകുന്നത്. ഇനി ഹിന്ദു ഐക്യം ഏതറ്റം വരെ പോകും എന്നതേ ഇനി നോക്കാനുള്ളൂ. ഈ തുറന്നുവിട്ട ഹിന്ദു ഐക്യ ഭൂതത്തെ വീണ്ടും കുപ്പിയിലാക്കാൻ, പണ്ട് മുക്കുവൻ ഉപയോഗിച്ച വിദ്യ തന്നെ ഉപയോഗിക്കേണ്ടിവരും.

ഒരു ഹിന്ദു എങ്ങനെ ആകണം എന്ന് എവിടെയെങ്കിലും ആധികാരികമായി പറഞ്ഞിട്ടുണ്ട് എന്ന് തോന്നുന്നില്ല. ഒരു മനുഷ്യൻ എങ്ങനെ ജീവിക്കണം എന്ന് വേദങ്ങളിലും ഉപനിഷത്തുകളിലും കാണാം. ആര്യസമാജം നടത്തുന്ന ചില ചടങ്ങുകൾക്ക് ശേഷം കൊടുക്കപ്പെടുന്ന സാക്ഷ്യപത്രം ഉപയോഗിച്ച് അഹിന്ദുക്കളെ ഹിന്ദുക്കളാക്കാമെന്നും അവർക്ക് ക്ഷേത്രപ്രവേശനം ചെയ്യാമെന്നും കേട്ടിട്ടുണ്ട്. എന്താണ് ആ ചടങ്ങിൽ നടക്കുന്നത് എന്ന് ഒരു നിശ്ചയവുമില്ല. ക്രിസ്തുമതത്തിൽ പെട്ട അച്ഛനമ്മമാർക്ക് ജനിച്ചാലും 'ജ്ഞാനസ്നാനം' ചെയ്യിച്ച് confirmation നടന്നാൽ മാത്രമേ ഒരാൾ ക്രിസ്ത്യാനി ആവുകയുള്ളൂ. ആ സ്നാനം കൊണ്ട് എന്താണാവോ ആ ശരീരത്തിലും മനസ്സിലും നടക്കുന്നത്. അതുപോലെ മുസ്ലീംമുകൾക്ക് ചേലാകർമ്മവും മറ്റു ചടങ്ങുകളും ഉണ്ട്; അവയൊക്കെ ചെയ്‌താൽ ആ സമയത്തുള്ള ആത്മാവ് മാറി അത് മുസ്ലീം ആത്മാവായി മാറും! ഗ്രന്ഥസാഹിബിനെ അംഗീകരിച്ച് തലപ്പാവും ക്രിപാണും ധരിച്ചാൽ സിക്കുകാരനാവാം. ശ്രീബുദ്ധന്റെ അരുളപ്പാടുകൾ അംഗീകരിച്ചാൽ ബുദ്ധമതക്കാരനും ജൈനവചനങ്ങൾ അംഗീകരിച്ച് ജീവിച്ചാൽ ജൈനമതക്കാരനുമാവാം.

മനസ്സുറക്കാത്ത, കളങ്കമില്ലാത്ത കുഞ്ഞു പ്രായത്തിൽ, കുഞ്ഞുങ്ങൾ പോലും അറിയാതെയാണ് ഓരോ കുഞ്ഞുങ്ങളും നിർബന്ധിത മതപഠനത്തിന്റെ പേരിൽ ഓരോ മതക്കാരാകുന്നത്. അവരിൽ പുനർവിചിന്തനം പോലും നടക്കാൻ കഴിയാത്തതരത്തിൽ മതത്തിന്റെ വേരുകളെ മസ്തിഷ്കപ്രക്ഷാളനം നടത്തി അടിച്ചാഴ്ത്തുന്നു. ഒരോ മതക്കാരന്റെ സൌഹൃദങ്ങളും ബന്ധങ്ങളും കൂട്ടായ്മകളും അതാത് മതത്തിൽ  പെട്ടവരായി മാത്രമാക്കുന്നു. പൌരോഹിത്യം ഈ വക കാര്യങ്ങളൊക്കെ നടക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നു. ഇതുപോലെയുള്ള ചടങ്ങുകളാണ് ഇപ്പോൾ ഹിന്ദുമതക്കാരും സൃഷ്ടിച്ചെടുക്കുന്നത്. വേദവും മറ്റു ചില സൂക്തങ്ങളും ഉരുവിട്ട് ഗംഗാ ജലം തളിച്ചാൽ ഇനി ഏതൊരാൾക്കും ഹിന്ദു രക്തം ഉണ്ടാക്കാൻ പറ്റുമായിരിക്കും. ഇനി മാർപാപ്പയെ പോലുള്ള എന്തെങ്കിലും 'സെറ്റപ്പ്' ഹിന്ദുക്കൾ ഉണ്ടാക്കുമോ ആവോ?

ഹിന്ദുവായി മതം മാറാതെ യേശുദാസ് ഗുരുവായൂരിൽ കയറിയാൽ ഗുരുവായൂരപ്പൻ അവിടെ നിന്ന് ഓടിക്കളയുമോ? സത്യത്തിൽ ഗുരുവായൂരപ്പൻ പണ്ടേ യേശുദാസിന്റെ കൂടെ പോയിക്കാണും. അത് മനസ്സിലാക്കാതെയാണോ യേശുദാസ് വീണ്ടും വീണ്ടും ഗുരുവായൂരമ്പലത്തിൽ കയറിത്തന്നെ കൃഷ്ണനെ കാണണമെന്ന് ആഗ്രഹിക്കുന്നത് എന്ന് തോന്നിപ്പോകുന്നു. വിശ്വസിക്കുന്ന ദൈവത്തിനെ പ്രാർത്ഥിക്കാൻ അമ്പലത്തിലോ പള്ളിയിലോ പോകണോ?  കക്കൂസിലിരുന്ന് ദൈവത്തിനെ ഓർത്തുപോയാൽ ദൈവം കോപിക്കുമോ? വിഗ്രഹമില്ലാതെയും ആരാധിച്ചു കൂടെ? മതങ്ങളിൽ വിശ്വസിച്ചില്ലെങ്കിൽ സ്വർഗ്ഗത്തിൽ പോകില്ലേ (സ്വർഗ്ഗത്തിൽ പോയി തിരിച്ചു വന്നിട്ടുള്ളവർ മാത്രം ഉത്തരം പറയട്ടെ)? സത്യത്തിൽ മത ചട്ടക്കൂടുകൾ കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമാക്കുകയാണ്.

ഹിന്ദുവെന്ന് പറയപ്പെടുന്ന കൂട്ടത്തിലുള്ള / മതത്തിലുള്ള, അതിൽ മാത്രം സന്നിഹിതമായിട്ടുള്ള ഓരോരുത്തർക്കും അവരവർക്ക് ഇഷ്ടമുള്ള തരത്തിൽ പ്രവർത്തിക്കാൻ അനുവദിക്കുന്ന, തെറ്റാണെന്ന് തോന്നുന്ന കാര്യങ്ങളെ ചോദ്യം ചെയ്യാൻ അനുമതി നൽകുന്ന, മത പൗരോഹിത്യം ഇടപെടാത്ത, ചിന്താ സ്വാതന്ത്ര്യമുള്ള ഒരു രീതിയെ നശിപ്പിച്ച്, എന്തിനാണ് അതിനൊരു കാഠിന്യമുള്ള ചട്ടക്കൂട് ഉണ്ടാക്കുന്നത്‌? ഈ ലോകത്ത് ജനിക്കുന്നവരൊക്കെയും ഒരു മതവുമില്ലാതെയാണെന്നാണ് എന്റെ സങ്കൽപം. നമ്മൾ ജീവിച്ചുപോന്ന ആ ജീവിതശൈലി, പൂർണ്ണമായും സ്വതന്ത്രവും, ചിന്താ സ്വാതന്ത്ര്യവും, കർമ്മ സ്വാതന്ത്ര്യവും തരുന്നതുമായിരുന്നു. അതിന്റെ സുഖം ഒന്ന് വേറെത്തന്നെയാണ്‌. അതുകൊണ്ട് തന്നെ ആ ജീവിതശൈലി സ്വീകരിക്കുവാൻ ഒരു ആരോഹണച്ചടങ്ങിന്റേയോ (ഇതുവരെ ഉണ്ടായിരുന്നില്ല) പരിവർത്തനച്ചടങ്ങിന്റേയോ ആവശ്യമില്ല.  ഇനി 'ഹിന്ദു'ക്കൾക്കും എല്ലാ തിങ്കളാഴ്ചയും അമ്പലത്തിൽ പോകണമെന്നും, മാസാമാസം 'ഡൊണേഷന്‍' കൃത്യമായി കിട്ടിക്കൊള്ളണമെന്നുമൊക്കെയുള്ള നിയന്ത്രണങ്ങൾ വന്നാൽ നമ്മളൊക്കെ ജനിച്ചിട്ടില്ലെന്ന് പറയേണ്ടിവരും. പൗരോഹിത്യം പറയുന്നതെന്തും തൊണ്ട തൊടാതെ വിഴുങ്ങാൻ മൂഡ്ഡന്മാർക്ക് മാത്രമേ പറ്റൂ.

പിന്നെ വയലാർ രാമവർമ്മ പാടിയത് പോലെ സംഭവിക്കുകയാണ്:
"മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു... മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു... മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി ഈ മണ്ണ് പങ്കു വച്ചു..."
ഇന്നത്തെ എല്ലാ മതങ്ങളിലും കൊള്ളരുതായ്മകളുണ്ട്. എല്ലാ പ്രഖ്യാപിത മതങ്ങളും സ്ത്രീകൾക്ക് പലവിധത്തിലുള്ള വിലക്കുകൾ എർപ്പെടുത്തുന്നു. മതങ്ങൾ മനുഷ്യമനസ്സിൽ മതിലുകൾ സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. ആ മതങ്ങൾക്കുള്ളിൽ മാത്രം നല്ലത് കണ്ട്, അതിന്റെയുള്ളിൽ മാത്രം ഒതുങ്ങിക്കൊണ്ട് ഓരോ മത വിശ്വാസിയും ഒരോ കൂപമണ്ടൂകമായി മാറുന്നു. മതങ്ങളുടെ ചട്ടക്കൂടുകളില്ലാതെ സ്വതന്ത്രമായി ചിന്തിക്കുന്ന സമൂഹമാണ് ഇന്നത്തെ ആവശ്യം. ആഗോളവൽക്കരണത്തിന്റേതായ ഇക്കാലത്ത്, എല്ലമതങ്ങളിലെയും നല്ല കാര്യങ്ങളെ സമന്വയിപ്പിച്ച് എല്ലാ മനുഷ്യന്മാർക്കും ഒരൊറ്റ 'പ്രോട്ടോക്കോൾ' ഉണ്ടാക്കി, 'മനുഷ്യമതം' മാത്രം ഉണ്ടാവേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. മതങ്ങളുണ്ടാക്കുന്ന പാരതന്ത്ര്യത്തെക്കാൾ നല്ലത് മതമില്ലാതെ വെറും പച്ചമനുഷ്യനായി ജീവിക്കുന്നതാണ്. മനുഷ്യനെ വെള്ളം തളിച്ചും, തൊലി മുറിച്ചും, തലപ്പാവ് കെട്ടിയും, കാവിയുടുപ്പിച്ചും മറ്റെന്തോ ആക്കി മാറ്റിയെന്ന ചിന്താഗതിയുണ്ടാക്കി,  ചില്ല് കൊട്ടാരത്തിലിരുന്ന് നേട്ടം കൊയ്യുന്ന പ്രമാണിമാരെ തിരിച്ചറിയുക. മനുഷ്യന് വേണ്ടത്, മനുഷ്യരുടെ ഇടയിൽ ഇറങ്ങിച്ചെന്ന് മനുഷ്യനെന്ന രീതിയിലുള്ള ഉന്നമനത്തിന് വേണ്ടി പ്രവർത്തിക്കുന്ന ഗുരുത്വമുള്ള ചിന്തകരെയാണ്. അവരൊരിക്കലും പ്രമാണിമാരാകില്ല, സ്വാർത്ഥലാഭേച്ഛയുള്ള പുരോഹിതരാകില്ല. .

മധുസൂദനൻ നായരുടെ വരികൾ കടമെടുത്താൽ "ഒക്കെ വെറുമൊരു ഭ്രാന്തന്റെ സ്വപ്നം... നേര് നേരുന്ന താന്തന്റെ സ്വപ്നം.."

മതങ്ങളെ ആവശ്യമുള്ളവരും വിവരാന്വേഷകരും മാത്രം മതങ്ങളെപ്പറ്റി പഠിക്കട്ടെ. മതങ്ങളെ നിർബന്ധിച്ച് അടിച്ചേല്പിക്കാതിരിക്കുക. കുട്ടികൾക്ക്  വളരെ ചെറുപ്പത്തിൽത്തന്നെ മതങ്ങളുടെ മസ്തിഷ്കപ്രക്ഷാളനം എൽപ്പിക്കുന്നതിന് പകരം, ആവശ്യമുണ്ടെങ്കിൽ പ്രായപൂർത്തിയായാൽ മാത്രം സ്വയം മതം തിരഞ്ഞെടുക്കാനുള്ള സ്വാതത്ര്യം കൊടുക്കുക. മതങ്ങളുടെ പേരിൽ കൊടുക്കപ്പെടുന്ന ഡിഗ്രികൾ നിർത്തലാക്കുക. ഒരു മതത്തിലെ ജന്മത്തിന്റെ പേരിൽ വിവരം ഉണ്ടാകില്ല. വിവരദോഷത്തിന് മതവുമില്ല !

"വെറുതെയീ മോഹങ്ങളെന്നറിയുമ്പൊഴും വെറുതേ മോഹിക്കുവാൻ മോഹം"

ഈ ലേഖനം, ഇ-മലയാളിയിൽ വായിക്കാം.
*****

2014 ഡിസംബർ 15, തിങ്കളാഴ്‌ച

സന്തോഷ് പണ്ഡിറ്റിനുള്ളത് കഴിവോ കഴിവ്കേടോ ?

ഇക്കഴിഞ്ഞ ദിവസം ഉച്ചഭക്ഷണത്തിന് ഞങ്ങൾ, കുറച്ച് മലയാളി സുഹൃത്തുക്കൾ ഒരു ഭാരതീയ ഭക്ഷണശാലയിൽ പോയി. അവിടെ വച്ച് എന്തൊക്കെയോ ചർച്ച ചെയ്യുന്നതിനിടയിൽ, ചർച്ച, പൊടുന്നനെ സന്തോഷ് 'പണ്ഡിറ്റ്‌' എന്ന കേരളത്തിലെ ഇന്നത്തെ ഒരു 'പ്രതിഭാസത്തിന്റെ' മേലെ ആയി. അതിൽ ഞാനൊഴികെ എല്ലാവരും, ആ ഭോജനശാലയിലെ തിരക്കിനെ മാനിച്ചത് കൊണ്ടോ, അവരുടെ സഭ്യത അനുവദിക്കാത്തത് കൊണ്ടോ എന്നറിയില്ല, പണ്ഡിറ്റിനെ 'തെറി' പറഞ്ഞില്ല എന്നേയുള്ളൂ. പക്ഷേ, അവരുടെ ഓരോ വാക്കിലും ഓരോ വാചകത്തിലും പണ്ഡിറ്റിനോടുള്ള അവരുടെ ഉള്ളിൽത്തട്ടിയുള്ള ആത്മരോഷം പ്രകടമായിരുന്നു. ചർച്ചയിൽ ഞാൻ തീർത്തും ഒറ്റപ്പെട്ടുപോയി എന്ന് തെളിച്ച് പറയേണ്ടതില്ലല്ലോ. അതെ, ഞാൻ 'ഏകദേശം' സന്തോഷ് പണ്ഡിറ്റിന്റെ ഭാഗത്തായിരുന്നു.

സന്തോഷ് പണ്ഡിറ്റിന്റെ ആദ്യ സിനിമയായ 'രാധയും കൃഷ്ണനും' ആദ്യത്തെ ഒരു പത്ത് മിനുട്ട് ഞാൻ കണ്ടിട്ടുണ്ട് (അതിനപ്പുറം കാണാൻ മനസ്സനുവദിച്ചില്ല). കൂടാതെ അദ്ദേഹത്തെപ്പറ്റി പത്രങ്ങളിൽ വരുന്ന വാർത്തകളും അദ്ദേഹത്തിന്റെ നാലഞ്ച്  അഭിമുഖങ്ങളും ഒന്ന് രണ്ട് പാട്ടുകളും എന്റെ ശ്രദ്ധയിലൂടെ പോയിട്ടുണ്ട്.  മിക്കതും അവിചാരിതമായി ശ്രദ്ധയിൽ പെടുന്നതാണ്. ഇത്രയൊക്കെയേ പണ്ഡിറ്റിനെക്കുറിച്ച് എനിക്കറിയൂ. 

സന്തോഷ്‌ പണ്ഡിറ്റിന് ആകെ മൊത്തം പ്രാന്താണെന്നും അദ്ദേഹത്തെ ഭ്രാന്താശുപത്രിയിലാക്കണമെന്നും ഒരാൾ രോഷം കൊണ്ടു. ഇങ്ങനെയും സിനിമകൾ ഉണ്ടാക്കാമോ? അദ്ദേഹം എടുക്കുന്നത് സിനിമയാണോ? അതിലെന്തെങ്കിലും കഥയുണ്ടോ? ഇങ്ങനെ പോകുന്നു അദ്ദേഹത്തിന്റെ വാദഗതികൾ.

നമ്മളെല്ലാവരും, അവനവന്റെ ബുദ്ധിക്കും, പിന്നെ കുറച്ച് സാമാന്യബുദ്ധിക്കും താരതമ്യം ചെയ്താണല്ലോ മറ്റുള്ളവന്റെ ബുദ്ധിയെക്കുറിച്ച് അഭിപ്രായം പറയുക. അങ്ങനെ ചിന്തിച്ചാൽ അവനവൻ ഒഴികെ ഒരുമാതിരി മറ്റുള്ള എല്ലാവർക്കും പ്രാന്തായിരിക്കും. കുറച്ച് ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുമെന്നേയുള്ളൂ. അവനവന്റെ ചിന്താഗതിക്ക് അടുത്ത് നില്ക്കുന്നവരുമായി ചങ്ങാത്തവും ബന്ധവും ഉണ്ടാകും എന്ന് മാത്രം.

എന്റെ അഭിപ്രായത്തിൽ പണ്ഡിറ്റിന്റെ സിനിമയിൽ കുറച്ചൊക്കെ കഥയും, പാട്ടിൽ കുറച്ചൊക്കെ പാട്ടും ഒക്കെയുണ്ട്. പക്ഷേ പാട്ട് ഈണമൊത്തതാണോ, പണ്ഡിറ്റ് തന്നെ എന്തിന് പാടുന്നു, കഥയിൽ ഒഴുക്കുണ്ടോ, അർത്ഥസമ്പുഷ്ടമാണോ എന്നതൊക്കെ വേറെകാര്യം. എന്തായാലും അദ്ദേഹം പുറത്തിറക്കുന്ന ഓരോ ഉൽപ്പന്നവും സുസൂക്ഷ്മം കാണുന്ന / വിലയിരുത്തുന്ന ഒരു കൂട്ടം ആളുകൾ നമ്മുടെ ഇടയിലുണ്ട് എന്നത് ഒരു യാഥാർത്ഥ്യമാണ്. കാരണം അത്തരം ആളുകൾക്ക് വേണ്ടിത്തന്നെയാണ് പണ്ഡിറ്റ് ചില സംഭവങ്ങൾ പടച്ചു വിടുന്നത്. അങ്ങനെ പടച്ച് ഉണ്ടാക്കി വിടുന്നത് കാണുവാൻ ആളുകൾ ഉള്ളിടത്തോളം അദ്ദേഹം ഈപ്പണി തുടർന്ന് കൊണ്ടേയിരിക്കും.

അങ്ങനെ പറഞ്ഞപ്പോഴാണ്  രണ്ടാമത്തെ സുഹൃത്ത് പറഞ്ഞത്, ഈ ആളുകളൊക്കെ പോകുന്നത് സന്തോഷ് പണ്ഡിറ്റിനെ കൂകി വിളിച്ച് തെറിയഭിഷേകം ചെയ്യാനാണ് എന്ന്. മോഹൻലാലിന്റെ സിനിമ കണ്ട് തെറിയഭിഷേകം ചെയ്യാൻ പറ്റില്ലത്രേ.

അപ്പോൾ എനിക്ക് വീണ്ടും സംശയം. ഈ പോകുന്ന ആളുകൾക്കാണോ പ്രാന്ത് അതോ സന്തോഷ് പണ്ഡിറ്റിനോ? തെറിയഭിഷേകം ചെയ്യാൻ ആളുകൾക്കെന്താ മുട്ടി നില്ക്കുകയാണോ? എനിക്ക് തോന്നുന്നു, ഈ തരത്തിലുള്ള കാണികളുടെ ചിന്താവൈകൃതം മുതലെടുക്കുകയാണ് സന്തോഷ് പണ്ഡിറ്റ് ചെയ്യുന്നത്. ഭൂരിപക്ഷം ആളുകളും അതു ആസ്വദിക്കുന്നുണ്ടോ എന്നുകൂടി എനിക്ക് സംശയം ഉണ്ട്. അത് കൊണ്ടാണല്ലോ എല്ലാ ദൃശ്യ / അച്ചടി മാധ്യമങ്ങളിലും സന്തോഷ് പണ്ഡിറ്റിനെ കുറിച്ചുള്ള അഭിമുഖങ്ങളും ഫീച്ചറുകളും വാർത്തകളും ഒക്കെ വെണ്ടക്കാ വലുപ്പത്തിൽ വരുന്നത്. ആളുകൾ കാണാനും വായിക്കാനും താൽപര്യപ്പെടാത്ത കാര്യങ്ങൾ മാധ്യമങ്ങൾ വിളമ്പിക്കൊണ്ടേയിരിക്കുമോ? സുപ്രസിദ്ധ നടി ഉർവ്വശിപോലും പണ്ഡിറ്റുമായി അഭിമുഖം നടത്തുന്നതുവരെയെത്തിരിക്കുന്നു കാര്യങ്ങൾ. 

അപ്പോൾ മൂന്നാമത്തെ സുഹൃത്ത് ഉദാഹരണ സഹിതം വേറൊരു കാര്യം പറഞ്ഞു:

"സാധാരണ രണ്ടു കാലുകളും രണ്ടു കൈകളും ഉള്ള ഒരു കുഞ്ഞ് പിറന്നാൽ അതൊരു സാധാരണ സംഭവമായതുകൊണ്ട് ആളുകൾ ആ കുഞ്ഞിനെ കാണാൻ തിക്കിത്തിരക്കില്ല. മറിച്ച് നാല് കയ്യും രണ്ട് തലകളുമായി ഒരു ചാപിള്ള പിറന്നാൽ അതിനെ കാണാൻ ആളുകൾ തിരക്ക് കൂട്ടില്ലേ? അതുപോലെയാണ് പണ്ഡിറ്റ് പടച്ചു വിടുന്ന ഉൽപന്നങ്ങൾ കാണാൻ ആളുകൾ തടിച്ചു കൂടുന്നത്"

തീർച്ചയായും ഒറ്റനോട്ടത്തിൽ വളരെ ന്യായമുള്ള ഒരു കാര്യം. പക്ഷേ ഈ പറഞ്ഞതുപോലുള്ള ചാപിള്ളകൾ ആരും അറിയാതെ അല്ലെങ്കിൽ കരുതിക്കൂട്ടിയല്ലാതെ ജന്മമെടുക്കുന്നതാണ്. പക്ഷേ പണ്ഡിറ്റ്, അദ്ദേഹമിറക്കുന്ന സിനിമകളും മറ്റു ചാനൽ ഉൽപന്നങ്ങളും ഒക്കെയുണ്ടാക്കുന്നത് കരുതിക്കൂട്ടിയാണ്. അവിടെയാണ് വ്യത്യാസം. അദ്ദേഹം ഒരു വിഭാഗം ജനത്തിന്റെ 'സൈക്കോളജി' അറിഞ്ഞിട്ട് തന്നെ ചെയ്യുന്നതാണെന്ന് അദ്ദേഹം തന്നെ ഒരു അഭിമുഖത്തിൽ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. അദ്ദേഹം ഇപ്പോൾ ഒരു യുട്യൂബ് ചാനൽ തുടങ്ങി അതിലൂടെ 'ടോക്ക് ഷോ' യും നടത്തുന്നുണ്ടെന്ന് കേട്ടു. മാത്രവുമല്ല, അതിന് ആയിരക്കണക്കിന് 'ഹിറ്റും' കിട്ടുന്നുണ്ടെന്ന് പത്രത്തിൽ വായിച്ചു. ഇതിന്റെയൊക്കെ അർത്ഥം എന്താണ്? ഈ പൊട്ടൻ കളി കൊണ്ട് അദ്ദേഹം പണം സമ്പാദിക്കുന്നു. ആളുകളെ കൂടുതൽ കൂടുതൽ പൊട്ടൻമാരാക്കിക്കൊണ്ടിരിക്കുന്നു.

അപ്പോൾ ദേ നാലാമൻ:

"സന്തോഷ് 'പണ്ഡിറ്റ്' ചെയ്യുന്നതൊക്കെ ഒരു തരം negative സംഭവങ്ങളാണ്. അദ്ദേഹത്തിന്റെ പ്രചാരം ഒരുതരം കുപ്രസിദ്ധിയാണ്"

ആ അഭിപ്രായത്തോട് കുറച്ചെങ്കിലും യോജിക്കാമെന്ന് എനിക്കും തോന്നി. 'നെഗറ്റീവ്' സംഖ്യയും 'പോസിറ്റീവ്' സംഖ്യയും സംഖ്യ തന്നെയാണല്ലോ? സംഖ്യ താഴോട്ടോ മേല്പോട്ടോ എന്ന വ്യത്യാസമല്ലേ ഉള്ളൂ. അത് പോലെ കരയിലേക്ക് വലിച്ച് കയറ്റാനും വെള്ളത്തിലേക്ക് തള്ളിയിടാനും ഉപയോഗിക്കുന്നത് 'ശക്തി' തന്നെയാണല്ലോ? ഈത്തരുണത്തിൽ ഇവിടെ പ്രസിദ്ധിയും കുപ്രസിദ്ധിയും ഉണ്ടാകാം. രണ്ടായാലും ഒരുതരത്തിലല്ലെങ്കിൽ വേറൊരുതരത്തിൽ പ്രസിദ്ധമാണെന്നതിന് തർക്കമില്ല.

നമ്മുടെ ഇടയിലുള്ള ചില 'പണ്ഡിറ്റ്' വിമർശകരായ മഹാനടന്മാരുടെയൊക്കെ ആദ്യകാല സിനിമകൾ എടുത്താൽ സന്തോഷ്‌ പണ്ഡിറ്റിന്റെ സിനിമയുടെ നിലവാരം ഒക്കെയേ കാണൂ. അവിടെ ആ അഭിനേതാക്കൾ, വെറും അഭിനയം എന്ന ഭാഗത്ത് മാത്രമേ ശ്രദ്ധിക്കേണ്ടതുള്ളൂ. എന്നാൽ നമ്മുടെ 'പണ്ഡിറ്റ്' ഒരു സിനിമയുടെ എല്ലാ ഭാഗങ്ങളിലും കൈവെക്കുന്നു. നിലവാരം എന്തോ ആയിക്കൊള്ളട്ടെ. പക്ഷേ അത് കാണാൻ ആളുകളുണ്ടാവുന്നു, കണ്ടവർ തന്നെ വീണ്ടും വീണ്ടും കാണുന്നു (മോശമാണെങ്കിൽ ഒരു തവണ കണ്ടാൽ പോരേ?), വീണ്ടും വീണ്ടും വിമർശിക്കുന്നു. സങ്കോചം ഒട്ടുമേ കൂടാതെ പണ്ഡിറ്റ് വീണ്ടും വീണ്ടും പഴയ കാര്യങ്ങൾ പുതിയ പേരിൽ ഇറക്കിക്കൊണ്ടിരിക്കുന്നു. 

ഉടനെ ഒന്നാമൻ രോഷം കൊണ്ട് ഒന്ന് കൂടി കനത്ത് പറഞ്ഞു: 

"നീ ഇങ്ങനെയൊക്കെ സംസാരിക്കുന്നത് കഷ്ടമാണ്. കഥകളും പാട്ടുകളും എഴുതുന്ന, കെ എ ജി ഡബ്ല്യൂ വിന്റെ ആശയഗാനം എഴുതിയ നീ തന്നെയാണോ ഇങ്ങനെയൊക്കെ പറയുന്നത്? നിന്റെ കഴിവിലും നിന്റെ ചിന്താരീതികളിലും ഞങ്ങൾക്ക് ഇപ്പോൾ സംശയം തോന്നുന്നു..."

"പടച്ചോനെ".... ഇനിയെന്താ പറയുക? ഇനി പറഞ്ഞാൽ സംഗതി വഷളാകുമോ?

അതിലിടയ്ക്ക് താരതമ്യേന വാക്ശരങ്ങൾ കുറച്ച് ഉപയോഗിച്ചിരുന്ന നാലാമൻ, ability - കഴിവ്/പ്രാപ്തി, talent - പ്രതിഭ/പ്രാഗൽഭ്യം/നിപുണത എന്ന ആംഗലേയ പദങ്ങളുടെ അർത്ഥവ്യത്യാസങ്ങൾ നിരത്തി. 

ശരിയാണ്. ability ഉള്ളവനേ talent ഉണ്ടാവുകയുള്ളൂ. പക്ഷേ ability ഉള്ള എല്ലാവർക്കും talent ഉണ്ടാവണമെന്നുമില്ല. അങ്ങനെയാണെങ്കിൽ 'മിസ്റ്റർ സന്തോഷ് പണ്ഡിറ്റി'ന് എന്തോ ഒരു ability ഉണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു. ഒന്നുകിൽ പൊട്ടനായി അഭിനയിച്ച് ആളുകളെ പൊട്ടന്മാരാക്കാനുള്ള ability, അല്ലെങ്കിൽ അതിബുദ്ധി കാട്ടി പൊട്ടന്മാരെ ആകർഷിക്കാനുള്ള ability. ഇതൊന്നുമല്ലെങ്കിൽ സ്വയം പൊട്ടനായതിന്റെ പരമാവധി വ്യാപ്തി ഉപയോഗിക്കാൻ കഴിയുന്നതിനുള്ള ability. 

എന്തായാലും പണ്ഡിറ്റ്‌ ഇന്നത്തെ നിയമാനുസൃതമായ വ്യവസ്ഥാപിത മാർഗ്ഗങ്ങളിൽ നിന്നുകൊണ്ട് തന്നെയാണ് പണം സമ്പാദിക്കുന്നത്. അദ്ദേഹം ഒന്നും കട്ടെടുക്കുന്നില്ല. അദ്ദേഹം ഒരിക്കലും ആരുടേയും വാതിൽ തുറന്ന് വന്ന്, 'ദാ... എന്നെ കണ്ടോളൂ, എന്റെ സിനിമ നോക്കിക്കോളൂ' എന്നൊന്നും പറഞ്ഞിട്ടില്ല. ഇങ്ങനെയൊക്കെയായിട്ടും അദ്ദേഹത്തിൻറെ സിനിമയിൽ സഹായിക്കാനും അഭിനയിക്കാനും ആളുകൾ പോകുന്നുണ്ട്, അവർക്ക് പരാതികളില്ലാത്തവണ്ണം, പണ്ഡിറ്റ് അവർക്ക് കൂലിയും കൊടുക്കുന്നുണ്ടാവണം. എല്ലാവരും ഒഴിവാക്കിയാൽ, അദ്ദേഹം തനിയേ പണി നിർത്തിക്കൊള്ളും അല്ലെങ്കിൽ മാറി ചിന്തിച്ചുകൊള്ളും. അപ്പോൾ പണ്ഡിറ്റ്‌  ചെയ്യുന്നത് മോശമാണെന്ന് അഭിപ്രായമുള്ളവർ അദ്ദേഹത്തെ ഒഴിവാക്കി മുന്നേറുക! അല്ലാതെ കണ്ടുകൊണ്ടിരിക്കുകയും ചീത്ത പറഞ്ഞുകൊണ്ടിരിക്കുകയുമല്ല വേണ്ടത്. 

എന്തായാലും ഈയൊരു ചർച്ച കൊണ്ട് സുഹൃത്തുക്കളുടെ ഇടയിൽ ഞാൻ പൊട്ടനായത് മിച്ചം! 


*****

2014 ഡിസംബർ 14, ഞായറാഴ്‌ച

ചുംബനം കൊണ്ട് അമ്മാനമാടണോ?

(ചുവടെയുള്ള അഭിപ്രായങ്ങൾ എന്റേത് മാത്രമാണ്. ഒരു പൊതുവിഷയത്തിലെ എന്റെ ചിന്തകളുടെ പ്രകടനം മാത്രം. തീർച്ചയായും ഒരു സംവാദമല്ല.)

ഇപ്പോൾ നമ്മുടെ 'സംസ്കാരസമ്പന്നമായ' കേരളത്തിൽ അവസാനമായി അല്ലെങ്കിൽ ഏറ്റവും ഒടുവിലത്തെ വിവാദവിഷയനാടകം ആണല്ലോ 'ചുംബനം'. എങ്ങനെ ചുംബിക്കാം, ആർക്കൊക്കെ ചുംബിക്കാം, എവിടെ വച്ചൊക്കെ ചുംബിക്കാം, എവിടെയൊക്കെ ചുംബിക്കാം.. അങ്ങനെ പോകുന്നു ആചാരക്കാരും സദാചാരക്കാരും തമ്മിലുള്ള വാഗ്വാദങ്ങളുടെ പട്ടിക. 

സത്യത്തിൽ ചുംബനത്തിന് ഇത്രയും ശക്തിയുണ്ടെന്നും ഇതൊരു വളരെ വലിയ സംഭവമാണെന്നും മനസ്സിലാവുന്നത് ഇപ്പോഴാണ്. അതിന്റെ വലുപ്പം മനസ്സിലാക്കാതെയാണോ ഇതുവരെ, വേണ്ടപ്പെട്ടവരെയൊക്കെ ചുംബിച്ചതെന്ന് തോന്നിപ്പോകുന്നു. ഇതുവരെ ചുംബനം എന്നത് ഇത്ര ആലോചിച്ച് ചെയ്യേണ്ട ഒരു പ്രവൃത്തിയാണെന്ന് തോന്നിയിരുന്നില്ല. 

പരസ്യമായ ചുംബനം ഒരു തെറ്റാണെന്ന് തോന്നുന്നില്ല. അതിലെ തെറ്റും ശരിയും ആര്, എവിടെ, എങ്ങിനെ എപ്പോൾ ചെയ്യുന്നു എന്നതിന് അനുസരിച്ചിരിക്കും എന്ന് ഞാൻ കരുതുന്നു. തെരുവിലെ ചുംബനം എന്നൊക്കെ വിളിച്ച് ചുംബനത്തിന്റെ മാധുര്യം കളയരുത്.
ഒരു അച്ഛൻ മക്കളെയോ, ഒരു ഭർത്താവ് ഭാര്യയെയോ, മക്കൾ അച്ചനമ്മമാരെയോ, ഭാര്യ ഭർത്താവിനേയോ ഒന്ന് കവിളിലോ മൂർദ്ധാവിലോ ഒന്ന് പൊതു സ്ഥലത്ത് വച്ച് ചുംബിച്ചാൽ അത് എങ്ങനെ തെറ്റാകും? അതും പോകട്ടെ കാമുകീകാമുകന്മാർ തന്നെ പരസ്പരം ഒന്ന് കവിളിൽ ചുംബിച്ചാൽ എന്താണ് തെറ്റ്? കൌമാരക്കാർ തമ്മിൽ ചുംബിക്കുന്നത് ആർക്കും കണ്ടുകൂടാ എന്ന് തോന്നുന്നു. ഇതാണ് സദാചാരക്കാരുടെ ഹാലിളക്കുന്നത്. കൌമാരക്കാർക്കെന്താ ചുംബിച്ചു കൂടെ? ഇങ്ങനെ മാന്യമായി ചുംബിച്ചാൽ നമ്മുടെ സദാചാരപ്പോലീസും ഒന്നും ചെയ്യില്ലെന്നാണ് എനിക്ക് തോന്നുന്നത്. കാരണം അവര്ക്കും അമ്മ പെങ്ങന്മാരും കാമുകിമാരും ഒക്കെ ഉണ്ട് എന്നുള്ളത് തന്നെ. ചുംബനം എന്നത് ഒരു സാമാന്യ വികാരം തന്നെയാണ്. പക്ഷേ ഒരു അലിഖിത പരസ്പര സമ്മതം ആവശ്യവുമാണ്. 

ഇതൊക്കെ വായിക്കുന്നവരും എന്നെ അറിയുന്നവരും ചോദിക്കും 'അപ്പൊ പിന്നെ നിന്റെ ഭാര്യയോ, അമ്മയോ, നിന്റെ മക്കളോ ഒക്കെ ആരെയെങ്കിലും കേറിയങ്ങ് ചുംബിച്ചാൽ നിനക്ക് ഒന്നും തോന്നില്ലേ, എന്ന്'. സത്യത്തിൽ ദുഃഖം തോന്നുമെങ്കിലും ഞാൻ സങ്കടപ്പെട്ടിട്ട് എന്താണ് കാര്യം? ഓരോരുത്തരും അവരവരുടെ ഔചിത്യത്തിന് കാര്യങ്ങൾ ചെയ്യട്ടെ. എല്ലാവർക്കും നല്ല ഔചിത്യബോധം ഉണ്ടാകുവാൻ ആഗ്രഹിക്കാനേ നമുക്ക് പറ്റൂ. മക്കൾക്ക് നല്ല കാര്യങ്ങൾ ചെയ്യാനുള്ള നിർദ്ദേശങ്ങൾ കൊടുക്കാനും അതിന് അവരെ പ്രാപ്തരാക്കാനും വേണ്ടി എനിക്ക് ശ്രമിക്കാം. അവർക്ക് ഇഷ്ടപ്പെട്ടവരെ, ഒന്ന് അവരുടെ കവിളിൽ ചുംബിച്ചു എന്ന് വച്ച് എന്റെ മനഃസ്സമാധാനം നഷ്ടപ്പെടില്ല. നാളെ ആരെയെങ്കിലും കേറിയങ്ങ് ചുംബിച്ച് കളയുമോ എന്നാലോചിച്ച് ഇപ്പഴേ സങ്കടപ്പെടാനും വയ്യ.

പ്രശ്നം ഇതൊന്നും അല്ല. ഒരു തരം ഉന്മാദാവസ്ഥയിൽ കെട്ടിപ്പിടിച്ച് വരിഞ്ഞുകെട്ടി പുളഞ്ഞ് മലക്കം മറിഞ്ഞ് കാണിക്കുന്ന, നാട്ടുകാർക്ക് 'അയ്യേ' എന്ന് പറയാൻ തോന്നുന്ന ചുംബനാഭാസങ്ങളാണ് അനുവദിച്ചുകൂടാത്തത്. സഖാവ് പറഞ്ഞ മാതിരി, കിടപ്പറയിലെ 'സീൻ' തെരുവിലാക്കരുത്. ചുംബനം എന്നത് 'ഫ്രഞ്ച് സ്റ്റൈലി' ൽ ത്തന്നെ വേണമെന്നും പരിസരബോധം നഷ്ടപ്പെടണമെന്നും അതൊരു അഞ്ച് പത്ത് മിനുട്ട് നീണ്ട് കിടക്കുന്നതാവണമെന്നും വാശിയുണ്ടെങ്കിൽ ആരും കാണാതെ ചെയ്യുക.  ഇന്നത്തെ യുവതലമുറ ഇതൊക്കെ മനസ്സിലാക്കേണ്ടിയിരിക്കുന്നു. ഈത്തരം ആഭാസങ്ങളെ അടിച്ചൊതുക്കുകതന്നെ വേണം. യുവതലമുറ രാജ്യത്തിന്റെ ഭാവിക്കും സമൂഹ നന്മക്കും വേണ്ടി പ്രവർത്തിക്കട്ടെ. ഈ വിഷയത്തേക്കാൾ പ്രാധാന്യമുള്ള, ജനനന്മയ്ക്ക് വേണ്ടിയുള്ള എത്രയോ വിഷയങ്ങൾ നമ്മുടെ നാട്ടിൽ വേറെയുണ്ട്. 

നാം എല്ലാവരും മാറേണ്ടിയിരിക്കുന്നു. ചുംബനം തീരെ തെറ്റാണെന്ന് പറയുന്നതും, മാന്യമായി ഒരു സാമാന്യ വികാരത്തോടെ ചുംബിക്കുന്നത് (അത് ഒരു പൊതു സ്ഥലത്ത് വച്ചാണെങ്കിലും) അനുവദിക്കില്ലെന്ന് പറയുന്നതും തെറ്റാണ്. അതുപോലെ, വികാരം കൂടി എന്തോ കീഴടക്കണം എന്ന വികാരത്തോടെ, മറ്റുള്ളവന് വൈകൃതമായിത്തോന്നുന്ന തരത്തിൽ ചുംബിക്കുന്നതും, സമരാഭാസത്തിനിറങ്ങുന്നതും തെറ്റാണ്. സമരം മോശമാണെന്നല്ല. ആവശ്യത്തിന് സമരം നല്ല രീതിയിൽ ചെയ്യണം.


എന്തായാലും ഈ നടന്ന നാടകങ്ങൾ മനുഷ്യരുടെ കണ്ണ് തുറപ്പിക്കാനും കാര്യങ്ങൾ ഒന്ന് പുനർവിചിന്തനം ചെയ്യാനും ഉപകരിച്ചു എന്നുള്ളത് നാടകത്തിന്റെ ഒരു നല്ല വശം. പക്ഷേ ഇതൊക്കെ നല്ല രീതിയിൽ മനസ്സിലാക്കുമോ? നാടകം എപ്പഴെങ്കിലും അവസാനിക്കുമോ? 

എന്തിരൻ (മൈം)

 2014 ഡിസംബർ 13 ന് വാഷിംഗ്റ്റണ്‍ ഡി സി യിൽ വച്ച് നടന്ന കെ എ ജി ഡബ്ല്യു - കെ സി എസ് സംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ നടന്ന ക്രിസ്തുമസ് പരിപാടികളുടെ ഭാഗമായി ഞങ്ങൾ സുഹൃത്തുക്കൾ ഒരുക്കിയ ഒരു മൈം കലാരൂപം.

ആശയം, തിരക്കഥ, സംവിധാനം: സാജു കുമാർ

അരങ്ങത്ത്: ശ്രീജിത്ത്‌ നമ്പ്യാർ(തൊഴിൽ ദായകൻ), പ്രബീഷ് പിള്ള (മുഖ്യ തൊഴിലാളി), സാജു കുമാർ(തൊഴിലാളി) എന്നിവരെ കൂടാതെ ഞാനും(യന്ത്ര മനുഷ്യൻ).



'ടൈപ്പ്' ചെയ്യപ്പെട്ട സ്ഥിരം പരിപാടികളിൽ നിന്ന് ഒരു വ്യത്യസ്തതയ്ക്ക് വേണ്ടി ഒരുക്കിയ ഈ പരിപാടി നിങ്ങൾ ആസ്വദിക്കുമെന്ന് കരുതട്ടെ. ഞങ്ങളുടെയൊക്കെ അഭിപ്രായങ്ങൾ കണക്കിലെടുക്കുമെങ്കിലും, സാജു കുമാറിന്റെ സംവിധാന വീക്ഷണകോണിന്റെ ആഴം വിളിച്ചറിയിക്കുന്നതായിരുന്നു ഈയ്യൊരു സംരംഭം.