2022 ഏപ്രിൽ 29, വെള്ളിയാഴ്‌ച

കൈരളീ കിരണ്മയീ


മുകളിലുള്ള വീഡിയോ പ്രവർത്തിക്കുന്നില്ലെങ്കിൽ, നേരിട്ട് യൂട്യൂബ് വീഡിയോ കാണാൻ താഴെ അമർത്തുക: കൈരളീ കിരണ്മയീ

കൈരളീ കിരണ്മയീ
കേരകേദാരത്തിൻ കാദംബരീ
കേരളീയന്റെ കരളിലെയിരവിലായ്
കൈരവം വിരിയിക്കും സ്വർണ്ണാക്ഷരീ!

മാതൃവാണീ തവ മോഹനഭാഷ്യം
മുഴങ്ങട്ടെ കർണ്ണപടങ്ങളിലെന്നും
മലയാളമേ നിന്റെ കോമളഭാവം
മോദകമാവട്ടെ ഭാവിയിലെന്നും.

മരതകശോഭയിൽ ഹരിതാഭമാകും
ചാരുലതേ നിന്റെ ചരണപ്രകാശം,
പൂരപ്രഭയിലൊരായിരം വർണ്ണമായ്
കരിവീരരാജരാലാഘോഷിപ്പൂ!

കളരികൾ കൂത്തുകൾ കഥകളികൾ പിന്നെ
കളങ്ങളിൽ നിറയുന്ന പൂക്കളങ്ങൾ
കേരളനാടിന്റെ ആരാമഭംഗിയിൽ
കോരിത്തരിക്കുന്നു ലോകാന്തരംഗം!

 

2014 ൽ, വാഷിങ്ടൺ ഡിസിയിലെ മലയാളി സംഘടനയായ കേരള അസോസിയേഷൻ ഓഫ് ഗ്രേറ്റർ വാഷിംഗ്ടൺ (KAGW) ആവശ്യപ്പെട്ടിട്ടാണ് 'മലയാളമേ സ്വരരാഗമേ' എന്ന എന്റെ ആദ്യത്തെ മലയാളം / കേരളം വാഴ്ത്ത് പാട്ട് പിറക്കുന്നത്. അതിന് ശേഷം, 2020 ലെ കേരളപ്പിറവിക്കാണ് 'മലയാണ്മ' എന്ന രണ്ടാമത്തെ പാട്ട് പിറക്കുന്നത്. വാഷിങ്ടൺ ഡിസിയിലെ തന്നെ വേറൊരു പ്രമുഖ മലയാളി സംഘടനയായ കേരള കൾച്ചറൽ സൊസൈറ്റി ഓഫ് മെട്രോപൊളിറ്റൻ വാഷിംഗ്ടൺ (KCSMW) ന്റെ മലയാളം കളരി വിഭാഗത്തിലെ ഒരു അദ്ധ്യാപകൻ, അവരുടെ കളരിദിനാഘോഷത്തിന്റെ ഭാഗമായി ഒരു പാട്ടിന് പരതി നടക്കുമ്പോൾ, അദ്ദേഹം പരതി വശം കെടാതിരിക്കാൻ വേണ്ടി, ഒരു മണിക്കൂർ കൊണ്ട് എഴുതിക്കൊടുത്ത പാട്ടാണ് 'മലയാണ്മ'. അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം, മകൾ ദേവകി തന്നെ ആ പാട്ട് ആദ്യമായി പാടി. അതിന് ശേഷം എല്ലാ കേരളപ്പിറവിക്കും ഒരു പുതിയ പാട്ട് എഴുതി ദേവകിയെക്കൊണ്ട് പാടിക്കുന്നത് ഒരു ശീലം പോലെയായിത്തീർന്നു.  അങ്ങനെ 2021 ൽ എഴുതിയ പാട്ടാണ് 'പടച്ചോന്റെ ദേശം'. ആ ഒരു ശീലത്തിന്റെ ചുവട് പിടിച്ചാണ്, ഈ വർഷവും (2022) 'കൈരളീ കിരൺമയീ' എന്ന പുതിയപാട്ട് എഴുതാൻ നിയോഗമുണ്ടായത്. ഈ ശീലം എത്ര കാലം  തുടരാൻ കഴിയുമെന്ന് ഒരു നിശ്ചയവുമില്ല. എന്തായാലും അടുത്ത വർഷത്തേക്ക് പാട്ട് ഇപ്പഴേ തയ്യാറാണ്! ഈ 'കൈരളീ കിരൺമയീ' എന്ന പാട്ട് എല്ലാവർക്കും ഇഷ്ടപ്പെടുമെന്ന് കരുതുന്നു. അഭിപ്രായങ്ങൾ അറിയിക്കുക.
 
മേൽ പ്രതിപാദിച്ചിട്ടുള്ള പാട്ടുകളുടെ നേരിട്ടുള്ള യൂട്യൂബ് വീഡിയോ കാണാൻ, തെഴെയുള്ള ലിങ്കുകളിൽ അമർത്തുക:

***

2022 ഏപ്രിൽ 20, ബുധനാഴ്‌ച

അമ്പതമ്പമ്പമ്പോ!


അമ്പത് തുളുമ്പുമീ നമ്പറിൽ 
‘ഹമ്പട വമ്പാ’ എന്നോതുന്നു നൻപന്മാർ!
 
കമ്പും പിടിച്ച് തമ്പിലാവാതിരിപ്പാൻ 
കമ്പിളിക്കുള്ളിലായ് കൂമ്പാതിരിപ്പാൻ 
തൂമ്പാ പിടിച്ചും തുമ്പി പിടിച്ചും 
പമ്പരം കറക്കിയും മാമ്പഴം തിന്നും 
ഞരമ്പിലെ‌ നൊമ്പരം അറിയാതിരിക്കാൻ 
വെമ്പുന്ന പിൻപനായി ചിന്തിച്ചിരിപ്പു ഞാൻ !

***

അമ്പതാം പിറന്നാളിന്, എന്തോ ഭയങ്കര സംഭവം പോലെ കുറെയധികം അനുമോദന പ്രവാഹങ്ങൾ ഉണ്ടായിരുന്നു. ആ കൂട്ടത്തിൽ താഴെ കാണുന്ന തരത്തിലൊരു അനുമോദനവും വന്നു:

"അമ്പത് വെറുമൊരു നമ്പറാണെന്നറിയുന്ന
അമ്പത് പടി ചവിട്ടിയ അമ്പതുകാരനായ
നമ്പാവുന്ന സുഹൃത്തിന് അമ്പതിനായിരം
അമ്പതാം പിറന്നാൾ ആശംസകൾ"

മേല്പറഞ്ഞതിന് മറുപടിയായി, നിമിഷങ്ങൾ കൊണ്ട് തോന്നിയ കുറിപ്പാണ് ഈയൊരു കുഞ്ഞ് കവിത പോലൊരു സംഭവം 'മ്പ' കൊണ്ട് ഉണ്ടായിട്ടുള്ളത്!

അതിന് പിന്നെയും മറുപടി വന്നു:

Prasad Nair:
മുമ്പരാകാൻ വെമ്പുന്നവരുടെ  ലോകത്തിൽ 
പിമ്പനായിരുന്നു തുമ്പിയെ പിടിക്കുന്ന അമ്പതുകാരാ, 
മുമ്പിലേക്ക് വന്ന് അമ്പതിലും മുമ്പൻ താനെന്ന് 
ഇമ്പമോടെ ചൊല്ലുകിൽ പിമ്പർക്ക് മുമ്പിൽ വരാൻ പ്രേരണയായിടും !

മ്പ കവിത ഫേസ്‌ബുക്കിലിട്ടപ്പോൾ, പിന്നെയും കിട്ടി, കുറേ മ്പ കമന്റുകൾ:

Vinayachandran:
നമ്പരുത് നമ്മളീ നമ്പറുകൾ
വെമ്പണം വമ്പനാം യാത്രകൾക്കായ്
വെറും നമ്പറുകൾ മാത്രമീ പ്രായമെല്ലാം

Jobin Kuruvila:
ആനയും അമ്പാരിയുമെവിടെ? നൊമ്പരം മാറ്റിടും കരിമ്പിൻ ജ്യൂസെവിടെ?
ജന്മദിനാശംസകൾ വേണു ഭായ് പിമ്പനല്ല, മുമ്പനാണ്!

AlexJacob :
"വമ്പനെന്തിനു കൊമ്പെടാ,
ഇടനെഞ്ചിലിത്തിരി കാമ്പുണ്ടേൽ!
കണ്ടു കണ്ടു കിടുങ്ങി നില്ക്കും,
കൊമ്പനാനയിതമ്പമ്പോ!"
അമ്പതിൻ്റെ ആശംസകൾ! ഇനിയുമൊരമ്പതു കൂടി സമൃദ്ധിയോടെ തുളുമ്പട്ടെ!

Chadayan Mohanan:
അമ്പമ്പോ....... അർദ്ധ സെഞ്ച്വറി........ വമ്പാ.... നീ ഒരു കൊമ്പനാ...... അമ്പതിൽ വമ്പൻ നീ താൻ

***

2022 ഏപ്രിൽ 14, വ്യാഴാഴ്‌ച

നാട്യാഞ്ജലി



ഓം ശിവം നീലകണ്ഠപ്രശോഭിതം
വിഘ്നേശ്വര പ്രസന്ന നടനകലാക്ഷേത്രം
നടരാജവിലാസവിരാജിതചലനസൗഷ്ഠവം
നാട്യഗൃഹേ സ്വരജതിയാർജ്ജിതലയരാഗതാളം.

പദചലനമേവം മഞ്ജീരമുഖരിതം
മുഖഭാവജ്വലിതം മോഹിനീനവരസപ്രസരിതം
അംഗുലീഹസ്തരചിതം മുദ്രാഭരിതപൂരിതം
അംഗോപാംഗം നയനമനോഹരവേഷഭൂഷിതം.

സർവ്വകലാവല്ലഭേ സരസ്വതീം നമസ്തേ
താണ്ഡവനടനൌർജ്ജപുഷ്കരൗ നമസ്തേ
വന്ദേഹം ഭരതമുനീലിഖിത നാട്യശാസ്ത്രേ
സ്മരാമി സംപൂജിതഗുരുപാദപങ്കജം.

नाट्यांजलि
रचना: वेणुगोपालन कोक्कोटन  ( नारायम् ) 

ॐ शिवम् नीलकंठप्रशोभितम्
विघ्नेश्वार प्रसन्न् नटनकलाक्षेत्रम्
नटराजविलासविराजित चलनसौष्ठवम्
नाट्यगृहे स्वरजतियार्ज्जित लयरागतालम्

पदचलनमेवम् मंजीरमुखरितम्
मुखभावज्वलितम् मोहिनीनवरसप्रसरितम्
अंगुलीहस्तरचितम् मुद्राभरितपूरितम्
अंगोपांगम नयनमनोहर वेषभूषितम्

सर्व्वकलावल्लभे सरस्वतीम् नमस्ते
तांडवनटनौर्ज्ज पुष्करौ नमस्ते
वन्देहं भरतमुनीलिखित नाट्यशास्त्रे
स्मरामि सम्पूजित गुरुपादपंकजम्

ആംഗലേയ വർഷം 2014 മെയ്‌ 11 ഞായറാഴ്ച്ച, ബൂവിയിൽ (അന്ന് ഞങ്ങൾ താമസിച്ചിരുന്ന മേരീലാന്റിലെ സ്ഥലം) ഞങ്ങളുടെ സുഹൃത്തായ മോഹൻജിയുടെയും ഷിജിയുടെയും വീട്ടിൽ ഞങ്ങൾ ചില സുഹൃത്തുക്കൾ ഒത്തുകൂടി. ഞാൻ കെ എ ജി ഡബ്ല്യൂവിന്റെ ആശയഗാനം എഴുതിയിട്ട് ഏകദേശം ഒരു വർഷമാകുന്ന സമയം. മഞ്ജുളാ ദാസ് അവരുടെ 'പുഷ്കര നാട്യാലയം' തുടങ്ങിയിട്ട് കുറച്ച് മാസങ്ങളേ അന്ന് ആയിട്ടുള്ളൂ. അവരുടെ വിദ്യാലയത്തിലെ ഏറ്റവും ആദ്യത്തെ വിദ്യാർത്ഥികളായിരുന്നു എന്റെ രണ്ട് പെൺമക്കളും ഭാര്യയും. അന്നത്തെ സംസാരത്തിനിടയിൽ മഞ്ജുവും അവരുടെ നല്ല പാതി രാജേഷ് നെടുങ്ങാടിയും അവരുടെ നൃത്താലയത്തിന് ഒരു ആശയഗാനം എഴുതാൻ പറ്റുമോ എന്ന് ചോദിച്ചു. നോക്കാം എന്ന് പറഞ്ഞ് അന്ന് രാത്രി ഞങ്ങളെല്ലാവരും പിരിഞ്ഞെങ്കിലും, മനസ്സിൽ ഒരു പാട്ടിന്റെ ബീജാവാപം നടന്നുകഴിഞ്ഞ അന്ന് രാത്രിയിലെ ഉറക്കം, ബോധത്തിലും ഉപബോധത്തിലും ചിന്തകൾക്ക് വഴിമാറിക്കൊടുത്തു - എങ്ങനെ ഒരു നൃത്തവിദ്യാലയത്തേയും അതിന്റെ ചുറ്റുപാടിനേയും കുറച്ച് വരികൾക്കുള്ളിൽ തളച്ചിടാം എന്ന ചിന്ത; അതോടൊപ്പം എങ്ങനെ ആ പാട്ടിന്റെ പദസങ്കലനം, ഭാരതീയരായ എല്ലാ ഭാഷക്കാർക്കും മനസ്സിലാക്കാൻ പാകത്തിലാക്കിയെടുക്കാം എന്ന ചിന്ത; ആ ഗാനത്തിന്റെ ഘടന, നൃത്തച്ചുവടുകളുടെ അകമ്പടിയോടെ അവതരിപ്പിക്കാൻ പറ്റുന്ന രീതിയിൽ എങ്ങനെ വാർത്തെടുക്കാം എന്ന ചിന്ത !

പിറ്റേന്ന് എന്റെ ആപ്പീസിലേക്കുള്ള യാത്രക്കിടയിൽ പാട്ടിന്റെ ഒരു ഏകദേശ രൂപം രൂപപ്പെട്ടതിൽ, കുറച്ചു വരികൾ പല്ലവിയായി എന്റെ മൊബൈൽ ഫോണിൽ കുറിച്ചെടുത്തു (അന്നത്തെ എന്റെ ആപ്പീസ് യാത്രക്ക് അങ്ങോട്ടും ഇങ്ങോട്ടും ഏകദേശം നാലര മണിക്കൂർ സമയം എടുക്കുമായിരുന്നു - തീവണ്ടിയിലും ബസ്സിലും നടത്തവുമൊക്കെയായി ). വൈകുന്നേരം വീട്ടിലേക്കുള്ള തിരിച്ചുള്ള യാത്രയിൽ അനുപല്ലവിയും ചരണവും രൂപപ്പെടുത്തി ആദ്യത്തെ കരട് തയ്യാറാക്കി. അത് അന്ന് തന്നെ മഞ്ജുവിന് അയച്ചുകൊടുക്കുകയും അതവർക്ക് ഇഷ്ടപ്പെട്ടെന്ന് അറിയിക്കുകയും ചെയ്തു. വീണ്ടും മൂന്ന് ദിവസങ്ങൾ കഴിഞ്ഞ്, അതായത് 2014 മെയ്‌ 15 വ്യാഴാഴ്ച്ച, വീണ്ടും ചില തിരുത്തലുകൾ വരുത്തി അയച്ച രണ്ടാമത്തെ കരട് രൂപമാണ് ഈ പാട്ടിന്റെ അവസാന വരികളായി പരിണമിച്ചത്.

മഞ്ജുളാ ദാസിന്റെ ഭാരതനാട്യഗുരുപുത്രൻ ശ്രീകുമാറാണ് (RLV Sreekumar Thampalakkadu) ഈ ഗാനം ഈണമിട്ട് ആലപിച്ചിരിക്കുന്നത്. അദ്ദേഹത്തിനും ഈ പാട്ടിന് വാദ്യവൃന്ദം ഒരുക്കിയവർക്കും എന്റെ ഹൃദയംഗമമായ നന്ദി അറിയിച്ചുകൊള്ളുന്നു. എല്ലാവർക്കും ഈ ചെറിയ ഗാനോപഹാരം ഇഷ്ടപ്പെടുമെന്ന വിശ്വാസത്തോടെ നിങ്ങൾക്കായി സമർപ്പിക്കുന്നു.

****

ഈയൊരു പാട്ട് 2014 മെയ് മാസത്തിൽ എഴുതിയതാണെങ്കിലും, 2022 ഏപ്രിൽ വരെയും പാട്ട് വെളിച്ചം കണ്ടിരുന്നില്ല. മഞ്ജുളാ ദാസുമായും  ശ്രീകുമാറുമായും പിന്നീട് നടന്ന ചില ചർച്ചകൾക്ക് ശേഷം, കുറച്ച് നീളം കുറച്ചും, കൂടുതലായി ചില മെച്ചപ്പെടുത്തലുകൾ നടത്തിയും, ഒരു ചടുലമായ ഭാരതനാട്യനൃത്തത്തിന് അനുസൃതമായി കുറച്ച് സ്വരജതികളും മറ്റും ചേർത്ത്, പാട്ട് re-tune ചെയ്യാൻ പദ്ധതിയിട്ടിരുന്നെങ്കിലും പലകാരണങ്ങളാലും വിചാരിച്ചതുപോലൊന്നും കാര്യങ്ങൾ നടന്നില്ല. നമ്മുടെ പരിമിതികൾക്കുള്ളിൽ, അത്തരം നന്നാക്കലുകൾ, ഇനി എപ്പോൾ നടക്കുമെന്നും അറിയില്ല

അങ്ങനെ ചിന്തിച്ചപ്പോഴാണ്, ഭാവിയിൽ കൂടുതൽ നന്നാക്കിയെടുക്കാൻ സാധിച്ചേക്കുമെന്ന വിശ്വാസം കൈവിടാതെ തന്നെ (അതിന് വേണ്ടി സംഗീതം നന്നായറിയുന്ന ആരെങ്കിലും സ്വമേധയാ സന്നദ്ധമായി അവതരിക്കുമെന്ന് പ്രതീക്ഷിക്കുന്നു), ഈയൊരു പാട്ട് എന്നെന്നേക്കുമായി ഇരുളിന്റെ മറവിലായിരിക്കുന്നതിനേക്കാൾ നല്ലത്, മഞ്ജുളയുടെ അനുമതിയോട് കൂടി, അത് ആദ്യമായി ചിട്ടപ്പെടുത്തി പാടിയിട്ടുള്ള രൂപത്തിൽ തന്നെ ജനസമക്ഷം സമർപ്പിക്കാൻ ആലോചിച്ചത്. ഒരു നൃത്തപാഠ്യശാല എങ്ങനെയാരിരിക്കണം എന്ന എന്റെ ചിന്തകളാണ് വാക്കുകളായി ഈ പാട്ടിൽ ഉൾപ്പെടുത്താൻ ശ്രമിച്ചിട്ടുള്ളത്. ആവും വിധം എല്ലാ പദങ്ങളും, ഭാരതത്തിലെ എല്ലാവിധ ഭാഷക്കാർക്കും മനസ്സിലാകുന്ന രീതിയിൽ തിരഞ്ഞെടുക്കാൻ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്.

ഗൂഗിളിൽ നിന്ന് വെറുതെ കിട്ടുന്ന ചില ഭരതനാട്യ ചിത്രങ്ങളൊക്കെ ചേർത്ത്, പാട്ട് ഒരു വീഡിയോ രൂപത്തിലാക്കാൻ മക്കളായ പാറുവിനെയും ദേവുവിനെയുമായിരുന്നു ഏല്പിച്ചിരുന്നത്. "എന്തിനാണ് വെറുതെ മറ്റുള്ളവരുടെ ചിത്രങ്ങളെടുക്കുന്നത്... പകരം, നമ്മൾ തന്നെ, നമ്മൾ നൃത്തം ചെയ്യുന്ന വീഡിയോ എടുത്ത് ചേർക്കുന്നതല്ലേ നല്ലത്..." എന്ന് അവർ പറഞ്ഞപ്പോൾ, ഞാൻ തടയാനൊന്നും പോയില്ല 😊 ഈ വീഡിയോയിൽ നിങ്ങൾ കാണുന്ന എല്ലാ ചലനങ്ങളും, മക്കളുടെയും നല്ലപാതിയുടെയും ഈ വർഷത്തെ (2022) വസന്തകാല അവധിസമയത്തെ (spring break) സർഗ്ഗാത്മകത (creativity) യാണ്. വെറും രണ്ട് ദിവസങ്ങൾ കൊണ്ടാണ്, അവർ മൂന്നുപേരും കൂടി ചുവടുകൾ ചിട്ടപ്പെടുത്തുകയും അവരുടേതായ സ്വാതന്ത്ര്യത്തിൽ വീഡിയോ ചിത്രീകരിക്കുകയും ചെയ്തിരിക്കുന്നത്. വീഡിയോയുടെ ചിത്രീകരണ ഗുണനിലവാരത്തിലുള്ള അപാകതകൾ  കാര്യമാക്കുന്നില്ല.  കാരണം, വളരെ ഇഷ്ടപ്പെടും താല്പര്യപ്പെട്ടുമാണ് അവരെല്ലാവരും ഇതിനുവേണ്ടി പ്രവർത്തിച്ചിട്ടുള്ളത്. പാട്ടിന്റെ വീഡിയോ കണ്ടും കേട്ടും അഭിപ്രായം അറിയിക്കുമല്ലോ. ഇഷ്ടപ്പെട്ടെങ്കിൽ ഷെയർ ചെയ്യുമെന്ന പ്രതീക്ഷയോടെ...

***

2022 ഫെബ്രുവരി 22, ചൊവ്വാഴ്ച

കടവിലെ മുല്ല

മലരേ മലരേ മുല്ലമലരേ 
മുല്ലമലരേ മലരിന്നഴകേ
നീലനിലാവിൽ നിൽക്കുവതെന്തേ
നീലിതരാവിൽ നിശാഗന്ധിയായി
വ്രീളാവദനം കാട്ടുവതാരേ?

നിന്റെയോമൽ വെള്ളപ്പുടവയിലെ-
ന്നുടെ മാന്ത്രിക വിരലുകളാൽ ഞാൻ
നിറമെഴും ചിത്രം വരച്ചോട്ടേ, യെ-
ന്നദമ്യാഭിലാഷം മൊഴിഞ്ഞോട്ടേ?

മാദപരാഗം തഴുകുമീ കടവിൽ
നിൻ തനു ഗന്ധം വീശി മയങ്ങി
മോഹനചന്ദ്രൻ കടവിന്നടിയിൽ
നിശ്ചലഗാത്രനായ്‌ ശയിക്കുമ്പോൾ,

നിന്നിണയധരമാം മധുരച്ചെപ്പിലായ്
നിശാഭൃംഗനേത്രം ഭ്രമം മൂത്ത് തേടും
മധുരസമൊന്ന് ഞാൻ നുണയട്ടേ, നിൻ
മേനീസുഗന്ധം മണത്തോട്ടേ?

നിരപ്പിൽ വിരിച്ചൊരീ പൂമുല്ലശയ്യയിൽ
നിന്നെപ്പുണർന്നു നാം വീഴുമ്പോൾ
നാഴിക പോലും നാണിച്ചു നിൽക്കും
നക്ഷത്രദീപം മിഴി ചിമ്മി നോക്കും!

കിതക്കയാൽ ശ്വാസം സീൽക്കാരമാകും
മെത്തയിൽ നമ്മൾ തളർന്നേ ശയിക്കും!
നീങ്ങിക്കിടക്കുമാ പുടവയെടുത്ത് നാം 
നാണം മറയ്ക്കുവാൻ പുതപ്പായി മൂടും!

2021 നവംബർ 27, ശനിയാഴ്‌ച

മാറിപ്പോകുന്ന രോഗം (ടൂത്ത്ബ്രഷിന്റെ ചാരിത്ര്യം - 2)

ഒന്നാം ഭാഗം: ആദ്യമായ് രണ്ടുപേരോടൊപ്പം (ടൂത്ത്ബ്രഷിന്റെ ചാരിത്ര്യം - 1)

കാലങ്ങൾ വീണ്ടും ഉരുണ്ടുകൊണ്ടിരുന്നു. ആദ്യമായി ചാരിത്യം നഷ്ടപ്പെട്ട പ്രിയപ്പെട്ട ബ്രഷ്, അതിന്റെ ജീവിതം ജീവിച്ച് തീർന്നതിന് ശേഷം, സ്വാഭാവികമായുള്ള അതിന്റെ കാലയവനികാന്തരപ്രവേശനം നടത്തി. പിന്നീട്, ഏകനായി നിൽക്കുമ്പോഴൊക്കെ, പഴയ ബ്രഷ് പുനർജ്ജനിച്ചെന്നോണം, പലവിധ രൂപത്തിലും നിറത്തിലും, പുതിയ ബ്രഷുകളായി എന്റെ കൂടെ കാലങ്ങളായി വന്നുകൊണ്ടേയിരുന്നു. 

എന്റെ ജീവിതചക്രവും കാലത്തിന്റെ കൂടെ കറങ്ങിക്കൊണ്ടിരുന്നു. എന്റെ താവളങ്ങൾ മാറി. കൂടെ സുഖിച്ച് ജീവിക്കാനായി ഒരു സഖി കൂടെ വന്നു. ആ സഖിയും അവളുടെ പ്രിയപ്പെട്ട ബ്രഷിനെ കൂടെക്കൂട്ടിയിരുന്നു. ആ ബ്രഷും മാസങ്ങളെടുത്ത് രൂപാന്തരം നടത്തിക്കൊണ്ടിരുന്നു. ഞങ്ങളുടെ സുഖങ്ങൾക്ക് നുര പകർന്ന് കൊണ്ട്, ഞങ്ങൾക്ക് മക്കൾ പിറന്നു. അവരുടെ കൂട്ടിനായി, ചെറുപ്പത്തിലേ അവർക്കും പുതിയ ബ്രഷുകളെ പരിചയപ്പെടുത്തി, കൂടെ കൂട്ടിക്കോളാൻ അനുമതി കൊടുത്തു. കുഞ്ഞ് ബ്രഷുകളാണെങ്കിലും കാലാന്തരത്തിൽ അവയും വളർന്നു. ബ്രഷുകളുടെ എണ്ണം വീട്ടിൽ കൂടി വന്നപ്പോൾ, പഴയ അനുഭവത്തിന്റെ വെളിച്ചത്തിൽ, ഞാനെന്റെ സ്വന്തം ബ്രഷിന്റെ കാര്യത്തിൽ കൂടുതൽ ജാഗരൂകനായി.

പണ്ട്, നാട്ടിലായിരുന്നപ്പോൾ, ബ്രഷിന്റെ കാര്യത്തിൽ, ശ്രദ്ധ പുലർത്തേണ്ട കാര്യമേ ഇല്ലായിരുന്നു. കാരണം, ഉമിക്കരിയായിരുന്നു ഞങ്ങളുടെ മുഖ്യമായ പല്ല് വൃത്തിയാക്കൽ ദ്രവ്യമായി ഉപയോഗിച്ചിരുന്നത്. ചില അവസരങ്ങളിൽ, മാവില ചുരുട്ടിയും, വേപ്പിൻ തണ്ട് ചതച്ചും അതുമല്ലെങ്കിൽ, തേങ്ങകൾ കുലയിൽ തൂങ്ങിനിൽക്കുന്ന കുലച്ചിൽതണ്ട് ചതച്ചുമാണ് ചെറുപ്പത്തിലൊക്കെ പല്ല് തേച്ചിരുന്നത്. ഒരു ബ്രഷ് ഉണ്ടായിരുന്നത്, വല്ലപ്പോഴും നടത്തുന്ന ഏതെങ്കിലും യാത്രയിൽ ഉപയോഗിക്കാനായി മാത്രം ഭദ്രമായി മാറ്റിവച്ചിട്ടാണ് ഉണ്ടായിരുന്നത്. അമ്മ മാത്രമാണ്, ചില പല്ലുകൾ അടർത്തിമാറ്റേണ്ടി വന്നതിന് ശേഷം, സ്ഥിരമായി ബ്രഷ് ഉപയോഗിച്ചിരുന്നത്. അതുകൊണ്ട് തന്നെ, അക്കാലത്ത്, ബ്രഷിന്റെ കാര്യത്തിൽ ഒരു വേവലാതിയും ഇല്ലായിരുന്നു. 

ബോംബെയിലായിരുന്നപ്പോൾ, കുളിമുറിയിലെ ജനാലയുടെ കീഴ്ഭാഗത്തുള്ള ചെറിയ പ്രതലത്തിലും, കണ്ണാടിയുടെ കീഴെയുമൊക്കെയായട്ട്, വളരെ അലസമായിട്ടായിരുന്നു ബ്രഷ് സൂക്ഷിച്ച് വച്ചിരുന്നത്. കാലം കഴിഞ്ഞ്, അഞ്ചും ആറും യുവാക്കളുടെ കൂടെ സഹമുറിയാനായി കഴിയേണ്ടി വന്നപ്പോൾ, ബ്രഷിനെ, അന്യ സമ്പർക്കം ഇല്ലാതിരിക്കാൻ, പ്രത്യേകം മാറ്റി വെക്കേണ്ടി വന്നു. സമ്പർക്കത്തിൽ നിന്നാണല്ലോ, ബന്ധങ്ങളിലെ താളങ്ങൾ മറ്റ് തലങ്ങളിലേക്ക് വളർന്ന് തുടങ്ങുന്നത്.

ഇരുപത് കൊല്ലങ്ങൾ ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരുത്തി.എന്റെ ജീവിതനിലവാരം ഉയർന്ന് തുടങ്ങി. സ്വന്തമായി വീട് വാങ്ങി. അതിന്റെ ചുവട് പിടിച്ച്, ബ്രഷുകൾക്ക് വിശ്രമിക്കാനും അതിന്റേതായ രീതിയിലുള്ള ചില വസ്തുക്കൾ വീട്ടിൽ സ്ഥാനം പിടിച്ചു. അവിടെയുമിവിടെയുമൊക്കെയായി തൻറേതായ സ്ഥിരം വിശ്രമസ്ഥാനമില്ലാതിരുന്ന എന്റെ ബ്രഷ്, ഭാര്യയുടെ ബ്രഷിനോടൊപ്പം അതിനൊരുക്കിക്കൊടുത്ത കളിത്തട്ടിൽ സല്ലപിച്ചിരിക്കാൻ തുടങ്ങി. ഞങ്ങൾ ഏഴാം കടലും കടന്ന് അമേരിക്കയിലെത്തി. ബ്രഷ് ഹോൾഡറിന്റെ രൂപങ്ങൾക്കും ആഢ്യത്തം കൂടി. ഞങ്ങളുടെ ബ്രഷുകളോടൊപ്പം മക്കളുടെ ബ്രഷുകളും ഒരുമിച്ച് വിശ്രമിക്കാൻ തുടങ്ങി. മക്കളുടെ ബ്രഷുകൾ സ്ഥിരം കൂടെയുണ്ടാവുന്നത്, ഞങ്ങളുടെ ബ്രഷുകളുടെ സ്വകാര്യത നശിപ്പിക്കുന്നു എന്ന പരാതി ഉണ്ടായപ്പോൾ, മക്കളുടെ കിടപ്പറ തന്നെ ഞങ്ങൾ മാറ്റിക്കളഞ്ഞു. കൂടെ അവർക്കായി, അവരുടേതായ കുളിമുറിയും ഒരുക്കിക്കൊടുത്തു. ആ തഞ്ചത്തിൽ, അവരുടെ ബ്രഷുകളെ, വേറൊരു മനോഹരമായ ബ്രഷ് ഹോൾഡറിലേക്ക് മാറ്റി, അവരുടെ കുളിമുറിയിലേക്ക് മാറ്റി കുടിയിരുത്തി. ഇതൊക്കെ കണ്ട്, എന്റെയും ഭാര്യയുടെയും ബ്രഷുകൾ, അവരുടെ ഹോൾഡറിൽ കിടന്ന് മതിമറന്ന് കെട്ടിപ്പിടിച്ചു. നഷ്ടപ്പെട്ട സ്വകാര്യത വീണ്ടുകിട്ടിയല്ലോ!

പിന്നെയും ഞങ്ങളെല്ലാവരും ദിവസേനയുള്ള പല്ല് തേപ്പ് തുടരുകയും, കൂടുതൽ പ്രകാശത്തോടെ നിത്യേന വെളുക്കെ ചിരിക്കാനുള്ള ശ്രമങ്ങൾ തുടരുകയും ചെയ്തു. ടൂത്ത്പേസ്റ്റുകൾ കലങ്ങിയ വെള്ളം, രാവിലെയും രാത്രിയും പതിവായി മണ്ണിലേക്കുള്ള ഊർന്നിറക്കം തുടർന്നു.

ആപ്പീസിൽ ജോലിക്ക് പോയിരുന്ന കാലത്ത്, ഞാനായിരുന്നു വീട്ടിൽ ആദ്യം എഴുന്നേറ്റിരുന്നത്. പല്ലുതേപ്പടക്കമുള്ള പ്രഭാതകർമ്മങ്ങൾക്ക് ശേഷം, ചില കായികാഭ്യാസങ്ങളും കഴിഞ്ഞ് വേണം ആപ്പീസിൽ പോകാൻ. അങ്ങനെയൊരു ശീലം, അറിയാതെ തന്നെ എന്നെ പിടികൂടിയിരുന്നു. ഇതിനിടയിൽ, ഭാര്യക്ക്, സ്‌കൂൾ ടീച്ചറായി ജോലി കിട്ടി.തുടർന്ന്, അവളും ഏകദേശം എന്നോടൊപ്പം എഴുന്നേക്കാൻ തുടങ്ങി. പിന്നെ കൊറോണ വന്നു. എന്റെ ജോലി വീട്ടിൽ നിന്ന് തന്നെ ചെയ്യാമെന്നായി. സ്‌കൂളടച്ചത് കൊണ്ട് അവളും വീട്ടിലിരിപ്പായി. പിന്നെ സ്‌കൂൾ തുറന്നു. പാവം, അവൾക്ക് വീണ്ടും സ്‌കൂളിലേക്ക് പോയിത്തുടങ്ങേണ്ടി വന്നു. എന്റെ ജോലി സ്ഥിരമായെന്ന പോലെ വീട്ടിൽ നിന്ന് തന്നെയായി. അവൾ എന്നെക്കാൾ മുന്നേ എഴുന്നേക്കാൻ തുടങ്ങി. ഭാര്യ കാറിൽ കയറി പോവുമ്പോൾ ടാറ്റാ പറയേണ്ടത് കൊണ്ട്, ആ സമയത്തിനടുപ്പിച്ച് മാത്രമായി എന്റെ എഴുന്നേൽപ്പ്.

അങ്ങനെ ഒരു ദിവസം കാലത്ത് എഴുന്നേറ്റ്, പല്ല് തേക്കാനായി ഞാൻ ബ്രഷെടുത്തു. ബ്രഷ് കയ്യിലെടുത്ത ഉടനെ, അതിന്റെ നാരുകളുള്ള ഭാഗം തടവുന്നത് എന്റെ വെറുതേയുള്ള ശീലമാണ്. ആ ശീലം വച്ച്, അന്നും ഞാനാ ബ്രഷിന്റെ വായിലേക്ക് കടത്തുന്ന, നാരുകളുള്ള ഭാഗത്ത് കൂടെ വെറുതെ വിരലുകളോടിച്ചു. വിരലുകളോടിച്ചതും, പൊടുന്നനെ എന്റെ വിരലുകൾ നാരുകളിൽ നിന്നും അടർന്ന് മാറി. വിരലുകൾക്ക് വല്ലാത്ത അറപ്പും വെറുപ്പും തോന്നിയിരുന്നു. അപ്പഴാണ് എനിക്കും കാര്യം മനസ്സിലായത്; എന്റെ ബ്രഷിലെ നാരുകൾ നനഞ്ഞിരിക്കുന്നു. സാധാരണ ഗതിക്ക് വളരെ ഉണങ്ങിക്കിടക്കേണ്ടുന്ന എന്റെ ബ്രഷ്, എങ്ങനെ നനഞ്ഞു എന്നാലോചിച്ച് എനിക്ക് വല്ലായ്മയുണ്ടായി.

ഇതുവരെ ഇങ്ങനെ അനുഭവപ്പെട്ടിട്ടില്ല. ഭാര്യ അറിയാതെ എന്റെ ബ്രഷെടുത്ത് പല്ല് തേച്ചോ? അതുമല്ലെങ്കിൽ പഴയ ബ്രഷാണെന്ന് കരുതി, ഏതെങ്കിലും പ്രതലം വൃത്തിയാക്കാൻ ഉപയോഗിച്ചോ? എനിക്ക് സംശയമായി. സംശയം തീർക്കാനായി, ഞാനവളുടെ ബ്രഷ്, സാദരം കൈയ്യിലെടുത്തു. അതിന്റെ നാരുകളുള്ള ഭാഗം വളരെ ലോലമായി തലോടി. അത് നന്നായി ഉണങ്ങിയിരിക്കുന്നു. 

'ഹമ്പടി... കേമീ... നീ ആള് കൊള്ളാലോ...' ഞാനെന്റെ മനസ്സിൽ പറഞ്ഞു. 

പിന്നെ അധികമൊന്നും ആലോചിച്ചില്ല. ഞാൻ രണ്ട് ബ്രഷുകളുമെടുത്ത് താഴേക്കോടി. സ്‌കൂളിലേക്ക് യാത്രപുറപ്പെടാനുള്ള അവസാനത്തെ ഒരുക്കത്തിനിടയിൽ കണ്ണാടിക്ക് മുന്നിലായിരുന്നു അവൾ. 

"നിനക്ക് ബോധമില്ലേ... മാഡം..."

"എന്താ മനുഷ്യാ... ഇന്നും രാവിലത്തെ പതിവൊന്നും തെറ്റിച്ചില്ലല്ലോ... എന്തെങ്കിലും ഉണ്ടാവ്വല്ലോ എലാ ദിവസോം... ഏതെങ്കിലും ഒരു ദിവസം നിങ്ങള്  ചിരിച്ചോണ്ട്  എഴുന്നേറ്റ് വന്നിട്ടുണ്ടോ...?"

അതെന്തോ അങ്ങനെയാണ്, ചിരിക്കാൻ ശ്രമിച്ചാലും എന്റെ മുഖം ഇരുണ്ടിരിക്കും. എന്റെ ആ ജന്മവൈകല്യം ഭാര്യ ഇതുവരെ മനസ്സിലാക്കിയിട്ടുമില്ല. എന്നാലും, മനസ്സിലൊന്നുമില്ലെങ്കിലും, നല്ലതൊന്നും ഒരിക്കലും പറയാതെ, കുറ്റം മാത്രം എടുത്ത്  പറയുന്ന ഒരു വൈകല്യം എനിക്കുണ്ട് എന്നത് അവൾക്ക് ഇതിനകം എന്നെക്കുറിച്ച് മനസ്സിലായിരുന്നു. അതുകൊണ്ട്, ഇത്തരം ഒച്ചവെക്കലുകളൊന്നും അവളെ കാര്യമായി ബാധിക്കാറുണ്ടായിരുന്നില്ല.

"ഒരു കാരണോം ഇല്ലാണ്ട് ഞാൻ ഒച്ച വെക്കാറില്ല..."

"ഓ... കേക്കട്ടെ... ഇന്നത്തെ പ്രശ്നം എന്താണ്...?"

"നീ എന്തിനാ എന്റെ ബ്രഷെടുത്ത് പല്ല് തേച്ചത്...?"

"ങ്ഹേ... എന്ത്..? ഞാൻ നിങ്ങളുടെ ബ്രഷെടുത്ത് പല്ല് തേച്ചെന്നോ...? അസംഭവ്യം... നിങ്ങൾക്ക് രാവിലെത്തന്നെ പ്രാന്തായോ മനുഷ്യാ...?"

"നോക്ക് ... നീ ഇത് തൊട്ട് നോക്ക്... എന്റെ ബ്രഷ് നനഞ്ഞിരിക്കുന്നു... നിന്റെ ബ്രഷ് ഒട്ടും നനഞ്ഞിട്ടില്ല..."

"അത് പിന്നെ പല്ല് തേച്ചാൽ ബ്രഷ് നനയൂല്ലേ...?"

"നീ തമാശ കള... "

"നിങ്ങളുടെ ബ്രഷെടുത്ത് നിങ്ങള് തേച്ചാൽ നിങ്ങളുടെ ബ്രഷ് നനയൂല്ലേ?"

"അപ്പൊ നീ ഇന്ന് പല്ല് തേച്ചില്ലേ? നിന്റെ ബ്രഷെന്താ ഇങ്ങനെ  ഉണങ്ങിയിരിക്കുന്നത്?"

"ഞാൻ പല്ല് തേച്ചിട്ട് ഒന്നൊന്നര മണിക്കൂറായില്ലേ... അത്രേം നേരം കൊണ്ട് ഉണങ്ങിപ്പോയതായിരിക്കും..."

"ഹ... ഇതെന്താ ഹീറ്ററ് വച്ചിട്ടല്ലേ നിന്റെ ബ്രഷ് ഉണക്കുന്നത്... ഒന്നര മണിക്കൂർ കൊണ്ട് അവളുടെ ബ്രഷ് ഉണങ്ങി പോലും... മാഡം... ഞാൻ ഇതുവരെ എന്റെ പല്ല് തേച്ചിട്ടില്ല... ദാ വേണേ മണപ്പിച്ച് നോക്ക്..."

എന്നിട്ട് ഞാനവളുടെ മുഖത്തേക്ക് ശക്തിയായി ഊതി.

"ഇത് നട്ട പ്രാന്ത് തന്നെ... പിച്ചും പേയും പറയാതെ, നിങ്ങള് പോയി വേണേ വീണ്ടും കെടന്നുറങ്ങിക്കോ... ഞാൻ ഓർടെ ബ്രഷെടുത്ത് തേച്ചു പോലും... എനക്ക് നിങ്ങളെപ്പോലെ പിരാന്തൊന്നുമില്ല..." അതും പറഞ്ഞ് കെട്ട്യോളങ്ങ് ഇറങ്ങിപ്പോയി. ദേഷ്യം വന്നത് കൊണ്ട്, ടാറ്റ പറയാൻ ഞാൻ താഴെ ഗരാജിലേക്ക് പോയില്ല.

എന്തായാലും ഇനി നനഞ്ഞ ബ്രഷ് കൊണ്ട് പല്ല് തേക്കാൻ ഞാനില്ല. ഫ്രഞ്ച് കിസ്സ് കൊടുത്താലും ശരി, കെട്ടിപ്പിടിച്ചാലും ശരി, ഭാര്യ തേച്ച ബ്രഷ് കൊണ്ട് പല്ല് തേക്കാൻ എനിക്ക് മനസ്സ് വന്നില്ല. 

ജീവിതത്തിന്റെ സ്റ്റാറ്റസ് മാറിയത് കൊണ്ട്, പുതിയ ബ്രഷുകളുടെ ഒരു കെട്ട് വീട്ടിലുണ്ടായിരുന്നതിനാൽ, വേറൊരു ബ്രഷെടുത്ത് അന്നത്തെ പല്ല് തേപ്പ് നടത്തി. ദുഃഖമുണ്ടായിരുന്നെങ്കിലും, ക്രൂരതയാണെന്ന് അറിയാമെങ്കിലും, ചാരിത്ര്യം നഷ്ടപ്പെട്ട ബ്രഷ് അശുദ്ധമായത് കൊണ്ട്, അതിനെ ദൂരെയൊരിടത്ത് മാറ്റി വച്ചു. പിന്നീടെപ്പഴെങ്കിലും വാഷ്ബേസിനോ മറ്റോ കഴുകുമ്പോൾ, ചെറിയതും ഇടുങ്ങിയതുമായ അരികുകൾ വൃത്തിയാക്കാൻ ഉപയോഗിക്കാലോ?

പക്ഷേ, ഈയൊരു സംഭവം, പണ്ടെങ്ങോ ഉറങ്ങിക്കിടന്ന, അല്ലെങ്കിൽ, കാലം കൊണ്ട് സ്വയം ഉണക്കാൻ ശ്രമിച്ച പഴയ മനോവേദനകളെ വീണ്ടും പൊടിതട്ടിയുണർത്തി. മനസ്സിൽ വീണ്ടും ശങ്കകളും ആശങ്കകളും നിറഞ്ഞു. ഒരു തവണ നടന്ന പീഡനം വീണ്ടും ആവർത്തിക്കുമ്പോൾ, ആരുടെ മനസ്സായാലും വല്ലാതെ പതറിപ്പോകും. ആത്മഹത്യയെക്കുറിച്ച് പോലും ചിന്തിച്ച് പോകും.

ചിന്തകൾ കാട് കയറി. ആത്മഹത്യയും ഒളിച്ചോട്ടവുമെല്ലാം ഒരു തരം ഭീരുത്വമാണെന്നാണല്ലോ പൊതുവേയുള്ള ധാരണകൾ. തീർത്തും പൊരുതാതെ തോറ്റുകൊടുക്കുന്നത് പീഡകർക്ക് വളവുമാകുമല്ലോ. ഒരു തവണ അറിയാതെ വഴങ്ങിപ്പോയിടത്ത് നിന്ന് ഇരുപത് വർഷക്കാലം തുടർച്ചായി സുരക്ഷിതമായി നിൽക്കാൻ കഴിഞ്ഞത് തന്നെ ഒരു തരത്തിൽ നോക്കിയാൽ പൊരുതി നേടിയ വിജയം തന്നെയാണല്ലോ. അതുകൊണ്ട് ഇത്തവണയും തോറ്റുകൊടുക്കില്ലെന്ന് തന്നെ മനസ്സ് പ്രഖ്യാപിച്ചു.  ഇനി ഇതിന്റെ പേരിൽ, ബാക്കിയുള്ള ജീവിതം കളഞ്ഞ് കുളിക്കുന്നത് മൂഢതയാണ്. പണ്ട് ലഭിച്ച സൈക്കോളജി പാഠങ്ങൾ വീണ്ടും ഉപയോഗിക്കേണ്ട സമയമാണ്. പോരാടുക തന്നെ.

ഈ സംഭവത്തോടെ, ഇരുപത് കൊല്ലം മുന്നേ ആർജ്ജിച്ച ജാഗരൂകത വീണ്ടും പരിപോഷിപ്പിച്ച്, സ്വന്തം ബ്രഷിനെ സംരക്ഷിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. എന്റെ ബ്രഷ് വെക്കാൻ ഞാൻ വേറൊരു ബ്രഷ് ഹോൾഡർ വാങ്ങിച്ചു. ആ ബ്രഷിന് കൂട്ടായി ഓർഗാനിക് ഹെർബൽ ടൂത്ത്പേസ്റ്റും വാങ്ങി വച്ചു. ദിവസവും രാവിലെ സഹധർമ്മിണി എഴുന്നേറ്റ് പല്ല് തേക്കാൻ പോകുന്നേരം, മൂത്രമൊഴിക്കാൻ പോകുന്നെന്ന വ്യാജേന, അവളുടെ പിന്നാലെ മാസ്റ്റർ ബാത്റൂമിലേക്ക്‌, ഞാനും എഴുന്നേറ്റ് പോകാൻ തുടങ്ങി. എന്റെ ബ്രഷ് അവൾ ഉപയോഗിക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക മാത്രമാണ് ഉദ്ദേശം. കഷ്ടകാലത്തിന് അവളെടുത്ത് ഉപയോഗിച്ച് കഴിഞ്ഞിട്ട് പിന്നെ പറഞ്ഞിട്ട് കാര്യമില്ലല്ലോ. മാത്രവുമല്ല, ദൃക്‌സാക്ഷികളില്ലെങ്കിൽ, അറിയാതെ ഉപയോഗിച്ച് പോയതാണെന്ന് പോലും അവൾ ഒരിക്കലും സമ്മതിച്ച് തരികയുമില്ല! തമ്മിൽ ഭേദം, കഷ്ടപ്പെട്ടാണെങ്കിലും സ്വയം ജാഗരൂകനാവുക തന്നെ.

ദിവസങ്ങൾ പിന്നെയും കടന്ന് പോയി. ഓരോ ദിവസവും ബ്രഷിന്റെ ചാരിത്ര്യം സംരക്ഷിക്കുന്നതിൽ ഞാൻ വിജയിച്ച് പോന്നു. ആത്മധൈര്യം വർദ്ധിച്ച് വന്നു. പക്ഷേ എത്ര സംരക്ഷിക്കപ്പെട്ടാലും സംഭവിക്കേണ്ടത് സംഭവിക്കുമല്ലോ. ലോകത്ത് ലഭ്യമായിട്ടുള്ള സകല സുരക്ഷയും കൊടുത്തിട്ടും, പരീക്ഷിത്ത് മഹാരാജാവിന് പോലും രക്ഷപ്പെടാൻ സാധിച്ചിട്ടില്ലല്ലോ. എത്ര ശ്രമിച്ചിട്ടും, ശർമ്മിഷ്ഠക്ക് പോലും സർപ്പദംശനത്തിൽ നിന്ന് രക്ഷപ്പെടാൻ കഴിഞ്ഞിട്ടില്ലല്ലോ. പിന്നെയാണോ എന്റെ വെറുമൊരു  ബ്രഷ്? വരേണ്ടത് വഴിയിൽ തങ്ങില്ലെന്നത് കാട്ടായം. അങ്ങനെ ഒരു ദിവസം, ആ ശപിക്കപ്പെട്ട നിമിഷം വന്നു ചേർന്നു.

അന്നത്തെ ദിവസം രാവിലെ പതിവ് പോലെ സഹധർമ്മിണി എഴുന്നേറ്റു. കുളിമുറിയിലെ ലൈറ്റ് ഓൺ ചെയ്തു. CFL ബൾബാണ്; ആദ്യം കുറച്ച് നേരം വീര്യം കുറഞ്ഞ് കത്തിയതിന് ശേഷമാണ് പൂർണ്ണമായ പ്രകാശം നൽകുക. എഴുന്നേറ്റയുടനെ കണ്ണിലേക്ക് ഭീതിദപ്രകാശം വീഴുന്നത് കണ്ണിന് മോശമാണല്ലോ. കണ്ണും മുഖവുമൊക്കെ കഴുകിയതിന് ശേഷം, അവൾ ബ്രഷെടുത്ത്, പേസ്റ്റും പുരട്ടി, പല്ല് തേക്കാൻ തുടങ്ങി. പിന്നാലെ ഞാനും, മൂത്രമൊഴിക്കാൻ ഉള്ളിലേക്ക് കയറി. ഞങ്ങൾ ഭാര്യയും ഭർത്താവുമാണല്ലോ; പ്രസവം വരെ കണ്ടിട്ടുള്ളതിനാൽ, പല്ലു തേക്കുന്നിടത്ത് കയറുന്നത് കൊണ്ട് ഔചിത്യക്കേടൊന്നും വരാൻ സാധ്യതയൊന്നുമില്ലെന്ന് എനിക്ക് നന്നായറിയാം. 

ഉള്ളിലേക്ക് കടന്നയുടനെ, കണ്ണാടിയിൽ കണ്ട കാഴ്ച കണ്ട് എന്റെ ബോധം മങ്ങി, കണ്ണിലിരുട്ട് കയറാൻ തുടങ്ങി. എന്റെ ബ്രഷാണ് അവളുടെ വായിൽ കിടന്ന് ഉള്ളിലോട്ടും പുറത്തോട്ടും കയറിയിറങ്ങി ഞെരിഞ്ഞമരുന്നത്!

"ഡീ..." എന്റെ ഉച്ചത്തിലുള്ള അലർച്ച കേട്ട് വാമഭാഗം വല്ലാതങ്ങ് ഞെട്ടി. അവളുടെ വായിലുണ്ടായിരുന്ന പേസ്റ്റ് കുഴമ്പ്, അവളുടെ വായിൽ നിന്നും അറിയാതെ തെറിച്ച് പോയി.

"എന്താ... മനുഷ്യാ... ഈ ഏഴരപ്പുലർച്ചക്ക് ഇങ്ങനെ അലറുന്നത്...?"

"നിനക്കറിയില്ല അല്ലേ... നീ നിന്റെ അണ്ണാക്കിലുരച്ച് കളിക്കുന്ന ബ്രഷ്, ആരുടേയാ... ഒന്ന് നോക്ക്..."

"എന്റേതല്ലാതെ പിന്നെ ആരുടേയാ..."

"നീ നിന്റെ ഉണ്ടക്കണ്ണ് തുറന്ന് നോക്ക്..." ഞാൻ കിതക്കുകയായിരുന്നു.

അപ്പഴാണ് അവളുടെ കണ്ണുകൾ അവളുടെ കൈയ്യിലുള്ള ബ്രഷിലേക്ക് വീണത്. 

"ഇതെന്റെ ബ്രഷല്ലാതെ നിങ്ങളുടെ ബ്രഷാണോ... കണ്ണ് തുറന്ന് നോക്ക് മനുഷ്യാ... രാവിലെത്തന്നെ പിച്ചും പേയും പറഞ്ഞ് വന്നേക്കുന്നു... വേറൊന്നും കിട്ടീല്ലേ ഇന്ന് അടി കൂടാൻ?" നാരുകളുള്ള ഭാഗം നോക്കി അവളെന്നെ നോക്കി അലറി. ആ അലർച്ചയിൽ ഞാനും ഒന്ന് ഞെട്ടി.

"നീ അതിന്റെ മറുപുറം കൂടി നോക്കീട്ട് അലറ്..." 

അവൾ ബ്രഷ് തിരിച്ച്, അതിന്റെ പിൻഭാഗം നോക്കി. അപ്പോഴാണ് അവൾക്ക് ബോധോദയം ഉണ്ടായത്. അത് അവളുടെ ബ്രഷല്ല!!

സ്വന്തം ബ്രഷ് അല്ലെന്ന് തിരിച്ചറിഞ്ഞ മാത്രയിൽ, അവളുടെ കൈയ്യിലുള്ള ബ്രഷ്, അറിയാതെ വാഷ് ബേസിനിലേക്ക് വീണു. അവളുടെ ഇടത് കൈ നെറ്റിയിലേക്ക് ഒന്ന് രണ്ട് തവണ ഇടിച്ച് അവളുടെ നീരസം പ്രകടിപ്പിച്ചു. 'പറ്റിപ്പോയി' എന്നർത്ഥത്തിൽ, എന്നെ ദയനീയമായി നോക്കി. എന്റെ ബ്രഷിനെ പീഡിപ്പിക്കുന്നത് നേരിൽ കണ്ട അവളുടെ ബ്രഷിന്റെ ബോധം അപ്പോഴും തെളിഞ്ഞിരുന്നില്ല. 

പിന്നെയെല്ലാം വളരെപ്പെട്ടെന്നായിരുന്നു. അധികം സംസാരമൊന്നും ഉണ്ടായില്ല. ദുഃഖഭാരം കൊണ്ടെന്നപോലെ വീർത്ത് പിടിച്ച മുഖവുമായി, എന്നെ നേരിട്ട് നോക്കാൻ പറ്റാതെ, സ്വന്തം ബ്രഷും അവളുടെ ടൂത്ത് പേസ്റ്റും എടുത്ത്, പുറത്തോട്ടേക്ക് ഒറ്റ നടത്തമായിരുന്നു. അവളുടെ മെലിഞ്ഞ കാലുകളിലെ ബലമേറിയ കാലടികൾ പതിഞ്ഞ്, ടൗൺ ഹോമിന്റെ മൂന്നാം നിലയിലെ നിലവും, ഗോവണിപ്പടികളും കുലുങ്ങിയിളകി. 

ഇതെങ്ങനെ സംഭവിച്ചു എന്ന്, എനിക്കൊരു പിടിയും കിട്ടിയില്ല. എന്നാലും, പണ്ട് ഷെർലക് ഹോംസ് കഥകൾ വായിച്ചതിന്റെ വെളിച്ചത്തിൽ, ചെറിയൊരന്വേഷണം നടത്താൻ തന്നെ ഞാൻ തീരുമാനിച്ചു. അരമണിക്കൂറിനകം തന്നെ ഈ 'മാറിപ്പോകൽ പീഡനം' എങ്ങനെയാണ് സംഭവിച്ചത് എന്നതിന് വ്യക്തമായ ഉത്തരം കിട്ടുകയും ചെയ്തു. 

വളരെ സൂക്ഷ്മമായ നിരീക്ഷണത്തിലാണ്, എനിക്കൊരു കാര്യം മനസ്സിലായത്; ഞാൻ പുതുതായി വാങ്ങിച്ച എന്റെ ബ്രഷിന്റേത് മാത്രമായ ബ്രഷ് ഹോൾഡർ, എന്റെ കുളിമുറിയിൽ കാണാനില്ല. ഞാനും സഹധർമ്മിണിയും ഒരുമിച്ച് ഉപയോഗിച്ചിരുന്ന പഴയ ബ്രഷ് ഹോൾഡർ മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. 

എന്റെ ബ്രഷ് ഹോൾഡർ എവിടെപ്പോയി എന്ന അന്വേഷണം എന്നെക്കൊണ്ടെത്തിച്ചത്, കുട്ടികളുടെ ബാത്റൂമിലായിരുന്നു.കുട്ടികളുടെ ചില്ലിന്റെതായ ബ്രഷ് ഹോൾഡർ, തലേന്ന് രാത്രിയിലെ അവരുടെ സ്ഥിരം രാത്രി കലാപരിപാടിയായ ബാത്റൂം അടിപിടിയിൽ എങ്ങനെയോ പൊട്ടിപ്പോയിരുന്നു. അത് പക്ഷേ ഞാനറിഞ്ഞിരുന്നില്ല. ബ്രഷ് ഹോൾഡർ പൊട്ടിപ്പോയതിൽ പരിഭ്രമിച്ച കുട്ടികൾ, ഞാനറിയാതെ, എന്റെ ബാത്‌റൂമിൽ നിന്നും, എന്റെ ബ്രഷ് ഹോൾഡർ എടുത്ത് കൊണ്ട്പോയി അവരുടെ ബാത്റൂമിൽ വച്ചതാണ്. എന്റെ ബ്രഷും ഓർഗാനിക് പേസ്റ്റും, ഞങ്ങളുടെ പണ്ടത്തെ ബ്രഷ് ഹോൾഡറിൽ എടുത്ത് വച്ചതിന് ശേഷമാണ് അതിനെ സ്ഥലം മാറ്റിയത്. വൈകുന്നേരം നേരത്തെ അത്താഴം കഴിച്ച്, ഏഴ് മണിയോടെ പല്ല് തേച്ച ഞാൻ ഈ വിവരം അറിഞ്ഞിരുന്നുമില്ല. പക്ഷേ, നല്ലപാതിക്ക് ഈ വിവരമൊക്കെ അറിയാമായിരുന്നു.

എന്തായാലും, രാവിലെ എഴുന്നേറ്റ്, 'ഡിം' വെളിച്ചത്തിൽ, തലേന്ന് നടന്ന കഥയൊന്നുമോർക്കാതെയാണ്, സോഫ്റ്റ്‌വേർ പ്രോഗ്രാം ചെയ്ത് നീങ്ങുന്നത് പോലെ, അവളുടെ കൈകൾ ബ്രഷ് ഹോൾഡറിൽ പോവുകയും, നോക്കുന്നുണ്ടെങ്കിലും, അവളുടേതാണെന്ന ഭാവത്തിൽ, എന്റെ ബ്രഷെടുത്ത്, പല്ല് തേപ്പ് ആരംഭിച്ചത്. അവളുടെ കണ്ണിന് എന്റെ ബ്രഷും അവളുടെ ബ്രഷും തമ്മിൽ തിരിച്ചറിയാതെ പോവാൻ വേറൊരു കാര്യമായ കാരണവും ഉണ്ടായിരുന്നു.

അവളുടെ ബ്രഷ്, മുഴുവനായും പിങ്ക് നിരത്തിലുള്ളതായിരുന്നു. എന്റെ ബ്രഷും പിങ്ക് നിരത്തിലുള്ളതായിരുന്നെങ്കിലും, അതിന്റെ പിൻഭാഗത്ത് വാലറ്റത്തായി, ഏകദേശം പകുതിയോളം നീളത്തിൽ പച്ച നിറമായിരുന്നു. ആ പച്ച നിറമായിരുന്നു, ഏക വ്യത്യാസം. ഒരു പാക്കറ്റ് ബ്രഷ് വാങ്ങുമ്പോൾ, ബ്രഷിന്റെ കളർ കോഡുകൾ തമ്മിൽ ചിലപ്പോൾ വലിയ വ്യത്യാസം കാണാറില്ല. അങ്ങനെ സംഭവിച്ചതാണ്; അങ്ങനെ വിശ്വസിക്കാനാണ് എനിക്കിഷ്ടം.

കഷ്ടകാലത്തിന്, അവളുടെ രാവിലെയുള്ള മങ്ങിയ നോട്ടത്തിൽ, എല്ലാം പിങ്ക് മയമായിരുന്നു. അങ്ങനെയാണ് അന്നത്തെ ദിവസം, ഭാര്യയുടെ കണ്ണ് മഞ്ഞളിച്ച് പോയതും, ബ്രഷുകൾ തമ്മിൽ മാറിപ്പോയതും. പക്ഷേ, ഇതിന് മുന്നിലത്തെ തവണ, വ്യക്തമായ നിറവ്യത്യാസങ്ങളുണ്ടായിട്ടും, എങ്ങനെയാണ് മാറിപ്പോയതെന്ന് ഇതുവരെ മനസ്സിലാക്കാൻ പറ്റിയിട്ടില്ല, മാറിപ്പോയ കാര്യം, അവളൊട്ട് സമ്മതിച്ചിട്ടുമില്ല!

ഇരട്ടകളിൽ, ഒരേയൊരു തവണ, ആര് ആരാണെന്ന് മനസ്സിലാക്കിയാൽ, പിന്നീട് ഒരിക്കലും തമ്മിൽ തമ്മിൽ വളരെപ്പെട്ടന്ന് തിരിച്ചറിയുന്ന ആളാണ് എന്റെ സഹധർമ്മിണി. അത്, identical twins ആയാലും ശരി, അല്ലെങ്കിലും ശരി. പക്ഷേ നേരെ മറിച്ചാണ് എന്റെ കാര്യം. ഇരട്ടകളാണെന്ന് ഒരിക്കൽ മനസ്സിലായാൽ, identical twins അല്ലെങ്കിൽ പോലും, എനിക്ക് പരസ്പരം തിരിച്ചറിയാൻ സാധിക്കാറില്ല. എന്തോ എന്റെ മനസ്സിന്റെ പ്രോഗ്രാം അങ്ങനെയാണ്. ഇരട്ടകളിൽ ഒരാളെ കല്യാണം കഴിച്ച ആളിന്റെ അവസ്ഥ ആലോചിച്ച് എനിക്ക് ചിലപ്പോൾ തല ചുറ്റിപ്പോവാറുണ്ട്. ഇരട്ടകൾ, ഇരട്ടകളെത്തന്നെ കല്യാണം കഴിച്ചതിന് ശേഷം, പരസ്പരം മാറിപ്പോവുന്നത് സ്വപ്നം കണ്ട്, ഉറക്കത്തിൽ നിന്ന് ഞാൻ ഞെട്ടിയുണരാറുണ്ട്. എന്നിട്ടും, ഇരട്ടകളെ സംബന്ധിച്ച്, എനിക്കുള്ളത് പോലുള്ള പ്രശ്നമില്ലാത്ത എന്റെ വാമഭാഗത്തിന്, ഇരട്ടകളെപ്പോലുള്ള ബ്രഷുകൾ തമ്മിൽ, പരസ്പരം മാറിപ്പോയത് എങ്ങനെയെന്ന് ആലോചിച്ച് എനിക്കൊരു പിടിയും കിട്ടിയില്ല. പ്രത്യേകിച്ച്, എന്റെ ബ്രഷിന്റെ വാൾ ഭാഗത്ത് പകുതിയോളം നീളത്തിൽ പച്ചനിറമായിരുന്നിട്ട് കൂടി! അറിയാതെ മാറിപ്പോയി എന്ന വ്യാജേന, എന്റെ ബ്രഷിനെ കടന്നാക്രമിച്ച് പീഡിപ്പിച്ചത് കരുതിക്കൂട്ടിത്തന്നെയായിരുന്നോ എന്നാണ് ഇപ്പോഴത്തെ എന്റെ സംശയം.

ഭൂമിയും വീടും കുലുക്കി താഴോട്ടേക്കിറങ്ങിപ്പോയ സഹധർമ്മിണി, ബേസ്മെന്റിലെ ബാത്റൂമിലാണ് അഭയം പ്രാപിച്ചത്. എന്റെ ബ്രഷിനോട് നടത്തിയ അതിക്രമം പച്ചയായി കണ്ടുപിടിക്കപ്പെട്ടതിലുള്ള അഭിമാനക്ഷതം കൊണ്ടാണോ എന്നറിയില്ല, ഇനിമുതൽ അവളുടെ പല്ല് തേപ്പ്, അവിടെ നിന്നായിരിക്കുമത്രേ! ശപഥമാണ് പോലും! എന്തായാലും, ആതീരുമാനം, എന്റെ ബ്രഷിന്റെ ചാരിത്യ്രത്തിന് കാവലിരിക്കേണ്ട അവസ്ഥയിൽ നിന്ന് എനിക്ക് മോചനം തരുമല്ലോ എന്നതായിരുന്നു എന്റെ ആശ്വാസം. 

അന്വേഷണം കഴിഞ്ഞ്, തിരിച്ച് സ്വന്തം കുളിമുറിയിലേക്ക് വരാനെടുത്ത നേരമത്രയും, എന്റെ പ്രിയപ്പെട്ട ബ്രഷ്, ഭാര്യയുടെ പേസ്റ്റ് വെള്ളത്തിൽ കുളിച്ച്, വാഷ്ബേസിനിൽ മലർന്ന് നഗ്നയായി കിടക്കുകയായിരുന്നു.എന്റെ ഭാര്യയാണ് പീഡിപ്പിച്ചതെന്നുളത് കൊണ്ട്, കേസ് കൊടുക്കാൻ പോലും ഞാൻ അശക്തനായിരുന്നു. എന്റെ ബ്രഷിന് ആ വികാരം മനസ്സിലാവുമെന്ന അന്ധധാരണയിൽ, ഞാനെന്റെ ബ്രഷിനെ പതുക്കെ താങ്ങിയെടുത്ത് കുളിപ്പിച്ച് ശുദ്ധമാക്കി, ഇനി എന്ത് ചെയ്യുമെന്നറിയാതെ കുറച്ച് നേരം, അതിനെ പിടിച്ച് നോക്കിയിരുന്നു! ഇത്തരത്തിൽ മാറിപ്പോകുന്ന രോഗം ആർക്കും ഉണ്ടാവരുതേ എന്ന കണ്ണടച്ചുള്ള, ആത്മാർത്ഥമായ പ്രാർത്ഥന മാത്രം ബാക്കി!!

കുറിപ്പ്: ഈ സംഭവത്തിന് ശേഷം, ഇന്നുവരെ എന്റെ ബ്രഷിന് സല്ലപിക്കാൻ വേറൊരു ബ്രഷ് കൂടെയുണ്ടായിട്ടില്ല. എന്റെ വിശാലമായ കുളിമുറിയിൽ കൂട്ടില്ലാതെ വെറും ഒറ്റയാനായി ഇരിപ്പാണ്. വെറുതെ കിട്ടുന്ന WiFi മുഖാന്തിരം, താഴെ ബേസ്മെന്റിൽ കിടക്കുന്ന ഭാര്യയുടെ ബ്രഷുമായി അനാവശ്യമായി സംവദിക്കുന്നുണ്ടോ എന്ന കാര്യം അന്വേഷിക്കാൻ ഞാനിതുവരെ തുനിഞ്ഞിട്ടില്ല!

***

2021 നവംബർ 12, വെള്ളിയാഴ്‌ച

കേരളപ്പിറവി


വേൾഡ് മലയാളി കൗൺസിൽ, വാഷിംഗ്ടൺ ഡിസി മേഖലയുടെ 2021 ലെ കേരപ്പിറവി പരിപാടിയുടെ ഭാഗമായി, Nov 6, 2021 ന് കേരളചരിത്രത്തെക്കുറിച്ച്  നടത്തിയ  ZOOM ഭാഷണം

എല്ലാവർക്കും നമസ്കാരം. അതോടൊപ്പം കേരളപ്പിറവി ആശംസകളും. വിശിഷ്ടവ്യക്തിത്വങ്ങളാൽ അലങ്കരിക്കപ്പെടുന്ന ഈ വേദിയിലും സദസ്സിലും, കേരളപ്പിറവിയെക്കുറിച്ച് എല്ലാവർക്കും സാമാന്യമായ ധാരണയുണ്ടാകും എന്ന് തന്നെയാണ് എന്റെ വിശ്വാസം. എനിക്ക് മുന്നേ സംസാരിച്ച പല വ്യക്തികളും അത് ഇതിനകം സൂചിപ്പിച്ച് കഴിഞ്ഞു. അതുകൊണ്ട് തന്നെ ചിലർക്കെങ്കിലുമുള്ള ആവർത്തന വിരസതയൊഴിവാക്കാൻ, വളരെക്കുറച്ച് കാര്യങ്ങൾ മാത്രം ചുരുങ്ങിയ സമയത്തിനുള്ളിൽ, എന്റേതായ ഭാഷയിൽ  പറയാൻ മാത്രമേ ഞാനാഗ്രഹിക്കുന്നുള്ളൂ. 

കേരളം എന്നുണ്ടായി, കേരളം എന്ന പേര് എങ്ങനെയുണ്ടായി എന്നതിനെക്കുറിച്ചൊക്കെ പല കഥകളും നിലവിലുണ്ട്. പരശുരാമന്റെ ഐതിഹ്യത്തോളം അതിന് പഴക്കമുണ്ട്. സ്വന്തം അമ്മയെക്കൊന്നതിന് പ്രതികാരമായി, ക്ഷത്രിയന്മാരെ കൊന്നൊടുക്കിയ പാപക്കറതീർക്കാൻ, ബ്രാഹ്മണന്മാരെ കുടിയിരുത്താൻ വേണ്ടി, സ്വന്തം പരശു എന്ന മഴു, ഗോകർണ്ണത്ത് നിന്ന് കന്യാകുമാരിയിലേക്ക് എറിഞ്ഞപ്പോൾ ഉണ്ടായ ഭൂപ്രദേശമാണ് കേരളമെന്നാണ് ആ ഐതിഹ്യം.

കന്യാകുമാരിക്ഷിതിയാദ്യമായ് ഗോകർണ്ണാന്തമായ് തെക്കുവടക്ക് നീളെ അന്യോന്യമംബാശിവർ നീട്ടിവിട്ട കണ്ണോട്ടമേറ്റുണ്ടൊരു നല്ല രാജ്യം - എന്നാണല്ലോ കേരളവ്യാസനെന്നറിയപ്പെടുന്ന കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ, നമ്മുടെ കേരളത്തിന്റെ ഭൂവിശാലതയെക്കുറിച്ച് പറഞ്ഞിട്ടുള്ളത്. 

ഐതിഹ്യമാണെങ്കിലും, മാവേലിയടക്കം, പലപല രാജാക്കന്മാരും ഈ പ്രദേശം ഭരിച്ചു. ചേര സാമ്രാജ്യവും ചോള സാമ്രാജ്യവുമുണ്ടായി. ചെറിയ ചെറിയ സ്വരൂപങ്ങളും നാട്ടുരാജ്യങ്ങളുമുണ്ടായി. രാജാക്കന്മാർ തമ്മിൽ യുദ്ധങ്ങളുണ്ടായി. ഭൂവിസ്തൃതികളും രാജ്യങ്ങളുടെ അതിർത്തികളും മാറിമറിഞ്ഞു. കാലക്രമത്തിൽ പലപല ഭാഷകളും ഉണ്ടായ കൂട്ടത്തിൽ, ഈയൊരു പ്രദേശത്ത് മലയാളം എന്നൊരു മാനഹാരമായ ഭാഷയുമുണ്ടായി. 

ചേരന്മാരുടെ അളം എന്നത് ചുരുങ്ങിയുണ്ടായ ചേരളം എന്നത്, കാലക്രമത്തിൽ മാറിയാണ് കേരളം എന്ന പേര് വന്നതെന്നും, അതല്ല, കേരത്തിന്റെ അളം എന്ന രീതിയിലാണ് കേരളം എന്ന പേരുണ്ടായതെന്നുമൊക്കെയുള്ള കഥകൾ വേറെയുമുണ്ട്. 

കാലങ്ങളെത്രയോയോ കഴിഞ്ഞു. നമ്മുടെ നാട്ടിൽ, പുറത്ത് നിന്നുള്ള അധിനിവേശങ്ങളുണ്ടായി. ഒടുവിൽ, ബ്രിട്ടീഷുകാർ നമ്മുടെ നാട്ടിൽ വന്ന് നമ്മെ കീഴടക്കി. ബ്രിട്ടീഷുകാർ വരുമ്പോൾ, തെക്ക് കന്യാകുമാരി നിന്ന് തുടങ്ങിയാൽ, തിരുവിതാംകൂർ രാജ്യം, കൊച്ചിരാജ്യം, സാമൂതിരി രാജ്യം പിന്നെ വടക്ക് മൈസൂർ രാജ്യവും പിന്നെ ചെറുചെറു നാടുവാഴികൾ ഭരിച്ചിരുന്നതുമായ പ്രദേശമായിരുന്നു നമ്മുടെ ഇന്നത്തെ കേരളദേശം. 

സംഭവബഹുലമായ സ്വാതന്ത്ര്യസമരങ്ങൾക്കൊടുവിൽ, നമുക്ക് സ്വാതന്ത്ര്യം തന്ന്, 1947 ൽ ബ്രിട്ടീഷുകാർ തിരിച്ച് പോകുമ്പോൾ, ഇന്നത്തെ കാസറകോട് ഉൾപ്പെടുന്ന പ്രദേശം, മദ്രാസ് പ്രെസിഡൻസിയുടെ ഭാഗമായ സൗത്ത് കാനറാ ജില്ലയിലും, പണ്ടത്തെ സാമൂതിരിയുടെ പ്രദേശങ്ങളുൾക്കൊള്ളുന്ന മലബാർ പ്രദേശം, മദ്രാസ് പ്രെസിഡൻസിയുടെ തന്നെ മലബാർ ജില്ലയായും, കൊച്ചി നാട്ടു രാജ്യങ്ങളായിരുന്ന തിരുവിതാംകൂറും കൊച്ചിയും വെവ്വേറെ ഭരണ പ്രദേശങ്ങളുമായായിരുന്നു നിലകൊണ്ടിരുന്നത്. 1949 നൊടുവിൽ, തിരുവിതാംകൂറും കൊച്ചിയും ഒന്നിച്ച് ലയിച്ച്, തിരുകൊച്ചി എന്ന സംസ്ഥാനമുണ്ടായി. 

അങ്ങനെ ഏറ്റവും ഒടുവിൽ, 1956 ലെ States Reorganisation Act പ്രകാരം, ഭാഷയുടെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ വിഭജിക്കാനുള്ള തീരുമാനം, അന്നത്തെ ഇന്ത്യാ ഗവണ്മെന്റ് കൈക്കൊണ്ടു. അതിൻ പ്രകാരം, തിരുകൊച്ചിയുടെ തെക്ക് ഭാഗത്തുള്ള തമിഴ് സംസാരിക്കുന്ന പ്രദേശങ്ങളൊഴിച്ചുള്ള തിരുകൊച്ചിയും, മദ്രാസ് പ്രെസിഡൻസിയിലെ മലബാർ ജില്ലയും, സൗത്ത് കാനറാ ജില്ലയിലെ മലയാളം സംസാരിക്കുന്ന പ്രദേശമായ കാസറകോടും ചേർന്ന് 1956 നവംബർ ഒന്നിന്, തീർത്തും മലയാളം സംസാരിക്കുന്നയാളുകൾ നിവസിക്കുന്ന, കേരളം എന്ന ഇന്നത്തെ സംസ്ഥാനം രൂപം കൊണ്ടു. മലയാളം സംസാരിക്കുന്ന പ്രദേശങ്ങളാണെങ്കിലും, ലക്ഷദ്വീപിനെയും, 1954 വരെ ഫ്രഞ്ചുകാർ ഭരിച്ചിരുന്ന പ്രദേശമായ മാഹിയെയും കേരളം എന്ന പുതിയ സംസ്ഥാനത്ത് എന്തുകൊണ്ടോ ഉൾപ്പെടുത്തിയതുമില്ല! ഇന്നത്തെ പുതിയ കേരളത്തിൽ, അതിന്റെ പണ്ടത്തെ അതിർത്തികളായ ഗോകർണ്ണവും കന്യാകുമാരിയും ഇല്ല എന്നുള്ളതറിയാൻ, ഇന്ന് കുഞ്ഞിക്കുട്ടൻ തമ്പുരാൻ ജീവിച്ചിരിപ്പുമില്ല. 

ഇത്രയുമാണ് കേരളപ്പിറവിയുടെ ചരിത്രത്തിന്റെ രത്നച്ചുരുക്കമായി എനിക്ക് കിട്ടിയ ചുരുങ്ങിയ സമയത്തിനുള്ളിൽ ചുരുക്കിപ്പറയാനുള്ളത്. അതുകൊണ്ട് തന്നെ ഈ കേരളപ്പിറവി എന്നത് വളരെ വളരെസാങ്കേതികമാണ്. ഒന്നിന്റെ പിറവി മറ്റൊന്നിന്റെ മറവിയാണ്. ഇനിയും പിറവികളും മറവികളും ഇനിയും ഈ ലോകത്ത് ഉണ്ടായിക്കൊണ്ടേയിരിക്കും. അത് കാലചക്രത്തിന്റെ ഭാഗമാണ്. നന്ദി.


***

2021 ഒക്‌ടോബർ 25, തിങ്കളാഴ്‌ച

ആദ്യമായ് രണ്ടുപേരോടൊപ്പം (ടൂത്ത്ബ്രഷിന്റെ ചാരിത്ര്യം - 1)


'ദാനേ ദാനേ പേ ലിഖാ ഹേ ഖാനേ വാലേ കാ നാം' (ഓരോ ധാന്യത്തിലും അത് തിന്നാൻ പോകുന്നവന്റെ പേര് എഴുതിയിട്ടുണ്ട്) എന്ന് പറഞ്ഞത് പോലെ 'ഹരേക് ടൂത്ത്ബ്രഷ് പേ ലിഖാ ഹേ ദാന്ത് സാഫ് കർനേ വാലാ കാ നാം' (ഓരോ ടൂത്ത്ബ്രഷിലും, അതെടുത്ത് പല്ല് തേക്കാൻ പോകുന്നവന്റെ പേര് എഴുതിയിട്ടുണ്ട്) എന്നുള്ള വല്ല പഴമൊഴിയുമുണ്ടോ? ഞാനിതുവരെ കേട്ടിട്ടില്ല. 

ഒരാണിന് ഒരു പെണ്ണ് എന്ന് പറയുന്നത് പോലെ, ഒരാൾക്ക് ഒരു ബ്രഷ് എന്നത് കർശനമായും പാലിക്കേണ്ടതുണ്ടോ? ഒരു ടൂത്ത്ബ്രഷിന് ഒരു വായിൽ മാത്രമേ കേറാൻ പാടുള്ളോ? അതല്ല ഒരേ ടൂത്ത്ബ്രഷ്, കഷ്ടകാലത്തിന് ഒന്നിലധികം 'വാ'കളിൽ കേറിപ്പോയാൽ വല്ലതും സംഭവിക്കുമോ? സയൻസ് വല്ല പൊട്ടത്തരവുമൊക്കെ പറഞ്ഞേക്കാം. റാഡിക്കലായിട്ട് ചിന്തിച്ചാൽ, വിശ്വാസമല്ലേ എല്ലാം! പ്രാക്ടിക്കലായിട്ട് അനുഭവിച്ചവൻ, ചില കാര്യങ്ങൾ തുറന്ന് പറഞ്ഞാൽ, സയൻസ് ഭക്തർ മൂക്കത്ത് വിരൽ വെക്കുമെങ്കിലും, ഫ്രഞ്ച്കിസ്സ് ചെയ്യുന്നവർ, ഇനി പറയുന്ന കാര്യങ്ങൾ കേട്ടാൽ ആനന്ദത്തോടെ കേട്ടുനിൽക്കുമെന്ന് എനിക്ക് തീർച്ചയുണ്ട്. ആദ്യമേ തന്നെ പറയട്ടെ... ഇനി കേൾക്കാൻ പോകുന്ന കഥ കേട്ട് വികൃതമായ താരതമ്യങ്ങൾക്ക് ആരും മുതിരരുത്! സാഹചര്യത്തിനനുസരിച്ച് മാത്രം തമാശകൾ ആസ്വദിക്കുക!

ഇരുപതിലേറെ കൊല്ലങ്ങൾക്ക് മുൻപാണ്. മുംബൈയിൽ താമസിക്കുന്ന സമയം. ബാച്ചിലറാണ്. എന്റെ ഒരു അകന്ന ബന്ധുവിന്റെ ഔദാര്യത്തിൽ, സർക്കാർവകയായ അദ്ദേഹത്തിന്റെ വാസസമുച്ചയത്തിലാണ് താൽക്കാലികമായുള്ള താമസം. ഗ്രാമപ്രദേശത്ത് നിന്ന് നാട് വിട്ട് വന്നതിന് ശേഷം, അറേബ്യൻ നാട്ടിലും, സായിപ്പിന്റെ നാട്ടിലുമൊക്കെപ്പോയി ചില പരിഷ്കാരങ്ങളൊക്കെ ചിന്തയിലും ചന്തത്തിലുമൊക്കെ അറിയാതെ സംഭവിച്ചിട്ടുണ്ട്. താമസസൗകര്യം അനുവദിച്ച് തന്ന ബന്ധുവിന് സീനിയോറിറ്റി കൂടിയപ്പോൾ, ആദ്യമുണ്ടായിരുന്ന ഒന്നാം നിലയിലെ സെറ്റപ്പുകൾക്ക് പുറമേ, വേറൊരു മുറി കൂടി അനുവദിച്ച് കിട്ടിയിരുന്നു. പക്ഷേ പുതുതായി അനുവദിച്ച് കിട്ടിയ മുറി നാലാം നിലയിലായിരുന്നു. ആ നാലാം നിലയിലെ പുതിയ മുറിയിലായിരുന്നു എന്റെ താമസം. ബന്ധുവും കുടുംബവും താമസിക്കുന്ന ഒന്നാം നിലയിൽ പോയാൽ, പ്രാതലും ഊണും അത്താഴവുമൊക്കെ കിട്ടുകയും ചെയ്യും.

അങ്ങനെയുള്ള ആ താമസ സ്ഥലത്തേക്ക്, ഞങ്ങളുടെ ബന്ധുക്കാളായ പലരും വാരാന്ത്യങ്ങളിൽ വന്നു ചേരും. ആ കൂട്ടത്തിൽ, പൂനെയിൽ നിന്നുള്ള കമ്പ്യൂട്ടർ എഞ്ചിനീയറായ, ശാസ്ത്രബോധമുള്ള, ചെറുപ്പത്തിലേ പട്ടണത്തിന്റെ ശീലങ്ങളൊക്കെയുള്ള ഒരു കസിൻ ഒരു സ്ഥിരം കക്ഷിയാണ്. ആ വീട്ടിലെ വീട്ടമ്മ, രുചികരമായ ശാപ്പാട് ഒരുക്കുമെന്നുള്ളതാണ് അവിടേക്ക് ആകർഷിക്കപ്പെടാനുള്ള മുഖ്യ കാരണം. കൂടാതെ സർക്കാർ ഉദ്യോഗസ്ഥനായ ബന്ധുവുന്റെ കൂടെ സരസമായ മധുപാനസദസ്സിലും പങ്കെടുക്കാം.

അങ്ങനെയുള്ള ഒരു വെള്ളിയാഴ്ച സായാഹ്നം. നമ്മുടെ കസിൻ, പൂനെയിൽ നിന്ന് നേരത്തെ തന്നെ ബസ്സ് കേറി, വൈകുന്നേരം ഏഴരയാവുമ്പഴേക്കും നവിമുംബൈയിലെ ഞങ്ങളുടെ ആസ്ഥാനത്തെത്തി. ആനന്ദകരമായ സോമരസപാനത്തിനും, ഉല്ലാസകരമായ സംഭാഷണങ്ങൾക്കും, കുശാലായ ശാപ്പാടിനും ശേഷം, രാത്രി വളരെ വൈകി, എല്ലാവരും നിദ്രപൂകാനുള്ള തയ്യാറെടുപ്പിലായി. ഞാനും, കുഞ്ഞ് ബാക്ക്പാക്കും തൂക്കി കസിനും നാലാം നിലയിലുള്ള എന്റെ താൽക്കാലിക കിടപ്പറയിലെത്തി. 

കള്ള് കുടിച്ചാലുമില്ലെങ്കിലും, കിടക്കുന്നതിന് മുന്നേ പല്ല് തേക്കുന്നത് എന്റെയൊരു ശീലമാണ്. എന്റെ ബ്രഷെടുത്ത്, ഞാൻ പല്ല് തേച്ചു. നാളെ രാവിലെ എല്ലാം കൂടി ഒരുമിച്ച് തേക്കാം എന്നും പറഞ്ഞ്, കസിൻ നേരെ കട്ടിലിൽ കയറിക്കിടന്നു. സാധാരണഗതിയിൽ, രാത്രിയിൽ പല്ല് തേക്കാറുണ്ടെങ്കിലും, അന്ന്, പല്ല് തേക്കാനുള്ള ക്ഷമയൊന്നും അവൻ കാണിച്ചില്ല. ഒടുവിൽ, പല്ല് തേച്ച് വന്ന ഞാനും, വീതി കുറഞ്ഞ ആ കട്ടിലിൽ അഡ്ജസ്റ്റ് ചെയ്ത്, നാളത്തെ പുലർകാലം കാണുമെന്ന പ്രതീക്ഷയോടെ മലർന്ന് കിടന്നു.

മുകളിൽ നിന്ന് ശകടരൂപത്തിൽ കറങ്ങുന്ന പങ്ക കണ്ടപ്പോൾ, മധുപാനമേൽപിച്ച മത്തിന്റെ വീര്യം കുറച്ചധികമായതായി തോന്നി. ഞങ്ങളുടെ കിടപ്പറ സംഭാഷണങ്ങൾ, എവിടെയോ വച്ച്, അർദ്ധവിരാമത്തിൽ മുറിഞ്ഞ്, ഞങ്ങൾ രണ്ടുപേരും ഉറങ്ങിപ്പോയി. 

പിറ്റേന്ന് പ്രഭാതം കണ്മുന്നിലെത്തിയത്, എട്ട് മണിക്കാണ്. രാവിലെ ഏഴിനും ഒമ്പതിനും മദ്ധ്യേ മാത്രമേ, ആ വീട്ടിൽ പൈപ്പിലൂടെ വെള്ളം ലഭിക്കുമായിരുന്നുള്ളൂ. അതുകൊണ്ട്, ഒൻപത് മണിക്ക് മുന്നേ പ്രഭാതകർമ്മങ്ങൾ തീർത്ത്, ഒന്നാം നിലയിലേക്ക് പ്രാതലിന് പോകണം. ഞങ്ങൾ രണ്ടു പേരും കണ്ണ് തിരുമ്മി, ആർക്കോവേണ്ടിയെന്നപോലെ മടിച്ച് മടിച്ച് എഴുന്നേറ്റു. കസിൻ, അവന്റെ ബാക്ക്പാക്ക് തപ്പി നോക്കിയപ്പോഴാണ്, വരുന്ന തിരക്കിനിടയിൽ ടൂത്ത്ബ്രഷ് മറന്നുപോയി എന്ന കാര്യം അവനോർത്തത്. ഇനി എന്ത് ചെയ്യും? പത്ത് മിനുട്ടോളം നടന്നാൽ ഒരു കടയുണ്ട്. അവിടെപ്പോയാൽ പുതിയ ടൂത്ത്ബ്രഷ് വാങ്ങിക്കാം. എന്ന് വച്ചാൽ, പോയി തിരിച്ച് വരാൻ കാൽമണിക്കൂറിലധികം എടുക്കും.

എഴുന്നേറ്റിട്ടും വിട്ടുമാറാത്ത ഉറക്കച്ചടവും, അതിന് മേമ്പൊടിയായി മടിയും കൂടിയപ്പോൾ, അവന് കടയിലേക്ക് രാവിലെത്തന്നെ പോകാൻ മടി. 

"നീയൊന്ന് പോയി ഒരു ബ്രഷ് വാങ്ങിക്കൊണ്ടുവരാമോ ?" കോട്ടുവാ ഇട്ടുകൊണ്ട് ദയനീയമായായിരുന്നു അവന്റെ ചോദ്യം. എനിക്കാണെങ്കിൽ അവനെക്കാൾ മടി. എന്റെ ബ്രഷ് അവിടെയുള്ളപ്പോൾ, ഞാനെന്തിന് തുറക്കാത്ത കണ്ണുകളുമെടുത്ത് രാവിലെത്തന്നെ ആരാന് വേണ്ടി  കടയിൽപ്പോകണം? 

"എനിക്ക് വയ്യ... നിനക്ക് വേണെങ്കിൽ... നിനക്ക് ഓക്കാനിക്കൂല്ലെങ്കിൽ, എന്റെ ബ്രഷെടുത്ത് തേച്ചോ... അല്ലെങ്കിൽ ചൗധരിക്കടയിൽ പോയി പുതിയത് വാങ്ങിച്ചോണ്ടാ..."

അതും പറഞ്ഞ്, ഞാൻ നേരെ കക്കൂസിലേക്ക് ഓടിക്കയറി വാതിലടച്ചു. എന്റെ പ്രഷറും കുറക്കാം, അവന്റെ ബ്രഷ് കൺഫ്യൂഷനിൽ നിന്നും രക്ഷപ്പെടുകയും ചെയ്യാം.

ഒന്നുരണ്ട് മിനിറ്റുകൾക്കുള്ളിൽ, കക്കൂസിൽ നിന്നും പാട്ടും പാടി വേസ്റ്റ്‌ പുറന്തള്ളുന്നതിനിടയിൽ, ബ്രഷുകൊണ്ട് പല്ല് തേക്കുന്നതിന്റെ ഒച്ച താളത്തിൽ അവിടെ ഉയർന്നത് എന്നിൽ അമ്പരപ്പ് ഉണ്ടാക്കി. കൊണ്ടുവരാൻ മറന്നുപോയി എന്നു പറഞ്ഞ ബ്രഷ് അവന്റെ ബാഗിൽത്തന്നെയുണ്ടായിരുന്നോ? അതോ, കടയിൽ പോയി പുതിയ ബ്രഷ് കൊണ്ടുവന്നോ? ഏയ്... എന്തായാലും രണ്ട് മിനിട്ടുകൾക്കുള്ളിൽ പുതിയത് വരാൻ ഒരു സാധ്യതയുമില്ല. അല്ല, പറഞ്ഞ് പറഞ്ഞ്, അവൻ എന്റെ ബ്രഷ് തന്നെ എടുത്തായിരിക്കുമോ പണി പറ്റിക്കുന്നത്? 

"എടാ.... നീ എന്റെ ബ്രഷെടുത്തിട്ടാണോ തേക്കുന്നത്?..." ഉള്ളിൽ നിന്നും ഞാൻ വിളിച്ച് ചോദിച്ചു.

"എടാ... ബ്രഷിന്റെ മേലെ പേസ്റ്റെടുത്ത് തേച്ചാൽ കുഴപ്പമൊന്നും ഉണ്ടാവൂല്ല... അത് എല്ലാ ബാക്ടീരിയകളെയും നശിപ്പിക്കും... ഫ്ലൂറൈഡല്ലേ സാധനം... പോരാഞ്ഞതിന് ഒന്നുകൂടെ നന്നായി കഴുകീട്ടാണ്‌ ഞാനെടുത്തത്... ഇനീം കഴുകും..."

അതെ അവനത് ചെയ്തിരിക്കുന്നു. ലോകത്ത് ആദ്യമായി ഒരു ബ്രഷ് രണ്ട് 'വാ'കളിലെ പല്ലുകൾ വൃത്തിയാക്കിയിരിക്കുന്നു.

"എടാ... ഭയങ്കരാ... നീ ആള് കൊള്ളാലോ..." വേസ്റ്റ് തള്ളുന്നത് മതിയാക്കി ഹസ്തപ്രക്ഷാളനം ചെയ്ത്, തിടുക്കത്തിൽ ഞാൻ പുറത്ത് വന്നു. ആദ്യായിട്ടാണ് എന്റെ ഒരു ബ്രഷ്, വേറൊരുത്തൻ കൂളായി ഉപയോഗിക്കുന്നത്! 'വേണെങ്കിൽ... നിനക്ക് ഓക്കാനിക്കൂല്ലെങ്കിൽ, എന്റെ ബ്രഷെടുത്ത് തേച്ചോ' എന്ന് വെറും തമാശക്കായിരുന്നു അവനോട് പറഞ്ഞത്, അവനതെടുത്ത് പല്ല് തേച്ച് പീഡിപ്പിക്കുമെന്ന് ഞാനൊരിക്കലും കരുതിയിരുന്നില്ല.

ഞാൻ പുറത്ത് വരുമ്പോൾ, അവൻ പല്ലൊക്കെ തേച്ചതിന് ശേഷം, കാർക്കിച്ച് തുപ്പി, എന്റെ ബ്രഷ് വീണ്ടും കഴുകി വെക്കുകയാണ്; ഒന്നും സംഭവിക്കാത്തത് പോലെ.

"ഇനി ഞാനെങ്ങനെയാ പല്ല് തേക്കുക...?" കസിനാണെങ്കിലും എന്റെ നീരസം ആ വാക്കുകളിൽ ഞാൻ പ്രകടമാക്കി.

"നിനക്ക് നിന്റെ ബ്രഷില്ലേ... പിന്നെയെന്താ...? ഞാനുപയോഗിച്ചൂന്നും വച്ച്, അതിനൊന്നും സംഭവിച്ചിട്ടില്ല..." അവിടെയുണ്ടായിരുന്ന കുഞ്ഞ് കത്രിക കൊണ്ട് അവന്റെ മീശക്ക് മുകളിൽ ലക്ക് കെട്ട് വളർന്ന കളരോമങ്ങൾ കത്രിച്ച് കൊണ്ട് അവൻ മൊഴിഞ്ഞു.

"പോടാ..." എന്നും പറഞ്ഞ്, ഞാൻ നേരെ കട്ടിലിൽ പോയി ഇരുന്നു. എന്റെ മാത്രം സ്വന്തമായിരുന്ന ബ്രഷിനെ ബലാൽക്കാരം ചെയ്തതിൽ ഞാൻ തീർത്തും ഖിന്നനായിരുന്നു. ഇനി രണ്ട് ഓപ്‌ഷൻസ് മാത്രമേ എന്റെ മുന്നിലുള്ളൂ... ഒന്നുകിൽ, ചൗധരിക്കടയിൽ പോയി പുതിയത് വാങ്ങുക, അല്ലെങ്കിൽ, എന്റെ സ്വന്തം ബ്രഷ്, കസിൻ എടുത്ത് ഉപയോഗിച്ച ബ്രഷ് തന്നെ ഉപയോഗിച്ച് പല്ല് തേക്കുക. കടയിൽ പോകാനാണെങ്കിൽ വല്ലാത്ത മടി. 

രണ്ട് മിനുട്ട് ആലോചിച്ചതിന് ശേഷം, ഞാൻ വ്യക്തമായ ധാരണയിലെത്തി. ഏതായാലും, മൂന്നാല് മാസക്കാലം ഞാനുപയോഗിച്ച ബ്രഷ്, ഒരൊറ്റ നേരത്തേക്ക് എന്റെ കസിൻ ഉപയോഗിച്ചു എന്നുള്ളത് കൊണ്ട് അതിനെ വലിച്ചെറിയണോ? അത്രക്ക് നിർദ്ദയനാണോ ഞാൻ! അതിനെ ഈ അവസ്ഥയിൽ ഉപേക്ഷിച്ചാൽ, ഇനി വരുന്ന ബ്രഷുകൾ പോലും എന്നോട് പൊറുക്കുമോ? അവൻ ഒരു നേരത്തേക്ക് മാത്രമായി ഉപയോഗിച്ച ആ ബ്രഷ്, ഞാൻ വീണ്ടും ഉപയോഗിച്ചാൽ, എന്റെ പല്ലിളകി വീഴുമോ? അവനും എനിക്കും ഇതുവരെ പല്ലിന് ഒരു കുഴപ്പവും ഇല്ലതാനും. അവിടെക്കിടക്കുന്ന എന്റെ സ്വന്തം ബ്രഷ് ഉപയോഗിക്കുക തന്നെയാണ് ഉചിതം. എന്റെ ബ്രഷിനെ സംരക്ഷിക്കേണ്ടത്, ഞാൻ സ്നേഹിച്ച ബ്രഷിനെ ഇനിയെങ്കിലും കരുതലോടെ കാക്കേണ്ടത് എന്റെ കടമയാണ്!

പതുക്കെ എഴുന്നേറ്റ്, വാഷ്ബേസിന്റെ അടുത്ത് ചെന്ന്, ചാരിത്ര്യം നഷ്ടപ്പെട്ട എന്റെ സ്വന്തം ബ്രഷിനെ ഞാൻ സങ്കടത്തോടെ കൈയ്യിലെടുത്തു. അതിനെന്തെങ്കിലും പോറലുകൾ സംഭവിച്ചിട്ടുണ്ടോ എന്നോർത്ത് വെറുതെ തിരിച്ചും മറിച്ചും നോക്കി. അത് വരെ, എന്റെ വാ മാത്രം കണ്ടിട്ടുള്ള ബ്രഷാണ്. അവനെടുത്ത് തേക്കുമ്പോൾ, കക്കൂസിലായിപ്പോയത് കൊണ്ട്, എനിക്ക് തടയാൻ കഴിഞ്ഞിരുന്നില്ല. ആ ബ്രഷ് ഒച്ചവച്ച് കരഞ്ഞിരുന്നെങ്കിൽ കക്കൂസിന്റെ വാതിൽ തല്ലിപ്പൊളിച്ചെങ്കിലും പുറത്ത് വന്ന് കസിനെ തടഞ്ഞേനെ എന്ന് വെറുതെ ആലോചിച്ചു. എന്നെക്കുറിച്ച് ബ്രഷെന്ത് വിചാരിക്കുമെന്നോർത്ത് എനിക്ക് സങ്കടം വന്നു. പ്രതികരണശേഷിയില്ലാത്തവന്റെ കൂടെയായിരുന്നല്ലോ ഇത്രയും നാൾ കഴിഞ്ഞതെന്ന് ബ്രഷ് കരുതിക്കാണുമോ? സത്യത്തിൽ, അവൻ പല്ല് തേക്കുന്ന ശബ്ദം കേട്ടയുടനെത്തന്നെ പുറത്ത് വന്ന് അത് തടയേണ്ടതായിരുന്നു. ബ്രഷിന്റെ മൂക-നിസ്സഹായാവസ്ഥയെക്കുറിച്ച് ഞാൻ ഓർക്കേണ്ടതായിരുന്നു.  പക്ഷേ, അവന്റെ ബ്രഷാണോ, എന്റെ ബ്രഷാണോ, പുതിയ ബ്രഷാണോ എന്നൊക്കെയുള്ള ശങ്കയിൽ കുറച്ച് നേരം ആലോചിച്ച് ഇരുന്നുപോയി. പുറത്ത് വരുമ്പഴേക്കും സംഭവിക്കേണ്ടത് സംഭവിച്ച് കഴിഞ്ഞിരുന്നു. ബ്രഷിനെ പതുക്കെ തലോടിക്കൊണ്ട്, ചെയ്ത തെറ്റ് മനസ്സിലാകാതെ എന്നെ നോക്കിച്ചിരിക്കുന്ന എന്റെ കസിനെ ഞാൻ ക്രുദ്ധനായി നോക്കി. 

ഒടുവിൽ, പേസ്റ്റെടുത്ത് അതിന്റെ മുകളിൽ തേച്ച്, ഇത്തിരി കണ്ണീര് പൊടിഞ്ഞെങ്കിലും, വായിലേക്കിട്ട് പതുക്കെ പല്ല് തേപ്പ് ആരംഭിച്ചു. എന്തൊക്കെയോ അരുചി തോന്നുന്നുണ്ടോ എന്ന തോന്നൽ എനിക്ക് വന്നു. ഒന്ന് രണ്ട് തവണ വായിലൂടെ ഇടത്തോട്ടും വലത്തോട്ടും പോയപ്പോൾ, എനിക്ക് പുതുതായൊന്നും തോന്നിയില്ല. സാധാരണപോലെ പല്ല് തേപ്പ് കഴിഞ്ഞെങ്കിലും, സാധാരണയിൽ കവിഞ്ഞ്, ഞാനെൻറെ വാ കൂടുതൽ കഴുകി. കാർക്കിച്ച് തുപ്പുന്നതിന് കൂടുതൽ ആക്കം ഉണ്ടായിരുന്നു. കസിനോടുള്ള ദേഷ്യം മുഴുവൻ, കാർക്കിച്ച് തുപ്പിത്തീർത്തു. അപ്പോഴും, എന്റെ മഹാനായ കസിൻ, എന്നെ നോക്കി ചിരിക്കുകയായിരുന്നു. അവനിട്ട് രണ്ട് പൊട്ടിക്കാൻ എന്റെ മനസ്സ് വെമ്പിയെങ്കിലും കസിനായത് കൊണ്ട് സ്വയം നിയന്ത്രിച്ചു.

"വാ... നമുക്ക് താഴെ പോയി വല്ലതും കഴിക്കാം... നേരം വൈകി..."  ഞങ്ങൾ രണ്ടുപേരും ഒന്നാം നിലയിലേക്ക് പ്രാതൽ ലക്ഷ്യം വച്ച് കൊണ്ട് പടികളിറങ്ങി. എന്തായാലും, വൈകുന്നേരം, ഇത്തിരി ആൽക്കോഹോൾ വായിലിട്ട് കുലുക്കുഴിഞ്ഞ് തുപ്പണമെന്ന് ഞാൻ മനസ്സിലുറപ്പിച്ചിരുന്നു.

"എടാ... നിനക്കെന്തിനാ സങ്കടം...?" എന്റെ മൂകത കണ്ട് എന്നെ സമാധാനിപ്പിക്കാനുള്ള ശ്രമമാണ്.

"നാണമില്ലല്ലോ വേറൊരുത്തന്റെ ബ്രഷെടുത്ത് തേക്കാൻ... നിന്റെ തുപ്പലും മറ്റും എന്റെ ബ്രഷിലാക്കീട്ട്... നാണം കെട്ട പട്ടി... പത്തിരുപത്തെട്ട്‍ വയസ്സായല്ലോ..."  ഞാനവനെ തുറിച്ച് നോക്കി. അവനപ്പോഴും ചിരിക്കുകയായിരുന്നു. അവൻ കരുതിക്കൂട്ടി ഒപ്പിച്ച പണിയാണോ എന്ന് ഞാൻ സംശയിച്ചു. വായിൽ അസാധാരണമായി എന്തെങ്കിലും തോന്നുന്നുണ്ടോ എന്നൊരു തോന്നൽ ഉണ്ടായത് കൊണ്ട്, നാക്ക് കൊണ്ടൊന്ന് ഉഴിഞ്ഞ്, ആരുടേയും തലയിലേക്ക് വീഴുന്നില്ല എന്നുറപ്പിച്ച്, താഴേക്കുള്ള ഇറക്കത്തിനിടയിൽ, സ്റ്റെയർ കേസിന്റെ തിരിവിൽ വച്ച് താഴേക്ക് നീട്ടിത്തുപ്പി.

"എടാ... ഫ്രഞ്ച് കിസ്സ് ചെയ്യുന്നവരുടെ തുപ്പലുകൾ അങ്ങോട്ടുമിങ്ങോട്ടും പോവൂല്ലേ... ഇത് അത്ര പോലുമില്ലല്ലോ... നീ കഴുകി വച്ച ബ്രഷ്...ഞാൻ വീണ്ടും കഴുകി... ടൂത്ത്പേസ്റ്റ് എടുത്തിട്ടാണ് തേച്ചത്... തേച്ചതിന് ശേഷം വീണ്ടും കഴുകി... അത് പിന്നേം കഴുകിയിട്ടല്ലേ നീ ഉപയോഗിച്ചത്? അതിൽ എന്റെ തുപ്പലെവിടെയാണ് ഉണ്ടാവുക?... അല്ലെങ്കിൽ, ഈ കഴുകൽ എന്ന ചടങ്ങിന് എന്താണർത്ഥം...?"

"അപ്പോ ഞാൻ നിനക്കൊരു ഫ്രഞ്ച് കിസ്സ് തരട്ടേ... നിനക്ക് ഒക്കെയാണോ ?" അപ്പഴേക്കും ഞാനും ഒന്നയഞ്ഞിരുന്നു. കാലപ്പഴക്കം ദുഃഖങ്ങളുടെ തീവ്രത കുറക്കുമല്ലോ!

"നിനക്ക് ഞാൻ പറഞ്ഞത് ഇപ്പഴും മനസ്സിലായിട്ടില്ല... ഇതിലൊന്നും വല്യ കാര്യമില്ല..." അവൻ പിന്നേം ചിരിക്കുകയാണ്.

"വേറൊരു കുളിമുറി കഴുകിയ ബ്രഷെടുത്ത് ഉപയോഗിക്കുന്നത് പോലെയാണോ ആരാന്റെ ടൂത്ത്ബ്രഷെടുത്ത് ഉപയോഗിക്കുന്നത്...?" 

"വേണേങ്കി... കുറച്ച് നേരം നിന്റെ ബ്രഷ് ഡെറ്റോളിലിട്ട് മുക്കി വച്ചോ..."

"ഇങ്ങനെയാണെങ്കിൽ നീ ആരാന്റെ കോണകവും എടുത്ത് ചാർത്തിക്കളയുമല്ലോ...? നിന്റെ ഉണ്ടക്കാലിൽ എന്റേത് കേറാത്തത് ഭാഗ്യം..."

"ഹഹഹ... ഹ്ഉം... പോട്ടെ... പോട്ടെ... ഇനി ഇതിന്റെ പേരിൽ അഥവാ നിന്റെ ഏതെങ്കിലും പല്ല് പോയാൽ ഞാനെന്റെ പല്ല് പറിച്ച് തന്നേക്കാം പോരേ.... എന്തായാലും സംഭവിച്ച് പോയി... ഇനി പറഞ്ഞിട്ടെന്താ... അല്ലെങ്കിൽ നിനക്ക് പോയി വേറെ ബ്രഷ് വാങ്ങിക്കൂടായിരുന്നോ... നിനക്ക് OK ആയത് കൊണ്ടല്ലേ നീ പുതിയത് വാങ്ങിക്കാഞ്ഞതെ അത് തന്നെ എടുത്ത് തേച്ചത്... എനിക്കൊരു പ്രശ്നോം ഇല്ല... ഈ ബ്രഷിനെ ഞാൻ കൊണ്ടുപോയിക്കോളാം..." 

ഞാനവനെ അടിക്കാനോങ്ങിയപ്പഴേക്കും (തമാശയായി) ഞങ്ങൾ ഒന്നാം നിലയിലെത്തിയിരുന്നു. അവൻ പൊട്ടിച്ചിരിച്ച് കൊണ്ട് ഓടി അകത്തേക്ക് കയറി. അറിയാതെ എന്നോടും ചിരിച്ച് പോയി. എന്താണ് പ്രശ്നമെന്ന് ഞങ്ങളുടെ ബന്ധുവും സഹധർമ്മിണിയും ചോദിച്ചെങ്കിലും, ബ്രഷ്  പീഡിപ്പിക്കപ്പെട്ട വിവരം ഞങ്ങൾ രണ്ടുപേരും ആരോടും പറഞ്ഞില്ല. 

ഒരു തവണ അടിമപ്പെട്ടാൽ, പിന്നെ ശീലമായിക്കൊള്ളും എന്ന് പറഞ്ഞത് പോലെ, ഇതേ തരത്തിൽ വീണ്ടും ബ്രഷ് മറന്നുപോയ ചില അപൂർവ്വ അവസരങ്ങളിൽ, എന്റെ ബ്രഷിന് പിന്നെയും കുറച്ച് തവണ കൂടി പരഗമനം നടത്തേണ്ടി വന്നു. മറന്നുപോകുന്ന പ്രശ്നം എന്നെന്നേക്കുമായി പരിഹരിക്കാൻ, അവന്റേതായ ഒരു 'ചിന്ന ബ്രഷ്' വാങ്ങി എന്റെ വാസസ്ഥലത്ത് വെക്കാൻ, അവനോ ഞാനോ ഒരിക്കലും മിനക്കെട്ടതുമില്ല. പിന്നീടുള്ള സന്ദർഭങ്ങളിൽ പക്ഷേ, ആദ്യത്തെ തവണയിൽ നിന്ന് വ്യത്യസ്തമായി, ബ്രഷിനോ എനിക്കോ എന്റെ കസിനോ പ്രത്യേകമായി ഒന്നും തോന്നിയിരുന്നില്ല! ഞങ്ങളുടെ മൂന്നുപേരുടെയും നാണം അപ്പഴേക്കും തീർത്തും മാറിയിരുന്നു!! പരിഷ്കാരങ്ങളുടെ പോക്ക് അപാരം തന്നെ!!!

ലോകത്താദ്യമായി, ടൂത്ത്ബ്രഷിന്റെ ചാരിത്ര്യം നഷ്ടപ്പെട്ട കഥ വായിച്ച് വിശ്വസിച്ച്, 'അയ്യേ' എന്ന് തോന്നുന്നുണ്ടോ? ഉണ്ടെങ്കിൽ ഒരു കാര്യം ഓർമ്മയിരിക്കട്ടെ. സ്വന്തം ബ്രഷിനെ മറ്റുള്ളവരിൽ നിന്ന് രക്ഷിക്കേണ്ടത് നമ്മുടെ മാത്രം ഉത്തരവാദിത്തമാണ്! ജാഗ്രതൈ! 

ഈ കഥയെ ആധാരമാക്കി, ഇനി മുതൽ 'നാരായത്തിന്റെ ബ്രഷാകാൻ താല്പര്യമുണ്ടോ' എന്ന്, താല്പര്യമുള്ള ആളുകളോട് വ്യംഗ്യാർത്ഥത്തിൽ ചോദിച്ച് ചോദിച്ച്, അതൊരു പുതിയ ചൊല്ലോ ശൈലിയോ ആക്കി ആരും മാറ്റിക്കളയരുത്. അഥവാ അങ്ങനെ ചെയ്യുന്ന ആരെങ്കിലുമുണ്ടെങ്കിൽ, അവരെ കുനിച്ച് നിർത്തി, ആരെക്കൊണ്ടെങ്കിലും ഇടിപ്പിക്കേണ്ടിവരും!! 

ഈ കഥ ഇവിടെ എഴുതാൻ പ്രേരിപ്പിച്ച വേറൊരു ദുരന്തകഥയുമായി ഒരു തവണ കൂടി കാണാം: മാറിപ്പോകുന്ന രോഗം (ടൂത്ത്ബ്രഷിന്റെ ചാരിത്ര്യം - 2)
***