2019 ഫെബ്രുവരി 9, ശനിയാഴ്‌ച

ബ്ലൗസ് ട്രബ്ൾ


"നമസ്കാരം സുഹൃത്തുക്കളേ... എല്ലാവർക്കും നാരായത്തിന്റെ നമോവാകം... പതിവിന് വിപരീതമായി, എന്റെ സുഹൃത്ത് ഗോപുവാണ് ഇന്ന് നിങ്ങളോട് ഒരു കഥ പറയാൻ വരുന്നത്... ഞാൻ അദ്ദേഹത്തിന് മൈക്ക് കൈമാറാം... അദ്ദേഹത്തിന്, ആദ്ദേഹത്തിന്റെ ഭാഷയിൽ പറയാനുള്ളത് ദയവായി കേൾക്കുക..."

"നമസ്കാരം... എന്റെ പേര് ഗോപു... ഒരു ബ്ലൗസ്, എന്റെ ജീവിതത്തിൽ ഉണ്ടാക്കിയ പൊല്ലാപ്പിനെക്കുറിച്ചാണ് പറയാൻ വരുന്നത്.. ആദ്യമേ തന്നെ ഒരു കാര്യം പറഞ്ഞേക്കാം. തലവാചകം കണ്ട് ആരും വേണ്ടാത്തതൊന്നും ചിന്തിച്ച് തല പുണ്ണാക്കരുത്... കേട്ടോ.. ചിലപ്പോൾ 'ഗ്യാസ് ട്രബ്ൾ' എന്നത് 'ബ്ലൗസ് ട്രബ്ൾ'  ആയി തെറ്റി എഴുതിപ്പോയതാണോ എന്ന സംശയം നിങ്ങൾക്ക് ഉണ്ടായേക്കാം. സത്യത്തിൽ അങ്ങനെയല്ല... പിന്നെ, ആരുടെയെങ്കിലും ഉണങ്ങാനിട്ട ബ്ലൗസ് കാക്ക കൊത്തിക്കൊണ്ട് പോയതായിരിക്കുമോ, ഭാര്യയുടെ തയ്ച്ച് കിട്ടിയ ബ്ലൗസിന് ഇറക്കം കുറഞ്ഞതായിരിക്കുമോ, , ആരുടെയെങ്കിലും മുന്നാലെയുള്ള പെണ്ണ്, തിരക്ക് പിടിച്ച് ബസ്സിൽ കയറുമ്പോൾ, അവളുടെ ബ്ലൗസ് സൈഡിൽ കൊളുത്തിക്കീറിയത്,  സംശയിച്ച്  പ്രശ്നമായതായിരിക്കുമോ  എന്നൊക്കെയുള്ള അന്തഃർധരാമുൻവിധികളോടെ കഥയെ നിങ്ങൾ സമീപിക്കുന്നതിൽ ഞാൻ കുറ്റം പറയില്ല. ഉദ്വേഗഭരിതമായ ആകാംഷാപ്രതീക്ഷകൾ കഥ കേൾക്കുമ്പോൾ തീർച്ചയായും ഉണ്ടാകണം. പക്ഷേ, ബ്ലൗസെന്ന് കേട്ടയുടനെ ചില ആക്രാന്തമുഗ്ദ്ധലാവണ്യചിന്തകളുമായി ചെന്തമിഴിൽ ചിന്തിക്കുന്നവരുടെ ചന്തിക്ക്, നല്ല ചന്തത്തിൽ, ചാന്ത് വടി കൊണ്ട്, ചോര ചിന്തിയ പോലെ, ചെന്താമര വിരിയിക്കാൻ, ചന്തയിൽ നിന്നൊരാളെ ഞാൻ ഏർപ്പാട് ചെയ്യും. പറഞ്ഞില്ലെന്ന് വേണ്ട. ചിന്താസ്വാതന്ത്ര്യമുണ്ടെന്ന് കരുതി, എന്തെങ്കിലും ചിന്തിച്ച് കൂട്ടരുത്. അത് ശരിയല്ലല്ലോ.. അല്ലേ.. നല്ലപോലെ സഭ്യമായി, അശ്ലീലമൊന്നുമില്ലാത്ത, എന്നാൽ അനുഭവിച്ചവന്, മറക്കാത്ത അനുഭവം സമ്മാനിച്ച  ഒരു കഥയാണ് പറയാൻ പോകുന്നത്.  ജാഗ്രതൈ !! അപ്പോൾ കഥയിലേക്ക് കടക്കാം.

സംഭവം നടന്നിട്ട് അഞ്ചാറ് കൊല്ലങ്ങളായി. ഞാനും കുടുംബവും അന്ന് മേരിലാന്റിലെ ക്രോഫ്റ്റൺ എന്ന സ്ഥലത്തെ ഒരു അപ്പാർട്മെന്റിലാണ് താമസം. ഒരു ദിവസം രാത്രി, ഞങ്ങളൊക്കെ ഉറങ്ങാൻ കിടന്നതിന് ശേഷം, മയക്കത്തിലേക്ക് വഴുതി വീഴാൻ പോകുന്ന സമയം. എന്റെ മൊബൈൽ ഫോൺ ചിലക്കാൻ തുടങ്ങി. രാത്രി ഉറങ്ങാൻ കിടന്നതിന് ശേഷം ചിലക്കുന്ന ഫോണിനെക്കണ്ടാൽ എനിക്ക് പ്രാന്താകും... ഞാൻ മൈൻഡ് ചെയ്യാറില്ല... 'കുറച്ച് നേരം ചിലച്ചിട്ട് തനിയെ അടങ്ങിക്കോളും' എന്ന ഫിലോസഫിയാണ് എന്റേത്.

"നിങ്ങൾക്ക് അങ്ങനെ, എങ്ങനെ ചിന്തിക്കാൻ കഴിയുന്നു, ഇവിടെ നിന്ന് തന്നെയോ, അല്ലെങ്കിൽ നാട്ടിൽ നിന്നോ മറ്റോ അത്യാവശ്യത്തിന് ആരെങ്കിലും വിളിക്കുന്നതാണെങ്കിലോ" എന്നൊക്കെയുള്ള ഭാര്യയുടെ ഭയാശങ്കകൾക്ക് ഞാൻ ചെവി കൊടുക്കാറില്ല. 'രാത്രി ഉറങ്ങാൻ കിടന്നാൽ ആർക്കും അത്യാവശ്യങ്ങൾ പാടില്ല'' എന്ന ഫിലോസഫി, ഞാനപ്പോൾ  ചിന്തയിലൂടെ പ്രയോഗിക്കും. പൊതുവേ, കിടന്നാലൊന്ന് ഉറങ്ങിക്കിട്ടാൻ നല്ല സമയമെടുക്കുന്ന ഒരാളാണ് ഞാൻ. അങ്ങനെ കിടന്ന് ഉറക്കം പിടിച്ച് വരുമ്പോഴാണ് മൊബൈലിന്റെ ചിലപ്പ്. പ്രാന്ത് വരാതിരിക്കുമോ?  ഞാൻകേട്ട ഭാവം നടിച്ചില്ല.

'തലയിണയിൽ തലതട്ടിയാലുടനെ മയക്കം' എന്ന പോളിസിയിൽ, മുഖത്തിന്റെ വാതിൽ തുറന്ന് അന്തരീക്ഷശുദ്ധീകരണം നടത്തിക്കൊണ്ട്, മോട്ടോറിന്റെ ക്രമീകരിച്ച രീതിയിലുള്ള ശബ്ദം പുറപ്പെടുവിച്ച് കൊണ്ട്, മോഹനനിദ്രയിലാണ്ട് കിടന്ന ഭാര്യ, മൊബൈലിന്റ ചിലപ്പ് കേട്ട്, സ്ഥലകാലവിഭ്രാന്തിയോടെ സടകുടെഞ്ഞെഴുന്നേറ്റു.  "നിങ്ങളിത് കേൾക്കുന്നില്ലേ മനുഷ്യാ, മനുഷ്യനെ മര്യാദക്കൊന്നുറങ്ങാനും സമ്മതിക്കില്ല....പണ്ടാരം..." എന്നൊക്കെ പിറുപിറുക്കുന്നുണ്ട്. ഞാനിതൊന്നും അറിഞ്ഞ ഭാവം നടിക്കുന്നില്ല... 'ഹിഹിഹി...' എന്ന് ഉള്ളിൽ ചിരിച്ച് കൊണ്ട് ഞാൻ ചരിഞ്ഞ് കിടപ്പാണ്...

സാധാരണയായി രാത്രിയിൽ, ഉറങ്ങാൻ കിടന്നതിന് ശേഷം  ഫോൺ ശബ്ദിച്ചാൽ, എന്റെ സഹധർമ്മിണിക്ക് ഭയാശങ്കകൾ കൂടും... ഒറ്റച്ചിന്തയിൽത്തന്നെ മരണസങ്കടവേലിയേറ്റസുനാമിത്തിരകളടങ്ങിയ  ഒരു ട്രാജഡി സിനിമയുടെ സ്ക്രിപ്റ്റ് മുഴുവൻ എഴുതിക്കളയും. വേറൊരുതരത്തിൽ പറഞ്ഞാൽ, നമ്മുടെ നാട്ടിൽ പണ്ട് 'കമ്പി വന്നു' എന്ന് പോസ്റ്റുമാൻ വന്ന് പറഞ്ഞാൽ ഉണ്ടാകുന്ന ചില ചിന്തകൾ പോലെ.

ഭാര്യ പിറുപിറുത്തുകൊണ്ട് ഒന്നെഴുന്നേറ്റിരുന്നു... മുടിയും കെട്ടി, ലൈറ്റും ഇട്ട് "നാട്ടിൽ നിന്നായിരിക്കും" എന്നും പറഞ്ഞു കൊണ്ട്, ഫോണിന്റെ അടുത്തേക്കൊരു ചാട്ടമോ ഓട്ടമോ എന്തോ ആയിരുന്നു. അപ്പഴേക്കും ഫോൺ മൂന്നാമതും ചിലച്ച് അടങ്ങിയിരുന്നിരുന്നു. ഫോണെടുത്ത് നോക്കി പറഞ്ഞു... "ഓ... ഏതോ സിന്ധുവാണ്.. ഇവർക്കൊന്നും ഉറങ്ങണ്ടേ.. വിളിക്കാനൊന്നും വേറൊരു സമയോം കിട്ടിയില്ലേ.. ? തിരിച്ച് വിളിക്കണോ?"

സിന്ധുവോ? ഞാൻ മനസ്സിലോർത്തു ഇതെന്തിനാണ് ഇവളിപ്പം വിളിക്കുന്നത് ?

"ഏത് സിന്ധുവാ...? "

എന്റെ മനസ്സിൽ ആകെ ഒരു സിന്ധുവേ ഉള്ളൂ.. അത് ന്യൂയോർക്കിലുള്ള  എന്റെ ഒരു  കസിൻ (കസിൻ എന്നൊക്കെപ്പറഞ്ഞാൽ... നേരിട്ടുള്ള മാതൃ-പിതൃ കസിനല്ല.. കുറച്ച് വളവുകളും തിരിവുകളുമുള്ള കസിൻ ബന്ധമാണ്.. എന്നാലും ഇടപെടലുകൾ കൊണ്ട് അടുത്ത ബന്ധമാണ്) സിന്ധുവാണ്. അവളെന്തിനാണ് ഈ പാതിരാത്രി വിളിക്കുന്നത്?

"മോഹനേട്ടന്റെ* സിന്ധു ആയിരിക്കും... അല്ലാതെ വേറെയാരാ...."
"അവിടെയെന്തെങ്കിലും.... നാട്ടിലാർക്കെങ്കിലും..... എന്തെങ്കിലും..." ഭാര്യ പകുതിക്ക് നിർത്തി.

"എന്തെങ്കിലും സീരിയസ്സാണെങ്കിൽ വീണ്ടും മൊബൈൽ റിങ് ചെയ്യും.. നീ സമാധാനത്തിൽ അടങ്ങിക്കിടക്ക്"  ഞാൻ കുഴഞ്ഞുമറിഞ്ഞമട്ടിൽ മൊഴിഞ്ഞു. ഭാര്യയുടെ ശ്വാസമിടിപ്പിന്റെ പെരുമ്പറ ശബ്ദം  ഒഴിവാക്കിയാൽ, പൂർണ്ണ നിശ്ശബ്ദത...

"ക്രീം... ക്രീം..." മൊബൈൽ നാലാമതും ചിലച്ചു. ഞാൻ തന്നെ എഴുന്നേറ്റു. ഭാര്യയും എഴുന്നേറ്റു. ഞാൻ പിന്നെ ഒട്ടും അമാന്തിച്ചില്ല.. നേരെ കാൾ ആക്സെപ്റ്റ് ചെയ്തു.

"ഹലോ... ഹാ.. സിന്ധൂ... എന്താ.... ഈ സമയത്ത്?"
"ഹലോ.... ആ..  ഇതാരാ..."

ഹേ.. ഇതെന്ത് കഥ.... സിന്ധു എന്നെ വിളിച്ചിട്ട് എന്നോട് ചോദിക്കുന്നു.. ഞാനാരാണെന്ന്... അതും പാതിരാത്രിക്ക്... 'തേന്മാവിൻ കൊമ്പത്ത് ' എന്ന സിനിമ ഞാൻ കണ്ടിട്ടില്ലായിരുന്നെങ്കിൽ, അതിൽ കുതിരവട്ടം പപ്പുച്ചേട്ടൻ  മോഹൻലാലിനോട് പറഞ്ഞത് പോലുള്ള ഒരു ഡയലോഗ് ഞാൻ സിന്ധുവോട്  കാച്ചിയേനെ...

 "സിന്ധൂ.. ഇത് ഗോപു ആണ്... മെരിലാന്റിലെ... പഴയേടത്തെ അനന്തൻമാഷിന്റെ മോൻ... പ്രേമേച്ചിയുടെ വല്യമ്മയുടെ മോന്റെ മോൻ..."

വന്നു വന്ന് പാതിരാത്രിയിൽ സിന്ധു പിച്ചും പേയും മറ്റോ പറയുകയാണോ എന്ന സംശയത്താലാണ് അത്ര നീട്ടി വിസ്തരിച്ച് ബന്ധം പറഞ്ഞ് അവളുടെ സംശയനിവാരണം നടത്താൻ ശ്രമിച്ചത്. പക്ഷെ അവൾക്ക് എന്നെ ഉടനെത്തന്നെ പിടികിട്ടി.

"ഓ.. ഗോപേട്ടനായിരുന്നോ?... ഉം.... ഉം.... അത്.... പിന്നെ...."

എനിക്കും സംശയമായി.. ഇത് ഞാൻ തന്നെയല്ലേ.... അല്ല ഞാൻ തന്നെയാണ്.... അവൾ എന്തോ പരുങ്ങുന്നത് പോലെ...

"എന്താ... ഈ നേരത്ത്... വിളിക്കാൻ മാത്രം എന്തുണ്ടായി?"
"ഉം... അത്...."

പാതിരാത്രി വിളിച്ചിട്ടും സിന്ധു കാര്യം പറയാൻ പരുങ്ങുന്നത് കണ്ട് എന്റെ നല്ലപാതിയുടെ ചങ്ക് മിടിക്കുന്നത് ഉച്ചസ്ഥായിയിലായി... സത്യത്തിൽ എന്റെ ചങ്കും പതുക്കെപ്പതുക്കെ കെട്ട്യോളുടെ ചങ്കിന്റെ താളത്തിലേക്ക് നീങ്ങുന്നുണ്ടോ എന്ന് ഞാനും ഭയന്നു.

"കാര്യം പറയ് സിന്ധൂ...."
"അത് പിന്നെ ഗോപേട്ടാ.... അത്... ഞാനെപ്പഴാ നിങ്ങൾക്ക് ബ്ലൗസ് തന്നത്?"

'എന്റമ്മേ...' ഞാൻ ഇന്നസെന്റിനെ ഓർത്ത് പോയി...  ഇവളെന്താ ഈ പറയുന്നത്? ബ്ലൗസോ? എന്ത് ബ്ലൗസ്...? ആരുടെ ബ്ലൗസ്.. ?

അത് വരെ എന്റെ ചെവിക്കരികിൽ ചെവി പിടിച്ച് നിന്ന്, അപ്പുറത്ത് നിന്ന് പറയുന്നത് കാതോർത്തിരുന്ന ഭാര്യയുടെ ഭാവം ഒന്ന് മാറി... അവൾ എന്നോട് ആംഗ്യഭാവത്തിൽ ശബ്ദം താഴ്ത്തിഉത്തരവിട്ടു:

"സ്പീക്കറിലിട്... സ്പീക്കറിലിട്...."

ഞാൻ തികച്ചും ത്രിശങ്കുവിലാണ്.... സിന്ധു പറയുന്നത് കേൾക്കാനോ... സ്പീക്കറിലിടണോ... ഈ ബ്ലൗസ്, ആരുടെ ബ്ലൗസാണ്... അറിയാതെ ഞാൻ.... എന്തെങ്കിലും.... ആകപ്പാടെ  കൺഫ്യൂഷൻ.... എന്തായാലും എന്റെ മനസ്സിൽ ആ സമയത്ത് ഒളിക്കാനായിട്ട് കാരണങ്ങളൊന്നും തോന്നാഞ്ഞത് കൊണ്ടും ഭാര്യയുടെ ഭാവമാറ്റത്തെ പേടിച്ചും അറിയാതെ വിരൽ സ്പീക്കർ ഫോൺ ബട്ടണിൽ അമർന്നു...

"ഏത് ബ്ലൗസിന്റെ കാര്യമാണ് സിന്ധൂ നീയീ പറയുന്നത്? "
"ഗോപേട്ടനല്ലേ ഇങ്ങോട്ട് വിളിച്ച് പറഞ്ഞത്.. രണ്ട് ബ്ലൗസുകൾ ജനീഷിന്റെയടുത്ത് കൊടുത്ത് വിട്ടിട്ടുണ്ട്... റീനക്ക് കൊടുക്കണം ന്നോ മറ്റോ ഒക്കെപ്പറഞ്ഞ്...."

'അപ്പൊ സിന്ധുവിന് മാത്രമല്ല.... റീനക്കും..... ബ്ലൗസ് കൊടുത്തിട്ടുണ്ട്...' ഭാര്യയുടെ മുഖം കണ്ടപ്പോ, അവൾ അങ്ങനെയായിരിക്കും  ചിന്തിക്കുന്നുണ്ടാവുക എന്നാണ് എനിക്ക് തോന്നിയത്.

പാതിരാത്രി ആയത് കൊണ്ടോ, ഉറക്കച്ചടവിലായത് കൊണ്ടോ.. ഭാര്യയുടെ നോട്ടം കണ്ടിട്ടാണോ എന്നറിയില്ല... എനിക്ക് ഒരു നിമിഷത്തേക്ക് ഒന്നും ഓർമ്മ വന്നില്ല... ഒരുതരം അർദ്ധബോധാവസ്ഥയിലുള്ള മരവിപ്പ്....

"ഞാനെപ്പഴാ അങ്ങനെ നിന്നോട് വിളിച്ച് പറഞ്ഞത് സിന്ധൂ...?
"അല്ല ഞങ്ങൾ നേരിട്ട് സംസാരിച്ചില്ല... പക്ഷെ ഗോപേട്ടൻ എന്നെ വിളിച്ച് ഒരു മെസ്സേജ് ഇട്ടില്ലേ.. അതാ പറഞ്ഞത്....."

ഹാവൂ... എനിക്കിപ്പോ പിടികിട്ടി.... എന്റെ തലയിലൂടെ ഗംഗാധരന്റെ ജട ലീക്കായി ഗംഗ ഊർന്ന് ഒഴുകിയത് പോലെ ഒരു കുളിർമ്മ പടർന്നു....  പക്ഷേ ഭാര്യക്ക് ഇപ്പഴും ഒന്നും പിടികിട്ടിയിട്ടില്ലല്ലോ... ഒന്നും മിണ്ടുന്നില്ലെങ്കിലും അവൾ പലതും ഉച്ചത്തിൽ പറയുന്നുണ്ടെന്ന് എനിക്ക് തോന്നി... ഈ ബ്ലൗസ് ഞാൻ സ്ഥിരം ഉപയോഗിക്കാത്ത സാധനമായത് കൊണ്ടും... ഉറക്കച്ചടവ് കയറിയ പാതിരാത്രിയിൽ പെട്ടെന്നുണ്ടായ ചില സാഹചര്യസമ്മർദ്ദങ്ങൾ കൊണ്ടും മറ്റും... ഈ ബ്ലൗസ് സംഭവം ഞാൻ മറന്നേ പോയിരുന്നു...

"ഹ ഹ ഹാ... അതാണോ... അയ്യോ.... നിന്നെയായിരുന്നോ ഞാൻ വിളിച്ചത്.... അയ്യോ.. സത്യത്തിൽ ആള് മാറിപ്പോയതാണ് കേട്ടോ...  വേറൊരു സിന്ധു ഉണ്ട്... മാറിപ്പോയതാണ്..."

കെട്ട്യോളിപ്പഴും അന്തിച്ച് നിൽക്കുകയാണ്... ഒരു സിന്ധുവിന്റെ  കൺഫ്യൂഷൻ തീർന്നെങ്കിലും ഈ രണ്ടാമത്തെ സിന്ധു ഏതാണ്? ഈ ബ്ലൗസിന്റെ ചക്രക്കുടുക്ക് അവളെ സംബന്ധിച്ചടുത്തോളം ഇനിയും അഴിഞ്ഞിട്ടില്ല...

"ഓ.. അങ്ങനെയാണോ.... ഗോപേട്ടാ.. സത്യത്തിൽ ഞാനും പേടിച്ച് പോയി... എന്ത് ബ്ലൗസിന്റെ കാര്യമാണ് നിങ്ങള് എന്നോട് പറഞ്ഞ് വരുന്നത് എന്നാലോചിച്ചിട്ട്...."
"സോറി.. സിന്ധൂ... സത്യത്തിൽ ഞാനീക്കാര്യം തന്നെ മറന്ന് പോയിരുന്നു.. അതാ കുറച്ച് നേരത്തേക്ക് കൺഫ്യൂഷനായിപ്പോയത്  "
"സത്യത്തിൽ ഗോപേട്ടന്റെ നമ്പർ.. ഞാൻ.. എന്റെ മൊബൈലിൽ  സ്റ്റോറ് ചെയ്ത് വച്ചിട്ടുണ്ടായിരുന്നില്ല... സജീവേട്ടനല്ലേ സാധാരണ വിളിക്കാറ്... അതുകൊണ്ട് ആരാ വിളിച്ചത് എന്ന് മനസ്സിലായില്ല... ജലദോഷം പിടിച്ചത്പോലെ ശബ്ദമായത് കൊണ്ട് എനിക്കും ആളെ മനസ്സിലായില്ല.. "
"ഓ... അത് ശരി..."
"ഒരാഴ്ചയായി ഞാൻ ഫോൺ നോക്കാറേ ഉണ്ടായിരുന്നില്ല... ഇന്ന് വൈകുന്നേരം സജീവേട്ടനാണ് ഈ മെസ്സേജ് കണ്ടത്.... സത്യത്തിൽ ഇവിടെയും കുറേ നേരത്തേക്ക് പ്രശ്നങ്ങളായിരുന്നു...."
"അയ്യോ.. എന്ത് പറ്റി... "
"സജീവേട്ടൻ ചൂടായത് പോലെയൊക്കെയായി... ആരാണ് ഞാനറിയാതെ ഈ ബ്ലൗസ് നിനക്ക് കൊടുത്ത് വിട്ടത് എന്ന മട്ടിലായിരുന്നു ചോദ്യങ്ങൾ..... ഹ ഹ.."
"എനിക്കൊന്നും അറിഞ്ഞു കൂടാന്ന് ഞാനും പറഞ്ഞു... അപ്പൊ ഈ മെസ്സേജ് വിട്ടതാരാ.. എന്നൊക്കെയായി... കുറേ ചോദ്യങ്ങളായിരുന്നു... കുറച്ചെന്തൊക്കെയോ പറഞ്ഞ് പുള്ളി ശാപ്പാടും കഴിച്ച് മേലെപ്പോയി കിടന്നു.."
"നിനക്ക് സജീവേട്ടന്റെ മുന്നിൽ നിന്ന് തന്നെ എന്റെയീ നമ്പറിൽ നേരത്തെ വിളിച്ചൂടായിരുന്നോ?"
"ആ സമയം കുട്ടികളൊക്കെ ഭക്ഷണത്തിനും മറ്റും ബഹളം വച്ചതിനാൽ പറ്റിയില്ല.... എന്തായാലും എന്റെ കൺഫ്യൂഷൻ തീർന്നു"

ഭാര്യയുടെ കൺഫ്യൂഷനാണ് ഇനി ബാക്കി.... അത് തീർത്തില്ലെങ്കിൽ....

"സോറി സിന്ധൂ.... "
"അയ്യോ എന്തിനാ സോറിയൊക്കെ... ഇവിടെയിപ്പോ ഒന്നും നടന്നില്ലല്ലോ.. ഒന്നും സംഭവിച്ചില്ലല്ലോ...."
"അത് ശരിയാ... ന്നാലും സജീവേട്ടന്... പെട്ടന്ന് ഒന്നും മനസ്സിലായിട്ടുണ്ടാവില്ലല്ലോ.... വെറുതെ ഓരോരോ പ്രശ്നങ്ങള്...."
"ആ അത് ശരിയാ.... അത് ഞാൻ പറഞ്ഞോളാം.. എന്നാലും.... ഈ ബ്ലൗസിന്റെ കഥ എന്താണ് ഗോപേട്ടാ.... ഹിഹിഹി...."

എനിക്കും അതാണ് വേണ്ടത്... ആ ചോദ്യത്തിന് ഉത്തരം പറഞ്ഞാലേ ഇവിടെയുള്ള ഗദ്ഗദപെരുംപറയുടെ മുഴങ്ങുന്ന കൊട്ട് നിലക്കുകയുള്ളൂ... മനുഷ്യർക്ക് ചെവി അനക്കാൻ പറ്റുകയില്ലെന്ന് എനിക്ക് നന്നായറിയാമെങ്കിലും, ക്യൂരിയോസിറ്റി മൂലം ഭാര്യയുടെ ചെവി പൂച്ചയുടെയോ പശുവിന്റെയോ ചെവി പോലെ അനങ്ങി വട്ടം പിടിക്കുന്നത് എനിക്ക് കാണാമായിരുന്നു.

"അതൊരു നീണ്ട കഥയാണ് സിന്ധൂ... എന്തായാലും സംഭവം ഇത്രത്തോളമായ സ്ഥിതിക്ക് എനിക്ക് പറഞ്ഞല്ലേ പറ്റൂ..."

ഞാനത് അവിടെ വച്ച് തന്നെ പറഞ്ഞില്ലെങ്കിൽ സജീവേട്ടന്റെ മനോധർമ്മവിചാരത്തിൽ ഇവിടെ വേറൊരാളും വീണേക്കും.

"പറയ്... കേക്കട്ടെ.."
"ഹഹാ,.... നിനക്ക് നമുക്കിവിടെ മലയാളി അസോസിയേഷൻ ഒക്കെയുള്ള കാര്യം അറിയാലോ.. നമ്മളൊക്കെ അതിന്റെ പരിപാടികളിൽ നമ്മുടേതായ കലാപരിപാടികൾ നടത്താറുണ്ട്..."
"രണ്ടാഴ്ച മുന്നിലത്തെ 'സമ്മർ ഡ്രീംസ്' പരിപാടിയിൽ ഞാനും എന്റെ ചങ്ങാതിമാരും ഒരു സ്കിറ്റ് ആയിരുന്നു അവതരിപ്പിച്ചത്..."

ഇത്രയും കേട്ടപ്പഴേക്കും സുഖസുഷുപ്തി പൂണ്ട് സ്വപ്നരാജ്യങ്ങളിൽ വിരാജിച്ച് നടന്നിരുന്ന എന്റെ മക്കൾ പോലും ഞെട്ടിയെഴുന്നേൽക്കത്തക്കതരത്തിൽ സർവ്വ മൗനവും ഭഞ്ജിച്ചുകൊണ്ട് ഒരു ചിരിയുടെ മാലപ്പടക്കം മുഴങ്ങി... കുട്ടികൾ ഒന്നനങ്ങി വീണ്ടും ഉറങ്ങി... ഇത്രയും നേരം വീർപ്പ്മുട്ടി  ഉദ്വേഗസംഭ്രമസംഘർഷാവസ്ഥയിൽ മൗനിയായി നിന്നിരുന്ന ഭാര്യാമണിയുടെ സന്തോഷവിസ്ഫോടനമായിരുന്നു ആ കേട്ടത്. ഞാനും ആ ചിരിയിൽ അറിയാതെ പങ്ക് ചേർന്നു... സിന്ധുവും ചരിച്ചു... ഒരുതരം കൂട്ടച്ചിരി.... സിന്ധുവിന് ബ്ലൗസിന്റെ കഥ മനസ്സിലായില്ലെങ്കിലും ഇവിടെയൊരു ഐസ്ബർഗ് അടർന്ന് വീണ്, അതിന്റെ മേലെ ഒലീവില കൊണ്ട് വീശിയ കാറ്റിന്റെ തണുപ്പ് അവൾക്ക് അവിടെ അനുഭവപ്പെട്ടു കാണും. സത്യത്തിൽ എന്റെ ഭാര്യക്ക് ഈ വഹ എല്ലാകാര്യങ്ങളും എന്നേക്കാൾ ഓർമ്മയുണ്ടായിരിക്കാറുള്ളതാണ്. ഈ സിന്ധു അല്ല ആ സിന്ധു എന്ന് മനസ്സിലായപ്പോൾ തന്നെ ഭാര്യാമണിക്ക് സ്പാർക്ക് കിട്ടേണ്ടതായിരുന്നു... പക്ഷേ... എന്തോ... തികച്ചും അപ്രതീക്ഷിതമായി അവളുടേതല്ലാത്ത ബ്ലൗസിനെക്കുറിച്ച് പാതിരാത്രിയിൽ കേട്ടത് കൊണ്ടാണോ...  എന്റെ മാനസിക ചുറ്റിക്കളികളെപ്പറ്റി നല്ലധാരണയുള്ളത് കാരണമാണോ എന്നറിയില്ല.... അവൾ സിന്ധുക്കളെ  ചുറ്റിപ്പറ്റിയുള്ള ചിന്തകളിൽ കുരുങ്ങിപ്പോയി....  രണ്ടാമത്തെ സിന്ധുവിനെ പുതുതായി പരിചയപ്പെട്ട് വരുന്ന സമയമായതിനാൽ, ചിലപ്പോൾ ആ സിന്ധു എന്റെ ഭാര്യയുടെ ഹാർഡ് ഡിസ്‌കിൽ സ്റ്റോറായിക്കാണാതിരിക്കാനും സാധ്യതയുണ്ട്...

"ഓ.. ആ ബ്ലൗസ് ആണോ?...." ഭാര്യ തേനൂറും ഭാവത്തിൽ മൊഴിഞ്ഞു.
"അതെ.. അല്ലാതെ ഞാൻ ഏത് ബ്ലൗസെടുത്തിടാനാണ്?.." ഞാനെന്റെ മുഖഭാവം ഒന്ന് മാറ്റി.. എന്നെക്കൊണ്ട് അത്രയൊക്കെയല്ലേ പറ്റൂ....
"നിങ്ങള് ബ്ലൗസിന്റെ കഥ പറയ് ഗോപേട്ടാ....എനിക്കൊന്നും മനസ്സിലായില്ല..."
"ആ... സിന്ധൂ... ഹഹ..ഹാ.. നമ്മൾ കഴിഞ്ഞ പരിപാടിക്കൊരു സ്കിറ്റ് ചെയ്തു എന്ന് പറഞ്ഞില്ലേ?... ഒരു തമാശ നാടകം... അതിൽ ഞാനും എന്റെ വേറൊരു സുഹൃത്തും രണ്ട് പഴയകാല ക്രിസ്ത്യാനി പെണ്ണുങ്ങളുടെ വേഷമായിരുന്നു കെട്ടിയത്.. ചട്ടയും മുണ്ടും.  അതിന് വേണ്ടിയുള്ള ഇറക്കമുള്ള ബ്ലൗസ് ആണ് താരം.... "
"ഓ.. നിങ്ങൾ പെൺ വേഷം കെട്ടിയോ?.... ഹഹ ഹാ... എന്നിട്ട്..?"
"അതെ.. പെൺ വേഷം കെട്ടിയാൽ എങ്ങനെ ഉണ്ടാകുമെന്ന് നോക്കാലോ.. ഹഹ... ഹും... ആ രണ്ട് ബ്ലൗസുകൾ റീന എന്ന ഒരു സുഹൃത്തിന്റെ കൈയ്യിൽ നിന്നായിരുന്നു  ഞങ്ങൾ തരപ്പെടുത്തിയത്... സ്കിറ്റ് കഴിഞ്ഞപ്പോൾ എന്റെ സുഹൃത്ത്, അവൻ സ്കിറ്റിന് വേണ്ടിയിട്ട ബ്ലൗസ് എന്റെയടുത്ത് തന്നു..."
"ഉം...ഉം"
"അങ്ങനെ ആ രണ്ട് ബ്ലൗസുകളും റീനയുടെ അടുത്ത് തിരിച്ചെത്തിക്കാനുള്ള വഴി നോക്കിയിരിക്കയായിരുന്നു ഞാൻ.. റീനയുടെ വീട് കുറച്ച് ദൂരെയാണ്"
"പരിപാടിയുടെ അന്ന് തന്നെ തിരിച്ച് കൊടുത്താൽ മതിയായിരുന്നു.. പക്ഷേ പല തിരക്കിനിടയിലും സാധിച്ചില്ല..."
"ഉം.. ഉം... എന്നിട്ട്...?"
"റീനക്ക് പെട്ടെന്നെന്തോ.. വേറൊരു പരിപാടിക്ക്, മാർഗ്ഗം കളിക്കോ മറ്റോ ഈ ബ്ലൗസിന്റെ ആവശ്യം വന്നു. റീനയുടെ ഓഫീസിൽ ഒരു 'സിന്ധു സജീവ്' ജോലി ചെയ്യുന്നുണ്ട്. ആ സിന്ധുവിന്റെ കൈയ്യിൽ സാധനം എത്തിച്ചാൽ മതിയെന്ന് പറഞ്ഞു..."
"ഉം.. ഉം.... ഹ ഹ ഹാ... മനസ്സിലായി മനസ്സിലായി... ഹ ഹാ..."
"ആ... അങ്ങനെയിരിക്കെയാണ് ഇവിടത്തെ സിന്ധുവിന്റെ അയൽവാസിയെ ഞാൻ വേറൊരു പരിപാടിക്ക് കണ്ടുമുട്ടുന്നത്...  കാറിൽ ത്തന്നെ ബ്ലൗസ് കിടപ്പുള്ളതിനാൽ, ബ്ലൗസെടുത്ത് സിന്ധുവിന്റെ സുഹൃത്തായ ജനീഷിന് കൊടുത്തു... സിന്ധുവിനെ ഏൽപ്പിക്കാൻ ഏർപ്പാടാക്കി..."
"ഉം.. ഉം... ഹഹ ഹാ... അപ്പൊ ആ സിന്ധുവാണെന്ന് വിചാരിച്ചാണ് എന്നെ വിളിച്ചത് അല്ലെ?"
"അതെ... യതേ... പറ്റിപ്പോയതെന്താണെന്ന് വച്ചാൽ... നിന്റെ കണവനും സജീവാണ്.. ഈ പറഞ്ഞ പുതിയ സിന്ധുവിന്റെ കണവന്റെ പേരും സജീവാണ്.... നിങ്ങളുടെ രണ്ടാളുടെ പേരും എന്റെ മൊബൈലിൽ 'സിന്ധു സജീവ്' എന്നാണ് സ്റ്റോർ ചെയ്തിട്ടുള്ളത്....
"ഓ... ഓ... ഹഹ ഹാ....."
"ഒന്ന് Sindhu Sajeev മറ്റേത് Sindhu Sajiv... ഇതിൽ ഏത് സിന്ധുവാണ് നീയെന്ന് എനിക്കറിഞ്ഞൂടായിരുന്നു.... 'sin..' എന്ന് സെർച്ച് ചെയ്തപ്പോ കിട്ടിയ ആദ്യത്തെ പേരിൽ മറ്റൊന്നും ആലോചിക്കാതെ, ഒരു സംശയവുമില്ലാതെ വിളിച്ചതാണ്... മാത്രോമല്ല... വോയിസ് മെയിലിൽ പോകുന്നതിന് മുന്നേ നിന്റെ റെക്കോർഡഡ് ശബ്ദവും കേട്ടില്ല.. അതുകൊണ്ട്, ഞാൻ എനിക്ക് പറയേണ്ടത് VM  ആയി  വിട്ടു...... അതിത്ര പൊല്ലാപ്പാകുമെന്ന് വിചാരിച്ചില്ല..."

സിന്ധു അട്ടഹസിച്ച് ചിരിക്കുകയായിരുന്നു... സമയം രാത്രി പന്ത്രണ്ടര...  അവളുടെ ചിരി കേട്ട് ഉറക്കത്തിൽ നിന്ന് സജീവേട്ടനും എഴുന്നേറ്റ് വന്നു....

"സജീവേട്ടൻ എഴുന്നേറ്റു വരുന്നുണ്ട്..."
"സജീവേട്ടന് ഫോൺ കൊടുക്ക്... "
"സ്പീക്കർ ഫോണിലാണ്...."
"ഹലോ ഗോപാ.. ആ.. എന്താ നടന്ന് കൊണ്ടിരിക്കുന്നേ..."
"സജീവേട്ടാ.. അതെന്റെ ബ്ലൗസായിരുന്നു കേട്ടോ...ബ്ലൗസിന്റെ ശരിയായ കഥ സിന്ധു പറയും.. എല്ലാം പറഞ്ഞ് സെറ്റാക്കിയിട്ടുണ്ട്... ഇപ്പോ പാതിരയായില്ലേ... ബാക്കി നമുക്ക് പിന്നെപറയാം... ശരി ഗുഡ് നൈറ്റ്.. ഗുഡ് നൈറ്റ് സിന്ധൂ..."
"ആ ആ.. എന്നാ അങ്ങനെയാവട്ടെ... ഗുഡ് നൈറ്റ്.."
"ഗുഡ് നൈറ്റ് ഗോപേട്ടാ.. ഗുഡ്നൈറ്റ് നിഷാ...."

ലൈറ്റുമണച്ച് വീണ്ടും ഉറങ്ങാൻ കിടന്നതേയുണ്ടായിരുന്നുള്ളൂ... അന്തരീക്ഷത്തിന് ആ സമയം, ബാരോമീറ്ററിൽ, മർദ്ദം വളരെ കുറവായതായി തോന്നി...  അപ്പോഴേക്കും എന്റെ ഇടത് ഭാഗത്ത് സംസാരദ്വാരമുപയോഗിച്ചുള്ള അന്തരീക്ഷശുദ്ധീകരണം വീണ്ടും തുടങ്ങിക്കഴിഞ്ഞിരുന്നു... അഭൗമസുഗന്ധസൗഭകസ്വപ്നങ്ങളിലേക്ക് പറന്നുയർന്നിരിക്കുന്നു... വളരെ ശാന്തമായി... ഇവിടെ ഒന്നും സംഭവിച്ചിട്ടില്ലാത്തത് പോലെ  !! പിന്നെ മറ്റൊന്നുമാലോചിക്കാതെ  ഞാനെന്റെ കാടൻ ചിന്തകളിലേക്കും കയറിപ്പോയി !!!

ഞാൻ പറയാൻ വന്ന കഥ ഇവിടെ തീർന്നു. അതുകൊണ്ട് മൂന്ന് കാര്യങ്ങൾ ശ്രദ്ധിക്കുക.. ഒന്ന്, ഒരേ പോലെ പേരുള്ളവരെ (പ്രത്യേകിച്ച് ഭാര്യയുടെയും ഭർത്താവിന്റെയും പേര് ഒരേപോലുള്ളവരെ), ഒന്നുകിൽ അങ്ങനെയുള്ളവരെ കൂടെക്കൂട്ടരുത്... അല്ലെങ്കിൽ ഉറക്കത്ത് പോലും അവരെ തിരിച്ചറിയാൻ നിങ്ങളുടെ മൊബൈലിൽ എന്തെങ്കിലും സൂത്രം പ്രയോഗിക്കുക... രണ്ട്, ആണുങ്ങൾ ബ്ലൗസ് എടുത്ത് കളിക്കരുത്... മൂന്ന്, ജലദോഷം പിടിച്ച് ശബ്ദം മാറിയിട്ടുണ്ടെങ്കിൽ, ആർക്കും വോയിസ് മെസ്സേജ് അയക്കരുത് !! എന്റെയീ കഥ നിങ്ങളോട് പറയാൻ അരങ്ങൊരുക്കിത്തന്ന നാരായത്തിന് നന്ദി. മൈക്ക് തിരിച്ച് നാരായത്തിനെ ഏല്പിക്കാം... "

അനുവാചകരേ... ഈ കഥ കേട്ടവർ ഇനി പറയൂ... ഇത്തരം അനുഭവം നിങ്ങൾക്കാണ്  ഉണ്ടായതെങ്കിൽ, കഴിഞ്ഞ ആഴ്ച ഞാനെഴുതിയ  'നാമജോഡിസന്ദേഹം' (ഇവിടെ ക്ലിക്ക് ചെയ്‌താൽ വായിക്കാം) നിങ്ങളാണെങ്കിലും എഴുതിപ്പോകില്ലേ?

***

കുറിപ്പ്: ഈ കഥയ്ക്ക്, ഒരു സംഭവകഥയുടെ പ്രചോദനം ഉണ്ടെങ്കിലും, ഇതിൽ വിവരിച്ചിരിക്കുന്ന എല്ലാ സംഭവങ്ങളും അതേപടി യാഥാർത്ഥ്യമാണെന്ന് വിശ്വസിക്കുകയോ വിശ്വസിക്കാൻ പ്രേരിപ്പിക്കുകയോ  ചെയ്യുന്നുണ്ടെങ്കിൽ, അത്, ചില സംഭവങ്ങൾ, കഥാകൃത്ത് , കഥാഗതിക്കനുസരിച്ച്  തികച്ചും  യാദൃശ്ചികമായി, അദ്ദേഹത്തിൻറെ മനോധർമ്മത്തിനനുസരിച്ച്  കൂട്ടിച്ചേർത്തത് കൊണ്ട് മാത്രമാണ് !! അഞ്ച് മിനിറ്റിനുള്ളിൽ നടന്ന, മേല്പറഞ്ഞത് പോലുള്ള സംഘർഷങ്ങളൊന്നുമില്ലാതെ നടന്ന ഒരു ഫോൺ സംഭാഷണത്തെ, കഥാകൃത്ത്, അദ്ദേഹത്തിൻറെ ചിന്താപ്രക്രിയയിലൂടെ പൊലിപ്പിച്ചെടുത്തതാണ് ഈ കഥ.

* സിന്ധുവിന്റെ അച്ഛൻ കഥാപാത്രത്തിന്റെ പേരാണ് മോഹൻ.


2019 ഫെബ്രുവരി 6, ബുധനാഴ്‌ച

നാമജോഡിസന്ദേഹം


തലവാചകം കേട്ട് ഞെട്ടണ്ട... കാര്യം സിംപിളാണെങ്കിലും, അന്തമില്ലാതെ ചിന്തിച്ച് ചിന്തിച്ച്, ഞാൻ ഞെട്ടിയത്രയും നിങ്ങൾക്ക് ഞെട്ടാൻ പറ്റില്ല!  അതുകൊണ്ട് 'ശാർദ്ദൂലവിക്രീഡിതം' മോഡലിൽ ഒരു തലവാചകം ചമച്ചതാണ്. 😏  ചിന്തകളും സന്ദേഹങ്ങളും മനുഷ്യസഹജമാണല്ലോ? അതുകൊണ്ട് എന്നെ വെറുതെ, വട്ടനാണെന്ന് കുറ്റം പറയരുത് 😖 എല്ലാകാലത്തും സീരിയസ് വിഷയങ്ങൾ മാത്രം ചർച്ച ചെയ്‌താൽ പോരല്ലോ... ഇടക്ക് തമാശാവിഷയങ്ങളുമാവാം എന്നാണ് എന്റെ പക്ഷം. ചില ആളുകളുടെ പേരുകൾ, ആ പേരും വേറൊരു പേരും തമ്മിലുള്ള ചില ബന്ധങ്ങൾ... അല്ല... അങ്ങനെ വല്ല ബന്ധങ്ങളും ഉണ്ടോ? ഞാൻ അത്ര അന്ധവിശ്വാസിയാണോ? ഹേയ്... ...ന്നാലും ചില പേരുകൾ തമ്മിലുള്ള ബന്ധങ്ങൾ എന്നെ വെറുതെ കിടന്ന് ചിന്തിപ്പിക്കുന്നു... എവിടെയും എത്താത്ത ചിന്ത.. അതുകൊണ്ട് ആ ചിന്ത ഇനി നിങ്ങളിലേക്ക് പകരാം.. നമുക്ക് എല്ലാവർക്കും കൂട്ടായിരുന്ന് അതിനൊരുത്തരം കണ്ടുപിടിക്കാൻ ശ്രമിക്കാം... അപ്പോ കേട്ടോളൂ....

ഭാര്യയുടെയും ഭർത്താവിന്റേയും പേരുകൾ... അമ്മയുടെയും മക്കളുടെയും പേരുകൾ... അച്ഛന്റെയും മക്കളുടെയും പേരുകൾ... ഇവ തമ്മിലുള്ള സാമ്യങ്ങൾ... പരസ്പരമായി യാതൊരു ബന്ധവുമില്ലാത്ത ചില കുടുംബങ്ങളിൽ ആ സാമ്യങ്ങൾ ആവർത്തിക്കുമ്പോൾ തീർച്ചയായും ചിന്തിച്ചുപോകില്ലേ?.. അത്രയേ ഞാനും ചെയ്തുള്ളൂ... ഇതൊക്കെ കണ്ടിട്ട് ചിന്തിക്കാതിരിക്കാൻ ഞാൻ കുളത്തിലെ മീനൊന്നുമല്ലല്ലോ.... അങ്ങനെ വരുമ്പോൾ, ഇത് വായിക്കുന്നവർക്ക് ഒരു ജോലിയുണ്ട്.. വായിക്കുന്നവർ അവർക്ക് പരിചയമുള്ള ചില കോമ്പിനേഷനുകൾ എന്നെ കമൻറ് ചെയ്ത് അറിയിച്ചാൽ എന്റെ 'നാമജോഡിസന്ദേഹം' എന്ന റിസേർച്ച് പേപ്പർ കൂടുതൽ സമ്പുഷ്ടമാക്കി എനിക്ക് സബ്മിറ്റ് ചെയ്യാം 😄

ബിന്ദു - രാജീവ് കോമ്പിനേഷനിൽ നിന്നാവാം തുടക്കം. ബിന്ദു ഭാര്യയായും രാജീവ് ഭർത്താവുമായുള്ള സാമ്യങ്ങൾ. എനിക്ക് ബിന്ദു-രാജീവ് കോമ്പിനേഷനിൽ മൂന്ന് ഭാര്യാഭർത്താക്കന്മാരെ അറിയാം. ഒന്ന് എന്റെ ഒരു കസിൻ രാജീവും അദ്ദേഹത്തിൻറെ ഭാര്യ ബിന്ദുവും. രണ്ട്, എന്റെ അനുജന്റെ ഭാര്യയുടെ ചേച്ചി ബിന്ദുവും അവരുടെ ഭർത്താവ് രാജീവും... മൂന്ന്, ഇവിടെ അമേരിക്കയിൽ നൃത്തനിപുണയായ ഒരു ബിന്ദുവും അവരുടെ ടെക്കിയായ ഭർത്താവ് രാജീവും.... എന്താ ബിന്ദുവിന് രാജീവിനെ മാത്രമേ കെട്ടാൻ പാടുള്ളോ ? തിരിച്ചും അങ്ങനെയാണോ? ബിന്ദു രാജീവിനെയല്ലാതെ വേറെ പേരുള്ളവനെ കെട്ടുന്നില്ലേ ? ബിന്ദുവും രാജീവും തമ്മിൽ വല്ല ജന്മാന്തരബന്ധങ്ങൾ വല്ലതുമുണ്ടോ? ജന്മാന്തരബന്ധം തെറ്റിദ്ധരിച്ച്, രാജീവിനെ കെട്ടാത്ത ബിന്ദുമാർ, രാജീവിനെ തപ്പി പോയിക്കളയരുത് ! ഒരവസരത്തിൽ, ഒരു ബ്ലൗസിനെ സംബന്ധിച്ച്, ഈ രാജീവ്-ബിന്ദു മാർ തമ്മിലുള്ള എന്റെ  കൺഫ്യൂഷൻ, ഭാഗ്യം കൊണ്ട് എന്റെ കുടുംബം തകർത്തില്ല എന്നേയുള്ളൂ... അത് വേറെ കഥയായത് കൊണ്ട് വേറൊരവസരത്തിൽ പറയാം !

അടുത്തത്, ഭാര്യയുടെ പേരും ഭർത്താവിന്റെ പേരും സ്ത്രീലിംഗവും പുല്ലിംഗവും പോലെയുള്ള സാമ്യമാണ്.. എന്ന് വച്ച് ഭർത്താവ് സ്ത്രീലിംഗവും ഭാര്യ പുല്ലിംഗവും ആണെന്നല്ല... നേരെ തിരിച്ച് തന്നെയാണ്. ഉദാഹരണങ്ങൾ: പ്രിയൻ - പ്രിയ, അശ്വിൻ - അശ്വിനി, പ്രവീൺ - പ്രവീണ, ദീപു - ദീപ എന്നിവ. ഇതൊക്കെ എങ്ങനെ ഇത്ര കറക്ടായി സംഭവിക്കുന്നു? അല്ലാത്തതല്ലേ കൂടുതൽ സംഭവിക്കുന്നത് എന്ന് ഒരു പക്ഷേ നിങ്ങൾ ചോദിച്ച് എന്റെ ക്യൂറിയോസിറ്റിയെ നശിപ്പിക്കാൻ ശ്രമിച്ചേക്കാം.. പക്ഷേ ഇങ്ങനെയും സംഭവിക്കുന്നുണ്ടല്ലോ എന്നാണ് എന്റെ മറു ചോദ്യം. എന്തുകൊണ്ട് അനിൽ, അനിലയെ കെട്ടുന്നില്ല? മാധവൻ, മാധവിയെ കെട്ടുന്നില്ല? അതോ അങ്ങനെയുള്ളവരെ എനിക്ക് പരിചയമില്ലാഞ്ഞിട്ടാണോ?

അച്ഛന്റെ പേരും മകൻറെ പേരും ഒരേ പോലെ വരുന്നതാണ് മറ്റൊരു ജോഡി. ഇവിടെ എന്റെ എക്സാമ്പിൾ ബാലകൃഷ്ണൻ-മനോജ് ജോഡിയാണ്‌. ബാലകൃഷ്ണൻ അച്ഛൻ, മനോജ് മകൻ. ഇത്തരത്തിൽ നാല് ജോഡികളെ എനിക്ക് കൃത്യമായും അറിയാം. മൂന്ന് ജോഡികൾ (തമ്മിൽത്തമ്മിൽ ബന്ധമില്ലെങ്കിലും 😂) എന്റെ ബന്ധത്തിൽ തന്നെയാണ്. നാലാമത്തെ ജോഡി ഇവിടെ വാഷിംഗ്ടണിൽ... എന്റെ ചോദ്യമിതാണ്,  എന്തുകൊണ്ടാണ് ബാലകൃഷ്ണന്മാർ മക്കൾക്ക് കൂടുതലായും മനോജ് എന്ന പേരിടുന്നത്? വേറെ എത്ര പേരുകളുണ്ട്?

വേറൊരു ടൈപ്പ് ജോഡി, അമ്മയുടെയും മകളുടെയും പേരുകൾ തമ്മിലാണ്. എന്റെ ഉദാഹരണം, സപ്ന - നന്ദ പേരുകളുള്ള അമ്മ-മകൾ ജോഡികളാണ്. ഈ മൂന്ന് ജോഡികളും ഇവിടെ വാഷിംഗ്ടൺ ഏരിയായിൽ സസുഖം വാഴുന്നു. എന്താ, നന്ദക്ക് മാത്രം പ്രത്യക്ഷത്തിൽ സ്വപ്നം കണ്ടാൽ മതിയോ? സപ്നമാർ നന്ദാവനം സ്വപ്നം കണ്ടാണോ കിടക്കാറുള്ളത്?

ഇനി പറയൂ... ഇങ്ങനെയുള്ള സാമ്യങ്ങൾ കണ്ടാൽ ചിന്തിച്ച് പോകില്ലേ? നിങ്ങൾക്കും ഇനി ചിന്തിച്ച് തുടങ്ങാം... വേറെയും ഇതേ തരത്തിലുള്ള എത്രയോ ജോഡികൾ  ഉണ്ടാവാം എനിക്കറിയില്ല എന്നേയുള്ളൂ... പക്ഷേ എന്റെ അന്വേഷണം തുടരാൻ ഇത്രയൊക്കെ മതി 💪 അപ്പോ എന്റെ റിസേർച്ച് പേപ്പറിനുള്ള കണ്ടന്റുകൾ നിങ്ങൾ തരുമല്ലോ, അല്ലേ? ഇതേപോലെയുള്ള സാമ്യങ്ങൾ അറിയിക്കുക. അറിയിച്ചില്ലെങ്കിലും ഇങ്ങനെ സാമ്യങ്ങളുള്ളവരോട് ഈയ്യൊരു ജാതകബന്ധത്തെക്കുറിച്ച് സൂചിപ്പിക്കുകയെങ്കിലും ചെയ്യുക. ഞാനൊരു തുടക്കമിട്ടു തന്നു എന്ന് മാത്രം കരുതിയാൽ മതി. ഇനി നിങ്ങളിൽ മാത്രമാണ് എന്റെ പ്രതീക്ഷ 🙏

***

Below list will be updated upon the provided information by readers :)
Wife - Husband Combination pairs:
#Bindu #Bindhu - #Rajeev #Rajiv (3)
#Sindhu #Sindu - #Saji (3)

Wife - Husband Combination (rhyming) pair
#Ashwin #Aswin - #Ashwini #Aswini
#Praveena - #Pravin #Praveen
#Deepa - #Deepu
#Priya - #Priyan
#Chandrika - #Chandran
#Kumari - #Kumaran

Son - Father pair
#Manoj - #Balakrishnan (4)

Mother - Daughter pair
#Sapna #Swapna - #Nanda (3)

2019 ജനുവരി 23, ബുധനാഴ്‌ച

നീലരക്തം


ജനുവരി 30 അടുത്ത് വരികയല്ലേ... ഗാന്ധിജിയുടെ ചരമദിനം. അതിനോടനുബന്ധിച്ച് കൂടുതൽ മനസ്സിലാക്കാൻ ഞാനിന്നലെ  'കൂഗിളി'ൽ കയറി നോക്കി. ആ ശ്രമത്തിനിടയിൽ രണ്ട് മൂന്ന് കൊലപാതകചിത്രങ്ങൾ 'കൂഗിളി'ൽ നിന്ന് കിട്ടി... മഹാത്മാഗാന്ധി വെടികൊണ്ട് കിടക്കുന്നത്; വെടികൊണ്ട ഇന്ദിരാഗാന്ധിയെ, സോണിയാഗാന്ധി താങ്ങിപ്പിടിക്കുന്നത്; ബോംബാക്രമണത്തിൽ കൊല്ലപ്പെട്ട് ഛിന്നഭിന്നമായിക്കിടക്കുന്ന രാജീവ്ഗാന്ധിയുടേത് എന്നിവ. 'Gandhi Murder' എന്ന പേരിൽ പരതിയത് കൊണ്ടായിരിക്കണം ഇവയെല്ലാം ഒരുമിച്ച് കിട്ടിയത്. എന്തായാലും കാര്യത്തിലേക്ക് വരാം...

മഹാത്മാഗാന്ധിയുടെ ചിത്രം Black & White ആയിരുന്നെങ്കിലും, എന്റെ പ്രത്യേക ദൃഷ്ടിയിൽ, ആദ്ദേഹത്തിന്റെ ശരീരത്തിലെ ചോരയുടെ നിറം ചുവപ്പ് തന്നെയായിരുന്നു എന്ന് മനസ്സിലാക്കാൻ അധിക സമയം വേണ്ടിവന്നില്ല. പക്ഷേ ഇന്ദിരാഗാന്ധിയുടേയും രാജീവ് ഗാന്ധിയുടെയും ചിത്രം Color ചിത്രങ്ങളായിട്ട് കൂടി എന്റെ കണ്ണിന് അത്ഭുതമായിരുന്നു, വിശ്വസിക്കാൻ തീർത്തും പ്രയാസമായിരുന്നു... അവരുടെ രക്തത്തിന്റെ നിറം നീലയായിരുന്നു. രാജരക്തത്തിന്റെ നിറം നീലയാണെന്ന് യൂറോപ്യൻ ഭരണാധികാരികൾ പണ്ടേ അവരുടെ പ്രജകളെ പഠിപ്പിച്ചതാണ്...  ഇന്ത്യൻ രാജാക്കന്മാരുടേതിനേക്കാൾ ഇത്തിരി കടുംനീലയായിരിക്കും യൂറോപ്യൻ രാജാക്കന്മാരുടേത് എന്ന വ്യത്യാസം മാത്രമേയുള്ളൂ... അതുകൊണ്ടാണ് നമുക്ക് കുറേക്കാലം അവരുടെ അടിമകളായി ജീവിക്കേണ്ടി വന്നത്. ഈ കാര്യങ്ങൾ മനസ്സിലാക്കാൻ എനിക്ക് 'കൂഗിൾ' ചെയ്യേണ്ടി വന്നെങ്കിലും കോൺഗ്രസ്സ്കാർക്ക് ഇത് മനഃപാഠമാണെന്ന് ഇന്നെനിക്ക് പത്രം വായിച്ചപ്പോൾ മനസ്സിലായി... പ്രിയങ്കാ ഗാന്ധി കോൺഗ്രസ്സിന്റെ നേതൃത്വത്തിലേക്ക് വരുന്നു ! സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും നേതൃത്വത്തിൽ വന്നിട്ടും എനിക്ക് കാര്യങ്ങൾ പിടികിട്ടിയിരുന്നില്ല !!

പിന്നെയും 'കൂഗിളി'ൽ തപ്പി നോക്കിയപ്പോൾ വേറെയും കുറച്ച് കാര്യങ്ങൾ കൂടി അറിയാൻ കഴിഞ്ഞു. ചില നേതാക്കൾ, 'രക്ത രാജസൂയം' എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ച്, തങ്ങളുടെയും പരമ്പരയുടെയും  രക്തത്തിന്റെ നിറം ചുവപ്പിൽ നിന്ന് നീലയിലേക്ക് പരിവർത്തനം ചെയ്യുന്നുണ്ടെന്നതാണ് ഒരു വിവരം.  മറ്റ് ചില നേതാക്കന്മാർ, അധികാരത്തിലെത്തിയില്ലെങ്കിലും, അടുത്ത പരമ്പരക്ക് വേണ്ടി ധനസമ്പാദനത്തിന് മാത്രമായിട്ട്,  'രക്ത ധനഞ്ജയം' ('രക്ത രാജസൂയ'ത്തിൽ 'രക്ത ധനഞ്ജയം' ഉൾപ്പെട്ടിട്ടുണ്ട്) എന്ന കർമ്മം നടത്തി, രക്തം പച്ച നിറമാക്കുന്നുണ്ടത്രേ ! പരമ്പരതലമുറകളുടെ ആഴം കൂടുന്തോറും നിറത്തിന്റെ കട്ടി കൂടുമെന്നും കേൾക്കുന്നു. മേൽ പറഞ്ഞ രണ്ട് സാങ്കേതിക വിദ്യകൾക്കും അത്യാവശ്യമായി വേണ്ടത് നാട്ടിലെ ജനങ്ങളുടെ ചോരയാണത്രേ ! സാധാരണ ജനങ്ങൾക്കൊന്നും ഈ വിദ്യകൾ മനസ്സിലാകാത്തത് കൊണ്ട്, ഇത്ര കാലമായിട്ടും ഈ സാങ്കേതികവിദ്യകളുടെ സൂത്രവാക്യം പരസ്യപ്പെടുത്തിയിട്ടില്ലത്രേ !! സർവ്വോപരി എന്നെ അത്ഭുതപ്പെടുത്തിയത് വേറൊരു കാര്യമാണ്... 'രക്ത രാജസൂയ'ത്തിനും 'രക്ത ധനഞ്ജയ'ത്തിനും വേണ്ടി തങ്ങളുടെ രക്തം ഊറ്റുന്നത് പൊതുജനം തീർത്തും അറിയുകയേയില്ല എന്നതാണത് !  പാവം പൊതുജനം 😒

കമ്മ്യൂണിസ്റ്റ് കൊറിയൻ കിം ജോംഗ്, ക്യൂബൻ കാസ്ട്രോ, താക്കറെ, കരുണാനിധി, കരുണാകരൻ, ദേവഗൗഡ, ലാലുയാദവ്, മുലായം എന്നീ കുടുംബങ്ങൾ ഇതിനകം തന്നെ രക്തരാജസൂയം നടത്തിക്കഴിഞ്ഞു എന്നാണറിവ്. അംബാനി, അദാനി എന്നിവർ രക്തധനഞ്ജയം മാത്രമേ നടത്തിയിട്ടുള്ളൂ. എന്റെ 'കൂഗിൾ' ഭഗവതീ... നീയും കൂടിയില്ലായിരുന്നേൽ ഞാനിതൊന്നും അറിയില്ലായിരുന്നു.... ഒട്ടും വൈകാതെ ഞാനും പുറപ്പെടുകയായി... രക്തരാജസൂയത്തിലേക്ക്... എന്റെയും എന്റെ കെട്ട്യോളുടെയും കാര്യം അവിടെ കിടക്കട്ടെ... പക്ഷേ രണ്ട് മക്കളുടെയെങ്കിലും രക്തം നീലയാക്കണം... എന്നിട്ട് വേണം കണ്ണടക്കാൻ... അല്ലെങ്കിൽ പ്രിയങ്കാ ഗാന്ധിയുടെ മകൻ പ്രസിഡണ്ടായിക്കളയും 😃

***

കേരളോത്സവം എന്തിന് ?

(2017 ൽ വാഷിംഗ്ടൺ ഡി സിയിൽ വച്ച് നടത്തിയ 'കേരളോത്സവം' എന്ന പരിപാടിയുടെ സുവനീറിന്‌ വേണ്ടി എഴുതിയത്)

വൈവിധ്യം പ്രകൃതിയുടെ താളമാണ്. ആ വൈവിധ്യം പരമമായി ഉൾക്കൊണ്ടുകൊണ്ട് കാലചക്രം തിരിക്കാനുള്ള ഏകാത്മകമായ ഒരു താളം കണ്ടെത്താൻ മാനവരാശിക്കേ കഴിയൂ. 'പറയി പെറ്റ് പന്തിരുകുലം' എന്ന കഥയിലെ യുക്തിയെ മനസ്സിലേറ്റി, നാനാജാതിമതസ്ഥർ 'മാവേലി'യെന്ന ബിംബത്തെ നെഞ്ചോട് ചേർത്ത് 'മാനുഷരെല്ലാരുമൊന്നുപോലെ' എന്ന് പാടി പെരുമ പുലർത്തുന്ന ദേശം; 'അതിഥി ദേവോ ഭവഃ' എന്ന് ഉരുവിട്ടുകൊണ്ട് അറബികൾക്കും ജൂതന്മാർക്കും യൂറോപ്യന്മാർക്കും ആതിഥ്യമരുളിയ കൊച്ചു ദേശം; 'വസുദൈവ കുടുംബകം' എന്ന തത്വത്തിനെ ഹൃദയം കൊണ്ട് സ്വാർത്ഥകമാക്കിയ ജനത നിവസിക്കുന്ന പ്രദേശം; 'നാനാത്വത്തിൽ ഏകത്വം' എന്ന ആപ്തവാക്യത്തിലധിഷ്ഠിതമായി ജീവിക്കുവാൻ നമ്മെ ഉദ്‌ഘോഷിച്ച ഭാരതദേശത്തിൻറെ തെക്കേയറ്റത്ത്, അറബിക്കടലിന് സമാന്തരമായി, 'ദൈവത്തിന്റെ സ്വന്തം നാട്' എന്ന ഓമനപ്പേരിലറിയപ്പെടുന്ന കേരളം, മേൽപറഞ്ഞ ഏകാത്മകതാളത്തിന്റെ വിത്തുകോശഭണ്ഡാരമാണ്. ഒരേ തരത്തിലുള്ള പൂക്കൾ നിറഞ്ഞ പൂന്തോട്ടത്തെക്കാൾ പലതരത്തിലുള്ള പൂക്കൾ നിറഞ്ഞ പൂന്തോട്ടത്തിനാണ് ഭംഗി കൂടുതലുള്ളത് എന്ന യുക്തി കൈരളിയെ സംബന്ധിച്ചടുത്തോളം വളരെ അന്വർത്ഥമാണ്. കിഴക്ക് ഭാഗത്തെ വന്മലയായ സഹ്യന്റെയും പടിഞ്ഞാറ് ഭാഗത്തെ ആഴിയായ അറബിക്കടലിന്റെയും ഇടയിൽ നദികളുടെയും വയലേലകളുടെയും ഇമ്പമാർന്ന സംഗീതം പ്രതിധ്വനിപ്പിച്ച് മരതകശോഭ പരത്തുന്ന കൈരളിയുടെ മന്ത്രമായ മലയാളം മുഴങ്ങാത്ത പ്രദേശം ഈ ഭൂഗോളത്തിലില്ലെന്ന് തന്നെ പറയാം.

പ്രവാസം ഒരു മലയാളിയെ സംബന്ധിച്ചടുത്തോളം വളരെ പരിചിതമായ ഒരവസ്ഥയാണ്. നമ്മൾ ഇന്ന് ജീവിക്കുന്ന, ഭൂമിയുടെ പശ്ചിമാർദ്ധഗോളത്തിന്റെ ഉത്തരഭാഗത്ത് സ്ഥിതി ചെയ്യുന്ന അമേരിക്കൻ ഐക്യനാടുകളിലും മലയാളികൾ, വളരെ മികവുറ്റ രീതിയിൽ അവന്റെ പ്രവാസ ജീവിതം നയിക്കുന്നുണ്ട്. പണ്ട് മികച്ച ജീവിത സാഹചര്യങ്ങൾ തേടി കുടിയേറ്റം ലാക്കാക്കിയുള്ള പ്രവാസമായിരുന്നെങ്കിൽ, ഇന്നത് മുന്തിയ വിദ്യാഭ്യാസമോ ജോലിയോ മുന്നിൽകണ്ടുള്ള പ്രവാസമാണ്. പേർഷ്യൻ-ഗൾഫ് മേഖലകളിൽ നിന്ന് വിഭിന്നമായി, ഇവിടെ വന്ന ഓരോ പ്രവാസിയും, ഉദ്ദേശിച്ചുറപ്പിച്ചോ അല്ലെങ്കിൽ അവന്റെ പുതിയ തലമുറ ഇവിടെ ഉണ്ടാകുമ്പോൾ സ്വാഭാവികമായോ കുടിയിരുന്ന് പോകുന്നുണ്ടെങ്കിലും, മലയാളി അവന്റെ സ്വത്വം കൈമോശം വരാതെ കാത്ത് സൂക്ഷിക്കാൻ ശ്രമിക്കുന്നുണ്ടെന്നുള്ളത് ശ്ലാഘനീയമാണ്. ഈ സ്വത്വം കാത്തുസൂക്ഷിക്കുന്നതിൽ ഓരോ പ്രദേശത്തെയും മലയാളി പ്രവാസികൾ ചേർന്ന് രൂപീകരിച്ചിട്ടുള്ള മലയാളി സംഘടനകൾ മികച്ച പങ്ക് വഹിക്കുന്നുണ്ട്.  ജാതികൾ തിരിഞ്ഞും മതങ്ങൾ തിരിഞ്ഞും മലയാളി സംഘടനകൾ  ഉണ്ടെങ്കിലും, ഇതിനെല്ലാം മേലെയായി, ജാതിമത ചിന്തകളില്ലാതെ സാർവ്വജനികമായി, മലയാളിയെന്ന സ്വത്വബോധത്തിൽ ഉറച്ച് നിന്നുകൊണ്ട് പ്രവർത്തിക്കുന്ന മലയാളി സംഘടനകൾ തീർച്ചയായും പ്രവാസി മലയാളികൾക്ക്, തദ്വാരാ കേരളത്തിന് തന്നെ അഭിമാനിക്കാവുന്ന തിലകക്കുറികളാണ്.

ആദ്യത്തെ മലയാളി അമേരിക്കൻ ഐക്യനാടുകളിൽ എത്തിയതിന് ശേഷം ഒന്നോ രണ്ടോ പുതുതലമുറകൾ ഇവിടെ ഉദയം ചെയ്ത് കഴിഞ്ഞിട്ടുണ്ട്. പുതിയ തലമുറകൾ അനുസ്യൂതം ഉണ്ടായിക്കൊണ്ടിരിക്കുമ്പോൾ പഴയ തലമുറകളുമായി ഉണ്ടാകുന്ന ബന്ധത്തിലെ ചില കണ്ണികൾ അറ്റുപോകുന്നത് സ്വാഭാവികമാണ്, പ്രത്യേകിച്ച് പ്രവാസികൾക്ക്. കേരളത്തിന്റെ തനത് സംസ്കാരവും പാരമ്പര്യവും പുതുതലമുറകളിലേക്ക് പകർന്ന് നൽകുന്നതിന് കേരളോത്സവം പോലുള്ള സാംസ്കാരിക സംരഭങ്ങൾക്ക് വളരെയധികം പങ്ക് വഹിക്കാൻ കഴിയും. കേരളത്തിന്റെ തനതായ കലകളും വാസ്തുശില്പ നിർമ്മാണവിദ്യകളും ഭാഷയും കൃഷിയും ചരിത്രവും പാരമ്പര്യവും സംസ്കാരവുമെല്ലാം വിവിധരൂപങ്ങളിലായി സംക്ഷിപ്തരൂപത്തിൽ സമ്മേളിപ്പിച്ച് ഒരുക്കപ്പെടുന്ന കേരളോത്സവം വെറും ഒരു ദൃശ്യവിരുന്നിന്‌ ഉപരിയായി പഴയ തലമുറയെ അനുസ്മരിക്കാനും അറിയാനും മനസ്സിലാക്കാനുമുള്ള സന്ദർഭം കൂടിയാണ്.

കേരളോത്സവം അതിന്റേതായ അർത്ഥത്തിലെടുത്താൽ ഘടനാപരമായി സങ്കീർണ്ണമാണെന്ന് മനസ്സിലാക്കാം. അതുകൊണ്ട് തന്നെ എല്ലാവർഷവും ഇത്തരം സംരംഭങ്ങൾ നടത്താൻ പ്രായോഗികബുദ്ധിമുട്ടുകൾ സ്വാഭാവികമാണ്. എന്നിരുന്നാലും  പത്തു വർഷത്തിലൊരിക്കലെങ്കിലും കേരളോത്സവം നടത്താൻ അമേരിക്കൻ ഐക്യനാടുകളുടെ തലസ്ഥാനമായ വാഷിംഗ്ടൺ ഡി സി പ്രദേശത്തുള്ള മലയാളികൾ കാണിക്കുന്ന താല്പര്യം ആവേശം ജനിപ്പിക്കുന്നതാണ്. ഇത്തരം സംരഭങ്ങൾക്ക് ചുക്കാൻ പിടിക്കാൻ വാഷിംഗ്ടൺ ഡി സി സമീപപ്രദേശങ്ങളിലെ പ്രമുഖ മലയാളി സംഘടനകളായ 'കൈരളി ഓഫ് ബാൾട്ടിമോർ', കേരള കൾച്ചറൽ സൊസൈറ്റി ഓഫ് മെട്രോപൊളിറ്റൻ വാഷിംഗ്ടൺ (KCSMW)', 'കേരള അസോസിയേഷൻ ഓഫ് ഗ്രേറ്റർ  വാഷിംഗ്ടൺ (KAGW)' എന്നിവ ഒത്തൊരുമയോടെ, അക്ഷീണം നടത്തുന്ന ശ്രമങ്ങൾക്ക് നമുക്ക് കരുത്ത് പകരാം. ഇത്തരം സംരഭങ്ങളിലൂടെ നമുക്കും നമ്മുടെ പുതുതലമുറകൾക്കും ദൃശ്യവിജ്ഞാനവിരുന്നുകൾ ആസ്വദിക്കുന്നതിനൊപ്പം കേരളത്തിന്റെ സാംസ്കാരികമായ ഐക്യം ഊട്ടിയുറപ്പിക്കുകയും ചെയ്യാം.

***

നിലപാട് മാറ്റം

ചുവട്ടിലെ മണ്ണ് ഇളകാതിരിക്കാനും പ്രമാദിത്വം അപ്രമാദിത്വമായി ഉയർത്താനും വശംവദരായവർക്ക് ഒരിക്കലും ബോധോദയമുണ്ടാകാതിരിക്കാനും സർവ്വോപരി, മാർഗ്ഗം നോക്കാതെ 'ക്ഷത്രിയധർമ്മം' (ഭരണം) അനുഷ്ഠിക്കാൻ വെമ്പൽ കൊള്ളുന്നവർക്ക് 'ബ്രാഹ്മണധർമ്മം' (ഉപദേശകധർമ്മം) നിർവഹിക്കാനും ചില നിലപാട് മാറ്റങ്ങൾ നല്ലതാണ്.
2007 കളിൽ സ്ത്രീകൾ ശബരിമലയിൽ കയറുന്നത് കൊണ്ട് ഒരു കുഴപ്പവുമില്ലെന്നും ദൈവത്തിന് സ്ത്രീപുരുഷവ്യത്യാസങ്ങൾ ഇല്ലെന്നും വ്യക്തമായി പറഞ്ഞിരുന്ന, ഈയ്യടുത്തകാലത്ത് അങ്ങുമിങ്ങും തൊടാതെ പറഞ്ഞിരുന്ന അമൃതാനന്ദമയിക്ക് 'നൈഷ്ഠിക ബ്രഹ്മചര്യം' അനുഷ്ഠിക്കുന്ന പ്രതിഷ്ഠയുടെ വൈശിഷ്ട്യം എന്താണെന്ന് ഇപ്പോൾ മനസ്സിലായിരിക്കുന്നു ! ശബരിമലയിൽ യൗവ്വനയുക്തകൾ (പ്രത്യുൽപാദന ശ്രേണിയിൽ പെട്ട വനിതകൾ) കയറാൻ പാടില്ലെന്ന് വ്യക്തമായി അവർ പറഞ്ഞിരിക്കുന്നു. സ്ത്രീ എന്ന നിലയിൽ പ്രതിഷ്ഠാകർമ്മങ്ങളും പൂജാകർമ്മങ്ങളും നടത്തി ഒരു തരത്തിൽ വിപ്ലവം സൃഷ്‌ടിച്ച അമൃതാനന്ദമയിക്കും വീണ്ടുവിചാരം വരുത്തിക്കണമെങ്കിൽ അതുകൊണ്ടുണ്ടാകുന്ന ലാഭക്കണക്കുകൾ തീർച്ചയായും മനസ്സിലായിക്കാണണം !! ബ്രഹ്മചാരിണിയായ അമൃതാനന്ദമയിക്ക് പുരുഷഭക്തരുടെ സാമീപ്യം പ്രശ്നം സൃഷ്ടിക്കുന്നില്ലെങ്കിലും ദൈവസങ്കല്പത്തിന്റെ പ്രതിഷ്ഠക്ക് ഇത്തരം സാമീപ്യം ഇളക്കം തട്ടിക്കുമെന്ന ശാസ്ത്രസങ്കല്പങ്ങളിൽ കാര്യമുണ്ടെന്ന് മനസ്സിലായിക്കാണണം !!!
ശബരിമലയിലെ സ്ത്രീപ്രവേശനത്തെ പണ്ട് മുതലേ അനുകൂലിച്ചിരുന്ന RSS ഉം അതിന്റെ ഉന്നത നേതാക്കളും നമ്മുടെ നാട്ടിലെ സുരേന്ദ്രനും, കോൺഗ്രസ്സ് നേതാക്കളും എല്ലാം കളം കണ്ട് പെട്ടന്ന് തന്നെ കാല് മാറിയെങ്കിൽ, അമൃതാനന്ദമയി ഇത്തിരി സമയം അധികം എടുത്തു എന്ന വ്യത്യാസം മാത്രമേ ഉള്ളൂ. ഏത് വിപ്ലവവും ലാഭക്കണക്കുകളിൽ എത്തുമ്പോൾ നിലക്കും... കമ്മ്യൂണിസത്തിന് പറ്റിയത് പോലെ... ആം ആദ്മിക്ക് പറ്റിയത് പോലെ... സാമ്രാജ്യങ്ങൾ ഉണ്ടാക്കാൻ ആയുധം എടുക്കണമെന്നില്ല ! 

2019 ജനുവരി 18, വെള്ളിയാഴ്‌ച

ഹൈകു ശ്രമങ്ങൾ


'ഹൈകു' എന്നത്, ഒരു പ്രത്യേക ഘടനയിൽ എഴുതപ്പെടുന്ന, ജാപ്പനീസ് ഭാഷയിൽ ഉടലെടുത്ത ഒരു കവിതയെഴുത്ത് രീതിയാണ്. അവ, കേവലം രണ്ടോ മൂന്നോ വരികൾ കൊണ്ട് വിശാലമായ അർത്ഥതലങ്ങൾ കൈകാര്യം ചെയ്യുവാൻ  വായനക്കാരെയും കേൾവിക്കാരെയും പ്രാപ്തമാക്കുന്നതും ചിന്തോദ്ദീപകവുമായിരിക്കും.  ('Haiku' is a traditional form of Japanese poetryHaiku poems consist of 3 lines. The first and last lines of a Haiku have 5 syllables and the middle line has 7 syllables. The lines rarely rhyme, but will have a sea depth of meanings). ഹൈകു (haiku) എന്തെന്ന് കൂടുതലറിയാൻ ഗൂഗിളിൽ തിരഞ്ഞാൽ മതി. ഈ കാലത്ത്, യഥാർത്ഥ രീതിയിലിലുള്ള ഹൈകു കവിതകൾ ഉണ്ടാവുന്നില്ലെങ്കിലും (ഹൈകു കവിത എന്നത്, കാലം പോകെപ്പോകെ, മേല്പറഞ്ഞ നിയമങ്ങളെല്ലാം മറികടന്ന്, ചുരുക്കക്കവിത എന്നായി മാറിയിട്ടുണ്ട്), അതിന്റെ ചുവട് പിന്തുടർന്നുകൊണ്ട്, സ്വന്തം പരിമിതിക്കുള്ളിൽ നിന്നുകൊണ്ട്, ചില ശ്രമങ്ങൾ നടത്തുകയാണ് ഇവിടെ. മലയാളത്തിൽ ഇതിനകം തന്നെ കുറെയേറെ ഹൈകു കവിതകൾ പിറന്നു കഴിഞ്ഞിട്ടുണ്ട് !


കാർക്കോടകൻ
---------------------------
കർക്കിടകത്തിൽ കാർക്കോടകനും
കൂർക്കിലതൻ കുറുക്കു വേണം !

കനം
---------
കൂനിൻ കനത്തിൽ
തലക്കനം കനക്കുകിൽ !

പ്രവൃത്തി
------------------
വികൃത പ്രവൃത്തിയിൽ പ്രകൃതിതൻ വികൃതികൾ
തകൃതിയിൽ പ്രാകൃതമാകൃതി കോർക്കണം !

സുകൃതം
------------------
സ്വയംകൃത സുകൃതം
ജാഗ്രതയെന്നോർക്കുക !

കുഷ്ഠം
------------
കായകുഷ്ഠം പിന്നെയും മാറ്റിടാം
മനോഃകുഷ്ഠം ചിതയിലേ മാറിടൂ !

ഭക്തി
-----------
ആകർഷണം ഭോഗം കഷണം കാഷായം
ഭാഷണം മധുരം ഘോഷണം സ്വർഗ്ഗം
മോഷണം ദ്രവ്യം ശോഷണം മൂല്യം
വീക്ഷണം വിനാ പോഷണം ഭക്തി !

ചുരുക്കത്തിലുള്ള സാരാംശങ്ങൾ:

കാർക്കോടകൻപണ്ടൊക്കെ കർക്കിടകമാസം എന്നത്, കേരളത്തിൽ, സൂര്യനുദിക്കാതെയെന്നോണം കാർമേഘാവൃതമായി, നിർത്താതെ പെയ്യുന്ന മഴയും, വെള്ളപ്പൊക്കവും, തന്മൂലം പകർച്ചവ്യാധികളും മരണങ്ങളും ഒക്കെ സാധാരണമായിരുന്നു. കർക്കിടകം ഒരുതരം ഭയപ്പാടുള്ള സമയമായിരുന്നു. എത്ര കേമന്മാരായാലും ഉന്നതനിലയിലുള്ളവരായാലും, കർക്കിടകം ഒന്ന്  കഴിഞ്ഞുകിട്ടാൻ പ്രാർത്ഥിക്കുമായിരുന്നു. കാർക്കോടകൻ എന്നത് പുരാണങ്ങളിൽ പരാമർശിക്കപ്പെട്ടിട്ടുള്ള അഷ്ടനാഗങ്ങളിലൊന്നായ  വലിയ കേമനായ അഹങ്കാരിയായ ഉഗ്രവിഷമുള്ള ഒരു പാമ്പാണ്. എല്ലാത്തിനെയും കീഴ്‌പ്പെടുത്താൻ ശക്തിയുള്ളവൻ. കൂർക്കിലയില (ഒരു ചെടി) വേവിച്ചുള്ള വെള്ളവും കൂർക്കില പിഴിഞ്ഞുള്ള നീരും തണുപ്പ് സംബന്ധമായതും ജലസംബന്ധമായതുമായ രോഗങ്ങൾ മാറ്റാൻ കഴിവുള്ള ആയുർവ്വേദമരുന്നാണ്. 

മേൽപ്പറഞ്ഞ വരികൾകൊണ്ട് ഉദ്ദേശിച്ചത്, ഒരുവൻ എല്ലാം കൊണ്ടും എത്ര കേമനായാലും ജീവിതത്തിൽ ചില സാഹചര്യത്തിൽ പെട്ടുപോകുമ്പോൾ അറിയാതെയെങ്കിലും പരസഹായം ആവശ്യമായിവരും എന്നുള്ളതാണ്. പരസ്പരം അറിഞ്ഞും സഹായിച്ചും ജീവിക്കുക.

കനം: കൂന് എന്നുള്ളത്, ഒരുവന്, എന്ത് സൗഖ്യാവസ്ഥകൾ ഉണ്ടായിരുന്നാലും ഒരു ന്യൂനത തന്നെയാണ്. പക്ഷേ അതിന്റെ ന്യൂനത കൂനുള്ളവൻ മാത്രമേ അനുഭവിക്കേണ്ടതുള്ളൂ. പക്ഷേ തലക്കനം അഥവാ അഹങ്കാരം അതുപോലെയാണോ?  പ്രത്യക്ഷത്തിൽ ഒന്നും തോന്നില്ലെങ്കിലും, തലക്കനവുംഒരു തരത്തിൽ കൂന് പോലെ തന്നെ, അദൃശ്യമാണെന്ന് മാത്രം. പക്ഷേ തലക്കനം ഉള്ളവന് അത് തോന്നില്ലെങ്കിലും, മറ്റുള്ളവർക്ക് തലക്കനമുള്ളവനെക്കാണുമ്പോൾ ഒരുതരം വിമ്മിട്ടം അനുഭവപ്പെടും. ഉള്ളിലുള്ള ഒരുതരം തിളച്ചുമറിയൽ... ആ സാമീപ്യം തന്നെ ഒഴിവാക്കുവാനുള്ള ത്വര... അപ്പോൾ, കൂനുള്ളവന് തലക്കനം കൂടി ഉണ്ടായായാലോ? 

പ്രവൃത്തി: പ്രകൃതിയിൽ പലതും നമ്മളറിയാതെ നടക്കുന്നതാണ്. പ്രകൃതിയുടെ താളം നമ്മളൊന്നും നിശ്ചയിക്കുന്നതല്ല. എന്നാൽ, നമ്മൾ ആ താളത്തിന്റെ ഭാഗമാണ് താനും. അത്യാഗ്രഹികളും വിവേകശൂന്യരുമായ ഒരു കൂട്ടം മനുഷ്യർ, പ്രകൃതിയുടെ താളം നിയന്ത്രിക്കാനെന്നോണം ഇന്നിവിടെ പലതും കാട്ടിക്കൂട്ടുന്നുണ്ട്. മഴ, കാറ്റ് മുതലായ പ്രകൃതിയുടെ നല്ല ഭാവങ്ങൾ ചിലപ്പോൾ പേമാരിയായും, കൊടുങ്കാറ്റായുമൊക്കെ വികൃതരൂപം പ്രാപിക്കാറുണ്ട്. പക്ഷേ ഇന്നത്തെ പല പ്രകൃതി ദുരന്തങ്ങളും മനുഷ്യ നിർമ്മിതികളാണെന്നതിന് പല തെളിവുകളും ഉണ്ട്. ചിലപ്പോൾ ചെയ്യുന്നവൻ ഒരാളും, അനുഭവിക്കുന്നവൻ മറ്റൊരാളുമാകാം. 

സത്യത്തിൽ എന്റെ ആഗ്രഹമാണ്, ഏത് മേഖലയിലായാലും, തോന്ന്യാസം കാണിക്കുന്നവന് ഉരുളക്കുപ്പേരിപോലെ അതേ നാണയത്തിൽ പ്രകൃതി തന്നെ തിരിച്ചടിച്ചെങ്കിൽ... 

സുകൃതം: ഏത് കാര്യത്തിലായാലും ജാഗ്രത ഉണ്ടായിരിക്കുന്നത് നല്ല കാര്യമാണ്. ചെയ്യുന്നത് എന്താണെന്നും അതിന്റെ പരിണിതഫലങ്ങൾ എന്താണെന്നുമൊക്കെയുള്ളതിനെക്കുറിച്ച് വിചാരമുണ്ടാകുന്നത്, ആ കാര്യം ചെയ്യുന്നവനും, അതിന്റെ ഫലം അനുഭവിക്കുന്നവനും, ആ കാര്യത്തിനെക്കുറിച്ച് കേൾക്കുന്നവനും ചില ചിന്തകൾക്കും, ചില പുനർവിചാരങ്ങൾക്കും പാത്രമാകും. ഇത് മൂലം ചിലപ്പോൾ ഭാവിയിലെ ദുഖങ്ങളോ പശ്ചാത്താപങ്ങളോ വേദനകളോ ഒഴിവാക്കാൻ പറ്റിയെന്നിരിക്കും. അപ്പോൾ ഒരു കാര്യം ചെയ്യുമ്പോൾ ശ്രദ്ധിച്ച് ചെയ്യുക... മറ്റുള്ളവരെക്കൂടി കണക്കിലെടുക്കുക. അങ്ങനെയാവുമ്പോൾ ആ കൃതം സുകൃതമാവും !

കുഷ്ഠം: കുഷ്ഠം എന്നത് ഒരു രോഗമാണ്. പണ്ട് കാലത്ത് മാറാവ്യാധി ആയിരുന്നെങ്കിലും ഇന്ന് കുഷ്ഠത്തിന് മരുന്നുകൾ ഉണ്ട്. കമ്പോളമാസ്മരികത പടർന്നു പിടിച്ച ഇക്കാലത്ത്, ചെയ്യുന്നതെന്തും കച്ചവടമനസ്സിലധിഷ്ഠിതമായതിനാൽ മാനവികമായ വികാരവിചാരങ്ങൾ  ഇന്നത്തെ തലമുറക്ക് നഷ്ടമാകുന്നു. മനസ്സുകളിൽ അധീശത്വത്തിന്റെയും തീവ്രവിചാരങ്ങളുടെയും കനലുകൾ ചെറുവിത്തുകളായി ചെറുപ്പത്തിലേ പാകപ്പെടുന്നു. അത്തരം സന്നിവേശിക്കപ്പെട്ട ചിന്താധാരകളിൽ നിന്ന് ഒരുവന് മുക്തനാവുക ഇന്ന് വളരെ പ്രയാസമുള്ളതാണ്. ആ മുക്തി സംഭവിക്കുന്നത് അവന്റെ ചിതയിൽ വച്ച് മാത്രം !

ഭക്തി: ഈ പറയുന്നത് യഥാർത്ഥ സാത്വിക ഭക്തിയേയോ ഭക്തരെയോ കുറിച്ചല്ല. മറിച്ച് ഭക്തി എന്നത് ഒരു വ്യവസായമായി വളർന്നതിനെക്കുറിച്ചും ആ വ്യവസായത്തിന് അറിയാതെ പാത്രമാകുന്നതിനെയും കുറിച്ചാണ്. ഇന്നത്തെക്കാലത്ത് ഭക്തി എന്നുള്ളത് മറ്റുള്ളവനെ സ്വന്തം സ്വത്വം കാണിക്കാനുള്ള ഒരു ഉപാധിയായിരിക്കുന്നു. അങ്ങനെ കാണിക്കണമെന്ന് ആരൊക്കെയോ വാശി പിടിക്കുന്നു. ചില കുബുദ്ധികൾ, നിഷ്കളങ്കന്മാരെ, അവരറിയാതെ തന്നെ പടയാളികളാക്കി, അവിടവിടായി ചില സാമ്രാജ്യങ്ങൾ സൃഷ്ടിക്കുന്നു. ഒന്നും നടക്കില്ലെന്നറിഞ്ഞിട്ടും പൂജകളും വെഞ്ചെരിപ്പുകളും ഉറൂസുകളും നടത്തുന്നു. ഭക്തിയുടെ പേരിൽ രമ്യഹർമ്യങ്ങളും, കാട് വെട്ടിത്തെളിക്കലും, പണം പിരിക്കലും നടക്കുന്നു. നടത്തുന്നവർ കൊഴുക്കുന്നു... നടക്കാൻ നിന്ന് കൊടുക്കുന്നവരിൽ ചിലർ കിതക്കുന്നു, മറ്റുള്ളവർ കൊഴിയുന്നു... സൗകര്യങ്ങൾ ഭോഗിക്കാനുള്ള ത്വരക്കിടയിൽ മൂല്യങ്ങൾ മറന്ന് മോഷണം പെരുകുന്നു...  ഇല്ലാത്ത സ്വർഗ്ഗത്തിന് വേണ്ടി മധുരഭാഷണങ്ങൾ കനക്കുന്നു... വസ്ത്രങ്ങളും നിറങ്ങളും അടയായാളങ്ങളാക്കി വേർതിരിവുകൾ സൃഷ്ടിക്കുന്നു....  ചിന്തക്കും യുക്തിക്കും സ്ഥാനമില്ലാതെ, ഭക്തി എല്ലാവരും പോഷിപ്പിക്കുന്നു... തമ്മിൽ തല്ല് മാത്രം ബാക്കിയാവുന്നു.. യഥാർത്ഥ ഭക്തൻ എല്ലാം നോക്കി തരിച്ചിരിക്കുന്നു !

കുറിപ്പ്: മേൽപറഞ്ഞതിന് പുറമേയുള്ള ആഖ്യാനങ്ങളും വ്യാഖ്യാനങ്ങളും ചിന്തനങ്ങളും ആസ്വാദകർക്ക് വിട്ടുതരുന്നു.

***

2019 ജനുവരി 7, തിങ്കളാഴ്‌ച

ഇരട്ടത്താപ്പുകൾ !



നിയമസഭയിലെ നടുത്തളത്തിൽ കിരാതനൃത്തം ചവിട്ടി, അധ്യക്ഷന്റെ മേശയിൽ വലിഞ്ഞു കയറി, പരശുരാമൻ മഴു എറിഞ്ഞത് പോലെ മൈക്ക് വലിച്ചെറിഞ്ഞ്, ഉറഞ്ഞുതുള്ളിയ കോമരത്തിന് ബോധക്ഷയം വന്നതുപോലെ അഭിനയിച്ച് കഥകളി ആടിയവർ,  അവര് തന്നെ കുറേ വേദികളിൽ ആടിത്തിമർത്ത തെരുവുയുദ്ധ ആട്ടക്കഥ, ഇന്ന് വേറെ ആരോ പുറത്ത്  ആടിയതിന്റെ പേരിൽ ദുഃഖിക്കുന്നു. അതിന്റെ പേരിൽ നഷ്ടം പിടിച്ചെടുക്കാൻ ഓർഡിനൻസുകൾ ഇറക്കുന്നു (നിയമസഭാനാടകത്തിന്റെ നഷ്ടം നികത്തി തീർച്ചയായും പശ്ചാത്തപിക്കുന്നുണ്ടാവും). ഹിന്ദുവിന്റെ അമ്പലത്തിൽ പെണ്ണിനെ കയറ്റാൻ മാമാങ്കം നടത്തുന്നവർ മുസ്ലീമിന്റെ പള്ളിയിൽ കയറാൻ ശ്രമിച്ചെന്ന പേരിൽ പെണ്ണുങ്ങളെ അറസ്റ്റ് ചെയ്യുന്നു. ഹിന്ദുവിന്റെ പേരിൽ വന്ന സുപ്രീം കോടതി വിധി നടപ്പാക്കാൻ പി. ടി. ഉഷയുടെ വേഗത്തിലോടിയവർ, ക്രിസ്ത്യൻ പള്ളിയുടെ പേരിൽ വന്ന വിധി നടപ്പാക്കുന്ന കാര്യം വരുമ്പോൾ കുരങ്ങിനെപ്പോലെ മലക്കം മറിയുന്നു. കൈയ്യേറ്റക്കുരിശിനെ ന്യായീകരിച്ച് വിശ്വാസം സംരക്ഷിച്ചവർ, ശബരിമലയിലെത്തുമ്പോൾ വിശ്വാസങ്ങൾക്ക് എതിരാവുന്നു.  കിട്ടിയ ശവത്തെ വച്ച് ഹർത്താൽ ആചരിച്ചവരെ കളിയാക്കിയവർ ഇരുദിനപണിമുടക്കെന്ന 'താരതമ്യേന' ലളിത പദമുപയോഗിച്ച് അഖിലേന്ത്യാ പണിമുടക്ക് നടത്തുന്നു. സ്വന്തം അന്വേഷണസംവിധാനങ്ങൾ ഉള്ളത് കൊണ്ട് സ്ത്രീപീഡനപരാതികളിൽ പോലും ഭരണഘടനാ സംവിധാനങ്ങളെ വെല്ലുവിളിക്കുന്നു, പക്ഷേ മറ്റുള്ളവന്റെ പീഡനത്തിന് തടയിടാൻ ഭരണഘടനാ സംവിധാനങ്ങളെ ഉപയോഗിക്കുന്നു. അമ്പത്തിയൊന്ന് വെട്ടുകൾ വെട്ടുമെങ്കിലും, സ്വന്തം ചോര ചിന്തുമ്പോൾ  മാത്രം, കൊലപാതക രാഷ്ട്രീയം നീചമാകുന്നു, മതിൽകെട്ടിത്തീർക്കുന്ന നവോത്ഥാനത്തിന് ജാതി സംഘടനകളെ മുൻനിരയിൽ നിർത്തുന്നു...

ജാതിസംവരണം എതിർക്കുന്നവർ സാമ്പത്തികസംവരണ മേമ്പൊടി ചാർത്തി മുന്നോക്കജാതി സംവരണത്തിന്റെ രാഷ്ട്രീയ കേക്ക് മുറിച്ച് കൊടുക്കുന്നു. മുസ്ലീമിന്റെ മുത്തലാഖ് നിരോധിച്ച് സ്ത്രീകളുടെ അവകാശങ്ങളെ സംരക്ഷിക്കാൻ ശ്രമിക്കുന്നവർ, ശബരിമലയിൽ സ്ത്രീകളുടെ ആർത്തവത്തിന്റെ പേരിലുള്ള അയിത്തം, ദൈവത്തിന്റെ നൈഷ്ഠികബ്രഹ്മചര്യത്തിന്റെ പേരിൽ ന്യായീകരിക്കുന്നു. ലളിത് മോഡി നാടുവിട്ടതിൽ ആശ്ചര്യപ്പെടുന്നവർ നീരവ് മോഡിയും വിജയ് മല്യയും  പോയതിൽ ശയനപ്രദക്ഷിണം നടത്തിക്കളിക്കുന്നു. പെട്രോളിന്റെ വിലനിലവാരത്തിൽ എന്താണ് സംഭവിക്കുന്നത് എന്നറിയാതെ നിദ്രാസംഭാഷണങ്ങൾ നടത്തുന്നു. യൂണിഫോം സിവിൽ കോഡിനെക്കുറിച്ചുള്ള പ്രഭാഷണങ്ങൾ, മന്ദിരങ്ങളിലെ മന്ത്രോച്ഛാരണങ്ങളിൽ മുക്കുന്നു. ദൈവത്തിനെ രക്ഷിക്കാൻ, മന്ത്രങ്ങളെ, മനുഷ്യരുടെ മുദ്രാവാക്യങ്ങളാക്കുന്നു. കിട്ടിയ സാദ്ധ്യതകളിൽ ജനങ്ങളെ രക്ഷിക്കാൻ, ഹർത്താലുകളുടെ മാലകൾ കോർക്കുന്നു...

നെഹ്രുവിയൻ സോഷ്യലിസത്തിലും ഗാന്ധിജിയുടെ രാമരാജ്യത്തിലും ഒരുമിച്ച് വിശ്വസിക്കുന്നവർ വിശ്വാസമാണോ സോഷ്യലിസം എന്ന സംശയത്തിൽ കേന്ദ്രത്തിലൊരു തട്ടിലും സംസ്ഥാനത്ത് മറ്റൊരു തട്ടിലും നിന്ന് കണ്ണ് കെട്ടിക്കളിക്കുന്നു. പ്രതിരോധത്തിന്റെ ഖജനാവ് എല്ലാവർക്കും എല്ലാ കാലത്തും കോലാർ ഖനിയാണെന്നറിഞ്ഞുകൊണ്ട് തന്നെ ബൊഫോഴ്സിന്റെ പരിക്കുകൾ റാഫേലിൽ പരതുന്നു.  ശരിയായ നിലപാടുകളില്ലാത്തത് കൊണ്ട് എങ്ങനെയെങ്കിലും അധികാരത്തിലെത്താൻ, തീവ്രവാദികളുടെ വാദവും ഒരു തരം വാദമാണെന്ന ലാഘവത്തോടെ ആരുമായും കൂട്ട് കൂടുന്നു. ജനാധിപത്യത്തെക്കുറിച്ച് പ്രസംഗിക്കുമെങ്കിലും കുടുംബവാഴ്ചയെ വാനോളം പുകഴ്ത്തുന്നു...

ഈ ഇരട്ടത്താപ്പുകളിൽ വീണുരുണ്ട്, സ്വന്തം കാര്യം നേടാൻ വേണ്ടി മാത്രം ഇഷ്ടപ്പെട്ട നേതാവിന് വേണ്ടി വായിട്ടലച്ച്, പൊതുജനം, അവന്റെ വിജ്ഞാനം പ്രകടിപ്പിക്കുന്നു. ഈ കളികൾക്കിടയിൽ, ഭൂരിപക്ഷം കിട്ടിയില്ലെങ്കിലും, വിഭജിക്കപ്പെട്ട വോട്ടിന്റെ വരികൾക്കിടയിലൂടെ മേൽക്കൈ നേടി ജനാധിപത്യം വിജയിക്കുന്നു. ഇരട്ടത്താപ്പുകളിൽ കുടുങ്ങിയ ജനത, ഹർത്താലുകളുടെ ആലസ്യത്തിൽ, സ്വന്തം തലയിൽ വീണ്ടും ആപ്പടിച്ച് കയറ്റുന്നു. അങ്ങനെ കല്ലെറിഞ്ഞവൻ നേതാവാകുന്നു ! അഴിമതിയുടെ കാര്യത്തിൽ പരസ്പരം പഴിചാരി എല്ലാവരും ഒന്നാകുന്നു !! ജയ് ജനാധിപത്യം :)