2023 സെപ്റ്റംബർ 26, ചൊവ്വാഴ്ച

റാക്കൂൺ ഹണ്ടിങ്


സമയം ഏകദേശം രാത്രി പത്തരയായിക്കാണും… പതിവുള്ള അഞ്ചര മൈൽ നടത്തവും ഓട്ടവും കഴിഞ്ഞ് വീട്ടിനടുത്തുള്ള ‘ടാൾ സീഡാർസ്’ റോഡിന്റെ വശത്ത് കൂടിയുള്ള ട്രെയിലിലൂടെ പതുക്കെ നടക്കുകയായിരുന്നു... ഇനി വീടെത്താൻ അഞ്ചാറ് മിനുട്ടുകൾ മാത്രമേ ബാക്കിയുള്ളൂ... അതിനിടയിൽ ട്രെയിലിനരികിലുള്ള ‘പുള്ളപ്പ്’ ബാറുകളിന്മേൽ ഒരഭ്യാസവും കൂടി ബാക്കിയുണ്ട്... ഓട്ടം കഴിഞ്ഞതിനാൽ, രണ്ട് കാൽമുട്ടുകളിന്മേലും സ്ട്രാപ്പ് ചെയ്ത് ഇട്ടിരുന്ന knee caps അഴിച്ചെടുത്തു… ഇനിയും ഓടാൻ പ്ലാനില്ലാത്തത് കൊണ്ടും സംഭവം ഇത്തിരി tight ആണെന്നതിനാലും pull up കസറത്തുകൾക്കിടയിൽ അതൊരു അധികപ്പറ്റാകുമെന്നതിനാലുമാണ് knee caps അഴിച്ചു കളഞ്ഞത്… ഒന്നരയടി നീളമുള്ള രണ്ട് സ്ട്രാപ്പുകളും അവയുടെ knee cap hole നിടയിലൂടെ വിരലിട്ട് പിടിച്ച്, കിതച്ചുകൊണ്ട് ആട്ടിയാട്ടി നടക്കുകയായിരുന്നു… ഇരുട്ടായതിനാൽ പാട്ട്‌ പാടാനുള്ള mood ഉണ്ടായിരുന്നില്ല... മാത്രവുമല്ല കിതപ്പിനിടയിൽ പാട്ട് പാടിയാൽ താളവും തെറ്റുമല്ലോ…
പതുക്കെ ഏതോ കാടൻ ചിന്തകളിലേക്ക് വഴുതാൻ തുടങ്ങിയപ്പോഴാണ് പിന്നിൽ നിന്ന് ഫ്ലാഷ് ലൈറ്റുകൾ വരുന്നതായി ശ്രദ്ധിച്ചത്... ഉടനെ നടത്തം നിർത്തി തിരിഞ്ഞ് നോക്കി... അതെ, പോലീസ് വണ്ടിയാണ്... ഞാൻ തന്നെയാണ് target എന്നും മനസ്സിലായി... ഞാൻ വടി പോലെ നിന്ന് പോലീസ് വണ്ടിയെ തുറിച്ച് നോക്കി… അന്തം വിട്ട് നിൽക്കുകയാണ് ഞാൻ... രാത്രിയിൽ ഓടുന്നത് കുറ്റമായത് കൊണ്ടാവുമോ? ഓടുമ്പോൾ ഫ്‌ളാഷ് ലൈറ്റ് എടുക്കാത്തതായിരിക്കുമോ പ്രശ്നം? കാനഡാ-ഇന്ത്യാ പ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ ഞാനൊരു indian looking ആയത് കൊണ്ടാവുമോ? പലതരം സംശയങ്ങൾ മനസ്സിലൂടെ ഓടിക്കളിച്ചു... പതുക്കെ അതീന്ന് സർവ്വാഭരണവിഭൂഷിതനായി ഒരു പോലീസുകാരൻ ഇറങ്ങി വന്നു... എന്റെ ഇടത് ഭാഗത്തൂടെ അദ്ദേഹം എന്നെ സമീപിക്കുകയാണ്… അരയിൽ തൂങ്ങുന്ന തോക്ക് എനിക്ക് വ്യക്തമായിക്കാണാം.…
“Hey man… which animal you did hunt and kill today?”
“What… me… killing… animal…?”
എനിക്കൊന്നും മനസ്സിലായില്ല...
“Yeah Yeah… what’s in your right hand…?”
എന്റെ ഇടതുഭാഗത്തുള്ള അദ്ദേഹം എന്റെ വലതു കൈ വ്യക്തമായി കാണുന്നുണ്ടായിരുന്നില്ല. അദ്ദേഹം പറഞ്ഞതനുസരിച്ച് ഞാനെന്റെ വലത് കയ്യിലേക്ക് നോക്കി... രണ്ട് മൂന്ന് സെക്കന്റുകളുടെ ഇടവേളയിൽ ഞാൻ സ്വയമറിയാതെ ഉച്ചത്തിൽ ചിരിച്ച് പോയി... എന്റെ ചിരികണ്ട പോലീസുകാരൻ വണ്ടറടിച്ച് നിന്ന് എന്നെയൊന്ന് കൂർപ്പിച്ച് നോക്കി...
“Sir… I got this animal dead when I hunt online and bought it…”
ഞാനെന്റെ വലത് കൈ ഉയർത്തി, തൂങ്ങിയാടുന്ന knee strap പോലീസുവണ്ടിയുടെ action light അപാരതയിൽ അദ്ദേഹത്തെ കാണിച്ചു…
“Whats this… oh… oh… oh… maaaan… was it a knee strap… ha… ha… haa… I thought it was a racoon and it’s tail is hanging in your hand… ”
പോലീസുകാരൻ ചിരിക്കാൻ പാടില്ലെന്ന്‌ ആരാ പറഞ്ഞത്? അദ്ദേഹം ആർത്താർത്ത് ചിരിക്കുകയായിരുന്നു...
“Maaan… it seems I hunted myself down… haaa… haa… this is crazy… I‘m crazy… haa ha…”
“Yeah… I am just done with my daily running… haa… ha…”
ഞാനും അദ്ദേഹത്തിൻറെ കൂടെ ചിരിച്ചു... എന്നാലും അധികം സംസാരിക്കാൻ പോയില്ല...
“Sorry maan… really sorry… you can go… go… hunt a deer today… haaa… haa…”
പൊലീസുകാരൻ തിരിച്ച് വണ്ടിയിലേക്ക് നടന്നു... എന്റെ കൈയ്യിലെ ചത്ത റാക്കൂണിനേയും ആട്ടിക്കൊണ്ട് ഞാനും എന്റെ വഴിക്ക് തിരിച്ചു...
‘ഓടിക്കിതച്ച് വരുമ്പോൾ വേട്ടയാടരുത് സാറേ…’ ഞാൻ മനസ്സിൽ പറഞ്ഞ് ചിരിച്ചു.
ഗുണപാഠം: രാത്രിയിൽ knee strap അഴിച്ച് തൂക്കിയാട്ടി നടക്കരുത്... പോലീസ് പിടിക്കും 😬
***

കരിങ്കോഴി, തെണ്ടിപ്പട്ടി, ഹിപ്പോക്രസി


നാട്ടിലെത്തിയതിന്റെ പിറ്റേ ദിവസം. മുപ്പത് വർഷങ്ങൾ മുന്നേ പുതുക്കിപ്പണിഞ്ഞതെങ്കിലും ഇന്നും പഴമ മണക്കുന്ന, ആധുനിക മോടികളൊന്നുമില്ലാത്ത ഞങ്ങളുടെ തറവാട് വീടിന്റെ വടക്ക് ഭാഗത്തെ കുട്ടി ഇറയത്ത് അമ്മയുടെയും രണ്ടനുജന്മാരുടെയും കൂടെ സൊറ പറഞ്ഞിരിക്കുകയായിരുന്നു... കെട്ട്യോളും കുട്ട്യോളും കെട്ട്യോളുടെ വീട്ടിലേക്ക് പോയതിനാൽ കസിന്സിന്റെയൊക്കെ കൂടെ അതുവരെയുണ്ടായിരുന്ന കുട്ടി ബഹളങ്ങളൊക്കെ തൽക്കാലത്തേക്ക് ശമിച്ചിരിക്കുന്ന സമയം...

ഇളയ അനുജൻ, ഇപ്പോൾ നാട്ടിൽത്തന്നെ കൃഷിയും റബ്ബർ കാര്യങ്ങളുമൊക്കെയായി തിരക്കിലാണ്... അവൻ ആറേഴ് കോഴികളെയും വളർത്തുന്നുണ്ട്...
പുറത്ത് മഴ തിമർത്ത് പെയ്യുകയാണ്. അപ്പോഴാണ് കോഴിക്കൂട്ടങ്ങൾ ഒന്നടങ്കം മഴ നനയാതിരിക്കാൻ വടക്കുഭാഗത്തെ മുറ്റത്തിന് മുകളിലായിട്ട് ഇട്ടിരിക്കുന്ന ടിൻ ഷീറ്റ് പന്തലിന്റെ അടിയിലേക്ക് ഓടിയിരമ്പിയെത്തിയത്. എത്തിയ ഉടനെ അതിലൊരു കറുമ്പിക്കോഴി നല്ല വലുപ്പത്തിൽ അത്യാവശ്യം ജലാംശത്തോടുകൂടി പരത്തിയൊന്ന് വിസർജ്ജിച്ചു.
“എല്ല കോയേ… നിനക്ക് കിട്ടിയാലൊന്നും പഠിക്കൂല്ലേ… ഫ... പോ... പോ… മുരളി അടുത്തുള്ളതൊന്നും നിങ്ങള് കാണ്ന്നില്ലേ…?” അടുത്തിരുന്ന അമ്മ ആ കറുമ്പിക്കോഴിയടക്കം എല്ലാ കോഴികളെയും അവിടുന്ന് ആട്ടിയോടിക്കാൻ ശ്രമിച്ചു...
ഓടിപ്പറന്ന് പുറത്തേക്ക് പോകുന്നതിനിടയിൽ വേറൊരു കോഴിയും വളരെ അയഞ്ഞ രീതിയിൽ വളരെ ധൃതിപ്പെട്ട് വിസർജ്ജിച്ച് കളഞ്ഞു... മറ്റു കോഴികൾ വേഗം തന്നെ പുറത്തേക്ക് കുതിച്ചെങ്കിലും വിസർജ്ജിച്ച കോഴി വളരെ പതുക്കെ, ഇത്തിരി എന്തിയേന്തിയാണ് പുറത്തേക്ക് പോകാൻ ശ്രമിച്ചത്…
“ഓ... ഇതാന്നോ കഴിഞ്ഞ വർഷം മുരളി വടിയെടുത്തെറിഞ്ഞ് കാലൊടിച്ച കോയി...?” ഞാനെന്റെ സംശയം തീർക്കാൻ ശ്രമിച്ചു.
“ആ… അത് തന്നെ അത് തന്നേ…” അമ്മ എന്റെ സംശയം തീർത്ത് തന്നു.
കഴിഞ്ഞ വർഷം നാട്ടിൽ വന്നപ്പോഴായിരുന്നു അത് സംഭവിച്ചത്. ഇതേ പോലെ മുറ്റത്ത് കയറിത്തൂറിയ ആ കറുമ്പിപ്പിടയെ ഒരു വാരിക്കഷ്ണം എടുത്തെറിഞ്ഞ് മുരളി അതിന്റെ കാലൊടിച്ച് കളഞ്ഞത് അപ്പഴായിരുന്നു. എത്രയോ ദിവസങ്ങളിലെ അവന്റെ പരിശ്രമത്തിന് ഫലമുണ്ടായ ദിവസമായിരുന്നു അത്.
“ഒരൊറ്റ ചെടി ഈട്യള് ഈടെ വെച്ചേക്കൂല്ല… എല്ലത്തിന്റെയും ചോട് ചിള്ളിപ്പറിച്ച് നശിപ്പിച്ച് കളയും… പോരാത്തേന് തൂറുന്നത് ഈ മിറ്റത്തും…” ഇങ്ങനെ പിറുപിറുത്തോണ്ടായിരുന്നു അവന്റെ അന്നത്തെ ഏറ്.
അതിന് ശേഷം ഒന്നൊന്നര ആഴ്ച നടക്കാൻ വയ്യാഞ്ഞ കോഴിയെ ഒന്ന് രണ്ട് തവണ സ്‌കൂട്ടറിൽ എടുത്ത് കൊണ്ട് പോയി ഡോക്ടറെ കാണിച്ചാണ് അതിനെ സുഖപ്പെടുത്തിയത്... പട്ടാളക്കാരനായ എന്റെ നേരെ താഴെയുള്ള അനുജൻ അന്ന് നാട്ടിലില്ലാഞ്ഞത് കൊണ്ട് മാത്രം അന്നാ കറുമ്പിക്കോഴി അത്താഴക്കറിയാകാതെ രക്ഷപ്പെട്ടതാണ്. ഈ കോഴികളുടെ കൂടെ വളരെ രാജകീയമായി വിലസി വിരാജിച്ചിരുന്ന ഒരേയൊരു പൂവനെ ഞാൻ നാട്ടിൽ വരുന്നതിന് രണ്ട്‌ മാസങ്ങൾ മുന്നേയാണ് അവൻ കത്തിക്കിരയാക്കി ഭക്ഷണധർമ്മം കാത്ത് സംരക്ഷിച്ചത്.
അന്നത്തെ ചികിത്സ കാരണമായിരിക്കണം, ഈ കറുമ്പിപ്പിടയുടെ ഇടതുകാലിൽ ഇപ്പോൾ വലിയൊരു മുഴ പോലെയുള്ള ഒരു തടിപ്പുണ്ട്.
കുറഞ്ഞും കൂടിയുമിരുന്ന മഴ വീണ്ടും കൂടിയപ്പോൾ മുരളി അകത്തേക്ക് കയറാൻ വെമ്പിയ കോഴികളെ ഉന്നം വെക്കാൻ ശ്രമിച്ചു.
“എന്തിനാടാ നീ ഇങ്ങനെ ഈ കോഴികളെ ഉപദ്രവിക്കുന്നത്...? ഒന്നും അല്ലെങ്കിലും നിങ്ങളെല്ലാരും ഇതിന്റെ മുട്ട തിന്നുന്നതല്ലേ...”
“അല്ല പിന്നെ... ഞാനീ കോയ്യളെ എന്റെ കെടക്കേല് പിടിച്ച് കെടത്താം…” അവൻ ചിരിച്ച് കൊണ്ട് രോഷം പൂണ്ടു.
“ഒന്നുകില് ഇവറ്റകളെ കൂട്ടിലടച്ച് പോറ്റ്… അല്ലെങ്കിൽ ഈ കോഴിക്ക്രിഷിയേ വേണ്ടാന്ന് വെക്ക്… അല്ലാണ്ട് ഇവയെ നിന്റെ ഭാഷയും സംസ്ക്കാരോം പഠിപ്പിക്കാൻ പറ്റ്വോ…?” ഞാനും തമാശയെന്നോണം ചിരിച്ചോണ്ട് പറഞ്ഞു.
“ഇങ്ങള് മിണ്ടാണ്ട് നിക്കപ്പാ... കോഴി മിറ്റത്ത് തൂറിയാൽ ഞാനെറിയും...” മുരളി നയം വ്യക്തമാക്കി. അതിനിടയിൽ അമ്മ കോഴി വിസർജ്ജ്യങ്ങൾ കോരിക്കളഞ്ഞ് വെള്ളമൊഴിച്ച് വൃത്തിയാക്കിയിരുന്നു.
ശരിയാണ്, പണ്ട് കുട്ടിക്കാലത്ത് ഞാനും ഈ കോഴികളെ പല കാരണങ്ങളാലും കല്ലെറിഞ്ഞിട്ടുണ്ട്. തരം കിട്ടിയാൽ വാഴകളും തെങ്ങിൻ തൈയ്യും പച്ചക്കറികളും മുച്ചൂടും തിന്ന് കളയുന്ന എന്റെ വെള്ളച്ചിയെയും ചോക്കച്ചിയെയും (എന്റെ കുട്ടിക്കാലത്തെ കൂട്ടുകാരായിരുന്ന പശുക്കൾ) ഞാൻ അതികഠിനമായി അടിച്ചിട്ടുണ്ട്. അടികൊണ്ടടികൊണ്ട് ഒടുവിൽ പലതവണ വെള്ളച്ചി എന്റെ മുന്നിൽ അക്ഷരാർത്ഥത്തിൽ മുട്ടുമടക്കി നമസ്കരിച്ചിട്ടുണ്ട്. പശുക്കളെ മേക്കുമ്പോൾ വാഴയും മറ്റും പശു തിന്ന് കളഞ്ഞതിന് അച്ഛന്റെ അടുത്ത് നിന്ന് ഞങ്ങൾക്ക് കിട്ടുന്ന ശകാരത്തിനും തല്ലിനും ഞാനും നേരെ താഴെയുള്ള അനുജനും അരിശം തീർക്കുന്നത് ആ പാവങ്ങളുടെ മേലെയായിരുന്നു.
കോഴികൾ വെറും കോഴികളാണെന്നും പശുക്കൾ വെറും പശുക്കളാണെന്നും അവ മനുഷ്യരല്ലെന്നും അവർക്ക് മനുഷ്യരെപ്പോലെ ചിന്തിക്കാൻ കഴിയില്ലെന്നും അവയ്ക്ക് മനുഷ്യരുടെ ഭാഷ മനസ്സിലാകില്ലെന്നും അവയെ സംബന്ധിച്ചടുത്തോളം അവയ്ക്ക് തിന്നാൻ പറ്റുന്നതൊക്കെ അവയുടെ ഭക്ഷണങ്ങളാണെന്നും മൃഗങ്ങളെ എത്ര മെരുക്കിയാലും അതിനൊക്കെ ഒരതിരുണ്ടെന്നും മൃഗങ്ങളുടെ അന്തഃരംഗം മനസ്സിലാക്കുവാൻ മനുഷ്യരുടെ രംഗബോധത്തിന് പരിമിതികളുടെന്നും മനുഷ്യൻ വെറും സ്വാർത്ഥതല്പരനാണെന്നും ഈ ഭൂമിയും പ്രകൃതിയും അവർക്കും അവകാശപ്പെട്ടതാണെന്നൊക്കെ ഞാൻ മനസ്സിലാക്കിയത് വളരെക്കഴിഞ്ഞാണ്.
എന്തായാലും ഈ ഫിലോസഫികളൊക്കെ പറഞ്ഞുകൊണ്ടുള്ള ഒരു പ്രസംഗത്തിന് എന്റെ വീടിന്റെ വടക്കേപ്പുറം പാകമായിട്ടില്ലെന്ന കാര്യം മനസ്സിലാക്കിയത് കൊണ്ട് അവിടെ കേൾവിക്കാരോ കൈമുട്ടലുകളോ കൂക്കിവിളികളോ ഉണ്ടായില്ല.
അതേ സമയം മഴ കുറച്ചൊന്ന് കുറഞ്ഞു. കോഴികൾ തൊടിയിലേക്കിറങ്ങി വീണ്ടും ചിള്ളിപ്പറിക്കാൻ തുടങ്ങി. ഞങ്ങൾ വേറെ പല കാര്യങ്ങളും പറഞ്ഞുകൊണ്ട് അവിടെത്തന്നെ തുടർന്നു.
അപ്പോഴാണ് അലറിവിളിച്ചുകൊണ്ട് കോഴികൾ ഓരോന്നായി ഓടിയും പറന്നും മുറ്റത്തേക്കോടിക്കിതച്ചെത്താൻ തുടങ്ങിയത്. ആകപ്പാടെ കോഴികളുടെ ബഹളം. എന്താണെന്ന് നോക്കിയപ്പോഴാണ് കാര്യം പിടികിട്ടിയത്.
ഏതോ ഒരു ഒറ്റയാനായ നാടൻ വേട്ടപ്പട്ടി, അല്ല തെണ്ടിപ്പട്ടി, അവന്റെ വേട്ടക്കിറങ്ങിയതാണ്. ഉച്ചഭക്ഷണം എവിടെ നിന്നും തരപ്പെടാഞ്ഞത് കൊണ്ടാവാം അവൻ ഇത്തിരി വാശിയിലായിരുന്നു. കോഴികളുടെ പേടിച്ചരണ്ട ബഹളം കേട്ടതും കണ്ടതും കൊണ്ട് ബഹളമുണ്ടാക്കിയ ഞങ്ങൾ ബഹളമുണ്ടാക്കിയിട്ടും അവൻ തിരിഞ്ഞോടാൻ തയ്യാറായില്ല. ചിതറിയോടിയതിനിടയിൽ ഒറ്റപ്പെട്ട് പോയ കോഴികളെ തിരഞ്ഞ് പിടിച്ച് പിടിക്കാൻ ശ്രമിക്കുകയായിരുന്നു അവൻ. ഒരു വേള അവന്റെ ധൈര്യത്തിൽ ഇത്തിരി മതിപ്പ് തോന്നിപ്പോവുകയും ചെയ്തു.
പക്ഷേ അബലകളായ കോഴികളുടെ കൂട്ടക്കരച്ചിൽ ആ ധീരനായ വേട്ടക്കാരനോടുള്ള മതിപ്പൊക്കെ ഇല്ലാതാക്കാൻ പോന്നവയായിരുന്നു. മുട്ട തരുന്ന കോഴികളോടുള്ള പ്രതിപത്തി, ആ പട്ടിയോടുള്ള വെറുപ്പായി പരിണമിച്ചു. അമ്മയും മുരളിയും കൂടെ ഞാനും അവനെ തുരത്താനുള്ള പലതരം ഏർപ്പാടുകളിൽ വ്യാപൃതരായി.
എന്ത് ചെയ്തിട്ടും സുല്ലിട്ട് തിരിഞ്ഞോടാൻ തയ്യാറാകാഞ്ഞ അവനെ എങ്ങനെ തുരത്തും എന്നാലോചിച്ച് ബഹളം വെച്ചുകൊണ്ടിരിക്കുമ്പോഴാണ് മുറ്റത്തിന്റെ അതിരിൽ ഒരു കല്ല് കണ്ടത്.
ചില സമയങ്ങളിൽ വളരെ അവിചാരിതമായി ചില കാര്യങ്ങൾ കൃത്യമായി സംഭവിക്കും. അവന്റെ അങ്ങോട്ടുമിങ്ങോട്ടുമൊക്കെയുള്ള ഓട്ടത്തിനിടയിൽ, കല്ലെടുത്ത് എറിഞ്ഞ എന്റെ ഏറ് കൊണ്ടത് കൃത്യമായി അവന്റെ പിൻകാലിൽ എവിടെയോ ആണ്.
“ബ്യാ….ഔ… ബ്യാ….ഔ…” ആ ഏറുകിട്ടിയപ്പോൾ അവൻ കരഞ്ഞുകൊണ്ട് അതിവേഗം തിരിഞ്ഞുനോക്കാതെ തിരിഞ്ഞോടി.
കോഴികളുടെ ജീവിക്കാനുള്ള അവകാശം സംരക്ഷിക്കുന്നതിനിടയിൽ തെരുവ് പട്ടിയുടെ ഭക്ഷണം കഴിക്കാനുള്ള അവകാശത്തെക്കുറിച്ച് ഞാൻ മറന്നുപോയോ? കോഴിയുടെ കാലെറിഞ്ഞൊടിച്ച മുരളിയുടെ പ്രവർത്തിയെ തിരുത്താൻ മനസ്സിൽ പ്രസംഗിച്ച ഞാൻ, ഭക്ഷണം തേടിയിറങ്ങിയ വേട്ടപ്പട്ടിയുടെ കാലിൽ എറിഞ്ഞതിനെ ‘ഹിപ്പോക്രസി’ എന്നായിരിക്കാം, ഓടിപ്പോവുമ്പോൾ ആ പട്ടി വിളിച്ച് പറഞ്ഞുകൊണ്ടിരുന്നത്! അതിന്റെ കാലൊടിഞ്ഞിട്ടുണ്ടാവുമോ ആവോ? 🙁
***

ട്രെയിനിലെ ഇഡ്ഡ്ലിവട


യുഎസ്സിൽ നിന്ന് നാട്ടിലേക്കുള്ള യാത്രയിൽ വിമാനമിറങ്ങിയത് ബാങ്ക്ലൂരായിരുന്നു. അളിയൻറെ കുടുംബവും കസിന്റെ കുടുംബവും ബാംഗ്ലൂരിൽ താമസിക്കുന്നത് ഒരേ ഫ്‌ളാറ്റിലാണ്. അവരുടെ കൂടെ രണ്ട് ദിവസങ്ങൾ ചിലവഴിച്ച ശേഷം, ഇന്നലെ രാത്രി, ബാംഗ്ലൂർ മജസ്റ്റിക്കിൽ നിന്ന് കണ്ണൂരിലേക്ക് ട്രയിൻ കയറി… ഇന്ന് രാവിലെ എഴുന്നേറ്റപ്പോൾ വല്ലാത്ത വിശപ്പ്... വഴിയിൽ നിന്ന് വല്ലതും വാങ്ങിക്കഴിക്കാനാണെങ്കിൽ വല്ലാത്ത പേടിയും... വണ്ടി മംഗളൂരു ജംക്ഷനിൽ എത്തിയിട്ടേ ഉള്ളൂ... മുഖമൊക്കെ ഒന്ന് കഴുകി തിരിച്ച് വീണ്ടും വന്ന് കിടക്കാമെന്ന് വിചാരിച്ച് എസി കമ്പാർട്ട്മെന്റിന്റെ വാതിൽ തള്ളി ഉള്ളിൽ കയറിയപ്പോഴാണ് കാറ്ററിങ് യൂനിഫോം പോലുള്ള വസ്ത്രമണിഞ്ഞ് ഒരു മദ്ധ്യവയസ്കൻ, എന്തോ ഭക്ഷണ ട്രേയുമായി എതിരേ വന്നത്... സാധാരണ ഇത്തരം ആളുകൾ വിളിച്ച് കൂവുന്നത് പോലെ ഒന്നും അദ്ദേഹം വിളിച്ചു കൂവുന്നുണ്ടായിരുന്നില്ല. എന്റെ അടുത്തെത്തിയതും അദ്ദേഹം ഒരമ്പത് രൂപായുടെ നോട്ട് കയ്യിൽ തന്നിട്ട് പറഞ്ഞു:
“സാർ, ഇത് തൊട്ടടുത്ത ബ്ലോക്കിൽ നിന്ന് വീണ് കിട്ടിയതാണ്... എന്നോട് ചവിട്ടിപ്പോയി... അവിടെ ആരെങ്കിലും വന്നാൽ കൊടുത്തേക്കണേ...”

സത്യത്തിൽ അവിടെ ഉണ്ടായിരുന്നവർ മംഗളൂരുവിൽ ഇറങ്ങിയിരുന്നു... ഞാനാക്കാര്യം അദ്ദേഹത്തോട് പറഞ്ഞു... പൈസ അദ്ദേഹത്തോട് തന്നെ എടുത്തോളാനും പറഞ്ഞു... അല്ലെങ്കിൽ വേറെ ആർക്കെങ്കിലും ഉപകാരപ്പെടുന്ന രീതിയിൽ ചിലവാക്കിക്കൊള്ളാനും ഉപദേശിച്ചു…

“വേണ്ട സാർ ആ പണം എനിക്ക് വേണ്ട... അത് സാറ് സാറിന്റെ ഇഷ്ടം പോലെ ചെയ്യൂ..” എത്ര നിർബന്ധിച്ചിട്ടും അയാളത് വാങ്ങാൻ കൂട്ടാക്കിയില്ല...

“ഈ ട്രേയിൽ എന്താണ്?” ആകെ രണ്ട് സെറ്റ് ഭക്ഷണപ്പൊതി മാത്രമേ അതിലുണ്ടായിരുന്നുള്ളൂ...
 
“ഇത് ഇഡ്ഡ്ലിവടയാണ് സാർ... വേണോ...? നല്ല ഇഡ്ഡ്ലിയാണ്…”
 
“എത്രയാ വില?”

“നാല്പത്തഞ്ച് സാർ… ഒരു വടയും മൂന്ന് ഇഡ്ഡ്ലിയും പിന്നെ സാമ്പാർ ചട്ണിയും...”

“ഒരു പൊതി തന്നേക്കൂ...” വടയും മറ്റും ട്രയിനിൽ നിന്ന് ഒട്ടും വാങ്ങിക്കഴിക്കരുതെന്ന അളിയന്റെ ഉപദേശം ഞാൻ കുഴിച്ച് മൂടി.

കീശയിൽ തപ്പിയപ്പോൾ കിട്ടിയത് രണ്ടിരുപതിന്റെയും ഒരു പത്തിന്റെയും നോട്ടുകൾ... അത് കൊടുത്തപ്പോൾ ബാക്കി തരാൻ അഞ്ച് രൂപ അദ്ദേഹത്തിന്റെ കൈയിലില്ല... പകരം അദ്ദേഹം പത്ത് രൂപ എന്റെ കൈയ്യിൽ വച്ച് തന്നു...
 
“ചില്ലറയില്ല സാർ... കുഴപ്പമില്ല... നാൽപ്പത് മതി...”

ഞാനാ പത്ത് രൂപ അദ്ദേഹത്തെക്കൊണ്ട് തിരിച്ച് വാങ്ങിപ്പിച്ചു... അദ്ദേഹത്തെ ഒന്ന് തോളോട് ചേർത്തു… അപ്പഴേക്കും വണ്ടി പ്ലാറ്റ്‌ഫോമിൽ നിന്ന് നീങ്ങിത്തുടങ്ങിയിരുന്നു... അദ്ദേഹം ധൃതിയിൽ പുറത്തേക്കിറങ്ങി...

ഇഡ്ഡ്ലിവടയുടെ ട്രേ തുറന്ന് ഞാനും ഒപ്പമുണ്ടായിരുന്ന മൂത്ത മകളും അതിലെ വിഭവങ്ങൾ രുചിയോടെ പങ്കിട്ടു... ആ പാവം സാധു മനുഷ്യനെ അറിയാതെ മനസുകൊണ്ട് നമിച്ചപ്പോൾ കണ്ണുകളിൽ അറിയാതെയൊരു നനവ് അനുഭവപ്പെട്ടു... മാസാമാസം ചെയ്യുന്ന ചാരിറ്റി സംഭാവനയിലേക്ക് അദ്ദേഹം തന്ന അമ്പത് രൂപ ചേർത്തപ്പോഴാണ് അദ്ദേഹത്തിന്റെ പേര് ചോദിക്കാനോ, അദ്ദേഹത്തിന്റെ കുപ്പായത്തിൽ പിൻ ചെയ്തിരുന്ന നെയിം പ്ളേറ്റിലെ പേര് വായിക്കാനോ മറന്ന് പോയ കാര്യം ഓർത്തത്... അല്ലെങ്കിലും പേരിലെന്തിരിക്കുന്നു... അല്ലേ… ഞാനെങ്ങനെ അദ്ദേഹത്തെ മറക്കും...

(ഇതെഴുതിത്തീരുമ്പഴേക്കും ട്രെയിൻ കാസർകോടെത്തിച്ചേർന്നിരുന്നു !)

***

2023 ജൂൺ 12, തിങ്കളാഴ്‌ച

പരനാരീഫോൺ

"തെക്ക്-കിഴക്കോട്ട് നോക്കിയാൽ ഈ ലോകവും അതിൽ നടക്കുന്ന പല കാര്യങ്ങളും വളരെ ഗൗരവമുള്ളതാണെന്ന് തോന്നാം. എന്നാൽ നേരെ തിരിഞ്ഞ് വടക്ക്-പടിഞ്ഞാറോട്ട് നോക്കിയാൽ അതേ ലോകവും ലോകകാര്യങ്ങളും വളരെ രസകരമായ രീതിയിലും അനുഭവപ്പെട്ടേക്കാം." - നാട്ടിൽ നിന്ന് അമേരിക്കയിലെത്തി കുറേക്കാലമായെങ്കിലും സരസത ഒട്ടും കൈമോശം വന്നിട്ടില്ലാത്ത രാജേട്ടന്റെ വാക്കുകളാണ്. ഈയ്യവസരത്തിൽ തെക്ക്-കിഴക്ക് നടന്ന ഒരു കാര്യത്തെ വടക്ക്-പടിഞ്ഞാറോട്ട് നോക്കി അനുഭവിച്ച രീതിയിൽ രാജേട്ടൻ പറഞ്ഞ ഒരു കഥയാണീക്കഥ.

"ഈ മുട്ടായിക്കടലാസും... നിന്റെ മൂക്ക് തുടച്ച ടിഷ്യൂ പേപ്പറും ഈ ചവച്ചിട്ട ച്യൂയിംഗവും നിന്റെ അമ്മാമൻ കൊണ്ടുപോയി കച്ചറയിൽ കളയുമോ?" ഒരു കൂസലുമില്ലാതെ കാറിൽ നിന്നിറങ്ങി വീട്ടിനകത്തേക്ക് കയറാൻ പോയ മൂത്ത പുത്രൻ രജത്തിനോട് രാജേട്ടൻ ദേഷ്യപ്പെട്ടു. 

അതങ്ങനെയാണ്. എവിടേക്കെങ്കിലും പോയി വീട്ടിലേക്ക് തിരിച്ച് വരുമ്പഴേക്കും കാറിന്നകം മുഴുവൻ ഒരു തരത്തിൽ ഗാർബേജ് ബിൻ ആയിട്ടുണ്ടാവും. ഗ്രനോല ബാറുകൾ പൊടിച്ചതും, പൊട്ടിവീണ കുക്കി കഷണങ്ങളും അതിന്റെയൊക്കെ പൊതികളും നാരങ്ങാത്തൊലിയും കൈയ്യും മുഖവും മൂക്കും മറ്റും തുടച്ച ടിഷ്യൂ പേപ്പറുകളും എന്നുവേണ്ട, ചെരുപ്പിൽ പറ്റിപ്പിടിച്ച് വരുന്ന ലോകത്തെ സകലമാന കച്ചറകളും കാറിനുള്ളിൽ കാണും! പക്ഷേ ഇതൊന്നും രാജേട്ടന്റെ മക്കളുടെ വിഷയങ്ങളല്ല. കാറിലിരുന്ന് തിന്നുക എന്നത് അവരുടെ ജോലിയും കാറ് വൃത്തിയാക്കുക എന്നുള്ളത് രാജേട്ടന്റെ ജോലിയുമാണ്. അതിന്റെ നീരസത്തിലും നിരാശകൊണ്ടുമാണ്, പതിനഞ്ച് കഴിഞ്ഞ മൂത്ത പുത്രനോട് രാജേട്ടൻ കയർത്തത്.

"അവനവൻ ഉണ്ടാക്കിയ കച്ചറകൾ അവനവൻ തന്നെ മാറ്റണം... അവരവര് കൊണ്ടുവന്ന സാധനങ്ങൾ അവരവര് തന്നെ തിരിച്ച് കൊണ്ടുപോയിക്കൊള്ളണം; വെള്ളക്കുപ്പിയോ പുസ്തകങ്ങളോ ചെരുപ്പോ ബാഗോ പെൻസിലോ പേനയോ എന്ത് പണ്ടാരമാണെങ്കിലും കാറിൽ അട വെക്കരുത്..." അതാണ് രാജേട്ടന്റെ ഉഗ്രശാസനമെങ്കിലും, ഈ ശാസനങ്ങൾക്ക് മക്കളും ചെറിയ തോതിൽ അദ്ദേഹത്തിന്റെ നല്ല പാതിയും പുല്ല് വില മാത്രം കല്പിച്ചിരിക്കുന്നത് കൊണ്ട്, ഹെയർ പിന്നുകളും ഹെയർ ബാൻഡുകളും കൊച്ചു മുടിക്കെട്ടുകളും മുതൽ ചവച്ചിട്ട ച്യൂയിംഗം വരെ ഏതൊരു യാത്രക്ക് ശേഷവും കാറിൽ അവശേഷിച്ചിരിക്കും. ചില വേസ്റ്റുകൾ സീറ്റ് പോക്കറ്റുകളിലും സീറ്റുകൾക്കിടയിലും തിരുകിവച്ചിട്ടുണ്ടാവും. രാജേട്ടനൊഴിച്ച് കാറിൽ മറ്റുള്ളവരൊക്കെ ചന്തിയിലെ പൊടിയും തട്ടി, വീട്ടിന്നുള്ളിലേക്കോടി, നേരെ ടിവിക്ക് മുന്നിൽ ചടഞ്ഞിരിപ്പുണ്ടാവും. ഓരോ യാത്രക്ക് ശേഷവും രാജേട്ടന്റെ ശാസനകൾ ആവർത്തിച്ച് കൊണ്ടിരിക്കും.

അച്ഛന് ദേഷ്യം വന്നു എന്ന് മനസ്സിലാക്കിയ ഇളയ പുത്രി രേണു, ഏട്ടനേക്കാൾ മുന്നേ തിരിച്ച് വന്ന് കാറിന്നകം വൃത്തിയാക്കാനുള്ള ശ്രമം തുടങ്ങി; കൂട്ടത്തിൽ ഏട്ടനും. 

"കാറ് മുഴുവൻ വൃത്തിയാക്കീട്ട്... കുളിയും കഴിഞ്ഞേ ഇനി അടുത്ത ഏത് പരിപാടിയുമുള്ളൂ... ട്ടോ..." രാജേട്ടൻ ഇങ്ങനെ പറഞ്ഞപ്പോൾ പിള്ളാര് രണ്ടുപേരും പരസ്പരം കണ്ണിറുക്കി നോക്കി 'ഹാ...' എന്ന് വാതുറന്ന് മൂളിയതേയുള്ളൂ.

ആ മൂളലിൽത്തന്നെ രാജേട്ടന് വീണ്ടും ശുണ്‌ഠി കയറിയതാണ്. പിള്ളേരോട് എന്തോ വീണ്ടും പറയാനോങ്ങിയ രാജേട്ടനെ നല്ല പാതി പ്രമീള തടഞ്ഞത് കൊണ്ട് അന്നവിടെ കൂടുതൽ വഴക്കുകൾ നടന്നില്ല. 

അപ്പലാച്ചിയൻ മലനിരകളുടെ വിർജീനിയൻ ഭാഗമായ, ഷനൻഡോവയിലെ മലനിരകൾക്ക് മുകളിലൂടെ പോകുന്ന scenic road ആയ skyline drive ലെ കാഴ്ചകൾ ആസ്വദിക്കാൻ പോയിട്ട് തിരിച്ച് വന്നതായിരുന്നു രാജേട്ടനും കുടുംബവും. ഒട്ടേറെ view point കളുള്ള skyline drive ലെ കാഴ്ചകൾ നയനമനോഹരമാണ്; പ്രത്യേകിച്ചും summer കഴിഞ്ഞ് fall ലേക്ക് കടക്കുമ്പോൾ ഉണ്ടാവുന്ന മരങ്ങളുടെ fall color എന്ന പ്രതിഭാസം കാണാൻ.

പിള്ളാര് കാറ് വൃത്തിയാക്കുന്നതിനിടെ രാജേട്ടൻ ഷൂസഴിച്ച് ഗരാജിലെ rakeൽ വച്ചു. 

"അമ്മേ... ഇതാർടെയാ ഈ ഫോണ്...?" ഒരു ഫോണും കൈയ്യിലെടുത്ത് ഇടത്തോട്ടും വലത്തോട്ടും ആട്ടിക്കൊണ്ട് രേണു അലറിക്കൊണ്ട് ചോദിക്കുകയാണ്.

"നിന്റെ ആനത്തൊണ്ട കുത്തിക്കീറാതെ മോളെ... പതുക്കെ പറ..." രാജേട്ടന് രേണുവിന്റെ അലർച്ച കേട്ട് പിന്നെയും ദേഷ്യം വന്നു.

"നിന്റെ ബോധമില്ലാത്ത ചേട്ടനോട് തന്നെ ചോദിക്ക്... എന്റെ ഫോണും നിന്റച്ഛന്റെ ഫോണും ഞങ്ങൾടെ കയ്യീത്തന്നെയുണ്ട്..."

"ഇതേട്ടന്റെ ഫോണൊന്നുമല്ല... ഇത് വേറേതോ ഫോണാ... ഒരു ലേഡീസ് ഫോൺ പോലെയുണ്ട്..." 

അകത്തേക്ക് കാലെടുത്ത് വെക്കാൻ തുനിഞ്ഞ രാജേട്ടൻ ഒന്ന് ഞെട്ടി. ലേഡീസ് ഫോണോ? ലേഡീസ് ചെരുപ്പ്... ലേഡീസ് ബാഗ് എന്നൊക്കെ കേട്ടിട്ടുണ്ട്. ഇതെന്താ ഈ ലേഡീസ് ഫോൺ? അകത്തേക്ക് വെക്കാനോങ്ങിയ കാൽ പിൻവലിച്ച് രാജേട്ടൻ മോളെയൊന്ന് പാളി നോക്കി. അവളാ ഫോൺ തിരിച്ചും മറിച്ചും നോക്കുകയാണ്.

"ലേഡീസ് ഫോണാ...? അതാരുടെ ഫോണാ നമ്മളെ കാറില്...? നീ ശരിക്കും നോക്കിയാ...?" രാജേട്ടന് മുന്നേ രേണുവിന്റെ അടുത്തേക്ക് പ്രമീള കുതിച്ചു.

"ആ ശരിയാണല്ലോ... രാജേട്ടാ... ഇതാരുടെ ഫോണാ...? ഇതിവള് പറഞ്ഞത് പോലെ ഏതോ ഒരു പെണ്ണിന്റെ ഫോണ് തന്നെയാ... ഇതുപോലത്തെ കവറ് ലേഡീസെ വെക്കുള്ളൂ..." ഒരൊറ്റ ശ്വാസത്തിലാണ് പ്രമീള ഇത്രയും പറഞ്ഞൊപ്പിച്ചത്. പ്രമീളയുടെ ശബ്ദത്തിൽ എന്തെങ്കിലും പന്തികേടുണ്ടോ എന്ന് രാജേട്ടൻ വെറുതെ സംശയിച്ചു.

"എവിടുന്നാ നിനക്കീ ഫോൺ കിട്ടിയത്...?" രാജേട്ടനും പ്രമീളയും രേണുവോട് ചോദിച്ചത് ഏകദേശം ഒരുമിച്ചായിരുന്നു.

"കാറീന്ന്..."

"ഓ... അങ്ങനെയല്ല കഴുതേ... ഈ കാറിൽ എവിടെ ആയിരുന്നു ഈ ഫോണെന്നാ ചോദിച്ചേ..." പ്രമീളയുടെ 'കഴുതേ' എന്ന പ്രയോഗം കേട്ടപ്പോൾത്തന്നെ, പ്രമീളയുടെ മനോഗതം കുറച്ചൊക്കെ രാജേട്ടൻ ഊഹിച്ചെടുക്കുകയും മാനസികമായി തയ്യാറെടുക്കാൻ സ്വന്തം മനസ്സിനെ പ്രേരിപ്പിക്കാൻ തുടങ്ങുകയും ചെയ്തു. സാധാരണ ഗതിയിൽ, രാജേട്ടനേക്കാൾ സഭ്യത പ്രമീള പുലർത്തുന്നതായിരുന്നു പതിവ്.

"മുന്നിലെ പാസഞ്ചർ ഡോറിന്റെ പോക്കറ്റിലായിരുന്നു..." 

"പറയുംപോലെന്നെ... ഇതാർടെ ഫോണാ..." പ്രമീളയുടെ കയ്യിൽ നിന്ന് ധൃതിയിൽ പിടിച്ചുവാങ്ങിയ ഫോൺ തിരിച്ചും മറിച്ചും നോക്കിക്കൊണ്ട് രാജേട്ടൻ മൊഴിഞ്ഞു. രാജേട്ടന്റെ സംസാരത്തിൽ ഒരു വിറയൽ അനുഭവപ്പെട്ടതായി രാജേട്ടൻ സ്വയം മനസ്സിലാക്കി. 

"നിങ്ങൾക്കറിയില്ലാ...? ശരിക്കും ഒന്നാലോചിച്ച് നോക്ക്യേ..." പ്രമീളയുടെ കണ്ണുകളിൽ ഒരുതരം തീഷ്ണതയുള്ളതായി രാജേട്ടൻ കണ്ടു. കുറച്ച് കൂടെ സംയമനം പാലിക്കേണ്ടത് ഇപ്പോൾ അത്യാവശ്യമാണെന്ന് രാജേട്ടൻ മനസ്സിലുറപ്പിച്ചു.

"എനിക്കെങ്ങനെ അറിയാനാണ്...? ഫോണിൽത്തന്നെ, അല്ല, നിറയെ പിങ്ക് പൂക്കളും വെള്ളപ്പൂക്കളുമുള്ള ഫോണിന്റെ കവറിൽ നോക്കിക്കൊണ്ടാണ് രാജേട്ടൻ മൊഴിഞ്ഞത്.

"നിങ്ങളറിയാതെ നിങ്ങളുടെ കാറിൽ ഈയൊരു ഫോൺ പിന്നെങ്ങനെയാ വന്നത്?" 

"ശരിയാണ് അതെങ്ങനെയാണ് എന്റെ കാറിൽ വന്നത്...?"

കഴിഞ്ഞ ആറേഴ് വർഷങ്ങളായി വീട്ടിൽ നിന്ന് തന്നെയാണ് ജോലി ചെയ്യുന്നത്. ഓഫീസ് യാത്രകളില്ല. പണ്ട് ഓഫീസിൽ പോകുന്ന സമയത്ത്, ലഞ്ചിനെന്നൊക്കെപ്പറഞ്ഞ് ഓഫീസിലെ നാരീമണികൾ വണ്ടിയിൽ കയറിയിട്ടുണ്ട്. അതിനിപ്പോ സാധ്യതകളൊന്നും തീരെയില്ല. ഭാര്യയും മകളുമല്ലാതെ പെൺവർഗ്ഗത്തിൽ പെടുന്നവരാരും ഈയടുത്ത കാലത്തൊന്നും വണ്ടിയിൽ കയറിയിട്ടില്ല. പിന്നെ ഈ ഫോൺ എവിടെ നിന്ന് വന്നു? രാജേട്ടൻ തല പുകഞ്ഞ് ചിന്തിച്ചു.

"അത് തന്നെയാണ് ഞാനും ആലോചിക്കുന്നത്..." വേറൊന്നും അപ്പോൾ രാജേട്ടന് പറയാൻ ഉണ്ടായിരുന്നില്ല.

അപ്പഴേക്കും പ്രമീള അവളുടെ ഫോണെടുത്ത് ആരെയോ കറക്കുന്നുണ്ടായിരുന്നു. രാജേട്ടന്റെ കുടുംബത്തോടൊപ്പം skyline drive കാഴ്ചകൾ കാണാൻ പോയ വിനീതിന്റെ ഭാര്യ രജനിയെയാണ് വിളിച്ചതെന്ന് സംസാരം കേട്ടപ്പോൾ രാജേട്ടന് മനസ്സിലായി. അവരുടെ അറിവിൽ അങ്ങനെ ഏതെങ്കിലും ഫോൺ നഷ്ടപെട്ടിട്ടുണ്ടോ എന്നന്വേഷിക്കുകയാണ്. 

"ഇല്ല... രജനിയുടെയും വിനീതിന്റേയും ഫോൺ അവരുടെ കൈയിത്തന്നെയുണ്ട്..." പ്രമീള ഒരു ദീർഘനിശ്വാസം നീട്ടിവലിച്ച് വിട്ടു.

"ആ..." രാജേട്ടനും ചിന്തിക്കുന്നത് പോലെ ചിന്തിച്ചഭിനയിച്ചു.

"നിങ്ങള് സോമനെ വിളിക്ക്... ഈ ഫോൺ ശാലിനിയുടെതാണോന്ന് ഒരു സംശയം..." കുടുംബസുഹൃത്തായ സോമന്റെ ഭാര്യ ശാലിനിയുടേതാണോ ഫോൺ എന്ന് നോക്കാനാണ് പ്രമീള ആവശ്യപ്പെട്ടത്. 

"ശാലിനിയുടെ ഫോൺ എന്റെ കാറിൽ എങ്ങനെ വരാനാ...? അവളുടേതൊന്നും ആയിരിക്കില്ല ഒറപ്പാ..." രാജേട്ടന് സംശയം ഒന്നും ഉണ്ടായിരുന്നില്ല. 

"എന്നാലും നിങ്ങള് വിളിക്ക്... നമ്മളുടെ സംശയം തീർക്കാലോ..." ശരിയാണ്. ഓരോരോ സംശയങ്ങളാണ്. അവ ഇവിടെത്തന്നെ തീർത്തില്ലെങ്കിൽ രാജേട്ടന്റെ കാര്യം കട്ടപ്പൊകയാണ്.

"ഡാ.. സോമാ... ശാലിനിയുടെ ഫോൺ അവളുടെ കൈയ്യിൽത്തന്നെയുണ്ടോ...?" ഫോൺ ചെയ്തപ്പോ അവൻ എടുത്തത് തന്നെ ..ഭാഗ്യം. സാധാരണ അങ്ങനെ സംഭവിക്കാത്തതാണ്.

"എന്താ.. എന്ത് പറ്റി... ?" സോമൻ അത്ഭുതം കൂറി. രാജേട്ടൻ സോമനോട് കാര്യങ്ങൾ വിശദീകരിച്ചു.

"അവളിപ്പം ഇവിടെയില്ല... മോളെയും കൊണ്ട് ഡാൻസിന് പോയേക്കുവാ... പക്ഷേ ഫോൺ അവളുടെ കയ്യീത്തന്നെയുണ്ട്... രണ്ട് മിനുട്ട് മുന്നേ ഞാൻ അവളെ വിളിച്ചിരുന്നു..." 

അങ്ങനെ ആ സംശയവും തീർന്നു. അപ്പോഴാണ് പ്രമീളയുടെ പുതിയ കണ്ടുപിടുത്തം. ഈ കളഞ്ഞുകിട്ടിയ ഫോണിന്റെ കവറിൽ ഒരു നീളൻ ചെമ്പൻ മുടി ഉടക്കി നിൽക്കുന്നു. രാജേട്ടനെ ആ മുടി തൊടാൻ പോയിട്ട് നോക്കാൻ പോലും പ്രമീള ആദ്യം സമ്മതിച്ചില്ല. പ്രമീള, ആ മുടി ഫോണിൽ നിന്ന് പറിച്ചെടുത്ത് ദേഷ്യത്തോടെ ഊതിപ്പറത്തി വിട്ടു.

ഇതെന്തൊരു പരീക്ഷണമാണ് പടച്ചോനെ... രാജേട്ടൻ മനസ്സിൽ പിറുപിറുത്തു. ഇതേ സമയം, പ്രമീള രാജേട്ടന്റെ കുടുംബവുമായി കൂടുതലെടുത്ത് സഹകരിക്കുന്ന കുടുംബങ്ങളിലെ ഓരോരുത്തരെയായി വിളിച്ച് സംശയം തീർക്കുകയായിരുന്നു. ഫോൺ തിരിച്ചും മറിച്ചും നോക്കിക്കൊണ്ട് അതിന്റെ അടയാളങ്ങൾ ഓരോരുത്തരോടായി വർണ്ണിച്ച് കൊടുക്കുന്നുമുണ്ട്.

വിളിച്ചവരിൽ ആരോ എന്തോ കളി പറഞ്ഞ് പ്രമീളയെ ശുണ്‌ഠി പിടിപ്പിക്കുന്നത് രാജേട്ടൻ നോക്കി നിന്നു.

വിളിച്ചവരെല്ലാരും കൈ മലർത്തിയപ്പോൾ പ്രമീള വീണ്ടും ചിന്താധീനയായി. ഈ ചിന്തയാണ് രാജേട്ടനെ വല്ലാതെ ആധി പിടിപ്പിക്കുന്നത്.

പ്രമീള ദിവസവും ജോലിക്ക് ഓഫീസിൽ പോകുന്നയാളാണ്. മക്കൾ സ്‌കൂളിലും പോയിക്കഴിഞ്ഞാൽ വീട്ടിൽ രാജേട്ടൻ ഒറ്റക്കാണ്. പോരാത്തതിന് ഈയടുത്തകാലത്തായി അപ്പലാച്ചിയൻ മലയിലെ അപ്പലാച്ചിയൻ ട്രെയിലിനടുത്തുള്ള ഏതോ ഒരു സ്പോട്ടിൽ രാജേട്ടൻ ഇടയ്ക്കിടെ ഒറ്റക്ക് ചില രാത്രികളിൽ ക്യാമ്പ് ചെയ്യാറുള്ള കാര്യവും രാജേട്ടൻ ഓർത്തു. പോരാത്തതിന് ഷനൻഡോവയിൽ പോകുന്നതിന്റെ മുന്നിലത്തെ വീക്കെന്ഡിലെ ശനിയാഴ്ച രാത്രിയും രാജേട്ടൻ മലമുകളിൽ ഒറ്റക്കായിരുന്നു. ശനിയാഴ്ച ഉച്ചക്കടുപ്പിച്ച് കാറുമെടുത്ത് പോയി, റൂട്ട് 7 ന്റെ വഴിയരികിൽ പാർക്ക് ചെയ്തിട്ടാണ് രാജേട്ടന്റെ ഒറ്റക്കുള്ള ക്യാംപിങ് ആരംഭിക്കുന്നത്. പിറ്റേന്ന് ഉച്ചയാവുമ്പോൾ തിരിച്ച് വരും. അതാണ് അദ്ദേഹത്തിൻറെ പതിവ്. 

പോരാത്തതിന് രാജേട്ടന് അയൽക്കാരിയായി ഒരു ഇംഗ്ളീഷുകാരി ഉണ്ടായിരുന്നു. രണ്ട് ചെറിയ പെണ്മക്കളുടെ അമ്മ. പരിഷ്കരിച്ച രീതിയിൽ വസ്ത്രങ്ങളൊക്കെ കുറച്ചധികം കുറച്ച് ഉപയോഗിക്കുന്ന ഒരു പത്രാസുകാരി. മക്കളുടെ അച്ഛൻ അവരുടെ കൂടെ ഇപ്പോഴില്ല. ഇടക്ക് ഏതോ ഒരാൾ അവിടെ വന്ന് താമസിക്കാറുണ്ട്. അതുകൊണ്ട് തന്നെ പ്രമീളക്ക് ഈ ഇംഗ്ളീഷുകാരിയെ അത്രക്കങ്ങ് പഥ്യമില്ല. രാജേട്ടൻ, രാജേട്ടന്റെ വീടിന്ന് പിന്നിലെ അടുക്കളത്തോട്ടത്തിൽ മസിലൊക്കെ കാണിച്ച് കൊത്തിപ്പറിക്കുകയും വെള്ളം നനയ്ക്കുകയും തക്കാളിപ്പഴങ്ങൾ പറിക്കുമ്പോഴുമൊക്കെ ഈ ഇംഗ്ളീഷുകാരി, അവരുടെ ഡെക്കിൽ ഒരു കാപ്പിയുമായി വന്നിരുന്ന് രാജേട്ടനുമായി നർമ്മഭാഷണങ്ങളിൽ ഏർപ്പെടാറുണ്ടായിരുന്നു. അത്തരം ഭാഷണങ്ങളിൽ നിന്ന് കിട്ടിയ  വിവരങ്ങൾ രാജേട്ടൻ ഇടക്ക് പ്രമീളയോടും പറയാറുണ്ട്. അതോടെ പ്രമീളക്ക് ആ ഇംഗ്ളീഷുകാരിയെ കണ്ണെടുത്താൽ കണ്ടു കൂടാതായി. ആ ആംഗലേയനാരിയോടുള്ള ഇടപെടൽ സൂക്ഷിച്ച് വേണം എന്നൊരു താക്കീതും പ്രമീള കൊടുത്തിരുന്നു.

ഈപ്പറഞ്ഞ കാര്യങ്ങളുടെയോ  മറ്റോ പേരിൽ പ്രമീളക്ക് ചില സംശയങ്ങൾ ഉണ്ടായിക്കാണുമോ എന്നായിരുന്നു രാജേട്ടന്റെ ആധിയും ചിന്തയും. പ്രമീള അങ്ങനെയൊന്നും പറഞ്ഞില്ലെങ്കിലും, അവൾ അങ്ങനെത്തന്നെയാണ് ചിന്തിക്കുന്നതെന്ന് രാജേട്ടൻ സംശയിച്ചു. 

ഈ സമയമാവുമ്പഴേക്കും എല്ലാവരും വീടിനുള്ളിലേക്ക് കയറിക്കഴിഞ്ഞിരുന്നു. അടുക്കളയടക്കമുള്ള ഫാമിലി ഏരിയയിൽ ഇരുന്നാണ് പിന്നെയുള്ള ചർച്ചകൾ നടന്നത്. കണ്ടുകിട്ടിയ ഫോൺ ആരുടേതാണെന്ന മാതാപിതാക്കളുടെ മാനസിക സംഘർഷത്തിനിടയിൽ, കാറിന്നകം വൃത്തിയാക്കിയതായി പ്രഖ്യാപിച്ച്, മക്കൾ അവരുടേതായ വ്യാപാരങ്ങളിൽ മുഴുകിയതൊന്നും രാജേട്ടനും പ്രമീളയും അറിഞ്ഞില്ല.

"ഫോൺ നഷ്ടപ്പെട്ടവർ ഫോണും അന്വേഷിച്ച് ഈ ഫോണിൽ വിളിക്കുമല്ലോ... നമുക്കത് വരെ കാത്തിരിക്കാം..." രാജേട്ടനാണ് പറഞ്ഞത്.

"അത് ശരിയാ... എന്നാലും നിങ്ങൾക്കറീല്ലാ...?" പ്രമീളയുടെ ശബ്ദത്തിന് മേലെ അവരുടെ ശ്വാസത്തിന്റെ സീൽക്കാരം പ്രകടമായി കേൾക്കാമായിരുന്നു.

"ഇനി ഞാൻ തലയും കുത്തിനിന്ന് പറയണോ...? എനിക്കറീല്ലാന്ന് എത്ര തവണ പറഞ്ഞു...?" രാജേട്ടന് ദേഷ്യം വരുന്നുണ്ടായിരുന്നു.

"നിങ്ങളറിയുന്ന ആരുടേതെങ്കിലുമായിരിക്കും... അല്ലാതെങ്ങനെയാ...?" 

"മണ്ണാങ്കട്ട... അതെ... ഇത് അപ്പുറത്തെ മറ്റവളുടെ ഫോണാണ്..." അതും പറഞ്ഞ് രാജേട്ടൻ വസ്ത്രം മാറ്റാനായി മുറിയിലോട്ട് പോയി. 

രാജേട്ടൻ, വസ്ത്രങ്ങൾ മാറ്റിവരുമ്പോഴും, പ്രമീള നേരത്തെ ഇരുന്നിരുന്നിരുന്ന  അതേ ഇരുപ്പിൽത്തന്നെ, കളഞ്ഞ് കിട്ടിയ ഫോൺ തിരിച്ചും മറിച്ചും നോക്കിക്കൊണ്ട് ഇരിപ്പായിരുന്നു. അദ്ദേഹം പ്രമീളയുടെ അടുത്ത് ചെന്നിരുന്നു.

"ഒരു കാര്യം ചെയ്യാം... നമുക്കീ ഫോൺ പോലീസിലേൽപ്പിക്കാം... ഇവിടെ വച്ചിരിക്കണ്ട..." 

"അതെ... അതെന്നയാ ഞാനും ആലോചിക്കുന്നത്... അതോടെ എല്ലാത്തിനും ഒരു തീരുമാനം ആകുമല്ലോ... മനസ്സിന് സമാധാനം കിട്ടുമല്ലോ..." രാജേട്ടൻ അതിന് മറുപടിയൊന്നും പറഞ്ഞില്ല.

അപ്പോഴാണ് എല്ലിക്കോട്ട് സിറ്റിയിൽ താമസിക്കുന്ന ശ്രീധരന്റെ വിളി രാജേട്ടന് വന്നത്. വെറുതെ സല്ലപിക്കാൻ വേണ്ടിയുള്ള ഒരു വിളി മാത്രമായിരുന്നു അത്. സംസാരത്തിനിടയിൽ, അവിടെയുണ്ടായ പുതിയ സംഭവവികാസം, രാജേട്ടൻ ശ്രീധരനോട് തമാശാരൂപത്തിൽ വിവരിച്ചു. അട്ടഹസിച്ചുകൊണ്ടുള്ള ചിരിയായിരുന്നു ആദ്യത്തെ മറുപടി. എന്തായാലും കാര്യങ്ങളൊക്കെ ഗ്രഹിച്ച ശ്രീധരനാണ്, പോലീസിൽ ഏൽപ്പിക്കുന്നതിന് മുന്നേ ഒരു മുഴുവൻ ദിവസം ഫോൺ വീട്ടിൽത്തന്നെ സൂക്ഷിക്കാൻ നിർദ്ദേശിച്ചത്. അതിനിടയിൽ ആരെങ്കിലും വിളിച്ചാൽ അവർക്ക് ഫോൺ കൈമാറാനുള്ള ഏർപ്പാട് ചെയ്യുക, അഥവാ ആരും വിളിച്ചില്ലെങ്കിൽ നേരെ പൊലീസിന് കൈമാറുക. ആ നിർദ്ദേശം പ്രമീളക്കും സ്വീകാര്യമായിരുന്നു.

അതിനിടയിൽ രാജേട്ടൻ, ഫോൺ ഒന്ന് പരിശോധിച്ചു. അതിന് വാൾ പേപ്പറായോ സ്‌ക്രീൻ സേവറായോ ആരുടേയും ഫോട്ടോ ഉണ്ടായിരുന്നില്ല. കവറിന്റെ ഉള്ളലോ പുറത്തോ അടയാളങ്ങളോ മേൽവിലാസങ്ങളോ ഉണ്ടായിരുന്നില്ല. ഏകദേശം 95 ശതമാനം ബാറ്ററി ചാർജ്ജും നിലവിലുണ്ട്. ഒന്നുരണ്ട് ഊഹപ്പാസ്‌വേഡുകൾ കൊടുത്തു നോക്കിയെങ്കിലും ഫോൺ തുറക്കാൻ പറ്റിയില്ല. പിന്നെ ഒരിക്കലും തുറക്കാൻ പറ്റാതായിപ്പോകേണ്ട എന്ന് കരുതി രാജേട്ടൻ ആ ശ്രമം തുടർന്നില്ല. നിറയെ പൂക്കളുള്ള ആ ഫോൺ കവറിൽ നിന്ന് ചോരയൊലിക്കുന്നുണ്ടോ എന്ന് രാജേട്ടൻ സംശയിച്ചു ഒടുവിൽ ആ ഫോൺ, ഫാമിലി ഏരിയയിലെ ടീപ്പോയിയുടെ മേലെ മലർന്ന് കിടന്ന് വിശ്രമത്തിലായി.

എങ്ങനെയായിരിക്കാം ഈയൊരു ഫോൺ വണ്ടിയിൽ കയറി ഇരിപ്പായത് എന്നതിനെക്കുറിച്ച് രാജേട്ടൻ ഗഹനമായി ചിന്തിച്ചു. skyline driveലൂടെയുള്ള യാത്രയിൽ ഏകദേശം എട്ടോളം view point കളിൽ കാഴ്ചകൾ കാണാൻ വേണ്ടി കാർ നിർത്തിയിട്ടുണ്ട്. ഉച്ചക്ക്, കൂടെ വേറൊരു കാറിൽ അനുഗമിച്ചിരുന്ന വിനീതിന്റേയും രജനിയുടെയും അവരുടെ മകന്റെയും കൂടെ ഒരു പാർക്കിലിരുന്ന്  ലഞ്ച് കഴിച്ചിട്ടുണ്ട്. എല്ലാ സ്ഥലങ്ങളിൽ വച്ചും കാറിൽ നിന്ന് ദൂരേക്ക് പോകുമ്പോൾ കാർ ലോക്ക് ചെയ്തതായിട്ട് തന്നെയാണ് ഓർമ്മ. skyline drive ലേക്ക് പോകുന്ന വഴിയിൽ ഒരു ഗ്യാസോലിൻ കടയിൽ കയറി എല്ലാവരും ശൗച്യാലയങ്ങൾ ഉപയോഗിച്ചിട്ടുണ്ട്. അവിടെയും കാർ ലോക്ക് ചെയ്തിരുന്നു.

ഏതെങ്കിലും view point ൽ നിർത്തിയപ്പോൾ ദൂരെയെവിടെയും പോകുന്നില്ലല്ലോ എന്ന് കരുതി ചിലപ്പോൾ കാർ ലോക്ക് ചെയ്തിട്ടുണ്ടായിരിക്കില്ലേ എന്നൊരു സംശയവും രാജേട്ടനിൽ ഉടലെടുത്തു. അത്തരം view point കളിൽ മാത്രമായിരുന്നു കൂടുതൽ തിരക്ക് അനുഭവപ്പെട്ടത്. അഥവാ അങ്ങനെ കാർ ലോക്ക് ചെയ്യാതിരുന്ന അവസ്ഥയിൽ വേറെ ആരെങ്കിലും എന്റെ കാർ അവരുടേതാണെന്ന് കരുതി, ഫോട്ടോ ഒക്കെ എടുത്തതിന് ശേഷം, ഫോൺ കൈയ്യിൽത്തന്നെ പിടിക്കാനുള്ള  അസൗകര്യം കൊണ്ട് എന്റെ കാർ തുറന്ന്, അതിന്റെ ഡോർ പോക്കറ്റിൽ ഫോൺ വച്ചതായിരിക്കുമോ? അല്ലാത്തെ വേറൊരു സാധ്യതയും രാജേട്ടൻ കണ്ടില്ല. എന്നാലും ഇത്ര നേരമായിട്ടും ആരെങ്കിലുമൊരാൾ ഈ ഫോണിലേക്കൊന്ന് വിളിക്കാത്തതെന്ത്? വേറെ എന്തെങ്കിലും തട്ടിപ്പ് പരിപാടികളോ മറ്റോ ആയിരിക്കുമോ? രാജേട്ടന്റെ ചിന്തകൾ കാട് കയറി.

ഓരോ പത്ത് മിനുട്ടിലും രാജേട്ടനും പ്രമീളയും ആ ഫോണെടുത്ത് ആരുടെയെങ്കിലും മിസ്സ്ഡ് കാൾസ് ഉണ്ടോ എന്ന് പരിശോധിക്കും. അതിന്റെ ശബ്ദമാനത്തിന്റെ തോത് ഏറ്റവും കൂടുതലായിട്ട് തന്നെയാണ് സെറ്റ് ചെയ്തിട്ടുള്ളത് എന്ന് ഉറപ്പിക്കും. പക്ഷേ അന്ന് രാത്രി കിടക്കുന്നത് വരെയും ആരും വിളിച്ചില്ല. 

"ഞാനീ ഫോൺ നാളെ തിങ്കളാഴ്ച പോലീസ് സ്റ്റേഷനിലേൽപ്പിച്ചോളാം..." പിറ്റേന്ന് ഞായറാഴ്‌ച കാലത്ത് രാജേട്ടൻ പ്രമീളയോട് പറഞ്ഞു.

"അതെന്താ ഇന്ന് ഞായറാഴ്ച പോലീസ് സ്റ്റേഷൻ തുറക്കൂലേ..." പ്രമീളയുടെ ആ ചോദ്യത്തിന് രാജേട്ടന് ഉത്തരം ഉണ്ടായിരുന്നില്ല.

രാജേട്ടൻ നേരെ ഗൂഗിളിൽ നോക്കി അടുത്തുള്ള പോലീസ് സ്റ്റേഷനിലെ ഫോൺ നമ്പർ തപ്പിയെടുത്തു; വിളിച്ചു. കാര്യങ്ങൾ പറഞ്ഞു. രാജേട്ടൻ പറഞ്ഞതൊക്കെ അവർ സാകൂതം കേട്ടു. രാജേട്ടൻ എന്തൊക്കെയാണ് പറയുന്നതെന്ന് പ്രമീളയും ശ്രദ്ധിച്ചിരിപ്പാണ്. ഇടക്ക് രാജേട്ടൻ പറയുന്നതിനെ തിരുത്താനൊക്കെ പതുക്കെ സംസാരിച്ചും ആംഗ്യം കൊണ്ടും പ്രമീള ശ്രമിച്ചെങ്കിലും രാജേട്ടൻ അതൊന്നും വകവച്ചില്ല.

ഈയൊരു കാര്യമായത് കൊണ്ട്, അത്രയൊന്നും സീരിയസ് അല്ലാത്ത കാര്യമായത് കൊണ്ട്, ഒരു ദിവസം കൂടി ആ ഫോൺ വീട്ടിൽത്തന്നെ സൂക്ഷിക്കാൻ ഉപദേശിച്ചത്, ആ പോലീസ് സ്റ്റേഷനിലെ റിസപ്‌ഷനിൽ നിന്ന് സംസാരിച്ച പോലീസുകാരിയാണ്. എന്നിട്ടും ആരും വിളിച്ചില്ലെങ്കിൽ തിങ്കളാഴ്ച ഒന്നുകൂടി അവരെ വിളിച്ചിട്ട് ഫോൺ ഏൽപ്പിക്കാനായിരുന്നു ഉപദേശം.

ഒരു ദിവസം കൂടി ആ ഫോൺ വീട്ടിൽ സൂക്ഷിക്കണമല്ലോ എന്ന ചിന്തയിലായിരുന്നു പ്രമീള. 

"നാളെ പോലീസ് സ്റ്റേഷനിൽ ഫോൺ കൊണ്ടുപോയി കൊടുക്കുമ്പോൾ ഞാനും വരും..." 

"അതെന്താ... ഞാൻ അവർക്ക് കൊടുക്കാതെ വേറെ എന്തെങ്കിലും ചെയ്യുമോന്ന് .വിചാരിച്ചിട്ടാ...?" രാജേട്ടന് ചിരി വന്നു.

"ഏയ് അങ്ങനെയൊന്നും അല്ല..." പ്രമീളയുടെ ചിരിയിൽ ചെറിയ വിളർച്ച ഉണ്ടോയെന്ന് രാജേട്ടൻ സംശയിച്ചു.

"അപ്പോ നീ നാളെ ഓഫീസിൽ പോകുന്നില്ലേ ...?

"ഇല്ല... ഇതിനൊരു തീരുമാനം ആവട്ടെ..."

"എന്ത് തീരുമാനിക്കാനാണ്...?" രാജേട്ടന് പൊട്ടിച്ചിരിക്കാതെ വയ്യായിരുന്നു.

"ഹ്ഉം... നീ എന്തേലും ചെയ്യ്..."

പിറ്റേന്ന് തിങ്കളാഴ്ചവരെയും ആ ഫോൺഭൂതത്തിൽ ആരും വിളിക്കാഞ്ഞത്, പ്രമീളയെയും രാജേട്ടനേയും വിവിധതരത്തിൽ അലോസരപ്പെടുത്തി.

തിങ്കളാഴ്ച കാലത്ത് ഏകദേശം പത്ത് മണിയോടെ വീണ്ടും പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു. ഞായറാഴ്ച വിളിച്ചപ്പോൾ എടുത്ത ആളായിരുന്നില്ല തിങ്കളാഴ്ച വിളിച്ചപ്പോൾ എടുത്തത്. എന്തായാലും പോലീസ് സ്റ്റേഷനിലേക്ക് ഫോണുമായി ചെല്ലാൻ വേണ്ടി അവർ നിർദ്ദേശം കൊടുത്തു. രാജേട്ടനും, ഓഫീസിൽ പോകാതെ 'പരനാരീഫോൺ' പൊലീസിന് കൈമാറുന്നുണ്ടെന്ന് ഉറപ്പിക്കാനായി മാത്രം അന്ന് അവധിയെടുത്ത പ്രമീളയും പോലീസ് സ്റ്റേഷനിലേക്ക് ചെന്നു.

സ്റ്റേഷനിൽ എത്തിയപ്പോൾ കാര്യം കുറച്ച് കൂടെ ഗൗരവമായി. സ്റ്റേഷനിൽ ചാർജ്ജുണ്ടായിരുന്ന പോലീസ് ഓഫീസർ രണ്ടുപേരുടെയും വിശദമായ മൊഴിയെടുത്തു. എന്നിട്ട് ഫോൺ കൈമാറാൻ രണ്ട് ഐച്ഛികങ്ങൾ കൊടുത്തു. 

ഒന്നുകിൽ ലീസ്ബർഗിലുള്ള അവരുടെ ഹെഡ് ക്വാർട്ടേസിൽ ഏൽപ്പിക്കുക അല്ലെങ്കിൽ അവർക്ക് കൊടുത്തിരിക്കുന്ന വിസിറ്റിങ് കാർഡിൽ പറഞ്ഞിരിക്കുന്ന പോലീസ് ഓഫിസറെ വിളിച്ച്, അദ്ദേഹം പറയുന്നത് പോലെ ചെയ്യുക.

പോലീസ് സ്റ്റേഷനിൽ പോയിട്ടും മൊഴി കൊടുത്തിട്ടും കൈയ്യിൽത്തന്നെ ഒഴിയാബാധയായി മാറിയ ഫോണിനെ രാജേട്ടനും പ്രമീളയും ഭീതിയോടെ നോക്കി. രണ്ടുപേരുടെയും ഭീതികൾ വ്യത്യസ്തമായിരുന്നെന്ന് മാത്രം.

അവിടെവച്ച് തന്നെ അവർ രണ്ടുപേരും ഒരു തീരുമാനം എടുത്തു. പ്രവർത്തി ദിവസമായ തിങ്കളാഴ്ച, ഇരുപത് മൈലുകളോളം ദൂരെയുള്ള ലീസ്ബർഗിൽ പോയിവരുന്നതിനേക്കാൾ നല്ലത് അവർ തന്ന കാർഡിൽ പറഞ്ഞിരിക്കുന്ന പോലീസ് ഓഫീസറെ വിളിക്കുന്നതാണ്. പ്രമീള ഓഫീസിൽ പോകുന്നില്ലെങ്കിലും, രാജേട്ടന് ജോലിയും ഓഫീസ് മീറ്റിങ്ങുകളും ഉള്ളതാണ്.  കാർഡിൽ പറഞ്ഞ പോലീസ് ഓഫീസറെ രാജേട്ടൻ വിളിച്ചു.

"ഞാനിപ്പോൾ തിരക്കിലാണ്... തിരിച്ച് വിളിക്കാം... ഓക്കേ..."

പോലീസുകാരന്റെ മറുപടി കേട്ട രാജേട്ടനും പ്രമീളയും തിരിച്ച് വീട്ടിലേക്ക് പോയി. രാജേട്ടൻ അദ്ദേഹത്തിൻറെ ഓഫീസ് ജോലികൾ തുടങ്ങിയപ്പോൾ, പ്രമീള അടുക്കളക്ക് മുന്നിലെ സോഫയിൽ നീണ്ട് നിവർന്ന് കണ്ണുമടച്ചിരുന്നു. പോലീസ് ഓഫീസറുടെ വിളിയും പ്രതീക്ഷിച്ചാണ് ആ ഇരിപ്പെന്ന്‌ പ്രമീളയുടെ ഇരുപ്പ് കണ്ടപ്പോൾ രാജേട്ടന് ഉറപ്പായിരുന്നു.

ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞു കാണും; രാജേട്ടന്റെ ഫോൺ റിങ് ചെയ്തു. ഒന്നാമത്തെ ബെല്ലിൽത്തന്നെ മുകളിലത്തെ നിലയിൽ ജോലിചെയ്തുകൊണ്ടിരുന്ന രാജേട്ടന്റെ അടുത്തത്തേക്ക് പ്രമീള എത്തി.

"ഞാനിപ്പോൾ നിങ്ങളുടെ വീടിന്റെ അടുത്തേക്ക് വന്നുകൊണ്ടിരിക്കുകയാണ്... നിങ്ങൾക്ക് വീണ്ടും ഒന്നുകൂടി പോലീസ് സ്റ്റേഷനിലേക്ക് ഫോണുമായി വരാമോ...?

"വരാം സാർ..."

"ആൾറൈറ്റ്..."

"നീയിവിടെത്തന്നെയിരുന്നോ... ഞാൻ പോയി ഫോൺ ഏല്പിച്ചിട്ട് വരാം... ഇനി ഫോൺ കൊടുക്കാതെ വരാൻ എനിക്ക് പറ്റില്ലല്ലോ..." പ്രമീള ഇനിയും ബുദ്ധിമുട്ടേണ്ടെന്ന് കരുതി രാജേട്ടൻ അവസാനമായി ഒന്ന് പറഞ്ഞ് നോക്കി.

"എന്തായാലും ഇതുവരെ കാത്തുനിന്നതല്ലേ... കുഴപ്പമില്ല...ഞാനും കൂടെ വരാം..." പ്രമീള ഉറച്ച തീരുമാനത്തിലായിരുന്നു.

"ഹ്ഉം..." രാജേട്ടൻ ഒന്നമർത്തിയാണ് മൂളിയത്. ഫോണാണോ അതോ പ്രമീളയാണോ ഒഴിയാബാധ എന്നായിരുന്നു അദ്ദേഹത്തിന്റെ ചിന്ത.

രാജേട്ടനും പ്രമീളയും പോലീസ് സ്റ്റേഷനിൽ പോയി ഫോണിൽ ബന്ധപ്പെട്ട പോലീസുകാരനെ കണ്ട്, ബാധകയറി ജേഷ്‌ഠയായി കയറിവന്ന, പൂക്കൾ നിറഞ്ഞ 'പരനാരീഫോൺ' അദ്ദേഹത്തിന് കൈമാറി. സ്റ്റേഷനിൽ നിന്നും  തിരിച്ച് വരുന്ന വഴി, സ്വീറ്റ് ഫ്രോഗിൽ നിന്ന് ഒരു ചെറിയ കപ്പ് സ്ട്രാബെറി ഐസ്ക്രീം, പ്രമീള രാജേട്ടന് സ്നേഹപൂർവ്വം വാങ്ങിക്കൊടുത്തു.

"ഞാൻ  ഓഫീസിൽ പോവ്വാണേ... ഇന്നത്തെ അവധി... ഞാനത് ഹാഫ് ഡേയാക്കി മാറ്റീട്ട്ണ്ട്... ബൈ ബൈ..."

തിരിച്ച് വീട്ടിൽ വന്നതിന് ശേഷം, കൈവീശി ചിരിച്ചുകൊണ്ട് ഓഫീസിലേക്കിറങ്ങുന്ന പ്രമീളയെക്കണ്ടപ്പോൾ, കൈവീശുന്നതിന് പകരം, അറിയാതെ രാജേട്ടൻ കൈകൂപ്പിപ്പോയി! കൈകൂപ്പിയ രാജേട്ടനെ കണ്ട് പ്രമീള പൊട്ടിച്ചിരിച്ചു!!

***

2022 ഡിസംബർ 3, ശനിയാഴ്‌ച

വീണ്ടുകിട്ടിയ ആപ്പിൾക്കുട്ടി

(Picture Courtesy: Google)

സമയം, രാത്രി ഏകദേശം എട്ടേകാലായിക്കാണും. നല്ല ഇരുട്ടാണ്. വഴി വിളക്കുകൾ ഉണ്ടെങ്കിലും, ഡിസംബർ മാസങ്ങളിൽ വാഷിംഗ്ടൺ ഡിസി പ്രദേശത്ത് വൈകുന്നേരം അഞ്ച് മണിക്ക് തന്നെ കൂരിരുട്ടാകുന്നത് കൊണ്ട്, എട്ടേകാലിന് തന്നെ രാത്രി വളരെ വൈകിയതായിത്തോന്നും. നല്ല തണുപ്പുമുണ്ട്. പതിനാറ് മൈൽ വേഗത്തിൽ കാറ്റും വീശുന്നത് കൊണ്ട്, തണുപ്പ് ഇരട്ടിയായിത്തോന്നുന്നുണ്ട്. 'Feels Like' 30 ഡിഗ്രി ഫാരൻഹീറ്റ്‌, എന്ന് വച്ചാൽ പൂജ്യം ഡിഗ്രി സെൽഷ്യസിനും താഴെ. എട്ടാം ക്ളാസ്സിൽ പഠിക്കുന്ന ഇളയ മകളെ, വൈകുന്നേരം ഏഴ് മണിക്ക് കണക്കിന്റെ ട്യൂഷൻ ക്ലാസ്സിന് കയറ്റിവിട്ടശേഷം ഓടാൻ ഇറങ്ങിയതാണ്. ലഫായറ്റെ സർക്കിളിന്റെ ഒരു മുഴുവൻ വട്ടം പൂർത്തിയാക്കിയാൽ ഒരു മൈൽ ദൂരം; അതാണ് കണക്ക്. അങ്ങനെ നാല് മൈലുകൾ ഓടിപ്പൂർത്തിയാക്കിയതിന് ശേഷം, സമയം എത്രയായി എന്ന് നോക്കാൻ പാന്റ്സിന്റെ കീശയിൽ കൈയ്യിട്ട് മൊബൈലിന് തപ്പി. ഇടംവലങ്ങളിലുള്ള രണ്ട് കീശകളിൽ തപ്പിയിട്ടും മൊബൈൽ കാണുന്നില്ല. സമയം നോക്കിയിട്ട് വേണം, മടങ്ങിപ്പോകാറായോ എന്ന് തീരുമാനിക്കാൻ. മൊബൈൽ ഉപയോഗം ശീലമായതിന് ശേഷം, വാച്ച് കെട്ടുന്ന ശീലം കുറവാണ്. കഴിഞ്ഞ നാലഞ്ച് വർഷങ്ങളായി വാച്ച് ശരീരത്തിനെ കെട്ടിപ്പിടിച്ചിട്ടേയില്ല. 

ദേവുവിന് കണക്ക് ക്‌ളാസ്സ് കഴിഞ്ഞിട്ട് എട്ടര മുതൽ ഒൻപതര വരെ ബാസ്കറ്റ്ബാൾ പരിശീലനവുമുണ്ട്. സാധാരണ എട്ടരയ്ക്ക് തീരുന്ന കണക്ക് ക്ലാസ്സിൽ നിന്ന് പത്ത് മിനുട്ട് മുന്നേ പുറത്തേക്ക് വരാം എന്ന് ദേവു പറഞ്ഞിട്ടുമുണ്ട്. 8:20 നെങ്കിലും പുറപ്പെട്ടാലേ എട്ടരയ്ക്ക് ബാസ്കറ്റ് ബാൾ ക്ളാസ്സിനെത്തുകയുള്ളൂ. 

മൊബൈൽ കിട്ടാത്തത് കൊണ്ടും, എന്തായാലും നേരം വൈകാൻ പാടില്ല എന്നുള്ളത് കൊണ്ടും, ഓട്ടം നിർത്തി പാർക്ക് ചെയ്ത കാറിനടുത്തേക്ക് തിരിച്ച് പോന്നു. ചിലപ്പോൾ മൊബൈൽ കാറിനകത്ത് മറന്ന് വെക്കാനും സാധ്യതയുണ്ടല്ലോ. കാർ തുറന്ന് വണ്ടി സ്റ്റാർട്ട് ചെയ്തു. വണ്ടിയുടെ ക്ളോക്കിൽ സമയം എട്ടേകാൽ കാണിക്കുന്നുണ്ട്. അപ്പോൾ, നേരം വൈകിയിട്ടില്ല. കൃത്യസമയത്ത് തന്നെയാണ് ഓട്ടം നിർത്തി തിരിച്ച് വന്നിരിക്കുന്നത്. കാറിൽ എത്ര പരതിനോക്കിയിട്ടും മൊബൈൽ മാത്രം കാണാനില്ല. സാധാരണ ഗതിയിൽ വണ്ടി സ്റ്റാർട്ട് ചെയ്ത ഉടനെ മൊബൈലിന്റെ ബ്ലൂടൂത്തുമായി തനിയെ കണക്ട് ആയി പാട്ടുകൾ കേക്കാറുള്ളതാണ്. മൊബൈൽ കണക്ട് ആയിട്ടില്ലെന്ന് മനസ്സിലായത് ഡാഷ്ബോർഡിലെ ഡിസ്പ്ളേയിൽ നോക്കിയപ്പോഴാണ്; 'No device connected'. എന്നുവച്ചാൽ ആ കാറിന്റെ പരിസരത്തെങ്ങും എന്റെ മൊബൈൽ ഇല്ലെന്ന് ചുരുക്കം. ഫോൺ വീട്ടിലുണ്ടോ എന്ന് വിളിച്ച് ചോദിക്കാനും പറ്റില്ല.

അപൂർവ്വമായി ചിലയിടങ്ങളിൽ മൊബൈൽ ഇതിനുമുൻപൊക്കെ മറന്നുവച്ചിട്ടുണ്ടെങ്കിലും,  മൊബൈൽ നഷ്ടപ്പെട്ടത് പോലെ തോന്നിയത് ഇതാദ്യമായാണ്. വീട്ടിൽ നിന്ന് എടുത്തില്ലേ എന്നൊരു സംശയം സന്തോഷം നൽകിയെങ്കിലും ആ സന്തോഷം നീണ്ടുനിന്നില്ല. കാരണം, വീട്ടിൽ നിന്ന് പുറപ്പെട്ട് കുറച്ച് നേരം വണ്ടിയിൽ നിന്ന് പാട്ട് കേട്ടതാണ്. 'മുജ്‌കോ ഭി തോ ലിഫ്റ്റ് കാരാ ദോ...' എന്ന ഹിന്ദിപ്പാട്ടിന് കാറിന്റെ സ്റ്റീയറിങ്ങിൽ വിരലുകൾ കൊണ്ട് താളം പിടിച്ചത് നല്ല ഓർമ്മയുണ്ട്. അപ്പോൾ വീട്ടിൽ നിന്ന് പുറപ്പെടുമ്പോൾ മൊബൈൽ എന്റെ കൂടെയുണ്ട്. അങ്ങനെയാണെങ്കിൽ ഓടുമ്പഴോ മറ്റോ വീണുപോയതാണോ? ഞാനൊരുമാതിരി വല്ലാതായി.

അങ്ങനെയൊക്കെ ചിന്തിച്ചിരിക്കുമ്പോൾ ദേവു കണക്ക് ക്ലാസ്സും കഴിഞ്ഞ് വണ്ടിയിലേക്ക് കയറി. എന്റെ മുഖം കണ്ടപ്പോൾത്തന്നെ എന്തോ പന്തികേടുണ്ടെന്ന് അവൾക്ക് മനസ്സിലായി. അവൾ കയറിയ ഉടനെത്തന്നെ ബാസ്കറ്റ് ബാൾ പരിശീലനം നടക്കുന്ന 'ലിറ്റിൽ റിവർ' എലിമെന്ററി സ്‌കൂളിലേക്ക് ഞാൻ വണ്ടി തിരിച്ചു. 

"എന്താ അച്ഛാ പ്രശ്നം... എന്താ ഇങ്ങനെ പരതിക്കൊണ്ടിരുന്നത്...?" 

ഉണ്ടായ കാര്യങ്ങൾ ചുരുക്കി, അവളോട് കാര്യം പറഞ്ഞു.

"അച്ഛാ പാനിക് ആവല്ല കേട്ടോ... മൊബൈൽ നമുക്ക് കിട്ടും... ഇവിടെത്തന്നെ എവിടെയെങ്കിലും ഉണ്ടാവും... Don't be panic... ചിലപ്പോൾ മൊബൈലിന്റെ ചാർജ്ജ് തീർന്നതാണെങ്കിലോ...." അവളെന്നെ സമാധാനിപ്പിക്കാൻ ശ്രമിച്ചു. വീട്ടിലെ മറ്റാരെങ്കിലുമാണ് ഇതുപോലെ എന്തെങ്കിലും മറന്ന് വന്നിരിക്കുന്നതെങ്കിൽ, അവരോട് കയർക്കാറുള്ള കാര്യം ഞാനോർത്തു. ആ കുഞ്ഞ് മനസ്സ്  വളർന്നത് പോലെ എനിക്ക് തോന്നി.

അവളുടെ സംശയം ന്യായമാണ്. പക്ഷേ വീട്ടിൽ നിന്നിറങ്ങുമ്പോൾ 85% ചാർജ്ജ് ഉണ്ടായിരുന്നു എന്ന് എനിക്ക് നല്ല ഓർമ്മയുണ്ട്. തണുപ്പ് ഉള്ള സമയത്ത് ചാർജ്ജ് വേഗത്തിൽ തീരുമെങ്കിലും മുഴുവൻ ചാർജ്ജും തീർന്നുപോകാൻ എന്തായാലും സമയമായിട്ടില്ല. 

ദേവുവിനെ 'ലിറ്റിൽ റിവർ' എലിമെന്ററി സ്‌കൂളിന്റെ ജിംനേഷ്യത്തിന് മുന്നിൽ ഇറക്കി. സാധാരണ, അവളുടെ പരിശീലനം തീരുന്നത് വരെ അവരുടെ കളി കണ്ട് ഇരിക്കുകയോ അല്ലെങ്കിൽ എന്തെങ്കിലും വായിച്ചിരിക്കുകയോ ആണ് പതിവെങ്കിലും, ഇത്തവണ അതിനൊന്നും സമയമില്ലല്ലോ. മൊബൈൽ എവിടെയാണെന്ന് കണ്ടുപിടിക്കലാണല്ലോ മുഖ്യം. മൊബൈൽ വീട്ടിലുണ്ടോ എന്ന് നോക്കിയിട്ട് ഒൻപതരയ്ക്ക് കൂട്ടിക്കൊടുപോകാൻ വരാം എന്നും പറഞ്ഞ്, അവിടെ നിന്നും കാർ നേരെ വീട്ടിലേക്ക് വിട്ടു. 

ഈ നഷ്ടപ്പെട്ടിരിക്കുന്ന മൊബൈൽ എന്റെ കയ്യിലെത്തിയിട്ട്, ആറ് വർഷങ്ങൾ കഴിഞ്ഞ് ഇപ്പോൾ ഏഴാമത്തെ വർഷമാണ്. ആദ്യായിട്ടായാണ് ഇത്രയും കാലം ഒരു മൊബൈൽ ഞാനുപയോഗിക്കുന്നത്. ഫാഷനനുസരിച്ചും പുതിയ മൊബൈൽ വേർഷനുകൾ പുറത്ത് വരുന്നതിനനുസരിച്ചും ഞാൻ മൊബൈലുകൾ മാറ്റാറില്ല. ഉപയോഗപ്രദമാണെങ്കിൽ പ്രായം പരിഗണിക്കാതെ ഉപയോഗിക്കുക എന്നതാണ് പ്രഖ്യാപിത മുദ്രാവാക്യം. ഈ മൊബൈൽ ഇതുവരേക്കും വളരെ നല്ല രീതിയിൽ പ്രവർത്തിച്ചിട്ടുണ്ട്. ഏഴ് വർഷം പ്രായമുള്ള അതിന്റെ മേൽക്കുപ്പായം ഇത്തിരി അവിടെയും ഇവിടെയും പൊട്ടിയിട്ടുണ്ടെന്നുള്ളതല്ലാതെ വേറെ കുഴപ്പങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഈ ഫോണിനെ എന്റെ സുഹൃത്തുക്കൾ വെറുതെ കളിയാക്കാറുണ്ട്. പുതിയ ഫോൺ വാങ്ങാത്ത എന്റെ പിശുക്കിനെ തരം കിട്ടുമ്പോഴൊക്കെ അവർ കൊട്ടിഘോഷിക്കാറുണ്ടെങ്കിലും എനിക്കിപ്പോഴും അത് പ്രിയപ്പെട്ടഫോൺ തന്നെയാണ്. 

ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ പുതിയ വേർഷനുകൾ കൃത്യമായി അപ്ഡേറ്റ് ചെയ്യാറുണ്ടെങ്കിലും ഡാറ്റ ബാക്ക് അപ് ചെയ്ത്, കൃത്യമായി റീസ്റ്റോർ വേർഷനുകളായി സൂക്ഷിക്കാറുണ്ടായിരുന്നില്ല. ഇതിനൊക്കെ ആർക്കാണ് സമയം. ഫേസ്ബുക്കും വാട്സാപ്പും ഫോൺവിളികളും കൃത്യമായി നടക്കണം അത്ര മാത്രം. 

അഥവാ ഈ ഫോൺ നഷ്ടപ്പെടുകയാണെങ്കിൽ എന്തൊക്കെ ചെയ്യണമെന്ന കാര്യത്തെക്കുറിച്ച് വെറുതെ ചിന്തിച്ചു. ഇനി ഒരു പുതിയ ഫോൺ തരപ്പെടുത്തി വരുമ്പഴേക്കും ഒരാഴ്ചയെങ്കിലും സമയമെടുക്കും. കോണ്ടാക്ടുകളും മറ്റും കുറെ നഷ്ടപ്പെടും. പൂർണ്ണമായും പഴയ രീതിയിലായാകുമോ എന്ന കാര്യം തന്നെ സംശയമാണ്. റീസ്റ്റോർ പ്രോസസ്സ് ചെയ്യാത്ത എന്റെ ശീലത്തെ സ്വയം ശപിച്ചു. ഒരാഴ്‌ച ഫോൺ ഇല്ലാതെയിരിക്കുന്ന കാര്യം ചിന്തിക്കാൻ പോലുമാകുന്നില്ല. കഞ്ഞി കിട്ടിയില്ലെങ്കിലും സാരമില്ല, ഫോൺ എന്തായാലും വേണം. സങ്കടവും ദേഷ്യവും എല്ലാം കൂടി ഒരുമിച്ച് ഉള്ളിൽ പെരുകാൻ തുടങ്ങി. നഷ്ടപ്പെട്ടിടത്ത് നിന്ന് ആരെങ്കിലും എടുത്ത് പോയിക്കാണുമോ എന്ന ഭീതി ഉടലെടുത്ത് തുടങ്ങിയെങ്കിലും, ഫോൺ എങ്ങനെയെങ്കിലും കണ്ടുപിടിക്കാൻ മനസ്സ് കൊതിച്ചു.

ചിന്തകൾ ഷെർലക് ഹോംസിന്റെ നോവലുകളിലൂടെ ഊളിയിടാൻ തുടങ്ങി. വീട്ടിൽ നിന്നിറങ്ങുമ്പോൾ ഫോൺ ഉണ്ടായിരുന്നു. വഴിക്ക് വച്ച് കുറച്ച് നേരം പാട്ട് കേട്ടതാണ്. അതിനിടയിൽ ദേവുവുമായി സോക്കർ വേൾഡ് കപ്പ് കളിക്കുന്ന ടീമുകളെക്കുറിച്ചും ആ രാജ്യങ്ങളെക്കുറിച്ചുമൊക്കെ ഉണ്ടായ  ചർച്ചയിൽ, പാട്ടിനെക്കുറിച്ചുള്ള കാര്യങ്ങളൊക്കെ മറന്നുപോയി. എത്ര ദൂരം വരെ പാട്ട് കേട്ടിരുന്നു എന്നതിനെക്കുറിച്ചൊന്നും നിശ്ചയമില്ല. ഇതിനെല്ലാം പുറമേ ഓടുന്നതിനിടയിലാണോ വീണുപോയത് എന്നും ഉറപ്പില്ല.

വീട്ടിലെ ഡ്രൈവ് വേയും കടന്ന്, വണ്ടി ഗാരാജിലേക്ക് കയറി. തണുപ്പായതിനാൽ ഗാരാജ് വാതിൽ ഉടനെത്തന്നെ താഴ്ത്തി. ഓടി വീട്ടിനുള്ളിലേക്ക് കയറി. എന്റെ ഓട്ടം കണ്ട്, വീട്ടിനുള്ളിലെ ഭാനുമതി ഭയചകിതയായി. 

"എന്താ... എന്താണ് ഉണ്ടായത്...."

"ന്റെ ഫോൺ കാണുന്നില്ല... വീണുപോയീന്നാ തോന്നുന്നേ..."

"ഓ അതെങ്ങാനും എന്റെ കൈയ്യിൽ നിന്നോ മറ്റോ ആയിരുന്നെങ്കിൽ...." അവൾ നെടുവീർപ്പിട്ടു. ഫോൺ കാണാതായ സങ്കടത്തിനിടയിലും അവൾ ആശ്വസിക്കുകയാണ്... എന്നെ കുത്തുകയാണ്.

എന്തായാലും അവൾ പിന്നീടെന്തോക്കെയോ പറഞ്ഞത് ഞാൻ ശരിക്കും കേട്ടില്ല. നേരെ എന്റെ ലാപ്ടോപ്പ് തുറന്ന്, ആപ്പിൾ ക്ലൗഡിലെ 'Find My Device' ഫീച്ചർ തുറക്കാൻ ശ്രമിച്ചു. ഭാനുമതി എന്റെ പിന്നിൽ വന്ന് നിൽപ്പുണ്ട്. അവളെടുത്തുണ്ടോ ഇല്ലയോ എന്നൊന്നും ഗൗനിക്കാതെ ലോഗിൻ ചെയ്യുമ്പോഴാണ്, ആപ്പിൾ അക്കൗണ്ട് പാസ്‌വേഡ് ചോദിക്കുന്നത്. അല്ലെങ്കിൽ തന്നെ പാതി ടെൻഷനിലും പാതി ബോധത്തിലുമാണ് ഞാനപ്പോൾ ഉണ്ടായിരുന്നത്. ഈ പാസ്‌വേഡ് അങ്ങനെ പതിവായി ഉപയോഗിക്കേണ്ട ആവശ്യം വരാറില്ല. ഇതുവരെ പാസ്‌വേഡുകളൊന്നും എവിടെയും എഴുതി വച്ചിട്ടുമില്ല. ഈ പണ്ടാര പാസ്‌വേഡ് മറന്നുപോയി എന്ന് അപ്പോഴാണ് മനസ്സിലായത്. ഇടയ്ക്കിടെ പല പാസ്‌വേർഡുകളും മറന്നുപോകുന്ന ഭാനുമതിയെ വഴക്ക് പറയാറുള്ളത് കൊണ്ട്, അവിടെയും മൗനം പാലിക്കേണ്ടി വന്നു. ആലോചിച്ച് മിനക്കെടാൻ അധികം  സമയമില്ലല്ലോ. 'Reset Password' ഫീച്ചർ ഉപയോഗിക്കുക തന്നെ. 

"എന്താ ചെയേണ്ടതെന്ന് നമുക്ക് പാറൂനോട് ചോദിക്കാം... അവളുടെ എയർപോഡ് കളഞ്ഞ് പോയപ്പോൾ അവളെന്തോ ചെയ്തിട്ടാണല്ലോ അത് ഈ വീട്ടിൽത്തന്നെ എവിടെയോ ഉണ്ടെന്ന് മനസ്സിലായത്..." അവൾ ഹോസ്റ്റലിൽ ഉള്ള മൂത്ത മകളെ റിങ് ചെയ്തു. 

"അത് തന്നെയല്ലേ ഞാനും ഇവിടെ ചെയ്ത് കൊണ്ടിരിക്കുന്നത്..." അവളുടെ മേലെ കുതിര കയറാൻ കിട്ടിയ സാഹചര്യം ഞാനുപയോഗിച്ചു. പല്ലും കടിച്ചുള്ള എന്റെ ഉത്തരം കേട്ടിട്ടാവണം, പാറുവിനെ വിളിച്ച വിളി അവൾ 'cut' ചെയ്ത്, മിണ്ടാതെ കൈയും കെട്ടി നിന്നു.  

ഇമെയിലും കൊടുത്ത് 'Reset Password' അമർത്തി. അപ്പോഴാണ് മനസ്സിലാവുന്നത് അതിന്റെ വെരിഫിക്കേഷൻ കോഡ് വരുന്നത് എന്റെ മൊബൈലിലാണ്. അതും തപ്പിക്കൊണ്ടാണല്ലോ ഞാനിരിക്കുന്നത്. എവിടെയോ ഇരിക്കുന്ന മൊബൈലിൽ വെരിഫിക്കേഷൻ കോഡ് വന്ന് വീണിട്ടെന്ത് കാര്യമാണ്. അപ്പോഴാണ് 'Send the code in other device' എന്ന ഉപായം കാണുന്നത്. പക്ഷേ ആ ഡിവൈസ് എന്റെ ആപ്പിൾ ലോഗിൻ ആയിരിക്കണം. ഭാനുമതിയുടെ ഫോൺ അവളുടെ സ്വന്തം ലോഗിൻ ആണ്. ഞാനുമായി ഒരു .ബന്ധവും ഇല്ല. ബില്ലിംഗ് എന്റെ അക്കൗണ്ടിലൂടെയാണെന്ന് മാത്രം. ഒരു iPad ഉണ്ട്. അതും ഭാനുമതിയുടെ ലോഗിൻ ആണ്. എന്തായാലും കണ്ണും പൂട്ടി 'Send the code in other device' ഓപ്ഷൻ സെലക്ട് ചെയ്തു. 

"ക്ളിങ്..." എവിടെ നിന്നോ ഒരു ശബ്ദം. ഭാഗ്യം. ഏതോ ഒരു ഡിവൈസിൽ കോഡ് വീണിരിക്കുന്നു. എന്റെ പിന്നാമ്പുറത്ത് കൈയ്യും കെട്ടി നിന്നിരുന്ന ഭാനുമതി, ശബ്ദം കേട്ട ഭാഗത്തേക്ക് ഓടി. ഞാനും പിന്നാലെ ഓടി. നോക്കുമ്പോൾ ഒരു പഴയ ഫോണായിരുന്നു. ദേവു, വീട്ടിലുള്ള സമയത്ത് അവളുടെ കൂട്ടുകാരുമായി ടെക്സ്റ്റ് ചെയ്യാൻ ഉപയോഗിച്ചിരുന്ന ഒരു പഴയ iPhone6.  പാണ്ടിലോറി കയറിയിറങ്ങിയ പോലെയാണ് അതിന്റെ സ്‌ക്രീൻ ഇപ്പോഴിരിക്കുന്നത്. മൂത്ത പുത്രിയുടെ പഴയ ഫോൺ. വെറും രണ്ട് വർഷങ്ങൾ മാത്രം ഉപയോഗിച്ച് ഒരായിരം തവണ നിലത്ത് വീണ് പൊട്ടിച്ചിതറിയ ഫോൺ!  ആ സ്‌ക്രീൻ കണ്ട് ദേഷ്യം വന്നെങ്കിലും, ഞാൻ സമന്വയം പാലിച്ചു! ഒരബദ്ധം പിണഞ്ഞ്  നിൽക്കുമ്പോൾ അധികാരസ്വരങ്ങൾ പുറപ്പെടുവിക്കാതിരിക്കുന്നതാണ് ഉത്തമം !! ഏഴ് വർഷങ്ങളായിട്ടും എന്റെ ഫോണിന്റെ സ്‌ക്രീൻ പ്രൊട്ടക്ടറിന് പോലും ഒരു പോറൽ പറ്റിയിട്ടില്ലെങ്കിലും, ഒരു ഫോൺ തന്നെ കളഞ്ഞ് നിൽക്കുന്ന ഈ അവസ്ഥയിൽ, രണ്ട് വർഷങ്ങൾക്കിടയിൽത്തന്നെ മൊത്തം പൊട്ടിപ്പൊളിഞ്ഞ ഫോണിനെക്കുറിച്ചാണെങ്കിൽ പോലും മിണ്ടാതിരിക്കുന്നതാണ് ഉചിതം.

എന്തായാലും ആ പൊട്ടിയ ഫോൺ ഇപ്പോഴും ജീവനോടെ ഇരിക്കുന്നതിൽ ഞാനാഹ്ളാദിച്ചു. ആ അവസ്ഥയിലും ഒരുപകാരത്തിനെത്തിയല്ലോ. ആ പൊളിഞ്ഞ ഫോണിനെ 'Make as a new phone' ഫീച്ചർ ഉപയോഗിച്ച് എന്റെ ആപ്പിൾ ലോഗിനിൽത്തന്നെ നിലനിർത്തിയത് ഒരു കണക്കിന് നന്നായി.

ആ ഫോണെടുത്ത് നോക്കുമ്പഴേക്കും കഷ്ടകാലത്തിന് ആ ഫോൺ ലോക്കായി. ഇനി അത് തുറക്കാനുള്ള പിൻ നമ്പർ ഏതാണെന്ന് നോക്കണം. പിൻ നമ്പർ ശരിക്കും അറിയുന്ന ദേവുവാണെങ്കിൽ ബാസ്കറ്റ് ബാൾ പരിശീലനത്തിലാണ്. കൂനിന്മേൽ കുരു എന്ന പോലെ പ്രശ്നങ്ങൾ പെരുകുകയാണ്. ഞാൻ എന്റെ ഓർമ്മയിൽ നിന്ന് ഒരു പിൻ കുത്തി നോക്കി. നോ രക്ഷ. വൃത്തികെട്ട പിന്നുകൾ അധികം കുത്തിയാൽ ഫോൺ കൂടുതൽ സമയത്തേക്ക് ലോക്കായിപ്പോകുമല്ലോ എന്നോർത്ത് ആ ഫോൺ തന്നെ കുത്തിപ്പൊട്ടിച്ച് കളഞ്ഞാലോ എന്നാലോചിച്ച് നെടുവീർപ്പിട്ടിരിക്കുമ്പോഴാണ് ഭാനുമതി ആ ഫോൺ ബലമായി പിടിച്ച് വാങ്ങിയത്. സ്വന്തം പാസ്‌വേർഡുകൾ പോലും ഓർമ്മയില്ലാത്ത ഇവളാണ് ഇനി ദേവു മാനേജ് ചെയ്യുന്ന ഈ ഫോണിന്റെ പിൻ നമ്പർ ശരിയായി ടൈപ്പ് ചെയ്യാൻ പോകുന്നതെന്നോർത്ത്, ഞാനാ സമയത്തും ഉള്ളിൽ ചിരിച്ചു. 

ഭാനുമതിക്ക് ഒരു മേൽക്കോയ്മ സ്ഥാപിക്കാൻ കിട്ടിയ അവസരമാണ്. അതിന്റെ അഹങ്കാരവും അവളുടെ മുഖത്തുണ്ടെന്ന് എനിക്ക് തോന്നി. അവൾ വളരെ ഉറപ്പിച്ച രീതിയിൽ ഒരു പിൻ നമ്പർ ചടപടാന്ന് കുത്തിക്കയറ്റി. "Wrong PIN Number"! അവളുടെ അഹങ്കാരം ഇത്തിരിയൊന്ന് താഴ്ന്നു. ഫോൺ കണ്ടുപിടിക്കാനുള്ള വെപ്രാളത്തിനിടയിലും എനിക്ക് ചുമ്മാ ഒരു സന്തോഷം തോന്നി! സ്വന്തം പാസ്‌വേഡ് മറന്നുപോയിട്ടാണ് ഈ കളികളെല്ലാം കളിക്കുന്നത് എന്ന കാര്യം സ്വകാര്യപൂർവ്വം ഞാൻ മറന്നു! 

"ഒരാവശ്യത്തിന് എന്തെങ്കിലും എപ്പഴെങ്കിലും ഓർമ്മയുണ്ടാകുമോ... അതിങ്ങോട്ട് കൊണ്ട്വാ..." ആ ഫോൺ പിടിച്ച് വാങ്ങാൻ എന്റെ കൈ മുന്നോട്ട് തുനിഞ്ഞു. പക്ഷെ അവൾ തന്നില്ല.  വീര്യത്തോടെ അവൾ രണ്ടാമതും ഒരു പിൻ നമ്പർ ആഞ്ഞ് കുത്തി. ഫോണിന്റെ സ്‌ക്രീൻ തുറന്നു. ഭാനുമതിയുടെ മുഖം അപ്പോൾ നോക്കാൻ എനിക്ക് ശക്തിയുണ്ടായിരുന്നില്ല. അതിൽ തെളിഞ്ഞ വെരിഫിക്കേഷൻ കോഡിൽ മാത്രമായിരുന്നു ഞാൻ ശ്രദ്ധിച്ചത്. അത്രയേ എനിക്ക് പറ്റുമായിരുന്നുള്ളൂ.

ആ വെരിഫിക്കേഷൻ കോഡും എടുത്ത് ലാപ്ടോപ്പിലെ ആപ്പിൾ ബ്രൗസറിൽ ചാർത്തിയപ്പോൾ 'Find  My Device' ഓപ്‌ഷനിലേക്ക് കടക്കാൻ പിന്നെ അധികം താമസമുണ്ടായില്ല. പക്ഷേ എന്റെയടുത്ത് നിന്ന് എന്തെങ്കിലും അബദ്ധങ്ങൾ എനിക്ക് പിണയുന്നുണ്ടോ എന്ന് സാകൂതം നോക്കി നിൽക്കുന്നത് പോലെ നിന്ന ഭാനുമതിയുടെ നിൽപ്പ്, അപ്പോഴും എനിക്ക്അ സ്വസ്ഥത ഉണ്ടാക്കുന്നുണ്ടായിരുന്നു!

എന്റെ ഫോൺ നമ്പരും വേണ്ട മറ്റ് വിവരങ്ങളും കൊടുത്തപ്പോൾ, എന്റെ മുന്നിലെ സ്‌ക്രീനിൽ ഭൂലോകത്തിന്റെ മാതൃക പരന്നു വിടർന്നു. എന്റെ ഫോൺ അവസാനമായി ഇരിക്കുന്ന പ്രദേശത്തിന്റെ GPS കോർഡിനേറ്റ്സും തപ്പി കുറച്ച് നിമിഷം കണ്ണടച്ച്  ധ്യാനിക്കുന്നത് പോലെ ആ ബ്രൗസർ അനങ്ങാതെ നിശ്ചലമായി നിന്നു. ആപ്പിൾ ക്ലൗഡിൽ കാർമേഘം കയറിയത് കൊണ്ടായിരിക്കാം, സിസ്റ്റത്തിന് ഫോണിന്റെ കോർഡിനേറ്റ്സ് കിട്ടാൻ സമയമെടുക്കുന്നതെന്ന് ആശ്വസിച്ച് ഞാൻ ശ്വാസമടക്കി കണ്ണും തുറിപ്പിച്ച് ഇരുന്നു. എന്തായാലും ഏകദേശം മുക്കാൽ മിനുട്ടോളം സമയമെടുത്ത്, എന്റെ ബ്രൗസറിൽ ഫോണിരിക്കുന്നയിടം വിടർന്ന് വിടർന്ന് വരാൻ തുടങ്ങി. വിടർന്ന് വികസിച്ച്, ഒടുവിൽ ഒരു പോയിന്റിൽ അത് നിന്നു. ഭൂപടത്തിൽ ഒരു സ്ഥലത്ത് ഒരു പച്ച വട്ടപ്പൊട്ടും കാണാം. ആ വട്ടപ്പൊട്ടാണ് നമ്മുടെ സൂചിക.  അവിടെയാണ് എന്റെ ഫോൺ കിടക്കുന്നതെന്നാണ്  'Find  My Device' പറയുന്നത്. പക്ഷേ സൂചിക തീർത്തും ശരിയാണെന്ന് പറയാൻ പറ്റില്ല. 'Tall Cedars Road' നെ 'Riding Center Drive' മുറിച്ച് കടക്കുന്ന കവലയിൽ, Route 50 യിലേക്ക് പോകുന്ന ഭാഗത്തെ സിഗ്നൽ ബാറിന് കീഴെയാണ് സൂചിക നിൽക്കേണ്ടത്. കാരണം ഞാൻ പോയത് ആ ആവഴിക്കാണ്‌. പക്ഷേ സൂചിക നിൽക്കുന്നത് ആ ഭാഗത്ത് നിന്നും കുറച്ച് പടിഞ്ഞാറ് മാറി റോഡിൻറെ വശഭിത്തികളും കഴിഞ്ഞുള്ള ഒരു കുറ്റിക്കാട്ടിലാണ്. എന്റെ മനസ്സ് അങ്ങനെ സിസ്റ്റത്തിനെ തിരുത്തിയെങ്കിലും, ആരെങ്കിലും എന്റെ ഫോൺ ആ കുറ്റിക്കാട്ടിൽ എറിഞ്ഞതായിരിക്കുമോ എന്ന് ഞാൻ ഭയന്നു.

എങ്ങനെയായാലും എന്തായാലും ഒരു കാര്യം ഉറപ്പാണ്. ചാർജ്ജ് ഉണ്ടെങ്കിൽ,  ഫോൺ ആ പരിസരത്ത് തന്നെ എവിടെയോ ഉണ്ട്. ഇപ്പോൾത്തന്നെ ഏകദേശം രണ്ട് മണിക്കൂറിലധികമായി, അനാഥനായി, ഫോൺ വഴിയിൽ തണുപ്പും കൊണ്ട് കിടക്കുകയാണ്. അധികമൊന്നും ആലോചിക്കാതെ, മലനിരകൾക്ക് മുകളിലെ ക്യാംപിങ്ങിന്റെ സമയത്തും വളരെ അപൂർവ്വമായി രാത്രിയിലെ ഓട്ടവ്യായാമത്തിനുമൊക്കെയായി ഉപയോഗിക്കുന്ന ഹെഡ് ലാമ്പും എടുത്ത്, വീണ്ടും വണ്ടി സ്റ്റാർട്ടാക്കി, ഗാരാജും തുറന്ന് കമ്പ്യൂട്ടറിലെ സൂചിക ലക്ഷ്യമാക്കിയ സ്ഥലം ലാക്കാക്കി പുറപ്പെട്ടു.

അപ്പോഴും ഞാൻ ചിന്തിക്കുകയായിരുന്നു, ഫോൺ എങ്ങനെയായിരിക്കും ആ സ്ഥലത്ത് വീണുപോയിട്ടുണ്ടായിരിക്കുക? കാറിന്റെ വാതിലുകളൊന്നും സൂചിക കാണിച്ച സ്ഥലത്ത് വച്ച് തുറന്നിട്ടില്ല. കാറിന്റെ വിൻഡോ ഗ്ലാസും താഴ്ത്തിയിട്ടില്ല. അല്ലെങ്കിലും ആ മാമരം കോച്ചുന്ന തണുപ്പിൽ, ഏത് പിരാന്തനാണ് അങ്ങനെ ചെയ്യുക? പിന്നെ ഫോൺ എങ്ങനെ അവിടെ വീണു?

കമോൺ മിസ്റ്റർ ഷെർലക് ഹോംസ്... എന്റെ മനസ്സിലെ ഡോക്ടർ വാട്സൺ മുന്നിൽ അജ്ഞാതനായി ഇരിക്കുന്ന ഡിക്റ്ററ്റീവ് ഹോംസിനോട് കാര്യങ്ങൾ ആരാഞ്ഞു. ദേവുവിനെയും കൊണ്ട് കണക്ക് ട്യൂഷൻ ക്ലാസ്സിലേക്ക് പുറപ്പെടുന്ന സമയത്ത് മനസ്സ് ശേഖരിച്ച് വച്ച ചലച്ചിത്രങ്ങളിലേക്ക്, എന്റെ അന്തരംഗം ഊളിയിട്ടു.

തണുപ്പ് താങ്ങാനുതകുന്ന വസ്ത്രാലങ്കാരങ്ങളോടെ ഞാൻ ഗാരാജിലേക്ക് പ്രവേശിക്കുന്നു. കൈയ്യിൽ ഫോൺ പിടിച്ചിട്ടുണ്ട്. ദേവുവിന്റെ ക്ലാസ്സ് നടക്കുന്ന സമയത്ത് പുറത്ത് റോഡ് വക്കിലൂടെ രാത്രി ഓടാൻ തീരുമാനിച്ചതിനാൽ, ഫ്ലൂറസെന്റ് റിഫ്‌ളക്‌ഷൻസ് ഉള്ള ജാക്കറ്റ് ഇടേണ്ടതുണ്ട്. ജാക്കറ്റ്, ഗാരേജിന്റെ മച്ചിൽ, ഒരു ഹുക്കിൽ തൂങ്ങിക്കിടക്കുകയാണ്. ജാക്കറ്റെടുത്ത് ധരിക്കുന്ന സമയത്ത്, കൈയ്യിലിരുന്ന ഫോൺ, കാറിന്റെ എഞ്ചിൻ ബോക്സിന്റെ മുകളിലായി വച്ചു. ജാക്കറ്റ് ധരിച്ചതിന് ശേഷം, തലയിൽ തൊപ്പിയും കഴുത്തിൽ Neck Scarf ഉം അണിഞ്ഞു. ചെവിയെ തണുത്ത കാറ്റിൽ നിന്ന് രക്ഷിക്കാൻ Ear Muff ഉം ഫിറ്റ് ചെയ്തതിന് ശേഷം, Running Shoe ഉം ധരിച്ച്, Winter Gloves ഉം കൈയ്യിലെടുത്ത് വണ്ടിക്കകത്തേക്ക് കയറി, വണ്ടി സ്റ്റാർട്ടാക്കി. ബ്ലൂടുത്ത് കണക്ടായി. അപ്പഴേക്കും ദേവു അവളുടെ ബാഗും ബാസ്കറ്റ് ബാളും എടുത്ത് മുൻഭാഗത്തെ പാസഞ്ചർ സീറ്റിൽ വന്നിരുന്നു. "Let's Go... " വണ്ടി റിവേഴ്‌സ് എടുത്ത്, പാട്ടിനനുസരിച്ച് സ്റ്റീയറിങ് വീലിൽ താളം പിടിച്ച്, ഒപ്പം, ലോകകപ്പ് ഫുട്ബാളിനെക്കുറിച്ച് ചില ചർച്ചകളും നടത്തിക്കൊണ്ടാണ് ഞങ്ങൾ യാത്രയാരംഭിച്ചത്. 

എനിക്കൊരു വൃത്തികെട്ട ദുശ്ശീലമുണ്ട്. ഗാരാജിൽ  നിന്നുകൊണ്ട്, കാറിന്റെയടുത്ത് നിന്ന് ഷൂസിടുകയോ, എന്തെങ്കിലും സാധനങ്ങളെടുക്കുകയോ മറ്റോ ചെയ്യേണ്ടിവരുന്ന സന്ദർഭങ്ങളിൽ, കൈയ്യിൽ എന്തുണ്ടായിരുന്നാലും അതെടുത്ത് കാറിന്റെ മുകളിൽ വെക്കുക എന്നതാണത്. അങ്ങനെ സാധനങ്ങൾ കാറിന്റെ പുറത്ത് വച്ചിട്ടുള്ള സമയത്തൊക്കെ, സാധാരണഗതിയിൽ  തിരിച്ചെടുക്കാറുമുണ്ട്. പക്ഷേ പ്രശ്നം പറ്റുന്നത്, എവിടേക്കെങ്കിലും യാത്ര പുറപ്പെടുന്ന സമയത്ത് ഇങ്ങനെ സംഭവിക്കുമ്പോഴാണ്. അത്തരം ചില സന്ദർഭങ്ങളിൽ മെയിൽ ബോക്സിൽ നിന്നെടുത്ത കത്തുകളും മറ്റനുബന്ധ കടലാസുകളും എനിക്ക് വീടിന്റെ മുന്നിലെ റോഡിൽ നിന്ന് പെറുക്കേണ്ടി വന്നിട്ടുണ്ട്. ഒരു തവണ, ഒരു കണ്ണട കാണാതായിട്ടുണ്ട്. രണ്ടോ മൂന്നോ തവണ, വീടിന് മുന്നിലെ പൂന്തോട്ടത്തിൽ വെള്ളം നനച്ചതിന് ശേഷം, Garden Hose Nozzle എനിക്ക് പൂർണ്ണമായും നഷ്ടപ്പെട്ടിണ്ട്. ഒരു തവണ വഴിക്കരികിൽ, ഏതോ വണ്ടി കയറി ചതഞ്ഞരഞ്ഞ ഒരു Nozzle ന്റെ ശവശരീരം കണ്ടപ്പോഴാണ് എവിടേക്കാണ് എന്റെ Nozzle കൾ പോയിമറയുന്നത് എന്ന എന്റെ ചോദ്യത്തിന് ഉത്തരമായത്! ആ ശവശരീരം കണ്ടത് മുതൽ, ഇനി മുതൽ ഒരിക്കലും കാറിന്റെ മുകളിൽ അത്തരത്തിൽ സാധനങ്ങൾ വെക്കില്ല എന്ന് ഞാൻ ദൃഡ്ഢപ്രതിജ്ഞയെടുത്തതായിരുന്നു. ആ പ്രതിജ്ഞ ഫോൺ നഷ്ടപ്പെടുന്ന ദിവസം വരെ പാലിച്ചിരുന്നത് കൊണ്ട്,  മനസ്സിന്റെയുള്ളിൽ അത്തരത്തിലുള്ള സംശയമേയില്ലായിരുന്നു!

കാറോടിച്ച് പോകുന്ന വഴിക്ക് ഷെർലക് ഹോംസാണ് ഈയൊരു വഴിക്ക് എന്നെ ഒന്നുകൂടി ചിന്തിപ്പിച്ചത്. അപ്പോൾത്തന്നെ ഞാനെന്റെ തലക്കിട്ട് രണ്ട് കിഴുക്ക് വച്ചുകൊടുത്തു. ഇനി ഈ ജന്മത്തിൽ ഇത്തരത്തിൽ പെരുമാറരുതെന്നും പറഞ്ഞ് ഡോക്ടർ വാട്സൺ എന്നെക്കൊണ്ട് മനസ്സിൽ ഏത്തവുമിടുവിച്ചു.

കാർ ഏകദേശം, കമ്പ്യൂട്ടർ ഭൂപടത്തിൽ കാണിച്ചിരുന്ന സ്ഥലത്തെത്തി. റോഡിന്റെ ഒരു ഭാഗത്ത്, ഷോൾഡറോട് ചേർന്ന്, എമർജൻസി ഫ്ലാഷ് ലൈറ്റുകൾ കത്തിച്ച് വണ്ടി പാർക്ക് ചെയ്തതിന് ശേഷം, ഇരുവശവും നോക്കി സുരക്ഷ ഉറപ്പ് വരുത്തി, ഹെഡ് ലാമ്പുമെടുത്ത് കാറിൽ നിന്ന് പുറത്തിറങ്ങി. ഹെഡ് ലാമ്പ് കത്തിച്ച്, റോഡിന്റെ മീഡിയന് മുകളിലൂടെ, ഫോൺ ഏകദേശം ഇരിക്കുന്ന സ്ഥലം ലക്ഷ്യമാക്കി നടന്നു. സമയം ഏകദേശം രാത്രി ഒൻപത് മണിയായത് കൊണ്ട് ഗതാഗതം കുറച്ച് കുറവായിരുന്നു. പത്തോ പതിനഞ്ചോ  കാലടികൾ മുന്നോട്ട് വച്ചുകാണും. അതാ കിടക്കുന്നു എന്റെ ആപ്പിൾക്കുട്ടി; ആ ഇരുണ്ട ടാറിട്ട പ്രതലത്തിൽ, Route 50 യിലേക്ക് പോകുന്ന ഇടത്തേ ട്രാക്കിന്റെ നടുവിലായി, മലർന്ന് കിടക്കുകയാണവൾ. വണ്ടികൾ വരുന്നുണ്ടോയെന്ന് പോലും നോക്കാതെ ഓടിച്ചെന്ന് ഞാനവളെ ഇരുകൈകളും കൊണ്ട് കോരിയെടുത്തു. ഹെഡ് ലാമ്പ് അവളുടെ ശരീരത്തോട് ചേർത്ത് തെളിയിച്ച്, അവൾക്ക് വന്നിട്ടുണ്ടാകാവുന്ന പരിക്കുകളെക്കുറിച്ച് വികാരാധീനനായി.

ഭാഗ്യത്തിന്, അവളുടെ സ്‌ക്രീനിന് ഒരു പോറലും ഉണ്ടായിരുന്നില്ല. പക്ഷേ അവളുടെ ട്രാൻസ്പരന്റ് കവർ, വണ്ടികളുടെ ടയറുകൾ കയറിയിറങ്ങിയത് കൊണ്ടുണ്ടാകാവുന്ന ക്ഷതങ്ങൾ കാരണം, ചതുങ്ങിപ്പോയിട്ടുണ്ട്. കുപ്പായത്തിന് മാത്രമേ പരിക്കുകളുള്ളൂ, ശരീരത്തിനില്ല. വണ്ടികളുടെ കയറ്റിറക്കങ്ങൾ അവളുടെ നെഞ്ച് താങ്ങിയിരിക്കുന്നു. 

നോക്കുമ്പോൾ അവൾക്ക് 2% ജീവനുണ്ട്. അൺലോക്ക് ചെയ്ത് തുറന്ന് നോക്കിയപ്പോൾ, ആപ്പിളയച്ച പഴയ വെരിഫിക്കേഷൻ കോഡ് വെറുതെയാണെങ്കിലും അവളെനിക്ക് സമ്മാനിച്ചു. സ്വന്തം ജീവൻ നിലനിർത്താൻ അപ്പോഴും ആ കോഡ് അവൾ ഭദ്രമായി സൂക്ഷിച്ചിട്ടുണ്ടായിരുന്നു. ഒരു തുള്ളി കണ്ണീർക്കണം എന്റെ നയനങ്ങളിൽ നിന്ന് ഉതിർന്നത് പോലെ തോന്നിച്ചു. അവളെ ഭംഗിയായി ഒന്ന് തുടച്ച് വൃത്തിയാക്കിയതിന് ശേഷം, വിന്റർ കോട്ടിന്റെ പോക്കറ്റിലിട്ട്, ഞാൻ വീണ്ടും കാറിനുള്ളിലേക്ക് കയറി. ബ്ലൂടൂത്ത് വീണ്ടും കണക്ടായി.

"പൽ പൽ ദിൽ കെ പാസ് തും രഹ്തി ഹോ..." !!

വാൽക്കഷ്ണം: ആപ്പിൾ മോൾക്ക് പരിക്കൊന്നും പറ്റിയില്ല എന്നായിരുന്നു പ്രാഥമിക നിരീക്ഷണമെങ്കിലും, ഒളിഞ്ഞിരുന്ന ഒരു വലിയ പരിക്ക്, കുറച്ച് ദിവസങ്ങൾ കഴിഞ്ഞാണ് വെളിവായത്. ആപ്പിൾകുട്ടിയുടെ വീഡിയോ കാൾ പ്രവർത്തികൾ ഇപ്പോൾ നടക്കുന്നില്ല. വിദഗ്ദ്ധപരിശോധനക്കിടെയാണ് അതിന്റെ കാരണം വെളിവായത്. അവളുടെ മുൻഭാഗത്തെ കണ്ണ് (Front camera) പ്രവർത്തനരഹിതമായിരിക്കുന്നു.  പ്രശ്നം അപരിഹാര്യമത്രേ. ഇനി പിന്നാമ്പുറത്തെ കണ്ണ് മാത്രമാണ് അവളുടെ കാഴ്ച നില നിർത്തുന്നത്. ഇനി എന്റെ സെൽഫി എടുത്ത് തരാൻ അവൾക്ക് കഴിയില്ല എന്നൊരു ദുഃഖം അവളെങ്ങനെ താങ്ങുമെന്നറിയില്ല. മുൻഭാഗത്തെ കണ്ണ് നിശ്ചലമായ പരിസ്ഥിതിയുമായി, വളരെ ബദ്ധപ്പെട്ട് പൊരുത്തപ്പെട്ടുകൊണ്ടിരിക്കുകയാണ് അവളിപ്പോൾ!

***

2022 നവംബർ 12, ശനിയാഴ്‌ച

ഡ്രാക്കുളയും ഓജോ ബോർഡും (പ്രേതാത്മസമ്പർക്കങ്ങൾ - 1)

(Picture Courtesy: Google)

പേടി... അതെ ഭയം... അനുഭവിച്ചറിഞ്ഞവർക്കേ ശരിക്കും ഭയം എന്താണെന്നറിയൂ. ആകാശത്ത് നിന്ന് വീഴുമ്പോൾ ഉണ്ടാകുന്ന ഭയമല്ല, ഒരു ആട് കുത്താൻ വരുമ്പോൾ ഉണ്ടാവുന്നത്. രാജൻ മാഷ് അടിക്കുമ്പോൾ ഉണ്ടാകുന്ന ഭയമല്ല രാജവെമ്പാല കടിക്കുമ്പോഴുണ്ടാകുന്നത്. ഇടിവെട്ടുമ്പോൾ ഉണ്ടാകുന്ന ഭയമല്ല, ഇരുട്ടുമ്പോൾ ഉണ്ടാവുന്നത്. അർബുദം വരുമ്പോഴുണ്ടാകുന്ന ഭയമല്ല അരിശസ്സ്‌ വരുമ്പോഴുണ്ടാകുന്നത്. പക്ഷേ എല്ലാം ഭയങ്ങളാണ്. ഉയരഭയം, ചോരഭയം, നിശാഭയം, ഏകാന്തഭയം, പ്രേതഭയം എന്നിങ്ങനെ വേറെയും നൂറായിരം ഭയങ്ങൾ നിലവിലുണ്ട്. കാലക്രമേണ, ഒരാളുടെ ജീവിതത്തിൽ ചില ഭയങ്ങളെ യുക്തികൊണ്ട് മറികടക്കാൻ പറ്റിയെന്നിരിക്കാം, എന്നാലും ചില ഭയങ്ങൾ ഭയമായിത്തന്നെ, ചിലപ്പോൾ കൂടിയ അളവിൽ മരണം വരെ കൂടെയുണ്ടാകും.

ചെറുപ്പത്തിൽ ഞാനൊരു പേടിത്തൊണ്ടൻ തന്നെയായിരുന്നു. ഏകദേശം, പത്താംതരം വരെ പലതിനെയും പേടിച്ച് അരണ്ടുപോയ ജീവിതം തന്നെയായിരുന്നു അനുഭവിച്ച് തീർത്തത്. അച്ഛനെപ്പേടി, ഇരുട്ടിനെ പേടി, ഇംഗ്ളീഷ് മീഡിയത്തിൽ പഠിക്കുന്നവരെ കണ്ടാൽ പേടി, ഇഞ്ചക്ഷൻ വെക്കുന്ന സൂചിയെപ്പേടി എന്നിങ്ങനെ പലപല പേടികൾ. എന്തിനധികം, പെൺകുട്ടികൾ അടുത്ത് വന്ന് സംസാരിക്കുന്നത് പോലും പേടിയായിരുന്നു. അച്ഛൻ കിഴക്ക് ഭാഗത്തിരിക്കുമ്പോൾ, ഞങ്ങൾ, കുട്ടികൾ, വീടിന്റെ വടക്ക് ഭാഗത്തായിരിക്കും ഉണ്ടാവുക. അച്ഛൻ ഞങ്ങളെ ഒന്ന് വിളിച്ചാൽ പോലും, അടിക്കാനാണ്, അല്ലെങ്കിൽ ചോദ്യങ്ങൾ ചോദിച്ച് അടിക്കാനുള്ള വഴിയുണ്ടാക്കാനാണ് ഞങ്ങളെ വിളിക്കുന്നുണ്ടാവുക എന്ന ഭയമായിരുന്നു. വളരെപ്പഴകിയ, വെറും ദ്വാരം പോലെ തോന്നിക്കുന്ന ജനാലകളായിരുന്നതിനാൽ അകം കൂരിരുട്ടായിരുന്ന ഒരു വീട്ടിലായിരുന്നു കുട്ടിക്കാലം എന്നുള്ളത് കൊണ്ട്, സ്വന്തം വീട്ടിനുള്ളിൽ ഒറ്റക്ക് കയറാൻ തന്നെ പേടിയായിരുന്നു. ഇക്കാരണങ്ങൾ കൊണ്ട് തന്നെ, ശരീരത്തിന് പുറത്തായി, ഭയത്തിന്റെ ഒരു പുറംചട്ട ധരിച്ചായിരുന്നു സ്വതവേയുള്ള ബാല്യകാല ജീവിതം.

കാലം മുന്നോട്ട് കുതിക്കുന്തോറും, മറ്റുള്ള സമപ്രായക്കാർ വളരുന്നത് പോലെ ശരീരം വളരാത്തതും മീശ മുളക്കാത്തതും, ഉള്ളിലുണ്ടായിരുന്ന ആധികൾ പിന്നെയും കൂട്ടിക്കൊണ്ടേയിരുന്നു. വീടിന്റെ ചുറ്റുവട്ടങ്ങളിൽ ഭഗവതിയുടെയും ഗുളികന്റെയും വേറെ ആരുടേയുമൊക്കെയൊ 'വരവു'ണ്ടായിരുന്നതിനാൽ ഒറ്റപ്പെട്ട സമയങ്ങളിലും, രാത്രികാലത്ത് പ്രത്യേകിച്ചും പേടിയുടെ പെരുമ്പറ ഉള്ളിൽ മുഴങ്ങുന്നത് എനിക്ക് കേൾക്കാമായിരുന്നു. 

വളർന്ന് വരുന്തോറും, ഈ പേടികൾ കാരണം, മറ്റുള്ളവരുടെ മുന്നിൽ സ്വയം നാണം കെടുന്ന അവസ്ഥ കൂടിക്കൂടി വന്നപ്പോഴാണ്, ആ അവസ്ഥ മറികടക്കാൻ, ഗൗതമബുദ്ധൻ ചിന്തിച്ചതിന്റെ നാനൂറിലൊരംശം ചിന്തിക്കാൻ ഞാനും തീരുമാനിച്ചത്. ആ ചിന്തകൾക്കൊടുവിൽ എനിക്കും ചില വെളിപാടുകൾ ഉണ്ടായി. ബോധിവൃക്ഷത്തിന് പകരം, കശുമാവിൻ മുകളിൽ വച്ചായിരുന്നു വെളിപാട് ഉണ്ടായത് എന്ന വ്യത്യാസം മാത്രം. 'ഇല്ലാത്ത ധൈര്യം, ഉണ്ടെന്ന് അഭിനയിക്കാൻ പഠിക്കുക' എന്നതായിരുന്നു ആ ദിവ്യമായ വെളിപാട്!

ആ വെളിപാടിനൊരു കാരണവും ഉണ്ട്. ഒരു ദിവസം, എന്റെ അച്ഛന്റെ ഒരു കസിൻ, അവരുടെ മൂന്ന് പെൺമക്കളെയും കൂട്ടി വീട്ടിൽ വന്നു. ആ പെൺകുട്ടികളെ, കുടുംബക്കാരായിരുന്നെങ്കിലും തീരെ മുൻപരിചയം ഉണ്ടായിരുന്നില്ല. തീർത്തും പരിചയമില്ലാത്ത പെൺകുട്ടികളെക്കാണുമ്പോൾ വിറയല് വരുന്ന എനിക്ക്, അന്നും പരവേശമായി. അവർ, കോണിപ്പടികൾ കയറി വീട്ടിലെ നടവഴിയിലേക്ക് പ്രവേശിച്ചതും, ഞാൻ എന്റെ കുടുക്ക് പൊട്ടിയ ട്രൗസർ, അരയിലെ നൂലിൽ തിരുകി, അടുക്കള വാതിലിലൂടെ വീടിന്റെ പിന്നാമ്പുറത്തുള്ള വിശാലമായ കാട്ടുപറമ്പിലേക്ക് ഓടിയൊളിച്ചു. 

"മൂത്തോൻ ഏടപ്പോയി...?" അച്ഛന്റെ കസിന്റെ ചോദ്യം. പറമ്പിലെ കശുമാവിന്റെ മുകളിൽ നിന്ന് അവരുടെ ചോദ്യവും അമ്മയുടെ ഉത്തരവും എനിക്ക് വ്യക്തമായി കേൾക്കാം. 

"നിങ്ങളെയൊക്ക കണ്ട് നാണിച്ചിട്ട്... ഓനങ്ങ് മീത്തലോട്ട് ഓടിപ്പോയീറ്റ്‌ണ്ട്..." കിണറ്റിൻകരയിൽ ഉണക്കാൻ വച്ചിരുന്ന കൊതുമ്പലുമായി, ചായ വെക്കാൻ അടുക്കളയിലേക്ക് പോകും വഴി, അമ്മയുടെ ചിരിച്ചോണ്ടുള്ള മറുപടി. 

"ആഹാ... എന്നാപ്പിന്നെ ഓന്റെ നാണം ഒന്ന് മാറ്റണല്ലോ..." അതും പറഞ്ഞ് അച്ഛന്റെ കസിൻ നേരെ പറമ്പിലേക്ക് കയറി. കൂടെ ആ പെൺകുട്ടികളും. എന്താണ് ചെയ്യേണ്ടതെന്ന് ഒരു പിടിയും എനിക്കില്ല. പൂച്ചയെപ്പോലെ വേഗത്തിൽ ഇറങ്ങാൻ പറ്റുന്ന ഉയരത്തിലുമായിരുന്നില്ല ഞാൻ. 

എന്തിനധികം പറയുന്നു, അവരെന്നെ കണ്ടുപിടിക്കുക തന്നെ ചെയ്തു. 

"ഇതെന്തൊരു നാണാണെടാ... ഇന്റെ സ്കൂളില് പെൺകുട്യോള് ഇല്ലേ... നീയൊരു ആങ്കുട്ടിയല്ലേ... "  അച്ഛന്റെ കസിൻ അത് പറഞ്ഞതും, ആ ഭീകര ജീവികളായ പെൺകുട്ടികൾ ആർത്ത് ചിരിച്ചതും ഒരുമിച്ചായിരുന്നു. 

അങ്ങനെ പിന്നെയും കുറേ ചോദ്യങ്ങൾ അവര് തൊടുത്ത് വിടുകയും, പെങ്കുട്ട്യോള് എന്നെ നോക്കി ആർത്തലച്ച് ചിരിക്കുകയും ചെയ്തു. പെൺകുട്ട്യോളായാൽ ഇങ്ങനെ ആൺകുട്ട്യോളെ കളിയാക്കാമോ എന്ന ചോദ്യങ്ങളൊക്കെ മനസ്സിൽ ഉണ്ടായപ്പോൾ, അവരുടെ തലക്ക് മീതെ എനിക്ക് തുപ്പാൻ തോന്നി. പക്ഷേ എന്ത് ചെയാൻ? ആണും പെണ്ണും കെട്ട അവസ്ഥയിലായിരുന്നു ഞാൻ. നാണം കൊണ്ട് ആ മരത്തിന്മേലിരുന്ന് മൂത്രമൊഴിച്ച് പോയില്ലെന്നേ ഉള്ളൂ. ശരിക്കും ചൂളിപ്പോയ അവസ്ഥ. ഞാനൊന്നിനും ഒരുത്തരവും കൊടുക്കാതെ എന്റെ മുകളിലുള്ള ആകാശം നോക്കി നിന്നതേ ഉള്ളൂ. കുറച്ച് നേരം എന്തൊക്കെയോ പറഞ്ഞ് എന്നെ കളിയാക്കി അവർ മടങ്ങിപ്പോയെങ്കിലും, ആ അവസ്ഥ ഇനിയും ഉണ്ടാകാതെ മറികടക്കാനുള്ള തീരുമാനം എടുത്തത് അന്ന് ആ കശുമാവിൻ മുകളിൽ വച്ചായിരുന്നു!

അങ്ങനെ, കുറച്ച് കാലത്തിനുള്ളിൽ, ധൈര്യം അഭിനയിച്ചഭിനയിച്ച്, കൂരിരുട്ടുള്ള സ്വന്തം വീട്ടിൽ ഒറ്റക്ക് കയറാനും, പെൺകുട്ടികളോട് അങ്ങോട്ട് കയറി സംസാരിക്കാനും, വിശാലമായ, വീടിന് ചുറ്റുമുള്ള കാട്ടുപറമ്പിൽ രാത്രിയോ പകലോ എന്ന വ്യത്യാസമില്ലാതെ ഒറ്റക്ക് കറങ്ങാനും, ഇഗ്ളീഷ് മീഡിയത്തിൽ പഠിക്കുന്ന സമപ്രായക്കാരായ കുട്ടികളോട് 'പോയി നിന്റെ പണി നോക്കെടാ...' എന്ന് പറയാനും എനിക്ക് സാധിച്ചു. ചുരുക്കത്തിൽ, പത്താം തരം കഴിയുമ്പഴേക്കും, അച്ഛന്റെ മുന്നിൽ നിവർന്ന് നിൽക്കാനുള്ള പേടിയൊഴിച്ച്, ബാക്കിയെല്ലാ പേടികളും എന്റെ അഭിനയത്തിന് മുന്നിൽ തോറ്റുപോയി.  

പ്രീഡിഗ്രി കാലത്താണ്, അച്ഛന്റെ ബൈനോക്കുലർ പരിധിയിൽ നിന്ന് ഞാൻ കുറച്ച് പുറത്തായത്. അങ്ങനെ കുറച്ച് പുതിയ കൂട്ടുകെട്ടുകൾ ഉണ്ടാവുകയും, ക്ലാസ്സുകൾ ബഹിഷ്കരിക്കാനും കറങ്ങിയടിക്കാനും മറ്റുമുള്ള ധൈര്യം കൂടി എന്റെ നിഘണ്ടുവിൽ ചേർക്കപ്പെടുകയും ചെയ്തു. പ്രീഡിഗ്രി കോഴ്സ് തീരാറായ സമയമായപ്പഴേക്കും, അച്ഛന്, വീടിനടുത്തുള്ള സ്‌കൂളിൽ നിന്നും, പ്രധാനാദ്ധ്യാപകനായി, ദൂരെയുള്ളൊരു സ്‌കൂളിലേക്ക് സ്ഥലം മാറ്റമായി. തിങ്കളാഴ്ച രാവിലെ പോയാൽ,  വെള്ളിയാഴ്ച സന്ധ്യക്ക് മാത്രം തിരിച്ചെത്തുന്ന, മനോഹരമായ അവസ്ഥ! എന്റെ നല്ല കാലം!

ആ സമയത്താണ്, വീടിനടുത്തുള്ള തെയ്യങ്ങൾക്കും, ഉത്സവങ്ങൾക്കും, സിനിമകൾക്കും, ഞങ്ങളുടെ കായിക ക്ലബ്ബിന്റെ കളികൾക്കും, കല്യാണങ്ങളുടെ തലേ രാത്രികളികളിലെ സഹായപ്രവർത്തനങ്ങൾക്കും മറ്റുമായി രാത്രികാലങ്ങളിലുള്ള എന്റെ സഞ്ചാരം തുടങ്ങിയത്. ഈ രാത്രികാല സഞ്ചാരങ്ങളിൽ, മിക്കതവണയും കൂടെ സുഹൃത്തുക്കൾ ഉണ്ടാകുമെങ്കിലും, എന്റെ വീടെത്തുന്നതിനും മുന്നേ പലവഴിക്കായി അവർ കൊഴിഞ്ഞുപോകും. അങ്ങനെ, പല രാത്രികളിലും ഒറ്റക്ക് വളരെ വിജനമായ സ്ഥലങ്ങളിലൂടെയും, ഇടുങ്ങിയ ഇടവഴികളിലൂടെയും, ഇടിഞ്ഞ വയൽവരമ്പുകളിലൂടെയും, കാട്ടുപറമ്പുകളിലൂടെയും, വെള്ളക്കെട്ടുകളിലൂടെയും മറ്റുമുള്ള കുറേ യാത്രകൾ കഴിഞ്ഞപ്പഴേക്കും, പേടി എന്ന എന്റെ അഭിനയം, തീർത്തും അഭിനയമല്ലാതായി മാറിക്കഴിഞ്ഞിരുന്നു. സ്ഥലപരിചയം കാരണം, ഏത് കൂനാക്കൂരിരുട്ടിലും, ഏത് ദുർഘട വഴികളിലൂടെയും, ഒരു തരി വെട്ടത്തിന്റെ പോലും ആവശ്യമില്ലാതെ, നടക്കാനുള്ള  ധൈര്യം എനിക്ക് കിട്ടിയത്, എന്നെത്തന്നെ അത്ഭുതപ്പെടുത്തി.

അത്തരം രാത്രികാല നടത്തങ്ങളിൽ, ആരൊക്കെയോ തൂങ്ങി മരിച്ച മരങ്ങൾക്ക് കീഴിൽ കൂടെയും, ആരൊക്കെയോ മുങ്ങിമരിച്ച കുളങ്ങൾക്കരികിലൂടെയും മറ്റുമുള്ള നടത്തങ്ങളും പെടും. ചില നേരങ്ങളിൽ പല അപശബ്ദങ്ങളും, കാലൻ കോഴിയുടെ ഭീതിദ ഘോഷണങ്ങളും മറ്റും കേൾക്കാറുണ്ടായിരുന്നു. ചില സ്ഥലങ്ങളിൽ പ്രതീക്ഷിക്കാത്ത തരത്തിലുള്ള ചില വെളിച്ചങ്ങൾ കാണാറുണ്ടായിരുന്നത്, അവ എന്തായിരിക്കാം എന്നാലോചിച്ച്, സാകൂതം നോക്കി നിൽക്കാൻ എന്നെ പ്രേരിപ്പിച്ചു. അങ്ങനെയുള്ള സ്ഥലങ്ങളെത്തുമ്പോൾ, ചില കൊച്ചുവർത്തമാനങ്ങൾ പറയാനെന്ന രീതിയിൽ അവിടെ കുറച്ച് നേരം നിന്ന്, പ്രേതമോ മറ്റോ ഉണ്ടോ എന്ന് തിരയുന്നത് എന്റെയൊരു രസകരമായ ഹോബിയായി മാറി. മിക്കവാറും ശബ്ദങ്ങളുടെ പിന്നിൽ വലിയ പെരുച്ചാഴികളോ കുറുക്കന്മാരോ ആയിരുന്നു. എന്നാലും, ചില രാത്രികാല വെളിച്ചങ്ങളുടെ സങ്കേതങ്ങൾ, എനിക്കിന്നുവരേയും മനസ്സിലായിട്ടില്ല. പാമ്പുകളൊക്കെ ധാരാളം ഉള്ള സ്ഥലങ്ങളായിരുന്നെങ്കിലും, എന്തുകൊണ്ടോ, പാമ്പ് കടിക്കുമെന്ന ഭീതി അന്നെനിക്കുണ്ടായിരുന്നില്ല. ഒറ്റക്ക് കറങ്ങുന്നതിന്റെ മത്ത് തലക്ക് പിടിച്ച സ്ഥിതിക്ക് എന്ത് പാമ്പ്! നല്ല കാലത്തിന്, രാത്രികാല സഞ്ചാരങ്ങളിൽ പാമ്പുകളും എന്നോട് സഹകരിച്ചത്, പാമ്പുകൾക്ക് ചീത്തപ്പേര് വീഴാതിരിക്കാൻ സഹായിച്ചു.

അങ്ങനെയൊരു രാത്രിയിൽ ഏകദേശം ഒരു മണിയോടടുപ്പിച്ച്, ഏതോ ഒരു പരിപാടിയും കഴിഞ്ഞ്, വീടിനടുത്തുള്ള ഒരു ഇടവഴിയിലൂടെ വരുമ്പോഴാണ്, ആട് അമറുന്നത് പോലെ ഒരു ശബ്ദം ഞാൻ കേട്ടത്. കൈയ്യിൽ ടോർച്ചൊന്നും ഇല്ലാതിരുന്നത് കൊണ്ട് ഒന്നും കാണാൻ കഴിയുന്നുണ്ടായിരുന്നില്ല. കൂരിരുട്ടാണ്. ഞാൻ നിൽക്കുന്നതിനടുത്തുള്ള ഒരു മരം, ഒന്നുലയുന്നതിന്റെ ശബ്ദവും കൂടെ കേട്ടപ്പോൾ, ചിലപ്പോൾ മരപ്പട്ടിയുടെ രാത്രികാല സഞ്ചാരമാവുമെന്ന് കരുതി ഞാൻ മുന്നോട്ട് നടന്നു, അന്നേരമുണ്ടായ കുറുക്കൻ കൂട്ടങ്ങളുടെ ഓരിയിടലിൽ മറ്റ് ശബ്ദങ്ങളൊന്നും പിന്നെ കേട്ടതുമില്ല. വീട്ടിൽ വന്ന് ഇറയത്തുണ്ടായിരുന്ന വീതിയുള്ള ഡെസ്കിന്റെ മേലെ കയറി കിടന്നുറങ്ങി. രാവിലെ, തേങ്ങാ പറിക്കുന്ന വാസുവേട്ടൻ, വീടിന് മുന്നിലെ ഇടവഴിയിൽ നിന്ന് കൂകി ഒച്ചയുണ്ടാക്കി വിളിച്ചപ്പോഴാണ് ഉണർന്നത്. എന്താണെന്ന് ചോദിച്ചപ്പോൾ വാസ്വേട്ടൻ കാര്യം പറഞ്ഞു: പൊക്കായി കുഞ്ഞേട്ടൻ തൂങ്ങി മരിച്ചത്രേ. കുഞ്ഞേട്ടന്റെ വീടിന്റെ വടക്ക് ഭാഗത്തെ ഇടവഴിക്കരികിലെ കശുമാവിൻറെ മേലെയാണത്രേ അദ്ദേഹം തൂങ്ങിയത്. പല്ല് തേച്ചെന്നും വരുത്തി, ചെന്ന് നോക്കിയപ്പോഴാണ് എനിക്ക് കാര്യം മനസ്സിലായത്. ഞാൻ രാത്രി വരുമ്പോൾ ഉലഞ്ഞ അതേ മരം. അതിലാണ് കുഞ്ഞേട്ടൻ തൂങ്ങിയത്. ഞാൻ കേട്ടത്, അദ്ദേഹം തൂങ്ങിയപ്പോഴുള്ള വെപ്രാള ശബ്ദമായിരിക്കണം.

പിന്നെയുള്ള രണ്ട് മൂന്ന് വർഷങ്ങൾ പേടിയെ സംബന്ധിച്ചടുത്തോളം, ചില പരീക്ഷണങ്ങളുടേത് കൂടിയായിരുന്നു. കൂട്ടുകാരുമായുള്ള സമ്പർക്കങ്ങളിലൂടെ പകർന്ന് കിട്ടുന്ന ചില അറിവുകൾ; അവ ശരിയാണോ എന്നറിയാനുള്ള ചില രഹസ്യ ശ്രമങ്ങൾ! 

ഹൊറർ സിനിമകളൊന്നും എന്നിൽ ഭീതി വിതക്കാറുണ്ടായിരുന്നില്ല. 'എക്‌സോർസിസ്റ്റ്' എന്ന മാരക ഹൊറർ സിനിമ പോലും എന്നെ ഭയപ്പെടുത്തിയില്ല. ധൈര്യമുണ്ടെന്ന് അഭിനയിച്ചഭിനയിച്ച്, ധൈര്യം കൂടുതലായിപ്പോയോ എന്ന സംശയം എനിക്കുണ്ടായതങ്ങനെയാണ്. അപ്പോഴാണ് ഒരു സുഹൃത്ത്, ഒരു ഐഡിയ തന്നത്. ഡ്രാക്കുള നോവൽ, രാത്രിയുടെ നിശ്ശബ്ദതയിൽ ഒറ്റക്കിരുന്ന്, വായിച്ചാൽ തീർച്ചയായും പേടിക്കും എന്ന് അവൻ പറഞ്ഞപ്പോൾ, ഒന്ന് പരീക്ഷിക്കാൻ തന്നെ തീരുമാനിച്ചു. 

ആയിടയ്ക്ക് പല ദിവസങ്ങളിലും വീടിന്റെ വെളിയിൽ ഇറയത്താണ് ഞാൻ രാത്രി ഉറങ്ങാൻ കിടക്കാറുണ്ടായിരുന്നത്. ചില ദിവസങ്ങളിൽ അനുജനും കൂടെയുണ്ടാകും. ഓല മേഞ്ഞ ഞാലിക്ക് കീഴെ, ചുറ്റുപാടുമുള്ള പ്രകൃതിയെ വീക്ഷിച്ച്, തുറസ്സായി കിടക്കുന്നത് വളരെ സുഖമുള്ള ഒരനുഭവമാണ്. അത് തന്നെ പറ്റിയ അവസരം. രാത്രി പന്ത്രണ്ട് മണി കഴിഞ്ഞ്, എല്ലാവരും അകത്ത് ഉറങ്ങിയെന്ന് ഉറപ്പിച്ചതിന് ശേഷം, ഡ്രാക്കുള നോവലിന്റെ വായന തുടങ്ങും. ആ വായനയുടെ രീതി ഒന്ന് കൂടെ പൊലിപ്പിക്കാൻ, ഡെസ്‌കെടുത്ത്, വിശാലമായ മുറ്റത്തിന്റെ ഒത്ത നടുവിൽ വച്ച്, അതിന്റെ മീതെ ഒരു മണ്ണെണ്ണ വിളക്കും കത്തിച്ച്, വയറു കൊണ്ട് മെടഞ്ഞ ഒരു കീറിപ്പൊളിഞ്ഞ കസേരയിലിരുന്നാണ് വായന. വായന കുറച്ച് ദിവസം ഒരു കുഴപ്പവുമില്ലാതെ വായന കടന്ന് പോയി. അനുജൻ കൂടെയുണ്ടാകുന്ന ദിവസങ്ങളിൽ വായിക്കാറില്ലെങ്കിലും, ഡ്രാക്കുള വായന, ഭീതിയേതുമില്ലാതെ ഒരു സാധാരണ സംഭവം പോലെയായി മാറി. ഡ്രാക്കുളക്കും എന്നെ പേടിപ്പിക്കാൻ കഴിഞ്ഞില്ലെന്ന് സുഹൃത്തിനോട് വീമ്പിളക്കാൻ എന്റെ മനസ്സ് വെമ്പി.

അങ്ങനെ ഒരു ദിവസം രാത്രി, ഡ്രാക്കുള വായന തുടരുകയാണ്. നോവൽ, പതുക്കെ അതിന്റെ ഭീതി പ്രസ്താവത്തിൽ മുറുകി വരുന്നുണ്ട്. നല്ല ത്രില്ലടിപ്പിക്കുന്ന വായന. നോവലിലെ സന്ദർഭങ്ങളിലൂടെ ജീവിച്ചുകൊണ്ടുള്ള വായന. സന്ദർഭങ്ങൾക്കനുസരിച്ച് കഥാപാത്രങ്ങൾ മാറി മാറി സ്വന്തം ശരീരത്തിലേക്ക് ആവാഹിക്കപ്പെടുന്നത് ഞാൻ പോലും അറിയുന്നില്ല. ജോനാതൻ ഹാർക്കർ പാതിരാത്രിയിൽ, ഡ്രാക്കുളക്കോട്ടക്ക് അരികിലൂടെ, കുതിരപ്പുറത്ത്, കുതിരക്കുളമ്പടി ശബ്ദത്തിന്റെ പശ്ചാത്തലത്തിൽ പാഞ്ഞ് പോവുകയാണ്. അദ്ദേഹത്തിന്റെ കറുത്ത കോട്ട് കാറ്റിൽ ഉലയുന്നുണ്ട്. കോട്ടക്കകത്ത് നിന്നും ഭീതിദമായ പലവിധ ശബ്ദങ്ങൾ കേൾക്കാം. കോട്ടയുടെ ഭിത്തിദ്വാരത്തിലൂടെ അദ്ദേഹത്തിന്റെ മേലേക്ക് ഇടയ്ക്കിടെ തീ തുപ്പുന്നുണ്ട്. ഇതുകൊണ്ടൊന്നും ഹാർക്കർ ഭയക്കുന്നില്ല. അദ്ദേഹത്തിന്റെ ലക്ഷ്യം വേറൊന്നാണ്. പൊടുന്നനെ വിശാലമായ ചിറകുകൾ വിരിച്ച് ഒരു ഭീമൻ വവ്വാൽ ഹാർക്കറുടെ തലക്ക് മീതെ പറന്നു. അതിന്റെ ചിറകിലെ കൊളുത്ത് അദ്ദേഹത്തിന്റെ മുഖത്തിലൂടെ ഒരു വര വരഞ്ഞ് മുറിവുണ്ടാക്കി. ആ മുറിവിലെ ചോര തുടക്കുന്നതിന്റെ വിടവിലാണ് വേറൊരു വവ്വാൽ വന്ന്, അദ്ദേഹത്തിന്റെ കുതിരയുടെ കാഴ്ച മറയ്ക്കും വിധം, അതിന്റെ തലക്ക് മുന്നിലൂടെ പറന്നത്. കുതിരയും ഹാർക്കറും ഒരു കൊല്ലിയിലേക്കെന്നോണം വീഴുകയാണ്. കുതിരയുടെ ചിനപ്പ് ശബ്ദവും കൂടെ പാറകൾ ഉരുളുന്നതുമായ ശബ്ദവും. എന്റെ ഉള്ളിൽ ഒരു തരിപ്പ് കേറിക്കൂടിയത് ഞാനും അറിഞ്ഞില്ല. അതേ സമയത്ത് പെട്ടെന്നാണ് എന്റെ ഇടത് ഭാഗത്തായി 'ഥപ്പോ' ന്നും പറഞ്ഞു കൊണ്ട് ഒരു ഭയങ്കര ശബ്ദം ഞാൻ കേട്ടത്. ആ സമയത്ത് ഞാനും കുതിരപ്പുറത്തായിരുന്നല്ലോ. ഞാനും വീഴുകയാണെന്നുള്ള ഭീതിദമായ വിചാരത്തിൽ, അതി ഭീകരമായി ഞാനെന്റെ ശരീരത്തെ ഇളക്കി, വീഴ്ച്ചയിലെന്നത് പോലെ രക്ഷപ്പെടാൻ ശ്രമിച്ചു. ആ കുതറലിൽ, ഞാനിരുന്ന കസേരയും മുന്നിലുള്ള ഡെസ്കും അതിന്റെ മേലെയുള്ള വിളക്കും പലഭാഗങ്ങളിലേക്കായി മറിഞ്ഞു വീണു, കൂടെ ഞാനും. ഒരു നിമിഷത്തേക്ക് എന്താണ് സംഭവിച്ചതെന്ന് ഒരു പിടിയും കിട്ടിയില്ലെങ്കിലും, പെട്ടന്ന് തന്നെ എഴുന്നേറ്റ് ചുറ്റുമൊന്ന് വീക്ഷിച്ച് കിതപ്പോടെ ദീർഘമായി ശ്വസിച്ചു.

"ഡോ... എന്താ... എന്താ വീണത്... ആന്താ.. ഒരൊച്ച..." ഡെസ്കും കസേരയും മറിഞ്ഞ് വീഴുന്നതിന്റെ ശബ്ദം കേട്ട്, അകത്ത് നിന്നും അച്ഛൻ ഉറക്കെ ചോദിച്ചു. 

"ല്ലാ.. ഒന്നൂല്ലാ.... അത്...  ഈർന്ന് വെച്ച പലക എങ്ങനെയോ ചെരിഞ്ഞ്  വീണതാ..." അപ്പോൾ അങ്ങനെ പറയാനാണ് തോന്നിയത്. പിന്നെ അകത്ത് നിന്ന് ചോദ്യങ്ങളൊന്നും ഉണ്ടായില്ല. അച്ഛൻ പുറത്ത് വന്ന് നോക്കാത്തത്ത് കൊണ്ട് ഭാഗ്യത്തിന് രക്ഷപ്പെട്ടു എന്ന് പറഞ്ഞാൽ മതി. അപ്പഴേ എനിക്ക് എന്താണ് സംഭവിച്ചതെന്ന് മനസ്സിലായുള്ളൂ. ഞാനിരിക്കുന്നതിന്റെ ഇടത് ഭാഗത്തായി അലക്ക് കല്ലിനടുത്തുള്ള ഒരു പീറ്റത്തെങ്ങിൽ നിന്നും കൂമൻ കൊത്തിയ കരിക്ക് വീണതായിരുന്നു ആ ഭീതിതമായ 'ഥപ്പോ...' ശബ്ദം. ആ കരിക്കുരുണ്ട് മുറ്റത്തെത്തിയിരിക്കുന്നു. പൊട്ടിച്ചിരിക്കാൻ തോന്നിയെങ്കിലും രാത്രിയായതിനാൽ ഒച്ചയുണ്ടാക്കാതെ കുലുങ്ങിക്കുലുങ്ങി കുറച്ച് നേരം ചിരിച്ചു. പിന്നെ ഡെസ്കും കസേരയുമെടുത്ത് ഇറയത്ത് കൊണ്ട് വച്ചതിന് ശേഷം, അന്നത്തേക്കുള്ള വായനയൊക്കെ നിർത്തി കിടന്നുറങ്ങി. അതിന് ശേഷം, എന്തുകൊണ്ടോ, പകൽ വെളിച്ചത്തിരുന്നാണ് ഡ്രാക്കുളയുടെ ബാക്കി ഭാഗം വായിച്ച് തീർത്തത്!

ഡ്രാക്കുള വായിച്ച് തീർന്ന്, അതിന്റെ ലഹരി വിട്ടൊഴിയുന്നതിന് മുൻപേ തന്നെയാണ് ഓജോ ബോർഡ് എന്ന ഏടാകൂടത്തിനെക്കുറിച്ച് ഞാനറിയുന്നത്. സുഹൃത്തുക്കളിൽ ചിലർ അത് പരീക്ഷിച്ച്, ആത്മാക്കളെ കണ്ട് ഭയന്ന് വിറച്ചിട്ടുണ്ടത്രേ. ഹോസ്റ്റലുകളിൽ രാത്രി കാലങ്ങളിലാണ് അവരുടെ ഓജോ ബോർഡ് പരീക്ഷണങ്ങൾ നടക്കാറുണ്ടായിരുന്നത്. അതിലൊരു സുഹൃത്ത്, അവന്റെ വീട്ടിൽ നിന്ന് ഈ ഓജോ ബോർഡ് എക്സ്പിരിമെന്റ് നടത്തിയതിന് ശേഷം, അവന്  കുറച്ച് കാലം ഒരു തരം മന്ദതയായിരുന്നു. ഓജോ ബോർഡിൽ വച്ച 25 പൈസാ നാണയം തനിയെ നീങ്ങി, പ്രേതം അതിന്റെ പേര് വെളിപ്പെടുത്തിയെന്നാണ് അവൻ പറഞ്ഞത്. RAHIM എന്നായിരുന്നത്രേ പ്രേതത്തിന്റെ അല്ലെങ്കിൽ ആ ആത്മാവിന്റെ പേര്. RAHIM എന്ന പേരിലെ അവസാനത്തെ അക്ഷരം കാട്ടിക്കൊടുക്കുന്നത് വരെ, എന്റെ സുഹൃത്ത് തല കറങ്ങാതെ പിടിച്ച് നിന്നു എന്നും, പേര് മുഴുവൻ മനസ്സിലായതോടെ അവന്റെ കിടപ്പ് മുറിയിൽ ബോധം കെട്ടു വീണു എന്നുമാണ് അവൻ പറഞ്ഞ കഥ.

ചില സുഹൃത്തുക്കൾ അവൻ പറഞ്ഞത് ശരിയായിരിക്കുമെന്നും, അവർക്കും അതുപോലുള്ള അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും പറഞ്ഞപ്പോൾ, വേറെ ചില സുഹൃത്തുക്കൾ, അവനെ കൂകി കളിയാക്കി. ചിലപ്പോൾ ഹിന്ദുവായ എന്റെ  സുഹൃത്ത് ഒരു ഹിന്ദു ആത്മാവിനെ പരതിയപ്പോൾ, പകരം ഒരു ഹിന്ദുവല്ലാത്ത ആത്മാവ് വന്നതായിരിക്കാം, അവൻ പേടിച്ച് പോകാൻ കാരണം. എന്തായാലും ഈ പുതിയ കുന്ത്രാണ്ടവും ഒന്ന് പരീക്ഷിക്കാൻ തന്നെ ഞാൻ തീരുമാനിച്ചു.

വീട്ടിലിരുന്ന്, നേരത്തെകേട്ടത് പോലുള്ള ഒരു ഓജോ ബോർഡ് ഞാനും ഉണ്ടാക്കി. പണ്ട്, നമ്മളൊക്കെ പരീക്ഷ എഴുതാൻ ഉപയോഗിച്ചിരുന്ന, നല്ല വീതിയും നീളവുമുള്ള, മടക്കിയാൽ നാല് പുറങ്ങളായി എഴുതാൻ കഴിയുന്ന, വരയില്ലാത്ത  'പായക്കടലാസി'ലാണ് ഈ ഓജോ ബോർഡ് ഉണ്ടാക്കിയത്. അതിൽ എല്ലാ ഇംഗ്ളീഷ് അക്ഷരങ്ങളും, ഒന്ന് മുതൽ പൂജ്യം വരെയുള്ള അക്കങ്ങളും, ഇംഗ്ളീഷിലെഴുതിയ ഏഴ് നിറങ്ങളും, പിന്നെ മേല്പോട്ട്, കീഴോട്ട്, ഇടത്, വലത് എന്നിവ കാണിക്കാനുള്ള അടയാളങ്ങളുമായിരുന്നു ഉണ്ടായിരുന്നത്. കൂട്ടത്തിൽ കുറച്ച് വലുപ്പത്തിലായി രണ്ട് ചതുരക്കള്ളികളിൽ, 'YES' എന്നും 'NO' എന്നും നല്ല കട്ടിമഷിയിൽ, പേപ്പറിന്റെ താഴെയായി എഴുതിയിട്ടുണ്ട്. ചുരുക്കത്തിൽ, ഇഗ്ളീഷ് അറിയുന്ന ഒരു ആത്മാവിന് മാത്രമേ എന്നോട് ഈ ഓജോബോർഡിലൂടെ സംവദിക്കാൻ കഴിയുള്ളൂ. മലയാളം ഓജോ ബോർഡ് ഉണ്ടാക്കണോ എന്നൊക്കെ ശങ്കിച്ചെങ്കിലും, ഉണ്ടാക്കാൻ എളുപ്പം ഇംഗ്ലീഷ് ആയത് കൊണ്ടാണ്, ഇംഗ്ലീഷിൽത്തന്നെ ഓജോ ബോർഡ് ഉണ്ടാക്കിയത്. മലയാളം ഓജോ ബോർഡ് ആയിരുന്നെങ്കിൽ, സ്വരങ്ങളും, വ്യഞ്ജനങ്ങളും, ചില്ലക്ഷരങ്ങളും കൂട്ടക്ഷരങ്ങളും, വള്ളിയും, പുള്ളിയും ചന്ദ്രക്കലയുമൊക്കെ പരതിപ്പരതി, ആത്മാവ് ഒരു വഴിക്കായിപ്പോയേനെ!

ഇങ്ങനെ ഉണ്ടാക്കിയ ഓജോ ബോർഡ് ഒന്ന് പരീക്ഷിക്കണമല്ലോ. പണ്ട് ഡ്രാക്കുള നോവൽ വായിക്കാൻ ഒരുക്കിയ പോലുള്ള സാഹചര്യം ഒരുക്കണോ, അതല്ല വേറെയെന്തെങ്കിലും സങ്കേതം ഒരുക്കണോ എന്നൊക്കെ വളരെ ഗഹനമായിത്തന്നെ ചിന്തിച്ചു. ഒടുവിൽ, വീട്ടിൽ നിന്നുള്ള പരീക്ഷണങ്ങൾ ഒഴിവാക്കാൻ തന്നെ തീരുമാനിച്ചു. ഡ്രാക്കുള വായിക്കുമ്പോൾ ഉണ്ടായത് പോലുള്ള അനുഭവങ്ങൾ അഥവാ ഉണ്ടായാൽ ആരുമറിയാതെ ഒതുക്കണമെന്ന ചിന്തയാണ് അങ്ങനെയൊരു തീരുമാനത്തിൽ എന്നെയത്തിച്ചത്. പിന്നെ എവിടെ വച്ച്, എങ്ങനെ, എപ്പോഴാണ്  ഓജോ ബോർഡ് പരീക്ഷണം നടത്തേണ്ടതെന്ന് കൂലങ്കഷമായി ആലോചിച്ചപ്പഴാണ്, രണ്ട് ഉപായങ്ങൾ മനസ്സിൽ തെളിഞ്ഞത്. രണ്ടിലും പക്ഷേ ശ്മശാനങ്ങളായിരുന്നു പശ്ചാത്തലത്തിൽ ഉണ്ടായിരുന്നത്.

ഒന്ന്, വീട്ടുപറമ്പിലെ തെക്കേ അതിരിലുള്ള തറവാട്ട് ശ്മശാനമായിരുന്നെങ്കിൽ, രണ്ടാമത്തേത്, വീട്ടിൽ നിന്നും ഏകദേശം ഒരു കിലോമീറ്റർ ദൂരെ, ആറാം മൈലിൽ, തലശ്ശേരി - മൈസൂർ റോഡിലുള്ള മൈതാനപ്പള്ളിയുടെ ശ്മശാനമായിരുന്നു. ശ്‌മശാനം ആത്മാക്കളുടെ വിഹാരരംഗമായിരിക്കുമെന്നതിനാൽ, ഓജോ ബോർഡ് മുഖാന്തിരം, അഥവാ സംഭവിക്കുകയാണെങ്കിൽ, ഏതെങ്കിലും ഒരു ആത്മാവുമായി പെട്ടെന്ന് സംവദിക്കാനുള്ള സാധ്യത കൂടുമല്ലോ എന്നതായിരുന്നു, പശ്ചാത്തലമായി ശ്‌മശാനം തിരഞ്ഞെടുക്കാൻ കാരണം.

പിന്നെ ഈ രണ്ട് ശ്മശാനങ്ങളിൽ ഏത് ശ്‌മശാനം വേണമെന്ന ശങ്കയായി. തറവാട്ട് ശ്‌മശാനം കാട് പിടിച്ച് കിടക്കുന്നതാണെങ്കിലും, പണ്ട്, അമ്പിളിയമ്മാവൻ മാഗസിനിൽ വരാറുണ്ടായിരുന്ന വേതാളകഥകളിൽ വരച്ചുകാട്ടപ്പെട്ടിരുന്ന ശ്മശാനത്തിന്റെയോ ശ്മശാനചുറ്റുപാടുകളുടെയോ ഗാംഭീര്യം അതിനില്ലായിരുന്നു. മൈതാനപ്പള്ളിയുടെ ശ്മശാനമാണെങ്കിൽ നിറയെ മരങ്ങളും വള്ളിപ്പടർപ്പുകളും കൊണ്ട് സമൃദ്ധി പൂണ്ട്, പകൽ പോലും ഇരുട്ട് തോന്നിക്കുന്ന സ്ഥലമാണ്. മാത്രവുമല്ല അവിടെ, എന്റെ തറവാട്ട് വളപ്പിൽ സംസ്കരിച്ചതിനേക്കൾ കൂടുതലാളുകളെ സംസ്കരിച്ചിരിക്കാനും സാദ്ധ്യതയുണ്ട്. എന്നുവച്ചാൽ, ആത്മാക്കളുടെ ബാഹുല്യം, പള്ളിക്കാട്ടിലായിരിക്കും കൂടുതലെന്നർത്ഥം. ഈ രണ്ട് കാരണങ്ങൾ കൊണ്ട്, മൈതാനപ്പള്ളിയുടെ പള്ളിക്കാട്ടിലെ ചുടുകാട് (ചുടുന്ന കാടല്ലെങ്കിലും) തന്നെ നല്ലതെന്ന് ഞാൻ നിശ്ചയിച്ചു. 

കേട്ട കഥകളൊക്കെ വച്ച് നോക്കുകയാണെങ്കിൽ, കറുത്ത നിറം മാത്രമുള്ള ഒരു കരിമ്പൂച്ചയെ തലക്കടിച്ച് കൊന്ന്, അതിനെ അതിന്റെ വാലിൽ പിടിച്ച് തൂക്കിക്കൊണ്ട് വേണം, ശ്മാശാനത്തിലേക്ക് കടക്കാനും, ഇത്തരം പരിപാടികൾ ചെയ്യാനും. വെള്ളിയാഴ്ചയാണെങ്കിൽ ഏറ്റവും നല്ലത്. എന്തായാലും, ഒരു ജീവിയെ കൊല്ലുന്നത് എനിക്കാവതല്ലായിരുന്നത് കൊണ്ടും, പൂച്ചകളെ എനിക്കിഷ്ടമായിരുന്നത് കൊണ്ടും, എന്റെ പരിസരത്തെങ്ങും കറുമുറെ കറുത്ത കരിമ്പൂച്ചകൾ ഇല്ലാതിരുന്നത് കൊണ്ടും, പൂച്ചയെ  ഞാനൊഴിവാക്കി. പോരാഞ്ഞതിന്, RAHIM എന്ന ആത്മാവുമായി സംവദിച്ച സുഹൃത്തിന്റെ പരീക്ഷണസമയത്ത് ചത്ത കരിമ്പൂച്ച ചിത്രത്തിലേ ഉണ്ടായിരുന്നില്ലതാനും. എന്നിട്ടും അവന് ഫലസിദ്ധി കിട്ടിയിരുന്നല്ലോ.

അങ്ങനെ എന്റെ ആദ്യത്തെ ഓജോ ബോർഡ് പരീക്ഷണ ദിവസം വന്നെത്തി. എന്റെ പത്തൊൻപതാം പിറന്നാൾ കഴിഞ്ഞത്തിന്റെ ആദ്യത്തെ ഒരു വെള്ളിയാഴ്ച. അന്നും, വീടിന് പുറത്ത് ഇറയത്താണ് ഞാൻ ഉറങ്ങാൻ കിടന്നത്. രാത്രി പന്ത്രണ്ട് മണിയോടെ ഞാൻ സാമഗ്രികളുമായി തയ്യാറായി. നല്ല ഇരുട്ടാണ്. ഓജോ ബോർഡ് മടക്കി കീശയിലിട്ട്, അതിന്റെ കൂടെ ഒരു മെഴുകുതിരിയും വച്ച്, ഏകദേശം പന്ത്രണ്ടരക്ക് പള്ളിക്കാട് ലക്ഷ്യമാക്കി ഞാൻ പതുക്കെ നടക്കാൻ തുടങ്ങി. വീട്ടിലെ പട്ടിയായ ടിങ്കു, എന്തോ കാരണത്താൽ അന്നവിടെത്തന്നെയുണ്ടായിരുന്നു. സാധാരണ രാത്രി സമയങ്ങളിൽ, അവൻ മറ്റ് പട്ടികളുമായി എവിടെയെങ്കിലും തെണ്ടിത്തിരിഞ്ഞ് നടക്കുകയായിരിക്കും. പക്ഷേ, എന്തോ, ആ ദിവസം, അവൻ അവിടെത്തന്നെ ഉണ്ടായിരുന്നു. കൂട്ടുകാരുമായി എന്തെങ്കിലും പ്രശ്നമുണ്ടായിക്കാണണം. വീടിന്റെ മുന്നിലുള്ള തൊഴുത്ത് വരെ ടിങ്കു എന്നെ അനുഗമിച്ചു. പള്ളിക്കാട്ടിൽ പട്ടി കയറിയാൽ, അവിടത്തെ ആത്മാക്കൾക്ക് പ്രശ്നമാകുമോ എന്ന് വെറുതെ ശങ്കിച്ചു. ടിങ്കുവിനെ എങ്ങനെ ഒഴിവാക്കും എന്ന് ആത്മാർത്ഥമായി ആശിച്ചപ്പോഴാണ് അവന്റെ സുഹൃത്തായ ഏതോ പട്ടി, ഞങ്ങളുടെ വീട്ടുപറമ്പിലേക്ക് ഓടിക്കയറി, വടക്ക് പടിഞ്ഞാറ് ഭാഗത്തെ കൈതക്കാട് ഭാഗത്തേക്ക് ഒരു മിന്നായം പോലെ ഓടുന്നത് കണ്ടത്. ടിങ്കു, ഒട്ടും അമാന്തിക്കാതെ, യജമാനനായ എന്നെയും വിട്ട്, ആ പട്ടിയുടെ പിന്നാലെ വച്ചുപിടിച്ചു. കാണാൻ പോകുന്ന ആത്മാക്കൾക്ക് ഞാൻ നന്ദി പറഞ്ഞു. 

കിഴക്ക് ഭാഗത്തെ അതിരിലൂടെ ഇടവഴിയിലേക്ക് ഇറങ്ങുമ്പോൾ, തൊഴുത്തിലുണ്ടായിരുന്ന വെള്ളച്ചിയും ചോക്കച്ചിയും 'എങ്ങോട്ടാ ഈ പാതിരാക്ക്...' എന്ന രീതിയിൽ എന്നെ നോക്കുന്നത്, ആ ഇരുട്ടത്തും അവയുടെ തിളങ്ങുന്ന കണ്ണുകളെ ദർശിച്ച് ഞാൻ കണ്ടു. ഇടവഴിയിലൂടെ തെക്കോട്ടേക്ക് നടന്ന്, നാണു ആശാരിയുടെ വീടിന് മുന്നിലൂടെ, ഹരിയേട്ടന്റെ കടയ്ക്കരികിലൂടെ, തീപ്പെട്ടിക്കമ്പിനിക്കരികിലുള്ള റോഡ് മുറിച്ച് കടന്ന്, പള്ളിക്കാട്ടിന്റെ പടിഞ്ഞാറ് ഭാഗത്തെത്തി. ആദ്യായിട്ടാണ് പള്ളിക്കാട്ടിലേക്ക് കാല് വെക്കുന്നത്. അതിനുള്ളിലെ മുൻപരിചയങ്ങളൊന്നും എനിക്കില്ല. ഇനിയങ്ങോട്ടുള്ളത് എല്ലാം പരിചയമില്ലാത്ത പുതുവഴികളാണ്. ഒരു എമർജൻസി സാഹചര്യം ഉണ്ടായാൽ, വൃത്തിയിൽ ഓടാൻ പോലും പറ്റില്ല. 

എന്തായാലും ഒരുമ്പെട്ടു. മുന്നോട്ട് വച്ച കാൽ മുന്നോട്ട് തന്നെ. പള്ളിയുടെ പടിഞ്ഞാറ് ഭാഗത്തെ പറമ്പിന്റെ ചെരിവിലൂടെ ഞാൻ പള്ളിയുടെ പിന്നാമ്പുറത്തുള്ള പറമ്പിലേക്ക് കയറി. ആ കാലത്ത്, ആ പറമ്പിൽ ഒന്നോ രണ്ടോ വീടുകളേ ഉണ്ടായിരുന്നുള്ളൂ. കുറച്ച് കൂടി മുന്നോട്ട് പോയി വലത്  മതിൽ കയറിയിറങ്ങിയാലാണ് പള്ളിക്കാട്ടിലേക്ക് കയറാൻ സാധിക്കുക. ഒരു കള്ളന്റെ എല്ലാ ചലനങ്ങളോടും കൂടെ വളരെ പതുക്കെയാണ് അവിടം മുതൽ എന്റെ നടപ്പ്. അവിടം വരെയുള്ള നടപ്പ് പെരുവഴിയിലൂടെ ആയിരുന്നെങ്കിൽ, അപ്പോൾ നിന്നിരുന്നത് തീർത്തും സ്വകാര്യ സ്ഥലത്താണ്. ആരെങ്കിലും കണ്ടാൽ തീർച്ചയായും പ്രശ്നമാകും. ഓജോ ബോർഡ് കാണിച്ചത് കൊണ്ടോ, എന്റെ പരീക്ഷണത്തെക്കുറിച്ച് പറഞ്ഞത് കൊണ്ടോ ഒരു പ്രയോജനവും ഉണ്ടാകില്ല. പിടിച്ചാൽ, നാട്ടുകാർ നന്നായി പെരുമാറുമെന്ന് നൂറ് ശതമാനം ഉറപ്പ്. അതിനടുത്തൊന്നുമുള്ള വീടുകളിലോ വഴികളിലോ ഒന്നും ഒരു പട്ടികളെപ്പോലെ കാണാഞ്ഞതും അഥവാ ഉണ്ടായിരുന്ന പട്ടികൾ ഉറക്കത്തിലായിരുന്നത് പോലെ കുരക്കാതിരുന്നതും ശരിക്കും ഭാഗ്യമായി.

ഒടുവിൽ, അവിടെ അടക്കിയ എല്ലാ ആത്മാക്കളോടും അനുവാദം ചോദിച്ച്, മടക്കിപ്പിടിച്ച ഓജോ ബോർഡുമായി ഞാൻ പള്ളിക്കാട്ടിൽ കയറുക തന്നെ ചെയ്തു. അപരിചിതമായ സ്ഥലം. അങ്ങിങ്ങായി ചില തലക്കല്ലുകൾ പൊന്തക്കാടുകൾക്കിടയിൽ നിന്നും പൊങ്ങി നിൽക്കുന്നത്, ഇരുട്ടിൽ അത്രയും നേരം നിന്നതിന്റെ തഴക്കത്താൽ കാണുന്നുണ്ടായിരുന്നു. കുറേ നേരം ഇരുട്ടിൽ നിന്നാൽ, ഇരുട്ടിലും ചില വെളിച്ചങ്ങൾ കാണാൻ സാധിക്കും! 

എവിടെ ഇരിക്കും എന്നതായിരുന്നു പിന്നത്തെ എന്റെ ചിന്ത. കുറച്ചെങ്കിലും കാടില്ലാത്ത സ്ഥലംകിട്ടിയാലല്ലേ വൃത്തിയിൽ അമർന്നിരിക്കാൻ പറ്റുകയുള്ളൂ. പതുക്കെ പരിസരം വീക്ഷിച്ചപ്പോഴാണ്, ഒന്ന് രണ്ടാഴ്ചക്കുള്ളിൽ ആരെയോ സംസ്കരിച്ച സ്ഥലം പോലെ ഒരു ഭാഗത്ത് നല്ല മണ്ണ് കണ്ടത്. വീണ്ടുമൊന്ന് പരിസരം വീക്ഷിച്ചശേഷം, ആരുടേയും തലയിലും നെഞ്ചത്തും ചവിട്ടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ച്, നേരെ അവിടെപ്പോയി, ആ മണ്ണിനടിയിൽ അന്തിയുറങ്ങുന്ന ആത്മാവിനെ മനസാ ഒന്ന് വണങ്ങി. മടക്കി വെച്ചിരുന്ന ഓജോ ബോർഡ് ആ കുഴിമാടത്തിന്റെ മുകളിൽ നിവർത്തി വച്ച്, അതിന്റെ ഒരു ഭാഗത്തായി കുനിഞ്ഞിരുന്നു. കൈയ്യിൽ കരുതിയ കുഞ്ഞ് മെഴുകുതിരി, ഓജോ ബോർഡിന്റെ മുകൾഭാഗത്തായി മണ്ണിൽ ആഴ്ത്തിയിട്ട് കത്തിച്ചു വച്ചു. മെഴുകുതിരിയുടെ വെട്ടം വീണെങ്കിലും, പെട്ടന്ന് വീണ വെളിച്ചമാകയാൽ, അതിലെ അടയാളങ്ങൾ തെളിഞ്ഞ് കാണാൻ ആ ഇരുട്ടിൽ അര മിനുട്ടോളം സമയമെടുത്തു. വെള്ളക്കടലാസിൽ നീല മഷികൊണ്ട് എഴുതിയതിനാൽ, അതിന്റെ ഇരുട്ടിലെ കാഴ്ച കൂടുതൽ ഭംഗിയുള്ളതാക്കി. 

ഹൈവേയിലൂടെ ഇടക്ക്  ലോറികളും അപൂർവ്വമായി ഓട്ടോറിക്ഷകളും പോകുന്നുണ്ട്. പ്രകൃതിയുടെ രാത്രികാല ശബ്‌ദതാളങ്ങൾക്ക് പുറമേ,  വണ്ടികളുടെ ഇരമ്പലുകൾ മാത്രമായിരുന്നു അപ്പോളവിടെ കാതുകൾക്ക് ശരിയായ രീതിയിൽ കേൾക്കാൻ പാകത്തിലുണ്ടായിരുന്ന  ശബ്ദവിന്യാസങ്ങൾ. ഷർട്ടിന്റെ കീശയിൽ നിന്ന് ഒരു ഇരുപത്തഞ്ച് പൈസാ നാണയം ഞാൻ പുറത്തെടുത്തു. തറയിൽ ചമ്രം പടിഞ്ഞിരുന്നശേഷം കുറച്ച് നേരം രണ്ട് കൈകളും കത്തുന്ന മെഴുകുതിരിയുടെ മേലെ പിടിച്ച് കണ്ണടച്ച് ധ്യാനിച്ച്, ഇരുപത്തഞ്ച് പൈസാ നാണയം ഞാൻ ഓജോ ബോർഡിൽ വച്ചു. പിന്നെയും കണ്ണടച്ച് അവിടെ സന്നഹിതരായിരിക്കുന്ന ഏതെങ്കിലും നല്ല ആത്മാക്കളുണ്ടെങ്കിൽ അടുത്ത് വരാനും എന്റെ ചോദ്യങ്ങൾക്ക് ഓജോ ബോർഡിലെ അടയാളങ്ങളിലൂടെ ഉത്തരം പറയാനും മനസാ നിർദ്ദേശിച്ചു. 

"ആരെങ്കിലും എന്റെയടുത്ത് ഉണ്ടോ ?" പതുങ്ങിയ ശബ്ദത്തിൽ പലവട്ടം ചോദിച്ചു. YES ന്റെയും NO യുടെയും മദ്ധ്യത്തിലായി വച്ച നാണയം ഒരു കളത്തിലേക്കും മാറുന്നില്ല.  

"എന്താണ് പേര്" ആദ്യത്തെ ചോദ്യത്തിന് ഉത്തരം കിട്ടിയില്ലെങ്കിലും വെറുതേയെന്നോണം വേറൊരു ചോദ്യം ചോദിച്ചു. ഒരു രക്ഷയുമില്ല. നാണയം അനങ്ങുന്നില്ല.

എന്റെ ഭാഷ മനസ്സിലാകാത്തത് കൊണ്ടാണോ, അതോ എന്നെ ഭയന്നിട്ടാണോ, അല്ലെങ്കിൽ എന്റെ വിശ്വാസത്തെ സംശയിച്ചിട്ടാണോ ഇത്രയടുത്തുണ്ടായിട്ടും ആത്മാക്കൾ എന്നോട് മിണ്ടാത്തതെന്ന് ഞാൻ സംശയിച്ചു. 

"Any soul present here? Please show YES or NO..." അറിയാവുന്ന ആംഗലേയത്തിൽ പറഞ്ഞു നോക്കി... ഒരനക്കവും കാണുന്നില്ല.

"കൊയി ആത്മാ ഹേ യഹാ..." ഹിന്ദിയിൽ ചോദിച്ച് നോക്കി. ഹിന്ദി പഠിപ്പിച്ച പ്രേമവല്ലി ടീച്ചറെ ഓർമ്മ വന്നതല്ലാതെ നാണയം അനങ്ങിയില്ല. 

ഞാൻ തന്നെ നാണയത്തിന്റെ മേലെ വിരല് വച്ച്, എന്റെ വിരലുകളെ ആരെങ്കിലും നീക്കാൻ പ്രേരിപ്പിക്കുന്നുണ്ടോ എന്ന്, എന്നെ തോന്നിക്കുന്നുണ്ടോ എന്ന് സ്വയം ശ്രദ്ധിച്ച് നോക്കി. അങ്ങനെയുള്ള ഒരു തോന്നലും എനിക്ക് ഉണ്ടായില്ല. എനിക്ക് എന്തൊക്കെയോ തോന്നുന്നുണ്ടെന്ന് വിശ്വസിപ്പിക്കാൻ സ്വയം ശ്രമിച്ചെങ്കിലും കാര്യമുണ്ടായില്ല.

എന്റെ ശ്വാസനിശ്വാസങ്ങളുടെ ഒച്ച എനിക്ക് വ്യക്തമായി കേൾക്കാം. ആ പള്ളിക്കാട്ടിൽ അന്തിയുറങ്ങിയിരുന്ന ആത്മാക്കളൊക്കെ കുംഭകർണ്ണന്മാരാണോ, അതോ ബധിരമൂകരന്മാരാണോ എന്നെനിക്ക് തോന്നിപ്പോയി. പിറുപിറുത്തുകൊണ്ട്, ഒട്ടും അടുക്കും ചിട്ടയുമില്ലാതെ പിന്നെയും ചില ചോദ്യങ്ങളൊക്കെ ചോദിച്ചെങ്കിലും ഒരു കാര്യവും ഉണ്ടായില്ല. അപ്പോൾ അവിടെ വീശിയ ഇളം തെന്നലിൽ, മെഴുകുതിരിനാളം വശ്യമാർന്ന നൃത്തം വെച്ചു. കുറേ നേരം ആ നൃത്തം നോക്കി നിന്നപ്പോൾ അവിടെ ഒരു കൂട്ടം മെഴുകുതിരികൾ കത്തിച്ച് വെച്ചതായി എനിക്ക് തോന്നി. ചുറ്റുപാടും നോക്കിയപ്പോൾ ഇടയ്ക്കിടെ എന്തോ മിന്നുന്നത് കണ്ടത്, അത് മെഴുകുതിരിയാണോ, മിന്നാമിന്നിയാണോ അതൊന്നുമല്ല ചൂളിക്കൂട്ടയാണോ എന്നെല്ലാമുള്ള സന്ദേഹങ്ങൾ മനസ്സിലൂടെ കയറിക്കേറി മറിഞ്ഞു. ശ്മശാനത്തിലെ നീങ്ങുന്ന തീനാളങ്ങളാണ് ചൂളിക്കൂട്ടകൾ. അസ്ഥികളൊക്കെ അടങ്ങുന്ന ഭൂമിക്കടിയിൽ നിന്നും വമിക്കുന്ന സൾഫർ ഗ്യാസ്, ഇളം കാറ്റിന്റെ ഘർഷണത്താൽ കത്തുന്നതാണ് ചൂളിക്കൂട്ടകൾ എന്നൊക്കെ സുഗുണൻ മാഷ് പഠിപ്പിച്ചത് ഓർമ്മ വന്നെങ്കിലും, പ്രേതങ്ങളുടെ പ്രത്യക്ഷ രൂപങ്ങളായി എനിക്ക് ചുറ്റും ചൂളിക്കൂട്ടകൾ നീങ്ങുന്നതായി എനിക്ക് തോന്നി. എന്നിട്ടുമെന്തേ, അതിലൊരൊറ്റ പ്രേതം പോലും എന്റെ ഓജോ ബോർഡിനെ തിരിഞ്ഞ് നോക്കുന്നില്ല?

"ഏതെങ്കിലും ആത്മാവിന് ധര്യമുണ്ടെങ്കിൽ, മുന്നിലുള്ള ഈ കത്തുന്ന  മെഴുകുതിരി ഊതിക്കെടുത്തി കാണിക്ക്..."സഹികെട്ട്, ഒരു തരം നീരസത്തോടെ പറഞ്ഞ് നോക്കി. തിരിനാളം ഇടംവലം ആടിയതല്ലാതെ വേറൊന്നും സംഭവിച്ചില്ല. 

പിന്നെ, ദേഷ്യം കാരണം, എന്റെ വായിൽ വന്നത് സംസ്‌കൃതമാണ്. പക്ഷേ ആ സംസ്‌കൃതം, ഞാനവിടെ പുറത്തെടുത്തില്ല. 

അപ്പഴേക്കും ഏകദേശം ഒരു മണിക്കൂറിലധികം അവിടെ ചിലവഴിച്ച് കാണും, ഇനിയും കൂടുതൽ സമയം നിന്നാലും ഒരാത്മാവും എന്നെ നോക്കാൻ വരില്ലെന്ന് എനിക്ക് തീർച്ചയായി. പിന്നെ ഒട്ടും വൈകിയില്ല. ഇരുപത്തഞ്ച് പൈസയെടുത്ത് കീശയിലിട്ട ശേഷം, ദേഷ്യത്തോടെ ഓജോ ബോർഡ് ചുരുട്ടിക്കൂട്ടി. എന്റെ വലത് ഭാഗത്തായി, രണ്ടാത്മാക്കളുറങ്ങുന്നതിന്റെ ഇടയിലായി, ഒരു ചുള്ളിക്കമ്പ് കൊണ്ട് ഒരു കുഴികുത്തി, ചുരുട്ടിക്കൂട്ടിയ ഓജോബോർഡ് അതിലിട്ട് മൂടി. ഒരാത്മാക്കളാലും ഊതിക്കെടുത്താൻ കഴിയാത്ത മെഴുകുതിരി, ഓരൊറ്റ ഊത്തിന് ഞാനൂതിക്കെടുത്തി. പിന്നെ തീർത്തും തിരിഞ്ഞ് നോക്കാതെ മടക്കയാത്ര ആരംഭിച്ചു. 

കാലം, അതിന്റെ കറക്കത്തിൽ മുപ്പതാണ്ടുകളോളം എന്നെ പിന്നെയും കറക്കി. ജീവിതം വ്യത്യസ്തമായ വിവിധതരം സാഹചര്യങ്ങളിലൂടെ കടന്നുപോയി. ആ കറക്കത്തിൽ, എന്റെ ചിന്തകളും വായനകളും കുറച്ച് കൂടെ വിശാലമായി. അതിന്റെ കൂടെ അനുഭവങ്ങളും നിരീക്ഷണങ്ങളും കൂടിയായപ്പോൾ, പ്രേതവും ആത്മാവും എന്നൊക്കെയുള്ളത്, ദൈവത്തിന്റെ കഥയെന്നത് പോലെയുള്ള വെറും മണ്ണാങ്കട്ടക്കഥകളാണെന്നത് ബോധ്യമായി. പക്ഷേ 2022 ൽ നാട്ടിൽ പോയപ്പോൾ, അവിടെ നടത്തിയ ഒരു യാത്രക്കിടയിലുണ്ടായ അനുഭവം, വീണ്ടും പ്രേതകഥകളെ ഓർക്കാൻ എന്നെ നിർബന്ധിതമാക്കി. ആ രസകരമായ കഥ അടുത്ത ഭാഗത്തിൽ!


***

2022 നവംബർ 1, ചൊവ്വാഴ്ച

എൻ കേരളം


മുകളിലുള്ള വീഡിയോ നേരിട്ട് പ്രവർത്തിക്കുന്നില്ലെങ്കിൽ, നേരിട്ട് യൂട്യൂബിൽ നിന്ന് പ്ളേ ചെയ്യാൻ അമർത്തുക: എൻ കേരളം

കേരളം കോമളം 
തരളമനോഹരിയെൻ കേരളം!
താരിളം പൂക്കളാൽ പൂക്കളമെഴുതുന്ന 
പാരിലെ ഗരിമയാണെൻ കേരളം!

നരല തൻ തീരങ്ങൾ നിറമാല ചാർത്തുന്ന 
സുരവരഭരിതമാണെൻ കേരളം!
ആരണ്യനിബിഡസരോവരനീലിത 
ഗിരിമുടി രമണീയമെൻ കേരളം!

സരളപദങ്ങളാൽ സരിഗമ തീർക്കുന്ന 
കൈരളിമൊഴിധാരിയെൻ കേരളം!
പരിമളശ്യാമളശീതളദേശങ്ങൾ 
ധാരാളമേളിതമെൻ കേരളം!

വരമ്പുകൾ വരഞ്ഞുള്ള കോലങ്ങൾ വിരിയുന്ന 
മരതകപാടങ്ങളെൻ കേരളം!
പൂരങ്ങൾ തെയ്യങ്ങൾ ഉത്സവമേളങ്ങൾ 
ഭേരികളാറാടുമെൻ കേരളം!

ധരണിതൻ തന്ത്രിയാം തടിനിതന്നൊഴുക്കുകൾ 
ചിരിവീണ മീട്ടുമെൻ കേരളം!
വാർമഴവില്ലുകൾ കാൺകയാൽ മയിലുകൾ 
വരിനൃത്തമാടുമെൻ കേരളം!

അരചനാം മാവേലിമന്നന്റെ നിസ്തുല 
ഭരണകാവ്യം പാടുമെൻ കേരളം!
പരശുവിന്നേറിനാൽ വാരിധി നീങ്ങയാൽ 
കരയായ കഥചൊല്ലുമെൻ കേരളം!
നരജാതിയെല്ലാമൊന്നെന്ന് കല്പിച്ച 
പറയിതൻ കുലം വാണതെൻ കേരളം! 

2020 മുതൽ തുടർച്ചയായി നാലാം വർഷവും (2023 ൽ) ഒരു പുതിയ കേരളപ്പിറവി പാട്ട് എല്ലാവരുടെയും മുന്നിലായി സമർപ്പിക്കുകയാണ്. ഈ പതിവ് ഇനിയും എത്ര കാലത്തോളം നിലനിൽക്കുമെന്നറിയില്ല. എന്നാലും, ഇപ്പോൾ ഒൻപതാം തരത്തിലുള്ള മകൾ പന്ത്രണ്ടാം തരത്തിലെത്തുന്നത് വരെയെങ്കിലും രണ്ടോ മൂന്നോ പാട്ടുകൾ കൂടി ഇറക്കണമെന്നാണ് ആഗ്രഹം. എന്റെ ഈ സംരംഭത്തിൽ, ഒരു പാട്ടിലെ ആശയം എന്റെ മറ്റ് പാട്ടുകളിലും കണ്ടേക്കാം. പക്ഷേ ഒരേ ആശയങ്ങൾ മറ്റുള്ള പാട്ടുകളിൽ വരുന്നുണ്ടെങ്കിലും അവ അവതരിപ്പിക്കുന്ന രീതിയും താളവും എല്ലാം വിഭിന്നങ്ങളാണ്. ഓരോ പാട്ടും ഒറ്റയ്ക്ക് നിൽക്കാൻ പ്രാപ്തിയുള്ളതിനാൽ, വേറൊരു പാട്ടുമായി താരതമ്യം ചെയ്യേണ്ടതില്ല. എല്ലാവർഷങ്ങളിലെയും പോലെ, മകൾ ദേവകിയാണ് ഇത്തവണയും പാടിയിരിക്കുന്നത്. അവളെ എങ്ങനെ പാടണം എന്നത് പഠിപ്പിച്ചിരിക്കുന്നത് അവളുടെ അമ്മയും. ഈ 'എൻ കേരളം' എന്ന പുതിയ പാട്ട് എല്ലാവർക്കും ഇഷ്ടപ്പെടുമെന്ന് കരുതുന്നു. അഭിപ്രായങ്ങൾ അറിയിക്കുക. 

ഇതിന്ട്ടു മുന്നേ എഴുതിയിട്ടുള്ള  മലയാളം / കേരളം വാഴ്ത്ത്പാട്ടുകളുടെ നേരിട്ടുള്ള യൂട്യൂബ് വീഡിയോ കാണാൻ, തെഴെയുള്ള ലിങ്കുകളിൽ അമർത്തുക:
***