2023, സെപ്റ്റംബർ 26, ചൊവ്വാഴ്ച

ട്രെയിനിലെ ഇഡ്ഡ്ലിവട


യുഎസ്സിൽ നിന്ന് നാട്ടിലേക്കുള്ള യാത്രയിൽ വിമാനമിറങ്ങിയത് ബാങ്ക്ലൂരായിരുന്നു. അളിയൻറെ കുടുംബവും കസിന്റെ കുടുംബവും ബാംഗ്ലൂരിൽ താമസിക്കുന്നത് ഒരേ ഫ്‌ളാറ്റിലാണ്. അവരുടെ കൂടെ രണ്ട് ദിവസങ്ങൾ ചിലവഴിച്ച ശേഷം, ഇന്നലെ രാത്രി, ബാംഗ്ലൂർ മജസ്റ്റിക്കിൽ നിന്ന് കണ്ണൂരിലേക്ക് ട്രയിൻ കയറി… ഇന്ന് രാവിലെ എഴുന്നേറ്റപ്പോൾ വല്ലാത്ത വിശപ്പ്... വഴിയിൽ നിന്ന് വല്ലതും വാങ്ങിക്കഴിക്കാനാണെങ്കിൽ വല്ലാത്ത പേടിയും... വണ്ടി മംഗളൂരു ജംക്ഷനിൽ എത്തിയിട്ടേ ഉള്ളൂ... മുഖമൊക്കെ ഒന്ന് കഴുകി തിരിച്ച് വീണ്ടും വന്ന് കിടക്കാമെന്ന് വിചാരിച്ച് എസി കമ്പാർട്ട്മെന്റിന്റെ വാതിൽ തള്ളി ഉള്ളിൽ കയറിയപ്പോഴാണ് കാറ്ററിങ് യൂനിഫോം പോലുള്ള വസ്ത്രമണിഞ്ഞ് ഒരു മദ്ധ്യവയസ്കൻ, എന്തോ ഭക്ഷണ ട്രേയുമായി എതിരേ വന്നത്... സാധാരണ ഇത്തരം ആളുകൾ വിളിച്ച് കൂവുന്നത് പോലെ ഒന്നും അദ്ദേഹം വിളിച്ചു കൂവുന്നുണ്ടായിരുന്നില്ല. എന്റെ അടുത്തെത്തിയതും അദ്ദേഹം ഒരമ്പത് രൂപായുടെ നോട്ട് കയ്യിൽ തന്നിട്ട് പറഞ്ഞു:
“സാർ, ഇത് തൊട്ടടുത്ത ബ്ലോക്കിൽ നിന്ന് വീണ് കിട്ടിയതാണ്... എന്നോട് ചവിട്ടിപ്പോയി... അവിടെ ആരെങ്കിലും വന്നാൽ കൊടുത്തേക്കണേ...”

സത്യത്തിൽ അവിടെ ഉണ്ടായിരുന്നവർ മംഗളൂരുവിൽ ഇറങ്ങിയിരുന്നു... ഞാനാക്കാര്യം അദ്ദേഹത്തോട് പറഞ്ഞു... പൈസ അദ്ദേഹത്തോട് തന്നെ എടുത്തോളാനും പറഞ്ഞു... അല്ലെങ്കിൽ വേറെ ആർക്കെങ്കിലും ഉപകാരപ്പെടുന്ന രീതിയിൽ ചിലവാക്കിക്കൊള്ളാനും ഉപദേശിച്ചു…

“വേണ്ട സാർ ആ പണം എനിക്ക് വേണ്ട... അത് സാറ് സാറിന്റെ ഇഷ്ടം പോലെ ചെയ്യൂ..” എത്ര നിർബന്ധിച്ചിട്ടും അയാളത് വാങ്ങാൻ കൂട്ടാക്കിയില്ല...

“ഈ ട്രേയിൽ എന്താണ്?” ആകെ രണ്ട് സെറ്റ് ഭക്ഷണപ്പൊതി മാത്രമേ അതിലുണ്ടായിരുന്നുള്ളൂ...
 
“ഇത് ഇഡ്ഡ്ലിവടയാണ് സാർ... വേണോ...? നല്ല ഇഡ്ഡ്ലിയാണ്…”
 
“എത്രയാ വില?”

“നാല്പത്തഞ്ച് സാർ… ഒരു വടയും മൂന്ന് ഇഡ്ഡ്ലിയും പിന്നെ സാമ്പാർ ചട്ണിയും...”

“ഒരു പൊതി തന്നേക്കൂ...” വടയും മറ്റും ട്രയിനിൽ നിന്ന് ഒട്ടും വാങ്ങിക്കഴിക്കരുതെന്ന അളിയന്റെ ഉപദേശം ഞാൻ കുഴിച്ച് മൂടി.

കീശയിൽ തപ്പിയപ്പോൾ കിട്ടിയത് രണ്ടിരുപതിന്റെയും ഒരു പത്തിന്റെയും നോട്ടുകൾ... അത് കൊടുത്തപ്പോൾ ബാക്കി തരാൻ അഞ്ച് രൂപ അദ്ദേഹത്തിന്റെ കൈയിലില്ല... പകരം അദ്ദേഹം പത്ത് രൂപ എന്റെ കൈയ്യിൽ വച്ച് തന്നു...
 
“ചില്ലറയില്ല സാർ... കുഴപ്പമില്ല... നാൽപ്പത് മതി...”

ഞാനാ പത്ത് രൂപ അദ്ദേഹത്തെക്കൊണ്ട് തിരിച്ച് വാങ്ങിപ്പിച്ചു... അദ്ദേഹത്തെ ഒന്ന് തോളോട് ചേർത്തു… അപ്പഴേക്കും വണ്ടി പ്ലാറ്റ്‌ഫോമിൽ നിന്ന് നീങ്ങിത്തുടങ്ങിയിരുന്നു... അദ്ദേഹം ധൃതിയിൽ പുറത്തേക്കിറങ്ങി...

ഇഡ്ഡ്ലിവടയുടെ ട്രേ തുറന്ന് ഞാനും ഒപ്പമുണ്ടായിരുന്ന മൂത്ത മകളും അതിലെ വിഭവങ്ങൾ രുചിയോടെ പങ്കിട്ടു... ആ പാവം സാധു മനുഷ്യനെ അറിയാതെ മനസുകൊണ്ട് നമിച്ചപ്പോൾ കണ്ണുകളിൽ അറിയാതെയൊരു നനവ് അനുഭവപ്പെട്ടു... മാസാമാസം ചെയ്യുന്ന ചാരിറ്റി സംഭാവനയിലേക്ക് അദ്ദേഹം തന്ന അമ്പത് രൂപ ചേർത്തപ്പോഴാണ് അദ്ദേഹത്തിന്റെ പേര് ചോദിക്കാനോ, അദ്ദേഹത്തിന്റെ കുപ്പായത്തിൽ പിൻ ചെയ്തിരുന്ന നെയിം പ്ളേറ്റിലെ പേര് വായിക്കാനോ മറന്ന് പോയ കാര്യം ഓർത്തത്... അല്ലെങ്കിലും പേരിലെന്തിരിക്കുന്നു... അല്ലേ… ഞാനെങ്ങനെ അദ്ദേഹത്തെ മറക്കും...

(ഇതെഴുതിത്തീരുമ്പഴേക്കും ട്രെയിൻ കാസർകോടെത്തിച്ചേർന്നിരുന്നു !)

***

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ