(ഉൾക്കാഴ്ച: സാഹിത്യത്തിൽ അല്ലെങ്കിൽ എഴുത്തിൽ, ചില പ്രതീകങ്ങൾ ഉപയോഗിക്കുന്നത്, പറയാൻ ഉദ്ദേശിക്കുന്ന കാര്യത്തിനെ കൂടുതൽ ഊർജ്ജിതമായും ഫലവത്തായും പറഞ്ഞ് ഫലിപ്പിക്കാൻ വേണ്ടിയാണ്, അല്ലാതെ ആ പ്രതീകങ്ങൾ ആരെയും ഒന്നിനെയും നേരിട്ടോ അല്ലാതെയോ ഉപമയോ പര്യായങ്ങളോ ആക്കുന്നില്ല. അഥവാ അത്തരത്തിൽ ഗണിച്ച് വായിക്കുന്നത്, ഒരു നല്ല വായനയല്ല. തെറി കേൾക്കും വഴികൾ എന്ന പരമ്പരയിലെ മൂന്നാം ഭാഗം എഴുതിയതിന് ശേഷം, അണിയറയിൽ നടക്കുന്ന ചിലകുരിശുയുദ്ധങ്ങളാണ് ഈ നാലാംഭാഗത്തിന് കാരണം. ഇത്തരം കുരിശുയുദ്ധങ്ങൾ ഇനി എത്ര ഭാഗങ്ങൾ കൂടി എന്നെക്കൊണ്ട് എഴുതിപ്പിക്കും എന്നതിന് ഇപ്പോൾ ഒരു നിശ്ചയവുമില്ല!)
പണ്ട്, എന്റെ വീട്ടിൽ, ഒരു കറുമ്പിപ്പശു ഉണ്ടായിരുന്നു. എന്റെ അച്ഛനെയും അമ്മയെയും ഒഴിച്ച്, മറ്റുള്ള എല്ലാവരോടും അതിന് കലിപ്പായിരുന്നു. എന്താണെന്നറിയില്ല, പക്ഷേ അവളെങ്ങനെ ആയിരുന്നു. പുല്ലോ, പിണ്ണാക്കിൻ വെള്ളമോ, കമുകിൻ പട്ടയോ എന്ന് വേണ്ട, അതിന് ഇഷ്ടപ്പെട്ട എന്ത് സാധനമായാലും ഞാനോ അനിയന്മാരോ ആണ് കൊണ്ടുക്കൊടുക്കുന്നതെങ്കിൽ, കറുമ്പി, ഞങ്ങളുടെ മുഖം പോലും നോക്കാതെ, ഞങ്ങൾ എന്താണ് കൊണ്ടുക്കൊടുക്കുന്നതെന്ന് അറിയാൻ പോലും ശ്രമിക്കാതെ, അതിന്റെ മുൻകാലുകളിലൊരെണ്ണം കൊണ്ട് തറയിൽ അരിശത്തോടെ ശക്തിയായി മാന്തി, അതിന്റെ കൂർത്ത് നീണ്ട രണ്ട് കൊമ്പുകളും നമ്മളെ കുത്താൻ പാകത്തിൽ ഞങ്ങളുടെ നേർക്ക് നീട്ടിപ്പിടിച്ച്, തലയും കുനിച്ചൊരു നിൽപ്പുണ്ട്. അതിന്റെ അത്തരത്തിലുള്ള നിൽപ്പ് കാണുമ്പോൾ, ഞങ്ങൾ അതിശയത്തോടെയാണെങ്കിലും പേടിച്ച് ദൂരെ നിൽക്കും ഈ കുത്താൻ വരുന്ന പണ്ടാരത്തിന് എന്തിനാണ് വെള്ളം കൊടുക്കുന്നതെന്ന് വെറുതെയെങ്കിലും ചിന്തിച്ച് പോവും. ഇത്രയേറെ അതിനെ ഇഷ്ടപ്പെട്ടിട്ടും, അതിന് വേണ്ടി പുല്ലും പട്ടകളും വള്ളികളും യഥാസമയം സ്നേഹത്തോടെ എത്തിച്ച് കൊടുത്തിട്ടും, കറുമ്പിക്ക് ഞങ്ങളെ എന്തുകൊണ്ട് കണ്ണിൽ കണ്ടുകൂടാ എന്ന് സങ്കടപ്പെടും, ആശ്ചര്യപ്പെടും. - ഈ കഥയൊക്കെ എന്തിനാണ് പറഞ്ഞതെന്നല്ലേ? ചിന്തിച്ച് പോകുന്നതും ചിരിച്ചുപോകുന്നതുമായ കാര്യങ്ങൾ മുന്നിൽ വന്ന് നൃത്തം വെക്കുമ്പോൾ അറിയാതെ എഴുതിപ്പോകുന്നതാണ്! ഇങ്ങനെയൊക്കെ എഴുതുന്നത് ചിലരെങ്കിലും അനാവശ്യമാണെന്ന് കരുതിയേക്കാമെങ്കിലും ഇത്തരം കാര്യങ്ങളെക്കുറിച്ച് അറിയുന്നത്, ചില അവബോധങ്ങൾ ഉണ്ടാക്കാൻ ഉതകുമെന്ന് തന്നെയാണ് എന്റെ ചിന്ത.
കഴിഞ്ഞ ദിവസം, റിപ്പബ്ലിക് ദിനം പ്രമാണിച്ച്, ഒരു ഭാഷാപഠന കൂട്ടായ്മയിൽ, ഒരു കൊച്ചുകുട്ടി താല്പര്യപൂർവ്വം വരച്ച ഇന്ത്യയുടെ ഭൂപടത്തിന്റെ ചിത്രം ഒരു ഉത്തരവാദപ്പെട്ട വ്യക്തി post ചെയ്തു. മനോഹരമായ ഭൂപടം (ആ കുട്ടി വരച്ച ഭൂപടത്തിൽ ഇവിടെ പ്രസക്തമായ ഭാഗത്തിന്റെ ബാഹ്യരേഖാരൂപം മാത്രം, കടപ്പാടോടെ, ഇതിന്റെ തലക്കെട്ടിനൊപ്പം ചേർക്കുന്നു). ആ ചിത്രം കണ്ടയുടനെ തന്നെ, "Great work... ലഡാക്ക് പിടിച്ചെടുത്തിരിക്കുന്നു എന്നൊരു സന്തോഷം കൂടിയുണ്ട്" എന്ന spontaneous ആയൊരു comment ആണ് എനിക്കവിടെ ഇടാൻ തോന്നിയത്. കാരണം, മനോഹരമായ ആ ഭൂപടത്തിൽ ലഡാക്ക് ഏരിയ കൂടുതൽ ചൈനയിലോട്ട് തള്ളി നിന്നിരുന്നു.
ഉടനെത്തന്നെ, ആ പടം post ചെയ്ത ഉത്തരവാദപ്പെട്ടയാൾ, "@Vkokkodan, Please remove the political comment. This drawing is done by a child. We don't need any sarcasm in this group." എന്നൊരു മറുപടി സന്ദേശം ഇട്ടപ്പോൾ ഒരു നിമിഷം ഞാൻ ശങ്കിച്ചു... അറിയാതെ, തെറ്റായി എന്തെങ്കിലും പറഞ്ഞു പോയോ? രണ്ടുമൂന്നാവർത്തി വായിച്ചതിന് ശേഷവും എന്റെ ചെറിയ വിവേചനബുദ്ധിയിൽ ഒരു ചെറിയ പിശക് പോലും എന്റെ comment ൽ എനിക്ക് കാണാൻ പറ്റിയില്ല.
കുട്ടിയാണ് ചിത്രം വരച്ചതെന്ന് എനിക്കറിയാം. അതുകൊണ്ട് തന്നെ, ആ കുട്ടിയെ അനുമോദിക്കുക മാത്രമാണ് ഞാൻ ചെയ്തത്. ഒരു ദുഃസ്സൂചന പോലും മനസ്സിലുണ്ടായിരുന്നില്ല. പിന്നെ റിപ്പബ്ലിക് ദിനവും ഇന്ത്യയുടെ ഭൂപടവും പൊളിറ്റിക്കലായത് കൊണ്ട്, ലഡാക്കിനെക്കുറിച്ച് പറഞ്ഞത് മാത്രം പൊളിറ്റിക്കൽ ആവാൻ തീരെ സാധ്യതയില്ലല്ലോ. മറിച്ച്, അഥവാ, ആ കൂട്ടായ്മയിൽ ഒരു ചൈനാക്കാരൻ ഉണ്ടായിരുന്നെങ്കിൽ, എന്റെ comment, പൊളിറ്റിക്കൽ ആയേനെ. പക്ഷേ അവിടെ എല്ലാം ഇന്ത്യാക്കാർ ആയിരുന്നു. പിന്നെ ലഡാക്ക് പിടിച്ചെടുത്തിരിക്കുന്നു എന്ന് പറഞ്ഞത് എങ്ങനെയാണ് ഒരു കളിയാക്കൽ ആവുക? അഥവാ, ആ ചിത്രത്തിനെ സംബന്ധിച്ച്, പാക് അധീന കാശ്മീർ അതിൽ ഇല്ലായിരുന്നു എന്ന് പറഞ്ഞിരുന്നെങ്കിൽ അത് കുറച്ചെങ്കിലും sarcastic ആയിപ്പോയെന്ന് പറയാമായിരുന്നു.
ആ ഒരു കൂട്ടായ്മ, കുട്ടികളുടെ രക്ഷിതാക്കളുടേതായതിനാൽ, അവിടെയിട്ട comment കളൊക്കെ കുട്ടികൾ കാണാൻ സാധ്യത വളരെ കുറവാണ്. അതുകൊണ്ട്, അവിടെയിടുന്ന ഓരോ comment കളും മറ്റ് post കളും രക്ഷിതാക്കളെയാണ് അല്ലെങ്കിൽ രക്ഷിതാവിനെയാണ് അഭിസംബോധന ചെയ്യുന്നത്. തീർത്തും നിർദ്ദോഷകരമായ തമാശകളെ എങ്ങനെ വളച്ചൊടിക്കാം എന്നതിന്റെ മകുടോദാഹരണമായിരുന്നു എനിക്ക് മറുപടി comment ഇട്ട വ്യക്തി കാണിച്ച് തന്നത്. സാധാരണയായി ഇങ്ങനെയൊക്കെത്തന്നെയാണല്ലോ നമ്മൾ കൂട്ടായ്മകളിൽ പ്രതികരിക്കുക. പരസ്പരം അറിയുന്ന ആളുകൾ തമ്മിൽ 'steady like a stick' എന്ന രീതിയിൽ വളരെ stiff ആയി പെരുമാറേണ്ടതില്ലല്ലോ. അങ്ങനെയിരിക്കേ, അവിടെ എന്റെ comment ന്റെ പേരിൽ ഏതെങ്കിലും നിയമങ്ങളോ മര്യാദയയോ തെറ്റിച്ചതായി ആർക്കെങ്കിലും പറയാൻ പറ്റുമോ? ആ കൊച്ചുകുട്ടിയെ അപമാനിച്ചതായി പറയാൻ പറ്റുമോ? അവിടെ എന്ത് dirty politics ആണ് ഞാൻ കളിച്ചത്? തീർത്തും പുരോഗമനപരമായ ഒരു അഭിനന്ദന സന്ദേശം തന്നെയായിരുന്നില്ലേ എന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്? പക്ഷേ ആ ഉത്തരവാദപ്പെട്ട വ്യക്തിക്ക് മാത്രം എന്തോ അങ്ങനെ തോന്നി.
എന്തായാലും എന്നോട് comment പിൻവലിക്കാൻ ആവശ്യപ്പെട്ടപ്പോൾ, ഞാൻ ഉടനെത്തന്നെ അതനുസരിച്ചു. അതിന് കാരണമുണ്ട്. ഞാനിട്ട comment ൽ എന്താണ് തെറ്റ് എന്നൊക്കെ ചോദിച്ച്, ആ കൂട്ടായ്മയിൽ തന്നെ ഞാൻ പ്രതികരിച്ചാൽ, അനാവശ്യമായി ആ കൂട്ടായ്മയിൽ അങ്ങോട്ടുമിങ്ങോട്ടും ചില പ്രതികരണങ്ങൾ ഉണ്ടാവും. ആ പ്രതികരണത്തിലൊന്നും ആ കൂട്ടായ്മയിലെ മറ്റൊരു വ്യക്തിക്കും താല്പര്യമുണ്ടാവുകയില്ലെന്ന് മാത്രമല്ല, അവർക്ക് വളരെ അരോചകമായി തോന്നുകയും ചെയ്യാം. 'നിങ്ങൾക്കൊന്നും വേറെ പണിയില്ലേ' എന്നവർ ചോദിച്ചേക്കാം.
മേല്പറഞ്ഞ രീതിയിൽ ചിന്തിക്കാൻ വേറൊരു പശ്ചാത്തലവുമുണ്ട്.ഒന്നു രണ്ട് മാസങ്ങൾക്ക് മുന്നേ, ഈ പറഞ്ഞ കൂട്ടായ്മയിൽ, ഞാൻ, എന്റെ ഒരു ബ്ലോഗ് share ചെയ്തിരുന്നു (കാമസ്യ പുലഭ്യം 'കുമൈപൂ' (തെറി കേൾക്കും വഴികൾ - 3)). ഒരു സംഘടനയുടെ ഒരവസരത്തിലെ ആഘോഷ പരിപാടികൾ നടത്തുന്നതിന്റെ ചുക്കാൻ പിടിക്കുന്നതിനിടയിൽ, യാതൊരു കാരണവുമില്ലാതെ, സ്വന്തം അറിവില്ലായ്മയുടെ കുഴിയിൽ നിന്നുകൊണ്ട്, ഒരാൾ, ഞങ്ങളെ നിഘണ്ടുവിൽ ഉള്ളതും ഇല്ലാത്തതുമായ പുലഭ്യം പറഞ്ഞതിനെക്കുറിച്ചും, അതിന്റെ കൂടെ, നമ്മുടെയിടയിൽ നടക്കുന്ന ചില അപചയങ്ങളെക്കുറിച്ചുമായിരുന്നു പ്രസ്തുത ബ്ലോഗ്. ആ ബ്ലോഗ്, ഭാഷാപഠനകൂട്ടായ്മയിൽ ഇടാനുള്ള പ്രത്യേക കാര്യകാരണം, ആ ഒരു കൂട്ടായ്മ ഭാഷയും സംസ്കാരവും പഠിപ്പിക്കുന്ന ഒരു കൂട്ടായ്മ ആയിരുന്നു എന്നത് കൊണ്ട് തന്നെയായിരുന്നു. എങ്ങനെയൊക്കെ ഏതൊക്കെ സാഹചര്യത്തിൽ, നമ്മുടെ ഇടയിൽ നിന്ന് തന്നെയുള്ള ആളുകൾ മോശം പദങ്ങൾ ഉപയോഗിച്ച് തെറികൾ പറയുന്നുണ്ടെന്നും, എങ്ങനെയൊക്കെ അത്തരം സാഹചര്യങ്ങൾ, മഹത്തായ സംസ്കാരം പേറുന്ന നമ്മൾ ഒഴിവാക്കേണ്ടതുണ്ടെന്നും പറയാനാനും കൂടിയായിരുന്നു ആ കൂട്ടായ്മയിൽ പ്രസ്തുത ബ്ലോഗ് ഇട്ടത്.
പക്ഷേ, ആ ബ്ലോഗിലെ യഥാർത്ഥ വശം കാണുന്നതിന് പകരം, അതിൽ സ്വയം പരാമർശിക്കപ്പെട്ടിട്ടുണ്ടോ എന്നറിയാനായിരുന്നു, അത് വായിച്ച ചില വ്യക്തികൾക്ക് താല്പര്യം. സംഘടനയുടെ ആഘോഷം ഭംഗിയാക്കാൻ വേണ്ടി പ്രയത്നിച്ച്, ഒരാവശ്യവുമില്ലാതെ, മറ്റുള്ളവരുടെ വിവരക്കേടിന്റെ മാത്രം കാരണത്താൽ, ഞങ്ങൾ തെറി കേട്ടതൊന്നും ആർക്കും വിഷയമേ ആയിരുന്നില്ല. എന്തായാലും, ആ ബ്ലോഗ്, ഭാഷാ കൂട്ടായ്മയിൽ ഇട്ടത് മോശമായിപ്പോയെന്നും ഞാൻ കുറേപ്പേരെ വ്യക്തിഹത്യ നടത്തിയെന്നൊക്കെ പറഞ്ഞ്, ബ്ലോഗ് ഇട്ടിരുന്ന സമയത്ത്, ഭാഷാ കൂട്ടായ്മയിൽ മോശമല്ലാത്ത രീതിയിൽ ഒരു ബഹളം നടന്നതാണ്. അതിന് ശേഷം ഇനി മുതൽ അവിടെ ബ്ലോഗൊന്നും ഇടേണ്ടതില്ലെന്ന്, ഞാൻ തീരുമാനിക്കുകയും ചെയ്തിരുന്നു. ആ സംഭവത്തിന് ശേഷം എന്നെ ഉന്നം വെക്കുന്നുണ്ടെന്ന് മനസ്സിലായതിനാൽ, വളരെ ശ്രദ്ധാപൂർവ്വം തന്നെയായിരുന്നു കൂട്ടായ്മയിലെ എന്റെ ഇടപെടൽ. പക്ഷേ എന്നിട്ടും, തീർത്തും നിർദ്ദോഷകരമായ ഒരു അഭിനന്ദന സന്ദേശം തീർത്തും വളച്ചൊടിച്ച്, അത് നീക്കുവാനുള്ള നിർദ്ദേശം വന്നപ്പോൾ, ഞാൻ എന്ത് പറഞ്ഞു എന്നതല്ല അവിടത്തെ വിഷയമെന്നും, അത് ആരാണ് പറഞ്ഞത് എന്നതാണ് വിഷയമെന്നും, വിഷയത്തിന് കാമ്പില്ലെങ്കിൽ, അതിന് ഇല്ലാത്ത കാമ്പുണ്ടാക്കുന്ന രീതിയിൽ തോന്നിപ്പിക്കുന്ന ശ്രമമാണ് നടന്നതെന്നും മനസ്സിലായി.
സത്യത്തിൽ, വാട്സാപ്പ് ഗ്രൂപ്പിൽ എന്റെ ഭംഗിവാക്കുകളോട് കൂടിയ അഭിനന്ദനസന്ദേശത്തിന്, മേല്പറഞ്ഞ മറുപടിക്കമന്റ് കണ്ടപ്പോൾ, ഞാൻ, ഞാൻ പോലുമറിയാതെ, വീണ്ടും കുടുക്കില്ലാത്ത ട്രൗസറൊക്കെ ഇട്ട്, പിണ്ണാക്കിൻ വെള്ളവുമായി, നിഷ്കളങ്കമായി കറുമ്പിയുടെ മുന്നിലെത്തിയ, നാല്പത് കൊല്ലങ്ങൾക്ക് മുൻപുള്ള കണ്ണും മിഴിച്ച് അമ്പരന്ന് നിൽക്കുന്ന ഒൻപതുകാരനായി മാറിപ്പോയി!! ഞാൻ എന്ത് ചെയ്തിട്ടാണ് ഇങ്ങനെ ക്രൂശിക്കുന്നത്? ഞാൻ എങ്ങനെ ഇടപെട്ടാലും പ്രശ്നമാക്കാൻ തുടങ്ങിയിരിക്കുന്നു. ആർക്കെങ്കിലും ദോഷം വരാനോ, അല്ലെങ്കിൽ എന്തെങ്കിലും ദുഷിപ്പിക്കാനോ ഇതുവരെ ഞാൻ ശ്രമിച്ചിട്ടില്ല, പക്ഷേ, തീർച്ചയായും പറയേണ്ടതാണെന്ന് മനസ്സിൽ തോന്നുന്ന കാര്യങ്ങൾ, എന്റേതായ നല്ല ഭാഷയിൽ പറയാൻ എല്ലായ്‌പോഴും ശ്രമിക്കാറുണ്ട് എന്നതാണ് പ്രശ്നം. വിമർശനങ്ങളെ തീർത്തും നിർഗുണമായി സമീപിച്ച്, അതിലെ കഴമ്പിനെ കാണാതെ, പതിര് മാത്രം എന്തുകൊണ്ട് ആളുകൾ കാണുന്നു? ആരേയും അകാരണമായി വ്യക്തിപരമായി ആക്രമിക്കാൻ ശ്രമിച്ചിട്ടില്ലെങ്കിലും, ചില കാര്യങ്ങൾ പറയുമ്പോൾ, പറയുന്ന കാര്യത്തിന്റെ കഴമ്പ് നോക്കാതെ വ്യക്തിപരമാക്കുന്നതാണ് യഥാർത്ഥമായ നിസ്സഹായാവസ്ഥ! മുൻപ് പറഞ്ഞത് പോലെ, ഇവിടെയും വ്യക്തികൾക്കല്ല പ്രാധാന്യം, മറിച്ച് വിഷയത്തിനാണ്. അതുകൊണ്ട് തന്നെയാണ് ആരുടേയും പേരുകൾ പരാമർശിക്കാത്തത്.
എന്റെ ആലോചനാവിഹായസ്സിൽ, എത്ര പരതിയിട്ടും ചെയ്തുവെന്ന് പറയപ്പെടുന്ന തെറ്റ് മനസ്സിലാകാത്തതിനാൽ, ആ കുട്ടി വരച്ച ഭൂപടത്തിന് ഞാൻ കൊടുത്ത comment ൽ എന്തായിരുന്നു dirty politics എന്നും എന്ത് sarcasm ആയിരുന്നു അതിൽ ഉണ്ടായിരുന്നതെന്നും ആരെങ്കിലും ഒന്ന് വിശദീകരിച്ച് തന്നാൽ സന്തോഷമായേനെ!
എന്തായാലും, ഉത്തരവാദപ്പെട്ട വ്യക്തിയുടെ ഉത്തരവ് പ്രകാരം, ഞാനിട്ട സന്ദേശം, ഉടനടി തന്നെ പിൻവലിച്ചത്, അവിടെ വീണ്ടും ബഹളം ഉണ്ടാക്കേണ്ടെന്ന് കരുതിത്തന്നെയാണ്. പക്ഷേ, ഞാൻ അത് ഉടനെത്തന്നെ പിൻവലിക്കുകയും, അതിനുള്ള മറുപടിക്കമന്റ് അവിടെത്തന്നെ കിടക്കുകയും ചെയ്യുമ്പോൾ, ഞാൻ എന്ത് വഷളത്തരം ഇട്ടിട്ടാണ് അത് പിൻവലിക്കേണ്ടി വന്നതെന്ന്, എന്റെ സന്ദേശം കാണാത്തവർക്ക് തീർച്ചയായും സന്ദേഹമുണ്ടാവും. പോരാഞ്ഞതിന്, ഞാൻ ചെയ്തത് എത്രതന്നെ ശരിയായായലും, നേരത്തെ പറഞ്ഞത് പോലെ, ബ്ലോഗ് മുഖാന്തിരം ഒരു പ്രശ്നം ഇതിനകം തന്നെ ഉണ്ടായിട്ടുള്ളതിനാൽ, ഞാനൊരു സ്ഥിരം ബഹളക്കാരനാണെന്നും ചില ലോലമനസ്കർ കരുതിയേക്കാം. ആ അനാവശ്യമായ പഴി കുറച്ചെങ്കിലും ഒഴിവായിക്കിട്ടാൻ വേണ്ടി മാത്രമാണ്, ഞാൻ എന്റേതായ സ്‌ഥലത്ത്, ഇത്തരത്തിലൊരു വിശദീകരണം നൽകുന്നത്. അഥവാ, എന്റെ സന്ദേശം പിൻവലിക്കാൻ പറഞ്ഞിട്ടില്ലായിരുന്നെങ്കിൽ, എനിക്ക് മറ്റുള്ളവരോട് വിശദീകരിക്കാൻ വേറെ വേദി ഉണ്ടായിരുന്നെങ്കിൽ, ഇവിടെ ഇങ്ങനെയൊരു വിശദീകരണമേ ഉണ്ടാകുമായിരുന്നില്ല. ഇനി, വളരെ വളരെ അത്യാവശ്യത്തിനല്ലാതെ, ആ വാട്സാപ്പ് ഗ്രൂപ്പിൽ, പ്രളയം വന്നാൽ പോലും, എന്റെ മനസ്സമാധാനത്തിന് വേണ്ടി, ഞാനൊരു comment ഉം ഇടില്ലെന്നും ഇതിനാൽ തീരുമാനിക്കേണ്ടതായി വന്നിരിക്കുന്നു! അവരായി, അവരുടെ പാടായി. എന്തിനാ വെറുതെ ആരുടേയോ വേലിയിൽ കിടക്കുന്ന പാമ്പിനെ കഴുത്തിലേറ്റുന്നത്! ഞാനിറങ്ങിയാൽ കുളം കലങ്ങുമെങ്കിൽ, ഞാനെന്തിനാണ് ഇറങ്ങുന്നത്?
ശൈത്യം കാരണം വിഷമിച്ച് വശായ കുരങ്ങ്, ശൈത്യം മാറാൻ, കരിയിലയിൽ മിന്നാമിനുങ്ങിനെപ്പിടിച്ചിട്ട് തീ ഊതിക്കത്തിക്കാൻ ശ്രമിക്കുന്നത് കണ്ടപ്പോൾ, മിന്നാമിനുങ്ങിനെ പിടിച്ച് ഊതിയാൽ തീ കത്തില്ലെന്ന ഉപദേശം കൊടുക്കാൻ ശ്രമിച്ച സൂചിമുഖിപ്പക്ഷിക്ക് സംഭവിച്ചത് പോലെ സംഭവിക്കുന്നതിനേക്കാൾ നല്ലത്, അത്തരത്തിലുള്ളിടത്ത് ഇടപെടാതിരിക്കുന്നതാണ്. കളിക്കളത്തിൽ അറിയാതെ വീണുപോവുകയോ, ആരെങ്കിലും തള്ളിയിടുകയോ ചെയ്യാതിരിക്കുവോളം, അടുത്ത കളി അനിശ്ചിതകാലത്തേക്ക് നീട്ടിവച്ചിരിക്കുന്നു. പരസ്പരവിശ്വാസമുള്ള കളിക്കളത്തിൽ മാത്രം കളിച്ചാൽ മതിയല്ലോ. ലഡാക്കിൽ വേറാരെങ്കിലും പോയി ലഡായി(लडाई) നടത്തട്ടെ. നമുക്കിത്തിരി ലഡു തിന്ന് പിരിയാം !!
***