2021, ജനുവരി 23, ശനിയാഴ്‌ച

ദേശീയധ്വജം - അനവസരേ കപിഹസ്തലാളിതം

അതെ, ഒരു കൊടി വീശിയതായിരുന്നു സംഭവങ്ങൾക്ക് തുടക്കമിട്ടത്. ഏത് കൊടിയും ആർക്കും എവിടെയും വീശാമെങ്കിലും, ചില കൊടികൾ അനാവശ്യസമയങ്ങളിൽ, അനാവശ്യമായ സ്ഥലത്ത്, അവിചാരിതമായി, അനവസരത്തിൽ വീശുമ്പോൾ കൊടി വീശിയ ആളിന്റെ ചിന്തയായിരിക്കില്ല, ആ കൊടി വീശൽ കണ്ട ആളുകൾക്ക് ഉണ്ടാവുന്നത്. 

2021 ജനുവരി ആറിന് തുടങ്ങി ഏകദേശം ഒരാഴ്ചയോളം, വാഷിംഗ്ടൺ ഡിസിയിലെ മലയാളി / ഇന്ത്യൻ സമൂഹങ്ങളിലും കുറച്ച് ദിവസങ്ങൾ ഇന്ത്യയിലും വിശിഷ്യാ കേരളത്തിലും ചർച്ചയായത് അത്തരമൊരു കൊടിവീശലായിരുന്നു. ആ കൊടി ഏതെങ്കിലും പ്രത്യേക നിറം കൊടുക്കാത്ത വെള്ളത്തുണിയോ, ഒന്നോ ഒന്നിലധികം നിറങ്ങൾ മുക്കിയ വർണ്ണത്തുണിയോ, അല്ലെങ്കിൽ വീശിയ ആളുടെ കോണകമോ ആയിരുന്നില്ല. പകരം വീശിയത് ഭാരതത്തിന്റെ ദേശീയ പതാക ആയിരുന്നു.

ഭാരതത്തിന്റെ ദേശീയ പതാക ഒരു ഭാരതീയന്, അല്ലെങ്കിൽ ഭാരതീയ പൈതൃകം പേറുന്ന ഒരു പൗരന് വീശാൻ പാടില്ലേ എന്ന ചോദ്യം  ഉയരാം. വീശാം, പക്ഷേ എവിടെ, എപ്പോൾ വീശുന്നു എന്നതിനൊക്കെ പ്രസക്തിയുണ്ട്. ഈ കഴിഞ്ഞ 2021 ജനുവരി ആറിന് ഭാരതത്തിന്റെ ദേശീയ പതാക വീശിയത്, ലോകത്തിലെ ഏറ്റവും പഴയ ജനാധിപത്യ രാജ്യങ്ങളിലൊന്നായ അമേരിക്കൻ ഐക്യനാടിന്റെ ഭരണസിരാകേന്ദ്രമായ വാഷിംഗ്ടൺ ഡിസിയിലെ ജനാധിപത്യത്തിന്റെ ശ്രീകോവിലായ ക്യാപ്പിറ്റോളിന്റെ അങ്കണത്തിലായിരുന്നു. 

അമേരിക്കൻ ഐക്യനാടിന്റെ ഭരണസിരാകേന്ദ്രത്തിന്റെ മുന്നിൽ, അമേരിക്കൻ ദേശീയ പതാകക്ക് പകരം, അല്ലെങ്കിൽ അമേരിക്കൻ പതാകയോടൊപ്പം, ഇന്ത്യൻ ദേശീയ പതാക എന്തിനാണ് വീശിയത്? അവിടെയാണ്, രസകരമായ വാദഗതികൾ കിടക്കുന്നത്... ഇന്ത്യൻ പതാക വീശിയ ആളിന്റെ ഔചിത്യബോധത്തിന്റെ കിടപ്പ് വശം മനസ്സിലാകുന്നത്.

ജനുവരി ആറിന് റിപ്പബ്ലിക്കൻ പാർട്ടിയുടെ ഒരു റാലി നടക്കുകയായിരുന്നു ക്യാപ്പിറ്റോളിന് മുന്നിൽ. പ്രസിഡന്റ് ട്രംപിന്റെ ഭരണസമയത്ത് തന്നെ നടക്കുന്ന ആറാമത്തെയോ മറ്റോ റാലിയായിരുന്നു അത്. പക്ഷേ ഈ റാലിയിൽ, അവരുടെ മുഖ്യമുദ്രാവാക്യം, 'STOP THE STEAL' എന്നതായിരുന്നു. 

ഇവിടെ, വളരെ വികസിതമായ അമേരിക്കൻ ഐക്യനാടുകളിലെ തിരഞ്ഞെടുപ്പ് എന്നത് ഇന്ത്യ എന്ന 'മൂന്നാം ലോക' രാജ്യത്തിലെ തിരഞ്ഞെടുപ്പ് രീതിയെക്കാൾ വളരെ പഴഞ്ചനാണ്. ഇന്ത്യയിൽ ഇപ്പോൾ ഇലക്ട്രോണിക് യന്ത്രങ്ങൾ തിരഞ്ഞെടുപ്പിന് ഉപയോഗിക്കുമ്പോൾ, ഇവിടെ ഇപ്പോഴും പേപ്പർ ബാലറ്റുകളാണ് ഉപയോഗിക്കുന്നത്. കൂടാതെ 'MAIL IN BALLOT' എന്ന പരിപാടിയും ഉണ്ട്. പക്ഷേ ഇന്ത്യയിൽ തിരഞ്ഞെടുപ്പിന് അന്നേ ദിവസം വരെ എത്തിച്ചേർന്ന തപാൽ വോട്ടുകളേ എണ്ണുള്ളൂവെങ്കിൽ,  ഇവിടെ, അമേരിക്കയിൽ, വോട്ടുകൾ എണ്ണിക്കൊണ്ടിരിക്കുമ്പോഴും തപാൽ ബാലറ്റുകൾ വന്നുകൊണ്ടേയിരിക്കും! മാത്രവുമല്ല, യഥാർത്ഥ വോട്ടിങ് സമയത്ത് നമ്മുടെ നാട്ടിലുള്ള മാതിരി, വളരെ കർശനമായ പരിശോധനകളും ഉണ്ടാവാറില്ല. 

ഇങ്ങനെയൊക്കെയാണെങ്കിലും കാലാകാലങ്ങളിൽ, കഴിഞ്ഞ രണ്ട് നൂറ്റാണ്ടുകളിലധികമായി, റിപ്പബ്ലിക്കന്മാരും ഡമോക്രാറ്റുകളും മാറിമാറി ഇവിടെ അധികാരത്തിൽ എത്തുന്നുണ്ട്. അത്തരം ഒരു തിരഞ്ഞെടുപ്പിൽ തന്നെയായിരുന്നു റിപ്പബ്ലിക്കാനായ ട്രംപ് 2016 ൽ അധികാരത്തിൽ വന്നതും. പക്ഷേ ഈ കാര്യങ്ങൾക്ക് ട്രംപ് വന്നതോടെ ചില മാറ്റങ്ങളുണ്ടായി. 

ചൈനക്കെതിരെയുള്ള നിലപാടുകളിലും നിയമാനുസൃതമല്ലാത്ത കുടിയേറ്റ നിലപാടുകളിലും കൈയ്യടി നേടിയപ്പോൾ, മറ്റുപല കാര്യങ്ങളിലും ട്രംപ് പഴികൾ കേട്ടു. 'വായിൽ വരുന്നത് കോതക്ക് പാട്ട്' എന്നത് പോലുള്ള അദ്ദേഹത്തിന്റെ സംസാരങ്ങളും, സ്ത്രീ-വർണ്ണ വിരുദ്ധ പരാമർശങ്ങളാലും, ഉച്ചത്തിലല്ലെങ്കിലും വലതുപക്ഷ തീവ്രനിലപാടുകളാലും അദ്ദേഹത്തിനെതിരെ ജനവികാരത്തള്ളിച്ച ഉണ്ടായെങ്കിലും സ്റ്റോക്ക് മാർക്കറ്റ് വീഴാതെ ഉയർത്തിത്തന്നെ സംരക്ഷിച്ചത് ട്രംപിന് ജനപ്രീതിയുണ്ടാക്കിയിരുന്നു. അങ്ങനെ, 2020 ലെ രണ്ടാമത്തെ ഊഴത്തിലും അധികാരത്തിൽ എത്തുക എന്ന ഉദ്യമത്തിനിടയിലായിരുന്നു കൊറോണയുടെ വരവ്. കൊറോണയെ കൈകാര്യം ചെയ്യുന്നതിൽ ട്രംപദ്ദേഹം ദയനീയ പരാജയമായിരുന്നു. അങ്ങനെ, കൊറോണാമഹാമാരിക്കിടയിൽ നടന്ന തിരഞ്ഞെടുപ്പിൽ അദ്ദേഹം വളരെ വൃത്തിയായി തോറ്റു!

പക്ഷേ, അമേരിക്കയുടെ ചരിത്രത്തിലാദ്യമായി, ഒരു പ്രസിഡന്റ്, അദ്ധേഹത്തിനുണ്ടായ തോൽവി അംഗീകരിക്കാൻ തയാറല്ലായിരുന്നു. രാജ്യത്ത് നിയമാനുസൃതമല്ലാതെ കടന്നുകൂടിയ ആളുകളും, ഒരേ ആൾ തന്നെ ഒന്നിലധികം വോട്ടുകൾ ചെയ്തുമാണ് തന്നെ തോല്പിച്ചതെന്നായിരുന്നു ട്രംപിന്റെ വാദം! അതിനെതിരെ കോടതികളിൽ അറുപതിലധികം വക്കാലത്തുകൾ എത്തിയെങ്കിലും, കോടതികൾ എല്ലാം തള്ളിക്കളഞ്ഞു. എന്നിട്ടും അധികാരത്തിൽ കടിച്ച് തൂങ്ങിയിരിക്കാനായിരുന്നു അദ്ദേഹം താല്പര്യപ്പെട്ടത്!

ആ അവസരത്തിലായിരുന്നു മേല്പറഞ്ഞ ആറാമത്തെ റാലി നടത്താൻ പ്ലാനിട്ടത്. STOP THE STEAL' എന്ന് പറഞ്ഞാൽ, കള്ളത്തരത്തിലൂടെ അധികാരത്തിലെത്തുന്നത് തടയുക എന്നതായിരുന്നു. രാജ്യത്താകമാനമുള്ള ആളുകളോട് ക്യാപ്പിറ്റോളിൽ എത്തിച്ചേരാനും, അവരോട്, STOP THE STEAL' ഏതുവിധേനയും തടയാൻ, 'ACT LIKE HELL' എന്നും ട്രംപ് ആഹ്വാനം ചെയ്തു. ട്രംപിനെ അത്യധികം പിന്താങ്ങുന്ന 'PROUD BOYS' എന്ന തീവ്രവെളുമ്പൻ വലതുപക്ഷക്കാരും അവിടെ അണിചേർന്നു. അങ്ങനെ, റാലിയെന്ന ലേബലിൽ വേഷം കെട്ടിവന്നവർ, അവിടെ കൂടിയ ആളുകളിൽ ചില നിയോഗങ്ങൾ ഏല്പിക്കപ്പെട്ടവർ, ട്രമ്പണ്ണൻ ആഹ്വാനം ചെയ്തതുപോലെ അവിടെ നരകസമാനമായി പ്രവർത്തിച്ചു. ക്യാപ്പിറ്റോൾ ഹിൽ എന്ന ജനാധിപത്യത്തിന്റെ ശ്രീകോവിലിൽ അവർ അഴിഞ്ഞാടി. യഥാർത്ഥത്തിൽ കഴിഞ്ഞ മൂന്ന് നാല് കൊല്ലമായി റിപ്പബ്ലിക്കൻ പാർട്ടിയെ ഏകദേശം മൊത്തത്തിൽത്തന്നെ ഹൈജാക് ചെയ്തിരുന്ന ട്രംപ്, അതിന്റെ അണികളെയും, അമേരിക്കയിൽ ഒരിക്കലും നടക്കില്ലെന്ന് കരുതിയ രീതിയിൽ മസ്തിഷ്കപ്രക്ഷാളനം നടത്തുന്നതിലും വിജയിച്ചു. അത്തരത്തിൽ പ്രക്ഷാളനം ചെയ്യപ്പെട്ട ഒരു പാവം ഭാരതീയ റിപ്പബ്ലിക്കാനാണ്, ക്യാപ്പിറ്റോൾ ഹില്ലിൽ അക്രമം നടക്കുമ്പോഴും, അതിനുള്ളിലേക്ക് ആളുകൾ ഇരച്ച് കയറുമ്പോഴും, പോലീസ് tear gas ഷെല്ലുകൾ പൊട്ടിച്ചപ്പോഴും അമേരിക്കൻ പതാകകളുടെയും ട്രംപ് ബാനറുകളുടെയും അകമ്പടിക്ക് മോടി കൂട്ടുവാൻ ഇന്ത്യൻ ദേശീയ പതാക വീശിയത്!

ജനുവരി ആറിന് ഉച്ചക്ക് ശേഷം നടന്ന ആ ലോകം നടുങ്ങിയ അതിക്രമം ടിവിയിൽ കണ്ടുകൊണ്ടിരിക്കുമ്പോഴാണ് ഇടയിൽ ഇന്ത്യയുടെ ദേശീയ പതാക, വിജയാഹ്ളാദപ്രകടനത്തിലെന്നോണം വീശുന്നത് കണ്ട് ഒരുമാതിരിപ്പെട്ട ഇന്ത്യാക്കാരും ഇന്ത്യൻ വംശജരും തലയിൽ കൈവച്ച് അത്ഭുതം കൂറിയത് - അക്രമസ്ഥലത്ത് ത്രിവർണ്ണപതാക വീശിയ ഈ മഹാൻ ആരാണ്? ആ അക്രമത്തിൽ ഇന്ത്യക്കും ഇന്ത്യാക്കാർക്കും എന്താണ് കാര്യം? ട്രംപും മോഡിയും ഭായീഭായിമാരായത് കൊണ്ട് ഏതെങ്കിലും ഭായിമാരായിരിക്കുമോ വീശിയത്? 

സംശയങ്ങൾ ചോദ്യങ്ങളായും ഫോൺ വിളികളായും മാറിക്കൊണ്ടിരിക്കെയാണ് നമ്മുടെ തന്നെ കൂട്ടത്തിലുള്ള, നമുക്കെല്ലാവർക്കും അറിയുന്ന ഒരു സാധു, അദ്ദേഹത്തിന്റെ ഫേസ്ബുക്കിൽ നമ്മൾ ടിവിയിൽ കണ്ട ചലച്ചിത്രങ്ങൾക്ക് സമാനമായി, വളരെ അഭിമാനത്തോടെ ചിത്രങ്ങൾ പോസ്റ്റിയത്. കൂട്ടത്തിൽ, വംശവെറിയന്മാരായ  'PROUD BOYS' ന്റെകൂടെയുള്ള ചിത്രങ്ങളും! 

അതെ, അദ്ദേഹത്തിനെ നമുക്കെല്ലാവർക്കും അറിയാം. ഇവിടെയുള്ള മലയാളി അസോസിയേഷനുകളിലെ സ്ഥിരസാന്നിദ്ധ്യം. ഒരു തവണ അസോസിയേഷൻ പ്രസിഡന്റ്, അമേരിക്കയിലെ മലയാളി അസോസിയേഷനുകളുടെ അസോസിയേഷനായ FOMAA യുടെ ഒരു തവണത്തെ വൈസ് പ്രസിഡന്റ്, മോശമല്ലാത്ത ഒരു ബിസിനസ്സുകാരൻ, വളരെ നന്നായി സംസാരിക്കുന്നയാൾ, പണ്ടത്തെ ഡമോക്രാസ്റ്റായ ഇന്നത്തെ റിപ്പബ്ലിക്കൻ, വിർജീനിയയിലെ ഒരു സ്‌കൂൾ ബോർഡിൽ റിപ്പബ്ലിക്കൻ പിന്തുണയോടെ മത്സരിച്ച് പരാജയപ്പെട്ടയാൾ, എന്തിനധികം, നമ്മുടെ കൂട്ടത്തിൽ നിന്ന് അമേരിക്കൻ രാഷ്ട്രീയത്തിൽ കടന്ന് നമ്മെ ഒരിക്കൽ പ്രതിനിധാനം ചെയ്യപ്പെടുമെന്ന് കരുതിയ ഒരാൾ! അദ്ദേഹം ഇങ്ങനെ ചെയ്യുമെന്ന് ഞങ്ങളൊരിക്കലും കരുതിയിരുന്നില്ല.

അദ്ദേഹം റിപ്പബ്ലിക്കനാണെങ്കിലും ഡമോക്രാറ്റുകാരായ ഭൂരിപക്ഷം ഇന്ത്യാക്കാരും അദ്ദേഹത്തെ ജാതിമതദേശഭേദമെന്യേ പിന്താങ്ങുന്നവരായിരുന്നു. കാരണം, ഞങ്ങളുടെ കൂട്ടത്തിൽ നിന്നുള്ള ഒരാളാണല്ലോ. എങ്കിലും ക്യാപ്പിറ്റോളിൽ അക്രമം നടക്കുന്ന സമയത്ത്, ആ അക്രമത്തിന് ഇന്ത്യാക്കാരുടെ മുഴുവൻ പിന്തുണയുണ്ടെന്ന തരത്തിൽ ഇന്ത്യൻ പതാകയും വീശിയത് ഒരുവിധം ഇന്ത്യാക്കാർക്കൊന്നും സഹിക്കാൻ പറ്റുന്നതായിരുന്നില്ല. 

അദ്ദേഹത്തിന്റെ ഉദ്ദേശശുദ്ധിയെ നമുക്കാർക്കും സംശയമുണ്ടായിരുന്നില്ല. അദ്ദേഹം നല്ലൊരു മനുഷ്യനാണ്. എല്ലാവർക്കും സഹായിയാണ്. ഒരു പക്ഷേ മറ്റ് റിപ്പബ്ലിക്കൻമാരുടെ ഇടയിൽ ഭാരതീയ പൈതൃകം പേറുന്നവരുടെ മുഴുവൻ പിന്തുണയുള്ളയാൾ എന്ന തരത്തിൽ പെരുമാറി, പാർട്ടിയിൽ  കൂടുതൽ വളരാൻ ശ്രമിച്ചതാകാം. അതുമല്ലെങ്കിൽ, അക്രമം നടക്കുമെന്നറിയാതെ അനവസരത്തിൽ പതാകയുമേന്തി അവിടെ എത്തിയതാകാം. പക്ഷേ, അവിടെ വലിയ ബഹളങ്ങൾ നടക്കുമ്പോഴും അവിടെ നിന്ന് മാറാതെ പതാകയും വീശി അവിടെത്തന്നെ നിൽക്കാൻ അദ്ദേഹത്തിനെങ്ങനെ കഴിഞ്ഞു എന്നത് ഞങ്ങൾക്ക് അത്ഭുതം തന്നെയായിരുന്നു.

വൈകുന്നേരമായപ്പഴേക്കും, ഫോൺകാളുകൾ അങ്ങോട്ടുമിങ്ങോട്ടും പറന്നു. ഇവിടെയുള്ള ചില മലയാളി പ്രമുഖർ അദ്ദേഹത്തെ ബന്ധപ്പെടാൻ ശ്രമിച്ചു. ഇന്ത്യാക്കാരെ / മലയാളികളെ അവരുടെ സമ്മതമില്ലാതെ ഒരു അക്രമസമരത്തിൽ ലോകസമക്ഷം പ്രതിനിധാനം ചെയ്തതിന് ഒരു ക്ഷമാപണം നടത്തണമെന്നായിരുന്നു അവർക്ക് ആവശ്യപ്പെടാനുണ്ടായിരുന്നത്. അദ്ദേത്തിന്റെ മറ്റ് സുഹൃത്തുക്കളുടെ അത്ര വരില്ലെങ്കിലും, അദ്ദേഹത്തിന്റെ ഒരു സുഹൃത്തെന്ന നിലക്ക് ഞാനും ഒരു തവണ അദ്ദേഹത്തെ വിളിക്കാൻ ശ്രമിച്ച് പരാജയപ്പെട്ടു. 

പിന്നീട് നമ്മൾ കണ്ടത്, അദ്ദേഹം മലയാളത്തിലെയും ഇന്ത്യയിലെയും ചാനലുകളായ ചാനലുകളിലെല്ലാം വിളിച്ച് ഉറക്കം പോലുമില്ലാതെ ഇന്റർവ്യൂ കൊടുക്കുന്നതായിരുന്നു. ഞാനാണ് പതാക വീശിയത്, അത് എന്റെ അവകാശമാണ്, അതിലാർക്കും ഇടപെടാൻ അധികാരമില്ല, അമേരിക്കൻ പൗരനായത് കൊണ്ട് അമേരിക്കൻ പതാകയും ഇന്ത്യൻവംശജനായത് കൊണ്ട് ഇന്ത്യൻ പതാകയും എന്റെ ജീവനാണ്, നിയമപരമായി ഇതിൽ ഒരു തെറ്റുമില്ല എന്നൊക്കെയാണ് അദ്ദേഹം എല്ലാ ചാനലുകളിലും പറഞ്ഞുകൊണ്ടിരുന്നത്.

അദ്ദേഹം ഫോണെടുക്കാത്ത സമയത്തിനിടക്ക്, വാഷിംഗ്ടൺ ഡിസിയിൽ ഫേസ്‌ബുക്കിൽ മറ്റുള്ള ഇന്ത്യാക്കാർ, അദ്ദേഹത്തിന്റെ ക്ഷമാപണം ആവശ്യപ്പെട്ടുകൊണ്ട് ബഹളം വെക്കുകയായിരുന്നു. ആ ബഹളത്തിൽ മറ്റുള്ളവരെപ്പോലെ ഞാനും പങ്കാളിയായി. അമേരിക്കയിലെ ബഹളത്തിൽ ത്രിവർണ്ണപതാകക്കെന്ത് കാര്യമെന്നായിരുന്നു എല്ലാവരുടെയും ചോദ്യം. ഇതിന് മുന്നേ 'ഹൗഡി മോഡി' പരിപാടിയിൽ മോദിയും ട്രംപും പ്രസംഗിച്ചപ്പോഴും ഇന്ത്യൻ ദേശീയ പതാക അനാവശ്യമായി ഉപയോഗിച്ചിരുന്നെങ്കിലും, അനിഷ്ടസംഭവങ്ങൾ നടക്കാതിരുന്നത് കൊണ്ട് അതിനെയൊന്നും ആരും ചോദ്യം ചെയ്തിരുന്നില്ല. ഈ നടന്ന ക്യാപ്പിറ്റോൾ സംഭവത്തിലും അനിഷ്ടസംഭവങ്ങൾ നടന്നിരുന്നില്ലെങ്കിൽ, ആരും ത്രിവർണ്ണപതാകയേന്തിയതിനെ ചോദ്യം ചെയ്യുമായിരുന്നില്ല. പക്ഷേ, അവിടെ നടന്നത് റാലിയുടെ പേരിൽ വേഷം മാറിയ, കാലേക്കൂട്ടി കണക്കുകൂട്ടിയ ഒരക്രമസമരമായിരുന്നു. അതും ലോകത്തിന്റെ മുൻപിൽ അമേരിക്കയുടെ യശസ്സിനെ പാതാളം വരെ ഇടിച്ചു താഴ്ത്തിയ അക്രമസമരം. ആ അക്രമത്തിൽ ദേശീയപതാകയേന്തി ഇന്ത്യാക്കാരെ പ്രതിനിധീകരിച്ചതിനാണ്, മറ്റുള്ള ഇന്ത്യാക്കാർക്ക് ദേഷ്യം വന്നത്.

പക്ഷേ, അദ്ദേഹത്തിനെ വളരെ നന്നായറിയുന്ന ഒരുപാടുപേർ ആവശ്യപ്പെട്ടിട്ടും നിർദ്ദേശിച്ചിട്ടും, ഉപദേശിച്ചിട്ടും, ക്ഷമാപണമോ ദുഃഖമോ പോയിട്ട്, അദ്ദേഹം ചെയ്ത പ്രവർത്തിയിൽ ഒരു തെല്ല് പതിര് പോലും അദ്ദേഹത്തിന് കാണാൻ കഴിയുന്നുണ്ടായിരുന്നില്ല. ക്ഷമാപണം എന്നത് ഒരുതരത്തിൽ നാണക്കേടായി അദ്ദേഹം കണ്ടിരിക്കാം, പക്ഷേ, തെറ്റായ സ്ഥലത്ത് തെറ്റായ സമയത്ത് അറിയാതെയാണ് ത്രിവർണ്ണപതാക കൊണ്ടുപോയതെന്ന് പോലും പറയാൻ അദ്ദേഹത്തിന് മനസ്സുണ്ടായിരുന്നില്ല. 

അമേരിക്കയിൽ ജനുവരി ഏഴ് പ്രഭാതമായപ്പഴേക്കും, ക്യാപ്പിറ്റോളിൽ നടന്ന അക്രമത്തിൽ ലജ്ജിക്കുന്നുവെന്നും, അതിൽ ഇന്ത്യൻ പതാക പിടിച്ച്ഒരിന്ത്യൻ വംശജൻ പങ്കെടുത്തതിനെ അപലപിക്കുന്നുവെന്നും, ആ സംഭവത്തിൽ അദ്ദേഹം മാപ്പ് പറയണമെന്നും ആവശ്യപ്പെട്ട് കുറെ മലയാളികൾ ഒപ്പിട്ട ഒരു പത്രിക തയ്യാറായി. കാരണം, അദ്ദേഹം മാപ്പ് പറഞ്ഞില്ലെങ്കിലും, ഞങ്ങൾക്ക്, ഇവിടെ വളരുന്ന ഞങ്ങളുടെ അടുത്ത തലമുറകൾ ഒരിക്കൽ പോലും, ഈ നടന്ന സംഭവത്തിന്റെ പേരിൽ തല കുനിക്കരുതെന്ന ശാഠ്യം ഉണ്ടായിരുന്നു. പത്രിക തയ്യാറാവുന്ന സമയത്ത്, നമ്മുടെ കഥാനായകൻ ഏഷ്യാനെറ്റിൽ വിനു വി ജോണിന്റെ നേതൃത്വത്തിലുള്ള ചർച്ചയിൽ പങ്കെടുക്കുകയായിരുന്നു. ആ ചർച്ചയിൽ അദ്ദേഹം അഭിമാനത്തോടെ അദ്ദേഹത്തിന്റെ വാദഗതികൾ നിരത്തവേ തന്നെ, ചില മഹദ്‌വ്യക്തികളുടെ ശ്രമഫലമായി, ഞങ്ങളുടെ പത്രിക വിനുവിന് അയച്ചുകൊടുക്കാനും ലോകം കേൾക്കെ തന്നെ ഞങ്ങളുടെ എതിരഭിപ്രായം കഥാനായകനെ കേൾപ്പിക്കാനും സാധിച്ചത്, നാളെയുടെ രാഷ്ട്രീയ  കാലാവസ്ഥയിൽ, ഞങ്ങൾക്ക് ഞങ്ങളുടെ ഇളം തലമുറക്കാർക്ക് വേണ്ടി കരുതിവെക്കാൻ പറ്റിയ കരുത്തായിരുന്നു.

പക്ഷേ കഥാനായകന് ഒരു കുലുക്കവുമുണ്ടായിരുന്നില്ല. ഫേസ്ബുക്ക് ഫോറത്തിൽ വന്ന് മറ്റുള്ളവരെ കളിയാക്കുന്നതിനോ കുറ്റപ്പെടുത്തുന്നതിനോ അദ്ദേഹത്തിന് ഒരു മടിയുമുണ്ടായിരുന്നില്ല. അദ്ദേഹം പറയുന്നത്, ത്രിവർണ്ണപതാകയാണ് എടുത്തെങ്കിലും, അത് അദ്ദേഹത്തിന്റെ ഭാര്യയെപ്പോലും പ്രതിനിധാനം ചെയ്യുന്നില്ല എന്നാണ്. അദ്ദേഹം ഒരു Individualist ആണത്രേ! ആ ഔചിത്യത്തിന്റെ മുന്നിൽ, അദ്ദേഹത്തിന്റെ മുന്നിൽ തിരിഞ്ഞ് നിന്ന് നമസ്കരിക്കാനല്ലാതെ നമുക്ക് വേറൊന്നും ചെയ്യാൻ പറ്റില്ലായിരുന്നു. അദ്ദേഹം, അദ്ദേഹത്തിന്റെ പാന്റ്സോ കോണകമോ ആയിരുന്നു എടുത്ത് വീശിയതെങ്കിൽ ആരും ഒന്നും പറയില്ലായിരുന്നു. ഒഫീഷ്യൽ ലെറ്റർ പാഡിൽ കത്തെഴുതിയിട്ട്, അത് വ്യക്തിപരമായ കത്തായിരുന്നു എന്ന് പറയുന്ന ഇടുങ്ങിയ യുക്തിയായിരുന്നു അദ്ദേഹത്തിന്റേത്. ഒരു രാജ്യത്തിന്റെ ദേശീയപതാക പിടിക്കുമ്പോൾ, അത് അദ്ദേഹത്തെ മാത്രമേ പ്രതിനിധീകരിക്കുന്നുള്ളൂ എന്ന് ചിന്തിക്കുന്നതാണ് അദ്ദേഹത്തിന്റെ ഹൃദയവിശാലത! ഏത് ആവശ്യത്തിന്റെ പേരിലായാലും ലോകം ഇന്നുവരെ കാണാത്തവിധത്തിലുള്ള നാണം കെട്ട അക്രമം കണ്ടുനിൽക്കേ പോലും അവിടുന്ന് മാറി നിൽക്കാനുള്ള മനസ്സ് കാണിക്കാത്തതായിരുന്നു അദ്ദേഹത്തിന്റെ ഔന്നത്യം!

ഒരു രാജ്യത്തിന്റെ ദേശീയപതാക എന്താണെന്നും അത് എന്താണ് പ്രതിനിധീകരിക്കുന്നതെന്നും മനസ്സിലാക്കാൻ കഴിഞ്ഞില്ലെങ്കിൽ അദ്ദേഹം നേരെ തിരിച്ച് പോയി ഒന്നാം ക്‌ളാസ്സ് മുതൽ വീണ്ടും പഠിക്കുകയായിരിക്കും ഉചിതം. ഒരു ദേശീയ പതാകയുമെടുത്ത് അത് Individualism ത്തിന്റെ പേരിൽ, എന്റേത് മാത്രം, എന്നെക്കുറിച്ച് മാത്രം എന്നൊക്കെ പറയുന്നത് വളരെ മഹത്തരമായി കരുതുന്നവരോട് കൂടുതൽ എന്ത് പറയാനാണ്? ഒരു ദേശീയ പതാക കൈയ്യിലേന്തുമ്പോൾ, സ്വന്തം കോണകം എടുത്തത് പോലെ, അതിൽ സ്വന്തം മുഖം മാത്രം കാണുന്നവരെ എങ്ങനെ മാറ്റാനാണ്? 

അദ്ദേഹത്തിന്റെ രാഷ്ട്രീയമോ വർണ്ണമോ അമിത ദേശസ്നേഹമോ ഒന്നുമല്ല ഇവിടത്തെ വിഷയം. ഈ അക്രമത്തിൽ ഞാനൊന്നുമറിഞ്ഞില്ലേ എന്ന രീതിയിൽ അദ്ദേഹം പ്രതികരിക്കുന്നത് മൂഡ്ഡമാണ്. നാട്ടിൽ രാഷ്ട്രീയം കളിച്ച് വളർന്ന, രാഷ്ട്രീയം കണ്ട ഏതൊരു വ്യക്തിക്കും അറിയാം എങ്ങനെയാണ് രാഷ്ട്രീയക്കാർ അക്രമത്തിന് പ്ലാനിടുന്നത് എന്ന്. ഒരു കൂട്ടം ആളുകളെ അവർ അതിനായി സജ്ജരാക്കി നിർത്തുകയാണ് ചെയ്യുന്നത്. സമരത്തിൽ പങ്കെടുത്ത എല്ലാവരും അത് ഒരിക്കലും അറിയണമെന്നില്ല. അത് പോലെ ഇവിടെ ക്യാപ്പിറ്റോളിൽ നടന്ന അക്രമവും അദ്ദേഹം അറിഞ്ഞിരിക്കണമെന്നില്ല. പക്ഷെ നടന്നത് അതിക്രമമായതുകൊണ്ടും ആ അതിക്രമത്തിൽ ത്രിവർണ്ണപതാക പെട്ടുപോവുന്നത് ത്രിവർണ്ണപതാകയെ മാനിക്കുന്ന മറ്റുള്ളവർക്ക് ദുഃഖമുണ്ടാക്കുമെന്നും മനസ്സിലാക്കാൻ അദ്ദേഹത്തിന്റെ Individualism മൂലം അദ്ദേഹത്തിന് കഴിഞ്ഞില്ല!

ഇത്തരം സമരങ്ങളൊക്കെ ദിവസങ്ങൾ എടുത്ത് പ്ലാൻ ചെയ്യപ്പെടുന്നതാണ്. അല്ലാതെ രാജ്യത്താകമാനം നിന്ന് ആളുകൾ അവിടെ എത്തുമോ? അവിടെ നിന്ന് പോലീസിന്റെ അടി കൊണ്ട ടെന്നസ്സിയിൽ നിന്നുള്ള ഒരു സ്ത്രീ, കരഞ്ഞു കൊണ്ട് പറയുന്നത് എല്ലാവരും കേട്ടിരിക്കും. "ഞങ്ങൾ ക്യാപ്പിറ്റോളിൽ അതിക്രമിച്ച് കയറുമ്പോഴായിരുന്നു പോലീസ് എന്നെ ഇടിച്ചത്.... ഞങ്ങൾ വന്നത് വിപ്ലവം നടത്താനായിരുന്നു" എന്ന് പറഞ്ഞ ആ സമരം എങ്ങനെയാണ് ഒരു സമാധാനപരമായ റാലിയാവുന്നത്? ഒരിക്കലുമില്ലാത്തവിധം ക്യാപ്പിറ്റോളിനടുത്ത് നിന്ന് ട്രക്കുകൾ നിറച്ച് പൈപ്പ് ബോംബുകൾ കാണപ്പെട്ടത് റാലിക്ക് വേണ്ടിയായിരുന്നോ? 

താത്വികമായോ ബൗദ്ധികമായോ പോലും അടിത്തറയില്ലാത്ത നിലപാടിൽ ഉറച്ച് നിന്ന്,  ഇവിടെ, ഒരു രാഷ്ട്രീയക്കാരൻ എന്ന നിലയിൽ, ജനങ്ങളുടെ സ്പന്ദനം അറിയുന്നതിൽ അദ്ദേഹം പരാജയപ്പെടുകയാണ്. അനുഭവസമ്പത്തും രാഷ്ട്രീയപരിചയവും കൂർമ്മബുദ്ധിയും അദ്ദേഹത്തിന് ഞങ്ങളെക്കാൾ കൂടുതൽ ഉണ്ടായിരിക്കാം. വളരെച്ചെറിയൊരു ന്യൂനപക്ഷം അദ്ദേഹത്തിന്റെ കൂടെ നിന്നേക്കാമെങ്കിലും ഭാരതീയ പൈതൃകം പേറുന്ന ഭൂരിപക്ഷവും ഇനി അദ്ദേഹത്തെ പിന്താങ്ങുന്നതിനുള്ള സാദ്ധ്യത വളരെ വിരളമാണ്. ഒരുപക്ഷേ, കാലം എല്ലാം മറക്കുമെന്നും അല്ലെങ്കിൽ ജനപിന്തുണയുടെ ആവശ്യം അദ്ദേഹത്തിനില്ലെന്നും, അദ്ദേഹം കരുതിയേക്കാം. പക്ഷേ, ഓരോ തവണ അദ്ദേഹം തിരഞ്ഞെടുപ്പ് ഗോദയിൽ വരുമ്പോഴും ഈ ആരോപണങ്ങൾ ഉയർന്ന് വരുമെന്ന് ഓർത്ത് വെക്കുന്നത് അദ്ദേഹത്തിന് നല്ലതായിരിക്കും. 
എന്തായാലും, ഈ വിവാദനിലപാടിൽ മാറ്റമില്ലാത്തിടത്തോളം, നഷ്ടം ഞങ്ങൾക്ക് തന്നെയാണ്. ഞങ്ങൾക്ക് നഷ്ടപ്പെടുന്നത്, നാളെ ഞങ്ങളെ പ്രതിനിധീകരിക്കാൻ ഞങ്ങൾ കണ്ടുവച്ചിരുന്ന ഒരു ബിംബമാണ്. 

ഇദ്ദേഹമൊക്കെ ഉന്നയിക്കുന്ന പ്രശ്നങ്ങൾ ശരിയായ പ്രശ്നങ്ങളാണെങ്കിൽ പോലും ക്യാപ്പിറ്റോൾ ഇടിച്ച് പൊളിച്ചിട്ടാണോ അതിന് പരിഹാരം കാണുന്നത്? ഈ പരാതികൾ ഉന്നയിക്കുന്ന റിപ്പബ്ലിക്കന്മാർ തന്നെ എത്രയോ തവണ അധികാരത്തിൽ വന്നിട്ടും എന്തുകൊണ്ടാണ് ഇത്ര കാക്കാലമായിട്ടും ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയാതിരുന്നത്? തോൽക്കുമ്പോൾ മാത്രമേ പ്രശ്നമുള്ളൂ എന്ന് കരുതുന്ന രാഷ്ട്രീയം രാഷ്ട്രീയമാണോ? എത്രയോ തവണ അധികാരം കിട്ടിയിട്ടും മാറ്റാൻ ശ്രമിക്കാത്ത ഒരു കാര്യം, കോടതികൾ പോലും തള്ളിക്കളഞ്ഞ ന്യായങ്ങൾ, ഇവയൊക്കെ മാറ്റാൻ ക്യാപ്പിറ്റോൾ തല്ലിപ്പൊളിക്കുകയാണ് നല്ലതെന്ന് കരുതുകയും, ആ പൊളിക്കൽ സമരത്തിൽ ഒരു രാജ്യത്തിന്റെയും അതിന്റെ പാരമ്പര്യം പേറുന്ന ആളുകളേയും പ്രതിനിധീകരിച്ച് കൊണ്ട് ആ രാജ്യത്തിന്റെ ദേശീയ പതാക വീശിയതിൽ തെറ്റില്ലെന്ന് കരുതുകയും ചെയ്യുന്ന അദ്ദേഹത്തിന്റെ രാഷ്ട്രീയത്തിന് മുന്നിൽ കുറച്ച് മുള്ളിൻപൂക്കൾ അർപ്പിക്കട്ടെ!

എങ്ങനെ പറഞ്ഞിട്ടും കുലുങ്ങാത്ത അദ്ദേഹം, നിലപാട് മാറ്റാനില്ലെങ്കിലും, ഒരു സൗഹൃദപരമായ ചർച്ചക്ക് സമോസയുമെടുത്ത് അദ്ദേഹത്തിന്റെ ചെല്ലാൻ ക്ഷണിച്ചിരുന്നു. പക്ഷേ, ഉരുകാത്ത നെയ്യുള്ളിടത്ത് സമോസയുമെടുത്ത് ഞങ്ങളെങ്ങനെ പോവും?  ഏഷ്യാനെറ്റിലെ വിനു പറഞ്ഞത് പോലെ, ആരാണെങ്കിലും എവിടെയെങ്കിലും എങ്ങനെയെങ്കിലും എന്തെങ്കിലും കാട്ടിക്കൂട്ടാനുള്ളതല്ല ഒരു രാജ്യത്തിന്റെ ദേശീയപതാക എന്നത് നമ്മുടെ കഥാനായകനെ എങ്ങനെ മനസ്സിലാക്കാനാണ്?

വാൽക്കഷ്ണം: എന്ത്, എപ്പോൾ, എങ്ങനെ ചെയ്യണമെന്ന് നിശ്ചയമില്ലാത്തവനെ വാനരനെന്ന് വിളിക്കണമെന്ന് പണ്ട് കുമാരന്മാഷ് ആറാം ക്ലാസ്സിൽ പഠിപ്പിച്ചിരുന്നു. അത് എന്താണെന്ന് ബോദ്ധ്യമായ ഒരു സംഭവമായിരുന്നു അക്രമസ്ഥലത്തും ഒട്ടുമേ വേണ്ടാത്തിടത്ത് ത്രിവർണ്ണപതാക വീശിയതിലൂടെ അദ്ദേഹം ചെയ്തത്! ദേശീയ പതാകക്ക് ഒരു കപിഹസ്തലാളനം!! 

എന്നിരുന്നാലും, ഇത്തരം വഷളത്തരങ്ങൾ നടന്നിട്ടും, ആ വഷളുകൾ നടന്ന സ്ഥലത്തുള്ള മലയാളി സംഘടനകൾ പോലും (പേരിന് മാത്രം ഒരു അസോസിയേഷൻ ഒരു പത്രക്കുറിപ്പ് ഇറക്കിയെങ്കിലും), ശക്തമായി പ്രതിനിധികൾ ആവശ്യപ്പെട്ടിട്ടും, ആ വഷളിനെ അതിശക്തമായി അപലപിക്കാൻ ഇതുവരെ മിനക്കെടാത്തത് ചില സ്വാർത്ഥതാല്പര്യങ്ങൾ കൂട്ടായ്മയുടെ താല്പര്യങ്ങളെ മറികടക്കുന്നു എന്ന അപചയത്തെ വിളിച്ചോതുന്നു. ഓണവും വിഷുവും നൃത്തനൃത്യങ്ങളോടെ ആഘോഷിക്കുന്നത് മാത്രമല്ല അസോസിയേഷനുകളുടെ കടമ, മറിച്ച്, ഇത്തരത്തിൽ സ്വന്തം സമൂഹത്തിലെ കണ്ണികൾ ഉൾപ്പെടുന്ന സാമൂഹിക പ്രാദേശിക വിഷയങ്ങളിൽ ഇടപെടുന്നതും അസോസിയേഷനുകളുടെ കടമയാണ്. ഇങ്ങനെയൊക്കെ വിളിച്ച് പറയുന്ന എന്നെപ്പോലെയുള്ളവൻ ഭൂലോക വിഡ്ഢിയാണെന്ന തിരിച്ചറിവോടെ നിർത്തുന്നു !!!

***

1 അഭിപ്രായം:

  1. പാതകയെന്തിയ ആളെ കുറിച്ചു നന്നായി വിവരിച്ചതിൽ സന്തോഷം. പല അസോസിയേഷൻ ഭാരവാഹി ആയതിനാൽ ഇത് അറിയാതെ സംഭവിച്ചതണെന്ന് കരുതുവാൻ പറ്റില്ല.

    മറുപടിഇല്ലാതാക്കൂ