2014 ഓഗസ്റ്റ് 31, ഞായറാഴ്‌ച

തെരുവിലെ ശാന്തി

ശ്രീ

വലിയ പട്ടണങ്ങളിലെ ചില വൃത്തികെട്ട മൂലകളിൽ‍  നമ്മളൊക്കെ പലപ്പോഴും കണ്ടിട്ടുള്ള ഒരു കാഴ്ച. അവരൊക്കെ അവിടെ എങ്ങനെ വന്നു എങ്ങനെ എത്തിപ്പെട്ടു ഒന്നും നമുക്കാർക്കും അറിയില്ല. അവർ‍ വിധിയുടെ ബലിമൃഗങ്ങളാണ്. വിധിയുടെ ബലത്തിൽ‍ വന്നു ചേർ‍ന്ന സൗകര്യങ്ങളിൽ‍ മതിമറന്ന്, മറ്റുള്ളവരുടെ വണ്ണത്തെ താരതമ്യം ചെയ്ത്, നമ്മൾ പലരും ആ ഒരു ലോകത്തെ കാണുന്നില്ല; അഥവാ കണ്ടില്ലെന്നു നടിക്കുന്നു.

എന്നിരുന്നാലും അത്തരം ആളുകളിൽ ഒരുതരം അനിർവ്വചനീയമായ ഒരു ശാന്തി അവരുപോലും കാണാതെ ഒളിഞ്ഞു കിടക്കുന്നതായി ഞാൻ കാണുന്നു. നമുക്കാർക്കും ഒരിക്കലും അനുഭവിക്കാൻ കഴിയാത്ത ശാന്തി. ഈ ലോകത്ത് മറ്റുള്ളവരെ നോക്കി ജീവിച്ചു ജയിക്കാനുള്ള തത്രപ്പാടിൽ നമുക്ക് നഷ്ടമാവുന്ന അനിവാര്യമായ ശാന്തി. ഈ കാഴ്ചപ്പാട് എന്റേത് മാത്രമാണ്, എന്റേത് മാത്രം.

                                                                         

പടരുന്നതാ പടലങ്ങളായ് പുക
വിടരുന്നു വളകളായ് ശുഷ്കമാമധരം വഴി
പോകുന്നൂ ഇരട്ടക്കുഴൽ‍ വച്ച വണ്ടി പോൽ
മൂക്കിനാൽ ചീറ്റുന്ന ധൂമജാലങ്ങളായ്

ഒട്ടുന്നൂ കവിളുകൾ കൂമ്പുന്നൂ മുഖം
അടിചേർത്തുവച്ചോരിടങ്ങഴി പോലവേ
കാറ്റടിക്കുമ്പോലെ താഴുന്നു പൊങ്ങുന്നു
പറ്റിയിരിക്കുന്ന നെഞ്ചുതൻ‍ കൂടുകൾ

കണ്ണുകളിറുക്കുന്നൂ ചവയ്ക്കുന്നൂ വൃഥാ
കണ്ണടയ്ക്കുന്നൂ തുറക്കുന്നൂ മേൽക്കുമേൽ
വിറയ്ക്കുന്നുണ്ടാ കൈകൾ, വിരലുകൾ‍ വെറുതെ
പിറുപിറുക്കുന്നൂ താനേ ചിണുങ്ങുന്നൂ

ചിന്തിക്കുന്നുണ്ടെന്തോ കാര്യമായ് വളരെ
ചന്തമായ് ചിരിക്കുന്നു മുറിപ്പല്ലുകൾ കാട്ടി
വീഴുന്നൂ കണ്ണുനീര്‍ ഇടയ്ക്കിടെ തുടയ്ക്കുന്നു
പഴിക്കുന്നു ഇടയ്ക്കിടക്കെന്തോ മൊഴിയുന്നു

തിരിച്ചറിയുന്നില്ലാ കാലുകൾ‍ കൈയ്യുകൾ‍
പിരിച്ചിട്ടിരിക്കുന്നു കയറിലെ ചൂടി പോൽ‍
വിരലുകൾ ചലിക്കുന്നു  വല്ലാത്തവണ്ണം
പരലുകൾ തത്തിത്തിമർക്കുന്ന പോലെ

ഒട്ടിയിട്ടുണ്ടാ വയർ പുറത്തോ-
ടൊട്ടിയിട്ടുണ്ടൊരു നേർരേഖ പോലെ
കണ്ഠം പതുങ്ങി ച്ചുരുങ്ങിയിരിക്കുന്നു
കണ്ടത്തിലുള്ള ബകത്തിൻ‍ കഴുത്ത് പോൽ

മെലിഞ്ഞിരിക്കുന്നു ഉണക്കക്കമ്പു പോൽ
പൊലിഞ്ഞിരിക്കുന്നു കണ്ണിൻ പ്രകാശവും
ആണ്ടിരിക്കുന്നൂ കണ്ണുകൾ‍ കുഴികളിൽ
നീണ്ടിരിക്കുന്നൂ കേശമീശാദികൾ‍

നരച്ചിട്ടുണ്ടാ മുടികള്‍ കൊഴിഞ്ഞിട്ടുമുണ്ട്
നീറുവാൻ കാര്യങ്ങൾ ഉണ്ടെന്നു തോന്നിടും
പ്രായമേറെ ഇല്ലെന്നു തോന്നുന്നു പക്ഷെ
ആയമില്ലല്ലോ ഇനി ഒട്ടുമേ ദൂരം

ആഞ്ഞു വലിച്ചോണ്ട് തുപ്പുന്നതാ പുക
പാഞ്ഞടുക്കുന്നൊരു കരിവണ്ടിയെ പോൽ
ഇറുക്കുന്നുണ്ടവൻ ഹീനമാം ആടകൾ‍
പാറുന്നു മന്ദമായ് കാറ്റിന്റെ കൈകളിൽ

ആയുന്നൂ വീണ്ടും അയ്യോ കഷ്ടമേ
അണഞ്ഞുപോയല്ലോ  കത്തുന്ന ബീഡി
തപ്പുന്നൂ മറ്റൊന്ന്  അരയിലും മീതെയും
തിരിയുന്നു ചുറ്റും വളയം കണക്കെയും

കിട്ടിപ്പോയീ അവനു മുഴുനീളനൊന്നു
ചാടിക്കൊണ്ടതാ കൊളുത്തുന്നു വീണ്ടും
അടക്കുന്നൂ പശി പുകകൊണ്ടു വീണ്ടും
ചടഞ്ഞിരുന്നൂ തെരുവിന്റെ മൂലയിൽ

എല്ലും തൊലുമായ് വ്യാകുലചിത്തനായ്
മർത്യകുലത്തിൽ ഭൂലോകജാതനായ്
മറ്റുള്ള മാറ്റുള്ള മാലോകരൊക്കെയും
മാറ്റമില്ലാതെ ഊറ്റം കൊൾകവേ

പാഴ്ജന്മങ്ങളായ് പഴിച്ചുകൊണ്ടൂഴിയിൽ
ആഴി പിഴിഞ്ഞോണ്ട് നാഴിക തള്ളവേ
പ്രകൃതിയിലീത്തരം വികൃതികൾ തകൃതിയിൽ
കുതന്ത്രങ്ങൾ തന്ത്രത്തിലാകൃതി കൊൾകവേ

ചിന്തിച്ചു ചിന്തിച്ചു ചിന്തനം പൂണ്ടിട്ടു
അന്തിച്ചു ദന്തം കടിച്ചോണ്ട് നിന്നു ഞാൻ
ഗദ്ഗദം പൂണ്ടിട്ടു ചിന്തിച്ചു നിന്നു ഞാൻ
എന്തിനീ കോലങ്ങളീത്തരം ഭൂമിയിൽ

ഈ സ്ഥൂല ജീവൻ എവിടെനിന്നെത്തീ
ഈ കൃശഗാത്രം എവിടെ പിഴച്ചൂ

അമ്മതൻ ഗർഭത്തിൽ മന്ത്രം പിഴച്ചോ
പിതാവിന്റെ പീഡകൾ പാടുകൾ വീഴ്ത്തിയോ
ഗൃഹാന്തരീക്ഷം മധുശാലയായതോ
മധുമദ്യമോദകം തലക്കുത്തിലിട്ടുവോ

ശകാരം കുറഞ്ഞിട്ടു സീൽക്കാരമായതോ
പ്രേമത്തില്‍ പ്രമേഹത്തിൻ പൂക്കൾ വിരിഞ്ഞതോ
ശുക്രനക്ഷത്രം പടിഞ്ഞാറു പൊങ്ങിയോ
ശനിയിൽ കണ്ടകൻ കേമദ്രവത്തിലോ

മനസ്സിന്റെ തന്ത്രികൾ ആലോലമായതോ
തപസ്സിന്റെ താപം തീപ്പന്തമായതോ
പെണ്ണിന്റെ ശാപം സർപ്പങ്ങളായതോ
അതോ ഇത് നിന്റെ താപസ വേഷമോ

ആഡ്ഡ്യസമൂഹം കല്ലെറിഞ്ഞിട്ടുവോ
അതോ ഈ കുളം സ്വയമേവ തോണ്ടിയോ
എന്നിരുന്നാലുമെന്റെ സഹോദരാ
ഒരുകാര്യമുണ്ടെനിക്കസൂയ്യ തോന്നുവാൻ

നിന്നോളമാർക്കുണ്ട് ശാന്തിയീലോകത്ത്
നിന്നോളമാർക്കുണ്ട് ശാന്തി
ഒന്നുമേ വേണ്ടാ ചിന്തിക്കവേണ്ടാ
നാളെയെപ്പറ്റി ചിന്തയേ വേണ്ടാ

മത്സരമില്ലാ ആർഭാടമില്ലാ
കൈക്കൂലിയൊട്ടും കൊടുക്കവേണ്ടാ
പഠിച്ചിട്ടു റോക്കറ്റ് വിട്ടു പഠിക്കുവാൻ
നാസയിൽ പോകേണ്ട കാര്യമില്ലാ

കെട്ടിയ പെണ്ണിന് പൊന്നു വരുത്തേണ്ട
കുട്ടികൾക്കാപ്പിളും വാങ്ങവേണ്ടാ
മാളിക കെട്ടേണ്ട മദ്ദളം കൊട്ടേണ്ട
മനതാരിലാശങ്ക തീരെ വേണ്ടാ

പണത്തിന്റെ മത്തിലും വീഴുകില്ലാ
പെണ്ണിനെ കേറി പിടിക്കുകില്ലാ
ആരാന്റെ അർത്ഥത്തിലാർത്തി ഇല്ലാ
വീരവാദങ്ങൾ മുഴക്കുകില്ലാ

എന്റെ കാര്യമോ എന്റെ കാര്യമോ

രാവിലെ ഏക്കണം കസറത്തു ചെയ്യണം
ഇസ്തിരി വെക്കണം പട്ടിയെ തൂറ്റണം
കോട്ടിട്ടു പോകണം കാറുകൾ വാങ്ങണം
കിടന്നിട്ടുറങ്ങുവാൻ മാളിക തീർക്കണം

അന്നം ഭുജിക്കുവാൻ കോഡുകൾ തീർക്കണം
വണ്ണം കാട്ടുവാൻ കടങ്ങളിൽ മുങ്ങണം
പാർട്ടിക്ക് പോകണം പിള്ളരെ പോറ്റണം
ഭിഷഗ്വരനാക്കുവാൻ ഡൊണേഷൻ കൊടുക്കണം

മോടികൾ കൂട്ടുവാൻ ചായങ്ങൾ തേക്കണം
മേദസ്സ് നോക്കണം ഇൻസുലിൻ കുത്തണം
കൃഷിഭൂമി മാറ്റി പൂന്തോപ്പുകൾ തീർക്കണം
ജീവിതം ജയിക്കുവാൻ കോടതി കേറണം

പാപങ്ങൾ ചെയ്തിട്ട് നോമ്പുകൾ നോക്കണം
മതത്തിന്റെ പേരിൽ കടിപിടി കൂടണം

ഇതൊന്നും ഒട്ടുമേ ചിന്തിക്കവേണ്ടാ
എന്റെ സഹോദരാ എന്റെ സഹോദരാ
നിന്റെ ശാന്തിതന്നെയാണാത്മശാന്തി
എന്മനം തേടുന്ന നിത്യ ശാന്തി

നിന്റെ പുഞ്ചിരിക്കിടയിലും ശാപമായ്
പശിയെന്ന പാശം പശ കൊണ്ടു പൂശി
നിന്റെ വാർത്തകളിത്രയായ് മാത്രം
നിന്റെ കർമങ്ങളിത്രയായ് മാത്രം

അതൊന്നകറ്റുവാൻ പശിയൊന്നകറ്റുവാൻ
കരങ്ങൾ നീട്ടണം തുട്ടുകൾ വീഴ്ത്തണം
ഭോജ്യം ഭുജിക്കണം ധൂമ്രം പുകയ്ക്കണം
വിസർജനം ചെയ്യണം ചുരുണ്ടിട്ടു കൂടണം

പിന്നെ സ്വയമേവ അറിയാതെ
ഒരേ ഒരു മന്ത്രമായ്
മാനവജാതിതൻ ജീവിത മന്ത്രമായ്
ദീനം വിനാ മാലോക ജീവിതം
അനായാസേന മമ ദേഹ മോചനം


                                                                *********************

കുറിപ്പ്: ആസ്വാദകരും അല്ലാത്തവരും അവരവരുടെ മനസ്സിൽ തോന്നുന്ന അഭിപ്രായങ്ങൾ വളച്ചുകെട്ടില്ലാതെ ഇവിടെ കുറിക്കുവാൻ മറക്കരുതേ ! നിങ്ങളുടെ അഭിപ്രായങ്ങൾ എനിക്ക് ഒരു പുതിയ അറിവും ചിലപ്പോൾ ഒരു പ്രചോദനവും ആയിരിക്കും.

                                                                  *******************

2014 ജൂലൈ 30, ബുധനാഴ്‌ച

അമ്മിണി പൊട്ടിച്ച കുരു !


നമുക്ക് ഇതൊരു സങ്കൽപകഥയാക്കാം അല്ലേ? കഥയിൽ അല്പം കാര്യവും കണ്ടേക്കാം.

ഈ കഥ നടക്കുന്ന സമയത്ത്  ഞാൻ ആറാം തരത്തിലോ ഏഴാം തരത്തിലോ പഠിപ്പൊക്കെ കഴിഞ്ഞ് വേനലവധി ആഘോഷിക്കുകയാണ്. നേരത്തെ ചില കഥകളിൽ പറഞ്ഞ മാതിരി വീട്ടിൽ നമുക്ക് പിടിപ്പത് പണികൾ ഉണ്ട്. ചെടികൾക്ക് വെള്ളം നനയ്ക്കൽ, പച്ചക്കറി കൃഷി, പശുവിനെ മേയ്ക്കൽ അങ്ങനെ പലതും. പശുക്കളോടൊപ്പം വീട്ടിൽ ആടുകളും ഉണ്ടായിരുന്നു. അങ്ങനെ ഇടയ്ക്ക്  ഞാനും എന്റെ അനുജന്മാരും ഈ ആടുകളെ മേയ്ക്കാൻ പോകും.

അങ്ങനെ ഒരു ദിവസം രാവിലെത്തന്നെ കഞ്ഞിയൊക്കെ കുടിച്ച് വള്ളി ട്രൌസറൊക്കെ ശരിയാക്കി ആടുകളെയും പൈക്കളെയും  തെളിച്ച് നമ്മൾ വേഗം വീട്ടിൽ നിന്നിറങ്ങി. അധികം വീട്ടില് നിന്നാൽ അപകടമാണ്. അച്ഛൻ കണക്കും ആംഗലേയവും ഒക്കെ ചോദിച്ച് ആകപ്പാടെ വീട്ടിൽ പിന്നെ ബഹളമാവും.. അത് പിന്നെ നമ്മുടെ മേലുള്ള ചാട്ടവാറിലേക്കുള്ള വഴി തുറക്കും. ഈ കാരണത്താൽ ഞാൻ ഓരോദിവസവും, പിറ്റേന്ന് ചെയ്യുവാനുള്ള കാര്യങ്ങൾ  എന്റെ നേരെ താഴെയുള്ള അനുജൻ  ബാലുവുമായി ശട്ടം കെട്ടും. ചോദ്യങ്ങളിൽ നിന്നും അടിയിൽ നിന്നും രക്ഷപ്പെടുവാൻ ഒരേ ഒരു മാർഗ്ഗമേ ഉള്ളൂ - എങ്ങനെയെങ്കിലും വീട്ടിൽ നിന്ന് പുറത്തുകടക്കുക. വെറുതെ അങ്ങ് പോകാനും പറ്റില്ല. അതിന് കണ്ടെത്തിയ ഉപായമായിരുന്നു ആടിനെ മേയ്ക്കലും പശുവിനെ മേയ്ക്കലും.

വേനൽക്കാലമായതിനാൽ പുല്ലൊക്കെ കുറവാണ്. മണ്ണും കൂട്ടി കടിച്ചാലേ പശുവിന് തിന്നാൻ കുറച്ചെങ്കിലും പുല്ല് കിട്ടുകയുള്ളൂ. ആടിനാണെങ്കിൽ പുല്ലിനേക്കാൾ ഇഷ്ടം തൊട്ടാവാടിയാണ്. അത് കാരണം ഞങ്ങൾ തൊട്ടാവാടിയും പുല്ലും തേടി കുറേ ദൂരം പോകും.

ഈ പൈക്കൾക്കും ആടുകൾക്കും വീട്ടിൽ നിന്നിറങ്ങിയാൽ ആകെ ഒരു പരവേശമാണ്. ചിലപ്പോ നമ്മൾക്ക് എവിടെ പോകണം എന്നൊരു നിശ്ചയവും ഉണ്ടാവില്ല. അങ്ങനെയുള്ള സമയത്ത് നമ്മൾ പൈക്കളെ തെളിച്ച് നടക്കുന്നതിനു പകരം മുന്നിൽ ഏത് പശുവാണോ പോകുന്നത്, അതിന്റെ പിന്നാലെ നമ്മളും പോകും. "തെളിച്ച വഴി നടന്നില്ലെങ്കിൽ നടന്ന വഴി തെളിക്കുക".

അങ്ങനെ ഈ തവണ നമ്മടെ വെള്ളച്ചി പശുവാണ്‌ മുന്നിൽ. അവൾ പോകുന്നവഴി, നമ്മളും, ചോക്കച്ചിയും (വെള്ളച്ചിയുടെ അനുജത്തി), അമ്മിണിയാടും രണ്ട് ആട്ടിൻ കുട്ടികളും. പോകുന്ന വഴിയിൽ കണ്ണിൽ കണ്ടതൊക്കെയും കടിച്ചെടുക്കാൻ നോക്കുന്നുണ്ട്. ചോക്കച്ചിക്കും വെള്ളച്ചിക്കും ഈ പോകുന്ന വഴി വല്യ ഇഷ്ടമാണെന്ന് എനിക്ക് പലപ്പഴും തോന്നിയിട്ടുണ്ട്. അതിനു കാരണവും ഉണ്ട്. എന്താണെന്ന് വച്ചാൽ, ഈ പോകുന്ന വഴിക്കാണ് കണ്ടത്തിൽ ദാമുച്ചേട്ടന്റെ വീട്. ചോക്കച്ചിക്കും വെള്ളച്ചിക്കും ദാമുച്ചേട്ടനോട് വല്യ മമതയൊന്നുമില്ല, പക്ഷേ ദാമുച്ചേട്ടന്റെ വീട്ടിലെ ഒരാളെ പെരുത്തിഷ്ടമാണ് , ഒരു കാളക്കൂറ്റനെ. അവിടെയാണ് നമ്മൾ ചോക്കച്ചിയെയും വെള്ളച്ചിയെയും ഗർഭിണികളാകാനുള്ള  പരിശ്രമത്തിന് കൊണ്ടുപോകാറ്‌. ദാമുച്ചേട്ടന്റെ വീട്ടു പടിക്കലെത്തിയാൽ ചോക്കച്ചിയും വെള്ളച്ചിയും ഒളിഞ്ഞു നോക്കുന്നുണ്ടോ എന്ന് നമുക്ക് സംശയം തോന്നും. വാവിനടുപ്പിച്ചാണെങ്കിൽ ഒളിച്ചുനോട്ടം മാത്രമാവില്ല, നേരെ അങ്ങോട്ടേക്ക് കേറിപ്പോകും. പക്ഷെ ഇന്നേദിവസം വാവിനടുത്ത ദിവസമല്ലാത്തതിനാൽ ആ ഒരു അതിക്രമം ഉണ്ടായില്ല.

അങ്ങനെ പോയിക്കൊണ്ടിരിക്കുമ്പോഴാണ് ചോക്കച്ചി ചന്ദ്രികയുടെ വീടിന്റെ പിന്നാമ്പുറത്ത് കയറിയത്. അവളുടെ പിന്നാലെ വെള്ളച്ചിയും. ചന്ദ്രികയുടെ വീടിന്റെ പിന്നാമ്പുറത്ത് ധാരാളം വാഴകളുണ്ട്. അത് തിന്നാനുള്ള പുറപ്പാടാണ്. അത് തടയാൻ ഞങ്ങളും പിന്നാലെ ഓടി. അവളുടെ അച്ഛൻ, 'കുറുക്കൻ നാണു'വിനെ നമുക്കൊക്കെ പേടിയായിരുന്നു. വൈകുന്നേരമാവുമ്പോൾ അന്തിക്കള്ളും മോന്തീട്ട്, പഴയ ഒരു റേഡിയോ ചുമലിൽ വച്ച്, റേഡിയോവിലെ പാട്ടിനേക്കാൾ ഉച്ചത്തിൽ പാട്ടുപാടി വരുന്ന ചെങ്കണ്ണുകാരനായ  നാണുച്ചേട്ടനെ പേടിയില്ലാത്ത കുട്ടികൾ കുറവായിരുന്നു. അപ്പഴാണ് ചന്ദ്രിക പിന്നാമ്പുറത്തെ ജനാല തുറന്നത്. അവൾ സുന്ദരിയായത് കാരണം ഇത്തിരി നേരം നോക്കിനിന്നുപോയി. അപ്പഴേക്കും വെള്ളച്ചിയും ചോക്കച്ചിയും അമ്മിണിയും ഒക്കെ കൂടി ഒന്നു രണ്ടു വാഴകൾ ശാപ്പിട്ട് കഴിഞ്ഞിരുന്നു.

പ്രശ്നം ഗുരുതരമാകും മുന്നേ എങ്ങനെയൊക്കെയോ എല്ലാത്തിനെയും അടിച്ചിറക്കി. അപ്പഴും ചിന്ത ചന്ദ്രികയെപ്പറ്റിയായിരുന്നു. അവളുടെ സൗന്ദര്യത്തെക്കാൾ ഞാൻ അവളെ ഓർത്തിരിക്കാൻ വേറെ ഒരു കാരണം ഉണ്ട്. നമ്മൾ  എൽ. പി പള്ളിക്കൂടത്തിൽ പഠിക്കുന്ന കാലത്ത് മഴക്കാലമായാൽ പള്ളിക്കൂടത്തിലേക്കുള്ള വഴി മുഴുവൻ ഉറവ പൊട്ടി തോട് പോലെ ആവും.ചിലപ്പോഴൊക്കെ മുട്ടിനു താഴെ വരെ ഉയരത്തിൽ വെള്ളം കാണും ഈ വെള്ളത്തിലൂടെ നടന്നു വേണം പള്ളിക്കൂടത്തിലെത്താൻ. ഈ ചന്ദ്രികക്ക് വെള്ളം എന്ന് പറഞ്ഞാൽ പേടിയാണ്. എത്രയോ ദിവസം അവളുടെ അമ്മ അവളെ പള്ളിക്കൂടത്തിലെത്തിക്കാനായിട്ട് കഷ്ടപ്പെടുന്നത് നമ്മൾ കണ്ടിട്ടുണ്ട്. അവളാണെങ്കിൽ കരഞ്ഞ് വിളിച്ചും കൂക്കി വിളിച്ചും വലിയ വായിൽ കരയും. പാവാടയും പൊക്കിപ്പിടിച്ച് കാല് വെള്ളത്തിൽ വെക്കണോ വേണ്ടയോ എന്നുള്ള അവളുടെ ശങ്ക കാണാൻ നല്ല ചേലായിരുന്നു. ചിലപ്പോൾ ഈ കഷ്ടപ്പാടിനിടയിൽ ഞാനും ഒരു കൈ നീട്ടി സഹായിക്കാൻ ശ്രമിക്കാറുണ്ട്. അങ്ങനെ ഒരു ദിവസം അവളുടെ അമ്മ ഈ കഷ്ടപ്പാട് വേണ്ടാ എന്നങ്ങ് വച്ചു. അതിനു ശേഷം ആദ്യമായി അവളെ കാണുകയാണ്.

ഇങ്ങനെ ചിന്തിച്ചു കൊണ്ടിരിക്കുമ്പഴാണ് ''തപ്പോ' എന്നൊരു ശബ്ദം കേട്ടത്. നോക്കുമ്പോ നമ്മുടെ അനുജൻ ബാലുവുണ്ട് ഒരു നമ്മൾ നടന്നു പോയ്ക്കോണ്ടിരുന്ന  വഴിയുടെ താഴെയുള്ള ഇടവഴിയിൽ  വീണു കിടക്കുന്നു. മാത്രവുമല്ല നമ്മുടെ ചോക്കച്ചിയുണ്ട് കണ്ണും കാതും കൂർപ്പിച്ച് ബാലുവിനെ ത്തന്നെ നോക്കുന്നു. അപ്പൊ എനിക്ക് കാര്യം മനസ്സിലായി, ചോക്കച്ചി സ്നേഹം പ്രകടിപ്പിച്ചതാണെന്ന്. അത് അവളുടെ സ്വഭാവമാണ്. ഒരുമിച്ചു ഇതേപോലെ വലിയ ഉയരമുള്ള പറമ്പിന്റെ വാക്കിലൂടെ പൊകുമ്പഴോ അല്ലെങ്കിൽ രണ്ടുവശവും ഉയരമുള്ള ഇടവഴിയുടെ  മേലെകൂടി പോകുമ്പഴോ അവൾ നമ്മളെ ഒന്നുമറിയാത്ത പോലെ അവളുടെ കുടവയറുകൊണ്ട് നമ്മളെ ഒന്ന് പതുക്കെ തട്ടും. അതവൾക്കൊരു ഹരമാണ്. നമ്മൾ വള്ളികളോ പച്ചിലയോ മറ്റോ പറിക്കാൻ മരത്തിൽ കയറിയാൽ കൊമ്പ് കൊണ്ട് മരം കുലുക്കുന്നതാണ് വെള്ളച്ചിക്ക് ഹരം.

ഇതെന്താ കുരു പോട്ടാത്തത് എന്ന് ചിന്തിച്ചു പോയോ? അതിന് ആദ്യം എന്ത് കുരുവാണ് പൊട്ടാൻ പോകുന്നതെന്നറിയണ്ടേ?

നമ്മൾ ഇപ്പൊ പോകുന്ന വഴി ചോക്കച്ചിയും വെള്ളച്ചിയും തിരഞ്ഞെടുക്കാനുള്ള കാരണം നേരത്തെ പറഞ്ഞല്ലോ. സത്യത്തിൽ അമ്മിണിക്കും ആ വഴി ഇഷ്ടമാണ്. ചന്ദ്രികയുടെ വീട്ടിൽ  നിന്നും രണ്ടു പറമ്പ് അപ്പുറത്താണ് ചീരുക്കുട്ടിയുടെ വീട്. ഈ ചീരുക്കുട്ടി എന്ന് വച്ചാ കുട്ടിയൊന്നുമല്ല,   ഒരു വല്യമ്മച്ചിയാണ്. ഇവിടെ ആടുകളുടെ ഒരു കൂട്ടം തന്നെ ഉണ്ട്. അതിൽ ഒരു മുട്ടനാടും ഉണ്ട്. നമ്മുടെ നാട്ടിലെ ആട്ടിൻകുട്ടികളുടെയല്ലാം അച്ഛനാണ് ഈ മുട്ടനാട്. ഈ മുട്ടൻ ആളൊരു ജഗജില്ലിയാണ്. അടുത്ത് മറ്റ് ആടുകളൊന്നും ഇല്ലെങ്കിൽ ചിലപ്പോ അവൻ നമ്മുടെ ദേഹത്തും ഒരു പരിശ്രമം നടത്തിക്കളയും. അതുകൊണ്ട് സൂക്ഷിച്ചേ അവന്റെ അടുത്ത് പോകാവൂ. പക്ഷെ നമ്മുടെ അമ്മിണി ചോക്കച്ചിയെയും വെള്ളച്ചിയെയും പോലെ ആക്രാന്തം ഒന്നും കാണിക്കാറില്ല. ചിലപ്പോ ഈ മുട്ടനെ തീരെ  അങ്ങട്ട് അവഗണിച്ചുകളയും.

ഈ സംഭവം നടക്കുന്ന ദിവസവും അമ്മിണി അങ്ങനെയുള്ള വാസനകളൊന്നും കാണിച്ചില്ല. നമ്മൾ ചീരുക്കുട്ടിയുടെ വീടും കടന്ന് വിശാലമായ ഒരു കാട്ടു പറമ്പിലെത്തി. അവിടെ ഇഷ്ടം പോലെ തോട്ടാവാടികളും കുറ്റിച്ചെടികളും ഒക്കെയുണ്ട്. അവിടെ എത്തിയപ്പോഴാണ് കണ്ടത്, നമ്മുടെ അമ്മിണിക്കൊരു പരുങ്ങൽ. നോക്കുമ്പോ ഉണ്ട് നമ്മുടെ മുട്ടനാട് അവിടെ നിന്ന് മേയുന്നു. കൂടെ അവന്റെ യജമാനനും ഉണ്ട്, മനോഹരൻ, എന്റെ സമപ്രായക്കാരൻ, ചീരുക്കുട്ടിയുടെ മൂത്ത മകളുടെ മകൻ. ഇന്ന് മുട്ടന് നല്ല വിശപ്പ്‌ ഉണ്ടെന്ന് തോന്നുന്നു, അതാണ്‌ അമ്മിണിയെക്കണ്ടിട്ടും അവന്  ഒരു മൈന്റില്ല. മനോഹരൻ ഇത്തിരി അബദ്ധങ്ങളൊക്കെ കാണിക്കുന്ന കൂട്ടത്തിലാണ്.  നമ്മൾ മനസ്സിൽ അവനെ മന്ദബുദ്ധി എന്നൊക്കെ വിളിക്കും. എന്നാലും നേരിട്ട് വിളിക്കില്ല, കാരണം അവൻ ആളൊരു വല്യ സൈസ് ആണ്. എങ്ങാനും ഇടി കിട്ടിയാലോ. ഈ മനോഹരന് വേറൊരു പ്രത്യേകത കൂടിയുണ്ട്. അവന്റെ തലയിൽ, ഒത്ത മൂർദ്ധാവിൽ, നമ്മുടെ നാട്ടിലെ വൈദ്യുതി ബൾബ് മാതിരി ഒരു വലിയ  കുരു ഉണ്ട്. വയിലത്തോക്കെ അത് വെട്ടിത്തിളങ്ങും. അതുകൊണ്ട് അവനെ നമ്മൾ സ്നേഹത്തോടെ 'മൊട്ടക്കുരു' എന്നും വിളിക്കാറുണ്ട്. അതും മനസ്സിൽ മാ ത്രം.

ഈ മൊട്ടക്കുരു കാരണം മനോഹരന് ഇത്തിരി അപകർഷതാബോധം ഒക്കെയുണ്ടായിരുന്നു. കുരു മാറ്റാൻ കുറെ മരുന്നൊക്കെ വച്ചു കെട്ടിയിരുന്നു. എന്നിട്ടും ഒരു മാറ്റവും ഉണ്ടായില്ല. അവസാനം  വൈദ്യന്മാർ ഓപ്പറേഷൻ ചെയ്യാൻ പറഞ്ഞു. പക്ഷേ പേടി കാരണം കുരു തലയിൽത്തന്നെ തുടർന്നു. 

പെട്ടന്ന് നമ്മളെയൊക്കെ കണ്ടപ്പോൾ മൊട്ടക്കുരുവിനും സന്തോഷായി. 

"നമുക്ക് മരം കേറി കളിക്കാം" - മൊട്ടക്കുരു മൊഴിഞ്ഞു. 

നമ്മൾ കളിക്കാനുള്ള തയ്യാറെടുപ്പിലായി. പക്ഷെ പൈക്കളെയും ആടുകളെയും ഒക്കെ മേക്കാൻ വന്ന നമ്മൾ എങ്ങനെ കളിക്കും അവറ്റകളെ നോക്കണ്ടേ? ഞാനും ബാലുവും കൂടി നമ്മുടെ കസ്റ്റഡിയിലുള്ള വെള്ളച്ചി മുതൽ അമ്മിണിയെ വരെ ഓരോ മരത്തിന്റെ ചോട്ടിൽ ഉള്ള കയറിന്റെ നീളത്തിൽ കെട്ടിയിട്ടു. ആട്ടിൻകുട്ടികളെ വെറുതെ വിട്ടു. 

"നീയും നിന്റെ മുട്ടനെ കെട്ടിയിട്" - ബാലു മനോഹരനോട് പറഞ്ഞു.

"ഏയ്‌, അയിന്റെ ആവശ്യോന്നൂല്ല" - മനോഹരന് സംശയമേ ഇല്ല.

"മുട്ടന്റെ കാരിന് (കയറിന്) നല്ല നീളോണ്ട്. മാത്രല്ല, മെലിഞ്ഞ കാരല്ലേ ഞാൻ എന്റെ കാലിൽ കെട്ടിക്കോളാം. അതാവുമ്പോ മുട്ടൻ എവിടെയെങ്കിലും ഓടി പോവൂല്ലല്ലൊ, മാത്രല്ല, നമുക്ക് കളിക്ക്വേം ചെയ്യാം." - ഓ ഇവന്റെ മുടിഞ്ഞ ഒരു ബുദ്ധി നമ്മൾ മനസ്സിൽ  പറഞ്ഞു. 

"ശരി, അപ്പൊ നമ്മക്ക് കളി തൊടങ്ങാം?" - ഞാൻ പറഞ്ഞു 

അങ്ങനെ നമ്മൾ കളി ആരംഭിച്ചു. ഒരാൾ മറ്റുള്ളവരുടെ പിന്നാലെ ഓടും, ആരെയെങ്കിലും തൊട്ടാൽ, പിന്നെ അവൻ മറ്റുള്ളവരുടെ പിന്നാലെ ഓടും. തൊടുന്നതിനു മുന്നേ ഒരു മരത്തിൽ കയറിയാൽ പിന്നെ തൊടാൻ പറ്റില്ല. അങ്ങനെയാണ് കളി. മറ്റുള്ളവരെ തൊടാൻ വേണ്ടി ഓടുന്നയാളെ 'കാക്ക' എന്ന് വിളിക്കും. 

നമ്മൾ കളി തുടർന്ന് കൊണ്ടേയിരുന്നു. അങ്ങനെ ഒരവസരത്തിൽ ബാലു കാക്കയായി. നമ്മളുടെ പിന്നാലെ ബാലു നമ്മളെ തൊടാൻ വേണ്ടി ഓടുകയാണ്. ഞാൻ ഓടി ഒരു കശുമാവിന്റെ മേലെ കേറി. നമ്മടെ മൊട്ടക്കുരുവിന് കേറാൻ കിട്ടിയത് ഒരു കവു(മു)ങ്ങാണ്. അവൻ ബാലു തൊടുമെന്ന വെപ്രാളത്തിൽ നേരെ കവു(മു)ങ്ങിൽ വലിഞ്ഞു കേറി. ബാലു, നമ്മൾ താഴെയിറങ്ങാൻ കാത്തുനിക്കുകയാണ്. 

പെട്ടെന്നാണ് അത് സംഭവിച്ചത്. മൊട്ടക്കുരു ഒരലർച്ചയോടെ താഴെ വീണു കിടക്കുന്നു. എന്താണ് സംഭവിച്ചതെന്നു പെട്ടന്ന് ആർക്കും  മനസ്സിലായില്ല. പിന്നെയാണ് കണ്ടത്, നമ്മുടെ മുട്ടൻ, വിശപ്പൊക്കെ തീർന്ന് അമ്മിണിയെ കണ്ടപ്പോ പെട്ടെന്നുണ്ടായ  
വികാര പരവേശത്തിൽ അവളുടെ അടുത്തേക്ക് ഓടിയതാണ് കാരണം. കയറിന്റെ ഒരറ്റം മൊട്ടക്കുരുവിന്റെ കാലിലാണല്ലൊ.മൊട്ടക്കുരു വീണ് അലറിക്കരയുകയാണ്. അവൻ അവന്റെ തല പൊത്തിപ്പിടിച്ചിട്ടുണ്ട്. കൈകൾക്കുള്ളിലൂടെ ചോര വാർന്നൊഴുകുന്നു. ഞങ്ങളാകെ പേടിച്ചു വിറച്ചു തരിച്ചിരിക്ക്യാണ്. പിന്നെ അവന്റെ കിടപ്പ് കണ്ടപ്പോ ഞങ്ങളും അലറി വിളിച്ചു, നാട്ടുകാരൊക്കെ ഓടിവന്നു. അവനെ പോക്കിയെടുക്കുന്നതിനിടയിൽ ഞങ്ങൾ അത് കണ്ടു. അവന്റെ തലയിലെ കുരു കാണാനില്ല. അവിടെയാണ് പൊട്ടിച്ചോരയൊലിക്കുന്നത്. അവനെ എല്ലാവരും പൊക്കിയെടുത്ത് ആശുപത്രിയിലേക്ക് കൊണ്ടുപോയി. അപ്പോഴും നമ്മുടെ മുട്ടൻ ഒരുതരം ശബ്ദം ഉണ്ടാക്കിക്കൊണ്ട് അമ്മിണിയുടെ പിന്നാലെത്തന്നെയായിരുന്നു. 

പിന്നെ ഏകദേശം ഒരുമാസം കഴിഞ്ഞപ്പോ നമ്മുടെ മൊട്ടക്കുരുവിനെ നമ്മൾ പിന്നെയും കണ്ടു, പക്ഷേ മൊട്ടയിൽ കുരു ഇല്ലായിരുന്നു. അമ്മിണിയുടെ സ്ത്രൈണതയും മുട്ടന്റെ ശൌര്യവും പറ്റിച്ച പണി ! അങ്ങനെ മനോഹരന്റെ മൊട്ടക്കുരു പൊട്ടി ! ഓപ്പറേഷനില്ലാതെ !!

ഒരു രാത്രിയിലെ ഉറക്കത്തിനിടയിൽ ഇത്രയൊക്കെ സംഭവിക്കുമോ ?

***

2014 ജൂൺ 28, ശനിയാഴ്‌ച

അപരിചിതന്റെ അകാലമൃത്യു

                                                                             ശ്രീ

[എനിക്കുണ്ടായ ഒരു യഥാർത്ഥ അനുഭവമാണ് ഈ ഒരു രചനക്ക് അടിസ്ഥാനം. ആയതിനാൽ, പ്രതിപാദ്യവിഷയവുമായി ബന്ധപ്പെട്ട ആളുകളുടെ പേരുകൾ  ഇവിടെ പ്രതിപാദിച്ചിട്ടില്ലെങ്കിലും, ചില യാഥാർത്ഥ്യങ്ങൾ ഞാൻ ഇവിടെ പറയുന്നത് എന്റെ കവിതയിലേക്കെത്തിചേരുവാനുള്ള ഒരു ആമുഖം ഒരുക്കുവാൻ വേണ്ടിയാണ്. അത്, ഒരു കവിത എഴുതുന്ന ആൾ  എന്ന നിലയിൽ എന്റെ കല്പിത അവകാശമായി ഞാനെടുക്കുന്നു. ഇത് വായിക്കുന്നവരിൽ ഈ പ്രതിപാദ്യവിഷയവുമായി നേരിട്ട് ബന്ധമുള്ള ആർക്കെങ്കിലും ഏതെങ്കിലും തരത്തിലുള്ള വൈകാരികത ഉണ്ടാക്കിയെങ്കിൽ ഞാൻ ഇവിടെ എന്റെ ഹൃദയത്തിൽ തട്ടി ക്ഷമ ചോദിക്കുന്നു. അഥവാ വൈകാരിക വേലിയേറ്റം ഉണ്ടാവുമെന്ന് സംശയം ഉണ്ടെങ്കിൽ നേരെ ചുവടെയുള്ള കവിതയുടെ ഭാഗത്തേക്ക് പോകാം. തെറ്റുകളൊന്നും പറയുന്നില്ല എന്ന ഉത്തമബോദ്ധ്യത്തോടെ....]

2013 ജൂലായിലെ ആദ്യത്തെ വാരം ഒരു പ്രഭാതത്തിൽ എനിക്ക് ഫിലാഡൽഫിയയിലുള്ള എന്റെ ഭാര്യയുടെ ചെറിയച്ഛന്റെ സ്ഥാനത്തിരിക്കുന്ന ഒരു ബന്ധുവിന്റെ ഫോണ്‍ വന്നു. സന്ദേശം ഇതായിരുന്നു -  "ടെക്സാസിൽ താമസിക്കുന്ന എന്റെ നല്ല പാതിയുടെ ഒരു കസിന്റെ ഭർത്താവ് കുടുംബത്തോടൊപ്പം ഫ്ളോറിഡയിൽ ഒരു ചടങ്ങിനു പോയപ്പോൾ മിയാമി തീരത്തെ ഉല്ലാസത്തിനിടയിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടിരിക്കുന്നു. നമുക്ക് എന്ത് ചെയ്യാൻ പറ്റും?" ഫേസ്ബുക്ക്‌ തുറന്നു നോക്കിയപ്പോൾ മറ്റു ചില ബന്ധുക്കളിൽ നിന്ന് ഒന്ന് രണ്ടു സ്വകാര്യ സന്ദേശങ്ങളും, ഫോണിൽ ഒരു മിസ്സ്ഡ് കാളും ഇതിനോടനുബന്ധിച്ച് കണ്ടു. ആ സന്ദേശങ്ങളിൽ ഉടനെ അവരുമായി ബന്ധപ്പെടാൻ അഭ്യർത്ഥിച്ചിരിക്കുന്നു.

ഇങ്ങനെ ഒരു കസിൻ എന്റെ ഭാര്യക്ക്  ടെക്സാസിൽ ഉണ്ടെന്നു എനിക്കറിയാമായിരുന്നെങ്കിലും അവരുടെ ചില കുടുംബാംഗങ്ങളെയും അറിയാമെങ്കിലും ഈ പറയുന്ന കസിനുമായി ഒരു തരത്തിലുള്ള വാർത്താവിനിമയങ്ങളും എനിക്കോ എന്റെ ഭാര്യക്കോ ഉണ്ടായിരുന്നില്ല. അവരുമായി പറയത്തക്ക തരത്തിലുള്ള ഒരു അകൽച്ചയും  ഇല്ലാതിരുന്നതുകൊണ്ട്‌ ബന്ധപ്പെടാതിരിക്കാനുള്ള കാരണവും അജ്ഞാതമായിരുന്നു. ഞങ്ങൾ ഫ്ളോറിഡയിൽ താമസിക്കുന്ന കാലത്ത് അവിടേക്ക് റോഡ്‌ മാർഗ്ഗം പോകുവാൻ താല്പര്യപ്പെട്ടെങ്കിലും നടന്നിരുന്നില്ല. ഭാര്യയുടെ ഈ കസിന്, പള്ളിക്കൂടത്തിൽ പഠിക്കുന്ന മിടുക്കരായ രണ്ടു കുഞ്ഞുങ്ങളാണ്. മരിച്ച അദ്ദേഹം, ഈ മൂന്നു പേരെയും ഒരു സന്നിഗ്ദ്ധഘട്ടത്തിലാക്കിയാണ് അദ്ദേഹത്തിന്റെ വൈകിയ നാൽപതുകളിൽ യാത്രയായത്.

അകാലത്തിൽ പൊലിഞ്ഞു പോയ ആ ദേഹത്തെ ഞാൻ എന്റെ ജീവിതത്തിൽ ഇതുവരെ കണ്ടിട്ടില്ല. മേല്പറഞ്ഞ പ്രകാരം എനിക്ക് മരണ വിവരവും വച്ചു ഫോണ്‍ വന്നപ്പോൾ എന്ത് ചെയ്യണം എന്ന ഒരു ശങ്കയിൽ ഇത്തിരി നേരം തരിച്ചിരുന്നു. കാരണം മറ്റൊന്നും അല്ല, ഒന്നാമത് എനിക്ക് കിട്ടിയ കസിന്റെ മൊബൈൽ അക്കത്തിൽ എങ്ങനെ വിളിക്കും എന്ന ചിന്ത, പിന്നെ വേറെ കിട്ടിയ അവരുടെ ഒരു ചങ്ങാതിയുടെ ഫോണിൽ വിളിച്ച്, ഞാൻ ഈ മരിച്ചു പോയ ആളുടെ ഭാര്യയുടെ കസിന്റെ ഭർത്താവാണെന്ന് പറഞ്ഞാൽ, ഈ പറയുന്ന ഒരു കസിനെപ്പറ്റി ഇതുവരെ കേട്ടിട്ടില്ലല്ലോ എന്ന് ആ സുഹൃത്ത് ശങ്കിക്കുമോ എന്ന ആശങ്ക.  ഈ ആശങ്ക കാരണം ഞാൻ നമ്മുടെ ഫിലാഡൽഫിയ ബന്ധുവുമായി സംസാരിച്ചു. നിർഭാഗ്യവശാൽ അദ്ദേഹത്തിനും ടെക്സാസ് ബന്ധുവുമായി സമ്പർക്കം ഉണ്ടായിരുന്നില്ല. അങ്ങനെ നമ്മൾ രണ്ടുപേരും ഒരേ തോണിയിലെ ആൾക്കാരായി.

എന്തായാലും ഇതിപ്പോ ശങ്കിച്ച് മൂഡ്ഡനായി ഇരിക്കേണ്ട ഒരു ഘട്ടമല്ലല്ലോ. അങ്ങനെ ഒടുക്കം ഞാൻ അവരുടെ സുഹൃത്തിന്റെ ഫോണ്‍ നമ്പരിൽ ബന്ധപ്പെട്ട് വിവരങ്ങൾ തിരക്കി (ഇതേ സമയം ഫിലാഡൽഫിയ ബന്ധുവും വളരെ തീവ്രതയിൽ ടെക്സാസിലെ ആൾക്കാരുമായി ബന്ധപ്പെടുന്നുണ്ടായിരുന്നു). മരണം അമേരിക്കയിൽ ആയതിനാൽ ഇനി എന്ത് എന്ന ചോദ്യം എന്നെ വീണ്ടും അലട്ടി. കാരണം ഇവിടെ ഒരു മരണശേഷമുള്ള നിയമ നടപടികൾ സുതാര്യമാണെങ്കിലും സങ്കീർണമാണ്. ഈ സങ്കീർണത ഒക്കെ ഈ സുഹൃത്തുക്കൾ എന്ന് പറയുന്നവർ സമയം എടുത്തു കൈകാര്യം ചെയ്യുമോ, രണ്ടു കൊച്ചു കുഞ്ഞുങ്ങളും ഭാര്യയും അടങ്ങുന്ന എന്റെ കുടുംബത്തെ ഇങ്ങു ദൂരെ മേരിലാൻഡിൽ  (മേരിലാൻഡിൽ നിന്നും ടെക്സാസിൽ എത്താൻ വിമാനത്തിൽ നാല് മണിക്കൂർ സമയം വേണം.) വിട്ടിട്ട് ഞാൻ ഫ്ളോറിഡയിൽ പോകണോ അതോ ടെക്സാസിൽ പോകണോ അതോ അവരെ എല്ലാവരെയും കൂട്ടിപ്പോകണോ എന്നൊക്കെയായി എന്റെ ചിന്ത. മാത്രവുമല്ല, കൂട്ടിപ്പോയാൽ മാത്രം പോരല്ലോ, ഈ ഒരു സമയത്ത് പിള്ളാരെയും കൊണ്ട് അവരുടെ വീട്ടിൽ അല്ലെങ്കിൽ ഹോട്ടലിൽ അതും അല്ലെങ്കിൽ അവരുടെ സുഹൃത്തുക്കളുടെ വീടുകളിൽ താമസിക്കുന്നത് അനുചിതമാകുമെന്നു കരുതി. പിള്ളാർക്ക് സംഭവത്തിന്റെ തീവ്രത ഒന്നും അറിയില്ലല്ലോ.

എന്തായാലും എന്റെ കുട്ടികളെ ഒരു ഇവിടെ(മേരിലാൻഡിൽ) ഒരു സുഹൃത്തിന്റെ വീട്ടിൽ ആക്കിയിട്ട് ടെക്സാസിലുള്ള ആളുടെ കസിനായ എന്റെ ഭാര്യയേയും കൂട്ടി ടെക്സാസിൽ പോകാം എന്ന് ആദ്യം തീരുമാനിച്ചു, കാരണം എന്റെ ഭാര്യക്ക് കുറഞ്ഞത്‌ അവളുടെ കസിനെ അറിയാമല്ലോ.  ഒപ്പം ഫിലാഡൽഫിയയിലുള്ള ബന്ധുവിനെയും വിളിച്ചു. അവരും വരാൻ തയ്യാറായി. പക്ഷെ വീണ്ടും സംശയങ്ങൾ  ബാക്കി കിടന്നു. ഇവിടെ കുട്ടികളെ ഒന്നുരണ്ടു ദിവസത്തേക്ക് വേറൊരു സുഹൃത്തിന്റെ വീട്ടിൽ ആക്കിയിട്ടു പിന്നെ അത് നീണ്ടുപോയാലോ? അവരുടെ പല്ലുതേപ്പ്, കുളി, സ്കൂൾ, മുതലായവ ... എല്ലാം അവര് നോക്കുമെങ്കിലും യാത്ര നീണ്ടുപോയാൽ പ്രശ്നമാവില്ലേ? തിരക്കിട്ട ചർച്ചകൾ .... ഇനി അധികം ചിന്തിക്കാനൊന്നും വയ്യ,  അവസാനം തീരുമാനിച്ചു ആണുങ്ങൾ മാത്രം പോകാം. ഫ്ളോറിഡയിൽ  പോകേണ്ട എന്ന് കസിന്റെ സഹൃത്തുക്കൾ ആവശ്യപ്പെട്ട പ്രകാരം നമ്മൾ ടെക്സാസിലേക്ക് പോകാൻ ടിക്കറ്റ്‌ എടുത്തു. അപ്പഴേക്കും അറിഞ്ഞു ഈ മരണപ്പെട്ട ആളിന്റെ പെങ്ങളും കുടുംബവും അവരുടെ വീടിനടുത്ത് തന്നെ ഉണ്ട്. മാത്രവുമല്ല വേറൊരു വളരെ അടുത്ത ബന്ധു ആസ്ട്രേലിയയിൽ നിന്നും എത്തുന്നുണ്ട് എന്ന്. അതോടെ നമുക്ക് വളരെ സമാധാനമായി.

അങ്ങനെ ഞാനും ഫിലാഡൽഫിയ ബന്ധുവും രണ്ടു വിമാനങ്ങളിൽ ഏകദേശം ഒരേ സമയം ടെക്സാസിൽ എത്തിച്ചേർന്നു. അതിനും മുന്നേ ഭാര്യയുടെ കസിനും സുഹൃത്തുക്കളും ഫ്ളോറിഡയിൽ നിന്ന് ടെക്സാസിലെ അവരുടെ വീട്ടിൽ എത്തിച്ചേർന്നിരുന്നു. ഞങ്ങൾ ഹോട്ടലും റെന്റൽ കാറും മുന്നേ തന്നെ ബുക്ക്‌ ചെയ്തിരുന്നു. സമയം അർദ്ധരാത്രി കഴിഞ്ഞത് കാരണം നമ്മൾ രണ്ടുപേരും നേരെ ഹോട്ടലിലേക്ക് പോയി. പിറ്റേന്ന് അതിരാവിലെത്തന്നെ ഞങ്ങൾ അവരുടെ വീടിലേക്ക്‌ പോയി. അപ്പഴേക്കും മരിച്ചിട്ട് ഒരാഴ്ച ആവാറായിരുന്നു. ഞങ്ങൾ രണ്ടു പേരും കൂടി എന്റെ ഭാര്യയുടെ കസിനെ പോയിക്കണ്ടു. ഈ സന്ദർഭത്തിൽ എന്ത് സംസാരിക്കാനാണ്? ദുഃഖം പങ്കുവെക്കുവാനല്ലാതെ വേറെ ഒന്നും സാദ്ധ്യമല്ലാത്ത പരിസരം.

ആ ദിവസം തന്നെ മൃതശരീരം ടെക്സാസിലെ വീടിനടുത്തുള്ള ഫ്യുനറൽ ഹോമിൽ എത്തിച്ചേർന്നു. അന്ന്, മരിച്ച അദ്ദേഹത്തിന്റെ സഹധർമിണിക്കും വളരെ അടുത്ത ആൾക്കാർക്കും വേണ്ടി ഒരു 'പ്രൈവറ്റ് വ്യൂയിംഗ്' ഏർപ്പെടുത്തിയിരുന്നു. വീട്ടിലെ രംഗവും ഫ്യുനറൽ ഹോമിലെ രംഗങ്ങളും സത്യം പറഞ്ഞാൽ എന്റെ ചിന്തകൾക്ക് അതീതമായിരുന്നു. കുടുംബം എന്നൊക്കെ പറഞ്ഞു ഏകദേശം പത്തുപേർ മാത്രം, ബാക്കി ഒക്കെ അവരുടെ പരിചയക്കാരും സുഹൃത്തുക്കളുമാണ്‌. 

ഈ പരിചയക്കാർ എന്ന് പറയുന്നവരുടെ വികാര പ്രകടനങ്ങളും അവരുടെ, കാര്യങ്ങൾ ചെയ്യുവാനുള്ള ശുഷ്കാന്തിയും ഈ കുടുംബത്തിന്റെ ഭാവിക്ക് വേണ്ടി ഉള്ള അവരുടെ കരുതലും പദ്ധതികളും ഒക്കെത്തന്നെ എന്നെ ഇരുത്തി ചിന്തിപ്പിച്ചു. ഈ മറുനാട്ടിൽ നമ്മുടെ നാട്ടിൽ ചെയ്യുന്നതിനേക്കാൾ കൂടുതൽ ഇവരൊക്കെ ചെയ്യുന്നു. ഞാൻ എന്റെ ജീവിതത്തിൽ ആ നിമിഷം വരെ പരിച്ചയിച്ചതിനെക്കാളും കേട്ടറിഞ്ഞതിനെക്കാളും എത്രയോ ഉന്നതിയിലായിരുന്നു ഈ മറുനാടാൻ മലയാളികൾ. ഇതിനു നേതൃത്വം കൊടുക്കുന്ന ആൾക്കാരാകട്ടെ, അവർ ഭൂമിയോളം താണിരിക്കുന്നത് പോലെ തോന്നി. അവരുടെ ചലനങ്ങൾ, പ്രവർത്തികൾ, വികാരവായ്പുകൾ, കണ്ണുനീരുകൾ ഇവയിൽ സത്യസന്ധതയുടെ, ആത്മാർഥതയുടെ, ബന്ധം എന്ന് പറയുന്ന ബന്ധത്തിന്റെ കണികകൾ ഓരോ തണുവിലും മുറ്റിനിന്നിരുന്നു. ഞാൻ കുറച്ചെങ്കിലും പ്രതീക്ഷിച്ചിരുന്ന ഒരു തരം യാന്ത്രികതയുടെ ഒരു കണിക പോലും അവിടെ കാണാൻ ഇല്ലായിരുന്നു.ബന്ധുക്കൾ എന്ന പേരിൽ അവിടെയെത്തിയ ഞങ്ങൾ രണ്ട്പേർക്കും അവിടെ സത്യത്തിൽ ഒന്നും ചെയ്യുവാനുണ്ടായിരുന്നില്ല, വെറും കാണികൾ മാത്രമായിരുന്നു. എല്ലാ ചടങ്ങുകളും ആവുന്ന രീതിയിൽ വളരെ ഗംഭീരമായി അവർ നടത്തുന്നത് കണ്ടപ്പോ, മനസ്സിന്റെ മൂലയിൽ ചിന്തകളുടെ ഒരു വേലിയേറ്റമായിരുന്നു. രണ്ടു ദിവസത്തിൽ കൂടുതൽ അവധി എടുക്കാൻ മനസ്സില്ലാതിരുന്ന ഞാൻ, അവിടെ കണ്ടത് ഒരാഴ്ചയായി ജോലിക്ക് പോകാത്ത ഒരു മണിക്കൂറിലധികം ഉറങ്ങാത്ത ഒരു പറ്റം സുഹൃത്തുക്കളെയായിരുന്നു. ഉറക്കമൊഴിച്ച് സ്ത്രീകൾ എന്റെ ഭാര്യയുടെ കസിന് രാവും പകലും കൂട്ടിരുന്നു, ആ വീട്ടിലെ കാര്യങ്ങൾ നോക്കി നടത്തി. കസിന്റെ കുട്ടികളുടെ കാര്യങ്ങൾ കണ്ടറിഞ്ഞു ചെയ്തു. അന്തരിച്ച അദ്ദേഹവുമായുള്ള ആ കൂട്ടുകാരുടെ സൌഹൃദത്തിന്റെ ആഴം ഞാൻ അവിടെയുണ്ടായിരുന്ന ഓരോ നിമിഷവും അനുഭവിച്ചറിയുകയായിരുന്നു. ഞങ്ങളുടെയോ നാട്ടിലുള്ളവരുടെയോ നേരിട്ടുള്ള ഒരു ആവശ്യവും ഈ സന്തപ്ത കുടുംബത്തിന് ആവശ്യമില്ലെന്ന് ഈ സുഹൃത്തുക്കളുടെ കൂട്ടായ്മ കണ്ടപ്പോൾ എനിക്ക് തോന്നിപ്പോയി.

ഞാൻ അവിടെ കുറെ പേരുമായി സൗഹൃദം ഉണ്ടാക്കുകയും അതിൽ കുറേപെരോട്   അടുത്തിടപഴകുകയും ചെയ്തത് ഒരു ഭാഗ്യമായി കരുതുന്നു. എന്തായാലും ബന്ധം, സ്വന്തം എന്നൊക്കെ പറയുന്നതിന്റെ കാതൽ, രക്തബന്ധത്തിനുമപ്പുറം ഓരോരുത്തരും തമ്മിൽ എങ്ങനെ ബന്ധപ്പെടുന്നു, ഏത് രീതിയിൽ ബന്ധപ്പെടുന്നു എന്നതിലാണ് ഇരിക്കുന്നത് എന്ന് എന്റെ മനസ്സിൽ ഒന്ന് കൂടി ഊട്ടിയുറപ്പിക്കുന്നതായിരുന്നു ആ സന്ദർഭം.

എല്ലാവരും ഫ്യുനറൽ ഹോമിൽ  മരണപ്പെട്ട ആളുടെ സ്വകാര്യ ദേഹദർശനം നടത്തുന്ന സമയത്ത് എന്റെ മനസ്സ് ഇങ്ങനെ ഒരുതരം വല്ലാത്ത ചിന്തകളിലൂടെ കടന്നുപോകുകയായിരുന്നു. ആ സമയത്ത് എന്റെ തൂലിക അറിയാതെ ചലിച്ചപ്പോൾ (ഐഫോണിൽ കോറിയിട്ടത്‌) ഉണ്ടായതാണ് താഴെക്കാണുന്ന കവിത. എല്ലാവർക്കും മറ്റുള്ളവരുമായി നല്ല ബന്ധങ്ങൾ ഉണ്ടാവട്ടെ.



ജീവിച്ചിരിക്കുമ്പഴോ കണ്ടില്ല
മരിക്കുമ്പഴോ കണ്ടില്ല
മരിച്ച ശേഷവും കണ്ടില്ല
കണ്ടതോ, ശാന്തമായുള്ളോരു പ്രേതഭാവം

ഇനി നിന്റെയാത്മാവിനെയടുത്തൊന്നു കാണുവാൻ
ഞാനും മരിച്ചിട്ട് മണ്ണടിയേണമോ

സ്നേഹത്തിൻ തീവ്രതയളന്നിട്ടു നോക്കുവാൻ
മരണം നല്ലൊരു മുഴക്കോല് തന്നെയോ
കൂടെയുള്ലോരെ കാര്യം പഠിപ്പിക്കാൻ
മരണം നല്ലൊരു മാർഗ്ഗം തന്നെയോ

മൃത്യുവെ പുല്കിടും നേരത്ത് നിന്നുടെ
രോമകൂപങ്ങൾ എഴുന്നേറ്റു നിന്നുവോ
യമരാജരാജ്യം കണ്ടൊരു നേരത്ത്
മാതൃരാജ്യത്തെ മറന്നിട്ടു വെച്ചുവോ

സ്വന്തം പിതൃക്കളെ പിന്നിലാക്കിക്കൊണ്ട്
മുന്നിലെത്തുമ്പോൾ ഭാവം അഹന്തയോ
നല്ലപാതിക്കിട്ടു ഭാണ്ഡം കൊടുത്തിട്ട്
മുകളിൽ കയറി ചിരിച്ചിട്ട് നോക്കയോ

ബാല്യത്തിൽ തന്നെ സ്വന്തം കിടാങ്ങളെ
പ്രാപ്തരാക്കീടുവാൻ മാര്ഗ്ഗം മരണമോ
ത്യാഗിയാണെന്നൊരു ഭാവമുണ്ടോ നിനക്കിതു
ഭാഗ്യമാണെന്നൊരു വിചാരമുണ്ടോ

എന്നിരുന്നാലും നീയൊന്നു ചൊല്ലിടൂ
പുനർജ്ജന്മ പാഠം പഠിച്ചിട്ട് വന്നുവോ
പാഠം പഠിച്ചാൽ നിഴലായി നിന്നിട്ട്
മാർഗ്ഗനിർദ്ദേശം കൊടുത്ത് നയിക്കുമോ

അതുമല്ലയെങ്കിൽ നല്ലൊരു പാതിയെ
കൂടെയിരുത്തി കൂട്ടീട്ടു പോകുമോ
അതും പോരാഞ്ഞിട്ട് സ്വന്തം ചോരയിൽ
കാളകൂടം കുടഞ്ഞിട്ടിട്ടു പോകുമോ

നിന്നുടെ സഹൃദയസംഘബന്ധങ്ങളെ കണ്ടിട്ടെ-
ന്മനമെന്തേ കുളിര് കോരി
എന്നിട്ടുമെന്തേ കണ്ണുനീരാലെൻ
നയനം നിറഞ്ഞു കവിഞ്ഞൊഴുകി
തോഴരാൽ തീർത്തൊരു മിഴിനീരുഹാരത്തി-
ലറിയാതെ ഞാനും നീര് വീഴ്ത്തി

ഈ സ്നേഹബന്ധനം അതിഭാഗ്യമാണെടോ
കാണില്ലയധികം മാനവരീവിധം

നീ പോയ ദുഃഖം മനസ്സിലുണ്ടെങ്കിലും
ഭാവിയേപ്പറ്റിയറിഞ്ഞു കൂടെങ്കിലും
സ്വയമായി  മനമില്ല വെടിയുവാൻ പ്രാണനെ
ജീവിച്ചു തീർക്കുവാൻ ആയിരമാഗ്രഹം

കാത്തു നിൽക്കൂ നീ കുറച്ചു കൂടി
ഞാനും  വന്നിടാം വൈകിടാതെ
അതുവരെ ഈയൊരു ഗാനം പഠിച്ചിടൂ
ഒരുമിച്ചു പാടിടാം വന്നശേഷം


******

2014 ജൂൺ 16, തിങ്കളാഴ്‌ച

ദമ്പതിനൃത്തം (Couple Dance)

ആംഗലേയ വര്ഷം 2013 ലെ ക്രിസ്തുമസ് പരിപാടിയിലേക്കായി ഞങ്ങൾ കൂട്ടുകാർ (ദമ്പതികൾ) ചെയ്ത ചുവട് വെപ്പുകൾ:



നേരിട്ട് യുട്യൂബിൽ കാണാം

അംഗങ്ങൾ:
ശ്രീജിത്ത്‌ നമ്പ്യാർ & പ്രതിഭ
സജു കുമാർ & ദിലീന
പ്രബീഷ് പിള്ള & പ്രിയ പിള്ള
മാത്യു & ദീപ്തി
വേണുഗോപാലൻ & ജിഷ 

2014 മേയ് 29, വ്യാഴാഴ്‌ച

ഒരു നഗ്നയോട്ടം

ശ്രീ 

ഒരു നഗ്നയോട്ടം എന്നൊക്കെ കേൾക്കുമ്പോൾ, കേൾക്കാൻ ഒരു രസം ഉണ്ടല്ലേചില ആണുങ്ങൾക്ക്, ഓടിയത് ഒരു പെണ്ണായിരിക്കുമോ എന്നൊരു സംശയം കൂടി ചിലപ്പോൾ ജനിച്ചേക്കാം. ആണുങ്ങളുടെ കുളിര് കോരിയ, സ്വാഭാവികമായ അത്യാഗ്രഹമായിത്തന്നെ അതങ്ങനെയങ്ങ് കിടക്കട്ടെ. 

ഒരു ഭംഗിയേറിയ ഗ്രാമപ്രദേശത്താണ് എന്റെ വീട്. ഈ വീട്ടിലേക്ക് ഞങ്ങൾ താമസിക്കാൻ വരുമ്പോൾ എനിക്ക് ഏകദേശം എട്ട് വയസ്സ് പൂർത്തിയായിക്കാണും. അമ്മയുടെ കുടുംബത്തിന്റെ ആരൂഡ്ഡമായ ഈ തറവാട്, കൂട്ട് കുടുംബപ്രകാരം ഭാഗം കഴിഞ്ഞപ്പോൾ, ഞങ്ങൾക്കായിരുന്നു അവിടെ കയറിത്താമാസിക്കാനുള്ള 'ഭാഗ്യം' കിട്ടിയത്. അതുവരെ ഞങ്ങൾ, ഞങ്ങളുടെ അച്ഛന്റെ വീട്ടിലായിരുന്നു താമസം.

പക്ഷേ ആദ്യമാദ്യം, ആ വീടുമാറ്റം എനിക്ക് ഒട്ടും പിടിച്ചിട്ടുണ്ടായിരുന്നില്ല. കാരണം, വൈദ്യുതിയൊന്നും ഉണ്ടായിരുന്നില്ലെങ്കിലും ഒരുവിധം നല്ല സൗകര്യം ഉണ്ടായിരുന്ന വീടായിരുന്നു അച്ഛന്റെത്. ഈ അമ്മയുടെ തറവാടാണെങ്കിൽ ഒരു പഴയ ഓലമേഞ്ഞ രണ്ടു നിലക്കെട്ടിടം. അകത്താണെങ്കിൽ കൂനാക്കൂരിരുട്ട്, ജനാലകൾ തീരെ ചെറുത്‌, പൊട്ടിപ്പൊളിഞ്ഞ മച്ച്, ചോരുന്ന മേൽക്കൂര, കുണ്ടും കഴിയുമൊക്കെയുള്ള തറ, വീടിന് ചുറ്റും കാട്. ഇരുട്ട് കാരണം, അകത്തു കയറാൻ ഞങ്ങൾ കുട്ടികൾക്ക് ഭയങ്കര പേടിയായിരുന്നു. അകത്തുകയറിയാൽ ഒരു അഞ്ച് മിനുട്ടിന് ശേഷം പതുക്കെ, കുറച്ചൊക്കെ നമുക്ക് കാണാൻ സാധിക്കുമായിരുന്നു. നിലത്ത് പായ വിരിച്ച് രാത്രി ഉറങ്ങാൻ കിടന്നാൽ, രവിലെയാവുമ്പഴേക്കും പായയുടെ പകുതി ചിതൽ തിന്നിരിക്കും. ആഴ്ചയിലൊരിക്കലെങ്കിലും വല്ല തേളോ, പഴുതാരയോ, കുമ്പളപ്പാറ്റയോ നമ്മളെ കുത്തിയിരിക്കും. രാത്രിയായാൽ കടവാതിലുകൾ പേടിപ്പെടുത്തി വീട്ടിനുള്ളിൽ പറക്കുന്നുണ്ടാകും. രാത്രി ഒന്നും രണ്ടും സാധിക്കണമെങ്കിൽ ചൂട്ട് കത്തിച്ച് പറമ്പിലേക്കിറങ്ങണം. തെക്കുഭാഗത്ത്‌ കാട് പിടിച്ചിരിക്കുന്ന കുടുംബ ശ്മശാനം. ഇങ്ങനെയൊക്കെയായിരുന്നാൽ നമ്മൾ പേടിക്കാതിരിക്കുമോ?

ഇതൊന്നും പോരാഞ്ഞ് വീട്ടിന്റെ തെക്കുഭാഗത്തൊരു ഗുരുകാരണവ-പരദേവതാ സങ്കല്പവും. ഉടവാളും പീഠങ്ങളുമൊക്കെയായി ആണ്ടിൽ ഒരിക്കൽ മാത്രം തുറക്കുന്നതും മറ്റുള്ള സമയത്ത് അടഞ്ഞു കിടക്കുന്നതുമായ  ഒരു ഇരുട്ടു മുറി. ഈ സങ്കൽപം കാരണം, അങ്ങനെ ചെയ്യരുത് ഇങ്ങനെ ചെയ്യരുത് എന്നൊക്കെയുള്ള കുറേ നിബന്ധനകൾ. സ്ത്രീകൾക്കാണെങ്കിൽ (വീട്ടുകാരി ആയതിനാൽ പ്രത്യേകിച്ച് അമ്മക്ക്) അവരുടെ മാസമുറ സമയത്ത് കിഴക്കുഭാഗത്തും തെക്കുഭാഗത്തും പോകാൻ പാടില്ല. മാത്രവുമല്ല, കിണറിൽ നിന്ന് വെള്ളം എടുക്കരുത്, പാചകം ചെയ്യരുത്, പശുവിനെ കറക്കരുത് എന്നൊക്കെയുള്ള കുറേ ചട്ടവട്ടങ്ങൾ. ഈ ചട്ടവട്ടങ്ങൾ കാരണം ഞാൻ പതുക്കെ ഈ സങ്കല്പ്പത്തെ മനസ്സിൽ വെറുക്കാൻ തുടങ്ങി. മാസത്തിലൊരിക്കൽ അമ്മക്ക് രണ്ടു മൂന്നു ദിവസത്തേക്ക് ഈ പറഞ്ഞ അയിത്തങ്ങൾ ഉള്ളത് മൂലം, ഞങ്ങൾക്ക് ഭാരിച്ച ഉത്തരവാദിത്തങ്ങളുണ്ടായിരുന്നു. ഇതൊക്കെ കാരണം ഞാൻ ഈ പുതിയ സ്ഥലത്തെ  കൂടുതൽ വെറുത്തു.

പക്ഷേ ദിവസങ്ങൾ കഴിയുന്തോറും, ഞാൻ, പതുക്കെ പതുക്കെ ആ പുതിയ സ്ഥലം ഇഷ്ടപ്പെട്ടു തുടങ്ങി. കാരണം, രണ്ടേക്കറോളം മുഴുവൻ കാട് പിടിച്ചു കിടക്കുന്ന ഒരു സ്ഥലമായിരുന്നു അത്. അവിടെയാണെങ്കിൽ ഇല്ലാത്ത മരങ്ങളില്ല... രണ്ടു വലിയ പുളി മരങ്ങളും, വാകയും, പനയും, ആ നാട്ടിൽ മറ്റു വീട്ടുപറമ്പുകളിലില്ലാത്ത മരങ്ങളൊക്കെ നമ്മുടെ വീട്ടുപറമ്പിലുണ്ടായിരുന്നു. അത് മാത്രമോ? പല തരത്തിലുള്ള പക്ഷികളും മറ്റു ജീവികളും. കുറുക്കൻ, കീരി, വിവിധ തരം പാമ്പുകൾ, കാട്ടുകോഴി, കാലൻകോഴി, വലിയ വവ്വാലുകൾ, വലിയ എട്ടുകാലികൾ, തേളുകൾ, പഴുതാരകൾ, പെരുച്ചാഴികൾ, മുള്ളൻ പന്നികൾ എന്ന് വേണ്ട, അത് വരെ ഞാൻ കണ്ടിട്ടില്ലാത്ത പലതരം ജീവികൾ. ജീവികളെയും പ്രകൃതിയെയും ഇഷ്ടപ്പെട്ടിരുന്ന എനിക്ക് വേറെ എന്ത് വേണം

നമ്മുടെ പൊട്ടിപ്പൊളിഞ്ഞ കിണറിൽ ഒരു പാമ്പ് സ്ഥിരം താമസക്കാരനായിരുന്നു. അവനും പുറത്തുള്ള അവന്റെ ചില കൂട്ടുകാരും കൂടി  ചിലപ്പോ നമ്മുടെ വീട്ടിനുള്ളിൽ പരിശോധനക്ക് വരും. നമ്മളെ പരിശോധിക്കാനല്ല, പക്ഷെ വീട്ടിനുള്ളിലെ പത്തായത്തിനടിയിലും നെല്ലറക്കടിയിലും ഒക്കെ തവളകൾ ഉണ്ടോ എന്ന് അന്വേഷിക്കാനായിരുന്നു അവരുടെ വരവ്. നമ്മുടെ ഇരുട്ട് പിടിച്ച മുറിക്കുള്ളിലെ പത്തായത്തിനടിയിലും നെല്ലറക്കടിയിലും ഒക്കെ കറുപ്പും ചെമപ്പും കലർന്ന നിറത്തിലുള്ള തവളകൾ സ്ഥിരം താമസക്കാരായിരുന്നു. ചാണകം തേച്ച തറയായതിനാൽ വേനൽക്കാലത്തും നല്ല കുളിര് അവറ്റകൾക്ക് കിട്ടിയിരുന്നു കാണും. മാത്രവുമല്ല, പറക്കുന്ന വലിയ കൂറകളുടെയും, കട്ടുറുമ്പുകളുടെയും താവളവും പത്തായത്തിനടിയിലായതിനാൽ ശാപ്പാടിനും പഞ്ഞം ഉണ്ടായിക്കാണില്ല. സന്ധ്യാസമയത്ത് ഈ തവളകളെല്ലാം ജാഥയായി പുറത്തേക്ക് ചാടിപ്പോകും. അറിയാതെയോ മറ്റോ അവറ്റകളുടെ മേലെ കാല് വച്ചുപോയാൽ അധോവായു പൊട്ടി പുറത്ത് പോകുന്ന പോലെ ഒരു ശബ്ദം കേൾക്കാമായിരുന്നു. 

എന്തായാലും, ഈ തവളകളെ പിടിക്കാൻ വരുന്ന പാമ്പുകൾ മറ്റു ഉപദ്രവങ്ങളൊന്നും ചെയ്തിരുന്നില്ല. അവർക്ക് അവരുടെ പണി, നമുക്ക് നമ്മുടെ പണി എന്ന മട്ടായിരുന്നു. എന്നാലും വളരെ അടുത്തുള്ള ലോഹ്യമോന്നും നമ്മൾ തമ്മിലുണ്ടായിരുന്നില്ല താനും. കർക്കിടകക്കൊത്തും തുലാക്കൊത്തും ഒന്നും നമ്മുടെ പറമ്പത്ത് ഇല്ലാത്തതുകൊണ്ട് ഈ പറഞ്ഞ ജീവികൾക്കൊക്കെ ഒരു സ്വർഗ്ഗമായിരുന്നു നമ്മുടെ പറമ്പ്. 

അങ്ങനെ ഞങ്ങൾ, എന്ന് വച്ചാൽ ഞാനും എന്റെ മൂന്ന് അനുജന്മാരും ആ തറവാട് വീട്ടിലെ  പറമ്പിൽ ആടുകൾക്ക്  തൊട്ടാവാടി പറിച്ചു കൊടുത്തും കോഴിക്കുഞ്ഞുങ്ങൾക്ക് കാവലിരുന്നും പശുക്കളെ മേച്ചും മരച്ചീനികളും വാഴകളും ഒക്കെ കൃഷി ചെയ്തും മറ്റും വളർന്നു. അതിലിടക്ക് വിദ്യാഭ്യാസം നമ്മൾക്ക് ആവുന്നപോലെ മുറക്ക് നടക്കുന്നുണ്ട്. വേനലവധിയായാൽ പിന്നെ നമ്മളൊക്കെ മാവിന്റെ മുകളിലും പ്ളാവിന്റെ മുകളിലും തന്നെയായിരിക്കും. പന്തല് കുത്തിയും, തൊണ്ട് വണ്ടികൾ ഉണ്ടാക്കിയും കശുവണ്ടി പെറുക്കിയുമൊക്കെ നമ്മൾ കൌമാരക്കാരായി.

ഞാൻ പത്താം തരമൊക്കെ കഴിഞ്ഞ് പ്രീ ഡിഗ്രീക്ക് പഠിക്കുന്ന സമയം. ആയിടക്ക് ഒരു വേനലാണ് സന്ദർഭം. നമ്മുടെ വീട് ഓലമേഞ്ഞതായിരുന്നു എന്ന് പറഞ്ഞല്ലോ. ആ വീട് മേയാനുള്ള ഓല മുഴുവൻ മടഞ്ഞിരുന്നത്‌ അമ്മ ഒറ്റക്കായിരുന്നു. നമ്മൾ നമ്മളാലാവും വിധം സഹായിക്കും. ഈ ഓല മടയാൻ ഒത്തിരി ചടങ്ങുകളുണ്ട്. ആദ്യം ഓല വെട്ടി ചീന്തിയെടുക്കണം. പിന്നെ ആ ഓല വെള്ളം ഒഴിച്ചോ തോട്ടിൽ മുക്കി വച്ചോ കുതിരാൻ വെക്കണം. എന്നിട്ടാണ് മടയാൻ എടുക്കുക. 

നമ്മൾ ഓല നനച്ചിരുന്നത്, വെള്ളത്തെ നല്ല രീതിയിൽ ഉപയോഗപ്പെടുത്തിക്കൊണ്ടായിരുന്നു. വേനലായതു കൊണ്ട് ഓല നനച്ചു വെള്ളം പാഴാക്കിയിരുന്നില്ല. ഓരോ മാവിന്റെ ചുവട്ടിലും തെങ്ങിന്റെ ചുവട്ടിലും മാറി മാറി ഓല വെച്ചു വെള്ളം ഒഴിക്കും. മരത്തിനും വെള്ളം കിട്ടും ഓലയും കുതിരും. ഈ സന്ദർഭങ്ങളിൽ ചിലപ്പോൾ, ചിലപ്പോളല്ല, അധികവും നമ്മൾ കുളിച്ചിരുന്നതും ഈ മരങ്ങളുടെ ചുവട്ടിൽ കുതിരാൻ വച്ചിരിക്കുന്ന ഓലയുടെ മുകളിൽ കയറിനിന്നുകൊണ്ടായിരുന്നു. കാട് പിടിച്ചിരിക്കുന്ന പറമ്പായതിനാലും അടുത്തൊന്നും വീടുകളില്ലാതിരുന്നതിനാലും ഈ കുളി നടക്കുന്ന മരച്ചുവട്ടിലൊന്നും കുളിമറ ഉണ്ടായിരുന്നില്ല. ആര് കാണാനാണ്? മാത്രമല്ല നമുക്ക് പ്രത്യേകിച്ച് ഒരു കുളിമുറിയും ഉണ്ടായിരുന്നില്ല എന്ന് തന്നെ പറയാം.  

നമ്മുടെ വീട്ടിൽ ഒരു പട്ടിയുടെ സ്വഭാവമുള്ള ഒരു പൂച്ചയുണ്ടായിരുന്നു. ചൊക്രു. എന്താ ഈ പട്ടിയുടെ സ്വഭാവമുള്ള പൂച്ച എന്നല്ലേ? പറയാം. നമ്മുടെ വീട്ടിൽ ഒരു പട്ടിയുണ്ടായിരുന്നു, ടിങ്കു. അവന്, അവനൊരു പട്ടിയാണെന്ന വിചാരം പോലും ഉണ്ടോയെന്നു സംശയമായിരുന്നു. നമ്മൾ പട്ടികൾക്കായി മാറ്റി വച്ച, അല്ലെങ്കിൽ പട്ടികൾ ചെയ്യും എന്ന് കരുതിയിരുന്ന ജോലികളൊന്നും അവൻ ചെയ്തിരുന്നില്ല. ഏതു സമയത്തും അവന്റെ വിഭാഗത്തിലുള്ള നാരീമണികളുടെ പിൻഭാഗം മണപ്പിച്ച് ഊര് തെണ്ടലായിരുന്നു അവന്റെ പണി. അതിലിടയ്ക്ക് ചിലപ്പോൾ നമ്മുടെ വീട്ടിലും കേറിവരും. കന്നിമാസമാണെങ്കിൽ അവൻ വീട്ടിൽ നിന്ന് നീണ്ട അവധിയിലായിരിക്കും. ഇതൊക്കെ കണ്ടിട്ടാവണം, നമ്മുടെ ചൊക്രു, ടിങ്കുവിന്റെ ജോലിയും ഏറ്റെടുത്തു.  ഈ ചൊക്രുവാണെങ്കിൽ, നമ്മുടെ വീട്ടിലേക്ക് ഇടവഴിയിൽ നിന്ന് കയറി വരുന്ന പടിക്കെട്ടിന്റെ ഒരു ഭാഗത്തായിട്ടാണ് കിടക്കുക. ആര് വീട്ടിലേക്ക് കേറിവരുമ്പോഴും ചൊക്രു മ്യാവൂ.. മ്യാവൂ ന്ന് കരയും. ചൊക്രു കരയുന്നത് കേട്ടാൽ നമുക്ക് മനസ്സിലാകും ആരോ വരുന്നുണ്ടെന്ന്. പിന്നെ നമ്മൾ പറമ്പിലൊക്കെ ഏത് കാര്യത്തിന് ഇറങ്ങിയാലും ചൊക്രുവും കൂടെ വരും. പക്ഷേ ഈ മാന്യനായ ചൊക്രു, വീടിരിക്കുന്ന പറമ്പ് വിട്ട് പുറത്തിറങ്ങില്ല.  അവന്റെ കൂട്ടുകാരിപ്പൂച്ചകൾ അവനെത്തേടി ഇങ്ങോട്ടാണ്‌ വന്നിരുന്നത്, അവന്റെ ഒരു ഗ്ളാമറേയ്...

അങ്ങനെ ഒരു ദിവസം, ഒരു വേനലിൽ, നമ്മുടെ പശുക്കളായ, കൂടപ്പിറപ്പുകളായ ചോക്കച്ചിയെയും വെള്ളച്ചിയെയുമൊക്കെ മേച്ച്‌ ഞാൻ വീട്ടിൽ മടങ്ങിയെത്തി. വെള്ളച്ചിയെ തെക്കുഭാഗത്തുള്ള പൊട്ടൻ പ്ളാവിന്റെ ചുവട്ടിലും ചോക്കച്ചിയെ പുളിമരത്തിന് ചുവട്ടിലും കെട്ടിയശേഷം എനിക്ക് ഒന്ന് കുളിക്കാൻ മോഹം തോന്നി. വൈകുന്നേരം ഒരു നാലോ അഞ്ചോ മണി ആയിക്കാണും. ഞാനൊരു  വലിയ തൊട്ടിയിൽ മുഴുവൻ വെള്ളം നിറച്ച് അതും തൂക്കി വീട്ടുപറമ്പിലെ വടക്ക് പടിഞ്ഞാറേ മൂലയിലുള്ള കുറ്റ്യാട്ടൂർമാവ് ലക്ഷ്യമാക്കി നടന്നു. അവിടുന്നാണ് ഇന്നത്തെ എന്റെ കുളി. അപ്പോ നമ്മുടെ ചൊക്രു അദ്ദേഹവും കുറുകുറുത്തുകൊണ്ട് എന്റെ കാലിന് ചുറ്റും, അവന്റെ പിൻഭാഗം മുഴുവൻ കാണിക്കുന്ന തരത്തിൽ വാലും പൊക്കിപ്പിടിച്ചിട്ട് എന്റെ കൂടെ നടക്കാൻ തുടങ്ങി. അധികം താമസിയാതെ ഞാനും ചൊക്രുവും വെള്ളവുമായി മാവിന്റെ ചുവട്ടിലെത്തി. 

ഇത്തിരി ശങ്ക തോന്നിയതിനാൽ നേരെ അടുത്തുള്ള നമ്മുടെ കുഴിക്കക്കൂസിൽ കയറി, വയറ് ഇത്തിരി കാലിയാക്കാൻ ശ്രമിച്ചു. അതിനു ശേഷം തിരിച്ചു വന്ന്, അടുത്തുണ്ടായിരുന്ന രണ്ടു മൂന്ന് ഉണക്ക തെങ്ങോലകൾ മാവിന് ചുറ്റും പേരിന് മറയായി കുത്തി നിറുത്തി. എന്നിട്ട് ജലാഭിഷേകത്തിന്നായി തയ്യാറെടുത്തു.  കുപ്പായവും കോണകവും തോർത്തും ഒക്കെ മാവിന്റെ ഒരു കൊമ്പിൽ തൂക്കിയിട്ടു. മാവിൽ പലയിടങ്ങളിലായി കൂട് കെട്ടിയിരുന്ന കടിയൻ ഉറുമ്പുകൾ കോണകത്തിൽ കയറിക്കൂടി, ആക്രമണോത്സുകരായി എന്റെ വീട്ടിലേക്ക് വരുമോ എന്ന പേടി എനിക്കുണ്ടായിരുന്നു. എന്നാലും ശങ്കകളൊക്കെ മാറ്റി വച്ച് പതുക്കെ നീരാട്ട് തുടങ്ങി.

ഈ സമയം നമ്മുടെ ചൊക്രു, ഇടക്കിടെ, അവിടെയും ഇവിടെയും ഒക്കെ അവന്റെ നീളൻ വാല് പൊക്കി പിന്നാമ്പുറത്തൂടെ ജലധാരാപ്രയോഗം ചെയ്യുന്നുണ്ട്. ഞാൻ ഒന്ന് രണ്ട് കപ്പ്‌ വെള്ളം ദേഹത്ത് ഒഴിച്ചു കാണും. ആ സമയം എവിടെ നിന്നാണെന്നറിയില്ല, ഒരു എലി, ഒരു മിന്നായം പോലെ എന്റെ മുന്നിലൂടെ ഓടിവന്ന് ഞാൻ കുളിക്കുന്ന മാവിന്റെ തൊട്ടടുത്തുണ്ടായിരുന്ന കുളിരുമാവിന്റെ മോളിലക്ക് ഓടിക്കേറി. ഇത് കാണേണ്ട താമസം, നമ്മുടെ ചൊക്രുവും അവന്റെ ജലധാരാപ്രയോഗം പെട്ടന്ന് നിർത്തിയിട്ട്, എലിയെപ്പിടിക്കാൻ  ഓടി കുളിര് മാവിൽ കേറി. ഞാൻ, ഒരു ചലച്ചിത്ര സംഘട്ടനം കാണുന്ന തരത്തിലുള്ള ആവേശത്തിൽ കുളിയൊക്കെ നിറുത്തി കുളിരുമാവിന്റെ മോളിലേക്ക് നോക്കി. ഇനി എന്ത് സംഭവിക്കും?? ചൊക്രു എലിയെ പിടിക്കുമോ? അതോ എലി രക്ഷപ്പെടുമോ? നമ്മുടെ വീട്ടു പറമ്പിൽ സ്ഥിരം നടക്കുന്ന ഒരു സംഘട്ടനം ഉണ്ടായിരുന്നു.... പാമ്പും കീരിയും തമ്മിൽ... ഇന്നത് ചൊക്രുവും എലിയും തമ്മിലായിട്ടാണ്... എന്നൊക്കെ മനസ്സിൽ ചിന്തകൾ മാറി മാറി വന്നു.

ആ ആവേശമൊക്കെ ചോർന്നുപോയത് നിമിഷ നേരം കൊണ്ടായിരുന്നു. ഞാൻ പെട്ടന്ന് കാണുന്നത് എലിയും നമ്മുടെ ധൈര്യശാലിയായ ചൊക്രുവും ഒരേതരം ഭാവത്തിൽ കുളിരുമാവിന്റെ മേലെ നിന്ന് താഴേക്ക് വീഴുന്നതാണ്. ഇവ രണ്ടിന്റെയും പിന്നാലെ മൂന്നാമാതൊരു സാധനവും താഴെവീഴുന്നത് ഞാൻ ഞെട്ടലോടെ കണ്ടു. അതൊരു നെടുനീളൻ പാമ്പായിരുന്നു... എന്റെ ജനിച്ചപടി രൂപം കണ്ടിട്ടാണോ എന്നറിയില്ല, പാമ്പിനും ഒരുതരം പതർച്ചയുണ്ടായോ എന്ന് ഞാനൊരു നിമിഷം ശങ്കിച്ചു. സാധാരണ, പാമ്പിനെ കണ്ടാൽ ഞാൻ പേടിക്കാറില്ലെങ്കിലും ഈ നഗ്നമായ അവസ്ഥയിലായതിനാലാണോ അതോ പാമ്പിന് ഞാൻ കാരണം അതിന്റെ ഇരയെ നഷ്ടപ്പെടുന്ന അവസ്ഥ ഉണ്ടായാലോ എന്ന് ഭയന്നതിനാലാണോ അതോ എന്റെ ഉള്ളിന്റെ ഉള്ളിലെ പേടി കാരണമായിരുന്നോ എന്നൊന്നും അറിയില്ല, അലറി വിളിച്ചുകൊണ്ട് നിന്ന നിപ്പിൽ നിന്ന് ഞാനും ഓരൊറ്റയോട്ടം. ആകെ ഒരു കണ്‍ഫ്യൂഷൻ.... എലി ഒരു വഴിക്ക്.. ചൊക്രു മറ്റൊരു വഴിക്ക്... പാമ്പ് വേറെരു വഴിക്ക്.. ഞാൻ എന്റെ വഴിക്ക്.... 

എന്റെ കണ്ണുമടച്ചുള്ള ആ ഓട്ടത്തിൽ ഞാൻ എത്തിനിന്നത് നമ്മുടെ വീട്ടുപറമ്പും കഴിഞ്ഞ്, വീട്ടുപറമ്പിന്റെ വടക്ക് ഭാഗത്തുള്ള പാടവരമ്പത്തായിരുന്നു. പാടത്ത് കിളച്ചുകൊണ്ടിരുന്ന കുഞ്ഞാണേട്ടൻ, "നീ എന്താ മോനെ ഇമ്മാതിരി വേഷത്തിൽ ഇവിടെ നിക്കുന്നത്?" എന്ന് ചോദിക്കുമ്പഴാണ് എനിക്ക് സ്ഥലകാലബോധം ഉണ്ടാവുന്നത്. പിന്നെ വീണ്ടും ഒരലർച്ചയോടെ കുറ്റ്യാട്ടൂർ മാവിന്റെ ചുവട്ടിലേക്ക്‌ ഓടിയത് ഇന്നും ഓർക്കുന്നു..... ആ നഗ്നയോട്ടം.....

ഇതൊക്കെ സത്യം തന്നെയായിരുന്നോ  അതോ കിനാവായിരുന്നോ? .... ആർക്കറിയാം ?....



***ശുഭം***


2014 മേയ് 15, വ്യാഴാഴ്‌ച

ഒരു ചിന്ന കണ്‍ഫ്യൂഷൻ (Short Film Trailer)

ശ്രീ 

ഞങ്ങൾ ഒരു കൂട്ടം സുഹൃത്തുക്കൾ കൂടി ഒരു ഹ്രസ്വ ചലച്ചിത്രം ഉണ്ടാക്കാനുള്ള ഒരു പരിശീലന പ്രയത്നത്തിലാണ്. ആദ്യത്തെ സംരംഭം. അതിന്റെ trailer 2014 ഏപ്രിൽ 26 ന് നമ്മൾ പുറത്തിറക്കി. അത് മുഴുമിക്കാനുള്ള ശ്രമം തുടരുന്നു.

കഥ: പ്രസാദ് നായർ
തിരക്കഥ, സംവിധാനം, നിർമ്മാണം: സാജു കുമാർ
ക്യാമറ, ചിത്രസംയോജനം : സുരേഷ് നായർ
പാട്ട്, സഹായങ്ങൾ : വേണുഗോപാലൻ കോക്കോടൻ

അഭിനേതാക്കൾ
അമ്മാവൻ: പ്രബീഷ് പിള്ള
കൃഷ്ണൻ നായർ : സാജു കുമാർ
സരോജിനി : ജിഷ രവീന്ദ്രൻ
രമേശൻ : രതീഷ്‌ നായർ
കുട്ടൻ : ജിനേഷ് കുമാർ
വേലക്കാരി : ദിലീന പിള്ള



മുകളിലുള്ള ചലച്ചിത്രം പ്രവർത്തിക്കുന്നില്ലെങ്കിൽ നേരിട്ട് യുട്യൂബിൽ കാണുക

2014 മേയ് 14, ബുധനാഴ്‌ച

കള്ളിയങ്കാട്ട് നീലി

ശ്രീ 

ഈ ഒരു നാടകം, 2013 ലെ KCS ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായിട്ടാണ് അവതരിപ്പിച്ചത്. 2013 ഡിസംബർ 17 നു മഞ്ഞു വീണതിനാൽ, ആഘോഷങ്ങൾ 2014 ജനുവരി 11 ന് ആണ് നടന്നത്.

നാടകം എഴുതിയത് : ശ്രീ: പ്രസാദ് നായർ
സംവിധാനം : ശ്രീ: സാജു കുമാർ
ശബ്ദലേഖനം: സുരേഷ് നായർ
അഭിനേതാക്കൾ:
കള്ളൻ: പ്രബീഷ് പിള്ള
കള്ള് കുടിയൻ: സാജു കുമാർ
നീലി: വേണുഗോപാലൻ കോക്കോടൻ (ശബ്ദം: ജിഷ രവീന്ദ്രൻ - എന്റെ പത്നി)
പണക്കാരൻ: ജയശങ്കർ (ശബ്ദം: വേണുഗോപാലൻ കോക്കോടൻ)
ചെറുപ്പക്കാരൻ: സുമേഷ് നമ്പ്യാർ
കള്ളന്റെ ഭാര്യയുടെ ശബ്ദം: വൃന്ദ സുരേഷ്



മുകളിലുള്ള ചലച്ചിത്രരേഖ പ്രവർത്തിക്കുന്നില്ലെങ്കിൽ ഇവിടെ ക്ളിക്ക് ചെയ്യുക