ശ്രീ
അപ്പോൾ ഞാൻ കഥ പറഞ്ഞു തുടങ്ങാം, അല്ല പങ്കുവെക്കാം എന്നതായിരിക്കും ശരി, കാരണം, ഈ കഥയുടെ പൊരുൾ എന്റെ സൃഷ്ടിയല്ല. ഇത് എന്റെ കുട്ടിക്കാലത്ത് എന്ന് വച്ചാൽ എനിക്ക് ഒരു പത്ത് വയസ്സുള്ളപ്പോ, വായ്‌മൊഴിയായി എന്റെ നാട്ടിലെ ഒരു കാരണവരിൽ നിന്നും കിട്ടിയതാണ്. എന്റെ ചെറുപ്പത്തിൽ ചില വൈകുന്നേരങ്ങളിൽ രാത്രി വൈകും വരെ നമ്മുടെ നാട്ടിലെ ചില പ്രായം ചെന്നവർ എന്റെ വീട്ടിൽ ഒത്തുകൂടി ഒരു സദസ്സ് പതിവായിരുന്നു. അതിൽ ഒരാളായിരുന്ന അപ്പുക്കുട്ടൻ വലിയച്ഛൻ വളരെ ചുരുക്കി പറഞ്ഞ ഒരു കഥയാണ് 'കിഞ്ചിൽ ശേഷം ഭവിഷ്യതി'. പഠിക്കുന്നതിനിടക്ക് പുസ്തകം തുറന്നു വച്ചു കൊണ്ട് ഒളിഞ്ഞു കേട്ടതാണ് ഈ കഥ! അധികം നീട്ടി വലിക്കാതെ നമുക്ക് കഥയിലേക്ക് കടക്കാം അല്ലേ. വെറും ഒരു താളിൽ മാത്രം കൊണ്ടേക്കാവുന്ന, ഞാൻ കേട്ട കഥയിൽ, സംഭാഷണങ്ങളും, പുതിയ കഥാപാത്രങ്ങളും ചില സന്ദർഭങ്ങളും കൂട്ടിച്ചേർത്ത് എന്റേതായ രീതിയിൽ ഞാൻ മാറ്റിയിട്ടുണ്ട്. വായ്മൊഴിയായിക്കിട്ടിയ കഥാതന്തുവിനെ പൂർണ്ണരൂപത്തിലുള്ള ഒരക്ഷരക്കൂട്ടമാക്കുകയെന്ന ദൗത്യവും ഇതോടൊപ്പം സംഭവിക്കുന്നു. ഈ സന്ദർഭത്തിൽ നമുക്ക് മരിച്ചു മണ്ണോടു ചേർന്നുപോയ അപ്പുക്കുട്ടൻ വലിയച്ഛനെ ഒരു നിമിഷം ഓർക്കാം.
ഏതോ ഒരു നാട്ടിലെ സുഹൃത്തുക്കളായിരുന്നു ചെല്ലപ്പൻ ചേട്ടനും തങ്കപ്പൻ ചേട്ടനും. രണ്ടു പേരും എല്ലാ സായാഹ്നങ്ങളിലും അടുത്തുള്ള കടപ്പുറത്ത് ഇത്തിരി നേരം ചിലവഴിക്കും. ആ കൂട്ടത്തിൽ നാട്ട് കാര്യങ്ങളും ഇത്തിരി നടത്തവും പഴമ്പുരാണവുമൊക്കെയായി സമയം പോകുന്നത് നേരം ഇരുട്ടിക്കഴിഞാലെ അവർക്ക് മനസ്സിലാവാറുള്ളൂ. ഇതിന്റെ പേരിൽ അവരവരുടെ വീടുകളിൽ ഭാര്യമാരുമായി വഴക്കുകളും പതിവായിരുന്നു. പക്ഷേ നമ്മുടെ ചെല്ലപ്പൻ ചേട്ടനും തങ്കപ്പൻ ചേട്ടനും ഇതൊന്നും ഗൌനിക്കാറേയില്ല.
ഇങ്ങനെ ഒരു ദിവസം വൈകുന്നേരം, ഈ കഥാപാത്രങ്ങൾ കടപ്പുറത്തേക്ക് പുറപ്പെട്ടു. പല പല വർത്തമാനങ്ങളും പറഞ്ഞു കടപ്പുറത്തുകൂടെ നടക്കുന്നതിനിടയിൽ ദൂരെ എന്തോ ഗോളാകൃതിയിൽ ഒരു സാധനം ചെല്ലപ്പൻ ചേട്ടന്റെ ദൃഷ്ടിയിൽ പെട്ടു. ഈ ചെല്ലപ്പൻ ചേട്ടൻ ആള് ഒരു ചില്ലറക്കാരൻ ഒന്നും ആയിരുന്നില്ല. ഇത്തിരി ലക്ഷണ ശാസ്ത്രവും ഭാവി പ്രവചനവും ഒക്കെ അദ്ദേഹത്തിന്റെ നേരംപോക്കുകളുടെ കൂട്ടത്തിലെ ചില വിഷയങ്ങളായിരുന്നു. അതിനോടടുക്കും തോറും ചെല്ലപ്പൻ ചേട്ടന്റെ ജിജ്ഞാസ കൂടിക്കൂടി വന്നു. ഇത് കണ്ടിട്ട് തങ്കപ്പൻ ചേട്ടനും അതെന്താണെന്നറിയുവാനുള്ള ആഗ്രഹം മൂർദ്ധന്യത്തിലായി.
അങ്ങനെ വേഗം കൂട്ടി കൂട്ടി അവർ ആ സാധനത്തിന്റെ അടുത്തെത്തി. സാധനം കണ്ടപ്പോ തങ്കപ്പൻ ചേട്ടൻ ഭയന്നു പോയി. ഒരു മനുഷ്യന്റെ തലയോട്ടിയായിരുന്നു ആ ഉദ്വേഗം ജനിപ്പിച്ച സാധനം. തങ്കപ്പൻ ചേട്ടൻ പേടിച്ചു പോയെങ്കിലും ചെല്ലപ്പൻ ചേട്ടന്റെ ഉദ്വേഗം പിന്നെയും കൂടിയതേയുള്ളൂ. ചെല്ലപ്പൻ ചേട്ടൻ പതുക്കെ അതിന്റെ ചുറ്റും ഒന്ന് നടന്നു. ചെരിഞ്ഞും മറിഞ്ഞും ഒക്കെ അതിനെ അത് കിടന്ന കിടപ്പിൽ നോക്കി. ഇതൊക്കെ കണ്ട് തങ്കപ്പൻ ചേട്ടൻ ചെല്ലപ്പൻ ചേട്ടനോട് പേടിച്ചുകൊണ്ട് പറഞ്ഞു:
"എടാ ചെല്ലപ്പാ, നീ എന്തായീ കാണിക്കുന്നേ? നിനക്ക് വേറെ പണി ഒന്നും ഇല്ലേ? ആരോ എങ്ങനെയോ മരിച്ചതിന്റെ അവശിഷ്ടവും നോക്കി നീയെന്തിനാ സമയം കളയുന്നേ? ഇതൊക്കെ പുലിവാലാ... പുലിവാല്. മറ്റു നാട്ടുകാരോ പോലീസുകാരോ ഒക്കെ കാണുന്നതിനു മുന്നേ നമുക്ക് സ്ഥലം വിടാം."
പക്ഷേ ജിജ്ഞാസു ആയ ചെല്ലപ്പൻ ചേട്ടൻ അതിനിടയിൽ ആ തലയോട്ടിയെ കൈ കൊണ്ട് പൊക്കി എടുത്തിരുന്നു. തങ്കപ്പൻ പറഞ്ഞതൊന്നും ചെല്ലപ്പൻ ചേട്ടന്റെ കാതിൽ വീണില്ല. കുറെ നേരം പല കോണുകളിൽ തലയോട്ടിയെ നോക്കിയ ശേഷം ചെല്ലപ്പൻ ചേട്ടനിലെ പ്രവാചകൻ ഉണർന്നു. ചെല്ലപ്പൻ ചേട്ടൻ തലയോട്ടിയിൽ നിന്നും കണ്ണെടുക്കാതെ ഇങ്ങന മൊഴിഞ്ഞു:
"ജന്മപ്രകൃതി ദാരിദ്ര്യം
ദശവർഷാണി ബന്ധനം
സമുദ്ര തീരേ മരണം
കിഞ്ചിൽ ശേഷം ഭവിഷ്യതി"
"എടാ ചെല്ലപ്പാ, നീ എന്താ ഈ പറയുന്നത്? എനിക്കൊന്നും മനസ്സിലാകുന്നില്ല. നീ ഒന്ന് തെളിച്ചു പറയൂ"
ചെല്ലപ്പൻ തലയോട്ടിയിൽ നിന്ന് കണ്ണെടുക്കാതെ ഒന്ന് ചിരിച്ചു. എന്നിട്ട് തങ്കപ്പനോട് പറഞ്ഞു:
"തങ്കപ്പാ, ഞാൻ ഈ തലയോട്ടിയുടെ ഭൂതവും ഭാവിയും ആണ് ഇപ്പൊ പറഞ്ഞത്."
ഇത് കേട്ട് തങ്കപ്പന് വീണ്ടും സംശയമായി. സംശയം തീരാഞ്ഞ് ചെല്ലപ്പനോട് ചോദിച്ചു :
"ഈ തലയോട്ടിയുടെ ഭൂതം ഒന്നും മനസ്സിലായില്ലെങ്കിലും ഭൂതത്തിനെപ്പറ്റി പറയുന്നത് മനസ്സിലാക്കാം. പക്ഷെ ഈ മരിച്ചു കഴിഞ്ഞു വെറും തലയോട്ടിയായി കിടക്കുന്ന ഈ സാധനത്തിന് ഇനി എന്ത് ഭാവി?"
"തങ്കപ്പാ, ഭൂതം ഞാൻ പറഞ്ഞു തരാം. പക്ഷെ ഭാവിയിൽ ഇനിയും പലതും ഈ തലയോട്ടിക്ക് അനുഭവിക്കാനുണ്ട്.
"ചെല്ലപ്പാ, നീ അതും ഇതും പറയാതെ കാര്യം തെളിച്ചു പറയ്"
"നീ തലയോട്ടിയുടെ മുന് വശത്തെ ഒട്ടിയ കവിളെല്ല് കണ്ടോ? ഇതിലൂടെ ഈ തലയോട്ടിയുടെ ഉടമസ്ഥൻ ജീവിച്ചിരുന്ന സമയത്ത് ഒരു ദരിദ്രൻ ആയിരുന്നു എന്ന് അനുമാനിക്കാം. അതാണ് 'ജന്മപ്രകൃതി ദാരിദ്ര്യം' എന്ന് പറഞ്ഞതിന്റെ അർത്ഥം."
"ഇതിന്റെ മൂർദ്ധാവിലെ ദ്വാരം കണ്ടോ? ഇത് സ്വാഭാവികമായി ഉണ്ടായ ഒരു ദ്വാരമല്ല. ഈ ദ്വാരത്തിന്റെ കൂടെ ഉണ്ടായ ചില സംഭവങ്ങളുടെ ആകെത്തുകയായി ഇതിന്റെ ഉടമസ്ഥൻ ഏകദേശം പത്തു വർഷത്തോളം കാരാഗൃഹവാസം അനുഭവിച്ചതായി കാണുന്നു. അതാണ് 'ദശവർഷാണി ബന്ധനം'."
"പിന്നെ കുറേ അലച്ചലിനു ശേഷം ഈ സമുദ്രതീരത്ത് തന്നയായിരിക്കണം ഇദ്ദേഹം മരിച്ചത് - 'സമുദ്രതീരേ മരണം'."
"ഇനി 'കിഞ്ചിൽ ശേഷം ഭവിഷ്യതി' - എന്ന് വച്ചാൽ മരിച്ചിട്ടും ഈ തലയോട്ടിയുടെ കഷ്ടകാലം തീർന്നിട്ടില്ല, ഇനിയും പലതും ഈ തലയോട്ടിക്ക് സംഭവിക്കാനുണ്ട്. പക്ഷെ അത് എനിക്കും അറിയില്ല".
ഇത്രയും പറഞ്ഞുകൊണ്ട് ചെല്ലപ്പൻ തലയോട്ടി താഴെ വച്ചു. ഇതൊക്കെ കേട്ട് തങ്കപ്പൻ ആകെ തരിച്ചിരിക്കയായിരുന്നു. ഇനി ഈ തലയോട്ടിക്ക് എന്ത് സംഭവിക്കും? മരിച്ചിട്ടും കഷ്ടപ്പാട് തീർന്നില്ലേ? അത് ഒരു തമാശയെക്കാൾ ഉപരി അതിശയമായിരിക്കുന്നല്ലൊ. എന്തായാലും എനിക്ക് അതൊന്നു കാണണം. ഈ തലയോട്ടിയുടെ ഭാവി എനിക്കൊന്ന് കാണണം. തങ്കപ്പൻ മനസ്സിൽ നിശ്ചയിച്ചു.
സ്വതവേ പേടിക്കാരനായ തങ്കപ്പൻ, എങ്ങുനിന്നോ പെട്ടെന്ന് വന്നെത്തിയ ധൈര്യം സംഭരിച്ച്, പേടിയൊക്കെ ധൈര്യപൂർവ്വം ദൂരെ മാറ്റിവച്ച്, ആ തലയോട്ടി ഒരു തുണിയിൽ പൊതിഞ്ഞു.
"തങ്കപ്പാ, നീ എന്തായീ കാണിക്കുന്നേ?"
"ഞാൻ ഇതിനെ എന്റെ വീട്ടില് കൊണ്ടുപോകുകയാണ്. എനിക്ക് ഇതിന്റെ ഭാവി ഒന്ന് കാണണം." - തങ്കപ്പൻ പറഞ്ഞു.
"നീ ഭ്രാന്ത് പറയാതെ തങ്കപ്പാ. ഇത് കൊണ്ടുപോയാൽ അപകടങ്ങൾ സംഭവിക്കും. നീ അത് കളഞ്ഞേക്കൂ."
"ഈ ജീവനില്ലാത്ത തലയോട്ടി എന്നെ എന്ത് ചെയ്യാനാണ്? അതൊന്നും സാരമില്ല. എന്നാലും എനിക്ക് ഇതിന്റെ ഭാവി കാണണം.", തങ്കപ്പൻ രണ്ടും കല്പിച്ച് തന്നെ.
"'കിഞ്ചിൽ ശേഷം ഭവിഷ്യതി', വേറെ എന്ത് പറയാനാണ്? ഇനി നിന്റെ ഇഷ്ടം " - ചെല്ലപ്പൻ പതുക്കെ പറഞ്ഞു.
പിന്നെ ഒട്ടും വൈകാതെ രണ്ടു പേരും വീട്ടിലേക്ക് മടങ്ങി.
തങ്കപ്പൻ, ഭാര്യ പോലും കാണാതെ ആ തലയോട്ടി വീട്ടിന് പുറത്തെ പണിപ്പുരയിൽ, ഒരു പെട്ടിയിൽ ഭദ്രമായി സൂക്ഷിച്ച് വെച്ചു. അതിന് ശേഷം തങ്കപ്പന് ആകെ ഒരു നിൽക്കക്കള്ളി ഇല്ലായ്മയായിരുന്നു. തലയോട്ടിക്ക് എന്ത് സംഭവിക്കും? വീട്ടിലുള്ളപ്പോ ആരും കാണാതെ ഇടയ്ക്കിടയ്ക്ക് തങ്കപ്പൻ പെട്ടി തുറന്നു നോക്കും. ഒന്നും സംഭവിച്ചില്ല എന്ന് കണ്ടു വീണ്ടും അടക്കും. ഇതൊരു പതിവായി. വൈകുന്നേരത്തെ നടത്തത്തിനിടയ്ക്ക് ചെല്ലപ്പൻ എല്ലാ ദിവസവും ചോദിക്കും:
"തങ്കപ്പാ, തലയോട്ടിക്ക് എന്തെങ്കിലും സംഭവിച്ചോ?"
ഒന്നും സംഭവിച്ചില്ല എന്ന മട്ടിൽ തങ്കപ്പൻ തലയാട്ടും.
പിന്നെപ്പിന്നെ തങ്കപ്പന് അതൊരു ആധിയായി. ജോലിക്കൊന്നും പോകാതെ വീട്ടിലിരിപ്പായി. അപ്പോഴും പെട്ടി തുറക്കലും അടക്കലും മുടങ്ങാതെ ആരും കാണാതെ നടത്തും.
പക്ഷെ, പയ്യെ പയ്യെ തങ്കപ്പൻ ചേട്ടന്റെ ഭാര്യക്ക് പിന്നെ സംശയം തുടങ്ങി. ഈയിടെയായി ഇദ്ദേഹത്തിനു എന്ത് പറ്റി? ആകെപ്പാടെ ഒരു ഒളിച്ചുകളി. ജോലിക്കും പോകുന്നില്ല. ചേട്ടൻ എന്തിനാണ് ഇടയ്ക്കിടെ പണിപ്പുരയിൽ പോകുന്നത്? നമ്മുടെ ജോലിക്കാരി അവിടെയാണല്ലോ കിടക്കുന്നത്?
"ദൈവമേ.... ചതിച്ചോ?"
നമ്മുടെ തങ്കപ്പൻ ചേട്ടന്റെ അസ്വസ്ഥത ദിനം പ്രതി കൂടിക്കൂടി വന്നു. രാത്രിയിലും ഇടയ്ക്കിടെ പണിപ്പുരയിൽ പോയി പെട്ടി തുറന്നു നോക്കാൻ തുടങ്ങി. ഇത് തങ്കപ്പൻ ചേട്ടന്റെ ഭാര്യ കണ്ടു. ഏതെങ്കിലും ഭാര്യക്ക് സഹിക്കുമോ? പാതിരാത്രിയിൽ ആരും കാണാതെ ജോലിക്കാരി കിടക്കുന്ന മുറിയിലേക്ക് കെട്ടിയോൻ കയറിപ്പോയാൽ ഏത് ഭാര്യയാണ് അത് സഹിക്കുക? ഭാര്യ അദ്ദേഹത്തിന്റെ പിന്നാലെ പോയി നോക്കി. അപ്പോഴാണ് കണ്ടത് ഒരു പെട്ടി തുറക്കുന്നതും അടക്കുന്നതും ഒക്കെ.
"അപ്പൊ ഇവിടം വരെ ആയി. ജോലിക്കാരിക്ക് സമ്മാനം കൊടുക്കുന്നത് വരെ എത്തിയിരിക്കുന്നു" - ഭാര്യ മനസ്സിൽ പറഞ്ഞു. നേരെ എഴുന്നേറ്റ് പണിപ്പുരയിലെത്തി.
"ഏയ് മനുഷ്യാ, നിങ്ങളെന്താ ഈ കാണിക്കുന്നേ? നിങ്ങൾക്ക് നാണോം മാനോം ഒന്നും ഇല്ലേ? രണ്ടു വല്യ പിള്ളേരുടെ അച്ഛനായിട്ടും ഇതൊക്കെ വേണോ മനുഷ്യാ? - തങ്കപ്പൻ ചേട്ടന്റെ ഭാര്യആ രാത്രി തന്നെ അട്ടഹസിക്കാനും കരയാനും തുടങ്ങി. "എന്റെ കാര്യം പോകട്ടെ, നാട്ടുകാർ അറിഞ്ഞാൽ എന്റെ ദൈവമേ....."
തങ്കപ്പൻ ചേട്ടന്റെ ഭാര്യ പിന്നെ ഉറങ്ങിയില്ല. ആ രാത്രി മുഴുവൻ ബഹളവും ഒച്ചപ്പാടും ഒക്കെയായി നേരം വെളുപ്പിച്ചു. പിറ്റേന്ന് കാലത്ത് വേലക്കാരിയെ വിളിച്ചു വീട് വിട്ടോളാൻ പറഞ്ഞു. തങ്കപ്പൻ ചേട്ടന്റെ ഭാര്യ ആകെ വെളിച്ചപ്പാട് പോലെ ഉറഞ്ഞു തുള്ളി നടക്കുകയാണ്.
"ജാനകി, ഞാനും ജോലിക്കാരിയും ആയിട്ട് വേറെ ഒരു ബന്ധവും ഇല്ല ജാനകി, ഞാൻ സത്യം പറയാം. പെട്ടിയിൽ ജാനകിക്കുള്ള സമ്മാനങ്ങളൊന്നുമല്ല. അത് വെറും ഒരു തലയോട്ടിയാണ്."
"തലയോട്ടിയോ? നിങ്ങൾക്കെന്താ മനുഷ്യാ ഭ്രാന്താണോ? നിങ്ങളെന്താ മായാജാലക്കാനോ ദുർമന്ത്രവാദിയോ ആണോ? എന്റെ ദൈവത്താർമാരെ, ഈ മനുഷ്യന് ഇതെന്തു പറ്റി? വീട്ടിലെ ശാന്തിയും സമാധാനോം ഒക്കെ പോയല്ലോ..."
"നിങ്ങളുടെ ഒരു തലയോട്ടി....." - തങ്കപ്പൻ ചേട്ടന്റെ ഭാര്യ ജാനകി ചേച്ചി പണിപ്പുരയിൽ ചെന്ന് പെട്ടി വലിച്ചു പുറത്തിട്ടു. പെട്ടി വലിയ ഒരു കല്ല് കൊണ്ട് കുത്തിത്തുറന്നു. അതിൽ നിന്ന് തലയോട്ടി പുറത്തേക്ക് തെറിച്ചു. തലയോട്ടി കണ്ടപ്പോ ജാനകി ചേച്ചിയും പെട്ടെന്ന് ഒന്ന് പകച്ചു. എന്നാലും സ്വന്തം ഭർത്താവിന്റെ മനോനില തകരാറിലാക്കിയ തലയോട്ടി കണ്ടതും ഭയപ്പാടു മാറി കോപം വർദ്ധിച്ചു. ഓടിച്ചെന്ന് തലയോട്ടി കൈയ്യിലെടുത്തു.
"അരുത് ജാനകി, അരുത്... തലയോട്ടിയെ ഒന്നും ചെയ്യരുത്." - തങ്കപ്പൻ ചേട്ടൻ കരഞ്ഞു പറഞ്ഞു.
ജാനകി ചേച്ചിയുണ്ടോ ഇതെന്തെങ്കിലും കേൾക്കുന്നു...അവര് വാളെടുത്ത കോമരം പോലെ ഉറഞ്ഞു തുള്ളുകയാണ്. അവര് തലയോട്ടി എടുത്ത് നേരെ പണിപ്പുരയിലെ ഉരലിൽ ഇട്ടു. പിന്നെ അലറി വിളിച്ചു കൊണ്ട് ഉലക്കയെടുത്ത് ഭ്രാന്തമായ ആവേശത്തോടെ ഇടിയോടിടി ആയിരുന്നു. ഒരു പത്തു നിമിഷം കൊണ്ട് ആ തലയോട്ടി തവിട് പൊടിയായി. എന്നിട്ട് അത് മുറത്തിലിട്ട് പറമ്പിലെ വളമിടാൻ വേണ്ടി തടമെടുത്ത വാഴയുടെ ചുവട്ടിൽ കൊണ്ടിട്ടു. ഉടനെ തന്നെ ജാനകി ചേച്ചി തളർന്നു വീണു.
അപ്പഴേക്കും ചെല്ലപ്പൻ ചേട്ടനും ഭാര്യ രാധാമണിയും എങ്ങനെയോ വിവരം അറിഞ്ഞ് അവിടെ ഓടിയെത്തിയിരുന്നു.
"എന്താ തങ്കപ്പാ ഇതൊക്കെ? എന്തുണ്ടായി? " ചെല്ലപ്പൻ ചോദിച്ചു.
"ആ നശിച്ച തലയോട്ടി കാരണം എന്റെ മാനവും പോയി, വീട്ടിലെ സമാധാനോം പോയി. ഇപ്പോ ശരിക്കും മനസ്സിലായി. ചത്താലും തലയോട്ടിക്ക് പിന്നെയും ഭാവിയുണ്ടെന്ന്. അതാ കിടക്കുന്നു ആ വാഴയുടെ ചുവട്ടിൽ! വെറും എല്ലുപൊടി വളമായിട്ട്! - 'കിഞ്ചിൽ ശേഷം ഭവിഷ്യതി'."
*****