2014, മാർച്ച് 12, ബുധനാഴ്‌ച

അമ്മ മനസ്സ്

2013 മെയ്‌ മാസം 26 നു വാഷിങ്ങ്ടണ്‍ ഡി സി യിൽ  അരങ്ങേറിയ മനീഷി നാടകോത്സവത്തിന് ഞങ്ങൾ അവതരിപ്പിച്ച നാടകം. ഈ നാടകത്തിന് വിജയൻ പരമേശ്വരൻ നല്ല ഹാസ്യ കഥാപാത്രത്തിനുള്ള സമ്മാനം നേടിയിരുന്നു. ഈ നാടകത്തിലെ മൂർദ്ധന്യ മുഹൂർത്തത്തിന് വേണ്ടിയാണ് ഞാൻ പുത്രവിലാപം എന്ന പാട്ട് എഴുതിയത്.

അവതാരിക

 നാടകം: അമ്മ മനസ്സ്
സംവിധാനം: വിജയൻ പരമേശ്വരൻ, വേണുഗോപാലൻ കോക്കോടൻ
കഥ: വിജയൻ പരമേശ്വരൻ
നാടാകാവിഷ്കാരം: വിജയൻ പരമേശ്വരൻ, വേണുഗോപാലൻ കോക്കോടൻ
ആമുഖം: പ്രബീഷ് പിള്ള
ശബ്ദലേഖനം: സുരേഷ് നായർ, ദിനേഷ് മേനോൻ
ശബ്ദമിശ്രണം: സുരേഷ് നായർ, ദിനേഷ് മേനോൻ
നൃത്തം: മധു നമ്പ്യാർ
ചമയം: ജയശ്രീ പരമേശ്വരൻ, ജിഷ രവീന്ദ്രൻ, പ്രിയ പ്രബീഷ്
കവിത: വേണുഗോപാലൻ കോക്കോടൻ
കവിത ആലാപനം: ദിനേഷ് മേനോൻ
സംഗീതം: ദിനേഷ് മേനോൻ

അഭിനേതാക്കൾ

സുഗുണൻ: പ്രബീഷ് പിള്ള
ലക്ഷ്മി: പ്രിയ നായർ
ലക്ഷ്മിയുടെ അച്ഛൻ: വിജയൻ പരമേശ്വരൻ
അമ്മ: നളിനി മീരജ്കർ
സുഗുണൻ (ചെറിയ കുട്ടി): പാർവതി നമ്പ്യാർ
സുഗുണൻ (വലിയ കുട്ടി): ശശാങ്ക് ജോഷി
അദ്ധ്യാപകൻ: വേണുഗോപാലൻ കോക്കോടൻ
സുഗുണന്റെ(ചെറിയ കുട്ടി) സഹപാഠികൾ: പ്രണീത് പിള്ള, ഋഷഭ് നായർ
സുഗുണന്റെ (വലിയ കുട്ടി) സഹപാഠികൾ:മാർഷൽ നമ്പ്യാർ, ഹർഷൽ നമ്പ്യാർ, ഐശ്വര്യ

ആമുഖം 

നാടകത്തെപ്പറ്റി രണ്ടു വാക്ക്. വർത്തമാനകാലത്ത് സമൂഹത്തെ അർബുദം പോലെ കാർന്നു തിന്നുന്ന രോഗമായി  മാറിയിരിക്കുന്നു മാതാപിതാക്കളോടുള്ള മക്കളുടെ അവഗണന. ഭൗതികസുഖലോലുപതയിൽ മുഴുകി മാതാപിതാക്കളെ അവഗണിക്കുന്ന ഇന്നത്തെ വലിയ സമൂഹത്തിൽ ഒരുവനെയെങ്കിലും ഈ സംരംഭത്തിലൂടെ കണ്‍തുറപ്പിക്കാനായാൽ ഞങ്ങൾ കൃഥാർത്തരായി. ഒപ്പം ഇനി ഒരിക്കലും ഞങ്ങൾ ആ സമൂഹത്തിന്റെ ഭാഗം ആകില്ല എന്ന ദൃഡ്ഡപ്രതിജ്ഞയും.

മാതൃസ്നേഹത്തിനു മുന്നിൽ ഞങ്ങൾ സമർപ്പിക്കുന്നു 'അമ്മ മനസ്സ്'.

രംഗം ഒന്ന്

[അമ്മ കുഞ്ഞിനെ കൈയ്യിൽ  എടുത്തു താരാട്ട് പാടുന്നു. താരാട്ട് പാട്ട്.]

"ഒമാനത്തിങ്കൾ കിടാവോ .. നല്ല ..."

[അമ്മയുടെ മുഖം ഒരു ഭാഗം നല്ല ഭംഗി , മറുഭാഗം ഭീഭത്സം
തലയിൽ സാരിത്തുമ്പ് കയറ്റിച്ചുറ്റി മറച്ചിട്ടുണ്ടെങ്കിലും മുഖത്തിന്റെ സൌന്ദര്യവും ഭീഭത്സതയും അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ 
തിരിയുമ്പോൾ കാണാം.]

[മങ്ങിയ വെളിച്ചംതാരാട്ട് പാട്ട് പിന്നണിയിൽപാട്ട് കുറഞ്ഞു 
വരുമ്പോൾ അമ്മ കുഞ്ഞിനു പാല് കൊടുക്കുന്നുകളിപ്പിക്കുന്നു
അമ്മ കുഞ്ഞിനെ ആഹാരം ഊട്ടുന്നു. കുഞ്ഞിനെ അകത്തേക്ക് കൊണ്ടുപോകുന്നു.]

[താരാട്ട് പാട്ട് നേർത്ത് നേർത്ത് വരുന്നു]

രംഗം രണ്ട്

[നല്ല വെളിച്ചം. കുട്ടി വലുതായി ഏഴു വയസ്സുകാരനാകുന്നുഅമ്മ 
മകനെ സ്കൂൾ വസ്ത്രം ഇടുവിക്കുന്നുതല ചീകുന്നുചോറ്റു പാത്രം തയ്യാറാക്കുന്നു. ]

അമ്മഎന്റെ പോന്നുമോൻ നന്നായി പഠിച്ചു എല്ലാ വിഷയത്തിലും ഒന്നാമനാകണം കേട്ടോ.

മോൻശരി അമ്മെ..

അമ്മദാ.. പാല് കുടിക്കൂ സുഗുണാ ..

മോൻഎന്റെ വയറു നിറഞ്ഞു അമ്മേ.. ഇനി പിന്നെ കുടിക്കാം...

അമ്മകുറച്ചു കൂടിയേ ഉള്ളൂകണ്ണടച്ചു കുടിച്ചോളൂ കണ്ണാ...

അമ്മപിന്നെ ഇത് ഉച്ചക്കലത്തെക്കുള്ള ചോറാണ്മോൻ മുഴുവൻ 
കഴിക്കണം കേട്ടോഎങ്കിലെ ശക്തി വരുള്ളൂ...

മോൻശരി അമ്മെ... ദേ എന്റെ മസില് നോക്ക്..

അമ്മപാല് മുഴുവൻ കുടിക്കൂ

മോൻശരി അമ്മെ ശരി.

അമ്മ:  അപ്പൊ ഒക്കെ റെഡി... നമുക്ക് സ്കൂളിലേക്ക് പോകാം.

[മങ്ങിയ വെളിച്ചം]

രംഗം മൂന്ന്

[പള്ളിക്കൂടത്തിലെ അന്തരീക്ഷംകുട്ടികളും മാതാപിതാക്കളും ഒക്കെ  പിന്നണിയിൽ കലപില വർത്തമാനം പറയുന്ന  ശബ്ദം.  ]

[അമ്മ കുട്ടിയെ തിരശ്ശീലയുടെ ഒരു ഭാഗത്ത് നിന്നും ക്ലാസ്സ് മുറിയുടെ അകത്തേക്ക് കടത്തി വിടുന്നുഅമ്മ അകത്തേക്ക് പോകുന്നു. ക്ലാസ്സ് 
മുറിക്കകത്ത്  പിള്ളേർ കളിച്ചു കൊണ്ടിരിക്കുന്നു. കുട്ടികൾ പാട്ട് പാടി ആസ്വദിക്കുന്നു. പാട്ടിനിടയ്ക്കു കൊച്ചു കുട്ടികൾ വലുതായി വരുന്നു. പള്ളിക്കൂടത്തിലെ മണി അടിക്കുന്നു. കുട്ടികൾ പാട്ടൊക്കെ നിർത്തി ധൃതിയിൽ ക്ലാസ്സിൽ കസേര ഒക്കെ തയ്യാറാക്കി ഇരിക്കുന്നു (മേശയും കസേരയും ഒക്കെ വലിക്കുന്ന ശബ്ദം).  അദ്ധ്യാപകൻ വരുന്നു.]

അദ്ധ്യാപകൻ: Silence.... silence
[പുസ്തകം മേശമേൽ വെക്കുന്ന ശബ്ദം.]

കുട്ടികൾ: (ഒരുമിച്ചുനീട്ടി) Good morning teacher.
അദ്ധ്യാപകൻ:  Good morning.. Good morning.

അദ്ധ്യാപകൻ: അപ്പോ നിങ്ങൾ ഇന്നലത്തെ പാഠങ്ങൾ എല്ലാം പഠിച്ചോ?

കുട്ടികൾ:  (ഒരുമിച്ചുപഠിച്ചു ടീച്ചർ ..

അദ്ധ്യാപകൻ:  ശരി.. ശരി ...ഞാൻ ചില  ചോദ്യങ്ങൾ  ചോദിക്കാം, എന്താരാജീവ് ഒരു ഗോളത്തിന് എത്ര വശങ്ങൾ ഉണ്ട്?

രാജീവ്രണ്ടു വശങ്ങൾ.

അദ്ധ്യാപകൻ:  ഗോളത്തിന് ഒരുവശം അല്ലേ ഉള്ളൂ രാജീവേ. നീ കണ്ട വശങ്ങൾ ഏതൊക്കെ ആണ്?

രാജീവ്: ഒന്ന് കാണുന്ന വശവും മറ്റേതു കാണാത്ത വശവും.

അദ്ധ്യാപകൻ: ഹ ഹ ഹാ ... നിങ്ങളൊക്കെ വലിയ  കുസൃതികളാണല്ലോ. ഹും... ഷേർലി, 'I' വച്ചു ഒരു വാക്യം പറയൂ.

ഷേർലി: I is....

അദ്ധ്യാപകൻ: അങ്ങനെ ആണോ പഠിപ്പിച്ചത്എപ്പഴും 'I'  കഴിഞ്ഞാൽ "am" പറയണം എന്ന് പഠിപ്പിച്ചിട്ടില്ലേ?. "is" അല്ലല്ലോ.

ഷേർലി: OK teacher, I am the ninth letter in the alphabet.

അദ്ധ്യാപകൻ:  ഹ ഹാ ..... എന്തു  ചോദിച്ചാലും  കുസൃതി  ഉത്തരങ്ങൾ  ആണല്ലോ. അങ്ങനെ ആണെങ്കിൽ  ഞാൻ  കുസൃതി ചോദ്യങ്ങൾ തന്നെ ചോദിക്കാം. എന്താ .. ചോദ്യം..ഒരു ഇലക്ട്രിക്‌ ട്രെയിൻ 100 കിലോമീറ്റർ വേഗതയിൽ വടക്കോട്ട്‌ സഞ്ചരിക്കുകയാണ്. പത്തു കിലോമീറ്റർ വേഗതയിൽ കിഴക്ക് നിന്നും പടിഞ്ഞാറോട്ട് കാറ്റ് അടിക്കുന്നുമുണ്ട്. അപ്പോൾ ഈ ട്രെയിനിന്റെ പുക ഏതു ദിശയിലേക്കായിരിക്കും പോകുക?

രാജീവ്: സാർ, അത് തെക്കോട്ടയിരിക്കും.

സുഗുണൻഇലക്ട്രിക്‌ ട്രെയിനിനു പുക ഇല്ല സാർ.

അദ്ധ്യാപകൻ: വെരി ഗുഡ്, സുഗുണൻ, വണ്ടർഫുൾ. വേറൊരു കുസൃതിച്ചോദ്യം. ഹും... 4 x 2 ഏരിയ ഉള്ള 3 അടി താഴ്ച ഉള്ളതായ ഒരു കുഴിയിൽ എത്ര മാത്രം മണ്ണ് ഉണ്ട്? ആര് ഉത്തരം പറയും? മാത്യുവിനു പറയാമോ?

മാത്യുകുഴിയിൽ മണ്ണേ ഇല്ല. കുഴിയിലെ മണ്ണ് എല്ലാം എടുത്ത് കഴിഞ്ഞില്ലേ.

അദ്ധ്യാപകൻഎന്റെ ഈശ്വരാ..  പിള്ളാരുടെ ഒരു കാര്യം. OK.. Now I'm serious .. ok.. tell me what is 18 x 19? )

[എല്ലാ കുട്ടികളും ചിന്തിച്ചു കൊണ്ടിരിക്കുന്നു]

മാത്യുഅറിയില്ല സാർ.

സുഗുണൻ: (പെട്ടെന്ന്ടീച്ചർIt is 342.)

അദ്ധ്യാപകൻവെരി ഗുഡ് സുഗുണൻ വെരി ഗുഡ്സുഗുണൻ ഇങ്ങു എന്റെ അടുത്ത് വരൂ. (സുഗുണനെ ചേർത്ത് പിടിച്ചു കൊണ്ട്.നിങ്ങളെല്ലാവരും (അവന്റെ പുറത്തു തട്ടുന്നു)  സുഗുണനെ കണ്ടു പഠിക്കണം. സുഗുണൻ പഠിപ്പിൽ മാത്രമല്ല സ്പോർട്സിലും ഒന്നാമനാണ്‌.

ഷേർലി:  പക്ഷെ ടീച്ചർഅവന്റെ അമ്മ കുരുടി ആണ്.

[ടീച്ചർ  സ്തബ്ധനാവുന്നു]

മറ്റു കുട്ടികൾ: (ഒരുമിച്ചുസുഗുണന്റെ അമ്മ കുരുടി ആണേ. [പാശ്ചാത്തല സംഗീതം]

[സുഗുണൻ തേങ്ങി തേങ്ങി കരയുന്നു]

അദ്ധ്യാപകൻ: Silence. വളരെ മോശംകുട്ടികളെ. ഇത്തരത്തിലുള്ള ഒരു കാര്യത്തിന് നിങ്ങളുടെ സഹപാഠിയെ ഇങ്ങനെ കളിയാക്കാൻ പാടുണ്ടോനിങ്ങൾ എല്ലാവരും നാളെ പത്തു തവണ SORRY എന്ന്
 എഴുതിക്കൊണ്ട് വരണംസുഗുണൻകരയാതിരിക്കൂ. ട്ടോ .

[പള്ളികൂടത്തിലെ മണി അടിക്കുന്നു. ശോക സംഗീതം. വെളിച്ചം മങ്ങി മങ്ങി ഇല്ലാതാവുന്നു]

രംഗം നാല്

[വീട്അമ്മ മോനെ സ്കൂളിൽ ഒരുക്കി കൊണ്ട് പോകാൻ തുനിയുന്നു.]

സുഗുണൻഅമ്മേഅമ്മ ഇനി മുതൽ ഒരു കാര്യത്തിനും എന്റെ സ്കൂളിൽ വരേണ്ട.

അമ്മഅതെന്താ മോനെഅങ്ങനെ?

സുഗുണൻഅമ്മേഎന്നെ കൂട്ടുകാരൊക്കെ കളിയാക്കുന്നുഎന്റെ അമ്മ കുരുടി ആണെന്നും പറഞ്ഞ്.

അമ്മ: ഓ അങ്ങനെ ആണോ? എങ്കിൽ ഞാൻ പോയി  മോന്റെ ടീച്ചറിനോടു കാര്യം പറയാം.

സുഗുണൻഅതൊന്നും വേണ്ടമ്മേ. അമ്മ എന്താ അമ്മെ,  ഇങ്ങനെ ഒറ്റക്കണ്ണി ആയിപ്പോയത്എന്റെ കൂട്ടുകാരുടെ അമ്മമാർ എല്ലാം സുന്ദരിമാർ ണല്ലോ?

അമ്മ:  (ദീർഘമായി നെടുവീർപ്പിടുന്നു, കുറച്ചു നേരം ആലോചിച്ചത്തിനു ശേഷം) അതൊന്നും സാരമില്ല മോനേ. അങ്ങനെ ആണെങ്കി അമ്മ ഇനി മുതൽ മോനെ സ്കൂളിൽ കൊണ്ട് വിടാൻ വരുന്നില്ലമോന്റെ 
കൂട്ടുകാരുടെ മുൻപിൽ നിന്നും അമ്മ ഒളിച്ച്  വീടിന്റെ നാല് 
ചുവരുകൾക്കുള്ളിൽ തന്നെ ഇരുന്നോളാംമോൻ പഠിച്ചു നന്നായി 
വരാ അമ്മ പ്രാർത്ഥിച്ചു കൊണ്ടേയിരിക്കാം.

[ശോക സംഗീതം. മകൻ പോകുന്നുഅമ്മ വിതുമ്പുന്നു]

രംഗം അഞ്ച്

[എല്ലാ കുട്ടികളും കസേരകളിൽ ഇരിക്കുന്നുടീച്ചർ വരുന്നു. ]

ടീച്ചർ: Good morning all.

കുട്ടികൾ: Good morning.

ടീച്ചർ: I have a good news to everybody.  എന്താണെന്നറിയോനിങ്ങൾ എല്ലാവരും  സ്കൂളിലെ പഠിത്തം കഴിഞ്ഞു പോവ്വാണല്ലോ. ഒരുവിധം എല്ലാവരും നല്ല മാർക്കോടെ ആണ് ജയിച്ചിരിക്കുന്നത്
അതിൽ ഇത്തവണത്തെ സ്കൂൾ ഫസ്റ്റും  ഫസ്റ്റ് റാങ്കും  ലഭിച്ചിരിക്കുന്നത് ആർക്കാണെന്നറിയോ? അത് നമ്മുടെ എല്ലാവരുടെയും പ്രിയപ്പെട്ട സുഗുണന് തന്നെ ആണ്. Congratulations Sugunan. സുഗുണന് പട്ടണത്തിൽ പോയി വലിയ കോളേജിൽ 
പഠിക്കാനുള്ള അവസരവും കിട്ടിയിട്ടുണ്ട്. Well done, Sugunan. We are so proud of you.

കുട്ടികൾ: Conratulations Sugunan, Wish you all the best.

സുഗുണൻ: Thank you teacher, Thank you my friends. ഞാൻ  എന്റെ പ്രിയപ്പെട്ട  സ്കൂൾനെയും  കൂട്ടുകാരെയും 
ടീച്ചെറിനെയും ഒരിക്കലും മറക്കില്ല.  (ടീച്ചെറിന്റെ കാലിൽ തൊട്ടു വന്ദിക്കുന്നു.) 

[വിടപറയുന്ന തരത്തിലുള്ള സംഗീതം.. പാട്ട് നേർത്തു നേർത്തു വരുന്നുവെളിച്ചം 
മങ്ങുന്നു.]

രംഗം ആറ്

[സുഗുണന്റെ വീട്. അമ്മ സുഗുണന് പട്ടണത്തിൽ പോയി പഠിക്കാൻ  തുണികളും മറ്റും എടുത്തു വെക്കുന്നു. പെട്ടി അടുക്കി വെക്കുന്ന ശബ്ദം.]

സുഗുണൻ: അമ്മേ, ഞാൻ പട്ടണത്തിൽ പഠിക്കാൻ പോയാൽ അമ്മ പിന്നെ ഒറ്റക്കാവില്ലേ.

അമ്മ: (കരയുന്നു) ഹും .. സാരമില്ല മോനെ. മോൻ പഠിച്ചു വല്യ ആളായി വേഗം തിരിച്ചു വരുമല്ലോ.

സുഗുണൻ: അമ്മേ കരയരുതമ്മെ. ഞാൻ സമയം കിട്ടുമ്പോഴൊക്കെ വന്നു അമ്മയെ കാണുമല്ലോ.

അമ്മ: മോന്റെ ഭക്ഷണവും താമസവും ഒക്കെ ആലോചിച്ച് ഒരു സമാധാനവും ഇല്ല. (കരയുന്നു)

സുഗുണൻ: അതൊന്നും സാരമില്ലമ്മേ. (പെട്ടി പൂട്ടി വയ്ക്കുന്ന ശബ്ദം) അമ്മ കരയല്ലേ.....(അമ്മയുടെ കാൽ തൊട്ടു വന്ദിക്കുന്നു). എന്നാൽ ഞാൻ പോയി വരട്ടെ അമ്മെ.

[അമ്മ പെട്ടി അടുക്കി  പൂട്ടികൊടുക്കുന്നു.]

അമ്മശരി മോനെപോയി നന്നായി പഠിച്ചു വരൂഎല്ലാം നല്ലതിനായി വരട്ടെ.

[സുഗുണൻ അമ്മയെ കെട്ടിപ്പിടിച്ചുപെട്ടിയുമായി പോകുന്നുഅമ്മ കരഞ്ഞു കൊണ്ട് നില്ക്കുന്നുപിന്നണിയിൽ വിലാപസംഗീതം. വെളിച്ചം  കുറയുന്നുരംഗം മാറുന്നു. ]

രംഗം ഏഴ്

[സുഗുണനും അവന്റെ കാമുകിയും പട്ടണത്തിലൂടെ നടക്കുന്നു. സുഗുണന്റെ ഫോണ്‍  ശബ്ദിക്കുന്നു. ]

സുഗുണൻ: അതെ, സുഗുണൻ ആണ്. അതെ സുഗുണൻ തന്നെ. ഓ ഓ .. ശരി. സുരേഷ്, ഞാൻ ഇപ്പൊ ലക്ഷ്മിയുടെ കൂടെ ഒന്ന് പട്ടണത്തിൽ കറങ്ങാൻ വന്നിരിക്കയാണ്. നീ നാളെ വിളിക്കൂ.

[സുഗുണൻ ഫോണ്‍ കട്ട് ചെയ്യുന്നു. ലക്ഷ്മിയെ നോക്കി പറയുന്നു]

സുഗുണൻഹാ  .. ഇനി പറയു ലക്ഷ്മി..

ലക്ഷ്മിസുഗുണൻ കോളേജിൽ ഫസ്റ്റും  ഇവിടെ ത്തന്നെ വലിയ 
ജോലിയും കിട്ടിയല്ലോകാമ്പസ് ഇന്റർവ്യൂവിൽത്തന്നെ ഇത്ര വലിയ ശമ്പളവും പൊസിഷനും 
ചരിത്രത്തിൽ ആദ്യമാണ്ഞാൻ ഭാഗ്യവതി ആണ് സുഗുണാ.

സുഗുണൻലക്ഷ്മീ, നീ കൂടെ ഉള്ളതല്ലേ എന്റെ ഭാഗ്യം. ഞാൻ നിന്റെ അച്ഛനോട് നമ്മുടെ കല്യാണത്തിനു സമ്മതം ചോദിക്കട്ടെ?

ലക്ഷ്മിനമ്മുടെ കല്യാണം കഴിഞ്ഞാൽ എനിക്ക് സുഗുണന്റെ നാട്ടിവന്നു നിൽക്കാൻ കഴിയില്ല സുഗുണാഎനിക്ക്  പട്ടണവും 
എന്റെ പേരന്റ്സിനെയും മറ്റും വിട്ടു പോവാൻ കഴിയില്ല.

[സുഗുണൻ തല കുനിച്ചു ആലോചിച്ചു പറയുന്നു]

സുഗുണൻഞാൻ മുന്നേ പറഞ്ഞത് പോലെ എനിക്ക്  നാട്ടിൽ എന്റെ അമ്മ മാത്രമേ ഉള്ളൂഞങ്ങളുടെ 
ബാക്ക്ഗ്രൌണ്ട് അറിഞ്ഞാൽ നിന്റെ അച്ഛൻ നമ്മുടെ കല്യാണത്തിനു സമ്മതിക്കുമെന്ന് തോന്നുന്നില്ല. പിന്നെ നിനക്ക് എന്റെ ഗ്രാമത്തിൽ പോകാൻ താത്പര്യവുമില്ല. അതുകൊണ്ട് എനിക്ക് വേറെ ആരുമില്ലെന്ന് നിന്റെ അച്ഛനോട് 
പറഞ്ഞാൽ മതി.

ലക്ഷ്മിഅത് നല്ല ഐഡിയാ ആണല്ലോസുഗുണന്റെ പഠിപ്പും 
ശമ്പളവും  പൊസിഷനും മാത്രം മതി എന്റെ ഡാഡി നമ്മുടെ 
കല്യാണത്തിനു സമ്മതിക്കാൻ.

സുഗുണൻ: ലക്ഷ്മീ, നമ്മൾ ഇവിടം വരെ വന്ന നിലയ്ക്ക് നമുക്കീ ക്ലബ്ബിൽ ഒന്ന് കയറി ആഘോഷിച്ച് തിരിച്ചു പോകാം എന്താ.

[രണ്ടു പേരും പരസ്പരം നോക്കി സ്നേഹവശ്യതയോടെ പുഞ്ചിരിക്കുന്നുനടന്നു  മുന്നിലുള്ള  ഡാൻസ് ക്ലബ്ബിൽ കയറി ഇരിക്കുന്നു. വെളിച്ചം കുറയുന്നു, പിന്നെയും കൂടുന്നു.]

[ക്ലബ് അന്തരീക്ഷംപിന്നണിയിൽ  ആളുകൾ സംസാരിച്ചു 
കൊണ്ടിരിക്കുന്നുചെറിയ തോതിൽ സംഗീതം ഒഴുകുന്നു  സുഗുണൻ അവന്റെ പ്രണയിനിയുടെ കൂടെ]

ലക്ഷ്മിഎന്റെ സുഗുണാനീ എത്ര നല്ലവനാണ്. You are so brilliant.

സുഗുണൻലക്ഷ്മീ, നിനക്കെന്നോടുള്ള ഈ ഇഷ്ടം കാണുമ്പോൾ ഞാൻ സ്വയം മതിമറന്നു പോകുന്നു.

ലക്ഷ്മിസുഗുണാനിനക്കീ കണ്ണുകൾ എവിടുന്നു കിട്ടി? it is so attractive കണ്ണുകൾ കണ്ടാൽ ഏതു പെണ്ണും നിന്നെ ഒന്ന് കൊതിച്ചു പോകുംസുഗുണാ, I'm so happy that we are in love. 

സുഗുണൻ: കഴിഞ്ഞ ജന്മത്തിലും നമ്മൾ ഇങ്ങനെത്തന്നെ ആയിരുന്നിരിക്കും അല്ലേ ലക്ഷ്മീ. അല്ലാതെ, നമ്മൾ ഇങ്ങനെ  കണ്ടുമുട്ടില്ലല്ലോ. 

[യുഗ്മഗാനംവെളിച്ചം മങ്ങുന്നുവെളിച്ചം തിരിച്ചു വരുന്നു.]

രംഗം എട്ട്‌

[ലക്ഷ്മിയുടെ വീട്പ്രൗഡ്ഡിയുള്ള ഗൃഹാന്തരീക്ഷം. സുഗുണനും 
ലക്ഷ്മിയും ലക്ഷ്മിയുടെ അച്ഛനും രംഗത്ത് (സുഗുണനും ലക്ഷ്മിയും പട്ടണത്തിൽ നിന്ന് വന്ന അതേ വേഷത്തിൽ). അച്ഛൻ ഒരു അഹംഭാവ ഭാവത്തിൽ. എല്ലാ സംസാരത്തിലും പണം മുഴച്ചു നിൽക്കുന്നു. എന്നാലും പിശുക്കിന്റെ ലക്ഷണങ്ങൾ കാണിക്കുന്നു.]

സുഗുണൻഅങ്കിൾഞാൻ സുഗുണൻ. എന്നെ മനസ്സിലായിക്കാണുമെന്നു കരുതുന്നു. ഞാനും ലക്ഷ്മിയും തമ്മിൽ ഇഷ്ടത്തിലാണ്എനിക്ക് 
ലക്ഷ്മിയെ വിവാഹം കഴിച്ചു തരാമോ?

ലക്ഷ്മിയുടെ അച്ഛൻസുഗുണൻഎന്റെ മകൾ ലക്ഷ്മിയുടെ 
സന്തോഷമാണ് എനിക്ക് ഏറ്റവും വലുത്ലക്ഷ്മി എന്നോട് എല്ലാം 
പറഞ്ഞു. എന്നെപ്പറ്റി എനിക്ക് എനിക്ക് വളരെ മതിപ്പാണ് ഓ അല്ല, സുഗുണനെപ്പറ്റി എനിക്ക് വളരെ മതിപ്പാണ്.

സുഗുണൻ: Thank you uncle. ലക്ഷ്മിയുടെ സ്വഭാവം എന്നെ വല്ലാതെ ആകർഷിച്ചു. She is very cultured.

ലക്ഷ്മിയുടെ അച്ഛൻ: അതെ ഞാൻ അവളെ അങ്ങനെ ആണ് വളർത്തിയത്. സുഗുണൻ പട്ടണത്തിലെ ഏറ്റവും വലിയ 
പണക്കാരനായ എനിക്ക് ആരെയും എന്റെ മോളുടെ ഭർത്താവായി കിട്ടുംപക്ഷേ അവൾ ഒരു ഇഷ്ടം പറഞ്ഞാൽ ഞാൻ അതിനു എതിര് 
പറയാറില്ലഅതിനാൽ എനിക്ക്  വിവാഹത്തിനു എനിക്ക് 
സമ്മതമാണ്എന്റെ എല്ലാ സ്വത്തുക്കളും  അല്ല പകുതി  സ്വത്തുക്കൾ   ഞാൻ നിങ്ങൾക്കായി തരികയാണ്.

സുഗുണൻഅങ്കിൾ,  അങ്ങയോടു എങ്ങനെ നന്ദി പറയണം എന്നെനിക്കറിയില്ല.

ലക്ഷ്മി: Thank you daddy, thank you. 

ലക്ഷ്മിയുടെ അച്ഛൻ:ഹും... സുഗുണന് വേറെ ബന്ധുക്കൾ ഒന്നും 
ഇല്ലാത്തത് കൊണ്ട് മറ്റൊന്നും ഇനി ആലോചിക്കേണ്ടതില്ലല്ലോ. ബന്ധുക്കൾ അധികം ഇല്ലാത്തത് നന്നായി, സദ്യ കുറച്ചല്ലേ വേണ്ടതുള്ളൂ.

സുഗുണൻ: അതെ അങ്കിൾഎന്റെ ലക്ഷ്മിയും നിങ്ങളുമൊക്കെയേ ഇനി എന്റെ ബന്ധുക്കളായിട്ടുള്ളൂ.

ലക്ഷ്മിയുടെ അച്ഛൻശരി. (പതുക്കെ - കല്യാണത്തിന്റെ ചിലവ് ആരെടുക്കും ) ഹും ..എല്ലാം സുഗുണന്റെയും ലക്ഷ്മിയുടെയും ആഗ്രഹം പോലെ 
തന്നെ ആകട്ടെഎങ്കിൽ വിവാഹം നമുക്ക് ഉടനെ തന്നെ നടത്താം. നാദസ്വരം ഉയരട്ടെ, മണിയറ ഒരുങ്ങട്ടെ.

[നാദസ്വരം... വെളിച്ചം മങ്ങി മങ്ങി പോകുന്നു.]

രംഗം ഒൻപത്

[കുറച്ചു വർഷങ്ങൾക്ക് ശേഷം. ലക്ഷ്മിയുടെ വീട്സുഗുണൻ ഇരുന്നു പത്രം വായിക്കുന്നു
ലക്ഷ്മി വലിയ ഒരു പുസ്തകം വായിക്കുന്നു.]

ലക്ഷ്മിമക്കളുടെ വെക്കേഷൻ അടുത്തു വരുന്നു.

സുഗുണൻ: ഓ അത് ശരിയാ. പരീക്ഷ കഴിഞ്ഞ ഉടൻ അവരെ ബോർഡിങ്ങിൽ നിന്ന് കൂട്ടിക്കൊണ്ട് വരണം.

ലക്ഷ്മി: ഇത്തവണ നമ്മളെവിടെയാ വേക്കേഷൻ ആഘോഷിക്കാൻ പോകുന്നത്? കുട്ടികൾ അതറിയാനുള്ള തിടുക്കത്തിൽ ആവും.

സുഗുണൻ: ഇത്തവണ അമേരിക്കയിൽ പോയാലോ? അവിടെ നമ്മൾ ഇതുവരെ പോയിട്ടില്ലല്ലോ. വിസയുടെ തയ്യാറെടുപ്പുകൾ ഉടൻ തുടങ്ങണം.

ലക്ഷ്മി:  wow സുഗുണാ. You are so sweet. Kids will love it.

[ലക്ഷ്മി സുഗുണനെ കസേരയുടെ പിൻഭാഗത്തുകൂടെ കെട്ടിപ്പിടിക്കുന്നു. ]

[ഫോണ്‍  അടിക്കുന്ന ശബ്ദംസുഗുണൻ വന്നു ഫോണ്‍  എടുക്കുന്നു.]

സുഗുണൻഅതെ അതെ ഇത് സുഗുണൻ ആണ്എന്ത്എന്റെ അമ്മ മരിച്ചു പോയെന്നോ? ... അതെ അതെഞാൻ പുറപ്പെടുകയായിശരി .. ശരി..

[ശോകസംഗീതം. സുഗുണൻ വിഷണ്ണനായി കരഞ്ഞു കൊണ്ട് 
നിൽക്കുന്നുലക്ഷ്മി ഒന്നും കാര്യമാക്കാതെ സുഗുണനെ നോക്കി 
ഇരിക്കുന്നു.  വെളിച്ചം മങ്ങുന്നു]

രംഗം പത്ത്
[സുഗുണന്റെ അമ്മ മരിച്ചു കിടക്കുന്നുഅവരുടെ അടുത്തു ഒന്ന് 
രണ്ടു ഫോട്ടോകളും ഉണ്ട്അടുത്ത് ഒരു പെട്ടി തുറന്നു ഇരിക്കുന്നു
അതിൽ കുറച്ചു കടലാസുകളും ഉണ്ട് (അമ്മ പഴയ ഓർമ്മകൾ അയവിറക്കി മരിച്ചതായി വ്യാഖ്യാനം)സുഗുണൻ അമ്മയുടെ അടുത്ത് ദുഃഖത്തോടെ 
ഇരിക്കുന്നു. പാശ്ചാത്തലത്തിൽ ഒരു കവിതാ ശകലം]

ഗർഭത്തിലണ്ഡത്തെയേറിയ നാൾ മുതൽ
കർമത്തിലാശകൾ കാർവർണമായി

പേറ്റുനോവും കഴിഞ്ഞാറ്റുനോറ്റിട്ടമ്മ
മുറ്റത്തെ മുല്ലപോലെങ്ങനെയായി

ജനനിതന്നോർമ്മയ്ക്ക് ശാന്തി പകരുവാൻ
കനിവായെൻ  നിനവിൻ കനം കുറയ്ക്കൂ

ഇനിയെന്റെ അമ്മയ്ക്ക് ഉമ്മകൾ നൽകുവാൻ
പനിനീരിൻ കണ്ണീരു തൂവുവാനാമോ


[പെട്ടെന്ന് സുഗുണന്റെ നോട്ടം അമ്മയുടെ അടുത്തുള്ള 
ഫോട്ടോയിലേക്ക് വീഴുന്നു.]

സുഗുണൻ: (ആത്മഗതം) സുന്ദരിയായ സ്ത്രീയുടെ ഫോട്ടോ ആരുടെതാണ്
എന്റെ അമ്മയുടെ ഫോട്ടോ ആണോഅയ്യോ ...

[സുഗുണന്റെ ഭാവങ്ങൾ മാറുന്നുചലനങ്ങൾ ചടുലമാവുന്നു.  അവിടെയും ഇവിടെയും ഒക്കെ നോക്കുന്നുനോട്ടം  അടുത്ത് തുറന്നു കിടക്കുന്ന  പെട്ടിയിലേക്കാവുന്നുകടലാസുകളിലേക്ക് കൈ നീങ്ങുന്നു.]

സുഗുണൻ: (ആത്മഗതംഅല്ല... ഇതെന്താണ്?  ഇതൊരു ഡോക്ടറുടെ 
കുറിപ്പാണല്ലോ?  (വായിക്കുന്നുസുഗുണന്റെ കൈകൾ വിറക്കുന്നുകവിളുകൾ 
വലിഞ്ഞു മുറുകുന്നു.)

[ഡോക്ടറുടെ ശബ്ദം: "പ്രിയപ്പെട്ട ശ്രീമതിനിങ്ങൾ ആവശ്യപ്പെട്ട 
പ്രകാരം ഞാൻ നിങ്ങളുടെ മുഖത്തിന്റെ ഒരു വശത്തെ തൊലികളും കണ്ണും നിങ്ങളുടെ ഒരുവശം  അന്ധനായ വികൃത രൂപിയായ മകന് 
വേണ്ടി അടർത്തി എടുത്തു നല്കുകയാണ്ഈ കാരണം കൊണ്ട് നിങ്ങളുടെ ജീവിതത്തിൽ വന്നു പെടുന്ന 
വികൃതരൂപത്തിന്റെ ഉത്തരവാദിത്തം പൂർണമായും നിങ്ങളുടെ 
സമ്മതപ്രകാരവും ആവശ്യപ്രകാരവും ആണെന്ന് ബോദ്ധ്യപ്പെടുത്തുന്നു...... "]

[സുഗുണൻ ഗദ്ഗദകണ്ഠനായി  ഇരിക്കുന്നുബാക്കി വായിക്കുന്നില്ലകരഞ്ഞു വിതുമ്പുന്നു]

സുഗുണൻഅമ്മേ..!എന്റെ പൊന്നമ്മേ !.. അമ്മേ ..! ഞാൻ എത്ര ക്രൂരനാണ്.. ഞാൻ എത്ര പാപിയാണമ്മേഅമ്മയെ മനസ്സിലാക്കാൻ  മകൻ വൈകിപ്പോയല്ലോ.. അമ്മേ..  എന്റെ വളർച്ചയിൽ  ഞാനെന്റെ  അമ്മയെ അകറ്റിനിർത്തിയല്ലോ.  അയ്യോ  മ്മേ ..! അമ്മയുടെ ഒരു കണ്ണും മുഖവും വച്ചുകൊണ്ട് ഞാൻ 
അഹങ്കരിച്ചു നടന്നല്ലോ. ഞാൻ ഈ അമ്മയെ മറന്നു പോയല്ലോഇനി ഞാൻ എന്ത് ചെയ്യുംഎന്റെ അമ്മേ.. ക്രൂരനായ മകനോട്‌ അമ്മയുടെ ആത്മാവിനെങ്കിലും  
പൊറുക്കാൻ പറ്റുമോ?... അയ്യോ .... (ചുറ്റുമുള്ളവരെ നോക്കിനിങ്ങൾ നിങ്ങളുടെ അമ്മമാരെ 
കെട്ടിപ്പിടിച്ച് എനിക്ക് വേണ്ടി മാപ്പ് ചോദിക്കാമോ?... അവരുടെ കാലുകളിൽ എനിക്ക് വേണ്ടി ഒന്ന് കെട്ടിപ്പിടിക്കാമോ? .... അയ്യോ..  നിങ്ങളുടെ അമ്മമാരെയെങ്കിലും ഞാൻ ഒന്ന് 
തൊഴുതോട്ടെഅയ്യോ...അമ്മേ....
[പിന്നണിയിൽ ഒരു ശോക ഗാനം ]
മാതൃവാത്സല്യം തിരിച്ചറിയാതെ ഞാൻ
അമൃതായി ധനത്തിനെ ഓമനിച്ചൂ
അമ്മതൻ മാനസം നീറുന്ന കാഴ്ച്ചകൾ
ചിമ്മിയെൻ കണ്ണുകൾ തിമിരത്തിലാഴ്ത്തി 

മാതൃത്വമാകുന്ന തണലിലീമോനൊരു  
മലർവാടി തീർക്കുവാനാവുമോ ദേവാ

എന്റെയീ പൊയ്മുഖം തച്ചുടച്ചിട്ട്‌ നീ
എളിമതൻ  നൽമുഖം നല്കുമോ  ദേവാ

എന്റെയീ കണ്ണുകൾ ചൂഴ്ന്നെടുത്തിട്ടു നീ
അകക്കണ്ണ് പകരം  വയ്ക്കുമോ ദേവാ 

ദേവാ....... ദേവാ..........

പൊന്നമ്മയെ നീയിനി  തിരിച്ചു തരൂ
എന്റെ പൊന്നമ്മയെ തിരിച്ചു തരൂ


******ശുഭം******

2 അഭിപ്രായങ്ങൾ: